Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉന്മാദങ്ങൾ

ഉന്മാദങ്ങൾ

ഷാജി ജേക്കബ്‌

'In a mad world, only the mad are sane' Akira Kurosawa

റുപതുവർഷം മുൻപ് 1961ലാണ്, നവോത്ഥാനം മുതൽ ആധുനികത വരെയുള്ള ചരിത്രഘട്ടങ്ങൾ അടയാളപ്പെടുത്തിയ ഭ്രാന്തിന്റെ സാംസ്‌കാരിക പരിണാമങ്ങൾ വിശകലനം ചെയ്യുന്ന മിഷെൽ ഫൂക്കോയുടെ വിഖ്യാതഗ്രന്ഥം, Madness and Civilization: A history of insanity in the age of Reason പ്രസിദ്ധീകൃതമായത്. അനിർവചനീയവും അപരിചിതവുമായ വിനിമയവ്യവസ്ഥകൾ സ്വന്തമാക്കുന്ന ഭ്രാന്തിന്റെ ആന്തരാനുഭൂതികളെക്കുറിച്ച് അദ്ദേഹമെഴുതി: 'Madness, in its wild, untamable words, proclaims its own meanings; in its chimeras, it utters its secret truth'.

ഭ്രാന്തിനും ഭ്രാന്തില്ലായ്മക്കുമിടയിൽ മനുഷ്യരനുഭവിക്കുന്ന അസ്തിത്വത്തിന്റെ അപാരമായ ഊഞ്ഞാലാട്ടങ്ങളുടെ കഥ പറയുന്ന സാംസ്‌കാരിക പാഠങ്ങൾ നിരവധിയാണ്. ചിത്രകല മുതൽ സംഗീതം വരെ. കവിത മുതൽ സിനിമ വരെ. യുക്തിക്കു പ്രാമാണ്യമുള്ള ആധുനികതയിൽ ഭ്രാന്തിന്റെ സാമൂഹ്യവ്യവസ്ഥ സൃഷ്ടിക്കുന്നതിൽ വിശ്ലഥമായ ഭാഷയെപ്പോലെ (മാധ്യമത്തെപ്പോലെ) പ്രാധാന്യമുള്ള മറ്റൊരു രൂപകമില്ല എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് ഫൂക്കോ എഴുതുന്നു: 'Modern man no longer communicates with the madman.... There is no common language, or rather it no longer exists the constitution of madness as mental illness, at the end of the 18th century, bears witness to a rupture in a dialogue, gives the separation as already enacted, and expels from the memory all those imperfect words, of no fixed syntax, spoken falteringly in which the exchange between madness and reason carried out. The language of psychiatry, which is a monologue by reason about madness, could only have come into existence in such a silence' മലയാളത്തിലെഴുതപ്പെട്ട ഏറ്റവും മികച്ച സ്ത്രീപക്ഷ നോവലുകളിലൊന്നായ 'മരിയ വെറും മരിയ'യിൽ സന്ധ്യാമേരി ഉന്നയിക്കുന്നതും അവതരിപ്പിക്കുന്നതും ഈ ഭ്രാന്തിന്റെ ഉണ്മയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും തന്നെയാണ്. ഭ്രാന്തിന്റെയും ഭ്രാന്തില്ലായ്മയുടെയും ഇടവരമ്പെവിടെയാണ്? അപാരവും അമേയവുമായ സന്ദിഗ്ദ്ധതകളിലൂടെയുള്ള വാൾത്തലസഞ്ചാരത്തിൽ മനുഷ്യപ്രജ്ഞ എവിടെവച്ചാണ് ഉന്മാദത്തിലേക്കു വഴിമാറുന്നത്? ഭ്രാന്തുള്ളവർ തങ്ങളെയും ലോകത്തെയും നിർവചിക്കുന്ന ഭാഷ ഏതാണ്? ആർക്കാണ് സ്ഥിതപ്രജ്ഞയെ വിഭ്രമത്തിൽനിന്ന് വേറിട്ടുകാണാൻ കെല്പുള്ളത്? ഭ്രാന്ത് അങ്ങേയറ്റം സർഗാത്മകവും കാമനാഭരിതവുമായ ഒരു മനുഷ്യാവസ്ഥയാണെങ്കിൽ സംസ്‌കാരം അതിനെ തടയുന്നതെന്തിനാണ്? എത്രയും കാഷ്വൽ ആയി എഴുതപ്പെടുമ്പോഴും അത്രയും സുഭദ്രമായൊരു നോവലായിത്തീരുന്ന രചനയാണ് 'മരിയ വെറും മരിയ'.

മലയാളനോവലിൽ മുൻപൊരിക്കലുമാവിഷ്‌കൃതമാകാത്ത വിധം ഉന്മാദത്തിന്റെ ഉർവരതയെ പ്രശ്‌നവൽക്കരിക്കുകയും സമാന്തരമായി പെണ്മയുടെ കാമനാലോകങ്ങളെ സാമൂഹ്യവൽക്കരിക്കുകയും ചെയ്യുന്ന കൃതി. എം. സരസ്വതിഭായ് മുതൽ യമ വരെയുള്ള മലയാളത്തിലെ പെണ്ണെഴുത്തുകാരികളുടെ കലാജീവചരിത്രം നോക്കൂ. മേല്പറഞ്ഞ രണ്ടു ഭാവഭൂമികകളിലാണ് അവർ സ്ത്രീയുടെ അത്ഭുതകരമാംവിധം അസന്തുലിതമായ ലോക-ജീവിത ബന്ധങ്ങളെ കൂട്ടിപ്പിടിക്കാൻ ശ്രമിക്കുന്നത് എന്നു കാണാം. ലളിതാംബിക, സരസ്വതിയമ്മ, ബാലാമണിയമ്മ, മാധവിക്കുട്ടി, സുഗതകുമാരി, സാറാതോമസ്, സാറാജോസഫ്, ഗീതാഹിരണ്യൻ, ഗ്രേസി, മാനസി, അഷിത, വിജയലക്ഷ്മി... ഒരേസമയംതന്നെ ഭദ്രവും ശിഥിലവുമായ ഒരു ലോകം തീറെഴുതിക്കിട്ടിയ ഈ സ്ത്രീകളുടെ ആത്മവിധി തങ്ങളുടെ എഴുത്തിൽ അവർ പുനഃസൃഷ്ടിച്ച നിത്യമായ അശാന്തിയായിരുന്നു. ജീവിത-മരണങ്ങളും സ്വർഗ-നരകങ്ങളും ബോധാ-ബോധങ്ങളും സ്മൃതി-വിസ്മൃതികളും അകം-പുറങ്ങളും ആത്മാ-പരങ്ങളും ശബ്ദ-നിശ്ശബ്ദതകളും ദൃശ്യാ-ദൃശ്യതകളും തിളച്ചുതൂവുന്ന പിളർന്ന ലോകങ്ങളുടെ ചക്രവർത്തിനിമാരായി അവർ സ്വന്തം ഭാവനാഭൂപടങ്ങളിൽ രക്തം വിയർത്തു.

 

പുതുനിര നോവലിസ്റ്റുകളിൽ സംഗീതയെയും മീരയെയും ലിജിയെയും എച്ച്മുവിനെയും രാജശ്രീയെയും യമയെയും പോലുള്ളവർ കെട്ടഴിച്ചുവിടുന്നതും ഭ്രാന്തിനും കാമനകൾക്കുമിടയിൽ വടം പൊട്ടി വിങ്ങുന്ന ഉടലിന്റെയും ഉണ്മയുടെയും ജീവിതരാഷ്ട്രീയത്തെത്തന്നെയാണ്. സന്ധ്യാമേരിയും ഭിന്നയല്ല.

ഷിസോഫ്രേനിയയെ പെണ്മയുടെ സ്വത്വകലാപമായി മുന്നോട്ടുവയ്ക്കുന്ന സംഗീതയുടെയും ലിജിയുടെയും നോവലുകൾ പോലെ ഭ്രാന്തിന്റെ അടിവേരുകൾ തിരയുന്ന സ്ത്രീയുടെ ആത്മാന്വേഷണമാണ് 'മരിയ'. കാമനകളെ ഉടലിന്റെ തിണർപ്പുകളും ഉയിരിന്റെ കൊടിപ്പടവുമാക്കി മാറ്റുന്ന രാജശ്രീയുടെയും യമയുടെയും രചനകൾ പോലെ പെണ്മ പൂത്തുലയുന്ന കന്യാവനങ്ങളിലെ ഇടയബാലികയാണ് മരിയ. സാറാജോസഫ് മുതൽ എച്ച്മുക്കുട്ടി വരെയുള്ളവർ പടംപൊളിച്ചു നഗ്നമാക്കിയ ആൺകോയ്മയിലൂന്നിയ ക്രൈസ്തവ കുടുംബത്തെക്കുറിച്ചുള്ള പെൺകാഴ്ചകളുടെ സങ്കീർത്തനപ്പുസ്തകമാണ് മരിയ. ആണിനെക്കാൾ പെണ്ണിനെ ദൃശ്യവൽക്കരിച്ചും കർതൃവൽക്കരിച്ചും പെണ്ണനുഭവങ്ങളെ അതിന്റെ എത്രയെങ്കിലും വിരുദ്ധമാനങ്ങളിലേക്കു വിടർത്തിവിട്ടും അനുഭൂതികളുടെ പട്ടംപറത്തുന്ന സ്‌ത്രൈണാകാശങ്ങളിൽ സ്വതന്ത്രലൈംഗികതയുടെ മഴവില്ലുപടർത്തിയും സൃഷ്ടിക്കുന്ന കാലപ്രമാണമാണ് 'മരിയ'. കഥപറച്ചിലിൽ, ഭാഷണകലയിൽ, ആദ്യന്തം സൂക്ഷ്മമായി നിലനിർത്തുന്ന വായനാപരതയിൽ മരിയ വെറും മരിയ, ഒരു മുഴുനീള ഫ്‌ളാഷ്ബാക്കിന്റെ സങ്കേതവും നോവലിനുള്ളിലെ നോവലെഴുത്തെന്ന പാഠാന്തരഭാവനയും തന്നിലേക്കുതന്നെ തിരിച്ചൊഴുകുന്ന പുഴപോലുള്ള ആത്മകഥനത്തിന്റെ ലാവണ്യവും സമീകരിക്കുന്നു.

തുടക്കത്തിൽ സൂചിതമാകുന്ന ഭ്രാന്താശുപത്രിയൊഴികെ മൂന്നു വീടുകളും ഒരു മുറിയുമാണ് നോവലിൽ ജീവിതം പുഷ്പിക്കുന്ന ഇടങ്ങൾ. കൊട്ടാരത്തിൽ തറവാടാണ് മരിയയുടെ ഒന്നാമത്തെ വീട്. അവളുടെ മമ്മിയുടെ വീടാണത്. പപ്പയും മമ്മിയും മൂന്നു സഹോദരങ്ങളും അവരുടെ സ്വന്തം വീട്ടിലാണെങ്കിലും മരിയ ചെറുപ്പം മുതലേ അപ്പച്ചന്റെയും അമ്മച്ചിയുടെയും കൂടെ കൊട്ടാരത്തിൽ വീട്ടിലാണ്. അപ്പച്ചനോടൊപ്പം നാടുതെണ്ടിനടന്ന അവളുടെ പ്രകൃതവും സ്വഭാവവും തങ്ങളുടെ വരുതിയിൽ നിൽക്കാതെവരുമ്പോൾ വീട്ടുകാർ അവളെ വഴിപിഴച്ച കുട്ടിയായി കാണുന്നു. സ്വന്തം മാതാപിതാക്കളെത്തി അവളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. അവിടെ അവർ മാത്രമല്ല സഹോദരങ്ങളും അവളെ ശത്രുവായി കരുതി. തനിക്കു സ്‌നേഹം നൽകാത്തവരും തന്നെ മനസിലാകാത്തവരും തന്റെ സ്‌നേഹം നിരസിച്ചവരുമായ മനുഷ്യരുടെ കൂടെ ഒരു വീട്ടിൽ ഒന്നിച്ചു ജീവിച്ച് ജീവിച്ച് അവൾക്കു ഭ്രാന്തുവന്നു.

സ്വന്തം വീടുകളുപേക്ഷിച്ച്, മുപ്പതുകളിലെത്തിയ ഒരുപറ്റം ചെറുപ്പക്കാർ ജീവിക്കാൻ തെരഞ്ഞെടുത്തതാണ് നോവലിലെ മൂന്നാമത്തെ വീടും മുറിയും. മദ്യപിച്ചതിന് ഹോസ്റ്റലിൽനിന്നു പുറത്താക്കപ്പെട്ട മരിയ, ഐഷ, നിമ്മി, രാധിക എന്നിവർക്കൊപ്പം സരളചേച്ചിയുടെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുന്നു. കോടീശ്വരപുത്രനായ ഹരി കൊട്ടാരതുല്യമായ വീട്ടിൽനിന്നിറങ്ങിപ്പോന്ന് ഒരു കുടുസുമുറിയിൽ ജീവിക്കുന്നു. അവിടെയാണ് വിനായകനും അരവിന്ദും ഷംസീറും ജയനും മറ്റും മദ്യപിക്കാനെത്തുന്നത്. മരിയയും. അരവിന്ദും മരിയയും പ്രണയത്തിലാണ്. എങ്കിലും ആദ്യവിവാഹത്തിൽ നിന്നിറങ്ങിപ്പോന്ന മരിയയെ വിവാഹം ചെയ്യാനുള്ള ധൈര്യം അരവിന്ദിനുണ്ടായില്ല. ഭ്രാന്താശുപത്രിയിലും അയാൾ പക്ഷെ മരിയക്ക് താങ്ങും തണലുമായി കൂടെ നിൽക്കുന്നുണ്ട്.

മൂന്നു വീടുകളിലും ഒരു മുറിയിലും ഭ്രാന്താശുപത്രിയിലുമായി നാലുകാലങ്ങളിൽ അഞ്ചുജീവിതം ജീവിക്കുന്നു, മരിയ. അഞ്ചാം കാലത്താണ് അവൾ തന്റെ ഭൂതകാലം നോവലായി എഴുതുന്നത്. അതാണ് 'മരിയ വെറും മരിയ'.

ഒന്ന്, കൊട്ടാരം വീട്

എട്ടൊൻപതു തലമുറ മുൻപ് കടമറ്റത്തുകത്തനാരെ മാന്ത്രികവിദ്യ പഠിപ്പിച്ച ചിറമ്മേൽ കത്തനാരുടെ പാരമ്പര്യത്തിലാണ് മാത്തുവും മാത്തിരി വല്യമ്മച്ചിയും മരിയയുടെ ഓർമകൾക്ക് അടിത്തറയിടുന്നത്. അവരുടെ മകൻ കുഞ്ചെറിയയും ഭാര്യ ശോശാമ്മയും. അവരുടെ മകൻ ഗീവർഗീസും ഭാര്യ മറിയാമ്മയും. അവരുടെ പതിമൂന്നു മക്കളിലൊരാളായ അന്നയുടെ മകളാണ് മരിയ. മുഴുക്കുടിയനാണ് ഗീവർഗീസ്. അപ്പൻ കുഞ്ചെറിയയ്ക്കും അമ്മ ശോശാമ്മക്കും ഭാര്യ മറിയാമ്മക്കും പതിമൂന്നു മക്കൾക്കും അയാളെ നിയന്ത്രിക്കാനായില്ല. ഗീവർഗീസിന്റെ കൂടെ കള്ളുഷാപ്പിലും ചായക്കടയിലും നാട്ടിലെങ്ങും തെണ്ടിനടന്ന മരിയ പള്ളിക്കൂടത്തിൽ പോയത് ടീച്ചർമാരുടെയും സാറന്മാരുടെയും തല്ലുവാങ്ങാനും ഓരോ വർഷം ഓരോ പയ്യന്മാരെ പ്രേമിക്കാനും മാത്രമായിരുന്നു. കള്ളുകുടിച്ചു തെണ്ടിനടന്ന കാലത്ത് സ്വന്തം മക്കളിൽ ഒരാളെ മാത്രമേ ഗീവർഗീസിനു പള്ളിക്കൂടത്തിൽ കൊണ്ടുപോയി ചേർത്ത് അവരുടെ പേരിന്റെ കൂടെ തന്റെ പേര് കൊടുക്കാൻ കഴിഞ്ഞുള്ളു. ഗീവർഗീസിന്റെ ബാക്കി മുഴുവൻ മക്കളെയും വല്യപ്പൻ കുഞ്ചെറിയയാണ് സ്‌കൂളിൽ ചേർത്തത്. തന്റെ പേരും അവർക്കെല്ലാം ഇനിഷ്യലായി നൽകി. ധൂർത്തനും മദ്യപനും വീട്ടിലാർക്കും മതിപ്പില്ലാത്തവനുമായിട്ടും ഗീവർഗീസിനെ മരിയ സ്‌നേഹിച്ചു. അയാൾ അവളെയും. അസാധാരണവും അപൂർവവുമായ ആ സ്‌നേഹബന്ധത്തിന്റെ കഥയാണ് മരിയയുടെ ജീവിതത്തിന്റെ ഒന്നാം ഘട്ടം. മറിയാമ്മയും വീട്ടിലെ ജോലിക്കാരും അന്നവല്യമ്മച്ചിയും മമ്മിയുടെ സഹോദരങ്ങളും കശുമാവിൻതോപ്പിൽ കണ്ടുമുട്ടിയ കുട്ടപ്പായിയും (അവനോടും മരിയക്കു പ്രേമമായിരുന്നു) ഷാപ്പിലെ ഗീവർഗീസിന്റെ കൂട്ടുകാരുമൊക്കെ മരിയയുടെ ജീവിതം പൂരിപ്പിച്ചുവെങ്കിലും ഗീവർഗീസായിരുന്നു അവളുടെ ഏക ദൈവം. സ്വന്തം പപ്പയും മമ്മിയും സഹോദരങ്ങളും അവളെ തെല്ലും കരുതിയില്ല. അവൾ അവരെയും.

മാത്തിരിവല്യമ്മച്ചിയും കുഞ്ചെറിയാവല്യപ്പച്ചനും മറിയാമ്മയും ഷീനയും നീനയും തോമാച്ചനും ജോലിക്കാരും ടീച്ചർമാരും ഒത്തുപിടിച്ചിട്ടും മരിയ ഗീവർഗീസിന്റെ മാത്രം കുഞ്ഞായി വളർന്നു. വിടർന്ന കണ്ണുകളോടെ അവൾ കണ്ട ലോകവും മനുഷ്യരും ജീവിതങ്ങളുമാണ് നോവലിന്റെ ആഖ്യാനഭൂപടം നിർമ്മിക്കുന്നത്.

സമാന്തരമായി കൊട്ടാരത്തിൽ വീട്ടിലെ ഓരോരുത്തർക്കുമുണ്ട് ഒരുപാട് കഥകൾ. ചിറമ്മേൽ കത്തനാരുടെ മാന്ത്രികവിദ്യകളും മാത്തുവല്യപ്പന്റെ സഞ്ചാരങ്ങളും മാത്തിരിവല്യമ്മച്ചിയുടെ പ്രവചനപരവും കഥനിർമ്മിക്കലും അവർ വളർത്തിയ തത്തയുടെ ജീവിതവും അന്നവല്യമ്മച്ചിയുടെ ചിന്നനും ഗീവർഗീസിന്റെ കിനാവുകളും കുഞ്ചെറിയായുടെ ഭക്തിയും മറിയാമ്മയുടെ പ്രണയവും യോനാൻ കുഞ്ഞിന്റെയും പൗലോച്ചന്റെയും കന്നംതിരിവുകളും കറിയക്കുട്ടിയുടെ അവതാരകഥകളും ഭർതൃഗൃഹത്തിൽ നീന നടത്തിയ പുണ്യാളത്തരങ്ങളും ചാണ്ടിപ്പട്ടിയുടെ വീരകൃത്യങ്ങളും... കഥകളുറങ്ങുന്ന കൊട്ടാരംവീടിന്റെ കുടുംബചരിത്രം കൂടിയാണ് 'മരിയ വെറും മരിയ'.

മാത്തിരിവല്യമ്മച്ചി നിർമ്മിക്കുന്ന ഒരു കഥയെക്കുറിച്ച് മരിയ പറയുന്നതു കേൾക്കൂ.

'അന്തഃകരണം പിടിച്ച ഒരുമാതിരി കഥകളുണ്ടാക്കിപ്പറയുന്നതിൽ മിടുക്കിയായിരുന്നു വല്യമ്മച്ചി. ബൈബിളും രാമായണോം മഹാഭാരതോം നാട്ടുകഥകളുമൊക്കെ കൂട്ടിക്കുഴച്ച ഒരുമാതിരി കഥകൾ! ഞാനായിരുന്നു വല്യമ്മച്ചിയുടെ ഒരേയൊരു ശ്രോതാവ്.

'ഒരിടത്ത് കുംഭകർണൻ എന്നു പേരായ ഒരു രാജാവുണ്ടായിരുന്നു. ഒരാനേടെ അത്രേം ഉള്ള ഒരു രാജാവ്. എപ്പോഴും ഉറങ്ങുന്ന ഒരു രാജാവ്. ഉറക്കം തീറ്റ ഇത്രേയുള്ളൂ രാജാവിനു പണി. ഉറക്കമെണീറ്റാൽ അപ്പോ വിളിച്ചുപറയും, 'ആരവിടെ, നമുക്കു ഭക്ഷണം കൊണ്ടുവരൂ'. ഒരിക്കൽ രാജാവ് ഒരു തോണിയിൽ യാത്ര ചെയ്യുകയായിരുന്നു. അപ്പോഴും രാജാവ് ഉറക്കംതന്നെ. രാജാവിന്റെ ഭാരം കാരണം തോണി ആടിയുലയാൻ തുടങ്ങി. തോണിക്കാരൻ ജീവൻ രക്ഷിക്കാനായി രാജാവിനെയെടുത്തു വെള്ളത്തിലേക്കിട്ടു. വെള്ളത്തിൽക്കൂടി ഒഴുകിനടക്കുന്ന രാജാവിനെക്കണ്ട ഒരു തിമിംഗലം 'ഈ ആനയെത്തിന്നാൽ ഇനി ഒരു വർഷത്തേക്ക് ഒന്നും തിന്നേണ്ടിവരില്ല' എന്നു കരുതി രാജാവിനെയങ്ങു വിഴുങ്ങി. തിമിംഗലത്തെ സംബന്ധിച്ച് അത്രേം വലിപ്പമുള്ളതെല്ലാം ആനയാ. രാജാവിനെയൊന്നും രണ്ട് തിമിംഗലത്തിനു ശീലമില്ലല്ലോ.

പക്ഷേ തിന്നുകഴിഞ്ഞപ്പഴാണ് തിമിംഗലത്തിന് മനസ്സിലായത്, ഇത്തിരി കൂടിപ്പോയെന്ന്. വയറ്റുവേദന, സഹിക്കാൻ പറ്റാത്ത വയറ്റുവേദന. അകത്തു കിടക്കുന്ന രാജാവ് തിരിയുകേം മറിയുകേം ചെയ്യുമ്പോ വേദന മൂർധന്യത്തിലെത്തും. അങ്ങനെയിരിക്കെ ഒരുദിവസം ഉള്ളിൽക്കിടക്കുന്ന രാജാവെണീറ്റലറി, 'ആരവിടെ, നമുക്കു ഭക്ഷണം കൊണ്ടുവരൂ'. ഉള്ളിൽനിന്ന് ഒച്ചയുംകൂടി കേൾക്കാൻ തുടങ്ങിയതോടെ തിമിംഗലത്തിന്റെ പരിഭ്രമം കൂടി. രാജാവാണെങ്കിൽ ആരും ഭക്ഷണം കൊണ്ടുക്കൊടുക്കാത്തതുകൊണ്ട് തിമിംഗലത്തിന്റെ വയറു മാന്തി തിന്നാൻ തുടങ്ങി. അതോടെ വേദന പിന്നേം കൂടി.

തിമിംഗലം വേദന സഹിക്കവയ്യാതെ തല കല്ലിലിട്ടിടിക്കാൻ തുടങ്ങി. അപ്പോ കല്ലു ചോദിച്ചു, എന്താ പ്രശ്‌നംന്ന്. കാരണം കല്ല് ശരിക്കും ഒരാമയായിരുന്നു. തിമിംഗലം കണ്ണീരോടെ തന്റെ കഥ പറഞ്ഞു. ആമ തിമിംഗലത്തെ തനിക്കറിയാവുന്ന ഒരു ഡോക്ടറുടെയടുത്തുകൊണ്ടുപോയി. ഡോക്ടർ ഇരുനൂറു ജൂനിയർ ഡോക്ടർമാരുടെ സഹായത്തോടെ തിമിംഗലത്തിന്റെ വയറു കീറി. അപ്പോ ദാ ഒരാൾ കരഞ്ഞുകൊണ്ട് പുറത്തേക്കു വരുന്നു. പക്ഷേ, പുറത്തുവന്നത് രാജാവായിരുന്നില്ല, ഒരു പ്രവാചകനായിരുന്നു. തന്റെ പേര് യോന എന്നാണെന്നും ശാപം കാരണം താൻ കുംഭകർണനായി മാറിയതാണെന്നും മീൻ വിവുങ്ങിയതോടെ തനിക്കു ശാപമോക്ഷം കിട്ടിയെന്നും പുറത്തുവന്നയാൾ പറഞ്ഞു. തന്നെക്കുറിച്ചു പറഞ്ഞപ്പോ ഓപ്പറേഷൻ കഴിഞ്ഞുള്ള തുന്നിക്കെട്ടലിനിടയിലും തിമിംഗലം പറഞ്ഞു, 'ഞാൻ മീനല്ല, തിമിംഗലാ തിമിംഗലം'. പ്രവാചകന്റെ സ്ഥലത്തേക്കാണോ കുംഭകർണന്റെ സ്ഥലത്തേക്കാണോ താൻ തിരിച്ചുപോകേണ്ടതെന്നറിയാത്തതുകൊണ്ട് യോനാ ശിഷ്ടകാലം ഡോക്ടറുടെ സഹായിയായി കൂടി.

ഒരിക്കൽ രാവണന്റെ പെങ്ങൾ ശൂർപ്പണഖ അബ്രഹാമിന്റെ മകൻ ഇസ്സഹാക്കിനെ കല്യാണം കഴിക്കാനായി അങ്ങ് ഇസ്രയേലുവരെ പോയി. ചിലതരം രാജകുമാരിമാരുണ്ടല്ലോ, ആരുടെയെങ്കിലും കഥ കേട്ടാലുടനെ അവരോടു പ്രേമമാകുന്ന ടൈപ്പ്. ശൂർപ്പണഖ അത്തരമൊരു രാജകുമാരിയായിരുന്നു. ചെറുപ്പത്തിൽ അബ്രാഹാമിന്റെ ബലിയുടെ കഥ ധാരാളം കേട്ട് ശൂർപ്പണഖയ്ക്ക് ആദ്യം ഇസ്സഹാക്കിനോട് 'അയ്യോ പാവം' തോന്നി. പിന്നെ പ്രേമവും. അങ്ങനെയാണ് ശൂർപ്പണഖ ഇസ്സഹാക്കിനെ അന്വേഷിച്ചു പോയത്. പക്ഷേ, ഒത്തിരി വർഷത്തെ കപ്പൽ യാത്ര കഴിഞ്ഞ് ഇസ്രയേലിലെത്തിയപ്പോഴേക്കും ശൂർപ്പണഖ ഒരു വയസ്സിയായിരുന്നു. ഇസ്സഹാക്കാണെങ്കിൽ റെബേക്കയെ കെട്ടിയും കഴിഞ്ഞിരുന്നു'.

വല്യമ്മച്ചി അങ്ങനെയാ, ഒരു മായോം ഇല്ലാണ്ട് കഥ അവസാനിപ്പിച്ചുകളയും. 'രാമായണോം മഹാഭാരതവുമൊക്കെ കലാപരതയുള്ളവരാ എഴുതിയത്, വേദപുസ്തകത്തില് കലാപരത കുറവാ' എന്നതായിരുന്നു വല്യമ്മച്ചീടെ അഭിപ്രായം. ചിലപ്പോ അതുകൊണ്ടായിരിക്കും വല്യമ്മച്ചി ബൈബിൾ തിരുത്തിയെഴുതിയത്.

അവസാനമായപ്പോൾ വല്യമ്മച്ചി എന്തോ ചീഞ്ഞു നാറുന്നൂന്ന് പരാതി പറയാൻ തുടങ്ങി. പിന്നെ പെട്ടെന്നൊരു ദിവസം പറഞ്ഞു, 'ഒടേക്കാരാ, എന്നെയാണല്ലോ ചീഞ്ഞുനാറുന്നെ!' ആ വർഷത്തെ പള്ളിപ്പെരുന്നാളിന് വല്യമ്മച്ചി കുറെ കടുംനീലത്തുണി വാങ്ങി ചട്ടേംമുണ്ടും തയ്പിച്ചു. എന്നിട്ട് എല്ലാവരോടും പറഞ്ഞു, മരിച്ചുകഴിഞ്ഞാൽ ആ ചാട്ടേം മുണ്ടും ഉടുപ്പിക്കണംന്ന്. അതിന് വല്യമ്മച്ചി ഒരു കാരണോം പറഞ്ഞു, 'മരിച്ച് സ്വർഗത്തിൽ ചെല്ലുമ്പോ കർത്താവിന് എന്നെ ഒറ്റനോട്ടത്തിൽ മനസ്സിലാവണം!'.

കടുംനീല ചട്ടയും മുണ്ടുമിട്ടുവന്ന ആ ശവമടക്കാൻ വെട്ടിക്കാട്ടിൽ കത്തനാർ വിസമ്മതിച്ചു. പക്ഷേ, വല്യമ്മച്ചിക്കെതിരേ പോയാലുള്ള പുകിലിനു തെളിവായി രണ്ടിഞ്ചു നീളത്തിലുള്ള ഒരു മുറിവിന്റെ പാട് കത്തനാരുടെ തലയിൽ അപ്പോഴും കിടപ്പുണ്ടായിരുന്നു. തന്നേമല്ല, അപ്പൻ വലിയൊരു തുക അപ്പോൾത്തന്നെ ക്യാഷായി കത്തനാരുടെ കൈയിൽ വെച്ചുകൊടുത്തു. ഇതിന്റെയൊക്കെ അനന്തരഫലമായി മാത്തിരിവല്യമ്മച്ചി ഞങ്ങളുടെ ശവക്കോട്ടയിൽത്തന്നെ ശവമടങ്ങി. ഇപ്പോഴും നിറമുള്ള ഉടുപ്പുമിട്ട് ശവക്കോട്ടയിലേക്കു പോയ ആദ്യത്തെ ആൾ എന്ന നിലയിൽ ഇന്നാട്ടിൽ വല്യമ്മച്ചിക്ക് വലിയ പേരാണ്'.

നീനയുടെ പുണ്യാളജീവിതം മരിയ എഴുതുന്ന നോവലിനുള്ളിലെ മറ്റൊരു കഥയാണ്:

'നീനയുടെ കാര്യമാണെങ്കിൽ മറ്റൊരുതരത്തിലായിരുന്നു. തീരേ കുഞ്ഞായിരിക്കുമ്പോൾ മുതൽ ഒറ്റയ്ക്കിരിക്കാനായിരുന്നു നീനയ്ക്കിഷ്ടം. അനേകം മുറികളും ഇടനാഴികളുമൊക്കെയുണ്ടായിരുന്ന കൊട്ടാരത്തിൽവീട്ടിൽ 'സ്വന്തമായൊരു മുറി' എന്ന ആശയം ആദ്യമായി നടപ്പിലാക്കിയത് നീനയാണ്. എപ്പോഴും മറ്റുള്ളവരുടെ കണ്ണിൽനിന്നൊഴിഞ്ഞുനിന്നു നീന. ഇത്രയധികം അംഗങ്ങളുള്ള വീടായതുകൊണ്ടുതന്നെ നീന മുറിയിൽ വാതിലടച്ച് എന്തെടുക്കുകയാണെന്ന് ആരും അന്വേഷിച്ചില്ല. പത്താംക്ലാസ് നല്ല മാർക്കോടെ പാസായെങ്കിലും നീന അവിടംകൊണ്ടു പഠിപ്പു നിർത്തി. ഇരുപത്തിനാലു മണിക്കൂറും മുറിയടച്ചിരിക്കാൻ തുടങ്ങി. കല്യാണാലോചനകൾ വരാൻ തുടങ്ങിയപ്പോൾ ഗീവർഗീസും കുഞ്ചെറിയയുംകൂടി ഭേദമെന്നു തോന്നിയ ഒന്ന് - മുണ്ടക്കയംകാരൻ പ്ലാന്റർ ഏലിയാസുമായുള്ളത് - അങ്ങുറപ്പിച്ചു. നീനയോട് അഭിപ്രായം ചോദിച്ചെങ്കിലും നീനയ്ക്ക് സ്വന്തം കല്യാണക്കാര്യത്തിൽ യാതൊരു അഭിപ്രായവും ഇല്ലായിരുന്നു.

പ്ലാന്റർ ഏലിയാസിന്റെ വീട്ടിലും നാട്ടിലും അതൊരു ഭൂകമ്പംതന്നെയായിരുന്നു. പുതുപ്പെണ്ണ് കല്യാണത്തിന്റെ പിറ്റേ ദിവസം മുതൽ മുറിയടച്ചിരിപ്പുതുടങ്ങി. കാലങ്ങളായി താൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന അമ്മായിയമ്മപ്പോര് എന്ന ദുരിതം അതിന്റെ എല്ലാ ക്രൂരതകളോടും കൂടി മരുമകളിലേക്കു പകരാൻ റെഡിയായിരുന്ന കുഞ്ഞൂഞ്ഞമ്മയ്ക്ക് ഈ പുതിയ സാഹചര്യം എങ്ങനെ നേരിടണമെന്ന് ഒരെത്തുംപിടിയും കിട്ടിയില്ല. നാത്തൂൻപോരു കുത്തുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെ ഭർത്താവിനെയും രണ്ടു മക്കളെയും അയാളുടെ വീട്ടിലിട്ടിട്ടുപോന്ന ശലോമിയും ആകെ ഇഞ്ചി കടിച്ചതുപോലെയായി. ആളെ പുറത്തു കണ്ടാലല്ലേ പോരു കാട്ടാനാകൂ! കണ്ടപ്പോഴൊക്കെ കുഞ്ഞൂഞ്ഞമ്മ പോരുകുത്തിയെങ്കിലും നീന അതു കൺ, കേട്ട ഭാവം നടിച്ചില്ല. പക്ഷേ, ശലോമി അങ്ങനെ വിട്ടുകൊടുക്കുന്ന ടൈപ്പായിരുന്നില്ല. കല്യാണം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ വീട്ടിലെ പാത്രം കഴുകാനെത്തിയ മാതുവിനെയും താറാമ്മയെയും ശലോമി പറഞ്ഞുവിട്ടു. എന്നിട്ടു പുതുപ്പെണ്ണിനെ പാത്രം കഴുകാനയച്ചു. പാത്രമെന്നു വച്ചാൽ എന്തുമാതിരി പാത്രമാ! ആ വലിയ വീട്ടിലെയും തോട്ടത്തിലെയും സകലമാന പണിക്കാർക്കും പിന്നെ വീട്ടുകാർക്കും വെച്ചുവിളമ്പിയ പാത്രങ്ങൾ. രണ്ടുപേർ ദിവസം മുഴുവൻ നിന്ന് ചെയ്തുതീർത്തിരുന്ന പണിയായിരുന്നു അത്. സകലമാന പാത്രവും കഴുകി വെടുപ്പാക്കി വെച്ചതിനുശേഷം മുറിയിലേക്കു പോകുംവഴി നീന ശലോമിയോടു പറഞ്ഞു, 'നാത്തൂനേ, എന്നെ പണിയെടുപ്പിച്ചു പണ്ടാരടക്കാന്നു കരുതി കെട്ടിയോനേം മക്കളേം ഉപേക്ഷിച്ച് ഇവിടെവന്നിങ്ങനെ പെറ്റുകിടക്കണ്ട. അതിന് നിങ്ങളോ നിങ്ങടെ തള്ളയോ കൂട്ടിയാ കൂടൂല്ല. ഇപ്പം ഞാൻ അക്കാണുന്ന പാത്രം മുഴുവൻ കഴുകീതേ, എനിക്ക് നല്ലൊന്നാന്തരമായിട്ട് ആ പണി ചെയ്യാൻ പറ്റുംന്ന് കാണിക്കാനാ. പക്ഷേങ്കീ നാളെ മൊതല് നീന കഴുകിയ പാത്രത്തില് ഇവിടെ ഒരുത്തീം തിന്നുകേല. നാത്തൂൻ വേഗം സ്ഥലംകാലിയാക്കാൻ നോക്ക്'.

ഏലിയാസിന്റെ കാര്യമായിരുന്നു ശരിക്കും കഷ്ടം. തന്റെ ആദ്യരാത്രിയിൽത്തന്നെ പതിനഞ്ചു മിനിട്ടോളം മണിയറയുടെ വാതിലിൽ മുട്ടി വീട്ടുകാരെയും നാട്ടുകാരെയും മൊത്തം അറിയിച്ച് ഭാര്യയെക്കൊണ്ട് വാതിൽ തുറപ്പിക്കേണ്ടിവന്ന നാണക്കേടിൽനിന്നും ഏലിയാസ് ജീവിതത്തിലൊരിക്കലും മുക്തനായില്ല. സത്യത്തിൽ നീന അതു മനഃപൂർവം ചെയ്തതല്ല, ശീലം വെച്ചു ചെയ്തുപോയതാണ്. പക്ഷേ, അത് ഏലിയാസിനോടു വിശദീകരിക്കാനൊന്നും തന്റെ സ്വഭാവംവെച്ച് നീന നിന്നില്ല. ഭാര്യ മുറിയടച്ചിരിക്കുന്നതിന്റെ പേരിൽ കുഞ്ഞൂഞ്ഞമ്മ മകന് ഇരിക്കപ്പൊറുതി കൊടുത്തില്ല. ഏലിയാസ് ഇതിനെപ്പറ്റി ചോദിക്കാൻ ചെന്നപ്പോഴൊക്കെ നീന കടുപ്പിച്ചൊരു നോട്ടത്തിൽ അയാളെ നിശ്ശബ്ദനാക്കി. ഭാര്യമാരെ ഉരുക്കുമുഷ്ടികൊണ്ട് അടിച്ചമർത്തിയിരുന്ന ഭർത്താക്കന്മാർക്ക് അക്കാലമായപ്പോഴേക്കും ഏതാണ്ടു വംശനാശം വന്നിരുന്നു'.

രണ്ട്, സ്വന്തം വീട്

നീനാന്റിയുമായി മരിയ പ്രഖ്യാപിച്ച യുദ്ധമാണ് അവളെ സ്വന്തം വീട്ടിലേക്കു തിരിച്ചുകൊടുക്കാൻ നിർബ്ബന്ധിതമാക്കിയത്. വീട് അവൾക്കു തടവും നരകവുമായി, ക്രമേണ മാത്യുവും ആനും അവളോടടുത്തുവെങ്കിലും ലിസ് ആമരണം മരിയയുടെ ശത്രുവായി തുടർന്നു. ചെറുപ്പത്തിൽ ഒരാത്മാവും രണ്ടുടലുമായി കഴിഞ്ഞിരുന്ന യോനൻ കുഞ്ഞും പൗലോച്ചനും ഒരു വഴക്കിടലിനുശേഷം നാല്പതുവർഷം പരസ്പരം മിണ്ടാതെ ജീവിച്ച കഥ കൊട്ടാരം വീട്ടിലുണ്ട്.

' 'അമ്മച്ചീ, ആ പിള്ളേര് അവരടെ അമ്മേനേം കൂട്ടി വരണൊണ്ട്'.

'ഏതു പിള്ളേര്?'

'ആനും മാത്യൂം ലിസേം'.

'അതുങ്ങള് നിന്റെ കൂടപ്പിറപ്പുകളല്ലേ? അവരേപ്പറ്റി അങ്ങനെ പറയാൻ പാടൊണ്ടോ?'

'എനിക്കാ പിള്ളേരേം ഇഷ്ടാല്ല, അവരുടെ പപ്പേനേം ഇഷ്ടാല്ല, അവരുടെ മമ്മേനേം ഇഷ്ടാല്ല...'

ഓറഞ്ച് ഫ്രോക്കിട്ട് ആദ്യം കയറിവന്നത് ആനാണ്. പിന്നെ കാക്കി ട്രൗസറും ചുവപ്പും കറുപ്പും കളംകളം ഷർട്ടുമിട്ട് മാത്യു കയറിവന്നു. ഒടുവിൽ വയലറ്റ് മയിൽപ്പീലി പ്രിന്റുള്ള സാരിയിൽ അന്നയും അന്നയുടെ കൈയിൽ തൂങ്ങി പിങ്ക് മാലാഫഫ്രോക്കിട്ട് ലിസയും കയറിവന്നു. നല്ല അനുസരണയുള്ള കുട്ടികളോട് തനിക്ക് എന്തുമാതിരി സ്‌നേഹത്തിൽ പെരുമാറാൻ പറ്റുമെന്നു മരിയയെ കാണിച്ചുകൊടുക്കാനായി നീന ലിസയെ വാരിയെടുത്തു കൊഞ്ചിക്കാൻ തുടങ്ങി.

'ഡൂഡുഡുഡുഡു....ഡൂഡുഡുഡുഡു......ഡൂഡുഡുഡുഡു......'

ചായയും കുടിച്ച് രണ്ടച്ചപ്പവും അവലോസുണ്ടയും തിന്നുകഴിഞ്ഞപ്പോഴാണ് അന്ന മരിയയെ ശ്രദ്ധിച്ചത്.

'അമ്മച്ചീ, ഈ കൊച്ചെന്താ ഉടുപ്പിടാതെ നടക്കണത്?'

C for Cat ഷഡ്ഡി മാത്രമായിരുന്നു മരിയ ഇട്ടിരുന്നത്. കുറെനേരമായി പിങ്ക് നിറത്തിലുള്ള C for Cat ഷഡ്ഡി ആനിനെയും മാത്യുവിനെയും ലിസയെയും കാണിച്ച് അസൂയപ്പെടുത്താൻ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു മരിയ. C for Cat എന്നെഴുതിയ ഒരു കാർപ്പെറ്റിൽ കിടന്നിരുന്ന ഒരു പൂച്ചയായിരുന്നു ഷഡ്ഡിയുടെ പ്രധാന ആകർഷണം. ഉറങ്ങാനുള്ള മൂഡിലായിരുന്നെങ്കിലും ചുറ്റും എന്തൊക്കെയാണ് നടക്കുന്നതെന്നറിയാൻ അതു ബദ്ധപ്പെട്ടു തലപൊക്കി നോക്കുന്നുണ്ടായിരുന്നു.

ആരും ഷഡ്ഡി മൈൻഡ് ചെയ്യുന്നില്ലെന്നു കണ്ടപ്പോൾ മരിയ ലിസയോടു പറഞ്ഞു,

'എനിക്കിതല്ലാണ്ട് ഒരു A for Apple ഷഡ്ഡീം B for Ball ഷഡ്ഡീം ഒണ്ടല്ലോ, ദേ, ഇതിനകത്തെ പൂച്ചനെ കണ്ടോ!'

പക്ഷേ, ലിസ കസേരക്കീഴിൽ കിടന്നിരുന്ന ജീവനുള്ള പൂച്ചയുടെ പിറകേയായിരുന്നു.

'ഈ കൊച്ചെന്താ ഉടുപ്പിടാതെ നടക്കുന്നേന്ന്?'

അന്ന ചോദ്യം ആവർത്തിച്ചു. മറുപടി പറഞ്ഞത് നീനയാണ്:

'അതാ ചേച്ചീ അവക്കടെ പുതിയ വിനോദം. ഷീനച്ചേച്ചി ഈ പുതിയ ഷഡ്ഡികള് വാങ്ങിക്കൊടുത്തേപ്പിന്നെ ഉടുപ്പിടത്തേയില്ല. വഴീക്കോടെപ്പോണ ആൾക്കാരെ മുഴുവൻ വിളിച്ച് പൂച്ചേനെ കാണിക്കലാ പണി'.

ലിസയുടെ പിറകേ ചെന്ന് വീണ്ടും പൂച്ചയെ കാണിക്കാൻ മരിയ ശ്രമിച്ചെങ്കിലും ലിസ ശ്രദ്ധിച്ചതേയില്ല. നിറയെ ലെയ്‌സുകൾ വെച്ച ലിസയുടെ ഉടുപ്പ് കാണാൻ ഒരു ഭംഗിയുമില്ലെന്ന് മരിയയ്ക്കു തോന്നി. മരിയ പതുക്കെ അടുത്തു ചെന്ന് ലെയ്‌സിൽ പിടിച്ചുനോക്കി. അങ്ങനെ പിടിച്ചുപിടിച്ച് മരിയ ലെയ്‌സിന്റെ അറ്റത്തു പിടിച്ച് ചെറുതായൊന്നു വലിച്ചു. ലെയ്‌സ് കീറിയതും 'എന്റെ മാലാഖ ഫ്രോക്ക്' എന്നു പറഞ്ഞ് ലിസ വലിയവായിൽ കരയാൻ തുടങ്ങി. അന്ന മരിയയ്ക്കിട്ട് ഒന്നു വെച്ചുകൊടുത്തു. മരിയയും വലിയവായിൽ കരയാൻ തുടങ്ങി:

'പോടീ പട്ടീ.... നീയെന്റെ അമ്മയല്ല... എന്റെ അമ്മ അമ്മച്ചിയാ.... നിന്നെ എനിക്കിഷ്ടാല്ല....'

അന്ന സീനിയർ മുറിയിലേക്കു കടന്നുവന്നതോടെ ഉടുപ്പ് എപ്പിസോഡ് അവസാനിച്ചു.

'ഇതാര്, സൂസന്നയോ! നീയിതെപ്പം വന്നു?'

ചിന്നനായതുകൊണ്ട് താൻ സൂസന്നയല്ല, അന്നയാണെന്നൊന്നും അന്നയോടു പറയാൻ പറയാൻ അന്ന നിന്നില്ല. തന്നേമല്ല, സ്വന്തം കൊച്ചല്ലേ എല്ലാരടേം മുന്നിലുവെച്ച് തന്നെ പട്ടീന്നു വിളിച്ചത്! പോരാത്തതിന് അമ്മയല്ലാന്നും! ഹൗ! അപ്പഴാ...

'ഇപ്പം വന്നതേയുള്ളൂ വല്യമ്മേ'.

'നിനക്ക് എത്ര മക്കളാ?'

'നാല്.'

'മൂന്നിനെയേ കൊണ്ടുവന്നോള്ളോ?'

അന്നയ്ക്ക് അസാമാന്യമായി ദേഷ്യം വരുന്നുണ്ടായിരുന്നു.

'വല്യമ്മയ്ക്ക് കണ്ടുകൂടേ നാലെണ്ണം നിക്കണത്?'

മരിയയെ അദ്ഭുതത്തോടെ നോക്കിക്കൊണ്ട് അന്ന ചോദിച്ചു,

'അതുശരി! ഇതു നിന്റെ കൊച്ചാണോ! ഇതിനോടെപ്പം ആരടെ മോളാന്നു ചോദിച്ചാലും പറയും, അന്നേടെ മോളാന്ന്. കൊച്ചേ, കൊച്ചിന്റെ അമ്മേടെ പേര് സൂസന്നാന്നാണ് കേട്ടോ. ഇപ്പഴത്തെ പിള്ളരടെ ഒരു കാര്യം!' '.

സ്വന്തം വീട്ടിൽ എട്ടുപത്തുവർഷം കഴിഞ്ഞുകൂടിയ മരിയ പതിനെട്ടാം വയസിൽ തനിക്കിഷ്ടപ്പെട്ട ഒരുത്തന്റെ കൂടെ നാടുവിട്ടു. അധികം വൈകാതെ അയാളെ ഉപേക്ഷിച്ച് വീട്ടിൽ തന്നെ തിരിച്ചെത്തി. തുടർന്നവൾ അപ്പച്ചന്റെയടുത്തെത്തി. അക്കാലമാകുമ്പോഴേക്കും ഗീവർഗീസ് മരിച്ചു. അപ്പച്ചന്റെ മരണം മരിയയെ തളർത്തി. സ്വന്തം ജീവിതം അവൾക്കു കൈവിട്ടുപോയിത്തുടങ്ങി. മറവി അവളെ വേട്ടയാടി. Normal എന്നു സമൂഹം കരുതുന്ന പെരുമാറ്റങ്ങളും സ്വഭാവങ്ങളുമായിരുന്നില്ല ഒരിക്കലും മരിയയുടേത്. പക്ഷെ ആരാണ് നോർമൽ?, ആരാണ് അബ്‌നോർമൽ?

മൂന്ന്, മരിയയും അരവിന്ദും

ഹരിയുടെ മുറിയിലാണ് മരിയ അരവിന്ദിനും പുരുഷസുഹൃത്തുക്കൾക്കുമൊപ്പം തന്റെ മറ്റൊരു ജീവിതം ജീവിച്ചത്. തങ്ങളെപ്പോലെതന്നെ ഉന്മാദിയായ ഒരാളായി അവർ അവളെ കരുതി, സ്‌നേഹിച്ചു. അരവിന്ദ് പ്രണയിക്കുകയും ചെയ്തു. നിമ്മിയും ഐഷയും രാധികയും ഒട്ടൊക്കെ ഭിന്നമായ ജീവിതരീതികളോടെ മരിയയുടെ ആത്മബന്ധുക്കളായി മാറി. അവർ തമ്മിലുള്ള ഐക്യം, കുടുംബങ്ങളിൽനിന്ന് പുറത്തുവന്നവരായിരുന്നു എല്ലാവരും എന്ന വസ്തുതയാണ്.

'മരിയ ഹരിയെയാണ് അക്കൂട്ടത്തിൽ ആദ്യം പരിചയപ്പെട്ടത്. മരിയ ഒരു പബ്ലിഷിങ് കമ്പനിയിൽ കുറച്ചുകാലം ജോലി ചെയ്തിരുന്നു. കുറച്ചുകാലമെന്നുവച്ചാൽ ഒരുമാസം. ഹരി അവിടെ ഗ്രാഫിക് ഡിസൈനറായിരുന്നു. അവിടെവെച്ച് അവർ വലിയ കൂട്ടൊന്നുമായിരുന്നില്ല, പരിചയത്തെക്കാൾ അല്പം കൂടിയ ബന്ധം, അത്രമാത്രം. മരിയ അവിടെനിന്നും പോകുന്നതിനും മുൻപ് ഹരി അവിടെനിന്നും പോയി. ഒരുദിവസം ഓഫീസിലിരിക്കുമ്പോ മരിയയ്ക്ക് കള്ളു കുടിക്കാൻ ഭയങ്കരമായി തോന്നി. ഈ നാട്ടിൽ പെണ്ണുങ്ങൾക്ക് കള്ളു കുടിക്കാൻ ഒരിടമില്ലല്ലോ! അന്നു മരിയ ഒരു ലേഡീസ് ഹോസ്റ്റലിൽ നാലുപേരുള്ള ഒരു മുറിയിലാണ് കഴിഞ്ഞിരുന്നത്. അങ്ങനെ തലപുകഞ്ഞാലോചിച്ചപ്പോഴാണ് (ഇത്തരം കാര്യങ്ങളിലൊക്കെ മാത്രമേ മരിയ തലപുകച്ചാലോചിക്കാറുള്ളൂ) ഹരിയുടെ മുഖം മനസ്സിൽ മിന്നിയത്. മരിയ നേരേ ഹരിയുടെ മുറിയിലേക്കു പാഞ്ഞു. ആദ്യമായിട്ടാണ് മരിയ ഒരു ആണിന്റെ മുറിയിൽ പോകുന്നത്. അതുവരെ മരിയ ആണുങ്ങളുടെ മുറി സിനിമകളിൽ മാത്രമേ കണ്ടിരുന്നുള്ളൂ. സിനിമകളിൽ പെണ്ണ് എപ്പൊ ആണിന്റെ മുറിയിലെത്തിയാലും ബലാത്സംഗം നടക്കും. പക്ഷേ, അടിച്ചോഫായി അവിടെ കിടന്നിട്ടും ഹരി മരിയയെ ബലാത്സംഗം ചെയ്തില്ല. മുൻകൂട്ടി പറയാതെ ഹോസ്റ്റലിൽ നിന്നും അപ്രത്യക്ഷയായതിനാൽ മരിയയെ അവിടെനിന്നും പുറത്താക്കി. അതോടെ പ്രത്യേകിച്ച് ചോദിക്കാനും പറയാനുമൊന്നും നിക്കാതെ മരിയയും അവിടെ താമസമായി. തങ്ങളെക്കാൾ അബ്‌നോർമലായ മരിയയെ ഹരിക്കും വിനായകനും പെരുത്തിഷ്ടപ്പെട്ടു. മരിയ അവരുടെ കൂടെ സ്ഥിരമായി താമസിക്കുന്നതായിരുന്നു അവർക്കിഷ്ടം. പക്ഷേ, പരിചിതരും അപരിചിതരുമായ ഒത്തിരി ബോധമില്ലാത്തവർ സ്ഥിരം കയറിയിറങ്ങുന്ന ഇടമാണ്. ഏതെങ്കിലുമൊരുത്തൻ കാലക്കേടിന് പെണ്ണിനെയെങ്ങാൻ ബലാത്സംഗം ചെയ്താലോ? ഈ തോന്നലിൽ ഹരിയാണ് ഏതോ പരിചയക്കാർവഴി മരിയയ്ക്ക് ഐഷയുടെ കൂടെ താമസസൗകര്യമൊരുക്കിക്കൊടുത്തത്. സരളച്ചേച്ചിയുടെ പേയിങ് ഗസ്റ്റായി..

നിറയെ സ്ഥലമുണ്ടായിരുന്ന ആ വീട് അവർക്കെല്ലാവർക്കും ഇഷ്ടമായിരുന്നു. അവർ എന്നാൽ, ഐഷയും നിമ്മിയും രാധികയും പിന്നെ മരിയയും. 'സമാധാനമുള്ള വീട്', ഐഷ എപ്പോഴും പറയും. രണ്ടു കിലോമീറ്റർ അകലെയുള്ള സ്വന്തം വീടിനെക്കാൾ ഐഷയ്ക്കിഷ്ടം ഈ വീടായിരുന്നു. ഐഷയുടെ മാതാപിതാക്കൾ ആക്റ്റിവിസ്റ്റുകളാണ്. അവർ എപ്പോഴും എന്തിന്റെയെങ്കിലുമൊക്കെ പേരിൽ ബഹളമുണ്ടാക്കിക്കൊണ്ടിരിക്കും. ൗ നാട്ടിൽ പ്രസ്‌നങ്ങളൊന്നുമില്ലാതായാൽ അവർ ശരിക്കും ബുദ്ധിമുട്ടിലാകും'. ഐഷ ഇടയ്ക്കു പറയും. അവരുടേത് പ്രണയവിവാഹമായിരുന്നു. പക്ഷേ, വിവാഹം കഴിഞ്ഞതോടെ ഐഷയുടെ അച്ഛന്റെ ആക്റ്റിവിസം ഷോവനിസത്തിനു വഴിമാറി. 'All men are conceited bastards', ഐഷ എപ്പോഴും പറയും. 'എന്റെ അച്ഛനാണതിൽ ഒന്നാമൻ', ഐഷ ഇടയ്ക്കിടയ്ക്ക് പറയും. ഐഷ ഒരു അഡ്വർടൈസിങ് ഏജൻസിയിൽ കോപ്പിറൈറ്ററാണ്. ഒരിക്കൽ All men are conceited bastards എന്നു പറഞ്ഞ് പന്നിയുടെ പടമുള്ള ഒരു പോസ്റ്റർ ഉണ്ടാക്കി ഐഷ. മരിയയോട് എങ്ങനെയുണ്ടെന്ന് ചോദിച്ചു. പന്നിയെ കാണാൻ നല്ല ഭംഗിയുണ്ടെന്നു മരിയ പറഞ്ഞു.

രാധിക പറയുന്നത് ഇതൊരു സുഖമുള്ള വീടാണെന്നാണ്. രാധികയുടെ അച്ഛനുമമ്മയും മാലതിച്ചേച്ചി പറയുമ്പോലെ 'പേർഷ്യ'യിലാണ്. ഇന്ത്യയ്ക്കു പുറത്തുള്ള എല്ലാ സ്ഥലവും മാലതിച്ചേച്ചിക്ക് പേർഷ്യയാണ്. അച്ഛനുമമ്മയും ധാരാളം പണം അയച്ചുകൊടുക്കുന്നതുകൊണ്ട് രാധിക പഠിച്ചുകൊണ്ടേയിരിക്കുന്നു. പൂർത്തിയാകാൻ ഒരു വർഷമെടുക്കുന്ന കോഴ്‌സുകൾ മാത്രമേ രാധിക പഠിക്കാറുള്ളൂ. ജൂവലറി ഡിസൈനിങ്ങും ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റും രാധിക കംപ്ലീറ്റ് ചെയ്തു. കുക്കറിയും ഇന്റീരിയർ ഡെക്കറേഷനും ഫാഷൻ ഡിസൈനിങ്ങും വെജിറ്റബിൾ കാർവിങ്ങും ഇടയ്ക്കുവെച്ചു നിർത്തി. വെജിറ്റബിൾ കാർവിങ് പഠിക്കുമ്പോൾ ചുമ്മാ കാർവ് ചെയ്യാനായി മാത്രം രാധിക കിലോക്കണക്കിന് കാബേജും കാരറ്റും തക്കാളിയും കുക്കുംബറുമൊക്കെ വാങ്ങിക്കൊണ്ടുവന്നു. എന്നിട്ട് ചില പ്രത്യേകതരം കത്തികൾകൊണ്ട് സാന്റാക്ലോസും പൂമ്പാറ്റയും പൂക്കളുമൊക്കെ ഉണ്ടാക്കാൻ നോക്കി. ഒടുവിൽ സരളച്ചേച്ചിയുടെ അടുക്കളക്കാരി മാലതിച്ചേച്ചി ആ 'അമൂർത്തരൂപങ്ങൾ' കൊണ്ട് സാമ്പാറും അവിയലുമൊക്കെ ഉണ്ടാക്കും. കുക്കറി പഠിക്കുമ്പോൾ ആവേശം മൂത്ത് മാലതിച്ചേച്ചിയെ പറഞ്ഞുവിട്ടേക്കാൻവരെ രാധിക സരളച്ചേച്ചിയോടു പറഞ്ഞു. പക്ഷേ, ബുദ്ധിമതിയായ സരളച്ചേച്ചി അതു കേട്ടില്ല. കല്യാണം കഴിയുന്നതുവരെ രാധിക പലതരം കോഴ്‌സുകൾക്കു ചേരുകയും നിർത്തുകയും ചെയ്യും. ഐഷ പറയുന്നത് അവൾ അതിനുവേണ്ടിയാണ് ജനിച്ചതെന്നാണ്. ഐഷയെ സംബന്ധിച്ച് എല്ലാവരും എന്തിനെങ്കിലും വേണ്ടിയാണ് ജനിച്ചിട്ടുള്ളത്'.

നിമ്മിയുടെ കഥ ഒന്നു വേറെതന്നെയാണ്.

'രാധിക മദ്യപിക്കുകയോ പുകവലിക്കുകയോ ഒന്നുമില്ലാത്തതുകൊണ്ട് നേരത്തേ പോയി കിടന്നു. മദ്യപിക്കുന്നതും പുകവലിക്കുന്നതും നിമ്മിയെപ്പോലെ മൊത്തോം പുറത്തു കാട്ടി ഡ്രസ്സ് ചെയ്യുന്നതുമൊക്കെ രാധികയെ സംബന്ധിച്ച് അക്ഷന്തവ്യമായ കുറ്റങ്ങളായിരുന്നു. കന്യകാത്വം, കന്യാചർമം തുടങ്ങിയ ഏർപ്പാടുകളെപ്രതി രാധികയ്ക്ക് വല്ലാത്ത വേവലാതിയുണ്ട്. കന്യാചർമം പൊട്ടുമോ എന്നു പേടിച്ച് രാധിക നടക്കുന്നതുപോലും പതുക്കെയാണ് എന്നാണ് ഐഷ പറയുന്നത്. അത് ഐഷ ഇത്തിരി കൂട്ടിപ്പറയുന്നതാണെന്ന് മരിയയ്ക്കറിയാം. മരിയയ്ക്കും ഐഷയ്ക്കും നിമ്മിക്കും ഒരുകാലത്തും അങ്ങനത്തെ പേടികളുണ്ടായിരുന്നില്ല. ഐഷയെ സംബന്ധിച്ചാണെങ്കിൽ പൊട്ടാനുള്ളതൊക്കെ പൊട്ടും എന്ന നിലപാടാണ്. നിമ്മി കരുതുന്നത് താൻ ജനിച്ചതുതന്നെ പൊട്ടിയ കന്യാചർമത്തോടെയായിരിക്കണം എന്നാണ്. പിന്നെ മരിയ! അങ്ങനൊരു സാധനം ഉണ്ടോ ഇല്ലയോ എന്നുപോലും മരിയയ്ക്കറിയില്ല.

നിമ്മി ചരസ് വലിച്ചുകേറ്റിക്കൊണ്ടിരുന്നു. നിമ്മിക്ക് ചരസ് കൊടുക്കുന്നത് വിനായകനാണ്. അവൻ ഹിമാലയത്തിൽനിന്നും കൊണ്ടുവരുന്ന ഒന്നാന്തരം ചരസ്. അവർ തമ്മിൽ എങ്ങനെയാണ് അങ്ങനെയൊരു ബന്ധമുണ്ടായതെന്ന് മരിയയ്ക്കറിയില്ല. കാരണം, മരിയയുടെ അറിവിൽ മരിയയുടെ കൂട്ടുകാരൻ എന്ന രീതിയിലുള്ള പരിചയമേ നിമ്മിയും വിനായകനും തമ്മിലുള്ളൂ. നിമ്മിയുടെ സെക്ഷ്വാലിറ്റി റിസർച്ചിൽ വിനായകൻ പാർട്ണറാണോ എന്നൊരു സംശയം ആദ്യം മരിയയ്ക്കു തോന്നിയിരുന്നു. പിന്നെ മെനക്കേടു കാരണം വിനായകൻ അതിനു മെനക്കെടാൻ തരമില്ല എന്നു തോന്നി. അക്കാര്യത്തിൽ മരിയയ്ക്കു വിനായകനോട് യോജിപ്പാണ്. കാരണം, ഈ പരിപാടി, സെക്‌സ് എന്നൊക്കെ പറഞ്ഞാ അതു നടക്കാത്ത ആൾക്കാർക്കേ വലിയ കാര്യമുള്ളൂ. മരിയയ്ക്കറിയുന്ന ആണുങ്ങളും പെണ്ണുങ്ങളുമായ എല്ലാവർക്കും ഇക്കാര്യത്തിൽ സമ്പൂർണ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടുതന്നെ അവരാരും അതൊരു വലിയ കാര്യമായി കരുതുന്നില്ല. സെക്‌സിന് സ്വാതന്ത്ര്യമുള്ള എല്ലായിടത്തെയും കാര്യം ഇങ്ങനെത്തന്നെയായിരിക്കും. അമേരിക്കയിൽ ഒരു സർവേ നടത്തിയപ്പോ ഭൂരിപക്ഷം ആണുങ്ങളും പറഞ്ഞത് ഒരു പരിപാടിയെക്കാൾ അവർക്കു താത്പര്യം നല്ലൊരു കാപ്പിയാണെന്നാണ്!

അടിച്ചു കോൺതെറ്റിക്കഴിഞ്ഞപ്പോ നിമ്മി അപ്പുറത്തെ വീട്ടിലെ മകരന്ദൻ ചേട്ടന്റെ മകനും സെക്ഷ്വാലിറ്റി റിസർച്ചിലെ വളരെ ആക്റ്റീവായ ഒരു പാർട്‌നറുമായ നിമിഷിനെ ഫോൺ ചെയ്തുവരുത്തി. നിമിഷ് പതിവുപോലെ വീടിനു സൈഡിലുള്ള മാവിലൂടെ മുകളിലത്തെ നിലയുടെ വാതില്ക്കലെത്തി. മരിയയ്ക്ക് നിമിഷിനെ ഇഷ്ടമല്ല. ഒരുമാതിരി അസുഖം ബാധിച്ചപോലെ മസിലുപെരുത്ത അവന്റെ ശരീരവും ഞാനൊരു സുന്ദരനല്ലേ എന്ന മുഖഭാവവും പിന്നെയൊരുമാതിരി മെനകെട്ട പേരും! മകരന്ദൻചേട്ടൻ രാത്രിയിൽ അവരെ കാണിക്കാനായി തുണിയില്ലാതെ മുറിയിലൂടെ നടക്കും. മകൻ അപ്പോൾ അവരുടെ വീട്ടിൽ ഉണ്ടാകുമെന്ന് അങ്ങേർ സ്വപ്നത്തിൽപ്പോലും കരുതുന്നുണ്ടാവില്ല! ഒരു ദിവസം സരളച്ചേച്ചിയോടു പറഞ്ഞ് മകരന്ദന്റെ നടപ്പു നിർത്തണമെന്ന് ഐഷ കലിമൂത്തു പറഞ്ഞു. പക്ഷേ, നിമ്മി ഭയങ്കരമായി എതിർത്തു. കാരണം, അയാളങ്ങനെ തുണിയില്ലാതെ നോക്കിനിക്കുന്നത് അവൾക്ക് 'better orgasms' കിട്ടാൻ സഹായിക്കുമത്രേ! അതോടെ ഐഷ ആ ഐഡിയ ഉപേക്ഷിച്ചു. ഇത്തരം കാര്യങ്ങളിലൊക്കെ വളരെ സപ്പോർട്ടീവാണ് ഐഷ.

ഐഷ ലെസ്‌ബിയനാണെന്നാണ് മരിയ ആദ്യം കരുതിയത്. പക്ഷേ, അല്ല. എന്നാപ്പിന്നെ ആയിക്കൂടെ എന്നു മരിയ ചോദിച്ചു. പക്ഷേ, പറ്റില്ലാത്രേ. ഐഷയ്ക്ക് സ്ത്രീകളുമായി മാനസികമായ അടുപ്പമേയുള്ളൂ, ശാരീരികമായ അടുപ്പം തോന്നുന്നില്ലാന്ന്. മരിയയ്ക്കു തോന്നുന്നത് തിരിച്ചാണ്. പെണ്ണുങ്ങളുമായി ശാരീരികമായ അടുപ്പമുണ്ടാക്കാനാണു കൂടുതൽ എളുപ്പം. 'ച്ചിരി മാമ്മം കുടിക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്?'

സെക്ഷ്വാലിറ്റി റിസർച്ചും കഴിഞ്ഞ് നിമിഷ് മാവുവഴിതന്നെ ഇറങ്ങിപ്പോയി. പിന്നാലെ നിമ്മി ഇറങ്ങിവന്നു പറഞ്ഞു,

'I am going to have a baby with him'

ഐഷയുടെ വായ അറിയാതെ തുറന്നുപോയി. കുറച്ചു കഴിഞ്ഞപ്പോ ഐഷ പറഞ്ഞു,

'പക്ഷേ, അവന് ഇരുപതോ ഇരുപത്തൊന്നോ വയസ്സല്ലേ ഉള്ളൂ? And you are nearing forty?'

'Yes, he is in his prime years. And damn healthy too. അതാ ഞാനവനെത്തന്നെ ചൂസ് ചെയ്തത്. അപ്പോ കുട്ടീം നല്ല ഹെൽത്തിയായിരിക്കും'.

'നിങ്ങൾ ഒന്നിച്ചു ജീവിക്കാൻ പോകുകയാണോ?' ഐഷ വീണ്ടും ചോദിച്ചു.

'Ofcourse, we will be living like husband and wife'.

'പക്ഷേങ്കീ, മകരന്ദൻചേട്ടനെ നിമ്മീടെ അമ്മായിയച്ഛനായി എനിക്കാലോചിക്കാനേ വയ്യ!' അതായിരുന്നു മരിയ ആകെ പറഞ്ഞത്.

എന്തായാലും രണ്ടുദിവസത്തിനകം നിമിഷിനെ കാണാതായി. നിമ്മി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഭാവിവരനെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല. 'നിമിഷ് ഡാർലിങ്' എന്നു വിളിച്ച് നിമ്മി തേരാപാര നടന്നു. തന്റെ ഭാര്യയെക്കാൾ രണ്ടോ മൂന്നോ വയസ്സിനിളപ്പം മാത്രമുള്ള നിമ്മി മരുമകളായി വരുന്നതു തടയാനായി മകരന്ദൻചേട്ടൻ നിമിഷിനെ ആദ്യം ബോംബെയിലെ അളിയന്റെയടുത്തേക്കും അവിടെനിന്നും ഗൾഫിലേക്കും പാക്കു ചെയ്തിരുന്നു. 'നീമിഷ് ഉന്റോ മാകരന്റൻ ചേറ്റാ' എന്നു ചോദിച്ച് ഗെയ്റ്റിലെത്തിയ നിമ്മിയോട് 'ഇത്തിരീല്ലാത്ത കൊച്ചുപിള്ളേരെ പെഴപ്പിക്കുന്നോടീ കഴുവേറീടെ മോളേ' എന്നു മകരന്ദൻചേട്ടൻ മറുപടി പറഞ്ഞെങ്കിലും നിമ്മിക്കതു മനസ്സിലായില്ല. പൊതുവേ മറ്റുള്ളവർ പറയുന്നതൊന്നും നിമ്മി കേൾക്കാറില്ല, മലയാളമാണെങ്കിൽ പ്രത്യേകിച്ചും. രണ്ടാഴ്ചയ്ക്കകം നിമ്മി മറ്റൊരു മസിലുപെരുപ്പനെ കണ്ടെത്തുകയും അവന്റെയൊപ്പം കുട്ടിയെയുണ്ടാക്കാൻ തീരുമാനിക്കുകയും ചെയ്തു'.

ഭ്രാന്താശുപത്രിയിൽ വച്ചാണ് മരിയ തന്റെ ജീവിതമെഴുതുന്നത്. ഓർമയിൽ നിന്നു മാത്രമല്ല പ്രജ്ഞയിൽനിന്നുതന്നെയും യുക്തിയുടെ ബാധ്യതകളെല്ലാം കുടഞ്ഞുകളഞ്ഞ ഉന്മാദത്തിന്റെ ഭാവാവിഷ്‌ക്കാരമായി മാറി അത്. മരിയയും ഗീവർഗീസുമാണ് നോവലിലെ കഥപറച്ചിലുകാർ. മറ്റാരെയും മരിയ അതിനനുവദിച്ചില്ല എന്നുതന്നെ കരുതണം! മറ്റുള്ളവർക്ക് നോർമലായി അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളിലും സംഭവങ്ങളിലും അനുഭവങ്ങളിലും കൂടി സ്വന്തം ജീവിതം മാത്രമല്ല മറ്റുള്ളവരുടെ ലോകങ്ങളും അവർ വ്യാഖ്യാനിച്ചു. അതുവഴി sanity¡in insanity ക്കുമിടയിലെ നേർത്ത ഭിത്തിയിൽ വീഴുന്ന വിള്ളലുകളാണ് ജീവിതത്തിന്റെയും സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെതന്നെയും യാഥാർഥ്യങ്ങൾ എന്നു സ്ഥാപിച്ചെടുക്കുകയാണ് സന്ധ്യാമേരി.

ആരാണ് വിഭ്രമത്തിന്റെ തിരത്തള്ളലിൽ എന്നെങ്കിലുമൊക്കെ പെട്ടുഴലാത്തത്? ചിറമ്മേൽ കത്തനാൽ, മാത്തിരിവല്യമ്മച്ചി, അന്നവല്യമ്മച്ചി, ഗീവർഗീസ്, നീന, ഹരി, നിമ്മി, ഐഷ, രാധിക, മരിയ... താന്താങ്ങളുടെ ഭ്രാന്തുകളിൽ ജീവിതം വേറിട്ടനുഭവിക്കുന്നവരാണ് ഓരോരുത്തരും. വല്യമ്മച്ചി വളർത്തിയ തത്തയും ചാണ്ടിപ്പട്ടിയും പോലും വ്യത്യസ്തരല്ല. മനസിനെ മാത്രമല്ല ഉടലിനെ യും എവിടെയെങ്കിലും കെട്ടിയിടാത്തവരാണ് ഉന്മാദികൾ. പക്ഷെ മറ്റുള്ളവർ വിചാരിക്കുന്നത്, അദൃശ്യമായ ചങ്ങലകളിൽ ബന്ധിക്കപ്പെട്ടു കിടക്കുന്ന തങ്ങളാണ് നോർമൽ എന്നാണ്. ചങ്ങലപൊട്ടിച്ചവരെ ഭ്രാന്തരാക്കി മുദ്രകുത്തി സ്വയം ചങ്ങലയിൽ തളയ്ക്കുകയാണ് സമൂഹത്തിന്റെ ഭദ്രവും സുരക്ഷിതവുമായ സമ്പ്രദായം.

ഉന്മാദത്തിന്റെ ഉർവ്വരതയെ ചിന്താപരമായി വിശദീകരിക്കുകയും സ്ത്രീയുടെ ഉണ്മയെ അവളുടെ ജീവിതേച്ഛകളുടെ ആഘോഷങ്ങളായി വിപുലീകരിക്കുകയും ചെയ്യുന്ന, നോവലെന്ന നിലയിൽ 'മരിയ വെറും മരിയ' മലയാളഭാവനയിൽ വേറിട്ടൊരു വഴിവെട്ടിത്തുറക്കുന്നത് അങ്ങനെയാണ്.

നോവലിൽ നിന്ന്:-

' 'അവനോന്റെ കുടുമ്മചരിത്രോം കാർന്നോമ്മാരേം അറിയാണ്ട് ജീവിച്ചിട്ടെന്താ കാര്യം? ചിറമ്മേൽ കത്തനാരെപ്പറ്റി നിന്റെ മമ്മയോ ആന്റിമാരോ ചാച്ചന്മാരോ കേട്ടിട്ടൊണ്ടോ?'

'അതാരാ അപ്പച്ചാ?' കുഞ്ഞുമരിയ ചോദിച്ചു.'എട്ടൊമ്പതു തലമുറമുൻപ് ജീവിച്ചിരുന്ന മ്മക്കടെ ഒരു വല്യപ്പച്ചനായിരുന്നു. കടമറ്റത്തു കത്താനാരെ മാജിക് പഠിപ്പിച്ചത് ചിറമ്മേൽ കത്തനാരായിരുന്നു. കടമറ്റത്തു കത്തനാരെക്കാൾ മിടുക്കനായിരുന്നൂങ്കിലും മ്മക്കടെ കാർന്നോര് പ്രശസ്തനായില്ല. ഒരിക്കെ കുർബാനയ്‌ക്കെടേല് ഒരു പടം കാണിച്ചിട്ട് ചിറമ്മേൽ കത്തനാർ ചോദിച്ചു'.

'ഇതാരാണെന്നും മനസ്സിലായോ?'

'കർത്താവായ ഈശോമിശിഹ', വിശ്വാസികളെല്ലാം മറുപടി പറഞ്ഞു.

ചിറമ്മേൽ കത്തനാര് പടം മൂന്നാലു പ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും വീശീട്ട് വീണ്ടും വിശ്വാസികളുടെ നേരേ കാണിച്ചു.

'അപ്പോ ഇതാരാ?'

ഒട്ടുമിക്ക വിശ്വാസികളും അന്തംവിട്ടു കുന്തം വിഴുങ്ങിയപൊലീരുന്നു. മൂന്നാലുപേരു മാത്രം പിറുപിറുത്തു, 'സാത്താൻ'.

'അപ്പോപ്പിന്നെ ആരാരാന്നൊക്കെ നമുക്കു പറയാമ്പറ്റുവോ?' എന്നു പറഞ്ഞ് കത്തനാർ കുർബാന തുടർന്നു.

ഒരിക്കെ കടമറ്റത്തു കത്തനാരും ചിറമ്മേൽ കത്തനാരും കൂടെ ചുറ്റിക്കറങ്ങുകയായിരുന്നു. കൊറെക്കഴിഞ്ഞപ്പോ രണ്ടുപേർക്കും വെശക്കാൻ തുടങ്ങി. എന്തെങ്കിലും കിട്ടുമെന്നു പ്രതീക്ഷിച്ച് രണ്ടുപേരും അടുത്തു കണ്ട ഒരു കുടിലിലേക്ക് കയറിച്ചെന്ന്, വീട്ടമ്മയോട് കുറച്ചു ചോറു ചോദിച്ചു. എന്നാൽ വല്ലാത്ത ദാരിദ്ര്യത്തിലായിരുന്ന വീട്ടുകാരി ഒരുമണി അരിയില്ലാത്തതിനാൽ കഴിഞ്ഞ മൂന്നു ദിവസമായി അവിടെ ഒന്നും ഉണ്ടാക്കിയിട്ടില്ല എന്നു വലിയ വിഷമത്തോടെ പറഞ്ഞു. 'അരിയുടെ ഒരു കഷണമെങ്കിലും ഉണ്ടോ?' കടമറ്റത്തു കത്തനാർ ചോദിച്ചു. വീട്ടമ്മ ഇല്ലെന്നു പറഞ്ഞെങ്കിലും തപ്പിനോക്കാൻ കത്തനാർ നിർബന്ധിച്ചു പറഞ്ഞയച്ചു. നല്ല ദേഷ്യം വന്ന വീട്ടുകാരി പട്ടിണിയാണെങ്കിൽപ്പോലും സ്വൈര്യം തരില്ലെന്നും പറഞ്ഞ് അകത്തേക്കു പോയി. ഏറെത്തപ്പിയശേഷം അവരൊടുവിൽ മുറത്തിൽ പറ്റിപ്പിടിച്ചിരുന്ന ഒരു കഷണം അരിയുമായി വന്നു. കത്തനാരുടെ കൈയിൽ അരിക്കഷണം വെച്ചുകൊടുത്തിട്ട് അവർ പറഞ്ഞു, 'ന്നാ, കൊണ്ടുപോയി പുഴുങ്ങിത്തിന്ന്'. ചീത്തകേട്ടതിന്റെ ചമ്മൽ മറച്ചുവെക്കാനായി കത്തനാർ ജാഡയ്ക്കു പറഞ്ഞു, 'ഇതു ധാരാളം' എന്നിട്ടു കത്തനാർ വീട്ടുകാരിയോട് കലത്തിൽ വെള്ളം ചൂടാക്കാൻ പറഞ്ഞു. കടമറ്റത്തു കത്തനാർക്കു വട്ടാണെന്ന് അവർ കരുതി. എന്നാൽ ഒന്നും മിണ്ടാതിരുന്ന ചിറമ്മേൽ കത്തനാർക്കു വട്ടാണെന്ന് അവർ കരുതിയതേയില്ല.

'വെശന്നു പണ്ടാരടങ്ങിയിരിക്കുമ്പഴാ അങ്ങേരടെയൊരു തമാശ. ദേ, കത്തനാരാന്നൊന്നും ഞാൻ നോക്കുകേല. പറഞ്ഞേക്കാം' എന്നും പറഞ്ഞ് വീട്ടുകാരി ഒരു മൂലയ്ക്കു പോയി കുത്തിയിരുന്നു. ഒടുവിൽ കത്തനാർ തന്നെ വെള്ളം തിളപ്പിച്ച് അരിക്കഷണം ഇട്ടു, കലം അടച്ചുവെച്ചു. കുറച്ചുനേരം കഴിഞ്ഞ് പാത്രത്തിന്റെ അടപ്പു തുറന്നു നോക്കിയപ്പോഴുണ്ട് പാത്രം നിറയെ ചോറ്! അതും നല്ലൊന്നാന്തരം സൂപ്പർ ചോറ്! വീട്ടുകാരത്തി കണ്ണുതള്ളിയിരുന്നു. എങ്കിലും ഭീകരവെശപ്പായിരുന്നകൊണ്ട് അധികസമയം കണ്ണുതള്ളിയിരിക്കാതെ ഓടിച്ചെന്ന് കത്തനാർമാരോടൊപ്പം ചോറു വാരിത്തിന്നാൻ തുടങ്ങി. വെശപ്പൊന്നടങ്ങിയപ്പോ പുള്ളിക്കാരത്തി അകത്തുപോയി ഒരു ഒണക്കമീന്റെ മുള്ളെടുത്തോണ്ടു വന്ന് കടമറ്റത്തു കത്തനാർക്കു കൊടുത്തു. എന്നിട്ടു പറഞ്ഞു, 'ച്ചിരി ഒണക്കമീൻകൂട്ടാൻകോടെ കിട്ടിയാ തരക്കേടില്ലാർന്നു'.

കടമറ്റത്തു കത്തനാർ ടെൻഷനായി. കാരണം, ഉണക്കമീൻ കൂട്ടാൻ ഉണ്ടാക്കുന്ന മാജിക് ചിറമ്മേൽ കത്തനാർ പഠിപ്പിച്ചിട്ടില്ലായിരുന്നു. കടമറ്റത്തു കത്തനാർ വിഷമത്തോടെ ഗുരുവിനെ നോക്കി. സമയോചിതമായി ഇടപെട്ട് ചിറമ്മേൽ കത്തനാർ ഉണക്കമീൻകൂട്ടാൻ ഉണ്ടാക്കിക്കൊടുത്തു. മീൻകൂട്ടാൻ കൂട്ടി മൂന്നുപേരും വീണ്ടും ചോറുണ്ടു. പോരാൻനേരം അതുവരെ ഒരക്ഷരം ഉരിയാടാതിരുന്ന ചിറമ്മേൽ കത്തനാർ വീട്ടുകാരിയോടു പറഞ്ഞു, 'ഇത്തരം അദ്ഭുതം നാളേം പ്രതീക്ഷിക്കരുത്.' ഞങ്ങൾക്കു വിശക്കുമ്പോ മാത്രമേ ഞങ്ങൾ ഇത്തരം വിദ്യകൾ കാട്ടാറുള്ളൂ. തിരിച്ചുനടക്കുമ്പോ കടമറ്റത്തു കത്തനാർ പറഞ്ഞു, 'അവരെ വെറുതെ വിഷമിപ്പിക്കണ്ടീരുന്നില്ല'.

'ആവശ്യമില്ലാത്ത പ്രതീക്ഷകൾ ഉണ്ടാവാതിരിക്കാൻ ഞാനവർക്ക് മുന്നറിയിപ്പ് കൊടുത്തതാണ്', ചിറമ്മേൽ കത്തനാർ മറുപടി പറഞ്ഞു.

'അങ്ങനെ ചിറമ്മേൽ കത്തനാരെപ്പറ്റി ഒത്തിരി കഥകളുണ്ട്. പക്ഷേ ആർക്കും ഇതൊന്നും അറിയാമ്മേല'.

തോട്ടത്തിൽക്കൂടി ചുമ്മാ നടക്കുകയായിരുന്നു കുഞ്ഞുമരിയയും ഗീവർഗീസും. കുരുമുളകുവള്ളികളിൽനിന്നും കുരുമുളകു പറിക്കുകയായിരുന്ന അയ്യപ്പൻ അവരെ നോക്കി ചിരിച്ചു. അധികം സംസാരിക്കുന്ന കൂട്ടത്തിലായിരുന്നില്ല അയ്യപ്പൻ. അടിയന്തരാവസ്ഥയ്ക്കുമുൻപ് അയ്യപ്പൻ ധാരാളം സംസാരിച്ചിരുന്നുവെന്ന് ഗീവർഗീസ് മരിയയോടു പറഞ്ഞു. 'വായടക്കൂ, പണിയെടുക്കൂ' മുദ്രാവാക്യം നിലവിൽ വന്നതിനുശേഷമാണ് അയ്യപ്പൻ ഇങ്ങനെയായത്. ആവശ്യമില്ലാതെ സംസാരിച്ചാൽ പൊലീസുപിടിക്കുമെന്ന് അയ്യപ്പൻ ഭയന്നു. ഈ 'പണി' എന്നതു കൃത്യമായി നിർവചിക്കാൻ കഴിയാതെവന്നതുകൊണ്ട് അയ്യപ്പൻ വീട്ടിൽപ്പോലും സംസാരിക്കുന്നതു നിർത്തി. അതായത്, സ്വന്തം വീടിനൊരു വേലി കെട്ടിയാൽ അതു പണിയാണോ അല്ലയോ? കൂലികിട്ടുന്ന കാര്യങ്ങൾ മാത്രമാണോ പണി? ഇത്തരം ആശയക്കുഴപ്പങ്ങളെല്ലാം ചേർന്ന് അയ്യപ്പനെ ഒരു 'മൂകനയ്യപ്പനാ'ക്കി മാറ്റി.

കുഞ്ചെറിയയുടെ പണപ്പെട്ടിയിൽ കാശു കുമിഞ്ഞുകൂടുന്നതിൽ വലിയ താത്പര്യമില്ലാതിരുന്ന ഗീവർഗീസ് അയ്യപ്പനോടു പറഞ്ഞു,

'അയ്യപ്പാ, പതുക്കെ ക്ഷീണമൊക്കെ മാറ്റി ജോലി ചെയ്താ മതി. ഇവിടെ അടിയന്തരാവസ്ഥയൊന്നുമില്ലല്ലോ'.

അടിയന്തരാവസ്ഥ എന്ന വാക്ക് ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുക എന്നത് ഗീവർഗീസിന്റെ ഒരു ശീലമായി മാറിയിരുന്നു. അയ്യപ്പനാണെങ്കിൽ ഗീവർഗീസ് പറഞ്ഞത് ശ്രദ്ധിക്കുന്നുപോലുമുണ്ടായിരുന്നില്ല. 'എപ്പഴാ പൊലീസ് വരുന്നതെന്നു പറയാൻ പറ്റില്ലല്ലോ!'

'അപ്പച്ചാ, തെങ്ങേലെന്തിനാ കുരുമുളകു കേറ്റുന്നേ?'

'ഒരു തെങ്ങ് ഒറ്റയ്ക്കു നൂറു രൂപ തരുമെന്നുവെക്കുക. കുരുമുളകുള്ള തെങ്ങ് അഞ്ഞൂറുരൂപ തരും. അതാ അതിന്റെ സാമ്പത്തികശാസ്ത്രം'.

ഇതിനിടയിൽ കാമവിവശയായ ഒരു പെൺപട്ടിയുമായി ചാണ്ടി എവിടെനിന്നോ ഓടിയെത്തി.

'അപ്പച്ചാ, നോക്ക്, ചാണ്ടി ആ പട്ടീടെ പൊറത്തു കേറി അതിനെ കൊല്ലാൻ നോക്കുവാ. ചാണ്ടീ.... ചാണ്ടീ...'

ഗീവർഗീസ് കൈയിൽ കിട്ടിയ കല്ലെടുത്ത് പട്ടികളുടെ നേരേ എറിഞ്ഞു. തെരുവുപട്ടികളുടെ സ്വാഭാവിക റിഫ്‌ളക്‌സ് കാരണം അപകടം മണത്തതും പെൺപട്ടി ഓടിരക്ഷപ്പെട്ടു. ഏറുകൊണ്ടത് ചാണ്ടിക്കാണ്.

'കൊച്ചിന്റെ മുന്നേവച്ചാണോടാ വൃത്തികേടു കാണിക്കുന്നേ? പട്ടിക്കഴുവേറീടെ മോനേ!'

'ഇതാ നിങ്ങള് മനുഷ്യമ്മാരടെ കുഴപ്പം' എന്ന പതിവുത്തരം പറയാനായി ചാണ്ടി തിരിഞ്ഞുനിന്നെങ്കിലും ഗീവർഗീസ് വീണ്ടും കല്ലെടുക്കുന്നതു കണ്ട് ഓടി രക്ഷപ്പെട്ടു. മൂകനയ്യപ്പൻ അറിയാതെ പറഞ്ഞുപോയി,

'പട്ടി മനുഷ്യനാന്നൊള്ളപോലെയാ നാനാരടെ വർത്തമാനം!' '.

മരിയ വെറും മരിയ
സന്ധ്യാമേരി
മാതൃഭൂമി ബുക്‌സ്
2018, 200 രൂപ 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP