Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരകൾ: അനുഭവങ്ങളുടെ ചരിത്രം

ഇരകൾ: അനുഭവങ്ങളുടെ ചരിത്രം

ഷാജി ജേക്കബ്‌

'I write not about war, but about human beings in war. I write not the history of a war, but the history of feelings. I am a historian of the soul.' - Svetlana Alexievich

ലയാളിയുടെ സാമൂഹ്യ മാധ്യമ സംവാദങ്ങളെ വിമർശനാത്മകവും രാഷ്ട്രീയബദ്ധവുമായി നവീകരിക്കുകയും അതുവഴി കേരളീയ സൈബർ പൊതുമണ്ഡലത്തെ ചരിത്രനിഷ്ഠവും മാനവികവുമായി പുനർനിർവചിക്കുകയും ചെയ്തവരുടെ ഒരു പട്ടിക തയ്യാറാക്കിയാൽ, ഇക്കഴിഞ്ഞ അഞ്ചുവർഷക്കാലത്ത് ആശയപരമായ ആധികാരികതയും ജൈവികമായ ബൗദ്ധികതയും നിലപാടുപരമായ ആർജ്ജവവും സമീപനപരമായ വിശ്വാസ്യതയും കൊണ്ട് അതിൽ ഒന്നാം നിരയിൽ വരുന്ന നന്നേ ചുരുക്കം ചിലരിൽ ഒരാൾ നിശ്ചയമായും സുധാമേനോൻ ആയിരിക്കും. ദേശീയ-അന്തർദേശീയ വിഷയങ്ങളാകട്ടെ; മത-വർഗീയ ധ്രുവീകരണങ്ങളാകട്ടെ; സാമൂഹ്യ-സാമ്പത്തിക പ്രശ്‌നങ്ങളാകട്ടെ; വികസന-ഭരണ പ്രതിസന്ധികളാകട്ടെ; ദുരന്ത-പുനരധിവാസപദ്ധതികളാകട്ടെ; ജാതി-ലിംഗസ്സമത്വങ്ങളാകട്ടെ; നൈതിക-മാനവിക സംഘർഷങ്ങളാകട്ടെ; മതേതര-രാഷ്ട്രീയ തത്വങ്ങളാകട്ടെ-സുധാമേനോന്റെ എഴുത്തുകളും ചർച്ചകളും മലയാളിയുടെ സമീപകാല സാമൂഹ്യമാധ്യമരാഷ്ട്രീയങ്ങളെ പുനർവിഭാവനം ചെയ്ത ഇടപെടലുകൾ തന്നെയായി മാറുകയായിരുന്നു. നെഹ്രുവിയൻ മതേതര ദേശീയതയോടുള്ള കണിശമായ പ്രതിബദ്ധതയും സംഘപരിവാർ പ്രത്യയശാസ്ത്രത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത വിമർശനവും സാമൂഹ്യ-സാമ്പത്തിക മണ്ഡലങ്ങളുടെ സൂക്ഷ്മജനാധിപത്യ വിശകലനവും രാജ്യാന്തര പുനരധിവാസപദ്ധതികളിലെ സക്രിയമായ പങ്കാളിത്തവും വിഷയാവതരണങ്ങളിലെ സയുക്തികവും സംവാദാത്മകവുമായ ജനാധിപത്യ നിലപാടുകളും സ്ത്രീജീവിതാഖ്യാനങ്ങളിൽ നിരന്തരം സൂക്ഷിക്കുന്ന അനുഭവപരതയുടെ ആർജ്ജവവും കൊണ്ട് മലയാളത്തിൽ അപൂർവവും ശ്രദ്ധേയവുമായ ഒരു വിചാരമണ്ഡലത്തിനു രൂപം കൊടുക്കാൻ സുധക്കു കഴിഞ്ഞിട്ടുണ്ട്. അതിന്റെ മികച്ച മാതൃകയാണ് അവരെഴുതിയ ആദ്യപുസ്തകം-'ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ'.

2003 മുതൽ ഇന്നോളം ഇടവേളകളില്ലാതെ ഗവേഷകയും പ്രോഗ്രാം മാനേജരും കൺസൾട്ടന്റുമായി ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിരന്തരം നടത്തിയ നിരവധി മാനങ്ങളുള്ള സാമൂഹ്യപ്രവർത്തനങ്ങളുടെ സാംസ്‌കാരിക മൂലധനത്തിൽനിന്ന് സുധ വേർതിരിച്ചെടുത്ത സ്ത്രീജീവിതാനുഭവങ്ങളുടെ സൂക്ഷ്മചരിത്രപാഠമാകുന്നു ഈ പുസ്തകം. 2003 മുതലുള്ള നാലഞ്ചുവർഷം അവർ സ്വന്തം ഡോക്ടറൽ ഗവേഷണത്തിന്റെ ഭാഗമായി ഇന്ത്യയിലെ കർഷക ആത്മഹത്യകളെയും അവ സ്ത്രീകൾക്കു സൃഷ്ടിച്ചുനൽകുന്ന മരണമില്ലാത്ത ദുരിതങ്ങളെയും കുറിച്ചു പഠിച്ചു. തെലുങ്കാനയായിരുന്നു പഠന/ഗവേഷണ മേഖല. 2008 മുതൽ 2015 വരെ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ യുദ്ധവിധവകളെ പുനരധിവസിപ്പിക്കുന്ന സാർക്ക് പദ്ധതിയുടെ സീനിയർ പ്രോഗ്രാം മാനേജർ ആയിരുന്നു. 2016 മുതൽ ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ അസംഘടിത മേഖലയിലുള്ള സ്ത്രീതൊഴിലാളികളനുഭവിക്കുന്ന മനുഷ്യാവകാശധ്വംസനങ്ങൾ പഠിക്കുകയും അവയ്ക്ക് പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്ന ഒരു യൂറോപ്യൻ കൺസൾട്ടൻസി കമ്പനിയുടെ സീനിയർ കൺസൾട്ടന്റായി പ്രവർത്തിക്കുന്നു സുധ. ഇക്കാലയളവിൽ അവർ കണ്ട ആയിരക്കണക്കായ സ്ത്രീകളുടെ ദുരിതജീവിതപർവങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത ആറുപേരുടെ അനുഭവാഖ്യാനങ്ങളാണ് ഈ പുസ്തകം. സ്വെറ്റ്‌ലാന അലക്‌സിവിച്ച് പറയുന്നതുപോലെ, ആത്മാവിന്റെ ചരിത്രപാഠങ്ങൾ.

          ആറധ്യായങ്ങളിലായി ആറു രാജ്യങ്ങളിൽനിന്നുള്ള ആറ് സ്ത്രീകളുടെ അസമാനമായ ജീവിതവും അതുല്യമായ സഹനങ്ങളും അവിശ്വസനീയമായ അതിജീവനവും അവതരിപ്പിക്കുകയാണ് പുസ്തകം. പുനരധിവാസപ്രവർത്തനങ്ങൾക്കിടയിൽ ആത്മബന്ധം സ്ഥാപിച്ച സ്ത്രീകളിൽനിന്ന്, തന്നെ അകംപുറം പൊള്ളിച്ചുരുക്കിയ അനുഭവങ്ങളുടെ തീപ്പാടുകൾ മായാതെ പകർത്തിവയ്ക്കുകയാണ് ഗ്രന്ഥകാരി. കരളറുന്ന കഥനങ്ങൾ. കാവ്യാത്മകമായ ആഖ്യാനം. ഓരോ അനുഭവകഥനത്തിനും മുന്നോടിയായി ചേർക്കുന്ന കാവ്യാകഥാസൂചനകളുടെ തെരഞ്ഞെടുപ്പിൽപോലും സുധ പ്രകടിപ്പിക്കുന്ന ജീവിതകലയും രാഷ്ട്രീയ കാഴ്ചപ്പാടും അനുപമമാണ്. ശ്രീലങ്കയിലെ ജീവലതയുടെയും പാക്കിസ്ഥാനിലെ ഹാജിറയുടെയും അഫ്ഗാനിസ്ഥാനിലെ പർവീണിന്റെയും ബംഗ്ലാദേശിലെ സഫിയയുടെയും നേപ്പാളിലെ ശ്രേഷ്ഠയുടെയും ഇന്ത്യയിലെ രേവമ്മയുടെയും അതിജീവനകഥകളവതരിപ്പിക്കുന്ന രചനകൾക്ക് പൊതുവായ ഒരു ഘടനയും സ്വരൂപവുമുണ്ട്. യുദ്ധം, വംശീയലഹള, ആൺകോയ്മ, പൗരോഹിത്യം, മതഭീകരവാദം, ജാതിവെറി, ഭരണകൂടഹിംസ, പ്രത്യയശാസ്ത്രസർവാധിപത്യം, കോർപ്പറേറ്റ് ചൂഷണം, ദാരിദ്ര്യം, ഭൂകമ്പം, വെള്ളപ്പൊക്കം.... എന്നിങ്ങനെ ദക്ഷിണേഷ്യൻ രാജ്യങ്ങളെ സമൂലം തലകീഴ്മറിച്ച മാനുഷികവും പ്രകൃതിപരവുമായ ദുരന്തങ്ങൾ അന്തമറ്റ ചൂഷണങ്ങളിലും പീഡനങ്ങളിലും കൂടി കടത്തിവിട്ട സ്ത്രീകളുടെ, മരണത്തെക്കാൾ കൊടിയ ജീവിതങ്ങളുടെയും അവരിൽ ചിലരുടെ അത്ഭുതകരമായ അതിജീവനങ്ങളുടെയും കഥകളാണ് ഓരോന്നും. ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയ സംഘർഷങ്ങളെയും അഭയാർഥിപ്രതിസന്ധികളെയും കുറിച്ച് മലയാളത്തിൽ മുൻപ് ചർച്ചചെയ്തിട്ടുള്ളത് ടി.ടി. ശ്രീകുമാറിന്റെ 'പലായനങ്ങൾ' മാത്രമാണെന്നു തോന്നുന്നു. സുധയുടേത് മറ്റൊരു സൂക്ഷ്മ-ജീവിതകാലവും ലിംഗ-രാഷ്ട്രീയലോകവും മുൻനിർത്തിയുള്ള ഭാവചരിത്രനിർമ്മിതിയാണ്.       

മൂന്നു തലങ്ങളിലൂന്നിയാണ് ഓരോ അനുഭവജീവിതവും സുധ അവതരിപ്പിക്കുന്നത്. ഭൂമിശാസ്ത്രം, അധികാരചരിത്രം, നരവംശശാസ്ത്രം, മത-വംശഘടന, സാമൂഹ്യശാസ്ത്രം, രാഷ്ട്രീയ-സമ്പദ് ശാസ്ത്രം തുടങ്ങിയവ അപഗ്രഥിച്ചും കണക്കുകളും രേഖകളും സൂചിപ്പിച്ചും ഓരോ രാജ്യവും ദേശവും ഇക്കാലയളവിൽ നേരിട്ട സവിശേഷമായ ചില പ്രതിസന്ധികളുടെ പശ്ചാത്തലം വിവരിക്കുന്നു, ഒന്നാമത്. മുഴുവൻ മാനുഷികാതിക്രമങ്ങളുടെയും പ്രകൃതിദുരന്തങ്ങളുടെയും ഇരകളായി മാറുന്ന സ്ത്രീകളുടെ ദുരവസ്ഥ വിവരിച്ച് അതിൽനിന്ന് ഒരു വ്യക്തിയുടെ അനുഭവസാന്ദ്രമായ സൂക്ഷ്മജീവിതാവിഷ്‌ക്കാരത്തിലേക്കു വരുന്നു, രണ്ടാമത്. രാജ്യാന്തര, ഭരണകൂടേതര ഇടപെടലുകളിലൂടെ സാധ്യമായ അതിജീവിതത്തിന്റെ കലയും രാഷ്ട്രീയവും എങ്ങനെ ആ സ്ത്രീയുടെയും അതുവഴി ഒരുവിഭാഗം ഇരകളുടെയും ചരിത്രം വഴിതിരിച്ചു വിട്ടു എന്നപഗ്രഥിക്കുന്നു, മൂന്നാമത്. ഈ ആറു സ്ത്രീകൾ ആദ്യവ്യക്തികളല്ല, ആറ് പ്രതിനിധികളും ആറ് രാഷ്ട്രങ്ങളും ആറ് ചരിത്രങ്ങളുമാണെന്നു തെളിയിച്ചുകൊണ്ട്, മലയാളത്തിൽ നാളിതുവരെ ചർച്ചചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു മേഖലയിൽ ദീർഘകാലം നടത്തിയ പുനരധിവാസ പ്രവർത്തനത്തിന്റെയും ലിംഗരാഷ്ട്രീയ ഗവേഷണത്തിന്റെയും സൂക്ഷ്മചരിത്രനിർമ്മിതിയുടെയും പ്രാതിനിധ്യ സാമൂഹ്യപഠനത്തിന്റെയും ഉപഭൂഖണ്ഡ രാഷ്ട്രീയാപഗ്രഥനത്തിന്റെയും ആണധികാരവ്യവസ്ഥകളുടെ അപനിർമ്മാണത്തിന്റെയും പ്രത്യയശാസ്ത്രവിമർശനത്തിന്റെയും കമ്യൂണിസ്റ്റനന്തര-ആഗോളവൽകൃത ലോകക്രമത്തിൽ രാഷ്ട്രീയസ്വരൂപമാർജ്ജിച്ച മത-ജാതി-വംശ-സമ്പദ്‌വ്യവസ്ഥകളുളവാക്കുന്ന സാമൂഹ്യാഘാതങ്ങളുടെ വിശകലനത്തിന്റെയും പാഠമാതൃകയായി മാറുന്നു, ഈ പുസ്തകം.

          യുദ്ധവിധവകളുടെ പുനരധിവാസത്തിന്റെയും അസംഘടിത മേഖലകളിലെ സ്ത്രീതൊഴിലാളികളനുഭവിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളിലേക്കുള്ള ശ്രദ്ധക്ഷണിക്കലിന്റെയും രംഗത്തെ ദീർഘകാല പ്രവർത്തനത്തിന്റെ പശ്ചാത്തലം നൽകിയ അസാധാരണമായ തിരിച്ചറിവുകൾ മുൻനിർത്തി രചിച്ച ഈ കൃതിയുടെ സ്വരൂപം ആമുഖത്തിൽ സുധാമേനോൻ ഇങ്ങനെ സംഗ്രഹിക്കുന്നു.

         

'രണ്ടായിരത്തി എട്ടു മുതൽ രണ്ടായിരത്തി പതിനഞ്ചുവരെ സൗത്ത് ഏഷ്യൻ രാജ്യങ്ങളിലെ യുദ്ധവിധവകളെ പുനരധിവസിപ്പിക്കുന്ന ഒരു പ്രോജക്ടിന്റെ സീനിയർ പ്രോഗ്രാം മാനേജർ ആയിരുന്നു ഞാൻ. സാർക്ക് ഡവലപ്പ്‌മെന്റ് ഫണ്ടിന്റെ ധനസഹായത്തോടെ പ്രവർത്തിച്ച ഒരു ബഹുരാഷ്ട്രപദ്ധതി. ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ യുദ്ധങ്ങളുടെയും വംശീയകലാപങ്ങളുടെയും ഭൂകമ്പങ്ങളുടെയും ഒക്കെ ഇരകളായ സ്ത്രീകളെ പ്രാദേശികമായി സംഘടിപ്പിച്ചശേഷം, അവരുടെ സഹകരണസംഘങ്ങൾ ഉണ്ടാക്കി സ്വയംപര്യാപ്തരാക്കുന്ന ഒരു വിശാലമായ പദ്ധതി ആയിരുന്നു അത്.

          ദീർഘനാളത്തെ വംശീയയുദ്ധത്തിന്റെ ഇരകളായ സ്ത്രീകൾ താമസിക്കുന്ന ശ്രീലങ്കയിലെ ജാഫ്‌നയും ബാട്ടിക്കളോവയും; താലിബാൻ അധിനിവേശം നടത്തിയ അഫ്ഘാനിസ്ഥാനിലെ കാബുൾ, സറൂബി മേഖലകൾ; കൊടുംവരൾച്ചയും വെള്ളപ്പൊക്കവും മതപൗരോഹിത്യവും ഫ്യൂഡലിസവും ചേർന്ന് ജീവിതം ദുസ്സഹമാക്കിയ പാക്കിസ്ഥാനിലെ കറാച്ചി, സിന്ധ് പ്രദേശങ്ങൾ; ഭൂകമ്പം മനുഷ്യജീവിതങ്ങളെ അമ്മാനമാടിയ നേപ്പാളിലെ സിന്ധുപാൽ, ചൗക്ക്, കോഖന; പരമ്പരാഗത തൊഴിലായ നെയ്ത്തും കൃഷിയും തകർന്നതോടെ പട്ടിണിയിലായ ബംഗ്ലാദേശിലെ കരാട്ടിയ; തീവ്രവാദികളും കാർഗിൽ യുദ്ധവും നശിപ്പിച്ച സ്ത്രീജീവിതങ്ങൾ ഉള്ള ഇന്ത്യയിലെ കാശ്മീർ താഴ്‌വര എന്നിവിടങ്ങളിൽ ആയിരുന്നു പ്രധാനമായും ഈ പ്രോജക്ട് നടപ്പിലാക്കിയത്.

         

അതികഠിനമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ സ്ത്രീകളെ പതിയെപ്പതിയെ സാമ്പത്തികവും സാമൂഹികവും മാനസികവുമായ അതിജീവനത്തിന്റെ പാതയിലേക്കു നടത്തിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. സ്ത്രീകളുടെ ചെറിയ സംഘങ്ങൾ ഉണ്ടാക്കുകയായിരുന്നു ആദ്യപടി. പിന്നീട്, തെരഞ്ഞെടുക്കപ്പെട്ട ഏതാനും ഗ്രാമങ്ങളിൽ ഈ സ്ത്രീകൂട്ടായ്മകൾക്കു വേണ്ടി കമ്മ്യൂണിറ്റി സെന്ററുകൾ ഉണ്ടാക്കി. അവിടെ സ്ത്രീകൾക്കു വിവിധ കൈത്തൊഴിലുകളിൽ പരിശീലനം തുടങ്ങി. പ്രധാനമായും ആ ദേശത്തെ സ്ത്രീകളുടെ പരമ്പരാഗത കൈത്തൊഴിലുകൾ പുനരുജ്ജീവിപ്പിക്കാനും പുതിയകാലത്തെ വിപണിക്ക് അനുസൃതമായ രീതിയിൽ ഉത്പന്നങ്ങൾ ഉണ്ടാക്കാനും ആണ് ശ്രമിച്ചത്. ഉദാഹരണത്തിന് ശ്രീലങ്കയിൽ ഉണക്കമീൻ സംസ്‌കരണം ആയിരുന്നു പ്രധാനമായും ചെയ്തതെങ്കിൽ, കാബൂളിൽ എംബ്രോയ്ഡറി ചെയ്ത പരവതാനികളുടെ നിർമ്മാണം ആയിരുന്നു. അഫ്ഘാനിസ്ഥാനിലെ സ്ത്രീകൾ അതിമനോഹരമായി പരവതാനികൾ ഉണ്ടാക്കുന്നവർ ആണ്. പാക്കിസ്ഥാനിലെ സിന്ധിലും എംബ്രോയ്ഡറി തുന്നൽ പരിശീലനത്തിൽ ആണ് ഊന്നൽ നല്കിയത്. നേപ്പാളിലും കാശ്മീരിലും ഉണങ്ങിയ പഴങ്ങളുടെ സംസ്‌കരണവും കമ്പിളി ഉടുപ്പുകളുടെ തുന്നലും ആയിരുന്നു. ബംഗ്ലാദേശിൽ തയ്യൽ പരിശീലനം.

         

സ്ത്രീകൾ മാത്രം അംഗങ്ങൾ ആയ സഹകരണസംഘങ്ങൾ രൂപീകരിച്ച്, അവർക്കു സംരംഭകത്വ പരിശീലനം നൽകിയശേഷം, അവരെത്തന്നെ സഹകരണസംഘത്തിന്റെ ഉടമകളും മാനേജർമാരും ആക്കുകയാണ് പ്രോജക്ട് ചെയ്തത്. ഉടമസ്ഥാവകാശം ഈ സ്ത്രീകളിൽ ഉത്തരവാദിത്വം ഉണ്ടാക്കാൻ സഹായകമാണ്. കൃത്യമായ മേൽനോട്ടത്തിലൂടെ ഈ സംഘങ്ങൾ എല്ലാം സ്വയം പര്യാപ്തസ്ഥാപനങ്ങൾ ആയി എന്ന് ഉറപ്പുവരുത്തുന്നതും പ്രോജക്ടിന്റെ പ്രധാന ലക്ഷ്യമായിരുന്നു.

          ശൂന്യതയിൽനിന്നും ആയിരുന്നു ഞങ്ങൾ ആരംഭിച്ചത്. അനീതിയുടെ ഏറ്റവും ആസുരമായ രൂപങ്ങളോടുപോലും പ്രതിഷേധിക്കാനാവാതെ, ചൂഷണത്തിന്റെ സമസ്തതലങ്ങളോടും നിശ്ശബ്ദമായി പൊരുത്തപ്പെട്ടു ജീവിക്കുന്ന ഒരുപിടി സ്ത്രീകളെ കൈപിടിച്ചുയർത്തി മുഖ്യധാരയിലേക്കു കൊണ്ടുവരിക എന്നത് അത്യന്തം ശ്രമകരമായ ജോലിയായിരുന്നു. പലരും ജീവിതസംഘർഷങ്ങൾ താങ്ങാൻ കഴിയാതെ പാതിവഴിയിൽ ഉപേക്ഷിച്ചുപോയി. ഭരണകൂടവും ഫ്യൂഡലിസവും മതപൗരോഹിത്യവും ഗോത്രനീതിയും അടിമത്തവും അധികാരത്തിന്റെ പുത്തൻ വ്യവഹാരങ്ങളും ചേർന്ന് അവരുടെ ജീവിതങ്ങളെ ചിതറിച്ചുകൊണ്ടേയിരിക്കുമ്പോഴും അനിതരസാധാരണമായ ആത്മബോധനംകൊണ്ട് മാത്രം ചിലർ അതിജീവിച്ചു. അവരിലൂടെ സഹകരണസംഘങ്ങൾ പടർന്നുപന്തലിച്ചു. നിരവധി സ്ത്രീകൾക്ക്, വംശീയയുദ്ധത്തിന്റെ ഇരകൾക്ക്, തണലേകുന്ന ബോധിവൃക്ഷങ്ങൾ ആയി അവ ക്രമേണ മാറി'.

         

'ഈ പ്രോജക്ട് വിജയകരമായി പൂർത്തിയാക്കിയശേഷം, 2016 മുതൽ ഞാൻ ഒരു യൂറോപ്യൻ കൺസൽറ്റൻസി കമ്പനിയുടെ ബിസിനസ് ആൻഡ് ഹ്യൂമൻ റൈറ്റ്‌സ് വിഭാഗത്തിൽ സീനിയർ റിസർച്ച് ആൻഡ് ഇവാല്വേഷൻ കൺസൽറ്റന്റ് ആയി ജോലി ചെയ്യുകയാണ്. ഇതിന്റെ ഭാഗമായി ഏഷ്യൻ-ആഫ്രിക്കൻ-ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ വൻകിട പശ്ചാത്തലവികസന പ്രോജക്ടുകളിലും വിവിധ തൊഴിൽമേഖലയിലും നടക്കുന്ന നഗ്നമായ അവകാശലംഘനങ്ങളെക്കുറിച്ച് പഠിക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു. ഇവിടെയും നിത്യവും കണ്ടുമുട്ടുന്നത് കടുത്ത ചൂഷണത്തിനു വിധേയരായി, അടിമജീവിതം നയിക്കപ്പെടുന്ന അസംഘടിതമേഖലയിലെ തൊഴിലാളികളെയാണ്. ഖനിത്തൊഴിലാളികൾ, റോഡ് പണിക്കാർ, വിവിധ വസ്ത്രനിർമ്മാണ കമ്പനികളിലെ തൊഴിലാളികൾ, തേയില-കാപ്പിത്തോട്ടം തൊഴിലാളികൾ തുടങ്ങിയവർ നേരിടുന്ന ചൂഷണങ്ങൾ പരിഷ്‌കൃതസമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തവയാണ്. കെട്ടുകഥകളെക്കാൾ ഭീകരമായ സാഹചര്യങ്ങളിൽ ജീവിക്കുന്നവർ നമുക്കിടയിൽ ധാരാളം ഉണ്ടെന്നും അതിഭീകരമായ അടിമത്തത്തിന്റെ ആധുനികരൂപങ്ങൾ ആണ് ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിൻ അമേരിക്കയിലെയും അസംഘടിതമേഖലയിൽ ഉള്ളതെന്നും മനസ്സിലാക്കിയത് അങ്ങനെയായിരുന്നു'.

          ശ്രീലങ്കയിൽ സിംഹളരും തമിഴരും തമ്മിൽ 1950കൾ തൊട്ടാരംഭിച്ച വംശ-മത-ഭാഷാ-ഗോത്ര-രാഷ്ട്രീയസംഘർഷങ്ങളുടെ രണ്ടാംഘട്ടം 1970കളുടെ രണ്ടാം പകുതിയിലാണ് തുടങ്ങുന്നത്. വേലുപ്പിള്ള പ്രഭാകരന്റെ മൂന്നുപതിറ്റാണ്ടു നീളുന്ന നേതൃത്വം എൽ.ടി.ടി.ഇ. എന്ന സംഘടനയെ ആഗോള ചാവേർ-ഗറില്ലാപോരാളികളുടെ അതുല്യമാതൃകയാക്കി മാറ്റി. സിംഹളഭരണകൂടവും സൈനികരും ഒരുവശത്തും തമിഴ് വിമോചനപ്പോരാളികൾ മറുവശത്തുമായി നടന്ന സായുധയുദ്ധങ്ങളുടെ കാലം രാഷ്ട്രത്തലവന്മാരുടെ മാത്രമല്ല ആയിരക്കണക്കായ സിംഹളസൈനികരുടെയും തമിഴ്‌പോരാളികളുടെയും സാധാരണക്കാരുടെയും കൂട്ടക്കൊലകളിലൂടെ മുന്നോട്ടു പോയി. 2009 മെയ് 18ന് പ്രഭാകരൻ കൊല്ലപ്പെടുന്നതു വരെ ആ കാലം നീണ്ടുനിന്നു. സിംഹങ്ങൾക്കും പുലികൾക്കുമിടയിൽ തമിഴ്ജനതയനുഭവിച്ച സമാനതകളില്ലാത്ത ദുരന്തങ്ങളുടെ ജീവിതസാക്ഷ്യമെന്ന നിലയിൽ ജീവലതയെന്ന സ്ത്രീയുടെ അനുഭവം പറയുകയാണ് ആദ്യലേഖനത്തിൽ സുധ. 1975 തൊട്ടുള്ള രക്തരൂഷിത സംഘർഷങ്ങളുടെ ചരിത്രം ജീവലതയുടെ അച്ഛനെയും അമ്മയെയും സഹോദരനെയും ഭർത്താവിനെയും മകനെയും മകളെയും ഒന്നൊന്നായി ബലികൊടുത്തതിന്റെ നാൾവഴിചരിതമാണത്. യുദ്ധവും ബോംബും തോക്കും ക്രൂരമർദ്ദനങ്ങളും ബലാൽക്കാരവും വേട്ടയും ഹിംസയും പലായനവും മൂന്നുപതിറ്റാണ്ടിലധികം കാലം ജീവലതയെ ഭ്രാന്തുപിടിപ്പിക്കുന്ന അനുഭവങ്ങളിലൂടെ കടത്തിവിട്ടു. യുദ്ധാനന്തരം ശ്രീലങ്കയിലെ ബട്ടിക്കലോവ എന്ന പ്രദേശത്ത് നടന്ന പുനരധിവാസപദ്ധതിയിൽ ചേർന്ന് നേതൃനിരയിലേക്കുയർന്ന ജീവലതയുടെ അവിശ്വസനീയമായ അതിജീവനത്തിന്റെ കഥയെഴുതുകയാണ് സുധ. അങ്ങേയറ്റം ഹൃദയദ്രവീകരണശേഷിയുള്ള ഭാഷയിലും കാഴ്ചയിലും ജീവലതയുടെ ജീവിതകഥ പൂർത്തിയാക്കി, സുധ, ലേഖനം ഇങ്ങനെ സമാപിപ്പിക്കുന്നു.

'കഥ പറഞ്ഞുനിർത്തിയ ജീവ എനിക്കു മുന്നിൽ ചോറും മീൻകറിയും നിരത്തി. ഇരമ്പുന്ന കടലിനെ നോക്കി, വെറും മണലിൽ ഇരുന്നു ഞാൻ കഴിക്കാൻ തുടങ്ങി. കണ്ണീർ തുടച്ചുകൊണ്ട് ജീവ പറഞ്ഞുകൊണ്ടേയിരുന്നു.

          'മണിമേഖല കുഞ്ഞായിരിക്കുമ്പോൾ മീൻ കഴിക്കില്ലായിരുന്നു. യുദ്ധത്തിൽ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങൾ ആണ് മത്സ്യങ്ങൾ ആയി പുനർജ്ജനിക്കുന്നതെന്ന് അവളോട് ടീച്ചർ പറഞ്ഞിട്ടുണ്ടത്രേ.... കല്ലടിപ്പാലത്തിന് അരികിൽ നിലാവുള്ള രാത്രിയിൽ ഇടയ്ക്കു കേൾക്കാറുള്ള മീനുകളുടെ ഇമ്പമുള്ള പാട്ടില്ലേ? ആ മീനുകൾ യുദ്ധത്തിൽ മരിച്ചുപോയ കുഞ്ഞുങ്ങളുടെ ആത്മാവുകൾ ആണെന്ന് മണിമേഖല പലപ്പോഴും പറയും. അവർ രാത്രിയിൽ വെറുതേ പാട്ട് പാടുന്നതല്ലപോലും; അമ്മമാരെ വിളിച്ചുകരയുന്നതാണ്....

          ഞാൻ ഇപ്പൊ കൊക്കടിച്ചോലയിൽനിന്നും കല്ലടിയിലേക്ക് പോകാറില്ല.... മീൻ പാടും പാട്ട് ഒരിക്കലും കേട്ടിട്ടും ഇല്ല.

          ഒരു പക്ഷേ.... ഒരു പക്ഷേ.... ആ പാട്ട് പാടുന്ന മീൻ എന്റെ മകൾ ആണെങ്കിലോ?'

          ജീവ ഒരു നിമിഷം നിശ്ശബ്ദയായി.

          കവിളിലൂടെ കണ്ണീരൊഴുകി മുന്നിലെ കിണ്ണത്തിൽ വീഴുന്നത് ജീവ കാണാതിരിക്കാൻ ഞാൻ ശ്രമിച്ചു. പാത്രത്തിലെ മീൻകഷണത്തിൽ കൈയിട്ടപ്പോൾ മനസ്സ് പിടഞ്ഞു. വെറുതേ കിണ്ണത്തിൽ കൈയിട്ടിളക്കിക്കൊണ്ട് ഞാൻ ഇരുട്ടിൽ ഇരമ്പുന്ന കടലിലേക്കു നോക്കി.

          ഹൃദയത്തിൽ പേരറിയാത്ത ഏതോ ശോകം ഉറഞ്ഞുകൂടി... മുന്നിൽ ഇരിക്കുന്ന സാധുസ്ത്രീയെ ഞാൻ വെറുതെ നോക്കിക്കൊണ്ടിരുന്നു...

          1975-ൽ ഞാൻ ജനിച്ചതേയുള്ളൂ. പക്ഷേ, ആ വർഷം മുതൽ തുടങ്ങിയതാണ് ജീവയുടെ ദുരന്തജീവിതം.

          പ്രണയത്തിന്റെ ഉന്മാദവും ജീവിതത്തിലെ വസന്തവും അനുഭവിക്കാൻ കഴിയാതെ നെരിപ്പോടിൽ നീറിപ്പോയ, പലായനത്തിന്റെ മുറിവുകൾ മാത്രം അനുഭവിച്ച ഒരു സ്ത്രീജന്മം..

         

അച്ഛനെ, അമ്മയെ, ഓമനമകളെ, മകനെ, ഡോക്ടർ ആകാൻ കൊതിച്ച ഭൂതകാലത്തെ, ജനിച്ചുവളർന്ന ജാഫ്‌നയിലെ ചെങ്കല്ല് കൊണ്ട് പണിത വീടിനെ, സ്വപ്നങ്ങളെ... ഒക്കെ യുദ്ധം കവർന്നെടുത്തു.

          പക്ഷേ, എഴുതപ്പെട്ട യുദ്ധചരിത്രങ്ങളിലൊന്നും ജീവലതയുടെ കഥ ഉണ്ടാവില്ല, ഒരിക്കലും.

          രാജപക്‌സെയുടെ വിജയവും പ്രഭാകരന്റെ പതനവും ആയി നാളത്തെ തലമുറ വംശീയയുദ്ധത്തിന്റെ വീരഗാഥകൾ പാടിനടക്കും...

          കുറ്റബോധമില്ലാതെ....

          ജീവലത, പക്ഷേ, അഭിശപ്തമായ ഭൂതകാലത്തിന്റെ ചതുപ്പ് നിലങ്ങളിൽ കാലിടറി വീണില്ല. ഒരു മേഘക്കീറിന്റെ വെളിച്ചംപോലും കൂട്ടിനുണ്ടായിരുന്നില്ലെങ്കിലും അവർ പതുക്കെ മുന്നോട്ടു നടന്നു.... മുറിവുകൾ ഉണങ്ങി ജീവിതത്തിലേക്ക് തിരിച്ചുവന്നു...

          ഇന്ന്, ജീവയ്ക്കും കൂട്ടുകാർക്കും വരുമാനവും ആത്മവിശ്വാസവും ഒത്തൊരുമയും ഉണ്ട്. എല്ലാ യുദ്ധങ്ങളും വംശീയകലാപങ്ങളും ആത്യന്തികമായി ബാധിക്കുന്നത് സ്ത്രീകളെയും കുഞ്ഞുങ്ങളെയും ആണെന്ന് അവർക്കറിയാം. സിംഹളരും തമിഴരും ഒരുപോലെ അത് അംഗീകരിച്ചുകഴിഞ്ഞു. സ്ത്രീശരീരം വംശീയരാഷ്ട്രീയത്തിന് ഉഴുതുമറിക്കാനുള്ള ഉപകരണങ്ങൾ മാത്രമായിരുന്നു എന്ന് ശ്രീലങ്കയിലെ ഓരോ സ്ത്രീയും വേദനയോടെ തിരിച്ചറിഞ്ഞു.

          വംശമഹിമയും സ്വത്വബോധവും കുലാഭിമാനവും എല്ലാം അധികാരം പിടിച്ചെടുക്കാനുള്ള ആരുടെയൊക്കെയോ ഉന്മാദങ്ങൾ മാത്രമായിരുന്നുവെന്നും ആ ഉന്മാദരാഷ്ട്രീയത്തിന്റെ ചൂണ്ടയിൽ കോർത്തിട്ട ഇരകൾ മാത്രമായിരുന്നു സാധാരണക്കാരായ തമിഴനും സിംഹളനും എന്ന ബോധ്യത്തിൽ അവർ ഇന്ന് എല്ലാ യുദ്ധങ്ങളെയും രാജോന്മാദങ്ങളെയും വെറുക്കുന്നു. ഒരേ വേദനയാണ് യുദ്ധം തങ്ങൾക്കു നൽകിയതെന്ന തിരിച്ചറിവിൽ അവർ ജീവിതത്തെ വീണ്ടും തിരിച്ചുപിടിക്കാൻ തുടങ്ങി'.

         

തുടർന്നങ്ങോട്ട്, മതഭീകരവാദത്തിനും വംശയുദ്ധത്തിനും പൗരോഹിത്യ മുഷ്‌കിനും ഭരണകൂടവേട്ടക്കും കോർപ്പറേറ്റ് അധിനിവേശത്തിനും പട്ടിണിക്കും പലായനത്തിനും ബലാൽക്കാരങ്ങൾക്കും ഇരയായി മാറുന്ന സ്ത്രീകളുടെ തുടർജീവിതങ്ങളുടെയും അതിജീവനങ്ങളുടെയും കഥപറയുമ്പോഴും സുധയ്ക്കുള്ളത് ഇതേ രാഷ്ട്രീയ ഊർജ്ജവും നൈതിക ആർജ്ജവവും തന്നെയാണ്.

          പാക്കിസ്ഥാനിൽ, സിന്ധ് പ്രവിശ്യയിലെ ബദീനിൽനിന്നുള്ള സൈറയുടെ കഥയിലേക്കു വരിക. കിഴക്കൻ യു.പി.യിലെ ഗോരഖ്പൂരിൽനിന്ന് വിഭജനകാലത്ത് പാക്കിസ്ഥാനിലേക്ക് അഭയാർഥിയായി എത്തിയതാണ് സൈറയുടെ ഉമ്മ. പന്ത്രണ്ടാം വയസ്സിൽ അവരുടെ വിവാഹം കഴിഞ്ഞു. പണിയെടുത്തിരുന്ന വീട്ടിലെ ജന്മിയും അയാളുടെ ആൺമക്കളും പലതവണ അവളെ ബലാൽക്കാരം ചെയ്തു. പുറത്തറിഞ്ഞാലോ പൊലീസിൽ പരാതിപ്പെട്ടാലോ അവിഹിതക്കുറ്റം ചുമത്തി കല്ലെറിഞ്ഞുകൊല്ലും എന്നതിനാൽ അവരെല്ലാം സഹിച്ചുജീവിച്ചു. സൈറയടക്കം എട്ടുമക്കളുണ്ടായി അവർക്ക്. പന്ത്രണ്ടാം വയസ്സിൽതന്നെ സൈറയും വിവാഹിതയായി. മൂന്നു മക്കളും ഭർത്താവുമായി മത്സ്യത്തൊഴിലാളിയായി ജീവിക്കുന്ന സൈറക്ക് ജന്മിത്തം, ഭരണകൂടം, പൗരോഹിത്യം എന്നീ മൂന്ന് പുരുഷാധിപത്യ സ്ഥാപനങ്ങളുടെയും ഇരയായി, ഉമ്മയെപ്പോലെതന്നെ ഒരൊറ്റ ജീവിതത്തിൽ എത്രയെങ്കിലും വേഷങ്ങൾ കെട്ടേണ്ടിവരുന്നു. തുണികളിൽ എംബ്രോയ്ഡറി ചെയ്യുന്ന സഹകരണസംഘമുണ്ടാക്കി സൈറയെ അതിന്റെ നേതൃത്വമേല്പിച്ച കാലത്താണ് അവൾ സുധയോട് ഹാജിറയുടെ കഥ പറയുന്നത്. സൈറയുടെയും ഉമ്മയുടെയുമൊക്കെ അനുഭവങ്ങളെ നിസ്സാരമാക്കി മാറ്റുന്ന നരകത്തീയിലാണ് ഹാജിറ ചെന്നു വീണത്. വായിക്കൂ:

         

'സൈറയുടെ വീട്ടിൽനിന്നും തൊട്ടടുത്തുതന്നെയുള്ള കമ്മ്യൂണിറ്റി സെന്ററിലേക്കു നടക്കുമ്പോഴാണ് അവൾ ഹാജിറയുടെ കഥ പറഞ്ഞുതന്നത്. സൈറയുടെ കൂട്ടുകാരിയായിരുന്ന ഹാജിറയുടെ കഥ.

          സ്‌കൂളിൽ പോയിട്ടില്ലാത്ത, അക്ഷരമറിയാത്ത ഹാജിറയുടെ ലോകം, അവളുടെ ഗ്രാമമായ ഗമണിയും  അതിനു ചുറ്റും ഒഴുകുന്ന സിന്ധുനദിയും മാത്രമായിരുന്നു. ഒരു ദിവസം, ഉച്ചയ്ക്ക് പശുവിനു പുല്ലരിയാൻ ഗുണിയിലെ സിന്ധു കനാലിന് അരികിലൂടെ നടന്നുപോയ ഹാജിറയെ, ഗ്രാമത്തിലെ സമ്പന്നനായ ഒരു പഷ്തൂൺ ജന്മി-അയാൾ പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ലോക്കൽ നേതാവുകൂടിയാണ്-ബലമായി കാറിൽ കയറ്റി കൊണ്ടുപോയി ക്രൂരമായി റേപ്പ്‌ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് അവളെ അതേ കാറിൽ തിരികെ കൊണ്ടുവന്ന്, കനാലിന് അടുത്ത്  ഉപേക്ഷിച്ചു. അതിലൂടെപോയ ഒരു ആട്ടിടയൻ ഹാജിറയെ രക്ഷിച്ച് വീട്ടിലെത്തിച്ചു. പരാതിപ്പെട്ടിട്ടു കാര്യമില്ലെന്ന് അറിയാവുന്ന അവൾ ഒടുവിൽ ബദീനിലെ NGO പ്രവർത്തകരുടെ നിർബന്ധത്തിനു വഴങ്ങി പൊലീസിനെ സമീപിച്ചു.

പാക്കിസ്ഥാനിൽ ജനറൽ സിയയുടെ കാലത്തുണ്ടാക്കിയ സ്ത്രീവിരുദ്ധമായ 'ഹദൂദ്' നിയമം പിൻവലിച്ചുകൊണ്ട് സ്ത്രീസംരക്ഷണ നിയമം പാസാക്കിയിട്ട് അധിക നാൾ ആയിരുന്നില്ല. അതുകൊണ്ടുതന്നെ, പരാതി കൊടുത്താൽ നീതി കിട്ടുമെന്ന് അവർ പ്രതീക്ഷിച്ചു. പാക്കിസ്ഥാൻ പീനൽകോഡിനു പകരം ഇസ്ലാമിക നിയമങ്ങൾക്ക് അനുസൃതമായി ജനറൽ സിയാ 1979-ൽ ഉണ്ടാക്കിയ പ്രാകൃതമായ കാട്ടുനീതിയുടെ പേരായിരുന്നു 'ഹദൂദ്'. ചാട്ടവാറടി, കല്ലെറിഞ്ഞുകൊല്ലൽ, ദുരഭിമാനക്കൊല തുടങ്ങിയവ നിയമവിധേയമാക്കിയത് ഈ നിയമത്തിലൂടെ ആയിരുന്നു. 2006-ലെ സ്ത്രീസംരക്ഷണനിയമം അതുകൊണ്ടുതന്നെ പാക്കിസ്ഥാനി സ്ത്രീകളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയായി പരക്കെ പ്രകീർത്തിക്കപ്പെട്ടു. പക്ഷേ, നിർഭാഗ്യവശാൽ, നിയമവാഴ്ചയും നീതിനിർവഹണവും മരീചികമാത്രമായ സിന്ധിൽ ഒരിക്കലും ഇതൊന്നും പാലിക്കപ്പെട്ടില്ല.

പരാതി കൊടുത്തതിനുശേഷം ഹാജിറ അനുഭവിച്ചത് സമാനതകൾ ഇല്ലാത്ത പീഡനങ്ങൾ ആണ്. ഗ്രാമക്കോടതിയിൽ എത്തിയപ്പോഴേക്കും ഹാജിറയുടേത് വ്യഭിചാരക്കുറ്റമാക്കി അവതരിപ്പിക്കപ്പെട്ടു. ഹാജിറയെ രക്ഷിച്ച ഇടയ ബാലനും അവളും തമ്മിൽ അവിഹിതബന്ധമാണെന്നും അത് നേരിൽ കണ്ടപ്പോൾ, ഗോത്രത്തിന്റെ അഭിമാനം സംരക്ഷിക്കാൻവേണ്ടി താൻ ബെൽറ്റ് ഊരി രണ്ടുപേരെയും തല്ലുകയാണു ചെയ്തതെന്നും ജന്മി പറഞ്ഞു. രണ്ടു കള്ളസാക്ഷികളെയും ഹാജരാക്കി. ഹാജിറയുടെ വ്യഭിചാരം മറച്ചുപിടിക്കാനുള്ള കള്ളക്കഥയാണ് റേപ്പ് ആരോപണം എന്നു വളരെ എളുപ്പം സ്ഥാപിക്കാൻ ആ ജന്മിക്കു കഴിഞ്ഞു. കാരണം, അധികാരവും പണവും പൊലീസും നിയമവും അയാൾക്കൊപ്പമാണ്. ഗ്രാമത്തിലെ പുരോഹിതരും പൊലീസും അത് സമ്മതിച്ചു.

          ദുരഭിമാനക്കൊലയിലും പരസ്യ ചാട്ടവാറടിയിലും അവസാനിക്കേണ്ട പ്രശ്‌നം കേവലം രണ്ടടിയിൽ ഒതുക്കുകയാണു താൻ ചെയ്തതെന്ന് പച്ചക്കള്ളം പറഞ്ഞ ജന്മി ഒടുവിൽ വാദിയായി. മാത്രമല്ല, ഹാജിറയെയും കുടുംബത്തെയും ഊരുവിലക്കുകയും പരസ്യമായി കല്ലെറിയാൻ വിധിക്കുകയും ചെയ്തു. ഗ്രാമത്തിലെ വലിയ പഞ്ചസാരമില്ലിന്റെ ഉടമയാണ് അയാൾ. ഹാജിറ ആണെങ്കിൽ വിഭജനത്തിനുശേഷം ഇന്ത്യയിൽനിന്നും പലായനം ചെയ്തു സിന്ധിൽ എത്തിയ മുജാഹിറും. നീതിയും നിയമവും പഷ്തൂൺ ഉന്നതന് ഒപ്പം നിന്നു. സ്വസമുദായവും ഗോത്രവും രഹസ്യമായി, അയാളെ അഭിനന്ദിച്ചു. തങ്ങളുടെ മേല്‌ക്കോയ്മയും അധികാരവും ഒരു പെൺകുട്ടിയുടെ ശരീരത്തിൽകൂടി അടയാളപ്പെടുത്തിയതിന്.

         

അങ്ങനെ കല്ലെറിഞ്ഞു കൊല്ലുന്നതിനു തീയതിയും നിശ്ചയിച്ചു. ഹാജിറ പക്ഷേ, രക്ഷപ്പെടാൻ തീരുമാനിച്ചു. അവൾക്കു മരിക്കാൻ ഇഷ്ടമില്ലായിരുന്നു. ഒരു ദിവസം അവൾ എങ്ങോട്ടെന്നില്ലാതെ ഓടി. ഗുണിയിലെ ചതുപ്പുനിലവും സിന്ധുവിന്റെ നീർച്ചാലും കടന്നുകൊണ്ട് അവൾ ഓടി....

          പകൽസമയങ്ങളിൽ പൊളിഞ്ഞ പള്ളികളുടെയും പാറക്കൂട്ടങ്ങളുടെയും ഇടയിൽ ഒളിച്ചിരുന്നു. രാത്രിയിൽ നിർത്താതെ ഓടി. പക്ഷേ, സ്ത്രീകളുടെ സ്വാതന്ത്ര്യങ്ങളെ നിഹനിക്കുകയും കാരുണ്യങ്ങൾക്കുമേൽ തീ വർഷിക്കുകയും ചെയ്യുന്ന പൗരോഹിത്യത്തിന്റെ അനാദിയായ കഴുകൻ കണ്ണുകൾ ആ പെൺകുട്ടിയെ കണ്ടുപിടിക്കുകതന്നെ ചെയ്തു. നിരന്തരമായ ഓട്ടത്തിനിടയിൽ, ഇടയ്ക്കു നദിക്കരയിൽ തളർന്നുറങ്ങിപ്പോയ അവളെ ഒരു കർഷകൻ ഒറ്റുകൊടുത്തു.

         

അയാൾ ഗ്രാമവാസികളെയും കൂട്ടി വന്നു ഹാജിറയെ പിടിച്ചുകെട്ടി തിരികെ ഗുണിയിൽ എത്തിച്ചു. ഇനിയും വൈകിയാൽ അവൾ വീണ്ടും രക്ഷപ്പെടുമെന്നു മനസ്സിലാക്കിയ ജന്മിയും പ്രാദേശിക പൗരോഹിത്യനേതൃത്വവും പിറ്റേന്നുതന്നെ 'കാരോക്കാരി' നടത്താൻ തീരുമാനിച്ചു.

          അതുപറഞ്ഞപ്പോൾ, ഹാജിറയെ കുഞ്ഞുനാൾ മുതൽ അറിയാവുന്ന സൈറ തേങ്ങിപ്പോയി, ഒരുവേള.

          ദുരഭിമാനക്കൊലയുടെ സിന്ധിനാമമാണ് 'കാരോക്കാരി'. പാക്കിസ്ഥാനിലെ ഏറ്റവും നികൃഷ്ടമായ മത-സാമൂഹികാചാരം. പ്രാദേശിക രാഷ്ട്രീയ ഭൂവുടമ-പൗരോഹിത്യസംവിധാനം അവരുടെ അധികാരം സ്ത്രീകൾക്കു മുകളിൽ എന്നെന്നും നിലനിർത്താൻ വേണ്ടി പാക്കിസ്ഥാൻ പട്ടാളത്തിന്റെ മൗനാനുവാദത്തോടെ നടത്തുന്ന പ്രാകൃതശിക്ഷാവിധി.

          വീട്ടിൽനിന്നും ദുസ്സഹമായ പീഡനം സഹിക്കാനാവാതെ ഒളിച്ചോടുന്ന സ്ത്രീകളെ, പ്രണയിക്കുന്ന കുഞ്ഞുപെൺകുട്ടികളെ, പുരുഷന്മാരെ ചോദ്യം ചെയ്യുന്ന ഭാര്യമാരെ, സർദാരിന്റെ ഇഷ്ടത്തിനു വഴങ്ങാത്ത വിധവകളെയൊക്കെ കുടുംബ-ഗോത്ര-പൗരോഹിത്യ-ജന്മി കൂട്ടായ്മ കല്ലെറിഞ്ഞും ചാട്ടകൊണ്ട് അടിച്ചും നിഷ്ഠൂരമായി കൊല്ലുന്ന മനുഷ്യവിരുദ്ധമായ, ഒരു ആചാരമാണ് 'കാരോക്കാരി'. പരമകാരുണികനായ അല്ലാഹു ഒരിക്കലും ക്ഷമിക്കാൻ ഇടയില്ലാത്ത നരഹത്യ! പുരുഷന്മാരെയും കാരോക്കാരിക്കു വിധേയമാക്കാറുണ്ട്. പക്ഷേ, സ്ത്രീകളെ അപേക്ഷിച്ച് അവരുടെ എണ്ണം വളരെ കുറവാണ് എന്നുമാത്രം.

         

സിന്ധിലെ ഗ്രാമങ്ങളിൽ ഇപ്പോഴും എല്ലാ ക്രമിനൽ സിവിൽ കേസുകളും പരിഹരിക്കുന്നത് കോടതികളും പൊലീസും അല്ല. 'ജിർഗ്ഗകൾ' ആണ്. ഹരിയാനയിലെ 'ഖാപ്പ്' പഞ്ചായത്തുകളുടെ പാക്കിസ്ഥാൻ രൂപമാണ് 'ജിർഗ്ഗ'. സമ്പത്തും സാമൂഹികാധികാരവും ഉള്ള പുരുഷന്മാർ മാത്രമാണ് 'ജിർഗ്ഗ'യിലെ അംഗങ്ങൾ. ജിർഗ്ഗയുടെ തലവൻ എപ്പോഴും ജന്മിയായ ഒരു സർദാർ ആയിരിക്കും. കാരോക്കാരി ജിർഗ്ഗയെ സംബന്ധിച്ചിടത്തോളം അഭിമാനം സംരക്ഷിക്കാനുള്ള മാർഗ്ഗമാണ്. ചിലപ്പോൾ ജിർഗ്ഗയുടെ അനുവാദമില്ലാതെതന്നെ പെൺകുട്ടിയുടെ ഭർത്താവോ സഹോദരനോ കാരോക്കാരി നടത്താറുണ്ട്. തീകൊളുത്തിയും വെട്ടിയും ക്രൂരമായി അടിച്ചും വീട്ടിനുള്ളിൽവെച്ചുതന്നെ അവരെ കൊല്ലുന്നു. അത്തരം സന്ദർഭങ്ങളിൽ ഒരിക്കലും ജിർഗ്ഗ അതുകൊലപാതകമായി കണക്കാക്കാറില്ല. ഗോത്രത്തിന്റെ, കുലത്തിന്റെ, അഭിമാനം സംരക്ഷിക്കുന്ന അത്തരം വീരപുരുഷന്മാരെ ജിർഗ്ഗ ആദരിക്കുകയാണു ചെയ്യുന്നത്. അവർക്കു കിട്ടുന്ന സാമൂഹിക അംഗീകാരം 'വേലി ചാടാതിരിക്കാൻ', സ്വാതന്ത്ര്യം പ്രഖ്യാപിക്കാതിരിക്കാൻ സ്ത്രീകളെ പ്രേരിപ്പിക്കും എന്നാണു ജിർഗ്ഗയുടെയും ഗ്രാമത്തിലെ പുരുഷന്മാരുടെയും ന്യായം. സ്ത്രീകൾക്ക് ഒപ്പം വേലി ചാടുന്ന പുരുഷനും കടുത്ത ശിക്ഷ ഉണ്ട്.

          ദുരഭിമാനക്കൊലയ്ക്ക് കാരണങ്ങൾ എന്തുമാകാം. വിവാഹമോചനം ആവശ്യപ്പെടുന്നതോ ഭർത്താവിന്റെ ഇഷ്ടത്തിനു വിരുദ്ധമായി ജോലിക്കു പോകുന്നതോ അന്യപുരുഷനോട് സംസാരിക്കുന്നതോ പ്രണയബന്ധമോ... എന്തുമാകാം. പലപ്പോഴും സ്വത്തിൽ അവകാശം ഉന്നയിക്കുന്നത് ഒഴിവാക്കാൻ സഹോദരന്മാർതന്നെ വാസ്തവവിരുദ്ധമായ ആരോപണം ഉന്നയിച്ചുകൊണ്ട് സ്വന്തം സഹോദരിമാരെ കൊല്ലുന്നത് സിനിധിൽ സാധാരണമാണ്. എല്ലാ വർഷവും നൂറുകണക്കിന് കൊലപാതകങ്ങൾ ആണ് 'കാരോക്കാരി' എന്ന ഓമനപ്പേരിൽ നടക്കുന്നത്. 2018-ൽ പോലും ഏകദേശം അഞ്ഞൂറോളം ദുരഭിമാനക്കൊലകൾ സിന്ധിൽ നടന്നിട്ടുണ്ടെന്ന് സിന്ധിലെ ഒരു NGO കണ്ടെത്തിയ കണക്കുകൾ കാണിക്കുന്നു. 2021-ൽ 176 ദുരഭിമാനക്കൊലകൾ ആണ് നടന്നിട്ടുള്ളത്. ഏറ്റവും ക്രൂരമായ തമാശ, ആരോപണത്തിനു വിധേയയായ പെൺകുട്ടികളുടെ ഭാഗം ആരും കേൾക്കുന്നില്ല എന്നുള്ളതാണ്. ഏതെങ്കിലും ഒരു പുരുഷസാക്ഷി മതി അവർ 'കാരോ' ആണെന്നു സ്ഥിരീകരിക്കുവാൻ.

         

കാരോക്കാരിയുടെ നാട്ടിൽ, ഹാജിറയെയും കാത്തിരുന്നത് അനിവാര്യമായ ആ വിധിയായിരുന്നു.

          ആ ഓർമയിൽ സൈറയ്ക്കു ശ്വാസം മുട്ടി. അവൾ വിതുമ്പി.

          എനിക്കും ശബ്ദം നഷ്ടപ്പെട്ടു. ഹൃദയത്തിലേക്ക് ആരോ കൂർത്തുമൂർത്ത കല്ലെറിയുന്നതുപോലെ...

          അങ്ങനെ, ഒരു ദിവസം, സൈറയും മറ്റു കൂട്ടുകാരികളും ദേശക്കാരും കണ്ടുനിൽക്കെ ഹാജിറയെ അവളുടെ സഹോദരനും ബന്ധുക്കളും ദേശക്കാരും ചേർന്ന് പരസ്യമായി കല്ലെറിയാൻ തുടങ്ങി. ഒരു വൈകുന്നേരം ആയിരുന്നു അത്. സിന്ധുകനാലിന്റെ നീർച്ചാലിന് അരികിൽ. ഗുണിയിലെ എല്ലാ സ്ത്രീകളും തലയും മുഖവും മൂടി നിസ്സഹായരായി നോക്കിനിൽക്കെ, ആണധികാരവും ഗോത്രബോധവും പൗരോഹിത്യവും ചേർന്ന് ഒരു തെറ്റും ചെയ്യാത്ത നിസ്സഹായയായ ഒരു സാധു പെൺകുട്ടിയെ നാലുദിക്കിലും  കൂടി നിന്ന് കല്ലെറിഞ്ഞു. അറ്റം കൂർത്ത കല്ലുകൾ..'.  പട്ടാളഭരണവും പുരോഹിതാധിപത്യവും ജനായത്തവും സർവാധിപത്യവും മാറിമാറി നടപ്പിലായ പാക്കിസ്ഥാനിൽ ഇത്തരം എത്രയെങ്കിലും സ്ത്രീകളുണ്ടാവും! അവരുടെയും അവരുടെ പെൺമക്കളുടെയും ജീവിതം എന്തായി മാറും! ഹാജിറ അതിജീവിച്ചില്ല. സൈറ അതിജീവിച്ചു. അതേയുള്ളു വ്യത്യാസം. സുധ കഥ തുടരുകയാണ്:

          ''സിന്ധിൽനിന്നും തിരികെവന്നിട്ട് ഏറെ നാൾ കഴിഞ്ഞിട്ടും ബദീൻ എന്നെ വിട്ടുപോയില്ല.

          പിന്നീടു, അഞ്ചു വർഷം മുൻപ് 2016-ൽ സൈറയെയും ബദീനിലെ കുറച്ചു സ്ത്രീകളെയും ഞാൻ വീണ്ടും കണ്ടു. അഹമ്മദാബാദിൽ വച്ച് സൗത്ത് ഏഷ്യയിലെ തെരഞ്ഞെടുക്കപ്പെട്ട ചെറുകിട യൂണിയൻ നേതാക്കൾക്കുവേണ്ടി നടത്തിയ ട്രെയിനിങ്ങിൽ പങ്കെടുക്കാൻ ആയിരുന്നു സൈറ വന്നത്. സൈറയെപ്പോലെ പലരും ആദ്യമായി കാണുന്ന പട്ടണം അഹമ്മദാബാദ് ആയിരുന്നു.

         

എന്റെ കണ്ണ് നിറഞ്ഞുപോയത്, പക്ഷേ, അവരെ കൂട്ടി സിനിമ കാണാൻ പോയപ്പോഴായിരുന്നു. മൾട്ടിപ്ലക്‌സിൽ ആദ്യമായി കയറിയ സന്തോഷത്തിൽ സൈറയും കൂട്ടുകാരികളും ഹിജാബ് ഒരു കൈകൊണ്ട് പിന്നിലേക്ക് തട്ടിയെറിഞ്ഞു... തിയേറ്ററിലെ ഇരുട്ടിൽ സൽമാൻ ഖാൻ ആടിപ്പാടി വന്നപ്പോൾ, അവർ വിരലുകൾ വായിലിട്ട് ഉറക്കെ ചൂളമടിച്ചു... കൈയടിച്ചു... ചുറ്റുമുള്ള അമ്പരന്ന മുഖങ്ങളെ ശ്രദ്ധിക്കാതെ ആ പാവങ്ങൾ ജീവിതത്തിൽ ആദ്യമായി കിട്ടിയ സ്വാതന്ത്ര്യത്തെ ആവോളം ആസ്വദിച്ചു. തിരിച്ചുപോകുമ്പോൾ വീണ്ടും ഉപ്പുകട്ടപോലെ അലിയാനുള്ള തങ്ങളുടെ ജീവിതത്തെക്കുറിച്ച്, തിയേറ്ററിലെ ഇരുട്ടിൽ അവർ മറന്നു.

          അപഹരിക്കപ്പെട്ട ആകാശങ്ങൾ തിരികെ കിട്ടിയ സന്തോഷം.

          തിരിച്ചുവരുമ്പോൾ സൈറയുടെ കണ്ണ് നിറഞ്ഞിരുന്നു, കൂട്ടുകാരികളുടെയും... യാത്രയാകുമ്പോൾ ബദീനിലെ തന്റെ കുടിയിലേക്ക് സൈറ എന്നെ വീണ്ടും ക്ഷണിച്ചു. ചുട്ട ചോളവും കരിമ്പിൻ ജൂസും കനലിൽ ചുട്ട ചപ്പാത്തിയും വീണ്ടും കഴിക്കാൻ.

          വരാമെന്ന് വെറുംവാക്ക് പറഞ്ഞുകൊണ്ട് അവളുടെ പരുക്കൻ കൈകൾ ചേർത്തു പിടിക്കുമ്പോൾ, സൈറ ആരോടെന്നില്ലാതെ പറഞ്ഞു.

          'വിസയും വിമാനവും ഇല്ലാതെ, എന്നെങ്കിലും.... തോണിയിൽ, സിന്ധുനദി മുറിച്ചുകടന്ന്, കച്ചിലെ ബസ്തികളിൽ ഇരുന്നു ചിത്രത്തുന്നലുകൾ നടത്തുന്ന ഇന്ത്യയിലെ എന്റെ സഹോദരിമാരെ എനിക്കു കാണാൻ പറ്റുമോ?'

          ഞാൻ ഒന്നും മിണ്ടിയില്ല.

          സൈറ പറഞ്ഞുകൊണ്ടേയിരുന്നു... 'എന്തിനാണ് നമ്മൾക്ക് അതിർത്തികൾ? പട്ടിണിയും അധ്വാനവും തീരാരോഗവും വരൾച്ചയും പെൺകുട്ടികളെ സ്വാതന്ത്ര്യം നൽകാതെ തളച്ചിടലും ഒക്കെ രണ്ടിടത്തും ഇല്ലേ? പിന്നെ ആർക്കുവേണ്ടിയാണീ യുദ്ധങ്ങൾ...? ആരു ജയിച്ചാൽ എനിക്കെന്തു കാര്യം? എന്റെ വെള്ളം ഞാൻതന്നെ കോരണം... എനിക്ക് ഉണ്ണാൻ ഞാൻതന്നെ വയലിൽ പണിയണം... ബദീനിലെ കടലിൽ ഞാൻതന്നെ ഇറങ്ങി മീൻ പിടിക്കണം... അല്ലാതെ, പാക്കിസ്ഥാൻ പട്ടാളവും ടാങ്കുകളും മിസൈലുകളും ഒക്കെ എന്താണ് എനിക്ക് ഉരുട്ടിത്തരുന്നത്?'

         

ഞാൻ ഒന്നും മിണ്ടാതെ, മറ്റുള്ളവരെ നോക്കി... അതേ ഭാവം തന്നെയായിരുന്നു, എല്ലാ നാടുകളിൽനിന്നുമെത്തിയ സാധുക്കളായ എല്ലാ സ്ത്രീകൾക്കും.

          ദേശവും രാഷ്ട്രവും മതവും ഹിന്ദുത്വവും പൊളിറ്റിക്കൽ ഇസ്ലാമും ഒക്കെ പകച്ചുപോകുന്ന നിസ്സഹായമായ പെൺനോട്ടങ്ങൾ...

          എന്റെ കണ്ണ് നിറഞ്ഞുതൂവി...

          ഇന്നും എന്നെ ചുട്ടുപൊള്ളിക്കുന്നത് ആ നോട്ടങ്ങളുടെ ഓർമ്മയാണ്... ഒപ്പം ഉത്തരമില്ലാത്ത ആ ചോദ്യങ്ങളും!''.

          അഫ്ഘാനിസ്ഥാനിൽ, കാബൂൾ ജില്ലയിലെ സറൂബി ഗ്രാമത്തിൽ താലിബാൻ ഭരണകാലത്ത് താൻ കണ്ടുമുട്ടിയ പർവീൺ എന്ന സ്ത്രീ, കൊടുങ്കാടുകളിൽ ഉലയാത്ത ഒറ്റമരം പോലെ അധിനിവേശങ്ങളെയും പട്ടാളത്തെയും ഒളിപ്പോരാളികളെയും മതഭീകരവാദികളെയും പുരോഹിതവേഷമിട്ട ചെകുത്താന്മാരെയും അതജീവിച്ച ചരിത്രമെഴുതുന്നു, മൂന്നാം ലേഖനത്തിൽ സുധ. മക്മൽബഫിന്റെ സിനിമകളും ഖാലിദ് ഹുസൈനിയുടെ നോവലുകളും മറ്റും ഓർമ്മിക്കൂ. പർവീണയുടെ ജീവിതം നേടിയ പരകായപ്രവേശങ്ങൾ എല്ലാ ഭാവനാപാഠങ്ങൾക്കുമുപരിയാണ്. യുദ്ധത്തിലെ ഇരകളുടെ പുനരധിവാസപദ്ധതിയുടെ ഭാഗമായി സറൂബിയിലെത്തിയതായിരുന്നു, സുധ. 1970കളിലാരംഭിക്കുന്ന അഫ്ഘാനിസ്ഥാന്റെ സംഘർഷാത്മക മത-രാഷ്ട്രീയ ചരിത്രത്തിന്റെ ഒരു സ്ഥൂലചിത്രമവതരിപ്പിച്ച് കമ്യൂണിസവും ഇസ്ലാമിസവും തമ്മിൽ നടന്ന 'സംസ്‌കാര'യുദ്ധത്തിൽനിന്ന് അമേരിക്കയുടെ ഇടപെടലിലേക്കും മുജാഹിദീന്റെ വളർച്ചയിലേക്കും സോവിയറ്റ് അധിനിവേശത്തിലേക്കും താലിബാന്റെ ഉദയത്തിലേക്കും നീളുന്ന ചരിത്രം. 70കളിലാരംഭിക്കുന്ന പർവീണിന്റെ ദുരനുഭവങ്ങളുടെ സമാനതകളില്ലാത്ത കഥ, കമ്യൂണിസത്തിന്റെയും അമേരിക്കയുടെയും മാത്രമല്ല. ആദ്യം മുജാഹിദീന്റെയും പിന്നീട് താലിബാന്റെയും ഇരകളായി മാറിയ അഫ്ഘാൻ സ്ത്രീകളുടെ ജീവിതം തന്നെയാകുന്നു. പർവീൺ പറയുന്നു:

         

'കാബൂൾ നദിപോലെയാണ് ഓരോ അഫ്ഘാനി സ്ത്രീയുടെയും പ്രതീക്ഷകൾ. മിക്കവാറും വരൾച്ചയാണ്. ഹിന്ദുക്കുഷിലെ മഞ്ഞുരുകിയാൽ മാത്രമേ നദിയിൽ വെള്ളം നിറയൂ... അതുപോലെ മഞ്ഞുരുകാനുള്ള അനന്തമായ കാത്തിരിപ്പാണ് ഓരോ സ്ത്രീയുടെയും ജീവിതം'.

          പക്ഷെ പർവീണിന്റെ ജീവിതത്തിൽ മഞ്ഞുരുകിയതേയില്ല എന്ന് സുധ സൂചിപ്പിക്കുന്നു. കൊല്ലപ്പെട്ട സ്ത്രീകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെടാത്തവർ അഭയാർഥികളും പലായികളും ലൈംഗികത്തൊഴിലാളികളുമായി മാറി. പർവീണിന്റെ മകൾ നൂറിന്റെ അനുഭവം കേൾക്കൂ:

          'നൂറിന് അപ്പോഴേക്കും പ്രായപൂർത്തി ആയിരുന്നു. അതിസുന്ദരിയായ നൂർ പേരുപോലെതന്നെ ഒരു പ്രകാശമായിരുന്നു എന്ന് ഷമീം ഇടയ്ക്കു കൂട്ടിച്ചേർത്തു. ആയിരുന്നു എന്ന് ഭൂതകാലം പറഞ്ഞപ്പോൾ എനിക്കു വേവലാതിയായി. ഞാൻ പർവീനിനെ നോക്കി. അവർ എന്നെ നോക്കാതെ ചായയിടാൻ അടുക്കളയിലേക്കു പോയി. പിന്നീട് ഷമീം ആണ് ആ കഥ പറഞ്ഞത്.

         

2002-ലെ മഞ്ഞുകാലത്തുതന്നെ ആയിരുന്നു അത് സംഭവിച്ചത്. 9/11നുശേഷം താലിബാൻ അമേരിക്കയുടെ ശത്രുവായി മാറിക്കഴിഞ്ഞിരുന്നു. താലിബാന്റെ പിടി അയയാൻ തുടങ്ങിയ സമയം. നിരന്തരം അമേരിക്കയുടെ പോർവിമാനങ്ങൾ മലമടക്കുകളിലും കാടുകളിലും താലിബാൻ പോരാളികളെ തേടിപ്പോയി. പലരും കീഴടങ്ങി. ആയിടയ്ക്കാണ് നൂർ വീണ്ടും ചെമ്മരിയാടുകളെ മെയ്‌ക്കാൻ പോകാൻ തുടങ്ങിയത്. അഫ്തബ് ഒളിവിൽ ആയിരുന്നു. അമേരിക്കൻസേന അവന്റെ നേതാവിനെ അപ്പോഴേക്കും പിടികൂടി കൊന്നുകളഞ്ഞിരുന്നു എന്നാണ് അറിഞ്ഞത്. ആ സമാധാനത്തിൽ ആണ് നൂറും സഹറും പുറത്തിറങ്ങി നടക്കാൻ തുടങ്ങിയത്. ആട്ടിൻപറ്റത്തെ മെയ്‌ക്കുന്നതിനിടയിൽ നൂർ അടുത്ത അരുവിക്കരയിൽ ചെന്നിരിക്കാറുണ്ട്. അവിടെവെച്ച് അവൾ ഒരു ഹസാര യുവാവുമായി പ്രണയത്തിലായി.

          ഹസാരകളെ പഷ്തൂണികൾ ഒരിക്കലും അംഗീകരിക്കില്ല. ഹസാരകൾ ഷിയാ മുസ്ലിം ആണ്. മംഗോളിയൻ ഗോത്രത്തിൽ പെട്ടവരും ചെങ്കിസ്ഖാന്റെ അനുയായികളും ആയിരുന്ന ഹസാരകൾ, നൂറ്റാണ്ടുകളായി, ഭൂരിപക്ഷം വരുന്ന സുന്നികളുടെ പീഡനം അനുഭവിച്ചുവരികയാണ്.

         

എങ്കിലും താലിബാന്റെ കാലത്ത് അത് അത്രമേൽ ക്രൂരമായിരുന്നു. അവരുടെ കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോവുകയും റേപ്പ് ചെയ്തു തെരുവിൽ ഉപേക്ഷിക്കുകയും ചെയ്യുന്നത് മുജാഹിദിൻ-താലിബാൻ കാലത്ത് സാധാരണമായിരുന്നു. 1998-ൽ ഹസാരകളുടെ കേന്ദ്രമായിരുന്ന ഹസാരജാത്ത് താലിബാൻ കീഴടക്കുകയും അതിക്രൂരമായി ഹസാരകളെ വധിക്കുകയും ആട്ടിയോടിക്കുകയും ചെയ്തു. അതുമാത്രമല്ല, ഐക്യരാഷ്ട്രസഭയുടെ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാൻ കൂടി സമ്മതിക്കാതെ ബാമിയാൻ, ഘോർ തുടങ്ങിയ ഹസാരപ്രവിശ്യകളെ അവർ ബ്ലോക്ക് ചെയ്തു. പരിപൂർണ്ണ ഉപരോധം ഏർപ്പെടുത്തി. നിരവധി ഹസാര കുഞ്ഞുങ്ങളും സ്ത്രീകളും പട്ടിണി കിടന്നു മരിച്ചു.

          ഈ സാഹചര്യത്തിൽ ആണ് നൂർ ഒരു സാധുവായ ഹസാരയുവാവുമായി പ്രണയത്തിലായത്. അവനും ആടിനെ മെയ്‌ക്കുന്ന ഒരു ഇടയനായിരുന്നു. പതിനേഴുവയസ്സ് മാത്രം പ്രായം. യുദ്ധവും അടിമത്തവും മാത്രം കണ്ടു വളർന്ന ആ പെൺകുട്ടിക്കു തന്റെ സ്വകാര്യപ്രണയം നനുത്ത തൂവൽസ്പർശംപോലെ കാല്പനികമായ അനുഭവമായിരുന്നു. പർവീൻ ഇതൊന്നും അറിഞ്ഞിരുന്നില്ല. അവൾ പലപ്പോഴും തന്റെ കൃഷിയിടത്തിൽ തിരക്കിൽ ആയിരുന്നു.

          ഒരു ദിവസം, നന്നായി മഞ്ഞു പൊഴിഞ്ഞ ഒരു പ്രഭാതത്തിൽ, നൂറും സഹറും മുറ്റത്ത് കളിക്കുകയായിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി അഫ്തബ് കയറിവന്നത്. പതിവുപോലെ കലാഷ്‌നിക്കൊവ് കൈയിലുണ്ടായിരുന്നു. അവൻ കുറെക്കൂടി വലുതായിരുന്നു. താടിയും നെഞ്ഞും കടന്നു വയറുവരെ എത്തി. പക്ഷേ, മുഖം കൂടുതൽ ക്രൂരമായി അവർക്കു തോന്നി. മുറ്റത്തേക്കു കടന്ന ഉടൻ അഫ്തബ് നൂറിനെ പിടിച്ചു വലിച്ച് അകത്തേക്കു കൊണ്ടുപോയി. വാതിലടച്ച് അതിക്രൂരമായി മർദ്ദിച്ചു. തടയാൻ പോയ പർവീണിനെയും സ്വന്തം ഉമ്മയെയും അയാൾ തള്ളിയിട്ടു. അനിയത്തിയുടെ പ്രണയം ആരോ പറഞ്ഞ് അയാൽ അറിഞ്ഞിരുന്നു. വിശുദ്ധയുദ്ധക്കാലത്തെ സഹോദരിയുടെ പ്രണയം, അതും ഒരു ഹസാരയുമായിട്ട്! അയാൾക്കു പൊറുക്കാൻ പറ്റുന്നതിനും അപ്പുറം ആയിരുന്നു.

          ആ ഹസാര യുവാവിനെ അയാളും സംഘത്തിലെ മറ്റു താലിബാനികളും ചേർന്ന് വീട്ടിൽ കയറി ആക്രമിച്ചശേഷം, അയാളുടെ ഉമ്മയെയും സഹോദരങ്ങളെയും അവന്റെ മുന്നിൽവെച്ച് അഫ്താബും സംഘവും വെടിവെച്ചു കൊന്നു. അതിനുശേഷം, അയാളെ തെരുവിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു. എല്ലാവരും നോക്കിനിൽക്കെ ഒരു തൂണിൽ കെട്ടിയിട്ടശേഷം കല്ലുകൊണ്ടും തോക്കുകൊണ്ടും ചാട്ടവാർകൊണ്ടും മർദ്ദിച്ചശേഷം വെള്ളം കൊടുക്കാതെ കൊന്നു. മുഖം വികൃതമാക്കി. എല്ലാ ഹസാരകൾക്കും ഗ്രാമത്തിലെ പ്രണയികൾക്കും ഉള്ള പരസ്യമായ താക്കീത് ആയിരുന്നു അത്.

നൂർ പിന്നീട് ഒരിക്കലും ചിരിച്ചില്ല. കുളിക്കാനും ഭക്ഷണം കഴിക്കാനും വിസമ്മതിച്ച ആ പെൺകുട്ടിയെ രണ്ടു ദിവസം കഴിഞ്ഞു കാണാതായി. ദേശം മുഴുവൻ തെരഞ്ഞെങ്കിലും അവളെ കണ്ടുകിട്ടിയില്ല. ഒടുവിൽ നൂർ എന്നും ചെന്നിരിക്കാറുള്ള ആറ്റിന്റെ കരയ്ക്ക് അവളുടെ ദേഹം അടിഞ്ഞു. ആത്മഹത്യ ആയിരിക്കുമെന്ന് എല്ലാവരും പറഞ്ഞു'.'.

          പാക്കിസ്ഥാനിലെന്നപോലെ അഫ്ഘാനിസ്ഥാനിലും ഒരു സ്ത്രീയുടെ വിധി അവളിൽ അവസാനിക്കുന്നില്ല. അത് തലമുറകളിലേക്ക് നീളുന്നു. ആണധികാരം അതിന്റെ തീനാവുകൾകൊണ്ട് അവരെ പല ജന്മങ്ങളിലേക്ക് നക്കിയുരുക്കുന്നു.

          ബംഗ്ലാദേശിൽ, കരാട്ടിയ എന്ന ഗ്രാമത്തിൽ അന്തർദേശീയ തൊഴിലാളിസംഘടന (ILO)ക്കുവേണ്ടി പഠനം നടത്താനാണ് സുധ എത്തുന്നത്. അതാകട്ടെ, 2013ൽ ഉണ്ടായ ഒരു വൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിലും.

          ''2013, ഏപ്രിൽ 24-ാം തീയതി, ധാക്കാ നഗരത്തിലെ റാണാ പ്ലാസാ എന്ന പഴഞ്ചൻ എട്ടു നില കെട്ടിടം തകർന്നുവീണു. 1121 പേർ മരിക്കുകയും നാലായിരത്തോളം പേർക്ക് പരിക്കേല്ക്കുകയും ചെയ്ത ആ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്, നിരവധി വസ്ത്രനിർമ്മാണ ഫാക്ടറികൾ ആയിരുന്നു. ഇവ എല്ലാം തന്നെ പ്രമുഖ അന്തർദ്ദേശീയ ബ്രാന്റുകൾ ആയ ബെനെട്ടൻ, ഗുച്ചി, സ്‌പൈസ് ഗേൾ, മോന്ക്ലർ, വാൾമാർട്ട് തുടങ്ങിയ ലോകോത്തര കമ്പനികൾക്കുവേണ്ടി ഷർട്ടുകളും ജീൻസുകളും പാവാടകളും തയ്ക്കുന്ന ചെറുകിട തൊഴിൽശാലകൾ ആയിരുന്നു.

          കഴിഞ്ഞ രണ്ടു മൂന്നു പതിറ്റാണ്ടായി, ബംഗ്ലാദേശ് സാമ്പത്തികഘടനയുടെ നെടുംതൂണുകൾ എന്നു പറയാവുന്നത് ഈ അപ്പാരൽ ഔട്ട്‌സോഴ്‌സിങ് ബിസ്സിനസ് ആണ്. ചുരുങ്ങിയ ചെലവും പരിമിതമായ കൂലി കൊടുത്താൽ ലഭ്യമാകുന്ന അന്തമില്ലാത്ത മനുഷ്യാദ്ധ്വാനവും ലളിതമായ തൊഴിൽ നിയമങ്ങളും അമേരിക്കയിലെയും യൂറോപ്പിലെയും കൊറിയയിലെയും ജപ്പാനിലെയും മറ്റും വൻകിട ഗാർമെന്റ്‌സ് ഭീമന്മാരെ ഇന്ത്യയിലും ചൈനയിലും ബംഗ്ലാദേശിലും ഉത്പാദനം നടത്താൻ നിർബന്ധിതമാക്കുകയായിരുന്നു. ഈ രാജ്യങ്ങളിലെ ചെറുകിട ഫാക്ടറികളിൽ തികച്ചും പരിമിതമായ സാഹചര്യത്തിൽ നടത്തപ്പെടുന്ന തുണിവ്യവസായം അവരുടെ ലാഭം പതിന്മടങ്ങാക്കി വർദ്ധിപ്പിച്ചതോടെ, കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ ഗാർമെന്റ് ഔട്ട്‌സോഴ്‌സിങ് ഫാക്ടറികൾ ഈ രാജ്യങ്ങളിലെ ചില പോക്കറ്റുകളിൽ വ്യാപകമായി തഴച്ചു വളർന്നു.

          ഏറ്റവും കുറഞ്ഞ കൂലിയിൽ തൊഴിലാളികൾ ലഭ്യമാകുന്നതും തൊഴിലാളി യൂണിയനുകളുടെ സ്വാധീനം ഏറ്റവും കുറവും ബംഗ്ലാദേശിൽ ആയതുകൊണ്ടുതന്നെ, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ബംഗ്ലാദേശ് ഈ വൻകിട കമ്പനികളുടെ പറുദീസ ആയി മാറാൻ ഏറെ കാലമെടുത്തില്ല. സാറ, ഐകിയ, കാരിഫോർ, ലിവൈസ്, വാൾമാർട്ട്, ഗാപ് തുടങ്ങി നമ്മൾ വൻവില കൊടുത്തു കടകളിൽനിന്നും വാങ്ങുന്ന മിക്കവാറും എല്ലാ ഷർട്ടുകളും ട്രൗസറുകളും ജീൻസുകളും തുന്നിയെടുക്കുന്നതും ബട്ടൻ വച്ചുപിടിപ്പിക്കുന്നതും ഒക്കെ ഇടുങ്ങിയ, ഇരുണ്ട, ഇടിഞ്ഞുവീഴാറായ പഴയ കെട്ടിടങ്ങളിൽ, തുച്ഛമായ വാടക കൊടുത്തു പ്രവർത്തിക്കുന്ന ധാക്ക നഗരത്തിലെ ചെറുകിട ഗാർമെന്റ് യൂണിറ്റുകളിൽ ആണ്.

          ഈ വിയർപ്പുശാലകളിൽ രാവിലെ എട്ടു മണി മുതൽ രാത്രി പത്തു മണി വരെ തുച്ഛമായ കൂലിയിൽ, വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരുടെ അധ്വാനമാണ് നമ്മൾ നഗരങ്ങളിലെ വൻകിട മാളുകളിലെ ഏ സി ഷോറൂമുകളിൽനിന്നും പ്രീമിയം പ്രോഡക്റ്റ് ആയി വാങ്ങുന്ന ജീൻസിലും ഷർട്ടിലും പുരണ്ടിരിക്കുന്നത്. അവരുടെ കണ്ണുനീരും വിയർപ്പും സ്വപ്നങ്ങളും ആണ് ഓരോ നൂലിലും കുടുക്കിലും ഇഴചേർന്നിരിക്കുന്നത്.

          ഈ ആഗോളഭീമന്മാർ ഒരിക്കലും നേരിട്ടല്ല തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. ഒരിക്കലും കമ്പനികളുടെ വാർഷിക കണക്കു പുസ്തകത്തിൽ ലക്ഷക്കണക്കിന് വരുന്ന ഈ തൊഴിലാളികൾ ഉണ്ടാവില്ല. ഇവരെ തെരഞ്ഞെടുക്കുന്നതും ജോലി കൊടുക്കുന്നതും ഫാക്ടറി ഉടമകളും അല്ല. മൂന്നും നാലും തട്ടുകളായി പ്രവർത്തിക്കുന്ന ദല്ലാളുകളും കങ്കാണികളും ചേർന്ന് വിദൂരഗ്രാമങ്ങളിൽ തൊഴിലും വരുമാനവുമില്ലാതെ പട്ടിണി കിടക്കുന്ന അങ്ങേയറ്റം ദരിദ്രരായ സ്ത്രീകളെയും പുരുഷന്മാരെയും മോഹിപ്പിച്ചു നഗരത്തിലേക്കു കൊണ്ടുവന്ന് ഈ കുടുസ്സുമുറികളിൽ ഫാക്ടറി എന്ന പേരിൽ പ്രവർത്തിക്കുന്ന 'വിയർപ്പുശാലകളിൽ' കൊണ്ടുവന്നു ഹോമിക്കുകയാണ് ചെയ്യുന്നത്.

          നഗരാതിർത്തിയോട് ചേർന്നുകിടക്കുന്ന ചേരിയിൽ താമസിച്ചുകൊണ്ട്, അവർ അതിരാവിലെ മുതൽ പാതിരാത്രിവരെ തൊഴിലെടുക്കുന്നു. ഏതു കമ്പനിക്ക് വേണ്ടിയാണ് അവർ തുന്നുന്നതെന്ന് ആർക്കും അറിയില്ല. തികച്ചും ആഗോളവൽക്കരിക്കപ്പെട്ട തൊഴിൽ ആണിത്. അമേരിക്കയിലെ കമ്പനിക്കുവേണ്ടി, ഇന്ത്യയിൽനിന്നുള്ള നൂലും തായ്‌വാനിൽനിന്നുള്ള തുണിയും ചൈനയിൽ നിന്നുള്ള കുടുക്കുകളും കൊറിയയിൽനിന്നുള്ള സൂചിയും തയ്യൽ മെഷിനും ഉപയോഗിച്ച് അവർ അവിരാമം ജോലി ചെയ്യുന്നു''.

5000 ഫാക്ടറികളിലായി 35 ലക്ഷം തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്, ആഗോള റെഡിമെയ്ഡ് വസ്ത്രക്കമ്പനികളുടെ ഏറ്റവും വലിയ ഉല്പാദനമേഖലയായ ബംഗ്ലാദേശിൽ. ധാക്കാമസ്‌ലിൻ എന്ന ലോകോത്തരമായിരുന്ന ബംഗ്ലാപട്ടിന്റെ കഥപറഞ്ഞും ഗ്രാമങ്ങളിൽനിന്ന് നഗരങ്ങളിലെ ഫാക്ടറികളിലേക്കുണ്ടായ കുടിയേറ്റത്തിന്റെ ചരിത്രം വിശദീകരിച്ചും സുധ സഫിയയുടെയും മക്കളുടെയും ജീവിതത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. മതതീവ്രവാദമോ വംശവെറിയോ കലാപങ്ങളോ യുദ്ധങ്ങളോ അല്ല, ആഗോളമുതലാളിത്തത്തിന്റെ ചൂഷണവ്യവസ്ഥയും മൂന്നാംലോക ഭരണകൂടങ്ങളുടെ പരാജയവുമാണ് ബംഗ്ലാദേശ് പോലുള്ള ദരിദ്രരാജ്യങ്ങളിലെ ദശലക്ഷക്കണക്കായ മനുഷ്യരെ പുഴുക്കളെപ്പോലെ ജീവിക്കാനും പുഴുക്കളെപ്പോലെതന്നെ ചത്തൊടുങ്ങാനും വിധിക്കുന്നത്. സുധയുടെയും സംഘത്തിന്റെയും റിപ്പോർട്ടുകളുൾപ്പെടെയുള്ളവ സൃഷ്ടിച്ച സമ്മർദ്ദം ബംഗ്ലാദേശിലെ അസംഘടിത തൊഴിലാളികളുടെ വേതന, ജീവിതസാഹചര്യങ്ങളിൽ കാര്യമായ മാറ്റം വരുത്താൻ ആഗോള വസ്ത്രഭീമന്മാരെ നിർബന്ധിതരാക്കി. പക്ഷെ അതിന് കരാട്ടിയയിലെ ദുരന്തം പോലൊരു ദുർവിധി വേണ്ടിവന്നു എന്നു മാത്രം. എങ്കിലും ഈ പുസ്തകത്തിലെ ഓരോ ലേഖനം/അനുഭവം/കഥ/ചരിത്രം വായിക്കുമ്പോഴും ഇരകളുടെ സഹനജീവിതത്തിന്റെ രക്തസ്‌നാതമായ ദഹനങ്ങൾക്കൊപ്പം ഓരോ ഇടപെടലും അവരുടെ ജീവിതത്തിൽ സൃഷ്ടിച്ച ചെറിയവലിയ മാറ്റങ്ങളും ശ്രദ്ധേയമാകുന്നത് ഇങ്ങനെയാണ്. ഈ ഗ്രന്ഥനിരൂപണത്തിന്റെ ഒടുവിൽ നൽകിയിരിക്കുന്ന സഫിയയുടെയും കുഞ്ഞുങ്ങളുടെയും ജീവിതത്തിൽനിന്നുള്ള ഒരു ഭാഗം വായിക്കൂ. നിങ്ങളുടെ സ്വാസ്ഥ്യം തകർന്നു തരിപ്പണമാകുകതന്നെ ചെയ്യും. അത്രമേൽ ആർജ്ജവത്തോടെയും ആർദ്രതയോടെയും മാനുഷികതയോടെയുമാണ് സുധ അവരുടെ കഥ പറയുന്നത്.

          നേപ്പാളിലെ കൊഖന താഴ്‌വരയിൽ 8000 പേർ മരിച്ച 2015ലെ ഭൂകമ്പത്തിനുശേഷം അവിടെനടന്ന പുനരധിവാസപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനെത്തിയതായിരുന്നു സുധ. കമ്യൂണിറ്റി സെന്ററുകൾ സ്ഥാപിച്ച് ഇരകളെ അതിജീവനത്തിനു സഹായിക്കുന്ന വിപുലമായ  പദ്ധതി നല്ലരീതിയിൽ മുന്നോട്ട് പോകുന്നുണ്ടായിരുന്നു. അതിനിടയിലാണ് നേപ്പാളിൽ നിന്ന് നടക്കുന്ന വൻതോതിലുള്ള മനുഷ്യക്കടത്തും സെക്‌സ്‌റാക്കറ്റുകളുടെ സാന്നിധ്യവും സുധയുടെ ശ്രദ്ധയിൽ പെടുന്നത്. പ്രകൃതിയിൽ സംഭവിക്കുന്ന ഭൂകമ്പത്തെക്കാൾ വലിയ നരകാനുഭവങ്ങളിലൂടെ നിത്യവും കടന്നുപോകുന്ന നിസ്വരും നിർധനരുമായ മനുഷ്യരുടെ, വിശേഷിച്ചും പെൺകുട്ടികളുടെ അനുഭവങ്ങളിലേക്ക് ആഖ്യാനം വഴി മാറുന്നു. പതിമൂന്നാം വയസ്സിൽ തൊഴിൽ ഏജന്റുമാർ ചതിച്ച് ഇന്ത്യയിലേക്കു കടത്തി കാമാത്തിപുരയിലെ വേശ്യാലയത്തിന് വിറ്റ ശ്രേഷ്ഠയുടെ കഥ അവൾതന്നെ സുധക്കു പറഞ്ഞുകൊടുക്കുന്നു. അഞ്ചുവർഷം ലൈംഗികത്തൊഴിലാളിയായി ജീവിക്കേണ്ടിവന്ന ആ നേപ്പാളി പെൺകുട്ടിയുടെ കഥ ഒറ്റപ്പെട്ട ഒന്നല്ല. മൈതി എന്ന സംഘടനയുടെ പ്രവർത്തകർക്ക് മാത്രം 1993 മുതലുള്ള കാലത്ത് അൻപതിനായിരത്തോളം പെൺകുട്ടികളെ മനുഷ്യക്കടത്തിൽനിന്ന് രക്ഷിക്കാനും രണ്ടായിരത്തോളം ദല്ലാളുകളെ ജയിലിൽ അടയ്ക്കാനും കഴിഞ്ഞു എന്ന് മനസ്സിലാക്കുമ്പോഴാണ് ഈ വിഷച്ചിലന്തിയുടെ വല എത്ര വലുതും ശക്തവുമായിരുന്നു എന്ന് വ്യക്തമാകുക. അനുഭവിച്ച വേദനകളും സഹിച്ച യാതനകളും പിന്നിട്ട് ശ്രേഷ്ഠ ഗ്രാമത്തിൽ മാതാപിതാക്കളുടെയടുത്ത് മടങ്ങിയെത്തി. അവളെ സമാശ്വസിപ്പിക്കാനല്ല, അവളെയും വീട്ടുകാരെയും ഭ്രഷ്ടുകല്പിച്ച് പുറന്തള്ളാനാണ് നാട്ടുകാർ ശ്രമിച്ചത്. മാതാപിതാക്കൾക്കൊപ്പം ആ നാട് വിട്ട് മറ്റൊരിടത്തെത്തി ജീവിതം തുടർന്ന ശ്രേഷ്ഠ തന്റെ അനുഭവം മറ്റൊരു പെൺകുട്ടിക്കും ഉണ്ടാകരുത് എന്ന ദൃഢനിശ്ചയത്തോടെ ഗ്രാമങ്ങളിൽ മനുഷ്യക്കടത്തിനെതിരെ പ്രചാരണം നടത്തുകയാണ്.

          അവസാന ലേഖനം ഇന്ത്യയിലെ കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ തെലുങ്കാനയിൽനിന്നുള്ള രേവമ്മ എന്ന ദളിത് സ്ത്രീയുടെ ജീവിതം പറയുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കം. ഒരുവശത്ത് ചന്ദ്രബാബുനായിഡുവിന്റെ ഐ.ടി. മുന്നേറ്റവും സാങ്കേതികവിപ്ലവവും സൃഷ്ടിച്ച തരംഗം. മറുവശത്ത് കടംകയറി മുടിഞ്ഞ കർഷകരുടെ ആത്മഹത്യകളുടെ പെരുമഴ. പരുത്തികൃഷി ചെയ്ത് തകർന്നുപോയ എത്രയെങ്കിലും കർഷകരുള്ള വാറങ്കൽ ജില്ലയുടെ ആസ്ഥാനമായ ഹനംകൊണ്ടയിലെ സാംബയ്യയുടെ വിധവയാണ് രേവമ്മ. വെള്ളവും വിലയും പ്രതീക്ഷിച്ച ഉല്പാദനവുമില്ലാതെ കൃഷി തുടർച്ചയായി നഷ്ടത്തിലായതോടെ കീടനാശിനിക്കച്ചവടക്കാരും വട്ടിപ്പലിശക്കാരും ചേർന്ന് നട്ടെല്ലുതകർത്ത സാംബയ്യ വിഷം കുടിച്ചു മരിച്ചു. അതിനിടയിൽ പണയം വച്ച ഭൂമിയും അന്യാധീനമായി. ഭർത്താവും ഭൂമിയും ഒന്നിച്ചു നഷ്ടമായ രേവമ്മക്ക് നയാപൈസ ധനസഹായം കിട്ടിയില്ല. കൃഷിയിൽ നിന്നുള്ള കടബാധ്യത മൂലമാണ് സാംബയ്യ ആത്മഹത്യ ചെയ്തത് എന്നു തെളിയിക്കാൻ ആ ദളിത്‌സ്ത്രീക്കു കഴിയാഞ്ഞതാണ് കാരണം. ഒന്നിനും രേഖ ഉണ്ടായിരുന്നില്ല. വിശപ്പിന്റെ വിളി സഹിക്കാൻ കഴിയാതെ വന്നപ്പോൾ, പഠിക്കാൻ മിടുക്കിയായിരുന്ന മകളെയും കൂട്ടി അവർ കൂലിപ്പണിക്കിറങ്ങി.

          ''രേവമ്മ പറഞ്ഞു നിർത്തിയപ്പോൾ എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. കരൾ പൊടിയുന്ന നൊമ്പരത്തോടെയാണ് അവരുടെ ജീവിതചിത്രം എനിക്ക് മുന്നിൽ വരച്ചുകാട്ടിയത്.

          അപ്പോഴും ഓരോ മണിക്കൂറിലും ഇന്ത്യയിൽ ഓരോ കർഷകൻ ആത്മഹത്യ ചെയ്യുന്നുണ്ടായിരുന്നു.

മണ്ണ് ഞങ്ങളെയല്ല ചതിച്ചത്. ഞങ്ങൾ മണ്ണിനെയാണ് ചതിക്കുന്നത്. അതിന്റെ ശാപമാണ് ഇപ്പോൾ അനുഭവിക്കുന്നത്. രേവമ്മ പറഞ്ഞു. അവയുടെ വികാരരഹിതമായ നോട്ടത്തിന്റെ ആഴം എന്നെ പിടിച്ചുലച്ചു.

          സൂര്യ മുറത്തിലെ അരി നന്നാക്കി കഴിഞ്ഞിരുന്നു. ഞാൻ അവളെ നോക്കി വിഡ്ഢിയെപ്പോലെ ചിരിച്ചു.

          'അവൾ നന്നായി പാടുമായിരുന്നു'. എന്റെ നോട്ടം കണ്ടപ്പോൾ രേവമ്മ പറഞ്ഞു.

          സൂര്യനാണിച്ചു. 'ഒരു പാട്ട് പാടാമോ.' ഞാൻ വെറുതെ ചോദിച്ചു.

          സൂര്യ പാടി. അത്ര മനോഹരമായ പാട്ട് ഞാൻ അടുത്തകാലത്തൊന്നും കേട്ടിട്ടുണ്ടായിരുന്നില്ല. കുറച്ചു വർഷം മുമ്പ് ഇറങ്ങിയ 'ഉന്നിടത്തിൽ എന്നൈ കൊടുത്തേൻ' എന്ന തമിഴ് സിനിമയിലെ അപൂർവസുന്ദരമായ ഒരു പ്രണയഗാനമായിരുന്നു. അവൾ പാടിയത്.

          ഞാനും ബാലകൃഷ്ണയും ലയിച്ചിരുന്നു. കേട്ടു.

          എവിടെയും കാണുന്നത് അവന്റെ മുഖമാണ് എല്ലാം ചെന്നെത്തുന്നതും അവനെക്കുറിച്ചുള്ള ഓർമകളിലും.. മഴയായ് പെയ്തിറങ്ങുന്ന, കുടയായി ചൂടുന്ന, ഉച്ച്വാസവായുവിൽ പോലും നിറയുന്ന ഓർമ്മകൾ.....

           ചിലപ്പോൾ തീയായും ചിലപ്പോൾ തെളിനീരായും നിന്നോർമകൾ എന്നിൽ പെയ്തിറങ്ങും.. എന്ന വരികൾ ആ പെൺകുട്ടി അസാധ്യമായി പാടി!

          ഏതോ.... ഒരു പാട്ട് എൻ കാതിൽ കേൾക്കും....

          കേൾക്കുമ്പോതെല്ലാം ഉൻ ഞാപകം താലാട്ടും...

          എൻ കൺകളിൻ ഇമകളിലേ....

          നാൻ ശ്വാസിക്കും മൂച്ചിനിലെ

          ഉൻ ഞാപകം കലന്തിരുക്കും...

          ഏതോ...ഒരു പാട്ട് എൻ കാതിൽ കേൾക്കും..

          കേൾക്കുമ്പോതെല്ലാം ഉൻ ഞാപകം താലാട്ടും...

          കണ്ണുനീർ ചുണ്ടിൽ തട്ടിയപ്പോഴാണ് ഞാൻ കരയുകയായിരുന്നു എന്ന് അറിഞ്ഞത്.

          രേവമ്മ സാരിത്തലപ്പുകൊണ്ട് കണ്ണ് തുടച്ചശേഷം ചുമരിലെ സാംബയ്യയുടെ ഫോട്ടോയിലേക്ക് നിന്നിമേഷയായി നോക്കി. എനിക്ക് ഒന്നും പറയാനില്ലായിരുന്നു. ഞാൻ രേവമ്മയുടെ കൈപിടിച്ച് നെറ്റിയിൽ മുട്ടിച്ചു.

സന്ധ്യ മയങ്ങിയിരുന്നു. ഞങ്ങൾക്ക് ഇറങ്ങാൻ സമയമായി. ഏതാനും നോട്ടുകൾ ഞാൻ അവരുടെ കൈകളിൽ ആത്മനിന്ദയോടെ ചുരുട്ടിവച്ചു.

          മുറ്റത്തേക്ക് ഇറങ്ങുമ്പോൾ മഴ ചാറുന്നുണ്ടായിരുന്നു. ഇടവഴിയിൽ ഇരുട്ടുമൂടിത്തുടങ്ങി. ചീവീടിന്റെ കരച്ചിൽ. കാറ്റിൽ കരിയിലകൾ ഓടിയൊളിക്കുന്നു. ആകാശത്തിനു നരച്ച നിറമായി.              ഗ്രാമത്തിനുമേൽ അധികം വൈകാതെ പുകമഞ്ഞിറങ്ങും.

          പരുത്തി മണക്കുന്ന വായുവിനു മരണത്തിന്റെ ഗന്ധം കൂടിയുണ്ടെന്ന് എനിക്ക് തോന്നി.

          ഏതോ ഒരുൾപ്രേരണയാൽ ഞാൻ തിരിഞ്ഞുനോക്കി.

          വിണ്ടുകീറിയ ചുമരിലെ പാളി പൊളിഞ്ഞ ജനാലയിലൂടെ രേവമ്മ ഇടവഴിയിലേക്ക് നോക്കിനിൽക്കുന്നുണ്ടായിരുന്നു. അരികിൽ സൂര്യയും.

          തണുത്ത കാറ്റിലൂടെ, മഴയുടെ നേർത്ത നൂലിലൂടെ സൂര്യയുടെ ആർദ്രമായ പാട്ട് എന്നെ തേടിവരുംപോലെ എനിക്കു തോന്നി.

ജന്മാന്തരങ്ങളോളം നമ്മെ പിന്തുടരുന്ന, മൃതിയെ ജയിക്കാൻ കെൽപ്പുള്ള ജീവിതത്തിന്റെ ഗീതം.

          ഞാപകങ്ങൾ മഴയാകും...

          ഞാപകങ്ങൾ കുടൈയാകും...

          ഞാപകങ്ങൾ തീ മൂട്ടും..

          ഞാപകങ്ങൾ നീരൂട്രും.....''..

ദസ്തയവ്‌സ്‌കിയെയും ആനന്ദിനെയും സ്വെറ്റ്‌ലാന അലക്‌സിവിച്ചിനെയുമൊക്കെ ഉദ്ധരിച്ച്, നീതിക്കും കരുണക്കും കണ്ണീരൊഴുക്കാത്ത ദിനരാത്രങ്ങൾക്കും വേണ്ടി ദാഹിക്കുകയും ദഹിക്കുകയും ചെയ്യുന്ന മനുഷ്യരുടെ ജൈവചോദനകളെപ്പറ്റി സുധ തന്റെ പുസ്തകത്തിൽ പലേടത്തുമെഴുതുന്നുണ്ട്. തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, യുദ്ധവിധവകളുടെയും നിരാലംബരായ സ്ത്രീകളുടെയും പുനരധിവാസത്തിനു വേണ്ടിയും അസംഘടിത മേഖലയിലെ തൊഴിലാളികൾ നേരിടുന്ന വ്യാപകമായ മനുഷ്യാവകാശലംഘനങ്ങൾക്കെതിരെയും ഭരണകൂടേതര സംഘടനകൾ നടത്തുന്ന ശ്രദ്ധേയമായ ശ്രമങ്ങളുടെ ഭാഗമായി ദക്ഷിണേഷ്യൻ രാജ്യങ്ങളിലുടനീളം രണ്ടുപതിറ്റാണ്ടുകാലം നിർവഹിച്ച ഉത്തരവാദിത്തങ്ങളാണ് സുധയുടെ സാംസ്‌കാരിക മൂലധനം. ഈ പുസ്തകത്തിൽ സുധ അവതരിപ്പിക്കുന്ന ഓരോ സ്ത്രീയുടെയും ജീവിതം വേട്ടക്കാരും ഇരകളും എന്ന ഒറ്റ ദ്വന്ദ്വത്തിൽ തുടങ്ങുന്നതോ ഒതുങ്ങുന്നതോ അല്ല. മനുഷ്യൻ എന്ന പദത്തിന്റെ മഹത്വത്തെക്കുറിച്ച് ആധുനികത കെട്ടിപ്പൊക്കിയ മുഴുവൻ മിത്തുകളുടെയും നേർക്കുള്ള വിരൽചൂണ്ടലായി അവ മാറുന്നു.

പുസ്തകത്തിൽനിന്ന്

''അങ്ങാടിയിൽനിന്നും ഞങ്ങൾ പോയത് സഫിയയുടെ വീട്ടിലേക്കാണ്. സഫിയയുടെ ഭർത്താവ് റാണാപ്ലാസാ അപകടത്തിൽ മരിച്ചുപോയിരുന്നു. അവളുടെ രണ്ടു കാലുകളും മുട്ടിനു താഴെ വെച്ച് മുറിച്ചുമാറ്റി. ഒരു നയാപൈസപോലും നഷ്ടപരിഹാരം അവൾക്കു കിട്ടിയില്ല. അതിന്റെ കാരണംകൂടി അന്വേഷിക്കാനാണു ഞങ്ങൾ പോയത്.

കൊയ്ത്തുകഴിഞ്ഞ നെല്പാടങ്ങൾക്കും ധാലേശ്വരിയുടെ നീർച്ചാലുകൾക്കും ഇടയിലൂടെ നടന്നു വേണം അവളുടെ വീട്ടിൽ എത്താൻ. മിക്കവാറും വീടുകളെല്ലാം പുല്ലുമേഞ്ഞതാണ്. അപൂർവ്വം ചിലയിടത്ത് ഓടുമേഞ്ഞ വീടുകളും കാണാം. കുളിമുറിയോ, കക്കൂസോ എവിടെയുമില്ല. ധാലേശ്വരിയുടെ തീരമാണ് അവരുടെ ടോയ്‌ലെറ്റ്. ചില വീടുകൾക്കു മുന്നിൽ, ചെറിയ കുളങ്ങൾ ഉണ്ട്. അവയിൽ കുഞ്ഞുവലയെറിഞ്ഞു കുട്ടികളും മുതിർന്നവരും മീൻ പിടിക്കുന്നുണ്ടായിരുന്നു.

          ചുറ്റും വയലുകൾ അതിരിടുന്ന ഓലമേഞ്ഞ ഒരു കൊച്ചു കുടിൽ ആണ് സഫിയയുടേത്. അവളുടെ അമ്മയും രണ്ടു കുട്ടികളുംകൂടി ആ വീട്ടിൽ ഉണ്ട്. വീട്ടിന്റെ മുറ്റത്ത് ഞങ്ങൾ ഇരിക്കവേ, സഫിയ അവളുടെ കഥ പറഞ്ഞു:

          സഫിയ അഞ്ചാം ക്ലാസുവരെ മാത്രമേ പഠിച്ചിട്ടുള്ളൂ. പതിമൂന്നു വയസ്സ് മുതൽ ഗ്രാമത്തിലെ തയ്യൽക്കാരിയുടെ അടുത്ത് പോയി അത്യാവശ്യം കട്ടിങ്ങും തുന്നലും പഠിച്ചു. കരാട്ടിയയിലെ സ്ത്രീകൾക്കിടയിൽ അത് സർവസാധാരണമായിരുന്നു. സഫിയയ്ക്ക് പതിനേഴു വയസ്സായപ്പോൾ ആണ് അവൾ അബുലിനെ ആദ്യമായി കണ്ടുമുട്ടുന്നത്. അബുൽ, കരാട്ടിയാ സാരിഹാട്ടിലെ തൊഴിലാളി ആയിരുന്നു. അവർ തമ്മിൽ കടുത്ത പ്രണയത്തിൽ ആയി. പക്ഷേ, നിർധന കുടുംബാംഗമായ അബുലിനെ വിവാഹം കഴിക്കാൻ സഫിയയുടെ ഉമ്മ സമ്മതിച്ചില്ല. അവരുടെ ബന്ധുക്കളും. അവർ സഫിയയ്ക്ക് വേറെ വിവാഹം ഉറപ്പിച്ചു.

          പക്ഷേ, പിരിയാൻ ഇഷ്ടമില്ലാതിരുന്ന അബുലും സഫിയയും വിവാഹത്തിന് ഒരാഴ്ച മുമ്പ്, ധാക്കയിലേക്ക് ഒളിച്ചോടി. അബുലിന്റെ സുഹൃത്തുക്കൾ റെഡിമേഡ് ഫാക്ടറികളിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. അവരുടെ സഹായത്തോടെ ധാക്കാ നഗരാതിർത്തിയിലെ ഒരു ചേരിയിലെ ഒറ്റമുറിയുള്ള വീട്ടിൽ അബുലും സഫിയയും താമസം ആരംഭിച്ചു. രണ്ടുപേർക്കും ഒരേ സ്ഥാപനത്തിൽ ജോലി കിട്ടി. ബെനെട്ടൻ ഷർട്ടുകളുടെ ബട്ടൺ പിടിപ്പിക്കുന്ന ജോലി ആയിരുന്നു സഫിയയ്ക്ക്. ഭർത്താവിനു കോളർ പിടിപ്പിക്കലും. സഫിയയും അബുലും വിശ്രമമില്ലാതെ അധ്വാനിച്ചു. അതിനിടയിൽ അവർക്ക് രണ്ടുകുട്ടികളും ഉണ്ടായി. ഒരു പെൺകുട്ടിയും ഒരാൺകുട്ടിയും. വളരെ തുച്ഛമായ വരുമാനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അവർ ഏറെ  പ്രയാസപ്പെട്ടിരുന്നു. എങ്കിലും മറ്റു മാർഗങ്ങൾ ഇല്ലാത്തതുകൊണ്ട് അവർ ഇതേ തൊഴിലിൽ തുടരുകയായിരുന്നു.

          റാണാ പ്ലാസാ കെട്ടിടം തകർന്നുവീണ ആ അഭിശപ്തദിവസം. പതിവുപോലെ ജോലി ചെയ്യുകയായിരുന്നു സഫിയയും അബുലും. എന്തോ ദേഹത്തേക്കു വന്നുവീഴുന്നതായി തോന്നിയതു മാത്രമാണ് അവൾക്ക് ഓർമ്മയുണ്ടായിരുന്നത്. ബോധം വീഴുമ്പോൾ ആശുപ്രതിയിൽ ആയിരുന്നു.

          മറിഞ്ഞുവീണുപോയ ചുമരിന് അടിയിൽ ആരുന്നു അവളുടെ കാൽ. ഏഴു മണിക്കൂർ കഴിഞ്ഞാണ് രക്ഷാസംഘം സഫിയയെ രക്ഷപ്പെടുത്തിയത്. ആറാം നിലയിലെ ഫാക്ടറിയിൽ ആയിരുന്ന ഭർത്താവ് അബുൽ ഒരു ദിവസം മുഴുവൻ കല്ലിനും കമ്പികൾക്കും ഇടയിൽ കിടന്നു. ഒടുവിൽ ആരോ രക്ഷപ്പെടുത്തിയപ്പോൾ, തലയ്ക്കു മാരകമായി മുറിവ് പറ്റിയിരുന്നു. ആശുപത്രിയിൽ ആക്കിയതിന്റെ പത്താം ദിവസം അയാൾ മരിച്ചുപോയി. അബുലിന് വെറും മുപ്പതു വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ.

          സഫിയ ഇരുപതു ദിവസം ആശുപത്രിയിൽ കിടന്നു. അവളുടെ രണ്ടു കാലും മുട്ടിനു താഴെ മുറിച്ചുനീക്കി. അതിനുശേഷമാണ് അബുൽ മരിച്ചുപോയത് അവൾ അറിഞ്ഞത്. ജീവിതത്തിന് മുന്നിൽ അവൾ രണ്ടുകാലുമില്ലാതെ പകച്ചുനിന്നു. കുട്ടികൾക്ക് ഭക്ഷണവും പാലുപോലും കൊടുക്കാൻ കഴിയാതെ സഫിയ കഷ്ടപ്പെട്ടു. കുറച്ചു ദിവസം അയൽക്കാർ അവളെയും കുട്ടികളെയും സഹായിച്ചു. രണ്ടു കാലും നഷ്ടപ്പെട്ട ഒരു ദരിദ്രയായ ചേരിനിവാസിക്ക് എത്രനാൾ പരസഹായമില്ലാതെ ജീവിക്കാൻ കഴിയും?

          അബുലിനെ നിയമപരമായി വിവാഹം കഴിക്കാത്തതുകൊണ്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനു കിട്ടേണ്ട ഒരു ആനുകൂല്യവും അവൾക്കു കിട്ടിയില്ല. ആശുപത്രിച്ചെലവിനുവേണ്ടി കമ്പനി നൽകിയ ഇരുപത്തി അയ്യായിരം താക്കമാത്രമായിരുന്നു കൈയിൽ ഉണ്ടായിരുന്നത്. അബുലിന്റെ ഭാര്യ ആണെന്ന് തെളിയിക്കുന്ന ഒരു രേഖയും സഫിയയുടെ കൈയിൽ ഇല്ലായിരുന്നു. അങ്ങനെ നാമമാത്രമായ നഷ്ടപരിഹാരംപോലും കിട്ടാതെ സഫിയ മുഴുപ്പട്ടിണിയിലായി.

          ധാക്കാനഗരത്തിലെ ഇടുങ്ങിയ ചേരിയിലെ മഹാനരകത്തിൽ രണ്ടുകാലും ഇല്ലാത്ത മകൾ ജീവിക്കുന്നത് അറിഞ്ഞ സഫിയയുടെ ഉമ്മ അവളെയും കുട്ടികളെയും ഗ്രാമത്തിലേക്കു കൂട്ടിക്കൊണ്ടു വന്നു. പിന്നീട്, അവിടുത്തെ പൗരപ്രമുഖനും ജമീന്ദാരും ബംഗ്ലാദേശിലെ മുൻ വിദേശകാര്യ മന്ത്രിയുമായ വാജിദ് അലി ഖാൻ ജൂനിയർ നേരിട്ട് ഇടപെട്ട് നഷ്ടപരിഹാരം കിട്ടാനുള്ള രേഖകൾ ഉണ്ടാക്കി. ഞങ്ങൾ സന്ദർശിക്കുന്ന സമയത്തും അതിനുള്ള നിയമപോരാട്ടം നടത്തുകയായിരുന്നു സഫിയ. വാജിദ് അലിഖാൻ തന്നെയാണ് ധാക്കയിലെ തൊഴിലാളി യൂണിയനുകളോട് സ്ഥിയയ്ക്ക് എന്തെങ്കിലും വരുമാനമാർഗ്ഗം ഉണ്ടാക്കിക്കൊടുക്കാൻ അപേക്ഷിച്ചത്.

          അങ്ങനെയാണ്, സഫിയ വീട്ടിൽ ഇരുന്നുകൊണ്ട് സ്റ്റിക്കർപൊട്ടുകൾ പാക്കറ്റുകളിൽ ആക്കുന്ന ജോലി ചെയ്തുതുടങ്ങിയത്. അമ്പതു പാക്കറ്റുകൾ പൂർത്തിയാക്കിയാൽ അഞ്ചു താക്കയാണ് കൂലി. രാവിലെ മുതൽ, സഫിയ കട്ടിലിൽ ഇരുന്നു, ജോലി തുടങ്ങും. രാത്രി ഏറെ വൈകും കഴിയാൻ. എന്നാലെ അമ്പതു താക്ക എങ്കിലും ഉണ്ടാക്കാൻ കഴിയൂ. അസഹനീയമായ നടുവേദനയും കാലുവേദനയും ഉണ്ടാക്കുന്ന ജോലിയാണെങ്കിലും സഫിയയ്ക്കു മുന്നിൽ വേറേ മാർഗമില്ലാത്തതുകൊണ്ട് അവൾ സ്റ്റിക്കർ പൊട്ടുകൾ ഒട്ടിച്ചുകൊണ്ടേയിരിക്കും. വടി കുത്തിയാണ് സഫിയ അര കിലോമീറ്റർ ദൂരത്തുള്ള പുഴക്കരയിൽ വെളിക്കിരിക്കാൻ പോകുന്നത്. അതും അതിരാവിലെ മാത്രം.

          മൂത്ത മകൾക്ക് ഒൻപതു വയസ്സായി. മകന് അഞ്ചു വയസ്സും. മകൾക്ക് പന്ത്രണ്ടു വയസ്സായാൽ, നഗരത്തിലെ ഒരു വീട്ടിൽ വീട്ടുജോലിക്കു വിടുമെന്ന് സഫിയ പറഞ്ഞു. പതിനെട്ടു വയസ്സുവരെ അവിടെ നിന്നാൽ, അവർ ആയയുടെ വിസ കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ട്, ദുബായിൽ. അതു കിട്ടിയാൽ കുടുംബം രക്ഷപ്പെടുമെന്ന ചിന്തയിലാണ് സഫിയ. അവളുടെ എല്ലാ സ്വപ്നവും മകളിൽ ആണ്. മകൾ പ്രണയിച്ച് ഒളിച്ചോടാതിരിക്കാൻ വേണ്ടി സഫിയ ആ പെൺകുട്ടിയെ എങ്ങോട്ടും വിട്ടില്ല. ഉമ്മ തൊട്ടടുത്തുള്ള ജന്മിയുടെ കൃഷിസ്ഥലത്ത് ജോലിക്കു പോകുന്നുണ്ട്. അവർക്ക് ഒരു ദിവസം അമ്പതു താക്ക കൂലി കിട്ടും.

          ഞങ്ങൾ സംസാരിക്കുമ്പോൾ മുറ്റത്ത് ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു, ആ പെൺകുട്ടി. റസിയ എന്നാണു പേര്. പോഷകാഹാരം കിട്ടാതെ മെലിഞ്ഞു വിളറിയ ശരീരം. മുഷിഞ്ഞ പാവാടയും ബ്ലൗസും. എണ്ണമയം ഇല്ലാതെ പാറിക്കിടക്കുന്ന തലമുടി. ധാക്കയിൽനിന്നും കരാട്ടിയയിൽ എത്തിയശേഷം അവൾ സ്‌കൂളിൽ പോയിട്ടില്ല. അവളുടെ അനിയൻ ഒരു പഴയ പ്ലാസ്റ്റിക് കാർ ചരടിൽ കെട്ടി മുറ്റത്തുകൂടി ഓടിക്കുന്നുണ്ടായിരുന്നു.

          റസിയ, ലീനിയയുടെ സുന്ദരമായ സ്വീഡിഷ് ചർമ്മത്തിലേക്കും മനോഹരമായ പാവാടയിലേക്കും വീണ്ടും വീണ്ടും നോക്കുന്നുണ്ടായിരുന്നു.

          'എനിക്ക് എന്നോടുതന്നെ വെറുപ്പ് തോന്നുന്നു' ലീനിയ പതുക്കെ പറഞ്ഞു.

          ഞങ്ങൾ അവൾക്കു ചോക്കലേറ്റ് കൊടുത്തു. മോൾക്ക് എന്താണ് ആഗ്രഹം എന്ന് ഞാൻ വെറുതെ ചോദിച്ചു. അവളുടെ മറുപടി, പക്ഷേ, ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു. പട്ടണത്തിലെ ചെറിയ മാളിൽനിന്നും ഒരിക്കൽ എങ്കിലും പീറ്റ്‌സ കഴിക്കണം എന്നാണ് അവൾ പറഞ്ഞത്.

          അൻസ്‌ലമിന്റെ കണ്ണുകളിൽ ഉറവപൊട്ടി. അവൻ ഉഗാണ്ടയിലെ ഇതുപോലുള്ള ഒരു ഗ്രാമത്തിലെ ഒരു ദരിദ്രകുടുംബത്തിൽ ആണ് ജനിച്ചത്. അവിടെനിന്നും പഠിച്ച് വളർന്നു 'ഗ്ലോബൽ ഫെയർട്രേഡ് ഇനിഷ്യേറ്റീവി'ന്റെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനംവരെ എത്തിയ ചെറുപ്പക്കാരൻ!

'ആ കുട്ടിയുടെ വേദനയോർത്തുമാത്രമല്ല, എന്റെതന്നെ ബാല്യത്തിലെ കഠിനവേദനകൾ ഓർത്തിട്ടാണു ഞാൻ കരയുന്നത്... മുഷിഞ്ഞ ബ്ലൗസിന്റെ തുമ്പുകൾ തിരുപ്പിടിക്കുന്ന ആ കൈകൾ എന്റേതാണ്... അപകർഷതയും പട്ടിണിയും നിസ്സഹായതയും തുളുമ്പുന്ന ആ കണ്ണുകൾ എന്റേതാണ്, ആ തളർച്ചയും ആ ഒറ്റപ്പെടലുമെല്ലാം എന്റേതാണ്, സുധ'

          അവൻ ആ പെൺകുട്ടിയെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞുകൊണ്ടേയിരുന്നു. പണ്ട്, കഠിനമായ അപകർഷതയിൽനിന്നും എവിടെനിന്നെന്നറിയാതെ പെട്ടെന്ന് കയറിവന്ന ദാരിദ്ര്യത്തിൽനിന്നും എങ്ങോട്ടെങ്കിലും പലായനം ചെയ്യാൻ ആഗ്രഹിച്ചിരുന്ന, എല്ലായ്‌പോഴും പുസ്തകങ്ങളിൽ മുഖം പൂഴ്‌ത്തിയിരുന്ന, റിബേറ്റ് ഖദറിന്റെ നിറംമങ്ങിയ പൈജാമയും ജുബ്ബയും അണിഞ്ഞ പയ്യന്നൂരിലെ ഒരു എട്ടു വയസ്സുകാരിയുടെ ഓർമയിൽ ഞാനും പിടഞ്ഞു.

          എല്ലാവിധ ജീവിതസങ്കീർണ്ണതകളിൽനിന്നും മനുഷ്യനെ വീണ്ടെടുക്കുന്ന അതിജീവനത്തിന്റെ ഉൺമയെക്കുറിച്ച് ആ പെൺകുട്ടിയോട് പറയണമെന്നുണ്ടായിരുന്നു.

          പക്ഷേ, ഏതോ അറബിയുടെ വീട്ടിൽ ആയയുടെ ജോലി ചെയ്യാൻ വിധിച്ചു മാറ്റിനിർത്തിയ അവൾക്ക് എന്തു വാഗ്ദാനമാണ് എനിക്കു കൊടുക്കാൻ കഴിയുക? വാക്കുകൾ അവൾക്കു മുന്നിൽ വെറും നുണകളായി പോകും. പെരുംനുണകൾ.

          'ഞങ്ങൾ ഈ കുട്ടികളെ പട്ടണത്തിൽ കൊണ്ടുപോയി പീറ്റ്‌സ വാങ്ങിക്കൊടുക്കട്ടെ? ഞാൻ അവരോടു ചോദിച്ചു? സഫിയ അവിശ്വസനീയതയോടെ, സംശയത്തോടെ തലയാട്ടി. ആ പെൺകുട്ടിയുടെ മുഖത്ത് ഊഷ്മളമായ ഒരു പുഞ്ചിരി വിടർന്നു. വിളറിയ മാനത്തെ ചന്ദ്രക്കലപോലെ.

          അവൾ അകത്തുപോയി തട്ടമിട്ടു, അനിയന്റെ കൈപിടിച്ചുകൊണ്ട്, ഞങ്ങൾ വന്ന ടാക്‌സിയിൽ കൊതിയോടെ തൊട്ടുനോക്കി. പിന്നെ ആഹ്ലാദത്തോടെ അതിൽ കയറിയിരുന്നു. പട്ടുകളുടെ കമ്പോളവും തറികളും ധാലേശ്വരിയുടെ നീർച്ചാലും ജമീന്ദാരുടെ കൂറ്റൻ ഭവനവും അതിയ പള്ളിയും സാദത്ത്‌കോളേജും കടന്നു ഞങ്ങൾ ആ ചെറിയ മാളിൽ എത്തി. അപ്പോഴൊക്കെയും റസിയയും അനിയനും അമ്പരപ്പോടെ കാറിൽനിന്നും പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു...

          മാളിലെ ശീതീകരിച്ച മുറിയിൽ ഇരിക്കുമ്പോൾ അവർ അപകർഷതയോടെ തങ്ങളുടെ വസ്ത്രങ്ങളിലേക്കു നോക്കി. ചെളിപുരണ്ട കൈകളിലേക്കു നോക്കി. അൻസ്‌ലം വീണ്ടും അവരെ ചേർത്തുപിടിച്ചു. നെറ്റിയിൽ ഉമ്മവെച്ചു. 'അള്ളാ, അള്ളാ' എന്ന് അവരിൽ ചുണ്ടുകൾ വിതുമ്പിക്കൊണ്ട് ഉരുവിടുന്നുണ്ടായിരുന്നു.

          ആ കുട്ടികൾ കൊതിയോടെ, ആസക്തിയോടെ പീറ്റ്‌സ കഴിക്കുന്നത് ഞാനും ലീനിയയും അൻസ്‌ലമും നിറഞ്ഞ കണ്ണുകളോടെ നോക്കിനിന്നു.

          മൂന്നു വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ, മൂന്നു വ്യത്യസ്ത മതങ്ങളിൽ, മൂന്നു വ്യത്യസ്ത സംസ്‌കാരങ്ങളിൽ ജനിച്ചുവളർന്ന ഞങ്ങൾക്ക് അപ്പോൾ ഒരേ ഹൃദയമിടിപ്പായിരുന്നു..... ഒരേ സങ്കടങ്ങളായിരുന്നു... ഒരേ മനസ്സായിരുന്നു....

          സ്‌നേഹിക്കാനുള്ള മനുഷ്യന്റെ ആദിമമായ ചോദന ഞങ്ങളെ മൂന്നുപേരെയും ഒരുപോലെ പൊതിഞ്ഞു. ഇല്ലായ്മകളും സ്വപ്നങ്ങളും ഒരുപോലെ വിടർന്ന നാലു കണ്ണുകൾ ഞങ്ങളെ സ്‌നേഹത്തോടെ തൊട്ടു''. 

ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ
സുധാമേനോൻ
ഡി.സി. ബുക്‌സ്
2023
280 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP