Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചിറകുമുളച്ച സ്ത്രീകൾ

ചിറകുമുളച്ച സ്ത്രീകൾ

ഷാജി ജേക്കബ്‌

സ്ത്രീകൾ രണ്ടുതരമാണ്. എന്നെന്നേക്കുമായി ചിറകുമുറിക്കപ്പെട്ടവരും മുറിഞ്ഞ ചിറകുകൾ സ്വയം വീണ്ടും മുളപ്പിക്കുന്നവരും. അതുകൊണ്ടാവാം കാവ്യഭാഷകളേതിലും പറവയെക്കാൾ പ്രിയപ്പെട്ട മറ്റൊരു ഭാവകല്പന പെണ്മയെക്കുറിച്ച് നാളിതുവരെ രൂപപ്പെടാത്തത്. ചിറകുമുളച്ച മധ്യവർഗ മലയാളിസ്ത്രീയുടെ ലോകബോധങ്ങളെയും സാമൂഹികബന്ധങ്ങളെയും മാത്രമല്ല ആത്മവിശ്വാസത്തെയും കാമനാവിഷ്‌ക്കാരങ്ങളെയും പുനർനിർണയിക്കുന്നതിലും പുനർനിർവചിക്കുന്നതിലും ഫേസ്‌ബുക്ക് മുതൽ ഇൻസ്റ്റഗ്രാം വരെയുള്ള സാമൂഹ്യമാധ്യമങ്ങളും സെൽഫോൺ കാമറയും യാത്രയും വഹിക്കുന്ന പങ്കിന്റെ പകുതിപോലും ആധുനിക കേരളീയ പൊതുമണ്ഡലത്തിലെ ഒരു പ്രത്യയശാസ്ത്രവും പ്രസ്ഥാനവും വഹിച്ചിട്ടില്ല. മതം മുതൽ കുടുംബം വരെയും രാഷ്ട്രീയം മുതൽ ലൈംഗികതവരെയും ശരീരം മുതൽ ഭാവനവരെയുമുള്ള മുഴുവൻ സ്വകാര്യ, സാമൂഹിക ജീവിതബന്ധതലങ്ങളെയും പുനർവിഭാവനം ചെയ്യുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാളിസ്ത്രീയുടെ സാംസ്‌കാരിക ജീവചരിത്രത്തിൽ ആത്മസമരങ്ങളുടെയെന്നപോലെ അപരയുദ്ധങ്ങളുടെയും ഊർജ്ജസ്വലമായ ഒരധ്യായമായി ഭാവിയിൽ അടയാളപ്പെടാൻ പോകുന്നത് മേല്പറഞ്ഞ മൂന്നു മണ്ഡലങ്ങളിലും അവർ കൈവരിച്ച പെണ്മയുടെ ഈ പാറിപ്പറക്കലുകൾ തന്നെയായിരിക്കും.

          ആത്മവിശ്വാസവും ആത്മാഭിമാനവും ഒരു ചിറകിലും ആഗ്രഹങ്ങളും ആത്മാവിഷ്‌കാരവും മറുചിറകിലും ആളുന്ന തീപോലെ പടർത്തിയും കാളുന്ന പൂപോലെ വിടർത്തിയും അവരുയർത്തുന്ന  സ്‌ത്രൈണകാമനകളുടെ കൊടിയടയാളങ്ങളാണ് വർത്തമാനകാലത്തിന്റെ ഏറ്റവും സചേതനമായ സംഘാബോധങ്ങളിലൊന്ന്.

          ഈ പംക്തിയിൽ മുൻപ് വിശകലനം ചെയ്തിട്ടുള്ള സ്ത്രീ യാത്രാവിവരണങ്ങൾ പോലെയോ അതിലധികമോ ഈയൊരു സന്ദർഭത്തെ സാർഥകമായി സാക്ഷാത്കരിക്കുന്ന രചനയാണ് 'എച്ച്മുക്കുട്ടിയുടെ യാത്രകൾ'. അനുഭവമായും കഥയായും സ്മൃതിയായും ഭാവനയായും പ്രണയമായും കലഹമായും മിത്തായും ചരിത്രമായും സ്ഥലമായും സംഗീതമായും ഭയമായും ദുഃഖമായും പ്രയാണമായും പലായനമായും ആനന്ദമായും അനുഭൂതിയായും ജീവിതംതന്നെയായും എഴുതപ്പെടുന്ന യാത്രകൾ. ഏകാന്തതയുടെ അവധൂതഗാഥകൾ.

         

ഒട്ടാകെ 32 രചനകൾ. പ്രസിദ്ധവും അപ്രസിദ്ധവുമായ, വിജനവും ജനനിബിഡവുമായ, ഉർവരവും ഊഷരവുമായ സ്വർഗീയവും ഭൂതാവിഷ്ടവുമായ സ്ഥലങ്ങളിലേക്കുള്ള യാത്രകളിൽ കണ്ടും കേട്ടും ആലോചിച്ചും അനുഭവിച്ചുമറിഞ്ഞ നാനാതരം ജീവിതാനുഭവങ്ങളുടെ ഒറ്റയൊറ്റ കഥകളും  തുടർക്കഥകളുമായെഴുതപ്പെട്ടവയാണ് ഈ രചനകൾ. ആറ് ഭാഗമായി വിഭജിക്കാം ഈ യാത്രാഖ്യാനങ്ങളെ. ഒന്നാമത്തേത് കുടജാദ്രി, മൂന്നാർ, വയനാട്, ചണ്ഡിഗഡ്, കാസർകോഡ്, അക്ഷർധാം, മടവൂർപ്പാറ, പോണ്ടിച്ചേരി, അജ്മീർ എന്നിവിടങ്ങളിലേക്കു നടത്തിയ ഒൻപത് യാത്രകളുടെ ഒറ്റയൊറ്റ കഥകളാണ്. തിരുവണ്ണാമല യാത്രയുടെ ദീർഘമായ അവതരണവും അനുഭവവുമാണ് ആറധ്യായങ്ങളിൽ വിവരിക്കപ്പെടുന്നത്. ഔറംഗബാദിലും പരിസരങ്ങളിലും രൂപമെടുത്ത ജനസംസ്‌കൃതിയുടെ ചരിത്രപാഠങ്ങളാണ് മൂന്നാം ഭാഗത്തെ നാലു രചനകൾ. നാലാം ഭാഗമായി കാണാവുന്നത് ഹിമാലയൻ താഴ്‌വരകളുടെ ചരിത്ര ഭൂതങ്ങളിലേക്കും കൊളോണിയൽ ബാക്കിപത്രങ്ങളിലേക്കും യാത്രചെയ്യുന്ന നാലു രചനകളുടേതാണ്. ധനുഷ്‌കോടി-രാമേശ്വരം യാത്രയിൽ, പുറംകാഴ്ചകളിലെന്നപോലെ അകംകാഴ്ചകളിലും സ്തംഭിച്ചുപോകുന്ന ഒരു ദുരന്തജീവിതകാവ്യം രചിക്കുന്നു, നാലധ്യായങ്ങളിൽ എച്ച്മുക്കുട്ടി. ആറാം ഭാഗത്താകട്ടെ, മിത്തും ചരിത്രവും സമൃദ്ധിയും ദാരിദ്ര്യവും കുഴമറിയുന്ന ബീഹാറിന്റെ ഹൃദയത്തിലൂടെ നടത്തുന്ന കാലാന്തരസഞ്ചാരങ്ങളുടെ അഞ്ചധ്യായങ്ങളാണുള്ളത്. സ്ഥലത്തിലൂടെയെന്നതിനെക്കാൾ കാലത്തിലൂടെ സഞ്ചരിക്കുന്നു, എച്ച്മുക്കുട്ടി എന്നതാണ് ഈ യാത്രാവിവരണത്തിന്റെ ഭാവസ്വരൂപങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം.

          പുളകംപോലെ സ്പന്ദിച്ചുനിന്ന മുല്ലയുമായുള്ള സൗഹൃദം മാത്രം ആധാരമാക്കി നടത്തിയ കുടജാദ്രിയാത്രയുടെ കഥ, വാസ്തുശില്പികളായ സഹപ്രവർത്തകർക്കൊപ്പം മൂന്നാറിലെ പള്ളിവാസൽ മലനിരകളുടെ ഉയരങ്ങളിലേക്കു നടത്തിയ യാത്രയിൽ കണ്ടറിഞ്ഞ പാരിസ്ഥിതിക നാശങ്ങളുടെ ആകുലത, വനം വകുപ്പിന്റെ ക്വാർട്ടേഴ്‌സ് നിർമ്മാണപ്രവർത്തനങ്ങൾക്കുവേണ്ടി വയനാട്ടിലെ കുഞ്ഞോം, മക്കിയാട് പ്രദേശങ്ങളിലേക്കു നടത്തിയ യാത്രയുണർത്തിയ ചിന്തകൾ, ചണ്ഡീഗഡിന്റെ അതുല്യമായ ആർക്കിടെക്ചറൽ ഘടനയും അതിന്റെ പിന്നിലെ സമർപ്പണബുദ്ധിയും മുതൽ സുഖ്‌നതടാകത്തിന്റെ കരയിൽ നേക്ചന്ദ് എന്ന ശില്പി നാല്പതേക്കറിൽ നിർമ്മിച്ച റോക്ഗാർഡൻ വരെയുള്ളവ വിവരിക്കുന്ന യാത്ര, എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസപ്രവർത്തനങ്ങൾക്കിടയിൽ കണ്ട ഹൃദയഭേദകമായ മനുഷ്യാവസ്ഥകളുടെ ആഖ്യാനം, ജീവിതത്തിലും യാത്രയിലും ഒപ്പം സഞ്ചരിക്കുന്ന മോനയുമായി ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിലേക്കു നടത്തിയ യാത്ര ബാക്കിയാക്കിയ ഓർമ്മകളുടെ കഥ, തിരുവനന്തപുരത്തെ മടവൂർപ്പാറയുടെ കാഴ്ച, പോണ്ടിച്ചേരിക്കടുത്തുള്ള വണ്ണൂർ ഗ്രാമത്തിൽ കരിമ്പാറകൾക്കുണ്ടാകുന്ന നാശത്തിന്റെ കഥ, സൂഫിസത്തിന്റെ മഹാപ്രവാചകനായിരുന്ന അജ്മീറിലെ മൊയ്‌നുദ്ദീൻ ചിഷ്ത്തിയുടെ ചരിത്രവും ദർഗയുടെ വർത്തമാനവും പറയുന്ന യാത്ര എന്നിങ്ങനെ ഒൻപത് ഒറ്റയൊറ്റസഞ്ചാരങ്ങൾ.

         

എടുത്തുപറയേണ്ടവിധം ഭാവാത്മകമാണ് എച്ച്മുക്കുട്ടിയുടെ ഭാഷ. ഇടങ്ങളും അനുഭൂതികളും കാഴ്ചകളും ജീവിതവും പ്രകൃതിയും മനുഷ്യരും ചലനവും നിശ്ചലതയും ഒന്നായിത്തീരുന്ന ഒരു രാസപ്രക്രിയയിൽ ആ ഭാഷ എഴുത്തിന്റെ കലാത്മകതയായി മാറുന്നു. ഒരു ഖണ്ഡികമാത്രം നോക്കുക:

          'അത്യഗാധതകളിൽ വനസൗന്ദര്യം അതിന്റെ പാരമ്യതയിലെത്തിയിരുന്നു. ദൂരെ പതക്കങ്ങൾ പോലെ മിന്നുന്ന നീലത്തടാകങ്ങളും വൃക്ഷനിബിഡമായ, ആയിരം വർണവൈവിധ്യങ്ങളിൽ പച്ച നിറം തെളിയുന്ന മലയടിവാരങ്ങളും ശരിക്കും നമ്മെ മോഹിപ്പിച്ചുകളയും. ഒരു ദുർബലതയിൽ താഴേക്കു ചാടിയാലോ എന്ന് തോന്നിപ്പിക്കുന്ന അതീവ വന്യമായ മോഹാവേശമുണ്ടാക്കും. മുല്ല അത് ഓർമ്മിപ്പിക്കുകയും ചെയ്തു. മഞ്ഞ നിറമുള്ള പുല്ലുകൾ നിറഞ്ഞ കുന്നുകൾ വല്ലാത്ത ഒരുതരം സുഖാലസ്യത്തോടെ ചെരിഞ്ഞു കിടന്നിരുന്നു. അവയിൽ സൂര്യന്റെ പൊൻപ്രഭ വീഴുമ്പോൾ അനന്തമായി നീണ്ടു കിടക്കുന്ന വാൻഗോഗ് ചിത്രവും വാൻഗോഗ് മഞ്ഞയും തെളിഞ്ഞുവന്നു. ഇടയ്ക്കിടെ കാലിൽ കുത്തിക്കയറുന്ന മൂർച്ചയുള്ള കല്ലുകളും ചരലിൽ വഴുക്കുമോ എന്ന ഭീതിയുമില്ലായിരുന്നെങ്കിൽ ഹിമാലയൻ താഴ്‌വരയിലെ വാലി ഓഫ് ഫ്‌ളവേഴ്‌സിന്റെ സൗന്ദര്യം കണ്ട് ആടിയുലഞ്ഞു ജീവൻ നഷ്ടമാക്കിയ മദാമ്മയെപ്പോലെ ആയേനേ ഞാനും മുല്ലയും'.

          ആസൂത്രിതനഗരമായ ചണ്ഡിഗഡിനെക്കുറിച്ചുള്ള ആവേശകരമായ ആഖ്യാനവും അജ്മീറിന്റെ ഭൂതവർത്തമാനങ്ങളുമാണ് ഈ രചനകളിൽ ഏറ്റവും ശ്രദ്ധേയം. (സുഹൃത്ത് പ്രസന്ന സി.കെ. ചിത്രീകരിച്ച ചണ്ഡിഗഡിനെക്കുറിച്ചുള്ള നിരവധി യുട്യൂബ് വീഡിയോകളിൽ കണ്ടിട്ടുള്ള റോക്ഗാർഡനും സുഖ്‌നതടാകവുമൊക്കെ കൂടുതൽ അനുഭവവേദ്യമായി.)

          രമണമഹർഷിയുടെ സാന്നിധ്യവും ജീവിതവും മൂലം ലോകപ്രസിദ്ധമായിത്തീർന്ന തിരുവണ്ണാമലയിലെ വിവിധ ഇടങ്ങളെക്കുറിച്ചുള്ള അനുപമമായ അനുഭവാവിഷ്‌ക്കാരങ്ങളാണ് ആറു രചനകൾ. സ്‌കന്ദഗുഹയും വിരൂപാക്ഷ ഗുഹയും രമണാശ്രമവും ആയിരം വർഷത്തിലേറെ പഴക്കമുള്ള അരുണാചലേശ്വരക്ഷേത്രവും ലോകത്തെ ഏറ്റവും വലിയ അനന്തശയനപ്രതിഷ്ഠയുള്ള ആദിതിരുവരംഗർ ക്ഷേത്രവും ആയിരത്തോളം വർഷത്തെ ചരിത്രമുള്ള ശിഞ്ചിക്കോട്ടയെന്ന മഹാത്ഭുതവും എച്ച്മുക്കുട്ടി ദൃശ്യവാങ്മയങ്ങളായി വരച്ചിടുന്നു. ഉത്തരേന്ത്യയിലെ വിശ്വവിഖ്യാതങ്ങളായ കോട്ടകൾ പോലെയോ അതിലധികമോ നമ്മെ വിസ്മയിപ്പിക്കുന്ന ശിഞ്ചിക്കോട്ടയുടെ വിവരണമാണ് ഇവയിൽ ഏറ്റവും ഹൃദ്യം. കാലത്തിൽ ഘനീഭൂതമായ ചരിത്രവും ഭൂമിശാസ്ത്രവും വാസ്തുകലയും മനുഷ്യജീവിതവും കൊണ്ട് നിർമ്മിക്കപ്പെട്ട കോട്ടയുടെ അതിസൂക്ഷ്മവും വിശദവുമായ അവതരണം. കുളങ്ങളും ക്ഷേത്രങ്ങളും കൊട്ടാരങ്ങളും മൈതാനങ്ങളും മണ്ഡപങ്ങളും പാറക്കെട്ടുകളും ആയുധപ്പുരകളും കുതിരലായങ്ങളും ആനപ്പന്തികളും ശിലാശില്പങ്ങളും തടവറകളും കിടങ്ങുകളും നിറഞ്ഞ ശിഞ്ചിക്കോട്ടയുടെ സൂക്ഷ്മചിത്രം എച്ച്മുക്കുട്ടി വിവരിക്കുന്നത് വായിച്ചുതന്നെയറിയണം.

ഫത്തേഹ്പ്പൂർ സിക്രിയിലും മഹാരാഷ്ട്രയിലെ ഔറംഗബാദിലും മറ്റും നിലനിന്ന മുഗൾസാമ്രാജ്യത്തിന്റെ ചരിത്രഗാഥകളുടെ വിവരണമാണ് ഇനിയൊരു വിഭാഗം യാത്രകളിൽ. ഉത്തരയുടെ മിത്ത് ഉരുവംകൊണ്ട വിരാടരാജധാനിയുടെ കഥയുൾപ്പെടെ. 1600കളിൽ നിർമ്മിച്ച പൻ ചക്കിയെന്ന എഞ്ചിനീയറിങ് വിസ്മയം വിവരിക്കുന്ന രചനയിലായാലും ഏല്ലോറ ഗുഹകളുടെ സൂക്ഷ്മവചോവിന്യാസത്തിലായാലും ഖുൽദാബാദിലെ ഔറംഗസീബിന്റെ ഖബറിലായാലും ദൗലത്താബാദിലെ ദർഗകളും ദുർഗങ്ങളും മറ്റും മറ്റും നൽകിയ അമ്പരപ്പിക്കുന്ന അനുഭൂതിവിശേഷങ്ങളിലായാലും ഈ യാത്രാനുഭവങ്ങൾ ഒന്നുവേറെതന്നെയാണ്.

ഹിമാചൽപ്രദേശിലെ ചെയിൽ എന്ന സ്ഥലത്തുള്ള കൊളോണിയൽ കൊട്ടാരങ്ങൾ, ഡെറാഡൂണിലെ പ്രാകാരങ്ങളും ആശ്രമങ്ങളും, ധർമശാലക്കടുത്തുള്ള മെക്‌ലോഡ് ഗഞ്ചിലെ കൊളോണിയൽ ബംഗ്ലാവുകളും തിബത്തൻ സംസ്‌കൃതിയും ദലൈലാമയുടെ കൊട്ടാരവും അമ്പലവും ഇങ്ങു തെക്ക്, ഈസ്റ്റിന്ത്യാക്കമ്പനി നാഗപട്ടണത്തു നിർമ്മിച്ച ട്രാൻക്യുബാർ എന്ന തരംഗംപാടിയുടെ നീക്കിയിരിപ്പുകൾ.... നാലാം വിഭാഗത്തിൽ പെടുത്താവുന്ന യാത്രക്കഥകൾ നീളുന്നു.

ധനുഷ്‌കോടി-രാമേശ്വരം യാത്രകൾ വിവരിക്കുന്ന നാലുരചനകൾ വേറിട്ടുനിൽക്കുന്നത് അവയിൽ തിരയടിക്കുന്ന ദുരന്തങ്ങളുടെ ഭൂത-വർത്തമാന സാന്നിധ്യങ്ങൾ കൊണ്ടാണ്. പ്രകൃതിദുരന്തങ്ങളുടെ പ്രേതഭൂമിയായിത്തീർന്ന ധനുഷ്‌കോടിയിൽനിന്ന് എച്ച്മുക്കുട്ടി തന്റെ സുഹൃത്തിന്റെ മകളുടെ ഹൃദയഭേദകമായ അനുഭവങ്ങളിലേക്കു സഞ്ചരിക്കുന്നു. പുഞ്ചിരി എന്നു പേരിട്ടാണ് ആ കണ്ണീർത്തുള്ളിയെ എച്ച്മു നമുക്കുമുന്നിൽ നിർത്തുന്നത്. കൗമാരത്തിൽതന്നെ ഗർഭപാത്രം നീക്കംചെയ്യേണ്ടിവരുന്ന പുഞ്ചിരിയുടെ നരകതുല്യമായ ജീവിതവും അനുഭവങ്ങളും അവസ്ഥയും എച്ച്മു തീപോലെ പൊള്ളുന്ന ഭാഷയിലെഴുതുന്നു.

          ബീഹാറിന്റെ ഹൃദയഭൂമിയിലൂടെ നടത്തുന്ന സഞ്ചാരങ്ങളെക്കുറിച്ചുള്ള ആറു രചനകളാണ് ഇനി. ബോധഗയയിലെ മഹാബുദ്ധചരിതവും നളന്ദയിലെ വിശ്വമഹാവിദ്യാലയവും ബീഹാർഗ്രാമങ്ങളിലെ ഘോരദാരിദ്ര്യത്തിന്റെ തീഷ്ണമുഖങ്ങളും ഈ യാത്രകളിൽ ഇടം നേടുന്നു. ഗയക്കടുത്തുള്ള മഖ്‌സൂദ്പൂരിലെ സുഹൃത്തുക്കളായ രാജാസാഹേബും റാണിസാഹിബയും ആതിഥ്യമരുളിയ യാത്രകൾ. മിത്തും ചരിത്രവും ഭൂതവും വർത്തമാനവും സമ്പത്തും ദാരിദ്ര്യവും ഒരേ തീവ്രതയിൽ കൂടിപ്പിണയുന്ന ഇന്ത്യയുടെ ജീവിതഭൂപടമാണ് ബീഹാർ.

         

അങ്ങേയറ്റം ഹൃദയദ്രവീകരണശക്തിയുള്ള ഭാഷയിൽ, അസാമാന്യമായ നിരീക്ഷണപാടവത്തോടെ യാത്രാവിവരണങ്ങളിൽ അത്രമേൽ സാധാരണമല്ലാത്ത ആത്മനിഷ്ഠമായ അനുഭൂതിവൽക്കരണത്തിന്റെ നൈരന്തര്യം പാലിച്ചുകൊണ്ടെഴുതപ്പെട്ടിരിക്കുന്ന ഈ യാത്രാസാഹിത്യഗ്രന്ഥത്തിന്റെ ആഖ്യാനകല അഞ്ചു ഭാവതലങ്ങൾകൊണ്ട് ഊടും പാവും നെയ്യുന്ന അതീവ ചാരുതയ്യാർന്ന ഒരു ഇന്ത്യൻ പരവതാനിപോലെയാണ്.

          സ്ഥലകാലബന്ധങ്ങളെ ഭൂതവർത്തമാനങ്ങളിൽ കൂട്ടിയിണക്കുന്ന ചരിത്രപാഠങ്ങൾ, എടുപ്പുകളിലും നിർമ്മിതികളിലും മൂർത്തമായപഗ്രഥിക്കപ്പെടുന്ന വാസ്തുവിദ്യാജ്ഞാനം, കൊടും കയ്പുകളൂറിക്കൂടുന്ന പരിത്യക്തമായ ജീവിതഭാവങ്ങൾ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെവിടെയും നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഭൂ-പരിസ്ഥിതിരാഷ്ട്രീയം, അനുഭൂതിബദ്ധവും ആത്മനിഷ്ഠവുമായി ആവിഷ്‌ക്കരിക്കപ്പെടുന്ന യാത്രാനുഭവങ്ങളുടെ കാവ്യ/കഥാത്മകത എന്നിവയാകുന്നു എച്ച്മുക്കുട്ടിയുടെ യാത്രകളെ സർഗാത്മകമാക്കുന്ന പഞ്ചകലാതന്ത്രങ്ങൾ.

          മിത്തുകളായും കഥകളായും ഐതിഹ്യങ്ങളായും പൂരിപ്പിക്കുന്ന വിദൂര ഭൂതകാലത്തിന്റെ ഈടിരിപ്പുകളിലേക്കാണ് എച്ച്മുവിന്റെ യാത്രകൾ നീളുന്നത്. ബി.സി. അവസാന ശതകങ്ങൾതൊട്ട് കൊളോണിയൽ ആധുനികതവരെ, ഗൗതമബുദ്ധൻ മുതൽ മുഗൾ രാജാക്കന്മാർ വരെ. ഇതിഹാസപുരാണങ്ങൾ മുതൽ വിശ്വമഹാകലാലയമായ നളന്ദവരെ ചരിത്രം ഖരരൂപത്തിൽ ഊറിക്കൂടിയ ശിലാശില്പങ്ങളും മഹാക്ഷേത്രങ്ങളും അഗമ്യദുർഗങ്ങളും ഭൂതാവിഷ്ടപ്രാകാരങ്ങളും വരെ. അരുണാചലേശ്വർ ക്ഷേത്രം, ആദിതിരുവരംഗം ക്ഷേത്രം, ശിഞ്ചികോട്ട, ദൗലത്താബാദ് ദുർഗം, അജ്മീർ ദർഗ, മെക്‌ലോഡ് ഗഞ്ച്, തരംഗംപാടി, രാമേശ്വരം, ധനുഷ്‌കോടി, നളന്ദ, ബോധ്ഗയ.... വായിക്കൂ:

         
'ചാലൂക്യരാജാക്കന്മാരിൽ നിന്ന് തെറ്റിപ്പിരിഞ്ഞുണ്ടായ യാദവരാജാക്കന്മാരുടെ ആസ്ഥാനമായിരുന്നുവത്രേ ഇവിടം. എ.ഡി. 1127ൽ ബില്ലമ രാജാവാണിത് പണിയിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. അക്കാലത്ത് ഇവിടം ദേവഗിരി എന്നറിയപ്പെട്ടു. ഡക്കാൻ പീഠഭൂമിയിൽ ഏകദേശം അറുനൂറടി ഉയരത്തിലാണ് ദൗലത്താബാദ്. നടപ്പിലാക്കാൻ പ്രയാസമായ വൈചിത്ര്യങ്ങളെ തുഗ്ലക്പരിഷ്‌കാരങ്ങൾ എന്ന് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽപോലും പരിഹസിക്കാറുണ്ടല്ലോ. ആ പ്രയോഗത്തിനു കാരണമായ പരിഷ്‌ക്കാരങ്ങളുമായി, പതിമ്മൂന്നാം നൂറ്റാണ്ടിൽ ഡൽഹിസുൽത്താനായിരുന്ന മുഹമ്മദ് ബിൻ തുഗ്ലക്, ബില്ലമ രാജാവ് പണിയിച്ച ഈ കോട്ടയെ സ്വന്തമാക്കുകയും അതുവരെ ദേവഗിരി എന്നു പേരുണ്ടായിരുന്ന ഈ സ്ഥലത്തിനു ദൗലത്താബാദ് എന്ന് പേരിടുകയും ചെയ്തു. ഭാഗ്യത്തിന്റെ നഗരം എന്നാണത്രേ ദൗലത്താബാദ് എന്ന പേരിനു അർത്ഥം. തലസ്ഥാനം ഡൽഹിയിൽ നിന്ന് രാജ്യത്തിന്റെ മധ്യഭാഗത്തേക്ക് മാറ്റാൻ തീരുമാനിച്ച മുഹമ്മദ് ബിൻ തുഗ്ലക് ഡൽഹിനിവാസികളെ ദൗലത്താബാദിലേക്കാണ് താമസം മാറ്റാൻ ആജ്ഞാപിച്ചത്. ഡക്കാൻ വരെ വന്ന ജനത അക്കാലത്ത് എന്തെല്ലാം കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ടാവണം.

          യാദവരാജാക്കന്മാരെ എഡി 1296ൽ അലാവുദ്ദീൻ ഖിൽജി തോൽപിച്ചെങ്കിലും അന്നത്തെ രാജാവായ രാമചന്ദ്രദേവയെതന്നെ സാമന്തനായി തുടർന്നു ഭരിക്കാൻ അനുവദിച്ചു. 1312നു  മുൻപ് മാലിക് കാഫറും അതിനെത്തുടർന്ന് കുതുബ് ദിൻ ഷാ ഖിൽജിയും ദേവഗിരി ആക്രമിച്ചു. അതിനുശേഷമാണ് മുഹമ്മദ് ബിൻ തുഗ്ലക് ഇവിടം സ്വന്തമാക്കിയത്. അടുത്ത ഊഴം ബാഹ്മനി സുൽത്താന്മാരുടേയും നിസാം ഷാഹിമാരുടേയുമായിരുന്നു. എഡി 1633ൽ ജഹാംഗീർ ഈ കോട്ട പിടിച്ചടക്കി. ഔറംഗസീബിനുശേഷം മറാത്ത ഭരണവും പേഷ്വാ ഭരണവുമുണ്ടായി. ഒടുവിൽ എഡി 1724ൽ ഹൈദരാബാദ് നിസാം ഇവിടെ അധികാരമുറപ്പിച്ചു. ഇന്ത്യ സ്വതന്ത്രമാകും വരെ ഈ കോട്ട നിസാമിന്റേതായി തുടർന്നു. കോട്ട കൈവശപ്പെടുത്താൻ മാത്രമല്ല ബലപ്പെടുത്താനും ഈ രാജാക്കന്മാരെല്ലാവരും പ്രയത്‌നിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പലതരം നിർമ്മാണരീതികൾ ഈ കോട്ടയെ അലങ്കരിക്കുന്നു.

         

95 ഹെക്ടർ വിസ്തീർണത്തിൽ വ്യാപിച്ച കോട്ട അതിഗംഭീരമാണ്. തുടക്കത്തിലേ ഒരു വീതി കുറഞ്ഞ പാലവും കരിങ്കല്ലിൽ കുഴച്ചെടുത്ത് ഉയരങ്ങളെ അളക്കുന്ന നടപ്പാതയും കോട്ടയെ സുരക്ഷിതമാക്കുന്നു. അത്രയും പഴയ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടിട്ടും ഇപ്പോഴും വലിയ കേടുപാടുകളില്ല. ആ കോട്ടയെ പൂർണമായും കീഴടക്കുന്നത് ഒട്ടും എളുപ്പമല്ലെന്ന് കോട്ട ചുറ്റിനടന്നു കണ്ടപ്പോൾ എനിക്ക് മനസ്സിലായി. കുത്തനെയുള്ള ഒരു കുന്നിലാണ് കോട്ട. കുന്നാണെങ്കിൽ കൂറ്റനൊരു കിടങ്ങിലേക്ക് പരന്നുകിടക്കുന്നു. നാൽപതടിയോളം ആഴമുണ്ട് ആ കിടങ്ങിന്. കിടങ്ങിൽ കൂറ്റൻ മുതലകളെ വളർത്തിയിരുന്നു. അവയ്ക്കു പുറമേ അകത്തേക്ക് വലിച്ചെടുക്കാവുന്ന മരപ്പാലങ്ങളും കിടങ്ങിനെ കടന്നുപോകാൻ പറ്റാത്ത മരണക്കെണിയാക്കിയിരുന്നു.

          അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ഏകദേശം ഒമ്പതു മീറ്റർ ഉയരത്തിൽ മൂന്നു മീറ്ററോളം കനത്തിൽ കോട്ടമതിലുണ്ട്. ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന കനത്ത അറകൾ കാവൽപ്പുരകളായും ധാന്യപ്പുരകളായും ആയുധപ്പുരകളായും പ്രവർത്തിച്ചിരുന്നു. കൃത്രിമമായി നിർമ്മിച്ച കീഴ്ക്കാന്തൂക്കായ ചരിവാകട്ടെ കോട്ടമതിലിനെ തികച്ചും അപ്രാപ്യമാക്കുന്നു. അതിനുള്ളിൽ കുറെ അകമതിലുകളും അവയ്‌ക്കെല്ലാം പടുകൂറ്റൻ ഇരുമ്പ് ഗേറ്റുകളുമുണ്ട്. മുള്ളുകൾ പിടിപ്പിച്ചിരുന്നു ഈ ഇരുമ്പ് ഗേറ്റുകളിൽ. അതുകൊണ്ട് സൈന്യത്തിലെ ആനകൾ ഈ പടിവാതിലുകളെ ആക്രമിക്കാൻ മടിച്ചു നിന്നിരുന്നു.

          സമതലത്തിലും കുന്നിലുമായി വിന്യസിക്കപ്പെട്ട കോട്ട സാധാരണ ജനങ്ങൾക്കായി അംബർ കോട്ടയെന്നും സമൂഹശ്രേണിയിലെ ഉയർന്ന ജനങ്ങൾക്കായി മഹാകോട്ടയെന്നും രാജകുടുംബത്തിനായി കലാകോട്ടയെന്നും വേർതിരിക്കപ്പെട്ടിട്ടുണ്ട്. കോട്ടയിൽ പടിക്കെട്ടുകളുള്ള കിണറുകളും ജലസംഭരണികളും അന്തപ്പുരവും വിവിധ കൊട്ടാരക്കെട്ടിടങ്ങളും അമ്പലങ്ങളും പള്ളികളും പാറ തുരന്നുണ്ടാക്കിയ പത്തോളം ഗുഹകളുമുണ്ട്.

          കൂറ്റനൊരു ജലസംഭരണിയുണ്ട് പ്രവേശനകവാടത്തിനരികിലായി. സൈന്യത്തിനാവശ്യമായ ജലം അതിൽ സംഭരിച്ചിരുന്നു. അതും കുറച്ചുകാലത്തേക്കാവള്യമായതൊന്നുമല്ല. ആറുമാസത്തേക്ക് വേണ്ട വെള്ളം. ശത്രുക്കൾ കോട്ട ഉപരോധിച്ചാലും സൈന്യത്തിനു വെള്ളം ലഭ്യമാകുമായിരുന്നു. ശുദ്ധജലത്തിനും അഴുക്കുവെള്ളത്തിനുമായി മൺപൈപ്പുകൾ വിന്യസിച്ചിരിക്കുന്നത് ആരേയും അൽഭുതപ്പെടുത്തും.

          മറ്റൊന്ന് ആനക്കുളമാണ്. ഏകദേശം നാൽപത്തെട്ട് മീറ്റർ നീളവും നാൽപത്താറു മീറ്റർ വീതിയും ഏഴു മീറ്റർ ആഴവുമുള്ള ഈ കുളത്തിൽ ആനകൾ ആഹ്ലാദത്തോടെ നീരാടിയിരുന്നു എന്നാണ് കഥകൾ. കുളത്തിനെ ഹാത്തി ഹൗഡ് എന്ന് വിളിക്കുന്നു.

         

പിന്നെയും മുകളിലാണ് ബാരത് മാതാ അമ്പലം. ഭാരത് മാതാവിന്റെ ഉണ്ടക്കണ്ണും തുറിച്ച കവിളുകളും അഞ്ചെട്ടു കൈകളുമെല്ലാം കണ്ടാൽ കരച്ചിലും ചിരിയും ഒപ്പം വരും. അതൊരു ജൈന അമ്പലമായിരുന്നു. 1318ൽ കുതുബ് ദിൻ മുബാരക് അതൊരു മോസ്‌ക് ആക്കി മാറ്റി ജാമി മസ്ജിദ് എന്ന് പേരിട്ടു. അടുത്തിടെയാണ് അതൊരു ഹിന്ദു അമ്പലമായി മാറിയത്. നൂറ്റമ്പതു തൂണുകളുണ്ട് ആ അമ്പലത്തിൽ. ഭക്തിയോ രാജ്യസ്‌നേഹമോ ഒന്നും ഉണർത്താൻ പ്രാപ്തമല്ല ആ ഭാരത് മാതാവിന്റെ രൂപം. അവിടെ പുരട്ടിയിരിക്കുന്ന കാവിച്ചായത്തിന് ഒരിറ്റുപോലും സൗന്ദര്യമില്ല.       

കോട്ടയിൽ ഉയർന്നുകാണുന്ന ചാന്ദ്മിനാർ ഈ അമ്പലത്തിനു തൊട്ടപ്പുറത്താണ്. ഇരുനൂറ്റിപ്പത്തടി ഉയരത്തിലുള്ള മിനാരത്തിന് എഴുപതടി വ്യാസമുള്ള അടിത്തറയാണുള്ളത്. കുത്തബ് മിനാറിന്റെ ഒരനുകരണമാണ് ചാന്ദ് മിനാർ. മൂന്ന് കമനീയമായ ബാൽക്കണികൾ മിനാറിലുണ്ട്. പണ്ട് കാലത്ത് മിനാറിന്റെ ഇരുനൂറ്റിപ്പത്തടി നീളം മുഴുവൻ വിലയേറിയ പേർഷ്യൻ ടൈറ്റലുകൾ പതിച്ചിരുന്നു. എന്തൊക്കെയോ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതുകൊണ്ട് ചാന്ദ് മിനാർ കാണുന്നതിനു വാതിലുകൾ അടച്ചുവെച്ചുകൊണ്ടുള്ള വിലക്കുണ്ടായിരുന്നു. എങ്കിലും ആ സുന്ദരനിർമ്മിതി ആരുടേയും മനം കവരുകതന്നെ ചെയ്യും. 1445ൽ ബാഹ്മനി സുൽത്താനായിരുന്ന അലാവുദ്ദീൻ ബാഹ്മിനി ദൗലത്താബാദ് ദുർഗം കീഴ്‌പ്പെടുത്തിയപ്പോൾ ഉയർത്തിയ വിജയസ്തംഭമാണ് ചാന്ദ്മിനാർ.

         

വളരെ മനോഹരമായ ഒരു കെട്ടിടമായിരുന്നു ചീനിമഹൽ. ഇന്നത് ഏകദേശം നശിച്ചു കഴിഞ്ഞിരിക്കുന്നു. ഈ കെട്ടിടത്തിലാണ് ഗോൽക്കൊണ്ട ഭരിച്ചിരുന്ന അബുൽ ഹസ്സനെ മുഗൾ ചക്രവർത്തിയായ ഔറംഗസീബ് 1687 മുതൽ പതിമൂന്നു വർഷത്തോളം തടവിലിട്ടത്. കുതുബ്ഷാഹി രാജവംശത്തിലെ അവസാന രാജാവായിരുന്നു അബുൽ ഹസ്സൻ.

          ഘനമേറിയ അടരുകളുള്ള കോട്ടമതിലുകളാൽ ചുറ്റപ്പെട്ട രഹസ്യ മാർഗങ്ങളുടെ അവസാനമില്ലാത്ത തുടർച്ചയാണ് കോട്ടയിലേക്കുള്ള നടപ്പാതയെന്ന് ചീനിമഹലിൽ നിന്ന് മുന്നോട്ട് പോകുമ്പോൾ നമ്മൾ ശരിക്കും മനസ്സിലാക്കാൻ തുടങ്ങും. അതിൽ ശത്രുവിന്റെ തലയിൽ പന്തമെറിയാനും തിളച്ച എണ്ണ കമിഴ്‌ത്താനും വാതിലടച്ച് പുകയിടാനും സൂത്രങ്ങളുണ്ട്. കരിങ്കല്ലിന്റെ എണ്ണക്കുടങ്ങൾ അനവധിയുണ്ട് ആ വഴിത്താരയിൽ. ഗുഹാമുഖമെന്ന് തെറ്റിദ്ധരിപ്പിച്ച് വിചിത്രവഴികളിലൂടെ അലയാൻ വിടുന്ന കൺകെട്ടുവിദ്യയുമുണ്ട്'.

          ആർക്കിടെക്ചർ ഈ യാത്രാവിവരണങ്ങളിലെ മൗലികവും സവിശേഷവുമായ അന്വേഷണഭൂമികയായി മാറുന്നു. ചണ്ഡീഗഡിലെ റോക്ഗാർഡൻ മുതൽ പൻ ചക്കിയിലെ എഞ്ചിനീയറിങ് അത്ഭുതം വരെയും മൂന്നാറിലെയും വയനാട്ടിലെയും സർക്കാർനിർമ്മിതികൾ മുതൽ അക്ഷർധാമിലെ അത്ഭുതകരവും ആർഭാടഭരിതവുമായ വാസ്തുശില്പസൃഷ്ടികൾ വരെയും കൊട്ടാരങ്ങളും കോട്ടകളും ക്ഷേത്രങ്ങളും ബംഗ്ലാവുകളും കുളങ്ങളും മണ്ഡപങ്ങളും വരെയും വിവരിക്കുമ്പോൾ എച്ച്മുക്കുട്ടി വാസ്തുവിദ്യാജ്ഞാനത്തോട് ചേർന്നുനിന്നു രൂപീകരിക്കുന്ന ജീവിതവീക്ഷണം അതീവ കൗതുകകരമാണ്. വായിക്കൂ:

         

'മൂന്നു കുന്നുകൾക്കിടയിലുള്ള വിടവുകൾ ഇരുപതു മീറ്റർ കനത്തിൽ മതിൽ കെട്ടി അടച്ച് അതിനകത്താണ് കോട്ട പണിതിരിക്കുന്നത്. കൃഷ്ണഗിരിക്കുന്നിലെ കോട്ട താരതമ്യേന ചെറുതാണ്. അത് തിരുവണ്ണാമല റോഡിന്റെ വടക്കു വശത്തായി ദൃശ്യമാവുന്നു. കോട്ടയിലേക്ക് കയറിപ്പോകാനുള്ള കരിങ്കൽപ്പടവുകൾ ദൂരത്തുനിന്നേ നമ്മുടെ ശ്രദ്ധയാകർഷിക്കും. ഇംഗ്ലീഷുകാർ കുറച്ചുകാലം ഇവിടം കൈവശപ്പെടുത്തിയിരുന്നതുകൊണ്ട് കൃഷ്ണഗിരിക്കുന്നിനെ വെള്ളക്കാരക്കുന്നെന്നും വിളിക്കാറുണ്ടത്രേ. ഇതിനോട് ചേർന്ന് രാജഗിരിക്കുന്നിലെ പ്രധാന കോട്ടയുമായി ചേരുന്ന ചന്ദ്രഗിരിക്കുന്ന് അല്ലെങ്കിൽ സെന്റ് ജോർജ് മൗണ്ടനും സ്ഥിതി ചെയ്യുന്നു. തുകൽപ്പണിക്കാരുടെ കുന്ന് എന്നറിയപ്പെടുന്ന ചക്കിലിയ കുന്നിലും ചന്ദ്രായന ദുർഗ്ഗത്തിലും കാര്യമായി ഒന്നുമില്ല. ഇടിഞ്ഞുപൊളിഞ്ഞ കരിങ്കൽപ്പാളികളും കുറെ മുൾച്ചെടികളുടെ വന്യമായ പച്ചപ്പും മാത്രമേയുള്ളൂ.

          ഇത്രയുമൊക്കെ കഥകൾ ഓതിയ ഗൈഡ് രാജഗിരിയിലെ പ്രധാന കോട്ടയാണ് കാണേണ്ടതെന്ന് ഉറപ്പിച്ചു പറഞ്ഞു.

          ഏകദേശം ആയിരം അടി ഉയരത്തിൽ ആയിരത്തി അഞ്ഞൂറ് പടികളോളം കയറിയാലേ നമ്മൾ രാജഗിരിയിലെ കോട്ടമുകളിൽ എത്തുകയുള്ളൂ. കോട്ടയ്ക്കുള്ളിൽ കല്യാണമഹൽ, ധാന്യപ്പുരകൾ, ജയിൽ, ക്ഷേത്രം, ആനക്കുളം... അങ്ങനെ അനവധി അനവധി എടുപ്പുകളുണ്ട്.

         

കോട്ടയിലേക്കുള്ള പ്രവേശനമാർഗത്തിൽ സാദ് ദുല്ലാ ഖാന്റെ മോസ്‌ക് കാണാം. പതിനേഴാം നൂറ്റാണ്ടിൽ സാദ് ദുല്ലാഖാൻ കുറച്ചുകാലം ശിഞ്ചി ഭരിച്ചിരുന്നുവത്രേ.

          കോട്ടവാതിലിനിടത്ത് വശത്തായി ധാന്യപ്പുരയുണ്ട്. ആർച്ചുപോലെ പണിത മേൽക്കൂരയാണിതിനുള്ളത്. ഒന്നരലക്ഷം കലം നെല്ല് അതിൽ കൊള്ളുമെന്നും മറ്റു ആഹാരപദാർഥങ്ങൾക്കായി വേറൊരു പുര തൊട്ടടുത്തുണ്ടെന്നും ഗൈഡ് വിശദീകരിച്ചു.

          ധാന്യപ്പുരയുടെ പടിഞ്ഞാറു ഭാഗത്തായി ഉയരങ്ങളിലാണ് വേണുഗോപാലന്റെ അമ്പലം. വിഗ്രഹങ്ങളും അമ്പലം തന്നെയും നന്നെ ക്ഷീണാവസ്ഥയിലാണ്. ഭയം തോന്നിപ്പിക്കുന്ന ഒന്നായി അതു മാറിക്കഴിഞ്ഞു.

          വിശാലമായ കോട്ടമൈതാനിയിൽ കൂടുതൽ ശ്രദ്ധയാകർഷിച്ചുകൊണ്ട് കല്യാണമഹൽ പ്രത്യക്ഷപ്പെടുന്നു. അക്‌ബർ ചക്രവർത്തി ഫത്തേപ്പൂർ സിക്രിയിൽ നിർമ്മിച്ച പഞ്ച്മഹലിന്റെ വിദൂര സാമ്യം തോന്നിക്കുന്ന ഒരു നിർമ്മിതിയാണിത്. ഒരു കുളവും സ്ത്രീകൾക്കുള്ള മുറികളും വളഞ്ഞ വരാന്തകളും കോവണിപ്പടികളും വെള്ളം കൊണ്ടുവരാനുള്ള മൺപൈപ്പുകളും എല്ലാമായി പിരമിഡാകൃതിയിൽ ഒരു മനോഹര കെട്ടിടം. അനവദ്യസുന്ദരമായ ചെറിയ ചെറിയ കൊത്തുപണികളാൽ അലങ്കരിക്കപ്പെട്ട ഒന്നാണ് കല്യാണ മഹൽ. മഹലിന്റെ വടക്കുപടിഞ്ഞാറു ഭാഗം മുഴുവൻ ഒട്ടേറെ മുറകളാണ്. അത് രാജകുടുംബാംഗങ്ങൾക്കും വേലക്കാർക്കും മറ്റും താമസിക്കാനായിരുന്നുവത്രേ. അതിനു പുറകിൽ കുതിരലായവും കണ്ടു.

         

കല്യാണമഹലിനു സമീപം കിഴക്കു ഭാഗത്ത് ഒരു പള്ളിയുടെ പൊളിഞ്ഞ ഭാഗങ്ങളുണ്ട്. മുഹമ്മദ് ഖാൻ മോസ്‌ക് എന്നാണ് ഈ പള്ളി അറിയപ്പെടുന്നത്. തേജ് സിങ് രാജാവിന്റെ ആത്മാർത്ഥ സുഹൃത്തായിരുന്ന മുഹമ്മദ് ഖാന് ആരാധിക്കാനുണ്ടാക്കിയതാണത്രേ ഈ പള്ളി. അവരുടെ അടിയുറച്ച സൗഹൃദത്തിന്റെ മനോഹരകഥകൾ എത്ര വേണമെങ്കിലും കേൾക്കാൻ കഴിയും. തേജ് സിങ് രാജാവിന്റെ ജീവിതത്തെപ്പറ്റി അനവധി നാടൻ പാട്ടുകളും തെരുവുനാടകങ്ങളും ഉണ്ട്.

          പുൽപരപ്പിലൂടെയും വിസ്തൃതമായ കുടപിടിക്കുന്ന ആലിന്റെ തണലിലൂടെയും നടന്ന് കല്യാണ മഹലിന്റെ തെക്കുഭാഗത്തായി നമ്മൾ ആനക്കുളത്തിനടുത്തെത്തും. ഒരു വിശാലപ്രദേശം മുഴുവൻ കുളമാണ്. അനവധി ആനകൾക്ക് തീർച്ചയായും ഇവിടെ കുളിക്കാൻ കഴിയും. കുളത്തിനു ചുറ്റുമായി നൂറിലധികം തൂണുകളിൽ അതിമനോഹര കൊത്തുപണികൾ നിറഞ്ഞ ഒരു മണ്ഡപവും നിലകൊള്ളുന്നു. കുളത്തിലേക്കിറങ്ങാൻ പടികളും ഉണ്ട്. ആനകളായാലും അല്ല, ഇനി രാജാക്കന്മാരും രാജ്ഞിമാരുമായാലും ശരി ഈ കുളം എല്ലാവരേയും ഒരുപോലെ ഹർഷപുളകിതരാക്കിയിരിക്കുമെന്ന് ആ മണ്ഡപത്തിലെ കാറ്റേറ്റ് അങ്ങനെ ഇരിക്കുമ്പോൾ എനിക്ക് തോന്നാതിരുന്നില്ല.

          തൊട്ടടുത്താണ് ജിംനേഷ്യം. അതൊരു കൂറ്റൻ കെട്ടിടമാണ്. അവിടെ രാജാക്കന്മാർ സ്വയം വ്യായാമം ചെയ്തും മറ്റുള്ളവരെ വ്യായാമം ചെയ്യിച്ചും രസിച്ചിരിക്കണം. ആയുധങ്ങളും ഇഷ്ടംപോലെ പതുക്കിവെച്ചിട്ടുണ്ടാവാം. തൊട്ടപ്പുറത്ത് വെടിമരുന്നുപുരയുണ്ട്. ഒരു വലിയ കുഴിയും അതിനെ ചുറ്റിയൊരു ചുവരുമാണത്'.

          അതീവദുഃഖിതരായ ഒറ്റമനുഷ്യരുടെ എത്രയെങ്കിലും കഥകൾക്കു നടുവിലൂടെയാണ് തന്റെ യാത്രകൾ എച്ച്മുക്കുട്ടി ചിട്ടപ്പെടുത്തുന്നത്! അവിസ്മരണീയരായ മനുഷ്യർ. ആമരണം മറക്കാനാവാത്ത തീപ്പൊള്ളലുകൾ. വക്കിൽ ചോരപൊടിയുന്ന അനുഭവങ്ങൾ.

         

'എവിടെയായാലും എന്തുകണ്ടാലും അവൾ മിണ്ടുകയില്ല, അവൾക്ക് ഒരു ചെവിയുടെ കേൾവി കുറവാണ്. അവളുടെ കൈകാലുകളും കഴുത്തും അനിയന്ത്രിതമായി ചലിക്കുകയോ കടുത്ത ബലത്തോടെ ശകലം പോലും വഴങ്ങാതിരിക്കുകയോ ചെയ്യും.... ശാരീരിക ചലനങ്ങളെ നിയന്ത്രിക്കുന്ന മോട്ടോർ നെർവ് ഏകദേശം പൂർണമായും തകരാറായിപ്പോയ കുഞ്ഞായിരുന്നു അവൾ. എങ്കിലും സ്വന്തം മനസ്സും വികാരങ്ങളും വെളിപ്പെടുത്താൻ കൈകാലുകളെയും കഴുത്തിനേയും ഇളക്കി ആട്ടിക്കാണിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. അനിയന്ത്രിതമായ ഈ ബലംപിടുത്തംകൊണ്ട് അവൾക്കെപ്പോഴും മാംസപേശികളിൽ വേദനയുണ്ടാവും. നമ്മൾ കൈകാലുകൾ തടവിക്കൊടുക്കുമ്പോൾ ആ മുഖത്ത് ഒരു ചിരി വിരിയും... ഏത് അവിശ്വാസിക്കും അപ്പോൾ ദൈവം മുന്നിൽനിന്ന് പുഞ്ചരിക്കുന്നതായി തോന്നിപ്പോകും.... അത്രമേൽ മനോഹരമാണ് ദൈവീകമാണ് ആ പുഞ്ചിരി. ആ പുഞ്ചിരിയും ഇടയ്ക്കുള്ള നാക്കുനീട്ടലും മൂന്നാലു തരം വ്യത്യസ്തങ്ങളായ മൂളലുകളും മാത്രമാണ് അവളുടെ സ്വയം പ്രകാശനോപാധികൾ.. ഒരിക്കലും ചികിത്സിച്ചു മാറ്റാനാവാത്ത ഗുരുതരമായ മസ്തിഷ്‌ക്ക തകരാറുകളാണവൾക്ക്... എങ്കിലും അവളുടെ ബുദ്ധിശക്തിക്ക് കുറവൊന്നുമില്ലെന്ന് ഡോക്ടർമാർ എന്നോട് പറഞ്ഞിരുന്നു.

          അതുകൊണ്ട് ഞാൻ മുടങ്ങാതെ അവളെ എല്ലാ എക്‌സർസൈസും ചെയ്യിച്ചു. വഴക്കമില്ലാത്ത ഒന്നും പിടിക്കാനാവാത്ത അവളുടെ കൈകാലുകളെ വഴക്കമെന്ന വാക്കിന്റെ അർത്ഥമറിയിക്കാനാവുമോ എന്നു നോക്കാൻ മാത്രം.... അതൊരു അവസാനമില്ലാത്ത പരിശ്രമമായിരുന്നു...

          മൂത്രമൊഴിക്കാനും അപ്പിയിടാനും ഒന്ന് രണ്ട് എന്ന് വിരൽ മടക്കി ചോദിച്ച് പഠിപ്പിച്ചു.

          വിശക്കുന്നുവെന്നും ദാഹിക്കുന്നുവെന്നും വയറ്റിൽ തൊട്ടും ചുണ്ടിൽ തൊട്ടും കാണിച്ചു ശീലിപ്പിച്ചു.

          ചിത്രപുസ്തകങ്ങൾ കാണിച്ച് ആര് എന്ത് എവിടെ എപ്പോൾ എങ്ങനെ എന്നൊക്കെ വിശദീകരിച്ചു...

       

 പുൽപ്പരപ്പിലും പൂഴിയിലും ചരലിലുമെല്ലാം അവളുടെ നിവരാത്ത കാലുകളെയും കൈകളേയും മെല്ലെ മെല്ലെ നിവർത്തി പതിപ്പിച്ചു. പുതിയ ഓരോ സ്പർശവും അവളിൽ പുഞ്ചിരിയായി ഉതിർന്നു വീഴുമായിരുന്നു.

          ഇതൊന്നും ഒട്ടും എളുപ്പമായിരുന്നില്ല. കാരണം എനിക്കും ഇതിനെപ്പറ്റി യാതൊന്നും അറിയുമായിരുന്നില്ലല്ലോ. ഏറ്റവും എളുപ്പം ഏറ്റവും നിസ്സാരം എന്നൊക്കെ എന്നെപ്പോലെയുള്ളവർ തെറ്റിദ്ധരിച്ചു പോകുന്നതൊന്നും അത്ര എളുപ്പവും തീരെ നിസ്സാരവുമല്ലെന്ന് പുഞ്ചിരിയാണെനിക്ക് പറഞ്ഞുതന്നത്.

          എന്നിട്ടും വല്ലപ്പോഴുമൊക്കെ അവൾ ഉടുപ്പിൽ മൂത്രമൊഴിച്ചു. അപ്പിയിട്ടു. ചിലപ്പോൾ എന്തിനെന്നറിയാതെ കരയുകയും മറ്റും ചിലപ്പോൾ കോപിക്കുകയും ചെയ്തു. പിണങ്ങുമ്പോൾ അവൾ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും വായ് തുറക്കില്ല. എന്റെ വീഴ്ചകളിൽ ദയവായി പൊരുത്തപ്പെടണമെന്ന് ഞാനവളോട് അപ്പോഴൊക്കെ പറയുമായിരുന്നു. എങ്കിലും ചിലപ്പോൾ ഞാനും ദേഷ്യപ്പെടുകയും അവളെ വഴക്കു പറയുകയും തല്ലുകയും ചെയ്തു. അപ്പോൾ അവൾ മുഖം കുനിക്കാൻ ശ്രമിച്ച് നാക്കുനീട്ടാൻ ശ്രമിക്ക് പിണക്കം നടിച്ച്.... അങ്ങനെയങ്ങനെ... പിന്നീട് ഞാനവളെ മാറോടു ചേർത്തുമ്മ വെയ്ക്കും... ഞാൻ പോകുന്നിടത്തെല്ലാം അവളെ കൊണ്ടുപോകും. ഒരിടത്തു നിന്നും ഞാനവളെ മാറ്റിനിറുത്തിയില്ല... അവളെനിക്ക് ഒരിക്കലും അപമാനമായിരുന്നില്ല... അതുകൊണ്ട് എന്റെ കരവലയങ്ങൾ ഒരിക്കലും അവളിൽനിന്ന് അഴിഞ്ഞകന്നതുമില്ല'.

          ഭൂമിയോടും പ്രകൃതിയോടും പരിസ്ഥിതിയോടും അങ്ങേയറ്റം ആർജ്ജവത്തോടെ പെരുമാറുന്ന മനുഷ്യരുടെ കൂടെയാണ് എച്ച്മുക്കുട്ടി. വികസനവും ആസൂത്രണവും പദ്ധതികളും നിർമ്മിതികളും നടപ്പാക്കപ്പെടുമ്പോൾ സംഭവിക്കുന്ന ക്രൂരമായ പാരിസ്ഥിതിക ദുരന്തങ്ങൾക്കെതിരെ ഉയർത്തുന്ന കാതരമായ വിമർശനസ്വരം ഓരോ യാത്രാക്കുറിപ്പിലും കേൾക്കാം. മൂന്നാർ, വയനാട്, ചണ്ഡിഗഡ്, കാസർകോട്, പോണ്ടിച്ചേരി, ഡെറാഡൂൺ, ധനുഷ്‌കോടി, ബീഹാർ...

         

പ്രകൃതിദൃശ്യങ്ങളാകട്ടെ, സഞ്ചാരാനുഭവങ്ങളാകട്ടെ, സൗന്ദര്യവസ്തുക്കളാകട്ടെ, ആത്മകഥനങ്ങളാകട്ടെ, സ്തംഭിപ്പിക്കുകയോ ത്രസിപ്പിക്കുകയോ ചെയ്യുന്ന ദൃശ്യങ്ങളാകട്ടെ, ഭൂതകാല സ്മൃതികളാകട്ടെ, ഗ്രാമങ്ങളോ വനങ്ങളോ ഗിരികൂടങ്ങളോ ക്ഷേത്രങ്ങളോ കോട്ടകളോ കൊട്ടാരങ്ങളോ ആകട്ടെ, കവിതയോ കഥയോപോലെ വായിച്ചുപോകാവുന്നവയാണ് ഈ യാത്രാസാഹിത്യത്തിലെ ഓരോ രചനയും. അതീവ ചാരുതയ്യാർന്ന ആഖ്യാനകല. യാത്രകളെന്നത്, അവ ആത്മാവിൽ ബാക്കിയാക്കുന്ന അനുഭൂതികൾ തന്നെയാണെന്നു തെളിയിക്കുന്ന ഭാവശില്പങ്ങൾ.

          'സമുദ്രനിരപ്പിൽ നിന്ന് ആയിരത്തഞ്ഞൂറടി ഉയരത്തിലാണ് ബൈരത് എന്ന വിരാടരാജധാനി. എന്നോ ഉത്തുംഗമായി നിലനിന്നിരുന്ന നിർമ്മിതികളുടെ അടിത്തറകൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ബിജക്കിന്റെ പർവതമെന്ന ബുദ്ധസ്തൂപവുമുണ്ട് അവിടെ. സ്തൂപമല്ല, വൃത്താകൃതിയിലുള്ള അടിഭാഗം മാത്രം. അതിന്റെ വലുപ്പത്തിൽ നിന്നും അവൾക്ക് സങ്കൽപിക്കാൻ കഴിഞ്ഞു. ബുദ്ധമതം പ്രചുരമായിരുന്ന ഒരു കാലത്തിന്റെ നേർചിത്രങ്ങളെ.... ഒരു ബുദ്ധമത ആശ്രമവും മൗര്യചക്രവർത്തിയായിരുന്ന അശോകന്റെ ശിലാശാസനവും മരത്തിൽ നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന ഒരു ക്ഷേത്രാവശിഷ്ടവും രാജധാനിയിലുണ്ട്.

         

മുഗൾ സാമ്രാജ്യത്തിന്റെ ചില നിർമ്മിതികളും പരിസരത്തിലുണ്ടായിരുന്നു. അജ്മീർ തീർത്ഥയാത്രയിൽ അക്‌ബർ താമസിച്ചിരുന്ന എടുപ്പും ഒരു ചത്തിരിയുമായിരുന്നു അത്. ചത്തിരിയെന്നാൽ നാലുകാലിൽ മേൽപ്പുരയും കുംഭഗോപുരങ്ങളും ചിലപ്പോൾ നിലവറമുറികളും എല്ലാമായി പ്രത്യക്ഷപ്പെടുന്ന താതമ്യേന ലളിതമായ ഒരു നിർമ്മിതിയാണെന്ന് അവൻ വിശദീകരിച്ചു. മുഗൾ വാസ്തുവിദ്യയിൽ ഗവേഷണം നടത്തുന്നവന്റെ പാണ്ഡിത്യത്തിൽ അവിശ്വസിക്കേണ്ടതില്ലെന്ന് അവൾ കരുതി. വിശ്വസിക്കാത്തവളുടെ സംശയഭാവം കുസൃതിയോടെ മുഖത്തുവരുത്തിയെങ്കിലും..

          മായാൻ തുടങ്ങുന്ന പകൽ വെളിച്ചത്തിൽ കനത്ത കരിങ്കൽപാകിയ രാജവീഥി മാത്രം അവിടെ യാതൊരു കേടുപാടുമില്ലാതെ തെളിഞ്ഞു നിന്നു. കുറ്റിച്ചെടികൾക്കും സദാബഹാർ എന്ന ശവക്കോട്ടപ്പച്ച പൂക്കൾക്കുമിടയിൽ, വിവിധ കാലങ്ങളുടെ അനേകം രഥങ്ങൾ ഉരുണ്ടുപോയ വിരാടരാജധാനിയിലെ ആളൊഴിഞ്ഞ പ്രധാന വീഥി. രാജവീഥിയിലൂടെ അവളേയും വഹിച്ചുകൊണ്ട് അവന്റെ ബൈക്ക് മെല്ലെ ഓടി. ഒരു കുന്നിലേക്കുയർന്നു കയറിപ്പോയ ആ വഴിയാകട്ടെ തീർത്തും വിജനമായിരുന്നു.

         

വഴിയുടെ ഇരുപുറവും കനത്ത പാറക്കെട്ടുകളിലെ വിചിത്രാകൃതികളാണ്. അവ പ്രകൃതിയുടെ കൈകളാൽ തന്നെ നിർമ്മിതമായതായി തോന്നിച്ചു. പലതരം മൃഗങ്ങളുടെ ആകൃതികളിൽ ഭീതി പകരുന്ന കല്ലുകൾ... ആനയുടെ മസ്തകവും കഴുകന്റെ രൂപവും ചരിത്രാതീത കാലത്തെ ഏതോ ഭീമാകാരമായ ജീവിയുടെ ഭീഷണമായ കാൽപ്പാടുകളും മറ്റും പേറുന്ന പാറക്കെട്ടുകൾ...

          സാധാരണയിൽ കവിഞ്ഞ വലുപ്പമുള്ള തലയോട്ടിയെ അനുസ്മരിപ്പിക്കുന്ന കറുപ്പും വെളുപ്പുമായ പാറക്കല്ലുകൾ മുന്നിൽ തെളിഞ്ഞുവന്നത് പെട്ടെന്നായിരുന്നു. അവയിലെ അഗാധമായ കൺകുഴികളിൽ, കടന്നുപോയ കാലം നിശ്ചലമായി നിന്നിരുന്നു. വഞ്ചനകളിലും ചതികളിലും മുങ്ങിച്ചത്ത് ദീനമായി നിലവിളിക്കുന്ന ആത്മാവുകൾ ആ തലയോട്ടിപ്പാറകളെ അന്വേഷിക്കുന്നുണ്ടായിരുന്നു.

          അപ്പോൾ പൊടുന്നനെ ഭയത്തിന്റെ നിലയില്ലാത്ത നീർച്ചുഴികൾ അവളെ ശ്വാസം മുട്ടിച്ചു...

          ആരുടെയെല്ലാമോ അധികാര കലഹങ്ങളിൽ ആർക്കെല്ലാമോ വേണ്ടി നഷ്ടപ്പെട്ടുപോയ പിഞ്ചുകുഞ്ഞിനെത്തേടുന്ന അമ്മയുടെ വിതുമ്പിക്കരച്ചിൽ പോലെ... കൗമാരക്കാരിയായ ഒരു പെൺകിടാവിന്റെ അകാല വൈധവ്യവും, ചില വാശികളിൽ പിളർന്നുപോയ ഗർഭപാത്രവും പുതിയ രാഷ്ട്രത്തിന്റെ കൊടിയടയാളവുമായി പാറുന്നതുപോലെ....

          ഭയം....

          അവനെ മുറുകെ പുണർന്നുകൊണ്ട് അവൾ കരഞ്ഞു.

          പോവണ്ട... നമുക്ക് മടങ്ങാം....

          ഉത്തരയെ കാണണ്ട....'.

'യാത്രപ്പണ്ടാരം' എന്നു സ്വയം വിശേഷിപ്പിച്ച് ലഹരിയോ ബാധയോ പോലെ തന്നെ ആവേശിച്ച സഞ്ചാരഭ്രമത്തിന്റെ ചുഴലിക്കാറ്റിൽ കറങ്ങിത്തിരിയുന്ന ഒരിലപോലെ എച്ച്മുക്കുട്ടി യാത്രചെയ്യുന്നു. ഇത്രയധികം ഇന്ത്യൻ സ്ഥലങ്ങൾ, ഈവിധം ആത്മബന്ധത്തോടെ മറ്റൊരു മലയാളിസ്ത്രീയും യാത്രാസാഹിത്യമായി ആവിഷ്‌ക്കരിച്ചുകണ്ടിട്ടില്ല. വഴിയിൽ കണ്ടുമുട്ടുന്ന മനുഷ്യരിൽ, ദാരിദ്ര്യവും നിർധനത്വവും അജ്ഞതയും നിസ്സഹായതയും കൊണ്ട് പൊറുതിമുട്ടുന്ന സ്ത്രീകളോട് തോന്നുന്ന സ്ഫടികഛായയുള്ള അനുതാപമായാലും എത്രയെങ്കിലും ദേശങ്ങളെ അവയുടെ ഭാഷകളിലും ജീവിതശൈലികളിലും ഭക്ഷണരീതികളിലും നിർമ്മിതികളിലും ചരിത്രത്തിലും കൃഷിയിടങ്ങളിലും തൊഴിലിടങ്ങളിലും പുനരാനയിക്കുന്ന സമീപനമായാലും ഗ്രാമങ്ങളും നഗരങ്ങളും കോട്ടകളും കൊട്ടാരങ്ങളും കടലോരങ്ങളും മരുഭൂമികളും മലകളും താഴ്‌വരകളും കൊടും മഞ്ഞും പൊരിവെയിലും പൊടിയും കാറ്റും വീഥിയൊരുക്കുന്ന പ്രയാണങ്ങളുടെ തുടർക്കഥകളായാലും, യാത്രകൾ സൃഷ്ടിച്ചുനൽകുന്ന അനുഭവവൈവിധ്യത്തെയും അനുഭൂതിസമൃദ്ധിയെയും അടിമുടി നവീകൃതമായ ലോകബോധത്തെയും ആത്മപ്രകാശനസാധ്യതകളെയും കുറിച്ചുള്ള നിശിതമായ നിലപാടുകളാണ് എച്ച്മുക്കുട്ടിയുടെ യാത്രകൾക്കുള്ള ഏറ്റവും ശ്രദ്ധേയമായ ഭാവസ്വരൂപം. ഈ പുസ്തകം മറ്റെന്തിലുമുപരി ഈയൊരു നിലപാടിന്റെ പ്രകടനപത്രികയുമാണ്. ചിറകുമുളച്ച സ്ത്രീകളുടെ ശാരതാംബരങ്ങളിലേക്കാണ് എച്ച്മുവിന്റെ യാത്രയെഴുത്തുകൾ വിരൽചൂണ്ടുന്നത്.

പുസ്തകത്തിൽനിന്ന്

'ചോള പാണ്ഡ്യ രാജാക്കന്മാരും കൃഷ്ണദേവരായരും ഉൾപ്പെടെ അനവധി പേർ ആയിരം വർഷങ്ങൾക്കിടയിലുള്ള നീണ്ട കാലം കൊണ്ട് പൂർത്തീകരിച്ചതാണ് ഈ അമ്പലത്തിന്റെ നിർമ്മിതി. ശിവനും പാർവതിയുമാണിവിടത്തെ പ്രതിഷ്ഠ. പഞ്ചഭൂതങ്ങളിലൊന്നായ അഗ്നിയായാണ് ശിവൻ ഇവിടെ ആരാധിക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ശിവക്ഷേത്രമായ ഇവിടെ ശിവൻ അരുമാചലേശ്വരർ അല്ലെങ്കിൽ അണ്ണാമലൈയാർ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. പാർവതി അപിതകുചാംബാൾ എന്നും അറിയപ്പെടുന്നു. തമിഴ് സാഹിത്യമായ തേവാരത്തിലും തിരുവാസഗത്തിലും അരുണാചലേശ്വരരെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ട്. പാടൽ പെറ്റ്‌ര സ്ഥലം എന്ന് അറിയപ്പെടുന്ന മഹാക്ഷേത്രങ്ങളിൽ ഒന്നുതന്നെയാണിവിടം. ശൈവ സന്യാസിമാരായ അപ്പരും സുന്ദരരും മാണിക്യവാസഗരും സംബന്തരുമെല്ലാം അരുണാചലേശ്വരരെ പാടിപ്പുകഴ്‌ത്തീട്ടുണ്ട്.

കാർത്തികമാസത്തിൽ അറുണാചലഗിരിനിരയുടെ ഔന്നിത്യത്തിൽ തെളിയിക്കപ്പെടുന്ന കാർത്തികൈ ദീപദർശനമാണ് ഈ അമ്പലത്തിലെ ഏറ്റവും പ്രധാന ആഘോഷം. അതീവപുണ്യക്കാഴ്ചയായി കരുതപ്പെടുന്ന കാർത്തികൈ ദീപം കാണാൻ ലോകത്തിന്റെ അനവധി ഭാഗങ്ങളിൽ നിന്ന് എണ്ണിയാലൊടുങ്ങാത്ത ജനങ്ങൾ എത്തിച്ചേരാറുണ്ട്. എല്ലാ പൗർണമി ദിനത്തിലും ഭക്തജനങ്ങൾ പതിന്നാലു കിലോമീറ്റർ കാൽനടയിൽ അരുണാചലഗിരിനിരയെ വലംവെക്കുന്നു. നാലഞ്ചുലക്ഷം പേരൊക്കെ ഈ ഗിരിവലം പരിപാടിയിൽ പങ്കെടുക്കാറുണ്ട്. തിരുവണ്ണാമലൈയിൽ  രാത്രി പതിനൊന്നുമണിക്കും ഭക്തിപൂർവം നഗ്നപാദരായി ശിവസ്തുതികൾ ഉരുവിട്ട് നടക്കുന്ന പലരേയും കാണാൻ കഴിഞ്ഞു. പൗർണമി നാളിൽ പൂർത്തിയാക്കാനാവാത്ത ഗിരിവലം ചെയ്യുകയായിരുന്നു അവരെല്ലാവരും തന്നെ.

          ഇരുപത്തഞ്ച് ഏക്കറിൽ പരന്നുകിടക്കുന്ന ഒരു കെട്ടിടസമുച്ചയമാണ് ക്ഷേത്രം. അറുപത്താറു മീറ്റർ ഉയരമുള്ള ഏറ്റവും വലിയ ഗോപുരത്തിനു പുറമേ മറ്റ് എട്ട് ഗോപുരങ്ങളും ഏഴു പ്രാകാരങ്ങളും ഉണ്ട് ഈ ക്ഷേത്രത്തിന്. കിഴക്കുവശത്തുള്ള ഏറ്റവും വലിയ ഗോപുരത്തെ രാജഗോപുരം എന്ന് വിളിക്കുന്നു.  അത് കൃഷ്ണദേവരായർ പണികഴിപ്പിച്ചതത്രെ. ഏഴു പ്രാകാരങ്ങളിൽ രണ്ടെണ്ണം പാണ്ഡ്യരാജാക്കന്മാരും ബാക്കിയുള്ളവ ചോളരാജാക്കന്മാരും കർണാടകത്തിലെ ഹോയ്‌സാല രാജാക്കന്മാരുമാണ് ചെയ്യിച്ചത്. നിർമ്മാണ ശൈലികളിലെ വ്യത്യാസം ഇതിലെല്ലാം പ്രകടവുമാണ്. ആയിരം തൂണുകളുള്ള മണ്ഡപവും ബ്രഹ്മതീർത്ഥം, ശിവഗംഗാതീർത്ഥം എന്നീ രണ്ടു അതിവിശാലമായ കുളങ്ങളും ക്ഷേത്രത്തിലുണ്ട്. ഈ ആയിരംകാൽ മണ്ഡപത്തിൽ രമണമഹർഷി ഏറെ സമയം ചെലവാക്കിയിട്ടുണ്ടത്രേ.

വളരെ പഴയ ആചാരങ്ങൾ പാലിക്കുന്നൊരു ക്ഷേത്രം കൂടിയാണ് ഇത്. തിരുവണ്ണാമലയിലെ സാധാരണക്കാർ ഇവിടെ പുരോഹിതന്മാരായും പല്ലക്കു ചുമക്കുന്നവരായും പാട്ടുകാരായും കാവൽക്കാരായും എന്നുവേണ്ട ക്ഷേത്രഭരണത്തിന്റെ എല്ലാ തലങ്ങളിലും നൂറ്റാണ്ടുകൾ മുമ്പ് പങ്കെടുത്തിരുന്നതുപോലെ ഇപ്പോഴും പങ്കുകൊള്ളുന്നു. നഗരത്തിന്റെ തെക്കുഭാഗത്തുള്ള ഗംഗാതീർത്ഥത്തിൽ നിന്ന് ആനപ്പുറത്ത് വെള്ളം കൊണ്ടുവന്ന് തിരുമജ്ജനമെന്ന തെക്കേ ഗോപുരത്തിലൂടെ പ്രവേശിപ്പിച്ച് രണ്ടാമത്തെ പ്രാകാരം കഴുകി വൃത്തിയാക്കുന്ന ജോലി ഇന്നും അതുപോലെ തുടരുന്നു.

ഒരു ദിവസം ആറു നേരം പൂജയുണ്ട്. രാവിലെ ശിവനേയും പാർവതിയേയും ഉണർത്തി, എഴുന്നള്ളിച്ച് ദേവിയെ ഉണ്ണാമലൈയമ്മൻ കോവിലിലും ശിവനെ അരുണാചലേശ്വരർ കോവിലിലുമായി ആരാധിക്കുന്നു.

മൂന്നരമണിക്കൂർ വരിയിൽ നിന്നതിനുശേഷമാണ് ഞാൻ ശിവന്റെ മുന്നിലെത്തിയത്. ഈ ശിവലിംഗത്തെ ആലിംഗനം ചെയ്ത് ഭക്തിയുടെ ഉദാത്തമായ നിർവൃതിയിൽ രമണ മഹർഷി ഒരുപാട് സമയം ഇവിടെ കഴിഞ്ഞിട്ടുണ്ടെന്ന് പൂജാരി പറഞ്ഞുകേൾപ്പിച്ചു. സുഗന്ധമുള്ള ഭസ്മം പ്രസാദമായി കിട്ടി. ദേവി ചുവപ്പു കുങ്കുമം തന്നു.

          പുറത്ത് പുളിയോദരയും പായസവും അടങ്ങുന്ന പ്രസാദവിതരണമുണ്ടായിരുന്നു. ആയിരം നക്ഷത്രങ്ങൾക്ക് താഴെയിരുന്ന് ആലിലകളുടെ നേർത്ത മർമ്മരം കേട്ട് ഉത്തുംഗമായ ഗോപുരങ്ങളെ നോക്കി പിന്നെയും പിന്നെയും അൽഭുതപ്പെട്ടുകൊണ്ട് ഞാൻ ആ ഭക്ഷണം മുഴുവൻ രുചിയോടെ കഴിച്ചു തീർത്തു. എനിക്ക് ശരിക്കും വിശക്കുന്നുണ്ടായിരുന്നു'.

 എച്ച്മുവിന്റെ യാത്രകൾ
എച്ച്മുക്കുട്ടി
ലോഗോസ് ബുക്‌സ്
2020
225 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP