Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജീവിതത്തിന്റെ മറ്റൊരു പേരാകുന്നു സംഗീതം

ജീവിതത്തിന്റെ മറ്റൊരു പേരാകുന്നു സംഗീതം

ഷാജി ജേക്കബ്

  • രു തലമുറയെ സംഗീതലഹരിയിലാറാടിച്ച ബോണി എം. എന്ന വിഖ്യാതമായ പാശ്ചാത്യ സംഗീതട്രൂപ്പിലെ ഗായകരായി ലോകമാരാധിച്ചവരാരും പാട്ടുകാരായിരുന്നില്ല, അവരെല്ലാം ഫ്രാങ്ക് ഫാരിയൻ എന്ന ജർമൻകാരൻ പല സ്വരങ്ങളിൽ പാടിയ പാട്ടുകൾക്കൊത്തു വേദിയിൽ ചുണ്ടനക്കിയവർ മാത്രമായിരുന്നുവെന്ന് എത്രപേർക്കറിയാം?

  • കേരളത്തിലുണ്ടായ ഏറ്റവും നല്ല ഗസൽ ഗായകൻ നാൽപ്പത്തഞ്ചാം വയസ്സിൽ ഒരു വാഹനാപകടത്തിൽ മരിച്ച തൃശൂർകാരൻ ഫിലിപ്പ് ഫ്രാൻസിസ് ആയിരുന്നുവെന്ന് മറ്റാരെങ്കിലും എഴുതി നാം വായിച്ചിട്ടുണ്ടോ?

  • പ്രതിഭയുടെ തലകീഴ്മറിച്ചിലിൽ തന്റെ സംഗീതജീവിതം വിപണിക്കടിയറവച്ച ഗായകൻ ഹരിഹരനെക്കുറിച്ച് തുറന്ന വിമർശനം ആരു നടത്തിയിട്ടുണ്ട്?

  • 1976-ലെ മികച്ച ഗായികയായി ജാനകിക്കും സംഗീതസംവിധായകനായി എ.ടി. ഉമ്മറിനും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത 'തുഷാരബിന്ദുക്കളേ....' എന്ന ഗാനം യഥാർഥത്തിൽ, തലേവർഷം കണ്ണൂർ രാജൻ ചിട്ടപ്പെടുത്തി, ലതിക പാടിയ ഒരു നാടകഗാനമായിരുന്നുവെന്ന് ആരോർക്കുന്നു?

  • നൂറുകണക്കിനു സംഗീതപ്രേമികളെ ആത്മഹത്യക്കു പ്രേരിപ്പിച്ച 'ഗ്ലൂമി സൺഡേ' എന്ന വിഖ്യാതഗാനം 1933-ൽ ചിട്ടപ്പെടുത്തിയ ഹംഗേറിയൻ സംഗീതജ്ഞൻ റെസോ സെറേസും ആത്മഹത്യയിൽ അഭയംതേടിയതിന്റെ കിടിലംകൊള്ളിക്കുന്ന കഥ മുൻപു വായിച്ചവർ എത്രയുണ്ട്?

  • സംഗീതം പഠിക്കാൻ പണമില്ലാതെ ഭിക്ഷയാചിച്ചു ജീവിച്ച ഒരു ഭൂതകാലം മഹാഗായകനായ ടി.എം. സൗന്ദർരാജനുണ്ടായിരുന്നുവെന്ന സത്യം അദ്ദേഹത്തിൽനിന്നു കേട്ടറിഞ്ഞവരും മഹാധനികനായി ജീവിച്ച മലേഷ്യാ വാസുദേവൻ സമ്പത്തും പ്രശസ്തിയും നഷ്ടമായി, തെരുവുനായ്ക്കൾ മാത്രം കൂട്ടിനുണ്ടായിരുന്ന ഒരു ഒറ്റമുറിവീട്ടിൽ ജീവിതാന്ത്യം ബോധാബോധങ്ങൾക്കിടയിൽ കഴിച്ചുകൂട്ടിയ കാലത്ത് അദ്ദേഹത്തെ കണ്ടുമുട്ടിയവരുമായ മാദ്ധ്യമപ്രവർത്തകർ എത്രയുണ്ട്?

ഷാജി ചെന്നൈ എഴുതിയ 'പാട്ടല്ല സംഗീതം' എന്ന അസാധാരണമായ പുസ്തകം ഇമ്മാതിരി ഒരുപാടു പാട്ടനുഭവങ്ങളെയും സംഗീതജീവിതങ്ങളെയും കുറിച്ചുള്ള ഓർമപ്പുസ്തകമാണ്. ഒപ്പം, സംഗീതമെന്നത് വെറും പാട്ടുസാഹിത്യമല്ല എന്ന കണിശമായ നിലപാടിന്റെ സാക്ഷ്യപത്രവും.ശാസ്ത്രീയ-വരേണ്യ സംഗീതമെന്നും ജനപ്രിയ-വിപണി സംഗീതമെന്നുമുള്ള വിഭജനരേഖ മാഞ്ഞുതുടങ്ങിയ കാലത്തിന്റെ ചരിത്രരേഖയായും ഈ രചനകൾ മാറുന്നു. മലയാളത്തിൽ, കഴിഞ്ഞ ഒരു ദശകത്തിന്റെ മാത്രം ചരിത്രമുള്ള (രവിമേനോനിൽ തുടങ്ങി രവിമേനോനിലവസാനിക്കുന്ന പാട്ടെഴുത്തുശാഖയുടെ ചരിത്രമെന്നും പറയാം) ചലച്ചിത്രഗാനനിരൂപണത്തിന്റെ തെന്നിന്ത്യൻ മാതൃകകൾ പലതും ഷാജി അതിനുമുൻപേ അവതരിപ്പിച്ചിരുന്നുവെന്ന് ഈ പുസ്തകം തെളിയിക്കുന്നു.ഓഡിയോ റെക്കോർഡിംഗിന്റെയും വീഡിയോ റെക്കോർഡിംഗിന്റെയും സാങ്കേതികവിദ്യകൾ, റേഡിയോ, ടെലിവിഷൻ, സിനിമ എന്നീ മാദ്ധ്യമങ്ങൾക്കൊപ്പം ചേർന്ന് ഇരുപതാം നൂറ്റാണ്ടിൽ സംഗീതത്തെ മനുഷ്യചരിത്രത്തിലെ ഏറ്റവും ജനപ്രിയമായ കലയും സംസ്‌കാരവും വിനോദവ്യവസായവുമാക്കി മാറ്റിയതിന്റെ അനുഭവങ്ങൾ മുൻനിർത്തിയാണ് ഷാജിയുടെ സംഗീതാന്വേഷണങ്ങൾ രൂപംകൊള്ളുന്നത്. ശാസ്ത്രീയ-വരേണ്യ സംഗീതമെന്നും ജനപ്രിയ-വിപണി സംഗീതമെന്നുമുള്ള വിഭജനരേഖ മാഞ്ഞുതുടങ്ങിയ കാലത്തിന്റെ ചരിത്രരേഖയായും ഈ രചനകൾ മാറുന്നു. മലയാളത്തിൽ, കഴിഞ്ഞ ഒരു ദശകത്തിന്റെ മാത്രം ചരിത്രമുള്ള (രവിമേനോനിൽ തുടങ്ങി രവിമേനോനിലവസാനിക്കുന്ന പാട്ടെഴുത്തുശാഖയുടെ ചരിത്രമെന്നും പറയാം) ചലച്ചിത്രഗാനനിരൂപണത്തിന്റെ തെന്നിന്ത്യൻ മാതൃകകൾ പലതും ഷാജി അതിനുമുൻപേ അവതരിപ്പിച്ചിരുന്നുവെന്ന് ഈ പുസ്തകം തെളിയിക്കുന്നു. ഒപ്പം, പി.കെ. ശ്രീനിവാസനും സി. രാജേന്ദ്രബാബുവും മറ്റും കണ്ടെഴുതിയ കോടമ്പാക്കത്തിന്റെ അധോചരിത്രങ്ങളും ചലച്ചിത്രപ്രവർത്തകരുടെ അനുഭവമണ്ഡലങ്ങളും കൂട്ടിയിണക്കി ഷാജി സൃഷ്ടിക്കുന്ന മൗലികമായ ഒരു കലാചരിത്രവും ഇവിടെ ചുരുളഴിയുന്നു.

ഭാരതീയസംഗീതജ്ഞർ, ലോകസംഗീതജ്ഞർ എന്ന രണ്ടു ഭാഗങ്ങളിലായി ജനപ്രിയസംഗീതത്തിന്റെ അതീവ കൗതുകകരമായ ഒരു സമകാല ജീവചരിത്രം വരച്ചിടുകയാണ് ഷാജി.

പി.ബി. ശ്രീനിവാസ്, മദന്മോഹൻ, നൗഷാദ്, ടി.എം. സൗന്ദർരാജൻ, മന്നാഡെ, എം.എസ്. വിശ്വനാഥൻ, ദക്ഷിണാമൂർത്തി, രാജ്കുമാർ, കണ്ണൂർ രാജൻ, ഹരിഹരൻ, ജോൺസൻ, മെഹ്ദിഹസൻ, ഫിലിപ്പ് ഫ്രാൻസിസ്, മലേഷ്യാ വാസുദേവൻ എന്നിവരെക്കുറിച്ചാണ് ഒന്നാംഭാഗം. ബോണി എമ്മിലെ നിഴൽപ്പാട്ടുകാർ, ഇംഗിൾബർട്ട് ഹംപെർദിൻക്, മൈക്കിൾ ജാക്‌സൺ, റിസോ സെറേസ് എന്നിവരെക്കുറിച്ച് രണ്ടാം ഭാഗവും.

നാലുതലങ്ങളിലാണ് ഈ ലേഖനങ്ങളോരോന്നും ഭാവനചെയ്യപ്പെട്ടിരിക്കുന്നത്. ഒന്ന്, വ്യക്തിജീവിതവും ഭൗതികസാഹചര്യങ്ങളും മുൻനിർത്തി ഈ സംഗീതജ്ഞരെയും ഗായകരെയും കുറിച്ചെഴുതുന്ന ജീവചരിത്രപരമായ വസ്തുതകളുടെ പശ്ചാത്തലം.

രണ്ട്, ഇവർ പ്രതിനിധാനം ചെയ്ത സംഗീതമണ്ഡലത്തിന്റെ മൂല്യവിചാരങ്ങളും വിമർശനങ്ങളും സൂക്ഷ്മമായാവിഷ്‌കൃതമാകുന്ന കലാധാരണകളുടെ രൂപതലം.

മൂന്ന്, പാട്ടിൽനിന്ന് സംഗീതത്തെ വേർതിരിച്ചറിയുന്ന കലാനുഭൂതിയുടെ സാങ്കേതികവും മാദ്ധ്യമപരവും സാംസ്‌കാരികവുമായ അവതരണതലം.

നാല്, മേല്പറഞ്ഞ മൂന്നുതലങ്ങളെയും മുഴുവൻ സംഗീതജ്ഞരെയും സ്വന്തം ജീവിതാനുഭവങ്ങളോടും അവസ്ഥകളോടും കൂട്ടിയിണക്കി വിശകലനം ചെയ്യുന്നതിന്റെ ഭാവതലം.

കൊടും ദാരിദ്ര്യത്തിൽ പിറന്ന്, താരപ്രഭയുടെയും സമ്പന്നതയുടെയും നെറുകയിൽ ജീവിച്ച് അവഗണനയുടെയും നിരാശയുടെയും പട്ടിണിയുടെയും രോഗത്തിന്റെയും പടുകുഴിയിൽ വീണൊടുങ്ങിയ മഹാപ്രതിഭകൾ. ഭാഗ്യനിർഭാഗ്യങ്ങളുടെ പകലിരവുകളിലൂടെ തെന്നിനീങ്ങിയ കലാജീവിതത്തിന്റെ കഥകൾ. മലയാളത്തിലെ പാട്ടെഴുത്തുകാർക്കും സംഗീതാരാധാകർക്കും അജ്ഞാതമായ ജീവിതാനുഭവങ്ങളുടെയും കലാനുഭൂതികളുടെയും മറനീക്കലുകൾ. അവതാരികയിൽ സക്കറിയ ചൂണ്ടിക്കാണിക്കുന്നതുപോലെ, 'അതിശയോക്തികളും അമിതാരാധനയുമില്ലാത്ത', സ്‌നേഹം നിറഞ്ഞ, സുന്ദരമായ ഒരു ഓർമ്മപ്പുസ്തകമാണ് ഷാജിയുടെ 'പാട്ടല്ല സംഗീതം'.

മുഖ്യമായും തമിഴിലൂടെ ദക്ഷിണേന്ത്യൻ ഗാനാസ്വാദകരുടെ ഹൃദയത്തിൽ കുടിയേറിയ അഞ്ചു മഹാപ്രതിഭകളെക്കുറിച്ചുള്ള രചനകൾ ആദ്യഭാഗത്തുണ്ട്. പി.ബി. ശ്രീനിവാസ്, ടി.എം. സൗന്ദർരാജൻ, എം.എസ്. വിശ്വനാഥൻ, വി. ദക്ഷിണാമൂർത്തി, മലേഷ്യാ വാസുദേവൻ എന്നിവരെക്കുറിച്ച്. ഓരോന്നും അങ്ങേയറ്റം ആത്മബന്ധത്തോടെ ഈ പ്രതിഭകളുടെ ആലാപന, സംഗീതബോധങ്ങളെ വിലയിരുത്തുന്നവ. ജീവിതത്തിന്റെ കയറ്റിറക്കങ്ങളിൽ, താനും താൻ കണ്ടുമുട്ടിയ പല സാധാരണ മനുഷ്യരും ആരാധനയോടെ കരുതിപ്പോന്ന ഈ മഹാനാദങ്ങളെ നേരിൽക്കണ്ടപ്പോഴുണ്ടാകുന്ന അനുഭവങ്ങളുടെകൂടി ആവിഷ്‌കാരമായി ഇവ മാറുന്നു. ജീവചരിത്രവും കലാചരിത്രവും കൂട്ടിയിണക്കി, സിനിമയിലെ താരരാജാക്കന്മാർക്കൊപ്പം തലപ്പൊക്കവും ജനപ്രീതിയും നേടിയ ടി.എം.എസിന്റെയും എം.എസ്.വിയുടെയുമൊക്കെ വ്യക്തിത്വം ഈ രചനകൾ അനാവരണം ചെയ്യുന്നു.

മദിരാശിയിൽ, അർധരാത്രിയും പിന്നിട്ടുനിളുന്ന സംഗീതപരിപാടികളിൽ ആരും ക്ഷണിക്കാത്ത പ്രേക്ഷകരിലൊരാളായി ജീവിതാന്ത്യം അലഞ്ഞുതീർത്ത, ഒരു കാലത്തിന്റെ ഭാവഗായകൻ 'പ്രതിവാദി ഭയങ്കരം' (പി.ബി.) ശ്രീനിവാസിന്റെ കഥ പറയുന്നു, ആദ്യലേഖനം.

ജീവിച്ചിരുന്നപ്പോൾ ടി.എം.എസ് ഒരു ഇതിഹാസമായിരുന്നു. 'പാട്ടിന്റെ വികാരത്തിനും അതഭിനയിക്കുന്ന നടന്റെ ശൈലിക്കും അനുസരണമായി നാടകീയതയോടെ പാടി കേൾവിക്കാരിൽ വൈകാരികത ഉണർത്തുന്നതിൽ ടി.എം.എസിന് തുല്യനായി മറ്റൊരു തമിഴ് പാട്ടുകാരനില്ല. ഒരു സിനിമാനടനെ ജനനേതാവാക്കി, അദ്ദേഹത്തെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി ആക്കിയതിൽ ടി.എം.എസിന്റെ ശബ്ദത്തിനും ആലാപനരീതിക്കും വലിയ പങ്കുണ്ട്. സാധാരണ തമിഴന്റെ വോട്ടുകൾ ദ്രാവിഡരാഷ്ട്രീയത്തിന്റെ പെട്ടികളിലാക്കാൻ സമർത്ഥമായ ഒരു ഉപകരണമായി ടി.എം.എസിന്റെ ശബ്ദം ഉപയോഗിക്കപ്പെട്ടു'.

എം.എസ്.വിയുടെ കഥ കുറെക്കൂടി കൗതുകകരമാണ്. 'കുഞ്ഞുപ്രായത്തിൽത്തന്നെ അച്ഛനെ നഷ്ടപ്പെട്ട ദരിദ്രനായ കുട്ടി ദക്ഷിണ കൊടുക്കാൻപോലും പണമില്ലാഞ്ഞതുകൊണ്ട് ഗുരുവിന്റെ വീട്ടിൽ വേലക്കാരനായിനിന്ന് സംഗീതം പഠിച്ചു. കൗമാരം കഴിയും മുമ്പേ തമിഴ്‌നാട്ടിലെത്തി. കോയമ്പത്തൂരിലും സേലത്തും ചെന്നൈയിലും വിശന്നലഞ്ഞു. ദാരിദ്ര്യം സഹിക്കാനാവാതെ അമ്മയോടൊപ്പം ആത്മഹത്യക്കു ശ്രമിച്ചു! ഭക്ഷണശാലകളിൽ വിളമ്പുകാരനായി പണിയെടുത്തു. ശബ്ദലേഖന നിലയങ്ങളിൽ ഭൃത്യനായി വർഷങ്ങൾ ജോലിചെയ്തു. സുബ്ബയ്യാ നായിഡു, സി.ആർ. സുബ്ബരാമൻ എന്നീ സംഗീതസംവിധായകരുടെ സഹായിയായി, അവരുടെ പേരിൽ പുറത്തുവന്ന പല പാട്ടുകൾ ഉണ്ടാക്കി! ഈ ചുറ്റുപാടുകളിൽ നിന്നുവന്ന എം.എസ്. വിശ്വനാഥൻ, തന്റെ പ്രതിഭ ഒന്നുകൊണ്ടുമാത്രം ദക്ഷിണേന്ത്യയുടെ സംഗീതമന്നനായി മാറിയത് അദ്ദേഹത്തിന്റെ സംഗീതംപോലെതന്നെ ഒരു മഹാത്ഭുതമാണ്!' അവഗണനയുടെ നെറുകയിൽ ആത്മഹത്യക്കു ശ്രമിച്ചു പരാജയപ്പെട്ടു, ടി.എം.എസ്. എങ്കിൽ ആത്മഹത്യ തരണം ചെയ്തുവന്ന തന്റെ മഹാജീവിതത്തിന്റെ നിഴൽപോലെയായ വാർധക്യത്തിൽ ഏറെ ഒറ്റപ്പെട്ടുപോയി എം.എസ്.വി.

മലേഷ്യാ വാസുദേവന്റെ ജീവിതവും കലയും മരണവും കുറെക്കൂടി സംഘർഷഭരിതവും ദുരിതപൂർണവുമാണ്. 'തമിഴ്പ്പാട്ടുകളിൽ മിക്കവാറും കേൾക്കാൻ കഴിയുന്ന അമിത നാടകീയത ഒട്ടുമില്ലാതെ, തികഞ്ഞ സ്വാഭാവികതയോടെ എല്ലാത്തരം ഭാവങ്ങളും ധ്വനിപ്പിക്കുന്ന പാട്ടുകൾ ഇത്ര അനായാസമായി പാടിയ മറ്റൊരു ഗായകനും അദ്ദേഹത്തിന്റെ സമകാലത്തിൽ ഉണ്ടായിരുന്നില്ല. രണ്ട് ഉദാഹരണങ്ങളിലൂടെ ഇത് വ്യക്തമാക്കാം. റോജാപ്പൂ റവുക്കക്കാരി എന്ന സിനിമയിൽ ഉച്ചി വകുന്തെടുത്ത് പിച്ചിപ്പൂ വച്ചകിളി എന്നൊരു പാട്ടുണ്ട്. എസ്‌പി. ബാലസുബ്രഹ്മണ്യം പാടിയത്. കന്നിപ്പരുവത്തിലേ എന്ന ചിത്രത്തിൽ അതേ ഈണത്തിൽ മലേഷ്യാ വാസുദേവൻ പാടിയ പാട്ട് വണ്ണ റോജാവാം പാർത്ത കണ്ണ് മൂടാതാം എന്ന മറ്റൊരു പാട്ടുമുണ്ട്. വിഷാദഭാവമാണ് രണ്ട് പാട്ടുകൾക്കും. രണ്ടും കേൾക്കുക. എസ്‌പി.ബിയുടെ അതിനാടകീയതയും മലേഷ്യാ വാസുദേവന്റെ, ഹൃദയത്തിൽനിന്ന് നേരിട്ടുവരുന്ന ആലാപനവും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാവുകയില്ല. മറ്റൊരു ഉദാഹരണം പന്നീർ പുഷ്പങ്കൾ എന്ന ചിത്രത്തിനുവേണ്ടി മലേഷ്യാ വാസുദേവൻ പാടിയ 'കോടൈക്കാല കാറ്റേ' ആണ്. ഈ ചിത്രം മലയാളത്തിൽ പനിനീർ പൂക്കൾ എന്ന പേരിൽ മൊഴിമാറി വന്നപ്പോൾ ആ പാട്ട് 'ലോല രാഗക്കാറ്റേ' എന്ന് പാടിയത് യേശുദാസായിരുന്നു. വാസുദേവൻ പാടി അവതരിപ്പിച്ച കൗമാരപ്രണയത്തിന്റെ മധുരം കലർന്ന വിങ്ങൽ യേശുദാസിൽ ശോകമായി മാറുന്നത് നമുക്ക് കേൾക്കാം'.
ദക്ഷിണാമൂർത്തിക്ക് ഈവിധം നാടകീയമായ ജീവിതാനുഭവങ്ങളെക്കാൾ സാത്വികമായ സംഗീതസാധനയുടെ കഥയാണുള്ളത്.  

മറ്റൊരുവിഭാഗം ലേഖനങ്ങൾ ഹിന്ദിയിലൂടെ ഇന്ത്യൻ ശ്രോതാക്കളെ കീഴടക്കിയ സംഗീതസംവിധായകരെയും ഗായകരെയും കുറിച്ചാണെങ്കിൽ ഇനിയൊരു വിഭാഗം രചനകൾ ഗസൽ എന്ന സംഗീതശാഖയുടെ ഭിന്നലോകങ്ങളിൽ ഷാജി കണ്ടുമുട്ടിയ മൂന്നു പ്രതിഭകളെക്കുറിച്ചാണ്.ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തെയും ഗസലുകളെയും മദന്മോഹനും നൗഷാദും ഉപയോഗിച്ച രീതികൾ താരതമ്യപ്പെടുത്തിയാൽ ഇരുവരും തമ്മിലുണ്ടായിരുന്ന വ്യത്യാസമെന്തെന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. നൗഷാദ് ലളിതമായ രാഗങ്ങൾ അങ്ങനെതന്നെ ആർക്കും പാടാവുന്ന പാട്ടുകളാക്കാൻ ശ്രമിച്ചപ്പോൾ, മദന്മോഹൻ ആ രാഗങ്ങളെ ആദ്യം തന്റേതാക്കി, പിന്നീട് ആസ്വാദകന്റെ ഹൃദയഭാവങ്ങളാക്കാൻ ശ്രദ്ധിച്ചു. അവ കേൾക്കാൻ മധുരതരം. ഏറ്റുപാടാൻ വിഷമം!മഹാപ്രതിഭയായിരുന്ന മദന്മോഹന് ജീവിച്ചിരുന്നപ്പോൾ കിട്ടാതെപോയ പ്രശസ്തിയെയും ആദരവിനെയും കുറിച്ചാണ് ഒരു ലേഖനം. അഥവാ, അത്രമേൽ വലിയ പ്രതിഭയല്ലാതിരുന്നിട്ടും നൗഷാദിനു കിട്ടിയ അമിതാദരവിനെയും പ്രശസ്തിയെയും കുറിച്ച്. സംഗീതത്തിന്റെ വിപണിസമവാക്യങ്ങൾ പലപ്പോഴും കഴിവിനെയോ മികവിനെയോ മാത്രം മാനദണ്ഡമാക്കിയല്ല രൂപംകൊള്ളുക. ഷാജി എഴുതുന്നു: 'ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തെയും ഗസലുകളെയും മദന്മോഹനും നൗഷാദും ഉപയോഗിച്ച രീതികൾ താരതമ്യപ്പെടുത്തിയാൽ ഇരുവരും തമ്മിലുണ്ടായിരുന്ന വ്യത്യാസമെന്തെന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. നൗഷാദ് ലളിതമായ രാഗങ്ങൾ അങ്ങനെതന്നെ ആർക്കും പാടാവുന്ന പാട്ടുകളാക്കാൻ ശ്രമിച്ചപ്പോൾ, മദന്മോഹൻ ആ രാഗങ്ങളെ ആദ്യം തന്റേതാക്കി, പിന്നീട് ആസ്വാദകന്റെ ഹൃദയഭാവങ്ങളാക്കാൻ ശ്രദ്ധിച്ചു. അവ കേൾക്കാൻ മധുരതരം. ഏറ്റുപാടാൻ വിഷമം! അദാലത്ത് എന്ന ചിത്രത്തിലെ സമീൻ സേ ഹമേ ആസ്മാ പർ, ആപ് കോ പ്യാർ ഛുപാനേ കീ ബുരീ ആദത്ത് ഹേ എന്നീ പാട്ടുകൾ കേട്ടുനോക്കുക. എന്തിന്! അൺപഠ് എന്ന ചിത്രത്തിൽ വന്ന മദന്മോഹന്റെ ആപ്കീ നസരോം നെ സംഝാ, ഹേ ഇസീ മേ പ്യാര് കീ ആബ്‌രൂ എന്നീ പാട്ടുകൾക്കൊപ്പം നിൽക്കാവുന്ന ഒരു പാട്ടുപോലും താൻ ഉണ്ടാക്കിയിട്ടില്ല എന്ന് നൗഷാദ് തന്നെ പറഞ്ഞിട്ടുണ്ട്. ഹീർ രാഞ്ജാ എന്ന ചിത്രത്തിന് മദന്മോഹൻ നൽകിയ സംഗീതത്തിന്റെ പാതിയോളം പോലും എത്തുന്ന സംഗീതം നിർമ്മിക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ല എന്ന് എസ്.ഡി. ബർമൻ ഏറ്റുപറഞ്ഞിട്ടുണ്ട്! മദന്മോഹൻ-ലതാ മങ്കേഷ്‌കർ ജോഡി പോലെ ഒന്ന് ഇന്ത്യൻ സംഗീതത്തിലുണ്ടായിട്ടില്ല എന്ന് ഓ പി നയ്യാരും പറഞ്ഞു. എന്നാൽ മദന്മോഹൻ ജീവിച്ചിരുന്നപ്പോൾ ഈ പരാമർശങ്ങളൊന്നും ഉണ്ടായില്ല എന്നതാണ് ഖേദകരം'.

മന്നാഡെയുടെ നാദവിസ്മയത്തെ സമകാലികരും കൂടുതൽ പ്രശസ്തരുമായിരുന്ന ഗായകരുടെ ആലാപനശൈലിയുമായി താരതമ്യം ചെയ്ത് ഷാജി എഴുതുന്നു : 'ഇന്ത്യൻ ജനകീയസംഗീതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗായകന്മാരിൽ ഒരാളായ മന്നാഡേ അമ്പതു വർഷത്തോളം പിന്നണി ഗാനരംഗത്ത് തിളങ്ങിനിന്ന കലാകാരനാണ്. മുഹമ്മദ് റഫി, കിഷോർ കുമാർ, മുകേഷ്, തലത്ത് മഹ്മൂദ്, ഹേമന്ത് കുമാർ എന്നീ പിന്നണിഗായകരുടെ നിരയിൽ, പ്രതിഭാവിലാസത്തിന്റെ കാര്യത്തിലും ബഹുമുഖവും സമർത്ഥവുമായ ആലാപനശൈലിയുടെ കാര്യത്തിലും ഒരു ചുവട് മുന്നിൽതന്നെയായിരുന്നു മന്നാഡേ. കനമുള്ള ശബ്ദം, ആഴമുള്ള ഭാവപ്രകാശനം, പാടിയ പാട്ടുകൾക്ക് ഒന്നിനോടൊന്നുള്ള വൈവിധ്യം, ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗിതത്തിന്റെ ശക്തമായ അടിത്തറ എന്നിവയുടെ ഒത്തുചേരലാണ് മന്നാഡേയെ വ്യത്യസ്തനാക്കിയത്'. ഗസലിനുവേണ്ടി മാത്രം പിറവിയെടുത്ത സമ്പൂർണ്ണ ഗസൽ ഗായകൻ മെഹ്ദി ഹസൻ. ഈണത്തിന്റേയും വരികളുടെയും ആത്മാവറിഞ്ഞുള്ള ആലാപനവും ഭാവപ്രകാശനവും. തനിക്കുവേണ്ടി മാത്രം പാടുന്നതുപോലെയുള്ള ആ ശൈലിയിൽ പ്രദർശനത്തിനോ കാട്ടിക്കൂട്ടലുകൾക്കോ ഒരിക്കലും ഇടമില്ല. ഏതൊരു കുഴപ്പം പിടിച്ച രാഗത്തെയും അതിന്റെ എല്ലാ ശക്തിസൗന്ദര്യങ്ങളോടെയും, സുർമണ്ഡലിൽ ശ്രുതിമീട്ടുന്നത്ര ലളിതമായി പാടിയവതരിപ്പിക്കാൻ പ്രാപ്തനായ ഒരു ഹിന്ദുസ്ഥാനി ശാസ്ത്രീയഗായകനായിരുന്നു അദ്ദേഹം.ഗസലിന്റെ എക്കാലത്തെയും മഹാഗായകർ മഹ്ദി ഹസനെ വിലയിരുത്തി ഗ്രന്ഥകാരൻ പറയുന്ന വാക്കുകൾ കേൾക്കുക: 'ഗസലിനുവേണ്ടി മാത്രം പിറവിയെടുത്ത സമ്പൂർണ്ണ ഗസൽ ഗായകൻ മെഹ്ദി ഹസൻ. ഈണത്തിന്റേയും വരികളുടെയും ആത്മാവറിഞ്ഞുള്ള ആലാപനവും ഭാവപ്രകാശനവും. തനിക്കുവേണ്ടി മാത്രം പാടുന്നതുപോലെയുള്ള ആ ശൈലിയിൽ പ്രദർശനത്തിനോ കാട്ടിക്കൂട്ടലുകൾക്കോ ഒരിക്കലും ഇടമില്ല. ഏതൊരു കുഴപ്പം പിടിച്ച രാഗത്തെയും അതിന്റെ എല്ലാ ശക്തിസൗന്ദര്യങ്ങളോടെയും, സുർമണ്ഡലിൽ ശ്രുതിമീട്ടുന്നത്ര ലളിതമായി പാടിയവതരിപ്പിക്കാൻ പ്രാപ്തനായ ഒരു ഹിന്ദുസ്ഥാനി ശാസ്ത്രീയഗായകനായിരുന്നു അദ്ദേഹം. എന്നാൽ ലളിത ശാസ്ത്രീയസംഗീതമായ ഗസലിനെയാണ് അദ്ദേഹം തന്റെ വഴിയായി തിരിച്ചറിഞ്ഞതും തിരഞ്ഞെടുത്തതും. ശാസ്ത്രീയ സംഗീതത്തിന്റെ സങ്കീർണ്ണവും സൂക്ഷ്മവുമായ പല അംശങ്ങളെ അനായാസമായി ഗസലിൽ പ്രകാശിപ്പിക്കാൻ മെഹ്ദി ഹസന് കഴിഞ്ഞു. പത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഗസൽ എന്ന സംഗീതരൂപം മെഹ്ദി ഹസനിലൂടെ പുതിയതാക്കപ്പെട്ടു. ഗസലിന്റെ സൗമ്യതയും കാവ്യഭംഗിയും വികാരപരതയും മൗനവും ഇത്ര ശക്തമായി പാടി വെളിപ്പെടുത്തിയ വേറേത് ഗായകനാണ് ഈ ഭൂമിയിൽ ജീവിച്ചിരുന്നത്?

ഹിന്ദുസ്ഥാനിയുടെ രണ്ട് വ്യത്യസ്തശാഖകളായ ഖയാലിന്റെയും ദ്രുപദിന്റെയും സവിശേഷമായ അംശങ്ങൾക്കും അത്യന്തം ക്രിയാത്മകമായ താനങ്ങൾക്കും മുർഖികൾക്കും ഒപ്പം, താൻ ജനിച്ചുവളർന്ന രാജസ്ഥാനിലെ നാടോടി സംഗീതത്തിന്റെ വീര്യവും ഗസലുകളിൽ ഉൾച്ചേർക്കുവാൻ മെഹ്ദി ഹസന് കഴിഞ്ഞു. വാക്കുകളുടെ ധ്വനിയും അർത്ഥഗരിമയും ലളിത രാഗങ്ങളുടെ അപാരസൗന്ദര്യവും മെഹ്ദി ഹസന്റെ ഗസലുകളിൽ സമ്മേളിച്ചു. ലളിത ശാസ്ത്രീയ സംഗീതത്തെയും സംഗീത പദ്ധതികളുടെ മിശ്രണത്തെയും എതിർത്തുപോന്ന മഹാന്മാരായ പല ശാസ്ത്രീയ ഗായകരും മെഹ്ദി ഹസനിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ഗസലുകൾ പാടിത്തുടങ്ങി!'

ഫിലിപ്പ് ഫ്രാൻസിസ് എന്ന, ആരും കേൾക്കാത്ത ഒരു ഗസൽപ്രതിഭയുടെ ദുരന്തജീവിതവൃത്താന്തം, ഒരു മികച്ച മാദ്ധ്യമപ്രവർത്തകന്റെയും സംഗീതനിരൂപകന്റെയും കയ്യടക്കത്തോടെ ഷാജി കോറിയിടുന്നു, മറ്റൊരു രചനയിൽ. അമിത പ്രശസ്തിയും വിപണിപ്രീണനവും പ്രതിഭയുടെ ധാരാളിത്തവും അഹന്തയും വഴിതെറ്റിച്ച ഹരിഹരനെക്കുറിച്ചുള്ള നിശിതമായ വിമർശനമാണ് മറ്റൊരു ലേഖനം.

കണ്ണൂർ രാജൻ, ജോൺസൺ എന്നിവരെക്കുറിച്ചുള്ള ഓരോ രചനകളും ഈ ഭാഗത്തുണ്ട്. അസാധാരണമായ പ്രതിഭയുണ്ടായിരിക്കെത്തന്നെ, ചലച്ചിത്രവിപണിയുടെ സമ്മർദ്ദങ്ങളിലും ഒത്തുതീർപ്പുകൾക്കു വഴങ്ങാത്ത വ്യക്തിത്വത്തിന്റെ സംഘർഷങ്ങളിലും പെട്ട് ഈ കലാകാരന്മാർ അനുഭവിച്ച തമസ്‌കരണങ്ങളുടെ കഥ പറയുന്നു, ഷാജി. ഒപ്പം, പശ്ചാത്തല സംഗീതത്തിന്റെയും ഉപകരണസംഗീതത്തിന്റെയും തലങ്ങളിൽ മലയാളത്തെ ഏറെ ഉയരങ്ങളിലെത്തിച്ച ജോൺസന്റെ പ്രതിഭയെക്കുറിച്ചുള്ള സൂക്ഷ്മ നിരീക്ഷണങ്ങളുടെ അവതരണവും. കന്നട നടൻ രാജ്കുമാർ അസാധാരണമായ ഗാനാലാപനസിദ്ധിയുള്ള വ്യക്തിയായിരുന്നുവെന്ന്, അധികംപേർക്കറിയാത്ത ഒരു കഥ ഷാജി വെളിപ്പെടുത്തുന്നു, വേറൊരു ലേഖനത്തിൽ.

'ലോകസംഗീതജ്ഞർ' എന്ന രണ്ടാം ഭാഗത്ത്, നാലു ലേഖനങ്ങളുണ്ട്. ബോണി എംന്റെ അവിശ്വസനീയമായ സംഗീതവ്യാജങ്ങളുടെ ചരിത്രം, ചെന്നൈയിൽ ജനിച്ച് ലോകസംഗീതത്തിന്റെ മാന്ത്രികവിപണിയിൽ വെന്നിക്കൊടി പാറിച്ച ഇംഗിൾബെർട് ഹംപെർദിൻക് എന്ന ആംഗ്ലോ ഇന്ത്യക്കാരന്റെ കഥ, മൈക്കൾ ജാക്‌സൺ മനുഷ്യചരിത്രത്തിലെ ഏറ്റവും ജനപ്രിയനായ കലാകാരനായി മാറിയതിന്റെ സംഗീതരസതന്ത്രം വിശദീകരിക്കുന്ന രചന, കേൾവിക്കാരുടെ ആത്മഹത്യയിലൂടെ ചരിത്രം സൃഷ്ടിച്ച 'ഗ്ലൂമി സൺഡേ'യുടെയും അതിന്റെ സ്രഷ്ടാവിന്റെയും കഥ എന്നിവ.

മൈക്കൾ ജാക്‌സണെക്കുറിച്ച് ധാരാളം ലേഖനങ്ങൾ മലയാളിക്കു പരിചിതമാണെങ്കിലും മറ്റു മൂന്നു വിഷയങ്ങളും അത്രമേൽ പരിചിതമല്ലെന്നു മാത്രമല്ല, ഷാജിയുടെ മൗലികമായ സംഗീതാന്വേഷണത്തിന്റെ കണ്ടെത്തലുകൾ കൂടിയാണെന്നും പറയേണ്ടിയിരിക്കുന്നു. മനുഷ്യാവസ്ഥയുടെ അപാരവും അപരിമേയവുമായ വിപര്യയങ്ങൾക്കുദാഹരണമായി ബോണി എമ്മിന്റെ സൂപ്പർതാരം ബോബിഫാരെലിന്റെ കഥ ഓർമ്മിപ്പിക്കുന്നുണ്ട്, ഷാജി. അതിങ്ങനെയാണ്: 'യൗവനം കഴിയുന്നതിനുമുമ്പേ അയാളുടെ മുടിയെല്ലാം പൊഴിഞ്ഞു. ആംസ്റ്റർഡാമിലെ ഒരു ചേരിപ്രദേശത്തായിരുന്നു പല വർഷം താമസം. ഗവൺമെന്റ് നൽകുന്ന ദരിദ്രർക്കുള്ള പെൻഷനായിരുന്നു ആകെയുള്ള വരുമാനം. ഓരോ ഗാനശേഖരത്തിനും എഴുപതിനായിരം പൗണ്ട് ശമ്പളം, ഓരോ പരിപാടിക്കും ആയിരക്കണക്കിന് പൗണ്ടുകൾ എന്ന രീതിയിൽ വരുമാനമുണ്ടായിരുന്ന ബോബി ഫാരെൽ 'അർഹിക്കുന്ന വരുമാനം എനിക്ക് കിട്ടിയില്ല, കുറഞ്ഞത് രണ്ട് കോടി പൗണ്ടെങ്കിലും കിട്ടണമായിരുന്നു. തന്നില്ല. തന്നതൊക്കെ കുറേശ്ശെ കുറേശ്ശെ ആയിരുന്നു. എല്ലാം ചെലവായിപ്പോയി' എന്ന് സങ്കടം പറഞ്ഞു. സ്വകാര്യ ജെറ്റ് വിമാനത്തിൽ ലോകം മുഴുവൻ പറന്നുനടന്ന 'ലോക സംഗീതതാരം' എന്ന നിലയിൽ നിന്ന് ആംസ്റ്റർഡാമിലെ ചേരിയിലേക്കുള്ള ബോബിയുടെ വീഴ്ച ദയനീയമായിരുന്നു. 'വളരെ ഉയരത്തിൽനിന്ന് താഴേക്കു വീഴുമ്പോൾ എന്താണ് നടക്കുന്നതെന്ന് നമുക്ക് മനസ്സിലാവില്ല. 1986ലെ ക്രിസ്തുമസ് കാലത്ത് വൈദ്യുതിപ്പണം അടയ്ക്കാത്തതുകൊണ്ട് എന്റെ വീട്ടിൽ വെളിച്ചംപോലും ഉണ്ടായിരുന്നില്ല' എന്ന് വിലപിച്ച ബോബിയുടെ ജീവിതത്തിൽ പിന്നീട് വെളച്ചമേ തെളിഞ്ഞില്ല. 2010 ഡിസംബറിൽ, 61 വയസ്സായ അയാൾ റഷ്യയിലെ ഒരു ലോഡ്ജ് മുറിയിൽ അനാഥനായി മരിച്ചുകിടന്നു'.

കലാപ്രതിഭയുടെ ഉയരങ്ങളും വ്യക്തിജീവിതത്തിന്റെ ആഴങ്ങളും കൂട്ടിയിണക്കി സൃഷ്ടിക്കുന്ന അസാധാരണമായ രചനകളെന്ന നിലയിൽ ഇന്ത്യൻ സംഗീതജ്ഞരെക്കുറിച്ചുള്ള ലേഖനങ്ങളെക്കാൾ നമ്മെ വിസ്മയിപ്പിക്കും, ഇവ. സംഗീതമെന്ന മഹാസാഗരത്തിൽ മഹാമേരുക്കൾപോലെ ഉയർന്നുനിൽക്കുന്ന കാലപ്രതിഭകൾ തൊട്ട്, ആ സാഗരത്തിൽ മുങ്ങിത്താണുപോയ പവിഴദ്വീപുകൾപോലുള്ള അജ്ഞതപ്രതിഭകൾ വരെ ഈ രചനകളിലുണ്ട്; സംഗീതമെന്നത് ജീവിതത്തിന്റെതന്നെ മറ്റൊരു പേരാണെന്ന് നിരന്തരം നമ്മെ ഓർമ്മിപ്പിച്ചുകൊണ്ട്.

പുസ്തകത്തിൽനിന്ന്
'സത്യത്തിന്റെ സംഗീതമായിരുന്നു എം.എസ്. ബാബുരാജ്. ബാബുരാജിന്റെ മകൾ സാബിറയുടെ വീട്ടിലെത്തുമ്പോൾ ആ വീടും അവിടത്തെ മനുഷ്യരും ബാബുരാജിന്റെ സംഗീതം പോലെ തന്നെയാണ് എനിക്ക് അനുഭവപ്പെടുക. ആത്മാർത്ഥതയും സത്യസന്ധതയും എളിമയും ചേർന്ന സ്‌നേഹപൂർണ്ണമായ ഒരു ബാബുരാജ് ഗാനം പോലെ! ഒരു മഴക്കാലപ്പകലിൽ അവരുമായി സംസാരിച്ചിരിക്കുമ്പോൾ ഫിലിപ് ഫ്രാൻസിസ് എന്ന സംഗീതജ്ഞനെക്കുറിച്ച് അവരെന്നോട് പറഞ്ഞു. ബാബുരാജിന്റെ പാട്ടുകളെ ജീവശ്വാസം പോലെ സ്‌നേഹിച്ചയാൾ. ബാബുരാജ് ആരാധകനായ ആയിരക്കണക്കിന് പാട്ടുകാരിൽ ഒരാൾകൂടി എന്നേ ഞാൻ കരുതിയുള്ളൂ. അവിടെനിന്ന് എനിക്കു കിട്ടിയ ബാബുരാജിന്റെ സ്വരഭേദങ്ങൾ എന്ന ഗാനശേഖരം കേട്ടപ്പോൾ ഓരോ മലയാളിക്കും അറിയാവുന്ന ആ പാട്ടുകൾ ആരും അത്ര മനോഹരമായി പാടിയിട്ടുണ്ടാവില്ല എന്നെനിക്കു തോന്നി. ഫിലിപ് ഫ്രാൻസിസ് എന്ന പാട്ടുകാരൻ, സംഗീതജ്ഞൻ, ആയിരത്തിൽ ഒരാളായിരുന്നില്ല. അപൂർവ്വങ്ങളിൽ അപൂർവ്വമായ ജന്മമായിരുന്നു അത്.

ആരായിരുന്നു ഫിലിപ് ഫ്രാൻസിസ്? കേരളത്തിലുണ്ടായ ഏറ്റവും നല്ല ഗസൽ ഗായകൻ, കേരളത്തിൽ നിന്നുണ്ടായ ദേശീയ നിലവാരമുള്ള ഏക തബല ഉസ്താദ്, ഗയാന എന്ന ലത്തീൻ അമേരിക്കൻ രാജ്യത്തെ ഇന്ത്യയുടെ സാംസ്‌കാരിക സ്ഥാനപതി, ഗിറ്റാർ, ഹാർമോണിയം, കീബോർഡ്, കോംഗോ ഡ്രം എന്നിവയെല്ലാം സ്വയം അഭ്യസിച്ച് ഒരു ഉസ്താദിനെപ്പോലെ വായിച്ച ഉപകരണസംഗീത വിദഗ്ധൻ, പാശ്ചാത്യ സംഗീതത്തിലും ഇന്ത്യൻ സംഗീതത്തിലും ഒരേപോലെ അവഗാഹമുണ്ടായിരുന്ന സംഗീതജ്ഞൻ, കേരളത്തിലെ ഏറ്റവും മികച്ച ദേവാലയ സംഘഗാന സംവിധായകരിൽ ഒരാൾ, ചില ഒന്നാന്തരം ഭക്തിഗാനങ്ങളുടെ സംഗീത സംവിധായകൻ, സംഗീത സംവിധായകൻ രവീന്ദ്രന്റെ സഹായി, ഒരിടത്ത് ഒരു പുഴയുണ്ട് എന്ന സിനിമയ്ക്ക് മനോഹരമായി പശ്ചാത്തല സംഗീതം ചെയ്ത ആൾ, ആകാശവാണി തൃശൂർ നിലയത്തിലൂടെ പ്രക്ഷേപണം ചെയ്യപ്പെട്ട മനോഹരങ്ങളായ ചില ലളിതഗാനങ്ങളുടെ സംഗീത സംവിധായകൻ, നാളിതുവരെയുണ്ടായിട്ടുള്ള ഏറ്റവും മഹാന്മാരായ അമ്പത് തൃശൂർക്കാരിൽ ഒരാളായി തൃശൂർ പൗരാവലിയിൽ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി....! ഫിലിപ്പിനെപ്പറ്റി പറയാൻ എത്രയോ വിശേഷണങ്ങൾ! സംഗീതത്തെ ഹൃദയത്തിന്റെ ഭാഷയാക്കി രാവും പകലും അതിൽ മുഴുകി ജീവിച്ച ഫിലിപ് ഫ്രാൻസിസ്.

കേരളത്തിലുണ്ടായ ഏറ്റവും നല്ല ഗസൽ ഗായകൻ ഫിലിപ്പായിരുന്നു എന്നു പറയുമ്പോൾ എന്താണ് ഗസൽ എന്നുകൂടി പറയേണ്ടിവരും. 'ഗ്ഹസൽ' എന്ന് ഉച്ചരിക്കേണ്ട ആ വാക്കുപോലും മലയാളികൾ മിക്കവാറും 'ഗെസെൽ' എന്ന് തെറ്റായി ആണ് ഉച്ചരിച്ചു കേൾക്കാറുള്ളത്! ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഒരു അർദ്ധശാസ്ത്രീയ രൂപമാണ് ഗസൽ എന്ന് ചുരുക്കിപ്പറയാമെങ്കിലും മറ്റൊരു സംഗീതരൂപത്തിനുമില്ലാത്ത ഭാവതീവ്രതയാണ് ഗസലിനുള്ളത്. അതേസമയം ഗസൽ സൗമ്യവും മൃദുലവുമാണ്. തീവ്ര പ്രേമത്തിന്റെ, വിരഹത്തിന്റെ, സൗന്ദര്യാരാധനയുടെ, തത്ത്വദർശനത്തിന്റെ, ആഘോഷത്തിന്റെ ഒക്കെ സുഗമസംഗീതമാണ് ഗസൽ.

ഗസലുകൾ നന്നായി പാടുക ഒട്ടും എളുപ്പമല്ല. പരിപൂർണ്ണ സമർപ്പണവും ഹിന്ദുസ്ഥാനി രാഗഭാവങ്ങളെപ്പറ്റിയുള്ള ശരിയായ ധാരണയും വരികളുടെ അർത്ഥമറിഞ്ഞ് പാടാനുള്ള കഴിവും ഗസൽ ഗായകന് അത്യാവശ്യമാണ്. ദുർഗമങ്ങളായ സംഗതികൾ പാടി ആസ്വാദകരെ ഞെട്ടിക്കാനുള്ളതല്ല ഗസൽ ആലാപനം. ഈണത്തിന്റെ ആത്മാവറിഞ്ഞു പാടുന്ന ഗായകൻ സ്വയം ഗസലായി മാറുകയാണ്. 'പ്രിയപ്പെട്ടവരോടുള്ള ഹൃദയഭാഷണം' എന്നതാണ് ഗസൽ എന്ന വാക്കിന്റെ അർത്ഥം. തനിക്കുവേണ്ടി മാത്രമാണ് ഗായകൻ അത് പാടുന്നത്. അയാൾ സ്വയം ആസ്വദിച്ചു പാടുമ്പോൾ ആസ്വാദകനും അത് സ്വന്തം അനുഭവമായി മാറുന്നു. ഇതുകൊണ്ടാണ് ഉന്നതരായ ഗസൽ ഗായകരുടെ സംഖ്യ വിരലിലെണ്ണാൻ മാത്രമായി അവശേഷിക്കുന്നത്. മെഹ്ദി ഹസൻ, ഗുലാം അലി, ബേഗം അക്തർ, അബിദാ പർവീൺ, ഹരീദാ ഖാനം, മുന്നി ബേഗം, ഹരിഹരൻ, ജഗ്ജിത് സിങ്, നൂർജഹാൻ, മലികാ പുഖ്രാജ്, താഹിറാ സയ്യിദ്.... ഈ പട്ടിക അധികമൊന്നും നീട്ടാനാവില്ല.

ഗസലിന് ഏറ്റവും അനുയോജ്യമായ സൗമ്യതയുള്ള ശബ്ദം, അപാരമായ മനോധർമ്മം, ഗാനത്തിന്റെ ഭാവത്തെ മാത്രം കേന്ദ്രമാക്കിയുള്ള സമർത്ഥമായ ആലാപനം എന്നിവകൊണ്ട് സമൃദ്ധമായിരുന്നു ഫിലിപ്പിന്റെ ഗസലുകൾ. മെഹ്ദി ഹസൻ, ഗുലാം അലി, ഹരിഹരൻ, ജഗ്ജിത് സിങ് എന്നിവരുടെ ആരാധകനായിരുന്ന ഫിലിപ് ഇവരുടെയെല്ലാം ആലാപനത്തിലുള്ള പല സവിശേഷതകൾ തന്റെ ശൈലിയിൽ ഉൾച്ചേർത്തു. പ്രസിദ്ധമായ 150ൽ അധികം ഉറുദു ഗസലുകൾ അദ്ദേഹം സ്വായത്തമാക്കിയിരുന്നു. അവയോടൊപ്പം ബാബുരാജിന്റെ പല സിനിമാ ഗാനങ്ങളും പൂർണ്ണമായ ഗസൽ രൂപത്തിൽ ഫിലിപ് അവതരിപ്പിച്ചു. ഇന്നലെ മയങ്ങുമ്പോൾ, കടലേ നീലക്കടലേ, കവിളത്തെ കണ്ണീർ കണ്ട്, നദികളിൽ സുന്ദരി യമുന, ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായ്, പാവാടപ്രായത്തിൽ, സൂര്യകാന്തി, സുറുമയെഴുതിയ മിഴികളേ, തളിരിട്ട കിനാക്കൾ, തേടുന്നതാരേ ശൂന്യതയിൽ, വാസന്ത പഞ്ചമി നാളിൽ തുടങ്ങിയ ഒരിക്കലും മരിക്കാത്ത ബാബുരാജ് ഗാനങ്ങൾ ഫിലിപ് പാടിക്കേൾക്കുമ്പോൾ ആ പാട്ടുകൾ പൂർണ്ണ ഗസലുകളായി എങ്ങനെ ആലപിക്കണമെന്നതിനെപ്പറ്റി ബാബുരാജിനുണ്ടായിരുന്ന സ്വപ്നം ഇതുതന്നെയായിരുന്നില്ലേ എന്ന് നമുക്കു തോന്നിപ്പോകും.

ഫിലിപ് ഫ്രാൻസിസ് ഉസ്താദ് ഫിലിപ് ഫ്രാൻസിസ് ആയി മാറിയത് തബല വാദനത്തിലൂടെയാണ്. തബലയുടെ ഇന്ത്യയിലെ ഏറ്റവും പുരാതമ ഘരാനയായ ഡൽഹി ഘരാനയിലെ ഉസ്താദ് ഫയാസ് ഖാന്റെ ശിഷ്യത്വം സ്വീകരിച്ച ഫിലിപ് ആറുവർഷം ഡൽഹിയിൽ താമസിച്ച് തബല അഭ്യസിച്ചു. തബലയിൽ മാത്രം ശ്രദ്ധിച്ചിരുന്നെങ്കിൽ കേരളത്തിൽ നിന്നുള്ള ഒരു അഹമ്മദ് ജാൻ തിരഖ്വയോ അള്ളാ രഖയോ സക്കീർ ഹുസൈനോ ആയി മാറാൻ മാത്രമുള്ള പ്രതിഭയും പ്രാവീണ്യവും ഫിലിപ്പിന് ഉണ്ടായിരുന്നു. തന്റെ എക്കാലത്തെയും ഏറ്റവും മിടുക്കന്മാരായ ശിഷ്യരിൽ ഒരാളായിരുന്നു ഫിലിപ് എന്ന് ഉസ്താദ് ഫയാസ് ഖാൻ പറഞ്ഞിട്ടുണ്ട്. ഫിലിപ്പിന്റെ കഴിവുകളെ ഉസ്താദ് ഫയാസ് ഖാൻ കേന്ദ്രസർക്കാരിന്റെ നയതന്ത്ര കാര്യാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിനെ ബോദ്ധ്യപ്പെടുത്തുകയും അങ്ങനെ 2003 ൽ തെക്കേ അമേരിക്കയിലുള്ള ഗയാന എന്ന രാജ്യത്തെ ഇന്ത്യയുടെ സാംസ്‌കാരിക സ്ഥാപനപതിയായി ഫിലിപ് നിയമിക്കപ്പെടുകയും ചെയ്തു.

പിന്നണിഗായകരായ എസ്. ജാനകി, ജയചന്ദ്രൻ, മിന്മിനി, ശ്രീനിവാസ്, ഗായത്രി, പ്രദീപ് സോമസുന്ദരം എന്നിവരൊക്കെ ഫിലിപ്പിന്റെ ആരാധകരും സഹകാരികളുമായിരുന്നു. മലയാളത്തിന്റെ പ്രിയഗായിക എസ്. ജാനകി പറഞ്ഞു: 'ലോകം മുഴുവനും അറിയപ്പെടേണ്ട സംഗീതജ്ഞനായിരുന്നു ഫിലിപ്!' '

പാട്ടല്ല സംഗീതം
ഷാജി ചെന്നൈ
ഗ്രീൻ ബുക്‌സ്, 2015
വില:165 രൂപ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP