1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

മാധ്യമകേരളം: നിഴലും നിലാവും

January 20, 2018 | 05:05 PM IST | Permalinkമാധ്യമകേരളം: നിഴലും നിലാവും

ഷാജി ജേക്കബ്

ലയാളത്തിൽ മാധ്യമങ്ങളെ അകത്തും പുറത്തും നിന്നു കണ്ടറിഞ്ഞെഴുതിയിട്ടുള്ളവരിൽ ഇത്രമേൽ വൈവിധ്യമാർന്ന വിഷയങ്ങൾ ചർച്ചചെയ്തിട്ടുള്ളവർ എൻ.പി. രാജേന്ദ്രനെപ്പോലെ മറ്റധികംപേരില്ല. ഇരുപത്തിരണ്ടുവർഷം മാതൃഭൂമിപത്രത്തിലെഴുതിയ പംക്തി(വിശേഷാൽപ്രതി)യിലും പത്രധർമത്തെക്കുറിച്ചും പത്രസ്ഥാപനങ്ങളുടെ നാനാതരം ജീർണതകളെക്കുറിച്ചും പത്രപംക്തീകാരരെക്കുറിച്ചുമൊക്കെയുള്ള പഠനഗ്രന്ഥങ്ങളിലും ഒതുങ്ങുന്നില്ല രാജേന്ദ്രന്റെ മാധ്യമവിചാരങ്ങൾ. ജർമനി മുതൽ ബംഗാൾ വരെയും സാങ്കേതികത മുതൽ സാമ്രാജ്യത്വം വരെയും സാമൂഹികചരിത്രം മുതൽ സാംസ്‌കാരികാധിനിവേശം വരെയും - മാധ്യമങ്ങളെ മുൻനിർത്തി രാജേന്ദ്രൻ നടത്തുന്ന പ്രാദേശിക, ദേശീയ, ആഗോള, രാഷ്ട്രീയ വിചാരണകൾ ഒന്നു വേറെതന്നെയാണ്. എത്രമേൽ പ്രകോപനപരവും സംഘർഷാത്മകവുമായ പ്രശ്‌നങ്ങളിലും അസാധാരണമായ സംയമനവും സന്തുലനവും പാലിച്ചുകൊണ്ടുള്ള എഴുത്താണ് രാജേന്ദ്രന്റേത്. നിശിതമായ വിമർശനങ്ങളും വിയോജിപ്പുകളും പ്രകടിപ്പിക്കുമ്പോൾതന്നെ രാജേന്ദ്രന്റെ രചനകൾ അവയിലെ നിരീക്ഷണങ്ങളുടെ നയചാതുരിയും പക്വതയും കൊണ്ട് വിപുലമായ അംഗീകാരം നേടുന്നു. സൗമ്യവും ദീപ്തവുമായി രൂക്ഷവും തീവ്രവുമായ വിഷയങ്ങളെപ്പോലും അഭിമുഖീകരിക്കാനുള്ള സ്ഥിതപ്രജ്ഞയാണ് മാധ്യമപ്രവർത്തകനും പത്രാധിപരും പംക്തീകാരനും മാധ്യമനിരൂപകനുമൊക്കെയായി രാജേന്ദ്രനെ പരക്കെ സ്വീകാര്യനാക്കുന്ന മുഖ്യഘടകം. ഒരേസമയം അക്കാദമികവും പ്രൊഫഷണലും അമച്വറുമായ സമീപനങ്ങളെ കൂട്ടിയിണക്കി മാധ്യമസംസ്‌കാരത്തെക്കുറിച്ചെഴുതുന്ന അപൂർവം മലയാളികളിലൊരാളാണ് എൻ.പി.ആർ. ഐക്യകേരളത്തിന്റെ അറുപതാം വാർഷികത്തിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനുവേണ്ടി അദ്ദേഹം തയ്യാറാക്കിയ മലയാളമാധ്യമങ്ങളുടെ ഈ ലഘുചരിത്രവും മേല്പറഞ്ഞ പൊതുസ്വഭാവങ്ങളിൽ നിന്നു ഭിന്നമല്ല.

ഇരുപതു ചെറിയ അധ്യായങ്ങളിലായി മലയാള മാധ്യമങ്ങളുടെ അകവും പുറവും അനാവരണം ചെയ്യുന്ന ഈ പുസ്തകം പൊതുവിൽ നാലുതലങ്ങളിൽ നിലയുറപ്പിച്ചാണ് നൂറ്റിയെഴുപതു വർഷം തികയുന്ന മലയാള ബഹുജനമാധ്യമങ്ങളുടെ പശ്ചാത്തലത്തിൽ അറുപതുവർഷം പിന്നിടുന്ന ഐക്യകേരളത്തിലെ മാധ്യമങ്ങളുടെ സ്ഥൂലചരിത്രം കുറിച്ചിടുന്നത്. 1847 മുതൽ 1956 വരെയുള്ള കാലത്തുണ്ടായ മലയാളത്തിലെ പത്രസംസ്‌കാരത്തിന്റെ പരുവപ്പെടലും കൊളോണിയൽ, ദേശീയ ആധുനികതകളിൽ അതിനു കൈവന്ന ചില സവിശേഷ സ്വഭാവങ്ങളും ഈ ചരിത്രത്തിനു സന്ദർഭമൊരുക്കുന്നു. ഒരുനൂറ്റാണ്ടിന്റെ ചരിത്രജീവിതത്തിനിപ്പുറവും 1950കളുടെ തുടക്കത്തിൽ മലയാളത്തിൽ ഒന്നര ഡസനോളം പത്രങ്ങൾക്ക് ആകെയുണ്ടായിരുന്ന പ്രചാരം രണ്ടുലക്ഷത്തിൽ താഴെ കോപ്പികളായിരുന്നു. അതിനുശേഷമുള്ള നാലുപതിറ്റാണ്ടുകൊണ്ട് അത് പന്ത്രണ്ടുലക്ഷമായി വർധിച്ചുവെങ്കിൽ തുടർന്നുള്ള കാൽനൂറ്റാണ്ടിൽ അത് അൻപതുലക്ഷത്തിലധികം കോപ്പികളായി വളർന്നിരിക്കുന്നു. ഐക്യകേരളത്തെക്കാൾ പത്തുവയസ്സു മൂപ്പുള്ള റേഡിയോയും ഗ്രന്ഥശാലാ-പ്രസാധനരംഗങ്ങളും അൻപതുകളുടെ തുടക്കത്തിൽ ഒന്നിച്ചാരംഭിക്കുന്ന (1953ൽ) ജനപ്രിയ സിനിമാ-നോവൽ സംസ്‌കാരങ്ങളും 1957-95 കാലത്തെ ജനപ്രിയ വാരികാവിപ്ലവവും 1984ലാരംഭിക്കുന്ന പൊതുമേഖലാ ടെലിവിഷനും ഒരുപതിറ്റാണ്ടിനുള്ളിൽ തുടക്കമിടുന്ന ഉപഗ്രഹ-സ്വകാര്യ ടെലിവിഷനും പുതിയ നൂറ്റാണ്ടിനോടൊപ്പം രൂപംകൊണ്ട നവമാധ്യമങ്ങളും ഉൾപ്പെടെ അച്ചടി-ദൃശ്യ-ശ്രാവ്യ-പങ്കാളിത്ത മാധ്യമമണ്ഡലങ്ങളുടെ കൂടി ചരിത്രമാണ് ഐക്യകേരളത്തിന്റെ ജീവചരിത്രം.

ഇതിൽ പലതും വിട്ടുകളഞ്ഞും പത്രത്തെ മാത്രം കാര്യമായി പിന്തുടർന്നും രാജേന്ദ്രൻ സംഗ്രഹിക്കുന്ന ആധുനിക-ആധുനികാനന്തര മലയാള മാധ്യമചരിത്രത്തിന്റെ നാലുതലങ്ങൾ ഇവയാണ്. ഒന്ന്, ഐക്യകേരളത്തിനു മുൻപുള്ള നൂറ്റിപ്പത്തുവർഷം നീളുന്ന (1847-1956) മലയാള പത്രചരിത്രത്തിന്റെ വ്യവസ്ഥപ്പെടൽ. രണ്ട്, 1950കൾ തൊട്ടുള്ള മലയാള പത്രങ്ങളുടെ നാനാതലങ്ങളിലെ വളർച്ചയും പടർച്ചയും (പ്രചാരം മുതൽ സാങ്കേതികത വരെ; പ്രൊഫഷണലിസം മുതൽ വർഗീയത വരെ). മൂന്ന്, ദേശീയതലത്തിൽ ശ്രദ്ധയും ആദരവും പ്രാമാണ്യവും നേടിയ മലയാളികളായ പത്രപ്രവർത്തകർ. നാല്, ടെലിവിഷൻ മുതൽ നവമാധ്യമങ്ങൾ വരെയുള്ള ഇതരമാധ്യമങ്ങൾ. ഈ നാലുതലങ്ങളിലുമായി വ്യാപിച്ചുനിൽക്കുന്നവയാണ് ഈ പുസ്തകത്തിലെ മുഴുവൻ അധ്യായങ്ങളും.

ഐക്യകേരളം എന്ന രാഷ്ട്രീയസ്വപ്നം സാക്ഷാത്കരിക്കാൻ പത്രങ്ങൾ നടത്തിയ പ്രചാരണങ്ങളുടെയും പ്രയത്‌നങ്ങളുടെയും സമ്മർദ്ദങ്ങളുടെയും പശ്ചാത്തലം വിവരിക്കുന്നു, ഒന്നാമധ്യായം. കേരളം എന്ന പേരിലും കേരളമെന്നു പേരിൽ കൂട്ടിച്ചേർത്തും പത്തൊൻപതാം നൂറ്റാണ്ടിൽതന്നെ രൂപംകൊണ്ട പത്രങ്ങൾ, ഇതര പ്രസിദ്ധീകരണങ്ങൾ, സാംസ്‌കാരിക സംഘടനകൾ തുടങ്ങിയവ വിഭാവനം ചെയ്ത രാഷ്ട്രീയ-സാംസ്‌കാരിക ഭൂപടനിർമ്മിതിയുടെ കഥ ചുരുക്കിപ്പറയുന്നു, രാജേന്ദ്രൻ. കൗതുകകരമായ നിരവധി വസ്തുതകൾ ഇവിടെയുണ്ട്.

'കേരളീയർ മുഴുവൻ ഏകകണ്ഠമായി ആവശ്യപ്പെട്ടതാണ് ഐക്യകേരളം എന്നാവും പിൽക്കാല തലമുറകൾ ധരിക്കുന്നത്. സത്യമതല്ല. ബ്രിട്ടീഷ് ഭരണത്തിൻകീഴിലായിരുന്ന, പിന്നോക്കംനിൽക്കുന്ന മലബാറിനൊപ്പം ചേരുന്നത് രാജഭരണത്തിൻകീഴിൽ വളരെ മുന്നോട്ടുപോയ തിരുവിതാംകൂറിന് ദോഷകരമാവും എന്നു കരുതിയ രാജഭക്തന്മാർ ധാരാളമുണ്ടായിരുന്നു. കേരളസംസ്ഥാനത്തിൽ കൊച്ചിയും തിരുവിതാംകൂറും വേണ്ട എന്നു വാദിച്ചവരുടെ കൂട്ടത്തിൽ കെ. മാധവമേനോനെപ്പോലുള്ള സമുന്നത നേതാക്കളും ഉണ്ടായിരുന്നു. മാതൃഭൂമി പത്രാധിപസമിതിയിൽ ഭൂരിഭാഗം അംഗങ്ങളും ഐക്യകേരളത്തിന് എതിരായിരുന്നു എന്ന് എൻ.വി. കൃഷ്ണവാരിയർതന്നെ എഴുതിയിട്ടുണ്ട്. മലബാർ കൂടിയുള്ള ഒരു സംസ്ഥാനം ഉണ്ടാകുന്നത് കമ്യൂണിസ്റ്റുകാർക്ക് അധികാരത്തിലേറാൻ സഹായകമായേക്കും എന്ന ഭീതി അന്നത്തെ ഭരണനേതൃത്വത്തെ പിറകോട്ടു വലിക്കുന്നുണ്ടായിരുന്നു'.

1957ലെ ജനവിധിയും കമ്യൂണിസ്റ്റ് ഭരണവുമാണ് രണ്ടും മൂന്നും അധ്യായങ്ങളിലെ വിഷയം. മലയാളപത്രങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ തെരഞ്ഞെടുപ്പുവിജയത്തെ എങ്ങനെ നോക്കിക്കണ്ടു? അതിനോടെങ്ങനെ പ്രതികരിച്ചു? രണ്ടുവർഷം നീണ്ട ഭരണത്തിൽ കമ്യൂണിസ്റ്റുസർക്കാരിനോടെന്തു നിലപാടെടുത്തു? വിമോചനസമരത്തെ അനുകൂലിച്ചും എതിർത്തും കൈക്കൊണ്ട സമീപനങ്ങളെന്തൊക്കെയായിരുന്നു? കമ്യൂണിസ്റ്റ് ഭരണത്തിന്റെ തനിനിറമെന്തായിരുന്നു?

അന്ന് തിരുവനന്തപുരത്തിന്റെ പത്രമായിരുന്ന കേരളകൗമുദി, കൊല്ലത്തെ പത്രമായിരുന്ന ജനയുഗം, തൃശൂരിലെ നവജീവൻ, കോഴിക്കോട്ടെ ദേശാഭിമാനി എന്നീ പത്രങ്ങൾ മാത്രമാണ് കമ്യൂണിസ്റ്റ് പക്ഷത്തുണ്ടായിരുന്നത്. ബാക്കി പത്രങ്ങളെല്ലാം കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടെടുത്തു. ആഗോള മാധ്യമങ്ങൾ കേരളത്തെ സശ്രദ്ധം വീക്ഷിച്ചു; വിശദീകരിച്ചു. ആർതർകൊയ്സ്റ്റ്‌ലർ ഉൾപ്പെടെയുള്ളവർ (സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് ഭരണം ഒരു കിരാതവാഴ്ചയാണെന്നു ലോകത്തിനു ബോധ്യപ്പെടുത്തിയ 'The God that Failed'ന്റെ രചയിതാക്കളിലൊരാളും മോഹഭംഗം വന്ന കമ്യൂണിസ്റ്റുമായിരുന്നു, വിഖ്യാത നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്ന കൊയ്സ്റ്റ്‌ലർ) തിരുവനന്തപുരത്തെത്തി. സാമുദായിക ധ്രുവീകരണത്തിൽ തുടങ്ങി ജനകീയപ്രക്ഷോഭത്തിലേക്കു വളർന്ന വിമോചനസമരത്തിൽ കമ്യൂണിസ്റ്റ് ഭരണം കൂപ്പുകുത്തിയ സാഹചര്യമെന്തായിരുന്നു? മാധ്യമങ്ങളെ മുൻനിർത്തി രാജേന്ദ്രൻ എഴുതുന്നു:

'കക്ഷികൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിനേക്കാൾ ഒട്ടും ജനാധിപത്യമോ ധാർമികമോ ആയിരുന്നില്ല ഇരുപക്ഷങ്ങളിലെയും പത്രങ്ങളുടെ നിലപാടും. സർക്കാർ ചെയ്യുന്ന എന്തിനെയും എതിർക്കാനും പ്രചരണായുധമാക്കാനും തക്കം പാർത്തിരിക്കുകയായിരുന്നു മിക്കവാറും പത്രങ്ങളും. ഇക്കാര്യത്തിലാണ് പത്രങ്ങൾ തമ്മിൽ വലിയ മത്സരം നടന്നത്. മുഖ്യമന്ത്രി ഇ.എം.എസ്സിനെയും അതിലേറെ മന്ത്രി വി.ആർ.കൃഷ്ണയ്യരെയും അതികഠിനമായി പത്രങ്ങൾ ആക്ഷേപിച്ചു പോന്നു. വിമർശനങ്ങളെ അവഗണിക്കുക എന്നതായിരുന്നില്ല അന്നത്തെ ഭരണനയം. നിരവധി പത്രങ്ങൾക്കെതിരെ മന്ത്രിമാർ മാനനഷ്ടക്കേസ്സ് ഫയൽ ചെയ്തു. നിയമജ്ഞനായ നിയമമന്ത്രി വി.ആർ.കൃഷ്ണയ്യർതന്നെയാണ് ഇതിനു തുടക്കമിട്ടത്.

പിൽക്കാലത്ത് മാന്യതയുടെയും നീതിബോധത്തിന്റെയും ജനാധിപത്യമൂല്യത്തിന്റെയുമെല്ലാം പ്രതീകമായി ഉയർന്ന വി.ആർ. കൃഷ്ണയ്യരുടെ അക്കാലത്തെ നിയമസഭാപ്രകടനം അത്രയൊന്നും അഭിനന്ദനീയമായിരുന്നില്ല എന്നാണ് അന്നത്തെ പത്രങ്ങൾ വായിച്ചാൽ തോന്നുക. പത്രങ്ങളുടെ കമ്മ്യൂണിസ്റ്റ് വിരോധം ഇതിനൊരു കാരണമായിട്ടുണ്ടാവാം. എന്നാൽ, മുഖ്യമന്ത്രിയെക്കുറിച്ചോ ധനമന്ത്രിയായിരുന്ന സി. അച്യുതമേനോനെക്കുറിച്ചോ ടി.വി. തോമസ്സിനെക്കുറിച്ചോ പറഞ്ഞുകേട്ടിട്ടില്ലാത്ത ആക്ഷേപങ്ങൾ ആഭ്യന്തരമന്ത്രിയായിരുന്ന വി.ആർ. കൃഷ്ണയ്യർക്കെതിരെ ഉയർന്നു. പ്രമുഖപത്രാധിപരും ആർ.എസ്‌പി. നേതാവുമായ കെ. ബാലകൃഷ്ണൻ കൃഷ്ണയ്യർക്കെതിരെ നടത്തിയത് കടുത്ത കടന്നാക്രമണം തന്നെയാണ്. 'രാജ്യത്തെ ഒരു മന്ത്രി കൂടിയാണല്ലോ കൃഷ്ണയ്യർ. അദ്ദേഹത്തിനു പക്വത വരാനുള്ള പ്രായവും കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും ബ്രഹ്മാവ് ഫയലു പാസ്സാക്കിയപ്പോൾ എന്തോ മറന്നുപോയെന്നു തോന്നലുണ്ടാക്കുമാറാണ് അദ്ദേഹത്തിന്റ നാക്കൊന്നു വളച്ചാൽ അനുഭവപ്പെടുക' - കെ. ബാലകൃഷ്ണൻ പേരു വെച്ചെഴുതിപ്പോന്ന''സത്യമേവ ജയതേ' എന്ന തലക്കെട്ടിലെഴുതിയ കൗമുദിക്കുറിപ്പുകൾ എന്ന പംക്തിയിൽ ആക്ഷേപിച്ചു.

പിൽക്കാല ഗവണ്മെന്റുകൾ ചെയ്തിട്ടില്ലാത്ത രീതിയിൽ പത്രങ്ങൾക്കെതിരെ നിരവധി ക്രിമിനൽ നടപടികൾ തുടങ്ങിവെക്കാനും സർക്കാർ ഒരുമ്പെട്ടു. 'വിദ്രോഹപരമായ റിപ്പോർട്ട്' പ്രസിദ്ധീകരിച്ചു എന്ന പേരിൽ അഞ്ചു ദിനപത്രങ്ങളുടെ പത്രാധിപ-പ്രസാധകന്മാരുടെ പേരിൽ കേസ് എടുത്തെന്നു ഗവൺമെന്റ് അറിയിച്ചതായി 1959 ജൂലായി 19 ന് മാതൃഭൂമി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ദീപിക, മാലയാള മനോരമ, കേരളജനത, കൗമുദി പത്രങ്ങൾക്കെതിരെയാണ് കേസ് എടുത്ത് ഓഫീസുകൾ റെയ്ഡ് ചെയ്തത്. വിദ്രാഹപരമായ പ്രസംഗം നടത്തിയതിന് പ്രമുഖ പ്രതിപക്ഷനേതാക്കന്മാർ പനമ്പിള്ളി ഗോവിന്ദമേനോൻ, മന്നത്തു പത്മനാഭൻ, ആർ.എസ്‌പി.നേതാവ് ബേബി ജോൺ എന്നിവർക്കെതിരെയും കേസ് എടുത്തതായി ഇതേ റിപ്പോർട്ടിലുണ്ട്. സാധാരണമായ രാഷ്ട്രീയവിമർശനങ്ങളുടെ പേരിൽപോലും മന്ത്രിമാർ പത്രങ്ങൾക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ മടിച്ചില്ല. വി.ആർ.കൃഷ്ണയ്യർ തന്നെ ഇതിന് മാതൃകയായി. എക്സ്‌പ്രസ്സിനെതിരെ ടി.വി.തോമസും കേരളഭൂഷണത്തിന് എതിരെ എം. എൻ. ഗോവിന്ദൻ നായരും മനോരമമയ്‌ക്കെതിരെ വി.ആർ.കൃഷ്ണയ്യരുമാണ് കേസ് ഫയൽ ചെയ്തിരുന്നത്. ദീപികക്കെതിരെ ക്രിമിനൽ കേസ്സാണ് എടുത്തത്. കേന്ദ്ര ഇടപെടലിനു ശേഷം കേസ്സുകളെല്ലാം പിൻവലിക്കപ്പെട്ടു.

വിമോചന സമരം തുടങ്ങിയ ശേഷം സ്ഥിതി കൂടുതൽ മോശമായി. ഭരണ-പ്രതിപക്ഷങ്ങൾത്തമ്മിൽ യുദ്ധസമാനമായ ഏറ്റുമുട്ടലാണ് നടന്നത്. മിക്കവാറും പത്രങ്ങൾ ഞാൻ ഞാൻ മുന്നിൽ എന്ന ഭാവത്തിൽ സമരക്കാർക്ക് വീര്യം പകരാൻ രംഗത്തു നിലയുറപ്പിച്ചു. 1959 ജൂൺ 12 നു നടന്ന സംസ്ഥാനവ്യാപക ഹർത്താലോടെയാണ് വിമോചനസമരം ഉദ്ഘാടനം ചെയ്യപ്പെട്ടത്. തുടർന്ന് സമരക്കാരും സമരവിരുദ്ധരും പൊലീസും എല്ലാം അക്രമാസ്‌ക്തരായി. തിരുവനന്തപുരത്തെ സമരക്കാരുടെ മീഡിയ റൂം പത്രക്കാരുടെ ഗൂഢാലോചനകൾക്കു കൂടി സാക്ഷ്യം വഹിച്ചു. ഒരു വിഭാഗം പത്രപ്രവർത്തകർ വിമോചനസമരത്തിന് അനുകൂലമായി പരസ്യമായി രംഗത്തിറങ്ങി.'.

മാതൃഭൂമിയാണ് രണ്ടാം എഡിഷൻ തുടങ്ങിയ ഇന്ത്യയിലെതന്നെ ആദ്യ പത്രം. 1962ൽ കൊച്ചിയിൽ. മനോരമ കോഴിക്കോട് എഡിഷൻ തുടങ്ങുന്നതു പിന്നീടാണ്. 1960കളുടെ മധ്യംവരെ മാതൃഭൂമിയായിരുന്നു പ്രചാരത്തിലും അഭിപ്രായരൂപീകരണശേഷിയിലും രാഷ്ട്രീയ സ്വാധീനത്തിലുമൊക്കെ മുന്നിൽ. ആകെയുണ്ടായിരുന്ന 3,41000 കോപ്പിയിൽ പകുതി മാതൃഭൂമിയായിരുന്നു. പിന്നീടാണ് മനോരമ മുന്നിലെത്തുന്നത്. 2017 ലെത്തുമ്പോൾ ഒട്ടാകെ 46 ലക്ഷം കോപ്പികളുണ്ട് (മൂന്നുപത്രങ്ങളേ ഏ ബി സി കണക്കെടുപ്പിൽ വരുന്നുള്ളു) മലയാളപത്രങ്ങൾക്ക്. ഇതിൽ പകുതിയിലധികം മനോരമയാണ്. മാതൃഭൂമിയും ദേശാഭിമാനിയും മലയാളത്തിലെ മറ്റു മുഴുവൻ പത്രങ്ങളും കൂടിചേർന്നാലും മനോരമയ്‌ക്കൊപ്പമെത്തുകയില്ല. മനോരമയും മാതൃഭൂമിയും കൂടിചേർന്നാൽ ആകെ പത്രപ്രചാരത്തിന്റെ എൺപതുശതമാനം വരും. ടെലിവിഷൻ, നവമാധ്യമകാലത്ത് ലോകമെങ്ങും പത്രങ്ങൾ തളരുമ്പോൾ ഇന്ത്യയിലും കേരളത്തിലും പത്രങ്ങൾ വളരുകതന്നെയാണ്. ടെലിവിഷൻ ജനപ്രിയമായിത്തുടങ്ങുന്ന കാലത്ത് (1992ൽ) പന്ത്രണ്ടുലക്ഷമായിരുന്ന മലയാള പത്രപ്രചാരം കാൽനൂറ്റാണ്ടുകൊണ്ട് അൻപതുലക്ഷത്തിനടുത്തെത്തിയിരിക്കുന്നു. സമാന്തരമായി ടെലിവിഷൻ ഏതാണ്ട് എൺപതുശതമാനം വീടുകളിലും എത്തി. ഇരുപത്-ഇരുപത്തഞ്ചു ശതമാനമാണ് നവ-സാമൂഹ്യ മാധ്യമങ്ങളുടെ പ്രചാരം. എഫ്.എം. റോഡിയോ സംസ്‌കാരമാണ് ഇനിയുമൊന്ന്. പത്രങ്ങൾക്കെതിരെ എന്ന് ലോകം മുഴുവൻ സാക്ഷ്യപ്പെടുത്തുന്ന ഈ മുഴുവൻ മാധ്യമങ്ങളുടെയും പ്രളയകാലത്തും ഇന്ത്യയിലും മലയാളത്തിലും പത്രങ്ങൾ ഒരത്ഭുതം പോലെ വളർന്നുകൊണ്ടിരിക്കുന്നു.

കൗതുകകരമായ ചില വസ്തുതകളുമുണ്ട് ഈ രംഗത്ത്. 2016 ജൂലൈ-ഡിസംബർ ഘട്ടത്തിൽ നിന്ന് 2017 ജനുവരി-ജൂൺ ഘട്ടത്തിലെത്തുമ്പോൾ ദേശാഭിമാനിക്ക് 1,85,640 കോപ്പികൾ കൂടി. മനോരമക്ക് 52531 കോപ്പികളും മാതൃഭൂമിക്ക് 40,485 കോപ്പികളും കുറഞ്ഞു.

ഈ വളർച്ചയുടെ നിഴലും നിലാവും വകമാറ്റി വിശദീകരിക്കുകയാണ് തുടർന്നങ്ങോട്ട് രാജേന്ദ്രൻ. എല്ലാ അർഥത്തിലുമുള്ള പ്രൊഫഷണലിസം എങ്ങനെയാണ് മലയാളപത്രങ്ങൾ നടപ്പിലാക്കിയത്? കെ.എം. മാത്യുവും മനോരമയും തുടക്കമിട്ട മാറ്റങ്ങൾ മിക്ക പത്രങ്ങളും ഏറ്റെടുത്തു. സാങ്കേതികവിപ്ലവത്തെ മലയാളപത്രങ്ങൾ സഹർഷം സ്വാഗതം ചെയ്തു.

രാഷ്ട്രീയം, ഭരണകൂടം, പത്രനയം, നിയമനടപടികൾ തുടങ്ങിയവ മുൻനിർത്തി അടിയന്തരാവസ്ഥയുൾപ്പെടെയുള്ള സന്ദർഭങ്ങളിൽ പത്രങ്ങൾ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്ത നയങ്ങളും പരിപാടികളും വിശദീകരിക്കുന്നു, പിന്നീട്.

വ്യക്തികൾ, ഗണ-രൂപങ്ങൾ, പ്രവണതകൾ എന്നിവയുടെ അടിസ്ഥാനത്തിൽ മലയാള മാധ്യമങ്ങളെയും മലയാളികളായ മാധ്യമപ്രവർത്തകർ ഇതര (മുഖ്യമായും ഇംഗ്ലീഷ്) ഭാഷാമാധ്യമങ്ങളിൽ നടത്തിയ ഇടപെടലുകളെയും ഒന്നൊന്നായി വിവരിക്കുന്നു, തുടർന്നുള്ള അധ്യായങ്ങളിൽ.

സായാഹ്നപത്രങ്ങൾ, മാധ്യമരംഗത്തെ വനിതകളുടെ സാന്നിധ്യവും അസാന്നിധ്യവും, മലയാളപത്രങ്ങളിലെ കാർട്ടൂണിസ്റ്റുകൾ, മാധ്യമപ്രവർത്തകരുടെ സംഘടനകൾ, സ്ഥാപനങ്ങൾ, ഇന്ദ്രപ്രസ്ഥത്തിലെ മലയാളപത്രപ്രവർത്തകർ, സ്പോർട്സ് ജേണലിസം, ഇലക്‌ട്രോണിക്-ഓൺലൈൻ മാധ്യമങ്ങൾ, ആനുകാലികങ്ങൾ, ടെലിവിഷൻ എന്നിവയുടെ സാമാന്യമായ മലയാളചരിത്രം ഈയധ്യങ്ങൾ കോറിയിടുന്നു.

ഇംഗ്ലീഷ് പത്രങ്ങളിലൂടെ ദേശീയതലത്തിൽ വിഖ്യാതരായിത്തീർന്ന കാർട്ടൂണിസ്റ്റ് ശങ്കർ മുതൽ പോത്തൻ ജോസഫും അബുവും ബി.ജി. വർഗീസും ടി.ജെ.എസ്. ജോർജും സി.പി. രാമചന്ദ്രനും ഒ.വി. വിജയനുമുൾപ്പെടെയുള്ള, മുൻതലമുറയിലെ മലയാളി പത്രപ്രവർത്തകരെക്കൂറിച്ചാണ് ഒരധ്യായം. പോത്തൻ ജോസഫിന്റെ ഐതിഹാസികമായ ജീവിതത്തെക്കുറിച്ചൊരു ഭാഗം വായിക്കൂ:

'ചെങ്ങന്നൂരുകാരനായ സിഐ ജോസഫിന്റെ മകൻ പോത്തൻ (1892-1972) സ്വാതന്ത്ര്യത്തിനു മുമ്പും പിൻപുമായി 26 പത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ മറ്റൊരു മലയാളി ടി.ജെ.എസ്. ജോർജ് കണ്ടെത്തിയത്. ഒരേസമയം അത് പോത്തൻ ജോസഫിന്റെ യോഗ്യതയും അയോഗ്യതയുമാണ്. മുംബൈയിലെ ബോംബെ ക്രോണിക്ക്‌ളിൽ തുടങ്ങി സി. രാജഗോപാലാചാരിയുടെ സ്വരാജ്യയിൽ അവസാനിപ്പിക്കുന്നതിനിടയിൽ അദ്ദേഹം പ്രവർത്തിച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ ഇന്ത്യൻ എക്സ്‌പ്രസ്സും ഹിന്ദുസ്ഥാൻ ടൈംസും ടൈംസ് ഓഫ് ഇന്ത്യയും നാഷനൽ ഹെറാൽഡും ഡെക്കാൻ ഹെറാൾഡും ഡോണും വോയ്‌സ് ഓഫ് ഇന്ത്യയും പെടും. ഈ പത്രങ്ങളിൽ നിന്നെല്ലാം ഇറങ്ങിപ്പോയതാണ് പോത്തൻ ജോസഫ്. മാനേജ്‌മെന്റുമായി വെറുതെ ഗുസ്തി പിടിക്കുന്ന ആളായിരുന്നില്ല അദ്ദേഹം. പക്ഷേ, പത്രം പോകുന്ന വഴി തന്റെ വഴിയല്ല എന്നു തോന്നിയാൽ പോത്തൻ കൂടുതൽ സംസാരത്തിനു നിൽക്കാതെ ഇറങ്ങും. പിന്നെ കുറെ ദിവസം വീട്ടിൽ ചുരുണ്ടുകൂടി കിടക്കും. അധികം വൈകാതെ അദ്ദേഹത്തിന് എഡിറ്റർ സ്ഥാനം ഓഫർ ചെയ്തുകൊണ്ട് അടുത്ത ആൾ വരും. അടുത്ത അധ്യായം തുടങ്ങുകയായി. അങ്ങനെയാണ് അദ്ദേഹം പ്രവർത്തിച്ച പത്രങ്ങളുടെ എണ്ണം ഒരുപക്ഷേ ലോകറെക്കോഡ് ആയ ഇരുപത്താറിൽ എത്തിയത്.

പോത്തൻ ജോസഫ് ഒരു പത്രവും തുടങ്ങിയിട്ടില്ല. മറ്റുള്ളവരുടെ പത്രങ്ങളിലേ ജോലി ചെയ്തിട്ടുള്ളൂ. പക്ഷേ, അവയിൽ പലതും പോത്തൻ ജോസഫ് തന്നെ വളമിട്ടും വെള്ളമൊഴിച്ചും വളർത്തിയതാണ്. വേറെ ചിലർ നട്ടതാണ് ചിലതെല്ലാം. ജീവൻപോകും എന്നായപ്പോൾ രക്ഷകനായി എത്തിയതാണ് പോത്തൻ. പലതിനെയും സ്വന്തം കഴിവുകൾ കൊണ്ടും ആശയങ്ങൾ കൊണ്ടും എഴുത്തുകൊണ്ടും വന്മരങ്ങളാക്കി പോത്തൻ ജോസഫ്. ഒരു ഡസനോളം പത്രങ്ങളുടെ സ്ഥാപകപത്രാധിപർ തന്നെയായിരുന്നു. പത്രം വലുതാകും വരെയേ പല ഉടമസ്ഥന്മാരും ജോസഫിനെ സഹിക്കൂ.

നാൽപ്പതുവർഷം ദിവസവും പത്രത്തിൽ കോളം എഴുതിയ ലോകത്തിലെതന്നെ ഏക പത്രാധിപരാണ് പോത്തൻ ജോസഫ് എന്നറിയുമ്പോഴാണ് ആ പ്രതിഭയുടെ ഗാംഭീര്യം വ്യക്തമാവുക. ഓവർ എ കപ്പ് ഓഫ് ടീ എന്ന കോളം. വൈസ്‌റോയി മുതൽ, മഹാത്മാഗാന്ധി വരെ ഒരുപാട് ആളുകൾ അവരുടെ ദിനചര്യ തുടങ്ങിയിരുന്നത് ആ പംക്തി വായിച്ചുകൊണ്ടാണ്.

മുഹമ്മദ് അലി ജിന്ന നടത്തിയ മുസ്ലിം ലീഗ് പത്രമായ ഡോണിന്റെയും പത്രാധിപരായിരുന്നിട്ടുണ്ട് പോത്തൻ ജോസഫ്. താൻകണ്ട ഏറ്റവും നല്ല പത്രമുടമ ജിന്നയാണെന്ന് പോത്തൻ ജോസഫ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്വതന്ത്രഭാരതത്തിൽ കാൽനൂറ്റാണ്ട് പത്രപ്രവർത്തനം നടത്തിയിട്ടുണ്ട് പോത്തൻ ജോസഫ്. രാജ്യം കണ്ട ഏറ്റവും വലിയ പത്രാധിപർ പക്ഷേ, അവസാനകാലം കഴിച്ചുകൂട്ടിയത് സമുന്നത ദേശീയ നേതാവ് സി. രാജഗോപാലാചാരി നടത്തിയ സ്വരാജ് പത്രം നൽകിപ്പോന്ന പെൻഷൻ കൊണ്ടാണ് എന്നത് മറ്റൊരു ദുരന്തം'.

സാങ്കേതികത, സമ്പദ്ഘടന, ഉടമസ്ഥത, തൊഴിൽ, പത്രധർമം, പ്രൊഫഷണലിസം, സാമൂഹികത, പ്രചാരം, ജനാധിപത്യം, പത്രമാരണ നിയമങ്ങൾ.... ഐക്യകേരളത്തിലെ മലയാളമാധ്യമങ്ങളുടെ ജീവചരിത്രം ഏതാണ്ട് സമഗ്രമായിത്തന്നെ സംക്ഷേപിക്കുന്നു, രാജേന്ദ്രൻ. നിശിതമായ രാഷ്ട്രീയ വിശകലനങ്ങൾ, സൂക്ഷ്മമായ ചരിത്രബോധം, വിട്ടുവീഴ്ചയില്ലാത്ത മതേതര-പുരോഗമന നിലപാട്, പ്രൊഫഷണലിസത്തോടുള്ള കൂറ് എന്നിങ്ങനെ രാജേന്ദ്രന്റെ സമീപനങ്ങളെ പ്രസക്തമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്.

കൗതുകകരങ്ങളായ എത്രയെങ്കിലും വിവരങ്ങളും വസ്തുതകളും ഈ പുസ്തകത്തിൽ മാധ്യമവിദ്യാർത്ഥികൾക്കു ലഭിക്കും. ഏതു വിഷയം ചർച്ചക്കെടുക്കുമ്പോഴും അതിന്റെ രാഷ്ട്രീയ-മാധ്യമ-സാമൂഹിക മണ്ഡലങ്ങളെ മനസ്സിലിരുത്തി വിശദീകരിക്കും, രാജേന്ദ്രൻ.

അതേസമയം, അച്ചടിമാധ്യമങ്ങളിൽ പത്രം മാത്രമാണ് പ്രചാരവളർച്ച കാണിക്കുന്നതെന്നും ആനുകാലികങ്ങളുൾപ്പെടെയുള്ള മറ്റു മുഴുവൻ അച്ചടിമാധ്യമങ്ങളും വൻ തളർച്ച നേരിടുകയാണെന്നുമുള്ള വസ്തുത; നവ, ഓൺലൈൻ, സാമൂഹ്യമാധ്യമങ്ങൾ ടെലിവിഷനെ പ്രതിസന്ധിയിലാക്കിത്തുടങ്ങിയിട്ടുണ്ടെന്ന കാര്യം; മത-വർഗീയ അജണ്ടകൾ മുഴുവൻ അച്ചടി-ദൃശ്യ-നവമാധ്യമങ്ങളിലും മേൽക്കൈ നേടിക്കഴിഞ്ഞ അവസ്ഥ; മലയാള മാധ്യമങ്ങളിലെ പ്രത്യക്ഷവും പരോക്ഷവുമായ ദലിത് ഹിംസകളുടെ ആധിക്യം; സാഹിത്യമുൾപ്പെടെയുള്ള ആധുനികതയുടെ സാംസ്‌കാരിക രൂപങ്ങൾ മാധ്യമങ്ങളിൽ നിന്നപ്രത്യക്ഷമായിക്കഴിഞ്ഞ സന്ദർഭം; മൊബൈൽഫോൺ എല്ലാ അർഥത്തിലും മലയാളിയുടെ മാധ്യമ-രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളെ പുനർനിർവചിച്ചുതുടങ്ങിയതിന്റെ രീതികൾ എന്നിവ കുറെക്കൂടി വസ്തുനിഷ്ഠമായപഗ്രഥിച്ചിരുന്നുവെങ്കിൽ ഐക്യകേരളത്തിന്റെ മാധ്യമപരിണാമം കൂടുതൽ ചരിത്രാത്മകമാകുമായിരുന്നു. റേഡിയോയെക്കുറിച്ച് ഒരധ്യായം നിശ്ചയമായും വേണ്ടിയിരുന്നു. ദൃശ്യ, നവമാധ്യമങ്ങളെ ഏകപക്ഷീയമായി വിമർശിക്കുന്നുവെന്നതാണ് മറ്റൊരു പ്രശ്‌നം. ടെലിവിഷനെന്നാൽ തൊണ്ണൂറുശതമാനം പ്രേക്ഷകർക്കും വിനോദചാനലുകളാണെന്നിരിക്കെ, വാർത്താചാനലുകളെക്കുറിച്ചാണ് ചർച്ച. ഈ ബഹുജനമാധ്യമപരതയെ കണ്ടില്ലെന്നു നടിച്ചിട്ടു കാര്യമില്ല. കാരണം, പത്രം വായിക്കുന്ന മലയാളിതന്നെയാണ് ടെലിവിഷനും കാണുന്നത്. വായനയുടെ ഗൗരവം കാഴ്ചയ്ക്കില്ല എന്ന യുക്തി നിലനിൽക്കുമോ?

എങ്കിലും ഐക്യകേരളമെന്ന അളവുകോൽ മുൻനിർത്തി ഇക്കഴിഞ്ഞ അറുപതാണ്ടത്തെ മലയാള മാധ്യമങ്ങളുടെ സംക്ഷിപ്തചരിത്രം വസ്തുതകളുടെ സമ്പന്നതയും നിലപാടുകളുടെ ജാഗ്രതയും വിശകലനത്തിന്റെ സൂക്ഷ്മതയും കൈവിടാതവതരിപ്പിക്കുന്നതിൽ രാജേന്ദ്രൻ വിജയിച്ചിരിക്കുന്നു.

പുസ്തകത്തിൽനിന്ന്:-

'ജനപ്രിയതയും സാഹിത്യമൂല്യവും ഒത്തുപോകില്ലെന്ന സങ്കൽപ്പം തകർത്ത പ്രസിദ്ധീകരണങ്ങൾ മലയാളത്തിലുണ്ടായി. കെ. ബാലകൃഷ്ണന്റെ കൗമുദി ഇറങ്ങുന്ന തിങ്കളാഴ്ചകളിൽ എല്ലാ തുറകളിലും പെട്ടവർ അതു വായിക്കാൻ കാത്തുനിൽക്കാറുണ്ടായിരുന്നു എന്ന് അക്കാലത്തെ ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്. ദിനപത്രത്തിൽനിന്നു വ്യത്യസ്തമായി പത്രാധിപരുടെ വ്യക്തിത്വവും സാന്നിധ്യവും പ്രകടമാകുന്നത് ആനുകാലികങ്ങളിലാണല്ലോ. ഓരോ പേജിലും കെ. ബാലകൃഷ്ണൻ എന്ന പത്രാധിപർ നിറഞ്ഞുനിന്ന വാരിക ആയിരുന്നു കൗമുദി. പുതുമയെ ഇത്ര ആവേശത്തോടെ പുൽകിയ മറ്റൊരു പത്രാധിപരെ കാണില്ല. ഇടതുപക്ഷാശയങ്ങൾ പുലർത്തുമ്പോഴും മാർക്‌സിസത്തെയും കമ്യൂണിസ്റ്റുകാരെയും കുത്തുന്ന ലേഖനങ്ങൾ കൗമുദിയിൽ നിരന്തരം പ്രത്യക്ഷപ്പെടാറുണ്ട്, അവ വിവാദമാകാറുമുണ്ട്. ഒരൊറ്റ വിവാദലേഖനത്തെ ചോദ്യം ചെയ്യുന്നതും വിശദീകരിക്കുന്നതും മറുപടി പറയുന്നതുമായ ലേഖനങ്ങൾ എട്ടും പത്തും ലക്കങ്ങളിൽ പരന്നുകിടന്ന അനേകം അനുഭവങ്ങളുണ്ട്.

കൗമുദിയുടെ പുറങ്ങൾ എപ്പോഴും പുതുമഖങ്ങൾക്ക് തുറന്നിട്ടിരുന്നു. പ്രശസ്തരെയും പ്രമുഖരെയും ആക്രമിക്കുന്ന, പുതുമുഖങ്ങളുടെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ ബാലകൃഷ്ണൻ മടിച്ചില്ല. ചങ്ങമ്പുഴയിൽ നിന്ന് ഒരിഞ്ചു മുന്നോട്ടുപോകാൻ ഇന്നത്തെ കവികൾക്ക് കഴിഞ്ഞിട്ടില്ലെന്നും വയലാർ, ഒ.എൻ.വി, പി. ഭാസ്‌കരൻ എന്നിവരുടെ സൃഷ്ടികൾ ചങ്ങമ്പുഴയുടെ മാറ്റൊലിക്കവിതകൾ മാത്രമാണെന്നും വിളിച്ചുപറയുന്ന എം. കൃഷ്ണൻനായരുടെ 1955-ലെ ലേഖനം ചില്ലറ വിവാദമൊന്നുമല്ല സൃഷ്ടിച്ചത്. എം. കൃഷ്ണൻനായർ അവിടെയും നിർത്തിയില്ല. എൻ. വി. കൃഷ്ണവാര്യരുടെ കവിതകൾക്കു നേരെയായി അടുത്ത ആക്രമണം. എൻ.വി. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതല വഹിക്കുന്ന കാലമാണ്.

ഏതു വലിയ പണ്ഡിതന് എതിരെയും തന്റെ ഏതു അടുത്ത സുഹൃത്തിനെതിരെയും എത്ര കടുത്ത വിമർശനവും തന്റെ വാരികയിൽ പ്രസിദ്ധപ്പെടുത്താൻ മടിക്കില്ലെന്നു പലവട്ടം തെളിയിച്ചു പത്രാധിപർ ബാലകൃഷ്ണൻ. ഇങ്ങനെ ആക്രമിക്കപ്പെട്ടവരിൽ വൈക്കം മുഹമ്മദ് ബഷീർ, ജോസഫ് മുണ്ടശ്ശേരി, ജി. ശങ്കരക്കുറുപ്പ് തുടങ്ങിയവരും പെടും. വ്യക്തികളെയല്ല, സൃഷ്ടികളെയാണ് വിമർശകർ പരിശോധിച്ചിരുന്നത് എന്നേയുള്ളൂ.

ബാലകൃഷ്ണനിൽ ആർക്കും ദുരുദ്ദേശം ആരോപിക്കാൻ പറ്റുമായിരുന്നില്ല. കൗമുദിയിൽ എഴുതിയിട്ടില്ലാത്ത നല്ല ഒരു എഴുത്തുകാരനും ഇല്ലെന്നുതന്നെ പറയാം. പുതുമയും പ്രയോജനവും കൗതുകവും ഉള്ള പലതരം പുതിയ പംക്തികൾ കണ്ടെത്താനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. നല്ല മാറ്റർ കിട്ടാൻ എന്ത് സാഹസത്തിനു മുതിരാനും മടിയില്ലാതിരുന്ന പത്രാധിപരായിരുന്നു ബാലകൃഷ്ണൻ. ഓണപ്പതിപ്പിന് മാറ്റർ ചോദിക്കാൻ പര്യടനം നടത്തുന്നതിന് ഇടയിൽ ബഷീറിന്റെ താമസസ്ഥലത്തെത്തി. സംസാരിക്കുന്നതിനിടയിൽ മേശപ്പുറത്തു കണ്ട ഒരു തിരക്കഥ ബാലകൃഷ്ണൻ മെല്ലെ പൊക്കി. തിരിച്ച് ഓഫീസിലെത്തിയപ്പോൾ ആദ്യം ചെയ്തത് ബഷീറിന്റെ ഭാർഗവീനിലയം തിരക്കഥ കൗമുദി പ്രസിദ്ധീകരിക്കാൻ പോകുന്നു എന്നു പരസ്യപ്പെടുത്തലായിരുന്നു. ഡയറക്റ്ററോട് ഉത്തരം പറയാൻ വയ്യാതെ ബഷീർ കുഴഞ്ഞു. ബാലകൃഷ്ണനോടുള്ള രോഷം തിളയ്ക്കുകയും ചെയ്തു. ബാലകൃഷ്ണൻ ആവട്ടെ ബഷീറിന്റെ വായിൽനിന്നു പൊട്ടിപ്പുറപ്പെട്ട ആക്ഷേപങ്ങളും തെറികളുമെല്ലാം കേട്ട് മിണ്ടാതിരിക്കുകയായിരുന്നു. ഒടുവിൽ ഒത്തുതീർപ്പുണ്ടായി. മറ്റൊരു കഥ തന്നാൽ ഭാർഗവീനിലയം പിൻവലിക്കാം. അങ്ങനെ ബഷീർ കുത്തിയിരുന്ന് എഴുതിക്കൊടുത്തതാണ് മതിലുകൾ. ഇവർ തമ്മിലുള്ള ഉറ്റ സൗഹൃദമായിരിക്കാം ഇത്രയും സ്വാതന്ത്ര്യമെടുക്കാൻ കാരണം. ബാലകൃഷ്ണന്റെ ഇത്തരം സാഹസികതകളുടെയും കടുംകൈകളുടെയും എഴുത്തുകാർക്ക് ഇഷ്ടംപോലെ പണം നൽകുന്ന ഉദാരതയുടെയും അനുഭവങ്ങൾ വിവരിക്കുന്ന ഒരു കഥയെങ്കിലും പറയാത്ത ഒരെഴുത്തുകാരനും ഉണ്ടായിരുന്നില്ല.

1950 മാർച്ചിൽ ആരംഭിച്ച കൗമുദി അറുപതുകളുടെ മധ്യത്തോടെ നിലച്ചു. 1962 മധ്യത്തിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഒട്ടേറെ പുതിയ ശ്രേണികൾ വെട്ടിത്തുറന്നുകൊണ്ടുള്ള കൗമുദിയുടെ സംഭവബഹുലമായ രണ്ടാം ഘട്ടം 1970 മധ്യത്തോടെ കത്തിത്തീരുകയാണ് ഉണ്ടായത്'.

മലയാള മാധ്യമം: അകവും പുറവും
എൻപി. രാജേന്ദ്രൻ
കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
2017, വില: 80 രൂപ 

ഷാജി ജേക്കബ്‌    
കേരള സര്‍വകലാശാലയില്‍ ഗവേഷകവിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയില്‍ തുടര്‍ച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും, പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്‌കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമര്‍ശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളില്‍ ഷാജി ജേക്കബിന്റെ നൂറുകണക്കിനു രചനകള്‍ പുറത്തുവന്നിട്ടുണ്ട്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
വാവിട്ട വാക്കും കൈവിട്ട ഫേസ്‌ബുക്ക് പോസ്റ്റും; തെറിച്ചത് മാധ്യമപ്രവർത്തകന്റെ പണി; മാധ്യമങ്ങളോട് ചൂടായ മുഖ്യമന്ത്രിയെ വിമർശിച്ച് 'മിസ്റ്റർ പിണറായി' എന്ന് തുടങ്ങുന്ന പോസ്റ്റിട്ട 'കേരള വിഷൻ' ന്യൂസ് ഹെഡിന് കിട്ടിയത് വലിയ പണി; കടുത്ത സൈബർ ആക്രമണത്തിന് പിന്നാലെ പ്രജീഷിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി മാനേജ്‌മെന്റ്; ആകെ തകർന്നപ്പോൾ ജീവനൊടുക്കാനും മാധ്യമപ്രവർത്തകന്റെ ശ്രമം
ചായക്കടക്കാരന്റെ മകൾ സ്വപ്രയത്നത്തിലൂടെ നേടിയത് 3.83 കോടി രൂപയുടെ സ്കോളർഷിപ്പോടുകൂടി യുഎസിൽ ഉന്നത പഠനത്തിനുള്ള അവസരം; അമ്മാവനൊപ്പം ബൈക്കിൽ ബന്ധുവീട്ടിലേക്ക് പോകവെ അശ്ലീല പദങ്ങളുമായി പിന്നാലെ കൂടിയത് രണ്ട് യുവാക്കൾ; 20കാരിക്ക് ജീവൻ നഷ്ടമായത് യുവാക്കളുടെ അഭ്യാസ പ്രകടനത്തിനിടെയുണ്ടായ അപകടത്തിൽ; സുധിക്ഷയുടെ വിയോ​ഗം താങ്ങാനാകാതെ നാട്ടുകാർ
ആദ്യം അലർട്ട് ആകേണ്ട എയർപോർട്ട് സുരക്ഷാ സംവിധാനങ്ങൾ ദുരന്തം നടന്നിട്ടും ഉണർന്നില്ല; റെസ്‌ക്യൂ ടീമും ഫയർഫോഴ്‌സും കൃത്യസമയത്ത് എത്തിയില്ല; പരിശീലനം നേടിയവർ മാത്രം എയർ റെസ്‌ക്യൂ നടത്തേണ്ട സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത് നാട്ടുകാർ; എയർക്രാഫ്റ്റ് ഇൻവെസ്റ്റിഗേഷന് തടസമായ കാര്യങ്ങളാണ് കരിപ്പൂരിൽ നടന്നത്; മോശം കാലാവസ്ഥയിലും ലാന്റിങ് സാധ്യമാക്കുന്ന ബോയിങ് 737 ന്റെ അപകടകാരണം അറിയാൻ ബ്ലാക്ക്‌ബോക്‌സ് തന്നെ രക്ഷ; കരിപ്പൂർ ദുരന്തത്തെ കുറിച്ച് ക്യാപ്റ്റൻ സാം തോമസ് മറുനാടനോട്
റഷ്യൻ വാക്‌സിന് എന്തൊരു സ്പീഡ്; രണ്ടുമാസത്തെ പരീക്ഷണത്തിന് ശേഷം വാക്‌സിൻ വിജയമെന്ന് പ്രഖ്യാപിച്ചത് സംശയത്തോടെ നോക്കി ആരോഗ്യ വിദഗ്ദ്ധർ; മൂന്നാം ഘട്ട പരീക്ഷണങ്ങൾ ബുധനാഴ്ച തുടങ്ങാനിരിക്കെ ധൃതി പിടിച്ച് പ്രസിഡന്റ് പുടിൻ അറിയിപ്പുമായി വന്നത് കോവിഡിനെതിരെ വാക്‌സിൻ വികസിപ്പിക്കുന്ന ആദ്യ രാഷ്ട്രമെന്ന പ്രശസ്തിക്ക് വേണ്ടിയോ? കർശന സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രം അംഗീകാരമെന്ന് ഡബ്ല്യുഎച്ച്ഒ; സ്പുട്‌നിക് വി എന്ന് പേരിട്ട വാക്‌സിനായി ബുക്ക് ചെയ്തിരിക്കുന്നത് 20 രാജ്യങ്ങളെന്ന് റഷ്യ
രോഗത്തിന് ഫലപ്രദമായ ചികിത്സ ലഭ്യമാണോ അല്ലയോ എന്നതാണോ, അതോ ചികിത്സ സമ്പ്രദായം സയന്റിഫിക്കലി പ്രൂവൻ ആവണമെന്നതാണോ ഫസ്റ്റ് പ്രിഫറൻസ് ? മൂന്നു തലമുറകളായി ഹോമിയോപ്പതിയെ ആശ്രയിച്ചിട്ടുള്ളവരാണ് ഞങ്ങൾ; 100 ശതമാനം ഫലപ്രദമായ ചികിത്സ ഹോമിയോപ്പതിയിൽ നിന്നും എനിക്കു ലഭിച്ചിട്ടുണ്ട്; ​ഗായത്രി സുരേഷ് എഴുതുന്നു
കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ വിലക്കിയത് 2015 ൽ; വൈഡ് ബോഡി എയർക്രാഫ്റ്റുകളുടെ നിരോധനം നീക്കിയത് 2019 ജൂലൈയിലും; 18 പേരുടെ ജീവനെടുത്ത ബോയിങ് വിമാനാപകടത്തിന് കാരണം കേന്ദ്രവ്യോമയാനമന്ത്രി ഹർദീപ് സിങ് പുരിയുടെ തീരുമാനമെന്ന വിമർശനത്തിന് ചൂടുപിടിച്ചതോടെ ഡിജിസിഎക്ക് മനംമാറ്റം; മഴക്കാലത്ത് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വീണ്ടും വിലക്ക്; തീരുമാനം മൻസൂൺകാലത്തേക്ക മാത്രം; കനത്തമഴ ലഭിക്കുന്ന വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധനയും
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്‌നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
ഷാപ്പിലെ കറിവെപ്പുകാരനായി മണർകാടെത്തി; വട്ടിപ്പലിശക്കാരുടെ ഇടനിലക്കാരനായി ചുവടുമാറ്റം; നിസാര തുക കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്ത് വളർന്ന് പന്തലിച്ചു; 20 ലക്ഷം രൂപയ്ക്ക് രണ്ടേ കാൽ മാസത്തേക്ക് പലിശയായി വാങ്ങിയത് ഒരു കോടി രൂപ; കൊള്ളപ്പലിശയ്ക്ക് അവതരിപ്പിച്ചത് പത്താംകളം എന്ന പലിശ രീതി; അച്ഛനെ കിഡ്‌നാപ്പ് ചെയ്ത് യുവതിയെ ധർമ്മ സങ്കടത്തിലാക്കി; മാലം സുരേഷ് ക്രൂരതയുടെ അവതാരം! മല്ലപ്പള്ളിയിലെ പ്രീതി മാത്യുവിനെ തകർത്തതും മണർകാട്ടെ ഷൈലോക്കിന്റെ ചതിക്കുഴി
ശ്രീകണ്ഠൻ നായരുടെ വിദേശയാത്രകൾക്ക് ഹൈക്കോടതിയുടെ വിലക്ക്; വ്യാജ വാർത്താ കേസിൽ അറസ്റ്റ് ചെയ്താൽ 50,000 രൂപ ബോണ്ടിൽ വിട്ടയയ്ക്കണം; ഇനി വ്യാജ വാർത്തകൾ സംപ്രക്ഷേണം ചെയ്താൽ ജാമ്യം റദ്ദാക്കും; മറ്റുള്ളവർക്ക് വഴികാട്ടേണ്ട ശ്രീകണ്ഠൻ നായർ കേട്ടുകേൾവി വാർത്തയാക്കരുതെന്ന് ഓർമ്മിപ്പിച്ച് 24 ചാനൽ മേധാവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ശ്രീകണ്ഠൻ നായർ ഷോയിലെ കോവിഡിനെ കുറിച്ചുള്ള വ്യാജ വാർത്തയിലെ വിധിയിൽ നിറയുന്നത് വിമർശനങ്ങൾ മാത്രം
അമ്മയാണെ സത്യം അമ്മ മരിച്ചുവെന്ന് പറഞ്ഞിട്ടില്ല; ഒരു നടൻ മരിച്ചു പോയി അയാളെ കാണാൻ പോകാനാണ് വണ്ടിക്കൂലിക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്ന് പറഞ്ഞത്; അപ്പോൾ അയാൾ തിരുവനന്തപുരത്തേക്ക് കൊണ്ടു വിടാമെന്നും പണം അവിടെ എത്തിയിട്ട് നൽകിയാൽ മതിയെന്നും പറഞ്ഞു; വേണ്ട എന്ന് പറഞ്ഞെങ്കിലും അയാൾ എന്നെ നിർബന്ധിപ്പിച്ച് കയറ്റി; വിചിത്ര ന്യായവുമായി മരിയാപുരത്തുകാരൻ നിശാന്തും; ഓട്ടോക്കാരനെ അളിയൻ പണം തരുമെന്ന് പറഞ്ഞ് പറ്റിച്ചു മുങ്ങിയ വിരുതൻ പറയുന്ന കഥ ഇങ്ങനെ
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി