Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആധുനികതയുടെ സ്മൃതിപടങ്ങൾ

ആധുനികതയുടെ സ്മൃതിപടങ്ങൾ

ഷാജി ജേക്കബ്

ജൂലൈ 21 ന് അന്തരിച്ച വിഖ്യാത അമേരിക്കൻ നോവലിസ്റ്റ് ഇ.എൽ. ഡോക്ടറോവ് ആഖ്യാനങ്ങളുടെ ആത്മനിഷ്ഠതയെക്കുറിച്ചു പറയുന്ന ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. സ്വന്തം ഓർമകൾപോലും മറ്റു വസ്തുതകൾപോലെതന്നെ സംഗ്രഥിച്ചാണ് ആത്മം ആവിഷ്‌ക്കരിക്കുക. അതുകൊണ്ട് ഏതു കൃതിയുമെന്നപോലെ ആത്മകഥാപരമായ രചനകളും അടുക്കിപ്പെറുക്കിയുള്ള ആവിഷ്‌ക്കാരം തന്നെയായിരിക്കും. ‘Every book is an act of composition’ എന്ന് ഡോക്ടറോവ്.

സാഹിത്യനിരൂപകനും മലയാള ചെറുകഥാചരിത്രകാരനും അദ്ധ്യാപകനും സാഹിത്യ അക്കാദമി അംഗവുമൊക്കെയായ കെ.എസ്. രവികുമാർ, തന്റെ സാഹിത്യജീവിതം രൂപപ്പെട്ട ആധുനികതാപ്രസ്ഥാന (Modernism)ത്തിന്റെ സാംസ്‌കാരിക ചരിത്രംപോലെ രചിച്ചിരിക്കുന്ന ഈ ഓർമ്മക്കുറിപ്പുകളും ഈവിധമുള്ള ഒരു ക്രമികാഖ്യാനമാണ്.

കടമ്മനിട്ട രാമകൃഷ്ണനെ തന്റെ സ്മൃതികളുടെയും ആധുനികതയുടെ ഭാവുകത്വഭൂമികയുടെയും കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചുകൊണ്ടെഴുതപ്പെട്ടിരിക്കുന്ന ഈ പുസ്തകം വ്യക്തിയെ സമൂഹവൽക്കരിച്ചും ഓർമയെ ചരിത്രവൽക്കരിച്ചും നടത്തുന്ന സാംസ്‌കാരിക ഭൂപടനിർമ്മാണത്തിന്റെ ശ്രദ്ധേയമായ മാതൃകയായി മാറുന്നു. ബാലചന്ദ്രൻ ചുള്ളിക്കാട് ചൂണ്ടിക്കാണിച്ചതുപോലെ ഒരു തലമുറയെ വൈദ്യുതീകരിച്ച കാലത്തിന്റെ ജീവചരിത്രം.

പന്തളത്തിനടുത്തുള്ള പനങ്ങാട് എന്ന ഗ്രാമത്തിലെ ജനതാഗ്രന്ഥശാലയിൽ തുടക്കമിടുന്ന തന്റെ വായനാജീവിതത്തിന്റെ സ്വകാര്യതകളിൽനിന്ന്, മുന്നോട്ടുപോയി, സുഹൃത്തുക്കൾക്കും സാഹിത്യ, കലാസമിതികൾക്കുമൊപ്പം ആധുനികതയുടെ പൊതുഭൂമികയിൽ കരുപ്പിടിപ്പിച്ച സാംസ്‌കാരികാവബോധങ്ങളിലൂടെയാണ് രവികുമാറിന്റെ അനുഭൂതിലോകം വളർന്നു വലുതാകുന്നത്. മുഖ്യധാരയിലും പാർശ്വധാരയിലുമുള്ള സാഹിത്യമാസികകളുടെയും പുസ്തകങ്ങളുടെയും വായന, കയ്യെഴുത്തുമാസികകളുടെ രചന, വായനശാലാപ്രവർത്തനം, കലാലയങ്ങളിലെ സാംസ്‌കാരിക പരിപാടികളുടെയും കവിയരങ്ങുകളുടെയും സംഘാടനം, എന്നിവയിലൂടെ രൂപപ്പെടുന്ന ഈ യുവാവിന്റെ സാഹിത്യജീവിതം ചില വഴിമാറ്റങ്ങളിലൂടെ ക്രമികവും സുബദ്ധവുമായ ഒരു സാംസ്‌കാരിക പൊതുമണ്ഡലത്തിലേക്ക് മലയാളത്തിലെ ഒന്നാംനിര സാംസ്‌കാരിക പ്രവർത്തകരിൽ ചിലരുടെ കൈപിടിച്ചു വളർന്ന അസാധാരണമായ ഭാഗ്യത്തിന്റെ കഥ പറയുകയാണ് ഈ പുസ്തകം. തന്റെ നാടും ദേശവും തന്ന സാഹിത്യപാരമ്പര്യത്തിന്റെ വേരുകളിലേക്കു മടങ്ങിച്ചെന്ന് ആധുനികതയുടെ സ്മൃതിപടങ്ങളായി പുനഃസൃഷ്ടിക്കുന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരമെന്ന നിലയിൽ അസാധാരണമായ വായനാസുഖം പകർന്നുതരുന്നുമുണ്ട്, കടമ്മനിട്ടക്കാലം.

കയ്യക്ഷരസൗന്ദര്യത്തിന്റെ രാജകുമാരനായി മാറിയ സുഹൃത്തും കലാകാരനുമായ ഭട്ടതിരിയുടെ കാലിഗ്രാഫി (കയ്യെഴുത്തുകല)യിൽ തുടങ്ങി ഭക്തിഗാനങ്ങളെ മതേതരവൽക്കരിച്ച പന്തളം കേരളവർമയും പന്തളം കെ.പി.യും സൃഷ്ടിച്ച കാവ്യധാരകളുടെ വേരുകൾവരെ തേടുന്നു, ആരംഭഭാഗത്ത് രവികുമാർ. തുടർന്ന്, കടമ്മനിട്ട, ഒ.വി. വിജയൻ, നരേന്ദ്രപ്രസാദ്, വിനയചന്ദ്രൻ, എം ടി, മുരളി, കോവിലൻ, പുതുപ്പള്ളി രാഘവൻ, അഴീക്കോട്, കുഞ്ഞുണ്ണി, എം വി ദേവൻ, എ. അയ്യപ്പൻ, കാക്കനാടൻ എന്നീ സാഹിത്യ-സാംസ്‌കാരിക പ്രവർത്തകരുമായുണ്ടായ ആത്മബന്ധങ്ങളിലൂടെ തന്റെ അനുഭൂതിലോകങ്ങൾ വളർന്നുപടർന്നതിന്റെ ആർജ്ജവം നിറഞ്ഞ സ്മൃതിചിത്രങ്ങൾ വരച്ചിടുന്നു, ഗ്രന്ഥകാരൻ. ഒപ്പം, ഇടശ്ശേരി മുതൽ പുതുശ്ശേരിവരെയും അയ്യപ്പപ്പണിക്കർ മുതൽ ഡി.സി. കിഴക്കേമുറിവരെയുമുള്ളവർ തന്റെ സാഹിത്യഭാവുകത്വത്തെയും സാംസ്‌കാരിക ജീവിതത്തെയും സ്വാധീനിച്ചതിന്റെ ആർദ്രത മുറ്റിയ ഓർമ്മക്കുറിപ്പുകളും.

മലയാളസാഹിത്യ, കലാമണ്ഡലങ്ങളിൽ 1950 കളിൽ രൂപംകൊണ്ടുതുടങ്ങിയ ആധുനികതാപ്രസ്ഥാനത്തിന്റെ സൗന്ദര്യശാസ്ത്രവും പ്രത്യയശാസ്ത്രവും അതിന്റെ വൈവിധ്യങ്ങളോടെ പകർന്നുകിട്ടിയ ഭൂതകാലത്തിന്റെ ആത്മചരിത്രമാണ് രവികുമാറിന് ഈ പുസ്തകം. ഇടതുപക്ഷ സാഹിത്യസംഘടനകൾക്കൊപ്പം നിൽക്കുമ്പോൾതന്നെ, കമ്യൂണിസ്റ്റ് വിരുദ്ധ-ലിബറൽ മാനവിക ചിന്തകൾ മേൽക്കൈ നേടിയ മോഡേണിസത്തിന്റെ കലാധാരകൾ രവികുമാറിനു തിരിച്ചറിയാൻ കഴിഞ്ഞത് കടമ്മനിട്ട മുതൽ വിജയൻ വരെയുള്ള ഒന്നാംനിര ആധുനികതാവാദികളുടെ സാഹിത്യസംസ്‌കാരത്തെ ആത്മനിഷ്ഠമായി മനസ്സിലാക്കാൻ ശ്രമിച്ചതുമൂലമാണ്.

എം. ഗോവിന്ദന്റെ ശിഷ്യരും സാഹിത്യത്തിനൊപ്പം നാടകം, ചിത്രകല, സിനിമ തുടങ്ങിയവയുടെയും പ്രയോക്താക്കളും റോയിയിസത്തിന്റെ പ്രചാരകരും ജനാധിപത്യത്തിന്റെ വിശ്വാസികളും ഭാഷയിലും ഭാവനയിലും പാരമ്പര്യത്തെ ധിക്കരിച്ചവരും പിതൃരൂപങ്ങളെ തള്ളിപ്പറഞ്ഞവരും സദാചാരമൂല്യങ്ങളെ നിഷേധിച്ചവരും അസ്തിത്വവാദികളും ജനപ്രിയസാഹിത്യ, കലാമാർഗങ്ങൾ നിരാകരിച്ചവരും സദാപരീക്ഷണങ്ങളിൽ അഭിരമിച്ചവരും രാഷ്ട്രീയം രക്തത്തിൽ കൊണ്ടുനടന്നവരുമൊക്കെയായിരുന്നു മേല്പറഞ്ഞ ആധുനികർ മിക്കവരും. ദേശീയസ്വാതന്ത്ര്യം, വിഭജനം, ഗാന്ധിവധം, കൽക്കത്താതീസിസ്, കമ്യൂണിസ്റ്റ് ഭരണം, വിമോചനസമരം, ചൈനാ-പാക് യുദ്ധങ്ങൾ, നക്‌സലൈറ്റ് പ്രസ്ഥാനം, അടിയന്തരാവസ്ഥ, സിഖ് കൂട്ടക്കൊല.. എന്നിങ്ങനെ നാലു പതിറ്റാണ്ടിന്റെ ഇന്ത്യൻ, കേരളീയ ചരിത്രസന്ധികളുടെ പശ്ചാത്തലത്തിൽ മലയാളിയുടെ രാഷ്ട്രീയ, കല, സാഹിത്യ ഭാവുകത്വങ്ങൾക്കു കൈവന്ന ആധുനികതയുടെ പാഠരൂപങ്ങളായിരുന്നു ഇക്കാലത്തെ സാംസ്‌കാരിക പ്രവർത്തനങ്ങൾ ഏതാണ്ടൊന്നടങ്കം.

കവിതയുടെ ചൊൽക്കാഴ്ചകളിലൂടെ കടമ്മനിട്ട തുടക്കമിട്ടതും വിനയചന്ദ്രനും ചുള്ളിക്കാടുമുൾപ്പെടെയുള്ളവർ പിന്തുടർന്നതുമായ ജനകീയത ഒരർത്ഥത്തിൽ മലയാള കാവ്യഭാവനയ്ക്കുമേൽകാലങ്ങളായി നിലനിന്ന നാനാതരം സവർണതകളുടെ ഉച്ചാടനം തന്നെയായിരുന്നു. അടിയന്തരാവസ്ഥക്കു തൊട്ടു പിന്നാലെ തന്റെ ശ്രമത്തിൽ കടമ്മനിട്ട കവിത ചൊല്ലാനെത്തിയതിന്റെ ഒരനുഭവം രവികുമാർ വിവരിക്കുന്നതു നോക്കുക: “അപ്പോൾ വളരെ പ്രായംചെന്ന ഒരു ദലിത് കർഷകത്തൊഴിലാളി സ്ത്രീ റോഡിന്റെ അരികിലൂടെ നടന്നുവന്നു. അവരെ എനിക്കറിയാം; അവർക്ക് എന്നെയും. പകലൊക്കെ വെളിമ്പറമ്പുകളിലും കുന്നിൽചരിവുകളിലും നടന്നു പറിച്ചെടുത്ത നാട്ടുപുല്ല് അടുക്കിയൊതുക്കി കെട്ടിയത് തലയിലുണ്ട്. അന്തിച്ചന്തയിൽ വിൽക്കാൻ കൊണ്ടുപോകുകയാണ്. കടമ്മനിട്ടയുടെ കവിത ചൊല്ലൽ കേട്ട് അവർ നടപ്പിന്റെ വേഗം കുറച്ചു. പിന്നെ നിന്നു. അവർ കവിത കേൾക്കുകയാണ്. അപ്പോൾ കടമ്മനിട്ട കുറത്തി ചൊല്ലുകയായിരുന്നു. ദീർഘമായ കവിത. അതത്രയും അവർ തലയിൽ ആ പുല്ലുകെട്ടുമായി നിന്ന് കേട്ടു. വാങ്മയത്തിന്റെ കരിനാഗക്കളമഴിച്ച് കുറത്തി ചൊല്ലിത്തീർന്നു. സദസ്സിന്റെ ആരവങ്ങൾ. പിന്നെ നിശ്ശബ്ദത. അപ്പോൾ അവർ എന്നോടു ചോദിച്ചു, ''കുഞ്ഞേ, ഈ സാറ് ഇനീം പാടുമോ?''

അപ്പോഴേക്കും കടമ്മനിട്ട അടുത്ത കവിത ചൊല്ലിത്തുടങ്ങിയിരുന്നു, കോഴി.
അവർ ആ പുല്ലുകെട്ട് താഴെ വച്ചിട്ട് ആ വഴിയോരത്ത് കുന്തിച്ചിരുന്നു, കവിത കേൾക്കാൻ.
അക്ഷരം അറിയാത്ത, കവിതയും സാഹിത്യവും എന്തെന്നറിയാത്ത ആ ദലിത്‌വയോധികയെ കടമ്മനിട്ട ആകർഷിച്ചത് എങ്ങനെയാണ്? ശബ്ദത്തിന്റെ ശക്തിമാത്രമാണോ അത്? അതോ, കേഴ്‌വിക്കാരന്റെ മനസ്സിലേക്ക് നേരെ പതിച്ച് പൊലിച്ചുയരുന്ന കവിതയുടെ ശക്തിയാണോ? അടിച്ചമർത്തപ്പെട്ടവരുടെ വിമോചനപ്രതീക്ഷയുടെ ശക്തിയാണോ?
ആ വയോധികയുടെ പ്രതികരണംപോലെയൊന്ന് മലയാളത്തിലെ മറ്റൊരു കവിക്കും ലഭിച്ചിട്ടുണ്ടാവില്ല. അതാണ് കടമ്മനിട്ടക്കവിത.

ഒരു തലത്തിൽ അത് ഏറ്റവും ജനകീയവും ലളിതവുമാണ്. ഇടനിലക്കാരില്ലാതെ ഏതു മലയാളിക്കും അത് മനസ്സിലാക്കാം; ആസ്വദിക്കാം. ഉള്ളിലെ താളത്തെ അത് തൊട്ടുണർത്തും. അബോധമനസ്സിൽ അടിഞ്ഞുകിടക്കുന്ന ആദിബിംബങ്ങളെ അത് ഉയർത്തിയെടുക്കും. മർദ്ദിതന്റെയും ചൂഷിതന്റെയും വിമോചനപ്രതീക്ഷയ്ക്ക് അഗ്നിശക്തി പകരും. അങ്ങനെയെല്ലാം അത് വായനാസമൂഹത്തെ മൊത്തത്തിൽ ഉജ്ജ്വലിപ്പിച്ചു.

മറ്റൊരു തലത്തിൽ കാവ്യപഠിതാക്കളെയും സംസ്‌കാരവിമർശകരെയും കടമ്മനിട്ടക്കവിത ആകർഷിച്ചു. അവരുടെ വ്യാഖ്യാനം ആ കവിതകൾക്ക് ഒരുപാട് മാനങ്ങൾ നൽകി. ആ കവിതയുടെ ഉള്ളടരുകളിലേക്ക് അവർ ആണ്ടിറങ്ങി. ചരിത്രത്തിന്റെയും നരവംശശാസ്ത്രത്തിന്റെയും തിരിച്ചറിവുകൾ മാത്രമല്ല ലോകത്തിന്റെ വർത്തമാനയാഥാർത്ഥ്യങ്ങളുടെ നിശിതമുഖങ്ങളും വ്യത്യസ്തതലങ്ങളും വ്യക്തിമനുഷ്യന്റെ വികാരലോകങ്ങളും അതിൽ നിലീനമായിരിക്കുന്നത് അവർ കണ്ടെത്തി.

അതാണ് കടമ്മനിട്ടക്കവിതയുടെ അനന്യത; വ്യതിരിക്തത”.
ഈയൊരു സാംസ്‌കാരിക ഉച്ചാടനപ്രക്രിയയുടെ ഭിന്നമുഖങ്ങളായിരുന്നു ഗോവിന്ദൻ മുതൽ ശ്രീജൻ വരെയുള്ളവർ നടത്തിയ ലിറ്റിൽ മാഗസിനുകളും കെ.സി.എസ് പണിക്കർ മുതൽ എം.വി ദേവൻ വരെയുള്ളവർ നടത്തിയ ചിത്രകലാ പരീക്ഷണങ്ങളും സി.എൻ മുതൽ ശങ്കരപ്പിള്ള വരെയുള്ളവരുടെ തനതു നാടകാവതരണങ്ങളും കോവിലനും കടമ്മനിട്ടയും അരവിന്ദനും കാവാലവും കാക്കനാടനുമൊക്കെ പുനഃസൃഷ്ടിച്ച മിത്തുകളുടെയും ഗോത്രത്തനിമകളുടെയും പ്രാദേശികതയുടെയും രാഷ്ട്രീയവും മറ്റും മറ്റും. വിജയൻ മുതൽ നരേന്ദ്രപ്രസാദ് വരെയുള്ളവർ രൂപം കൊടുത്ത സാഹിത്യ സംവാദങ്ങൾക്കു ഇത് മറ്റൊരു മുഖവും. ഇവയൊന്നടങ്കം മലയാള ഭാവനയിൽ ദന്തഗോപുരവൽക്കരിക്കപ്പെട്ടവ ഒരു ലാവണ്യശാസ്ത്രത്തിനു രൂപം കൊടുത്തു എന്നതു വേറെ കാര്യം. എം.വി ദേവനെക്കുറിച്ചുള്ള ലേഖനത്തിൽ രവികുമാർ ഈ ഭാവുകത്വ പരിസരം ഇങ്ങനെ സംഗ്രഹിക്കുന്നു.

“ചിത്രകാരനും ശില്പിയും വാസ്തുശില്പിയും എഴുത്തുകാരനും മാത്രമായിരുന്നില്ല എം. വി. ദേവൻ. 1950 കൾ മുതൽ കേരളത്തിൽ മെല്ലെ രൂപപ്പെട്ടുവന്ന കലയിലെയും സാഹിത്യത്തിലെയും നവീനപ്രവണതകൾക്ക് അന്തരീക്ഷമൊരുക്കാൻ പാകത്തിൽ ചിന്താപരമായ ഇടപെടലുകൾ നടത്തിയ ആശയ ശില്പികൂടിയാണ് അദ്ദേഹം. പുതിയ ഒരു ഭാവുകത്വം രൂപപ്പെടുത്താൻ വേണ്ടിയുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിച്ച, സർഗ്ഗാത്മക പ്രതിഭകളായിരുന്നു എം. ഗോവിന്ദൻ, സി.ജെ. തോമസ്, ജി. ശങ്കരപ്പിള്ള, അയ്യപ്പപ്പണിക്കർ തുടങ്ങിയവർ. നിലനിന്നുപോന്ന ഭാവുകത്വശീലങ്ങളിൽ നിന്ന് വ്യതിചലിക്കാൻ ഇച്ഛിച്ച സ്രഷ്ടാക്കളായിരുന്നു ഇവർ. അങ്ങനെ തങ്ങൾ സൃഷ്ടിച്ച പുതുഭാവുകത്വം പുലർത്തുന്ന രചനകൾക്ക് സ്വീകാര്യത ലഭിക്കാൻ പാകത്തിലുള്ള ഒരന്തരീക്ഷം ഒരുക്കാൻ വേണ്ടി ആശയപരവും സംഘാടനപരവുമായ പ്രവർത്തനങ്ങളും അവർ നടത്തി. കാലംകൊണ്ട് ഇത്തിരി പിന്നിലാണെങ്കിലും ചലച്ചിത്രകാരനായ അടൂർ ഗോപാലകൃഷ്ണനും ഇത്തരത്തിൽ പ്രവർത്തിച്ച കലാകാരനാണ്. ഈ അന്തരീക്ഷത്തിൽ ചെറുപ്രസിദ്ധീകരണങ്ങൾ, സാഹിത്യശില്പശാലകൾ, നാടകക്കളരികൾ, ചിത്രകലാക്യാമ്പുകൾ, ഫിലിം സൊസൈറ്റികൾ എന്നിങ്ങനെ ബഹുമുഖമായ സാംസ്‌കാരിക പ്രവർത്തനങ്ങൾ 1960 കളിൽ കേരളത്തിലുണ്ടായി. ഈ രംഗത്ത് നിർണ്ണായകമായിരുന്നു ദേവന്റെ പ്രവർത്തനങ്ങൾ. അടിസ്ഥാനപരമായി കലാകാരന്റെ സർഗ്ഗസ്വാതന്ത്ര്യത്തിലും രചനയുടെ പുതുമയിലും ഊന്നുന്ന സമീപനമായിരുന്നു ഇവർ ഉയർത്തിപ്പിടിച്ചത്. തൊട്ടുമുൻകാലത്ത് കേരളത്തിൽ വ്യാപകമായിരുന്ന ഇടതുപക്ഷരാഷ്ട്രീയത്തോടു ബന്ധപ്പെട്ട കലാസാഹിത്യപ്രവർത്തനങ്ങളുടെ പില്ക്കാലയാന്ത്രികതയോടും കച്ചവടവല്ക്കരണത്തോടുമുള്ള കലാപവും ഇതിലുണ്ടായിരുന്നു”.

വ്യക്തികളിലൂടെ, അവർ വ്യാപരിച്ച സാഹിത്യ, സാംസ്‌കാരിക മേഖലകളിലേക്കു കണ്ണുപായിച്ചും ആധുനികതാ പ്രസ്ഥാനത്തിൽ അവർ നടത്തിയ തീർച്ചയും മൂർച്ചയും തിരിച്ചറിഞ്ഞും രവികുമാർ നടത്തുന്ന ഈ സ്മൃതിയാത്രയുടെ വഴിയമ്പലങ്ങൾ ഇന്നു നിലവിലില്ല. എം ടി ഒഴികെ, ഈ പുസ്തകത്തിൽ രവികുമാർ വ്യക്തിചിത്രം വരയ്ക്കുന്നവരെല്ലാം കാലയവനികക്കുള്ളിൽ മറഞ്ഞു കഴിഞ്ഞു. കോവിലൻ, കടമ്മനിട്ട, കാക്കനാടൻ എന്നിവരോട് രവികുമാറിനുള്ള സവിശേഷമായ ആഭിമുഖ്യം അവരുമായി നടത്തുന്ന അഭിമുഖങ്ങളിലും തെളിഞ്ഞു കാണാം. ഭാഷ, മിത്ത് എന്നീ തലങ്ങളിൽ ഈ മൂന്നെഴുത്തുകാരും ആധുനികതയിൽ സൃഷ്ടിച്ച ഇടപെടലുകളുടെ മൗലികവും തനതുമായ ലോകങ്ങൾ മറനീക്കുന്നവയാണ് അവരെക്കുറിച്ചുള്ള ലേഖനങ്ങളെന്ന പോലെ ഈ അഭിമുഖങ്ങളും. നിലവിലിരുന്ന സാഹിത്യഭാവുകത്വത്തെ താൻ എങ്ങനെ മറികടന്നുവെന്ന് കോവിലൻ വിശദീകരിക്കുന്ന ഈ ഭാഗം ശ്രദ്ധിക്കുക.

“ഞാൻ നാട്ടിൽ കണ്ട ജീവിതം, ജീവിതത്തെക്കുറിച്ച് ബോധമുണ്ടാക്കാനായി വായിച്ച നോവലുകൾ എല്ലാം വ്യക്തിപ്രഭാവത്തിന്റെ വിവർത്തനങ്ങളായിരുന്നു. ആർമിയിൽ പോയപ്പോഴാണ് ഞാൻ കണ്ടത്, വ്യക്തിയല്ല, ഒരു കമ്പനിതന്നെ, ഒരു ബറ്റാലിയൻ മുഴുവൻ ഒരു ബ്രിഗേഡ് മുഴുവൻ ഒരേ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നു. ഇത് എന്റെ സാഹിത്യപരിശ്രമങ്ങളിൽ വ്യത്യസ്തമായ ഒരു ഔട്ട്‌ലുക്ക് ഉണ്ടാക്കിത്തന്നു. ഞാൻ കരുതി, നമ്മൾ ഇതുവരെ വായിച്ചത് ജീവചരിത്ര നോവലുകളായിരുന്നു. ജീവചരിത്രനോവലുകൾ പോരാ എന്ന് എനിക്കുതോന്നി. ഈ ജീവികൾ, മനുഷ്യർ ഒരുമിച്ച് ഒരു ജീവിതം - ഉദാഹരണമായി ബാരക്കിലെ ജീവിതം - നയിക്കുന്നു. അതിൽനിന്നു അന്നുവരെ മലയാളത്തിൽ കണ്ടിട്ടില്ലാത്ത സങ്കേതത്തിൽ ഏ മൈനസ് ബി എഴുതി. എ മൈനസ് ബി എഴുതുമ്പോൾ ആനന്ദിന്റെ ആൾക്കൂട്ടമൊന്നും മലയാളത്തിൽ ഉണ്ടായിട്ടില്ല. എ മൈനസ് ബി എഴുതിയത് 1956 ൽ ആയിരിക്കണം. അത് വ്യത്യസ്തമാവണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. മലയാളത്തിൽ ഞാൻ കണ്ട ഒരു നോവലിന്റെയും മാതൃകയിലാവരുത് എന്റെ നോവൽ എന്ന നിർബന്ധം. ഏകപാത്രകേന്ദ്രിതമായ മലയാളനോവലിന്റെ ഫോർമുലയുണ്ടായിരുന്നുവല്ലോ, നായകനും വില്ലനുമൊക്കെയായിട്ട്. അതിൽ നിന്ന് ഞാൻ രക്ഷപ്പെട്ടു. അതിനു സാഹചര്യമുണ്ടാക്കിയത് പട്ടാളമാണ്. ഞാൻ എഴുതിയത് ശരിയാണെന്നൊന്നും ഞാൻ പറഞ്ഞില്ല. എന്റെ നോവലുകൾ ആൾക്കാർ ഇപ്പോൾ അങ്ങനെ വായിക്കുന്നുമില്ല. തട്ടകമൊഴിച്ച് മറ്റൊന്നും വിപണിയിലുണ്ട് എന്നും തോന്നുന്നില്ല. പക്ഷേ ഞാൻ ചെയ്തത് തെറ്റാണ് എന്ന് എനിക്ക് ഇതേവരെ തോന്നിയിട്ടില്ല. കാരണം ഞാൻ കണ്ട ജീവതമാണ് എന്നെ ഇതിനു പ്രേരിപ്പിച്ചത്.”

ഇതിനു സമാനമാണ് ചൊൽക്കാഴ്ചയിലൂടെ കടമ്മനിട്ട കാവ്യരംഗത്തു സൃഷ്ടിച്ച വിപ്ലവവും. രവികുമാറിന്റെ ഒരു ചോദ്യത്തിനുത്തരമായി കടമ്മനിട്ട പറയുന്നു: “ഏതു കലാസൃഷ്ടിയും അതിന്റെ ധർമം നിർവഹിക്കുന്നത് സംവേദനം ചെയ്യുമ്പോഴാണ്. എല്ലാ സ്രഷ്ടാക്കളും അതാഗ്രഹിക്കുന്നുണ്ട്. താനെഴുതുന്നതിൽ മറ്റുള്ളവരുടെ ശ്രദ്ധയും താല്പര്യവും പതിയണമെന്ന് കവി കരുതുന്നത് സ്വാഭാവികം. കവിതയുടെ പ്രധാനപ്പെട്ട ഒരു സംവേദനസാധ്യതയാണ് ചൊല്ലിക്കേൾപ്പിക്കുന്നത്. ചൊല്ലുന്ന കവിത വൃത്തബദ്ധമോ വൃത്തമുക്തമോ എന്നത് പ്രധാനമല്ല. കവിതചൊല്ലലിന്റെ ആകർഷണീയതയും കവിതയുടെ മേന്മയും തമ്മിൽ ബന്ധമില്ല. രണ്ടും രണ്ടുതന്നെയാണ്. കവിത എഴുതുവാനുള്ള കഴിവിൽനിന്നു വ്യത്യസ്തമായ ഒരു സിദ്ധിയാണ് നന്നായി കവിത ചൊല്ലുക എന്നത്. ആ സാധ്യതയെ ഒഴിവാക്കേണ്ട ഒരു കാര്യവുമില്ല. കവിത ചൊല്ലിക്കേൾക്കുമ്പോൾ ആസ്വാദനം പൂർത്തിയാകുന്നില്ല. അത് ആസ്വാദനത്തിന്റെ ആരംഭം മാത്രമാണ്. ചൊല്ലിക്കേൾക്കുമ്പോൾ ആസ്വാദനത്തിന്റെ പ്രാഥമികതലം തൃപ്തമാകുന്നു. അവിടെനിന്ന് ആസ്വാദകർ അവരുടേതായ നിലയിൽ പിന്നീടുള്ള തലങ്ങളിലേക്ക് കടക്കും. അതിന്റെ നിമിത്തമായിത്തീരുകയാണ് ചൊല്ലൽ. പിന്നെ, ചൊല്ലാനുള്ള കവിതയെന്നും ചൊല്ലാനല്ലാത്ത കവിതയെന്നും കവിത രണ്ടില്ല. നല്ല കവിതയും ചീത്ത കവിതയും മാത്രം. നന്നായി ചൊല്ലിയാൽ മോശപ്പെട്ട കവിതയുടെ ഗുണം കൂടും എന്നൊന്നും കരുതേണ്ട. കവിത നല്ലതാണെങ്കിൽ നിലനിൽക്കും. കവിതയുടെ ശബ്ദതലത്തിന്റെ പ്രാധാന്യത്തെ കണ്ടില്ലെന്നു നടിക്കുന്നതും അർഥമില്ലാത്തതാണ്. വാക്ക് ശബ്ദത്തിൽ നിന്നാണ് ഉല്പന്നമായിരിക്കുന്നത്. ചിത്രരൂപത്തിലുള്ള ജഡമായ അക്ഷരത്തിൽനിന്ന് അത് അർഥമുള്ളതായിത്തീരുന്നത് ശബ്ദമായി മാറുമ്പോഴാണ്. അതുകൊണ്ട് കവിതയുടെ ശബ്ദതലവും പ്രധാനംതന്നെ.”

ഇതേതോതിൽ തന്നെ ആധുനികതാപ്രസ്ഥാനത്തിന് കാക്കനാടൻ നൽകിയ ഊർജ്ജവും രവികുമാർ ചൂണ്ടിക്കാണിക്കുന്നു: “ആധുനികതാപ്രസ്ഥാനം, നിലവിലിരുന്ന സൗന്ദര്യ സങ്കല്പങ്ങളെ നിരാകരിച്ചു കൊണ്ട് ഒരാഘാതംപോലെ കടന്നുവന്നപ്പോൾ അതിന്റെ മുന്നണിയിൽ ഒരു കഥാകാരനുണ്ടായിരുന്നു - കാക്കനാടൻ. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിൽ രൂപപ്പെട്ട കണ്ണഞ്ചിപ്പിച്ച ആ ഭാവുകത്വ പരിവർത്തനത്തിന്റെ മുമ്പിൽ നിന്ന പടയാളിയായ കാക്കനാടൻ മലയാളത്തിന്റെ സൗന്ദര്യം കരുത്തിന്റെ സൗന്ദര്യമാണെന്നു തെളിയിച്ചു. ജീവിതത്തിന്റെ ഭൗതികസമസ്യകൾക്കപ്പുറത്തുള്ള ഏതൊക്കെയോ അജ്ഞാതസത്യങ്ങളുടെ പൊരുളാരായുകയായിരുന്നു ആ കഥാകാരൻ. ഗ്രാമീണജീവിതത്തിന്റെ പരുക്കൻ സത്യങ്ങളും നാഗരികതയുടെ സങ്കീർണ്ണാനുഭവങ്ങളുമെല്ലാം കാക്കനാടന്റെ കഥാലോകത്തിന് കരുത്തുനൽകി. കാക്കനാടന്റെ ഭാഷയ്ക്ക് പ്രകോപിപ്പിക്കുന്ന സൗന്ദര്യവും ദർശനത്തിന് അമ്പരിപ്പിക്കുന്ന അപരിചിതത്വവും ഉണ്ടായിരുന്നുവെങ്കിലും ഇന്ത്യൻ മിത്തോളജിയിൽ നിന്നു വിദഗ്ദ്ധമായി ആർജിച്ച ബിംബങ്ങളും ആദിരൂപങ്ങളും അവയ്ക്ക് നമ്മുടെ സംസ്‌കാരവുമായി നാഭീനാളബന്ധം നൽകി. പരിചിതമായതിലെ അപരിചിതാംശത്തെ വെളിവാക്കുന്ന രചനകളായിരുന്നു അവ. രതിയുടെ സൗന്ദര്യ ലഹരിക്ക് കാക്കനാടൻ പ്രകൃതിപുരുഷ ബന്ധത്തിന്റെ വിശുദ്ധിൽകി. മധ്യതിരുവിതാംകൂറിലെ ക്രൈസ്തവജീവിതത്തിന്റെ നാടൻ സ്വഭാവം മുതൽ ജർമ്മനിയിലെ നാഗരികത ജീവിതത്തിന്റെ വർണ്ണപ്പൊലിമവരെ കാക്കനാടൻ വാക്കുകൾ കൊണ്ട് ഒപ്പിയെടുത്തു. ജീവിതത്തിലെ ബാഹ്യമായ നാട്യങ്ങളത്രയും നിരാകരിച്ച പച്ച മനുഷ്യന്റെ വീറോടെ അനുഭവങ്ങളിൽ നിന്ന് അനുഭവങ്ങളിലേക്ക് ചുവടുവയ്ക്കുന്ന ക്ഷുബ്ധയൗവനത്തിന്റെ പാട്ടുകാരനായിരുന്നു ആ എഴുത്തുകാരൻ.”

ഈ വിധം, ആധുനികതയുടെ ലാവണ്യശാസ്ത്രത്തെ, അക്കാദമികശിക്ഷണ ബോധത്തോടെയും ആത്മരതിയുടെ അഭാവത്തോടെയും അവതരിപ്പിക്കുക മാത്രമല്ല രവികുമാർ ചെയ്യുന്നത്. ചരിത്രം, ചില മനുഷ്യരോടുകാണിച്ച നെറികേടുകളുടെനേർക്ക് ഏറ്റവും ആത്മബന്ധത്തോടെ പ്രതികരിക്കുന്നുമുണ്ട് അദ്ദേഹം. താൻ ചോരനീരാക്കി വളർത്തിയ പ്രസ്ഥാനവും അതുരൂപം കൊടുത്ത ഭരണകൂടവും മറന്ന പുതുപ്പള്ളി രാഘവനെക്കുറിച്ചുള്ള രവികുമാറിന്റെ ഈ നിരീക്ഷണം വായിക്കുക.

അധീശസ്ഥാപനങ്ങളോടും പ്രത്യയശാസ്ത്രങ്ങളോടും കലഹിച്ച ഒരുപറ്റം വ്യക്തികളുടെയും അവരെ കേന്ദ്രീകരിച്ചു രൂപം കൊണ്ട ജീവിതമൂല്യങ്ങളുടെയും സൗന്ദര്യമണ്ഡലമായി മലയാളത്തിൽ വികസിച്ചുവന്ന ആധുനികതയെക്കുറിച്ചെഴുതപ്പെട്ട ‘കടമ്മനിട്ടക്കാലം’ ഈ വിധമാണ് ഒരു കാലത്തിന്റെയും അതിന്റെ തീ പിടിച്ച ഭാവുകത്വത്തിന്റെയും ഓർമചരിത്രമായി മാറുന്നത്.

കടമ്മനിട്ടക്കാലം
കെ. എസ് രവികുമാർ
ഡി.സി ബുക്‌സ്
2015, 150 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP