Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202128Sunday

ജീവിതാനന്ദത്തിന്റെ കഥകൾ

ജീവിതാനന്ദത്തിന്റെ കഥകൾ

ഷാജി ജേക്കബ്‌

ലയാളത്തിലെ ആദ്യനോവൽ, കേരളത്തിന്റെ സാമൂഹ്യഘടനയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോന്ന ജാതിവെറിയുടെയും സവർണഹുങ്കിന്റെയും കടയ്ക്കൽ വച്ച കുറുങ്കത്തിയായിരുന്നുവെങ്കിൽ ആദ്യചെറുകഥ, സമാനമായിത്തന്നെ നിലനിന്ന ആൺകോയ്മയുടെയും വീട്ടധികാരത്തിന്റെയും ഉദ്ധൃതലിംഗത്തിനേറ്റ കരണത്തടിയായിരുന്നു. ഫിക്ഷൻ, അതിന്റെ ചരിത്രജീവിതത്തിലുടനീളം പുലർത്തിപ്പോന്ന രാഷ്ട്രീയസ്വഭാവത്തിന്റെ ഈ ഭാവതലമാണ് മലയാളനോവലിന്റെയും ചെറുകഥയുടെയും ഭാവുകത്വസ്വഭാവങ്ങളെ നിർണയിക്കുന്ന ഘടകങ്ങളിൽ ഏറ്റവും മൂർത്തമായത്. ഓർക്കുക, മേല്പറഞ്ഞ രണ്ട് ആദ്യരചനകളുടെയും കർത്താക്കൾ സ്ത്രീകളായിരുന്നു. മിസിസ് ഫ്രാൻസെസ് റൈറ്റ് കൊളിൻസും എം. സരസ്വതിഭായിയും. ആധുനികതയുടെ വിമോചന, സമത്വ, ജനാധിപത്യമൂല്യങ്ങൾ ഇതാദ്യമായി മലയാളഭാവനയിൽ ആഖ്യാനരൂപം കൈവരിക്കുന്നത് ആത്മബോധമാർജ്ജിച്ച സ്ത്രീകളിൽ നിന്നാണെന്നത് ഒട്ടും ചെറിയ കാര്യമല്ല. ഇരുവരും സ്വാംശീകരിച്ച യൂറോപ്യൻ ഉദാരമാനവികതയുടെ സാംസ്‌കാരിക മൂലധനത്തിനു മലയാളത്തിലെഴുതപ്പെട്ട പ്രകടനപത്രികകളായിരുന്നു യഥാക്രമം 'ഘാതകവധ'വും 'തലച്ചോറില്ലാത്ത സ്ത്രീകളും'. പിന്നീടിങ്ങോട്ടും മലയാളത്തിന്റെ സാഹിതീയ പൊതുമണ്ഡലം അതിന്റെ ചരിത്രവഴികളിൽ ഏറിയും കുറഞ്ഞും അപനിർമ്മിച്ചുകൊണ്ടേയിരിക്കുന്ന പ്രത്യയശാസ്ത്ര ഉപകരണങ്ങൾ തന്നെയാണല്ലോ ജാതി, ലിംഗ ബോധങ്ങളുടെ കൊടിയേറ്റങ്ങൾ.

നോവലിന്റെ കഥ അവിടെനിൽക്കട്ടെ. കഥയുടെ കഥയിലേക്കു വരാം. തലച്ചോറില്ലാത്ത സ്ത്രീകൾ എന്ന സരസ്വതിഭായിയുടെ രചന എഴുതപ്പെട്ടിട്ട് നൂറ്റിപ്പത്തു വർഷമാകുന്നു. എഴുത്തിനെക്കുറിച്ചുതന്നെയാണ് സരസ്വതിഭായിയുടെ എഴുത്ത്. എഴുത്തുകാരിയാണ് നായിക. എഴുത്തിന്റെ വിമോചനമൂല്യമാണ് കഥയുടെ രാഷ്ട്രീയം. ഭർതൃകേന്ദ്രിതമായ/പുരുഷനിയന്ത്രിതമായ കുടുംബമാണ് കഥ ശിഥിലീകരിക്കുന്ന അടിസ്ഥാനപരമായ സാമൂഹ്യസ്ഥാപനം. വൈചാരികവും ഭാവനാത്മകവുമായ പെൺമയുടെ സ്ഥാനപ്പെടുത്തലാണ് കഥ മുന്നോട്ടു വയ്ക്കുന്ന പ്രാഥമിക ലക്ഷ്യം. ആദ്യന്തം തലകീഴ് മറിക്കപ്പെടുന്ന, നീക്കുപോക്കറ്റ പുരുഷാധീശ വ്യവസ്ഥയുടെ അഴിഞ്ഞുപോകലാണ് കഥയുടെ സാരസ്വതമാർഗം. ലളിതാംബിക അന്തർജ്ജനം മുതൽ യമ വരെയുള്ള മലയാള സ്ത്രീകഥാകൃത്തുക്കൾ കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികം കാലത്തുടനീളം പിന്തുടർന്ന മലയാളകഥയിലെ ഏറ്റവും ജീവിതതീഷ്ണമായ ഭാവരാഷ്ട്രീയവും ഇതുതന്നെയാണ്. മലയാള എഴുത്തുകാരികൾ ചിറകുവീശിപ്പറന്ന ഈ ഭാവനാകാശത്തിന്റെ ഇങ്ങേയറ്റത്താണ് മിനി പി.സി. തന്റെ പത്തുകഥകളുമായി വായനക്കാരെ കാത്തുനിൽക്കുന്നത്. അന്തർജ്ജനം, സരസ്വതിയമ്മ, മാധവിക്കുട്ടി, വത്സല, സാറാജോസഫ്, ഗ്രേസി, ചന്ദ്രമതി, ഗീതാഹിരണ്യൻ, മാനസി, അഷിത, കെ. രേഖ, ഇന്ദുമേനോൻ, കെ.ആർ. മീര, യമ എന്നിവരിലൂടെ മലയാളപെൺകഥ എത്തിനിൽക്കുന്നത് മിനിയിലാണ്. ഈ സമാഹാരം നോക്കൂ. പ്രസാദമധുരവും പ്രസന്നദീപ്തവുമായ പത്തു രചനകൾ. സുന്ദരികളും സുന്ദരന്മാരുമായ മനുഷ്യരെ കുറിച്ചും അവരെക്കാൾ പ്രപഞ്ചബദ്ധരും പ്രാണഭീതരുമായ മൃഗപക്ഷിപ്രാണികളെക്കുറിച്ചുമുള്ള ആഖ്യാനത്തിന്റെ ദശരൂപകമാണ് ഈ പുസ്തകം. ഫ്രഞ്ച് കിസ്.

ചുരുക്കിയെഴുതിയ നോവലുകളാണ് മിനിയുടെ ചെറുകഥകൾ. 2018-19 കാലത്തെഴുതപ്പെട്ട ഫ്രഞ്ച് കിസിലെ രചനകൾ പ്രകടിപ്പിക്കുന്ന മറ്റുചില പൊതുസ്വഭാവങ്ങളും ശ്രദ്ധേയമാണ്. മണ്ണും പെണ്ണും ജന്തുലോകവുമാണ് ഓരോ കഥയുടെയും വിളഭൂമി. പ്രമേയപരമായും കാല, ദേശപരമായും തമ്മിൽ തമ്മിൽ ഭിന്നമാണ് ഓരോ കഥയുമെങ്കിലും അവയുടെ ഭാഷണകല സമാനമാണ്. ഒരൊറ്റ നാട്ടുഭാഷയിലാണ് മുഴുവൻ കഥാപാത്രങ്ങളും സംസാരിക്കുന്നത്. തലമുറകൾ മറികടക്കുന്ന ശാപപാപങ്ങളുടെ അധോതലബോധധാര മിക്ക കഥകളിലുമുണ്ട്. പ്രാക്കുകൾ. ദുർമന്ത്രവാദങ്ങൾ. മരിച്ചവരുടെ സാന്നിധ്യങ്ങൾ. ആത്മാക്കളുടെ മടങ്ങിവരവുകൾ, വിശ്വാസങ്ങൾ. മരണഭയങ്ങൾ. ജൈവചോദനകൾ-ജീവിതാബോധത്തിന്റെയും തൃഷ്ണാകുലമായ മർത്യായുസിന്റെയും കഥകളാണ് മിക്കവയും. അതേസമയം രണ്ട് ഭാവതലങ്ങൾ ഈ രചനകളെ ഒന്നടങ്കം മൂർത്തമായ പ്രകൃതി-ജീവിത ബന്ധചക്രത്തിൽ തളച്ചിടുകയും ചെയ്യുന്നു. ഭൂമിക്കുവേണ്ടിയുള്ള പ്രാണദാഹങ്ങളും കുടുംബങ്ങളുടെ അടിവേരുകളോളം ചെല്ലുന്ന ആത്മാന്വേഷണങ്ങളും. ഈ തലങ്ങൾക്കുമേൽ എഴുതപ്പെടുന്ന ചരാചരങ്ങളുടെ സ്‌ത്രൈണസൂക്തങ്ങളാണ് ഫ്രഞ്ച് കിസിലെ കഥകൾ. ഓരോ രചനയിലും മണ്ണിന്റെയും പെണ്ണിന്റെയും ഊക്കും ഉശിരുമുള്ള ഉയിരുടലടയാളങ്ങൾ ആഴത്തിൽ പതിഞ്ഞുകിടക്കുന്നു.

ഏറ്റിറക്കങ്ങളുള്ള ജീവിതപ്പെരുങ്കടലിൽ ഒരു കഥാപാത്രത്തെ സസൂക്ഷ്മം പിന്തുടരുക, ഓർമകളിലും ഇച്ഛകളിലും കൂടി വിശദമായി അയാളുടെ കഥ പറയുക, ശാഖോപശാഖകളായി പടർന്നുപിരിയുന്ന കാലവൃക്ഷത്തിന്റെ തണലിൽ ചില സംഭവങ്ങൾക്ക് സംഘർഷഭരിതമായ പരിസരബന്ധം സങ്കല്പിക്കുക, നാടകീയവും യഥാതഥവുമായി കാര്യകാരണങ്ങളെ കൂട്ടിയിണക്കി ആഖ്യാനത്തെ മുന്നോട്ടു കൊണ്ടുപോവുക, ധ്വന്യാത്മകവും ഗുപ്തവുമായി ഒന്നുംതന്നെ ബാക്കിവയ്ക്കാതെ എല്ലാം തുറന്നാവിഷ്‌ക്കരിക്കുക-നെടിയ ജീവിതങ്ങളുടെ കടങ്കഥപ്പുസ്തകമായി മാറുന്നു, ഫ്രഞ്ച് കിസിലെ ഓരോ രചനയും.

മണ്ണ്, പെണ്ണ്, തേനീച്ച, മുളക്, പന്നി, കാപ്പി, പുള്ള്, പട്ടുനൂൽപ്പുഴു, നായാട്ട്, ചക്ക എന്നീ രൂപകങ്ങൾ കേന്ദ്രീകരിച്ച് രചിക്കപ്പെട്ടവയാണ് ഈ കഥകൾ. രുചിയുടെ രസനാബന്ധങ്ങളും ഹിംസയുടെ രക്തദാഹങ്ങളും പ്രാണികളുടെ മോഹലോകങ്ങളും പെണ്ണിന്റെ പ്രാണഗന്ധങ്ങളും ആണിന്റെ താൻപോരിമകളും പ്രകൃതിയുടെ ലവണചോദനകളും മണ്ണിന്റെ ഉർവ്വരതകളും അലയടിച്ചാർക്കുന്ന ഭൂമിയുടെയും കുടുംബത്തിന്റെയും അകംപുറജീവിതങ്ങൾ. കാട്ടുകൊമ്പന്മാർ മുതൽ കടന്നലുകൾ വരെ. വെരുകു മുതൽ പുള്ള് വരെ. പന്നികൾ മുതൽ കരിങ്കോഴികൾ വരെ. പട്ടുനൂൽപ്പുഴു മുതൽ തേനീച്ചകൾ വരെ- ജൈവലോകത്തിന്റെ മൂർത്ത സാന്നിധ്യം ഒരുവശത്ത്. ചരിത്രം മുതൽ മിത്ത് വരെ. രാഷ്ട്രീയം മുതൽ മതം വരെ. നായാട്ട് മുതൽ മീൻപിടുത്തം വരെ. ദുർമന്ത്രവാദം മുതൽ പാതിരാകുർബ്ബാന വരെ. കുടിയേറ്റം മുതൽ സമരസ്മരണകൾ വരെ. പ്രണയം മുതൽ അഗമ്യഗമനം വരെ-ലോകജീവിതത്തിന്റെ മൂർത്തസാന്നിധ്യം വേറൊരുവശത്ത്.

കഥാത്മകതയിൽ യാതൊരു വിട്ടുവീഴ്ചയുമില്ല മിനിക്ക്. മുകളിൽ പറഞ്ഞതുപോലെ, മൂർത്തവും സൂക്ഷ്മവുമായ ഒരു ലോക, ജീവിതാനുഭൂതിയെ സുഘടിതമായ ഇതിവൃത്തമണ്ഡലത്തിൽ വിന്യസിക്കുകയാണ് മിനിയുടെ രീതി. ചുരുക്കിപ്പറഞ്ഞാൽ ഫ്രഞ്ച് കിസിലെ കഥകൾ മാന്ത്രികമായ ഒരുതരം കഥനചാരുതയോടെ ഉത്സവാഹാത്മകമായ ജീവിതാനന്ദങ്ങളെ കളിമട്ടിലും അല്ലാതെയും ഭാവനയിൽ പുനഃസൃഷ്ടിക്കുന്നു.

 

ആദ്യകഥയായ 'എന്തിന്നോ ആദാമേ നിന്നെ ഞാൻ തോട്ടത്തിലാക്കി?' നോക്കുക. 2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഒരു കുടിയേറ്റകുടുംബത്തിലെ നാലുതലമുറകളുടെ മണ്ണിനോടുള്ള ദുരയും ആർത്തിയും മദവും മാത്സര്യവും ചെന്നെത്തിനിൽക്കുന്ന ദുരന്തങ്ങളുടെ ചരിത്രമെഴുതുകയാണ് മിനി.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കുന്നുംകരയിൽ കുടിയേറിയ കോരവല്ലിപ്പാപ്പന്റെ അഞ്ചുമക്കളെയും അദ്ദേഹം പഞ്ചഭൂതങ്ങളുടെ മഹാതത്വം പഠിപ്പിച്ചുകൊടുത്തു. അവരഞ്ചുപേരും പ്രകൃതിയെ മുറിവേല്പിച്ചില്ല.

'ഒന്നും നശിപ്പിച്ചേക്കല്ല്. ഒന്നിനേം ഒപദ്രവിക്കേമരുത്. ചെല ചെല അരുതുകളിലൊക്കെയാ വലിയ ശരികളിരിക്കുന്നെ. ഒരിക്കെയീ മണ്ണിലോട്ട് തിരികെ പോകേണ്ടവരാ നമ്മളെന്ന പോതം വേണം. ആ പോതം ഒണ്ടേല് ഒന്നിനോടും ആർത്തി തോന്നത്തില്ല.

അത്രയുമേ അദ്ദേഹം മക്കളോട് പറഞ്ഞുള്ളൂ. പിന്നെയൊരു തുടക്കമായിരുന്നു. പ്രകൃതിയോട് മല്ലടിക്കാതെ ചുറ്റുമുള്ളവയോട് സമരസപ്പെട്ടുകൊണ്ടുള്ള ധ്യാനാത്മകമായ ജീവിതം! അവർ അടിവാരത്തിലെ തരിശുനിലം ഉഴുതുമറിച്ച് കൃഷിഭൂമിയാക്കി, ആടും പോത്തും കോഴിയും വളർത്തി, കാടും നാടുമെന്ന വേർതിരിവില്ലാത്തവിധം പൊക്കനെയും ചാമിയെയും മാക്കത്തെയും മണിയെയും ഉൾക്കൊണ്ടു. അന്ന് തീറ്റയ്ക്കും വെള്ളത്തിനുമായി ഒരു വനജീവികളും അങ്ങോട്ടേക്ക് ഇറങ്ങിവന്നില്ല. അവർക്കവകാശപ്പെട്ടതിലൊന്നും കോരവല്ലിപ്പാപ്പനും മക്കളും കൈവെച്ചതുമില്ല. കൈതത്തോട്ടിൻ കരയിൽ പണിത കുഞ്ഞു ദൈവാലയത്തിൽ ആളുകൾക്കിടയിലേക്കു വേണ്ടും നേരങ്ങളിലെല്ലാം ഒടയതമ്പുരാൻ ഇറങ്ങിവന്നു. സന്ധ്യകളിൽ തോട്ടിൻകരയിലൂടെ ആ ചെളിമണം നുകർന്ന് അന്തിക്കള്ളും നുണഞ്ഞ് അന്നന്നത്തെ വിശേഷങ്ങളും പങ്കിട്ട് കോരവല്ലിപ്പാപ്പന്റെ തോളത്തുകൈയിട്ട് ഒടയതമ്പുരാൻ നടന്നു. കോരവല്ലിപ്പാപ്പനും മക്കളും എല്ലുമുറിയെ പണിതു പല്ലുമുറിയെ തിന്നു. ഒഴിവുനേരങ്ങളിൽ കോരവല്ലിപ്പാപ്പൻ പഞ്ചഭൂതങ്ങളുമായി കുന്നുംമുകളിലേക്കു നടന്നു. പ്രപഞ്ചത്തെ പഞ്ചേന്ദ്രിയങ്ങൾകൊണ്ട് തൊട്ടറിയാൻ അവരെ പഠിപ്പിച്ചു. അവർ ആകാശത്തിന്റെ പ്രതിരൂപമായ തങ്ങളുടെ കാതുകൾ തുറന്നുവെച്ചു. വായുവിന്റെ പ്രതിരൂപമായ ത്വക്കിലൂടെ തങ്ങളെ ചൂഴ്ന്ന ചൂടും തണുപ്പുമായി സംവദിച്ചു. അഗ്നിയുടെ പ്രതിരൂപമായ കണ്ണുകളിലൂടെ മറ്റുള്ളവരിലേക്കു വെളിച്ചം പകരാൻ പഠിച്ചു. ജലത്തിന്റെ പ്രതിരൂപമായ നാക്കുകൊണ്ട് രുചിച്ചും മണ്ണിന്റെ പ്രതിരൂപമായ മൂക്കുകൊണ്ട് വാസനിച്ചും അവർ തങ്ങളുടെ ചിന്തകളെ ഉദ്ദീപിപ്പിച്ചു. പാഠങ്ങൾക്കൊടുവിൽ മേഘങ്ങൾ മേയുന്ന കുന്നുംമുകളിൽപഞ്ചഭൂതങ്ങൾക്കു മധ്യേ നീണ്ടുമലർന്നു കിടന്നുകൊണ്ട് കോരവല്ലിപ്പാപ്പൻ ആകാശം നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

'മക്കളേ.... നോക്കിയേ ആകാശം നമ്മളെ തൊടുന്നത് കണ്ടാ! അതിന് എല്ലാത്തിനേയും തൊടാനാവും. ആകാശംപോലെ നമ്മുടെ മനസ്സാവുമ്പഴാ അതില് ഉൾപോതോം, സ്‌നേഹോം, ദയേം, വിവേകോം ഒക്കെ ഒണ്ടാവുന്നെ'. അതുകേട്ട് അനിർവചനീയമായ ആനന്ദത്തോടെ മേഘങ്ങളുടെ മടിയിൽ തലവെച്ചുകിടന്ന് പഞ്ചഭൂതങ്ങൾ ഉറങ്ങി'.

നൂറാം വയസ്സിൽ പഞ്ചഭൂതങ്ങളഴിഞ്ഞ് കോരവല്ലിപ്പാപ്പന്റെ പ്രകൃതിയിൽ ലയിച്ചു. അയാളുടെ ഇളയമകൻ ഈനാശുവിന്റെ പുത്രനായ പീലിച്ചായനാണ് കഥയിലെ നായകൻ. പീലിയുടെ കാലമാകുമ്പോഴേക്കും മകൻ മത്താപ്പുവും നാട്ടുകാരും കയ്യേറ്റങ്ങളുടെ ലഹരിയിലായി. പീലിച്ചായന് പ്രാർത്ഥനയായിരുന്നു ജീവിതം. മത്താപ്പുവിന് അതൊരു പ്രാന്തായി മാറി. ആർത്തിയുടെ പെരുങ്കയ്യന്മാരായി മാറിയ മനുഷ്യരുടെ കാലത്ത് ഭൂമി പിണങ്ങി. ഒടുവിൽ പ്രളയം സകല കയ്യേറ്റങ്ങളും സമനിരപ്പിൽ തട്ടിനിരത്തി മണ്ണിനോട് മര്യാദ കാണിക്കാത്ത മനുഷ്യരെ പാഠം പഠിപ്പിച്ചു. പ്രകൃതി നടപ്പാക്കുന്ന കാവ്യനീതികണ്ട് പീലിച്ചായൻ തന്റെ വാർധക്യത്തിൽ ഉള്ളം കുളിർന്നാനന്ദിച്ചു. ദൈവത്തിനും ഭൂമിക്കുമെതിരെ ചെയ്ത പാപങ്ങൾക്ക് മനുഷ്യർ അനുഭവിപ്പിക്കുന്ന ശിക്ഷ അയാളെ അമ്പരപ്പിച്ചില്ല.

ചെറിച്ചിയമ്മയുടെ കരിങ്കോഴിസേവയും കാരോംകുന്നിലെ മുത്തപ്പൻ പൂജയും സ്വന്തം മക്കൾക്കുപോലും സഹിക്കാനാവാത്തവിധം ക്ഷുദ്രമായിരുന്നു. ദുർമരണങ്ങളുടെ പരമ്പരയിലും ചെറിച്ചി കുലുങ്ങിയില്ല. റാഹേലും ലൂക്കായും അമ്മയെ വെറുത്തു. ഒടുവിൽ മക്കൾക്കും താൻ വീട്ടിൽനിന്നു പുറത്താക്കിയ ഭർത്താവിനും മുന്നിൽ തോൽക്കേണ്ടിവരുമ്പോൾ വീടിനു മുന്നിലെ പാതാളക്കിണറ്റിൽ ചാടിയെങ്കിലും ചാകാതെചത്തു ജീവിക്കേണ്ടിവരുന്നു ചെറിച്ചിക്ക്.തേനീച്ചചികിത്സയിലൂടെ മാറാരോഗങ്ങൾക്കു ശമനം വരുത്തുന്ന ബീനയെന്ന സ്ത്രീയുടെ പീഡാനുഭവങ്ങളുടെയും പലായനങ്ങളുടെയും മധുരമായ പ്രതികാരത്തിന്റെയും കഥയാണ് ഫ്രഞ്ച് കിസ്. അനാഥയായ മറിയാന എന്ന ഫ്രഞ്ചുകാരി പെൺകുട്ടിക്കൊപ്പം നാടുവിട്ടുവന്ന ബീന തേനീച്ചകൃഷി തുടങ്ങിയെങ്കിലും കാമാതുരനായ ഹുസൈൻ മുതലാളിയുടെ ശല്യം സഹിക്കവയ്യാതെയും കള്ളക്കേസിൽ കുടുക്കി അപമാനിച്ചതിന്റെ സങ്കടം താങ്ങാനാവാതെയും അവർ ആ നാടും വിട്ടുപോയി. കാസർകോട്ടെത്തി തേനീച്ചചികിത്സയിൽ പേരുകേട്ട ബീനയുടെ പക്കൽതന്നെ, എല്ലാ കഥകളുമറിയാവുന്ന ഡ്രൈവർ വർക്കി ദേഹം മുഴുവൻ ചെതുമ്പൽ വിടർന്ന് നാറി, നാട്ടുകാരും വീട്ടുകാരും വെറുത്തകറ്റിയ ഹുസൈൻ മുതലാളിയെ ചികിത്സക്കെത്തിക്കുന്നു. താൽ ബലാൽക്കാരം ചെയ്യാൻ ശ്രമിച്ച മറിയാനയെ അവിടെ കണ്ടപ്പോൾ അന്നു കിട്ടിയ പരിക്കിന്റെ ഓർമയിൽ ഭയന്ന ഹുസൈനെ അവൾ എന്തുചെയ്തു? കഥ വായിക്കുക.

'തേൻകൂടാരത്തിനുള്ളിൽ രോഗികളുടെ തിരക്കായിരുന്നു. ഭക്ഷണവും ചികിത്സയും സൗജന്യമായതുകൊണ്ടും രോഗശാന്തി ഉറപ്പുള്ളതുകൊണ്ടും സമൂഹത്തിലെ എല്ലാ തട്ടുകളിലുള്ളവരും അവിടെയുണ്ടായിരുന്നു. അവൻ രോഗികൾക്കിടയിലായിരുന്ന ബീനയെ നോക്കി കൈ ഉയർത്തിക്കാട്ടി.

'എടാ ഇങ്ങുവാ'. ബീന അതുകണ്ട പാടെ അവനെ തന്റെ അരികിലേക്കു വിളിച്ചു.

വർക്കി നിരനിരയായിട്ടിരിക്കുന്ന കട്ടിലുകളിൽ മലർന്നും ചെരിഞ്ഞും കിടക്കുന്ന രോഗികൾക്കിടയിലൂടെ ബീനക്കൊച്ചേച്ചിക്കരികിലേക്കു നടന്നു. ഒരു സായിപ്പിന്റെ വയറിനുമുകളിലെ വലിയൊരു മുഴയിൽ തേനീച്ചയെക്കൊണ്ട് കുത്തിക്കുകയായിരുന്നു ബീനക്കൊച്ചേച്ചി. ഔഷധപ്പൂക്കളുടെ പൂമ്പൊടിയും തേനും മാത്രമുണ്ടുവളരുന്ന കുഞ്ഞൻ തേനീച്ച എന്തു രോഗമാണ് സൗഖ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്നറിയാതെ വർക്കി അതിശയത്തോടെ ആ കാഴ്ചയും കണ്ടുനിന്നു.

മറിയാനയപ്പോൾ തന്റെ ചെറുതേനീച്ചക്കൂട്ടങ്ങൾക്കരികിലായിരുന്നു. ചൂടാക്കിയ പപ്പടക്കമ്പികൊണ്ട് സ്വർണ്ണനിറമുള്ള ഉരുണ്ട മുട്ടകൾക്കിടയിൽനിന്നും വലിയൊരു റാണിമുട്ട തിരഞ്ഞു പിടിച്ച് പുതിയ കോളനിയിലേക്കു വെക്കുന്നതിനിടെയാണ് ഗെയിറ്റിനരികെ പരിഭ്രാന്തിയോടെ നിൽക്കുന്ന ആ മനുഷ്യനെ അവൾ കാണുന്നത്! കാലങ്ങളോളം തന്റെ പേടിസ്വപ്നമായിരുന്ന അയാളെ അല്പനേരം അവൾ നോക്കിനിന്നു. അയാളുടെ നഖങ്ങളിറങ്ങിയ വിഷലിപ്തമായ ഒരു ഭൂതകാലം അവളെ തിക്കിഞെരുക്കി കടന്നുപോയി. ആ ഞെരുക്കലിനൊടുവിൽ അവൾ തിരക്കിട്ടെന്തിനോ അയാൾക്കരികിലേക്കു നടന്നു. ആ നടപ്പിൽ ചുറ്റിലുമുള്ള പൂപ്പാടങ്ങൾ ഇളകി. ഒരു കാട്ടുകടന്നലിന്റെ മൂളലിൽ ഹുസൈൻ മുതലാളി ഞടുങ്ങി. അത് ദൂരെ നിന്നും മൂളി മൂളി തനിക്കരികിലെത്തിയ പരിഭ്രാന്തിയിൽ അയാൾ ഇരുകൈകളും കൊണ്ട് തന്റെ അധരങ്ങൾ ബലമായി മൂടിപ്പിടിച്ചു. ആ കാഴ്ചയിൽ കാട്ടുകടന്നൽ അയാൾക്കുചുറ്റിലും ഭ്രാന്തമായി പലവട്ടം കറങ്ങി പിന്നെ സകലരും സ്പർശിക്കാനറയ്ക്കുന്ന ചെതുമ്പലടർന്ന ആ കവിളിൽ ഒരു ഉമ്മ നൽകിക്കൊണ്ട് തേൻകൂടാരത്തിലേക്കു പറന്നു.

അയാൾ വീണുപോയിരുന്നു. എന്താണ് തനിക്കു സംഭവിച്ചതെന്നറിയാതെ ഒരുനിമിഷം കവിളിൽ കൈചേർത്ത് അയാൾ സ്തംഭിച്ചിരുന്നു. പിന്നെ കഠിനമായ ആത്മവേദനയോടെ മണ്ണിലേക്കു കമിഴ്ന്ന് ഇരുകൈകളുംകൊണ്ട് ഭൂമിയെ നെഞ്ചോടടുക്കിപ്പിടിച്ച് നിശബ്ദം കരഞ്ഞു'.

'സുന്ദരിമുളക്' എന്ന കഥ അസാധാരണമായ ഒരു കോമിക് രചനയാണ്. ജെസ്സെ എന്ന പേരുകേട്ട മുളകുതീറ്റിക്കാരന്റെ പീഡനം സഹിക്കാതെ നാടുവിട്ടുപോയ മകൻ ദാവീദ്, നീണ്ടകാലത്തിനുശേഷം വിഖ്യാതനായ 'ചില്ലിടേസ്റ്ററാ'യി തിരിച്ചുവന്ന് അപ്പന്റെ മുളകുതീറ്റിമത്സരത്തിന് ജൂറിയാകുന്നതും ആദ്യമായി ജെസ്സെ തോൽക്കുന്നതുമാണ് കഥ. നീണ്ടകാലം ഈ വിദ്യയിൽ ചാമ്പ്യനായിരുന്നു അയാൾ. ബംഗാളിലെ സുന്ദരബനിൽ നിന്നെത്തി ചായക്കടയിൽ പണിക്കുനിന്ന ബബ്‌ലിയെന്ന പെൺകുട്ടിയാണ് അയാളെ ഒടുവിൽ തോല്പിക്കുന്നത്. അവളാകട്ടെ, സുന്ദർബനിൽ സുന്ദരിമുളക് എന്ന അപൂർവരുചിയുള്ള മുളക് വളർത്തിയെടുത്ത ബബ്‌ലുവിന്റെ ഭാര്യയാണ്. കള്ളക്കേസിൽ കുടുങ്ങി ബബ്‌ലു ജയിലിലായപ്പോൾ തൊഴിൽതേടി നാടുവിട്ടിറങ്ങിയതാണ് ബബ്‌ലി. ദാവീദിന് തന്റെ പ്രൊഫഷണൽ ജീവിതത്തിൽ ഉയർച്ച നേടിക്കൊടുത്തത് ബബ്‌ലുവിന്റെ സുന്ദരിമുളകാണ്. നാട്ടിൽ ബബ്‌ലിയെ കണ്ട ദാവീദ് അവളെ കളത്തിലിറക്കി അപ്പനെ തോല്പിക്കുന്നു. ഈഡിപ്പസ് കോംപ്ലക്‌സിന്റെ വിചിത്രവും ഭിന്നവുമായ ഒരാഖ്യാനം.

സമാനമായ തോതിൽ വിചിത്രവും വന്യവുമായ ഒരു സ്വപ്നത്തിൽ സ്വർണത്തേറ്റയും കറുത്ത വാലുമുള്ള ശീമപ്പന്നികളെ കണ്ട് തന്റെ ഗുപ്തകാമനകളെ കൂടുതുറന്നു വിടുന്ന സാവിയോയുടെ കഥയാണ് ഇനിയൊന്ന്. ജെറീക്കയുമായി അവനുള്ള അനാവൃതവും അനാസക്തവുമായ ബന്ധം, അപ്പന്റെയും അമ്മയുടെയും ആത്മഹത്യ, അനുരാഗിന്റെയും ജെറീക്കയുടെയും ദാമ്പത്യത്തിലെ ലൈംഗികാസൂയകളും സംഘർഷങ്ങളും... മാജിക്കൽ റിയലിസത്തിന്റെ ആഖ്യാനകല കൈക്കൊള്ളുന്ന വ്യത്യസ്തമായ രചനയാണിത്.

തേനീച്ചയെയും മുളകിനെയും പോലുള്ള മറ്റൊരു 'തീമാറ്റിക് സ്റ്റോറി'യാണ് 'സിവെറ്റ് കോഫി'. വിദേശങ്ങളിൽ പേരും വേരുമുള്ള ചുമ്മാരുപാപ്പന്റെ കാപ്പിത്തോട്ടത്തിൽ നിന്നുല്പാദിപ്പിക്കുന്ന അപൂർവരുചിയുള്ള കോഫിയുടെ കഥ. ഒപ്പം, പണ്ട് സായിപ്പന്മാർ അടിമയാക്കി കടൽകടത്തി ട്രിനിഡാഡിൽ എത്തിച്ച ചുമ്മാരുവെന്ന ദലിതന്റെ ഐതിഹാസികമായ ജീവിതകഥയും. ട്രിനിഡാഡിൽ നിന്നു പഠിച്ച കാപ്പികൃഷിയുടെ അനുഭവങ്ങളുമായി നാട്ടിൽ തിരിച്ചെത്തിയ ചുമ്മാരു ഒരു സുറിയാനിപ്പെണ്ണിനെ പ്രണയിച്ച് കാടുകയറി ഭൂമി വെട്ടിപ്പിടിച്ചു. ഹൈറേഞ്ചിൽ അയാളുണ്ടാക്കിയ കാപ്പിത്തോട്ടത്തിൽ അയാൾ വെരുകുകളെ വളർത്തി. അവയ്ക്ക് കാപ്പിപ്പഴങ്ങൾ നൽകി, അവ വിസർജ്ജിക്കുന്ന കാപ്പിപ്പരിപ്പ് ഉണക്കി വറുത്തുപൊടിച്ചുണ്ടാക്കുന്ന വിശിഷ്ടമായ സിവെറ്റ് കോഫിയുടെ രുചിരഹസ്യം ലോകത്താരുമറിയാതെ ചുമ്മാരു തന്റെ വ്യവസായത്തിന്റെ മൂലധനമാക്കി മാറ്റി. നിസംശയം പറയാം, മലയാളഭാവനയിൽ അനുപമമായൊരു പ്രമേയവും കഥയുമാണിത്.

വീരപ്പെരുമാൾ എന്ന തമിഴൻ പണിക്കാരന്റെ അസാധാരണമായ വ്യക്തിത്വവും അസുലഭമായ സ്‌നേഹവാത്സല്യങ്ങളും തിരിച്ചറിയാതെ അയാളെ പിണക്കിവിട്ടതും മരണം പ്രവചിക്കുന്ന കൂവാപ്പക്ഷിയെന്ന പുള്ളിന്റെ സാന്നിധ്യം തങ്ങളുടെ ജീവിതം വഴിതിരിച്ചു വിടുന്നതും ഓർത്തെടുക്കുന്നു, 'കൊല്ലിക്കുരവൻ' എന്ന കഥയിലെ നായിക. ഇലക്‌ട്രോ കോംപ്ലക്‌സിന്റെ സവിശേഷമായ ആവിഷ്‌ക്കാരം.

കാലപ്പഴക്കമുള്ള ഒരു കുടുംബവഴക്കിന്റെ കഥത്തുടർച്ചയിൽ മുന്നേറുന്ന രചനയാണ് 'അഹിംസാസിൽക്ക്'. പട്ടുനൂൽപ്പുഴുക്കളെ വളർത്തുന്നതിലൂടെ വഴിമാറിയൊഴുകിയ ഒരധ്യാപകന്റെ ജീവിതം തലമുറകൾ നീണ്ടുനിൽക്കുന്ന വൈരത്തിലേക്കും തമ്മിൽ തല്ലിലേക്കും കുതിക്കുന്നു. പട്ടുനൂൽപ്പുഴുക്കളെ കൊല്ലാതെ പട്ടുനൂൽ എടുക്കാനുള്ള വിദ്യ കണ്ടെത്തുന്നുണ്ടെങ്കിലും മനുഷ്യർ പരസ്പരം തച്ചും കൊന്നും തീരുന്ന ചരിത്രത്തിന്റെ സൂക്ഷ്മപാഠമാണീ കഥ. ജോസഫ് സാറും ഭാര്യ തെരേസാമ്മയും മകൻ അലോഷിയും. ഉറ്റസ്‌നേഹിതൻ പൗലോസിനെ മൾബറികൃഷിയിലേക്കു കൊണ്ടുവന്ന ജോസഫ് സാറിന് പക്ഷെ വിധിയെ തടുക്കാനായില്ല. ഉറ്റമിത്രങ്ങൾ ബദ്ധശത്രുക്കളായി. അലോഷിയെ കൊല്ലാൻ ശ്രമിച്ച പൗലോസും മക്കളും നാടുവിട്ടുപോയി. പക്ഷെ കാലാന്തരത്തിൽ അലോഷി പൗലോസിന്റെ മക്കളുടെ സംരക്ഷകനാകുന്നു. ഹിംസയെ അഹിംസ കീഴടക്കുന്ന, നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം പോലെ സ്വച്ഛമായ ജീവിതങ്ങളുടെ കഥ.

'സഖാവ്' എന്ന കഥ കമ്യൂണിസ്റ്റ് നേതാവായിരുന്ന ഏ.കെ.ജി.യെക്കുറിച്ചാണ്. അയ്യപ്പൻ കോവിൽ കുടിയിറക്കാണ് സന്ദർഭം. അമരാവതിയിൽ കുടിയിരുത്തിയ മനുഷ്യർക്കുവേണ്ടി ഏ.കെ.ജി. നടത്തിയ സമരത്തിന്റെ ഓർമ്മയിൽ ജീവിക്കുന്ന ചിന്നക്കുട്ടിയെന്ന സ്ത്രീയുടെ നെടിയ കാലങ്ങളുടെ പിന്തുടരൽ. ജെ.എൻ.യു.വിൽ ഗവേഷകരായ ഒരുസംഘം വിദ്യാർത്ഥികൾ പെരിയാറ്റിൽ മീൻ പിടിക്കാനും അമരാവതിസമരത്തെക്കുറിച്ച് ഡോക്യുമെന്ററി നിർമ്മിക്കാനുമായി നാട്ടിലെത്തുന്നു. പണ്ട്, അമ്മയെ ചികിത്സിക്കാൻ മടിച്ച ഡോക്ടർക്ക് കാട്ടിറച്ചി കൊണ്ടുകൊടുത്ത് മനസ്സുമാറ്റാൻ തുനിഞ്ഞിറങ്ങി പിന്നീട് നാടും കാടും വിറപ്പിച്ച നായാട്ടുകാരിയായി മാറിയ ചിന്നക്കുട്ടിയുടെ കഥ അവരെ വിസ്മയിപ്പിക്കുന്നു. ദേവസിയും ചിന്നക്കുട്ടിയും തമ്മിലുള്ള പ്രണയത്തിന്റെ വിദൂരഭൂതകാലവും കഥയിലുണ്ട്.

'അമരാവതിസമരമൊക്കെ അമ്മച്ചിക്ക് ഇപ്പഴും നല്ല ഓർമ്മയുണ്ടോ? ശിഖ ചക്ക വറുത്തത് കടിച്ചുപൊട്ടിച്ചുകൊണ്ട് അവരെ നോക്കി.

അവർ മൂന്നാമത്തെ ഗ്ലാസും കാലിയാക്കി ഒരു പ്രത്യേക ശബ്ദവും കേൾപ്പിച്ച് കസേരത്തലയ്ക്കൽ കൈകൾ രണ്ടും തിരശ്ചീനമായിവെച്ച് നീണ്ടുനിവർന്നു കിടന്നു. ഇരുളിൽ എവിടെയോ വെടികൊണ്ട ദെണ്ണത്തിൽ ഒരു മ്ലാവ് കരഞ്ഞു. അവർ പറഞ്ഞുതുടങ്ങി:

'അന്നെനിക്കു പത്തൊമ്പതു വയസ്സ്! അപ്പനും അമ്മയുമൊക്കെ മരിച്ചാരുന്നു. ഇളയത്തുങ്ങള് മൂന്നും കോതമംഗലത്തൊള്ള ഒര് മഠത്തില് പണികളും പഠിപ്പുമായിട്ട് നിൽക്കുന്നു. അന്നിവിടമൊക്കെ കൊടുംകാടായിരുന്നു. ഞാനന്ന് ശിക്കാരിചിന്നക്കുട്ടിയായി അറിയപ്പെട്ടു കഴിഞ്ഞാരുന്നു. അപ്പഴാ ഒരിക്കെ ദേവസ്സി വന്നെന്നെ കാണുന്നെ. എടയ്‌ക്കെടെ അങ്ങനൊരു വരവൊണ്ട്. അവനന്ന് മുറ്റൊരു സഖാവായിക്കഴിഞ്ഞിരുന്നു'. അമ്മച്ചിയുടെ ശബ്ദം ചിതറിയും മുഴങ്ങിയും ഒരു പാളി ഇരുളിനെ കാലങ്ങൾക്കപ്പുറത്തേക്കു വകഞ്ഞ് ആ വകച്ചിലിലേക്കു ശിഖയും ഷിന്റോയും കണ്ണുകൾ തുറന്നുവെച്ചു.

പെരുമഴ പെയ്തുതീർന്നതേ ഉണ്ടായിരുന്നുള്ളൂ.

ദേവസ്സിയെത്തുമ്പോൾ ചിന്നക്കുട്ടി ആനപ്പാറയുടെ മുകളിലായിരുന്നു. പാഴിയും പായലും പിടിച്ച് വഴുക്കുന്ന പാറയിലൂടെ ക്ലേശിച്ചു കേറിക്കൊണ്ട് അവൻ മുകളിലോട്ടു നോക്കി. തലയിൽ ദ്രവിച്ചുതുടങ്ങിയ ഒരു തോർത്തും വട്ടംകെട്ടി മുട്ടിന് അല്പംമാത്രം ഇറക്കത്തിൽ കൈലിയും ചുറ്റി ഒരു ആനന്ദബ്ലൂ ബ്ലൗസുമിട്ട് ദൂരെ ഏതോ ലക്ഷ്യത്തിലേക്കു നീളൻ തോക്കും ചൂണ്ടിയാണ് ചിന്നക്കുട്ടി നിൽക്കുന്നത്. സമനിരപ്പല്ലാത്ത പാറകളിൽ ചവിട്ടിയുള്ള ആ നില്പിൽ താഴെനിന്നുള്ള നോട്ടത്തിൽ വെളുത്തു ദൃഢമായ അവളുടെ കാൽവണ്ണയും തുടകളും കാണാം. മുകളിൽ വീർത്തുരുണ്ട നിതംബം, ഒതുങ്ങിയ വയറ് അതിനും മുകളിൽ തെറിച്ചുനിൽക്കുന്ന രണ്ടു മുയൽക്കുട്ടികൾ. മറ്റൊരവസരത്തിലായിരുന്നെങ്കിൽ ദേവസ്സി എല്ലാ ചിന്തകളും മാറ്റിവെച്ച് ഒരു ഭക്തനെപ്പോലെ അവളുടെ കാൽച്ചുവട്ടിൽ ഇരിക്കുമായിരുന്നു. ചിന്നക്കുട്ടിയിൽ കൗമാരത്തിന്റെ ആദ്യതുടുപ്പു പടർന്ന കാലം മുതൽ ദേവസ്സിയുടെ ഹൃദയം പൊന്മാന്റെ കൊക്കുപോലെ അവൾ കൊത്തിവലിച്ചുകൊണ്ടിരുന്നു. കാട് വിറപ്പിക്കുന്ന ശിക്കാരി ചിന്നക്കുട്ടി ആയിട്ടും ആ പൊന്മാന്റെ കൊക്ക് അവനെ കൊത്തി മുറിവേല്പിച്ചുകൊണ്ടേയിരുന്നു.

'എടാ, നീ എന്നാത്തിനാ എന്റെ പൊറകേ നടക്കുന്നേ?' എന്ന അവളുടെ കൊഞ്ഞനംകുത്തിയുള്ള ചോദ്യം കേൾക്കുമ്പോ അവൻ ഒന്നും മിണ്ടാതെ കറൂപ്പിനെപ്പോലെ പെടയ്ക്കുന്ന അവളുടെ കണ്ണുകളും നോക്കിയങ്ങനെ നിക്കും.

പ്രൈമറിക്ലാസ്സിൽ തുടങ്ങി രാഷ്ട്രീയബോധമുള്ള ചിന്നമ്മയെ അവൻ ആരാധിച്ചിരുന്നു. ഒരിക്കൽ വേദപാഠം ക്ലാസ്സിൽ മോശയും കർത്താവും എ.കെ.ജി.യുമൊക്കെ പാവങ്ങക്കടെകൂടെയാ എന്നു പറഞ്ഞതിന് ദൈവനിശേധി എന്നും പറഞ്ഞ് അതിരുങ്കലച്ചൻ തുടയേലുള്ള തോല് നുള്ളിപ്പറിച്ച് എടുത്തെങ്കിലും അവള് കരയാതെ കല്ലുപോലെ നിന്നു.

അങ്ങനെ അക്കാലത്ത് പെമ്പിള്ളേർക്ക് ഇല്ലാത്ത വിധമുള്ള ഉറച്ച രാഷ്ട്രീയബോധമുള്ള ചിന്നമ്മയുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് സത്യത്തിൽ ദേവസ്സി രാഷ്ട്രീയക്കാരനായത്.

'ഠോ....'

വെടിയൊച്ചയ്‌ക്കൊപ്പം ഒരു കാട്ടുപന്നിയുടെ അമറലും.

'എന്റെയമ്മച്ചിയെ.....' ദേവസ്സി നടുങ്ങിപ്പോയി. അപ്പോഴാണ് അവൻ ചിന്നമ്മയുടെ ശ്രദ്ധയിൽ പെട്ടത്.

'ഉം?' പതിവുപോലെ ചോദ്യം ഒരു മൂളലിലൊതുക്കി അവൾ നിവർന്നുനിന്നു.

'എടിയേ, അവടെ ആകെ പുകിലാ. അണക്കെട്ടിനൊള്ള സ്ഥലമെടുപ്പാ. അവിടുള്ളോരൊക്കെ കൈയേറ്റക്കാരാണെന്നാ സർക്കാര് പറയുന്നെ. നിവേദനമൊക്കെ കൊടുത്തിട്ടും ഒരു കാര്യേം ഒണ്ടായില്ല. എന്നാ ചെയ്യണമെന്ന് ഒരൂഹവുമില്ല'.

ദേവസ്സി സർവപ്രതീക്ഷയും പൊയ്‌പ്പോയ മട്ടിൽ നിന്നു.

'ഭൂമി എടുക്കാൻ നേരം ചുരുളിയിലോ ചീനാറിലോ ഓരോ ഏക്കറ് വീതം ഭൂമി തരാമെന്നു പറഞ്ഞുവെച്ചതല്ലേ? എന്നിട്ടിപ്പ എന്നാ പെഴപ്പാ ഈ.... മക്കള് ചെയ്യുന്നേ?'

ചിന്നക്കുട്ടിക്ക് ദേഷ്യം വന്നു.

'ആളുകളെ ബലമായിട്ട് ഈ ആനക്കാട്ടീക്കൊണ്ട് തള്ളാനാ ഉത്തരവെന്ന് ഒരു വിവരം കിട്ടിയിട്ടുണ്ട്. അങ്ങനെ വന്നാ നീ അവരെ നോക്കിക്കോണം'. ദേവസ്സിയുടെ സ്വരം വിറച്ചു'.

അവസാനരചനയായ 'ഹമ്പടി ജിഞ്ചില്ലാക്കടി മനമേ', മറ്റൊരു ചിന്നക്കുട്ടിയുടെ കഥയാണ്. യോനാക്കുഞ്ഞുമ്മയെന്ന സ്ത്രീയുടെ പെരുംനിലകളിലൂന്നി രണ്ടു കുടുംബങ്ങൾ തമ്മിലുടലെടുത്ത വൈരാഗ്യത്തിന്റെയും ഒരു പ്രണയം ആ ഭൂതകാല കയ്പുകളെയെല്ലാം തികട്ടിയെത്തിക്കുന്നതിന്റെയും കഥയാണിത്. അതിലുപരി രണ്ടു സ്ത്രീകൾ, സമാനമായ ഒരു ജീവിതാനുഭവത്തെ, രണ്ടു കാലങ്ങളിൽ, രണ്ടു തരത്തിൽ നേരിടുന്നതിന്റെ കഥയും. തന്റെ ചെറുപ്പത്തിൽ കാമുകനോടൊപ്പം നാടുവിട്ട യോനാക്കുഞ്ഞുമ്മ പിറ്റേന്നു രാവിലെ തിരിച്ച് വീട്ടിലെത്തി. എന്തായിരുന്നു കാരണമെന്ന് അവർ ആരോടും പറഞ്ഞില്ല. പിന്നീടവർ വിവാഹിതയായതുമില്ല. അവരുടെ കാമുകൻ ആ നാട്ടിൽതന്നെ കുടുംബസ്ഥനായി ജീവിച്ചു. അയാളുടെ മകൻ ചക്കമാമച്ചന്റെ മകൾ ഷൈബിയുമായി യോനാക്കുഞ്ഞുമ്മയുടെ കുടുംബത്തിലെ കൂഞ്ഞൂഞ്ഞ് പ്രണയത്തിലായതോടെ കുഞ്ഞുമ്മയ്ക്ക് സമനില തെറ്റി. ഷൈബിയുടെ മുലകൾ തീരെ ചെറുതാണെന്ന് തമാശ പറഞ്ഞ കുഞ്ഞൂഞ്ഞിന്റെ കരണത്തിനിട്ട് ഒന്നു പൊട്ടിച്ച് അവൾ അവളുടെ പാട്ടിനു പോയി. പണ്ട് താൻ കാമുകനോടൊപ്പം നാടുവിട്ട രാത്രിയിൽ കുഞ്ഞുമ്മയോട് അയാൾ പറഞ്ഞതും 'ഇത്രയും ചെറിയ മുലകളുള്ള നിന്നെ എനിക്കു വേണ്ടാ' എന്നായിരുന്നു. രാത്രി മുഴുവൻ കരഞ്ഞുതളർന്ന കുഞ്ഞുമ്മ രാവിലെ വീട്ടിലേക്കു പോന്നു.

മിനിയുടെ മിക്ക കഥകളും, തുടക്കത്തിൽ പറഞ്ഞതുപോലെ പ്രസന്നമധുരമായ ജീവിതസന്ധികളെ ഭാവതീവ്രവും ഭാവനാസുന്ദരവുമായി പുനഃസൃഷ്ടിക്കുന്നവയാണ്. നീണ്ടകഥകളാണ് മിക്കവയും. നിശ്ചമായും നോവലെറ്റുകളോ നോവലുകളോ ആയി വികസിപ്പിക്കാവുന്നവ. നീണ്ടകാലം. മൂന്നും നാലും തലമുറകൾ. പല കുടുംബങ്ങൾ. വേറിട്ടുനിൽക്കുന്ന പ്രമേയങ്ങളും തികച്ചും മൗലികമായ കേന്ദ്രരൂപകങ്ങളും. നെടിയ ജീവിതത്തിന്റെ ആഖ്യാനമൂലധനം സ്വന്തമാക്കിയ സ്ത്രീകളാണ് പല കഥകളിലും നായകസ്ഥാനത്ത്. ചെറിച്ചി, ഫ്രഞ്ച് കിസ്, സ്വർണത്തേറ്റ, അഹിംസാസിൽക്ക്, സഖാവ്, ഹമ്പടി.... എന്നിങ്ങനെയുള്ള രചനകൾ നോക്കുക. കുടിയേറ്റത്തിന്റെ ഭൂമിശാസ്ത്രവും ഹൈറേഞ്ചിന്റെ നരവംശശാസ്ത്രവും ക്രൈസ്തവരുടെ സാമൂഹ്യചരിത്രവും ഇടതുപക്ഷ രാഷ്ട്രീയവും പല കഥകളിലും സജീവസാന്നിധ്യമാണ്.

സ്ത്രീവാദ രാഷ്ട്രീയത്തിന്റെ പ്രഖ്യാപിത പാഠമാതൃകകളോ, ദലിത്, കീഴാള, പാരിസ്ഥിതിക ഭാവനകളുടെ രാഷ്ട്രീയശരികളോ മാത്രമല്ല, മിനിയുടെ കഥാലക്ഷ്യങ്ങൾ. സങ്കടങ്ങളും സന്ദേഹങ്ങളും സംഘർഷങ്ങളുമുള്ളപ്പോഴും സൗന്ദര്യാത്മകമായി വാർന്നുവീഴുന്ന ജീവിതാഹ്ലാദത്തിന്റെ കഥകളാണ് അവയൊന്നടങ്കം. അല്പം പഴയ ചില ഭാവുകത്വങ്ങളെ ഓർമ്മിപ്പിക്കും വിധം സുഘടിതവും സുദീർഘവുമായ ഒരു കഥ, സാകൂതം, സവിസ്തരം പറഞ്ഞുവയ്ക്കുക എന്ന സമ്പ്രദായമാണ് മിനി പിന്തുടരുന്നത്. ഗൃഹാതുരത്വങ്ങളില്ലാത്ത ഭാവനാജീവിതത്തിന്റെ തൃഷ്ണാസമൃദ്ധമായ ഭാവസഞ്ചാരങ്ങൾ.

മലയാളത്തിലെ പെൺകഥാപാരമ്പര്യത്തിൽ എഴുത്തിന്റെ തനതായ കലയും സൗന്ദര്യശാസ്ത്രവും രൂപപ്പെടുത്തി വായനാക്ഷമവും ജനപ്രിയവുമായ കഥകളെഴുതാൻ മിനിക്കു കഴിയുന്നത് ഈയൊരു പ്രസാദാത്മക നിലപാട് ജീവിതത്തിനും മനുഷ്യർക്കും പ്രകൃതിക്കും നേർക്കു സ്വീകരിക്കുന്നതുകൊണ്ടു കൂടിയാണ്.

കഥയിൽ നിന്ന്:-

'ട്രിനിഡാഡിലെ ജീവിതം ചുമ്മാരുവിന് മടുത്തുതുടങ്ങിയിരുന്നു. നിസ്സാര കാര്യങ്ങൾക്കുവരെ കുറ്റം ചാർത്തി ജയിലിലടയ്ക്കാൻ തക്കം നോക്കുന്ന തൊഴിലുടമകളെക്കുറിച്ച് ആകുലപ്പെട്ടുകൊണ്ട് ഉറക്കം മറന്നു കിടന്ന ഒരു രാത്രിയിൽ പെട്ടെന്നാണ് ലയത്തിനു പുറമേ ഒരു കാല്‌പെരുമാറ്റം കേട്ടത്. ശബ്ദമുണ്ടാക്കാതെ അവൻ വാതിൽ തുറന്നു നോക്കി. ലയത്തിൽ തന്നോടൊപ്പമുള്ളവനാണ്! അവൻ എങ്ങോട്ടോ രാത്രിസഞ്ചാരം നടത്താനുള്ള പുറപ്പാടിലാണ്. ഒരുപക്ഷെ, രക്ഷപ്പെട്ടുപോകാൻ ശ്രമിക്കുന്നതാവാം. എന്തായാലും അവനെ പിന്തുടരാനോ ഒറ്റ് കൊടുക്കാനോ ശ്രമിക്കാതെ ചുമ്മാരു തിരികെ വന്ന് കിടന്നു. പക്ഷേ, പോയ ആൾ കുറേനേരം കഴിഞ്ഞ് തിരികെയെത്തി. ക്ഷീണിതനായ അവൻ തിരിച്ചെത്തുമ്പോൾ വളരെ ഉന്മേഷവാനായാണ് കാണപ്പെട്ടത്! ഇത് പലദിവസം ആവർത്തിച്ചതോടെ ചുമ്മാരു അവനെ പിടികൂടി.

'എങ്ങോട്ടാ നീ പോയെ?'

'പറയാം'. വാ അവൻ പിറുപിറുത്തു.

ചുമ്മാരു അവനെ പിന്തുർന്നു. അങ്ങനെ ആ രാത്രി അവർ കരിമ്പുതോട്ടങ്ങൾക്കകലെയായി രണ്ടു മൂന്നു കാതം പിന്നിട്ട് ചുവന്നുപഴുത്ത പഴങ്ങൾ പേറുന്ന കുറ്റിച്ചെടികൾ നിറഞ്ഞ ഒരു സ്ഥലത്തെത്തി. സായിപ്പന്മാരായ കങ്കാണികൾ താമസിക്കുന്ന ഇടമായിരുന്നു അത്! അവിടെ അവർ ധാരാളം മെരുക്കളെ വളർത്തിയിരുന്നു! മുറ്റത്ത് കനലെരിയുന്ന അടുപ്പിനരികെ ഇരുന്ന സായിപ്പന്മാരുടെ തോളുകളിൽ മെരുക്കൾ ഇണക്കത്തോടെ കയറി ഇരിക്കുകയും അവർ അതിന് കുറ്റിച്ചെടിയിലെ പഴുത്ത പഴങ്ങൾ പറിച്ചു കൊടുക്കുകയും അവ അതെല്ലാം ആർത്തിയോടെ വെട്ടി വിഴുങ്ങുകയും ചെയ്തുകൊണ്ടിരുന്നു. അവയെ കണ്ടപ്പോൾ എന്തിനോ ചുമ്മാരു ആഹ്ലാദിച്ചു. വിട്ടുപോന്ന നാടും വീടും ഒരു നിമിഷം അവനോർത്തു. ആ ആഹ്ലാദത്തിൽ അവനറിയാതെ ശക്തിയിൽ ശ്വാസോച്ഛ്വാസം ചെയ്തു. അത് കൂടെയുണ്ടായിരുന്ന ഉത്തരേന്ത്യൻ സുഹൃത്തിനെ കോപിഷ്ഠനാക്കി. അതോടെ ചുമ്മാരു സംയമനം പാലിച്ചു. കങ്കാണിമാർ അടുപ്പിൽ ഒരു കെറ്റിലിൽ വെള്ളം തിളപ്പിക്കുകയും അതീവ സുഗന്ധമുള്ള ഒരു പൊടിക്കൂട്ട് അതിൽ ചേർക്കുകയും ചെയ്തു. അതു പാകമായിക്കഴിഞ്ഞ് ഗ്ലാസ്സുകളിൽ പകർന്നു കുടിക്കുകയും ഉന്മേഷത്തോടെ ആടുകയും പാടുകയും ചെയ്തു. പാട്ടും നൃത്തവും മുറുകിയതോടെ ചുമ്മാരുവിന്റെ കൂടെയുള്ളയാൾ പതിയെ പതിയെ പൂച്ചയെപ്പോലെ അങ്ങോട്ടു ചെല്ലുകയും അവരുടെ കണ്ണുവെട്ടിച്ച് കെറ്റിലിൽനിന്നും അല്പം ഗ്ലാസ്സിലേക്കു പകർന്ന് കുടിക്കുകയും ശേഷിച്ചത് ചുമ്മാരുവിനു കൊടുക്കുകയും ചെയ്തു. ചുമ്മാരുവിന് അത് വല്ലാത്തൊരനുഭവമായിരുന്നു! പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷവുമായി തിരികെ നടന്നപ്പോഴാണ് കൂട്ടുകാരൻ ആ പാനീയത്തിന്റെ നിർമ്മാണരീതികളെപ്പറ്റി ചുമ്മാരുവിനോടു പറഞ്ഞത്. കുറ്റിച്ചെടിയിലെ ചുകന്ന പഴങ്ങൾ കൊടുത്തു വളർത്തുന്ന മെരുക്കുകളുടെ വിസർജ്ജ്യം ശേഖരിച്ച് അതിലെ ദഹിക്കാത്ത കുരു കഴുകി ഉണക്കി പൊടിച്ചാണത്രേ ആ പാനീയം ഉണ്ടാക്കുന്നത്! വിലർജ്ജ്യം എന്ന വാക്ക് ചുമ്മാരുവിൽ ആദ്യമൊരല്പം മനംപുരട്ടൽ ഉണ്ടാക്കിയെങ്കിലും ആ പാനീയം ഉപേക്ഷിക്കാൻ അയാൾക്കായില്ല. അവർ തങ്ങളിൽ ഒരാൾ പിടിക്കപ്പെടുംവരെ ആ മോഷണം തുടർന്നുകൊണ്ടിരുന്നു. വർഷങ്ങൾക്കുശേഷം പീരുമേട്ടിൽനിന്നും മോഷ്ടിച്ച കാപ്പിക്കമ്പുകളുമായി ചുമ്മാരു വനത്തിൽ ആഗ്നസിനൊപ്പം താമസം തുടങ്ങിയ കാലം. ചെടി മൊട്ടിട്ട് പൂവിട്ട് കായ് പിടിച്ചുതുടങ്ങിയതോടെ അയാൾ എന്തിനോവേണ്ടി കാടാകെ തിരച്ചിലായി.

'എന്തോന്നാ തിരയുന്നെ?' ആഗ്നസ്സ് ചോദിച്ചു. മറുപടി പറയാതെ ചെറുചിരിയോടെ ചുമ്മാരു തിരഞ്ഞുകൊണ്ടേയിരുന്നു. ഇലംപച്ച നിറമുള്ള കുഞ്ഞു കായ്കൾ കരിംപച്ചയായി. അപ്പോഴും അയാൾക്കതിനെ കണ്ടെത്താനായില്ല. കായ്കൾ കരിംചുവപ്പു നിറത്തോടെ ഉരുണ്ടുമെഴുത്തു... എന്നിട്ടും! ചുമ്മാരു നിരാശനായി.

ഒരു ദിവസം ആഗ്നസ്സാണു കണ്ടത്! ചുവന്ന കാപ്പിപ്പഴങ്ങൾക്കിടെ അന്നുവരെ കണ്ടിട്ടില്ലാത്ത ഒരുതരം ജീവി! അത് അവളെ ഗൗനിക്കാതെ ഓമനത്തത്തോടെ കാപ്പിപ്പഴങ്ങൾ തുരുതുരാ തിന്നുകൊണ്ടിരുന്നു. അവൾ ഉച്ചമയക്കത്തിലായിരുന്ന ചുമ്മാരുവിനെ ഉണർത്തി ആ കാഴ്ച കാണിച്ചുകൊടുത്തു. ചുമ്മാരു സന്തോഷം കൊണ്ട് അവളെ എടുത്തു വട്ടം കറക്കി!

വായന അത്രയുമെത്തിയപ്പോഴേക്കും ഷോജൻ മേബിളിന്റെ അടുക്കൽനിന്നും ആ കൈയെഴുത്തുപ്രതി വാങ്ങി തിരികെ അലമാരയിൽ ഭദ്രമായിവെച്ച് അടുത്ത മുറിയുടെ പൂട്ടു തുറന്നു. തീവണ്ടിപോലെ നീണ്ടൊരു മുറിയായിരുന്നു അത്! സുഖകരമായ ഗന്ധം തങ്ങിനിന്ന ആ മുറിയിൽ പലയിടങ്ങളിലായി മെരുവിൻ വിസർജ്ജ്യം വലിയ അളവിൽ കൂനകൂട്ടിയിട്ടിരുന്നു.

ഇതാണ് മെരുകിൻ വിസർജ്ജ്യം! ഇതു കണ്ടോ ഇവയുടെ വിസർജ്ജ്യത്തിലെ ഈ കാപ്പിക്കുരുക്കൾ ഈ കാണുന്ന വലിയ അരിപ്പകളിൽ ഇട്ട് നന്നായി അരിച്ചെടുക്കും. എന്നിട്ട് വൃത്തിയായി കഴുകി ഉണക്കിപ്പൊടിക്കും. ഷോജൻ ആ മുറി ആകമാനം നടന്ന് ഓരോന്നും അവൾക്ക് വിശദീകരിച്ചു കൊടുത്തു. എല്ലാം കഴിഞ്ഞ് തിരികെ വീട്ടിലേക്കു തിരിക്കുമ്പോൾ മേബിളിനോട് ഷോജൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

'സിവെറ്റ് കോഫി! അതാണ് വിദേശങ്ങളിൽ ചുമ്മാരുപാപ്പന്റെ സ്‌പെഷ്യൽ! ഇന്ത്യയിൽ സാദാ കോഫിപൗഡറിനൊപ്പം വളരെ കുറഞ്ഞ അളവിലേ ഇതു ചേർക്കുന്നുള്ളൂ. എന്നിട്ടും അതിന്റെ രൂചി എങ്ങനെയൊണ്ടാരുന്നു? അപ്പൊ പ്യുവർ സിവെറ്റ് കോഫിയുടെ രുചിയോ! അധികം വൈകാതെ കേരളത്തിൽ ഞാനൊരു അംഗീകൃത സിവെറ്റ് ഫാം തുടങ്ങും! അതിനുള്ള നീക്കങ്ങളൊക്കെ നടത്തുന്നുണ്ട്. എല്ലാം ഒത്താൽ നിന്നേം ഉദ്ഘാടനത്തിനു വിളിക്കും. അന്നേരം നീ വരണം കേട്ടോടീ കാപ്പിക്കൊതിച്ചി'. ഷോജൻ ചിരിച്ചു'.

ഫ്രഞ്ച് കിസ്
മിനി പി.സി.
ഡി.സി. ബുക്‌സ്
2020
120 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP