Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

അസാധ്യമരണങ്ങൾ

അസാധ്യമരണങ്ങൾ

ഷാജി ജേക്കബ്‌

''It really is very dangerous to believe people'' - Miss Marple, Sleeping Murder

വിക്‌ടോറിയൻ സാഹിത്യഭാവനയുടെ വന്യമായ വൈവിധ്യങ്ങളിൽ നിന്നാണ് പത്തൊൻ പതാം നൂറ്റാണ്ടിലെ പാശ്ചാത്യനോവൽ ഭാവുകത്വങ്ങൾ മിക്കതും പിറവിയെടുക്കുന്നത്. മധ്യകാല യൂറോപ്യൻ ചരിത്രങ്ങളുടെ നിഗുഢതകൾ മിത്തീകരിച്ച ഹിസ്റ്റോറിക്കൽ റൊമാൻസുകളും ഫോക് കഥകളെ ഗൂഢവൽക്കരിച്ച വാംപയർ (Vampire)നോവലുകളും മുഖ്യമായും ക്രൈസ്തവ പ്രേത സങ്കല്പത്തെ സ്ഥാപിച്ചെടുക്കുകയോ കാല്പനികവൽക്കരിക്കുകയോ ചെയ്ത ഹൊറർ നോവലുകളും ശാസ്ത്രഭാവനയിൽ രൂപം കൊണ്ട ജൈവസൃഷ്ടികളുടെയും കൃത്രിമചേതനകളുടെയും യന്ത്രങ്ങളുടെ തന്നെയും രാക്ഷസീയതകളാവിഷ്‌കരിച്ച സയൻസ്ഫിക്ഷനും ശാസ്ത്രീയ സാങ്കേതങ്ങളും യുക്തിബോധവും കൊണ്ട് കുറ്റകൃത്യങ്ങളുടെ ചുരുളഴിച്ച ഡിറ്റക്റ്റീവ് കഥകളും രാജ്യാന്തരകുറ്റകൃത്യങ്ങൾ മറനീക്കി കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിച്ച ചാര (Spy) നോവലുകളും ഉൾപ്പെടെ ഈ നൂറ്റാണ്ടിൽ രൂപം കൊണ്ട 'അധോലോക' നോവൽ ഗണങ്ങളുടെ വലിയൊരുനിര തന്നെ നമുക്കുമുന്നിലുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിൽ ജന്മംകൊണ്ട കാല്പനിക, സാമൂഹിക, ചരിത്ര, വീര, സാഹസിക നോവൽ ഗണങ്ങൾക്കെല്ലാം പുറമെയാണ് ഇവ വായനയുടെ ജനപ്രിയ സംസ്‌കാരത്തിനു രൂപം കൊടുത്തുകൊണ്ട് യൂറോപ്പിൽ നിന്നും ലോകമെങ്ങും പ്രചരിച്ചത്. മധ്യകാല യൂറോപ്യൻ ചരിത്രവും വിശ്വാസങ്ങളും കുരിശുയുദ്ധങ്ങളുടെ രാഷ്ട്രീയവും മുതൽ വംശീയതയും ശാസ്ത്ര ചിന്തയും യുക്തിബോധവും കൊളോണിയലിസവും ദേശീയതയും സാമ്രാജ്യത്തവും വ്യവസായവിപ്ലവവും നഗര സംസ്‌കാരവും മതവിമർശനവുമുൾപ്പെടെ വിക്‌ടോറിയൻ നോവൽ ഭാവനയെ സ്വാധീനിച്ച ആശയ സന്ദർഭങ്ങൾ നിരവധിയാണ്. ഈ ഭാവുകത്വത്തിന്റെ ഏറ്റവും മികച്ച മാതൃകയായി കരുതപ്പെടുന്ന ഷെർലക് ഹോംസിലൂടെ (1887) ജനപ്രീതിനേടിയ കുറ്റാന്വേഷകരെയും മറ്റൊരു മികച്ച മാതൃകയായ ഡ്രാക്കുള (1897) യിലൂടെ ലോകത്തെ ആവേശിച്ച രക്തരക്ഷസുകളെയും അതേപടിയോ തദ്ദേശീയമായോ സാഹിത്യത്തിലും സിനിമയിലും ടെലിവിഷനിലും പുനഃസൃഷ്ടിക്കാത്ത ഭാഷയും ജനതയും എവിടെയുണ്ടാകും ?

ബൈബിളും ആയിരത്തൊന്നു രാവുകളുമുൾപ്പെടെയുള്ള ആഖ്യാനങ്ങളിൽ പൂർവ രൂപങ്ങൾ കണ്ടെത്താമെങ്കിലും 1818 ൽ പ്രസിദ്ധീകൃതമായ മേരിഷെല്ലിയുടെ ഫ്രാങ്കൻസ്റ്റീൻ ആണ് മേൽപ്പറഞ്ഞ സാഹിത്യ ഗണങ്ങൾ പലതിന്റെയും ആദ്യ ആധുനിക മാതൃകയായി കണക്കാക്കപ്പെടുന്നത്. 1841 -43 കാലത്തു പുറത്തുവന്ന എഡ്ഗാർ അലൻപോയുടെ കഥകൾ കുറ്റാന്വേഷണത്തിന്റെ ആധുനികഘട്ടത്തിനു തുടക്കമിട്ടു. ചാരൻ (Spy) എന്നതിനുപകരം കുറ്റാന്വേഷകൻ (detective)എന്ന വാക്ക് ഉപയോഗിച്ചുതുടങ്ങുന്നത് 1843 ലാണ് (Louis James, 2001: 63) ആധുനിക കുറ്റാന്വേഷണകഥയുടെ അടിസ്ഥാന സ്വഭാവങ്ങളായി ജെ. ജി. കാവൽറ്റിയെപ്പോലുള്ള നിരൂപകർ ചൂണ്ടിക്കാണിക്കുന്ന ഘടകങ്ങളെല്ലാം (കുറ്റാന്വേഷകന്റെ അവതരണം, കുറ്റവും അതിന്റെ തെളിവുകളും, അന്വേഷണം, കുറ്റം തെളിയിക്കൽ. അതിന്റെ വിശകലനം, നിർവഹണം എന്നിവ) തികഞ്ഞ കഥകളായിരുന്നു അലൻ പോവിന്റേത്. 1887 ലാരംഭിക്കുന്ന ആർതർ കോനൻ ഡോയലിന്റെ രചനാലോകത്തെത്തുമ്പോൾ ഈ സാഹിത്യശാഖ ലോകചരിത്രത്തിലെയും സാഹിത്യഭാവനയിലെയും എക്കാലത്തെയും വലിയ കുറ്റാന്വേഷകനു ജന്മം കൊടുക്കുകയും ചെയ്തു.

വിക്‌ടോറിയൻ നോവലിനെക്കുറിച്ചുള്ള ഒരു പഠനത്തിൽ റൊണാൾഡ് ആർ തോമസ് എഴുതുന്നതുപോലെ, 'ചോസറും ഷേക്‌സ്പിയറും മിൽട്ടണും ഡിക്കൻസും സൃഷ്ടിച്ച ഏതു കഥാപാത്രത്തെക്കാളും ജനപ്രീതിയും പ്രസിദ്ധിയും നേടിയെടുത്തു ഷെർലോക് ഹോംസ്''. വിക്‌ടോറിയൻ കാലഘട്ടം ലോകസാഹിത്യത്തിനു നൽകിയ ഏറ്റവും വലിയ സംഭാവനയെന്ന നിലയിലാണ് കുറ്റാന്വേഷണ നോവൽശാഖയെ ഇംഗ്ലീഷ് സാഹിത്യചരിത്രങ്ങൾ അടയാളപ്പെടുത്തുന്നത്. നവോത്ഥാനയുക്തിബോധത്തിനും വ്യക്തിവാദത്തിനുമൊപ്പം ആധുനിക പൊലീസ് സേനയുടെയും ഉദ്യോഗസ്ഥ നിയന്ത്രിതമായ ഭരണകൂടത്തിന്റെയും നീതിന്യായവ്യവസ്ഥയുടെയും ഫോറൻസിക് സയൻസിന്റെയും ക്രിമിനോളജിയുടെയും ആവിർഭാവത്തിന്റെ പശ്ചാത്തലത്തിലാണ് കുറ്റാന്വേഷണസാഹിത്യം രൂപം കൊള്ളുന്നത്. സാമൂഹിക, കുടുംബകഥകളാവിഷ്‌കരിക്കുന്ന നോവലുകൾ പോലും മറനീക്കപ്പെടേണ്ട കുറ്റകൃത്യങ്ങളും ഗുഢവ്യക്തിത്വങ്ങളും രഹസ്യസംഭവങ്ങളും കൊണ്ടുനിറഞ്ഞു. ജയിൻ ഓസ്റ്റിൻ മുതൽ തോമസ് ഹാർഡിവരെ ആരും ഇതിനപവാദമായില്ല. കുറ്റം തെളിയിക്കൽ (detection) എന്നത് ഒരു പ്രത്യേകഗണത്തിൽപെട്ട കൃതികളുടെ സ്വഭാവം എന്നതിനപ്പുറം ഒരു പൊതുസാഹിത്യഭാവുകത്വം തന്നെയായിമാറി എന്നർത്ഥം.

അമേരിക്കയിൽ എഡ്ഗാർ അലൻപോവും ഇംഗ്ലണ്ടിൽ ചാൾസ് ഡിക്കൻസും അവതരിപ്പിച്ച ആദ്യകാല കുറ്റന്വേഷണകഥകൾ പ്രാഥമികമായിത്തന്നെ ദേശീയതയുടെയും പൗരത്വത്തിന്റെയും ആധുനിക രാഷ്ട്രീയങ്ങളെ പ്രശ്‌നവൽക്കരിക്കുന്നവയാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മറ്റൊരു വിഭാഗം എഴുത്തുകാർ, ഭരണകൂടത്തിന്റെ ഇരയായി മാറുന്ന കുറ്റവാളികളെ നായകസ്ഥാനത്തവതരിപ്പിച്ചുകൊണ്ട് കുറ്റാന്വേഷണനോവലുകളെ ഭരണകൂടവിമർശനത്തിന്റെ മാധ്യമമാക്കി മാറ്റി. പത്രങ്ങളിൽ പ്രസിദ്ധീകൃതമായ കുറ്റവാളികളുടെ ജീവചരിത്രങ്ങളായിരുന്നു വലിയൊരു വിഭാഗം നോവലുകളുടെയും ആധാരം.

ഡോക്ടറുടെ ശാസ്ത്ര വൈദഗ്ധ്യവും അഭിഭാഷകന്റെ നിയമകുശലതയും കേസന്വേഷകന്റെ നിരീക്ഷണപാടവവും അന്വേഷണശീലവും കുറ്റാന്വേഷണനോവലുകളിൽ പ്രകടമായിത്തുടങ്ങിയതോടെയാണ് സാങ്കേതികശാസ്ത്രത്തിനും ശാസ്ത്രീയ യുക്തിക്കും മേൽക്കെയുണ്ടായിരുന്ന സയൻസ് ഫിക്ഷനെക്കാൾ ജനപ്രിയമായ സ്വതന്ത്രസാഹിത്യശാഖയായി കുറ്റാന്വേഷണനോവൽ സ്വന്തം സ്ഥാനമുറപ്പിക്കുന്നത്. ഫോട്ടോഗ്രാഫിക്കൊപ്പം കുറ്റവാളിയുടെ ശരീരഭാഗങ്ങളുടെ രാസപരിശോധനയും കുറ്റം തെളിയിക്കാനുള്ള ശാസ്ത്രീയ മാർഗങ്ങളായി വികസിച്ചകാലത്തുതന്നെയാണ് ഷെർലക്‌ഹോംസിന്റെ ജനനം. ഫ്രഞ്ച്‌പൊലീസ് സേനയിലെ അൽഫോൻസ് ബെർട്ടിലോണും എഡ്മണ്ട് ലൊക്കാർഡും കുറ്റവാളികളുടെ ശരീരഭാഗങ്ങൾ പരിശോധനക്കുവിധേയമാക്കി കുറ്റം തെളിയിച്ചതിലൂടെ പ്രസിദ്ധരായ വർഷവുമായിരുന്നു 1887. ജീവശാസ്ത്രപരവും രാസപരവും ശാരീരികവും സാങ്കേതികവുമായ പരിശോധനാ മാർഗങ്ങളിലൂടെ ക്രിമിനോളജിയിലെ ഏറ്റവും പുതിയ കുറ്റാന്വേഷണ രീതികൾ നടപ്പാക്കുകയായിരുന്നു ഷെർലക്‌ഹോംസ്. ചരിത്രത്തിനൊപ്പമോ പലപ്പോഴും മുന്നിൽതന്നെയോ സഞ്ചരിച്ച കഥാപാത്രം. ബെർട്ടിലോണും ലോക്കാർഡും ഹോംസിന്റെ ആരാധകരായിരുന്നു. കോനൽഡോയൽ ഈ ഉദ്യോഗസ്ഥരുടെ ആരാധനും. തന്റെ കഥാപാത്രത്തിന് ഈ ഉദ്യോഗസ്ഥരുമായുള്ള സാമ്യം ഡോയൽ തന്നെ സൂചിപ്പിച്ചിട്ടുമുണ്ട്. വിരലടയാളപരിശോധന കുറ്റാന്വേഷണ മാർഗങ്ങളിലൊന്നായി മിക്ക യുറോപ്യൻ രാജ്യങ്ങളും ഔദ്യോഗികമായി അംഗീകരിക്കുന്നിതിനു മുൻപുതന്നെ ഷെർലക്‌ഹോംസ് അതു തന്റെ പ്രിയപ്പെട്ട കുറ്റാന്വേഷണ രീതിയായി വികസിപ്പിച്ചെടുത്തിരുന്നു, എഡിൻബറോ സർവകലാശാലയിൽ തന്റെ മെഡിക്കൽ പ്രൊഫസറായിരുന്ന ജോസഫ് ബെല്ലിനെയാണ് കോനൽഡോയൽ ഹോംസിന്റെ സൃഷ്ടിയിൽ മാതൃകയാക്കിയത്. 'ശാസ്ത്രീയാന്വേഷണത്വരമൂലം വീരനായക പരിവേഷമാർജ്ജിച്ച ജീനിയസാണ് ഷെർലക്‌ഹോംസ്'' എന്ന് സൂചിപ്പിക്കുന്നു ഡബ്ൾയു. എച്ച് ഓഡൻ. അതേസമയം തുടക്കം തൊട്ടുതന്നെ കുറ്റാന്വേഷണസാഹിത്യത്തിനുണ്ടായിരുന്ന ജനപ്രിയത്വം ഡിക്കൻസിനെപ്പോലെ കോനൽഡോയലിനും ആ സാഹിത്യശാഖയെക്കുറിച്ചുള്ള മതിപ്പു കുറച്ചിരുന്നു. ഹോംസിന്റെ പ്രഭയിൽ തന്റെ തന്നെ ചരിത്രനോവലുകൾ ശ്രദ്ധിക്കപ്പെടാതെ പോയതിൽ ഖിന്നനായിരുന്നു കോനൽഡോയൽ.

നവസാക്ഷരതയുടെയും വായനാസംസ്‌കാരത്തിന്റെയും ജനപ്രിയസാഹിത്യത്തിന്റെയും വളർച്ചയ്‌ക്കൊപ്പമാണ് (ലോകത്തെവിടെയുമെന്നപോലെ) ഇംഗ്ലണ്ടിൽ ഹോംസ്‌കഥകൾക്ക് പ്രചാ രമുണ്ടായത്. ഹോംസ് കഥകളുടെ ജനപ്രീതിയുടെ ഏറ്റവും വലിയെ തെളിവ് ആ കഥകൾ പ്രസിദ്ധീകരിച്ച സ്ട്രാൻഡ് (Strand) മാസികയുടെ വില്പനയിലുണ്ടായ വൻകുതിപ്പാണ്. രണ്ടുലക്ഷം കോപ്പിയിൽ നിന്ന് നാലുലക്ഷം കോപ്പിയിലേക്ക്. പിൽക്കാലത്ത് ബീറ്റിൽസിനു മാത്രം കൈവരിക്കാൻ കഴിഞ്ഞ ഇരമ്പുന്ന ജനപ്രീതി ഇംഗ്ലണ്ടിലും അമേരിക്കയിലും കൈവരിക്കാൻ ഹോംസിനു കഴിഞ്ഞു. 'അക്കാലത്ത് 221 സി. ബേക്കർ റോഡിനെക്കാൾ യഥാതഥവും കഥാത്മകവുമായി യാതൊന്നുമുണ്ടായിരുന്നില്ല'' എന്ന നിരീക്ഷണം സുപ്രസിദ്ധമാണ്. എഴുത്തുകാരനെക്കാൾ പ്രസിദ്ധനായിത്തീർന്ന കഥാപാത്രമെന്നതാണ് ഷെർലക്‌ഹോസിന്റെ ഖ്യാതികളിലൊന്ന്. അതുകൊണ്ട് തന്നെ അവസാനകാല കൃതികളിലൊന്നിൽ ഹോംസിന്റെ മരണം ചിത്രീകരിച്ച കോനൻഡോയലിന് വായനക്കാരുടെ സമ്മർദ്ദത്തെത്തുടർന്ന് തന്റെ കഥാപാത്രത്തെ വീണ്ടു ജീവിപ്പിക്കേണ്ടിവന്നു.

ആധുനികയുക്തിബോധത്തിന്റെയും ശാസ്ത്രചിന്തയുടെയും പിൻബലത്തിൽ വിക്‌ടോറി യൻ സാഹിത്യഭാവനയുടെ രാജകുമാരനായി ഷെർലക്‌ഹോംസ് വാഴുന്നകാലത്താണ് ഐറിഷ് കഥാകൃത്തായ ബ്രാംസ്റ്റോക്കർ 'രക്തദാഹത്തിന്റെ നിത്യപ്രഭുവും നീചകാമത്തിന്റെ നക്തഞ്ചരനു' മായ ഒരു മധ്യകാല റൊമാനിയൻ ഭരണാധികാരിയെ നായകനാക്കി ഡ്രാക്കുള എന്ന നോവൽ രചിക്കുന്നത്. 1456 മുതൽ ആറുവർഷം റൊമാനിയ ഭരിച്ച വ്‌ളാദ് മൂന്നാമനെയാണ് ഡ്രാക്കുളയുടെ സൃഷ്ടിയിൽ സ്റ്റോക്കർ മാതൃകയാക്കിയത്. ഓട്ടോമൻ തുർക്കികൾക്കെതിരെ ക്രിസ്തുമതം നടത്തിയ നരവേട്ടകളുടെ ചരിത്രപശ്ചാത്തലത്തിലാണ് പിശാചിന്റെ സന്തതിയായ ഡ്രാക്കുളയുടെ ജനനം. വിക്‌ടോറിയൻ സ്ത്രീസങ്കല്പത്തെയും ലൈംഗികതയെയും യാഥാസ്ഥിതികവും പുരുഷാധീശപരവുമായി ചിത്രീകരിക്കുകയും കൊളോണിയൽ അധിനിവേശത്തെ സാമ്രാജ്യത്തവാദപരമായി സന്നിവേശിപ്പിക്കുകയും ചെയ്യുന്ന രചനയാണ് ഡ്രാക്കുള എന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്. മുതലാളിത്തത്തിന്റെ അന്യാപദേശമാണ് 'ഡ്രാക്കുള' യെന്ന് മോറെറ്റി. അധ്വാനവർഗത്തിന്റെ വിയർപ്പിൽ നിന്ന് അപ്പം ഭക്ഷിക്കുന്ന മുതലാളി വർഗ്ഗത്തെപ്പോലെയാണ് രക്തരക്ഷസായ ഡ്രാക്കുള പുതുരക്തത്തിനായി അലയുന്നത്. ലോകം മുഴുവൻ റൊമാനിയൻ ഫോക്‌ലോറിനോടും ചരിത്രത്തോടും ഭൂമിശാസ്ത്രത്തോടുമിണക്കി ഡ്രാക്കുളക്കഥകൾ ആഘോഷിക്കവെ ചെഷസ്‌ക്യൂ അധികാരമേറ്റ ഉടൻ ഡ്രാക്കുള പുസ്തകരൂപത്തിൽ വിറ്റഴിക്കുന്നതും ചലച്ചിത്രരൂപത്തിൽ പ്രദർശിപ്പിക്കുന്നതും റൊമാനിയയിൽ നിരോധിക്കുകയുണ്ടായി. ചെഷസ്‌ക്യൂവിന്റെ പതനത്തിനുശേഷമാണ് ്ഡ്രാക്കുളപ്രഭുവിന് തന്റെ സ്വന്തം രാജ്യത്ത് പിന്നീട് പ്രവേശനം കിട്ടിയത്.

ഇംഗ്ലണ്ടിനെ നടുക്കിയ ജാക്ക് ദ റിപ്പറുടെ കൊലപാതകപരമ്പരയ്ക്ക് ഒരു ദശകത്തിനുശേഷമാണ് ബ്രാംസ്റ്റോക്കർ തന്റെ രക്തരക്ഷസിനെ അവതരിപ്പിക്കുന്നത്. ഷെർലക്ക് ഹോംസ് സൃഷ്ടിച്ച ശാസ്ത്ര ആധുനികതയുടെ ഭാവുകത്വത്തിനുപകരം മധ്യകാല മതവൈരത്തിന്റെയും ഹിംസകളുടെയും ചരിത്രത്തിനൊപ്പം മിത്തുകളുടെയും ഫോക്‌ലോറിന്റെയും ഭാവുകത്വത്തിലാണ് ഡ്രാക്കുള സൃഷ്ടിക്കപ്പെട്ടത്. ക്രൈസ്തവതയെ നിരാകരിക്കുന്നതിൽ കോനൻ ഡോയലിനെ ബ്രാംസ്റ്റോക്കർ കൃത്യമായി പിന്തുടരുകയും ചെയ്തു. ഹോംസ് കഴിഞ്ഞാൽ ഏറ്റവും കുടൂതൽ ചലച്ചിത്രങ്ങളിൽ കഥാപാത്രമായതും ഡ്രാക്കുളയാണ്. വിക്‌ടോറിയൻ വാംപയർ സാഹിത്യത്തിലെ ഏറ്റവും വലിയ പ്രവണതയായി ചൂണ്ടിക്കാണിക്കപ്പെടുന്ന പെൺമേധാവിത്തത്തിനു വിരാമമിട്ടതും ഡ്രാക്കുള തന്നെ. പെൺരക്തരക്ഷസുകളുടെ തേർവാഴ്ചയവസാനിപ്പിച്ച് ആ മേഖലയും പുരുഷൻ കയ്യടക്കി ഡ്രാക്കളയിലൂടെ.

മലയാളത്തിൽ 1960-2020 കാലത്തുണ്ടായ ഡിറ്റക്ടിവ്, ഹൊറർ നോവലുകൾക്ക് ചില പൊതുസ്വഭാവങ്ങളുണ്ട്. ഡ്രാക്കുളയെയും ഹോംസിനെയും വിചിത്രമാംവിധം സംയോജിപ്പിച്ച നോവൽഭാവനകൊണ്ട് കോട്ടയം പുഷ്പനാഥ് നേടിയ ജനപ്രീതിയാണ് ഇവയിൽ ശ്രദ്ധേയം. തുടർന്ന് നീലകണ്ഠൻ പരമാരയും പ്രണാബും തോമസ് ടി അമ്പാട്ടും ബാറ്റൺ ബോസും വരുന്നു. ഇവരിൽ പ്രണാബ് മാത്രമാണ് പാശ്ചാത്യ കുറ്റാന്വേഷണ നോവലിന്റെ സാഹിതീയ ഘടനയും ശാസ്ത്രീയ സ്വഭാവവും എഴുത്തിൽ പിന്തുടർന്നത്. ബാക്കിയുള്ളവർ പൊതുവെ കാലികമായ ചില മാറ്റങ്ങളോടെ പുഷ്പനാഥിനെ അനുകരിക്കുകയായിരുന്നു.

ആർതർ കോനൻ ഡോയൽ, അഗതാ ക്രിസ്റ്റി, ജയിംസ് ഹാഡ്‌ലിചേസ് തുടങ്ങിയവർക്കൊപ്പം ദുർഗാപ്രസാദ് ഖത്രിയും ബ്രാംസ്റ്റോക്കറുമൊക്കെ വിവർത്തനത്തിലൂടെ മലയാളത്തിലെത്തിയ കാലവുമാണിത്. തൊണ്ണൂറുകളിൽ കുറ്റാന്വേഷണ നോവൽശാഖയിൽ നിന്നു ഭിന്നമായി മന്ത്രവാദനോവലുകൾ പൊട്ടിമുളച്ചു. 80കളിലെഴുതപ്പെട്ട കലികയും ശ്രീകൃഷ്ണപ്പരുന്തും തുടക്കമിട്ട ബ്രഹ്മരക്ഷസുകളുടെയും മന്ത്രവാദികളുടെയും തേർവാഴ്ച ഒരുവശത്ത്. കുറ്റാന്വേഷണ സിനിമകളും ക്രൈം വാർത്തകളും സൃഷ്ടിച്ച ഒരു പുതിയ നിര ഡിറ്റക്ടിവ് നോവലുകൾ മറുവശത്ത്. ജനപ്രിയവാരികകളുടെ പ്രചാരം ഇടിയുന്ന ഇക്കാലത്തുതന്നെയാണ് ഇവയിൽ ചിലതിന് ചലച്ചിത്രരൂപാന്തരവുമുണ്ടാകുന്നത്-വിശേഷിച്ചും മന്ത്രവാദനോവലുകൾക്ക്.

ഹിച്ച്‌കോക്ക് മുതൽ മാരിയോ പുസോ വരെയുള്ളവരുടെ പ്രചോദനത്തിലും വിവാദമായ ചില സമകാല കുറ്റകൃത്യങ്ങളുടെ ചുവടുപിടിച്ചും കെ.ജി. ജോർജ് മുതൽ എസ്.എൻ. സ്വാമി വരെയുള്ളവരെഴുതിയ തിരക്കഥകൾ കുറ്റാന്വേഷണത്തെ മലയാളസിനിമയിൽ പുനർനിർവചിച്ചതും 80-90 കാലത്താണ്.

ഉംബർട്ടോ എക്കോ മുതൽ മാർക്കേസും തോമസ് പിൻചണും ഡാൻ ബ്രൗണും വരെയുള്ളവരെ പിൻപറ്റി ടി.ഡി. രാമകൃഷ്ണനും ടി.പി. രാജീവനും മറ്റും കുറ്റാന്വേഷണത്തെ നോവലിന്റെ ആഖ്യാനകലയുടെ ഭാഗമാക്കിയത് പുതിയ നൂറ്റാണ്ടിന്റെ ആദ്യദശകത്തിലാണ്.

ടെലിവിഷന്റെ പ്രചാരത്തോടെ ഇക്കഴിഞ്ഞ കാൽനൂറ്റാണ്ടുകാലത്ത് 'ക്രൈം' എന്നതിനെക്കാൾ (ക്രൈം, ക്രിക്കറ്റ്, സിനിമ എന്നിവയുടെ ടെലിവിഷൻരാഷ്ട്രീയം ഓർക്കുക) ജനപ്രിയമായ മറ്റൊരു വ്യവഹാരം യഥാർഥ ജീവിതത്തിലോ ഭാവനാലോകത്തോ നമുക്കു സങ്കല്പിക്കാൻ കഴിയാറില്ല. വാർത്തയും വിനോദവും ഒരുപോലെ അഭിരമിക്കുന്നത് കുറ്റകൃത്യങ്ങളുടെ ഭാവമണ്ഡലത്തിലാണ്.

'ദൃശ്യം' സിനിമയുടെ അമ്പരപ്പിക്കുന്ന വിപണിവിജയത്തിനു പിന്നിലെ സാമൂഹ്യ മനഃശാസ്ത്രം മാത്രം ഓർത്താൽ മതി. നിശ്ചയമായും അതിനു മുൻപും പിൻപും (വേണമെങ്കിൽ രാജാവിന്റെ മകൻ മുതൽ ലൂസിഫർ വരെ) ഏറെക്കുറെ സമാനമായ ജനപ്രീതി നേടിയ സിനിമകളുടെ പശ്ചാത്തലവും മറ്റൊന്നല്ലല്ലോ.

വാർത്താമാധ്യമങ്ങൾ ഏറ്റെടുക്കുന്ന രാഷ്ട്രീയ വിവാദങ്ങൾ ഒന്നടങ്കം കുറ്റകൃത്യങ്ങളുടെ ഉത്സവമാണ്. ബൽസാക്ക് പറഞ്ഞതുപോലെ, 'Behind every great fortune, theres a crime' എന്നു തെളിയിക്കുന്ന ഇടപെടലുകൾ. ന്യൂജെൻ-ടെക്കി-പ്രണയനോവലുകളിലൂടെ വായനയിൽ തരംഗം സൃഷ്ടിച്ച ചേതൻ ഭഗത്ത് പോലും The girl in room 105നുശേഷം മറ്റൊരു കുറ്റാന്വേഷണ നോവലുമായി ഈയാഴ്ച രംഗത്തുവരികയാണ് - One arranged marriage/murder.

കുറ്റങ്ങളുടെയും കുറ്റാന്വേഷണങ്ങളുടെയും കുറ്റാന്വേഷണ നോവലുകളുടെയും രംഗത്തു സംഭവിച്ച മൂന്നു മാറ്റങ്ങളാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. ഒന്ന്, മുൻകാലങ്ങളിലെ 'കുറ്റ'മണ്ഡലങ്ങൾ (മുഖ്യമായും കൊലപാതകം) നിലനിൽക്കുന്നുണ്ടെങ്കിലും അവയുടെ സാമൂഹ്യമണ്ഡലം മാറി. സൈബർ ക്രൈം എന്നതാണ് ഇന്നേറ്റവും ജനപ്രിയമായിക്കഴിഞ്ഞിട്ടുള്ള കുറ്റഗണം. മലയാളത്തിൽ കെ.വി. പ്രവീണും പ്രവീൺ ചന്ദ്രനുമാണ് ഈ സൈബർ കുറ്റകൃത്യങ്ങളെ മുൻനിർത്തി ശ്രദ്ധേയമായ നോവലുകളെഴുതിയിട്ടുള്ളത്.

രണ്ട്, കുറ്റാന്വേഷകർ മുൻകാലത്തേതുപോലെ പൊലീസ് ഉദ്യോഗസ്ഥരോ പരിശീലനം നേടിയ ഡിറ്റക്ടിവുകളോ അല്ല സാധാരണ മനുഷ്യർ തന്നെയാകുന്നു. മാധ്യമപ്രവർത്തകർ, സാങ്കേതിക വിദഗ്ദ്ധർ, അഭിഭാഷകർ, പ്രൊഫസർമാർ, കുറ്റകൃത്യത്തിന് ഇരയായി മാറുന്നവർ... എന്നിങ്ങനെ. 'ചരിത്ര'നോവലുകളിൽ ചരിത്രാന്വേഷകരായി മാറുന്നതും മിക്കപ്പോഴും ഇത്തരം ആളുകളായിരിക്കുമല്ലോ.

മൂന്ന്, കുറ്റാന്വേഷണസാഹിത്യം എന്നു മാത്രം വിളിക്കാവുന്നവയല്ല ഇവയിൽ മിക്കതും. മറ്റു പല ജീവിത-ആഖ്യാനതലങ്ങളെയും കൂട്ടിയിണക്കുന്ന നോവലുകളായും ഇവയ്ക്കു പ്രസക്തി കൈവരുന്നു. ഉംബർട്ടോ എക്കോ മുതൽ ചേതൻ ഭഗത് വരെയുള്ളവർ ഉദാഹരണം. മലയാളത്തിൽ രാമകൃഷ്ണന്റെയും രാജീവന്റെയും പ്രവീണിന്റെയും പ്രവീൺ ചന്ദ്രന്റെയും നോവലുകളും സമാനമാണ്.

മലയാളത്തിൽ രൂപംകൊണ്ടു കഴിഞ്ഞിട്ടുള്ള ഈ 'ന്യൂജെൻ ഡിറ്റക്ടിവ് നോവലു'കളുടെ രംഗത്തെ ഏറ്റവും പുതിയ രചനയാണ് പ്രവീൺ ചന്ദ്രന്റെ 'ഛായാ മരണം'. 2014ൽ പ്രസിദ്ധീകരിച്ച പ്രവീണിന്റെ ആദ്യനോവൽ, 'അപൂർണതയുടെ ഒരു പുസ്തകം' കൂടി പരാമർശിക്കാതെ 'ഛായാ മരണ'ത്തിന്റെ പരിചയപ്പെടുത്തൽ സാധ്യമല്ല.

സാമ്പ്രദായിക കുറ്റാന്വേഷണ നോവലുകളിൽ ബഹുഭൂരിപക്ഷവും 'മർഡർ മിസ്റ്ററി'കളായിരുന്നുവെങ്കിൽ സൈബർ ക്രൈം ഫിക്ഷൻ കൊലപാതകങ്ങളെക്കാൾ ഭാവനാസമ്പന്നവും സങ്കീർണവുമായ സൈബർ കുറ്റകൃത്യങ്ങളുടെ ലോകമാണ് അനാവരണം ചെയ്യുക. 'Who done it' എന്നതിനെക്കാൾ 'How done it' എന്നതാണ് ഈ നോവൽഗണത്തിന്റെ രസസൂത്രം. യാദൃച്ഛികതകളെക്കാൾ ആസൂത്രണങ്ങളും സംഹാരാത്മകതയെക്കാൾ സർഗാത്മകതയും സൈബർ ക്രൈം ഫിക്ഷന്റെ ഭാവനാഭൂപടത്തിൽ പ്രാധാന്യം നേടും. മനുഷ്യനും സാങ്കേതികവിദ്യയും ചേർന്നു സൃഷ്ടിക്കുന്നു ജൈവ-യന്ത്ര ബുദ്ധികളുടെ ഇരട്ടത്തൂക്കമുള്ള നിഗൂഢത അതിന് പുതിയ മാനങ്ങൾ നൽകും. സ്ഥലം, കാലം എന്നിവ സാമ്പ്രദായിക കുറ്റകൃത്യത്തിലും കുറ്റാന്വേഷണത്തിലും നിർണായകമായിരുന്നുവെങ്കിൽ സൈബർ കുറ്റകൃത്യവും കുറ്റാന്വേഷണവും ഈ രണ്ടു തലങ്ങളെയും മറികടന്നു പോകും. ഭൗതികയാഥാർഥ്യത്തിന്റെയും പ്രതീതിയാഥാർഥ്യത്തിന്റെയും ദ്വിമാനലോകം സൈബർ ക്രൈം ഫിക്ഷന് ഒരുപോലെ അപഗൂഢവൽക്കരിക്കേണ്ടിവരും. പ്രവീൺ ചന്ദ്രന്റെ രണ്ടു നോവലുകളും വായിക്കൂ. മലയാളഭാവനയിൽ മുൻപാരും പരീക്ഷിക്കാത്ത ഈയൊരു നോവൽകല നിങ്ങളെ വിസ്മയിപ്പിക്കുകതന്നെ ചെയ്യും.

അപൂർണത, അസാധ്യത, അനന്തത എന്നീ പരികല്പനകളെ സൈദ്ധാന്തിക ഗണിതത്തിന്റെയും പ്രായോഗിക ഗണിതത്തിന്റെയും ഇന്റർനെറ്റ് സാങ്കേതികതയുടെയും ത്രിമാനതലത്തിൽ നോക്കിക്കാണുന്ന നോവലാണ് 'അപൂർണതയുടെ ഒരു പുസ്തകം'. ശാസ്ത്രത്തിന്റെ തത്വചിന്താപദ്ധതിയെ സൈദ്ധാന്തികതയോടും സാങ്കേതികതയോടും ദൈനംദിന പ്രായോഗിക ജീവിതത്തോടും കോർത്തിണക്കുന്ന നോവൽഭാവനയെന്നും പറയാം. അതേസമയംതന്നെ, പുസ്തകത്തിനുള്ളിലെ പുസ്തകമെന്ന നിലയിൽ മുൻപ് മെറ്റഫിക്ഷൻ എന്നും പാഠാന്തരത്വം എന്നും വിളിച്ചുവന്നിരുന്ന കലാവിദ്യയെയും പ്രതീതിലോകത്തു നടത്തുന്ന കുറ്റകൃത്യത്തിലൂടെ കുറ്റവാളി പലരുടെയും യഥാർഥജീവിതത്തിൽ നടത്തുന്ന കടന്നുകയറ്റത്തിന്റെ കഥ പറയുന്ന നോവൽഭാവനയെയും കൂട്ടിയിണക്കുന്ന രചനയുമാണിത്. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ സൈബർ ക്രൈം-ഫിക്ഷൻ.

ആർക്കും ഹാക്ക് ചെയ്യാൻ കഴിയാത്ത, പൂർണമായ ഒരു സോഫ്റ്റ്‌വെയർ താൻ രൂപപ്പെടുത്തി എന്ന വിശ്വാസത്തിൽ ജീവിക്കുന്ന ('പെർഫെക്ട് വെർച്വൽ സിസ്റ്റം' എന്നു പേരിട്ട) കംപ്യൂട്ടർ എഞ്ചിനീയറായ ഭുവനേശും അങ്ങനെ പൂർണ സുരക്ഷിതത്വം ഈ രംഗത്ത് അസാധ്യമാണെന്നു വിശ്വസിക്കുന്ന ടെലകോം എഞ്ചിനീയർ നരേന്ദ്രനും തമ്മിലുള്ള സങ്കീർണവും സംഭവബഹുലവും നാടകീയ പരിണാമങ്ങൾ നിറഞ്ഞതുമായ ബന്ധങ്ങളുടെ കഥയാണ് അപൂർണതയുടെ പുസ്തകം. ഡാറ്റ ഹാക്ക് ചെയ്യപ്പെട്ടതിന്റെ ഉത്തരവാദിത്തം ആരോപിച്ച് കമ്പനി പിരിച്ചുവിട്ട നരേന്ദ്രനും ഒപ്പം ജീവിക്കുന്ന സൂസന്നയും ഭുവനേശിന് ഡൽഹിയിൽ താമസസ്ഥലം ശരിയാക്കിക്കൊടുക്കുകയും അയാൾ അവരുടെ ജീവിതത്തിൽ ഒരു പ്രഹേളികയായി മാറുകയും ചെയ്യുന്നു. ഹാക്കിങ് സാധ്യമല്ലാത്ത സോഫ്റ്റ്‌വെയർ രൂപപ്പെടുത്തിയ ഭുവനേശ് സ്വയം ഒരു ഹാക്കറാണ്. ഒരു കൗതുകത്തിനുവേണ്ടി നരേന്ദ്രന്റെ കമ്പനിയുടെ ഡാറ്റ ഹാക്ക് ചെയ്ത് അയാളുടെ ജോലി കളഞ്ഞത് ഭുവനേശാണ്. നരേന്ദ്രൻ ഭുവനേശിന്റെ സോഫ്റ്റ്‌വെയർ ഹാക്ക് ചെയ്യാൻ ശ്രമം തുടങ്ങുന്നു. ഇതിനിടയിൽ ഭുവനേശ് നരേന്ദ്രനോട് തന്റെ പൂർവകാലകഥ പറയുന്നു.

എഞ്ചിനീയറിങ് കോളേജിൽ പഠിക്കുമ്പോൾ ഭുവനേശിന്റെ സഹപാഠിയായ ഹേമയുമായി പ്രണയത്തിലാകുന്ന പ്രൊഫസർ രാമനാഥനെ, അവളെ പ്രണയിച്ചിരുന്ന സുഹൃത്തിനുവേണ്ടി രാകേഷ് എന്ന പേരിലും ഒരു അമേരിക്കൻ വിദ്യാർത്ഥിയുടെ പേരിലും ശാസ്ത്രജ്ഞനായ അലൻ ടൂറിംഗിന്റെ പേരിലും ബാബേജ് എന്ന പേരിലും ആൾമാറാട്ടം നടത്തി ഹാക്ക് ചെയ്ത് ധനമോഷണക്കുറ്റത്തിൽ പ്രതിയാക്കുന്നു, ഭുവനേശ്. ഒളിവിൽ പോയ പ്രൊഫസർ വർഷങ്ങളായിട്ടും തിരികെ വന്നില്ല. ഹേമ നാടുവിട്ട് ഡൽഹിയിലെത്തി. സൂസന്ന എന്ന പേരിൽ നരേന്ദ്രനൊപ്പം ജീവിക്കുന്നത് ഹേമതന്നെയാണെന്ന് ഭുവനേശ് അയാളോടു വെളിപ്പെടുത്തുന്നു. അസാധാരണമാം വിധം സൈബർ കുറ്റകൃത്യങ്ങളിലഭിരമിച്ച് ജീവിച്ച ഭുവനേശിന്റെ സോഫ്റ്റ്‌വെയർ നരേന്ദ്രൻ ഹാക്ക് ചെയ്യുന്നു. ഭുവനേശ് ആത്മഹത്യ ചെയ്തു.

ഭുവനേശ് പറയുന്ന രാമനാഥന്റെ കഥയാണ് നോവലിന്റെ രണ്ടാം ഭാഗം. ഈ നോവലിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗവും ഇതുതന്നെയാണ്. രാമനാഥൻ എഴുതുന്ന കഥകൾ, അപൂർണതയുടെ പുസ്തകം എന്ന പേരിൽ അയാളെഴുതുന്ന കുറിപ്പുകൾ എന്നിവയിലാണ് പ്രവീൺ ചന്ദ്രൻ നോവലിന്റെ ആഖ്യാനകലയിൽ തനിക്കുള്ള ഗംഭീരമായ കയ്യടക്കങ്ങൾ പ്രകടിപ്പിക്കുന്നത്.

യഥാർഥ ലോകത്തെ അയഥാർഥ മനുഷ്യരുടെ പരമ്പരയാണ് ഭുവനേശ് സൃഷ്ടിക്കുന്നത്. അവരിലൂടെയാണ് പ്രതീതിലോകങ്ങളിൽ നിരായുധരായി ജീവിച്ചിരുന്ന കംപ്യൂട്ടർ എഞ്ചിനീയറും തിയററ്റിക്കൽ മാത്തമാറ്റിക്‌സിൽ തൽപരനുമായിരുന്ന രാമനാഥനെ അയാൾ തകർക്കുന്നത്. അപൂർണത, അനന്തത, അസാധ്യത എന്നീ പരികല്പനകളുടെ ഗണിതശാസ്ത്രയുക്തികൾക്കു നൽകുന്ന കൗതുകകരമായ ഭാവനാജീവിതം മനസിലാക്കാൻ ഈ നോവൽ വായിക്കുകതന്നെ വേണം. രാമനാഥന്റെ ഒരു കുറിപ്പ് കാണുക:

'ആദിയിൽ എല്ലാം പൂർണമാണ്. പിന്നീട് അത് അപൂർണതയിലേക്ക് വളരുന്നു. ഏകബിന്ദുവിൽനിന്നും പരസ്പരം അകന്നുകൊണ്ടിരിക്കുന്ന അനന്തകോടി കണസഞ്ചയങ്ങളിലേക്ക് പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുമ്പോഴും, ഏകകോശത്തിൽനിന്നും ബഹുകോശജീവിതത്തിലേക്ക് ജീവികൾ പരിണമിക്കുമ്പോഴും എപ്പോഴും, പൂർണതയുടെ ലാളിത്യത്തിൽനിന്നും സങ്കീർണതയുടെ അപൂർണതയിലേക്കുള്ള യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു.

എന്റെ സ്വപ്നത്തിനുള്ളിൽ തലതല്ലിച്ചാവുന്ന സർപ്പങ്ങളുടെ ദംശനങ്ങൾ കാണാനാവുന്നുണ്ട്. സീതയുടെ ഗന്ധം മസ്തിഷ്‌കത്തിലെ രതിമേഖലകളെ മാത്രമല്ല ഉദ്ദീപിപ്പിക്കുക. ചിന്തകളുടെ അടഞ്ഞ മുറികളിലാകെ അത് പ്രകാശം പരത്തുന്നു. ശരീരത്തിൽ രോമുകൂപങ്ങൾ എഴുന്നുനില്ക്കുമ്പോൾ ആരും കടന്നുചെന്നിട്ടില്ലാത്ത ചിന്തയുടെ ഇരുണ്ട ഭൂഖണ്ഡങ്ങളിലേക്ക് മനസ്സ് കുതിച്ചുചെല്ലുന്നു. സ്പർശനങ്ങൾ ഇതുവരെ പരിണയിച്ചിട്ടില്ലാത്ത വാക്കുകളെ ആദ്യമായി ഇണചേർക്കുന്നു. അതിൽനിന്നും നവീനമായ ആശയങ്ങൾ പിറക്കുന്നു.

അപൂർണതയെപ്പറ്റിയുള്ള ആശയങ്ങളിൽനിന്നും ഉടലെടുത്ത അസാധ്യമായ ത്രികോണം എന്ന ഒരു ചിത്രമുണ്ട്. ആ ചിത്രം ഒരു കടലാസിൽ സുരക്ഷിതമാണ്. എന്നാൽ അതേ ചിത്രത്തെ അടിസ്ഥാനമാക്കി ഒരു ത്രിമാനരൂപം നിർമ്മിക്കാനാവില്ല. കാരണം, ദ്വിമാനപ്രതലത്തിലെ ഒരു അപൂർണഭാവനയാണത്. അതിനെ അടിസ്ഥാനമാക്കി എം.സി. എഷർ വരച്ച 'വെള്ളച്ചാട്ടം', 'ആരോഹണവും അവരോഹണവും' എന്നീ ചിത്രങ്ങൾ നോക്കി വളരെ നേരം ഞാനിരുന്നിട്ടുണ്ട്. 'വെള്ളച്ചാട്ടം' ഒരിക്കലും അവസാനിക്കാത്ത വെള്ളച്ചാട്ടമാണ്. ഒരു കെട്ടിടത്തിന്റെ ഒരു തട്ടിൽനിന്നും വീഴുന്ന വെള്ളം ഒലിച്ചിറങ്ങി കെട്ടിടത്തിന് മുകളിലെത്തി വീണ്ടും താഴെ വീഴുന്ന അസാധ്യമായ സാധ്യത. 'ആരോഹണവും അവരോഹണവും' എന്ന ചിത്രത്തിലാകട്ടെ ഒരു കൂട്ടം ആളുകൾ ഒരു കെട്ടിടത്തിന്റെ പടികൾ ഇറങ്ങുന്നു. ഇറങ്ങിക്കൊണ്ടിരിക്കുന്നവർ ഇറങ്ങിയിറങ്ങി ഇറങ്ങാൻ തുടങ്ങിയേടത്തുതന്നെ എത്തുന്നു. വീണ്ടും പഴയ പാതയിലൂടെ ഇറങ്ങൽ തുടരുന്നു. അനന്തമായ ഇറങ്ങൽ, അതേ പടികളിലൂടെ തന്നെ കയറുന്നവർ ജീവിതകാലം മുഴുവൻ കയറിക്കൊണ്ടേയിരിക്കുന്നു. അസാധ്യമായ ത്രികോണം എഷറിലെ ചിത്രകാരനെ ഉദ്ദീപിപ്പിച്ചു. എങ്കിൽ എന്തുകൊണ്ട് ഒരു കഥാകാരന് ഈ പ്രതിസന്ധിയെ ആധാരമാക്കി ഒരു കഥ ചമച്ചുകൂടാ?

ഒരിക്കൽ അവളെന്നോടു പറഞ്ഞു:

'ഞാൻ നിങ്ങളെ വെറുക്കുന്നു'.

കാരണം അന്വേഷിച്ചപ്പോൾ അവൾ പ്രതികരിച്ചു.

'സ്‌നേഹത്തിന്റെയും വെറുപ്പിന്റെയും കാരണങ്ങൾ വാക്കുകൾ കൊണ്ട് വിശദീകരിക്കാനാവില്ല. അത് പലതിന്റെയും ആകത്തുകയാണ്. അച്ഛനെപ്പോലെ ഒരാൾ, എന്റെ അദ്ധ്യാപകൻ, എന്റെ ജീവിതപങ്കാളി, എനിക്ക് നിങ്ങൾ പലതുമാണ്. അതിൽ ഒരാളെയും ഞാൻ വെറുക്കുന്നില്ല. പക്ഷേ, അവയുടെ ആകത്തുകയെ എനിക്ക് സ്‌നേഹിക്കാനാവുന്നില്ല'.

'സ്‌നേഹിക്കാനാവാത്ത അവസ്ഥയാണോ വെറുപ്പ്?'

നിശ്ശബ്ദതയായിരുന്നു അതിന്റെ മറുപടി. നിശ്ശബ്ദത എല്ലാറ്റിന്റെയും ഉത്തരമായിരുന്നു. വാക്യങ്ങളിലേക്ക് പരാവർത്തനം ചെയ്യാനാവാത്ത നിശ്ശബ്ദത.

വാക്കുകളിലേക്ക് പരാവർത്തനം ചെയ്യാനാവാത്ത അനേകം സംഘർഷങ്ങൾക്കൊടുവിലാണ് ജീവിതം നിശ്ശബ്ദതയിൽ ധ്യാനനിരതമായിരിക്കുന്നു എന്ന് ഞാനറിഞ്ഞത്. നിശ്ശബ്ദതകൊണ്ടേ ജീവിതത്തെ വിശദീകരിക്കാൻ സാധിക്കുകയുള്ളു എന്ന അറിവ് എന്നെ ഒട്ടൊന്നുമല്ല അമ്പരപ്പിച്ചത്. അസാധ്യമായ ത്രികോണമാണ് ഓരോ ജീവിതവും എന്ന ബോധ്യത്തിൽനിന്നും ഇനിയൊരു കഥ അനാവശ്യമാണെന്ന് തോന്നി.

ഹേമ, ഞാനിപ്പോൾ എന്നെ വാക്കുകളിലേക്ക് പരാവർത്തനം ചെയ്യാനാവാത്ത വിധം നിശ്ശബ്ദനാണ്. എനിക്കൊന്നും പറയാനില്ല. നീ എന്നെ അറിയുക. ബുദ്ധികൊണ്ട് മാത്രം ഒരാൾക്ക് ജീവിക്കാനാവില്ല. നിന്റെ സാമീപ്യം എന്നെ എത്രമാത്രം സന്തോഷിപ്പിക്കുന്നു എന്ന് നീയറിയണം. അതൊന്നും പ്രകടിപ്പിക്കാൻ എനിക്കാവുന്നില്ല. അച്ഛനെയും അദ്ധ്യാപകനെയും ഭർത്താവിനെയും എന്നിൽ കാണാൻ ശ്രമിക്കുമ്പോൾ നിന്റെ മനസ്സിലാണ് ഞാൻ രൂപാന്തരപ്പെടുന്നത്. വെറുപ്പിനെ വിശദീകരിക്കാനാവുന്നില്ല എന്ന് നീ പറഞ്ഞല്ലോ? വെറുപ്പും നിന്റെ മനസ്സിലാണ് രൂപംകൊള്ളുന്നത്. അതൊന്നും എനിക്കറിയാനാവില്ല. എന്റെ നിസ്സഹായതയെ നീ തിരിച്ചറിയണം. നീയെന്നിൽനിന്നും അകലുകയാണെന്ന് എനിക്കറിയാം. ഒരു നദിയിൽ പരസ്പരം അകലുന്ന രണ്ടു തോണിയിലെ വ്യത്യസ്ത യാത്രക്കാരെപ്പോലെ. അകന്നകന്ന് പരസ്പരം കാണാനാവാത്തത്ര അകലത്തിലെത്തിയേക്കുമോ എന്ന് ഞാൻ ന്യായമായും ഭയക്കുന്നു.

ചിലപ്പോൾ നീ യാഥാർഥ്യവും ഞാൻ മിഥ്യയും ആയിരിക്കും. ഓപ്പറേഷൻ തിയേറ്ററിൽ കിടക്കുന്ന ബോധശൂന്യനായ രോഗിയെപ്പോലെ ഒന്നും അറിയാത്തതാവാം. ഗണിതത്തിന്റെ അടിത്തറ ഉറപ്പിക്കാൻ ശ്രമിക്കുന്നവരോട്, അപൂർണതയെപ്പറ്റി പറഞ്ഞ് വിസ്മയിപ്പിച്ച ഒരു ഗണിതശാസ്ത്രജ്ഞൻ എന്റെ ജീവിതത്തെ അക്ഷരാർഥത്തിൽ കീഴടക്കിയിരിക്കുന്നു. എന്റെ ജീവിതസത്ത പാതിദൂരം പറന്ന് തളർന്നുവീഴുന്ന പക്ഷിയെപ്പോലെയായിരിക്കുന്നു. എഴുതാനിരുന്ന കഥ എന്റെ ജീവിതം തന്നെയായി രൂപാന്തരപ്പെട്ടിരിക്കുന്നു. അസാധ്യമായ ത്രികോണം എന്ന കഥ. അതെ, അപൂർണതയുടെ പുസ്തകമാണ് ഓരോ ജീവിതവും'.

യന്ത്രം മനുഷ്യനെ അനുകരിക്കുന്നതിനെക്കുറിച്ചുള്ള ചിന്തകളവതരിപ്പിക്കുകയും അതുവഴി കൃത്രിമബുദ്ധി(Artificial Intelligence)യുടെ സൈദ്ധാന്തിക പശ്ചാത്തലം സൃഷ്ടിക്കുകയും ചെയ്ത ഇംഗ്ലീഷ് ഗണിതശാസ്ത്രകാരനും കംപ്യൂട്ടർ വിദഗ്ദ്ധനുമായ അലൻ മാത്തിസൺ ടൂറിങ് (Imitation Game എന്ന സിനിമ ഇദ്ദേഹത്തെക്കുറിച്ചാണ്!), Incompleteness theorem എന്നറിയപ്പെടുന്ന സിദ്ധാന്തമവതരിപ്പിച്ച ജർമ്മൻ ശാസ്ത്രജ്ഞനായ കർട്ട് ഗോഡൽ, ഭാവനയിൽ മാത്രം സാധ്യമായ ഒരു വസ്തുവിനെക്കുറിച്ച് സിദ്ധാന്തമവതരിപ്പിച്ച Oscar Reutersvardനെ പിൻപറ്റി 'അസാധ്യത്രികോണം' എന്ന ഭാവനക്കു രൂപം നൽകിയ ലയനൽ പെന്റോസും റോജർ പെന്റോസും, ഈ ഭാവന കലയിലാവിഷ്‌കരിച്ച ഡച്ച് ചിത്രകാരനായ എം.സി. എഷർ, അറേബ്യൻ നൈറ്റ്‌സിലും ഹാംലറ്റിലുമൊക്കെ സംഭവിച്ച കഥയ്ക്കുള്ളിലെ കഥപറച്ചിലിന്റെയും അതു സൂചിപ്പിക്കുന്ന അനന്തതയുടെയും ആഖ്യാനസാധ്യതകളെക്കുറിച്ചുപന്യസിക്കുന്ന ജോർജ് ലൂയി ബോർഹെസ്, തത്വചിന്തയെയും ശാസ്ത്രത്തെയും സമന്വയിപ്പിച്ച വിറ്റ്‌ഗെൻസ്റ്റൈൻ, ബർട്രാൻഡ് റസ്സൽ എന്നിങ്ങനെ എത്രയെങ്കിലും പേരെ പ്രവീൺ ചന്ദ്രൻ തന്റെ നോവലിൽ ഒപ്പം കൂട്ടുന്നുണ്ട്. ആനന്ദിന്റെ 'വിഭജനങ്ങ'ളിലാണ് മുൻപ് ശാസ്ത്രത്തിന്റെ തത്വചിന്തയും രാഷ്ട്രീയവും മലയാളത്തിൽ നോവലിന്റെ ആഖ്യാനകലയായി ആഴത്തിൽ ഭാവന ചെയ്യപ്പെട്ടിട്ടുള്ളത്. 'അപൂർണതയുടെ ഒരു പുസ്തകം' പരിചിതമായ ചില ശാസ്ത്ര-തത്വചിന്തകളുടെ ലോകം അനാവരണം ചെയ്യുന്നു. മലയാളിയുടെ നോവൽവായന പക്ഷെ തീർത്തും ഉത്തരവാദിത്തരഹിതമായാണ് 'അപൂർണതയുടെ പുസ്തക'ത്തെ കയ്യൊഴിഞ്ഞത് എന്ന് ഖേദപൂർവം പറയട്ടെ!

'ഛായാ മരണം' പലനിലകളിലും 'അപൂർണതയുടെ ഒരു പുസ്തക'ത്തിന്റെ തുടർച്ചയാണ്. അതേസമയംതന്നെ കുറ്റാന്വേഷണനോവലിന്റെ ഗണത്തിൽ സൈബർ സാങ്കേതികതകളുടെ പ്രതീതിസാധ്യതകളെ മുൻകാല 'മർഡർ മിസ്റ്ററി'കളുടെ ആഖ്യാനതലത്തിലേക്കു കൂട്ടിയിണക്കുന്ന രചനയുമാണ്. അപൂർണതയുടെ പുസ്തകത്തിൽ കൊലപാതകങ്ങൾ നോവലിന്റെ, പ്രത്യക്ഷഘടനയിലല്ല, രാമനാഥൻ എഴുതുന്ന രണ്ടു കഥകളിൽ മാത്രമേയുള്ളൂ. 'ഛായാ മരണ'മാകട്ടെ, ഒന്നിനു പുറകെ ഒന്നായി പന്ത്രണ്ടു ദിവസത്തിനുള്ളിൽ നടക്കുന്ന മൂന്നു മരണങ്ങളുടെയും നാലാമതൊരു കൊലപാതകശ്രമത്തിന്റെയും കഥ പറയുന്നു. നാലു സന്ദർഭങ്ങളിലും സ്ഥലത്തുണ്ടായിരുന്ന ഗണിതശാസ്ത്രാധ്യാപകനും സൈബർ സെക്യൂരിറ്റി കൺസൾട്ടന്റുമായ പ്രൊഫസർ സിദ്ധാർഥനാണ് നോവലിലെ നായകനും ആഖ്യാതാവും കുറ്റാേന്വഷകനും.

വയനാട്ടിലെ ഒരു റിസോർട്ടിൽ ഒന്നുരണ്ടു ദിവസം ഒന്നിച്ചു കഴിയാനെത്തുകയാണ് സിദ്ധാർഥനും സുഹൃത്തും നോവലിസ്റ്റുമായ സിസിലി റോസും. അന്നവിടെയുണ്ടായിരുന്ന ഒരു പെൺകുട്ടി റിസോട്ടിനടുത്തുള്ള വെള്ളച്ചാട്ടത്തിനു സമീപം മരിച്ചുകിടന്നതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് അവർ കരുതുന്നു. സിസിലിയുടെ ഭർത്താവ് ശിവദാസൻ കാൻസർ ബാധിച്ചു മരിച്ചിട്ട് അധികം കാലമായിട്ടില്ല. ശിവദാസനും സിദ്ധാർഥനും സുഹൃത്തുക്കളായിരുന്നു. സിസിലി ഒരു കുറ്റാന്വേഷണ നോവലിസ്റ്റാണ്. അവരുടെ മകൾ ഡാലിയയ്ക്ക് സിദ്ധാർഥനുമായുള്ള അമ്മയുടെ അടുപ്പം ഇഷ്ടമാകുന്നില്ല. അവൾ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയാണ്. സിദ്ധാർഥന്റെ ഭാര്യ അരുണിമക്കും മകൾ മൃദുലക്കും അയാളും സിസിലിയും തമ്മിലുള്ള ബന്ധമറിയാം. മൃദുലയും ഹോസ്റ്റലിലാണ്. എങ്കിലും സിദ്ധാർഥനും സിസിലിയും തങ്ങളുടെ ബന്ധം തുടർന്നു. നാലഞ്ചു ദിവസം മുൻപ്, സിദ്ധാർഥൻ കൺസൾട്ടന്റായി പോകുന്ന സൈബർ പാർക്കിലെ കമ്പനിയിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ആദിത്യൻ സെർവർ റൂമിൽ കുഴഞ്ഞുവീഴുകയും ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിക്കുകയും ചെയ്തിരുന്നു. സഹപ്രവർത്തകരല്ല, ആദിത്യന്റെ സഹോദരനാണ് അയാളെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. മൃതദേഹവുമായി സഹോദരൻ തങ്ങളുടെ സ്വദേശമായ കോയമ്പത്തൂരിലേക്കു പോവുകയും മരണാനന്തരച്ചടങ്ങുകളുടെ ചിത്രങ്ങളും വിശേഷവും ഫേസ് ബുക്കിൽ പോസ്റ്റു ചെയ്യുകയും ചെയ്തു.

ആദിത്യന്റെ മരണത്തിൽ ചില ദുരൂഹതകൾ മണത്ത സിദ്ധാർഥൻ അതെപ്പറ്റി നടത്തിയ അന്വേഷണത്തോട് കമ്പനിയിലെ വെങ്കി, മീര, ദീപക് എന്നീ ജീവനക്കാർ സഹകരിക്കാത്തത് അയാളുടെ സംശയം ഇരട്ടിയാക്കി. 'സൈബർപാർക്കിലെ കൊലപാതകം' എന്ന പേരിൽ സിസിലി തന്റെ പുതിയ നോവലെഴുതാനാരംഭിച്ചത് സിദ്ധാർഥന്റെ പ്രേരണയിലായിരുന്നു. പക്ഷെ അവളുടെ നോവലെഴുത്ത് ഹാക്ക് ചെയ്യപ്പെടുന്നു. വെങ്കിയും മീരയും ദീപക്കും ആദിത്യന്റെ കാര്യത്തിൽ പലതും മറച്ചുവയ്ക്കുന്നുണ്ടെന്നും അവർ ഭയത്തിന്റെ നിഴലിലാണെന്നും സിദ്ധാർഥനു മനസിലായി. സിസിലി എഴുതാത്ത വാക്യങ്ങൾ നോവലിൽ കൂട്ടിച്ചേർക്കപ്പെടുന്നു. അതിനിടെ ഒരു രാത്രി സിസിലി കൊല്ലപ്പെടുകയും അന്ന് അവളെ കാണാൻ അവിടെയെത്തിയ സിദ്ധാർഥൻ ഒളിവിൽ പോകുകയും ചെയ്യുന്നു. തന്റെ സുഹൃത്തായ രഘുരാമന്റെ സഹായത്തോടെ മൂന്നു മരണങ്ങളുടെയും ചുരുളഴിച്ച് തന്റെ നിരപരാധിത്വം തെളിയിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. അതിനിടെ തന്റെ മകൾ ആക്രമിക്കപ്പെടും എന്നയാൾക്കു വിവരം കിട്ടുന്നു. വെങ്കിയുടെ കംപ്യൂട്ടർ പരിശോധിച്ച സിദ്ധാർഥന് പല നിർണായക വിവരങ്ങളും കിട്ടി. അയാൾ കോയമ്പത്തൂരിലെത്തി, മകളെ അപകടത്തിൽ നിന്നു രക്ഷിച്ച് ആശുപത്രിയിലാക്കിയശേഷം ആദിത്യന്റെ ഗ്രാമത്തിലെത്തുന്നു. അവിടെ അയാൾ ആദിത്യനെ കണ്ടെത്തി. ആദിത്യൻ മരിച്ചിട്ടില്ലെന്നും സ്വന്തം മരണമഭിനയിച്ച് അയാൾ എല്ലാവരെയും വിശ്വസിപ്പിക്കുകയായിരുന്നുവെന്നും തന്റെ ചില പഴയ കണക്കുകൾ തീർക്കുകയായിരുന്നുവെന്നും സിദ്ധാർഥനു മനസിലായി. പഴയ ഒരു പ്രണയനൈരാശ്യത്തെത്തുടർന്ന് മാനസികമായി തകർന്ന ആദിത്യൻ മീരയുമായി അടുത്തെങ്കിലും അവൾക്കയാളെ സഹിക്കാനായില്ല. വെങ്കിയുടെ വ്യാജ അക്കൗണ്ടിൽ പഴയ പെൺകുട്ടിയുമായി അടുപ്പമുണ്ടാക്കിയ ആദിത്യൻ തന്നെയാണ് അവളെ വയനാട്ടിലേക്കു വരുത്തി റിസോർട്ടിൽ വച്ചു കൊന്നത്. സിസിലിയുടെ നോവൽ പുറത്തുവന്നാൽ തന്നിലേക്ക് അന്വേഷണം നീളുമെന്നു ഭയന്നാണ് അവൻ അവരെ ഹാക്ക് ചെയ്യുന്നതും ഒടുവിൽ വധിച്ചതും. സിദ്ധാർഥന്റെ തുടരന്വേഷണം തടയാനാണ് മൃദുലയെ ആക്രമിക്കാൻ ശ്രമിച്ചത്. ഹാക്കിംഗിലൂടെ നടത്തിയ ആൾമാറാട്ടങ്ങളായിരുന്നു ആദിത്യന്റെ മാർഗം. സ്വന്തം ജീവിതത്തെ അവഹേളിച്ച നിമ്മിയെന്ന പെൺകുട്ടിയോടു തോന്നിയ പകയിൽ നിന്നാണ് അയാളുടെ മനോനില തകരാറിലാകുന്നത്. തന്റെ നിരപരാധിത്വം തെളിയിച്ച് സിദ്ധാർഥൻ ആദിത്യനെ നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നു.

അസാമാന്യമാം വിധം വായനാക്ഷമമാണ് 'ഛായാ മരണം'. കമ്പനിയിലെ സെർവർ റൂമിലെ സി.സി. ടി.വി.യുടെ ആംഗിൾ മാറ്റി സൃഷ്ടിച്ച വെങ്കിയുടെ തന്നെ നിഴലിൽ നിന്നാണ് താൻ ബോധരഹിതനായി വീഴുമ്പോൾ മുറിയിൽ വെങ്കിക്കും മീരക്കും ദീപകിനും പുറമെ നാലാമതൊരാൾ കൂടിയുണ്ടായിരുന്നുവെന്ന മിഥ്യ ആദിത്യൻ സംവിധാനം ചെയ്യുന്നത്. ഈ ഛായ/പ്രതീതിയിൽ നിന്നാണ് അയാൾ സ്വന്തം മരണമഭിനയിച്ചു തുടങ്ങുന്നതും തുടർന്ന് കുറ്റകൃത്യങ്ങൾക്കു തുടക്കമിടുന്നതും. കൊലപാതകങ്ങളുടെയും ഹാക്കിംഗിന്റെയും ഇരുവഴിയിൽ അവ മുന്നോട്ടു പോയി. സിദ്ധാർഥൻ കണ്ടെത്തുന്നതുവരെ തന്റെ പ്രതീതിലോകത്ത് അയാൾ ഒരധോതലജീവിതം തുടർന്നു.

'അപൂർണതയുടെ പുസ്തക'ത്തിലെ ഏറ്റവും കൗതുകകരമായ ഒരു കല്പന പിന്തുടർന്നു പറഞ്ഞാൽ 'ഛായാ മരണ'ത്തിലെ മരണങ്ങളോരോന്നും 'അസാധ്യമരണ'ങ്ങളാണ് - ഒന്നിലധികം കാരണങ്ങളാൽ. ഒരർഥത്തിൽ ഭുവനേശിന്റെ പുനർജന്മമാണ് ആദിത്യൻ. രാമനാഥന്റെ കഥകൾ സൃഷ്ടിക്കുന്നതിനു സമാനമായ നിഗൂഢതകളുടെ ഭാവസന്ധികളാണ് ആദിത്യന്റെ കുറ്റകൃത്യങ്ങളവശേഷിപ്പിക്കുന്നത്. സിദ്ധാർഥൻ, നരേന്ദ്രന്റെയും രാമനാഥന്റെയും വ്യക്തിത്വങ്ങൾ സമന്വയിച്ചയാളാണ്. ഹേമയുടെയും സൂസന്നയുടെയും പ്രതിഛായയിൽ സിസിലി രൂപം കൊള്ളുന്നു. സിസിലി എഴുതുന്ന നോവലാണ് ഛായാമരണത്തിലെ ഇന്റർ ടെക്സ്റ്റ്. ആദ്യനോവലിൽ അത് രാമനാഥനെഴുതുന്ന കഥകളുടെ ഹൈപ്പർ ടെക്സ്റ്റുകളാണ്. ഭുവനേശിനെപ്പോലെതന്നെ, സ്വന്തം ജീവിതാനുഭവങ്ങൾ ഒരു പ്രശ്‌നവ്യക്തിത്വമാക്കി മാറ്റിയ ചെറുപ്പക്കാരനായ ടെക്കിജീനിയസാണ് ആദിത്യനും. കംപ്യൂട്ടർ ഹാക്കിംഗിലൂടെ ഡാറ്റാ ചോർത്തലിലേക്കും ആൾമാറാട്ടത്തിലേക്കും ധനാപഹരണത്തിലേക്കും കൊലപാതകങ്ങളുടെ ആസൂത്രണത്തിലേക്കും വരെ നീളുന്ന ഐഡന്റിറ്റി തെഫ്റ്റ് എന്ന സൈബർ കുറ്റമാണ് രണ്ടു നോവലിന്റെയും ആഖ്യാനഭൂമിക. 'അപൂർണതയുടെ പുസ്തക'ത്തിലെ കുറച്ചൊന്ന് സങ്കീർണമായ ശാസ്ത്രചിന്തകൾ 'ഛായാ മരണ'ത്തിൽ അങ്ങേയറ്റം വായനാക്ഷമമായിത്തീരുന്നു. കുറ്റാന്വേഷണനോവൽ എന്ന നിലയിൽ ഒരു കൃതി സൃഷ്ടിക്കേണ്ട കുറ്റകൃത്യങ്ങളുടെ നിഗൂഢതയുടെയും അന്വേഷണത്തിലെ ഉദ്വേഗത്തിന്റെയും യുക്തിബദ്ധമായ കഥാപരിണതിയുടെയും തലങ്ങളിൽ 'ഛായാ മരണം' ഒന്നിനൊന്നു മികച്ച ആഖ്യാനകല സ്വന്തമാക്കുന്നു. അതേസമയംതന്നെ കുറ്റകൃത്യങ്ങളുടെ കുരുക്കഴിക്കലിനൊപ്പം വ്യക്തിബന്ധങ്ങൾക്കിടയിലെ അതിസൂക്ഷ്മമായ സംഘർഷങ്ങളുടെ അവതരണവും 'അപൂർണതയുടെ പുസ്തക'ത്തിലും 'ഛായാ മരണ'ത്തിലുമുണ്ട്. ദാമ്പത്യം, പ്രണയം, പിതാപുത്ര ബന്ധം എന്നീ മൂന്നു മണ്ഡലങ്ങളിലെയും സ്ത്രീപുരുഷജീവിതങ്ങൾ വൈചാരികവും വൈകാരികവുമായ കോളിളക്കങ്ങളുടെ പ്രതലമായി മാറുന്നു ഇരുനോവലുകളിലും. അടിമുടി സിനിമാറ്റിക്ക് ആണ് ഇവയുടെ ആഖ്യാനകല. ചില ഭാഗങ്ങൾ നോക്കുക:

ഒന്ന്

'ഉച്ചയ്ക്കു സിസിലിയുടെ വീട്ടിലെത്തി. അവൾ പ്രൊഫസറെ കാത്തിരിക്കുകയായിരുന്നു. മുറ്റത്ത് കാറിട്ട് അയാൾ വീടിനകത്തേക്കു കയറി. അവൾ പ്രൊഫസറെ പഠനമുറിയിലേക്കു കൊണ്ടുപോയി. അവളുടെ ചലനത്തിലാകെ ഒരു ധൃതിയുണ്ടായിരുന്നു. അവളുടെ ശരീരചലനങ്ങൾ ചടുലനൃത്തം ചെയ്യുന്ന നർത്തകിയുടേതായിരുന്നു.

സിസിലി ലാപ്‌ടോപ് തുറന്നു. എഴുത്ത് എന്ന ഫോൾഡറിനുള്ളിൽ നിന്ന് പുതിയ നോവലിന്റെ ആദ്യ അധ്യായം കാണിച്ചു.

അവൾ ലാപ്‌ടോപ് പ്രൊഫസറുടെ കൈയിൽ കൊടുത്തു.

'നീയൊന്ന് വായിച്ചുനോക്ക്'.

'ഇപ്പോഴിത് വായിക്കാവുന്ന മൂഡിലല്ല. നീ എഴുത്. പിന്നീട് ഞാൻ വായിക്കാം'.

അവൾക്കതിഷ്ടമായില്ല. അവളെ മുഷിപ്പിക്കാതിരിക്കാൻ പ്രൊഫസർ ആദ്യത്തെ രണ്ടു പേജ് വായിച്ചുനോക്കി. ആദിത്യന്റെ മരണം വായനക്കാരിൽ നടുക്കം സൃഷ്ടിക്കുംവിധമാണ് സിസിലി എഴുതിയത്. ഒരു സാധാരണസംഭവത്തെ നോവലിസ്റ്റുകൾ എത്ര കുറച്ചു വാക്കുകൾ കൊണ്ടാണ് നാടകീയമാക്കുന്നത് എന്ന് പ്രൊഫസർ അദ്ഭുതപ്പെട്ടു. ഓടിച്ചുവായിച്ച് പ്രൊഫസർ ലാപ്‌ടോപ് സിസിലിക്കു കൈമാറി.

'ഭാവനകൊണ്ടു മാത്രം വികസിപ്പിക്കാവുന്ന ഒരു സംഭവമല്ല ആദിത്യന്റേത്. നാമറിയാത്ത എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. സംഭവം നടന്ന ദിവസത്തെ വീഡിയോ ഫൂട്ടേജ് കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. നെറ്റ്‌വർക്ക് പ്രശ്‌നം പരിഹരിക്കാനെത്തിയ ഒരു ടെക്‌നീഷ്യൻ കൂടി ആ മുറിയിലുണ്ടായിരുന്നു', പ്രൊഫസർ പറഞ്ഞു.

സിസിലി അവ്യക്തമായ എന്തോ കേട്ടതുപോലെ പ്രൊഫസറെ നോക്കി.

'അയാളെപ്പറ്റിക്കൂടി അന്വേഷിക്കണം. എന്നാലേ ആദിത്യനെ കൊന്നത് ആരാണെന്ന് കണ്ടെത്താനാവൂ'.

പ്രൊഫസറുടെ വാക്കുകളെ അവൾ ശ്രദ്ധിക്കുന്നില്ല എന്നു തോന്നി.

സിസിലി കംപ്യൂട്ടർ സ്‌ക്രീനിൽ ഗൗരവമായി സ്‌ക്രോൾ ചെയ്തുകൊണ്ടിരുന്നു. പെട്ടെന്ന് അവളുടെ ശ്രദ്ധ തെറ്റിക്കുന്ന എന്തോ അതിൽ കണ്ടതുപോലെ തോന്നി.

പ്രൊഫസർ അവളുടെ പിന്നിൽച്ചെന്ന് സ്‌ക്രീനിലേക്കു നോക്കി. സിസിലി ഞെട്ടലോടെയാണ് പ്രൊഫസറെ നോക്കിയത്. ചൂടുള്ള എന്തോ വസ്തു തൊട്ടതുപോലെ അവൾ ലാപ്‌ടോപ് മേശപ്പുറത്തേക്കിട്ടു.

പ്രൊഫസർ നോവലിന്റെ അവസാനഭാഗത്ത് മറ്റൊരു ഫോണ്ടിൽ എഴുതിയ അക്ഷരങ്ങൾ മാത്രം വായിച്ചു.

ആദിത്യനെ കൊന്നതിൽ ഒട്ടും പശ്ചാത്തപിക്കാതെ മീര അന്ന് രാത്രി കിടന്നുറങ്ങി. ജീവിതത്തിൽ അത്രയും കാലം ഉറങ്ങാത്തത്ര സന്തോഷത്തോടെ.

'നീ എങ്ങനെ ഇങ്ങനെയൊരു തീരുമാനത്തിലെത്തി?'

പ്രൊഫസർ അദ്ഭുതത്തോടെ ചോദിച്ചു.

'ആ വരി ഞാനെഴുതിയതല്ല'. സിസിലി സ്‌ക്രീനിൽ നോക്കാതെ പറഞ്ഞു.

അവൾ മുറിയിലെ ചൂടു സഹിക്കാനാവാത്തതുപോലെ കോലായിലേക്കു നടന്നു. പുറത്ത് അപ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു'.

രണ്ട്

'തിരിച്ച് കാറിൽ കയറുമ്പോൾ മൃദുല നിശ്ശബ്ദയായിരുന്നു. അവളുടെ നിശ്ശബ്ദത പ്രൊഫസറെ അസ്വസ്ഥനാക്കി.

'ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ?'

അവൾ എന്താണെന്നറിയാൻ പ്രൊഫസറുടെ മുഖത്തു നോക്കി.

'നീ പറഞ്ഞ കാര്യങ്ങൾ മമ്മിക്കറിയുമോ?'

'എനിക്കറിയില്ല'.

അവൾ ഒഴിഞ്ഞുമാറി.

'മമ്മി സംശയിച്ചിരിക്കാൻ സാധ്യതയുണ്ടോ?'

പ്രൊഫസർ കാറിന്റെ വേഗം വളരെ കുറച്ചുകൊണ്ട് ചോദിച്ചു.

'അറിയില്ല'.

വേഗത കുറച്ചതിനാൽ പിന്നിൽനിന്നുള്ള കാർ ഹോണടിച്ചു ബുദ്ധിമുട്ടിച്ചപ്പോൾ പ്രൊഫസർ കാർ റോഡിന്റെ ഇടതുവശത്തുള്ള ട്രാക്കിലേക്കു മാറ്റി യാത്ര തുടർന്നു.

'നിന്റെ ഊഹം'.

പ്രൊഫസർ വിടാനുള്ള മട്ടില്ലെന്നുകണ്ട് അവൾ സീറ്റിൽ ചരിഞ്ഞ് പ്രൊഫസറെ കാണുംവിധമിരുന്നു.

'പപ്പേ, സ്ത്രീകൾ മണ്ടികളല്ല. ഒരു പുരുഷൻ മറ്റൊരു സ്ത്രീയെ മനസ്സിൽ പ്രതിഷ്ഠിച്ചു എന്നറിയുന്ന നിമിഷംമുതൽ ഭാര്യമാർ അതു തിരിച്ചറിയുമെന്ന് മമ്മി ഒരിക്കൽ എന്നോടു പറഞ്ഞിരുന്നു'.

'ഒരിക്കൽ എന്നു പറഞ്ഞാൽ?'

'സിസിലിയാന്റിയുടെ ഭർത്താവ് മരിച്ച് ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോൾ'.

പ്രൊഫസർ പാതി ആലോചനയിൽ മുന്നിലെ റോഡു നോക്കി കാറോടിച്ചുകൊണ്ടിരുന്നു. അരുണിമ എപ്പോഴായിരിക്കും തന്നെ സംശയിച്ചുതുടങ്ങിയിരിക്കുക എന്ന് അയാൾ മനസ്സിൽ കണക്കുകൂട്ടി നോക്കി.

'മമ്മി അതിനെപ്പറ്റി വേറെ എന്തെങ്കിലും പറഞ്ഞിരുന്നോ?'

'ഇല്ല'.

പ്രൊഫസർ നിശ്ശബ്ദനായി കാറിനു വേഗത കൂട്ടി.

'നിനക്ക് പപ്പയോട് ഇപ്പോൾ തോന്നുന്നതെന്താണ്?'

അവൾ ചോദ്യം മനസ്സിലാകാത്തതുപോലെ പ്രൊഫസറെ നോക്കി.

'വെറുപ്പ്?' പ്രൊഫസർ ചോദിച്ചു.

'അല്ല. അവജ്ഞ', അവൾ മറുപടി പറഞ്ഞു.

ഒരാൾ വെറുക്കപ്പെടുമ്പോഴും ബഹുമാനിക്കപ്പെട്ടേക്കാം. എന്നാൽ അവജ്ഞ കൂട്ടുചേരുന്നത് അവഗണനയോടാണ്. അവജ്ഞയിൽ ഒരു തരിപോലും ബഹുമാനമുണ്ടാവില്ല. പ്രൊഫസർ സ്റ്റിയറിങ്ങിൽ വെറുതെ കൈ ചലിപ്പിച്ചുകൊണ്ട് ഓർത്തു. കാർ ഒരേ വേഗത്തിൽ മുന്നോട്ടോടിക്കൊണ്ടിരുന്നു'.

മൂന്ന്

'അവർ സംസാരിച്ചുനില്‌ക്കേ മീര ഓട്ടോയിൽ വന്നിറങ്ങി. പ്രൊഫസറെ കണ്ടപ്പോൾ അയാളുടെ വരവിന്റെ ലക്ഷ്യം ഊഹിച്ചതുപോലെ അവൾ ചിരിച്ചു. പരസ്പരം സംസാരിക്കാതെ മൂന്നു പേരും ലിഫ്റ്റിനടുത്തേക്കു നടന്നു. മീരയുടെ ഫ്‌ളാറ്റിൽ എത്തുന്നതുവരെ അവറ് പരസ്പരം സംസാരിച്ചില്ല.

'നിങ്ങൾ ഇരിക്ക്'.

മീര വസ്ത്രം മാറ്റാനായി കിടപ്പുമുറിയിൽ കടന്ന് വാതിലടച്ചു.

പ്രൊഫസറുടെ വരവു പ്രതീക്ഷിച്ചിരിക്കുന്നതുപോലെയാണ് മീര പെരുമാറിയത്. അടുക്കും ചിട്ടയോടെയും സൂക്ഷിച്ച ഫ്‌ളാറ്റിന്റെ സ്വീകരണമുറിയിലെ ചുമരുകളിൽ സാധാരണ വീടുകളിൽ കാണുന്ന തരത്തിൽ കലണ്ടറുകളോ ഫോട്ടോഗ്രാഫുകളോ കൊളുത്തിയിട്ടിരുന്നില്ല. അതിൽ ആകെയുണ്ടായിരുന്നത് ഡ്യൂററുടെ ഒരു പെയ്ന്റിങ്ങായിരുന്നു. നൈറ്റ്, ഡെത്ത് ആൻഡ് ദ ഡെവിൾ എന്ന ചിത്രത്തിന്റെ ഒരു കോപ്പി.

പ്രൊഫസർ ആ ചിത്രത്തിൽ നോക്കിയിരുന്നുപോയി. കുതിരപ്പുറത്ത് പടയാളിയുടെ അരികിൽ ചെകുത്താനും മരണവും നില്ക്കുന്ന ആ ചിത്രത്തിൽ മരണത്തിന്റെ കൈയിലെ മണൽനാഴിയിൽ പ്രൊഫസറുടെ കണ്ണുടക്കി. ചിത്രത്തിലെ മലയും പള്ളിയും മരത്തിന്റെ വേരുകളും ജ്യാമിതീയരൂപങ്ങളുടെ ആവർത്തനങ്ങൾകൊണ്ട് വരച്ചവയായിരുന്നു. ചുറ്റുമുള്ള നേർത്ത വരകൾക്കിടയിൽ മണൽനാഴിയിൽ മുകളിൽനിന്ന് താഴേക്കു വീണുകൊണ്ടിരിക്കുന്ന മണലിൽ കഴിഞ്ഞുപോകുന്ന സമയത്തെ അയാൾ കണ്ടു. അതയാളെ അസ്വസ്ഥനാക്കി. താനിപ്പോൾ ആ ചിത്രത്തിലേതുപോലെ ചെകുത്താന്റെയും മരണത്തിന്റെയും ഇടയിലാണല്ലോ എന്ന് അയാൾ ഉള്ളിലോർത്തു.

'ആദിത്യന്റെ പ്രിയപ്പെട്ട ചിത്രമായിരുന്നു അത്'.

പ്രൊഫസർ ചിത്രം നോക്കിയിരിക്കുന്നത് കണ്ടുകൊണ്ട് പുറത്തിവന്ന മീര പറഞ്ഞു. പ്രൊഫസർ അവളെ നോക്കി ചിരിച്ചു.

'പതിനാറാം നൂറ്റാണ്ടിലെ ഈ ഗോഥിക് ചിത്രം ഹിറ്റ്‌ലറുടെ കാലത്ത് നാസികളുടെ ആദർശചിത്രമായിരുന്നു', പ്രൊഫസർ കൂട്ടിച്ചേർത്തു.

മീര അയാൾ എന്താണ് പറഞ്ഞതെന്ന് മനസ്സിലാവാതെ പ്രൊഫസറുടെ മുഖത്തു നോക്കി.

'അതെ, യഹൂദന്മാർ എന്ന ചെകുത്താന്മാർക്കെതിരെ പോരാടുന്ന പടയാളിയായ ഹിറ്റ്‌ലറിനെയാണ് അവർ ഈ ചിത്രത്തിൽ കണ്ടത്', പ്രൊഫസർ പറഞ്ഞു.

മീര അതുകേട്ട് ആദ്യമായി ആ ചിത്രം കാണുന്നതുപോലെ അതിലേക്കു നോക്കിനിന്നു.

ഈ ഓട്ടത്തിനിടയ്ക്ക് പ്രൊഫസർ ചിത്രം ആസ്വദിക്കുന്നതിന്റെ വൈരുധ്യം രഘുരാമനു മനസ്സിലായില്ല. അയാൾക്ക് വഴിയിൽവെച്ച് വാങ്ങിച്ച ഏതോ വില കുഞ്ഞ ചിത്രമാണ് അതെന്നാണ് ധരിച്ചത്. അയാൾ പ്രൊഫസറുടെയും മീരയുടെയും മുഖത്തേക്കു മാറിമാറി നോക്കി.

'സത്യത്തിൽ അങ്ങനെ ഏതോ മഹത്തായ രക്തത്തെപ്പറ്റിയാണ് ആദിത്യനും പറഞ്ഞുകൊണ്ടിരുന്നത്'. മീര ആത്മഗതംപോലെ പറഞ്ഞുകൊണ്ട് പ്രൊഫസർക്കും രഘുരാമനും അഭിമുഖമായി ഒരു കസേര നീക്കിയിട്ട് ഇരുന്നു. ഇന്റർവ്യൂവിന് ഉദ്യോഗാർഥികൾ ഇരിക്കുന്നതുപോലെ മീര ഇരിക്കുന്നതു കണ്ട് അവർ അമ്പരപ്പോടെ നോക്കി.

'നിങ്ങൾക്ക് എന്നോട് എന്താണ് ചോദിക്കാനുള്ളത്?' മീര ഉറച്ച ശബ്ദത്തോടെ ചോദിച്ചു.

'ആദിത്യന്റെ മരണംമുതൽ പലതും മീര മറച്ചുവെച്ചിട്ടുണ്ട്. ഞങ്ങൾക്ക് അതിനെപ്പറ്റിയാണ് അറിയേണ്ടത്', പ്രൊഫസർ പറഞ്ഞു.

'എനിക്ക് ഒന്നും മറച്ചുവെക്കാനില്ല. ഇത്രയും ദിവസം അന്വേഷിച്ചിട്ടും നിങ്ങൾക്ക് ആദിത്യനെപ്പറ്റി ഒന്നും കണ്ടെത്താനായില്ല എന്ന് മനസ്സിലായി. ഞാനൊന്നു ചോദിക്കട്ടെ. സിസിലി മരിച്ചു. ഇനി ആർക്കുവേണ്ടിയാണ് നിങ്ങൾ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്?'

'എനിക്കുവേണ്ടി. നോവലെഴുതാനല്ല. സത്യമറിയാൻ', പ്രൊഫസർ പറഞ്ഞു. അയാൾ പ്രതീക്ഷയോടെ മീരയുടെ മുഖത്തു നോക്കിയിരുന്നു'.

സമീപകാലത്ത് മലയാളഭാവന സൈബർ കുറ്റകൃത്യങ്ങളെയും കൊലപാതകങ്ങളെയും കൂട്ടിയിണക്കി സൃഷ്ടിക്കുന്ന ജനപ്രിയപാഠങ്ങൾ സിനിമയിലെന്നപോലെ സാഹിത്യത്തിലും ശ്രദ്ധേയമായ ഒരു ഗണമായി മാറുന്നുവെന്നതിന്റെ ഒന്നാന്തരം മാതൃകയാണ് 'ഛായാ മരണം'. കഴിഞ്ഞ വർഷം മലയാളത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ട രണ്ടു സിനിമകളെങ്കിലും (അഞ്ചാം പാതിര, ഫോറൻസിക്) സൈബർ കുറ്റങ്ങളുടെയും അതെത്തുടർന്നുണ്ടായ കൊലപാതകങ്ങളുടെയും അവയെ സൈബർ സാങ്കേതികവിദ്യയുടെ കൂടി സഹായത്തോടെ അനാവരണം ചെയ്യുന്ന കുറ്റാന്വേഷണത്തിന്റെയും വഴിയാണല്ലോ സ്വീകരിച്ചിരുന്നത്. മേല്പറഞ്ഞ മുഴുവൻ സാഹിത്യ, ചലച്ചിത്ര പാഠങ്ങളിലും പക്ഷെ ഹാക്കർമാർ സ്വന്തം ജീവിതത്തിലെ തിക്താനുഭവങ്ങൾ സൃഷ്ടിച്ച 'സൈക്കോപാത്തു'കളാണ് എന്ന ഒരു പൊതുസ്വഭാവവും അവശേഷിക്കുന്നു. നിശ്ചയമായും ഈ രംഗം വൈവിധ്യമാർന്ന ഭാവസന്ദർഭങ്ങളെ ആവശ്യപ്പെടുന്നുണ്ട് എന്നർഥം.

നോവലിൽ നിന്ന്:-

'പ്രിയപ്പെട്ട വായനക്കാരേ,

ഞാൻ സിസിലിയുടെ സുഹൃത്ത് സിദ്ധാർഥൻ. നിങ്ങൾ ഇത്രയും വായിച്ചത് സിസിലി എഴുതിയ നോവലാണ്. ഇതിന്റെ എഴുത്ത് കേസ് അന്വേഷിക്കുകയും അതിന്റെ കണ്ടെത്തലുകൾ നോവലിലേക്ക് എഴുതിച്ചേർക്കുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതിയിട്ടിരുന്നത്. ജീവിതയാത്രയ്ക്കിടയിൽ സിസിലി കൊല്ലപ്പെട്ടിരിക്കുന്നു. അതിനാൽ അപൂർണമായ ഒരു നോവലാണ് അവർ വായനക്കാർക്കു മുന്നിൽ അവശേഷിപ്പിച്ചത്.

ഞാനൊരു നോവലിസ്റ്റല്ല. എനിക്ക് സിസിലിയുടെ ഭാഷയിൽ അതു കൂട്ടിച്ചേർക്കാനറിയില്ല. എന്നാൽ സിസിലിയുടെ നോവലിന്റെ കഥ പൂർത്തിയാകണമെങ്കിൽ ചിലതുകൂടി കൂട്ടിച്ചേർക്കേണ്ടിയിരിക്കുന്നു. അതാണ് ഇവിടെ എഴുതുന്നത്.

ആദിത്യനെ ആരാണ് കൊന്നത് എന്നതാണ് സിസിലി അന്വേഷിച്ചുകൊണ്ടിരുന്നത്.

ആദിത്യനെ ആദിത്യൻതന്നെയാണ് കൊന്നത്. വെങ്കി, മീര, ദീപക് ജോർജ് എന്നിവരെ സംശയത്തിന്റെ നിഴലിൽ നിർത്തിക്കൊണ്ട് ആദിത്യൻ രംഗത്തുനിന്ന് അപ്രത്യക്ഷനാവുകയായിരുന്നു. സെർവർ മുറിയിൽ ഇവരെക്കൂടാതെ ഒരാൾകൂടിയുണ്ടായിരുന്നു. അയാൾ ആരാണ് എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടിയിരുന്നത് വെങ്കിയായിരുന്നു. അയാൾ പക്ഷേ, ഒഴിഞ്ഞുമാറുകയോ ഉത്തരമില്ലാത്ത ചോദ്യമായി അതിനെ മാറ്റുകയോ ചെയ്തു.

ഇന്നലെ ഹോസ്പിറ്റലിൽ ഇരിക്കുമ്പോൾ രസകരമായ ഒരു കാഴ്ച കണ്ടു. പകൽ അവിടത്തെ ജനലിന്റെ ഗ്ലാസിലൂടെ ഞാൻ പുറത്തെ റോഡുകൾ കാണുന്നുണ്ടായിരുന്നു. എന്നാൽ രാത്രിയിൽ അതേ ജനലിൽ ഞാൻ എന്നെത്തന്നെയായിരുന്നു കണ്ടത്. പകൽ സുതാര്യമായിരുന്ന ഗ്ലാസ് രാത്രി കണ്ണാടിയായി പ്രവർത്തിക്കാൻ തുടങ്ങി. സെർവർ മുറിയിൽവെച്ച് വെങ്കിയുടെ കൂടെ മുറിയിലുണ്ടായിരുന്നത് വെങ്കിയുടെ പ്രതിബിംബംതന്നെയായിരുന്നു. ക്യാമറ അസ്വാഭാവികമായ രീതിയിൽ ഗ്ലാസിനു നേരേ തിരിച്ചുവെക്കുകയും പുറത്തെ വെളിച്ചം ഓഫാക്കുകയും ചെയ്തു എന്നതാണ് ഇതിൽ കാണിച്ച ബുദ്ധി. ചലനങ്ങൾ മാത്രം ഒപ്പിയെടുക്കുന്ന ക്യാമറ ഓഫ് ചെയ്തതിനു ശേഷമാണ് ദിശ മാറ്റിവെച്ചത്. അതുകൊണ്ട് ആരാണ് അതു ചെയ്തത് എന്ന് അതിന് ഒപ്പിയെടുക്കാനായില്ല.

ആദിത്യൻ മരിച്ചു എന്ന ഭയത്താൽ വെങ്കി ആ വ്യക്തിയെപ്പറ്റി കളവുകൾ പറഞ്ഞു. അടഞ്ഞ മുറിക്കുള്ളിൽ നടന്ന ആ കുറ്റകൃത്യത്തിന് അപരിചിതനായ ഒരാൾകൂടി സംശയത്തിന്റെ നിഴലിലുണ്ടാകുന്നതിന്റെ മെച്ചമാണ് വെങ്കിയെ ഇതിലേക്കു നയിച്ചത്.

വെങ്കി ഭയന്നത് ആദിത്യന്റെ കൊലപാതകത്തിൽ താൻ കുറ്റവാളിയാകുമോ എന്നതായിരുന്നു. ആദിത്യൻ മരിച്ചു എന്നു ബോധ്യപ്പെടുത്താൻ അയാൾതന്നെ ഏതാനും വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് അതിൽ മരണാനന്തരച്ചടങ്ങുകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. കൃത്യമായ അടിക്കുറിപ്പുകൾ നല്കി. വേണ്ട രീതിയിൽ ഷെയർ ചെയ്തു. അതോടെ ആദിത്യൻ ചുരുങ്ങിയത് ജോലി ചെയ്യുന്നിടത്തുനിന്ന് അപ്രത്യക്ഷനായി. അയാൾക്കു മറ്റെവിടെ വേണമെങ്കിലും ആദിത്യനായിത്തന്നെ ജീവിക്കാൻ സാധിക്കും. അല്ലെങ്കിൽ മറ്റൊരാളായി ജീവിക്കാൻ സാധിക്കും. അതാണ് സോഷ്യൽ മീഡിയ നല്കുന്ന സുരക്ഷിതത്വം. ഒരാൾ മരിച്ചു എന്ന് ഉറപ്പിക്കുന്ന പോസ്റ്റുകൾ കൃത്യമായി പ്രദർശിപ്പിക്കണം. അതിനു സമുചിതമായ കമന്റുകളും ഷെയറുകളും നല്കണം.

ആദിത്യൻ എന്തിന് ഇതെല്ലാം ചെയ്തു?

ആദിത്യൻ യഥാർഥത്തിൽ മറ്റൊരാളെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു. തന്നെ പ്രണയനാടകം നടത്തി വഞ്ചിച്ച ഒരു പെൺകുട്ടിയോടുള്ള പ്രതികാരം തീർക്കുകയായിരുന്നു അയാൾ. ആളുകളോട് അടുപ്പമോ പരിചയമോ കാണിക്കാതെ ഒതുങ്ങിജീവിക്കുന്ന ആദിത്യനെ പ്രണയിക്കുന്നതായി ഒരു പെൺകുട്ടി അറിയിച്ചു. ഫേസ്‌ബുക്ക് വഴി അവരുടെ ബന്ധം വികസിച്ചു. അയാൾ നേരിട്ട് ബാംഗ്ലൂരിൽവെച്ച് കാണാൻ ശ്രമിച്ചപ്പോൾ കാണാൻ തയ്യാറായ പെൺകുട്ടി പ്രണയത്തിൽനിന്ന് പിൻവാങ്ങി. എന്നാൽ ആദിത്യൻ അവിടെ വെച്ച് ബന്ധമവസാനിപ്പിക്കാൻ ആഗ്രഹിച്ചില്ല. അയാൾ മറ്റു പ്രലോഭനങ്ങളിലൂടെ അവളെ വയനാട്ടിലെ റിസോർട്ടിലെത്തിച്ചു. ഇതിൽ മഹത്തായ ഭാഗ്യമുള്ള ജീവിതം നല്കാൻ നക്ഷത്രയാമകൾക്കു സാധിക്കും എന്നൊരു അന്ധവിശ്വാസം വിളക്കിച്ചേർത്ത് കാര്യങ്ങൾ എളുപ്പമാക്കി. ആദിത്യൻ ആ പെൺകുട്ടിയെ റിസോർട്ടിൽവെച്ച് കൊന്നു. കേസ് എങ്ങനെ അന്വേഷിച്ചാലും ആദിത്യനെ സംശയിക്കില്ല എന്ന് അയാൾക്കുറപ്പായിരുന്നു. കാരണം, അയാൾ മൂന്നു ദിവസം മുൻപ് മരിച്ചുപോയിരുന്നല്ലോ?

റിസോർട്ടിൽ അപ്രതീക്ഷിതമായി പ്രൊഫസറും സിസിലിയും എത്തിയത് ആദിത്യനെ കൂടുതൽ പ്രശ്‌നത്തിലാക്കി. പ്രൊഫസർ ഇടപെട്ടുതുടങ്ങി എന്ന് അറിഞ്ഞതുമുതൽ ആദിത്യൻ അവരെ പിന്തുടരാൻ തുടങ്ങി. രാത്രി റിസോർട്ടിൽ തങ്ങി. അവരുടെ മുറിയിൽ കയറാൻ ശ്രമിച്ചു.

റിസോർട്ടിലെ പെൺകുട്ടിയുടെ മരണം അന്വേഷിക്കുന്നവർ തീർച്ചയായും മെസഞ്ചർ ചാറ്റുകൾ കാണുമെന്ന് ആദിത്യന് ഉറപ്പായിരുന്നു. വി. എന്ന പേരിൽ ചാറ്റ് നടത്തിക്കൊണ്ടിരുന്നത് ആദിത്യൻ തന്നെയായിരുന്നു. അന്വേഷണം തുടർന്നിരുന്നെങ്കിലും ആദിത്യൻ പിടിക്കപ്പെടില്ലായിരുന്നു. കാരണം, എല്ലാ ചാറ്റും നടത്തിയിരുന്നത് വെങ്കിയുടെ ലാപ്‌ടോപിൽനിന്നാണ്. ആ ലാപ്‌ടോപ് ദൂരേനിന്ന് ആദിത്യനു നിയന്ത്രിക്കാൻ സാധിക്കുമായിരുന്നു. കോയമ്പത്തൂരിലെ ആശുപത്രിയിൽവെച്ച് ഞാൻ അത് നേരിട്ടു കണ്ടതാണ്. ആദിത്യൻ ഹാക്ക് ചെയ്തു നിയന്ത്രിച്ചിരുന്ന ആ കംപ്യൂട്ടറിലെ ഹാക്കിങ്ങിന്റെ മുഴുവൻ രേഖകളും അയാൾക്ക് ആവശ്യമുള്ളപ്പോൾ അപ്രത്യക്ഷമാക്കാൻ സാധിക്കുമായിരുന്നു. ചാറ്റുകളും മറ്റും പിടിക്കപ്പെട്ടാൽപ്പോലും വെങ്കിയുടെ ലാപ്‌ടോപ്പിൽനിന്നാണ് അത് നടന്നത് എന്നേ കണ്ടെത്താനാവൂ. അത്രയ്ക്കു തന്ത്രപരമായാണ് ആദിത്യൻ പദ്ധതി ആസൂത്രണം ചെയ്തത്.

ഈ കേസിൽ വിചിത്രമായ ഒരു കാര്യം സംഭവിച്ചു. ആരും ഒരിക്കലും ബന്ധിപ്പിക്കാനിടയില്ലാത്ത രണ്ടു വ്യക്തികളെ സിസിലി ബന്ധിപ്പിച്ചു. റിസോർട്ടിൽവെച്ചു മരിച്ച നിമ്മിയും സൈബർ പാർക്കിൽവെച്ചു മരിച്ച ആദിത്യനും സിസിലിയുടെ മുന്നിലുണ്ടായിരുന്നു. ഒരാൾ ജീവിതത്തിൽ നേരിട്ടു കണ്ട അനുഭവമായും രണ്ടാമത്തെയാൾ നോവലിലെ കഥാപാത്രമായും. അതോടെ ആദിത്യൻ നിരന്തരം സിസിലിയുടെ കംപ്യൂട്ടറിൽ ഹാക്ക് ചെയ്തു കയറി നോവൽ വായിക്കാൻ തുടങ്ങി. അവരെ വഴിതെറ്റിക്കാനും പേടിപ്പിക്കാനും പിന്തിരിപ്പിക്കാനും അയാൾ ആവുന്നത്ര ശ്രമിച്ചു. തെറ്റ് എന്റേതാണ്. സിസിലി പിന്തിരിയുമായിരുന്നിട്ടും ഞാനാണ് ഈ കഥയുമായി മുന്നോട്ടു പോകാൻ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നത്.

ഒരിക്കലും ബന്ധപ്പെടുത്താനാവത്തവിധം കുറ്റങ്ങൾ ചെയ്യുക എന്നതാണ് ആദിത്യന്റെ രീതി. അതുകൊണ്ട് എന്നെ സംശയിപ്പിക്കത്തക്കവിധത്തിൽ അയാൾ സിസിലിയെ കൊന്നു. സിസിലിയുടെ വീട്ടിനകത്ത് അന്നു രാത്രി ഞാൻ സംശയിച്ച അന്യന്റെ സാന്നിധ്യം ആദിത്യന്റേതായിരുന്നു. പൊലീസിനോട് വൃദ്ധൻ പറഞ്ഞ ടി.വി. നന്നാക്കാനെത്തിയ ചെറുപ്പക്കാരൻ ആദിത്യനായിരുന്നു. പക്ഷേ, അത് ആരും ഗൗരവത്തിലെടുത്തില്ല.

സിസിലിയുടെ മരണത്തിനു ശേഷം എന്നെ അന്വേഷണത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ എന്റെ മകളെ ലക്ഷ്യംവെച്ച് ആദിത്യൻ മുന്നോട്ടു നീങ്ങി. ഈ നോവലുമായി ബന്ധമില്ലാത്തതിനാൽ ആ കഥ ഞാനിവിടെ വിശദീകരിക്കുന്നില്ല.

ആദിത്യനെ കൊന്നത് ആദിത്യൻതന്നെയാണ്. കാരണം, അയാൾ കൊലപാതകരംഗം സൃഷ്ടിക്കുകയായിരുന്നു.

നോവലിസ്റ്റായ സിസിലിയെ കൊന്നത് അവരുടെ നോവലിലെ ഒരു കഥാപാത്രംതന്നെയാണ്.

മൃദുലയെ കൊല്ലാൻ ശ്രമിച്ചത് ആദിത്യനാണ്.

എന്നാൽ കഥ ഇവിടെ അവസാനിക്കുന്നില്ല. ഈ വിവരങ്ങൾ ഞാൻ അന്വേഷണസംഘത്തിന് മെയിലായി അയച്ചിരിക്കുന്നു.

ഞാൻ ആദിത്യനെ കാണാൻ പോകുന്നു. ഒരുപക്ഷേ, ഞാൻ തിരിച്ചുവന്നില്ലെങ്കിൽ അടുത്ത ഇര ഞാനായിരുന്നു എന്ന് വായനക്കാർ കൂട്ടിവായിക്കണം എന്ന് അപേക്ഷിക്കുന്നു.

എന്ന്

സിദ്ധാർഥൻ'.

ഛായാ മരണം
പ്രവീൺ ചന്ദ്രൻ
മാതൃഭൂമി ബുക്‌സ്
2020, 270 രൂപന

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP