Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202127Saturday

ഖലീൽ ജിബ്രാൻ: കലയും ജീവിതവും

ഖലീൽ ജിബ്രാൻ: കലയും ജീവിതവും

ഷാജി ജേക്കബ്‌

'A little while, a moment of rest upon the wind, and another women shall bear me'

- ഖലീൽ ജിബ്രാന്റെ വിശ്വവിഖ്യാതമായ മിസ്റ്റിക് കാവ്യം The Prophet അവസാനിക്കുന്നതിങ്ങനെയാണ്. ജന്മാന്തരങ്ങളിലൂടെ യാത്ര ചെയ്യുന്ന തന്റെ ആത്മത്തെക്കുറിച്ചുള്ള ജിബ്രാന്റെ ബോധ്യം എന്തായാലും കൗതുകകരമായ ചില ഭാവാന്തരങ്ങൾ അദ്ദേഹത്തിന്റെ കാവ്യകല്പനകൾക്കു കൈവന്നിട്ടുള്ളതു കാണാതിരിക്കാനാവില്ല. ഒരുദാഹരണം നോക്കാം.

'Half of what I say is meaningless, but I say it so that the other half may reach you'എന്ന് 1926ൽ ജിബ്രാൻ എഴുതി. Sand and Foam എന്ന കൃതിയിൽ. 1931 ലാണ് ജിബ്രാൻ മരിച്ചത്. 1940ൽ ജനിച്ച ജോൺ ലെനൺ 1968ലെ ഒരു ആൽബത്തിൽ (ദ വൈറ്റ് ആൽബം) ജൂലിയ എന്ന പാട്ടിൽ ഈ വരികൾ കുറച്ചൊന്നു മാറ്റി ഉപയോഗിക്കുന്നു. 1980 ഡിസംബർ എട്ടിന് ലെനൺ വധിക്കപ്പെട്ടു. അതേമാസം 12ന് പ്രകാശനം ചെയ്ത പതിനെട്ടു കവിതകൾ എന്ന തന്റെ ആദ്യ കാവ്യപുസ്തകത്തിനാമുഖമായി ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതി:

'അറിഞ്ഞതിൽ പാതിപറയാതെപോയി
പറഞ്ഞതിൽ പാതി പതിരായും പോയി'.

ബാലചന്ദ്രൻ തുടർന്നു ചേർത്ത രണ്ടു വരികളാകട്ടെ ജിബ്രാനും ലെനനുമൊക്കെ ആത്മാവിലേറ്റുവാങ്ങിയ ക്രിസ്തുവിന്റെ വാക്കുകൾ തന്നെയുമായിരുന്നു.

'ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തു കൊള്ളുക'.

ഭാവരൂപകങ്ങളുടെ കാലാന്തരജീവിതത്തിന്റെ ഒരു മാതൃകയെന്ന നിലയിൽ പറഞ്ഞുവെന്നേയുള്ളു.

ഇരുപതാം നൂറ്റാണ്ടിലെ അറേബ്യൻ സാഹിത്യത്തെ ഖലീൽ ജിബ്രാനെപ്പോലെ സ്വാധീനിച്ച മറ്റൊരു കവിയില്ല. പാശ്ചാത്യസാഹിത്യത്തിൽ ജിബ്രാനോളം ജനപ്രീതി കൈവന്ന മറ്റൊരു പൗരസ്ത്യപ്രതിഭയുമില്ല. ഷേക്‌സ്പിയർക്കും ലാവോസിനും ശേഷം ലോകത്തേറ്റവും കൂടുതൽ വില്പനയുള്ള സാഹിത്യരചനകൾ ജിബ്രാന്റേതാണെന്നു പറയപ്പെടുന്നു. അദ്ദേഹത്തിന്റെ ക്ലാസിക് കൃതിയായറിയപ്പെടുന്ന 'പ്രവാചകൻ' നൂറിലേറെ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെടുകയും കഴിഞ്ഞ നൂറ്റാണ്ടിലെ വിശ്വമഹാസാഹിത്യരചനകളിലൊന്നായി വാഴ്‌ത്തപ്പെടുകയും ചെയ്തു. സൂഫിസം, ക്രൈസ്തവത, നീഷെയൻ ലോകചിന്ത, യൂറോപ്യൻ മിസ്റ്റിക്-റൊമാന്റിക് കാവ്യപാരമ്പര്യം എന്നിവയുടെ അസാധാരണമായ ലാവണ്യസംയുക്തമായിരുന്നു ജിബ്രാന്റെ ഭാവന. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ആത്മീയപാരമ്പര്യങ്ങളെ ഇത്രമേൽ സമന്വയിപ്പിച്ച മറ്റൊരു പ്രതിഭയില്ല. കവിത, നോവൽ, ചിത്രകല എന്നീ രൂപങ്ങളിൽ ജിബ്രാൻ നടത്തിയ ഇടപെടലുകൾ ഈ രണ്ടു സാംസ്‌കാരിക പാരമ്പര്യങ്ങളുടെ അനിതരസാധാരണമായ സൗന്ദര്യശാസ്ത്രമായി പരിണമിച്ചു.

അറേബ്യൻ ചരിത്രപൈതൃകവും സൂഫി ജീവിതതത്വങ്ങളും പഴയനിയമത്തിലെ കാവ്യകല്പനകളും ക്രിസ്തുവിന്റെ ഗിരിപ്രഭാഷണങ്ങളും വില്യംബ്ലേക്കിന്റെ ഭാവനാവൈചിത്ര്യങ്ങളും മൈക്കലാഞ്ജലോയുടെയും ഡാവിഞ്ചിയുടെയും ചിത്രകലാശൈലികളും... ജിബ്രാന്റെ കലാന്വേഷണം കണ്ടെത്തിയ സാർവലൗകികതയുടെയും സാർവകാലികതയുടെയും ജീവിത-സൗന്ദര്യദർശനങ്ങൾ അപൂർവമായ ഒരനുഭൂതിസംസ്‌കൃതിയായി രൂപംകൊണ്ടു. ലെബനീസ്-അമേരിക്കൻ കവിയും കലാകാരനുമെന്ന നിലയിൽ കിഴക്കിനെയും പടിഞ്ഞാറിനെയും മാത്രമല്ല പാരമ്പര്യത്തെയും ആധുനികതയെയും ഭൗതികതയെയും ആത്മീയതയെയും പ്രകൃതിയെയും സംസ്‌കൃതിയെയും കാല്പനികതയെയും പ്രതീകാത്മകതയെയും കൂട്ടിയിണക്കിയ ജീനിയസായിരുന്നു ജിബ്രാൻ.

ജനനാനന്തര ജീവിതത്തിനായി അമേരിക്കയിലേക്കു കുടിയേറിയ ജിബ്രാൻ നാല്പത്തെട്ടാം വയസ്സിൽ മരണാനന്തര വിശ്രമത്തിനായി ലെബനോണിലെ ദേവതാരുത്തണലിലേക്കു തിരിച്ചുവന്നു. തന്റെ ശവകുടീരത്തിൽ കൊത്തിവയ്ക്കാൻ അദ്ദേഹം എഴുതിവച്ച വാക്കുകൾ ഇതായിരുന്നു: 'I am alive like you. And I now stand beside you. Close your eyes and look around you. You will see me in front of you'.

ഖലീൽ ജിബ്രാനെക്കുറിച്ച് ജോളി വർഗീസ് എഴുതിയ ഈ പഠനഗ്രന്ഥം അദ്ദേഹത്തിന്റെ കലയും ജീവിതവും സംക്ഷിപ്തമായവതരിപ്പിക്കുന്നു. ഏഴധ്യായങ്ങളിലായി, ജിബ്രാന്റെ ബാല്യകൗമാരങ്ങളും കുടുംബവും, ചിത്രകലാജീവിതം, തത്വചിന്താലോകം, ഏകാകിത്വവും ഉന്മാദവും, പ്രണയവും സ്ത്രീബന്ധങ്ങളും, സാഹിത്യരചനകൾ, മരണം എന്നിവ അടുക്കിപ്പറയുന്നു, ഗ്രന്ഥകാരി. ജിബ്രാൻകൃതികളുടെ സൂക്ഷ്മവായനയും ഒന്നിലധികം ജീവചരിത്രങ്ങളുടെ പിന്തുടരലും ഈ രചനയെ ശ്രദ്ധേയമാക്കുന്നു.

ഓട്ടോമൻ തുർക്കികളുടെ നിയന്ത്രണത്തിലായിരുന്ന ലെബനോണിലെ ബിഷേറി എന്ന പ്രദേശത്തെ വാദിഖൊദീഷ് ഗ്രാമത്തിലാണ് 1883ൽ ജിബ്രാൻ ജനിച്ചത്. അറേബ്യൻ മുസ്ലിം സംസ്‌കൃതിയുമായി ചേർന്നുപോയ മാരോനൈറ്റ് എന്ന ക്രിസ്തുമത വിഭാഗത്തിൽപെട്ടയാളായിരുന്നു ജിബ്രാൻ. ഒരു മാരോനൈറ്റ് പുരോഹിതന്റെ മകളായിരുന്നു ജിബ്രാന്റെ അമ്മ കാമില. 1895ൽ അവർ ജിബ്രാനുൾപ്പെടെയുള്ള തന്റെ നാലു മക്കളെയും കൊണ്ട് അമേരിക്കയിലേക്കു കുടിയേറി. ബോസ്റ്റണിലെ ലെബനീസ്-അമേരിക്കൻ സമൂഹത്തിന്റെ ഭാഗമായി അവർ. പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ കാലം. ഒന്നാം ലോകയുദ്ധത്തിനു മുൻപും പിൻപുമായി, നാളതുവരെ കണ്ട ഏറ്റവും വലിയ സാമ്പത്തികത്തകർച്ചയിലൂടെ ലോകം കടന്നുപോയ പതിറ്റാണ്ടുകൾ. പല പണികളും ചെയ്ത് ജിബ്രാനെ അമ്മ വളർത്തി, ബെയ്‌റൂട്ടിലയച്ചു പഠിപ്പിച്ചു. പക്ഷെ 1902ൽ അമ്മയും സഹോദരനും ഒരു സഹോദരിയും ഒന്നിനു പിറകെ ഒന്നായി മരണമടഞ്ഞതോടെ ജിബ്രാന്റെ ജീവിതം തകിടംമറിഞ്ഞു. അവശേഷിച്ച സഹോദരി മരിയാനയുമൊത്ത് ജിബ്രാൻ ജീവിതം തുടർന്നു. ഇക്കാലമാകുമ്പോഴേക്കും ഭാവനാശാലിയായ കവിയും ചിത്രകാരനുമായി ജിബ്രാൻ ന്യൂയോർക്കിലെ കലാ, സാഹിത്യവൃത്തങ്ങളിൽ അറിയപ്പെട്ടു തുടങ്ങിയിരുന്നു.

രണ്ടാമധ്യായത്തിൽ ജിബ്രാന്റെ ചിത്രകലാജീവിതമാണ് ജോളി വിവരിക്കുന്നത്. പന്ത്രണ്ടാം വയസ്സിൽതന്നെ ജിബ്രാന്റെ കലാഭിരുചി അദ്ധ്യാപകർ തിരിച്ചറിഞ്ഞിരുന്നു. എഴുത്തുകാരനും പ്രസാധകനുമായ ഹോളണ്ട് ഡേയ് ജിബ്രാനെ ലെബനോന്റെ സാംസ്‌കാരിക പൈതൃകം ചിത്രകലയിൽ ആവാഹിക്കാൻ ഉപദേശിച്ചു. ഇക്കാലത്ത് പെൻസിൽ സ്‌കെച്ചുകളായിരുന്നു ജിബ്രാൻ ചെയ്തിരുന്നത്. 1908-10 കാലത്ത് ചിത്രകല പഠിക്കാൻ ജിബ്രാൻ പാരീസിലേക്കു പോയി. ഡാവിഞ്ചിയായിരുന്നു ജിബ്രാനെ ഏറ്റവുമധികം സ്വാധീനിച്ചത്. പാരീസിലെത്തിയതോടെ എണ്ണച്ചായമായി അദ്ദേഹത്തിന്റെ മാധ്യമം. സിംബലിസം രൂപപദ്ധതിയും. ന്യൂയോർക്കിൽ തിരിച്ചെത്തിയ ജിബ്രാൻ വീണ്ടും പെൻസിലിലേക്കു തിരിഞ്ഞു. രേഖാചിത്രങ്ങളും പോർട്രെയ്റ്റുകളും വരച്ച കാലം. നിരവധി പ്രദർശനങ്ങൾ.

 'ബ്ലെയ്ക്ക്, ജിബ്രാനെ രേഖാചിത്രരചനയിൽ സ്വാധീനിച്ചെങ്കിൽ കാരിയർ എണ്ണഛായ ചിത്രരചനയിൽ സ്വാധീനിച്ചു. ക്യാൻവാസ്സിൽനിന്ന് കുതറിയോടി രക്ഷപ്പെടാൻ ശ്രമിക്കുന്ന രീതിയിലുള്ള, പുരുഷാത്മാക്കളുടെയും സ്ത്രീ ആത്മാക്കളുടെയും ചിത്രങ്ങൾ. ലേശം ഇരുണ്ട ബാഹ്യരൂപരേഖകളിലൂടെ ചിത്രത്തിന്റെ നിമ്‌നോന്നതങ്ങൾ വെളിപ്പെടുത്തുന്ന രീതിയും, ശാന്തവും മതിമയങ്ങി കൂമ്പിയ മിഴികളുടെ കൃത്യമായ ചിത്രങ്ങളും ജിബ്രാന്റെ ചിത്രരചനാ നൈപുണ്യം വിളിച്ചോതുന്നു. തെളിമയാർന്ന നിറങ്ങൾ, അലൗകികതയുടെ സ്വപ്നദൃശ്യസൗന്ദര്യത്തിന് മിഴിവേകുന്നവയായിരുന്നു. ആത്മനിഷ്ഠവും വസ്തുനിഷ്ഠവുമായ കാല്പനികതയുടെ രീതികൾ; സിംബോളിസ്റ്റ് ലോകത്തിലെ പുതിയ പാതകൾ അന്വേഷിച്ചു. ജിബ്രാന്റെ ബാഹ്യരൂപവും ബാഹ്യലോകതലവും നിരാകരിക്കയും, സ്വന്തം സ്വപ്നങ്ങളും ഭാവനകളും പ്രദർശിപ്പിക്കാനുതകുന്ന പ്രതീകങ്ങൾ ഉപയോഗിക്കുകയും ചെയ്തു. പ്രതീകങ്ങളിലൂടെയും മാതൃകകളിലൂടെയും കല, മനുഷ്യന്റെ ഭാവങ്ങളും വികാരങ്ങളും ആശയങ്ങളും വെളിപ്പെടുത്തുന്ന മാധ്യമായി മാറി.

ജിബ്രാന്റെ ദൃശ്യാവിഷ്‌കാര ലോകത്തിൽ സ്ത്രീരൂപങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമാണ്. വേദപുസ്തര കഥാപാത്രങ്ങളായ സ്ത്രീകളും, പേരില്ലാത്തവരും, വികാരം തുളുമ്പുന്ന, ഗൃഹാതുരത്വം ഉണർത്തുന്ന മിഴികളുള്ള സ്ത്രീകളും, ആ ലോകത്തിൽ നിറഞ്ഞുനിന്നു. കാലം അവിടെ ഉറഞ്ഞുകൂടി ചലനമില്ലാതെ കിടന്നു. മറ്റു ചിലവയിൽ, സ്വന്തം അസ്തിത്വം തേടുന്ന, ഉറപ്പിക്കുന്ന അതിൽ തന്നെ നിൽക്കുന്ന, ഒരു അനശ്വര ഭാഷാഭേദത്തിന്റെ സ്വരം.

എഴുത്തിൽ ജിബ്രാനെ തിരുത്തിയും, തിരുത്തിക്കുറിച്ചും മുന്നേറിയപ്പോൾ, ജിബ്രാന്റെ പെൻസ്സിൽ കടലാസ്സിലൂടെ അനായാസേന ഒഴുകിനീങ്ങി. അദ്ദേഹത്തിന് എണ്ണഛായാരചനകൾ സ്വന്തം അഭിലാഷങ്ങളും അനുഭവതീവ്രതകളും മറയില്ലാതെ പ്രദർശിപ്പിക്കാനുള്ള വേദി ആയിരുന്നു. അവിടെ ചെറിയ തുണ്ടുകളായും വലിയ തുണ്ടുകളായും കലാകാരൻ പ്രപഞ്ചത്തിന്റെ ചിത്രം രചിച്ചു. അനശ്വരതയും നിമിഷങ്ങളും കാലും വർത്തമാനകാലവും ഭൂതകാലവും ഇന്ദ്രിയഗോചരമായതും അമൂർത്തമായതും ആ രചനകളിൽ പുണർന്ന് കിടന്നു.

ജിബ്രാന്റെ കലാലോക രക്ഷാകർത്താവും വഴികാട്ടിലുമായ ഫ്രെഡ് ഹോളണ്ട്‌ഡേയുടെ രീതികളെ പിന്തുടർന്ന് ജിബ്രാനും ഗ്രീക്ക് മിത്തോളജിയും ലോകസാഹിത്യവും സമകാലീനരചനകളും ഫോട്ടോഗ്രാഫിയും മനസ്സിലാക്കി. ഫ്രെഡ്‌ഡേ ജിബ്രാന്റെ വിദ്യാഭ്യാസത്തിലും മാനസിക ഉന്നമനത്തിലും മാത്രമല്ല ശ്രദ്ധിച്ചത്, ജിബ്രാന്റെ ആത്മവിശ്വാസവും തന്നോടുതന്നെയുള്ള ബഹുമാനവും വളർത്തുന്നതിലും ശ്രദ്ധിച്ചു. അവയെല്ലാം കുടിയേറ്റ ജീവിതത്തിലെ അവഗണനയിലൂടെയും ദാരിദ്ര്യത്തിലൂടെയും തകർന്നടിഞ്ഞിരുന്നു'.

വിഖ്യാതചിത്രകാരൻ റോഡിനുമായി അദ്ദേഹത്തിന് ആത്മബന്ധമുണ്ടായിരുന്നു. ഹോളണ്ട് ഡേയ്ക്കു പുറമേ ജോസഫൈൻ പി സോഡി, മേരി പാസ്‌കൽ തുടങ്ങിയ സ്ത്രീസുഹൃത്തുക്കളും ജിബ്രാന്റെ കലാജീവിതത്തിൽ വലിയ സ്വാധീനമായി.

മൂന്നാമധ്യായത്തിൽ ജിബ്രാന്റെ ചിന്താലോകം അവലോകനം ചെയ്യുന്നു, ഗ്രന്ഥകാരി. പൗരസ്ത്യതത്വചിന്തകളും പാശ്ചാത്യതത്വചിന്തകളും പലനിലകളിൽ സമീകരിച്ചവയാണ് ജിബ്രാന്റെ മിക്ക കൃതികളും. മനുഷ്യജീവിതത്തെക്കുറിച്ചുള്ള ആരായലുകൾ എന്ന നിലയിൽ പ്രവാചകനിലും മറ്റു കൃതികളിലും ജിബ്രാൻ നിരന്തരം ഉന്നയിച്ച ചോദ്യങ്ങളും ഉത്തരങ്ങളും, ചിത്രങ്ങളിലദ്ദേഹം ആവിഷ്‌ക്കരിച്ച ജീവിതതത്വങ്ങൾ.... എല്ലാം ഈ ചിന്തകളുടെ രൂപകങ്ങളായി മാറി.

'ആദിമകാലം മുതൽ മനുഷ്യൻ സ്വയം ചോദിച്ച ഉത്തരംകിട്ടാത്ത ചോദ്യങ്ങൾ ജിബ്രാനും സ്വയം ചോദിച്ചു. ജനനം, മരണം, ജീവിതം ഇവയുടെ അർഥമെന്താണ്. മനുഷ്യൻ എവിടെനിന്നു വന്നു, എവിടേയ്ക്ക് പോകുന്നു. ദൈവം മനുഷ്യജീവിതത്തിൽ ഇടപെടാറുണ്ടോ? ദൈവം ഉണ്ടെന്ന് ജിബ്രാൻ വിശ്വസിച്ചു. പക്ഷേ, ദൈവത്തെക്കുറിച്ചുള്ള ജിബ്രാന്റെ സങ്കല്പവും നിർവചനവും എന്നും വിമർശനത്തിന് വഴിയൊരുക്കി.

ജീവിതം സന്തോഷവും യാതനകളും ഇടകലർന്ന ഒരു യാത്രയാണെന്നും, സ്വന്തം ഭാഗധേയം നിശ്ചയിക്കുന്നത് വ്യക്തികൾതന്നെയാണെന്നും മനുഷ്യജന്മങ്ങൾ ഈ ഭൂമിയിൽ സഹവർത്തിത്വത്തിൽ ജീവിക്കേണ്ട സാമൂഹികജീവികളാണെന്നുമുള്ള സത്യദർശനം ജിബ്രാന്റെ രചനകളിൽ ഉടനീളം വായിക്കാം.

ചിന്തകരും കവികളും ദാർശനികരുമായ അവിറോസ്, അൽഫരീദ്, അൽഗസാലി അവിസീനാ എന്നീ അറബിക് തത്വചിന്തകരുടെ ദർശനങ്ങളും കവിഭാവനകളും ജിബ്രാനെ സ്വാധീനിച്ചിരുന്നു. അവിസീനായുടെ 'A compendium on the Soul' എന്ന കവിതയിലൂടെ ഉത്തേജിതനായ ജിബ്രാൻ മനുഷ്യചേതനയെക്കുറിച്ചും ആത്മാവിന്റെ നാശമില്ലാത്ത ശക്തിയെക്കുറിച്ചും സമീപസ്ഥമായ സത്യത്തിലൂടെ വിദൂരവും അജ്ഞാതവുമായ സമസ്യകളെ തിരിച്ചറിയുന്ന സാധ്യതകളെക്കുറിച്ചും ആഴത്തിൽ മനനം ചെയ്യാൻ ആരംഭിച്ചു. കവികളുടെയും ദാർശനികരുടെയും അനന്തവും അജ്ഞാതവുമായ ലോകം ജിബ്രാന്റെ മനസ്സിന് മേഞ്ഞുനടക്കാനുള്ള വിശാല പുല്പുറങ്ങളായി. കാണപ്പെടുന്നവയിൽനിന്നും കാണപ്പെടാത്തവയിലേക്ക് കുതിച്ചുപായാൻ വെമ്പുന്ന ഒരു തീവ്രവാഞ്ഛ മനുഷ്യാത്മാവിൽ കുടികൊള്ളുന്നുവെന്നും തത്വദർശനത്തിൽനിന്ന് ദിവ്യദർശനത്തിലേക്ക് അത് നമ്മുടെ ചേതനയെ നയിക്കുന്നുവെന്നും ജിബ്രാൻ തിരിച്ചറിഞ്ഞു. സ്വന്തം വിശ്വാസങ്ങളുടെയും കവിഭാവനയുടെയും ആത്മീയ ന്യായപ്രമാണങ്ങളുടെയും അടിത്തറ അവിസീനായുടെയും കവിതകളിലാണെന്ന് ജിബ്രാൻ ചില അറബിലേഖനങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

ജിബ്രാൻ, ദൈവത്തിന്റെ ഉണ്മയിലും അസ്തിത്വത്തിലും വിശ്വസിച്ചു, ആത്മാവിന്റെ ഉണ്മയിലും അസ്തിത്വത്തിലും വിശ്വസിച്ചു. പുനർജന്മത്തിലും വിശ്വസിച്ചു.

പക്ഷേ, ദേഹാന്തര പ്രാപ്തിയിൽ വിശ്വസിച്ചില്ല (transmigration of the soul). ദേഹാന്തരപ്രാപ്തിയിൽ ശുദ്ധീകരണത്തിനുവേണ്ടി കർമഫലങ്ങളുടെ നിയോഗം അനുസരിച്ച്, ആത്മാവ് ഉയരങ്ങളിലേക്കും ഹീനമനുഷ്യജന്മങ്ങളിലേക്കും ഇറങ്ങിപ്പോകുകയും പിന്നീട് പടിപടിയായി മോക്ഷത്തിലേക്ക് പോകുമെന്നും വിശ്വസിക്കപ്പെടുന്നു. ആത്മാവിന്റെ ശുദ്ധീകരണപ്രക്രിയയിൽ ജിബ്രാൻ വിശ്വസിച്ചിരുന്നില്ല. ഒരു ജന്മത്തിന്റെ അവസാനത്തിൽ ദേഹവും ദേശവും വിട്ടുയരുന്ന ദേഹി, കഴിഞ്ഞകാല ജന്മങ്ങളിലെ ശക്തിയും അറിവും ഓർമകളുമായി, നിർത്തിപ്പോയ ബിന്ദുവിലേക്ക് തിരികെ വരുന്നു എന്ന തത്വമാണ് ജിബ്രാൻ അംഗീകരിച്ചിരുന്നത്. അറബിഭാഷയിലെഴുതിയ 'The Poet from Baalbek' എന്ന കൃതിയിൽ, ആത്മാവ് മാറ്റമില്ലാതെ പൂർവസ്ഥിതിയിലേക്ക് മടങ്ങിവന്ന് കർമം പൂർത്തിയാക്കുന്നുവെന്ന് ഒരു കവിയുടെയും രാജകുമാരന്റെയും കഥയിലൂടെ വ്യക്തമാക്കുന്നു. 'ആത്മാവ് ദാഹിക്കുന്നത് അത് നേടിയെടുക്കുന്നു' എന്ന് ഇവിടെ കവിവചനം. 'My Countrymen' എന്ന കവിതയിൽ 'ജ്വലിക്കുന്ന നീല അഗ്നിനാളമാണ് ആത്മാവ്', അത് ദേവന്മാരുടെ മുഖങ്ങളെ പ്രകാശിപ്പിക്കുന്നു എന്നു എഴുതിയിരിക്കുന്നു.

അത്തരം വിശ്വാസത്തിന്റെ വേരുകൾ ഒരുപക്ഷേ, അദ്ദേഹത്തിന്റെ ജന്മനാടായ ബെയ്‌റൂട്ടിലെ ആചാരാനുഷ്ഠാനങ്ങളിലും ഡ്രൂയസ്സിന്റെ (അതിപുരാതന കെൽറ്റിക്ക് വിശ്വാസസംഹിത) വിശ്വാസസംഹിതയിലും ആയിരിക്കും പടർന്നുകിടക്കുന്നത്. ഡ്രൂയിസ്സിന്റെ വിശ്വാസം അനുസരിച്ച്, ധർമപാതകൾ പ്രാപിച്ച മറ്റൊരു മൂർത്തീകരണത്തിലേക്ക് കടക്കുകയും അങ്ങനെ ഈശ്വരത്വത്തിൽ ലയിക്കയും ചെയ്യുന്നു. അതോടൊപ്പം സൂഫി കവികളുടെയും കാഴ്ചപ്പാടുകൾ, പ്രത്യേകിച്ചും, ഏറ്റവും ഉൽക്കൃഷ്ടനായ യോഗാത്മക കവി എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ജലാൽ-അൽ-ദിൻ റൂമിയുടെ വീക്ഷണങ്ങളും ജിബ്രാനെ സ്വാധീനിച്ചിട്ടുണ്ടാകാം'.

നാലാമധ്യായം ഏകാകിയും ഉന്മാദിയുമായി ജിബ്രാൻ ജീവിച്ച ഭിന്നജീവിതങ്ങളുടെ കഥ പറയുന്നു. ബാല്യം മുതൽ മരണം വരെ, ജിബ്രാൻ ആൾക്കൂട്ടത്തിൽ തനിയെയായിരുന്നു. അദ്ദേഹത്തിന്റെ കാവ്യ, ചിത്രഭാവനകൾ ആത്മാവിനും ശരീരത്തിനുമിടയിൽ മനുഷ്യർ അനുഭവിക്കുന്ന ഉന്മാദതുല്യമായ അസ്തിത്വസന്ദേഹങ്ങളുടെ നേർപകർപ്പുകളായിരുന്നു. ജോളി എഴുതുന്നു:

'ജീവിതത്തിന്റെ വ്യർത്ഥമോഹങ്ങൾക്കിടയിൽ, ആത്മാവ്, കാംക്ഷിക്കുന്നതും, പ്രണയിക്കുന്നതും - ഒരേയൊരു വികാരം മാത്രമാണ്. ദീപ്തി ചൊരിയുന്ന ഒരേയൊരു വികാരം ആത്മാവിനുള്ളിലെ ഉണർവ്; ഹൃദയത്തിന്റെ അഗാധതലങ്ങളിലെ ഉണർവ്; മനുഷ്യന്റെ ബോധത്തിലേക്ക് പെട്ടെന്ന് താഴ്ന്നിറങ്ങി അവനെ വരിഞ്ഞുമുറുക്കി പരവശനാക്കി, അവന്റെ അകക്കണ്ണുകളെ തുറപ്പിക്കുന്ന അതിമനോഹരവും അത്ഭുതകരവുമായ ഒരു ശക്തി; അപ്പോൾ അവൻ ജീവിതത്തെ ഗംഭീരനാദം മുഴക്കുന്ന സംഗീത ധ്വനികളുടെ പെരുമഴയ്ക്കിടയിൽ; ഒരു പ്രകാശവലയത്തിനുള്ളിൽ ദർശിക്കുന്നു, മനുഷ്യൻ അവിടെ സൗന്ദര്യത്തിന്റെ സ്തൂപംപോലെ ഭൂമിക്കും ആകാശവിതാനത്തിനുമിടയിൽ നിൽക്കുന്നു. അത് ആത്മാവിനുള്ളിൽ പെട്ടെന്ന് ചീറിയടിക്കുന്ന ഒരു തീനാളമാണ്; അത് ഹൃദയത്തെ കീറിമുറിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഒരുവന്റെ ഹൃദയത്തെ പൊതിയുന്ന കനിവിന്റെ ഭാവമാണ് അത്, അപ്പോൾ അവൻ അമ്പരന്ന് നിൽക്കയും, അതിനെ എതിർക്കുന്ന സകലരെയും നിരാകരിക്കയും ചെയ്യും. ആ ശക്തിയുടെ പ്രൗഢഗംഭീരമായ അർഥം മനസ്സിലാക്കാൻ സാധിക്കാത്തവർക്കെതിരായി ശബ്ദം ഉയർത്തുകയും ചെയ്യും. കുടുംബത്തിനുള്ളിലെ ചില കലുഷിത അന്തരീക്ഷത്തിൽ, ദാരിദ്ര്യത്തിന്റെ നൊമ്പരങ്ങളിൽ, ജിബ്രാന് സ്വന്തം ആന്തരികശക്തിയിലും ചോദനയിലും ആശ്വാസം കണ്ടെത്തണമായിരുന്നു. ആ ശക്തിയും ആശ്വാസവും തനിക്കു ചുറ്റും പരന്ന് കിടന്നിരുന്ന പ്രകൃതിസൗന്ദര്യത്തിൽനിന്നും പ്രകൃതിയുടെ വന്യതയിൽനിന്നും ആത്മാവിനുള്ളിലെ സർഗാത്മക അഭിവാഞ്ഛയിൽ നിന്നും ഊറ്റിയെടുത്തു'.

ഇംഗ്ലീഷിൽ ജിബ്രാനെഴുതിയ ആദ്യകൃതിയുടെ പേരുതന്നെ 'ഭ്രാന്തൻ' (Madman) എന്നായിരുന്നു (1918). അതുതൊട്ട് അദ്ദേഹത്തിന്റെ മരണാനന്തരം 1932ൽ പുറത്തുവന്ന 'അലഞ്ഞുതിരിയുന്നവർ' വരെയുള്ള കാവ്യങ്ങളിൽ ഈയൊരവസ്ഥ ആവർത്തിക്കുന്നുണ്ട്.

' 'ഭ്രാന്തനി'ൽ ഉൾപ്പെടുത്തിയിട്ടുള്ള 'പരാജയം എന്റെ പരാജയം' എന്ന ഗദ്യകവിത മുപ്പത്തിയഞ്ച് വർഷക്കാലം ജിബ്രാൻ അനുഭവിച്ച, പലതലങ്ങളിലുള്ള ഒറ്റപ്പെടലിന്റെ ചിത്രം വ്യക്തമാക്കുന്നു. മുസ്ലിം ആധിപത്യമുള്ള ഒരു രാജ്യത്തിൽനിന്നുള്ള ഒരു ക്രിസ്ത്യൻ; ഒരു തകർന്ന വിവാഹജീവിതത്തിന്റെ ശേഷിപ്പായ സന്തതി; അമേരിക്കയിലെ ലെബനീസ് കുടിയേറ്റക്കാരൻ; ഭൗതികവാദം മുറ്റിനിൽക്കുന്ന ഒരു സമൂഹത്തിലെ കലാകാരൻ; അവിടെയെല്ലാം ജിബ്രാൻ എന്നും അപരിചിതത്വവും അന്യതാബോധവും അനുഭവിച്ചു; സ്വദേശികളായ അമേരിക്കൻ ജനതയ്ക്കിടയിൽ മാത്രമല്ല; കുടിയേറ്റക്കാരായ സ്വന്തം നാട്ടുകാർക്കും ബന്ധുക്കൾക്കും ഇടയിലും ജിബ്രാൻ ഒറ്റപ്പെട്ടവനും അപരിചിതനുമായി നിലകൊണ്ടു. കുടിയേറ്റക്കാരനാകുന്നത് തന്നെ അപരിചിതത്വം വാഗ്ദാനം ചെയ്യുന്ന അവസ്ഥയാണ്; പക്ഷേ, ഒരു പരദേശിയായ ബോധാത്മക കവിയായി ജീവിക്കുക എന്നത് മൂന്നിരട്ടി ഒറ്റപ്പെടലും അപരിചിതത്വവും അനുഭവിക്കുന്ന അവസ്ഥയാണ്. ഭൂമിശാസ്ത്രപരമായ അകൽച്ചയ്‌ക്കൊപ്പം വ്യവസ്ഥാനുരൂപമായ സമൂഹത്തിൽനിന്നും ലൗകികമായ ഇടങ്ങളിൽനിന്നുമുള്ള അകൽച്ച ജിബ്രാനെ സാരമായി ബാധിച്ചിരുന്നു. ജിബ്രാൻ പലപ്പോഴും മൂന്ന് തലത്തിലുള്ള മോഹം പുലർത്തിയിരുന്നു: - ജന്മനാടിനുവേണ്ടിയുള്ള ദാഹം; അല്പംകൂടി സഹിഷ്ണുതയും നീതിബോധവും പുലർത്തുന്ന ഒരു സമൂഹം; ഉൽക്കൃഷ്ടത പുലർത്തുന്ന ഒരു ആധ്യാത്മിക ഐക്യം'.

ജിബ്രാന്റെ പ്രണയവും സ്ത്രീകളും എന്ന അഞ്ചാമധ്യായം, അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കൊടുങ്കാറ്റുവീശി കടന്നുപോയ എത്രയെങ്കിലും സ്ത്രീകളെയും അവരിൽ ചിലരോടെങ്കിലും ജിബ്രാൻ സൃഷ്ടിച്ച പ്രണയബന്ധങ്ങളെയും കുറിച്ചെഴുതുന്നു. പ്രവാചകനിൽ, അൽമുസ്തഫയോട് അൽമിത്ര ആദ്യം അപേക്ഷിക്കുന്നതുതന്നെ സ്‌നേഹത്തെക്കുറിച്ചു പറയാനാണ്. സ്‌നേഹം പ്രണയവുമാണ്. ജിബ്രാൻ എഴുതുന്നു:

'Love gives naught but itself and takes naught but from itself.
Love possesses not nor would it be possessed;
For love is sufficient unto love.
When you love you should not say, 'God is in my heart,' but rather, 'I am in the heart of God'.
And think not you can direct the course of love, for love, if it finds you worthy, directs your course.
Love has no other desire but to fulfil itself.
But if you love and must needs have desires, let these be your desires:
To melt and be like a running brook that sings its melody to the night.
To know the pain of too much tenderness.
To be wounded by your own understanding of love,
And to bleed willingly and joyfully.
To wake at dawn with a winged heart and give thanks for another day of loving;
To rest at the noon hour and meditate love's ecstasy;
To return home at eventide with gratitude;
And then to sleep with a prayer for the beloved in your heart and a song of praise upon your lips'.

പ്രണയത്തെക്കുറിച്ചുള്ള ജിബ്രാന്റെ ഏറ്റവും തീഷ്ണമായ വാക്കുകളുള്ളത് വിവാഹത്തെക്കുറിച്ചുള്ള ഭാഷണത്തിലാണ്.

'Love one another, but make not a bond of love;
Let it rather be a moving sea between the shores of your souls.
Fill each other's cup but drink not from one cup.
Give one another of your bread but eat not from the same loaf.
Sing and dance together and be joyous, but let each one of you be alone,
Even as the strings of a lute are alone though they quiver with the same music.
Give your hearts, but not into each other's keeping.
For only the hand of Life can contain your hearts.
And stand together yet not too near together:
For the pillars of the temple stand apart,
And the oak tree and the cypress grow not in each other's shadow'.

സ്‌നേഹത്തെയും പ്രണയത്തെയും കുറിച്ചുള്ള ഈ വാക്കുകൾ സാർഥകമാക്കി ജിബ്രാനു വേണ്ടി ജീവിച്ചുമരിച്ച അമ്മ കാമില, സഹോദരിമാരായ സുൽത്താന, മരിയാന എന്നിവർതൊട്ട് ആദ്യകാമുകി സൽമാ കറാമി, ജിബ്രാന്റെ കലാജീവിതം സർഗാത്മകമാക്കിയ പ്രണയിനി മേരി എലിസബത്ത് ഹാസ്‌കൽ, കവിയും കാമുകിയുമായിരുന്ന ജോസഫൈൻ പ്രിസ്റ്റൺ പി സൊഡി, ജിബ്രാന്റെ ആജീവനാന്ത സെക്രട്ടറി ബാർബറായങ്, കുറഞ്ഞൊരുകാലം ജിബ്രാനുമായി ആത്മബന്ധം സ്ഥാപിച്ച എമിലി മിഷെൽ, പത്തൊൻപതുവർഷം തീവ്രമായി തമ്മിൽ പ്രണയിച്ചിട്ടും ഒരിക്കൽപോലും നേരിൽ കാണാതിരുന്ന മെയ് സിയാദ്... ജിബ്രാന്റെ സ്ത്രീകൾ അദ്ദേഹത്തിന്റെ അപരജീവിതങ്ങളായിരുന്നു.

ആറാമധ്യായം ജിബ്രാന്റെ പ്രധാന കൃതികളുടെ ചെറുനിരൂപണങ്ങളാണ്. അറബി, ഇംഗ്ലീഷ് ഭാഷകളിൽ അദ്ദേഹമെഴുതിയ വിഖ്യാതങ്ങളായ രചനകൾ. ലേഖനങ്ങൾ. കഥകൾ. കവിതകൾ. നോവലുകൾ. വിവിധ സാഹിത്യസംഘടനകളിലെ അംഗത്വം. വിവിധ പത്രമാസികകളുമായുള്ള ബന്ധം...

1905-18 കാലത്ത് പ്രസിദ്ധീകരിച്ച ജിബ്രാന്റെ അറബിസാഹിത്യകൃതികൾ ആ ഭാഷയിലെ സാഹിത്യഭാവുകത്വത്തെ വഴിതിരിച്ചുവിട്ടു. മിഖായേൽ നെയ്മി, അമീൻ റിഹാനി എന്നിവരുമായിച്ചേർന്ന് ജിബ്രാൻ സൃഷ്ടിച്ച സാംസ്‌കാരികവിപ്ലവം അറബിസാഹിത്യത്തിൽ ആധുനികതാപ്രസ്ഥാനത്തിനു ജന്മം നൽകി.

1918 മുതലാണ് ഇംഗ്ലീഷ് കൃതികൾ അദ്ദേഹം പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. പ്രസാധകൻ ആൽഫ്രഡ് നോഫുമായുള്ള സൗഹൃദം ജിബ്രാന്റെ പ്രശസ്തി ലോകമെങ്ങും വ്യാപിക്കാൻ വഴിയൊരുക്കി. ദ സെവൻ ആർട്‌സ് എന്ന മാസികയും റോബർട്ട് ഫ്രോസ്റ്റ് ഉൾപ്പെടെയുള്ളവരുമായുള്ള ബന്ധം ഇതിനു വലിയ പങ്കുവഹിച്ചു. Nymphs of the Valley (1906), Spirits Rebellious (1908), Broken wings (1912), A Tear and a smile (1914), The Madman (1918), The Procession (1919), Foreruner (1920), The Prophet (1923), Sand and Foam (1926), Jesus, the son of Man (1928), Earth Gods (1931), The Wanderer (1932), Secrets of the heart (1947) എന്നീ കൃതികളുടെ സംക്ഷിപ്ത നിരൂപണം ജോളി വർഗീസ് നടത്തുന്നു.

1931ൽ ജിബ്രാൻ മരിച്ചു. അമിത മദ്യപാനം മൂലമുണ്ടായ കരൾരോഗമായിരുന്നു കാരണമെന്നു പറയപ്പെടുന്നു. അദ്ദേഹത്തിന്റെ മൃതദേഹം ന്യൂയോർക്കിൽ നിന്ന് കപ്പൽമാർഗം ലെബനോണിലേക്കു കൊണ്ടുപോയി, ജന്മനാടായ ബിഷേറിയിൽ മലഞ്ചെരിവിലുള്ള ഒരു സന്യാസിമഠം വിലക്കുവാങ്ങിയ അവിടെ സംസ്‌കരിച്ചു.

ഖലീൽ ജിബ്രാന്റെ കലയും ചിന്തയും കാലവും ജീവിതവും ഹ്രസ്വമായാണെങ്കിലും സമഗ്രമായി പഠനവിധേയമാക്കുന്ന ആദ്യ മലയാളപുസ്തകമാണിതെന്നു തോന്നുന്നു. ആണെങ്കിലും അല്ലെങ്കിലും, എഡിറ്റർമാരില്ലാത്ത മലയാളപുസ്തകപ്രസാധനരംഗത്തെ മറ്റൊരു പതിവുദുരന്തമായി മാറുന്നു, ഇതിലെ ഗുരുതരമായ ഭാഷാപിഴവുകളും വികലപ്രയോഗങ്ങളും.

പുസ്തകത്തിൽനിന്ന്:-

'നസ്രേത്തിലെ സൂസന്ന, യേശുവിന്റെ അമ്മ മേരി, തന്റെ മകന്റെ മരണം പെട്ടെന്ന് സംഭവിക്കണമെന്ന് പ്രാർത്ഥിച്ച് കുരിശിനരികിൽ നിൽക്കുന്ന ചിത്രം ഇങ്ങനെ അവതരിപ്പിക്കുന്നു: 'പ്രഭാതത്തിൽ അവൾ ഞങ്ങൾക്കിടയിൽ നിൽക്കുകയായിരുന്നു. വിജനപ്രദേശത്ത് നിൽക്കുന്ന ഒറ്റപ്പെട്ട പതാകപോലെ'. സ്ത്രീത്വത്തെക്കുറിച്ചുള്ള ജിബ്രാന്റെ ആദരവും അത്ഭുതവും നിറഞ്ഞ വികാരം ജിബ്രാൻ ഇവിടെയും പ്രകടിപ്പിക്കുന്നു; 'സ്ത്രീകൾ എന്നും ഗർഭപാത്രവും തൊട്ടിലുമായിരിക്കും ഒരിക്കലും ശവക്കല്ലറയല്ല'.

നിരവധി സ്ത്രീ സുഹൃത്തുക്കൾ ഉള്ളവനായിട്ടാണ് യേശുവിനെ, ജിബ്രാൻ അവതരിപ്പിച്ചിരിക്കുന്നത്. യേശുവും മഗ്ദലന മറിയവും തമ്മിലുള്ള സുഹൃത്ബന്ധത്തിന്റെ ചിത്രീകരണം സാഹിത്യത്തിലെ അതിമനോഹരവും ഹൃദയസ്പർശിയുമായ വിവരണമാണ്. മഗ്ദലന മറിയത്തോടുള്ള യേശുവിന്റെ സ്‌നേഹവും വാത്സല്യവും സ്വഭാവരൂപവൽക്കരണത്തിന്റെയും രൂപാന്തരീകരണത്തിന്റെയും നിഴൽ പതിഞ്ഞ ചിത്രമാണ്. മഗ്ദലന മറിയം ഈ കൃതിയിൽ, മൂന്ന് ചെറിയ കുറിപ്പുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

മനുഷ്യപുത്രനുമായുള്ള അവളുടെ പ്രഥമ കൂടിക്കാഴ്ചയുടെ ചിത്രം ഇങ്ങനെ ആണ്, 'എന്റെ ഉദ്യാനത്തിനപ്പുറം സൈപ്രസ് മരത്തിന്റെ തണലിൽ അവൻ ഇരിക്കുന്നത് ഞാൻ ജാലകത്തിലൂടെ കണ്ടു. കല്ലിൽ കൊത്തിവച്ചപോലെ അവൻ നിശ്ചലനായിരുന്നു. അന്തിയോക്ക്യയിലെയും മറ്റ് വടക്കൻ നാടുകളിലെയും ശിലാരൂപങ്ങൾപോലെ'.

അവനെ നോക്കിനില്‌ക്കെ, എന്റെ ആത്മാവ് പിടച്ചു. അവൻ അതിസുന്ദരനായിരുന്നു. മേരി അവളുടെ സുഗന്ധം പൂശിയ വസ്ത്രങ്ങളും റോമാക്കാരനായ കപ്പിത്താൻ സമ്മാനിച്ച സ്വർണവർണപാദുകങ്ങളുമായി അവനെ സമീപിച്ചു. അപ്പോൾ അവൻ എന്നെ നോക്കി പറഞ്ഞു, നിനക്ക് അനേകം കാമുകന്മാരുണ്ട്. പക്ഷേ, ഞാൻ മാത്രം നിന്നെ സ്‌നേഹിക്കുന്നു; നിന്റെ പൂർണസ്വത്വത്തിൽ സ്‌നേഹിക്കുന്നു. മറ്റ് പുരുഷന്മാർ, അവരുടെ ആയുസ്സിനെക്കാൾ വേഗത്തിൽ പൊലിയുന്ന നിന്നിലെ സൗന്ദര്യമാണല്ലോ കാണുന്നത്. എന്നാൽ മാഞ്ഞ് പോകാത്ത ഒരു സൗന്ദര്യം ഞാൻ നിന്നിൽ ദർശിക്കുന്നു. നിന്റെ ജീവിതത്തിന്റെ ശരത്ക്കാലത്തിൽ കണ്ണാടിയിൽ നോക്കി പ്രതിച്ഛായ കാണാൻ ഭയക്കാത്ത സൗന്ദര്യമാണത്.

ഞാൻ മാത്രം നിന്നിലെ കാണപ്പെടാത്ത നിന്നെ സ്‌നേഹിക്കുന്നു.

അവൻ നടന്ന് പോയപ്പോൾ മേരിക്ക് 'മറ്റൊരു പുരുഷനും ആവിധം നടക്കുന്നതായി കണ്ടിട്ടില്ല' എന്നും, 'പൂർവദിക്കിലേക്ക് ഒഴുകുന്ന എന്റെ ഉദ്യാനത്തിന്റെ നിശ്വാസമാണോ, അതോ സകലതിനെയും വേരോടെ ഉലയ്ക്കുന്ന കൊടുങ്കാറ്റാണോ?' ആ നടത്തം എന്നും അത്ഭുതപ്പെട്ടു.

യേശു 'ഒരു മഹാകവി' ആണെന്നുള്ള ജിബ്രാന്റെ വിശ്വാസം അനുസരിച്ച് ജിബ്രാൻ യേശുവിനെ 'ഹായ്.... അവൻ ഒരു കവി ആയിരുന്നു; അവന്റെ ഹൃദയം ഉയരങ്ങൾക്കപ്പുറമുള്ള ഒരു വള്ളിക്കുടിലിൽ വസിക്കുന്നു'. അവസാന ഭാഗത്തെ ലെബനോനിൽനിന്നും ഒരാൾ എന്ന കവിതയിൽ 

'മഹാകവേ ഗായകാ
ഉദാരഹൃദയമേ
ഞങ്ങളുടെ ദൈവം
നിന്റെ നാമത്തെ അനുഗ്രഹിക്കട്ടെ.
നിന്നെ പേറിയ ഗർഭപാത്രത്തെയും
നിന്നെ പാലൂട്ടിയ സ്തനങ്ങളെയും
അനുഗ്രഹിക്കട്ടെ.
ദൈവം ഞങ്ങളോടെല്ലാം
പൊറുക്കുകയും ചെയ്യട്ടെ'
എന്ന് എഴുതിയിരിക്കുന്നു.

ജിബ്രാന്റെ യേശു മരണത്തിലേക്ക് സ്വന്തം ഇച്ഛാപ്രകാരം നടന്നവനാണ്. 1914-ൽ ആ അഭിപ്രായം ജിബ്രാൻ മേരി ഹാസ്‌ക്കലിനോട് പറയുകയുണ്ടായി. 'യേശു മരിക്കാൻ ആഗ്രഹിച്ചു; ക്രൂശിക്കപ്പെടാൻ ആഗ്രഹിച്ചു-അതൊരു സ്‌നേഹപ്രകാശനം ആയിരുന്നു; അവനെ തൃപ്തിപ്പെടുത്തുന്ന ഒരേയൊരു സ്‌നേഹപ്രകടനം. ഡാക്യുസ് യേശുവിന്റെ ഭാഗധേയത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു, അവൻ ഇച്ഛിച്ചിരുന്നെങ്കിൽ അവൻ ക്രൂശിത മരണത്തിൽനിന്ന് രക്ഷപ്പെടുമായിരുന്നു; പക്ഷേ, അവൻ സുരക്ഷിതത്വം ഇച്ഛിച്ചില്ല. ഒരു അദൃശ്യദേവാലയം നിർമ്മിക്കാൻ സ്വയം മൂലക്കല്ലായി മാറണമെന്ന് അവന് അറിയാമായിരുന്നു അവന്റെ മരണം ഒരു വിജയമായി ആഘോഷിക്കപ്പെടുന്നു'.

യേശുവിന്റെ മരണത്തിനുശേഷം റോമിലേക്ക് മടങ്ങിപ്പോയ പീലാത്തോസ്, 'തന്റെ ഭാര്യ ഒരു ദുഃഖപുത്രിയായി' തീർന്നു എന്ന് മനസ്സിലാക്കുന്നു. 'അവൾ യേശുവിനെക്കുറിച്ച് റോമിലെ മറ്റ് സ്ത്രീകളോട് ധാരാളമായി സംസാരിക്കുന്നു'. പീലാത്തോസ് ജെറുശലേമിലെ തന്റെ വിധി തീർപ്പിനെക്കുറിച്ച് സ്വയം ചോദ്യം ചെയ്തു തുടങ്ങി. പീലാത്തോസിന്റെ ഭാര്യ മറ്റൊരു കുറിപ്പിൽ, യേശുവിനെ ദർശിച്ചതിനുശേഷം 'ദൈവത്തിന്നരികിലൂടെ കടന്നുപോയി' എന്ന് മനസ്സിലാക്കുന്നതായും പറയുന്നു. അന്നുമുതൽ 'അവന്റെ വാക്കുകൾ എന്റെ രാത്രികളുടെ നിശ്ചലതയിൽ മുഴങ്ങുന്നു'.

ക്ലോഡിയസ് എന്ന റോമൻ കാവൽഭടന്റെ വാക്കുകളിലാണ് മരണത്തെ അഭിമുഖീകരിച്ച യേശുവിന്റെ, ചിത്രവും ആഭിജാത്യവും കുലീനതയും ഏറ്റവും ശക്തമായി തെളിഞ്ഞു കാണപ്പെടുന്നത്. 'ഞാൻ ഗലീലായിലും സ്‌പെയിനിലും പട നയിച്ചിട്ടുണ്ട്. എന്റെ സൈനികരോടൊപ്പം മരണത്തെ അഭിമുഖീകരിച്ചിട്ടുണ്ട്. പക്ഷേ, ഞാനൊരിക്കലും ഭീരുവായിരുന്നില്ല; പക്ഷേ ആ മനുഷ്യന്റെ മുമ്പിൽ നിന്നപ്പോൾ അവൻ എന്നെ നോക്കിയപ്പോൾ ഞാൻ പരാജിതനായി. എന്റെ ചുണ്ടുകൾ മുദ്രിതങ്ങളായി. എനിക്കൊരു വാക്കുപോലും ഉരിയാടാൻ കഴിയാതായി'.

ജിബ്രാൻ കൃതികളിലെ ഏറ്റവും കരുത്തുറ്റ ആത്മീയ തത്വങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന മഹത്തായ കൃതി. നിരവധി വർഷങ്ങൾകൊണ്ട് പൂർത്തിയാക്കിയ ഈ കൃതിയുടെ ശൈലിയും മികച്ചതാണ്. യേശുവിനെക്കുറിച്ചുള്ള തത്വജ്ഞാനവും ആത്മീയതയും തുളുമ്പുന്ന അഭിപ്രായപ്രകടനങ്ങൾ.

വേദപുസ്തകവാക്യങ്ങളും ജിബ്രാന്റെ ആശയങ്ങളും വേർതിരിച്ചെടുക്കാനാകാത്തവിധം ഇഴചേർത്ത് നെയ്തിരിക്കുന്നതിനാൽ അവയെ ഇനം തിരിച്ച് അറിയാനാകില്ല. ക്രിസ്തുമതത്തെക്കുറിച്ചുള്ള തന്റെ അറിവ് ഏതൊരു ബിഷപ്പിനെക്കാളും പുരോഹിതനെക്കാളും അഗാധമാണെന്ന് ജിബ്രാൻ തെളിയിച്ചിരിക്കുന്നു. ഉദാത്തമായ ഭാവനയും കാൽപ്പനികതയും കാവ്യാത്മകതയും നിറഞ്ഞ കൃതി.

യേശുവിനെക്കുറിച്ചുള്ള ദർശനങ്ങളിൽ, ലോകം ദർശിച്ചതിൽ ഏറ്റവും ശക്തമായ ദർശനം.

'നിദ്രയെക്കാൾ അഗാധമായ ഗാഢനിദ്രയിലും, പ്രഭാതത്തെക്കാൾ പ്രശാന്തമായ പ്രഭാതത്തിലും അളവറ്റതും എണ്ണമറ്റതുമായ പുരുഷന്മാരും സ്ത്രീകളും കണ്ട ഒരു സ്വപ്നമാണ് അവൻ എന്ന് എനിക്ക് തോന്നാറുണ്ട്' എന്ന് ജിബ്രാൻ പറയുമ്പോൾ നമ്മളും അതിന്റെ സാധ്യതയെക്കുറിച്ച് ചിന്തിക്കുന്നു.

മറ്റൊരു വാചകത്തിൽ 'അവൻ മരിച്ചവരെ ഉയർപ്പിച്ചു എന്നു ചിലർ പറയുന്നു; മരണം എന്താണെന്ന് നിങ്ങൾക്ക് എന്നോട് പറയാനാകുമെങ്കിൽ, അപ്പോൾ ജീവിതം എന്താണെന്ന് ഞാൻ നിങ്ങളോട് പറയാം' എന്ന് എഴുതുമ്പോൾ അത് മറ്റൊരു തത്വശാസ്ത്രം ആകുന്നു.

'നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്‌നേഹിക്കണം' എന്ന വേദപുസ്തകവാക്യത്തിന്റെ മറ്റൊരു വിശകലനവാക്യം:

'നിന്റെ അയൽക്കാരൻ, ഒരു മതിലിനപ്പുറത്ത് വസിക്കുന്ന നിന്റെ മറ്റൊരു സ്വത്വം മാത്രമാണ്. അന്യോന്യം മനസ്സിലാക്കുമ്പോൾ എല്ലാ മതിലുകളും തകർന്ന് വീഴും. ആർക്കറിയാം. ഒരുപക്ഷേ, നിന്റെ അയൽക്കാരൻ നിന്റെ നന്മയേറിയ സ്വത്വത്തെ മറ്റൊരു ശരീരത്തിൽ ഉൾക്കൊള്ളുന്നവനായിരിക്കാം. അതുകൊണ്ട് നീ, നിന്നെത്തന്നെ സ്‌നേഹിക്കുന്നതുപോലെ അവനെയും സ്‌നേഹിക്കണം'.

മറ്റൊരു ജീവിതസത്യം കൂടി വെളിപ്പെടുത്തുന്നു.

'ഓർക്കുക; ഒരു കള്ളൻ, ആവശ്യത്തിനായി ഉഴലുന്ന ഒരു മനുഷ്യനാണ്; നുണ പറയുന്നവൻ ഭീതിയിലകപ്പെട്ടവനാണ്; രാത്രികളിലെ നിങ്ങളുടെ കാവൽക്കാരൻ വേട്ടയാടുന്ന, ഒരു വേട്ടക്കാരൻ അവന്റെ സ്വന്തം അന്ധകാരത്തിന്റെ കാവൽക്കാരനാൽ വേട്ടയാടപ്പെടുന്നു'.

ജിബ്രാന്റെ ഹൃദയത്തോടു ഏറ്റവും ചേർന്നുനിൽക്കുന്ന ഈ കൃതി എഴുതപ്പെടാൻ രണ്ട് പതിറ്റാണ്ടുകളുടെ തയ്യാറെടുപ്പ് വേണ്ടിവന്നു. ഈ കൃതി ജിബ്രാന്റെ ഏറ്റവും ദൈർഘ്യമേറിയ പുസ്തകമാണ്. യേശുവിനെ സ്‌നേഹിക്കുന്നവരുടെയും വെറുക്കുന്നവരുടെയും വിശ്വസിക്കുന്നവരുടെയും സംശയിക്കുന്നവരുടെയും പരിഹസിക്കുന്നവരുടെയും വാഴ്‌ത്തുന്നവരുടെയും വിലയിരുത്തലുകളിലൂടെ യേശു മനുഷ്യനിലെ ഉദാത്ത ഭാവത്തിന്റെ പ്രതിരൂപമാകുന്നു. മതങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരു മഹാവ്യക്തിത്വത്തെ ജിബ്രാൻ തന്റെ കല്പനാവൈഭവത്തിലൂടെ അവതരിപ്പിക്കുമ്പോൾ, അവൻ 'മനുഷ്യപുത്രനായ യേശു' ആകുന്നു'.

ഖലീൽ ജിബ്രാൻ
ജോളി വർഗീസ്
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
2019, 130 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP