Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202311Sunday

നീതിയും ജനാധിപത്യവും

നീതിയും ജനാധിപത്യവും

ഷാജി ജേക്കബ്‌

'Political Democracy cannot last unless there lies at the base of it Social Democracy'

- B.R. Ambedkar

സാമൂഹ്യജനാധിപത്യത്തിനു മുകളിൽ മാത്രം പണിതുയർത്താൻ കഴിയുന്ന രാഷ്ട്രീയ ജനാധിപത്യത്തിന്റെ മാനിഫെസ്റ്റോ എന്ന നിലയിൽ രൂപംകൊണ്ട ഇന്ത്യൻ ഭരണഘടനയെ പൊതുവിലും, ഇക്കഴിഞ്ഞ ഏഴുപതിറ്റാണ്ടുകാലം ആ ഭരണഘടനയുടെ ഏറ്റവും ശ്രദ്ധേയമായ ചില അടിസ്ഥാനപ്രമാണങ്ങൾക്കു കൈവന്ന നിർവഹണജീവിതത്തെ സവിശേഷമായും അപഗ്രഥിക്കുന്ന മികച്ച ഒരു നിയമ/ഭരണഘടനാ/നീതിശാസ്ത്ര/രാഷ്ട്രതന്ത്രപഠനമാണ് വി.എൻ. ഹരിദാസ് എഴുതിയ ഈ പുസ്തകം. ഏഴധ്യായങ്ങളായി, ഭരണഘടന നിർവചിക്കുന്ന പൗരത്വം, സമത്വം, സ്വാതന്ത്ര്യം, മതേതരത്വം, ജീവിക്കാനുള്ള അവകാശം എന്നീ അഞ്ച് സങ്കല്പന/തത്വങ്ങളെക്കുറിച്ചും ഇന്ത്യൻ നീതിന്യായസംവിധാനത്തെക്കുറിച്ചും ജന്മു-കശ്മീരിന്റെ സ്വയംഭരണ പദവിയെക്കുറിച്ചുമുള്ള വിമർശനാത്മക വിശകലനങ്ങളായി രചിക്കപ്പെട്ടിരിക്കുന്ന ഈ പുസ്തകത്തിന്റെ ഏറ്റവും മൗലികവും ഭിന്നവുമായ സ്വഭാവം ഭരണഘടനാതത്വങ്ങളും നിയമനിർമ്മാണസഭയുടെയും നീതിന്യായസ്ഥാപനങ്ങളുടെയും പ്രായോഗികനിലപാടുകളും തമ്മിൽ തമ്മിൽ നിലനിൽക്കുന്ന പൊരുത്തക്കേടുകളുടെ അപഗ്രഥനമാകുന്നു.

          ഇന്ത്യൻ ഭരണഘടനയുടെ വർഷങ്ങൾ നീണ്ട നിർമ്മാണചരിത്രത്തിന്റെ കഥ പറഞ്ഞതിനുശേഷം ഭരണഘടനയിൽ മേല്പറഞ്ഞ ഏഴു തലങ്ങളെയും സവിശേഷമായി നിർവചിക്കുന്ന അനുച്ഛേദങ്ങൾ ചൂണ്ടിക്കാട്ടി അവയോരോന്നിനെയും കുറിച്ച് സൂക്ഷ്മവും സാരവത്തുമായി വിശദീകരിക്കുകയാണ് ഹരിദാസ്. ജനാധിപത്യത്തിൽ അടിയുറച്ച ഇന്ത്യൻ രാഷ്ട്ര-രാഷ്ട്രീയവ്യവസ്ഥയെ സാർഥകമാക്കുന്ന ഭരണഘടനാതത്വങ്ങളിൽ ചിലതിന്റെ അപഗ്രഥനം. ഒപ്പം, പ്രസിദ്ധങ്ങളായ ചില നിയമവ്യവഹാരങ്ങളെയും അവയിൽ സുപ്രീം കോടതിയുൾപ്പെടെയുള്ള ന്യായാലയങ്ങൾ പുറപ്പെടുവിച്ച വിധികളുടെയും അവതരണത്തിലൂടെ ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും കടന്നുപോന്ന സംഘർഷഭരിതവും ബഹുസ്വരാത്മകവുമായ നൈതികജീവിതത്തിന്റെ കഥപറയുകയാണ് ഹരിദാസ്. ഇംഗ്ലീഷിൽ ധാരാളം എഴുതപ്പെട്ടിട്ടുള്ളതാണ് ഈ വിഷയം. നാനിപാൽക്കിവാലയെയും റാംജെത്മലാനിയെയും ഫാലി എസ്. നരിമാനെയും പോലുള്ള അസാമാന്യ പ്രതിഭകളായ അഭിഭാഷകരുടെ ജീവചരിത്രങ്ങളിലും ആത്മകഥകളിലും മാത്രമല്ല ശ്രദ്ധേയങ്ങളായ സുപ്രീം കോടതിവിധികളുടെ കഥ പറഞ്ഞ് ഇക്കഴിഞ്ഞ ഏഴുപതിറ്റാണ്ടുകാലത്തെ ഇന്ത്യൻ രാഷ്ട്ര-രാഷ്ട്രീയ ചരിത്രം വഴിമാറിയൊഴുകിയ സന്ദിഗ്ദ്ധ ഘട്ടങ്ങളുടെ ചരിത്രമെഴുതുന്ന സിയാമോദിയെപ്പോലുള്ളവരുടെ ഗ്രന്ഥങ്ങളിലും നമുക്കിതുവായിച്ചറിയാൻ കഴിയും. വൻ ശ്രദ്ധ നേടുന്ന ചില കോടതിവിധികളുടെ പശ്ചാത്തലത്തിൽ നടത്തുന്ന സാന്ദർഭികമായ വിലയിരുത്തലുകളല്ലാതെ ഭരണഘടനയോടും ഭരണകൂടത്തോടും ബന്ധപ്പെടുത്തി ഇന്ത്യൻ ജനാധിപത്യത്തിന്റെയും നീതിശാസ്ത്രത്തിന്റെയും അതിജീവനചരിത്രം ഈവിധം വിമർശനാത്മകമായവതരിപ്പിക്കുന്ന ശ്രമങ്ങൾ മലയാളത്തിൽ കണ്ടിട്ടില്ല. ഇവിടെയാണ് ഹരിദാസിന്റെ പുസ്തകത്തിന്റെ പ്രസക്തിയും പ്രാധാന്യവും.

          രാഷ്ട്രീയം മുതൽ ബ്യൂറോക്രസി വരെ; നിക്ഷേപരംഗം മുതൽ പരിസ്ഥിതി വരെ; ജാതിസംവരണം മുതൽ മതവർഗീയത വരെ; സ്ത്രീനീതി മുതൽ ലൈംഗികസ്വാതന്ത്ര്യം വരെ; ആവിഷ്‌ക്കാരസ്വാതന്ത്ര്യം മുതൽ പൗരത്വനിയമങ്ങൾ വരെ- നിയമ/നീതി സംവിധാനങ്ങളുടെ ചിറകിൻ കീഴിലാണ് ദൈനംദിനമെന്നോണം നാമഭിമുഖീകരിക്കുന്ന ഓരോ ജീവിതമണ്ഡലവും അതിന്റെ അസ്തിത്വം നിർവചിക്കുന്നതും അവസ്ഥാന്തരങ്ങൾ നിർവഹിക്കുന്നതും. ഈ നിയമ-നീതി വ്യവസ്ഥയുടെ പ്രമാണപത്രികയെന്ന നിലയിൽ ഭരണഘടനയ്ക്കുള്ള പ്രാധാന്യവും ലെജിസ്ലേറ്റിവ്, എക്‌സിക്യൂട്ടിവ്, ജുഡിഷ്യറി എന്നീ മൂന്നു തലങ്ങളിലും കാലാകാലങ്ങളിൽ സംഭവിച്ച ഭരണഘടനാതത്വങ്ങളോടുള്ള സമീപനങ്ങളിലെ വൈരുധ്യങ്ങളും സൂക്ഷ്മമായപഗ്രഥിക്കുകയാണ് ഹരിദാസിന്റെ ലക്ഷ്യം. ഇതിനദ്ദേഹം സ്വീകരിക്കുന്ന രീതിശാസ്ത്രമാണ് മുകളിൽ സൂചിപ്പിച്ച ഗ്രന്ഥഘടന വ്യക്തമാക്കുന്നത്.

         

'ഭരണഘടനാനിർമ്മാണസഭയും ഭരണഘടനാനിർമ്മാണവും' എന്ന ആമുഖാധ്യായത്തിൽ സംക്ഷിപ്തമായി ഇന്ത്യൻ ഭരണഘടനയുടെ രൂപീകരണചരിത്രം ഹരിദാസ് സൂചിപ്പിക്കുന്നു. ഇന്ത്യൻ ജനതയുടെ വൈവിധ്യവും വൈജാത്യവും സ്വാംശീകരിച്ചുകൊണ്ടുള്ള വിദഗ്ദ്ധരുടെ പ്രാതിനിധ്യം ഉറപ്പാക്കി പതിനഞ്ചിലധികം കമ്മറ്റികൾ രൂപീകരിച്ചും രണ്ടു വർഷം സമയമെടുത്ത് തയ്യാറാക്കിയ കരട് രേഖ തുടർന്ന് രണ്ടുവർഷത്തോളം 12 സെഷനുകളിൽ ചർച്ചചെയ്തും അംഗീകരിച്ച ഒന്നാണ് അത്. ഇരുപതോളം പേരായിരുന്നു ഭരണഘടനാനിർമ്മാണസഭയിൽ വലിയ സ്വാധീനശക്തിയുള്ളവരായി കരുതപ്പെട്ടിരുന്നത്. അതിൽതന്നെ നെഹ്രു, പട്ടേൽ, അംബേദ്കർ, ആസാദ് എന്നിവർക്കാണ് ഏറ്റവും പ്രാമുഖ്യം കൈവന്നത്. ഹരിദാസ് എഴുതുന്നു:

'ഗ്രാൻവിലെ ഓസ്റ്റിൻ പറയുന്നതുപോലെ ഇന്ത്യൻ ഭരണഘടനയെ വ്യതിരിക്തമാക്കുന്നത് അതൊരു 'സാമൂഹികരേഖയാണ്' (Social document) എന്നതിനാലാണ്. അത് കേവലം ഒരു ഭരണത്തിനുള്ള മാർഗ്ഗരേഖയല്ല. ജാതീയതയ്‌ക്കെതിരെ അധിനിവേശത്തിനെതിരെയുള്ള ദേശീയ പ്രസ്ഥാനത്തിന്റെ സമന്വയ ബിന്ദുവായാണ് ഭരണഘടനാ നിർമ്മാണ സഭയിലെ അംഗങ്ങൾ (അവർ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗവും ആ പാരമ്പര്യം പിന്തുടരുന്നവരുമായിരുന്നു) ഇന്ത്യൻ ഭരണഘടനാ നിർമ്മാണത്തെ സമീപിച്ചത്. നെഹ്‌റുവിനെയും അംബേദ്കറിനെയുംപോലെ ജാധിപത്യമൂല്യങ്ങൾ ആഴത്തിൽ സ്വാംശീകരിച്ചവർ കേവലം പാശ്ചാത്യാധുനികതയുടെ വക്താക്കളോ അതിനെ പകർത്താൻ ശ്രമിച്ചവരോ ആയിരുന്നില്ല. മറിച്ച് അവർ ഇന്ത്യൻ സമൂഹത്തിന്റെ ചരിത്രവും യാഥാർത്ഥ്യവും ഉൾക്കൊണ്ടവരായിരുന്നു. ബ്രാഹ്മണാധിനിവേശത്തിനും സാമ്രാജ്യത്വ അധിനിവേശത്തിനും എതിരെ ഒരുപോലെ സമരം ചെയ്തവർ, ഇന്ത്യൻ സമൂഹത്തിലെ അസമത്വത്തിന്റെയും വിവേചനത്തിന്റെയും വേരുകൾ യഥാർത്ഥത്തിൽ കണ്ടെത്തിയവർ. അതുകൊണ്ടാണ് കേവലം അഭിപ്രായസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും ഒപ്പം അയിത്ത നിരോധനവും ഭരണഘടനയിൽ ഇടം പിടിച്ചത്. രാഷ്ട്രം എത്തിച്ചേരേണ്ട ചില ലക്ഷ്യങ്ങളെയും അതിന് മാർഗ്ഗനിർദ്ദേശമാവേണ്ട മൗലികമായ ചില ആദർശങ്ങളെയും ഇന്ത്യൻ ഭരണഘടനയിൽ അവർ ഉൾച്ചേർത്തു'.

         

'പൗരത്വം' എന്ന ഒന്നാമധ്യായത്തിൽ ദേശീയതയുടെയും വിഭജനത്തിന്റെയും പശ്ചാത്തലത്തിൽ പുനർനിർവചിക്കപ്പെട്ട ഇന്ത്യൻ പൗരത്വത്തിന്റെ അടിസ്ഥാനതത്വങ്ങൾ ചൂണ്ടിക്കാണിച്ചും പൗരത്വനിയമങ്ങൾക്ക് പിൽക്കാലത്തുണ്ടായ ഭേദഗതികൾ വിശദീകരിച്ചും അവയുടെ ആന്തരവൈരുധ്യങ്ങൾ വിവരിച്ചും ഹരിദാസ് ആ വിഷയം ചർച്ചക്കെടുക്കുന്നു. 2019ൽനരേന്ദ്ര മോദിസർക്കാർ നടപ്പാക്കിയ പൗരത്വനിയമപരിഷ്‌ക്കരണത്തിന്റെ നിശിതമായ വിമർശനവും ഗ്രന്ഥം മുന്നോട്ടുവയ്ക്കുന്നു.

         

'സമത്വം' എന്ന അധ്യായത്തിൽ ജാതിസമത്വം/ജാതിസംവരണം; ലിംഗസമത്വം/ലിംഗനീതി എന്നീ രണ്ടു വിഷയങ്ങളാണ് മുഖ്യമായും ചർച്ചചെയ്യുന്നത്. ജാതിസംവരണവാദത്തിന്റെ ആന്തരവൈരുധ്യങ്ങളും സാമ്പത്തികസംവരണവാദത്തിന്റെ ഭരണഘടനാവിരുദ്ധതയും ഒരുപോലെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്ത്യൻ സമൂഹത്തിൽ വേരോടിയിട്ടുള്ള അതിസങ്കീർണമായ ജാതിരാഷ്ട്രീയത്തിന്റെയും സാമൂഹ്യ അനീതികളുടെയും സ്വരൂപം ഹരിദാസ് വിശകലനം ചെയ്യുന്നു. നിരവധി നിയമവ്യവഹാരങ്ങളുടെ വിശദീകരണത്തിലൂടെ ഇന്ത്യയിൽ ഇക്കാലത്തുടനീളം ജാതിസംവരണം നേരിട്ട വെല്ലുവിളികൾ അപഗ്രഥിക്കുന്ന ഗ്രന്ഥകാരൻ ഈ വിഷയത്തിൽ തന്റെ നിലപാട് ഇങ്ങനെ ക്രോഡീകരിക്കുന്നു:

         

'പക്ഷേ, സംവരണത്തിന്റെ/പ്രതിവിവേചനത്തിനുള്ള അർഹതയുടെ അടിസ്ഥാനം എന്താണ്? സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ എന്നതിൽനിന്ന് സുപ്രീംകോടതി ക്രമമായി എത്തിച്ചേർന്നത് അതു ജാതിയാണ് എന്നതിലാണ്. പക്ഷേ, അത് നിരവധി ആന്തരിക വൈരുദ്ധ്യങ്ങൾക്ക് വഴിതുറക്കുന്നു. ഒന്ന് സുപ്രീം കോടതി പറഞ്ഞതു പോലെ ഒരാളുടെ പിന്നോക്കാവസ്ഥയുടെ അർഹത അയാളെ ജാതി അംഗീകരിക്കുന്നുണ്ടോ ജാതിയിലേക്ക് ഉൾച്ചേർക്കുന്നുണ്ടോ എന്നതാകുമ്പോൾ ഭരണഘടന ഉന്മൂലനം ചെയ്യാനുദ്ദേശിക്കുന്ന ജാതിയെ സ്ഥാപനവത്കരിക്കുകയാണു ചെയ്യുന്നത്. ജാതി നിയമങ്ങൾ, ഘടനകൾ, അതിന്റെ ശ്രേണീബന്ധങ്ങൾ ഇവയെ സുപ്രീംകോടതിയിലൂടെ നീതിന്യായ വ്യവസ്ഥ അംഗീകരിച്ച് ശാശ്വതവത്കരിക്കുകയാണു ചെയ്യുന്നത്. രണ്ട്: സുപ്രീംകോടതിതന്നെ പറയുന്നു, മതപരിവർത്തനം ചെയ്താലും അഹൈന്ദവമായ അന്തരീക്ഷത്തിലൂടെ തലമുറകൾ കടന്നുപോയാലും ജാതി പിന്നേയും അവശേഷിക്കും എന്ന്. ജെ, ചിന്നപ്പറെഡ്ഢി നിരീക്ഷിച്ചതുപോലെ മതപരിവർത്തനം വഴി ജാതി താൽക്കാലികമായി മൂടപ്പെടുകയും പുനഃ പരിവർത്തനം വഴി മൂടൽ മാഞ്ഞ് ജാതി തെളിയുകയും ചെയ്യും എന്നാണ് സിദ്ധാന്തവത്കരിക്കുന്നത് എങ്കിൽ അതിന്റെ മറ്റൊരു അർത്ഥം ഒരിക്കലും തുടച്ചുനീക്കാൻ കഴിയാത്ത ശാശ്വത യാഥാർഥ്യമാണ് ജാതി എന്ന് ഭരണഘടനതന്നെ സമ്മതിക്കുന്നു എന്നതാണ്. പ്രതിവിവേചനത്തിലൂടെ ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ തുടച്ചുനീക്കേണ്ടതാണ് ജാതി എന്നതാണ് ഭരണഘടനയുടെ അടിസ്ഥാന ലക്ഷ്യംതന്നെ. എന്നാൽ സുപ്രീംകോടതി എത്തിനില്ക്കുന്നത് ഈ ആശയത്തിന്റെ വിപരീതദിശയിലാണ്.

          സാമുദായിക സംവരണമാണു നടപ്പിലാക്കുന്നത് എങ്കിൽ, അതിന്റെ അടിസ്ഥാനം ജാതിയാണെങ്കിൽ ജാതി ജന്മംകൊണ്ട് സിദ്ദിഖുന്നതാവണം. മാത്രവുമല്ല അതിന്റെ ഉത്ഭവം ഹിന്ദു, സിഖ്, ബുദ്ധമതങ്ങളിലേതെങ്കിലും ആവുകയും വേണം. മറ്റു മതങ്ങളിൽ ജാതിയില്ല എന്നാണല്ലോ സങ്കല്പം. ഇതിന്റെ അപകടം ഹിന്ദുത്വത്തിന്റെ ഘർ വാപസിക്ക് അതു താത്ത്വിക ന്യായീകരണവും പ്രായോഗിക ഊർജ്ജവും നല്കും എന്നതാണ്. ഇതിനെ മറികടക്കാനായി മതം മാറിയാലും ജാതി പോവില്ല എന്ന സങ്കല്പനത്തിലേക്ക് എത്തുമ്പോൾ ഒരിക്കലും പരിഹരിക്കാൻ കഴിയാതെ മൂർത്ത യാഥാർത്ഥ്യമായി ജാതിയെ അംഗീകരിക്കലാവുകയും ചെയ്യും.

         

ഭരണഘടനാ നിർമ്മാണ അസംബ്ലിയിൽ തന്നെ ഡോ. അംബേദ്കർ നിർദ്ദേശിച്ച ഉത്തരം സംവരണം സാമുദായികമല്ല അതു പിന്നോക്കാവസ്ഥയാണ് എന്നതാണ്. ചരിത്രത്തിലൂടെ പ്രവർത്തിച്ച സാമൂഹിക ബന്ധങ്ങൾ സൃഷ്ടിച്ച പിന്നോക്കാവസ്ഥ. തലമുറകൾ കഴിഞ്ഞാലും മായ്ക്കാൻ പറ്റാത്ത അടിച്ചമർത്തൽ, പിന്തള്ളൽ, അവഗണന, അതിന്റെ ഒരു പ്രധാന കാരണം ജാതിയാണ്, സംശയമില്ല. പക്ഷേ, ജാതി എന്ന ഒറ്റ കാരണമല്ല പ്രതിവിവേചനത്തിനുള്ള അർഹതയ്ക്ക് ആധാരം. സംവരണത്തെ ജാതിയിലേക്കു ചുരുക്കുമ്പോഴാണ് അർഹതയില്ലാത്ത വിഭാഗങ്ങളും പട്ടികജാതി/പട്ടികവർഗ്ഗ ഗണത്തിൽ കയറിപ്പറ്റാൻ സമ്മർദ്ദം ചെലുത്തുന്നത്. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കു വിധേയമായി രാഷ്ട്രപതി ഉത്തരവിലൂടെ അനർഹമായ ഒരു വിഭാഗത്തെ പട്ടികജാതി/പട്ടികവർഗ്ഗ ലിസ്റ്റിൽ ഉൾപ്പെടുത്തിയാൽ സ്വാഭാവികമായും അവർ സംവരണാർഹരാകും. ഇതു സംവരണത്തെ അകമേ തുരക്കുന്ന മറ്റൊരു ഭീഷണിയാണ്.

ഈ വൈരുദ്ധ്യങ്ങൾക്കും വെല്ലുവിളികൾക്കും ഉള്ള അന്തിമവും ശാശ്വതവുമായ പരിഹാരം സംവരണത്തിന്റെ അടിസ്ഥാന തത്ത്വത്തെ വീണ്ടെടുക്കുക എന്നതാണ്. അത് ഭരണതലത്തിലും അധികാരത്തിലും പിന്നോക്ക വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തുകയാണ്. സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ മൂലം പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ സമൂഹത്തിന്റെ, ഭരണത്തിന്റെ, ഉദ്യോഗതലത്തിൽ മതിയായ പ്രാതിനിധ്യം വഴി മുഖ്യധാരയിൽ എത്തിക്കുക. അതുവഴി നിരന്തരവും അവിരാമവുമായ തുല്യതയ്ക്ക് വേണ്ടിയുള്ള പരിശ്രമത്തിലൂടെ സാമൂഹിക ജനാധിപത്യത്തെത്തന്നെ കണ്ടെടുക്കുക. സംവരണത്തിന്റെ അടിത്തറ ഉറപ്പിക്കേണ്ടത് അവിടെയാണ്. ജാതിയെ ശാശ്വതവത്കരിക്കരുത്. സംവരണത്തിൽ സാമ്പത്തിക യുക്തിയെയും ഒളിച്ചുകടത്തരുത്'.

ലിംഗനീതിക്കെതിരെ ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന ഏറ്റവും വലിയ വ്യവസ്ഥ മതാധിഷ്ഠിത വ്യക്തിനിയമങ്ങളാണ്. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിലെ ഈ അവ്യവസ്ഥ ഷബാനുകേസ് മുതൽ മേരിറോയ് കേസ് വരെയുള്ളവ വിശദീകരിച്ച് അവലോകനം ചെയ്യുന്ന ഹരിദാസ് വ്യക്തിനിയമങ്ങളും ഏകീകൃത സിവിൽകോഡും തമ്മിലുള്ള അഗാധമായ വൈരുധ്യങ്ങളുടെ രാഷ്ട്രീയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ലൈംഗികപീഡനം മുചൽ ലൈംഗികസ്വാതന്ത്ര്യം വരെയുള്ള വിഷയങ്ങളിലെ സ്ത്രീപക്ഷനിയമങ്ങളുടെ ചർച്ചയും ഈയധ്യായത്തിലുണ്ട്. വിശാഖാകേസ്, ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കപ്പെട്ട സാഹചര്യം തുടങ്ങിയവ ചൂണ്ടിക്കാണിച്ച് ഈ ചർച്ച ഹരിദാസ് വിപുലീകരിക്കുന്നു.

          മൂന്നാമധ്യായം 'സ്വാതന്ത്ര്യത്തിന്റെ രണ്ടു മാനങ്ങൾ വിശകലനം ചെയ്യുന്നു. വ്യക്തിപരമായ അഭിപ്രായസ്വാതന്ത്ര്യവും സ്വകാര്യതയും മറ്റും പരിശോധിക്കുന്നതാണ് ആദ്യമേഖല. ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ളത് രണ്ടാം മേഖലയും. കൊളോണിയൽ കാലം തൊട്ട് ഇക്കഴിഞ്ഞ വർഷങ്ങൾ വരെ രൂപംകൊണ്ട നിരവധിയായ നിയമങ്ങളും വ്യവഹാരങ്ങളും കോടതിവിധികളും മുൻനിർത്തി ഈ വിഷയങ്ങൾ ഹരിദാസ് പഠിക്കുന്നു. രാജ്യദ്രോഹം മുതൽ മതനിന്ദ വരെയുള്ള കുറ്റകൃത്യങ്ങളായി വ്യാഖ്യാനിക്കപ്പെടാവുന്ന സ്വതന്ത്രാഭിപ്രായങ്ങളുടെ പ്രകടനവും കലാപാഠങ്ങളിലെ ആവിഷ്‌ക്കാരവും ഒരു ജനാധിപത്യവ്യവസ്ഥയിൽ സൃഷ്ടിക്കുന്ന സംഘർഷങ്ങളുടെ മറനീക്കൽ. എം.എഫ്. ഹുസൈൻ, അരുന്ധതിറോയ്, പെരുമാൾ മുരുകൻ, എസ്. ഹരീഷ് തുടങ്ങിയവരുടെ കേസുകൾ ഹരിദാസ് ചർച്ചക്കെടുക്കുന്നു.

         

'മതേതരത്വം' എന്ന നാലാമധ്യായം മതനിരപേക്ഷതയെന്ന സങ്കല്പനത്തിന്റെ നാനാർഥങ്ങൾ ചർച്ചചെയ്ത് ഇന്ത്യൻ ഭരണഘടന 1975 വരെ ഈ തത്വം കൂട്ടിച്ചേർക്കാതിരുന്നതിന്റെ പശ്ചാത്തലമുൾപ്പെടെയുള്ളവ വിശദീകരിക്കുന്നു. ഈയധ്യായത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം, കോടതിവിധികളിൽ ഹിന്ദുത്വ അജണ്ടകൾ പ്രകടമായിത്തന്നെ പ്രത്യക്ഷമാകുന്നതിന്റെയും ന്യൂനപക്ഷവിരുദ്ധത സുപ്രീം കോടതിയുടെ പൊതുസംസ്‌കാരമാകുന്നതിന്റെയും നിശിതമായ വിമർശനമാണ്. 'ഹിന്ദുത്വ'കേസുകൾ തുറന്നുവിട്ട ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന്റെ ഭൂതം സുപ്രീം കോടതിയുടെ ഇടനാഴികളിൽ അലഞ്ഞുതിരിയുന്നതിനെക്കുറിച്ചാണ് ഹരിദാസിന്റെ വിമർശനം. ഒരുപക്ഷെ ഈ പുസ്തകവും പഠനവും മുന്നോട്ടുവയ്ക്കുന്ന ഏറ്റവും നിശിതവും കാലികവും ഭരണഘടനാനിഷ്ഠവുമായ രാഷ്ട്രീയവിമർശനവും ഇതുതന്നെയാണ് എന്നു പറയാം. നെഹ്രുവിയൻ ദേശീയതയിലും മതേതരത്വത്തിലും നിന്ന് ഹിന്ദുത്വദേശീയതയിലേക്കും മതവാദത്തിലേക്കും ഇന്ത്യക്കു സംഭവിച്ച വിപര്യയങ്ങൾ അപനിർമ്മിക്കുന്നു, ഹരിദാസ്.

         

'രാഷ്ട്രത്തിൽ, സമൂഹത്തിൽ വലതുപക്ഷ ഹൈന്ദവ പ്രത്യയശാസ്ത്രം വേരുറപ്പിക്കുന്നതിന്റെ അനുരണനങ്ങൾ ഉന്നത നീതിപീഠത്തിലും കണ്ടു തുടങ്ങി. അന്നുവരെ സുപ്രീംകോടതി ഉയർത്തിപ്പിടിച്ച മതേതര തത്ത്വചിന്തയിൽ നിന്നുമുള്ള പ്രകടമായ വിച്ഛേദമായിരുന്നു കുപ്രസിദ്ധമായ ഹിന്ദുത്വ വിധിന്യായങ്ങൾ. മതത്തെ, വർഗ്ഗീയതയെ പരസ്യമായി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിച്ചതിന്റെ പേരിൽ അയോഗ്യരാക്കപ്പെട്ട 3 പേർ നൽകിയ അപ്പീലുകൾ സുപ്രീംകോടതി അനുവദിച്ചു. അവരിൽ ഒരാളായ മനോഹർ ജോഷി ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു സംസ്ഥാനം മഹാരാഷ്ട്രയിൽ സ്ഥാപിക്കും എന്നുവരെ പ്രസംഗിച്ചിരുന്നു. പക്ഷേ, സുപ്രീംകോടതിക്ക് അതിൽ അപാകതയൊന്നും തോന്നിയില്ല. മറിച്ച് ഹിന്ദുത്വം എന്നത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനങ്ങളുടെ ജീവിതരീതിയാണ് എന്നും അതിനെ എങ്ങനെയാണ് സങ്കുചിതമായ ഹിന്ദുമതമായി മനസ്സിലാക്കാൻ സാധിക്കുക എന്നുവരെ പറഞ്ഞു വച്ചു. എസ്.ആർ. ബൊമ്മൈ കേസിൽ സുപ്രീംകോടതിതന്നെ പറഞ്ഞ തത്ത്വങ്ങളെ സൗകര്യപൂർവ്വം വിസ്മരിച്ചുകൊണ്ടോ അവഗണിച്ചുകൊണ്ടോ ആണ് ഹിന്ദുത്വ കേസുകളിൽ സുപ്രീംകോടതി വിധി പറഞ്ഞത്. കൗതുകങ്ങൾ അവിടംകൊണ്ട് തീരുന്നില്ല. എസ്.ആർ. ബൊമ്മൈ കേസിൽ സുപ്രീം കോടതി അനാവശ്യമായി മതേതരത്വത്തെക്കുറിച്ച് ആകുലപ്പെടുന്നു എന്നു പറഞ്ഞ് ഭൂരിപക്ഷ വിധിയോടു വിയോജിപ്പ് രേഖപ്പെടുത്തിയ ജെ.എസ്. വർമ്മയാണു വിവാദമായ ഹിന്ദുത്വ വിധിന്യായങ്ങൾ പുറപ്പെടുവിച്ചത് !

          ഹിന്ദുത്വ കേസുകൾ തുറന്നുവിട്ട ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ദുർഭൂതം പിന്നേയും ഉന്നത ന്യായാലയത്തിന്റെ ഇടനാഴികളിൽ അലഞ്ഞി നടന്നു. 2002-ൽ പാഠപുസ്തകങ്ങളുടെ കാവിവത്കരണത്തെ നിർലജ്ജം സുപ്രീംകോടതി ന്യായീകരിച്ചു. ബിരുദ ബിരുദാനന്തര തലങ്ങളിൽപ്പോലും ജ്യോതിഷവും അന്ധവിശ്വാസങ്ങളും പാഠ്യപദ്ധതികളായി കുത്തിത്തിരുകിയത് അക്കാദമിക് സാമൂഹിക മേഖലകളിൽ വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു എങ്കിലും സുപ്രീം കോടതി അതിനെയും ന്യായീകരിക്കുകയായിരുന്നു (അരുണാറോയി കേസ്).

സംഘപരിവാരത്തിന് ന്യൂനപക്ഷം, സംവരണം എന്നിവയോടുള്ള അമർഷത്തിന്റെയും അരിശത്തിന്റെയും പ്രതിധ്വനി 2005-ൽ സുപ്രീംകോടതിയിൽ നിന്നുതന്നെ കേട്ടു. ന്യൂനപക്ഷ പദവിയും സംവരണവും ആവശ്യപ്പെട്ടുകൊണ്ട് ജൈനസമുദായം സമർപ്പിച്ച കേസിൽ ന്യൂനപക്ഷം/ഭൂരിപക്ഷം സംവരണം എന്നിവയെല്ലാം ബ്രിട്ടീഷ് ഭരണത്തിന്റെ സൃഷ്ടിയാണെന്നും ഇതെല്ലാം എടുത്തു കളഞ്ഞുകൊണ്ട് തുല്യത സ്ഥാപിക്കുകയാണു വേണ്ടത് എന്നും കോടതി അഭിപ്രായപ്പെട്ടു. ഒരു പേനത്തുമ്പിനാൽ വെട്ടിമാറ്റിയാൽ തീർക്കാവുന്നതാണ് എല്ലാ വിവേചനങ്ങളും എന്നും മറ്റൊരു പേനയാൽ എഴുതിച്ചേർത്താൽ പ്രാബല്യത്തിലാകുന്നതാണ് 'തുല്യത' എന്നും വിശ്വസിക്കാൻ പാകത്തിൽ നിഷ്‌കളങ്കവും ബാലിശവുമാണോ ഉന്നത ന്യായാധിപരുടെപോലും ചരിത്രബോധം എന്ന് ആരും അത്ഭുതപ്പെട്ടുപോകും.

          സംഘപരിവാരത്തിന്റെ ആശയപ്രചരണം സമൂഹത്തിൽ രൂപപ്പെടുത്തുന്ന ഇസ്ലാമോഫോബിയയുടെ സ്വാധീനം എത്രത്തോളമുണ്ട് എന്നതിന് ഒരുദാഹരണം കൂടി കാണുക. 2009-ൽ മധ്യപ്രദേശിലെ വിദിശയിലെ നിർമ്മല ഹയർ സെക്കൻഡറി കോൺവെന്റ് സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദ് സലീമിനെ സ്‌കൂൾ അധികൃതർ പുറത്താക്കി. വിദ്യാർത്ഥികൾ താടി വളർത്താൻ പാടില്ല എന്ന സ്‌കൂൾ ചട്ടങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചു എന്നതായിരുന്നു കുറ്റം. മധ്യപ്രദേശ് ഹൈക്കോടതി സ്‌കൂൾ നടപടി ശരിവച്ചു. വിദ്യാർത്ഥി തന്റെ വിശ്വാസസ്വാതന്ത്ര്യം അനുവദിച്ചുകിട്ടുന്നതിനായി അപ്പീലുമായി സുപ്രീംകോടതിയിൽ എത്തി. 2009 ഏപ്രിൽ 30-ന് ആർ.വി. രവീന്ദ്രൻ, മാർക്കാണ്ഡേയകട്ജു എന്നിവരടങ്ങിയ ബെഞ്ച് അപ്പീൽ തള്ളുകമാത്രമല്ല 'താലിബാനിസം' ഇന്ത്യയിൽ അനുവദിക്കാനാവില്ല എന്നു തീർത്തും അനുചിതമായ ഒരു പ്രസ്താവനകൂടി നടത്തി. വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ കോടതി ജൂലൈ 6-ന് പ്രസ്താവന പിൻവലിക്കാനും മാപ്പ് പറയാനും തയ്യാറായി. മുൻവിധിയോടുകൂടി പ്രസ്താവന നടത്തിയ കോടതിയിൽ കക്ഷിയുടെ അഭിഭാഷകൻ അവിശ്വാസം രേഖപ്പെടുത്തുകയും കേസ് വേറെ ബെഞ്ചിൽ പോസ്റ്റ് ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്തു. പിന്നീട് ബി.എൻ. അഗർവാൾ, ജി.എസ്. സിംഘ്‌വി എന്നിവരടങ്ങിയ ബഞ്ച് അപ്പീൽ അനുവദിക്കുകയും വിദ്യാർത്ഥിയെ തിരിച്ചെടുക്കാൻ സ്‌കൂൾ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു.

          നമ്മുടെ ഉന്നത നീതിപീഠങ്ങൾപോലും എത്തിനില്ക്കുന്ന അവസ്ഥയുടെ ഉത്തമ നിദർശനമാണ് മേല്പറഞ്ഞ കേസ്. നമ്മുടെ ഭരണഘടനാ നിർമ്മാതാക്കൾ വിഭാവനം ചെയ്ത, ആദ്യകാല സുപ്രിംകോടതി വിധിന്യായങ്ങൾ ശരിയായിത്തന്നെ വ്യാഖ്യാനിച്ച ക്രിയാത്മകവും വിശാലവുമായ ഇന്ത്യൻ മതേതരത്വത്തിന്റെ അന്തസ്സത്ത ക്രമേണ ചോർന്നുപോവുകയും അത് കേവലം ഹിന്ദുത്വവാദികൾ പ്രചരിപ്പിക്കുന്ന മതസഹിഷ്ണുതയും സഹവർത്തിത്വവുമായി ചുരുങ്ങിപ്പോവുകയും ചെയ്തു. മിത്തും ഐതിഹ്യവും കെട്ടുകഥകളും കൂട്ടിക്കലർത്തി ചരിത്രവും നിയമവുമായി വിളമ്പിയ 'അയോധ്യ' കേസിലെ വിധി നാം കണ്ടതാണ്.

         

ഹിന്ദുത്വ ബ്രാന്റ് മതേതരത്വംകൊണ്ട് സംഘപരിവാർ ഉദ്ദേശിക്കുന്നത്. ഭൂരിപക്ഷ മതത്തിന്റെ മേധാവിത്വമാണ്. ഇന്ത്യാരാജ്യത്തെ പൗരന് ഇവിടുത്തെ ജനാധിപത്യ ഭരണ സംവിധാനം അനുവദിക്കുന്ന സ്വാതന്ത്ര്യങ്ങളും അവകാശങ്ങളുമല്ല, മറിച്ച് ഭൂരിപക്ഷമതം അനുവദിച്ചുതരുന്ന ഒരിടം (Space) മാത്രമാണ് ഉള്ളത്. അത് അവരുടെ താത്പര്യങ്ങൾക്കും വികാരങ്ങൾക്കും ഔദാര്യങ്ങൾക്കും വിധേയമായിരിക്കും. ദേശീയതയുടെ, ദേശീയോദ്‌ഗ്രഥനത്തിന്റെ, ദേശസുരക്ഷയുടെ വികസനത്തിന്റെ എല്ലാം പേരിൽ അവർ ആവശ്യപ്പെടുന്നത് വിട്ടുവീഴ്ചയില്ലാത്ത അനുസരണയും വിധേയത്വവും മാത്രമാണ്. അത് നിയമത്തിന്റെ മുമ്പിൽ തുല്യരായവരുടെ സഹവർത്തിത്വമല്ല, മറിച്ച് ഭൂരിപക്ഷ ഇംഗിതങ്ങള അലോസരപ്പെടുത്താത്ത ഒത്തുതീർപ്പുകളും വീട്ടുവീഴ്ചകളും മാത്ര മാണ്. അവിടെ വിയോജിപ്പുകൾക്ക്, വിമതസ്വരങ്ങൾക്ക് ഒന്നും ഇടമുണ്ടാവില്ല. ഭരണഘടന നിർമ്മാണ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് നെഹ്‌റു പറഞ്ഞു, ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതേതരത്വം വിശ്വാസികൾക്കുമാത്രമല്ല അവിശ്വാസികൾക്കും കൂടിയാണ്. നെഹ്‌റു പറഞ്ഞ, ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതേതരത്വം അക്രമാത്മക ഹിന്ദുവാദികളുടെ ദയാവായ്പിൽ പുലരുമ്പോൾ ഭൂരിപക്ഷമതത്തിന് അലോസരമുണ്ടാകുന്നു എന്ന പേരിൽ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും വെടിവെച്ചു വീഴ്‌ത്തപ്പെടും. എഴുത്തുകാർക്കും സാംസ്‌കാരിക പ്രവർത്തകർക്കും നേരേയുള്ള ആക്രമണം അതുകൊണ്ടുതന്നെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നേരേയുള്ള ആക്രമണമായല്ല ഇന്ത്യൻ മതേതരത്വത്തിനെതിരേയുള്ള വെല്ലുവിളിയും ആക്രമണവുമായിത്തന്നെ നാം കാണണം.

          ഇന്ത്യൻ മതേതരത്വത്തെ 'ഹിന്ദുത്വ ബ്രാന്റ്' മതേതരത്വമായി മാറ്റിത്തീർക്കാനുള്ള ശ്രമങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ ഇന്ത്യൻ കോടതികൾ പ്രത്യേകിച്ചും സുപ്രീംകോടതി പരാജയപ്പെട്ടിരിക്കുന്നു എന്നാണ് ഹിന്ദുത്വ കേസും അതിനുശേഷവുമുള്ള വിധിന്യായങ്ങളും വ്യക്തമാക്കുന്നത്'.

മതവിശ്വാസത്തിന്റെ ഭരണഘടനാവ്യാഖ്യാനങ്ങളിലൂടെത്തന്നെ നിർമ്മിക്കപ്പെട്ട ഹിന്ദുത്വരാഷ്ട്രീയത്തെയും ന്യൂനപക്ഷ രാഷ്ട്രീയത്തിൽ ആഭ്യന്തരവും ബാഹ്യവുമായ വിവേചനങ്ങൾ പിന്തുടരുന്ന സുപ്രീം കോടതി നിലപാടുകളെയും ഹരിദാസ് തുറന്നു വിമർശിക്കുന്നത് ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജ്, അലിഗഡ് മുസ്ലിം സർവകലാശാലാകേസുകൾ മുൻനിർത്തിയാണ്.

ഏകീകൃത സിവിൽനിയമമെന്ന സങ്കല്പനത്തെയാണ് ഈയധ്യായത്തിന്റെ നാലാം ഭാഗത്ത് ഹരിദാസ് വിശകലനം ചെയ്യുന്നത്. ഈ വിഷയത്തെക്കുറിച്ച് നിയമനിർമ്മാണസഭയിൽ നടന്ന സംവാദങ്ങളും സുപ്രീം കോടതി അതിൽ സ്വീകരിച്ച നിലപാടും പരിശോധിച്ചുകൊണ്ട്, 1986ലെ ശാബാനുകേസിനുശേഷം ഏകീകൃത വ്യക്തിനിയമത്തെക്കുറിച്ച് ഇന്ത്യയിൽ രൂപംകൊണ്ട അഭിപ്രായപ്രചരണങ്ങൾക്കു പിന്നിലുള്ളത് വലതുപക്ഷ ഹൈന്ദവ രാഷ്ട്രീയത്തിന്റെ ഭൂരിപക്ഷയുക്തിയും ന്യൂനപക്ഷവിരുദ്ധമായ സമീപനവുമാണ് എന്ന് ഹരിദാസ് വ്യാഖ്യാനിക്കുന്നു.

          അഞ്ചാമധ്യായം, ജീവിക്കാനുള്ള അവകാശത്തെ മുൻനിർത്തിയുള്ള ഭരണഘടനാതത്വങ്ങളുടെ സൂചനയും സുപ്രീം കോടതിവിധികൾ ഈ വിഷയത്തിൽ സ്വീകരിച്ച നിലപാടുകളുടെ വിശകലനവുമാണ്. മനുഷ്യാവകാശങ്ങൾ, മനുഷ്യാവകാശ ധ്വംസനങ്ങൾ, സ്വകാര്യത, ദയാവധം, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തി ജീവിക്കാനുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയിലും അത് സാധ്യമാക്കേണ്ട ഭരണകൂടസ്ഥാപനങ്ങളിലും നിലനിൽക്കുന്ന വൈരുധ്യങ്ങളന്വേഷിക്കുകയാണ് ഹരിദാസ്. 1888 മുതൽ നിലവിലുള്ള മനുഷ്യാവകാശനിയമങ്ങളുടെ തുടർച്ചയിൽ സിവിൽ, ക്രിമിനൽ കേസുകളിൽ വിധിപറയുന്ന കീഴ്‌കോടതികൾ മുതൽ സുപ്രീം കോടതി വരെയുള്ളവ ഇടപെട്ട ചില സമീപനകാല ഇന്ത്യൻ വ്യവഹാരങ്ങളുടെ കഥ പറയുന്നു, ഗ്രന്ഥം. അരുണാ ഷാൻബാഗിന്റെ ദുരന്തജീവിതം വിശദീകരിച്ച് അവരുടെ ദയാവധത്തിനുവേണ്ടി പിങ്കി വിരാനി നടത്തിയ നിയമപ്പോരാട്ടം ഹരിദാസ് വിവരിക്കുന്നു. ഒപ്പം, ലോകമെങ്ങും ചർച്ചാവിഷയമായ ദയാവധമെന്ന സങ്കല്പനത്തിന്റെ ദീർഘമായ നിയമചരിത്രവും.

         

ഭോപ്പാൽദുരന്തത്തിന്റെ ഇരകൾ നടത്തിയ നിയമയുദ്ധമാണ് ഒരുപക്ഷെ ലോകത്തുണ്ടായ ഏറ്റവും പ്രസിദ്ധമായ മനുഷ്യാവകാശ വ്യവഹാരങ്ങളിലൊന്ന്. ഭരണകൂടങ്ങളും ബഹുരാഷ്ട്ര കുത്തകകളും മാത്രമല്ല ഇന്ത്യൻ സുപ്രിം കോടതി പോലും ഈ കേസിൽ ഇരകൾക്കെതിരെ വേട്ടക്കാരായി മാറിയതിന്റെ കഥ വായിച്ചുതന്നെയറിയണം.

          'അമേരിക്കയിൽ കേസ്തള്ളിയതോടുകൂടി മൂന്ന് ബില്യൺ അമേരിക്കൻ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യയിൽ നിയമ നടപടികൾ ആരംഭിച്ചു. താൽക്കാലിക ആശ്വാസമായി 170 മില്യൺ അമേരിക്കൻ ഡോളർ കെട്ടിവെക്കാൻ യൂണിയൻ കാർബൈഡിനോട് ഭോപ്പാൽ ജില്ലാകോടതി ഉത്തരവിട്ടു. ഇത് പിന്നീട് മധ്യപ്രദേശ് ഹൈക്കോടതി ശരിവച്ചു. ഇന്ത്യൻ സബ്‌സിഡിയറി കമ്പനിയുടെ പ്രവർത്തനങ്ങളുമായി തങ്ങൾക്കു യാതൊരു ബന്ധവുമില്ല അതുകൊണ്ട്തന്നെ നഷ്ടപരിഹാരം നല്കാൻ ഞങ്ങൾക്ക് ഉത്തരവാദിത്വമില്ല എന്നായിരുന്നു യൂണിയൻ കാർബൈഡ് തുടർച്ചയായി ഉയർത്തിയ വാദം. എന്നാൽ ഈ വാദം ഇന്ത്യയുടെ കീഴ്‌ക്കോടതികൾ തള്ളിക്കളയുകയായിരുന്നു. മാതൃകമ്പനിയെയും അവരുടെ സബ്‌സിഡിയറിയെയും വേർതിരിച്ചു കാണാതെ അവയെ സമഗ്രമായ ഒറ്റ കമ്പനിയായി കണക്കിലെടുത്താണ് ബാധ്യത നിർണയിക്കേണ്ടത് എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. ഇരകൾക്ക് നീതിനല്കാനും ബഹുരാഷ്ട്ര കുത്തകകളെ നിയമത്തിനു വിധേയരാക്കുന്നതിനും വേണ്ടി 'പക്വത ആർജിക്കാത്ത' ഇന്ത്യയിലെ ഏറ്റവും താഴെക്കോടതികൾ രൂപപ്പെടുത്തിയ 'സംരഭക ബാധ്യത' (Enterprise liability) സങ്കല്പനം ലോക നിയമതത്ത്വസംഹിതയിൽ (jurisprudence) തന്നെ വലിയൊരു ചുവടുവയ്പായിരുന്നു.

         

ഇതോടൊപ്പംതന്നെ നമ്മൾ കാണേണ്ടതാണ് ഇന്ത്യയിലെ കീഴ്‌ക്കോടതികൾ നിയമത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ട് നീതി നടപ്പിലാക്കാൻ ശ്രമിച്ചു എങ്കിൽ അതിനെ എല്ലാം അട്ടിമറിക്കുന്ന നീക്കങ്ങൾ ഉണ്ടായത് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിൽ നിന്നുതന്നെയാണ് എന്നുള്ളതാണ്. ഇരകൾക്ക് സ്വയം നിയമത്തിനു മുൻപിൽ പ്രതിനിധീകരിക്കുന്നതിനുള്ള അവകാശം ഹനിച്ച നിയമം ഭോഷാൽ ഗ്യാസ് ലീക്ക് ഡിസാസ്റ്റർ ആക്ടിനെ ശരിവച്ചത് സുപ്രീം കോടതിയാണ്. ഇതേ സുപ്രീം കോടതിയാണ് 1989 ഫെബ്രുവരിയിൽ എല്ലാ സിവിൽ വ്യവഹാരങ്ങളും ഒത്തുതീർക്കാൻ ആവശ്യപ്പെടുകയും പ്രസ്തുത ഒത്തുതീർപ്പിന്റെ ഭരണഘടനാ സാധുത ശരിവയ്ക്കുകയും ചെയ്തത്. 470 മില്യൺ അമേരിക്കൻ ഡോളറിനാണ് കേസ് ഒത്തുതീർപ്പായത്. ഓരോ ഇരകൾക്കും ശരാശരി കേവലം 510 അമേരിക്കൻ ഡോളർ! ക്രിമിനൽ കേസ്സിൽ സുപ്രീംകോടതി നടത്തിയ ഇടപെടൽ ആയിരുന്നു ഏറ്റവും ഹീനമായത്. 1996 സെപ്റ്റംബറിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ഒൻപതു പേർക്കെതിരെ ഉണ്ടായിരുന്ന ഗൗരവമേറിയ ചാർജ് സുപ്രീം കോടതി ഇടപെട്ടു വളരെ ലഘുവായ അശ്രദ്ധയാക്കി (Negligence) മാറ്റി. ക്രിമിനൽ നിയമ തത്ത്വങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായിരുന്നു ഈ ഇടപെടൽ. 2010 ജൂണിൽ എട്ടു പേരെ കേവലം രണ്ടു വർഷം തടവിനും ഒരു ലക്ഷം രൂപ പിഴയും മാത്രമായി ശിക്ഷ വിധിക്കപ്പെടാൻ കാരണം ഈ ഇടപെടലായിരുന്നു. ഇതൊന്നും കൂടാതെ കമ്പനിയുടെ മുതലുകൾ മുഴുവൻ വിൽക്കാനും അത് നിയമവിരുദ്ധമായി രൂപീകരിച്ച ഒരു ട്രസ്റ്റിനു കൈമാറാനും 1997 ഫെബ്രുവരിയിൽ സുപ്രീം കോടതി അനുവദിച്ചു. വിവാദമായ ഈ എല്ലാ വിധിന്യായങ്ങളും പുറപ്പെടുവിച്ച ജസ്റ്റിസ് അഹമ്മദി വിരമിച്ചശേഷം ഇതേ ട്രസ്റ്റിന്റെ ചെയർമാൻ പദവി സ്വീകരിക്കുകകൂടി ചെയ്തതോടെ സുപ്രീം കോടതിയുടെ പ്രതിബദ്ധത ഇരകളോടാണോ അതോ വേട്ടക്കാരോടാണോ എന്നത് പകൽപോലെ വ്യക്തമാവുകയായിരുന്നു'.

         

ഹേബിയസ് കോർപ്പസ് ഹർജികളുടെ കഥയിൽ തുടങ്ങി ഇന്ത്യ കണ്ട കരിനിയമങ്ങൾ ഓരോന്നിന്റെയും (മിസ, കോഫെപോസ, ടാഡ, പോട്ട, യു.എ.പി.എ...) ചരിത്രം പറഞ്ഞ്, ജീവിക്കാനുള്ള പൗരരുടെ അവകാശവും അത് ഉറപ്പുനൽകുന്ന ഭരണഘടനാതത്വങ്ങളും ഭരണകൂടം ബലികഴിച്ചതിന്റെ നാൾവഴികളവതരിപ്പിക്കുകയാണ് അടുത്തഭാഗം.

         

'ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ ഒട്ടും തിളക്കമില്ലാത്ത ഒഴിവാക്കപ്പെടേണ്ടിയിരുന്ന ഒരദ്ധ്യായമാണ് ഹേബിയസ് കോർപ്പസ് കേസ് (Habeas Corpus Case) എന്നുകൂടി അറിയപ്പെടുന്ന എ. ഡി. എം. ജബൽപ്പൂർ V ശിവകാന്ത് ശുക്ല (A. D. M. Jebalpur v Shivakant Shukla AIR 1976 SC 1207) എന്ന കേസ്. ഒരു സമഗ്രാധിപത്യ ഭരണകൂടത്തിനു മുമ്പിൽ നീതിപീഠം, ന്യായാധിപർ, അഭിഭാഷകർ, ഉദ്യോഗസ്ഥർ ഒക്കെ എങ്ങനെ പ്രതികരിക്കും എന്നതിന്റെകൂടി നിദർശനമായിരുന്നു ഈ കേസ്.

          ആഭ്യന്തര പ്രശ്‌നങ്ങളാൽ ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന കാരണത്താൽ ഇന്ദിരാഗാന്ധി ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത് 1975 ജൂൺ 25-നാണ്. ജൂൺ 26-ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിപക്ഷനേതാക്കാൾ തടവിലാക്കപ്പെട്ടു. ജൂൺ 27-ന് ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 359(1)ന് കീഴിൽ രാഷ്ട്രപതി ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. അതോടുകൂടി അനുച്ഛേദം 14, 21, 22 എന്നിവയുടെ നിഷേധത്തിനെതിരേ ജനങ്ങൾക്ക് കോടതിയെ സമീപിക്കാൻ പറ്റില്ല എന്നു വന്നു. അന്ന് പ്രാബല്യത്തിൽ ഉണ്ടായിരുന്ന നിർദ്ദയ നിയമമായിരുന്നു. ആഭ്യന്തര സുരക്ഷാ പരിപാലന നിയമം (Maintanance of Internal Security Act, 1971). ഷാ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത് 1975-77 അടിയന്തിരാവസ്ഥ കാലഘട്ടത്തിൽ 1,10,806 പേർ ഒരു വിചാരണയും കൂടാതെ തടവിലാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തിരുന്നു എന്നാണ്.

മിസ പ്രകാരം തടവിലാക്കപ്പെട്ടതിനെതിരേ രാജ്യത്തെ നിരവധി ഹൈക്കോടതികളിൽ ഹേബിയസ് കോർപ്പസ് റിട്ട് ഹർജികൾ ഫയൽ ചെയ്യപ്പെട്ടു. രാഷ്ട്രപതിയുടെ ഉത്തരവ് അനുസരിച്ചാണെങ്കിൽ ഈ തടവുകളൊന്നും കോടതിയിൽ ചോദ്യം ചെയ്യാൻ സാധ്യമല്ല. പക്ഷേ, രാജ്യത്തെ ഹൈക്കോടതികൾ പലതും, ഉദാഹരണത്തിന് അലഹബാദ്, ബോംബെ (നാഗ്പൂർ ബഞ്ച്), ഡൽഹി, കർണ്ണാടക, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ ഹൈക്കോടതികൾ തടങ്കൽ ഉത്തരവുകൾ മിസയുടെ നിബന്ധനകൾ പാലിച്ചിട്ടുണ്ടോ, അടിസ്ഥാനമുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണോ തടങ്കൽ ഉത്തരവുകൾ എന്നിവയെല്ലാം പരിശോധിക്കാം എന്ന ധീരമായ നിലപാടെടുത്തു. ഭരണഘടനയുടെ 14, 21, 22 എന്നീ അനുച്ഛേദങ്ങൾ (മൗലികാവകാശങ്ങൾ) രാഷ്ട്രപതി റദ്ദാക്കിയാലും  മിസ നിയമപ്രകാരം സാധുവാണോ ഉത്തരവുകൾ എന്ന് പരിശോധിക്കുകയും അങ്ങനെയല്ലാത്തവ റദ്ദാക്കുകയും ചെയ്തു, ഹൈക്കോടതികൾ. ഇതിനെതിരെയാണ് സുപ്രീം കോടതിയിൽ അപ്പീൽ വന്നത്.

         

1975 ഡിസംബർ 15-ന് വാദം തുടങ്ങി. 1976 ഏപ്രിൽ 28-നാണ് ഈ കേസിൽ വിധി വരുന്നത്. അന്നത്തെ മുഖ്യന്യായാധിപൻ (Chief justice) ജസ്റ്റിസ് റേ ഇന്ദിരാ ഭരണകൂടത്തിന്റെ വിശ്വസ്തനായിരുന്നു. അതുകൊണ്ടുതന്നെ ഈ കേസുകൾ കേൾക്കുന്നതിനുവേണ്ടി ജസ്റ്റിസ് റേ രൂപീകരിക്കുന്ന ബഞ്ച് ഭരണകൂട അനുകൂല ന്യായാധിപർ അടങ്ങുന്നതായിരിക്കും എന്നൊരു ഭീതി അഭിഭാഷകർക്കിടയിൽ ഉണ്ടായിരുന്നു. ഈ ബഞ്ച് രൂപീകരിക്കുമ്പോൾ സീനിയോറിറ്റി പിന്തുടരണം എന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് മുഖ്യന്യായാധിപന് ടെലഗ്രാം അയപ്പിച്ചു. മുൻ അറ്റോർണി ജനറൽ ആയിരുന്ന സി.കെ. ദഫ്തറേ (C.K. Daphthray) ജസ്റ്റിസ് റേയെ സന്ദർശിക്കുകയും രാജ്യത്ത് ഇത്തരം ഒരു അഭ്യൂഹം പ്രചരിക്കുന്നുണ്ട്, ബഞ്ച് രൂപീകരിക്കുമ്പോൾ സീനിയോറിറ്റി പാലിക്കണം എന്നാവശ്യപ്പെടുകയും ചെയ്തു. ഈ നിർദ്ദേശം കേട്ടിട്ടോ എന്തോ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ തന്നെയാണ് ബഞ്ച് രൂപീകരിക്കപ്പെട്ടത്. ചീഫ് ജസ്റ്റിസിനെ കൂടാതെ എച്ച്.ആർ. ഖന്ന, എം.എച്ച്. ബെഗ്, വൈ.വി. ചന്ദ്രചൂഡ്, പി.എൻ. ഭഗവതി എന്നിവരടങ്ങുന്നതായിരുന്നു ബഞ്ച്. കെ.കെ. മാത്യു മുതിർന്ന ന്യായാധിപൻ ആയിരുന്നു എങ്കിലും അദ്ദേഹം 1976 ജനുവരിയിൽ വിരമിക്കും എന്നതുകൊണ്ട് അദ്ദേഹത്തെ ഉൾപ്പെടുത്തിയില്ല.

         

37 പ്രവൃത്തിദിവസങ്ങളാണ് കോടതി ഈ കേസിൽ വാദം കേട്ടത്. അറ്റോർണി ജനറൽ നിരൺഡേ, അഡീഷണൽ സോളിസിറ്റർ ജനറൽ വി.വി. രാമൻ, കേരളത്തിലെയും മഹാരാഷ്ട്രയിലെയും അഡ്വക്കറ്റ് ജനറൽമാർ എന്നിവർ സർക്കാർപക്ഷത്ത് ഹാജരായി; മുതിർന്ന അഭിഭാഷകരായ സോളി സൊറാബ്ജ്ജി, ശാന്തിഭൂഷൺ, വി എം. തർക്കുണ്ഡെ, അനിൽ ദിവാൻ, രാം ജഠ്മലാനി തുടങ്ങിയവർ തടവിലാക്കപ്പെട്ടവർക്കുവേണ്ടിയും. ജീവിച്ചിരുന്ന ഏറ്റവും പ്രഗല്ഭനായ ഭരണഘടനാ അഭിഭാഷകൻ നാനിപാൽക്കിവാല ഈ കേസിൽ ഹാജരായിരുന്നില്ല. ഈ കേസിൽ റേയും ബെഗും സർക്കാർപക്ഷത്തും ബാക്കിയുള്ളവർ മറുപക്ഷത്തുമായി. ഭൂരിപക്ഷ വിധിന്യായം സ്വാതന്ത്ര്യത്തിനും നീതിക്കും ചേർന്നതാകുമെന്നായിരുന്നു പാൽക്കിവാലയുടെ കണക്കുകൂട്ടൽ. എന്നാൽ അതല്ല സംഭവിച്ചത്.

         

മിസ ഭേദഗതികൾക്കു ശേഷം വ്യക്തികൾക്ക് ഹേബിയസ് കോർപ്പസ് ഹർജികളുമായി കോടതികളെ സമീപിക്കാനുള്ള അവകാശമില്ല എന്നതായിരുന്നു സർക്കാർവാദങ്ങളുടെ കാതൽ. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലോ ഉത്തമവിശ്വാസത്തിന്റെ ഉത്തമാടിസ്ഥാനത്തിലോ അല്ല ഒരു വ്യക്തിയെ തടവിലാക്കിയത് എങ്കിൽ എന്താണ് ആ വ്യക്തിയുടെ പരിഹാരമാർഗ്ഗം എന്ന ജസ്റ്റിസ് ഖന്നയുടെയും ചന്ദ്രചൂഡിന്റെയും ചോദ്യത്തിന് അഡീഷണൽ സോളിസിറ്റർ ജനറൽ രാമൻ നല്കിയ മറുപടി അത്തരം ഒരു ചോദ്യം ഉദിക്കുന്നില്ല എന്നാണ്. വ്യക്തികൾക്ക് കോടതിയെ സമീപിക്കാൻ തന്നെ അവകാശമില്ല, കോടതിയെ സമീപിച്ച് പരിശോധിച്ചാലാണല്ലോ ഉത്തരവ് ശരിയാണോ തെറ്റാണോ എന്ന് നിശ്ചയിക്കാൻ പറ്റൂ. കോടതിയെ സമീപിക്കുന്നില്ലെങ്കിൽ അത്തരം പരിശോധനയുമില്ല, തടങ്കൽ ഉത്തരവിന്റെ ശരിയും ശരികേടുമില്ല! എന്തൊരു യുക്തി!! അനുച്ഛേദം 21 സ്വാതന്ത്ര്യം (Liberty) മാത്രമല്ല ജീവിക്കാനുള്ള അവകാശം കൂടി പറയുന്നുണ്ട്. ഒരാളെ തെറ്റായി വെടിവെച്ചു കൊന്നാലോ എന്ന ഖന്നയുടെ ചോദ്യത്തിന് 'അടിയന്തിരാവസ്ഥ നിലനില്ക്കുന്നിടത്തോളം പരിഹാരമാർഗ്ഗമില്ല' എന്നായിരുന്നു നിരൺഡേയുടെ സംശയരഹിതമായ മറുപടി! 1976 ഫെബ്രുവരി 25-ന് വിധിവന്നു. ഏവരേയും ഞെട്ടിച്ചുകൊണ്ടും നിരാശരാക്കിക്കൊണ്ടും നാലു ന്യായാധിപരും ഭരണകൂടവാദങ്ങൾ എല്ലാം ശരിവെച്ചു. ജസ്റ്റിസ് ഖന്ന മാത്രം ധീരമായി വിയോജിച്ചു. 1975 ജൂൺ 27ലെ രാഷ്ട്രപതിയുടെ ഉത്തരവിനു ശേഷം ഒരു വ്യക്തിക്കും തടവിലിട്ടാലോ വെടിവെച്ചു കൊന്നാലോ കോടതികളെ സമീപിക്കാനുള്ള അവകാശമില്ലെന്ന് ഇന്ത്യയിലെ പരമോന്നത നീതിപീഠം വിധിയെഴുതി. ജസ്റ്റിസ് ബെഗിന്റെ പരാമർശം ഇന്ത്യയിലെ ഉന്നത നീതിപീഠത്തിന്റെ ദയനീയ ചിത്രമാണ് വരച്ചുകാട്ടുന്നത് അദ്ദേഹം എഴുതി. 'ശരിയായി പാർപ്പിച്ചും ഊട്ടിയും പരിപാലിച്ചും മാതൃനിർവിശേഷമായ മനോഭാവത്തോടെയാണ് രാഷ്ട്രം തടവുകാരെ കൈകാര്യം ചെയ്യുന്നത് എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. തങ്ങൾ ജീവിക്കുന്ന വീട് അഗ്‌നിക്കിരയാക്കും എന്ന് ഭീഷണിപ്പെടുത്തുന്ന കുട്ടികൾക്കെതിരെ രക്ഷിതാക്കൾക്ക് അനുയോജ്യമായ നടപടികൾ എടുക്കേണ്ടി വരുമല്ലോ!' അടിയന്തിരാവസ്ഥയിൽ ഇന്ത്യൻ തടവറയിൽ എന്താണ് നടന്നത് എന്നും രക്ഷിതാക്കൾ കുട്ടികളെ പരിപാലിക്കുന്നതിനോട് അതിനെ ഉപമിച്ചുകൊണ്ട് നീതിപീഠം എത്രമാത്രം അപഹാസ്യമായാണ് ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്നത് എന്നും ഓർക്കുക.

         

ജസ്റ്റിസ് ഖന്നയാണ് സുധീരമായി വിയോജനക്കുറിപ്പ് എഴുതിയത്. മാഗ്നകാർട്ടയിൽ തുടങ്ങി സർ എഡ്വേർഡ് കോക്ക് (Sir Edward Coke) എന്ന നിയമ തത്ത്വചിന്തകനെയും അമേരിക്കൻ ഭരണഘടനയും എല്ലാം ഉദ്ധരിച്ചാണ് ഖന്ന തന്റെ വിധിന്യായം പറഞ്ഞുറപ്പിച്ചത്. അനുച്ഛേദം 21 മാത്രമല്ല ജീവിക്കാനുള്ള അവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രഭവകേന്ദ്രം. ഭരണഘടനയും അനുച്ഛേദങ്ങളും ഇല്ലെങ്കിലും ജനങ്ങൾക്ക് ഈ അവകാശമുണ്ട്. രാഷ്ട്രം ഭരണഘടനയിലൂടെ ഈ അവകാശങ്ങൾ സംരക്ഷിച്ചുകൊള്ളാം എന്ന ഉറപ്പാണ് ജനങ്ങൾക്ക് നല്കുന്നത്. ജനങ്ങൾക്ക് ഈ അവകാശനിഷേധത്തിനെതിരേ ഹൈക്കോടതികളെ സമീപിക്കാൻ അവസരം നല്കുന്ന അനുച്ഛേദം 226 ഭരണഘടനയുടെ അവിഭാജ്യഭാഗമാണ്. ജസ്റ്റിസ് ഖന്ന തന്റെ വിധിന്യായത്തിൽ എഴുതി. അടിയന്തിരാവസ്ഥ പിൻവലിച്ച് ജനതാ ഗവൺമെന്റിന്റെ കാലത്താണ് ഇന്ത്യയിലെ ഉന്നത നീതിപീഠം തങ്ങൾക്കു സംഭവിച്ച വലിയ പിഴവ് തിരുത്തിയത്. മനേകാ ഗാന്ധി കേസിൽ (Meneka Gandhi, Union of India Air 1978 SC 597).

          പലവിധ സമ്മർദ്ദങ്ങളും ഭീതികളുമാണ് നായാധിപരെ ഭരണകൂടത്തിന് അനുകൂലമായി വിധി എഴുതാൻ പ്രേരിപ്പിച്ചത് എന്ന് പറയപ്പെടുന്നു. വിദേശ വേരുകളുള്ള ഭാര്യയെയും തന്നെയും വേട്ടയാടും എന്ന ഭീതി തീർത്തും ഭരണഘടനാവിരുദ്ധവും നീതിരഹിതവുമായ ഉത്തരവുകളെ നിർലജ്ജം കോടതിയിൽ ന്യായീകരിക്കാൻ അറ്റോർണി ജനറൽ നിരൺഡേയെ നിർബന്ധിതനാക്കി എന്ന് പറയപ്പെടുന്നു. ഒരു സ്വകാര്യ വിരുന്നിൽ ജസ്റ്റിസ് ഖന്നയെ നിരൺഡേ അഭിനന്ദിച്ചു എന്ന് ഗ്രാൻവിലെ ഓസ്റ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതായി ഓസ്റ്റിൻ തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്.

         

'ഇന്ത്യയിലെ ജനങ്ങളോട് ഇതാണ് നിയമം എന്ന് പറയാൻ ഉള്ള ധൈര്യം എനിക്കില്ലാതെ പോയി' എന്ന് ഒരു പ്രസംഗത്തിൽ ജസ്റ്റിസ് ചന്ദ്രചൂഡ് പിന്നീട് ഖേദിച്ചു. ഇന്ത്യൻ ഭരണഘടനയെത്തന്നെ തിരുത്തി എഴുതി നീതിന്യായവ്യവസ്ഥയെ അപ്രസക്തമാക്കും എന്ന രീതി അന്തരീക്ഷത്തിൽ നിലനിന്നിരുന്നു എന്നും അതിൽനിന്ന് സ്ഥാപനത്ത രക്ഷിക്കാനുള്ള വിട്ടുവീഴ്ചയായിരുന്നു ന്യായാധിപരുടേത് എന്നൊരു വ്യാഖ്യാനവുമുണ്ട്. മൂന്നുപേരും ക്രമത്തിൽ ഉന്നത ന്യായാധിപർ ആകുമായിരുന്നു. അതിനെ സംരക്ഷിച്ച് ഞങ്ങൾ ഭരണകൂടത്തിനൊപ്പം എന്ന സന്ദേശം നൽകുകയായിരുന്നു എന്നും കാണാം. ജസ്റ്റിസ് ഖന്നയോ? ന്യായമായും അദ്ദേഹത്തിന് ലഭിക്കേണ്ടിയിരുന്ന ചീഫ് ജസ്റ്റിസ് പദവി അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു. അദ്ദേഹത്തെ മറികടന്ന് ജൂനിയറായ (ജസ്റ്റിസ് ബെഗ്) ആളെ ചീഫ് ജസ്റ്റിസ് ആക്കി. ഭരണകൂട വേട്ടയാടലുകളിൽനിന്ന് രക്ഷപ്പെടാൻ അജ്ഞാതവാസത്തിന് പോകേണ്ടിവന്നു അദ്ദേഹത്തിന്. അടിയന്തരാവസ്ഥയിലെ നിർദ്ദയമായ അക്രമങ്ങളും സ്വാതന്ത്ര്യനിഷേധങ്ങളും എല്ലാം സാധ്യമായത് ഇന്ത്യയിലെ ഉന്നത നീതിപീഠം നൽകിയ ന്യായീകരണത്തിലൂടെയാണ്. 'ഹേബിയസ് കോർപ്പസ് കേസ്' ഇന്ന് ശരിയായ നിയമമല്ല. പക്ഷേ, എങ്കിലും അത് എന്നും ഓർമ്മിക്കപ്പെടുകയും പഠിക്കുകയും വേണം. നിർണായകമായ ഒരു ചരിത്ര സന്ധിയിൽ ഇന്ത്യയിലെ ഉന്നത നീതിപീഠം എങ്ങനെയാണ് പ്രതികരിച്ചത് എന്നത് വലിയൊരു ചരിത്രപാഠമാണ്, അതൊരിക്കലും വിസ്മരിച്ചുകൂടാ'.

          ഇന്ത്യൻ നീതിന്യായസംവിധാനത്തിന്റെ സ്ഥാപനപരതയും ഘടനയും അധികാരാവകാശങ്ങളും വ്യവഹാരസമീപനങ്ങളും നൈതിക പ്രതിസന്ധികളും മറ്റും മറ്റും ചർച്ചചെയ്യുന്ന ആറാമധ്യായത്തിൽ ഇന്ത്യൻ നിയമചരിത്രത്തിലെയും ജനാധിപത്യ രാഷ്ട്രീയത്തിലെയും ഏറ്റവും പ്രസിദ്ധമായ വ്യവഹാരം എന്നറിയപ്പെടുന്ന കേശവാനന്ദഭാരതികേസിന്റെ കഥയാണ് ഏറ്റവും ശ്രദ്ധേയമായ ഭാഗം. 1967-73 കാലത്ത് ഇന്ദിരാഗാന്ധിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങൾ ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരത്തെക്കുറിച്ചുയർന്നുവന്ന നിയമത്തർക്കങ്ങളുടെ പരിണതിയായിരുന്നു ഈ കേസ്. 1957 മുതൽ 1980 വരെയുള്ള രണ്ടു പതിറ്റാണ്ടിലധികം അയഞ്ഞും മുറുകിയും നിലനിന്ന നിരവധി കേസുകളുടെയിടയിൽ കേശവാനന്ദഭാരതികേസ് വേറിട്ട് നിലകൊള്ളുന്നു. ഗോലക്‌നാഥ് കേസിലെ വിധി മറികടക്കാൻ ഇന്ദിര നടത്തിയ നീക്കങ്ങൾ ഒന്നൊന്നായി പരാജയപ്പെടുകയായിരുന്നു. പക്ഷെ അവർ 1970ൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തി. പിന്നീട് നടന്നതെന്താണ്? വായിക്കൂ:

          'ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുക്കപ്പെട്ട വൻ വിജയവും സോഷ്യലിസ്റ്റ് വാചാടോപവും കോൺഗ്രസ്സിനെ മാത്രമല്ല പ്രതിപക്ഷ പാർട്ടികളെപ്പോലും വെട്ടിലാക്കിയിരുന്നു എന്നതാണ് സത്യം. വ്യക്തിസ്വാതന്ത്ര്യത്തെ, മൗലികാവകാശങ്ങളെ നിയന്ത്രിച്ച് പാർലമെന്റിന്റെ അപ്രമാദിത്തം സ്ഥാപിക്കുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യണം എന്നാവശ്യപ്പെടാൻ ഇന്ദിരാഗാന്ധിയുടെ അത്ര ആവേശത്തിലോ അതിൽ കൂടിയോ പ്രതിപക്ഷപാർട്ടികളുമുണ്ടായിരുന്നു. ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരം ഉറപ്പിക്കുന്നതിൽ മൊറാർജി ദേശായ് പിന്തുണച്ചിരുന്നു. നിർഭാഗ്യകരമായ കാര്യം രാജ്യം ഏകാധിപത്യത്തിലേക്കാണ് അടിവെച്ചു നീങ്ങുന്നത്, ഇതെല്ലാം അതിന്റെ ആദ്യചുവടുകളാണ് എന്ന് തിരിച്ചറിയാനുള്ള വിവേകം രാജ്യത്തെ ഇടതുപാർട്ടികൾക്ക് ഇല്ലാതെ പോയി. 'സോഷ്യലിസം' എന്ന വാക്കിൽ അവർ അഭിരമിച്ചു. സിപിഐ. പാർലമെന്റിന്റെ അപ്രമാദിത്തം പുനഃസ്ഥാപിക്കണം എന്നു വാദിച്ചപ്പോൾ സിപിഐ.എം. ഒരു പടികൂടി കടന്ന് നിലവിലുള്ള ഭരണഘടന പൂർണ്ണമായും ഉപേക്ഷിച്ച് തീർത്തും പുതിയ ഒരു ഭരണഘടന കൊണ്ടുവരണം എന്ന് വാദിച്ചു. എ.കെ.ഗോപാലൻ 24-ാം ഭരണഘടനാ ഭേദഗതി ചർച്ചയിൽ രണ്ടുതവണ ഈ നിലപാട് ആവർത്തിച്ചു! PSP, SSP സ്വതന്ത്രപാർട്ടി ഒന്നും വ്യത്യസ്ത നിലപാടുകൾ ഉള്ളവരായിരുന്നില്ല. റാം മനോഹർ ലോഹ്യയോടൊപ്പം മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ വാദിച്ചു. മധുലിമായെപ്പോലുള്ള അപൂർവ്വം പേരാണ് വരാനിരിക്കുന്ന അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. അവർ പക്ഷേ, വിരലി ലെണ്ണാവുന്നവരേയുണ്ടായിരുന്നുള്ളൂ.

          ആറ് ലക്ഷ്യങ്ങളാണ് ഭരണഘടനാ ഭേദഗതികൾക്ക് പുറകിൽ ഉണ്ടായിരുന്നത്. ഒന്ന്, പാർലമെന്റിന്റെ പരമാധികാരം പുനഃസ്ഥാപിക്കുക, മൗലികാവകാശങ്ങളുടെ കടന്നുകയറ്റം അവസാനിപ്പിക്കുക. രണ്ട്, ഭൂമി ഏറ്റെടുക്കൽ നിയമങ്ങളിൽ കോടതി ഇടപെടുന്നത് നിർത്തുക. മൂന്ന്, സ്വത്തവകാശം മൗലികാവകാശമല്ലാതാക്കി മാറ്റുക. നാല്, നിർദ്ദേശക തത്ത്വങ്ങൾക്ക് മൗലികാവകാശങ്ങളുടെ മേൽ പ്രാമുഖ്യം നൽകുക. അഞ്ച്, പ്രിവിപേഴ്‌സും പോയകാല രാജാക്കന്മാർക്കുള്ള പ്രത്യേക പരിഗണനകളും നിർത്തലാക്കുക. അതുപോലെ ബ്രിട്ടീഷ് കൊളോണിയൽ കാലത്തെ ഉദ്യോഗസ്ഥർക്കുള്ള ആനുകൂല്യങ്ങൾ നിർത്തലാക്കുക. 1971 ജൂലൈ 28-ന് അന്ന് നിയമമന്ത്രിയായിരുന്ന എച്ച്.ആർ.ഗോഖലെ ഭരണഘടനാ ഭേദഗതികൾ ലോക്‌സഭയിൽ അവതരിപ്പിച്ചു. പ്രിവിപേഴ്‌സ് നിർത്തലാക്കാനുള്ള 26-ാം ഭേദഗതി ഓഗസ്റ്റ് 9-ന് അവതരിപ്പിച്ചു. കൊളോണിയൽ ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങൾ നിർത്തലാക്കുന്നതിനുള്ള 28-ാം ഭേദഗതി 1972 മേയിലും, 24-ാം ഭരണഘടനാഭേദഗതി വഴി പാർലമെന്റിന് ഭരണഘടനയുടെ ഏത് ഭാഗവും ഭേദഗതി ചെയ്യാം എന്ന് വന്നു. ഭരണഘടനാ ഭേദഗതികളെ അനുച്ഛേദം 13-ൽ പറയുന്ന നിയമം എന്നതിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി. അതോടൊപ്പം അനുച്ഛേദം 368 ഭേദഗതി ചെയ്ത് രാഷ്ട്രപതി അതിന് അംഗീകാരം കൊടുത്തുകൊള്ളണം എന്ന് നിർബന്ധമാക്കി. 25-ാം ഭരണഘടനാഭേദ ഗതി പൂർണ്ണമായും സ്വത്തവകാശത്തെ സംബന്ധിച്ചായിരുന്നു. നഷ്ടപരിഹാരം എന്നതിനെ തുക എന്നാക്കി മാറ്റുകയും നിർബന്ധമായി ഏറ്റെടുക്കുന്ന ഭൂമിക്ക് നൽകുന്ന തുക കുറഞ്ഞുപോയി എന്ന കാരണത്താൽ അത് കോടതിയിൽ ചോദ്യം ചെയ്യാൻ പാടില്ല എന്നൊരു ഭേദഗതി കൊണ്ടുവന്നു. ഭരണഘടനയുടെ അനുച്ഛേദം 14, 19, 31 എന്നിവ നിർദ്ദേശകതത്ത്വങ്ങളേക്കാൾ കുറഞ്ഞതാകുകയും ഒരു വലിയ നിര നിയമങ്ങളെ നീതിന്യായ പരിശോധനയുടെ (Judicial Review) പരിധിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ശ്രദ്ധിക്കേണ്ട കാര്യം സിപിഐ., സിപിഎം. തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഈ ഭേദഗതികളെ പിന്തുണച്ചു എന്നതാണ്. (കൗതുകകരമായ കാര്യം ഓർക്കാവുന്നത് ബിജെപിയുടെ സാമ്പത്തിക സംവരണ ബില്ലിനെ പാർലമെന്റിൽ ഇടതുപാർട്ടികൾ പിന്തുണച്ചു. ചരിത്രം പഴയ ചൊല്ലിനെ ശരിവെച്ചുകൊണ്ട് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു). പി.കെ. ദിയോ (P.K.Deo) എന്ന പാർലമെന്റ് അംഗം (സ്വതന്ത്രപാർട്ടി) ശക്തമായി ഭേദഗതികളെ എതിർത്തത് പരമാധികാരിയായ ഉത്തരവാദിത്വം ഇല്ലാത്ത ഒരു പാർലമെന്റിന് വലിയ ഭൂരിപക്ഷം കൂടിയുണ്ടെങ്കിൽ ഭരണഘടനയുടെ അടിത്തറ തന്നെ തകർത്തുകളയാം എന്ന് പ്രവചനാത്മകതയോടെ അദ്ദേഹം മുന്നറിയിപ്പ് നൽകി. 24, 25 ഭരണഘടനാ ഭേദഗതികളാണ് കേശവാനന്ദ ഭാരതി കേസിനും തുടർന്നുള്ള നാടകങ്ങൾക്കും തുടക്കമിട്ടത്. പല നിലയ്ക്കും ചരിത്രപരമാണ് കേശവാനന്ദ ഭാരതി കേസ്. ഇന്ത്യൻ സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബഞ്ച് (13 നായാധിപർ) ഏറ്റവും ദീർഘമായി കേട്ട കേസ്. നാനി പാൽക്കിവാലയാണ് ഹർജിക്കാരനുവേണ്ടി ഹാജരായത്. നാനി പാൽക്കിവാലയും മറ്റ് ഹർജിക്കാരുടെ അഭിഭാഷകരും 31 ദിവസം കേസ് വാദിച്ചു. എച്ച്.എം. സീർവായ് ആണ് കേരള സംസ്ഥാനത്തിനുവേണ്ടി ഹാജരായത്. സിർവായ് 21 ദിവസം വാദിച്ചു. കേന്ദ്രഗവൺമെന്റിനുവേണ്ടി അഡ്വക്കേറ്റ് ജനറൽ നിരൺഡേയും സോളിസിറ്റർ ജനറൽ ലാൽനരേൻസിൻഹയും ഹാജരായി. അവർ 12 ദിവസവും ഒരു ദിവസം മറുപടിക്ക് വേണ്ടിയും 1972 ഒക്ടോബർ 31-നു തുടങ്ങി 1973 മാർച്ച് 23 -ന് സമാപിക്കുന്നതുവരെ 68 പ്രവൃത്തി ദിവസങ്ങളിൽ കേസ് നടന്നു. വാദമുഖങ്ങൾ എഴുതി നൽകി, 1973 മാർച്ച് 23-ന് സമാപിക്കുന്നതുവരെ 68 പ്രവൃത്തി ദിവസങ്ങളിൽ കേസ് നടന്നു. എങ്കിലും അവസാന രണ്ടു ദിവസം ജസ്റ്റിസ് ബെയ്ഗിന്റെ അനാരോഗ്യംമൂലം വാദം നടന്നില്ല. അങ്ങനെ യഥാർത്ഥത്തിൽ 66 ദിവസം ആണ് വാദം നടന്നത്. നാനി പാൽക്കിവാലയെക്കൂടാതെ സി.കെ. ദാഫ്തറേ (C.K. Daphtary)., എം.സി. ഛഗ്ല (M.C.Chagla) തുടങ്ങിയവർ ഹാജരായി. കൂടാതെ സോളിസോറാബിജി, അനിൽ ദിവാൻ, സി.എം. പോപ്പർട്ട്, എം.എൽ. ഭക്ത, രവീന്ദർ നകൈരൻ, ജെ.ബി. ദാദാച്ഛാൻജി (J.B.Dadachanji)എന്നിവരും ഹർജി ഭാഗത്ത് പാൽക്കിവാലയുടെ സഹായത്തിനുണ്ടായിരുന്നു. ടി.ആർ. അന്ത്യാർജ്ജുന സീർവായിയെ സഹായിച്ചു'.

          ഈ കേസിന്റെ നാടകീയവും ദീർഘവും വിസ്മയകരവുമായ വാദപ്രതിവാദചരിത്രവും ദൂരവ്യാപകമായ ഫലങ്ങളുളവാക്കിയ നിയമപ്രതീതികളും ഹരിദാസ് വിവരിക്കുന്നു. ഇന്ത്യൻ ഭരണഘടനക്കുനേരെ നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു 42-ാം ഭേദഗതിക്കായുള്ള ഇന്ദിരാസർക്കാരിന്റെ നീക്കം. മൗലികാവകാശങ്ങളെ, വ്യക്തിസ്വാതന്ത്ര്യത്തെ, അവ സംരക്ഷിക്കാൻ കോടതികൾക്കുള്ള ഭരണഘടനാപരമായ ബാധ്യതയെ ഒക്കെ അമർച്ച ചെയ്ത് സമഗ്രാധിപത്യ ഭരണകൂടം സ്ഥാപിക്കുക എന്നതായിരുന്നു 42-ാം ഭേദഗതിയുടെ ലക്ഷ്യം. ഇന്ത്യൻ ഭരണഘടനയുടെ 31 സി, 368 വകുപ്പുകളിലാണ് വലിയ ഭേദഗതികൾ വരുത്താൻ ഉദ്ദേശിച്ചിരുന്നത്. എന്തായാലും കേശവാനന്ദഭാരതിക്കുശേഷം ഭരണഘടന ഭേദഗതിചെയ്യാൻ പാർലമെന്റിന് അപരിമിതമായ അധികാരമില്ല. ഹരിദാസ് എഴുതുന്നു:

          'അടിയന്തരാവസ്ഥയും 42-ാം ഭരണഘടനാ ഭേദഗതിയും ഉൾപ്പെടെയുള്ള സുദീർഘമായ ഇന്ദിരാ ഭരണകാലം വെളിവാക്കുന്നത് ആത്യന്തികമായി ഇന്ത്യൻ ജനാധിപത്യത്തിന്റെതന്നെ ദൗർബല്യങ്ങളെയാണ്. പാർലമെന്റിലും സംസ്ഥാനങ്ങളിലും വലിയ ഭൂരിപക്ഷമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് വളരെ എളുപ്പത്തിൽ ഇന്ത്യൻ ജനാധിപത്യത്തെ സമഗ്രാധിപത്യമാക്കിമാറ്റാം. വ്യക്തികളുടെ മൗലികാവകാശങ്ങളെ, സ്വാതന്ത്ര്യത്തെ എല്ലാം ഹനിക്കാം. ദേശീയതയുടെ/ദേശീയോദ്‌ഗ്രഥനത്തിന്റെ വലിയ വാചാടോപങ്ങൾ മാത്രം മതിയാകും. പ്രതിപക്ഷം അതിന്റെ ജനാധിപത്യ ധർമ്മങ്ങൾ പാലിക്കാൻ കഴിയാത്ത വിധം എണ്ണത്തിലും ഗുണത്തിലും ദുർബ്ബലമാകും. മൗലികാവകാശങ്ങളുടെ, ജനാധിപത്യത്തിന്റെ, നിയമവാഴ്ചയുടെ, ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷകരാവും എന്ന് പ്രതീക്ഷിക്കുന്ന ഉന്നത നീതിപീഠംപോലും ഭരണകൂടത്തിന്റെ വക്താക്കളാകുന്നതാണ് ഹേബിയസ് കോർപ്പസ് കേസ്സിൽ കണ്ടത്. അതേ ഭരണഘടനതന്നെയാണ് ഇത്രയും ഭരണഘടനാ വിരുദ്ധമായ വ്യാഖ്യാനത്തിനും ആധാരമായത് എന്നോർക്കുക. നാനി പാൽക്കിവാല, എച്ച്, ആർ. ഖന്ന, സിക്രി തുടങ്ങിയ അപൂർവ്വം വ്യക്തികളാണ് ഈ വ്യവസ്ഥിതിക്കകത്തു നിന്നുകൊണ്ട് ജനാധിപത്യത്തെയും ഭരണഘടനാമൂല്യങ്ങളെയും സംരക്ഷിക്കാൻ നിലക്കൊണ്ടത്. എച്ച്. ആർ. ഖന്നയ്ക്ക് അതിന്റെ തിക്ത ഫലങ്ങൾ എല്ലാം അനുഭവിക്കേണ്ടിയും വന്നു. ചരിത്ര അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാൻ തയ്യാറായില്ലെങ്കിൽ ചരിത്രത്തിന്റെ ആവർത്തനം അനുഭവിക്കേണ്ടിവരും എന്നതാണ് ഫലശ്രുതി'.

          അവസാന അധ്യായം, ജമ്മു-കശ്മീരിന്റെ സ്വയംഭരണപദവിയെക്കുറിച്ചുള്ള ഭരണഘടനാവകുപ്പുകളുടെ ചരിത്രപശ്ചാത്തലവും അതിനുണ്ടായ പരിണതികളുടെ രാഷ്ട്രീയവും ചർച്ചചെയ്യുന്നു. 370-ാം വകുപ്പിന്റെ സവിശേഷതകൾ എന്തൊക്കെയായിരുന്നു? ഹരിദാസ് സംക്ഷേപിക്കുന്നു:

          'ഒന്ന് സംസ്ഥാന വിഷയങ്ങളെ സംബന്ധിച്ചുള്ള അനുച്ഛേദങ്ങളിൽനിന്ന് ജമ്മു-കാശ്മീരിനെ ഒഴിവാക്കി. രണ്ട് ജമ്മു-കാശ്മീരിന് പ്രത്യേക ഭരണഘടന അംഗീകരിച്ചു. മൂന്ന്; ഇന്ത്യൻ പാർലമെന്റിന് ജമ്മു-കാശ്മീരിനെ സംബന്ധിച്ചുള്ള നിയമനിർമ്മാണം മൂന്നേ മൂന്ന് വിഷയങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തി- ആഭ്യന്തരം, വിദേശകാര്യം, വാർത്താവിനിമയം'.

          പക്ഷെ ഈ ഉറപ്പുകൾ ഒരിക്കലും പാലിക്കപ്പെട്ടില്ല. 'കശ്മീരിന്റെ ചരിത്രം രാഷ്ട്രീയവഞ്ചനയുടേതുമാത്രമല്ല, ഭരണഘടനാപരമായ വഞ്ചനയുടേതും കൂടിയാണ്' - ഹരിദാസ് എഴുതുന്നു. ഏറ്റവുമൊടുവിൽ കേന്ദ്രഗവൺമെന്റ് കൊണ്ടുവന്ന വിജ്ഞാപനത്തിന്റെ രാഷ്ട്രീയവും ഇവിടെ അപഗ്രഥിക്കപ്പെടുന്നു.

          അടിസ്ഥാനപരമായി ഈ പുസ്തകത്തിൽ ഹരിദാസ് അന്വേഷിക്കുന്നത്, തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, ജനാധിപത്യമൂല്യങ്ങൾ ഉറപ്പാക്കുന്നതിലും നിലനിർത്തുന്നതിലും ഇന്ത്യൻ ഭരണഘടനയും ഭരണകൂടസ്ഥാപനങ്ങളും എത്രമേൽ പ്രതിബദ്ധമാണ് എന്ന കാര്യമാണ്. നീതിയെന്ന താക്കോൽവാക്കിലാണ് ഹരിദാസിന്റെ നിലപാടും അപഗ്രഥന രീതിശാസ്ത്രവും ഊന്നുന്നത്. തന്റെ പഠനം അദ്ദേഹം ഇങ്ങനെ സംഗ്രഹിക്കുന്നു:

          'ജനാധിപത്യത്തെ ആന്തരവത്കരിക്കുന്നതിൽ ജനങ്ങളുടെ സംസ്‌കാരവും ജീവിതശൈലിയും ആക്കുന്നതിൽ നാം വിജയിച്ചുവോ? ഭരണഘടനാ നിർമ്മാതാക്കൾ വിഭാവനം ചെയ്ത നീതി എന്ന സങ്കല്പത്തെ സാക്ഷാത്കരിക്കുന്നതിൽ നാം എത്രകണ്ട് വിജയിച്ചു? അംബേദ്കർ പറഞ്ഞ സാമൂഹിക സാമ്പത്തിക നീതി എന്നത് ഇന്നും എത്രയോ അകലെയാണ്. ജാതി സാമ്പത്തിക ശ്രേണീകരണം ഇന്നും ഇന്ത്യയിലെ സാമൂഹിക സാമ്പത്തിക നീതിക്ക് വിഘാതമായി നില്ക്കുന്നു. ഭരണഘടനാപരമായ നിർബന്ധം ഇല്ലായിരുന്നു എങ്കിൽ ഇപ്പോഴുള്ള നാമമാത്ര പട്ടികജാതി, പട്ടികവർഗ്ഗ പ്രാതിനിധ്യംപോലും ഭരണഘടനാസ്ഥാപനങ്ങളിൽ അസാദ്ധ്യമായേനെ. ജഗ്ജീവൻ റാമിനെ ഉദ്ധരിച്ചു കൊണ്ട് ഗ്രാൻവിലെ ഓസ്റ്റിൻ എഴുതുന്നുണ്ട്, ഒരു ബ്രാഹ്മണ യാചകന്റെ സാമൂഹിക നില വിജയിച്ച ദളിത് സമ്പന്ന വ്യവസായിയേക്കാൾ എത്രയോ ഉയരെയാണെന്ന്. ഇന്ത്യയിലെ സാമൂഹിക അനീതിയുടെ വേരുകൾ ആഴ്ന്നിരിക്കുന്നത് ഇവിടുത്തെ ഭൂരിപക്ഷമതത്തിലും പാരമ്പര്യങ്ങളിലുമാണ്. ജനാധിപത്യത്തെ, ജനാധിപത്യമൂല്യങ്ങളെ ആന്തരവത്കരിക്കാത്തിടത്തോളം ഇതിനെ മറികടക്കുക അസാദ്ധ്യമാണ്. ലിംഗനീതിയെയും തുല്യതയെയും മുന്നോട്ട് കൊണ്ടുപോകുന്ന നിരവധി സുപ്രീം വിധിന്യായങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പ്രായോഗിക അനുഭവതലത്തിൽ വരേണ്യ പുരുഷാധിപത്യവും മൂല്യങ്ങളും അപ്രതിരോധ്യമായി തുടരുന്നു. വീട്ടകങ്ങളും തെരുവുകളും തുടങ്ങി ഇന്ത്യൻ പാർലമെന്റ് വരെ ഇതിൽനിന്ന് വിമുക്തമല്ല. തുല്യത എന്ന സങ്കല്പനത്തെ വികസിപ്പിക്കുന്നതിന് നിർഭാഗ്യവശാൽ നിയമങ്ങളെ വ്യാഖ്യാനിക്കുന്ന ഇന്ത്യൻ നീതിന്യായ സംവിധാനത്തിന് സാധിച്ചിട്ടില്ല. ഒരു നിയമം തുല്യത എന്ന ഭരണഘടനാതത്ത്വത്തിന് എതിരാണോ അതോ ഭരണഘടനാപരമായി നിലനില്ക്കുന്നതിന് അർഹമാണോ എന്ന് പരിശോധിക്കാൻവേണ്ടി ഇന്ത്യയിലെ ഉന്നത നീതിപീഠം വികസിപ്പിച്ചെടുത്ത 'സ്വേച്ഛാപരം' (Arrariness), യുക്തിസഹമായ വർഗ്ഗീകരണം (Reasonable classification) എന്നിവ തീർത്തും അപര്യാപ്തമാണ് എന്ന് ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആരാണ് ഈ നിയമംകൊണ്ട് പ്രാതികൂല്യത്തിന് ഇരയാകുന്നത് അതിന് കാരണം അവർക്ക് നിയന്ത്രണമില്ലാത്ത സാമൂഹിക യാതാർത്ഥ്യങ്ങളാണോ എങ്കിൽ അതിന്റെ പേരിൽ വിവേചനം പാടില്ല എന്ന തലത്തിലേക്ക് ഇനിയും ഇന്ത്യൻ നീതിപീഠത്തിന്റെ ഭരണഘടനാ വ്യാഖ്യാനങ്ങൾ വികസിച്ചിട്ടില്ല. ഇന്ത്യൻ ഭരണഘടന പൊതു/സ്വകാര്യം എന്ന ദ്വന്ദ്വത്തിൽ ഇപ്പോഴും നിലയുറപ്പിക്കുന്നതുകൊണ്ട് ഭരണഘടന വാഗ്ദാനം ചെയ്യുന്ന നീതി സ്വകാര്യ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് ഇനിയും സാധിച്ചിട്ടില്ല. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് വ്യക്തികളുടെ മേൽ അധികാരം വിനിയോഗിക്കപ്പെടുന്നത് കുടുംബം, മതം, ജാതി തുടങ്ങിയ രാഷ്ട്രേതര സ്ഥാപനങ്ങളാണ്. ഇന്ത്യൻ ഭരണഘടന വ്യക്തികളെയാമ് അടിസ്ഥാനഘടകമായി പരിഗണിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സാമൂഹിക സ്ഥാപനങ്ങൾ വ്യക്തികളുടെ, ഭരണഘടന നല്കുന്ന അവകാശങ്ങളെ നിഹനിക്കുന്നതിനെതിരെ വ്യക്തികൾക്ക് സംരക്ഷണം നല്കണമെങ്കിൽ പരമ്പരാഗതമായ പൊതു/സ്വകാര്യ വിഭജനംകൊണ്ട് സാദ്ധ്യമാകില്ല. ജാതി, മതം, സമുദായം, കുടുംബം തുടങ്ങിയ 'സ്വകാര്യ' ഇടങ്ങളിലേക്ക് ഭരണഘടന കടന്നുചെല്ലേണ്ടി വരും. നിർഭാഗ്യവശാൽ അതിന് പ്രാപ്തമാക്കുന്ന നിലയിൽ ഭരണഘടനാതത്ത്വങ്ങളെ വികസിപ്പിക്കുന്നതിന് നമുക്കിനിയും സാധിച്ചിട്ടില്ല. അതിന്റെ അനീതിക്ക് ഇരയാകുന്നവർ സ്ത്രീകൾ, കുട്ടികൾ, ദളിതർ, ന്യൂനപക്ഷങ്ങൾ തുടങ്ങിയവരാണെന്നും ഓർക്കുക. സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകളിൽ ഉന്നത നീതിപീഠത്തെ എപ്പോഴും നയിച്ചത് വളരെ യാന്ത്രികമായ ഔപചാരികമായ തുല്യതാ സങ്കല്പനമാണ്. സ്ത്രീയും പുരുഷനും പ്രകൃത്യാ ഭിന്നരാണെന്നും സ്ത്രീകൾ അമ്മ, ഭാര്യ തുടങ്ങിയ കുടുംബത്തിലെ ആദരിക്കപ്പെടേണ്ട ചുമതലകൾ നിർവ്വഹിക്കുന്നവരാണെന്നും അവർ ദുർബ്ബലരായതുകൊണ്ട് സവിശേഷ പരിഗണന അർഹിക്കുന്നവരും സംരക്ഷിക്കപ്പെടേണ്ടവരുമാണെന്ന സംരക്ഷണ കാഴ്ചപ്പാട് ആണ് ഇന്നും കോടതികളെ നയിക്കുന്നത്. സ്ഥാപനവത്കരിക്കപ്പെട്ട പരമ്പരാഗത മൂല്യങ്ങളെ പുനരുത്പാദിപ്പിക്കുന്ന ഇടങ്ങളായി കോടതികളും മാറുന്നു'.

         

'ഇന്ത്യൻ ഭരണഘടന ചെയ്യാൻ ശ്രമിച്ചത് രണ്ടു കാര്യങ്ങളാണ്. ഒന്ന്; കൊളോണിയൽ ബ്രിട്ടീഷ് പ്രജകളിൽ നിന്ന് സ്വതന്ത്ര ജനാധിപത്യ പൗരന്മാരെ വാർത്തെടുക്കാൻ ശ്രമിച്ചു. വ്യക്തിയും രാഷ്ട്രവും തമ്മിലുള്ള നിയമരാഷ്ട്രീയ ബന്ധത്തെ അത് അങ്ങനെ പുനർനിർവ്വചിച്ചു. രണ്ട്; അത് ഇന്ത്യയിലെ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക ബന്ധങ്ങളിലെ അധികാരശ്രേണികളെയും ഉച്ചനീചത്വങ്ങളെയും ഇല്ലാതാക്കാൻ യത്‌നിച്ചു. ഇതിൽ ആദ്യത്തേതിൽ ഇന്ത്യൻ ഭരണഘടന ഏറക്കുറെ വിജയിച്ചിരുന്നു. രണ്ടാമത്തേതിൽ ചില നീക്കങ്ങൾ, ഒറ്റപ്പെട്ട ചലനങ്ങൾ, തെളിച്ചങ്ങൾ ഉണ്ടായി എന്നതല്ലാതെ കാര്യമായ പുരോഗതി ഒന്നും നേടാനായില്ല. ഈ രണ്ടിലും വലിയ വെല്ലുവിളികളെ നേരിടുന്നു എന്നതാണ് ഇന്ത്യൻ ജനാധിപത്യ ഭരണഘടന നേരിടുന്ന പ്രതിസന്ധി. ഈ പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യുന്നു എന്നതിനനുസരിച്ചായിരിക്കും ഈ രാജ്യത്തിന്റെ ഭാവി'.

          പൗരത്വം, സംവരണം, വ്യക്തിനിയമം, മതേതരത്വം, ന്യൂനപക്ഷാവകാശങ്ങൾ, ദയാവധം, പരിസ്ഥിതിചിന്ത, മനുഷ്യാവകാശങ്ങൾ, ജമ്മു-കശ്മീർ.... തുടങ്ങിയ നിരവധി വിഷയങ്ങളിൽ ഭരണഘടന നൽകുന്ന ഉറപ്പുകൾ മറികടന്നും അതുവഴി ജനാധിപത്യ രാഷ്ട്ര-രാഷ്ട്രീയ ക്രമത്തെ ദുർബ്ബലപ്പെടുത്തിയും സുപ്രീം കോടതി നടത്തിയിട്ടുള്ള നിരവധി ഇടപെടലുകളെ സയുക്തികം വിശദീകരിക്കുകയും വിമർശിക്കുകയും ചെയ്യുന്നുവെന്നതാണ് ഈ പഠനത്തിന്റെ ഏറ്റവും കാതലായ രാഷ്ട്രീയം. നമ്മുടെ വൈജ്ഞാനിക സാഹിത്യരംഗത്തും നിയമ-നീതിശാസ്ത്ര-രാഷ്ട്രീയ ചിന്താമണ്ഡലങ്ങളിലും ഗൗരവമുള്ള ചർച്ചകൾ ആവശ്യപ്പെടുന്നുണ്ട് ഈ പുസ്തകം.

          അതേസമയംതന്നെ, മതേതരത്വത്തിനുവേണ്ടിയും ലിംഗസമത്വത്തിനുവേണ്ടിയും വാദിക്കുന്ന ഗ്രന്ഥകാരൻ സംശയലേശമെന്യേ വ്യക്തിനിയമങ്ങൾക്കുവേണ്ടിയും വാദിക്കുന്നതിലെ അയുക്തി, ജാതിസംവരണത്തെ വിമർശിച്ചും സാമ്പത്തിക സംവരണത്തെ നിരാകരിച്ചും ഒരേസമയം നിലപാടെടുക്കുന്നതിലെ സന്ദിഗ്ദ്ധത, മതേതരത്വത്തിലടിയുറച്ച വിധിതീർപ്പുകളും ഇടപെടലുകളും നടത്തുമ്പോൾതന്നെ, സുപ്രീം കോടതിയെ ഹിന്ദുത്വഭൂതം പിടികൂടിയിരിക്കുന്നുവെന്ന നിരീക്ഷണത്തിലെ സങ്കീർണത എന്നിങ്ങനെ ഇനിയും തീർപ്പാക്കേണ്ട ചില വാദമുഖങ്ങളും ഈ പുസ്തകം തുറന്നിടുന്നുണ്ട്.

പുസ്തകത്തിൽ നിന്ന്

'ന്ത്യൻ റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ഏറ്റവും നിർഭാഗ്യകരമായ സംഭവങ്ങളാണ് പിന്നീട് അരങ്ങേറിയത്. കേശവാനന്ദ ഭാരതി കേസിൽ വിധിന്യായം വന്ന് രണ്ടാം ദിവസം സിക്രി വിരമിക്കാനിരിക്കുകയായിരുന്നു. മുതിർന്ന മറ്റ് ന്യായാധിപർ സിക്രിക്കുശേഷം ഷേലാട്ട്, ഹെഗ്‌ഡേ, ഗ്രോവർ എന്നിവരായിരുന്നു. 1973 ഏപ്രിൽ 25-ലെ അഞ്ചുമണിയുടെ റേഡിയോവാർത്ത ആ നാടകീയ തീരുമാനം പുറത്തുവിട്ടു. മുതിർന്ന മൂന്നുപേരെ മറികടന്ന് ജസ്റ്റിസ് റേയെ രാഷ്ട്രപതി ഇന്ത്യയിലെ മുഖ്യ ന്യായാധിപനായി നിയമിച്ചു. നിലവിലുള്ള എല്ലാ കീഴ്‌വഴക്കങ്ങളുടെയും മര്യാദകളുടെയും ലംഘനമായിരുന്നു അത്. നീതിന്യായ സംവിധാനത്തിനു മുകളിൽ ഭരണകൂടം അതിന്റെ അധികാരം പ്രഖ്യാപിക്കുന്ന ഒരു പ്രതീകാത്മക നടപടിയായിരുന്നു അത്. അന്ന് വൈകീട്ട് ഈ മൂന്ന് ന്യായാധിപരും സിക്രിയും ഷേലാട്ടിന്റെ വസതിയിൽ സമ്മേളിക്കുകയും പിറ്റേന്ന് ഏപ്രിൽ 26-ന് നാലുപേരും തങ്ങളുടെ ഔദ്യോഗിക പദവികളിൽ നിന്ന് രാജിവെക്കുകയും ചെയ്തു. പിറ്റേന്ന് സിക്രി വിരമിക്കാനിരിക്കെയാണ് അദ്ദേഹം രാജിവെച്ചത്. ഭരണകൂടത്തിന്റെ താത്പര്യങ്ങൾക്കെതിരെ വിധിയെഴുതിയ നീതിപീഠത്തിന് മുകളിൽ അധീശത്വം സ്ഥാപിക്കുക എന്നത് മാത്രമായിരുന്നില്ല ഇന്ദിരഗാന്ധിയുടെ ലക്ഷ്യം എന്ന് പറയപ്പെടുന്നു. ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് കേസ് നടക്കുന്നുണ്ടായിരുന്നു. രാജ് നാരായണന്റെ ചില തെളിവുകൾ സ്വീകരിക്കുന്നതിനെതിരെ ഇന്ദിരാഗാന്ധി സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ ഹെഗ്‌ഡെ ഇന്ദിരാഗാന്ധിക്കെതിരെ വിധിക്കുകയും തെളിവുകൾ ഫ ലിൽ സ്വീകരിക്കാൻ അനുവദിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കേസിന്റെ അപ്പീൽ സുപ്രീം കോടതിയിൽ വരുമ്പോൾ ഹെഗ്‌ഡെ സുപ്രീം കോടതിയിൽ ഉണ്ടാവരുത് എന്ന ആഗ്രഹവും ഈ കീഴ്‌വഴക്കങ്ങൾ മറികടന്നുള്ള നിയമനത്തിന് കാരണമായി എന്ന് പറയപ്പെടുന്നു. എന്തുതന്നെയായാലും വലിയ വിമർശനങ്ങലും ഈ നടപടിക്കെതിരെ രാജ്യവ്യാപകമായി ഉയർന്നിരുന്നു. ഏഴായിരത്തിലധികം അഭിഭാഷകർ ബോംബെയിൽ ഹൈക്കോടതി ബഹിഷ്‌കരിച്ചു. റേയുടെ സത്യപ്രതിജ്ഞാദിവസം ഏപ്രിൽ 30-ന് മദ്രാസ് ഹൈക്കോടതിയിൽ മൂവായിരത്തിലധികം അഭിഭാഷകർ കോടതി ബഹിഷ്‌കരിച്ചു എ.കെ. ഗോപാലനെയും ജയപ്രകാശ് നാരായണനെയും പോലുള്ള പ്രതിപക്ഷ നേതാക്കളും പ്രതിഷേധവുമായി രംഗത്ത് വന്നു. സത്യത്തിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ അവരുടെ ചുറ്റുമുള്ളവരുടെ തീർത്തും ജനാധിപത്യവിരുദ്ധമായ ചെയ്തികൾ രാജ്യവ്യാപകമായി ജനങ്ങൾക്കിടയിൽ ഭരണഘടനാ പ്രതിബദ്ധതയും ജനാധിപത്യബോധവും ഉയർന്നുവരാനുള്ള ഒരവസരവും സൃഷ്ടിച്ചു എന്നു പറയാം.

          കേശവാനന്ദ ഭാരതിക്കുശേഷമുള്ള ഇന്ത്യയിലെ രാഷ്ട്രീയ കാലാവസ്ഥ അത്യന്തം പ്രക്ഷുബ്ധമായിരുന്നു. 1974 മെയിൽ റെയിൽവേ പണിമുടക്ക്. ആയിരക്കണക്കിന് പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ടു. മിസ, കൊഫൈപോസ തുടങ്ങിയ നിയമങ്ങൾ കൂടുതൽ കർശനമാക്കി. ഗാന്ധിയൻ സാമൂഹിക പ്രസ്ഥാനത്തിലേക്ക് പിന്മടങ്ങിയ ജയപ്രകാശ് നാരായൺ ബീഹാറിൽ വിദ്യാർത്ഥി പ്രക്ഷോഭത്തെ നയിക്കാൻ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നു. സംഘപരിവാരത്തിന്റെയും ജനസംഘത്തിന്റെയും പിന്തുണ സ്വീകരിച്ചതാണ് ജയപ്രകാശ് നാരായൺന്റെ ഭാഗത്തുനിന്ന് സംഭവിച്ച വീഴ്ച. 1975 ജൂണിൽ ഗുജറാത്തിൽ കോൺഗ്രസ്സിന് തോൽവി പിണഞ്ഞു. ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് കേസിൽ അലഹബാദ് ഹൈക്കോടതി വിധി ഇന്ദിരാഗാന്ധിക്ക് പ്രതികൂലമായി. ബാങ്ക് ദേശസാത്കരണം മുതൽ കേശവാനന്ദ ഭാരതി വരെയുള്ള കേസുകളിൽ ഭരണകൂടത്തിനെതിരെ ഹാജരായ പ്രഗല്ഭ അഭിഭാഷകൻ നാനി പാൽക്കിവാല ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് കേസ് ഏറ്റെടുക്കുകയും വി.ആർ. കൃഷ്ണയ്യരുടെ വെക്കേഷൻ ബഞ്ചിൽനിന്ന് ഇന്ദിരാഗാന്ഘിക്ക് പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കാം പക്ഷേ, സംസാരിക്കുകയോ വോട്ട് ചെയ്യാനോ പാടില്ല എന്ന നിബന്ധനകളോടെ താല്ക്കാലിക ഉത്തരവ് നേടുകയും ചെയ്തു. കൃഷ്ണയ്യരുടെ ഈ ഇടക്കാല ഉത്തരവിനെ കുൽദീപ് നയ്യാരെപ്പോലുള്ളവർ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. കൃഷ്ണയ്യർ സ്റ്റേ നല്കിയതാണ് അടിയന്തരാവസ്ഥയ്ക്ക് അവസരം ഒരുക്കിക്കൊടുത്തത് എന്ന നിലയിൽ ആയിരുന്നു വിമർശനം. പക്ഷേ, അതിൽ അത്ര കഴമ്പില്ല. തെരഞ്ഞെടുപ്പ് കേസുകളിൽ സ്റ്റേ അനുവദിക്കുന്നത് സ്വാഭാവിക നടപടിക്രമം ആയിരുന്നു. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കും എന്ന് കൃഷ്ണയ്യർക്ക് മുൻകൂട്ടി ഊഹിക്കാനും കഴിയില്ലല്ലോ. 'ഇന്ത്യ എന്നാൽ ഇന്ദിര, ഇന്ദിര എന്നാൽ ഇന്ത്യ' എന്ന മുദ്രാവാക്യം അക്ഷരാർത്ഥത്തിൽ പ്രയോഗത്തിൽ വരുത്തുന്ന ഏകാധിപത്യ നാളുകളാണ് വരാനിരിക്കുന്നത്. 1975 ജൂൺ 26 രാവിലെ മുതൽ കരുതൽ തടങ്കൽ തുടങ്ങി. വൈകുന്നേരം ആവുമ്പോഴേക്കും ജയപ്രകാശ് നാരായൺ, മൊറാർജി ദേശായി തുടങ്ങി 676 രാഷ്ട്രീയക്കാർ തടവിലാക്കപ്പെട്ടു. എല്ലാ വിധത്തിലുള്ള മൗലികാവകാശങ്ങളും മരവിപ്പിക്കപ്പെട്ടു. മൗലികാവകാശ ലംഘനങ്ങൾക്കെതിരെ കോടതികളെ സമീപിക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെട്ടു. (ഹേബിയസ് കോർപ്പസ് കേസ് നേരത്തേ പരാമർശിച്ചതാണല്ലോ)

1975 ഒക്ടോബർ മാസം വിചിത്രവും നാടകീയവുമായ രംഗങ്ങൾക്ക് സുപ്രീം കോടതി സാക്ഷ്യം വഹിച്ചു. 1975 ഒക്ടോബർ 20-ന് ചീഫ് ജസ്റ്റിസ് റേ കേശവാനന്ദ ഭാരതി കേസ് പുനഃപരിശോധിക്കുന്നതിനുവേണ്ടി പതിമൂന്നംഗ ബഞ്ച് രൂപീകരിച്ചുകൊണ്ട് ഉത്തരവിറക്കി. രണ്ട് ചോദ്യങ്ങളാണ് ഉത്തരം തേടാനായി റേ തയ്യാറാക്കിയത്. ഒന്ന്, അടിസ്ഥാന ഘടനാസിദ്ധാന്തം പാർലമെന്റിന്റെ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരത്തെ നിയന്ത്രിക്കുന്നുണ്ടോ? രണ്ട്, ബാങ്ക് ദേശസാത്കരണകേസ് ശരിയായി ആണോ തീരുമാനിച്ചത്. തികച്ചും അപ്രതീക്ഷിതമായിരുന്നു ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്ന് ഇത്തരം ഒരു നീക്കം. ഈ രണ്ടു ചോവങ്ങളും കൃത്യമായി നേരത്തെ സുപ്രീം കോടതി നിശ്ചയിച്ചതാണ്. അത് പുനഃപരിശോധിക്കേണ്ട ആവശ്യമില്ല. ആരും അത് ആവശ്യപ്പെട്ടിട്ടുമില്ല. കൂടാതെ പതിമൂന്നംഗ ബഞ്ചിന്റെ തിരുമാനത്തെ തിരുത്തണം എങ്കിൽ പതിനഞ്ചംഗ ബഞ്ച് വേണം. പതിമൂന്ന് അംഗങ്ങൾ പോര- 1975 നവംബർ 10 ന് പതിമൂന്നംഗ ബഞ്ച് കേശവാനന്ദ ഭാരതി കേസ് പുനഃപരിശോധിക്കാനായി സമ്മേളിച്ചു. നേരത്തേ വിധിപറഞ്ഞവരിൽ അഞ്ചുപേർ മാത്രമെ അപ്പോഴും ജോലിയിൽ തുടരുന്നുണ്ടായിരുന്നു. ചീഫ് ജസ്റ്റിസ് എ.എൻ. റേ, എച്ച്.ആർ. ഖന്ന, കെ.കെ. മാത്യു, എം.എച്ചി ബെയ്ഗ്, വൈ.വി. ചന്ദ്രചൂഡ്. പുതിയ ബഞ്ചിൽ പുതുതായി വന്ന എട്ടു പേർ പി.എൻ. ഭഗവതി. വി.ആർ. കൃഷ്ണയ്യർ, പി.കെ. ഗോസ്വാമി, ആർ.എസ്. സർക്കാരിയ, എ.സി. ഗുപ്ത, എൻ.എൽ. ഉൻവാലിയ, നാഫസൽ അലി, പി.എം. സിംഗാൾ എന്നിവരായിരുന്നു.

          ഇന്ത്യൻ സുപ്രീം കോടതി കണ്ട ഏറ്റവും മികവുറ്റ വാദങ്ങളായിരുന്നു 10, 11 തീയതികളിൽ പാൽക്കിവാല നടത്തിയത്. തലേരാത്രി എത്തിയ പാൽക്കിവാല ആകെ ഒരു ചർച്ചയാണ് തന്റെ കൂടെയുള്ള അഭിഭാഷകരുമായി നടത്തിയത്. അദ്ദേഹം പുനഃപരിശോധനയ്‌ക്കെതിരെയുള്ള തന്റെ വാദങ്ങൾ എല്ലാം തയ്യാറാക്കി വച്ചിരുന്നു. ചീഫ് ജസ്റ്റിസ് റേ, ജസ്റ്റിസ് മാത്യു, ബെയ്ഗ്, എച്ച്. ആർ. ഖന്ന എന്നിവരുമായുള്ള പാൽക്കിവാലയുടെ സംവാദങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ആരാണ് കേശവാനന്ദ ഭാരതി കേസ് പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടത് എന്ന ചോദ്യത്തിന് ഹർജിക്കാരല്ലേ ആവശ്യപ്പെട്ടത് എന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചപ്പോൾ 'ഇല്ല ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല' എന്ന് പാൽക്കിവാല സധൈര്യം അപ്പോൾത്തന്നെ തിരുത്തി. എന്നാൽ തമിഴ്‌നാട് സംസ്ഥാനം ആകും എന്നായി. അപ്പോൾ തമിഴ്‌നാട് സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറൽ എഴുന്നേറ്റ്, 'ഇല്ല, ഞങ്ങളും ആവശ്യപ്പെട്ടിട്ടില്ല' എന്ന് തിരിച്ചടിച്ചു. ഇന്ദിരാഗാന്ധിയുടെ പ്രേരണയിൽ ചീഫ് ജസ്റ്റിസ്തന്നെയാണ് ഇതിന് തുടക്കമിട്ടത് എന്ന സംശയം അതോടെ കൂടുതൽ ബലപ്പെട്ടു. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങൾ, പത്രമാധ്യമങ്ങൾക്കുള്ള നിയന്ത്രണം ഒക്കെ പാൽക്കിവാല പരാമർശിച്ചു. കേശവാനന്ദ ഭാരതി കേസിൽ വാദം നടക്കുന്ന സമയത്ത് നാനി പാൽക്കിവാല, എങ്ങനെയാണ് ഹിറ്റ്‌ലർ ജർമ്മൻ ഭരണഘടനയെ തന്റെ ഫാസിസ്റ്റ് ഭരണത്തിന് അനുകൂലമായി മാറ്റിയെടുത്തത് എന്ന് നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്നിരുന്നു. 'പാൽക്കിവാല രാഷ്ട്രീയം പറയുന്നു ഞങ്ങൾ രാഷ്ട്രീയത്തിലേക്ക് പോകുന്നില്ല' എന്ന് പറഞ്ഞ് അന്ന് ബഞ്ചിലുണ്ടായിരുന്ന ഗ്രോവർ അതിനെ എതിർത്തിരുന്നു. അതിന് പാൽക്കിവാല നല്കിയ മറുപടി ഏറെ ശ്രദ്ധേയമാണ്. അദ്ദേഹം പറഞ്ഞു, 'രാഷ്ട്രീയത്തിലേക്ക് പോകാതെ ഈ കേസ് തീരുമാനിക്കാൻ കഴിയുമോ എന്ന് എനിക്കറിയില്ല. സമഗ്രാധിപത്യ ഭരണകൂടങ്ങളെയും ജനാധിപത്യത്തെയും കുറിച്ച് പറയുമ്പോൾ അത് ഭരണഘടനാവാദങ്ങളുടെ ഭാഗമാകുന്നു'. സമഗ്രാധിപത്യം എന്ന വാക്ക് ഉപയോഗിക്കുന്നതിനെ ഗ്രോവർ എതിർത്തപ്പോൾ പാൽക്കിവാല അതിനെ ജനാധിപത്യവിരുദ്ധം എന്നാക്കി. അന്ന് സമഗ്രാധിപത്യത്തിന്റെ ലക്ഷണങ്ങളെ കണ്ടുതുടങ്ങിയിരുന്നുള്ളു. അക്ഷരാർത്ഥത്തിൽ നിലവിൽ വന്നിരുന്നില്ല. പക്ഷേ, അടിയന്തരാവസ്ഥ നടപ്പിലുള്ള സമയത്താണ് ഏകാധിപത്യ ഭരണകൂടത്തിന്റെ തണലിൽ ഇരുന്നുകൊണ്ട് അതിന്റെ വിധേയരായി ഒരു ജനാധിപത്യതത്ത്വത്തെ അട്ടിമറിക്കാൻ സുപ്രീം കോടതിയിലെ ചില ന്യായാധിപർ ശ്രമിച്ചത്. നാനി പാൽക്കിവാലയെയും എച്ച്. ആർ. ഖന്നയെയും പോലുള്ള ചില വ്യക്തികൾക്കു മുമ്പിൽ ആ ശ്രമം പരാജയപ്പെടുകയായിരുന്നു. മൂന്നാം ദിവസം നവംബർ 12-ന് വാദം തീരുമാനിച്ചിരുന്നു എങ്കിലും അതിനു മുമ്പേതന്നെ ഈ ബഞ്ച് പിരിച്ചുവിട്ടിരിക്കുന്നു എന്ന് ചീഫ് ജസ്റ്റിസ് പ്രഖ്യാപിച്ചുകൊണ്ട് താൻ അരങ്ങേറ്റം കുറിച്ച ഒരു നാടകത്തിന് അദ്ദേഹംതന്നെ തിരശ്ശീലയിട്ടു. 

ഭരണഘടന: ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അതിജീവനചരിത്രം
വി.എൻ. ഹരിദാസ്
ഡി.സി. ബുക്‌സ്
2021
260 രൂപ 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP