Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മനുഷ്യരെപ്പോലുള്ള പുസ്തകങ്ങൾ

മനുഷ്യരെപ്പോലുള്ള പുസ്തകങ്ങൾ

ഷാജി ജേക്കബ്

സാഹിത്യത്തിന്, വിശേഷിച്ചും നോവലിന് പുസ്തകവുമായുള്ള ബന്ധം ഏറെ ചർച്ചചെയ്യപ്പെട്ടു കഴിഞ്ഞതാണ്. 'സാഹിത്യം' എന്ന ആധുനികവ്യവഹാരത്തെ സാധ്യമാക്കിയ ഏറ്റവും പ്രധാനപ്പെട്ട സാംസ്‌കാരിക മാദ്ധ്യമവും രൂപവും സങ്കേതവും പുസ്തകമാണ്. 'What distinguished the novel from the story (and from the epic in the narrowsense) is its essential dependence on the book.... the dissemination of the novel become possible only with the book....' (The Story Teller, Illuminations, (1953) 1999) എന്ന് വാൾട്ടർ ബൻയമിൻ. മലയാളത്തിലും ഈയൊരു സാംസ്‌കാരികാനുഭവം യാഥാർഥ്യമായതിന്റെ കഥ ഒയ്യാരത്തു ചന്തുമേനവൻ തന്റെ ആദ്യ നോവലിന്റെ അവതാരികയിൽ എഴുതുന്നുണ്ട്. നാലുപുറമുള്ള അവതാരികയിൽ പുസ്തകം, ബുക്ക് എന്നീ വാക്കുകൾ ഇരുപത്തെട്ടു തവണയാണ് മേനവൻ ഉപയോഗിക്കുന്നത്! നോവലിൽ വേറെയും.

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സാഹിത്യത്തിനും നോവലിനും സംഭവിക്കുന്ന ഏറ്റവും വലിയ ഭാവുകത്വപരിണാമവും 'പുസ്തക'മെന്ന രൂപത്തിന്റെ/മാദ്ധ്യമത്തിന്റെ തലത്തിൽ അതിനു സംഭവിക്കുന്നതാണ്. അച്ചടിയിലും കടലാസിലും നിന്ന് ഇ-ബുക്ക് എന്ന നിലയിലേക്കുള്ള മാറ്റം. ഇ-ബുക്ക് റീഡറുകളും ഡിജിറ്റൽ-ഇലക്ട്രോണിക് ലൈബ്രറികളും ഇ-ബുക്കിന്റെ അസ്തിത്വം പ്രബലമാക്കിക്കഴിഞ്ഞിരിക്കുന്നു. പുസ്തകത്തിന്റെ എഴുത്ത്, പ്രസാധനം, വിതരണം, വിപണനം, വായന, നിരൂപണം, പഠനം എന്നീ മണ്ഡലങ്ങളെല്ലാം 'സൈബർ' സ്വരൂപം കൈവരിച്ചു കഴിഞ്ഞതിനാൽ കടലാസുപുസ്തകങ്ങൾ നിറഞ്ഞും നിരന്നുമിരിക്കുന്ന പുസ്തകശാലകളും വായനശാലകളും പഴങ്കഥയാകുന്ന കാലമാണ് നമ്മുടേത്. എഴുത്തിന്റെയും വായനയുടെയും 'അ-സ്ഥല'ങ്ങളും 'ഇ-സ്ഥല'ങ്ങളും പ്രതീതിസ്ഥലങ്ങളും യാഥാർഥ്യമായതോടെ അഭൗതിക സ്ഥലങ്ങളിൽ അദൃശ്യരായിരിക്കുകയാണ് പുസ്തകങ്ങൾ. ഈ 'പുസ്തകവിചാര'ത്തിന്റെ അസ്തിത്വംപോലും അങ്ങനെയാണല്ലോ.

ആധുനികമലയാളിയെ ബാധിച്ച (1950-'90 കാലം) ഏറ്റവും വലിയ രണ്ടു ലഹരികളുടെയും പ്രതിനിധിയാണ് എൻ. ശശിധരൻ. കമ്യൂണിസത്തിന്റെയും വായനയുടെയും. കാലാന്തരത്തിൽ തന്റെ തലമുറയിലെ മിക്കവരെയും പോലെ അദ്ദേഹവും ആദ്യലഹരിയിൽനിന്നു മോചനംനേടിയെങ്കിലും രണ്ടാമത്തെ ലഹരി ശമനമില്ലാതെ തുടരുന്നു. (ഈ പുസ്തകത്തിന്റെ അനുബന്ധമായി, മൂവാറ്റുപുഴയിൽനിന്നു പ്രസിദ്ധീകരിക്കുന്ന 'തോർച്ച'മാസികയുടെ പത്രാധിപർ ബിജോയ്ചന്ദ്രൻ ശശിധരനുമായി നടത്തിയ ഒരഭിമുഖം ചേർത്തിട്ടുണ്ട്. അതിലെ അവസാനത്തെ ചോദ്യവും ഉത്തരവും ശ്രദ്ധിക്കുക.

'ഇടതുപക്ഷരാഷ്ട്രീയത്തിന് സമകാലിക കേരളീയസാഹചര്യങ്ങളിൽ സംഭവിച്ചുകൊണ്ടിരി ക്കുന്ന അർഥനാശത്തെ എങ്ങനെ നോക്കിക്കാണുന്നു?

'തിയറി' പറയാൻ അറിയാത്തതുകൊണ്ട് ഇങ്ങനെ എഴുതാം. ഇടതുപക്ഷത്തിന്റെ അർഥനാശത്തെക്കുറിച്ച് ആശങ്കപ്പെടുകയോ വ്യാകുലപ്പെടുകയോ ചെയ്യുന്നതുപോലും അസംബന്ധമായിക്കഴിഞ്ഞു. രാഷ്ട്രീയത്തിൽ ഇപ്പോഴും താത്പര്യമുള്ള ഒരാളെന്ന നിലയിൽത്തന്നെയാണ് ഇതുപറയുന്നത്')

അതിന്റെ തെളിവാണ് ഈ പുസ്തകം. നോവൽസാഹിത്യത്തിന്റെ കടലാസു പുസ്തകരൂപത്തിലുള്ള വായനയുടെ വിസ്മയകരവും വിഭ്രാമകവുമായ ലോകാനുഭവങ്ങൾ, ഭാവാനുഭൂതികൾ പങ്കുവയ്ക്കുന്ന ഒരുപറ്റം ലേഖനങ്ങളുടെ സമാഹാരമാണ് 'പുസ്തകങ്ങളും മനുഷ്യരാണ്' എന്ന ഈ കൃതി. മനുഷ്യരെപ്പോലുള്ള പുസ്തകങ്ങളെ കണ്ടെത്തി അവയുമായി അസാധാരണമായ ആത്മബന്ധം സ്ഥാപിക്കുന്ന ഒരു വായനക്കാരന്റെ ആത്മചരിതം. ഒപ്പം പുസ്തകങ്ങളെപ്പോലുള്ള ചിലരെ കണ്ടെത്തിയതിന്റെ നരചരിതങ്ങളും.

ലോകനോവൽസാഹിത്യത്തിലെ ക്ലാസിക്കുകളെ മലയാളിക്കു പരിചയപ്പെടുത്തിയ നിരൂപകർ പലരുണ്ട്. കേസരി ബാലകൃഷ്ണപിള്ളയുടെയും എം.കൃഷ്ണൻനായരുടെയും വി. രാജകൃഷ്ണന്റെയും പി.കെ. രാജശേഖരന്റെയുമൊക്കെ പേരുകൾ എടുത്തുപറയണം. (വിദേശനോവലുകൾ വായിച്ച് (?) അവ ഒരുതരത്തിലും മനസ്സിലാക്കാതെ അവയെക്കുറിച്ച് വെറും ചവറുപോലെ നിരന്തരമെഴുതുന്ന ചില 'സ്ഥലനാമധാരികളെ' ഒഴിവാക്കുന്നു). കേസരി ചരിത്രപരമായും കൃഷ്ണൻനായർ ഭാവുകത്വപരമായും ആ രംഗത്തു സൃഷ്ടിച്ച ചലനങ്ങൾക്കു സമാനതയില്ല. രാജകൃഷ്ണന്റെ രാഷ്ട്രീയനിലപാടും രാജശേഖരന്റെ സൗന്ദര്യാത്മക ഭാവനയും പുതിയ ദിശകളിലേക്ക് ഈ വായനയെ വഴിതിരിച്ചു വിട്ടു. എസ്. ജയചന്ദ്രൻ നായർ, എൻ.ഇ. സുധീർ, മീന ടി.പിള്ള തുടങ്ങിയവരുടെ പംക്തികളിലൂടെയും ക്ലാസിക്കുകളും അല്ലാത്തവയുമായ ലോകനോവൽ മലയാളി പരിചയപ്പെടുന്നു. കുറ്റിപ്പുഴയും പി.കെ. ബാലകൃഷ്ണനും മുതൽ എം ടിയും കെ.പി. അപ്പനും ആനന്ദും വരെയുള്ളവർ ഉൾക്കൊണ്ട നോവൽബോധത്തിന്റെ ആഴങ്ങൾ മറന്നുകൊണ്ടല്ല ഇതു പറയുന്നത്. ശശിധരൻ ഈ നിരയിൽ പരാമർശിക്കപ്പെടേണ്ട വായനക്കാരിലൊരാളാണ്. ആത്മനിഷ്ഠവും സൗന്ദര്യാത്മകവുമാകുമ്പോൾ തന്നെ ചരിത്രബദ്ധവും രാഷ്ട്രീയവുമാണ് അദ്ദേഹത്തിന്റെ ലോകനോവൽ വായന. ഈ പുസ്തകത്തിലെ ആദ്യ എട്ടുലേഖനങ്ങൾ ഇതിനുദാഹരണമാണ്.

'വായിക്കുകയെന്നാൽ ഭാവിയെ എഴുതുകയാണ്' ('To read is to write the future') എന്ന അഡോണിസിന്റെ വാക്കുകൾ പിന്തുടർന്ന്, ഒരു വായനക്കാരനെന്ന നിലയിലുള്ള തന്റെ ആത്മകഥയ്ക്ക് ഒരാമുഖമെഴുതുകയാണ് 'വായിച്ചുതീരാത്ത ഇലപ്പുസ്തകം' എന്ന ആദ്യലേഖനത്തിൽ ശശിധരൻ. എഴുത്തിനെക്കാൾ പ്രധാനം വായനയാണ് എന്ന തിരിച്ചറിവാണ് ശശിധരന്റെ വിശ്വാസപ്രമാണം. 'വായന അസ്തിത്വത്തിന്റെ ഒരേയൊരു ന്യായീകരണമായിരുന്ന കാലത്തിന്റെ' ആത്മബോധം.

തുടർന്നുള്ള ഏഴു ലേഖനങ്ങളിൽ നാലെണ്ണം മരിയാവർഗസ്സ്‌യോസയെക്കുറിച്ചാണ്. ഓരോന്നുവീതം ഓർഹൻപാമുക്, റോബർട്ടോ ബൊളാനോ, സാൻഡോർമറായ് എന്നിവരെക്കുറിച്ചും.

പ്രണയത്തിന്റെയും യുദ്ധത്തിന്റെയും ദിനരാത്രങ്ങൾ, ഉഴുതുമറിച്ച ചരിത്രത്തിന്റെ മണ്ണ്, അധികാരം കൊയ്യാനാവില്ല ആരിയനും, ഹിംസയുടെ അധികാരഘടനകൾ എന്നീ നാലുരചനകൾ പലകാലത്തായി വർഗസ്സ്‌യോസയെക്കുറിച്ചെഴുതിയ നിരൂപണലേഖനങ്ങളാണ്. ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ 'ബൂം' പ്രസ്ഥാനത്തിന്റെ (മാജിക്കൽ റിയലിസം പ്രാധാന്യം നേടിയ 1960-70 കാലത്തെ ആധുനികതാവാദപ്രസ്ഥാനമാണ് 'Boom') വക്താക്കളും പ്രചാരകരുമായ എഴുത്തുകാരെയാണ് 1980കൾ മുതൽ മലയാളി വായിച്ചു തുടങ്ങിയത്. പിന്നീടുള്ള കാൽനൂറ്റാണ്ടുകാലം അവർ മലയാളത്തിലെതന്നെ എഴുത്തുകാരെപ്പോലെ നമുക്കു പരിചിതരും പ്രിയപ്പെട്ടവരുമായി. മുൻപ് 'പാവങ്ങൾ' തൊട്ടുള്ള ചില ലോകക്ലാസിക്കുകളും (വിശേഷിച്ചും റഷ്യൻ/സോവിയറ്റ് രചനകൾ) ബംഗാളി നോവലുകളുമാണ് മലയാളി ഇത്രമേൽ ആവേശത്തോടെ വായിച്ചിട്ടുള്ളത്. വർഗസ്സ്‌യോസ, ബൂം പ്രസ്ഥാനത്തിൽ തുടങ്ങി പോസ്റ്റ് ബൂം (1970 കളിലാരംഭിച്ച ആധുനികാനന്തരതാവാദം) പ്രസ്ഥാനത്തിലും സജീവമായ ലാറ്റിനമേരിക്കൻ നോവലിസ്റ്റാണ്. മാർക്കേസിനെപ്പോലെതന്നെ പലർക്കും പ്രിയപ്പെട്ട എഴുത്തുകാരൻ. മിലാൻ കുന്ദേരയെപ്പോലെ രാഷ്ട്രീയം-നർമ്മം-ലൈംഗികത എന്ന ത്രികോണത്തിൽ ചരിത്രത്തിന്റെയും അധികാരത്തിന്റെയും പാഠരൂപമായി നോവൽ നിർമ്മിക്കുന്ന മഹാപ്രതിഭ. യോസയുടെ പ്രധാന നോവലുകളിലൂടെ കടന്നുപോകുന്ന ശശിധരൻ ലാറ്റിനമേരിക്കൻ നോവൽഭാവനയുടെ രാഷ്ട്രീയ തീവ്രതകളിലും ആഖ്യാനകൗതുകങ്ങളിലും ഒരുപോലെ ശ്രദ്ധയൂന്നുന്നു. Days and nights of Love and War, Conversation in the Cathedral, Death in the Andes എന്നിവയെക്കുറിച്ചാണ് ശശിധരൻ വിശദമായെഴുതുന്നത്.

രണ്ടാം ലേഖനത്തിൽ യോസയുടെ പ്രധാന നോവലുകളെല്ലാം സാമാന്യമായി പരിചയപ്പെടുത്തുകയും ചെയ്യുന്നു. ലാറ്റിനമേരിക്കയുടെ രാഷ്ട്രീയചരിത്രത്തിലും മിത്തിക്കൽ ഭൂതകാലത്തിലും നിന്ന് അധികാരത്തിന്റെ സ്ഥൂലവും സൂക്ഷ്മവുമായ സാമൂഹ്യഘടനകൾ കണ്ടെടുക്കുകയും വ്യക്തികേന്ദ്രിതമായി മാറുന്ന സർവാധിപത്യ ഭരണകൂടങ്ങളുടെ രാഷ്ട്രീയമനഃശാസ്ത്രം വിശദീകരിക്കുകയും ചെയ്യുന്നു, യോസയുടെ നോവലുകൾ. ഒപ്പം, തന്റെ കാലത്തെ മനുഷ്യജീവിതത്തിന്റെ അസ്തിത്വസംഘർഷങ്ങളുടെ സാമൂഹ്യവൽക്കരണം സാധ്യമാക്കുകയും ചെയ്യുന്നു, അവ. ശശിധരൻ യോസയുടെതന്നെ വാക്കുകൾ ഉദ്ധരിക്കുന്നു : 'നാം ചന്ദ്രനിൽ ജനിച്ചവരല്ല; ഏഴാംസ്വർഗത്തിൽ ജീവിക്കുന്നവരുമല്ല. ലോകത്തിലെ ഏറ്റവും പീഡിതമായ ഒരു പ്രദേശത്ത്, ലാറ്റിൻ അമേരിക്കയിൽ, ജനിക്കാനുള്ള ഭാഗ്യവും നിർഭാഗ്യവും ഉണ്ടായവരാണ്. നിർദയമാംവിധത്തിൽ മർദകസ്വഭാവമുള്ള ഒരു ചരിത്രഘട്ടത്തിൽ ജീവിക്കുന്നവരാണ്. ഇവിടെ, വർഗസമൂഹത്തിലെ വൈരുധ്യങ്ങൾ, സമ്പന്നരാജ്യങ്ങളിലേക്കാൾ മൂർച്ചയേറിയതാണ്. ലോകം മുഴുവൻ ഉണ്ടാക്കപ്പെടുന്ന സമ്പത്തിന്റെ പകുതിയും ജനസംഖ്യയിൽ ആറു ശതമാനം മാത്രം വരുന്ന ഒരു ചെറിയ വിഭാഗം ആപത്ശങ്കയില്ലാതെ അനുഭവിച്ചുവരികയാണ്. കൂട്ടായ ദുരിതവും വേദനയുമാണ്, ദരിദ്രർ ഇതിനു കൊടുക്കേണ്ടിവരുന്ന വില. ചുരുക്കം ചിലരുടെ സുഖത്തിനും മറ്റുള്ളവരുടെ ദുരിതത്തിനും ഇടയിലുള്ള അകലം, അടി കാണാത്ത ഗർത്തം, ലാറ്റിനമേരിക്കയിൽ വളരെ വലുതാണ്; ഈ അകലം നിലനിർത്താൻ പ്രയോഗിക്കപ്പെടുന്ന രീതികൾ ഏറ്റവും പ്രാകൃതവുമാണ്... മരണത്തിൽനിന്ന് വ്യതിചലിക്കുവാനും നമ്മെ വേട്ടയാടുന്ന കാഴ്ചകളെ കഴുത്തുഞെരിച്ചു കൊല്ലാനുമാണ് എല്ലാവരും എഴുതുന്നത്. പക്ഷേ, സമൂഹത്തിന്റെ കൂട്ടായ്മയ്ക്ക് അതിന്റെ അസ്തിത്വം തിരിച്ചറിയാനുള്ള ആഗ്രഹവുമായി കണ്ണിചേരുമ്പോൾ മാത്രമേ ഒരാൾ എഴുതുന്നത് ചരിത്രപരമായി ഉപയോഗക്ഷമമാവൂ'.

ലാറ്റിനമേരിക്കൻ നോവലിനുശേഷം മലയാളിയുടെ ലോകനോവൽവായനയിൽ ഏറ്റവും ജനപ്രീതി നേടിയ ഓർഹൻപാമുക്കിന്റെ The Museum of Innocence എന്ന നോവൽ സൃഷ്ടിക്കുന്ന പ്രണയത്തിന്റെ അമരത്വവൽക്കരണത്തെക്കുറിച്ചാണ് മറ്റൊരു ലേഖനം. (പൗലോ കൊയ്‌ലോ എന്ന വ്യാജബിംബത്തെ മറന്നുകൊണ്ടല്ല ഇങ്ങനെ പറയുന്നത്. ശശിധരന്റെ ഈ പുസ്തകത്തിന്റെ ഏറ്റവും ഗുണകരമായ വശവും അതുതന്നെയാണ്; പൗലോ കൊയ്‌ലോയെ ശശിധരനും പേടിയില്ല.) മാർക്കേസിന്റെ Love in the Time of Cholera പോലെ കൊണ്ടാടപ്പെടുന്ന ഒരു പോസ്റ്റ്‌മോഡേൺ ക്ലാസിക്കാണ് പാമുക്കിന്റെ ഈ കൃതിയും. അതിവിചിത്രമായ ഒരു പ്രണയത്തിന്റെയും അതിന്റെ സ്മാരകമായി നിർമ്മിക്കപ്പെടുന്ന ഒരു മ്യൂസിയത്തിന്റെയും കഥ. ശരീരവും ഓർമയും യഥാക്രമം പ്രണയവും ചരിത്രവുമായി അന്യാപദേശിക്കപ്പെടുന്ന അതുല്യ രചന. 'കോളറ'യുടെ വൈകാരികതയെ 'മ്യൂസിയം' മറികടക്കുന്നുവെന്ന സവിശേഷതയും ശശിധരൻ ചൂണ്ടിക്കാണിക്കുന്നു.

ചെറിയൊരിടവേളയിൽ ചുരുക്കം ചില മലയാളിവായനക്കാരെ വിഭ്രമിപ്പിച്ച (മുൻപ് 'പെഡ്രൊപരാമോ'യിലൂടെ ഹുവാൻ റൂൾഫൊ ചെയ്തതുപോലെ) റോബർട്ടോ ബൊളാനോവിന്റെ '2666' എന്ന കൃതിയെക്കുറിച്ചാണ് ഇനിയൊരു ലേഖനം. (ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെടുന്ന ലാറ്റിനമേരിക്കൻ നോവലുകളിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്നത് റോബർട്ടോ ബൊളാനോവിന്റെ രചനകളാണ് എന്ന് എഡിത്ത് ഗ്രോസ്മാൻ എഴുതിയിട്ടുണ്ട്.) അഞ്ചു പുസ്തകങ്ങളായി ഭാവനചെയ്യപ്പെട്ട ഒരു ബൃഹത്‌രചന. ലാറ്റിനമേരിക്കൻ അധോലോകത്തിന്റെ കഥ മുതൽ ചരിത്രത്തിന്റെയും തത്വചിന്തയുടെയും അന്യാപദേശങ്ങൾ വരെയുൾപ്പെടുന്ന കൃതി.

മലയാളിക്ക് പൊതുവെ അജ്ഞാതനായ ഹങ്കേറിയൻ എഴുത്തുകാരൻ സാൻഡോർമറായ് എഴുതിയ 'Embers' എന്ന നോവലാണ് 'പുസ്തകങ്ങളും മനുഷ്യരാണ്' എന്ന ശീർഷകലേഖനത്തിന്റെ വിഷയം. മനുഷ്യബന്ധങ്ങളിലെ അതിവിചിത്രമായ ആഴക്കാഴ്ചകളാവിഷ്‌ക്കരിക്കുന്ന ഈ നോവൽ തന്റെ വായനയെ വിസ്മയിപ്പിച്ചതിന്റെ കഥ ശശിധരൻ എഴുതുന്നു.

ആന്ദ്രെതർക്കോവ്‌സ്‌കിയുടെ 'Sculpting in Time' എന്ന ചലച്ചിത്രസിദ്ധാന്ത, പഠനഗ്രന്ഥത്തിന്റെ വായനാനുഭവത്തെക്കുറിച്ചുള്ള ഒരു കുറിപ്പും ഈ ഭാഗത്തുണ്ട്.

ഒന്നാംഭാഗത്തിന്റെ ആഴമോ ഗൗരവമോ ഇല്ലാത്തവയാണ് രണ്ടാംഭാഗത്തെ രചനകൾ. മലയാളത്തിലെ രണ്ടാംകിടയോ മൂന്നാംകിടയോ നാലാംകിടതന്നെയോ ആയ ചില നോവലുകളെക്കുറിച്ചുള്ള അതിശയോക്തി കലർന്ന ആസ്വാദനങ്ങളും അമിതപ്രതീക്ഷ വളർത്തുന്ന സ്തുതിവചനങ്ങളുമാണ് ഈ ലേഖനങ്ങൾ പലതും. വർഗസ്സ്‌യോസയിലും പാമുക്കിലുമൊക്കെ നോവൽഭാവനയുടെ ശൃംഗദീപ്തികൾ കണ്ടറിയുന്ന ഒരു വായനക്കാരൻ ഇത്തരം മൊട്ടക്കുന്നുകൾ കണ്ട് വിസ്മയിക്കുന്നതിന്റെ കാരണമെന്താവാം? പുസ്തകങ്ങളെപ്പോലെതന്നെ വിചിത്രപ്രതീതികളാണ് മനുഷ്യരും എന്നാശ്വസിക്കുകയേ വഴിയുള്ളൂ. സുസ്‌മേഷ് ചന്ത്രോത്ത്, ഇ. സന്തോഷ്‌കുമാർ, ബന്യാമിൻ, സാറാജോസഫ് എന്നിവരുടെ നോവലുകളും കെ.എ. ജയശീലൻ, കെ.ജി. ശങ്കരപ്പിള്ള എന്നിവരുടെ കവിതകളും പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ കഥയുമാണ് ഈ ഭാഗത്താസ്വദിക്കപ്പെടുന്നത്.


മൂന്നാംഭാഗം കുറെക്കൂടി ആകർഷകമാണ്. നടൻ മുരളിയുടെ അഭിനയപ്രതിഭയും വൈയക്തികഘടനയും അടുത്തറിഞ്ഞതിന്റെ ആഹ്ലാദാനുഭവങ്ങളും മുരളി വേർപിരിഞ്ഞുപോയതിന്റെ വേദനയും ഒരുപോലെ പങ്കുവയ്ക്കുന്ന രചനയും (മുരളി: നടനും മനുഷ്യനും), ലോഹിതദാസിന്റെ സിനിമകൾ (ഭൂതക്കണ്ണാടി വിശേഷിച്ചും) 'കഥ'യോടു പുലർത്തിയ അസാധാരണമായ ആത്മബന്ധത്തെക്കുറിച്ചുള്ള കുറിപ്പും സ്വന്തം ബാല്യത്തിന്റെയും തുടർജീവിതത്തിന്റെയും ചില നഷ്ടസൗഭാഗ്യങ്ങളും കഷ്ടാനുഭവങ്ങളും ഓർത്തെടുക്കുന്ന മൂന്നു രചനകളും ഇതിലുൾപ്പെടുന്നു.


വായന, ആധുനിക മലയാളിക്കു നൽകിയ ലോക-ജീവിതബോധങ്ങളുടെ സ്മൃതിചരിത്രംപോലെ ആകർഷകമായി മാറുന്നു, 'പുസ്തകങ്ങളും മനുഷ്യരാണ്' എന്ന പുസ്തകം.

പുസ്തകത്തിൽ നിന്ന്

'യിരത്തിത്തൊള്ളായിരത്തി അറുപതുകളുടെ ഉത്തരാർധമായിരുന്നു അത്. ഖസാക്കിന്റെ ഇതിഹാസം മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. കഥയിലും നോവലിലും കവിതയിലും ചിത്രകലയിലും പുതുതായി എന്തോ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു എന്ന് ഭീതിയായും കുശുകുശുപ്പായും ആക്രോശമായും വെല്ലുവിളിയായും ചർച്ചകൾ തുടങ്ങിക്കഴിഞ്ഞിരുന്നു. 'കം തകം/പാതകം/കൊലപാതകം...' പോലുള്ള കൗതുകങ്ങളിൽനിന്ന് 'നെല്ലിൻതണ്ട് മണക്കും വഴികളിലേക്കുള്ള' തുടർച്ചയും വിടർച്ചയും അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. പിഴച്ച പെണ്ണിന്റെ പേരുപറയാൻ വിസമ്മതിക്കുന്ന നാട്ടിൻപുറ ജാള്യത്തോടെ, അസ്തിത്വവാദം (എക്‌സിസ്റ്റൻഷ്യലിസം), സാർത്ര്, കാഫ്ക, കമ്യൂ, ഷെനെ എന്നീ പേരുകൾ ആനുകാലികങ്ങളിൽ ഉച്ചരിക്കപ്പെട്ടുകൊണ്ടിരുന്നു. യുഗരശ്മിയിൽ വന്ന ഒ.വി. വിജയന്റെ തീട്ടവും മലയാളനാടിൽ വന്ന സക്കറിയയുടെ പ്രപഞ്ചത്തിന്റെ അവശിഷ്ടങ്ങളും സൃഷ്ടിച്ച ആഘാതം അവസാനിച്ചിരുന്നില്ല. വായനയുടെ ലഹരിയിൽ, കഥയുടെ ആത്മരതിയിൽ, സ്വയം മറന്ന് ജീവിച്ചുപോന്ന ആ പതിനേഴുകാരനെ ആ അന്തരീക്ഷം അക്ഷരാർഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. ഇതുവരെ വായിച്ചതൊന്നും വായനയല്ല. പക്ഷേ, സാർത്രും കാഫ്കയും എവിടെ കിട്ടും? ഇരുപത്തിയഞ്ചു കിലോമീറ്ററുകൾ മാത്രം അകലമുള്ള കണ്ണൂർനഗരം അന്ന്, പക്ഷേ, മറ്റൊരു വൻകരയിലായിരുന്നു.

പത്താംക്ലാസ്സുവരെ കൂടെപ്പഠിച്ച ഒ.എം. സുകുമാരന്റെ വീട്ടിൽ ആദ്യമായി അക്കാലത്ത് ഒരു ദിവസം ഞാൻ എത്തിപ്പെടുന്നു. അവന്റെ ജ്യേഷ്ഠന്മാരിൽ ഒരാൾ മൈസൂറിൽ റീജ്യണൽ ഇൻസ്റ്റിറ്റിയൂട്ടിൽ പഠിക്കുന്നുണ്ടെന്നും വീട്ടിലും നാട്ടിലും ആരോടും മിണ്ടാട്ടവും ഉരിയാട്ടവുമില്ലാത്ത ഒരു ഔട്ട്‌സൈഡർ ആണ് പുള്ളി എന്നും ഞാൻ കേട്ടിരുന്നു. എങ്കിലും സാഹിത്യവുമായി എന്തെങ്കിലും ബന്ധമുണ്ട് എന്ന് തോന്നിയിരുന്നില്ല. സുകുമാരനോടൊപ്പം ജ്യേഷ്ഠന്റെ മുറിയിലേക്ക് യാദൃച്ഛികമായി കടന്നുചെന്ന ഞാൻ, ദൈവവിശ്വാസി അല്ലാതിരുന്നിട്ടും 'ദൈവമേ!' എന്ന് ഉള്ളുരുകി നിലവിളിച്ചുപോയി. സാർത്ര്, കാഫ്ക, കമ്യൂഷെനെ, ബക്കറ്റ്, സോറൻ കീർക്കെഗോർ തുടങ്ങിയ എക്‌സിസ്റ്റൻഷ്യലിസ്റ്റ് ആചാര്യന്മാരെല്ലാം, നഗരത്തിലെ ഒരു ബുക്സ്റ്റാളിലെന്നപോലെ, ചുമരിലെ ചില്ലലമാരയിൽ കുളിച്ചു കുറിയിട്ട് നിരന്നുനില്ക്കുന്നു! പുത്തന്മണം മാറാത്ത ആ പുസ്തകങ്ങളെ തൊട്ടും തലോടിയുമുള്ള എന്റെ നില്പുകണ്ട് സുകുമാരന് കാര്യം പിടികിട്ടിയിരിക്കണം. ഏട്ടന്റെ സമ്മതമില്ലാതെ, ഞാൻ തിരഞ്ഞെടുത്ത മൂന്നു പുസ്തകങ്ങൾ, വീട്ടിലേക്കു കൊണ്ടുപോകാനുള്ള അനുവാദം അവനിൽനിന്ന് എങ്ങനെയോ ഞാൻ നേടിയെടുത്തു. 'Roads to Freedom' എന്ന സാർത്രിന്റെ നോവൽത്രയം ആയിരുന്നു അത്. ഒരു മാസംകൊണ്ട് കടിച്ചുപിടിച്ച് ഞാനാ മൂന്നു പുസ്തകങ്ങളും വായിച്ചുതീർത്തു; ഒന്നര വർഷത്തിനുള്ളിൽ ഒ.എം. ശങ്കരന്റെ ഷെൽഫിലെ മുഴുവൻ പുസ്തകങ്ങളും.

ഒരു വായനക്കാരൻ എന്ന നിലയിൽ കഷ്ടിച്ച് നിവർന്നുനില്ക്കാം എന്ന ആത്മവിശ്വാസം തോന്നിത്തുടങ്ങിയിരുന്നു. ക്ഷോഭിക്കുന്നവരുടെ സുവിശേഷവും തിരസ്‌കാരവും ഈ ആത്മവിശ്വാസത്തിനു മുന്നിൽ, വലിയ അദ്ഭുതങ്ങളായി തോന്നിച്ചില്ല. മലയാളത്തിലെ ആധുനികതാനിരൂപണം ദേശീയവും വൈദേശികവുമായ സർഗാത്മകരചനകളെ ശരിയായ രീതിയിലല്ല അടയാളപ്പെടുത്തുന്നത് എന്ന് അക്കാലത്തുതന്നെ ഞാൻ സംശയിച്ചിരുന്നു. എക്‌സിസ്റ്റൻഷ്യലിസ്റ്റ് സാഹിത്യത്തിനപ്പുറത്ത് മഹത്തായ ക്ലാസിക്കുകൾ വേറെയുണ്ട് എന്ന തിരിച്ചറിവുണ്ടായതും അക്കാലത്താണ്. കുറ്റവും ശിക്ഷയും മലയാളപരിഭാഷയിൽ വായിച്ച പഴയ ഓർമ ഒഴിച്ചാൽ ദസ്തയെവ്‌സ്‌കി എനിക്കപ്പോഴും അന്യനായിരുന്നു. തുടർന്ന് രണ്ടു വർഷക്കാലത്തോളം ഞാൻ ദസ്തയെവ്‌സ്‌കിക്കൊപ്പമായിരുന്നു. ഇംഗ്ലീഷ് പരിഭാഷയിൽ ലഭ്യമായ എല്ലാ ദസ്തയെവ്‌സ്‌കി കൃതികളും അക്കാലത്ത് ഞാൻ സ്വന്തമാക്കി. പുസ്തകം വിലകൊടുത്തു വാങ്ങുന്നതിന്റെ ആനന്ദവും ആത്മഹർഷവും അനുഭവിച്ചുതുടങ്ങിയതും അക്കാലത്താണ്. ആദ്യമായി കടൽ കണ്ടപ്പോഴുണ്ടായ അദ്ഭുതമാണ് ദസ്തയെവ്‌സ്‌കി സമ്മാനിച്ചത്. ഇതേവരെ കണ്ട ജലാശയങ്ങളൊന്നും ഒന്നുമല്ലെന്നും കരയുടെ മുന്നിൽ രണ്ടിരട്ടി വലിപ്പത്തിൽ പരന്നുകിടക്കുന്ന അനന്തമായ ജലരാശിക്കു മുന്നിൽ നില്ക്കുമ്പോൾ നാം എത്ര നിസ്സാരന്മാരാണെന്നും പഠിപ്പിക്കുന്ന കടലിന്റെ വേദാന്തംതന്നെയായിരുന്നു ദസ്തയെവ്‌സ്‌കി ഒരെഴുത്തുകാരനല്ല. എഴുത്തിന്റെ ഒരു വൻകരയാണ്. കഴിഞ്ഞ മുപ്പതിലേറെ കൊല്ലമായി മനുഷ്യനെന്ന നിലയിലും വായനക്കാരൻ എന്ന നിലയിലും എന്റെ നിലനില്പിന്റെ ആത്മബലം ദസ്തയെവ്‌സ്‌കിയിൽനിന്ന് ആരംഭിച്ച സർഗാന്വേഷണങ്ങളിൽനിന്ന് ഉണ്ടായതാണ്. ടോൾസ്റ്റോയിയും ചെക്കോവും ടർജനീവും തോമസ് മന്നും കാഫ്കയും കവബാത്തയും മിഷിമയും കസാൻദ് സാക്കീസും ജെ.എം. കുറ്റ്‌സിയും മാർക്കേസും യോസയും കോർത്തസാറും മാനുവൽ പൂയിഗും പെരക്കും ബാസ്‌തോസും മുതൽ ഓർഹൻ പാമുക്കും റോബർട്ടോ ബോളാനോയും വരെ നൂറുകണക്കിന് എഴുത്തുകാർ പലകാലങ്ങളിലായി എന്റെ അസ്തിത്വത്തെ സജീവവും സാർഥകവുമാക്കിയിട്ടുണ്ട്. ഇതിനിടയിൽ നാടകകൃത്ത്, സാഹിത്യനിരൂപകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലുള്ള എന്റെ ഇടപെടലുകൾ എന്നിലെ വായനക്കാരനെ ഒരുതരത്തിലും വളർത്തുകയോ തളർത്തുകയോ ചെയ്തിട്ടില്ല. അവനവനുവേണ്ടി ഏറ്റവും സത്യസന്ധമായി ചെയ്യുന്ന പ്രവൃത്തി എന്ന നിലയിൽ, വായനയ്ക്കു മുകളിൽ എഴുത്തിനെ പ്രതിഷ്ഠിക്കുവാൻ എനിക്കാവില്ല. സ്‌നേഹവും പ്രണയവും വിരഹവും കാരുണ്യവും ആസക്തിയും വിരക്തിയും ഉൾപ്പെടെ മനുഷ്യജീവിതവ്യവഹാരങ്ങളുടെ സൂക്ഷ്മഭാവങ്ങളത്രയും ഞാൻ അറിഞ്ഞതും അനുഭവിച്ചതും പുസ്തകങ്ങളിൽ നിന്നാണ്. പലപ്പോഴും എന്റെ വ്യക്തിപരമായ അനുഭവമെന്ന നിലയിലെങ്കിലും പുസ്തകങ്ങൾ എനിക്കു ജീവിതത്തേക്കാൾ വലിയ സർവകലാശാലയാണ്. എഴുത്തിന്റെ കാര്യത്തിൽ അത്തരമൊരു ആത്മസൗഭാഗ്യം അനുഭവിക്കാനുള്ള അവസരങ്ങൾ എന്നെ സംബന്ധിച്ച് വളരെ കുറവായിരുന്നു. റോബർട്ടോ ബൊളാനോയുടെ 2666 എന്ന നോവലിലെ ഒരു കഥാപാത്രം പറയുന്നുണ്ട്: 'വായന ആനന്ദമാണ്; സജീവമായി നിലനില്ക്കുന്നു എന്ന സന്തോഷം. അഥവാ നിലനില്ക്കുന്നു എന്ന ദുഃഖം എല്ലാറ്റിലുമുപരി വായന അറിവും ചോദ്യങ്ങളുമാണ്. അതേസമയം, എഴുത്ത് മിക്കപ്പോഴും പൊള്ളയാണ്. ദാ, അവിടെ കുത്തിയിരുന്ന് എഴുതിക്കൊണ്ടിരുന്ന മനുഷ്യന്റെ വയറ്റിൽ ഒന്നുമില്ല'.

അവിശ്വാസിയാണെങ്കിലും ചടങ്ങുകളിലും കർമങ്ങളിലുമൊന്നും താത്പര്യമില്ലെങ്കിലും ഈ ഭൂമിയിലെ വാസം അവസാനിപ്പിച്ച് തിരിച്ചുപോകുമ്പോൾ എന്റെ ചിതയ്‌ക്കൊപ്പം ദസ്തയെവ്‌സ്‌കിയുടെ കരമസോവ് സഹോദരന്മാരുടെ ഒരു കോപ്പികൂടി ഉണ്ടാവണം എന്ന് എനിക്കാഗ്രഹമുണ്ട്'.

പുസ്തകങ്ങളും മനുഷ്യരാണ്
എൻ. ശശിധരൻ
മാതൃഭൂമി ബുക്‌സ്
വില : 80 രൂപ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP