Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

മരണത്തിന്റെ ഗണിത(കം)

മരണത്തിന്റെ ഗണിത(കം)

ഷാജി ജേക്കബ്‌

ധുനികതയുടെ ഏറ്റവും മൂർത്തവും ജൈവികവുമായ രാഷ്ട്രീയസൂചകമെന്ന നിലയിൽ പുസ്തകം (The Book) രൂപപ്പെടുത്തിയ സാംസ്‌കാരിക മൂലധനത്തിന്റെയും ചരിത്രപരമായ ജ്ഞാനശാസ്ത്രത്തിന്റെയും ഉള്ളറകൾ തേടിയുള്ള ഒരന്വേഷണമായി സാഹിത്യത്തെ ഭാവനചെയ്യുന്ന നോവലുകളുണ്ട് ലോകഭാഷകൾ മിക്കതിലും. നോവലിന്റെ യഹോവയായ സെർവാന്റിസിൽ തന്നെയാരംഭിക്കുന്നുണ്ട് ഈയൊരു കലാപദ്ധതി. മിലൻ കുന്ദേര നോവലിനെ വിളിക്കുന്നതുതന്നെ സെർവാന്റിസിന്റെ 'Legacy' എന്നാണല്ലോ. അദ്ദേഹമെഴുതുന്നു: 'The path of the Novel emerges as a parallel history of the modern era'. ഇരുപതാം നൂറ്റാണ്ടിലാവട്ടെ, ഏലിയാസ് കാനെറ്റി, ഉംബർട്ടോ എക്കോ, ഇറ്റാലോ കാൽവിനോ, ഓർഹൻ പാമുക്ക്... എന്നിങ്ങനെ എത്രയെങ്കിലും പേരുടെ വിഖ്യാതരചനകൾ പലതും ഈയൊരു ഭാവരൂപകത്തെ നോവലിന്റെ രസസംയുക്തങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായി സങ്കല്പിച്ചെടുക്കുകയായിരുന്നു. ചെറുകഥയിലുമുണ്ട് സമാനമായ ഒരു പുസ്തകഭാവന. ജോർജ് ലൂയിബോർഹെസ് തൊട്ടുള്ള നിരവധി കഥാകൃത്തുക്കൾ.

ഒറ്റയൊറ്റപുസ്തകങ്ങൾ എന്ന രീതിയിൽ മാത്രമല്ല ഇവർ തങ്ങളുടെ ഈ അതികഥനങ്ങൾ സങ്കല്പിച്ചെടുക്കുന്നത്. ക്ലാസിക്കുകൾ മുതൽ സമകാലിക കൃതികൾ വരെ; വായനശാലകൾ മുതൽ പുസ്തകപ്രസാധകർ വരെ; പുസ്തകക്കടകൾ മുതൽ പുസ്തകചോരണം വരെ; അപൂർണ രചനകൾ മുതൽ അജ്ഞാതരുടെ കൃതികൾ വരെ; പുസ്തകദഹനം മുതൽ ഒരിക്കലും എഴുതപ്പെടാത്ത പുസ്തകങ്ങൾ വരെ... ഉള്ളതും ഇല്ലാത്തതുമായ പുസ്തകങ്ങൾ നിർമ്മിച്ചും നിർണയിച്ചും നൽകിയ ചരിത്രാനുഭവങ്ങളെയും ജ്ഞാനരൂപങ്ങളെയും ഒറ്റമനുഷ്യന്റെയോ പറ്റമനുഷ്യരുടെയോ ജീവിതാവസ്ഥകളും അർഥാന്തരങ്ങളുമായി സമീകരിച്ചു പുനർവായിക്കുന്ന പ്രക്രിയയായി സാഹിത്യരചനയെ മാറ്റിത്തീർക്കുന്നു ഈയെഴുത്തുകാർ. ഇതിഹാസങ്ങളും പുരാണങ്ങളും ശാസ്ത്രവും ചരിത്രവും മിത്തും യാത്രയും ആത്മകഥയും കുറ്റസമ്മതങ്ങളും... പുസ്തകങ്ങളിൽ സംഭൃതമായ ജ്ഞാനരൂപകങ്ങളുടെ പുനർജന്മമാകുന്നു, ഇവർക്കു സാഹിത്യം.

മലയാളത്തിൽ ഈയൊരു സാഹിത്യഭാവന, തന്റെ ആദ്യകാല രചനകൾ തൊട്ട് ഇന്നോളം നിരന്തരം പിന്തുടരുന്ന ഒറ്റ എഴുത്തുകാരനേയുള്ളൂ. ആനന്ദ്. 1960-കളുടെ തുടക്കത്തിലെഴുതിയ ചെറുകഥകളും '60കളിൽതന്നെയെഴുതിയ 'ആൾക്കൂട്ട'വും മുതൽ ഏറ്റവും ഒടുവിലെഴുതിയ രചനവരെ (സാഹിത്യമോ സാഹിത്യേതരമോ എന്തുമാകട്ടെ!) ആനന്ദ് അഭംഗുരം പിന്തുടരുന്ന എഴുത്തിന്റെ രീതിശാസ്ത്രഘടന പുസ്തകങ്ങളിൽ നിന്നാരംഭിക്കുകയും പുസ്തകങ്ങളിൽതന്നെ അവസാനിക്കുകയും ചെയ്യുന്ന ഒന്നാണ്. അപവാദങ്ങളില്ല എന്നതാണ് വസ്തുത. അത്രമേൽ പ്രകടവും പ്രത്യക്ഷവുമാണ് പുസ്തകങ്ങളുടെ ഭാവസാന്നിധ്യം ആനന്ദിന്റെ രചനകളിൽ.

'അറിവ്, വിശകലനം, പഠനം, സംവാദം, എഴുത്ത്, വായന തുടങ്ങിയ ആർജിത സംസ്‌കാരങ്ങളിലുള്ള മാനുഷിക ഇടപെടലുകളോരോന്നും ചേർന്നതാണ് സാഹിത്യം എന്ന കാഴ്ചപ്പാട് പടിഞ്ഞാറൻ ചിന്തയിൽ പത്തൊൻപതാം നൂറ്റാണ്ടിൽ പോലുമുണ്ടായിരുന്നു. സാഹിത്യം എന്ന നിർവചനത്തിനു കീഴിൽ ഉൾപ്പെടാത്ത മാനവിക മണ്ഡലങ്ങളില്ല എന്ന് ഇന്ത്യൻ ഇതിഹാസപുരാണങ്ങളുടെ വിശകലനത്തിലൂടെ ചൂണ്ടിക്കാണിക്കുന്ന ഒരു പ്രബന്ധം ആനന്ദിന്റേതായുണ്ട് (സാഹിത്യത്തിൽ സാഹിത്യമായിട്ടുള്ളതും മറ്റും- ചരിത്രപാഠങ്ങൾ/കണ്ണാടിലോകം). സാഹിത്യത്തെ എല്ലായ്‌പ്പോഴും ഒരു സമസ്തപദമായി കാണാനുള്ള ഈ താൽപ്പര്യമാണ് ആനന്ദിന്റെ ആഖ്യാനലോകത്തെ മലയാളത്തിൽ മൗലികമാക്കുന്ന ഘടകങ്ങളിലൊന്ന്'.

പുസ്തകത്തെ ചരിത്രവൽക്കരിച്ചും ജ്ഞാനവ്യവഹാരങ്ങളെ താത്വികവൽക്കരിച്ചും സൃഷ്ടിക്കുന്ന ഈയൊരു ഭാവപദ്ധതി മലയാളനോവലിൽ സമർഥവും മൗലികവുമായി പുനഃസൃഷ്ടിക്കുന്ന രചനയാണ് ഇ. സന്തോഷ്‌കുമാറിന്റെ 'ജ്ഞാനഭാരം'. പുസ്തകത്തെ അറിവിന്റെയും ചിന്തയുടെയും കാലത്തിന്റെയും സംവാദത്തിന്റെയും ജ്ഞാനരൂപകമായി മാത്രമല്ല ജീവിതത്തിന്റെ തന്നെ ജൈവരൂപകമായും ഭാവന ചെയ്യുന്ന കൃതി. മുൻപുതന്നെ, 'സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം', 'മൂന്നുവിരലുകൾ', 'നീചവേദം' തുടങ്ങിയ രചനകളിൽ പുസ്തകത്തെ ആഖ്യാനത്തിന്റെ കേന്ദ്രരൂപകമായി സങ്കല്പിച്ചിട്ടുണ്ട് സന്തോഷ്‌കുമാർ. ഇവിടെയാകട്ടെ, കുറെക്കൂടി സൂക്ഷ്മവും വൈചാരികവുമായി ഒരു പുസ്തകവും അതിലെ ചില വിഷയങ്ങളും ചർച്ചചെയ്യപ്പടുന്നു. മരണത്തിന്റെ ഗണിതരൂപകമായി പൂജ്യത്തെ (zero) ഭാവന ചെയ്യുന്ന നോവൽ എന്നും വിളിക്കാം 'ജ്ഞാനഭാര'ത്തെ. ഇവിടെയാണ് ആനന്ദിന്റെ തന്നെ പൂജ്യം എന്ന ചെറുകഥ നമ്മുടെ ഓർമ്മയിലെത്തുക.

1960ൽ ആനന്ദ് എഴുതിയതാണ് 'പൂജ്യം'. ഗുജറാത്തിലെ ഒരു പട്ടണത്തിൽ പണിയുന്ന തെർമ്മൽസ്റ്റേഷനിലെ വർക്ക് സൂപ്പർവൈസറായിരുന്ന ജാനിബാപ്പ എന്ന വൃദ്ധന്റെ മരണവും മനുഷ്യജീവിതത്തിന്റെ നിസ്സാരതകളെയും നിസ്വതകളെയും നിരാലംബതകളെയും നിസ്സഹായതകളെയും കുറിച്ച് ആ മരണം ഉയർത്തിയ ചിന്തകളുമാണ് കഥയിലുള്ളത്. ഏകാന്തത ഒരു സർപ്പത്തെപ്പോലെ വളഞ്ഞുചുറ്റി മുറുക്കുന്ന മനുഷ്യരുടെ കഥകൾ. സ്വന്തം വലയിൽ കുരുങ്ങിച്ചാവുന്ന എട്ടുകാലികളെപ്പോലെ നിസ്സഹായരായ വ്യക്തികളുടെ ജീവിതം പിന്നീടുള്ള അറുപതുവർഷക്കാലവും മലയാളഭാവനയിൽ ആനന്ദ് സൃഷ്ടിച്ച ഭാവുകത്വക്കുതിപ്പിന്റെ മിക്ക വിസ്മയങ്ങളും മുളപൊട്ടിനിൽപ്പുണ്ട് അദ്ദേഹത്തിന്റെ ഈ ആദ്യരചനയിൽതന്നെ.

അസ്തിത്വവാദപരമായ ജീവിതദർശനം, ഭൗതികവാദപരമായ ചരിത്രവീക്ഷണം, ജൈവികമായ മനുഷ്യസങ്കല്പം, മാനവികതയിലൂന്നിയ സാമൂഹ്യചിന്ത, വ്യക്തിസ്വാതന്ത്ര്യത്തെ പരമമൂല്യമായി കാണുന്ന രാഷ്ട്രീയവിചാരം, അനുഭവാവിഷ്‌ക്കാരങ്ങളിലെ അസാധാരണമായ നിർമ്മമത്വം, സമസ്ത തലങ്ങളിലും പിന്തുടരുന്ന അതിവൈകാരികതയുടെ ഉച്ചാടനം, സൗന്ദര്യാത്മകമെന്നതിനെക്കാൾ രാഷ്ട്രീയവും ഭാവനാത്മകമെന്നതിനെക്കാൾ വസ്തുനിഷ്ഠവും ഭാവാത്മകമെന്നതിനെക്കാൾ പ്രഭാഷണപരവും ഉപന്യാസപരവുമായ ഭാഷണകല, ജ്ഞാനവ്യവഹാരങ്ങളെ സാഹിതീയതയിലേക്കു വിവർത്തനം ചെയ്യുന്ന ലാവണ്യബോധം, ആത്മകഥാത്വത്തിന്റെ അടിപ്പടവിൽ നിന്നു കെട്ടിപ്പൊക്കുന്ന അപരകഥാത്വത്തിന്റെ രൂപപദ്ധതി, പുസ്തകത്തെയോ ഇതര രേഖാപാഠങ്ങളെയോ കാലത്തിന്റെയും സംസ്‌കാരത്തിന്റെയും കേന്ദ്രപ്രരൂപമായി വിന്യസിക്കുന്ന അതികഥനകല... എന്നിങ്ങനെ കഴിഞ്ഞ ആറുപതിറ്റാണ്ടുകാലം ആനന്ദെഴുതിയ നൂറുകണക്കിനു രചനകൾ ഏതാണ്ടൊന്നടങ്കം മുന്നോട്ടുവച്ച ഭാവുകത്വപ്രവണതകൾ ഓർമ്മിക്കുക.

സംശയരഹിതമായി പറയാം, മലയാള കഥാസാഹിത്യത്തിന്റെ ആധുനികതാവാദ, ആധുനികാനന്തര മണ്ഡലങ്ങളിലെ ഏറ്റവും രാഷ്ട്രീയതീക്ഷ്ണവും ചരിത്രബദ്ധവുമായ ആഖ്യാനകല ആനന്ദിന്റേതാണ്. ഈ കഥനകലയാൽ വൻതോതിൽ പ്രേരിപ്പിക്കപ്പെടുകയും അതേസമയംതന്നെ ഒരിക്കലും ആനന്ദിന്റെ നിഴലിൽ അകപ്പെടാതിരിക്കുകയും ചെയ്ത എഴുത്തുകാരനാണ് സന്തോഷ്‌കുമാർ. തീർച്ചയായും മാർക്കേസ് മുതൽ കുന്ദേര വരെയുള്ള ഒരുപാടെഴുത്തുകാരുടെ പ്രേരണയും സന്തോഷിലുണ്ട്. എല്ലാ കാലത്തും വലിയ എഴുത്തുകാർ മൗലികതയുള്ള പിൻഗാമികളിൽ സൃഷ്ടിക്കുന്ന സർഗാത്മകമായ പ്രേരണയുടെ ഈ രാസപ്രക്രിയ പ്രതിഭകളുടെ സമാന്തര യാത്രകളായി മാത്രം കാണേണ്ട ഒന്നാണ്. (കാനെറ്റി മുതൽ ആനന്ദ് വരെയുള്ളവരെ തലകീഴായിനിന്ന് പകർത്തി ഗ്രന്ഥപ്പുരകളുണ്ടാക്കുന്ന കൺകെട്ടുവിദ്യയല്ല സന്തോഷിന് കഥയെഴുത്ത്).

എൻ.എസ്. മാധവനുശേഷം മലയാളത്തിലുണ്ടായ ഏറ്റവും മികച്ച കഥാകൃത്ത് എന്ന നിലയിൽ എത്രയെങ്കിലും ഒന്നാന്തരം കഥകളിലും തന്റെ തന്നെ മുൻനോവലുകളിലും നിന്ന് പാടെ ഭിന്നമാണ് 'ജ്ഞാനഭാര'ത്തിൽ സന്തോഷ് അവതരിപ്പിക്കുന്ന ആഖ്യാനകല. മലയാളഭാവനയിൽ ആനന്ദ് തുടക്കമിട്ട വിചാരബദ്ധവും ചരിത്രാത്മകവുമായ നോവലെഴുത്തിന്റെ കലാപദ്ധതി എത്തിച്ചേർന്നിരിക്കുന്ന ഉയരങ്ങളിലൊന്നാണ് 'ജ്ഞാനഭാരം' - നിസംശയം പറയാം.

'പൂജ്യ'ത്തിൽ നിന്നുതന്നെ വേണം 'ജ്ഞാനഭാര'ത്തിന്റെ വായന തുടങ്ങാൻ. മുൻപുപറഞ്ഞ കഥാഭാവനയിലെ ആനന്ദമാർഗങ്ങളുടെ സാന്നിധ്യം മാത്രമല്ല ഇതിനു കാരണം. 'ആൾക്കൂട്ട'ത്തിലേതുപോലെ ബോംബെ(മുംബൈ)യാണ് 'ജ്ഞാനഭാര'ത്തിന്റെയും സ്ഥലപശ്ചാത്തലം. 'ആൾക്കൂട്ട'ത്തിന്റെ പാഠാന്തര സൂചനയും നോവലിലുണ്ട്. 'ജാനിബാപ്പ മരിച്ചു' എന്ന പൂജ്യത്തിന്റെ ആദ്യവാക്യംപോലെ 'കൈലാസ് പാട്ടീൽ മരിച്ചു' എന്നാണ് 'ജ്ഞാനഭാര'വും തുടങ്ങുന്നത്. ഒരു മരണം, നിരവധി ജീവിതങ്ങൾ എന്നു വിളിക്കാവുന്നവിധം മരിച്ച മനുഷ്യന്റെ സുഹൃത്ത് പറയുന്ന കഥയായി ആഖ്യാനം ചുരുൾനിവരുന്നു രണ്ടു രചനകളിലും. ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള കാവ്യാത്മകമെന്നു വിളിക്കാവുന്ന എത്രയെങ്കിലും നിരീക്ഷണങ്ങൾ 'ജ്ഞാനഭാര'ത്തിലുണ്ട്. 'ഓർമകളുടെ സഞ്ചയമാണ് മനുഷ്യൻ/ജീവിതം' എന്ന പ്രൊഫസർ യശ്പാലിന്റെ വാക്കുകളിൽ നിന്നാണ് കൈലാസ് പാട്ടീലിന്റെ കഥ സന്തോഷ്‌കുമാർ ആരംഭിക്കുന്നത്. പൂജ്യമെന്ന കഥയിൽ, താൻ പരിചയപ്പെട്ട ജാനിബാപ്പയുടെ മരണത്തിന്റെ സന്ദർഭം മുൻനിർത്തി ആഖ്യാതാവ് മനുഷ്യജീവിതത്തെക്കുറിച്ചു നടത്തുന്ന ഗംഭീരമായ ഒരു നിരീക്ഷണമുണ്ട്.

'പണ്ടു കോളേജിൽ പഠിക്കുന്ന കാലത്ത് ജിയോളജിയിൽ പാലിയൻടോളജി പഠിപ്പിക്കുന്നതിനിടയ്ക്കു പ്രൊഫസർ ജീവിതത്തിനു കൊടുത്ത ഒരു നിർവ്വചനം ഓർമ്മവരുകയാണ്. ജനിക്കുകയും ഭക്ഷിക്കുകയും വളരുകയും പ്രത്യുല്പാദനം ചെയ്യുകയും മരിക്കുകയും ചെയ്യുന്ന ഒരു വസ്തുവിനെ ജീവനുള്ള ഒന്നായി കണക്കാക്കാമെന്ന്. കാലം കുറെ കഴിഞ്ഞു. ഞാൻ പല പുസ്തകങ്ങളും വായിക്കുകയും പല മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. പല അന്തരീക്ഷങ്ങളിലും ജീവിച്ചു. പലതും അനുഭവിച്ചു. ജീവിതത്തെയും സത്യത്തെയും കുറിച്ച് ആലോചിക്കാനും, എന്റെ തന്നെ അസ്തിത്വത്തെ അപഗ്രഥിക്കുവാനുമുള്ള എന്റെ കഴിവു വളരെയധികം വികസിച്ചിട്ടുണ്ട്. പക്ഷേ ജീവിതത്തിന് എന്റെ പ്രൊഫസർ കൊടുത്തതുപോലൊരു നിർവ്വചനം ഞാൻ ഇതേവരെ കണ്ടെത്തിയിട്ടില്ല'.

മേല്പറഞ്ഞവയെക്കാൾ കൗതുകകരമായി ഈ രചനകൾ രണ്ടിനെയും കൂട്ടിയിണക്കുന്ന ഭാവകല്പന 'പൂജ്യം' എന്ന അടിസ്ഥാനരൂപകം തന്നെയാണ്. മരണം സൃഷ്ടിക്കുന്ന ജീവിതത്തിന്റെ ഗണിതശാസ്ത്രപരവും ജൈവശാസ്ത്രപരവും തത്വചിന്താപരവും പ്രകൃതിശാസ്ത്രപരവുമായ ജ്ഞാനസൂത്രമായി ആനന്ദ് നിർവചിക്കുന്ന പൂജ്യം എന്ന അവസ്ഥയിലും പരികല്പനയിലും സംജ്ഞയിലും സങ്കല്പനത്തിലും തന്നെയാണ് സന്തോഷ്‌കുമാർ തന്റെ നോവലും അവസാനിപ്പിക്കുന്നത്. പന്ത്രണ്ടു വോള്യങ്ങളുള്ള വിജ്ഞാനകോശത്തിന്റെ വായനയെ കൈലാസ് പാട്ടീലിന്റെ ജീവിതമായി സമീകരിച്ചു രചിക്കപ്പെടുന്ന നോവൽ, ആ മഹാഗ്രന്ഥത്തിലെ അവസാന വോള്യത്തിലെ അവസാന വാക്കും വിഷയവുമായ 'പൂജ്യ'ത്തിൽ (zero) ചെന്നെത്തിനിൽക്കുന്ന സന്ദർഭത്തിലാണ് അയാൾക്കു മരണം വിധിക്കുന്നത്.

ജീവിതത്തെക്കുറിച്ചുള്ള അനന്തവും അസ്വസ്ഥത നിറഞ്ഞതുമായ അന്വേഷണങ്ങൾ ഒരു പുസ്തകത്തിന്റെ പ്രതീകകല്പനയിൽ ഉറച്ചുനിന്ന് നടത്തുന്ന ഗംഭീരമായ സാഹിത്യരചനയായി മാറുന്നു 'ജ്ഞാനഭാരം'. മരണത്തിന്റെ ഗണിതശാസ്ത്രമാണ് ഈ നോവലിന്റെ കാവ്യസാരം.

ഉദ്യോഗത്തിൽ സ്ഥലംമാറ്റം കിട്ടി 2015ൽ മുംബൈയിലെത്തുന്ന ആഖ്യാതാവ്, കുറെ ദിവസങ്ങൾ മാത്രം താൻ താമസിച്ച മലബാർ ഹിൽസിലെ കമ്പനി ഗസ്റ്റ് ഹൗസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിലെ ഒരു ഫ്‌ളാറ്റിൽ ഏകനായി ജീവിക്കുന്ന കൈലാസ് പാട്ടീൽ എന്ന വൃദ്ധനെ പരിചയപ്പെടുന്നു. ഏതാനും ദിവസങ്ങൾ കൊണ്ട് അയാൾ കഥാകാരനോടു പറയുന്ന തന്റെ ജീവിതകഥയും തുടർന്നുള്ള അഞ്ചുവർഷങ്ങളിൽ പാട്ടീലിനു സംഭവിച്ച മാറ്റങ്ങളും അയാളുടെ മരണവുമാണ് നോവലിന്റെ ഇതിവൃത്തം.

പക്ഷെ മൂന്നു ഗംഭീരങ്ങളായ ഭാവാന്തരങ്ങൾ കൂടി ഈ രൂപഘടനയ്ക്കുണ്ട്. ഒന്നാമത്തേത്, കൈലാസ് പാട്ടീൽ പറയുന്ന അയാളുടെ കഥയിൽ അയാളെക്കാൾ പ്രാധാന്യത്തോടെ കടന്നുവരുന്ന മറ്റുള്ളവരുടെ ജീവിതങ്ങളാണ്. രണ്ടാമത്തേത്, ഏതാണ്ട് തന്റെ ആയുസ്സിന്റെ മുക്കാൽ പങ്കുകാലമെങ്കിലുമെടുത്ത് അയാൾ വായിക്കുന്ന ഒരു പുസ്തകത്തിന്റെ കഥയും അതു സൃഷ്ടിക്കുന്ന ജ്ഞാനത്തിന്റെ ചരിത്രാനുഭവങ്ങളുമാണ്. മൂന്നാമത്തേത്, കൽക്കത്തയിലെ കോളേജ് സ്ട്രീറ്റിലെ പഴയ പുസ്തകങ്ങളുടെയും പുസ്തകക്കടകളുടെയും ലോകത്തുനിന്ന് കഥാകാരൻ കണ്ടെടുക്കുന്ന ചില പുസ്തകങ്ങളുടെ കഥയും ഒടുവിൽ ഒരു പുസ്തകശാല അയാൾക്കു മുന്നിൽ കൈലാസ് പാട്ടീലിന്റെ വിജ്ഞാനകോശം തന്നെ വില്പനക്കുവയ്ക്കുന്നതിന്റെ വിപര്യയവുമാണ്.

ഒരു നൂറ്റാണ്ടിന്റെയെങ്കിലും ചരിത്രാനുഭവങ്ങളുണ്ട് 'ജ്ഞാനഭാര'ത്തിന്റെ കാലഭൂപടത്തിൽ. മുംബൈയും കൽക്കത്തയുമാണ് സ്ഥലഭൂപടങ്ങൾ. ദേശീയപ്രസ്ഥാനവും സ്വാതന്ത്ര്യവും സ്വാതന്ത്ര്യാനന്തര ഇന്ത്യയും ഇരുപത്തൊന്നാം നൂറ്റാണ്ടും മുതൽ കോവിഡിന്റെ വർത്തമാനകാലം വരെയും അടരടരായി ഈ ആഖ്യാനത്തെ പൂർത്തീകരിക്കുന്നു. നിയമവും കോടതികളും കുറ്റകൃത്യങ്ങളും കുടിപ്പകകളും രാഷ്ട്രീയവും ഭരണകൂടവും നഗരവും വ്യവസായികളും ഭൂവുടമകളും ചേരികളും... മുംബൈയുടെ നൂറ്റാണ്ടിനെ പൂരിപ്പിക്കുന്നു. കൽക്കത്ത സൂചിതമാകുന്നത് കഥനത്തിന്റെയും കഥാകാരന്റെയും വർത്തമാനകാലത്താണെങ്കിൽപോലും പഴമയുടെ പൊടിനിറഞ്ഞ തെരുവുകളും കെട്ടിടങ്ങളും പുസ്തകങ്ങളും മനുഷ്യരും മറ്റൊരു കാലത്തിന്റെ ഭൂപടം നിർമ്മിച്ചുനൽകുന്നുണ്ട്.ഒന്നാം കഥവഴി ഇങ്ങനെയാണ്: കൈലാസ് പാട്ടീലിന്റെ അച്ഛൻ കമലേഷ് പാട്ടീൽ മുംബൈയിലെ പഴയ സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയനേതാവും പിൽക്കാലത്ത് വിഖ്യാത നിയമജ്ഞനുമായിത്തീർന്ന ഭുവൻദേശായിയുടെ വിശ്വസ്തനായ ഡ്രൈവറായിരുന്നു. മകൾ ജഗദയും മകൻ നരേഷും ഭുവന് ഒരിക്കലും മനഃസ്വാസ്ഥ്യം കൊടുത്തിരുന്നില്ല. അദ്ദേഹം ഏറ്റവും കരുണയോടെ കമലേഷിനെയും മകൻ കൈലാസിനെയും സംരക്ഷിച്ചു. തന്റെ മകനെ ഭുവൻദേശായിയെപ്പോലെ ഒരഭിഭാഷകനാക്കണമെന്ന് മോഹിച്ച കമലേഷ് അവനെ നിയമപഠനത്തിനയച്ചു. പക്ഷെ ഒരപകടത്തിൽപെട്ട് കമലേഷ് മരിച്ചതോടെ കൈലാസ് പഠനം മതിയാക്കി വീട്ടിൽ തിരിച്ചെത്തി. അയാൾ ആദ്യം ഭുവന്റെയും പിന്നീട് നരേഷിന്റെയും ഓഫീസുകളിൽ വക്കീൽ ഗുമസ്തനായി. ഭുവന്റെ മരണശേഷം ജഗദയും നരേഷും തമ്മിലുള്ള സ്വത്തുതർക്കം മൂത്തു. വ്യക്തിജീവിതത്തിലും തൊഴിൽരംഗത്തും പരാജയങ്ങൾ മാത്രം ബാക്കിയായ നരേഷ് ഒരു ആത്മീയവ്യാപാരസംഘത്തിൽ ചേർന്നു. തന്റെ മലബാർ ഹില്ലിലുള്ള ഫ്‌ളാറ്റിൽ കൈലാസിനെയും ഭാര്യയെയും താമസിപ്പിച്ചിട്ടാണ് അയാൾ പുറപ്പെട്ടുപോകുന്നത്. ഭാര്യ മാധവി മരിച്ചതോടെ ഏകനായ കൈലാസ് ഫ്‌ളാറ്റിൽ നരേഷ് എന്നെങ്കിലും തിരിച്ചുവരും എന്ന പ്രതീക്ഷയിൽ കഴിയുന്നു. കൈലാസിന്റെ മകൻ വിഘ്‌നേഷ് അഭിഭാഷകനായി യു.എന്നിൽ ജോലിനേടി ഹേഗിൽ താമസമുറപ്പിക്കുന്നു. ഒടുവിൽ മകന്റെ കൂടെ ജീവിക്കാനെത്തുന്ന കൈലാസ് അവിടെ വച്ചാണ് മരിക്കുന്നത്.

രണ്ടാം കഥവഴി ഇങ്ങനെ: ഭുവൻദേശായിയുടെ അണുവിട വിടാത്ത മൂല്യബോധം അയാളെ രാഷ്ട്രീയത്തിൽ നിന്നകറ്റി. ഒപ്പം പ്രവർത്തിച്ചവർ ഭരണകൂടത്തിന്റെ ഉന്നതങ്ങളിലെത്തിയിട്ടും അവർ വാഗ്ദാനം ചെയ്ത പദവികളൊന്നും സ്വീകരിക്കാതെ തന്റെ അഭിഭാഷകവൃത്തി തുടർന്നു ഭുവൻ. മുംബൈയിലെ ഏറ്റവും പ്രശസ്തനായ വക്കീലായി മാറിയ അദ്ദേഹത്തിന്റെ കാലശേഷമാണ് പിതാവിന്റെ യഥാർഥ സ്വഭാവം കൈലാസിനോട് നരേഷ് പറയുന്നത്. സ്വന്തം പ്രശസ്തിയും ആൾക്കൂട്ടങ്ങളുടെ ആദരവും ഭ്രമിപ്പിച്ച ഭുവൻ യഥാർഥത്തിൽ ജീവിതത്തെ ഒരു കാഴ്ചപ്പണ്ടമാക്കി മാറ്റിയ ആളായിരുന്നു. എറിക്ക ഗോമസിന്റെയും അരുണാചലത്തിന്റെയും ദുർമരണങ്ങൾ ഭുവൻദേശായിയുടെ ജീവിതം മാറ്റിമറിച്ചു. 'രാഷ്ട്രീയമായ ശരികളുമായി നടക്കുന്നവരോട് എനിക്കിപ്പോൾ പേടിയാണ് കൈലാസ്. രാഷ്ട്രീയശരികൾ നടപ്പിലാക്കുന്നതിനുവേണ്ടി ഏതു തെറ്റും അവർ ചെയ്യും'-നരേഷ് പറയുന്നു. കമലേഷിന്റെ മരണം ഭുവൻ മനസ്സറിഞ്ഞു സൃഷ്ടിച്ചതാണെന്ന് നരേഷ് വെളിപ്പെടുത്തുന്നതോടെ കൈലാസ് ആകെ തകരുന്നു. പക്ഷെ കാലം എല്ലാം മായ്ചുകളഞ്ഞിരിക്കുന്നു. വിജയങ്ങളിൽ അഭിരമിച്ച ഭുവൻ നരേഷിനെ ചകിതനാക്കിയിരുന്നു എക്കാലത്തും. 'ഓരോ വിജയവും ദുരന്തങ്ങൾ സൃഷ്ടിക്കുന്നു. വിജയം കൊയ്യുന്നവർ ലോകത്തെ ജീവിക്കാൻ പറ്റാത്ത ഒരിടമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്നുതോന്നും' അയാൾ കൈലാസിനോടു പറഞ്ഞു.

നരേഷിന്റെ ജീവിതം മറ്റൊരു ദുരന്തമായി, വിജയങ്ങൾപോലും പരാജയമായി അനുഭവിക്കേണ്ടിവരുന്നു അയാൾക്ക്. ആത്യന്തികമായി അയാൾക്ക് പരാജയങ്ങൾ മാത്രമായിരുന്നു ബാക്കി. കുടുംബം തകർന്നു. പാരമ്പര്യം ചതിച്ചു. തൊഴിൽ ഒറ്റുകൊടുത്തു. വ്യവസ്ഥ വെല്ലുവിളിച്ചു. പലായനങ്ങളിൽ അഭയം തേടിയ നരേഷ് ഒരിക്കലും തിരിച്ചുവന്നില്ല.

കമലേഷ് പാട്ടീൽ തന്റെ മകനുവേണ്ടി ജീവിച്ച ജീവിതമാണ് ഈ നോവലിലെ ഏറ്റവും ഹൃദയസ്പർശിയായ കഥാഭാഗം. മകന്റെ നിന്ദയും പരിഹാസവും ഏറ്റ് ഹൃദയം നുറുങ്ങിയ ദിവസം തന്നെ മരണം അയാളെ മാടിവിളിക്കുന്നു. അയാളുടെ ഭാര്യയെപ്പോലെ കൈലാസിന്റെ ഭാര്യയും നിസ്സഹായരും നിസ്വരും നിശ്ശബ്ദരുമായി ജീവിച്ചു, മരിച്ചു.

മൂന്നാമത്തെ കഥാവഴി കൈലാസിന് ഭുവൻദേശായി കൊടുത്തയച്ച വിജ്ഞാനകോശത്തിന്റെ ചരിത്രജീവിതമാണ്. കമലേഷ് മകന് നിധിപോലെ നൽകിയ ആ പുസ്തകം ആദ്യമയാൾ അവഗണിച്ചുവെങ്കിലും അച്ഛന്റെ ദുർമരണത്തിൽ തനിക്കും പങ്കുണ്ട് എന്നു കരുതുന്ന നിമിഷം തൊട്ട് അയാൾ ആ പുസ്തകത്തിന്റെ വായന തന്റെ കടമയും പശ്ചാത്താപവും പ്രായശ്ചിത്തവുമായി ഏറ്റെടുക്കുന്നു. ആമരണം അയാൾക്കതിൽ നിന്നു മോചനമുണ്ടായില്ല. പിതൃഹത്യയുടെ പാപബോധം അയാളെ വേട്ടയാടിക്കൊണ്ടേയിരുന്നു.

ഒന്നാം ലോകമഹായുദ്ധത്തിനു മുൻപ് പ്രസിദ്ധീകരിച്ച വിജ്ഞാനകോശത്തിന്റെ പന്ത്രണ്ട് വോള്യങ്ങൾ ചരിത്രത്തെയും കാലത്തെയും സ്തംഭിപ്പിച്ചുനിർത്തിയ സന്ദർഭങ്ങൾ. അഭാവങ്ങളുടെ ശൂന്യതയും ഭാരവും ഒരേപോലെ കൈലാസിന്റെ ജ്ഞാനതൃഷ്ണയെ പൊള്ളിച്ചു. മകന്റെ കൂടെ വിദേശത്തു താമസിക്കാൻ പുറപ്പെടുമ്പോൾ പന്ത്രണ്ടാം വോള്യം മാത്രമാണ് അയാൾ കൂടെ കൊണ്ടുപോയത്. ആ വോള്യത്തിലെ അവസാനത്തെ വിഷയം zero എന്നതായിരുന്നു. അതിന്റെ വായന പൂർത്തിയാക്കി, തന്റെ ജീവിതത്തിന് കൈലാസ് വിരാമമിട്ടു. മരണത്തിന്റെ ഗണിതസൂത്രമായി പൂജ്യം മാറുന്നുവെന്ന കാര്യം സ്വന്തം മരണത്തിനു തൊട്ടുമുൻപ് കഥാകാരനെഴുതിയ കത്തിൽ ചൂണ്ടിക്കാണിക്കുന്നുമുണ്ട് കൈലാസ് പാട്ടീൽ.

നാലാമത്തെ കഥാവഴി, നിരവധി പുസ്തകശാലകളും പുസ്തകങ്ങളും നിറഞ്ഞ കൽക്കത്തയിലെ കോളേജ് സ്ട്രീറ്റിൽ, കഥാകാരൻ ആത്മബന്ധമുണ്ടാക്കുന്ന നൂർബുക്‌സിലെ ഖുർഷിദ് അഹമ്മദുമായി ബന്ധപ്പെട്ടുനിൽക്കുന്നു. കൈലാസ് പാട്ടീലിന്റെ മരണം കഴിഞ്ഞ് ഒരുനാൾ അയാൾ കഥാകാരനെ വിളിച്ച് തനിക്കു കിട്ടിയിട്ടുള്ള അപൂർവമായ ഒരു പുസ്തകത്തെക്കുറിച്ചു പറയുന്നു. കൈലാസ് പാട്ടീലിന് ഭുവൻദേശായി നൽകിയ വിജ്ഞാനകോശത്തിന്റെ പതിനൊന്നു വോള്യങ്ങളായിരുന്നു അത്. പന്ത്രണ്ടാം വോള്യം കിട്ടാനില്ല എന്ന കാര്യം കഥാകാരൻ അങ്ങോട്ടു പറഞ്ഞ് ഖുർഷിദിനെ വിസ്മയിപ്പിക്കുന്നു. കാലവും കഥയും ആ വിജ്ഞാനകോശവും 360 ഡിഗ്രി കറങ്ങിത്തിരിഞ്ഞ് ഒരു ചരിത്രഘട്ടം പൂർത്തീകരിക്കുന്നു.

പിന്നീടാണ് കൈലാസ് പാട്ടീലിന്റെ കത്ത് അയാളുടെ മകൻ കഥാകാരനയച്ചുകൊടുക്കുന്നത്. അതിന്റെ ഉള്ളടക്കം, സ്മൃതിനാശത്തിനു തൊട്ടുമുൻപ് വായന പൂർത്തിയാക്കിയ പന്ത്രണ്ടാം വോള്യത്തിലെ അവസാന വിഷയത്തിൽ നിന്ന് തനിക്കു കിട്ടിയ അസാധാരണമായൊരു തിരിച്ചറിവിനെക്കുറിച്ചായിരുന്നു. അത് പൂജ്യത്തെക്കുറിച്ചായിരുന്നു. പ്രപഞ്ചം മുഴുവൻ മുഴങ്ങുന്ന അഗാധമായ ശൂന്യതയെക്കുറിച്ച്. 'ജ്ഞാനഭാരം', ആ കത്തിലും തിരിച്ചറിവിലും അവസാനിക്കുന്നില്ല. 'ജ്ഞാനഭാര'ത്തിന്റെ വിപരീതമായ 'വിജ്ഞാന'ത്തെക്കുറിച്ചുള്ള ചിന്തകൾ കൂടി പുനരാനയിച്ചുകൊണ്ട് ഘോരമായ ഇരുട്ടിൽ വെളിച്ചത്തിന്റെ ഒരു പാളി തിരയുന്ന ഒരാശാരിയുടെ രൂപകസാന്നിധ്യത്തിലാണ് നോവലിന്റെ നിർവഹണം. നോവലിന്റെ തച്ചുശാസ്ത്രം തന്നെയാണ് വെളിച്ചത്തിന്റെ ജ്ഞാനശാസ്ത്രമെന്നും ശൂന്യതയുടെ തത്വശാസ്ത്രം തന്നെയാണ് മരണത്തിന്റെ ഗണിതശാസ്ത്രമെന്നും തെളിയിച്ചുകൊണ്ട്.

അസാധാരണമാംവിധം ആഘാതശേഷിയുള്ള എത്രയെങ്കിലും ഭാവകല്പനകൾകൊണ്ട് സമൃദ്ധമാണ് ജ്ഞാനഭാരം. ചിലത് വായിക്കുക:

'അടുപ്പമുള്ളവരുടെ മരണവാർത്ത കേൾക്കുമ്പോഴെല്ലാം ജീവിതത്തിന്റെ ചെസ്സ് ബോർഡിൽ നാം ഒരു കളം സ്വയം മുന്നിലോട്ടു നീങ്ങുകയാണെന്നു തോന്നും. മുതിർന്നവരുടെ മരണങ്ങൾ നമ്മളെ കൂടുതൽ പ്രായംചെന്നവരാക്കിത്തീർക്കുന്നു'.

'Man is a bundle of memories'.

'ഭൂമിയിൽ ഒരു പ്രയോജനവുമില്ലാത്ത സത്യങ്ങളാണ് അധികവും. മറ്റുള്ളവരെ വേദനിപ്പിക്കും എന്നുകൂടിയുണ്ടെങ്കിൽ അവ നുണകളേക്കാൾ ആപ്തകരമാണ്. അത്തരം സത്യങ്ങളെ ഒഴിവാക്കുക തന്നെയാണ് അഭികാമ്യം. നിസ്സാരമായ നമ്മുടെ ജീവിതത്തിൽ കുറെയേറെ മനുഷ്യരെ ദുഃഖിപ്പിക്കുന്നതിൽ ഒരർഥവുമില്ല; അത് ഏതു സത്യത്തിന്റെ പേരിലാണെങ്കിലും'.

'കഥകളേക്കാൾ നുണകൾ വേറെങ്ങും കാണില്ല. കൂടുതൽ നുണ പറയുന്നവനാണ് കൂടുതൽ നല്ല കഥാകാരൻ'.

'ഓരോ മനുഷ്യനും ഉറങ്ങിക്കിടക്കുന്ന ഒരു കടന്നൽക്കൂടാണ്. അതിനെ തൊട്ടിളക്കുന്നതുവരെ മാത്രമേയുള്ളൂ ആ ശാന്തത'.

'തൊഴി കൊള്ളുന്നവനെ സംബന്ധിച്ച് വെളുത്തവന്റെയായാലും കറുത്തവന്റെയായാലും കാലുകൾക്കെന്തു മാറ്റം? വേദനയ്ക്കു നിറഭേദമില്ല'.

'സ്വന്തം വലയിൽ കുടുങ്ങിപ്പോയ ഒരെട്ടുകാലിയെപ്പോലെ പഴയൊരു കാലത്തിൽ സ്തംഭിച്ചു നില്ക്കുക മാത്രമേ എനിക്കു വയ്ക്കൂ. അവിടെ കിടന്നുകൊണ്ടു കാണുന്ന സ്വപ്നങ്ങളേ എനിക്കുള്ളൂ'.

'ഒഴുകിക്കൊണ്ടിരിക്കേ പെട്ടെന്നു നിലച്ചുപോയ ഒരു നദിപോലെ... (ജീവിതം) അതിനുമേൽ ഉറച്ചുപോയ ഒരു തോണിപോലെ... അങ്ങനെയല്ലേ?'

'വിഷം വില്ക്കാൻ അതു കുടിച്ചുനോക്കണോ?'

'മരിച്ചുപോയവരെ മറന്നുപോകുന്നതുപോലെ വിഷയങ്ങളെയും നമ്മൾ മറന്നുപോകും'.

'ദൂരെ നിന്നും ഒരു വലിയ മഴ പെയ്തു വരുന്നതു പോലെയാണ് ഓർമകൾ. വന്നുകഴിഞ്ഞാൽ നാം ഒട്ടാകെ കുതിർന്നുപോകും'.

'എല്ലാ മനുഷ്യരും മരിച്ചതിനുശേഷവും ജീവിക്കാൻ ആഗ്രഹിക്കുന്നു'.

'അല്ലെങ്കിൽത്തന്നെ മറവിയേക്കാൾ വലിയ മരണമുണ്ടോ?'

'കൂടുതൽ ഉപകരണങ്ങളുള്ള ഒരു ആശാരി ശില്പമുണ്ടാക്കിയില്ലെന്നു വരാമല്ലോ'.

ആധുനികതയുടെ അർഥഭാണ്ഡങ്ങൾ കുടഞ്ഞിട്ട് ചരിത്രവും കാലവും സംസ്‌കാരവും സമൂഹവും മനുഷ്യനു നിർമ്മിച്ചുകൊടുത്ത അറിവിന്റെ ഭാവപ്രരൂപമായി ഒരു പുസ്തകത്തെ സങ്കല്പിച്ച് സന്തോഷ്‌കുമാർ രൂപം കൊടുക്കുന്ന നോവലെഴുത്തിന്റെ കല, 'ജ്ഞാനഭാര'ത്തെ മലയാളഭാവനയുടെ ലാവണ്യജീവിതത്തിലെ എണ്ണം പറഞ്ഞ രചനകളിലൊന്നാക്കി മാറ്റുന്നത് ഇങ്ങനെയാണ്.

നോവലിൽ നിന്ന്:-

'പ്രിയ സുഹൃത്തേ,

ഇന്നു ഞാൻ നിങ്ങളെ ഓർമിക്കാനും ഇങ്ങനെയൊരു കത്ത് നിങ്ങൾക്കായി എഴുതാനും ഒരു പ്രത്യേകകാരണമുണ്ട്. വളരെ വർഷങ്ങൾക്കു ശേഷമാണ് ഞാൻ ആർക്കെങ്കിലും ഒരു കത്തെഴുതുന്നത്. തിരിഞ്ഞുനോക്കുമ്പോൾ ജീവിതത്തിൽതന്നെ, വ്യക്തിപരമായി അധികം കത്തുകളൊന്നും ഞാനെഴുതിയിട്ടുമില്ല. എനിക്ക് കത്തെഴുതാൻ കാര്യമായി വിലാസങ്ങളുണ്ടായിരുന്നില്ല എന്നതായിരുന്നു കാരണം.

നിങ്ങളുടെ അഡ്രസ്സ് എന്റെ കൈവശമുണ്ടായിരുന്നു. ആദ്യം അതെടുത്തുനോക്കിയപ്പോൾ സത്യത്തിൽ എനിക്കു മനസ്സിലായില്ല. പക്ഷേ, ഞാനെഴുതിയതല്ല അതെന്നു മനസ്സിലായി. വേറെ കൈയക്ഷരമാണ്. പക്ഷേ, ആരാണ് ആ വിലാസത്തിൽ പറയുന്ന ആൾ. പിടികിട്ടുന്നില്ല. അങ്ങനെയൊരു കുഴപ്പം എനിക്കുണ്ട്. ഇടയ്ക്കിടെ ചില പേരുകൾ, ചിത്രങ്ങൾ, വാക്കുകൾപോലും എന്നെ കുഴയ്ക്കുന്നു. എവിടെ വച്ചാണ് ഈ പേരുള്ള ആളെ ഞാൻ പരിചയപ്പെട്ടത് എന്നോർത്ത് ഒരു ദിവസം മുഴുവൻ ചിലപ്പോൾ കഴിഞ്ഞുകൂടും. ചിലപ്പോൾ പൊടുന്നനെ ഓർമവരും. മറവിയുടെ മേഘങ്ങളിൽനിന്നും ഒരു നക്ഷത്രം സ്വതന്ത്രമാകുന്നതുപോലെ. ചിലപ്പോൾ അങ്ങനെ ആലോചിക്കുന്ന കാര്യംതന്നെ ഓർമയിൽനിന്നും വിട്ടുപോകാനും മതി. ഭാഗ്യവശാൽ ആ വിലാസത്തിലേക്കു കുറച്ചു നേരം നോക്കിയിരുന്നപ്പോൾ മുൻപ് നിങ്ങളുമായി സംസാരിച്ചിരുന്ന കാര്യം എനിക്കോർമ വന്നു. നിങ്ങൾ പുസ്തകങ്ങൾ എഴുതുന്ന കാര്യം എന്നോടു പറഞ്ഞതായിട്ടാണ് എന്റെ ഓർമ. അക്കാലത്ത് എന്റെ എളിയ ജീവിതത്തെക്കുറിച്ചു ചിലതു നിങ്ങളോടു വിശദീകരിക്കുകയുണ്ടായി എന്ന കാര്യം നിങ്ങൾക്കറിയാമല്ലോ. അന്ന് നമ്മൾ കാര്യങ്ങൾ ചർച്ചചെയ്യുന്ന ഞാൻ കാലത്ത് വലിയൊരു പണിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു എന്ന കാര്യവും ഓർമകാണും. പഴയ കാലത്തെപ്പോഴോ ഇറങ്ങിയ, രണ്ടു മഹായുദ്ധങ്ങൾക്കും മുൻപിറങ്ങിയ ഒരു വിജ്ഞാനപുസ്തകം പഠിച്ചുപൂർത്തിയാക്കുന്ന പണിയായിരുന്നു അത്.

അതു പൂർത്തിയായോ എന്നു ചോദിച്ചാൽ ഉവ്വ് എന്നും ഇല്ല എന്നും പറയേണ്ടിവരും. ഉവ്വ് എന്നാണെങ്കിൽ അവസാനത്തെ വോള്യത്തിലെ മിക്കവാറും ഭാഗങ്ങളെല്ലാം ഞാൻ വായിച്ച് അടയാളപ്പെടുത്തിക്കഴിഞ്ഞു. ചില കുറിപ്പുകൾ ആദ്യകാലത്ത് എടുത്തിരുന്നു. ക്രമേണ അതു നടക്കാതായി. ഈ ഭൂമിയിൽനിന്നും കടന്നുപോകുന്നതിനു മുൻപുതന്നെ എല്ലാം വായിച്ചുതീർക്കണം എന്നൊരു വാശിയിലായിരുന്നു ഞാൻ. അതുകൊണ്ട് അവസാനകാലത്ത് കുറച്ചു ധൃതിവെച്ചു. വായനയുടെ വലയിൽനിന്നും അനവധി മീനുകൾ ചോർന്നുപോയിട്ടുണ്ടാവും, എനിക്കറിയാം. അതുകൊണ്ട് പരിപൂർണമായ അർഥത്തിൽ വായന നടന്നോ, തീർന്നോ എന്നൊക്കെ ചോദിച്ചാൽ ഇല്ല എന്നുമുണ്ട് ഒരുത്തരം.

അതെന്തങ്കിലുമാവട്ടെ, എന്തിനെന്നറിയാതെ തുടർന്നുപോന്നിരുന്ന ഒരു കർമമായിരുന്നു ഈയൊരു പുസ്തകപാരായണം. ഇതൊരു ഗ്രന്ഥപരമ്പരയായിരുന്നു എന്നു തോന്നുന്നു. എന്നാൽ ഇപ്പോൾ എന്റെ കൈവശം ആ പരമ്പരയിൽപ്പെട്ട ഒരേയൊരു പുസ്തകമേ അവശേഷിച്ചിരുന്നുള്ളൂ. നാട്ടിൽനിന്നും പോരുമ്പോൾ ഞാൻ കൈയിലെടുത്തിരുന്ന ഒരേയൊരെണ്ണം. മറ്റെല്ലാം ഞാൻ മുൻപുതാമസിച്ചിരുന്ന സ്ഥലത്തുതന്നെ ഉപേക്ഷിച്ചിരുന്നു. അതെല്ലാം എടുത്തുകൊണ്ടുവരുക പ്രയാസമാണെന്നറിയാമല്ലോ. ഏതായാലും ഈയൊരു പുസ്തകവും ഞാനും ഇവിടെ ബാക്കിയായിരിക്കുന്നു. മറ്റൊന്നും ചെയ്യാനില്ല. നീക്കിയിരിപ്പുള്ള സമയവും കുറവ്. അതിനാൽ ഭാഷ മറന്നുപോകാതിരിക്കാനെന്നോണം ഞാനതു വായിച്ചുകൊണ്ടിരുന്നു. പലപ്പോഴും അതുമാത്രമേ എനിക്കു ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. അത്തരമൊരു ജോലിമാത്രം ചെയ്യാനറിയാവുന്ന ഒരു യന്ത്രത്തെപ്പോലെ ഞാൻ അതിലെ വിഷയങ്ങളും വാക്കുകളുമൊക്കെയുമായി പൊരുതി. അതോടൊപ്പം തന്നെ അതു സമയവുമായുള്ള ഒരു മൽപ്പിടുത്തം കൂടിയായിരുന്നു. ഓരോ ദിവസവും പുലരുമ്പോഴും ബാക്കിവെച്ച ഭാഗങ്ങൾ വായിക്കാൻ ഞാൻ ശ്രമിച്ചു പോന്നു. അതേസമയം, പല ദിവസങ്ങളിലും അക്കാര്യം ഞാൻ മറന്നുപോയുമിരുന്നു. മേശപ്പുറത്തു തുറന്നുവെച്ചിരിക്കുന്ന പുസ്തകത്തെ നോക്കി തികച്ചും അപരിചിതനെപ്പോലെ നടന്നുപോകുന്ന ഞാൻ, എന്റെ മകനെ അമ്പരപ്പിച്ചിരുന്നു എന്ന് അവൻ ഇടയ്ക്കു പറയുമായിരുന്നു. അച്ഛൻ എന്താ വായനാവ്യായാമം നിർത്തിയോ എന്നാണ് അവൻ ചോദിക്കുക. ആദ്യകാലത്ത് അവനെസ്സംബന്ധിച്ച് ഇതൊരു തമാശയായിരുന്നു. അല്ലെങ്കിൽ അസംബന്ധം. കുറെക്കാലം കഴിഞ്ഞപ്പോൾ ഓർമയെ പിടിച്ചുനിർത്താനുള്ള ഒരു മാനസികോപാധിയായി ഈ വായനയെ ഉപയോഗിക്കുന്നതു നല്ലതാണെന്ന് അവന്റെ സുഹൃത്തായ ഡോക്ടർ ഉപദേശിച്ചിരുന്നു. അങ്ങനെ വർഷങ്ങൾക്കുശേഷം ഈ പ്രവൃത്തി എന്റെ മാത്രമല്ല, അവന്റെകൂടെ ഉത്തരവാദിത്വമായി മാറി എന്നു പറയാം. അതുകൊണ്ടുതന്നെ, ഞാൻ ചിലപ്പോൾ വായിച്ചു ബാക്കിവെച്ച ഭാഗം അവൻ കണ്ടെടുത്തു തരുന്നു. അവയിലെ വിഷയങ്ങൾ ഞാൻ ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ ചില സൂചനകൾ തന്ന് കുറച്ചുദൂരം എന്റെ കൂടെ നടക്കുന്നു. ഒരുതരത്തിൽ ജ്ഞാനത്തിന്റെ ചുമട് പങ്കിടുന്നതുപോലെ അല്ലേ?

ഇന്ന് ഒടുവിൽ, ഞാൻ പുസ്തകം വായിച്ചു മതിയാക്കുന്നു. അവസാനപേജിൽ എത്തി എന്നു പറയാൻ പറ്റില്ല. കുറച്ചുകൂടി താളുകൾ ഇനിയും ബാക്കിയുണ്ട്. പക്ഷേ, എന്നെസ്സംബന്ധിച്ച് അവസാനവിഷയത്തിൽ ഞാൻ എത്തിച്ചേർന്നു. വർഷങ്ങളായി ഞാൻ തുടർന്നുപോന്നിരുന്ന വലിയൊരു കർമം പൂർത്തിയായി എന്നൊരു തോന്നൽ. അതു കഴിഞ്ഞപ്പോഴുണ്ടായ മനസ്സിന്റെ ലാഘവം വിവരിക്കാവുന്ന ഒന്നല്ല. എന്തദ്ഭുതം! അപ്പോൾ എനിക്ക് പൊടുന്നനെ നിങ്ങളെ ഓർമവന്നു. അതാണ് ഈ കത്തെഴുതുന്നതിനുള്ള കാരണം.

അതിനേക്കാൾ പ്രധാനപ്പെട്ട ഒന്ന്, ഈ പുസ്തകത്തിൽ ഞാൻ അവസാനം വായിച്ച വിഷയമായിരുന്നു. അതു നിങ്ങളോടു വിശദമായി പറയണം എന്നെനിക്കുണ്ട്. തീർച്ചയായും നിങ്ങൾക്ക് ഒഴിവുള്ള സമയത്ത് ഞാനൊരു ഫോൺ ചെയ്യാമെന്നു വിചാരിക്കുന്നു. അതു മുഴുവൻ എഴുതി ഫലിപ്പിക്കുക വയ്യ. (ഞാൻ എഴുത്തുകാരനല്ലല്ലോ.) അതിന്റെ ചരിത്രം, ചിഹ്നം, അതുമായി ഗണിതശാസ്ത്രത്തിനും അഥവാ ജീവിതത്തിന് ആകെത്തന്നെയുമുള്ള ബന്ധം എല്ലാം അതിവിശദമായി അതിൽ പറഞ്ഞിരിക്കുന്നു. ഒരു ജീവിതകാലം മുഴുവൻ ഈ വിജ്ഞാനപരമ്പര വായിച്ചുകൊണ്ടിരുന്നതിനുശേഷം അതത്രയും അവസാനിപ്പിക്കാൻ അതിനേക്കാൾ വലിയൊരു വിഷയം കിട്ടാനില്ല എന്നതാണ് എന്റെ വിശ്വാസം. നിങ്ങൾക്കെന്തു തോന്നുന്നുവോ ആവോ! ഒഴിവുപോലെ നേരിട്ടു സംസാരിക്കുമ്പോൾ ഞാനക്കാര്യം കൂടുതൽ പറയാം.

ഇങ്ങനെ കുറേ എഴുതിപ്പോയിട്ടും ഞാൻ ആ വിഷയത്തെക്കുറിച്ചു നിങ്ങളോടു പറയാൻ മറന്നു. പ്രപഞ്ചം മുഴുവൻ മുഴങ്ങുന്ന അഗാധമായ ശൂന്യതയല്ലാതെ അതു മറ്റൊന്നുമല്ല. അതേ, നിങ്ങൾ ഒരുപക്ഷേ, ഊഹിച്ചു കാണും എന്നു ഞാൻ വിചാരിക്കുന്നു. ZERO എന്നായിരുന്നു ആ പദം.

ഞാൻ വായിച്ചവസാനിപ്പിച്ച പുസ്തകത്തിൽ ആ വിഷയത്തിനു മാത്രമായി പത്തോളം താളുകൾ നീക്കിവെച്ചിരിക്കുന്നു. എന്നാൽ അതിന്റെ നിരർത്ഥകമായ അർഥവ്യാപ്തിയാകട്ടെ, ഒരു മനുഷ്യായുസ്സോളം പരന്നുകിടക്കുകയും.

സസ്‌നേഹം,

നിങ്ങളുടെ
കൈലൈസ് പാട്ടീൽ'

ജ്ഞാനഭാരം
ഇ. സന്തോഷ്‌കുമാർ
മാതൃഭൂമി ബുക്‌സ്
2021, വില: 230 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP