Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിന്ദുത്വദേശീയതയുടെ ദംഷ്ട്രയും നെറ്റിക്കണ്ണും

ഹിന്ദുത്വദേശീയതയുടെ ദംഷ്ട്രയും നെറ്റിക്കണ്ണും

ഷാജി ജേക്കബ്

തിനാറാം നൂറ്റാണ്ടിൽ തുളസീദാസനെഴുതിയ 'രാമചരിതമാനസ'ത്തോളം ആഴത്തിലും പരപ്പിലും ഇന്ത്യൻ ജനമനസ്സിൽ രാമകഥയെ സ്ഥാപിച്ചെടുത്ത മറ്റൊരു 'രാമായണ'മില്ല. രാംലീല മുതൽ ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതവും ജനപ്രിയസംഗീതവും മുതൽ രാമാനന്ദ്‌സാഗറിന്റെ ടെലിവിഷൻ പരമ്പരയും വരെയുള്ള ഏതു രാമകഥാപാഠവും 'രാമചരിതമാനസ'ത്തെയെന്നപോലെ മറ്റൊന്നിനെയും ആശ്രയിച്ചിട്ടില്ല. വാല്മീകിരാമായണം രാമനെ ഉത്തമപുരുഷനായി സങ്കല്പിച്ചുവെങ്കിൽ തുളസീദാസരാമായണം രാമനെ ദൈവമാക്കി സ്ഥാപിച്ചെടുത്തു. തുടർന്നിങ്ങോട്ട് കൊളോണിയൽ, പോസ്റ്റ് കൊളോണിയൽ ഘട്ടങ്ങളിലൊന്നടങ്കം ഇന്ത്യൻ/ഏഷ്യൻ സാംസ്‌കാരിക ദേശീയതകളിൽ രാമബിംബത്തിനു കൈവന്ന ജനകീയസ്വീകാര്യതക്കു പിന്നിലുള്ളത് മുഖ്യമായും ഈ ദൈവപദവിയാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുവിൽ ഇന്ത്യയിൽ സംഭവിച്ച ഹിന്ദുമതരൂപീകരണത്തോടെ രാമായണം വേദ, ഇതിഹാസ, പുരാണ, ഉപനിഷത്തുക്കൾക്കും ഗീതയ്ക്കുമൊപ്പം ഹിന്ദുഗ്രന്ഥമാകുകയും ഗാന്ധിയുൾപ്പെടെയുള്ളവർ 'രാമരാജ്യ'സ്ഥാപനത്തിനുവേണ്ടി വാദിക്കുകയും ചെയ്തു. മദനമോഹനമാളവ്യയെപ്പോലുള്ള ദേശീയനേതാക്കളാകട്ടെ, ആർഎസ്എസ്. ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകളാകട്ടെ, ഹിന്ദു-മുസ്ലിം വൈരുധ്യത്തിന്റെ മൂലക്കല്ലുകളിലൊന്നായി പ്രതിഷ്ഠിച്ചത് രാമബിംബത്തെയാണ്. ഇതിന്റെ രാഷ്ട്രീയത്തുടർച്ചയായിരുന്നു അയോധ്യയിൽ 1941-ൽ നടന്ന രാമവിഗ്രഹപ്രതിഷ്ഠ മുതൽ 1951-ൽ നടന്ന രാമായണമേള വരെയുള്ളവ. അവിടംകൊണ്ടവസാനിച്ചില്ല, ഈ രാമായനം. 1980കളുടെ അവസാനത്തോടെ ഇന്ത്യയിൽ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അഗ്നിപർവതംതന്നെ പൊട്ടിത്തെറിക്കുകയായിരുന്നു, രാമായണപരമ്പര(1987-88)യിലും അദ്വാനിയുടെ രഥയാത്രയിലും ബാബ്‌റിമസ്ജിദിന്റെ തകർക്കലിലുമൊക്കെക്കൂടി.

കേരളത്തിലും സ്ഥിതി ഭിന്നമല്ല. 1980കളുടെ അവസാനമാണ് ആർ.എസ്.എസിന്റെ ഇടപെടലിലൂടെ രാമായണമാസമായി കർക്കടകം മാറുന്നത് (ആർ.കെ. ബിജുരാജിന്റെ ലേഖനം കാണുക - ഈ പുസ്തകത്തിലല്ല). എന്നുവച്ചാൽ ദേശീയതലത്തിൽ ബിജെപി. നേടിയ വളർച്ചക്കു സമാന്തരമായാണ് കേരളത്തിലും രാമായണം അതിന്റെ സമകാല ജീവിതമാരംഭിക്കുന്നത് എന്നർഥം. മാതൃഭൂമിപത്രം ദൂരദർശനിലെ പരമ്പരയ്ക്കു സമാന്തരമായി രാമായണത്തിന്റെ ടെലിസ്‌ക്രിപ്റ്റ് പ്രസിദ്ധീകരിച്ചു. ഡി.സി. ബുക്‌സ് എഴുത്തച്ഛന്റെ അധ്യാത്മരാമായണം അച്ചടിച്ചുതുടങ്ങുന്നതും 1988ലാണ്. മുൻപ് എസ്.ടി. റെഡ്യാർ അച്ചടിച്ച് വിലകുറച്ചു വിറ്റഴിച്ചതുമൂലം നിരവധി മലയാളി കുടുംബങ്ങളിലെത്തിയ രാമായണം ഇതോടെ മലയാളിഹിന്ദുവിന്റെ നിത്യപാരായണത്തിനുള്ള നിർബ്ബന്ധിത മതഗ്രന്ഥമായി മാറി.

കമിൽബുൽക്കെ മുതൽ റൊമിലാഥാപ്പർ വരെ; എം.ജി.എസ്. നാരായണൻ മുതൽ കെ.എൻ. പണിക്കർ വരെ; കുമാരനാശാൻ മുതൽ സി.എൻ. ശ്രീകണ്ഠൻനായർ വരെ; സാറാജോസഫ് മുതൽ ആനന്ദ് നീലകണ്ഠൻ വരെ; എ.കെ. രാമാനുജൻ മുതൽ അസീസ് തരുവണ വരെ; അരവിന്ദ് രാജഗോപാൽ മുതൽ അക്ഷയമുകുൾ വരെ - രാമായണത്തിന്റെ ഭിന്നജന്മങ്ങളെയും പാഠരൂപങ്ങളെയും മുൻനിർത്തി ഇന്ത്യൻ/കേരളീയസമൂഹങ്ങളെ വ്യാഖ്യാനിച്ചവർ നിരവധിയാണ്. ഈ ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളും ശ്രദ്ധിച്ചാൽ, രാമായണത്തെക്കുറിച്ച് നാളിതുവരെയുണ്ടായ സാംസ്‌കാരിക വിചിന്തനങ്ങളും രാഷ്ട്രീയവിനിമയങ്ങളും താഴെപ്പറയുന്ന മേഖലകളെയാണ് മുഖ്യമായും വിശകലനം ചെയ്യാൻ ശ്രമിച്ചിട്ടുള്ളത് എന്നു കാണാം.

  1. നാളിതുവരെ രാമായണത്തിനുണ്ടായ ബൃഹദ്, ചെറുകിടപാഠങ്ങൾ.
  2. രാമന് രാജപദവിയിൽനിന്ന് ദൈവപദവിയിലേക്കുണ്ടായ മാറ്റം.
  3. സീതയ്ക്കും ഹനുമാനും മറ്റും കൈവന്ന സ്വത്വപരിണാമങ്ങൾ.
  4. ആര്യ-ദ്രാവിഡ സംഘർഷത്തിന്റെ പ്രതീകാത്മകപാഠരൂപമെന്ന നിലയിലെ വ്യാഖ്യാനങ്ങൾ.
  5. രാമായണത്തിനു കൈവന്ന ദേശാന്തര, കാലാന്തര, മതാന്തര വ്യാപനം.
  6. മധ്യകാല ഭക്തിപ്രസ്ഥാനവും രാമകഥയുടെ ജനകീയതയും.
  7. കൊളോണിയൽ കാലഘട്ടത്തിൽ കരുത്താർജ്ജിച്ച ഹിന്ദു-മുസ്ലിം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാമകഥയ്ക്കുണ്ടായ പ്രചാരം.
  8. ആധുനികകാലത്ത് രാമകഥയ്ക്കുണ്ടായ നിരവധിയായ സാംസ്‌കാരിക പുനരാഖ്യാനങ്ങൾ.
  9. ഗാന്ധിയൻ ദേശീയതയ്ക്കു പിന്നിലെ ആദർശാത്മക രാമസങ്കല്പം.
  10. ഗീതാപ്രസിന്റെ ഐതിഹാസികമായ പ്രസാധനവിജയം.
  11. രംഗകലകളിലുണ്ടായ രാമസാന്നിധ്യം.
  12. ചലച്ചിത്രരാമായണങ്ങൾ.
  13. ടെലിവിഷൻ രാമായണം സൃഷ്ടിച്ച വിപ്ലവം.
  14. അയോധ്യയും സംഘപരിവാർ രാഷ്ട്രീയവും.
  15. രാമബിംബത്തിന്റെ സമകാലസാംഗത്യവും രാമായണത്തിന്റെ നവമാധ്യമ, വിപണിരൂപങ്ങളും.

ഇതിഹാസം, പുരാണം, മിത്ത്, പുരാവൃത്തം, കാവ്യം തുടങ്ങിയ പദവികൾ മറികടന്ന് രാമായണത്തിനു കൈവന്ന ചരിത്രപദവി; മതാത്മക, സാമൂഹിക മാനങ്ങളിലേക്കുള്ള രാമായണത്തിന്റെ പരകായപ്രവേശം; ഇന്ത്യൻ ദേശീയതയുടെ രൂപീകരണത്തിന് രാമായണത്തിനുള്ള അയുക്തികമായ പങ്ക്, രാമകഥയെ പ്രതിലോമരാഷ്ട്രീയമായുപയോഗിക്കുന്ന സംഘപരിവാർ അജണ്ടകൾ എന്നിവയെല്ലാം ചേർന്ന് രാമായണത്തെ ഹിന്ദുത്വദേശീയതയുടെ കൊടിപ്പടമാക്കുമ്പോൾ തെളിഞ്ഞുവരുന്ന ദംഷ്ട്രയെയും നെറ്റിക്കണ്ണിനെയും കുറിച്ചുള്ള അന്വേഷണങ്ങളാണ് 'പാഠഭേദ'ത്തിനുവേണ്ടി സിവിക്ചന്ദ്രൻ എഡിറ്റുചെയ്ത 'പല രാമായണങ്ങൾ, പല വായനകൾ' എന്ന പുസ്തകം.

പതിനാലു ചെറുലേഖനങ്ങളുടെ സമാഹാരമാണ് ഈ 'സിവിക്‌രാമായണം'. നിശ്ചയമായും എ.കെ. രാമാനുജന്റെ 'മുന്നൂറുരാമായണങ്ങൾ...' എന്ന വിഖ്യാതമായ പഠനമാണ് ഈ ലേഖനങ്ങളുടെ മുഖ്യമായ സാംസ്‌കാരിക മൂലധനം. ഡൽഹി സർവകലാശാല, രാമാനുജന്റെ പഠനം സിലബസിൽ നിന്നു നീക്കം ചെയ്തതുൾപ്പെടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇവയുടെ രചന. ഹിന്ദുസംഘടനകൾ ക്ഷേത്രങ്ങളിലും പുറത്തും നടത്തിവരുന്ന ഭാഗവത, രാമായണ യജ്ഞങ്ങളിലും സപ്താഹങ്ങളിലും തടിച്ചുകൂടുന്ന ജനങ്ങളുടെ എണ്ണവും മനോഭാവവും മതേതര-ദേശീയവാദികളെ അമ്പരപ്പിക്കുംവിധം സങ്കീർണ്ണമായിക്കഴിഞ്ഞ കാലത്ത് പാഠഭേദം നടത്തിയ ഒരു 'രാമായണമേള'യിലുയർന്നുവന്ന നിരീക്ഷണങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. (പാഠഭേദം പക്ഷെ ഒരു മതേതരസംഘമല്ല എന്നാണ് സിവിക് തുറന്നുപറയുന്നത്. അത്രയും നല്ലത്.) അത്രമേൽ മൗലികമോ ചരിത്രപരമോ സാമൂഹ്യശാസ്ത്രപരമോ ഒന്നുമല്ല മിക്ക രചനകളും. ആഴമുള്ള പഠനങ്ങളോ സംവാദങ്ങളോ ആകുന്നുമില്ല ഇവയൊന്നുംതന്നെ. എങ്കിലും ഇവയുടെ കാലികപ്രസക്തിയും രാഷ്ട്രീയ പ്രാധാന്യവും സാംസ്‌കാരിക സാധ്യതകളും ഒട്ടും ചെറുതല്ല. തുടർന്നും വികസിപ്പിക്കേണ്ട വലിയൊരു ഉത്തരവാദിത്തം പാഠഭേദത്തിനും സിവിക് ചന്ദ്രനും സമാനചിന്തയുള്ള കേരളീയ/ഇന്ത്യൻ മാനവികവാദികൾക്കും മുന്നിൽ നിലനിർത്തിക്കൊണ്ടാണ് ഈ പുസ്തകം പുറത്തുവന്നിട്ടുള്ളത്.

സിവിക്ചന്ദ്രന്റെ ആമുഖലേഖനം, 'ബാബ്‌റി'യിൽനിന്ന് 'ദാദ്‌റി'യിലേക്കു നീളുന്ന ഇന്ത്യൻ അവസ്ഥകളുടെ പശ്ചാത്തലത്തിൽ, രാമായണത്തെ മുൻനിർത്തി ഹിന്ദുത്വവാദത്തിന്റെ സമകാല പരിപ്രേക്ഷ്യങ്ങളെ വായിച്ചെടുക്കേണ്ടതിന്റെ ആവശ്യത്തിലേക്കാണു വിരൽ ചൂണ്ടുന്നത്. രാമായണത്തിന്റെ ബഹുസ്വരത തിരിച്ചറിയുകയാണ് സംഘപരിവാർതന്ത്രങ്ങളെ തകർക്കാനുള്ള വഴികളിലൊന്ന് എന്നുസിവിക്ചന്ദ്രൻ കരുതുന്നു. ഇതിനായി നടത്തപ്പെട്ട രാമായണമേളകളെക്കുറിച്ച് അദ്ദേഹം പറയുന്നുമുണ്ട്. സഹ്മത്ത് ഡൽഹിയിൽ നടത്തിയ മേള, പോണ്ടിച്ചേരിയിൽ നടന്ന മേള, പാലക്കാട് ശ്രീകൃഷ്ണപുരത്തു നടന്ന മേള എന്നിങ്ങനെ. 2015-ൽ കോഴിക്കോട് നടത്തിയ രാമായണമേളയുടെ ഫലമാണ് 2016-ൽ പുറത്തുവന്ന ഈ പുസ്തകം.

എം.ജി.എസ്. നാരായണൻ രാമായണത്തിന്റെ ചരിത്രപരതയന്വേഷിക്കുന്നു; രാമായണം ചരിത്രമല്ല എന്നു തീർപ്പുകല്പിക്കുന്നു. ചരിത്രവും മിത്തും രണ്ടാണെന്ന ആധുനിക ചരിത്രവിജ്ഞാനീയത്തിന്റെ വക്താവാണ് എം.ജി.എസ്. എ.കെ. രാമാനുജന്റെ ലേഖനം ഡൽഹി യൂണിവേഴ്‌സിറ്റി പാഠ്യപദ്ധതിയിൽ നിന്നൊഴിവാക്കിയപ്പോൾ, ആ ലേഖനത്തിന്റെ ആധികാരികതയെക്കുറിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതിയിൽ കപിലാവത്സ്യായനനൊപ്പെ അംഗമായിരുന്നു എം.ജി.എസ്. സമിതി ലേഖനത്തിനനുകൂലമായി റിപ്പോർട്ട് നൽകിയിട്ടും സർവകലാശാല ലേഖനം പാഠ്യപദ്ധതിയിൽ നിലനിർത്തിയില്ല. എം.ജി.എസ്. എഴുതുന്നു:

'രാമായണം വായിച്ചാൽ മനസിലാകാത്തയാളുകളാണ് അത് ചരിത്രമാണ് എന്ന് പറഞ്ഞു നടക്കുന്നത്. അതുപോലെതന്നെ ഒരേയൊരു രാമായണമേ പാടുള്ളൂ എന്നുള്ളതും. വാസ്തവത്തിൽ രാമായണത്തെയും മഹാഭാരതത്തെയും ആശ്രയിച്ചുള്ള കഥകളും ഉപകഥകളും എടുത്തിട്ടാണ് ഇന്ത്യയിലെ എല്ലാ ഭാഷയിലെ എല്ലാ സാഹിത്യവും, ഏതാണ്ട് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനഘട്ടം വരെ ഉണ്ടായിട്ടുള്ളത്. മലയാളത്തിൽ ഒറ്റ കൃതിപോലും രാമായണത്തെയും മഹാഭാരതത്തെയും ആശ്രയിക്കാതെ ഉണ്ടായിട്ടില്ല. തമിഴിലും അങ്ങനെത്തന്നെയാണ്. ചില സാങ്കൽപിക കൃതികളൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും ഭൂരിപക്ഷം കൃതികളും രാമായണത്തെയോ ഭാരതത്തെയോ ഉപജീവിച്ചുണ്ടായതാണ്. അപ്പോൾ രാമായണത്തിന് മുന്നൂറ് വിഭിന്ന പാഠങ്ങൾ ഉണ്ട് എന്ന് പറയുന്നത് അതിശയോക്തിയല്ല. ചുരുക്കിപ്പറയലാണ്. ദ്രാവിഡപുത്രിയെപ്പോലെ രാവണന്റെ മകളാണ് സീത എന്നുപറയുന്ന രാമായണങ്ങളുണ്ട്. ഹനുമാനാണ് ഹീറോ, രാമനല്ല എന്നു പറയുന്ന രാമായണങ്ങളുണ്ട്. പിന്നെ ജൈനരുടെയും ബൗദ്ധരുടേതുമായ രാമായണങ്ങളുണ്ട്. ഇതിൽ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് അവകാശപ്പെടുന്നവർക്കും വലതുപക്ഷം എന്ന് അവകാശപ്പെടുന്നവർക്കും ബുദ്ധിയുദിക്കട്ടെ എന്നാശംസിക്കുന്നു'.

രാമായണത്തിന്റെ വൈവിധ്യത്തെക്കുറിച്ചാണ് സാറാജോസഫിന്റെ ലേഖനം. എഴുത്തിന്റെയെന്നപോലെ വായനയിലെയും വൈവിധ്യത്തിന്റെ ചരിത്രമാണ് രാമായണത്തിനുള്ളത്. അതിന്റെ കാരണം തിരയുകയാണ് സാറാജോസഫ്. ആരുടെ പക്ഷത്തുനിന്ന് രാമായണം വായിക്കുന്നു എന്നതനുസരിച്ചായിരിക്കും നിങ്ങളുടെ രാമായണപാഠം രൂപം കൊള്ളുക. അങ്ങനെ, സ്ത്രീയുടെയോ, കീഴാളരുടെയോ, അടിമയുടെയോ, ആദിവാസിയുടെയോ, ഇരയുടെയോ, പരാജിതരുടെയോ ഒക്കെ പക്ഷത്തുനിന്നുള്ള വായനയും അതനുസരിച്ചുള്ള പുതുരാമായണങ്ങളും ജനിച്ചുതുടങ്ങുന്നു. 'എഴുത്തച്ഛന്റെ അധ്യാത്മരാമായണമല്ല, വാല്മീകിയുടെ രാമായണമാണ് കർക്കിടകത്തിൽ വായിക്കേണ്ടത്' - സാറാജോസഫിന്റെ രാമായണരാഷ്ട്രീയം വ്യക്തമാണ്.

കെ.ഇ.എൻ. കുഞ്ഞഹമ്മദിന്റെ ലേഖനം, രാമായണം ഇരുപതാം നൂറ്റാണ്ടിൽ സൃഷ്ടിച്ച ചില രാഷ്ട്രീയസംവാദമുഖങ്ങളവതരിപ്പിക്കുന്നു. രാമഭക്തിക്കപ്പുറത്ത്, രാവണനെ ഉയർത്തിപ്പിടിക്കുന്ന ഒരു സമീപനം കേരളത്തിലുണ്ടായിരുന്നതിനെക്കുറിച്ചദ്ദേഹമെഴുതുന്നു:

'രാവണനെ ഉയർത്തിപ്പിടിക്കുന്ന ഒരു സമീപനം ഇന്ത്യയിലുമുണ്ടായിരുന്നു, കേരളത്തിലുമുണ്ടായിരുന്നു. 1928-ൽ ആണ് എസ്.എൻ.ഡി.പി.യുടെ ഒരു വലിയ സമ്മേളനം ഉത്ഘാടനം ചെയ്യാൻ മദന്മോഹൻ മാളവ്യ വരുന്നത്. മദൻ മോഹൻ മാളവ്യ ഈ സമ്മേളനത്തിലെ പ്രസംഗം അവസാനിപ്പിച്ചത് ജയ്‌റാം എന്ന് പറഞ്ഞുകൊണ്ടാണ്. അത് ഉത്തരേന്ത്യയിൽ പതിവുമാണ്. പക്ഷെ അദ്ദേഹം ജയ്‌റാം എന്ന് പറഞ്ഞപ്പോൾ സദസ് പ്രകോപിതരാവുകയും രാവണന് സിന്ദാബാദ് വിളിക്കുകയും ഏത് രാമനെക്കുറിച്ചാണ് മിസ്റ്റർ മാളവ്യ നിങ്ങൾ പറയുന്നത്, ശംബൂകനെ കൊന്ന രാമനെക്കുറിച്ചാണോ എന്ന് വിശദീകരണം ആവശ്യപ്പെടുകയും മാളവ്യ പരിഭ്രമിക്കുകയും ചെയ്തു. അദ്ദേഹത്തിന് വല്ലാത്ത നടുക്കമുണ്ടായി. രാവണനെ ഉയർത്തിപ്പിടിക്കുന്ന ഒരു അന്തരീക്ഷം 1920-കളിൽ കേരളത്തിലുണ്ടായിരുന്നു. മാത്രമല്ല അതിന്റെ തുടർച്ചയായി രാവണായണമാണ് വേണ്ടത് എന്നുള്ള ചിന്ത പള്ളത്ത് രാമൻ ഉൾപ്പെടെയുള്ളവർ മുന്നോട്ട് വച്ചു. ചിന്താവിഷ്ടയായ സീതയുടെ വഴിയാണ് നല്ലത്, അല്ലാതെ രാവണായനത്തിന്റെ വഴി വേണ്ടതില്ലയെന്ന് വളരെ വിധ്വംസകനായ കേസരിപോലും പള്ളത്തിനെ ഉപദേശിക്കുന്നുണ്ട്.

ഞാൻ വിചാരിക്കുന്നത് ജ്യോതിബ ഫൂലെയിലാരംഭിച്ച കീഴാള നവോത്ഥാനത്തിന്റെ പ്രതിനിധാനമാണ് ലങ്കാലക്ഷ്മി. ലങ്കാലക്ഷ്മി പ്രധാനമാവുന്നത് രാമനെ നമ്മുടെ നാട്ടുഭാഷയിൽ പറഞ്ഞാൽ ഇടിച്ചുതാഴ്‌ത്താതെ തന്നെ രാവണനെ സമസ്ത സംഘർഷത്തോടും കൂടി അവതരിപ്പിക്കുന്നുണ്ട്. അതിന്റെ ചുരുക്കം ഇന്ത്യൻ വർഗ്ഗസമരത്തിന്റെ ചുരുക്കമാണ്. മാർക്‌സിസ്റ്റ് ആശയങ്ങളുമായിട്ടാണ് ശ്രീകണ്ഠൻനായരുടെ തുടക്കം. അയ്യപ്പസേവാ സംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയും രാമേശ്വരത്തൊക്കെ പോയി താന്ത്രികവിദ്യയിൽ നല്ല പഠനമൊക്കെ നടത്തി താന്ത്രികവിദ്യയുടെ ഉപാസകനായി മാറിയ ഒരാളെയാണ് എഴുപതുകളിൽ നമ്മൾ കാണുന്നത്. ആ സമയത്താണ് സി.എൻ. ഇത് എഴുതുന്നത്. അതിനെയൊക്കെ മാറ്റിമറിച്ചുകൊണ്ട് കീഴാള നവോത്ഥാനത്തിന്റെ ഒരു രാവണവായനയാണ് സി.എൻ. ഉയർത്തുന്നത്. ഇന്ത്യയിൽ നടന്ന ആദ്യ ആര്യ-അനാര്യ സംഘർഷത്തിന് ആവിഷ്‌കാരം നൽകാൻ ശ്രമിച്ചു. അതിനദ്ദേഹം മുന്നോട്ട് വയ്ക്കുന്നത് വാത്മീകിയേയും വസിഷ്ഠനെയുമാണ്. വസിഷ്ഠമഹർഷി അധികാരത്തിന്റെ വർണാധിപത്യത്തിന്റെ കാവലാളാണ്. എന്നാൽ എന്നാൽ വാത്മീകിയാകട്ടെ സ്വാതന്ത്ര്യത്തിന്റെ ഒരു സാക്ഷാത്കാരമാണ്. കൈകസി പെറ്റിട്ട കറുത്ത കരുമാടിക്കുട്ടന്റെ കഴുത്തിൽ മാല ചാർത്താനാരുമുണ്ടായിരുന്നില്ല. കയ്യിൽ പൊട്ടിക്കാൻ പാകത്തിന് വില്ലും അത് പൊട്ടിച്ചാൽ പെണ്ണും ആരും തനിക്ക് ഓഫർ ചെയ്തിരുന്നില്ല. ഒരു കരുമാടിക്കുട്ടൻ കാട്ടുചോലയിൽ നിന്ന് വെള്ളം കുടിച്ചും കാട്ടുപരുന്തിനെ കല്ലെറിഞ്ഞിട്ട് കൊന്ന് ഭക്ഷിച്ചും വളർന്ന് വർണ്ണാശ്രമ വ്യവസ്ഥക്കെതിരെ പൊരുതി നേടിയ ഒരു സജീവ സാന്നിധ്യമായിട്ടാണ് രാവണൻ അവതരിപ്പിക്കപ്പെടുന്നത്. രാവണന്റെ ആത്മസംഘർഷം വെളിവാക്കിക്കൊണ്ട് രണ്ട് പേരോടാണ് രാവണൻ ചോദിക്കുന്നത്. ഒന്ന് സ്‌നേഹത്തോട്, മറ്റൊന്ന് വിജ്ഞാനത്തോട് - ചോദ്യമിതാണ്, ചങ്ങാതി ഇപ്പോൾ നമ്മൾ രണ്ടു പേരുള്ളൂ, മറ്റാരുമില്ല - പറയൂ രാവണന്റെ ജീവിതം ഒരു പാഴ്ചെലവായിരുന്നുവോ?'.

സി.എൻ. ശ്രീകണ്ഠൻനായരെഴുതിയ 'ലങ്കാലക്ഷ്മി'യെന്ന നാടകത്തെക്കുറിച്ച് രണ്ടു ശ്രദ്ധേയമായ നിരീക്ഷണങ്ങൾ ഈ പുസ്തകത്തിലുണ്ട്. കെ.ഇ.എൻ, ലങ്കാലക്ഷ്മിയുടെ രചനക്കുപിന്നിൽ കണ്ടെത്തുന്ന മാർക്‌സിസ്റ്റ്-കീഴാള രാഷ്ട്രീയമാണ് ഒന്ന്. മറ്റൊന്ന്, തമിഴ്‌നാടകപാരമ്പര്യത്തിൽ ദ്രാവിഡപുരുഷസ്വരൂപം മുന്നോട്ടുവച്ചുകൊണ്ട് രാവണൻ അവതരിപ്പിക്കപ്പെട്ടതിനെക്കുറിച്ചുള്ള കല്പറ്റ നാരായണന്റെ നിരീക്ഷണമാണ്. മലയാളത്തിലുണ്ടായ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയരാമായണങ്ങളിലൊന്നായി അതുവഴി ലങ്കാലക്ഷ്മി മാറുന്നു. കീഴാളന്റെയും ദ്രാവിഡന്റെയും സ്ത്രീയുടെയും കണ്ണിലൂടെയുള്ള രാമായണത്തിന്റെ അപനിർമ്മാണങ്ങളുടെ മലയാളമാതൃകകൾ കുമാരനാശാൻ മുതൽ സാറാജോസഫ് വരെയുള്ളവരിൽ നിന്നു കണ്ടെടുക്കേണ്ടിവരുന്ന പശ്ചാത്തലവും ഓർമ്മിക്കാവുന്നതാണ്.

'രാമായണം മനുഷ്യരുടെ തലവരയാണ്' എന്ന ആശയം മുൻനിർത്തി ബോബിജോസ് രാമായണത്തിലെ മാനുഷികസംഘർഷങ്ങൾ അവതരിപ്പിക്കുന്നു. ചുള്ളിക്കാടിന്റെ 'യാത്രാമൊഴി' എന്ന കവിതയിൽ നിന്നാണദ്ദേഹം ആരംഭിക്കുന്നത്. ബോബി എഴുതുന്നു:

'മനുഷ്യന്റെ തലവരയാണ് രാമായണം. അലയുക, അനിശ്ചിതത്വങ്ങളെ നേരിടുക, ഓരോരോ ചെറിയ മനുഷ്യരുടെ കൂട്ടിലായിരിക്കുക, ചിലപ്പോൾ മടങ്ങിവരാനുള്ള ശ്രമം, ചിലപ്പോൾ മാഞ്ഞുപോകുന്നു. രാമായണം വായിക്കുന്നവരോട്: ഇത് നമ്മൾ വിചാരിക്കുന്നത്രയും പുരാതനമായ സംഭവമൊന്നുമല്ല. ഈ രാമായണവായന പഞ്ഞമാസത്തിൽ ആശ്വാസം എന്ന നിലയിലൊക്കെ നമ്മളിതിനെ പരിചയപ്പെടുത്തുന്നൊക്കെയുണ്ടെങ്കിലും അത്ര പുരാതനമായ കാര്യമല്ല. അതിനൊരു നൂറ് വർഷത്തിന്റെയൊക്കെ പഴക്കമേ കാണൂ. അച്ചടി വന്നതിന് ശേഷമായിരിക്കണമല്ലോ ഈ രാമായണ വായനയൊക്കെ ഇത്ര സാർവ്വത്രീകമായത്. ഗുരുമുഖത്തുനിന്ന് കേട്ട് പഠിക്കുക എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ കൊള്ളാം എന്നതിനപ്പുറത്ത് ഇന്നാട്ടിൽ അത് സർവ്വത്രികമായ ഒരു കാര്യമേയല്ലായിരുന്നു. അതിന് മുമ്പ് രാമായണം കഥകളും കേൾവികളുമാണ്. പക്ഷെ അതിനകത്ത് ഒരു കാര്യം വന്നവസാനിക്കുന്നതിങ്ങനെയാണ്. അയാളുടെ പട്ടാഭിഷേകത്തോട് കൂടി നമ്മുടെ വായന തീരുകയാണ്. അടുത്ത ഭാഗം നമ്മൾ വായിക്കുന്നില്ല. എല്ലാ വർഷവും അത്തരം വായന മതിയോ, ഒരു ഉത്തര രാമായണം ആവശ്യമില്ലേ? അതിനകത്ത് സരയുവിലേക്ക് നടന്നുപോയ ഒരു വ്രണിത ഹൃദയനായ ഒരു മനുഷ്യനുണ്ടായിരിക്കും'.

രാമായണം മുൻനിർത്തിയുണ്ടായ ചില സാഹിത്യഭാവനകളെക്കുറിച്ചാണ് സജയ് കെ.വി. എഴുതുന്നത്. ടി.ടി. ശ്രീകുമാർ, ഇന്ത്യക്കുവെളിയിലുണ്ടായ രാമായണപാഠങ്ങളെക്കുറിച്ച് ശ്രദ്ധേയമായ അവലോകനം നടത്തുന്നു. ഇന്തോനേഷ്യ, തായ്‌ലൻഡ്, മലേഷ്യ, കംബോഡിയ, ലാവോസ് തുടങ്ങിയ രാജ്യങ്ങളിൽ ഉണ്ടായ രാമായണകഥകളും ബിംബങ്ങളും ശ്രീകുമാർ വിവരിക്കുന്നു. കമിൽബുൽക്കെ 'രാമകഥ'യിൽ ചൂണ്ടിക്കാണിക്കുന്ന രാമകഥയുടെ മതാന്തരവും ദേശാന്തരവും കാലാന്തരവുമായ പാഠരൂപങ്ങളുടെ സമീകരണം. ഒപ്പം, കുമാരസംഭവത്തിന്റെ തർജ്ജമയിൽ ഏ.ആർ. രാജരാജവർമ സ്വീകരിച്ചതുപോലുള്ള സദാചാരപ്പൊലീസിംഗിന്റെ നിശിതമായ വിമർശനവും ശ്രീകുമാർ നടത്തുന്നു.

'കുമാരസംഭവത്തിൽ പാർവതിയുടെയും ശിവന്റെയും സുദീർഘമായ സംഭോഗ വർണ്ണന കാളിദാസന്റെ സാഹിത്യപരമായ സ്വാതന്ത്ര്യമാണ്. ആ ഭാഗം മലയാളത്തിലേക്ക് വിവർത്തനം ചെയ്യാതെ വിട്ട സദാചാരപൊലീസായിരുന്നു രാജരാജവർമ്മ എന്നുകൂടി നാം ഓർമ്മയിൽ വയ്‌ക്കേണ്ടതുണ്ട്. ഒരുപക്ഷെ അദ്ദേഹം വ്യക്തപരമായി ഒരു ലജ്ജാലുവായിരുന്നിരിക്കാം. കുമാരസംഭവം വിവർത്തനം ചെയ്യുമ്പോൾ പാർവതിയുടെ അംഗപ്രത്യംഗ വർണനയും ശിവന്റെ ഭോഗാഭിനിവേശവും ഭാഷയിൽ ആക്കാൻ രാജരാജവർമ്മ ശ്രമിക്കാതിരുന്നതിന്റെ സാഹചര്യത്തെക്കുറിച്ച് എനിക്ക് വലിയ അറിവൊന്നുമില്ല. ആ ഭാഗം അദ്ദേഹം തർജ്ജമ ചെയ്യാതെ വിട്ടു എന്നതു പക്ഷെ ചില സൂചനകൾ നല്കുന്നതുമുണ്ട്.

രാമായണവും മഹാഭാരതവും സ്വതന്ത്രമായി വ്യാഖ്യാനിക്കുന്ന സമീപനം കാളിദാസനിൽ തുടങ്ങി ഇന്നും നിലനിൽക്കുന്നതാണ്. ഇത് ഒരു നവ ഹൈന്ദവ ഫാസിസ്റ്റിന്റെയും ശാഠ്യത്തിനു മുന്നിൽ ഉപേക്ഷിക്കാനുള്ളതല്ല. ഇന്ത്യയിൽ മാത്രമല്ല, ഭൂരിപക്ഷ മുസ്ലിംരാജ്യങ്ങളിൽ പോലും ഈ നവീകരണ ധാര സജീവമാണ് എന്നത് ഭൂമിശാസ്ത്രപരമായി പഴയ ദക്ഷിണേഷ്യൻ സാഹിത്യ-സാംസ്‌കാരിക രൂപങ്ങളെ ഭാരതീയം എന്ന് തളച്ചിടുന്നതു അസാധ്യമാക്കുന്നു. അതുകൊണ്ടുതന്നെ ഇതിഹാസങ്ങളെ സ്വന്തം സങ്കുചിത രാഷ്ട്രീയത്തിന് ഉപയോഗിക്കുന്ന നവ ഹൈന്ദവവാദത്തിനോടുള്ള പ്രതിരോധമാണ് രാമായണം ഒന്നല്ല, പലതാണ് എന്ന് ഉറക്കെ പറയുന്നതും, ഈ വ്യത്യസ്ത രാമായണങ്ങൾ ആടുന്നതും പാടുന്നതും നടിക്കുന്നതും. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ എമ്പാടും അതുണ്ടാവുന്നുണ്ട്. എന്നാൽ അവിടെ അതാവാമെങ്കിലും ഇല്ലെങ്കിലും നമുക്കതിനു കഴിയണം എന്നതാണ് പ്രധാനം'.

അമർചിത്രകഥയിൽ തുടങ്ങി ടെലിവിഷൻപരമ്പരയിലേക്കു വളർന്ന ജനപ്രിയ രാമസംസ്‌കാരത്തിന്റെ സംഘപരിവാർ സ്വരൂപം ചർച്ചചെയ്യുന്നു, അനിൽചേലേമ്പ്ര. അസീസ് തരുവണ, മലയാളത്തിൽ ഏറ്റവും ആഴത്തിലും പരപ്പിലും രാമായണത്തിന്റെ ബഹുതലസ്പർശിയായ ചരിത്രജീവിതം ചർച്ചചെയ്യുന്ന അക്കാദമിക ഗവേഷകനാണ്. വയനാടൻ രാമായണം ഓർക്കുക. രാമായണത്തിന്റെ വാമൊഴി, വരമൊഴി ഭേദങ്ങളുടെ ചരിത്രവും രാഷ്ട്രീയവും വിശകലനം ചെയ്യുന്ന മികച്ച പഠനമാണ് അസീസിന്റേതായി ഈ പുസ്തകത്തിലുള്ളത്.

എ.കെ. രാമാനുജന്റെ 'മുന്നൂറ് രാമായണങ്ങ'ളുടെ സാംസ്‌കാരിക സ്വാധീനം മലയാളത്തിലുൾപ്പെടെ രാമായണപഠനങ്ങളെ നിർണയിച്ചതിനെക്കുറിച്ചാണ് പി.എൻ. ഗോപീകൃഷ്ണന്റെ രചന. രാമായണത്തിന്റെ സംവാദാത്മകസാധ്യതകളെക്കുറിച്ചുള്ള കെ. ശ്രീകുമാറിന്റെയും ഹിന്ദുത്വവാദികളും ഗാന്ധിയും മുന്നോട്ടുവച്ച രാമന്റെ വൈരുധ്യങ്ങളെക്കുറിച്ചുള്ള അമൃത്‌ലാലിന്റെയും ലേഖനങ്ങൾ തുടർന്നുവരുന്നു. ഇന്ത്യയിൽ രാഷ്ട്രീയനേതാക്കൾ രാമനെ ഉപയോഗപ്പെടുത്തിയതിനെക്കുറിച്ചുള്ള ചർച്ചയായി വികസിക്കുന്നു, അമൃത്‌ലാലിന്റെ രചന. ശ്രീകണ്ഠൻനായർ മുതൽ രാമാനന്ദ്‌സാഗർ വരെയുള്ളവരുടെ രാമപാഠങ്ങളെ അമൃത്‌ലാൽ വിശകലനം ചെയ്യുന്നു.

'80കൾക്കു ശേഷമുള്ള ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രബലമായ രാമസങ്കല്പം രൂപപ്പെട്ടിരിക്കുന്നത് അയോധ്യാ പ്രസ്ഥാനത്തിന്റെ യുദ്ധോദ്യുക്തനായ പൗരുഷ നായകനായിട്ടാണ്. തുളസീദാസിന്റെ രാമചരിതമാനസത്തിനുള്ള സ്ഥായിയായ വശ്യതയും 80കളിലെ രാമാനന്ദസാഗറിന്റെ ടെലിവിഷൻ രാമായണത്തിന്റെ ജനപ്രീതിയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ രാമന് നിലമൊരുക്കുന്നതിന് കാരണമായ 'മോഹിപ്പിക്കുന്ന ഹിന്ദുത്വം' (എമരെശിമശേിഴ ഒശിറൗവേ്മ) എന്ന പുസ്തകത്തിന്റെ രചയിതാവ് ബദ്‌രി നാരായൻ ഈ പ്രക്രിയയെ ഇങ്ങനെ വിവരിക്കുന്നു: 'എല്ലാ ഹിന്ദു ജാതികളേയും അവരുടെ പൊതുശത്രുവായ മുസ്ലിംങ്ങൾക്കെതിരെ അണിനിരത്താനുപകരിക്കുന്ന രാമന്റെ ഒരു രണോത്സുക ചിത്രത്തെ തങ്ങളുടെ പ്രതീകമാക്കി മാറ്റാനുള്ള തിരച്ചിലിലായിരുന്നു ബിജെപി. രാമചരിതമാനസത്തിൽ രാമനെന്ന പ്രതീകത്തിന് ധാരാളം അർത്ഥങ്ങൾ ഉണ്ടെങ്കിലും അവയെല്ലാം ആക്രമണോത്സുകമല്ലാത്തതും അഹിംസാത്മകവുമാണ്. രാമായണം മൊത്തത്തിലെടുത്താൽ രാമൻ ആക്രമണോത്സുകനാവുന്നത് ഒരിക്കൽ മാത്രമാണ്. രാമേശ്വരത്തുനിന്നും ലങ്കയിലേക്ക് സേതുനിർമ്മിക്കുന്ന സമയത്ത് കടലിനെ ശാന്തമാക്കുവാൻ വേണ്ടി അമ്പും വില്ലും കയ്യിലെടുത്തപ്പോഴാണത്. രാമന്റെ ഈ ഒരേയൊരു അക്രമോത്സുക ചിത്രത്തെ പൊക്കിയെടുത്ത് അക്രമോത്സുകമല്ലാത്ത മറ്റ് ചിത്രങ്ങളുമായി ഇണക്കി ചേർക്കുകയും വ്യത്യസ്ത സാംസ്‌കാരിക ലക്ഷ്യങ്ങളെയപ്പാടെ രാഷ്ട്രീയമായി മാറ്റിയെടുക്കുകയും ചെയ്തു. ഇത് സാധ്യമാക്കിയത്. ബിജെപി. വി.എച്ച്. പി.യോടു ചേർന്ന് നടത്തിയ അദ്വാനിയുടെ രഥയാത്ര, ഗ്രാമനവമി വസ്ത്രങ്ങൾ എന്നിവയുടെ വിതരണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെയാണ്. രാമലീലകൾ മതകേന്ദ്രീകൃത സഖ്യനിർമ്മിതിക്കും സാമുദായികമായ ഒഴിച്ചുനിർത്തലുകൾക്കുമുള്ള അവസരങ്ങളായി മാറി'.

രാമൻ എന്ന മൂലരൂപത്തിൽ നിന്നും ശാഖകളായി പിരിയുന്ന പാതകളുടെ കൂട്ടത്തിൽ ചിലർ ഗാന്ധി ചെയ്തതുപോലെ രാമന്റെ അർത്ഥത്തെ സർവ്വാശ്ലേഷിയായ, അമൂർത്തമായ ആശയമായി വികസിപ്പിക്കുന്നു. മറ്റു ചിലർ ഒരു നിമിഷത്തെ ആക്രമണോത്സുകതയിൽ അദ്ദേഹത്തെ തളച്ചിടുന്നു. കബീർ പറയുന്നു: 'രാമനിൽ ആമഗ്നനാവുക, അവിടെ ഹിന്ദുവില്ല, തുർക്കികളുമില്ല'.'.

രാമായണം ഇന്ത്യൻ, കേരളീയ പൊതുസമൂഹത്തിൽ സൃഷ്ടിക്കുന്ന ജാതി, വർണ, വംശ, ലിംഗ, വർഗ രാഷ്ട്രീയങ്ങളുടെ വൈവിധ്യം ചർച്ചചെയ്യുകയാണ് ഈ പുസ്തകത്തിന്റെ മാർഗവും ലക്ഷ്യവും. ഒരളവോളം ഈ ശ്രമം വിജയിക്കുന്നുണ്ടെങ്കിലും ഉത്തരേന്ത്യൻ/ഹിന്ദി മേഖലയിലെ രാമായണ രാഷ്ട്രീയത്തെക്കുറിച്ചുള്ള വലിയ അജ്ഞത മലയാളികളുടെ രാമായണപഠനങ്ങളുടെ പരിമിതിയാണ്. ഈ രംഗത്തുണ്ടായ കൊളോണിയൽ പഠനങ്ങളും പിൽക്കാല പഠനങ്ങളും പൊതുവെ നമ്മുടെ ചർച്ചകളിലെത്തുന്നില്ല. പാഠങ്ങളാകട്ടെ, തീർത്തും നമുക്കജ്ഞാതവുമാണ്.

രാമായണത്തിന്റെ സാംസ്‌കാരിക ചരിത്രവും രാഷ്ട്രീയപ്രത്യയശാസ്ത്രവും വിശകലനം ചെയ്യുന്ന എത്രയെങ്കിലും പുതിയ പഠനങ്ങൾ ഇംഗ്ലീഷിൽ ലഭ്യമാണ്. ഹിന്ദുത്വരാഷ്ട്രീയത്തോട് ബന്ധപ്പെടുത്തി ടെലിവിഷൻ രാമായണത്തെ പഠിക്കുന്ന അരവിന്ദ് രാജഗോപാലിന്റെ ഗ്രന്ഥമാണ് ഇവയിൽ ഏറെ പ്രശസ്തം. ഇന്ത്യൻ ദേശീയതയെ ഒരു ഹിന്ദുപൊതുമണ്ഡലമായി വികസിപ്പിച്ചെടുത്തതിൽ ഏറ്റവും നിർണായകമായ പങ്കുവഹിച്ച ഗീതാപ്രസിന്റെ ചരിത്രം പഠിക്കുന്ന അക്ഷയ്മുകുളിന്റെ ഗ്രന്ഥം മറ്റൊന്നാണ്. 2014വരെ ഗീതാപ്രസ് ഭഗവദ്ഗീത എഴുപത്തിരണ്ട് ദശലക്ഷം കോപ്പികളും രാമചരിതമാനസമുൾപ്പെടെയുള്ള തുളസീദാസകൃതികൾ എഴുപത് ദശലക്ഷം കോപ്പികളും അച്ചടിച്ചു വിറ്റു. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഇന്ത്യയിൽ രൂപംകൊണ്ട ഹിന്ദുത്വവൽക്കരണ ശ്രമങ്ങൾ മിക്കതിനും പിന്നിൽ പ്രവർത്തിച്ച സാംസ്‌കാരികോർജ്ജങ്ങളിൽ മുഖ്യം ഗീതാപ്രസിന്റെ ഈ അച്ചടിവിപ്ലവമായിരുന്നു. ഗോസംരക്ഷണം മുതൽ കമ്മ്യൂണിസത്തിനെതിരായ ആശയപ്രചാരണം വരെ എന്തും ഏതും ഗീതാപ്രസിന്റെ പിന്തുണയോടെയാണ് സംഘപരിവാർ നടത്തിയിട്ടുള്ളതെന്ന് അക്ഷയ്മുകുൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

നരേന്ദ്ര മോദിയുടെ പിൻഗാമിയായി പലരും കാണുന്ന യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദശകങ്ങളായി പാർലമെന്റിൽ പ്രതിനിധാനം ചെയ്യുന്ന ഗോരഖ്പൂരാണ് ഗീതാപ്രസിന്റെ ആസ്ഥാനം.

മൂന്നു ഘടകങ്ങളാണ് സംഘപരിവാറിന്റെ സാംസ്‌കാരിക ദേശീയതാ നിർമ്മിതിക്കും മതരാഷ്ട്രീയപ്രവർത്തനങ്ങൾക്കും ചുക്കാൻപിടിച്ചതെന്ന് അക്ഷയ് സൂചിപ്പിക്കുന്നു. ഒന്ന്, പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒടുവിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ഹിന്ദി, ഹിന്ദുഭാഷയായി വ്യവസ്ഥപ്പെട്ടതും ആ ഭാഷയിൽ അച്ചടി വികസിച്ചതും. രണ്ട്, സനാതന ഹിന്ദുധർമത്തിന്റെ സംരക്ഷണത്തിനായി ഹിന്ദിഭാഷയിൽ ഗീതാപ്രസ് ഇടപെട്ടുതുടങ്ങിയതും അത്ഭുതകരമാംവിധം ആ മണ്ഡലത്തിൽ വിജയിച്ചതും. മൂന്ന്, 1920കളിൽ കരുത്താർജ്ജിച്ചുതുടങ്ങിയ ഹിന്ദു-മുസ്ലിം വർഗീയവിഭജനത്തിന്റെ അന്തരീക്ഷം.

ഇന്ത്യയെ മാറ്റിത്തീർത്ത അറുപത് ആശയ/സ്ഥാപനങ്ങളിലൊന്ന് എന്ന നിലയിൽ 2007-ൽ ഇന്ത്യാടുഡെ, ഗീതാപ്രസിന്റെ സ്വാധീനത്തെക്കുറിച്ച് ശ്രദ്ധേയമായ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. 2015-ൽ അക്ഷയ്മുകുളിന്റെ പുസ്തകവും പുറത്തുവന്നു. എങ്കിലും നമ്മുടെ ചർച്ചകളിൽ ഇന്നും ഇത്തരം വിഷയങ്ങൾ കടന്നുവന്നിട്ടില്ല. മലയാളത്തിലെ രാമായണവ്യവസായംപോലും നമ്മുടെ വിശകലനങ്ങളിലില്ല. തുടക്കത്തിൽ സൂചിപ്പിച്ച പതിനഞ്ച് സാംസ്‌കാരിക പഠനസന്ദർഭങ്ങളെ ആഴത്തിൽ വിശകലനം ചെയ്തും രാമായണത്തിന് മലയാളത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന അഭൂതപൂർവമായ അച്ചടിചരിത്രവും രാമായണമാസാചരണത്തിന്റെ രാഷ്ട്രീയവും മറ്റും ചർച്ചചെയ്തും നടക്കേണ്ട ഒരു 'രാമായണമേള'യുടെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും?

പുസ്തകത്തിൽനിന്ന്

'രാമായണത്തെപ്പറ്റിയുള്ള ഒരു പതിവു ധാരണ രാമായണം ഹൈന്ദവരുടേത് മാത്രമാണെന്നാണ്. ഈയൊരു വിശ്വാസത്തോടെയാണ് പലപ്പോഴും രാമായണം ചർച്ചചെയ്യപ്പെടാറുള്ളത്. ഇത് രാമായണത്തെ അതിന്റെ പാരമ്പര്യത്തിൽ നിന്നും മനസ്സിലാക്കാത്തതിന്റെ പരിമിതിയാണ്. രാമായണം ഹൈന്ദവരുടെ ഇടയിലെന്നപോലെ, ഏറിയോ കുറഞ്ഞോ ബൗദ്ധ-ജൈന-മുസ്ലിം-ദലിത്-ആദിവാസി വിഭാഗങ്ങൾക്കിടയിലും നിലനിൽക്കുന്നുണ്ട്. മതപാഠം എന്നതിനപ്പുറം സാംസ്‌കാരിക പാഠം എന്ന അർഥത്തിലാണ് രാമായണത്തിന്റെ പ്രചാരം. രാമായണം ഒരു ഇന്ത്യൻ ഇതിഹാസം എന്നതിനപ്പുറം ഏഷ്യൻ ഇതിഹാസമായി വളർന്നിട്ടുണ്ട്. ഒട്ടുമിക്ക ഏഷ്യൻ രാജ്യങ്ങളിലും രാമായണ പാഠങ്ങൾ നിലവിലുണ്ട്.

എടുത്തുപറയേണ്ട സവിശേഷത, പ്രാചീന രാമകഥാ സാഹിത്യം എന്നത് സംസ്‌കൃത സാഹിത്യത്തിന്റെ മാത്രം ഭാഗമല്ല എന്നുള്ളതാണ്. രാമകഥാ സാഹിത്യത്തിലെ ഏറ്റവും പ്രസിദ്ധമായ വാൽമീകിയുടെ രാമായണം സംസ്‌കൃതത്തിലാണെങ്കിൽ ബൗദ്ധജാതകങ്ങൾ പാലി ഭാഷയിലും ജൈനമതസ്ഥരുടെ 'പഉമചരിതം' പ്രാകൃതത്തിലുമാണ്. ഈ മൂന്ന് കൃതികളും പങ്കുവെക്കുന്നത് രാമകഥയാണെങ്കിലും അടിസ്ഥാനപരമായ ചില പാഠാന്തരങ്ങൾ ഇവകൾക്കിടയിലുണ്ട്. ഉദാഹരണമായി വാൽമീകിയുടെ രാമൻ അയോധ്യയിലെ രാജാവാണെങ്കിൽ ബുദ്ധിസ്റ്റ് പാഠമനുസരിച്ച് വാരാണസിയിലെ രാജാവാണ്. അയോദ്ധ്യ ഒരു ബുദ്ധകേന്ദ്രം കൂടിയായിരുന്നു എന്ന കാര്യം വിസ്മരിക്കരുത്. ബൗദ്ധകഥയനുസരിച്ച് രാമനും ലക്ഷ്മണനും സീതയും ദശരഥന്റെ ഒരേ ഭാര്യയിലുള്ള മക്കളാണ്. വാൽമീകിരാമായണം ഈ പാഠത്തെ നിരാകരിക്കുന്നു. ഇത്തരത്തിലുള്ള നിരവധി പാഠാന്തരങ്ങൾ പ്രബല രാമായണങ്ങൾക്കിടയിലുണ്ട്.

രാമായണം ഭിന്നമതസ്ഥരെ സ്വാധീനിച്ചതുപോലെ ഭിന്ന രാജ്യക്കാരെയും സ്വാധീനിച്ചിട്ടുണ്ട്. എല്ലാ ഏഷ്യൻ രാജ്യങ്ങളിലും രാമായണസാഹിത്യമുണ്ട്. ഇന്തോനേഷ്യ, മലേഷ്യ, ചൈന, വിയറ്റ്‌നാം, ജപ്പാൻ, ബർമ്മ, തായ്‌ലന്റ്, നേപ്പാൾ, ശ്രീലങ്ക, കംബോഡിയ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിലെ രാമായണ ഗ്രന്ഥങ്ങൾ എടുത്തുപറയേണ്ടവയാണ്. ഇവയിൽ ചിലതിൽ ഹൈന്ദവ സ്വാധീനവും മറ്റു ചിലതിൽ ബൗദ്ധ സ്വാധീനവുമാണുള്ളത്,

പൊതുവെ വിദേശരാമായണകഥകൾ വാൽമീകി രാമായണത്തോടും ബൗദ്ധരാമകഥാപാരമ്പര്യങ്ങളോടും ബന്ധം പുലർത്തുന്നവയാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും സൂക്ഷ്മാർഥത്തിൽ, അതത് രാജ്യങ്ങളുടെ നിറവും ഗന്ധവും ഉള്ളവയാണെന്ന് പെട്ടെന്ന് തിരിച്ചറിയാനാകും. അതാത് രാജ്യങ്ങളിലെ ജനജീവിതവും വിശ്വാസാചാരങ്ങളും അവയിൽ നിഴലിക്കുന്നതായി കാണാം. ഉദാഹരണമായി, ബഹുഭർതൃത്വം നിലനിന്നിരുന്ന പ്രദേശമായ പഴയ ടർക്കിസ്ഥാന്റെ കിഴക്കൻ പ്രദേശങ്ങൾ ചേർന്ന ഖോത്താനിൽ പ്രചരിച്ച രാമകഥയിൽ സീതയെ വിവാഹം ചെയ്യുന്നത് രാമനും ലക്ഷ്മണനുമാണ്'.

'വാമൊഴിപാരമ്പര്യത്തിൽ, ആദിവാസികൾക്കിടയിൽ നിലനിൽക്കുന്ന രാമകഥാപാരമ്പര്യം സവിശേഷ പഠനം അർഹിക്കുന്ന മേഖലയാണ്. കേരളത്തിനു പുറത്ത് ഇത്തരത്തിലുള്ള നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. പ്രത്യേകിച്ച്, സന്താലി, കോല, ഉറാംവ്, ഗോണ്ട്, ബിർഹോർ, പർധാൻ, ബൈഗാ-ഭൂമിയാ, ആഗാരിയ, മുണ്ഡ തുടങ്ങിയ വിഭാഗങ്ങൾക്കിടയിൽ നടന്ന ഗവേഷണങ്ങൾ എടുത്തുപറയേണ്ടതാണ്. ഇവയിൽ പല വിഭാഗങ്ങളും രാമായണപാരമ്പര്യം അവകാശപ്പെടുന്നവരാണ്. ഗോണ്ട്, ഉറാംവ് ജാതികൾ, തങ്ങൾ രാവണന്റെ വംശജരാണെന്ന് അവകാശപ്പെടുന്നു.

മധ്യഭാരതത്തിലെ കോലന്മാർ തങ്ങൾ രാമായണ കഥാപാത്രമായ ശബരിയുടെ വംശത്തിൽ പെട്ടവരാണെന്ന് വാദിക്കുന്നു. ഹനുമാന്റെ വംശത്തിൽ പെട്ടവർ എന്നവകാശപ്പെടുന്ന, വാനരൻ എന്നർത്ഥമുള്ള ഒട്ടേറെ ജാതികൾ ഇന്ത്യയിലുണ്ട് (ബജ്‌റംഗ്, ഹൽമാൻ, ഗഢി, തിഗ്ഗ). വാൽമീകി എന്നതും ഉത്തരേന്ത്യയിലെ ഒരു ജാതിപ്പേരാണ്. വാൽമീകി മഹർഷി തങ്ങളുടെ സമുദായത്തിൽപെട്ട ആളായിരുന്നു എന്ന് ഈ പിന്നോക്ക ജാതിക്കാർ അഭിമാനിക്കുന്നു. കേരളത്തിലെ ഇരുളർ, അടിയർ, കുറിച്യർ, മുള്ളകുറുമാർ, പണിയർ തുടങ്ങിയ ആദിവാസി വിഭാഗങ്ങൾക്കിടയിൽ രാമായണ കഥകൾ പ്രചാരത്തിലുണ്ട്. രാമായണത്തെ തങ്ങളുടെ ജീവിത ചുറ്റുപാടുകളിലേക്കും വിശ്വാസാചാരങ്ങളിലേക്കും സന്നിവേശിപ്പിക്കുകയാണ് അവർ ചെയ്തത്.

വാൽമീകി രാമായണത്തിൽ നിന്ന് ഏറെ വ്യത്യസ്തമായ പാഠമാണ് വയനാട്ടിലെ വാമൊഴി രാമായണങ്ങൾ മുന്നോട്ടുവെക്കുന്നത്. അവ എ.കെ. രാമാനുജൻ മുതൽ ഡോ. കെ.എൻ. പണിക്കർ വരെയുള്ളവർ നിരീക്ഷിച്ചതുപോലെ സ്വതന്ത്രമായ 'പറയലു'കളാണ്.

വയനാടിന്റെ സാംസ്‌കാരികവും സാമൂഹികവും പ്രാദേശികവും പ്രകൃതിസംബന്ധിയുമായ പ്രത്യേകതകളുമായി ഇഴുകിച്ചേർന്നിട്ടുള്ളവയാണ് വയനാടൻ രാമകഥകൾ. തീർച്ചയായും രാമായണ സാഹിത്യമെന്ന മഹാസമുദ്രത്തിലേക്കുള്ള അരുവികളാണിവ. ഇന്ത്യൻ ഇതിഹാസത്തിന്റെ ബഹുസ്വരമായ വ്യാഖ്യാനങ്ങളിലും പാഠവൈപുല്യത്തിലും ഇവയുടെ ശബ്ദമുണ്ട്. നിശ്ചയമായും ഈ പാഠവൈപുല്യം/ബഹുസ്വരത രാമായണത്തിന്റെ അനന്തമായ സാധ്യതയാണ് പ്രഘോഷിക്കുന്നത്; പരിമിതിയല്ല'.

പലരാമായണങ്ങൾ
പലവായനകൾ
എഡി. സിവിക്ചന്ദ്രൻ
സ്‌പെൽബുക്‌സ്, കോഴിക്കോട്
2016, വില: 70 രൂപ

  • (ശീർഷകത്തിന് എം.ജി. രാധാകൃഷ്ണനോട് കടപ്പാട്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP