Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്ത്രീവാദം സമരമാണ്

സ്ത്രീവാദം സമരമാണ്

ഷാജി ജേക്കബ്

'Feminism is for everybody - Bell Hooks'

'The point, as Marx saw it, is that dreams never come true' - Hannah Arendt

സ്ത്രീവാദത്തിനു സാംസ്‌കാരികപാഠമാതൃകകൾ നിർമ്മിക്കുന്ന സാഹിത്യ, കലാപ്രവർത്തകർ മലയാളത്തിൽ പലരുണ്ടെങ്കിലും സ്ത്രീവാദചിന്തയെ ചരിത്രവൽക്കരിച്ചും രാഷ്ട്രീയവൽക്കരിച്ചും മൗലികമായി വിശദീകരിക്കാൻ ജെ. ദേവികയല്ലാതെ മറ്റൊരാളില്ല. ഫെമിനിസത്തെക്കുറിച്ചുള്ള താത്വികചർച്ചകൾ ഇതരനാടുകളിൽനിന്നു കടംകൊണ്ടു വിവരിക്കുന്നതിലായാലും സ്വതന്ത്രമായി ആവിഷ്‌ക്കരിക്കുന്നതിലായാലും ദേവികക്കുള്ള അക്കാദമിക സൂക്ഷ്മതയും സാമൂഹിക ജാഗ്രതയും സൈദ്ധാന്തിക വ്യക്തതയും പ്രായോഗിക തീവ്രതയും കേരളീയസന്ദർഭത്തിൽ നാളിതുവരെ മറ്റൊരു മലയാളിയും പ്രകടിപ്പിച്ചു കണ്ടിട്ടില്ല. നവചരിത്രവാദം മുൻനിർത്തി വ്യക്തിവൽക്കരണത്തെയും ലിംഗഭേദത്തെയും കുറിച്ചു പഠിച്ച തന്റെ ഗവേഷണപ്രബന്ധത്തിലാകട്ടെ, കേരളീയ പൊതുമണ്ഡലത്തിന്റെ സ്ത്രീപക്ഷ അപനിർമ്മിതിയിലാകട്ടെ, മലയാളസാഹിത്യചരിത്രത്തിന്റെ സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള പഠനത്തിലാകട്ടെ ഭിന്ന സാംസ്‌കാരിക മൂല്യപദവികളിൽ നടന്ന ചരിത്രാപഗ്രഥനത്തിലാകട്ടെ, ഇപ്പോൾ പുറത്തുവന്നിട്ടുള്ള സ്ത്രീവാദത്തിന്റെ ആഗോള രാഷ്ട്രീയ സമര ചരിത്ര വിശകലനത്തിലാകട്ടെ, ഈ നിലപാടും നിലവാരവും ദേവിക തെല്ലും കൈവിട്ടിട്ടില്ല. പുസ്തകങ്ങളായി പ്രസിദ്ധീകരിച്ച ഈ പഠനങ്ങൾ പോലെതന്നെ പ്രസക്തമാകുന്നു, വിവർത്തനങ്ങളിലും സാമൂഹ്യപ്രശ്‌നങ്ങളിലെ ഇടപെടലുകളിലും ദേവിക നിരന്തരം പുലർത്തിപ്പോരുന്ന സ്ത്രീപക്ഷ നിലപാടുകളും. ആധുനിക, നവമാധ്യമ മണ്ഡലങ്ങളിലും പൊതുവേദികളിലും സ്ത്രീപക്ഷരാഷ്ട്രീയം ഊർജ്ജസ്വലമായി നിലനിർത്തുന്നതിൽ, ലോകമെങ്ങുമുള്ള അക്കാദമിക വേദികളിൽ കേരളീയ-ഇന്ത്യൻ സ്ത്രീവാദത്തെ സാംസ്‌കാരിക രാഷ്ട്രീയ വ്യവഹാരങ്ങളായി ആവിഷ്‌ക്കരിക്കുന്നതിൽ ഒക്കെ ദേവിക പുലർത്തുന്ന താല്പര്യം ഒന്നുവേറെതന്നെയാണ്. ദേവികയുടേതായി ഏറ്റവുമൊടുവിൽ പുറത്തുവന്ന പുസ്തകമാണ് 'പെണ്ണൊരുമ്പെട്ടാൽ ലോകം മാറുന്നു: ലിംഗനീതിയുടെ വിപ്ലവങ്ങൾ'.

'കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ?' എന്ന മലയാളത്തിലെ ഏറ്റവും മികച്ച ലിംഗ, ലിംഗപദവീ പഠനഗ്രന്ഥത്തിന്റെ തുടർച്ചയെന്നു വിളിക്കാവുന്ന കൃതിയാണിത്. ഒന്നിൽ 'ചരിത്ര'വും മറ്റേതിൽ 'രാഷ്ട്രീയ'വുമാണ് ആധാരതത്വമായി നിൽക്കുന്നതെങ്കിലും രചനാരീതിശാസ്ത്രത്തിലും ഗ്രന്ഥനിർമ്മാണത്തിലും ഘടനയിലുമൊക്കെ ഇവ രണ്ടും സമാനത പുലർത്തുന്നു. ചരിത്രപരമായും ഉള്ളടക്കപരമായും കേരളത്തിലൊതുങ്ങിനിന്നു, 'കുലസ്ത്രീ'യെങ്കിൽ 'പെണ്ണൊരുമ്പെട്ടാൽ' ആഗോള ലിംഗനീതിസമരങ്ങളുടെ രാഷ്ട്രീയചരിത്രമാണ്. സ്ത്രീവാദമെന്നാൽ നിരന്തരമായ സമരമാണ്; അതുതന്നെയാണ് അതിന്റെ രാഷ്ട്രീയവും എന്നു സ്ഥാപിക്കുന്ന പുസ്തകം. ആമുഖത്തിൽ, ഈ പുസ്തകത്തിന്റെ രചനാപ്രത്യയശാസ്ത്രം തന്റെ ഫെമിനിസ്റ്റ് നിലപാടുകളാണ് എന്നു ദേവിക ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിങ്ങനെയാണ്: 'എല്ലാവിധ പിതൃമേധാവിത്വങ്ങളെയും എതിർക്കുന്ന രാഷ്ട്രീയമായ ഫെമിനിസം കാഡർ പാർട്ടി സംവിധാനപ്രകാരമല്ല സംഘടിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് പരസ്പര സംവാദങ്ങളിലൂടെ, ബന്ധപ്പെട്ടു കിടക്കുന്ന, അതിവിശാലമായ, പല തലങ്ങളുള്ള, ആഗോളവ്യാപ്തിയുള്ള, ശൃംഖലയാണ് ഇന്ന് ഫെമിനിസം. ആ ശൃംഖലയ്ക്കുള്ളിൽ സ്ഥിതിചെയ്യുന്ന ഒരു പ്രത്യേക ബിന്ദുവിൽ നിന്നാണ് ഈ പുസ്തകം രചിക്കപ്പെടുന്നത്. ഈ ബിന്ദു എന്റെ തന്നെ ഫെമിനിസമാണ്. ഇടതുജനാധിപത്യത്തിൽ വിശ്വസിക്കുന്നതും, ഭിന്നലൈംഗികതയെ വിമർശിക്കുന്നതും, അമേരിക്കൻ ഉദാരവാദ ഫെമിനിസ്റ്റുകളെ ചെറുക്കുന്നതും, തദ്ദേശസാഹചര്യങ്ങളെ പരിഗണിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഊന്നുന്നതും, ഫെമിനിസത്തിലെ വൈവിദ്ധ്യങ്ങളെ ശക്തിയായി കണക്കാക്കുന്നതുമായ ഒരു സവിശേഷ ഫെമിനിസം - എന്റെ ഫെമിനിസം - പല ഫെമിനിസ്റ്റ് നിലപാടുകളിൽ ഒന്നുമാത്രമാണ്'.

ഈ പുസ്തകം അടിസ്ഥാനപരമായി ഉന്നയിക്കുന്ന പ്രശ്‌നം സ്ത്രീവാദമെന്നത് ഒരു രാഷ്ട്രീയപ്രവർത്തനമാകുന്നതെങ്ങനെ എന്നാണ്. അഥവാ രാഷ്ട്രീയപ്രക്രിയയെന്ന നിലയിലല്ലാതെ സ്ത്രീവാദം നിലനിൽക്കുന്നില്ല എന്നതുതന്നെ. അതിനായി പത്തുവിഷയമേഖലകളുടെ വിശദമായ ചരിത്രവും ചർച്ചയും (അഥവാ തത്വവും പ്രയോഗവും തന്നെ) അവതരിപ്പിക്കുന്നു, ദേവിക. ഒപ്പം ഓരോ വിഷയമേഖലയ്ക്കുള്ളിലും ശ്രദ്ധപിടിച്ചുപറ്റുന്ന സമരസന്ദർഭങ്ങളുടെയോ സമരനായികമാരുടെയോ സൂക്ഷ്മചിത്രങ്ങളും. ചുരുക്കിപ്പറഞ്ഞാൽ സ്ത്രീവാദത്തിന്റെ തത്വം രാഷ്ട്രീയവും പ്രയോഗം സമരവുമാകുന്നതിന്റെ ചരിത്രഭൂപടമാകുന്നു, 'പെണ്ണൊരുമ്പെട്ടാൽ'.

പതിനൊന്നധ്യായങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ആദ്യ മൂന്നധ്യായങ്ങൾ രാഷ്ട്രീയചിന്ത (political science)യും സ്ത്രീയും തമ്മിലുള്ള ബന്ധത്തിലെ മൂന്ന് അടിസ്ഥാനപ്രശ്‌നങ്ങൾ ചർച്ചക്കെടുക്കുന്നു. 'രാഷ്ട്രീയത്തിൽ പഠിക്കാനെന്തിരിക്കുന്നു' എന്ന ഒന്നാമധ്യായം വൈജ്ഞാനിക പദ്ധതിയെന്ന നിലയിൽ രാഷ്ട്രീയചിന്തയുടെ അക്കാദമിക ചരിത്രം സ്ത്രീകളും, സ്ത്രീകളെയും എങ്ങനെ ഉൾക്കൊണ്ടു/ഒഴിവാക്കി എന്നന്വേഷിക്കുന്നു. ഔപചാരികവും അനൗപചാരികവും; സംഘടിതവും അസംഘടിതവുമായ രാഷ്ട്രീയ പ്രക്രിയകൾക്കു പിന്നിലെ താൽപര്യങ്ങൾ വിശദീകരിക്കാൻ ദേവിക സ്വീകരിക്കുന്ന സമീപനരീതിശാസ്ത്രവും മറ്റൊന്നല്ല. ബിഹേവിയറിസ്റ്റ് രാഷ്ട്രീയചിന്തയെന്ന വിജ്ഞാനമണ്ഡലത്തിന്റെ ചരിത്രവും സങ്കല്പനങ്ങളും; ഫെമിനിസ്റ്റ് രാഷ്ട്രീയചിന്തയുടെ അന്തർവൈജ്ഞാനിക ഘടനയും സ്വഭാവവും; അമേരിക്കൻ രാഷ്ട്രീയചിന്തയുടെയും മാർക്‌സിയൻ രാഷ്ട്രീയചിന്തയുടെയും താത്വികപരിസരങ്ങൾ എന്നിങ്ങനെ നിലനിൽക്കുന്ന പ്രമുഖങ്ങളായ ആഗോള രാഷ്ട്രീയപദ്ധതികൾ വിശകലനം ചെയ്യുന്ന ദേവിക ഈയധ്യായത്തിൽ നിർവഹിക്കുന്ന കാതലായ രണ്ടു ധർമങ്ങളുണ്ട്. ഒന്ന്, എന്താണ് രാഷ്ട്രീയം എന്ന കാര്യത്തിൽ നിലപാടെടുക്കുന്നു.

'ചുരുക്കിപ്പറഞ്ഞാൽ, യഥാർത്ഥവും പൂർണ്ണവുമായ ജനാധിപത്യത്തിൽ നിന്ന് നാം എത്രയോ അകലെയാണെന്ന സത്യത്തെ നാം അംഗീകരിച്ചു. ആ ലക്ഷ്യത്തിൽ എത്താൻ അധികാരത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക മാനങ്ങളെ സൂക്ഷ്മമായി പഠിക്കുകയും ചെറുക്കുകയും വേണമെന്ന ബോദ്ധ്യം കുറേക്കൂടെ ശക്തമായി. അതു നേടണമെങ്കിൽ നിയമസഭകളിലും സർക്കാരിന്റെ ഔദ്യോഗിക വേദികളിലും അധികാരത്തിലെത്തുന്നതിനു പുറമേ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ അധികാരപ്രശ്‌നങ്ങളിലേക്കു കൂടി രാഷ്ട്രീയമെന്ന സങ്കല്പത്തെ വളർത്തണമെന്നും നാം കണ്ടു.

രാഷ്ട്രീയത്തെ മേലാള-തൊഴിലാളിവർഗ്ഗങ്ങൾ തമ്മിലുള്ള സംഘർഷമായോ വിഭവപുനർവിതരണത്തെച്ചുറ്റിപ്പറ്റിയുള്ള പ്രക്രിയകളായോ മാത്രം കണ്ടിരുന്ന രീതികളുപയോഗിച്ച് മേൽപ്പറഞ്ഞ അധികാരബന്ധങ്ങളെക്കുറിച്ചു പഠിക്കാൻ കഴിയില്ലെന്നും നാം തിരിച്ചറിഞ്ഞു തുടങ്ങി. സമൂഹത്തിന്റെ കോണുകളിലും തുറസ്സുകളിലും ഇടുക്കങ്ങളിലും പടർന്നു പന്തലിച്ചു നിൽക്കുന്ന അധികാരരൂപങ്ങളെയും ഉച്ചനീചത്വങ്ങളെയും, പൊതുരംഗത്തു സംഘടിപ്പിക്കപ്പെടുന്ന തുറന്ന, കൂട്ടായ പ്രവർത്തനങ്ങളിലൂടെ പഠിക്കുകയും പരിഹരിക്കുകയും ചെയ്യുന്ന രീതിയാണ് രാഷ്ട്രീയമെന്ന തിരിച്ചറിവാണ് ഈ പ്രസ്ഥാനങ്ങളിലൂടെ നമുക്കുണ്ടായത്.

വർഗ്ഗരാഷ്ട്രീയം അപ്രസക്തമായെന്നല്ല ഇതിന്റെയർത്ഥം. പക്ഷേ അതു മാത്രമല്ല രാഷ്ട്രീയമെന്നു നാമിന്ന് അംഗീകരിക്കുന്നു. അധികാരബന്ധങ്ങൾ പല വിധത്തിലാണുള്ളതെന്നും, അവ പരസ്പരം ചുറ്റിപ്പിണഞ്ഞു കിടക്കുന്നതെങ്ങനെ എന്ന് തിരിച്ചറിയുന്നതാണ് രാഷ്ട്രീയപ്രവർത്തനത്തിലേക്കുള്ള ആദ്യ ചുവടെന്നും ഇന്ന് പരക്കെ അഭിപ്രായമുണ്ട്'.

രണ്ട്, ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയ തത്വചിന്തകരിൽ ഏറ്റവും ശ്രദ്ധേയമായ ഹന്നാ ആരൻടിന്റെ നിരീക്ഷണങ്ങൾ മുഖ്യമായും പിൻപറ്റി, അധികാര രാഷ്ട്രീയത്തിന്റെ ഹിംസാത്മക വ്യവഹാരങ്ങളെക്കുറിച്ചും സമകാല ആഗോള, ഇന്ത്യൻ പശ്ചാത്തലങ്ങളിൽ ഏറെ പ്രസക്തമായ പരികല്പനകളായി നിലനിൽക്കുന്ന അധികാരം, സർവാധിപത്യം, ജനാധിപത്യം തുടങ്ങിയവയെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നു. ഇന്ത്യൻ പശ്ചാത്തലത്തിൽ വിവിധങ്ങളായ രാഷ്ട്രീയപദ്ധതികൾ സ്ത്രീവാദത്തിനു നൽകിയ അവഗണനകളും പരിഗണനകളും മുൻനിർത്തി ദേവിക ഈ വിഷയം ക്രോഡീകരിക്കുന്നു. ഫാഷിസം, കമ്യൂണിസം തുടങ്ങിയ സർവാധിപത്യ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ മുതൽ ചുംബന-ആർത്തവസമരങ്ങൾ പോലുള്ള നവ, പൗര, ജനാധിപത്യപ്രസ്ഥാനങ്ങൾ വരെയുള്ളവ ഈയധ്യായം ചർച്ചക്കെടുക്കുന്നു.

'അങ്ങനെ നോക്കുമ്പോൾ രാഷ്ട്രീയ ചിന്താമുഖ്യധാരയുടെ പിതാക്കന്മാർ പറയുന്നത് അതുപടി വിഴുങ്ങേണ്ട കാര്യമൊന്നുമില്ലെന്നും ലിംഗാധികാരത്തെ വെളിവാക്കുന്ന വിധത്തിൽ രാഷ്ട്രീയ ചിന്തയെ മാറ്റിപ്പണിയാമെന്നുമുള്ള ശുഭാപ്തിവിശ്വാസം ഇന്ന് ഫെമിനിസ്റ്റ് ചിന്തകർക്കുണ്ട്. അതുകൊണ്ട് പട പേടിച്ചു പന്തളത്തു ചെന്നവരെപ്പോലെ പൊളിറ്റിക്കൽ സയൻസിൽ നിന്ന് രാഷ്ട്രീയചിന്തയിലെത്തി രണ്ടിടത്തും ഒരുപോലെ കൈപൊള്ളി ഇളിഭ്യരാകേണ്ട കാര്യമിന്നില്ല. കാരണം രണ്ടിടത്തെയും ആൺകോയ്മാശീലങ്ങളെ അടിസ്ഥാനപരമായി ചോദ്യം ചെയ്യാനും തിരുത്തിയെഴുതാനും ഫെമിനിസ്റ്റുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലാണെങ്കിൽ, ലിംഗഭേദത്തെ ഗൗരവമായെടുക്കുന്ന രാഷ്ട്രീയപഠനങ്ങൾ 1980കളിൽ, അതായത്, ഇവിടുത്തെ സ്ത്രീപ്രസ്ഥാനം സജീവമായതിൽപ്പിന്നെയാണ് ഉണ്ടായിത്തുടങ്ങിയത്. 1940കൾക്കുശേഷം ഔപചാരിക ഭരണസംവിധാനത്തിൽ സ്ത്രീകൾക്കു പ്രത്യേക പരിഗണന വേണമെന്ന വാദം മങ്ങിയിരുന്നു ഫെമിനിസ്റ്റ് രാഷ്ട്രീയപഠനങ്ങൾക്ക് - ഒരുവശത്തു ഇവിടുത്തെ ഭരണകൂടത്തിന്റെ പുരുഷാധികാരസ്വഭാവത്തെയും സർക്കാർ മുൻകൈയിൽ നടക്കുന്ന ജനക്ഷേമപരിപാടികളെയും ശ്രദ്ധിക്കേണ്ടി വന്നു. മറുവശത്ത് അവ ജാതി-സമുദായപിതൃമേധാവിത്വങ്ങളെ തുറന്നുകാട്ടി. തുടക്കം മുതൽക്കേ ഇന്ത്യൻ ഫെമിനിസ്റ്റ് രാഷ്ട്രീയപഠനങ്ങൾ രാഷ്ട്രീയത്തെ രാഷ്ട്രീയപാർട്ടികൾ, ജനാധിപത്യത്തിന്റെ ഔപചാരിക സ്ഥാപനങ്ങളായ നിയമസഭകൾ എന്നിവയിലേക്കു പരിമിതപ്പെടുത്തിയില്ല എന്നു ചുരുക്കം. അവ പുരുഷാധികാരത്തിന്റെ പ്രശ്‌നങ്ങളിൽ ഭരണകൂടസംവിധാനത്തിന് മുഖ്യമായൊരു പങ്കുണ്ടെന്ന് അംഗീകരിച്ചു, അവിടെ ശ്രദ്ധയൂന്നി. അതിനൊപ്പം ആൺകോയ്മാവ്യവസ്ഥ ഭരണകൂടത്തിന്റെ മേഖലയെ കവിഞ്ഞുനിൽക്കുന്നുവെന്നും, സ്ത്രീകളുടെ ജനാധിപത്യസമരങ്ങൾ മറ്റു കീഴാളജനങ്ങളുടെ സമരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നും സമ്മതിക്കാൻ തയ്യാറായി. സ്ത്രീസംവരണമടക്കമുള്ള സ്ത്രീകേന്ദ്രിത സർക്കാർ പരിപാടികൾ അടുത്തകാലത്ത് ഉഷാറായിത്തുടങ്ങിയതോടെ ആ രംഗത്തെ സാദ്ധ്യതകളെയും പരിമിതികളെയും പറ്റി വിമർശനപരമായ അകലം പുലർത്തിക്കൊണ്ട് പഠിക്കാനും ഫെമിനിസ്റ്റ് രാഷ്ട്രീയഗവേഷകർ തയ്യാറാകുന്നുണ്ട്'.

'പെണ്ണുങ്ങൾക്കു രാഷ്ട്രീയം ആവശ്യമോ?' എന്ന രണ്ടാമധ്യായം, സാന്നിധ്യത്തിന്റെയും പങ്കാളിത്തത്തിന്റെയും ഭാവവും അഭാവവും മുൻനിർത്തി സ്ത്രീയുടെ രാഷ്ട്രീയ പ്രവേശത്തിന്റെ പ്രത്യയശാസ്ത്രം വിശകലനം ചെയ്യുന്നു. സ്‌ത്രൈണതയെക്കുറിച്ചു നിലനിൽക്കുന്ന പൊതു/പിതൃബോധങ്ങൾ സ്ത്രീയുടെ രാഷ്ട്രീയ നിർവാഹകത്വങ്ങളെ എതിർക്കുന്നവയാണ്. പണം, അധികാരം, കുടുംബത്തിനു വെളിയിലേക്കുള്ള യാത്ര എന്നിവയൊക്കെ സ്ത്രീയുടെ പരസ്യസാമൂഹ്യസാന്നിധ്യത്തെ പ്രശ്‌നഭരിതമാക്കുന്നു. ലോകമെങ്ങും നിന്നുള്ള ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ച് ലിംഗജനാധിപത്യത്തിന്റെ അഭാവം വിശകലനം ചെയ്തുകൊണ്ടാണ് രാഷ്ട്രീയം ഒരാവശ്യമാണെന്ന കാഴ്ചപ്പാട് ദേവിക ഉറപ്പിക്കുന്നത്. ഗാർഹികപീഡനം മുതൽ രാജ്യഭരണം വരെയുള്ള വിഷയങ്ങൾ ചർച്ചക്കെടുക്കുന്നു. അമേരിക്കൻ കോൺഗ്രസ് മുതൽ കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ വരെയുള്ളവ പാഠമാതൃകകളാക്കി സ്ത്രീസാന്നിധ്യത്തിന്റെ നാനാർഥങ്ങൾ വിശദീകരിക്കുന്നു. സ്ത്രീസംവരണത്തിനെതിരെയുള്ള രാഷ്ട്രീയപാർട്ടികളുടെ നിലപാട് വിമർശിക്കുന്നു. സുചേതാ കൃപലാനി മുതൽ ഭവരീദേവി വരെയുള്ളവരുടെ കഥകൾ ചൂണ്ടിക്കാണിച്ചും politics, political എന്നീ പരികല്പനകൾ തമ്മിലുള്ള വ്യത്യാസം വിശകലനം ചെയ്യുന്ന രാഷ്ട്രീയമീമാംസാപഠനങ്ങൾ അവതരിപ്പിച്ചും ഈ ഭാഗം ദേവിക ഉപസംഹരിക്കുന്നു.

'എന്നാൽ സ്ത്രീകൾക്കു രാഷ്ട്രീയം ആവശ്യമുണ്ടോ എന്ന ചോദ്യത്തെ മറ്റൊരു രീതിയിലും സമീപിക്കാം. അനീറ്റാ ഹിൽ മുതൽ ഭവരീ ദേവി വരെയുള്ള പോരാളികളും അവരെ പിൻതാങ്ങിയ രാഷ്ട്രീയപ്രവർത്തകരും ഫെമിനിസ്റ്റുകളും തങ്ങളുടെ അവകാശങ്ങളുന്നയിക്കുമ്പോൾ വളരെ പ്രധാനപ്പെട്ട മാറ്റത്തിന് വഴിയൊരുക്കുകയാണെന്ന് പറയാം. മനുഷ്യർ കെട്ടിപ്പടുക്കുന്ന ഈ ലോകത്ത് അവർ (മനുഷ്യർ) പരസ്പരം പങ്കുവയ്ക്കുന്നതെന്ത് എന്നതിനെപ്പറ്റിയുള്ള ധാരണകളെത്തന്നെ ഈ സ്ത്രീകൾ അടിമുടി തിരുത്തിയെഴുതുന്നു. അവർ തങ്ങൾക്കർഹമായതു നേടിയെടുക്കുന്നത് താത്പര്യസംഘത്തിന്റെ തൻകാര്യം നോട്ടത്തിലൂടെയല്ല. സമൂഹം മൊത്തം പങ്കുവയ്ക്കുന്നതെന്ത് എന്ന ചോദ്യത്തിനു പുതിയൊരുത്തരം കണ്ടുകൊണ്ടാണെന്നും പറയാമല്ലോ?

ഏകദേശം ഈ വ്യത്യാസത്തെ ഊന്നിക്കൊണ്ടാണ് Sheldon Wolin, Hanna Pitkin, Hannah Arendt എന്നീ ചിന്തകർ politics എന്ന സങ്കല്പത്തെ political എന്ന സങ്കല്പത്തിൽ നിന്ന് വേർതിരിച്ചു കാണുന്നത്. പൊതു അധികാരികളുടെ കൈവശമുള്ള വിഭവങ്ങളുടെ വിതരണത്തെ സംബന്ധിച്ചാണ് politics എന്ന് Wolin പറയുന്നു. ഈ വിഭവവിതരണത്തെച്ചൊല്ലി സംഘടിതവും പരസ്പരം തുല്യമല്ലാത്തതുമായ സാമൂഹ്യശക്തികൾ തമ്മിൽ നടത്തുന്ന നിയമസാധുതയുള്ള പരസ്യമായ ചോദ്യം ചെയ്യലുകളെയാണ് താൻ politics ആയി കാണുന്നതെന്നു അദ്ദേഹം 1996-ൽ രചിച്ച - 'Fugitive politics' എന്ന ലേഖനത്തിൽ പറയുന്നു. ഇതിൽ നിന്ന് പൂർണ്ണമായും വ്യത്യസ്തമാണ് political. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, വൈവിദ്ധ്യങ്ങൾ നിറഞ്ഞ സമൂഹത്തിൽ ചില അപൂർവ്വനിമിഷങ്ങളിൽ നാം ഏവരും പങ്കുവയ്ക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ബോധം ഉണ്ടാകുന്നു; തുടർന്ന് കൂട്ടായ ആലോചനകളിലൂടെ പൊതുവായ നൽവാഴ്‌വിനെ സംരക്ഷിക്കാനോ പോഷിപ്പിക്കാനോ ആ സംഘശക്തി പ്രയോഗിക്കപ്പെടുന്നു - ഈ അവസ്ഥയാണ് political. മനുഷ്യർ പൊതുവിൽ പങ്കുവയ്ക്കുന്നതിനെപ്പറ്റിയുള്ള കൂട്ടായ ആലോചനയായാണ് political എന്ന സങ്കല്പം വ്യാഖ്യാനിക്കപ്പെടുന്നത്. ആ ആലോചനയിലൂടെ ഉണ്ടായിവരുന്ന ഇടത്തെ വിപണിയുടെ കളികൾക്കും, കുറേ മാനേജർമാർക്കും, അല്ലെങ്കിൽ ഇടുങ്ങിയ സ്വകാര്യജീവിതവൃത്തങ്ങൾക്കും വിട്ടുകൊടുക്കുന്ന രീതികൾക്കെതിരാണ് ഈ ചിന്തകർ. യഥാർത്ഥ രാഷ്ട്രീയം നാം പൊതുവിൽ പങ്കുവയ്ക്കുന്നതെന്ത് എന്ന ചോദ്യത്തെ നിരന്തരം നവീകരിക്കുന്നുവെന്ന് Wolin, Pitkin തുടങ്ങിയ രാഷ്ട്രീയചിന്തകർ ചൂണ്ടിക്കാണിക്കുന്നു. ജനാധിപത്യത്തിന്റെ ഔപചാരികസ്ഥാപനങ്ങളുടെ പുറത്താണ് യഥാർത്ഥത്തിൽ രാഷ്ട്രീയമെന്ന് Wolin സൂചിപ്പിക്കുമ്പോൾ, ഇന്നത്തെ അവസ്ഥയിൽ ഈ സ്ഥാപനങ്ങൾ പൊതുനന്മയെ മറന്നിരിക്കുന്നു എന്നാണദ്ദേഹം പറയുന്നത്. രാഷ്ട്രീയം അവയിലെ അടഞ്ഞ, ഉറഞ്ഞു കട്ടിയായിപ്പോയ അസമത്വങ്ങളെ പിടിച്ചുകുലുക്കുന്നു, അവയുടെ ചിട്ടകളെ അസ്ഥിരപ്പെടുത്തുന്നു.

അങ്ങനെയെങ്കിൽ Hannah Arendt ഓർമ്മിപ്പിക്കുംപോലെ, രാഷ്ട്രീയമെന്നാൽ വെറുക്കപ്പെട്ട ഇടമല്ല, മനുഷ്യനിലയ്ക്ക് അത്യന്താപേക്ഷിതമായ മേഖലയാണ് - വ്യക്തിക്ക് യഥാർത്ഥ സ്വാതന്ത്ര്യവും സക്രിയത്വവും കണ്ടെത്താൻ കഴിയുന്ന ഇടം. നാം പൊതുവിൽ പങ്കുവയ്ക്കുന്നതിനെക്കുറിച്ചുള്ള കൂട്ടായ ആലോചനയ്ക്കുപകരം ഇന്ന് പരസ്യവ്യവസായവും, സർക്കാർ ഉദ്യോഗസ്ഥരും മതമേധാവികളും മറ്റുമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. വെറുതേയല്ല, രാഷ്ട്രീയമെന്ന ഇടത്തിനു സംഭവിക്കുന്ന ശോഷണം, ആ ഇടത്തെക്കുറിച്ച് പ്രമുഖ ബുദ്ധിജീവികൾ പോലും പരോക്ഷമായി കൊണ്ടുനടക്കുന്ന പുച്ഛം എന്നിവ രാഷ്ട്രീയചിന്തകരുടെ ഏറ്റവും വലിയ വേവലാതിയിരിക്കുന്നത്. അവരുടെ ചിന്തയെ പിൻതുടർന്നാൽ സ്ത്രീകളെ സംബന്ധിച്ചു മാത്രമല്ല, ആരെ സംബന്ധിച്ചും രാഷ്ട്രീയം ആവശ്യമുണ്ടോ എന്ന ചോദ്യം അസംബന്ധമാണെന്നു കാണാം'.

'സ്ത്രീകൾക്കു സ്വന്തം രാഷ്ട്രീയപാർട്ടി ആയാലെന്താ?' എന്ന മൂന്നാമധ്യായം, രാഷ്ട്രീയപ്രക്രിയയിൽ സംഭവിച്ച വിപ്ലവകരമായ ഒരാശയത്തിന്റെയും പ്രയോഗത്തിന്റെയും അവലോകനമാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ യൂറോപ്പിലും പുറത്ത് പലേടത്തും ഈ പരീക്ഷണം നടന്നു. പക്ഷെ എല്ലായിടത്തും അവ പരാജയപ്പെട്ടു. എന്തുകൊണ്ട്? ഭിന്നങ്ങളായ സാമൂഹ്യ, ശാസ്ത്ര, രാഷ്ട്രീയ ചിന്താപദ്ധതികൾ മുൻനിർത്തി ദേവിക ഈ പ്രശ്‌നം വിശകലനം ചെയ്യുന്നു. ഇന്ത്യയിൽ പാർലമെന്റിലും പുറത്തും നടന്ന സ്ത്രീസംവരണ ചർച്ചകളുടെ അകംപുറങ്ങൾ വിശദീകരിച്ച് ഈ വിഷയത്തിന്റെ പ്രായോഗിക രാഷ്ട്രീയം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. സ്ത്രീവാദത്തിന്റെ വൈവിധ്യങ്ങളും വൈരുധ്യങ്ങളും വിവരിച്ചും സ്ത്രീയുടെ തന്മ(identity)യെക്കുറിച്ചുള്ള നാനാതരം നിലപാടുകൾ വിശകലനം ചെയ്തും ഈ ചർച്ച പൂർത്തിയാക്കുന്നു.

'ലോകത്തെ വിഖ്യാതങ്ങളായ ചില രാഷ്ട്രീയ വിപ്ലവങ്ങളും സ്ത്രീകളും' എന്നതാണ് നാലാമധ്യായത്തിന്റെ ചർച്ചാവിഷയം. കമ്യൂണിസ്റ്റാനന്തരലോകക്രമം, ഹണ്ടിങ്ടണും മറ്റും വ്യാഖ്യാനിച്ചതുപോലെ, ലിബറൽ ഡമോക്രസിയുടെ ആത്യന്തിക വിജയമാണെന്ന കാഴ്ചപ്പാട് തള്ളിക്കളഞ്ഞുകൊണ്ടു തുടങ്ങുന്ന ദേവിക, ലാറ്റിനമേരിക്കയിലെ നവ ഇടതുപക്ഷ മുന്നേറ്റങ്ങൾ മുതൽ പശ്ചിമേഷ്യൻ ഇസ്ലാമിക രാഷ്ട്രീയം വരെയുള്ളവ ചൂണ്ടിക്കാണിച്ച് തന്റെ വാദങ്ങൾ സാധൂകരിക്കുന്നു. തുടർന്ന്, ജൂലിയറ്റ് മിച്ചലിന്റെ ഒരു നിരീക്ഷണം മുൻനിർത്തി ('ലോകം കണ്ട ഏറ്റവും ദൈർഘ്യമേറിയ വിപ്ലവം സ്ത്രീകളുടെ വിമോചനത്തിനുവേണ്ടിയുള്ളതാണ്') പതിനെട്ടാം നൂറ്റാണ്ടു മുതൽ ഇരുപത്തൊന്നാം നൂറ്റാണ്ടുവരെ നടന്ന വിഖ്യാതങ്ങളായ ചില ആധുനിക വിപ്ലവങ്ങളിലെ സ്ത്രീപങ്കാളിത്തം ചർച്ചചെയ്യുന്നു. ഫ്രഞ്ച് വിപ്ലവം, സഫ്രാജെറ്റുകളുടെ കലാപം, അറബ്‌വസന്തം എന്നിവ വിശദമായും റഷ്യൻ വിപ്ലവം, ലാറ്റിനമേരിക്കൻ ജനകീയ വിപ്ലവങ്ങൾ, കറുത്തവരുടെ സമരങ്ങൾ തുടങ്ങിയവ ഹ്രസ്വമായും അവലോകനം ചെയ്യുന്നു, ദേവിക. ജർമ്മൻ ഇടതുചിന്തകയായ റോസലംക്‌സംബർഗ് മുതൽ അമേരിക്കൻ അടിമയായിരുന്ന ഹാരിയറ്റ് ടബ്മാൻ വരെയുള്ളവർ സൃഷ്ടിച്ച ചിന്താവിപ്ലവങ്ങളുടെ ചർച്ചയുമുണ്ട് ഈയധ്യായത്തിൽ. എങ്കിലും ഹന്നാ ആരൻടിന്റെ സൂക്ഷ്മവിശകലനം മുൻനിർത്തിയാണ് വിപ്ലവങ്ങളും സ്ത്രീവിമോചനവും എന്ന വിഷയത്തിൽ തന്റെ രാഷ്ട്രീയ-ചരിത്രബോധം ദേവിക ഉറപ്പിച്ചെടുക്കുന്നത്.

'വിമോചനവും സ്വാതന്ത്ര്യവും വിപ്ലവങ്ങളിൽ ഉയർന്നു വരാറുണ്ടെങ്കിലും അവ രണ്ടും രണ്ടുതന്നെ എന്ന് ഹന്നാ ആരൻട് ഛി ഞല്ീഹൗശേീി എന്ന തന്റെ ഗ്രന്ഥത്തിൽ വാദിക്കുന്നു. അധികാരത്തിന്റെ കൂച്ചുവിലങ്ങുകൾ അറുത്തെറിയാനുള്ള പ്രേരണയെ അവർ വിമോചനം എന്നു വിളിക്കുന്നു. സ്വാതന്ത്ര്യം, പക്ഷേ, പൊതുരാഷ്ട്രീയജീവിതത്തിൽ പൂർണ്ണമായി പങ്കെടുക്കാനുള്ള അവകാശത്തോടും അത്തരം പങ്കാളിത്തത്തിന്റെ ഇടങ്ങൾ വികസിപ്പിക്കാനുമുള്ള കഴിവിനോടും ബന്ധപ്പെട്ടതാണ്. ഇവ രണ്ടിനെയും മൂർത്തതലത്തിൽ വേർപെടുത്താൻ എളുപ്പമല്ലെങ്കിലും, വിപ്ലവങ്ങളുടെ ലക്ഷ്യം വിമോചനവും, വിമോചനത്തിന്റെ ലക്ഷ്യം സ്വാതന്ത്ര്യവുമാണെന്ന് പറയാം. ഈ സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യമോ? ആരൻടിന്റെ വാക്കുകളിൽ, സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യം 'പൊതുസന്തോഷ'മാണ് (public happiness) - മറ്റു മനുഷ്യരുമായി രാഷ്ട്രീയ ഇടങ്ങളിൽ തുല്യവും ഭയരഹിതവും സർഗ്ഗാത്മകവുമായ ജീവിതം നയിക്കാമെന്ന പ്രത്യാശ നമുക്കു തരുന്ന അനുപമമായ ആ ആനന്ദം. സ്ത്രീകൾ വിമോചനത്തെയും അതുവഴിയുള്ള സ്വാതന്ത്ര്യത്തെയും, അത് മുന്നോട്ടുവയ്ക്കുന്ന പൊതു സന്തോഷസാദ്ധ്യതകളെയും എന്നും കാംക്ഷിച്ചിട്ടുണ്ടെന്ന് ലോകചരിത്രം വെളിപ്പെടുത്തുന്നു. പക്ഷേ സ്ത്രീകളെ തങ്ങളുടെ വിമോചന-സ്വാതന്ത്ര്യ-പൊതു സന്തോഷസ്വപ്നങ്ങളിൽ പൂർണ്ണമായി ഉൾപ്പെടുത്തിയ വിപ്ലവങ്ങൾ ചുരുക്കം മാത്രം'.

'കുടുംബത്തിന്റെ രാഷ്ട്രീയം' എന്നതാണ് അടുത്ത അധ്യായം. സ്ത്രീയുടെ സമരജീവിതത്തിന്റെ തുടക്കം കുടുംബത്തിലാണ്. ആൺകോയ്മാ കുടുംബഘടനയും പുരുഷാധീശവ്യവസ്ഥയും സ്ത്രീക്കെതിരെ ഉന്നയിക്കുന്ന നാനാതരം മൂല്യവിചാരങ്ങളുടെ മറികടക്കലാണ് ഇവിടെ സമരവും രാഷ്ട്രീയവുമായി മാറുന്നത്. ജാതി മുതൽ കൊളോണിയലിസം വരെയും മതം മുതൽ വിപണി വരെയുമുള്ളവ കുടുംബത്തെ പുനർനിർവചിച്ചു. പെൺഭ്രൂണഹത്യ മുതൽ സ്ത്രീവിദ്യാഭ്യാസവും വസ്ത്രധാരണവും ലൈംഗിക സദാചാരവും പ്രണയവും ശരീരശുദ്ധിയും വിവാഹവും മാതൃത്വവും വൈധവ്യവും തൊട്ടുള്ള ഏതവസ്ഥയിലും സ്ത്രീയനുഭവിക്കുന്ന കുടുംബകേന്ദ്രിതമായ കടുത്ത വിവേചനങ്ങൾ. ദൃശ്യതയും അദൃശ്യതയും; തന്മയും അടിമത്തവും - ബെൽഹൂക്‌സിന്റെ രചനകൾ മുൻനിർത്തി കറുത്ത സ്ത്രീയുടെ ദുരവസ്ഥകൾ വിവരിക്കുന്നു, ദേവിക. ലൈംഗികതയുടെ വിഭജനം വിശദമായവതരിപ്പിച്ചുകൊണ്ടും ക്വീർചിന്തയുടെ വിപ്ലവകരമായ ലിംഗ-ലിംഗപദവീസാധ്യതകൾ വിശദീകരിച്ചുകൊണ്ടും 'കുടുംബ'ത്തെ അപനിർമ്മിക്കുന്നു, ദേവിക. 'ബലാത്സംഗങ്ങളും യുദ്ധവും' എന്ന വിഷയത്തിലെ അസാധാരണമായ ഒരു ചർച്ചയുമുണ്ട് ഈയധ്യായത്തിൽ. സ്ത്രീയുടേതു മാത്രമല്ല സ്ത്രീവാദം എന്ന നിലപാടുറപ്പിക്കാൻ കുടുംബം മുതൽ രാഷ്ട്രംവരെയുള്ള ഏതു സ്ഥാപനവും തെളിവുതരുന്നു എന്നാണിതിനർഥം.

'ചുരുക്കിപ്പറഞ്ഞാൽ, ഒരുവശത്ത് കുടുംബത്തെ കൂടുതൽ ജനാധിപത്യപരമായ രീതികളിൽ വിഭാവനം ചെയ്യുന്നതിനും, ആൺപെൺഭേദത്തോടിണങ്ങാത്ത ലൈംഗികതകളുള്ളവർക്കു കൂടി 'കുടുംബം ചെയ്യാനു'ള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ശ്രമങ്ങൾ ലോകം മുഴുവൻ നടന്നുവരുന്നു. എന്നാൽ മറ്റൊരു വശത്തുകൂടി വ്യവസ്ഥാപിതശക്തികൾ പലതരം അനീതികളെയും അതിക്രമങ്ങളെയും ന്യായീകരിക്കുന്നതിനായി പിതൃകേന്ദ്രിത യഥാസ്ഥിതിക കുടുംബമൂല്യങ്ങളെ നേരിട്ടും അല്ലാതെയും പിടിച്ചാണയിടുന്നു. അമേരിക്കയിൽ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുയർന്നിരിക്കുന്ന വൻകിട മുതലാളി ഡോണൾഡ് ട്രംപ് ഉയർന്ന സാമൂഹ്യനിലയിലെത്തിയ പുരുഷന്മാർ സ്ത്രീകളെ ലൈംഗികമായി ശല്യപ്പെടുത്തുന്നതിൽ കുഴപ്പമൊന്നുമില്ലെന്ന് പ്രഖ്യാപിച്ച വീരനാണ്. അമേരിക്കയിൽ പിതൃമേധാവിത്വ കുടുംബമൂല്യങ്ങൾക്കായി മുറവിളി കൂട്ടുന്ന യാഥാസ്ഥിതിക ക്രൈസ്തവകക്ഷികൾ അദ്ദേഹത്തെയാണ് പിൻതാങ്ങുന്നത്. ഈയവസ്ഥകൾ നമ്മെ പഠിപ്പിക്കുന്ന കാര്യം ഇതത്രെ - ഇന്ന് യാഥാസ്ഥിതിക കുടുംബമൂല്യങ്ങൾക്കെതിരെയുള്ള സമരം തീർച്ചയായും സ്ത്രീകളുടേതു മാത്രമല്ല. ആക്രമണോത്സുകമായ ദേശീയതകളെയും ഹീനമായ മുതലാളിത്ത ചൂഷണത്തെയും എതിർക്കുന്ന ആർക്കും ഈ സമരത്തിൽ നിന്നു വിട്ടുനിൽക്കാനാവില്ല.

പിതൃമേധാവിത്വകുടുംബമാണ് നമ്മുടെ ജീവിതത്തിന്റെ അടിത്തറയെന്ന ധാരണയ്ക്ക് വലിയ വേരോട്ടമുണ്ടെന്ന് സംശയമില്ല. എന്നാൽ ചരിത്രത്തിൽ ഇതിലേറെ ഉറച്ചിരുന്ന അനേകം വിഷപ്പുറ്റുകൾ പാടെ പൊടിഞ്ഞുതകർന്നു പോയതിന്റെ തെളിവ് എത്രവേണമെങ്കിലുമുണ്ട്! ഒരുകാലത്ത് നമ്മുടെ നാട്ടിൽ സായിപ്പിന് വാലുണ്ടെന്ന വിചാരം സർവ്വസാധാരണമായിരുന്നു. ബ്രാഹ്മണർ ഭൂമിയിൽ പിറന്ന ദേവന്മാരാണെന്ന ധാരണയും എല്ലാവരും പങ്കുവച്ചിരുന്നു. അവ മാറിയതുപോലെ ഒരു കാലത്ത് കുടുംബമെന്നാൽ ആണുങ്ങൾക്ക് മേൽക്കൈയുള്ള സ്ഥാപനമാണ്, ഭിന്ന ലൈംഗികതക്കാർക്കു മാത്രമേ അതു സാധിക്കൂ മുതലായ തെറ്റിദ്ധാരണകളും മാറിക്കൊള്ളും. വെറുതെ കാത്തിരിക്കുന്നതിനു പകരം ആ മാറ്റത്തെ ത്വരിതപ്പെടുത്താനാണ് ഫെമിനിസ്റ്റ് പ്രവർത്തകരും ഫെമിനിസ്റ്റ് രാഷ്ട്രീയ തത്ത്വചിന്താധാരകളും ശ്രമിക്കുന്നത്'.

'പെൺനേതാക്കൾ' എന്നതാണ് അടുത്ത അധ്യായം. റൗനക്ജനാൻ, ആശിഷ് നന്ദി തുടങ്ങിയവർ രാഷ്ട്രീയനേതൃത്വത്തിലും അധികാരപദവികളിലും എത്തുന്ന സ്ത്രീകളെക്കുറിച്ചുള്ള പുരുഷാധീശ സമൂഹത്തിന്റെ സാമൂഹിക, ലൈംഗിക മനഃശാസ്ത്രങ്ങൾ വിശകലനം ചെയ്യുന്നു. ഫെമിനിസമെന്ന ആശയത്തെ തുറന്നെതിർത്തിരുന്ന മാർഗരറ്റ്താച്ചറെയും ഇന്ദിരാഗാന്ധിയെയും പോലുള്ളവരെ വിശദമായി പഠിക്കുന്നു, ദേവിക. ഒപ്പം, രാജേശ്വരി സുന്ദർരാജൻ ഇന്ദിരയെക്കുറിച്ചും പ്രേമിജാ ജേക്കബ് ജയലളിതയെക്കുറിച്ചും നടത്തിയ പഠനങ്ങൾ മുൻനിർത്തി അവരുടെ അധികാര രാഷ്ട്രീയത്തോടുള്ള സമീപനം വിവരിക്കുകയും ചെയ്യുന്നു. ഔപചാരിക തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിനു പുറത്തുള്ള സ്ത്രീകൾ നിർവഹിക്കുന്ന ക്രിയാത്മകവും വിമർശനാത്മകവുമായ സ്ത്രീവാദ ധർമങ്ങൾ ചൂണ്ടിക്കാണിക്കുന്നു, തുടർന്നങ്ങോട്ട്. ഈ കുറിപ്പ് ശ്രദ്ധിക്കുക:

'രാഷ്ട്രീയമെന്നാൽ ഔപചാരിക തെരഞ്ഞെടുപ്പുരാഷ്ട്രീയം എന്ന ധാരണയെ തിരുത്തിയെഴുതിയതിൽ മുഖ്യപങ്കു വഹിച്ച നിരവധി സ്ത്രീകൾ ഇന്ന് ഇന്ത്യയിലുണ്ട് - അരുന്ധതീ റോയി, മേധാ പട്ക്കർ, തീസ്താ സെതൽവാഡ്. അവരെ ഓർക്കാതെ ഇന്ത്യൻ രാഷ്ട്രീയത്തിലെ സ്ത്രീനേതൃത്വത്തെപ്പറ്റി പറയാനാവില്ല. ഭരണകൂടത്തോട് അനായാസബന്ധമല്ല അവർക്കുള്ളത്. ഇന്ന് ഇവർ നിൽക്കുന്ന ഇടം വ്യവസ്ഥാപിത സ്ത്രീത്വസങ്കല്പങ്ങളെയോ അധീശസ്‌ത്രൈണതയെയോ സ്വാംശീകരിക്കാൻ അവരെ അനുവദിക്കുന്നില്ല. അതുപോലെ 1980കളിൽ ഇന്ത്യയിൽ ഫെമിനിസത്തിന്റെ ആദ്യദിനങ്ങളിൽ ശക്തിസങ്കല്പത്തെയും ദുർഗ്ഗ, കാളി എന്നീ ദേവതാരൂപങ്ങളെയും സ്ത്രീശക്തിയുടെ പ്രതീകങ്ങളായി വാഴ്‌ത്താൻ ഫെമിനിസ്റ്റുകൾ ചിലർ ശ്രമിച്ചിരുന്നു. ഈ രീതി ഭൂരിപക്ഷധാരണകളുടെ അധീശത്വത്തിനിടയാക്കുമെന്ന് വ്യക്തമായതോടെ ഉപേക്ഷിക്കപ്പെട്ടു. മാത്രമല്ല, ഇപ്പറഞ്ഞ വനിതാനേതാക്കൾക്കിന്നുള്ളത് ദേശീയപരിവേഷം മാത്രമല്ല. ആഗോളതലത്തിൽത്തന്നെ വ്യാപിച്ചു കിടക്കുന്ന വ്യവഹാരമാണല്ലോ ഇന്ന് മനുഷ്യാവകാശങ്ങളുടേത്. ഇവർ മിക്കവരും ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട മനുഷ്യാവകാശപ്പോരാട്ടങ്ങളുടെ നായികമാരായതുകൊണ്ടുതന്നെ അവരുടെ പ്രതിച്ഛായകൾക്കും അതേ സ്വഭാവമുണ്ട്. ഹൈന്ദവ-ദേശീയ താത്പര്യങ്ങളുടെ മേലാളസ്വഭാവത്തെ തുറന്നുകാട്ടാൻ പണിപ്പെടുന്നതുകൊണ്ടുതന്നെ ഇവരെ ഹൈന്ദവ-ലിംഗവ്യവസ്ഥയ്ക്കുള്ളിൽ നിർത്താൻ പറ്റില്ല.

അതുകൊണ്ട് ഇവരിൽ മിക്കവരും ഇടയ്ക്കിടെയെങ്കിലും ദേശത്തിന്റെ ശത്രുക്കളായി ചിത്രീകരിക്കപ്പെടുന്നു. മേലാളവ്യവഹാരങ്ങളിൽ ഇവർ ദേശത്തിന്റെ അരികുകളിൽ മാത്രം നിൽക്കുന്നവരാണ്. ഇവിടെ ഇവരുടെ സ്ത്രീത്വം ആദരിക്കപ്പെടുന്നത് പോയിട്ട് അംഗീകരിക്കപ്പെടുന്നതുപോലുമില്ല! സ്ത്രീകളോട് കാട്ടേണ്ട ആദരം ഇവരോട് കാണിക്കേണ്ടതില്ലെന്ന് വരുമ്പോൾ, അവരുടെ മനുഷ്യത്വവും, ആ മനുഷ്യത്വത്തിനവകാശപ്പെട്ട മാന്യതയുമാണ് നിഷേധിക്കപ്പെടുന്നത്. ഈ നായികമാർ, പക്ഷേ, ഇതേ നിലയിൽ തുടരണമെന്നില്ല. പലപ്പോഴും അവർക്ക് ഔപചാരികരാഷ്ട്രീയത്തെയും ബദൽരാഷ്ട്രീയങ്ങളെയും വേർതിരിക്കുന്ന അതിർവരമ്പ് മുറിച്ചുകടക്കേണ്ടിവരും. കേരളത്തിൽ ആദിവാസി പോരാട്ടങ്ങളുടെ മുൻനിരനേതാവായ സി.കെ. ജാനു തെരെഞ്ഞെടുപ്പിൽ ഹിന്ദുത്വവാദികൾക്കൊപ്പം മത്സരിച്ചത് ഹിന്ദുത്വവാദത്തോടുള്ള പ്രതിപത്തികൊണ്ടല്ല. കേരളരാഷ്ട്രീയത്തിൽ പ്രബലരായി നിന്ന കക്ഷികൾ ആദിവാസിജനങ്ങളെ നിരവധി സമരങ്ങൾക്കുശേഷവും പാടെ അവഗണിക്കുന്നതും, ദരിദ്രജനങ്ങൾ സർക്കാരിനു മേൽ സമ്മർദ്ദം ചെലുത്തി ജനക്ഷേമം നേടിയെടുക്കുന്നതുമായ കേരളമാതൃകാ രാഷ്ട്രീയം അപ്രസക്തമായിയെന്ന തോന്നലുമായിരിക്കാം അവരെ അതിനു പ്രേരിപ്പിച്ചത്. മണിപ്പൂരിൽ ഇറോം ഷർമ്മിള ഇന്ത്യൻ സൈനികർക്കു ഭരണകൂടം നൽകിയിരിക്കുന്ന നഗ്നമായ അധികാരത്തിനെതിരെ നിരവധി വർഷങ്ങളായി നടത്തിവന്ന പട്ടിണിസമരം ഈയിടെ അവസാനിപ്പിച്ചതും തന്റെ ലക്ഷ്യം നേടാൻ മറ്റു മാർഗങ്ങൾ തേടുമെന്ന് പ്രഖ്യാപിച്ചതും ഇതോടു സമാനമായ സാഹചര്യങ്ങളിലാണ്. തങ്ങൾ പിൻതുടർന്ന പാതകളിൽനിന്ന് മറുദിശയിലേക്ക് വ്യതിചലിച്ച പലരും ഇവർക്കടിയിലുണ്ട്. ഉദാഹരണത്തിന്, ബർമയിലെ സൈനികഭരണത്തിനെതിരെ ജനാധിപത്യത്തിനായി പോരാടിയ ഓങ് സാൻ സു കീയ് എല്ലാ ജനങ്ങളുടെയും പ്രതിനിധി എന്നതിൽ നിന്ന് ബർമയിലെ പ്രബല ബുദ്ധമതസമുദായ താല്പര്യങ്ങൾ സംരക്ഷിക്കുന്ന നേതാവ് എന്ന നിലയിലേക്ക് മാറിയത് വീഴ്ചതന്നെയായിരുന്നു. എങ്കിലും ഈ നേതാക്കൾ സ്വന്തം കാലങ്ങളിൽ നടത്തിയ ഇടപെടലുകളുടെ ചരിത്രപ്രസക്തി മങ്ങുന്നില്ല'. ഇതോടൊപ്പം തന്നെയാണ് നിശിതമായ ചില താരതമ്യങ്ങളും വിമർശനങ്ങളും മുന്നോട്ടുവച്ച് അമൃതാനന്ദമയിയെക്കുറിച്ചുള്ള ഒരു പ്രരൂപത്തെയും ദേവിക വിശകലനം ചെയ്യുന്നത്. 'അമൃതാനന്ദമയി ഇന്ന് ആഗോളരൂപമാണെങ്കിലും, അവർക്ക് അന്യദേശങ്ങളിൽ നിരവധി ശിഷ്യഗണങ്ങളുണ്ടെങ്കിലും, അവരുടേത് കീഴാളപശ്ചാത്തലമാണെങ്കിലും, അവരുടെ പ്രത്യയശാസ്ത്രപ്രതിച്ഛായ ഇന്നും നിൽക്കുന്നത് മേലാളഹൈന്ദവദേശീയതലത്തിലും താത്പര്യങ്ങളിലുമാണ്. എത്ര കൂട്ടിയാലും കിഴിച്ചാലും അവർ ഇന്നും ഹിന്ദുക്കളുടെ, അല്ലെങ്കിൽ ഹിന്ദുമതത്തെ ആരാധിക്കുന്നവരുടെ, (മാത്രം അമ്മ തന്നെ) - ആ ഹിന്ദുക്കൾ പലപ്പോഴും വിദേശീയരാണെങ്കിലും ജാതിമതഭേദമന്യേ വേദനയനുഭവിക്കുന്ന ദരിദ്രരുടെ മേലുള്ള ആർദ്രതയ്യാർന്ന ശ്രദ്ധ മദറിനെ വെറുമൊരു കത്തോലിക്കാ ജീവകാരുണ്യപ്രവർത്തകയല്ലാതാക്കി. എന്നാൽ അമൃതാനന്ദമയിയുടെ ജീവകാരുണ്യത്തിന് പലപ്പോഴും കോർപ്പറേറ്റ് സ്വഭാവമായതുകൊണ്ടുതന്നെ അവർ ഇന്നത്തെ കോർപ്പറേറ്റ് മേലാള ഹൈന്ദവദേശീയതയ്ക്കുള്ളിൽ മാത്രമേ 'അമ്മ'യായി കാണപ്പെടുന്നുള്ളൂ. ആ ദേശീയതയുടെ വക്താക്കൾ ആഗോള സ്വഭാവമുള്ള, ഇന്ത്യൻ വേരുകളുള്ള വരേണ്യരാണ്. ഇന്ത്യയിൽ ജീവിച്ചു പണിയെടുത്ത് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയ്ക്ക് സംഭാവനകൾ നടത്തുന്ന മുസ്ലിംപൗരജനങ്ങളെ 'യഥാർത്ഥ' ഇന്ത്യാക്കാരായി അംഗീകരിക്കാൻ തയ്യാറല്ലാത്ത ഇക്കൂട്ടർക്ക് പക്ഷേ, ഇന്ത്യയിൽ ജീവിക്കാത്ത, ഇവിടുത്തെ ജനങ്ങൾക്ക് യാതൊരു ഗുണവും ചെയ്യാത്ത, വിദേശ ഇന്ത്യൻ വംശജരെ 'ഫലത്തിൽ' ഇന്ത്യാക്കാരായി സ്വീകരിക്കാൻ മടിയില്ല. അങ്ങനെ നോക്കുമ്പോൾ, ഫെമിനിസ്റ്റുകൾക്ക് ഇവരെ രണ്ടുപേരെയും ഒരുപോലെ കണക്കാക്കാൻ കഴിയില്ല.'.

'സുരക്ഷയോ? സ്വാതന്ത്ര്യമോ?' എന്ന അടുത്ത അധ്യായം, സ്ത്രീയും സമൂഹവും തമ്മിലുള്ള ബന്ധത്തിലെ പ്രശ്‌നഭരിതമായ 'രക്ഷകർതൃ'ഭാവത്തിന്റെ വിശകലനമാകുന്നു. ഡൽഹിയിലെ നിർഭയ കൊലയ്ക്കുശേഷമുണ്ടായ സംവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ചർച്ച തുടങ്ങുന്നത്. ഈജിപ്ത് മുതൽ മണിപ്പൂർ വരെയുള്ള ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി സുരക്ഷാഭരണകൂടവും സുരക്ഷക പുരുഷനും ചേർന്ന് സ്ത്രീക്കു നിർമ്മിച്ചുകൊടുക്കുന്ന ദുരവസ്ഥ വിശകലനം ചെയ്യുന്നു, ദേവിക. ഗാർഹികപീഡനം മുതൽ ലൈംഗികാക്രമണം വരെയുള്ള വിഷയങ്ങൾ മുൻനിർത്തി ഭരണകൂടത്തിന്റെ സ്ത്രീസുരക്ഷാവാദങ്ങളുടെ പൊള്ളത്തരം ഈയധ്യായം മറനീക്കുന്നു. ഐറിസ് മരിയോൺ യംഗ്, കാതറിൻ മകിന്നോൺ, ഏഞ്ചലാഡേവിസ്, ബെർത്ത് റിച്ചി തുടങ്ങിയവരുടെ ചിന്തകൾ ദേവിക ചർച്ചചെയ്യുന്നു. ഭരണകൂടഹിംസയുടെ പരോക്ഷമുഖം മാത്രമാകുന്നു, സുരക്ഷാവത്കരണം. സ്ത്രീകൾതന്നെ പീഡനത്തിനും ഹിംസക്കും കൂട്ടുനിൽക്കുന്ന ചരിത്രസന്ദർഭങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഭരണകൂടത്തിന്റെ സ്ത്രീവിരുദ്ധത അടിവരയിട്ടുതെളിയിക്കുന്നു, ദേവിക.

'സ്ത്രീകളും പുരുഷന്മാരും അധികാര വ്യവസ്ഥയുടെ രണ്ടുവശങ്ങളിലാണ് - പുരുഷന്മാർ അല്ലെങ്കിൽ പുരുഷ സ്വഭാവമാർന്ന ഹിംസാത്മകമായ ഭരണകൂടം, ഒരുവശത്ത്, സ്ത്രീകൾ അഥവാ അഹിംസ, കരുതൽ മുതലായ മൂല്യങ്ങളാൽ പ്രേരിതമായ ജനകീയത മറുവശത്ത്, എന്നിങ്ങനെയല്ലേ കാര്യങ്ങളുടെ കിടപ്പ്?

ഒരു കാലത്ത് ഇതായിരുന്നു ഫെമിനിസ്റ്റ് രാഷ്ട്രീയത്തിലെ പ്രബലധാരണ. 1960കളിലെയും 70കളിലെയും സ്ത്രീപ്രസ്ഥാനം ഇതിൽ അടിയുറച്ചു വിശ്വസിച്ചിരുന്നു. സമാധാനപ്രസ്ഥാനത്തിലും ആണവവിരുദ്ധപ്രസ്ഥാനത്തിലും കാര്യമായ സാന്നിദ്ധ്യം ഫെമിനിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായിരുന്നു. മനുഷ്യജീവന്റെ കാവലാളുകളാണ് സ്ത്രീകളെന്നും അവർക്ക് യുദ്ധത്തിന്റെ ഹിംസയുടെ ഭാഗമാകാൻ കഴിയില്ലെന്നും ഈ തലമുറയിലെ ഫെമിനിസ്റ്റുകൾ അവകാശപ്പെട്ടു. യുദ്ധത്തിൽ പങ്കെടുത്ത സ്ത്രീകളെ സ്ത്രീത്വമില്ലാത്തവരായി കണ്ടിരുന്നു.

എന്നാൽ അങ്ങേയറ്റം ഹിംസാത്മകമായ യുദ്ധങ്ങളിലും കലാപങ്ങളിലും സ്ത്രീകൾ സന്തോഷത്തോടെ പങ്കെടുത്തത്, പലപ്പോഴും ശത്രുക്കളുടെ കൊലയ്ക്കും ലൈംഗിക പീഡനത്തിനും പരസ്യമായി കൂട്ടുനിന്ന, നിരവധി സംഭവങ്ങൾ അവഗമിക്കാനാവാത്ത രീതിയിൽ പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പലപ്പോഴും സമുദായങ്ങൾ തമ്മിലുള്ള ആഭ്യന്തരയുദ്ധങ്ങളിൽ, വംശീയസ്വഭാവമുള്ള ദേശീയകലാപങ്ങളിൽ, സ്ത്രീകൾ പോരാളികളായും ജീവനുള്ള സ്‌ഫോടകവസ്തുക്കളായും പങ്കെടുത്തിട്ടുണ്ട്. തങ്ങൾ വിശ്വസിക്കുന്ന ലിംഗപ്രത്യയശാസ്ത്രം മറ്റു സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിൽ പോലും സ്ത്രീകൾ കാര്യമായി പങ്കെടുക്കാറുണ്ട്. അവരിൽ പലരും പ്രതികാരം ചെയ്യാൻ വേണ്ടി ബോധപൂർവ്വം ഇറങ്ങിപ്പുറപ്പെടുന്നവരാണ്. യുദ്ധരംഗത്തെ സ്ത്രീസാന്നിദ്ധ്യം പലപ്പോഴും കുറവല്ല - കൊളംബിയയിലെ ആഭ്യന്തരയുദ്ധത്തിൽ പോരാടുന്ന സംഘടനയിലെ പോരാളികളിൽ മുപ്പതു മുതൽ നാല്പതു ശതമാനം വരെ സ്ത്രീകളാണ്. ചുരുക്കിപ്പറഞ്ഞാൽ 'യുദ്ധങ്ങൾ ആണുങ്ങളുടേതെന്നും സമാധാനം പെണ്ണുങ്ങളുടേതെന്നു'മുള്ള വാദത്തിൽ കഴമ്പില്ലെന്ന് ഇന്ന് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു'.

'വിമോചനം വേണോ, ശാക്തീകരണം പോരേ?' എന്നതാണ് അടുത്ത അധ്യായം. 'സ്ത്രീസുരക്ഷ' പോലെതന്നെ പ്രശ്‌നഭരിതമാണ് 'സ്ത്രീശാക്തീകരണം' എന്ന സംജ്ഞയും സങ്കല്പനവും. മറ്റൊരു പ്രതീകാത്മക ഭരണകൂടഹിംസ 'Empowerment' എന്ന വാക്കിന്റെ പരിഭാഷയാണല്ലോ 'ശാക്തീകരണം'. പക്ഷെ ഈ വാക്കിലെ 'അധികാരം' എന്നതിന് ഊന്നൽ നൽകാതെയാണ് ഭരണകൂടം ഈ പദ്ധതി നടപ്പാക്കുന്നത്. അതുകൊണ്ടുതന്നെ, സ്ത്രീവിമോചനം, സ്വാതന്ത്ര്യം തുടങ്ങിയവപോലെ 'പ്രകോപനപര'മല്ല സ്ത്രീശാക്തീകരണം. 'സ്‌ഫോടനാത്മക'മായ സ്ത്രീവിമോചനത്തിനു ബദലായി വ്യവസ്ഥാപിത ഭരണകൂടവും മുഖ്യധാരാ രാഷ്ട്രീയസംഘടനകളും ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നു, സ്ത്രീശാക്തീകരണത്തെ, കുടുംബശ്രീ ഉൾപ്പെടെയുള്ളവയുടെ ലക്ഷ്യമിതാണ്. എങ്കിലും കുടുംബശ്രീ ഈ പരിധിയും പരിമിതിയും മറികടന്നു മുന്നോട്ടു പോയിക്കഴിഞ്ഞിട്ടുണ്ട്. യഥാർഥത്തിൽ, 'ആഗോള ഉദാരവാദ'ത്തിന്റെ സാമ്പത്തിക പ്രത്യയശാസ്ത്രമാണ് മിക്ക സ്ത്രീശാക്തീകരണപദ്ധതികളുടെയും പിന്നിൽ പ്രവർത്തിക്കുന്നത്. ദേവിക എഴുതുന്നു: 'നമ്മുടെ നാട്ടിൽ സ്ത്രീശാക്തീകരണം മിക്കപ്പോഴും കൂട്ടായ ശാക്തീകരണമല്ല, സർക്കാരിന്റെ പല ഉത്തരവാദിത്വങ്ങളും വഹിക്കാൻ വേണ്ടി ഒറ്റപ്പെട്ട സ്ത്രീകളെ തയ്യാറാക്കലാണ്. കുടുംബശ്രീ പോലൊരു വലിയ ശൃംഖലപോലും സ്ത്രീകളെ ഫലപ്രദമായി ഒന്നിച്ചുചേർക്കുന്നതായി നാം കാണുന്നില്ല (കേവലം അണിനിരത്തലിന്റെ കാര്യമല്ല പറയുന്നത്). അതില്ലാത്തിടത്തോളം സംഘടിതശക്തി അവർ അനുഭവിക്കുകയുമില്ല. സർക്കാരിനു പുറത്തു രൂപീകരിക്കപ്പെടുന്ന സേവ കേരള, പെൺകൂട്ട് തുടങ്ങിയ ഫെമിനിസ്റ്റ് സ്ത്രീ തൊഴിലാളിസംഘടനകളുടെ ലക്ഷ്യം, പക്ഷേ ഇപ്പറഞ്ഞ കൂട്ടായ്മാബോധമാണ്. കുടുംബശ്രീ വനിതകൾ, പക്ഷേ ഇവരുടെ വഴി അനുകരിച്ചുകൂടെന്നില്ല'. ബെൽഹൂക്‌സ്, ഓഡ്രിലോർദ്, പട്രീഷ്യാഹിൽ കൊളിൻസ് തുടങ്ങിയവരുടെ നിലപാടുകൾ മുൻനിർത്തി 'സ്ത്രീശാക്തീകരണ'ത്തിന്റെ അർഥവൈരുധ്യങ്ങൾ ദേവിക വിശദീകരിക്കുന്നു; നവസാമൂഹ്യപ്രസ്ഥാനങ്ങൾക്കും തന്മാരാഷ്ട്രീയങ്ങൾക്കുമെതിരെ വാദിക്കുന്നവരുടെ യുക്തികൾ സമർഥമായി മറികടക്കുകയും ചെയ്യുന്നു.

മുസ്ലിം സ്ത്രീകളുടെ ശിരോവസ്ത്രം സൃഷ്ടിക്കുന്ന അത്യന്തം സങ്കീർണമായ ആഗോള രാഷ്ട്രീയത്തെ മുൻനിർത്തിയാണ് അടുത്ത അധ്യായം രചിക്കപ്പെട്ടിരിക്കുന്നത്. ഫലസ്തീനിയൻ-അമേരിക്കൻ എഴുത്തുകാരിയായ സാറായാസിന്റെ വാക്കുകൾ ദേവിക ഉദ്ധരിക്കുന്നു: 'ഹിജാബ് ധരിക്കുന്നതിന് സഹജമായ വിമോചകസ്വഭാവമില്ല - മാറിടം തുറന്നുകാട്ടുന്നതിലും അങ്ങനെ സഹജമായി ഒന്നുമില്ല. ഇതിൽ ഏതെങ്കിലുമൊന്ന് സ്വന്തമിഷ്ടപ്രകാരം തെരെഞ്ഞെടുക്കാൻ കഴിയുന്നതാണ് ശരിക്കും വിമോചനകരം. ആരുടെയെങ്കിലും ശരീരം മറയ്ക്കപ്പെടുന്നതിന്റെയോ വെളിവാക്കപ്പെടുന്നതിന്റെയോ തോതനുസരിച്ചാണ് അത് മർദ്ദിതശരീരമാകുന്നതെന്ന ആശയം തന്നെ ശുദ്ധഭോഷ്‌ക്കാണ്. ഈ വിവാദത്തിന്റെ രണ്ടു വശങ്ങളിലുമുള്ളവർ സ്ത്രീശാക്തീകരണത്തെക്കുറിച്ച് തീരെ ആഴം കുറഞ്ഞ ധാരണകളാണ് പ്രകടിപ്പിക്കുന്നത്. എല്ലാ സ്ത്രീകളും നേരിടുന്ന കാര്യമായ വെല്ലുവിളികളെ മുക്കിക്കളയുന്നു ഇത് - ഒരു കഷ്ണം തുണിയെപ്പറ്റിയുള്ള ചർച്ചയിൽ ഒതുക്കാനാവാത്ത പ്രശ്‌നങ്ങൾ...'. '.... നമ്മുടെ ശരീരങ്ങൾ നമ്മുടേതല്ല. മതേതരമോ മതപരമോ, ഉദാരപരമോ യാഥാസ്ഥിതികമോ - ഈ പക്ഷങ്ങളെല്ലാം ഒരു വശത്തല്ല, പക്ഷേ സ്ത്രീശരീരത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കാൻ അവർക്കെല്ലാം ഉത്സാഹമാണ്'. ദേവിക എഴുതുന്നു: 'സാരിയുടുക്കാൻ ആയിരം കാരണങ്ങളുള്ളതുപോലെ ബുർഖയിടാനും ആയിരം കാരണങ്ങളുണ്ട്' (പുറം 220). പല ഇസ്ലാമിക സ്ത്രീവാദങ്ങൾ തമ്മിലുള്ള ആന്തരവൈരുധ്യങ്ങൾ ചൂണ്ടിക്കാണിക്കുന്ന ദേവിക, നിവേദിതാമേനോനും മറ്റും സൂചിപ്പിക്കുന്നതുപോലെ, മുസ്ലിം സ്ത്രീയുടെ വസ്ത്രധാരണത്തെ രാഷ്ട്രീയമാക്കി മാറ്റുന്നതിനു പിന്നിൽ വിവിധ താൽപര്യങ്ങളുണ്ടെന്നു സ്ഥിരീകരിക്കുന്നു. മുസ്ദാ മലിയയുടെ വാക്കുകൾ വായിക്കുക:

'പിതൃമേധാവിത്വത്തിന്റെ സാമൂഹ്യ രാഷ്ട്രീയമാനങ്ങളെ പൊളിക്കണമെങ്കിൽ സാംസ്‌കാരിക പുനർനിർമ്മാണം കൂടിയേ തീരൂ. അതിന് മൂന്നു കാര്യങ്ങളാണാവശ്യം. ഒന്നാമതായി, സ്‌ക്കൂളുകളിൽ മാത്രമല്ല വീടുകളിലും കൂടുതൽ വിദ്യാഭ്യാസം. കാരണം എല്ലാത്തിലുമുപരിയായി ആളുകൾ തങ്ങളുടെ മക്കളെ തുറന്ന മനസ്സോടെ, വിമർശനബുദ്ധിയോടെ, വളർത്തേണ്ടത് വീടുകളിലാണ്. രണ്ടാമതായി, കുടുംബനിയമങ്ങളിൽ നിന്ന് സ്ത്രീകളെ കീഴെ നിർത്തുന്ന നിയമങ്ങളും നിയന്ത്രണങ്ങളും മാറ്റണം. മൂന്നാമതായി, മനുഷ്യത്വത്തോടും മനുഷ്യാവകാശങ്ങളോടും ചേർന്നുനിൽക്കുന്ന മത പുനർവ്യാഖ്യാനം നമുക്കാവശ്യമാണ്.

ഞാൻ വ്യക്തമാക്കിക്കൊള്ളട്ടെ, ഇത് മുസ്ലിം രാജ്യങ്ങളിൽ മാത്രം വേണ്ട കാര്യമല്ല. ക്രിസ്ത്യൻ സ്ത്രീകളും ഹിന്ദുസ്ത്രീകളും സമാനപ്രശ്‌നങ്ങളെ നേരിടുന്നു. നാമെല്ലാം ഒരേ വഞ്ചിയിലാണ്. മതങ്ങളുടെ മനുഷ്യത്വപരമായ പുനർവ്യാഖ്യാനങ്ങൾ നമുക്കെല്ലാവർക്കും ആവശ്യമാണ്'.

പാശ്ചാത്യഫെമിനിസത്തിന്റെ നിലപാടുകൾ അന്ധമായി പിന്തുടരുന്നതിനെതിരെയും ഹിന്ദു, ക്രിസ്ത്യൻ മതങ്ങളിൽ നിലനിൽക്കുന്ന സ്ത്രീവിരുദ്ധതകളെ ഇസ്ലാമിക സ്ത്രീവിരുദ്ധതയെക്കാൾ കുറച്ചുകാണുന്നതിനെതിരെയും സൂക്ഷ്മമായ നിലപാടെടുക്കുന്നു, ദേവിക. അവർ എഴുതുന്നു: 'തീർച്ചയായും തങ്ങളുടെ കർതൃത്വത്തെ രാഷ്ട്രീയത്തിലോ മതത്തിനുള്ളിലെ തുല്യതയിലോ വിന്യസിക്കാതെ മതനിഷ്ഠാപരമായ ധാർമ്മികസ്വത്വത്തെ വാർത്തെടുക്കാൻ പണിപ്പെടുന്ന സ്ത്രീകൾ ഹിന്ദുമതത്തിലും ഉണ്ട്. അവർ ലിംഗാധികാരത്തെ മാത്രമല്ല, ജാത്യാധികാരത്തെയും എതിർക്കാറില്ല. ഹിന്ദുപാരമ്പര്യങ്ങളിൽ ലിംഗാധികാരത്തെ ചെറുത്ത സ്ത്രീകൾ മിക്കവരും ബ്രാഹ്മണമതത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ഭക്തിയിലേക്കുയർന്നതെന്ന കാര്യം, പക്ഷേ, ആകസ്മികവുമല്ല - ഭക്തമീരയായാലും, അക്കമഹാദേവിയായാലും അതുതന്നെയാണ് നാം കാണുന്നത്. ഇന്ന്, ഹിന്ദുമതത്തിലെ പ്രധാനപ്പെട്ട സ്ത്രീസാന്നിദ്ധ്യമായ അമൃതാനന്ദമയിയാകട്ടെ, ജാതിവിവേചനത്തെ നേരിട്ടുകൊണ്ട് ഉയർന്നുവന്ന വനിതയാണെങ്കിലും, അവരുടെ ഇടപെടലുകൾ ബ്രാഹ്മണമത ഘടനകളെ ഉലയ്ക്കുന്നതേയില്ല. പകരം ഹിന്ദുമതത്തിന്റെ വിവിധ വകഭേദങ്ങളെ പ്രത്യേകമായ പാക്കേജിങും ലേബലിങും നടത്തി 'ഏകജാലകസംവിധാന'ത്തിലൂടെ വിജയകരമായി വിൽക്കുന്ന മതകോർപ്പറേറ്റിന്റെ പ്രസന്നവും സ്വീകാര്യവുമായ മുഖമാണവർ. ഹിന്ദുസംഘടനകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളാകട്ടെ, നിരവധിയാണ്. പക്ഷേ പൊതുവിടത്തിലും പൊതുമണ്ഡലത്തിലും ഔപചാരിക രാഷ്ട്രീയത്തിന്റെ പൊതുസ്ഥാപനങ്ങളിലും തുല്യതയ്ക്കായി നിലകൊള്ളുന്ന ഇക്കൂട്ടർ സ്വന്തം മതത്തിനുള്ളിൽ നടമാടുന്ന ലിംഗാനീതികളെയോ അവയ്ക്കു കാരണമായ ആന്തരിക വിശാസഘടനകളെയോ എതിർക്കുന്നതിനോട് വിമുഖത കാട്ടുകയും ചെയ്യുന്നു. എന്തായാലും ഗുജറാത്തിൽ മുസ്ലിം വംശഹത്യയ്ക്കു നേതൃത്വം നൽകിയ മായാ കൊഡ്‌നാനി എന്ന കൊലയാളിയെയോ, കേരളം മുഴുവൻ ഹിന്ദുമതത്തിന്റെ പേരിൽ ഇന്ന് കൊലവിളിച്ചു നടക്കുന്ന വനിതാപ്രഭാഷകരെയോ ഹിന്ദുസ്ത്രീത്വാദർശമായി അംഗീകരിക്കാൻ ഈ നാട്ടിലെ ഭൂരിപക്ഷം ഹിന്ദുക്കളും തയ്യാറാകുമെന്ന് തോന്നുന്നില്ല. മറ്റുവിധത്തിലുള്ള ആരാധന ഹിന്ദുത്വവാദികളിൽ നിന്ന് അവർക്ക് ലഭിച്ചാലും.

ചുരുക്കിപ്പറഞ്ഞാൽ, ശിരോവസ്ത്രധാരണത്തിലും ശിരോവസ്ത്രതിരസ്‌ക്കാരത്തിലും, ആറ്റുകാൽ പൊങ്കാലയ്ക്കു പോകുന്നതിലും, പോകാൻ വിസമ്മതിക്കുന്നതിലും, മതസ്വീകാരത്തിലും മതനിരാസത്തിലും അധികാരത്തിന്റെ സാർവ്വത്രികപ്രസരമുണ്ട്. എന്നാൽ അതിന്റെ സ്വഭാവത്തെക്കുറിച്ചും പരിണിതഫലങ്ങളെക്കുറിച്ചും അറിയണമെങ്കിൽ സൂക്ഷ്മസാഹചര്യങ്ങളെ ശ്രദ്ധയോടെ സ്വയം പഠിക്കണം. ഐവി ലീഗ് സർവ്വകലാശാലയിൽ (അമേരിക്കയിലെ വരേണ്യസർവ്വകലാശാലകളാണ് ഇവ) നിന്നൊഴുകുന്നു എന്നതുകൊണ്ടു മാത്രം, പാശ്ചാത്യചിന്തകരുടെ ആശയങ്ങളെ എടുത്തിട്ട് അമ്മാനമാടി എന്നതുകൊണ്ടു മാത്രം, ആരുടെയും വിശകലനം നമ്മുടെ സാഹചര്യങ്ങളിൽ പ്രസക്തമാകണമെന്നില്ല'.

'ഫെമിനിസം വിദേശ അജണ്ടയല്ലേ?' എന്ന പത്താമധ്യായം കാലങ്ങളായി സ്ത്രീവാദത്തിനെതിരെ ഉയരുന്ന ഒരു വിമർശനത്തെയാണ് അഭിസംബോധന ചെയ്യുന്നത് ആധുനികതാവാദ ചിന്തകൾ പലതും (ദേശീയത മുതൽ മാർക്‌സിസംവരെ) വൈദേശികമാണെന്നിരിക്കെ ഫെമിനിസത്തോടു മാത്രം എന്തിനാണ് ഈ രോഷം? ബ്രാഹ്മണ്യവും കൊളോണിയലിസവും ചേർന്നു സൃഷ്ടിച്ച കൂട്ടുകക്ഷി ദേശീയ സംസ്‌കാരങ്ങൾക്ക് അരോചകമാണെന്നതു മാത്രമാണ് ഈ എതിർപ്പിനു പിന്നിലെ താല്പര്യം. ഇന്ത്യൻ ഫെമിനിസം വൈദേശികം മാത്രമല്ല, അതിന് നിരവധിയായ ഇന്ത്യൻ പൂർവമാതൃകകളുണ്ട് - ദേവിക എഴുതുന്നു. ബുദ്ധചിന്തയിലെ ഥേരീഗാഥ മുതലുള്ളവ ചർച്ചചെയ്ത്, ഇടതു, വലതു രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക് ഫെമിനിസത്തോടുള്ള വെറിയുടെ മറനീക്കുന്നു, ദേവിക. ആഫ്രിക്കൻ ഫെമിനിസത്തിന്റെ ചർച്ചയാണ് മറ്റൊരു വിഷയം. 'സോഷ്യൽവർക്ക്' ഫെമിനിസത്തിലേക്കും ഭരണകൂട പിന്തുണയുള്ള സ്ത്രീശാക്തീകരണ സംഘങ്ങളിലേക്കും സംഭവിച്ച വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്ന ദേവിക, 'മഹിളാസമഖ്യ'യുടെയും മറ്റും സ്വതന്ത്രനിലപാടുകളെ ശ്ലാഘിക്കുകയും ചെയ്യുന്നു. റാഡിക്കൽ, ലിബറൽ, നിയോ ലിബറൽ, സോഷ്യലിസ്റ്റ് ഫെമിനിസങ്ങളോരോന്നിന്റെയും പരിമിതികൾ തിരിച്ചറിയാനും ഈയധ്യായത്തിൽ ദേവിക തയ്യാറാകുന്നുണ്ട്.

ഫെമിനിസവും രാഷ്ട്രീയതത്വചിന്തയും കൂട്ടിയിണക്കി ചർച്ചചെയ്യുന്ന ഈ പഠനത്തെ സഹായിക്കുന്ന ഗ്രന്ഥങ്ങളുടെയും മറ്റും വിപുലമായ ഒരു വിവരണാത്മക സൂചികയാണ് പതിനൊന്നാമധ്യായം. ('കുലസ്ത്രീ'യിൽ ചരിത്രവിജ്ഞാനീയവും സ്ത്രീപഠനവും കൂട്ടിയിണക്കി ചർച്ചചെയ്തപ്പോൾ നൽകിയ ഗ്രന്ഥസൂചികക്കു സമാനമാണിത്). ഓരോ അധ്യായത്തിലും ചർച്ചചെയ്ത വിഷയങ്ങൾക്ക് വെവ്വേറെ പഠനങ്ങളുള്ളതു ചൂണ്ടിക്കാണിക്കുകയാണ് ദേവികയുടെ രീതി. ഓരോ അധ്യായത്തിന്റെയും വിഷയം തീരുമാനിക്കുന്നതിനു പിന്നിലെ അക്കാദമിക സംവാദപ്രക്രിയയുടെ പൂരണമാകുന്നു, ഇത്. ഫെമിനിസത്തെക്കുറിച്ചുള്ള ആഗോള, ഇന്ത്യൻ, കേരളീയ പഠനങ്ങൾ വേർതിരിച്ചു നൽകുന്ന രീതി.

ആത്യന്തികമായി, ഫെമിനിസത്തിന്റെ രാഷ്ട്രീയവിമർശനമല്ല, രാഷ്ട്രീയത്തിന്റെ ഫെമിനിസ്റ്റ് വിശകലനമാണ് ഈ പുസ്തകം. ചരിത്രപരമോ സങ്കല്പനപരമോ ആയി സ്ത്രീവാദമെന്നത് ഏകയുക്തിയിലടിയുറച്ച ഒന്നല്ല എന്നും നിരവധിയായ താത്വികമണ്ഡലങ്ങളിലും പ്രയോഗതലങ്ങളിലും നിലനിൽക്കുന്ന വൈവിധ്യമാർന്ന (മിക്കപ്പോഴും വൈരുധ്യമാർന്നവയും) ആശയലോകമാണതെന്നും ഈ പുസ്തകം സമർഥിക്കുന്നു. ഭിന്നങ്ങളായ സ്ത്രീവാദധാരകളിലും നിലപാടുകളിലും വസ്തുതാപരമായ വൈരുധ്യങ്ങളിലും ഊന്നിനിൽക്കുന്ന ചിന്തകളുടെ സമാഹാരമാണിത്. സ്ത്രീയുടെ തന്മാബഹുലതകൾ, ഇരയെന്ന ഒറ്റ സമവാക്യത്തിലേക്ക് അവളെ ഒതുക്കിനിർത്തുന്നതിന്റെ അയുക്തികൾ വെളിപ്പെടുത്തും. ജാതി, മതം, വർഗം, വർണം, ദേശം, സാമൂഹ്യപദവി, അധികാരനില... എന്നിവയൊക്കെയനുസരിച്ച് സ്ത്രീയുടെ തന്മ മാറും. ഇവയോരോന്നും ചൂണ്ടിക്കാണിച്ചും സ്ത്രീയുടെ സ്വയം നിർണയശേഷി, കർതൃപദവി, ക്രയസാധ്യത, ശരീരാധികാരം, ലൈംഗികസ്വാതന്ത്ര്യം, ബൗദ്ധിക ജാഗ്രത എന്നിങ്ങനെയുള്ള നിരവധി തലങ്ങളെ രാഷ്ട്രീയപങ്കാളിത്തത്തിലൂന്നിയ സാമൂഹ്യപരവും ചരിത്രപരവുമായ മാനങ്ങളിൽ വിശദീകരിക്കുന്ന എത്രയെങ്കിലും കാഴ്ചപ്പാടുകളെ ലോകമെങ്ങും നിന്നു സമാഹരിച്ചും ഫെമിനിസത്തിന്റെ രാഷ്ട്രീയ ജീവചരിത്രം സമരങ്ങളിലൂടെ വിശദീകരിച്ചവതരിപ്പിക്കുകയാണ് ദേവിക.

ഫെമിനിസത്തെക്കുറിച്ച് ഈ പുസ്തകത്തിൽ താനുന്നയിക്കാൻ ശ്രമിച്ച വാദഗതികളെയും നിലപാടുകളെയും ഗ്രന്ഥകാരി ഇങ്ങനെ സംഗ്രഹിക്കുന്നു: 'ലോകത്തിന്റെ പല ഭാഗത്തുമുള്ള ഫെമിനിസത്തിന് ഒരേ സ്വഭാവമല്ല ഉള്ളത്. അഥവാ, ഇന്ന് ഫെമിനിസമല്ല, ഫെമിനിസങ്ങളാണുള്ളത്. അവയിൽ പാശ്ചാത്യസാംസ്‌കാരിക പൈതൃകങ്ങളിൽ വേരുള്ളവയുണ്ട്. മുസ്ലിം മതത്തോടു ചേർന്നുനിൽക്കുന്നവയുണ്ട്. ഉദാരവാദത്തെയും നവഉദാരവാദത്തെയും പിൻതാങ്ങുന്നവയുണ്ട്. നേരെ മറിച്ച്, ശക്തമായ ഇടതുരാഷ്ട്രീയത്തിൽ വേരൂന്നി നിൽക്കുന്നവയുമുണ്ട്. 'ഞാൻ ഒരു ഫെമിനിസ്റ്റാണെ'ന്ന് പ്രഖ്യാപിച്ചാൽ, 'ഫെമിനിസ്റ്റ്' എന്ന് സ്വയം വിളിക്കുന്ന മറ്റെല്ലാവരോടും ഉടനെ പൂർണ്ണയോജിപ്പായി എന്നു പ്രതീക്ഷിക്കാനാവില്ല. ഫെമിനിസത്തെക്കുറിച്ച് ഇന്ന് ചിന്തിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിവ് ഇതാണ്. ഫെമിനിസ്റ്റുകളെല്ലാം ലിംഗവിവേചനത്തിനെതിരാണ്, പക്ഷേ ആ പ്രതിഭാസത്തെ അവർ എങ്ങനെ നിർവ്വചിക്കുന്നു, അതിനുള്ള പരിഹാരത്തെ എങ്ങനെ മനസ്സിലാക്കുന്നു, പിതൃമേധാവിത്വത്തിനപ്പുറമുള്ള ലോകത്തെ അവർ എങ്ങനെ വിഭാവനം ചെയ്യുന്നു എന്ന ചോദ്യങ്ങൾക്ക് വളരെ വ്യത്യസ്തമായ ഉത്തരങ്ങളാവും പലതരക്കാരായ ഫെമിനിസ്റ്റുകൾ തരിക'.

പെണ്ണൊരുമ്പെട്ടാൽ ലോകം മാറുന്നു.
ജെ. ദേവിക
റീഡ്മി ബുക്‌സ്
2017, വില: 499 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP