Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202203Monday

ദൈവത്തിന്റെ പന്ത്

ദൈവത്തിന്റെ പന്ത്

ഷാജി ജേക്കബ്‌

തം, രാഷ്ട്രീയം, സിനിമ, സംഗീതം, സ്പോർട്സ് എന്നിങ്ങനെ മുഖ്യമായും അഞ്ച് ജനപ്രിയസംസ്‌കാരങ്ങളിലാണ് ദൈവങ്ങൾ ജീവിക്കുന്നത്. മതമൊഴികെ നാലിലും ഇത് സാധ്യമാക്കിയത് വിപണിയും ബഹുജനമാധ്യമങ്ങളും ചേർന്നാണ്. മുതലാളിത്തത്തിന്റെയും സാങ്കേതികവിദ്യയുടെയും ചിറകിലേറി മതഘടനയിലേക്കും സ്വഭാവത്തിലേക്കും നേടിയ പരകായപ്രവേശമാണ് ഇവയിൽ ദൈവങ്ങളെ സൃഷ്ടിച്ചത് എന്നും പറയാം. നിശ്ചയമായും മതങ്ങളുടെയും പുനർജന്മം സാധ്യമാക്കി ഈ സാങ്കേതിക, മാധ്യമ വിപ്ലവം. എല്ലാ രാഷ്ട്രീയ, സംസ്‌കാര രൂപങ്ങളുടെയും ലക്ഷ്യം മതപദവിയിലെത്തുക എന്നതാണല്ലോ. എല്ലാ രാഷ്ട്രീയ, സംസ്‌കാര നായകരുടെയും ലക്ഷ്യം ദൈവപദവിയിലേക്കുയരുക എന്നതും.

         

          ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തെ വഴിതിരിച്ചുവിട്ട മത-രാഷ്ട്രീയസംഭവങ്ങളും കലാനുഭൂതികളും കായികയുദ്ധങ്ങളും ഒരുപോലെ അവശേഷിപ്പിക്കുന്ന സാംസ്‌കാരിക മിച്ചമൂല്യം മനുഷ്യരുടെ ശരീരത്തെയും ആത്മാവിനെയും അഗാധമായി സ്വാധീനിക്കാൻ ഈ പഞ്ചലോകങ്ങൾക്കുമുള്ള അപാരമായ കഴിവാകുന്നു. മതം നൂറ്റാണ്ടുകൾക്കു മുൻപുതന്നെ അങ്ങനെയായിരുന്നു. സൃഷ്ടിയും സ്ഥിതിയും സംഹാരവും ഒരേ ആവേശത്തോടെ സാധ്യമാക്കിക്കൊണ്ട് മനുഷ്യാസ്തിത്വത്തെയും ഭാവനയെയും അത് ദൈവകരങ്ങളാൽ നിയന്ത്രിച്ചു. ഇരുപതാം നൂറ്റാണ്ടിലാകട്ടെ, മുൻപുപറഞ്ഞതുപോലെ വിപണിയും മാധ്യമങ്ങളും ചേർന്ന് മതത്തിനൊപ്പം മേല്പറഞ്ഞ നാല് മണ്ഡലങ്ങളെയും ദാക്ഷിണ്യമില്ലാത്ത ദൈവനീതികളിൽ പുനർനിർവചിച്ചു.

(മനുഷ്യനെ ദൈവപദവിയിലേക്കുയർത്തുന്ന) ഏതു മഹാഭാഗ്യത്തിനു പിന്നിലും ഒരു കുറ്റകൃത്യം കാണും ('Behind every great fortune, theres a crime') എന്ന ബൽസാക്കിയൻ വാക്യം മരിയോപുസോ തന്റെ വിശ്വവിഖ്യാതമായ ക്രൈം നോവലിന്റെ നൂറുകണക്കിനു പുറങ്ങളിലേക്കു വിപുലീകരിച്ചു വിവർത്തനം ചെയ്യുന്നുണ്ടല്ലോ. കുറ്റാഖ്യാനങ്ങളുടെ ചോര കിനിയുന്ന ഭാവനയെക്കാൾ മനുഷ്യാത്മാവിനെ സ്വാധീനിക്കാൻ ഇന്നോളം മറ്റൊരു ഭാവബന്ധത്തിനും കഴിഞ്ഞിട്ടില്ല എന്ന് നമുക്കറിയാം. സാമൂഹ്യഭൂകമ്പങ്ങൾക്കു വഴിവച്ച യുദ്ധങ്ങളും വിപ്ലവങ്ങളും കലാപങ്ങളും ഗൂഢാലോചനകളും അട്ടിമറികളും കള്ളക്കടത്തും മുതൽ ഒറ്റയൊറ്റ ഹിംസകളുടെ രക്തഗാഥകൾ വരെ-കുറ്റകൃത്യങ്ങളുടെ ആവരണവും അനാവരണവുമാകുന്നു, മനുഷ്യഭാവന സാധ്യമാക്കിയ എക്കാലത്തെയും ഏറ്റവും വിശിഷ്ടമായ കലാവിരുന്ന്. മലയാളസാഹിത്യവും ഇതിനപവാദമല്ല.

മതം, രാഷ്ട്രീയം എന്നിവയെ പൊതുവിൽ നാം കലയും വിനോദവുമായല്ല കണക്കാക്കാറുള്ളത്. അതേസമയം ഏതു കലയും വിനോദവും ഈ രണ്ട് ഭാവബന്ധങ്ങളിലേക്ക് അധ്യാരോപിക്കപ്പെടുമ്പോഴാണ് അവയുടെ ആവിഷ്‌ക്കാരതലം അനുപമമായ അനുഭൂതിമണ്ഡലങ്ങളിലേക്കു പരിവർത്തനം ചെയ്യപ്പെടുന്നത്. നിസംശയം ദൈവപദവിയിൽ എത്തിപ്പെട്ട, മനുഷ്യചരിത്രത്തിലെതന്നെ എക്കാലത്തെയും പ്രസിദ്ധനായ കായികതാരം ഡീഗോ അർമാന്ദോ മറഡോണയുടെ ജീവിതത്തിൽ നിന്ന് രണ്ടു ദിവസം കടമെടുത്ത് കാൽപ്പന്തുകളിയുടെ രാഷ്ട്രീയദൈവശാസ്ത്രത്തെയും ഹിംസാത്മക കുറ്റശാസ്ത്രത്തെയും സമീകരിച്ചെഴുതിയ നീണ്ട കഥയാണ് ഇ. സന്തോഷ്‌കുമാറിന്റെ 'ഏഴാമത്തെ പന്ത്'. പരമാവധി ഒരു ഫുട്‌ബോൾമത്സരത്തിന്റെ സമയംകൊണ്ട് ആസ്വദിച്ചും ആലോചിച്ചും ആവർത്തിച്ചും വായിച്ചുതീർക്കാവുന്ന രചന.

          കാൽപ്പന്തുകളിയുടെയെന്നല്ല കായികകലയുടെ തന്നെ രാഷ്ട്രീയ-മതാത്മക സാധ്യതകളെക്കുറിച്ച് മലയാളത്തിൽ മുൻപ് ശ്രദ്ധേയമായ ഒരു കഥയേ ഈവിധം ഭാവനചെയ്യപ്പെട്ടിട്ടുള്ളു. എൻ.എസ്. മാധവന്റെ 'ഹിഗ്വിറ്റ'. (കെ.എൽ. മോഹനവർമ്മയുടെ ക്രിക്കറ്റ് ഉൾപ്പെടെ ചില രചനകളിൽ കായികരംഗത്തെ കിടമത്സരങ്ങൾ സൂചിതമാകുന്നുണ്ടെന്നത് മറക്കുന്നില്ല.) മറ്റൊരു ലാറ്റിനമേരിക്കൻ  ഫുട്‌ബോൾ ദൈവമായിരുന്നു ആ കഥയിലെ പ്രതീതിനായകൻ. മാധവനുശേഷം മലയാള ചെറുകഥയിൽ ഏറ്റവും മൗലികതയുള്ള രചനാലോകം സൃഷ്ടിച്ച കഥാകൃത്തായ സന്തോഷ്‌കുമാറിന്റെ രചനയാകട്ടെ, ലാറ്റിനമേരിക്കൻ ഫുട്‌ബോൾ രാഷ്ട്രീയത്തിന്റെ പ്രത്യക്ഷജീവിതങ്ങളിലേക്കു സഞ്ചരിച്ചെത്തുന്ന ഒരനുഭവത്തിന്റെ അപൂർവവും അസാധാരണവുമായ ആവിഷ്‌ക്കരണം നിർവഹിക്കുന്നു. ഒരുപക്ഷെ മലയാളത്തിൽ ഇതാദ്യമായി രചിക്കപ്പെടുന്ന 'സ്പോർട്സ് ക്രൈം ഫിക്ഷൻ' എന്ന സാഹിത്യപദവിയും ഈ കഥ സ്വന്തമാക്കുന്നു. മാതൃഭൂമി സ്പോർട്സ് മാസിക 2020 ഒക്ടോബർ 30ന് പ്രസിദ്ധീകരിച്ച മറഡോണ ഷഷ്ഠിപൂർത്തിപ്പതിപ്പിനായി എഴുതിയ കഥയെന്ന നിലയിൽ സാഹിത്യത്തിന്റെ ജനപ്രിയ-പാഠാന്തര മാധ്യമസ്വഭാവങ്ങൾ സ്വാംശീകരിക്കുന്ന കൃതിയുമാണിത്. കൃത്യം 20 ദിവസം കഴിഞ്ഞ്, നവംബർ 20ന് മറഡോണ മരിച്ചു.

         

ബോബി ചെമ്മണ്ണൂരിന്റെ സ്വർണക്കടയും എയർലൈൻസും(?) ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു ഡീഗോ മറഡോണ. 2012 ഒക്ടോബറിൽ. 23ന് രാവിലെ കൊച്ചിവരെ വിമാനത്തിലും അവിടെനിന്ന് ഹെലികോപ്റ്ററിൽ കണ്ണൂരിലും എത്തി 24ന് വൈകിട്ട് കരിപ്പൂരിൽനിന്ന് മടക്കം. ഇതിനിടെ സംഭവിക്കുന്ന അതിനാടകീയമായ ഒരു ഗൂഢാലോചനയുടെയും നാളിതുവരെ മറനീങ്ങാത്ത അതിന്റെ രഹസ്യാത്മകതയുടെയും കഥയാണ് 'ഏഴാമത്തെ പന്ത്'. യാഥാർഥ്യവും ഭാവനയും ഗംഭീരമാംവിധം കൂട്ടിയിണക്കി രചിക്കപ്പെട്ട മികച്ച കഥ. ലാറ്റിനമേരിക്കൻ രാഷ്ട്രീയവിപ്ലങ്ങളുടെയും യൂറോ- അമേരിക്കൻ ഫുട്‌ബോൾ യുദ്ധങ്ങളുടെയും മാജിക്കൽ റിയലിസ്റ്റ് സാഹിത്യേതിഹാസങ്ങളുടെയും  പോളിഷ് പത്രപ്രവർത്തകൻ റിസ്സാർഡ് കാപൂച്ചിൻസ്‌കിയുടെ 'മാജിക്കൽ ജേണലിസ്റ്റ്' റിപ്പോർട്ടിംഗിന്റെയുമൊക്കെ മൂർത്തസാന്നിധ്യം കൊണ്ട് മലയാള ചെറുകഥയിൽ തികച്ചും വേറിട്ടുനിൽക്കുന്ന രചന. കഥയുടെ ഘടന ഇങ്ങനെയാണ്:

2020 ജനുവരിയിൽ തിരുവനന്തപുരത്തു നടന്ന മാതൃഭൂമി സാഹിത്യോത്സവമായ 'ക' ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സന്തോഷ്‌കുമാറിനോട് മാതൃഭൂമി സ്പോർട്സ് മാസികയുടെ പത്രാധിപരായ കെ. വിശ്വനാഥ് തന്റെ ഭാര്യയോടൊഴികെ മറ്റാരോടും അന്നുവരെ പറയാത്ത ഒരു മറഡോണരഹസ്യം പങ്കുവയ്ക്കുന്നത്. ആ രഹസ്യത്തിന് ചില അടിക്കുറിപ്പുകളും വിശദീകരണങ്ങളും എഴുതിച്ചേർത്ത് സന്തോഷ്‌കുമാർ 'ഏഴാമത്തെ പന്ത്' എന്ന കഥ രൂപപ്പെടുത്തുന്നു.

കണ്ണൂരിലെത്തിയ മറഡോണയും സെക്രട്ടറി അന്റോണിയോയും താമസിച്ചത് ബ്ലൂലൈൻ ഹോട്ടലിലായിരുന്നു. വിശ്വനാഥും മാതൃഭൂമി ഫോട്ടോഗ്രാഫർ മധുരാജും മാത്രമായിരുന്നു മാധ്യമപ്രതിനിധികളായി ആ ഹോട്ടലിൽ തങ്ങാൻ അനുമതി ലഭിച്ചവർ. ഒന്നാം ദിവസത്തെ പരസ്യചിത്രീകരണം പ്രശ്‌നങ്ങളൊന്നുമില്ലാതെ കഴിഞ്ഞു. രണ്ടാം ദിവസം രാവിലെ പതിനൊന്നുമണിക്കാണ് ജവഹർ സ്റ്റേഡിയത്തിൽ മറഡോണയുടെ പൊതുപരിപാടി തീരുമാനിച്ചിരിക്കുന്നത്. രാവിലെ നാലുമണി മുതൽ ജനം സ്റ്റേഡിയത്തിലേക്കൊഴുകുകയാണ്. സംസ്ഥാനത്തെ അഞ്ചു മന്ത്രിമാരും പ്രശസ്തരായ മലയാളി ഫുട്‌ബോൾതാരങ്ങളും വേദിയിലുണ്ട്. രഞ്ജിനി ഹരിദാസാണ് പരിപാടിയുടെ അവതാരക. മറഡോണ പാട്ടുപാടി. രഞ്ജിനിയുമായി ചേർന്ന് നൃത്തച്ചുവടുകൾ വച്ചു. ഒരാഴ്ച കഴിഞ്ഞു വരാനിരിക്കുന്ന തന്റെ അൻപത്തിരണ്ടാം പിറന്നാളിന്റെ കേക്ക് മുറിച്ചു. ഐ.എം. വിജയനുമായി പന്തുതട്ടിക്കളിച്ചു. ജനം ഇളകിമറിഞ്ഞു. ഇരുപതുമിനിറ്റാണ് ഇതിനെല്ലാംകൂടി മറഡോണ വേദിയിൽ ചെലവഴിച്ചത്. പിന്നീടദ്ദേഹം ഹോട്ടലിലേക്കു മടങ്ങി.

         

ഇതാണ് സംഭവിച്ച കാര്യങ്ങൾ. പക്ഷെ ഇതിനിടയിൽ രണ്ടാം ദിവസം രാവിലെ നടന്ന മറ്റാരുമിന്നോളമറിയാത്ത ചില കാര്യങ്ങളിലേക്കാണ്, എട്ടുവർഷത്തിനുശേഷം വിശ്വനാഥ് സന്തോഷ്‌കുമാറിന്റെ ശ്രദ്ധതിരിക്കുന്നത്. അവിടെയാണ് കഥയുടെ കലാപരമായ കുടിയിരിപ്പ്.

സമയനിഷ്ഠ പാലിച്ചുകൊണ്ട് ഒരുക്കങ്ങൾ പൂർത്തിയായിവരുന്നതിനിടയിൽ വിശ്വനാഥിന് ഒരു ഫോൺകോൾ വരുന്നു. കേരളാപൊലീസിലെ ഇൻസ്‌പെക്ടറായ ബീന എന്ന് അവർ സ്വയം പരിചയപ്പെടുത്തി. ജവഹർ സ്റ്റേഡിയത്തിൽ മറഡോണക്കു തട്ടിക്കളിക്കാൻ തയ്യാറാക്കി വച്ചിട്ടുള്ള പന്തുകളിലൊന്നിൽ സ്‌ഫോടകവസ്തുക്കളുണ്ട് എന്നും ആരുമറിയാതെ അത് നിർവീര്യമാക്കാൻ തങ്ങൾക്ക് അരമണിക്കൂർ സമയംവേണമെന്നും അതിനുവേണ്ടി മറഡോണയുടെ യാത്ര അരമണിക്കൂർ വൈകിക്കണമെന്നുമാണവർ പറഞ്ഞത്. സംഭവമറിഞ്ഞാൽ ജനം വിരണ്ടോടി വൻ ദുരന്തത്തിൽ കലാശിക്കുമെന്നതിനാൽ ഇക്കാര്യം മറ്റൊരാളുമറിയാതെ നടപ്പാക്കാനായിരുന്നു അവരുടെ നിർദ്ദേശം.

''ഇതൊക്കെ കൃത്യമായി തയ്യാറായിരിക്കുന്ന സമയത്താണ് എനിക്കൊരു ഫോൺ വരുന്നത്.' വിശ്വനാഥ് അതുവരെയുള്ള കഥയുടെ ഒഴുക്കിനു തടയിട്ടുകൊണ്ട് പതുക്കെ പറഞ്ഞു.

'ആരാണ് അപ്പോൾ വിളിച്ചത്?'

'അതെനിക്കും അറിഞ്ഞുകൂടാ. ഏതായാലും എനിക്കറിയാവുന്ന ഒരാളല്ല. ഏതാണ്ട് പത്തുമണി കഴിഞ്ഞുകാണും', വിശ്വം പറഞ്ഞു.

'എന്നുവച്ചാൽ മറഡോണ പുറത്തിറങ്ങുന്നതിന് ഇനി കുറച്ചു സമയമേയുള്ളൂ'.

          'അതുതന്നെ. പക്ഷേ, മറഡോണ ഇപ്പോൾ പുറത്തിറങ്ങരുത് എന്നായിരുന്നു അവർ പറഞ്ഞത്'.

          'അവർ?' വിശ്വത്തിനു തെറ്റിയതല്ലല്ലോ എന്നു ഞാൻ സംശയിച്ചിരുന്നു.

          'അതേ, ഒരു സ്ത്രീശബ്ദമായിരുന്നു'.

ഒരു നഗരം മുഴുവൻ വലിയ സന്നാഹങ്ങളോടെ കാത്തിരിക്കുന്ന വിശ്വവിഖ്യാതനായ ഡീഗോ മറഡോണ ഇപ്പോൾ പുറത്തിറങ്ങരുത് എന്ന് ഒരു സ്ത്രീ ഫോൺ ചെയ്തു പറയുന്നു!

'എന്താ സംഗതി?' എനിക്ക് വിശ്വനാഥ് പറയുന്ന കഥയിൽ ഒരു ട്വിസ്റ്റു തോന്നി.

'സംഭവം ഇതാണ്. സ്റ്റേഡിയത്തിൽ മറഡോണയുടെ കാലുകളെ കാത്ത് കുറച്ചു ഫുട്‌ബോളുകൾ തയ്യാറാക്കി വെച്ചിട്ടുണ്ട് എന്നു പറഞ്ഞുവല്ലോ. നമ്മുടെ ഐ.എം. വിജയനും മറഡോണയും ചേർന്ന് അവ തട്ടിക്കളിക്കും, കുറച്ചു നേരം. ആ ഫുട്‌ബോളുകളിലൊന്നിൽ, ഒരേയൊരെണ്ണത്തിൽ മാത്രം, സ്‌ഫോടകവസ്തുക്കളുണ്ട് എന്നാണ് ആ സ്ത്രീ എന്നോടു പറഞ്ഞത്'.

'അയ്യോ! എന്നിട്ട് അത് പത്രക്കാരോടാണോ വിളിച്ചുപറയുക? ഇത്രയധികം പൊലീസുകാർ കാവൽ നിൽക്കുന്നില്ലേ?' ഞാൻ ചോദിച്ചു.

          'ആ വിളിച്ച സ്ത്രീ ഒരു പൊലീസ് ഇൻസ്‌പെക്ടറായിരുന്നു'.

          ങേ! എന്നിട്ടാണോ....'

          'അക്കാര്യം ഞാനപ്പോൾത്തന്നെ അവരോടു ചോദിച്ചു. നിങ്ങൾ മേലധികാരികളെ വിളിച്ചു പറയൂ എന്ന് ആവശ്യപ്പെട്ടു'.

          അങ്ങനെ പറയുമ്പോൾ തന്റെ ശബ്ദം അസാധാരണമായി ഉയർന്നിരുന്നുവെന്ന് വിശ്വം ഓർക്കുന്നു.

         

'നിങ്ങൾ പരിഭ്രമിക്കരുത്. അങ്ങനെയാണെങ്കിൽ കൂടുതൽ കുഴപ്പമാവും', ആ സ്ത്രീ ഉറച്ച ശബ്ദത്തിൽ പറഞ്ഞു, 'നിങ്ങൾ പറഞ്ഞതുപോലെ എനിക്കു വേണമെങ്കിൽ എന്റെ ഡിപാർട്‌മെന്റിലെ ആളുകളെത്തന്നെ വിളിക്കാം. അതാണ് സ്വാഭാവികവും. പക്ഷേ, ഇപ്പോൾ അവിടേക്കു വിളിച്ചാലുള്ള കോലാഹലം ഒന്നോർത്തുനോക്കൂ. ഈ പരിപാടി ആകെ താറുമാറാവും, ആളുകൾ പരിഭ്രാന്തരായി ഓടുകയോ ആ ഓട്ടത്തിനിടയിൽ നൂറുകണക്കിന് ആളുകൾ മരിക്കുകയോ ഒക്കെ ചെയ്‌തേക്കാം. ഒരുപക്ഷേ, ഇതൊരു വ്യാജസന്ദേശമാവാം. പക്ഷേ, ഞങ്ങൾക്കങ്ങനെ തള്ളിക്കളയാൻ പറ്റില്ല. ഇനി വ്യാജസന്ദേശമാണെന്നുതന്നെ വെക്കുക. അറിഞ്ഞാൽ മറഡോണ ആ ഭാഗത്തേക്കുതന്നെ വരുകയില്ല. അങ്ങനെയാണെങ്കിൽ ജനക്കൂട്ടം എന്തും ചെയ്‌തെന്നുവരാം. നോക്കൂ, മിസ്റ്റർ വിശ്വനാഥ്, അല്ലെങ്കിൽത്തന്നെ കണ്ണൂർ നഗരം മൊത്തത്തിൽ സ്തംഭിച്ചു നിൽക്കുകയാണ്. വാഹനങ്ങളൊന്നും പോകുന്നില്ല. കടകൾക്കു മുന്നിൽ ഇരുചക്രവാഹനങ്ങൾ പാർക്കു ചെയ്തിട്ടിരിക്കുന്നതിനാൽ പല കടകളും തുറക്കാൻ തന്നെ പറ്റിയിട്ടില്ല'.

'എനിക്കെന്തു ചെയ്യാൻ കഴിയും?' വിശ്വം ചോദിച്ചു. ചോദിക്കുന്നതിന്റെ ഒച്ച കുറവായിരുന്നുവെങ്കിലും അപ്പോഴും ആ വാക്കുകളിലെ പരിഭ്രമം വിട്ടൊഴിഞ്ഞിരുന്നില്ല.

          'നിങ്ങൾക്കേ എന്തെങ്കിലും ചെയ്യാൻ കഴിയൂ', അങ്ങനെ പറഞ്ഞുകൊണ്ട് അവർ സ്വയം പരിചയപ്പെടുത്തി, 'ഞാൻ ബീന. ഇപ്പോൾ കണ്ണൂർ ജില്ലയിലേതന്നെ ഒരു പൊലീസ് സ്റ്റേഷനിൽ നിന്നാണ് വിളിക്കുന്നത്'.

          'പറയൂ'.

          'ഈ വിവരം എനിക്കു കിട്ടിയിട്ട് കുറച്ചു സമയമായി. ഞാൻ മുമ്പ് തൃശ്ശൂരിലെ പൊലീസ് അക്കാദമിയിൽ ഡോഗ് സ്‌ക്വാഡിൽ ജോലി ചെയ്ത ഒരാളാണ്, ആസ് എ ഡോഗ് ട്രെയിനർ. അതുകൊണ്ട് ഉടൻതന്നെ പരിശീലനം സിദ്ധിച്ച ഒരു നായയുമായി ഞാൻ സ്റ്റേഡിയത്തിൽ വരും. വടകരയിലെ റൂറൽ എസ്‌പി. ഓഫീസിൽനിന്നും നായക്കുട്ടി വരുമ്പോൾ കുറച്ചു വൈകി. ഏതായാലും അരമണിക്കൂറിനകം അവിടെ വന്ന് എല്ലാം പരിശോധിക്കാമെന്നാണ് കരുതുന്നത്. അത്രയും നേരം മറഡോണ വൈകുന്നു എന്ന് നിങ്ങൾ ഉറപ്പാക്കണം'.

          'മാഡം, ക്ഷമിക്കണം. ഞാൻ പറഞ്ഞാൽ അദ്ദേഹം കേൾക്കുമോ! പത്രക്കാരല്ല മറഡോണയെ കൊണ്ടുവരുന്നത്'.

          'അതെനിക്കറിയാം. പക്ഷേ, നിങ്ങൾ പത്രക്കാർക്ക് അതിനുള്ള പൊടിക്കൈകളൊക്കെ അറിയാമല്ലോ. ഞാൻ പറഞ്ഞുതരണോ! അരമണിക്കൂർ, ഏറിയാൽ നാൽപ്പതുമിനിറ്റ്. മറഡോണയെപ്പോലുള്ള ഒരാൾ അത്ര നേരം വൈകി ഒരു പരിപാടിയിലെത്തുന്നത് വലിയ കാര്യമൊന്നുമല്ലെന്നു പറയേണ്ടതില്ലല്ലോ.'

         

'ഇനി നായയെ കൊണ്ടുവന്നു പരിശോധിപ്പിക്കുമ്പോൾ അവിടെയുള്ളവരെല്ലാമറിയില്ലേ?' ഞാൻ തിരക്കി.

          ''അതൊക്കെ വളരെ സാധാരണമായി ചെയ്യുന്ന ഒരു കാര്യമാണ്. ഇന്നലെ മിക്കവാറും അവരതു ചെയ്തിട്ടുണ്ടാവും. ഇതിപ്പോൾ ഒരു സന്ദേശം കിട്ടി. ഒന്നുമില്ലെന്ന് ഞാൻ ഉറപ്പുവരുത്തുന്നു എന്നുമാത്രം. പൊലീസിലെ മേധാവികൾ ചിലപ്പോൾ എന്താണ് വൈകിയത് എന്നു ചോദിച്ച് എന്നോടു കയർത്തേക്കാം. അത്രയേയുള്ളൂ. അതു ഞാൻ കൈകാര്യം ചെയ്‌തേക്കാം. ഞാൻ നായയെ പലയിടത്തും കൊണ്ടുനടക്കും. അതിനിടെ പന്തുകളും അതിനെക്കൊണ്ടു

പരിശോധിപ്പിക്കും. എളുപ്പമാണ്. കാര്യങ്ങൾ. നായ കാണിച്ചുതരുന്ന ഫുട്‌ബോൾ ഞാൻ ആരുമറിയാതെ മാറ്റിക്കൊള്ളാം. അഥവാ ഇല്ലെങ്കിലും കുഴപ്പമില്ല. ഒരു പാനിക് സിറ്റുവേഷൻ ഉണ്ടാക്കാതെ നോക്കുകയാണ് പ്രധാനം'.

          'ഞാൻ ശ്രമിച്ചുനോക്കാം,' വിശ്വം പറഞ്ഞു.

          'നോക്കുകയല്ല, ഞാൻ പറഞ്ഞതുപോലെ നടക്കണം'. ഇൻസ്‌പെക്ടർ ബീന ഉറപ്പിച്ചു പറഞ്ഞു. അവരുടെ വാക്കുകളിൽ അപ്പോൾ പൊലീസിന്റെ ആജ്ഞ പതിയിരിക്കുന്നുണ്ടെന്ന് എനിക്കു മനസ്സിലായി.

          'മറ്റൊരു കാര്യം,' അവർ അതേ ആജ്ഞാസ്വരത്തിൽത്തന്നെ പറഞ്ഞവസാനിപ്പിച്ചു, 'ഇക്കാര്യം ഞാനും നിങ്ങളുമല്ലാതെ മൂന്നാമതൊരാൾ അറിയരുത്. അതറിഞ്ഞാലുള്ള ഭവിഷ്യത്തുകൾ എന്താണെന്ന് ഞാൻ പറയാതെത്തന്നെ അറിയാമല്ലോ'.'

         

പല തന്ത്രങ്ങളും പയറ്റി വിശ്വനാഥ് മറഡോണയുടെ യാത്ര വൈകിക്കുന്നു. അരമണിക്കൂർ കഴിഞ്ഞ് ബീന വീണ്ടും വിളിക്കുന്നു. തങ്ങൾ സ്‌ഫോടകവസ്തുവുള്ള ഫുട്‌ബോൾ തിരിച്ചറിഞ്ഞ് മാറ്റിയതായും ഇനി സുരക്ഷിതമായി മറഡോണക്ക് സ്റ്റേഡിയത്തിലെത്താമെന്നുമായിരുന്നു അവരുടെ സന്ദേശം. തുടർന്ന് കാര്യങ്ങൾ മുൻകൂട്ടി നിശ്ചയിച്ചതുപോലെ നടന്നു. സ്റ്റേഡിയത്തിലുണ്ടായിരുന്ന ആറ് പന്തുകളിലൊന്ന് മറഡോണ വിജയനുമായി തട്ടിക്കളിച്ചു.

          ഇതിനിടെ വിശ്വനാഥ് ബീന തന്നെ വിളിച്ച രണ്ട് ലാൻഡ്‌ഫോൺ നമ്പറുകൾ എവിടെനിന്നാണെന്ന് കണ്ടുപിടിച്ചിരുന്നു. ആദ്യത്തേത് ധർമ്മടം പൊലീസ് സ്റ്റേഷനിൽനിന്നും രണ്ടാമത്തേത് സ്റ്റേഡിയം ഓഫീസിൽനിന്നുമായിരുന്നു. അയാൾക്ക് കാര്യങ്ങളിൽ ഉറച്ച വിശ്വാസം തോന്നി.

         

രാത്രി ബീന വീണ്ടും വിളിച്ചു. അതും ഒരു ലാൻഡ്‌ഫോൺ നമ്പറിൽനിന്നായിരുന്നു. സ്റ്റേഡിയത്തിനടുത്തുള്ള ഒരു റസ്റ്റോറന്റിൽ നിന്നായിരുന്നു അതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ വിശ്വനാഥിന് മനസ്സിലായെങ്കിലും ആ സമയത്ത് അവിടെ ഫോൺ ഉപയോഗിച്ചയാളെ സ്റ്റാഫിന് ഓർത്തെടുക്കാനായില്ല. സ്റ്റേഡിയത്തിൽ നടന്ന കാര്യങ്ങൾ ബീന വിശ്വനാഥിനോടു വിശദീകരിച്ചു. ഏഴുപന്തുകളായിരുന്നു മറഡോണക്കായി ഒരുക്കിയിരുന്നത്. അദ്ദേഹത്തിന്റെ ശരീരത്തിൽ ടാറ്റു ചെയ്തിട്ടുള്ള ആറു ചിത്രങ്ങൾ (ചെഗുവേര, കാസ്‌ട്രോ, തന്റെ രണ്ടു പെൺമക്കൾ, പേരക്കുട്ടി, ചൈനീസ് വ്യാളി എന്നിവ) പതിച്ച ആ പന്തുകൾ. പിന്നെ, ഇതുവരെ മറഡോണ ദേഹത്തു പച്ചകുത്താത്ത, എന്നാൽ ആയിടെ അദ്ദേഹത്തിന്റെ ആരാധ്യപുരുഷനായി മാറിക്കഴിഞ്ഞിരുന്ന ഹ്യൂഗോഷാവേസിന്റെ മുഖം പതിച്ച ഏഴാമത്തെ പന്ത്. അതിലായിരുന്നു സ്‌ഫോടകവസ്തു. ആ പന്ത് കണ്ടാൽ, അതുതന്നെയാവും മറഡോണ മുത്തമിടുന്നതും തട്ടിക്കളിക്കുന്നതും എന്ന് ഉറപ്പായിരുന്നു. അവിടെയാണ് ഗൂഢാലോചനയുടെയും രഹസ്യനീക്കത്തിന്റെയും ആസൂത്രണകല നിലകൊണ്ടിരുന്നത്. ഡോഗ്‌സ്‌ക്വാഡിൽ പരിശീലനം നേടിയ താൻ ജൂലി എന്ന പൊലീസ്‌നായയുടെ സഹായത്തോടെ അത് കണ്ടെത്തി നിർവീര്യമാക്കി സ്റ്റേഡിയത്തിൽനിന്നു മാറ്റി എന്നായിരുന്നു ബീനയുടെ വെളിപ്പെടുത്തൽ.

         

ധർമ്മടം പൊലീസ് സ്റ്റേഷനിലും ഡോഗ്‌സ്‌ക്വാഡിലെ സുഹൃത്തുക്കളായ പൊലീസ് ഉദ്യോഗസ്ഥർക്കിടയിലും വിശ്വനാഥ് നടത്തിയ അന്വേഷണം തെളിയിച്ചത് ബീന എന്ന പേരിൽ ഒരു ഉദ്യോഗസ്ഥയില്ലെന്നും അവർ പറഞ്ഞ സാഹചര്യങ്ങളൊന്നും യാഥാർഥ്യവുമായി ഒത്തുപോകുന്നില്ല എന്നുമായിരുന്നു. അതേസമയം ജൂലി എന്ന നായയുടെ കാര്യം ശരിയായിരുന്നുതാനും.

തനിക്കു ലഭിച്ച വിവരങ്ങളൊന്നും പുറത്തുപറയാൻ കഴിയാതിരുന്ന വിശ്വനാഥ് ഭാര്യയോടു മാത്രം കാര്യം പറഞ്ഞു. അവരാകട്ടെ അയാളെ കളിയാക്കുകയും സന്തോഷ്‌കുമാറിന്റെ നീചവേദം എന്ന കഥയിൽ പറയുന്നതുപോലെ, സ്റ്റേഡിയത്തിലെത്താൻ വൈകിയ ആരോ മറഡോണയെ വൈകിക്കാൻ നടത്തിയ നാടകമായിരുന്നു അതെന്ന് പറഞ്ഞ് ആ സംഭവം മറക്കുകയും ചെയ്തു. പിന്നീടയാൾ ആരോടും ഈ കഥ പറഞ്ഞില്ല, 2020ൽ സന്തോഷ്‌കുമാറിനോട് പറയുന്നതുവരെ.

ആയിടെയാണ് ബി.എസ്.എൻ.എൽ. എഞ്ചിനീയറും എഴുത്തുകാരനുമായ കെ. പ്രവീൺചന്ദ്രന്റെ 'ഛായാമരണം' എന്ന നോവൽ വായിക്കാനിടയായ സന്തോഷ്‌കുമാർ ഒരു ഫോൺനമ്പറിൽനിന്ന് അതിന്റെ ഉടമയറിയാതെ നിങ്ങൾക്ക് ആരെയെങ്കിലും വിളിക്കാൻ കഴിയുമോ എന്ന് പ്രവീണിനോട് തിരക്കുന്നത്. അതിനൊരു സാധ്യതയുണ്ടെന്നും റാംജിറാവ് സ്പീക്കിങ് എന്ന സിനിമയിൽ കണ്ടതുപോലെ 'ക്രോസ്‌ടോക്കിങ്' സംഭവിക്കാറുണ്ടെന്നും പ്രവീൺ വിശദീകരിക്കുന്നു. ഇതാവാം ബീനയുടെ കാര്യത്തിൽ സംഭവിച്ചതെന്ന് വിശ്വനാഥിനോട് സൂചിപ്പിക്കാൻ സന്തോഷ് കരുതുന്നതിനിടയിൽ കഥയിൽ ഒരു വമ്പൻ ട്വിസ്റ്റ് സംഭവിക്കുന്നു.

          മറഡോണയുടെ ഷഷ്ഠിപൂർത്തിക്കായി മാതൃഭൂമി സ്പോർട്സ് മാസിക ഇറക്കാൻപോകുന്ന പ്രത്യേക പതിപ്പിലേക്കുള്ള ചില രചനകൾക്കായി അദ്ദേഹത്തിന്റെ കണ്ണൂർ സന്ദർശനത്തിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന  ഐ.ജി. ജോൺജോർജിനെ കാണാൻ വിശ്വനാഥും മധുരാജും പോകുന്നു. കേരളാപൊലീസിന് മറഡോണ നൽകിയ സമ്മാനം അദ്ദേഹം അവരെ കാണിക്കുന്നു. ഹ്യൂഗോഷാവേസിന്റെ ചിത്രം പതിച്ച ഫുട്‌ബോളായിരുന്നു അത്. ഏഴാമത്തെ പന്ത്. ആ നടുക്കത്തിൽ സന്തോഷിനെ വിളിച്ച് മുൻപ് പറഞ്ഞ കഥയുടെ ക്ലൈമാക്‌സ് എന്ന നിലയിൽ ഇക്കാര്യം കൂടി പറഞ്ഞ് വിശ്വനാഥ് തന്റെ മാനസികസംഘർഷം പങ്കുവയ്ക്കുന്നു. ഒരിക്കലും ചുരുളഴിയാത്ത ഒരു രഹസ്യമായി ഏഴാമത്തെ പന്തിന്റെ കഥ ബാക്കിയാകുന്നു.

          മറഡോണയുടെ ജീവിതത്തിലേക്കും ഫുട്‌ബോളിന്റെ രാഷ്ട്രീയചരിത്രത്തിലേക്കും കഥയുടെ രൂപപദ്ധതിയിലേക്കും ഒരേപോലെ സഞ്ചരിച്ചെത്തുന്ന യാദൃച്ഛികതകളുടെയും ആകസ്മികതകളുടെയും മാന്ത്രികതകളുടെയും ഒരു ഭാവത്രികോണമായി സങ്കല്പിക്കാൻ കഴിയും 'ഏഴാമത്തെ പന്തി'ന്റെ ആഖ്യാനകലയെ.

         

പ്രവചനാതീതവും നിയന്ത്രണാതീതവുമായ ഏറ്റിറക്കങ്ങളുടെ ഒരിതിഹാസംപോലെയാണ് മറഡോണയുടെ ജീവിതം ആറുപതിറ്റാണ്ടുകാലം ഈ ഭൂമിയിൽ ഉരുണ്ടുകളിച്ചത്. മറ്റൊരു കായികതാരവും ഈവിധം മനുഷ്യരെ ആവേശംകൊള്ളിച്ചിട്ടില്ല. രണ്ടുകാലുള്ള മറ്റൊരു മനുഷ്യനും ഇത്രമേൽ അമാനുഷികമായി കാൽപ്പന്തുകളത്തിൽ നിറഞ്ഞുപറന്നിട്ടില്ല. സമ്പത്തിന്റെയും വ്യക്തിബന്ധങ്ങളുടെയും സുഖഭോഗങ്ങളുടെയും ഭാഗ്യനിർഭാഗ്യങ്ങളുടെയും ചതുരംഗക്കളത്തിൽ മറ്റധികം മനുഷ്യർ മറഡോണയെപ്പോലെ വേഷംപകർന്നാടിയിട്ടില്ല. ദൈവമായിരുന്നു, അയാൾ. ദൈവത്തിന്റെ കൈതട്ടി അയാളുടെ പന്തുമാത്രമേ വലയിൽ വീണിട്ടുള്ളു. 'ഏഴാമത്തെ പന്ത്' മറഡോണയുടെ മായികജീവിതത്തിന്റെ കാച്ചിക്കുറുക്കിയ ഒരേടാണ്. വക്കിൽ കൊക്കെയ്ൻ പുരണ്ടിരിക്കുന്നു.

          1970ലെ മെക്‌സിക്കോ ലോകകപ്പിന്റെ മുൻപും പിൻപും നടന്ന നൂറുമണിക്കൂർ യുദ്ധത്തിന്റെ കഥ 'സോക്കർ വാർ' എന്ന പേരിലെഴുതിയ പോളിഷ് പത്രപ്രവർത്തകൻ റിസ്സാർഡ് കപൂച്ചിൻസ്‌കിയുടെ ലേഖനവും 1987ലെ മെക്‌സിക്കോ ലോകകപ്പിൽ ഇംഗ്ലണ്ടും അർജന്റീനയും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ പിന്നാമ്പുറത്ത് ഫോക്‌ലാൻഡ് ദ്വീപുകൾക്കായി ഇരുരാജ്യങ്ങളും തമ്മിൽ നാലുവർഷം മുൻപ് നടന്ന യുദ്ധത്തിന്റെ രാഷ്ട്രീയവും സന്തോഷ്‌കുമാർ തന്റെ കഥയുടെ അകത്തും പുറത്തും സൂചിപ്പിക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ രണ്ടു ഗോളുകളിലൊന്ന് ദൈവത്തിന്റെ കൈതട്ടി വലയിൽ വീണതായിരുന്നുവെങ്കിൽ മറ്റേഗോൾ ലോക ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ എന്നറിയപ്പെട്ട അത്ഭുതമായി മാറുകയായിരുന്നു. കപൂച്ചിൻസ്‌കിയുടെ അതുല്യമായ സ്പോർട്സ് ലേഖനങ്ങളും അമ്പരപ്പിക്കുന്ന രാഷ്ട്രീയചരിത്രങ്ങളും മലയാളത്തിൽ മുൻപാരും ഈവിധം സൂചിപ്പിച്ചുകണ്ടിട്ടില്ല (സന്തോഷ്‌കുമാർ തന്നെയാണ് മുൻപ് സോക്കർവാർ തർജ്ജമചെയ്ത് പ്രസിദ്ധീകരിച്ചത്). സാഹിത്യത്തിനുള്ള നോബൽസമ്മാനത്തിന് പരിഗണിക്കപ്പെട്ട സാഹിത്യകാരനല്ലാത്ത എഴുത്തുകാരനായിരുന്നു കപൂച്ചിൻസ്‌കി. ലാറ്റിനമേരിക്കൻ മാജിക് റിയലിസത്തെപ്പോലെ ഖ്യാതി നേടിയ കപൂച്ചിൻസ്‌കിയുടെ പത്രപ്രവർത്തന ശൈലിയെ 'മാജിക് ജേണലിസം' എന്നാണ് Adam Hochschild വിളിച്ചത്. ജനാധിപത്യത്തിലേക്കുള്ള പോളണ്ടിന്റെ രാഷ്ട്രീയപരിണാമത്തെക്കുറിച്ചും സോവിയറ്റ് യൂണിയനിലെ സർവാധിപത്യത്തിന്റെ തകർച്ചയെക്കുറിച്ചും മറ്റും കപൂച്ചിൻസ്‌കി എഴുതിയ ഗ്രന്ഥങ്ങൾ വിശ്വവിഖ്യാതമാണ്. 'ഏഴാമത്തെ പന്തി'ന്റെ രാഷ്ട്രീയകലയെ കപൂച്ചിൻസ്‌കി അസാധാരണമാംവിധം സ്വാധീനിച്ചിട്ടുണ്ട്. മെക്‌സിക്കോ ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ പ്രകടനംപോലെ മറഡോണയെ ലോകത്തെവിടെയുമെന്നപോലെ കേരളത്തിലും പ്രസിദ്ധനാക്കിയ മറ്റൊരു കളിയില്ല എന്നതുകൊണ്ടുതന്നെ കണ്ണൂരിലെത്തിയ മറഡോണയുടെ കഥയ്ക്കു പിന്നിലെ കായികചരിത്രത്തിൽ ആ സന്ദർഭവും ഇടംപിടിക്കുന്നു.

         

കഥയുടെ സൗന്ദര്യശാസ്ത്രത്തിലും പ്രത്യയശാസ്ത്രത്തിലും ഏഴാമത്തെ പന്ത് സമാസമം രൂപം കൊടുക്കുന്ന ഭാവുകത്വപ്രതീതികളാണ് ഈ രചനയുടെ ആഖ്യാനകലയിലെ മൂന്നാമത്തെ വഴി. പത്രറിപ്പോർട്ടിങ്, കളിയെഴുത്ത്, ലാറ്റിനമേരിക്കൻ രാഷ്ട്രീയ-ചരിത്രവിശകലനം, ജനപ്രിയഭാവന, കോൺസ്പിരസി തിയറി, കുറ്റാഖ്യാനം, കുറ്റാന്വേഷണം, സയൻസ് ഫിക്ഷൻ, അനുഭവരചന, സിനിമാറ്റിക് ഘടന, റിയൽ-ഫിക്ഷൻ സ്വഭാവം... എന്നിങ്ങനെ എത്രയെങ്കിലും പാഠാന്തര, രൂപാന്തരസ്വരൂപങ്ങളിലൂടെയാണ് ഏഴാമത്തെ പന്തിന്റെ കഥാത്മകത പൂർണമാകുന്നത്. സ്ഥലവും കാലവും ഒന്നൊഴികെയുള്ള സംഭവങ്ങളും മാത്രമല്ല മറഡോണ, അന്റോണിയോ; മാധ്യമപ്രവർത്തകരായ വിശ്വനാഥ്, മധുരാജ്, അജ്മൽ; അവതാരക രഞ്ജിനി ഹരിദാസ്; പൊലീസ് ഓഫീസർമാരായ രമേശ്, രാജേഷ്; ഫുട്‌ബോൾ താരങ്ങളായ ഐ.എം. വിജയൻ, ഷറഫലി, ആസിഫ് സാഹിർ, ധനേഷ്, ജോപോൾ അഞ്ചേരി; എഴുത്തുകാരായ പ്രവീൺ ചന്ദ്രൻ, കാപൂചിൻസ്‌കി എന്നിങ്ങനെ കഥയിലെ മിക്ക കഥാപാത്രങ്ങളും യഥാർഥത്തിൽ ഉള്ളവർ തന്നെ- ഇ. സന്തോഷ്‌കുമാർ ഉൾപ്പെടെ. ഗൂഢപദ്ധതിയായി നിർവഹിക്കപ്പെടുന്ന സംഭവവും അതു നിർണയിക്കുന്ന ബീന എന്ന പൊലീസ് ഓഫീസറും ഒരുപതിറ്റാണ്ടിനിപ്പുറം, കഥയുടെ തുടർജീവിതം പൂരിപ്പിക്കുന്ന ഏ.ആർ. ക്യാമ്പിലെ അനുഭവങ്ങളും മാത്രമാണ് ഭാവന. ഒരർഥത്തിൽ കപൂച്ചിൻസ്‌കിയുടെ മാജിക് ജേണലിസം പോലൊരു കഥാസങ്കേതം.

          ഒരിക്കലും രഹസ്യത്തിന്റെ കൂടുവിട്ട് പുറത്തുവരാത്തതും വരാനിടയില്ലാത്തതുമായ ഒരു സംഭവത്തിന്റെയും ദൗത്യത്തിന്റെയും നിർവഹണകഥയാകുന്നു 'ഏഴാമത്തെ പന്ത്'. ഒരുപതിറ്റാണ്ടോളം കാലം ജ്ഞാതരും അജ്ഞാതരുമായ നാലുപേർ പരമരഹസ്യമായി സൂക്ഷിച്ച ഒരു സംഭവത്തിന്റെ കഥാഖ്യാനം.

          ലോകസാഹിത്യത്തിലെ ഏറ്റവും ജനപ്രിയമായ രൂപങ്ങളിലൊന്നാണ് ഒരിക്കലും തെളിയിക്കപ്പെടാത്ത കുറ്റകൃത്യങ്ങളുടെ കഥകൾ. ഹിച്ചകോക്കിയൻസിനിമകൾ പോലെ മുൻപിൻതുറവികളുള്ള അപൂർണഭാവനകൾ. മലയാളത്തിലും വിരളമല്ല ഈ ഴാനറിൽ പെടുന്ന മികച്ച രചനകൾ. ആനന്ദിന്റെ 'സംഹാരത്തിന്റെ പുസ്തക'വും ടി.പി. രാജീവന്റെ 'പാലേരിമാണിക്യ'വും മറ്റും ഉദാഹരണമാണ്. നിസംശയം പറയാം, ആഖ്യാനത്തിന്റെ അന്തർദേശീയ സ്വഭാവങ്ങളുള്ള ഭാവുകത്വമാനങ്ങൾ കൊണ്ടും നന്നായി വിവർത്തനം ചെയ്യപ്പെട്ടാൽ ഉറപ്പായും ലഭിക്കാവുന്ന രാജ്യാന്തരസ്വീകാര്യതകൊണ്ടും മലയാളത്തിൽ എഴുതപ്പെട്ട ഒന്നാന്തരം ലോകകഥകളിലൊന്നാകുന്നു 'ഏഴാമത്തെ പന്ത്'.

കഥയിൽനിന്ന്

'അങ്ങനെയിരിക്കുമ്പോൾ കഴിഞ്ഞയാഴ്ച വിശ്വനാഥ് എന്നെ ഇങ്ങോട്ടു വിളിച്ചു.

          'ഒരു സംഗതിയുണ്ട്. ഞാനന്ന് തിരുവനന്തപുരത്തുവെച്ചു പറഞ്ഞ കഥയുടെ തുടർച്ചയായതുകൊണ്ട് അതു സന്തോഷിനോടു പറഞ്ഞേക്കാം എന്നു കരുതിയാണ് വിളിക്കുന്നത്.'

          'ഡീഗോ മറഡോണയുടെ കഥയാണോ?' ഞാൻ ചെവി കൂർപ്പിച്ചു. പ്രവീൺ ചന്ദ്രൻ പറഞ്ഞ കാര്യം, ഇപ്പോൾ വിശ്വത്തിനു പറയാനുള്ളതു കേട്ടതിനുശേഷം പറയാം എന്നു ഞാൻ തീരുമാനിക്കുകയും ചെയ്തു.

          'ഈ വരുന്ന മുപ്പതാം തീയതി മറഡോണയുടെ ഷഷ്ഠിപൂർത്തിയാണ്. അതിനോടനുബന്ധിച്ച് ഞങ്ങൾ സ്പോർട്സ് മാസികയുടെ ഒരു സ്‌പെഷ്യൽ എഡിഷൻ ഇറക്കാൻ പോകുന്നു'.

          'ഓ! നല്ല കാര്യമാണല്ലോ', ഞാൻ പറഞ്ഞു.

          'അതേയതെ. ഫുട്‌ബോൾ മാന്ത്രികനുള്ള മലയാളിയുടെ ഒരു പിറന്നാൾ സമ്മാനം. അതിനുവേണ്ടി ഞാൻ പഴയ ചില ഫയലുകളൊക്കെ പരതി. മറഡോണ കണ്ണൂരിൽ വന്ന കാലത്തെ കാര്യങ്ങൾ ഒന്നോർത്തെടുക്കാൻ ശ്രമിച്ചു. അപ്പോഴാണ് എനിക്ക് അന്ന് കണ്ണൂരിലെ ആ പരിപാടിയുടെ സെക്യൂരിറ്റി ചുമതലയുണ്ടായിരുന്ന ഐ.ജി ജോൺ ജോർജിന്റെ കാര്യം ഓർമ്മ വന്നത്. സാറിനെ ഒന്നു പോയി കാണാമെന്നു തീരുമാനിച്ചു. അദ്ദേഹം റിട്ടയർ ചെയ്തു. അറിയില്ലേ, നമ്മുടെ പ്രിയപ്പെട്ട വോളിബോൾ താരം ടോമി ജോർജിന്റെ സഹോദരൻ?'

'കേട്ടിട്ടുണ്ട്', ഞാൻ പറഞ്ഞു.

          ''ഞാനും സ്പോർട്സ് മാസികയിൽ എന്റെ കൂടെ ജോലി ചെയ്യുന്ന അജ്മലുംകൂടി കണ്ണൂരിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ പോയി. കണ്ടു വിഷയം പറഞ്ഞപ്പോൾ അദ്ദേഹം ഓർമ്മിച്ചു: ''മറഡോണയുടെ വരവ്! അതൊരു സംഭവമായിരുന്നു കേട്ടോ. ആയിരത്തോളം പൊലീസുകാർ. വലിയ സന്നാഹങ്ങൾ. ഗതാഗതവും ക്രമസമാധാനവും രണ്ടായി തിരിച്ചു. മൂന്നു കമ്പനി പൊലീസുകാർ. വയർലെസ് സംവിധാനം, കൺട്രോൾ റൂം, പുള്ളിയുടെ യാത്രയ്ക്കനുസരിച്ച് ഒമ്പതു മേഖലകളാക്കി തിരിച്ച് ഓരോന്നിന്റെയും ചുമതല ഓരോ ഡി.വൈ.എസ്‌പിമാരെ ഏൽപ്പിച്ചു. ശരിക്കും ഒരു യുദ്ധം വരുന്നതുപോലെയുള്ള ഒരുക്കങ്ങളായിരുന്നു. പക്ഷേ, എല്ലാവർക്കും ഇഷ്ടമുള്ള ഒരു യുദ്ധം''.

          ''ആപത്തൊന്നും ഉണ്ടായില്ലല്ലോ അല്ലേ?'' ഞാൻ ഒരു ഗൂഢലക്ഷ്യത്തിലുള്ള ചോദ്യം ചോദിച്ചു.

          'അയാളെക്കാൾ വലിയൊരാപത്തു വേറേയുണ്ടോ?' ജോൺ സാർ പൊട്ടിച്ചിരിച്ചു, 'പക്ഷേ, ഒന്നുണ്ടു കേട്ടോ. സംഗതി ഒരു റിബലൊക്കെയാണെങ്കിലും കക്ഷിക്കു നമ്മുടെ പൊലീസുകാരെ വളരെ പിടിച്ചു എന്നാണ് തോന്നുന്നത്. സ്വന്തം കൈയൊപ്പു ചാർത്തിയ ഒരു പന്ത് സേനയ്ക്കു സമ്മാനിച്ചിട്ടാണ് ചങ്ങാതി മടങ്ങിയത്'.

          'ഓ! അതിപ്പോഴും സൂക്ഷിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ഞങ്ങളൊരു പടമെടുത്തു വാർത്ത കൊടുക്കാം'.

          'അതങ്ങനെ കളയാൻ പറ്റുമോ? ഡീഗോ മറഡോണയുടെ കൈയൊപ്പു ചാർത്തിയ ഫുട്‌ബോളല്ലേ! എ.ആർ. ക്യാമ്പിലെ ക്വാർട്ടർ മാസ്റ്ററുടെയടുത്തു കാണും'.

          'എങ്ങനെയാണ് അതിന്റെ പടമെടുക്കാൻ പറ്റുക?' വിശ്വം തിരക്കി.

          'അതിനെന്താ പ്രയാസം? ഞാൻ വിളിച്ചു പറഞ്ഞേക്കാം. നിങ്ങൾ ചെല്ല്'. അദ്ദേഹം പറഞ്ഞു.

          പിറ്റേന്നു മധുരാജിനെ കൂടെക്കൂട്ടി ഞാൻ കണ്ണൂർ എ.ആർ. ക്യാമ്പിലേക്കു പോയി. കോവിഡ് കാലമായതുകൊണ്ട് വലിയ നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും മുൻ ഐ.ജി. വിളിച്ചുപറഞ്ഞതുകൊണ്ട് കാര്യങ്ങൾ എളുപ്പമായി. എ.ആർ. ക്യാമ്പിൽ അത്തരം കുറെയേറെ സാമഗ്രികൾ ഓർമ്മയ്ക്കായി സൂക്ഷിച്ചിരുന്നു. അവയെല്ലാം ഞങ്ങൾ നടന്നു നോക്കി.

          'ഇതാണ് നിങ്ങൾ പറഞ്ഞ ഡീഗോ മറഡോണയുടെ ഫുട്‌ബോൾ!' അവിടുത്തെ ചുമതലയുണ്ടായിരുന്ന സർക്കിൾ ഇൻസ്‌പെക്ടർ ഞങ്ങളെ ഒരു കണ്ണാടിക്കൂടിനടുത്തേക്കു നയിച്ചു. ആ കണ്ണാടിക്കൂടിന്മേൽ Presented to the Police by Diego Maradona എന്നെഴുതിവെച്ചിരുന്നു. മധുരാജ് അതിന്റെ ഫോട്ടോയെടുക്കാൻ തയ്യാറായി. മറഡോണയുടെ കൈയൊപ്പ് അങ്ങനെ തെളിയുന്നില്ലെന്ന് മധു വിളിച്ചു പറഞ്ഞു. ഞാൻ കുറച്ചുകൂടി അടുത്തേക്കു നീങ്ങി.

          'ഫുട്‌ബോളിലേക്കു സൂക്ഷിച്ചു നോക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി.' വിശ്വം പറഞ്ഞു.

          'എന്താ ഉണ്ടായത്?' ഫോണിലൂടെയാണെങ്കിലും എന്റെ ശബ്ദത്തിലും വലിയ ഉത്കണ്ഠയുണ്ടായിരുന്നു.

          'ആ ഫുട്‌ബോളിൽ ഹ്യൂഗോ ഷാവേസിന്റെ ചിത്രം!'

          'റിയലി!' എനിക്ക് കൂടുതലെന്താണ് പറയേണ്ടത് എന്നു മനസ്സിലായില്ല.

          'ഞാൻ രണ്ടടി പിറകോട്ടുവെച്ചു. മധുവിന്റെ ഷർട്ടിൽ പിടിച്ചുകൊണ്ട് അത്രയടുത്തുനിന്നുള്ള ഫോട്ടോകൾ വേണ്ട എന്നു പറഞ്ഞു. പക്ഷേ, മധു അതു ശ്രദ്ധിച്ചില്ല. ആവശ്യത്തിനുള്ള ചിത്രങ്ങൾ എടുത്തു. ആ രഹസ്യം അയാൾക്കറിയില്ലല്ലോ'.

          'അതിന് ബോംബുണ്ടെങ്കിൽത്തന്നെ അവയൊക്കെ ബോംബ് സ്‌ക്വാഡുകാർ നിർവ്വീര്യമാക്കിക്കാണില്ലേ?' ഞാൻ ചോദിച്ചു.

          'ഉണ്ടാവും. അങ്ങനെ വേണമെങ്കിൽ ആശ്വസിക്കാം'.

          'അല്ലെങ്കിൽത്തന്നെ അഞ്ചെട്ടു വർഷം കഴിഞ്ഞാൽ അതൊക്കെ സ്വയം നിർവ്വീര്യമാവും.' ഞാനും ആശ്വസിക്കാൻ ശ്രമിച്ചു.

          'പക്ഷേ, ചില സിനിമകളിലൊക്കെ നമ്മൾ കണ്ടിട്ടില്ലേ? രണ്ടാം ലോകമഹായുദ്ധമൊക്കെ കഴിഞ്ഞ് എത്രയോ വർഷങ്ങൾക്കു ശേഷം ചില കൃഷിയിടങ്ങളിൽ മൈനുകൾ പൊട്ടുന്നതൊക്കെ... അല്ലെങ്കിൽ വിയറ്റ്‌നാം യുദ്ധത്തിനുശേഷം... പക്ഷേ, എനിക്കെങ്ങനെ അതപ്പോൾ അവരോടു പറയാൻ കഴിയും?'.

          - കുറച്ചു നേരം ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടിയില്ല.

          'അങ്ങനെയാണെങ്കിൽ കേരള പൊലീസിനെ ദൈവം രക്ഷിക്കട്ടെ,' ഞാൻ പറഞ്ഞു.

          'ഫുട്‌ബോളിന്റെ ദൈവം രക്ഷിക്കട്ടെ എന്നു പറയൂ,' വിശ്വനാഥ് എന്നെ തിരുത്തി'. 

ഏഴാമത്തെ പന്ത്
ഇ. സന്തോഷ്‌കുമാർ
മാതൃഭൂമി ബുക്‌സ്
2022
120 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP