Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

ചരിത്രവായനകൾ: അധിനിവേശങ്ങളുടെ ഹിംസാത്മക രാഷ്ട്രീയം

ചരിത്രവായനകൾ: അധിനിവേശങ്ങളുടെ ഹിംസാത്മക രാഷ്ട്രീയം

ഷാജി ജേക്കബ്‌

മകാല കേരളത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക പൊതുമണ്ഡലങ്ങളിൽ ഏറ്റവും സജീവവും വിമർശനാത്മകവുമായി ഇടപെടുന്ന ജൈവബുദ്ധിജീവികളിലൊരാളാണ് ടി.ടി. ശ്രീകുമാർ. നമ്മുടെ അക്കാദമിക വേദികളിലും പൊതുസമൂഹവേദികളിലും ഒരുപോലെ ഇത്രമേൽ സ്വീകാര്യതയുള്ളവർ വിരളമാണ്. സാമ്പത്തികശാസ്ത്രം, ചരിത്രം, സാമൂഹ്യചിന്ത, ഭാഷ, സാഹിത്യം, മാധ്യമം, സിനിമ.... എന്നിങ്ങനെ നിരവധിയായ വൈജ്ഞാനികമേഖലകളിൽ ശ്രീകുമാർ നിരന്തരസാന്നിധ്യമാണ്. മാർക്‌സിസ്റ്റ് സംവാദങ്ങളിലും നവസാമൂഹ്യപ്രസ്ഥാനങ്ങലിലും ഒരേ ആർജ്ജവത്തോടെ പങ്കെടുക്കുകയും പ്രഭാഷണം, എഴുത്ത് എന്നീ രണ്ടു ബൗദ്ധികമണ്ഡലങ്ങളിലും മൂർത്തമായി ഇടപെടുകയും ചെയ്യുന്നു; രാഷ്ട്രീയ നിരീക്ഷണങ്ങളും സാംസ്‌കാരികവിമർശനങ്ങളും സാമൂഹ്യാപഗ്രഥനങ്ങളും ഒറ്റയൊറ്റ രചനകളായും ഗ്രന്ഥങ്ങളായും തുടർച്ചയായി അവതരിപ്പിക്കുന്നു; ഹിന്ദുത്വവിമർശനത്തിലും ന്യൂനപക്ഷ രാഷ്ട്രീയത്തിലും കണിശതയോടെ നിലപാടെടുക്കുന്നു.

ഈ പംക്തിയിൽ മുൻപ് ശ്രീകുമാറിന്റെ മൂന്നോ നാലോ പുസ്തകങ്ങൾ പരിചയപ്പെടുത്തിയിട്ടുണ്ട്. അസാധാരണമായ ആർജ്ജവത്തോടെ, തന്റെ വിചാരപദ്ധതി ആവിഷ്‌ക്കരിക്കുന്ന സാംസ്‌കാരിക-രാഷ്ട്രീയ നിരൂപകൻ എന്ന നിലയിൽ ശ്രീകുമാറിനുള്ള പ്രസക്തി അവയിൽ ചൂണ്ടിക്കാണിച്ചിരുന്നു. 'പലായനങ്ങൾ' തികച്ചും ഭിന്നമായ മറ്റൊരു വൈജ്ഞാനികമണ്ഡലത്തിൽ ശ്രീകുമാറിന്റെ ബൗദ്ധികാന്വേഷണങ്ങൾ കണ്ടെത്തിയ നിഗമനങ്ങളുടെ ക്രോഡീകരണമാണ്. മലയാളത്തിൽ ഇതാദ്യമാണ് ഇത്തരമൊരു ചരിത്രാന്വേഷണവും അപഗ്രഥനവും. അധിനിവേശത്തിന്റെ ഭൂഖണ്ഡാന്തരയാത്രകൾ എന്ന നിലയിൽ അമേരിക്കയും യൂറോപ്പും സൃഷ്ടിച്ച കൊളോണിയൽ ആധുനികതക്കു വെളിയിൽ ഏഷ്യയിൽ നടന്ന, ഇപ്പോഴും നടന്നുകൊണ്ടേയിരിക്കുന്ന നാനാതരം അധിനിവേശങ്ങളെയും അവ സൃഷ്ടിക്കുന്ന ബഹുവിധങ്ങളായ പലായനങ്ങളെയും കുറിച്ചുള്ള പഠനം . യാത്രാവിവരണമെന്ന ആഖ്യാനരൂപത്തിന്റെ അബോധസാന്നിധ്യം ഈ രചനകളിലുണ്ട്. കാരണം ഏഷ്യയിലെ ഓരോ രാജ്യത്തും ശ്രീകുമാർ നടത്തിയ യാത്രകളുടെ ഉപോല്പന്നമാണ് ഈ പുസ്തകം. സാഹിത്യം, സിനിമ, പുസ്തകം തുടങ്ങിയവയുടെ നവ-ചരിത്രനിർമ്മാണപദ്ധതിയാണ് ഈ രചനകളുടെ രീതിശാസ്ത്രമായി വികസിക്കുന്നത്. കോളനി ആധുനികതയുടെ വിമർശനമെന്നപോലെ കോളനിഅനന്തരതയുടെ വിശകലനവും ഇതിന്റെ സൈദ്ധാന്തികാടിത്തറായി മാറുന്നു. 18-ാം നൂറ്റാണ്ടുമുതൽ 21-ാം നൂറ്റാണ്ടുവരെ ഇതിന്റെ കാലപരിധിയാണെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ ഹിംസാത്മക രാഷ്ട്രീയത്തിന്റെ അപഗ്രഥനമാണ് മിക്ക ലേഖനങ്ങളുടെയും ഭൂമിക. കൊളോണിയൽ മുതലാളിത്തത്തിന്റെ കൂലിയടിമത്തം മുതൽ നവസാങ്കേതിക സമൂഹങ്ങളുടെ അധീക്ഷണങ്ങൾ (surveillance) വരെയുള്ള വ്യവഹാരങ്ങൾ ഇവയിൽ പ്രശ്‌നവൽക്കരിക്കപ്പെടുന്നു. വംശീയത മുതൽ ബഹുരാഷ്ട്ര മുതലാളിത്തം വരെ; ഫ്യൂഡലിസം മുതൽ നാസിസം വരെ; മാർക്‌സിസം മുതൽ പോസ്റ്റ് ഹ്യൂമനിസം വരെ; അച്ചടിമാധ്യമങ്ങൾ മുതൽ സൈബർ സാങ്കേതികത വരെ-ആധുനിക, ആധുനികാനന്തര ലോകക്രമത്തിന്റെ ബൃഹദാഖ്യാനങ്ങൾ പലതും ചരിത്രനിഷ്ഠമായി അപനിർമ്മിക്കപ്പെടുന്നു, ഈ ലേഖനങ്ങളിൽ.

സങ്കല്പനപരവും ഉള്ളടക്കപരവുമായ പരസ്പരബന്ധവും തുടർച്ചയും മുൻനിർത്തി ഒരൊറ്റ ഗ്രന്ഥമായിത്തന്നെ വായിക്കാം ഈ പുസ്തകത്തിലെ ഒൻപതു ലേഖനങ്ങളെയും. (മാർക്‌സിസത്തിന്റെ പ്രതിസന്ധി എന്ന ശീർഷകത്തിൽ ഒരഭിമുഖസംഭാഷണവുമുണ്ട് പത്താമത്തെ രചനയായി.)

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോളരാഷ്ട്രീയ പശ്ചാത്തലത്തിൽ, യൂറോപ്പിൽനിന്ന് ഏഷ്യയിലെക്കു ശ്രദ്ധ തിരിച്ച്, അധിനിവേശത്തിന്റെ ഹിംസാത്മക രാഷ്ട്രീയങ്ങളെക്കുറിച്ചു നടത്തുന്ന ഒരു കോളനിയനന്തരവാദ പഠനമാണ് ഈ ഗ്രന്ഥം എന്ന് സൂചിപ്പിച്ചു. അധിനിവേശം എന്ന പരികല്പനകൊണ്ട് നാം പൊതുവെ വിവക്ഷിക്കുന്ന യൂറോ-അമേരിക്കൻ കൊളോണിയലിസത്തിന്റെ പരിസരത്തു നിന്നുമാറി, ഏഷ്യൻ രാജ്യങ്ങൾ തമ്മിൽ തമ്മിൽ നിലവിലിരുന്ന അതിക്രൂരമായ രാഷ്ട്രീയ സംഘർഷങ്ങളുടെ ചരിത്രം വായിക്കുകയാണ് ശ്രീകുമാർ. വംശവെറിയായിരുന്നു കൊളോണിയലിസത്തിന്റെ അടിസ്ഥാന ഹിംസായുക്തിയെങ്കിൽ ഏഷ്യൻരാജ്യങ്ങൾ പരസ്പരം നടത്തിയ അധിനിവേശങ്ങളുടെ ഹിംസായുക്തി രാഷ്ട്രീയമായിരുന്നു. യൂറോപ്പിനെ ലോകത്തിന്റെ കേന്ദ്രമായി പ്രതിഷ്ഠിച്ച ആധുനികതയുടെ ജ്ഞാനയുക്തികളുടെ കഥയും വംശ-വർണ വിചാരങ്ങൾ നിർമ്മിച്ച യൂറോപ്പിന്റെ ചരിത്രവും വിവരിച്ച് 'പല ഏഷ്യകൾ' എന്ന സങ്കല്പനത്തിലേക്കു വരുന്നു ശ്രീകുമാർ. മാർക്‌സിസമുൾപ്പെടെയുള്ള ഒരു പ്രത്യയശാസ്ത്രത്തിനും തളയ്ക്കാൻ കഴിയാത്ത വർണ, വംശവികാരങ്ങളുടെ ജൈവഭൂപടങ്ങളാണ് യൂറോപ്പും അമേരിക്കയുമൊക്കെ.

'യൂറോപ്പിന്റെ ചരിത്രനിർമ്മിതിയും അതിന്റെ വർണ്ണ-വംശവിചാരവും പരസ്പരം ബന്ധപ്പെട്ടതാണ്. മറ്റു ഭൂമിശാസ്ത്രപരികല്പനകൾക്ക് യൂറോപ്പിനെ സന്ധിക്കാതെ വിശകലനസാദ്ധ്യതയില്ല എന്നതാണ് സത്യം. ഇത് അധിനിവേശത്തിന്റെ മാത്രം പ്രശ്‌നമല്ല. അധിനിവേശമെന്ന രാഷ്ട്രീയ സാംസ്‌കാരികപ്രശ്‌നംതന്നെ യൂറോപ്പിന്റെ പരികല്പനാപരമായ പരിധികളെ ആശ്രയിച്ചു നില്ക്കുന്നതാണ്. ആഗോളവത്കരണക്കാലത്തെ സമരം പരികല്പനകളിലെ സമരം കൂടിയാണ്. അമേരിക്കൻ ഐക്യനാടുകൾ ഉണ്ടാവുന്നത് ബ്രിട്ടനുമായുള്ള ബ്രിട്ടീഷ് കുടിയേറ്റക്കാരുടെ യുദ്ധത്തിലൂടെയാണെന്ന് നമുക്കറിയാം. അമേരിക്കൻ സ്വാതന്ത്ര്യസമരം രാജഭരണത്തിനെതിരായി രൂപം കൊണ്ടു. അതിനെ പരാജയപ്പെടുത്തി, ആദ്യത്തെ ആധുനിക ജനായത്ത ഭരണകൂടം സ്ഥാപിച്ചുവെന്ന് ഓർക്കുമ്പോൾ അമേരിക്കയുടെ സാമൂഹികമനസ്സ് ഈ വസ്തുതയുമായി പൊരുത്തപ്പെട്ടിട്ടുണ്ടോയെന്ന് സംശയം തോന്നിക്കുന്ന ഒരു കാര്യം ഈയിടെ ശ്രദ്ധയിൽപ്പെട്ടു. അമേരിക്കയിലെ സ്‌കൂൾകുട്ടികൾക്ക് വായിക്കാനുള്ള ഒരു ചരിത്രപുസ്തകം ഒരു സുഹൃത്തിന്റെ വീട്ടിൽ കാണാനിടയായി. അതിന്റെ തുടക്കം എന്നെ അത്ഭുതപ്പെടുത്തിയില്ല. അമേരിക്കയുടെ ചരിത്രം അതിൽ ആരംഭിക്കുന്നത് തദ്ദേശജനതയുടെ സാംസ്‌കാരിക പാരമ്പര്യത്തിലൊന്നുമല്ല. അതു നാം പ്രതീക്ഷിക്കുന്നില്ല. തങ്ങളുടെ പൂർവികരുടെ അരുംകൊലകൾ വിശദമായി കുട്ടികളെ പഠിപ്പിക്കും അവിടെ എന്ന് വിശ്വസിക്കാന്മാത്രം നാം മണ്ടന്മാരല്ലല്ലോ. എന്നാൽ എന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു അതിലെ പ്രാരംഭഭാഗങ്ങൾ. ജോർജ് വാഷിങ്ടൻ എന്ന വീരപുരുഷന്റെ വർണ്ണനയായിരുന്നു അത്, എന്നതുമല്ല, അപ്രതീക്ഷിതമായിരുന്നത് ആ വർണ്ണന മുഴുവൻ അദ്ദേഹം ആകാരത്തിൽ എങ്ങനെ ജോർജ് ഒന്നാമൻ രാജാവിനെപ്പോലെ കുലീനനും സുന്ദരനുമായിരുന്നു എന്നതായിരുന്നു! ഇരുവർക്കും ആറടി പൊക്കമുണ്ടായിരുന്നുവത്രേ. അന്നത്തെ അവസ്ഥയിൽ അതൊരു വലിയ പൊക്കമായിരുന്നുവെന്ന ഓർമ്മപ്പെടുത്തലുമുണ്ട്. രണ്ടുപേരുടെയും കണ്ണുകൾക്ക് കുലീനതയുടെ നീലനിറമായിരുന്നുവത്രേ! രണ്ടുപേരും വലിയ കുതിരസവാരിക്കാരായിരുന്നുവത്രേ. മൾട്ടി കൾച്ചറിസത്തിന്റെ നാട്ടിലെ കുട്ടികളുടെ ചരിത്രപാഠമാണ്! ഇതാണ് യൂറോപ്പിന്റെ അടിസ്ഥാന വംശ-വർണ്ണ സ്വാംശീകരണം പരികല്പനാപരമാണെന്നു പറയുന്നതിന്റെ കാരണം.

ഇതു വിശേഷിച്ചും പ്രസക്തമാകുന്നത് ഇപ്പോൾ യൂറോപ്പിൽ നടക്കുന്ന വലതുപക്ഷ നവീകരണവും ക്രോഡീകരണവും ഉയർത്തുന്ന രാഷ്ട്രീയമായ, സാമ്പത്തികമായ വെല്ലുവിളികൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നതുകൊണ്ടു കൂടിയാണ്. നവ യാഥാസ്ഥിതികത്വത്തിനു മാർഗരറ്റ് താച്ചറുടെ ഏറ്റവും വലിയ സംഭാവന അവരുടെ നിയോലിബറൽ നയങ്ങളല്ല, ആ നയങ്ങളെ സാമാന്യവത്കരിക്കുന്നതിലൂടെ ലേബർ പാർട്ടിയെക്കൊണ്ടും ഒരു വലിയ വിഭാഗം ഇടതുപക്ഷത്തെക്കൊണ്ടും സ്വന്തം അജണ്ടകളെ യാഥാസ്ഥിതികനയങ്ങൾക്ക് സമാനമാക്കിയില്ലെങ്കിൽ നിലനില്പുണ്ടാവില്ലെന്ന വിചാരത്തിലേക്ക് മാറി ചിന്തിപ്പിച്ചതാണ്. ഇതോടെ യൂറോപ്പിൽ ഇടതുപക്ഷം ഇല്ലാതായി. സോവിയറ്റ് യൂണിയന്റെ തകർച്ച ഇടതുപക്ഷത്തെ വിപ്ലവവ്യാമോഹങ്ങളിൽനിന്നു മുക്തരാക്കിയെങ്കിൽ യാഥാസ്ഥിതികരാഷ്ട്രീയത്തിന്റെ സർവ്വസമ്മതി ഇടതുപക്ഷത്തെ പ്രത്യയശാസ്ത്രപരമായി ഇല്ലാതാക്കി. ഇടതുപാർട്ടികൾ ഇല്ലാതായെന്നോ ഒരു ജാഥ നടത്താൻപോലും ആളെ കിട്ടാതായെന്നോ അല്ല പറയുന്നത്. ഇടതുപക്ഷ പാർട്ടികൾ ഏതാണ്ട് പൂർണ്ണമായും വലതുപക്ഷ ബ്ലാക്‌മെയിലിങ്ങിനു വഴങ്ങി സ്വന്തം അജണ്ടകൾ തിരസ്‌കരിച്ചിരിക്കുകയാണെന്നു പറഞ്ഞത് സാക്ഷാൽ സ്ലാവോ സിസേക് തന്നെയാണ്.

ടോണി ബ്ലെയറിന്റെ ലേബർ ഭരണകൂടം ലോകത്തിലെ ഏറ്റവും വലിയ യാഥാസ്ഥിതിക നിലപാടുകളെ പുണർന്നുനിന്നിരുന്നു. ഇറാക്ക് യുദ്ധം അവിടെ നില്ക്കട്ടെ, ആഫ്രിക്കൻ അമേരിക്കക്കാരെ മുഴുവൻ സാദ്ധ്യതാ-കുറ്റവാളികളായി കാണുന്ന സമീപനത്തോടുള്ള ഔദ്യോഗികവും ഔപചാരികവുമായ എതിർപ്പിനെപ്പോലും പരിഹസിക്കാൻ ബ്ലെയർ തയ്യാറായത്-പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സിന്റെ പേരിൽ സത്യംപറയാൻ നാം മടിക്കരുതെന്നു പറഞ്ഞുകൊണ്ട് - ഈ പശ്ചാത്തലത്തിലായിരുന്നു. വർണ്ണവെറി പുതിയതല്ലെങ്കിലും കടുത്ത വർണ്ണവെറിയുടെ ഇന്നത്തെ യൂറോപ്പ് രൂപം കൊണ്ട ദശകമായിരുന്നു തൊണ്ണൂറുകൾ. യൂറോപ്പിൽ ഇടതുപക്ഷം തഴച്ചുവളരുകയാണെന്നും കഴിഞ്ഞ ദശകത്തിലെ മുതലാളിത്ത സാമ്പത്തിക കുഴപ്പങ്ങൾ ആ വളർച്ചക്ക് ആക്കംകൂട്ടിയെന്നും വിശ്വസിക്കുന്നവരുണ്ട്. 'ഒക്കുപ്പൈ വാൾസ്ട്രീറ്റ്' മുതലുള്ള പ്രക്ഷോഭങ്ങളെ അതിന്റെ പ്രതീകമായി കണ്ടവരുണ്ട്. എന്നാൽ സിസെക്കിന്റെ First as Tragedy, Then as Farce (London: Verso, 2009) എന്ന പുസ്തകമടക്കം പുതിയ മുതലാളിത്തപ്രതിസന്ധിയുടെ കാരണങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും അന്വേഷിക്കുന്ന ചില പുസ്തകങ്ങൾ വിമർശനാത്മകമായി വായിച്ചതിന്റെയും, സമരം ഏറ്റവും ശക്തമായിരുന്ന കാലത്തുതന്നെ അമേരിക്കയിലും ചില യൂറോപ്യൻ നഗരങ്ങളിലും സഞ്ചരിച്ച് 'ഒക്കുപ്പൈ സമരങ്ങൾ പലതും നേരിട്ടു കണ്ടതിന്റെയും അതിൽ പങ്കെടുക്കുന്ന വ്യക്തികളുമായും ഗ്രൂപ്പുകളു'മായും സംവദിച്ചതിന്റെയും അവരുടെ ലഘുലേഖകളും മറ്റും പഠിപ്പിച്ചതിന്റെയും അടിസ്ഥാനത്തിൽ എനിക്കു തോന്നിയിട്ടുള്ളത് ഈ ശുഭാപ്തിവിശ്വാസം അങ്ങേയറ്റം അതിരുകടന്നതാണെന്നാണ്.

യൂറോപ്പ് വലതുപക്ഷവത്കരണത്തിന്റെ കടുത്ത രാഷ്ട്രീയത്തിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു. ഇടതുപ്രതിരോധം ശുഷ്‌കമായിരിക്കുന്നു. സിവിൽ സമൂഹരാഷ്ട്രീയം ഏതാണ്ട് പൂർണ്ണമായിത്തന്നെ ഭരണകൂടപക്ഷപാതിയായിരിക്കുന്നു. യൂറോ കേന്ദ്രവാദം പുതിയ പ്രത്യയശാസ്ത്രയുദ്ധങ്ങൾ തുടങ്ങിയിരിക്കുന്നു. വംശീയന്യൂനപക്ഷങ്ങൾ ആശയറ്റ് കൂടുതൽ അരക്ഷിതത്വത്തിലേക്കു നീങ്ങിയിരിക്കുന്നു. പാശ്ചാത്യമതേതരത്വം അതിന്റെ എല്ലാ മുഖംമൂടികളും ഊരിക്കളഞ്ഞ് ഇതരമകപീഡനത്തിന്റെ ഉത്തരാധുനികരൂപങ്ങൾ കണ്ടെത്തുകയും അവ ഉപയോഗിക്കുകയും ചെയ്യുന്നു. നവലിബറൽ നയങ്ങളും നവകൊളോണിയലിസവും കൈകോർത്ത് ലോകസാമ്പത്തികാധിപത്യം ശക്തമാക്കുന്നു. മൂലധനം അതിന്റെ ഇരട്ടയായ അദ്ധ്വാനത്തെ, സാമൂഹികാവശ്യപരമായ അദ്ധ്വാനസമയം ഓരോ സവിശേഷ അദ്ധ്വാനത്തിനും കുറച്ചുകൊണ്ടുവന്ന് മൂല്യസിദ്ധാന്തത്തിന്റെ പ്രായോഗിക അടിത്തറ തോണ്ടുന്നു. ഈ വസ്തുതകളെല്ലാം മറച്ചുവെച്ചുകൊണ്ടുള്ള രാഷ്ട്രീയവിചാരണകളും വിപ്ലവത്തിന്റെ പുതിയ ഏജൻസിയെ കണ്ടെത്തലുമെല്ലാം അസത്യത്തിന്റെ മാത്രം അലങ്കാരഭാഷയിൽ ചമയ്ക്കാവുന്ന വിശകലനങ്ങളാണെന്ന് ഞാൻ കരുതുന്നു'.

ബ്രിട്ടീഷ് ഭരണകാലത്ത് മലേഷ്യയിലെ റബ്ബർതോട്ടങ്ങളിൽ പണിക്കെത്തിയ മലയാളി പുരുഷന്റെയും തമിഴ് സ്ത്രീയുടെയും മകനായ ദീപക് കുമരന്മേനന്റെ 'ചെമ്മൺശാലൈ' എന്ന തമിഴ് സിനിമയിൽനിന്നാണ് ശ്രീകുമാർ തന്റെ പഠനം തുടങ്ങുന്നത്. മലേഷ്യയിൽ തമിഴ് അംഗീകൃത ഭാഷയല്ല. 'I am a foreign director in my own country' എന്നാണ് മേനൻ സ്വയം വിശേഷിപ്പിക്കുന്നത്. മൂന്നാം ലോകത്തെ അധിനിവേശ രാഷ്ട്രീയത്തിന്റെ ഒരു മൂർത്ത മാതൃക.

യാൻ ബ്രെമന്റെ 'Taming the coolie Beast' എന്ന ഗ്രന്ഥത്തിലേക്കാണ് തുടർന്ന് ശ്രീകുമാർ പോകുന്നത്. യൂറോപ്പിൽ, വിശേഷിച്ചും ഫ്രാൻസിൽ നിലവിലിരുന്ന ക്രൂരമായ ശിക്ഷാവ്യവസ്ഥകളെക്കുറിച്ചുള്ള മിഷെൽ ഫൂക്കോയുടെ പഠനങ്ങളിൽ നിന്നാണ് ബ്രെമന്റെ പുസ്തകത്തിലേക്ക് ചർച്ച നീളുന്നത്. 19-ാം നൂറ്റാണ്ടിലെ ഡച്ചകോളനിയായിരുന്ന സുമാത്രയിലെ പുകയിലത്തോട്ടങ്ങളിൽ പണിയെടുത്തിരുന്ന കൂലിയടിമകളുടെ ചരിത്രമാണിത്. ഏഷ്യയിലെ കൊളോണിയൽ അടിമവേലയുടെ ഏടുകളിലൊന്ന്. അമേരിക്ക അടിമത്തം നിരോധിക്കുകയും യൂറോപ്പ് അതിന്റെ പീനൽകോഡ് പരിഷ്‌ക്കരിക്കുകയും ചെയ്തകാലത്തുതന്നെയാണ് ഏഷ്യയിൽ അടിമവേലയുടെ കിരാതചരിത്രം അരങ്ങേറുന്നത്. അതേസമയംതന്നെ നിരവധി വൈരുധ്യങ്ങളുടെ രാഷ്ട്രീയഭൂമികയുമാണ് ഏഷ്യ. ഹോങ്കോങ്, ചൈനക്കുനേരെ പുലർത്തുന്ന ശത്രുതയും എതിർപ്പും ഉദാഹരണം. ഭൂതകാലത്ത് തങ്ങളെ അടക്കിഭരിച്ച യൂറോപ്യൻ ശക്തിയോടല്ല, ഭാവിയിൽ 2046 മുതൽ തങ്ങളെ നിയന്ത്രിക്കാൻ പോകുന്ന ചൈനയോടാണ് ഹോങ്കോങ് ജനതക്ക് എതിർപ്പ്. (ഈ കുറിപ്പെഴുതുന്ന ദിവസങ്ങളിലും ഹോങ്കോങിൽനിന്ന് കലാപങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.) ചുരുക്കത്തിൽ, പ്രായോഗികവും സൈദ്ധാന്തികവുമായി ഏഷ്യയെ പ്രശ്‌നവത്കരിക്കുകയും ഏഷ്യ എന്ന വിഘടിതസ്വത്വത്തിന്റെയും യൂറോപ്പ് എന്ന ഭാവനാത്മകസാകല്യത്തിന്റെയും ഇടയിലുള്ള വൈരുദ്ധ്യങ്ങളുടെ അനാവരണങ്ങൾ നല്കുന്ന സൂചനകളിലൂടെ സഞ്ചരിക്കുകയുമാണ് ഈ പുസ്തകത്തിന്റെ പ്രധാന ലക്ഷ്യം.

ഏഷ്യൻ അസ്തിത്വത്തിന്റെ അസ്ഥിരത്വങ്ങളെ ആവാഹിക്കുന്ന ഏറ്റവും തീഷ്ണമായ പ്രതിനിധാനങ്ങൾ സാഹിത്യത്തിലാണുള്ളത് എന്ന കാഴ്ചപ്പാടോടെ, വി സി. ബാലകൃഷ്ണപ്പണിക്കരുടെ വർഷാചന്ദ്രൻ (1907) എന്ന കവിത മുതൽ ഫ്രാൻസ് ഫാനന്റെയും സി.എൽ.ആർ. ജയിംസിന്റെയും രചനകൾ വരെയുള്ളവ വെളിപ്പെടുത്തുന്ന കോളനിവിരുദ്ധ വിചാരങ്ങളുടെ സാംസ്‌കാരിക രാഷ്ട്രീയം ചർച്ചചെയ്യുന്നു, രണ്ടാം ലേഖനത്തിൽ ശ്രീകുമാർ. കരീബിയൻ നാടുകളിലെ കരിമ്പുപാടങ്ങളിൽ നിലനിന്ന കോളനിയടിമത്തത്തെക്കുറിച്ചാണ് ഈ രചന അന്വേഷിക്കുന്നത്.

ഇന്ത്യൻ കുടിയേറ്റക്കാർ കരീബിയൻ നാടുകളിൽ കഴിഞ്ഞ നൂറ്റാണ്ടുകളിൽ കെട്ടിപ്പടുത്ത ജീവിതത്തിന്റെ പ്രതിരോധപാരമ്പര്യങ്ങളാണ് അവിടങ്ങളിലെ സാഹിത്യത്തിന്റെ ഒരു വിഭാഗം തന്നെ. ആഫ്രിക്കൻ വംശജരാണ് കരീബിയൻ സാഹിത്യത്തിന്റെ പ്രമുഖ വക്താക്കളെങ്കിലും വി എസ്. നയ്പാൾ, ഷനയാർഡൻ തുടങ്ങിയ ഇന്ത്യൻ വംശജരും വിഖ്യാതരാണ്.

യൂറോപ്പിലും അമേരിക്കയിലും കരുത്താർജ്ജിച്ച ഇന്ത്യൻ പ്രവാസസാഹിത്യം പോലൊന്ന് ഏഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ഏഷ്യയിലെ പല രാജ്യങ്ങളിലും വർണവെറി നേരിടുന്ന ഇന്ത്യൻ കുടിയേറ്റക്കാരുടെ ചരിത്രമെഴുതുമ്പോൾ ഹരീന്ദർ വീരയ്യ എന്ന യുവതി മലേഷ്യയിൽ ചികിത്സ കിട്ടാതെ മരിച്ച സംഭവം ശ്രീകുമാർ ചൂണ്ടിക്കാണിക്കുന്നു.

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ മേല്പറഞ്ഞ അടിമജീവതങ്ങൾക്കും അധിനിവേശ ചൂഷണങ്ങൾക്കും പിന്നിൽ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ കൊളോണിയൽ അധിനിവേശങ്ങൾക്കടിയിൽ പ്രവർത്തിച്ച വംശവെറിയുടെയും ഹിംസയുടെയും ഭിന്നമെങ്കിലും സമാന്തരമായ രാഷ്ട്രീയധാര നിലനിന്നിരുന്നു. പൊറ്റക്കാടിന്റെ 'കാപ്പിരികളുടെ നാട്ടിൽ' മുൻനിർത്തി ആഫ്രിക്കക്കാർക്കെതിരെ പ്രവർത്തിച്ച വംശവെറിയുടെ അബോധം ചൂണ്ടിക്കാണിക്കുന്ന ശ്രീകുമാർ, ലോകത്തെവിടെയും ഇന്ത്യൻ വംശജർ നേരിടുന്ന ന്യൂനപക്ഷ സമ്മർദ്ദങ്ങളന്വേഷിക്കുന്നു, മൂന്നാം ലേഖനത്തിൽ.

തിന്മയെ(evil)ക്കുറിച്ചുള്ള ഹന്നാ ആരെന്ദിന്റെ രണ്ടു പരികല്പനകൾ (Radical Evil, Banality of Evil) മുൻനിർത്തി അധിനിവേശം സൃഷ്ടിച്ച അടിമത്തത്തിന്റെ ചരിത്രഭൂമികകളെ മൂല്യവിചാരണക്കു വിധേയമാക്കുന്നു, ഈ ലേഖനം. 2013-ലിറങ്ങിയ ഹന്നാ ആരന്ദ് എന്ന സിനിമയിൽ നിന്നാണ് ശ്രീകുമാർ ചർച്ച തുടങ്ങുന്നത്. നാസി ഉദ്യോഗസ്ഥനായിരുന്ന അഡോൾഫ് ഐക്മാന്റെ കുറ്റവിചാരണാഘട്ടത്തിൽ ഹന്ന എഴുതിയ ഗ്രന്ഥമാണ് 'Eichmann in Jerusalem' ഹന്നയുടെ മറ്റു ഗ്രന്ഥങ്ങളായ The Human Condition, The Origins of Totalitarianism തുടങ്ങിയ ഗ്രന്ഥങ്ങളിൽ മാർക്‌സിസം ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെയും സർവാധിപത്യ വ്യവസ്ഥകളെയും പൗരസമൂഹ പ്രതിരോധങ്ങളെയും കുറിച്ചൊക്കെ എഴുതപ്പെട്ട കാര്യങ്ങൾ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വിഖ്യാതങ്ങളായ മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ കൂടിയാണ്. ശ്രീകുമാർ എഴുതുന്നു :

'ഹന്നയുടെ The origins of Totalitarianism നാസിരാഷ്ട്രീയവും സ്റ്റാലിനിസ്റ്റ് രാഷ്ട്രീയവും പ്രതിനിധാനം ചെയ്യുന്ന പുതിയ വെല്ലുവിളി മനുഷ്യസമൂഹം ഏറ്റെടുക്കേണ്ടതിനെക്കുറിച്ചുള്ള വലിയ മുന്നറിയിപ്പായിരുന്നു. മാർത്താണ്ഡവർമ്മ രാജ്യങ്ങൾ പിടിച്ചടക്കി എല്ലാം പത്മനാഭന് സമർപ്പിച്ചു പത്മനാഭദാസനായി കഴിയുന്നതുകൊണ്ടുണ്ടാകുന്ന പ്രത്യയശാസ്ത്രവിധേയത്വമാണ് ഭരണത്തിന്റെ ഭീകരതയെ തമസ്‌കരിക്കാനും പ്രജകളെ അതുമായി താദാത്മ്യം പ്രാപിക്കാൻ സജ്ജരാക്കുവാനും സഹായിച്ചത്. സമഗ്രാധിപത്യത്തിൽ തത്തുല്യമായൊരു സമരസപ്പെടലുണ്ടാവുന്നു. എന്നാൽ മാർത്താണ്ഡവർമ്മയുടേത് രാജ്യം നിലനിർത്തുന്നതിനുള്ള ഒരു തന്ത്രവും അധികാരത്തിനുള്ള ലെജിറ്റിമേഷനുമാവുമ്പോൾ സമഗ്രാധിപത്യത്തിൽ അത് വ്യത്യസ്തമായൊരു മാനം കൈവരിക്കുന്നു. ശത്രു ഉണ്ടാവുമ്പോഴാണ് മാർത്താണ്ഡവർമ്മക്ക് പ്രഹരിക്കേണ്ടിവരുന്നതെങ്കിൽ സമഗ്രാധിപത്യം നിരന്തരം അതിന്റെ ശത്രുക്കളെ കണ്ടെത്തിക്കൊണ്ടിരിക്കുകയും ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ എപ്പോഴും എണ്ണിക്കൊണ്ട് ലേബർ ക്യാമ്പുകളിലും കോൺസെൻട്രേഷൻ ക്യാമ്പുകളിലും അവരെ തള്ളിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. സമഗ്രാധിപത്യം മാധ്യമങ്ങളെയും ജനങ്ങളെയും എപ്പോഴും ഭയന്നുകൊണ്ടിരിക്കുകയും അവർ തങ്ങളുടെ ശത്രുക്കളാണെന്നു നിരന്തരം വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കും. കൊല്ലാൻ അതിനൊരു കാരണം വേണ്ട. കൊന്നാൽ അതിനു ധാർമ്മികതയുടെ വിചാരണ വേണ്ട. ഭരണത്തിലില്ലെങ്കിലും അതു ഭരിച്ചുകൊണ്ടിരിക്കും, കൊന്നുകൊണ്ടിരിക്കും. The Origins of Totalitarianism എന്ന പുസ്തകത്തിൽ ഇതിനെ റാഡിക്കൽ ഈവിൾ (radical evil)- സമൂലമായ തിന്മ എന്ന് ആനന്ദ് വിളിച്ചിരുന്നു.'

'അർജന്റീനയിൽനിന്ന് രഹസ്യമായി കടത്തിക്കൊണ്ടുവന്ന് ഇസ്രയേലിൽ വിചാരണ നേരിടുന്ന വേളയിലെ ഐക്ഹ്മന്റെ പ്രതികരണങ്ങളിൽ നിന്നും പ്രസ്താവനകളിൽനിന്നുമാണ് ഹന്നാ banality of evil എന്ന പരികല്പന രൂപവത്കരിക്കുന്നത്. ഇത് എന്റെ അഭിപ്രായത്തിൽ സമൂലമായ തിന്മ - radical evil - എന്ന പരികല്പനയ്ക്ക് അനുപൂരകമാണ്. സമൂലമായ തിന്മവ്യവസ്ഥയുടെ ഹിംസാത്മകതയുടെ യുക്തിയേയോ യുക്തിരാഹിത്യത്തേയോ കുറിച്ചാണെങ്കിൽ തിന്മയുടെ തുച്ഛത അതിൽ പങ്കെടുക്കുന്ന വ്യക്തികളുടെ സംഭാവനയെക്കുറിച്ചും അവർ എങ്ങനെ സ്വയം പ്രത്യയശാസ്ത്രത്തിന്റെ പ്രചാരകരും പ്രയോക്താക്കളും ആവുന്നു എന്നതിന്റെയും സ്വന്തം നൈതികമാനങ്ങൾ അവർക്ക് എങ്ങനെ നഷ്ടപ്പെടുന്നു എന്നതിന്റേയും ചിത്രമാണ് നല്കുന്നത്. വിചാരണവേളയിൽ താൻ മുകളിൽനിന്നുള്ള ഉത്തരവുകൾ അനുസരിക്കുകമാത്രമാണ് ചെയ്തതെന്നും തനിക്കങ്ങനെ യഹൂദവിരോധമൊന്നുമില്ലെന്നും അയാൾ ആവർത്തിച്ചുകൊണ്ടിരുന്നു. അയാളെക്കുറിച്ച് കെട്ടിപ്പൊക്കിയിരുന്ന ചിത്രത്തിൽനിന്നും തികച്ചും വ്യത്യസ്തനായിരുന്നു അയാൾ. അയാൾ ഒരു കുറ്റബോധവും പ്രകടിപ്പിച്ചില്ല. ഞാൻ എന്റെ ജോലിചെയ്തു എന്ന ഭാവമായിരുന്നു അയാൾക്ക്. ജാലിയൻ വാലാബാഗിൽ കൂട്ടക്കൊല നടത്തിയ ഡയറിന്റെ ചിന്താഗതി ഇതിൽനിന്നു വ്യത്യസ്തമാവാൻ ഇടയുണ്ടോ?

ഒരു യഹൂദവനിതയെന്ന നിലയിൽ, ഹോളോകാസ്റ്റിന്റെ ഇര എന്ന നിലയിൽ, ഐക്ഹ്മൻ ഒരു കൊടും ക്രൂരനായ കൊലപാതകി എന്ന നിലപാട് സ്വീകരിക്കുന്നതായിരുന്നു ഹന്നായ്ക്ക് ഏറ്റവും സുരക്ഷിതമായിരുന്നത്. എന്നാൽ അസത്യത്തിന്റെ സുരക്ഷിതത്വത്തിൽ വ്യാഖ്യാനത്തെ തളച്ചിട്ടു പാർട്ടികൾക്കോ പ്രസ്ഥാനങ്ങൾക്കോ കീഴടങ്ങാൻ സമ്മതിക്കുന്ന മനസ്സായിരുന്നില്ല ഹന്നാ ആരെന്ദിന്റേത്. അവർ സ്വന്തം നിഗമനങ്ങളുടെ പ്രത്യാഘാതങ്ങളെ ഭയക്കാത്ത എഴുത്തുകാരിയും ചിന്തകയുമായിരുന്നു. അതിനാൽ സമഗ്രാധിപത്യ സമൂഹങ്ങളിലെയും പ്രസ്ഥാനങ്ങളിലെയും കൊലപാതകികൾ മറ്റു ക്രിമിനലുകളിൽനിന്നു വ്യത്യസ്തരാണ് എന്ന നിലപാട് ഹന്ന മുന്നോട്ടുവെച്ചു. ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ എണ്ണിയെണ്ണി ആളെക്കൊല്ലുമ്പോൾ അവർ ഒരു നീതിസംഹിതയുടെ ഭാഗമായാണ് അതുചെയ്യുന്നത്. ഭരണത്തിലില്ലെങ്കിൽ ഭാവിഭരണത്തിനുവേണ്ടി, ഭരണത്തിലാണെങ്കിൽ അതിന്റെ പ്രത്യയശാസ്ത്രം നിലനിർത്താൻവേണ്ടി. മാധ്യമങ്ങളുടെ ഏതോ സൂക്ഷ്മഗ്രാഹി ഈ വ്യത്യാസം പിടിച്ചെടുക്കുന്നതുകൊണ്ടാണ് അവർ അത്തരം പ്രസ്ഥാനങ്ങൾ നടത്തുന്ന കൊലകളെ കൂടുതൽ സൂക്ഷ്മവിചാരണകൾക്ക് വിധേയമാക്കുന്നത്. അതു മനസ്സിലാക്കാതെയാണ് പലരും മാധ്യമവിമർശനത്തിന് ഒരുമ്പെടുന്നത്. ഇങ്ങനെ വ്യവസ്ഥയോടു തദാത്മ്യപ്പെടുകയെന്നത് ഒരു പ്രത്യയശാസ്ത്രബോധമാണ്. അതിന്റെ പേരിലുള്ള തിന്മയെയാണു ഹന്നാ തിന്മയുടെ തുച്ഛതയെന്ന് വിളിച്ചത്. ഹന്നയുടെ ജീവിതത്തിൽ അതു സൃഷ്ടിച്ച സംഘർഷങ്ങൾ നിരവധിയാണ്.

കൊളോണിയലിസം ഇത്തരം നിരവധി തിന്മയുടെ തുച്ഛതകൾ സൃഷ്ടിച്ചു. അത് മനുഷ്യജീവിതങ്ങളെ പറിച്ചെറിഞ്ഞത് നിരവധി വ്യക്തികളുടെ സ്വയം നിയന്ത്രിത തീരുമാനങ്ങളിലൂടെയായിരുന്നു. സമൂലമായ തിന്മയെന്ന നിലയിൽ സമഗ്രാധിപത്യത്തിനു തത്തുല്യമായൊരു പ്രത്യയശാസ്ത്രം അധിനിവേശത്തിനുണ്ട്. ഒപ്പംതന്നെ അതിൽ തിന്മയുടെ തുച്ഛത വലിയ തോതിൽ അടങ്ങിയിരിക്കുന്നു'.

1834-1917 കാലത്ത്, കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യയിൽനിന്ന് ഫിജി, മൗറിഷ്യസ്, ദക്ഷിണാഫ്രിക്ക, ജമൈക്ക, ട്രിനിഡാഡ് തുടങ്ങിയ ദേശങ്ങളിലേക്ക് കൂലിയടിമകളായി കടത്തിക്കൊണ്ടുപോയത് ആയിരക്കണക്കിനു മനുഷ്യരെയാണ്. ജൊനാഥൻ സ്വിഫ്റ്റിന്റെ 'ഗള്ളിവേഴ്‌സ് ട്രാവൽസ്' എന്ന കൃതി അധിനിവേശത്തിന്റെ അന്യാപദേശമായി വായിക്കുന്നു, ഇവിടെ ഗ്രന്ഥകാരൻ. കോളനിയനന്തരവാദപഠനങ്ങൾ കൊളോണിയൽ അടിമത്തം മുതൽ കോസ്‌മോ പൊളിറ്റൻ നഗരങ്ങളിലെ ട്രാൻസ്‌നാഷണൽ അടിമത്തങ്ങളെക്കുറിച്ചുവരെ പഠിക്കുന്നുണ്ട് എന്ന് ശ്രീകുമാർ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.

1864-ൽ രചിക്കപ്പെട്ട ദസ്തയവ്‌സ്‌കിയുടെ Notes from the underground എന്ന കൃതിയുടെ കാലാന്തരവായനയാണ് നാലാം ലേഖനം. ആഗോളവൽക്കരണത്തിനെതിരെയുള്ള നിശിതമായ ആക്രമണമായി ഈ കൃതിയെ വായിക്കുന്ന ആക്‌സൽ ഗിൽബർട്ടിന്റെ സമീപനമാണ് ശ്രീകുമാറിനാധാരം. കമ്യൂണിസ്റ്റ് ഉട്ടോപ്യയെ വാഴ്‌ത്തുന്ന ചെർണിഷെവ്‌സ്‌കിയുടെ What is to be done? എന്ന നോവലിലെ നിലപാടുകൾ വിമർശിക്കുന്ന രചനയാണ് ദസ്തയവ്‌സ്‌കിയുടേത്. ചെർണിഷെവ്‌സ്‌കിയുടെ നോവലാകട്ടെ തർഗനിവിന്റെ പിതാക്കളും പുത്രന്മാരും എന്ന വിഖ്യാതനോവലിനോടുള്ള പ്രതികരണവുമായിരുന്നു.

 

'ദസ്തയവ്‌സ്‌കിയുടെ നോവലിൽ ലണ്ടനിലെ സ്ഫടികക്കൊട്ടാരം (crystal palace) സൂചിതമാകുന്നത് ചെർണിഷെവ്‌സ്‌കി മുന്നോട്ടുവച്ച രാഷ്ട്രീയത്തിന്റെ വിമർശനമായാണ്. ചെർണിഷെവ്‌സ്‌കിയുടെ നോവലിൽ എല്ലാ നന്മകളും തികഞ്ഞ, എല്ലാ സന്തോഷങ്ങളും തികഞ്ഞ നവസമൂഹമാണ് നോവലിൽ ആ കൊട്ടാരം പ്രതിനിധാനം ചെയ്യുന്നത്. നോവൽ രചിക്കപ്പെടുന്ന കാലത്ത് ലണ്ടനിൽ അതിനകംതന്നെ പണികഴിപ്പിക്കപ്പെട്ടിരുന്ന ഒരു സൗധമാണ് ക്രിസ്റ്റൽ പാലസ്. 1851-ലാണ് ഇതു നിർമ്മിക്കപ്പെട്ടത്. വ്യാവസായിക വിപ്ലവം എന്ന് പില്ക്കാലത്ത് അറിയപ്പെട്ട ശാസ്ത്രസാങ്കേതിക വികാസത്തിന്റെ ഉരകല്ലായി അന്നവിടെ ഒരു പ്രദർശനം നടക്കുകയുണ്ടായി. ഈ പേരിന്റെയും മറ്റും ചരിത്രത്തിലേയ്‌ക്കോ അല്ലെങ്കിൽ അതിനു പിന്നിലെ മറ്റു വസ്തുതകളിലേയ്‌ക്കോ ഞാൻ കടക്കുന്നില്ല. അതിന്റെ രൂപകല്പനയെക്കാൾ പ്രധാനം അവിടെ നടന്നത് ആഗോളവത്കരണത്തിന്റെ ആദ്യത്തെ പ്രായോഗിക പരീക്ഷണമായിരുന്നു എന്നതാണ്.

യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്, മറ്റു പ്രദേശങ്ങളിൽനിന്ന്, പുതിയ ശാസ്ത്രനേട്ടങ്ങളുടെ പ്രതീകമായ യന്ത്രസാമഗ്രികളടക്കം ഒരു ലക്ഷത്തോളം വസ്തുക്കളാണ് അവിടെ പ്രദർശിപ്പിച്ചത്. അന്നത്തെ പുതിയ കണ്ടുപിടുത്തമായ ആർക്കിടെക്ച്ചറൽ ഗ്ലാസ് ആണ് പ്രധാനമായും അതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചത് എന്നതാണ് സ്ഫടികമാളിക എന്ന പേര് ഉണ്ടാകാനുള്ള കാരണം. ലണ്ടനിലെ ഈ അഭൂതപൂർവ്വമായ പ്രദർശനവും അതു നടന്ന കെട്ടിടവും തന്റെ നോവലിലെ ഭാവി ഉട്ടോപ്പിയയുടെ സമഗ്രഭാവമായി പിടിച്ചെടുക്കുകയാണ് ചെർണീഷേവ്‌സ്‌കി ചെയ്യുന്നത്. ആദർശശുദ്ധമായ, യുക്തിഭദ്രമായ, സ്ത്രീപുരുഷസമത്വത്തിൽ അധിഷ്ഠിതമായ, ബൗദ്ധിക-ശാരീരിക ജോലികൾ തമ്മിൽ സമരസപ്പെട്ട, സോഷ്യലിസ്റ്റ് ഉട്ടോപ്പിയയുടെ ഏറ്റവും നല്ല മാതൃകയ്ക്ക് ഏറ്റവും നവീനമായ ആഗോളശാസ്ത്രപ്രദർശനനഗരിയുടെ പേരു നല്കി ചെർണീഷേവ്‌സ്‌കി നേടാൻ ശ്രമിച്ച രാഷ്ട്രീയമായ മുൻകൈയാണ് ഇതിനോടുള്ള തന്റെ നിശിതമായ വിമർശനത്തിലൂടെ ദസ്‌തേയ്‌വ്‌സ്‌കി തകർത്തുകളഞ്ഞത്'.

 

ഹോളിവുഡിനു വെളിയിൽ ലോകത്തെ ഏറ്റവും വലിയ ചലച്ചിത്രവ്യവസായകേന്ദ്രം ഹോങ്കോങ്ങാണ്. അവിടത്തെ പ്രസിദ്ധനായ ചൈനീസ് സംവിധായകൻ വോങ് കാർവായുടെ Grand Master എന്ന സിനിമ മുൻനിർത്തി ജപ്പാൻ-ചൈനാസംഘർഷത്തിന്റെ ചരിത്രപാഠം വിശകലനം ചെയ്യുകയാണ് ശ്രീകുമാർ അടുത്ത ലേഖനത്തിൽ. ബ്രൂസ്‌ലിയുടെ കുങ്ഫൂ അദ്ധ്യാപകനായിരുന്നു ഐപ്മാനെക്കുറിച്ചാണ് സിനിമ. 1938-ലെ യുദ്ധത്തിന്റെ കാലം. ചൈനയോടും കൊറിയയോടും ജപ്പാൻ കാണിച്ച കൊടിയകുറ്റ കൃത്യങ്ങൾക്കു സമാനതകളില്ല. ഈ ക്രൂരതകൾ മനസിലാക്കാൻ ലേഖനത്തിൽ നിന്നുള്ള ഒരു ഭാഗം തന്നെ വായിക്കൂ.

'ബയോളജിക്കൽ മനുഷ്യശരീര പരീക്ഷണങ്ങൾ നടത്തിയിരുന്ന കുപ്രസിദ്ധമായ 'യൂനിറ്റ് 731' ജപ്പാൻ സ്ഥാപിച്ചതാണ്. 1937-1945 കാലത്ത് ആയിരക്കണക്കിനു കുട്ടികളെയും സ്ത്രീകളെയും പുരുഷന്മാരെയും ഇവിടെ പരീക്ഷണങ്ങൾക്കായി ഉപയോഗിച്ചു കൊന്നിട്ടുണ്ട്. ഭൂരിപക്ഷവും ചൈനക്കാരും റഷ്യക്കാരുമായിരുന്നു. ധാരാളം കൊറിയക്കാരും ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. Epidemic Prevention and Water Purification Department എന്ന പേരിലാണ് ഈ പരീക്ഷണശാല പ്രവർത്തിച്ചിരുന്നത്. ഇതിനുവേണ്ടിയും ജപ്പാൻ മനുഷ്യക്കടത്ത് നടത്തിയിരുന്നു. ഭൂഖണ്ഡങ്ങളിൽനിന്നു ഭൂഖണ്ഡങ്ങളിലേക്കുള്ള പ്രയാണംപോലെതന്നെ പ്രധാനമല്ലേ ഏഷ്യയിൽ മാത്രമായി പരിമിതപ്പെട്ടതെങ്കിലും ഇത്തരം നിർബന്ധിത പലായനങ്ങളും? സാംസ്‌കാരികമായും രാഷ്ട്രീയമായും കൊറിയ നേരിട്ട പീഡനങ്ങളെ നാം എന്തുകൊണ്ടാണ് നമ്മുടെ അന്താരാഷ്ട്രവ്യവഹാരത്തിൽനിന്ന് വിട്ടുകളയുന്നത്? 'ഏഷ്യ' എന്ന സങ്കല്പത്തിന്റെ ഉള്ളിലെ വൈരുദ്ധ്യങ്ങളും സംഘർഷങ്ങളും നിശ്ശബ്ദതയിലൂടെ ഇല്ലാതാക്കാൻ കഴിയുമോ? 'Situate, rather than expurgate' എന്നാണു സ്പിവാക് പറയുന്നത്.

ഇതുമാത്രമല്ല, രണ്ടുലക്ഷത്തോളമെങ്കിലും കൊറിയൻ സ്ത്രീകളെ ജപ്പാനിൽ ലൈംഗിക അടിമകളായി കൊണ്ടുവന്നിരുന്നു അക്കാലത്ത്. ഇതിൽ ബഹുഭൂരിപക്ഷവും കൊറിയയിൽനിന്നായിരുന്നു. പട്ടാളക്കാർക്ക് ലൈംഗികമായി ഉപയോഗിക്കാൻ വേണ്ടിയാണ് കൂടുതൽ പേരെയും കടത്തിക്കൊണ്ടുപോയത്. ജാപ്പനീസ് ഇമ്പീരിയൽ പട്ടാളത്തിന്റെ ആവശ്യത്തിനാണ് ഇവരെ ഉപയോഗിച്ചത്. എല്ലാ മനുഷ്യാവകാശങ്ങളും അവർക്ക് നിഷേധിക്കപ്പെട്ടിരുന്നു. കൂടുതൽ പേരും കൊറിയൻ ഗ്രാമങ്ങളിൽനിന്നുള്ള പെൺകുട്ടികളായിരുന്നു. കമ്പനികളിൽ ജോലി വാഗ്ദാനം ചെയ്തും ഉയർന്ന ശമ്പളം എന്ന പ്രലോഭനത്തിലുമാണ് ചിലരെ കൊണ്ടുപോയതെങ്കിൽ ബലപ്രയോഗത്തിലൂടെയാണ് മറ്റുള്ളവരെ ഇതിനായി നിയോഗിച്ചത്. ഇതേക്കുറിച്ചുള്ള തെളിവുകളെല്ലാം ജപ്പാൻ സർക്കാർ നശിപ്പിച്ചുവെന്നാണു വിശ്വസിക്കപ്പെടുന്നത്. 1992- വരെ ഇങ്ങനെയൊരു സംഭവം ചരിത്രത്തിൽ ഉണ്ടായതായിപ്പോലും സമ്മതിക്കാൻ ജപ്പാൻ സർക്കാർ തയ്യാറായിരുന്നില്ല. Katherine Barry എഴുതിയ Prostitution of Sexuality (1996, New York University Press) എന്ന പഠനത്തിൽ ഏഷ്യയിലെമ്പാടും സ്വന്തം പട്ടാളക്കാർക്കുവേണ്ടി ജപ്പാൻ രതികേന്ദ്രങ്ങൾ സ്ഥാപിക്കുകയും അവിടെയൊക്കെ ലൈംഗിക അടിമകളായി കൊറിയൻ പെൺകുട്ടികളെ നിയോഗിക്കുകയും ചെയ്തതായി പറയുന്നുണ്ട്. കൊറിയൻ പെൺകുട്ടികൾ മാത്രമല്ല, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ, നെതർലാൻഡ്‌സ്, ബർമ, ചൈന തുടങ്ങി നിരവധി സ്ഥലങ്ങളിൽനിന്ന് സ്ത്രീകളെ വിവിധ പട്ടാള രതികേന്ദ്രങ്ങളിലേക്ക് കടത്തിക്കൊണ്ടുപോയിട്ടുണ്ട്. അതിക്രൂരമായ പീഡനങ്ങൾ അവർക്കു നേരിടേണ്ടി വന്നിട്ടുണ്ട്.

വളരെ ഔദ്യോഗികമായിത്തന്നെ നിർവഹിക്കപ്പെട്ട ഒരു കാര്യമായിരുന്നു ഇത്. സാധാരണ പട്ടാളക്കാർക്കും ഓഫീസർമാർക്കും സന്ദർശനത്തിനു പ്രത്യേക സമയസംവിധാനങ്ങളുണ്ടായിരുന്നു. 1990-കളിലാണ് ഇതേക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ പുറത്തുവന്നത്. അമ്പതു പട്ടാളക്കാർക്ക് ഒരു സ്ത്രീ എന്ന നിരക്കിൽ മുപ്പതു ലക്ഷം പട്ടാളക്കാർക്കായി ഒരു ലക്ഷത്തോളം സ്ത്രീകളെ ഈ ഔദ്യോഗിക രതികേന്ദ്രങ്ങളിൽ അടിമകളാക്കി വച്ചിരുന്നുവെന്ന് രേഖപ്പെടുത്തുന്നു. 1937-ൽ ജാപ്പനീസ് പട്ടാളബ്യൂറോക്രസി ആലോചിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് ഇത് എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. Military attache Bureauയും മിലിട്ടറി പൊലീസും ചേർന്ന് സൈനികരുടെ വിനോദത്തിനായി ഇത്തരം രതികേന്ദ്രങ്ങൾ യുദ്ധമുന്നണികളിലെല്ലാം സ്ഥാപിക്കണമെന്നു തീരുമാനിക്കുകയായിരുന്നു. അത് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ലക്ഷക്കണക്കിന് ഗ്രാമീണയുവതികളെ സ്വന്തം രാജ്യങ്ങളിൽനിന്ന് പറിച്ചെടുത്ത് ഏഷ്യയിലെ യുദ്ധമുന്നണികളിലെ രതികേന്ദ്രങ്ങളിലെ അടിമകളാക്കി കൊണ്ടുപോയത്. 1942-ലെ ജാപ്പനീസ് യുദ്ധമന്ത്രാലയത്തിന്റെ ഒരു രേഖയിൽ വടക്കൻ ചൈനയിൽ 100, മദ്ധ്യ ചൈനയിൽ 140, തെക്കൻ ചൈനയിൽ 140, തെക്കൻ ഏഷ്യയിൽ 100, ദക്ഷിണസമുദ്രത്തിൽ 10, സഖാലിനിൽ 10 അങ്ങനെ മൊത്ത 400 രതികേന്ദ്രങ്ങൾ സ്ഥാപിച്ചിരുന്നതായി വ്യക്തമാക്കുന്നു. രതികേന്ദ്രങ്ങളെ കംഫർട്ട് സ്റ്റേഷൻ എന്ന് അർത്ഥംവരുന്ന രീതിയിലാണ് ജാപ്പനീസ് പട്ടാളം നാമകരണം ചെയ്തിരുന്നത്.

ഇവയെല്ലാം ബലാത്സംഗകേന്ദ്രങ്ങളായാണ് അറിയപ്പെട്ടിരുന്നത്. ലൈംഗികക്രൂരതയുടെ കൂടുതൽ ചിത്രം വ്യക്തമാവുന്നത് ഈ കേന്ദ്രങ്ങളിൽ കൊണ്ടുവന്ന രണ്ടുലക്ഷത്തോളം യുവതികളിൽ ഏതാണ്ട് ഒരു ലക്ഷത്തി നാല്പത്തയ്യായിരം പേരും പീഡനങ്ങൾ സഹിക്കാനാവാതെ കൊല്ലപ്പെട്ടിട്ടുണ്ട് എന്നുകൂടി മനസ്സിലാക്കുമ്പോഴാണ്. യുദ്ധമുന്നണിയിൽനിന്നു ജപ്പാൻ പിൻവാങ്ങിത്തുടങ്ങിയതോടെ രതികേന്ദ്രങ്ങളിലെ ജീവിതം കൂടുതൽ ദുരൂഹമായി. മരണങ്ങൾ കൂടുന്നതിന് ഇതും കാരണമായിട്ടുണ്ടാവാം. എന്നാൽ ഇതെല്ലാം ഊഹക്കണക്കുകളാണ്. യാഥാർത്ഥ്യം ഇതിനേക്കാൾ ലഘുവോ തീവ്രമോ എന്നറിയാൻ ഇപ്പോൾ മാർഗ്ഗങ്ങളില്ല.

അധിനിവേശങ്ങൾ മനുഷ്യാസ്തിത്വത്തെ അപമാനവീകരിക്കുന്നു. ശരീരങ്ങളെയും മനസ്സുകളെയും പീഡിപ്പിച്ച് ഇല്ലാതാക്കുന്നു. കണക്കുകൾ ശരിയോ തെറ്റോ ആവട്ടെ. എണ്ണമറ്റ മനുഷ്യജീവനുകൾ തങ്ങൾക്കു ബന്ധമില്ലാത്ത ചരിത്രപ്രക്രിയകളുടെ ഭാഗമായി രാജ്യാന്തരങ്ങളിൽ അനാഥത്വം ഏറ്റുവാങ്ങി പൊലിഞ്ഞുപോയിരിക്കുന്നുവെന്നത് ആർക്കും നിഷേധിക്കാനാവില്ല'.

ഒരു രചനയിൽ നിന്ന് മറ്റൊന്നിലേക്ക് എന്ന രീതിയിൽ പാഠാന്തരബന്ധങ്ങളുടെ ശൃംഖല കണ്ടെത്തുന്ന ശ്രീകുമാറിന്റെ രീതി ഇവിടെയുമുണ്ട്. മുൻലേഖനത്തിൽ അത് സാഹിത്യകൃതികളാണെങ്കിൽ ഇവിടെ ജീവചരിത്രസിനിമകളാണ് എന്നു മാത്രം.

സർദാർ കെ.എം. പണിക്കരുടെ Asia and western Dominance എന്ന കൃതിയിൽനിന്നു തുടങ്ങി (1953), കൊളോണിയലിസത്തിന്റെ നന്മതിന്മകളുടെ തുലാസായി ചരിത്രത്തെ വായിക്കുന്നു, 'പ്രത്യയശാസ്ത്രത്തിന്റെ കുരുതിക്കാലങ്ങൾ'. ഇംഗ്ലണ്ടിൽപോയി മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി വന്ന ജോസഫ് പുത്തൂരാൻ ബ്രിട്ടീഷ് മനസിലെ വർണവെറിയെക്കുറിച്ചു പറഞ്ഞ കഥയുദ്ധരിച്ച് ഒരു മാസിക പ്രസിദ്ധീകരിച്ച ലേഖനം ചൂണ്ടിക്കാണിച്ചുകൊണ്ട് ശ്രീകുമാർ Killing Fields എന്ന സിനിമയിലേക്കു കടക്കുന്നു (Rolland Joffe, 1984). കമ്പോഡിയയെക്കുറിച്ചാണ് സിനിമ. ഒരമേരിക്കൻ പത്രപ്രവർത്തകനും കബോഡിയൻ പത്രപ്രവർത്തകനും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ. അമേരിക്കൻ സൈന്യവും പിന്നീട് കമ്യൂണിസ്റ്റ് ഖമർറൂ നേതാവായ പോൾപോട്ടും നടത്തിയ സമനാതകളില്ലാത്ത ക്രൂരതകളുടെ ചരിത്രം.

'പോൾപോട്ടിന്റെ ജീവിതകഥ ഞാനിവിടെ എഴുതുന്നില്ല. പോൾപോട്ട് പ്രശസ്തമായ ആങ്കർ വാറ്റ് (Angkor Wat) സ്ഥിതിചെയ്യുന്ന ദക്ഷിണ കംബോഡിയയിലെ സീം റീപ്പിലെ (Siem Reap) വനങ്ങളിലെവിടെയോ അവസാനകാലം സ്വന്തം അനുയായികളുടെതന്നെ തടവുകാരനായിരിക്കെയാണ് കൊല്ലപ്പെട്ടത്. ആ വഴികളിലൂടെ ആങ്കർ വാറ്റ് സന്ദർശകനായി ഞാൻ ഭാര്യയ്ക്കും മകൾക്കുമൊപ്പം നടന്നപ്പോൾ ക്ഷേത്രം നിർമ്മിച്ച ഖമർ രാജാവ് സൂര്യവർമ്മൻ രണ്ടാമൻ മുതൽ പോൾപോട്ട് വരെയുള്ള ഏകാധിപതികളെ അവിടത്തെ ജനത ഉൾക്കൊണ്ടതെങ്ങനെയാവും എന്ന് ചിന്തിച്ചുപോയിരുന്നു.

കംബോഡിയൻ ഖമർ റൂ ഭരണത്തിന്റെ കെടുതികളുടെ സ്മാരകമായ നോം പെന്നിലെ (Phnom Penh) ജെനോസൈഡ് മ്യൂസിയവും ഞാൻ സന്ദർശിച്ചിട്ടുണ്ട്. ഈ കെട്ടിടം കമ്യൂണിസ്റ്റ് ഭരണകാലത്തുകൊടും പീഡനത്തടവറയായിരുന്നു. പ്രത്യയശാസ്ത്ര പ്രചാരണത്തിന് അമേരിക്ക ഏറെ ഉപയോഗിച്ചിട്ടുണ്ട് പോൾപോട്ട് ഭരണത്തിന്റെ നരഹത്യകൾ. അമേരിക്ക ഉപയോഗിച്ചു എന്നുള്ളതുകൊണ്ടുമാത്രം യാഥാർത്ഥ്യം അവഗണിക്കാനാവില്ല. ആർക്കും അംഗീകരിക്കാനാവാത്ത ക്രൂരതകൾ കമ്യൂണിസത്തിന്റെ പേരിൽ അവിടെ നടന്നു. കൊല്ലപ്പെട്ടവരുടെ കണക്കിന്റെ പേരിൽ ദയവായി ആരും തർക്കിക്കരുത് - മുപ്പതുലക്ഷം പേരെയാണ് അയാളുടെ മൂന്നുവർഷത്തെ ഭരണം കൊന്നൊടുക്കിയതെന്നു പറയുന്നു. പലരെയും അതിക്രൂരമായി പീഡിപ്പിച്ചാണ് കൊലപ്പെടുത്തിയത്. അവയവങ്ങൾ മർദ്ദനത്തിൽ തകർന്ന്, സ്വന്തം ചോരയിലും വിസർജ്യങ്ങളിലും പിടഞ്ഞു നോവുന്ന മനുഷ്യരുടെ ആക്രന്ദനങ്ങൾ ആ ചുവരുകളെ പൊള്ളിച്ചിട്ടുണ്ട്. ആ മ്യൂസിയത്തിൽ, ആ പഴയ കുരുതിത്തടവറയിൽ, കമ്യൂണിസ്റ്റ് ഖമർ റൂ പട്ടാളം പീഡിപ്പിച്ചു കൊന്നവരുടെ ചിത്രങ്ങൾ, കമ്യൂണിസ്റ്റുകാർ ഉപയോഗിച്ചിരുന്ന മർദ്ദനോപകരണങ്ങൾ, തടവുകാരെ ചങ്ങലയിൽ തളച്ചുകിടത്തിയിരുന്ന ഇടുങ്ങിയ സെല്ലുകൾ, ചങ്ങലയിൽ വരിഞ്ഞുകെട്ടി കിടത്തി പീഡിപ്പിച്ചിരുന്ന കട്ടിലുകൾ എല്ലാം കാഴ്ചവസ്തുക്കളാക്കിയിരിക്കുന്നു'.

പോൾപോട്ടിൽ നിന്ന് റഷ്യയിൽ സ്റ്റാലിന്റെ കാലത്തെ മനുഷ്യമനഃസാക്ഷിയുടെ വിങ്ങലായെഴുതപ്പെട്ട മിഖായേൽ ബുൾഗാക്കോവിന്റെ 'ദ മാസ്റ്റർ ആൻഡ് മാർഗരിറ്റ'യിലേക്ക്. ശ്രീകുമാർ എഴുതുന്നു:

'ചൈനയിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അവിടത്തെ കഥകൾ ഇപ്പോഴും അവസാനിച്ചിട്ടുമില്ല. അതേക്കുറിച്ച് പ്രത്യേകമായിത്തന്നെ എഴുതേണ്ടതുണ്ട്. ഈ പ്രശ്‌നങ്ങൾ ഉന്നയിക്കപ്പെടുമ്പോൾ ഉയർത്തുന്ന കമ്യൂണിസ്റ്റ് വിരോധം എന്ന പതിവു പല്ലവി ഇത്തരം വലിയ അപഭ്രംശങ്ങളെക്കുറിച്ചുള്ള മാനുഷികമായ ചർച്ചകളെ തടയാൻ പര്യാപ്തമല്ല. ഈ വാദങ്ങളുടെ മുനയൊടിച്ചുകൊണ്ടാണ് വ്യക്തിപരമായ ആക്രമണങ്ങളിൽപോലും പതറാതെ എം. ഗോവിന്ദനെപ്പോലുള്ള രാഷ്ട്രീയചിന്തകർ കേരളത്തിൽത്തന്നെ ആശയസമരം നടത്തിയിട്ടുള്ളത് (എം. ഗോവിന്ദന്റെ ഉപന്യാസങ്ങൾ, 1986). ഒ.വി. വിജയന്റെ സംവാദങ്ങളും ഈ സന്ദർഭത്തിൽ ഓർക്കാവുന്നതാണ് (ഒ.വി. വിജയന്റെ ലേഖനങ്ങൾ, ഡി.സി. ബുക്‌സ്, 2005). 'ഏറ്റവും പരിഷ്‌കൃതവും വിപുലവുമായ സംഘടനപോലും വ്യക്തികളുടെ വായടച്ചുകെട്ടും, അവരെ പീഡിപ്പിക്കുകയും ചെയ്യും' എന്ന് മലയാളികളെ അമ്പതുകളിൽ തന്നെ ഓർമ്മിപ്പിച്ചത് മറ്റാരുമല്ല, ജോസഫ് മുണ്ടശ്ശേരി ആയിരുന്നു ('വ്യക്തിയും സംഘടനകളും', കരിന്തിരി, 1951). മതസംഘടനകളോ രാജവംശങ്ങളോ ഒക്കെ നടത്തിയിട്ടുള്ള കുരുതികളുടെ ബദൽക്കഥകൾ കൊണ്ട് ഈ സംവാദത്തെ ഇല്ലാതാക്കാനും കഴിയില്ല. ഒന്നാം ലോകയുദ്ധത്തിന്റെയും രണ്ടാം ലോകയുദ്ധത്തിന്റെയും തിക്തമായ ഓർമ്മകളിൽ മൂന്നാം ലോക ജനതികളുടെ ചരിത്രത്തിലെ ഏറ്റവും രക്തപങ്കിലമായ അദ്ധ്യായങ്ങൾ അവയുടെ പ്രത്യയശാസ്ത്ര പോരാട്ടങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. മോചനം മരീചികയായി എന്നതു മാത്രമല്ല, മോചനത്തിന്റെ പ്രത്യയശാസ്ത്രങ്ങൾ അനേക ദശലക്ഷം ആളുകളുടെ കൊലയിലും മർദ്ദനത്തിലും ഹതാശമായ പലായനങ്ങളിലും പര്യവസാനിച്ച കുരുതിക്കാലങ്ങളുടെ സൃഷ്ടിക്കുകൂടി കാരണമായി എന്ന ക്രൂരമായ യാഥാർത്ഥ്യവും നമ്മുടെ മുന്നിൽ മായാതെ നിലനില്ക്കുന്നു'.

ഈ പുസ്തകത്തിൽ, രാഷ്ട്രീയ പ്രാധാന്യംകൊണ്ടും ആഘാതശേഷികൊണ്ടും നമ്മെ വിസ്മയിപ്പിക്കുന്ന ഏറ്റവും ശ്രദ്ധേയമായ ലേഖനം ഏഴാമത്തേതാണ്. 'സ്വകാര്യത ഒരു പാപമാണ്' എന്ന രചന. ഡേവ് എഗ്ഗേഴ്‌സിന്റെ 'ദ സർക്ക്ൾ' എന്ന നോവലാണ് ഇവിടെ ചരിത്രത്തിന്റെ അബോധപാഠമായി ശ്രീകുമാർ വായിച്ചെടുക്കുന്നത്. ഭൂതകാലത്തെക്കുറിച്ചല്ല ഈ നോവലും ലേഖനവും. സൈബർ, ഡിജിറ്റൽ സാങ്കേതിക ഭാവിയെക്കുറിച്ചും അത് നിർണയിക്കുന്ന ആഗോളമൂലധനവ്യവസ്ഥയെക്കുറിച്ചും ലോകാവസാനമെന്നപോലെ നമ്മെ വിഭ്രമിപ്പിക്കുന്ന അതിയാഥാർഥ്യങ്ങളെക്കുറിച്ചുമാണ് 'ദ സർക്ക്ൾ'. ഗൂഗ്ൾ, ഫേസ്‌ബുക്ക്, ആമസോൺ എന്നീ മഹാപ്രസ്ഥാനങ്ങൾ ഇന്ന് യാഥാർഥ്യമാക്കിക്കഴിഞ്ഞിരിക്കുന്ന ബദൽലോകക്രമത്തിന്റെ ഡിസ്റ്റോപ്പിയൻ ഭാവന. സർക്ക്‌ളിന്റെ അടിസ്ഥാന പ്രവർത്തനതത്വങ്ങൾ ഇവയാണ്.

  • 'രഹസ്യങ്ങൾ കള്ളങ്ങളാണ് (Secrets are lies)
  • പങ്കിടൽ സ്‌നേഹിക്കലാണ് (Sharing is caring)
  • സ്വകാര്യത കളവാണ് (Privacy is theft)'.

(ഓർവെല്ലിന്റെ 1984-നെ ഓർമ്മിപ്പിക്കുന്നു, ഇവിടെ സർക്ക്ൾ) ഈ നോവലിലെ ഒരു ഭാഗം ഉദ്ധരിച്ചുകൊണ്ട് ശ്രീകുമാർ, ഭാവനയ്ക്കപ്പുറം വർത്തമാനകാല യാഥാർഥ്യവുമായി നോവലിനുള്ള ബന്ധം ചൂണ്ടിക്കാണിക്കുന്നുണ്ട്. വ്യക്തികളുടെ രോഗവിവരങ്ങൾ പങ്കുവയ്‌ക്കേണ്ടതിനെക്കുറിച്ച് ഗൂഗ്ൾ സ്ഥാപകൻ ലാറി പേജ് എഴുതിയ ലേഖനമാണ് സന്ദർഭം. (കോവിഡ് - 19 കാലത്ത് ഓരോ വ്യക്തിയുടെയും രോഗവിവരങ്ങളും സ്വകാര്യനീക്കങ്ങളും നിരീക്ഷിക്കുന്ന ഭരണകൂടസമ്പ്രദായം എത്ര പെട്ടെന്നാണ് നമ്മുടെ പൊതുസമ്മതി നേടിയെടുത്തത്! മുൻപ് സിസിടിവി കാമറകൾ നേടിയെടുത്ത അതേ പൊതുസമ്മതി. സ്വകാര്യത പാപമാണ് എന്ന കാര്യത്തിൽ ഇപ്പോൾ നമുക്കുമില്ല സംശയം!).

തോമസ് പിക്കറ്റിയുടെ 'Capital in the 21st century' എന്ന ഗ്രന്ഥം മുൻനിർത്തിയുള്ള ഒരു മൂലധനചർച്ചയാണ് എട്ടാം ലേഖനം. മുതലാളിത്തം, ദേശരാഷ്ട്രം, സോഷ്യലിസം, വിപ്ലവം, വ്യവസായാധുനികത, സാമ്രാജ്യത്തം... യൂറോപ്പിന്റെ 18-20 നൂറ്റാണ്ടുകളുടെ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുടെ തുടർയാത്രയിൽ നിന്ന് മാർക്‌സിനെയും മൂലധനത്തെയും വേറിട്ടെടുത്തു വായിക്കുകയാണ് ഇവിടെ. പിക്കെറ്റിയുടെ പുസ്തകത്തിന്റെ പശ്ചാത്തലത്തിൽ മാർക്‌സിസത്തെക്കുറിച്ചുള്ള റോസാലക്‌സംബർഗിന്റെ മൗലികനിരീക്ഷണങ്ങളാണ് ശ്രീകുമാർ ചർച്ചചെയ്യുന്നത്.

'ഇംഗ്ലണ്ടിലെ കാർഷികസമൂഹത്തെയും ചെറുകിട ഉല്പാദകരെയും പൂർണ്ണമായും ഇല്ലാതാക്കിയ മൂലധനസഞ്ചയത്തിന്റെ ആദ്യകാലം, അമേരിക്കപോലുള്ള സെറ്റ്‌ലർ കോളനികളിൽ ആദിമജനതയെ ഉന്മൂലനം ചെയ്ത കോളണിവത്കരണം, ആഫ്രിക്കൻ ജനതയെ അടിമത്തവത്കരിച്ച അധിനിവേശകാലം, ഇന്ത്യ, ചൈന, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലെ നേരിട്ടുള്ള പട്ടാള ഇടപെടലുകളിലൂടെ നടത്തിയ ലജ്ജാരഹിതമായ ചൂഷണഭരണം തുടങ്ങി മാർക്‌സിനെ സംബന്ധിച്ചേടത്തോളം അപരിഷ്‌കൃതസഞ്ചയത്തിന്റെ അടിസ്ഥാനമായ സാമ്പത്തിക-രാഷ്ട്രീയ ഹിംസകളെ ലക്‌സംബർഗ് ആ വ്യവസ്ഥയുടെ അനിവാര്യമായ ആന്തരിക പ്രക്രിയയാണ് വീക്ഷിക്കുന്നത്'.

മുൻകാല വംശീയ, രാഷ്ട്രീയ അധിനിവേശങ്ങൾ ഇന്ന് സാമ്പത്തിക, സാങ്കേതികാധിനിവേശങ്ങളായി രൂപം മാറിയിരിക്കുന്നു. 1980കൾക്കുശേഷം സംഭവിച്ച ലോകസാമ്പത്തിക മാറ്റത്തെക്കുറിച്ചുള്ള പിക്കെറ്റിയുടെ നിരീക്ഷണം എന്താണ്?

'പിക്കെറ്റിയുടെ പുസ്തകം ഇരുപതാം നൂറ്റാണ്ടിലെ 1980-വരെയുള്ള വലിയ കാലയളവിൽ ലോകത്ത് അസമത്വം കുറഞ്ഞുവരികയോ സ്ഥിരമായി നില്ക്കുകയോ ആയിരുന്നുവെന്നും എന്നാൽ അതിനുശേഷമുള്ള കാലയളവിൽ ഏറ്റവും സമ്പന്നരായ ഒരു ശതമാനം ആളുകളും മറ്റുള്ളവരും തമ്മിലുള്ള അന്തരം കൂടിവരികയാണെന്നും കണ്ടെത്തുന്നു. ഇതിനായി വിപുലമായ ഡാറ്റശേഖരങ്ങൾ അദ്ദേഹം പരിശോധിക്കുന്നുണ്ട്. ഈ ഡാറ്റാ വിശകലനം സംശയാസ്പദമാണെന്നും ഈ കാലയളവിൽ അസമത്വം കൂടി എന്നത് പിക്കെറ്റിതന്നെ ഉപയോഗിച്ച ഡാറ്റശേഖരം തെറ്റായി വിശകലനം ചെയ്തുകൊണ്ടു സംഭവിച്ചതാണ് എന്നും എശിമിരശമഹ ഠശാല െലേഖകൻ വിമർശനം ഉന്നയിച്ചിട്ടുണ്ട്. അതിനുള്ള ഭാഗികമായ മറുപടി പിക്കെറ്റിയുടെ വാദഗതികളെ ശക്തമായി പിന്തുണയ്ക്കുന്ന പോൾ ക്രൂഗ്മാൻ നല്കിയിട്ടുമുണ്ട്. ഡാറ്റയുടെ ഉപയോഗവും വിശകലനവും സംബന്ധിച്ച ഈ ചർച്ചയുടെ ശരിതെറ്റുകളിലേക്ക് കടക്കാൻ ഇപ്പോൾ ശ്രമിക്കുന്നില്ല. ക്രൂഗ്മാൻ സൂചിപ്പിക്കുന്നതുപോലെ അസമത്വത്തിന്റെ വളർച്ചയെക്കുറിച്ചുള്ള പിക്കെറ്റിയുടെ നിഗമനങ്ങൾ പൂർണ്ണമായും തെറ്റാൻ വഴിയില്ലെന്നാണ് ഞാൻ കരുതുന്നതെന്നു മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ. 1980-നുശേഷമാണ് ആഗോളതലത്തിൽ തൊഴിലാളിവർഗ്ഗരാഷ്ട്രീയം കുത്തനെ തകർന്നുതുടങ്ങിയത്. പുതയ സാങ്കേതികവിദ്യയുടെ ആവിർഭാവം, സോവിയറ്റ് കമ്യൂണിസത്തിന്റെ തകർച്ച, താച്ചറിസത്തിന്റെയും റീഗണോമിക്‌സിന്റെയും ഉദയവും നിയോ ലിബറൽ സമ്പദ്ശാസ്ത്രത്തിന്റെ വിജയവും തുടങ്ങി നിരവധി ഘടകങ്ങൾ ഈ രാഷ്ട്രീയമാറ്റത്തിനു പിന്നിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പിക്കെറ്റിയുടെ വാദം വലിയ അത്ഭുതം ഉളവാക്കുന്നില്ല.

എന്നാൽ, കൂടുതൽ നിർണ്ണായകമായ ഒരു കണ്ടെത്തൽ ഈ അസമത്വത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ളതാണ്. മുതലാളിത്തം നല്കുന്ന അവസരസമത്വം ഉപയോഗിച്ച് സാമ്പ്രദായികമായ പുതിയ ജോലികളും വ്യവസായ സംരംഭങ്ങളും ഏറ്റെടുത്തു നവസമ്പന്നർ ഉയർന്നുവരികയെന്ന പ്രക്രിയയിലൂടെയാവാം ഈ പുതിയ അസമത്വമുണ്ടായതെന്ന് ന്യായമായും നമുക്ക് സംശയിക്കാവുന്നതാണ്. ഡോട്ട്.കോം സംരംഭങ്ങളുടെ ആവിർഭാവവും അതുമായി ബന്ധപ്പെട്ടു വന്നിട്ടുള്ള മൂലധനനിക്ഷേപത്തിന്റെ മാറിയ സാഹചര്യങ്ങളുമെല്ലാം അത്തരമൊരു അഭ്യൂഹത്തെ ബലപ്പെടുത്തുന്നതാണ്. എന്നാൽ പിക്കെറ്റി കണ്ടെത്തിയിരിക്കുന്നത് അസമത്വത്തിന്റെ കാര്യത്തിൽ മാത്രമല്ല, അതിന്റെ സ്വഭാവത്തിന്റെ കാര്യത്തിലും കഴിഞ്ഞ നൂറ്റാണ്ടിലെ സ്ഥിതിയിലേക്ക് മുതലാളിത്തം തിരിച്ചുപോയിരിക്കുന്നു എന്നതാണ്. എന്താണ് ആ സ്വഭാവം?

പഴയകാല മുതലാളിത്തം കോർപ്പറേറ്റ് മുതലാളിത്തത്തിൽനിന്നു വ്യത്യസ്തമായി പാരമ്പര്യസ്വത്തവകാശത്തിൽ അധിഷ്ഠിതമായ പൈതൃക മുതലാളിത്തം (Patrimonial Capitalism) ആയിരുന്നു. സ്വത്തു കൂടുതലും കേന്ദ്രീകരിച്ചിരിക്കുന്നത് വ്യവസായ കുടുംബങ്ങളിലായിരുന്നു. ഇന്ന് ആ അവസ്ഥ മാറാനുള്ള സാഹചര്യമുണ്ട്. എന്നാൽ മറിച്ചാണ് സംഭവിച്ചിരിക്കുന്നത്. നിയോ ലിബറൽവാദികൾ പറഞ്ഞുപോകാറുള്ളതുപോലെ മുതലാളിത്തം പുതിയ അവസരസമത്വം നല്കുകയല്ല ചെയ്തിരിക്കുന്നത്. അതിസമ്പന്നർക്കും ദരിദ്രർക്കും ഇടയിൽ ഒരു പൈതൃക മദ്ധ്യവർഗ്ഗം ശക്തിപ്രാപിച്ച ഇടക്കാലത്ത് ആദ്യ ഒരു ശതമാനത്തിന്റെ കയ്യിലുണ്ടായിരുന്ന സ്വത്ത് കാര്യമായി കുറയുകയുണ്ടായി എന്ന് പിക്കെറ്റി പറയുന്നു (പു. 262). ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇവരുടെ കയ്യിലുണ്ടായിരുന്നത് മൊത്തം ആസ്തികളുടെ 50 ശതമാനമായിരുന്നെങ്കിൽ പിന്നീട് അത് 20-25 ശതമാനം വരെയായി കുറയുന്നുണ്ട്. ഇപ്പോൾ വീണ്ടും സ്ഥിതിമാറി. ലോകം വീണ്ടും പഴയ പൈതൃക മുതലാളിത്തത്തിലേക്കു തിരിച്ചുപോവുകയാണ് ചെയ്തിരിക്കുന്നത്. ഇത് തീർച്ചയായും നടുക്കുന്ന ഒരു കണ്ടെത്തലാണ്'.

അവസാനലേഖനം ഉത്തരമാനവികത(post humanism)യുടെ കാലത്തെ ഏഷ്യൻ ആധുനികതയെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങളവതരിപ്പിക്കുന്നു. ഹേബർമാസിൽ നിന്നാണ് തുടക്കം. ആന്തണി ഗിഡ്ഡൻസ്, സിഗ്മണ്ട് ബോമാൻ, ഗായത്രി സ്പിവാക്ക്, എന്റിക് ഡുസൽ തുടങ്ങിയവരിലൂടെ ബഹുവിധ ആധുനികത (Multiple Modernities) എന്ന സങ്കല്പനത്തിലെത്തിച്ചേരുന്നു. സൈബർ സാങ്കേതികത നിർമ്മിച്ചിട്ടുള്ള ഉത്തരമാനവികതയുടെ സ്വത്വഭേദങ്ങൾ പുതിയ അസമത്വങ്ങൾക്കു രൂപം നൽകിക്കഴിഞ്ഞിരിക്കുന്നു.

ശ്രീകുമാറുമായി സി.ആർ. രാജഗോപാലൻ നടത്തിയ 'മാർക്‌സിസത്തിന്റെ പ്രതിസന്ധികൾ' എന്ന അഭിമുഖമാണ് ഈ പുസ്തകത്തിന്റെ അവസാനഭാഗം. നവസാങ്കേതികതയുടെയും നവ ഉദാരവൽക്കരണത്തിന്റെയും കാലത്ത് മാർക്‌സിസം അഭിമുഖീകരിക്കുന്ന പ്രത്യയശാസ്ത്രപരവും പ്രായോഗികവുമായ പ്രതിസന്ധികളിലാണ് ശ്രീകുമാറിന്റെ ഊന്നൽ. നവസാമൂഹിക പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റാനന്തര ലോകക്രമവും മാർക്‌സിസത്തിന്റെ പ്രതിസന്ധികളിലേക്കു വിരൽ ചൂണ്ടുന്നുവെന്ന ശ്രീകുമാറിന്റെ വിലയിരുത്തൽ ശ്രദ്ധേയമാണ്.

'മാർക്‌സാണു ശരി (Marx was right), മാർക്‌സ് തിരിച്ചുവരുന്നു (Marx is back) തുടങ്ങിയ മുദ്രാവാക്യങ്ങൾ മാറുന്ന രാഷ്ട്രീയത്തെ മനസ്സിലാക്കുന്നതിലുള്ള വലിയ പരാജയത്തെയാണ് സൂചിപ്പിക്കുന്നത്. ഉത്പാദനശക്തികളുടെ വികാസവുമായി ബന്ധപ്പെടുത്തിയാണ് മാർക്‌സിസം സാങ്കേതികവിദ്യയെ കാണുന്നത് എന്നതാണ് പ്രധാനം. ഒരു വ്യവസ്ഥ തകരുന്നതുതന്നെ ഉത്പാദനശക്തികളുടെ വികാസം അതിനുള്ളിൽ മുരടിക്കുമ്പോഴാണ് എന്നതാണ് മാർക്‌സിന്റെ കണ്ടുപിടുത്തം. വർഗസമരം തന്നെ ഇത്തരത്തിൽ ഉത്പാദനശക്തികളുടെ വികാസം കെട്ടഴിച്ചുവിടാൻ കൂടിയുള്ളതാണ്. എന്നാൽ, മൂന്നാം ലോകരാജ്യങ്ങളിലെ മാർക്‌സിസ്റ്റുകൾക്ക് വലിയ ആശയക്കുഴപ്പമാണ് ഈ നിലാപാട് സൃഷ്ടിച്ചിട്ടുള്ളത്. അവരിപ്പോഴും അതിൽ നിന്നും പുറത്തുവന്നിട്ടില്ല. അമർത്യാസെന്നും മറ്റും 1960-കളിൽ സൂചിപ്പിച്ചത് ചോയ്‌സ് ഓഫ് ടെക്‌നിക് (Choice of Techniqe) മൂന്നാം ലോകരാജ്യങ്ങളിലെ മാർക്‌സിസ്റ്റുകൾക്ക് ഒരു പരിധിവരെ അവരുടെ സമരത്തിന്റെ ഭാഗമാക്കേണ്ടിവന്നു. ഉത്പാദനത്തിന് കൂടുതൽ ഉപയോഗിക്കേണ്ടത് അദ്ധ്വാനമാണോ മൂലധനമാണോ എന്നതാണ് ഇതിലെ സൈദ്ധാന്തിക രാഷ്ട്രീയപ്രശ്‌നം. മൂലധനമാണെങ്കിൽ കൂടുതൽ യന്ത്രവത്കരണം നടക്കും. അദ്ധ്വാനമാണെങ്കിൽ സാങ്കേതികവിദ്യ നവീകരിക്കപ്പെടരുത്. അദ്ധ്വാനശക്തി മിച്ചമുള്ള പ്രദേശങ്ങളിൽ സാങ്കേതികവിദ്യ വളരുന്നത് തൊഴിലില്ലായ്മയ്ക്കിടയാക്കും. ഈ പ്രശ്‌നത്തെ താത്ത്വികമായും രാഷ്ട്രീയമായും പരഹരിക്കുവാൻ കഴിയാതെപോയതാണ് കേരളത്തിൽ ഭൂപരിഷ്‌ക്കരണത്തിനുശേഷമുണ്ടാവേണ്ട ഉത്പാദനശേഷി വർദ്ധനവിനെ അട്ടിമറിച്ചത്. മുതലാളിത്തരീതിയിലുള്ള കൃഷിയുടെ പുനഃസംഘാടനത്തിന് ആധുനികവത്കരണം ആവശ്യമായിരുന്നു. അതാണ് എക്കാലത്തെയും ശരിയായ പാതയെന്നല്ല. എന്നാൽ ചോയ്‌സ് ഓഫ് ടെക്‌നിക്കിന്റെ പ്രത്യയശാസ്ത്രപരമായ ആഴം എത്ര വലുതാണെന്നും മാർക്‌സിസത്തിന്ന് ഈ പ്രശ്‌നത്തിലുള്ളത് തികച്ചും നിസ്സഹായമായൊരു സമീപനമാണെന്നും ഈ വസ്തുതകൾ നമ്മെ ബോദ്ധ്യപ്പെടുത്തുന്നുണ്ട്. മാറുന്ന കാലത്തിന്റെ പുതിയ രാഷ്ട്രീയ-സാമ്പത്തിക സന്ദർഭങ്ങളിൽ മാർക്‌സിസത്തിന്റെ ഇത്തരം പരിമിതികൾ കൂടുതൽ കൂടുതൽ ബോദ്ധ്യപ്പെടുകയാണ്. ഓക്കുപ്പൈ വാൾസ്ട്രീറ്റ് പോലുള്ള സമരങ്ങൾ മാർക്‌സിസവുമായോ മാർക്‌സിസ്റ്റ് രാഷ്ട്രീയവുമായോ ഒരുതരത്തിലും ബന്ധമുള്ളവയല്ല. അവയുടെ ബഹുസ്വരതമൂലം മാർക്‌സിസ്റ്റുകളെന്ന് അവകാശപ്പെടുന്നവർക്കും അവിടെപ്പോയി ഇത്തരം ബാനറുകൾ ഉയർത്താമെന്നേയുള്ളൂ. ഓക്കുപ്പൈ വാൾസ്ട്രീറ്റ് സമരം തുടങ്ങിയ സമയത്ത് സാഹചര്യവശാൽ ഞാൻ സിയാറ്റിലിൽ ഉണ്ടായിരുന്നു. അവിടത്തെ ഓക്കുപ്പൈ സിയാറ്റിൽ സമരപ്രവർത്തകരുമായി ഞാൻ ബന്ധപ്പെടുകയും അവരുടെ ആശയങ്ങളും രാഷ്ട്രീയവും ആരായുകയുമുണ്ടായി'.

ചുരുക്കത്തിൽ, വംശീയത, രാഷ്ട്രീയം, സമ്പദ്ഘടന, സാങ്കേതികത തുടങ്ങിയവ സൃഷ്ടിച്ച അധീശത്വങ്ങളുടെയും കിരാതത്വങ്ങളുടെയും ഇരകളായി മാറുന്നവരോ അവയുടെ ദംഷ്ട്രകളിൽ നിന്ന് പലായനം ചെയ്യുന്നവരോ ആയ മനുഷ്യരുടെ ചരിത്രാനുഭവങ്ങളെക്കുറിച്ചുള്ള ആരായലുകളായി മാറുന്നു ഈ ലേഖനങ്ങൾ. മലയാളത്തിൽ ആനന്ദാണ് പുസ്തകങ്ങളുൾപ്പെടെയുള്ള സാംസ്‌കാരികപാഠങ്ങളിൽ നിന്ന് നവ ചരിത്രപാഠങ്ങൾ നിർമ്മിക്കുന്ന ഈയൊരു രാഷ്ട്രീയ ദൗത്യം സാർഥകമായി നിർവഹിക്കുന്നത്. സമാനമായി ശ്രീകുമാറും സാഹിത്യം, സിനിമ തുടങ്ങിയ ആഖ്യാനങ്ങൾ മുതൽ സാമൂഹ്യ, സാമ്പത്തിക പഠനങ്ങൾ വരെയുള്ളവ മുൻനിർത്തി സാധ്യമാക്കുന്ന നവ ചരിത്രവായനകളാണ് ഈ പുസ്തകം. ഭൂഖണ്ഡാന്തരയാത്രകൾ നടത്തുന്ന അധിനിവേശങ്ങളുടെ ബഹുതലസ്പർശിയായ ഹിംസാത്മകത രാഷ്ട്രീയമായി അപഗ്രഥിക്കപ്പെടുന്ന സാംസ്‌കാരിക പഠനം.

പുസ്തകത്തിൽ നിന്ന്:-

'നാം ജീവിക്കുന്ന കാലത്തിന്റെ ഏറ്റവും സവിശേഷമായ മുഖമാണ് ആഗോളവത്കൃതസമൂഹത്തിലെ ഭൂഖണ്ഡാന്ത പലായനങ്ങളുടേത്. പഴയ ബഹുരാഷ്ട്രകമ്പനികളുടേതിൽനിന്ന് വ്യത്യസ്തമായി ഒരു ആഗോളവിപണിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാത്രമല്ല, ആഗോള നെറ്റ്‌വർക്ക് സമുദായമാക്കി മുഴുവൻ ഉപഭോക്താക്കളെയും കണ്ണിചേർക്കുക എന്നതാണ് നവമാധ്യമമുതലാളിത്തം ആഗ്രഹിക്കുന്നത്. ഗൂഗിളിന്റെയും ഫേസ്‌ബുക്കിന്റെയും ഉദയം ഭരണകൂടവും കോർപ്പറേറ്റുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുതിയ ചർച്ചകൾക്കു കാരണമായിട്ടുണ്ട്. ഭരണകൂടത്തിന്റെ ചുമതലകൾ കൂടി ഏറ്റെടുക്കാൻ കഴിയുന്ന ഏജൻസികളായി ഇവ മാറുന്നുവെന്നത് പുതിയൊരു പ്രവണതയാണ്. എല്ലാവരും ഒരേ നെറ്റ്‌വർക്ക് സമുദായത്തിലെ അംഗങ്ങളും ഒരേ ലക്ഷ്യങ്ങളും ലോകവീക്ഷണവുമുള്ളവരായി മാറുന്നു എന്നതാണ് ഈ കോർപ്പറേറ്റുകൾ ഇപ്പോൾ സ്വപ്നം കാണുന്നത്. കെൻ ഒലെറ്റ (Ken Auletta) എഴുതിയ Googled: The End of the World As We Know it എന്ന പുസ്തകം (Penguin Group, 2009) വായിച്ചിട്ടുള്ളവർക്കറിയാം, ഫേസ്‌ബുക്കിനും മുമ്പുതന്നെ അതിനു സമാനമായ ഒരു സമഗ്രാധീശസമീപനവുമായി ഗൂഗിൾ എങ്ങനെയാണ് ബിസിനസ് താല്പര്യങ്ങളും ലിബറൽ പ്രത്യയശാസ്ത്രവും കൂട്ടിച്ചേർത്ത് രാഷ്ട്രീയമായ അസ്തിത്വം കണ്ടെത്തിയത് എന്നത്. ആഗോളതലത്തിൽ ഗൂഗിൾ ഒരു പുരോഗമനസ്ഥാപനമാണ്! അവരുടെ ചൈനാ സമീപനം 'അഭ്യുദയകാംക്ഷി'കളെ വേദനിപ്പിച്ചത് എങ്ങനെയെന്ന് നമുക്കറിയാം. ചൈനീസ് വിപണിയിൽ നിലനില്ക്കാൻ അവർ അവിടത്തെ സമഗ്രാധിപത്യസർക്കാർ മുന്നോട്ടുവെച്ച ഉപാധികളംഗീകരിച്ചുവെന്നത് ഒരു കീഴടങ്ങളായാണ് വീക്ഷിക്കപ്പെട്ടത്. അവർക്ക് ലാഭമോഹമാണ് എന്നറിഞ്ഞ് ഈ 'അഭ്യുദയാകാംക്ഷി'കളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി! ലാറി പേജ് (Larry Page), സെർജി ബ്രിൻ (Sergey Brin) എന്നിവർ ചേർന്ന് ഗൂഗിളിന്റെ ഏറ്റവും പ്രധാന സംരംഭമായ സേർച്ച്-എഞ്ചിൻ തുടങ്ങിയതുതന്നെ കോപ്പിറൈറ്റ് നിയമങ്ങളുടെ ലംഘനത്തിലൂടെയാണെന്ന് ഒലെറ്റ വ്യക്തമാക്കുന്നു. എന്നാൽ ഇതിലാരും ഒരു ശരികേടും കണ്ടില്ല. ഗൂഗിൾ ചെയ്തത് ഓരോ സേർച്ചിനും വേണ്ടി ഇന്റർനെറ്റ് മുഴുവൻ പരതുന്ന സംവിധാനം കണ്ടുപിടിക്കുകയല്ല. മറിച്ച് ഇന്റർനെറ്റിന്റെ ഒരു കോപ്പിയെടുത്ത് സ്വന്തം സംവിധാനത്തിൽ സൂക്ഷിക്കുകയാണ്. സേർച്ച് ചെയ്യുമ്പോൾ എഞ്ചിൻ തെരയുന്നത് ഈ കോപ്പിയിലാണ്! ആരോടു ചോദിച്ചിട്ടാണ് ഗൂഗിൾ കോപ്പിയെടുത്തത്? എടുത്തതിനുശേഷം ലോകം ഇതെക്കുറിച്ചരിഞ്ഞപ്പോൾ ആരുടെ പ്രതിഷേധം ശ്രദ്ധിക്കപ്പെട്ടു? ലോകെ മുഴുവൻ ഇത് അംഗീകരിച്ചുകൊടുക്കുകയായിരുന്നു. കാരണം ഇതുകൊണ്ട് എല്ലാവർക്കും പ്രയോജനമുണ്ടായി. ഇതാണ് ഫേസ്‌ബുക്കിന്റെയും രീതി. ചോദിക്കാതെ, അനുവാദം വാങ്ങാതെ സ്വകാര്യതകളിൽ കയറുക, നാം അതെല്ലാം അംഗീകരിക്കുക. ചെറിയ പ്രതിഷേധക്കാരെ എല്ലാവരും ചേർന്നു തുരത്തുക. ഫേസ്‌ബുക്ക് ആരംഭിച്ചതുതന്നെ സഹപാഠികളുടെ ചിത്രങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചുകൊണ്ടാണ്. അതിനെതിരെ വലിയ പ്രതിഷേധമുണ്ടായി മാർക്ക് സക്കർബർഗ് (Mark Zuckerberg) മാപ്പു പറഞ്ഞാണ് അന്ന് പ്രശ്‌നം പരിഹരിച്ചത്. എന്നാൽ ആ മാതൃക പില്ക്കാലത്തും ഉപേക്ഷിച്ചില്ല. അനുവാദമില്ലാതെ ഫോട്ടോ ഉപയോഗിച്ചതിനു സക്കർബർഗിനെ പുറത്താക്കണമെന്നുവരെ പറഞ്ഞവർ, ഹാർവാർഡ് യൂണിവേർസിറ്റി നല്കിയ സൗകര്യങ്ങൾക്കു പുറത്ത് സക്കർബർഗ് സ്വതന്ത്രമായി ഫേസ്‌ബുക്ക് ആരംഭിച്ചപ്പോൾ ആവേശത്തോടെ അതിൽ ചേരുകയാണുണ്ടാത്. ഒറ്റ ആഴ്ചകൊണ്ട് 4000-ത്തോളം പേർ ചേർന്നു എന്നാണ് കണക്ക്.

ഈ പുതിയ സാഹചര്യം രാഷ്ട്രീയമായി ലോകത്തെ എങ്ങോട്ടു നയിക്കുന്നു എന്ന പ്രശ്‌നമാണ് ദാർശനികമാനങ്ങളോടെ ദ സർക്കിൾ എന്ന നോവൽ ആവിഷ്‌ക്കരിക്കാൻ ശ്രമിക്കുന്നത്. ഇത് നവമാധ്യമ മുതലാളിത്തത്തിന്റെ അധീശമോഹങ്ങളെക്കുറിച്ചുള്ള കഥയാണ്. ഗൂഗിൾ എന്ന പേരിനെ അനുസ്മരിപ്പിക്കുന്ന പേരാണ് കഥയിലെ കമ്പനിക്കുള്ളത് - ഇശൃരഹല. 'സർക്കിൾ' എന്നത് 'ഗൂഗിൾ പ്ലസ്' അതിലെ സുഹൃദ്‌വലയത്തിനു നല്കിയിരിക്കുന്ന പേരാണെന്നത് ആറ്റ്‌വുഡും സൂചിപ്പിക്കുന്നുണ്ട്. ലാറി പേജ്, സെർജി ബ്രിൻ, മാർക്ക് സക്കർബർഗ് തുടങ്ങിയ പേരുകളൊക്കെ ഈ പുതിയ ശതാബ്ദത്തിലേതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇന്റർനെറ്റിന്റെ പുതിയ സാങ്കേതികസംരംഭങ്ങളുടെ മത്സരത്തിനിടയിൽനിന്നാണ് ഇവരൊക്കെ ഉയർന്നുവന്നത്. ഗൂഗിൾ ആരംഭിച്ചപ്പോൾത്തന്നെ അവരുടെ വിഷൻ സ്റ്റേറ്റ്‌മെന്റായി നല്കിയിരുന്നത് സ്വന്തം സമഗ്രാധിപത്യസമീപനത്തെ സുവ്യക്തമാക്കുന്നതായിരുന്നു - 'to organize the world's information and make it university accessible and useful'. ലോകത്തെ മുഴുവൻ വിവരങ്ങളും സമാഹരിച്ചു സാർവ്വത്രികമായി ഉപയോഗിക്കാൻ അവസരം സൃഷ്ടിക്കുക! ഇ-മെയിൽ ദാതാക്കളും സോഷ്യൽ നെറ്റ്‌വർക്ക് കമ്പനികളും മറ്റു സേവനദാതാക്കളും അവരുടെ സേവനങ്ങൾ ഉപയോഗിക്കുന്നവരിൽനിന്ന് പണം വാങ്ങുന്നില്ല. പകരം അവർ ഈ ഉപയോക്താക്കൾ നല്കുന്ന വിവരങ്ങൾ വിറ്റ്, പരസ്യം വാങ്ങി, ബഹുരാഷ്ട്രകുത്തകകളായി ദേശരാഷ്ട്രങ്ങളെത്തന്നെ അപ്രസക്തമാക്കുന്ന ഒരു പുതിയ സാമ്രാജ്യത്വം സൃഷ്ടിക്കുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയെപ്പോലെയോ അല്ലെങ്കിൽ മറ്റേതെങ്കിലും ബഹുരാഷ്ട്ര കുത്തകകളെപ്പോലെയോ ദീർഘകാലത്തെ ചൂഷണചരിത്രത്തിലൂടെയല്ല ഗൂഗിളും ഫേസ്‌ബുക്കുമൊക്കെ വളർന്നുവലുതായത്. വളരെ ചെറിയ കാലംകൊണ്ടാണ്, ചൂഷണത്തെ ചൂഷിതർ വിനോദമായി കാണുന്ന, അവർക്കുവേണ്ടി ദിവസവും ഇടതടവില്ലാതെ പണിയെടുക്കുന്ന അഭൂതപൂർവ്വമായ സമ്മതതന്ത്രത്തിലൂടെയാണ്. നാം ഫേസ്‌ബുക്കിൽ ചെയ്യുന്ന ഓരോ പ്രവൃത്തിയും അതിന്റെ മൂല്യം വർദ്ധിപ്പിക്കുന്നു. ഒരുദിവസം ലോകജനത ഫേസ്‌ബുക്കിൽ പണിമുടക്കിയാൽ അപ്പോൾ ഉടഞ്ഞുതുടങ്ങും സക്കർബർഗിന്റെ വാണിഝ്യ സാമ്രാജ്യം എന്നത് തമാശയല്ല, സത്യമാണ്. എന്നാൽ ഇതുചെയ്യാൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സൈബർ പോരാളികൾപോലും തയ്യാറാവില്ല എന്നതാണ് യാഥാർത്ഥ്യം.

ദ സർക്കിൾ എന്ന നോവലിൽ നാം കാണുന്നത് സർക്കിൾ എന്ന കമ്പനിയുടെ വളരെ ചെറിയ കാലംകൊണ്ടുണ്ടായ താരതമ്യങ്ങളില്ലാത്ത വളർച്ചയാണ്. ടൈ (Ty) എന്നറിയപ്പെടുന്ന ടൈലർ അലക്‌സാണ്ടർ ഗോസ്‌പോ ദിനോവ് (Tyler Alexander Gospodinov), ഈമോൺ ബെയ്‌ലി (Eamon Baily), ടോം സ്റ്റെന്റൻ (Tom Stenton) എന്നീ 'ജ്ഞാനികൾ' (wise men) എന്നാണവർ അറിയപ്പെടുന്നതെന്ന് നോവലിൽ പറയുന്നു) ആണ് സർക്കിൾ സ്ഥാപിച്ചത്. ട്വിറ്റർ, ഫേസ്‌ബുക്ക്, ജി-മെയിൽ, പേയ്പാൽ തുടങ്ങിയ സംവിധാനങ്ങളെയെല്ലാം അപ്രസക്തമാക്കിക്കൊണ്ട് ഇന്റർനെറ്റ് അടിസ്ഥാനമാക്കിയുള്ള എല്ലാ സേവനങ്ങളും നിങ്ങൾ ഒരു യഥാർത്ഥ വ്യക്തിയാണെങ്കിൽ, ഒരു 'യഥാർത്ഥ വ്യക്തി'യാണെങ്കിൽമാത്രം എന്ന് അടിവരയിട്ടു പറഞ്ഞുകൊണ്ട്, ഒരൊറ്റ യൂസർ ഐഡിയും പാസ്‌വേർഡും കൊണ്ട് ലഭിക്കാൻ കഴിയുന്ന ട്രൂയൂ (Tru You') എന്ന കണ്ടുപിടിത്തത്തിലൂടെ ലോകത്തെ ബഹുഭൂരിപക്ഷം ആളുകളെയും തങ്ങളുടെ ഉപയോക്താക്കളാക്കുകയാണ് സർക്കിൾ ചെയ്യുന്നത്. ഇതാണ് സർക്കിളിനെ ലോകത്തിലെ ഏറ്റവും വലിയ നവമാധ്യമ സ്വകാര്യസംരംഭമാക്കി മാറ്റുന്നത്. 'ട്രൂയൂ' വളരെ പെട്ടെന്ന് ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഇന്റർനെറ്റ് സേവനസംവിധാനമായി മാറുന്നു. സോഷ്യൽ നെറ്റ്‌വർക്കിങ്ങും ഈ-കൊമേഴ്‌സും ഈ-ബാങ്കിങ്ങും വിനോദവും വിവരശേഖരണവും എല്ലാം ഒറ്റയടിക്ക് ലഭ്യമാകുമാനുള്ള ഒരേയൊരുപാധി നിങ്ങൾ ഒരു യഥാർത്ഥ വ്യക്തി ആയിരിക്കണം എന്നതുമാത്രമാണ്. എന്നുവച്ചാൽ വ്യാജ (fake) ഐഡന്റിറ്റികൾ ഉപയോഗിക്കാൻ പറ്റില്ല. സുതാര്യതയാണ് സർക്കിളിന്റെ മുദ്രാവാക്യം. അതാണ് അതിന്റെ തത്ത്വശാസ്ത്രം. സുതാര്യതയുടെ ശത്രു സ്വകാര്യതയാണ്. സ്വകാര്യത അവസാനിപ്പിക്കുക, ലോകത്തെ സുതാര്യമാക്കുക എന്നൊരു സന്ദേശമാണ് സർക്കിളനു ലോകത്തിനു നല്കാനുള്ളത്'.

പലായനങ്ങൾ
ടി.ടി. ശ്രീകുമാർ
പ്രസക്തി ബുക് ഹൗസ്
പത്തനംതിട്ട, 2019
200 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP