Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പറഞ്ഞുതീരാതെ, പി.ജി.

പറഞ്ഞുതീരാതെ, പി.ജി.

ഷാജി ജേക്കബ്

ഴുതിയതിനേക്കാൾ അറിഞ്ഞും അറിഞ്ഞതിനെക്കാൾ വായിച്ചും വായിച്ചതിനെക്കാൾ പറഞ്ഞും പറഞ്ഞതിനെക്കാൾ പറയാതെയും മലയാളിയുടെ സാംസ്‌കാരിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ തന്റെ അസാധാരണമായ വ്യക്തിമുദ്ര പതിപ്പിച്ച ഇടതുപക്ഷ ബുദ്ധിജീവിയായിരുന്നു, പി. ഗോവിന്ദപ്പിള്ള. 1940കളിലാരംഭിക്കുന്ന കേരളത്തിലെയും ഇന്ത്യയിലെയും ജീവൽ-പുരോഗമനസാഹിത്യപ്രസ്ഥാനങ്ങളിൽ നിന്ന് മലയാളിക്കു ലഭിച്ച ഏറ്റവും സന്തുലിതമായ ചിന്തയും സമഗ്രമായ വിചാരങ്ങളും പി.ജി.യുടേതായിരുന്നു.

ഒരുപക്ഷെ, ഇ.എം.എസിനെക്കാൾ ജനാധിപത്യബോധത്തോടെ, സാഹിത്യ, സാംസ്‌കാരിക വിഷയങ്ങളിൽ ഇടപെടാനും എതിരഭിപ്രായങ്ങളെ അഭിമുഖീകരിക്കാനും സുതാര്യവും സുവ്യക്തവുമായ അഭിപ്രായ പ്രകടനശേഷി നിലനിർത്താനും കഴിഞ്ഞിരുന്നു, എക്കാലത്തും പി.ജി.ക്ക്. അക്കാദമിക പഠനരീതിശാസ്ത്രങ്ങളിലും പി.ജി. മറ്റേതൊരു പ്രമുഖ മാർക്‌സിസ്റ്റ് ബുദ്ധിജീവിക്കുമൊപ്പം ഭദ്രമായ നിലപാടുതറ രൂപപ്പെടുത്തിയിരുന്നു.

ക്ലാസിക്കൽ-യാന്ത്രിക-സോവിയറ്റ്-വൾഗർ മാർക്‌സിസത്തിന്റെ ജഡസ്വഭാവങ്ങൾ മറികടന്ന് ഒട്ടൊക്കെ സ്വതന്ത്രവും ഉദാരവുമായ നവമാർക്‌സിസത്തിന്റെ ജൈവസ്വരൂപങ്ങൾ പിൻപറ്റാൻ കഴിഞ്ഞ ആദ്യതലമുറ കേരളീയ മാർക്‌സിസ്റ്റുകളിലൊരാളായിരുന്നല്ലോ അദ്ദേഹം. ആഴവും പരപ്പുമുള്ള തന്റെ വായന, രാഷ്ട്രീയചിന്തയിൽ തളച്ചിട്ടില്ല, പി.ജി. സാഹിത്യം, സിനിമ, കല, മാദ്ധ്യമം, ഭാഷ, സാമൂഹ്യശാസ്ത്രം, ശാസ്ത്രം എന്നിങ്ങനെ ആധുനികതയുടെ സാംസ്‌കാരികമണ്ഡലങ്ങളേതും ചരിത്രബദ്ധവും പ്രത്യയശാസ്ത്രനിഷ്ഠവുമായി നിർധാരണം ചെയ്യാൻ പി.ജി. കാണിച്ചിരുന്ന ഉത്സാഹവും ജാഗ്രതയും അസാധാരണമായിരുന്നു.

അദ്ദേഹത്തിന്റെ ബൗദ്ധികഭാവനയ്ക്കു വഴങ്ങാത്തതായി സ്പോർട്സ് ഒഴികെ വിഷയങ്ങളൊന്നുമുണ്ടായിരുന്നില്ല എന്നത് പ്രസിദ്ധമാണല്ലോ. സി. അശോകനുമായി നടത്തിയ ഈ അഭിമുഖങ്ങൾ തെളിയിക്കുന്നതും, ഈവിധം തെളിച്ചമുറ്റ ഒരു ബൗദ്ധികവ്യക്തിത്വത്തെയാണ്. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത പി.ജി.യുടെ വിചാരലോകങ്ങളിലേക്കു തുറന്ന ഒരു കിളിവാതിലാണ് ഈ പുസ്തകം. അഥവാ, തുറന്ന സംവാദത്തിന്റെ കൈപ്പുസ്തകം. വായനക്കുശേഷവും ഈ പുസ്തകത്തിലെ പി.ജി.യുടെ നിലപാടുകൾ കേരളീയ പൊതുമണ്ഡലത്തിന്റെ കാവൽസ്വരങ്ങളിലൊന്നായി നമ്മുടെ ഓർമയിൽ പ്രതിധ്വനിക്കാതിരിക്കില്ല.

പതിമൂന്നു വിഷയങ്ങളെ കേന്ദ്രീകരിച്ച് ചെറുതെങ്കിലും കാര്യമാത്ര പ്രസക്തവും രാഷ്ട്രീയ തീവ്രവും ബുദ്ധിപൂർവകവുമായി പി.ജി.യും അശോകനും തമ്മിൽ നടത്തുന്ന സംഭാഷണങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ചെറിയൊരു കാലയളവിൽ നടത്തിയവയാണെങ്കിലും അതിദീർഘമായ ഒരു കാലത്തോടുള്ള ചരിത്രാഭിമുഖ്യങ്ങൾ ഇവയ്ക്കടിത്തറയായുണ്ട്.

പി.ജി.യുടെ വിചാരജീവിതത്തെ സാമാന്യമായവലോകനം ചെയ്യുന്ന ശ്രദ്ധേയമായൊരാമുഖം അശോകൻ ഈ പുസ്തകത്തിനെഴുതിയിട്ടുണ്ട്. 1940കളിൽ തുടക്കമിടുന്ന ആ ജീവിതത്തിന്റെ ബൗദ്ധികതലങ്ങളും രാഷ്ട്രീയമാനങ്ങളും കേരളീയ മാർക്‌സിസ്റ്റ് ചിന്തയുടെതന്നെ ജീവചരിത്രത്തിന്റെ ഭാഗമായി മാറുന്നു. സോവിയറ്റ് മാർക്‌സിസത്തിന്റെ മൗലികവാദപരമായ പാഠങ്ങളുരുവിട്ടുതന്നെയാണ് പി.ജി.യും വളർന്നത്.

പക്ഷെ വളരെവേഗം അതിന്റെ ഉരുക്കുചട്ടക്കൂടിനും ഇരുമ്പുമറയ്ക്കും വെളിയിലെത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. ഒപ്പം 1970കളിൽ മലയാളത്തിൽ രൂപംകൊണ്ടു തുടങ്ങിയ നവമാർക്‌സിയൻ കാഴ്ചപ്പാടുകൾക്ക് സർഗാത്മകമായ നേതൃത്വം നൽകാനും. വരണ്ട സിദ്ധാന്തമോ അടഞ്ഞ പുസ്തകമോ ആയിരുന്നില്ല പി.ജി.ക്ക് മാർക്‌സിസം. ജന്മിത്തത്തിനെതിരെ നടന്ന സമരങ്ങളിൽ തുടക്കമിട്ട്, മുതലാളിത്തത്തിനെതിരായ സമരങ്ങളിലൂടെ വളർന്ന് നവസാമ്രാജ്യത്തത്തിനെതിരെയുള്ള സമരങ്ങളിൽ എത്തിനിൽക്കുന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇടർച്ചകളും പതർച്ചകളും ഏറെയുണ്ടായിട്ടുണ്ട്. വ്യതിചലനങ്ങളുടെയും വിമർശനങ്ങളുടെയും പിളർപ്പുകളുടെയും സമാന്തരചരിത്രംതന്നെ അതിനുണ്ട്. 1980കളിലെ സംക്രമണഘട്ടത്തിൽ പി.ജി. തന്നെയും തന്റെ നിലപാടുകളുടെ താത്വികഭദ്രതകളിലും പ്രായോഗിക പദ്ധതികളിലും ഒട്ടൊക്കെ ആശങ്കപ്പെടുകയുണ്ടായിട്ടുണ്ട്. എങ്കിലും പാർട്ടിയുടെ തുരുമ്പുപിടിച്ച യന്ത്രഘടനയ്ക്കുമേൽ പ്രത്യയശാസ്ത്രത്തിന്റെ എണ്ണയിടാൻ ശ്രമിച്ച അപൂർവം മാർക്‌സിസ്റ്റുകളിലൊരാളായി പി.ജി. നിലനിന്നു. കമ്യൂണിസത്തിന്റെ കുപ്രസിദ്ധമായ മരണത്തെത്തുടർന്ന് മാർക്‌സിസം തന്നെയും അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന കാലത്ത് തന്റെയും സംഘടനയുടെയും ഭാവിയെക്കുറിച്ച് അത്ര വലിയ ആശങ്കകളില്ലാതെ സംസാരിക്കാൻ പി.ജി.ക്കു കഴിഞ്ഞത് അദ്ദേഹത്തിന്റെ അസാധാരണമായ വൈജ്ഞാനികധാരണകൾ മൂലമായിരുന്നു. യൂറോപ്യൻ നവോത്ഥാനം തൊട്ടാരംഭിക്കുന്ന ആധുനിക പശ്ചാത്യ വൈജ്ഞാനിക വിപ്ലവത്തിന്റെ ചരിത്രം മുതൽ പാശ്ചാത്യേതര വിജ്ഞാനചരിത്രങ്ങളുടെ രാഷ്ട്രീയം വരെ; കീഴാളപഠനങ്ങളുടെ സാംഗത്യം മുതൽ സ്വത്വരാഷ്ട്രീയങ്ങളുടെ പരിമിതികൾ വരെ; ക്ലാസിക്കൽ മാർക്‌സിസത്തിന്റെ ദൗർബ്ബല്യങ്ങൾ മുതൽ പോസ്റ്റ് മാർക്‌സിസത്തിന്റെ വെല്ലുവിളികൾ വരെ; സംസ്‌കാരവ്യവസായം മുതൽ ഡിജിറ്റൽ വിഭജനം വരെ-ഒരു മേഖലയും പി.ജി. വിശദീകരിക്കാതെയും വ്യാഖ്യാനിക്കാതെയുമിരിക്കുന്നില്ല. ഓരോന്നിലും തന്റേതായ കാഴ്ചപ്പാടുകളവതരിപ്പിക്കാനും നിലപാടുകൾ പുലർത്താനും അദ്ദേഹത്തിനു കഴിയുന്നു.

ഭാരതീയചിന്താപാരമ്പര്യവും മാർക്‌സിസവും, പുരസ്‌കാരങ്ങൾക്കു പിന്നിലെ രാഷ്ട്രീയതാല്പര്യങ്ങൾ, പോസ്റ്റ് മാർക്‌സിസ്റ്റു ചിന്തകൾ, മാർക്‌സിസവും തൊഴിലാളിവർഗ്ഗവും, എഴുത്തും പ്രത്യയശാസ്ത്രവും, പി ജിയും സിനിമയും, സ്ത്രീയുടെ ഇന്ത്യനവസ്ഥ, കല ജീവിതം മാദ്ധ്യമം, കലയും സമൂഹവും, പുരോഗമന കലാസാഹിത്യ പ്രസ്ഥാനവും പെരുമ്പാവൂർ രേഖയും, സ്വത്വബോധവും വർഗ്ഗബോധവും, സാഹിത്യാസ്വാദനവും സാമൂഹ്യ യാഥാർത്ഥ്യവും എന്നിവയാണ് ഈ പുസ്തകത്തിലെ സംവാദമേഖലകൾ. തനതായ ഇടപെടലുകൾ നടത്തിക്കൊണ്ടാണ് തന്റെ ആശയലോകത്തെ പി.ജി. അനാവരണം ചെയ്യുന്നത്. മാർക്‌സിസ്റ്റ് സാമൂഹ്യസംവാദങ്ങളിൽ സാധാരണ കടന്നുവരാറുള്ള മിക്കവാറും എല്ലാ വിഷയമേഖലകളും ഈ സംഭാഷണങ്ങൾ സ്പർശിച്ചു പോകുന്നു. പൊതുവെ രണ്ടു വിഭാഗമായി കാണാം ഈ സംവാദലോകത്തെ. വൈരുധ്യാത്മക ഭൗതികവാദത്തിന്റെ ചരിത്രപരമായ പ്രസക്തി, വർഗസങ്കല്പനത്തിന്റെ ആധുനികാനന്തര യുക്തി, മതം, ശാസ്ത്രം എന്നീ മണ്ഡലങ്ങളോടുള്ള മാർക്‌സിസത്തിന്റെ ബന്ധം, ഇന്ത്യൻ കമ്യൂണിസത്തിന്റെ പ്രതിസന്ധി, സ്വത്വ-വർഗ രാഷ്ട്രീയങ്ങളുടെ സംഘർഷം, പോസ്റ്റ് മാർക്‌സിസം എന്നിങ്ങനെ പ്രത്യയശാസ്ത്രപരവും പ്രായോഗികവുമായ തലങ്ങളിൽ മാർക്‌സിസത്തിന്റെ ചരിത്രജീവിതം പിന്നിട്ടുപോകുന്ന സന്ദർഭങ്ങളുടെയോ സങ്കല്പനങ്ങളുടെയോ ചർച്ചകളാണ് ഒരു വിഭാഗം. ഹെഗലിയൻ ആശയവാദം, മാർക്‌സിന്റെയും എംഗൽസിന്റെയും ചരിത്രപരമായ ഭൗതികവാദം എന്നിവ തുടങ്ങി ഗ്രാംഷിയുടെയും അൽത്തൂസറിന്റെയും മാർക്‌സിസ്റ്റ് വ്യാഖ്യാനങ്ങൾ, ഫൂക്കോ, ലിയോത്താർ, ഹണ്ടിങ്ടൺ, ഫുക്കുയാമ തുടങ്ങിയവരുടെ നിശിതവിമർശനങ്ങൾ, വിവരയുഗത്തിൽ വർഗസങ്കല്പനത്തിനുള്ള സാംഗത്യം എന്നിവ വരെ ഈ ഭാഗത്തു ചർച്ചചെയ്യപ്പെടുന്നു. 'രാഷ്ട്രീയസംസ്‌കാര'മാണ് ഈ ഭാഗത്തെ സംവാദവിഷയമെങ്കിൽ രണ്ടാമത്തെ വിഭാഗം 'സാംസ്‌കാരികരാഷ്ട്രീയ'ത്തിന്റേതാണ്.

കലയും സമൂഹവും തമ്മിലുള്ള ബന്ധം, മാദ്ധ്യമങ്ങളും മാർക്‌സിസ്റ്റ് പ്രയോഗങ്ങളും, എഴുത്തിന്റെ പ്രത്യയശാസ്ത്രം, സാഹിത്യ, കലാസ്വാദനപ്രക്രിയയും സാമൂഹികതയും, സിനിമയുടെ രാഷ്ട്രീയം, പുരോഗമന കലാസാഹിത്യപ്രസ്ഥാനത്തിന്റെ സന്ധികളും പ്രതിസന്ധികളും എന്നിങ്ങനെ മാർക്‌സിയൻ സൗന്ദര്യശാസ്ത്രം പൊതുവിലും കേരളീയസന്ദർഭത്തിലെ മാർക്‌സിയൻ സാംസ്‌കാരികസന്ദർഭങ്ങൾ വിശേഷിച്ചും ചർച്ചക്കെടുക്കുന്നു, ഈ ഭാഗത്ത്.

പി.ജി.യുടെ ചില നിരീക്ഷണങ്ങൾ ശ്രദ്ധിക്കുക:

(1) 'മാർക്‌സ് തന്നെ ആനുഷംഗികമായി ചെയ്ത ചില പ്രസ്താവനകൾ ശരിയായിരുന്നില്ല എന്ന് ഇന്ത്യൻ മാർക്‌സിസ്റ്റ് ചരിത്രകാരന്മാർ കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഇന്ത്യയിലെ സമൂഹം സഹസ്രാബ്ദങ്ങളായി പരിവർത്തനരഹിതമായി തുടരുകയായിരുന്നുവെന്ന മാർക്‌സിന്റെ സൂചന ഇന്ത്യൻ മാർക്‌സിസ്റ്റുകൾ അംഗീകരിക്കുന്നില്ല. അതുപോലെ പ്രാകൃത കമ്യൂണിസം, അടിമ വ്യവസ്ഥ, നാടുവാഴിത്തം, മുതലാളിത്തെ എന്നിവ ഉൾക്കൊള്ളുന്ന ചതുർഘട്ട സാമൂഹ്യവികാസം അതേ രീതിയിൽ തന്നെ ഇന്ത്യക്ക് ബാധകമാണ് എന്ന ധാരണ കൊസാംബിയും മറ്റും തിരുത്തുകയുണ്ടായി. മാർക്‌സിസ്റ്റ് ചരിത്രശാസ്ത്രത്തിന് അത് ഒരു സംഭാവന തന്നെയാണ്. മാർക്‌സിസം മറ്റ് പല വിജ്ഞാനശാഖകളും പോലെ നിരന്തരം വളർന്നുകൊണ്ടിരിക്കുന്ന ഒരു ചിന്താപദ്ധതിയാണ്. വളർച്ച നിലയ്ക്കുന്ന സന്ദർഭത്തിൽ നിലയ്ക്കുന്നത് വളർച്ച മാത്രമല്ല ജീവൻ കൂടിയാണ്. അതുകൊണ്ടു മാർക്‌സിസം ജീവിക്കുന്നു എന്ന് പറയുന്നതിന്റെ അർത്ഥം അത് നിരന്തരം വളർന്ന് കൊണ്ടിരിക്കുന്നു എന്ന് കൂടിയാണ്. വളർച്ച എന്ന് പറഞ്ഞാൽ കാലഹരണപ്പെട്ടവ തിരസ്‌കരിക്കുകയും സജീവമായത് വളരുകയും ചെയ്യുമെന്നർത്ഥം'.

(2) 'മിന്നൽപ്പിണർ പോലെ നമ്മെ ആകർഷിക്കുകയും നമ്മെ നിരാശപ്പെടുത്തികൊണ്ട് അപൂർമധാരണകൾ അപ്രത്യക്ഷമാക്കുകയും ചെയ്യുന്ന ടെലിവിഷനിലും അതുപോലുള്ള ദൃശ്യ സംവേദനോപാധികളും വാസ്തവത്തിൽ സർവ്വാധിപത്യത്തിന്റെ ഉപകരണങ്ങളാണ്. റേഡിയോയും സിനിമയും ആദ്യമായി രാഷ്ട്രീയ പ്രചരണോപാധിയാക്കിയത് നാസി ജർമ്മനിയിൽ അഡോൾഫ് ഹിറ്റ്‌ലർ ആണെന്നത് യാദൃച്ഛികമല്ല. ഈ വിമർശനമൊക്കെയുണ്ടെങ്കിലും പ്ലേറ്റോയ്ക്ക് പറ്റിയ അമളി നമുക്കും പറ്റുന്നു. നാം വിമർശിക്കുന്ന ഈ സാങ്കേതിക വിദ്യയിൽ നിന്നും നമുക്കു മോചനമില്ല. അപ്പോൾ പിന്നെന്താണ് വഴി? എങ്ങനെ ഈ പുതിയ മാദ്ധ്യമത്തെ ദോഷങ്ങളെല്ലാം കഴിവുള്ളതത്ര ദുരീകരിച്ച് ഗുണപരമായി ഉപയോഗപ്പടുത്തുവാൻ കഴിയും. പറയുന്നതുപോലെ എളുപ്പമല്ലെങ്കിലും മറ്റെന്താണു പറയുവാൻ കഴിയുക, ബൂർഷ്വാ പ്രചാരവേല നിർലജ്ജം നടത്തുക എന്ന ലക്ഷ്യത്തോടു കൂടി പ്രവർത്തിച്ചു വരുന്ന ഇലക്‌ട്രോണിക് മാദ്ധ്യമങ്ങൾക്ക് ബദലായി ഇടതുപക്ഷക്കാർ നടത്തുന്ന ചാനലുകളും മേൽവിവരിച്ച പരിമിതികളിൽ നിന്നും ദോഷങ്ങളിൽ നിന്നും വിമുക്തമല്ല എന്നതാണ് പുരോഗമനവാദികൾ നേരിടുന്ന വെല്ലുവിളി'.

(3) 'ഏതു വിലപ്പെട്ട സാഹിത്യസൃഷ്ടിയും കവിതയോ കഥയോ നാടകമോ മറ്റ് ഗാനമോ- അത് മനുഷ്യന്റെ സാംസ്‌കാരിക പാരമ്പര്യത്തിലേക്ക് മുതൽക്കൂട്ടാകാത്തപക്ഷം അതിന് സാഹിത്യമെന്ന പേര് അർഹിക്കുന്നില്ല. സംസ്‌കാരമെന്നത് ഒറ്റപ്പെട്ട മനുഷ്യന്റെ വികാരവിചാരങ്ങളല്ല.
സമൂഹത്തെ നിലനിറുത്തുന്നതും സമ്പന്നമാക്കുന്നതും സംസ്‌കാരമാണ്. അതിനുപകരിക്കാത്ത സർഗ്ഗോല്പന്നം നാഭീധ്യാനതല്പരർക്കുള്ള സ്വയംഭോഗ വസ്തുവാണ്. അതുകൊണ്ട് ഈ സാംസ്‌കാരിക ഘടകം ഒഴിവാക്കിയാൽ ആ സാഹിത്യസൃഷ്ടി അകംപൊള്ളയായ പുറംതോടുപോലെ അവശേഷിക്കും. സാഹിത്യത്തിലും കലയിലും രൂപം ആണ് പ്രധാനമെന്നും ഭാവം നിസ്സാരമാണെന്നും കരുതുന്നവർ സാഹിത്യത്തെ അതിന്റെ ഹൃദയത്തിൽ നിന്ന് വേർപെടുത്തുകയാണ് ചെയ്യുന്നത്'.

പി.ജി.യുടെ നിലപാടുകളുടെയും കാഴ്ചപ്പാടുകളുടെയും ലോകം ആഴവും പരപ്പുമുള്ള ഒന്നാണ്. കടുംപിടുത്തങ്ങളില്ലാത്ത വാദമുഖങ്ങൾ, കാറ്റും വെളിച്ചവും കടക്കുന്ന ചട്ടക്കൂടുകൾ, അസാമാന്യമായ ഭാഷാപ്രയോഗങ്ങൾ, അതാര്യമോ അനഭിഗമ്യമോ അല്ലാത്ത ആശയതലങ്ങൾ, കുറ്റസമ്മതങ്ങളും കുമ്പസാരങ്ങളും നിറഞ്ഞ ഭൂതകാലവിചാരണകൾ, ജനാധിപത്യത്തോടുള്ള സംവാദാത്മക സമീപനങ്ങൾ, കാലിക പ്രതിസന്ധികളിൽ അടിപതറാതിരിക്കാനുള്ള മുൻകരുതലുകൾ.... പുസ്തകത്തിലുടനീളം അശോകന്റെ ചോദ്യങ്ങൾക്കും പി.ജി.യുടെ ഉത്തരങ്ങൾക്കുമുള്ള ഊർജ്ജവും ആർജ്ജവവും ഒന്നുവേറെതന്നെയാണ്.

സംവാദത്തിൽനിന്ന്

'പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ പെരുമ്പാവൂർ രേഖയുടെ പ്രസക്തി എന്താണ്?

പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ സങ്കുചിതവും വരട്ടുതത്ത്വവാദപരവും ആയ ചില പ്രവണതകൾ ഇടയ്ക്ക് തലപൊക്കുകയും പ്രസ്ഥാനത്തിന്റെ വ്യാപ്തി കുറയ്ക്കുകയും ചിലപ്പോൾ പിളർപ്പിന് തന്നെ വഴിവെക്കുകയും ചെയ്തിട്ടുണ്ട്. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയും അതിലെ ഒരു മുഖ്യഘടകമായി കമ്യൂണിസ്റ്റ് സാഹിത്യകാരന്മാർ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അത് കമ്യൂണിസ്റ്റ് സാഹിത്യകാരന്മാരുടെ മാത്രം സംഘടനയല്ല. തീർച്ചയായും പുരോഗമന സാഹിത്യത്തിന് പ്രത്യയശാസ്ത്രപരമായി ചില കാഴ്ചപ്പാടുകളുണ്ടെങ്കിലും അവയുമായി പൊരുത്തപ്പെടാൻ കഴിയാത്തവർക്കും ആ പ്രസ്ഥാനത്തിൽ പങ്കെടുക്കാനും സംവാദങ്ങൾ നടത്താനും അവകാശമുണ്ടായിരിക്കണം.

1. 1944ൽ എംപി. പോളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന് പുനഃസംഘടിപ്പിച്ച പുരോഗമന സാഹിത്യ സംഘത്തിന്റെ ശൈലിയും അതായിരുന്നു. നേരത്തെ പറഞ്ഞ ചില പാകപ്പിഴകൾമൂലം 1949ൽ പ്രസ്ഥാനം പിളർന്ന് രണ്ടായി. കമ്യൂണിസ്റ്റ് സാഹിത്യകാരന്മാർ ഒരുവശത്തും മുണ്ടശ്ശേരിയെയും പോളിനെയും പോലുള്ള കമ്യൂണിസ്റ്റേതര പുരോഗമനവാദികൾ മറുഭാഗത്തുമായി. 1952ൽ തന്നെ ഈ പിളർപ്പിന് വഴിവച്ച കമ്യൂണിസ്റ്റ് സാഹിത്യകാരന്മാരുടെ നിലപാട് പിശകായിരുന്നുവെന്നും പഴയ നിലയിലേക്ക് തിരിച്ച് പോകേണ്ടതുണ്ടെന്നും ഇ.എം.എസ്. നമ്പൂതിരിപ്പാട് വ്യക്തമാക്കുകയുണ്ടായി. പിന്നീട് പല കാരണങ്ങളാൽ ഇ.എം.എസിന്റെ ശരിയായ ഈ നിലപാട് പ്രാവർത്തികമാക്കാൻ പതിറ്റാണ്ടുകൾ എടുത്തു. 1992ൽ പെരുമ്പാവൂർ വച്ച് ചേർന്ന പുരോഗമനസാഹിത്യസമ്മേളനം ഈ വിശാലമായ കാഴ്ചപ്പാട് അംഗീകരിച്ചുവെന്നതാണ് പെരുമ്പാവൂർ രേഖയുടെ പ്രത്യേക പ്രാധാന്യം.

2. 1981ൽ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ അധ്യക്ഷതയിൽ പുരോഗമന സാഹിത്യപ്രസ്ഥാനം സാഹിത്യേതര കലകളെകൂടി ഉൾപ്പെടുത്തി പുരോഗമന കലാസാഹിത്യസംഘമായി തീർന്നു. ഈ സാഹിത്യേതര കലാരംഗങ്ങളിലുള്ള പ്രവർത്തനങ്ങൾ മുൻപുതന്നെ ആരംഭിച്ചിരുന്നുവെങ്കിലും പെരുമ്പാവൂർ രേഖയോട് കൂടിയാണ് അത് ഔപചാരികമായ ഒരു നയമായി അംഗീകരിക്കപ്പെട്ടത്.

3. ഈ കാലയളവിൽ മാദ്ധ്യമരംഗത്ത് ഒരു വലിയ വിപ്ലവം തന്നെ നടന്ന് കഴിഞ്ഞിരുന്നു. പത്രമാസികകളുടെയും പുസ്തകങ്ങളുടെയും അച്ചടിയും വിതരണവും പൂർവ്വാധികം വർദ്ധിച്ചു. കൂടാതെ റേഡിയോ, ടെലിവിഷൻ, സിനിമ മുതലായവ ജനജീവിതത്തിന്റെ അവിഭാജ്യഘടകമായി. 1949ൽ പുരോഗമന സാഹിത്യസംഘം പിളരുന്ന കാലത്ത് റേഡിയോയും ടെലിവിഷനും പ്രചാരത്തിൽ വന്നിട്ടില്ലായിരുന്നു. മലയാള സിനിമപോലും ആണ്ടിൽ ഒന്നോ രണ്ടോ മാത്രമേ അക്കാലത്തുണ്ടാകാറുള്ളൂ. ഈ വസ്തുതകളൊക്കെ കണക്കിലെടുത്താണ് പെരുമ്പാവൂർ രേഖ തയ്യാറാക്കപ്പെട്ടത്.

4. 1975-77 ലെ അടിയന്തരാവസ്ഥ 1977 ലെ പൊതു തിരഞ്ഞെടുപ്പോടുകൂടി അവസാനിച്ചുവെങ്കിലും അടിയന്തരാവസ്ഥയുടെ ഫലമായി വികസിക്കാൻ തുടങ്ങിയ വർഗ്ഗീയവാദം പെരുമ്പാവൂർരേഖ എഴുതുമ്പോഴേക്കും വളരെ ശക്തിയാർജ്ജിച്ചിരുന്നു. 1992 ഡിസംബർ 6-ാം തീയതി ബാബറി മസ്ജിദ് പൊളിക്കുന്നതിന് മുൻപാണ് പെരുമ്പാവൂർരേഖ തയ്യാറായതെങ്കിലും ഈ സംഭവത്തിന്റെ മുൻകൂർ നിഴൽ രേഖയിൽ കണ്ടെത്താം. പിന്നീട് പടിപടിയായി വളർന്ന് സംഘപരിവാർ അധികാരത്തിൽ തന്നെ എത്തുകയുണ്ടായി. ഇപ്പോൾ അവർ കേന്ദ്രത്തിൽ അധികാരത്തിലില്ലെങ്കിലും അവിടെ പ്രധാന പ്രതിപക്ഷമാണ്. ചില സംസ്ഥാനങ്ങളിൽ അവർക്ക് ഇപ്പോഴും സർക്കാരുകൾ ഉണ്ട്. കഴിഞ്ഞ അഞ്ചെട്ട് വർഷങ്ങളായി വർഗ്ഗീയവാദം ഭീകരവാദമായി മാറുകയും സ്‌ഫോടനങ്ങളും സംഘട്ടനങ്ങളും നിത്യസംഭവങ്ങളായി മാറുകയും ചെയ്തിരിക്കുന്നു'.

പി.ജി : സംവാദത്തിന്റെ തുറന്ന പുസ്തകം
സി. അശോകൻ
ചിന്തപബ്ലിഷേഴ്‌സ്, 2014
വില : 65 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP