Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ഇന്ത്യ: ബഹിരാകാശത്തിന്റെ കഥ

ഇന്ത്യ: ബഹിരാകാശത്തിന്റെ കഥ

ഷാജി ജേക്കബ്‌

രനൂറ്റാണ്ടുതികയുന്നു, ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന (ISRO) രൂപം കൊണ്ടിട്ട്. ഒരുപതിറ്റാണ്ടു നീണ്ട പ്രാരംഭപദ്ധതികൾക്കും ആസൂത്രണങ്ങൾക്കും ശാസ്ത്ര-സാങ്കേതികരംഗത്തെ ആഗോളപിന്തുണയ്ക്കും ശേഷം 1969-ലാണ് ഐഎസ്ആർഒ നിലവിൽ വരുന്നത്. തുടർന്നിങ്ങോട്ട് ഇന്ത്യൻ ശാസ്ത്ര-സാങ്കേതികരംഗത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്നായി അതു മാറി. ഐഎസ്ആർഒയുടെ ഭാഗമായുള്ള വിക്രം സാരാഭായ് സ്‌പേസ് സെന്ററാണ് കേരളത്തിലുള്ള ഏറ്റവും പ്രശസ്തമായ ഇന്ത്യൻ ശാസ്ത്രഗവേഷണസ്ഥാപനം.

പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ ദീർഘവീക്ഷണം, ചേരിചേരാനയത്തിൽ ഉറച്ചുനിന്നപ്പോഴും അമേരിക്കൻ, സോവിയറ്റ് ചേരികളുടെ സഹായവും സഹകരണവും ഉറപ്പാക്കിയ അദ്ദേഹത്തിന്റെ രാഷ്ട്രീയസാമർഥ്യം, ഹോമി ജെ. ഭാഭ, വിക്രം സാരാഭായ്, സതീഷ് ധവാൻ എന്നിങ്ങനെ സി. വി. രാമന് ശേഷം ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ഭൗതികശാസ്ത്രജ്ഞരുടെ നേതൃത്വം, ആഗോളനിലവാരമുള്ള ബഹിരാകാശ ഗവേഷണപദ്ധതികളോട് ഇവർക്കുണ്ടായിരുന്ന ആഭിമുഖ്യം എന്നിവയെല്ലാം ഒന്നുചേർന്നപ്പോഴാണ് അന്തർദേശീയ ഭൗമഭൗതികവർഷമായ 1957-58 കാലത്ത് ഇന്ത്യയുടെ ബഹിരാകാശസ്വപ്നങ്ങൾക്കു ചിറകുമുളയ്ക്കുന്നത്. സോവിയറ്റ് യൂണിയൻ സ്പുട്‌നിക് വിക്ഷേപിച്ചതായിരുന്നു ചരിത്രമുഹൂർത്തം. സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിനു പകരംവയ്ക്കാൻ അമേരിക്ക നാസയ്ക്കു രൂപം കൊടുത്തു. 1959-ൽ വിക്രം സാരാഭായി പങ്കെടുത്ത ശാസ്ത്രസമ്മേളനത്തിൽ നാസയുമായി സഹകരിക്കാൻ ഇന്ത്യ ശ്രമം തുടങ്ങി. 1961-ൽ ഈ സഹകരണം യാഥാർഥ്യമായി. 62-ൽ സാരാഭായ് ചെയർമാനായി ഇന്ത്യൻ ബഹിരാകാശ ഗവേഷണസമിതി രൂപീകൃതമായി. 1963-ൽ ഇന്ത്യ ആദ്യ റോക്കറ്റ് വിക്ഷേപണം നടത്തി.

ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിനു നേതൃത്വം കൊടുക്കുന്ന സ്ഥാപനങ്ങളുടെ ഘടന വി. പി. ബാലഗംഗാധരൻ ഇങ്ങനെ സംഗ്രഹിക്കുന്നു:

'ഇന്ത്യയിൽ ബഹിരാകാശ ഗവേഷണം ആരംഭിക്കുന്നത് ഇൻകോസ്പാർ എന്ന കമ്മിറ്റിയുടെ കീഴിലാണ്. 1969ൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ) രൂപീകരിച്ച് ബഹിരാകാശ ഗവേഷണം അതിന്റെ കീഴിലാക്കി. സാരാഭായി ഐഎസ്ആർഒ (ഇസ്രോ) എന്ന സംഘടനയുടെ ആദ്യത്തെ ചെയർമാനായി. 1972 ജൂണിലാണ് ബഹിരാകാശവകുപ്പും സ്‌പേസ് കമ്മീഷനും പിറക്കുന്നത്. ഡോ. സതീഷ് ധവാൻ വകുപ്പിന്റെ സെക്രട്ടറിയും കമ്മീഷന്റെ ചെയർമാനുമായി. ഇസ്രോയെ ബഹിരാകാശ വകുപ്പിന്റെ കീഴിലാക്കി. ഇസ്രോയുടെ ചെയർമാനും വകുപ്പു സെക്രട്ടറിയും സ്‌പേസ് കമ്മീഷന്റെ ചെയർമാനും ഒരാൾതന്നെയായി.

ബഹിരാകാശ വകുപ്പിന്റെ പ്രവർത്തനമേഖല മൂന്നായിട്ടാണ് ക്രമീകരിച്ചിരുന്നത്. ബഹിരാകാശ ശാസ്ത്രം, സാങ്കേതിക ശാസ്ത്രം, ഉപയോഗങ്ങൾ എന്നിവ. അവ പ്രാവർത്തികമാക്കാൻ അഞ്ച് കേന്ദ്രങ്ങളാണ് നിലവിലുണ്ടായിരുന്നത്.

ബഹിരാകാശവകുപ്പിൽ ഇസ്രോയെ കൂടാതെ അഞ്ച് ഗവേഷണസ്ഥാപനങ്ങളും ആൻട്രിക്‌സ് കോർപറേഷൻ എന്ന വ്യാപാരസ്ഥാപനവുമുണ്ട്. ബഹിരാകാശ ഗവേഷണത്തിന് വിത്തുപാകിയ അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറി, അന്തരീക്ഷ ഗവേഷണത്തിനുവേണ്ടിയുള്ള ഗെഡങ്കിയിലെ നാഷണൽ അറ്റ്‌മോസ്ഫിയറിക് റിസർച്ച് ലബോറട്ടറി, ഇന്ത്യയുടെ വടക്ക് തെക്കുകിഴക്കുഭാഗത്ത് ബഹിരാകാശ ഗവേഷണത്തിന്റെ ഗുണഫലങ്ങൾ എത്തിക്കാൻവേണ്ടി സ്ഥാപിച്ച നോർത്ത് ഈസ്റ്റേൺ സ്‌പേസ് ആപ്ലിക്കേഷൻ സെന്റർ (NESAC), പിൽക്കാലത്ത് ബഹിരാകാശവകുപ്പ് ഏറ്റെടുത്ത ചാണ്ഡിഗറിലെ സെമി കണ്ടക്ടർ ലബോറട്ടറി, തിരുവനന്തപുരത്തു സ്ഥാപിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി എന്ന ഐ.ഐ.എസ്.ടി. (IIST) എന്നിവയാണ് ഈ അഞ്ച് സ്വയംഭരണസ്ഥാപനങ്ങൾ.

ബഹിരാകാശ ഗവേഷണത്തിനാണ് ഇസ്രോ. ഇസ്രോയുടെ കുടക്കീഴിൽ ആറ് വലിയ കേന്ദ്രങ്ങളും ഏഴു ചെറുകേന്ദ്രങ്ങളുമുണ്ട്. അവ ഓരോന്നും ഓരോരോ മേഖലയിൽ പ്രാവീണ്യമുള്ളവയാണ്. വിക്ഷേപണ വാഹനഗവേഷണത്തിനാണ് തിരുവനന്തപുരത്തെ വിക്രംസാരാഭായി സ്‌പേസ് സെന്ററും വലിയമലയിലെ ലിക്വിഡ് പൊപ്പൽഷൻ സിസ്റ്റംസ് സെന്ററും. വിക്ഷേപണത്തിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്റർ. ഉപഗ്രഹ ഗവേഷണം ബാംഗ്ലൂരിലെ ഇസ്രോ സാറ്റലൈറ്റ് സെന്ററിന്റെ ചുമതലയാണ്. അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷൻ സെന്ററാണ് പേലോഡുകൾ നിർമ്മിക്കുന്നത്. ഉപഗ്രഹത്തിൽനിന്നും കിട്ടുന്ന വിവരം ശേഖരിക്കലാണ് ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിന്റെ ജോലി'.

ഈ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഇക്കഴിഞ്ഞ ആറുപതിറ്റാണ്ടുകാലം ഇന്ത്യ നടത്തിയ ബഹിരാകാശ ഗവേഷണത്തിന്റെ ചരിത്രമെഴുതാനുള്ള ആദ്യ മലയാളശ്രമമാണ് ഈ പുസ്തകം.

27 അധ്യായങ്ങൾ. ശാസ്ത്ര-സാങ്കേതിക രംഗങ്ങളുടെ ചരിത്രമെഴുതുമ്പോൾ ധാരാളമായി കടന്നുവരാവുന്ന സംജ്ഞകളുടെയും സങ്കല്പനങ്ങളുടെയും പരമാവധി ലളിതവൽക്കരിച്ചും മലയാളവൽക്കരിച്ചുമുള്ള ഉപയോഗം. സ്വതന്ത്രമായി വായിക്കാവുന്ന, ഘട്ടംഘട്ടമായുള്ള, ബഹിരാകാശചരിത്രങ്ങളാകുന്നു, ഓരോ അധ്യായവും.

അസാധാരണമാംവിധം ആകർഷകമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഒന്നാന്തരം ഒരു ആമുഖം. കാലബദ്ധവും ക്രമബദ്ധവുമായ ചരിത്രാവതരണം. സുഭദ്രമായ അപഗ്രഥനം. ശ്രദ്ധേയമായ സംഭവ/നേട്ടങ്ങൾ മുൻനിർത്തിയുള്ള അധ്യായവിഭജനം. സുതാര്യവും സുന്ദരവുമായ വിവരണം. വസ്തുനിഷ്ഠമാകുമ്പോഴും കഥാത്മകമായ ആഖ്യാനം. അസാമാന്യമാംവിധം വായനാക്ഷമതയുള്ള ഒരു ശാസ്ത്ര-ചരിത്രഗ്രന്ഥം. പക്ഷെ അക്കാദമിക ഗൗരവം പാലിക്കുന്ന രീതിശാസ്ത്രത്തിന്റെ ശ്രദ്ധേയമായ പ്രയോഗവും ഇതിലുണ്ട്. സമ്പന്നമായ പദസൂചിയും റഫറൻസും. മലയാളത്തിൽ ഇതാദ്യമായി എഴുതുന്ന ഇന്ത്യൻ ബഹിരാകാശ ഗവേഷണചരിത്രമാണെങ്കിലും സൂക്ഷ്മതയും സമഗ്രതയും ഉറപ്പാക്കുന്നുണ്ട്, ഗ്രന്ഥകാരൻ. നാലുപതിറ്റാണ്ടിലധികം കാലം ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം. പി.പി. മനോരഞ്ജൻ റാവു എഴുതിയ ഇന്ത്യൻ ബഹിരാകാശചരിത്രങ്ങളുടെ നിർമ്മിതിയിൽ പങ്കാളിയുമായിരുന്നു ബാലഗംഗാധരൻ. ഈ രണ്ടു ഘടകങ്ങളും ഈ ചരിത്രഗ്രന്ഥത്തിന്റെ ആധികാരികതയുടെ അടിത്തറയാകുന്നു.

 

തുമ്പയിൽനിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണത്തിന്റെ കഥയാണ് ഒന്നാമധ്യായം. നേരത്തെ സൂചിപ്പിച്ചതുപോലെ, ശീതയുദ്ധത്തിന്റെ മൂർധന്യഘട്ടത്തിൽ സ്പുട്‌നിക് വിക്ഷേപണംകൊണ്ട് സോവിയറ്റ് യൂണിയൻ നേടിയ മേൽക്കോയ്മ ലോകചരിത്രം വഴിതിരിച്ചുവിട്ട സന്ദർഭത്തിൽ ഇന്ത്യയ്ക്കുണ്ടായ ഭൂതോദയത്തിന്റെ ഫലമായിരുന്നു 1963-ലെ ആദ്യ റോക്കറ്റ് വിക്ഷേപണം. നാസയുടെ സഹകരണത്തോടെ വിക്രം സാരാഭായിയുടെ നേതൃത്വത്തിൽ തുടക്കമിട്ട ഇന്ത്യയുടെ ബഹിരാകാശ ഗവേഷണചരിത്രം അവിടെ ആരംഭിക്കുന്നു. കാന്തികഭൂമധ്യരേഖക്ക് ഏറ്റവുമടുത്തുള്ള സ്ഥലം എന്ന നിലയിൽ തുമ്പ കണ്ടെത്താൻ ഇ. വി. ചിട്‌നിസ് മുൻകയ്യെടുത്തു; പിന്നീട് ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണകേന്ദ്രമായി ശ്രീഹരിക്കോട്ട മാറിയെങ്കിലും ആദ്യവിക്ഷേപണം നടന്നത് തുമ്പയിലാണ്. ഐഎസ്ആർഒയുടെ ഏറ്റവും വലിയ ഗവേഷണകേന്ദ്രം ഇന്നും തുമ്പയിലെ ഢടടഇയാണ്. 1972-ലാണ് വിപുലീകരിച്ച ഢടടഇനിലവിൽ വരുന്നത്. 1968-ൽതന്നെ തുമ്പയിലെ ഗവേഷണകേന്ദ്രം ഐക്യരാഷ്ട്രസഭയ്ക്കു സമർപ്പിച്ചിരുന്നു. അമേരിക്കയും സോവിയറ്റ് യൂണിയനും ഫ്രാൻസും ജർമനിയും ഇംഗ്ലണ്ടുമൊക്കെ സഹായിച്ച ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ ആ ഘട്ടങ്ങളുടെ കഥ പറയുന്നു, രണ്ടാമധ്യായം. ഒപ്പം, വിശ്വവിഖ്യാതമായ ഒരു ചിത്രത്തിന്റെ കഥയും. വിക്ഷേപണത്തിനുള്ള റോക്കറ്റ് പെലോസ് സൈക്കിളിൽ കൊണ്ടുപോകുന്ന ദൃശ്യം ഹെന്റികാർട്ടിയർ ബ്രെസൺ പകർത്തിയത്.

ബഹിരാകാശഗവേഷണത്തിനുപയോഗിച്ചിരുന്ന സൗണ്ടിങ് റോക്കറ്റുകളെക്കുറിച്ചാണ് മൂന്നാമധ്യായം. എത്രമേൽ നാടകീയവും കഥാത്മകവും രസകരവും കൗതുകകരവുമാണ് ബാലഗംഗാധരന്റെ ചരിത്രാഖ്യാനം എന്നറിയാൻ ജർമൻ എഞ്ചിനീയർമാർ നാസിഭരണത്തിനു കീഴിൽ വി-2 റോക്കറ്റുകൾ കണ്ടെത്തിയ ഈ ഭാഗം വായിക്കൂ:

'ഫോൺ ബ്രോണിനെയും കൂട്ടരെയും വധിക്കാനായിരുന്നുവത്രെ ജർമൻ രഹസ്യപ്പൊലീസിന് നിർദ്ദേശം. അവർ നാസി ജർമനിയുടെ വിലപിടിപ്പുള്ള സ്വത്താണ്; റോക്കറ്റ് എൻജിനീയർമാരാണ്. ജർമനി യുദ്ധത്തിൽ തോറ്റാൽ അവരെ സംഖ്യകക്ഷികൾ യുദ്ധത്തടവുകാരാക്കും. സോവിയറ്റു തടവുകാരനാവാൻ ഫോൺ ബ്രോണിന് താത്പര്യമില്ലായിരുന്നു. റഷ്യക്കാർ യുദ്ധത്തടവുകാരോടുള്ള ക്രൂരതകൾക്ക് കുപ്രസിദ്ധരായിരുന്നു. തമ്മിൽഭേദം അമേരിക്കക്കാർക്കു കീഴടങ്ങലാണ്. റോക്കറ്റു നിർമ്മാണകേന്ദ്രമായ പീനിമുണ്ടെയിൽനിന്നു നേരത്തേതന്നെ അവർ കൂട്ടത്തോടെ മാറിയിരുന്നു. റോക്കറ്റിന്റെ നിർമ്മാണരേഖകൾ മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു. 1945 മെയ് അഞ്ചിനു സോവിയറ്റ് ചെമ്പട പീനിമുണ്ടെ കീഴടക്കിയപ്പോൾ അവിടെ ഒന്നും ബാക്കിയുണ്ടായിരുന്നില്ല.

ഫോൺ ബ്രോണും കൂട്ടരും അപ്പോഴേക്കും ആസ്ട്രിയയിൽ എത്തിയിരുന്നു. ഫോൺ ബ്രോണിന്റെ അനുജൻ മാഗ്നസ് ഒരു സൈക്കിളിൽ ചെന്ന് അമേരിക്കൻ സൈനികരോടു പറഞ്ഞു. വി-2 റോക്കറ്റിന്റെ ഉപജ്ഞാതാവായ എന്റെ ചേട്ടനും കൂട്ടരും അമേരിക്കയ്ക്ക് കീഴടങ്ങാൻ ആഗ്രഹിക്കുന്നു. അവർ കീഴടങ്ങി; അമേരിക്കക്കാരായി. തങ്ങൾക്ക് ലഭിച്ച നിധിയെക്കുറിച്ച് അമേരിക്കക്കാർക്ക് നല്ല ബോദ്ധ്യമുണ്ടായിരുന്നു.

നാസി ജർമനിയുടെ ആവനാഴിയിലെ അവസാനത്തെ ആയുധമായിരുന്നു, വി-2 റോക്കറ്റുകൾ. യുദ്ധകാലത്തും അതിനു മുമ്പും നടത്തിയ തീവ്ര ഗവേഷണ-പരീക്ഷണത്തിലൂടെ ഉടലെടുത്തവ. 1944 സെപ്റ്റംബർ മുതൽ 3000 റോക്കറ്റുകൾ അവർ യുദ്ധത്തിനുപയോഗിച്ചു. 900 കിലോഗ്രാം സ്‌ഫോടകവസ്തുക്കളുമായി പറന്നുയർന്ന് ആറു കിലോമീറ്റർ മുകളിലെത്തി, ഗതിമാറ്റി നിർദ്ദിഷ്ടസ്ഥാനത്ത് നാശം വിതക്കുന്ന യുദ്ധയന്ത്രങ്ങൾ! ഏറ്റവും കൂടുതൽ റോക്കറ്റാക്രമണം ലണ്ടൻനഗരത്തിനു നേരേയായിരുന്നു. 9000 സിവിലിയന്മാരാണ് റോക്കറ്റാക്രമണത്തിൽ അവിടെ കൊല്ലപ്പെട്ടത്. നാസികളുടെ കോൺസൻട്രേഷൻ കാമ്പിൽ റോക്കറ്റുനിർമ്മാണത്തിലേർപ്പെട്ട 12000 പേർ വേറെയും മരിച്ചു.

ഒറ്റ സ്റ്റേജുള്ള ദ്രവ ഇന്ധന റോക്കറ്റാണ് വി-2. 13 ടൺ ഡ്രൈമാസ് (ഇന്ധനമില്ലാത്ത പിണ്ഡം). 9 ടൺ നോദകം. 14 മീറ്റർ നീളം. 1.65 മീറ്റർ വ്യാസം. ഭൂമിയിൽ ഇടിച്ചുവീണാൽ പൊട്ടിത്തെറിക്കുന്ന 1000 കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണ് പേലോഡ്. നേർപ്പിച്ച ചാരായവും (ഇഥൈൽ ആൽകഹോൾ) ദ്രവ ഓക്‌സിജനും ചേർന്ന നോദകം. 320 കിലോമീറ്റർ ദൂരം പറക്കും. സഞ്ചരിക്കുന്ന വിക്ഷേപണിയിൽനിന്നും വിക്ഷേപിക്കാവുന്ന റോക്കറ്റായതുകൊണ്ടുതന്നെ എവിടെയും കൊണ്ടുപോകാം. യുദ്ധത്തിൽ ജർമനി തോറ്റതുകൊണ്ട് വി-2 റോക്കറ്റ് പിൽക്കാലത്ത് വിനാശകാരിയായില്ല.

വി-2 റോക്കറ്റുകൾ നിർമ്മിച്ചിരുന്ന സ്ഥലം കുറെ ദിവസം അമേരിക്കൻ നിയന്ത്രണത്തിലായിരുന്നു. പത്തു ദിവസംകൊണ്ട് അവർ 100 വി-2 റോക്കറ്റുകൾ ആൻട്‌വേർപ്പ് തുറമുഖം വഴി അമേരിക്കയിലേക്കു കടത്തി. 13 ടൺ സാങ്കേതികരേഖകളും റോക്കറ്റുഭാഗങ്ങളുമടങ്ങുന്ന 300 വാഗൺ കൊള്ളമുതലുകളാണ് അവിടെനിന്ന് കടത്തിയത്. 350ൽ അധികം റോക്കറ്റ് സാങ്കേതികവിദഗ്ദ്ധരെയും അമേരിക്ക കൊണ്ടുപോയി. ശേഷിച്ചതിന്റെ സിംഹഭാഗവും നിരവധി സാങ്കേതികവിദഗ്ദ്ധരെയും സോവിയറ്റ് യൂണിയനും കൊണ്ടുപോയി. ബാക്കിവന്നതെല്ലാം ഫ്രാൻസും ഇംഗ്ലണ്ടും പങ്കിട്ടെടുത്തു.

ന്യൂ മെക്‌സിക്കോവിലെ വൈറ്റ് സാൻഡ്‌സിൽ വി-2 റോക്കറ്റുകൾ പുനർജനിച്ചു. 1946 ജൂലൈയിൽ അമേരിക്കൻ നിർമ്മിത വി-2 റോക്കറ്റുകൾ പറന്നുതുടങ്ങി. യുദ്ധത്തിനല്ല, ബഹിരാകാശപഠനങ്ങൾക്ക്. ഫോൺ ബ്രോൺ അമേരിക്കയുടെ ഏറ്റവും പ്രശസ്തനായ റോക്കറ്റ് ശാസ്ത്രജ്ഞനായി. മനുഷ്യനെ ചന്ദ്രനിലെത്തിച്ച സാറ്റേൺ റോക്കറ്റിന്റെ ഉപജ്ഞാതാവായി'.

നാലാമധ്യായത്തിൽ, 1970-90 കാലത്ത് കാൽനൂറ്റാണ്ടോളം തുമ്പയിൽനടന്ന പ്രതിവാര സൗണ്ടിങ് റോക്കറ്റ് വിക്ഷേപണങ്ങളുടെ ചരിത്രമാണുള്ളത്. സ്ഥല, കാല, സന്ദർഭങ്ങളുടെ സൂക്ഷ്മവിവരങ്ങൾ. ശാസ്ത്രസാങ്കേതികസഹകരണങ്ങളുടെ രാഷ്ട്രീയവിവരണങ്ങൾ. റോക്കറ്റ് സാങ്കേതികതയുടെ സുവ്യക്തവിശദീകരണങ്ങൾ. ജയപരാജയങ്ങളുടെ കഥകൾ. ദൈനംദിന വൃത്താന്തം പോലെ താൻ സാക്ഷ്യം വഹിച്ച ഒരു ശാസ്ത്രാന്വേഷണത്തിന്റെ കഥപറയുന്നു, ഗ്രന്ഥകാരൻ.

വിക്രം സാരാഭായിയുടെ നേതൃത്വത്തിൽ രണ്ടു ദശകക്കാലം നടന്ന ബഹിരാകാശഗവേഷണത്തിന്റെ ചരിത്രമാണ് തുടർന്ന്. സാരാഭായിയുടെ ശാസ്ത്രഗവേഷണസപര്യയെക്കുറിച്ചും 1967-ൽ അഹമ്മദാബാദിൽ അദ്ദേഹം സ്ഥാപിച്ച എസ്‌കസ് എന്ന പരീക്ഷണകേന്ദ്രത്തെക്കുറിച്ചുമാണ് മുഖ്യചർച്ച. ഒപ്പം, സാരാഭായ് സി.വി. രാമന്റെ കീഴിൽ നടത്തിയ ഗവേഷണങ്ങൾ തുടരാൻ സ്വന്തം നിലയിൽ സ്ഥാപിച്ച ഫിസിക്കൽ റിസർച്ച് ലാബറട്ടറിയുടെ കഥയും.

'ഫിസിക്കൽ റിസർച്ച് ലബോറട്ടറി (പി.ആർ.എൽ.)

ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ ആശയംതന്നെ ഉടലെടുക്കുന്നത് ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിൽനിന്നാണ്. സ്വന്തം ഗവേഷണത്തിനുവേണ്ടി സ്വന്തം വീട്ടിൽ 1947ൽ സാരാഭായി സ്ഥാപിച്ചതാണ് ഫിസിക്കൽ റിസർച്ച് ലബോറട്ടറിയുടെ ആദ്യരൂപം. നിരവധി ഭാവപ്പകർച്ചകൾക്കുശേഷം ഇന്ന് ബഹിരാകാശ-അനുബന്ധശാസ്ത്രത്തിന്റെ മികവുറ്റ ദേശീയകേന്ദ്രമായി പി.ആർ.എൽ. തുടരുന്നു.

അഹമ്മദാബാദിൽ ഒരു ധനിക വർത്തക കുടുംബത്തിലാണ് സാരാഭായി ജനിച്ചത് എന്നു സൂചിപ്പിച്ചുവല്ലോ? പ്രാഥമിക വിദ്യാഭ്യാസം റിട്രീറ്റ് എന്ന വിശാലമായ സ്വന്തം വീട്ടിൽതന്നെയായിരുന്നു. കുട്ടികൾക്കുവേണ്ടി മൊണ്ടിസോറി മാതൃകയിൽ വീട്ടിൽതന്നെ സ്‌കൂൾ തുടങ്ങുകയായിരുന്നു സാരാഭായി കുടുംബം. അതുകൊണ്ട് സാരാഭായി സ്‌കൂളിൽ പോയിട്ടില്ല. ഗുജറാത്ത് കോളജിൽ പ്രാരംഭപഠനത്തിനുശേഷം ഉന്നത പഠനത്തിന് ലണ്ടനിൽ പോയി. ബിരുദാനന്തരബിരുദ പഠനസമയത്ത് 1940ൽ രണ്ടാം ലോകമഹായുദ്ധം കാരണം നാട്ടിലേക്കു തിരിച്ചുവന്നു. ബാംഗ്ലൂരിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ സർ. സി.വി. രാമന്റെ കീഴിൽ കോസ്മിക് കിരണങ്ങളിൽ ഗവേഷണം തുടർന്നു. അക്കാലത്താണ് ഹോമി ഭാഭയുമായി അടുക്കാൻ അവസരമുണ്ടായത്. യുദ്ധാനന്തരം തിരിച്ച് ഇംഗ്ലണ്ടിൽ ചെന്ന് ഗവേഷണബിരുദം (പി.എച്ച്.ഡി.) നേടി. സ്വന്തമായി ഒരു ലബോറട്ടറി തുടങ്ങാനുള്ള മനസ്സിലുണ്ടായിരുന്ന ആശയം പ്രശസ്ത ഭൗതികശാസ്ത്രജ്ഞനായ രാമനാഥനുമായി പങ്കിട്ടു. അതിനുവേണ്ടി വീട്ടുകാർ കർമ്മക്ഷേത്ര എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ രൂപീകരിച്ചു. അങ്ങനെ കോസ്മിക് കിരണങ്ങളുടെ പഠനത്തിന് റിട്രീറ്റിലെ ഒരു ചെറിയ കെട്ടിടത്തിൽ സ്വയം ഉണ്ടാക്കിയ ഗവേഷണ സംവിധാനങ്ങളാണ് ഫിസിക്കൽ റിസർച്ച് ലബോറട്ടറിയായി രൂപാന്തരപ്പെട്ടത്.

കർമ്മക്ഷേത്ര വിദ്യാഭ്യാസ ഫൗണ്ടേഷനും അഹമ്മദാബാദ് എഡ്യൂക്കേഷൻ സൊസൈറ്റിയും ചേർന്ന് അഹമ്മദാബാദിൽ ഫിസിക്കൽ റിസർച്ച് ലബോറട്ടറിക്ക് രൂപം കൊടുത്തു. കെ.ആർ. രാമനാഥൻ 1948ൽ അതിന്റെ ഡയറക്ടറായി. ഭട്‌നഗറിന്റെ നേതൃത്വത്തിലുള്ള സി.എസ്‌ഐ. ആറിൽനിന്നും പിൽക്കാലത്ത് ഭാഭയുടെ കീഴിലുള്ള അണുശക്തിവിഭാഗത്തിൽനിന്നും ഗവേഷണ സഹായം ലഭിച്ചു. അഹമ്മദാബാദ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ എം.ജി. സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ആർ.എല്ലിന് പ്രവർത്തിക്കാൻ സ്ഥലം ലഭിച്ചു. ചെറിയ പരീക്ഷണശാലകളും വർക്‌ഷോപ്പും കുറച്ച് സഹായികളുമായി ഗവേഷണം ആരംഭിച്ചു. അന്തരീക്ഷത്തിലെ താപവും മർദ്ദവും ജലവും മറ്റുമായിരുന്നു ആദ്യ ഗവേഷണവിഷയങ്ങൾ. കാലത്തിനനുസരിച്ചുള്ള കോസ്മിക് കിരണങ്ങളുടെ വ്യാപനത്തിലുള്ള മാറ്റം ഗവേഷണവിഷയമായി. പിന്നെയങ്ങോട്ട് മറ്റു കിരണങ്ങളും അവ ഭൂമിയുടെ അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും അതിലും ഗഹനമായ വിഷയങ്ങളും അവിടത്തെ ഗവേഷണവിഷയമായി. 1950ൽ പുതിയ ഭരണസമിതി ഉണ്ടായി. 1952ൽ സി.വി. രാമൻ പുതിയ കെട്ടിടത്തിനു തറക്കല്ലിട്ടു. 1954 ഏപ്രിൽ പത്തിന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു കെട്ടിടം ഉദ്ഘാടനം ചെയ്തു.

ഐ.ജി.വൈ. പരിപാടികളിൽ തുടക്കം തൊട്ടുതന്നെ പി.ആർ.എല്ലും സഹകരിച്ചിരുന്നു എന്നു നേരത്തേ സൂചിപ്പിച്ചിരുന്നുവല്ലോ. ബഹിരാകാശ ഗവേഷണ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി അണുശക്തിവിഭാഗവുമായി കൂടുതൽ സഹകരണം അഭ്യർത്ഥിച്ചു (സ്വകാര്യസ്ഥാപനമെന്ന അവസ്ഥ മാറ്റി സർക്കാർ സ്ഥാപനമാക്കാനുള്ള നീക്കമായിരുന്നു ഇതെന്ന് ഒരു വ്യാഖ്യാനമുണ്ട്). പി. ആർ.എല്ലിന്റെ പ്രവർത്തനം വിലയിരുത്താൻ ഭാഭ നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശ അനുകൂലമായിരുന്നു. ഭാഭയുടെ ശുപാർശപ്രകാരം സർക്കാരിൽനിന്നും (അണുശക്തിവിഭാഗം) ഗ്രാന്റ് ലഭിച്ചു. പുതിയ സംവിധാനത്തിൽ സർക്കാർ പ്രതിനിധികൾ അടങ്ങുന്ന പുതിയ ഭരണസമിതിയും ഉണ്ടാക്കി. 1963 ഫെബ്രുവരി അഞ്ചിന് പുതിയ ട്രസ്റ്റുണ്ടാക്കാനുള്ള കരാർ ഒപ്പിട്ടു. സാരാഭായിക്കുശേഷം ബഹിരാകാശ ഗവേഷണം നയിച്ച ഡോ. സതീഷ് ധവാനും പ്രൊ. എ.ജി.കെ. മേനോനും പുതിയ കൗൺസിലിലെ സർക്കാർ പ്രതിനിധികളായിരുന്നു (മൂന്നാമത്തെ ആൾ ശ്രീ എം. എ. വെളേളാടി). അണുശക്തിവിഭാഗത്തിന്റെ കീഴിൽ 1962ൽ രൂപീകരിച്ച ഇൻകോസ്പാർ പ്രവർത്തിച്ചതും പി.ആർ.എല്ലിലാണ്. ആദ്യകാല റോക്കറ്റു വിക്ഷേപണത്തിനു വേണ്ടുന്ന പരീക്ഷണ ഉപാധികളെല്ലാം സമാഹരിച്ചതപം പി.ആർ.എല്ലിൽനിന്നുമായിരുന്നു. ആദ്യ ഭാരതീയ പേലോഡും പിന്നീട് നിരവധി ഉപകരണങ്ങളും പി.ആർ.എൽ. വികസിപ്പിച്ചതാണ്. റോക്കറ്റുപയോഗിച്ചുള്ള ബഹിരാകാശ ശാസ്ത്രം മുഴുവനും ആദ്യകാലത്ത് പി.ആർ.എൽ. ആണ് കൈകാര്യം ചെയ്തത്. അവിടത്തെ ശാസ്ത്രജ്ഞന്മാരുടേതായിരുന്നു ഗവേഷണപരിപാടികൾ. ആദ്യ റോക്കറ്റിന്റെ പേലോഡ് ശാസ്ത്രജ്ഞൻ പ്രൊ. പി.ഡി. ഭൗസറും ശ്രീ പി.പി. കാലെയും മറ്റും പി.ആർ.എൽ.കാരാണ്. പിന്നീട് ഇസ്രോ ചെയർമാന്മാരായ പ്രൊ. യു.ആർ. റാവുവും ഡോ. കസ്തൂരിരംങ്കനും പി.ആർ.എല്ലിൽ ഗവേഷണം നടത്തിയവരാണ്. ഇൻകോസ്പാർ പുനസ്സംഘടിപ്പിച്ചുകൊണ്ട് 1969 ആഗസ്റ്റിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന () ഉണ്ടാക്കിയപ്പോൾ അതിന്റെ ആസ്ഥാനവും പി.ആർ.എൽ. തന്നെയായിരുന്നു. സാരാഭായിയുടെ മരണത്തിനുശേഷം നേതൃത്വം മാറിയശേഷമാണ് ഇസ്രോയുടെ ആസ്ഥാനം പി.ആർ.എല്ലിൽനിന്നും മാറ്റിയത്. ഇന്നും ബഹിരാകാശ ശാസ്ത്രഗവേഷണത്തിൽ മുൻനിരസ്ഥാനം ബഹിരാകാശ ഗവേഷണത്തിന്റെ ഈറ്റില്ലമായ പി.ആർ.എല്ലിനുണ്ട്. ബഹിരാകാശവകുപ്പിനു കീഴിലുള്ള ഏറ്റവും മികച്ച ബഹിരാകാശ ശാസ്ത്ര ഗവേഷണസ്ഥാപനവും പി.ആർ.എൽ. തന്നെയാണ് '.

1968-ൽ ശ്രീഹരിക്കോട്ടയിൽ സതീഷ്ധവാന്റെ നേതൃത്വത്തിൽ റോക്കറ്റ് വിക്ഷേപണകേന്ദ്രം രൂപം കൊണ്ട കഥയാണ് അഞ്ചാമധ്യായം. 1971-ൽ അവിടെ നിന്നുള്ള ആദ്യ വിക്ഷേപണം നടന്നു. രോഹിണിറോക്കറ്റ്. തുടർന്ന് യഥാക്രമം എസ്.എൽ.വി; എ.എസ്.എൽ.വി; വി എസ്.എൽ.വി; ജിഎസ്എൽവി റോക്കറ്റുകൾ. ഓരോന്നിന്റെയും വിശദാംശങ്ങളും പരിമിതികളും സൗകര്യങ്ങളും അവ സൃഷ്ടിച്ച നേട്ടങ്ങളും വ്യക്തമാക്കുന്നു, ബാലഗംഗാധരൻ.

1971 ഡിസംബർ 30 ന് പുലർച്ചെ വിക്രം സാരാഭായ് അന്തരിച്ചു. കോവളത്തെ ഹാൽസിയൺ കൊട്ടാരത്തിൽവച്ച്, ഉറക്കത്തിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഗവേഷണജീവിതത്തിന്റെ അസാധാരണമായ കഥയാണ് ആറാമധ്യായം. ഗ്രന്ഥകാരൻ ഇങ്ങനെ ഉപസംഹരിക്കുന്നു, ഈയധ്യായം:

'പത്തൊമ്പതാം നൂറ്റാണ്ടിന്റെ സാങ്കേതികവിദ്യയും മാനേജ്‌മെന്റ് രീതികളും ഉപയോഗിച്ച് ഇരുപതാം നൂറ്റാണ്ടിനെ വരവേൽക്കാൻ സാധിക്കില്ലെന്നു സാരാഭായി വിശ്വസിച്ചു. പത്തിരുപതു വർഷം കഴിയുമ്പോൾ ഇന്ത്യയുടെ ജനസാധ്യത 100 കോടി കവിയുമെന്നും ശാസ്ത്രസങ്കേതികവിദ്യകൾ അതിനനുസൃതമായിരിക്കണമെന്നുമാണ് സാരാഭായി എഴുപതുകളിൽ ചിന്തിച്ചത്. ചിന്തിക്കുക മാത്രമല്ല, പ്രവർത്തിക്കുകയും ചെയ്തു. അതും അതിലപ്പുറവും സഫലമായത് കാണാൻ അദ്ദേഹം ജീവിച്ചിരുന്നില്ലെങ്കിലും'.

തുടർന്ന് സതീഷ്ധവാന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്‌പേസ് കമ്മീഷനും ഐഎസ്ആർഒയും മുന്നോട്ടുപോയി. അണുശക്തികമ്മീഷൻ, ടി.ഐ.എഫ്.ആർ, സി.ആർ.എൽ, ഇലക്‌ട്രോണിക്‌സ് കമ്മീഷൻ തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളുടെ തലപ്പത്ത് എം.ജി.കെ. മേനോൻ, യു.ആർ. റാവു, എച്ച്.എൻ. സേത്‌ന തുടങ്ങിയ മുതിൽന്ന ശാസ്ത്രജ്ഞരുണ്ടായിരുന്നു. 1972-ൽ ഢടടഇരൂപം കൊണ്ടപ്പോൾ ബ്രഹ്മപ്രകാശ് ആദ്യഡയറക്ടറായി. ഇക്കാലത്താണ് സതീഷ്ധവാൻ മുൻകയ്യെടുത്ത് എ.പി.ജെ. അബ്ദുൾകലാമിനെ എസ്.എൽ.വിയുടെ പ്രോജക്ട് ഡയറക്ടറാക്കിയത്.

1970-80 ദശകത്തിൽ നടന്ന ഇന്ത്യൻ റോക്കറ്റ്പരീക്ഷണ-വിക്ഷേപണ ശ്രമങ്ങളുടെ കഥയാണ് അടുത്ത അധ്യായം. 80കളുടെ അവസാനം ഈ രംഗത്തുണ്ടായ ചില വൻ പരാജയങ്ങളുടെയും തിരിച്ചടികളുടെയും കഥ ഒൻപതാം അധ്യായം പറയുന്നു.

90കളിൽ പക്ഷെ പരാജയങ്ങൾ വിജയങ്ങൾക്കു വഴിമാറിത്തുടങ്ങി. അതിന്റെ കഥയാണ് പത്താമധ്യായം മുതൽ. പി.എസ്.എൽ.വിയുടെ ചരിത്രം ആദ്യം. എന്തായിരുന്നു ഈ റോക്കറ്റിന്റെ സാധ്യതകൾ? ബാലഗംഗാധരൻ എഴുതുന്നു:

'ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങൾ വിന്യസിച്ചതിന്റെ പകിട്ടിലാണ് ഇപ്പോൾ പി.എസ്.എൽ.വി. ഒറ്റ വിക്ഷേപണത്തിൽ രണ്ടു വിക്ഷേപണങ്ങൾക്കു സമാനമായ ഉപഗ്രഹവിന്യാസം നടന്നിട്ട് അധികകാലമായിട്ടില്ല. റോക്കറ്റു വിക്ഷേപണത്തിനിടയിൽ ഇടവേള ലഭിച്ച പി.എസ്.എൽ.വി.യുടെ 37-ാമത്തെ അപൂർവ വിക്ഷേപണം ടെലിവിഷനിൽ കണ്ടുകൊണ്ടിരുന്നവർക്ക് അത്തരം ഇടവേള പുതിയൊരനുഭവമായി. 2016 സപ്തംബർ 26ന് രാവിലെ 9.12നാണ് പി.എസ്.എൽ.വി. സി-35 എട്ട് ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ട് പറന്നുയർന്നത്. ശ്രീഹരിക്കോട്ടയിൽനിന്നുള്ള 2016ലെ എട്ടാമത്തെ വിക്ഷേപണത്തിൽ എട്ട് ഉപഗ്രഹങ്ങൾ ഉണ്ടെന്ന് ആരോ തമാശ പറഞ്ഞു. ഭൂമിയിൽനിന്നുയർന്ന് 17 മിനുട്ട് കഴിഞ്ഞപ്പോൾ 371 കിലോഗ്രാം ഭാരമുള്ള സ്‌കാറ്റ്‌സാറ്റ് - 1 എന്ന ഉപഗ്രഹത്തെ 730 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക് വിന്യസിച്ചു. സാധാരണഗതിയിൽ വിക്ഷേപണവാഹനത്തിന്റെ ദൗത്യം ഇതോടെ അവസാനിക്കുന്നതാണ്. ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കലാണല്ലോ ഏത് വിക്ഷേപണ വാഹനത്തിന്റെയും ദൗത്യം.

ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയാൽ ഇസ്രോ ചെയർമാനും മറ്റു പ്രമുഖരും ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടു. ഇത്തവണ അതിനു പകരം എഴുതിക്കാണിച്ചു. ബാക്കി ഏഴ് ഉപഗ്രഹങ്ങളുടെ ഭ്രമണപഥപ്രവേശം 11.25നും 11.28നും ഇടയിൽ നടക്കും. അതുവരെ ഇടവേള. പുനഃപ്രക്ഷേപണം 11.15ന് ആരംഭിക്കും.

സാധാരണഗതിയിൽ പി.എസ്.എൽ.വി. വിക്ഷേപണദൗത്യം 20 മിനുട്ടിൽ അവസാനിക്കും. ഇതിന് അപവാദമായത് 44 മിനുട്ടെടുത്ത മംഗൾയാൻ ദൗത്യമാണ്. മംഗൾയാൻ പേടകത്തെ തള്ളിവിടേണ്ടിയിരുന്നത് ഭൂമിയുടെ മറുഭാഗത്തായിരുന്നു. അതുകൊണ്ടാണ് അത്രയും സമയമെടുത്തത്. സി-35ലെ ആദ്യദൗത്യം 17 മിനുട്ടിൽതന്നെ നടന്നു. ബാക്കിയുള്ള ഏഴ് ചെറിയ ഉപഗ്രഹങ്ങളെ മറ്റൊരു ഭ്രമണപഥത്തിലാണ് എത്തിക്കേണ്ടിയിരുന്നത്. മറ്റേ ഭ്രമണപഥത്തിൽ കൃത്യമായി എത്താൻ രണ്ടു മണിക്കൂറും 11 മിനുട്ടും സമയമെടുക്കും. അതുകൊണ്ടാണ് രണ്ട് വിക്ഷേപണങ്ങൾ ഒന്നിലാക്കിയതുപോലെ എന്നു പറയുന്നത്!

ഭ്രമണപഥത്തിലെത്തുന്ന സമയത്ത് ഉപഗ്രഹത്തിന് ആവശ്യമായ വേഗത നൽകുന്നത് വിക്ഷേപണവാഹനത്തിന്റെ അവസാനഘട്ട റോക്കറ്റാണ്. പി.എസ്.എൽ.വി.യുടെ നാലാമത്തെ (അവസാനത്തെ) സ്റ്റേജ് ഒരു ദ്രവ ഇന്ധന റോക്കറ്റാണ്. ദ്രവ ഇന്ധന റോക്കറ്റുകൾ ആവശ്യത്തിനനുസരിച്ച് പ്രവർത്തിപ്പിക്കുകയും പ്രവർത്തനം നിർത്തുകയും ചെയ്യാം. സാധാരണ വിക്ഷേപണങ്ങളിൽ അതിന്റെ ആവശ്യം വരാറില്ലെങ്കിലും സി-35 ദൗത്യത്തിൽ ആദ്യത്തെ ഉപഗ്രഹം (സ്‌കാറ്റ്‌സാറ്റ് - 1) ഭ്രമണപഥത്തിൽ വിന്യസിക്കുന്നതിനു തൊട്ടുമുമ്പ് പി.എസ്. - 4 എന്ന നാലാംഘട്ട റോക്കറ്റ് ഓഫ് ആക്കിയിരുന്നു. തുടർന്നുള്ള യാത്രയിൽ ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ 20 സെക്കന്റ് നേരത്തേക്ക് വീണ്ടും അതിനെ പ്രവർത്തിപ്പിച്ചു. രണ്ടുമണിക്കൂറും 11 മിനുട്ടും കഴിഞ്ഞപ്പോൾ പി.എസ്.-4 ഒരു മിനുട്ടു നേരം വീണ്ടും പ്രവർത്തിപ്പിച്ചു. ഇത്രയും ചെയ്തശേഷമാണ് ഏഴ് ഉപഗ്രഹങ്ങളെ അവയുടെ നിർദ്ദിഷ്ട ഭ്രമണപഥത്തിലെത്തിക്കാൻ സാധിച്ചത്. 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചപ്പോഴും പി.എസ്.-4ന്റെ ഈ സാദ്ധ്യത ഉപയോഗിച്ചു.

ഇത്തരം സങ്കീർണമായ ദൗത്യങ്ങൾക്ക് അനുയോജ്യമായ വിക്ഷേപണവാഹനമാണ് പി.എസ്.എൽ.വി. ധ്രുവീയ ഭ്രമണപഥത്തിൽ വിദൂരസംവേദന ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായിട്ടാണ് പി.എസ്.എൽ.വി. രൂപകല്പന ചെയ്തത്. പിൽക്കാലത്ത് വാഹനത്തിൽ ഏറെ ഗുണകരമായ നിരവധി മാറ്റങ്ങൾ വരുത്തി. പേലോഡ് കുറവാകുമ്പോൾ ആറ് സ്ട്രാപ് ഓൺ റോക്കറ്റുകളെ ഒഴിവാക്കി അതിനെ ചെറിയ റോക്കറ്റാക്കി. പേലോഡ് കൂടുമ്പോൾ ഉള്ളതിലും വലുപ്പം കൂടിയ സ്ട്രാപ് ഓൺ റോക്കറ്റുകൾ ഘടിപ്പിച്ച് വലിയ റോക്കറ്റാക്കി. ഇങ്ങനെ വിവിധ അവതാരങ്ങളിൽ നിരവധി തവണ പി.എസ്.എൽ.വി. പറന്നു. ധ്രുവീയ ഭ്രമണപഥത്തിലും ചിലപ്പോൾ ഭൂസ്ഥിര ഭ്രമണപഥങ്ങളിലും ഉപഗ്രഹങ്ങളെ എത്തിച്ചു. ഒന്നിൽക്കൂടുതൽ ഉപഗ്രഹങ്ങളുമായി പലതവണ സഞ്ചരിച്ചു. ഒറ്റപ്പറക്കലിൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ചരിത്രം കുറിച്ചു. ചന്ദ്രയാൻ പേടകത്തെ ലക്ഷ്യത്തിലെത്തിച്ചു. മംഗൾയാൻ പേടകത്തെ ഗോളാന്തരയാത്രയ്ക്കുള്ള പാതയിൽ വിക്ഷേപിച്ചു. ആദ്യമായി രണ്ട് വ്യത്യസ്ത ഭ്രമണപഥങ്ങളിൽ ഉപഗ്രഹങ്ങളെ വിക്ഷേപിച്ചുകൊണ്ട് മറ്റൊരു കഴിവ് തെളിയിച്ചു. ആദ്യത്തേതൊഴിച്ച് 39 വിക്ഷേപണങ്ങളും തുടർച്ചയായ വിജയങ്ങളായിരുന്നു. അതെല്ലാം കൊണ്ടാണ് നമ്മുടെ ഏറ്റവും വിശ്വസനീയമായ ഈ അഭിമാനവാഹനത്തിന് പടക്കുതിര എന്ന പേര് അന്വർത്ഥമാകുന്നത്'.

വിവിധതരം റോക്കറ്റുകളുടെ ശാസ്ത്ര-സാങ്കേതിക വിശദാംശങ്ങൾ അവതരിപ്പിച്ചും അവയുടെ വിക്ഷേപണരീതികൾ വിശദീകരിച്ചും 2017 ഫെബ്രുവരി വരെയുള്ള കാലത്ത് പി.എസ്.എൽ.വി. നേടിയ വിജയങ്ങളുടെ ഗാഥ രചിക്കുന്നു ഗ്രന്ഥകാരൻ.

ക്രയോജനിക് സാങ്കേതികത മുൻനിർത്തിയുള്ള ജിഎസ്എൽവിയുടെ വിക്ഷേപണദൗത്യങ്ങളും ചരിത്രവുമാണ് പതിനൊന്നാമധ്യായത്തിൽ. 1970കളിലാരംഭിച്ച് 90കളിൽ പൂർത്തീകരിച്ച ക്രയോജനിക് സംരംഭത്തിന്റെ ഫലമായിരുന്നു 2001-ൽ തുടക്കമിട്ട ജിഎസ്എൽവി. വിക്ഷേപണങ്ങൾ. 2018 മാർച്ച് 29-ന്റെ ജിഎസ്എൽവി. വിക്ഷേപണം വരെയുണ്ട് ഈ ചരിത്രപാഠത്തിൽ.

വാർത്താവിനിമയ ഉപഗ്രഹങ്ങളുടെ രംഗത്ത് വിപ്ലവകരമായ കുതിപ്പുണ്ടാക്കിയ ജിഎസ്എൽവി. മാർക് - 3ന്റെ കഥയാണ് അടുത്തത്. 4000 കിലോ ഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാൻ കെല്പുള്ള റോക്കറ്റാണിത്. വിക്ഷേപണദൗത്യം അവസാനിക്കുന്നതോടെ റോക്കറ്റുകൾക്കുള്ള പ്രസക്തി തീരുന്നു. എന്നാൽ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ നിലനിൽക്കുന്നത്രയും കാലം അവയ്ക്കു പ്രസക്തിയുണ്ട്. ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം. റോക്കറ്റിനെ നിരീക്ഷിക്കുന്നതും നിയന്ത്രിക്കുന്നതും ബാംഗ്ലൂരിലെ ഇസ്‌ട്രോക് എന്ന സ്ഥാപനത്തിൽ നിന്നാണ്. ഉപഗ്രഹങ്ങളിൽനിന്നുള്ള വിവിരശേഖരണം നടത്തുന്നത് ഹൈദരാബാദിലെ എൻ. ആർ.എസ്. സിയാണ്. ഇവയുടെ പ്രവർത്തനരീതികൾ വിശദീകരിക്കുന്നു, അടുത്ത അധ്യായം.

ഇന്ത്യയുടെ ആദ്യ ഉപഗ്രഹം ആര്യഭട്ടയെയും തുടർന്നുണ്ടായ ഭാസ്‌കര ഉപഗ്രഹങ്ങളെയും ആപ്പിൾ എന്ന വാർത്താവിനിമയ ഉപഗ്രഹത്തെയും കുറിച്ചാണ് പതിനാലാമധ്യായം. ബാലഗംഗാധരൻ എഴുതുന്നു:

'സതീഷ് ധവാൻ ബഹിരാകാശവകുപ്പ് ഏറ്റെടുക്കുന്നതിന് 20 ദിവസം മുമ്പ്, 1972 മെയ് പത്തിന് ഇന്ത്യൻ നിർമ്മിത ഉപഗ്രഹം സോവിയറ്റ് യൂണിയനിൽനിന്നും വിക്ഷേപിക്കാനുള്ള കരാറും ഒപ്പിട്ടു.

ഉപഗ്രഹ ഗവേഷണം തുടങ്ങിയത് തിരുവനന്തപുരത്തായിരുന്നുവല്ലോ? എന്നാൽ അത് അനുയോജ്യമായ സ്ഥലമല്ലെന്നായിരുന്നു ഉപഗ്രഹനിർമ്മാണത്തിനു ചുമതലയുള്ള യു.ആർ. റാവുവിന്റെ ഭാഷ്യം. കൂടുതൽ സൗകര്യങ്ങളുള്ള ബാംഗ്ലൂരിലേക്കോ ഹൈദരാബാദിലേക്കോ ഉപഗ്രഹനിർമ്മാണം മാറ്റാൻ തീരുമാനിച്ചു. എം.ജി.കെ. മേനോനും അത് സ്വീകാര്യമായിരുന്നു. അവസാനം ബാംഗ്ലൂർ ആകാമെന്നു തീരുമാനിച്ചു. കർണ്ണാടക സർക്കാർ ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശമായ (അന്ന്) പീനിയയിൽ ഒരു വ്യവസായ എസ്റ്റേറ്റ് ആരംഭിക്കുന്നുണ്ടായിരുന്നു. അതിൽ നാലു ഷെഡ്ഡുകൾ ഉപഗ്രഹനിർമ്മാണത്തിനായി കണ്ടെത്തി. 1972 സെപ്റ്റംബർ 11ന് വിനായകചതുർത്ഥിദിവസം പൂജ നടത്തി ഉപഗ്രഹനിർമ്മാണ ഷെഡ്ഡുകൾ ഉദ്ഘാടനം ചെയ്തു. ഭാരതീയ സംസ്‌കാരത്തിന്റെ രണ്ടു തലങ്ങൾ!'.

വാർത്താവിനിമയ സാങ്കേതികതയെ ഐതിഹാസികമായി പരിണമിപ്പിച്ച ഇൻസാറ്റ്, ജി.സാറ്റ് ശ്രേണികളിലുള്ള ഉപഗ്രഹങ്ങളെക്കുറിച്ചാണ് പതിനഞ്ചാമധ്യായം. 1968ലാരംഭിച്ച വാർത്താവിനിമയ ഉപഗ്രഹപദ്ധതി ഒന്നരപതിറ്റാണ്ടിനുശേഷമാണ് യാഥാർഥ്യമായത്.

വിദൂരസംവേദന ഉപഗ്രഹങ്ങളെക്കുറിച്ചാണ് അടുത്ത അധ്യായം. റിമോട്ട് സെൻസിങ് സാറ്റലൈറ്റുകളുടെ കാലം ഇന്ത്യയിൽ തുടങ്ങുന്നത് 1980കളിലാണ്. എന്താണ് ഇവയുടെ പ്രവർത്തനരീതി?

'വാർത്താവിനിമയ ഉപഗ്രഹംപോലെ 36000 കിലോമീറ്റർ ഉയരത്തിലല്ല വിദൂരസംവേദനഉപഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്നത്. ഭൂമിയിൽ നിന്നും 500 മുതൽ 1000 കിലോമീറ്റർ വരെയുള്ള ഭ്രമണപഥത്തിലാണ് അവയുടെ സ്ഥാനം. അവ ധ്രുവത്തിൽനിന്നും ധ്രുവത്തിലേക്കാണ് സഞ്ചരിക്കുന്നത്. അത്രയും ഉയരത്തിൽ ഭൂമിക്കു മുകളിലൂടെ വടക്കുനിന്നും തെക്കോട്ടു സഞ്ചരിക്കുമ്പോൾ (തിരിച്ചുമാവാം) അവയിലുള്ള ക്യാമറകൾ ഭൂമിയെ നിരീക്ഷിക്കുന്നു. ഭൂമി സ്വന്തം അച്ചുതണ്ടിൽ കറഞ്ഞുന്നതുകൊണ്ട് ഒരു ഭ്രമണത്തിൽ കണ്ട ഭൂമിയുടെ ഭാഗമല്ല അടുത്ത ഭ്രമണത്തിൽ കാണുന്നത്. ഉദാഹരണത്തിന് ഒരു ഭ്രമണത്തിന് ഒന്നരമണിക്കൂർ സമയമെടുക്കുന്ന ഭ്രമണപഥത്തിലാണ് ഉപഗ്രഹമെന്നിരിക്കട്ടെ. അതിന് 16 ഭ്രമണംകൊണ്ട് ഭൂമിയെ മുഴുവൻ കാണാം. ഓരോ പ്രാവശ്യം വരുമ്പോഴും ഭൂമിയുടെ പതിനാറിൽ ഒരു ഭാഗം കിഴക്കോട്ടു പോയിക്കാണും. ഏകദേശം 3000 കിലോമീറ്റർ പടിഞ്ഞാറുള്ള സ്ഥലമാണ് അടുത്ത ഭ്രമണത്തിൽ ദൃശ്യമാകുന്നത് എന്നർത്ഥം. ഒരുഭ്രമണത്തിന് രണ്ടു മണിക്കൂർ എടുക്കുന്ന ഉപഗ്രഹമാണെങ്കിൽ പതിമൂന്നാമത്തെ തവണ ആദ്യസ്ഥലം വീണ്ടും കാണും. 3300 കിലോമീറ്റർ വീതിയുള്ള സ്ഥലത്തിന്റെ ഫോട്ടോ ഒന്നിച്ചെടുത്താൽ ഒന്നും വ്യക്തമാവില്ല. അതുകൊണ്ടും 160-170 കിലോമീറ്റർ വീതിയുള്ള സ്ഥലമാണ് നിരീക്ഷിക്കുക. അതിന് 20 ദിവസം വേണം. ഭ്രമണപഥത്തിന്റെ ഉയരവും സമയവും ക്രമീകരിച്ച് എല്ലാ ദവിസവും ഒരേ സമയത്തുതന്നെ വീണ്ടും വീണ്ടും ഭൂമദ്ധ്യരേഖ മുറിച്ചുകടക്കുന്ന രീതിയിലുള്ള സൺസിങ്കണസ് പോളാർ ഓർബിറ്ററിലാണ് ഭൂമിയെ നോക്കുന്ന ഉപഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്നത്'.

കാലാവസ്ഥാപ്രവചനവും ഗതിനിർണയവും (ജി.പി.എസ്.) സാധ്യമാക്കുന്ന ഉപഗ്രഹങ്ങളെയും ഇന്ത്യ ആ രംഗത്തു കൈവരിച്ച നേട്ടങ്ങളെയും കുറിച്ചാണ് അടുത്ത അധ്യായം. ദൈനംദിന കാലാവസ്ഥാനിരീക്ഷണമെന്നതിനെക്കാൾ പ്രകൃതിദുരന്തങ്ങളുടെ പ്രവചനമാണ് ഇൻസാറ്റ്-3 ഡി പോലുള്ള ഉപഗ്രഹങ്ങളുടെ പ്രയോജനം. 2013 തൊട്ടാണ് ജി.പി.എസ്. ഉപഗ്രഹങ്ങൾ ഇന്ത്യ വിജയകരമായി വിക്ഷേപിച്ചുതുടങ്ങിയത്.

വാർത്താവിനിമയരംഗത്ത് ഉപഗ്രഹങ്ങൾ സൃഷ്ടിച്ച വിപ്ലവമാണ്, ഒരുപക്ഷെ ഈ രംഗത്തെ ഏറ്റവും പ്രസിദ്ധമായ നേട്ടങ്ങളിലൊന്ന്. 500ലധികം വാർത്താവിനിമയ ഉപഗ്രഹങ്ങളുണ്ട് ബഹിരാകാശത്ത്. ടെലിഫോണും ടെലിവിഷനും എ.ടി.എമ്മും മുതൽ മുഴുവൻ വർത്താവിനിമയ സങ്കേതങ്ങളും ഇന്ന് ഉപഗ്രഹങ്ങളാൽ നിയന്ത്രിതമാണ്.

ഇന്ത്യയുടെ ബഹിരാകാശ സ്വത്തുക്കളെക്കുറിച്ചാണ് അടുത്ത അധ്യായം. ബാലഗംഗാധരൻ എഴുതുന്നു:

'ഭൂമിക്ക് എത്ര ഉപഗ്രഹങ്ങളുണ്ട്? ഒന്നല്ല, നിരവധി എന്നാണ് ഉത്തരം. ആദ്യം പ്രകൃദത്ത ഉപഗ്രഹമായ ചന്ദ്രൻ. പിന്നെ ആയിരക്കണക്കിന് മനുഷ്യനിർമ്മിത ഉപഗ്രഹങ്ങളും. അവ പല വലുപ്പത്തിലും പല ഉയരത്തിലും പല ആകൃതിയിലും പലതരം ഭ്രമണപഥങ്ങളിലും വിന്യസിക്കപ്പെട്ടവയാണ്. അവയ്ക്ക് ഓരോന്നിനും നിശ്ചിത പ്രവർത്തനകാലമുണ്ട്. കാലം കഴിഞ്ഞാൽ അവ വേഗത കുറഞ്ഞ് ഭ്രമണപഥം നഷ്ടപ്പെട്ട് ഭൂമിയിലേക്കു പതിക്കുന്നു. അന്തരീക്ഷത്തിലൂടെ ഭൂമിയിലേക്കുള്ള യാത്രയിൽ അവ കത്തിനശിക്കുന്നു. ഭൗമസിങ്ക്രണ ഭ്രമണപഥത്തിലെ ചിലതിനെ ശ്മശാന ഓർബിറ്റിലേക്കു മാറ്റുന്നു. മറ്റു ഗ്രഹങ്ങളിലേക്കു പോയ പേടകങ്ങൾ പ്രപഞ്ചത്തിലെ അനന്തകോടി വസ്തുക്കളിൽ ഒന്നായിത്തീരുന്നു. അവയിൽ ചിലത് ഭൂമിയിലേക്ക് സന്ദേശം അയച്ചുകൊണ്ടിരിക്കുന്നു. വീണ്ടും പുതിയ ഉപഗ്രഹങ്ങളും പേടകങ്ങളും നാം നിർമ്മിച്ചുകൊണ്ടിരിക്കുന്നു.

പരീക്ഷണ ഉപഗ്രഹങ്ങളും ചെറിയവയും വിദ്യാർത്ഥികൾ നിർമ്മിച്ചവയുമടക്കം ഇതുവരെ നൂറോളം ഉപഗ്രഹങ്ങൾ ഇന്ത്യയിൽ നിർമ്മിച്ചിട്ടുണ്ട്. അഥിൽ പകുതിയിലധികം ഇവിടെത്തന്നെയാണ് വിക്ഷേപിച്ചത്. കൂടാതെ 240 ഓളം വിദേശ ഉപഗ്രഹങ്ങൾ നാം വിക്ഷേപിച്ചിട്ടുണ്ട്. ഇപ്പോൾ പ്രവർത്തനക്ഷമമായ നമ്മുടെ 43 ഉപഗ്രഹങ്ങളിൽ 14 വാർത്താവിനിമയ ഉപഗ്രഹങ്ങളുണ്ട്. അവയിൽ വിവിധ തരംഗ ആവർത്തികളിലായി 200ഓളം ട്രാൻസ്‌പോണ്ടറുകൾ ലഭ്യമാണ്. സി-ബാന്റിലും എക്‌സ്റ്റൈഡഡ് സി-ബാൻഡിലും കു-ബാൻഡിലും മറ്റും പ്രവർത്തിക്കുന്ന അവയാണ് ടെലിവിഷൻ സംപ്രേഷണത്തിനും ടെലഫോണിനും വീട്ടിൽ നേരിട്ട് ടി.വി. എത്തിക്കുന്ന ഡി.ടി.എച്ചിനും തത്സമയ വാർത്താസംപ്രേഷണത്തിനും ബാങ്കുകളും മറ്റും ഉപയോഗിക്കുന്ന വി-സാറ്റ് ടെർമിനലുകൾക്കും മറ്റും ഉപയോഗിക്കുന്നത്. 160 ലക്ഷം വീടുകളിൽ വാർത്ത എത്തിക്കുവാനും ഏഴു സേവനദാതാക്കൾ വഴി 4 കോടി വീടുകളിൽ ഡി.ടിഎച്ച്. സേവനമെത്തിക്കുകയും ചെയ്യുന്ന ഈ ട്രാൻസ്‌പോണ്ടറുകൾ വിലപിടിപ്പുള്ള സ്വത്തുവകകളാണ്. ഒരു ട്രാൻസ്‌പോണ്ടറിന് ശരാശരി 51/2 കോടി രൂപയത്രെ വാർഷിക വാടക. നമ്മുടെ 14 ഉപഗ്രഹങ്ങളുടെ ശരാശരി ആയുസ്സ് എട്ടുവർഷമെന്നു കണക്കാക്കിയാൽ 9000 കോടിരൂപയുടെ സ്വത്തുക്കളാണ് ഭൂസ്ഥിര ഭ്രമണപഥത്തിലെ നമ്മുടെ വാർത്താവിനിമയ ഉപഗ്രഹങ്ങൾ. കാലാവസ്ഥാനിരീക്ഷണത്തിനും വഴിതെറ്റിയവരെ കണ്ടെത്താനും മറ്റും അവ നൽകുന്ന സേവനങ്ങൾ കണക്കാക്കാതെയാണ് ഈ തുക. ഇന്റൽസാറ്റ് കമ്പനിക്ക് നമ്മൾ പണ്ട് വാടകയ്ക്ക് കൊടുത്ത ഇൻസാറ്റ്-2-ഇയിലെ 12 ട്രാൻസ്‌പോണ്ടറുകൾക്ക് ഓരോന്നിനും നമ്മൾക്കു ലഭിച്ചത് പ്രതിവർഷം ആറുകോടി രൂപയായിരുന്നു എന്നോർക്കുക. പത്തുകൊല്ലംകൊണ്ട് അതിന്റെ വാടകയായി 720 കോടിയോളം രൂപയാണു നമുക്കു ലഭിച്ചത്. അന്തർദേശീയ നിരക്കുകൾ അനുസരിച്ച് നമ്മുടെ 200-250 ട്രാൻസ്‌പോണ്ടറുകൾ വാടകയ്‌ക്കെടുക്കണമായിരുന്നുവെങ്കിൽ 10000 കോടി രൂപയിലധികം നമ്മൾ നൽകേണ്ടിവരുമായിരുന്നു എന്നു സൂചിപ്പിക്കാനാണ് ഈ കണക്കുകൾ ഉദ്ധരിക്കുന്നത്.

വിദൂര സംവേദനത്തിനും മാപ്പിങ്ങിനും മറ്റുമായി നമ്മുടെ 15 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലുണ്ട്. വാർത്താവിനിമയ ഉപഗ്രഹങ്ങളുടേതുപോലെ അവയുടെ സേവനങ്ങൾക്ക് വില കണക്കാക്കാൻ സാദ്ധ്യമല്ല. ഭൂമിയുടെ മുകളിലൂടെ പറന്നുപോകുമ്പോൾ അവ രേഖപ്പെടുത്തുന്ന ചിത്രങ്ങളാണല്ലോ അവ നൽകുന്ന വിവരം. അത് എങ്ങനെ എന്തിന് ഉപയോഗിക്കുന്നു എന്നതനുസരിച്ചാണ് അവയുടെ വില കണക്കാക്കേണ്ടത്. മിക്കപ്പോഴും സർക്കാർവകുപ്പുകളാണ് നമ്മുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നത്. റെസല്യൂഷൻ കുറഞ്ഞ നിരവധി ചിത്രങ്ങൾ സൗജന്യമായി ലഭ്യമായതുകൊണ്ട് കൃത്യത കൂടിയ ചിത്രങ്ങൾക്കു മാത്രമേ വില കണക്കാക്കാനാവൂ.

നമ്മുടെ റിസോർസ്‌സാറ്റ്, റിസാറ്റ്, കാർടോസാറ്റ് എന്നീ ഉപഗ്രഹങ്ങളുടെ ചിത്രങ്ങൾ വിദേശത്തു വിൽക്കുന്നുണ്ട്. ഉപഗ്രഹത്തിൽനിന്നും നേരിട്ട് വിവരം ശേഖരിക്കാൻവേണ്ടി ജർമനിയിലും അർജന്റീനയിലും ഇംഗ്ലണ്ടിലും ഭൗമകേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ജർമനിയിലെ ഭൗമകേന്ദ്രത്തിൽ സ്വീകരിക്കുന്ന കാർട്ടോ-1 ഉപഗ്രഹത്തിന്റെ ഡാറ്റയ്ക്ക് വർഷത്തേക്ക് 120 കോടി രൂപ വിലയിടാമെന്നാണ് ഒരു ശരാശരി കണക്ക്. ആഗോള ഡാറ്റയ്ക്കു 400 കോടി കണക്കാക്കിയാൽ 14 ഉപഗ്രഹങ്ങൾ നൽകുന്ന വിവരത്തിന് എട്ടുവർഷത്തേക്ക് 44000 കോടിയിലധികം വില വരും. നാട്ടിൽ ഉപയോഗിക്കുന്ന എല്ലാത്തരം സേവനങ്ങൾക്കും വില കണക്കാക്കാൻ സാധിക്കില്ലെങ്കിലും അവയും 10000 കോടിയിലധികം വിലമതിക്കും'.

ബഹിരാകാശയാത്ര നടത്തിയ ഏക ഇന്ത്യക്കാരൻ രാകേശ് ശർമ്മയുടെ കഥയും ബഹിരാകാശയാത്രക്കു തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും അവസാനഘട്ടത്തിൽ ചലഞ്ചറിന്റെ ദുരന്തത്തെത്തുടർന്ന് അതു സാധ്യമാകാതെപോയ പി. രാധാകൃഷ്ണന്റെ കഥയും ഇനിയൊരധ്യായത്തിൽ. ഒപ്പം, ഭാവിയിൽ ഇന്ത്യക്കാർക്കു സാധ്യമാകാവുന്ന ബഹിരാകാശയാത്രകളുടെ സൂചനകളും.

തുടർന്നുള്ള മൂന്നധ്യായങ്ങൾ യഥാക്രമം ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിലെ ചരിത്രനേട്ടങ്ങളായ അസ്‌ട്രോസാറ്റ്, ചന്ദ്രയാൻ, മംഗൾയാൻ എന്നിവയെക്കുറിച്ചാണ്. തുടർന്നുള്ള അധ്യായങ്ങളിൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണസ്ഥാപനങ്ങളെയും അവയുടെ നാനാതരം ഗവേഷണപദ്ധതികളെയും കുറിച്ചുള്ള വിലയിരുത്തലുകളും നിരീക്ഷണങ്ങളുമാണ്. സമീപഭാവിയിൽ ഇന്ത്യ ഏറ്റെടുക്കാനിടയുള്ള ചില ഗവേഷണപരിപാടികളെക്കുറിച്ചുള്ള പര്യാലോചനകളാണ് അവസാന അധ്യായം. ചന്ദ്രയാൻ, മംഗൾയാൻ എന്നിവയുടെ തുടർച്ചകളും സൗരഗവേഷണമുൾപ്പെടെയുള്ള നൂതന പദ്ധതികളും ഇതിൽ പെടുന്നു.

ഇന്ത്യൻ ബഹിരാകാശ ഗവേഷണരംഗത്ത് തീരാക്കളങ്കം സൃഷ്ടിച്ച രണ്ടു സന്ദർഭങ്ങളുടെ സൂചനയും ഈ പുസ്തകത്തിലുണ്ട്. ഐഎസ്ആർഒ ചാരക്കേസും ആൻട്രാക്‌സ്-ദേവാസ് കരാറുമായി ബന്ധപ്പെട്ട സ്‌പെക്ട്രം കുംഭകോണവും.

നിശ്ചയമായും ശാസ്ത്രവിദ്യാർത്ഥികൾക്കും ചരിത്രകുതുകികൾക്കും പാഠപുസ്തകമായി മാറേണ്ട ഗ്രന്ഥമാണിത്. മലയാളത്തിൽ വിരളമായി മാത്രം സംഭവിക്കുന്ന മികച്ച ശാസ്ത്ര-ചരിത്ര രചനകളുടെ കൂട്ടത്തിൽ വേറിട്ടുനിൽക്കുന്ന ഒന്ന്.

പുസ്തകത്തിൽനിന്ന്:-

'മംഗൾയാൻ ആർക്കുവേണ്ടി

എന്തിനാണ് ചൊവ്വയിൽ പോകുന്നത്? അതുകൊണ്ടെന്താണ് നേട്ടം? എന്നു ചോദിക്കുന്നവരുണ്ട്. ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് ഉടനേ ഉപയോഗം ഉണ്ടാവണമെന്നില്ല എന്നുത്തരം. അതുകൊണ്ട് ശാസ്ത്രീയ പരീക്ഷണങ്ങൾ ആരും നടത്താതിരിക്കാറില്ല. ചരിത്രാതീത കാലം മുതൽ മനുഷ്യൻ നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളാണ് ഇന്നത്തെ സാങ്കേതികവിദ്യകൾക്കെല്ലാം അടിസ്ഥാനം. അതുകൊണ്ടുതന്നെ ചൊവ്വയുടെ പ്രതലത്തെക്കുറിച്ചും അന്തരീക്ഷത്തെക്കുറിച്ചും രൂപഘടനയെക്കുറിച്ചും സ്ഥലചിത്രീകരണത്തെക്കുറിച്ചും ധാതുവിജ്ഞാനത്തെക്കുറിച്ചും സ്വന്തമായി നിർമ്മിച്ച ഉപകരണങ്ങൾ ഉപയോഗിച്ച് പഠിക്കുന്നത് ഒരു ഗംഭീരനേട്ടമായിരിക്കും. അതിനു വേണ്ടുന്ന ഉപകരണങ്ങൾ രൂപകല്പന ചെയ്തു നിർമ്മിക്കുക, അവ ഉൾക്കൊള്ളാനുള്ള പേടകം ഒരുക്കുക, അതിനെ വിക്ഷേപിച്ച് നിയന്ത്രിച്ച് അവിടെ എത്തിക്കുക, ഇതെല്ലാം അധികമാരും ചെയ്യാത്ത സാങ്കേതികവിദ്യകളാണ്. അത്തരം സാങ്കേതികവിദ്യകൾ പഠിക്കുകയും പ്രാവർത്തികമാക്കുകയും പ്രാവീണ്യം നേടുകയും ചെയ്യുന്നതും ഒട്ടും ചെറുതല്ലാത്ത ഒരു സാങ്കേതിക നേട്ടമാണ്. അതു രണ്ടുമാണ് മംഗൾയാൻ ദൗത്യത്തിലെ ലക്ഷ്യം. അതു ഭംഗിയായി നാം നേടുകയും ചെയ്തു.

മംഗൾയാൻ ദൗത്യത്തിന് മൂന്നു ഘട്ടങ്ങളുണ്ട്. ആദ്യത്തേത് മംഗൾയാൻ പേടകനിർമ്മാണവും വിക്ഷേപണവും. അതാണ് 2013 നവംബർ അഞ്ചിന് വിജയകരമായി നേടിയത്. പേടകത്തെ 247 ഃ 23566 കിലോമീറ്റർ ദീർഘവൃത്ത ഭ്രമണപഥത്തിൽ എത്തിച്ചതോടെ ആദ്യഘട്ടം തീർന്നു. ഇനി അതിനെ വേഗതയും ഭ്രമണപഥത്തിന്റെ അകലവും കൂട്ടിക്കൂട്ടി ഭൂമിയെ വിട്ടുപോകാനുള്ള തയ്യാറെടുപ്പിന് ഒരുക്കണം. വിക്ഷേപണദിവസം മുതൽ നവംബർ 30 വരെ ആറു പ്രാവശ്യം മംഗൾയാനിലെ ദ്രവ റോക്കറ്റായ ലാം (ഘഅങ) ജ്വലിപ്പിച്ച് ഭൂമിയിൽനിന്നുള്ള കൂടിയ അകലം 192918 കിലോമീറ്ററാക്കി. അതുകഴിഞ്ഞാണ് ഭൂമിയുടെ സ്വാധീനവലയം വിട്ടുപോകാനുള്ള വേഗത ആർജിച്ചത്. അതോടെ നിർദ്ദിഷ്ട ഭ്രമണപഥത്തിൽ ചൊവ്വയുടെ സമീപത്തേക്കുള്ള യാത്ര തുടങ്ങി. പിന്നെ ചൊവ്വവരെ ഇന്ധനം വേണ്ടാത്ത യാത്രയാണ്. ആർജിച്ച വേഗതയിൽ ശൂന്യതയിലൂടെ ഊളിയിടൽ! മൂന്നാമത്തെ തവണ യാത്രാപഥം ഉയർത്താൻ ശ്രമിച്ചപ്പോൾ ഒരു തടസ്സം നേരിട്ടത് ഒരു ദിവസത്തേക്ക് അല്പം അങ്കലാപ്പുണ്ടാക്കിയെങ്കിലും ഭൂമിവിട്ടുപോകുന്നതുവരെ എല്ലാം കൃത്യമായി നടന്നു.

പേടകം

മംഗൾയാൻ പേടകം നിർമ്മിച്ചത് ചന്ദ്രയാൻ-1ന്റേതിൽനിന്നും ഉരുത്തിരിഞ്ഞ ചട്ടക്കൂടിലാണ്. അതാകട്ടെ, പലതവണ പറന്ന ഇൻസാറ്റ്-ഐ.ആർ.എസ്. ഉപഗ്രഹത്തിന്റെ ചട്ടക്കൂടുകളുടെ സങ്കല്പനവും. മിഷന്റെ സങ്കീർണ്ണതകൊണ്ട് മംഗൾയാൻ ഓരോന്നിനും പകരക്കാരൻ വേണം (ഒന്നു പ്രവർത്തിച്ചില്ലെങ്കിൽ മറ്റേത് പ്രവർത്തിപ്പിക്കാൻ). കൂടാതെ വിവരം കൈമാറുന്ന സംവിധാനത്തിലും പ്രൊപ്പൽഷൻ സംവിധാനത്തിലും കാര്യമായ മാറ്റങ്ങൾ വരുത്തേണ്ടിവന്നു. ചൊവ്വയിലെത്തുമ്പോൾ പ്രൊപ്പൽഷനുപയോഗിക്കാനുള്ള ലാം എൻജിൻ മാസങ്ങളോളം നിശ്ചലാവസ്ഥയിൽ കിടന്നതിനുശേഷം വീണ്ടും ജ്വലിക്കാനുള്ളതാണ്.

ഒന്നര മീറ്റർ നീളവും വീതിയുമുള്ള പേടകമാണ് മംഗൾയാൻ. പുറത്തുനിന്നു നോക്കുമ്പോൾ സ്വർണംപൂശിയ കാപ്‌ടോൺ ഫിലിംകൊണ്ട് പൊതിഞ്ഞ പേടകത്തിനുള്ളിൽ ഒരു സാധാരണ ഉപഗ്രഹത്തിനു വേണ്ടതിലും അധികം സന്നാഹങ്ങളുണ്ട്. 1337 കിലോഗ്രാം ഭാരമുള്ള പേടകത്തിൽ 852 കിലോഗ്രാമും ഇന്ധനമാണ്. ഊർജസമ്പാദനം സൗരോർജ്ജപാളികൾ വഴിയാണ്. സ്വന്തമായ സ്ഥാനനിർണ്ണയ സംവിധാനവും സ്ഥാനനിയന്ത്രണത്തിന് എട്ടു ചെറിയ ത്രസ്റ്റർ റോക്കറ്റുകളുമുണ്ട്. സ്ഥാനനിർണ്ണയത്തിനുതകുന്ന നാലു പ്രതിപ്രവർത്തനചക്രങ്ങളും പേടകത്തിനകത്തുണ്ട്. പേടകം എവിടെയാണെന്നും എങ്ങോട്ടാണ് പോകുന്നതെന്നും ഗ്രഹിക്കാൻ രണ്ട് നക്ഷത്രമാപിനികൾ, സന്ദേശങ്ങൾ സ്വീകരിക്കാനും അയയ്ക്കാനുമുതകുന്ന മൂന്ന് ആന്റിനകൾ, 390 ലിറ്റർ ഇന്ധനം കൊള്ളുന്ന രണ്ടു ടാങ്കുകളിൽ ഇന്ധനം. അനന്തമായ ആകാശത്ത് സ്ഥാനം തിരിച്ചറിയാനുള്ള ഗതിനിർണ്ണയസംവിധാനങ്ങൾ, അനുചിതമായ താപനിയന്ത്രണ സംവിധാനങ്ങൾ എന്നിവയെല്ലാമായാൽ പേടകത്തിന്റെ അത്യാവശ്യഘടകങ്ങളായി.

പിന്നെ ഉപകരണങ്ങളാണ്. അവയിൽ ഏറ്റവും ആകർഷകം മാർസ് കളർ ക്യാമറയാണ്. ഒന്നേകാൽ കിലോഗ്രാം ഭാരമുള്ള ചെറിയ ഒന്നാന്തരം ക്യാമറ. ഭ്രമണപഥത്തിലെത്തിയാൽ ചൊവ്വയുടെ ചിത്രങ്ങൾ എടുക്കണം. അവ ഭൂമിയിലേക്കയയ്ക്കണം. സാധാരണ വെളിച്ചത്തിൽ പ്രവർത്തിക്കുന്ന ക്യാമറ ചൊവ്വയിലേക്കുള്ള യാത്രയ്ക്കിടയിൽ തന്നെ ഫോട്ടോ എടുത്തുതുടങ്ങി. ഭൂമിയുടെ ഭ്രമണപഥത്തിലിരിക്കുമ്പോൾ 70000 കിലോമീറ്റർ ഉയരത്തിൽവെച്ച് എടുത്ത ഭൂമിയുടെ ഫോട്ടോ ഏറെ പ്രസിദ്ധമായി. കിഴക്കൻതീരത്തേക്ക് അന്ന് നീങ്ങിക്കൊണ്ടിരുന്ന ഹെലൻ എന്ന ചുഴലിക്കാറ്റിന്റെ രൂപം അന്നെടുത്ത ചിത്രത്തിലുണ്ട്. ചൊവ്വയിൽ ചെന്നശേഷം നിരവധി ചിത്രങ്ങളാണ് മാർസ് കളർ ക്യാമറ രേഖപ്പെടുത്തിയത്.

അല്പംകൂടി ശാസ്ത്രീയമായി വസ്തുക്കളെ തിരിച്ചറിയാനാണ് അവയുടെ താപ സ്‌പെക്ട്രം രേഖപ്പെടുത്തുന്നത്. അതിനുവേണ്ടിയാണ് തർമൽ ഇൻഫ്രാറെഡ് ഇമേജിങ് സ്‌പെക്‌ട്രോമീറ്റർ മംഗൾയാനിൽ കൊണ്ടുപോയത്. കാലാകാലമായി ചൊവ്വയിൽ ജീവനുണ്ടെന്നു വിശ്വസിക്കുന്നവർക്ക് എന്തെങ്കിലും തെളിവ് കിട്ടുമോ എന്ന് കണ്ടെത്താനാണ് മീഥൈൻ സെൻസർ. ജൈവതന്മാത്രകളുടെ അടിസ്ഥാനമായ കാർബൺ ഉൾക്കൊള്ളുന്ന ലളിത തന്മാത്രയാണ് മീഥേൻ. ഏതൊരു വസ്തുവിന്റെയും രാസഘടന അറിയാൻ ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യയാണ് മെൻക എന്ന ഉപകരണത്തിൽ സജ്ജീകരിച്ചിരുന്നത്. ജലകണികകൾ ഉണ്ടായിരുന്നുവോ എന്നന്വേഷിക്കാനുതകുന്ന ലൈമൻ ആൽഫാ ഫോട്ടോമീറ്ററും ഉപകരണസഞ്ചയത്തിലുണ്ടായിരുന്നു. ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിയശേഷം ഇവയെല്ലാം പ്രവർത്തനക്ഷമമാക്കി. അവയിൽനിന്നും നിരവധി വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുന്നു'.

ഇന്ത്യൻ ബഹിരാകാശ ഗവേഷണചരിത്രം
വി.പി. ബാലഗംഗാധരൻ
ഡി.സി. ബുക്‌സ്, 2018
വില: 275 രൂപ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP