Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202126Tuesday

സ്വലിംഗപ്രണയത്തിന്റെ ആനന്ദരാഷ്ട്രീയം

സ്വലിംഗപ്രണയത്തിന്റെ ആനന്ദരാഷ്ട്രീയം

ഷാജി ജേക്കബ്‌

'കാലുകൾക്കിടയിലല്ല, തലച്ചോറിലാണ് മനുഷ്യരുടെ ലിംഗസ്സ്തിത്വം രൂപമെടുക്കുന്ന'തെന്ന തിരിച്ചറിവ്, ആധുനികാനന്തര സാംസ്‌കാരിക മണ്ഡലങ്ങളിൽ വിപ്ലവകരമായ രാഷ്ട്രീയ ഇടപെടൽ നടത്തിയ ആശയവിസ്‌ഫോടനങ്ങളിലൊന്നാണ്. ലൈംഗികശാസ്ത്രം, മനഃശാസ്ത്രം, സാമൂഹ്യവിജ്ഞാനം, നാഡീവിജ്ഞാനം, സ്ത്രീവാദം എന്നിങ്ങനെ നിരവധിയായ ശാസ്ത്ര-വൈജ്ഞാനിക വ്യവഹാരങ്ങളിൽ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലുടലെടുത്ത നവചിന്തകളുടെ ഫലമായിരുന്നു, ഇത്. മധ്യകാല മതമൂല്യബോധങ്ങൾ മേൽക്കോയ്മ പുലർത്തിയ ആധുനികതയുടെ സദാചാര-ധാർമ്മിക പദ്ധതികളുടെ താക്കോൽസ്ഥാനത്തുണ്ടായിരുന്നത് സ്ത്രീലൈംഗികതയുടെ ദമനവും പുരുഷലൈംഗികതയുടെ തിണർപ്പുമായിരുന്നു. ആധുനികതയുടെ ആണധികാരയുക്തികളോടു കലഹിച്ച ഭിന്നജ്ഞാനവ്യവസ്ഥകൾ ഈ ലിംഗാധിപത്യത്തിന്റെ നട്ടെല്ലുതകർത്തു രംഗത്തുവന്നതിന്റെ പരിണതഫലങ്ങളായിരുന്നു ലിംഗസ്സ്തിത്വങ്ങളുടെ ബഹുലതയെക്കുറിച്ചും ശരീരത്തെ മറികടന്നുള്ള അവയുടെ സാംസ്‌കാരികതയെക്കുറിച്ചുമുള്ള തിരിച്ചറിവുകൾ. യൂറോ-അമേരിക്കൻ സാമൂഹ്യപൊതുമണ്ഡലത്തിൽ തുടക്കമിട്ട ഈ പുതുബോധത്തിന്റെ ആശയധാരകൾ അക്കാദമികവും അനക്കാദമികവുമായ വഴികളിൽ ഒരുപോലെ സജീവമായി ആൺ, പെൺ ലൈംഗികതകളുടെ അപ്രമാദിത്വം ചോദ്യം ചെയ്തുകൊണ്ട് നിരവധിയായ ലിംഗസ്വത്വങ്ങൾ ഉയർന്നുവന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ രൂപംകൊണ്ട പാശ്ചാത്യ മനുഷ്യാവകാശപ്രസ്ഥാനങ്ങളുടെ ചുവടുപിടിച്ചാണ് സ്ത്രീപുരുഷ ലൈംഗികത (Hetrosexuality)യുടെ സാംസ്‌കാരികാധീശത്വത്തെ വെല്ലുവിളിക്കുന്ന ഇതര ലൈംഗികാസ്തിത്വങ്ങളുടെ സ്വരം ഉയർന്നുകേട്ടുതുടങ്ങുന്നത്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രമുഖം സ്വലിംഗപ്രണയത്തിന്റെയും രതിയുടെയും (Homosexuality) ജൈവസാധ്യതകളായിരുന്നു. ഇന്നിപ്പോൾ സ്വലിംഗ, ഉഭയലിംഗ (Bisexual), ഭിന്നലിംഗ (Transgender) വിഭാഗങ്ങളെ ലൈംഗികന്യൂനപക്ഷമായികണ്ട് സമീപിക്കുന്ന വിപുലമായ ഒരു വൈജ്ഞാനിക-രാഷ്ട്രീയപദ്ധതിതന്നെ രൂപംകൊണ്ടിരിക്കുന്നു. L.G.B.T. (Lesbian, Gay, Bisexual and Transgender) പ്രസ്ഥാനം. ലൈംഗികത എന്ന സങ്കല്പനംകൊണ്ട് ഇവിടെ അർഥമാക്കുന്നത് പ്രണയം, രതി, സഹവാസം, കുടുംബം എന്നിവയൊക്കെ ചേർന്ന ഒരു വ്യവസ്ഥയെയാണ്. ഇവയെല്ലാം ഒന്നിച്ചു സാധ്യമാകാം. ചിലതുമാത്രമായും സാധ്യമാകാം. ഏതു ലൈംഗികാസ്തിത്വത്തിനും ശാരീരികവും അവയവപരവുമെന്നതിനെക്കാൾ സാമൂഹികവും സാംസ്‌കാരികവുമായ സ്വഭാവമാണുള്ളത്.

നൂറ്റാണ്ടുകളായി മതങ്ങളും ഭരണകൂടങ്ങളും കുറ്റവും മനോരോഗവും തിന്മയും പാപവും മറ്റുമായി കണ്ടുപോന്നിരുന്ന സ്ത്രീപുരുഷേതര കാമനകളൊന്നടങ്കം ജീവശാസ്ത്രപരവും പ്രകൃതിപരവുമാണെന്ന തിരിച്ചറിവിലെത്താൻ പാശ്ചാത്യസമൂഹങ്ങൾക്കു കഴിഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്നും ഇവ പൊതുസമ്മതി നേടിയിട്ടില്ല. സ്വലിംഗപ്രണയവും രതിയും വിവാഹവും നിയമവിധേയമാക്കാൻ ഇന്ത്യ തയ്യാറായിട്ടുമില്ല. സ്ത്രീപുരുഷ പ്രണയവും വിവാഹവും രതിയും പോലും സദാചാരപ്പൊലീസിംഗിന്റെയും നിയമവ്യവസ്ഥകളുടെയും ജാതി, മതാദികളുടെയും നിരീക്ഷണത്തിൽ ഗൂഢാചാരങ്ങൾപോലെ നിർവഹിക്കപ്പെടുന്ന പ്രാകൃതസമൂഹമാണല്ലോ ഇന്ത്യ. അപ്പോൾപ്പിന്നെ ഇതര ലൈംഗിക കാമനകളുടെ കാര്യം പറയാനുണ്ടോ? ബലാൽസംഗത്തിനും മൃഗരതിക്കും ബാലപീഡനത്തിനുമൊപ്പം കുറ്റകരമായ പ്രകൃതിവിരുദ്ധവും നിയമവിരുദ്ധവുമായ പ്രവൃത്തിയാണ് സ്വലിംഗരതിയെന്നാണ് ഇന്ത്യൻ നിയമവ്യവസ്ഥ വ്യാഖ്യാനിക്കുന്നത് (377-ാം വകുപ്പിൽ). സ്വലിംഗരതി നിയമവിധേയമാക്കിക്കൊണ്ട് 2009-ൽ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് 2013-ൽ സുപ്രീം കോടതി റദ്ദാക്കി.

കുറ്റവാളിവൽക്കരിച്ചും മനോരോഗവൽക്കരിച്ചും പിശാചവൽക്കരിച്ചും L.G.B.T. സമൂഹങ്ങളെ മുഖ്യധാരക്കു പുറത്തുനിർത്തുന്ന മധ്യകാല-ആധുനിക സാമൂഹ്യവ്യവസ്ഥക്കാണ് ഇന്ത്യയിൽ ഇന്നും സ്വീകാര്യത. ഭിന്നലിംഗക്കാരോടുള്ള സമീപനത്തിൽ മാത്രമാണ് ചില പരിഗണനകൾ ഭരണകൂടം കൊണ്ടുവന്നിട്ടുള്ളത്. ഈയൊരു പശ്ചാത്തലത്തിൽ കഴിഞ്ഞ അഞ്ചുപതിറ്റാണ്ടായി പാശ്ചാത്യലോകത്തും മൂന്നുപതിറ്റാണ്ടായി ഇന്ത്യയിലും തങ്ങളുടെ ലൈംഗികാസ്തിത്വം സ്ഥാപിച്ചെടുക്കാൻ പൊരുതിക്കൊണ്ടേയിരിക്കുന്ന L.G.B.T. സമൂഹങ്ങളെക്കുറിച്ചു പൊതുവിലും സ്വലിംഗ പ്രണയ, രതിതൽപ്പരരെക്കുറിച്ചു വിശേഷിച്ചും ചർച്ചചെയ്യുന്ന പുസ്തകമാണ് കിഷോർകുമാറിന്റെ 'രണ്ടു പുരുഷന്മാർ ചുംബിക്കുമ്പോൾ'. താൻ സ്വലിംഗപ്രണയിയായ പുരുഷനാണ് എന്ന് ആദ്യമായി പരസ്യപ്രഖ്യാപനം നടത്തി 1997-ൽ മാധ്യമങ്ങളിലൂടെ രംഗത്തുവന്ന മലയാളിയാണ് കിഷോർ. കേരളത്തിൽ ജനിച്ച്, കോഴിക്കോട് എൻ.ഐ.ടിയിൽനിന്ന് ബി.ടെക്കും കാൺപൂർ ഐ.ഐ.ടിയിൽനിന്ന് എം.ടെക്കും നേടി ദീർഘകാലം ഐ.ടി രംഗത്തു പ്രവർത്തിച്ച കിഷോർ പത്തുവർഷം അമേരിക്കയിലും ഐ.ടി. പ്രൊഫഷണലായിരുന്നു. പിന്നീടു തിരിച്ചെത്തി കോഴിക്കോട്ട് ജീവിക്കുന്നു. സ്വലിംഗപ്രണയം മുൻനിർത്തിയുള്ള കലാ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ പങ്കെടുത്തും 'ക്വീയറള' എന്ന സംഘടനയിൽ പ്രവർത്തിച്ചും കേരളത്തിലും ഇന്ത്യയിലും നടക്കുന്ന L.G.B.T. പ്രസ്ഥാനത്തിൽ സജീവമാണ് കിഷോർ. താനുൾപ്പെടെയുള്ളവർ ഏറ്റെടുത്തിരിക്കുന്ന ലിംഗരാഷ്ട്രീയ പ്രവർത്തനത്തിന്റെ പശ്ചാത്തലത്തെപ്പറ്റി കിഷോർ എഴുതുന്നു: 'സ്വവർഗപ്രണയികൾ, ഉഭയപ്രണയികൾ, ട്രാൻസ്‌ജെന്റർ വ്യക്തികൾ എന്നിവരടങ്ങിയ വിഭാഗത്തെയാണ് ലൈംഗികന്യൂനപക്ഷം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇംഗ്ലീഷിൽ ഇത് എൽ.ജി.ബി.ടി. (L.G.B.T.=Lesbian, Gay, Bisexual and Transgender) എന്ന ചുരുക്കപ്പേരിൽ വിളിക്കപ്പെടുന്നു. ലോകസംസ്‌കാരങ്ങളുടെ ചരിത്രം പരിശോധിച്ചാൽ ലൈംഗികന്യൂനപക്ഷങ്ങളിൽപെടുന്ന ആൾക്കാർ മനുഷ്യരാശി ആവിർഭവിച്ച കാലം മുതൽക്കുതന്നെ ഉണ്ടായിരുന്നു എന്ന് അനുമാനിക്കേണ്ടിവരും. ഗ്രീക്ക്, റോം, ഇന്ത്യ, ചൈന എന്നിവയുടെ പുരാതനചരിത്രങ്ങളിൽ ലൈംഗികന്യൂനപക്ഷങ്ങളെപ്പറ്റി പരാമർശങ്ങളുണ്ട്. എന്നാൽ ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ഭാഗമായി അവരുടെ വിക്ടോറിയൻ മൂല്യങ്ങൾ ലോകമെങ്ങും അടിച്ചേൽപ്പിക്കപ്പെടുമ്പോൾ ഭാരതമുൾപ്പെടെയുള്ള പല കോളനികളിലും സ്വവർഗലൈംഗികത കുറ്റമോ പാപമോ ഒക്കെയായി മാറി. സ്വവർഗപ്രണയികളുടെ മനുഷ്യാവകാശങ്ങളെപ്പറ്റിയുള്ള ആദ്യ ലഘുലേഖ 1869-ൽ ജർമ്മനിയിലാണ് പ്രസിദ്ധീകരിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജർമ്മനിയിലെ ലൈംഗികന്യൂനപക്ഷങ്ങൾ ഏറെ സ്വാതന്ത്ര്യമനുഭവിച്ചിരുന്നെങ്കിലും ഹിറ്റ്‌ലറുടെ ഏകാധിപത്യ കാലത്ത് ആര്യവംശമഹിമയുടെ തലതെറിച്ച സിദ്ധാന്തപ്രകാരം യഹൂദന്മാർക്കൊപ്പം സ്വവർഗപ്രണയികളും വൻതോതിൽ കൊന്നൊടുക്കപ്പെടുകയുണ്ടായി.

ലൈംഗികന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായുള്ള ബോധവത്കരണവും സമരങ്ങളും സാമ്പത്തികമായും സാമൂഹികമായും മുന്നോക്കം നില്ക്കുന്ന വികസിത രാജ്യങ്ങളായ യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക, കാനഡ, ആസ്‌ത്രേലിയ തുടങ്ങിയവയുടെ ചരിത്രത്തിന്റെ ഭാഗമാണിന്ന്. ലൈംഗികതയോടും പ്രണയത്തോടുമുള്ള ശാസ്ത്രീയമായ കാഴ്ചപ്പാട്, സാമ്പത്തിക സ്വാതന്ത്ര്യത്തിൽ നിന്നുളവാകുന്ന വ്യക്തിസ്വാതന്ത്ര്യം, വർദ്ധിച്ച സ്ത്രീ-പുരുഷസമത്വം എന്നിവയൊക്കെ ലൈംഗികന്യൂനപക്ഷങ്ങളുടെ ശാക്തീകരണത്തിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്. സ്വവർഗപ്രണയികളെ കുറ്റവാളികൾ, മാനസികരോഗികൾ, ധാർമ്മികമൂല്യങ്ങളില്ലാത്ത മ്ലേച്ഛർ എന്നൊക്കെ കണക്കാക്കിയിരുന്ന ഒരു കാലം വികസിതരാജ്യങ്ങളിൽപോലും അധികം ദൂരെയല്ലാത്ത ഭൂതകാലത്തുതന്നെ ഉണ്ടായിരുന്നു. സ്വവർഗപ്രണയികളും ട്രാൻസ്‌ജെന്റേർസും ഒത്തുചേരാറുണ്ടായിരുന്ന ന്യൂയോർക്കിലെ സ്റ്റോൺവോൾ സത്രത്തിൽ 1969 ജൂൺ 28-ന് പൊലീസ് നടത്തിയ റെയ്ഡിനും അറസ്റ്റിനും നേരേ അവർ നടത്തിയ ധീരമായ ചെറുത്തുനിൽപ്പിനെയാണ് ലൈംഗികന്യൂനപക്ഷ വിമോചനസമരത്തിന്റെ തുടക്കമായി ലോകമെങ്ങും അംഗീകരിക്കപ്പെടുന്നത്. ഇതിനെത്തുടർന്നുണ്ടായ സംഘടിതമായ ബോധവത്കരണങ്ങൾ, വിവേചനത്തിനെതിരായ സമരങ്ങൾ എന്നിവയ്‌ക്കൊപ്പം അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ 1973-ൽ സ്വവർഗലൈംഗികതയെ മാനസികരോഗങ്ങളുടെ പട്ടികയിൽനിന്നു നീക്കം ചെയ്തതും അമേരിക്കയിലെ ലൈംഗികന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങളിൽ വൻപിച്ച കുതിച്ചുചാട്ടംതന്നെയുണ്ടാക്കി. ലൈംഗികന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങളിൽ ഏറെ മുന്നിട്ടു നില്ക്കുന്ന രാജ്യങ്ങളിൽ ആൺ-പെൺ വിവാഹത്തിനു തുല്യമായ സ്വവർഗവിവാഹം ഭരണഘടനതന്നെ വാഗ്ദാനം ചെയ്യുന്നു. കുട്ടികളുണ്ടാവാൻ അതിയായി ആഗ്രഹിക്കുന്ന സ്വവർഗദമ്പതികൾ കൃത്രിമ ബീജസങ്കലനത്തിലൂടെയോ ദത്തെടുക്കലിലൂടെയോ രക്ഷിതാക്കളായി മാറുന്നു. ലോകാരോഗ്യസംഘടന 1990-ൽ സ്വവർഗലൈംഗികതയെ മനോരോഗങ്ങളുടെ പട്ടികയിൽനിന്ന് നീക്കം ചെയ്തത് ലോകമെങ്ങുമുള്ള ലൈംഗികന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായുള്ള പ്രധാന ചുവടുവയ്പായി മാറി'.

നാലുഭാഗങ്ങളുണ്ട് ഈ പുസ്തകത്തിൽ. ആദ്യഭാഗത്ത്, സ്വലിംഗപ്രണയത്തിലും രതിയിലും താല്പര്യമുള്ള ഒരു പുരുഷൻ എന്ന നിലയിൽ തന്റെ ജീവിതം പറയുന്നു, കിഷോർ. മലയാളത്തിലെ ഏറ്റവും ചെറിയ ആത്മകഥ. ഇരുപതുപുറങ്ങൾ മാത്രം. പക്ഷെ തീപിടിക്കുംവിധം ചൂടാർന്നത്. രണ്ടാം ഭാഗത്ത് ആറു ലേഖനങ്ങൾ. സ്വലിംഗപ്രണയികളും രതിനിർവ്വേദികളും അനുഭവിക്കുന്ന സാമൂഹികവും മൂല്യപരവും ലൈംഗികവും നിയമപരവും മറ്റും മറ്റുമായ പ്രശ്‌നങ്ങളും പ്രതിസന്ധികളും അനാവരണം ചെയ്യുന്ന രചനകൾ. സ്വലിംഗപ്രണയത്തിന് മലയാളത്തിലുണ്ടായ മാനിഫെസ്റ്റോ തന്നെയായി കാണണം ഈ ഭാഗത്തുള്ള 'പ്രണയം ഒരു മനുഷ്യാവകാശപ്രശ്‌നമാണ്' എന്ന ആദ്യലേഖനത്തെ. മൂന്നാം ഭാഗത്ത് മൂന്നു ലേഖനങ്ങൾ. കല, സാഹിത്യം, സിനിമ എന്നിങ്ങനെയുള്ള സാംസ്‌കാരിക രൂപങ്ങൾ സ്വലിംഗപ്രണയത്തെയും രതിയെയും പാഠവൽക്കരിച്ചതിന്റെ വിശകലനമാണിവ. 'മാധവിക്കുട്ടിയുടെ സ്വവർഗാനുരാഗികൾ' എന്ന രചന മലയാളസാഹിത്യത്തെക്കുറിച്ചെഴുതപ്പെട്ട ഒരു 'ക്വീർ തീസിസ്' എന്ന നിലയിൽ തന്നെ കാണാൻ കഴിയുംവിധം സമഗ്രവും ഭദ്രവും അക്കാദമികവുമാണ്. നാലാംഭാഗത്ത് രണ്ടഭിമുഖങ്ങളാണുള്ളത്. ഒന്ന്, കെ.എസ്. അനിൽകുമാറും ജി. രശ്മിയും ചേർന്ന് കിഷോർകുമാറുമായി നടത്തിയത്. രണ്ട്, സഞ്ചാരം എന്ന സിനിമയുടെ സംവിധായികയും അമേരിക്കൻ മലയാളിയുമായ ലിജി പുല്ലപ്പള്ളിയുമായി കിഷോർ നടത്തിയത്. രണ്ടിന്റെയും കേന്ദ്രപ്രമേയം സ്വലിംഗപ്രണയത്തിന്റെ ആനന്ദരാഷ്ട്രീയം തന്നെ.

കിഷോറിന്റെ ആത്മകഥ, മലയാളിയുടെ മാറിയ ലൈംഗികരാഷ്ട്രീയത്തിന്റെ ചരിത്രഗാഥക്കെഴുതിയ ആമുഖമാണ്. ഇരുപതാണ്ടത്തെ ആത്മാന്വേഷണങ്ങളുടെയും പലായനങ്ങളുടെയും തിരിച്ചറിവുകളുടെയും കണ്ടെത്തലുകളുടെയും ഫലം. മുൻപൊരു മലയാളിയും രേഖപ്പെടുത്താത്തത്ര തീവ്രമായ ലിംഗസമരത്തിന്റെയും അതിലൂടെ മാത്രം സാധ്യമായ സ്വത്വപ്രഖ്യാപനത്തിന്റെയും കഥ. ബാല്യ, കൗമാര, യൗവനങ്ങളിൽ തന്റെ സ്വലിംഗകാമനകൾ സൃഷ്ടിച്ച സംഘർഷങ്ങളിൽപ്പെട്ട് നീറിജീവിച്ച കിഷോർ, നവസാമൂഹ്യമാധ്യമങ്ങളിലും പ്രവാസജീവിതത്തിലും കലാസ്വാദനത്തിലും കൂടി കൈവരിച്ച ലിംഗസ്വാതന്ത്ര്യത്തിന്റെ പ്രത്യക്ഷഫലങ്ങളാണ് ഈ രചനകൾ. L.G.B.T. പ്രസ്ഥാനത്തിന്റെ സ്വാഭിമാനപ്രകടനങ്ങൾവഴി ഇന്ത്യയിലും കേരളത്തിലും പൊതുമണ്ഡലത്തിൽ ദൃശ്യവൽക്കരിക്കപ്പെട്ടുകഴിഞ്ഞ ലൈംഗികന്യൂനപക്ഷങ്ങളുടെ അതിജീവനചരിത്രത്തിന്റെ എഴുതാപ്പുറങ്ങളിലേക്കു വിരൽ ചൂണ്ടുകയാണ് കിഷോർ.

ഒരു സ്വലിംഗപ്രണയി തന്റെ കുടുംബത്തിലും സൗഹൃദങ്ങളിലും തൊഴിലിടത്തിലും പൊതുസമൂഹത്തിലും നേരിടേണ്ടിവരുന്ന എത്രയെങ്കിലും സ്വത്വസന്ദിഗ്ദ്ധതകളിലൂടെ കടന്നുപോകുന്നു, കിഷോർ. താനനുഭവിച്ചതിന്റെ ആവിഷ്‌കാരം എന്നതിനൊപ്പം, സമാനമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സ്വലിംഗപ്രണയികൾക്കുള്ള വഴികാട്ടിയുമായി മാറുകയാണ് ഈ ആത്മകഥനം.

'സ്വവർഗപ്രേമത്തെക്കുറിച്ചുള്ള വായന ഒരുവശത്ത് പുരോഗമിക്കുമ്പോൾ മറുവശത്ത് ക്ലാസ്സിക്കൽ സംഗീതം എന്നത് എനിക്ക് ഒരു ഹോബിയിൽ കവിഞ്ഞ് മറ്റു പലതും ആയിത്തീർന്നിരുന്നു. പ്രകടിപ്പിക്കാനാവാത്ത സ്വർഗലൈംഗികത മനസ്സിൽ തീർത്ത വിഷാദത്തെയും സംഘർഷത്തെയും അധമബോധത്തെയും മായ്ച്ചുകളയുന്ന ഔഷധമായിരുന്നു അത്. എന്റെ അഭിലാഷങ്ങളും നോർമൽ ആണെന്നുള്ള ഉൾവിളി എനിക്കുണ്ടാക്കിത്തന്നത് എന്റെ കലാസപര്യകളാണ്. ഞാൻ പാടിയ ഗാനങ്ങളിലും കണ്ട സിനിമകളിലും വായിച്ച പുസ്തകങ്ങളിലും ഉള്ള പ്രണയംപോലെതന്നെ ആത്മാർത്ഥമാണ് എന്റെയും പ്രണയം എന്ന സ്വയം തിരിച്ചറിവ് മനസ്സിന് വിശ്രാന്തിയുളവാക്കുന്നതും വിമോചനാത്മകവുമായിരുന്നു. സ്ത്രീ-പുരുഷപ്രണയത്തിനു സമമാണ് സ്ത്രീ-സ്ത്രീ പ്രണയവും പുരുഷ-പുരുഷ പ്രണയവും എന്നുള്ളത് ലിംഗസമത്വത്തിലധിഷ്ഠിതമായ ഒരു സമവാക്യമാണ്. ഇത് ലിംഗത്വത്തെക്കുറിച്ചുള്ള ഗണിതശാസ്ത്രപരമായ ഒരുൾക്കാഴ്ചകൂടിയാണ്. ഗുരുവിന്റെ ശിക്ഷണത്തിലൂടെയും കച്ചേരികൾ കേൾക്കുന്നതിലൂടെയും കർണ്ണാടകസംഗീതം പഠിക്കുംതോറും കൂടുതൽ സിനിമാഗാനങ്ങളുടെ രാഗങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് ഞാൻ ജനപ്രിയസംഗീതത്തിനും ശാസ്ത്രീയസംഗീതത്തിനും ഇടയ്ക്കുള്ള പാലം തീർത്തു. ഇന്റർനെറ്റ് എന്ന പുത്തൻ സാങ്കേതികവിദ്യയുടെ അപാരസാധ്യതകളെപ്പറ്റി ഞാൻ വെബ്ഡിസൈനർ കൂടിയായ എന്റെ ഫ്‌ളാറ്റ്‌മേറ്റ് സിനോജുമായി ആവേശത്തോടെ ചർച്ചചെയ്യാറുണ്ടായിരുന്നു. സിനോജിന്റെ സാങ്കേതിക സഹായത്തോടെ 1997-ൽ മലയാളസിനിമാഗാനങ്ങളെ രാഗപ്രകാരം ലിസ്റ്റ് ചെയ്യുന്ന 'രാഗകൈരളി' എന്ന എന്റെ വെബ്‌സൈറ്റ് പിറവിയെടുത്തു. ഴലീരശശേല.െരീാ എന്ന സൗജന്യ ഡൊമെയിനിനു കീഴിൽ ആയിരുന്നു അത് ഹോസ്റ്റ് ചെയ്തത്. ഇന്റർനെറ്റിൽ കേരളസംബന്ധിയായ സൈറ്റുകൾ വളരെ കുറച്ചുമാത്രമേ അക്കാലത്തുണ്ടായിരുന്നുള്ളൂ. അന്നത്തെ ഏറ്റവും അറിയപ്പെടുന്ന പോർട്ടൽ ആയിരുന്ന സലൃമഹമ.രീാ-ൽ മറ്റ് കേരളലിങ്കുകൾക്കൊപ്പം രാഗകൈരളിയും ലിസ്റ്റ് ചെയ്യപ്പെട്ടത് കൂടുതൽ മലയാളികളിലേക്ക് അതെത്തിക്കാൻ സഹായകമായി. നീറിനീറി മരിച്ചുകൊണ്ടിരിക്കുന്ന എന്റെ ആത്മാവിന് ഞാൻതന്നെയൊരുക്കിയ സൈക്കോതെറാപ്പി ആയിരുന്നു രാഗകൈരളി. എന്റെ വ്യത്യസ്തമായ പ്രണയാഭിലാഷങ്ങളെ പരോക്ഷമായി സമൂഹമധ്യത്തിൽ സാധൂകരിച്ചെടുക്കുന്ന പ്രക്രിയയായിരുന്നു അത്. എന്നാൽ അന്നത് എനിക്കുമാത്രം അറിയുന്ന രഹസ്യമായിരുന്നു. പ്രണയമെന്ന തീയെ സംഗീതത്തിൽ മുക്കിക്കെടുത്തി ആശ്വാസം കണ്ടെത്താമെന്ന് ഞാൻ വിചാരിച്ചിരിക്കണം. എന്നാൽ അത് ഒരിക്കലും സാധ്യമല്ല'.

'പ്രണയം ഒരു മനുഷ്യാവകാശപ്രശ്‌നമാണ്' എന്ന ലേഖനം, ഈ വിഷയത്തിൽ മലയാളത്തിലെഴുതപ്പെട്ട ഏറ്റവും മൗലികവും ആധികാരികവും ശ്രദ്ധേയവുമായ രചനയാണ്. വിവിധങ്ങളായ ലൈംഗികസ്വത്വങ്ങളുടെ ശരീരശാസ്ത്രവും മനഃശാസ്ത്രവും സാമൂഹ്യശാസ്ത്രവും വിശദീകരിച്ചുകൊണ്ട് സ്വലിംഗപ്രണയ, രതിബന്ധങ്ങളുടെ ചരിത്രവും രാഷ്ട്രീയവും അവതരിപ്പിക്കുന്നു, കിഷോർ. മറ്റേതൊരു ലൈംഗികസ്വത്വവുമുള്ള വ്യക്തിയെപ്പോലെ തന്റെയും ലൈംഗികസ്വത്വം മാനിക്കപ്പെടണമെന്നും അതൊരു മനുഷ്യാവകാശപ്രശ്‌നമാണെന്നും സ്ഥാപിച്ചെടുക്കാൻ ഒരു സ്വലിംഗപ്രേമി നടത്തുന്ന ഗംഭീരമായ ആശയസംവാദമാണീ ലേഖനം. സ്വലിംഗകാമനയെക്കുറിച്ചു നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ, അതിനെ കുറ്റവൽക്കരിച്ച കൊളോണിയൽ, ആധുനിക നിയമവ്യവസ്ഥകൾ, കുറ്റവാളിവൽക്കരിക്കപ്പെടുന്ന സ്വലിംഗപ്രണയികളുടെ ദുരന്താനുഭവങ്ങൾ, സ്വലിംഗഭീതിയിലേക്കും ഒളിച്ചോട്ടത്തിലേക്കും ആത്മഹത്യയിലേക്കുമൊക്കെ നയിക്കാവുന്ന സാമൂഹിക സദാചാര സമ്മർദ്ദങ്ങൾ, മത-പൗരോഹിത്യ മൂല്യങ്ങൾ കൊണ്ടു പിശാചവൽക്കരിക്കപ്പെട്ട ന്യൂനപക്ഷ ലിംഗസ്സ്തിത്വങ്ങളുടെ പ്രതിസന്ധികൾ... കിഷോറിന്റെ ലേഖനം മറനീക്കുന്നത് പൊതുമലയാളിക്ക് അജ്ഞാതവും ദുരൂഹവും നിഗൂഢവും സംഭീതം പോലുമായ ഒരു ജീവിതമണ്ഡലത്തിന്റെ ഇരുണ്ട ഏടുകളാണ്.

'തന്റെ സ്വവർഗലൈംഗികത സ്വയം അംഗീകരിക്കാനാവാതെ ഒറ്റപ്പെട്ട് ജീവിക്കുന്നവരുടെ വ്യക്തിജീവിതം ഏകാന്തവും കലുഷിതവും അപകടങ്ങൾ നിറഞ്ഞതുമാണ്. നഗരങ്ങളിലെ പാർക്കുകൾ, ബസ്സ്റ്റാന്റുകൾ, ബീച്ചുകൾ, സിനിമാഹാളുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽവെച്ച് അവർ അപരിചിതരായ മറ്റു സ്വവർഗപ്രണയികളുമായി സമ്പർക്കത്തിൽ വരികയും ചില നൈമിഷിക സ്പർശങ്ങൾ കൈമാറാനിടയാവുകയും ചെയ്യുന്നുവെങ്കിലും പിന്നീട് അതിനെക്കുറിച്ച് കഠിനമായി ലജ്ജിക്കുകയും പശ്ചാത്തപിക്കുകയും തന്റെ രഹസ്യം പുറത്താകുമോ എന്ന് അതിയായി ഭയപ്പെടുകയും ചെയ്യുന്നു. രഹസ്യജീവിതം നയിക്കുന്ന പുരുഷസ്വവർഗപ്രേമികൾ നഗരങ്ങളിലെ ക്രിമിനൽ സംഘങ്ങളുടെയും ചിലപ്പോൾ പൊലീസിലെതന്നെ ക്രിമിനൽ വാസനയുള്ളവരുടെയും ബ്ലാക്ക്‌മെയിലിങ്ങിലൂടെയുള്ള പണംപിടുങ്ങലിന് ഇരയായിത്തീരുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്. ആധുനികകാലത്ത് സ്വവർഗപ്രേമികളെ രഹസ്യമായി ഇണതേടുന്നതിൽ ഇന്റർനെറ്റ് വലിയൊരു പങ്ക് സഹായിക്കുന്നുണ്ട്. എന്നാൽ സ്വത്വം വെളിപ്പെടുത്താത്ത ഓൺലൈൻ പ്രൊഫൈലുകളിലും അപകടങ്ങൾ പതിയിരിക്കാം. പലരും തങ്ങളുടെ സ്വവർഗലൈംഗികത കാലക്രമേണ മാറി ഭിന്നലൈംഗികതയായി തീരുമെന്ന് വൃഥാ ആശ്വാസം കൊള്ളുന്നു. സാമൂഹികസന്ദർഭങ്ങളിലുള്ള അതിയായ ആകാംക്ഷ, ആത്മവിശ്വാസക്കുറവ്, കഠിനമായ ലജ്ജ, ഭയം, മാനസിക സംഘർഷം, വിഷാദം എന്നിവയൊക്കെ ഈ ഘട്ടത്തിലുള്ള സ്വവർഗപ്രണയികൾ അനുഭവിക്കുന്നു. എന്നാൽ തങ്ങളുടെ മാനസിക പ്രശ്‌നങ്ങളുടെ ഉറവിടം സ്വയം അംഗീകരിക്കാനാവാതെ അടിച്ചമർത്തിയ സ്വവർഗലൈംഗികതയാണെന്ന സത്യം ആ ഘട്ടത്തിൽ അവർ മനസ്സിലാക്കണമെന്നില്ല. ഇനി ഇത് പിന്നീട് മനസ്സിലാക്കിയാൽതന്നെ ഇന്ത്യയിലെപ്പോലെ സ്വവർഗലൈംഗികതയ്‌ക്കെതിരേ ഭരണകൂടം അടിച്ചേൽപ്പിച്ച കാടൻ നിയമങ്ങളും സാമൂഹികവിലക്കുകളും ഉള്ളതിനാൽ തങ്ങളുടെ സംഘർഷാവസ്ഥ പ്രിയപ്പെട്ടവരോട് പറഞ്ഞ് ആശ്വാസം കണ്ടെത്താൻപോലും ഇവർക്ക് കഴിയുന്നില്ല. ഇങ്ങനെ കലുഷിതമായ ജീവിതം നയിക്കുന്ന യുവജനങ്ങളെ വിവാഹത്തിനു നിർബന്ധിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും എരിതീയിൽ എണ്ണയൊഴിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയിലെ ചെറുപ്പക്കാരുടെ വിഷാദരോഗത്തിന്റെയും ഉത്കണ്ഠാ രോഗത്തിന്റെയും ആത്മഹത്യയുടെയും മൂലകാരണം തലനാരിഴകീറി പരിശോധിച്ചാൽ അതിൽ നല്ലൊരു ഭാഗം അടിച്ചമർത്തപ്പെട്ടതോ പൊരുത്തപ്പെടാനാവാത്തതോ തുറന്നു പറയാനാവാത്തതോ അവിചാരിതമായി പുറത്തറിഞ്ഞുപോയതോ ആയ സ്വവർഗലൈംഗികതയാണെന്നു കാണാം. സ്വവർഗലൈംഗികതയെ കുറ്റവത്കരിക്കുന്ന ഭരണകൂടനയങ്ങളും സമൂഹത്തിലെ സ്വവർഗഭീതിയുമാണ് ഇതിന് പ്രധാന ഉത്തരവാദി'.

സ്വലിംഗപ്രണയികൾ അദൃശ്യന്യൂനപക്ഷമാണ്. ഇവർ ശരീരപ്രകൃതം കൊണ്ട് തിരിച്ചറിയപ്പെടുന്നില്ല. ദൃശ്യന്യൂനപക്ഷമായ, ഭിന്നലിംഗത്തിൽപെട്ട, ട്രാൻസ്ജൻഡറുകളെക്കുറിച്ച് കിഷോർ എഴുതുന്നു: 'സ്വവർഗപ്രണയികളെ ട്രാൻസ്‌ജെന്റേർസുമായി ചിലരെങ്കിലും തെറ്റിദ്ധരിക്കുന്നു. സ്വവർഗപ്രേമി, ട്രാൻസ്‌ജെന്റർ എന്നിവ രണ്ടും ലൈംഗികന്യൂനപക്ഷത്തിന്റെ ഭാഗങ്ങളാണെങ്കിലും വളരെ വ്യത്യസ്തമായ അവസ്ഥാവിശേഷങ്ങളാണ്. ലൈംഗികത, ലിംഗത്വം എന്നീ വാക്കുകൾ തമ്മിൽ അർത്ഥത്തിലുള്ള വ്യത്യാസം തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. ലൈംഗികത (ടലഃൗമഹശ്യേ) എന്നത് ശാരീരിക ആകർഷണത്തെയും പ്രണയത്തെയും നിർണ്ണയിക്കുന്നു. എന്നാൽ ലിംഗത്വം (Gender) എന്നത് ഒരു വ്യക്തി തന്റെ ലിംഗപദവിയെ സ്വയം എങ്ങനെ വീക്ഷിക്കുന്നുവെന്നും അതിനെ രൂപഭാവങ്ങളിലൂടെ സാമൂഹികമായി എങ്ങനെ പ്രകടിപ്പിക്കുന്നുവെന്നുമുള്ളതാണ്. ഒരു ഗേ വ്യക്തി പുരുഷനെ പ്രണയിക്കുന്നുവെങ്കിലും സ്വയം ഒരു പുരുഷനായിത്തന്നെയാണ് അടയാളപ്പെടുത്തുന്നത്. എന്നാൽ ട്രാൻസ്‌ജെന്റർ വ്യക്തികളുടെ അവസ്ഥ പ്രണയത്തോടുമാത്രം ബന്ധപ്പെട്ടതല്ല. തങ്ങളുടെ ജന്മനായുള്ള ശാരീരികമായ ലിംഗവും മാനസികമായ ലിംഗത്വവും തമ്മിൽ വ്യത്യാസം അനുഭവപ്പെടുന്നവരാണ് ഇവർ. ഉദാഹരണമായി പുരുഷജനനേന്ദ്രിയത്തോടെ പിറന്നുവെങ്കിലും മനസാ താനൊരു സ്ത്രീയാണെന്ന് ഇവർ ചെറുപ്പകാലത്തുതന്നെ തിരിച്ചറിയുന്നു (Male to Female). എപ്പോഴും സ്ത്രീകളുടെ വേഷം ധരിക്കുവാനും രൂപഭാവങ്ങൾ പ്രകടിപ്പിക്കുവാനും ഇവർ അതിയായി ആഗ്രഹിക്കുന്നു. അതുപോലെതന്നെ സ്ത്രീജനനേന്ദ്രിയമുണ്ടെങ്കിലും മനസാ താനൊരു പുരുഷനാണെന്ന് തിരിച്ചറിയുന്നവരാണ് ഇക്കൂട്ടരിൽ മറ്റു ചിലർ (Female to Male). ശക്തമായ ആൺ-പെൺ വേർതിരിവുകൾ നിലനില്ക്കുന്ന സമൂഹങ്ങളിൽ ജീവിക്കുന്ന ട്രാൻസ്‌ജെന്റർ വ്യക്തികൾക്ക് മനസ്സും ശരീരവും തമ്മിലുള്ള ഈ ചേർച്ചയില്ലായ്മ തീക്ഷ്ണമായ മാനസിക പ്രശ്‌നങ്ങൾക്കു വഴിതെളിയിച്ചേക്കാം (Gender Dysphoria). മനസ്സിനെ മാറ്റി സ്ഥാപിക്കാൻ ഒരു വൈദ്യശാസ്ത്രത്തിനും ഒരിക്കലും കഴിയില്ലല്ലോ. ആകെ കഴിയുന്നത് ഹോർമോൺ ചികിത്സ, ലിംഗമാറ്റ ശസ്ത്രക്രിയ എന്നിവയിലൂടെ ശരീരത്തിന്റെ ലിംഗം മനസ്സിന്റെ ലിംഗത്വത്തോട് സമന്വയിപ്പിക്കുക എന്നതാണ്. ചില ട്രാൻസ്‌ജെന്റർ വ്യക്തികൾ പൂർണ്ണമായും ആണായോ പെണ്ണായോ അടയാളപ്പെടുത്താൻ ആഗ്രഹിക്കാതെ ഇടയിലുള്ള ലിംഗത്വത്തിൽ തുടരാൻ ആഗ്രഹിക്കുന്നവരാണ് (Non Binary). ശാരീരികമായി ആണിന്റെയും പെണ്ണിന്റെയും ജനനേന്ദ്രിയങ്ങളോടെ പിറക്കുന്നവരാണ് മിശ്രലിംഗർ (Intersex).

പാശ്ചാത്യസമൂഹങ്ങളിലും ഇന്ത്യയിലും കേരളത്തിലും L.G.B.T. പ്രസ്ഥാനത്തിനുവേണ്ടി പൊതുവിലും സ്വലിംഗപ്രണയികൾക്കുവേണ്ടി വിശേഷിച്ചും ശബ്ദമുയർത്തിയവരുടെ വൈയക്തികവും സംഘടിതവുമായ പ്രവർത്തനങ്ങളുടെ ചരിത്രം ചുരുക്കിവിവരിക്കുന്നുമുണ്ട് കിഷോർ.

സ്വലിംഗപ്രണയവും രതിതാല്പര്യവും ചികിത്സിച്ചു മാറ്റാവുന്ന രോഗങ്ങളോ, മാനസിക വൈകല്യങ്ങളോ, പ്രകൃതിവിരുദ്ധവാസനകളോ, ബാല്യത്തിലുണ്ടായ ലൈംഗികാതിക്രമത്തിന്റെ ഫലങ്ങളോ, സാന്മാർഗികമായ പിഴവുകളോ ഒന്നുമല്ലെന്നും ഒരുവിധത്തിലുള്ള വൈദ്യചികിത്സയും കൗൺസലിംഗും സദാചാരകല്പനകളും അവയ്ക്കു പരിഹാരമല്ലെന്നും സയുക്തികം സ്ഥാപിക്കുന്നു, രണ്ടാം ലേഖനം. ഗർഭാവസ്ഥയിൽ തന്നെ മനുഷ്യരിൽ രൂപം കൊള്ളുന്ന ലൈംഗികതയുടെ സ്വാഭാവികവും പ്രകൃതിപരവുമായ വെളിപ്പെടലുകൾ മാത്രമാണിവ. എതിരൻ കതിരവൻ ഉൾപ്പെടെയുള്ളവർ ഈ വിഷയത്തിലെഴുതിയ പഠനങ്ങൾ ഉദ്ധരിച്ച് കിഷോർ പറയുന്നതു കേൾക്കുക:

'സ്വവർഗപ്രേമിയുടെ ആദ്യത്തെ ലൈംഗികാനുഭവം ചെറുപ്രായത്തിൽ സ്വന്തം ലിംഗത്തിലുള്ളവരുമായാണ് നടക്കുന്നത് എന്ന വസ്തുതയെ വളച്ചൊടിച്ച് സ്വവർഗലൈംഗികത ബാല്യകാലത്തെ ലൈംഗികപീഡനത്താൽ ഉണ്ടാവുന്നതാണെന്ന് ചില മനഃശാസ്ത്രജ്ഞർ പണ്ടുകാലത്ത് തെറ്റിദ്ധരിച്ചിരുന്നു. ഒരു ഭിന്നവർഗപ്രേമിയുടെ ആദ്യത്തെ ലൈംഗികാനുഭവം എതിർലിംഗത്തിൽപെട്ടവരുമായി നടക്കുന്നതുപോലുള്ള സ്വാഭാവികമായ പ്രക്രിയ മാത്രമാണിത്. ഫ്രോയ്ഡ് ഉൾപ്പെടെയുള്ള ആദ്യകാല മനഃശാസ്ത്രജ്ഞർ ഒരു മനുഷ്യക്കുഞ്ഞ് യാതൊരു ലൈംഗികതയുമില്ലാതെ ജനിക്കുന്നുവെന്നും പിന്നീട് ആൺ-പെൺ ലൈംഗികതയെക്കുറിച്ച് കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നും പഠിക്കുന്നുവെന്നുമായിരുന്നു കരുതിയിരുന്നത്. എന്നാൽ മനുഷ്യലൈംഗികത ഗർഭാശയത്തിലെ ഭ്രൂണാവസ്ഥയിൽ തന്നെ നിശ്ചയിക്കപ്പെടുന്ന ഒന്നാണെന്നാണ് ആധുനികപഠനങ്ങൾ സൂചിപ്പിക്കുന്നത് ('സ്വവർഗാനുരാഗം ജൈവപരമാണ്, ഭ്രൂണത്തിന്റെ തീരുമാനമാണ്', എതിരൻ കതിരവൻ, 'മലയാളിയുടെ ജനിതകം', ഡി.സി. ബുക്‌സ്). ഭൂരിപക്ഷം വലംകൈന്മാരായിരിക്കുമ്പോൾ ഒരു ന്യൂനപക്ഷം മാത്രം ഇടംകൈയന്മാരായി ജനിക്കുന്നതുപോലെ തലച്ചോറിന്റെ ഘടനയിൽ ആലേഖനം ചെയ്യപ്പെട്ട ജീവശാത്രപരമായ ഒരു വ്യതിയാനമായി ഇതിനെ മനസ്സിലാക്കാൻ ശ്രമിക്കാം. ഗർഭാശയത്തിലെ ഹോർമോൺ സന്തുലനം, ജീനുകൾ എന്നിവയെല്ലാം ഭ്രൂണത്തിന്റെ മസ്തിഷ്‌കഘടന നിശ്ചയിക്കുന്നതിൽ പ്രഭാവം ചെലുത്തുന്നുണ്ട്. മറ്റൊരു വ്യക്തിയുടെ ആകാരഭംഗി നോക്കിക്കാണുന്നതിലൂടെ തന്റെ ലൈംഗികാഭിലാഷങ്ങൾ മിക്ക മനുഷ്യരും ബാല്യദശയുടെ രണ്ടാം പകുതിയിലോ കൗമാരത്തിലോതന്നെ സ്വയം തിരിച്ചറിയുന്നു. ഇക്കാര്യത്തിൽ സ്വവർഗപ്രണയികളുടെ സ്ഥിതിയും ഒട്ടും വിഭിന്നമല്ല. പുരുഷസ്വവർഗാനുരാഗികളുടെ മസ്തിഷ്‌കത്തിന്റെ ലൈംഗികവികാരങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങളുടെ ഘടനയ്ക്ക് സ്ത്രീകളുടേതുമായി സാമ്യമുള്ളതായി പഠനങ്ങൾ വന്നിട്ടുണ്ട്. ഇത്തരം ഘടനാപരമായ വ്യത്യാസങ്ങൾ മനോരോഗചികിത്സയാലോ ഹോർമോൺ ചികിത്സയാലോ മാറ്റാവുന്നതല്ല. തന്റെ സ്വവർഗലൈംഗികതയെ സ്വയം അംഗീകരിച്ച്, പരസ്പരസമ്മതത്തോടെ അത് പ്രകടിപ്പിച്ച് മറ്റ് സ്വവർഗാനുരാഗികളും അനുഭാവികളുമായി സഹകരിച്ചു ജീവിക്കുന്നവർക്ക് യാതൊരുവിധ മാനസിക പ്രശ്‌നങ്ങളും ഉണ്ടാവുന്നില്ലെന്ന് പാശ്ചാത്യരാജ്യങ്ങളിലെ മനഃശാസ്ത്രജ്ഞർ സാമൂഹികനിരീക്ഷണങ്ങളിലൂടെ മനസ്സിലാക്കി. രോഗമല്ലാത്ത ഒരവസ്ഥയെ ഒരിക്കലും ചികിത്സിച്ചു മാറ്റാൻ കഴിയില്ലയെന്നും മാറേണ്ടത് പ്രണയത്തെക്കുറിച്ച് സമൂഹത്തിനുള്ള ഇടുങ്ങിയ ചിന്താഗതികളാണെന്നുമുള്ള വെളിപാടിൽ എത്തിച്ചേരാൻ ശാസ്ത്രലോകത്തിന് പല ദശകങ്ങൾ വേണ്ടിവന്നു. സ്വവർഗലൈംഗികത മിക്കവരിലും ജന്മനാ ഉടലെടുക്കുന്ന ഒന്നാണെന്നും അതിനെ ചികിത്സിച്ചു ഭിന്നവർഗലൈംഗികതയാക്കി മാറ്റാൻ പറ്റില്ലെന്നും സ്വവർഗപ്രേമികളെ അവരുടെ സഹജമായ ചോദനയ്ക്കനുസരിച്ച് ജീവിക്കാൻ വിടുമ്പോൾ അവർക്ക് മാനസികപ്രശ്‌നങ്ങൾ ഉണ്ടാകുന്നില്ലെന്നുമുള്ള വസ്തുതകളുടെ അടിസ്ഥാനത്തിലാണ് അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ സ്വവർഗലൈംഗികതയെ 1973-ൽ മാനസിക രോഗങ്ങളുടെ ഔദ്യോഗിക പട്ടികയായ ഉടങ-ൽ (Diagnostic and Statistical Manual of Mental Disorders) നിന്ന് നീക്കം ചെയ്തത്. ലോകാരോഗ്യസംഘടന 1990-ൽ ഈ തീരുമാനത്തെ അംഗീകരിച്ചത് ലോകമാകെയുള്ള ലൈംഗികന്യൂനപക്ഷങ്ങളുടെ മാനസികാരോഗ്യത്തിനും മനുഷ്യാവകാശസംരക്ഷണത്തിനുമുള്ള വലിയൊരു ചുവടുവയ്പായി മാറി'.

സാമ്പ്രദായികാർഥത്തിലുള്ള സ്ത്രീ-പുരുഷ വിവാഹം എന്ന വ്യവസ്ഥയും സ്ഥാപനവും എങ്ങനെ സ്വലിംഗപ്രണയികൾക്ക് ഒരു പ്രഹേളികയാകുന്നു എന്നതിന്റെ ചർച്ചയാണ് അടുത്തത്. സ്ത്രീപുരുഷ ദാമ്പത്യത്തെയും അതിലൂന്നുന്ന കുടുംബത്തെയും പ്രത്യുല്പാദന വ്യവസ്ഥയെയുമാണല്ലോ വിവാഹം സ്ഥാപനവൽക്കരിക്കുന്നത്. സ്വലിംഗപ്രണയികൾക്ക് ഇതസാധ്യമാണ്. പക്ഷെ സ്വന്തം കുടുംബവും പൊതുസമൂഹവും അവർക്കുമേൽ വിവാഹം അടിച്ചേല്പിക്കുന്നു. അതിനു വഴങ്ങിയാലും ഇല്ലെങ്കിലും അവരുടെ ജീവിതം പ്രശ്‌നപൂരിതമാകുന്നു. എന്താണ് പരിഹാരം? സ്വലിംഗപ്രണയികളുടെ അസ്തിത്വത്തെ കുടുംബങ്ങളും സമൂഹവും ഭരണകൂടവും അംഗീകരിക്കുക. അവരെ അവരാഗ്രഹിക്കുന്നതുപോലെ ജീവിക്കാൻ അനുവദിക്കുക. കിഷോറിന്റെ വാക്കുകൾ ശ്രദ്ധിക്കൂ:

'സ്വവർഗപ്രേമികൾക്ക് വിവാഹം ഒരു പ്രഹേളികയായി മാറുന്നത് അതിൽ പരമ്പരാഗതമായി എതിർലിംഗത്തിലുള്ള ഇണയെ മാത്രം അടിച്ചേല്പിക്കുന്നതിനാലാന്. ജീവിതത്തിൽ ഒരു സ്ഥിരമായ പങ്കാളി ഉണ്ടാവുക എന്നത് മിക്ക മനുഷ്യരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. ഉള്ളിന്റെയുള്ളിൽ സ്വവർഗപ്രണയികളുടെ ജീവിതാഭിലാഷങ്ങളും ഇതിൽനിന്ന് ഒട്ടും വ്യത്യസ്തമല്ല. എന്നാൽ സമൂഹത്തിൽനിന്ന് അന്തർവത്കരിച്ച സ്വവർഗഭീതി മൂലം സ്വന്തം ലൈംഗികതയെ ലജ്ജയോടും ഭയത്തോടും അറപ്പോടും വീക്ഷിക്കുന്ന ഇന്ത്യയിലെ പല സ്വവർഗപ്രേമികളും സ്വവർഗലൈംഗികതയുടെ പ്രണയബന്ധത്തിലേക്ക് എത്തിച്ചേരുന്ന സാധ്യതകളെ അകറ്റിനിർത്തി അതിനെ താത്കാലിക കാമശമനത്തിനുള്ള ഒരു ഉപാധിയായി മാത്രം വീക്ഷിക്കാൻ നിർബന്ധിക്കപ്പെടുന്നു. എതിർലിംഗവിവാഹം കഴിക്കില്ല എന്ന് തീരുമാനമെടുത്ത ഓരോ സ്വവർഗപ്രണയിയും ഇനിയുള്ള തന്റെ ജീവിതം എങ്ങനെയുള്ളതായിരിക്കണം എന്ന ചോദ്യം നേരിട്ടേ മതിയാവൂ. തന്റെ സ്വവർഗപ്രണയം ആൺ-പെൺ പ്രണയബന്ധങ്ങളിൽനിന്നും ഒട്ടും വ്യത്യസ്തമല്ലെന്ന തിരിച്ചറിവ് സ്വവർഗപ്രേമികളുടെ മാനസികാരോഗ്യത്തിനും സാമൂഹികമായ അതിജീവനത്തിനും അത്യന്താപേക്ഷിതമാണ്.

ആധുനിക കാലത്ത് വിവാഹം എന്നത് രണ്ട് വ്യക്തികൾ തമ്മിലുള്ള ജീവിതപങ്കാളിത്തം എന്ന നിലയിൽ സ്വവർഗപ്രേമികളെയും ഉൾപ്പെടുത്തിക്കൊണ്ട് പുനർനിവ്വചനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷയിലെ ആധികാരിക നിഘണ്ടുവായ ഒക്‌സ്‌ഫോർഡ് ഡിക്ഷ്ണറി അതിന്റെ പുതിയ പതിപ്പിൽ വിവാഹത്തെ ഇങ്ങനെ പുതുക്കി നിർവ്വചിച്ചത് ഈയിടെ വാർത്തയായിരുന്നു. അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള മിക്ക വികസിതരാഷ്ട്രങ്ങളിലും സ്വവർഗവിവാഹത്തിനു ഭരണകൂടങ്ങൾ നിയമപരമായ അംഗീകാരം നല്കിയിട്ടുണ്ട്. സ്വവർഗരതി നിയമവിധേയമാക്കിയാൽ മാത്രം മതിയെന്നും സ്വവർഗവിവാഹം എന്നുള്ള ഏർപ്പാടൊക്കെ വെറും അനാവശ്യ ആർഭാടങ്ങൾ മാത്രമാണെന്നും ഒരുകാലത്ത് ഞാനും ചിന്തിച്ചിരുന്നു. എന്നാൽ ജീവിതത്തിലെ ചില സത്യങ്ങൾ മനസ്സിലാക്കാൻ ചില അനുഭവങ്ങളിലൂടെ കടന്നപോവേണ്ടതായിട്ടുണ്ട്. ഇന്ത്യയിൽ ആദ്യം സ്വവർഗരതി നിയമവിധേയമാക്കി പിന്നെയും ദശകങ്ങൾ കഴിഞ്ഞതിനുശേഷം മാത്രമേ സ്വവർഗവിവാഹത്തിന് നിയമപരമായ അംഗീകാരം ലഭിക്കുന്ന പ്രക്രിയ നടക്കാൻ സാധ്യതയുള്ളൂ. കുടുംബവ്യവസ്ഥ ശക്തമായി നിലനില്ക്കുന്ന സംസ്‌കാരമുള്ള ഇന്ത്യൻസമൂഹത്തിൽ വിവാഹം എന്ന പ്രസ്ഥാനത്തിന്റെ പ്രാധാന്യം വളരെയധികം മനസ്സിലാക്കുന്നവരാണ് ഇവിടത്തെ മാതാപിതാക്കൾ. അതിനാൽ സ്വവർഗവിവാഹം എന്ന ആശയം മാനസികമായി ഉൾക്കൊള്ളാൻ ഇന്ത്യൻ സമൂഹത്തിന് പെട്ടെന്ന് കഴിയും. ഭരണകൂടത്തിന്റെ അംഗീകാരമുള്ള നിയമവിവാഹം () ഇന്ത്യയിലെ സ്വവർഗപ്രേമികൾക്ക് ഇപ്പോൾ സാധ്യമല്ലെങ്കിലും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആശീർവാദത്തോടെയുള്ള സാംസ്‌കാരിക വിവാഹം () അവർക്ക് ചെയ്യാവുന്നതാണ്. ഈയിടെ മലയാളികളായ സന്ദീപ്, കാർത്തിന് എന്നീ യുവാക്കൾ അമേരിക്കയിൽ കാലിഫോർണിയയിൽ കുടുംബത്തിന്റെ ആശീർവാദത്തോടെ മതാചാരപ്രകാരമുള്ള സ്വവർഗവിവാഹം കഴിച്ചത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ദീപ നിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിൽ എന്ന ഓർമ്മകുറിപ്പുകളിൽ ഈ സംഭവത്തോടുള്ള മലയാളിസമൂഹത്തിന്റെ വികലമായ പ്രതികരണങ്ങളെ വിമർശിക്കുന്നുണ്ട്. ഇപ്പോൾ കേരളത്തിലും ദീർഘകാല കമിതാക്കളായി ജീവിക്കുന്ന സ്വവർഗദമ്പതിമാക് പലരും ഉണ്ടെന്നുള്ളതും അവയിൽ ചിലതെങ്കിലും മാതാപിതാക്കളുടെ ആശീർവാദത്തോടെ അവരുടെ കൂടെത്തന്നെ താമസിക്കുന്നവരാണെന്നുമുള്ളത് ആശാവഹമായ വസ്തുതയാണ്'.

ഇന്ത്യയിൽ സ്വലിംഗപ്രണയവും രതിയും വിവാഹവുമൊക്കെ നിയമവിരുദ്ധവും സമൂഹവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ സാഹചര്യത്തിൽ അവയൊക്കെ നിയമവിധേയവും സമൂഹസമ്മതവും സ്വാഭാവികവുമായി കരുതപ്പെടുന്ന അമേരിക്ക പോലുള്ള രാജ്യങ്ങളിലേക്കു കുടിയേറി സ്വതന്ത്രരായി ജീവിക്കാനുള്ള സാധ്യതകളെക്കുറിച്ച് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ കിഷോർ എഴുതുന്നു, അടുത്ത ലേഖനത്തിൽ. പക്ഷെ അവർക്കിടയിൽ വംശീയവിവേചനം രൂക്ഷമാണ്. ഇന്ത്യൻ സ്വലിംഗപ്രേമികൾ ഇത്തരമൊരു താൽക്കാലിക രക്ഷപെടലിനപ്പുറം ഇന്ത്യയിൽ നിലനിൽക്കുന്ന നിയമ-സമൂഹ-സദാചാര വിലക്കുകൾ മറികടക്കാനുള്ള സമരങ്ങളിൽ പങ്കുചേരുകയാണു വേണ്ടത് എന്നും കിഷോർ ചൂണ്ടിക്കാണിക്കുന്നു.

L.G.B.T. പ്രസ്ഥാനത്തിന്റെ ചരിത്രവും രാഷ്ട്രീയവും വിശകലനം ചെയ്യുന്ന മികച്ച ഒരു അക്കാദമികപ്രബന്ധമാണ് അഞ്ചാം ലേഖനം. സ്ത്രീവാദം മുതൽ വംശീയപഠനം വരെയും ലിംഗവാദപഠനം മുതൽ സാംസ്‌കാരിക പഠനങ്ങൾവരെയും മനോവിജ്ഞാനീയം മുതൽ നാഡീവിജ്ഞാനം വരെയുമുള്ള വ്യവഹാരങ്ങളെ ആധാരമാക്കി ലൈംഗിക ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക രാഷ്ട്രീയം അപഗ്രഥിക്കുന്നു, കിഷോർ. ജൂഡിത് ബട്‌ലറുടെ ലിംഗപദവീപഠനങ്ങളെ സൂക്ഷ്മമായി പിന്തുടരാൻ കഴിയുന്നുണ്ട് കിഷോറിന്. സംസ്‌കാരരൂപങ്ങളിലെ സ്വലിംഗരതിചിഹ്നങ്ങളുടെ അപഗ്രഥനമാണ് ഈ ലേഖനത്തിലെ ശ്രദ്ധേയമായ ഭാഗങ്ങളിലൊന്ന്.

അടുത്ത രചന ലിംഗ-മത-ജാതി-ഭാഷാ-വംശ സ്വത്വങ്ങൾ മുൻനിർത്തി L.G.B.T. പ്രസ്ഥാനത്തെ പൊതുവിലും സ്വലിംഗപ്രണയത്തെ വിശേഷിച്ചും സാമൂഹ്യശാസ്ത്രപരമായി വിശദീകരിക്കുന്നു.

'സംസ്‌കാരപഠനങ്ങൾ' എന്ന ഭാഗത്ത് മൂന്നു രചനകൾ. മലയാളസാഹിത്യത്തിലെ സ്വലിംഗപ്രണയസന്ദർഭങ്ങളും സൂചകങ്ങളും സൂക്ഷ്മമായി പിന്തുടർന്ന്, മാധവിക്കുട്ടിയിലെത്തി, അവരുടെ ആറുകഥകളെയും ആത്മകഥകളെയും വിശദമായി പഠിക്കുന്നു, കിഷോർ. സ്ത്രീ, പതിമൂന്നു വയസ്സായ മകൾ, ചതി, ചന്ദ്രരശ്മികൾ, രാജവീഥികൾ, ചന്ദനമരങ്ങൾ എന്നിവയാണ് കഥകൾ. തുടർന്ന് ആത്മകഥകളിൽ, വിവിധങ്ങളായ ലിംഗസ്സ്തിത്വങ്ങൾ തന്റെ ജീവിതത്തിൽ വന്നുപോയതിന്റെ സംഘർഷങ്ങളും സൗന്ദര്യങ്ങളും മാധവിക്കുട്ടി അവതരിപ്പിക്കുന്നതു വിശകലനം ചെയ്യുന്നു. ഒരുപക്ഷെ മലയാളസാഹിത്യപഠനത്തിൽ ഈയൊരു രീതിശാസ്ത്രം ഇതാദ്യമായാവും ഇത്രമേൽ സൂക്ഷ്മതയോടെ ഒരാൾ സ്വീകരിക്കുന്നത്.

377-ാം വകുപ്പിന്റെ റദ്ദാക്കൽ യാഥാർഥ്യമാകും വരെ പ്രസക്തമാണ് 'മുംബൈയ് പൊലീസ്' എന്ന സിനിമയിലെ സ്വലിംഗതാൽപര്യവും അതു സൃഷ്ടിക്കുന്ന വിചിത്രമെന്നു തോന്നിക്കാവുന്ന സംഘർഷങ്ങളും. സ്വലിംഗപ്രണയവും രതിയും തെരഞ്ഞെടുപ്പല്ല, ലൈംഗികസ്വത്വത്തിന്റെ പ്രകൃത്യാ ഉള്ള നിർണയമാണ് എന്നു സ്ഥാപിക്കുന്ന രചന. മലയാളസാഹിത്യത്തെക്കുറിച്ചെന്നപോലെ മലയാളസിനിമയെക്കുറിച്ചും ഇത്രമേൽ വിഷയധാരണയോടെ സ്വലിംഗരാഷ്ട്രീയം ചർച്ചചെയ്യുന്ന മറ്റൊരു പഠനമില്ല. (മുരളിധരൻ ടി.യുടെ ചലച്ചിത്രപഠനം മറക്കുന്നില്ല).

ചുംബനസമരം, സാഹിത്യം, സിനിമ എന്നിവയൊക്കെ മുൻനിർത്തി മലയാളിപുരുഷന്റെ സ്വലിംഗപ്രണയത്തിന്റെ ലാവണ്യരാഷ്ട്രീയം വിശദീകരിക്കുന്നു, അടുത്ത ലേഖനം - 'രണ്ടു പുരുഷന്മാർ ചുംബിക്കുമ്പോൾ'.

കിഷോറുമായുള്ള അഭിമുഖത്തിൽ മേല്പറഞ്ഞ പല വിഷയങ്ങളുടെയും സംഗ്രഹീതവിവരണമാണുള്ളതെങ്കിൽ കിഷോർ നടത്തുന്ന അഭിമുഖം, 'സഞ്ചാരം' സിനിമക്കു പിന്നിൽ ലിജി അനുഭവിച്ച കലാത്മകവും രാഷ്ട്രീയവുമായ വെല്ലുവിളികളുടെയും കഠിനാധ്വാനങ്ങളുടെയും മറനീക്കുന്നു. മലയാളിയുടെ സാമൂഹ്യ സാംസ്‌കാരിക പൊതുമണ്ഡലം ഇന്നും തുറന്നംഗീകരിക്കാൻ മടിക്കുന്ന ന്യൂനപക്ഷ ലൈംഗിക രാഷ്ട്രീയത്തിന്റെ വിസ്മയകരമായ തുറന്നെഴുത്തുകളാണ് കിഷോറിന്റേത്. സ്വാനുഭവങ്ങളുടെ ചൂരും നേരും അവയ്ക്കു നൽകുന്ന ആർജ്ജവം ഒന്നു വേറെതന്നെയാണ്. പ്രണയം, അത് ഏതു രണ്ടു മനുഷ്യർക്കിടയിലുള്ളതുമാകട്ടെ, ഒരു മനുഷ്യാവകാശപ്രശ്‌നമാണെന്ന നിലപാടിലുറച്ചുനിന്ന് സ്വലിംഗരതിയുടെ നാനാതലങ്ങളെ ചരിത്രവൽക്കരിച്ചും സമൂഹവൽക്കരിച്ചും കിഷോർ നടത്തുന്ന ഇടപെടലുകൾ മലയാളിയുടെ ലൈംഗികരാഷ്ട്രീയ ചരിത്രത്തിന്റെ ഒരധ്യായം തന്നെയായി മാറുന്നു. സ്വലിംഗപ്രണയത്തെ വൈയക്തികമായ ഒരു വൈകാരികാനുഭൂതിയായി മാത്രം കാണാതെ സാമൂഹികവും സാംസ്‌കാരികവുമായ ഒരു വ്യവഹാരമായി കണ്ട് സാർഥകമായ സംവാദമണ്ഡലത്തിലേക്കു വളർത്തി, ആ മനുഷ്യാവസ്ഥയുടെ ലാവണ്യാധികാരത്തെയും ജീവിതരാഷ്ട്രീയത്തെയും അപഗ്രഥിക്കുന്നു, കിഷോർ. കേരളീയ സാമൂഹ്യപഠനരംഗത്തെ സാർഥകവും സയുക്തികവുമായ ഒരിടപെടലായി അതുവഴി ഈ പുസ്തകം മാറുകയും ചെയ്യുന്നു.

പുസ്തകത്തിൽ നിന്ന്:-

'ഇന്ത്യയിലെ സ്വവർഗപ്രണയികളുടെ വിമോചനത്തിനായി ആദ്യമായി ശബ്ദമുയർത്തിയത് മുംബൈയിൽ ജനിച്ച പത്രപ്രവർത്തകനായ അശോക് റോ കവി ആണ്. മനോരമ, ഇന്ത്യൻ എക്സ്‌പ്രസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച അശോക് 1986-ൽ തന്റെ സ്വവർഗലൈംഗികതയെക്കുറിച്ച് പരസ്യമായി തുറന്നു സംസാരിച്ചത് ഇന്ത്യയിലെ സ്വവർഗപ്രണയികളുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനമായ നാഴികക്കല്ലാണ്. തന്റെ ലൈംഗികത, സമൂഹം അംഗീകരിക്കില്ല എന്ന വിഷാദത്താൽ സന്ന്യാസജീവിതം സ്വീകരിച്ച് രാമകൃഷ്ണമിഷനിൽ ചേർന്നതും അവിടത്തെ ഗുരുവര്യന്മാരോട് തന്റെ രഹസ്യം തുറന്നു പറഞ്ഞതുമെല്ലാം അശോക് തന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്. ജീവിതത്തിൽനിന്ന് ഒളിച്ചോടുന്നവർക്കുള്ളതല്ല ആത്മീയത എന്ന ഉപദേശത്തോടെ തന്നെ സ്വവർഗപ്രണയികളുടെ മനുഷ്യാവകാശങ്ങൾക്കുവേണ്ടി പോരാടുന്നതിനായി അനുഗ്രഹിച്ച് തിരിച്ചയച്ച രാമകൃഷ്ണമിഷനിലെ ഋഷിവര്യന്മാരെ അശോക് നന്ദിപൂർവ്വം സ്മരിക്കുന്നുണ്ട്. പല ഭാഷക്കാരും പല വേഷക്കാരും പല സാമ്പത്തികനിലയിലുള്ളവരും തിങ്ങിപ്പാർക്കുന്ന മുംബൈ, ബാംഗ്ലൂർ, കൊൽക്കത്ത, ചെന്നൈ, ഡൽഹി പോലുള്ള മെട്രോനഗരികൾ വൈവിധ്യങ്ങളുള്ള നിരവധി ഗ്രൂപ്പുകൾക്കിടയിലെ മറ്റൊരു ഗ്രൂപ്പ് എന്ന രീതിയിൽ സ്വവർഗപ്രണയികളുടെ കൂട്ടായ്മകൾക്ക് നിലനില്ക്കാനുള്ള വേദിയൊരുക്കുന്നു. സ്വവർഗപ്രണയികൾക്കായുള്ള ആദ്യത്തെ ഇന്ത്യൻ മാസിക 'ബോംബെ ദോസ്ത്' 1990-ൽ അശോക് ആരംഭിച്ചു. തുടർന്ന് മുംബൈയിലുള്ള ലൈംഗികന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും എയ്ഡ്‌സ് പ്രതിരോധത്തിനുമായി 1994-ൽ 'ഹംസഫർ' ട്രസ്റ്റ് എന്ന സംഘടനയും അദ്ദേഹം രൂപീകരിച്ചു.

സാഹിത്യ അക്കാദമി അവാർഡ് ജേതാവായ നാടകകൃത്തും സിനിമാ സംവിധായകനുമായ മഹേഷ് ദത്താനി, എഴുത്തുകാരായ വിക്രം സേത്ത്, ഹോംഷങ് മെർചന്റ്, സ്വവർഗപ്രണയികളുടെ കൗൺസിലിങ്ങിനായുള്ള മുംബൈയിലെ സംഘടനയായ ആൻചൽ ട്രസ്റ്റ് നയിക്കുന്ന ഗീത കുമാന, കൊൽക്കത്തയിലെ സാഫോ ട്രസ്റ്റ് നയിക്കുന്ന മാളവിക എന്നിവരൊക്കെ ഇന്ത്യയിലെ പ്രമുഖരായ സ്വവർഗപ്രണയികളാണ്. പൗരാണിക കാലം തുടങ്ങിയുള്ള ഭാരതീയ സാഹിത്യത്തിലെയും ചരിത്രത്തിലെയും സ്വവർഗപ്രണയ പ്രതിനിധാനങ്ങളെക്കുറിച്ചുള്ള അക്കാദമിക് ഗവേഷണങ്ങൾ എഡിറ്റു ചെയ്ത് 'Same sex Love in India' എന്ന ബൃഹത്തായ ഗ്രന്ഥം, രൂത് വനിത, സലീം കിദ്വായ് എന്നിവർ 2000-ൽ പ്രസിദ്ധീകരിച്ചത് ഭാരതീയന്യൂനപക്ഷലൈംഗികതയുടെ താത്ത്വിക അടിത്തറ ബലപ്പെടുത്തിയ മറ്റൊരു നാഴികക്കല്ലാണ്. ഗുജറാത്തിലെ രാജകുടുംബാംഗമായ മാനവേന്ദ്ര ഗോഹിൽ 2006-ൽ തന്റെ സ്വവർഗലൈംഗികതയെപ്പറ്റി പൊതുസമൂഹത്തിൽ വെളിപ്പെടുത്തിയത് വാർത്തയായിരുന്നു. നാട്ടുനടപ്പനുസരിച്ച് സ്വമേധയാ നടത്തിയ വിവാഹത്തിന്റെ ആദ്യരാത്രിയിൽ ഭാര്യയുടെ മുന്നിൽ 'തലവേദന' അഭിനയിച്ച് തിരിഞ്ഞുകിടന്നുറങ്ങിയതും പിന്നീട് വിഷാദരോഗഗ്രസ്തനായതും വിവാഹമോചനത്തിൽ കലാശിച്ചതുമെല്ലാം മാനവേന്ദ്രൻ ലോകപ്രശസ്ത ടെലിവിഷൻ ടോക് ഷോ അവതാരകയായ ഓപ്ര വിൻഫ്രിയുമായുള്ള അഭിമുഖത്തിൽ തുറന്നുപറഞ്ഞിട്ടുണ്ട്. ഗുജറാത്തിലെ ലൈംഗികന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി 'ലക്ഷ്യ ട്രസ്റ്റ്' എന്ന സംഘടന അദ്ദേഹം രൂപീകരിച്ചിട്ടുണ്ട്. ബുദ്ധിജീവികളുടെ നഗരമായ കൊൽക്കത്തയിലാണ് 1993-ൽ 'കൗൺസിൽ ക്ലബ്' എന്ന പേരിൽ സ്വവർഗപ്രണയികൾക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ സംഘടന ജന്മംകൊണ്ടത്. ഇപ്പോൾ ഇന്ത്യയിലെ എല്ലാ വൻനഗരങ്ങളിലും സ്വവർഗപ്രണയികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘനകൾ രൂപവത്കരിക്കപ്പെട്ടിട്ടുണ്ട്. സ്വർവർഗലൈംഗികതയെക്കുറിച്ചുള്ള ബോധവത്കരണത്തിലും സംഘാടനത്തിലും ഇന്റർനെറ്റ് നല്ലൊരു പങ്ക് വഹിക്കുന്നു. അമേരിക്കയിലെ ചരിത്രപ്രധാനമായ സ്റ്റോൺവോൾ പ്രക്ഷോഭത്തിന്റെ വാർഷികമായ ജൂൺ മാസം പാശ്ചാത്യലോകമെങ്ങുമുള്ള ലൈംഗികന്യൂനപക്ഷങ്ങൾ 'സ്വാഭിമാനമാസം' (Pride Month) ആയി ആചരിക്കുന്നു. സ്വവർഗപ്രണയികളുടെ മനുഷ്യാവകാശങ്ങളെപ്പറ്റി സമൂഹത്തെ ബോധവത്കരിക്കാനുള്ള സെമിനാറുകൾ, സിനിമാപ്രദർശനങ്ങൾ, സ്വാഭിമാന ഘോഷയാത്രകൾ (Pride Parade) എന്നിവ ജൂൺ മാസത്തിൽ ലോകമെങ്ങും നടക്കുന്നു. മനുഷ്യമനസ്സിലെ പ്രണയവർണങ്ങൾക്ക് വൈവിധ്യമുണ്ട് എന്നതിന്റെ പ്രതീകമായി 'മഴവിൽ പതാക' (Rainbow flag) ലൈംഗികന്യൂനപക്ഷാവകാശത്തിന്റെ പതാകയായി ലോകമെങ്ങും അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. 1999-ന് കൊൽക്കത്തയിലാണ് ഇന്ത്യയിലെ സ്വവർഗപ്രണയികൾ 14 പേർ മാത്രമുള്ള ആധ്യത്തെ പൊതുറാലി നടത്തിയത്. 2008 മുതൽ ദേശീയതലത്തിൽ എല്ലാ വൻ മെട്രോനഗരങ്ങളിലും പല മാസങ്ങളിലായി സംഘടിപ്പിക്കുന്ന സ്വാഭിമാന ഘോഷയാത്രയിൽ ആയിരക്കണക്കിനു സ്വവർഗപ്രണയികളും അനുഭാവികളും പങ്കെടുത്തുവരുന്നു.

ഭാരതമുൾപ്പെടെയുള്ള പല രാജ്യങ്ങളിലും സ്വവർഗരതി കുറ്റവത്കരിക്കപ്പെട്ടത് ബ്രിട്ടീഷ് ആധിപത്യത്തിന്റെ ഭാഗമായാണ്. 1861-ൽ ബ്രട്ടീഷുകാർ ഇന്ത്യൻ നിയമാവലിയിൽ എഴുതിചേർത്ത 377 വകുപ്പുപ്രകാരം 'പ്രകൃതിവിരുദ്ധ രതി' ശിക്ഷാർഹമാണ്. ബാലലൈംഗികപീഡനം, സ്വവർഗബലാത്സംഗം, മൃഗരതി എന്നിവയെ ശിക്ഷിക്കാൻ 377 വകുപ്പ് ആവശ്യമാണ് (പുതിയ പോക്‌സോ നിയം വന്നതോടെ ബാലപീഡനം അതിന്റെ പരിധിയിൽ ആയിട്ടുണ്ട്). സ്വവർഗപ്രേമിയായി സ്വയം വെളിപ്പെടുത്തുന്നത് (തന്റെ ലൈംഗികതയുടെ ചായ്‌വ് അങ്ങനെയാണെന്ന് പറയുന്നത്) 377 വകുപ്പ് പ്രകാരം കുറ്റകരമല്ല. പരസ്പരസമ്മതത്തോടെയുള്ള പ്രായപൂർത്തിയായവരുടെ സ്വവർഗരതിയെ ആധുനികകാലത്ത് ഈ നിയമപ്രകാരം ശിക്ഷിക്കാറില്ലായെങ്കിലും അദൃശ്യരായി ജീവിക്കുന്ന ലൈംഗികന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്താനും തേജോവധം ചെയ്യാനും ബ്ലാക്ക്‌മെയിൽ ചെയ്ത് പണംപിടുങ്ങാനും ലൈംഗികമായി പീഡിപ്പിക്കാനും എല്ലാം ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നു. ആൺ-പെൺ ദമ്പതികൾ പോലും ലിംഗ-യോനീബന്ധമല്ലാത്ത സുരതക്രിയകളിൽ ഏർപ്പെട്ടാൽ 377 വകുപ്പുപ്രകാരം ശിക്ഷിക്കാവുന്നതാണ് എന്ന വസ്തുത എത്രമാത്രം അർത്ഥശൂന്യമാണ് ഈ നിയമമെന്ന് എടുത്തുകാണിക്കുന്നു. പ്രായപൂർത്തിയായാവർ പരസ്പരസമ്മതത്തോടെ സ്വകാര്യതയിൽ നടത്തുന്ന സ്വവർഗരതിയെ 377 വകുപ്പിന്റെ പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് ഇന്ത്യയിലെ മനുഷ്യാവകാശപ്രവർത്തകർ 1993 മുതൽതന്നെ വാദിക്കാൻ തുടങ്ങിയിരുന്നു. ഡൽഹി ഹൈക്കോടതിയിലെ നീണ്ട നിയമയുദ്ധത്തിനുശേഷം ഈ ഭേദഗതിക്കായുള്ള നാസ് ഫൗണ്ടേഷന്റെ അപ്പീലിൽ 2009 ജൂലൈ 2-ന് അനുകൂലമായ ഉത്തരവുണ്ടായി. ഭരണഘടന വാഗ്ദാനം ചെയ്യുന്ന സമത്വം, വൈവിധ്യം, മതേതരത്വം എന്നിവ ഉയർത്തിപ്പിച്ച ഒന്നായിരുന്നു ഈ വിധിപ്രഖ്യാപനം. എന്നാൽ ഈ കോടതിവിധിയെ ചോദ്യം ചെയ്ത് മൗലികവാദികൾ സുപ്രീം കോടതിയിൽ ഹരജി നല്കിയതിനെത്തുടർന്ന് സുപ്രീം കോടതി 2013 ഡിസംബർ 12-ന് ഡൽഹി ഹൈക്കോടതി വിധി റദ്ദാക്കുകയും തീരുമാനം പാർലമെന്റിനു വിടുകയും ചെയ്തു. ലൈംഗികന്യൂനപക്ഷങ്ങൾ ഇതിനെതിരായി നല്കിയ റിവ്യൂ ഹരജി കോടതി തള്ളിയെങ്കിലും അവസാനത്തെ കച്ചിത്തുരുമ്പായ ക്യൂറേറ്റിവ് ഹരജി സുപ്രീം കോടതി 2016 ഫെബ്രുവരിയിൽ സ്വീകരിച്ചിട്ടുണ്ട്. ട്രാൻസ്‌ജെന്റർ വ്യക്തികളെ മൂന്നാം ലിംഗമായി അംഗീകരിക്കുന്ന സുപ്രീം കോടതി വിധി 2014-ൽ വന്നതും അതിനെത്തുടർന്ന് അവരുടെ ക്ഷേമത്തിനായുള്ള ബിൽ പാർലമെന്റ് 2015-ൽ പാസാക്കിയതും ആ സമൂഹത്തിന്റെ അതിജീവനത്തിന് വളരെ സഹായകരമാണ്. എന്നാൽ ട്രാൻസ്‌ജെന്റർ വ്യക്തികളുടെ രതിയെക്കുറിച്ച് ഈ ബിൽ ഒന്നും പറയാത്തതിനാൽ അത് 377 വകുപ്പ് പ്രകാരം ഇന്നും കുറ്റകൃത്യമായി തുടരുന്നുണ്ട്. സ്വവർഗരതിക്കെതിരായ ഇത്തരം കാടൻനിയമങ്ങൾ ഇന്ത്യൻ നിയമാവലിയിൽ എഴുതിച്ചേർത്ത ബ്രിട്ടീഷുകാർ അവരുടെ രാജ്യത്ത് ഇത്തരം നിയമങ്ങൾ എത്രയോ മുൻപുതന്നെ ഭേദഗതി ചെയ്തിരുന്നു എന്നത് ചിന്തനീയമായ വസ്തുതയാണ്.

നിയമപ്പോരാട്ടങ്ങൾ സുപ്രീം കോടതിയിൽ തുടരുമ്പോഴും ഇന്ത്യയിലെ സ്വവർഗപ്രണയി കുടുംബത്തിലും ജോലിസ്ഥലത്തും സമൂഹത്തിലും നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും നിരവധിയാണ്. ഭിന്നവർഗപ്രണയിയെങ്കിലും സ്വവർഗപ്രണയികൾ നേരിടുന്ന പ്രശ്‌നങ്ങൾ മനസ്സിലാക്കുകയും അവരുടെ മനുഷ്യാവകാശങ്ങൾക്കായി ശക്തിപൂർവം വാദിക്കുകയും ചെയ്യുന്ന പല ബുദ്ധിജീവികളും കലാകാരന്മാരും സാമൂഹിക രാഷ്ട്രീയപ്രവർത്തകരും ഭാരതത്തിലുണ്ട്. ഇത്തരം അനുഭാവികളുടെ പിൻബലത്തോടെ സ്വവർഗപ്രണയിയും എഴുത്തുകാരനുമായ വിക്രം സേത്ത് ലൈംഗികന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന സാമൂഹികപ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് കേന്ദ്രഗവൺമെന്റിനും നിയമമന്ത്രാലയത്തിനും 2006-ൽ ഒരു തുറന്ന കത്ത് സമർപ്പിക്കുകയുണ്ടായി. അമർത്യ സെൻ, ക്യാപ്റ്റൻ ലക്ഷ്മി, സ്വാമി അഗ്നിവേശ്, അരുന്ധതി റോയ്, ശ്യാം ബെനഗൽ, ഗിരീഷ് കർണാട്, ശോഭാ ഡെ തുടങ്ങി നൂറോളം പ്രമുഖ അനുഭാവികൾ ഈ തുറന്ന കത്തിന് തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ അവസ്ഥയെപ്പറ്റി അനുഭാവിയായ ഹിന്ദി സിനിമാതാരം താര ദേശ്പാണ്‌ഡെ പറയുന്നത് ശ്രദ്ധേയമാണ്: 'രഹസ്യമാക്കി വെക്കപ്പെടുന്ന സ്വവർഗലൈംഗികത ഇന്ത്യയെപ്പോലെ അറേഞ്ച്ഡ് വിവാഹങ്ങൾ നടക്കുന്ന സമൂഹത്തിൽ മറ്റു സമൂഹങ്ങളിലെക്കാൾ കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. അഥിനാൽതന്നെ സ്വവർഗലൈംഗികത എന്ന യാഥാർത്ഥ്യവുമായി എത്രയും പെട്ടെന്ന് ഭാരതീയസമൂഹം പൊരുത്തപ്പെടുന്നുവോ അത്രയും അത് ഗുണകരമായി ഭവിക്കും''. 

രണ്ടുപുരുഷന്മാർ ചുംബിക്കുമ്പോൾ: മലയാളിഗേയുടെ ആത്മകഥയും എഴുത്തുകളും
കിഷോർകുമാർ
ഡി.സി. ബുക്‌സ്, 2017
വില: 175 രൂപ 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP