Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

പലായനങ്ങൾ

പലായനങ്ങൾ

ഷാജി ജേക്കബ്‌

'There is no way out of the imagined order. When we breakdown our prision walls and run towards freedom, we are in fact running into the more spacious excercise yard of a bigger priosn'

- Yuval Noah Harari, Sapiens.

Stories you may Like

നൂറ്റിഎഴുപതുവർഷം പിന്നിടുന്ന മലയാളനോവൽ നാളിതുവരെയുള്ള അതിന്റെ രൂപകലകളും ഭാവപദ്ധതികളും അടയാളപ്പെടുത്തുന്നത് മുഖ്യമായും ഏഴ് ആഖ്യാനതലങ്ങളെ കേന്ദ്രീകരിച്ചാണ്. ചരിത്രപാഠങ്ങൾ, ദേശഭൂപടങ്ങൾ, കാലഖണ്ഡങ്ങൾ, കുടുംബപുരാണങ്ങൾ, ലിംഗബന്ധങ്ങൾ, രാഷ്ട്രീയാബോധങ്ങൾ, കാമനാഗാഥകൾ എന്നിങ്ങനെ.

നോവൽ, ചരിത്രത്തിന്റെ പാഠരൂപങ്ങളിലൊന്നാണെന്ന കാഴ്ചപ്പാട് 1859-ൽ ആദ്യമലയാളനോവൽ ഇംഗ്ലീഷിലെഴുതിയ ഫ്രോൻസെസ് റൈറ്റ് കൊളിൻസിനു പോലുമുണ്ടായിരുന്നു. നാളിതുവരെ അതിന് മൂർത്തമായ ഭാവരൂപപ്പടർച്ചകളല്ലാതെ വിരാമമേതുമുണ്ടായിട്ടില്ല. സ്ഥലഭാവന, ദേശഭൂപടമായി വിന്യാസം നേടുകയോ ദേശീയതയുടെ വാങ്മയമായി പ്രശ്‌നവൽക്കരിക്കപ്പെടുകയോ ചെയ്യുന്നു, പല നോവലുകളിലും. ഒരു കാലം, അതിന്റെ ജീവിതാനുഭവ വൈവിധ്യങ്ങളിൽ, സംഭവക്രമങ്ങളിൽ പുനഃസൃഷ്ടിക്കാനാണ് പല നോവലിസ്റ്റുകളും ശ്രമിക്കുക. അടിസ്ഥാനപരമായ ആധുനിക സാമൂഹിക ഘടകം എന്ന നിലയിൽ കുടുംബങ്ങളാണ് നോവലിന്റെ നരവംശാടിത്തറ. നോവലിന്റെ ആഖ്യാനമണ്ഡലത്തിൽ സംഭവിച്ച ഏറ്റവും ശ്രദ്ധേയമായ സാംസ്‌കാരിക പ്രക്രിയ, കുടുംബപുരാവൃത്തങ്ങൾക്കു കൈവന്ന ഭാവാവിഷ്‌ക്കാരമെന്നതാണ്. ആൺ, പെൺ, ഇതര ലിംഗ, ലിംഗപദവീബന്ധങ്ങളിലെ ആത്മ, അപര സംഘർഷങ്ങളുടെ കടങ്കഥയാകുന്നു, എക്കാലത്തും നോവൽ. ജാതി, മത, വർഗ, വംശ, പാരിസ്ഥിതിക, രാഷ്ട്രീയ വിചാരങ്ങൾക്കു കൈവരുന്ന പ്രത്യയശാസ്ത്രപ്രരൂപമാണ് പല നോവലുകളും. തൃഷ്ണാഭരിതമായ നരജീവിതത്തിന്റെ കലക്കങ്ങളും ചുഴികളും കയങ്ങളുമാണ് പല നോവലുകളുടെയും ഭാവാന്തർധാര.

മലയാളനോവലിന്റെ ഭാവുകത്വചരിത്രത്തെ സൗന്ദര്യവൽക്കരിച്ചും രാഷ്ട്രീയവൽക്കരിച്ചും നിലനിൽക്കുന്ന ഈ ഏഴു ലാവണ്യതലങ്ങളെയും സൂക്ഷ്മാർഥത്തിൽ പിൻപറ്റുന്നു, വിനോയ് തോമസിന്റെ 'പുറ്റ്'. അതേസമയംതന്നെ മലയാളനോവലിന്റെ അഞ്ച് കഥനപാരമ്പര്യങ്ങൾക്കൊപ്പം ചേർന്നുനിൽക്കുകയും ചെയ്യുന്നു, ഈ കൃതി.

ഒന്ന്, മലബാർ കുടിയേറ്റത്തിന്റെ കഥകളെ ചരിത്രവൽക്കരിക്കുന്ന നോവലുകൾക്കൊപ്പം. വിഷകന്യക, ഉറൂബിന്റെയും എം ടി.യുടെയും പാറപ്പുറത്തിന്റെയും മറ്റും ഭാഗികസൂചനകൾ, ബസ്പുർക്കാന, ഭൂമധ്യരേഖയിലെ വീട്, കരിക്കോട്ടക്കരി തുടങ്ങിയവയുടെ തുടർച്ചയിൽ എഴുതപ്പെടുമ്പോഴും ഇത്രമേൽ സൂക്ഷ്മതയോടെ കുടിയേറ്റത്തിന്റെ സാമൂഹ്യ നരവംശശാസ്ത്രം അനാവരണം ചെയ്യുന്ന മറ്റൊരു നോവൽ മലയാളത്തിലില്ല.

രണ്ട്, കഥകളുടെ ഐതിഹ്യമാല രൂപപ്പെടുത്തുന്ന ദേശഭാവനയുടെയും ഗുപ്തകാമനകളുടെയും രചനകൾക്കൊപ്പം. ഉമ്മാച്ചു, ഒരു തെരുവിന്റെ കഥ, ഖസാക്ക്, സ്മാരകശിലകൾ, തട്ടകം, മീശ തുടങ്ങിയ നോവലുകളുടെ വഴിയാണിത്. ഒറ്റക്കഥയുടെ തായ്ത്തടിയല്ല, പൊട്ടിപ്പടരുന്ന കഥയാലാണ് ഇവിടെ നോവൽ.

മൂന്ന്, മതം, കുടുംബം, ലൈംഗികസദാചാരം തുടങ്ങിയവയുടെ മൂല്യവിചാരണ നടത്തുന്ന നോവലുകളുടെ വഴിയിൽ. വി.കെ.എൻ. മുതൽ സക്കറിയയും സാറാജോസഫും ലിസിയും ലിജി മാത്യുവും വരെയുള്ളവരുടെ രചനകൾ ഓർക്കാം. വിനോയ് തോമസിന്റെ തന്നെ കരിക്കോട്ടക്കരിയെന്ന നോവലും ഉടമസ്ഥൻ എന്ന കഥയും 'പുറ്റി'ന്റെ അന്തർപാഠങ്ങളായിത്തന്നെ മാറുന്നുണ്ട്.

നാല്, രാഷ്ട്രീയപ്രത്യയശാസ്ത്രവിചാരത്തിൽ വിജയനും സുകുമാരനും പരമേശ്വരനും രാജീവനും സന്തോഷ്‌കുമാറിനും ഹരീഷിനും രാജശ്രീക്കുമൊപ്പമാണ് വിനോയ്. 'പുറ്റി'ലെ നരയഞ്ചേരിസമരത്തിന്റെ കഥ, അസാധാരണമായ ഒരു രാഷ്ട്രീയവിമർശനവും വിചാരണയുമായി മാറുന്നുണ്ട്.

അഞ്ച്, റിയലിസത്തിനും മാജിക്കൽ റിയലിസത്തിനുമിടയിൽ അതിർവരമ്പുകളില്ല എന്നു തെളിയിക്കുന്ന ആഖ്യാനകലയുടെ പാഠമാതൃകകൾക്കൊപ്പം, ബഷീറിന്റെയും വിജയന്റെയും കോവിലന്റെയും മാത്യൂസിന്റെയും ജോണിമിറാൻഡയുടെയും സെബാസ്റ്റ്യന്റെയും ഹരീഷിന്റെയും പാരമ്പര്യത്തിൽ.

ആധുനികതാവിമർശനത്തിന്റെ ഭാവരാഷ്ട്രീയങ്ങൾ പലതിനെയും നോവലിന്റെ കലയും പ്രത്യയശാസ്ത്രവുമാക്കി വികസിപ്പിക്കുന്നതിലൂടെ കഴിഞ്ഞ ദശകത്തിൽ മലയാളത്തിലുണ്ടായ മികച്ച അഞ്ചോ ആറോ നോവലുകളിലൊന്നായി (സുഗന്ധി, ആരാച്ചാർ, ബുധിനി, മീശ, കല്യാണി...) പുറ്റ് മാറുന്നത് മേല്പറഞ്ഞ ഭാവുകത്വവിതാനങ്ങളിൽ മൗലികമായി ഇടപെടാൻ വിനോയിക്കു കഴിയുന്നതുകൊണ്ടാണ്.

മലബാർ കുടിയേറ്റത്തിന്റെ സാമൂഹ്യ-നരവംശ ചരിതവും സാംസ്‌കാരിക നരവംശവിശകലനവുമാണ് 'പുറ്റ്'. പെരുമ്പാടിയെന്ന ദേശത്തിന്റെ ഭാവനാഭൂപടമാകുന്നു അതിന്റെ കഥാഭൂമിക. ഒരു നൂറുവർഷത്തെയും നാലോ അഞ്ചോ തലമുറകളുടെയും കാലാന്തരാനുഭവങ്ങളാണ് 'പുറ്റി'ന്റെ സംഭവചക്രം. തീപിടിച്ചു പൊള്ളിയും അകംചീഞ്ഞഴുകിയും ചിതൽ തിന്നു ദ്രവിച്ചും തറപറ്റിയ കുടുംബങ്ങളാണ് അതിലാദ്യന്തമുള്ളത്. മതബോധം കുരുക്കിട്ടുപിടിച്ച മനുഷ്യർ സ്ഥാപനങ്ങളുടെയും വ്യവസ്ഥകളുടെയും സദാചാരത്തടവറകൾക്കുള്ളിൽ ശ്വാസം കിട്ടാതെ പിടയുന്നതിന്റെ കഥകളാണ് 'പുറ്റി'ൽ നിറയെ. ആൺ, പെൺ, ഇതരലിംഗ ജീവിതങ്ങളുടെ ഫണം നീർത്തിയ കാമനകൾ റിയലിസത്തിനും മാജിക്കൽ റിയലിസത്തിനുമിടയിൽ ഊഞ്ഞാലാടുന്നുണ്ട്, 'പുറ്റി'ൽ ഉടനീളം. സംഗ്രഹിച്ചു പറഞ്ഞാൽ സംസ്‌കൃതിയെ അപനിർമ്മിച്ച് പ്രകൃതിയെ തിരിച്ചുപിടിക്കുന്ന ആധുനികതാവിമർശനമാണ് 'പുറ്റി'ന്റെ ലാവണ്യപ്രത്യയശാസ്ത്രം.

അതിനായി നോവൽ സ്വീകരിക്കുന്ന രീതിശാസ്ത്രം കുടുംബങ്ങളുടെ അപകോളനീകരണമാകുന്നു. ആൺകോയ്മയുടെ, ലൈംഗികസദാചാരത്തിന്റെ, ഭരണകൂടത്തിന്റെ, മതബോധത്തിന്റെ, സാമൂഹ്യസ്ഥാപനങ്ങളുടെ ഒക്കെ അധിനിവേശതന്ത്രങ്ങളെ അടിമുടി പൊളിച്ചെഴുതിക്കൊണ്ടാണ് 'പുറ്റ്', ആധുനിക കേരളീയ കുടുംബവ്യവസ്ഥ കുഴിച്ചുമൂടിയ ജൈവമാനവികതയെ തിരിച്ചുപിടിക്കുന്നത്. ഒരേസമയം പണിയരെപ്പോലുള്ള വനവാസികളുടെ സ്വതന്ത്രലൈംഗിക ജീവിതവും ബാംഗ്ലൂരിൽ പ്രിസ് അഗസ്റ്റിനെന്ന മനഃശാസ്ത്രജ്ഞൻ നടത്തുന്ന ഭിന്നലിംഗത്തിൽപ്പെട്ടവർക്കായുള്ള കൗൺസലിങ് സെന്ററും ഈ പൊളിച്ചെഴുത്തിന്റെ മാതൃകാസ്ഥാനങ്ങളാകുന്നു. മുഴുവൻ നീതിന്യായ വ്യവസ്ഥകൾക്കും സ്ഥാപനങ്ങൾക്കും വ്യവഹാരങ്ങൾക്കുമതീതമായി പോളും പിന്നീട് ജറമിയാസും പെരുമ്പാടിയിൽ തുടർന്നുപോന്ന മാധ്യസ്ഥസംവിധാനം ഇതിന്റെ പ്രത്യക്ഷമേഖലയുമാകുന്നു. പരസ്പരവിശ്വാസം നിലനിർത്തിയും വീണ്ടെടുത്തും അവർ നിർദ്ദേശിക്കുന്ന പരിഹാരമായിരുന്നു കാലങ്ങളോളം പെരുമ്പാടിയുടെ നീതിപീഠം. പുതുതലമുറയിലെ രാഷ്ട്രീയക്കാരൻ ധൂപേഷും വക്കീൽ ബൗസിലിയും ചേർന്നാണ് ആ ജൈവവ്യവസ്ഥയുടെ സാമൂഹികത തകർത്തുകളയുന്നത്. കൂട്ടായ്മയുടെ ആ പുറ്റ് തകർന്ന പെരുമ്പാടിയെ പ്രളയാനന്തരം പുതിയ പുറ്റുകൾ വന്നുമൂടി.

ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതിയിൽ തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്കുണ്ടായ കുടിയേറ്റം സൃഷ്ടിച്ച പെരുമ്പാടിയെന്ന ഗ്രാമത്തിന്റെ കൂട്ടായ്മകളുടേതെന്നപോലെ ഏകാന്തതകളുടെയും നൂറുവർഷമാണ് പുറ്റിന്റെ കാലഭൂപടം. ശാപം കിട്ടിയ മനുഷ്യരാണ് പെരുമ്പാടിയിലെത്തിയവരിൽ പലരും. ആദ്യമെത്തിയ ചെറുകാനാകാരണവർ, തന്റെ സ്വന്തം മകളെ ഗർഭിണിയാക്കിയശേഷം അവളെ ഭാര്യയായി സ്വീകരിച്ച് നാട്ടിൽ നിന്നും മുഴുവൻ മനുഷ്യരിൽ നിന്നും ഒളിച്ചോടി ഇരുപുഴ കടന്ന് പെരുമ്പാടിയിൽ താമസമുറപ്പിച്ചയാളാണ്. തുടർന്നുവന്ന കുടുംബങ്ങളിൽ പതിനാലാമത്തേതാണ് നോവലിന്റെ ആഖ്യാനത്തിൽ കേന്ദ്രസ്ഥാനത്തുള്ളത്. തിരുവിതാംകൂറിലെ സമ്പന്ന കുടുംബത്തിൽ പിറന്ന ചിന്നയെ അവളുടെ സഹോദരീഭർത്താവ് ഓനാച്ചൻ ഗർഭിണിയാക്കി. സഹോദരങ്ങൾ ചിന്നയെയും അവൾക്കുണ്ടായ മകനെയും കൂട്ടി പെരുമ്പാടിയിലെത്തി ഭൂമിവാങ്ങി നൽകി അവിടെ പാർപ്പിച്ചു. ചിന്നയുടെ മകൻ പോൾ. പോളിന്റെ മകൻ ജറമിയാസ്. ജറമിയാസിന്റെ മകൻ അരുൺ. പോളിന്റെ ഭാര്യ കത്രീന. ജറമിയാസിന്റെ ഭാര്യ എൽസി. അരുൺ നീരുവിനെ കല്യാണം കഴിച്ചെങ്കിലും അവളെ ഭാര്യയാക്കിയില്ല. ബാംഗ്ലൂരിൽ മറ്റൊരു പുരുഷന്റെ ഭാര്യയായി ജീവിക്കുകയായിരുന്നു, പെണ്മ സ്വയം തെരഞ്ഞെടുത്ത അരുൺ. ചെറൂകാനാ കുടുംബത്തിന്റെ വിധി മറ്റൊരുതരത്തിൽ കുമ്മണ്ണൂർ കുടുംബത്തെയും പിടികൂടി. ജറമിയാസിൽ നിന്ന് ഗർഭം ധരിച്ച് നീരു പ്രസവിച്ചു. മകളെയുംകൊണ്ട് അവൾ ഒരു കന്യാസ്ത്രീമഠത്തിൽ ജീവിതം മുന്നോട്ടുകൊണ്ടുപോയി.

നോവലിൽ നായകസ്ഥാനത്തുള്ളത് ജറമിയാസാണ്. പെരുമ്പാടിയിലെ ഏതു കുടുംബത്തിനുള്ളിലും കുടുംബങ്ങൾക്കിടയിലുമുണ്ടാകുന്ന സകലവിധ പ്രശ്‌നങ്ങൾക്കും രമ്യവും സ്വീകാര്യവുമായ പരിഹാരമുണ്ടാക്കിയിരുന്നത് മുൻപ് പോളും ഇപ്പോൾ ജറമിയാസുമാണ്. ആളുകൾ നവീകരണഭവനം എന്നു പേരിട്ടു വിളിച്ച അയാളുടെ വീട്ടിൽ പക്ഷെ ചിന്നയും പോളും എൽസിയും നരകിച്ചാണ് മരിച്ചത്. അരുൺ ബാംഗ്ലൂരിൽ പഠിക്കാൻ പോയി പെണ്ണായി മാറാൻ കൊതിച്ചു. അവനെ നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചെങ്കിലും നീരുവിന് ജറമിയാസിന്റെ കൂടെ ജീവിക്കാനായിരുന്നു വിധി.

പക്ഷെ നോവൽ ഈ കുടുംബത്തിന്റെ മാത്രം കഥയിലല്ല ചുറ്റിത്തിരിയുന്നത്. ജറമിയാസിന്റെ മുൻപിൻ തലമുറകൾ നാലും സൂചിതമാകുന്നതുപോലെ പല തലമുറകൾ കടന്നുവരുന്നില്ലെങ്കിലും പോളിന്റെയും ജറമിയാസിന്റെയും തലമുറകളിൽ പെട്ട ഒരുപറ്റം കുടുംബങ്ങളുടെ കഥകളാണ് പുറ്റിലുള്ളത്. പുറ്റ് എന്നത് കൂട്ടായ്മയുടെ സമൂഹഘടനയിൽ ഊന്നിയ മനുഷ്യദർശനത്തിലൂടെ പെരുമ്പാടിയിലെ മുഴുവനാളുകളെയും ചരിത്രത്തിൽ തിരിച്ചുനടത്തുന്ന ഡിസ്റ്റോപ്പിയൻ രൂപകമാണ്. ഉറുമ്പിന്റെയോ ചിതലിന്റെയോ ഒക്കെ പുറ്റ് പോലെയുള്ള കൂട്ടുജീവിതത്തിന്റെ ആദിപ്രരൂപം പെരുമ്പാടിക്കു വിധിയെഴുതിക്കൊണ്ടാണ് ജറമിയാസും നോവലും പിൻവാങ്ങുന്നത്. ആധുനികസംസ്‌കൃതി നിർമ്മിച്ച ഒറ്റജീവിതങ്ങളിൽ നിന്ന് ഗോത്രഭൂതത്തിലെ പറ്റജീവിതങ്ങളിലേക്ക് പിന്മടങ്ങുന്ന പ്രകൃതിവാദത്തിന്റേതാണ് ഈ പ്രതീകകല്പന. ആണ് വേട്ടക്കാരനും പെണ്ണ് ഇരയുമായി മാറുന്ന ആധുനികതയുടെ നരനായാട്ടിനെയാണല്ലോ കുടുംബം എന്നു നമ്മൾ വിളിച്ചുപോരുന്നത്. സ്വന്തം അമ്മയുടെ നരകാനുഭവങ്ങൾ സിദ്ധാന്തവൽക്കരിച്ചുകൊണ്ട്, പ്രിസ് അഗസ്റ്റിൻ എഴുതിയ പ്രബന്ധത്തിൽ ഇക്കാര്യം ഇങ്ങനെ വിവരിക്കുന്നുണ്ട്:

'ഇരയാകലിനോടുള്ള മനുഷ്യന്റെ സമരസപ്പെടലിന് നിസ്സഹായതയാണ് മുഖ്യകാരണമായി പറയപ്പെടുന്നതെങ്കിലും മറ്റു പലതും അതിലുണ്ടെന്നുള്ളത് യാഥാർത്ഥ്യമാണ്. മനുഷ്യന്റെ ഇന്നോളമുള്ള സാമൂഹിക ജീവിതത്തിലുടനീളം അതിന് ഉദാഹരണങ്ങളുണ്ട്. ഇരകളാക്കപ്പെടുന്നത് കൂടുതലും സ്ത്രീകളായതിനാൽ സ്ത്രീകളിൽതന്നെയാണ് ഇത്തരം സമരസപ്പെടുന്ന വ്യക്തിത്വങ്ങളെ കൂടുതൽ കാണാൻ കഴിയുക.

തങ്ങളെ ബന്ദിയാക്കിയ പുരുഷനെ പ്രണയിക്കുന്ന സ്ത്രീകഥാപാത്രങ്ങൾ സിനിമയിലോ നോവലിലോ മാത്രമല്ല ഉള്ളത്. അമേരിക്കയിലും യൂറോപ്പിലും തങ്ങളെ ദ്രോഹിക്കുന്ന ഭീകരന്മാരായ കുറ്റവാളികളെ സ്‌നേഹിച്ച് അവർക്കുവേണ്ടി എന്തും ചെയ്യാൻ സ്ത്രീകൾ തയ്യാറായ ധാരാളം കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിൽത്തന്നെ പല കൊടുംകുറ്റവാളികൾക്കും ഒന്നിലധികം കാമുകിമാരുണ്ടെന്നത് ഇവിടെ പ്രസക്തമാകുന്നില്ലെങ്കിലും ആ കാമുകിമാർ പലപ്പോഴും ഈ കാമുകന്മാരാൽ വളരെ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും എന്നിട്ടും അവരുടെ പ്രണയത്തിന് ഒരു കുറവും വരുന്നില്ലെന്നതും നമ്മുടെ വിഷയവുമായി ബന്ധപ്പെട്ടുനിൽക്കുന്നു.

ഇതെല്ലാം സ്ത്രീപുരുഷബന്ധത്തിലെ അടിമത്തത്തിന്റെ സൂചനകളാണെങ്കിൽ കുടുംബങ്ങളിലെ അവസ്ഥ കുറേക്കൂടി സങ്കീർണ്ണമാണ്. വ്യവസ്ഥാപിതകുടുംബവുമായി മാറാത്ത സ്ത്രീപുരുഷബന്ധങ്ങളിൽ ഇത്തരം വിധേയത്വങ്ങളിൽനിന്നും രക്ഷപ്പെടുവാനുള്ള സ്വാതന്ത്ര്യം കൂടുതലായുണ്ട്. അടിമത്തം ഇഷ്ടപ്പെടുന്ന പ്രത്യേക മാനസികാവസ്ഥയുള്ളവർക്കു മാത്രം ആ ബന്ധങ്ങളിൽ തുടർന്നാൽ മതിയല്ലോ. അവർക്ക് മറ്റു ബാഹ്യസാഹചര്യങ്ങൾ ബന്ധങ്ങൾ മുറിക്കുന്നതിനു തടസ്സമായി നിലനിൽക്കുന്നില്ല.

എന്നാൽ മതപരമായി കൂട്ടിച്ചേർക്കപ്പെട്ട കുടുംബങ്ങളിലെ സ്ഥിതി പരിശോധിക്കുമ്പോൾ ഒട്ടും സന്തോഷകരമല്ല കാര്യങ്ങളെന്നു വ്യക്തമാകും. നിർബന്ധിതമായി ക്ഷമിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ സംഭവിക്കുന്നത് ഇത്തരം കുടുംബങ്ങൾക്കുള്ളിലാണ്. ഇന്ത്യയിലെ കുടുംബവ്യവസ്ഥ ഏറ്റവും കെട്ടുറപ്പുള്ളതാണ് എന്നു പറയുമ്പോൾ പുരുഷാധിപത്യപരമായ ഒരു സാമൂഹികസംവിധാനത്തിൽ മാത്രമേ ശരിയാകുന്നുള്ളൂ. വ്യക്തിസ്വാതന്ത്ര്യത്തിന്റെ അളവുകോൽ പരിശോധിച്ചാൽ ഏറെ വാഴ്‌ത്തപ്പെട്ട ഈ കെട്ടുറപ്പ് ഒരുതരം അടിമത്തത്തിന്റെ ലക്ഷണമാണെന്നു തിരിച്ചറിയാൻ പറ്റും.

ഇന്ത്യയിലെ മറ്റു സാമൂഹിക സംവിധാനങ്ങളിലെല്ലാം ജനാധിപത്യഭരണക്രമം നിലനിൽക്കുന്നുണ്ടെങ്കിലും മതത്തിലും അതു സൃഷ്ടിക്കുന്ന കുടുംബങ്ങളിലും കേന്ദ്രീകൃത അധികാരസ്വഭാവമാണുള്ളത്. കേന്ദ്രീകൃതാധികാരത്തിന്റെ കൂടപ്പിറപ്പായ സ്വാതന്ത്ര്യധ്വംസനങ്ങളും പീഡനങ്ങളും നമ്മുടെ കുടുംബങ്ങളിൽ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നു. നിലനിൽക്കുന്ന നിയമത്തിന്റെ മുൻപിലേക്ക് എത്താൻ അനുവദിക്കപ്പെടാത്ത അത്തരം ഗാർഹിക ക്രൂരതകൾക്കു സ്ത്രീകളാണ് അധികവും ഇരയായിത്തീരുന്നത്.

ജനിതകപരമായിത്തന്നെ ഓരോ ഭാരതീയസ്ത്രീകളുടെയും മനസ്സിൽ ഒരുതരം വിധേയത്വമനോഭാവം രൂപപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആ വിധേയത്വം നമ്മുടെ കുടുംബസങ്കല്പത്തിന്റെ ആണിക്കല്ലാണെന്ന ധാരണയും അത് നഷ്ടപ്പെട്ടാൽ കുടുംബം തകർന്നുപോകുമെന്നുള്ള ബോധവുമാണ് ഇത്തരം ക്ലേശകരമായ സഹനങ്ങളിലേക്കു സ്ത്രീകളെ എത്തിക്കുന്നത്. സതി നിരോധിച്ചപ്പോൾ അതിനെതിരെ ഏറ്റവും ശക്തമായി പ്രതിഷേധിച്ചതു സ്ത്രീകളാണെന്നതു ശ്രദ്ധേയമാണ്. കാരണം മതബോധത്താൽ സൃഷ്ടിക്കപ്പെടുന്ന കുടുംബങ്ങളിലെ സ്ത്രീവിരുദ്ധത അത്രമേൽ ശക്തമാണ് എന്നതുതന്നെ.

മക്കളുണ്ടാകുന്നതോടുകൂടിയാണ് ഒരു കുടുംബം വിപുലമാകുന്നത്. ഇങ്ങനെ വിപുലമാകാത്ത കുടുംബങ്ങളിലെ ഭാര്യമാർ, അതായത് മക്കളില്ലാത്തവർ കുറേക്കൂടി പ്രതികരണസ്വഭാവം കാണിക്കുന്നു. ഇതിൽനിന്നും മനസ്സിലാക്കേണ്ടത് മക്കളുടെ വളർച്ചയ്ക്കുവേണ്ടിയാണ് മിക്ക സ്ത്രീകളും തങ്ങളുടെ പുരുഷന്മാരുടെ അക്രമം ക്ഷമിക്കുന്നതെന്നുതന്നെയാണ്.

പുരുഷന്റേതുകൂടിയായ കുഞ്ഞുങ്ങളെ വളർത്തേണ്ടുന്നതിനായി സ്ത്രീ സ്വീകരിച്ചിരിക്കുന്ന അമ്മ എന്ന അവസ്ഥയ്ക്ക് പ്രത്യേകമായ ഒരു പരിഗണന പുരുഷൻ കൊടുക്കുന്നില്ല എന്നുമാത്രമല്ല ആ അവസ്ഥയിലിരിക്കുന്നവൾ പലതും സഹിക്കാൻ ബാധ്യസ്ഥയാണെന്ന ബോധംകൂടി മതപുരുഷന്മാർ അവളിലുണ്ടാക്കിവെച്ചിരിക്കുന്നു'.

പുറ്റിന്റെ മാനിഫെസ്റ്റോയാണ് ഈ പ്രബന്ധഭാഗം. പണിയ സ്ത്രീയായ സുമതി ഭർത്താവിനോടും അമ്മാവനോടുമൊപ്പം സസന്തോഷം ഉടൽ പങ്കിട്ടുജീവിക്കുന്നതുകണ്ട് അവർക്കുമേൽ സദാചാരലംഘനക്കുറ്റം ചുമത്തി നാട്ടുപഞ്ചായത്ത് മെമ്പർ ആന്റണി അവരെ ജറമിയാസിനടുത്തെത്തിക്കുന്നുണ്ടെങ്കിലും തങ്ങൾ ചെയ്ത തെറ്റെന്താണെന്ന് പണിയർക്കു മനസ്സിലാകുന്നില്ല. ആണധികാരമുറപ്പിക്കുന്ന കുടുംബഘടനയിലും സ്ത്രീപുരുഷന്മാരുടെ സ്വതന്ത്രവും സ്വേച്ഛാപരവുമായ ലൈംഗികതയെ തളയ്ക്കുന്ന സദാചാരവ്യവസ്ഥയിലും ഊന്നിയ ആധുനികതയുടെ സംസ്‌കാരഘടനയെയാണ് പുറ്റ് പ്രശ്‌നവൽക്കരിക്കുന്നത്. മതബോധം പിടിമുറുക്കിയ ഈ സ്ഥാപനപരതയെ ക്രിസ്തുമതത്തിനുള്ളിൽ നിന്നുതന്നെ പിളർക്കുന്ന ഫിലോമിന സിസ്റ്ററും അവിരാ അച്ചനും അവർ രൂപം കൊടുക്കുന്ന പുതിയ സ്യാസിനീസഭയും അതിനുള്ളിൽ തളച്ചിടപ്പെടുന്ന നാനാതരം ആസക്തികളുടെ പൊട്ടിത്തെറികളിലൂടെ സമാന്തരമായ ഒരു ഉപാഖ്യാനം ഈ മുഖ്യ പ്രമേയത്തിനു സൃഷ്ടിച്ചുനൽകുന്നുണ്ട്. തന്നെയുപേക്ഷിച്ച് മറ്റൊരാണിനെ തേടിപ്പോയ അരുണിനോട് ഒരിക്കലും വെറുപ്പുതോന്നാതിരുന്ന നീരു, മഠത്തിലെ വത്സച്ചേച്ചിയുടെ പകുതി പൂർത്തിയായ പൗരുഷത്തിലാണ് ആനന്ദം കണ്ടെത്തുന്നത്. മുൻപ് അവൾ പഴയനിയമത്തിലെ റൂത്തിനെപ്പോലെ ജറമിയാസിനെ ബലമായി പ്രാപിക്കുകയും ചെയ്തിരുന്നു.

'പാതിരാകുർബ്ബാനയ്ക്കു പള്ളിയിൽ പോയിവന്നവർ ഉറങ്ങാതിരുന്നത് രാവിലത്തേക്കുള്ള അപ്പമുണ്ടാക്കാനും കറിയുണ്ടാക്കാനുമൊക്കെയാണ്. പക്ഷേ, എല്ലാവരുടെയുള്ളിലും കേക്കുമുറിക്കുന്നതിനുള്ള ഒരു ആകാംക്ഷയുണ്ടായിരുന്നു. കാരണം വത്സച്ചേടത്തി രഹസ്യമായിട്ടാണു കേക്കുണ്ടാക്കിയിരിക്കുന്നത്. രാവിലെ മുറിക്കുന്നതുവരെ ഉള്ളിലെന്താണെന്ന് വത്സച്ചേടത്തി ആരെയും കാണിച്ചില്ല.

കേക്കു മുറിച്ചുകഴിഞ്ഞപ്പോൾ എന്താല്ലാമാണു കേക്കിലുള്ളതെന്നു തർക്കമായി. ഒടുവിൽ പലരുടെയും ചർച്ചകൾക്കുശേഷം ചേടത്തി വെളിപ്പെടുത്തി. മഠത്തിലുണ്ടായ സ്‌ട്രോബറി പഴങ്ങൾകൊണ്ടുള്ള ചുവന്ന ഒരടുക്ക്, ഇളനീർ അടിച്ചുചേർത്ത വെളുത്ത ഒരടുക്ക്, ഈന്തപ്പഴം കൊണ്ട് ഇരുണ്ട ഒരടുക്ക്, നേന്ത്രപ്പഴം ചേർത്ത മഞ്ഞയടുക്ക് അങ്ങനെ നാലടുക്കുകളുള്ള ഒരു വലിയ കേക്കാണ് വത്സച്ചേടത്തിയുണ്ടാക്കിയത്. ഐസ്‌ക്രീമുകൊണ്ടു കേക്കിന്റെ പുറംപൊതിഞ്ഞ് അതിൽ ബീറ്റ്‌റൂട്ട് നീരുകൊണ്ടു ചിത്രം വരച്ചു.

എല്ലാവർക്കും സന്തോഷമായി. ആ സന്തോഷം മദർ ജനറലിനും വന്നതുകൊണ്ട് എല്ലാവർക്കും അല്പം അരിഷ്ടം കഴിക്കാനുള്ള അനുവാദം കിട്ടി. നല്ല ചുവപ്പൻ ചാമ്പങ്ങകൊണ്ടുള്ള അരിഷ്ടമാണ് അന്നു വിളമ്പിയത്. ചിലരൊക്കെ രണ്ടും മൂന്നും പ്രാവശ്യം വാങ്ങിക്കഴിച്ചു. മദർ അതു കണ്ടില്ലെന്നു നടിച്ചെങ്കിലും വത്സച്ചേടത്തിയോട് അരിഷ്ടത്തിന്റെ ഭരണിയെടുത്തു പൂട്ടിവെക്കാൻ ആരുമറിയാതെ ഒരു നിർദ്ദേശം കൊടുത്തു.

ഉച്ചയ്ക്കും തിന്നെത്തിക്കാൻ പറ്റാത്തത്ര വിഭവങ്ങളുണ്ടായിരുന്നു. കുറച്ച് അതിഥികൾ വന്നതുകൊണ്ടു മഠത്തിലുള്ളവർക്ക് ഉച്ചഭക്ഷണം കഴിഞ്ഞ് ഒരു വിശ്രമം സാധിച്ചില്ല. അതുകൊണ്ട് വൈകുന്നേരത്തെ ഭക്ഷണം നേരത്തേയാക്കി എല്ലാവരും കിടക്കാനൊരുങ്ങി.

നീരു സന്ധ്യയാകുന്നതിനുമുൻപേ കുളിയൊക്കെ കഴിഞ്ഞ് കുഞ്ഞിനെ ഉറക്കി. വത്സച്ചേടത്തി എപ്പോഴാണു വരുന്നതെന്നറിയില്ലാത്തതുകൊണ്ടു വാതിൽ കുറ്റിയിടാതെയാണ് അവൾ കിടന്നത്. അന്നു പതിവിലും നേരത്തേ വത്സച്ചേടത്തി വന്നു. അവരുടെ കൈയിൽ ഒരു പൊതിയുണ്ടായിരുന്നു.

'ഉയ്യോ, തൊലഞ്ഞു പോയടീ കൊച്ചേ. മൂന്നാലു ദിവസമായിട്ടൊള്ള മേടല്ലേ, മടുത്തു'. പൊതി കട്ടിലിനടിയിലേക്കു വെച്ചിട്ടു വത്സച്ചേടത്തി കട്ടിലിൽ ഇരുന്നു.

'ഇന്നേലും ഒന്നു കിടന്ന് ഒറങ്ങണം, നീയാരോടും പറയണ്ട. അതിനുവേണ്ടിയാ ഞാനിതിങ്ങോട്ടെടുത്തെ. ഇവിടെയാകുമ്പോ സ്വസ്ഥമായിട്ട് രണ്ടെണ്ണം അടിച്ചിട്ടു കെടക്കാല്ലോ'.

വത്സച്ചേടത്തി പൊതിയിൽനിന്നും കുപ്പിയും ഗ്ലാസ്സുമെടുത്തു. അല്പംമാത്രമാണ് ഗ്ലാസ്സിലേക്കൊഴിച്ചത്. അത് പെട്ടന്നങ്ങിറക്കുകയും ചെയ്തു.

'നിനക്കു വേണോ ശകലം?' ചേടത്തി ചോദിച്ചു.

വേണ്ട. നീരു പറഞ്ഞതു കേൾക്കുന്നതിനുമുൻപേ ചേടത്തി കുപ്പിയടച്ചിരുന്നു. പൊതിയാതെതന്നെ കുപ്പി കട്ടിലിനടയിൽവെച്ചിട്ട് അവർ കുളിക്കാൻ കയറി. കുളി കഴിഞ്ഞിറങ്ങിയപാടെ അവർ വീണ്ടും കുപ്പിയും ഗ്ലാസ്സും എടുത്തു. നേരത്തേതിന്റെ ഇരട്ടി ഗ്ലാസ്സിലേക്കൊഴിച്ചെടുത്തിട്ട് അവർ കസേരയിലേക്കു പോയി ഇരുന്നു.

'ഇപ്പഴാ ഒന്നു നടുനീർക്കുന്നത്. ഒരുമാതിരി ജീവിതമല്ലേ നമ്മടേത്.' ഗ്ലാസ്സിൽനിന്നും ഒന്നീമ്പിക്കുടിച്ചിട്ട് ചേടത്തി പറഞ്ഞു.

'അതിനെടയ്ക്ക് ഇപ്പവെന്നോട് അങ്ങോട്ട് ചെല്ലെണന്ന് ഒരുത്തി'.

'എന്തിന്, പേൻ നോക്കാനാണോ?' നീരു ചോദിച്ചു.

'ഉം, പേൻ നോക്കാൻ. എന്റെ കൊച്ചേ നിനക്കെന്റെ ജീവിതത്തെപ്പറ്റി എന്നാ അറിയാം? ഞാനൊണ്ടായപ്പഴേ എന്റെ അമ്മയ്ക്കറിയാരുന്നു എന്റെ ജീവിതം ഇങ്ങനെയൊക്കെയേ ആകൂള്ളെന്ന്.'

ചേടത്തി പതിയെ കുടിക്കാൻവേണ്ടിയാണ് ഗ്ലാസ്സിൽ അത്രയുമൂറ്റിയത് എന്നോർക്കാതെ ഒറ്റവലിക്കതു തീർത്തു. അതിന്റെ എരിവടങ്ങിയപ്പോൾ വീണ്ടും പറഞ്ഞുതുടങ്ങി:

'ഞാൻ പഴേ മഠത്തിൽ വന്നപ്പോൾ എനിക്കു പത്തൊമ്പത് വയസ്സേ ഉള്ളൂ. അമ്മച്ചിയെന്റെ എല്ലാ കാര്യങ്ങളും പറഞ്ഞത് ഫിലോമിന മദറിനോടാണ്. അന്നുതൊട്ട് ഇന്നുവരെ മദറിനെന്നോട് പ്രത്യേക സ്‌നേഹമുണ്ട്. പക്ഷേ, ചെല അവളുമാര് വിചാരിക്കുന്നത് അതു മറ്റേ ബന്ധമാണെന്നാ. മനസ്സിലായോ?'

നീരു മനസ്സിലായി എന്ന അർത്ഥത്തിൽ തലയാട്ടി. വത്സച്ചേടത്തി നേരത്തെയൊഴിച്ച അതേയളവിൽ ഒന്നുകൂടി ഒഴിച്ചു.

'അതൊള്ള പല അവളുമാരും ഇതിനകത്തുണ്ട്. അവളുമാർക്കു പിള്ളേരെ മതി. അതെന്തേലുമായിക്കോട്ടെ. എനിക്കു കിടക്കപ്പൊറുതി തരാത്തവളുമാരാണ് എന്നെ കുറ്റം പറയുന്നത്. അതുകൊണ്ടാ ഇന്നു ഞാനങ്ങോട്ടു പോകുന്നില്ലെന്നു വെച്ചത്. അവളുമാര് എന്നതേലും കേറ്റട്ടെ. എന്റേതു വേണ്ട'.

'വത്സച്ചേടത്തി എന്നെതെല്ലാവാ ഈ പറയുന്നെ'. നീരുവിന് ചെറിയ പേടി തോന്നി.

'പിന്നെ പറയാതെ, പത്തുമുപ്പത്തഞ്ചു കൊല്ലമായി ഞാൻ ഇതിനാത്തുകെടന്ന് ഇവളുമാർക്കുവേണ്ടിയൊണ്ടാക്കാൻ തൊടങ്ങീട്ട്. ചാത്തൻസേവപോലെയാ. ഒരിക്കൽ ഇച്ച പെഴച്ചാൽ അതുവരെ ചെയ്തതൊക്കെ തീരും. നന്ദിയില്ലാത്ത വർഗ്ഗം. അതെങ്ങനെയാ, എന്റെ അമ്മച്ചി ഒരടിമേടെ കൂട്ട് എന്നെയിവിടെ വിറ്റിട്ടു പോയതല്ലേ. അവരെന്നെക്കൊണ്ട് എന്ന വേണേലും ചെയ്യിച്ചോട്ടേന്നായിരിക്കും അമ്മച്ചിയോർത്തത്. അല്ലാതെ ഞങ്ങളേപ്പോലൊള്ളോർക്ക് എന്നാ ജീവിതമാ?'

'വത്സച്ചേടത്തി വെഷമിക്കാതെ വന്നു കെടക്കാൻ നോക്ക്,' നീരു വിളിച്ചു.

'ഇന്നു ഞാൻ കെടക്കും, സ്വസ്ഥമായിട്ടു കെടക്കും. നിനക്കു വേണോടീ എന്നെ?'

അതുകേട്ടപ്പോൾ നീരു സംശയത്തോടെ നോക്കി.

'എടീ പെണ്ണേ പേൻ നോക്കാനാണെന്നും പറഞ്ഞ് അവളുമാരെന്നെ വിളിക്കുന്നത് എന്തിനാന്നറിയാവോ? ഇതിനുവേണ്ടീട്ടാ. ഈ മുപ്പത്താറുകൊല്ലം എന്നെയിവിടെയിട്ടു പോറ്റീത് ഇതിനുവേണ്ടീട്ടു മാത്രമാ'.

വത്സച്ചേടത്തി ഇട്ടിരുന്ന നൈറ്റി ഉയർത്തിപ്പിടിച്ചു. അതിനടിയിൽ അവർ ഒന്നുമിട്ടിട്ടില്ലായിരുന്നു. കസേരയിൽ ഇരിക്കുന്ന അവരുടെ കാലിനിടയിലേക്കുവീണ വെളിച്ചത്തിൽ നീരു കണ്ടു. ചെറിയ ഒരു പുരുഷലിംഗം ചുരുണ്ടുകൂടിക്കിടക്കുന്നു.

തന്നെ നീരു മനസ്സിലാക്കിയെന്നു ബോധ്യപ്പെട്ടപ്പോൾ വത്സച്ചേടത്തി നൈറ്റി താഴ്‌ത്തി. അവർ എഴുന്നേറ്റ് ഏറ്റവുമാദ്യം ഒഴിച്ചയത്രയും മദ്യമൂറ്റി പെട്ടെന്നു കുടിച്ചു. കസേരയിൽതന്നെ പോയിരുന്നിട്ട് കുറച്ചുനേരം ആലോചിച്ചു.

'നീയും ഞാനും തമ്മിൽ ഇടപാടാന്നും പറഞ്ഞാണ് അവളുമാർക്കിപ്പോ എന്നോട് കൊതിക്കെറു. ഞാനത് ഇല്ലാന്നൊന്നും പറയാൻ പോയില്ല. നിനക്കെന്നാ പറ്റത്തില്ലേ?'

വത്സച്ചേടത്തി കസേരയിൽനിന്നെഴുന്നേറ്റു കട്ടിലിൽ കിടന്നു. നീരുവിന് കിടക്കാൻ കഴിഞ്ഞില്ല. അവൾ മഠത്തിനുനേരേ നോക്കി. അവിടെ ഉറങ്ങിയുമുറങ്ങാതെയും കിടക്കുന്ന പെണ്ണുങ്ങളെക്കുറിച്ചോർത്തു. ഏതൊക്കെയോ നാട്ടിലെ അവരുടെ കൗമാരങ്ങൾ. ഈ വലിയ കെട്ടിടത്തിലെ അവരുടെ യൗവനം. പെരുമ്പാടിയിലെ പുഴ. താൻ കന്യകയായിരുന്നിടം. അതു വിശുദ്ധിയോടെ കാത്തുസൂക്ഷിച്ചു വെക്കണമെന്ന് പെരുമ്പാടിയിൽ ആരും തന്നോടു പറഞ്ഞിരുന്നില്ലല്ലോ, എന്നിട്ടും...

കുറച്ചധികംനേരം അവൾ തന്നിലെ പെണ്ണിനെക്കുറിച്ചോർത്തു, ജറമിയാസിനെക്കുറിച്ചോർത്തു, ഇലുമ്പിമരച്ചുവടോർത്തു. പിന്നെ എഴുന്നേറ്റ് കുപ്പിയിൽനിന്നും ഗ്ലാസ്സിലേക്കു വത്സച്ചേടത്തിയൂറ്റിയ അത്രയുമൊഴിച്ച് മെല്ലെ മെല്ലെ കുടിച്ചിറക്കി. മുൻപ് പലപ്രാവശ്യം താൻ മദ്യപിച്ചിട്ടുണ്ടെന്ന് അവൾക്കു തോന്നി.

ആദ്യം നടന്ന ഒത്തുകല്യാണത്തിന് തന്റെയരികിൽ നിന്ന ചെറുപ്പക്കാരൻ ഇപ്പൊളെവിടെയായിരിക്കും? അന്ന് അരികിൽ നിൽക്കുമ്പോൾ അവന് ഒരാണിന്റെ മണമുണ്ടായിരുന്നു. ചെറുപ്പംതൊട്ടു താനിഷ്ടപ്പെട്ടിരുന്ന മണം. പിന്നീടൊരിക്കലും തനിക്കു കിട്ടാതെപോയ മണം. അരുണിനതുണ്ടായിരുന്നില്ല. ജറമിയാസിന്റെ മണം മറ്റെന്തോ ആയിരുന്നു.

അവൾ കട്ടിലിലേക്കു നോക്കി. വത്സച്ചേടത്തി ഉറക്കം പിടിച്ചുവോ? വലിയ മുലകളുള്ള ഈ പുരുഷന്റെ മണമെന്തായിരിക്കും? ഇങ്ങനെ ശ്രദ്ധിക്കുമ്പോഴാണ് കാണുന്നത്. ചേടത്തിയുടെ മേൽച്ചുണ്ടിനുമുകളിൽ കട്ടിയുള്ള കുറച്ചധികം രോമങ്ങളുടെ കുറ്റിയുണ്ട്. പക്ഷേ, ആ രോമങ്ങൾ അവർക്ക് ഒരു തരത്തിലുള്ള ഗൗരവവും നൽകുന്നില്ല. ഉറക്കത്തിലും അവരുടെ മുഖത്ത് എല്ലാവരോടുമുള്ള ഒരു സ്‌നേഹം നിറഞ്ഞുനിൽക്കുന്നു.

നീരു ഗ്ലാസ്സ് കട്ടിലിനടിയിലേക്കുവെച്ചിട്ട് വത്സച്ചേടത്തിയുടെ അടുത്തുവന്നു കിടന്നു. ബ്രാണ്ടിയുടെ നേർത്തമണം. മീശക്കുറ്റിയുള്ള ചുണ്ടിൽ ഒരുമ്മ വെക്കണം. കൊടുത്ത ഉമ്മ സ്വീകരിച്ചതുപോലെ ചേടത്തിയൊന്ന് ഇളകി. നേരത്തേ കണ്ടത് ഒരിക്കൽക്കൂടി കാണണം. ചേടത്തിയുടെ നൈറ്റി പതുക്കെയുയർത്തിനോക്കുമ്പോൾ ആ ചെറിയ ലിംഗം അല്പമൊന്നുണർന്നിട്ടുണ്ട്. നീരു അതിൽ പതുക്കെ തലോടി.

വത്സച്ചേടത്തിയുടെ അരയ്ക്കുതാഴേക്കുള്ള പുരുഷനോടും അതിനു മുകളിലേക്കുള്ള സ്ത്രീയോടും അവൾക്ക് ഒരുപോലെയിഷ്ടം തോന്നി. അതുകൊണ്ട് അവൾ നൈറ്റി മുഴുവനുയർത്തി മുലകൾകൂടി കണ്ടു. നെഞ്ചിലാകെ പരന്നുകിടക്കുന്ന ആ മുലകളിലും അവൾ പതുക്കെ കൈവെച്ചു. അവൾക്ക് അതിന്റെ ഞെട്ടുകൾ നുണയണമെന്നു തോന്നി. ചുണ്ടുകൾ അവിടേക്കടുപ്പിക്കുമ്പോഴേക്കും വത്സച്ചേടത്തിയുണർന്ന് പുതിയ ജീവിതത്തിലേക്ക് നീരുവിനെ ചേർത്തുപിടിച്ചിരുന്നു'.

പ്രസന്നൻ തന്റെ യാത്രകൾക്കിടയിൽ എത്തിച്ചേരുന്ന ഹൈന്ദവസന്യാസാശ്രമത്തിലും വീർപ്പുമുട്ടുന്ന കാമത്തിന്റെ സംഘർഷങ്ങളാണ് അനുഭവിച്ചറിയുന്നത്. അധികാരത്തിന്റെ ഭിന്നരൂപങ്ങളിലേക്കും ഭാവങ്ങളിലേക്കും പരകായപ്രവേശം നേടുകയാണ് നോവലിലുടനീളം അടിച്ചമർത്തപ്പെടുന്ന ലൈംഗികകാമനയുടെ വിപരീതപ്രകടനങ്ങൾ.

ആൺ, പെൺ സന്യാസാശ്രമങ്ങളുടെ അവസ്ഥയിലൂടെ മാത്രമല്ല, ഉറുമ്പുകളുടെയും മേനച്ചോടിപശുക്കളുടെയും രണ്ട് ഉപകഥകളിലൂടെയും പുറ്റ് പ്രശ്‌നവൽക്കരിക്കുന്നത് സംസ്‌കൃതിയുടെ മേല്പറഞ്ഞ അധികാരഘടനയെത്തന്നെയാണ്. ജൈവകാമനകളെ തളച്ചിട്ടും വഴിമാറ്റിയും വീർപ്പുമുട്ടിച്ചും സൃഷ്ടിക്കുന്ന സംസ്‌കാരത്തിന്റെയും മതത്തിന്റെയും ശാസ്ത്രത്തിന്റെയും വാർപ്പുമാതൃകകൾക്കുമേൽ സാകൂതം വളർത്തിയെടുക്കുന്ന ജൈവവാൽമീകങ്ങളുടെ കഥയാണ് നോവൽ.

തേനറപോലെയോ പുറ്റകം പോലെയോ സമാന്തരവും സമാനവുമായി നിർമ്മിക്കപ്പെട്ട കഥകളുടെ ഒരു നിലവറതന്നെയുണ്ട് വിനോയിയുടെ നോവലിൽ. 'പുറ്റി'ന്റെ ആഖ്യാനത്തെ കലാപരമായി നിർമ്മിച്ചെടുക്കുന്നതും രാഷ്ട്രീയമായി നിലനിർത്തുന്നതും ലാവണ്യപരമായി പൊലിപ്പിക്കുന്നതും കുടിയേറ്റത്തിന്റെ ഈ ഐതിഹ്യമാലയാണ്. ഓരോ കുടുംബവും ഓരോ കഥയറയാണ്. ഓരോ വ്യക്തിയും ഓരോ കഥയും.

ചെറുകാനാകാരണവരുടെയും കുമ്മണ്ണൂർ ചിന്നയുടെയും വേരുപറിഞ്ഞുപോരൽ സൂചിപ്പിച്ചു. ബാക്കിയുള്ളവരുടേത് പെരുമ്പാടിയിൽ വേരിറക്കിക്കഴിഞ്ഞുള്ള പടർച്ചയാണ്.

സ്വയം നേതാവായി പെരുമ്പാടിയിലെ രാഷ്ട്രീയചരിത്രത്തിന് ഒരു സറ്റയറിക്കൽ പാരഡി നിർമ്മിക്കുന്ന പിടിയത്താനിവർഗീസിന്റെ കഥ, ജന്മിവിരുദ്ധപ്രക്ഷോഭത്തിൽ വിപ്ലവവും കുടുംബവഴക്കും സമാസമം കലർത്തി നരയഞ്ചേരിസമരത്തിന്റെ നായകനായ ഗോപാലൻ നമ്പ്യാരുടെ കഥ, സ്വയം ദൈവമായി മാറിയിട്ടും മകന്റെയും മരുമകളുടെയും ജീവിതം നരകതുല്യമാക്കിയ ഭവാനിദൈവത്തിന്റെ കഥ, കഥകളിലൂടെ പെരുമ്പാടിയുടെ മുക്കും മൂലയും വരെ നഗ്നമാക്കിക്കാണിക്കുന്ന ചായക്കടക്കാരൻ പ്രസന്നന്റെ കഥ, പെരുമ്പാടിയിലെ പെണ്ണുങ്ങൾക്ക് പുഴവെള്ളത്തിൽ രതിസുഖം പകർന്നുനൽകി ജലഗന്ധർവനായി ജീവിച്ച കൊച്ചരാഘവന്റെ കഥ, പകൽ ഹോട്ടൽപണിയും രാത്രി ഇറുക്കിലീലയോടൊപ്പം ചീട്ടുകളിയുമായി ജീവിച്ച് നശിച്ച കുഞ്ഞാണ്ടിയുടെ കഥ, പോളിനെ കഞ്ചാവുകൊടുത്തും ദൈവഭയം പഠിപ്പിച്ചും കാമപൂരണത്തിനിരയാക്കിയ ചന്ദനപ്പാപ്പന്റെയും നീറുകുഴി അച്ചന്റയും കഥ, മന്ത്രവാദംകൊണ്ട് നാട്ടുകാരെ ദ്രോഹിക്കൽ ജീവിതവ്രതമാക്കിയ ഉത്തമന്റെയും തെരുവമാത്തുവിന്റെയും കഥ, കണ്ണുവയ്ക്കുന്ന ഏതുഭൂമിയും സ്വന്തമാക്കാൻ കുതന്ത്രങ്ങൾ മെനയുന്ന ആധാരമെഴുത്തുകാരൻ പ്രഭാകരന്റെ കഥ, എങ്ങുനിന്നോ വന്ന് ഭൂതാത്മാക്കൾക്കു കൂട്ടായി ജീവിച്ച പൊന്നൻകുരിക്കളുടെയും പാറുകുരിക്കത്തിയുടെയും കഥ, പുഴയിൽ സ്ത്രീകളുടെ കുളിസീൻ കണ്ട് ജീവിതം സാർഥകമാക്കിപ്പോന്ന കൊട്ടൻസണ്ണിയുടെയും സുനിയുടെയും കൊച്ചബിജുവിന്റെയും കഥ, തന്റെ ഭാര്യക്ക് കൊച്ചരാഘവന്റെ ഗന്ധർവസേവയുണ്ടോ എന്നു കണ്ടുപിടിക്കാൻ പുഴയിൽ വലവിരിച്ചു കാത്തിരുന്ന കൊടംകാച്ചി അപ്പച്ചന്റെ കഥ, തന്റെ അവയവം ചവിട്ടിനശിപ്പിച്ചതിനു പകരംവീട്ടാൻ ജീവിതം മുഴുവൻ കാത്തിരുന്ന ചിട്ടൻകണിശന്റെ കഥ, ഒരു കുഞ്ഞിക്കാലുകാണാൻ കൂട്ടുകാരനെ കൂട്ടുപിടിച്ച് ഒടുവിൽ ഭാര്യയെ പങ്കുവയ്ക്കാൻ നിർബ്ബന്ധിതനായപ്പോൾ അവളെയും കൊണ്ട് നാടുവിട്ടുപോയ റെജിയുടെ കഥ, വീടുതെണ്ടിക്കിട്ടിയ പണം മാഹിപ്പള്ളിയിൽ നേർച്ചകൊടുക്കാൻ പറ്റാതെ വന്നപ്പോൾ കെട്ടിത്തൂങ്ങിച്ചത്ത സാവിയോയുടെ കഥ, പാട്ടത്തിനെടുത്ത ഭൂമിയിൽ കൂട്ടുകാരന്റെ ഭാര്യയുമായി രാത്രിപതിവായി നടത്തിവന്ന ഇടപാട് അയാളറിഞ്ഞതോടെ നാടുവിട്ട് പെരുമ്പാടിയിലെത്തി അത്യധ്വാനം ചെയ്ത് മഹാധനികനായി മാറിയ ലൂയിസിന്റെ കഥ, കൊടിയ ക്രൂരതകൾ കാട്ടി ഭാര്യ റോസിലിയെയും മക്കളെയും പീഡിപ്പിച്ചാനന്ദിച്ച ആഗസ്തിയുടെ കഥ, പെരുമ്പാടിയിലെത്തി മീൻകച്ചവടം തുടങ്ങി വൻപണക്കാരനായി മാറി, ഒടുവിൽ എല്ലാം നശിച്ചപ്പോഴും ആദ്യഭാര്യയോടൊപ്പം സ്വസ്ഥനായി ജീവിച്ച ഷുക്കൂർ ഹാജിയുടെ കഥ, കോട്ടയം പുഷ്പനാഥിന്റെ സഹപ്രവർത്തകനായി കല്ലാർകുട്ടി സ്‌കൂളിൽ പഠിപ്പിക്കുമ്പോൾ കള്ളപ്പേരിൽ കമ്പിക്കഥകളെഴുതി പുഷ്പനാഥിനെക്കാൾ വായനക്കാരെ നേടിയ വേലപ്പൻ സാറിന്റെ കഥ, ജറമിയാസിന്റെ സഹായിയായി ഒപ്പം കൂടി പിന്നെ പിരിഞ്ഞ്, രാഷ്ട്രീയനേതാവായി വളർന്ന വേലുവിന്റെയും അയാളുടെ കുടുംബം നരകമാക്കി മാറ്റിയ അപ്പൻ ബാലന്റെയും കഥ, നാട്ടുവേശ്യയിൽനിന്ന് നക്ഷത്രവേശ്യയായി വളർന്ന് വലിയ നിലയിലെത്തിയ റോസക്കുട്ടിയുടെയും നാട്ടുവേശ്യയായിത്തന്നെ കാലംകഴിച്ച അപ്പം മേരിയുടെയും കഥ.... പുറ്റ്, പെരുമ്പാടിയുടെ ഇതിഹാസവും മലബാർകുടിയേറ്റത്തിന്റെ ഐതിഹ്യമാലയുമായി മാറുന്നു. മേല്പറഞ്ഞ ആണുങ്ങളെപ്പോലെതന്നെ വ്യക്തിത്വമുള്ളവരാണ് അവരുടെ കഥയിൽ ഒപ്പം ജീവിക്കുന്ന പെണ്ണുങ്ങളും. ചിന്നയും കത്രീനയും നീരുവും ഭവാനിദൈവവും കുരുക്കത്തിയും പ്രീതയും മേരിയും റോസക്കുട്ടിയും സുമതിയും സിൽവിയും മോളിയും ഫിലോമിനയും വത്സയും ത്രേസ്യയും...

പുറ്റിലെ ചില കഥയറകൾ കാണുക. ഭൂതകാലത്തെ പകയും വെറിയുമായി ജാതകക്കെട്ടിൽ സംഭരിച്ച പിട്ടൻകണിശന്റെ കഥയിൽനിന്ന്:

'വടകര പയ്യോളിഭാഗത്ത് എവിടെയോ ആയിരുന്നു പിട്ടൻകണിശന്റെ വീട്. മീശകുരുക്കാതെ പയ്യനായിരുന്ന കാലത്ത് കണിശന് കൃഷ്ണനാട്ടത്തിൽ കമ്പംകയറി. ഇന്നത്തെ കാലത്ത് ചെറുപ്പക്കാർക്കു സിനിമയോടു തോന്നുന്ന ഭ്രമംപോലെയൊന്ന് എന്നു കരുതിയാൽ മതി. പക്ഷേ, കണിയാൻ ചെറുക്കനായിരുന്നതുകൊണ്ട് കൃഷ്ണനാട്ടം കളിനടക്കുന്ന തറവാടുകളിൽ കയറാനോ കളികാണാനോ പിട്ടനു സാധിച്ചിരുന്നില്ല.

ഒരു കാര്യത്തോടുള്ള ഇഷ്ടം കയറിക്കഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ട എന്തുകണ്ടാലും രസിക്കുകയെന്ന സ്വഭാവമായിരുന്നു പിട്ടന്. അതുകൊണ്ട് വലിയ പെട്ടികളും ചുമന്നു കൃഷ്ണനാട്ടം കളിക്കാർ പോകുന്ന വഴിയുടെ അരികിൽ പന്ത്രണ്ടടി മാറിനിന്ന് അവരെ കാണുകയെന്നതാണു തന്റെ കളിക്കമ്പത്തിനു നിവൃത്തിവരുത്താൻ പിട്ടൻ തിരഞ്ഞെടുത്ത വഴി.

ഒരു ദിവസം കീഴൂര് ഒരു തറവാട്ടിൽ കളികഴിഞ്ഞുവരുന്ന പ്രശസ്തരെ കാണാൻ തറവാട്ടുപറമ്പിനു പുറത്തുള്ള തെങ്ങിൻതടിപ്പാലത്തിന്റെ അപ്പുറത്ത് ഒരു തഴയുടെ ചുവട്ടിൽ ഒതുങ്ങിനിന്നതായിരുന്നു പിട്ടൻ. രാവിലെ നല്ല വിശപ്പുണ്ടായിരുന്നെങ്കിലും ഒന്നുമിടാതെ തിളപ്പിച്ച വെള്ളം മാത്രമേ വീട്ടിൽ പിട്ടനു കുടിക്കാനുണ്ടായിരുന്നുള്ളൂ. വയറ്റിൽ ഇടമുണ്ടായിരുന്നതുകൊണ്ട് വിശപ്പുമാറിയെന്നു തോന്നുംവരെ അവൻ ആ വെള്ളം കുടിച്ചു. കളിക്കാരെ കാണാൻവേണ്ടി കുറച്ചധികം സമയം നിൽക്കേണ്ടിവന്നതിനാൽ രാവിലെ കുടിച്ച വെള്ളം മുഴുവൻ അടിവയറ്റിൽ നിന്നും താഴോട്ടിറങ്ങി പിട്ടന്റെ മൂത്രനാളം ഉന്നത്തിൻകായപോലെയായി. ഇനിയത് ഒഴിച്ചുകളയാതെ നിവർത്തിയില്ലെന്നായപ്പോൾ പിട്ടൻ കോണകമഴിച്ചു തഴച്ചോട്ടിലേക്കിരുന്നു.

ലിംഗംകൊണ്ടുള്ള മറ്റു സുഖങ്ങൾ അനുഭവിച്ചിട്ടില്ലാത്തതിനാൽ മൂത്രമൊഴിക്കൽ പരമാവധി രസിച്ചുചെയ്യുകയെന്നത് പിട്ടന്റെ പതിവായിരുന്നു. അറ്റത്തുള്ള ചെറിയ ചുണ്ടുകൾക്കിടയിൽനിന്നും ഒറ്റയൊഴുക്കായി പുറത്തേക്കുചാടുന്ന മൂത്രം ചിലപ്പോൾ പിരിഞ്ഞു രണ്ടാകുന്നത്, രണ്ടും തമ്മിൽചേർന്ന് അല്പം വീതിയുള്ള മൂത്രപ്പാളിയുണ്ടാകുന്നത്, ചെറുതും വലുതുമായ അനേകം കുമിളകൾ ഒരു കിളിക്കൂടുപോലെ പരസ്പരം മുട്ടിയുരുമിയും ഒട്ടിപ്പിടിച്ചും ഒന്നായി ഇല്ലാതാകുന്നത്, പതയുടെ നടുവിലേക്കു കുത്തിയിറങ്ങുന്ന മൂത്രക്കൊമ്പിന്റെ വളവിലൂടെ വക്രിച്ചുപോകുന്ന വെളിച്ചം, ഇടയ്ക്കിടയ്ക്ക് ഒരു മുക്കലോടെ മൂത്രം തള്ളിവടുമ്പോഴുണ്ടാകുന്ന ആനന്ദം. ഇതെല്ലാം ചേർന്നു ലോകത്തിലേക്കുംവെച്ച് ഏറ്റവും വലിയ സുഖമിതാണെന്നു കരുതി പിട്ടൻ പരിസരംമറന്നു പതനോക്കിയിരുന്നു.

ആ സമയത്താണ് അവതാരംമുതൽ സ്വർഗ്ഗാരോഹണം വരെ എട്ടു ദിവസത്തെ കളിയും കഴിഞ്ഞു പ്രശസ്ത കൃഷ്ണനാട്ട കലാകാരൻ രൈരുനായരാശാനും കൂട്ടരും അതുവഴി വരുന്നത്. കളിയുടെ ക്ഷീണം തീർക്കാൻവേണ്ടി നെല്ലിട്ടുവാറ്റിയ വെള്ളം കണ്ടമാനം കുടിച്ച് നേരിയ സ്വബോധം മാത്രം അവശേഷിക്കുന്ന അവസ്ഥയിലായിരുന്നു രൈരുനായർ.

മൂത്രാനന്ദത്തിൽ മുഴുകിയിരിക്കുകയായിരുന്നതുകൊണ്ട് കളിസംഘം അടുത്തെത്തിക്കഴിഞ്ഞപ്പോഴാണു പിട്ടൻ അവരെ കാണുന്നത്. ഒഴിഞ്ഞുതീരാത്ത മൂത്രത്തോടെ കോണകം മടക്കി അവൻ എഴുന്നേറ്റു. എന്നാൽ അതിനുമുൻപുതന്നെ രൈരുനായർ അവനെയും അവന്റേതും കണ്ടുകഴിഞ്ഞിരുന്നു.

'കണിയാര് പയ്യനാണ്, ല്ലേ?'

'ഉവ്വേ'.

'ഉം, ഭഗവാന്റെ മുന്നിലാണോ ന്റെ മുരളീവിലാസം?'

സ്ഥിരമായി കൃഷ്ണവേഷംകെട്ടി പഴകിപ്പോയതിനാൽ താൻ ഭഗവാനാണെന്നൊരു തോന്നൽ രൈരുനായർക്കുണ്ടായിരുന്നു. പക്ഷേ, അത് എല്ലാവരും ഭഗവാനാണെന്ന അദ്വൈതചിന്തയിലേക്കൊട്ട് എത്തിയിരുന്നുമില്ല. അതുകൊണ്ടു മറ്റുള്ളവരെയെല്ലാം വെറും മനുഷ്യരായും വെള്ളം മൂക്കുമ്പോൾ അവരിൽ ചിലരെ അസുരന്മാരായിട്ടുമാണ് അദ്ദേഹം കണ്ടിരുന്നത്.

തന്റെ മുൻപിൽ ഒരു ആയുധംപോലെ വാരിപ്പിടിച്ച കോണകവുമായി നിൽക്കുന്ന കണിയാസുരന്റെ ദർപ്പം ശമിപ്പിക്കലാണ് ഇന്നത്തെ തന്റെ അവതാരലക്ഷ്യമെന്ന് രൈരുഭഗവാനു തോന്നി. ഈ അസുരന്റെ കാലിനിടയ്ക്കു ചവിട്ടി ലിംഗമർദ്ദനമാടിക്കളയാമെന്ന് പെട്ടെന്നുണ്ടായ ആലോചന അദ്ദേഹം ക്ഷണത്തിൽ നടപ്പിലാക്കി. പിട്ടൻ കിടന്നു നിലവിളിച്ചപ്പോൾ വാദ്യക്കാരിലൊരാൾ അവന്റെ വായ പൊത്തിപ്പിടിച്ചു. കണിയാനെ തൊട്ട് അശുദ്ധായതുകൊണ്ടു നല്ല ഒരു കുളി കഴിഞ്ഞിട്ടാണു കളിസംഘം പിന്നീടുള്ള യാത്ര തുടർന്നത്.

താൻ ഏറ്റവും ആസ്വദിച്ചിരുന്ന മൂത്രസുഖം കഠിനയാതനയായി മാറിയ കുറേ ദിവങ്ങളാണ് പിട്ടനു പിന്നീടുണ്ടായത്. ധാരയും പത്തിയിടലുമൊക്കെയായി ശരീരമനക്കാൻ പറ്റാതിരുന്ന ചികിത്സാകാലം കഴിഞ്ഞപ്പോൾ വണ്ണാൻവൈദ്യർ പറഞ്ഞു.

'കഷ്ടി മൂത്രം ഒഴിക്കാം. അങ്ങനെ ഒരു പ്രയോജനം മാത്രമേ ഇതൂണ്ട് ഇനിയുണ്ടാവൂ'.'

പുറ്റിലെ അതീവ കൗതുകകരമായ എത്രയെങ്കിലും രതികഥകളിലൊന്നാണ് ലൂയിസിന്റെയും മോളിയുടെയും മഞ്ഞൾ തോട്ടത്തിലെ രാത്രിസംഗമം.

'മഞ്ഞളുകണ്ടത്തിന്റെയപ്പുറത്ത് തോട്ടരുകിലൊരു കന്നിപ്ലാവ് നിൽക്കുന്നുണ്ടായിരുന്നു. കന്നിപ്ലാവായതുകൊണ്ട് എപ്പോഴാണ് കായിക്കേണ്ടതെന്നു കൃത്യമായ തിരിച്ചറിവില്ലാത്തതിനാലായിരിക്കണം ജോസ് മഞ്ഞളുനടുന്നതിനുമുൻപേതന്നെ ആ പ്ലാവിൽ അകപൊട്ടി ഒരു ചക്ക വിരിഞ്ഞു.

'ഓ, വല്ലാത്ത ഒരു കാലത്താണല്ലോ ഉണ്ടായിരിക്കുന്നത്. ഇത് മഴക്കാലത്ത് വെള്ളമിറങ്ങി പോകുവേയുള്ളൂ' എന്നു പറഞ്ഞ് ജോസും മോളിയും ആ ചക്കയെ പാടേയവഗണിച്ചു. കൂടുതലായിട്ടങ്ങനെ വളമൊന്നുമിട്ടില്ലെങ്കിലും ജോസിന്റെ മഞ്ഞള് തെരുവത്തുറുപോലെ വളർന്നുകയറി. അതുകണ്ടപ്പോൾ വാഴിച്ചുപോയി വിത്തുകുറയുമോയെന്നുവരെ ഒരു സംശയം ജോസിനുണ്ടായിരുന്നു.

'മോളിയേ നീ വളമിടുന്നതുകൊണ്ടാണോടീ മഞ്ഞളിങ്ങനെ കേറുന്നത്?' ജോസ് തമാശയ്ക്ക് ചോദിച്ചു. ഇടയ്ക്കു ചില രാത്രികളിൽ മോളിക്ക് വെളിക്കിരിക്കാൻ തോന്നും. കുഴിക്കക്കൂസ് ഒരെണ്ണമുണ്ടെങ്കിലും രാത്രി വെള്ളം കോരിക്കൊണ്ടുപോകുന്ന മെനക്കേടോർത്ത് പുറത്തെവിടെയെങ്കിലുമാണ് മോളി പോകാറുള്ളത്.

'ഞാനൊറ്റയ്ക്ക് പൊക്കോളാം ചേട്ടായീ' എന്ന് മോളി പറഞ്ഞാലും ജോസ് സമ്മതിക്കത്തില്ല. രാത്രിയാണ്, പല ഇഴജന്തുക്കളും കാണും. അതുകൊണ്ട് ടോർച്ചുമായി ജോസ് പുറകേ ചെല്ലും.

'ചേട്ടായിയിവിടെ നിന്നാമതി. ഞാനാ മഞ്ഞളുകണ്ടത്തിന്റെയെടയ്ക്കിരുന്നോളാം'.

തഴച്ചുവളർന്ന മഞ്ഞളിനിടയിൽ മോളി കുനിഞ്ഞിരിക്കും. ഇടയ്ക്ക് ജോസ് ടോർച്ചടിച്ചു നോക്കുമ്പോൾ മഞ്ഞളിലകൾക്കിടയിൽ അവളുടെ തലപൊങ്ങിവന്ന് ടോർച്ച് കെടുത്താൻ ആംഗ്യം കാണിക്കും.

ജോസും മോളിയും കണക്കുകൂട്ടിയതുപോലെ കാലംതെറ്റി കായ്ച്ച ചക്ക മഴവെള്ളമിറങ്ങി നശിച്ചുപോയില്ല. കന്നിമാസം ആദ്യമാണ് അത് മൂത്തത്.

ഇവനൊരു കൊഴപ്പവുമില്ലല്ലോ ഇന്നുച്ചക്കത്തേക്ക് ഒരു പുഴുക്കാക്കാം എന്നും പറഞ്ഞ് രാവിലെ മുഖം കഴുകാൻ തോട്ടിലേക്കിറങ്ങിയ ജോസ് ചക്ക പറിച്ചുകൊണ്ടുവന്നു. മോളി സൈക്കിളുകാരോട് പത്തുരൂപയുടെ മത്തിയും വാങ്ങി. ഉച്ചയ്ക്ക് മത്തി പുളിയും മുളകുമിട്ടതും ചക്ക കീന്തിപ്പുഴുങ്ങിയതുമായിരുന്നു.

അന്നു രാത്രിയിലും മോളിക്ക് വെളിക്കിരിക്കാൻ തോന്നി. ടോർച്ചുമായി അവളുടെ പിറകേ നടന്നപ്പോഴാണ് കാലംതെറ്റി പുഴുങ്ങിയ ചക്ക ജോസിന്റെ വയറ്റിൽക്കിടന്നു കുളുകുളാന്നുവെച്ചത്.

അന്നുവരെ ജോസ് രാത്രിയിൽ തൂറിയിട്ടില്ല. എങ്കിലും അവന് അങ്കലാപ്പൊന്നും തോന്നിയില്ല. ബസ്സേൽ പോകുമ്പോഴോ പള്ളിയിൽ നിൽക്കുമ്പോഴോ ഒന്നുമല്ലല്ലോ ചക്കയ്ക്ക് പുറത്തേക്കുവരാൻ തോന്നിയത്. വെളിക്കിരിക്കാൻ കൂട്ടുപോകുമ്പോഴാണല്ലോ. അതു നന്നായി. ജോസ് മോളിയെ തള്ളിമാറ്റി സ്ഥിരം അവളിരിക്കുന്ന മഞ്ഞൾകണ്ടത്തിന്റെ ഇടയിലേക്കു ടോർച്ചടിക്കാതെ ഓടി.

'അയ്യോ ചേട്ടായീ അങ്ങോട്ട് പോകല്ലേ, ഞാനെവടെയിരിക്കും' എന്നൊക്കെ മോളി വിളിച്ചുപറഞ്ഞെങ്കിലും ജോസ് തുണിപൊക്കി ഇരിക്കാൻ തയ്യാറായി.

'ചേച്ചീ, നേരേ മേളിലേക്കിരുന്നോ. സാധനം റെഡിയാണ്' എന്ന് അടിയിൽനിന്നും ആരോ പിറുപിറുക്കുന്ന ശബ്ദത്തിൽ പറയുന്നതു കേട്ടാണ് ജോസ് ടോർച്ചു തെളിക്കുന്നത്. വാഴക്കൃഷിക്കാരൻ ലൂയീസ് തയ്യാറായി തുണിയൊന്നുമില്ലാതെ മഞ്ഞൾകണ്ടത്തിന്റെയിടയ്ക്ക് മലർന്നു കിടപ്പുണ്ടായിരുന്നു.

'ലൂയീസെ, നീയെന്താടാ ഈ രാത്രീല് ഇവടെ വന്നുകെടക്കുന്നെ' ജോസ് അമ്പരപ്പോടെ ചോദിച്ചു.

'ങേ, ജോസുചേട്ടനായിരുന്നോ? ഒന്നുമില്ല ചേട്ടാ' എന്നും പറഞ്ഞ് അതിലും അമ്പരന്നുപോയ ലൂയീസ് എഴുന്നേറ്റു.

'എടാ നീയെന്തിനാ ഇങ്ങനെ വന്നുകെടക്കുന്നെ? ഇതിനാത്തൊക്കെ പല ഇഴജന്തുക്കളുമുണ്ടാകും'.

ജോസ് ഓർമ്മിപ്പിച്ചു.

'ചൂടു കാരണമാ ചേട്ടാ'. ലൂയീസ് പെട്ടെന്ന് ഒരു കാരണം കണ്ടുപിടിച്ചു.

'ഓ, അതു ശരിയാ, കന്നിമാസമാണെങ്കിലും എന്നാ ഒരു ചൂടാ. നീ പൊക്കോ ഞാനൊന്ന് വെളിക്കിരിക്കട്ടെ'.

പ്രശ്‌നമൊന്നുമില്ലെന്നുകണ്ടതുകൊണ്ട് ലൂയീസ് വേഗം മോളി വെളിക്കിരിക്കുന്നതെവിടെയാണെന്നു തിരഞ്ഞ് അങ്ങോട്ടു പോയി.

എന്നും ചറപറ വർത്തമാനം പറയുന്ന മോളി അന്നുരാത്രി കിടക്കുമ്പോൾ ഒന്നും മിണ്ടാതിരുന്നതുകൊണ്ടാണ് ജോസിന് ലൂയീസിന്റെ കാര്യം ഒന്നുകൂടെ ആലോചിക്കേണ്ടി വന്നത്. അവൻ ആദ്യം വിളിച്ചത് ചേച്ചീന്നല്ലേ? എന്തു സാധനമാണ് അവൻ റെഡിയാക്കി വെച്ചിട്ടുണ്ടെന്ന് പറഞ്ഞത്? എങ്ങോട്ടാണവൻ ഇരിക്കാൻ പറഞ്ഞത്?

കാര്യങ്ങൾ ആലോചിച്ചപ്പോൾ ജോസിന് എന്തെല്ലാമോ മനസ്സിലായി. പെട്ടെന്ന് അവൻ മോളിയുടെ കൊങ്ങയ്ക്ക് കയറിപ്പിടിച്ചു.

'അവരാതിക്കൂത്തിച്ചീ ടോർച്ചും പിടിപ്പിച്ചെന്നെ കാവലുനിർത്തീട്ടാരുന്നു നിന്റെയവരാതം അല്ലേടീ?'

'അധികം കൊണയ്ക്കാതെ കൈയെടുക്കെടാ. നിനക്കു വേണ്ടെങ്കിൽ എന്നെയങ്ങ് വിട്ടേരെ. ഞാനെന്റെ പാട്ടിന് പൊക്കോളാം. നീയെന്റെ കെട്ടിയോനൊന്നുമല്ലല്ലോ'.

മോളിയും വിട്ടുകൊടുത്തില്ല. അവളോട് രക്ഷയില്ലെന്നു മനസ്സിലായപ്പോൾ ജോസ് എഴുന്നേറ്റു. കറിക്കരിയുന്ന കത്തിയുമെടുത്ത് അവൻ ലൂയീന്റെ വീട്ടിലേക്കു നടന്നു. നടക്കുന്നതിനിടയിൽ അവൻ പല കാര്യങ്ങളും ആലോചിച്ചു'.

ബാംഗ്ലൂരിൽ മനഃശാസ്ത്രജ്ഞനായി മാറിയ പ്രിസ്, പെരുമ്പാടിയിൽ തന്റെ അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം അനുഭവിച്ച യാതനകളിൽ നിന്നാണ് കുടുംബമെന്ന സ്ഥാപനത്തിന്റെ പ്രകൃതിവിരുദ്ധത തിരിച്ചറിയുന്നത്. പ്രിസിന്റെ അമ്മയുടെ ഒരനുഭവം:

'ആഗസ്തിയെങ്കിൽ ആഗസ്തി എങ്ങനെയെങ്കിലും ഒരു കല്യാണം നടത്തി ഒരെണ്ണത്തിനെയെങ്കിലും വീട്ടിൽനിന്നും പറഞ്ഞുവിട്ടാൽ മതിയെന്ന ചിന്തയേ റോസിലിയുടെ അമ്മയ്ക്കുണ്ടായിരുന്നുള്ളു. ആഗസ്തിയുടെ വീട്ടിൽ വന്നുകയറിയ അന്നുമുതൽ നരകമായിരുന്നു റോസിലിയുടെ ജീവിതം.

രണ്ടുമക്കളെയും കൊണ്ട് മിക്ക രാത്രികളിലും വല്ല പാറയിടുക്കിലോ മരച്ചുവട്ടിലോ ഒക്കെയാണ് അവർ കഴിഞ്ഞുകൂടിയത്. ആ ഇരിപ്പിലും മക്കളുടെ പഠിപ്പ് മുടങ്ങാതിരിക്കാൻ അവൾ ശ്രദ്ധിച്ചു. ഒളിച്ചിരിക്കുന്നിടത്ത് വിളക്കു കത്തിച്ചാൽ വെളിച്ചം കണ്ട് ആഗസ്തി അവിടേക്കു വരുമെന്നുള്ളതുകൊണ്ട് ഒരുവശംമാത്രം വെട്ടിക്കളഞ്ഞ പാട്ടയുടെ അടിയിൽ മെഴുകുതിരി കത്തിച്ചുവച്ചാണ് അവർ മക്കളുടെ പാഠപുസ്തകത്തിലേക്കു വെളിച്ചമെത്തിച്ചത്.

മനുഷ്യന്റെ മനസ്സ് സാഹചര്യങ്ങളോടു പാകപ്പെട്ട് പ്രതികരിക്കാൻ പറ്റാത്തവിധം മരവിച്ചുപോകുന്നത് എങ്ങനെയെന്നതിനെ ഉദാഹരിക്കാൻ തന്റെ അമ്മയുടെ ഒരനുഭവംതന്നെയാണ് കേസ് സ്റ്റഡിയായി പി.ജി. പഠനകാലത്ത് ഡോ. പ്രിസ് എടുത്തത്.

പ്രിസ്സിനു പത്തോ പതിനൊന്നോ വയസ്സുള്ളപ്പോഴാണ് അതു നടക്കുന്നത്. വീട്ടിൽനിന്നും മൂന്നുനാലുകിലോമീറ്റർ അപ്പുറത്തുള്ള ഒരു പള്ളിയിൽ കുടുംബനവീകരണധ്യാനം നടക്കുകയാണ്. കുടുംബത്തിലെ എല്ലാവരുംകൂടി ധ്യാനത്തിൽ പങ്കെടുക്കണമെന്നാണ് ഇടവകയിൽനിന്നും അച്ചൻ നിർദ്ദേശിച്ചത്. ആഗസ്തിയെന്തായാലും വരില്ലെന്നറിയാമായിരുന്നതുകൊണ്ട് രണ്ടു മക്കളെയുംകൂട്ടി റോസിലി ധ്യാനത്തിനുപോയി.

വൈകുന്നേരം മൂന്നുമണിമുതൽ ഏഴുമണിവരെയാണ് ധ്യാനം. പ്രാരംഭപ്രാർത്ഥനയൊക്കെ കഴിഞ്ഞ് അച്ചന്റെ ക്ലാസ്സുതുടങ്ങി കുറച്ചുനേരം കഴിഞ്ഞപ്പോൾ ആഗസ്തി ഒരു വടിയുമായി ധ്യാനം നടക്കുന്ന ഹാളിലേക്ക് കയറിവന്നു. ഹാളിൽ എല്ലാവരും ഇരിക്കുകയായിരുന്നു. മുന്നിലത്തെ വാതിൽക്കൽ വന്നുനിന്ന് ഓടിച്ചൊരു നോട്ടംനോക്കിയിട്ട് അയാൾ റോസിലിയെ കണ്ടില്ല. അതോടെ അച്ചൻ പ്രസംഗിച്ചുകൊണ്ടിരുന്ന വേദിയിലേക്കു കയറിനിന്നു നോക്കാൻ തുടങ്ങി. ഉടനെ അച്ചൻ അയാളോട് ഇറങ്ങിപ്പോകാൻ പറഞ്ഞു.

'അച്ചൻ കാര്യങ്ങള് പറഞ്ഞോ. ഞാനെന്റെ പെമ്പറന്നോത്തിയെയാണ് നോക്കുന്നത്. അച്ചൻ പറഞ്ഞോന്ന്.'

ഇത്രയുമായപ്പോൾ പേടിച്ചുവിറച്ചു തലകുമ്പിട്ടിരിക്കുകയായിരുന്ന റോസിലി വിറച്ചുകൊണ്ട് എഴുന്നേറ്റു.

'ങാ, ഇവിടെ ഇരിപ്പുണ്ടായിരുന്നു അല്ലേ? ഇങ്ങോട്ടു വാടീ'. വടികൊണ്ട് അയാൾ അവളെ വിളിച്ചു.

'നീ വീട്ടിൽ എന്നതൊണ്ടാക്കി വെച്ചിട്ടാടീ ഈ മേളാങ്കത്തിന് ഇങ്ങോട്ട് പോന്നത്?'

ഉടനെ അച്ചൻ കർശനമായി ആഗസ്തിയോട് ഇറങ്ങിപ്പോകാൻ പറഞ്ഞു.

'ഞാൻ എന്റെ ഭാര്യയോടാണു സംസാരിക്കുന്നത്. അച്ചൽ ഇതിൽ ഇടപെടേണ്ട'.

റോസിലി വടിപ്പാങ്ങിലെത്തിയതേ അയാൾ വടിവീശി അവളുടെ തുടയ്ക്കിട്ട് രണ്ടു പ്രാവശ്യം അടിച്ചു. അമ്മയുടെ പുറകേ പേടിച്ചുവരികയായിരുന്ന കുട്ടികൾ നിലവിളിച്ചുകൊണ്ട് അവരെ കെട്ടിപ്പിടിച്ചു.

'ഇവിടെവെച്ച് ഇതേയുള്ളൂ. ബാക്കി വീട്ടിലെത്തിയിട്ട്, നടക്കെടീ പൂറി. അച്ചൻ ധ്യാനിപ്പിച്ചോ, നാട്ടുകാർ നന്നാകട്ടേന്ന്.'

വടി ചുഴറ്റിക്കൊണ്ട് ആഗസ്തി പറഞ്ഞു. ഒരു സ്ത്രീയെ പരസ്യമായി മർദ്ദിക്കുന്നതിൽ രോഷംപൂണ്ട് ചിലർ എഴുന്നേറ്റെങ്കിലും അയാൾ അയാളുടെ ഭാര്യയെ തല്ലുന്നതിനകത്ത് ഇടപെടാൻ നമ്മക്കെന്നതാ കാര്യം എന്നതായിരുന്നു അവിടെയുണ്ടായിരുന്ന കൂടുതലാളുകളുടെയും മനോഭാവം.

കല്ലുകളും ഇരുട്ടും കയറ്റിറക്കങ്ങളും നിറഞ്ഞ നാലു കിലോമീറ്റർ ദൂരവും വഴിനീളെ അയാൾ അമ്മയെയും മക്കളെയും വടികൊണ്ടടിച്ചാണു നടത്തിയത്. വഴിയിൽ റോസിലി പലവട്ടം വീണു.

എഴുന്നേൽക്കെടീ കൂത്തിച്ചീ എന്നും പറഞ്ഞ് അയാൾ അവളെ അടിച്ചെഴുന്നേല്പിച്ചു. വടികൾ ഒടിഞ്ഞുപോകുമ്പോൾ വഴിസൈഡിൽനിന്നും വീണ്ടും വടികൾ ഒടിച്ചെടുക്കും. വീട്ടിലെത്തിക്കഴിഞ്ഞപ്പോൾ കൈകൊണ്ടായിരുന്നു തല്ല്. പക്ഷേ, പിറ്റേന്നുകാലത്തും റോസിലി കെട്ടിയവന് കിടക്കപ്പായയിൽ കട്ടൻചായ കൊണ്ടുപോയിക്കൊടുത്തു'.

ചെത്തിമിനുക്കിയ പളുങ്കുഭാഷയ്ക്കുമേൽ തൊടലിമുള്ളുപോലെ ചുറ്റിവരിയുന്ന തെറികളുടെ ഒരു സമാന്തരഭാഷണലോകമുണ്ട് പെരുമ്പാടിയിലെ മനുഷ്യർക്ക്, ആണിനും പെണ്ണിനും പള്ളിമേടയിലും കന്യാമഠത്തിലും ഇതിനു മാറ്റമില്ല. അഗമ്യഗമനങ്ങളുടെയും അവിഹിത ബന്ധങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും അധോചരിതവും പെരുമ്പാടിക്കുണ്ട്. ഗുപ്തകാമനകളുടെ പെരുവെള്ളപ്പാച്ചിലാണ് പുറ്റിന്റെ കഥാത്മകതയെ മുന്നോട്ടു നയിക്കുന്നത്. പാപബോധത്തിന്റെ ആത്മവിചാരണകൾ പുറ്റിലില്ല. കുമ്പസാരവും കുർബ്ബാനയുമൊക്കെ മുഴുത്ത കോമഡികളായാണ് പുറ്റിൽ അവതരിപ്പിക്കപ്പെടുന്നത്. ജറമിയാസിനെയും അയാളുടെ ന്യായാലയത്തെയും അടിയോടെ പിഴുതെടുക്കുന്ന ബൗസിലി വക്കീലിന്റെയും ധൂപേഷിന്റെയും വരവ്, ചരിത്രപരമായ ഒരനിവാര്യതപോലെ കുടിയേറ്റ ആധുനികതയുടെ സാമൂഹികതയെ കടപുഴക്കുന്ന കാലത്തിന്റെ ലീലയാകുന്നു.

'പറ പ്രസിഡന്റേ എന്താണ് പ്രശ്‌നം? എന്തിനാണ് എന്നെ വിളിച്ചത്? ധൂപേഷ് കസേരയിലൊന്ന് ഇളകിയിരുന്ന് മുണ്ടുപിടിച്ചു മുൻപോട്ടു ചോദിച്ചു.

ജറമിയാസ് കുറച്ചുനേരം അവന്റെ മുഖത്തേക്കു നോക്കി. എന്തുകൊണ്ടാണ് തന്റെ കൈകാലുകൾ വിറയ്ക്കുന്നതെന്ന് ജറമിയാസ് അത്ഭുതപ്പെട്ടു. തന്റെ മുൻപിൽ നടന്ന നൂറുകണക്കിനു ചർച്ചകളെക്കുറിച്ച് അയാൾ ഓർത്തു. വാക്കുകൾ എവിടെയോ ഭയന്നൊളിച്ചിരിക്കുന്നു. ഒടുവിൽ ആരുടെയും മുഖത്തു നോക്കാതെ അയാൾ ഇത്രമാത്രം പറഞ്ഞൊപ്പിച്ചു.

'കുഞ്ഞൂട്ടിയുടെ മകളുടെ ഒരു ജോലീടെ കാര്യം അയാൾ പറയുന്നുണ്ട്. എന്താണതിന്റെ അവസ്ഥ?'

'അവളുടെ ജോലിയൊക്കെ അർഹതയുണ്ടെങ്കിൽ അവൾക്കു കിട്ടിയിരിക്കും. പിന്നെയെന്താണ് പ്രശ്‌നം?' ധൂപേഷിന്റെ വാക്കുകൾക്കു തട്ടും തടവുമില്ലായിരുന്നു.

'അവളെ വിവാഹം കഴിക്കാൻ നിനക്കുദ്ദേശ്യമുണ്ടോ?' പെട്ടെന്നൊരു ധൈര്യത്തിൽ ജറമിയാസ് ചോദിച്ചു.

'മിസ്റ്റർ ജറമിയാസ്, അതെന്റെ പേഴ്‌സണൽ കാര്യമാണ്. ഞാൻ ഏതു പെൺകുട്ടിയെ വിവാഹം കഴിക്കുമെന്നുള്ളത് നിങ്ങളോടെന്തിനാണ് പറയുന്നത്? ഈ നാട്ടിലെ മൊത്തം പെൺകുട്ടികളുടെ കാര്യം നിങ്ങളെയാരെങ്കിലും ഏല്പിച്ചിട്ടുണ്ടോ? അതൊന്നുമല്ല കാര്യം. നിങ്ങളിവിടെ സദാചാര പൊലീസ് കളിക്കുകയാണ്. ആ പെൺകുട്ടിക്കും എനിക്കും താത്പര്യമുണ്ടെങ്കിൽ ലൈംഗികബന്ധത്തിലേർപ്പെടാൻ നിങ്ങളുടെയനുവാദം വേണോ? പണ്ട് ആളുകൾക്കു വിവരവും ബോധവുമില്ലാത്ത കാലത്ത് ആരെങ്കിലും നിങ്ങളുടെ മുൻപിൽവന്ന് വാക്കൈപൊത്തി നിന്നെന്നോർത്ത് ഇവിടുത്തെ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ നേതൃത്വത്തെക്കാൾ, ജനപ്രതിനിധികളെക്കാൾ വലിയവനായി നിങ്ങളെന്ന ധാരണയുണ്ടോ. പെരുമ്പാടിയുടെ മൊത്തം സദാചാരസംരക്ഷകനാണ് നിങ്ങളെങ്കിൽ സ്വന്തം വീട്ടിൽ ഒരു പെൺകുട്ടി അവിഹിതഗർഭം ധരിച്ചു പ്രസവിച്ചിട്ട് നിങ്ങൾക്കെന്തേ അതു കാണാൻ കഴിഞ്ഞില്ല? നിങ്ങളവളെ വീട്ടിൽനിന്നും പുറത്താക്കുകയല്ലേ ചെയ്തത്. എന്നെ മര്യാദ പഠിപ്പിക്കാൻ വിളിപ്പിച്ചിരിക്കുന്നു. നിങ്ങളാരാണു ഹേ?'

മറ്റൊരാളായി മാറിയ ധൂപേഷിനെ കണ്ടപ്പോൾ ജറമിയാസിനെക്കാൾ പകച്ചുപോയത് കുഞ്ഞൂട്ടിയാണ്. ജറമിയാസിനോട് ഒരാൾക്ക് ഇങ്ങനെയൊക്കെ പറയാൻ കഴിയുമെന്ന് അയാൾക്കു വിശ്വസിക്കാൻ സാധിച്ചില്ല.

തന്റെ കർമ്മങ്ങൾ തന്നെ എത്തിച്ചിരിക്കുന്നയിടത്തെക്കുറിച്ച് ജറമിയാസിന് ബോധ്യപ്പെട്ടു. ഇത് തന്റെ അവസാനത്തെ മധ്യസ്ഥമാണെന്നും ഇനി വിചാരണചെയ്യപ്പെടാൻ പോകുന്നത് താനാണെന്നും അയാൾ തിരിച്ചറിഞ്ഞു. അപ്പോൾ അയാൾക്ക് അതുവരെയില്ലാത്തൊരു ആശ്വാസം തോന്നി.

'മതി, മതി, നിർത്ത്. ഒരു പാവപ്പെട്ട മനുഷ്യൻ എന്റെയടുത്തുവന്ന് ഒരു വിവരം പറഞ്ഞു. വർഷങ്ങളായി ഞാൻ ചെയ്യുന്നതുപോലെ അതിൽ നിങ്ങളുടെ അഭിപ്രായം കൂടി കേൾക്കാമെന്നു വെച്ചു. തെറ്റായിപ്പോയെങ്കിൽ ഇതിവിടെവെച്ച് അവസാനിപ്പിക്കുന്നു. നമുക്കു പിരിയാം'. ജറമിയാസ് എഴുന്നേറ്റു.

'ആദ്യമായിട്ടു വന്നതല്ലേ ഞാൻ. എനിക്കും സംസാരിക്കണം പ്രസിഡന്റേ'. എഴുന്നേൽക്കാതെ ബൗസിലി വക്കീൽ പറഞ്ഞു.

'പണ്ടൊരിക്കൽ നിങ്ങളെന്നെ വിളിപ്പിച്ചിരുന്നു. അന്നു ഞാൻ വന്നില്ല. വരാത്തതിനു കാരണം ഈ നിമിഷമുണ്ടാകുമെന്നും അപ്പോൾ വന്ന് രണ്ടു പറയാമെന്നും കരുതിയിട്ടുതന്നെയാ. നിങ്ങൾക്ക് ഒരു വിചാരമുണ്ട്, കുത്തഴിഞ്ഞു കിടന്ന പെരുമ്പാടിയിലെ കുടുംബങ്ങളെ നിങ്ങൾ സദാചാരം പഠിപ്പിച്ച് അങ്ങ് തിരുക്കുടുംബങ്ങളാക്കീന്ന്. ഒരു ചുക്കുമിവിടെ നടന്നിട്ടില്ല. ദേ, ഈ ഫോണിനാത്തിപ്പോ ഈ നാട്ടിലെ ഒരു പതിനഞ്ചു പതിവ്രതകളുടെയെങ്കിലും തുണിയില്ലാത്ത പടങ്ങളുണ്ട്. ഞാനെടുത്തതല്ല. അവരെടുത്ത് അയച്ചുതന്നതാ. രാത്രി ഒരു പത്തുമണികഴിഞ്ഞ് ഞാനീ ഫോണിലെ നെറ്റോണാക്കിയാൽ പത്തവന്മാരുടെ കെട്ട്യോളുമാരെങ്കിലും ചാറ്റാൻ വരും, ഈ പെരുമ്പാടീലൊള്ളോര്. എല്ലാം കുത്തഴിഞ്ഞുതന്നെയാടോ. തന്നേപ്പോലുള്ള എത്രയവന്മാര് സദാചാരം പഠിപ്പിച്ചാലും ഇതങ്ങനെയൊക്കെ തന്നെയാരിക്കും. ഇനി തന്റെ വീട്ടിൽ നടന്നതെന്നതാ? ഞാനും കൊറേക്കാലം ബാംഗ്ലൂര് ചെരച്ചതാ. തന്റെ ചെറുക്കനവിടെ പതിനൊന്നിന്റെ പണീയായിട്ട് ഒരുത്തനേം കെട്ടി താമസിക്കുന്നുണ്ട്. അവനിവിടെ വന്ന് ഏതായാലും കൊച്ചിനെ ഒണ്ടാക്കിയേലെന്നൊറപ്പാ. പിന്നെയാരാടോ ആ കൊച്ചിന്റെ തന്ത? ഞാനിപ്പോ ഒന്നിങ്ങനെ വെരലുഞൊടിച്ചാ അവളുടെ ആങ്ങള അവളൊപ്പിട്ട പരാതിയിങ്ങുതരും. പിന്നെ പൊലീസുകാര് അന്വേഷിച്ചു കണ്ടുപിടിച്ചോളും കൊച്ചിന്റെ തന്തയാരാന്ന്. അതിനൊന്നും ഞാൻ നിൽക്കുന്നില്ല. ഇനി തന്റെ നാറിയ മധ്യസ്ഥം ഈ പെരുമ്പാടിയിൽ നടക്കരുത്. നാട്ടിൽ പ്രശ്‌നങ്ങളുണ്ടായാൽ അതൊക്കെ കൈകാര്യം ചെയ്യാൻ പൊലീസും കോടതിയുമുണ്ട്.'

കുറച്ചു വാക്കുകൾകൂടി പറഞ്ഞിട്ടാണ് ബൗസിലി വക്കീലും ധൂപേഷും എഴുന്നേറ്റത്. അതിനുമുൻപെപ്പൊഴോ ജറമിയാസ് കസേരയിലേക്കു വീണുപോയിരുന്നു.

വിങ്ങിപ്പഴുത്തുനിന്നത് കത്തികൊണ്ടു കീറിപ്പൊട്ടിക്കുമ്പോഴുണ്ടാകുന്ന കഠിനമായ വേദനയുമാശ്വാസവും അയാൾക്ക് ഒരുമിച്ചുണ്ടായി. കസേരയുടെ ചാരിയിലേക്ക് തല പൂർണ്ണമായും മലർത്തി അയാൾ കിടന്നു'.

മൈനിംഗിനായി വാങ്ങിയ മലയിലെ ഗുഹകൾ ബൃഹത്തായ ഒരു പുറ്റ് പോലെ പരുവപ്പെടുത്തി ലൂയിസ് നിർമ്മിക്കുന്ന റിസോർട്ടിൽ ജറമിയാസ് ഗേറ്റ് കാവൽക്കാരനായി മാറുന്നത് കാലത്തിന്റെ കാവ്യനീതിയാണോ? പെരുമ്പാടിയെ വിഴുങ്ങിയ പ്രളയത്തിനുശേഷം വെറുതെ ഒരു കൗതുകത്തിന് അവിടേക്കെത്തുന്ന ജറമിയാസ് തന്റെ വീടിനെ വിഴുങ്ങുന്ന ചിതൽപ്പുറ്റ് കാണുന്നുണ്ട്. ജറമിയാസ് പുറ്റിനു ചുവട്ടിൽവന്ന് അതിലൊന്നു തൊട്ടുനോക്കി. ഉറച്ചുപോയ മണ്ണ്. ഉള്ളിൽ അനേകം അറകളുണ്ടാകാം. ഓരോ അറയിലും തിങ്ങിനിറഞ്ഞു പാഞ്ഞുകൊണ്ടിരിക്കുന്ന ജീവിതങ്ങളുണ്ടോ? അയാൾ പുറ്റിന്റെ തലകളിലൊന്ന് മെല്ലെയടർത്തി അതിനുള്ളിലേക്കു നോക്കി.

അസാധാരണമാംവിധം മാനുഷികീകരിച്ച പ്രകൃതിയുടെ മൂർത്തരൂപങ്ങളാണ് വിനോയ് തോമസിന്റെ ഭാവനാലോകത്തെ മുൻപും ശ്രദ്ധേയമാക്കിയിട്ടുള്ളത്. കരിക്കോട്ടക്കരിയെന്ന നോവലും രാമച്ചി, മുള്ളരഞ്ഞാണം എന്നീ സമാഹാരങ്ങളിലെ കഥകളും ഒന്നടങ്കം ഉദാഹരണമാണ്. വിനോയിയുടെ മനുഷ്യരാകട്ടെ, നന്മതിന്മകളുടെ ഏദൻതോട്ടത്തിൽ സാത്താനു കൂട്ടുപോകുന്ന കക്ഷികളുമാണ്. സദാചാരഭീതിയോ ദൈവഭയമോ തൊട്ടുതീണ്ടാത്ത നഗ്നകാമനകളുടെ ഉത്സവമേളമാണ് അവർക്കു ജീവിതം. പെരുമ്പാടിയുടെ ഇതിഹാസത്തിലൂടെ പുറ്റ് മലയാളഭാവനയിൽ വെട്ടിത്തെളിക്കുന്ന സാംസ്‌കാരിക ഭൂമികയും മറ്റൊന്നല്ല.

ഒരർഥത്തിൽ പലായനങ്ങളുടെ പുസ്തകവുമാണ് പുറ്റ്. ഒരു നൂറ്റാണ്ടുമുൻപ് തിരുവിതാംകൂറിൽ നിന്ന് തങ്ങളുടെ ഉടലും ഉയിരും കയ്യിലെടുത്ത് മലബാറിലേക്കു പലായനം ചെയ്ത മനുഷ്യർ അവിടെ വെട്ടിപ്പിടിച്ച ജീവിതത്തിൽ നിന്നാണ് പിന്നീട് പലായനം ചെയ്യേണ്ടിവരുന്നത്. ഒരാളും തൃപ്തരല്ല. സ്ഥിതരുമല്ല. തങ്ങൾ പിറന്നുവീണ മണ്ണിൽ ഉറുമ്പുകളും ചിതലുകളും പോലെ അവരുണ്ടാക്കിയ പുറ്റുകൾക്കുള്ളിലേക്ക് ദാക്ഷിണ്യമില്ലാത്ത ദൈവനീതി കനൽകോരിയിടും. തീക്കാറ്റു വീശിപ്പോയ തങ്ങളുടെ പ്രാണഭൂമികളിൽ നിന്നുള്ള പലായനമാണ് പെരുമ്പാടിക്കാരുടെ നിയോഗം. പ്രാക്തനമനുഷ്യന്റെ രൂപത്തിലേക്കും ഭാവത്തിലേക്കും പലായനം ചെയ്യുന്ന ജറമിയാസിന്റെ വിധിയും മറ്റൊന്നായിരുന്നില്ല. യുവാൽ ഹരാരി പറയുംപോലെ, സ്വാതന്ത്ര്യം തേടി ഒരു തടവറയിൽ നിന്ന് പുറത്തുകടന്നാലും കൂടുതൽ വലിയ മറ്റൊരു തടവറയിലകപ്പെടുന്ന മനുഷ്യവിധിയാണത്. അതിനിടയിലും ജീവിതം, ജീവിതം തന്നെയായി അനുഭവിക്കാനാഗ്രഹിക്കുന്ന മനുഷ്യർക്കുവേണ്ടിയെഴുതപ്പെടുന്ന പുനർവിചിന്തനങ്ങളുടെ സങ്കീർത്തനമാകുന്നു, പുറ്റ്.

നോവലിൽ നിന്ന്:-

'ഒന്നിച്ചൊഴുകാൻ തുടങ്ങിയപ്പോഴേ വേർപെട്ടുപോയ ഒന്നാണ് നവീകരണഭവനം. ബാംഗ്ലൂരിൽ തന്റേതായ ജീവിതം തെരഞ്ഞെടുത്ത അരുൺ ഇനി ഈ കുടുംബത്തിന്റെ തുടർച്ചയിൽ പങ്കാളിയാകില്ലായിരിക്കും. നീരു എന്തു ചെയ്യും? ബാംഗ്ലൂരിൽ പ്രിസ് ഡോക്ടറിന്റെ അടുത്തുപോയി അവളുടെ കാര്യത്തിൽ ഒരു തീരുമാനമെടുക്കണം. എങ്ങനെയായാലും നവീകരണഭവനത്തിന് ഇനി തുടർച്ചകളുണ്ടാകാൻ പോകുന്നില്ല. അല്ലെഹ്കിലും പി.എം. സാറിട്ട ഒരു പേരെന്നല്ലാതെ നവീകരണഭവനം എന്നൊന്നില്ലല്ലോ. വല്ല്യമ്മച്ചിയും വല്യപ്പച്ചനുംകൂടി ചെയ്ത ഒരു തെറ്റിൽനിന്നുമാരംഭിച്ച ഒറ്റപ്പെട്ട ചില മനുഷ്യജീവിതങ്ങൾ മാത്രമാണത്. കുടുംബം എന്ന വലിയ സാമൂഹികസ്ഥാപനത്തിലേക്ക് അത് വളരാതിരിക്കുന്നതാണു നല്ലത്.

ചിന്തകൾ അശുഭകരമായി മാറുന്നതിനുമുൻപേ ജറമിയാസിനൊപ്പമുള്ള പുഴ അയാളെ ശാന്തനാക്കും. മറ്റൊന്നിനും നൽകാൻ കഴിയാത്ത ആ ആശ്വാസത്തിൽ കണ്ണടച്ചു മലർന്ന് പുഴയുടെ ഒഴുക്കുകളിൽ ചാഞ്ചാടി അയാൾ മുങ്ങിപ്പൊങ്ങും.

രാത്രികളിൽ നീരു ജനൽ തുറന്നിട്ടിട്ട് കിടക്കയിലെ ഇരുട്ടിൽക്കിടന്ന് പുഴയിലേക്കു തലതിരിച്ചുവെക്കും. ചിലപ്പോൾ എഴുന്നേറ്റുപോയി ജനലഴികളിലേക്ക് ദേഹമമർത്തി പുറത്തേക്കു വെറുതേ നീണ്ടുനോക്കുകപോലും ചെയ്യാറുണ്ട്. പെരുമ്പാടിയിലെ മറ്റു പല സ്ത്രീകളും പുഴയിൽ കുളിക്കുമ്പോഴുണ്ടാകുന്ന ഗന്ധർവ്വാനുഭവങ്ങളെപ്പറ്റി പറയുന്നുണ്ടല്ലോ. തനിക്കുമാത്രം അതുണ്ടാകാത്തതെന്തെന്നായിരുന്നു നീരുവിന്റെ അതിശയം. അതിന് ഓരോ കാരണങ്ങൾ അവൾതന്നെ മനസ്സിലിട്ടു പരുവപ്പെടുത്തി ഉപേക്ഷിക്കും. ഗന്ധർവ്വന്മാർക്ക് ജനൽവഴി മുറിയിലേക്കും വരാമല്ലോ. അതിനുവേണ്ടി അവൾ ജനൽവാതിലുകൾ എപ്പോഴും തുറന്നിടാറുണ്ടെങ്കിലും മുറിയിലേക്കെത്തുന്ന ഒരു കാറ്റിനും ഗന്ധർവ്വന്മാരുടെ മണമില്ലായിരുന്നു.

പെരുമ്പാടിയിലെ ഓരോ യുവാവും പ്രായപൂർത്തിയാകുന്നതോടെ ഒരു പെട്ടിയോ ബാഗോ രഹസ്യമായി കൈവശം വെക്കാറുണ്ടെന്നാണ് പറച്ചിൽ. അതിൽ ജാരസഞ്ചാരത്തിനുവേണ്ട കോപ്പുകളായിരിക്കുമത്രേ. ഒരു ചെറിയ പെൻടോർച്ച്, സ്‌ക്രൂഡ്രൈവർ, മെഴുകുതിരി, തീപ്പെട്ടി, ഗർഭനിരോധന ഉറകൾ, ഗുളിക, ചെറിയ കുപ്പിയിൽ വെളിച്ചെണ്ണ, അത്തർ, ചൂയിങ്ഗം, പട്ടിക്കു കൊടുക്കാനുള്ള ഉണക്കിറച്ചിത്തുണ്ടങ്ങൾ എന്നിവയൊക്കെയതിലുണ്ടാകും.

അഴിച്ചുവിട്ടിരിക്കുന്നതും കെട്ടിയിട്ടിരിക്കുന്നതുമായ പട്ടികളെ മെരുക്കുകയാണ് ജാരന്മാർ ആദ്യം ചെയ്യുന്നത്. പിന്നെ ഒച്ചയുണ്ടാക്കാതെ വാതിൽ തുറക്കുക, പെട്ടെന്ന് മറഞ്ഞിരിക്കാൻ പറ്റുന്ന ഇടങ്ങൾ കണ്ടുപിടിക്കുക എന്നിവയൊക്കെ ചെയ്യും. മിടുക്കന്മാരായ ജാരന്മാർ പെരുമ്പാടിയിലെമ്പാടുമുണ്ട്. അതുപോലെതന്നെ അവർക്കു മെരുങ്ങാത്ത നായ്ക്കളും. രാത്രികളിൽ ചില നായ്ക്കളുടെ കുര മലകളിൽ തട്ടിത്തെറിക്കുമ്പോൾ അത് ഏതോ ഒരു ജാരന്റെ സഞ്ചാമാണെന്നു നീരു വെറുതെ സങ്കല്പിക്കും.

പോൾസാറിന്റെ കാലത്തുതുടങ്ങി ആളുകൾ ആ വീടിനു ചാർത്തിക്കൊടുത്തിരിക്കുന്ന ബഹുമാനംകൊണ്ടായിരിക്കാം നവീകരണഭവനത്തിലേക്ക് ഒരു ജാരനും വരാത്തത്. അതില്ലായിരുന്നുവെങ്കിൽ ജാരപ്പെട്ടിയുമായി വാതിലുകൾ ഒച്ചയുണ്ടാക്കാതെ തുറന്ന് തന്റെ മുറിയിലേക്കും ആരെങ്കിലുമൊക്കെ എത്തുമായിരുന്നു. അത് പണ്ടു മാറിപ്പോയ കല്യാണത്തിലെ ചെറുക്കനായിരുന്നെങ്കിൽ, അല്ലെങ്കിൽ അയാളെക്കാൾ ബലവും സൗന്ദര്യവുമുള്ള മറ്റാരെങ്കിലും. അങ്ങനെയങ്ങനെ നീരുവിന്റെ ചിന്തകൾ നാടുമാറി അലയും.

ഇങ്ങനെ നാടോടിയായ ചിന്തകൾ നീരുവിന്റെ മനസ്സിനെ അസ്വസ്ഥമാക്കിയ ഒരു രാത്രിയിലാണ് അവൾ പുഴയിലേക്കിറങ്ങാമെന്നു നിശ്ചയിച്ചത്. പ്രസന്നന്റെ ഭാര്യ രാധാമണി കൊണ്ടുവന്ന പാൽ നന്നായി തിളപ്പിച്ചു കുറുക്കി ആവശ്യത്തിനു പഞ്ചസാരയിട്ടു കുടിച്ചിട്ടു കിടക്കാൻ തുടങ്ങുകയായിരുന്നു നീരു.

മുൻപെങ്ങുമില്ലാത്തപോലെ കഠിനമായ ഒരു പൂമണം കാറ്റിലൂടെ മുറിയിലേക്കുവന്നു. പുഴയുടെ കരയിൽ നിൽക്കുന്ന ഇലുമ്പിമരത്തിൽ നിറച്ചും വിരിഞ്ഞ പൂക്കളുടെ ഗന്ധമായിരുന്നതെങ്കിലും തന്റെ മുറിയിലേക്ക് ആദ്യമായി വരുന്ന ഗന്ധർവ്വമണമാണതെന്ന് നീരു കരുതി. അരുണിന് ഒരു സ്ത്രീയായി തന്നെ വേണ്ടന്നറിഞ്ഞ ദിവസംമുതൽ അവളിൽ എന്താണെന്നറിയാതെ രൂപപ്പെട്ടു വളർന്നുകൊണ്ടിരുന്ന ഒരു ചിന്ത പെട്ടെന്നുണ്ടായ ആ കാറ്റിൽ കത്തിക്കയറി വിയർത്തു.

സഹിക്കാൻ പറ്റാത്ത ചൂട് ശരീരത്തെ എരിച്ചുതുടങ്ങിയപ്പോൾ പുഴയുടെ തണുപ്പിലേക്കു പോകാനാണ് അവളുടെ മനസ്സുപറഞ്ഞത്. അടിവസ്ത്രങ്ങളഴിച്ചുവെച്ചിട്ട് അവൾ തന്റെ മുറിയിൽനിന്നും പുറത്തേക്കിറങ്ങി. വീടിന്റെ ഉമ്മറവും കടന്ന് ഇലുമ്പിമരത്തിന്റെ ചുവട്ടിലെത്തുമ്പോഴേക്കും അവൾ പൂർണ്ണനഗ്നയായിരുന്നു.

അവളുടേതുമാത്രമായി ഇളകിമറിയുന്ന പുഴയിലേക്കിറങ്ങുന്നതിനുമുൻപ് ഇലുമ്പിമരത്തിൽനിന്നും ഒരു കായ അവൾ കടിച്ചെടുത്തു. ചുണ്ടുകൾകൊണ്ട് അമർത്തിപ്പൊട്ടിച്ച ആ ഇലുമ്പിക്കയുടെ പുളി വായിൽനിറച്ച് അവൾ പുഴയിലേക്കിറങ്ങി നീന്തി.

രാത്രിജലത്തിന്റെ തണുപ്പിൽ മുങ്ങിക്കിടക്കുകയായിരുന്ന ജറമിയാസ് ശക്തമായ ഓളങ്ങൾപോലെ എന്തോ ഒന്ന് തന്നെ പൊതിയുന്നതറിഞ്ഞ് വെള്ളത്തിനു മുകളിലേക്കുയർന്നു. ജലോപരിതലത്തിൽ അയാൾ ആദ്യം കണ്ടത് നീരുവിന്റെ വിടരുന്ന ചുണ്ടുകളാണ്. കുതറിമാറാൻ ശ്രമിച്ച അയാളിലേക്ക് ഇലുമ്പിയുടെ പുളി പകർന്നുകൊണ്ട് അവൾ പറഞ്ഞു,

'നിങ്ങളെയെങ്കിലുമെനിക്കുവേണം'.

ജറമിയാസിനെ വേണ്ടവിധം ചേർത്തുപിടിക്കാനനുവദിക്കാതെ വെള്ളം ഇളകിമറിയുന്നതുകണ്ടപ്പോൾ വെള്ളത്തിൽവെച്ച് ഒന്നും സാധ്യമാകില്ലെന്ന് നീരുവിനു മനസ്സിലായി. അവൾ ജറമിയാസിന്റെ മുടിയിൽപിടിച്ചു വലിച്ച് കരയിലേക്കു കയറ്റി ഇലുമ്പിമരത്തിന്റെ ചുവട്ടിൽ കിടത്തി. മുകളിലെ ആകാശം അയാൾക്കു കാണാൻ കഴിയാത്തത്ര വിശാലതയായി അയാളുടെ മുകളിൽ അവൾ പടർന്നുനിന്നു.

അവളുടെ കണ്ണുകളിലേക്കാണോ ഇലുമ്പിമരത്തിലേക്കാണോ താൻ നോക്കുന്നതെന്ന് ജറമിയാസിന് തിരിച്ചറിയാൻ കഴിഞ്ഞില്ല. കുലകളായി മുകളിലേക്കു മുകളിലേക്ക് വിരിഞ്ഞുകിടക്കുന്ന ഉടലുകളാണത്. തായ്ത്തടിയിൽനിന്നും വേർപെട്ട് പുതുജീവിതങ്ങളായി ഒഴുകാൻ കാത്തുനിൽക്കുന്ന വിത്തുകളാണ് തന്റെ മുൻപിൽ എന്നുമാത്രം അയാൾ ഓർത്തു'.

പുറ്റ്
(നോവൽ)
വിനോയ് തോമസ്
ഡി.സി. ബുക്‌സ്
2020, വില: 399 രൂപ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP