Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202205Monday

മഞ്ഞിൽ, ഒരു സ്ത്രീ

മഞ്ഞിൽ, ഒരു സ്ത്രീ

ഷാജി ജേക്കബ്‌

'Cancer is not one disease, but many diseases' 

ർബുദം ഒരു രോഗമല്ല, അവസ്ഥയാണ്. സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള കാൻസറിനെ 'സകലവ്യാധികളുടെയും ചക്രവർത്തി' (Emperor of all Maladies) എന്നാണ് സിദ്ധാർഥ മുഖർജി വിളിച്ചതെങ്കിലും 'ഇരുപതാം നൂറ്റാണ്ടിന്റെ രോഗം' എന്നാണ് ഇതറിയപ്പെടുന്നത്. വസൂരി, പ്ലേഗ്, കോളറ തുടങ്ങിയ പകർച്ചവ്യാധികൾക്കും പത്തൊൻപതാം നൂറ്റാണ്ടിന്റെ മഹാരോഗം എന്നറിയപ്പെട്ട ക്ഷയത്തിനും ശേഷം മനുഷ്യചരിത്രത്തിലും ജീവിതത്തിലുമെന്നപോലെ തന്നെ സാഹിത്യത്തിലും സിനിമയിലുമൊക്കെ കാൻസറിനോളം പ്രാതിനിധ്യം കൈവന്ന മറ്റൊരു വ്യാധിയില്ല. (1980കളിൽ എയ്ഡ്‌സും 2020ൽ കോവിഡും കൈവരിച്ച സാമൂഹിക-സാംസ്‌കാരിക ആഘാതശേഷി മറക്കുന്നില്ല.) കലാസാഹിത്യപാഠങ്ങളിൽ ഏറ്റവും കൂടുതൽ ആഖ്യാനം ചെയ്യപ്പെട്ട കാൻസർ വകഭേദം രക്താർബുദമായിരുന്നു. സമീപകാലത്താണ് സ്തനാർബുദം അനുഭവസാഹിത്യത്തിലും ഭാവനാത്മകസാഹിത്യത്തിലും ഒരുപോലെ പ്രചാരം നേടുന്നത്. ഒരുപക്ഷെ ഭാവനയെക്കാൾ യാഥാർഥ്യത്തിൽ അതിന് കൂടുതൽ ഭാവമൂല്യം കൈവരികയും ചെയ്തു. 'Illness as Metaphor' എന്ന വിഖ്യാത സാഹിത്യപഠനത്തിൽ (1978) രോഗവും സാഹിത്യഭാവനയും തമ്മിലുള്ള ബന്ധം അപഗ്രഥിക്കുന്ന സൂസൻ സൊണ്ടാഗ് ക്ഷയവും കാൻസറുമാണ് മുഖ്യമായും പരിഗണിക്കുന്നത്.

          മലയാളത്തിലും അടുത്ത കാലത്തായി സ്തനാർബുദം ഉൾപ്പെടെയുള്ള കാൻസർ രോഗങ്ങളുടെ അതിജീവനം ഒരനുഭവസാഹിത്യഗണമായി നിലവിൽ വന്നു കഴിഞ്ഞു. സാഹിത്യത്തിൽ അഥവാ ഭാവനയിൽ അത് അത്രമേൽ പ്രകടമല്ല എന്നതാണ് വസ്തുത. സാന്ദർഭികമായ ചില സൂചനകളൊഴിച്ചുനിർത്തിയാൽ അർബുദത്തെക്കുറിച്ചുള്ള അനുഭവസാഹിത്യത്തിന്റെ ഭാവശേഷി കൈവരിക്കാൻ മലയാളത്തിലെ ഒരു രോഗ-സാഹിത്യഭാവനക്കും ഇന്നോളം കഴിഞ്ഞിട്ടില്ല. ഇവിടെയാണ് കനേഡിയൻ മലയാളിയായ നിർമ്മല എഴുതിയ 'മഞ്ഞിൽ ഒരുവൾ' എന്ന നോവൽ ശ്രദ്ധേയമാകുന്നത്. ശരീരത്തെയും ആത്മാവിനെയും ഒരുപോലെ കാർന്നുതിന്നുന്ന ഒരവസ്ഥയായി സ്തനാർബുദം ഒരു സ്ത്രീയിൽ സൃഷ്ടിക്കുന്ന ഘോരവേദനകളുടെയും ഏകാന്ത ദുഃഖങ്ങളുടെയും ആഖ്യാനമെന്ന നിലയിൽ മലയാളത്തിലെഴുതപ്പെട്ട ആദ്യ നോവലാണ് 'മഞ്ഞിൽ ഒരുവൾ'. ('നിർമ്മലയുടെ ചില തീരുമാനങ്ങൾ' എന്ന ചെറുകഥയാണ് ശ്യാമപ്രസാദ് 'ഇംഗ്ലീഷ്' എന്ന സിനിമയായി അനുകല്പനം നടത്തിയത്.)

          ഒരൊറ്റ ശരീരത്തെ ബാധിക്കാവുന്ന നൂറോളം തരം കാൻസറുകളുണ്ടെങ്കിലും സ്തനാർബുദം പോലെ സ്ത്രീകളെ പലതലങ്ങളിൽ സംഭീതരാക്കുന്ന മറ്റൊരു രോഗമില്ലതന്നെ. മുല, ശരീരത്തിലെ മറ്റേതൊരു അവയവുംപോലെ ഒന്നായി മാത്രം കാണാൻ പൊതുവെ സ്ത്രീക്കു കഴിയാറില്ല. അവളുടെ സ്‌ത്രൈണതയുടെ പ്രഥമ സൂചകവും രതികാമനയുടെ ജൈവബിംബവും പ്രത്യുല്പാദനവ്യവസ്ഥയുടെ ചാലകരൂപകവും മറ്റും മറ്റുമായി മുലകൾക്കു കൈവന്നിട്ടുള്ള ജനിതകപ്രാധാന്യം തന്നെയാണതിനു മുഖ്യ കാരണം. സ്തനാർബുദഭീതിപോലെ, ശാരീരികവും മാനസികവുമായി സ്ത്രീയെ തളർത്തുന്ന മറ്റൊരു ജീവിതാവസ്ഥയില്ല എന്നുപോലും പറയാം. എന്തുകൊണ്ടാവാം ഇത്?

സ്തനാർബുദചികിത്സയിൽ സവിശേഷ വൈദഗ്ദ്ധ്യം നേടി യു.കെ.യിൽ കാൻസർ സർജനായി ദീർഘകാലമായി പ്രവർത്തിക്കുന്ന ഡോക്ടർ തോമസ് ജോസഫ് നെടുമ്പാറയുമായി ഞാൻ ഈ വിഷയം സംസാരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ നിരീക്ഷണത്തിൽ അഞ്ച്-ആറ് കാരണങ്ങളാലാണ് സ്തനാർബുദം സ്ത്രീകൾക്ക് ഇത്രയും വലിയ പേടിസ്വപ്നമായിരിക്കുന്നത്. താരതമ്യേന ചെറുപ്രായത്തിൽതന്നെ (30-40 വയസ്സിൽ) ഈ രോഗം വരാമെന്നത്, ഒരു മുലയ്ക്ക് രോഗം ബാധിച്ചാൽ മറ്റേ മുലയിലേക്കും രോഗം പടരാം എന്ന ഭയം, 60 ശതമാനം സ്തനാർബുദകേസുകളിലും മുല മുറിച്ചുനീക്കാറില്ലെങ്കിൽപോലും അതു സംഭവിച്ചാലുണ്ടാകാവുന്ന സൗന്ദര്യഭംഗത്തെക്കുറിച്ചും ലൈംഗികശേഷി/താല്പര്യനഷ്ടത്തെക്കുറിച്ചുമുള്ള ഉൽക്കണ്ഠ, ആന്റി ഹോർമോണൽ ട്രീറ്റ്‌മെന്റ് ലൈംഗികതയെ പ്രതികൂലമായി ബാധിക്കുന്നത്, സ്തനാർബുദത്തെക്കുറിച്ചുള്ള അനുഭവകഥകളുടെ ആധിക്യം എന്നിങ്ങനെ. നിശ്ചയമായും രോഗത്തിന്റെ ആവർത്തനസാധ്യതയും മരണഭയവും ചെറിയ കാരണങ്ങളല്ല. അതുകൊണ്ടാണ് രോഗമില്ലാത്ത മുല കൂടി മുറിച്ചുമാറ്റാൻ പലരും ആവശ്യപ്പെടാറുള്ളത് എന്നും ഡോക്ടർ കൂട്ടിച്ചേർക്കുന്നു.

          മേല്പറഞ്ഞ മുഴുവൻ സ്ത്രീസ്വത്വസന്ദർഭങ്ങളും അതിസൂക്ഷ്മമായി സൂചിതമാകുന്നുണ്ട് 'മഞ്ഞിൽ ഒരുവൾ' എന്ന ഈ നോവലിൽ. സ്തനാർബുദത്തിന്റെയും അതു സൃഷ്ടിക്കുന്ന രോഗപ്രതിസന്ധികളുടെയും വൈകാരിക സംഘർഷങ്ങളുടെയും ബന്ധങ്ങളിലെ ആർജ്ജവനഷ്ടങ്ങളുടെയും അസാധാരണമാംവിധം ഭാവദീപ്തിയുള്ള സാഹിതീയാഖ്യാനം എന്ന നിലയിൽ 'മഞ്ഞിൽ ഒരുവൾ' മലയാളഭാവനയിൽ മൗലികതയോടെ ഒറ്റതിരിഞ്ഞുനിൽക്കുന്ന രചനയാകുന്നത് അതുകൊണ്ടുകൂടിയാണ്. അർബുദ-ജീവിതം, ജീവിതാർബുദമായി മാറുന്ന സ്വത്വവിപര്യയമാണ് നോവലിന്റെ ധ്വനിപാഠം.

കാനഡയിൽ, ഭർത്താവ് മോഹനും മകൾ കീർത്തനക്കുമൊപ്പം ജീവിക്കുന്ന പ്രോജക്ട് എഞ്ചിനീയറായ അശ്വിനിയാണ് നോവലിലെ മുഖ്യ കഥാപാത്രം. ഒരർഥത്തിൽ, അമേരിക്കൻ കോർപ്പറേറ്റ് സംസ്‌കാരത്തിന്റെ അതിസങ്കീർണമായ യാന്ത്രികമാത്സര്യങ്ങൾക്കും പ്രൊഫഷണൽ സമ്മർദ്ദങ്ങൾക്കും കേവല സൗഹൃദങ്ങൾക്കുമിടയിൽ നഷ്ടമാകുന്ന ജൈവചോദനകൾ മഞ്ഞുറഞ്ഞു മരവിച്ചുപോയ അകംലോകങ്ങളുടെ ആവിഷ്‌ക്കാരമാണ് ഈ നോവൽ. മറ്റൊരർഥത്തിൽ ആൾക്കൂട്ടത്തിൽ മാത്രമല്ല കുടുംബത്തിലും ദാമ്പത്യത്തിലും ഗുരുതരമായ രോഗാവസ്ഥയിലുമൊക്കെ ഒറ്റയായിപ്പോകുന്ന ഒരു സ്ത്രീയുടെ അകംലോകങ്ങളുടെ അനാവരണവും. രണ്ടർഥങ്ങളിലും, ജഡംപോലെ തണുത്ത ജീവിതകാമനകളുടെ പിടഞ്ഞുനീറലാണ് അശ്വിനിയുടെ കഥ.

          മൂന്നോ നാലോ മാസങ്ങളുടെ കാലം. ജീവിതം തലകീഴ് മറിക്കുന്ന അനുഭവങ്ങളിലൂടെ കൊടുങ്കാറ്റുകൾക്കും മഞ്ഞുവീഴ്ചകൾക്കുമിടയിൽ അകപ്പെട്ടുപോകുന്നു, അശ്വനി. കമ്പനിയിലെ തിരക്കിട്ട ജോലികൾക്കിടയിൽ കൂട്ടുകാരികൾക്കൊപ്പം ഷോപ്പിംഗിനും ഫുഡ്‌കോർട്ടിലെ കോഫിടേബിൾ ചങ്ങാത്തത്തിനുമിറങ്ങിയ അവൾക്ക്, കൂട്ടച്ചിരികൾക്കിടയിൽ കൈതട്ടി മാറിൽ വീണ ചായ തുടയ്ക്കുന്നതിനിടെ തന്റെ വലത്തെ മുലയിൽ അരിമണിയോളം വലുപ്പമുള്ള ഒരു മുഴ തെന്നിമാറുന്നതറിയാൻ കഴിയുന്നു. 'eye of the storm' എന്ന ഒന്നാമധ്യായം, അശ്വിനിയുടെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കുന്ന ആ നിമിഷത്തിന്റെ ആഘാതത്തിൽനിന്ന് 'അവസാനത്തിന്റെ ആരംഭം' എന്ന രണ്ടാമധ്യായത്തിലേക്കു സഞ്ചരിക്കുന്നു. തുടർന്നങ്ങോട്ട്, അടഞ്ഞും തുറന്നും അവളെ ഒറ്റപ്പെടുത്തുന്ന മൂന്നു ലോകങ്ങളുടെ മഞ്ഞുകാലമായിരുന്നു. ആശുപത്രി, വീട്, കൂട്ടുകാർ. ഓഫീസിൽനിന്നു ലീവെടുത്ത് കാൻസർ പരിശോധനയുടെയും ചികിത്സയുടെയും മാസങ്ങളിലേക്ക് അശ്വിനി കടന്നുപോയി. ആത്മധൈര്യം പകർന്നും പ്രതീക്ഷ നൽകിയും കാര്യങ്ങളെ ലഘുവാക്കിയും ആശുപത്രിയും ഡോക്ടർമാരും നഴ്‌സുമാരും അവളെ സമാശ്വസിപ്പിച്ചുവെങ്കിലും വീട് അവളെ ഒറ്റപ്പെടുത്തിക്കളഞ്ഞു. മോഹൻ അവളെ അവഗണിച്ചും ഒഴിവാക്കിയും തിരക്കുകളിൽനിന്ന് തിരക്കുകളിലേക്ക് സ്വയം പറിച്ചുനട്ടു. കിടപ്പുമുറിയിൽ നിന്നുതന്നെ അയാൾ തന്നെ പിൻവലിച്ചു. ആശുപത്രിയാത്രകളിൽപോലും അയാൾ അവൾക്കു കൂട്ടുപോയില്ല. കീർത്തന പഠനത്തിന്റെ സംഘർഷങ്ങളിൽ അമ്മയോടുള്ള അടുപ്പം ക്രമേണ വെട്ടിക്കുറച്ചു. നാട്ടിൽ അമ്മയും അനിയത്തിയും മാത്രം അശ്വിനിയുടെ സങ്കടങ്ങൾ പങ്കിട്ടെടുക്കാനാഗ്രഹിച്ചു. പക്ഷെ ലോകത്തിന്റെ മറുകരയിൽ നിന്നുള്ള അവരുടെ അനുഭാവങ്ങൾക്ക് വലിയ പരിമിതികളുണ്ടല്ലോ. കൂട്ടുകാരികൾ പതിയെ അകന്നു. പതിവ് ഷോപ്പിംഗുകളിലും യാത്രകളിലും അവർ അശ്വിനിയെ മറന്നു. ഭർത്താവിന്റെ മരണത്തിൽ കുറ്റബോധംകൊണ്ടു നീറിയ വിദ്യ എന്ന കൂട്ടുകാരി മാത്രം അശ്വിനിക്കൊപ്പം നിന്നു. അടുത്തും അകന്നും സ്‌നേഹിച്ചും ദ്വേഷിച്ചും പിണങ്ങിയും പരിഭവിച്ചും ഭരിച്ചും നടിച്ചും നിന്ന കീർത്തനയുടെ ചാഞ്ചാട്ടങ്ങളെക്കാൾ അശ്വിനിയെ തളർത്തിയത് മോഹന്റെ ചാഞ്ചല്യങ്ങളേതുമില്ലാത്ത ഒഴിഞ്ഞുമാറലായിരുന്നു. പുറത്തെ മഞ്ഞ് അവളുടെ ആത്മാവിനെയും മരവിപ്പിച്ചു കളഞ്ഞു. അവരുടെ പ്രണയം അയാൾക്കു പഴങ്കഥയായി. അവളുടെ ശരീരം ഉച്ഛിഷ്ടംപോലെ അയാളെ അറപ്പിച്ചു. അശ്വിനി ആത്മനിന്ദകൊണ്ടു പൊള്ളി. കണ്ണീരുകൊണ്ടു നനഞ്ഞു. രോഗാതുരതയുടെ നാളുകളിൽ ഒറ്റക്ക്, തനിയെ, തന്റെ മുലകളും മുഴുവൻ ഉടലും പ്രണയഭരിതമായിരുന്ന മനസ്സും തനിക്കു നൽകിയ മുഴുവൻ  കാമനാനുഭൂതികളും സ്വപ്നങ്ങളിൽനിന്നു തന്നെയും തുടച്ചുനീക്കി വീടുവിട്ടിറങ്ങുകയാണ് അശ്വിനി. കാൻസർ ബാധിച്ച കോശത്തെയെന്നപോലെ അവൾ തന്നെത്തന്നെ കുടുംബത്തിൽനിന്നു മുറിച്ചു നീക്കി.

          സ്‌നേഹമില്ലാത്ത വീട് താൻ വർഷങ്ങളോളം വരച്ചുകൂട്ടിയ വെറുമൊരു പ്രോജക്ട് സ്ട്രക്ചറായി അവളെ ഉലച്ചു.

         

'മച്ചിന് ഉള്ളിലൂടെ പോകുന്ന കഴുക്കോലുകളെ അശ്വിനിക്ക് അറിയാം. വീടു പണിത തടിയുടെ ചട്ടക്കൂട്, തണുപ്പും ചൂടും അകത്തേക്കും പുറത്തേക്കും പോകാതെ അതിൽ തിരുകിയിരിക്കുന്ന ഫൈബർഗ്ലാസിന്റെ ആവരണം. തല പുറത്തു കാണാതെ തറച്ചിരിക്കുന്ന ആയിരം ആണികൾ, മേൽക്കൂരയ്ക്കു മുകളിലെ ഓട്, ഭിത്തികൾക്ക് പുറത്ത് ഭംഗിയിൽ ഒട്ടിച്ചിരിക്കുന്ന ഇഷ്ടികകൾ. വീടിനെ വീടായിട്ടല്ലാതെ ഒരു പ്രോജക്ടായിട്ടു മാത്രമേ അശ്വിനിക്ക് കാണാൻ കഴിയുന്നുള്ളൂ'.

          ആത്മാവിൽ മരണമേറ്റുവാങ്ങി. ശരീരത്തിൽ ജീവൻ നിലനിർത്തുന്ന ഒരു ജന്തുവാണ് താൻ എന്ന് സ്വയം തിരിച്ചറിയുന്നതോടെ അശ്വിനി തന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ തീരുമാനിച്ചു. അർബുദജീവിതത്തിന്റെ ആത്മസംഘർഷങ്ങളിൽ ഒരു സ്ത്രീ ഒറ്റപ്പെട്ടുപോകുന്നതിന്റെ രക്തസാക്ഷ്യം അസാധാരണമായ കയ്യടക്കത്തോടെ ആവിഷ്‌ക്കരിക്കുകയാണ് നിർമ്മല.

          നാലുഭാവലോകങ്ങളിലേക്കു പടർന്നുപോകുന്ന ആഖ്യാനത്തിന്റെ ലാവണ്യകല 'മഞ്ഞിൽ ഒരുവൾ'ക്കുണ്ട്.

          കാൻസർ സൃഷ്ടിക്കുന്ന ട്രോമയുടെ ലോകം അതീവ തീക്ഷ്ണവും നാടകീയവും ജൈവസാന്ദ്രവുമായി അവതരിപ്പിക്കുന്നുവെന്നതാണ് ഒന്നാമത്തെ കലാതന്ത്രം. മലയാളത്തിൽ മുൻപൊരു നോവലും ഇത്രയും ഭാവബദ്ധവും ജീവിതതീവ്രവുമായി സ്തനാർബുദത്തിന്റെ അതിജീവിതസംഘർഷങ്ങൾ ആവിഷ്‌ക്കരിച്ചിട്ടില്ല. രോഗം അതിന്റെ കാർന്നുതിന്നൽ തുടങ്ങുന്നതോടെ ശരീരത്തിൽനിന്ന് ആത്മാവിലേക്കു ചുരുങ്ങുന്ന ഒരു വ്യക്തി, ഉറ്റവർ വിട്ടുപോകുന്നതോടെ സമൂഹത്തിൽനിന്ന് തന്നിലേക്കുതന്നെ തലകുത്തിവീഴുന്ന ഒരു പ്രാണിയെപ്പോലെ ഏകാന്തതയിൽ മുങ്ങിത്താഴുന്നതിന്റെ കഥയാണ് ഈ നോവൽ.

          'മസൂസിന്റെ കൈകൾ അവളുടെ നാഴികക്കുപ്പി വടിവുണ്ടായിരുന്ന ശരീരത്തിലൂടെ എണ്ണയിൽ കുതിർന്നു പടർന്നു.

          'ഹാവൂ...'

          ഇടയ്ക്ക് വേദനകൊണ്ട് അശ്വിനി പിടഞ്ഞു. ലിൻഡ അവളോട് മാപ്പു പറഞ്ഞ് അലിവോടെ വേദനയെ തിരുമ്മിയുടക്കാൻ ശ്രമിച്ചു. ഉഴിച്ചിലുകാരി പാദത്തിൽ പിടിച്ച് അശ്വിനിയുടെ കാലു പുതപ്പിന് പുറത്തെടുത്തു. പിന്നെ പുതപ്പിന്റെയറ്റം അകത്തേക്ക് തിരുകിവെച്ച് കാലിനെ ശരീരത്തിൽ നിന്നും വേർപ്പെടുത്തി.

          'ഇപ്പോൾ അത് പേശികളും നാഡികളുമുള്ള ഒരു അവയവം മാത്രമാണ്. അതിന് അശ്വിനിയുടെ ശരീരവുമായി ബന്ധമില്ല'.

          ക്യാൻസു പറഞ്ഞു. ക്യാൻസു മസ്സാജ് തെറാപ്പിസ്റ്റിനൊപ്പം മുറിയിൽ കയറിയത് അശ്വിനിക്കിഷ്ടമായിരുന്നില്ല. ലിൻഡ ശരീരത്തെ അവയവങ്ങളായി വേർപെടുത്തി, അവളുടെ പേശികളെ ചപ്പാത്തിമാവ് പോലെ കുഴച്ചു പാകപ്പെടുത്തി. ശതാവരിവള്ളിയെ ഒഴിവാക്കി അപമാനത്തിൽ നിന്നും വേദനയിൽ നിന്നും വേർതിരിച്ചു നിർത്തി.

          മന്ദതയോടെ കിടക്കുമ്പോൾ അശ്വിനി ഓർത്തെടുക്കാൻ ശ്രമിച്ചു.

          'എന്നായിരിക്കും അവസാനമായി ആരെങ്കിലും ഈ ശരീരത്തിൽ തൊട്ടത്?'

          കീമോതെറാപ്പി ചെയ്യുന്ന നേഴ്‌സ് ഗ്ലൗസ് ഇടാറുണ്ടായിരുന്നു. കഴിഞ്ഞ കൺസൾട്ടേഷന് ഡോക്ടർ ജബ്ബാർ അശ്വിനിയുടെ കൈയിൽ വെറുതെ ഒന്നു പിടിച്ച് നാഡിപോലും നോക്കിയില്ല.

          കീമോ തുടങ്ങിയപ്പോൾ അതിഥിമുറിയിലേക്ക് കിടപ്പ് മാറ്റിയ മോഹൻ ജീവിതവും അവിടേക്ക് മാറ്റി. മോഹന്റെ ഷർട്ടുകളും പാന്റുകളും ടൈ റാക്കും അതിഥിമുറിയിലേക്ക് കുടിയേറി.

          'രാത്രി നന്നായി ഉറങ്ങിയില്ലെങ്കിൽ രാവിലെ ജോലിക്കു പോവാൻ ബുദ്ധിമുട്ടാവും'.

          അശ്വിനിയില്ലാത്ത ലോകമാണ് തന്റെ സ്വാസ്ഥ്യം എന്നയാൾ പ്രഖ്യാപിച്ചു.

          കാതിനരുകിൽ ശൃംഗാര ചിരി. അത് കയറിയിറങ്ങിയാൽ കഴുത്തിൽ കാമക്കടൽ. അത് നീന്തി താഴെയെത്തുമ്പോൾ ഷാമ്പെയിൻ നുരക്കുന്ന മുലകൾ. ഷാമ്പെയിനിൽ മദമിളകുമ്പോൾ അശ്വിനി മറ്റൊരുവളാകുന്നു. സുഖത്തിന്റെ വിദ്യുന്മാല പാഞ്ഞുപോയതിന്റെ ആലസ്യത്തിൽ ചിരിയോടെ മയങ്ങുന്ന അശ്വിനിയെ മോഹൻ മറന്നുപോയിരിക്കുന്നു.

         

ആർത്തിയോടെ നോക്കിയിരുന്ന മോഹന്റെ കണ്ണുകളിലിപ്പോൾ അറപ്പാണോ എന്നു അശ്വിനി സംശയിക്കാറുണ്ട്. മുടിയും മുലയും ഇല്ലെങ്കിൽ പിന്നെന്തു പെണ്ണ്? മോഹൻ മുഖം തിരിക്കുമ്പോൾ അശ്വിനിയുടെ നെഞ്ചത്തെ ശതാവരിവള്ളിയിലെ മുള്ളുകൾ ഉള്ളിലേക്ക് വലിയും. ഉള്ളിലേക്കും കത്തി കയറിയിട്ടുണ്ട്. അവിടെയും ചിലതൊക്കെ കുത്തിക്കീറി തുന്നിക്കെട്ടാതെ വിട്ടിട്ടുണ്ട്. പെണ്ണത്തം കത്തികൊണ്ടങ്ങു മുറിച്ചെടുത്ത ഡോക്ടർ അശ്വിനിയോടു സപ്പോർട്ട് ഗ്രൂപ്പിൽ പോകാനാണു നിർദ്ദേശിച്ചത്.

          'വട്ടത്തിൽ കൂടിയിരുന്ന് ഛർദ്ദിയെ താരതമ്യം ചെയ്യാം. ഛർദ്ദിക്കുന്നവർക്കേ ഛർദ്ദിയുടെ ഡീറ്റെയ്ൽസ് അറിയൂ. അപ്പുറത്തെ മുറിയിൽ കിടന്നുറങ്ങുന്നയാളിന് അതറിയാൻ കഴിയില്ല. അത് വിശദീകരിക്കാനും പറ്റില്ല'.

          ക്യാൻസു പിന്താങ്ങി.

          'അതോണ്ട് അശ്വനീ, നീ പരിചയമില്ലാത്ത കുറേപ്പേരെ സ്വന്തക്കാരാക്കൂ. നിന്റെ സങ്കടങ്ങൾ അവർക്ക് മനസ്സിലാവും. രോഗവും സങ്കടവും തീർന്നു കഴിയുമ്പോൾ മാത്രം നീ നോർമൽ ജീവിതത്തിലേക്ക് വരിക. അപ്പോൾ നിന്റെ നോർമൽ ഭർത്താവും നോർമൽ മകളും നോർമൽ കൂട്ടുകാരും നോർമൽ ജോലിയും നിന്നെ സ്വീകരിക്കും. ഇപ്പോൾ സപ്പോർട്ട് വേണമെങ്കിൽ നോർമലല്ലാത്തവരുടെ സപ്പോർട്ട് ഗ്രൂപ്പിലേക്ക് പോവുക'.

          'ന്റെ ക്യാൻസൂ, നിനക്കു ഞാൻ ആവശ്യത്തിൽ കൂടുതൽ അറ്റൻഷൻ തന്നു. ഒരു മുല തന്നെ ബലിദാനം തന്നു. ഇനി അരമണിക്കൂർ യാത്രചെയ്തു വട്ടം കൂടിയിരുന്ന് നിന്റെ വികൃതികൾ പറഞ്ഞു രസിക്കാൻ ഞാനില്ലാഡാ'.

          'കുറച്ചു സമയം അങ്ങനെ പോയാലും ബാക്കിയുള്ള സമയം മുഴുവൻ ഈ ഭിത്തിക്കകത്തു നമ്മൾ കെട്ടിമറിയല്ലേ?'

          ക്യാൻസൂ അശ്വിനിയോടു കിന്നാരം പറഞ്ഞു'.

          പക്ഷെ ഒരിക്കൽ ജീവിതം ഇങ്ങനെയായിരുന്നില്ല. കാമനയുടെ തീനാളങ്ങൾ അശ്വിനിയെയും മോഹനെയും നക്കിത്തോർത്തിയ നാളുകളുണ്ടായിരുന്നു. യാത്രയിൽ കാറിൽ വച്ചുപോലും കാമംകൊണ്ടവർ പരസ്പരം തിന്നുതീർത്ത സന്ദർഭങ്ങൾ. അവിടെനിന്നാണ് ഈ പതനം-അശ്വിനി തകർന്നുപോകാതിരിക്കുന്നതെങ്ങനെ! വായിക്കൂ:

         

'മിത്രയുടെ മകളുടെ പിറന്നാൾ ഒക്ടോബറിലാണ്. അവളുടെ അഞ്ചാം പിറന്നാളായിരുന്നു. കുട്ടികൾക്കു മാത്രമായി പീസ-ഹട്ടിൽ പാർട്ടി. അതുകഴിഞ്ഞ് മിത്രയുടെ വീട്ടിൽ നിൽക്കണം കീർത്തനയ്ക്ക്. പാർട്ടിക്കു വരുന്ന പെൺകുട്ടികളെല്ലാം after partyക്കു കൂടുന്നുണ്ട്. ആയിക്കോട്ടെ. അന്നു വൈകുന്നേരം അഞ്ചുമണിക്കാണ് ആതിരയുടെ വീടുകേറൽ. ആതിരയുടെ വീട്ടിലേക്ക് കാറോടിക്കുമ്പോൾ അശ്വിനിയുടെ ചുരിദാറിൽ തടവി മോഹൻ പറഞ്ഞു.

          Crimson red drives me crazy

          മുടിയിൽ തലോടി മോഹൻ മൂളി.

          'കല്യാണി കളവാണി ചൊല്ലമ്മിണി ചൊല്ല്

          നീലത്താമര പൂത്തിറങ്ങിയതാൺ പൂവോ'.

          അവൾ ചുവന്നുപോയി. കൈ തട്ടിമാറ്റിയ അവളുടെ കൈ പിടിച്ച് അയാൾ ചോദിച്ചു.

          'താമരയിപ്പോൾ വെള്ളത്തിലാണോ?'

          അശ്വിനിയുടെ ശ്വാസഗതി കൂടുന്നത് മോഹനറിഞ്ഞു. പ്രധാന റോഡിൽനിന്നും കാറ് വലത്തേക്ക് തിരിഞ്ഞു. കടുത്ത വർണത്തിൽ ജ്വലിക്കുന് മരങ്ങൾ ആഭാസച്ചിരിയോടെ നിരന്നു നിന്നു. നിലത്തു പരന്ന ഇലകളിൽ മദകാന്തി വിളങ്ങി. പൂത്തു മത്തു പിടിച്ച ജമന്തികളുടെ നിര കടന്ന് കാറ് ചെറുവഴിക്കു പിന്നിലെ പാറകൾക്കടുത്തേക്ക് ഒഴുകിപ്പോയി. കരിമ്പാറ പോലെ മോഹന്റെ ശരീരം കാറിന്റെ പിൻസീറ്റിൽ താമര തേടിപ്പോയി.

          അശ്വനി നാണം മറന്നു.

          പരിസരം മറന്നു.

          നിയമം മറന്നു.

          മര്യാദകൾ മറന്നു.

          സ്വയം മറന്നു.

          മറയില്ലാതെ എല്ലാം മറന്നു.

          ഭൂമിയിൽ നിന്നങ്ങുയർന്നു പോയി.

          ചുളിഞ്ഞ ചുരിദാറും പറന്ന മുടിയുമായി വൈകിയെത്തിയപ്പോൾ ആതിര ചൊടിച്ചു.

          'രണ്ടും കൂടി അടിയിട്ടിട്ടാ വരുന്നതെന്ന് തോന്നുന്നു കണ്ടിട്ട്'.

          മോഹൻ നാണമില്ലാതെ പൊട്ടിച്ചിരിച്ചു.

          'പിന്നേയ്, ഭയങ്കര ഗുസ്തിയായിരുന്നു. എന്റെ ഭാര്യയ്ക്ക് ഒരു സെൽഫ് കൺട്രോളും ഇല്ലന്നേ'.

          പഴകിപ്പൊളിഞ്ഞ ഒക്ടോബർ.

          മോഹനിപ്പോൾ ആരുടെ താമരക്കുളത്തിലാവും നീന്തുന്നതെന്നോർത്ത് അശ്വിനി ഒന്നു നിന്നു. മാംസത്തിന്റെ ഒരു അർദ്ധഗോളത്തിന് അവളുടെ ജീവിതത്തിലുള്ള സ്വാധീനം അശ്വിനിയെ അമ്പരപ്പിച്ചു. നടന്നു നടന്ന് പാർക്കിന്റെ അറ്റത്ത് എത്തിയെന്ന് അവൾ പെട്ടെന്നു തിരിച്ചറിഞ്ഞു. നിറം പൂശിയ ഇലകൾക്കു നടുവിൽ നിറംകെട്ടു അശ്വിനി നിന്നു. വെപ്പുമുലവെച്ചു, വെപ്പുമുടിവെച്ച്, കണ്ണുകൾക്ക് ചുറ്റും കറുപ്പു വരച്ച് പ്രേതം പോലെ അശ്വിനി. മുന്നറിയിപ്പില്ലാതെ വന്ന മഴയിൽ അശ്വിനിക്കു ദിക്കുതെറ്റി. കാറ്റവളെ തിരികെ വീട്ടിലെത്തിച്ചു'.

കാൻസർ ബാധിച്ച വ്യക്തിയെ, കാൻസറായികണ്ട് തള്ളിക്കളയുന്ന കുടുംബത്തെയും സമൂഹത്തെയും കുറ്റവിചാരണ ചെയ്യുന്നു, 'മഞ്ഞിൽ ഒരുവൾ'.

സ്‌ത്രൈണസ്വത്വത്തിന്റെ പിളർപ്പുകളാണ് നോവലിന്റെ രണ്ടാം ഭാവലോകം. അശ്വിനിയുടെ ജീവിതം കാൻസറിനു മുൻപും പിൻപും എന്ന് രണ്ടായി തരംതിരിയുന്നു. ആനന്ദങ്ങളിലും ആഹ്ലാദങ്ങളിലും സ്‌നേഹങ്ങളിലും സന്തോഷങ്ങളിലും സൗഹൃദങ്ങളിലും സ്വാതന്ത്ര്യങ്ങളിലും ഉത്സാഹങ്ങളിലും ഉന്മേഷങ്ങളിലും നിന്ന് അവളുടെ ജീവിതത്തെ അരിമണിയോളം പോന്ന ഒരു ചെറുമുഴ തലകീഴ് മറിക്കുന്നു. കാൻസറിനെ അശ്‌നിനിയല്ല അശ്വിനിയെ കാൻസറാണ് മുറിച്ചുമാറ്റുന്നതും കരിച്ചുകളയുന്നതും എന്നു തോന്നിക്കും വിധം അവളുടെ അസ്തിത്വം തന്നെ നെടുകെ പിളർന്ന് ജരാസന്ധപദവി കൈവരിക്കുന്നു. നുണകളും വെറുപ്പുകളും അറപ്പുകളും ഒഴിവാക്കപ്പെട്ടു. വഴിമാറിനടപ്പുകളും അവഗണനകളും കൊണ്ടു പണിഞ്ഞ കൂടാരങ്ങളാണ് ഓരോ വ്യക്തിയും എന്നവൾ തിരിച്ചറിയുന്നു. മോഹനും കീർത്തനയും കൂട്ടുകാരികളും വിട്ടകന്നതോടെ അവൾ ഫേസ് ബുക്കിൽ റാണാപ്രതാപ് സിങ് എന്ന മനുഷ്യനുമായി ചങ്ങാത്തത്തിലായി. യഥാർഥത്തിൽ അങ്ങനെയൊരാൾ അവൾക്കു സുഹൃത്തായി ഉണ്ടായിരുന്നില്ല. അവളുടെ ആത്മവും അപരവും ചേർന്ന് കണ്ടെത്തിയ ഒരഭയസ്ഥാനമായിരുന്നു അയാൾ. അവൾക്ക് സംസാരിക്കാനുള്ളത് കേൾക്കാൻ മനസ്സും സമയവുമുള്ള ഏക വ്യക്തി. വിദ്യയോട് പോലും അശ്വിനി ഒന്നും പറയുന്നില്ല, അവൾക്കു പറയാനുള്ളത് കേൾക്കുകയല്ലാതെ. ഈ നോവലിലെ ഏറ്റവും  മൗലികമായ ആഖ്യാനകല, ആദ്യന്തമുള്ള അശ്വിനിയുടെ  ആത്മഭാഷണങ്ങളും വിചാരണകളുമാണ്. വായിക്കൂ:

          'മോഹൻ വീണ്ടും തെളിവുകൾ നിരത്തിക്കൊണ്ടിരുന്നു. ഒരാൾ എവിടെയല്ലെന്ന് ഒപ്പം ജീവിക്കുന്ന സ്ത്രീക്കു കൃത്യമായി അറിയാൻ കഴിയും. വിസ്തരിച്ചാലും വിവരിച്ചാലും സാക്ഷിമൊഴി ഉണ്ടെങ്കിലും. അശ്വിനി ആ മറുപടി മോഹനനോടു പറഞ്ഞില്ല.

          ബ്ധും! കാറിന്റെ വാതിലടഞ്ഞ ശബ്ദത്തിൽ അശ്വിനി കണ്ണു ചിമ്മിയില്ല.

          ജീവിതം ചതുരംഗക്കളിയാണ് മോഹന്. അശ്വിനിക്കറിയേണ്ടത് അവളതിലെ കാലാളോ കുതിരയോ എന്നാണ്. ഒരിക്കൽ രണ്ടു ചുവടു മുന്നോട്ടനുവദിക്കപ്പെടുന്ന കാലാൾക്ക് ഒരേ ദിശയിൽ ഒറ്റച്ചുവടുകൾ മാത്രമേ പാടുള്ളൂ. കുതിരയാണെങ്കിൽ ഏങ്കോണിച്ചു ചാട്ടം മാത്രം. നേർക്കു നേരെ നോക്കാതെയുള്ള ഏങ്കോണിച്ചു ചാട്ടം അശ്വിനിക്ക് മടുപ്പാടി മാറി.

          അശ്വിനിക്ക് പ്രണയം വേണം. ഓവനിലിരിക്കുന്ന കേക്കു പോലെ. താഴെയും മുകളിലും നിന്നുള്ള ചൂടിൽ പൊങ്ങിപ്പൊങ്ങി ഇരട്ടിയായി പിന്നെയും മദിച്ചു പൊങ്ങാനോങ്ങി നടുവേ പിളർന്ന്, കൊതിപ്പിക്കുന്ന മണം പരത്തുന്ന പ്രണയം'.

          പക്ഷെ അവൾക്ക് കിട്ടിയതെന്താണ്? ജീവിതം കരുണയേതുമില്ലാതെ തകർത്തുകളഞ്ഞ അശ്വിനിയുടെ ആനന്ദമന്ദിരത്തിന്റെ കണ്ണാടിച്ചില്ലുകളിൽ ചോര, മഞ്ഞുപോലെ കട്ടപിടിച്ച് ഇറ്റുനിന്നു.

         
'ഷോപ്പിങ് മാളിന് നടുവിലുള്ള ബെഞ്ചിൽ ബാഗുചേർത്തു പിടിച്ച് അശ്വിനിയിരുന്നു. മാളിൽ ക്രിസ്തുമസ് തിളച്ചു പൊങ്ങുകയായിരുന്നു. മഞ്ഞുപിടിച്ച ബൂട്ട്‌സുകളുടെയും കോട്ടുകളുടെയും ജാഥ അവളെ ശ്രദ്ധിക്കാതെ തിരക്കിട്ടു പോയി. ബാഗുകൾ തൂക്കിപ്പിടിച്ച് വേഗത്തിൽ നടന്നുപോകുന്നവർക്കിടയിൽ പ്രത്യേകിച്ചു തിരക്കൊന്നുമില്ലാതെ ഒരുവൾ മാത്രം.

          പെട്ടെന്നാണ് അവളാ സ്ത്രീയെ കണ്ടത്. എതിർവശത്തെ കടയിലെ വലിയ കണ്ണാടിയിൽ കണ്ട രൂപത്തെ അശ്വിനി പിന്നെയും സൂക്ഷിച്ചു നോക്കി. കുഴിഞ്ഞ കണ്ണുകൾക്ക് ചുറ്റും കറുപ്പു പടർന്നിരുന്നു. വീർത്ത മുഖത്തെ പരുത്ത തൊലി പഴഞ്ചനായിരുന്നു. താടിക്കു താഴെ രണ്ടാമതൊരു താടി കൂടി ഉണ്ടായിരുന്നു. വൂളൻ തൊപ്പി ഊരിമാറ്റിയപ്പോൾ നീളം കുറഞ്ഞ മുടി പറന്നു അടക്കമില്ലാതെ മുകളിലേക്ക് പൊങ്ങി നിന്നു. ആശുപത്രിയിലെ കണ്ണാടികളേക്കാൾ തെളിച്ചവും വലിപ്പവുമുള്ള കണ്ണാടി അവളെയും ചുറ്റുമുള്ളവരേയും പൂർണമായും പ്രദർശിപ്പിച്ചു.

          തടിച്ച് വീർത്ത ഈ സ്ത്രീ ആരാണ്?

          അശ്വിനി ഭയത്തോടെ അവിടെനിന്നും എഴുന്നേറ്റു. നേരെ വരുന്ന ഓരോ ആളും കാണുന്ന രൂപത്തെയോർത്ത് അവൾ അപമാനപ്പെട്ടു. ക്രിസ്തുമസ് സമ്മാനങ്ങൾ വേണ്ടെന്നുവെച്ചു പോകാൻ മറ്റൊരിടവും ഇല്ലാത്ത ഒരു ശരീരം ഐഡി കാർഡിലെ മേൽവിലാസമെഴുതിയ കെട്ടിടത്തിലേക്ക് തിരികെപ്പോയി.

പുതുവത്സരപ്പാർട്ടിക്കും മോഹൻ ഒറ്റയ്ക്കാവും പോകുന്നത് എന്നവളറിഞ്ഞു. ഒരുപക്ഷേ അശ്വിനിയില്ലാത്തൊരു കൂട്ട് മോഹനുണ്ടായിരിക്കും. എങ്ങനെയാണെങ്കിലും മോഹന് ഇനിമേൽ അശ്വിനി കൂട്ടായി വേണ്ട. മുലയില്ലാത്ത, മുടിയില്ലാത്ത, തടിച്ച് മുഖത്ത് കറുത്ത പാടുകൾ പടർന്ന, നഖങ്ങൾ പൂത്തുപോയ സ്ത്രീക്ക് ജീവിതം വേണ്ടേ?

          തീക്ഷ്ണതയില്ലാത്ത ജീവിതം എത്ര ബോറാണ്. എത്ര നിരർത്ഥകമാണത്!'.

          'ലോകത്തിന്റെ സങ്കടങ്ങൾ മുഴുവൻ എന്നിലേക്കുവരുന്നുവെന്നും ലോകത്തിന്റെ സന്തോഷങ്ങൾ മുഴുവൻ എന്നെ അസൂയപ്പെടുത്തുന്നുവെന്നും' അവൾ റാണാക്കെഴുതി. അതിനുത്തരമായി അയാൾ അവൾക്കൊരു പാട്ട് പാടിക്കൊടുത്തു. അവൾ അതിൽ ഒഴുകിപ്പോയി. ചുമടായി മാറിയ ചുമടുതാങ്ങികൾപോലെ സുഹൃത്തുക്കൾ അവൾക്കു ഭാരമായി. 'നിങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവരെ ഒരിക്കലും വിശ്വസിക്കരുത്. അവരുടെ നിരന്തരമായ വഞ്ചനയിൽ നിന്നുമാണ് ആ ചോദ്യങ്ങൾ വരുന്നത്' എന്ന് മറ്റൊരിക്കൽ റാണ അശ്വിനിയോട് പറയുന്നുണ്ട്. മോഹനും കീർത്തനയും മാത്രമല്ല കൂട്ടുകാരികളും അവളെ വഞ്ചിച്ചു, അവളുടെ വിശ്വാസ്യത ചോദ്യം ചെയ്തു. വീട് അവൾക്ക് ഏകാന്തത്തടവായി മാറി. അശ്വിനി സ്വയം നെടുകെ പിളർന്ന് ഭൂമിയിലേക്ക് അന്തർധാനം ചെയ്തു.

          റാണയോട് അവൾ പറഞ്ഞു.

          'എനിക്കു വീട്ടിൽ പോകണം'.

          'അശ്വിനി വീട്ടിലല്ലേ?' റാണ ചോദിച്ചു.

          'അല്ല. രോഗം വരുമ്പോൾ, സങ്കടം വരുമ്പോൾ പോകുന്ന വീട് വേറെയാണ്. ഇത് ചിരിക്കാനും ഭോഗിക്കാനുമുള്ള വീടാണ്'.


നിർമ്മലയുടെ നോവൽ ആദ്യന്തം മഞ്ഞിന്റെ ഭാവോന്മത്തമായ അവസ്ഥാന്തരങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. അതാണ് മൂന്നാമത്തെ ആഖ്യാനതലം. മഞ്ഞുകാലത്തെ കാനഡയുടെ ദൃശ്യഭൂപടംപോലെ വെള്ളക്കച്ച പുതച്ചുകിടക്കുകയാണ് നോവലിന്റെ അന്തരീക്ഷം. മഞ്ഞ്, അശ്വിനിയുടെ മരണത്തോളം പോന്ന തണുപ്പിന്റെ മാത്രമല്ല അവൾക്കു ചുറ്റുമുള്ള മുഴുവൻ മനുഷ്യരുടെയും വൈകാരികമായ മരവിപ്പിന്റെയും ബന്ധങ്ങളുടെ ജഡതുല്യമായ നിശ്ചേതനത്വത്തിന്റെയും മൂർത്തപ്രതീകമായി മാറുന്നു. മഞ്ഞിൽ മുഖം നീട്ടുന്ന ടുലിപ്പുകൾ പോലെ ഇടയ്ക്ക് പ്രതീക്ഷയുടെയും സ്വപ്നത്തിന്റെയും ചില തീനാമ്പുകൾ അവളെ ദംശിച്ചുപോകുന്നുമുണ്ട്. കാലാവസ്ഥയും പ്രകൃതിയും അശ്വിനിയുടെ ആന്തരജീവിതത്തിന്റെ രൂപാന്തരങ്ങളാകുന്നുവെന്നു ചുരുക്കം. വായിക്കൂ:

          'അശ്വിനിയുടെ കാറ് നാനൂറ്റിരണ്ടാം ഹൈവേയിൽ നിന്നും ഇറങ്ങി വാംക്ലിഫ് റോഡിലേക്ക് തിരിയുമ്പോഴാണ് ഫോണടിച്ചത്. ഓഫീസ് ഫോണിലെ പേരുവിവരങ്ങൾ കാറിന്റെ ഡയറക്ടറിയിൽ ഇല്ലാത്തതുകൊണ്ട് അവൾക്ക് നമ്പർ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. ആരാണെന്നറിയാതെ അശ്വിനീ റാം എന്നു ഗൗരവത്തിൽ പറഞ്ഞു ഫോൺ കണക്ടുചെയ്യുമ്പോൾ അവളുടെ ശ്രദ്ധ റോഡിലെ ശീതകാലക്കുഴി ഒഴിവാക്കുന്നതിലായിരുന്നു. മരവിപ്പിക്കുന്ന തണുപ്പു കുറഞ്ഞതോടെ റോഡുകളിൽ വിള്ളലും കുഴികളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. പോട്ട്-ഹോൾസ് കാറിനെ നശിപ്പിക്കാതെ സൂക്ഷിച്ചു വേണം തണുപ്പു കുറയുന്ന സമയത്തെ ഡ്രൈവിങ്. അതുകൊണ്ട് ഇത് ഡോക്ടർ ഗാർനെറ്റിന്റെ ഓഫീസിൽ നിന്നും മെലിസ എന്ന അഭിവാദ്യം കാറിന്റെ സ്പീക്കറിലൂടെ കേട്ടപ്പോൾ ഞെട്ടാനും അപായസൂചന ഉൾക്കൊള്ളാനും അശ്വിനിക്ക് സമയം കിട്ടിയില്ല.

          മാമോഗ്രാം റിസൾട്ട് ചർച്ച ചെയ്യാൻ ഡോക്ടർ ജബ്ബാറിനു അശ്വിനിയെ കാണണം.

          റെഡ് അലർട്ട്!

          കാറ് അരികിലേക്ക് ചേർത്തുനിർത്തി പുതിയ ഡോക്ടറിന്റെ പേരും സമയവും അഡ്രസ്സും ഫോൺ നമ്പറും കുറിച്ചെടുക്കുമ്പോൾ സംയമനം പാലിക്കാൻ അശ്വിനി പ്രത്യേകം ശ്രദ്ധിച്ചു. മാർച്ച് അവസാനത്തെ ആഴ്ചയാണ് കൂടിക്കാഴ്ച. എന്താണിത്ര ചർച്ച ചെയ്യാൻ എന്ന് ചോദിക്കാനുള്ള സാവകാശം കിട്ടുന്നതിനു മുൻപേ മെലിസ വിടപറഞ്ഞ് ഫോൺ വെച്ചിരുന്നു.

          അശ്വിനിയിപ്പോൾ ഫയർപ്ലേസിൽ അടുക്കിവെച്ചിരിക്കുന്ന വിറകുകൊള്ളികളിൽ ഒന്നാണ്. അവളുടെ ഹൃദയം ഒറ്റയടിക്കു ഇരുനൂറു ലിറ്റർ ചോര തലയിലേക്ക് പമ്പുചെയ്തു വിട്ടു. ചെവിയുടെ തുമ്പുകൾ ചുട്ടുപൊള്ളി ചുവന്ന നിറമായി. കവിളത്ത് ചോളത്തിനെ പൊരിയാക്കിയെടുക്കാം, മാഷ്‌മെല്ലോ മൊരിച്ചെടുക്കാം. ചോരയായ ചോരയെല്ലാം വാർന്നുപോയ അശ്വിനിയുടെ ശരീരം മൈനസ് പതിനേഴു ഡിഗ്രി തണുപ്പുള്ള ഒരു ഐസുകട്ടയായി പരിണമിച്ചു. ഒരൊറ്റക്കട്ട! അതിനെ വെള്ളമായി ഒഴുകിയൊലിച്ചു പോവാതെ അടക്കിവെക്കുന്നതെങ്ങനെയാണ്. തുണ്ടുതുണ്ടായി ഛിന്നഭിന്നമാക്കാതെ എങ്ങനെയാണ് കാറിൽ നിന്നും പുറത്തേക്കിറക്കുന്നത്? കത്തുന്ന വിറകുതലയും ഐസുകട്ടശരീരമായി അശ്വിനി ഡ്രൈവർസീറ്റിൽ ഇരുന്നു.

സീറ്റിൽ ചരിഞ്ഞിരുന്ന ഫോൺ ചെറിയ ശബ്ദത്തോടെ വിറച്ചു സീറ്റിലേക്ക് ലംബമായി വീണു. പതിനൊന്നു മണിക്ക് തുടങ്ങുന്ന ഹ്യൂമൺ റിസോഴ്‌സസ് മീറ്റിംഗിന്റെ മുന്നറിയിപ്പായിരുന്നു അത്. കമ്പനിയിലെ എല്ലാ ജോലിക്കാരെയുമുൾപ്പെടുത്തി വരാൻ പോകുന്ന ചില ഭരണവ്യത്യാസങ്ങൾ വിശദമാക്കാനുള്ള മീറ്റിംഗാണ്. ഉള്ളടക്കം വി.പി.കളും ഡയറക്ടർമാരും അടങ്ങിയ മീറ്റിംഗിൽനിന്നും അശ്വിനി അറിഞ്ഞതാണ്. എന്നാലും അശ്വിനിയുടെ വിഭാഗത്തിലെ ജോലിക്കാർക്ക് അവൾ മാതൃകയാവണം. വൈകാതെ എത്തണം.

          അശ്വിനി നഗരസഭയിലെ കൂടിക്കാഴ്ച കഴിഞ്ഞു വരുന്ന വഴിയായിരുന്നു. പേനയും പേപ്പറും ബാഗിൽവെച്ച് അശ്വിനി പുറത്തേക്ക് നോക്കി. റോഡിന്റെ വലതുവശത്തായി മഞ്ഞു സമൃദ്ധമായി വിളഞ്ഞുകിടക്കുന്ന പാടങ്ങളാണ്. അതിനു അതിരു നിൽക്കുന്ന കറുത്ത മരക്കോലങ്ങളുടെ ഇലയില്ലാച്ചില്ലകളെ ഉലച്ചു പരിഹസിക്കുന്ന ദുഷ്ടക്കാറ്റ്. വസന്തത്തിൽ ഏതു വിത്തായിരിക്കും ഇവിടെ വിതയ്ക്കുന്നത്? വർഷങ്ങളായി അശ്വിനി ഈ വഴി കാറോടിച്ചു പോവുന്നതാണ്. വിതയും നനയ്ക്കലും വിളവെടുപ്പും കാണാറുള്ളതാണ്. ഒരിക്കലും ശ്രദ്ധിച്ചിട്ടില്ല. മഞ്ഞുകൃഷിയും കാറ്റും ഉപേക്ഷിച്ചു അശ്വിനി മഞ്ഞുകട്ട വിറയലോടെ വണ്ടിയെടുത്തു'.

          നാലാമത്തെ ആഖ്യാനതലം ഈ നോവൽ പ്രതിനിധാനം ചെയ്യുന്ന പ്രവാസത്തിന്റെ ജൈവഭൂപടമാകുന്നു. അമേരിക്കൻ മലയാളിയുടെ പ്രവാസജീവിതത്തിന്റെ അന്തഃസംഘർഷങ്ങളൊന്നടങ്കം ഒപ്പിയെടുക്കുന്നതിൽ അശ്വിനിയുടെ അവസ്ഥകൾക്കൊപ്പം നോവൽ ഇണക്കിച്ചേർക്കുന്നത് വിദ്യയുടെ കഥയാണ്. അവളുടെ നെടിയ ജീവിതം ഉത്തരമില്ലാത്ത ഒരു കടങ്കഥപോലെ അശ്വിനിയുടെ കീമോനാളുകൾക്കു കുറുകെ വീഴുന്നു.

'സാധാരണ ഭാര്യമാരുടെ കഥകൾ പോലെ പ്രദീപ് നല്ലവനല്ലാത്ത ഒരു ഭർത്താവാണെന്ന കൗതുകം ജനിപ്പിക്കാത്ത തുടക്കം അശ്വിനി ക്ഷമയോടെ കേട്ടിരുന്നു. കേൾക്കുംതോറും കോൾക്കുന്നത് ശരിയോ എന്നൊരു നടുക്കവും അശ്വിനിക്കുണ്ടായി.

          പ്രദീപ് ഗേ ആണെന്ന് വിദ്യ സംശയിക്കുന്നു. കല്യാണം മുതലേ സെക്‌സിൽ താല്പര്യം ഇല്ല. ചങ്ങാതിമാരാണ് പ്രധാനം. കഷ്ടിമുഷ്ടി ഞെങ്ങിഞ്ഞെരിഞ്ഞു രണ്ടു കുട്ടികളായി. കുട്ടികൾ ഇപ്പൊ വേണ്ട, പിന്നെ എന്നൊക്കെയൊരു ലൈനായിരുന്നു തുടക്കത്തിൽ. അത്യാവശ്യകാര്യങ്ങൾ പറഞ്ഞ് ഒപ്പിക്കാൻ ബുദ്ധിമുട്ടുള്ള വിദ്യ വിഷമിച്ചാണ് കുട്ടികളാക്കിയത്. ഒരേസമയം ഉറങ്ങാൻ പോകാതിരിക്കാൻ പ്രദീപ് പല പല കാരണങ്ങൾ കണ്ടുപിടിക്കും. വിദ്യ ഉറങ്ങീന്നു ഉറപ്പായാലേ കിടക്കാൻ ചെല്ലൂ. വിദ്യയെ തൊടാതെയാണ് കിടപ്പ്. അറിയാതെ പോലും തൊടാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നു തോന്നും. വീട്ടുകാര്യവും പ്രശ്‌നങ്ങളും എല്ലാം പങ്കിടുന്നത് ചങ്ങാതിമാരുമായിട്ടാണ്. നാട്ടിൽ ചെന്നിട്ടും പഴയ കൂട്ടുകാരുമായി ചുറ്റിക്കറക്കം തന്നെയായിരുന്നു പ്രധാനം.

          അന്ന് കാലത്തെ, ജെറ്റ്‌ലാഗ് കാരണം നേരത്തെ അവർ ഉണർന്നു. നാട്ടിൽ നിന്നും കൊണ്ടുവന്ന ബ്രൂ ഇട്ടു വിദ്യ ഉണ്ടാക്കിയ കാപ്പിയും കുടിച്ച് പ്രദീപ് ബെയ്‌സ്‌മെന്റിൽ പോയിരുന്നു നാട്ടിലുള്ള ആരോടോ വർത്തമാനം പറഞ്ഞു. ഇക്കിളി കൂട്ടിയ ആ ചിരികേൾക്കുമ്പോ കലികയറുമെന്നു വിദ്യ പല്ലുകടിച്ചുകൊണ്ടു പറഞ്ഞു.

ബെയ്‌സ്‌മെന്റിന്നു കേറിവന്ന പ്രദീപും അടുക്കളെന്നു ശടെന്നു നടന്നുവന്ന വിദ്യേം കൂട്ടിയിടിക്കാൻ പോയപ്പോ അങ്ങേരു വേഗം മാറിക്കളഞ്ഞു.

          'എങ്ങാനും തൊട്ടു പോയാലോ!'

          ഇരുപതു കൊല്ലത്തിന്റെ അടപ്പു ഠപ്പേന്നു തൊറന്നു വിദ്യ കൂക്കിവിളിച്ചു.

          'താൻ ആണാന്നൊ? ഭാര്യേ തൊടുന്നത് പേടിയാണെങ്കി പോയി ചത്തു തൊലയ്. വെറുതെ എന്റെ ജീവിതം കളയാതെ'.

          ദേഷ്യം തീരാൻ കൈയില് കിട്ടയതൊക്കെ വിദ്യ എറിഞ്ഞു പൊട്ടിച്ചു നോക്കി. പ്രദീപു ഫ്രീസായി. മിണ്ടാട്ടമില്ല. വിദ്യയുടെ മുഖത്തേക്കു പോലും നോക്കിയില്ല. അയാൾ കുളിച്ചൊരുങ്ങി ജോലിക്കുപോയി, സാധാരണയിലും നേരത്തെ. പോവ്വാണെന്നു പറയാതെ.

          വിദ്യ അന്തരീക്ഷത്തിൽ നോക്കി കുറെനേരം ഇരുന്നു. പിന്നെ അടുക്കള വൃത്തിയാക്കി. പൊട്ടിച്ചു നിരത്തിയതൊക്കെ അടിച്ചുവാരിക്കളഞ്ഞു. ഭാവി മാറ്റിയെഴുതാൻ വിദ്യ വക്കീലിനെ ഫോൺ ഡയറക്ടറിയിൽ തിരയുമ്പോഴാണ് വാതില്ക്കൽ ആരോ മണിയടിച്ചത്. രണ്ടു പൊലീസുകാർ. തൊപ്പിയൂരി ആദരവോടെ അകത്തു കയറിവന്ന് പ്രദീപിന്റെ മരണവാർത്ത പറഞ്ഞപ്പോൾ വിദ്യ കരുതിയത് പ്രദീപ് ആത്മഹത്യ ചെയ്തു, അതിന് അവളെ അറസ്റ്റുചെയ്യാൻ വന്നതാണെന്നാണ്.

          വിദ്യ കുഴഞ്ഞു വീണു. പൊലീസുകാർ ആംബുലൻസ് വരുത്തി, കുട്ടികളെ വിവരം അറിയിച്ചു, അടുത്ത സുഹൃത്തുക്കളെ കണ്ടുപിടിച്ചു.

കഥയുടെ ആ ഭാഗങ്ങളൊക്കെ മലയാളികളുടെയിടയിൽ കൈമാറിയതാണ്. വിദ്യ എങ്ങനെ മോഹാലസ്യപ്പെടാതെയിരിക്കും? അവധികഴിഞ്ഞ് സന്തോഷത്തോടെ വന്നതല്ലേ, ആദ്യ ദിവസം ജോലിക്കു പോയതല്ലേ? പാവം വിദ്യ. ഒറ്റയ്ക്ക് ഒന്നും ചെയ്തു ശീലമില്ലാത്ത വിദ്യ. എത്ര ക്വിന്റൽ സഹതാപം ആവഴി ഒഴുകി.

          പക്ഷേ, സത്യം കേട്ടുകഴിഞ്ഞപ്പോൾ അശ്വിനി സ്തംഭിച്ചുപോയെന്നതാണു സത്യം. ഒരു ഉത്തമദാമ്പത്യം മാത്രമല്ല അശ്വിനിക്ക് മുന്നിൽ രൂപാന്തരപ്പെട്ടത്.

          വിദ്യ ഒരു ഉത്തരം പ്രതീക്ഷിച്ച് അശ്വിനിയെ നോക്കി.

          'സത്യത്തിൽ പ്രദീപു മരിച്ചുപോയിരുന്നെങ്കിലെന്നു എനിക്കന്നു തോന്നി അശ്വിനി. ഡിവോഴ്‌സൊക്കെ ഓർത്തപ്പോ പേടിയായി. ആ സമയത്തായിരിക്കും പ്രദീപ് മരിച്ചത്'.

          വിദ്യ അപ്പോൾ കരയുന്നുണ്ടായിരുന്നില്ല. അന്നും പ്രേതത്തെ കണ്ടപോലെ വിളറി പരിഭ്രമിച്ചിരുന്ന വിദ്യ ഒന്നു കരഞ്ഞിരുന്നെങ്കിലെന്ന് എല്ലാവരും പറഞ്ഞിരുന്നു.

          'ഇന്ന് പ്രദീപിന്റെ പിറന്നാളാണ്'.

          അശ്വിനിയുടെ നാവ് പിന്നെയും നാടുവിട്ടു പോയ്ക്കളഞ്ഞു.

          'അശ്വിനിക്കും എന്നോടിപ്പോ ദേഷ്യം ആയിരിക്കും അല്ലേ?'

          'ഞാൻ എന്തിനു ദേഷ്യം പിടിക്കണം? വല്ലാത്തൊരു ഷോക്ക് വിദ്യ. പ്രദീപിന് ഇങ്ങനെ ഒരു വശം ഉള്ളത് അറിയില്ലായിരുന്നു. നട്ടെല്ലില്ലാത്ത മനുഷ്യൻ'.

          'എന്നാലും ഞാൻ അയാളെ കൊല്ലാൻ പാടില്ലായിരുന്നു'.

          ഇപ്പോൾ അശ്വിനി ചിരിക്കുക തന്നെ ചെയ്തു.

          'എന്താ പറഞ്ഞേ, വിദ്യ? കൊന്നെന്നോ! അതൊന്നും അത്ര എളുപ്പമല്ല. എങ്കി ഇപ്പൊ എത്ര തവണ ലോട്ടറി അടിച്ചേനേ. ദേഷ്യം വരുമ്പോ നമ്മളു പലതും പറയും. അതൊന്നും ശരിയാവാറില്ല'.

          അരലിറ്റർ വൈനും കുടിച്ചു തീർന്നപ്പോൾ വിദ്യയുടെ ചുണ്ടിൽ ചെറിയൊരു ചിരി വിരിയാൻ തുടങ്ങി.

          'ഒരു സത്യം പറയട്ടേ, അശ്വിനി. ഒറ്റപ്പെട്ടെന്ന് എനിക്കു തോന്നാറില്ല. സത്യത്തിൽ പ്രദീപുള്ളപ്പോഴാണ് കൂടുതൽ ലോൺലിയായി തോന്നിയിരുന്നത്' '.

          പക്ഷെ വിദ്യ വീണുപോയില്ല. ജീവിതം തന്നോടുകാണിച്ച ചതികൾക്കും ചെയ്ത വഞ്ചനകൾക്കും മുന്നിൽ അവൾ തളർന്നുവീണുമില്ല. വിദ്യ പറയുന്നു:

          'പ്രദീപ് മരിച്ചു രണ്ടു മാസം കഴിഞ്ഞാണ് ഞാൻ ജോലിക്കു തിരിച്ചുപോയത്. അന്നു ഞാൻ സമയമെടുത്ത് ഒരുങ്ങി. അന്നാണ് ഐബ്രോ പൗഡർ എന്താണെന്ന് തന്നെ അറിഞ്ഞത്. ദീപികയുടെ അപ്പാർട്ടുമെന്റിലെ ചീപ്പ് സർവ്വീസ് വേണ്ടെന്നുവെച്ച് ഞാൻ ജോസഫിനിൽ പോയി.

          ജോസഫിൻ സ്റ്റുഡിയോയിൽ ഷെല്ലിയാണ് പുരികം വാക്‌സുചെയ്യുന്നത്. മേക്കപ്പിട്ട്, കൈയില്ലാഉടുപ്പിട്ട് ഹൈ ഹീൽ ചെരുപ്പിട്ട് സെക്‌സിയായ ഷെല്ലി ഭംഗിയായി സംസാരിച്ചുകൊണ്ട് പുരികത്തിനെ ക്രമപ്പെടുത്തും. പശ്ചാത്തലത്തിൽ പോപ്‌സംഗീതം ഉണ്ടാവും. മുന്നിൽവെച്ചു കീറിയെടുത്ത കടലാസ് പുതച്ച സുന്ദരൻ കിടക്കയിലാണ് കസ്റ്റമർ കിടക്കുന്നത്. ഷെല്ലിയുടെ ഇളംചൂടുള്ള വാക്‌സും മൃദുലമായ പെർഫ്യും മണക്കുന്ന ശരീരവും നിറയുന്ന സ്റ്റുഡിയോ മറ്റൊരു ലോകമാണ്.

          ദീപികയിടുന്നത് മഞ്ഞൾ പടർന്ന പഴകിയ ചുരിദാറാണ്. വായുവിൽ ബസുമദിച്ചോറിന്റെയും മസാലയുടെയും മണമുണ്ടായിരിക്കും. ദീപിക നൂലിന്റെ തുമ്പ് വായിൽ കടിച്ചു പിടിച്ച് രോമങ്ങൾ വേഗം വേഗം പിഴുതെടുക്കും. രണ്ടു കൈകൊണ്ടും ദീപികയുടെ പണി തടസ്സമാവാത്ത വിധത്തിൽ പുരികം വലിച്ചും നീട്ടിയും പിടിച്ചുകൊടുക്കണം.

          ജോസഫിനിൽ വേണമെങ്കിൽ ഒന്നു മയങ്ങാം. പണി കഴിയുമ്പോൾ ഷെല്ലി കുളിർമയുള്ള ക്രീം പുരികത്തിനു ചുറ്റും പുരട്ടി ഉഴിയും. പിന്നെ ഐബ്രോ പൗഡർ ഇട്ടു പുരികത്തിനെ പെരുപ്പിക്കും. രോമങ്ങളെ ജെൽ പുരട്ടി മിനുക്കി പുതുപുത്തനാക്കിയെടുക്കും. ദീപികയ്ക്കു കൊടുക്കുന്നതിന്റെ നാലിരട്ടി ചാർജുണ്ട് ഷെല്ലിയുടെ സർവ്വീസിന്.

          'എന്തിനാണ് അന്ന് അങ്ങനെയൊക്കെ കാട്ടിക്കൂട്ടിയതെന്നു എനിക്കറിയില്ല അശ്വിനീ'.

          അശ്വിനിക്ക് കൃത്യമായി അറിയാം. പരാജയപ്പെട്ടിട്ടില്ലെന്നു പരിചയക്കാരോട് വിളിച്ചു പറയാൻ വേണ്ടിയാണ് അതൊക്കെ ചെയ്യുന്നത്.

          'I'm not a loser! ഞാൻ സുന്ദരിയാണ്. എന്റെ ആത്മവിശ്വാസവും നഷ്ടമായിട്ടില്ല'.

          രോഗവും ദുരിതങ്ങളും വ്യക്തിപരമായ പരാജയങ്ങളായി മനുഷ്യർ കാണുന്നത് എന്തുകൊണ്ടാണെന്ന് അശ്വിനി അത്ഭുതപ്പെട്ടു'.

          അശ്വിനിയും നിവർന്നുനിൽക്കുകയായിരുന്നു. മുഴുവൻ ലോകത്തിനും മുന്നിൽ, തന്റെ സ്ത്രീത്വത്തിനുമേൽ വീണ തിരസ്‌കാരങ്ങളുടെ മുൾക്കിരീടങ്ങൾ ഒന്നൊന്നായി വലിച്ചെറിഞ്ഞ് അവൾ ഇല്ലാത്ത ചിറകുകൾ വീശി ആകാശത്തേക്കുയർന്നു. അർബുദം, അതിന്റെ ഇറുക്കുകാലുകൾകൊണ്ട് അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച വീട് വിട്ട് അവൾ കാറ്റുപോലെ ഭയരഹിതയായി മുന്നോട്ടു കുതിക്കുന്നു. വായിക്കൂ:

          'കാറ്റ് പെട്ടെന്നൊരു ചുഴലിയായി അശ്വിനിക്കുള്ളിലേക്ക് കടന്നുകയറി. നിരാശ്രരായി നിരാശപ്പെട്ടുകിടന്ന ഓരോ കോശത്തെയും കാറ്റ് ഊതി ജ്വലിപ്പിച്ചു. അന്നോളം ഗൂഢമായിരുന്ന നിറങ്ങൾ കോശങ്ങളിൽ കത്തിയെരിഞ്ഞു. മഞ്ഞയേക്കാൾ നല്ല മഞ്ഞ, ചുവപ്പിനേക്കാൾ തീക്ഷ്ണമായ ചുവപ്പ്, പച്ചയെ നാണിപ്പിക്കുന്ന പച്ച, വെള്ളയെ കൊതിപ്പിക്കുന്ന വെളുപ്പ്. അശ്വിനിയെ ഇരിക്കാനും നിൽക്കാനും അനുവദിക്കാതെയാ കൊടുങ്കാറ്റ് ഇടിയും മിന്നലും ചുഴലിയും തീമഴയുമായി അവളിലെ ഓരോ തന്മാത്രയിലും പെയ്തു.

          'When the roots are too strong they can strangle you too'

          കൊടുങ്കാറ്റു Mistress of spicesലെ ഉപദേശം ഉദ്ധരിച്ചു. പിന്നോട്ടു പിന്നോട്ടു മാത്രം കെട്ടിവലിച്ചുകൊണ്ടുപോകുന്ന പഴങ്കഥകൾക്ക് ഒരു പെണ്ണു മാത്രം കൂട്ടിരിക്കുന്നതെന്തിനാണ്? ജീവനുവേണ്ടി മുല പണയപ്പെടുത്താമെങ്കിൽ, ജീവിതം കാർന്നുതിന്നുന്ന എല്ലാ കാൻസറുകളേയും മുറിച്ചും കരിച്ചും വിഷം കുടിച്ചും ഇല്ലാതാക്കുന്നതും തെറ്റല്ല. ചില നല്ല കോശങ്ങളും ആ കൂട്ടത്തിൽ നഷ്ടമായേക്കാം. പക്ഷേ ജീവിതമല്ലേ വലുത്? ഒരാൾക്ക് സ്വന്തമായ ജീവിതം.

കീർത്തനയ്ക്ക് അശ്വിനിയൊരു റോൾ മോഡൽ ആവില്ലായിരിക്കാം. പക്ഷേ അലമാരിയുടെ മൂലയിലെ ഹാങ്ങറിൽ തൂങ്ങിക്കിടന്നു പഴയതാവുന്ന വെറുമൊരു വസ്ത്രമായി ഒതുങ്ങുന്നതും കീർത്തനയ്ക്ക് ആദർശമാതൃകയല്ല. അശ്വിനിയുടെ അമ്മ അശ്വിനിക്ക് ആദർശമാതൃകയാണോ? അമ്മയെപ്പോലെ മറ്റാരൊക്കെയോ എഴുതിയ സ്‌ക്രിപ്റ്റനുസരിച്ചു ജീവിച്ചുതീർക്കാനുള്ളതാണോ അശ്വിനിയുടെ ജീവിതം? അശ്വിനിയും കാറ്റും ചോദ്യങ്ങളിൽ കെട്ടിമറിഞ്ഞു.

          ക്യാൻസുവിനു അശ്വിനിയെ വേണം, വിട്ടുപോകാൻ വയ്യ. വിട്ടുകൊടുക്കാൻ തയ്യാറല്ല. വേണ്ടാത്തവനിൽ നിന്നും മെറ്റാസ്റ്റസൈസ് ചെയ്ത് അശ്വിനിയെ അടർത്തിയെടുക്കുകയാണ് ക്യാൻസു.

          എന്റെ അസ്ഥിക്കു പിടിച്ചവളേ...

          ഒരു സിനിമയുടെ അന്ത്യം പോലെ ആരും പെട്ടെന്നു മാറുന്നില്ല. രോഗം വന്നാലും ദുഃഖം വന്നാലും കാതൽ വ്യത്യാസപ്പെടാതെ നിൽക്കും. ഭയമോ ആശങ്കയോ കൊണ്ട് പുറത്തെ പെരുമാറ്റം താൽക്കാലികമായി വ്യത്യാസപ്പെടാം. കാറ്റിൽ കൊഴിയുന്ന ഇലപോലെ, കാറ്റിന്റെ ശക്തിയിൽ ചിലപ്പോഴൊരു ചില്ല ഒടിഞ്ഞുവീണേക്കാം. പക്ഷേ, ഒരാളുടെ ഉള്ളിന്റെ ഉള്ള് എന്നുമെന്നും ഒന്നായിരിക്കും. ഓരോ സീസണിലും തളിത്തുല്ലസിച്ചു, പൂത്തുന്മാദിച്ചു, ഇലമുടി, ഫലംകായ്ച്ചു കൊഴിഞ്ഞടങ്ങുന്ന മരത്തെപ്പോലെ പുറംകാഴ്ചകൾ മാറിമാറി വന്നാലും ഉള്ളിന്റെ ഉള്ളിലെ അശ്വിനിയും മോഹനും കെട്ടുകാഴ്ചകൾ ഇല്ലാതാവുമ്പോൾ മാറുന്നില്ല.

          മുലയില്ലെങ്കിലും കണ്ണകിയുടെ പാതിവ്രത്യം തനിക്കു വേണ്ടെന്ന് അശ്വിനി ഉറപ്പിച്ചു. അശ്വിനി  നീറിപ്പൊടിഞ്ഞ ദിവസങ്ങളിൽ മോഹൻ ഏതു മാധവിയുടെ മടിത്തട്ടിലായിരുന്നെങ്കിലും വഴുക്കലുള്ള കോർപ്പറേറ്റു കോണിയുടെ പിടിയിൽ ഇറുകിപ്പിടിച്ചു ക്ഷീണിക്കുകയായിരുന്നെങ്കിലും അശ്വിനിക്കു പ്രശ്‌നമില്ല.

          നശിപ്പിച്ചതെല്ലാം തിരിച്ചുപിടിക്കാനോ നിന്റെ സത്യസന്ധത തെളിയിക്കാനോ എന്നെയോ എന്റെ മുലയോ കിട്ടില്ല. ഇതിൽ നിനക്കൊരവകാശവുമില്ല മോഹൻ.

          ആദർശപ്പെടുത്തിയെടുക്കാൻ അശ്വിനിയൊരു സങ്കല്പസ്ത്രീയല്ല. ആത്മാഭിമാനമുള്ള ഒരു പെണ്ണിന്റെ പ്രണയവും ജീവിതവും ക്രമീകരിച്ചു ചിട്ടപ്പെടുത്താനുള്ളതല്ല. അത് ക്ഷമയുടെയോ സഹനത്തിന്റെയോ അളവുകോലാവുകയുമില്ല.

          നേരമ്പോക്കിന് നിന്റെ പൂർവ്വികർ എഴുതിക്കൂട്ടിയ മലർപ്പൊടി മോഹമാണ് കണ്ണകിയുടെ, പ്ര ണയം പുരുഷാ! ഈ ക്ഷമയുടെയും സഹനത്തിന്റെയും മടുപ്പൻ കണക്കുകൾ നിലനില്പിനു വേണ്ടിയുള്ള അഡ്ജസ്റ്റ്‌മെന്റാണ്. ആണില്ലാതെ അതിജീവിക്കാൻ പാടില്ലാത്ത വിധത്തിൽ പുരുഷന്മാർ മെരുക്കിയെടുത്ത ഒരു സമൂഹത്തിലെ അഡ്ജസ്റ്റ്‌മെന്റ്. മറ്റുള്ളവരുടെ സൗകര്യത്തിനനുസരിച്ചു ജീവിതം ക്രമീകരിക്കാൻ എനിക്കിനി സാധ്യമല്ല. ആയിരം പുരുഷന്മാരും ഒരുപാടു വർണങ്ങളും നിറഞ്ഞ ലോകത്തെ എനിക്കു ഭയമില്ല.

          അശ്വിനിയിലെ കൊടുങ്കാറ്റു വീറോടെ പ്രഖ്യാപിച്ചു.

          സോളമൻഗ്രണ്ടിയുടെ ജീവിതത്തിന്റെ ലോജിക്കില്ലാത്ത ചിട്ട മഹാ ബോറാണെന്നു സമ്മതിപ്പിച്ചിട്ടാണ് അശ്വിനി റാണാ പ്രതാപ് സിംഗിനെ പിരിച്ചുവിട്ടത്. മീശ വീണ്ടും മുകളിലേക്ക് കൂർപ്പിച്ചുവെച്ച്, വാളുറയിൽ തെരുപ്പിടിച്ച്, കുതിരപ്പുറത്തു കയറി റാണ മീവാറിലേക്ക് മടങ്ങിപ്പോയി. അശ്വിനി ഫേസ്‌ബുക്ക് ഐഡി ഡിലീറ്റ് ചെയ്ത് ലാപ്‌ടോപ് അടച്ചുവെച്ചു.

          പിന്നെ അവൾ ജോസഫൈന്റെ സ്പായിൽ പോയി നഖങ്ങൾ ഭംഗിയാക്കി. മുടി സ്റ്റൈൽ ചെയ്തു. കുറച്ചൊരു കോപ്പർ കലർന്ന അറ്റം ഈ നീളത്തിനു നന്നായിരിക്കുമെന്ന് സ്റ്റൈലിസ്റ്റ് ജോവാൻ പറഞ്ഞത് അവൾ അപ്പടി സ്വീകരിച്ചു.

          അശ്വിനി തോളിൽ തൊട്ടു തൊട്ടില്ല മട്ടിൽ എത്തുന്ന നീണ്ട കമ്മലിട്ടു. മുല്ലവള്ളിപോലെ മനോഹരമായ സ്ട്രാപ്പുള്ള ബ്രായിട്ടു. കഴുത്തിറക്കി വെട്ടിയ സ്വെറ്ററിൽനിന്നു അശ്വിനിയുടെ നഗ്നമായ കഴുത്ത് കാമഭാവത്തോടെ ഉയർന്നുനിന്നു.

          അശ്വിനിയുടെ കാറിന്റെ ജി.പി.എസ്സ്. സ്‌ക്രീനിൽ നീലവെള്ളം, പച്ചക്കാട്, വെളുത്ത ജനജീവിതം എന്ന് കാണിക്കുന്നതിനു നടുവിലൂടെ ഹൈവേ ചുവന്നനിറത്തിൽ വീതിയുള്ള വരയായി പ്രത്യക്ഷപ്പെട്ടു. കാറ് ചുവപ്പിനു നടുവിലൂടെ, നിയമപ്രകാരമുള്ള പരമാവധി വേഗതയെ പരിഗണിക്കാതെ പൊയ്‌ക്കൊണ്ടിരുന്നു. ബ്രഹ്മാവിനു പോലും തടുക്കാനരുതാത്ത തിടുക്കത്തോടെ. അല്ലെങ്കിൽ തന്നെ പരമാവധി വേഗത, ഭൂമിശാസ്ത്രപരമായി നോക്കിയാൽ ആപേക്ഷികമല്ലേ?

          പുറത്ത് ഒരു ചില്ല അനങ്ങിയില്ല. ഒരു മഞ്ഞടര് പോലും പാറിവീഴാൻ ധൈര്യപ്പെട്ടില്ല. ഒരുവൾ ഒരുമ്പെട്ടാൽ എന്നങ്ങു സ്തംഭിച്ച് ഒരു സദാചാരക്കാറ്റ് നിശ്ചലം നിന്നു'. 

മഞ്ഞിൽ ഒരുവൾ
നിർമ്മല
ഗ്രീൻ ബുക്‌സ്
2021
405 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP