Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202126Monday

മാർക്‌സിസത്തിന്റെ മാറുന്ന മൂലധനങ്ങൾ

മാർക്‌സിസത്തിന്റെ മാറുന്ന മൂലധനങ്ങൾ

ഷാജി ജേക്കബ്‌

“Revolutions, like trees, are recognised by the fruits they bear” - Ignazio Silone

ത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളിൽ പ്രകൃതിശാസ്ത്ര, സാമൂഹ്യശാസ്ത്രമണ്ഡലങ്ങളിൽ കൊടുങ്കാറ്റുയർത്തിയ ചിന്താപദ്ധതികൾ പലതും പിറന്നുവീണു. കാൾമാർക്‌സ് ഒറ്റയ്ക്കും ഫ്രെഡറിക് എംഗൽസുമായി ചേർന്നും രചിച്ച രാഷ്ട്രീയ-സമ്പദ്ശാസ്ത്രപഠനങ്ങൾപോലെ ഇത്രമേൽ അടിസ്ഥാനപരമായ മാറ്റങ്ങൾ പിന്നീടിങ്ങോട്ടുള്ള ലോകഗതിയിൽ സൃഷ്ടിച്ച തത്വചിന്തകൾ ഇക്കാലത്തെന്നല്ല പിന്നീടും മറ്റൊന്നുണ്ടായിട്ടില്ല. ഇരുപതാം നൂറ്റാണ്ടിലെ ആഗോളരാഷ്ട്രീയ സംവിധാനങ്ങളെ അടിമുടി മാറ്റിമറിച്ചും ലോകരാഷ്ട്രീയഘടനയെത്തന്നെ നെടുകെ വിഭജിച്ചും സമസ്ത സാംസ്‌കാരിക രംഗങ്ങളെയും പുനർനിർണയിച്ചും മാർക്‌സിസം ചെലുത്തിയ പ്രഭാവങ്ങൾ ചരിത്രമാണ്. 'മുൻപുള്ള തത്വചിന്തകർ ലോകത്തെ വ്യാഖ്യാനിച്ചപ്പോൾ തന്റെ ദൗത്യം ലോകത്തെ മാറ്റിമറിക്കുകയാണെ'ന്ന മാർക്‌സിന്റെ ആത്മവിശ്വാസത്തോളം പോന്ന ഒന്ന് നാളതുവരെ മനുഷ്യപ്രജ്ഞ കണ്ടിട്ടുണ്ടായിരുന്നില്ല. മനുഷ്യത്വരഹിതമായ കമ്യൂണിസ്റ്റ് ഭരണക്രമങ്ങളിലേക്ക് മാർക്‌സിസത്തിനുണ്ടായ ദുർഗതി ചരിത്രത്തിലെ ഏറ്റവും നികൃഷ്ടമായ രാഷ്ട്രീയഹത്യകൾക്ക് ( The black book of Communism സമാനതകളില്ലാത്ത ഈ കമ്യൂണിസ്റ്റ് ക്രൂരതകളെ വിളിക്കാൻ politicide എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്.) വഴിവച്ചുവെങ്കിലും ലോകസമ്പദ്ഘടനയിൽ മുതലാളിത്ത വ്യവസ്ഥക്ക് അതിന്റെ നാലഞ്ചു നൂറ്റാണ്ട് നീണ്ട ആയുസ്സിൽ നേരിടേണ്ടിവന്ന ഏറ്റവും വലിയ വെല്ലുവിളിയുയർത്താൻ മാർക്‌സിസത്തിനു കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിൽ മാർക്‌സിസത്തിന്റെ പ്രത്യയശാസ്ത്രവ്യാഖ്യാനത്തിനു വഴങ്ങാത്ത ഒരു ജ്ഞാനമണ്ഡലവും സാംസ്‌കാരികവ്യവഹാരവും ബാക്കിയായില്ല എന്നിടത്താണ് ഇന്നും ഈ ആശയത്തിനുള്ള പ്രസക്തിയും പ്രാധാന്യവും നിലനിൽക്കുന്നത്. 'പുനർവായനകളിലെ മാർക്‌സിസം' എന്ന ടി. ടി. ശ്രീകുമാറിന്റെ പഠനഗ്രന്ഥത്തിന്റെ പൊതുസന്ദർഭം മേല്പറഞ്ഞ ചരിത്രാനുഭവങ്ങളുടേതാണെങ്കിൽ സവിശേഷ പശ്ചാത്തലം കേരളത്തിൽ/മലയാളത്തിൽ കഴിഞ്ഞ നൂറ്റാണ്ടിൽ രൂപംകൊണ്ട മാർക്‌സിസ്റ്റ് സംവാദങ്ങളുടേതാണ്.

മുഖ്യമായും രാഷ്ട്രീയചിന്ത, ചരിത്രവിജ്ഞാനീയം, സാമ്പത്തികശാസ്ത്രം, സാമൂഹ്യശാസ്ത്രം, സാംസ്‌കാരിക വിമർശനം എന്നീ അഞ്ചു മണ്ഡലങ്ങളിൽ കേന്ദ്രീകരിക്കുന്നവയാണ് മാർക്‌സിയൻ ദർശനങ്ങൾക്കു മലയാളത്തിലുണ്ടായ വ്യാഖ്യാനപാഠങ്ങൾ - മാർക്‌സിന്റെയും എംഗൽസിന്റെയും അവരുടെ പിന്മുറക്കാരുടെയും മൗലികരചനകൾ മുൻനിർത്തിയുള്ള താത്വികാവലോകനങ്ങളും പ്രയോഗങ്ങളുമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

ഇ.എം.എസ്, കെ. ദാമോദരൻ, എൻ.ഇ, ബലറാം, പി. ഗോവിന്ദപ്പിള്ള, കെ. വേണു എന്നിവരാണ് രാഷ്ട്രീയചിന്തയെന്ന നിലയിൽ മാർക്‌സിസത്തെക്കുറിച്ച് കാര്യമായി എഴുതിയിട്ടുള്ളത്. കെ.എൻ. പണിക്കരും രാജൻഗുരുക്കളും തൊട്ട് സനൽമോഹൻ വരെയുള്ളവർ പലനിലകളിൽ ചരിത്രാപഗ്രഥനത്തിൽ ചില മാർക്‌സിസ്റ്റ് രീതിശാസ്ത്രങ്ങൾ ഭാഗികമായെങ്കിലും ഉപയോഗപ്പെടുത്തി. എം. ഗോവിന്ദൻ, എസ്. കാപ്പൻ, ഒ.വി. വിജയൻ, ആനന്ദ് തുടങ്ങിയവർ ഇന്ത്യൻ സാമൂഹ്യവിശകലനത്തിൽ മാർക്‌സിസത്തിന്റെ സാധ്യതകളും പരിമിതികളും ചൂണ്ടിക്കാണിച്ചു. ടി.കെ. രാമചന്ദ്രൻ, സച്ചിദാനന്ദൻ, രവീന്ദ്രൻ, ബി. രാജീവൻ തുടങ്ങിയവരാണ് സാഹിത്യം, സിനിമ തുടങ്ങിയ കലകളുടെ വിമർശനത്തിൽ ഈ ചിന്താപദ്ധതി പിൻപറ്റിയത്. എംപി. പരമേശ്വരൻ, എൻ.എം. പിയേഴ്‌സൺ തുടങ്ങിയവർ ആഗോളവൽക്കരണം മുതൽ പാരിസ്ഥിതിക രാഷ്ട്രീയം വരെയുള്ളവയിൽ മാർക്‌സിസത്തിന്റെ സന്ധികളും പ്രതിസന്ധികളുമന്വേഷിച്ചു. ഭൂപരിഷ്‌ക്കരണവും ഗൾഫ് കുടിയേറ്റവും കേരളമാതൃകയും തൊഴിൽസമരങ്ങളും കാർഷിക പ്രതിസന്ധിയും മുതൽ നവകൊളോണിയലിസം വരെയുള്ളവ വിശകലനം ചെയ്യുന്ന കെ.പി. കണ്ണൻ, ജോസഫ് താരാമംഗലം, വി.കെ. രാമചന്ദ്രൻ തുടങ്ങിയവരുടെ പഠനങ്ങൾ ഉള്ളപ്പോഴും, മുൻപറഞ്ഞ മണ്ഡലങ്ങളിലുണ്ടായതുപോലെ ശ്രദ്ധേയമായ വ്യാഖ്യാനങ്ങളോ ഇടപെടലുകളോ മാർക്‌സിയൻ സാമ്പത്തികശാസ്ത്രത്തെ മുൻനിർത്തി ഇവിടെയുണ്ടായില്ല. ശാസ്ത്രസാങ്കേതികവിദ്യകളും നവമാധ്യമങ്ങളും പോലുള്ള മണ്ഡലങ്ങളിലാകട്ടെ, മാർക്‌സിസത്തിന്റെ വിമർശനസാധ്യതകൾ താത്വികമോ പ്രായോഗികമോ ആയി വ്യാഖ്യാനിക്കാൻ മലയാളത്തിനു തീരെ കഴിഞ്ഞിട്ടുമില്ല. ഈ പശ്ചാത്തലത്തിലാണ് മുഖ്യമായും സാമ്പത്തികശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ മണ്ഡലങ്ങളിൽ മാർക്‌സിന്റെയും മാർക്‌സിസത്തിന്റെയും ആശയങ്ങൾക്കുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ പ്രസക്തികളന്വേഷിക്കുന്ന പതിനാല് ലേഖനങ്ങളുടെ ഈ സമാഹാരം ടി.ടി. ശ്രീകുമാർ അവതരിപ്പിക്കുന്നത്.

സ്വതന്ത്രലേഖനങ്ങളായോ ഒരൊറ്റ വിഷയത്തിൽ കേന്ദ്രീകരിക്കുന്ന തുടർ അധ്യായങ്ങളായോ വായിക്കാമെന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സ്വഭാവം. മുൻപുതന്നെ, ചരിത്രവും ആധുനികതയും, ഉത്തരാധുനികതയ്ക്കപ്പുറം തുടങ്ങിയ ഗ്രന്ഥങ്ങളിൽ മാർക്‌സിസത്തിന്റെ പലപല കാഴ്ചപ്പാടുകൾ കേരളീയസന്ദർഭത്തിൽ വിശകലനത്തിനു വിധേയമാക്കിയ ശ്രീകുമാർ ഈ പുസ്തകത്തിൽ മാർക്‌സിയൻ സമ്പദ്ശാസ്ത്രതത്വങ്ങളുടെയും സാമൂഹ്യശാസ്ത്രസിദ്ധാന്തങ്ങളുടെയും സാംസ്‌കാരിക വിമർശനപദ്ധതികളുടെയും സമകാലപ്രസക്തിയാണ് അന്വേഷിക്കുന്നതും വ്യാഖ്യാനിക്കുന്നതും. പതിനാല് ലേഖനങ്ങളും കേരളീയം മാസികയിൽ ഷിബുരാജ് ശ്രീകുമാറുമായി നടത്തിയ ദീർഘമായ അഭിമുഖവുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. 2019-ൽ തന്നെ പുറത്തുവന്ന ശ്രീകുമാറിന്റെ 'പലായനങ്ങൾ' എന്ന പുസ്തകത്തിൽ 'മാർക്‌സിസത്തിന്റെ പ്രതിസന്ധികൾ' എന്ന പേരിൽ സി.ആർ. രാജഗോപാൽ നടത്തിയ ഒരഭിമുഖം ചേർത്തിട്ടുണ്ട്. ആ രചനകൂടി ഈ പുസ്തകത്തോടൊപ്പം വായിക്കാവുന്നതാണ്.

ഒക്ടോബർ (നവംബർ?) വിപ്ലവത്തിന്റെ നൂറാം വാർഷികവും (2017), 'മൂലധന'ത്തിന്റെ നൂറ്റി അൻപതാം വർഷവും (2017) മാർക്‌സിന്റെ ഇരുന്നൂറാം ജന്മവാർഷികവും (2018) ആഘോഷിക്കപ്പെട്ട കാലമാണ് ഈ പുസ്തകത്തിന്റെ രചനാസന്ദർഭം. മുഖ്യമായും മുതലാളിത്തവിമർശനത്തിന്റെ ഭാഗമായി മുന്നോട്ടുവയ്ക്കപ്പെടുന്ന മാർക്‌സിന്റെ രാഷ്ട്രീയസമ്പദ്ശാസ്ത്രചിന്തകൾ മുൻനിർത്തിയുള്ള സംവാദാത്മക ഇടപെടലുകളാണ് ഈ പുസ്തകത്തിന്റെ പൊതുസ്വഭാവം. ഘടനാവാദാനന്തര, ഉത്തരാധുനിക പരിപ്രേക്ഷ്യങ്ങളിൽ മാർക്‌സിസത്തിന്റെ സാധ്യതകളും പരിമിതികളും പുനർവായിക്കുന്ന രചനകളെന്ന നിലയിൽ മാർക്‌സിനോടും മാർക്‌സിസത്തോടും ഒരേസമയംതന്നെ യോജിച്ചും വിയോജിച്ചും പോകുന്ന സമീപനമാണ് ശ്രീകുമാറിന്റേത്. അക്കാദമിക ഗവേഷണത്തിന്റെ രീതിശാസ്ത്രം പിൻപറ്റി, കൃത്യതയോടെ തന്റെ രചനകൾക്ക് റഫറൻസ് സൂചിപ്പിച്ചുപോകുന്നയാളാണ് മാർക്‌സ് എന്ന ശ്രീകുമാറിന്റെ നിരീക്ഷണം (പുറം 7) അത്ര ശരിയാണോ എന്നറിയില്ല. ജോൺ മെയ്‌നാർഡ് കെയ്ൻസിനെ ഉദ്ധരിച്ചുകൊണ്ട് കിരൺ മെയ്ത്ര പറയുന്നത്, 'മൂലധനം ശാസ്ത്രീയമായി തെറ്റുകൾ നിറഞ്ഞതും കാലപ്പഴക്കം വന്നതുമായ ഒരു സാമ്പത്തികശാസ്ത്ര പാഠപുസ്തകമാ'ണെന്നാണ്. ജർമൻ സാമ്പത്തികശാസ്ത്രജ്ഞനായ Rodbartusന്റെ രചനയിൽനിന്ന് മാർക്‌സ് പലതും മോഷ്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അനുയായികൾ ആരോപിക്കുകയും ചെയ്യുന്നു. എന്നിട്ടും മൂലധനം, മനുഷ്യചരിത്രത്തിലെ ഏറ്റവും വിഖ്യാതവും വിസ്മയാവഹവുമായ ചിന്താഗ്രന്ഥങ്ങളിലൊന്നായി ഇന്നും നിലനിൽക്കുകയാണ്.

'മാർക്‌സിസത്തിന്റെ സമകാലിക പ്രസക്തികൾ', 'മാർക്‌സിസത്തിന്റെ സൈദ്ധാന്തിക പശ്ചാത്തലങ്ങൾ' എന്ന ആദ്യ രണ്ടധ്യായങ്ങളെ ഈ പുസ്തകത്തിന്റെ ഭൂമികയായി കണക്കാക്കാം. 1917ന് മുൻപ്, പിന്നീട് 1989 വരെ, 1989നുശേഷം എന്നിങ്ങനെ മൂന്നു ചരിത്രജീവിതങ്ങളുണ്ട് മാർക്‌സിസത്തിനും അതിന്റെ രാഷ്ട്രീയ സമ്പദ്ശാസ്ത്രഗ്രന്ഥമായ 'മൂലധന'ത്തിനും. ഇതിൽ മൂന്നാംഘട്ടത്തിലെ മൂലധനത്തിന്റെ രാഷ്ട്രീയജീവിതമാണ് ഒന്നാമധ്യായത്തിലെ അവതരണവിഷയം.

'മൂലധനം വിശകലനപരമായ ഒരു ഗ്രന്ഥം ആയിരിക്കുമ്പോൾതന്നെ അതിന്റെ ആത്യന്തികമായ കണ്ടെത്തൽ, സ്വയം വൈരുദ്ധ്യങ്ങൾ മൂർച്ഛിച്ചു മുതലാളിത്തമെന്ന സാമൂഹികഘടന തകരുകയും അതിന്റെ ചൂഷണസംവിധാനങ്ങൾ ഇല്ലാതാവുകയും ചെയ്യുമെന്നതായിരുന്നു. ഇതിനെ ഒരു നൈതികാഭിലാഷമായല്ല മാർക്‌സ് വിശദീകരിച്ചത്. അതാണ് ചരിത്രപരമായി സംഭവിക്കാൻപോകുന്നത്. അങ്ങനെ ചരിത്രത്തിന് ഒരു ചാലകനിയമമുണ്ട്. പ്രകൃതി, മനുഷ്യർ, അധ്വാനം എന്നീ മൂന്നു ഗണങ്ങളാണ് മാർക്‌സിസത്തിനുള്ളത്. ഇതിൽ പ്രകൃതി മൂല്യത്തിന്റെ ഒരു ഉറവിടമാണ്. മൂല്യത്തിന്റെ പ്രധാന ഉറവിടം അധ്വാനമാണ്. മനുഷ്യർ വർഗ്ഗങ്ങളായി പിരിഞ്ഞിരിക്കുന്നു. പാവങ്ങളും പണക്കാരും എന്നു പറഞ്ഞാൽ പോരാ. ഉത്പാദനത്തിനാവശ്യമായ ഉപകരണങ്ങളുടെ, ഉപാധികളുടെ ഉടമസ്ഥരും അതിൽ ഉടമസ്ഥത ഇല്ലാത്തവരുമാണ്. മാർക്‌സിസത്തിൽ കേവലമായ അമൂർത്ത മനുഷ്യർ ഇല്ല. അധ്വാനശക്തി വിൽക്കുന്നവരും ഭൗതികോത്പന്നങ്ങൾ നിർമ്മിച്ചു വിൽക്കുന്നവരുമാണ്. ഇവർ മിത്രങ്ങളല്ല. ശത്രുക്കളാണ്. വ്യക്തികൾ തമ്മിലുള്ള ശത്രുതയല്ല. ഇരുകൂട്ടരും ചരിത്രനിയോഗങ്ങളുള്ള വർഗ്ഗങ്ങളാണ്. ഈ രണ്ടു കൂട്ടരും തമ്മിലുള്ള സമരമാണ് മനുഷ്യവംശത്തിന്റെ മുഴുവൻ ചരിത്രവും എന്നുകൂടി മാർക്‌സ് പറയുന്നുണ്ട്. അതു പല കാലങ്ങളിൽ പല രൂപങ്ങളിൽ ഉണ്ടാവും. അങ്ങനെ ചരിത്രസംക്രമണങ്ങളിലൂടെ ഉരുത്തിരിഞ്ഞ ഒരു ഉത്പാദന സംവിധാനമാണ് മുതലാളിത്തം. അതിന്റെ ധൈഷണിക ജനിതകമാണ് മാർക്‌സിന്റെ മൂലധനം'.

'മൂലധന'ത്തിന്റെ രണ്ടു മൗലികസംഭാവനകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്നും ഒരു ചിന്താപദ്ധതിയെന്ന നിലയിൽ മാർക്‌സിസം പ്രസക്തമാകുന്നതിന്റെ കാരണങ്ങളന്വേഷിക്കുകയാണ് ഇവിടെ ശ്രീകുമാർ.

'മൂലധനം എന്ന കൃതി ലോകത്തിന്റെ ഭാഗധേയം മാറ്റിമറിക്കുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല. ഒന്നര നൂറ്റാണ്ടിനിപ്പുറം പൂർണ്ണമായും തള്ളാനും കൊള്ളാനും കഴിയാതെ അതിന്റെ മാസ്മരികമായ ബൗദ്ധികശക്തിക്കു മുൻപിൽ ലോകം പകച്ചുനിൽക്കുകയാണ്. അസാധാരണമായ അപഗ്രഥനപാടവംകൊണ്ടും ചരിത്രബോധംകൊണ്ടും സൈദ്ധാന്തിക സാന്ദ്രതകൊണ്ടും പൂർവ്വസൂരികളെ വിമർശിക്കുന്നതിനുള്ള രാഷ്ട്രീയ കൃത്യതകൊണ്ടും രീതിശാസ്ത്രപരമായ കുതിച്ചുചാട്ടംകൊണ്ടും ദാർശനികമായ നവസമീപനംകൊണ്ടും വിശകലനങ്ങൾക്ക് ഉപയോഗിച്ച വസ്തുതാശേഖരത്തിന്റെ വൈപുല്യംകൊണ്ടും സ്വാതന്ത്ര്യപ്രയോഗത്തോടുള്ള സന്ധിയില്ലാത്ത പ്രതിബദ്ധതകൊണ്ടും എക്കാലത്തെയും മികച്ച ബൗദ്ധികരചനകളിൽ ഒന്നായി മൂലധനം നിലകൊള്ളുകയാണ് എന്ന് നിസ്സംശയം പറയുവാൻ കഴിയും. അതിന്റെ വായന പ്രചോദിപ്പിച്ച അത്രയും സാമൂഹികചലനങ്ങൾ, ആശയസംവാദങ്ങൾ മറ്റൊരു കൃതിയും മനുഷ്യചരിത്രത്തിൽ സൃഷ്ടിച്ചിട്ടില്ല എന്നു പറഞ്ഞാൽ അത് അതിശയോക്തിയാവില്ല.

ഇതിനുള്ള പ്രധാന കാരണം രണ്ടു വ്യത്യസ്ത സാമൂഹികസാദ്ധ്യതകളെ മാർക്‌സ് ഒരുമിപ്പിച്ചു എന്നതാണ്. ഒന്ന്, മൂലധനസഞ്ചയത്തിന്റെ പേരിൽ നടക്കുന്ന ചൂഷണത്തെക്കുറിച്ചുള്ള ഒരു വിശകലനം വികസിപ്പിച്ചുകൊണ്ട് മുതലാളിത്ത സാമൂഹികരൂപീകരണത്തിന്റെ പിന്നിലെ അതുവരെ കാണാതിരുന്ന സാമ്പത്തികപ്രക്രിയകളെ മാർക്‌സ് അനാവരണം ചെയ്തു. രണ്ട്, ഇതിന്റെ അടിസ്ഥാനത്തിൽ ഈ ചൂഷണത്തെ മറികടക്കുന്നതിനെക്കുറിച്ചുള്ള ഭാവിരാഷ്ട്രീയത്തിന്റെ ഏറ്റവും മൗലികമായ രൂപരേഖകൾ അവതരിപ്പിച്ചു. അതിനു മുൻപുള്ള ഒരു ചിന്തകനും കഴിയാത്ത രീതിയിൽ രാഷ്ട്രീയ-സൈദ്ധാന്തികപ്രയോഗത്തെ അങ്ങേയറ്റം ചരിത്രബദ്ധമാക്കിക്കൊണ്ടാണ് മാർക്‌സ് ഇത് മുന്നോട്ടുവെക്കുന്നത്. മൂലധനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സമകാലിക പ്രസക്തി, ഈ വിഷയത്തിൽ ഇന്നും ചടുലമായ ഉൾക്കാഴ്ചകൾ നൽകുന്ന ഒരു കൃതിയാണത് എന്നതുതന്നെയാണ്.

മാർക്‌സിസം ഒരു ചിന്താപദ്ധതി എന്ന നിലയിൽ ഇന്നും പ്രസക്തമാവുന്നതിന്റെ കാരണം അതിന്റെ വികസ്വരക്ഷമതയാണ്. ഏതു നവീനാശയത്തെയും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു മാന്ത്രികപ്പെട്ടിയായി മാർക്‌സിസത്തെ കാണുന്നതു ശരിയല്ല. ഈ പുസ്തകത്തിൽ ഞാൻ മുന്നോട്ടുവെക്കുന്ന ഒരു പ്രധാന ആശയം ഈ വസ്തുതയുമായി ബന്ധപ്പെട്ടിരിക്കുന്നു. മാർക്‌സിന്റെ ജീവിതകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട കൃതികളാവട്ടെ, അതിനുശേഷം കണ്ടെടുത്ത കയ്യെഴുത്തുപ്രതികളുടെയൊക്കെ (ഉദാഹരണത്തിന്bTheories of Surplus Value (1860-62/1910), Economic and Philosophic Manuscripts (1844/1932), London Notebooks (1850-53/1970s), Ethnological Notebooks (1880-82/1973/74 തുടങ്ങി Grundrissebpw (1857-58/1939) German Ideologybpw (1946-1932) വരെ) അടിസ്ഥാനത്തിലുള്ള പുനർവായനകൾ എന്നു പറയുന്നത് വളരെ പ്രാധാന്യമുള്ളതും അതുപോലെ പ്രശ്‌നഭരിതവുമാണ്. പക്ഷേ, അത്തരം പുനർവായനകൾ മറ്റൊരു ചിന്തകന്റെയും കാര്യത്തിൽ സാദ്ധ്യമല്ലാത്തതരത്തിൽ സർഗ്ഗാത്മകമായ വിമർശനങ്ങൾക്കും കൂട്ടിച്ചേർക്കലുകൾക്കും പൊളിച്ചെഴുത്തുകൾക്കും പുനർവ്യാഖ്യാനങ്ങൾക്കും സാദ്ധ്യത തുറക്കുന്നു എന്നതാണ്. നാം ലോകത്തെ കാണുന്ന രീതിയുടെ അത്യധികം പ്രസക്തമായ ഒരു വിമർശനം എപ്പോഴും മാർക്‌സിസത്തിൽ ഉണ്ടാവുമെന്നത് അതിന്റെ സജീവമായ ധൈഷണിക, സാമൂഹികപ്രതിബദ്ധ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രസക്തിയും സവിശേഷതയുമാണ്. ആഗോളവൽക്കരണക്കാലത്തെ ലോകസാമ്പത്തികക്രമം ആവട്ടെ, മനുഷ്യാവകാശപ്രശ്‌നങ്ങൾ കൂടി സജീവമാകുന്ന നവസാമൂഹികതയുടെ രാഷ്ട്രീയതലമാവട്ടെ, മാർക്‌സിസത്തിൽനിന്ന് അവയിലേക്കും തിരിച്ചുമുള്ള വിനിമയത്തിന്റെ ഒരു പാത സാർത്ഥകമായി എപ്പോഴും നിലനിൽക്കുന്നുണ്ട്. ആ സാദ്ധ്യതകളുടെ പരിമിതിയും പ്രായോഗികതയും ദാർശനിക-സൈദ്ധാന്തിക മാനങ്ങളുമാണ് തുടർന്നുള്ള അദ്ധ്യായങ്ങളിൽ അന്വേഷിക്കാൻ ശ്രമിക്കുന്നത്'.

മുതലാളിത്തവ്യവസ്ഥയോടും അതിന്റെ പ്രത്യയശാസ്ത്രമായ രാഷ്ട്രീയ-സമ്പദ്ശാസ്ത്രത്തോടുമുള്ള വിമർശനമാണ് മാർക്‌സിസത്തിന്റെ കാതൽ. രാഷ്ട്രീയചിന്ത, സാമ്പത്തികശാസ്ത്രം, തത്വചിന്ത എന്നിവയിൽ ഒരുപോലെ ഇടപെട്ടും വിമർശിച്ചും ചരിത്രത്തെ വ്യാഖ്യാനിച്ച മാർക്‌സിന്റെ ധൈഷണികജീവിതത്തെ മൂന്നുതലങ്ങളിലൂന്നി ശ്രീകുമാർ സൂക്ഷ്മമായവലോകനം ചെയ്യുന്നു. അടിത്തറ-ഉപരിഘടന സങ്കല്പനമാണ് ഒന്ന്. ഫ്രാങ്ക്ഫർട്ട് സ്‌കൂൾ ചിന്തകരും (സാംസ്‌കാരിക മാർക്‌സിസം) അൽത്തൂസറും (പ്രത്യയശാസ്ത്രം) ഗ്രാംഷിയും (കീഴാളപഠനങ്ങൾ) മറ്റും ഈ സങ്കല്പനത്തിനു നൽകുന്ന വിശദീകരണങ്ങളിലൂടെ മുന്നേറി, ഓരോ കാലത്തും മാർക്‌സിലേക്കു തിരിച്ചുപോകുന്ന കഴിഞ്ഞ നൂറ്റാണ്ടിന്റെ ബൗദ്ധികചിന്താപദ്ധതികളുടെ ഒരു രാഷ്ട്രീയചരിത്രം ശ്രീകുമാർ സംഗ്രഹിക്കുന്നു. ജോർജ് ലൂക്കാച്ച്, റോസാലക്‌സംബർഗ് തുടങ്ങിയവർ മാർക്‌സിന്റെ വർഗ, വർഗസമരസങ്കല്പനങ്ങൾക്കു നൽകുന്ന വ്യാഖ്യാനങ്ങളാണ് രണ്ടാമത്തെ തലം. മൂന്നാമത്തേതാകട്ടെ മാർക്‌സിന്റെ രാഷ്ട്രീയ സമ്പദ്ശാസ്ത്രതത്വങ്ങളാണ്. 'മൂലധന'ത്തോടൊപ്പം റുഡോൾഫ് ഹിൽഫെർഡിങ്, ഡേവിഡ് ഹാർവി എന്നിവരുടെ വിചിന്തനങ്ങളുമാണ് ഇവിടെ മുഖ്യമായും ചർച്ചക്കെടുക്കുന്നത്.

ആധുനികാനന്തര മുതലാളിത്ത പ്രതിസന്ധികളെ മനസിലാക്കാൻ മാർക്‌സിന്റെ രാഷ്ട്രീയ സമ്പദ്ശാസ്ത്ര വിശകലനങ്ങൾ എങ്ങനെ സഹായിക്കുന്നുവെന്ന അന്വേഷണത്തിലേക്കാണ് ഇവിടെനിന്ന് ശ്രീകുമാർ തന്റെ ശ്രദ്ധ തിരിച്ചുവിടുന്നത്.

'ഇന്ന് മാർക്‌സിയൻ വിശകലനങ്ങളുടെ കേന്ദ്രബിന്ദുവാകുന്നത് മാർക്‌സിന്റെ രാഷ്ട്രീയ സമ്പദ്ശാസ്ത്ര വിശകലനങ്ങൾ ആധുനികാനന്തര മുതലാളിത്ത പ്രതിസന്ധികളെ മനസ്സിലാക്കാൻ എങ്ങനെ സഹായിക്കുന്നു എന്നുള്ളതിലാണ്. മൂല്യത്തെക്കുറിച്ച്, ഉപയോഗമൂല്യത്തിൽനിന്ന് വ്യത്യസ്തമായി വിനിമയമൂല്യത്തിന്റെ ചരിത്രപരമായ സവിശേഷതകളെക്കുറിച്ച്. കേവല മിച്ചമൂല്യത്തിൽനിന്നു തുടങ്ങി, യന്ത്രവൽക്കരണവും ഇപ്പോൾ ഡിജിറ്റലൈസേഷനും സൃഷ്ടിക്കുന്ന ആപേക്ഷിക മിച്ചമൂല്യത്തിന്റെ നാനാർത്ഥങ്ങളെക്കുറിച്ച്, അവയെല്ലാം മൂലധനം എന്ന കൃതി കൈകാര്യം ചെയ്ത രീതിപരവും അനുഭവപരവുമായ സമീപനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ ആഴത്തിലുള്ള ചർച്ചകൾ ആവശ്യമായി വന്നിരിക്കുന്നു. അത്തരത്തിലുള്ള നിരവധി ചർച്ചകൾക്ക് മൂലധനത്തിന്റെ നൂറ്റി അൻപതാം വാർഷികം തുടക്കം കുറിച്ചിട്ടുണ്ട്. ഓരോ മേഖലയിലും - പാരിസ്ഥിതികപ്രശ്‌നങ്ങളായാലും സാംസ്‌കാരിക പഠനമായാലും ലിംഗസമരത്തിന്റെ മേഖലയായാലും ജാതി-മത-വംശ വിചിന്തനങ്ങളുടെ കാര്യത്തിലായാലും ആത്യന്തികമായി മാർക്‌സ് എടുത്ത ചില നിലപാടുകൾ നാം കൂടുതൽ ആഴത്തിൽ പരിശോധിക്കേണ്ടത് ചരിത്രപരമായി മുതലാളിത്തത്തെക്കുറിച്ച് മാർക്‌സ് നടത്തിയ അന്വേഷണങ്ങൾകൂടി ഉൾക്കൊണ്ടുകൊണ്ടാണ് എന്ന സമീപനത്തിനാണ് പ്രാമുഖ്യം ലഭിക്കുന്നത്. ഇത് എല്ലാ ഉത്തരങ്ങളും മാർക്‌സിസത്തിലുണ്ട് എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല. മറിച്ച്, മുതലാളിത്ത ഉത്പാദനബന്ധങ്ങൾ നിലനിൽക്കുന്ന ഒരു ആഗോളസാഹചര്യത്തിൽ പിത്രാധിപത്യം മുതൽ വംശീയതയും ജാതിയും വരെയുള്ള വിഷയങ്ങൾ ചർച്ചചെയ്യുമ്പോൾ കൃത്യമായ ഉത്തരങ്ങളിൽ എത്തിച്ചേരാനുള്ള അന്വേഷണത്തിൽ പൂർണ്ണമായും ഒഴിവാക്കാൻ കഴിയുന്ന ഒന്നല്ല മാർക്‌സ് രൂപം നൽകിയ സൈദ്ധാന്തിക പരികല്പനകൾ എന്ന തിരിച്ചറിവാണ് ഈ സമീപനത്തിന്റെ അടിസ്ഥാനം. ഈ നിലപാടുതറയിൽനിന്നുകൊണ്ടുള്ള ചില വിചിന്തനങ്ങളാണ് അടുത്ത അദ്ധ്യായങ്ങളിൽ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്'.

തുടർന്നുള്ള ആറുലേഖനങ്ങൾ ആധുനികാനന്തര മുതലാളിത്ത വ്യവസ്ഥയെക്കുറിച്ചും നാലെണ്ണം നവസാമൂഹിക പ്രസ്ഥാനങ്ങളെക്കുറിച്ചുമുള്ള പഠനങ്ങളാണ്. അവസാന രണ്ടു ലേഖനങ്ങൾ യഥാക്രമം മാർക്‌സിസത്തിന്റെ നൈതികത, ഭാവിവായനകളുടെ സാധ്യത എന്നീ വിഷയങ്ങൾ അവലോകനം ചെയ്യുന്നു. ഷിബുരാജുമായുള്ള അഭിമുഖത്തിൽ, മേല്പറഞ്ഞ രണ്ടു മേഖലകളെയും സ്പർശിച്ചുകൊണ്ട് മാർക്‌സിസവും പാരിസ്ഥിതിക നൈതികതയും എന്ന വിഷയം ചർച്ചചെയ്യുന്നു.

ഫെറ്റിഷിസവും രാഷ്ട്രീയ സമ്പദ്ശാസ്ത്രവും എന്ന ലേഖനം, മൂലധനമുൾപ്പെടെയുള്ള മാർക്‌സിന്റെ വിവിധ ഗ്രന്ഥങ്ങൾ മുൻനിർത്തി പണത്തിന്റെ ചരക്കുമൂല്യത്തെക്കുറിച്ചും വർഗബോധത്തിന്റെ സാമൂഹ്യശാസ്ത്രത്തെക്കുറിച്ചും 'മൂലധന'ത്തിലെ ഏറ്റവും കാതലായ വിഷയമായ, മുതലാളിത്തത്തിന്റെ രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തിന്റെ വിമർശനത്തെക്കുറിച്ചും ചർച്ചചെയ്യുന്നു. മാർഗരറ്റ് ഫേ മുതൽ ലൂയി അൽത്തൂസർ വരെയുള്ളവരുടെ പഠനങ്ങളും പരാമർശിക്കുന്നു.

അടുത്ത ലേഖനം നവമുതലാളിത്തത്തെ മനസ്സിലാക്കുന്നതിൽ മാർക്‌സിസത്തിനുള്ള സാധ്യതകൾ 'സൈബർ പ്രോലിറ്റേറിയറ്റ്' (ഡയർ വിത്‌ഫോർഡിന്റെ പരികല്പനയാണിത്) സംസ്‌കാരം മുൻനിർത്തി വിശദീകരിക്കുന്നു. മുതലാളിത്തത്തിൽനിന്ന് സോഷ്യലിസത്തിലേക്ക് ലോകം മാറുന്നതെങ്ങനെയെന്ന് വിശകലനം ചെയ്യുന്ന മാർക്‌സ് സാമൂഹിക വൈരുധ്യങ്ങളെയാണ് ഉടനീളം വ്യാഖ്യാനിച്ചത്. 'ഫൊയർബാഹിനെക്കുറിച്ചുള്ള തീസിസുകൾ', 'കൂലിവേലയും മൂലധനവും' എന്നീ രചനകൾ മുൻനിർത്തി ശ്രീകുമാർ മാർക്‌സിനെ വായിക്കുന്നു. തൊഴിൽസമയം, വേതനനിർണയം എന്നിവയെക്കുറിച്ചുള്ള മാർക്‌സിന്റെ കാഴ്ചപ്പാടുകൾ സൈബർ തൊഴിലാളികളുടെ കാലത്തും പ്രസക്തമാകുന്നതെങ്ങനെയെന്നാണ് ലേഖനം വിശദീകരിക്കുന്നത്.

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയാണ് അടുത്ത ലേഖനത്തിന്റെ മേഖല. നവമാധ്യമസാങ്കേതികതകളുടെ കാലത്ത് മാർക്‌സിയൻ സമ്പദ്ശാസ്ത്രത്തിന്റെ സാംഗത്യം തിരയുന്ന പഠനം. ഡയർ വിത്‌ഫോർഡിന്റെ ഇ്യയലൃ ങമൃഃ ഉം മാനുവൽ കാസ്റ്റൽസിന്റെ The Rise of the Network Society യും പോലുള്ള പുസ്തകങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ അന്വേഷണം ശ്രീകുമാർ നടത്തുന്നത്. 'ഓട്ടോണോമസ് മാർക്‌സിസം' എന്ന സങ്കല്പനത്തെ ഡിജിറ്റൽ മുതലാളിത്തത്തിന്റെ കാലത്തെ വർഗസമരവ്യാഖ്യാനമായി കാണുന്ന ലേഖനം 'ഗ്രൂന്ദിസെ'യിൽ മാർക്‌സ് പറയുന്ന 'പൊതുബൗദ്ധികത' എന്ന പരികല്പനയും ചൂണ്ടിക്കാണിക്കുന്നു.

'സൈബർ പ്രോലിറ്റേറിയറ്റ്' എന്ന പരികല്പന സാങ്കേതികവിദ്യയോടിണക്കി ചർച്ചചെയ്യുന്ന അടുത്ത ലേഖനത്തിലും നാലാം വ്യാവസായിക വിപ്ലവത്തിന്റെ കാലത്ത് 'മൂലധന'ത്തിന്റെ പ്രസക്തിയന്വേഷിക്കുന്നു, ശ്രീകുമാർ. സാങ്കേതികവിദ്യകൾ മനുഷ്യർക്കു സൃഷ്ടിക്കുന്ന തൊഴിൽനഷ്ടമാണ് ഇവിടത്തെ കേന്ദ്രവിഷയം. 'മാർക്‌സിസത്തിന്റെ പ്രതിസന്ധികൾ' എന്ന അഭിമുഖത്തിൽ (പലായനങ്ങൾ) ശ്രീകുമാർ പറയുന്നതു വായിക്കൂ:

'മാർക്‌സാണു ശരി (Marx was right), മാർക്‌സ് തിരിച്ചുവരുന്നു (Marx is back) തുടങ്ങിയ മുദ്രാവാക്യങ്ങൾ മാറുന്ന രാഷ്ട്രീയത്തെ മനസ്സിലാക്കുന്നതിലുള്ള വലിയ പരാജയത്തെയാണ് സൂചിപ്പിക്കുന്നത്. ഉത്പാദനശക്തികളുടെ വികാസവുമായി ബന്ധപ്പെടുത്തിയാണ് മാർക്‌സിസം സാങ്കേതികവിദ്യയെ കാണുന്നത് എന്നതാണ് പ്രധാനം. ഒരു വ്യവസ്ഥ തകരുന്നതുതന്നെ ഉത്പാദനശക്തികളുടെ വികാസം അതിനുള്ളിൽ മുരടിക്കുമ്പോഴാന് എന്നതാണ് മാർക്‌സിന്റെ കണ്ടുപിടുത്തം. വർഗസമരംതന്നെ ഇത്തരത്തിൽ ഉത്പാദനശക്തികളുടെ വികാസം കെട്ടഴിച്ചുവിടാൻ കൂടിയുള്ളതാണ്. എന്നാൽ, മൂന്നാംലോകരാജ്യങ്ങളിലെ മാർക്‌സിസ്റ്റുകൾക്ക് വലിയ ആശയക്കുഴപ്പമാണ് ഈ നിലപാട് സൃഷ്ടിച്ചിട്ടുള്ളത്. അവരിപ്പോഴും അതിൽ നിന്നും പുറത്തുവന്നിട്ടില്ല. അമർത്യാസെന്നും മറ്റും 1960-കളിൽ സൂചിപ്പിച്ചത് ചോയ്‌സ് ഓഫ് ടെക്‌നിക് (Choice of Techniqe) മൂന്നാം ലോകരാജ്യങ്ങളിലെ മാർക്‌സിസ്റ്റുകൾക്ക് ഒരു പരിധിവരെ അവരുടെ സമരത്തിന്റെ ഭാഗമാക്കേണ്ടിവന്നു. ഉത്പാദനത്തിന് കൂടുതൽ ഉപയോഗിക്കേണ്ടത് അദ്ധ്വാനമാണോ മൂലധനമാണോ എന്നതാണ് ഇതിലെ സൈദ്ധാന്തിക-രാഷ്ട്രീയ പ്രശ്‌നം. മൂലധനമാണെങ്കിൽ കൂടുതൽ യന്ത്രവത്കരണം നടക്കും. അദ്ധ്വാനമാണെങ്കിൽ സാങ്കേതികവിദ്യ നവീകരിക്കപ്പെടരുത്. അദ്ധ്വാനശക്തി മിച്ചമുള്ള പ്രദേശങ്ങളിൽ സാങ്കേതികവിദ്യ വളരുന്നത് തൊഴിലില്ലായ്മയ്ക്കിടയാക്കും. ഈ പ്രശ്‌നത്തെ താത്ത്വികമായും രാഷ്ട്രീയമായും പരിഹരിക്കുവാൻ കഴിയാതെപോയതാണ് കേരളത്തിൽ ഭൂപരിഷ്‌കരണത്തിനുശേഷമുണ്ടാവേണ്ട ഉത്പാദനശേഷി വർദ്ധനവിനെ അട്ടിമറിച്ചത്. മുതലാളിത്തരീതിയിലുള്ള കൃഷിയുടെ പുനഃസംഘാടനത്തിന് ആധുനികവത്കരണം ആവശ്യമായിരുന്നു. അതാണ് എക്കാലത്തെയും ശരിയായ പാതയെന്നല്ല. എന്നാൽ ചോയ്‌സ് ഓഫ് ടെക്‌നിക്കിന്റെ പ്രത്യയശാസ്ത്രപരമായ ആഴം എത്ര വലുതാണെന്നും മാർക്‌സിസത്തിന് ഈ പ്രശ്‌നത്തിലുള്ളത് തികച്ചും നിസ്സഹായമായൊരു സമീപനമാണെന്നും ഈ വസ്തുതകൾ നമ്മെ ബോദ്ധ്യപ്പെടുത്തുന്നുണ്ട്. മാറുന്ന കാലത്തിന്റെ പുതിയ രാഷ്ട്രീയ-സാമ്പത്തിക സന്ദർഭങ്ങളിൽ മാർക്‌സിസത്തിന്റെ ഇത്തരം പരിമിതികൾ കൂടുതൽ കൂടുതൽ ബോദ്ധ്യപ്പെടുകയാണ്. ഓക്കുപ്പൈ വാൾസ്ട്രീറ്റ് പോലുള്ള സമരങ്ങൾ മാർക്‌സിസവുമായോ മാർക്‌സിസ്റ്റ് രാഷ്ട്രീയമായോ ഒരുതരത്തിലും ബന്ധമുള്ളവയല്ല. അവയുടെ ബഹുസ്വരതമൂലം മാർക്‌സിസ്റ്റുകളെന്ന് അവകാശപ്പെടുന്നവർക്കും അവിടെപ്പോയി ഇത്തരം ബാനറുകൾ ഉയർത്താമെന്നേയുള്ളു. ഓക്കുപ്പൈ വാൾസ്ട്രീറ്റ് സമരം തുടങ്ങിയ സമയത്ത് സാഹചര്യവശാൽ ഞാൻ സിയാറ്റിലിൽ ഉണ്ടായിരുന്നു. അവിടത്തെ ഓക്കുപ്പൈ സിയാറ്റിൽ സമരപ്രവർത്തകരുമായി ഞാൻ ബന്ധപ്പെടുകയും അവരുടെ ആശയങ്ങളും രാഷ്ട്രീയവും ആരായുകയുമുണ്ടായി'.

സാങ്കല്പിക (ഉട്ടോപ്യൻ) സോഷ്യലിസത്തിന്റെ ചർച്ചയിൽ തുടങ്ങി രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തെ വർഗസമരവുമായി കൂട്ടിയിണക്കുന്ന മാർക്‌സിന്റെ സോഷ്യലിസ്റ്റ് സങ്കല്പനത്തിലേക്കു വികസിക്കുന്നു, അടുത്ത ലേഖനം. സ്വകാര്യസ്വത്താണ് ഇവിടെ താക്കോൽവാക്ക്.

അപകോളനീകരണ(decolonization)ത്തിന്റെ സന്ദർഭത്തിൽ മാർക്‌സിസത്തിനുണ്ടായ പുനർവായനകൾ ക്രോഡീകരിക്കുന്നു, ഇനിയുള്ള ലേഖനം. ലെനിൻ-റോയി സംവാദം തൊട്ട് സമീർ അമീനും ഗുന്തർഫ്രാങ്കും മുന്നോട്ടുവച്ച ആശ്രിതത്വസിദ്ധാന്തം (Dependency theory) വരെയുള്ളവ. ആധുനികതാവാദ ധനശാസ്ത്രം രണ്ടാം ലോകയുദ്ധാനന്തരം അവതരിപ്പിച്ച 'അവികസിതത്വം' എന്ന രാഷ്ട്രീയത്തിന്റെ സൂക്ഷ്മമായ അപഗ്രഥനവും നിശിതമായ വിമർശനവുമാണ് മേല്പറഞ്ഞ സിദ്ധാന്തം. മൂന്നാം ലോകരാജ്യങ്ങളെ 'അവികസിത'മാക്കിയതിൽ കൊളോണിയലിസം വഹിച്ച പങ്കും യുദ്ധാനന്തരകാലത്ത് ഈയവസ്ഥയെ പുതിയ രീതിയിൽ നിലനിർത്താൻ രൂപംകൊണ്ട ആഗോളസാമ്പത്തികസ്ഥാപനങ്ങളും സാമ്രാജ്യത്ത താല്പര്യങ്ങളും ചേർന്നു സൃഷ്ടിച്ച സമ്മർദ്ദങ്ങളും തുറന്നുകാണിച്ചു, ഗുന്തർഫ്രാങ്കും സമീർ അമീനും. ഈ സിദ്ധാന്തം കോളനിയനന്തരവാദത്തിന്റെ സാമ്പത്തികശാസ്ത്രാടിത്തറയുറപ്പിച്ചുവെന്നു ചൂണ്ടിക്കാണിക്കുന്നു, ശ്രീകുമാർ.

ഇനിയുള്ള നാലു ലേഖനങ്ങൾ നവസാമൂഹികപ്രസ്ഥാനങ്ങളും മാർക്‌സിസത്തിന്റെ 'മൂലധനങ്ങ'ളും തമ്മിലുള്ള ബന്ധം ചർച്ചചെയ്യുന്നു. 'മൂലധന'ത്തിനുശേഷം മാർക്‌സ് എഴുതിയ ethnological Note books Fന്ന പേരിലറിയപ്പെടുന്ന നരവംശശാസ്ത്രപഠനങ്ങളാണ് ഈ ചർച്ചകൾക്ക് ശ്രീകുമാർ കൂടുതലുപയോഗപ്പെടുത്തുന്നത്.

'ഫ്രാങ്ക്‌ലിൻ റോസ്‌മോണ്ട് (Franklin Rosemont) Karl Marx and the Iroquois എന്ന കുറിപ്പിൽ വ്യക്തമാക്കുന്നതുപോലെ ഈ കുറിപ്പുകളിൽ മാർക്‌സ് നാല് വ്യത്യസ്ത സൈദ്ധാന്തികധാരകളെ പിന്തുടരുന്നുണ്ട്. ഒന്ന്, സാമൂഹിക വികസനത്തിന്റെ രേഖീയവിരുദ്ധമായ മാർഗ്ഗവൈവിധ്യങ്ങൾ (Multilinear versus unilinear models of social development). രണ്ട്, വ്യത്യസ്ത ജനസമൂഹങ്ങളിലെ കുടുംബ-ലിംഗബന്ധങ്ങൾ (Family and gender relations across a wide variety of societies). മൂന്ന്, ട്രൈബൽ സമൂഹങ്ങളിലെ സാമൂഹികവർഗ്ഗങ്ങളുടെ ഉദയം (The rise of social classes within tribal societies). നാല്, കമ്യൂണൽസ്വത്തിന്റെയും സ്വകാര്യസ്വത്തിന്റെയും ചരിത്രം (The history of communal and private property). ഈ കാര്യങ്ങൾ വളരെ ചുരുക്കമായി മാത്രമേ മാർക്‌സിന്റെ മുൻകാല രചനകളിൽ കടന്നുവന്നിട്ടുള്ളൂ എന്ന് റോസ്‌മോണ്ട് കൂട്ടിച്ചേർക്കുന്നു'.

'ഈ നോട്ടുബുക്കുകളുടെയുംകൂടി പശ്ചാത്തലത്തിലും അല്ലാതെയുമുള്ള നവസാമൂഹികവിമർശനങ്ങൾ മാർക്‌സിസത്തിന്റെ പുനർവായനകളിൽ പ്രധാനമാവുന്നത് അവ മാർക്‌സിസത്തോട് കേവലമായ ഒരു നവീകരണ നിലപാടല്ല സ്വീകരിച്ചത് എന്നതുകൊണ്ടാണ്. അതിൽ സവിശേഷമായ ചർച്ചയർഹിക്കുന്നതാണ് പരിസ്ഥിതി, ജാതി/വംശ ഫെമിനിസ്റ്റ് നിലപാടുകളിൽനിന്നുകൊണ്ടുള്ള പുനർവായനകൾ. ഇത്തരം വായനകൾ പലപ്പോഴും ഒരു ശരിയായ മാർക്‌സിനെ കണ്ടെത്തുന്നതിലേക്കല്ല, മറിച്ച്, എപ്പോഴും സംശയാലുവാകാൻകൂടി തയ്യാറായിരുന്ന, ശൈശവകൗതുകത്തോടെ പുതിയ അറിവുകളെ സ്വീകരിക്കുന്ന, എന്നാൽ എല്ലായ്‌പോഴും അവയെ തന്റെ ചിന്താപദ്ധതിയുടെ ദാർശനിക രീതിശാസ്ത്ര പരിപ്രേക്ഷ്യത്തിലേക്ക് പൂർണ്ണമായും ഉദ്‌ഗ്രഥനം ചെയ്യാൻ കഴിയാതിരുന്ന, ഒരു ക്രിയാത്മക മനസ്സിനെയാണ്. മൂന്നു ചോദ്യങ്ങൾ ഇവിടെ പ്രസക്തമായിവരുന്നു - ഒന്ന്, എത്രമാത്രം ഇവയെല്ലാം മാർക്‌സിന്റെ ചിന്തയുടെ ഭാഗമായി മാറിയിരുന്നു? പുതിയ സംവാദങ്ങളിലൂടെ ഈ ചിന്തകളെ എത്രമാത്രം മാർക്‌സിന്റെ മുൻകാല നിലപാടുകളെ അദ്ദേഹം വികസിപ്പിച്ച പരിപ്രേക്ഷ്യത്തിൽത്തന്നെ ഉറച്ചുനിന്നുകൊണ്ട് അതിലേക്ക് സ്വാംശീകരിക്കാൻ കഴിയും? മൂന്ന്, പഴയ മാർക്‌സിസങ്ങളിൽ നിന്ന് വിട്ടുമാറി നവസാമൂഹികതയുടെ വിമർശനങ്ങളിലൂടെ നാം സന്ധിക്കുന്ന പുതിയ മാർക്‌സിസങ്ങൾ മാർക്‌സിന്റെ പഴ പരിപ്രേക്ഷ്യത്തിൽ എന്ത് ബാക്കിയാക്കുന്നുണ്ട്? പരിസ്ഥിതി, ജാതി, സ്ത്രീവാദ മേഖലകൾ മാർക്‌സിസവുമായി നടത്തിയ സംവാദങ്ങളുടെ അടിസ്ഥാനത്തിൽ, ഈ ചോദ്യങ്ങൾക്ക് മാർക്‌സിസത്തിന്റെ പുനർവായനകളുടെ സന്ദർഭത്തിൽ ഏറെ പ്രസക്തിയുണ്ട് എന്നു ഞാൻ കരുതുകയാണ്'.

ആൽഫ്രഡ് ഷ്മിത്തിന്റെ The concept of Nature in Marxന് നേർക്ക് നവ-ഇക്കോ മാർക്‌സിസ്റ്റുകൾ ഉയർത്തിയ വിമർശനം ചൂണ്ടിക്കാണിച്ചുകൊണ്ട്, കാർഷിക വ്യാവസായികമേഖലകളിൽ നടക്കുന്ന അനിയന്ത്രിതമായ വികസനം മരുഭൂമികൾ സൃഷ്ടിക്കും എന്ന് മാർക്‌സ് ചിന്തിച്ചിരുന്നതായി ശ്രീകുമാർ വിശദീകരിക്കുന്നു. പക്ഷെ ഇത് കൂടുതൽ വികസിപ്പിക്കാൻ മാർക്‌സ് തയ്യാറായില്ല എന്നും ശ്രീകുമാർ നിരീക്ഷിക്കുന്നുണ്ട്.

'ജാതിയും വർഗവും: അംബേദ്കറിസ്റ്റ് മാർക്‌സിസം സാധ്യമാണോ' എന്ന ലേഖനം ഇന്നത്തെ ഇന്ത്യയിൽ എന്നത്തെക്കാളും പ്രസക്തമാകുന്ന ഒരു ചോദ്യവും അന്വേഷണവുമാണ്. മാർക്‌സിന്റെ വർഗസങ്കല്പത്തെ സ്വീകരിക്കുന്ന അംബേദ്കർ പക്ഷെ വർഗസമരമെന്ന സങ്കല്പം തള്ളിക്കളയുന്നു. വർഗമെന്നതുതന്നെയും സാമ്പത്തികഗണമല്ല എന്ന് പിന്നീടദ്ദേഹം സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. 'A caste is an enclosed class' എന്ന നിർവചനത്തിൽ അംബേദ്കർ എത്തിച്ചേരുന്നു. ഈ വിഷയം ദീർഘമായി ചർച്ചചെയ്ത് ശ്രീകുമാർ ഇങ്ങനെ ഉപസംഹരിക്കുന്നു:

'വർഗസമരം ഉൾക്കൊള്ളാത്ത സ്വത്വരാഷ്ട്രീയവും സ്വത്വസമരത്തിന്റെ ചരിത്രവും സമകാലികതയും മനസ്സിലാവാത്ത ഒരു വർഗ്ഗരാഷ്ട്രീയവും ഇന്ത്യൻ സാഹചര്യത്തിൽ അനുയോജ്യമായിത്തോന്നുന്നില്ല. അപ്പോൾ മാർക്‌സിനെ അംബേദ്കറുമായി ബന്ധിപ്പിക്കുക എന്നത് കേവലം ജാതിയെ ഇന്ത്യൻ സാഹചര്യത്തിൽ മാർക്‌സിസം ഉൾക്കൊള്ളുക എന്നതുമാത്രമല്ല. 'Class is an analytical catagory whereas caste is a sociological catagory' എന്നു പറഞ്ഞത് ആനന്ദ് ടെൽതുംദേ (Anand Teltumbde) ആണ്. ഇത്ര കൃത്യമായി ഇങ്ങനെ പറയുന്നതിനു പരിമിതികളുണ്ട്. വ്യത്യസ്ത ചരിത്രസന്ദർഭങ്ങളിൽ വർഗ്ഗവും ഒരു സ്വത്വംതന്നെയാണ്. എങ്കിലും ഫെമിനിസ്റ്റുകൾ മാർക്‌സിസത്തിന്റെ വിമർശനത്തിലൂടെ ഒരു മാർക്‌സിസ്റ്റ്-ഫെമിനിസ്റ്റ് സമീപനത്തിന് തുടക്കമിട്ടതുപോലെ, ജ്ഞാന-ഭവശാസ്ത്ര തലങ്ങളുള്ള അംബേദ്കറിന് വിമർശനത്തിലൂടെ അംബേദ്കറിസ്റ്റ് - മാർക്‌സിസം വികസിപ്പിക്കുക എന്നതാണ് ഇവിടത്തെ രാഷ്ട്രീയവും സൈദ്ധാന്തികവുമായ വെല്ലുവിളി. ആനന്ദ് ടെൽതുംദേയെക്കൂടാതെ ഗെയ്ൽ ഓംവേദ് (Gail Omvedt), റോഡ്‌റിഗ്‌സ് വലേറിയൻ (Rodrigues Valerian) തുടങ്ങി നിരവധി ദളിത് പഠിതാക്കളും ദളിത് ചിന്തകരും ഈ മേഖലയിൽ വലിയ ചർച്ചകൾക്കു തുടക്കമിട്ടുകഴിഞ്ഞിട്ടുണ്ട്. അംബേദ്കർ രചിച്ചിട്ടുള്ള കൃതികളിൽ വർഗ്ഗത്തെയും ജാതിയെയും കുറിച്ചു പറഞ്ഞിട്ടുള്ള കാര്യങ്ങൾ നിരന്തരം ആവർത്തിക്കുന്നതിലൂടെ മാത്രം ഈ ചർച്ച മുന്നോട്ടുകൊണ്ടുപോകാൻ സാധ്യമല്ല. അംബേദ്കറിസ്റ്റ് രാഷ്ട്രീയവുമായി സാർത്ഥകമായ ജനാധിപത്യപരമായ മുന്നണി ഉണ്ടാക്കാൻ മറ്റു സാമൂഹികവിഭാഗങ്ങൾ തയ്യാറാവുക എന്നതും പ്രധാനമാണ്. ജാതിനിർമ്മാർജ്ജനം തൊഴിലാളിവർഗ്ഗ ഐക്യത്തിന്റെ മുന്നുപാധിയാണെന്നത് ഒരു ഒണ്ടോളജിക്കൽ നിലപാടാണ്. അതിനെ അംഗീകരിച്ചുകൊണ്ടുമാത്രമേ അംബേദ്കറിസ്റ്റ്-മാർക്‌സിസം സൈദ്ധാന്തികമായ അർത്ഥത്തിൽ വികസിപ്പിക്കാൻ കഴിയൂ'.

മാർക്‌സും റോസാലക്‌സംബർഗുമൊക്കെ കാണാതെപോയ മുതലാളിത്തത്തിന്റെ ലിംഗചരിത്രം കണ്ടെത്തുന്നതിൽ ഫെമിനിസ്റ്റ് മാർക്‌സിസ്റ്റുകൾ നടത്തിയ പഠനങ്ങൾക്കു കഴിഞ്ഞുവെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് ശ്രീകുമാർ എഴുതുന്നു:

'മുതലാളിത്തവളർച്ചയുടെ ഫലമായി വർഗ്ഗപരമായ ഐകദാർഢ്യം രൂപംകൊള്ളുന്നു എന്നു പറയാമെങ്കിലും യഥാർത്ഥത്തിൽ തൊഴിലാളികളെ അത് തീവ്രമായി ഭിന്നിപ്പിക്കുകയും ചെയ്യുന്നുണ്ട്. തുല്യമല്ലാത്ത തൊഴിൽവിഭജനം, കൂലിയുടെ ഉപയോഗം, കൂലിയുള്ളവന് ഇല്ലാത്തവന്റെമേലുള്ള അധികാരം, ലൈംഗികത, വംശീയത, ജാതി തുടങ്ങിയവയുടെ തൊഴിലിലൂടെയുള്ള സ്ഥാപനവത്കരണം, തൊഴിലാളികളുടെ ഭിന്നിപ്പിക്കൽ എന്നിവയൊക്കെ സ്വാഭാവികമാക്കപ്പെടുകയും അദൃശ്യവത്കരിക്കപ്പെടുകയും ചെയ്യപ്പെടുന്നുണ്ട്. തുല്യജോലിക്ക് തുല്യവേതനം എന്ന ഫെമിനിസ്റ്റ് മുദ്രാവാക്യം പല മേഖലകളിലും നിലനിൽക്കുന്നില്ല. അതുള്ള മേഖലകളിൽ തന്നെ നിരന്തരമായ സ്ത്രീപക്ഷ സമരങ്ങളിലൂടെയാണ് അതു നേടിയെടുക്കാൻ കഴിഞ്ഞിട്ടുള്ളത്. മെക്‌സിക്കൻ വിപ്ലവത്തിലും ചൈനീസ് വിപ്ലവത്തിലും തുടങ്ങി വ്യവസ്ഥയ്‌ക്കെതിരായുണ്ടായ കഴിഞ്ഞ നൂറ്റാണ്ടിലെ അനവധി വിപ്ലവങ്ങളും തൊഴിലാളിവർഗ്ഗം മാത്രം നയിച്ചവയല്ല, മറിച്ച് കർഷകരുടെ പ്രസ്ഥാനങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, കൊളോണിയൽ വിരുദ്ധപ്രസ്ഥാനങ്ങൾ, വംശീയതാവിരുദ്ധപ്രസ്ഥാനങ്ങൾ, ഇന്ത്യപോലുള്ള രാജ്യങ്ങളിലെ ജാതിവിരുദ്ധപ്രസ്ഥാനങ്ങൾ, ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ തുടങ്ങി നാനാവിധത്തിലുള്ള കീഴാളപ്രസ്ഥാനങ്ങൾ കൂടിച്ചേർന്ന് നയിച്ചിട്ടുള്ളവയാണ്. ഇന്ന് കർഷകരും നഗരങ്ങളിലെ കയ്യേറ്റക്കാരും രേഖകളില്ലാത്ത ദേശാന്തരവാസികളും ആഫ്രിക്കയിലെയും ഇന്ത്യയിലെയും ലാറ്റിനമേരിക്കയിലെയും ചൈനയിലെയും വ്യവസായശാലകളിലെ തൊഴിലാളികളുമൊക്കെ ചേർന്നാണ് ഈ പോരാട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോവുന്നത്. ഏറ്റവും പ്രധാനമായി, ഈ പോരാട്ടം നടത്തുന്നത് ആഗോള സ്ത്രീസമൂഹവും കൂടിയാണ് - പുനരുത്പാദനത്തിലൂടെ. വിപണി യാതൊരു മൂല്യവും കല്പിക്കാതെയിരുന്നിട്ടും തൊഴിൽസമൂഹമായി പരിഗണിക്കുകപോലും ചെയ്യാതിരുന്നിട്ടും ഉത്പാദനത്തെ സ്വന്തം അർത്ഥത്തിൽത്തന്നെ തുടർന്നുകൊണ്ടുപോകുന്ന ഒരു വലിയ സ്ത്രീസമൂഹവുംകൂടിയാണ് ഈ പോരാട്ടം തുടർന്നുകൊണ്ടുപോകുന്നത് എന്നത് മാർക്‌സിസം ഉൾക്കൊണ്ടേ മതിയാവൂ എന്നതാണ് ഈ വിമർശനത്തിന്റെ കാതൽ'.

സ്വയം തിരുത്തിയും നിരന്തരം പരിഷ്‌ക്കരിച്ചും മുന്നോട്ടുപോയ മാർക്‌സിന്റെ ദർശനങ്ങൾക്ക് നൈതികതയുമായി എന്തുബന്ധമാണുള്ളതെന്നന്വേഷിക്കുന്നു, ഇനിയൊരു ലേഖനം. മാർക്‌സിന്റെ ചിന്താവ്യവസ്ഥയിൽ ഒരു നീതിശാസ്ത്രമുണ്ടോ എന്ന ആരായലാണിവിടെ ഉന്നയിക്കപ്പെടുന്നത്. അപഗ്രഥനാത്മക മാർക്‌സിസ്റ്റുകൾ തുടങ്ങിവച്ച ഈ അന്വേഷണത്തിന്റെ പ്രധാന വാദങ്ങളും അവയുടെ ആന്തരാർഥങ്ങളും മിച്ചമൂല്യത്തിന്റെ കാര്യത്തിലും മതവിമർശനത്തിന്റെ കാര്യത്തിലും മാർക്‌സ് പുലർത്തിയ നിലപാടുകൾ സൂക്ഷ്മമായപഗ്രഥിച്ച്, മറനീക്കുന്നു, ശ്രീകുമാർ.

അവസാനലേഖനം 'മാർക്‌സിസത്തിന്റെ ഭാവിവായനകളാ'ണ്. മൂലധനത്തിന്റെ അസാധാരണവും അത്ഭുതാവഹവുമായ കാലാന്തരപ്രസക്തി ചൂണ്ടിക്കാണിച്ചുകൊണ്ടും മാർക്‌സിസത്തിന്റെ വിമർശനാത്മക വായനകളുടെ സാധ്യത മുന്നോട്ടുവച്ചുകൊണ്ടും ശ്രീകുമാർ എഴുതുന്നു:

'വിമോചനാത്മകമായ ഒരു പുതിയ രാഷ്ട്രീയത്തിന് അനിവാര്യമായ മുതലാളിത്ത-സാമ്രാജ്യത്വ വിമർശനത്തിന് ഏറ്റവും കൂടുതൽ സംഭാവന ചെയ്യാൻ കഴിയുന്ന ഒരു കൃതിയാണ് മൂലധനം. കാരണം, മറ്റു സാമൂഹിക രൂപീകരണങ്ങളെ അപേക്ഷിച്ച് മുതലാളിത്തത്തിന്റെ അതിജീവനശേഷി ആത്യന്തികമായി, പ്രത്യയശാസ്ത്രപരമോ സാംസ്‌കാരികമോ അല്ല, രാഷ്ട്രീയ സമ്പദ്ശാസ്ത്രപരമാണ്. അതിന്റെ അഭൂതപൂർവമായ സാമ്പത്തികശക്തി അതിനു സമാഹരിക്കാൻ കഴിഞ്ഞിട്ടുള്ള എല്ലാ ആയുധ-സൈനിക ശക്തിയെക്കാളും പ്രത്യയശാസ്ത്ര സന്നാഹങ്ങളെക്കാളും അതിന്റെ നിലനില്പിന്റെ മൂലക്കല്ലാണ്. മുതലാളിത്തം മനുഷ്യചരിത്രത്തില കെട്ടഴിച്ചുവിട്ട സാമ്പത്തികശക്തിയുടെ മുഴുവൻ നിഗൂഢതയും പിച്ചിച്ചീന്തിയ ഗ്രന്ഥമാണ് മൂലധനം. ഇന്ന് നമുക്ക് മുതലാളിത്തത്തെ മനസ്സിലാകുന്നുണ്ടെങ്കിൽ അതിനു കാരണം മൂലധനത്തിലെ വിശകലനമാണ്. അല്ലെങ്കിൽ കേവലം ആഡം സ്മിത്തിന്റെയും റിക്കാർഡോയുടെയും പിന്നീടുവന്ന മാർജിനലിസ്റ്റ് ധനശാസ്ത്രജ്ഞന്മാരുടെയും സാമ്പത്തികയുക്തിയിൽ ഏറെക്കാലംകൂടി വിപ്ലവരാഷ്ട്രീയവും വിമോചനോന്മുഖമായ വൈജ്ഞാനിക സമീപനങ്ങളും മറയപ്പെടുമായിരുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു തിരിച്ചറിവാണ്. ഞാൻ വായനയ്ക്കായി വീണ്ടും വീണ്ടും തിരിച്ചുചെല്ലുന്നവയാണ് മാർക്‌സിന്റെ കൃതികൾ. ഒരിക്കൽപോലും അവ ചുറ്റുമുള്ള ലോകത്തെക്കുറിച്ച് പുതിയ എന്തെങ്കിലും ഉൾക്കാഴ്ച നൽകാതിരുന്നിട്ടില്ല. മൂലധനം പോലൊരു കൃതിയുടെ സാധ്യതകൾ നാം ഇപ്പോഴും അറിഞ്ഞുതീർന്നിട്ടില്ല എന്നതുതന്നെ മാർക്‌സിസത്തിന്റെ വലിയൊരു പ്രസക്തിയിലേക്കു വിരൽചൂണ്ടുന്നു. എല്ലാ വായനക്കാർക്കും അവരുടെ രാഷ്ട്രീയ-സാംസ്‌കാരിക-ദാർശനിക സമീപനങ്ങളെ നവീകരിക്കാൻ സഹായിക്കുന്ന വിശകലനസൂക്ഷ്മത മൂലധനത്തിനുണ്ട് എന്നതിനാൽത്തന്നെ ഈ കൃതി ഇനിയും കാലങ്ങളോളം വായിക്കപ്പെടും എന്ന കാര്യത്തിൽ എനിക്കു സംശയമില്ല. മാത്രമല്ല, മാറുന്ന ഭൗതികസാഹചര്യങ്ങൾ ഈ കൃതിയുടെ പ്രസക്തി വീണ്ടും വീണ്ടും വർദ്ധിപ്പിക്കുകയുമാണ്. ലോകസാമ്പത്തികമണ്ഡലം അനുദിനം മാറുമ്പോഴും അത് ആത്യന്തികമായി ഒരു ബൂർഷ്വാസമൂഹത്തിന്റെ സാമ്പത്തികമണ്ഡലംതന്നെയാണ്. അതിന്റെ ആന്തരികമായ പ്രവർത്തനങ്ങളെ മനസ്സിലാക്കാനും വിമർശിക്കാനും ഇന്നും നമുക്കുള്ള ഏറ്റവും ബലവത്തായ അടിസ്ഥാനഗ്രന്ഥം മൂലധനം തന്നെയാണ്.

'മാർക്‌സ് വിചാരങ്ങൾ' നേരിടുന്ന ഒരു പ്രധാന പ്രശ്‌നം മാർക്‌സിയൻ ചിന്തകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ഭാവിസമൂഹത്തെക്കുറിച്ചുള്ള ആശങ്കകളും സംശയങ്ങളുമാണ്. പോസ്റ്റ് സ്ട്രക്ചറലിസ്റ്റ്, പോസ്റ്റ് മാർക്‌സിസ്റ്റ്, പോസ്റ്റ് മോഡേണിസ്റ്റ് വിശകലനങ്ങളിൽ പലതും ഭരണകൂടത്തെക്കുറിച്ചും പുതിയ ഡിജിറ്റൽ മുതലാളിത്തം സൃഷ്ടിക്കുന്ന സർവെയിലൻസ് സംവിധാനങ്ങളെക്കുറിച്ചും സാങ്കേതികസംസ്‌കാരത്തെക്കുറിച്ചും ഒക്കെയുള്ള കാതലായ വിമർശനങ്ങൾ വികസിപ്പിക്കുന്നത് മാർക്‌സിൽ നിന്നുകൂടി ആശയങ്ങൾ സ്വീകരിച്ചുകൊണ്ടും അവയെ നവീകരിച്ചുകൊണ്ടും ചിലപ്പോഴെങ്കിലും പൂർണ്ണമായും അവയെ അധികരിച്ചുകൊണ്ടുമാണെന്നതാണ് വാസ്തവം. എന്നാൽ ഈ നിരീക്ഷണങ്ങളിൽ പലതും ബൂർഷ്വാഭരണകൂടങ്ങൾക്ക് എന്നതുപോലെ ലെനിനിസ്റ്റ്-സ്റ്റാലിനിസ്റ്റ് പാരമ്പര്യമുള്ള സോഷ്യലിസ്റ്റ രാഷ്ട്രീയത്തിന്റെ ഭരണകൂടസംവിധാനങ്ങൾക്കുകൂടി ബാധകമാനണെന്നത് ചരിത്രത്തിലെ വലിയൊരു സൈദ്ധാന്തികബാധ്യതയാവുന്നു. ബാലിശമായ ഉത്തരാധുനികതാപ്പേടിയുടെ പരിഹാസ്യരും നിസ്സഹായരുമായ ബന്ദികൾകൂടിയാണ് അവശേഷിക്കുന്ന ചില കമ്യൂണിസ്റ്റ്-സ്റ്റാലിനിസ്റ്റ് പാർട്ടികൾ എന്നതും വിസ്മരിച്ചുകൂടാ. അതുകൊണ്ടുതന്നെ, 'മാർക്‌സിസം' എന്ന പേരിൽ മുൻകൂർ തയ്യാർചെയ്തുവെക്കുന്ന ഒരു പാക്കേജിൽനിന്ന് മാർക്‌സിനെ മോചിപ്പിച്ച്, ധിഷണാപരമായും രാഷ്ട്രീയമായും വലിയ സംഭാവനകൾ നൽകിയ ചിന്തകരിലൊരാളായി അദ്ദേഹത്തെ പരിഗണിച്ച് ആവശ്യമായ സന്ദർഭങ്ങളിൽ അദ്ദേഹത്തിന്റെ നിഗമനങ്ങളെ അർഹമായ രീതിയിൽ പരിശോധിച്ച് ഉപയോഗിക്കുക എന്ന സമീപനമാണ് രാഷ്ട്രീയ ഇടപെടലുകളിൽ പിന്തുടരാൻ അഭികാമ്യമായി തോന്നയിട്ടുള്ളത്. ഇതു കേവലമായ എക്ലെക്ടിസിസമാണെന്ന തോന്നൽ എനിക്കില്ല'.

'മാർക്‌സും പാരിസ്ഥിതിക നൈതികതയും' എന്ന അഭിമുഖം മാർക്‌സിന്റെ രചനകളും അവയുടെ വ്യാഖ്യാനങ്ങളും ഒരുപോലെ ഉപയോഗപ്പെടുത്തി മുന്നോട്ടുപോകുന്ന മികച്ച സംവാദമാണ്. ഒരുദാഹരണം നോക്കുക:

'ജർമ്മൻ പ്രത്യയശാസ്ത്രം (German Ideology) എന്ന കൃതിയിൽ താത്ത്വികമായ ഒരു പ്രശ്‌നം ചർച്ചചെയ്യുമ്പോൾ അതിശയകരമായിത്തന്നെ എന്നു പറയാം, ഒരു പരിസ്ഥിതിവിഷയം അദ്ദേഹം ഉദാഹരണമാക്കുന്നുണ്ട്. തികച്ചും അപ്രതീക്ഷിതമായൊരു സൈദ്ധാന്തികചർച്ചയുടെ ഇടയിൽ മാർക്‌സ് വ്യവസായമാലിന്യങ്ങൾ നദികളിൽ വന്നടിയുന്നത് മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയെ ബാധിക്കില്ലേ എന്നു വ്യാകുലപ്പെടുന്നു: '.......as soon as the river is made to serve industry, as soon as it is polluted by dyes and other waste products and navigated by steamboats, as soon as its water is diverted into canals where simple drainage can deprive the fish of its medium of existence.' മനുഷ്യന്റെ ഇടപെടലുകൾ പ്രകൃതിയിൽ വരുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഒരു വ്യാകുലത, സൈദ്ധാന്തികവത്കരിക്കപ്പെടാതെയാണെങ്കിലും, മാർക്‌സിനെ പിൽക്കാലത്തും പിന്തുടരുന്നുണ്ട്'.

'വികസനമാണ് സ്വാതന്ത്ര്യം' എന്ന കാഴ്ചപ്പാട് മാർക്‌സിന്റേതാണ്. സാങ്കേതികവിദ്യകൾകൊണ്ട് മനുഷ്യർ പാരിസ്ഥിതിക പ്രതിസന്ധികളെ മറികടക്കും എന്ന വിശ്വാസത്തിൽനിന്ന് മാർക്‌സ് മുന്നോട്ടുപോയോ? ഒരു ചോദ്യവും ഉത്തരവും ശ്രദ്ധിക്കുക:

'ചോദ്യം: മുതലാളിത്തത്തിന്റെ വിമർശകനായിരിക്കുന്ന മാർക്‌സ് സ്വാഭാവികമായും അതുണ്ടാക്കുന്ന അമിതോത്പാദനത്തിന്റെയും വിമർശകനാകേണ്ടതല്ലേ?

സ്വാഭാവികമായിട്ട് ആകുന്നില്ല. എങ്ങനെയാണ് വിമർശിക്കുന്നത് എന്നതാണ്. മുതലാളിത്തത്തിനെതിരേയുള്ള മാർക്‌സിസത്തിന്റെ വിമർശനം എന്താണ് എന്നതാണ് പ്രധാനം. അത് വിഭവചൂഷണത്തെക്കുറിച്ചുള്ള വിമർശനമല്ല. മറിച്ച്, അധ്വാനത്തെ ചൂഷണം ചെയ്യുകയും അധ്വാനത്തിൽ നിന്ന് മൂല്യം ഉത്പാദിപ്പിക്കുകയും ആ മൂല്യംകൊണ്ട് അമിതമായി ലാഭമുണ്ടാക്കുകയും ചെയ്യുന്നതിനെയാണ് മാർക്‌സ് വിമർശിച്ചത്. ആന്റണി ഗിഡൻസ് (Anthony Giddens) A Contemporary Critique of Historical Materialism എന്ന കൃതിയിൽ ഇക്കാര്യം പറയുന്നുണ്ട് - പ്രകൃതിയോട് മാർക്‌സ് സ്വീകരിച്ചത് ഒരു പ്രോമിത്യൻ സമീപനമായിരുന്നു എന്ന്. മാർക്‌സിന്റെ ചൂഷണാധിഷ്ഠിതമായ സാമൂഹികബന്ധങ്ങളെക്കുറിച്ചുള്ള വർഗ്ഗവിശകലനം പ്രകൃതിചൂഷണത്തിന്റെ തലത്തിലേക്ക് അദ്ദേഹം വ്യാപിപ്പിച്ചില്ല എന്ന് ഗിഡൻസ് വിശദീകരിക്കുന്നു'.

മാർക്‌സിന്റെ മെറ്റബോളിക് റിഫ്റ്റ് തിയറി ഉൾപ്പെടെയുള്ളവ മുൻനിർത്തി ബെല്ലാമിഫോസ്റ്ററും മറ്റും കണ്ടെത്തുന്ന പാരിസ്ഥിതിക ഭൗതികവാദം മുതൽ 'ഇക്കോഫാസിസം' പോലുള്ള ശകാരപദങ്ങളുമായി പരിസ്ഥിതിപ്രവർത്തകരെ വേട്ടയാടുന്ന കേരളീയ മാർക്‌സിസ്റ്റുകളുടെ അന്തസാരശൂന്യമായ രാഷ്ട്രീയ ധാരണകൾ വരെയുള്ളവ ശ്രീകുമാർ വിലയിരുത്തുന്നു.

ഈ പുസ്തകത്തിന്റെ പ്രസക്തിയെന്താണ്? ഒന്നാമതായി, മാർക്‌സിയൻ രാഷ്ട്രീയ സമ്പദ്ശാസ്ത്രചർച്ചകൾ തീരെ നടക്കാത്ത മലയാളത്തിൽ അതിനായുള്ള മികച്ച ഒരു ശ്രമമെന്ന നിലയിൽ ഈ പുസ്തകത്തെ കാണാം.

ആറധ്യായങ്ങളിലായി, നവകൊളോണിയലിസത്തിന്റെ സാങ്കേതിക-സാംസ്‌കാരിക പരിതോവസ്ഥകളെ മാർക്‌സിയൻ ചിന്തകളോടിണക്കി വിശകലനം ചെയ്യുന്നു, ഈ പുസ്തകം.

നവസാമൂഹികപ്രസ്ഥാനങ്ങൾ മാർക്‌സിസവുമായി നടത്തേണ്ട സംവാദാത്മകവും വിമർശനാത്മകവുമായ വിനിമയത്തെക്കുറിച്ചുള്ള കനപ്പെട്ട നിരീക്ഷണങ്ങൾ ഈ പുസ്തകത്തിലുണ്ട്.

പാരിസ്ഥിതിക നൈതികതയെ മാർക്‌സിസവുമായി കൂട്ടിയിണക്കുന്ന ഉൾക്കാമ്പുള്ള അഭിമുഖമാണ് ഇതിലുള്ളത്.

മേല്പറഞ്ഞ നാലു പ്രാധാന്യങ്ങളെയും ഊട്ടിയുറപ്പിക്കുന്ന ഘടകം ഈ പുസ്തകത്തിന്റെ രീതിശാസ്ത്രം തന്നെയാണ്. ഒരേസമയം മാർക്‌സിന്റെ മൗലികരചനകളുടെ വായനയും വ്യാഖ്യാനവും നടത്തുന്ന ശ്രീകുമാർ അതാതു വിഷയങ്ങളിൽ നടന്നിട്ടുള്ള ശ്രദ്ധേയങ്ങളായ നൂറുകണക്കിന് പഠന-വ്യാഖ്യാനങ്ങളും തന്റെ വിചാരങ്ങൾക്കാകരമാക്കുന്നു. സാമ്പത്തിക-രാഷ്ട്രീയ-സാംസ്‌കാരിക പഠനങ്ങളിൽ തികച്ചും ആശാസ്യവും സ്വീകാര്യവുമായ മാതൃകയാണിത്. മാർക്‌സ് വായനകളുടെ ഫലം സ്വന്തം ബോധ്യങ്ങളോടിണക്കി രൂപപ്പെടുത്തുന്ന നിലപാടുകളുടെ സുതാര്യതയും സയുക്തികതയുമാണ് ഈ പുസ്തകത്തിന്റെ വേറിട്ട സ്വഭാവം. മാർക്‌സ്പഠനങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും വിപുലമായ ഗ്രന്ഥസൂചി ഈ രചനയുടെ അക്കാദമികമൂല്യം ഉറപ്പാക്കുകയും ചെയ്യുന്നു.

പുസ്തകത്തിൽനിന്ന്:-

'അംബേദ്കർ ശരിയായി ചോദിച്ചതുപോലെ യഥാർത്ഥത്തിൽ നവസാമൂഹികതകളുടെ വിമർശനത്തിനുശേഷം മാർക്‌സിസത്തിൽ ബാക്കിയായത് എന്ത് എന്ന ചോദ്യം പ്രസക്തമാണ്. നൈതികേതരമായ അർത്ഥത്തിൽ മുതലാളിത്ത വിമർശനത്തിന്റെ ഏറ്റവും ശക്തമായ വിശകലനപരിപ്രേക്ഷ്യം മാർക്‌സിസം നൽകുന്നുണ്ട് എന്ന കാര്യം അവിതർക്കിതമാണ്. സ്വകാര്യസ്വത്തകാശം ഉത്പാദനോപകരണങ്ങൾക്കുമേൽ ഇല്ലാത്ത ഒരു വ്യവസ്ഥ ഭൗതികമായി മുതലാളിത്തത്തെക്കാൾ മെച്ചപ്പെട്ടതായിരിക്കുമെന്നും അത് വ്യത്യസ്തമായ, എന്നാൽ എന്താണെന്ന് ഇപ്പോൾ പറയാൻ കഴിയാത്ത, നവനൈതികതയെ സ്വീകരിക്കുകയും ചെയ്‌തേക്കാം എന്നൊരു പ്രതീക്ഷ നിലനിർത്തുന്നു. ലോകത്തെല്ലായിടത്തും നടക്കുന്ന അവകാശപ്പോരാട്ടങ്ങളെ വർഗ്ഗസമരമായി കാണാൻ പ്രേരിപ്പിക്കുന്ന ഒരു റെറ്ററിക് ദാർശനിക സമീപനങ്ങളിൽ, രാഷ്ട്രീയപ്രഖ്യാപനങ്ങളിൽ ചേർത്തുവെക്കാൻ സഹായിക്കുന്നു. സാമ്പത്തികവിശകലനത്തിൽ ലോകമുതലാളിത്തത്തിന്റെ പ്രതിസന്ധിഘട്ടങ്ങളെ അതിന്റെ ആത്യന്തികമായ തകർച്ചയുടെ മുഹൂർത്തമാണോ എന്ന് സന്ദേഹിക്കാൻ അനുവദിക്കുന്ന ഒരു അയഞ്ഞ അന്വേഷണതലം തുറന്നിടുന്നു. കലമുതൽ മതംവരെയുള്ള പ്രതിഭാസങ്ങളെ സാമ്പത്തികാടിത്തറയുമായി ബന്ധമുള്ളവയായി കണ്ടെത്തിയിട്ടുള്ളതിനാൽ ആ ബന്ധത്തിന്റെ സ്ഥല-കാലബദ്ധതകളെ സർഗ്ഗാത്മകമായി വിലയിരുത്താൻ കഴിയുന്ന സമീപനരീതി വികസിപ്പിക്കാൻ സഹായിക്കുന്നു. ഭൗതികവാദത്തെ അതിന്റെ യുക്തിപരമായ മുഴുവൻ സാധ്യതകളിലേക്കും കൊണ്ടുപോകാൻ കഴിയുന്ന ആശയപരമായ അടിത്തറ ഉറപ്പിച്ചുനല്കിയിരിക്കുന്നു. തങ്ങളുടെ ചിന്താഗതിയുമായി-ഉദാഹരണച്ചിന് അംബേദ്കറിസം, ഗാന്ധിസം തുടങ്ങിയവ - ചേർത്തുവെക്കാൻ കഴിയുന്ന ഒന്നാണോ മാർക്‌സിസമെന്ന് ചിന്തിക്കാൻ അന്യവർഗ്ഗചിന്തകരെ പ്രേരിപ്പിക്കുന്ന ഒരു സാമൂഹിക പരിപ്രേക്ഷ്യം അവശേഷിപ്പിക്കുന്നു. ഇങ്ങനെ ചെയ്യുന്നവർ തങ്ങൾ മാർക്‌സിസത്തോടാണ് ഇതു ചേർക്കുന്നത് എന്ന് തെറ്റായി ധരിക്കുന്നത് അവരുടെമാത്രം പ്രശ്‌നമാണ്. അങ്ങനെ അന്യവർഗ്ഗആശയങ്ങൾ കൂട്ടിച്ചേർക്കാൻ സാധാരണഗതിയിൽ മാർക്‌സിസ്റ്റുകൾ തുനിയാറില്ല. പ്ലഖനോവോ, ലെനിനോ, മാവോയോ അങ്ങനെ ചെയ്തിട്ടില്ല. അവരെ സംബന്ധിച്ചിടത്തോളം മാർക്‌സിസം വികസിപ്പിക്കുക എന്നുവച്ചാൽ മാർക്‌സിസം പണ്ടേ കണക്കുതീർത്ത ബൂർഷ്വാചിന്തകരുടെ ആശയങ്ങൾ മാർക്‌സിസത്തോട് കൃത്രിമമായി ചേർത്തുവെക്കുക എന്നല്ല. മറിച്ച്, അതിനോട് പോരാടുക എന്നതാണ്. മാർക്‌സിസത്തിനുശേഷമുള്ള മാർക്‌സിസ്റ്റിതര ആശയങ്ങൾ, അംബേദ്കറുടേതുമുതൽ സ്ത്രീ-ക്വീർ പരിസ്ഥിതിവാദ ആശയങ്ങളടക്കമുള്ളവ മുതലാളിത്തത്തിനുള്ളിലെ വർഗ്ഗേതരവൈരുദ്ധ്യങ്ങളാണ് പ്രതിനിധാനം ചെയ്യുന്നത്. ജാതി എന്നാൽ തൊഴിൽവിഭജനം മാത്രമാണ് എന്ന ഹിന്ദുത്വവാദത്തിൽ അടങ്ങിയിരിക്കുന്ന അപകടം ജാതിയെ അത് സൗകര്യപൂർവ്വം വർഗ്ഗമാക്കുന്നു എന്നതാണ്. മാർക്‌സിന് അന്യമായിരുന്ന ഒരു സാമൂഹികവിഭജനത്തെക്കുറിച്ചാണ് അംബേദ്കർ സംസാരിക്കുന്നത്. അതാവട്ടെ, അയ്യങ്കാളിയും ശ്രീനാരായണഗുരുവും ജ്യോതിറാവു ഫൂലെയും മറ്റും അംബേദ്കറിനു മുൻപുതന്നെ മനസ്സിലാക്കിയിരുന്നതുമാണ്. അംബേദ്കർ മുന്നോട്ടുവെക്കുന്നത് ജാത്യധികാരത്തിന്റെ സമൂലമായ നശീകരണമാണ്. ലിംഗ-ജാതി പ്രശ്‌നങ്ങൾ ചരിത്രപരമായി നിലനിൽക്കുന്ന നൈതികതയുടേതാണ്. ഉത്പാദനശക്തികളുടെ ഉടമാവകാശം അതുമായി ബന്ധപ്പെട്ടുനിൽക്കുമ്പോൾപോലും ഏകപക്ഷീയമായി ആ പ്രശ്‌നം മാർക്‌സിസത്തിന് കൈകാര്യം ചെയ്യാൻ കഴിയില്ല. നൈതികമായ മാറ്റങ്ങൾ രാഷ്ട്രീയമായ അർത്ഥത്തിലുണ്ടായാലേ അവ പരിഹരിക്കാൻ പറ്റൂ. ആ പരിഹാരങ്ങൾക്ക് മാർക്‌സിസവുമായി വലിയ ബന്ധമില്ല. ഏത് അന്യവർഗ്ഗ/മാർക്‌സിസ്റ്റ് ഇതര ചിന്താഗതിയോടും തരംപോലെ ബന്ധിപ്പിക്കാവുന്ന സാമാന്യതത്ത്വമായി മാർക്‌സിസത്തെ കാണുന്നത് ദർശനപരമായ പരിമിതിയാണ്.

എന്നാൽ മാർക്‌സിസ്റ്റുകൾക്ക് വിവിധ വർഗ്ഗശക്തികളുമായും സാമൂഹികശക്തികളുമായും ഐക്യമുന്നണി സാധ്യമാവും. ഇത് ആ ശക്തികളുടെ മാർക്‌സിസ്റ്റ് വിരുദ്ധമോ മാർക്‌സിസ്റ്റിതരമോ ആയ ചിന്താഗതികളെ തോന്നുംപടി മാർക്‌സിസവുമായി ബന്ധിപ്പിക്കാം എന്ന് വാദിച്ചുകൊണ്ടല്ല. മറിച്ച്, മാർക്‌സിസ്റ്റുകൾ മുന്നോട്ടുവെക്കുന്ന ചരിത്രവിശകലന സമീപനത്തിന് അനുയോജ്യമായ രാഷ്ട്രീയ കാലാവസ്ഥ സൃഷ്ടിക്കുന്നതിനുവേണ്ടി മുതലാളിത്തത്തിലെ വർഗ്ഗേതര വൈരുദ്ധ്യങ്ങളുടെ പ്രകാശനങ്ങളിൽ ചേരാവുന്നവയ്‌ക്കൊപ്പം ചേർന്നുകൊണ്ടാണ്. പലപ്പോഴും കമ്യൂണിസ്റ്റ് പാർട്ടിയുടെ ആത്യന്തികമായ ആധിപത്യം ഇത്തരം മുന്നണികളെ ശിഥിലമാക്കാറുണ്ട്. അതിൽനിന്ന് മാർക്‌സിസ്റ്റുകൾ എന്തു പഠിക്കുന്നു എന്നത് ചരിത്രപരമായി പ്രധാനമാവുന്നത് ഈ സന്ദർഭത്തിലാണ്. നവസാമൂഹിക പ്രസ്ഥാനങ്ങൾ മാർക്‌സിസ്റ്റിതരമായ, എന്നാൽ മാർക്‌സിസ്റ്റ് വിരുദ്ധമല്ലാത്ത, നൈതിക രാഷ്ട്രീയത്തിന്റെ വക്താക്കളാണ് - പരിസ്ഥിതിവാദവും വംശീയവിരുദ്ധവാദവും സ്ത്രീവാദവും ജാതിവിരുദ്ധ രാഷ്ട്രീയം അടക്കം. കാരണം, അവ സാമൂഹികഘടനയിലെ വംശ-ലിംഗ-ജാതി അസമത്വങ്ങൾ സാമ്പത്തികമായ അസമത്വങ്ങൾ പരിഹരിക്കുന്നതിലൂടെ ഇല്ലാതാവുമെന്നു കരുതുന്നില്ല. സോഷ്യലിസ്റ്റ് പരീക്ഷണങ്ങൾ നടന്ന സ്ഥലങ്ങളിൽ സങ്കുചിത ദേശീയവാദവും ലിംഗപരമായ അസമത്വങ്ങളും ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും അവസാനിപ്പിക്കുവാൻ കഴിഞ്ഞിരുന്നില്ല. അടിത്തറ-ഉപരിഘടനാസിദ്ധാന്തത്തിന്റെ യാന്ത്രികമായ പ്രയോഗത്തിൽമാത്രം അടിച്ചുറപ്പിച്ച സമീപനങ്ങൾ അവ അംഗീകരിക്കുന്നില്ല. എന്നാൽ ഇവ മാർക്‌സിസത്തിന് എതിരല്ല. എന്നാൽ മാർക്‌സിസം മുന്നോട്ടുവെക്കുന്ന ഭൗതികപുരോഗതിയെ അടിസ്ഥാനപ്പെടുത്തിയുള്ള ചരിത്രവികാസം എത്രത്തോളം സ്വീകരിക്കണമെന്ന കാര്യത്തിൽ സന്ദേഹമുള്ളവരാണ് നവസാമൂഹികതയുടെ വക്താക്കൾ. മാർക്‌സിസം ഇരുപതാം നൂറ്റാണ്ടിൽ സൃഷ്ടിച്ച സൈനികഭരണത്തിൽനിന്നു വ്യത്യസ്തമായ ഒരു ഭരണകൂടരൂപം മുന്നോട്ടുവെക്കാനാണ് നവസാമൂഹികതയുടെ രാഷ്ട്രീയം ശ്രമിക്കുന്നത് എന്നതുകൊണ്ടുതന്നെ കൂടുതൽ ജനാധിപത്യപരമായ ഒരു നിയമ-രാഷ്ട്രീയ-സാംസ്‌കാരിക-നൈതിക സമീപനം എങ്ങനെ വികസിപ്പിക്കാം എന്ന സന്ദേഹം നവസാമൂഹികതയുടെ ആശയങ്ങളെ ഒരേസമയം സങ്കീർണ്ണവും പ്രത്യാശാഭരിതവുമാക്കുന്നുണ്ട് എന്നത് പ്രധാനമാണ്'.

പുനർവായനകളിലെ മാർക്‌സിസം
ടി.ടി. ശ്രീകുമാർ
ഡി.സി. ബുക്‌സ് 2019
വില: 225 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP