Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202226Sunday

കഥയിൽ ഒരു കാലഭൂപടം

കഥയിൽ ഒരു കാലഭൂപടം

ഷാജി ജേക്കബ്‌

പ്രത്യയശാസ്ത്രങ്ങൾക്ക് ധ്രുവാന്തരവൈരുധ്യമുള്ള രണ്ടു വിധികളുണ്ട്. അവയുടെ മൂർത്തമായ പ്രയോഗത്തിന്റെ ജൈവകാലത്തും ജഡതുല്യമായ ഗൃഹാതുരതയായി മാറുന്ന പിൽക്കാലത്തും. ഇന്ത്യൻ, കേരളീയ സന്ദർഭത്തിൽ മാർക്‌സിസം-ലെനിനിസത്തിനു കൈവന്ന ഈ ജന്മാന്തരങ്ങളുടെ സാഹിത്യപാഠങ്ങൾ നിരവധിയാണ്. 1960കളിലും 70കളിലും വിയറ്റ്‌നാം കാടുകൾ മുതൽ വയനാടൻ കാടുകൾ വരെയും നക്‌സൽബാരി മുതൽ കോളേജ് കാമ്പസുകൾ വരെയും കവിതയും സിനിമയും ചുവരെഴുത്തും തെരുവുനാടകവുമായി എത്രയെങ്കിലും ഭാവരൂപപദ്ധതികളിൽ ഈ സ്വാധീനം പ്രകടമായി! പിൽക്കാലത്താകട്ടെ, 'ആധുനികതയുടെ ചുവന്നവാൽ' അതിന്റെ ഗൃഹാതുര ജഡജീവിതം തിരിച്ചുപിടിക്കുന്ന ധാരാളം രചനകളും മലയാളത്തിലുണ്ടാകുന്നുണ്ട്. ഒരേസമയം കുമ്പസാരങ്ങളും കുറ്റപത്രങ്ങളുമായി. ഒ.വി. വിജയൻ മുതൽ എം. സുകുമാരൻ വരെയും പി.കെ. നാണു മുതൽ കെ.ജെ. ബേബി വരെയും ഇ. സന്തോഷ്‌കുമാർ മുതൽ എസ്. ഹരീഷ് വരെയും പങ്കിടുന്ന ഈ ഗൃഹാതുരമാർക്‌സിസത്തിന്റെ പല പല മാതൃകകൾ അവതരിപ്പിക്കപ്പെടുന്ന ശ്രദ്ധേയമായ ചെറുകഥാസമാഹാരമാണ് കെ.യു. ജോണിയുടെ 'ഐരാവതിയിലെ കല്ലുകൾ'.

          മാർക്‌സിസത്തിന് ലെനിനിസത്തിലും മാവോയിസത്തിലും കൂടി കൈവന്ന തീവ്ര രാഷ്ട്രീയപ്രയോഗങ്ങൾക്ക് അരനൂറ്റാണ്ടു മുൻപ് കൈവന്ന വികല്പങ്ങൾക്കൊപ്പം നിന്നെഴുതപ്പെട്ട രചനകളുമുണ്ട് ഈ പുസ്തകത്തിൽ. മറ്റൊരർഥത്തിൽ പറഞ്ഞാൽ കഴിഞ്ഞ അരനൂറ്റാണ്ടിന്റെ മലയാളകഥയുടെ രാഷ്ട്രീയചരിത്രങ്ങളിലൊന്നിന്റെ രേഖാപാഠങ്ങളും 70കളുടെ വർഗ-ഉന്മൂലന രാഷ്ട്രീയസങ്കല്പങ്ങൾ തിടംവച്ചു നിൽക്കുന്ന താൻപോരിമകളുടെ തിരിച്ചുപിടിക്കലുകളുമാണ് ഈ രചനകൾ. ഒരുപകുതി കഥകൾ ഈയൊരു ഭാവുകത്വത്തെ പിൻപറ്റുമ്പോൾ മറുപകുതി കഥകൾ 70കളിലാരംഭിക്കുന്ന ക്ഷുഭിതയൗവനത്തിന്റെ ജൈവകാമനകളുടെ പ്രാണസംഘർഷങ്ങൾക്കു കയ്യൊപ്പ് ചാർത്തുന്ന രചനകളാണ്.

          ഒട്ടാകെ 37 കഥകൾ. 1971ലെഴുതിയ 'ജറുസലേമിന്റെ കവാടങ്ങൾ അകലെയാണ്' എന്ന രചനയ്‌ക്കൊപ്പം, 70കളിലെ രാഷ്ട്രീയസ്വപ്നങ്ങളെ അരനൂറ്റാണ്ടിനുശേഷവും പുനരാനയിക്കുന്ന നിരവധി കഥകൾ ഈ സമാഹാരത്തിലുണ്ട്. അസാധാരണമായ ഒരു സ്വത്വപ്രതിസന്ധിയിൽ പെട്ട് മൂന്നുപതിറ്റാണ്ടിലധികം കാലം കഥകളെഴുതാൻ കഴിയാതിരുന്ന ജോണി, 2005 മുതലുള്ള ഒന്നരപതിറ്റാണ്ടിലെഴുതിയതാണ് ഈ സമാഹാരത്തിലെ രണ്ടു കഥകളൊഴികെ എല്ലാം. വായിച്ചുകൂട്ടിയ പുസ്തകങ്ങളും വിധിച്ചുകിട്ടിയ ജീവിതവും തമ്മിലുള്ള അപാരമായ വൈരുധ്യങ്ങളിൽ അകപ്പെട്ട്, കഥകളാകാതെ തിളച്ചുമറിഞ്ഞ അകംലോകങ്ങളെക്കുറിച്ചുള്ള കുമ്പസാരങ്ങളാകുന്നു ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ ഈ സമാഹാരത്തിന്റെ സൗന്ദര്യരാഷ്ട്രീയത്തെ നിർണയിക്കുന്നത്. ഇത്തരമൊരു ധർമ്മസങ്കടം മലയാളത്തിൽ മറ്റൊരെഴുത്തുകാരനിൽ കണ്ടിട്ടില്ല. 70കളിലെ തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചപ്പോൾതന്നെ പൊലീസ് ഓഫീസറായി ജോലി കിട്ടി ഭരണകൂടത്തിന്റെ ഭാഗമാകേണ്ടിവന്ന ഒരു വ്യക്തി മൂന്നുപതിറ്റാണ്ടുകാലം ദമനം ചെയ്ത ഭാവജീവിതം ഭൂതകാലത്തേക്കു നീട്ടിവരച്ച രക്തരേഖയാകുന്നു 'ഐരാവതിയിലെ കല്ലുകൾ'.

 

ഒരേകാലത്തു പുറത്തുവന്ന 'കാല'വും 'ഖസാക്കും' പ്രതിനിധാനം ചെയ്ത തികച്ചും വിരുദ്ധങ്ങളായ ആധുനികതാവാദ ലാവണ്യങ്ങളുടെയും അസ്തിത്വവാദപരമായ ജീവിതബോധത്തിന്റെയും പാലക്കാടിന്റെ സാംസ്‌കാരിക ഭൂമിശാസ്ത്രത്തിന്റെയും രാഷ്ട്രീയാധുനികതയിലേക്കുള്ള പറിച്ചുനടലാണ് ജോണിയുടെ കഥാഭൂമിക. 'ജറുസലേം' തൊട്ടുള്ള ഏതു രചനയും ഇതിനു സാക്ഷ്യം വഹിക്കും. ചില പിൽക്കാല കഥകളിൽ ടി.ആർ, കോവിലൻ, വി.കെ.എൻ, കാക്കനാടൻ, ആനന്ദ് തുടങ്ങിയവരുടെ ആഖ്യാനശൈലികൾ ഓർമ്മിപ്പിക്കുംവിധം പരന്നുമുന്നേറുകയും ചെയ്യുന്നു ജോണിയുടെ കഥനകല. എഴുപതുകളിലെ രാഷ്ട്രീയാന്തരീക്ഷത്തിന്റെ വയനാടൻ ചൂരും പാലക്കാടൻ ചൂടും മാത്രമല്ല അസ്തിത്വവാദത്തിന്റെ ആന്തരവ്യവസ്ഥയും ഗദ്യകവിതയുടെ ഘടനയും ആത്മഭാഷണത്തിന്റെ രീതിയും ഒരൊറ്റ സംഭവത്തിലോ സന്ദർഭത്തിലോ അനുഭവത്തിലോ വ്യക്തിയിലോ ക്രിയയിലോ ഊന്നുന്ന ആഖ്യാനവും പലനിലകളിൽ കൂടിക്കുഴയുന്ന ജോണിയുടെ കഥകളിൽ ആദ്യന്തം പ്രകടമാകുന്ന കലാസ്വഭാവം പലതരം വൈരുധ്യങ്ങളുടെ സമന്വയമാണ്. വയനാട്ടിൽ നിന്ന് പാലക്കാട്ടേക്കുള്ള യാത്രകളും കൂടുവിട്ടു കൂടുമാറലുമാണല്ലോ ഈ കഥകളുടെയും അവയുടെ ഭാവിതകാലത്തിന്റെയും പശ്ചാത്തലങ്ങളിൽ പ്രധാനം. ഈ സ്ഥലഭൂമികകൾ തമ്മിൽ പുലർത്തുന്ന കാലാവസ്ഥാവ്യത്യാസംപോലെയാണ് ജോണിയുടെ രചനകളിലെ ആന്തരസംഘർഷങ്ങളുടെ തിളനില.

പുസ്തകങ്ങളും സിനിമകളും സൗഹൃദങ്ങളും നൽകിയ രാഷ്ട്രീയജീവിതവും ഔദ്യോഗികവൃത്തി നൽകിയ രാഷ്ട്രീയമരണവും തമ്മിലുള്ള വൈരുധ്യമായി അതവസാനിക്കുന്നില്ല. അസ്തിത്വവാദപരമായ ആധുനികതയുടെ വിപര്യയങ്ങൾക്കൊപ്പം പല കഥകളും അതികാല്പനികമായ ജീവിതബദ്ധതയെ മുറുകെപ്പുണരുന്നു. കാവ്യാത്മക ഗദ്യത്തിന്റെ ഭാവബന്ധുരത പിന്തുടരുമ്പോൾ തന്നെ വസ്തുനിഷ്ഠഗദ്യത്തിന്റെ പരാവർത്തനശൈലി സ്വാംശീകരിക്കുന്നു. ആത്മഭാഷണത്തിന്റെ കല കയ്യേൽക്കുമ്പോൾ തന്നെ സംഭാഷണങ്ങളുടെയും വിവരണങ്ങളുടെയും കലയിലും വ്യാപരിക്കുന്നു. കെട്ടുറപ്പുള്ള, ഒറ്റക്കമ്പിനാദം പോലുള്ള താളഘടന പരിപാലിക്കുമ്പോൾ തന്നെ ചിതറിയ ബിംബങ്ങളുടെ ഉടഞ്ഞ ഘടന വെളിപ്പെടുത്തുന്നു. മനുഷ്യകേന്ദ്രിതമായ ലോകബോധങ്ങൾ മുറുകെപ്പിടിക്കുമ്പോൾ തന്നെ മൃഗപക്ഷിപ്രാണികളും മത്സ്യങ്ങളും ചെറുസസ്യങ്ങളും മഹാതരുക്കളും നിറഞ്ഞ വനപ്രകൃതിയുടെ ജൈവസാന്നിധ്യം ഉറപ്പാക്കുന്നു. പുരുഷഭാവനക്കൊപ്പം സ്‌ത്രൈണചേതനയും നാട്ടുതനിമകൾക്കൊപ്പം കാട്ടുകാമനകളും വർത്തമാനകാലത്തിനൊപ്പം ഭൂതകാലബന്ധങ്ങളും കഥകളിൽ ഭാവവൈവിധ്യത്തിന്റെ മഴവില്ലു വിടർത്തുന്നു. മദയാനകളും കൊലയാനകളും കലമാനുകളും വേട്ടനായ്ക്കളും നിറഞ്ഞ ജന്തുലോകത്തിന്റെ ഒരു സമാന്തരവ്യൂഹം തന്നെയുണ്ട് ജോണിയുടെ കഥകളിൽ. കാപ്പിത്തോട്ടങ്ങളും മുളങ്കാടുകളും കബനിയും കാട്ടരുവികളും ചുരവും കാട്ടുപോത്തും ഉൾനാടൻ ഗ്രാമങ്ങളും വീട്ടിമരങ്ങളും കൊടുമുടികളും ചേറുമീനുകളും സൃഷ്ടിക്കുന്ന വയനാടിന്റെ ഭാവനാഭൂമിശാസ്ത്രം വേറെ. പ്രണയത്തിന്റെ ചെറുകാറ്റുകൾക്കൊപ്പം അഗമ്യഗമനത്തിന്റെ തീക്കാറ്റുകൾ. അധികാരത്തിന്റെ ബയനറ്റുകൾക്കൊപ്പം ഒളിപ്പോരിന്റെ മാരകസ്പന്ദനങ്ങൾ. ദുഃഖത്തിന്റെ കോടമഞ്ഞിനൊപ്പം നർമ്മത്തിന്റെ ചന്ദ്രിക... 'ഐരാവതിയിലെ കല്ലുകൾ' കഴിഞ്ഞ അരനൂറ്റാണ്ടിന്റെ മലയാളകഥയുടെ ഭാവുകത്വഭൂപടത്തെ അതിന്റെ അനന്തവൈവിധ്യങ്ങളിൽ വരച്ചിടുകയാണ്.

മൂന്നു വിഭാഗങ്ങളിൽ പെടുന്നവയാണ് ജോണിയുടെ കഥകൾ. ആത്മാനുഭവങ്ങളെന്ന നിലയിൽ തന്നെത്തന്നെ കഥയുടെ കേന്ദ്രത്തിൽ നിർത്തി ആഖ്യാനം ചെയ്യുന്നവയാണ് ഒരു വിഭാഗം. വയനാട്ടിലെ കാർഷികജീവിതവും വിക്‌ടോറിയ കോളേജിലെ രാഷ്ട്രീയജീവിതവുമാണ് മിക്ക കഥകളുടെയും പ്രമേയം. കൗമാര, യൗവനങ്ങളിലെ പ്രണയവും പ്രകൃതിയും രതിയും അഗമ്യഗമനങ്ങളും കുടുംബത്തിലെ താളംതെറ്റലുകളും രക്തബന്ധങ്ങളിലെ തിക്തകാണ്ഡങ്ങളും മാത്രമല്ല, പിൽക്കാല ദാമ്പത്യത്തിലെ സൂക്ഷ്മചിത്രങ്ങളുമൊക്കെ മാറിമാറിവരും വയനാടൻ ജീവിതത്തിൽ. മൂടൽമഞ്ഞുപോലെ അസ്തിത്വദുഃഖം ഇവയിലെല്ലാം പടർന്നുനിൽക്കും. ഇടയ്ക്കിടെ ഇളവെയിൽപോലെ നർമവും തലയെത്തിനോക്കും. ക്രിയകളുടെ ഗതിവേഗം ജോണി മാറിമാറി പരീക്ഷിക്കും. സ്ഥലകാലങ്ങളുടെ കൃത്യതക്കൊപ്പം അവയുടെ കുഴമറിച്ചിലും ജോണിയുടെ സമ്പ്രദായമാണ്. മൂർത്തരൂപം തേടുന്ന പ്രകൃതിബിംബങ്ങളുടെ തുടർസാന്നിധ്യമാണ് മിക്ക കഥകളിലും മാനുഷികതയെ പൂരിപ്പിക്കുന്നത്. കാല്പനികവും അകാല്പനികവും ലാവണ്യാത്മകവും വസ്തുനിഷ്ഠവുമായ കഥയെഴുത്തുകലകളെ ഒരേ ആർജ്ജവത്തോടെ ജോണി സമീപിക്കും. പറഞ്ഞല്ലോ, 1970കളിലെഴുതിയ രണ്ടു കഥകളും 2005നു ശേഷമെഴുതിയ 35 കഥകളുമാണ് ഈ സമാഹാരത്തിലുള്ളതെങ്കിലും കഴിഞ്ഞ അരനൂറ്റാണ്ടിന്റെ ഭാവപരിസരം ഇവയിലൊട്ടാകെ പടർന്നുകിടപ്പുണ്ട്. ഈ ഭാവപരിസരമെന്നത് സ്വന്തം ജീവിതത്തോടെന്നപോലെ ആ ജീവിതം പങ്കിട്ട മനുഷ്യരോടും ഇതര ചരാചരങ്ങളോടും അനുഭവങ്ങളോടും സ്ഥലകാലബദ്ധമായി കെട്ടുപിണഞ്ഞു കിടക്കുകയും ചെയ്യുന്നു.

'ആത്മഹത്യയുടെയും കൊലപാതകത്തിന്റെയും ഇടയിൽ പനിക്കോളിൽ അമർന്നുകിടന്ന ആ പഴയ വർഷകാലരാത്രികളെ വകഞ്ഞുമാറ്റി എനിക്കു പരിചിതമായ ആ പഴയ ഗന്ധം ഒരിക്കൽക്കൂടി തിരിച്ചെത്തി'യെന്ന് ജോണിയെഴുതിയത് 1971ലാണ്. ഒരുപതിറ്റാണ്ടിനുശേഷമാണ് ചുള്ളിക്കാടിന്റെ കവിതയിലൂടെ പക്ഷെ ഈ രൂപകം പ്രസിദ്ധമാകുന്നത്.

          ഒരു കൗമാരരതിഭംഗത്തിന്റെ കാരമുള്ളുപോലെ കുത്തിക്കയറുന്ന അനുഭവം പറയുന്ന ഈ കഥാഭാഗം വായിക്കൂ:

'മുട്ടിന് താഴെ വരെ സിംഗിൾ ബ്രെയ്ഡിൽ മെടഞ്ഞിട്ട മുടിയുടെ ഉടമസ്ഥ ആരാണ്?

          അവന്റെ പിന്നീലുടെ അവൾ ഊൺമേശയുടെ അരികിൽ വന്നപ്പോഴൊക്കെ പിന്നിയിട്ട മുടിയുടെ അറ്റം അവന്റെ കസേരക്കയ്യിൽ വന്നടിച്ചുകൊണ്ടിരുന്നു.

          മുടി മാത്രമേ കാണാൻ സാധിച്ചുള്ളു.

          അല്പനേരത്തേക്ക് അവന് വഴിതെറ്റി.

          പൊടുന്നനെ ബ്രൗൺ സഭാ വസ്ത്രങ്ങളും വെള്ള ശിരോവസ്ത്രവുമായി ലീലാമ്മ സിസ്റ്റർ പ്രത്യക്ഷപ്പെട്ടു!

          സുഖമാണോടാ? സിസ്റ്റർ ചോദിച്ചു.

          അവൻ തലയിളക്കി.

          ചാച്ചാ ഇവൻ എത്ര വലുതായിപ്പോയി!

          പിന്നിയിട്ട ഒരു നീളൻ മുടിയുടെ കരിം കറുപ്പ് ഉമ്മറ വാതിലിന്റെ പിന്നിൽ മിന്നി മറഞ്ഞു!

          ഇവനിപ്പം വല്യ പഠിപ്പുകാരനായിപ്പോയി, കുഞ്ഞേട്ടൻ പറഞ്ഞു.

          പണ്ടൊക്കെ ഇവിടെ വരുമ്പം ഈ മരത്തേക്കൂടിയൊക്കെ എന്തോരം കേറി നടന്നതാ, ലീലാമ്മ സിസ്റ്റർ പറഞ്ഞു.

          അതിനുള്ള മറുപടി ഒരുഗ്രൻ ചിരിയായി ഉമ്മറ വാതിൽ കടന്ന് അവന്റെ ചെവിയിൽ വന്നു കേറി!

ഇനിയിരുന്നാൽ ശരിയാവില്ല, അവന് തോന്നി.

          അയ്യോ, നേരം പോയി, ഞാൻ പോട്ടെ, അവൻ തിടുക്കം ഭാവിച്ച് പോകാനെണീറ്റു.

          ഇനി നിന്നെ എന്നു കാണും? സിസ്റ്റർ ചോദിച്ചു.

          വരാം, ഇതു പോലെ, വല്ലപ്പോഴുമൊക്കെ.

          അവൻ പെട്ടെന്ന് നിർത്തി!

          അതാ നിൽക്കുന്നു വാതിൽപ്പടിയിൽ അവന്റെ കണ്ണിലേയ്ക്ക് തന്നെ നോക്കിക്കൊണ്ട് അവൾ!

          ഒരു നിമിഷം അവന് പ്രജ്ഞ കൈവിട്ടു പോയി!

          എടാ ഒന്നു നിന്നേ, സിസ്റ്റർ ഒരു കടലാസ്സു കെട്ടുമായി പ്രത്യക്ഷപ്പെട്ടു. കുറച്ച് മെമന്റോസ് തന്നു വിടാനുണ്ട്.

          യേശുവിന്റെ ആ പുതിയ പരിവ്‌റാജികയെ അവൻ സൂക്ഷിച്ചു നോക്കി. ഇപ്പോൾ അവർ സിസ്റ്റർ നിവേദിതയാണ്. അവർ ഓർമ്മക്കാർഡുകളിൽ എഴുതി:

          കറിയാചിറ്റപ്പനും എളാമ്മയ്ക്കും സ്തുതി.

പീലി ചിറ്റപ്പനും എളാമ്മയ്ക്കും സ്തുതി.

പിന്നീട് ഒരടുക്ക് കാർഡുകളും കൊന്ത വെന്തിങ്ങ എന്നിവയുടെ രണ്ടു വലിയ കെട്ടുകളും അവന്റെ ട്രൗസർ പോക്കറ്റിലേക്ക് തള്ളിക്കേറ്റി. നടക്കുമ്പോൾ ആടിന്റെ അകിടുപോലെ രണ്ടു കീശകളും മത്സരിച്ചാടിക്കൊണ്ടിരുന്നു.

          ചിറ്റപ്പന്മാരുടെ വീട്ടീന്നൊന്നും ആരും വന്നില്ല. സാരമില്ല, നീ എല്ലാടത്തും കൊണ്ടുപോയി കൊടുത്താ മതി.

          അവരെയൊക്കെ ഞാൻ പ്രാർത്ഥനയിൽ പ്രത്യേകം ഓർക്കുന്നുണ്ടെന്നു പറയണം, സിസ്റ്റർ പറഞ്ഞു.

മുതുകുത്തിപ്പുഴ എത്തിയപ്പോൾ സൂര്യൻ പടിഞ്ഞാറ് താണിരുന്നു.

വെള്ളത്തിലേയ്ക്ക് ഒരഭയാർത്ഥിയെപ്പോലെ അവൻ ഓടിയിറങ്ങി.

ഇരുൾ പരക്കാൻ തുടങ്ങിയ പുഴയുടെ വിരിമാറിലൂടെ വെളുത്ത കാട്ടുപൂക്കൾ ഒഴുകി അകന്നുകൊണ്ടിരുന്നു.

          വീണ്ടും പരൽ മീനുകൾ കാലിൽ ഇക്കിളിയാക്കാൻ തുടങ്ങിയപ്പോൾ അവന്റെ പ്രാപഞ്ചിക ദുഃഖം എവിടെ നിന്നോ തിരികെയെത്തി.

          ഇരു കീശകളിലും കുത്തിനിറച്ച നിവേദിത സിസ്റ്ററുടെ ആത്മീയാംശങ്ങൾ നിറഞ്ഞ സ്‌തോത്ര ദ്രവ്യങ്ങൾ പുഴയുടെ ആഴം കൂടിയ കയങ്ങളിലേയ്ക്ക് നീട്ടിയൊരേറ് കൊടുത്തു!'.

          അപരാനുഭവങ്ങൾ എന്ന നിലയിൽ കഥയിൽനിന്ന് ഒരു ചുവട് മാറിനിന്നു പറയുന്നവയാണ് രണ്ടാം വിഭാഗം. വയനാട്ടിൽനിന്നുതന്നെയുള്ളവയാണ് ആത്മാനുഭവങ്ങൾക്കു പുറത്തുള്ള കഥകൾ മിക്കവയും. ഒന്നാന്തരം ജീവിതചിത്രങ്ങൾ. സൂക്ഷ്മസുന്ദരമായ പ്രകൃതിനിരീക്ഷണങ്ങൾ. മനുഷ്യഭാവങ്ങളുടെ അന്തർലോകങ്ങൾ. മൂർത്തമായ കാമനാസന്ധികൾ. മാജിക്കൽ റിയലിസത്തിന്റെയും വന്യജീവിതത്തിന്റെയും നിഴൽ, പഴയനിയമത്തിലെ ചില കഥകളിലെന്നപോലെ പതിഞ്ഞുകിടക്കുന്ന നിരവധി രചനകളുണ്ട് ഈ ഭാഗത്ത്. കുഞ്ചെറിയ ചിറ്റപ്പന്റെയും തെറതി എളാമ്മയുടെയും വനേസ്സയുടെയും തെരേസയുടെയും കഥകൾ ഉദാഹരണം. 'സൂര്യകാന്തി' എന്ന കഥയിൽ നിന്നൊരു ഭാഗം വായിക്കൂ:

         

'പെട്ടെന്നൊരു ദിവസം അമ്മ പറഞ്ഞു:

          എടാ കുര്യാക്കോയേ

          നമ്മുടെ കപ്പകാലായീൽ മോടൻ വെതച്ചാലോ?

          കരയ്ക്കാണേലും നെല്ല് വെളഞ്ഞോളും

          പിന്നെന്താ?

          ശരിയാണമ്മേ, അയാൾ പറഞ്ഞു. നെൽക്കൃഷിയില്ലാതെ പറ്റുകേല.

          അങ്ങനെ ഒരു ദിവസം സൂര്യൻ ഉദിക്കും മുമ്പ്,

          രണ്ടു പേരും കൂടി മാനുകളേയും തെളിച്ചു കൊണ്ട് കുന്നിൻ പുറത്തെ കപ്പക്കാലായിലേയ്ക്ക് നടന്നു.

          കലപ്പയും നുകവും അയാളുടെ തോളിലായിരുന്നു.

          മാനുകളുടെ കഴുത്തിൽ വീങ്ങിക്കിടന്ന തഴമ്പുകൾ തെല്ലൊരരുതായ്കയോടെ അയാൾ നോക്കിക്കണ്ടു.

          ഇല്ല, ഏരുകാളകളേക്കാൾ ഉത്സാഹമുണ്ട് രണ്ടു പേർക്കും, അയാൾ മനസ്സിൽ ആശ്വസിച്ചു.

          മോനിക്കയുടെ സ്ഥാനത്ത് ഞാനാണെന്നുള്ള വ്യത്യാസമോയുള്ളു.

         

തീരെ വയ്യെങ്കിലും ആദ്യത്തെ മോടൻ വിതയുടെ ഉൽഘാടനത്തിന് സാക്ഷിയാവാൻ അമ്മയും ഞൊണ്ടിച്ചാടി പിന്നാലെ ചെന്നു.

          പെട്ടെന്ന് കുര്യാക്കോയ്ക്ക് കാലത്തിന്റെ അനന്തമായ പരപ്പിൽ താനൊറ്റയ്ക്ക് നിൽക്കുന്നതായി തികച്ചും അകാരണമായ ഒരു തോന്നലുണ്ടായി!

          മാനുകൾ വേനൽമഴയ്ക്കു ശേഷമുള്ള കറുകപ്പുല്ലുകൾ കടിച്ചു പറിക്കുകയാണ്.

          അയാൾ ഓർത്തു......

          ഇന്നുവരെ മാനുകളെ നുകത്തിൽ പൂട്ടി ഞാനോ എന്റെ വംശപരമ്പരയിൽ ആരെങ്കിലുമോ നിലമുഴുതിട്ടില്ല.

          സാമ്രാജ്യങ്ങളുടെ പിറവിക്ക് പിന്നിൽ അങ്ങനെയൊരു ചരിത്രമില്ല.

          ഈ തീരുമാനമെടുത്ത നിമിഷങ്ങളെ അയാൾ ശപിച്ചു. എന്നിരുന്നാലും മോനിക്കയുടെ ഓർമ്മയിൽ അവർ അനുസരണയോടെ പ്രവർത്തിച്ചുകൊള്ളുമെന്ന് അയാൾ പ്രത്യാശിച്ചു.

                   കുര്യാക്കോ ഈശോയെ ഓർത്തുകൊണ്ട് നുകം തലയ്ക്കു മീതെ ഉയർത്തി.

          ഇങ്ങോട്ടു നീങ്ങിനില്ലെടാ തോന്ന്യാസീ, കൈയ്‌പ്പലകയിൽ വാത്സല്യത്തോടെ തട്ടിക്കൊണ്ട് അയാൾ പറഞ്ഞു.

         

രണ്ടു പേരും ചേർന്ന് അവരുടെ താടയും മോന്തയും വൃഷണങ്ങളും ചൊറിഞ്ഞു കൊടുത്ത് കഴിയുന്നത്ര അനുനയിപ്പിച്ചു നിർത്തി.

          കഴുത്തിൽ നുകം തൊട്ടപ്പോൾ മാൻകണ്ണുകൾ വെട്ടിപ്പിടഞ്ഞു!

          ഒരൊറ്റച്ചീറ്റിന് മൂക്കു കയർ വലിഞ്ഞു പഴുത്ത അതിന്റെ നാസാരന്ധ്രത്തിൽ നിന്ന് തെറിച്ചുവീണ സാന്ദ്രത കൂടിയ ദ്രാവകം അയാളുടെ മുഖത്ത് പരന്നൊഴുകി!

          നുകക്കോലുകൾ കൊമ്പിന്റെ ശിഖരങ്ങളിൽ കുടുക്കി അവൻ തട്ടിത്തെറിപ്പിച്ചു.

          'വേണ്ട ഇച്ചായാ വേണ്ട, നമ്മടെ കാളകളെപ്പോലെയല്ല', അയാളുടെ ഭാര്യ അലറിവിളിച്ചു. 'ദേഷ്യം പിടിച്ചാൽ പെശകാണേ, പിടിച്ചാ നിക്കുകേല'.

          'സാരമില്ലെടീ', അയാൾ പറഞ്ഞു, 'മോനിക്ക പുഷ്പം പോലെ കൊണ്ടുനടന്നതല്ലേ ഇവന്മാരെ രണ്ടിനേം'.

          'ഇച്ചായൻ അങ്ങിനെയാണോ വിചാരിക്കുന്നെ?'

          കാലദോഷത്തിന്റെ ഉപ്പു ചുവയ്ക്കുന്ന ആ ചോദ്യം ഒന്നുകിൽ അയാൾ കേട്ടില്ല.

          അല്ലെങ്കിൽ അതിനെ നിശ്ശേഷം അവഗണിച്ചു!

          തെറിച്ചുപോയ നുകക്കോലുകൾ കുനിഞ്ഞെടുക്കാൻ സസ്തനികളിൽ ഏറ്റവും ഓമനത്തമുള്ള ആ ഹിരണ്യമൃഗങ്ങളുടെ മുമ്പിലേക്ക് ചെന്നതുമാത്രം അയാൾക്കോർമ്മയുണ്ട്!

          അവൻ മുൻകാൽ നിലത്തടിച്ചു.

          കൊമ്പു കുനിച്ചു.

          'ഇച്ചായാ അങ്ങോട്ട് പോകല്ലേ' അയാളുടെ ഭാര്യ ഉറക്കെ നിലവിളിച്ചു.

         

പിൻകാലുകൾ വായുവിൽ തൊഴിച്ച് ആയമെടുത്ത് മുമ്പോട്ടു ചാടിയ മാൻ അയാളെ ആഞ്ഞു കുത്തി.

          നെഞ്ചിലൂടെ കോർത്തുപോയ സൂചിക്കൊമ്പ് ഊരിയെടുക്കാനാവാതെ അയാളെ തലങ്ങും വിലങ്ങും കുടഞ്ഞുകൊണ്ട് മാൻ കപ്പക്കാലായിലെ സൂര്യകാന്തിപ്പൂക്കൾക്കിടയിലൂടെ വലിച്ചിഴച്ചു! '.

          1960-70കളിലെ രാഷ്ട്രീയസമസ്യകളെ പല കോണുകളിലും തലങ്ങളിലും നിന്നു വ്യാഖ്യാനിക്കുന്നവയാണ് മൂന്നാം വിഭാഗം. ഇന്ത്യൻ/കേരളീയ രാഷ്ട്രീയത്തിൽ കൊള്ളിമീൻപോലെ വീശിപ്പോയ വർഗോന്മൂലനവാദത്തിന്റെ ഏറെക്കുറെ വസ്തുനിഷ്ഠവും പൂർണമായും ആത്മനിഷ്ഠവുമായ ആവിഷ്‌ക്കാരങ്ങളാണ് ഈ സമാഹാരത്തിലെ പകുതിയിലധികം കഥകൾ. എൻ. മാധവൻകുട്ടി, എ. സഹദേവൻ, കെ.കെ. ചന്ദ്രൻ, ജയൻ സി. മേനോൻ, ദിവാകരൻ ഇടശ്ശേരി, സച്ചിദാനന്ദൻ പുഴങ്കര, കൃഷ്ണമൂർത്തി.... തന്റെ സഹപാഠികളും ആത്മമിത്രങ്ങളുമായ ചിലരുടെ നേർസാന്നിധ്യം നിരവധി കഥകളിൽ ജോണി കൊണ്ടുവരുന്നുണ്ട്. ഇംഗ്ലീഷ് പുസ്തകങ്ങളിലൂടെ രൂപംകൊടുത്ത രാഷ്ട്രീയജീവിതത്തിന്റെ കടും ചുവപ്പുകാലത്തെ, മഞ്ഞിൽ ഉറഞ്ഞുപോയ ചോരത്തുള്ളികളെന്നപോലെ തൊട്ടുകാണിക്കുന്നു, ജോണി. 'ജീവിതത്തോടും പുസ്തകങ്ങളോടും വിട' എന്നൊരു കഥയുണ്ട്. അടിയന്തരാവസ്ഥയുടെ നാല്പതാം വാർഷികത്തിൽ എഴുതിയത്. വിക്‌ടോറിയാജീവിതത്തിന്റെ രാഷ്ട്രീയ ധർമ്മസങ്കടങ്ങൾ ഒട്ടാകെ പകർത്തുന്ന രചന.

'വായിച്ചു തീർത്ത പുസ്തകങ്ങൾ, പൂർത്തിയാക്കാത്ത കഥകൾ തുടങ്ങിയവ ഞാനുപേക്ഷിക്കേണ്ടി വരുമെന്ന് അറിയാമായിരുന്നു. എന്നന്നേക്കുമായി വീട് വിട്ടു പോകുന്ന ഒരാളെപ്പോലെ ഞാൻ അടച്ചിട്ട മുറിയിലിരുന്ന് കണ്ണീർ വാർത്തു.

          അന്നു രാത്രി ഞാൻ ദേബ്രെയുടെ റവല്യൂഷൻ ഇൻ ദ് റവല്യൂഷൻ കയ്യിലെടുത്തു. ദേബ്രെ എന്നോട് മൗനമായി ചോദിച്ചു: നീയെന്നെ മറക്കുമോ? ബൊളീവ്യൻ വനങ്ങളിൽ ഷേയോടൊപ്പം അലഞ്ഞ ടെയ്‌നയെ നീ മറക്കുമോ?

         

നീയും മാധവൻകുട്ടിയും ചേർന്നല്ലേ ടെയ്‌നയോട് എന്ന ഗീതകം കോളേജ് മാസികയിൽ എഴുതിയത്? ജോണീ, നിന്റെ നിഷ്പത്തി പരിശോധിച്ചാൽ നീയൊരു യൂറോപ്യൻ ഉല്പന്നമാണ്. എങ്കിലും നിന്റെ വിയർപ്പിന് വയനാടിന്റെ മണമാണ്. എവിടെപ്പോയാലും നീയൊരിക്കൽ നിന്റെ പിതാക്കളുടെ ശവമാടങ്ങളിൽ തിരിച്ചെത്തുക തന്നെ വേണം, മറക്കരുത്.

          ദേബ്രെയുടെ പിന്നിൽ നിന്ന് ബാൾഡ്വിൻ എന്റെ നേരെ ദുഃഖത്തോടെ നോക്കി.

          ടെൽ മീ ഹൗ ലോങ്ങ്.... കോഴിക്കോട്ടെ ഫ്രാൻസിസ്സ് റോഡ് ജങ്ഷനിലെ പൈ ആൻഡ് കമ്പനിയിൽ നിന്ന് എന്റെ കൂടെ ഇറങ്ങിവരുന്ന ദിവസം നഗരം തിളച്ചു മറിയുകയായിരുന്നു. അവസാനത്തെ വണ്ടിയിൽ ചുരം കയറി വീട്ടിലേയ്ക്ക് കൂരിരുട്ടിൽ നടക്കുമ്പോൾ ശക്തിയുള്ള ഹെഡ് ലൈറ്റുകൾ പ്രകാശിപ്പിച്ച് ഒരു പൊലീസ് ജീപ്പ് എന്നെ തടഞ്ഞു.

          ആരാ നീ?

          ഞാൻ മിണ്ടുന്നില്ല.

          എവിടെയാ തന്റെ വീട്?

          അതും ഞാൻ പറഞ്ഞില്ല.

          എവിടുന്ന് വരുന്നു?

          കോഴിക്കോട്ടു നിന്ന്.

          അവിടെ എന്താ കാര്യം?

          ഒരു പുസ്തകം മേടിക്കാൻ പോയി.

          എവിടെ, കാണട്ടെ.

          ഞാൻ ടെൽ മീ ഹൗ ലോങ്ങ് ദ ട്രെയിൻ ഹാസ് ബീൻ ഗോൺ

          അവരെ കാണിച്ചു. അത്ര അഭിമാനം തോന്നി എനിക്ക്!

          ഒരു പുസ്തകം വാങ്ങാൻ വേണ്ടി താൻ കോഴിക്കോട് വരെ പോയോ?

          അവർക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല.

          ചില പുസ്തകങ്ങൾ അങ്ങനെയാണ്.

          അവ പ്രവഹിപ്പിക്കുന്ന ജീവിതത്തിന്റെ സിഗ്നൽ പിടിച്ച് നാം ലോകത്തിന്റെ ഏതറ്റം വരേയും പോകും.

          എവിടെയാണെങ്കിലും പൊലീസ് ഒരു വികല്പമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

          കാലം കേടുവരുത്തിയ ജീവിതത്തിന്റെ പ്രതിബിംബങ്ങൾ തേടിയാണ് നിയമപാലകന്റെ യാത്ര.

         

എന്റെ ബാല്യത്തിൽ ധാരാളം പൊലീസുകാർ വീട്ടിൽ വരാറുണ്ടായിരുന്നു.

          ഉമ്മറത്തെ ആണിയിൽ തൂങ്ങിക്കിടന്ന പട്ടാബുക്കിന്റെ പുറം പേജുകൾ വെയിലേറ്റ് അക്ഷരങ്ങൾ മാഞ്ഞിരുന്നു.

          അപ്പൻ പഞ്ചായത്ത് മെമ്പറായിരുന്നു. ധർമ്മരാജയ്യർ പ്രസിഡണ്ട്. പത്മപ്രഭ ഗൗഡർ, ജിനചന്ദ്രൻ, ഡിക്യൂസ് തുടങ്ങിയവർ സഹ മെമ്പർമാർ. വയനാട്ടിലെ ഗൗഡർ കുടുംബങ്ങൾ ഇരുനൂറ് വർഷം മുമ്പെങ്കിലും ഇവിടെ വന്നിട്ടുണ്ട്.

          എന്റെ ഡിഗ്രി പഠനം പാലക്കാട് വിക്‌ടോറിയയിൽ ആയിരുന്നു. അക്കാലത്താണ് കോങ്ങാട് സംഭവം നടന്നത്. ചാക്കോയും ഭാസ്‌ക്കരനും അവിടത്തെ വിദ്യാർത്ഥികളായിരുന്നു. ഒരു രാത്രി ഞങ്ങൾ രാജ് ടാക്കീസ്സിൽ പടം കണ്ടു വരുമ്പോൾ ഹോസ്റ്റൽ ഒന്നാകെ പൊലീസ് വലയത്തിലായിരുന്നു. മിക്ക റൂമുകളും അവർ പരിശോധിച്ചു'.

          ആ കാലത്തിന്റെ കയ്പും ചവർപ്പും തളംകെട്ടിക്കിടക്കുന്ന എത്രയെങ്കിലും കഥകളിലൂടെയാണ് പ്രസ്ഥാനത്തോടും പ്രത്യയശാസ്ത്രത്തോടും തങ്ങൾ പുലർത്തിയ കൂറും വേറും ജോണി ഓർത്തെടുക്കുന്നത്. രാഷ്ട്രീയകഥകൾ മാത്രമല്ല വിക്‌ടോറിയൻ ഓർമ്മകളിൽ നിന്ന് ഈ കഥാകൃത്ത് പറഞ്ഞുവയ്ക്കുന്നത്-'ഐരാവതിയിലെ കല്ലുകൾ' പോലെ ചരിത്രവും പ്രണയവും കാലവും സ്ഥലവും കൂടിക്കുഴയുന്ന നരവംശഗാഥകൾ പോലുമുണ്ട് ഈ വിഭാഗത്തിൽ.

          ഒന്നും രണ്ടും വിഭാഗങ്ങളിൽപെട്ട ചില കഥകൾക്കും ഈ സ്വഭാവമുണ്ട് എന്നതു മറക്കരുത്. അതുകൊണ്ടുതന്നെ വൈചാരികതലങ്ങളിൽ ഊന്നുന്ന രാഷ്ട്രീയകഥകൾ എന്നും വൈകാരികാംശങ്ങൾക്ക് ഊന്നൽ നൽകുന്ന ഗാർഹികകഥകൾ എന്നും വേണമെങ്കിൽ ഈ രചനകളെ വീണ്ടും വിഭജിക്കാം.

          പൊലീസ്ജീവിതത്തിന്റെ അകംപുറങ്ങൾ ആവിഷ്‌ക്കരിക്കുന്ന മൂന്നുനാലുകഥകൾ, അഗമ്യഗമനത്തിന്റെ പന്നിവാൽഭാവന രൂപം കൊടുക്കുന്ന നാലഞ്ചു കഥകൾ, വയനാടൻ കാടുകളിലെ ആനകളെ കേന്ദ്രീകരിച്ചെഴുതപ്പെട്ട മൂന്നുനാലുകഥകൾ, 'ഭൂമധ്യരേഖയിലെ വീട്' എന്ന ജോണിയുടെ നോവലിൽ നിന്നുള്ള നാലഞ്ചു കഥകൾ, ഗദ്യകവിതയുടെ രൂപം കൈവരിക്കുന്ന നാലഞ്ചു കഥകൾ... എന്നിങ്ങനെ ഇനിയുമുണ്ട് കഥകളുടെ വർഗീകരണത്തിനു സാധ്യതകൾ. ഇവയിൽ ഏറ്റവും ധ്വനിസാന്ദ്രവും ഭാവദീപ്തവുമായ രചനകൾ വയനാടൻ കാടുകളിലെ കൊമ്പന്മാരുടെ ചൂരുവിങ്ങിനിൽക്കുന്ന കഥകളാണ്. ഭയം, കരിമ്പാറപോലെ തിടംവച്ചു നിൽക്കുന്ന ഒരു വാങ്മയം വായിക്കൂ:

          'കൂപ്പുകൾക്ക് അഴുകിയ മരത്തൊലിയുടെ അമ്ല ഗന്ധമാണ്. ആനച്ചൂരിനും അതെ! ഞങ്ങളുടെ തോട്ടത്തിൽ പണ്ട് തടി പിടിക്കാൻ വന്നത് നീലിക്കണ്ടിയുടെ പതിനൊന്നടി പൊക്കമുള്ള കൊമ്പനായിരുന്നു!

          രാവിലെ ഒരു കെട്ട് പനമ്പട്ടകൾ അടുക്കിപ്പിടിച്ചുകൊണ്ടാണ് കൊമ്പൻ വരിക. സ്‌ക്കൂൾ കുട്ടികൾ ചോറ്റുപാത്രം ചുമക്കുന്നതുപോലെ.

ഉച്ചയ്ക്ക് പണി കേറുന്നതു വരെ അതിൽനിന്ന് ഒരില പോലും തിന്നാൻ പാപ്പാൻ സമ്മതിക്കില്ല! ആ ചിന്തയെപ്പോലും അയാൾ തോട്ടിയിട്ട് കീഴ്‌പ്പെടുത്തും.

          ആ പകയുമായിട്ടാണ് അവന്റെ ഓരോ ദിവസവും തുടങ്ങുന്നത്!

          അതോടൊപ്പം ആരംഭിക്കുകയായി ഞങ്ങളുടെ മദ്ധ്യവേനൽ അവധിക്കാലവും!

          ആനയ്ക്ക് മരം വലിക്കാൻ പാകത്തിന് കമ്പ കെട്ടിക്കൊടുക്കുന്ന ഒരു മഴുക്കാരനുണ്ട്. അരയിൽ പച്ച ബൽറ്റ് കെട്ടിയ ആ സാഹസിയാണ് ഈ ബൃഹത്തായ കമ്പക്കെട്ടുകളെല്ലാം നിയന്ത്രിക്കുന്നത്!

          ആ സാഹസിയുടെ പേരാണ് ഇസഹാക്ക്!

          ഓരോ തവണയും മഴു ഉയർത്തുമ്പോൾ അയാളുടെ ബൈസെപ്‌സുകൾ പിടച്ചു കളിക്കും!

          ആറാം വാരിക്കിടയിൽ നിന്നും മുഴുത്ത ചേറുമീൻ പോലെ രണ്ട് മുഴകൾ മുകളിലേക്കു തെന്നിക്കേറും.

          കമ്പ കെട്ടുന്ന അപകടം പിടിച്ച പണിയാണ് ഈ പച്ച ബൽറ്റുകാരന്റേത്! ഒരർത്ഥത്തിൽ കൊലച്ചോറ് തന്നെ!

          ഒരു മൂന്നാം കണ്ണ് ഈ മനുഷ്യനിൽ സദാ തുറന്നിരിപ്പുണ്ടാവും.

          അയാൾക്കറിയാം അവസരം കിട്ടിയാൽ ആന തന്നെ പിടിക്കുമെന്ന്!

          മരണവും ജാഗ്രതയും തമ്മിലുള്ള സൂചിക്ക് മാറാത്ത ഈ ബലാബലം കാണാൻ ഞങ്ങൾ ഉയർന്ന മരക്കൊമ്പുകളിൽ നേരത്തേ കേറിക്കൂടിയിട്ടുണ്ടാവും!

          മഴു കൊണ്ട് വെട്ടിയുണ്ടാക്കിയ തുളയിലൂടെ എടുത്താൽ പൊന്താത്ത കമ്പ വലിച്ചു കോർത്തു കെട്ടി, ആനയുടെ വായ് നീരിൽ കുതിർന്ന മുതുതല പുറത്തേയ്ക്ക് വലിച്ചിടുന്നതും അതുവരെ അപ്പുറത്ത് മാറി ചെവിയനക്കാതെ നിൽക്കുന്ന കൊമ്പൻ എക്സ്‌പ്രസ്സ് പോലെ ഒരു വരവുണ്ട്!

          ചോര കല്ലിച്ചു പോകുന്ന കാഴ്ചയാണത്! സെക്കന്റുകൾക്ക് മുമ്പേ തന്നെ ഒരു ഹൗഡിനി മാജിക്കിലൂടെ നമ്മുടെ ഹീറോ രക്ഷപ്പെട്ടിട്ടുണ്ടാവും!

          രണ്ടേ രണ്ടു ചുവടു മതി ആനയ്ക്ക് അയാളെ പിടിക്കാൻ!

          എന്നാൽ ഒരു കാളപ്പോരുകാരന്റെ മെയ്‌വഴക്കമുള്ള ഇസഹാക്കിനെ ആനയ്ക്ക് ഒരിക്കലും തൊടാൻ പോലും കിട്ടാറില്ല! ചില സമയങ്ങളിൽ പിടിച്ചാൽ കിട്ടാത്ത ഭീമൻ തടികൾ ഒന്നു തൊട്ടു നോക്കി മസ്തകം കുലുക്കി അവനങ്ങ് മാറിനിൽക്കും. ആനയുടെ ഈ സ്വഭാവം അറിയുന്ന പാപ്പാൻ അതിന്റെ ചെവിക്കുറ്റിയിൽ കാൽ വിരൽ താഴ്‌ത്തി ലോഹക്കൊളുത്തിട്ട് ഇറച്ചി നോവിക്കുന്ന ഒരു പിടുത്തമുണ്ട്. അത് കണ്ടുനിൽക്കാൻ കഴിയില്ല. എന്നിട്ടും അനുസരിച്ചില്ലെങ്കിൽ മസ്തകം പൊളിക്കുന്ന അടിയാണ്! ആന കൊമ്പുകുലുക്കി അടുത്ത മരത്തിൽ ചാടിക്കുത്തുമ്പോൾ പാപ്പാൻ പിടിവിട്ട് ആകാശത്തേയ്ക്ക് തെറിച്ചു പോകുമോ എന്ന് തോന്നിപ്പോകും! അതുകണ്ട് ഞങ്ങളുടെ ശ്വാസം നിലച്ചുപോയിട്ടുണ്ട്!

          പറഞ്ഞാ കേക്കൂലേ നീ, അലറിക്കൊണ്ട് പാപ്പാൻ അരയിലെ കത്തിയൂരി കഴുത്തിലെ കയറിൽ തൂങ്ങിക്കിടന്ന് മുൻകാലിന്റെ നഖത്തിൽത്തന്നെ കുത്തും. ആന ചീറിക്കൊണ്ട്, കാപ്പിച്ചെടികൾ ചവിട്ടിമെതിച്ച് ആജന്മ ശത്രുവായ ആ മഴുക്കാരനെ തപ്പുന്നത് ഭയാനകമായ കാന്ചയാണ്!'.

          ആഖ്യാനകലയുടെ ഭാവപദ്ധതിയിലാകട്ടെ ജോണിയുടെ കഥകളിൽ ആവർത്തിച്ചുവരുന്നത് രണ്ട് സാംസ്‌കാരിക പ്രരൂപങ്ങളാണ് - പുസ്തകവും സിനിമയും. മാർക്‌സിസ്റ്റ്, ലെനിനിസ്റ്റ്, മാവോയിസ്റ്റ് രാഷ്ട്രീയങ്ങളുടെ ചുവടുപിടിച്ചെഴുതപ്പെട്ട സാമൂഹ്യവിശകലനങ്ങളും സാംസ്‌കാരിക വിമർശനങ്ങളും ചരിത്രപഠനങ്ങളും സാഹിത്യപാഠങ്ങളും രാഷ്ട്രമീമാംസാഗ്രന്ഥങ്ങളും ഇവയിൽ പെടും. 70കളിൽ ഭരണകൂടം നിരോധിച്ചവ. നിരന്തരം റെയ്ഡുകൾ നടന്ന ഹോസ്റ്റലുകളിലും വീടുകളിലും നിന്നു കണ്ടെടുക്കപ്പെട്ട് യുവാക്കളെ തടവറകളിലെത്തിച്ചവ. എന്നിട്ടും നിഗൂഢമായ രതിബന്ധംപോലെ അവരെ നിരന്തരം പ്രലോഭിപ്പിച്ചവ. റെജിസ് ദെബ്രെയും ജൂലിയസ് ഫ്യൂച്ചിക്കും ഗ്രേയംഗ്രീനും യൊനെസ്‌കോയും ഫ്രാൻസ്ഫാനണും ഷെനെയും എൽഡ്രിഡ്ജ് ക്ലീവറും ഹെർബർട്ട് മാർക്യൂസും ടി.എസ്. എലിയറ്റും സാർത്രും കാമുവും കാഫ്കയും സ്റ്റീൻബക്കും ഹെമിങ്‌വേയും മാർക്കേസും....

          സിനിമയും സമാനമാണ്. 'ഇരിങ്ങാടൻ പള്ളി' എന്ന കഥയുടെ ആഖ്യാനം ആദ്യന്തം സിനിമാറ്റിക്കാണ്. 'ക്രൗൺ തീയറ്റർ' എന്ന കഥ ഒരു സിനിമാതീയറ്ററിലെ അനുഭവങ്ങളിലൂടെയാണ് രൂപം കൊള്ളുന്നത്. മക്കെന്നാസ് ഗോൾഡും ബെൻഹറും ബർഗ്മാനും ഫെല്ലിനിയും ബ്രസണും നിരവധി കഥകളിൽ ആവർത്തിച്ചുവരുന്നു. കഥാപാത്രങ്ങളുടെ അന്വയം തന്നെ മിക്കപ്പോഴും ചലച്ചിത്രതാരങ്ങളോടാണ്. 'അറ്റ്‌ലാന്റിസ് കടലെടുക്കുമ്പോൾ' എന്ന കഥ പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയും ശില്പങ്ങളിലൂടെയും സംഗീതത്തിലൂടെയും മറ്റും 70കളുടെ രാഷ്ട്രീയത്തെ കഴിഞ്ഞ അരനൂറ്റാണ്ടിന്റെ കാലഭൂപടത്തിലേക്കു പടർത്തി വിന്യസിക്കുന്ന രചനയാണ്. ഈ സമാഹാരത്തിന്റെ രാഷ്ട്രീയലാവണ്യം ഒന്നടങ്കം പേറുന്ന കഥ. ആനന്ദിന്റെ ആഖ്യാനകല സമർഥമായി പിൻപറ്റുന്ന രചന.

          തികഞ്ഞ ഭാവധ്വനികളുള്ള എത്രയെങ്കിലും ബിംബങ്ങളും രൂപകങ്ങളും കൊണ്ട് സമൃദ്ധമാണ് 'ഐരാവതിയിലെ കല്ലുകൾ'. 'ചടച്ചിയുടെ മണം', 'എന്നെ ഓർക്കുമെങ്കിൽ മറക്കുമെങ്കിൽ' തുടങ്ങിയ കഥകളിൽ ആദ്യവസാനം കാവ്യാത്മകവും ഇന്ദ്രിയകേന്ദ്രിതവും ജൈവസുന്ദരവുമായ കല്പനകളുടെ തിരയിളക്കം കാണാം. ഒറ്റവായനയിൽ തന്നെ ഹൃദ്യമായിത്തോന്നാവുന്ന മറ്റുചില ഭാവനകൾ നോക്കൂ:

          'ഇങ്ങനെയാണ് ഇരിങ്ങാടൻ പള്ളി ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായത്. മെക്കന്നാസ് ഗോൾഡിലെ സ്വർണ്ണ നദിയേയും അപ്പലാച്ചിയൻ താഴ്‌വരകളെയും ഭൂമി വിഴുങ്ങിയതുപോലെ!'.

          'ജ്വലിക്കുന്ന കണ്ണുകളുമായി മാനുകൾ റോഡരികിൽ കാത്തുനിന്നു. അവർക്കു പിന്നിൽ വെളുത്ത സോക്‌സിട്ട കാട്ടുപോത്തുകളെ കണ്ടു'.

          'വാലൻ പുഴുക്കൾ തുളച്ച തുരങ്കപ്പാളികൾക്ക് ഒരു സർക്യൂട്ട് ഡയഗ്രത്തിന്റെ ചന്തമുണ്ട്!'.

          'ടെലിഫോൺ കമ്പികളിലിരിക്കുന്ന മഴപ്പുള്ളുകളെപ്പോലെ അവർ മൂവന്തിക്ക് കൃഷ്ണൻനായർ ഗേറ്റിന്റെ മതിലിൽ നിരന്നിരിക്കുകയായിരുന്നു'.

          'പുഴയോരം വിജനമായിരുന്നു. അതിന്റെ വളവുകളിൽ വന്മരങ്ങൾ വേരുകൾ പറിഞ്ഞ് ദിനോസറുകളുടെ അസ്ഥികൂടം പോലെ കിടന്നു'.

          'ഐരാവതിയിലെ കല്ലുകൾ', കാലം തെറ്റിപ്പിറന്ന ഒരു കഥാസമാഹാരമല്ല. മറിച്ച്, കാലത്തെ ചെറുകഥയുടെ ഭാവഭൂപടത്തിൽ സമൂർത്തവും സക്രിയവുമായി സാക്ഷാത്കരിക്കുന്ന രചനയാണ്. അതാകട്ടെ അടിമുടി ലാവണ്യാത്മകവും ആദ്യന്തം രാഷ്ട്രീയവുമായ ഒരു കലാപ്രയോഗവുമാണ്. 

കഥയിൽ നിന്ന്

ചടച്ചിയുടെ മണം

          'കബനിനദിക്ക് വയനാടൻ അതിർത്തി കടക്കാൻ സത്യം പറഞ്ഞാൽ അരമണിക്കൂർ പോലും വേണ്ട.

          പ്രയാണമാർഗ്ഗത്തിൽ അവളെ പിടിച്ചുനിർത്തുന്നതിൽ പാറക്കൂട്ടങ്ങൾക്കും വളവുകൾക്കും മുളങ്കാടുകൾക്കും നല്ല പങ്കുണ്ട്!

          കരയോട് ചേർന്ന് ചിലയിടങ്ങളിൽ കടമ്പുമരങ്ങൾ പൂത്തുനിൽക്കുന്നതു കാണാം.

          മല്ലിച്ചപ്പ് മണക്കുന്ന ഗ്രാമങ്ങളും ചോളവയലുകളും കണ്ടു തുടങ്ങും മുമ്പേ, കരിമണ്ണിൽ വിതറിയ മുത്താറിപ്പാടങ്ങൾ വല്ലപ്പോഴും എത്തിനോക്കിപ്പോവും.

          ഋതുക്കൾ മറക്കാത്ത സൂര്യകാന്തിത്തോട്ടങ്ങളും പുഴയിറമ്പുകൾക്ക് പച്ചകുത്തുന്ന ഇഞ്ചക്കാടുകളും പിന്നിട്ട് പുഴ വീണ്ടും ഗതിവേഗമാർജ്ജിക്കുന്നു.

          കയങ്ങളിൽ ആരുടേയും കണ്ണിൽപ്പെടാതെ ഒളിച്ചു കഴിയുന്ന കൂറ്റൻ ചേറുമീനുകളുണ്ട്. ഇടയ്ക്ക് ശ്വാസമെടുക്കാൻ വേണ്ടി മാത്രം അവ മുകൾപ്പരപ്പിൽ വന്ന് വെട്ടി മറയും!

          ഈ നിമിഷം ക്യാമറയിൽ ഒപ്പിയെടുക്കലാണ് ഡോമിനിക്കിന്റെ പരിപാടി! വെറുതെയല്ല പഴയ ലയോള ടോപ്പർ ഇവിടെത്തന്നെ വീട് വെച്ചത്.

          ലയോളക്കാലത്തെ വായനയിൽ കണ്ടുമുട്ടിയ ക്ലോത്ത് ബൈൻഡുകൾ എല്ലാം വെള്ളിമീനുകളെ പെറ്റുകൂട്ടി അലമാരിയിൽ ഇരിക്കുന്നു.

          ഡോ. ഷിവാഗോ, യുളിസസ്സ്, ഡ്രീനാ നദിയിലെ പാലം, വുതറിങ് ഹൈറ്റ്‌സ്, ക്വായ് നദിയിലെ പാലം, മൊബിഡിക്ക്.....

          കാലമേറെ കഴിഞ്ഞിട്ടും ആരും മനസ്സിൽ നിന്നിറങ്ങിപ്പോയിട്ടില്ല.

          മുന്നറിയിപ്പൊന്നും കൂടാതെയാണ് ആ പുതിയ വീട് കാണാൻ ഒരു ഞായറാഴ്ച ഞങ്ങൾ പോയത്.

          അയാളുടെ നിക്കോൺ ഡിജിറ്റലിലെ വിഐപി മീനുകളാണ് സത്യത്തിൽ അതിന്റെ പിന്നിൽ!

          ചില കക്ഷികൾ പതിനഞ്ചു കിലോ വരെ തൂങ്ങുമത്രെ!

          പുഴയിലേയ്ക്ക് ചാടാൻ നിൽക്കുന്ന വീടിന്റെ മുൻഭാഗം മുഴുവൻ കണ്ണാടിച്ചിലുകളാണ്.

          ഒരു ചാഞ്ഞ മുളയിൽ നീർകാക്കകൾ നിരനിരയായി ഇരിക്കുന്നതു കണ്ടു.

          തൊട്ടടുത്ത് ജണ്ട കെട്ടിയതുപോലെ പ്രാചീനമായൊരു പമ്പ്ഹൗസും!

          ആരോ ഉപേക്ഷിച്ചു പോയതാവണം!

          ഡോമിനിക്ക് ആദ്യം കാണിച്ചു തന്നത് കിടപ്പുമുറിയാണ്.

          വാതിൽക്കൽ തന്നെ കിടക്കുന്നു ഒരു തടിയൻ കട്ടിൽ!

          ഇപ്പോൾ ഈർന്നുണ്ടാക്കിയതാണെന്നേ തോന്നു.

          ഉരുട്ടി മിനുക്കലോ മരപ്പണിയുടെ ആർഭാടങ്ങളോ ഒന്നുമില്ല.

          അധികം മൂക്കാത്ത കാള ഇറച്ചിയുടെ നിറമായിരുന്നു അതിന്റെ തടിക്ക്!

          വെന്റിലേഷൻ കുറഞ്ഞ മുറിയിൽ നിന്ന് മരത്തിന്റെ കട്ടച്ചൂര് മുഴുവനും ഇറങ്ങിപ്പോയിട്ടില്ല.

          തച്ചന്റെ ബലാൽക്കാരത്തിൽ തിണർത്തു കിടക്കുന്ന കുറിയ കാലുകളും അയാൾ തടവി രസിച്ച ജഘന മാംസളതയും എന്നെ അസ്വസ്ഥമാക്കാൻ തുടങ്ങി....

          ഇവിടെത്തന്നെ നിന്നിരുന്ന ഒരു ചടച്ചിയാണ് ഈ കിടക്കുന്നത്, ആതിഥേയൻ വിവരിക്കുകയായി!

          നഗ്നയായി നിലത്തു ശയിക്കുന്ന ഒരു പെണ്ണിനെക്കുറിച്ചാണോ അയാൾ പറഞ്ഞുകൊണ്ടു വരുന്നത്, ഞാൻ സംശയിച്ചു.

          അതൊക്കെ ശരിതന്നെ, ആ ചിന്തയിൽ നിന്ന് രക്ഷപ്പെടാനാവാതെ ഞാൻ ചോദിച്ചു.

          എടോ കോടാലി കൊണ്ടാണോ താനിത് വെട്ടിയുണ്ടാക്കിയത്?

          അതു കേൾക്കേണ്ട താമസം അയാളുടെ ഭാര്യ ചാടിവീണു.

          ഡോമിന്റെ ഐഡിയ ചിലപ്പോഴൊക്കെ വളരെ വിചിത്രമാണ്, എനിക്കിന്നുവരെ ഈ നിൽക്കുന്ന മനുഷ്യനെ മനസ്സിലായിട്ടില്ല!

          തൽക്കാലം രംഗം തണുപ്പിക്കാൻ ഞാൻ പറഞ്ഞു, ചടച്ചി നല്ലൊരു ഫർണിച്ചർ വുഡ്ഡാണെന്ന് വിശ്വകർമ്മാക്കൾ പലരും പറഞ്ഞുകേട്ടിട്ടുണ്ട്.

          നല്ല ഗ്രെയിൻസും ടോണുമുള്ള മരം.

          എന്നാൽ അവരുടെ മറുപടിയിൽ സംഗതി ഒന്നുകൂടി കുഴഞ്ഞു!

          ഇപ്പോൾ കാണുന്നതു പോലല്ല, ഡോമിൽ ചില നേരങ്ങളിൽ ഒരു രുദ്ര ഭാവം വിരിയാനുണ്ട്, അവർ പറഞ്ഞു.

          ഞാൻ അയാളെ ഒന്ന് ഒളിഞ്ഞു നോക്കി. കക്ഷി സ്റ്റൂവർട്ട് ഗ്രെയിഞ്ചറെപ്പോലെ പല്ലിറുമ്മി ചിരിച്ചുകൊണ്ട് പറഞ്ഞു.

          ഇവൾക്ക് എന്നെ കുറ്റപ്പെടുത്താനേ നേരമുള്ളൂ. അതൊരു ശീലമായിട്ടുണ്ട്!

          നമ്മളൊക്കെ ജീവിക്കാൻ തുടങ്ങിയിട്ട് എത്ര കാലമായി! മനുഷ്യരായാൽ absract ആയ എന്തെങ്കിലുമൊക്കെ സൃഷ്ടിക്കുകയും നശിപ്പിക്കുകയുമൊക്കെ ചെയ്യും.

          അതിനെ ഒരുതരം ക്രിയേറ്റീവ് ധൂർത്തെന്ന് വേണമെങ്കിൽ പറഞ്ഞോളൂ. ഇഷ്ടത്തോടെ ഈ വക കാര്യങ്ങൾ ചെയ്യാൻ കഴിയാത്തത് ഇത്തരം വിവരദോഷികളുടെ ഇടപെടൽ കൊണ്ടാണ്.

          വീട്ടുകാർ

          നാട്ടുകാർ

          അദ്ധ്യാപകർ.... പിന്നെ ആരൊക്കെ വേണം!

          ഞാൻ എന്റെ ഇഷ്ടത്തിന് ഒരു കട്ടിലുണ്ടാക്കി, വീതുളിയും കുത്തുളിയും മാത്രം ഉപയോഗിച്ച്.

          ഇറ്റ്‌സ് മൈ പീസ് ഓഫ് മൈൻഡ്!

          അതാണ് എനിക്ക് വലുത്, അയാൾക്ക് ചൂടായിതുടങ്ങി.

          ഹാവൂ! വളരെ മിസ്റ്റീരിയസ്സ് ആയിരിക്കുന്നല്ലോ നിന്റെ വിശദീകരണം, ശരിക്കും പറഞ്ഞാൽ ഞാൻ പേടിച്ചു പോയി, എന്റെ ഭാര്യ പറഞ്ഞു.

          ഞാൻ മുറി ആകപ്പാടെ ഒന്നു വീക്ഷിച്ചു.

          കട്ടിലിന്റെ കിടപ്പ് മുറിയുടെ സിമ്മട്രി തന്നെ തെറ്റിക്കുന്നുണ്ട്, എനിക്കു തോന്നി.

          ഇത് അല്പം കൂടി നടുവിലേക്ക് ഇട്ടു കൂടെ? ഞാൻ അയാളെ പ്രകോപിപ്പിച്ചു.

          ഒന്ന് ശ്രമിച്ചു നോക്ക്, അയാൾ പറഞ്ഞു.

          ഞാൻ കട്ടിലിന്റെ തല ഭാഗം ഒന്ന് തള്ളി നോക്കി.

          ഭയങ്കര കനം!

          കട്ടിൽ അനങ്ങിയില്ല!

          ഞങ്ങൾ രണ്ടുപേരും കൂടി ശ്രമിച്ചു.

          എന്നിട്ടും അനങ്ങിയില്ല.

          നമുക്ക് എല്ലാവർക്കും കൂടി ഒന്ന് പിടിച്ചു നോക്കിയാലോ,

          അല്പം ചമ്മലോടെ ഞാൻ പറഞ്ഞു.

          ഓക്കേ, എല്ലാവരും സമ്മതിച്ചു.

          ഞങ്ങൾ നാലുപേരും കൂടി ഒരു ബലപരീക്ഷണം നടത്തി.

          എന്നിട്ടും കട്ടിൽ അവിടെത്തന്നെ കിടന്നു!

          ഇതെന്താ കട്ടിലിന് വേരുണ്ടോ!

          ഞങ്ങൾ അത്ഭുതപ്പെട്ടു!

          അപ്പോഴാണ് എനിക്ക് തോന്നിത്തുടങ്ങിയത് അടഞ്ഞ മുറിയിൽ ചടച്ചിയുടെ മത്തുപിടിച്ച മണമാണോ നുരഞ്ഞ് പൊന്തുന്നത്!

          അപ്പോൾ ഞങ്ങൾ ആരും വിചാരിച്ചതു പോലല്ല കാര്യങ്ങൾ!

          അല്പനേരത്തേയ്ക്ക് എന്റെ നാവിറങ്ങിപ്പോയി!

          അദൃശ്യനായ ആരോ ഒരാൾ ആ കട്ടിലിൽ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നതുപോലെ തോന്നി!

          ഇവൻ ഒഡിസിയസ്സിന്റെ വംശത്തിൽ പിറന്നവനാണ്, ഡോമിനിക്ക് പറഞ്ഞു.

          ആർക്കും കീഴടങ്ങില്ല എന്നർത്ഥം.

          ഇലിയഡിൽ അങ്ങനെയൊരു കഥയുണ്ടത്രെ!

          ശരിയാണ്, നമ്മളാരെങ്കിലും ഇലിയഡ്ഡും ഒഡിസ്സിയുമൊക്കെ മുഴുവനായി വായിക്കാറുണ്ടോ?

          ഞങ്ങൾ ആ കട്ടിലിൽത്തന്നെ ധൈര്യമായി ഇരുന്നു.

          അയാൾ പറഞ്ഞു തുടങ്ങി

          പത്തൊമ്പതു കൊല്ലത്തെ കൊടുമ്പിരികൊണ്ട ട്രോജൻ യുദ്ധത്തിനുശേഷം ഒഡിസിയസ്സ് കോലം കെട്ട് ജന്മനാട്ടിൽ തിരിച്ചെത്തി.

          ഭാര്യക്ക് അയാളെ മനസ്സിലായില്ല.

          പണ്ട് ഇത്താക്ക തീരത്തു നിന്ന് ഒരു വലിയ യുദ്ധക്കപ്പലിൽ കേറി പോയ തന്റെ പ്രിയതമനാണോ ഇത്?

          വിശ്വാസം വരുന്നില്ല.

          അവളുടെ സംശയങ്ങൾ തീർക്കാൻ നിൽക്കാതെ അയാൾ നേരെ കുളിമുറിയിലേയ്ക്ക് കയറി.

          ആ മുഖം സ്വാഭാവികമായ സാദൃശ്യങ്ങളോടെ അവൾ പല തരത്തിൽ വിന്യസിച്ചു നോക്കി.

          ഒരു ഫ്രെയിമിലും അദ്ദേഹം ഒതുങ്ങുന്നില്ലല്ലോ!

          രണ്ടു ദശാബ്ദങ്ങൾക്ക് ഒരു മനുഷ്യനെ എത്ര കണ്ട് മാറ്റാനാവും!

          എങ്കിലും പൂർണ്ണമായി അംഗീകരിക്കാൻ മനസ്സ് സമ്മതിക്കുന്നില്ല....

          വിരിഞ്ഞ ഹയാസിന്ത് പുഷ്പങ്ങളുടെ കട്ട ദളങ്ങൾക്ക് സമാനം മുടികൾ ചിന്നിച്ച് ഒഡിസിയസ്സ് കുളി കഴിഞ്ഞ് അവലുടെ മുന്നിലെ ഇരിപ്പിടത്തിൽ വന്നിരുന്നു.

          എത്രയോ യുവാക്കൾ വിവാഹ വാഗ്ദാനങ്ങളുമായി എന്നെ സ്വൈരം കെടുത്തി, അവൾ സങ്കടങ്ങളുടെ കെട്ടുപൊട്ടിച്ചു.

          തയ്ച്ചുകൊണ്ടിരുന്ന കച്ച പൂർത്തിയായാൽ മാത്രമേ വിവാഹത്തിന് സമ്മതിക്കു എന്ന് അവരോടൊക്കെ ഞാൻ പറഞ്ഞു.

          പകൽ മുഴുവൻ തുന്നുകയും രാത്രി മുഴുവൻ അതെല്ലാം അഴിച്ചുകളയുകയും ചെയ്തുകൊണ്ട് ഞാനൊരു വിധം രക്ഷപ്പെട്ടു നിന്നു.

          ഒന്നും രണ്ടുമല്ല, പത്തൊമ്പത് വർഷങ്ങൾ!

          ഓ വല്ലാത്തൊരു സ്ത്രീ തന്നെ നിങ്ങൾ!

          ഒരു മനുഷ്യനെപ്പോലും അടുപ്പിക്കാതെ ഇത്രയും വർഷങ്ങൾ അയാൾ പറഞ്ഞു.

          നിന്റെ ഹൃദയത്തിൽ ഇടിച്ചു കയറാനൊന്നും ഞാനാഗ്രഹിക്കുന്നില്ല.

          ഞാനിന്ന് തനിച്ച് കിടന്നുറങ്ങാൻ പോവുകയാണ്.

          ക്ഷീണമുണ്ട്. എനിക്ക് കിടക്കവിരിക്കാൻ പറയു, അയാൾ പറഞ്ഞു.

          അവൾ പരിചാരികയെ വിളിച്ച് കിടപ്പറയ്ക്ക് പുറത്ത് അദ്ദേഹത്തിന് കിടക്ക സജ്ജീകരിക്കാൻ നിർദ്ദേശിച്ചു.

          അതൊരു തന്ത്രമായിരുന്നു!

          സത്യം എന്താണെന്ന് ഇപ്പോൾ അറിയാം.....

          അവൾ ആകാംക്ഷയോടെ കാത്തിരുന്നു. എന്റെ കിടക്കവിരികളും തിരസ്‌കരണികളും നിന്റെ പരിചാരികയ്ക്ക് എളുപ്പം അഴിച്ചെടുക്കാൻ കഴിഞ്ഞേയ്ക്കും, അയാൾ പറഞ്ഞു,

          പക്ഷെ അതിന്റെ ചട്ടക്കൂട് ഉറപ്പിച്ച അടിഭാഗങ്ങൾ ഇളക്കാൻ ഈ നാട്ടിലെ ഒരു പെരുന്തച്ചനും കഴിയില്ല, ഒഡിസിയസ്സ് പറഞ്ഞു.

          അവൾ ശ്വാസം പിടിച്ചിരിക്കുകയാണ്.

          അവളുടെ കാൽമുട്ടുകൾ വിറച്ചു തുടങ്ങി.

          പണ്ട് എന്റെ മുറ്റത്ത് പഴക്കമുള്ള ഒരു ഒലീവ് മരം നിന്നിരുന്നു.

          ഞാനതിനെ കൽക്കെട്ടുകൾക്കുള്ളിലാക്കി കൊമ്പുകൾ അറുത്തു മാറ്റി.

          പിന്നീട് എന്റെ തല്പത്തിന് ചേരും വിധം തായ്ത്തടിയും മുറിച്ചു. സ്വർണ്ണത്തിലും വെള്ളിയിലും ആനക്കൊമ്പിലും തീർത്ത ചട്ടക്കൂട് ആ ഒലീവ് മരക്കുറ്റിയിൽ ഉറപ്പിച്ചാണ് ഞാനീ ശയ്യാതല്പം പണിതീർത്തത്.

          ലോകത്തിൽ ഈ രഹസ്യം അറിയുന്നത് നമ്മൾ രണ്ടു പേർ മാത്രമാണ്....

          അവളുടെ ഹൃദയം നിലച്ചുപോയി.

          ഹാവു!

          ഇതു കേൾക്കാനാണ് അവൾ കാത്തിരുന്നത്!

          കണ്ണീരിൽ കുളിച്ചു നിൽക്കുന്ന അവൾക്ക് എന്തെങ്കിലും പറയാൻ കഴിയുംമുമ്പ് ഒരു ചുംബനം കൊണ്ട് ആ ചുണ്ടുകളെ അയാൾ മുദ്രവെച്ചു കളഞ്ഞു!'. 

ഐരാവതിയിലെ കല്ലുകൾ
കെ.യു. ജോണി
കറന്റ് ബുക്‌സ്, തൃശൂർ
2022, വില: 280 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP