വാക്കുകളും മനുഷ്യരും

ഷാജി ജേക്കബ്
'ആറാമത്തെ വിരൽ' എന്നൊരു കഥയുണ്ട്-ആനന്ദ് എഴുതിയത്. രണ്ടു കൈകളിലും രണ്ടു കാലുകളിലും ആറു വിരലുകൾ വീതമുള്ള അലിദോസ്ത് എന്ന ആരാച്ചാരുടെ ജീവിതമാണതിലുള്ളത്. മുഗൾചക്രവർത്തി ഹുമയൂണിന്റെ കല്പനപ്രകാരം 1556 ഓഗസ്റ്റ് മാസത്തിൽ റംസാന്റെ ഏഴാംനാൾ അലിദോസ്ത് ഹുമയൂണിന്റെ സഹോദരൻ കാമ്റാന്റെ കണ്ണുകൾ കുത്തിപ്പൊട്ടിച്ച ചരിത്രസംഭവത്തെ മലയാളത്തിലെ ഏറ്റവും ആഘാതശേഷിയുള്ള കഥകളിലൊന്നാക്കി മാറ്റുകയാണ് ആനന്ദ്. ഒരു രംഗം വായിക്കുക:
'ഹുമയൂൺ തന്റെ ജീവൻ എടുക്കുന്നില്ലെന്ന് കേട്ടപ്പോൾ കാമ്റാൻ ശാന്തനായി. അയാൾ ഒരു തലയണ ആവശ്യപ്പെട്ടു. അതുകൊണ്ടുവന്നപ്പോൾ അയാൾ തന്നത്താൻ അതിൽ തലവെച്ചു കിടന്നു.
ശിക്ഷ നടപ്പിലാക്കാൻ നിയുക്തരായ അഞ്ചു ഭടന്മാരെയും കാവൽക്കാർ അകത്തേക്ക് കടത്തിവിട്ടു. വിശാലമായ ഒരു മുറിയായിരുന്നു അത്. വാതിൽക്കൽ നിൽക്കുന്ന കാവൽക്കാരെ ഒഴിച്ചാൽ അതിനകത്ത് കാമ്റാനും അഞ്ചുപേരും ദൂരെ ഒരു കോണിൽ പേടിച്ചതുപോലെ നിന്നിരുന്ന ഒരു മതപുരോഹിതനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരും ഒന്നും ശബ്ദിച്ചില്ല. വലിയ മുറിയിലെ വലിയ സ്ഥലത്ത് അവരൊക്കെ, പുരോഹിതനെപോലെയല്ലെങ്കിൽ വേറെ ഏതോ വിധത്തിൽ, അസ്വസ്ഥത പൂണ്ടു.
അഞ്ചു ഭടന്മാരിൽ രണ്ടുപേർ കാമ്റാനിന്റെ അടുത്തുവന്ന് അയാളുടെ രണ്ട് കൈകകളും നീട്ടിവെച്ച് അവയെ അമർത്തിപ്പിടിച്ചു. ഒരാൾ രണ്ട് കാലുകളും കൂട്ടിപ്പിടിച്ച് അവയുടെ മീതെ ഇരുന്നു. വേറൊരാൾ ശിരസ്സ് പിടിച്ച്, ഒരു തുണി ചുരുത്തി പന്തുപോലെയാക്കി വായിൽ തിരുകി. അഞ്ചാമത്തെ ആളായിരുന്നു അലി ദോസ്ത്. രണ്ട് കൈകളിലും രണ്ട് കാലുകളിലും ആറു വിരൽ വീതമുണ്ടായിരുന്ന ഒരു അഫ്ഘാൻ. എല്ലാവരും അവരവരുടെ സ്ഥാനം പിടിച്ചതിനുശേഷമേ അയാൾ വന്നുള്ളൂ. ശിരസ്സിനടുത്ത് നിലത്ത് കാൽമടക്കിയിരുന്ന് അയാൾ തന്റെ സഞ്ചിയിൽ നിന്ന് രണ്ട് സൂചികൾ പുറത്തെടുത്തു. പോളകൾ പിന്നോട്ടു നീക്കി, അയാൾ കാമ്റാനിന്റെ ഓരോ കണ്ണിലും ഓരോ സൂചികൊണ്ട് അമ്പത് തവണവീതം കുത്തി. അതിനുശേഷം സഞ്ചിയിൽനിന്ന് ചെറുനാരങ്ങായെടുത്ത് ഒരു പാത്രത്തിൽ പിഴിഞ്ഞ് ഉപ്പ് കലർത്തി അത് രണ്ട് കണ്ണിലെയും ചോരയൊഴുകുന്ന കുഴികളിൽ ഒഴിച്ചു. ആ സമയത്ത് കാമ്റാൻ വായിലെ തുണിയുടെ പന്ത് അനുവദിക്കുംവിധം ഉറക്കെ കരഞ്ഞുവെന്ന് ബാബറിന്റെ പുത്രിയും ചരിത്രകാരിയുമായിരുന്ന ഗുൽബദൻ എഴുതിയിരിക്കുന്നു.
തന്റെ പണി ചെയ്തതിനുശേഷം നിശ്ശബ്ദം കാലുകൾ നിവർത്തി അലിദോസ്ത് എഴുന്നേറ്റു. അയാൾ മുറിയിൽനിന്ന് പുറത്തേക്ക് കടന്നു. മറ്റ് നാൽവരും അപ്പോഴും കാമ്റാനിന്റെ കൈകളും കാലുകളും ശിരസ്സും അമർത്തിപ്പിടിച്ച് ഇരിക്കുകയായിരുന്നു. കോണിൽ പുരോഹിതൻ അതുപോലെത്തന്നെ ചുരുങ്ങിക്കൂടിനിന്നു. കാമ്റാൻ കരഞ്ഞുകൊണ്ടിരുന്നു. ഹുമയൂൺ തന്റെ മുറിയിൽ, ശിക്ഷ നടത്തി. വിവരം അറിയുവാൻ ഉൽക്കണ്ഠപ്പെട്ടുകൊണ്ടും. നല്ല ചൂടുള്ള ഒരു ദിവസമായിരുന്നു അത്. കൊല്ലം 1553, മാസം ഓഗസ്റ്റ്. റംസാനിന്റെ ഏഴാമത്തെ ദിവസം (ആറ് ദിവസം നോമ്പ് ആചരിച്ചുകഴിഞ്ഞ തനിക്ക് ഇനി അത് തുടരാൻ കഴിയില്ലല്ലോ എന്ന് കാമ്റാൻ വിലപിച്ചുവെന്ന് പറയപ്പെടുന്നു). കാബൂളിന്റെ സമീപപ്രദേശങ്ങളിൽ യുദ്ധം ഏറെക്കാലം നടന്നു. ഹുമായൂൺ അയച്ച സന്ദേശവാഹകരെ പിടിച്ച് കാമ്റാൻ അവരുടെ തലവെട്ടി. ചിലരെ കോട്ടയുടെ ചുമരുകളിൽ താഴേക്ക് കെട്ടിത്തൂക്കിയിട്ടു, കോട്ടയം ലക്ഷ്യമാക്കിയുള്ള ഹുമായൂണിന്റെ പീരങ്കികളുടെ വെടി നിർത്തിക്കുവാൻ വേണ്ടി. ഈ യുദ്ധങ്ങളിൽത്തന്നെയാണ് ഹുമായൂണിന്റെ പക്ഷത്ത് പൊരുതിയിരുന്ന ഇരുവരുടെയും സഹോദരനായ ഹിൻദാൽ കാമ്റാന്റെ സൈനികരാൽ കഷണം കഷണമായി നുറുക്കപ്പെട്ടതും, ഹുമായൂണിന്റെ മനസ്സ് അവസാനം കാമ്റാനെതിരെ കല്ലുപോലെ ഉറച്ചതും. അവസാനം കോട്ടയിൽനിന്ന് നിഷ്കാസിതനായി കാമ്റാൻ പലായനം ചെയ്തു. ആരും അയാൾക്ക് അഭയം നൽകിയില്ല. ഗക്കറിലെ സുൽത്താൻ അയാളെ പിടിച്ച് ഹുമായൂണിനെ ഏൽപിക്കുകയും ചെയ്തു.
ഹിന്ദുസ്താനം വീണ്ടെടുക്കുവാനുള്ള യാത്രയ്ക്കു മുമ്പ് ഹിന്ദുക്കുഷിന്റെ താഴ്വാരത്തിൽ പീർഹാലയിൽ തങ്ങി അഞ്ച് ദിവസങ്ങളോളം തന്റെ വിജയം ആഘോഷിച്ചും കാമ്റാനിന്റെ കുറ്റം വിചാരണചെയ്തും ഹുമായൂൺ കഴിച്ചുകൂട്ടി. അമീറുമാരും മുഫ്തിമാരും ഈമാമുകളും കാസികളും എല്ലാം ഒരേ അഭിപ്രായക്കാരായിരുന്നു. ചക്രവർത്തിക്കെതിരെ വീണ്ടും വീണ്ടും കലാപമുയർത്തിയവനും, ഹിൻദാലിന്റെ കൊലയ്ക്ക് ഉത്തരവാദിയും, ഒട്ടേറെ ജനങ്ങളുടെ ദുഃഖത്തിന് കാരണക്കാരനുമായ ഈ വിദ്രോഹിക്ക് കൊടുക്കാവുന്ന ഏക ശിക്ഷ വധശിക്ഷയാണ്. ഹുമായൂണിന്റെ മനസ്സ് പിന്നെയും പതറി. എല്ലാ ഉപദേശങ്ങളും നിരാകരിച്ച്, അയാൾ കാമ്റാനിനെ ഇനി ഒരു യുദ്ധത്തിനൊരുങ്ങാൻ വയ്യാത്തവിധം നിസ്തേജനാക്കിയാൽ മതിയെന്ന് തീരുമാനിച്ചു. അങ്ങനെ ഈ ചൂടുള്ള ഓഗസ്റ്റ് മാസത്തിൽ, റംസാന്റെ ഏഴാംനാളിൽ, ഹിന്ദുസ്താനം വീണ്ടെടുക്കാവുള്ള ഹുമായൂണിന്റെ അഭിയാനത്തിന്റെ മുമ്പത്തെ ദിവസം, അലിദോസ്ത് എന്ന ഭടന്റെ ആറുവിരലുകളുള്ള കൈകളാൽ കാമ്റാൻ അന്ധനാക്കപ്പെട്ടു'.
അലിദോസ്ത് വാസ്തവത്തിൽ ഒരു വ്യക്തിയായിരുന്നില്ല. ഹുമയൂണും കാമ്റാനും ഒറ്റ വ്യക്തികളല്ലായിരുന്നതുപോലെ. എല്ലാ അധികാരവ്യവസ്ഥകളിലും ഭരണകൂടങ്ങളിലും ഹുമയൂണും കാമ്റാനും അലിദോസ്തും ഉണ്ടാകും. സ്വന്തം പിതാക്കന്മാരുടെയും സഹോദരന്മാരുടെയും ചോരയാവും അവർ ആദ്യം കൈകളിൽ പുരട്ടുക. രക്തശത്രുക്കളുടെ പടക്കളങ്ങളാകുന്നു ഓരോ രാജകൊട്ടാരവും.
'അശാന്ത'ത്തിലെ ഈ കഥ മുൻപു വായിച്ചതുകൊണ്ടുകൂടിയാവാം, ഇ.പി. രാജഗോപാലനെ ആദ്യം കാണുമ്പോൾ ഞാൻ ശ്രദ്ധിച്ചത് അദ്ദേഹത്തിന്റെ കയ്യിലുള്ള ആറാമത്തെ വിരലായിരുന്നു. അലിദോസ്തുമായുള്ള സമീകരണത്തിൽ, ആറാമത്തെ വിരൽ എന്ന വാക്ക് സൃഷ്ടിച്ച പ്രകമ്പനത്തിനപ്പുറം മറ്റു യാതൊരർഥവുമില്ല കെട്ടോ- ഈ ഭൂമിയിലെതന്നെ അവസാനത്തെ മനുഷ്യനുശേഷമേ രാജഗോപാലൻ ഒരു ആരാച്ചാരാകാൻ സാധ്യതയുള്ളു. കമ്യൂണിസ്റ്റാണെങ്കിലും അങ്ങേയറ്റം സാധുവും സാത്വികനും മനുഷ്യപ്പറ്റുള്ളയാളുമാണദ്ദേഹം.
വാക്കുകളുടെ നിത്യകാമുകനാണ് ഇ.പി. ഈ പുസ്തകത്തിൽ മാത്രമല്ല, മിക്കവാറും എല്ലാ പുസ്തകങ്ങളിലും വാക്കും സമൂഹവും മനുഷ്യജീവിതവും തമ്മിലുള്ള ബന്ധമാണദ്ദേഹത്തിന്റെ ഒന്നാമത്തെ അന്വേഷണമേഖല. 'ലോകത്തിന്റെ വാക്ക്' എന്ന രാജഗോപാലന്റെ പുസ്തകം ഇന്ത്യാ ടുഡെയിൽ റിവ്യു ചെയ്തതിനുശേഷമാണ് ഞങ്ങൾ സുഹൃത്തുക്കളായത്. സർവകലാശാലയിൽ സെമിനാറുകൾക്കു ക്ഷണിക്കപ്പെട്ടപ്പോഴാവണം, രണ്ടോ മൂന്നോ തവണ എന്റെ വീട്ടിൽ വന്നു താമസിച്ചിട്ടുണ്ട് ഇ.പി. ഞാനന്ന് മലയാളംവാരികയിൽ ടെലിവിഷൻ നിരൂപണം പംക്തിയായെഴുതുന്നുണ്ടായിരുന്നു: എന്റെ മുറിയിലെ ടിവി കണ്ട് ഇ.പി. പറഞ്ഞു, 'ഞങ്ങളൊക്കെ പണം കൊടുത്ത് ടിവി കാണുന്നു. നിങ്ങൾ മാത്രം ടിവി കണ്ട് പണമുണ്ടാക്കുന്നു'. അതാണ് രാജഗോപാലൻ. വാക്കുകളുടെ സവിശേഷമായ വിന്യാസത്തിലാണദ്ദേഹത്തിന്റെ ഊന്നൽ എല്ലായ്പ്പോഴും. എല്ലാ ഇന്ദ്രിയാനുഭവങ്ങളെയും വാക്കുകളാക്കി മാറ്റാൻ ശ്രമിക്കുന്ന ഒരു മനുഷ്യൻ. 'കുഞ്ഞമ്പുമാഷും ഇംഗ്ലീഷ് വാക്കും' എന്നതാണ് ഞാൻ ഒടുവിൽ നിരൂപണമെഴുതിയ ഇ.പി.യുടെ പുസ്തകം. വാക്കുവിട്ടൊരു കളിയില്ല രാജഗോപാലന്.
'പേരുകൾ, പെരുമാറ്റങ്ങൾ' എന്ന ആത്മകഥാപരമായ ഓർമ്മക്കുറിപ്പുകളുടെ ഈ സമാഹാരം വായിക്കൂ. മനുഷ്യർ, ഇടങ്ങൾ, വാക്കുകൾ എന്നിവയുടെ മൂന്നും കൂടിയ ഒരു നാട്ടുകവലയാണത്. മറ്റൊരർഥത്തിൽ പറഞ്ഞാൽ വാക്കുകളായി വിന്യസിക്കപ്പെടുന്ന ജീവിതത്തിന്റെയും മനുഷ്യരുടെയും സ്ഥലങ്ങളുടെയും പുസ്തകങ്ങളുടെയും സംഭവങ്ങളുടെയും അനുഭവചിത്രങ്ങൾ. നാടിന്റെ സ്മൃതിഭൂപടം. ഓർമ്മകൾ വാക്കുകളായി ഘനീഭവിക്കുന്ന ആത്മത്തിന്റെ രേഖാചിത്രം. നാടും വീടും മനുഷ്യരും മൃഗങ്ങളും വായനശാലകളും പുസ്തകങ്ങളും സ്കൂളും കോളേജും നാടകങ്ങളും തെയ്യങ്ങളും യാത്രകളും ഇടങ്ങളും കഥയും കവിതയും വായനയും കാഴ്ചയും കണ്ണീരും കിനാവും... രാജഗോപാലന്റെ ഓർമ്മകൾ ഓരോ കണ്ണിലും കൂടി പകർത്തിവയ്ക്കുന്നത് അനുഭൂതിയുടെ ഒറ്റകളെയെന്നതിനെക്കാൾ ഇരട്ടകളെയാണ്.
'ഞാൻ ഒരു വാക്കായി എത്ര തവണ ആർത്തിച്ചാലും തരക്കേടില്ല, അതൊരു ഭാവമായി മാറാതിരുന്നാൽ മതി'യെന്ന് എ.വി. സന്തോഷ്കുമാറുമായുള്ള അഭിമുഖത്തിൽ തന്റെ ഈ ആത്മകഥാകുറിപ്പുകളെപ്പറ്റി രാജഗോപാലൻ പറയുന്നുണ്ട്. ഈ പുസ്തകത്തിന്റെ സ്വത്വം ഈ വാക്കുകളിലുണ്ട്. 'ഞാൻ എന്ന അഭാവത്തിലും കൂടിയാണ് എന്റെ ജീവിതം' എന്നു തെളിയിക്കുന്ന ഹൃദയസ്പർശിയും പ്രാണനിർഭരവുമായ രചനയാണ് 'പേരുകൾ പെരുമാറ്റങ്ങൾ'. ഞാൻ എന്നതിനു പകരം രാജൻ എന്നു രാജഗോപാലൻ പ്രയോഗിക്കുന്നുമുണ്ട്. ജീവിതത്തിന്റെ സമസ്തഭാവങ്ങളും തുള്ളിത്തുളുമ്പി നിൽക്കുന്ന അനുഭവങ്ങളുടെയും അനുഭൂതികളുടെയും വാങ്മയചിത്രങ്ങൾ.
ഏഴ് ഭാഗമായി തിരിയുന്നു, ഒരുമയിൽ നിന്ന് പലമയും പലമയിൽനിന്ന് ഒരുമയും കണ്ടെടുക്കുന്ന ആറുപതിറ്റാണ്ടിന്റെ ഈ സ്ഥല-കാലസഞ്ചാരസാഹിത്യം. ഒന്നാം ഭാഗം നാടിന്റെ ദൃശ്യഭൂപടമാണ്. തെയ്യങ്ങളും നാടകങ്ങളും സൃഷ്ടിക്കുന്ന കാഴ്ചപ്പൊലിമകൾ മുതൽ കുനുത്തൂർ മൂലയും ചന്തേര റയിൽവേ ഹാൾട്ടും വരെയുള്ള ആഖ്യാനങ്ങളുടെയും ഇടങ്ങളുടെയും ചിത്രരേഖകൾ. രണ്ടാം ഭാഗം സ്കൂൾ, കോളേജ് കാലമാണ്. എഴുപതുകളുടെ രാഷ്ട്രീയ തീക്ഷ്ണതകൾ ഊടും പാവും നെയ്ത പേടിയുടെയും മരവിപ്പിന്റെയും ഓർമ്മകൾ. മൂന്നാം ഭാഗം ചിതറിയ ചില ജീവിതസംഭവങ്ങളാകുന്നു. തൊഴിലും കലയും ഉൾപ്പെടെ. നാലാം ഭാഗം വീടാണ്. അമ്മയും വല്യമ്മയും അച്ഛനും രോഗവും വേദനയും കണ്ണീരും ചിരിയും ഇടകലരുന്ന വേരുകളുടെ ചികഞ്ഞെടുക്കൽ. അഞ്ചാം ഭാഗം സ്ഥലങ്ങളെക്കുറിച്ചാണ്. തീവണ്ടിസ്റ്റേഷനുകൾ മുതൽ ഗ്രാമങ്ങളും നഗരങ്ങളും വരെ. വീടുകൾ മുതൽ നാടുകൾ വരെ. രാഷ്ട്രീയവിചാരങ്ങൾ മുതൽ ചരിത്രസംഭവങ്ങൾ വരെ. കലാവതരണങ്ങൾ മുതൽ സാഹിത്യസംവാദങ്ങൾ വരെ-ഇടങ്ങളുടെ സാംസ്കാരികാനുഭവങ്ങൾ. ആറാംഭാഗം കൂടുതൽ വ്യക്തിനിഷ്ഠവും ആത്മനിഷ്ഠവുമായ ചില ഓർമകളുടേതാണ്-തോന്നലുകളുടേതും. ഭാഷയുടെയും സാഹിത്യത്തിന്റെയും കലയുടെയും രാഷ്ട്രീയത്തിന്റെയും കാലക്കലർപ്പുകൾ. ചായപ്പടർപ്പുകൾ. ഏഴാം ഭാഗം ഒരഭിമുഖമാണ്. കലക്കമറ്റ തെളിഞ്ഞ, ഊറിക്കൂടിയ ആത്മവിചാരങ്ങളും വിചാരണകളും.
'സ്വപ്നവും ചരിത്രവും' എന്നാണ് രാജഗോപാലന്റെ ആദ്യപുസ്തകത്തിന്റെ പേര്. 'ഓർമ്മയും ചരിത്രവും' എന്നു വേണമെങ്കിൽ പേരിടാം 'പേരുകൾ, പെരുമാറ്റങ്ങൾ'ക്ക്. അത്രമേൽ ചരിത്രബദ്ധവും ചരിത്രനിഷ്ഠവും ചരിത്രാത്മകവുമാണ് ഇ.പി.യുടെ സാഹിത്യവായനകളും സാംസ്കാരിക ഇടപെടലുകളും ജീവിതാവബോധങ്ങളും ഭാഷാരാഷ്ട്രീയവും. താനുൾപ്പെടെയുള്ള മനുഷ്യർ ആ ചരിത്രനാടകത്തിലെ കഥാപാത്രങ്ങളാണെന്നു ഇ.പി. കരുതുന്നു. അവരുടെ ഭാഷണവഴക്കങ്ങളിൽ നിന്നാണ് നാടിന്റെ കഥയും കലയും ഈ നിരൂപകൻ കണ്ടെടുക്കുന്നത്. 'വാക്ക്' കഴിഞ്ഞാൽ പിന്നെ രാജഗോപാലന്റെ രചനകളിലെ അടുത്ത വിഷയം 'നാടാ'യി മാറുന്നത് വെറുതെയല്ല. സിദ്ധാന്തപദ്ധതികളുടെ വരണ്ടുണങ്ങിയ 'ആംഗ്ലോ-അമേരിക്കൻ ചൊരണ്ടലി'ലല്ല ഇ.പി.ക്കു താൽപര്യം. അവയുടെ സ്വാംശീകരണത്തിലും പ്രാദേശികവൽക്കരണത്തിലും ജനകീയവൽക്കരണത്തിലുമാണ്.
സായിപ്പിന്റെ കാലത്തു സ്ഥാപിക്കപ്പെട്ട കുനുത്തൂർ വിളക്കിന്റെ കാഴ്ചയാണ് ബാല്യത്തിൽനിന്ന് ഇ.പി. ഓർത്തെടുക്കുന്ന ആദ്യ അനുഭവം. വെളിച്ചത്തിന്റെ ആധുനികതയിലേക്ക് തന്റെ ആത്മത്തെ പരിഷ്ക്കരിച്ച ആ വിളക്കിന്റെ ചരിത്രയുക്തി ഇതാണ്:
'വീട്ടിലെ വിളക്കുകൾ പോലെയല്ല അത്; അമ്പലത്തിലെ വിളക്കുകൾ പോലെയല്ല അത്; ചൂട്ടുവെളിച്ചം പോലെ ഒന്നല്ല അത്. അത് നിൽക്കുന്നത് ആരുടെയുമല്ലാത്ത, എല്ലാവരുടെയുമായ വഴിയുടെ മൂലയിലാണ്. ഇന്ന ആൾക്കാണ് വെളിച്ചം കൊടുക്കേണ്ടത് എന്ന് ആ വിളക്കിനറിയില്ല. വെളിച്ചമാണ് സ്വന്തം ജീവിതം എന്നു മാത്രമറിയാം. രസം തോന്നുന്നു'.
നാടിന്റെ ചലനാത്മകമായ മുഖമായി ഇ.പി. വരച്ചുചേർക്കുന്ന ചന്തേര റയിൽവേഹാൾട്ടിന്റെ കഥയും സമാനമാണ്. 'ചന്തേര ഹാ' എന്നച്ചടിക്കുന്ന റെയിൽവേ ടിക്കറ്റിന്റെ വാക്സംസ്കൃതിയിൽ നിന്ന് ആധുനികതയുടെ മറ്റൊരു ചരിത്രരൂപകമായി ഈ സ്റ്റേഷന്റെ നാട്ടുസംസ്കൃതിയിലേക്ക് ഇ.പി. സഞ്ചരിച്ചെത്തുന്നു.
'ചന്തേരയുടെ ആദ്യത്തെ ആധുനികസ്ഥാനം 1900-1906 കാലത്ത് നീളത്തിൽ നിലവിൽ വന്നു. റെയിൽപ്പാത. വയലിനെ രണ്ടായി പകുത്തുകൊണ്ട്, ലോകം ചെറുതേയല്ല എന്ന് ദിനേന ഓർമ്മപ്പെടുത്തിക്കൊണ്ട് ഒരു പാത. അതിന്റെ നിർമ്മാണകഥകൾ ഇവിടെ ആരും പറഞ്ഞുകേട്ടിട്ടില്ല. പക്ഷെ പാത ചന്തേര എന്ന അധിവാസവ്യവസ്ഥയെ കൃത്യമായും രണ്ടായി പിളർന്നുവെന്ന് എല്ലാവർക്കും അറിയാം. അതേപ്പറ്റി ചർച്ചകൾ ഉണ്ടായില്ല എന്നേയുള്ളൂ. റെയിലിന്റെ കിഴക്കുഭാഗത്ത് കുറച്ചുമാറി ഏതാണ്ട് സമാന്തരമായി മൺനിരത്ത് ഉണ്ട്. പഴയ നാട്ടുവഴി പുതുക്കിപ്പുതുക്കി വന്നതാണ്. 1970കളുടെ പകുതിയിൽ അത് ടാറിട്ട റോഡായി. അതിന്റെ ഓരത്താണ് പൊലീസ് സ്റ്റേഷൻ, സ്കൂളുകൾ, തപാലാപ്പീസ്, റേഷൻ ഷോപ്പ്, വായനശാല, ചാരായക്കട, പള്ളികൾ, സഹകരണ ബാങ്ക് തുടങ്ങിയവ. വിട്ടുവിട്ട് പലതരം പീടികകളും. ചന്തേര പടിഞ്ഞാറെക്കര എന്നൊരു പ്രയോഗം പതുക്കെ ആവശ്യമായി വന്നു. മേൽപ്പറഞ്ഞവയൊന്നും ഇല്ലാത്ത ഒരിടം എന്നാണ് അതിന്റെ പ്രായോഗികമായ അർത്ഥം. പിടഞ്ഞാറെക്കരക്കാരായ ഞങ്ങൾ റെയിൽവേ സ്റ്റേഷൻ സ്വന്തം നാട്ടിലാണ് എന്നു വി(ആ)ശ്വസിച്ചുപോന്നു. ആ വിശ്വാസം കിഴക്കേക്കരക്കാർക്കും ഇഷ്ടമാണ്.
1948ലാണ് ചന്തേര റെയിൽവേ സ്റ്റേഷൻ വന്നത് എന്ന പ്രസ്താവം വാസ്തവത്തിൽ തെറ്റാണ്. ഇന്നും അവിടെ ഉള്ളത് അതല്ല-ട്രെയിൻ ഹാൾട്ടാണ്. തീവണ്ടി നിർത്തുമിടം. ടിക്കറ്റ് നൽകാൻ കമ്മീഷൻ ഏജന്റുണ്ട്. റെയിൽപ്പാത വന്ന കാലത്ത് പണിസാധനങ്ങൾ സൂക്ഷിക്കാൻ ഉണ്ടാക്കിയ ബ്രിട്ടീഷ് എൻജിനീയറിങ് വിരുതിന്റെ നല്ലൊരു മാതൃകയായ ചെറിയ ഒറ്റമുറിയായിരുന്നു ഹാൾട്ടിന്റെ കാര്യാലയമായിത്തീർന്നത്. പിന്നീടെപ്പോഴോ അതിനോട് ചേർന്ന് ചുമരും മേൽക്കൂരയും ആസ്ബെസ്റ്റോസ് കൊണ്ടുണ്ടാക്കിയ ഒരു കാത്തിരിപ്പിടം ഉണ്ടായി. ഉള്ളിൽ സിമന്റ് ബെഞ്ചുകൾ. അതിന് വാതിലില്ല. പാതയിരട്ടിപ്പ് വന്നപ്പോൾ കിഴക്ക് പുതിയ പാത വേണ്ടിവന്നു. ബ്രിട്ടീഷ് നിർമ്മിതി ഇല്ലാതായി. അതിലൂടെ രണ്ടാം പാത വന്നു. കാത്തിരിപ്പിടം കൂടിയുള്ള പുതിയ, പക്ഷെ ചെറിയ, വാർക്കക്കെട്ടിടം വന്നു. റെയിൽവേ സ്റ്റേഷനായില്ല. ട്രെയിൻഹാൾട്ട് തുടരുകയാണ്. എഴുപതുകൊല്ലം നീണ്ടു, തുടരുന്ന സരളസ്ഥാപനം.
അറിയാതെ പരാതിയുടെ ഒച്ചയായിത്തീർന്നുവോ ഈ എഴുത്ത്? അങ്ങനെ ഉദ്ദേശിക്കുന്നില്ല. ഈ ചെറിയ സംവിധാനത്തോട് എന്തോ ഒരു കൂറുള്ളവർ ഇവിടെ ഉണ്ട്. അത് ചന്തേരയുടെ സ്വത്വമുദ്രയാണ് എന്ന് കരുതുന്നവർ-അക്കൂട്ടത്തിലാണ് ഞാൻ. ചന്തേര ഹാൾട്ടിന്റെ പഴയ കെട്ടിടത്തിന്, നോക്കിനിൽക്കാവുന്ന സാരള്യവും സൗന്ദര്യവും ഉണ്ടായിരുന്നു. കമാനാകൃതി പൂണ്ട നിർമ്മിതിയായിരുന്നു അത്. ആരോഗ്യമുള്ള കൽച്ചുമരുകൾ. തേച്ചിട്ടില്ല. കാലം കൽക്കെട്ടിന് സ്വയം കരിഞ്ചായം പൂശിയിരുന്നു. ആ ചെറിയ വാസ്തുശില്പം, ഒരു നൂറ്റാണ്ടോളം, ഇവിടെ വന്ന ആധുനികതയുടെ ആസ്ഥാനമായി നിലകൊണ്ടു'.
വാക്കുകൾ മാത്രമല്ല, ഒരക്ഷരം പോലും ഇ.പി.ക്ക് ജീവിതത്തിന്റെ നെടുനിശ്വാസമായി മാറുന്നു.
' 'ചന്തേര ഹാ' എന്നെഴുതിയതാണ് ഇപ്പോഴും ഇവിടെ നിന്ന് കൊടുക്കുന്ന യാത്രാട്ടിക്കറ്റ്. ഹാൾട്ടിന്റെ ചുരുക്കമാണ് 'ഹാ'. ഞങ്ങളത് ആഹ്ലാദത്തിന്റെ ഒച്ചയായി ചിലപ്പോൾ ഡീക്കോഡ് ചെയ്യും. ഹാ എന്നത് വലിയ വേദനയുടെ ശബ്ദം കൂടിയാണ് എന്നും അതേ ഞങ്ങൾ അടുത്ത നിമിഷം വിചാരിക്കാറുണ്ട്.'.
വാക്കും നാടും കഴിഞ്ഞാൾ പിന്നെ ഇ.പി.യുടെ ഭാവജീവിതത്തിന്റെ മൂന്നാമത്തെ ശ്വാസമിടിപ്പ്, നിസംശയം പറയാം, നാടകമാകുന്നു. നാടിന്റെ അകം എന്നുതന്നെയാണ് നാടകത്തിന് ഇ.പി. നൽകുന്ന പദാർഥം. കഥയും നോവലും നിരൂപണവും കലയുമൊക്കെ ഇഷ്ടവിഷയങ്ങളാകുമ്പോഴും ഈ എഴുത്തുകാരന്റെ നാടകാന്വേഷണങ്ങളുടെ തുടിപ്പ് ഒന്നു വേറെതന്നെയാണ്. ജീവിതത്തിലാദ്യം കണ്ട നാടകത്തിന്റെ അനുഭവം മുതൽ എൻ. ശശിധരനുമൊത്ത് രചിച്ച് കേളുനാടകത്തിന്റെ അനുഭൂതിവരെ പങ്കിടുന്ന കുറിപ്പുകൾ ഈ പുസ്തകത്തിലുണ്ട്. നാടകത്തിൽ നിന്നു തെയ്യത്തിലേക്കു സഞ്ചരിക്കുന്ന കണ്ണിൽ നിന്നാണ് 'തെയ്യേറ്റർ' എന്ന വാക്കുണ്ടാക്കി ഒന്നിലധികം കുറിപ്പുകൾ ഇ.പി. എഴുതുന്നത്.
'നാടോടിത്തത്തിന്റെ ഇടതൂർമ്മ എന്നൊരു പ്രയോഗം മനസ്സ് ഉണ്ടാക്കിവെച്ചിട്ടുണ്ട്. folk density. വടക്കേവടക്കൻ കേരളം പോലെ ഈ സാന്ദ്രത ഇത്രയുമുള്ള മറ്റൊരു ഭൂപ്രദേശം ഉണ്ടാവാനിടയില്ല എന്നത് അന്നാട്ടുകാരിലൊരുത്തന്റെ വീരവാദമാവാൻ ഇടയില്ല എന്നു കരുതുന്നു. അത്രയേറെ തെയ്യങ്ങൾ; തെയ്യസ്ഥാനങ്ങൾ; പുരാവൃത്തങ്ങൾ; അനുഷ്ഠാനങ്ങളുടെ, വിട്ടകളുടെ പലമ. തെയ്യമാണ് കണ്ടതിൽ വെച്ചേറ്റവും വലിയ തിയേറ്ററനുഭവം. 'തെയ്യേറ്റർ' എന്ന വാക്കുണ്ടാക്കി അതിനെ മനസ്സിൽ സ്ഥാനപ്പെടുത്തിയിരിക്കുന്നു. മരം കേറുന്ന തെയ്യം, മാപ്പിളത്തെയ്യം, ഉമ്മച്ചിത്തെയ്യം, മൃഗരൂപങ്ങളിലുള്ള തെയ്യം, പുഴകടക്കുന്ന, കാട് കാണാൻ പോകുന്ന തെയ്യം, പൊലീസ് തെയ്യം, ഉഗ്രമൂർത്തികൾ, കാല്പനികവാത്സല്യത്തിന്റെ തെയ്യങ്ങൾ, സാഹസികതയുടെ സന്ദർഭങ്ങളിലൂടെയുള്ള അനുഷ്ഠാനപൂർത്തീകരണം. തെയ്യം എന്നാൽ വേഷം മാത്രമല്ല. ഇവിടത്തെ ബദൽ ചരിത്രമാണത്. അടിയൊഴുക്കുകൾ ശക്തം. കളിയാട്ടങ്ങൾക്ക് പുതിയ ധനകാര്യങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്താനുള്ള അയവ് ഉണ്ട്. ബ്രാഹ്മണാധികാരത്തിന് നന്നേ ചെറിയ ഇടമേ ഉള്ളൂ. അത് ഉപചാരപരം മാത്രമാണ്. അധികവും എതിർപ്പിന്റെയും സഹനത്തിന്റെയും ഓർമ്മകളാണ് തെയ്യത്തിന്. അതിനാൽ തെയ്യം കാണൽ വെളും വൈയക്തികാനുഭവമായി ഒതുക്കാനാവുന്നില്ല'.
നാട്ടിൽനിന്ന് സ്കൂളിലേക്കും പിന്നെ കോളേജിലേക്കും. അദ്ധ്യാപകരും സഹപാഠികളും നാടകാനുഭവങ്ങളും കളിക്കളത്തിലെ ഏകാന്തതകളും സാമ്പത്തികമായ ദാരിദ്ര്യവും വഴികളുടെ നീളങ്ങളും വസ്ത്രങ്ങളുടെ ഞൊറിവുകളും ചിത്രപടക്കാഴ്ചകളും കമ്യൂണിസത്തിന്റെ കസർത്തുകളും ഇംഗ്ലീഷിന്റെ ഇങ്ക്വിലാബും അടിയന്തരാവസ്ഥയുടെ കാളകൂടവും ചരിത്രപുസ്തകത്തിലെ നെടുനായകരും കവിതയുടെ ഗ്രാമങ്ങളും.... ഇ.പി.യുടെ കൗമാരം കടന്നുപോയ ചെറിയ വലിയ ഉൽക്കണ്ഠകളും വലിയ ചെറിയ രാഷ്ട്രീയഭൂകമ്പങ്ങളും ഈ ഭാഗത്തെ കുറിപ്പുകളിലുണ്ട്. 'ഇരു കൈവിരലുകൾ പത്തല്ലോ' എന്നു ചൊല്ലിപ്പിക്കുന്ന കൃഷ്ണൻ മാഷെ തന്റെ പതിനൊന്നാം വിരൽ തടുത്തുനിർത്തിയതുൾപ്പെടെ. അടിയന്തരാവസ്ഥയിൽ പത്രങ്ങളൊഴിച്ചിട്ട മുഖപ്രസംഗസ്ഥലമുൾപ്പെടെ. പ്രേതഭീതികൾ കനം കൂട്ടിയ ഇരുട്ടിലെ സഞ്ചാരമുൾപ്പെടെ. മിനുസമാർന്ന ബാല്യത്തിൽ നിന്ന് കല്ലും ചരലും നിറഞ്ഞ കൗമാരത്തിലേക്ക്. മുള്ളും മുരടും നിറഞ്ഞ യൗവനത്തിലേക്ക്, തുടർന്നങ്ങോട്ട് രേഖീയമായി സഞ്ചരിക്കുന്നില്ല ഇ.പി. യുടെ ഓർമകൾ. പകരം, വീടും തൊഴിലും നാടും സ്ഥലങ്ങളും യാത്രകളും സംഭവങ്ങളും എഴുത്തും വായനയും രോഗവും ക്ലേശങ്ങളുമായി ജീവിതം പലമയുടെ കണ്ടൽക്കാടായിത്തീരുന്നു ഇനിയങ്ങോട്ട്.
1984 മുതൽ ആറുവർഷം ട്യൂഷൻ സെന്ററുകളിൽ, മുഖ്യമായും കരിവെള്ളൂർ അക്കാദമിയിൽ. ഇക്കാലത്താണ് വായനയും സാഹിതീയസംവാദങ്ങളും വളരുന്നതും 'സ്വപ്നവും ചരിത്രവും' എന്ന ആദ്യ പുസ്തകം പ്രസിദ്ധീകരിക്കുന്നതും.
ചിത്രകലയിലെ 'റിലീഫ്' എന്ന വാക്കിൽ നിന്നു നേടിയ മാർക്കിൽ 1990ൽ ഇംഗ്ലീഷധ്യാപകനായി പി.എസ്.സി. നിയമനം കിട്ടിയ ഇ.പി. പിന്നീടൊരിക്കലും വാക്കുകളുമായുള്ള പ്രണയം അവസാനിപ്പിച്ചില്ല. (തൊഴിലിടങ്ങളിൽ സ്ത്രീകൾ തന്നെ ഒരു കാലത്തും പ്രണയഭരിതനാക്കിയിട്ടില്ല എന്ന് ഏറ്റു പറയുന്നുമുണ്ട് രാജഗോപാലൻ. കള്ളൻ!) വെള്ളൂർ സ്കൂളിൽ ഇരുപത്തൊന്നുവർഷം. പിന്നെ ഇടുക്കിയിലേക്കു സ്ഥലംമാറ്റം. ഒരു ഹൈറേഞ്ച് യാത്രയിൽ സ്ട്രോക്ക് വന്നു. വാക്കുകൾ നഷ്ടമായ കാലം പക്ഷെ വൈകാതെ മറികടന്നു. നാടകാനുഭവങ്ങൾ. അദ്ധ്യാപനരംഗത്തെ ചില അപസ്വരങ്ങൾ. അസംതൃപ്തികൾ. തൃപ്തികൾ.
സ്കൂളിൽ നിന്ന് വീട്ടിലേക്ക്. അസാധാരണമായ സ്വത്വമിഴിവോടെയും രാഷ്ട്രീയപ്രജ്ഞയോടെയും ഇ.പി. വിവരിക്കുന്ന വാക്കോർമ്മകളും വ്യക്തിചിത്രങ്ങളും. ഏട്ടിയമ്മ. അമ്മ. അച്ഛൻ. വല്യമ്മ. അവർ വളർത്തിയ രണ്ടു നായ്ക്കൾ. ഓരോന്നും വാക്കുകളുടെ ലീല നിറയുന്ന ജീവിതരഥയാത്രകൾ. ഏട്ടിയമ്മയുടെ ഇംഗ്ലീഷ് ചൊല്ലും അമ്മയുടെ പഴഞ്ചൊല്ലും അച്ഛന്റെ വേദനാഭരിതമായ വാക്കറിവും വല്യമ്മയുടെ പേരിടലുകളും....
വീട്ടിൽനിന്ന് ലോകത്തേക്ക്. വീടിനും നാടിനും പുറത്തുള്ള സ്ഥലങ്ങളെയും മനുഷ്യരെയും കുറിച്ചുള്ള ഓർമ്മകൾ. ദൃശ്യബിംബങ്ങളുടെ കെട്ടുകാഴ്ചകളായി നിറയുന്ന റയിൽവേ പ്ലാറ്റ്ഫോമുകളിലെ ജീവിതവൈവിധ്യങ്ങൾ. അവിടെ കണ്ടുമുട്ടിയ വ്യക്തികൾ. പടന്നയുടെ ഭൂഖണ്ഡാന്തരജീവിതഭൂപടം. കാരക്കുളിയൻ തെയ്യത്തിന്റെ അപാരവും അസഹനീയവുമായ സഹനസമരങ്ങൾ. ജാനകി മണ്ണടുക്കം എന്ന തൊഴിലാളിസ്ത്രീയുടെ അസുലഭവും അസാധാരണവുമായ ജീവിതബോധങ്ങളും വ്യക്തി-സ്ഥലനാമങ്ങളുടെ പാഠാന്തരരാഷ്ട്രീയവും. പയ്യന്നൂരിന്റെ നഗര, നാടക, രാഷ്ട്രീയ, ചരിത്ര, പുസ്തക, സാംസ്കാരിക ജീവിതങ്ങൾ. തലശ്ശേരിയുടെ കൊളോണിയൽ, ആധുനിക നാഗരികതകളും എടുപ്പുകളും വീടുകളും വഴികളും. എം.എൻ. വിജയൻ, എൻ. ശശിധരൻ, എൻ. പ്രഭാകരൻ എന്നിവരുമായുള്ള ആത്മബന്ധങ്ങൾ. കോട്ടക്കലിൽ പി.എസ്. വാരിയരുടെ രണ്ടു സ്ഥാപനങ്ങളും അവയുടെ മുന്നിൽ സ്ഥാപിച്ചിട്ടുള്ള അദ്ദേഹത്തിന്റെ രണ്ടു പ്രതിമകളുടെ രാഷ്ട്രീയാപഗ്രഥനവും. തൃശൂരിന്റെ ഭ്രമണപഥങ്ങളും ഭരണകൂട അക്കാദമികളുടെ പ്രത്യയശാസ്ത്ര ഉപകരണയുക്തികളും. ഷിമോഗയുടെ സാംസ്കാരിക ഉണർവുകൾ.... ഇടങ്ങൾ ജീവിതമായി വിവർത്തനം ചെയ്യപ്പെടുന്ന സ്മൃതികളുടെ ആത്മവിന്യാസമാണ് ഈ ഭാഗം. ഏറ്റവും ശ്രദ്ധേയം 'ജാനകി മണ്ണടുക്കം' തന്നെ. സീതയുടെ നാനാർഥങ്ങളിലേക്ക് സംക്രമിക്കുന്ന പേരിന്റെയും പെരുമാറ്റങ്ങളുടെയും ഭാഷാന്തരസാധ്യകൾ, വായിക്കുക:
'വേനൽക്കാലം. മുന്നാട് ഹൈസ്കൂളിനകത്ത് ഞാൻ ഒറ്റയ്ക്കാണ്. സഹപ്രവർത്തകനായ കിരൺ ഊണുകഴിക്കാനായി പുറത്തു പോയിരിക്കുന്നു. ഉച്ചകഴിഞ്ഞ് രണ്ടു-രണ്ടര മണി. ചൂട് അധികരിച്ച ദിവസമായിരുന്നു. മയക്കത്തിന്റെ സാധ്യതയെപ്പറ്റി ശരീരം ആലോചിച്ചുകൊണ്ടിരിക്കുന്നു.
മുറ്റത്ത് കരിങ്കല്ലിന്റെ ചീളുകളും മണിക്കല്ലുകളുമുണ്ട്. അതിന്മേൽ ചവിട്ടി ആരോ നടന്നുവരുന്നുണ്ട്. മയക്കത്തിൽനിന്ന് രക്ഷയായി. മലവേട്ടുവരും മാവിലന്മാരും കോളനികളിലും ഒറ്റതിരിഞ്ഞ വീടുകളിലും ധാരാളമായി താമസിച്ചുവരുന്ന ഗ്രാമമാണ് മുന്നാട് (കാസർകോടിന്റെ കിഴക്കൻ മലയോരപ്രദേശം. ബേഡഡുക്ക ഗ്രാമപഞ്ചായത്തിന്റെ ഭാഗം. ഇവിടെ നിന്ന് പന്ത്രണ്ടു കിലോമീറ്റർ കഴിഞ്ഞാൽ, ബന്തടുക്കയും മാനടുക്കവും കടന്നാൽ കർണ്ണാടകയിലെ സുള്ള്യ വനമായി). അക്കൂട്ടത്തിൽപെട്ട ഒരു സ്ത്രീയാണ് വന്നു കേറിയത്. കസേരയിലേക്ക് ചൂണ്ടി ഇരിക്കാൻ പറഞ്ഞു: 'വേണ്ട മാഷേ. ഞാനിത് തന്നിട്ട് പോന്ന്'. അവർ അഞ്ഞൂറിന്റെ രണ്ടു നോട്ടുകൾ നീട്ടി. 'ഇമ്മാസത്തെ കുറീരെ പൈസയാണ്'.
ഞാനതു വാങ്ങിച്ചു. പുതിയ സ്കൂളാണ് മുന്നാടിലേത്. കെട്ടിടമൊന്നും സ്വന്തമായി ഇല്ല. നാട്ടുകാരുടെ സഹായംകൊണ്ടാണ് സ്കൂൾ പ്രവർത്തിക്കുന്നത്. അദ്ധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും ശമ്പളം മാത്രമേ സർക്കാർ തരുന്നുള്ളൂ. ഡെസ്കും ബെഞ്ചുമൊക്കെ വാങ്ങാനായി നാട്ടുകാർ ചിട്ടികൾ നടത്തുന്നുണ്ട്. മോഹനനും സംഘവും നടത്തുന്ന ചിട്ടിയുടെ ദിവസം അന്നായിരിക്കണം. 'ഇന്നത്തെ കുറീരതല്ലേ. ഞാൻ മോഹനനെ ഏൽപ്പിച്ചോളാം. എന്ന് നിങ്ങളെ പേര്?' അവർ മറുപടി പറഞ്ഞു. 'ജാനകി മണ്ണടുക്കം'.
ആ ശബ്ദം എന്നെ മുഴുവനായും ബാധിച്ചു. അവർ ഇറങ്ങിപ്പോയത് സത്യമായും ഞാൻ അറിഞ്ഞില്ല. ജാനകി മണ്ണടുക്കം എന്ന പേർ ഒറ്റക്കവിതയായി എന്നെ വലയം ചെയ്തു. ഒട്ടും പറഞ്ഞറിയിക്കാനാവാത്ത ആ അർത്ഥാനുഭൂതിക്കകത്ത് ഞാൻ ഒറ്റക്കായി. കിരൺ വന്നുകയറിയതും അറിയാനായില്ല. ബന്തടുക്കത്തേക്കും തിരിച്ച് ദൂരെ കാസർക്കോട്ടേക്കും പോകുന്ന ബസുകളുടെയും മറ്റു വാഹനങ്ങളുടെയും ഒച്ച കാതിൽനിന്നകലെയായി. ജാനകി മണ്ണടുക്കം എന്ന ശബ്ദവും അതിന്റെ ഉടമയായ കറുത്തു നീണ്ടുറച്ച ശരീരത്തിന്റെ ദൃശ്യവും മാത്രമായിരുന്നു കുറെ നേരത്തേക്ക് യാഥാർത്ഥ്യം.
ഉച്ചയുടെ ഏകാന്തത്തിൽവന്നത് മുന്നാട്ടെ ഒരു സാധാരണ സ്ത്രീയാണ് എന്ന യുക്തിയെ പിന്തള്ളുന്നയളവിൽ ആദിബോധം മനസ്സിൽ ഇരമ്പിയും ഇളകിയും നിന്നു. ജാനകിയായ സീത. മണ്ണടുക്കം എന്നത് അവളുടെ ജനനത്തിന്റെ പുരാണം വെളിപ്പെടുത്തുന്ന സ്ഥലപ്പേര്. ഭൂമികന്യയായ സീതയുടെ മണ്ണിനോടുള്ള അടുപ്പം. പരിചയിച്ച ചില രാമായണങ്ങളുടെ, 'ചിന്താവിഷ്ടയായ സീത'യുടെ ദൃഢാഖ്യാനങ്ങൾ തുടർക്കണികളായി തെളിയുന്നതുപോലെ. രാമായണകാവ്യങ്ങൾ കൂടുതൽ മനസ്സിലാക്കിത്തരാനുള്ള അവതാരമായിരുന്നോ മാവിലൻ സമുദായക്കാരിയായ ജാനകി എന്ന സ്ത്രീ? സ്കൂളോഫീസിനകത്തേക്ക് ചിട്ടിപ്പണവുമായി ഒറ്റക്ക് ആത്മവിശ്വാസത്തോടെ നടന്നുവന്ന സ്ത്രീയിൽ മണ്ണുമൊത്തുള്ള അദ്ധ്വാനത്തിന്റെയും അതുണ്ടാക്കിയ നല്ല ഊറ്റത്തിന്റെയും ആടയാഭരണങ്ങളല്ലേ ഉള്ളത്? സരളവും കരുത്തുറ്റതുമായ ആ സാന്നിധ്യത്തോട് തോന്നിയ സ്നേഹാദരങ്ങളുടെ ബലത്തിലല്ലേ ജാനകി മണ്ണടുക്കം എന്ന പേർ അർത്ഥനിബിഡമായി തോന്നിയത്?'.
പുസ്തകങ്ങൾ, പുസ്തകക്കടകൾ, വായന, വായനശാലകൾ, നാടകം, നാടകവേദികൾ, തെയ്യം, തെയ്യക്കാവുകൾ.... രാജഗോപാലന്റെ ഭാവലോകം കറങ്ങിത്തിരിഞ്ഞ അച്ചുതണ്ടുകളുടെ കാലാന്തരസ്മൃതികളുടേതാണ് ആറാം ഭാഗം. ടി.പി. സുകുമാരൻ, പി.പി.കെ. പൊതുവാൾ, സി.എം. രാജൻ എന്നിങ്ങനെ ചിലർ തന്റെ ജീവിതം പൂരിപ്പിച്ച കഥകൾ, കേളുനായരുടെയും കേളുനാടകത്തിന്റെയും ജീവിതങ്ങൾ, കോട്ടക്കൽ ആശുപത്രിയിൽ തന്നെ ചികിത്സിച്ച ('ഴ' എന്ന അക്ഷരത്തിന്റെ ഉച്ചാരണമായിരുന്നു, സ്ട്രോക്കിൽ നിന്നു കരകയറിയതിന്റെ അടയാളം) യുവാവായ ഡോക്ടറുടെ അകാലമരണം, 'ബഹുസ്വരത' എന്ന സംസ്കൃതപദത്തെ 'പലമ' എന്ന മലയാളവാക്ക് കൊണ്ട് മാറ്റിപ്പണിത കഥ, ഇ.എം.എസ്, പി. ഗോവിന്ദപ്പിള്ള തുടങ്ങിയവരെ കണ്ടുമുട്ടിയ കഥകൾ...
വാക്കുകൾ മനുഷ്യരും ഇടങ്ങൾ ജീവിതവും സംഭവങ്ങൾ അനുഭവവും ഓർമകൾ കാലവും നാട് ലോകവുമായി പരിണമിക്കുന്ന ഒരു ജൈവപ്രക്രിയയിൽ കൂടിയാണ് ഈ പുസ്തകം രൂപംകൊണ്ടിട്ടുള്ളത്. അടിമുടി രാഷ്ട്രയവും ചരിത്രബദ്ധവും സാമൂഹികവുമായ കാഴ്ചപ്പാടുകൾ. അതേസമയംതന്നെ വൈയക്തികവും കുടുംബപരവും പ്രാദേശികവുമായ അനുഭവതലങ്ങൾ. മലയാളത്തിലെഴുതപ്പെട്ടിട്ടുള്ള ആധുനികതയുടെ നിരവധി ആത്മകഥകളിലൊന്ന്. 'പേരുകൾ, പെരുമാറ്റങ്ങൾ' നമ്മുടെ വായനയിൽ വാക്കും വിളക്കും കൊടിയും ചോക്കും കടലാസും പേനയും നടനവും കവനവും കഥയും കാഴ്ചയും നിശ്ശബ്ദതയും നിർമ്മാണവും കണ്ണീരും വിയർപ്പും മണ്ണും മൃഗവും വഴിയും പുഴയും രോഗവും പീഡയും വിശപ്പും സമരവും നാടും നഗരവും കാവും കലയുമായി നിറയുന്ന സാമൂഹ്യജീവിതത്തിന്റെ കാലിഡോസ്കോപ്പാകുന്നു.
പുസ്തകത്തിൽനിന്ന്:-
'ചില കേൾവികൾ ഉണ്ട്. അവ പിന്നീട് ഒരാളിന്റെ ജീവിതത്തിൽ ഇടയ്ക്കിടെ ഒച്ചയില്ലാതെ മുഴങ്ങിക്കൊണ്ടിരിക്കും. അവയുടെ അർത്ഥം കൂടിക്കൊണ്ടിരിക്കും. ഉറവിടത്തിൽ ഒരു കേൾവി ചെറുതാകാം. കാലം ചെല്ലുന്തോറും അതിൽ മറ്റൊരുപാട് കാര്യങ്ങൾ ചുറ്റിച്ചുറഞ്ഞ് അത് ഒരു സമാഹാരമായി കേൾവിക്കാരന്റെ കൂടെ നിൽക്കും.
ഒരിക്കൽ എട്ടു വയസ്സുകാരനായ രാജൻ എന്ന കുട്ടി പതിവുപോലെ (ചന്തേര) സ്കൂളിൽ നിന്ന് (നടന്ന്) പടിഞ്ഞാറെക്കരയിലെ വീട്ടിലെത്തി. വൈകുന്നേരം പുസ്തകസഞ്ചി വെക്കേണ്ടിടത്ത് വെച്ച അവൻ കാലും മുഖവും കഴുകി അടുക്കളയിൽ ഹാജരായി. ഉച്ചയൂണിനെക്കാൾ അവന് ഇഷ്ടം വൈകുന്നേരത്തെ ചായപലഹാരങ്ങളാണ്. അന്ന് അവ തയ്യാറായിരുന്നില്ല. അവൻ കരഞ്ഞ് ബഹളമുണ്ടാക്കി. ഇരിപ്പുപലകയെടുത്ത് ചാണകം മെഴുകിയ നിലത്തടിച്ചു. അടുക്കളയിൽ അപ്പോൾ ഉണ്ടായിരുന്നത് അവന്റെ എട്ടിയമ്മ (അച്ഛന്റെ മൂത്ത സഹോദരി). അവൽ കുഴക്കാൻ തേങ്ങ ചിരകിക്കൊണ്ട് ഏട്ടിയമ്മ പറഞ്ഞു: 'എ ഹംഗ്രി മേൻ ഈസ് ഏൻ ആൻഗ്രി മേൻ'.
ആ വാക്യം അവന്റെ മനസ്സിൽ ഒരു ഒച്ചയായി കൊളുത്തിനിന്നു. അവനത് അർത്ഥമായി മനസ്സിലാക്കാൻ കുറച്ചു കൊല്ലം വേണ്ടിവന്നു. ഈ ലോകചരിത്രസംഗ്രഹം, ഏറെ പഠിച്ചിട്ടൊന്നുമില്ലാത്ത ഏട്ടിയമ്മയുടെ മനസ്സിൽ എങ്ങനെയെത്തി? അതേ അടുക്കളയിൽ നിന്നാവണം അവൻ അത് അവരോട് ചോദിച്ചു. ഉത്തരം വിശപ്പുപോലെ തെളിച്ചമുള്ളതായിരുന്നു, 'പുളിമ്പിയോറെ സ്കൂളിൽ പഠിക്കുമ്പോ കേട്ടതാണ്'. ഏട്ടിയമ്മയ്ക്ക് അത് പൊലിപ്പിച്ചു പറയാൻ അറിയില്ലായിരുന്നു. അതിന്റെ ആവശ്യവും അവർക്കില്ലായിരുന്നു. അവർ രാജന് കൊടുക്കാൻ അന്നത്തെ വൈകുന്നേരപ്പലഹാരം ഉണ്ടാക്കിത്തുടങ്ങി അല്ലെങ്കിൽ ചായ ആറ്റിത്തുടങ്ങി. പുളിമ്പിയോറ് പുളുമ്പിയില്ലത്തെ നമ്പൂതിരിയാണ്. നമ്പൂതിരി ഒരു പ്രഥാമിക വിദ്യാലയം നടത്തിപ്പോന്നിരുന്നു. തടിയൻ കൊവ്വൽ എന്ന സ്ഥലത്താണ് ആ ചെറിയ സ്കൂൾ (ഇപ്പോഴും ഉണ്ട്). ചന്തേരവീട്ടിൽനിന്ന് കുറച്ചു ദൂരെ തെക്കോട്ട് നടന്ന് കിഴക്കോട്ട് പോയാൽ തീവണ്ടിപ്പാളമായി. അതിനരികിലൂടെ വീണ്ടും തെക്കോട്ട് കുറേ നടക്കണം. പാളത്തിനപ്പുറവും ഇപ്പുറവും നെൽവയലുകളാണ്. കുറേ നടന്ന് പാളം മുറിച്ചുകടന്ന് വയലിലൂടെ കിഴക്കോട്ട് നടന്നാൽ സ്കൂളായി. സ്കൂളിന് കിഴക്ക് വലിയ കൊവ്വൽ എന്ന വിശാലമായ പരപ്പ്. പരപ്പിന് കിഴക്ക് തെക്കുവടക്കായി വലിയ വയലാണ്. വയൽ കടന്ന് കയറിയാൽ കരിവെള്ളൂർ.
ഏട്ടിയമ്മ പുളിമ്പിയോറെ സ്കൂളിൽ നാലു കൊല്ലം പഠിച്ചിരുന്നു. ആരൊക്കെയായിരുന്നു അവരുടെ അദ്ധ്യാപകർ എന്ന് ചോദിക്കാൻ രാജന് തോന്നിയില്ല. അവൻ ചെറുപ്പക്കാരനായി, സ്കൂൾ അദ്ധ്യാപകനൊക്കെയായ കാലം വരെ ഏട്ടിയമ്മ ഉണ്ടായിരുന്നു. അവൻ ആ വിവരം ശേഖരിച്ചില്ല. പക്ഷെ ഒന്ന് അവൻ അവരിൽനിന്ന് തന്റെ കൗമാരത്തിൽ അറിയുന്നുണ്ട് കൃഷ്ണൻ മാഷാണ് 'ഹംഗ്രി ആൻഗ്രി' പ്രസ്താവന നടത്തിയത്. ക്ലാസ്സിൽവെച്ചുതന്നെ.
അത് പാഠപുസ്തകത്തിലുണ്ടായിരുന്നോ എന്ന് അവൻ ചോദിക്കുകയുണ്ടായി. ഇല്ല എന്നായിരുന്നു ഏട്ടിയമ്മയുടെ ഉത്തരം. മാഷ് അത് പറഞ്ഞിരുന്നു. എത്രയോ കൃഷ്ണൻ മാഷന്മാരുള്ള നാടും കാലവുമാണ്. ഇപ്പോപ്പോലും സ്കൂൾ അദ്ധ്യാപകർക്ക് ആ പേര് ഉണ്ട്. അതിനാൽ രാജൻ ഏത് കൃഷ്ണൻ മാഷ് എന്ന് ചോദിച്ചില്ല. എന്നാലും അത് ആരാണ് എന്ന് അവൻ അറിയുന്നുണ്ട്. ഏട്ടിയമ്മ തന്നെ അവനോടത് പിന്നീട് എപ്പോഴോ പറയുന്നുണ്ട്. കെ. കൃഷ്ണൻ മാഷാണ് ആ കൃഷ്ണൻ മാഷ്.
കെ. കൃഷ്ണന്മാഷ് കരിവെള്ളൂരിലെ കൃഷ്ണൻ മാഷാണ്. കരിവെള്ളൂർ കർഷകസമരത്തിന്റെ (1946) മുന്നണിയിൽ നിന്നവരിൽ ഒരാളായ കൃഷ്ണൻ മാഷ്. കുണിയനിലെ സമരവയലിൽ വെച്ച് മലബാർ പൊലീസിന്റെ ദുഷ്ടതയിൽ ജീവൻ ഏതാണ്ട് നഷ്ടപ്പെട്ട നിലയിലായിപ്പോയിരുന്നു. ജയിൽവാസം പിന്നാലെ വന്നു. തന്റെ യൗവനാരംഭത്തിലായിരിക്കണം അദ്ദേഹം തടിയൻ കൊവ്വൽ സ്കൂളിൽ പഠിപ്പിച്ചത്. രാഷ്ട്രീയതയും വ്യക്തിത്വവും ഒന്നാക്കുന്ന ചരിത്രവിശേഷത്തിലാണ് മാഷ് അന്നും ജീവിച്ചത്. തന്റെ പ്രത്യയശാസ്ത്രം തന്നെ ക്ലാസുമുറിയിൽ വിതയ്ക്കുകയായിരുന്നു മാഷ്.
ഒരു കാലഘട്ടത്തിന്റെ ചരിത്രം തന്നെയാണത്. വിശക്കുന്നവരുടെ കോപം. ആ ഊർജ്ജം കൊണ്ടാണ് കാലം മനുഷ്യർക്കായി ചലിച്ചത്. വിശക്കുന്നവർ സംഘം ചേരാതിരുന്നാൽ, അവരുടെ കോപം ചരിത്രപരമായി ആവിഷ്ക്കരിക്കാതിരുന്നാൽ ചൂഷകർ ജയിക്കും. 1940ലോ മറ്റോ ആണ് കൃഷ്ണൻ മാഷ് ഒരു റൈം പോലെ സ്കൂളിൽ വെച്ച് അങ്ങനെ പറഞ്ഞത്. അത് ഒരു അവസ്ഥാചിത്രണമാണ്. പ്രവചനവും. പതിനേഴാം നൂറ്റാണ്ടിന്റെ പകുതിത്തൊട്ട് ഇംഗ്ലീഷിലുള്ള ചൊല്ലാണ് (proverb) അത്.
പാഠപുസ്തകത്തിലെ ഒരു കഥ വിശദീകരിക്കുമ്പോഴാകുമോ മാഷ് അത് പറഞ്ഞിട്ടുണ്ടാവുക? അല്ല, ക്ലാസിലെ ഒരു കുട്ടിയുടെ പട്ടിണിയറഞ്ഞിട്ടോ കോലം കണ്ടിട്ടോ ആകുമോ? വ്യക്തമല്ല. മാഷ് കാലത്തെ ശരിക്കും അറിഞ്ഞിട്ടാണ് അത് പറഞ്ഞത്. അതുമാത്രമാണ് വ്യക്തം.
ആ വാക്യമാണ് 1946 ഡിസംബർ 20ന് കരിവെള്ളൂർ കുണിയനിൽ മാഷും കൂട്ടാളികളും ആവിഷ്ക്കരിച്ചത്. അവരുടെ സമരം നെല്ലിനുവേണ്ടിയാണ്. കരിവെള്ളൂരിലെ നെല്ല് ചിറക്കൽ രാജാവ് കടത്തിക്കൊണ്ടു പോകുന്നതിനെതിരെ. അത് വിശക്കുന്നവരുടെ കോപം. ധാന്യാവകാശപ്പോരാട്ടം.
ഏട്ടിയമ്മ ആ വാക്യത്തിന്റെ ചെറിയ, ലോലമായ അർത്ഥമേ അടുക്കളയിൽ അവതരിപ്പിക്കുന്നുള്ളൂ. അനുജന്റെ മകന്റെ ദേഷ്യത്തോടുള്ള കുറച്ച് തമാശ കലർന്ന പ്രതികരണമാണത്. അത് ആ അടുക്കളയുടെ പരിധി കടന്നുപോകുന്ന ഒന്നാണ് എന്ന് മനസ്സിലാക്കുന്നതോടെയാണ് അവന്റെ കുട്ടിത്തം അവസാനിച്ചത്.
രാജൻ 1984 തൊട്ട് അഞ്ചാറുകൊല്ലം കരിവെള്ളൂരിൽ പണിയെടുത്തിരുന്നു. കൃഷ്ണൻ മാഷെ നിത്യേന വഴിയോരത്ത് കാണാറുണ്ട്. മാഷ് അക്കാലത്ത് അവിടെ പഞ്ചായത്ത് പ്രസിഡണ്ടാണ്. ആ വാക്യത്തെപ്പറ്റി അദ്ദേഹത്തോട് പറയണം എന്ന് ചിലപ്പോൾ രാജന് തോന്നിയിട്ടുണ്ട്. 1942-ൽ ടീച്ചർ സർട്ടിഫിക്കറ്റ് ബ്രിട്ടീഷ് സർക്കാർ റദ്ദാക്കിയതിനെപ്പറ്റി ചോദിച്ചുതുടങ്ങാം എന്നും ആലോചിച്ചു. ചോദിച്ചില്ല. പറഞ്ഞില്ല.
മാഷ് ഇപ്പോൾ ഇല്ല. വാക്യം ഉണ്ട്. പല ഭാഷകളിലും നിശ്ശബ്ദതകളിലും അത് ഉണ്ട്. അത് പ്രവർത്തിക്കുന്നുണ്ട്'.
പേരുകൾ പെരുമാറ്റങ്ങൾ
ഇ.പി. രാജഗോപാലൻ
ചെമ്പരത്തി പ്രസാധനം, കാഞ്ഞങ്ങാട്
2020, 200 രൂപ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- വിലാപ യാത്ര വരുന്ന വഴി ഒരാൾ വീട് ചൂണ്ടിക്കാട്ടിക്കൊടുത്തു; പാഞ്ഞുവന്ന് വീടിന്റെ ജനാലകളും വാതിലും തകർത്തു; പുതിയ മാരുതി കാറും സ്കൂട്ടറും സൈക്കിളും നശിപ്പിച്ചു; വലിയ പാറക്കഷ്ണം വാഹനത്തിനുമേലും; നാഗംകുളങ്ങരയിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ ചേർത്തലയിൽ വീട് തല്ലിത്തകർത്തത് എസ്ഡിപിഐ പ്രവർത്തകന്റേതെന്ന് തെറ്റിദ്ധരിച്ച്
- ഉൾക്കടലിൽ പോകാൻ രാഹുൽ ഗാന്ധി എത്തിയപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് വിസ്മയം; വലവിരിക്കാൻ കടലിൽ ഇറങ്ങിയവർക്കൊപ്പം രാഹുൽ ചാടിയപ്പോൾ ഭയന്നു; യാത്രയിൽ ഉടനീളം പരിഭാഷകനായതും യൂടൂബർ സെബിൻ സിറിയക് തന്നെ; ഫിഷിങ് ഫ്രീക്ക്സിന്റെ കടൽ യാത്രാ വീഡിയോ വൈറൽ
- 50 വർഷം മുൻപ് ലോകാവസാനം ഒഴിവായത് തലനാരിഴയ്ക്ക്; ചന്ദ്രനിലേക്കുള്ള ലാൻഡിങ് ഭൂമിയിലെ ജീവന്റെ തുടിപ്പുകൾ നുള്ളിയെടുക്കുമെന്ന് അമേരിക്ക ഭയപ്പെട്ടിരുന്നു; ശാസ്ത്രലോകത്തെ ഒരു അദ്ഭുത വെളിപ്പെടുത്തൽ കേൾക്കാം
- നിർത്തിയിട്ട കാറിൽ ആയുധങ്ങൾ സജ്ജമാക്കി; തലയ്ക്ക് പിന്നിൽ വെട്ടിയത് ഒന്നാം പ്രതി ഹർഷാദും രണ്ടാം പ്രതി അഷ്കറും; വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദു കൃഷ്ണയുടെ കൊലപാതകം ആസൂത്രിതമെന്ന് എഫ്ഐആർ
- വിവാഹ വാഗ്ദാനം നൽകി പീഡനം: യുവതിയുടെ പരാതിയിൽ മലപ്പുറത്തെ 26കാരൻ അറസ്റ്റിൽ; പിടിയിലായത് പള്ളിക്കുത്ത് സ്വദേശി ആഷിഖ്
- പാർട്ടിയെ അറിയിക്കാതെ വ്യവസായ പ്രമുഖനെതിരെ പരാതി നൽകിയാൽ അത് അച്ചടക്ക ലംഘനം; രഹസ്യ യോഗം ചേർന്ന് പുതൂർക്കര ബ്രാഞ്ച് കമ്മറ്റിയുടെ അതിവേഗ ഇടപെടൽ; ഫോണിൽ തീരുമാനം അറിയിച്ച് ബ്രാഞ്ച് സെക്രട്ടറിയും; മരണ ഭയത്തിൽ ഡിജിപിക്ക് അഭിഭാഷകയുടെ പരാതിയും; ശോഭാ സിറ്റിയെ പ്രതിക്കൂട്ടിലാക്കിയ വിദ്യാ സംഗീതിനെ സിപിഎം പുറത്താക്കുമ്പോൾ
- 'തലയില്ലാത്ത പുരുഷ ജഡങ്ങളോടുപോലും ഞാൻ ശവരതിയിൽ ഏർപ്പെട്ടിട്ടുണ്ട്; വെടിവെച്ചുകൊന്നശേഷം അവന്റെ ചോരയിൽ കുളിക്കും; പിന്നെ അത് കുടിക്കയും ചെയ്യുകയും; രക്തത്തിന്റെ രുചി അറിഞ്ഞശേഷം താൻ തീർത്തും രക്തദാഹിയായിപ്പോയി'; മെക്സിക്കൻ അധോലോക സുന്ദരികളുടെ അനുഭവങ്ങളിൽ ഞെട്ടിലോകം; ചെറുപ്പത്തിലേ തട്ടിക്കൊണ്ടുപോയി എല്ലാ ക്രൂരതകളും അഭ്യസിപ്പിച്ച് ഇവരെ ലഹരിമാഫിയ ക്രിമിനലുകളാക്കുന്നു; ഐഎസിനേക്കാൾ ഭീകരർ എന്ന പേരുകേട്ട വനിതാ ക്രിമിനൽ സംഘത്തിന്റെ കഥ
- 'കരുണാകരനൊപ്പം നിന്നവരെ ഇപ്പോഴും ശരിപ്പെടുത്തുന്നു'; 'നേതാക്കളുടെ ചുറ്റും നടക്കുന്നവർക്ക് മാത്രം സീറ്റ് ലഭിക്കുന്നു'; 'പണിയെടുക്കുന്നവർക്ക് കോൺഗ്രസിൽ വിലയുമില്ല'; നേതൃത്വത്തിനെതിരെ കെ മുരളീധരൻ
- ആർടെക് അശോകന്റെ ഇടിവെട്ട് തട്ടിപ്പ് വീണ്ടും; പാറ്റൂർ ആർടെക് എംപയർ ഫ്ളാറ്റ് സമുച്ചയത്തിന്റെ ഭൂമി പണയം വച്ച് മുപ്പത്തിനാലേമുക്കാൽ കോടി തട്ടി; കണ്ണൂം പൂട്ടി വായ്പ കൊടുത്തത് എൽഐസി ഹൗസിങ് ഫിനാൻസ്; തട്ടിപ്പ് നടത്തിയത് അശോകന്റെ മകളുടെ കമ്പനി; പെട്ടത് 120 ഓളം ഫ്ളാറ്റുടമകളും
- യോഗി ആദിത്യനാഥിനെ വർഗ്ഗീയത പടർത്താൻ ശ്രമിക്കുന്ന മുഖ്യൻ എന്ന് പ്രസംഗിച്ചപ്പോൾ തുടങ്ങിയ സംഘർഷം; ആദ്യം വാക്കു തർക്കവും പിന്നെ പ്രതിഷേധ പ്രകടനവും; പരസ്പരം കുറ്റപ്പെടുത്തലുമായി ആർ എസ് എസും എസ് ഡി പി ഐയും; വിപ്ലവം വളർന്ന വയലാറിന്റെ മണ്ണിൽ ചോര വീഴ്ത്തി വർഗ്ഗീയതയും; നന്ദു കൃഷ്ണയുടെ ജീവനെടുത്തത് അനാവശ്യ വിവാദം
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- അംബുജാക്ഷന് മറ്റൊരു സ്ത്രീയിലുണ്ടായ മകൻ; രാജേഷിനൊപ്പം അർദ്ധ സഹോദരൻ കൂടിയത് കോവിഡു കാലത്ത്; സഹോദരന്റെ മകളെ സ്കൂളിലേക്കുള്ള യാത്രയിൽ അനുഗമിക്കുന്നത് പതിവ്; ഇന്നലേയും ബസ് സ്റ്റാൻഡിൽ നിന്ന് 17-കാരി വീട്ടിലേക്ക് പോയതു കൊച്ചച്ഛനുമൊത്ത്; വില്ലൻ ഒളിവിൽ; രേഷ്മയുടെ കൊലയിൽ ഞെട്ടി വിറച്ച് ചിത്തിരപുരം
- ഒരു ലക്ഷം രൂപ ടിപ്പായി കിട്ടിയപ്പോൾ അന്തംവിട്ട് അഖിൽദാസ്! കൊച്ചിയിലെ ഡെലിവറി ബോയിക്ക് വൻതുക ടിപ്പു നൽകിയത് കാർത്തിക് സൂര്യ എന്ന യുട്യൂബര്; പണം കൈമാറിയത് 643 രൂപയ്ക്ക് 8 ജ്യൂസ് ഓർഡർ ചെയ്തു സ്വീകരിച്ചതിന് ശേഷം; വൻതുക ടിപ്പ് വേണ്ടെന്ന് പറഞ്ഞ് തിരികെ പോകാനൊരുങ്ങി അഖിൽ; തനിക്കാണ് തുകയെന്ന് വിശ്വസിക്കാനാവാതെ വിയർത്തു കുളിച്ചു
- ദൃശ്യത്തേക്കാൾ കിടിലൻ ദൃശ്യം 2; ഇവിടെ താരം കഥയാണ്; അതിഗംഭീര തിരക്കഥ; ലാലിനൊപ്പം തകർത്ത് അഭിനയിച്ച് മുരളി ഗോപിയും; ഇത് കോവിഡാനന്തര മലയാള സിനിമയിലെ ആദ്യ മൊഗാഹിറ്റ്; ലാൽ ആരാധകർക്ക് വീണ്ടും ആഘോഷിക്കാം; ജിത്തു ജോസഫിന് നൽകാം ഒരു കുതിരപ്പവൻ!
- തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് സാധാരണ കിട്ടാത്ത ട്രിപ് കിട്ടിയപ്പോൾ ഓട്ടോ ഡ്രൈവർ ഹാപ്പി; കൈയിൽ രണ്ടായിരത്തിന്റെ നോട്ടെന്ന് പറഞ്ഞ് യുവതി ഡ്രൈവറെ കൊണ്ട് ജ്യൂസും വാങ്ങിപ്പിച്ചു; ചങ്ങരംകുളത്ത് പെട്രോളടിക്കാൻ കാശ് ചോദിച്ചപ്പോൾ കണ്ടത് പതിയെ ഫോണും വിളിച്ച് സ്കൂട്ടാകുന്ന യുവതിയെ; തുടർന്നും നാടകീയസംഭവങ്ങൾ
- ദൃശ്യത്തിന് വീണ്ടും പാളിയോ?; 'ക്ലൈമാക്സിൽ നായകന് എങ്ങനെ ഈ ട്വിസ്റ്റിനു സാധിക്കുന്നു'; പ്രേക്ഷകന് തോന്നുന്ന ചില സംശയങ്ങളുമായി യുകെയിലെ മലയാളി നഴ്സിന്റെ ലിറ്റിൽ തിങ്ങ്സ് വിഡിയോ; മനഃപൂർവം ചില സാധനങ്ങൾ വിട്ടിട്ടുണ്ടെന്ന് സംവിധായകൻ ജിത്തു ജോസഫ്
- ഒന്നിച്ചു ജീവിക്കാൻ പറ്റാത്തതിനാൽ മരണത്തിലെങ്കിലും ഞങ്ങൾ ഒന്നിക്കട്ടെ; മൃതദേഹങ്ങൾ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ കത്തും കണ്ടെടുത്തു; ശിവപ്രസാദും ആര്യയും അഗ്നിനാളത്താൽ ജീവനൊടുക്കിയത് പ്രണയം വിവാഹത്തിൽ കലാശിക്കും മുമ്പ്; ആര്യയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതും മരണത്തിലേക്ക് നയിച്ചു
- വേമ്പനാട് കായലിലൂടെ ഹൈ ടെൻഷൻ കേബിൾ കടത്തി വൈദ്യുതി; രണ്ട് സ്വമ്മിങ് പൂളുകൾ ഉൾപ്പെടെ 54 ആഡംബര വില്ലകൾക്ക് ചെലവായത് ചെലവാക്കിയത് 350 കോടി; സിംഗപൂരിലെ ബന്യൻട്രീയേയും കുവൈറ്റിലെ കാപ്പിക്കോയുമായി ചേർന്ന് മുത്തൂറ്റൂകാർ ഉണ്ടാക്കിയത് ശതകോടികളുടെ സെവൻ സ്റ്റാർ റിസോർട്ട്; പാണവള്ളിയിൽ ബുൾഡോസർ എത്തുമ്പോൾ
- രക്തക്കറ പുരണ്ട തടിക്കഷണം വീടിനു പിൻവശത്തു നിന്നു കിട്ടിയതു നിർണായക തെളിവായി; 1991-2017 കാലയളവിൽ ഏഴു പേർ മരിച്ചപ്പോൾ കാര്യസ്ഥന് കിട്ടിയത് 200 കോടിയുടെ സ്വത്ത്; കൂടത്തായിയിലെ ജോളിയേയും കടത്തി വെട്ടി കാലടിയിലെ രവീന്ദ്രൻ നായർ; കൂടത്തിൽ കുടുംബത്തിലെ സത്യം പുറത്തെത്തുമ്പോൾ
- യുകെയിൽ നിന്നും ഷൈനി ചോദിച്ച ലോജിക്കൽ കാര്യം ലാലേട്ടനും ചോദിച്ചതാണ്; കോട്ടയം ഫോറൻസിക് ലാബിൽ സിസിടിവി ഇല്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജിത്തു ജോസഫ്; ദൃശ്യം 2 ഉയർത്തുന്ന പുതിയ വെളിപ്പെടുത്തൽ കേരള പൊലീസിനെയും പിണറായി വിജയനെയും ധർമ്മ സങ്കടത്തിലാക്കുമ്പോൾ
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- പ്രണയിച്ച് സ്വന്തമാക്കി; ഭർത്താവ് മോഷ്ടാവ് എന്നറിഞ്ഞത് അഴിക്കുള്ളിലായപ്പോൾ; ബംഗളൂരുവിലേക്ക് കൊണ്ടു പോയി നല്ല പിള്ളയാക്കാൻ ശ്രമിച്ചെങ്കിലും കവർച്ച തുടർന്നു; മരണച്ചിറയിൽ ചാടി ജീവിതം അവസാനിപ്പിച്ച് ഉണ്ണിയാർച്ച; കരുനാഗപ്പള്ളിയെ വേദനയിലാക്കി വിജയ ലക്ഷ്മിയുടെ മടക്കം
- മുതലാളി പറക്കുന്ന സ്വകാര്യ ജെറ്റിൽ മദ്യകുപ്പിയുമായി ഇരിക്കുമ്പോൾ 17 വയസ്സുകാരി നഗ്ന നൃത്തം ചെയ്യും; കിടക്കയിലേക്ക് ചരിയുമ്പോൾ ചുറ്റിലും പ്രായപൂർത്തിയാകാത്ത സുന്ദരികൾ; ഒരു അതിസമ്പന്നൻ വീണപ്പോൾ ഞെട്ടലോടെ ലോകം കേൾക്കുന്ന വാർത്തകൾ
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- സുഹൃത്ത് ഭർത്താവിനെ തട്ടിയെടുത്തെന്ന് ഭാര്യയുടെ പരാതി; ഭർത്താവുമായി വഴക്കിട്ട് പിരിഞ്ഞ സുഹൃത്ത് ഇപ്പോൾ തന്റെ ഭർത്താവിനൊപ്പമാണ് കഴിയുന്നതെന്നും അദ്ധ്യാപികയുടെ ആരോപണം; കുടുംബ ജീവിതം തകർന്ന നിലയിൽ; വാർത്താസമ്മേളനം നടത്തി വീട്ടമ്മ
- കാമുകിയെ സ്വന്തമാക്കാൻ കൊലപ്പെടുത്തിയത് 26കാരി ഭാര്യയെ; ആർക്കും സംശയം തോന്നാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങി ജീവിച്ചത് ഒന്നര പതിറ്റാണ്ട്; കൊലപാതകിയെ കാമുകി കൈവിട്ടപ്പോൾ മറ്റൊരു യുവതിയെ പ്രണയിച്ച് വിവാഹവും; ഒടുവിൽ 15 വർഷത്തിന് ശേഷം അറസ്റ്റ്; പ്രണയദിനത്തിൽ കൊല്ലപ്പെട്ട സജിനിയുടെ ഓർമ്മകൾക്ക് 18 വർഷങ്ങൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്