Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പുരോഗമനസാഹിത്യം - ഒരു രാഷ്ട്രീയവിചാരണ

പുരോഗമനസാഹിത്യം - ഒരു രാഷ്ട്രീയവിചാരണ

ഷാജി ജേക്കബ്‌

'പുരോഗമനസാഹിത്യപ്രസ്ഥാനം വളർന്നിട്ടുള്ളതും വളരുന്നതും ഒരു പ്രസ്ഥാനമായിട്ടാണ്. പ്രസ്ഥാനവും പാർട്ടിയും തമ്മിൽ അജഗജാന്തരമുണ്ട്. പുരോഗമനപരമായ ആശയഗതിയുൾക്കൊള്ളുന്ന കലാകാരന്മാരുടെയും ചിന്തകരുടെയും ഒരു സ്വതന്ത്രസാഹോദര്യമാണ് (A Free Brotherhood of Progressive Artists and Intellectuals) പുരോഗമനസാഹിത്യപ്രസ്ഥാനം. ഒരു പ്രത്യേക രാഷ്ട്രീയകക്ഷിയുടെ പരിഗണനപ്രകാരമുള്ള അച്ചടക്കം അവലംബിക്കുന്നതായാൽ ഈ നിലയിൽനിന്ന് പ്രസ്ഥാനം കുറുതാവും. സെക്ടേറിയനിസത്തിലേക്ക് അധഃപതിക്കും'. - എം. ഗോവിന്ദൻ

'കേരളത്തിലെ കമ്യൂണിസത്തിന്റെ പിന്നിലുണ്ടായിരുന്നത് തൊഴിലാളിവർഗമായിരുന്നില്ല, മുടിഞ്ഞ ഫ്യൂഡലിസമായിരുന്നു' - സി.ജെ. തോമസ്

'കലയെ പൂർണമായും രാഷ്ട്രീയാശയങ്ങൾക്കു കീഴ്‌പ്പെടുത്തി നിറുത്തുകയായിരുന്നല്ലോ നിങ്ങൾ ഇത്രയും കാലം. എന്നിട്ടെന്തുണ്ടായി? സർഗശക്തിയുള്ളവരെല്ലാം നിങ്ങളെ വിട്ടുപോയി. മരത്തലയന്മാർ സാഹിത്യനായകന്മാരുമായി' - ബി. രാജീവൻ

ഇരുപതാം നൂറ്റാണ്ടിൽ മലയാള സാഹിത്യ, കലാമണ്ഡലങ്ങളിൽ രൂപംകൊണ്ട് ഏറ്റവും വലിയ സാംസ്‌കാരിക വ്യാജവും രാഷ്ട്രീയ വിപര്യയവുമായിരുന്നു പുരോഗമന കലാ-സാഹിത്യപ്രസ്ഥാനം. 1937ൽ ജീവൽസാഹിത്യസംഘം, 1944ൽ പുരോഗമനസാഹിത്യസംഘടന, 1971ൽ ദേശാഭിമാനി സ്റ്റഡിസർക്കിൾ, 1981ൽ പുരോഗമന കലാസാഹിത്യസംഘം എന്നീ പേരുകളിൽ നാലു ജന്മങ്ങളുണ്ടായ ഈ പ്രസ്ഥാനത്തിന്റെ ചരിത്രജീവിതം ഊതിവീർപ്പിച്ച സോപ്പുകുമിളപോലെ പലതവണ പൊട്ടിത്തകർന്നതാണ്. രാഷ്ട്രീയാടിമകളുടെ നാടോടി സംഘനൃത്തങ്ങളെന്ന നിലയിൽ മേല്പറഞ്ഞ ഓരോ ഘട്ടത്തിലും ഇവ ബാക്കിയാക്കിയ സാംസ്‌കാരിക മൂലധനം അപഹാസ്യമാംവിധം അല്പത്തം നിറഞ്ഞതും അരോചകമാംവിധം വക്രീകരിക്കപ്പെട്ടതുമായിരുന്നു. 1937 തൊട്ട് 49 വരെ രണ്ടു പേരിൽ നിലനിന്ന കാലത്തും പിന്നീട് 1971 മുതൽ ഇന്നുവരെയും ഈ സ്ഥിതിയിൽ മാറ്റമൊന്നുമില്ല. '44-'49 കാലത്തു മാത്രമാണ് മലയാളസാഹിത്യ, കാലപ്രവർത്തകരിൽ ശ്രദ്ധേയരും മുൻനിരക്കാരുമായ കുറെപ്പേരെങ്കിലും ഈ പ്രസ്ഥാനത്തിൽ പങ്കുചേർന്നത്. അതാകട്ടെ, '37-'43 കാലത്തെ സാംസ്‌കാരികവരൾച്ച മറികടക്കാൻ കമ്യൂണിസ്റ്റ് പാർട്ടി ആസൂത്രണം ചെയ്ത ചതിക്കുഴിയുടെ ഭാഗവുമായിരുന്നു. '37-'43 കാലത്ത് ജീവൽസാഹിത്യസംഘത്തിലുണ്ടായിരുന്ന പ്രമുഖരിൽ ഒരാൾപോലും സാഹിത്യത്തിലോ കലയിലോ ഏന്തെങ്കിലും മൗലികസംഭാവന നൽകിയവരായിരുന്നില്ല. സാഹിത്യനിരൂപണത്തിൽ ചുവടുവച്ചു തുടങ്ങിയിരുന്ന ഇ.എം.എസ്. ആയിരുന്നു പേരിനെങ്കിലും ഒരപവാദം. ബാക്കിയെല്ലാവരും പാർട്ടിനേതാക്കന്മാരായിരുന്നു. സ്റ്റാലിന്റെ സാംസ്‌കാരിക പരിപാടികൾ നടപ്പിലാക്കി തങ്ങളുടെ രാഷ്ട്രീയപാർട്ടിയുടെ പോഷകസംഘടനയായി സാഹിത്യ, കലാ പ്രവർത്തകരുടെ സംഘത്തെ നിലനിർത്താനുള്ള തന്ത്രം പരാജയപ്പെട്ടതോടെയാണ് '44ൽ പഴയ വീഞ്ഞ് നിറം മാറ്റി പുതിയ കുപ്പിയിൽ നിറയ്ക്കാൻ ഇ.എം.എസും കൂട്ടരും ശ്രമിക്കുന്നത്. ആഗോള, ദേശീയ രാഷ്ട്രീയമാറ്റങ്ങളുടെ കൂടി പശ്ചാത്തലത്തിൽ സംഘടനയിൽ ചേർന്ന എഴുത്തുകാർക്കും മറ്റും അഞ്ചുവർഷം കൊണ്ടു തന്നെ തങ്ങളുടെ അബദ്ധം മനസ്സിലായി. '49ലെ കൊല്ലം സമ്മേളനത്തിൽ അവരൊന്നടങ്കം സംഘടനയിൽ നിന്നു പുറത്തുവന്നു-അഞ്ചുവർഷവും അധ്യക്ഷപദവി വഹിച്ചിരുന്ന എംപി. പോളിന്റെ നേതൃത്വത്തിൽ തന്നെ. പിന്നീട് ഇരുപത്തിരണ്ടു വർഷം സംഘടന മൃതമായിരുന്നു. '71ൽ ഇ.എം.എസിന്റെ ഏലംകുളം മനയിൽ വച്ചു രൂപംകൊടുത്ത ദേശാഭിമാനി സ്റ്റഡിസർക്കിളിലും ശ്രദ്ധേയരായ സാഹിത്യ, കലാപ്രവർത്തകർ ഉണ്ടായിരുന്നില്ല. '81ൽ രൂപീകരിച്ച നാലാം സംഘത്തിന്റെ അധ്യക്ഷനായി വൈലോപ്പിള്ളി എത്തിയെങ്കിലും തുടർന്നിങ്ങോട്ട് ഇന്നുവരെയും ഈ പ്രസ്ഥാനത്തിൽ ബി. രാജീവൻ പറഞ്ഞതുപോലെ മരത്തലയന്മാർ മാത്രമാണ് സജീവമായുള്ളത്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്‌സിസ്റ്റിന് ഓശാന പാടുകയല്ലാതെ ഒരു പരിപാടിയും നാളിതുവരെ പു.ക.സ.ക്കുണ്ടായിട്ടില്ല. '44-'49 കാലത്തല്ലാതെ ഒരിക്കലും മലയാളത്തിലെ ഒന്നോ രണ്ടോ മൂന്നോ നിരയിൽവരുന്ന സാംസ്‌കാരിക പ്രവർത്തകരാരും സംഘടനയുടെ ഭാഗമായില്ല. എന്നിട്ടും സാഹിത്യ, കലാരംഗങ്ങളിൽ അനർഹമായ പ്രാധാന്യവും പദവിയും വിഹിതവും സ്വാധീനവും ഈ സംഘടനക്കു കൈവന്നു-ഭരണകൂടപിന്തുണയോടെ സിപിഎം. കൊണ്ടുനടക്കുന്ന ഗ്രന്ഥശാലാസംഘം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെപ്പോലെ സാംസ്‌കാരിക രംഗത്തെ അല്പവിഭവന്മാരുടെ ആറാട്ടാണ് പു.ക.സ.യുടെ ബാക്കിപത്രം. രാഷ്ട്രീയ അടിമകളുടെ സംഘഗാനമേള മാത്രമാണ് സാഹിത്യവും കലയും എന്നു വിശ്വസിച്ചു ജീവിക്കുന്ന മരമണ്ടന്മാരുടെ മാമാങ്കം. എംപി.പോൾ ഒരിക്കൽ പറഞ്ഞതുപോലെ, 'ഒരു കലാകാരന് തന്റെ ആശയസ്വാതന്ത്ര്യവും പ്രയോഗസ്വാതന്ത്ര്യവും ജീവനെക്കാൾ വലുതാണ്. ഒരു രാഷ്ട്രീയ കക്ഷിക്ക് പല സമരമുഖങ്ങളിലൊന്നുമാത്രമാണ് സാംസ്‌കാരിക രംഗം. ഒരു സാംസ്‌കാരിക സംഘടനക്കാകട്ടെ പല സമരമുഖങ്ങളിലൊന്നാണ് രാഷ്ട്രീയരംഗം' എന്നു തെളിയിച്ചുകൊണ്ട് പുരോഗമനസാഹിത്യപ്രസ്ഥാനം ഇക്കാലമത്രയും സൃഷ്ടിച്ച സാംസ്‌കാരിക പുകമറയും നിർവഹിച്ച രാഷ്ട്രീയ വിടുപണിയും തുറന്നുകാട്ടുകയാണ് സി.ജെ. ജോർജ് ഈ പുസ്തകത്തിൽ.

മലയാളഭാവനയുടെ ആധുനികീകരണത്തിലും ജനാധിപത്യവൽക്കരണത്തിലും ചരിത്രപരമോ ഭാവുകത്വപരമോ സാംസ്‌കാരികമോ രാഷ്ട്രീയമോ ആയി പുരോഗമനസാഹിത്യപ്രസ്ഥാനം എന്തെങ്കിലും പങ്കുവഹിച്ചുവോ? ഉണ്ടെങ്കിൽ അതിന്റെ യാഥാർഥ്യമെന്താണ്? ഇല്ലെങ്കിൽ പിന്നെ ഈ പ്രസ്ഥാനം നേടിയെടുത്ത അസംബന്ധപദവികളുടെയും വ്യാജസ്തുതികളുടെയും പൊരുളെന്താണ്? -ഇങ്ങനെ നിരവധി വസ്തുതകളന്വേഷിക്കുന്ന ഉൾക്കാഴ്ചയും ചരിത്രബോധവും രാഷ്ട്രീയവിവേകവും തികഞ്ഞ രചനയാണ് ജോർജിന്റേത്.

കേരളത്തിലെ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ സ്ഥാപനപരമായ അപനിർമ്മിതി എന്നതുപോലെ ഈ പുസ്തകം നിറവേറ്റുന്ന മറ്റൊരു സാംസ്‌കാരിക ധർമം, പുരോഗമനം, സംഘടന എന്നീ രണ്ടു പരികല്പനകൾ ആശയപരമായ പടർച്ചകളോടെയും ചരിത്രപരമായ തുടർച്ചകളോടെയും 19, 20 നൂറ്റാണ്ടുകളിൽ സാർവദേശീയ, ദേശീയ, പ്രാദേശിക തലങ്ങളിൽ കൈവരിച്ച നിരവധിയായ രാഷ്ട്രീയ മാനങ്ങളുടെ അപഗ്രഥനമാണ്. കേരളത്തിലെ പുരോഗമനസാഹിത്യസംഘടനയുടെ ചരിത്രമെഴുതിയ പി.കെ. ഗോപാലകൃഷ്ണനോ ഇ. സർദാർ കുട്ടിയോ ഈ പ്രസ്ഥാനത്തിന്റെ വിമർശനാത്മക വായന നിർവഹിച്ച സുകുമാർ അഴീക്കോടോ എം.ആർ. ചന്ദ്രശേഖരനോ പുരോഗമനസാഹിത്യമെന്ന സങ്കല്പനത്തിന്റെയും പ്രസ്ഥാനത്തിന്റെയും രാഷ്ട്രീയമപഗ്രഥിച്ച ഇ.എം.എസോ കെ. ദാമോദരനോ എൻ. ഇ. ബാലറാമോ എം.എസ്. ദേവദാസോ ഇ.കെ. നായനാരോ ആണ്ടലാട്ടോ പി. ഗോവിന്ദപ്പിള്ളയോ ബി. രാജീവനോ എസ്.എസ്. ശ്രീകുമാറോ ഒന്നും ചർച്ചചെയ്യാത്തവിധം സമഗ്രമായി ജോർജ് നിർവഹിക്കുന്ന കൃത്യം ഈ രണ്ടാമതു പറഞ്ഞതാണ്. അതോടൊപ്പം കേസരി-പോൾ-സി.ജെ.- ഗോവിന്ദൻ എന്നിങ്ങനെ കേരളീയ നവോത്ഥാന, ദേശീയ, ആധുനികതാവാദ ബുദ്ധിജീവിതങ്ങളുടെ ഏറ്റവും മൗലികതയുള്ള താവഴി ഈ പ്രസ്ഥാനത്തോട് സാമാന്യമായും സവിശേഷമായും പുലർത്തിപ്പോന്ന വിമർശനാത്മകമായ രാഷ്ട്രീയ ദൂരങ്ങളുടെ രേഖീകരണവും അപൂർവമാംവിധം സമഗ്രതയോടെ ഈ പുസ്തകം നിർവഹിക്കുന്നു.

പുരോഗമന-സാഹിത്യ-സംഘടന എന്ന പദസംയുക്തത്തിന്റെയും അതിന്റെ ഉള്ളടക്കത്തിന്റെയും ആശയപരവും ധൈഷണികവും ചിന്താപരവുമായ ചരിത്രാപഗ്രഥനമാണ് സംഗ്രഹിച്ചു പറഞ്ഞാൽ ഈ പുസ്തകം. ആശയങ്ങളെന്നത് തത്വചിന്താപരമായ ധാരണകളാണ്. ധൈഷണികത പൊതുവെ വ്യക്തികേന്ദ്രിതമായ തിരിച്ചറിവുകളും. ചിന്താചരിത്രം വിമർശനാത്മകമായ സമീപനങ്ങളിലൂന്നുന്നു. കേരളത്തിലെ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ മേല്പറഞ്ഞ മൂന്നു തലങ്ങളിലുമുള്ള വിശകലനമെന്ന നിലയിൽ ഈ പുസ്തകത്തിൽ ജോർജ്ജ് അന്വേഷിക്കുന്നതെന്താണ്? വായിക്കുക:

'കേരളത്തിന്റെ സാംസ്‌കാരികരംഗം പൊതുവിലെന്നപോലെ സാഹിത്യരംഗവും ഭരണകൂടരാഷ്ട്രീയത്തിന്റെ നിഴലിലേക്ക് ഒരുങ്ങിയിട്ടുണ്ട്. സ്ഥാനങ്ങൾ, പദവികൾ, പുരസ്‌കാരങ്ങൾ, പരിരക്ഷ തുടങ്ങിയവയിൽ സംപ്രീണരായിത്തീരുന്ന അവസ്ഥയുണ്ട്. അതുമൂലം, എഴുത്തുകാർ വിശകലനാത്മകതയും വിമർശനാത്മകതയും ഉപേക്ഷിക്കാൻ നിർബ്ബന്ധിതരാകുന്നുണ്ട്. ബുദ്ധിജീവികളുടെ രൂപാന്തരീകരണം എന്ന സങ്കല്പനം അവതരിപ്പിച്ചുകൊണ്ട് അന്തോണിയോ ഗ്രാംഷി സമാനമായൊരു മാറ്റത്തെ വിമർശനാത്മകമായി മുമ്പേ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ഭരണകൂടത്തിന്റെയും സ്ഥാപനങ്ങളുടെയും നിലനില്പിനും വളർച്ചയ്ക്കുമായി സ്ഥാപിതതാല്പര്യത്തോടെ ബൗദ്ധികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെ ധിഷണാശക്തി ഒരുതരം അസ്വതന്ത്രതയെ വരിക്കുന്നുണ്ട്.

കരുതലോടെ സ്വതന്ത്രമായി ആശയപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴാണ് ഒരു എഴുത്തുകാരൻ സ്വതന്ത്രനെന്ന് വിശേഷിപ്പിക്കപ്പെടുന്നത്. എഴുത്തുകാരനെ എഴുത്തുകാരനും ചിന്തകനുമാക്കുന്നത് മൗലികമായ ഈ സ്വാതന്ത്ര്യമാണ്. സ്വതന്ത്രനല്ലാത്ത എഴുത്തുകാരൻ യഥാർത്ഥത്തിൽ പൂർണ്ണമായ അർത്ഥത്തിലുള്ള എഴുത്തുകാരനേയല്ല. കേവലമായ സ്വാതന്ത്ര്യത്തെക്കുറിച്ചല്ല പറയുന്നത്. അറിവുകളിലൂടെത്തന്നെ പലതരം അസ്വതന്ത്രതകൾ മനുഷ്യൻ സ്വീകരിക്കേണ്ടിവരുന്നുണ്ട്. ഭാഷയുടെയും മറ്റും സാംസ്‌കാരിക-ചിഹ്നവ്യവഹാരങ്ങളുടെയും അകത്തു പെരുമാറുമ്പോൾ മുൻകൂറായ ഒരു തടങ്കൽപ്പാളയത്തിനകത്തുതന്നെയാണ് പ്രവർത്തിക്കുന്നതെന്നു പറയാം, അപ്പോൾ വന്നുകൂടുന്ന ബാദ്ധ്യതകളെത്തന്നെ ബോധപൂർവ്വം മറികടക്കുന്ന ചിന്താപ്രക്രിയയാണ് ചരിത്രത്തിൽ ദിശാസൂചകവും ചാലകശക്തിയുമായി മാറുന്നത്. എഴുത്തിലെ മൗലികതയെയും സ്വാതന്ത്ര്യാന്വേഷണത്തെയും ഇങ്ങനെയൊരു രീതിയിൽ വിപ്ലവകരമായി മനസ്സിലാക്കേണ്ടതുണ്ട്. വ്യവസ്ഥാപിതമൂല്യങ്ങളോടും സ്ഥാപനങ്ങളോടും ഇണങ്ങിനിൽക്കുമ്പോൾ പരാശ്രിതമായ എഴുത്തും ആശയവൃത്തിയും ഉടലെടുക്കും. സംഘതാല്പര്യബോധമെന്നു വിശേഷിപ്പിക്കാവുന്ന ഒരുതരം പ്രതിബദ്ധതയാണത്. സാമൂഹികപ്രതിബദ്ധതയുടെ പ്രച്ഛന്നവേഷമായി അത് ജനങ്ങളെ വിഭ്രമിപ്പിക്കും. വാസ്തവത്തിൽ പൗരോഹിത്യവും വിധേയത്തവും അവിടെ സംയോജിക്കുന്നു'.

അന്തർദേശീയമായ മാനങ്ങളുള്ള ആശയ-ധൈഷണിക-ചിന്താതലങ്ങളുടെ ഇടപെടൽ കേരളീയ പുരോഗമനസാഹിത്യപ്രസ്ഥാനത്തിൽ അനുലോമപരവും പ്രതിലോമപരവുമായി പ്രവർത്തിച്ചതിന്റെ അപഗ്രഥനമായി മാറുന്നു ഈയന്വേഷണം. ആറധ്യായങ്ങളിലായി താഴെപ്പറയുന്ന ആറു വിഷയങ്ങൾ/സന്ദർഭങ്ങൾ ചരിത്രനിഷ്ഠവും രാഷ്ട്രീയ സൂക്ഷ്മവുമായി അവലോകനം ചെയ്യുകവഴി ഈയന്വേഷണത്തെ പുരോഗമനസാഹിത്യമെന്ന പരികല്പനയുടെയും കേരളീയ പുരോഗമനസാഹിത്യസംഘടനയെന്ന പ്രസ്ഥാനത്തിന്റെയും രാഷ്ട്രീയവിചാരണയാക്കി മാറ്റാൻ ജോർജിനു കഴിയുകയും ചെയ്യുന്നു.

1. നവോത്ഥാനാധുനികത സൃഷ്ടിച്ച പുരോഗതി, സംഘടന എന്നീ സങ്കല്പനങ്ങളുടെ ദേശാന്തരചരിത്രവും സ്വരൂപങ്ങളും.

2. കൊളോണിയൽ ആധുനികത കേരളത്തിൽ രൂപം കൊടുത്ത 'പുരോഗമന'പരമായ സംഘടനകളുടെ സാംസ്‌കാരിക രാഷ്ട്രീയം.

3. കേസരി ബാലകൃഷ്ണപിള്ള രൂപവും നേതൃത്വവും കൊടുത്ത പുരോഗമനസംസ്‌കൃതിയുടെ പശ്ചാത്തലം.

4. അന്തർദേശീയ 'പുരോഗമനസാഹിത്യപ്രസ്ഥാന'ങ്ങളുടെ സ്വഭാവം വിരുദ്ധാർഥങ്ങളിൽ നിർണയിച്ച ബോൾഷെവിക്, ലിബറൽ ജനാധിപത്യമൂല്യങ്ങളും രാഷ്ട്രീയങ്ങളും.5. ഇന്ത്യൻ, കേരളീയ പുരോഗമനസാഹിത്യ സംഘടനകളുടെ ബോൾഷെവിക് മുഖവും കമ്യൂണിസ്റ്റ് ദാസ്യവും അവയ്‌ക്കെതിരെ ഉയർന്ന വിമർശനങ്ങളും.

6. കേരളീയ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ പിൽക്കാലജീവിതവും അതിനോട് ആന്തരവും ബാഹ്യവുമായി ഉയർന്നുവന്ന വിമർശനങ്ങളും.

എന്താണ് പുരോഗതി? ജോർജ് എഴുതുന്നു:

'അടിസ്ഥാനപരമായി പുരോഗതി എന്ന ആശയത്തിന് ഭൗതികപുരോഗതി എന്ന വിവക്ഷയാണ് ഉണ്ടായിരുന്നത്. വ്യാവസായിക-കാർഷിക വിപ്ലവങ്ങളിലൂടെ യൂറോപ്പ് കൈവരിച്ച നേട്ടങ്ഹളിലാണ് ആ ആശയം അടിസ്ഥാനമിടുന്നത്. ശാസ്ത്രസാങ്കേതികരംഗങ്ങളിലെ പുരോഗതിയെ വിശേഷമായി കാണാനുള്ള പ്രവണത ഇപ്പോഴും ശക്തമാണ്. വികസനം എന്ന പ്രയോഗത്തിലും ഈ പക്ഷപാതം ശ്രദ്ധിച്ചാൽ കാണാനാവും. എന്നാൽ നവോത്ഥാനവ്യവഹാരങ്ങളിലൂടെ മാനവിക വിഷയങ്ങളുടെ പ്രതലങ്ങളിലേക്കും ഈ ആശയത്തിനു കടന്നുചെല്ലാൻ സാധിക്കുന്നുണ്ട്. പൂർവ്വാധുനികമായ ആശയങ്ങളും ആചാരവിശ്വാസങ്ങളും ഉപേക്ഷിക്കുന്നതുതന്നെ പുരോഗതിയായി വിലയിരുത്തപ്പെടാവുന്നതായി. അത് ആധുനികീകരണമായും വിവരിക്കാവുന്നതുതന്നെ. ആ നിലയിൽ ആശയരംഗത്തുണ്ടാകുന്ന പരിവർത്തനങ്ങൾക്ക് പുരോഗതിയിൽ പങ്കുണ്ടെന്നുവരുന്നു. അതിനു സഹായകമായ ധൈഷണികവൃത്തികളിൽ ഏർപ്പെടുന്ന ആധുനികവ്യക്തിത്വങ്ങൾ സംസ്‌കാരനായകരായും നവോത്ഥാനനായകരായും സാമാന്യമായി വിശേഷിപ്പിക്കപ്പെടുന്നു. അക്കാദമികമായ വിവരണങ്ങളിൽ അവരെ ആധുനികതയുടെ വിധാതാക്കളായ ബുദ്ധിജീവികളായും പരിഗണിക്കുന്നു'.

'ലോകത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ പുരോഗതിയായി തിരിച്ചയുന്ന ഒരു മനസ്സിലാക്കൽരീതിയുടെ പ്രവർത്തനമുണ്ട് പുരോഗതി എന്ന ആശയത്തിൽ എന്നതാണ് ഇവിടെ സൂചിപ്പിക്കുന്നത്. പുരോഗതി എന്ന ആശയം ആധുനികതയുടെ കൂടെപ്പറപ്പാണ്. പുരോഗതിയുടെ അടയാളമായും ചാലകശക്തിയായും വർത്തിക്കുക എന്ന ധർമ്മമനുഷ്ഠിക്കുന്നതനുസരിച്ചാണ് ഒരാളുടെ മനുഷ്യനെന്ന നിലയിലുള്ള പദവിതന്നെ നിശ്ചയിക്കപ്പെടുന്നത്. അപ്പോൾ, എല്ലാ മനുഷ്യരും പുരോഗതിയുടെ ഒരേ പടവിലല്ല. മറിച്ച്, വിവിധ പടവുകളിലാണ് സ്ഥാനപ്പെടുന്നതെന്നും വരും. വംശങ്ങൾ, വൻകരകൾ തുടങ്ങിയവ പല തട്ടുകളിലാകുന്നു. വർഗ്ഗം, ലിംഗം എന്നിവയൊക്കെ മനുഷ്യകേന്ദ്രിതദർശനത്തിൽ വിള്ളലുകൾ ഉണ്ടാക്കുന്നു. പുരോഗതിയുടെ പടവുവ്യത്യാസമായി ജനതകൾ സ്ഥാനപ്പെടുന്നു. അപ്പോൾ മനുഷ്യൻ എന്നതുതന്നെ വ്യാവഹാരികമായി യൂറോപ്യൻ മനുഷ്യനായോ, പുരുഷമനുഷ്യനായോ ഒക്കെ സൂക്ഷ്മാർത്ഥം പേറുന്നതാണെന്നു വരുന്നു. ആധുനികതാ പൂർവ്വഘട്ടത്തിലെന്നപോലെ, നിശ്ശബ്ദമാക്കപ്പെടുന്നതിന്റെ, അബോധവൽക്കരിക്കപ്പെടുന്നതിന്റെ സാംസ്‌കാരികമായ ഹിംസയുണ്ട് ഇതിലൊക്കെ എന്ന് തിരിച്ചറിയപ്പെടുന്നത് വൈകി, ആധുനികതാവിമർശം സാദ്ധ്യമാവുന്ന സാംസ്‌കാരികസാഹചര്യത്തിൽ മാത്രമാണ്'.

തുടർന്ന്, ഭാഷ, സാഹിത്യം എന്നിവയെ പുരോഗതിയുടെ ചാലക ശക്തികളായി വ്യാഖ്യാനിച്ചുകൊണ്ടും വ്യക്തി, സമൂഹം എന്ന ദ്വന്ദ്വത്തെ നരവംശശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവുമായി നിർവചിച്ചുകൊണ്ടും പുരോഗമനസാഹിത്യം എന്ന സംജ്ഞ അവതരിപ്പിക്കുന്നു, ജോർജ്. 19, 20 നൂറ്റാണ്ടുകളിൽ ദേശീയ, സാമൂഹ്യ, സാമുദായിക, നവോത്ഥാന സംഘടനകൾ രൂപപ്പെടുന്നതിന്റെ രാഷ്ട്രീയപശ്ചാത്തലങ്ങൾ വിശകലനം ചെയ്തുകൊണ്ട് ഭാഷാ, സാഹിത്യ സംഘടനകളിലേക്കുവരുന്നു, ഗ്രന്ഥകാരൻ.

'കൊളോണിയൽ കാലഘട്ടത്തിലെ പാശ്ചാത്യസംസ്‌കാരപ്രത്യാഘാതങ്ങളുടെയും നവോത്ഥാനമുന്നേറ്റങ്ങളുടെയും ദേശീയസ്വാതന്ത്ര്യസമരത്തിന്റെയും രാഷ്ട്രീയ-സാംസ്‌കാരിക ചലനങ്ങളുമായി ചേർന്ന് ഫ്യൂഡൽ ഭാവുകത്വത്തിൽനിന്ന് കാല്പനികവും യഥാതഥവുമായ ഒരു ഭാവുകത്വത്തിലേക്ക് മാറിവന്ന സാഹിത്യരചയിതാക്കളും രാഷ്ട്രീയപ്രവർത്തകരും ഭാഷാപ്രവർത്തകരും വിമർശകരും ഒക്കെയായിട്ടാണ് ഇവിടെ ആധുനികധൈഷണികർ രൂപപ്പെടുന്നത്. അതിന് നവോത്ഥാനപരമായ ഒരു രാഷ്ട്രീയധർമ്മം ഉണ്ടായിരുന്നു. പുരോഗതി എന്ന ആശയം ആന്തരീകരിച്ചിരുന്ന ഒരു ആവിഷ്‌കാരസമുച്ചയം ഉണ്ടായിവന്നു. മാത്രമല്ല, ആ ആശയം സ്പഷ്ടമാക്കുന്നതും സാമുദായികനിലയെ ഇളക്കിക്കളയുന്നതുമായ സംഘടിതനീക്കങ്ങൾ ഉണ്ടാവുകയും ചെയ്തു. സംഘടനകൾ, സ്ഥാപനങ്ങൾ, പ്രസിദ്ധീകരണങ്ങൾ തുടങ്ങിയ ആധുനികതയുമായി ബന്ധപ്പെട്ട വ്യവഹാരരൂപങ്ങൾ പുരോഗതി എന്ന ആശയത്തെ പ്രായോഗികമായ സാമൂഹികശക്തിയായി പരിവർത്തിപ്പിക്കുന്ന ഏജൻസികളായി രൂപപ്പെട്ടതോടെ അത് ബോധപൂർവ്വകമായ നീക്കത്തിന്റെ പേരായി മാറി'.

പുരോഗമനസാഹിത്യപ്രസ്ഥാനം, അതിനുമുന്നോടിയായുണ്ടായ കുറെയധികം സാമൂഹ്യ-സാംസ്‌കാരിക ചലനങ്ങളുടെ പിന്തുടർച്ചയിലാണ് രൂപംകൊള്ളുന്നത് എന്ന വാദം സമർഥിക്കുകയാണ് തുടർന്നങ്ങോട്ട്. നവോത്ഥാനവും യൂറോപ്യൻ മാനവിക മൂല്യങ്ങളും സൃഷ്ടിച്ച സ്ഥാപനപരവും ആശയപരവും സംഘടനാപരവും വ്യക്തിപരവുമായ മാറ്റങ്ങളുടെ വിപുലമായൊരു പശ്ചാത്തലം ചൂണ്ടിക്കാണിച്ചുകൊണ്ട് പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കേരളം സാക്ഷ്യം വഹിച്ച സാംസ്‌കാരിക ഉണർവകളുടെ ചരിത്രം സൂചിപ്പിക്കുകയാണ് ജോർജ്. മഹേഷ് മംഗലാട്ടിന്റെ ശ്രദ്ധേയമായ നിരീക്ഷണം മുൻനിർത്തി കേരളത്തിലെ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ സാംസ്‌കാരിക സന്ദർഭം ജോർജ് ഇങ്ങനെ വിശദീകരിക്കുന്നു:

'കൊളോണിയൽ ഇന്ത്യയിൽ യൂറോ-കേന്ദ്രിതമായി ഉടലെടുത്ത ആശയങ്ങളെ ഏറിയും കുറഞ്ഞും സൗകര്യപ്പെടുത്തിയും അനുകൂലനപ്പെടുത്തിയും സ്വാംശീകരിച്ചുമാണ് ഇന്ത്യയിൽ ആധുനികബുദ്ധിജീവികളുടെ രൂപീകരണം നടക്കുന്നത്. കല, ശാസ്ത്രം, ജാതി, മതം, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, നിയമങ്ങൾ, വേഷം, വിദ്യാഭ്യാസം, രാഷ്ട്രീയം - ഇവയെല്ലാം പഠനത്തിനും വിചാരണയ്ക്കും വിധേയമായി. പല സംവാദങ്ങളും ഉണ്ടായിവന്നു. അവ വഴി രൂപപ്പെട്ടതാണ് പല തരത്തിലുള്ള പ്രസ്ഥാനങ്ങൾ. ആധുനികകാലത്തെ എഴുത്തുകൾ ഈ പ്രസ്ഥാനങ്ങളുടെ ചരിത്രവുമായി കണ്ണിചേർന്നാണ് രൂപം കൊള്ളുന്നത്. അവയുടെ കർത്താക്കളായി മാറിയ എഴുത്തുകാരെയാണ് ബുദ്ധിജീവികൾ എന്നു വിശേഷിപ്പിക്കുന്നത്.

19-ാം നൂറ്റാണ്ട് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബുദ്ധിജീവികളുടെ നൂറ്റാണ്ടുകൂടി ആയിരുന്നു. സമുദായനവീകരണത്തിലും പരിഷ്‌കരണത്തിലും ശ്രദ്ധിച്ചു. മിക്കവാറും ദിവ്യർ എന്നു വിശേഷിപ്പിക്കാവുന്ന മട്ടിലുള്ള അദ്ധ്യാത്മികമായ പരിവേഷമുള്ള ധിഷണാശാലികളായ നായകരാണ് 19-ാം നൂറ്റാണ്ടിൽ പരിഷ്‌കാരത്തിന് ആശയദാതാക്കളായി നേതൃത്വം കൊടുത്തത്. അവരെ മുൻനിറുത്തിയായിരുന്നു പ്രസ്ഥാനങ്ങളും സംഘടിതരൂപങ്ങളും ഉടലെടുത്തതും. ദേശീയതലത്തിൽ നിയമം, നീതി, രാഷ്ട്രീയം തുടങ്ങിയ സംവർഗ്ഗങ്ങളെ പരാമർശിക്കുകയും പ്രശ്‌നഭരിതമാക്കുകയും ചെയ്യുന്ന ചർച്ചകളും വാദ-പ്രതിവാദങ്ങളും ഉടലെടുത്തിരുന്നു. അത്തരം ചർച്ചാവേദികളിലൂടെയാണ് ആധുനികതയുടെ വിധാതാക്കളായ, യുക്തിയിലും പുരോഗതിയിലും വ്യക്തത കൈവരിച്ച പുതിയ ബുദ്ധിജീവിവിഭാഗം രൂപപ്പെടുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസമായിരുന്നു അവരുടെ ലോകബോധത്തെ നിയന്ത്രിച്ചിരുന്നത്. അവർ നവീനമായ ആശയങ്ങൾ പങ്കുവെയ്ക്കുകയും എഴുത്തിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. എഴുത്തുകാർ ആധുനികമായ ആശയങ്ങളുടെ വിധാതാക്കളായി മാറുകയായിരുന്നു. വാസ്തവത്തിൽ ബുദ്ധിജീവി എന്ന പദപ്രയോഗം സംഗതമാകുന്നതുതന്നെ എഴുത്തിൽക്കൂടി ആധുനികയൂറോപ്യൻ യുക്തിയും ശാസ്ത്രാവബോധവും ഏറിയും കുറഞ്ഞും പ്രസരിപ്പിക്കുകയെന്ന ദൗത്യമേറ്റെടുത്തവരെ പരാമർശിക്കുവാനായിട്ടായിരുന്നു.

പുതുതായി ഉടലെടുത്ത ബുദ്ധിജീവിവിഭാഗം, പ്രത്യേകിച്ച് സർഗ്ഗസാഹിത്യകാരരും സാഹിത്യചിന്തകരും അടങ്ങുന്ന എഴുത്തുകാർ പുരോഗമനപരമായ ആശയങ്ങൾക്ക് ആവിഷ്‌കാരം കൊടുക്കുന്നതിലൂടെ നവയുഗത്തിന്റെ സ്രഷ്ടാക്കളായി രൂപാന്തരപ്പെട്ടു. സാമൂഹിക പുരോഗതിയെ കുറിക്കാൻ പര്യാപ്തമായ പരിഷ്‌കാരം, പോഷണം തുടങ്ങിയ പദങ്ങളായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിൽ നാണയപ്പെട്ടിരുന്നത്. ആ പദങ്ങൾ ഗ്രന്ഥങ്ങളുടെയും വായനശാലകളുടെയും പേരുകളിൽ ആവർത്തിച്ചുവരുന്നതുതന്നെ പുരോഗതി എന്ന ആശയം എത്ര ശക്തമായാണ് കേരളീയമനസ്സിനെ ആശ്ലേഷിച്ചത് എന്നു വ്യക്തമാക്കുന്നുണ്ട്. പരിഷ്‌കാരപ്പാതി എന്നത് ഒരു നോവലിന്റെ പേരാണ്. ഭാഷാപോഷിണീ സഭ എന്നത് പ്രസിദ്ധരായ സാഹിത്യപ്രവർത്തകരുടെ ഒരു കൂട്ടായ്മയുടെ പേരാണ്. വിജ്ഞാനപോഷിണി, വിജ്ഞാനദായിനി, ദേശപോഷിണി തുടങ്ങിയ വായനശാലകളുണ്ടായിവന്നതൊക്കെ ഈ വഴിയിലൂടെയാണ്. നവോത്ഥാനകാലത്തെ സാമൂഹികപ്രസ്ഥാനങ്ങളും പരിഷ്‌കരണദൗത്യമായിരുന്നു മിക്കവാറും പ്രകാശിപ്പിച്ചിരുന്നത്. പ്രസ്ഥാനനായകർ സമൂഹമാറ്റത്തിനു നേതൃത്വപരമായ പങ്കു വഹിച്ചു. സർഗ്ഗാത്മകസാഹിത്യരചയിതാക്കളായ എഴുത്തുകാർ സമാന്തരമായി (കുറെയൊക്കെ ഇടകലർന്നും) ആശയരംഗത്ത് പ്രവർത്തിച്ചു.

ഈ നവോത്ഥാന-പരിഷ്‌കരണ നീക്കത്തിന്റെ ഭൂമികയാണ് മലയാളത്തിലെ ബൗദ്ധികജീവിതത്തെ പൊതുവായി ചുഴന്നിരുന്നത്. അതുതന്നെയാണ് പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ പൂർവ്വഘട്ടമെന്നു വിശേഷിപ്പിക്കാവുന്ന സന്ദർഭത്തെ സ്വഭാവവൽക്കരിച്ചതും. നവോത്ഥാനത്തിന്റെ ആശയഭൂമികയിലാണ് ആധുനികസാഹിത്യത്തിന്റെ അസ്തിവാരം എന്നും പുരോഗമനസാഹിത്യസംഘടന പിൻപറ്റുന്നത് കേരളീയനവോത്ഥാനത്തിന്റെ ആശയമണ്ഡലമാണ് എന്നും എഴുതുമ്പോൾ ഗവേഷകനായ മഹേഷ് (1997: 48) ഊന്നുന്നത് മേല്പറഞ്ഞ കാര്യങ്ങളിലാണ്.'.

1937ന് മുൻപ് മുക്കാൽ നൂറ്റാണ്ടിലധികം കാലം കേരളത്തിലുണ്ടായ നിരവധി സാഹിത്യരൂപങ്ങളും രചനകളും പുരോഗമനസാഹിത്യം എന്നു വിളിക്കപ്പെടാൻ എന്തുകൊണ്ടും അർഹമാണെന്ന കാര്യമാണ് ഈയധ്യായത്തിലെ ശ്രദ്ധേയമായ വാദം. നിരവധി സംഘടനകളും സംവാദങ്ങളും വ്യക്തികളും മുന്നോട്ടുവച്ച പുരോഗമനനിലപാടുകൾ ചൂണ്ടിക്കാണിക്കുന്ന ഗ്രന്ഥകാരൻ സമസ്ത കേരളസാഹിത്യപരിഷച്ച് നിർവഹിച്ച ചരിത്രപരമായ സാഹിത്യദൗത്യങ്ങൾ സമഗ്രമായവലോകനം ചെയ്യുന്നു.

'1927 മുതൽ 1957 വരെയുള്ള കാലയളവിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽവെച്ച് നടത്തിയ വിപുലമായ 26 വാർഷികസമ്മേളനങ്ങളിലൂടെ സാഹിത്യചിന്താരംഗത്തു വലിയ പ്രഭാവം ചെലുത്താൻ പരിഷത്തിനു സാധിച്ചു. നിഘണ്ടുനിർമ്മാണം, വായനശാലാപ്രസ്ഥാനം, സാഹിത്യചരിത്രനിർമ്മാണം, പാഠപുസ്തകനിർമ്മാണം, കലാപരിഷ്‌കരണം, ശാസ്ത്രിവിഷയങ്ങളിലും മറ്റും ഗ്രന്ഥരചനയ്ക്കു സഹായകമായ സാങ്കേതികപദരൂപീകരണം, ഈ വിഷയങ്ങളിലൊക്കെയുള്ള നയരൂപീകരണം തുടങ്ങിയ ഭാഷാസൂത്രണ വിഷയങ്ങളിലെല്ലാം തന്നെ ശ്രദ്ധപതിപ്പിക്കാൻ പരിഷത്തിന്റെ സമ്മേളനങ്ങൾക്കു കഴിഞ്ഞു. സാഹിത്യപരിഷത്ത് എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട മുഖപത്രം ഇത്തരം കാര്യങ്ങളുടെ ആസൂത്രിതമായ പ്രചാരണത്തിനും ഉപയോഗപ്പെടുത്തി. ഭാഷയുടെ പുരോഗതി, സാഹിത്യത്തിന്റെ പുരോഗതി, അതുവഴി സമൂഹത്തിന്റെ പുരോഗതി എന്ന മട്ടിൽ ഒരു വീക്ഷണം അതിന്റെ പ്രവർത്തനങ്ങളുടെ ആന്തരികപ്രവാഹമായിത്തീർന്നു. സമൂഹത്തിൽ നിലനിന്ന പരമ്പരാഗത ''ദുരാചാര''ങ്ങളെ നോവൽ പോലുള്ള നവീനമായ സാഹിത്യജനുസ്സുകളിലൂടെ വിമർശന വിധേയമാക്കുന്നതിന്റെ സാംഗത്യത്തെ സംബന്ധിച്ച ചർച്ചകൾ പോലും ഉണ്ടായി.

സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരുന്ന ആധുനികീകരണപ്രക്രിയയിൽ ഭാഗഭാക്കായിരുന്നതുകൊണ്ടാണ് പരിഷത്തിന്റെ പ്രവർത്തനങ്ങൾ നടന്നിരുന്നത്. 1934-ലെ നിലമ്പൂർ സമ്മേളനത്തിൽ മിശ്രഭോജനം പോലും സംഘടിപ്പിച്ചു എന്നത് ഇതിനു തെളിവാണ്. യാഥാസ്ഥിതികമായ കലാതാല്പര്യങ്ങളും നിലപാടുകളും പലപ്പോഴും അവതരിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും അതിനെതിരായ വിമർശനങ്ങൾക്ക് ഇടവും അവസരവും ഉണ്ടാക്കിക്കൊണ്ട് പുതിയ ആശയങ്ങളിലേക്ക് പടവുതീർക്കാൻ പരിഷത്തിനു സാധിച്ചു. യാഥാസ്ഥിതികമായ കാഴ്ചപ്പാടുകൾ വെച്ചുപുലർത്തുന്ന മുതിർന്ന സാഹിത്യകാരരുടെ ആധിപത്യം പരിഷത്തിൽ അനുഭവപ്പെട്ട യുവസാഹിത്യകാരർ നിലമ്പൂർ സമ്മേളനത്തിൽ അവരുടെ പ്രത്യേകമായ ഒരു സമ്മേളനത്തിന് ഇടം നേടിയെടുത്തതും മറ്റും പരിഷത്തിന്റെ പ്രവർത്തനത്തിൽ ഉൾച്ചേർന്നിരുന്ന ചലനക്രമത്തെ വ്യക്തമാക്കുന്നുണ്ട്'.

കേസരി ബാലകൃഷ്ണപിള്ള ജീവൽസാഹിത്യം എന്ന പേരിലവതരിപ്പിച്ച നവോത്ഥാന-പുരോഗമനസാഹിത്യസങ്കല്പത്തിലും തുടർന്നങ്ങോട്ട് പ്രസ്ഥാനത്തിനു പുറത്തുനിന്നുകൊണ്ടുതന്നെ അതിന്റെ നയ, പരിപാടികളോടു യോജിച്ചും വിയോജിച്ചും നടത്തിയ ഇടപെടലുകളിലും കേന്ദ്രീകരിച്ചാണ് അടുത്ത അധ്യായം ജോർജ് അവതരിപ്പിക്കുന്നത്.

പുരോഗതി, നവലോകനിർമ്മിതി, ജീവൽസാഹിത്യം എന്നീ പരികല്പനകൾകൊണ്ട് കേസരി സൃഷ്ടിച്ച സാംസ്‌കാരികവിപ്ലവം പക്ഷെ പുരോഗമനസാഹിത്യമെന്ന പ്രസ്ഥാനത്തിനു രൂപംകൊടുത്ത ബോൾഷെവിക്കുകൾക്കു സ്വീകാര്യമായിരുന്നില്ല. അവർ സോവിയറ്റ് മാതൃകയും സോഷ്യലിസ്റ്റ് റിയലിസ്റ്റ് ശൈലിയും തൊഴിലാളിവർഗമാത്രരാഷ്ട്രീയവും മുൻനിർത്തി സാഹിത്യത്തെക്കുറിച്ചു വിധിയെഴുതി. വിഗ്രഹധ്വംസനത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും ചിന്താസ്വാതന്ത്ര്യത്തിലും മുറുകെ പിടിച്ച കേസരി അവരുടെ കളത്തിനു പുറത്തായിരുന്നു. സ്വതന്ത്രചിന്തയും ബോൾഷെവിസവും തമ്മിലുള്ള പൊരുത്തക്കേടുകൾ കേസരി സ്പഷ്ടമായും തിരിച്ചറിഞ്ഞിരുന്നു.

'അദ്ദേഹം എഴുതി: 'ചിന്തിക്കലാണ് പുരോഗമനസാഹിത്യത്തിന്റെ പ്രധാന ഉദ്ദേശ്യം' (1984: 710, 783). മതവീക്ഷണത്തിനെതിരായി ശാസ്ത്രീയമായ ചിന്ത പ്രചരിപ്പിക്കുകയെന്ന സ്വതന്ത്രചിന്തകരുടെ സാംസ്‌കാരികദൗത്യത്തെക്കുറിച്ച് പലയിടത്തും കേസരി എഴുതിയിട്ടുണ്ട്. എം.സി. ജോസഫിന്റെ 'പുരോഗതി' എന്ന പുസ്തകത്തിന് എഴുതിയ അവതാരിക ഒരു ഉദാഹരണം. റഷ്യയിലെ ടോട്ടലിറ്റേറിയനിസത്തെക്കുറിച്ച് അദ്ദേഹം അവിടെ പരാമർശിക്കുന്നുണ്ട് (1984: 516). സ്വതന്ത്രചിന്തയും ബോൾഷെവിസവും തമ്മിലുള്ള പൊരുത്തക്കേട് സ്പഷ്ടമായിത്തന്നെ കേസരി മനസ്സിലാക്കിയിരുന്നുയ പഴയ യാഥാസ്ഥിതികത്വം സ്വതന്ത്രചിന്തയ്ക്ക് വിഘാതമാണ്. അതുപോലെ ബോൾഷെവിക് നിലപാടുകളും സ്വതന്ത്രചിന്തയെ വിലക്കുന്നതാണെന്ന് കേസരി കണ്ടു. പുരോഗമനസാഹിത്യത്തിൽത്തന്നെ റിയലിസത്തിന്റെ ഒരേയൊരു പാതയേയുള്ളുവെന്ന നിലയിലുള്ള സോവിയറ്റ് പുരോഗമനസൗന്ദര്യനിഗമനത്തോട് കൂറു പുലർത്താൻ കേസരിക്കു കഴിയാതിരുന്നത് ബഹുമുഖമായ പുരോഗമനസങ്കല്പം വളർത്തിയെടുത്തതിനാലാണ്. ആധുനികജീവിതയാഥാർത്ഥ്യങ്ങളെ ചിത്രീകരിക്കാൻ സിംബലിസ്റ്റ് - എക്സ്‌പ്രഷനിസ്റ്റ് മാർഗ്ഗങ്ങൾ കൈക്കൊള്ളുന്നതിൽ വിമുഖത കാണിക്കേണ്ടതില്ലെന്ന് അദ്ദേഹം കേരളീയകലാകാരരെ ഉദ്‌ബോധിപ്പിച്ചു. പരാജയകവികളും റൊമാന്റിക്കുകളും അദ്ദേഹത്തിന് വിശാലമായ പുരോഗമനപ്രസ്ഥാനത്തിന്റെ ഭാഗംതന്നെ.

ബോൾഷെവിസത്തിന്റെ സാഹിത്യ-കലാസമീപനത്തിന്റെ മതപരതയെയും ഫാസിസവുമായുള്ള സാഹോദര്യത്തെയും വ്യക്തമാക്കുന്നതിനുപോലും കേസരിക്കു കഴിഞ്ഞത് അദ്ദേഹത്തിന്റെ സ്വതന്ത്രമായ ധൈഷണികനില മൂലമാണ്. ഇക്കാര്യത്തിൽ റസ്സലും മറ്റും ഉയർത്തിയ വിമർശനങ്ങളോട് നിരന്നുപോകുന്ന നിരീക്ഷണങ്ങളാണ് കേസരിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. കേസരി 1936 ജൂൺ 29 തിയ്യതിയായി മാതൃഭൂമിയിൽ പ്രസിദ്ധപ്പെടുത്തിയ 'മതവും കലയും' എന്ന ലേഖനത്തിൽ എഴുതിയിരിക്കുന്നതു കാണുക: 'ബോൾഷെവിസവും ഫാസിസവും ജനിപ്പിച്ച ഈ പുതിയ മതപരമായ കലാവാദത്തിൽ പണ്ടത്തെ ദൈവത്തിനു പകരം സമുദായം (രീാാൗിശ്യേ) എന്നൊരു ദേവൻ മാത്രമേയുള്ളു'. ഇതാണ് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം. പണ്ടത്തെ മനുഷ്യർ ദൈവത്തോടു ലയിക്കുവാൻ കാംക്ഷിച്ചിരുന്നതുപോലെ ബോൾഷെവിക് റഷ്യയിലെയും ഫാസിസ്റ്റ് രാജ്യങ്ങളിലെയും മനുഷ്യർ സമുദായത്തോടു ലയിക്കാൻ ആഗ്രഹിക്കുന്നു. ഇരുപതാം ശതാബ്ദത്തിലുള്ള രാഷ്ട്രീയപ്രവർത്തനം മതങ്ങൾ തമ്മിലുള്ള മത്സരമായി കലാശിച്ചിരിക്കുന്നു'.

ഇ.എം.എസ്. ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് പാർട്ടിനേതാക്കൾ കേസരിയെ നിശിതമായി എതിർത്തും വിമർശിച്ചും രംഗത്തുവന്നു.

'സ്വതന്ത്രവും വിപ്ലവകരവുമായ ഭാവുകത്വത്തിലേക്കുള്ള പരിണാമത്തിന് വഴിയൊരുക്കുക എന്ന ദൗത്യമാണ് കേസരി ഏറ്റെടുത്തത് എന്നു പറയാം. ഈ വീക്ഷണത്തോടെ സാംസ്‌കാരികക്കൂട്ടായ്മ എന്ന ബദൽ മാതൃക സൃഷ്ടിച്ച ധൈഷണികത ആയിരുന്നു കേസരിയുടേത്. കേസരിസദസ്സിലാരംഭിച്ച ഈ സാംസ്‌കാരികസ്ഥലം കേരളത്തിലെ ഫ്യൂച്ചറിസ്റ്റ് പ്രവണതകളുള്ള സാഹിത്യ-സാംസ്‌കാരിക പ്രവർത്തനത്തെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമായ ഒന്നായിരുന്നു. മാറ്റങ്ങളോടു പുറംതിരിഞ്ഞുനിൽക്കുന്ന യാഥാസ്ഥിതികവീക്ഷണത്തിനും പോഷകസംഘടനാസ്വരൂപങ്ങൾക്കും ഇടയിൽ രൂപപ്പെട്ട ഈ ഇടത്തുനിന്നാണ് സ്വതന്ത്രമായി ചിന്തിക്കുകയും ആവിഷ്‌കരിക്കുകയും ചെയ്യുന്ന എഴുത്തുകാരുടെ ധാര ഉയർന്നുവന്നത്. പാർട്ടിപക്ഷനിരൂപണങ്ങളുടെ ഭീഷണമായ വിലയിരുത്തലുകളിൽനിന്ന് സാഹിത്യചിന്തയും കലാചിന്തയും സ്വതന്ത്രമായി മുന്നോട്ടുപോകാനുള്ള സാംസ്‌കാരിതാന്തരീക്.മായി അത് പ്രവർത്തിച്ചു'.

കേസരി അവതരിപ്പിച്ച സ്വതന്ത്രചിന്തയുടെയും കമ്യൂണിസ്റ്റുകൾ മുറുകെപ്പിടിച്ച ബോൾഷെവിക് മാർഗത്തിന്റെയും അന്തരം തിരിച്ചറിഞ്ഞുകൊണ്ടു മാത്രമേ കേരളത്തിലെ പുരോഗമനസാഹിത്യപ്രസ്ഥാനം നേരിട്ട ചരിത്രപരമായ പരിമിതികളും പ്രതിസന്ധികളും വിശദീകരിക്കാൻ കഴിയൂ.

ഈ അന്തരത്തിന്റെ താത്വികവും പ്രായോഗികവുമായ തലങ്ങളുടെ വിപുലമായ വിശദീകരണമാണ് ഈ പുസ്തകത്തിന്റെ പകുതിയോളം വരുന്ന അടുത്ത രണ്ടധ്യായങ്ങളുടെ ഉള്ളടക്കം.

ലെനിനും തുടർന്ന് സ്റ്റാലിനും സോവിയറ്റ് യൂണിയനിൽ നടപ്പാക്കിയ കമ്യൂണിസ്റ്റ് സർവാധിപത്യക്രമത്തിനു കീഴിൽ സാഹിത്യ-കലാപ്രവർത്തകർ സ്വമേധയാ പുലർത്തിയ വിധേയത്വവും പാലിക്കാൻ നിർബ്ബന്ധിക്കപ്പെട്ട അച്ചടക്കവും അകപ്പെട്ട അടിമത്തവും രാജഭരണത്തിലോ മതഭരണത്തിലോ ഏകാധിപത്യങ്ങളിലോ പട്ടാളഭരണത്തിലോ പോലും കേട്ടുകേൾവിയില്ലാത്ത വിധം കിരാതവും ക്ഷുദ്രവും അന്തസ്സുകെട്ടതുമായിരുന്നു. ഇതിനെയാണ് കേരളത്തിലെ കമ്യൂണിസ്റ്റുകൾ ലോകോത്തര സോഷ്യലിസ്റ്റ് സാംസ്‌കാരികവിപ്ലവമായി വ്യാഖ്യാനിച്ച് നെഞ്ചേറ്റിയത്. 'ഫാസിസത്തിനെതിരെ' എന്ന മുദ്രാവാക്യമുയർത്തിയവർ, ഫാസിസത്തെക്കാൾ മനുഷ്യവിരുദ്ധവും നെറികെട്ടതുമായ കമ്യൂണിസത്തിന്റെ വക്താക്കളായിരുന്നു. 1864ലും 1880ലും 1919ലും നടന്ന മൂന്നു കമ്യൂണിസ്റ്റ് ഇന്റർനാഷനലുകളുടെ ചരിത്രം വിശദീകരിച്ച് കമ്യൂണിസ്റ്റ് രാഷ്ട്രീയ, ഭരണക്രമങ്ങളെ പിന്തുണക്കുന്ന സാഹിത്യ, കലാ, സംസ്‌കാരങ്ങൾ കെട്ടിപ്പടുക്കാനുള്ള മാർക്‌സിയൻ തന്ത്രങ്ങളുടെ കഥപറയുന്ന ജോർജ്, ലെനിനും പിന്നീട് സ്റ്റാലിനും നടപ്പാക്കിയ ഈ സംസ്‌കാരരാഷ്ട്രീയം അപഗ്രഥിക്കുന്നു.

'പാരമ്പര്യത്തിന്റെ ചങ്ങലകൾ ഇനിയും നമ്മെ ബന്ധനത്തിലാക്കിക്കൂട, ലോകത്തെ പുതിയൊരടിത്തറയിൽ ഉയർത്തിക്കൊണ്ടുവരണം-ഇന്റർനാഷണൽ എന്നറിയപ്പെടുന്ന പ്രസിദ്ധമായ വിപ്ലവഗാനത്തിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നതുപോലെ സംസ്‌കാരവിഷയത്തിൽ ബോൾഷെവിക്കുകളുടെ നിലപാട് ഇതായിരുന്നു. പുതിയൊരു തൊഴിലാളിവർഗ്ഗസംസ്‌കാരം രൂപീകരിച്ചുകൊണ്ട് പാരമ്പര്യത്തെ വിച്ഛേദിക്കുക എന്നത് അനിവാര്യമാണ് എന്ന് സിദ്ധാന്തിക്കപ്പെട്ടു. കമ്യൂണിസം മുന്നോട്ടുവെയ്ക്കുന്ന പുതിയ മനുഷ്യനെ രൂപീകരിക്കണം. അതിനുപകരിക്കുന്ന തരത്തിൽ ആത്മീയവും ഭൗതികവുമായ എല്ലാവിധ മൂല്യങ്ങളും സ്വായത്തമാക്കി വികസിച്ച മനുഷ്യന്റെ ആന്തരികശക്തികൾക്കു പ്രകാശിക്കാൻ ആവശ്യമായതെല്ലാം പ്രദാനം ചെയ്യുന്ന മഹത്തായൊരു സ്വപ്നസാഹചര്യമാണ് കമ്യൂണിസം വിഭാവനം ചെയ്യുന്നത്. അത്തരം വികസിത മനുഷ്യരുടെ രൂപീകരണത്തിന് ഒരു കമ്യൂണിസ്റ്റ് സംസ്‌കാരവും ആവശ്യമാണ്. അതിനാൽ കമ്യൂണിസ്റ്റ് സംസ്‌കാരം രൂപപ്പെടുത്തണം. അതിനുതകുന്നതെന്ന് വിശ്വസിച്ചുറച്ച ഒരു സാംസ്‌കാരിക പരിപാടിയാണ് ലെനിനും കൂട്ടരും സാഹിത്യ-കലാവിചാരങ്ങളിലൂടെ മുന്നോട്ടുവെച്ചത്. പഴയ സംസ്‌കാരത്തിലെ മൂല്യങ്ങളെ ആവാഹിക്കുകയും പുതിയതിനെ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു വൈരുദ്ധ്യാത്മക ക്രമത്തെയും അദ്ദേഹം വിഭാവനം ചെയ്തു (ബാലർ, 1984: 164-65). ഇങ്ങനെ ഭരണകൂടമോ പാർട്ടിയോ മുൻകൈയടുത്ത് അവതരിപ്പിക്കുന്ന ഒരു പദ്ധതിക്ക് അനുരോധമായി കലാസാഹിത്യസൃഷ്ടികളിൽ ഏർപ്പെടുക എന്ന രീതിയിൽ കലാകാരരുടെ ഉത്തരവാദിത്തം നിർവ്വചിക്കപ്പെട്ടു'.

ഇതിനു സമാന്തരമായി യൂറോപ്പിൽ രൂപംകൊണ്ട സ്വതന്ത്രബുദ്ധിജീവികൾ ഫാസിസത്തിനും നാസിസത്തിനുമെതിരെ ഉയർത്തിയ (40കൾ തൊട്ട് കമ്യൂണിസത്തിനെതിരെയും) നിലപാടുകളുടേതാണ് മറ്റൊരു ധാര. സ്വതന്ത്രചിന്തകരുടെയും ബോൾഷെവിക്കുകളുടെയും സംയുക്ത നേതൃത്വത്തിൽ നടന്ന പാരീസ് സമ്മേളനത്തിൽ (1935) പങ്കെടുക്കാൻ മാക്‌സിം ഗോർക്കിക്ക് സ്റ്റാലിൻ അനുമതി നൽകിയില്ല. തൽക്കാലത്തേക്ക് സോവിയറ്റ് യൂണിയനെയും കമ്യൂണിസത്തെയും എതിർക്കാൻ പാരീസ് സമ്മേളനപ്രതിനിധികൾ തയ്യാറായില്ലെങ്കിലും, ലോകമെങ്ങും രൂപംകൊണ്ട പുരോഗമനസാഹിത്യസംഘങ്ങൾ കുറെക്കാലത്തേക്ക് കമ്യൂണിസ്റ്റ് ചേരിയിൽ നിലകൊണ്ടുവെങ്കിലും, താമസിയാതെ സ്ഥിതിഗതികൾ മാറിമറിഞ്ഞു. കമ്യൂണിസം പരാജയപ്പെട്ട ദൈവമാണെന്ന തിരിച്ചറിവ് സ്വതന്ത്രചിന്തകർക്കുണ്ടായി. വ്യക്തിസ്വാതന്ത്ര്യവും ചിന്താസ്വാതന്ത്ര്യവും നിഷേധിച്ച കമ്യൂണിസ്റ്റ് സാംസ്‌കാരിക തീട്ടൂരങ്ങൾ കടപുഴകിത്തുടങ്ങി. കേരളത്തിൽ ഈ കടപുഴകൽ നടന്നതിന്റെ കഥയാണ് അടുത്ത അധ്യായം.

ജോർജ് എഴുതുന്നു:

'ആധുനിക ഇന്ത്യൻ ധൈഷണികതയുടെ സങ്കരസ്വഭാവവും വിധേയസ്വഭാവവും പലതരത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്. കൊളോണിയൽ സന്ദർഭത്തിൽ ഉരുത്തിരിഞ്ഞുവന്ന സ്ഥാപനങ്ങളും പാശ്ചാത്യവിദ്യാഭ്യാസമുൾപ്പെടെയുള്ള സാഹചര്യങ്ങളഉം പരമ്പരാഗത ആശയലോകങ്ങളും തമ്മിൽ നടന്ന സാംസ്‌കാരികവും രാഷ്ട്രീയവുമായ സംവാദങ്ങളിലൂടെയാണ് ആധുനികധൈഷണികർ ഇവിടെ ഉയർന്നുവന്നത്. പരിഷ്‌കരണവാദികളും പുനരുത്ഥാനവാദികളും യൂറോപ്യൻ ആധുനികാശയങ്ങളോട് കൂടിയതോതിൽ ആഭിമുഖ്യം പുലർത്തിയ പുരോഗമനവാദികളും ഉണ്ടായിവന്നു. ദേശീയസ്വാതന്ത്ര്യസമരപ്രസ്ഥാനം ഇത്തരം ആശയങ്ങളുടെ സമ്മേളനസ്ഥലമായിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങളും കമ്യൂണിസ്റ്റ് ആശയങ്ങളുമൊക്കെ അതിന്റെ ഭാഗമായിത്തീരുകയുണ്ടായി. ഇത്തരം ധൈഷണികർ വിവിധ ധാരകളായി തിരിക്കാവുന്നതും പല അളവിൽ സങ്കരസ്വഭാവം പ്രദർശിപ്പിക്കുന്നതുമാണ്. എങ്കിലും, വ്യക്തിപരമായ പഠനത്തിന്റെയും പാരമ്പര്യത്തിന്റെയും ഫലമായി രൂപപ്പെടുന്ന ആ സങ്കരവ്യക്തിത്വങ്ങളുടെ സ്വതന്ത്രസ്വഭാവം ശ്രദ്ധേയമാണ്. യൂറോപ്പിലെന്നപോലെ സ്വതന്ത്രചിന്തകർ എന്നു വിളിക്കാവുന്ന ബുദ്ധിജീവികളാണ് ഉയർന്നുവന്നത്. അടിസ്ഥാനപരമായി അതിന് ഒരു പ്രതിപക്ഷസ്വഭാവുമുണ്ട്.

എന്നാൽ പുരോഗ്മനസാഹിത്യസംഘടനയിലും തുടർന്ന് അതിന്റെ രാഷ്ട്രീയപ്രസ്ഥാനരൂപമാർജ്ജിച്ചു പ്രത്യക്ഷപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടിയിലും പ്രകടമായത് പ്രത്യയശാസ്ത്രബദ്ധവും സോവിയറ്റ് ബോൾഷെവിക് മാതൃക പിൻപറ്റുന്നതുമായ ഒരു ധൈഷണികതയാണ്. സമ്പൂർണ്ണമായ ആശ്രിതസ്വഭാവത്താലാണ് അവരുടെ ആശയപരമായ നില വേറിട്ടുനിന്നത്. അവർ പാർട്ടിപ്രതിബദ്ധരായിരുന്നു. അച്ചടക്കവും അനുസരണാസ്വഭാവവും അനിവാര്യമായ ഒരു സംവിധാനമാണ് പാർട്ടി. നിശ്ചിതമായ ചരിത്രവീക്ഷനവും പുരോഗമനസങ്കല്പവും പേറി അതിന്റെ ചുവടുപിടിച്ചുനീങ്ങുകയെന്ന രീതിയിലുള്ള പ്രതിബദ്ധബുദ്ധിജീവിതമാണ് അവിടെ മുന്നോട്ടുവന്നത്. തികച്ചും ശാസ്ത്രീയവും പുരോഗമനപരവുമായ ഒരേയൊരു രാഷ്ട്രീയപദ്ധതി തങ്ങളുടേതാണെന്ന അന്ധവിശ്വാസമാണ് അതിന്റെ മറ്റൊരു സവിശേഷത. ഇതൊരു മതവിശ്വാസം പോലെ പുലർത്താൻ കമ്യൂണിസ്റ്റുകാർ ബാധ്യസ്ഥരാണ്. അതനുസരിച്ച് അംഗം ഉണ്ടാകുന്നു. അംഗം പാർട്ടിയുടെ കണികയാണ്. അയാൾ പാർട്ടിയുമായി താദാത്മ്യം പ്രാപിക്കുന്നു; അഥവാ പാർട്ടിയിൽ വിലയം പ്രാപിക്കുന്നു. വ്യക്തിപരമായ തന്മയെ ബലികഴിക്കുന്ന ത്യാഗികളാണവർ. പുരോഗമനസാഹിത്യസംഘടനയുടെ സംഘാടനപരവും ഔദ്യോഗികവുമായ ധാരയിൽ മുന്നിട്ടുനിന്നത് ഈ വഴിക്കുള്ള ബുദ്ധിജീവികളാണ്'.

തുടർന്ന്, ഒരുവശത്ത് ഇ.എം.എസ്. ഉൾപ്പെടെയുള്ള പാർട്ടിനേതാക്കളും മറുവശത്ത് കേസരിയുടെ പിൻഗാമികളായി രംഗത്തുവന്ന എംപി.പോൾ, സി.ജെ, ഗോവിന്ദൻ, തകഴി, കേശവദേവ്, മുണ്ടശ്ശേരി തുടങ്ങിയവരും നിലകൊണ്ടു. 1944-'49 കാലത്തെ ഈ ചരിത്രം ജോർജ് സൂക്ഷ്മമായവതരിപ്പിക്കുന്നു.

'സ്വാഭാവികമായി പുരോഗമനദർശനങ്ങളോടു സംവാദത്തിലായി പരിണമിച്ചുകൊണ്ടിരുന്ന മലയാളസാഹിത്യലോകത്ത്, സാഹിത്യവും സാഹിത്യകാരന്മാരും തങ്ങളുടെ വരുതിയിൽ നിൽക്കണമെന്ന സർവ്വാധിപത്യപരമായ വീക്ഷണത്തോടെ, ഇടപെടുകയായിരുന്നു 'ജീവൽസാഹിത്യസംഘ'വും പിന്നാലെ വന്ന 'പുരോഗമനസാഹിത്യസംഘടന'യും ചെയ്തത്. മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് തത്ത്വവിചാരം ശാസ്ത്രീയമാണെന്നും അത് ജീവിതത്തിന്റെ സമസ്ത മേഖലകളിലും ശരിയായ നിഗമനങ്ങൾ പ്രദാനം ചെയ്തുകഴിഞ്ഞെന്നുമുള്ള നിശ്ചലവും നിർണ്ണയവാദപരവുമായ ഒരു വീക്ഷണത്തിൽ അടിയുറച്ചു വിശ്വസിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ എഴുത്തുകാരെ ശാസനാധികാരത്തോടെ മെരുക്കിയെടുക്കാൻ ശ്രമിക്കുകയുമായിരുന്നു ഇ.എം.എസും കൂട്ടരും ചേർന്ന് ചെയ്തുപോന്നത്. സംഘടനയും അതിന്റെ അച്ചടക്കവും മുഖ്യമാവുകയും അതിനുവേണ്ടി കലാകാരൻ തന്റെ വ്യക്തിസ്വാതന്ത്ര്യത്തെ കീഴ്‌പ്പെടുത്തുകയും ചെയ്യാൻ ബാദ്ധ്യസ്ഥനാണെന്നു കാണുകയും ചെയ്യുന്ന രീതിയാണ് ബോൾഷെവിസം മുന്നോട്ടുവെയ്ക്കുന്നത്. 'ഗവൺമെന്റ് നിയന്ത്രണമല്ല സ്വയം നിയന്ത്രണം' എന്ന ഉദാരമെന്നു തോന്നിക്കുന്ന ലേഖനഖണ്ഡത്തിൽ ഇ.എം.എസ്. ഇക്കാര്യം വിശദമാക്കുന്നുണ്ട് (1998: 49). ശാസകസമീപനത്തോടെ സാഹിത്യത്തെയും കലയെയും സംബന്ധിച്ച് തികച്ചും ഏകപക്ഷീയവും യാന്ത്രികവുമായ സമീപനം അവതരിപ്പിക്കുന്നതിനപ്പുറത്ത്, എഴുത്തുകാരുടെ സർഗ്ഗസ്വാതന്ത്ര്യത്തെയും വ്യക്തിത്വത്തെത്തന്നെയും അവഹേളിക്കുന്ന സമീപനമായിരുന്നു പലപ്പോഴും അവർ മുന്നോട്ടുവെച്ചത്. അതുമായി പൊരുത്തപ്പെടാതെ ഭിന്നിച്ചുമാറിയ എഴുത്തുകാർ വാസ്തവത്തിൽ ധൈഷണികമായ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയായിരുന്നു'.

അവസാന അധ്യായം പുരോഗമനസാഹിത്യപ്രസ്ഥാനത്തിനകത്തും പുറത്തും നിന്ന് പിൽക്കാലത്തുണ്ടായ ആത്മവിമർശനങ്ങളുടെയും കുറ്റവിചാരണകളുടെയും രാഷ്ട്രീയം വിശദീകരിക്കുന്നു. തോപ്പിൽ ഭാസി, സി. അച്യുതമേനോൻ, പി.കെ. ഗോപാലകൃഷ്ണൻ തുടങ്ങിയ കമ്യൂണിസ്റ്റുകൾ പോലും പാർട്ടിയുടെ സെക്ടേറിയൻ നിലപാടാണ് പുരോഗമനസാഹിത്യസംഘടനയുടെ തകർച്ചക്കു വഴിവച്ചതെന്ന് ഏറ്റുപറയുന്നു. '92ലാണ് ഇ.എം.എസിന്റെ കുപ്രസിദ്ധമായ കുമ്പസാരം പെരുമ്പാവൂരിൽ നടക്കുന്നത്. ഒരുകാലത്ത് കമ്യൂണിസ്റ്റ് വിരുദ്ധരായിരുന്ന തായാട്ട് ശങ്കരൻ, അഴീക്കോട്, എം.എൻ. വിജയൻ, ടി. പത്മനാഭൻ തുടങ്ങിയവർ പിൽക്കാലത്ത് പു.ക.സ. വേദിയിലെത്തിയതിനും കേരളം സാക്ഷിയായി.

കേസരി തുടങ്ങിവച്ച ഹ്യൂമനിസ്റ്റ് രാഷ്ട്രീയം എം. ഗോവിന്ദനിലൂടെ മുന്നോട്ടുപോയി. മലയാളത്തിലെ ആധുനികതാവാദപ്രസ്ഥാനത്തിന്റെ മഹാഗുരുവും യാന്ത്രികമാർക്‌സിസ്റ്റ് സൗന്ദര്യശാസ്ത്രത്തിന്റെ ഏറ്റവും വലിയ വിമർശകനും ഗോവിന്ദനായിരുന്നു. എന്താണദ്ദേഹം ചെയ്തത്? ജോർജ് എഴുതുന്നു:

'പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ ധൈഷണികമായ ഒരു പരിമിതി അതിന്റെ വക്താക്കൾ അന്വേഷണസ്വഭാവം പാടെ കൈവെടിഞ്ഞു എന്നതാണ്. എല്ലാം മാർക്‌സിസും ലെനിനിലും സ്റ്റാലിനിസ്റ്റ് ചിന്തകരിലും ഇ എം എസിലും അവസാനിച്ചു. അവർ പറഞ്ഞത് പ്രമാണമായി സ്വീകരിക്കുകയും എടുത്തുപ്രയോഗിക്കുകയും ചെയ്യുന്നതിലൊതുങ്ങുന്നു പുരോഗമനവാദവിമർശനം. ഇങ്ങനെ പ്രമാണവാദപരമായും നിർണ്ണയവാദപരമായും കാര്യങ്ങളെ കാണുന്നതിനുപകരം. അന്വേഷണസ്വഭാവത്തോടെ മാർക്‌സിസമുൾപ്പെടെയുള്ള ചിന്തകളോട് സംവാദത്തിലാകാനും സാംസ്‌കാരികയാഥാർത്ഥ്യങ്ങളെ വിശകലനം ചെയ്യാനും കക്ഷിപരമായല്ലാതെ രാഷ്ട്രീയരംഗത്തെ നിരീക്ഷിക്കാനും ആശയരൂപീകരണം നടത്താനും ഉള്ള ശ്രമങ്ങൾ നടത്താൻ കേസരിക്കു കഴിഞ്ഞിരുന്നു. പുരോഗമനസാഹിത്യസംഘടന ശിഥിലമായതിനു ശേഷം ഈ വഴിയിലുള്ള സ്വതന്ത്രവും കാഴ്ചപ്പാടുള്ളതുമായ ആശയപ്രവർത്തനങ്ങൾക്ക് പുതുജീവൻ കൊടുത്ത് ചർച്ചാവേദികളും മറ്റും സംഘടിപ്പിച്ച് കലകളുടെയും ചിന്താധാരകളുടെയും ഉണർവ്വിലേക്ക് മുന്നേറിയത് എം. ഗോവിന്ദൻ മുഖ്യപങ്കാളിത്തം വഹിച്ച ധാരയാണ്. എം എൻ റോയിയുടെ ആശയങ്ങളുടെ വെളിച്ചമായിരുന്നു അദ്ദേഹത്തിന് വഴികാട്ടിയത്.

കമ്യൂണിസത്തിൽനിന്ന് മുന്നോട്ട് എന്ന മുദ്രാവാക്യമവതരിപ്പിച്ചുകൊണ്ട് ന്യൂഹ്യൂമനിസ്റ്റ് ആദർശങ്ങൾ അവതരിപ്പിച്ച എം എൻ റോയി കേസരിക്കുപോലും പ്രചോദനമായിത്തീർന്ന ഇന്ത്യൻ ചിന്തകനാണ്. കമ്യൂണിസത്തെ അന്തിമസിദ്ധാന്തമായി കാണുന്ന വീക്ഷണം ഉപേക്ഷിച്ച് സ്വതന്ത്രചിന്തയുടെ സാദ്ധ്യതകൾ തുറക്കുകയായിരുന്നു റോയി ചെയ്തത്. അദ്ദേഹത്തിന്റെ ആശയലോകവുമായി വളരെ ആഴത്തിൽ ബന്ധപ്പെടുകയും അതോടൊപ്പം ലോകസാഹിത്യത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന ചലനങ്ങളെ പഠിച്ചുകൊണ്ടിരിക്കുകയും ചെയ്ത ഗോവിന്ദൻ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ തകർച്ച ആരംഭിച്ച നാല്പതുകളുടെ അവസാനകാലം മുതൽക്കുതന്നെ ഒരു 'നവഹ്യൂമനിസ്റ്റ്' വഴിയിലൂടെ കേരളത്തിലെ എഴുത്തുകാരെ ആശയപരമായി ഉണർത്തുന്ന പ്രവർത്തനങ്ങളുടെ ചുക്കാൻ കൈയേറ്റു. റാഡിക്കൽ ഹ്യൂമനിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകനായിരുന്നു ഗോവിന്ദൻ. സംഘടിതരാഷ്ട്രീയകക്ഷിയിൽ പ്രവർത്തിക്കുവാനുള്ള വ്യക്തിപരമായ വിമുഖത സ്വയം തിരിച്ചറിഞ്ഞ് അതിൽനിന്ന് വിട്ടുപോന്ന ശേഷം സാംസ്‌കാരികപ്രവർത്തനത്തിന്റെ ഒരു വേദി എന്ന നിലയിൽ പുരോഗമനസാഹിത്യസംഘടനയെ കണ്ട് അതിൽ പങ്കുചേർന്നു.

1948 കാലത്തുതന്നെ അദ്ദേഹം പുരോഗമനസാഹിത്യത്തെയും സംഘടനയെയും സംബന്ധിച്ച തന്റെ കാഴ്ചപ്പാടുകൾ വിശദമായി എഴുതി അവതരിപ്പിച്ചു. 'കലാകാരന്മാരും ബഹുജനങ്ങളും' എന്ന ലേഖനത്തിൽ അദ്ദേഹം എഴുതി: 'ജനങ്ങളുടെ സാംസ്‌കാരികവും കലാപരവുമായ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കേണ്ടത് പ്രാഥമികമായും സാഹിത്യകാരന്റെ ഉത്തരവാദിത്തമാണ്. കഴിയുമെങ്കിൽ രാഷ്ട്രീയക്കാരുടെ സഹകരണത്തോടുകൂടി വേണ്ടിവന്നാൽ അവരെക്കൂടാതെതന്നെ, സാംസ്‌കാരികപ്രസ്ഥാനത്തെ നയിക്കുന്നതിനുള്ള സംരംഭങ്ങൾ, പ്രവർത്തനങ്ങൾ സമാരംഭിക്കുകതന്നെവേണം (1948: 501). അവരും മുന്നേറട്ടെ, ജനകീയകലാവേദികൾ, സോവിയറ്റ് നാട്ടിലേക്ക് ഒരെത്തിനോട്ടം തുടങ്ങിയ ലേഖനങ്ങളിലൂടെ പുരോഗമനസാഹിത്യപ്രസ്ഥാനത്തെ സംബന്ധിച്ച് ബോൾഷെവിക് പാതയിൽനിന്നു വേറിട്ട ഒരു കാഴ്ചപ്പാട് അദ്ദേഹം വികസിപ്പിച്ചുകൊണ്ടുവന്നു. കലാരംഗത്തു സംഭവിക്കുന്ന പരിവർത്തനങ്ങളെ അനുഭവാഖ്യാനങ്ങളായി കണ്ട് പരിശോധിക്കാനും അവയുടെ പരിവർത്തനപരമായ മൂല്യത്തെ വിശദമാക്കാനും ശ്രമിക്കുന്ന ഒരു കാഴ്ചപ്പാടായിരുന്നു കലാപരമായി അദ്ദേഹം വളർത്തിക്കൊണ്ടുവന്നത്.

മനുഷ്യൻ, സാംസ്‌കാരികാഭിവൃദ്ധി, ജനകീയകല തുടങ്ങിയ താക്കോൽവാക്കുകളിലൂടെ പ്രതിപാദിക്കപ്പെട്ട അദ്ദേഹത്തിന്റെ കലാദർശനം ഏതെങ്കിലും അടഞ്ഞ പ്രത്യയശാസ്ത്രത്തിന്റെയോ ആശയധാരയുടെയോ ഭാഗമായി ഒതുങ്ങുന്നതായിരുന്നില്ല. പുരോഗതിയെ സങ്കുചിതമായ ഒരു ദർശനമാക്കിപ്പരിവർത്തിപ്പിച്ചതിനെതിരായി മാനവതാവാദത്തെയും മറികടക്കുന്ന നവഹ്യൂമനിസം അവതരിപ്പിച്ചുകൊണ്ട് ഒരു സാംസ്‌കാരികബദൽ മുന്നോട്ടുവെയ്ക്കാനാണ് അദ്ദേഹം ശ്രമിച്ചത്. മനുഷ്യനെന്നത് നവഹ്യൂമനിസത്തെ സംബന്ധിച്ചിടത്തോളം ഒരു ദർശനത്തിന്റെ പേരാണ്. സാംസ്‌കാരികമായും ഭൗതികമായും വിമോചിതവും ആ അർത്ഥത്തിൽ സ്വതന്ത്രവുമായി പൂർണ്ണതയിലെത്തുന്ന മനുഷ്യനെ അതു വിബാവനം ചെയ്യുന്നു. സാമ്പത്തികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ മനുഷ്യവിമോചനത്തിലൂടെ സമഗ്രമനുഷ്യൻ രൂപപ്പെടുമെന്നും അവിടെ കലയും സാഹിത്യവും സുപ്രധാന പങ്കുവഹിക്കുമെന്നും കാണുന്ന ഒരു വീക്ഷണമായിരുന്നു ഗോവിന്ദൻ അവതരിപ്പിച്ചത് (1948: 176). ഇത് പ്രയോഗത്തിലെത്തിക്കാൻ എഴുത്തുകാരുടെയും ചിന്തകരുടെയും നവോത്ഥാനശക്തികളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ കഴിയുമെന്നും അദ്ദേഹം ചിന്തിച്ചു. ആ നിലയിൽ സ്വതന്ത്രമായി എഴുത്തുകാരും ചിന്തകരും കലാകാരരും സംഗമിക്കുന്ന പ്രസ്ഥാനം പുതിയ ഹ്യൂമനിസ്റ്റ് പ്രസ്ഥാനമാണ് (1948: 509) എന്നും അദ്ദേഹം വിശദീകരിച്ചു.

ലോകപുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെയും ഫാസിസ്റ്റുവിരുദ്ധപ്രസ്ഥാനത്തിന്റെയും മൗലികസ്വഭാവംതന്നെ ഈ ഹ്യൂമനിസമായിരുന്നുവെന്നും, അതിനു നേതൃത്വം കൊടുത്ത് മുന്നിൽ നടന്നത് മാക്‌സിം ഗോർക്കിയെയും റൊമാൻ റൊളാനെയും പോലുള്ള എഴുത്തുകാരായിരുന്നുവെന്നും, രാഷ്ട്രീയകക്ഷികളുടെ ആളുകൾ അതിന്റെ പിന്നാലെ കടന്നുവന്നവരാണെന്നും ഓർമ്മിപ്പിച്ചുകൊണ്ട് അദ്ദേഹം പുരോഗമനസാഹിത്യസംഘടനയിലെ പാർട്ടികോയ്മയെ 1948-ൽത്തന്നെ ചോദ്യം ചെയ്യുന്നുണ്ട് (1948: 510). പുരോഗമനസാഹിത്യപ്രസ്ഥാനത്തെ ചരിത്രപരമായി പഠിച്ചും മൗലികമായ ആലോചനകളവതരിപ്പിച്ചും പുനർനിർവ്വചിച്ചും ആരംഭിച്ച അദ്ദേഹം പുരോഗമനസാഹിത്യസംഘടനയുടെ സൈദ്ധാന്തികാചാര്യനായ ഇ.എം.എസിന്റെ ചിന്തകളോട് മിക്കവാറും എതിരിടുന്ന ഒരു സ്വതന്ത്രചിന്താധാരയ്ക്ക് രൂപം കൊടുത്തു.

തങ്ങളോട് ചേർന്നുനിൽക്കാത്തവരെല്ലാം പുരോഗമന-സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകൾക്ക് എതിരുനിൽക്കുന്നവരും തടസ്സം സൃഷ്ടിക്കുന്നവരുമാണെന്നു ധ്വനിപ്പിച്ചുകൊണ്ട് ഇ.എം.എസ്. നമ്പൂതിരിപ്പാട് പി.എസ്. എന്ന തൂലികാനാമത്തിൽ എഴുതിയ 'ആരുടെ ചേരിയിൽ' എന്ന ലേഖനത്തിലെ ആശയങ്ങളോട് പ്രതികരിച്ചുകൊണ്ട് 'മനുഷ്യന്റെ ചേരി' എന്നൊരു ലേഖനം അദ്ദേഹം പ്രസിദ്ധപ്പെടുത്തി. അതിൽ, പുരോഗമനസാഹിത്യപ്രവർത്തകർ മനുഷ്യന്റെ ചേരിയിലാണ് നിലകൊള്ളുക എന്നു ചൂണ്ടിക്കാണിച്ചു. മനുഷ്യചരിത്രം പുരോഗതിയുടെ ചരിത്രമാണെന്നും ആ പുരോഗതിയുടെ മാർഗ്ഗത്തിൽ മനുഷ്യവർഗ്ഗം ഉല്പാദിപ്പിച്ച മൂല്യങ്ങൾ വികസിപ്പിക്കുകയെന്ന കർത്തവ്യത്തിൽ കലാകാരനു പങ്കുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഭാവിതലമുറകൾക്ക് മനുഷ്യസംസ്‌കാരത്തിന്റെ അമൂല്യസമ്പാദ്യങ്ങളും പാരമ്പര്യങ്ങളും പകർന്നുകൊടുക്കുന്നതിന് ലോകത്തിൽ കുറേ ജനവിഭാഗങ്ങൾ ജീവിക്കുകയെന്നുവച്ചാൽ അത് ചില്ലറ സംഗതിയൊന്നുമല്ല. അവർ പുരോഗതിക്കു പ്രേരകമായി ഭവിക്കും. മനുഷ്യവർഗ്ഗത്തിന്റെ വിജയസ്തംഭങ്ങളായി മുന്നോട്ടുപോകും. ഇതത്രേ മനുഷ്യന്റെ ചേരി.... 'നിങ്ങൾ ഏതു ചേരിയിലാണ്? ട്രൂമാന്റെയോ സ്റ്റാലിന്റെയോ?' എന്നെ സംബന്ധിച്ചു പറയാം. ഞാനിവ രണ്ടിലുമില്ല. മനുഷ്യന്റെ ചേരിയിലുണ്ടുതാനും (1948)'.

ഇതേ സമയംതന്നെ പാർട്ടിക്കകത്തുനിന്നും ഉയർന്ന ആത്മവിമർശനങ്ങളും മറന്നുകൂടാ. ബി. രാജീവനാണ് പല സന്ദർഭങ്ങളിലും കേരളത്തിലെ പുരോഗമനസാഹിത്യസംഘടനക്കു സംഭവിച്ച വൻ പിഴവുകൾ ചൂണ്ടിക്കാണിച്ച ഒരാൾ. സച്ചിദാനന്ദനും വി സി. ശ്രീജനുമാണ് മറ്റുചിലർ.

'എം. ഗോവിന്ദനെപ്പോലുള്ളവർ മുമ്പു നടത്തിയിട്ടുള്ള പുരോഗമനസംഘടനയുടെയും പുരോഗമനകലാദർശനവിമർശനത്തിന്റെയും തുടർച്ച കാണാവുന്ന സ്വതന്ത്രചിന്തയുടെ മുഹൂർത്തങ്ങളാണ് നവന്മാർക്‌സിയൻ ചിന്തയുടെ കരുത്തിൽ ബി. രാജീവൻ ചില ഘട്ടങ്ങളിലെങ്കിലും പ്രകടമാക്കിയിട്ടുള്ളത്. 'കലയുടെ രാഷ്ട്രീയം' (1979/2000), 'കലയും കാലവും' (2015) തുടങ്ങിയ രാജീവന്റെ ലേഖനങ്ങൾ മാത്രം മതി ഈ അതിവർത്തനത്തിന്റെ സ്വഭാവം മനസ്സിലാക്കാൻ. കാലത്തോടും ചരിത്രത്തോടുമുള്ള കലയുടെ ബന്ധത്തെ വൈരുദ്ധ്യാത്മകമായി വിശദീകരിച്ചുകൊണ്ട് പുരോഗമനസാഹിത്യസംവാദകാലത്തെ പാർട്ടിബദ്ധനിലപാടുകളുടെ പരിമിതികളെ കടന്നുപോവുകയാണ് അദ്ദേഹം ചെയ്യുന്നത്. 'കലയുടെ രാഷ്ട്രീയ'ത്തിൽ മുതലാളിത്തത്തെപ്പോലെതന്നെ സർഗ്ഗാത്മകതയെ അവമതിക്കുന്ന പഴയ ജനകീയകലയുടെ സ്വാഭാവികമായ പിന്തുടർച്ചയാണ് ഇന്നത്തെ കമ്പോളകലയെന്നുവരെ അദ്ദേഹം വാദിക്കുന്നുണ്ട് (2000: 49). 'പഞ്ചസാരയിൽ മരുന്നടക്കം ചെയ്യുന്നതുപോലെ രാഷ്ട്രീയമായ ആശയങ്ങളെ ആകർഷകമായ രൂപത്തിൽ അവതരിപ്പിക്കാനുള്ള ഒരുപാധിയാണ് കല എന്നതായിരുന്നു നമ്മുടെ പഴയ രാഷ്ട്രീയകലാദർശനംയ... സാഹിത്യവും കലയും രാഷ്ട്രീയത്തിനു കീഴ്‌പ്പെട്ടിരിക്കുന്നു എന്ന തത്ത്വത്തിന്റെ ബലത്തിൽ ഇവർ കലയുടെമേൽ ചവിട്ടിക്കയറിനിന്ന് സ്വയം ഉയരുകയും ചെയ്യുന്നു. എന്നാൽ കലയുടെ സർഗ്ഗാത്മകതയെ പൂർണ്ണമായും നിഷേധിച്ചുകൊണ്ട് കലയെ ഉപകരണമാക്കി അധപ്പതിപ്പിക്കുന്നത് ഏതു രാഷ്ട്രീയമായാലും അതിന്റെ ഗർഭത്തിൽ ഫാസിസമുണ്ട്... മനുഷ്യന്റെ സർഗ്ഗാത്മകതയെ പൂർണ്ണമായി നിഷേധിക്കുന്നത് മുതലാളിത്തമാണ്. അത് മനുഷ്യനെ മുൻകൂട്ടി നിർണ്ണയിക്കപ്പെട്ട ചില അമൂർത്താശയങ്ങൾക്കൊത്തു ചലിക്കുന്ന ഒരു യന്ത്രമാക്കി മാറ്റുന്നു. സ്രഷ്ടാവായ യാന്ത്രികമായ ചലനത്തിന് കീഴ്‌പ്പെടുത്തുന്ന മുതലാളിത്തത്തിന്റെ കലാസിദ്ധാന്തവും പ്രയോഗവുമാണ് യഥാർത്ഥത്തിൽ നമ്മുടെ പഴയ രാഷ്ട്രീയക്കാർ സ്വന്തമാക്കിയത്' (2000: 48). ലേഖനത്തിന്റെ അവസാനഭാഗം ഇങ്ങനെയാണ്: 'കലയെ പൂർണ്ണമായും രാഷ്ട്രീയാവശ്യങ്ങൾക്ക് കീഴ്‌പ്പെടുത്തി നിർത്തുകയായിരുന്നല്ലോ നിങ്ങൾ ഇത്രയും കാലം. എന്നിട്ടെന്തുണ്ടായി? സർഗ്ഗശക്തിയുള്ളവരെല്ലാം നിങ്ങളെ വിട്ടുപോയി. മരത്തലയന്മാർ സാഹിത്യനായകന്മാരുമായി. വീണ്ടും നിങ്ങൾ കഥയറിയാതെ പഴയ പണി തുടരുന്നു. സംസ്‌കാരവും രാഷ്ട്രീയത്തിനു കീഴ്‌പ്പെട്ടിരിക്കുന്നു എന്നു പറയുമ്പോൾ നിങ്ങളതിനെ തികച്ചും ഉപരിപ്ലവവും യാന്ത്രികവുമായി മാത്രം മനസ്സിലാക്കുന്നു. കലയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തിന്റെ പ്രശ്‌നം മാർക്‌സിയൻ മനുഷ്യസങ്കല്പത്തിന്റെ ആഴത്തിൽ വേരുകളുള്ളതും നിങ്ങളുടെ യാന്ത്രികസങ്കല്പത്തെ പാടെ നിഷേധിക്കുന്നതുമാണ്' (2000: 50)'.

ചുരുക്കമിതാണ്. ബി. രാജീവൻ പറഞ്ഞതുപോലെ സർഗശക്തിയുള്ളവർ പുറത്തും മരത്തലയന്മാർ അകത്തും പെട്ടുപോയ മലയാളസാഹിത്യകലാചരിത്രത്തിലെ ഏറ്റവും വലിയ സാംസ്‌കാരികാഭാസമാണ് പുരോഗമനസാഹിത്യപ്രസ്ഥാനം. സി.ജെ. ജോർജിന്റെ ഈ പഠനം ഈയൊരു സാംസ്‌കാരിക ജീർണതയുടെ സയുക്തികവും സാർഥകവുമായ ചരിത്രാപഗ്രഥനവും രാഷ്ട്രീയവിമർശനവുമായി മാറുകയും ചെയ്യുന്നു.

പുസ്തകത്തിൽ നിന്ന്:

'ബുദ്ധിജീവികളെ കൂടെക്കൂട്ടുന്നതിനോടൊപ്പം സർഗ്ഗാത്മകരചന നടത്തിപ്പോരുന്ന എഴുത്തുകാരെയും കലാകാരരെയും സംഘടിപ്പിക്കാനും തൊഴിലാളി വർഗ്ഗസർവ്വാധിപത്യത്തിനു സേവനം ചെയ്യാനും വേണ്ടി ഒരുക്കിയെടുക്കുന്ന ഒരു പ്രസ്ഥാനം റഷ്യൻവിപ്ലവകാലത്തു തന്നെ ആരംഭിച്ചിരുന്നു. പ്രോലിറ്റ് കൾട്ട് (പ്രോലിറ്റേറിയൻ കൾച്ചറൽ ആൻഡ് എഡ്യുക്കേഷനൽ ഓർഗനൈസേഷൻസ്) എന്ന പേരിൽ സംഘടന രൂപീകരിച്ചായിരുന്നു പ്രവർത്തനം. തൊഴിലാളിവർഗ്ഗകലയെയും സംസ്‌കാരത്തെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു അതിന്റെ പ്രഖ്യാപിതലക്ഷ്യം. കോമിന്റേണിന്റെ സമ്മേളനങ്ങളിൽ അതിനെ അന്തർദ്ദേശീയമായി സംഘടിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാനുള്ള യത്‌നങ്ങൾ ഉണ്ടാവുകയും ചെയ്തു.

1924-ൽ നടന്ന കോമിന്റേൺ ലോകത്തെമ്പാടുമുള്ള തൊഴിലാളിവർഗ്ഗബോധമുള്ള എഴുത്തുകാരോട് ചുവപ്പുസാഹിത്യഇന്റർനാഷനലിന്റെ രൂപീകരണത്തിൽ പങ്കാളികളാകാൻ ആഹ്വാനം ചെയ്തു. 1927-ൽ അത് സാക്ഷാത്കൃതമായി. പതിനാല് രാജ്യങ്ങളിൽനിന്നുള്ള എഴുത്തുകാർ പങ്കെടുത്ത കൂടിച്ചേരൽ നടന്നു. ഐ ബി ആർ എൽ (ഇന്റർനാഷനൽ ബ്യൂറോ ഓഫ് റെവല്യൂഷനറി ലിറ്ററേച്ചർ) എന്ന പേരിൽ മുതലാളിത്തരാജ്യങ്ങളിലെ അസോസിയേഷനുകളെ ചേർത്ത് ഒരു സമിതി രൂപീകരിക്കപ്പെട്ടു. 1930-ലെ സമ്മേളനത്തിൽവെച്ച് അതിന്റെ പേര് ഐ യു ആർ ഡബ്ല്യു (ഇന്റർനാഷനൽ യൂണിയൻ ഓഫ് റെവല്യൂഷനറി റൈറ്റേഴ്‌സ് എന്നാക്കിയിരുന്നു). വിവിധ ഭാഷകളിലായി പ്രസിദ്ധീകരിക്കുന്ന വിപ്ലവസാഹിത്യപ്രസിദ്ധീകരണവും ആരംഭിച്ചു.

ഈ പ്രവർത്തനങ്ങളുടെ തുടർച്ചയിലാണ് 1934-ലെ രണ്ടാഴ്ചക്കാലം നീണ്ട വിപുലമായ റഷ്യൻ പുരോഗമനസാഹിത്യസമ്മേളനം നടക്കുന്നത്. 200-ഓളം പ്രഭാഷണങ്ങളും അവതരണങ്ങളും നടന്ന പരിപാടിയിൽ കാൾ റാഡെക്ക്, എ എ ഷഡാനോവ്, നിക്കൊളായ് ബുക്കാരിൻ, എ ഐ സ്റ്റെസ്‌കി എന്നിവരോടൊപ്പം, 1932-ൽ ഇറ്റലിയിൽ നിന്നു സ്റ്റാലിന്റെ ക്ഷണം സ്വീകരിച്ച് മടങ്ങിയെത്തിയ മാക്‌സിം ഗോർക്കിയും പങ്കാളിത്തം വഹിച്ചു. അതിനോടകം 'ഓർഡർ ഓഫ് ലെനിൻ' എന്ന ബഹുമതി സമ്മാനിച്ചും പാർട്ടിയുടെ സെൻട്രൽ കമ്മറ്റിയിൽ ഉൾപ്പെടുത്തിയും ആദരിക്കപ്പെട്ട ഗോർക്കിയാണ് സമ്മേളനത്തിൽ ഉപക്രമപ്രഭാഷണം നടത്തിയത്.

ബുദ്ധിജീവികളെയും സാഹിത്യകാരരെയും ഭരണകൂടത്തിന്റെ അഥവാ ബോൾഷെവിക് കക്ഷിയുടെ പുരോഗമനസങ്കല്പങ്ങളുടെയും പദ്ധതികളുടെയും ആശയപ്രചാരകരും തുണക്കാരുമാക്കി ബന്ധിപ്പിച്ചുനിർത്തുക എന്നതായിരുന്നു ഫലത്തിൽ ആ സമ്മേളനത്തിന്റെയൊക്കെ ദൗത്യം. ബുദ്ധിജീവികളെ സംബന്ധിച്ച മാർക്‌സിസ്റ്റ്-കമ്യൂണിസ്റ്റ് ദർശനത്തിന് അനുസൃതമായിരുന്നു ഈ സോവിയറ്റ് പുരോഗമന എഴുത്തുകാരസംഗമത്തിന്റെ സംഘാടനം. ഗോർക്കിയും ഷഡാനോവും നടത്തിയ പ്രഭാഷണങ്ങളിൽ സോവിയറ്റ് എഴുത്തുകാരുടെ ചുമതലയെന്ന നിലയിൽ സ്റ്റാലിന്റെ നിലപാടുകളോട് വിധേയത്വം പ്രകടിപ്പിക്കുന്ന (തേവർ വാഴ്‌ത്ത്) ആശയങ്ങളാണ് അവതരിപ്പിച്ചത്. 'മനുഷ്യാത്മാവിന്റെ എഞ്ചിനിയർമാരാവുക' എന്ന പ്രയോഗം എടുത്തുപറഞ്ഞതും സോവിയറ്റ് എഴുത്തുകാരനു സോഷ്യലിസത്തോടുണ്ടായിരിക്കേണ്ട പ്രതിബദ്ധത ഉയർത്തിക്കാട്ടിയുമായിരുന്നു അവരുടെ പ്രസംഗങ്ങൾ.

ലെനിൻ മുന്നോട്ടുവെച്ച ബോൾഷെവിക് പ്രതിബദ്ധ സാഹിത്യസമീപനം അരക്കിട്ടുറപ്പിക്കുവാൻ ഉദ്ദേശിച്ചുള്ളതായിരുന്നു സ്റ്റാലിൻകാലത്തെ സമ്മേളനം. അവിടെ ബോൾഷെവിക് ആശയങ്ങൾ വിസ്തരിക്കുകയായിരുന്നു ഗോർക്കിയും ഷഡാനോവുമൊക്കെ ചെയ്തത്. സോഷ്യലിസ്റ്റ് റിയലിസത്തെ സോവിയറ്റ് സാഹിത്യത്തിന്റെ ഉദാത്തമായ മാതൃകയെന്ന നിലയിൽ അവതരിപ്പിച്ചുവെന്നത് ഈ സമ്മേളനത്തിന്റെ പ്രത്യേകതയാണ്. 'ശരിയും' 'ശാസ്ത്രീയ'വുമായ രാഷ്ട്രീയദിശാബോധം ജനങ്ങളിലുളവാക്കുക എന്ന ഉത്തരവാദിത്തം എഴുത്തുകാർക്കുണ്ടെന്നും അതാണ് സോഷ്യലിസ്റ്റ് റിയലിസത്തിലൂടെ ലക്ഷ്യമാക്കുന്നതെന്നും വിശദീകരിക്കപ്പെട്ടു.

ഫലത്തിൽ, കമ്യൂണിസ്റ്റ് വ്യവസ്ഥയെ ശക്തിപ്പെടുത്തുക, അതിനനുകൂലമായി ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുക-ഇതൊക്കെ എഴുത്തുകാരുടെയും കലാകാരരുടെയും സാമൂഹിക-രാഷ്ട്രീയ ഉത്തരവാദിത്തങ്ങളാണ് എന്നു തീരുമാനിക്കപ്പെട്ടു. സാമൂഹികമായ ഉത്തരവാദിത്തം എന്ന് ഇത് വിശേഷിപ്പിക്കപ്പെട്ടു. അതേറ്റെടുത്തു കടമ നിർവ്വഹിക്കുന്നതിലുള്ള സാമൂഹികമായ 'ആനന്ദം' അനുഭവിക്കാനാണ് എഴുത്തുകാർ ശ്രമിക്കേണ്ടതെന്ന് ഉപദേശിക്കപ്പെട്ടു. സാമൂഹികപ്രതിബദ്ധത എന്ന ആശയമായിട്ടാണ് ഇത് സാഹിത്യ-സാംസ്‌കാരിക ചിന്തകളിൽ അവതരിപ്പിക്കപ്പെട്ടത്. ഫലത്തിൽ, എഴുത്തുകാരുടെ സംഘടനാ-ഭരണകൂടപ്രതിബദ്ധത(ആശ്രിതത്വം, വിധേയത്വം)യാണ് ഉറപ്പിച്ചെടുക്കുന്നത്. ഒരുതരം ആദരവോടുകൂടിയ ബലപ്രയോഗമാണ് ഇവിടെ നടക്കുന്നത്. എഴുത്തുകാരും കലാകാരരും ഭരണകൂടത്തിന്റെ ആഹ്വാനത്തിൽ പ്രജകളാകുന്നു. ഇരകളാകുന്നു. അത് അവർക്ക് ഒരുതരം അധികാരാസ്വാദനാനന്ദം നൽകുന്നു. സുരക്ഷിതബോധം നൽകുന്നു. ഇങ്ങനെ ആധികാര(സാഹിത്യത്തി)ലേക്ക് എഴുത്തുകാരെ ക്ഷണിച്ചെടുക്കുന്ന ആസൂത്രിതപരിപാടികൾ കൂടിയായിരുന്നു സോവിയറ്റ് എഴുത്തുകാരുടെ സമ്മേളനങ്ങൾ.

ബോൾഷെവിക് പ്രസ്ഥാനവുമായി, അതിന്റെ നയപരിപാടികളുമായി ചേർന്നുനിൽക്കുക എന്നത് സാമൂഹികമായ സാഹോദര്യത്തിൽ പങ്കുചേരലാണെന്നും സ്വാതന്ത്ര്യാനുഭവമാണെന്നും പഠിപ്പിക്കപ്പെട്ടു. സാമൂഹികമായ ഉത്തരവാദിത്തമേറ്റെടുത്ത് എഴുത്തുകാർ സ്വയം നടത്തുന്ന പ്രവർത്തനമായി അവ അവതരിപ്പിക്കപ്പെട്ടുവെങ്കിലും ഭരണകൂടത്തിന്റെ നിശ്ചയത്തിലും ഒത്താശയിലുമാണ് അത് നടന്നിരുന്നതെന്നു വ്യക്തമാണ്. ചൂഷണരഹിതസമുദായം എന്ന സ്വപ്നത്തിന്റെ മാസ്മരികമായ വലയത്തിൽപ്പെട്ട സാഹചര്യത്തിൽ ഇതിനെ മാതൃകയായി കാണുവാൻ ലോകത്തെമ്പാടുമുള്ള എഴുത്തുകാരും പുരോഗമനവാദികളും നിർബ്ബന്ധിതരായി. ലോകത്തെമ്പാടുമുള്ള പ്രഗത്ഭരായ എഴുത്തുകാരുമായി ബന്ധപ്പെടാനും സൗഹൃദങ്ങളുണ്ടാക്കാനും കഴിഞ്ഞ ഗോർക്കിയെപ്പോലുള്ള എഴുത്തുകാർക്ക് ലഭിച്ച പദവിയും പരിഗണനയും സോവിയറ്റ് സാഹിത്യപദ്ധതിക്ക് സോവിയറ്റ് ഭരണകൂടത്തിനെന്നപോലെ സ്വീകാര്യതയുളവാക്കാൻ സഹായകമായി. റിയലിസ്റ്റ് രചനാപദ്ധതിക്ക് പുരോഗമനപരമായ സാഹിത്യം എന്ന നിലയിൽ രൂപപരമായിത്തന്നെ വിപ്ലവകരമായ മൂല്യമുണ്ടെന്നു സമർത്ഥിക്കാനും എഴുത്തുകാരെ ഭരണകൂടതാല്പര്യസേവകരാക്കി പരിവർത്തിപ്പിക്കാനുമുള്ള പദ്ധതിയായിരുന്നു 1935-ലെ സോവിയറ്റ് പുരോഗമന എഴുത്തുകാരസമ്മേളനം മുന്നോട്ടുവെച്ചത്. മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് പ്രത്യയശാസ്ത്രവീക്ഷണത്തോട് ചേർന്നുനിർക്കുന്ന ഒരു നിലപാടു സ്വീകരിച്ചുവേണം എഴുത്തുകാർ രചനയിൽ ഏർപ്പെടാൻ എന്നതുതന്നെയായിരുന്നു സത്തയിൽ സോവിയറ്റ് സാഹിത്യകല്പന. സാമൂഹികോത്തരവാദിത്തം പാർട്ടി/ഭരണകൂട ഉത്തരവാധിപത്യമായി എന്നു ചുരുക്കം.

എന്താണ് പുരോഗമനസാഹിത്യം എന്നു ചോദിച്ചാൽ, സാമൂഹിക പുരോഗതിക്കായുള്ള ആശയങ്ങൾക്ക് മുൻഗണന കൊടുക്കുന്ന സാഹിത്യമാണെന്നു പറയാം. എന്നാൽ സോവിയറ്റ് സമ്മേളനങ്ങളിലൂടെ സമർത്ഥിക്കപ്പെട്ട പുരോഗമനസാഹിത്യം ബോൾഷെവിക് ഭരണകൂടപരിലാളനം നിർവ്വഹിക്കുന്ന സാഹിത്യം മാത്രമായി ചുരുങ്ങിയിരുന്നു. തൊഴിലാളിവർഗ്ഗവിപ്ലവത്തെ (ഫലത്തിൽ വിപ്ലവസർക്കാരിനെയും വിപ്ലവത്തിന്റെ ഏജൻസിയായ ബോൾഷെവിക്കു കക്ഷിയെയും) പിൻതുണയ്ക്കാൻ പ്രതിജ്ഞാബദ്ധമായ പുരോഗമനസാഹിത്യകാരരും (പ്രോഗ്രസ്സിവ് റൈറ്റേഴ്‌സ്) പുരോഗമനസാഹിത്യവും (പ്രോഗ്രസ്സിവ് ലിറ്ററേച്ചർ) എന്ന മട്ടിലുള്ള ആശയങ്ങൾ ഉന്നയിക്കപ്പെട്ടു. അതിൽ ഗോർക്കിയുടെ കൃതികളെ മാതൃകയായി ഉയർത്തിക്കാണിച്ചു. ഇതൊരു വൈരുദ്ധ്യാത്മകമായ ഇടപെടലാണെന്നോ അടവുനയമാണെന്നോ പറയാം. ആസന്നമായ തൊഴിലാളിവർഗ്ഗവിപ്ലവത്തെ നയിക്കുന്ന ബോൾഷെവിക് കക്ഷിയുടെ ആശയാവലിക്ക് സമുദായത്തിലാകെ സമ്മതി ഉറപ്പാക്കുന്നതും ആദർശപരിവേഷം നൽകുന്നതുമായ സാഹിത്യപ്രവർത്തനം ബോധപൂർവ്വം നടത്തുന്നതിനുള്ള ചുമതല നിർവ്വഹിക്കാൻ എഴുത്തുകാരെ നിയോഗിക്കുക എന്ന ലക്ഷ്യമായിരുന്നു സമ്മേളനത്തിനുണ്ടായിരുന്നത്'.

പുരോഗമനസാഹിതി
സി.ജെ. ജോർജ്
കറന്റ് ബുക്‌സ്, തൃശൂർ
2020, 230 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP