Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നഗ്നഭാവനകൾ, ഭഗ്നകാമനകൾ

നഗ്നഭാവനകൾ, ഭഗ്നകാമനകൾ

ഷാജി ജേക്കബ്‌

ഭാവുകത്വത്തെ വഴിതിരിച്ചുവിട്ടതിന്റെ പേരിൽ, മലയാളത്തിൽ, ഇക്കഴിഞ്ഞ പതിറ്റാണ്ടിന്റെ കഥയെഴുത്തുകാർ എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്നത് മൂന്നുപേരെയാണ്. എസ്. ഹരീഷ്, ശ്യാം പുഷ്‌ക്കരൻ, വിനോയ് തോമസ് എന്നിവരെ. നോവൽ, ചെറുകഥ, തിരക്കഥ എന്നിങ്ങനെ ഈ കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ മൂന്നു കഥാരൂപങ്ങളിലും എസ്. ഹരീഷിനെപ്പോലെ ഇത്രമേൽ അടിസ്ഥാനപരമായും മൗലികമായും ഭാവുകത്വവ്യതിയാനം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുള്ള മറ്റൊരാളില്ല. ജാതിനിർണീതമായ സാമൂഹ്യവ്യവസ്ഥയെയും ചരിത്രബദ്ധമായ ദേശസംസ്‌കൃതിയെയും ഹിംസാത്മകമായ പ്രത്യയശാസ്ത്ര രാഷ്ട്രീയത്തെയും ഫണം വിടർത്തിയ കാമനാലോകങ്ങളെയും ലാവണ്യാത്മകമായി അപനിർമ്മിച്ചുകൊണ്ടും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ഇന്ത്യൻ നിയമസംവിധാനം തന്നെ പുനർനിർവചിച്ചുകൊണ്ടും മലയാളനോവലിന്റെ ഇംഗ്ലീഷ് വിവർത്തനസംസ്‌കാരത്തെ നിർണായകമായി പുനർവിഭാവനം ചെയ്തുകൊണ്ടും ഹരീഷിന്റെ രചനകൾ സൃഷ്ടിച്ച പ്രതീതികൾക്കു സമാനമായ മറ്റൊരു സാഹിത്യസംഭവം ഇക്കഴിഞ്ഞ ദശകത്തിൽ മലയാളത്തിലുണ്ടായിട്ടില്ല. ആദം, അപ്പൻ, മീശ, ഓഗസ്റ്റ് 17 എന്നീ സാഹിത്യകൃതികളും ജല്ലിക്കെട്ട് മുതൽ നൻപകൽ നേരത്തുമയക്കം വരെയുള്ള തിരക്കഥകളും ഓർമ്മിക്കുക (ചുരുളിയും).

          എന്തുകൊണ്ട് ശ്യാം പുഷ്‌ക്കരൻ? മുൻപൊരിക്കലും ഒരു തിരക്കഥാകൃത്ത് നമ്മുടെ കഥയെഴുത്തിന്റെ കലയെയും ഭാവുകത്വത്തെയും ഇത്രമേൽ സ്വാധീനിച്ചിട്ടില്ല, ദിശ മാറ്റി വിട്ടിട്ടില്ല. 2011ൽ സാൾട്ട് ആൻഡ് പെപ്പറിൽ ആരംഭിച്ച ശ്യാമിന്റെ തിരക്കഥാശൈലി ഒരുപതിറ്റാണ്ടുകൊണ്ട് ഇയ്യോബിന്റെ പുസ്തകം, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, മായാനദി, കുമ്പളങ്ങി നൈറ്റ്‌സ്, ജോജി തുടങ്ങിയ രചനകളിലൂടെ അസാഹിതീയമായ കഥപറച്ചിലിന്റെയും ആഖ്യാനത്തിലെ നവറിയലിസത്തിന്റെയും കലയിലേക്ക് മലയാളസിനിമക്കു വരുത്തിയ മാറ്റങ്ങൾ സിനിമയിൽ മാത്രമായി ഒതുങ്ങിനിന്നില്ല എന്നതാണ് വാസ്തുത. മേല്പറഞ്ഞ അസാഹിതീയമായ കഥപറച്ചിലിന്റെയും നിയോറിയലിസ്റ്റിക് ആഖ്യാനത്തിന്റെയും കലയെക്കാൾ വലിയ മാറ്റൊരു സ്വാധീനവും ഭാവുകത്വമാറ്റവും ഈ കാലയളവിൽ മലയാളചെറുകഥയിലും സംഭവിച്ചിട്ടില്ല. അതിന്റെ ഏറ്റവും വലിയ വക്താവും പ്രയോക്താവും ഗുണഭോക്താവും വിനോയ് തോമസാണ്.

          എട്ടുവർഷം(2014-2022)കൊണ്ട് എഴുതിയ മൂന്നു നോവലുകളും ഇരുപതു ചെറുകഥകളും വഴി നോവൽ, ചെറുകഥ എന്നീ രണ്ടു രൂപങ്ങളിലും വിനോയ് നിരന്തരം പ്രകടിപ്പിക്കുന്ന ഊറ്റവും തേറ്റവും മേല്പറഞ്ഞവിധം പുതുതായിരിക്കുമ്പോൾ തന്നെ തൊട്ടു മുൻദശകങ്ങളിൽ എസ്. ഹരീഷും ഇ. സന്തോഷ്‌കുമാറും പ്രകടിപ്പിച്ചതുപോലെ സാഹിത്യപാരമ്പര്യത്തിന്റെ മണ്ഡലത്തിലും മൗലികവും കാലികവുമാണ്. അല്പം കൂടി പിന്നോട്ടുപോയാൽ സി. അയ്യപ്പൻ കഥയിൽ കൊണ്ടുവന്ന കൊയ്ത്തരിവാൾ മൂർച്ചയുള്ള ജാതി-ലിംഗ അബോധങ്ങളുടെയും ഭരണകൂട-പ്രത്യയശാസ്ത്ര വിമർശനങ്ങളുടെയും മത-രാഷ്ട്രീയ പരിഹാസങ്ങളുടെയും ശരീര-ലൈംഗിക കാമനകളുടെയും തുടർച്ചയും, ഹരീഷിലെന്നപോലെ വിനോയിയിലും കാണാം. മത-ജാതി മലയാളിയും ആൺകേരളവും പേറുന്ന ഉടലിന്റെയും ഉണ്മയുടെയും നഗ്നമായ ലാവണ്യ-രാഷ്ട്രീയങ്ങളാണ് അയ്യപ്പൻ മലയാളകഥയ്ക്കു നൽകിയ ഏറ്റവും വലിയ സാംസ്‌കാരിക മൂലധനം. അതിന്റെ തുടർച്ചയും പടർച്ചയുമാണ് വിനോയ്കഥകൾ.

         

'കഥയില്ലാത്ത' കുടിയേറ്റ ജനതയുടെ കാമനാരാഷ്ട്രീയങ്ങളെയും ഇടം എന്നതിലുപരി ആവാസവ്യവസ്ഥയായി മാറുന്ന ദേശസംസ്‌കൃതികളെയും ഭാവനയുടെ നിണഭൂപടങ്ങളായി വിന്യസിക്കുകയാണ് വിനോയിയുടെ കലാപദ്ധതി. ഭാഷയിലും പ്രമേയത്തിലുമെന്നപോലെതന്നെ രാഷ്ട്രീയത്തിലും ആഖ്യാനത്തിലും വെളിപ്പെടുന്ന കഥയുടെ രൂപ-ഭാവ കലകളിൽ വിനോയ് സൃഷ്ടിക്കുന്ന നവീകരണം തന്റെ തലമുറയിൽ എതിരാളികളില്ലാത്ത വിധം വേറിട്ടതാണ്. തിരക്കഥയിലേക്കുള്ള പരകായപ്രവേശം ഈ കഥാഭാവുകത്വത്തിന്റെ മൂന്നാം ചുവടാണ്. ചുരുളി, ചതുരം, പാൽതൂജാൻവർ.... ഇതേ കാലത്തുതന്നെ വിവർത്തനത്തിന്റെ നാലാം ചുവടും വിനോയി മുന്നോട്ടുവച്ചു കഴിഞ്ഞു. എഴുതിയ മൂന്നു നോവലുകളും ചില കഥകളും ഇതിനകം ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്യപ്പെട്ടു.  അതുവഴി ഈ കാലത്തെ ഏതു മലയാളിനോവലിസ്റ്റും കഥാകൃത്തും ആഗ്രഹിക്കുന്ന രണ്ട് അധിക ജന്മങ്ങളും (ചലച്ചിത്രാനുകല്പനം/തിരക്കഥാരചന, ഇംഗ്ലീഷ് വിവർത്തനം/ആഗോളവൽക്കരണം)  സ്വന്തമാക്കാൻ കുറഞ്ഞൊരു കാലംകൊണ്ടുതന്നെ വിനോയിക്കു കഴിഞ്ഞിരിക്കുന്നു.

          കരിക്കോട്ടക്കരി, പുറ്റ്, രാമച്ചി എന്നീ കൃതികൾ ഈ പംക്തിയിൽ മൂൻപ് പരിചയപ്പെടുത്തിയതാണ്. മലബാർ കുടിയേറ്റത്തിന്റെ ചരിത്ര-സാമൂഹ്യപാഠങ്ങളും സൗന്ദര്യ-രാഷ്ട്രീയ ലോകങ്ങളും സാംസ്‌കാരികാന്യാപദേശങ്ങളും ദേശഭൂപടങ്ങളുമായി വിനോയി നോവലിലും കഥയിലും നടത്തിയ ശ്രദ്ധേയമായ ചുവടുവയ്പുകൾ ചൂണ്ടിക്കാണിക്കാനാണ് അവയിൽ ശ്രമിച്ചത്. കാലപരമായും കലാപരമായും ആ രചനകളിൽ നിന്നുള്ള മുന്നോട്ടുപോക്കായി കാണേണ്ടിയിരിക്കുന്നു, 'മുള്ളരഞ്ഞാണം' (2019), 'അടിയോർമിശിഹ എന്ന നോവൽ' (2021) എന്നീ സമാഹാരങ്ങളിലെ കഥകളെ. 'രാമച്ചി'ക്കുശേഷം വിനോയ് എഴുതിയ ഈ കഥകളിൽ മലയാളിയുടെ തൃഷ്ണാജീവിതത്തിന്റെയും ഭാവാഖ്യാനത്തിന്റെയും പുതിയ അക്ഷാംശങ്ങളും രേഖാംശങ്ങളും ചുരുൾനിവരുന്നതിന്റെ വായനയാണ് ഇവിടെ ലക്ഷ്യം.

          മുൻകഥകളിൽനിന്നു തികച്ചും ഭിന്നമായി സാഹിതീയതയുടെ കെട്ടുപാടുകളെല്ലാമഴിച്ച് നവയാഥാർഥ്യത്തിന്റെ സിനിമാറ്റിക് കലയിലേക്ക് ചുവടുമാറ്റുന്ന ചെറുകഥയുടെ കളിപ്പാട്ടുകളാണ് ഈ രചനകൾ. പറയുന്ന കഥ ആത്മത്തിന്റേതാകട്ടെ അപരത്തിന്റേതാകട്ടെ അസ്തിത്വത്തിന്റെയും അബോധത്തിന്റെയും അകംപുറം കുടഞ്ഞിടുന്ന അപാവരണങ്ങളാണ് വിനോയ് തോമസിന്റെ വഴി. നഗ്നഭാവനകളുടെയും ഭഗ്നകാമനകളുടെയും ജീവിതോത്സവങ്ങളായി അവ മലയാളകഥയുടെ ജനിതകഘടന പുനർവിന്യസിക്കുകയും ചെയ്യുന്നു.

മുള്ളരഞ്ഞാണത്തിൽ ഏഴ് കഥകളുണ്ട്. തെരൂരിലെ ചാലിയ സമുദായത്തിൽ പിറന്ന് തറിയുടെയും നെയ്ത്തിന്റെയും പാരമ്പര്യങ്ങൾക്കുമേൽ ആഗോള ബ്രാൻഡുകളുടെ പ്രലോഭനം കെട്ടിയിറക്കുന്ന നിജേഷിന്റെ ആന്തരപരിണാമങ്ങളുടെ ഐറണിയും ഫാന്റസിയുമാണ് 'ആനന്ദബ്രാന്റൻ'. മലയോരഗ്രാമത്തിൽ മതങ്ങളെയും ദൈവങ്ങളെയും തലകീഴ്മറിച്ച് ജീവിച്ച ഇങ്കൻ എന്ന ഒറ്റമനുഷ്യന്റെ മരണത്തിന്റെയും മരണാനന്തരവും അയാൾ അനുഭവിക്കുന്ന അപാരമായ ഏകാന്തതയുടെയും കഥയാണ് 'ചൂടൻ ഇങ്കന്റെ ശവമടക്ക്'. ഭാഷയും മനുഷ്യരും തമ്മിലുള്ള ജൈവബന്ധത്തെയും പാശ്ചാത്യരാജ്യങ്ങളിലേക്കു കുടിയേറിപ്പോകുന്ന മലയാളി അനുഭവിക്കുന്ന ഭാഷാപരവും അസ്തിത്വപരവുമായ പ്രതിസന്ധികളെയും കുറിച്ചുള്ള ഒരന്യാപദേശമാണ് 'കുട്ടിക്കുറുക്കത്തി'. ഭക്തിയും കാമവും ഉടലും കൊതിയും ജീവിതത്തിലുണ്ടാക്കുന്ന ആവേഗങ്ങൾക്കിടയിൽ കവിതയെന്ന മരംകേറിപ്പെൺകുട്ടിയും അവളുടെ മേരിമമ്മിയും കടന്നുപോകുന്ന നാടകീയ മാറ്റങ്ങളുടെ കഥയാണ് 'മുള്ളരഞ്ഞാണം'. കുടിയേറ്റക്കർഷകനായ സാബു നായ്ക്കുരണപ്പരിപ്പുകൊണ്ടുണ്ടാക്കുന്ന വാജീകരണ ഔഷധത്തിന്റെയും ആസക്തി സഹിയാതെ അയാൾ ഭോഗിക്കാൻ കൊണ്ടുവരുന്ന പെണ്ണിന്റെയും വിരുദ്ധപരിണാമങ്ങളുടെ സന്ദർഭമാണ് 'നായ്ക്കുരണ'. പാഠപുസ്തകനിർമ്മാണ ശില്പശാലകളിൽ നടക്കുന്ന കക്ഷിരാഷ്ട്രീയ ഇടപെടലുകളുടെയും തലമുറകളെത്തന്നെ വ്യാജവൈജ്ഞാനികതയിൽ തളച്ചിടുന്ന അദ്ധ്യാപകനെറികേടുകളുടെയും നേർക്കുള്ള നിശിതമായ പരിഹാസവും വിമർശനവുമാണ് 'തുഞ്ചൻ ഡയറ്റ്'. മൈലാടും കുറ്റിയിൽ ജോയി എന്ന പിടികിട്ടാപ്പുള്ളിയെ കണ്ടുപിടിച്ച് അറസ്റ്റുചെയ്യാൻ വേഷംമാറി ഇരിട്ടിയിൽനിന്ന് കുടിയേറ്റഗ്രാമമായ കളിഗെമിനാറിലെത്തുന്ന രണ്ടു പൊലീസുകാരുടെയും ആ ഗ്രാമത്തിലെ കുറെ മനുഷ്യരുടെയും കഥയാണ് 'കളിഗെമിനാറിലെ കുറ്റവാളികൾ'. കുറ്റവാളികളും നിയമപാലകരും തമ്മിലുള്ള മുഴുവൻ അതിർവരമ്പുകളും റദ്ദായിപ്പോകുന്ന അതിവിചിത്രമായ മനുഷ്യാവസ്ഥയുടെ ജീവചരിത്രമാണ് ഈ കഥ.

          'അടിയോർ മിശിഹ'യിൽ അഞ്ചു കഥകളുണ്ട്. എഴുത്തുകാരനായ ലോപ്പസ് ആദിയിടവും രഞ്ജിനിടീച്ചറും തമ്മിൽ ഫേസ്‌ബുക്കിലും വാട്‌സാപ്പിലും രൂപമെടുക്കുന്ന പ്രണയത്തിന്റെയും കുറച്ചുദിവസം ഒന്നിച്ചുകഴിയാൻ സ്വന്തം കുടുംബങ്ങളിൽ നുണപറഞ്ഞ് മൂന്നാറിലേക്ക് നടത്തുന്ന യാത്രയുടെയും വിപര്യയങ്ങളുടെ ആവിഷ്‌ക്കാരമാണ് 'ഒരു പകുതി പ്രജ്ഞയിൽ...' എന്ന കഥ. ചങ്ങമ്പുഴയുടെ ജീവിതവും കവിതയും അന്തർപാഠമായി സന്നിഹിതമാകുന്ന നീണ്ടകഥ. പ്രണയത്തിൽ മനുഷ്യർ എത്രത്തോളം പരസ്പരം നുണപറയുമെന്നതിന്റെ ക്ലാസിക്കാണ് ഈ രചന. മറഡോണ കണ്ണൂരിൽ വന്നപ്പോൾ മയക്കുമരുന്നു കിട്ടാതെ ബഹളമുണ്ടാക്കിയതും കെ.ടി. സെബാസ്റ്റ്യൻ എന്ന് അബ്കാരി തന്റെ ഡിസ്റ്റിലറിക്കു പിന്നിൽ പ്രവർത്തിച്ച വാറ്റുകാരൻവഴി ആ പ്രശ്‌നം പരിഹരിച്ചതും അതിനുവേണ്ടി സ്വന്തം പെങ്ങളെത്തന്നെ കൂട്ടിക്കൊണ്ടുക്കേണ്ടിവന്നതുമാണ് 'കളിബാധ'യിലെ കഥ. മറഡോണയെക്കുറിച്ച് ഇ. സന്തോഷ്‌കുമാർ എഴുതിയ 'ഏഴാമത്തെ പന്ത്' എന്ന കഥയുടെ മറുപാഠം. രാഷ്ട്രീയം കളിച്ച് ദരിദ്രനായ റോൾസൺ എന്ന കോൺഗ്രസുകാരൻ നക്‌സൽ വർഗീസിനെ നായകനാക്കി എഴുതുന്ന നോവൽ സൃഷ്ടിക്കുന്ന പുകിലുകളുടെ കഥയാണ് 'അടിയോർ മിശിഹ എന്ന നോവൽ'. വിനോയ് 'പുറ്റി'ലും 'തുഞ്ചൻ ഡയറ്റി'ലുമൊക്കെ നടത്തുന്ന ഇടതുരാഷ്ട്രീയവിമർശനത്തിന്റെ തുടലിമുൾ മൂർച്ചയുള്ള പാഠമാതൃക. കൊറോണക്കാലത്ത് കോവിഡ് ബാധിച്ച സുഹൃത്തിനൊപ്പം പഞ്ചായത്ത് ഗസ്റ്റ് ഹൗസിൽ ക്വാറന്റൈനിലിരിക്കുന്ന നാലുപേർ തങ്ങളുടെ വിചിത്രമായ രത്യനുഭവങ്ങൾ പങ്കിടുന്ന രചനയാണ് 'ലൂക്കാമഹേറാൻ കഥകൾ'. ഡെക്കാമറൺകഥകളുടെ കുടിയേറ്റപാഠം. അതീതഭാവങ്ങളിലേക്കു പരകായപ്രവേശം നേടുന്ന പ്രകൃത്യനുഭവങ്ങളിലൂടെ രണ്ടു സുഹൃത്തുക്കൾ നടത്തുന്ന യാത്രയുടെ മായികം എന്നുതന്നെ പറയാവുന്ന അവതരണമാണ് 'ട്രിപ്പ്' എന്ന കഥ. മറ്റൊരു സെൻകഥ. അടിയോർ മിശിഹയിലെ അഞ്ചുകഥകളും ഒരേപോലെ പിന്തുടരുന്ന 'പാഠാന്തരത്വ'ത്തിന്റെയും അധികഥനത്തിന്റെയും കല എടുത്തുപറയേണ്ട ഒന്നാണ്.

          അഞ്ച് തലങ്ങളിൽ അപഗ്രഥിക്കാൻ കഴിയും വിനോയ് തോമസിന്റെ ഈ കഥകളുടെ രൂപ, ഭാവ ജീവിതങ്ങളെ.

1. കുടിയേറ്റത്തിന്റെ നരവംശരാഷ്ട്രീയവും സാംസ്‌കാരിക ഭൂമിശാസ്ത്രവും ജൈവഭൂപടങ്ങളും അടരടരായി വെളിപ്പെടുന്നവയാണ് ഈ സമാഹാരങ്ങളിലെ ഭൂരിപക്ഷം കഥകളും. 'ആനന്ദബ്രാന്റൻ', 'ചൂടൻ ഇങ്കന്റെ ശവമടക്ക്', 'കുട്ടിക്കുറുക്കത്തി', 'മുള്ളരഞ്ഞാണം', 'നായ്ക്കുരണ', 'കളിഗെമിനാർ', 'കളിബാധ', 'അടിയോർ മിശിഹ', 'ലൂക്കാമഹറോൻകഥകൾ'.... എന്നിങ്ങനെ.

പ്രകൃതിയും ആവാസവ്യവസ്ഥയും മനുഷ്യരും ഭാഷയും ഭാഷണവും ഉപജീവനവും ആനന്ദമാർഗങ്ങളും മതവിശ്വാസങ്ങളും ജാതിവഴക്കങ്ങളും കുടുംബഘടനയും വ്യക്തിബന്ധങ്ങളും സമൂഹവും സ്ഥാപനങ്ങളും മൃഗപക്ഷിപ്രാണികളും എന്നുവേണ്ട കാലാവസ്ഥയും ഭൂഭാഗപടങ്ങളും വരെയുള്ളവയെല്ലാം ജൈവികമായി പുനഃസൃഷ്ടിക്കപ്പെടുന്ന കുടിയേറ്റങ്ങളുടെ ഐതിഹ്യമാലയാണ് വിനോയിയുടെ കഥകൾ. ആഭ്യന്തരവും ബാഹ്യവുമായവ. അപാരമായ നിസ്സംഗതകളും അനുപമമായ പ്രത്യക്ഷവൽക്കരണങ്ങളും അസാധാരണമായ അലങ്കാരരാഹിത്യങ്ങളും അവിശ്വസനീയമായ ലളിതവൽക്കരണങ്ങളും കൊണ്ട് മനുഷ്യപ്രകൃതത്തിന്റെയും കാമനാസ്വരൂപങ്ങളുടെയും ഭാഷണകലയുടെയും അസാഹിതീയവൽക്കരണം അങ്ങേയറ്റം സാധ്യമാക്കുന്ന രചനകൾ. ഗൂഢവും ഗുപ്തവുമായ ധ്വനിപാഠങ്ങളെല്ലാം കയ്യൊഴിഞ്ഞ കഥനരൂപങ്ങൾ. അനിതരസാധാരണവും അതിപരിചിതവുമായ കളിമട്ടിലേക്ക് ജീവിതത്തെയും അനുഭൂതികളെയും പറിച്ചുനടുന്ന സാഹസവിദ്യ. ഒരേസമയംതന്നെ മിത്തുകൾപോലെ യാഥാർഥ്യത്തെ വെല്ലുവിളിക്കുകയും റിയലിസത്തിന്റെ നഗ്നരൂപകങ്ങൾകൊണ്ട് അതിതീക്ഷ്ണമായ ജീവിതാനുഭവങ്ങളെ നേർക്കുനേർ നിർത്തുകയും ചെയ്യുന്ന മാന്ത്രികകഥകൾ. ആഭ്യന്തരകുടിയേറ്റങ്ങൾപോലെതന്നെ മലയാളിയുടെ ജീവിതവും സംസ്‌കാരവും ഭാഷയും ബന്ധങ്ങളും ലോകവും കാലവും പുനർനിർണയിക്കുന്ന ബാഹ്യകുടിയേറ്റങ്ങളുടെ പശ്ചാത്തലമാണ് 'ആനന്ദബ്രാന്റനി'ലും 'കുട്ടിക്കുറുക്കത്തി'യിലുമുള്ളത്. 'മുള്ളരഞ്ഞാണ'ത്തിലെ കുട്ടികളുടെ കളിവേളകളും 'നായ്ക്കുരണ'യിലെ സാബുവിന്റെ കൃഷിലീലകളും 'കളിഗെമിനാറി'ലെ കുറ്റവാളികളുടെ തെറിവിളികളും 'അടിയോർ മിശിഹാ'യിലെ ഇരുതലമൂർച്ചയുള്ള രാഷ്ട്രീയവിമർശനങ്ങളും 'കളിബാധ'യിലെ വിൻസാച്ചന്റെയും 'ലൂക്കാമഹറോനി'ലെ കൂട്ടുകാരുടെയും കഥാപ്രപഞ്ചങ്ങളും ആഭ്യന്തരകുടിയേറ്റത്തിന്റെ മൂർത്തവും മൗലികവുമായ ജീവിതവൃത്തങ്ങളിൽനിന്നുമാത്രം രൂപംകൊള്ളുന്നവയാണ്. സാഹിത്യത്തിലാകട്ടെ, സിനിമയിലാകട്ടെ, മലയാളഭാവനയിൽ ഒരുപാടുതവണ അതികാല്പനികവൽക്കരിച്ചു മാത്രം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആർത്തവാരംഭത്തിന്റെ അനുഭവപരവും ആഖ്യാനപരവുമായ തലകീഴ്മറിയൽ നടക്കുന്ന മുള്ളരഞ്ഞാണത്തിലെ ഈ ഒരൊറ്റ രംഗം മതി, വിനോയിയുടെ കഥാശൈലിയുടെ വേറിട്ട കല മനസ്സിലാക്കാൻ.

          ''ഈസ്റ്ററിന്റെ രാവിലെയും പിള്ളേരുസെറ്റ് കവിതയുടെ വീട്ടിലേക്കു വന്നു.

          'കവിതേ, മുള്ളുകമ്പിയെല്ലാം ആരാണ്ട് കല്ലെടുത്തിടിച്ച് മുറിച്ചുവെച്ചിട്ടുണ്ട്. അതിനി അഴിച്ചുംകൂടി കളഞ്ഞാൽ നമ്മക്ക് മാവേൽ കേറാം'.

          കവിത ചിരിച്ചു. അവരെല്ലാവരുംകൂടി ആർപ്പിട്ടുകൊണ്ട് മാവിൻചുവട്ടിലേക്കോടി. മുറിഞ്ഞ കമ്പിയിൽ പിടിച്ച് മാവിനു ചുറ്റും നടന്നപ്പോൾ മുള്ളുകമ്പിച്ചുറ്റുകൾ അഴിഞ്ഞുവന്നു. ഇനി കൊമ്പുകളിലെ മുള്ളുകമ്പിയാണ് അഴിക്കേണ്ടത്. അതിനുവേണ്ടി ആരു കേറും എന്നതിന് സംശയമില്ലായിരുന്നു. കൊമ്പിൽതൂങ്ങി കവിത മാവിലേക്കു കയറാൻതുടങ്ങിയപ്പോൾ അവൾക്കു വയറ്റിലൊരു വല്ലായ്ക തോന്നി.

          'നിങ്ങളാരെങ്കിലും കേറ് എനിക്കെന്നാന്നറിയത്തില്ല, പറ്റുന്നില്ല'.

          കവിത തളർന്ന് മാവിൻചോട്ടിലിരുന്നു. പിള്ളേരുസെറ്റ് അങ്ങോട്ടുമിങ്ങോട്ടും നോക്കി. മുള്ളുകമ്പിയുള്ള കൊമ്പിൽ കയറാൻ എല്ലാവർക്കും മടി. എന്തുചെയ്യുമെന്നാലോചിച്ചു മുകളിലേക്കു നോക്കി അങ്ങനെയിരിക്കുമ്പോഴാണ് റോഷൻ മൂന്നാമത്തെ കൊമ്പിന്റെ ചില്ലിയിൽ ഒരു മൂടുചുവന്ന മാങ്ങ കാണുന്നത്.

          'ദാണ്ടെ, അൽഫോൻസാമാങ്ങ പഴുത്തു'.

          മുള്ളുകൊണ്ടാലും വേണ്ടില്ല എന്നു കരുതി അവൻ മാവിലേക്കു കയറാൻ തുടങ്ങി. അപ്പോഴത്തെ അവന്റെ മുഖഭാവം പള്ളിയിൽ കാലുകഴുകി മുത്താനിരുന്നപ്പോൾ ഉള്ളതുപോലെതന്നെയായിരുന്നു. അങ്ങനെ അവനെ വിടാൻ പാടില്ലല്ലോ എന്നു വിചാരിച്ചപ്പോൾ കവിത വയറ്റിലുള്ള വേദന മറന്നുപോയി. അവൾ എഴുന്നേറ്റ് റോഷന്റെ കാലിൽ പിടിച്ച് താഴേക്ക് വലിച്ചു. താഴെവീണ അവന്റെ മുതുകിൽ ചവുട്ടി കവിത ആദ്യത്തെ കൊമ്പിലേക്കു തൂങ്ങിക്കയറി. പിന്നെ മുള്ളൊന്നും അവൾ ശ്രദ്ധിച്ചില്ല. എങ്ങനെയൊക്കെയോ അവൾ മാവിന്റെ മൂന്നാം കൊമ്പിലെത്തി.

         

മൂട് ചുവന്നുതുടുത്തിരിക്കുന്ന അൽഫോൻസാമാങ്ങ പറിച്ചുനോക്കുമ്പോൾ പുണ്യാളത്തിയുടെ മുഖം. കൊമ്പിന്റെ രണ്ടുവശത്തേക്കും കാലിട്ടിരുന്ന് അവൾ മാങ്ങയുടെ ചുവന്ന മൂട്ടിൽ ഉമ്മ വെക്കുന്നതുപോലെ കടിച്ചു. അടിവയറ്റിലുള്ള വേദന വീണ്ടും വന്നു. അത് ഓർക്കാതിരിക്കാൻ മാങ്ങയുടെ ചാറ് അവൾ പെട്ടെന്ന് ഈമ്പിയിറക്കി. മത്തനപ്പച്ചൻ പറഞ്ഞതുപോലുള്ള മധുരമൊന്നും അതിനില്ലായിരുന്നു. മാങ്ങാ പകുതിയായപ്പോൾ താഴെനിന്ന പിള്ളേർക്ക് തിന്നാനായി താഴേക്കിട്ടു. കൊമ്പിൽ പിടിച്ചെഴുന്നേല്ക്കാൻ നോക്കുമ്പോൾ വയറ്റിലെ വേദന വന്നുവന്ന് മൂത്രമൊഴിക്കാൻ മുട്ടുന്നതുപോലുള്ള ഒരു തോന്നലായി.

          ഇനിയും പഴുത്ത മാങ്ങ ഉണ്ടോ എന്നറിയാൻ മുകളിലേക്കു നോക്കിയ റോഷനാണത് കണ്ടത്.

          'ആണ്ടെടീ, മുള്ളുകമ്പികൊണ്ട് നിന്റെ അവിടെ മുറിഞ്ഞേക്കുന്നു. ചോര വരുന്നുണ്ട്'.

          കവിത കുനിഞ്ഞു മാങ്ങാച്ചാറുള്ള കൈകൊണ്ട് തപ്പിനോക്കിയപ്പോൾ ചോരനിറം. പക്ഷേ, മുറിഞ്ഞതുപോലെ വേദനിക്കുന്നില്ലല്ലോ. അവൾ പേടിച്ച് മാവിൽനിന്നിറങ്ങാൻ തുടങ്ങുമ്പോഴാണ് മേരിമമ്മി കുറച്ചുമാസങ്ങൾക്കു മുമ്പ് പറഞ്ഞ കുറെ കാര്യങ്ങൾ അവൾ ഓർക്കുന്നത്. കാലുകൾ അടുപ്പിച്ചുവെച്ച് അവൾ മാവിന്റെ കൈക്കൂട്ടിലേക്കു കിടന്നു.

          ഇളകാതെ കിടക്കുന്ന വെള്ളത്തിലേക്ക് ചോരത്തുള്ളികൾ ഇറ്റിവീഴുന്നതു കണ്ടപ്പോൾ താഴെനില്ക്കുന്ന പിള്ളേർക്ക് പേടിയായി.

          'എടീ കവിതേ ഇറങ്ങി വാ, വീട്ടിൽ പോയി മരുന്ന് വെക്കെടീ'. റോഷൻ ഇവൾക്കെന്താണു പറ്റിയത് എന്നോർത്തു പറഞ്ഞു.

          'അത് മുറിഞ്ഞതല്ലെടാ'. കവിത വെള്ളത്തിലേക്കു നോക്കി.

          'പിന്നെ?'

          'രക്തസ്രാവം'.

          പറഞ്ഞുകഴിഞ്ഞ് കവിത തലതാഴ്‌ത്തി മാവിന്റെ കൈക്കൂട്ടിൽ നിന്നു ചാടി പുഴയിലേക്കു മുങ്ങി. അവൾ മുങ്ങിപ്പോയിടത്ത് പതുക്കെപ്പതുക്കെ ചുവപ്പ് പടർന്നു. അതുകണ്ടപ്പോൾ പിള്ളേരുസെറ്റിലെ ആരോ വിളിച്ചുപറഞ്ഞു:

          'കണവക്കവിത, പുഴയിലെ മഷിക്കുപ്പി'.

കവിതയും പിള്ളേരുസെറ്റും മാവിൻചുവട്ടിലേക്കു പോന്നതുമുതൽ അങ്ങോട്ടു നോക്കിനില്ക്കുകയായിരുന്നു മേരിമമ്മി. കവിത മാവിൽ കയറിക്കഴിഞ്ഞപ്പോൾ കുറച്ചുകൂടി താഴേക്ക് മേരിമമ്മി ഇറങ്ങിവന്നു സൂക്ഷിച്ചുനോക്കി. അവൾ മാവിന്റെ കൈക്കൂട്ടിൽ കിടക്കാൻ തുടങ്ങിയപ്പോൾ മേരിമമ്മിക്കെന്തോ പന്തികേടുതോന്നി. പെട്ടെന്ന് എന്റെ അൽഫോൻസാമ്മേ എന്നും വിളിച്ച് മേരിമമ്മി വീട്ടിലേക്കു കയറിപ്പോയി. പെട്ടിയിൽനിന്നും കുറച്ചു പഴന്തുണി തെരഞ്ഞുപിടിച്ചെടുത്തു. അപ്പോഴാണ് പ്രസവത്തിനുശേഷം അൽഫോൻസ ധരിച്ചിരുന്ന വെള്ളിയരഞ്ഞാണം പെട്ടിയിൽ കിടക്കുന്നതു കാണുന്നത്. മേരിമമ്മി അത് കൈയിലെടുത്തു. അതിന്റെ ബലപ്പെട്ട കണ്ണികളിൽ ചിലത് മുള്ളുപോലെ വശങ്ങളിലേക്ക് ഉയർന്നുനിന്നിരുന്നു. മുമ്പിൽ ഇരുവശത്തും നിറയെ മുള്ളുള്ള വലിയ ആലിലത്താലിയാണ്.

          പുഴക്കരയിലെത്തിക്കഴിഞ്ഞപ്പോൾ മേരിമമ്മി പിള്ളേരുസെറ്റിനോടു പറഞ്ഞു:

          'അതേ, നിങ്ങൾ പൊക്കോ. അവളിനി കളിക്കാനൊന്നും വരത്തില്ല. മത്തനപ്പച്ചൻ വഴക്കു പറയും'.

          അതുകേട്ടപ്പോൾ പിള്ളേരുസെറ്റ് പിരിഞ്ഞുപോയി. മേരിമമ്മി മുള്ളരഞ്ഞാണവും കൈയിൽ പിടിച്ച് കവിത പൊങ്ങിവരുന്നതും നോക്കി കുളിക്കടവിൽ നിന്നു''.

2. സ്ഥാപനവൽക്കരിക്കപ്പെട്ട മതം, ജാതി, രാഷ്ട്രീയം എന്നിവയെ ദയാരഹിതമായി വിചാരണ ചെയ്യുകയും അതുവഴി മലയാളിയുടെ ആത്മാവിൽ അഴുകിച്ചീഞ്ഞു കിടക്കുന്ന മത, ജാതിവെറികളുടെയും ഹിംസാത്മക രാഷ്ട്രീയത്തിന്റെയും തനിനിറം തുറന്നുകാണിക്കുകയുമാണ് വിനോയിയുടെ കഥകളിലെ മറ്റൊരു ഭാവതലം. 'ആനന്ദബ്രാന്റൻ', 'ചുടൻ ഇങ്കൻ', 'മുള്ളരഞ്ഞാണം', 'തുഞ്ചൻ ഡയറ്റ്', 'കളിഗെമിനാർ', 'കളിബാധ', 'അടിയോർ മിശിഹ' തുടങ്ങിയ രചനകൾ നോക്കുക.

          ആനന്ദബ്രാന്റനിൽ നിജേഷ് സ്വിറ്റസർലാൻഡിൽ കണ്ടുമുട്ടുന്ന സഖറിയാസച്ചന്റെ കള്ളവാറ്റുപുരാണം മുതൽ കുരിശിനെപ്പോലും ബ്രാൻഡാക്കുന്ന വിശ്വാസജീവിതം വരെയുള്ളവ സൃഷ്ടിക്കുന്ന ആത്മീയതാരഹിതമായ മതയുക്തികൾ ഓർമ്മിക്കുക. മതത്തിന്റെയും ജാതിയുടെയും മുഴുവൻ വേലിക്കെട്ടുകളും ചാടിക്കടന്ന് മതരഹിതവും ജാത്യതീതവുമായ ജീവിതം ജീവിച്ചയാളാണ് ഇങ്കൻ. ഭ്രാന്തിനും പ്രജ്ഞക്കുമിടയിലെ അതിർവരമ്പ് മായ്ച്ചുകളഞ്ഞയാൾ. ഒന്നു ചത്തുകിട്ടിയാൽ മതിയെന്ന് നാട്ടുകാരും വീട്ടുകാരും ഒരുപോലെ ആഗ്രഹിച്ചയാൾ. ഒറ്റരാത്രികൊണ്ട് തന്നെ കള്ളുഷാപ്പ് മുഖവാരത്തിൽ കുരിശും പേറി പള്ളിയായി രൂപം മാറുന്നതും തെറിരാവണന്മാർ ചാരായം കുടിക്കാതെയും മുണ്ടുമടക്കിക്കുത്താതെയും മര്യാദരാമന്മാരായി കുർബ്ബാന കൂടുന്നതും കുർബ്ബാനകഴിഞ്ഞ് അച്ചനും കപ്യാരും ചാരായം മോന്തുന്നതും അവതരിപ്പിക്കുന്ന 'കളിഗെമിനാറി'ലെ മതവ്യവസ്ഥയോളം പരിഹാസ്യമായി പള്ളിമതത്തെ ശീർഷാസനത്തിൽ നിർത്തുന്ന മറ്റൊരു കഥ മലയാളത്തിൽ അടുത്തകാലത്തുണ്ടായിട്ടില്ല. 'കരിക്കോട്ടക്കരി'യിൽ തന്നെ വിനോയ് തന്റെ ഈ പള്ളിമതവിചാരണ തുടങ്ങിയതാണെങ്കിലും 'കളിഗെമിനാറി'ലാണ് അത് പാരമ്യത്തിലെത്തുന്നത്. 'നേരം വെളുക്കുമ്പോ തൊട്ട് വൈകുന്നേരം വരെ ഇത് കളിഗെമിനാറല്ലാതാകും. അത്രയേ ഉള്ളു. അത് കവിഞ്ഞാ, എല്ലാം പഴേപോലെതന്നെ', എന്ന് ഷാപ്പുടമ. മുള്ളരഞ്ഞാണത്തിലുമുണ്ട് പള്ളിമതത്തിന്റെ അതിസൂക്ഷ്മമായ അപനിർമ്മാണങ്ങൾ. 'അൽഫോൻസാമ്മ'യെന്ന പേരുതൊട്ട് കാൽകഴുകി മുത്ത് വരെ. 'അടിയോർ മിശിഹ'യിലും 'തുഞ്ചൻ ഡയറ്റി'ലും ഇടതുപക്ഷമെന്നവകാശപ്പെടുന്ന രാഷ്ട്രീയപാർട്ടിയുടെയും അവരുടെ അദ്ധ്യാപകസംഘടനയുടെയും അന്തസ്സാരശൂന്യമായ അതിജീവനലീലകളുടെ നേർക്ക് വിനോയ് ഉന്നയിക്കുന്ന ഉറുമിവീശലുകൾപോലുള്ള വിമർശനങ്ങൾ കാണാം. ടി.പി. വധത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന നരനിന്ദ്യവും ഹിംസാത്മകവുമായ ചില സംഭവങ്ങളുടെ ചുവടുപിടിച്ചെഴുതുന്നു, 'അടിയോർ മിശിഹാ'യെങ്കിൽ, പാഠപുസ്തകനിർമ്മാണശില്പശാലയുടെ മറവിൽ നടക്കുന്ന അക്കാദമിക, അനക്കാദമിക അവിഹിതങ്ങൾ തുറന്നുകാട്ടുന്നു, 'തുഞ്ചൻ ഡയറ്റ്'. 'കളിബാധ'യിലാകട്ടെ മതവെറിയും ജാതിവെറിയും ഇരട്ടപെറ്റ ആൺകുട്ടികളെപ്പോലെ ഉടുതുണിയില്ലാതെ വിലസുന്ന മലയാളിസമൂഹത്തിന്റെ നേർപരിഛേദം കാണാം. ഫുട്‌ബോളും മറഡോണയും മയക്കുമരുന്നും ഇറ്റാലിയൻ മാഫിയയും കത്തോലിക്കാസഭയും കൂട്ടിക്കലർത്തിയുണ്ടാക്കിയ പഞ്ചഗവ്യമാണ് 'കളിബാധ'. വായിക്കുക:

          '' ''രണ്ടായിരത്തി പ്രന്തണ്ടില് ബോബിച്ചെറക്കനൊരു പ്രാന്ത് കേറീട്ട് ഈ മറഡോണേനെ കണ്ണൂര് കൊണ്ടെന്നാരുന്നല്ലോ. കാര്യം എല്ലാരും വല്യ കേമവാന്നൊക്കെ പറയും. പക്ഷേ, സംഗതി പുലിവാലാരുന്നു''.

          ''അത്. വിൻസാച്ചന് ഫുട്‌ബോളുകളി ഇഷ്ടമില്ലാത്തതുകൊണ്ടാ''. കുരുമ്പുങ്കൽ ജോഷി പറഞ്ഞു.

          ''ഏത് മറ്റോനാടാ എനിക്ക് ഫുട്‌ബോള് ഇഷ്ടമില്ലാന്ന് നിന്നോട് പറഞ്ഞത്? തൈക്കൂട്ടത്തിലച്ചന്റെ കാലത്ത് നെടുംപോയിൽ ടീമിന്റെ ക്യാപ്റ്റൻ ഞാനാ. അതുവല്ല. ഞങ്ങടെ കത്തോലിക്കാ തിരുസഭേടെ കളിയല്ലേ ഫുട്‌ബോള്, അത് നിനക്കറിയാവോ?''

          ''അതെങ്ങനെയാ?'' സജിമാഷക്ക് അതിനും സംശയമായിരുന്നു.

          ''എടാ എവിടെയൊക്കെയാ ഈ കളിയൊള്ളത്? ഇറ്റലി, സ്‌പെയിൻ, ജർമ്മനി, പോർച്ചുഗല്ല്... യൂറോപ്പിലെ ശുദ്ധകത്തോലിക്കാരാജ്യങ്ങളല്ലേ എല്ലാം. ഇനി ലാറ്റിനമേരിക്കേലോ ബ്രസീൽ, അർജന്റീന, ചിലി, കൊളംബിയ എല്ലാം നിങ്ങള് കത്തോലിക്കരു പോയി ഉണ്ടാക്കിയെടുത്ത സ്ഥലങ്ങള്. അതുകൊണ്ട് ഞാനും നമ്മടെ ഫ്രാൻസീസ് മാർപ്പാപ്പേം ആ കളീടെ ആളുകള് തന്നെയാ. പക്ഷേ, കണ്ണൂര് നടന്നത് കളീടെ വിഷയമല്ലെന്നേ''.

          ''പിന്നെ?'' ജോഷി ചോദിച്ചു.

''പറയാം. ഈ മറഡോണ കണ്ണൂരെത്തിക്കഴിഞ്ഞ് ബോബിച്ചെറക്കന്റെ കടേടെ പരസ്യത്തിന്റെ ഷൂട്ടിങ്ങിനൊക്കെ കൂടി. കളിയിഷ്ടമാണെങ്കിലും ഈ ആരാധനയൊന്നും നമ്മക്ക് ഒരു കോപ്പനോടുമില്ല. അതുകൊണ്ട് ഞാനങ്ങ് പോയില്ല കെട്ടോ. അന്ന് രാത്രിയായപ്പോ ചെറുക്കനെന്നെ വിളിക്കുന്നു. വിൻസാച്ചാ എങ്ങനെയെങ്കിലും സഹായിച്ചേ പറ്റുള്ളൂ. എന്നതാടാ നീ കാര്യം പറാന്നായി ഞാന്. മറഡോണച്ചായന്റെ ഒരു ബ്രാന്റ് സാധനമൊണ്ട്. അത് കിട്ടീങ്കിലേ നാളെ അങ്ങേര് റൂമീന്ന് വെളിൽ വരുള്ളൂ. ഏതാണ്ടൊരു സാധനത്തിന്റെ പേരും അവൻ പറഞ്ഞു. പാതിരാത്രീലെവിടുന്നാടാ ഞാനതൊണ്ടാക്കുന്നെ. നാളെ ഒരു പത്തുമണിയാകുമ്പഴത്തേക്കും സാധനമെത്തിക്കാം. നീ സമാധാനമായിട്ട് കെടന്നൊറങ്ങെന്ന് ഞാനും പറഞ്ഞു. അവൻ കെടന്നൊറങ്ങി. പക്ഷേ, എന്റെ സമാധാനമല്ലേ പോയത്''.

          ''അതെന്നാ വിൻസാച്ചാ?'' ഞാനാണ് ചോദിച്ചത്

          ''ബോബിച്ചെറുക്കൻ വിളിച്ചുവെച്ച് കൊറച്ചുകഴിഞ്ഞപ്പോ അവന്റെ മാനേജർ വിളിച്ചു. അപ്പഴല്ലേടാ എനിക്ക് കാര്യം മനസ്സിലായത്. ഈ മറഡോണേടെ ചരിത്രവെന്നതാ? അർജന്റീനേന്ന് ഫുട്‌ബോള് കുളിക്കാനാണല്ലോ അവൻ നേപ്പിൾസിൽ വന്നത്. പക്ഷേ, അവിടെ ശരിക്കും കളിയല്ല, കളിപ്പീരാരുന്നു. കാര്യംപറഞ്ഞാ ഇറ്റലി നമ്മള് കത്തോലിക്കരുടെ ഒന്നാം നമ്പറ് സ്ഥലവാ. പക്ഷേ, അന്ന് അവിടെ എല്ലാം നിയന്ത്രിക്കുന്നത് ലഹരിബിസിനസുകാരാ. അതിപ്പോ ഫുട്‌ബോളുകളിയാണെങ്കിലും ശരി, സിനിമയാണെങ്കിലും ശരി, ഭരണമാണെങ്കിലും ശരി അവന്മാര് തീരുമാനിക്കും കാര്യങ്ങള്, മറഡോണ എങ്ങനെ കളിക്കണെന്ന് മാഫിയക്കാരാ തീരുമാനിച്ചത്''.

          ''അതെയോ?''

''പിന്നല്ലാതെ, മറഡോണയ്ക്ക് ജൂലിയാനോന്നും പറഞ്ഞത് ഒരു മൊതലാളിയുമായിട്ട് കൂട്ടൊണ്ടാരുന്നു. അവനാണ് സകല വൃത്തികേടും പഠിപ്പിച്ച് മറഡോണേനെ തകർത്തത്. കണ്ണൂര് വരുന്ന സമയത്തുണ്ടല്ലോ തലയ്ക്കടിസാധനമില്ലാതെ എഴുന്നേൽക്കിയേലാത്ത അവസ്ഥേലാരുന്നു കക്ഷി. ആ പാതിരാത്രീലേ ഞാൻ ഉണ്ടാക്കണ്ടതെന്നതാ. ലോകത്തെ ഏറ്റവും കൂടിയ കമ്പക്കെട്ടൈറ്റം. ഞാൻ പെട്ടോ പെട്ടില്ലയോ?''

          ''ഇതൊക്കെ അടിച്ചാൽ കളിക്കാനുള്ള ആരോഗ്യമുണ്ടാകുവോ ഇവന്മാർക്ക്?'' സജിമാഷ് ചോദിച്ചു.

          ''മറഡോണ ബോബിച്ചെറക്കനോട് നേരിട്ട് പറഞ്ഞതെന്നാന്ന് കേക്കണോ?'' അച്ചായൻ സജിമാഷടെ നേരെ നോക്കാൻ തുടങ്ങി.

          ''ബോബിക്കതിന് സ്പാനിഷറിയുവോ?'' ഞാൻ ഒരു കുനുഷ്ട് ചോദിച്ചു.

          ''എടാ ബോബീന്ന് പറഞ്ഞാൽ ആരാ? ആറാംക്ലാസ്സിൽ പഠിക്കുമ്പോ അവന്റെ ബെൻസുമെടുത്ത് ഹൈവേക്കൂടി ഒറ്റ ഓടീരോടിച്ചോനാ. അവനീ സ്പാനിഷ് പഠിക്കാൻ വല്ല സമയോം വേണോ, മറഡോണ അവനോട് പറഞ്ഞുപോലും ഈ പൗഡറും കറുപ്പും കഞ്ചാവുമടിക്കുന്ന നാട്ടിലെ ഫുട്‌ബോളും പാട്ടുമൊക്കെ ഒണ്ടാകത്തൊള്ളെന്ന്. അതിന്റെ കാരണമെന്നാന്നറിയാവോ. ഇതൊക്കെ അടിച്ചേച്ചിട്ടല്ലേ തന്തേം തള്ളേം മക്കളെ ഒണ്ടാക്കുന്നത്. അങ്ങനെ ഒണ്ടാകുന്നതുങ്ങക്ക് ഒടുക്കത്തെ പ്രാന്തൻബുദ്ധിയാരിക്കും. ആ ബുദ്ധിയുണ്ടെങ്കിലേ കാര്യങ്ങള് പിടിവിട്ടരീതിയിൽ പായത്തൊള്ളൂ''.''

         

അതേസമയംതന്നെ, സവർണക്രിസ്ത്യാനിയുടെ അകംപുറം ചീഞ്ഞ ജാതിവെറിയുടെ പുളിച്ചുനാറ്റവും 'കളിബാധ'യിലുണ്ട്. കത്തിച്ചുവലിച്ചാൽ നൽകുന്ന അനുഭൂതിയുടെ പേരിൽ പരിഹാസത്തിന്റെ പരമപദമായി സ്വാമിയെന്നു വിളിക്കപ്പെടുന്ന കഞ്ചാവും തീപിടിക്കുന്ന വാറ്റുചാരായവും കൊമ്പുവച്ച പച്ചത്തെറിയും പകകൊണ്ടുദ്ധരിച്ച കാമാസക്തിയും ഫണം നീർത്തിയ ജാതിവെറിയും കൂട്ടിപ്പിഴിഞ്ഞുണ്ടാക്കിയ കഥ.

          ''കഥ പറഞ്ഞുതീർത്ത മട്ടിൽ വിൻസാച്ചൻ ഗ്ലാസ്സിലുള്ളതുമെടുത്തോണ്ട് റിസോട്ടിന്റെ പുറകിലുള്ള കുന്നുംപുറത്തേക്ക് കയറി. കഥയിൽ എന്തൊക്കെയോകൂടി പൂരിപ്പിക്കാനുണ്ടെന്നാണ് എനിക്കു തോന്നിയത്. കുറച്ചുകഴിഞ്ഞപ്പോൾ ഞാൻ പുറകേ ചെന്നു. വിൻസാച്ചൻ ആകാശത്തിലേക്കും നോക്കി ഒരു പാറപ്പുറത്തിരിക്കുകയായിരുന്നു.

          ''വിൻസാച്ചാ ഒരു കാര്യം പറഞ്ഞില്ല.''

          ''എന്നതാടാ?''

          ''മരുന്നുണ്ടാക്കിയതിന്റെ കൂലിയായിട്ട് സരുണിന് എന്താണ് അച്ചായൻ കൊടുത്തത്?''

          വിൻസാച്ചൻ ഒന്നും മിണ്ടാതെ കുറച്ചുനേരം ആകാശത്തേക്ക് നോക്കിയിരുന്നു.

          ''ആ നവീനവിടെയിരിക്കുന്നതുകൊണ്ടാ ഞാൻ അതേപ്പറ്റി ഒന്നും പറയാതിരുന്നെ. ചോകോനല്ലേ അവൻ?''

          ''അതെ''

          ''ഉം, ഈ സരുണ് മാത്രമല്ല, അവന്റെ തന്തച്ചോകാനും ഒരുപ്രാവശ്യം എന്നോട് കൂലി ചോദിച്ചാരുന്നു. അയാൾക്കൊള്ളത് അന്നേ കൊടുത്തു. ഈ സരുണിപ്പോ എവിടെയാ ഉള്ളേന്ന് നിനക്കറിയാവോ?''

          ഇല്ലെന്ന് ഞാൻ തലയാട്ടി.

          ''കണ്ണൂര് സെൻട്രൽ ജയിലില്. നീയോർക്കുന്നുണ്ടോ രണ്ടായിരത്തി പതിനെട്ട് ലോകകപ്പിൽ നൈജീരിയേം അർജന്റീനേം തമ്മിലുള്ള കളി നടക്കുമ്പോ മറഡോണ ഗാലറിയിലിരുന്ന് ഒരു ആക്ഷൻ കാണിച്ചു. അതിപ്പഴും യൂറ്റിയൂബിൽ കിടപ്പൊണ്ട്. കണ്ണൊക്കെ മുകളിലേക്കാക്കി പൊറകോട്ടൊരു മറിച്ചില്. അത് കണ്ടപ്പോ എനിക്ക് ഒരു കാര്യം മനസ്സിലായി. ഈ സരുണും മറഡോണടെ ആളുകളും തമ്മിൽ പിന്നേം ബന്ധമൊണ്ടായിട്ടുണ്ട്. സരുണുണ്ടാക്കിയ സാധനമടിച്ചിട്ടാണ് മറഡോണ ആ കളി കാണാൻ വന്നിരിക്കുന്നത്. പിറ്റേന്നുതന്നെ സരുണ് താമസിക്കുന്നിടം ഞാൻ റെയ്ഡ് ചെയ്യിപ്പിച്ചു. അവന്റെ മരുന്നും അടുപ്പും കിടുതാപ്പും എല്ലാംകൂടി പൊക്കിയെടുത്ത് അന്നുള്ളിലിട്ടതാ. ഇനിയവൻ ഈ ജന്മത്ത് കുക്കു ചെയ്യേല''.

എന്നിട്ടും വിൻസാച്ചൻ അവനെന്താണ് ആവശ്യപ്പെട്ടതെന്ന് പറഞ്ഞില്ല. പിന്നെയും പിന്നെയും ചോദിക്കുന്നത് മോശമാണല്ലോന്നു കരുതി ഞാൻ എഴുന്നേറ്റു. അപ്പോൾ വിൻസാച്ചൻ എന്നോട് ചോദിച്ചു.

          ''എടാ, ഒരു ലോകക്കപ്പു ഫൈനലിലേ ഫ്രാൻസും ഇറ്റലീം തമ്മിലുള്ള മത്സരത്തിനെടയ്ക്ക് മറ്റരാസി സിദാനോട് എന്തോ പറഞ്ഞില്ലേ. അതിനാണ് സിദാൻ അവന്റെ നെഞ്ചിനിട്ട് തലവെച്ചിടിച്ചത്. അതെന്നതാന്ന് നിനക്കറിയാവോ?'' വിൻസാച്ചൻ ചോദിച്ചു.

          ''സിദാന്റെ പെങ്ങളേപ്പറ്റി മോശവായിട്ട് പറയുവാ ചെയ്‌തേന്നാ കേൾക്കുന്നെ''. ഞാൻ പറഞ്ഞു.

          ''അതുതന്നെ. എന്റെ പെങ്ങള് അനീറ്റയുണ്ടല്ലോ, അവളും ഈ സരുണും ഒരുമിച്ച് പഠിച്ചതല്ലേ. അവര് തമ്മില് കോളേജീന്ന് എന്തോ ഒരു പ്രശ്‌നമുണ്ടായിരുന്നു''.

          ''എന്ത് പ്രശ്‌നം?''

          ''നിന്നോടായതുകൊണ്ട് പറയാം. ഈ സരുണിന് തൊടയ്ക്ക് വണ്ണമില്ല. ഈർക്കിലിപോലെയാ ഇരിക്കുന്നെ. ഒരിക്കല് കോളേജീന്ന് ഇവൻ ഫുട്‌ബോള് കളിക്കാൻ നിക്കറുമിട്ടോണ്ട് വന്നപ്പോ ഇവള് ആ തൊടനോക്കി കൂട്ടുകാരികളോട് എന്തോ പറഞ്ഞു ചിരിച്ചു. ഇവനത് കണ്ടു. അന്നവൻ ഫുട്‌ബോളുകളി നിർത്തീതാപോലും. കളിയാക്കിയേന്റെ വിരോധം അവന്റെ മനസ്സീന്ന് പോയിട്ടില്ലാരുന്നെന്ന് മറഡോണ വന്ന ദിവസമാ ഞാൻ അറിയുന്നത്''.

          പിന്നെ കുറച്ചുനേരം വിൻസാച്ചൻ മിണ്ടാതിരുന്നു. എന്നോടത് പറയണോ വേണ്ടയോ എന്ന് ആലോചിക്കുകയായിരിക്കും.

          ''ഞാനിനി പറയുന്നത് നീയങ്ങ് കേട്ടിട്ട് അന്നേരെ മറന്നുകളഞ്ഞേക്ക്. സാധനമുണ്ടാക്കിത്തരാൻ വേണ്ടി ആ പൊന്നുപൂടേശൻ ഒരു കാര്യമേ എന്നോട് പറഞ്ഞൊള്ളൂ. എന്റെ പെങ്ങള് അനീറ്റ നേരിട്ട് ചെന്നാലേ അവൻ മരുന്ന് കൊടുക്കൂള്ളെന്ന്. അന്ന് ഞാനല്ല, അനീറ്റയാ കടമ്പൂർക്ക് മരുന്ന് വാങ്ങിക്കാൻ പോയത്''.

          ചോകോൻ.... എന്നു തുടങ്ങുന്ന എന്തോ ഒരു തെറി പറഞ്ഞുകൊണ്ട് വിൻസാച്ചൻ എഴുന്നേറ്റു''.

3. തെറിയുടെ പൂരപ്പാട്ടുകൾകൊണ്ട് ആൺകോയ്മയുടെയും പെൺപോരിമയുടെയും മാത്രമല്ല മുഴുവൻ അധികാരവ്യവസ്ഥകളുടെയും ആൾമറയില്ലാത്ത ആനന്ദങ്ങളും അന്തംവിട്ട അർമാദങ്ങളും തുറന്നുകാണിക്കുന്ന ഉത്സവീകരണമാണ് വിനോയിയുടെ ശ്രദ്ധേയമായ കഥാപദ്ധതികളിലൊന്ന്. 'ആനന്ദബ്രാന്റൻ', 'കളിഗെമിനാർ', 'ഒരു പകുതി പ്രജ്ഞയിൽ', 'കളിബാധ', 'ലൂക്കാമഹറോൻ' എന്നിങ്ങനെ നിരവധി കഥകൾ മലയാളത്തിൽ പൂർവമാതൃകകളില്ലാത്ത വിധം ഈയൊരു ഭാനാലോകത്തെ പുനഃസൃഷ്ടിക്കുന്നുണ്ട്. വി.കെ. എന്നിൽ നിന്നും വിജയനിൽനിന്നുമൊക്കെ ബഹുദൂരം മുന്നിലാണ് ഈ തലത്തിൽ വിനോയ്.

         

'ആനന്ദബ്രാന്റനി'ൽ കണ്ണൂരിലെ ചാലിയന്മാരുടെ പൊറാട്ട് മുതൽ ടോക്യോവിലെ കാന്മെറാലിംഗോത്സവം വരെയും ബെർലിനിലെ ലൗപരേഡ് മുതൽ ലണ്ടനിലെ ഈറോട്ടിക്കാ വരെയുമുള്ളവ സൃഷ്ടിക്കുന്ന ആനന്ദമതങ്ങളുടെ അവതരണമുണ്ട്. 'കളിഗെമിനാറി'ലെ തെറികൾ മലയാളത്തിൽ കഥയായും തിരക്കഥയായും സിനിമയായും സൃഷ്ടിച്ച പുക്കാറുകൾ (ചുരുളി) എടുത്തുപറയേണ്ടതില്ലല്ലോ. പുറംലോകത്തുനിന്ന് മറച്ചുവയ്ക്കപ്പെടുന്നതും അകംലോകത്ത് സ്വയം കെട്ടഴിഞ്ഞുപരക്കുന്നതുമായ ഒരു ജനതയുടെ സ്വാഭാവികവും നൈസർഗികവും സുതാര്യവുമായ ജീവിതാനന്ദങ്ങളുടെ ഭൂമിശാസ്ത്രപരവും നരവംശപരവും കാമനാപൂർണവുമായ അടിപ്പടവുകളുടെ ആവിഷ്‌ക്കാരമാണ് 'കളഗെമിനാറി'ലെ കുറ്റവാളികൾ. നിയമങ്ങളും സംസ്‌കാരവും ഭരണകൂടവും മതവും അധികാരവും നിസ്സാരമായി പുറന്തള്ളപ്പെടുന്ന ഒളിവിടമാണ് കളിഗെമിനാർ എന്ന ദേശം. തെറി അവരുടെ പുലഭ്യവും ലഹരിയുമല്ല വേദപുസ്തകവും ഭരണഘടനയുമാണ്. 'ഒരു പകുതി പ്രജ്ഞ'യിലും 'കളിബാധ'യിലും 'ലൂക്കാമഹറോനി'ലും രതിയും തെറിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളെന്നപോലെ കഥയുടെ രാസസമവാക്യങ്ങളായി മാറുന്നു.

          ''മൈസൂരിലേക്കുള്ള വഴിയെയാണ് ജീപ്പ് പോകുന്നത്. നല്ല വഴി, ഇരുവശത്തും ചെറിയ കുന്നുകളും വയലുകളും, മിതമായ സ്പീഡിലുള്ള ഓട്ടം, നല്ല മാന്യരായിരിക്കുന്ന യാത്രക്കാർ. ആന്റണിച്ചേട്ടനും ഷാജീവനും സന്തോഷം തോന്നി. പത്തുപന്ത്രണ്ട് കിലോമീറ്റർ ചെന്നുകഴിഞ്ഞപ്പോൾ വണ്ടി വലത്തേക്കുള്ള പോക്കറ്റുറോഡിലേക്ക് തിരിഞ്ഞു. ആ വഴി അത്ര നല്ലതല്ലായിരുന്നു. പക്ഷേ, വണ്ടിയുടെ വേഗം കൂടുകയാണ് ചെയ്തത്.

          ''അമ്പടാ, തട്ടേന്ന് ചാടീപ്പഴാണല്ലോ ഇവന്റെ അങ്കം മുറുകീത്.''

          വണ്ടിയുടെ പോക്കിൽ ഹരംകൊണ്ട് ആന്റണിച്ചേട്ടൻ പറഞ്ഞു. എല്ലാവരും ചിരിച്ചു. പക്ഷേ, ചുരംപോലുള്ള കുന്ന് വെട്ടിത്തിരിഞ്ഞുകേറുന്ന കേറ്റം കണ്ടപ്പോൾ അയാൾക്ക് പെട്ടെന്നുവന്ന് അതുപോലെതന്നെ പോകുന്ന ഒരു പേടിയുണ്ടായി. മറ്റുള്ളവർക്ക് കൂസലൊന്നും ഇല്ലായിരുന്നു. വണ്ടീടെ പോക്ക് അറിയാതിരിക്കാൻ റോഡുസൈഡിൽ കുറ്റിച്ചും പൊങ്ങിയുമൊക്കെ നില്ക്കുന്ന മരങ്ങളിലേക്ക് നോക്കിയിരിക്കുകയാണ് ഷാജീവൻ ചെയ്തത്.

കുന്നിറങ്ങാൻ തുടങ്ങിയപ്പോൾ അങ്ങോട്ടുമിങ്ങോട്ടും മറിയുന്ന മരങ്ങളെ നോക്കിയിരിക്കാൻ പോലും തല നേരേ നില്ക്കാത്ത അവസ്ഥയായി. കല്ലിൽ നിന്നും കല്ലിലേക്ക് ഇളകിത്തെറിച്ചുചാടി ജീപ്പ് താഴേക്കു പോവുകയാണ്. വണ്ടിക്കൊരു ഡ്രൈവറുണ്ടെന്നോ അയാൾ നിയന്ത്രിക്കുന്നുണ്ടെന്നോ ആന്റണിച്ചേട്ടനും ഷാജീവനും തോന്നിയില്ല. സ്വന്തമിഷ്ടത്തിന് ചാടിത്തുള്ളിപ്പോകുന്ന ആ വണ്ടി രണ്ടുകാലിൽ പൊങ്ങുന്നതുപോലെ ഒന്നുയർന്നിട്ട് താഴെനിന്നപ്പോൾ ആവേശംകൊണ്ട്

          ''അമ്മോ, നീ വല്ലാത്തൊരു മിടുക്കനാടാ.''

എന്ന് ആന്റണിച്ചേട്ടൻ ഡ്രൈവറെ അഭിനന്ദിച്ചു. മുന്നിലെ സീറ്റിൽ ആന്റണിച്ചേട്ടന്റെ ഒപ്പമിരുന്ന മര്യാദക്കാരൻ പുറത്തേക്കിറങ്ങി. അവന്റെ കൂടെ ജീപ്പിൽനിന്നുമിറങ്ങി നോക്കിയപ്പോഴാണ് ആന്റണിച്ചേട്ടൻ ശരിക്കും ഞെട്ടിയത്. റോഡ് അവിടെ തീർന്നിരിക്കുന്നു. ഒന്നുംകൂടി ജീപ്പിന്റെ ച്രക്രമുരുണ്ടാൽ വണ്ടി തോട്ടിൽ കിടന്നേനെ. ഇങ്ങനെ കൃത്യമായിട്ട് ഇവനെങ്ങനെ ജീപ്പ് നിർത്തി എന്ന അതിശയത്തെക്കാൾ തോടിനപ്പുറത്ത് റോഡുപോലെ കാണുന്ന ഇടത്തേക്ക് ഈ ജീപ്പെങ്ങനെ എത്തും എന്നുള്ള ആലോചനയാണ് അപ്പോൾ ഷാജീവന്റെ മനസ്സിലുണ്ടായിരുന്നത്.

          ''ചേട്ടായിമാരെ ഒന്നു കൈവെച്ച് കൂടിക്കോ''.

എന്നും പറഞ്ഞ് മര്യാദക്കാരിൽ രണ്ടുപേർ റോഡരികിലുള്ള തിണ്ടിനു മുകളിലേക്കു കയറി. നീളമുള്ള അഞ്ചാറ് ഉരുളന്തടികൾ അവിടെ അട്ടിയിട്ടു വെച്ചിട്ടുണ്ട്. ബാക്കിയുള്ളവരെല്ലാവരും പണിയുന്നതു കണ്ടപ്പോൾ ആന്റണിച്ചേട്ടനും ഷാജീവനും മാറിനില്ക്കാൻ പറ്റിയില്ല. ഉരുളന്തടിയിലൊരെണ്ണം എല്ലാവരുംകൂടി പിടിച്ച് ജീപ്പിന്റെ മുന്നിൽ റോഡിന്റെ ചാലിലേക്ക് കുത്തി. അവിടെനിന്നും ഉന്തി തോട്ടിലേക്ക് മറിച്ചപ്പോൾ ഒരു ഒറ്റത്തടിപ്പാലമായി അത് മാറി. പിന്നെ പൂക്കുപൂക്കെന്ന് ഉരുളന്തടികളെല്ലാം കുത്തിമറിച്ചിട്ട് ജീപ്പിന്റെ വീൽപ്പാടിന് കണക്കായ ഒരു പാലമാക്കി എല്ലാവരും അക്കരെ കടന്നു.

          സ്റ്റാർട്ടുചെയ്ത വണ്ടി പുക തള്ളി തുടങ്ങുന്നതിനു മുമ്പേ ഉരുളന്തടിപ്പാലം കടന്നുകഴിഞ്ഞിരുന്നു.

          ''തലമുടിനാർ കെട്ടിത്തന്നാ തേക്കൂടി നീയിത് പൊഴകടത്തൂല്ലോടാ മിടുക്കാ'' എന്നും പറഞ്ഞ് ആന്റണിച്ചേട്ടൻ ജീപ്പിലേക്ക് കയറാൻ തുടങ്ങുമ്പോൾ,

          ''തള്ളയ്‌ക്കൊണ്ടാക്കാൻ താനെങ്ങോട്ടാ കേറുന്നത്, അവർ പാടുന്നതൊന്നും കേൾക്കുന്നില്ലേ?'' എന്ന് ഡ്രൈവർ ചോദിച്ചു. അവനാണതു പറഞ്ഞതെന്നും തന്നെയാണ് ലക്ഷ്യം വെച്ചതെന്നും ആന്റണിച്ചേട്ടന് ആദ്യം മനസ്സിലായില്ല. പിന്നെ തിരിഞ്ഞുനോക്കിയപ്പോഴാണ് ഏതോ ഒരു പാലത്തിൽവെച്ച് പട്ടരുപെണ്ണും പട്ടിയും തമ്മിൽ നടന്ന ബന്ധത്തിന്റെ കഥയുള്ള തെറിപ്പാട്ടും പാടി ഷാജീവനൊഴിച്ചുള്ളവരെല്ലാം പാലത്തിന്റെ തടി വലിക്കുകയാണെന്നും നേരത്തേതിൽനിന്നും വ്യത്യസ്തമായി അവരെല്ലാം മുണ്ടുമടക്കിക്കുത്തിയിരിക്കുന്നുവെന്നും ആന്റണിച്ചേട്ടന് മനസ്സിലാകുന്നത്.

          കുറച്ചുനേരം ആ പാട്ടിന്റെ താളവും രസവും കേട്ടുനിന്നപ്പോൾ ആന്റണിച്ചേട്ടനും ആവേശത്തോടെ തടി വലിക്കാൻ കൂടി. നിമിഷ നേരംകൊണ്ട് പഴയതുപോലെ പാലമില്ലാത്ത തോടായി അത് മാറി, ഉരുളന്തടിയെല്ലാം വഴി സൈഡിൽ അടുക്കിക്കഴിഞ്ഞപ്പോൾ.

          ''കേറ് കൂത്തിച്ചിമോനേ, സമയം പോയി'' എന്നാണ് മര്യാദക്കാർ ആന്റണിച്ചേട്ടനോട് പറഞ്ഞത്. പുള്ളിക്ക് അതിൽ അസ്വാഭാവികതയൊന്നും തോന്നിയില്ല.

          അതുവരെയില്ലാത്ത സ്പീഡിലാണ് ജീപ്പ് പിന്നെ പാഞ്ഞുതുടങ്ങിയത്. അതുകൊണ്ട് പുറകോട്ടോടുന്നത് കാടാണോ റബ്ബർതോട്ടമാണോ തെങ്ങും കമുകുമാണോ വയലാണോ എന്നൊന്നും വേർതിരിച്ചു മനസ്സിലാക്കാൻ ആദ്യമായിട്ട് അങ്ങോട്ടുവരുന്ന രണ്ടുപേർക്കും പറ്റിയില്ല. അല്ലെങ്കിലും അതൊന്നും ശ്രദ്ധിക്കണമെന്ന തോന്നലേ അവരിൽനിന്നും വിട്ടുപോയിരുന്നു. ഡ്രൈവർ കാലുകൾ മാത്രം ഉള്ളിലിട്ട് സ്റ്റിയറിങ്ങിൽ തൂങ്ങിക്കിടക്കുകയും ബാക്കിയുള്ളവരെല്ലാം എഴുന്നേറ്റ് വണ്ടിയുടെ അവിടെയുമിവിടെയും പൊങ്ങിനില്ക്കുകയുമാണ് ചെയ്തിരുന്നത്.

         

പശയെടുക്കാൻ വേണ്ടി മരത്തിന്റെ തോലുചെത്തുന്ന ഒരുത്തനെ ഇടയ്ക്ക് വഴിസൈഡിൽ കണ്ടു. ജീപ്പിലുള്ളവർ ചില മുട്ടന്തെറികൾ അവനോടു വിളിച്ചു പറഞ്ഞു. അവൻ വണ്ടിയുടെ വേഗത്തിനൊപ്പമെത്തുംവിധം കുറച്ചു തെറികൾ അതേ വീറിൽ തിരിച്ചും കൊടുത്തു. അതുംകൂടിയായപ്പോൾ ആന്റണിച്ചേട്ടന് ഹരംകയറി ആ യാത്ര കുറെനേരം നില്ക്കണമേ എന്ന് ആഗ്രഹിച്ചെങ്കിലും രണ്ടു കിലോമീറ്റർ കഴിഞ്ഞപ്പോൾ ഒരു കള്ളുഷാപ്പിനു മുമ്പിൽ ജീപ്പ് നിന്നു. പ്രാർത്ഥനയ്ക്കുവേണ്ടി ഓലകൊണ്ടു കെട്ടിയ ഷെഡ്ഡുപോലെ മുഖവാരവും മേൽക്കൂരയുമുള്ള ആ കള്ളുഷാപ്പിൽനിന്നും ഇറങ്ങിപ്പോകാൻ ശ്രമിച്ചിട്ട് കഴിയാതെ കുത്തിയിരിക്കുന്ന ഒരുത്തൻ ജീപ്പിന്റെ ഡ്രൈവറോട് ചോദിച്ചു.

          ''പശൂന് കേറിക്കഴിഞ്ഞൊള്ള വരവാണോ?''

          ''ഇന്ന് പശൂനല്ല, നിന്റെ തള്ളയ്ക്കാ കേറിത്. എഴുന്നേറ്റ് പോടാ, മൂഞ്ചി നാറീ.''

          എഴുന്നേറ്റു പോകണമെന്നും തള്ളയ്ക്കു പറഞ്ഞവനിട്ട് രണ്ടു തല്ലുകൊടുക്കണമെന്നുമൊക്കെ ഉള്ളിൽ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ തന്നെക്കൊണ്ടു സാധിക്കുന്നത് ഈ കുത്തിയിരുപ്പ് മാത്രമാണെന്ന് മൂഞ്ചിബിജുവിന് അറിയാമായിരുന്നു. കണ്ണടച്ചിരിക്കുന്ന അവനെ കവച്ചുകടന്ന് ജീപ്പിൽ വന്നവരെല്ലാം കള്ളുഷാപ്പിലേക്ക് കയറി.

          ''തൊട്ടുകൂട്ടാൻ ഒലത്തീതെന്നതാടാ നായിന്റെ മക്കളെ ഒള്ളത്?'' എന്ന തെറിയിട്ട ചോദ്യത്തോടെ ഡ്രൈവർ കള്ളുഷാപ്പിന്റെ ബെഞ്ചിലിരുന്നു. കള്ളുഷാപ്പെന്ന് ബോർഡുണ്ടെങ്കിലും കള്ളു കുടിക്കുന്നവരായി ആരെയും അവിടെ കണ്ടില്ലല്ലോ എന്ന് ഷാജീവൻ ഓർത്തു.

          ''ഒലത്താൻ എന്നാ കൂക്കയാ കൊണ്ടന്നേക്കുന്നത്?'' എന്ന് കള്ളുഷാപ്പിന്റെ പണമേശയ്ക്കിരുന്നവൻ വിനയപ്പെട്ട് ചോദിച്ചു.

          ''രണ്ട് മുട്ടൻ കുണ്ണകളെ കൊണ്ടുവന്നേക്കുന്നത് കണ്ടില്ലേ?'' എന്നാണ് ഡ്രൈവർ തിരിച്ചു ചോദിച്ചത്. തങ്ങളെപ്പറ്റിയാണല്ലോ ഡ്രൈവർ ഇത്ര സ്‌നേഹത്തോടെ പറയുന്നത് എന്നോർത്തപ്പോൾ ആന്റണിച്ചേട്ടന് സന്തോഷമായി. കളിഗെമിനാറിൽ കയറിയപ്പോൾ മുതൽ തന്നെയൊരുത്തി ആദ്യമായിട്ട് കെട്ടിപ്പിടിച്ചതുപോലുള്ള സുഖമാണ് ആന്റണിച്ചേട്ടനുണ്ടായിരിക്കുന്നത്. ആ സുഖത്തിൽ ചിരിച്ചുകൊണ്ട് അയാൾ കള്ളുഷാപ്പിന്റെ ബെഞ്ചിലേക്കിരുന്നു. ഷാജീവൻ അപ്പോഴും നില്ക്കുകയായിരുന്നു.

          ''ഉടുമ്പൊലത്തീത് ഓരോന്നെടുക്കട്ടേ?'' എന്നു ചോദിച്ചുകൊണ്ട് അകത്തുനിന്നും വന്ന കറിവെപ്പുകാരൻ ഏതാനും കുടിവെള്ളക്കുപ്പികൾ കക്ഷത്തിലിറുക്കിപ്പിടിച്ചിട്ടുണ്ടായിരുന്നു. അയാൾ എല്ലാവരുടെയും മുമ്പിൽ ഓരോ കുപ്പിവീതം വെച്ചപ്പോൾ ഷാജീവൻ 'താങ്‌സ് ചേട്ടാ' എന്നു പറഞ്ഞു. അവന് നേരത്തേ ദാഹം തോന്നിയതാണ്. കുപ്പിയുടെ അടപ്പുതുറന്ന് വായിലേക്ക് ആദ്യത്തെ കവിൾ കമഴ്‌ത്തിയതേ ഷാജീവന്റെ മുഖം അട്ട ചുരുണ്ടതുപോലെയായി. ബാക്കിയെല്ലാവരും ചിരി തുടങ്ങി.

          ''ഇത് വെള്ളമല്ലാരുന്നോ?''

          വായിലുള്ളത് കുടിച്ചിറക്കിയപ്പോഴുണ്ടായ പുകച്ചിൽ അടങ്ങിക്കഴിഞ്ഞപ്പോൾ ഷാജീവൻ ചോദിച്ചു.

          ''വെള്ളോംഗ്ലാസ്സും കൊണ്ടരുന്നേനു മുമ്പ് നിന്നോടാരാടാ മറ്റവനേ എടുത്തു മൂഞ്ചാൻ പറഞ്ഞത്?'' പണപ്പെട്ടിക്കിരുന്ന ഷാപ്പുമുതലാളി ചോദിച്ചു.

          ''അല്ല, അപ്പോ ഇവിടെ കള്ള് കിട്ടിയേലെ?''

          കള്ളുഷാപ്പിൽ നാടൻ വില്പനയാണ് നടക്കുന്നതെന്നറിഞ്ഞപ്പോൾ ആന്റണിച്ചേട്ടൻ അറിയാതെ ചോദിച്ചുപോയി.

          ''ആരെടെ കാലിനെടെയ്ക്കുന്നാടാ ഇപ്പോ കള്ള് ചെത്തണ്ടത്? ഒള്ള തെങ്ങ് മുഴുവൻ മഞ്ഞപിടിച്ച് നില്ക്കുന്നത് നിങ്ങൾ കണ്ടില്ലേ? എവിടുന്ന് ചൊമന്നോണ്ടു വന്നതാടാ ഈ രണ്ടെണ്ണത്തിനെ?''

          ഷാപ്പുമുതലാളി ഡ്രൈവറോട് ചോദിച്ചു.

          ''നമ്മടെ തങ്കൻചേട്ടന്റെ പറമ്പിൽ റബ്ബർക്കുഴി കുത്താൻ വേണ്ടി വന്നേക്കുന്നതാ''.

          മുന്നിൽ കിട്ടിയ ഗ്ലാസ്സിലേക്ക് ഡ്രൈവർ കുപ്പിയിൽനിന്നും ഊറ്റി.         

          ''ഓ, അപ്പോ തങ്കൻ വരുന്നതുവരെ ഞാനിതുങ്ങക്ക് ചെലവിനു കൊടുക്കണാരിക്കും.''

          ''അല്ലാതെ പിന്നെ വേറെയാർ കൊടുക്കും?''

          കൂട്ടത്തിൽ വന്ന ഒരു മര്യാദക്കാരൻ ചോദിച്ചു. അപ്പോഴേക്കും എല്ലാവരുടെയും മുന്നിൽ ഗ്ലാസ്സും വെള്ളത്തിന്റെ കുപ്പിയും ഉടുമ്പൊലത്തിയതും കപ്പയും നിരന്നിരുന്നു. ഇത്രയും സൗകര്യങ്ങളുള്ളിടത്താണ് തങ്ങളുടെ താമസമെന്നു മനസ്സിലായ ഷാജീവനും ആന്റണിച്ചേട്ടനും തമ്മാമ്മിൽ ഒന്നു നോക്കി''.

4. കാമത്തിന്റെ കാവ്യനർത്തനവേദികളാണ് വിനോയിയുടെ കഥകൾ മിക്കവയും. പ്ലേറ്റോണിക് പ്രണയഭാവനയുടെ കനകച്ചിലങ്കകളും കാഞ്ചനകാഞ്ചികളും അഴിച്ചുവച്ച് വിനോയിയുടെ കഥാപാത്രങ്ങൾ കാമനകളുടെ പച്ചമാംസത്തിന് തീകൊടുക്കുന്നു. ആണും പെണ്ണും ആ കഥകളിൽ ജീവിതം പറഞ്ഞഭിനയിക്കുകയല്ല അറിഞ്ഞനുഭവിക്കുകയാണ്. സാഹിതീയവും സദാചാരപരവും സാമൂഹികവുമായ ഒരു സ്ട്രിപ്റ്റീസായി വിനോയിയുടെ കഥയെഴുത്തു മാറുന്നു ഈ രചനകളിൽ. 'ആനന്ദബ്രാന്റൻ', 'മുള്ളരഞ്ഞാണം', 'നായ്ക്കുരണ', 'കളിഗെമിനാർ', 'ഒരു പകുതി പ്രജ്ഞയിൽ'. 'കളിബാധ', 'അടിയോർ മിശിഹ', 'ലൂക്കാമഹറോൻ...' എന്നിങ്ങനെ ഏതുകഥയും നോക്കൂ.

         

പ്രശാന്തിന്റെ കാമുകി അനിഷയെ നിജേഷ് പ്രാപിക്കുന്നതിന്റെയും അതിനുശേഷവും അനിഷ പ്രശാന്തിനോട് പ്രണയം തുടരുന്നതിന്റെയും കഥപറയുന്ന 'ആനന്ദബ്രാന്റനി'ലായാലും കുട്ടികൾക്കിടയിലെ രതിമോഹങ്ങൾ മരംചാടിമറിയുന്ന 'മുള്ളരഞ്ഞാണ'ത്തിലായാലും ശ്രീകണ്ഠാപുരത്തുനിന്ന് കൊണ്ടുവന്ന പെണ്ണിനെ, കൃഷിയാപ്പീസറാണെന്ന് ഭാര്യയോട് കള്ളം പറഞ്ഞ് പറമ്പിൽ കൊണ്ടുപോയി പ്രാപിക്കുന്ന സാബുവിന്റെ കഥ പറയുന്ന 'നായ്ക്കുരണ'യായാലും നടുവ് മിന്നിയത് സുഖപ്പെടുത്താൻ പോകുന്ന വീട്ടിലെ പെങ്ങളെ ആന്റണിപ്പൊലീസ് പ്രാപിക്കുന്ന സമയത്ത് അവരുടെ മകനെ പ്രാപിക്കുന്ന ഷാജീവൻപൊലീസിന്റെ കഥപറയുന്ന 'കളിഗെമിനാറി'ലായാലും ഒൺലൈൻ പ്രണയത്തിലെ നയവും അഭിനയവും മാറിമാറി പയറ്റി ഇണചേരാൻ മൂന്നാറിലേക്കു പോകുന്ന എഴുത്തുകാരന്റെയും ടീച്ചറിന്റെയും കഥപറയുന്ന 'ഒരു പകുതി പ്രജ്ഞയി'ലായാലും സ്വന്തം പെങ്ങളെ കൂട്ടിക്കൊടുത്തിട്ടായാലും മറഡോണക്കുവേണ്ട ലഹരിമരുന്ന് കൈവശപ്പെടുത്തുന്ന അബ്കാരിയുടെ കഥ പറയുന്ന 'കളിബാധ'യായാലും പാർട്ടിക്കുവേണ്ടി കൊലനടത്തി ഒളിവിലിരിക്കുന്ന വാടകക്കൊലയാളികൾക്ക് പാർട്ടിസഖാവായ യുവതിയെത്തന്നെ ബലാൽക്കാരം ചെയ്യാൻ വിട്ടുകൊടുക്കുന്ന രാഷ്ട്രീയക്കാരുടെ കഥപറയുന്ന 'അടിയോർ മിശിഹ'യിലായാലും താന്താങ്ങളുടെ ഒളിവെടി അനുഭവങ്ങൾ പറഞ്ഞ് ക്വാറന്റൈൻകാലം ഉഷാറാക്കുന്ന കൂട്ടുകാരുടെ കഥ പറയുന്ന 'ലൂക്കാമഹറോനി'ലായാലും വിനോയിക്ക് കാമവും രതിയും ആസക്തിയും ഒളിപ്പിച്ചും ധ്വനിപ്പിച്ചും മറച്ചും പറയേണ്ട ഒന്നല്ല. പ്രണയത്തിലെ രതിമോഹവും രതിയിലെ ധ്വജഭംഗവും വിനോയ്കഥകളിൽ മൂടിവയ്ക്കുന്നുമില്ല. പോൺ സൈറ്റുകളിലും ഓൺലൈൻ രതിബന്ധങ്ങളിലും നിന്നാർജ്ജിക്കുന്ന കാമാമോദങ്ങളുടെ ചിറപൊട്ടലുകൾ ഈ കഥകളിലുമുണ്ട്. പ്രണയത്തെ, അതിന്റെ മുഴുവൻ കാല്പനികനാട്യങ്ങളിലും സദാചാരകാപട്യങ്ങളിലും നിന്നു പുറത്തുകൊണ്ടുവന്ന് കത്തുന്ന കാമത്തിന്റെ ഉടൽദാഹങ്ങളോടെ അവതരിപ്പിക്കുന്നു, വിനോയ്. അതേസമയംതന്നെ, വായനാസുഖം ഉണർത്താനുള്ള ഭാഷാവാജീകരണവുമല്ല ഈ കാമായനങ്ങൾ ഒന്നുംതന്നെ എന്നതും എടുത്തുപറയണം. ചങ്ങമ്പുഴയുടെ ജീവിതവും കവിതയും തമ്മിലുള്ള നാടകീയവും നാരകീയവുമായ ബന്ധങ്ങളുടെ അന്തർപാഠത്തിനു മുകളിൽ പ്രണയനുണകളുടെ ക്ലാസിക്കായി രചിക്കപ്പെട്ട 'ഒരു പകുതി പ്രജ്ഞ' മുതൽ കേരളത്തെ നടുക്കിയ ഒരു രാഷ്ട്രീയകൊലപാതകത്തിലെ വാടകക്കൊലയാളികളെ ഒളിപ്പിച്ച പാർട്ടിഗ്രാമത്തിൽ നടന്ന അവിശ്വസനീയമായ ഒരു ചതിയുടെയും അതിനിരയായ പാർട്ടിപ്രവർത്തകയുടെ ആത്മഹത്യയുടെയും പശ്ചാത്തലത്തിൽ രചിക്കപ്പെട്ട 'അടിയോർ മിശിഹാ' വരെയുള്ളവ ഉദാഹരണം. അസാധാരണമായ ഒരു ദാമ്പത്യവഞ്ചനയുടെ മറപറ്റി നടത്തുന്ന നായ്ക്കുരണയിലെ രതിമേളത്തിന്റെ അതിനാടകീയമായ പരിണതജീവിതം വായിക്കുക:

          ''കരിങ്കല്ലുകൾക്കിടയിലൂടെ മല കയറുമ്പോൾ ഇടയ്ക്കിടയ്ക്ക് സാബു അവളുടെ കൈപിടിച്ച് സഹായിച്ചു. കുന്നിന്റെ നിറുകയിൽ ചതുരത്തിലുള്ള വലിയൊരു കൂടാരംപോലെ നായ്ക്കുരണച്ചെടികൾ പൂത്തുപടർന്ന പന്തൽ കണ്ട് അവൾ അത്ഭുതത്തോടെ നോക്കി. പെട്ടെന്ന് നീണ്ടമുടികളുള്ള അദൃശ്യമായ ഒരു നിലവിളി പാറകളിലേക്കുവീണ് മുറിഞ്ഞുപോയതുപോലെ അവൾക്കു തോന്നി. അത് വെറുമൊരു തോന്നലാണെന്നു തന്നെയുറപ്പിച്ച് അവൾ തലയിൽനിന്നും മുടിക്ലിപ്പഴിച്ചു.

          സാബു അപ്പോൾ ചിന്തിച്ചത് സ്‌ട്രോങ്ഡബിൾപ്ലസ്സിനെപ്പറ്റിയാണ്. നായ്ക്കുരണപന്തലിന്റെ ഇടുങ്ങിയ വാതിലിലൂടെ അകത്തേക്ക് കടന്നതോടെ സാബു അവരുടെ കൈപിടിച്ച് പ്രാർത്ഥനാനിരതനായി.

          അപ്പാ. കണ്ണുകളടച്ചുനിന്ന് പ്രാർത്ഥനാസ്വരത്തിൽ അയാൾ നീട്ടിവിളിച്ചു. നായ്ക്കുരണവള്ളികൾ കൂട്ടത്തോടെ ഇളകി. വെളുത്ത ഉറയിൽനിന്നും വിജൃംഭിച്ച് പുറത്തേക്കു നില്ക്കുന്ന നീലപ്പൂവുകൾ കുലകളോടെ ചിരിച്ചു. അതോടെ ആ സ്ത്രീയും കണ്ണുകളടച്ച് എന്തിനെന്നറിയാതെ പ്രാർത്ഥിക്കാൻ തുടങ്ങി.

          കണ്ണട എടുത്തുമടക്കി കൂടിനുള്ളിലാക്കി ബാഗിൽവെച്ചു നിവർന്നപ്പോൾ ആ സ്ത്രീ ആശങ്കപ്പെട്ടു:

          'ഇതിനകത്ത് കിടന്നാൽ ചൊറിയുവോന്നാ എന്റെ പേടി'.

          വിലങ്ങഴിക്കുന്ന ആശ്വാസത്തോടെ വെളുത്ത വസ്ത്രങ്ങളെല്ലാം ഊരിമാറ്റുകയായിരുന്നു സാബു അടക്കിപ്പിച്ചലറി:

          'അതിനും കൂടിയുള്ളതാ കഴുവേറിമോളെ നിനക്ക് തള്ളിത്തരുന്നത്. നേരം കളയാതെ പറിച്ചു വെക്കെടീ സകലതും. നീ ആദ്യമായിട്ടല്ലേ എന്റടുത്തു വരുന്നത്. അതുകൊണ്ടു പറയുവാ. ഇതുവരെ നി കാണാത്ത പലതും നായ്ക്കുരണസാബു നിന്നെ കാണിക്കും. പല വിധത്തിലെനിക്കു നിന്നെ വേണം. ആദ്യം കൊച്ചു കുഞ്ഞുങ്ങളെപ്പോലെ നീയെന്നെ അപ്പാന്നു വിളിക്കണം. പിന്നെ നാലുകാലേൽ നില്ക്കുന്ന കന്നാലിയായിട്ട് അമറണം. നരച്ച തള്ളയായിട്ട് ചുക്കിച്ചുളിഞ്ഞ് ചൊരത്തണം. പതിനാറുകാരിയായിട്ട് കുണുങ്ങണം. ശവമായിട്ട് മലർന്നും കമഴ്ന്നും കിടക്കണം. എന്റെ എല്ലാ ആശകളും നീയായിട്ട് തീർക്കണം. എന്നിട്ടേ നീ ഇവിടെനിന്ന് പോകൂ'.

         

അവൾ മാറ്റമൊന്നുമില്ലാതെ അവനെ നോക്കി. അവൾ ഓരോ വസ്ത്രങ്ങളുമഴിക്കുമ്പോൾ സാബുവിന്റെ കൈവിരലുകളിൽ നിയന്ത്രിക്കാനാവാത്ത ഒരു വിറയൽ ഇളകിയൊളിച്ചുകൊണ്ടിരുന്നു. പതുക്കെ, മേക്കപ്പ് അഴിക്കുന്നതുപോലെ, അതുവരെ കണ്ട നിസ്സഹായയായ യുവതിയുടെ രൂപം അവൾ ഊരിക്കളഞ്ഞു. അമ്പരപ്പിക്കുംവിധം സ്ത്രീത്വം തഴച്ച് അളവും അഴകും ചേർന്ന അവളുടെ നഗ്‌നതയിലേക്ക് സാബു പ്രതിസന്ധിയലകപ്പെട്ടു നോക്കി. അവൾ അവനെ ഗൗനിക്കാതെ മേഘങ്ങളിലൂടെ എന്ന വിധം പാറക്കെട്ടുകളിലേക്കു നടന്നു. നായ്ക്കുരണപ്പന്തലിനുള്ളിലെ ഏറ്റവും ഉയർന്ന പാറയുടെ മുകളിൽ ഒരു കാൽ താഴേക്കിട്ട് മറ്റൊന്നു മടക്കി അവളിരുന്നു. വിരൽ ചൂണ്ടി അവനെ വിളിച്ചു. തണുത്തുകിടന്ന അവളുടെ കണ്ണുകൾ എരിഞ്ഞെരിഞ്ഞ് ആളി. മുടിനാരുകൾ കാറ്റിനെതിരേ ഇളകി.

          'ഞാൻ കാണാത്തതും കേൾക്കാത്തതുമായതൊന്നും നിന്റെയടുത്തില്ല സാബൂ.' അവൻ നടുങ്ങി. സ്വരംകൊണ്ടും ലോകാതീതയായ മറ്റാരോ ആയി അവൾ മാറിയിരിക്കുന്നു. തൊണ്ടവിറച്ച് ഒന്നു ഞരങ്ങുവാനേ അവനു കഴിഞ്ഞൊള്ളൂ. അതുവരെ അനുഭവിക്കാത്ത ഒരു പ്രാർത്ഥനയുടെ അരൂപിയിൽ സാബു അവളുടെ മുമ്പിൽ മുട്ടുകുത്തി.

          ഷിജിന വേഗത്തിൽ കുക്കറിലേക്ക് മൂന്നു ഗ്ലാസ്സ് അരിയിട്ട് ചോറാക്കി. രണ്ടു മുട്ടയെടുത്തു പൊട്ടിച്ച് തേങ്ങാ ചെരകിയിട്ട് കാന്താരിമുളകും മുറിച്ചിട്ട് ദോശക്കല്ലേൽ പൊരിച്ചെടുത്തു. ഉപ്പുമാങ്ങാ ഇരുന്നത് മുളകും കൂട്ടി ചാറുചമ്മന്തിയായിട്ട് അരച്ചെടുത്തു. ഇതിനിടയ്ക്ക് അവൾ മകളുടെ അടുത്തുമെത്തി. ഭിത്തിയിലേക്കു നോക്കി തലയിണയിൽ താടിയുംവെച്ച് കമഴ്ന്നുള്ള അതേ കിടപ്പാണ്. പിന്നെ ഓരോന്നെടുക്കുമ്പോഴും ഷിജിനയുടെ കൈയും കാലും വിറയ്ക്കുകയായിരുന്നു.

          പറമ്പിൽ കയറിയിറങ്ങി നടന്നതുകൊണ്ടായിരിക്കും സാബു നല്ലതുപോലെ ചോറുണ്ടതെന്ന് ഷിജിന കരുതി. ചോറുണ്ടുകഴിഞ്ഞ് അവൻ ഷിജിനയുടെ പുറകേ മുറിയിലേക്കു കയറി.

          'അതേ, അവർ സബ്‌സിഡി ശരിയാക്കിത്തരണെങ്കിൽ കൈക്കൂലി കൊടുക്കണംപോലും. നീയാ മേശക്കാത്തൂന്ന് രണ്ടായിരം രൂപയിങ്ങെടുത്തേ'.

          അതങ്ങനെയാണ്, വീട്ടിലെ ഏതാവശ്യത്തിനും ഷിജിന അവിടെയുണ്ടെങ്കിൽ രൂപ സാബുവിന് പെട്ടിയിൽനിന്ന് എടുത്തു കൊടുക്കണം. സാബു പോക്കറ്റിൽ പൈസ വെക്കുന്ന പതിവില്ല. രൂപ നീട്ടുമ്പോൾ അവർ പറഞ്ഞു.

          'വേണ്ട സാബൂ, മോളൂനെ ഒന്ന് ഞാൻ കാണാം?'

          സാബു മറുപടി പറയുന്നതിനുമുമ്പ് അവർ മോളു കിടക്കുന്ന മുറിയിലേക്ക് കയറിയിരുന്നു. കുറച്ചുനേരം അവളെ നോക്കിനിന്നിട്ട് കട്ടിലിലിരുന്ന് അവളുടെ തല നെഞ്ചിലേക്ക് ചേർത്ത് തലോടി. മോളു ആ സ്ത്രീയെ നോക്കി. പിന്നെ പതുക്കെ ചിരിച്ചു.

          അവരെന്തോ പ്രാർത്ഥനയ്‌ക്കൊരുങ്ങുകയാണെന്നു കരുതി ഷിജിന പ്രാർത്ഥനയുടെ പുസ്തകമെടുത്ത് അവരുടെ നേർക്ക് നീട്ടി. അവരത് നിഷേധിച്ചിട്ട് മോളുവിന്റെ നെറ്റിയിൽ ഒരു ചുംബനം കൊടുത്തു. അപ്പോൾ മോളു ആശ്വാസത്തോടെ ചുവന്ന് ഒഴുകാൻ തുടങ്ങി.

          അവളുടെ തലയിൽ ഒന്നു തലോടിയിട്ട് ആ സ്ത്രീ എഴുന്നേറ്റ് പുറത്തേക്കു പോയി. അവർ മുറ്റംകടന്നു പോകുന്നതുനോക്കി നില്ക്കുമ്പോൾ സാബു ഷിജിനയോടു പറഞ്ഞു: 

'എടീ, മംഗലാപുരത്തെങ്ങാൻ പോയി ഒരു പത്തുനൂറേക്കറ് സ്ഥലമെടുത്ത് കൃഷി ഉശാറാക്കിയാലോന്നാ ഞാൻ ആലോചിക്കുന്നെ'.''

5. സാഹിതീയമൂല്യങ്ങളെക്കുറിച്ചുള്ള പരമ്പരാഗതബോധ്യങ്ങളും ജീവിതതിക്തതകളുടെ ചോരയിറ്റുന്ന പ്രമേയങ്ങളും കൊണ്ട് കഥയെ ഗൗരവമുള്ള ഒരു കലാരൂപവും ഭാവബന്ധവുമായി അവതരിപ്പിച്ച 'രാമച്ചി'യിൽനിന്ന് 'മുള്ളരഞ്ഞാണ'ത്തിലും 'അടിയോർ മിശിഹാ'യിലുമെത്തുമ്പോൾ വിനോയ് കഥയെ ഒരു കളിരൂപമാക്കി മാറ്റുന്നുവെന്ന് തുടക്കത്തിൽ സൂചിപ്പിച്ചല്ലോ. ഈ കഥകളുടെ സങ്കേതങ്ങളായി സർക്കാസം, പാരഡി, ഐറണി, സറ്റയർ, പാസ്റ്റിഷ്, ഹ്യൂമർ, ഇന്റർടെക്‌സ്റ്റ്‌വാലിറ്റി, മെറ്റഫിക്ഷൻ തുടങ്ങിയവ നിരന്തരം ഉപയോഗപ്പെടുത്തുകയും കഥയെഴുത്തിൽ അസാധാരണമായ ജീവിതലാഘവവും അതിപരിചിതത്വവും പ്രത്യക്ഷീകരണങ്ങളും ധ്വനിരാഹിത്യങ്ങളും സന്നിവേശിപ്പിക്കുകയും ചെയ്യുന്നു, വിനോയി. ഈ സമാഹാരങ്ങളിലെ പന്ത്രണ്ടിൽ പതിനൊന്നു കഥകളും ഈ സങ്കേതങ്ങളുടെ സാഹിത്യപാഠങ്ങളാണ്. ട്രിപ്പ് എന്ന കഥയിൽ മാത്രമാണ് ഭിന്നമായൊരു കഥനകല പിന്തുടരാൻ വിനോയ് ശ്രമിക്കുന്നത്. ബാക്കി മുഴുവൻ രചനകളിലും ഒന്നിനൊന്നു വ്യത്യസ്തവും വർധിതവുമായ രീതിയിൽ മേല്പറഞ്ഞ കലാവിഷ്‌ക്കാരശൈലികൾ എഴുത്തുകാരൻ സ്വീകരിക്കുന്നു. മുൻപു ചൂണ്ടിക്കാണിച്ച നാലു ഭാവതലങ്ങളെയും ഏറിയും കുറഞ്ഞും പ്രതീതിവൽക്കരിക്കാൻ ഈ തന്ത്രസമുച്ചയം കഥകളിൽ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ഓരോ കഥയിലും ഓരോ ആഖ്യാനസമീപനം പ്രാഥമികമായി പിന്തുടരുകയും സാന്ദർഭികമായി ആ സമീപനത്തിന്റെ ഫലപ്രാപ്തിയിൽ ഈ സങ്കേതങ്ങൾ ചെറുതല്ലാത്ത പങ്കുവഹിക്കുകയും ചെയ്യുന്നതു കാണാം. രാഷ്ട്രീയവിമർശനം മുതൽ പ്രത്യയശാസ്ത്രധ്വംസനം വരെയും മതവിമർശനം മുതൽ ജാതിധ്വംസനം വരെയുമുള്ള തലങ്ങളിലാകട്ടെ, നാനാതരം കുറ്റകൃത്യങ്ങളുടെയും കള്ളവാറ്റിന്റെയും കാൽപ്പന്തുകളിയുടെയും ഒളിസേവകളുടെയും കഥപറച്ചിലിന്റെയും ദാമ്പത്യവഞ്ചനകളുടെയും പ്രണയനുണകളുടെയും തെറിപ്പാട്ടിന്റെയും കാമാസക്തിയുടെയും തലങ്ങളിലാകട്ടെ ഇവയ്ക്കു മാറ്റമൊന്നുമില്ല. തൊലിപ്പുറച്ചിരികളിലോ ഇക്കളികളിലോ അല്ല വിനോയ്കഥയുടെ ലോകചിത്രം വരച്ചുവയ്ക്കുന്നത്. മനുഷ്യജീവിതത്തെയും പ്രകൃതത്തെയും നെടുകെയും കുറുകെയും വരഞ്ഞുകീറി അവയിൽ കാമനകളുടെ ഉപ്പു പുരട്ടുന്ന രാസപ്രക്രിയയാണ് വിനോയിക്കു കഥയെഴുത്ത്. സകലമാന സാമൂഹ്യതത്വങ്ങളിലും മാനുഷികബന്ധങ്ങളിലും കാപട്യം മൂലധനമാക്കി ജീവിക്കുന്ന മലയാളിയുടെ സാംസ്‌കാരികമായ വരിയുടയ്ക്കലാണ് വിനോയിയുടെ കഥകൾ. പ്രണയത്തിന്റെ മുഴുവൻ നിലാക്കിനാവുകളെയും കരിപൂശിയ രാവിലേക്കു തലകുത്തി വീഴ്‌ത്തുന്ന 'ഒരു പകുതി പ്രജ്ഞയിൽ'നിന്നുള്ള ഈ ഭാഗം വായിക്കൂ.

          '' ''രഞ്ജൂസേ, വന്നത് അബദ്ധമായെന്ന് തോന്നുന്നുണ്ടോടോ?''

          ലോപ്പസിന്റെ ചോദ്യത്തിന് ടീച്ചർ മറുപടിയൊന്നും പറഞ്ഞില്ല.

          ''എന്തുചെയ്യാം, എഴുത്തുകാരനെ പ്രണയിച്ചാൽ ഇതെല്ലാം അനുഭവിക്കേണ്ടി വരും. സമൂഹത്തിന്റെ വിഷം തിന്ന് ജീവിക്കാൻ വിധിക്കപ്പെട്ടവരല്ലേ നമ്മൾ. വേദന വേദന ലഹരി പിടിക്കും വേദന ഞാനതിൽ മുഴുകട്ടെ''.

          എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ കവിതയാണ് ലോപ്പസിന് വന്നത്.

          ''ആ ബാക്കിയുള്ള തേനെവിടെയാ ഇരിക്കുന്നത്?'' എന്തോ ആലോചിച്ച് ലോപ്പസ് ചോദിച്ചു.

          ''എന്തിനാണിപ്പോ ആ തേൻ? ഒരൂട്ടം ആലോയ്ച്ചിട്ട് യ്ക്ക് സഹിക്കാൻ പറ്റണില്ല്യ. അപ്പളാപ്പൊരു തേൻ''.

          ടീച്ചർ നല്ല ദേഷ്യത്തിലായിരുന്നു.

          ''രഞ്ജൂസേ മാപ്പ്''. ലോപ്പസ് ടീച്ചറിന്റെ കാലിൽ പിടിച്ചു.

          ''വേണ്ട, ലോയ്ക്ക് ലോയോടു മാത്രമേ സ്‌നേഹള്ളൂ''. ടീച്ചർ വിങ്ങിപ്പൊട്ടി കരഞ്ഞു.

          ''രഞ്ജൂസേ, ഞാനനുഭവിക്കുന്ന വേദന ആർക്കും പറഞ്ഞാൽ മനസ്സിലാകില്ലെടോ. രണ്ട് മഷ്‌റൂം കഴിച്ചിട്ടാണെങ്കിലും ഒന്നുറങ്ങാൻ പറ്റുമോയെന്ന് നോക്കണം. അതിനാണ് തേൻ ചോദിച്ചത്''.

          തേനിൽ മുക്കിയ മഷ്‌റൂം കഴിച്ചിട്ടും ലോപ്പസിന് ഉറക്കം വന്നില്ല. മദ്രാസിലെ ആ വീട്ടിൽ ആവശ്യത്തിലധികം ഉണർന്നുനിൽക്കുകയായിരുന്നു അയാൾ.

          ലോ പഠിക്കാൻ മദ്രാസിലെത്തിയ കവിയാണ് താൻ. നഗരത്തിൽനിന്നുമൊഴിഞ്ഞുള്ള ആ വീട് കൂടെ പഠിക്കുന്ന കൂട്ടുകാരന്റേതാണ്. എന്റെ മോനേപ്പോലയാണെനിക്ക്, മറ്റെങ്ങും പോകണ്ട എന്ന് അവന്റെ അമ്മ നിർബന്ധിച്ചതുകൊണ്ടാണ് ആ വീട്ടിൽ താമസിക്കാൻ താൻ തീരുമാനിച്ചത്.

          വസന്തകാലമായിരുന്നു അത്. മുറ്റത്തെ വൃക്ഷത്തിൽനിന്നും ഒരു കുയിലിന്റെ പാട്ടുകേട്ടു. കൂട്ടുകാരന്റെ അമ്മയ്ക്ക് ആ കുയിലിനെ കാണണം. അവരെ പുറകിൽനിന്നും ചേർത്തുപിടിച്ച് മാന്തളിരുകൾക്കിടയിലെ പാട്ടുകാരനെ കാണിച്ചുകൊടുത്തു. കാഴ്ച നന്നായി കാണുന്നതിനുവേണ്ടിയാണോ എന്നറിയില്ല അവർ കൂടുതൽ കുനിഞ്ഞു.

          ആ നിമിഷത്തിൽ അവർ തമ്മിലുള്ള അവസാനത്തെ അകലവും ഇല്ലാതായി. ഒന്നായി നിന്ന് പതുക്കെ ഇളകിത്തുടങ്ങുമ്പോൾ കവി കണ്ടത് കുയിലിനെയല്ല, കുലുങ്ങുന്ന കാഞ്ചനകാഞ്ചിയും കിലുങ്ങുന്ന കനകച്ചിലങ്കയുമുള്ള കാവ്യനർത്തകിയെയാണ്.

          ആ സ്വപ്നകാവ്യത്തിന്റെ മാന്ത്രികതയിൽപെട്ട് പൂർണ്ണമായും ഉണർന്നുനിൽക്കുംവിധം എഴുന്നേറ്റ ലോപ്പസ് കിടക്കയിൽ ടീച്ചറുടെ ശരീരം പരതി. അതവിടെയില്ലായിരുന്നു.

          നേരം നന്നായി പുലർന്നിരിക്കുന്നു. രഞ്ജിനിരാപ്പാടി ബാത്‌റൂമിലാണ്. തന്നിലുണർന്നുനിൽക്കുന്ന കാവ്യോന്മാദം അവസാനിക്കുന്നതിനു മുൻപേ ടീച്ചറെ കാണണമെന്ന് ലോപ്പസിനു തോന്നി. അയാളെഴുന്നേറ്റ് ബാത്‌റൂമിന്റെ വാതിൽ തുറന്നു.

          ലോപ്പസ് അപ്പോൾ എഴുന്നേൽക്കുമെന്ന് പ്രതീക്ഷയില്ലാത്തതിനാൽ വാതിലിന്റെ കുറ്റിയിടാതെയാണ് ടീച്ചർ കുളിച്ചുകൊണ്ടിരുന്നത്. ലോപ്പസിനെ കണ്ടതേ ഞെട്ടിപ്പോയ ടീച്ചർ ''ന്താത്?'' എന്ന ചോദ്യത്തോടെ നാഭിയും അവിടേക്കിടിഞ്ഞു വീണുകിടക്കുന്ന സ്തനങ്ങളും മറയ്ക്കാനുള്ള വിഫലശ്രമം നടത്തി.

ഉന്മാദത്തിന്റെ പരമാവസ്ഥയിൽ അന്നക്കുട്ടൻ വരച്ച ഒരു പെയിന്റിങ്‌പോലെ വരകളും ഷേഡുകളും കുളങ്ങളുമുള്ള ടീച്ചറിന്റെ ഉദരസ്ഥലികളിലാണ് ലോപ്പസിന്റെ കണ്ണുകൾ ഏറ്റവുമധികനേരം ഉടക്കിനിന്നത്.

''വാലി ഓഫ് ഡെസ്റ്റിനി''. അയാൾ ആ ചിത്രത്തിന്റെ പേരുച്ചരിച്ചു.

''വാതിലങ്കട് അടയ്ക്കൂ....'' ടീച്ചർ കെഞ്ചി.

ലോപ്പസ് അത് ചെയ്യുന്നില്ലെന്നുറപ്പായപ്പോൾ ടീച്ചർ തിരിഞ്ഞുനിന്നു. അല്പം കുനിഞ്ഞെന്നപോലെ നിൽക്കുന്ന അവരുടെ പിൻഭാഗം കണ്ടതേ ലോപ്പസ് കുളിമുറിയിൽനിന്നും തല പുറകോട്ടെടുത്തു. അയാൾ വാതിൽ നന്നായി ചേർത്തടച്ചു. തിരികെ കട്ടിലിലേക്ക് വരുമ്പോൾ കാവ്യനർത്തകിയിൽ അതേപ്പറ്റി പറയുന്ന വരികളാണയാൾ മൂളിയത്.''

അടിയോർ മശിഹായിൽ നിന്ന് ഒരുഭാഗം

''ഒന്നരയാഴ്ച കഴിഞ്ഞപ്പോൾ പയസ്‌സാർ പഞ്ചായത്തു പ്രസിഡന്റിന്റെ വീട്ടിലെത്തി. പശുവിനെയും കിടാവിനെയും പട്ടിണിയാക്കി റോൾസണും അയൽപക്കക്കാരും പ്രസിഡന്റിന്റെ വീട്ടിലേക്കു പോയ ചൊവ്വാഴ്ചയുടെ തലേ ശനിയാഴ്ചയായിരുന്നു അത്.

          ''പ്രസിഡന്റേ, ഇത് ഇവൻതന്നെ എഴുതിയതാണോ? അങ്ങനെയാണെങ്കിൽ ഇവനെ സൂക്ഷിക്കണം. സംഗതി കുഴപ്പമാണ്''.

          ആദ്യത്തെ ചായകുടി കഴിഞ്ഞപ്പോൾ പയസ്‌സാർ പറഞ്ഞു.

          ''എന്നതാ സാറേ പ്രശ്‌നം?''

         

''പ്രശ്‌നംന്ന് പറഞ്ഞാൽ എങ്ങനെയത് പറയും? ഒരു കാര്യം ചെയ്യാം, ഞാനതിന്റെ കഥ ചുരുക്കി പറയാം. ഇത് നക്‌സലൈറ്റാരുന്ന സഖാവ് വർഗ്ഗീസിന്റെ കഥയാ. അടിയോരുടെ പെരുമൻ എന്നാരുന്നല്ലോ വർഗ്ഗീസിനെ വിളിച്ചോണ്ടിരുന്നത്. അതുകൊണ്ടാണിവൻ അടിയോർ മിശിഹ എന്ന് നോവലിന് പേരിട്ടിരിക്കുന്നത്. നോവലിൽ പല സ്ഥലത്തും ക്രിസ്തുവിനെയും സഖാവ് വർഗ്ഗീസിനെയും താരതമ്യപ്പെടുത്തി സമാസമമാക്കുന്നുണ്ട്. അതവിടെ നിക്കട്ടെ. ഞാൻ കഥ പറയാം. സഖാവ് വർഗ്ഗീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കണ്ണൂർ ജില്ലാക്കമ്മിറ്റി ഓഫീസിൽ ഓഫീസ് സെക്രട്ടറിയായിരിക്കുന്ന കാലം തൊട്ടാണ് നോവൽ ആരംഭിക്കുന്നത്. ഇതിനകത്തു പറയുന്ന വർഗ്ഗീസെന്നു പറഞ്ഞാൽ ഒരു പഞ്ചപാവം. എല്ലാവരോടും ഒരു പരമമായ സ്‌നേഹമുള്ളവൻ. ഓഫീസിൽ വരുന്ന തൊഴിലാളികളോടൊക്കെ പുള്ളിയുടെ പെരുമാറ്റം തുല്യം നിലയ്ക്കാണ്. അതുകൊണ്ട് പാർട്ടിസഖാക്കൾക്കൊക്കെ വർഗ്ഗീസിനെ വല്യ കാര്യവാ. നേതാക്കളിൽ അഴീക്കോടൻ രാഘവനാണ് വർഗ്ഗീസിനോട് ഏറ്റവും ഇഷ്ടം. അങ്ങനെയൊക്കെ അങ്ങ് നടന്നുപോകുമ്പോൾ എം വി രാഘവൻ ജില്ലാക്കമ്മറ്റിയിൽ വരുന്നു. ഇവര് രണ്ടുപേരും ഏകദേശം ഒരേ പ്രായമൊക്കെയാണല്ലോ. അവരുതമ്മിലുള്ള ബന്ധത്തെപ്പറ്റി നോവലിൽ എഴുതിയിരിക്കുന്നത് കണ്ടോ''.

          പയസ്‌സാറ് നോവൽ തുറന്ന് പെൻസിൽകൊണ്ട് അടയാളപ്പെടുത്തിയ ഭാഗം കാണിച്ചുകൊടുത്തു.

          രാഘവൻ ചിരിച്ചുകൊണ്ട് വർഗ്ഗീസിനെ നോക്കി. ഇവൻ ഒരു നല്ല സഖാവേ അല്ല. നല്ല സഖാക്കൾ കുറേക്കൂടി പ്രായോഗികമായി ചിന്തിക്കും. ഇവനൊരു വികാരജീവിയാണ്. സ്വപ്നലോകമുണ്ടാക്കി അതിൽ ജീവിക്കുന്ന ഇവനേപ്പോലുള്ളവർ എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ മുൻപോട്ടു കൊണ്ടുപോവുക.

          ''എല്ലെടോ വല്ലാണ്ട് ആലോചിക്കിന്നുണ്ടല്ലോ നീ. എന്തുന്നാന്നത്? ഈടെ വേണ്ടത് പുസ്തകം വായിച്ചിണ്ടാക്കുന്ന ആലോചനയല്ലാന്ന്. പാർട്ടിക്കായിറ്റ് എന്ത്‌ന്നെങ്കിലും ചെയ്യണെടോ. ഈടെയിരുന്നിട്ടിള്ള ആലോചനകൊണ്ട് എന്ത്ന്നാ കാര്യോ? പുസ്തകത്തിൽ പറഞ്ഞിട്ടില്ലേടോ വർഗ്ഗശത്രൂന്ന്. എത്രയെണ്ണങ്ങളിണ്ടീടെ. ഒന്നിനെയെങ്കിലൊന്നിനെ തീർക്കണം. അയിനെന്നാ വേണ്ടെ? മനസ്സിന്റെ ബലോ. അതു മാത്രം മതിയാ? പോര. പിന്നെന്തുന്നാ? ശരീരത്തിന്റെ ബലോ. ഈടെ ചിന്തിച്ചിരിക്കാണ്ട് അത് രണ്ടും ഇണ്ടാക്കെടോ സഖാവേ''.

          നോവൽ തിരിച്ചുമേടിച്ചുകൊണ്ട് പയസ്‌സാർ തുടർന്നു.

 ''ഇങ്ങനെയൊക്കെ പറഞ്ഞും പിടിച്ചും രാഘവൻ വർഗ്ഗീസിനെ എരുകേറ്റുന്നു. ഈ സമയത്ത് വർഗ്ഗീസിനൊരു പ്രേമമുണ്ട്. അത് വയനാട്ടിലാണ്. എം വി രാഘവന്റെ ശുപാർശപ്രകാരം വയനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാനുള്ള ദൗത്യം പാർട്ടി വർഗ്ഗീസിനെ ഏൽപ്പിക്കുന്നു. കണ്ണൂരുനിന്നും വർഗ്ഗീസിനെ ഓടിക്കാൻ എം വി രാഘവൻ കണ്ടെത്തിയ വഴിയായിരുന്നു അതെന്ന ധ്വനി നോവലിൽ ഉണ്ട്. ഏതായാലും വയനാട്ടിൽ പോയ സഖാവ് വർഗ്ഗീസ് അവിടെക്കാണുന്ന പാവപ്പെട്ടവരെയെല്ലാം ഗംഭീരമായി പ്രണയിക്കുന്നു. നോവലിന്റെ ആ ഭാഗത്ത് വർഗ്ഗീസ് യേശുവിന്റെ ചിത്രത്തിലേക്കു നോക്കി നിൽക്കുന്നതിന്റെ ഒരു വിവരണമുണ്ട്. ഞാനത് വായിക്കാം''.

          താടിയും മുടിയും നീണ്ട ഒരു ആദിവാസി യുവാവിനെപ്പോലെയാണ് ക്രിസ്തു എന്ന് അവനു തോന്നി. വ്യത്യാസമുള്ളത് കണ്ണുകളിലാണ്. ആർക്കും വരച്ചൊപ്പിക്കാൻ പറ്റാത്തത്ര ആഴത്തിലുള്ള പ്രണയം ക്രിസ്തുവിന്റെ കണ്ണുകളിലുണ്ട്. ആ കണ്ണുകൾകൊണ്ട് നോക്കിയിടത്തെല്ലാം ഇളംവെയിലുപോലെ പ്രണയം പരന്നുപടർന്നിരിക്കാം. മോശയുടെ കഠിനപ്രമാണങ്ങളെല്ലാം റദ്ദുചെയ്ത് സ്‌നേഹം എന്ന ഒറ്റ പ്രമാണത്തിലേക്ക് തന്റെ തത്ത്വശാസ്ത്രങ്ങളെ ഒരുക്കിവെച്ചവന്റെ പ്രണയാർദ്രമായ കണ്ണുകൾ വരയ്ക്കാൻ ആർക്കാണ് കഴിയുക.

          ''അതുകൊള്ളാല്ലോ ക്രിസ്തു ഒരു പ്രണയക്കാരനാണെന്നാണോ ഇവൻ പറഞ്ഞുവെക്കുന്നത്?'' പ്രസിഡന്റ് ഭിത്തിയിലിരിക്കുന്ന ക്രിസ്തുവിന്റെ രൂപത്തിലേക്ക് നോക്കി. ആ ചിത്രത്തിന്റെ വര വേണ്ട രീതിയിൽ ഒത്തിട്ടില്ലെന്ന് അങ്ങേർക്ക് തോന്നിയെങ്കിലും ആ കാര്യം പയസ്സ്സാറിനോട് പറഞ്ഞില്ല.

          ''എന്നതായാലും ഈ വർഗ്ഗീസ് വയനാട്ടിലേക്കു പോയി നക്‌സലൈറ്റ് ആയതിൽപിന്നെ കണ്ണൂരിലെ പാർട്ടി എം വി രാഘവന്റെ അരുതാവഴിക്കാണ് പോയതെന്ന് ഇവൻ ഏതാണ്ടൊക്കെ നോവലിൽ പറഞ്ഞുവെക്കുന്നുണ്ട്. കൊഴപ്പമുണ്ടാകാൻ വേറേ വല്ലതും വേണോ?''

          ''പോക്കർ ഊരങ്കോടല്ല ഇത് ചെയ്തത്. അതിലും കൂടിയ പഠിപ്പും വിവരോം വേണ്ടാതീനോം ഒള്ള ഏതോ സഖാക്കള് പറഞ്ഞുകൊടുത്തെങ്കിലേ ഇവനിതൊക്കെ എഴുതാൻ പറ്റൂ''.

          പ്രസിഡന്റ് ഇടയ്ക്കു കയറിപ്പറഞ്ഞു.

          വർഗ്ഗീസിന്റെ വയനാട്ടിലെ പ്രേമത്തിന്റെ അവിടെയാണ് പ്രസിഡന്റേ ഏറ്റവും കുഴപ്പം. നേരത്തേ പറഞ്ഞതിന്റെ ബാക്കിയായിട്ട് വർഗ്ഗീസ് പ്രേമിക്കുന്ന ക്രിസ്തുവാന്നാ ഇവൻ പറയുന്നത്. കാണുന്ന സ്ത്രീകളോടു മുഴുവൻ അവനു സ്‌നേഹമാ. അതിനാത്തെ ഏറ്റവും വലിയ കാമുകിയുടെ കൂട്ടത്തിൽ ഒളിവിൽക്കഴിയുന്നിടത്തു നിന്നുമാണ് വർഗ്ഗീസിനെ പൊലീസ് പിടിക്കുന്നതെന്നാ ഇവൻ എഴുതിവെച്ചിരിക്കുന്നത്. ആ ഭാഗം ഞാൻ വായിക്കാം.

          കാക്കിയിട്ടവരും ഇടാത്തവരുമായ പൊലീസുകാരുടെയൊപ്പം നടക്കാൻ തുടങ്ങുന്നതിനു മുൻപ് അവൻ അവളെ ഒന്നു തിരിഞ്ഞുനോക്കി. ഞാൻ ഉയിർത്തെഴുന്നേൽക്കുമ്പോൾ ആദ്യം കാണുന്നത് നിന്നെയായിരിക്കും. ആ കണ്ണുകൾ തന്നോട് അങ്ങനെ പറയുന്നതുപോലെ അവൾക്കു തോന്നി. കുരിശിനു ചുവട്ടിൽ നിൽക്കുന്ന മഗ്ദലനമറിയത്തെപ്പോലെ വിലാപം ഉള്ളിലൊതുക്കി അവൾ നിന്നു. അപ്പോൾ ഒരു പൊലീസുകാരൻ തോക്കിന്റെ പാത്തികൊണ്ട് അവന്റെ വിലാപ്പുറത്തു കുത്തി.

          ''അതും കഴിഞ്ഞ് വർഗ്ഗീസിനെ കാട്ടിലൂടെ പൊലീസുകാര് കൊണ്ടുപോകുന്ന ഒരു ഭാഗമുണ്ട്. അവിടെ എഴുതി വെച്ചേക്കുന്നത് കണ്ടോ''.

          തിങ്ങിനിറഞ്ഞ അടിക്കാടുകൾക്കിടയിൽ പതുങ്ങിയിരുന്ന പണിയസ്ത്രീകൾക്ക് തങ്ങളുടെ പെരുമനെ കൊണ്ടുപോകുന്നതു കണ്ടപ്പോൾ സങ്കടം അടക്കാൻ കഴിഞ്ഞില്ല. അവർ പരിസരം മറന്ന് ഉച്ചത്തിൽ വിലപിച്ചു. എന്നെയോർത്തല്ല നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓർത്ത് വിലപിക്കുവിൻ എന്നാണ് വർഗ്ഗീസ് തിരിഞ്ഞു നിന്ന് പണിയഭാഷയിൽ അവരോട് പറഞ്ഞത്. ക്രിസ്തുവിനുവേണ്ടി വിലപിക്കാൻ ഒറ്റ പുരുഷന്മാർപോലും ഉണ്ടായിരുന്നില്ലല്ലോ എന്ന് അപ്പോൾ വർഗ്ഗീസ് ഓർത്തു.

          ''ഇവിടൊക്കെയുള്ള കൊഴപ്പങ്ങൾ പ്രസിഡന്റിനു മനസ്സിലായോ?''

          പയസ്‌സാർ ഇനിയുമങ്ങോട്ടുള്ളത് വായിക്കാൻ കഴിയാത്തതുകൊണ്ടാണ് ആ ചോദ്യം ചോദിച്ചുനിർത്തിയത്.

          ''ഉം, എന്നതാ ഇതിന്റെ അവസാനം?'' പ്രസിഡന്റ് ചോദിച്ചു.

       
 ''അവസാനം ഫാന്റസിയാ. വർഷങ്ങൾക്കു ശേഷം ചെറിയ മീശരോമങ്ങളും പ്രേമം പിടിച്ച വലിയ കണ്ണുകളുമുള്ള ഒരു സ്ത്രീയായിട്ട് വർഗ്ഗീസ് പുനർജനിക്കുന്നു. നക്‌സലൈറ്റല്ല, അവള് നല്ല പാർട്ടിക്കാരിയാ''.

          ''അത്ര വെളുത്ത നിറമാരിക്കിയേല അവൾക്ക്''. ഇടയ്ക്ക് പ്രസിഡന്റു പറഞ്ഞു.

          ''അതെങ്ങനെ മനസ്സിലായി?'' പയസ്‌സാർ അത്ഭുതപ്പെട്ടു.

          ''ഈ റോൾസന്റെ അയൽപക്കത്തുള്ള സഖാവ് ഷേർളിയാ അത്. അവനെതിരെ മത്സരിച്ചവൾ''.

          പ്രസിഡന്റിന് സംശയമില്ലായിരുന്നു.

          ''എന്നതായാലും അവളാണ് ക്ലൈമാക്‌സില്. പണ്ട് വർഗ്ഗീസിന്റെ ഒപ്പം നടന്ന സ്ത്രീകളൊക്കെ ഇപ്പോ പാർട്ടിക്കാരായ ആണുങ്ങളാ. കണ്ണൂരിൽനിന്നും ആരെയോ വെട്ടിക്കൊന്നേച്ചിട്ട് തിരുനെല്ലിക്കാട്ടിൽ ഒളിവിൽ താമസിക്കുന്ന സഖാക്കളുടെ അടുത്തേക്ക് ഭക്ഷണവുമായിട്ട് പോകാൻ ഈ പെണ്ണിനെയാണ് ഏർപ്പാടാക്കുന്നത്. പെണ്ണിന്റെ മണമടിക്കാതെ കിടന്ന ഒളിവുകാർക്ക് വല്ല പ്രണയവുമുണ്ടോ. ഭക്ഷണവുമായി ചെല്ലുന്ന അവളെ ഈ കൊലയാളികളെല്ലാം ചേർന്ന് ബലാത്സംഘം ചെയ്യുന്നു. വർഗ്ഗീസ് മരിച്ചുകിടന്ന അതേ പാറയുടെ മുകളിൽ അവൾ ചോരയൊലിപ്പിച്ചു കിടക്കുമ്പോൾ ശരീരമില്ലാത്ത പൂമ്പാറ്റകൾ അവളെ കൂട്ടിക്കൊണ്ടു പോകുന്നതായിട്ടാ എഴുതിയിരിക്കുന്നത്''.'' 

മുള്ളരഞ്ഞാണം (2019)
അടിയോർ മശിഹാ എന്ന നോവൽ (2021)
വിനോയ് തോമസ്
ഡി.സി. ബുക്‌സ്
വില: 150 രൂപാ വീതം   

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP