Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

മാധ്യമങ്ങൾ: വിചാരവും വിചാരണയും

മാധ്യമങ്ങൾ: വിചാരവും വിചാരണയും

ഷാജി ജേക്കബ്‌

ഗോള, ദേശീയ, പ്രാദേശിക തലങ്ങളിൽ ഇക്കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ പ്രകടമായ മാധ്യമസംസ്‌കാരപരിണതികൾ ഇങ്ങനെ സംഗ്രഹിക്കാം:

1. ആഗോളതലത്തിൽ

അച്ചടി, ടെലിവിഷൻ, റേഡിയോ എന്നീ പരമ്പരാഗത/ആധുനിക മാധ്യമങ്ങളുടെ പ്രതിസന്ധി പൂർവാധികം മൂർഛിച്ചു. ന്യൂസ് വീക്ക് ഉൾപ്പെടെയുള്ള വാർത്താവാരികകളും നിരവധി പത്രങ്ങളും നിലച്ചു. വാർത്താവിനോദരംഗങ്ങളിലെ ആനുകാലികങ്ങൾ ലോകമെങ്ങും അവസാനഘട്ടത്തിലാണ്. ഇരുരംഗങ്ങളിലും ടെലിവിഷനും ഏതാണ്ടന്ത്യത്തോടടുക്കുന്നു.

ഓൺലൈൻ, നവ, സാമൂഹ്യ, സൈബർ മാധ്യമങ്ങളുടെ കാലം വന്നുകഴിഞ്ഞു. വാർത്താവിനോദരംഗങ്ങളിൽ ഒരുപോലെ പ്രാമാണ്യം കൈവരിക്കാൻ ഇവയ്ക്കു കഴിഞ്ഞിരിക്കുന്നു. സാങ്കേതികതയിൽ മാത്രമല്ല ഉള്ളടക്കത്തിലും ഈ വിപ്ലവം ചുവടുറപ്പിച്ചുകഴിഞ്ഞു. എഡ്വേർഡ് സ്‌നോഡൻ, ജൂലിയൻ അസാഞ്ചെ തുടങ്ങിയവർ തുറന്നുവിട്ട ഭൂതം ഇനിയൊരിക്കലും തിരികെ കുടത്തിൽ കയറാനിടയില്ല. സ്മാർട്ട് ഫോൺ നാളിതുവരെയുള്ള മുഴുവൻ മാധ്യമസാങ്കേതിക, സാംസ്‌കാരികതകളെയും സ്വാംശീകരിച്ചതാണ് ഈ രംഗത്തെ ഏറ്റവും വലിയ മാറ്റം.

ഗൂഗ്ൾ, ആമസോൺ, ഫേസ്‌ബുക് എന്നീ സ്ഥാപനങ്ങൾക്ക് കൈവന്ന ആഗോളകുത്തകയും അത്ഭുതകരമായ അനുദിനവളർച്ചയും.

2. ദേശീയതലത്തിൽ

1. ഹിന്ദിയുൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും ഒന്നടങ്കം പത്രങ്ങൾ, ആനുകാലികങ്ങൾ എന്നിക്ക് ചരിത്രത്തിലാദ്യമായി വളർച്ചാനിരക്കിൽ വൻ പ്രതിസന്ധി രൂപംകൊണ്ടുകഴിഞ്ഞു. പല പത്രങ്ങളും പൂട്ടി. അവശേഷിച്ച പലതിന്റെയും എഡിഷനുകൾ കുറച്ചു. റേഡിയോ എഫ്.എം. മാത്രമായി ചുരുങ്ങി. പൊതുമേഖലാമാധ്യമങ്ങൾ (അച്ചടി, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങൾ ഒരുപോലെ) സ്തംഭനത്തിലായി. അതേസമയംതന്നെ ഓൺലൈൻ മാധ്യമങ്ങൾ മേല്പറഞ്ഞവയ്‌ക്കൊക്കെ ബദലായി വൻ വളർച്ച രേഖപ്പെടുത്തുന്നുമില്ല. ബഹുജനമാധ്യമങ്ങളോടു രൂപം കൊണ്ടിട്ടുള്ള വൻ വിമുഖതയാണ് യഥാർഥത്തിൽ ഏറ്റവും വലിയ മാറ്റം.

2. വിനോദടെലിവിഷൻരംഗം ഇക്കഴിഞ്ഞ കാൽനൂറ്റാണ്ടിൽ (1992-2017) ഇതാദ്യമായി പരസ്യവരുമാനത്തിലും ജനപ്രീതിയിലും തിരിച്ചടി നേരിട്ടുതുടങ്ങി.

3. വാർത്താടെലിവിഷൻരംഗത്ത് റിപ്പബ്ലിക് ഒഴികെ എല്ലാ ഇംഗ്ലീഷ് ചാനലുകളും സീ, ആജ്തക് എന്നിങ്ങനെ ഒന്നോ രണ്ടോ ഒഴികെയുള്ള ഹിന്ദി ചാനലുകളും പ്രതിസന്ധിയിലാവുകയും ഒന്നാം തലമുറ ഉപഗ്രഹവാർത്താടെലിവിഷൻ താരങ്ങൾ മൂവരും (പ്രണോയ് റോയ്, ബർക്കാദത്ത്, രാജ്ദീപ് സർദേശായ്) പല കാരണങ്ങളാൽ അസ്തപ്രജ്ഞരാവുകയും ചെയ്തു.

3 മലയാളത്തിൽ  

1. മലയാളപത്രങ്ങൾ അവയുടെ ഒന്നേകാൽ നൂറ്റാണ്ടിന്റെ ചരിത്രത്തിൽ ഇതാദ്യമായി പ്രചാരത്തിലും പരസ്യവരുമാനത്തിലും വാർത്താസ്വാധീനത്തിലും തകർച്ച നേരിട്ടുതുടങ്ങി. എൻ.ആർ.എസിന്റെ ചില വിവരങ്ങൾ കൊണ്ട് തരികിട കളിക്കുന്നതല്ലാതെ എ.ബിസി. കണക്കുകൾ ഒരു പത്രവും പുറത്തുവിടുന്നില്ല. സാങ്കേതികത മുതൽ സാമ്പത്തികവും സാമുദായികതയും വരെയുള്ള കാരണങ്ങൾ കൊണ്ട് മനോരമ മുതൽ മാധ്യമം വരെയുള്ള പ്രമുഖ പത്രങ്ങളോരോന്നും പ്രചാരത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. പത്രസ്ഥാപനങ്ങളുടേതും അല്ലാത്തതുമായ ആനുകാലികങ്ങൾ മുഴുവൻ കടുത്തപ്രതിസന്ധിയിലാണ്. വാർത്താ, വിനോദ, സാംസ്‌കാരിക പ്രസിദ്ധീകരണങ്ങളൊന്നും ഇനിയൊരു അഞ്ചുവർഷത്തിനപ്പുറം നിലനിൽക്കാൻതന്നെ സാധ്യതയില്ല.

2. ടെലിവിഷൻ മരിച്ചുതുടങ്ങി. മലയാളി കുടുംബങ്ങളിൽ ടെലിവിഷൻ ഇപ്പോൾ ഒരാകർഷണമോ അവശ്യവസ്തുവോ അല്ല. വിനോദചാനലുകൾ സാമാന്യമായും വാർത്താചാനലുകൾ നാമമാത്രമായും നിലനിൽക്കുന്നു എന്നേയുള്ളു. റേഡിയോയുടെ സ്ഥിതിയും ഭിന്നമല്ല.

3. ഓൺലൈൻ മാധ്യമങ്ങൾ കൂണുപോലെ മുളച്ചുപൊന്തുന്നുണ്ടെങ്കിലും ഒരൊറ്റ എണ്ണമൊഴികെ ഒന്നും പരസ്യവരുമാനമോ വൻ ജനപ്രീതിയോ നേടി നിലനിൽക്കുന്നില്ല. വാർത്താമാധ്യമങ്ങളോട് പൊതുവെയും അച്ചടി, ദൃശ്യ മാധ്യമങ്ങളിലെ പരമ്പരാഗത വിനോദരൂപങ്ങളോട് വിശേഷിച്ചും പുതിയ തലമുറക്ക് വലിയ വിരക്തിയാണ്.

4. സ്മാർട്ട് ഫോൺ മാത്രമാകുന്നു മലയാളിയുടെ മാധ്യമ, വിനോദയന്ത്രവും സംസ്‌കാരവും. പത്രവും ടിവിയും ഓൺലൈൻ പോർട്ടലുകളും മുതൽ സാമൂഹ്യമാധ്യമങ്ങളും ഇമെയിൽ ഉൾപ്പെടെയുള്ള വിനിമയസാങ്കേതികതകളും പോൺ, റഫറൻസ് സൈറ്റുകളും ഫോണിൽ ലഭ്യമാകുന്നതോടെ ഉള്ളടക്കത്തിലെന്നപോലെ സാങ്കേതികതയിലും സംവേദനസംസ്‌കാരത്തിലും പരമ്പരാഗത/ആധുനികമാധ്യമങ്ങളുടെ അന്ത്യനാളുകളാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്.

മേല്പറഞ്ഞ അവസ്ഥാന്തരങ്ങളുടെ സന്ദർഭത്തിൽ, ഗൗരവമുള്ള മാധ്യമവിചാരങ്ങളുടെ മണ്ഡലത്തിൽ പ്രസക്തമാകുന്ന ചില കാഴ്ചപ്പാടുകളുടെ അവതരണമാണ് എൻ.പി. രാജേന്ദ്രന്റെ 'പത്രാനന്തരവാർത്തയും ജനാധിപത്യവും'' എന്ന പുസ്തകം നടത്തുന്നത്. രാജേന്ദ്രൻ കഴിഞ്ഞ കാൽനൂറ്റാണ്ടിലധികം കാലം മുഖ്യമായും മാതൃഭൂമിയിലെ പ്രതിവാരപംക്തിയായ 'വിശേഷാൽപ്രതി'യിലൂടെ മലയാളപത്രവായനക്കാർക്കു സുപരിചിതനായ മാധ്യമപ്രവർത്തകനാണ്. പത്തിലധികം പുസ്തകങ്ങളിലൂടെയും നൂറുകണക്കിനു ലേഖനങ്ങളിലൂടെയും പംക്തിയിലെഴുതിയ ആയിരത്തിലധികം കുറിപ്പുകളിലൂടെയും മാധ്യമങ്ങളെയും മാധ്യമകേന്ദ്രിതമായ രാഷ്ട്രീയമണ്ഡലങ്ങളെയും കുറിച്ച് രാജേന്ദ്രൻ എഴുതിയ കാര്യങ്ങൾ ഒട്ടനവധിയാണ്. ഒരേസമയം അക്കാദമികവും ജേണലിസ്റ്റിക്കുമായ സമീപനവും നിലവാരവും പുലർത്തിയവയാണ് രാജേന്ദ്രന്റെ എഴുത്തുകളും പ്രഭാഷണങ്ങളും. 2011-14 കാലത്ത് കേരള മീഡിയാ അക്കാദമിയുടെ അധ്യക്ഷനായിരിക്കെ അദ്ദേഹം തുടങ്ങിയ 'മീഡിയ' എന്ന ജേണൽ മലയാളത്തിൽ ഒരപൂർവ സംരംഭം തന്നെയായി. നിരവധി പുസ്തകങ്ങളും ഇക്കാലത്ത് അക്കാദമി പ്രസിദ്ധീകരിച്ചു. മീഡിയാ അക്കാദമി രാഷ്ട്രീയപാർട്ടികളുടെ പിണിയാളുകളായ പ്രവർത്തകരിൽനിന്ന് മുക്തമായ ചുരുക്കം ചില കാലങ്ങളിലൊന്നായിരുന്നു രാജേന്ദ്രന്റേത്.

മുഖ്യമായും അഞ്ചുതലങ്ങളിൽ നിലയുറപ്പിക്കുന്നവയാണ് ഈ പുസ്തകത്തിൽ പഠനങ്ങൾ, നിരീക്ഷണങ്ങൾ, പോരാളികൾ എന്നീ മൂന്നു ഭാഗങ്ങളിലായി സമാഹരിച്ചിരിക്കുന്ന പതിനഞ്ചു രചനകൾ.

ഒന്ന്, മാധ്യമങ്ങളുടെ സ്ഥാപനപരത. ഭരണകൂടനിയന്ത്രണം മുതൽ കുത്തകവൽക്കരണം വരെയുള്ള മാധ്യമമേഖലകളെ കേന്ദ്രീകരിക്കുന്ന സൂക്ഷ്മവിശകലനങ്ങൾ.
രണ്ട്, മാധ്യമങ്ങളുടെ സമ്പദ്ഘടന. മുതലാളിത്തവും വിപണിയും പരസ്യങ്ങളും ഉപഭോഗസംസ്‌കൃതിയും മാധ്യമങ്ങൾക്കുമേൽ ചെലുത്തുന്ന നാനാതരം പ്രഭാവങ്ങളുടെ വിമർശനാത്മക അപഗ്രഥനം.

മൂന്ന്, മാധ്യമരാഷ്ട്രീയങ്ങൾ. സാംസ്‌കാരികവും ചരിത്രനിഷ്ഠവും പ്രത്യയശാസ്ത്രപരവുമായ വിതാനങ്ങൾ മാധ്യമങ്ങളുടെ അജണ്ട നിശ്ചയിക്കുന്ന രീതികളുടെ കണിശതയുള്ള പഠനം.

നാല്, മാധ്യമധാർമ്മികത. സാമൂഹിക പ്രതിബദ്ധത മുതൽ പ്രൊഫഷണലിസം വരെയും ആവിഷ്‌ക്കാരസ്വാതന്ത്ര്യം മുതൽ ജനാധിപത്യം വരെയുമുള്ളവ നിർണയിക്കേണ്ട മാധ്യമധാർമ്മികതയെക്കുറിച്ചുള്ള ആകുലതകളുടെ വിട്ടുവീഴ്ചയില്ലാത്ത അവതരണം.
അഞ്ച്, വ്യക്തിചിത്രങ്ങൾ. നെടിയ മാധ്യമജീവിതം നയിച്ചവരോ തൊഴിലിനിടെ വധിക്കപ്പെട്ടവരോ ആയ ചില മാധ്യമപ്രവർത്തകരെക്കുറിച്ചുള്ള ശ്രദ്ധേയമായ സ്മൃതിചിത്രങ്ങൾ.
രാജേന്ദ്രന്റെ മുൻ പുസ്തകങ്ങളിലും നിരന്തരം പ്രസക്തമാകുന്നവയാണ് ഈ സ്വഭാവങ്ങൾ ഒരളവോളം, തന്റെ മാധ്യമവിചാരങ്ങളെയും വിചാരണകളെയും രൂപപ്പെടുത്താൻ രാജേന്ദ്രൻ സ്വീകരിക്കുന്ന നിലപാടുതറകൾ തന്നെയാണിവ. 'പത്രാനന്തരം' എന്ന താക്കോൽ നിരീക്ഷണവും കാഴ്ചപ്പാടും നിർണയിക്കുന്ന സമകാല മാധ്യമപര്യാലോചനകൾ സമാഹരിക്കുന്ന ഈ പുസ്തകത്തിലും ഇവയ്ക്കു മാറ്റമില്ല.

പഠനങ്ങൾ എന്ന ഭാഗത്ത് നാല് ലേഖനങ്ങളാണുള്ളത്. മാധ്യമങ്ങൾ എന്നാൽ രാജേന്ദ്രന് വാർത്താമാധ്യമങ്ങളാണ്. അവയാകട്ടെ മുഖ്യമായും പത്രങ്ങൾതന്നെയുമാണ്. പത്രാനനന്തരകാലം എന്ന വിശേഷണത്തോടെ, പത്രമുൾപ്പെടെയുള്ള ബഹുജനമാധ്യമങ്ങൾ വാർത്തയുടെ രാഷ്ട്രീയം രൂപപ്പെടുത്തുന്നതിനെക്കുറിച്ചും സ്വയം പരിണമിക്കുന്നതിനെക്കുറിച്ചുമുള്ള വിപുലമായ ആലോചനയാണ് ആദ്യലേഖനം. പലതരം വായനക്കാർ, മാധ്യമങ്ങളുടെ അജണ്ട, മാധ്യമവിശ്വാസ്യതയുടെ പരിധി, വാർത്തയിലെ സ്വാധീനങ്ങൾ, സ്വതന്ത്രവും അല്ലാത്തതുമായ പത്രങ്ങൾ, മാധ്യമവിമർശനത്തിന്റെ സാധ്യതകൾ എന്നിങ്ങനെ ആറുകാര്യങ്ങൾ അക്കമിട്ടവതരിപ്പിച്ചു ചർച്ചചെയ്യുന്നു, രാജേന്ദ്രൻ.
മാധ്യമകുത്തകകളെക്കുറിച്ചാണ് രണ്ടാം ലേഖനം. ഊന്നൽ റിലയൻസ് ഇന്ത്യൻ മാധ്യമരംഗത്ത് ചുവടുറപ്പിക്കുന്നതിനെക്കുറിച്ചുതന്നെ. റൂപർട്ട് മർദോക്കിനെപ്പോലും പിന്നിലാക്കി ഇന്ത്യൻ മർദോക്കായി മാറിക്കഴിഞ്ഞ മുകേഷ് അംബാനിയുടെ മാധ്യമ ഇടപെടലുകൾ സൃഷ്ടിക്കാവുന്ന ധാർമിക, നൈതിക സംഘർഷങ്ങളിലാണ് രാജേന്ദ്രൻ ചർച്ച കേന്ദ്രീകരിക്കുന്നത്.

രാഷ്ട്രീയപാർട്ടികൾ, മതങ്ങൾ, വ്യവസായസ്ഥാപനങ്ങൾ തുടങ്ങിയവ മാധ്യമരംഗത്തുവന്നാൽ അവയെ നിയന്ത്രിക്കുന്നത് 'താൽപര്യസംഘട്ടനം' തന്നെയായിരിക്കും. രാജേന്ദ്രൻ എഴുതുന്നു: 'മൂന്നു വർഷം മുമ്പ് വിവാദവും ബഹളവുമെല്ലാമായ ഒരു റിപ്പോർട്ടിനെക്കുറിച്ചുള്ള ഓർമ്മ ഒരു തമാശ പോലെ മനസ്സിൽ തെളിയുന്നു. നമുക്ക് ട്രായി എന്നൊരു കേന്ദ്ര അധികൃതസ്ഥാപനമുണ്ട്. ടെലഫോൺ റഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ. പേര് സൂചിപ്പിക്കുംപോലെ കമ്യൂണിക്കേഷൻ സ്ഥാപനങ്ങൾക്കു മേലെ നിയന്ത്രണാധികാരമുള്ള കേന്ദ്രസർക്കാർ സ്ഥാപനം. അവർ ഗൗരവമേറിയ ഒരു വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും ആ പ്രശ്‌നം കൈകാര്യം ചെയ്യാൻ കുറെ നിർദ്ദേശങ്ങൾ അടങ്ങുന്ന വിശദമായ ഒരു റിപ്പോർട്ട് 2014 ജൂലായിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ജനാധിപത്യത്തിൽ വാർത്താസ്ഥാപനങ്ങൾ സ്വതന്ത്രമായിരിക്കണമെന്നും അതിനുവേണ്ടി വാർത്താമാധ്യമങ്ങളെ നിക്ഷിപ്ത താത്പര്യങ്ങളിൽനിന്നു സ്വതന്ത്രമാക്കണം എന്നുമായിരുന്നു നിർദ്ദേശം. ഒരേ സ്ഥാപനത്തിനുതന്നെ വ്യത്യസ്ത മാധ്യമങ്ങൾ തുടങ്ങാൻ അനുമതി നൽകരുതെന്നും മാധ്യമരംഗത്തെ കുത്തകവൽക്കരണം അപകടമാണെന്നും റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. മാധ്യമസ്വാതന്ത്ര്യം, മാധ്യമബഹുസ്വരത, മാധ്യമസുതാര്യത തുടങ്ങിയ നല്ല തത്ത്വങ്ങൾ മുറുകെപ്പിടിക്കുന്നതും, സാധാരണ ഒരു വ്യവസായം അല്ല, ജനാധിപത്യത്തിന്റെ നാലാം തൂണു തന്നെയാണു മാധ്യമം എന്നും ഉറപ്പിച്ചു പറയുന്നതുമായിരുന്നു സുദീർഘമായ ആ റിപ്പോർട്ട്.
മാധ്യമങ്ങളെ സ്വതന്ത്രമാക്കാൻ അവർ നിർദ്ദേശിച്ച മാർഗങ്ങൾ പലരെയും അമ്പരപ്പിച്ചു. വ്യവസായസ്ഥാപനങ്ങൾ മാധ്യമരംഗത്തു കടക്കുന്നത് താല്പര്യസംഘട്ടനം ഉണ്ടാക്കും എന്നതുകൊണ്ട് വ്യവസായകമ്പനികൾക്ക് ഈ രംഗത്തേക്കു പ്രവേശനം അനുവദിക്കരുത് എന്നതായിരുന്നു പ്രധാന നിർദ്ദേശം. വ്യവസായങ്ങളെ മാത്രമല്ല, രാഷ്ട്രീയപാർട്ടികളെയും അനുവദിക്കരുത് എന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തു. 'നിങ്ങളുടെ പട്ടണത്തിലെ ടെലിവിഷൻ ചാനൽ ഉടമ സ്ഥലം എംഎ‍ൽഎ. ആണെങ്കിൽ ആ ചാനലിലൂടെ നിങ്ങൾ അറിയാനാഗ്രഹിക്കുന്ന എന്തെങ്കിലും സത്യം പുറത്തുവരുമോ' - ട്രായിയുടെ റിപ്പോർട്ടിനെക്കുറിച്ച് വിശദീകരിക്കവേ ട്രായി ചെയർമാൻ രാഹുൽ ഖുല്ലർ പത്രസമ്മേളനത്തിൽ ചോദിച്ചു. സംഭവമൊക്കെ സത്യംതന്നെ. പക്ഷേ, രാഷ്ട്രീയപാർട്ടികളും കോർപ്പറേറ്റ് കമ്പനികളും പിന്നെ മാധ്യമങ്ങളും ഭരണംനടത്തുന്ന ഒരു രാജ്യത്ത് ആ മൂന്നു കൂട്ടർക്കും ലവലേശം യോജിപ്പില്ലാത്ത ഒരു നിയമം കൊണ്ടുവരിക സാധ്യമാണോ? രാഷ്ട്രീയക്കാർക്ക് ചാനൽ തുടങ്ങാൻ അനുമതി നിഷേധിക്കുന്ന നിയമം രാഷ്ട്രീയക്കാർ മാത്രമുള്ള ലോക്‌സഭ പാസ്സാക്കുമെന്നു എങ്ങനെ പ്രതീക്ഷിക്കാനാകും? കുറെ ചർച്ചയും വിവാദവുമൊക്കെ നടന്നു. പിന്നെ എല്ലാം കെട്ടടങ്ങി.

ഇഷ്യൂസ് റിലേറ്റിങ്ങ് ടു മീഡിയ ഓണർഷിപ്പ് എന്നു പേരിട്ട ഈ റിപ്പോർട്ട് കേന്ദ്ര സിക്രട്ടേറിയറ്റിൽ വിശ്രമിക്കുന്നുണ്ടാവും - ശാശ്വതമായ വിശ്രമം!'.
ഇനിയുമുണ്ട് പ്രശ്‌നങ്ങൾ. പത്രാധിപർ എന്ന തസ്തികതന്നെ പഴങ്കഥയാകും. ഉള്ളടക്കം അടിമുടി പുനർനിർണയിക്കപ്പെടും. റിലയൻസിനെ സംബന്ധിച്ച് വരാൻപോകുന്ന ഡിജിറ്റൽയുഗത്തിന്റെ ആദ്യപടി മാത്രമാണ് ബഹുജനമാധ്യമങ്ങളിലേക്കുള്ള അവരുടെ ചുവടുവയ്പ് എന്ന രാജേന്ദ്രന്റെ നിരീക്ഷണം (2017) ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഗൂഗ്‌ളുമായി ജിയോ ഒപ്പിട്ട കരാറിലൂടെ പ്രവചനസദൃശമായി!

മലയാളത്തിലെ പംക്തിയെഴുത്തിന്റെ ഒരു സാമാന്യവിവരണമാണ് മൂന്നാം ലേഖനമെങ്കിൽ ആഗോളവൽക്കരണകാലത്തെ മലയാളപത്രങ്ങളുടെ സാംസ്‌കാരിക രാഷ്ട്രീയം വിശകലനം ചെയ്യുന്നു, നാലാം ലേഖനം. കമ്യൂണിസത്തിന്റെ മരണവും ശീതയുദ്ധത്തിന്റെ അന്ത്യവും, ആഗോളവൽക്കരണത്തിന്റെ വ്യവസ്ഥപ്പെടൽ, മാധ്യമസാങ്കേതികവിപ്ലവം, ബഹുരാഷ്ട്ര കുത്തകകളുടെ വ്യാപനം എന്നീ നാലു സന്ദർഭങ്ങൾ മുൻനിർത്തിയാണ് മലയാളപത്രങ്ങളെ അപൂർവമാംവിധം ബാധിച്ച കുത്തകവൽക്കരണം, വിനോദവൽക്കരണം, പരസ്യങ്ങളുടെ മേൽക്കൈ, സെൻസേഷണലിസം, ഉപഭോക്തൃസംസ്‌കാരം, മാധ്യമധാർമികതയുടെ അന്ത്യം എന്നീ സ്വഭാവങ്ങൾ രാജേന്ദ്രൻ ചർച്ചചെയ്യുന്നത്. ഉദാഹരണങ്ങൾ നിരത്തിയും മാധ്യമപഠനങ്ങൾ ഉദ്ധരിച്ചും സയുക്തികമായാണ് രാജേന്ദ്രന്റെ വിശകലനം മുന്നേറുന്നത്.

'വിദ്യാഭ്യാസമുള്ള, സാംസ്‌കാരികമായി ഉയർന്ന നിലവാരം പുലർത്തുന്ന ജനവിഭാഗങ്ങൾ വായിക്കുന്ന പത്രങ്ങളിൽ പ്രാധാന്യം കല്പിക്കപ്പെടുന്നത് ഗൗരവമുള്ള വാർത്തകൾക്കാണ്. ഇതല്ല നമ്മുടെ നാട്ടിലെ സ്ഥിതി. ഒരേതരം പത്രമാണ് സമ്പന്നനും ദരിദ്രനും വിദ്യാസമ്പന്നനും നവസാക്ഷരനുമെല്ലാം വായിക്കുന്നത്. ഏറ്റവും കൂടുതൽ സമ്പന്നർ വായിക്കുന്ന പത്രമാകാൻ കഴിഞ്ഞാൽ കൂടുതൽ തുകയ്ക്ക് പരസ്യസ്ഥലം വിൽക്കാൻ കഴിയുമല്ലോ എന്നോർത്ത് ആ രീതിയിൽ ഉള്ളടക്കം രൂപപ്പെടുത്തുന്ന പത്രങ്ങളുണ്ട്. വേറെ ചിലർ, ഏറ്റവും മനോരമ്യമായ വാർത്തകൾ പ്രസിദ്ധപ്പെടുത്തിയാൽ സർക്കുലേഷനും അതുവഴി പരസ്യങ്ങളും കൂട്ടാം എന്നുകരുതി ആ വഴി നോക്കുന്നു. കൂടുതൽ ആളുകൾ വായിക്കാൻ വേണ്ടി പത്രത്തിന്റെ നിലവാരം കുറയ്ക്കുക എന്നതാണ് പൊതുവായി കണ്ടുവരുന്നത്. ക്രമാനുഗതമായ തകർച്ച പത്രങ്ങളുടെ നിലവാരത്തിൽ ഉണ്ടാകുന്നു എന്ന പരാതി ജനങ്ങളിൽ നല്ലൊരു വിഭാഗത്തിനുണ്ട്.
ഈ പ്രവണതകളെല്ലാം ചേർന്ന് മലയാളപത്രങ്ങളുടെ സാംസ്‌കാരികവും രാഷ്ട്രീയവുമായ നിലപാടുകളിൽ ഒട്ടേറെ അപഭ്രംശങ്ങൾ സൃഷ്ടിക്കുന്നുണ്ട്. നമുക്ക് അവ പരിശോധിക്കാം.
ചാനൽക്കാലത്ത് പാർശ്വവൽക്കരിക്കപ്പെടുന്നു പത്രങ്ങൾ. വാർത്തകൾ വായിക്കുക എന്ന രീതി മാറി വാർത്തകൾ കാണുക എന്നത് സാർവത്രികമാകുമ്പോൾ സാംസ്‌കാരികമായിത്തന്നെ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. വായിച്ച് മനസ്സിലാക്കുക എന്നത് കണ്ട് രസിക്കുക എന്നതിലേക്ക് മാറുന്നു എന്നതാണ് ഒരു പ്രശ്‌നം. ദൃശ്യപരതയ്ക്കു പ്രാധാന്യം വരുന്നു. എല്ലാം കാണാൻ വേണ്ടിയാകുമ്പോൾ കാഴ്ചയ്ക്ക് മിഴിവേകാൻ ശ്രമം നടക്കും. ആരോ പറഞ്ഞതുപോലെ, മരണം വരെ ഉപവാസം പ്രഖ്യാപിക്കുമ്പോഴും വർണശബളമായ വസ്ത്രം ധരിച്ചുവേണം അത് എന്ന നിലവരുന്നു.

24 മണിക്കൂർ പോയിട്ട് ഒരു മണിക്കൂർ കവർ ചെയ്യേണ്ടത്രപോലും വാർത്തകൾ ഇല്ലാത്ത കേരളത്തിൽ ശുദ്ധ അസംബന്ധങ്ങൾപോലും ബ്രെയ്കിങ്ങ് ന്യൂസ് ആയി പകൽമുഴുവൻ ചർച്ച ചെയ്യപ്പെടുന്നു. പക്ഷേ, പിറ്റെ ദിവസം പത്രത്തിൽ കണ്ടില്ലെന്നു വരാം, കണ്ടാൽത്തന്നെ കൊച്ചുവാർത്തയായിരിക്കാം. ഇതിന് ഇത്രയേ പ്രാധാന്യം ഉള്ളൂ എന്ന് ജനങ്ങൾ അപ്പോഴേ തിരിച്ചറിയുകയുള്ളൂ. അതേസമയം ടെലിവിഷനിലെ കവറേജ് പലപ്പോഴും പത്രവാർത്തകളുടെ കവറേജിനെയും സ്വാധീനിക്കുന്നു. ഇതാണ് സംഭവിച്ചത് എന്ന് ചാനലുകൾ കൊട്ടിഘോഷിച്ചാൽ വിരുദ്ധമായി എഴുതാൻ പത്രങ്ങൾക്ക് കഴിയില്ല.

സർക്കുലേഷൻ, ടാം റെയ്റ്റിങ്ങ് - ഇവയാണ് വിജയമാനദണ്ഡങ്ങൾ. (ഇപ്പോൾ ബാർക്) സെൻസേഷണലിസം എന്ന് വിളിക്കപ്പെടുമോ എന്ന ആശങ്ക ഇപ്പോഴില്ല. പരമാവധി കൂടുതൽ ആളുകളെ ആകർഷിക്കാവുന്ന രീതിയിലുള്ള വാർത്താവിഷയങ്ങൾ കണ്ടെത്തുക, അത്തരം രീതിയിൽ എഴുതുക എന്നത് പൊതുതത്ത്വമായിട്ടുണ്ട്. വാർത്താപ്രാധാന്യത്തിന്റെ നിർവചനങ്ങൾ മാറുകയായി. ഗൗരവമുള്ള സാമൂഹ്യ-രാഷ്ട്രീയ സംഭവങ്ങളെക്കാൾ സിനിമാ, സ്പോർട്സ്, സെക്‌സ്, ക്രൈം വാർത്തകൾക്ക് പ്രാധാന്യം ലഭിക്കുന്നു. പത്രങ്ങളും ചാനലുകളും ഒക്കെ ഈ ദൂഷിതവലയത്തിൽ വീണിരിക്കുന്നു. വായനക്കാർക്ക് ഇഷ്ടമുള്ള വിഭവമാണ് നൽകേണ്ടത് എന്ന് അംഗീകരിച്ചാൽ പിന്നെ ഇതേ വഴിയുള്ളൂ.

വാർത്തകൾ വിനോദമാകുന്നു, സംവാദങ്ങൾ ഏറ്റുമുട്ടലുകളാകുന്നു. സംവാദങ്ങളും ചർച്ചകളും പോലും സംഭവങ്ങളാക്കപ്പെടുന്നു. എന്തുപറഞ്ഞു എന്നതല്ല എങ്ങനെ പറഞ്ഞു എന്നത് പ്രധാനമായി. അഭിമുഖങ്ങൾ പൊലീസ് സ്റ്റേഷനിലെ ചോദ്യം ചെയ്യലിന്റെ രൂപഭാവങ്ങൾ സ്വീകരിക്കുന്നു. ചർച്ചകളും സംവാദങ്ങളും സംഘട്ടനങ്ങളുടെ അക്രമാസക്തഭാവം കൈവരിക്കുന്നു. ഇങ്ങനെയാണ് രാഷ്ട്രീയം ചർച്ചചെയ്യേണ്ടത്, ഇതാണ് ജനാധിപത്യത്തിലെ സംവാദത്തിന്റെ സ്വഭാവം എന്ന തെറ്റായ സന്ദേശം പുതിയ തലമുറയിലും എത്തുന്നു. പ്രതീകാത്മകമായ നിസ്സാരസമരങ്ങളിൽ പോലും പ്രകടനക്കാർ കൃത്രിമമായി അക്രമാസക്തരാകുന്നു. ചാനൽ ക്യാമറകളെ ആകർഷിക്കാൻ ഇതേ വഴിയുള്ളൂ. ആളുകളെ കാണിക്കാൻ വേണ്ടിയുള്ള പ്രകടനക്കാരന്റെ അക്രമം ഏറുന്നു, കാണാതിരിക്കാൻ വേണ്ടി ക്രമസമാധാനപാലകൻ അക്രമം കുറക്കേണ്ടിയും വരുന്നു'.

രണ്ടാം ഭാഗത്ത് അഞ്ചുലേഖനങ്ങളുണ്ട്. അഞ്ചുനൂറ്റാണ്ടുകാലം ലോകത്തെ സ്വാധീനിച്ച അച്ചടിസാങ്കേതികതയുടെ അന്ത്യം എന്ന നിലയിൽ പത്രാനന്തരകാലത്തെ മാധ്യമസംസ്‌കാരത്തിൽജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചാണ് ആദ്യലേഖനം. 'വാർത്താമരുഭൂമി' എന്നൊരു പരികല്പന ചൂണ്ടിക്കാണിച്ചുകൊണ്ട് രാജേന്ദ്രൻ എഴുതുന്നു: 'പത്രനടത്തിപ്പുകാരുടെ ലോകസംഘടനയായ വാൻ-ഇഫ്ര നാലുവർഷം മുമ്പുതന്നെ ഈ പ്രവണത തിരിച്ചറിഞ്ഞിരുന്നു. 2015-ലെ അവരുടെ ആഗോള റിപ്പോർട്ടിൽ ശ്രദ്ധേയമായ കുറെ വിവരങ്ങളുണ്ട്. മനുഷ്യർ ഒരു ദിവസം ശരാശരി 95 മിനിട്ട് മൊബൈൽ ഫോണിൽ പലതും വായിക്കാൻ ചെലവഴിക്കുന്നു. അന്നത്തെ കണക്കായിരുന്നു അത്. ഇന്ന് അഞ്ചോ ആറോ മണിക്കൂറായി വർദ്ധിച്ചിരിക്കാം. ടെലിവിഷനിൽ ദിവസം ശരാശരി 81 മിനിട്ടേ ഒരാൾ ചെലവാക്കിയിരുന്നുള്ളൂ. അത് പത്തോ ഇരുപതോ മിനിട്ടായി കുറഞ്ഞിരിക്കാം. ഡസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറിൽ എഴുപത് മിനിട്ട് ചെലവാക്കിയേടത്ത് നാലോ അഞ്ചോ മിനിട്ടായിട്ടുണ്ടാവാം. അപ്പോൾ എന്താവും അച്ചടിപ്രസിദ്ധീകരണങ്ങളുടെ സ്ഥിതി? അതറിയാൻ വലിയൊരു സർവ്വെ ആവശ്യമുണ്ടോ? പത്രവായന പൂർണമായി സ്മാർട്ട്‌ഫോണിലേക്ക് മാറുന്ന കാലം ദൂരെയല്ല. പക്ഷേ, ഇന്നത്തെ പത്രവായന പോലെ ആവില്ല അത്. ഫോണിൽ ലഭ്യമായ മറ്റു നൂറു സാദ്ധ്യതകളിൽ ഒന്നു മാത്രമാകും പത്രം. എത്രപേർ... എത്ര നേരം അതു വായിക്കുന്നെന്ന് ആർക്കറിയാം....

പത്രങ്ങൾ ഇല്ലാതായാൽ എന്താണ് സംഭവിക്കുക? വാർത്താമരുഭൂമി എന്നൊരു പ്രയോഗം അടുത്ത കാലത്ത് കേട്ടുതുടങ്ങിയിട്ടുണ്ട്. മരുഭൂമിയിൽ വെള്ളം ഇല്ലാത്തതുപോലെ ഈ മരുഭൂമിയിൽ വാർത്തകൾ ഉണ്ടാകുന്നില്ല. അവിടെ എന്തു നടന്നാലും അതു വാർത്തയാകുന്നില്ല.അവിടെ പത്രങ്ങളില്ല, ലേഖകന്മാരില്ല, വാർത്താ ചാനലുകളുമില്ല. ഇത് ഏതെങ്കിലും ആഫ്രിക്കൻ വനപ്രദേശങ്ങളിലല്ല സംഭവിക്കുന്നത്. വികസനത്തിന്റെയും പുരോഗതിയുടെയും ശാസ്ത്രവളർച്ചയുടെയുമെല്ലാം അവസാനവാക്ക് എന്നു കരുതുന്ന അമേരിക്കയിലാണ് ഇതു സംഭവിക്കുന്നത്. അമേരിക്കയിൽ 1300 പ്രദേശങ്ങൾ ഇത്തരം വാർത്താമരുഭൂമികളായി രൂപാന്തരപ്പെട്ടിരിക്കുന്നു എന്ന് യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് കരോലിനയുടെ സ്‌കൂൾ ഓഫ് മീഡിയ ആൻഡ് ജേണലിസം നടത്തിയ പഠനത്തിലെ കണ്ടെത്തലുകളെക്കുറിച്ച് ലോകപ്രസിദ്ധമായ പോയ്ന്റർ ഇൻസ്റ്റിറ്റ്യൂട്ട് വെബ് മാഗസിൻ എഴുതുകയുണ്ടായി.

അമേരിക്കയിലെ മെട്രോ-ഗ്രാമീണ പത്രങ്ങളിൽ 20 ശത്മാനം - 1800 എണ്ണം - 1984-നുശേഷം ഇല്ലാതായിട്ടുണ്ട്. വേറെ നൂറുകണക്കിന് പത്രങ്ങൾ ഫലത്തിൽ ഇല്ലാതാവുകയും അവയുടെ പ്രേതങ്ങൾ എന്നപോലെ ദുർബല എഡിഷനുകൾ പരിമിതമായ നിലയിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നു. പകരം, ഓൺലൈൻ-ദൃശ്യമാധ്യമങ്ങൾ രംഗത്തുവരാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവ പച്ചപിടിക്കുന്നില്ല. ഇതിന്റെയെല്ലാം ഫലമായാണ് 1300 പ്രദേശങ്ങളിൽ വാർത്താമാധ്യമങ്ങൾതന്നെ ഇല്ല എന്ന നില ഉണ്ടായത്. വാർത്താമരുഭൂമികൾ മനുഷ്യമനസ്സുകളിലും ഉണ്ടാകുന്നുണ്ട്. എന്തിനു വാർത്തകൾ അറിയണം എന്ന് ചോദിക്കുന്ന ധാരാളമാളുകൾ അഭ്യസ്തവിദ്യർക്കിടയിലുമുണ്ട്. നാട്ടിൽ നടക്കുന്ന രാഷ്ട്രീയ കാര്യങ്ങളിൽ എല്ലാവർക്കും താല്പര്യമുണ്ടെന്നും കാര്യങ്ങൾ മനസ്സിലാക്കി വോട്ടവകാശം വിനിയോഗിക്കുക എന്നത് പൗരധർമ്മമാണെന്നും പത്രവായനയിലൂടെ മാത്രമേ അഭിപ്രായങ്ങൾ ഉണ്ടാകൂ എന്നും ഈ അഭിപ്രായരൂപവൽക്കരണമാണ് പൗരത്വത്തിന്റെ അടിസ്ഥാനമെന്നുമുള്ളതാണു ജനാധിപത്യത്തെ നിലനിർത്തുന്ന തത്ത്വം. പൗരന്മാർക്ക് ഇത്രയും കാലം രാഷ്ട്രീയവിദ്യാഭ്യാസം നൽകിപ്പോന്ന പത്രങ്ങൾ ഇല്ലാതാകുമ്പോൾ ജനാധിപത്യത്തിന് എന്താണ് സംഭവിക്കുക എന്നതും അനുഭവിച്ചറിയേണ്ട കാര്യമാണ്'.

ഇന്ത്യൻ മാധ്യമസ്ഥാപനങ്ങളിലെ ജാതിരാഷ്ട്രീയത്തെക്കുറിച്ചാണ് രണ്ടാം ലേഖനം. ന്യൂ ഇന്ത്യൻ എക്സ്‌പ്രസിലെ നാഗരാജു എന്ന ദലിത് മാധ്യമപ്രവർത്തകന്റെ മരണത്തെത്തുടർന്നുണ്ടായ സംവാദങ്ങൾ മുതൽ റോബിൻ ജഫ്രിയും ബി.എൻ. ഉണ്യാലും മറ്റും നടത്തിയ പഠനങ്ങൾ വരെയുള്ളവ മുൻനിർത്തി ഇന്ത്യൻ മാധ്യമങ്ങളിലെ സവർണതാൽപര്യങ്ങൾ രാജേന്ദ്രൻ മറനീക്കുന്നു. മാധ്യമഉടമസ്ഥത, ഉള്ളടക്കം, രാഷ്ട്രീയസമീപനങ്ങൾ എന്നിങ്ങനെ ഏതു രംഗത്തും നിലനിൽക്കുന്ന സവർണതയുടെ അനാവരണം. സമാനമാണ് ആൺകോയ്മയോടും ഇസ്ലാംവിരുദ്ധതയോടും ചേർന്നു നിൽക്കാനുള്ള മാധ്യമങ്ങളുടെ താൽപര്യവും.

1995 മുതൽ 2017 വരെ ഇരുപത്തിരണ്ടു വർഷം മാതൃഭൂമിയിൽ താനെഴുതിയ 'വിശേഷാൽപ്രതി' എന്ന പംക്തിയെക്കുറിച്ചാണ് അടുത്ത ലേഖനം. പത്രമാനേജ്‌മെന്റിന്റെ താൽപര്യങ്ങളുമായി യോജിച്ചും വിയോജിച്ചും സ്വന്തം നിലപാടും ബോധ്യങ്ങളും ഉയർത്തിപ്പിടിച്ചും പംക്തിയെഴുത്തു തുടർന്നു ഇക്കാലമത്രയും രാജേന്ദ്രൻ. ഇ.കെ. നായനാരെയും എംപി. വിരേന്ദ്രകുമാറിനെയും സുകുമാർ അഴീക്കോടിനെയും കുറിച്ചൊക്കെ എഴുതിയ കോളങ്ങൾ അവർക്കു ചെറുതല്ലാത്ത പരിഭവം സൃഷ്ടിച്ചപ്പോഴും ആക്ഷേപഹാസ്യത്തിന്റെയും രാഷ്ട്രീയവിമർശനത്തിന്റെയും വാൾത്തല നടത്തത്തിൽ തനിക്കു ബാലൻസ് തെറ്റിയില്ല എന്ന് ആത്മവിശ്വാസത്തോടെ രാജേന്ദ്രൻ പറയുന്നു.

നീരാ റാഡിയ വിവാദത്തിൽ ഔട്ട്‌ലുക്ക് പത്രാധിപർ വിനോദ് മേത്ത സ്വീകരിച്ച നിലപാടിന്റെ ചർച്ചയിലൂടെ പരസ്യപ്പണവും മാധ്യമസ്വാതന്ത്ര്യവും എന്ന വിഷയം വിശകലനം ചെയ്യുന്നു, അടുത്ത ലേഖനം. ഇവിടെ ടാറ്റയായിരുന്നു കോർപ്പറേറ്റ് സ്ഥാപനമെങ്കിൽ നെറ്റ്‌വർക്ക് 18ന്റെ വിഷയത്തിൽ റിലയൻസുമായാണ് രാജ്ദീപ്‌സർദേശായിക്ക് ഏറ്റുമുട്ടേണ്ടിവന്നത്. കോർപ്പറേറ്റ് സ്ഥാപനങ്ങളും ആദർശനിഷ്ഠരായ എഡിറ്റർമാരും തമ്മിലുള്ള സംഘർഷം ലോകത്തെവിടെയുമുണ്ട്. ടൈംസ് ഓഫ് ഇന്ത്യയെപ്പോലുള്ള മാധ്യമങ്ങൾ രണ്ടു പ്രസ്ഥാനങ്ങളെയും സമർഥമായി സംയോജിപ്പിച്ചപ്പോൾ മറ്റുചിലർ ആ സംഘർഷത്തിൽ ബലിയാടുകളായി എന്നുമാത്രം. പ്രതിദിനം അഞ്ചുലക്ഷം രൂപ മുതൽ ശമ്പളം വാങ്ങുന്ന പത്രാധിപന്മാർ ഇന്ത്യൻ മാധ്യമങ്ങളിലുണ്ടായിക്കഴിഞ്ഞ കാലമാണിത്.

ഫ്രാൻസിൽ ചാർലി ഹെബ്‌ഡോ എന്ന ആക്ഷേപഹാസ്യമാസികയുടെ ഓഫീസിൽ നടന്ന മതഭീകരവാദികളുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകർ ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ ജീവൻപോലും കൊടുക്കേണ്ടിവരുന്നതിന്റെ വൈരുധ്യങ്ങളെക്കുറിച്ചാണ് രാജേന്ദ്രൻ എഴുതുന്നത്. പാശ്ചാത്യരാജ്യങ്ങളിൽ നിലനിൽക്കുന്ന പത്രസ്വാതന്ത്ര്യം, മതേതര ജനാധിപത്യം, ഇസ്ലാമോഫോബിയ, മതഭീകരവാദം എന്നിവയുടെ വിചിത്രമായ ഒരു കലർപ്പാണ് യഥാർഥത്തിൽ ഇത്തരം ദുരന്തങ്ങൾക്കു പിന്നിലുള്ളത് എന്ന് ലേഖനം വ്യക്തമാക്കുന്നു.

പോരാളികൾ എന്ന മൂന്നാം ഭാഗത്തെ മൂന്നു ലേഖനങ്ങൾ ഒരർഥത്തിൽ ഇതിന്റെ തുടർച്ചയാണ്. ഭരണകൂടം, മതതീവ്രവാദം, കോർപ്പറേറ്റ് മുതലാളിത്തം, അധോലോകം തുടങ്ങിയവയുടെ ഏറ്റവും വലിയ ശത്രുക്കളിലൊന്ന് സ്വതന്ത്രവും നിർഭയവുമായി പ്രവർത്തിക്കുന്ന മാധ്യമങ്ങളാണ്. ഗൗരിലങ്കേഷ്, ഷുജാത് ബുഖാരി, ഡിസ്‌നി കറ്വാന ഗലീച്യ എന്നീ മൂന്നു മാധ്യമപ്രവർത്തകരുടെ നിഷ്ഠൂരമായ വധത്തിനു പിന്നിൽ ആരായിരുന്നുവെന്ന് അന്വേഷണങ്ങൾ ഒരിക്കലും പുറത്തുകൊണ്ടുവരാനിടയില്ലെങ്കിലും എന്തിനാണവർ കൊല്ലപ്പെട്ടത് എന്ന് ലോകത്തിനു മുഴുവൻ അറിയാം.

മൂന്നു വെടിയുണ്ടകൾ തീർത്തുകളഞ്ഞ ഗൗരിയുടെ ധീരവും അതുല്യവുമായ ജീവിതം അസഹിഷ്ണുതയുടെ ഇന്ത്യൻ ചരിത്രത്തിലെ രക്തസ്‌നാതമായ ഒരധ്യായമാണ്. 'റൈസിങ് കാശ്മീരി'ന്റെ പത്രാധിപരായിരുന്നു ബുഖാരി. തീവ്രവാദി ആക്രമണങ്ങളെയും ഭരണകൂടത്തിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളെയും പൊലീസ്, പട്ടാള അതിക്രമങ്ങളെയും ഒരേപോലെ വിമർശിച്ചിരുന്നു അദ്ദേഹം. 1990 മുതൽ കാശ്മീരിൽ 18 പത്രപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന വസ്തുത രാജേന്ദ്രൻ ചൂണ്ടിക്കാണിക്കുന്നു.

മാൾട്ട എന്ന ചെറുരാജ്യത്തെ വലിയ പത്രപ്രവർത്തകയായിരുന്നു 2017 ഒക്ടോബർ 16ന് കൊല്ലപ്പെട്ട ഗലീച്യ. മാൾട്ടയുടെ ഭരണം നിയന്ത്രിച്ചിരുന്ന മാഫിയകൾക്കും പ്രധാനമന്ത്രിക്കുമെതിരെ നിരന്തരം പൊരുതിയ വ്യക്തിയായിരുന്നു ഗലീച്യ. പനാമ അന്വേഷണപരമ്പരയുമായി രംഗത്തുവന്നതാണ് ഗലീച്യയുടെ ജീവനെടുത്തത്. എന്താണ് പനാമപേപ്പേഴ്‌സ്?

'ലോകത്തിലെ നാലാമത്തെ വലിയ അന്താരാഷ്ട്ര നിയമകാര്യസ്ഥാപനമായ മൊസ്സാക്ക് ഫോൺസിക്കയിൽ നിന്ന് ഒരു ജോലിക്കാരൻ രണ്ടുവർഷം മുമ്പു ചോർത്തിയ ഒരു കോടി രേഖകൾ വാഷിങ്ങ്ടണിലെ ഇന്റർനാഷനൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സ് (ഐ.സിഐ.ജെ) ലോകത്തെമ്പാടുമുള്ള പ്രത്യേകം തിരഞ്ഞെടുത്ത മാധ്യമസ്ഥാപനങ്ങളിലൂടെ ഒരേസമയം പരസ്യപ്പെടുത്തിയതിന്റെ പ്രത്യാഘാതങ്ങൾ ഇന്നും നിരവധി രാജ്യങ്ങളിൽ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോർച്ചയാണിത്.

ഇന്റർനാഷനൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സിന്റെ തലവൻ ജെറാർഡ് റൈൽ ഈ രഹസ്യവിവരച്ചോർച്ചയുടെ വിശദാംശങ്ങൾ ടെഡ് ഡോട് കോം എന്ന ലോകപ്രശസ്തമായ പ്രഭാഷണസൈറ്റിൽ നടത്തിയ പ്രഭാഷണത്തിൽ വിവരിക്കുകയുണ്ടായി. ലോകത്തെമ്പാടുമുള്ള ഭരണാധികാരികളുടെയും വ്യവസായികളുടെയും മറ്റും അനധികൃതസമ്പാദ്യം നിരവധി ദ്വീപുരാജ്യങ്ങളിലെ ബാങ്കുകളിൽ ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ വ്യാജസ്ഥാപനങ്ങളുടെ പേരിൽ നിക്ഷേപിക്കാൻ സഹായിക്കുന്ന നിയമസ്ഥാപനങ്ങളിൽ പ്രമുഖസ്ഥാനമുള്ള മൊസ്സാക്ക് ഫോൺസിക്കയിൽ പ്രവർത്തിക്കുന്ന ജീവനക്കാരനാണ് 1977 മുതലുള്ള നാൽപതു വർഷത്തെ രേഖകളുടെ-അവയുടെ എണ്ണമാണ് 11.5 ദശലക്ഷം-കോപ്പികളുമായി ജർമൻ പത്രമായ സുഡാൻ ഷേ സൈടൂങ്ങിനെ സമീപിച്ചത്. ലോകത്തിൽ അതിനു മുമ്പ് ഏതെങ്കിലും പത്രമോ പത്രസ്ഥാപനമോ കണ്ടിട്ടില്ലാത്ത അത്ര വലിയ രഹസ്യവിവരശേഖരമായിരുന്നു അത്. ഇക്കാരണം കൊണ്ടുതന്നെ, ഒരു പക്ഷേ മറ്റൊരു പത്രസ്ഥാപനവും ഒരിക്കലും ചെയ്യാനിടയില്ലാത്ത ഒരു കാര്യം അവർ ചെയ്തു. ലോകത്തെ പിടിച്ചുകുലുക്കുമെന്നുറപ്പുള്ള ഈ വാർത്ത എക്‌സ്‌ക്ലൂസീവ് ആക്കേണ്ടതില്ല എന്നവർ തീരുമാനിച്ചു. അവരാണ് ഇന്റർനാഷനൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സിന്റെ തലവനെ ബന്ധപ്പെടുന്നത്. ഇരുനൂറു രാജ്യങ്ങളിൽനിന്നുള്ളവരുടെ രഹസ്യസമ്പാദ്യവിവരങ്ങൾ അടങ്ങിയ ആ സ്‌കൂപ്പിന്റെ ഭയാനകത്വം ആ മാധ്യമസംഘത്തെയും അമ്പരപ്പിച്ചു. എവിടെ തുടങ്ങനം, എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ അവർ കുഴങ്ങി. തുടർന്നാണ് മുമ്പാരും ചെയ്തിട്ടില്ലാത്ത ഒരു നടപടിക്രമത്തിന് അവർ രൂപം നൽകിയത്.

ഒരു വമ്പൻ സ്‌കൂപ്പ്

രേഖകൾ മുഴുവൻ അവർ ഒരു രഹസ്യകേന്ദ്രത്തിൽ സുരക്ഷിതമായി എത്തിച്ചു. ഇ മെയിലുകൾ മാത്രമുണ്ടായിരുന്നു അതിൽ അമ്പതുലക്ഷം. 76 രാജ്യങ്ങളിലെ നൂറു മാധ്യമസ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന പത്രപ്രവർത്തകർ എത്തി ഓരോ രാജ്യത്തിന്റെയും രേഖകൾ വെവ്വേറെയെടുത്ത് സ്‌കാൻ ചെയ്ത്, സെർച്ച് ചെയ്യാവുന്ന രൂപത്തിലാക്കി. വാർത്ത പരസ്യപ്പെടുത്തുന്നതിന് നിശ്ചയിക്കുന്ന തിയ്യതിക്കു മുമ്പ് ഒരാൾ പോലും ഒന്നും പ്രസിദ്ധീകരിക്കരുത് എന്ന ശാസന പാലിക്കപ്പെടുമോ എന്ന കാര്യത്തിൽ ആയിരുന്നു വലിയ സംശയവും ആശങ്കയും. മൊത്തം 350-ൽ അധികം റിപ്പോർട്ടർമാർ കൈകാര്യം ചെയ്ത ഒരു വമ്പൻ സ്‌കൂപ്പ് ഇടയ്ക്കു വെച്ച് ചോർന്നുപോയേക്കും എന്ന ഭയം എല്ലാവർക്കും ഉണ്ടായിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. അനേകമാസം അവർ പ്രതിജ്ഞ പാലിച്ച് ഈ രേഖകൾ വേർതിരിച്ച് തയ്യാറാക്കി. ഇതിനായി ഒരു ന്യൂസ് റൂം തന്നെ സൃഷ്ടിച്ചു. ഇതിൽ പങ്കാളിയായ ഒരു ഐസ്‌ലാൻഡ് പത്രപ്രവർത്തകൻ ഒമ്പതുമാസം സ്വന്തം സ്ഥാപനത്തെപ്പോലും വിവരമറിയിക്കാതെയാണ് ഈ ജോലിയിൽ പങ്കാളിയായത്. (വാർത്ത പുറത്തായപ്പോൾ ആദ്യം രാജിവെക്കേണ്ടി വന്നത് ഐസ്‌ലാൻഡ് പ്രധാനമന്ത്രിയായിരുന്നു.)

മൂന്നു ലക്ഷം കമ്പനികളുടെയും അവയുടെ നിക്ഷേപകരുടെയും പേരുകളായിരുന്നു 2015-ൽ പുറത്തുവന്നത്. ഇത്തരം നിക്ഷേപങ്ങൾ പല രാജ്യങ്ങളിലും നിയമവിധേയമായതുകൊണ്ടു എല്ലാമൊന്നും കുറ്റകരമായിരുന്നില്ല. അതുകൊണ്ടുതന്നെ പട്ടികയിൽ പേരുള്ളവരെല്ലാം തട്ടിപ്പുകാരായിക്കൊള്ളണമെന്നില്ല. അഞ്ഞൂറിലേറെ ഇന്ത്യക്കാരുടെ പേരു പുറത്തുവന്നിട്ടുണ്ടെങ്കിലും അതിൽ അറിയപ്പെടുന്ന രാഷ്ട്രീയക്കാർ ആരുമില്ല. ചലച്ചിത്രമേഖലയിലെയും വ്യവസായരംഗത്തെയുമൊക്കെ പ്രമുഖർ പലരുമുണ്ടുതാനും. പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആണ് പാനമ പേപ്പറുകളുടെ പേരിൽ രാജിവെക്കേണ്ടിവന്ന ഒടുവിലത്തെ പ്രമുഖൻ.

അത്യസാധാരണമായ ഈ മാധ്യമകൂട്ടായ്മയിൽ പങ്കാളിയായിരുന്നു മാൾട്ടയിലെ വധിക്കപ്പെട്ട പത്രപ്രവർത്തക. മാൾട്ടയിലെ അധോലോക കമ്പനികളുടെ രഹസ്യനിക്ഷേപങ്ങളെക്കുറിച്ചുള്ള അന്വേഷണം അവരാണ് നടത്തിയത്. അവരുടെ മകൻ മാത്യു കവാന ഗലീച്യ ജേണലിസ്റ്റും കമ്പ്യൂട്ടർ പ്രോഗ്രാമറുമാണ്. വാഷിങ്ടണിൽ ഐ.സിഐ.ജെ.ക്കുവേണ്ടി പ്രവർത്തിക്കുകയാണ് മാത്യു. പാനമ പേപ്പേഴ്‌സ് വെളിപ്പെടുത്തലുകളാണോ പത്രപ്രവർത്തകയുടെ കൊലപാതകത്തിനു കാരണം? ഇതുവരെ യാതൊന്നും കണ്ടെത്താൻ അന്വേഷകർക്കായിട്ടില്ല. കാർ ബോംബ് സ്‌ഫോടനങ്ങളും കൊലകളും മാൾട്ടയിൽ സാധാരണസംഭവമാണ്. അവയേറെയും അധോലോക സംഘങ്ങളുടെ ഏറ്റുമുട്ടലുകളുടെ ഫലമായാണ് സംഭവിക്കാറുള്ളത്. ഈ കൊലകൾക്കൊന്നും രാഷ്ട്രീയബന്ധം ഉണ്ടാകാറില്ല.

അമ്മയുടെ മരണം ഒരു സാധാരണ കൊലയോ ദുഃഖസംഭവമോ അല്ല. ഒരാൾ ബസ്സപകടത്തിലോ മറ്റോ മരിക്കുന്നതിനെയാണ് ദുഃഖകരമെന്നു വിളിക്കുക. നിങ്ങൾക്കു ചുറ്റും അഗ്നിയാളുകയും രക്തം ചൊരിയുകയും ചെയ്യുമ്പോൾ അതൊരു യുദ്ധമാണ്. വേർതിരിച്ചറിയാൻ പറ്റാത്ത വിധം ഒന്നായി മാറിക്കഴിഞ്ഞ ഭരണകൂടത്തിനും സംഘടിത കുറ്റവാളിക്കൂട്ടിനും എതിരായി യുദ്ധം ചെയ്യുന്ന ജനതയാണ് നമ്മുടേത് - ഒരു ഫേസ്‌ബുക്ക് പോസ്റ്റിൽ മകൻ മാത്യു എഴുതി. ഗൗരി ലങ്കേഷും ഡാസ്‌നി കവാന ഗലീച്യയും തമ്മിൽ ഒരു കാര്യത്തിൽ കൂടി സാദൃശ്യമുണ്ട്. വധത്തിനു ശേഷം കുറ്റവാളി സംഘങ്ങളും അവരെ പിന്താങ്ങുന്നവരും അത് ആഘോഷിക്കാൻ മുന്നോട്ടുവന്നു. ഓരോരുത്തർക്കും അവർ അർഹിക്കുന്നതാണ് കിട്ടുക. ഞാൻ സന്തോഷിക്കുന്നു എന്നാണ് മാൾട്ടയിലെ ഒരു പൊലീസ് മേധാവി എഴുതിയത്. ഇതൊരു മാഫിയ സ്റ്റേറ്റ് ആണെന്നതിനു കൂടുതൽ തെളിവു വേണോ എന്നാണ് മാത്യു കവാന ഗലീച്യ ചോദിച്ചത്.

എന്തായാലും ഒരു ചോദ്യത്തിന് ഉത്തരം കിട്ടുക പ്രയാസമാണ്. കവാന ഗലീച്യയെ ആരാണ് കൊന്നത്? എന്തുകൊണ്ട് കൊന്നു എന്നറിയാം. പക്ഷേ, ആര് എന്നറിയുക പ്രയാസംതന്നെ. ഗൗരി ലങ്കേഷിന്റെ കാര്യത്തിലും ഇതു ശരി'.

ഈ ഭാഗത്തെ മറ്റു മൂന്നു വ്യക്തിചിത്രങ്ങൾ മലയാളികളായ മൂന്നു മാധ്യമപ്രവർത്തകരെക്കുറിച്ചാണ്. ബി.ജി. വർഗീസ്, എൻ.വി. കൃഷ്ണവാരിയർ, കെ. ജയചന്ദ്രൻ എന്നിവരെക്കുറിച്ച്.

ഇന്ത്യൻ പത്രരംഗത്ത് ഏറ്റവും വലിയ ഉയരങ്ങളിലെത്തിയ മലയാളിയാണ് ബി.ജി. വർഗീസ്. അസാധാരണമായ രാഷ്ട്രീയ, മാധ്യമജീവിതങ്ങളുടെ ഉടമ. മലയാളം കണ്ട എക്കാലത്തെയും മികച്ച പത്രാധിപന്മാരിലൊരാളായിരുന്നു കൃഷ്ണവാരിയർ. അദ്ദേഹത്തിന്റെ ബഹുമുഖപ്രതിഭ വിശദമായി ചർച്ചചെയ്യുന്നു, രാജേന്ദ്രൻ. മലയാളികളായ മാധ്യമപ്രവർത്തകർക്കിടയിൽ പലതുകൊണ്ടും വേറിട്ടുനിന്ന വ്യക്തിത്വമായിരുന്നു ജയചന്ദ്രന്റേത്. അതേസമയംതന്നെ ഒട്ടേറെ വ്യാജങ്ങൾ കൊണ്ട് വൈതാളികർ പൊലിപ്പിച്ചുകാട്ടിയ പല കേരളീയ സാംസ്‌കാരിക-രാഷ്ട്രീയ പ്രവർത്തകരിലൊരാളും. ജയചന്ദ്രനെക്കുറിച്ചുള്ള അനുസ്മരണലേഖനങ്ങളുടെ സമാഹാരത്തിന്റെ അവതാരികയായെഴുതപ്പെട്ട ഈ ലേഖനത്തിൽ രാജേന്ദ്രൻ ഈ വൈതാളികവൃന്ദത്തെ തുറന്നുകാട്ടുന്നു.

വൈദ്യവൃത്തി, വക്കീൽപ്പണി എന്നിവയോടു സമീകരിച്ചുകൊണ്ട് മാധ്യമപ്രവർത്തനത്തിന്റെ പ്രൊഫഷണലിസത്തെയും സാമൂഹ്യപ്രതിബദ്ധതയെയും ധാർമികതയെയും വിശദീകരിക്കുന്നുണ്ട് ഈ പുസ്തകത്തിൽ ഒന്നിലധികം സന്ദർഭങ്ങളിൽ, രാജേന്ദ്രൻ. ചികിത്സയും നിയമവൃത്തിയും ആവശ്യപ്പെടുന്നതിനു സമാനമായ നിലവാരത്തിൽ ഈ ഘടകങ്ങൾ പാലിക്കാൻ മാധ്യമപ്രവർത്തകരും ബാധ്യസ്ഥരാണ്. കാരണം, ആത്യന്തികമായി മാധ്യമപ്രവർത്തനം ജീവിതം കൊണ്ടുള്ള കളിയാണ്; ഒരു മനുഷ്യാവകാശപ്രവർത്തനമാണ്. രാജേന്ദ്രന്റെ മാധ്യമവിശകലനസമീപനത്തിന്റെ അടിത്തറയായി വർത്തിക്കുന്നതും ഈ കാഴ്ചപ്പാടുതന്നെയാണ്.

സാങ്കേതികത, സമ്പദ്ഘടന, സാംസ്‌കാരികത എന്നീ മൂന്നു തലങ്ങളിലും മാധ്യമങ്ങൾ എത്തിനിൽക്കുന്ന പരിണാമഘട്ടങ്ങളെയും പ്രതിസന്ധികളെയും വെല്ലുവിളികളെയും സൂക്ഷ്മവും ജാഗ്രത്തുമായി അവലോകനം ചെയ്യുന്നുണ്ട് ഈ പുസ്തകം. അതുവഴി, 'പത്രാനന്തരകാലത്തെ മാധ്യമപ്രവർത്തനവും ജനാധിപത്യവും' എന്ന വിഷയത്തിൽ ഈ പുസ്തകം ചർച്ചചെയ്യുന്ന കാര്യങ്ങൾ സമകാല മാധ്യമസംസ്‌കാരപഠനത്തിലും മലയാളമാധ്യമപ്രവർത്തനത്തിന്റെ ചരിത്രത്തിലും താൽപര്യമുള്ളവർക്ക് മികച്ച ഒരു റഫറൻസ് ഗ്രന്ഥത്തിന്റെ പ്രതീതി സൃഷ്ടിച്ചുനൽകുകയും ചെയ്യുന്നു.

പുസ്തകത്തിൽ നിന്ന്:

'ദൽഹിയിൽ ബസ്സിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടപ്പോൾ അതിനെതിരെ രാജ്യത്തെമ്പാടും ഉയർന്ന രോഷവും പ്രതിഷേധവും, അതിനെക്കുറിച്ച് മാധ്യമങ്ങളിൽ നടന്ന ചർച്ചയും ആരും മറിക്കില്ല. പെൺകുട്ടി മരിച്ചപ്പോൾ ഇന്ത്യയിൽ മുഴുവൻ പത്രങ്ങളിലും അലറുന്ന തലക്കെട്ടോടെ എട്ടുകോളം മെയിൻ വാർത്ത പ്രസിദ്ധീകരിക്കപ്പെട്ടു. ദേശീയനേതാക്കൾ വധിക്കപ്പെടുമ്പോൾ ഉണ്ടാകാറുള്ളതുപോലുള്ള വലിയ കവറേജ് അപൂർവങ്ങളിൽ അപൂർവമായിരുന്നു. അന്ന് അരുന്ധതി റോയിയെപ്പോലുള്ളവർ ചോദിച്ച ഒരു ചോദ്യമുണ്ട്. പീഡിപ്പിക്കപ്പെട്ടത് ഒരു ദലിത് പെൺകുട്ടിയായിരുന്നുവെങ്കിൽ ഇത്രയും വലിയ പ്രതികരണം ഉണ്ടാകുമായിരുന്നോ എന്നായിരുന്നു അവർ ഉന്നയിച്ച ചോദ്യം. പെൺകുട്ടിയുടെ ജാതി അറിഞ്ഞ ശേഷമാണ് മാധ്യമങ്ങളും പൊതുജനങ്ങളുമെല്ലാം രോഷം കൊണ്ടത് എന്ന അരുന്ധതിയുടെ ഒളിച്ചുവെച്ച ആരോപണം മിതമായി പറഞ്ഞാൽ ശുദ്ധ അബദ്ധമാണ്. പക്ഷേ, അധികാരകേന്ദ്രത്തിന്റെ സാമീപ്യം എന്ന മറ്റൊരു ഘടകത്തിന്റെ ആനുകൂല്യം ആ പെൺകുട്ടിയുടെ പ്രശ്‌നത്തിൽ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ആ സംഭവം ഒരു കൊടുങ്കാറ്റായത്. പീഡിപ്പിച്ച് കൊല്ലപ്പെട്ട ആദ്യത്തെ പെൺകുട്ടിയല്ല അവർ. അരുന്ധതി റോയിയെപ്പോലുള്ളവർ വലിയ ആളുകളാകുന്നതും ഡൽഹി എന്ന ഭരണതലസ്ഥാനത്തെ പൗരന്മാർ എന്ന സൗകര്യം ഉള്ളതിനാലാണ്. ഝാർഖണ്ഡിൽ ആണ് പെൺകുട്ടി ഈവിധം പീഡിപ്പിക്കപ്പെടുന്നതെങ്കിൽ ഇത്രയും വാർത്താപ്രാതിനിധ്യം മാധ്യമങ്ങൾ നൽകുമായിരുന്നോ എന്ന ചോദ്യമാണ് ഇതിലേറെ യഥാർത്ഥത്തിൽ ഉന്നയിക്കപ്പെടേണ്ടിയിരുന്നത്. ബിഹാറിലോ ഝാർഖണ്ഡിലോ പത്തോ അമ്പതോ ദലിതുകൾ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോൾ കിട്ടിയതിലേറെ വാർത്താപ്രാധാന്യം ദേശീയമാധ്യമങ്ങളിൽ ഈ മൃഗീയ പീഡനസംഭവത്തിന് ലഭിച്ചത് പത്രപ്രവർത്തന തത്ത്വങ്ങൾ നിരത്തി വിശദീകരിക്കുക പ്രയാസമാണ്. ഇത് വാർത്താമൂല്യനിർണയത്തിലെ അനേകം ദുരൂഹതകളിൽ ഒന്ന് മാത്രമാണ്. അത് മറ്റൊരു വിഷയം.

മാധ്യമ ജാതിബോധം?

ജാതി വാർത്തയെ സ്വാധീനിക്കുന്നില്ല എന്നല്ല സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ജാതിബോധം വാർത്തയുടെ പ്രാധാന്യനിർണയത്തിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. മിക്ക പത്രങ്ങളിലെയും വാർത്തകളിൽ ഒരു ജനവിഭാഗമെന്ന നിലയിൽ ദലിതുകളും ആദിവാസികളും കടന്നുവരുന്നത് അവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിലെ ഇരകൾ എന്ന നിലയിൽ മാത്രമാണ്. പക്ഷേ, ഇതുപോലും മറ്റ് ആക്രമണവാർത്തകളുമായി താരതമ്യപ്പെടുത്തുമ്പോൾ തീരെ അപ്രധാനമായാണ് റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്. 1997-ൽ ബീഹാർ ലക്ഷ്മപൂർ ഗ്രാമത്തിൽ 58 ദലിതുകൾ ക്രൂരമായി കൂട്ടക്കൊല ചെയ്യപ്പെട്ട സംഭവം ഈയിടെ വീണ്ടും ചർച്ചാവിഷയമായി. അന്നത്തെ കൂട്ടക്കൊലയിൽ പലരീതിയിൽ പങ്കാളികളായിരുന്ന മുരളി മനോഹർ ജോഷി ഉൾപ്പെടെയുള്ള ബിജെപി. നേതാക്കളും മുൻ പ്രധാനമന്ത്രി ചന്ദ്രശേഖർ ഉൾപ്പെടെയുള്ള പഴയകാല സോഷ്യലിസ്റ്റുകളും എന്നുള്ള ചില വെളിപ്പെടുത്തലുകളാണ് ചർച്ചാവിഷയമായത്. പഴയ കൂട്ടക്കൊലയ്ക്കാകട്ടെ, ഇപ്പോഴത്തെ വെളിപ്പെടുത്തലിനാവട്ടെ ഒട്ടും വാർത്താപ്രാധാന്യം ലഭിക്കുകയുണ്ടായില്ല. മാധ്യമപ്രവർത്തനത്തിലെ ജാതിബോധം അല്ലാതെ മറ്റെന്താണ് കാരണം?

ജാതി മാത്രമല്ല, മതവും ലിംഗവും രാഷ്ട്രീയവും പ്രാദേശികതയും മറ്റനേകം വ്യക്തിഗത ഘടകങ്ങളും വാർത്താപ്രാധാന്യം നിർണയിക്കുന്നുണ്ട്. വാർത്താപ്രവർത്തനത്തിലെ പ്രൊഫഷനലിസത്തെ കുറിച്ച് ആ രംഗത്ത് പ്രവർത്തിക്കുന്നവർ അവകാശവാദങ്ങൾ ഉന്നയിക്കാറുണ്ടെങ്കിലും വാർത്ത എന്നത് വ്യക്തിയുടെ അഭിപ്രായംപോലെ വലിയ തോതിൽ ആത്മനിഷ്ഠമാണ്, വ്യക്തിപരമാണ് എന്നതാണ് യാഥാർത്ഥ്യം. വാർത്ത വസ്തുനിഷ്ഠമാകണം എന്ന് പഠിപ്പിക്കുമ്പോൾതന്നെ വാർത്ത ഒരു പരിധിക്കപ്പുറം വസ്തുനിഷ്ഠമാവില്ല എന്ന് നമുക്കറിയാം. ഒരു സ്ത്രീപോലും ഇല്ലാത്ത ന്യൂസ്‌റൂം സ്ത്രീസൗഹൃദമാവില്ല, അവരുടെ വാർത്തകൾ സ്ത്രീപക്ഷം ഉൾക്കൊള്ളുന്നതാവില്ല എന്ന് പറയുന്നത് ഈ അടിസ്ഥാനത്തിൽ തന്നെയാണ്. ഇതൊക്കെ സംഭവിക്കുന്നത് ദലിതരോടോ സ്ത്രീകളോടോ ശത്രുതയുള്ളതുകൊണ്ടാവണം എന്നില്ല. ബോധപൂർവം ആവില്ല, ബോധമില്ലാത്തതുകൊണ്ടാവണം അങ്ങനെ ചെയ്യുന്നത്.

ഈ ബോധമില്ലായ്മ മാധ്യമങ്ങളിൽ മാത്രമല്ല പൊതുസമൂഹത്തിൽ തന്നെ ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ് സത്യം. ഫോർത്ത് എസ്റ്റേറ്റിൽ എല്ലാ ജനവിഭാഗത്തിനും പ്രാതിനിധ്യം ഇല്ല എന്നത് ഒരു പ്രശ്‌നമായി ഉയർത്തപ്പെട്ടിട്ടുതന്നെ അധികം കാലമായിട്ടില്ല. രാഷ്ട്രീയരംഗത്തും സാമൂഹ്യരംഗത്തും ജാതിക്കെതിരായ ചിന്ത എന്നോ ഉയർന്നുവന്നിട്ടുണ്ട്. ഭരണവേദികളിലെ സവർണാധിപത്യത്തെക്കുറിച്ച് മുമ്പേ ചർച്ച നടക്കാറുണ്ട്. പക്ഷേ, മുഖ്യധാരാ മാധ്യമങ്ങൾ, പുരോഗമന രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങൾ എന്നിവയിലും ഉയർന്ന ജാതിക്കാരുടെ ജനസംഖ്യാനുപാതത്തിൽ കവിഞ്ഞ സാന്നിദ്ധ്യവും അതിന്റെ സ്വാധീനവും ചർച്ചചെയ്യപ്പെട്ടിരുന്നില്ല. വിദേശിയായ ഒരു ഗവേഷകൻ വേണ്ടിവന്നു ഒരു പക്ഷേ ആദ്യമായിത്തന്നെ ഇന്ത്യൻ മാധ്യമസ്ഥാപനങ്ങളിലെ ദലിത് അസാന്നിദ്ധ്യത്തെ കുറിച്ച് ചൂണ്ടിക്കാട്ടാൻ. മാധ്യമ, ഇന്ത്യാചരിത്രം, ജാതി തുടങ്ങിയ വിഷയങ്ങൾ കാൽനൂറ്റാണ്ടെങ്കിലുമായി പഠിച്ചുകൊണ്ടിരിക്കുന്ന കാനഡക്കാരനായ ഗവേഷകൻ റോബിൻ ജെഫ്‌റിയാണ് 1992 ൽ ഇന്ത്യയിൽ വന്നപ്പോൾ അക്കാര്യം ഒരു പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടിയത്. അതൊരു നിരീക്ഷണം മാത്രമായിരുന്നു. ബി.എൻ. ഉണ്യാൽ എന്ന മാധ്യമഗവേഷകൻ അധികം വൈകാതെ ഇതേ കാര്യം ഒരു സമഗ്രപഠനത്തിലൂടെ ആവർത്തിച്ച് ഉന്നയിച്ചു. ഡൽഹിയിലെ അക്രഡിറ്റഡ് ജേണലിസ്റ്റുകളുടെ കൂട്ടത്തിൽ ഒരാൾപോലും ദലിതനല്ല എന്നായിരുന്നു 1996 ൽ അദ്ദേഹം കണ്ടെത്തിയത്. 2006 ൽ കൂടുതൽ ഗവേഷണങ്ങളും ചർച്ചകളും ഉണ്ടായി. പിന്നീട് ദ ഹിന്ദുവിന്റെ എഡിറ്ററായ സിദ്ധാർത്ഥ് വരദരാജൻ, ജേണലിസം അദ്ധ്യാപകനും കോളമിസ്റ്റുമായ ജെ. സുബ്രഹ്മണ്യം, മാധ്യമഗവേഷകരായ കെന്നത്ത് ജെ. കൂപ്പർ, യോഗേന്ദ്ര യാദവ് തുടങ്ങിയവർ ഇതിൽ പെടുന്നു. അക്കാദമിക മേഖലകളിൽ പരിമിതപ്പെട്ടു ഇതുസംബന്ധമായ ചർച്ചകൾ. മറ്റു സകലരെയും പ്രതിക്കൂട്ടിൽ കയറ്റുമെങ്കിലും മാധ്യമങ്ങൾ പൊതുവെ മാധ്യമങ്ങളെ പ്രതിക്കൂട്ടിൽ കയറ്റുന്ന വിഷയങ്ങൾ ചർച്ച ചെയ്യാറില്ല. മാധ്യമങ്ങൾ മനുവാദികളാണ് എന്ന് പറയാൻ കാൻഷിറാമിനെപ്പോലെ അപൂർവം പേരേ അന്നുണ്ടായിരുന്നുള്ളൂ. 2011 ൽ ഡൽഹിയിൽ നടന്ന രാജേന്ദ്രമഠത്തൂർ സ്മാരക പ്രഭാഷണത്തിന്റെ വിഷയം മാധ്യമമേഖലയിലെ ദലിത് അപ്രാതിനിധ്യമായിരുന്നു. പ്രഭാഷകൻ റോബിൻ ജെഫ്‌റി പതിനഞ്ച് വർഷം മുമ്പ് കണ്ടതിൽനിന്ന് ഒട്ടും മാറിയിട്ടില്ല ഇന്ത്യയിലെ ദലിത് അപ്രാതിനിധ്യം എന്ന് അദ്ദേഹം വസ്തുതകൾ നിരത്തി ഓർമപ്പെടുത്തി.

1990ന് ശേഷം ഇന്ത്യൻ മാധ്യമങ്ങൾ അതിവേഗതയിൽ വളർന്നിട്ടുണ്ട്. 2000-മാണ്ടിൽ ആണ് റോബിൻ ജെഫ്‌റി 'ഇന്ത്യാസ് ന്യൂസ് പേപ്പർ റവല്യൂഷൻ' എന്ന ഗ്രന്ഥം എഴുതിയത്. എഴുപതുകൾ മുതൽ ഇന്ത്യയിൽ വരുന്ന ഗവേഷകനാണ് ജെഫ്‌റി. തിരുവിതാംകൂറിലെ നായർ ആധിപത്യത്തിന്റെ തളർച്ചയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥം പുറത്തുവരുന്നത് 1976-ലാണ്. 2000-മാണ്ടിന് ശേഷം മാധ്യമരംഗത്ത് വൻ വിപ്ലവമാണ് നടന്നത്. ആഗോളവൽക്കരണത്തിന്റെ അകമ്പടിയോടെ നടന്ന ആ വിപ്ലവത്തിന് ശേഷവുമുള്ള ദലിത് ദയനീയതയുടെ പ്രതീകമാണ് അന്തരിച്ച ദലിത് മാധ്യമപ്രവർത്തകൻ നാഗരാജു കോപ്പുല.

പത്രം നിർമ്മിക്കപ്പെടുന്ന അടുക്കളയാണ് ന്യൂസ് റൂമുകൾ. അവിടത്തെ പാചകക്കാരുടെ രുചി പരിഗണനകൾ തീർച്ചയായും അവിടെ വേവിച്ചെടുക്കുന്ന വാർത്തകളിൽ ഉണ്ടാകും. ചില പ്രത്യേകതരം രുചികൾ ഇഷ്ടപ്പെടുന്നവരെ ലക്ഷ്യം വച്ചാവും അവർ എന്തും പാകം ചെയ്യുന്നതും. അതുകൊണ്ടുതന്നെ ഇംഗ്ലീഷ് പത്രങ്ങൾ നഗരങ്ങളിലെ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മധ്യവർഗ താല്പര്യങ്ങൾക്കനുസൃതമായാണ് വിഷയങ്ങളും നിലപാടുകളും സ്വീകരിക്കുന്നത്. ഇതേ വർഗം തന്നെയാണ് ഭാഷാ മാധ്യമങ്ങളിലും പത്രനിർമ്മാണം നടത്തുന്നത്. പക്ഷേ, ഇപ്പോൾ രണ്ടിടത്തും വായനക്കാരുടെ വിദ്യാഭ്യാസപരവും വർഗപരവും ജാതിപരവുമായ സ്വഭാവം അതിവേഗം മാറുകയാണ്. മാധ്യമങ്ങൾ വായിക്കുന്ന പിന്നോക്ക ജാതിക്കാരുടെ എണ്ണം വളരെ വർദ്ധിച്ചിരിക്കുന്നു. അതിന്റെ പ്രതിഫലനം പത്രനയങ്ങളിൽ ഉണ്ടാവുന്നില്ലെങ്കിൽ അത് പത്രത്തിന്റെ പ്രചാരത്തെ ബാധിക്കും എന്ന് പത്രാധിപന്മാരെയും പത്രഉടമകളെയും ബോധ്യപ്പെടുത്തുന്ന സംഭവങ്ങൾ സമീപകാലത്തുണ്ടായി.

മഹാരാഷ്ട്രയിൽ പട്ടേൽ ജാതിക്കാരുടെ സംവരണസമരത്തിനിടയിൽ ശ്രദ്ധേയമായ ഒരു സംഭവമുണ്ടായി. ലോക്മത് എന്ന വലിയ പ്രചാരമുള്ള മറാത്തി പത്രം പ്രക്ഷോഭത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്. പട്ടേൽ വിഭാഗക്കാർ നാഗ്പൂരിൽ നടന്ന വൻ റാലിയിൽ ലോക്മത് പത്രം കത്തിച്ചുകൊണ്ട് പത്രനിലപാടിനെ ചോദ്യം ചെയ്തു. സംഘടിതമായി അവർ പത്രബഹിഷ്‌കരണം പ്രഖ്യാപിച്ചു. പിറ്റേന്ന് പത്രം ഒന്നാം പേജിൽ പ്രഖ്യാപിച്ചു - 'പട്ടേൽവിഭാഗക്കാർക്ക് സംവരണം നൽകുന്നതിന് ഞങ്ങളെതിരല്ല!'. രണ്ടായിരത്തി ആറ് ആദ്യം ഡൽഹിയിൽ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നടന്ന ഒരു മാസം നീണ്ട സംവരണവിരുദ്ധ സമരവുമായി ഇതിനെ താരതമ്യപ്പെടുത്തുന്നത് നന്നായിരിക്കും. പിന്നാക്ക ജാതിക്കാരെ അവഹേളിക്കുന്ന മുദ്രാവാക്യങ്ങൾപോലും സംവരണവിരുദ്ധ സമരക്കാർ ഉയർത്തിയെങ്കിലും അതിലൊന്നും ആരും ഒരു തെറ്റും കണ്ടില്ല എന്ന് സിദ്ധാർത്ഥ് വരദരാജൻ തന്റെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുകയുണ്ടായി. ഒട്ടും ഒളിച്ചുവെക്കാതുള്ളതായിരുന്നു സമരക്കാർക്കുള്ള മാധ്യമപിന്തുണ'.

പത്രാനനന്തരവാർത്തയും ജനാധിപത്യവും
എൻ.പി. രാജേന്ദ്രൻ
ജി.വി. ബുക്‌സ്, തലശ്ശേരി
2019, വില: 170 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP