Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202327Friday

വേരുകൾ

വേരുകൾ

ഷാജി ജേക്കബ്‌

കാർലോസ് ഫ്യൂവെന്റസിന്റെ 'Terra Nostra' എന്ന നോവലിൽ 'Theatre of Memory' എന്ന പേരിൽ അസാധാരണമായ പരീക്ഷണശാലക്കു രൂപം കൊടുക്കുന്ന ഒരു ഭ്രാന്തൻ ശാസ്ത്രജ്ഞനുണ്ട്. സംഭവിച്ച മുഴുവൻ കാര്യങ്ങൾക്കുമൊപ്പം സംഭവിക്കാവുന്ന കാര്യങ്ങളും ഒരു തിരശ്ശീലയിൽ പ്രദർശിപ്പിക്കാൻ കഴിയുന്ന മധ്യകാല സാങ്കേതികവിദ്യ അയാൾ വികസിപ്പിക്കുകയാണ്. ശാസ്ത്രീയമായ ഓർമ്മകൾ(scientific memory)ക്കൊപ്പം കവിയുടെ (Poet's memory) ഓർമ്മകളുമാണ് ഭൂതകാലത്തെക്കുറിച്ചുള്ള സമ്പൂർണ ജ്ഞാനം സൃഷ്ടിക്കുന്നതെന്ന് അയാൾ വിശ്വസിക്കുന്നു. The Curtain എന്ന ദീർഘപ്രബന്ധത്തിലെ 'നോവൽ, ഓർമ, മറവി' എന്ന ഏഴാം ഖണ്ഡത്തിൽ മിലാൻ കുന്ദേര, ഫ്യൂവെന്റസിന്റെ ഈ നോവലിനെയും 'സ്മൃതിനാടകശാല'യെയും കുറിച്ച് എഴുതുന്നുണ്ട്.

          കാലമായും ദേശമായും കഥയായും ഭാവനയായും ജീവിതമായും അനുഭവമായും ചരിത്രമായും രാഷ്ട്രീയമായും ഓർമ്മകൾക്കു കൈവന്ന ആഖ്യാനകലയ്ക്കു സമാനമായ മറ്റൊരു ഭാവമണ്ഡലം ആധുനികാനന്തരതയുടെ കാവ്യശാസ്ത്രപദ്ധതിയിലില്ല. നമ്മുടെ കാലത്തെ ഏറ്റവും ലാവണ്യാത്മകമായ വിചാരലോകങ്ങൾക്കു രൂപംകൊടുക്കുന്ന സാഹിത്യവും ചലച്ചിത്രവും ചരിത്രവും മാധ്യമപ്രവർത്തനവും ഒരുപോലെ, അവയുടെ വ്യാവഹാരികമായ അതിർവരമ്പുകളെല്ലാം ഭേദിച്ച് അനുഭവപരതയുടെയും ആത്മപാഠത്തിന്റെയും സൗന്ദര്യരാഷ്ട്രീയങ്ങളെ സമന്വയിപ്പിക്കുന്ന മാന്ത്രികമായൊരു ഭാവപ്രപഞ്ചമാണ് ഓർമ്മകളിൽ നിന്നു സൃഷ്ടിച്ചെടുക്കുന്നത്. 'ശാസ്ത്രീയ'മെന്നതുപോലെ  'കാവ്യാത്മക'വുമായ ഓർമ്മകളുടെ സംയുക്ത ഭൂമികയിൽ ഒറ്റമനുഷ്യരുടെയും പറ്റസമൂഹങ്ങളുടെയും കഥപറയുന്ന നോവലിന്റെ കല മറ്റേതു ഭാഷയിലുമെന്നപോലെ മലയാളത്തിലും സമ്പന്നമാണ്. 'വിഭജനങ്ങ'ളും 'ഡൽഹിഗാഥക'ളും 'മരക്കാപ്പിലെ തെയ്യങ്ങ'ളും 'പാലേരിമാണിക്യ'വും മുതൽ 'ഓഗസ്റ്റ് 17'ഉം 'പൊന'വും വരെയുള്ള എത്രയെങ്കിലും കൃതികളുൾപ്പെടുന്ന ഈ നോവൽഗണത്തിന്റെ താവഴിയിൽ രൂപംകൊണ്ട രചനയാണ്  പി. ശിവപ്രസാദിന്റെ 'ഓർമ്മച്ചാവ്'.

          മരിച്ചും ജീവിച്ചും നിൽക്കുന്ന ഓർമ്മകളെ മുൻനിർത്തിയും കഥകളും മിത്തുകളും ചരിത്രവും കൂട്ടിയിണക്കിയും കുറെ വ്യക്തികളുടെയും ഒരു ദേശത്തിന്റെയും ഭൂതകാലം ഖനനം ചെയ്‌തെടുക്കുന്ന സ്മൃതിഭാവനയാണ് 'ഓർമ്മച്ചാവ്'. നാലീരങ്കാവ് എന്ന ഗ്രാമത്തിന്റെ രേഖാംശവും അക്ഷാംശവുമായി നിറയുന്ന സ്ഥലഭൂമികകളിൽ, മിത്തുകളിൽ നിന്നിറങ്ങിവന്ന നാലീരനും ഭഗവതിയും മുതൽ മരണവും ജീവിതവും പങ്കിട്ടെടുക്കുന്ന എത്രയെങ്കിലും കഥാപാത്രങ്ങൾ വരെയുള്ളവർ ഓർമ്മകൾകൊണ്ടു നെയ്തിടുന്ന കാലപടം. നാലീരൻ ഭഗവതിയെ വേൾക്കാൻ വന്ന പ്രാചീനരതിയുടെ വെളിപാട്കഥ മുതൽ തലയാനിപ്പറമ്പിൽ നടന്ന ശിരച്ഛേദങ്ങളുടെ രാഷ്ട്രീയചരിത്രം വരെ. ഗ്രാമത്തിന്റെ ഭൂഗുരുത്വകേന്ദ്രം പോലെ നിലകൊള്ളുന്ന മമ്മുഹാജിയുടെ ചായക്കടയിലെ കഥകൾ മുതൽ അംബേദ്കർ, ലക്ഷംവീട് കോളനികളിലെ ജീവിതബന്ധങ്ങൾ വരെ. പറയരും പുലയരും ചക്‌ളിയരും മണ്ണാന്മാരും ആശാരികളും പണ്ടാരങ്ങളും കുശവരും നായരും ക്രിസ്ത്യാനികളും മുസ്ലിങ്ങളും നിറഞ്ഞ നാലീരങ്കാവിന്റെ നരവംശഭൂപടം മുതൽ കമ്യൂണിസ്റ്റ് പാർട്ടിയും ജന്മി-കുടിയാൻ സമരവും അടിയന്തരാവസ്ഥയും നക്‌സൽപ്രസ്ഥാനവും അംബേദ്കറിസവും ഉൾപ്പെടെയുള്ളവ രൂപം കൊടുത്ത ദേശത്തിന്റെ രാഷ്ട്രീയ ജീവചരിത്രം വരെ. ഇവയ്ക്കുമേലാണ് ഓർമ്മച്ചാവിന്റെ ആഖ്യാനകലയെ സവിശേഷമാക്കുന്ന മൂന്നു ഭാവതലങ്ങൾ നോവലിസ്റ്റ് വെട്ടിത്തുറക്കുന്നത്.

         

'മൈന്റ് കെയർ' എന്ന മനോരോഗ ചികിത്സാലയത്തിൽ ഡോക്ടർ മുഖർജി തന്റെ രോഗിയായ മണിയന്റെ കേസ് ഡയറി തയ്യാറാക്കാൻ അൾത്താരയെന്ന പെൺകുട്ടിയെ നിയോഗിക്കുന്നതും അവൾ മണിയന്റെ ഭൂതകാലം ചികഞ്ഞെടുക്കുന്നതുമാണ് ഒന്നാമത്തെ തലം. ഓർമ്മകൾ ചത്തുപോയ മണിയന്റെ ദേശ, കുടുംബ, വ്യക്തി ഭൂതങ്ങൾ കണ്ടെടുക്കുന്ന അൾത്താരയുടെ ചരിത്രാന്വേഷണമാണ് ഒരർഥത്തിൽ നോവലിന്റെ അച്ചുതണ്ട് തന്നെയും.

          മണിയന്റെ ജീവിതത്തിലും നാലീരങ്കാവിന്റെ ചരിത്രത്തിലും ഇടം പിടിച്ച പൂർവികരും കാലികരുമായ ഒരുപറ്റം മനുഷ്യരുടെ ഒറ്റയൊറ്റ കഥകളുടേതാണ് രണ്ടാമത്തെ തലം. അഗമ്യഗമനങ്ങൾ മുതൽ നട്ടപ്രാന്തുകൾ വരെയും ജീവിതകാമനകൾ മുതൽ പടുമരണങ്ങൾ വരെയും ആടിത്തിമിർക്കുന്ന കാലഗാഥ.

          മണിയന്റെ ഭൂതവും വർത്തമാനവും ഓർമ്മയും മറവിയും ഭ്രാന്തും വെളിവും കൂട്ടിയിണക്കി അയാളെ കഥയിലും ചരിത്രത്തിലും സ്ഥാനപ്പെടുത്തുന്ന അൾത്താരയും നോവലിലെ കഥാപരിണാമങ്ങൾക്കു ചുക്കാൻ പിടിക്കുന്ന മുഖർജിയും അയാളുടെ നിഗൂഢ ജീവിതത്തിന്റെ മറനീക്കാൻ അൾത്താരക്കു കൂട്ടുകിട്ടുന്ന, അവളുടെ കാമുകൻ കൂടിയായ ഉത്തരേന്ത്യൻ തൊഴിലാളി നിരേനും ഒരേപോലെ പിൻപറ്റുന്ന ജീവിതബദ്ധതയുടെ സിരാപടലങ്ങളാണ് മൂന്നാമത്തെ തലം. ജന്മത്തിന്റെയും രക്തത്തിന്റെയും ഉറവിടങ്ങളിലേക്ക് വഴിതിരിഞ്ഞൊഴുകുന്ന മർത്യവിധിയുടെ അനിവാര്യതയിലേക്കാണ് അത് ചെന്നുചേരുന്നത് വേരുകളിലേക്കുള്ള നരവൃക്ഷത്തിന്റെ ഭൂതായനങ്ങളുടെ കഥയായി മാറുന്നു അതുവഴി നോവൽ.

അൾത്താരയുടെ റിപ്പോർട്ടിൽ നിന്നുള്ള ഈ ഭാഗം ഓർമ്മച്ചാവിന്റെ പ്രവേശകമോ ഭരതവാക്യമോ ആയി വായിക്കാം.

'ഓർമ്മകൾ തന്നെയാണ് ഒരാളുടെ ജീവിതം. വേട്ടയാടുന്നതും കുത്തിനോവിക്കുന്നതും കരയിക്കുന്നതും അതുതന്നെ. നേട്ടവും നഷ്ടവുമതെ. ആനന്ദവും ദുഃഖവും. തടവറയും സ്വാതന്ത്ര്യവും. കയറ്റവും ഇറക്കവും. തായ്‌വേരും ശിഖരങ്ങളും. ഇരുട്ടും വെളിച്ചവും. മണ്ണും ജലവും. ചതുപ്പും പശിമയും. ചാവും ചരിത്രവും. കലയും കാലവും. എല്ലാം. എല്ലാം. ഓർമകൾ മാത്രം.

സത്യത്തിൽ മനുഷ്യജീവിതം പിന്നോട്ടാണ് ചലിക്കുന്നത്. മറ്റു ജീവികളിൽനിന്നുള്ള വലിയ വ്യത്യാസം. ഓർമകളുടെ ദിശയാണത്. അത് പിന്നിലേക്കുമാത്രം സഞ്ചരിക്കുന്നു. പൂർത്തീകരിക്കുന്ന ഓരോ നിമിഷവും പുതിയ ഒരോർമയുടെ പിറവിയാണ്. ഒന്നു പിറക്കുമ്പോൾ പിന്നിലെ ഓർമകൾ അതിന്റെ അമ്മമാരാകുന്നു. കുഞ്ഞ് അമ്മയിലേക്കെന്നപോലെ പുതിയ ഓരോ ഓർമയും പിന്നിലേക്ക് പിന്നിലേക്ക് ഇണചേരുന്നു. അനാദിയും അനന്തവുമായ ഭോഗങ്ങൾ. ഓരോ നിമിഷവും ഓരോ ഭോഗങ്ങളാണ്. ഓരോ ഭോഗാനന്തരവും അനിവാര്യമായ കുറ്റബോധങ്ങളുടെ, വിഷാദങ്ങളുടെ ചാറ്റലാണ്. തുള്ളിമറിയുന്ന അതിന്റെ വിടവുകളിലൂടെ ഒരു അഭ്യാസിയെപ്പോലുള്ള പിന്നോട്ടുനടത്തമല്ലാതെ മറ്റെന്താണ് ജീവിതം? മരിക്കുമ്പോൾ ഒരാൾ മറ്റുള്ളവരുടെ ഒരോർമ മാത്രമായി ചുരുങ്ങുകയാണ് ചെയ്യുന്നത്. ജനിയും മൃതിയും വെറും സ്മൃതിലീലകൾ മാത്രമാണ്'.

നാലീരങ്കാവിലെ ഒരു നായർതറവാട്ടിൽ, നാണിയമ്മ എന്ന സ്ത്രീയുടെ അസാധാരണമായ വാത്സല്യത്തിൽ വളർന്ന അവരുടെ പേരക്കുട്ടിയായിരുന്നു മണിയൻ. അവന്റെ സഹോദരൻ രാമൻ ആരിലും നിന്ന് സ്‌നേഹവും പരിഗണനയും കിട്ടാതെ പന്ത്രണ്ടാം വയസ്സിൽ നാടുവിട്ടു. അമ്മയുമായി മണിയന് അത്ര വലിയ ബന്ധമൊന്നുമുണ്ടായില്ല. വലിയമ്മയും ഓപ്പോളായ വത്സലയുമായി അവനുള്ള ആത്മബന്ധങ്ങളിൽ അഗമ്യഗമനത്തിന്റെ അടിയടരുകൾ നോവൽ സൂചിപ്പിക്കുന്നു. അംബേദ്കർ കോളനിയിലെ അമ്മിണിയെയും പിന്നീട് അവളുടെ അനിയത്തി നീലിയെയും മണിയൻ കാമിക്കുകയും പ്രാപിക്കുകയും ചെയ്യുന്നു. ദളിതയായ വല്ലി നാലീരങ്കാവിൽ നക്‌സലൈറ്റ് രാഷ്ട്രീയത്തിന് വിത്തിടുകയും മണിയനെ പ്രസ്ഥാനത്തിലേക്കു കൊണ്ടുവരികയും പൊലീസ് സ്റ്റേഷനാക്രമണത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. ക്രൂരമായ മർദ്ദനത്തിനിരയായ വല്ലി ആ കാലവും അടിയന്തരാവസ്ഥയുമൊക്കെ അതിജീവിച്ച് അംബേദ്കർ രാഷ്ട്രീയത്തിൽ ചെന്നെത്തിയെങ്കിലും ഒടുവിൽ ആത്മഹത്യ ചെയ്യുകയാണ്. വത്സലക്ക് കൂട്ടുകാരി റഹ്മത്തുമായുള്ള സ്വവർഗരതിബന്ധം റഹ്മത്ത് നാടുവിട്ടതോടെ അവസാനിക്കുകയും അവൾ കുളത്തിൽ ചാടി മരിക്കുകയും ചെയ്യുന്നു. വല്ലിയുടെയും വത്സലയുടെയും ആത്മഹത്യകളും വലിയമ്മയുടെ മരണവും മണിയനെ മനോരോഗിയാക്കി. വത്സലയുടെ സഹോദരീഭർത്താവ് അയാളെ ചികിത്സിക്കാൻ മൈന്റ് കെയറിലാക്കി. അവിടെയാണ് ഡോക്ടർ മുഖർജിയെന്ന ഉത്തരേന്ത്യക്കാരൻ അൾത്താരയുടെ സഹായത്തോടെ മണിയനെ ചികിത്സിക്കുന്നതും അയാളുടെ കേസ് ഡയറി തയ്യാറാക്കുന്നതും, നോവലിന്റെ ഇതിവൃത്തത്തെ വർത്തമാന കാലത്തോട് ചേർത്തുനിർത്തുന്നതും. മണിയൻ പറയുന്ന കഥകളും പറയാത്ത കാര്യങ്ങളും ഓർക്കുന്ന സംഭവങ്ങളും മറക്കുന്ന അനുഭവങ്ങളും കൂടിച്ചേരുന്ന ആഖ്യാനമാണ് 'ഓർമ്മച്ചാവ്'. മണിയനെ നട്ടെല്ലാക്കി നിർത്തി അൾത്താര മെനയുന്ന നാലീരങ്കാവിന്റെ കഥാശരീരമാണത്. മമ്മുഹാജിയുടെ പെങ്ങൾ ബീയാത്തുവും മകൾ റഹ്മത്തുമാണ് അൾത്താരക്ക് മിക്ക കഥകളും പറഞ്ഞുകൊടുക്കുന്നത്. പെണ്ണുങ്ങളുടെ ജീവിതകഥകളും ചരിത്രഗാഥകളുമാണ് കർതൃപരമായി 'ഓർമ്മച്ചാവി'ൽ ഒരുപടി മുന്നിൽ നിൽക്കുന്നത്. നാണിയമ്മയിൽ നിന്ന് വല്ലിയിലേക്കു നീളുന്ന തൃപ്തവും അതൃപ്തവും ഗമ്യവും അഗമ്യവുമായ കാമനകളുടെ കൂടാണ് മണിയൻ. സ്ഥിരങ്ങൾക്കും ചരങ്ങൾക്കുമിടയിൽ ശരീരങ്ങൾക്കും മനസ്സുകൾക്കുമിടയിൽ അയാളുടെ സ്വത്വം കലങ്ങിമറിഞ്ഞൊഴുകുകയാണ്. രതിവിരതികളുടെ ഏറ്റിറക്കങ്ങളിൽനിന്നും ഭ്രാതൃഹത്യയുടെയും മാതൃരതിയുടെയും തപ്തഭൂതങ്ങളിൽനിന്നും മണിയന്റെ നഷ്ടകാലങ്ങളെ അൾത്താര കണ്ടെടുക്കുന്നു. ദേശത്തിന്റെയും തറവാടിന്റെയും വേരുപടലങ്ങൾക്കിടയിൽനിന്ന് അയാളുടെ ജീവിതഖണ്ഡങ്ങൾ ചികഞ്ഞെടുത്തു കൂട്ടിച്ചേർത്തിട്ടും അവ മുൻനിർത്തി ചികിത്സ നടത്താനോ അയാളെ സുഖപ്പെടുത്താനോ മുഖർജിക്കും അൾത്താരക്കും കഴിയുന്നില്ല. (നോവലിന്റെ ആഖ്യാനം അതിന്റെ നിരവധിയായ കൈവഴികളിൽ പതറി, ചിന്താപരവും ജൈവികവുമായ ഇഴയടുപ്പം നിലനിർത്താതെയും സയുക്തികമായ ഒരു കഥാപരിണതിയിലെത്താതെയും ചിതറിപ്പോകുകയാണ്.) വേരുകളറ്റുപോയ അയാളിൽനിന്ന് സ്വന്തം വേരുകളിലേക്കു തിരിച്ചുപോകാൻ ശ്രമിക്കുക മാത്രമേ അവർ ചെയ്യുന്നുള്ളു.

         

മണിയന്റെ ജീവിതത്തിൽ നിന്നൊരു ഭാഗം വായിക്കൂ:

          'മുമ്പിൽ കണ്ണെത്താദൂരത്തോളം വെള്ളം മാത്രം. കടലുപോലെ പാടങ്ങൾ. കർക്കിടകത്തിന്റെ പെയ്ത്താണ്. തുടർച്ചയായി ഏഴു ദിവസത്തെ ഇടമുറിയാത്ത മാരി. മണ്ണും മനസ്സും ശരീരങ്ങളും  മാത്രമല്ല അടുപ്പിൽ കൂട്ടുന്ന തീ പോലും തണുപ്പിലെന്നപോലെ മുനിഞ്ഞു. അത്രയ്ക്കും തണുപ്പായിപ്പോയി. സർവത്ര വെള്ളം മൂടിയതുകൊണ്ട് ആളുകൾ ഉയരമുള്ളിടത്തേക്ക് മാറാപ്പുകളുമായി ചേക്കേറി.

          മണി (മണിയൻ കഥ പറയുമ്പോൾ സ്വന്തം പേര് മണി എന്നേ പറയൂ. ഞാൻ, എന്റെ എന്നീ സർവനാമങ്ങൾ അപൂർവമായേ പ്രയോഗിക്കൂ) മുകളിലത്തെ നിലയിൽ സ്വന്തം മുറിയിൽതന്നെ കഴിഞ്ഞുകൂടി. ടെറസ്സിലേക്ക് കുറച്ച് അന്തേവാസികൾ വന്നുകൂടിയിട്ടുണ്ട്. അടുത്തുള്ളവർ തന്നെ. അംബേദ്കർ കോളനിയുടെ അവസാനം പാടങ്ങളാണ്. അതിനോട് ചേർന്ന് താമസിച്ചിരുന്നവർക്ക് നാലുദിവസംകൊണ്ട് മഴയുടെ മുമ്പിൽ കീഴടങ്ങേണ്ടിവന്നു. വെള്ളം അവരുടെ ചെറ്റകളെ നക്കിത്തുടച്ചിരിക്കുന്നു.

          ഉടുതുണിയുമായി വന്നുകയറിയവരെ മണി ടെറസ്സിലേക്ക് കയറ്റിവിട്ടു. ഇന്നമ്മയും (മണിയൻ അമ്മമ്മയെ വിളിക്കുന്ന പേരാണ് ഇന്നമ്മ) പോയശേഷം ചില്ലറ മരാമത്തൊക്കെ ചെയ്തു മണി. മുകളിലെ നിലയിൽ മുറികൾ പണിയാൻ പ്ലാനിട്ടതായിരുന്നു. ബാത്‌റൂമൊക്കെ പണി കഴിച്ചു. ചുമരുകളും വച്ചു. പിന്നീട് പണി നടന്നില്ല. ഒടുവിൽ ഷീറ്റുകൊണ്ട് തൽകാലത്തേക്ക് മേഞ്ഞിട്ടു. അവിടം കുറച്ചാളുകൾക്ക് സുഖമായി കഴിയാം. ചുമരുകൾ തേച്ചിട്ടില്ല. വാതിലുകളോ ജനലുകളോ വച്ചിട്ടില്ല. എങ്കിലും വന്നുകയറിയ പന്ത്രണ്ടോളം പേർ അവിടെ ചുരുണ്ടുകൂടി.

          താഴെ മുറിയിൽ മുകളിലെ ശബ്ദങ്ങൾ ശ്രദ്ധിച്ച് മണി കിടന്നു. മുകളിലേക്ക് കഞ്ഞിയും പുഴുക്കും കൊടുക്കാൻ പണിക്കാരിയോട് ചട്ടം കെട്ടി. ഒരുദിവസം കഞ്ഞികൊടുക്കാൻ പണിക്കാരി വന്നപ്പോഴാണ് അത് വാങ്ങുന്ന രണ്ടു കൈയുകൾ മണി കാണുന്നത്. ഇരുണ്ട് മെല്ലിച്ചതെങ്കിലും മനോഹരമായ കൈകൾ. നീണ്ട വിരലുകൾ. അവയുടെ ഒന്നിച്ചുള്ള ചലനം വശ്യമായിരിക്കുന്നു. പാമ്പുകളുടെ മേളനംപോലെ. അവ പാത്രങ്ങളെ ചുറ്റിവരിയുന്നു. ഒത്തൊരുമയുള്ള വിരലുകൾ. അമ്മയുടെ വിരലുകൾ ഇങ്ങനെ നീണ്ടതാണ്'.

         

'മണി കഞ്ഞിപ്പാത്രത്തിൽ ചുറ്റിവരിഞ്ഞ പാമ്പുകളെ ഓർത്തു കിടന്നു. ടെറസ്സിനുമുകളിൽ പെണ്ണുങ്ങളുടെ ശീൽക്കാരങ്ങൾ കേട്ടു. അതിലൊന്നുമാത്രം അയാൾ തിരിച്ചറിഞ്ഞു. പാമ്പിൻവിരലുകൾ ഇടയ്ക്കിടയ്ക്ക് ശീൽക്കാരങ്ങളെ 'ശ്ശ്.....' എന്നു വിലക്കി. 'താഴെ തമ്പ്രാന്ണ്ട്....' എന്ന് ഓർമ്മിപ്പിച്ചു. അത്രയും വിവേകം അവൾക്കുതന്നെയാകുമെന്ന് മണി ഓർത്തു.

          മണി താഴെനിന്ന് മുരടനക്കി. കഞ്ഞിയോ വെള്ളമോ ആകുമെന്ന് കരുതി മുകളിൽ ആളെത്തി. ഒഴിഞ്ഞ ഒരു പാത്രം മണി മുകളിലേക്ക് നീട്ടി. പാമ്പിൻകൈകൾ പാത്രത്തിൽ വരിഞ്ഞു. മണി പാത്രംവിട്ട് കൈകളിൽ പിടിച്ചു.

          'ശ്ശ്.....' ഒരു ശീൽക്കാരം കൂടി. മണി കൈകൾ താഴേക്ക് വലിച്ചു. അവൾ അനുസരണയോടെ ഇറങ്ങിവന്നു.

നീണ്ട വിരലുകളുള്ള കാലുകൾ. മുട്ടിനുതാഴെവരെയുള്ള മുണ്ടിനുള്ളിലെ നിഗൂഢമായ ആനന്ദവഴികൾ മണി ആർത്തിയോടെ കണ്ടു. അവളുടെ തുടകൾക്ക് അത്ര കറുപ്പില്ലെന്നും അയാൾ മനസ്സിലാക്കി. മുണ്ടിന്റെ തൊട്ടുമുകളിൽ പൊക്കിൾക്കുഴിയിൽനിന്ന് ഒരു തിരയിളകി ചിതറി പരക്കുന്നു. റൗക്കകൊണ്ട് കെട്ടിയൊതുക്കി വച്ചിരിക്കുന്ന മുലകൾക്ക് ഒട്ടുമില്ല ഒതുക്കം.

താഴേക്ക് ഇറങ്ങിയ അവൾ മുഖം താഴ്‌ത്തിനിന്നു. മണി അവളുടെ കൈവിരലുകൾ സ്വന്തം കൈയിൽവച്ച് പരിശോധിച്ചു. പരിചിതമായ വിരലുകൾ. എന്തൊരു വശ്യതണ്യണ്. അയാളതിൽ ഉമ്മ വച്ചു. അവൾ ഞെട്ടിയെന്നോണം 'തമ്പ്രാ....' എന്ന് ഒച്ചയനക്കി. ഞെട്ടലിൽ മുലകൾ കുറച്ചുകൂടി കുതറി.

മണിയവളെ മുറിയിലേക്ക് കയറ്റി വാതിലടച്ചു. അകത്ത് റൗക്കയഴിഞ്ഞ് പുഴയൊഴുകി. മണി ദാഹം തീർത്ത് കുടിച്ചു. പതുക്കെ നല്ല പരിചയമുള്ള വഴിയിലൂടെ കുത്തിയൊലിക്കുന്ന ഒരു പുഴയായി മണി. അമ്മിഞ്ഞയുടെ സ്വാദോടൊപ്പം വന്ന വഴികളിലേക്കുള്ള ഒരു തിരികെയാത്ര.

          പുള്ളുവൻകുടത്തിന്റെ വരിഞ്ഞുമുറുകുന്ന ഒച്ച. മുലകളിൽ നിന്ന് ചുണ്ടുകളും നാവും താഴേക്ക് താഴേക്ക്. നാഗക്കളത്തിലെ നിറങ്ങൾ കലർന്നുമായുന്നു. ദാഹമാണ് അകത്ത്. ചൂടൻ മരുക്കാറ്റായി ചുഴറ്റിയെറിയുന്ന തീരാത്ത ദാഹം. ഏതോ കാട്ടരുവിയുടെ തണുപ്പുള്ള തീരമാണ്. ആവോളം കുടിച്ചുനിറയ്ക്കുക. പിന്നെ.... പതിയെ തന്നെതന്നെ ഇറക്കിവെക്കുക. പുനർജ്ജനി നൂഴുന്നതുപോലെ. ഇനിയും ജനിയെന്തിന്.... നൂണ്ടിറങ്ങുന്ന ഒഴുക്കാണ് സത്യം. ജനിയും മൃതിയുമെല്ലാം ഒഴുക്കാണ്. കടലിൽ തിരിച്ചെത്തിയ പുഴപോലെ അനിവാര്യമായ അഴിമുഖമാണ് മുന്നിൽ. ഒഴുകിയൊലിച്ച് മണി അവിടെയെത്തി. ശേഷം ഏറ്റവും സ്വാസ്ഥ്യമുള്ള നിലയിൽ ചുരുണ്ടുകൂടി കിടന്നു. അവളവനെ താരാട്ടി.

          തുടയിലൂടെ ഒഴുകിയിറങ്ങിയ നരച്ചനിറമുള്ള തമ്പ്രാന്റെ ആൺനീരിൽ തന്റെ ചോരയുടെ ചിത്രപ്പണികളുണ്ടായിരുന്നത് അമ്മിണി മുണ്ടുകൊണ്ട് തുടച്ചു. തിരിച്ചുപോകുമ്പോൾ മണി അവൾക്ക് റൗക്ക കെട്ടിക്കൊടുത്തു. മുലയിടുക്കുകളിൽ ചിതറിനിന്ന വിയർപ്പുതുള്ളികളെ സ്വന്തം മുണ്ടിൻതലകൊണ്ട് തുടച്ചു. അലമാരയിൽനിന്ന് ഒരു മല്ല് മുണ്ട് കൈയിൽ കൊടുത്തു. അവളത് കണ്ണുകളിൽ മുട്ടിച്ച് തമ്പ്രാന്റെ കാൽതൊട്ട് വന്ദിച്ചു. മണി അവളെ പുറത്തിറക്കി വാതിലടച്ചു'.

          നാലീരങ്കാവിന്റെ നാട്ടുജീവിതകഥകളിലാണ് 'ഓർമ്മച്ചാവി'ന്റെ നരവംശഭൂമിക രൂപം കൊള്ളുന്നത്. മിത്തുകളും ചരിത്രവും ഇടകലരുന്ന, ഭൂതവും വർത്തമാനവും ഇഴപിരിയുന്ന ഓർമ്മയും മറവിയും കൂടിക്കലരുന്ന പ്രജ്ഞയും പ്രാന്തും കുഴമറിയുന്ന, രതിയും മൃതിയും ഇണചേരുന്ന കഥകളുടെ ജൈവപ്രതലമാണ് നോവലിന്റെ ഭാവഭൂപടങ്ങളിലൊന്ന്.

മാപ്പിളലഹള/മലബാർ കലാപ കാലത്താണ് നാണിയമ്മയുടെ ജീവിതം തിടംവയ്ക്കുന്നത്. ആമരണം കാര്യപ്രാപ്തിയും താൻപോരിമയുമുള്ള തറവാട്ടമ്മയായി അവർ ജീവിച്ചു. തൊണ്ണൂറാം വയസ്സിൽ മരിച്ചു. മാപ്പിളക്കലാപത്തിലെ അനുഭവങ്ങൾ മുതൽ നക്‌സൽ കലാപത്തിൽ മണിയനെ കേസിൽനിന്നു രക്ഷിക്കാൻ നടത്തിയ പൊലീസ് സ്റ്റേഷൻ യാത്ര വരെയുള്ളവ അവരുടെ രാഷ്ട്രീയബോധത്തിൽ ശരികളെക്കുറിച്ചുള്ള ധാരണകളുറപ്പിച്ചു. വളർന്നുവീങ്ങിയ വൃഷണങ്ങളുമായി ജീവിച്ച കുട്ടനെന്ന സഹോദരനും അകാലത്തിൽ മരിച്ച സംബന്ധക്കാരനും മകളും മാത്രമല്ല ഇന്നമ്മയെന്നു വിളിക്കപ്പെടുന്ന നാണിയമ്മയുടെ ജീവിതം പൂരിപ്പിക്കുന്നത്. അവരുടെ ജീവിതകാലമാണ് ഒരർഥത്തിൽ നാലീരങ്കാവിന്റെ ആസന്നഭൂതമായി നോവൽ ആവിഷ്‌ക്കരിക്കുന്നത്.

          ചെട്ടിയാരുടെ സ്വർണഭരണി മോഷ്ടിച്ച കൈമളുടെ കഥ, കുട്ടൻ പെരിയാനമ്പറ്റമ്മയെ കണ്ട കഥ, കരിങ്കുട്ടിയുടെ ശാപകഥകൾ, കുട്ടിരാമൻ പെരുമണ്ണാന്റെ മാന്ത്രികകഥകൾ, നാലീരമ്മ തീണ്ടാരിച്ചോര പുഴപോലൊഴുക്കി മാപ്പിളക്കലാപകാരികളെ തുരത്തിയ കഥ എന്നിങ്ങനെയുള്ള നിരവധി അതീതഭാവനകൾ 'ഓർമ്മച്ചാവി'ലുണ്ട്.

അംബേദ്കർ കോളനിയിലെ പെണ്ണുങ്ങളുടെ പരദൂഷണകഥകൾ, കാളിയുടെയും മാധവിയുടെയും അപമൃത്യുവിന്റെ കഥകൾ, അമ്മിണിയുടെയും നീലിയുടെയും ഉടൽപ്രണയങ്ങൾ, അമ്മുക്കുട്ടിയുടെയും ഭാസ്‌കരൻ നായരുടെയും ദാമ്പത്യം, വത്സലയുടെയും റഹ്മത്തിന്റെയും പ്രണയം, അൾത്താരയുടെ രതിഭാവനകൾ, റഹ്മത്തിന്റെ ഡയറിക്കുറിപ്പുകൾ, വത്സലയുടെ കത്തുകൾ, ബീയാത്തുവിന്റെ കഥപറച്ചിലുകൾ.... നാലീരങ്കാവിന്റെ ജീവിതം കഥാസമൃദ്ധമാണ്. ആണുങ്ങളൊക്കെ ഭാവനയിലും മിത്തുകളിലും സ്വപ്നങ്ങളിലും അധികാരങ്ങളിലും അർമാദിച്ചുകഴിയുമ്പോൾ പെണ്ണുങ്ങൾ ചരിത്രത്തിലും മണ്ണിലും ഉടലിലും കാമനകളിലും സങ്കടങ്ങളിലും അനുഭവിച്ചു ജീവിക്കുന്നു. 'സന്തോഷമില്ലാത്ത സ്ത്രീകളാണ് നാലീരങ്കാവ് നിറയെ' എന്ന് നോവലിലുണ്ട്. ഒരുപക്ഷെ ഈ നോവലിലെ ഏറ്റവും വ്യത്യസ്തവും മൗലികവുമായ ഭാവപ്രപഞ്ചമെന്നത് പെണ്ണുങ്ങളുടെ ഈ സങ്കടഗാഥകൾ തന്നെയാണ്.

നാണിയമ്മയുടെ ആരാധനാമൂർത്തിയായിരുന്ന യജമാനന്റെ കഥ കേൾക്കൂ.

'ഇന്നമ്മയുടെ രണ്ടാമത്തെ ഹീറോ അധികാരവീട്ടിൽ യജമാനനാണ്. 'യജമാൻ' എന്നല്ലാതെ അയാളുടെ പേരോ മറ്റോ ഇന്നമ്മ ഒരുകാലത്തും പറഞ്ഞുകേട്ടിട്ടില്ല. സാമ്പത്തികവും അധികാരപരവുമായ പ്രാമാണ്യത്തിനപ്പുറം യജമാനനെ വിഖ്യാതനാക്കിയത് അയാളുടെ മാന്ത്രികസിദ്ധികളായിരുന്നു. കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷമിറപ്പിക്കാൻ യജമാന് നിമിഷനേരം മതിയത്രേ. യജമാനെക്കുറിച്ച് പറയുമ്പോൾ ഇന്നമ്മയ്ക്ക് നൂറല്ല ആയിരം നാവാണെന്ന് മണിക്ക് നേരിട്ടറിയാം. കഥ കേട്ടുറങ്ങുന്ന മണിയുടെ ബാല്യമത്രയും ഇന്നമ്മയുടെ ഉറച്ച ശബ്ദത്തിൽ യജമാൻകഥകൾ മുഴങ്ങിക്കേട്ടു.

ഒരിക്കലൊരു രാത്രി യജമാൻ പതിവുപോലെ നായാട്ടിനിറങ്ങി. കൈയിൽ നീളൻ ഇരട്ടപ്പാത്തിയുണ്ട്. ഒറ്റയ്ക്ക് വേട്ടയ്ക്കിറങ്ങുന്നതാണ് യജമാന്റെ രീതി. ചിലപ്പോൾ കരുണ തോന്നി അദ്ദേഹം മൃഗങ്ങളെയൊന്നും കൊല്ലാതെ തിരികെ വരും. ചെമ്പ്രമലയിലേക്കാണ് വേട്ടയ്ക്കു കയറുക. മലയോടു ചേർന്ന് കുറേ പറയക്കുടുംബങ്ങളും അത്രതന്നെ ചക്ലിയക്കടുംബങ്ങളും താമസിക്കുന്നുണ്ട്. പറയരുടെ പലതരം പാരമ്പര്യങ്ങളോട് സ്വന്തം സ്വത്വം മറന്ന് കൂടിച്ചേർന്നാണ് ചക്ലിയർ കഴിഞ്ഞുപോന്നത്. ഏതോ കാലത്ത് തമിഴ് സംസാരിക്കുന്നിടത്തുനിന്ന് വന്നവരാണ് അവരുടെ പൂർവികർ. മുറം മെടഞ്ഞും കുട്ട നെയ്തുമാണ് അവരും ഉപജീവനം നടത്തുന്നത്. ചിലരൊക്കെ നാടൻ പണികളിലേക്കും ഇറങ്ങി. വന്നുകേറിയവർ എന്ന നിലയിൽ കാട്ടിലേക്കു കേറുംവഴി യജമാൻ ചക്ലിയരുടെ അടുത്ത് ചെന്ന് സുഖവിവരം തിരക്കുമത്രേ.

         

അന്നെന്തായാലും യജമാന് കരുണ തോന്നിയ ദിവസമായിരുന്നു. ഒഴിഞ്ഞ കൈയും മുഷിഞ്ഞ വേഷവുമായി വിയർത്ത് കാടിറങ്ങിവരുമ്പോൾ മുമ്പിലതാ ഒരു ഇല്ലിപ്പടി! അങ്ങോട്ട് പോകുമ്പോൾ ഇല്ലാത്തതാണ്. മുളങ്കമ്പുകൾ വെച്ചു കെട്ടിയത്. യജമാൻ അല്പനേരം ഇല്ലിപ്പടിയിലേക്കു സൂക്ഷിച്ച് നോക്കിയത്രേ. എന്നിട്ട് പുഞ്ചിരിച്ചുകൊണ്ട് ഏതിരുട്ടിലും സൂര്യനെപ്പോലെ തിളങ്ങുന്ന കത്തി അരയിൽനിന്നും എടുത്തു. മുകളിലേക്ക് ഉയർന്നും അല്പമേങ്കോണിച്ചും നിന്നിരുന്ന ഒരു മുളങ്കമ്പ് ഒറ്റവെട്ടിന് അരിഞ്ഞിട്ടുവത്രേ. എന്നിട്ട് ആ വഴി ഇപ്പുറം കടന്ന് തിരിഞ്ഞുനോക്കാതെ നടന്നു.

          പുലർച്ചെ എല്ലാവരും കണ്ണുതുറക്കുന്നത് ചേതിച്ചക്ലിച്ചിടെ കരച്ചിലു കേട്ടാണ്. യജമാൻ മട്ടുപ്പാവിൽവന്ന് ചേതിയെ നോക്കി. ചേതിയുടെ രണ്ട് കണ്ണുകളും നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.

          'യശ്ശമാ....'

          അവൾ യജമാനെ നോക്കി തൊഴുതു. അവളുടെ വയറ്റിൽ യജമാന്റെ ബെൽറ്റമർന്ന പാട് കണ്ടു. ചേതി കരഞ്ഞു.

          'യശ്ശമാ... മാപ്പാക്കണേ. ന്റെ കെട്ടിയവൻ ആളറിയാതെ ചെയ്തതാണേ. കാല് മുറിഞ്ഞുപോയേ. അറ്റുവീഴാൻ ഇത്തിരിയേ ബാക്കിയുള്ളേ. പൊറുക്കണേ. ഇനിയൊരു തെറ്റ് പറ്റാതെ അടിയൻ നോക്കിക്കോളാമേ...

          യജമാൻ ചിരിച്ചു. ഗൂഢമായ ചിരി. മുറ്റത്തിറങ്ങി യജമാൻ മുരടനക്കി. വാല്ല്യക്കാരൻ ഓടിവന്ന് വാപൊത്തി നിന്നു.

          ഇത്തിരി പശുവിൻ നെയ്യ്!

          യജമാൻ കല്പിച്ചു. നെയ്യ് ചിരട്ടയിൽ നിറച്ച് മുമ്പിലെത്തി. ചിരട്ടയോടെ കൈയിലെടുത്ത് എന്തൊക്കെയോ ജപിച്ചു. ശേഷം ചേതിയുടെ കൈയിലേക്ക് വാല്ല്യക്കാരൻ വഴി കൊടുപ്പിച്ചു.

          'കൊണ്ടുപോയി മുറിവില് തേക്ക്യാ. ന്നിട്ട് കാല് ചേർത്തുപിടിക്ക്യാ. ഒക്കെ ശരിയാവും. നെന്നെ കരുതീട്ടാ പൊറുക്കണത് ചേത്യേ. മറക്കണ്ട. ന്റെ മുമ്പില് മേലാൽ ഒടിയൻ മറിയരുതെന്ന് കർശനായിട്ട് പറഞ്ഞ്വോള്വാ. ഇല്ലച്ചാ... കെട്ടിയവൻ ണ്ടാവില്ല നെനക്ക്'.

          'ചേതി തൊഴുത് മടങ്ങി. നെയ്യ് തേച്ചതും കാലിലെ മുറിവ് കൂടിയത്രേ. കാളയായി ഒടിമറഞ്ഞ രണ്ടു പറയരെ നുകത്തിൽ കെട്ടി വല്ല്യകണ്ടം പൂട്ടിച്ച ആളാ യജമാൻ. അന്ന് പറയര് തൊഴുതു സത്യം ചെയ്തുപോയതാ. യജമാന്റെ നാട്ടില് ഇനി ഒടിമറയില്ലാന്ന്. പിന്നെയാപ്പൊ ചക്ലിയർടെ ഒടിസേവ. കരണ്ടൊക്കെ നമ്മടെ നാട്ടില് വരണതിന് മുമ്പന്നെ ഒടിവിദ്യ നിന്നുപോയത് അങ്ങനെയാ'.

ഇന്നമ്മ കഥ പറഞ്ഞുകഴിഞ്ഞ് പൊട്ടിച്ചിരിക്കും. യജമാന്റടുത്താ അവന്റെ ഒടിവിദ്യ! ഹ ഹ ഹ!.

          ഒരിക്കൽ യജമാൻ ഉറങ്ങാൻ പോകുംമുമ്പ് വാല്ല്യക്കാരോട് പറഞ്ഞത്രേ.

          അല്പം കഴിഞ്ഞാൽ വടക്ക്ന്ന് ഒരു കൂട്ടര് വരും. വിഷം തീണ്ടീട്ട്. ജീവന്ണ്ടാവും. ന്നാലും തിരിച്ച് വിട്ടോളു, ആയുസ്സില്ല്യ. ന്നെ വിളിക്കണ്ട. പിന്നെ നാലു നാഴിക കഴിഞ്ഞ് തെക്ക്ന്ന് ഒരു കൂട്ടര് വരും. ഇവ്‌ടെത്തെമ്പോ നെലവിളിയാവും. മരിച്ചൂന്ന് പറയും. ന്നാലും മടക്കണ്ട. ന്നെ വിളിക്ക്യ. ആയുസ്സ് ഇനീണ്ട് ബാക്കി.

          പറഞ്ഞപോലെ ആദ്യത്തെ കൂട്ടര് വടക്കുനിന്ന് വന്നു. രോഗിയെ പല്ലക്കിൽ ചുമന്നാണ് കൊണ്ടുവന്നത്. ചെറുപ്പക്കാരൻ. അയാൾക്ക് കാഴ്ചയിൽ പ്രശ്‌നമൊന്നും തോന്നിയില്ല. കാലിൽ കടിച്ച ഭാഗത്ത് അല്പം നീരുവന്നിട്ടുണ്ട്. കടിച്ച പാമ്പിനെക്കുറിച്ചൊക്കെ രോഗിതന്നെ സംസാരിച്ചു. വാല്ല്യക്കാരൻ തറപ്പിച്ചു പറഞ്ഞു. ഇവിടെ എടുക്കില്ല, പൊയ്‌ക്കോളൂ എന്ന്. രോഗി ദേഷ്യപ്പെട്ടാത്രേ പോയത്.

          'വേറെ എവ്‌ടേച്ചാൽ പോകാം. എനിക്ക് കൊഴപ്പോന്നും ഇല്ലാ'.

          അയാൾ പല്ലക്ക് ചുമക്കുന്നവരോട് പറഞ്ഞു. അവര് പോയി ഒരു നാഴിക തീർന്നില്ല. പോയ വഴിയിൽനിന്ന് നിലവിളി കേട്ടു. പല്ലക്ക് ചുമന്ന ഒരുത്തൻ ഓടിവന്ന് അറിയിച്ചിട്ടുപോയി. ചോര ഛർദ്ദിച്ച് മരിച്ചു!

          പിന്നെയും മൂന്ന് നാഴിക കഴിഞ്ഞ് തെക്കുനിന്നുള്ള കൂട്ടര് വന്നു. പടിപ്പുരയിൽനിന്നുതന്നെ അവർ നിലവിളിച്ചു. വാല്ല്യക്കാരൻ അങ്ങോട്ട് ഓടിച്ചെന്നു നോക്കി. അവർ തിരിച്ചുപോകാൻ ഒരുങ്ങുന്നുവത്രേ. ഒരാൾ കരഞ്ഞുകൊണ്ട് പറഞ്ഞു.

          'എത്തിക്കാൻ പറ്റിയില്ല. ഇതുവരേം ജീവനുണ്ടായിരുന്നു. ദാ ഇവിടെവരെയേ എത്തിയുള്ളൂ. പോയി. യജമാനെ കാണിക്കാൻ ഭാഗ്യം കിട്ടിയില്ല.

          വാല്ല്യക്കാർ പരസ്പരം നോക്കി പുഞ്ചിരിച്ചു. എന്നിട്ട് അവരെ അകത്തേക്ക് വിളിച്ചു. യജമാനെ ഉണർത്തി. യജമാൻ മരുന്നുണ്ടാക്കി മൃതദേഹത്തിന്റെ വായിലൊഴിച്ചു. മരുന്ന് ഇറങ്ങാതെ വന്നപ്പോൾ നാവ് പിടിച്ച് പുറത്തേക്ക് വലിച്ചു. മരുന്ന് ഇറങ്ങിപ്പോയി. കൈ കഴുകി എഴുന്നേറ്റ് യജമാൻ എല്ലാവരോടുമായി പറഞ്ഞു.

          നമ്മുടെ മിടുക്കല്ല. ആയുസ്സിന്റെ ബലം. പുലർച്ചെ എഴുന്നേൽക്കും. ചായ കുടിച്ചിട്ട് എല്ലാവർക്കുംകൂടി നടന്നുപോകാം.

          യജമാൻ വീണ്ടും ഉറങ്ങാൻ കിടന്നു. പുലർച്ചെ കോഴി കൂവിയപ്പോൾ മരിച്ചയാൾ എഴുന്നേറ്റിരുന്നു. വലിയ ഒരു ഉറക്കം കഴിഞ്ഞതുപോലെ അയാൾ കണ്ണുതിരുമ്മി ചുറ്റും നോക്കി. അപ്പോൾ കറന്നെടുത്ത പശുവിൻ പാലൊഴിച്ച ചായ എല്ലാവർക്കുമായി എത്തി. അവർ സന്തോഷത്തോടെ തിരിച്ചുപോയി. മറ്റൊരിക്കൽ യജമാനെ പരീക്ഷിക്കാൻവേണ്ടി ഒരു കൂട്ടർ വന്നൂത്രെ. ഏതോ പ്രമാണി പറഞ്ഞയച്ചതാണ്. ചെക്കന്മാരാ വന്നത്. കൈതടെ മുള്ളുകൊണ്ട് മുറിപ്പാടുണ്ടാക്കി ക്ഷീണൊക്കെ അഭിനയിച്ച്. കണ്ടപാടെ യജമാന് കാര്യം മനസ്സിലായി.

          'വൈകിയല്ലോ മക്കളെ. നമുക്കിനി ഇതിലൊന്നും ചെയ്യാനില്ല. കൈതോലമൂർഖനാ. നേരത്തെ എത്തിക്കാൻ പറ്റിയിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു'.

          വന്നവർ പരസ്പരം നോക്കി ചിരിച്ചു. നാഴിക ഒന്നു കഴിയും മുമ്പ് ചിരി നിന്നു. രോമങ്ങളിൽനിന്നുപോലും ചോര പൊടിഞ്ഞ് നടൻ മരിച്ചുവീണു.

          ഒരിക്കൽ വേട്ട കഴിഞ്ഞ് യജമാൻ കൈയും വീശി വന്നു. ഇറച്ചിയിലേക്കുള്ള മസാല അരച്ച് വാല്ല്യക്കാരൻ കാത്തുനിന്നത് വെറുതെയായി. ക്ഷീണിച്ച് വന്ന യജമാൻ കൈയും മുഖവും കാലും കഴുകി ഉണ്ണാനിരുന്നു. അകത്തമ്മ നെഞ്ചിൽ കൈവെച്ചു. കഞ്ഞി മാത്രമേ ഉള്ളൂ. വെടിയിറച്ചി പാകം ചെയ്‌തേ കഴിക്കു എന്നു വിചാരിച്ചു. കഞ്ഞി മതിയെന്ന് നേരത്തേ പറഞ്ഞിരുന്നു. കിണ്ണത്തിൽ ആവി പാറുന്ന കഞ്ഞി മുന്നിലെത്തി. യജമാൻ തല ഉയർത്തി നോക്കി. അകത്തമ്മ മുണ്ടിന്റെ കോന്തലകൊണ്ട് കണ്ണുതുടച്ചു.

          'എന്താ. ആരെങ്കിലും ചത്തോ, നിന്ന് നെലോളിക്കാൻ?'

          യജമാൻ പകുതി തമാശയായി ചോദിച്ചു. അകത്തമ്മ മിണ്ടിയില്ല. യജമാന് കാര്യം മനസ്സിലായി.

          'മോര്‌ണ്ടോ ഉള്ളില്? അതും ഒരു ഗ്ലാസ് വെള്ളോം ഇങ്ങ്ട് തര്വാ'.

          മോരും വെള്ളവും മുന്നിലെത്തി. മോര് കഞ്ഞിയിലേക്കൊഴിച്ചു. വെള്ളം കൈയിലെടുത്ത് നെഞ്ചിലേക്ക് ചേർത്ത് എന്തോ മന്ത്രിച്ചു. എന്നിട്ട് വലതുഭാഗത്തെ തിണ്ണയിലേക്ക് തളിച്ചു. നിമിഷനേരം കൊണ്ട് അവിടെയൊരു മുളകിൻതൈ മുളച്ചൂത്രെ. കാന്താരി മുളക് അതിന്റെ എല്ലാ ശിഖരത്തിലും തല ഉയർത്തി നിന്നു. അതിൽനിന്ന് കൈയെത്തിച്ച് നാലെണ്ണം പറിച്ചുചാലിച്ച് കഞ്ഞി കുടിച്ചു യജമാൻ. കൈ കഴുകുമ്പോൾ അല്പം വെള്ളംകൂടി മുളകുചെടിയിൽ തളിച്ചു. അത് അവിടെ നിന്ന് അപ്രത്യക്ഷമായി. അകത്തമ്മയുടെ കണ്ണുകൾ അത്ഭുതത്തിൽ തിളങ്ങി'.

          മണിയൻ, മുഖർജി, അൾത്താര, നിരേൻ എന്നിവരിലൂടെ പ്രത്യക്ഷവൽക്കരിക്കുന്ന ഭൂതകാലത്തിലേക്കും ചോരവേരുകളിലേക്കുമുള്ള ജീവിതാവേഗങ്ങളുടെ ഭാവലോകമാണ് 'ഓർമ്മച്ചാവി'ന്റെ മൂന്നാമത്തെ ആഖ്യാനതലം. മണിയന്റെ ദുരന്തം ഓർമകളുടെ ചാവ് മാത്രമല്ല ഭൂതത്തിന്റെ നോവ് കൂടിയാണ്. ഇന്നമ്മ മുതൽ വല്ലിവരെയുള്ളവരുമായി പങ്കിട്ട ജീവിതത്തിന്റെ കയ്പുകൾ മാത്രമാണ് അയാളുടെ നാവിൽ നരഞ്ഞുപൊന്തുന്നത്. നിരേനും 'നോവ്' എന്ന വാക്ക് തന്നെ ഉപയോഗിച്ച് തന്റെ കഷ്ടകാണ്ഡങ്ങൾ ഓർത്തെടുക്കുന്നുണ്ട്. മുഖർജി യഥാർഥത്തിൽ ആരാണ്? സ്‌നേഹരാഹിത്യങ്ങളിൽ നൊന്ത്, ചെറുപ്പത്തിലേ നാടുവിട്ട്, ആത്മഹത്യക്കൊരുങ്ങിയെങ്കിലും കഴുത്തു മുറിക്കാതെ കടന്നുപോയ തീവണ്ടിയുടെ മുഴക്കം ജീവിതം മുഴുവൻ ഏറ്റുവാങ്ങേണ്ടിവരുന്ന രാമൻ തന്നെയാണയാൾ. മണിയന്റെ സഹോദരൻ. ചോര. അൾത്താര അർബുദം ബാധിച്ചു മരിച്ച അമ്മക്കും ഒറ്റക്കു ജീവിക്കുന്ന അപ്പനുമിടയിൽ തന്റെ വാഴ്‌വിന്റെ നേരുകളും വേരുകളും തിരയുന്നു. നിരേൻ അമ്മയെ തേടി നാട്ടിലേക്കു പോകുമ്പോൾ അൾത്താര അപ്പച്ചനെ തേടി വീട്ടിലേക്കു മടങ്ങുന്നു. ഈ നാലു കഥാപാത്രങ്ങളും തങ്ങളുടെ വേരുകളിലേക്കു നടത്തുന്നതോ നടത്താൻ കൊതിക്കുന്നതോ ആയ മടക്കയാത്രയുടെ കഥയാണ് നോവൽ. ഓർമ്മകളെയും ഓർമ്മനഷ്ടങ്ങളെയും അതിനുള്ള മാർഗരേഖയാക്കി വികസിപ്പിക്കുന്നു ശിവപ്രസാദ്. ബോധധാരപോലെ കലങ്ങിമറിയുന്ന സ്മൃതികളുടെയും അവക്കിടയിൽ ശൂന്യത നിറക്കുന്ന സ്മൃതിനാശങ്ങളുടെയും ഈ ആവിഷ്‌ക്കരണം വായിക്കൂ. 'ഓർമ്മച്ചാവി'ന്റെ ഭാവകേന്ദ്രത്തിലേക്കുള്ള വാതിലാണിത്.

          'ഒരു രാത്രി മാത്രമുള്ള തുള്ളലാണ്. മൂന്ന് കളങ്ങൾ. വീടിനോട് ചേർന്ന് തലയാനിപ്പറമ്പിലേക്കിറങ്ങുന്ന മുൻഭാഗത്തെ പറമ്പിൽ എല്ലാ സൗകര്യങ്ങളും ചെയ്ത് തുള്ളലിന് കളമൊരുങ്ങി. കുടുംബക്കാരും നാട്ടുകാരുമടങ്ങുന്ന കുറേയേറെ കാണികൾ. ആകെയൊരു ഉത്സവപ്രതീതി. മണി തുള്ളൽ തുടങ്ങുംമുമ്പ് അല്പം കുടിക്കുകയും ചെയ്തു.

          ഗണപതിപൂജയ്ക്കുശേഷം പുള്ളുവർ കളം വരയ്ക്കാൻ തുടങ്ങി. പല നിറങ്ങൾ. ചിരട്ടയിൽ നിറച്ച ചായപ്പൊടി എത്ര മനോഹരമായാണ് വലിയ സർപ്പത്തലയായി മണ്ണിൽ രൂപപ്പെടുന്നത്. പുള്ളുവൻ രാമനാണ് തുള്ളൽ നടത്തുന്നത്. വലിയ പേരുള്ള ആളാണ്. വിളിച്ചാൽ ഏതു നാഗവും ഓടിയെത്തും. കളം വരച്ചു കഴിഞ്ഞാൽ കളത്തിൽ കമ്മൾ കളം പൂജിക്കണം. മണിയോട് ആരോ കളത്തിൽ കമ്മളാകാൻ പറഞ്ഞു. കുടിച്ചത് മനസ്സിലായപ്പോൾ പറഞ്ഞയാൾ തിരിച്ചുപോയി. ദേവിയുടെ ഭർത്താവാണ് കമ്മളായത്. അയാൾക്ക് പരികർമ്മികളും ഉണ്ടാകും. വേഗത്തിലുള്ള രാമന്റെ നിർദ്ദേശങ്ങൾ കളത്തിൽ കമ്മൾ നടപ്പിലാക്കി. ചിലത് കാണികളിൽ ചിരിയുണർത്തി. ചിരികൾക്കു മുകളിലേക്ക് രാമന്റെ പുള്ളുവർക്കുടം ഭ്രമാത്മകമായ നാദമുണ്ടാക്കി. കളം പൂജയ്ക്കുശേഷം പുള്ളുവരിലൊരാൾ കാണികൾക്കായി പന്തമുഴിച്ചിൽ നടത്തി. അയാളുടെ ശരീരത്തിൽ തീനാവുകൾ നക്കിത്തുടച്ചു.

          പന്തമുഴിച്ചിൽ കഴിഞ്ഞപ്പോൾ കന്യകമാർ കളം തൊഴുത് കളത്തിലിരുന്നു. കൈയിൽ ഓരോ പൂക്കുലയുമായി അവർ കളത്തിന്റെ നടുക്കിരുന്നു. പുള്ളുവർ വീണയും കുടവും ഉപയോഗിച്ച് പശ്ചാത്തലമൊരുക്കി. രാമന്റെ കനത്ത ശബ്ദം നാഗങ്ങളെ വിളിച്ചുവരുത്തി.

          അമ്മയുടെ വരം വാങ്ങി

          എങ്ങുപോയ് അനന്തൻ...

          ആദ്യം കന്യകമാരിലൊരാൾ. പിന്നെ പുറത്ത് കണ്ടുനിന്ന രണ്ടുപേർ. അവർ ഉറഞ്ഞുതുള്ളി കളം മായ്ച്ചു. കളത്തിലൂടെ നാഗങ്ങളായി ഇഴഞ്ഞു. ശരീരമാകെ പല വർണ്ണക്കൂട്ടുകൾ പുതിയ ചിത്രം വരച്ചു. ഉറഞ്ഞവർ പൂക്കുലകളുമായി ഓടി. കീഴാറ്റിലെ പറമ്പിൽ കുടിവെച്ച പാമ്പുങ്കാവിൽ പൂക്കുല കുത്തിനാട്ടിയശേഷം തിരിച്ചുവന്ന് ആടാൻ തുടങ്ങി.

          പിന്നെ രാമന്റെ ഊഴമാണ്. ആടാൻ അനുവദിച്ചശേഷം അയാൾ പാട്ടുനിർത്തി നാഗങ്ങളോട് സംസാരിക്കാൻ തുടങ്ങി. നാഗത്തിന്റെ പേര് ചോദിച്ചു. അനുഗ്രഹം വാങ്ങി. കളം ഇഷ്ടപ്പെട്ടോ എന്ന് അന്വേഷിച്ച് വ്യക്തത വരുത്തി. ഒടുവിൽ തളർന്ന് വീണ തുള്ളലുകാരെ ഇളനീർ കൊടുത്ത് വിശ്രമിക്കാൻ വിട്ടു. രാമന്റെ കൂടെ വന്ന പുള്ളുവത്തി അടുത്ത കളം വരയ്ക്കാനുള്ള നിലമൊരുക്കി.

          ഒരു കളം കഴിഞ്ഞ ഇടവേളയിൽ മണി വീട്ടിലേക്ക് നടന്നു. മുറിയിലെത്തി അല്പം കൂടി കുടിച്ചു. ഉണങ്ങിയ ചെടി ചുരുട്ടിവലിച്ചു. മണിക്ക് എന്തെന്നില്ലാത്ത ആനന്ദം തോന്നി. അയാൾ പുറത്ത് മുറ്റത്തിറങ്ങി നിലാവ് കണ്ടു. ആർത്തിയോടെ ഇലകൾക്കുമേൽ ഒഴുകിപരക്കുന്ന നിലാവ്. അടുത്ത കളത്തിന്റെ പാട്ട് കേൾക്കുന്നുണ്ട്. ആരെങ്കിലും ഉറഞ്ഞുതുള്ളി ഇതുവഴി ഓടുമെന്ന് മണി ഓർത്തു.

          വത്സല കളം കണ്ട് മാറിയിരിക്കുകയായിരുന്നു. കന്യകമാർ ഉറയാൻ വൈകുന്നതെന്തെന്ന് അവൾ ആലോചിച്ചു. വത്സല റഹ്മത്തിനെക്കുറിച്ചോർത്തു. അവൾക്കും കളം കാണാൻ വരാമായിരുന്നല്ലോ എന്നും. എത്രകാലമായി അടുത്തുകണ്ടിട്ട്! കത്തിനൊന്നും മറുപടിയുമില്ല. വല്ലപ്പോഴും വന്നുപോകുന്നുണ്ട് വീട്ടിൽ. പക്ഷേ.....

          രാമന്റെ ശബ്ദം തലയിലാകെ മുഴങ്ങിപ്പരക്കുന്നു. കുടത്തിന്റെ ഭ്രമിപ്പിക്കുന്ന ശബ്ദം. ഉള്ളംകാലിൽനിന്ന് ഒരു തരിപ്പ് ഇരച്ചുകയറുന്നതായി വത്സലയ്ക്ക് തോന്നി. തരിപ്പ് ഉടലാകെ പരക്കുന്നു. ഭാരമില്ലാത്ത അവസ്ഥ. അസ്ഥികൾ ഉരുകിയൊലിക്കുന്നു. ശരീരവും ഒലിച്ചിറങ്ങുകയാണ്. എന്നോ ഉറച്ചുപോയത്. കളത്തിലേക്ക് അത് പതുക്കെ നീങ്ങുന്നു. നിറങ്ങളുടെ ചോലയാണ് ഒഴുകുന്നത്. കളത്തിലെ പല നിറങ്ങൾചേർന്ന ചോല. ഒഴുകിയൊഴുകി ചോല നിലാവ് പൂത്തുകിടക്കുന്ന വീട്ടുമുറ്റത്തെത്തി. അവിടെ മണി കാത്തുനില്ക്കുന്നുണ്ടായിരുന്നു.

          നിലാവിൽ കുളിച്ചുനില്ക്കുന്ന റഹ്മത്തിനെ മിന്നായംപോലെ കണ്ടതായി വത്സലയ്ക്ക് തോന്നി. ഹൂറിയാണവൾ. അസർമുല്ല മണക്കുന്ന ശരീരത്തിന്റെ ഉടമ. വത്സല റഹ്മത്തിനോട് ചേർന്നുനിന്നു.

          ഒഴുകിയെത്തിയ ചോലയിലേക്ക് മണി ആവേശത്തോടെ നോക്കി. അമ്മയുടെ ചിലമ്പിച്ച ഒച്ച കേൾക്കുന്നു. വിളിക്കുകയാണ്. അതോ ഇന്നമ്മയോ? അമ്മിണിയുടെ വിരലുകൾക്ക് എന്തൊരു ചന്തമാണ്. നീലിയുടെ ചുഴിയാണ് മുമ്പിൽ. ഇറങ്ങി. മതിവരുവോളം നീന്തിത്തുടിച്ചു. മുറ്റത്തിന്റെ മൂലയിൽ ഇരുട്ടും നിലാവും രമിച്ചുകിടക്കുന്ന പുൽനാമ്പുകളിൽ രണ്ടുനാഗങ്ങൾ ഇണചേർന്നു.

          വത്സല റഹ്മത്തിനെ മാത്രം കണ്ടു. മണി ചായങ്ങളുടെ ഒരു ചുഴിയും.

          അണ തകർന്നതുപോലെ വത്സല ഉണർന്നു. ഇടറുന്ന കാലടികളോടെ നടന്നുപോകുന്ന ആളെ അവൾ കണ്ടു. അത് റഹ്മത്തല്ല. മണിയാണ്. വത്സലയ്ക്ക് സ്വന്തം ശരീരം ചുട്ടുപൊള്ളുന്നതുപോലെ തോന്നി. തീനാവുകൾ പന്തങ്ങളായി മേലാകെ നക്കിത്തുടയ്ക്കുന്നു. അസഹ്യമായ ചൂടാണ് മേലാകെ. അവൾ സ്വപ്നത്തിലെന്നപോലെ എണീറ്റ് നടന്നു.

                   പാടം കടന്ന്.....

                   പറമ്പ് കടന്ന്.....

                   അമ്പലക്കുളത്തിന്റെ തണുപ്പുവരെ

                   തണുപ്പിലേക്ക് ചൂടുള്ള തന്റെ ശരീരം.....

                   തണുക്കട്ടെ.

                   മതിയാവോളം തണുക്കട്ടെ.

          മണി മുറിയിലെത്തി കണ്ണാടിയിൽ നോക്കി. മുഖവും ശരീരവും ചായങ്ങളുടെ മേളനമാണ്. അയാൾ കുളിമുറിയിൽ കയറി കുളിച്ചു. തലയിൽ തണുത്ത വെള്ളം വീണപ്പോൾ ലഹരി ഇഴഞ്ഞിറങ്ങിപ്പോയി. ആരായിരുന്നു അത്? അയാൾ ഓർക്കാൻ ശ്രമിച്ചു. ചായങ്ങൾ നിറഞ്ഞ ഒരു ശരീരം മാത്രം തെളിഞ്ഞു. ഏതോ കന്യക തനിക്കുള്ള പൂക്കുലയുമായി വന്നതാണെന്ന് അയാൾക്കു തോന്നി.

          പിറ്റേന്ന് കുളക്കടവിൽ എടുത്തു കിടത്തിയ വത്സലയുടെ ശരീരത്തിലേക്ക് മണി നോക്കി. അവളുടെ മുഖം ആരോ നേരെ വെച്ചു. കുളത്തിലെ വെള്ളത്തിന് കഴുകിക്കളയാനാകാത്ത നാഗക്കളത്തിലെ ഛായം ആ മുഖത്ത് പറ്റിപ്പിടിച്ചുനിന്നിരുന്നു. മണി കണ്ടു. അയാളുടെ ഉള്ളിൽ ഒരു മലയപ്പാടെ ഇടിഞ്ഞ് കുത്തിയൊലിച്ചു. അതിന്റെ ഊക്കിൽ അയാൾ വീണു.

          മണി മരിച്ചു.

          പൊടുന്നനെ.

          ഒരു ഓർമത്തുണ്ടിൽ'.

          'ഓർമ്മകളുടെ നാടകശാല'യിൽ തുള്ളിനിറയുന്ന ഒരുപറ്റം മനുഷ്യരുടെ ഭ്രാന്തവും ശ്രാന്തവുമായ അനുഭൂതിലോകങ്ങളെക്കുറിച്ചുള്ള രേഖീകരണങ്ങളായി 'ഓർമ്മച്ചാവ്' മാറുന്നതിങ്ങനെയാണ്. 

നോവലിൽനിന്ന്

'നാണിയമ്മയുടെ രണ്ട് പെൺമക്കളിൽ മൂത്തയാൾക്ക് രണ്ട് പെൺകുട്ടികളാണ്. ദേവിയും വത്സലയും. രണ്ടാമത്തെ മകൾക്കാകട്ടെ രണ്ട് ആൺകുട്ടികളും അതിലെ രണ്ടാമനാണ് മണിയൻ. മണിയനെക്കാൾ രണ്ടുവയസ്സ് മൂപ്പുള്ള ജ്യേഷ്ഠൻ രാമൻ തന്റെ പന്ത്രണ്ടാം പിറന്നാളിന്റെയന്ന് നാടുവിട്ടുപോയി. എവിടെയാണെന്നോ എന്തായെന്നോ ആർക്കുമറിയില്ല. മണിയനെ നാണിയമ്മ നഷ്ടപ്പെട്ട മകനെയെന്നോണം സ്‌നേഹിച്ചു. അവൻ തിരിച്ചുവന്നതാണെന്ന് അവർ എല്ലാവരോടും പറഞ്ഞുനടന്നു. അവന്റെ അച്ഛൻ കോങ്ങാട് സ്വന്തം അമ്മയെ നോക്കി നിന്നപ്പോൾ ആ അകലം നാണിയമ്മ ആഗ്രഹിച്ചതുപോലെയായി. മണിയന് മറ്റ് അവകാശികളുണ്ടാകുന്നത് അവർക്ക് സഹിച്ചില്ല. അവന്റെ അമ്മപോലും അവനെ ലാളിക്കുന്നത് അവരിൽ കുശുമ്പുണ്ടാക്കി. ആദ്യം അച്ഛനും തൊട്ടടുത്ത വർഷം അമ്മയും മരണപ്പെടുകയും രണ്ടിന്റേയും ഇടയിൽ ജ്യേഷ്ഠൻ നാടുവിട്ടുപോവുകയും ചെയ്തപ്പോൾ മണിയൻ ഒറ്റയാനായി. അവൻ പക്ഷേ അതൊന്നും അറിഞ്ഞതേയില്ല. നാണിയമ്മ അവനെ തന്റെ ചിറകിനടിയിൽ സുരക്ഷിതമാക്കി നിർത്തി. അവരവന് ഒരു കുറവും വരുത്തിയില്ല. ഒപ്പം കിടത്തി വളർത്തി. നിർലോപം ലാളിച്ചു.

മണിയന്റെ ജാതകമെഴുതാൻ പേരുകേട്ട പണിക്കരെത്തി. ഗംഗാധരപ്പണിക്കർ കവടികൾ നിരത്തി ആലോചനയിലാണ്ടു. അയാൾ നാണിയമ്മയോട് വെട്ടിത്തുറന്ന് പറഞ്ഞു.

'ഇത് ഇപ്പൊ എഴുതണ്ടാ നാണിയമ്മേ. നിങ്ങടെ കുട്ടിടെ ജാതകത്തോട് വല്ലാത്തൊരു പൊരുത്തം. ഒമ്പതും മുപ്പത്തിയാറും. രണ്ടും കടന്നുകിട്ടണം. ഇതുതന്നെയല്ലേ അന്നും ഞാൻ പറഞ്ഞത്/ അന്ന് ഒമ്പത് കടക്കാൻ പറ്റിയില്ലല്ലൊ. എല്ലാം മുകളിലുള്ളവന്റെ കൈയിലല്ലേ.... എന്തായാലും ഒമ്പത് കഴിയട്ടെ. ന്ന്ട്ടാവാം ഓലയിലെഴുത്ത്'.

നാണിയമ്മയുടെ ഉള്ള് പഴുത്തു. അവർ പണിക്കരെ ദയനീയമായൊന്ന് നോക്കി. പണിക്കർ തല താഴ്‌ത്തി.

'ശിവന് കൊടുക്ക്വാ വേണ്ടതൊക്കെ. പിന്നെ അമ്മയ്ക്കും ഏട്ടത്തിക്കും. അടുത്ത ആരെങ്കിലുമൊക്കെ ഏറ്റുവാങ്ങും ചെലപ്പൊ. അങ്ങനെയും കാണണുണ്ട്'.

ദക്ഷിണ വാങ്ങാതെ പണിക്കര് മടങ്ങി. നാണിയമ്മയോടൊപ്പം മണിയന്റെ അമ്മയും കരഞ്ഞു. കോങ്ങാട്ടിലെ അച്ഛൻ ഒന്നുമറിഞ്ഞില്ല. പേരറിയാവുന്ന ദൈവങ്ങൾക്കെല്ലാം നാണിയമ്മ നേർച്ചകൾ നേർന്നു. ഉള്ളുരുകി പ്രാർത്ഥിച്ചു. അപകടമില്ലാതെ ഒമ്പത് കടന്നു മണിയൻ. ഒമ്പതാം പിറന്നാൾ വഴിപാടും പ്രാർത്ഥനയുമായി കഴിഞ്ഞു. പണിക്കർ വീണ്ടും വന്നു. ജാതകമെഴുതി. മുപ്പത് കഴിഞ്ഞുള്ള ചെറിയ ദശാസന്ധിമാത്രം പറഞ്ഞു. ബാക്കിയെല്ലാം നല്ലതുതന്നെ. ഒമ്പത് കടന്നപോലെ അതും കടന്നുപോയേക്കും. എങ്കിലും ജീവിതമൊട്ടുക്ക് സംഗതിവശാൽ അനാഥത്വമുണ്ട്. അനുഭവത്തിൽ അങ്ങനെ വരില്ലെന്ന് കരുതാം. ബാക്കി എല്ലാ യോഗങ്ങളും നിറയെ കാണുന്നുണ്ട്.

          ചമ്രം പടിഞ്ഞ് നാണിയമ്മയുടെ മുമ്പിലിരുന്ന മണിയനെന്ന ഒമ്പതുകാരന് പണിക്കർ പറഞ്ഞതൊന്നും അത്ര മനസ്സിലായില്ല. എല്ലാവരും ഉള്ളപ്പോൾ അനാഥനാവുന്നതെങ്ങനെയെന്ന് അവൻ ആലോചിച്ചു. പണിക്കർ ജാതകമെഴുതി ദക്ഷിണവാങ്ങിച്ച് പോയതിന്റെ ഇരുപത്തിയൊന്നാം നാൾ കോങ്ങാട്ടിൽനിന്ന് ആദ്യത്തെ ആളുവന്നു. മണിയന്റെ അച്ഛമ്മ വളപ്പിലെ കിണറ്റിൽവീണ് മരിച്ചത്രേ. എല്ലാവരും പോയി. കണ്ടുവന്നു. അച്ഛനവിടെ ഒറ്റയ്ക്കായി. എന്നിട്ടും കൂടെ വന്നില്ല. എന്തേ വരാത്തതെന്ന് മണിയൻ അമ്മയോട് ചോദിച്ചു. ചടങ്ങുകളൊക്കെ കഴിഞ്ഞ് വരുമെന്ന് അമ്മ അവനെ ആശ്വസിപ്പിച്ചു. നാണിയമ്മ മരുമകനോട് വരാൻ പറഞ്ഞില്ല. പിന്നെയും നാല്പത് ദിവസം കഴിഞ്ഞപ്പോൾ കോങ്ങാട് നിന്ന് രണ്ടാമതും ആൾ വന്നു. ഇത്തവണ മണിയന്റെ അമ്മ അലമുറയിട്ട് കരഞ്ഞു. അവർ മണിയന്റെ മുഖത്തേക്ക് നോക്കി വിരുമ്പി. ഒരു നിമിഷം അവനെ ദേഷ്യത്തോടെ നോക്കി.

          മണിയന്റെ പിന്നീടുള്ള എല്ലാ പിറന്നാളുകളും നാണിയമ്മ ആഘോഷമാക്കി. അച്ഛൻ മരിച്ചിട്ട് ഒരു വർഷം തികയും മുമ്പുവന്ന പത്താം പിറന്നാൾപോലും നാണിയമ്മ കൊണ്ടാടി. അതേവർഷം പന്ത്രണ്ട് തികഞ്ഞ മണിയന്റെ ജ്യേഷ്ഠൻ രാമന്റെ പിറന്നാൾ ആരുമറിഞ്ഞില്ല. അവന്റെ വല്ല്യമ്മ അമ്പലത്തിൽപോയി എന്നുമാത്രം. ആരുമറിയാത്ത ആ പിറന്നാളിന്റെ അന്ന് രാമനെ കാണാതായി. നാട് മുഴുവൻ തെരഞ്ഞു. തീവണ്ടി കയറിയെന്ന് ആരോ പറഞ്ഞു. അന്നുമുതൽ മണിയന്റെ അമ്മ കിടപ്പിലായി. മുഖം ചോര വാർന്ന് വിളറി. ആ മാസത്തെ തീണ്ടാരി അവരെ കൊണ്ടുപോയി. നിർത്താതെവന്ന ചോര മഹാപ്രളയംപോലെ വടക്കേറയിൽ തളം കെട്ടിനിന്നു. മണിയനെ നാണിയമ്മ വടക്കേറയിലേക്ക് വിട്ടില്ല. അവനുവേണ്ടി അവർ കരയാതെ പിടിച്ചുനിന്നു. മണിയനെ ദുഃഖമറിയിക്കാതിരിക്കാൻ അവർ അവന്റെ മുമ്പിൽ ആനകളിച്ചു. പത്തുവയസ്സുകാരൻ അമ്മമ്മയുടെ കോപ്രായം കണ്ട് അമ്പരന്നു. നാണിയമ്മ അവനെ കെട്ടിപ്പിടിച്ച് ഉറക്കി. ഓരോ ഉറക്കം കഴിഞ്ഞ് ഉണരുമ്പോഴും അവരവനെ കൂടുതൽ ചേർത്തുകിടത്തി.

          അൾത്താരയ്ക്ക് എല്ലാം തിരശ്ശീലയിലെന്നപോലെ കാണാനാവുന്നുണ്ട്. മകൾ മരിച്ച ദുഃഖത്തിലും മണിയനെ സ്വന്തമായതിന്റെ ആനന്ദമുണ്ടായിരുന്നോ നാണിയമ്മയുടെ കണ്ണുകളിൽ? പിന്നീട് പൊടിമീശ മുളച്ചിട്ടും അമ്മമ്മയുടെമേൽ ഒട്ടിക്കിടക്കുന്ന മണിയനെ അവൾ കണ്ടു. അമ്മമ്മ ഉറങ്ങുമ്പോൾ മണിയന്റെ കൈകൾ അവരെ തഴുകുന്നു. അവരുടെ എല്ലായിടത്തും അവന്റെ വിറയ്ക്കുന്ന വിരലുകൾ.

          അൾത്താര നടുക്കത്തോടെ കിടക്കയിൽനിന്ന് ചാടിയെഴുന്നേറ്റു. ഛെ! എന്തൊക്കെയാണ് ആലോചിച്ചുകൂട്ടുന്നത്. അവൾക്ക് അവളോടുതന്നെ വെറുപ്പുതോന്നി. പുറത്തെ നിലാവിലേക്ക് അവൾ ജാലകം തുറന്നു കിട്ടിയ തഞ്ചത്തിന് തണുത്ത കാറ്റ് മുറിയിലേക്ക് കുതിച്ചുകേറി.

          നിലാവിലൂടെ അപ്പുറത്തെ വീടിന്റെ ഗെയ്റ്റ് കാണാം. എം.എ. ക്കാരന്റെ വീടാണത്. കല്യാണം ഉറപ്പിച്ചിട്ടൊന്നും ഒരു മാറ്റവുമില്ല. നിത്യം മെസേജ് വരുന്നുണ്ട്. ഈയിടെയായി അല്പം കൊഞ്ചലൊക്കെ തുടങ്ങിയിരിക്കുന്നു. തെറികളുടെ പ്രാദേശികഭേദങ്ങൾ വിശദമായി പ്രതിപാദിക്കുന്ന ചില മെസേജുകൾ ഈയിടെ വന്നിരുന്നു. അവനെയൊന്ന് കണ്ടാലോ എന്ന് അൾത്താര ആലോചിച്ചു. പിന്നെയത് വേണ്ടെന്ന് വെച്ചു. ആ ഗെയ്റ്റിന് വേറെയും കഥകളുണ്ടല്ലോ എന്ന് അകമേ ചിരിച്ചു.

ഹൈസ്‌കൂളിന്റെ തുടക്കത്തിലാണ് അൾത്താര തമിഴ്‌നാട്ടിൽനിന്ന് ഇങ്ങോട്ട് താമസം മാറുന്നത്. മലയാളം എഴുതാനും വായിക്കാനുമൊക്കെ അവളെ പഠിപ്പിച്ചിരുന്നു. എം.എ.ക്കാരന്റെ അനുജനും അൾത്താരയ്ക്കും ഒരേ പ്രായമാണ്. അൾത്താരയുടെ ഹൈസ്‌കൂളുകാലത്തെ സോളമൻ. അന്നവൾ അവനുവേണ്ടി ചെറിയ തുണ്ടുകടലാസുകളിൽ കത്തുകളെഴുതുമായിരുന്നു. അവ ഗെയ്റ്റിനു വെളിയിൽ അവനു കാണാൻ പാകത്തിൽ ചുരുട്ടിയെറിഞ്ഞു. അവനത് വായിച്ച് മറുപടികൾ അതേ ഇടങ്ങളിൽ ചുരുട്ടിയിട്ടു. അവർ പരസ്പരം സ്‌നേഹിച്ചു.

അൾത്താരയുടെ ആദ്യത്തെ ചുംബനം അവനുള്ളതായിരുന്നു. അൾത്താരയുടെ വീടിന്റെ പിന്നിൽ ഉയരം കുറഞ്ഞ ഒരു മൂച്ചിയുണ്ട്. അതിന്റെ കൊമ്പുകൾ താഴ്ന്ന് നിലം തൊട്ടുനിന്നു. ഒരിക്കൽ അതിന്റെ മറവിൽനിന്ന് അവർ സംസാരിച്ചു. അവന്റെ ചുണ്ടുകൾ കണ്ടപ്പോൾ എന്തോ അൾത്താരയ്ക്ക് പെട്ടെന്നൊരിഷ്ടം പറന്നുവന്നു. അവൾ അവനെ കെട്ടിപ്പിടിച്ച് ചുംബിച്ചു. അവൻ ആദ്യമൊന്ന് ഞെട്ടി. പിന്നെ അവളെ ചേർത്തുപിടിച്ച് ചുണ്ടിൽ ഉമ്മവെച്ചു. ചുണ്ടിലെ ഉമിനീര് ഉറുഞ്ചിയെടുത്തു. അവളുടെ ചന്തിയിൽ ഞെക്കി.

ഓർത്തപ്പോൾ അൾത്താര ചന്തിയിലൊന്ന് തൊട്ടുനോക്കി. അവന്റെ സ്പർശം ഇപ്പോഴും അവിടെ അടയാളപ്പെട്ടു കിടക്കുന്നതുപോലെ. അവൾ ചിരിച്ചു. വീണ്ടും കിടക്കയിൽവന്ന് കിടന്നു. പത്താംക്ലാസ് കഴിഞ്ഞ് എങ്ങനെയോ ഒഴുക്കുനിലച്ച ആ പ്രേമപ്പുഴയെ അവളപ്പോൾ മനസ്സിൽ കണ്ടു. ഒരു കല്ലിലും തട്ടാതെ, ശബ്ദമുണ്ടാക്കാതെ ഒരു പുഴയൊഴുകുന്നു. എന്നിട്ടും ഒരു വേനലവധിക്ക്, നോക്കിനോക്കി നില്‌ക്കെ പുഴ വറ്റിവരളുന്നു. പുഴയൊഴുകിയ വഴിയിൽ അതിന്റെ കിനിവുകളിൽ മണ്ണ് മൂടുന്നു. ഒഴുക്ക് മണ്ണിലേക്ക്, താഴേക്ക് തിരിഞ്ഞുപോകുന്നു.

അൾത്താര കിടന്നു. കിടന്നപാടെ ഉറങ്ങി'. 

ഓർമ്മച്ചാവ്
ശിവപ്രസാദ് പി.
ഡി.സി. ബുക്‌സ്
2022
230 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP