Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജാതിഹിംസയും ലിംഗപദവിയും

ജാതിഹിംസയും ലിംഗപദവിയും

ഷാജി ജേക്കബ്

വംശം, മതം, ജാതി, വർഗം, വർണം എന്നീ പഞ്ചഭൂതങ്ങളാലും വേട്ടയാടപ്പെടുന്ന ഒരു ജനസമൂഹത്തിന്റെ പേരാണ് ദലിതർ എന്നത്. അടിമകളുടെ ഗോത്രസംയുക്തം. വേട്ടക്കാരുടേതും ഇരകളുടേതുമായി നെടുകെ പിളർന്നുനിൽക്കുന്ന ചരിത്രത്തിൽ നാവുമുറിക്കപ്പെട്ട ജന്തുക്കളായി അവർ സഹസ്രാബ്ദങ്ങളിലേക്കു പെറ്റുപെരുകിപ്പോന്നു. ഇരകളുടെ വംശഗാഥയാണ് ദലിതരുടെ പുണ്യഗ്രന്ഥങ്ങളും പ്രത്യയശാസ്ത്രവും. ഈ ദലിത്‌സമൂഹത്തിൽ ലിംഗമെന്ന ആറാമതൊരു ഭൂതം കൂടി ആവേശിച്ച സ്ത്രീകളുടെ നരകാനുഭവങ്ങളെക്കുറിച്ചുള്ള നിശിതമായ രാഷ്ട്രീയക്കാഴ്ചകളാണ് രേഖാരാജിന്റെ 'ദലിത് സ്ത്രീ ഇടപെടലുകൾ' എന്ന പുസ്തകം.

മേല്പറഞ്ഞ അഞ്ചും ഒന്ന് ആറു മേഖലകളിലും വിവേചനം ക്രിമിനൽ കുറ്റമായിക്കഴിഞ്ഞിട്ടും ദലിത് സ്ത്രീകൾ നേരിട്ടുകൊണ്ടിരിക്കുന്ന കൊടിയ വിവേചനങ്ങളുടെയും ചൂഷണങ്ങളുടെയും പീഡനങ്ങളുടെയും അവഹേളനങ്ങളുടെയും തിരസ്‌കാരങ്ങളുടെയും തമസ്‌കരണങ്ങളുടെയും വേട്ടയാടലുകളുടെയും ഒറ്റുകൊടുക്കപ്പെടലുകളുടെയും ഭിന്നമാനങ്ങളിലേക്കു വിരൽ ചൂണ്ടുകയാണ് രേഖ.

രണ്ടുതരം ഹിംസകളുടെ ഇരകളാണ് ഇന്ത്യയിൽ ഇന്നും ദലിതർ. ഒന്ന്, ചരിത്രത്തിലെങ്ങും സംഭവിച്ചുപോന്നിട്ടുള്ള ഭൗതികവും ശാരീരികവും സാമ്പത്തികവുമൊക്കെയായ പ്രത്യക്ഷ ഹിംസയുടെ ഇരകൾ. രണ്ട്, അത്തരം ഹിംസകൾ നിയമം മൂലം നിരോധിക്കപ്പെട്ട കാലത്തു സംഭവിക്കുന്ന പരോക്ഷഹിംസകളുടെ ഇരകൾ. ലാറി ഗോസ്, പ്രതീകാത്മകമായ ഉന്മൂലനം (Symbolic annihilation) എന്നൊരു പരികല്പന മുന്നോട്ടുവച്ചുകൊണ്ട് മാധ്യമങ്ങളിലെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ  അഭാവത്തെക്കുറിച്ചെഴുതുന്നുണ്ട്. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളിൽ ദലിതരുടെ ആത്മബോധത്തെ പ്രതീകാത്മകമായി ഉന്മൂലനം ചെയ്യുന്ന വലിയൊരു ചിഹ്നശൃംഖലയ്ക്കുള്ളിലാണ് ഇന്നു നാം ജീവിക്കുന്നത്. പ്രത്യക്ഷ ദലിത്ഹിംസകൾ സമൂഹത്തിൽ നിന്നപ്രത്യക്ഷമായിട്ടില്ലെങ്കിലും താരതമ്യേന കുറഞ്ഞുവരികയാണ്. പക്ഷെ പരോക്ഷഹിംസകൾ അനുദിനം കൂടിവരികതന്നെയാണ്. കലയിലും സാഹിത്യത്തിലും മാത്രമല്ല ഓരോ സംസ്‌കാരമണ്ഡലത്തിലും ദലിത്‌സ്വത്വം പ്രതീകാത്മകമായ ഉച്ചാടനത്തിനും ഉന്മൂലനത്തിനും വിധേയമാകുന്നു. പ്രത്യക്ഷവും പരോക്ഷവുമായ ജാതിഹിംസകളുടെയും അതിനൊപ്പം അരങ്ങേറുന്ന കുറെക്കൂടി നൃശംസനീയമായ ലിംഗപദവീപരമായ ദലിത്‌വേട്ടയുടെയും പശ്ചാത്തലത്തിൽ രേഖ മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടുകൾ ആധുനികമായ മുഴുവൻ ഇന്ത്യൻ/കേരളീയ സവർണ, ദേശീയ, പുരുഷ ബൃഹദാഖ്യാനങ്ങളുടെയും രാഷ്ട്രീയ വിമർശനമായി മാറുന്നു. കുറെക്കൂടി സൂക്ഷ്മമായി പറഞ്ഞാൽ, പൊതുസമൂഹത്തിലും ദലിത്‌സമൂഹത്തിനുള്ളിലും ദലിത് സ്ത്രീ നേരിടുന്ന വേട്ടകളുടെ കടും ചോരക്കറകൾ വീണ കാലത്തിന്റെ കയ്യൊപ്പുകളാണ് രേഖാരാജിന്റെ പുസ്തകം. മലയാളത്തിൽ ദലിത് സ്ത്രീകളെ കേന്ദ്രീകരിച്ചെഴുതപ്പെട്ട ആദ്യ സാമൂഹ്യഗവേഷണ പഠനങ്ങളിലൊന്നായി ഇതു മാറുകയും ചെയ്യുന്നു. 'സമകാല കേരളീയ ദലിത് വ്യവഹാരങ്ങളിലെ ദലിത്പ്രതിനിധാനം മുൻനിർത്തി, ദലിത്‌സ്വത്വത്തിന്റെയും ലിംഗപദവിയുടെയും രാഷ്ട്രീയം' എന്ന വിഷയത്തിൽ (Politics of Gender and Dalit Identity: Representation of Dalit Women in Contemporary Dalit Discourses in Kerala) ഡോക്ടറൽ ഗവേഷണം പൂർത്തിയാക്കിയ രേഖ ഈ സംവാദമണ്ഡലത്തിൽ ഇന്നു കേരളത്തിലുള്ള ഏറ്റവും ഊർജ്ജസ്വലയായ സാമൂഹികവിമർശകയും പഠിതാവുമാണ്. കഴിഞ്ഞ ഒരുപതിറ്റാണ്ടുകാലം മേല്പറഞ്ഞ വിഷയത്തിൽ രേഖ എഴുതിയ ആനുകാലിക പ്രതികരണങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ആകെ പതിനാലു രചനകൾ. കല്ലറസുകുമാരന്റെ ജീവചരിത്രത്തെക്കുറിച്ചും സി. അയ്യപ്പന്റെ കഥകളെക്കുറിച്ചുമുള്ള പഠനങ്ങളൊഴികെ മുഴുവൻ രചനകളും ദലിത് സ്ത്രീയുടെ വൈയക്തികവും സാമൂഹികവുമായ കർതൃസ്വരൂപങ്ങളുടെ നാനാവിധത്തിലുള്ള പ്രശ്‌നവൽക്കരണങ്ങളാണ്. ഭരണകൂട ഉന്മൂലനം മുതൽ പ്രത്യയശാസ്ത്രഹിംസവരെയുള്ളവയുടെ ദലിത് അപനിർമ്മാണം.

മൂന്നു പൊതുസമീപനങ്ങളിന്മേലാണ് ദലിത് സ്ത്രീ ഇടപെടലുകളുടെ ഈ സമകാലകേരളീയ ചരിത്രപാഠങ്ങൾ രേഖ രൂപപ്പെടുത്തുന്നത്. ഒന്ന്, അംബേദ്കർ അടിത്തറയിട്ട ഇന്ത്യൻ ദലിത് നവോത്ഥാനത്തിന്റെയും ബ്രാഹ്മണ്യനിഷേധത്തിന്റെയും ഭൂമികയിൽ ദലിത് സ്ത്രീ നടത്തുന്ന ഉയിർത്തെഴുന്നേല്പുകളുടെ ചരിത്രാത്മക ധാരണകൾ. രണ്ട്, മുൻപ് നവോത്ഥാനാധുനികതയുടെയും ഇപ്പോൾ ഇടതുപക്ഷപ്രസ്ഥാനത്തിന്റെയും ദലിത് വിരുദ്ധതകളെ മറികടക്കാൻ ദലിത് സ്ത്രീ നടത്തുന്ന കുതറലുകളുടെ അപഗ്രഥനം. മൂന്ന്, നിരവധിയായ സാംസ്‌കാരിക പൊതുവ്യവഹാരങ്ങളിലും ദലിത് വ്യവഹാരങ്ങളിലും ദലിത് സ്ത്രീക്കു കൈവരുന്ന പ്രതിനിധാനങ്ങളുടെ രാഷ്ട്രീയ വിശകലനങ്ങൾ.

ഈ മൂന്നു സമീപനങ്ങളും കൂട്ടിയിണക്കുന്നവയോ ഒന്നൊന്നായി നിലനിർത്തുന്നവയോ ആണ് രേഖയുടെ ഓരോ രചനയും. ദലിത് സാമൂഹ്യപ്രസ്ഥാനങ്ങളിലും സ്ത്രീവാദപ്രസ്ഥാനങ്ങളിലും കേരളത്തിൽ നിലനിൽക്കുന്ന ഭിന്നചേരികൾക്കിടയിൽ കണിശതയുള്ള ജാതി-ലിംഗ നിലപാടുകൾ യുക്തിപൂർവം കൂട്ടിയിണക്കി മുന്നോട്ടുപോകുന്നുണ്ട് രേഖ. അതിന്റെ കൂടി തെളിവുകളാണ് ഈ പുസ്തകത്തിലെ രചനകൾ.

ജാതി, മതം, വർഗം, വർണം, ലിംഗം, നവോത്ഥാനം, ദേശീയത കുടുംബം, വിപണി, ഭൂമി, തൊഴിലിടം, പൊതുവിടം, കാമ്പസ്, മാധ്യമം, സമരം, പ്രത്യയശാസ്ത്രം, ഭരണകൂടം, രാഷ്ട്രീയപാർട്ടി, സിനിമ, സാഹിത്യം, സ്ത്രീവാദം, സദാചാരം, ലൈംഗികപീഡനം, ആത്മഹത്യ, അതിജീവനം, പലായനം, സാമൂഹ്യമാധ്യമം... എന്നിങ്ങനെ എത്രയെങ്കിലും സംവർഗങ്ങളെ സാമൂഹികവും സാംസ്‌കാരികവുമായ രാഷ്ട്രീയപ്രയോഗമണ്ഡലങ്ങളായി തിരിച്ചറിഞ്ഞ് അവിടങ്ങളിൽ ദലിത് സ്ത്രീ അനുഭവിച്ചുപോരുന്ന കൊടിയ വിവേചനങ്ങളുടെയും നെടിയ ചൂഷണങ്ങളുടെയും ലിംഗഭൂപടം നിവർത്തുകയാണ് രേഖ.

ജാത്യധികാരത്തിന്റെയും ലിംഗാധികാരത്തിന്റെയും ഇരട്ട നുകം മാത്രമല്ല ദലിത് സ്ത്രീയുടെ കഴുത്തും നട്ടെല്ലും തകർക്കുന്നത്. നേരത്തെ സൂചിപ്പിച്ച സകല ഭൂതങ്ങളുടെയും നാനാതരത്തിൽപെട്ട കയ്യേറ്റങ്ങൾ കൂടിയാണ്. സമ്പത്ത്, അധികാരം, സ്വാശ്രയത്വം, സമത്വം, ജനാധിപത്യം, സ്വാതന്ത്ര്യം തുടങ്ങിയ രാഷ്ട്രീയമൂലധനങ്ങൾ മാത്രമല്ല, അറിവു മുതൽ ഭാഷവരെയും കല മുതൽ സാമൂഹികപദവികൾ വരെയുമുള്ള സാംസ്‌കാരിക മൂലധനങ്ങളും നിഷേധിക്കപ്പെടുന്ന ദലിത് സ്ത്രീയുടെ കർതൃപ്രതിസന്ധികളും സ്വത്വസംഘർഷങ്ങളും ഈ ജാതി-ലിംഗ ഭൂപടത്തിന്റെ ഊടും പാവും നെയ്യുന്നു.

ആദ്യലേഖനം, ഈ വിഷയത്തിന്റെ പൊതുപശ്ചാത്തലം വിവരിക്കുന്നു. നവോത്ഥാനാധുനികതയിൽ രൂപംകൊണ്ട സാമൂഹ്യ, ജാതിപരിഷ്‌ക്കരണ പ്രസ്ഥാനങ്ങളിലെ ദലിത് സ്ത്രീ ദൃശ്യതപോലും പിൽക്കാല കേരളീയ പൊതുമണ്ഡലത്തിൽ സാധ്യമായില്ല എന്ന വിമർശനമുന്നയിച്ചുകൊണ്ടാണ് ഈ ലേഖനം രേഖ അവതരിപ്പിക്കുന്നത്.

'നാല്പതുകളിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ് വലിയ ഒരളവുവരെ നവോത്ഥാനം നേടിയെടുത്ത ദലിത്‌സ്ത്രീകളുടെ ദൃശ്യതയെ ദുർബ്ബലപ്പെടുത്തിയത്. രാഷ്ട്രീയ ഏജന്റ് എന്ന നിലയിൽനിന്ന് അവർ കൂട്ടങ്ങളായി പരിണമിച്ച കാലമായിരുന്നു അത്. ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ വിവിധങ്ങളായുള്ള പ്രത്യക്ഷങ്ങളായ പ്രകടനങ്ങളിൽ - ജാഥകൾ, സമരങ്ങൾ, ദലിത്‌സ്ത്രീകൾ നിരന്തരമായ സാന്നിധ്യമാണ്. എന്നാൽ ഈ കേവല കാഴ്ചപ്പെടലുകൾക്ക് അപ്പുറം നിർണ്ണായകമായ അധികാരസ്ഥലങ്ങളിലോ അധികാരം പങ്കിടുന്ന വ്യത്യസ്ത ഫോറങ്ങളിലോ ഇവരുടെ പങ്കാളിത്തം ഉണ്ടായില്ല. ഇതര സമുദായങ്ങളിലെ സ്ത്രീകളെ അപേക്ഷിച്ച് വിലപേശാൻ ശേഷിയില്ലാത്ത ആൾക്കൂട്ടം മാത്രമായി അവർ മാറി. ഇപ്രകാരം ഒരേസമയം ദൃശ്യപ്പെടുകയും അസന്നിഹിതരായിരിക്കുകയും ചെയ്യുന്ന പ്രത്യേക രാഷ്ട്രീയ സംത്രാസം ഇടതുപക്ഷ പ്രസ്ഥാനത്തിലെ ദലിത്‌സ്ത്രീകൾ അടയാളപ്പെടുത്തുന്നു. തീവ്ര ഇടതുപക്ഷ പ്രസ്ഥാനത്തിലും അതിന്റെ വ്യത്യസ്ത ധാരകളിലും സ്ഥിതി ഏറെയൊന്നും വ്യത്യസ്തമായിരുന്നില്ല'.

1990കൾ തൊട്ടാണ് കുറെയെങ്കിലും ദൃശ്യതയും സാന്നിധ്യവും ദലിത് സ്ത്രീക്ക് കേരളീയ സമൂഹത്തിൽ കൈവരുന്നത്. എങ്കിലും ജാതി, സ്ത്രീവാദപ്രസ്ഥാനങ്ങളിൽ നിർണായക സ്വാധീനമാകാൻ ദലിത് സ്ത്രീകൾക്കായിട്ടില്ല. എന്തുകൊണ്ട്?

 

'ദലിത് പ്രസ്ഥാനങ്ങൾ ഇക്കാലയളവിൽ ദലിത്‌സ്ത്രീ പ്രശ്‌നങ്ങളെക്കുറിച്ച് സവിശേഷമായോ സ്ത്രീ പ്രശ്‌നങ്ങളെക്കുറിച്ച് സാമാന്യമായോ അവബോധം പുലർത്തിയിരുന്നില്ലെന്നു കാണാം. മറ്റ് ആധുനിക പ്രസ്ഥാനങ്ങളെപ്പോലെ ഈ പ്രസ്ഥാനങ്ങളും അതിന്റെ ആൾക്കൂട്ട സ്വപ്നങ്ങളിൽനിന്നും മോചിതമായിരുന്നില്ല. അതുകൊണ്ടുതന്നെ ലിംഗപദവി, വ്യക്തിരാഷ്ട്രീയം തുടങ്ങിയ കാര്യങ്ങൾ അജണ്ടയിൽ ഉണ്ടായിരുന്നില്ല. അതേകാലത്ത് രൂപംകൊണ്ട ദലിത്‌സ്ത്രീ സംഘടനകൾ ആകട്ടെ ഇതര ദലിത്‌സ്ത്രീ പ്രസ്ഥാനങ്ങളോട് അത്ര സജീവബന്ധമല്ല പുലർത്തിയിരുന്നത്. ഇത് ദലിത് പ്രസ്ഥാനത്തിനകത്ത് സാധ്യമാകുമായിരുന്ന ലിംഗ രാഷ്ട്രീയത്തെക്കുറിച്ചുള്ള സംവാദങ്ങൾ ഇല്ലാതാക്കി. നേതൃസ്ഥാനത്തേക്കുവന്ന സ്ത്രീകളിൽ പലരും ദലിത്‌സ്ത്രീ സവിശേഷപ്രശ്‌നങ്ങൾ ഉന്നയിച്ചതായും കാണുന്നില്ല'.

'ദലിത്‌സ്ത്രീ സംവാദങ്ങൾ ദലിത് രാഷ്ട്രീയ സംവാദങ്ങളെയും ദലിത് സംവാദങ്ങൾ ദലിത്‌സ്ത്രീ പ്രശ്‌നങ്ങളെയും അഭിമുഖീകരിച്ചില്ല. ഇത്തരത്തിൽ ദലിത്‌സ്ത്രീ ആക്റ്റിവിസ്റ്റുകളും നേതാക്കന്മാരും അവരുടെ സ്ത്രീസ്വത്വത്തെ അവഗണിക്കുകയും ദലിത് സ്വത്വത്തെ ഉയർത്തിപ്പിടിക്കുകയും ദലിത്‌സ്ത്രീവാദികൾ ദലിത് രാഷ്ട്രീയത്തിന്റെ പ്രത്യക്ഷ ഭാഗമാകാതിരിക്കുകയും ചെയ്തു. ഈ വൈരുദ്ധ്യാനുഭവം ദലിത് സ്വത്വത്തിന്റെ അവിഭാജ്യമായ ഘടകമാണ്'.

മുത്തങ്ങ സമരം തൊട്ടുള്ള കാലത്താണ് കേരളത്തിൽ ദലിത് സ്ത്രീ ഇടപെടലുകളുടെ കരുത്തുറ്റ ഘട്ടം തുടങ്ങുന്നത്. സി.കെ. ജാനു മുതൽ സെലീന പ്രക്കാനം വരെയുള്ളവർ നേതൃത്വം നൽകിയ ഭൂസമരങ്ങൾ തൊട്ട് സാമൂഹ്യമാധ്യമങ്ങളിലെ ദലിത് സ്ത്രീ ഇടപെടലുകൾ വരെയുള്ളവ രേഖ സൂചിപ്പിക്കുന്നു.

വിദ്യാർത്ഥികളായിരുന്ന രജനി എസ്. ആനന്ദിന്റെയും ഗീതുവിന്റെയും ആത്മഹത്യകൾ, മിശ്രവിവാഹിതരുടെ കുട്ടികൾക്ക് പിതാവിന്റെ ജാതിയേ പരിഗണിക്കൂ എന്ന സർക്കാർ ഉത്തരവ്, കണ്ണൂരിലെ ചിത്രലേഖക്കെതിരെ കമ്യൂണിസ്റ്റ് പാർട്ടി നടത്തിവന്ന ആക്രമണം എന്നീ മൂന്നു വിഷയങ്ങൾ മുൻനിർത്തി ജാതി, ലിംഗം, ദലിത് സ്ത്രീവാദം എന്നിവയെ കൂട്ടിയിണക്കി വിശകലനം ചെയ്യുന്നു, രണ്ടാം ലേഖനം. മധ്യവർഗതാൽപര്യങ്ങൾ മാത്രം മാനിച്ചുകൊണ്ട് അടിസ്ഥാനവർഗങ്ങളെയും അവരുടെ ജീവൽപ്രശ്‌നങ്ങളെയും പുറന്തള്ളുന്ന മുഖ്യധാരാ കമ്യൂണിസ്റ്റ്, ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെയും ഇടത്-വലത് ഭരണകൂടങ്ങളുടെയും രാഷ്ട്രീയകാപട്യങ്ങളെയാണ് രേഖ കടന്നാക്രമിക്കുന്നത്. ദലിത് സ്ത്രീക്കുമേൽ കരിനിഴൽ വീശിനിൽക്കുന്ന സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങൾ, രജനിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിലും മിശ്രവിവാഹിതരുടെ മക്കൾക്കനുവദിക്കുന്ന സംവരണത്തിന്റെ രാഷ്ട്രീയത്തിലും മധ്യവർഗ സ്ത്രീവാദ സംഘടനകളുടെ പരിമിതികളിലും ഊന്നി വെവ്വേറെ ചർച്ചചെയ്യുന്ന മൂന്നു ലേഖനങ്ങൾ ഇതിനെ തുടർന്നുവരുന്നു.

ദേശീയതയുടെയും ജാതിഹിന്ദുത്വത്തിന്റെയും സംയുക്താധിനിവേശം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നു തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സൈനികരുടെ ലൈംഗികാക്രമണം, മുസ്ലിം ന്യൂനപക്ഷവേട്ട, ദലിത്-ആദിവാസി ചൂഷണം എന്നിങ്ങനെ ആണധികാരത്തിന്റെ സവർണ-ഭരണകൂട പ്രയോഗങ്ങളുടെ സമീപകാല ഇന്ത്യൻസന്ദർഭങ്ങളെ വിചാരണ ചെയ്യുകയാണ് മറ്റൊരു ലേഖനം. ബാബ്‌റിമസ്ജിദിന്റെ തകർക്കലിനുശേഷം മുസ്ലിങ്ങളും മണ്ഡൽകമ്മീഷന്റ റിപ്പോർട്ടിനുശേഷം ദലിതരും വർധിച്ചതോതിൽ ജാതിഹിന്ദുക്കളുടെ വേട്ടയാടലിനു വിധേയമായ സാഹചര്യങ്ങൾ രേഖ ചൂണ്ടിക്കാണിക്കുന്നു.

മലയാളിയുടെ പൊതുബോധം എത്രമേൽ കപടസദാചാരത്തിന്റെയും യാഥാസ്ഥിതിക മത-ജാതി മൂല്യങ്ങളുടെയും കുടുംബ -പുരുഷാധിപത്യവ്യവസ്ഥകളുടെയും പിടിയിലാണെന്നു വിശകലനം ചെയ്യുന്ന ശ്രദ്ധേയമായ രചനയാണ് 'തെറ്റുകൾ: കണ്ടുപിടിച്ചവ, കണ്ടുപിടിക്കാത്തവ'. ഈ പൊതുബോധത്തിന്റെ ഏറ്റവും വലിയ ഇര സ്ത്രീയാണ്, വിശേഷിച്ചും ദലിത് സ്ത്രീ. ഇവർ നേരിടേണ്ടിവരുന്ന സദാചാരപ്പൊലീസിംഗിന്റെ സാമൂഹ്യദുരന്തം, രാഷ്ട്രീയ സമരവേദികളിലും വീട്ടകങ്ങളിലും ദലിത് കോളനികളിലും തെരുവുകളിലും അരങ്ങേറുന്നതിന്റെ നിരവധിയായ ഉദാഹരണങ്ങൾ രേഖ മുന്നോട്ടുവയ്ക്കുന്നു. ഒപ്പം, ഇത്തരം ആക്രമണങ്ങൾക്ക് ബഹുജനമാധ്യമങ്ങളിലും പൊതുസമൂഹത്തിലും കിട്ടുന്ന ശ്രദ്ധയിലെ ജാതി-വർഗ-രാഷ്ട്രീയ വൈരുധ്യങ്ങളുടെ വിശകലനവും.

ഇനിയുള്ള രണ്ടുലേഖനങ്ങൾ സിനിമയെക്കുറിച്ചാണ്. ദലിത് സ്ത്രീയുടെ സാംസ്‌കാരിക പ്രതിനിധാനങ്ങളുടെ രണ്ടുതലങ്ങൾ അപഗ്രഥിക്കുന്നവ. ഒന്ന്, മലയാളസിനിമയിലെ കുടുംബസങ്കല്പവും ജാതി, ലിംഗവ്യവസ്ഥയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണെങ്കിൽ രണ്ടാമത്തേത് സിനിമാക്കാഴ്ചയുടെ ആത്മകഥാപരമായ അനുഭവങ്ങളുടെ വിവരണമാണ്. സിനിമകളിലെ കുടുംബങ്ങൾ സ്ത്രീവിരുദ്ധവും കീഴാളവിരുദ്ധവുമായി നിർമ്മിക്കുന്ന സാംസ്‌കാരിക ബിംബങ്ങളുടെ ചർച്ച മുൻപും മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും ദലിത് സ്ത്രീയെ കേന്ദ്രീകരിച്ചുള്ള വിശകലനങ്ങൾ അപൂർവമാണ്. കുലീനയും കുലടയുമായി വിഭജിക്കപ്പെടുന്ന മലയാളി സ്ത്രീയുടെ സ്വത്വനിർമ്മിതിയിൽ ദലിത് സ്ത്രീ ഒരിക്കലും കുലീനതയുടെ ഭാഗമാകുന്നില്ല. എന്നുമാത്രമല്ല, അവളുടെ ശരീരവും വർണവും സ്വരൂപവും സ്വത്വവും വർഗവും ജാതിയും കുലടാബോധത്തിന്റെ പര്യായങ്ങളായി മാറുകയും ചെയ്യുന്നു.

സിനിമയിലെ ജാതിഹിംസയെക്കുറിച്ച് ഒരു ദലിത് സ്ത്രീ പ്രേക്ഷകക്കുണ്ടാകുന്ന തിരിച്ചറിവുകളുടെ അസാധാരണമായ ആവിഷ്‌ക്കാരമാണ് രണ്ടാം ലേഖനം.

'ഒരിക്കൽ ടി.വി.യിൽ, 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം' എന്ന സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് സിനിമയിലെ ജാതിഹിംസയെക്കുറിച്ച് വെളിപാടുണ്ടായത്. അതിലെ ഒരു പാട്ടുസീനിൽ ദലിതർക്ക് തലയിൽ എണ്ണയൊഴിച്ച് ഭക്ഷണം കൊടുക്കുന്ന ഒരു ദൃശ്യം എന്നെ തകർത്തുകളഞ്ഞു. ജാതിയും ജാതിയുടെ പ്രത്യക്ഷരൂപങ്ങളും ഏറെക്കുറെ ഇല്ലാതായിക്കഴിഞ്ഞിട്ടും സിനിമയിൽ എന്തിനാണ് ഇത്തരം ദൃശ്യങ്ങൾ വരുന്നതെന്ന് ആദ്യമായി ആലോചിച്ചുതുടങ്ങി. ഇക്കാലത്ത് കണ്ട 'ആരണ്യകം', 'മീനമാസത്തിലെ സൂര്യൻ' തുടങ്ങിയ സിനിമകളും ജാതിയെക്കുറിച്ചുള്ള പലതരം ചോദ്യങ്ങളെ ഉള്ളിൽ ഉയർത്തി. മലയാള സിനിമയിലെ കീഴാളലോകങ്ങളുടെ ആവിഷ്‌കാരങ്ങൾ 'വാർപ്പുമാതൃക'കളിൽ അഭിരമിക്കുന്നുവെന്ന അലോസരപ്പെടുത്തുന്ന തിരിച്ചറിവ് ഈ കാലത്താണ് ഉണ്ടായത്. മനസ്സമാധാനത്തോടെ സിനിമ കാണാൻ കഴിയുന്ന സന്ദർഭങ്ങൾ ഏറെക്കുറെ ഇല്ലാതായി. സിനിമയും കാഴ്ചക്കാരും തന്മയീഭവിക്കുന്ന സിനിമാ തിയറികളെ അപ്രസക്തമാക്കിക്കൊണ്ട് ഓരോ സിനിമയും ജാതിയുടെയും ലിംഗപദവിയുടെയും പ്രതീകാത്മക ഹിംസകൾ നിരന്തരം ഉത്പാദിപ്പിക്കുന്ന കലാരൂപം എന്ന നിലയ്ക്ക് സിനിമാസ്വാദനത്തിന്റെ ശുദ്ധ നിഷ്‌കളങ്ക സാധ്യതകൾ എന്റെ മുമ്പിൽ തകർന്നുവീണു. എപ്പോഴാണ് ഒരടി മുഖത്തുവീഴുക എന്ന നിലയിൽ ഉദ്വേഗഭരിതമായി ഓരോ സിനിമാക്കാഴ്ചയും. ഇന്ത്യൻ സിനിമയിലെ ദലിത്‌സ്ത്രീ അദൃശ്യത ഇത്തരത്തിൽ എടുത്തുപറയേണ്ട ഒന്നാണ്. ദൃശ്യമാകുന്നിടത്താകട്ടെ അവർ വാർപ്പുമാതൃകകളിൽ കുടുങ്ങിക്കിടക്കുന്നുമുണ്ടാകും. ആധുനിക ഉത്പന്നമായ സിനിമകളിൽ ദലിത്‌സ്ത്രീ പ്രതിനിധാനങ്ങൾ മിക്കവാറും അതിനു മുമ്പുള്ള കാലത്തെ ആയിരിക്കും. ഒന്നുകിൽ ഇര അല്ലെങ്കിൽ അസാധാരണത്വമുള്ള സ്ത്രീ എന്ന നിലയിലാവും അവൾ ചിത്രീകരിക്കപ്പെടുക.'

തുടർന്ന് ഇന്ത്യൻ സിനിമയിലെ അനുലോമപരവും പ്രതിലോമപരവുമായ ദലിത് സ്ത്രീ പ്രതിനിധാനങ്ങളെക്കുറിച്ചുള്ള ചർച്ചയായി ഈ ലേഖനം വികസിക്കുന്നു. ഫീച്ചർഫിലിമുകളെക്കുറിച്ചെന്നപോലെ ഡോക്യുമെന്ററികളെക്കുറിച്ചും രേഖ ചർച്ചചെയ്യുന്നുണ്ട്. പാപ്പിലിയോ ബുദ്ധക്കെതിരെ നിശിതമായ ആക്രമണം തന്നെ രേഖ അഴിച്ചുവിടുന്നു.

സി.കെ. ജാനു ബിജെപി.യോടടുത്തതും എൻ.ഡി.എ. മുന്നണിയുടെ ഭാഗമായതും ചർച്ചക്കെടുക്കുന്ന ലേഖനം കേരളത്തിൽ ഇക്കാലമത്രയും ഇടതുവലതു സർക്കാരുകൾ ആദിവാസികളെ സമർഥമായി കബളിപ്പിച്ചുപോന്ന ചരിത്രകാലത്തിന്റെ കാവ്യനീതി മാത്രമാണെന്നു വിലയിരുത്തുന്നു. ജാനു ഹിന്ദുത്വവാദികൾക്കൊപ്പം ചേർന്നുവെങ്കിൽ അതിനുത്തരവാദികൾ കേരളത്തിലെ ഇടതു, വലതു രാഷ്ട്രീയപാർട്ടികളും അവർ നയിച്ച സർക്കാരുകളുമാണെന്ന രേഖയുടെ കുറ്റാരോപണം അത്രവേഗം മറുപടി കിട്ടുന്ന ഒന്നല്ല എന്നതാണ് വസ്തുത.

കേരളത്തിൽ സി.പി.എം. പുലർത്തിപ്പോരുന്ന കിരാതമായ ദലിത് വിരുദ്ധതയുടെ തനിനിറം ചൂണ്ടിക്കാണിക്കുന്നു, അവസാനലേഖനം. കണ്ണൂരിൽ, ചിത്രലേഖക്കു നേരിടേണ്ടിവന്ന ദീർഘമായ വേട്ടയാടലിനു പിന്നാലെയാണ് സി.പി.എം. ഓഫീസിൽ കയറിച്ചെന്ന് പ്രാദേശിക നേതൃത്വത്തിന്റെ അധാർമ്മികതയെ വിമർശിച്ച അഖില, അഞ്ജന എന്നീ ദലിത് പെൺകുട്ടികളുടെ നേർക്കുണ്ടായ കടന്നാക്രമണം ചർച്ചയാകുന്നത്. ദലിത്‌വേട്ടക്കുദാഹരണം തേടി മലയാളി ഉത്തരേന്ത്യയിലേക്കു നോക്കേണ്ടതില്ല എന്നു തെളിയിക്കുന്നു, രേഖ.

സി. അയ്യപ്പന്റെ ചെറുകഥകളെക്കുറിച്ചും കല്ലറ സുകുമാരന്റെ ജീവചരിത്ര ഗ്രന്ഥത്തെക്കുറിച്ചുമുള്ള പഠനങ്ങൾ ദലിത് സ്ത്രീപഠനങ്ങൾ എന്നതിലുപരി ദലിത് ജീവിതത്തിന്റെയും സാമൂഹികതയുടെയും ചരിത്ര-സാംസ്‌കാരിക രാഷ്ട്രീയങ്ങൾ അവലോകനം ചെയ്യുന്നു. മലയാളത്തിലെഴുതപ്പെട്ട ഏറ്റവും രാഷ്ട്രീയതീവ്രമായ ചെറുകഥകൾ സി. അയ്യപ്പന്റേതാണ്. കല്ലറയുടെ ജീവിതമാകട്ടെ, കേരളം മറന്ന സാമൂഹ്യപരിഷ്‌ക്കരണശ്രമങ്ങൾ പലതിന്റെയും ജ്വലിക്കുന്ന അധ്യായങ്ങളും.

അതിനിശിതമായ ജാതി-ലിംഗ ബോധ്യങ്ങളും അതിസൂക്ഷ്മമായ സാമൂഹ്യ-രാഷ്ട്രീയ നിലപാടുകളും കൊണ്ട് മൗലികവും ശ്രദ്ധേയവുമാണ് കേരളത്തിലെ ദലിത് സ്ത്രീ ഇടപെടലുകളെക്കുറിച്ചുള്ള രേഖാരാജിന്റെ പഠനങ്ങൾ. 'ഒരു ദലിത് സ്ത്രീയുടെ ഇടപെടലുകൾ' എന്ന നിലയിലും കാണാം ഈ പുസ്തകത്തെ. രണ്ടർഥത്തിലും അടിമകൾക്കു നാവുമുളച്ചുതുടങ്ങിയ കാലത്തിന്റെ ചരിത്രപാഠങ്ങളായി ഇവ മലയാളത്തിന്റെ വർത്തമാനകാലത്തെ കൂടുതൽ എല്ലുറപ്പുതാക്കുന്നു.

പുസ്തകത്തിൽനിന്ന്

'സി.പി.എം. പൊതുവേ പുലർത്തുന്ന ഇതര ശബ്ദങ്ങളോടുള്ള അസഹിഷ്ണത വ്യക്തമാക്കുന്നതായിരുന്നു ഈ സംഭവം. ഈ പാർട്ടിയുടെ ഉന്നതസ്ഥാനത്തു നിൽക്കുന്നവർപോലും വളരെ നിരുത്തരവാദപരമായി പെരുമാറി. പാർട്ടിയും സർക്കാരും രണ്ടല്ലെന്ന മട്ടിലായിരുന്നു ഈ പറഞ്ഞവരുടെ പല നിലപാടുകളും. തങ്ങളുടെ സർക്കാർ അധികാരത്തിൽ വരുമ്പോൾ തങ്ങൾ നിൽക്കുന്നിടമെല്ലാം ഖാപ് പഞ്ചായത്താക്കും എന്ന ആ നിലയുണ്ടല്ലോ അതു ഭയപ്പെടുത്തുന്നതാണ്. ഒരു പാർട്ടിഓഫീസിൽ ചെന്ന് തങ്ങളുടെ പരാതി ഉന്നയിക്കാൻപോലും സാധിക്കാത്ത വിധമാണ് ആ പാർട്ടിയുടെ സ്വഭാവം എന്നതാണ് കണ്ണൂരിൽ ആ പാർട്ടിയെ അതിനുപുറത്തുള്ളവർക്ക് പേടിസ്വപ്നമാക്കുന്നത്. പാർട്ടിഗ്രാമങ്ങളിൽ ജനാധിപത്യത്തിലേക്ക് തുറക്കുന്ന ഒരു വാതിൽപോലുമില്ല എന്നിടത്താണ് കണ്ണൂരിൽ പാർട്ടി കയ്യാളുന്ന അധികാരങ്ങളോടും അവരുടെ മുൻകൈയിൽ നടക്കുന്ന അതിക്രമങ്ങളോടും എതിർനിൽക്കുക എന്നതു വലിയ രാഷ്ട്രീയപ്രവർത്തനമാക്കുന്നത്. അതിനുള്ള ചെറിയ ശ്രമങ്ങൾപോലും വലിയ പ്രതീക്ഷ നൽകുന്നത്. അപ്പോൾ ഒരു പാർട്ടി ചോദ്യം ഉയരും! ബിജെപി.യും കോൺഗ്രസ്സും നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് നിങ്ങൾ എന്തുകൊണ്ടു മിണ്ടുന്നില്ല? കണ്ണൂരിൽ ഹിന്ദുത്വശക്തികളെ വളർത്തിയത് പാർട്ടിയാണ് എന്നതാണ് അതിനുത്തരം. പാർട്ടിപ്രവർത്തകർ എന്ന പേരിൽ ആളുകൾ നടത്തുന്ന അതിക്രമത്തെ തടയാൻ ആ പാർട്ടിയിൽ മാർഗമൊന്നുമില്ല എന്നതും കാര്യങ്ങളെ കൂടുതൽ വഷളാക്കുന്നു. എ.എൻ. ഷംസീർ എന്ന ജനപ്രതിനിധി മൃദുല എന്ന ദലിത് ആക്ടിവിസ്റ്റിനോട് ചാനൽ ചർച്ചയിൽ പെരുമാറിയത് ഈ പാർട്ടിസംവിധാനത്തിന്റെ പ്രതിപക്ഷ ബഹുമാനമില്ലായ്മയുടെ ഉദാഹരണമായി കാണാവുന്നതാണ്.

തങ്ങൾ നിരന്തരം ഇടപെടുന്ന സമൂഹത്തിൽ നടക്കുന്ന ഇതര രാഷ്ട്രീയ പ്രവർത്തനങ്ങളെക്കുറിച്ചുള്ളത് അജ്ഞതയും വിലകുറച്ചുകാണലുമാണ്. അത് അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധത പുലർത്തുന്ന ഒരാൾക്ക് മാത്രമേ ചെയ്യാൻ കഴിയൂ. രണ്ടു പാർട്ടിക്കാർ തമ്മിലുള്ള പ്രശ്‌നമെന്ന് വിശദീകരിക്കാൻ കഴിയുന്ന പ്രശ്‌നമല്ല ആ ദലിത് സ്ത്രീകൾ നേരിട്ടത്. കാരണം അവർ നിരന്തരം കലഹിച്ചുകൊണ്ടിരുന്നത് ഒരു തിയ്യ സമുദായത്തിൽപെട്ട ആളുമായാണ്. കണ്ണൂരിലെ പാർട്ടിയിൽ തിയ്യർ എന്ന പ്രബലജാതിക്കുള്ള സ്ഥാനം കൂടി മനസ്സിലാക്കുമ്പോഴാണ് ഈ പ്രശ്‌നത്തിലെ ജാതിയുടെ മാനം നമുക്ക് മനസ്സിലാകുന്നത്. തൊട്ടടുത്ത പ്രബല ജാതി എന്ന നിലയിൽ തിയ്യരും/ഈഴവരും പുലയരുമായുള്ള ജാതിവഴക്കുകൾ കേരളത്തിന് പൊതുവേ ബാധകമായ കാര്യമാണ്. കണ്ണൂരിൽ കൂടുതൽ സൂക്ഷ്മമായി അതു പ്രവർത്തിക്കുന്നുണ്ട്.

പാർട്ടിപ്രവർത്തകർ തമ്മിലുള്ള അടിയിൽ ജാതീയമായ അപമാനം തുറുപ്പുചീട്ടാകുന്നുണ്ട് എങ്കിൽ അതതു പാർട്ടിപ്രവർത്തകർ ജാതി പ്രയോഗിക്കുന്നു എന്നല്ലേ അതിന്റെ അർത്ഥം? അതും പാർട്ടി ഓഫീസിൽവെച്ച് ഈ അധിക്ഷേപം നടക്കുന്നു എന്നത് കാര്യങ്ങളെ കൂടുതൽ ഗൗരവമുള്ളതാക്കുന്നു. ഈ സംഭവത്തിൽ മാപ്പു പറയുകയാണ് യഥാർത്ഥത്തിൽ പാർട്ടി ചെയ്യേണ്ടത്. എന്നാൽ കോൺഗ്രസ് പ്രവർത്തകയായതുകൊണ്ട് അവർക്ക് ജാതീയമായി അപമാനിക്കപ്പെടാൻ അവകാശമുണ്ട് എന്ന വിശദീകരണമാണ് ലഭിച്ചത്. ഈ നിലപാടും ദലിത് സ്ത്രീവരുദ്ധതയെ പിൻപറ്റുന്നു.

ഹൈദരാബാദിലെ ദലിത് വിദ്യാർത്ഥികൾ സമരം നടത്തിയപ്പോൾ പിന്തുണച്ച സി.പി.എം.ന് (അവിടെ തങ്ങളുടെ ന്യൂനപക്ഷനിലമൂലം വേറെ നിവൃത്തിയില്ലായിരുന്നു എന്നുകൂടിയുണ്ട്). കണ്ണൂരിൽ ചിത്രലേഖയോടോ അഞ്ജനയോടോ തുല്യനിലയിൽ പെരുമാറാൻ കഴിയാത്തത് കേരളത്തെക്കുറിച്ച് അവർ കെട്ടിപ്പൊക്കിയ ഇല്ലാക്കഥയിൽ അവർ ജീവിക്കുന്നതുകൊണ്ടാണ്. അതു പൊളിയുന്നത് അവരുടെ രാഷ്ട്രീയത്തകർച്ചയുടെ തുടക്കമാകും എന്നറിയാവുന്നതുകൊണ്ടാണ്, ആ കഥകൾ ഒക്കെയും രൂപംകൊണ്ടത് ദലിത് വിരുദ്ധതയിലാണ് എന്നതുകൊണ്ടാണ്. സവർണനയമാണ് അവരുടെ സാമൂഹ്യബോധം എന്നതുകൊണ്ടാണ്. ഈ ദുരഭിമാനമാണ് സ്വന്തം നാട്ടിലെ സാമൂഹികബന്ധങ്ങളിലേക്ക് കണ്ണുതുറന്നു നോക്കുന്നതിൽനിന്ന് അവരെ തടയുന്നത്. അല്ലെങ്കിൽ സാമൂഹ്യബന്ധങ്ങളിൽ ഉച്ചനീചത്വങ്ങൾ ഇല്ല എന്ന് അവകാശപ്പെടുന്നത്. ചാനൽ ചർച്ചയിലെ എംഎ‍ൽഎ. ഷംസീറിന്റെ ദലിത് സ്ത്രീയോടു പെരുമാറ്റത്തിലും വിധത്തിലും ഈ ഇടതുപക്ഷ ആൺ ധാർഷ്ട്യം കാണാൻ കഴിഞ്ഞു.

ഇതോടൊപ്പംതന്നെ പറയേണ്ടുന്ന കാര്യമാണ് ഈ സംഭവത്തിനുശേഷം സോഷ്യൽ മീഡിയയിൽ വന്ന ചർച്ചകൾ. കടുത്ത ദലിത് വിരുദ്ധതയും സംവരണവിരുദ്ധതയും സ്ത്രീവിരുദ്ധതയും കൊണ്ടുനിറഞ്ഞ പോസ്റ്റുകൾ കൊണ്ടാണ് പാർട്ടി അനുയായികൾ ഈ സംഭവത്തോട് പ്രതികരിച്ചത്. ജാതി പറഞ്ഞാൽ വിഷമം വരുന്നവർക്ക് സംവരണം വേണ്ടാന്നുവെച്ചുകൂടെ എന്ന ഒരു പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്തുകണ്ടു. കണ്ണൂരിന്റെ ജാതിരഹിത സാമൂഹിക ജീവിതത്തെ ആഘോഷിക്കുന്നതായിരുന്നു ചി പോസ്റ്റുകൾ. കോൺഗ്രസ് ഓഫീസിൽ പോയിരുന്നേൽ ബലാൽസംഗം ചെയ്യപ്പെട്ടേനെ എന്നും കണ്ടു ചില പോസ്റ്റുകൾ. പാർട്ടി അനുയായികൾ എന്ന മേൽജാതി ആൺകൂട്ടത്തിന്റെ പ്രകടനങ്ങൾ ആയിരുന്നു അത്. കൊലവിളി മുതൽ ലൈംഗികസൂചനവരെയുള്ള ട്രോളുകൾ. വർഗരാഷ്ട്രീയ ബോധത്തിൽ ഉള്ളടങ്ങിയിരിക്കുന്ന സാമൂഹികപ്രതിനിധാനത്തോടുള്ള നിരാകരണമായിരുന്നു സംവരണവിരുദ്ധ ട്രോളുകളിൽ കണ്ടത്. ജാതി ഏതായാലും തെറ്റുചെയ്താൽ ശിക്ഷിക്കപ്പെടണം എന്ന സെക്കുലർ വാദങ്ങളും കണ്ടു. ഇന്ത്യയിലെ ജയിലുകളിൽ കിടക്കുന്ന ബഹുഭൂരിപക്ഷവും മുസ്ലിങ്ങളോ ദലിതരോ ആദിവാസികളോ ആണ് എന്നത് അവർ സ്വാഭാവികമായി കുറ്റവാളികൾ ആയതുകൊണ്ടല്ലല്ലോ? ദലിത് സംവാദത്തോടുള്ള അക്രമണോത്സുകമായ നിലപാടും പല കോണിൽനിന്നും വരികയുണ്ടായി.

തങ്ങളുടെ പരിമിതഭാവനയ്ക്ക് പുറത്തുള്ള എല്ലാ സാമൂഹിക നീതിസങ്കല്പങ്ങളോടും പുറംതിരിഞ്ഞു നില്ക്കുന്ന ഈ രീതി ഇടതുപക്ഷത്തിനു കേരളത്തിൽ സവിശേഷമായി ഒന്നും ചെയ്യാനില്ല എന്ന് നമ്മളെ വീണ്ടും ബോധ്യപ്പെടുത്തുന്നു'.

ദലിത് സ്ത്രീ ഇടപെടലുകൾ
രേഖാരാജ്
ഡി.സി. ബുക്‌സ് 2016
വില : 95 രൂപ 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP