1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

ഒറ്റജീവിതങ്ങൾ

January 04, 2020 | 05:47 PM IST | Permalinkഒറ്റജീവിതങ്ങൾ

ഷാജി ജേക്കബ്‌

മാധവിക്കുട്ടിയെ മറികടക്കുക എന്നതായിരുന്നു 1990കളിൽ മലയാള പെൺകഥ നേരിട്ട ഏറ്റവും വലിയ ഭാവുകത്വ വെല്ലുവിളി. അതു സംഭവിച്ചോ? നോക്കാം.

1970കളുടെ തുടക്കത്തിൽ പ്രസിദ്ധീകരിച്ച മലയാളത്തിലെ ആദ്യ ചെറുകഥാസാഹിത്യചരിത്രം നാലു പെൺകഥാകൃത്തുക്കളെ മാത്രമേ ചർച്ചചെയ്യുന്നുള്ളു. സരസ്വതിയമ്മ, ലളിതാംബിക, മാധവിക്കുട്ടി, രാജലക്ഷ്മി. 1970കളുടെ രണ്ടാം പകുതിയിൽ എഴുതിത്ത്ത്തുടങ്ങിയെങ്കിലും 80കളിലാണ് പുതിയൊരുനിര കഥാകൃത്തുക്കൾ ശ്രദ്ധ നേടുന്നത്. സാറാജോസഫ്, ഗ്രേസി, ചന്ദ്രമതി തുടങ്ങിയവർ. 80കളിൽ ഗീതാഹിരണ്യനും അഷിതയും ഉവരോടു കൂടിച്ചേരുന്നു. മേല്പറഞ്ഞ ഒൻപതു കഥാകൃത്തുക്കളേയുള്ളു, ഒരു നൂറ്റാണ്ടു പിന്നിട്ടപ്പോഴും 1990 വരെ മലയാളചെറുകഥയിൽ എന്നു ചുരുക്കം. പിന്നീടും അത്ര വ്യത്യസ്തമല്ല കാര്യങ്ങൾ. ആ നൂറ്റാണ്ടിൽ പിന്നീടു വന്നത് രണ്ടുപേർ മാത്രം. 90കളിൽ എഴുത്തുതുടങ്ങിയ സിതാര, രേഖ എന്നിവർ. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കഥയെഴുത്താരംഭിച്ച ഇന്ദുമേനോൻ, കെ.ആർ.മീര എന്നിവർ കൂടി ചേർന്നാൽ ആകെ മൊത്തം പതിമൂന്നു പേരാണ് 130 വർഷം നീണ്ട മലയാളചെറുകഥയിലെ പെൺസാന്നിധ്യം! (നിശ്ചയമായും ഓരോ കാലത്തും, ഭാവുകത്വത്തിൽ കാര്യമായ ചലനമുണ്ടാക്കാതെ, ഏതാണ്ട് ഇത്രയും തന്നെ കഥാകൃത്തുക്കളുടെ മറ്റൊരു സംഘവും മലയാളത്തിൽ ധാരാളമായി എഴുതുകയും വായിക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്നതു മറക്കുന്നില്ല. നാലഞ്ചു പരിമിതികൾ ഇവർക്കുണ്ട്. മാധവിക്കുട്ടിയെ വിട്ടുപോരാൻ കഴിയായ്ക, ആണെഴുത്തിന്റെ രീതിഭേദങ്ങൾ മറികടക്കായ്ക, സ്ത്രീപക്ഷ രാഷ്ട്രീയം എന്തെന്നറിയായ്ക, ഭാഷയിലും ആഖ്യാനത്തിലും പുതുമകൊണ്ടുവരായ്ക, സ്ത്രീക്കപ്പുറത്തേക്കുള്ള ലോകത്തിൽ ചിന്ത സഞ്ചരിക്കായ്ക എന്നിങ്ങനെ. വത്സല, മാനസി, പ്രിയ തുടങ്ങിയ ചിലരെങ്കിലും ഈ പരിമിതികൾ സാമാന്യമായെങ്കിലും മറികടന്നിട്ടുണ്ട് എന്നു വേണമെങ്കിൽ പറയാം. മലയാളത്തിലെ പെണ്ണെഴുത്തുകാരെക്കുറിച്ചുള്ള ഒരു പഠനം നൂറ്റൻപതോളം പെൺകഥാകൃത്തുക്കളെ പട്ടികപ്പെടുത്തുന്നുണ്ട്!)

ചുരുക്കം ചിലരെങ്കിലും 90കളിൽ മാധവിക്കുട്ടിയെ മറികടന്നതെങ്ങനെയാണ്? മുഖ്യമായും ഭാഷയിലും രാഷ്ട്രീയത്തിലുമാണ് അതു സംഭവിച്ചത്. പെണ്ണെഴുത്തിന്റെ സാധ്യകൾ അക്കാദമിക, മാധ്യമ, സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളിൽ നേടിയ പ്രാതിനിധ്യം; നോവലിലെന്നപോലെ കഥയിലും നേടിയ എഴുത്തിലെ മേൽക്കൈ (ഓർക്കുക, 1998ൽ ആലാഹയുടെ പെണ്മക്കൾ പുറത്തുവരും മുൻപ് മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട സ്ത്രീനോവലുകൾ എത്രയുണ്ട്? ലളിതാംബിക, രാജലക്ഷ്മി എന്നിവരുടെ ഓരോ രചനകൾ, വത്സല, സാറാതോമസ് എന്നിവരുടെ ചില രചനകൾ, വിരലിലെണ്ണാവുന്ന ചില ജനപ്രിയനോവലുകൾ എന്നിവ മാത്രം. മലയാളത്തിലെ ഏറ്റവും മികച്ച കഥാകൃത്തായിട്ടും, 'ഇന്ത്യൻ എഴുത്തുകാ'രുടെ നിരയിലേക്ക് കഴിഞ്ഞ നൂറ്റാണ്ടിൽ കടന്നുചെന്ന ഏക പ്രതിഭയായിട്ടും നോവലിൽ മാധവിക്കുട്ടിക്കു മൗലികമായ സംഭാവനയൊന്നുമില്ല); വിവർത്തനത്തിലൂടെ കൈവന്ന ദേശീയ ശ്രദ്ധയും പദവിയും; ഇന്ത്യൻ സാഹിത്യപൊതുമണ്ഡലത്തിൽ തന്നെ മാധവിക്കുട്ടിക്കുശേഷം സാറാജോസഫിനും മീരക്കും കൈവന്ന പ്രകടമായ ദൃശ്യത; ആഖ്യാനത്തിന്റെ സൂക്ഷ്മതലങ്ങളിൽ പോലും പ്രകടമായ സ്‌ത്രൈണജാഗ്രതകൾ; കഥ രാഷ്ട്രീയമായി മാറിയ അവസ്ഥ (ഇടതുപക്ഷ, മതേതര, സ്ത്രീപക്ഷ, പാരിസ്ഥിതിക, കീഴാള, ജാതിവിമർശന, ദേശരാഷ്ട്ര വിമർശന, മുതലാളിത്ത വിരുദ്ധ രാഷ്ട്രീയങ്ങൾ മുഖ്യമായും) എന്നിങ്ങനെ ഈ കഥാകൃത്തുക്കൾ പ്രകടിപ്പിച്ച ഭാവുകത്വസ്വഭാവങ്ങൾ പലതും മാധവിക്കുട്ടിയിൽ നിന്നുള്ള മുന്നേറ്റങ്ങളോ ഒരളവോളം അവരെ മറികടന്നവയോ ആയിരുന്നു. എങ്കിലും ഒരുകാര്യം ചൂണ്ടിക്കാട്ടാതെവയ്യ. 1916ൽ മലയാളത്തിലെഴുതപ്പെട്ട ആദ്യപെൺകഥ, എം. സരസ്വതിഭായിയുടെ തലച്ചോറില്ലാത്ത സ്ത്രീകൾ, തൊട്ട് ഇന്നുവരെ നമ്മുടെ സ്ത്രീകഥകൾ ഉന്നയിക്കുന്ന മൂന്ന് അടിസ്ഥാന നിലപാടുകളും ഇടർച്ചകളെന്നതിനെക്കാൾ തുടർച്ചകളാണ്. എല്ലാത്തരം കോയ്മകളോടുമുള്ള കലഹങ്ങളും കലാപങ്ങളും; കാമനകളുടെ കെട്ടഴിച്ചുവിടലാണ് കഥയും ജീവിതവും എന്ന കാഴ്ചപ്പാട്; സ്ത്രീകഥകളുടെ അടിസ്ഥാന രാഷ്ട്രീയം സ്വാതന്ത്ര്യമാണ് എന്ന തിരിച്ചറിവ് - ഇവയാണ് ആ നിലപാടുകൾ. സരസ്വതിയമ്മയെക്കുറിച്ച് ഏറ്റവും പുതിയ തലമുറയിലെ കഥാകൃത്തായ മിനി പി.സി. ഇക്കഴിഞ്ഞയാഴ്ച സാഹിത്യചക്രവാളത്തിലെഴുതിയ ലേഖനം ആരംഭിക്കുന്നതിങ്ങനെയാണ്: 'സ്വാതന്ത്ര്യത്തിന്റെ മറ്റൊരു വാക്കാണ് സരസ്വതിയമ്മയുടെ കഥകൾ'.

2010നു ശേഷം, മലയാളകഥയിൽ കടന്നുവന്നവരിൽ ശ്രദ്ധേയമായ രചനകൾ അവതരിപ്പിച്ച ഏകകഥാകൃത്താണ് യമ. സരസ്വതിഭായിയിൽ നിന്നോ സരസ്വതിയമ്മയിൽ നിന്നോ തുടങ്ങുന്ന സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെയും സൗന്ദര്യശാസ്ത്രത്തിന്റെയും മലയാളവഴിയുടെ ഇങ്ങേയറ്റം. ഏഴുകഥകൾ മാത്രമാണ് യമയുടെ ആദ്യ കഥാസമാഹാരമായ 'ഒരു വായനശാലാവിപ്ലവ'ത്തിലുള്ളത്. മലയാളകഥയുടെ പൊതുധാരയിൽ നിന്നു തികച്ചും ഭിന്നമായ ദേശ, ഭാഷ, ജീവിതമണ്ഡലങ്ങൾ. സൂക്ഷ്മവും നിശിതവുമായ സ്ത്രീപക്ഷ രാഷ്ട്രീയ നിലപാടുകൾ. കീഴാളജീവിതത്തിന്റെ നിരന്തരമായ പ്രശ്‌നവൽക്കരണങ്ങൾ. കണിശവും നിരാർദ്രവുമായ ഭാഷണലീലകൾ. നർമത്തിന്റെയും പരിഹാസത്തിന്റെയും മുൾമുനകൾ - കഥയുടെ കലയിലും ആഖ്യാനത്തിലും പുലർത്തുന്ന മൗലികമായ തിരിച്ചറിവുകൾ യമയുടെ ഏഴു രചനകളെയും മലയാള പെൺകഥാചരിത്രത്തിൽ സ്ഥാനപ്പെടുത്തുന്നു.

സ്വാതന്ത്ര്യം (സാമ്പത്തിക സ്വാതന്ത്ര്യം മുതൽ ലൈംഗിക സ്വാതന്ത്ര്യം വരെ), അധികാരവിമർശനം (ആൺകോയ്മ മുതൽ ഭരണകൂടം വരെ), പ്രണയം (കാല്പനിക പ്രേമം മുതൽ വിവാഹ ബാഹ്യബന്ധം വരെ), ലൈംഗികത (അഗമ്യഗമനം മുതൽ ലൈംഗികത്തൊഴിൽ വരെ), മാതൃത്വം (വിവാഹേതര മാതൃത്വം മുതൽ പിതൃനിഷേധം വരെ), പ്രത്യയശാസ്ത്രം (ജാതി മുതൽ ദേശീയത വരെ), അതീതാനുഭൂതികൾ (സ്വപ്നം മുതൽ ഷിസോഫ്രേനിയ വരെ), ചരിത്രബോധം (ഓർമ മുതൽ രാഷ്ട്രം വരെ), ഹിംസ (പ്രത്യക്ഷ ഹിംസ മുതൽ പ്രതീകാത്മക ഹിംസ വരെ), ശരീരം (വർണം മുതൽ വിപണി വരെ), അതികഥനം (എഴുത്തിന്റെ അപനിർമ്മിതി മുതൽ കഥനത്തിന്റെ പാഠാന്തരതവരെ) - എന്നിങ്ങനെ സ്ത്രീഭാവനയുടെ രാഷ്ട്രീയ-ആഖ്യാനപദ്ധതി സമീപകാല മലയാളകഥയിൽ സൃഷ്ടിച്ച കാമനാഭരിതമായ കലാപ്രരൂപങ്ങൾ മിക്കതും യമയുടെ ഭാവലോകത്ത് സുദൃഢവും സുസൂക്ഷ്മവുമായി കടന്നുവരുന്നു. ഒത്തുതീർപ്പുകളേതുമില്ല യമക്ക് ജീവിതത്തോടും കഥയോടും. വിട്ടുവീഴ്ചകളേതുമില്ല ഭാഷണത്തോടും രാഷ്ട്രീയത്തോടും. കഥ, അടിമുടി ജീവിതവും ജീവിതം ഉടനീളം കഥകളുമായി വേഷം മാറിയെത്തുന്ന മാന്ത്രികവിദ്യയാണ് യമയുടെ രചനാലോകം. 'കഥകൾ... കഥകൾ.... അതുമാത്രമാണ് നമ്മൾ' എന്ന്, 'സതി'യെന്ന കഥയിലെ ആഖ്യാതാവ് നിരീക്ഷിക്കുന്നുണ്ട്. ഈ സമാഹാരത്തിലെ ഏഴു കഥകളും ഏഴുതരത്തിൽ നിർവഹിക്കുന്നതും ജീവിതത്തെ, മനുഷ്യാസ്തിത്വത്തെ, കഥയായി വിവർത്തനം ചെയ്യുക എന്ന പ്രക്രിയയാണ്. അതത്ര പുതിയതോ സവിശേഷമോ ആയ കാര്യമൊന്നുമല്ല എന്നു നമുക്കറിയാം. പക്ഷെ ആ പ്രക്രിയയിൽ പുലർത്തുന്ന മൗലികതയാണ് പ്രതിഭയുള്ള ഓരോ എഴുത്തുകാരിയെയും പോലെ യമയെയും വ്യത്യസ്തയാക്കുന്നത്.

സ്വന്തം ചുറ്റുപാടുകളിൽ ഒറ്റപ്പെട്ട ദ്വീപുകൾപോലെ നിലകൊള്ളുന്ന സ്ത്രീകളുടെ മനോവ്യാപാരങ്ങളാണ് തന്റെ കഥകൾ എന്ന് യമ ആമുഖത്തിൽ സാക്ഷ്യപ്പെടുത്തുന്നത് വാസ്തവമാണ്. സമൂഹത്തിന്റെ സൂക്ഷ്മതലത്തിലെ അധികാരഘടനയോടുള്ള സ്ത്രീകളുടെ പ്രതിഷേധവും അതിജീവനത്വരയുമാണ് കഥകളുടെ ആഖ്യാനത്തെ മുന്നോട്ടു നയിക്കുന്നതെന്നും മുഖ്യധാരാ സമൂഹത്തിൽ സെറ്റ് ചെയ്യപ്പെട്ടിട്ടുള്ള സദാചാരഘടനയ്ക്കുള്ളിൽ കാമനകളും സ്വപ്നങ്ങളും റദ്ദുചെയ്യപ്പെട്ട അവസ്ഥയിൽ ജീവിക്കുന്ന, പ്രത്യേകിച്ച്, അധികാരഘടനയിൽ താഴേത്തട്ടിൽ നിൽക്കുന്ന സ്ത്രീകളുടെ സ്വയം വീണ്ടെടുക്കലുകളാണ് താൻ എഴുതിപ്പോയ കഥകൾ എന്നും യമ സൂചിപ്പിക്കുന്നു. എത്ര കൃത്യവും വ്യക്തവുമാണ് തന്റെ കഥകളുടെ കലാരാഷ്ട്രീയത്തെക്കുറിച്ച് ഈ എഴുത്തുകാരിക്കുള്ള ബോധ്യങ്ങൾ എന്നറിയാൻ ഈ കഥകൾ വായിക്കുകതന്നെ വേണം. സ്ത്രീകൾ കഥകളാണ് എന്നു സ്ഥാപിക്കുന്നു, ഇവയൊന്നടങ്കം. ഒറ്റയൊറ്റ ജീവിതങ്ങൾ ജീവിക്കുന്നവർ.

'ചുടലത്തെങ്ങ്' എന്ന ആദ്യ കഥ നോക്കുക. വീട് തടവായി മാറുന്ന ഒരു പെൺകുട്ടിയുടെ ആത്മാഘാതങ്ങളുടെ കഥയാണിത്. അമ്മയുടെ കഴുത്തിൽ അവശേഷിച്ച ഒരു ചെറുമാലക്കുവേണ്ടി അവരെ ആക്രമിക്കുന്ന മകൻ. അതിനിടയിൽ കട്ടിൽപ്പടിയിൽ തലയടിച്ചു വീണ് അമ്മ മരിക്കുന്നു. സഹോദരൻ നാടുവിട്ടു. ഒറ്റയായ പെൺകുട്ടി നഗരത്തിൽ ഒരു തുണിക്കടയിൽ ജോലിക്കുപോയിത്തുടങ്ങി. അമ്മയുടെ മാലവിറ്റ തുകകൊണ്ട് ശവദാഹം നടത്തി. മിച്ചം വന്ന പണം കൊണ്ട് അവൾ ഒരു മൂക്കുത്തി വാങ്ങാൻ സ്വർണക്കടയിൽ കയറുമ്പോൾ യാദൃച്ഛികമായി അമ്മയുടെ മാല വാങ്ങിയ ആൾ അതു മാറ്റി വേറെ സ്വർണമെടുക്കാൻ കടയിലെത്തുന്നു. അവൾ സമർഥമായി ആ മാല മോഷ്ടിച്ചു. കുറെനാൾ കഴിഞ്ഞൊരു ദിവസം വഴിയിൽവച്ച് സ്വർണക്കടയിലെ ജോലിക്കാരൻ അവളെ പിടികൂടി. അയാളുടെ ജോലി അന്നത്തെ മോഷണത്തെത്തുടർന്ന് നഷ്ടമായിരുന്നു. അമ്മയുടെ ശവക്കൂനയിൽ കുഴിച്ചിട്ടിരുന്ന മാല അവൾ അയാൾക്കു നൽകി.

ദീർഘമായ ഈ കഥയ്ക്കും നിരവധിയായ അനുഭവങ്ങൾക്കുമിടയിൽ പെൺകുട്ടി നേരിടുന്ന ഒറ്റപ്പെടലുകളും തിരസ്‌കാരങ്ങളും വേട്ടയാടലുകളും അനാഥത്വവും ആത്മനിന്ദയും ഒളിഞ്ഞുനോട്ടവുമാണ് ചുടലത്തെങ്ങിന്റെ ആഖ്യാനത്തെ ജീവിതത്തിൽ കെട്ടിയിടുന്നത്. അമ്മയിൽനിന്ന് അവളിലേക്കു നീളുന്ന നിർധനത്വത്തിന്റെ കിനാവള്ളി, സ്ത്രീയിൽ നിന്ന് സ്ത്രീയിലേക്കു നീളുന്ന അസ്വാതന്ത്ര്യത്തിന്റേതു കൂടിയാണ്. ലോകം സ്ത്രീയോടു ചെയ്യുന്ന പാപങ്ങളുടെ പരമ്പരയാണ് ചുടലത്തെങ്ങിന്റെ ഇതിവൃത്തം. മകന്റെ കയ്യാൽ കൊല്ലപ്പെടുന്ന അമ്മ. ശവക്കുഴിക്കുള്ളിൽ പോലും സ്ത്രീ സ്വസ്ഥയല്ല. മരണത്തിനു മുൻപും പിൻപും അവൾക്കുണ്ടാകുന്ന അനുഭവങ്ങൾക്കു തമ്മിൽ വ്യത്യാസമൊന്നുമില്ല. 'എല്ലാത്തിനേം ഞാൻ കൊല്ലും; എന്തു മൈരിനാണ് ഇങ്ങനെ ജീവിക്കണ്ത്' - എന്നവൾ അമ്മയുടെയും സഹോദരന്റെയും മുഖത്തു നോക്കി ചോദിക്കുന്നുണ്ട്. കൊല്ലാനും ചാകാനും കഴിയാത്തതുകൊണ്ടു മാത്രം അവൾ ജീവിക്കുന്നു. മരിച്ച അമ്മയുടെ ആത്മാവ് അവൾക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മരണത്തിലും നിലയ്ക്കാത്ത സ്ത്രീയുടെ ഏങ്ങലുകളുടെ മുഴക്കമാണ് ചുടലത്തെങ്ങിനെ കൊടുങ്കാറ്റിലെന്നപോലെ ഉലയ്ക്കുന്നത്.

'സിനിമാ തീയറ്റർ' എന്ന കഥയിൽ, നഗരത്തിലെ റയിൽവേപുറമ്പോക്കിൽ താമസിക്കുന്ന സ്വർണലതയെന്ന ലൈംഗികത്തൊഴിലാളിയായ ദലിത് യുവതിയാണ് കഥാപാത്രം. കുടുംബം ഇവൾക്കും നരകമാണ്. ഉപേക്ഷിച്ചു പോയ ഭർത്താവ്. വളർന്നുവരുന്ന രണ്ടു പെൺകുഞ്ഞുങ്ങൾ. പ്രായവും രോഗവും കൊണ്ട് ചാവാറായ അമ്മ. തകർന്നടിഞ്ഞ വീട്. പട്ടിണിയും പ്രാക്കും മാത്രം ബാക്കിയായ രാപകലുകൾ. മക്കളെ പുവർഹോമിലാക്കി സ്വർണലത കൂലിപ്പണിക്കും പിന്നെ വേശ്യാവൃത്തിക്കും പോയി.

സിനിമാതീയറ്ററിൽ ഒരാൾക്ക് കൂട്ടുപോകാൻ ബ്രോക്കർ അവളെ വിളിക്കുന്നു. തീയറ്ററിലെത്തിയ ലതക്ക് തന്റെ കസ്റ്റമർ ആരാണെന്നു മനസ്സിലായില്ല. ഇടത്തും വലത്തും ഓരോ പുരുഷന്മാർ അവളെ കാത്തിരുന്നു. സിനിമ തുടങ്ങും മുൻപുള്ള ദേശീയഗാനം പാടാൻ എഴുന്നേറ്റു നിൽക്കാത്തതിന്റെ പേരിൽ ഇടതുവശത്തിരുന്നയാളെ ചിലർ ഭീഷണിപ്പെടുത്തുന്നു. സിനിമ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അയാളെ തല്ലും എന്നു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു അവർ. ഇതിനിടെ വലതുവശത്തിരുന്നയാളാണ് തന്റെ കസ്റ്റമർ എന്ന ധാരണയിൽ ലത അയാൾക്കുവേണ്ടത് ചെയ്തുകൊടുക്കുന്നു. സിനിമ തീരുംമുൻപ് തന്നെ അയാളിറങ്ങിപ്പോയി. ഇടതുവശത്തിരുന്നയാളും ഇതിനിടയിൽ അപ്രത്യക്ഷനായിരുന്നു. പക്ഷെ അയാളാണ് ബ്രോക്കറിൽനിന്ന് അവൾക്കു കിട്ടാനുള്ള പണത്തിന്റെ തെളിവായി ടിക്കറ്റ് സീറ്റിൽ കാത്തുവച്ചിരുന്നത്.

അത്ഭുതകരമാംവിധം യഥാതഥവും ജീവിതബദ്ധവുമാണ് സിനിമാതീയറ്റർ. മനുഷ്യരുടെ വിധി ഏതെല്ലാം ഗൂഢമാർഗങ്ങളിലൂടെയാണ് സഞ്ചരിക്കുന്നതെന്നും അവരുടെ നിയോഗം എങ്ങനെയെല്ലാം മാറിപ്പോകാം എന്നു ഈ കഥ നമ്മെ സ്തബ്ധരാക്കുംവിധം പറഞ്ഞുവയ്ക്കുന്നു. കഥാന്ത്യമാകട്ടെ, അസാധാരണമായ ഒരു ജീവിതഖണ്ഡമായി ചോരയിറ്റുനിൽക്കുകയും ചെയ്യുന്നു. വായിക്കുക:

'അവൾ ബാഗിൽനിന്ന് രണ്ടു ടിക്കറ്റിന്റെയും ബാക്കി അയാൾക്ക് നീട്ടി. അയാൾ മറുപടിയെന്നോണം പോക്കറ്റിൽനിന്ന് അയാളുടെ കമ്മീഷമ് കഴിച്ചുള്ള നാന്നൂറ് രൂപ അവൾക്കു കൊടുത്തു. കടയിൽ നിന്ന് അവൾ ദോശയും മുട്ടക്കറിയും പാർസൽ വാങ്ങുന്നതിനിടെ സിനിമാഹാളിൽ നിന്ന് കിട്ടിയ പ്ലാസ്റ്റിക് സാധനം ബാഗിൽ നിന്നെടുത്ത് അയാൾക്ക് നേരേ നീട്ടി.

ഇതെന്തരെന്ന് അറിഞ്ഞൂട. അയാള് പോയേന്‌ശേഷം സീറ്റിന്ന് കിട്ടിയേണ്. മറ്റു സംഭവങ്ങൾ ഒന്നുംതന്നെ പറയാൻ അവൾ ഉദ്ദേശിച്ചിരുന്നില്ല. കാരണം അവിടെ നടന്നതെന്തെന്ന് വാസ്തവത്തിൽ അവൾക്കു മനസ്സിലായിരുന്നില്ല. അയാൾ ആ വസ്തു വാങ്ങി നോക്കിയിട്ട് പറഞ്ഞു.

ആ...... വരുവാണെങ്കി ഞാൻ കൊടുക്കാം. അതിനു ചെവി കേക്കൂല്ല. പൊട്ടനാ. വർത്തമാനോം പറയൂല്ല. അതിന്റെ ചെവീല് തിരുകി വക്കണ സാധനോണ്.

ഇത് വച്ചാ എല്ലാം കേക്കാൻ പറ്റുവോ?

ആരുക്കറിയാം. ഇത്തിരിപ്പോരം വല്ലോം കേക്കുവായിരിക്കും? മുഴുവൻ കേട്ടിട്ട് എന്തരു ചെയ്യാൻ?

അതു ശരിതന്നെ എന്നവൾക്ക് തോന്നി. മുഴുവൻ കേട്ടിട്ട് എന്തു വിശേഷം? അയാൾ ആരാ എന്താ എന്ന് കൂടുതൽ കേൾക്കാൻ നില്ക്കാതെ പാർസലും വാങ്ങി അവൾ വീട്ടിലേക്കു നടന്നു.

തമ്പാനൂരിലെ റൗണ്ടിൽ കിടന്നുറങ്ങുന്ന തെരുവുജീവിതങ്ങളെ കവച്ചു കടന്ന് വീട്ടിലേക്കോടുമ്പോൾ രാത്രിയിൽ കണ്ണും തുറിച്ചിരുന്നു വിശന്നു തെറിവിളിച്ചുകൊണ്ടിരിക്കുന്ന അമ്മയുടെ മുഖമായിരുന്നു അവളുടെ മനസ്സ് നിറയെ. പാവം എന്നവൾ മനസ്സിൽപ്പറഞ്ഞു. വൈദ്യുതവിളക്കുകളുടെ കീഴിലൂടെ നടന്ന് റെയിൽവേ മേല്പാലത്തിൽ കയറിനിന്ന് താഴെ രാത്രിവണ്ടിക്കു കാത്തുനില്ക്കുന്ന മനുഷ്യരിൽ അയാളുണ്ടോ എന്നവൾ പരതിനോക്കി. അവൾക്കു താങ്ങാൻ കഴിയുന്നതിനപ്പുറം ദയ അയാൾ അവളോട് കാണിച്ചിരിക്കുന്നു എന്നവൾ തിരിച്ചറിഞ്ഞു. റെയിൽവേ വിളക്കുകളുടെ വെട്ടം ലക്ഷ്യമാക്കി പറന്നു പൊങ്ങിയ ഈയാംപാറ്റകൾ വിളക്കുചില്ലുകളിൽ ചെന്നിടിച്ച് നാല് പാടും ചിതറിത്തെറിച്ചു. ഭൂമിയിലേക്ക് മഴയായിപ്പെയ്ത ഈയാംപ്പാറ്റകളുടെ നിശ്ശബ്ദമരണങ്ങൾക്കു കാവൽ നിന്നപ്പോൾ അവൾ ശബ്ദരഹിതമായ ഒരു മനുഷ്യജീവന്റെ സംഗീതം എന്തായിരിക്കും എന്നാലോചിച്ചു നോക്കി. രാത്രിവണ്ടി ഉറക്കം തൂങ്ങിയ കുറെ മനുഷ്യരെയും കൊണ്ട് സ്റ്റേഷൻ വിട്ടു തുടങ്ങിയപ്പോൾ പ്ലാറ്റ്‌ഫോമിലെ വിളക്കുകൾ അണഞ്ഞ് ഈയാംപാറ്റകളെ കാണാതെയായി. ചൂടാറിത്തുടങ്ങിയ ഭക്ഷണപ്പൊതി നെഞ്ചിന്റെ ചൂടിലമർത്തിപ്പിടിച്ച് അവൾ വീട്ടിലേക്ക് നടക്കുമ്പോഴും പുതിയ വെളിച്ചങ്ങൾ തേടിയലഞ്ഞ ഈയാംപാറ്റകൾ ഇരുട്ടിൽ തകർന്നുവീഴുന്നുണ്ടായിരുന്നു'.

അമ്മയുടെ വിശപ്പും കുഞ്ഞുങ്ങളുടെ ആഗ്രഹവുമല്ലാതെ സ്വർണലതക്ക് ജീവിതാഭിലാഷങ്ങളൊന്നുമില്ല പൂർത്തീകരിക്കാൻ. അതിനവൾ സ്വന്തം ശരീരം വിറ്റു പണിയെടുക്കുന്നു. അതിനിടയിലും ഉളുപ്പേതുമില്ലാതെ അവളെ വഞ്ചിക്കുന്ന പുരുഷന്റെ മുഖം ഒരുവശത്ത്. തന്നെ സ്പർശിക്കുകപോലും ചെയ്യാതെ തനിക്കുള്ള തുക കരുതിവച്ച പുരുഷന്റെ മുഖം മറ്റൊരു വശത്ത്. സ്വർണലത മനുഷ്യരെക്കുറിച്ചുള്ള തന്റെ തിരിച്ചറിവുകളിൽ അമ്പരക്കുകയാണ്.

'ദൈവം' എന്ന കഥ, അലിഗറിയോ ഫാന്റസിയോ ആയി ഭാവനചെയ്യപ്പെട്ട ഒന്നാണ്. സ്റ്റീഫൻ ഹോക്കിംഗിനെ ഓർമ്മിപ്പിക്കും വിധം വീൽചെയറിൽ തളർന്നിരുന്ന് ദൈവകണങ്ങളെക്കുറിച്ചു സംസാരിക്കുന്ന ഒരു ശാസ്ത്രജ്ഞനും ദൈവവും തമ്മിലുള്ള സംവാദത്തിൽ തുടങ്ങി, ജീവന്റെ വിസ്മയങ്ങളും പ്രപഞ്ചത്തിന്റെ പ്രഹേളികകളെയും കുറിച്ചുള്ള ആകുലതകളിലൂടെ മുന്നേറി ഒരു സ്ത്രീയുടെ നെടിയ സങ്കടങ്ങളിലേക്കും കൊടിയ ദുരിതങ്ങളിലേക്കും പരിണമിച്ചൊടുങ്ങുന്ന കഥ. ആത്യന്തികമായി മനുഷ്യജീവിതമെന്നത് ജ്ഞാതവും അജ്ഞാതവും തമ്മിലുള്ള സംഘർഷത്തിന്റെയും ഒരിക്കലും തീരാത്ത സന്ദേഹങ്ങളുടെയും കണക്കുപുസ്തകമാണെന്നു സ്ഥാപിക്കുന്ന രചന.

'യൗവനത്തിൽ പോളാർ കരടികളുടേതുപോലെയുള്ള പ്രത്യാശ നഷ്ടപ്പെട്ട ഒരു അലച്ചിലിന്റെ ഒടുവിൽ ഈ ലൈബ്രറി പരിസരത്താണ് അവനും അവളും കണ്ടുമുട്ടിയത്. രാത്രിയിലെ പരമമായ ഒറ്റപ്പെടലിന്റെ ഭ്രാന്തിൽ പലപ്പോഴും അവർ പുസ്തകങ്ങൾ കത്തിച്ച് ചൂട്ടാക്കി ലൈബ്രറിഹാളിലൂടെ നടന്നു. ചിലപ്പോഴൊക്കെ പുസ്തകങ്ങൾ വായിച്ച് കരയുകയും ചിരിക്കുകയുമൊക്കെ ചെയ്തു. വഴിയോരങ്ങളിൽ കുന്നുകൂടിക്കിടക്കുന്ന അസ്ഥികൂടങ്ങളെ അവഗണിച്ച് ഉടമസ്ഥരില്ലാത്ത കടകൾ കയറിയിറങ്ങി അവർ നടന്നു. ഒരിക്കലും വിശപ്പ് തോന്നിയില്ലെങ്കിലും കയ്യിൽ കിട്ടിയതൊക്കെ അവർ തിന്നു. ഭരിക്കാൻ രാജ്യമുള്ള എന്നാൽ പ്രജകളില്ലാത്ത രാജാവും റാണിയുമാണ് തങ്ങളെന്ന് അവർ തങ്ങളിൽ പറഞ്ഞു. നാട്ടിലേക്ക് ഇഴഞ്ഞുകയറിയ കാടിന്റെ സ്വസ്ഥതയിൽ വന്യമൃഗങ്ങൾ ചേക്കേറിയപ്പോൾ തങ്ങളുടെ സാമ്രാജ്യത്തിന്റെ അതിർത്തി ചുരുങ്ങുന്നതവരറിഞ്ഞു. ഉറക്കത്തിൽ മരണത്തെ സ്വപ്നം കണ്ട് അവർ ഇണചേർന്നു. തങ്ങളുടെ മരണത്തിൽ ഈ നശിച്ച ലോകവും ഇല്ലാതാകുമെന്ന് അവർക്കു തോന്നി. പക്ഷേ, എല്ലായ്‌പോഴും അവർ ഉണർന്നു. കണ്ണുകൾ തുറന്ന അവർ തങ്ങൾക്കു പിറന്ന കുട്ടികൾ ആൽബിനോകൾ ആണെന്ന് കണ്ടു ഞെട്ടി.

കരയാനും ഭക്ഷണത്തിനും മാത്രമായി കുഞ്ഞുവായകൾ തുറന്ന ശ്വേതപിണ്ഡങ്ങൾക്ക് കണ്ണുകളുള്ള ദൈവങ്ങളുടെ കഥകൾ പറഞ്ഞുകൊടുത്ത് അവർ വളർത്തി. പകലുകളിൽ നിറമുള്ള മനുഷ്യരെത്തേടി അവർ നടന്നു. ദൂരങ്ങൾ താണ്ടുമ്പോൾ ഏതൊക്കെയോ മാളങ്ങളിൽ നിന്ന് ആൽബിനോ കുഞ്ഞുങ്ങൾ പുറത്തിറങ്ങുന്നതവർ കണ്ടു. കണ്ണില്ലാത്ത വെള്ളക്കുഞ്ഞുങ്ങൾ മരിച്ചുകിടന്ന തന്തയുടെയോ തള്ളയുടെയോ ശവം തിന്നിറങ്ങുന്ന കാഴ്ച. ഏതെങ്കിലും മാംസംതീനി ജന്തുവിന്റെ മുന്നിലെത്തുംവരെ മാത്രം നീളുന്ന അവരുടെ യാത്രകൾ. വഴിയിലെവിടെയെങ്കിലും അലഞ്ഞുനടന്ന ആ കുട്ടികളെക്കൂടി അവർ മക്കൾക്ക് കൂട്ടായി ലൈബ്രറിയിൽ കൊണ്ടുവന്നു താമസിപ്പിച്ചു. പക്ഷേ, സമയം മുന്നോട്ടുപോകുന്തോറും വിഷാദം ബാധിച്ച അവളുടെ കൂട്ടുകാരൻ എല്ലാത്തിൽനിന്നും ഒഴിഞ്ഞുമാറാൻ തുടങങി. അയാൾ പുറത്തേക്കിറങ്ങാതെയായി. രാപകൽ പുസ്തകം വായന തന്നെ വായന. കഴുകാത്ത ചന്തിയിൽ മലവും പറ്റിപ്പിടിച്ചു നടന്ന വെള്ളക്കുട്ടികളെ അയാൾ വെറുത്തു. തനിക്കാകെയുള്ള ആശ്രയകേന്ദ്രം കടലിൽ താണുപോകുന്നത് അവൾ വെറുതെ നോക്കിനിന്നു. ഓർമകളുടെ ഭാരം താങ്ങാനാവാതെ മനസ്സിന്റെ താളം തെറ്റിയ അയാൾ ഒരു രാത്രിയിൽ എവിടെക്കോ ഓടിപ്പോയി. അവൾ ചിന്തിച്ചു 'എങ്ങോട്ടോടാൻ? എത്ര ദൂരം?' കാട്ടിലകപ്പെട്ട കണ്ണുള്ള ദൈവത്തെ നരികൾ കടിച്ചുകീറിക്കൊല്ലുന്ന കഥ അവൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു'.

'ഒരു വായനശാലാവിപ്ലവം', ആദ്യന്തം നർമവും പരിഹാസവും കൂട്ടിയിണക്കുന്ന രസകരമായ ഒരു സറ്റയറാണ്. ഈ സമാഹാരത്തിൽ മരണത്തിന്റെ ശിവതാണ്ഡവത്തിലോ ഭ്രാന്തിന്റെ ഉച്ചവെയിലിലോ നിസ്വതയുടെ നിത്യനരകത്തിലോ ചെന്നവസാനിക്കാത്ത ഏക രചന.

പണ്ട് പ്രണയിച്ചിരുന്നുവെങ്കിലും ജാതിവ്യത്യാസം മൂലം കല്യാണം കഴിക്കാതെ ഒഴിവാക്കിയതാണ് നായരായ ദാമോദരൻ ഈഴവത്തിയായ ലീലാമ്മയെ. അയാൾ കല്യാണിയെ കെട്ടി. കൂലിപ്പണിക്കാരൻ വേലപ്പൻ ലീലാമ്മയെയും. 'കടമകളുടെ കൂമ്പാരത്തിലേക്ക് ജനിച്ചുവീഴുന്ന മനുഷ്യർ കുറ്റബോധം തിന്നു തൂറി ജീവിക്കുന്നു' - യമ നിസ്സങ്കോചം നിർവചിക്കുന്നു. കെട്ട്യോൻ ചത്ത് മകളുമായി ജീവിക്കുകയാണ് ലീലാമ്മ. ദാമോദരൻ ധനികനും പഞ്ചായത്ത് പ്രസിഡന്റുമാണ്. വായന തലയ്ക്കു പിടിച്ച ലീലാമ്മ, പഞ്ചായത്ത് ലൈബ്രറിയിൽ നിരന്തരം കയറിയിറങ്ങി. ലൈബ്രറി പൊളിച്ച് ഷോപ്പിങ് കോംപ്ലക്‌സ് പണിത വിദേശമലയാളി, വായനശാല ആ കെട്ടിടത്തിൽതന്നെ തുടരും എന്ന വാഗ്ദാനം പാലിച്ചില്ല. പഞ്ചായത്ത് പ്രസിഡന്റ് ദാമോദരനും കാലുമാറി. പിന്നീടാണ് ട്വിസ്റ്റ്. ഒരിക്കൽ വയറിളകിവശായ ദാമോദരൻ ലീലാമ്മയുടെ പറമ്പിൽ കയറി വെളിക്കിരുന്ന സമയത്ത് അവൾ വീടിനുള്ളിൽ നഗ്നയായി നിൽക്കുന്നതു കണ്ട് നടത്തിയ പരക്കം പാച്ചിലിൽ തന്റെ അടിവസ്ത്രം അവിടെ ഉപേക്ഷിച്ചാണ് സ്ഥലം വിട്ടത്. അതുവച്ച് ലീലാമ്മ വിലപേശിയതോടെ കുടുംബകലഹവും പേരുദോഷവും ഭയന്ന ദാമോദരൻ തന്നെ ലൈബ്രറിക്കായി നിരാഹാരസമരമിരുന്നു. ലീലാമ്മയുടെ അടിവസ്ത്രവിപ്ലവം വിജയിച്ചു. വിപ്ലവത്തിന്റെ വരവ് ചിലപ്പോൾ തൂറിനാറ്റിച്ച അടിവസ്ത്രത്തിലൂടെപ്പോലുമാകാം എന്ന എല്ലുപൊള്ളുന്ന വിമർശനത്തിന്റെയും പരിഹാസത്തിന്റെയും ക്രൂരപാഠമാണ് ഈ കഥ.

അസാധാരണമായ നിരവധി പ്രയോഗങ്ങളുണ്ട് 'വായനശാലാവിപ്ലവ'ത്തിൽ. 'രാഷ്ട്രമെന്നത് ഒറ്റക്കൊറ്റക്കു നിൽക്കുമ്പോൾ മൂല്യമില്ലാത്തവർ ചേർന്നുണ്ടാക്കുന്ന ഗുണ്ടാസംഘങ്ങൾ കൈവരിക്കുന്ന ഭയഘടനയുടെ വ്യാകരണമാണ്' എന്ന് ഒരിടത്ത്. 'അറിവല്ല മനുഷ്യരെ ഒന്നിപ്പിക്കുന്നത്. ദുർബ്ബലരും മൂഢരുമായ മനുഷ്യക്കൂട്ടങ്ങളെ ഒന്നിപ്പിച്ചുനിർത്തുന്നത് ഭയം എന്ന വികാരമാണ്' എന്ന് വേറൊരിടത്ത്. ഭയത്തിന്റെ പൊയ്ക്കാലിൽ രൂപം കൊടുക്കുന്ന അധികാരഘടനകൾക്കു നേരെ ലീലാമ്മ നടത്തിയ ഒളിപ്പോരിന്റെ വിജയം ഈ കഥക്കു നിരവധിയായ രാഷ്ട്രീയാർഥങ്ങൾ സൃഷ്ടിച്ചുനൽകുന്നു. കഥയവസാനിക്കുന്നതിങ്ങനെയാണ്.

'അതിനടുത്ത നാൾതന്നെ കോംപ്ലക്‌സിലേക്ക് പുസ്തകങ്ങൾ എത്തിക്കപ്പെട്ടു. നാട്ടുകാർ മുഴുവൻ അത് കാണാനായി അവിടെ തടിച്ചുകൂടിയിരുന്നു. വേനലവധിക്ക് സ്‌കൂൾ അടച്ചത് കാരണം കൊച്ചുപിള്ളേർ പുസ്തകം ചുമക്കൽ ദൗത്യത്തിൽ ഏർപ്പെട്ടു. ഒരു സാമ്രാജ്യം പടുക്കുന്ന ഗൗരവത്തോടെ അവർ ദാമോദരന്റെ ചായ്പിൽനിന്ന് പുസ്തകങ്ങൾ ചുമന്നു. സമരനായകനായ പഞ്ചായത്ത് പ്രസിഡണ്ട് ദാമോദരന്റെ നേതൃത്വത്തിൽ ആശാരിമാരെവച്ച് പുസ്തകങ്ങൾ അടുക്കാൻ വേണ്ട തട്ടുകൾ ഉണ്ടാക്കിച്ചു. മൂന്നു ദശാബ്ദക്കാലത്തോളമായി ചെട്ടിവിളാകത്തുകാരുടെ ഒരു ഓർമ്മ ചിന്തയായിരുന്നു ചെട്ടിവിളാകം വായനശാലയുടെ വെള്ള പെയിന്റുകൊണ്ട് തടിയിൽ ബോർഡ് പുതിയ വായനശാലയുടെ കവാടത്തിനു മുന്നിൽ ഇടം പിടിച്ചു. ഉത്ഘാടനച്ചടങ്ങിൽ കടുത്ത അവസരവാദിയും തൻകാര്യം നോക്കിയുമായ ദാമോദരൻപിള്ള മുൻപു പറഞ്ഞതിൽനിന്ന് വ്യത്യസ്തമായി ആ സ്ഥലം വായനശാലാ ട്രസ്റ്റിന്റേത് മാത്രമാണെന്ന് ആണയിട്ടു പ്രസംഗിച്ചപ്പോൾ നാട്ടുകാർ കൈ വേദനിക്കുവോളം കൈയടിച്ചു. ഒരു പഞ്ചായത്തംഗത്തിന്റെ പേരക്കുട്ടി ആരോ ഉപദേശിച്ചുവിട്ട ഒരു മയകോവ്‌സ്‌കി കവിതയുടെ മലയാള പരിഭാഷ അക്ഷരപ്പിശകുകളോടുകൂടി ഛർദിച്ചു തീർത്തു. ചടങ്ങിൽ അതിഥിയായി എത്തിയ നാട്ടുകാരൻകൂടിയായ പുതുമുഖ നടൻ കുട്ടിയുടെ പ്രകടനപാടവത്തെ പുകഴ്‌ത്തിക്കൊണ്ട് കുട്ടിയെ പൊക്കിയെടുത്ത് ഫോട്ടോയ്ക്കായി പോസ് ചെയ്തു കൊടുത്തു. എഴുതിയതാരെന്നതും എഴുത്തിനുള്ളിൽ എന്തെന്നതും പ്രസക്തമല്ലാത്തതുപോലെ കുട്ടിയുടെ കയ്യിൽനിന്ന് താഴേക്ക് വഴുതി വീണ മയകോവ്‌സ്‌കിയുടെ വരികൾ ഫോട്ടോഗ്രാഫർമാരുടെ ചവിട്ടേറ്റു തുണ്ട് കടലാസ്സുകഷണങ്ങളായി വേർപെട്ടു പോയി.

അടുത്തുള്ള ചന്തയിൽ സാധനം വിററ് മടങ്ങിവരുന്ന വരവിൽ ലീലാമ്മ ആ പ്രഹസനപരിപാടി കണ്ടെങ്കിലും ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ല. വെറും ഒരു അടിവസ്ത്രത്തിൽ തൂങ്ങിയാടിയ ആണഭിമാനം തൊടുത്തുവിട്ട സാമൂഹ്യവിപ്ലവത്തെ ഓർത്ത് അവൾക്കു അവജ്ഞ തോന്നി. ചടങ്ങ് വിവരങ്ങൾ പ്രിന്റ് ചെയ്തു വഴിയരുകിൽ പ്രദർശിപ്പിച്ചിരുന്ന ഫ്‌ളക്‌സ് ബോർഡിലേക്ക് ഉള്ളിൽനിന്ന് തികട്ടിവന്ന രോഷം അവൾ തുപ്പി വച്ചു.

'തൂഫൂ.... അലവലാതികൾ'.

മീൻവെള്ളം ഇറ്റുവീണുകൊണ്ടിരുന്ന സഞ്ചി മുൻവശത്തെ ഒരു കോണിലേക്ക് കയറ്റിവച്ചിട്ട് ഉത്ഘാടനച്ചടങ്ങിന്റെ അർത്ഥരാഹിത്യങ്ങളെ അവഗണിച്ചുകൊണ്ട് തുറന്നു കിടന്നിരുന്ന ലൈബ്രറിക്കുള്ളിലേക്ക് അവൾ കയറിപ്പോയി. ഇനി ഒരിക്കലും തിരിച്ചിറങ്ങില്ല എന്ന മട്ടിൽ'.

സി. അയ്യപ്പന്റെ ചെറുകഥകളെയും രാജു കെ. വാസുവിന്റെ നോവലിനെയും ഓർമ്മിപ്പിക്കുന്ന ഒന്നാന്തരം ഒരു മാജിക്കൽ റിയലിസ്റ്റ് രചനയാണ് 'പോസ്റ്റുമാന്റെ മകൾ'. പ്രേതഭാഷണത്തിന്റെയും ഭൂതബലിയുടെയും അമ്ലമിശ്രണം. ദലിതനായ ഒരു പോസ്റ്റുമാന്റെയും അയാളുടെ മകളായ ചോതിയുടെയും കഥ. സ്വന്തം കോളനിയിൽ നിന്നുള്ള ഒരു ചെറുപ്പക്കാരനും തന്റെ മകളെ കെട്ടാൻ യോഗ്യനല്ല എന്നു തീരുമാനിച്ചു, പോസ്റ്റുമാൻ. രാഷ്ട്രത്തിനുള്ളിലെ മറ്റൊരു രാഷ്ട്രംപോലെ കോളനിക്കുള്ളിൽ മറ്റൊരു കോളനിയായി അയാൾ മകളെ വളർത്തി. അയാളുടെ മരണശേഷം ചോതി രണ്ടു കണ്ണും രണ്ടു നിറത്തിലുള്ള, പാമ്പുപിടുത്തത്തിലൂടെ നാട്ടുകാരെ വിസ്മയിപ്പിക്കുന്ന കണ്ണനെ കാമിക്കുന്നു. അപ്പന്റെ ചാവടിയന്തിരം കഴിയും മുൻപേ അവൾ അവനെ പ്രാപിച്ചു.

'അവൾ ചെളിയിൽ വിരലുകളാഴ്‌ത്തി അസഹ്യമായ വേദനയിൽ പിടഞ്ഞു. വളരെ നേരമായി വിറഞ്ഞുതുള്ളിക്കൊണ്ടിരുന്ന അവളുടെ ഗർഭപാത്രം ചുരുങ്ങി രക്തം തുപ്പി. തടയില്ലാതെ ഒഴുകിയ രക്തത്തിന്റെ മണം പിടിച്ച് പൊന്തകളിൽ ചെന്നായ്ക്കൾ ഇളകുന്നതവൻ കണ്ടു. ഇരുട്ടിൽ കാഴ്ചയുള്ളവരുടെ വംശം പിറക്കാൻ പോകുന്നു എന്നുപറഞ്ഞ് ജാഗ്രതയോടെ അവളെ ചേർത്തുപിടിച്ചു. വെളിച്ചത്തിന്റെ കണക്കിൽ ലാഭം കൊയ്യുന്നവർക്ക് ഇരുട്ടിൽ ചലിക്കുന്നവരെ അതിജീവിക്കാൻ കഴിയില്ല. അനാദിയായ ഇരുട്ടിനെ സം്രഹിക്കാൻ കഴിയാത്ത മനസ്സ് വെളിച്ചത്തെ കൂട്ടുപിടിച്ച് എക്കാലവും മുന്നേറാമെന്നു കരുതിയതിലെ അപാകത വെളിപ്പെട്ടു വരും. നിയമങ്ങളുടെയും ശാസ്ത്രങ്ങളുടെയും അസ്ഥിവാരം ഇളകുന്നത് അവളറിഞ്ഞു. ചെളിയിൽക്കിടന്നുരുണ്ടുകൊണ്ടിരിക്കുന്നതിനിടെ താറാവുകൾ അവർക്കരികിലായി വന്നുനിന്നു. അകലങ്ങളിലേക്ക് ഇണയെത്തിരഞ്ഞുകൊണ്ടിരിക്കുന്ന കണ്ണുകളുമായി മാട്രിമോണിയൽ സൈറ്റിൽ നിരന്ന ചിത്രങ്ങൾക്കിടയിൽ അവളുടെ ചിത്രം നോക്കിയിരുന്ന ചെറുപ്പക്കാർ രാത്രികളിൽ ഇറങ്ങിനടന്നു. വെളിച്ചം മറച്ചുപിടിച്ച ഇരുട്ടിന്റെ അവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിലേക്ക് അവർ നടന്നുകയറി. വെളുപ്പാൻകാലത്ത് താറാവുകളെയും തൂക്കിപ്പിടിച്ച് രണ്ടുപേരും അവളുടെ വീട്ടിനുമുന്നിലെ വഴി നടന്നുകയറുമ്പോൾ ആരോ വലിച്ചെറിഞ്ഞ ഒരു റീത്ത് കനാലിലൂടെ ഒഴുകിപ്പോകുന്നതവർ കണ്ടു. ദൂരേക്ക് നടന്നകന്നു പോകുന്ന അവളുടെ അപ്പനെയും'.

ജാതിയുടെ വംശത്തിന്റെയും രക്തശുദ്ധിയെക്കുറിച്ചുള്ള മിത്തുകളെ താഴെനിന്ന് അപനിർമ്മിക്കുന്നു, പോസ്റ്റുമാന്റെ മകൾ. കാമത്തിന്റെയും മരണത്തിന്റെയും ഇരട്ടസർപ്പങ്ങൾ പോലെയാണ് ജീവിതത്തിൽ കാമനകൾ പുളഞ്ഞാടുന്നത് എന്നടിവരയിടുന്ന രചന. അപരജന്മത്തിന്റെ സാധ്യതകളാണ് ദലിത്കഥകളിൽ അതീതസാന്നിധ്യങ്ങളായി നിറയുന്നത്.

ഫൈനാർട്‌സ് കോളേജിൽ വിദ്യാർത്ഥികൾക്കു മോഡലായി ജീവിക്കുന്ന സതി എന്ന ട്രാൻസ്‌ജെൻഡറിന്റെ കഥയാണ് മറ്റൊന്ന്. ഒളിഞ്ഞുനോട്ടത്തിന്റെ ചോരകുടിച്ചു ജീവിക്കുന്ന നാട്ടുകാർക്ക് സതി ഒരു പരിഹാസപാത്രമാണ്. കണ്ണൻ എന്ന ചെറുപ്പക്കാരൻ സതിയെ പ്രണയിക്കുന്നതോടെ കഥ വഴിമാറുന്നു. ഒരിക്കൽ സതിയുടെ വീട്ടിലെത്തിയ കണ്ണനെത്തേടി അയാളുടെ ബന്ധുക്കൾ വന്നു. അവർ ഇരുവരെയും ക്രൂരമായി മർദ്ദിക്കുകയും കണ്ണനെ ബലമായി പിടിച്ചുകൊണ്ടു പോകുകയും ചെയ്യുന്നു. അവന് ഭ്രാന്തായി. മാനസികരോഗാശുപത്രിയിൽ നിന്നു പുറത്തുചാടിയ കണ്ണൻ ബംഗളൂരുവിൽ മരിച്ചുകിടന്നു. ഇതറിഞ്ഞ സതി വഴിയോരത്തെ പുളിമരത്തിൽ തൂങ്ങിച്ചത്തു. ഫൈനാർട്‌സ് കോളേജിലെ രണ്ടോ മൂന്നോ വിദ്യാർത്ഥികൾ മാത്രം സതിയെക്കുറിച്ചു നല്ലതു പറഞ്ഞു.

ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരെക്കുറിച്ചെഴുതപ്പെട്ട ഏറ്റവും വേദനാഭരിതമായ മലയാളകഥകളിലൊന്നാണ് സതി. ലിംഗരാഷ്ട്രീയത്തിന്റെ സാമൂഹ്യതിന്മകൾ ഫണംപോലെ പത്തിവിടർത്തിയാടുന്ന ഭാവനിർമ്മിതി. മനുഷ്യർ അടിസ്ഥാനപരമായി സ്‌നേഹിക്കപ്പെടാൻ ദാഹിക്കുന്നുവെന്ന് ആത്മാവിൽ തൊട്ടു സാക്ഷ്യപ്പെടുത്തുന്ന രചന. ഏകാന്തത ദുരന്തമാണെങ്കിൽ സ്‌നേഹമില്ലായ്മ മരണമാണ് എന്ന് ചോരയിൽ മുക്കി രേഖപ്പെടുത്തുന്ന കഥ. കാമനകളുടെ കഷ്ടകാവ്യം.

മുറിയിൽ പൂട്ടിയിട്ടിട്ടും വീട്ടിൽനിന്നു കാണാതായ വൃദ്ധയെത്തേടി മക്കളും മരുമക്കളും കൊച്ചുമക്കളും നടത്തുന്ന അന്വേഷണം വിഫലമാകുന്നതിന്റെ കഥയാണ് 'തുരുത്തുകൾ ഉണ്ടാകുന്നത്'. വൃദ്ധയുടെ ജീവിതം ഒരു നെടുങ്കൻ മാന്ത്രികകഥയാണ്. കുട്ടൻനായർ എന്ന കുപ്രസിദ്ധനായ പെൺപിടിയന്റെ ഭാര്യയായിരുന്നു അവർ. പതിന്നാറാം വയസിൽ സ്വന്തം ജാതിമറന്ന് ഒരു മുക്കുവച്ചെറുക്കനെ പ്രണയിച്ച അവളെ വീട്ടുകാർ മധ്യവയസുകഴിഞ്ഞ കുട്ടൻനായർക്കു കെട്ടിച്ചു കൊടുക്കുകയായിരുന്നു. മുക്കുവച്ചെറുക്കനെ നായർ വെട്ടിമുറിച്ചു കടലിലെറിഞ്ഞു. അവന്റെ കുതികാൽ മാത്രം വീട്ടുകാർക്കു കിട്ടി. അവരതു കുഴിച്ചിട്ടു. ഒരുദിവസം ആ കുഴിമാടത്തിനു മുകളിൽ മേലാസകലം വെട്ടേറ്റ് കുട്ടൻനായർ ചത്തുകിടന്നു. കാലം കടന്നുപോയി. ജീവിതം മുഴുവൻ മുക്കുവച്ചെറുക്കൻ തന്നെയും കാത്തിരുന്ന കടലിലേക്ക് വൃദ്ധ മടങ്ങിപ്പോയി.

ഒരു മിത്ത് പോലെ ഗൂഢവും ധ്വന്യാത്മകവും നാനാർഥഭരിതവുമാണ് ഈ കഥ. ഒരു ഭാഗം വായിക്കുക:

'പത്തൻപത് വയസ്സ് കഴിഞ്ഞു കല്യാണം കഴിച്ച കുട്ടൻനായർ അതിനും മുന്നേ എത്ര സ്ത്രീകൾക്ക് കുട്ടികളുണ്ടാക്കിയിട്ടുണ്ടെന്നോ എത്ര പാവപ്പെട്ട കുടുംബങ്ങളെ കുട്ടിച്ചോറാക്കിയിട്ടുണ്ടെന്നോ ഉള്ളതിന് കണക്കില്ല. മരുമക്കത്തായം കടന്നു സ്വത്തുവീതംവയ്പ് മക്കത്തായത്തിൽ എത്തിയപ്പോൾ അനുവദിച്ചുകിട്ടിയ സ്വത്തെല്ലാം അയാൾ പലവഴിക്കാക്കി. സഹോദരിമാർക്ക് ന്യായമായി കൊടുക്കേണ്ടതുപോലും കൊടുത്തില്ല. സ്വത്തു നശിപ്പിച്ച് ഒരു പരുവത്തിൽ എത്തിയപ്പോഴാണ് വയസാൻകാലത്ത് നോക്കാനെന്നും പറഞ്ഞ് അയാൾ പെണ്ണ് കെട്ടിയത്. അതും അകന്ന ബന്ധത്തിൽ ദാരിദ്ര്യവാസിയായി കഴിഞ്ഞിരുന്ന ഒരു കുടുംബത്തിൽനിന്ന്. കടലിലെ തിരയറുക്കുന്ന ഒരു മുക്കുവച്ചെക്കന്റെ കൂടെ പെണ്ണിനെ ഒരു സന്ധ്യയ്ക്കു കയ്യോടെ പിടിച്ചതാണ് പതിനാറാമത്തെ വയസ്സിൽ മധ്യവയസ്സു കടന്ന ഒരാളെക്കൊണ്ട് പെണ്ണിനെ കെട്ടിക്കുന്നതിൽ വീട്ടുകാർ ന്യായം കണ്ടത്.

കല്യാണമൊക്കെ കഴിഞ്ഞ് ഒരു കുട്ടിയും ആയതിനുശേഷം എപ്പോഴോ ആരോ വഴി മുക്കുവച്ചെക്കന്റെ കാര്യം കുട്ടൻ നായർ അറിഞ്ഞു. സുന്ദരിയും കൗമാരക്കാരിയുമായ ഭാര്യയെ തല്ലാനോ കൊല്ലാനോ അയാൾ നിന്നില്ല. അവൾ വീടിനു പുറത്തിറങ്ങുന്നില്ല എന്ന് മാത്രം അയാൾ ഉറപ്പുവരുത്തി. എങ്കിലും മുറ്റത്തു ചെടികൾക്ക് വെള്ളം തേവുന്ന അവൾ പലപ്പോഴും ആകാശം നോക്കി നില്ക്കുന്നത് കാണുമ്പോൾ അയാൾക്ക് എന്തെന്നില്ലാത്ത നിരാശ തോന്നുമായിരുന്നു. അവൾ എന്തിനെക്കുറിച്ചാണ് ചിന്തിക്കുന്നത് എന്ന് ചോദിക്കാൻ അയാൾക്ക് ഒരിക്കലും ധൈര്യം വന്നില്ല.

അക്കാലങ്ങളിൽ ഒരു വാക്കേറ്റത്തിനിടെ പുറംവാസികളായ കുറേപ്പേർ ചേർന്ന് ഒരു കറുത്ത യുവാവിന്റെ കുതികാൽ കടല്ക്കരയിലെ നനഞ്ഞ മണലിൽ അരിഞ്ഞിട്ടു. കരയിലെ ആക്രമത്തിൽനിന്ന് രക്ഷപ്പെടാനായി അവൻ രക്തം ഇറ്റുന്ന കാല്ക്കുഴയുമായി കടലിലേക്ക് ചാടി. അവന്റെ കൂട്ടുകാർ കാര്യമറിഞ്ഞ് അവനെത്തേടി അവിടെയെത്തിയെങ്കിലും അപ്പോഴേക്കും തിരകൾ അവനെ വിഴുങ്ങിക്കളഞ്ഞിരുന്നു. അന്നന്തിയോടെ വീട്ടിലെത്തി രക്തക്കറയുള്ള മുണ്ടഴിച്ചു ഭാര്യയുടെ കയ്യിൽ കൊടുക്കുമ്പോൾ കടല്ച്ചൂരുള്ള രക്തക്കറയിൽ ഭാര്യ തള്ളവിരല് കൊണ്ട് വൃത്തം വരയ്ക്കുന്നത് കണ്ട് കുട്ടൻപിള്ള നിലം തൊടാതെ ചിരിച്ചു. ഇരുപത് കടക്കാത്ത ആ പെൺകുട്ടി അയാൾ ചിരിക്കുന്നത് കണ്ട് താനെന്തോ പാതകം ചെയ്ത മാതിരി ചൂളി ഉള്ളിലേക്ക് കയറിപ്പോയി.

ഓരോ കഴുകലിലും കറ തെളിഞ്ഞു വന്ന ആ ഒറ്റമുണ്ടിൽ മീനുളുമ്പ് കനത്തു വരുന്നത് കണ്ട കുട്ടൻപിള്ള ആ മുണ്ട് ചാരം കൂട്ടിയിട്ടിരുന്ന ചായ്പിൽ എറിഞ്ഞു കളഞ്ഞു. പിന്നൊരിക്കൽ തന്റെ ഭാര്യയുടെ തുണിപ്പെട്ടിയിൽ കഴുതി നന്നായി മടക്കിയ അവസ്ഥയിൽ അയാളത് കണ്ടിരുന്നു. അവളിടുന്ന എല്ലാ വസ്ത്രങ്ങളിലേക്കും അതിൽനിന്ന് മീൻചൂര് പകർന്നിരുന്നു. അവളാഗ്രഹിച്ചത് പോലെത്തന്നെ അയാൾ പിന്നെയവളെ തൊടാതെയായി. നമ്മൾ ആഗ്രഹിക്കുകയോ അറിയുകയോ ചെയ്യാതിരുന്നാലും കടൽനീര് ഒരിക്കൽ കരയിൽ കയറും. കാരണം കടലിന്റെ വെളിവാക്കലാണ് ഓരോ കരയും. അതിനു തിരിച്ചുവരാൻ കരയുടെ ക്ഷണം ആവശ്യമേയില്ല.

കർക്കിടകത്തിൽ മാനവും തുറയും ഒരുപാട് കരഞ്ഞു. തിരികെ വരാൻ വിസമ്മതിച്ച ഒരു പാദമറ്റ ശവശരീരത്തെയും പ്രതീക്ഷിച്ച് അരയന്മാർ രണ്ടാഴ്ച തീരത്ത് മാറിമാറി തമ്പടിച്ചു. പിന്നീട് കാരണവന്മാർ മരണം സ്ഥിരീകരിച്ചപ്പോൾ അറ്റുകിട്ടിയ പാദം കുഴിച്ചിട്ട സ്ഥലത്ത് അന്ത്യകർമ്മങ്ങൾ നടത്തി. മഴയടങ്ങി ചന്ദ്രപ്രഭയ്ക്ക് ഏറ്റം വരുന്ന ഒരുനാൾ വിളക്ക് കത്തിച്ച് കാവിൽ നിന്നിറങ്ങുന്ന സമയത്താണ് അന്തിത്തിരിയൻ തിരയ്ക്ക് മുകളിൽ അരയോളം ശരീരം പൊന്തിനിന്ന് കരയിലേക്ക് നീന്തുന്ന ഒരു മനുഷ്യനെക്കണ്ടത്. ആ രൂപം കരയ്ക്കടുക്കുന്നതും നോക്കി അയാൾ കുറെനേരം അവിടെ നിന്നു. പക്ഷേ തീരമണയുന്നതിനു തൊട്ടുമുന്നേ രൂപം തിരയിൽ അപ്രത്യക്ഷമായി. ആരോ കടലിൽപ്പെട്ടു എന്ന് വിവരം പരന്ന് ചിലർ ചെറുവഞ്ചികളിൽ ആളെക്കണ്ടയിടം നോക്കി തുഴഞ്ഞു. വയസായ അന്തിത്തിരിയന് കണ്ണുപിഴച്ചതാവും എന്ന് പിറുപിറുത്ത് കടൽജലം നനഞ്ഞ ശരീരങ്ങളുമായി അവർ തിരികെപ്പോയി. എന്നാൽ അതിനുശേഷം പലപ്പോഴും രാത്രികളിൽ വലയിടാൻ പോകുന്നവരോ വെളുപ്പിനുമുന്നേ കടൽക്കരയിൽ വിസർജ്ജനത്തിനു പോകുന്നവരോ ഒക്കെ കടൽത്തിര മുറിച്ചു തലകുത്തിമറിയുന്ന പയ്യനെ കണ്ടുവെന്നു പറഞ്ഞ് തുറയിൽ വേവലാതി പരത്തി. മാത്രമല്ല പാദമറ്റ പയ്യന്റെ കുഴിമാടത്തിൽനിന്ന് ഒരു ഒറ്റപ്പാദം നടന്നുപോയി തിരികെ വന്നതിന്റെ പാടു ചൂണ്ടിക്കാണിച്ച് പയ്യന്റെ അമ്മ അലമുറയിട്ടു. പയ്യന്റെ പ്രേതത്തിന്റെ വികൃതികൾ ആണിതെന്ന് ചൂണ്ടിക്കാണിച്ച് കാരണവർ ചെറുക്കന് വേണ്ടി ഒരന്തിയിൽ വെളിച്ചപ്പെട്ടു. കാവിൽ എരിഞ്ഞുനിന്ന വിളക്കുകൾക്കു നടുവിൽനിന്ന് വെളിച്ചപ്പെടാൻ ഇറങ്ങി ഓടി. കൂടെ ഓടിയവരെ പിന്നിലാക്കി വെളിച്ചപ്പാടൻ മറഞ്ഞു. അരയന്മാർ രാത്രി മുഴവൻ വെളിച്ചപ്പാടനെയും തിരഞ്ഞുനടന്നു.

പിറ്റേന്ന് രാവിലെ ചെറുക്കന്റെ കുഴിമാടത്തിനു മുകളിൽ ദേഹം മുഴുവൻ മുറിവുകളോടെ ചത്തുമലച്ചു കിടക്കുന്ന കുട്ടൻനായരെക്കണ്ട് അരയന്മാർ വാപൊളിച്ചു. മുൻഭാഗത്തെ ലൈറ്റ് കത്തിക്കിടന്ന അയാളുടെ യെസ്ഡി ഒരു ദ്വന്ദ്വത്തിൽ ജീവൻ പോയ കാട്ടുമൃഗത്തെപ്പോലെ ഹിംസാത്മകമായ രൂപങ്ങൾ തെളിഞ്ഞു നിന്ന മണൽക്കളത്തിനു നടുവിൽ കടലിനെ അഭിമുഖീകരിച്ചു കിടന്നു.

കുട്ടൻനായരുടെ ഭാര്യ കരഞ്ഞില്ല. അയാളുടെ രക്തം വാർന്ന് വിളറിയ മൃതദേഹം കഴുകിക്കിടത്തിയപ്പോൾ അതിൽപ്പുതച്ച പുതുമുണ്ടിനു മീതേ അയാളുടെ ഭാര്യ രക്തക്കറ മായാത്ത മീന്മണമുള്ള ഒറ്റമുണ്ട് വിരിച്ചത് കണ്ട് തറവാട്ടിലെ തലമുതിർന്ന ആണുങ്ങൾ അവളെ കണക്കിന് തെറി പറഞ്ഞു. അവളുടെ പിടിപ്പുകേട് കൊണ്ടാണ് അയാൾക്ക് ഇങ്ങനെ ഒരു ഗതി വന്നത് എന്നവർ പറഞ്ഞപ്പോൾ അവൾ ചിരിച്ചുകൊണ്ടു കുഞ്ഞിനെ ഒക്കത്ത് തട്ടി ഉള്ളിലേക്ക് കയറിപ്പോവുക മാത്രമാണുണ്ടായത്. ആദ്യരാത്രിയിൽ പെണ്ണുടുത്തിരുന്ന പുടവയാകാം അത് എന്ന് ചില പെണ്ണുങ്ങൾ അകത്തു കുശുകുശുത്തു. പെണ്ണ് സ്‌നേഹക്കൂടുതൽകൊണ്ട് ചെയ്തുപോയതാകാനാണ് സാധ്യത എന്നുപറഞ്ഞ് മുതിർന്ന പെണ്ണുങ്ങൾ ഭർത്താക്കന്മാരെ അനുനയിപ്പിച്ചു. എങ്കിലും ശവശരീരം ചുടലയ്‌ക്കെടുത്തിട്ടും പെണ്ണ് കരയാത്തതിൽ എല്ലാരും അമ്പരന്നു. അവളുടെ മടിയിലിരുന്നു കരഞ്ഞ കുഞ്ഞിന്റെ തിരിച്ചറിവുപോലും അവൾക്കില്ലെന്നു വിധിയെഴുതി പിരിഞ്ഞുപോയ ബന്ധുക്കൾ പിന്നീട് ആ ഭാഗത്ത് തിരിഞ്ഞു നോക്കിയില്ല. അവരുടെ അവഗണന അവളെ ബാധിക്കും എന്ന് കരുതിയ അവർക്ക് തെറ്റിപ്പോയിരുന്നു. അവർ അവിടെ കൂടിയതോ പിരിഞ്ഞു പോയതോ അവൾ ഒരിക്കലും അറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. '.

യമയുടെ കഥകൾക്കു മലയാളചെറുകഥയുടെ (പെൺകഥയുടെയും) ഏറ്റവും പുതിയ മുഖമാണ്. ഭാഷയിലും രാഷ്ട്രീയത്തിലും തീഷ്ണവും സൂക്ഷ്മവുമായ സ്‌ത്രൈണഭാവന മുറ്റിനിൽക്കുന്ന രചനകൾ. അടിമുടി സിനിമാറ്റിക്. ആദ്യന്തം അതിയാഥാർഥ്യം. ഇരുതലമൂർച്ചയുള്ള ഭാഷണങ്ങൾ. അഗ്നിപോലാളുന്ന കാമനകൾ. തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തങ്ങളും ചേരികളും ദേശവും ഭാഷയും ജാതിയും ജീവിതവുമായി പുനഃസൃഷ്ടിക്കപ്പെടുന്ന ഭാവഭൂപടം. മുഴുവൻ അധീശവ്യവഹാരങ്ങളുടെയും മുഖത്തു തുപ്പുന്ന കൂസലില്ലായ്മയുടെ കഥനരൂപം. സ്ത്രീജീവിതത്തിന്റെ നിസ്വവും വന്യവും ഭ്രാന്തുപിടിപ്പിക്കുന്നതുമായ ഏകാന്തതകളും സ്‌നേഹശൂന്യതകളും കൊണ്ടു കെട്ടുനിറച്ച കഥകൾ. ഭൗതികദാരിദ്ര്യവും ലൈംഗികാതൃപ്തികളും ബൗദ്ധികപ്രതിസന്ധികളും ശാരീരികാവർണതകളും ജാതിക്കീഴായ്മകളും അവരുടെ അസ്തിത്വത്തെ ഉടലിനും ഉയിരിനുമിടയിൽ ഒരു നൂൽപ്പാലം പോലെ ഇണക്കിനിർത്തുന്നു. ഏതുനിമിഷവും പൊട്ടിവീഴാവുന്ന ഒരു ട്രപീസിൽ അവർ ഊഞ്ഞാലാടുകയാണ്. സ്ത്രീജീവിതം എത്രമേൽ കഥാഭരിതമാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു, യമ.

കഥയിൽനിന്ന്:-

'അവൾ ചെങ്കല്ലിനു പുറത്ത് തടിപ്പലക കയറ്റിവച്ച് ഉണ്ടാക്കിയ കട്ടിലിനടിയിലേക്കു വലിഞ്ഞുകയറി. ഫോൺ അവിടെ ഒരു മൂലയ്ക്കു വിറച്ചു തുള്ളിക്കിടപ്പുണ്ട്. കൈയും വിരലും വലിച്ചുനീർത്തി അവൾ ഫോണെടുത്തു. തിരികെ വിളിക്കാനുള്ള ഫോൺ ബാലൻസ് ഇല്ലെന്നറിയാവുന്നതു കൊണ്ടുതന്നെ വെപ്രാളത്തിൽ ഫോൺ അറ്റന്റ് ചെയ്തു.

നീ എന്ത് ഫോൺ എടുക്കാത്ത. നാലഞ്ചു തവണയായി വിളിക്കണത്. ഈ പണിക്കെറങ്ങിയാ കൊറെക്ക ഉത്തരവാദിത്തം വേണം കേട്ടാ. അല്ലെങ്കി ഫോൺ തിരികെ എപ്പിച്ചിറ്റ് പോ. ഞാൻ വേറെ ആളെ തപ്പിക്കോളാം.

അയ്യോ അണ്ണൻ വിളിച്ചിരുന്നാ. ഈ ഫോൺ ഇപ്പഴാണ് ഈ മുടിഞ്ഞ സ്ഥലത്തൂന്നു കിട്ടിയത്. ഒരു സാധനം വച്ചാ വച്ചടത്ത് കാണൂല്ല. പണിവല്ലോം ഒണ്ടാ. കയ്യീ അഞ്ചിന്റെ പൈസ ഇല്ലണ്ണാ. ഓണാല്ലേ! മക്കള് വീട്ടില് വരും. തുണി വാങ്ങിച്ച് രണ്ടിനും എന്തെങ്കിലും അടിപ്പിച്ചെങ്കിലും കൊടുക്കണ്ടേ.

നീ രാത്രീലത്തെ ഷോയ്ക്ക് ശ്രീലേക്ക് പൊയ്‌ക്കോ. ടിക്കറ്റ് വർഷോപ്പിൽ ഏപ്പിക്കാം. ടിക്കറ്റില് സീറ്റ് നംബര് കാണും. അവിടേം ഇവിടേം പോയി ഇരുന്നെക്കല്ല്. അയാൾ നിന്റെ സീറ്റിനടുത്തൊള്ള സീറ്റിൽ വന്നോളും കഴിഞ്ഞിട്ട് സ്റ്റാന്റില തട്ട്കടേല് വന്നാതി.

സിനിമാ തിയേറ്ററില് എന്തരിന്?

അതുംകൂടി ഞാൻ പറഞ്ഞ് തരണാ. നിന്റ പണിക്കൊള്ള പൈസ കിട്ടിയാപ്പോരെ. കുഴി എണ്ണണയെന്തരിന്? അയാളേന്നു ടിക്കറ്റിന്റെ ബാക്കി കീറി വാങ്ങിച്ചോണ്ട് വന്നാ പൈസ തരാം. ഫോൺ കട്ടായതും ശ്വാസകോശത്തിനകത്തു കയറി ധമനികളിലേക്ക് ഒഴുകിത്തുടങ്ങിയ വിഷപ്പുകയെ ഉഗ്രമായി നിശ്വസിച്ച്, വായുവിലേക്ക് സകലവിങ്ങലും ചുമച്ചുതെറിപ്പിച്ചു കൊണ്ടോടി, പഴഞ്ചോറ് അടിയിൽ പിടിച്ചു തുടങ്ങിയ കലം അടുപ്പിൽ നിന്നിറക്കി വച്ച് അവൾ കിതച്ചു.

നിന്റെ പണി. നല്ല പണി. പൈസ ഒണ്ടാക്കിത്തരണ എല്ലാം പണി തന്ന അവൾ തന്നത്താൻ പറഞ്ഞു. സോമണ്ണന്ട പണി എന്തര്? പിമ്പ് കോണ്ട്രാക്ടറ്. എന്തരു പണി ചെയ്താലും വയ്യൂട്ടാവുമ്പം കയ്യീ വല്ലോം തടയണം. ഒറക്കത്തിലും സ്വപ്നത്തിലും കൂടി വിശക്കണേനക്കാലും അത് തന്ന നല്ലത്. അവൾ പറഞ്ഞുകൊണ്ടിരുന്നു.

റെയിൽവേട്രാക്കിനു വശത്തുള്ള മാലിന്യം തിന്നുകൊഴുത്ത മഴപ്പൊടിപ്പുകൾക്കിടയിൽനിന്നും അവൾ കുപ്പച്ചീര പറിച്ചെടുത്തു. അതിനിടയിൽ ആരോ കൊണ്ട് തള്ളിയ സാനിറ്ററിപാഡുകൾ പിളർന്ന് രക്തം പർപ്പിൾ ജെല്ലികളായി ചിതറിക്കിടന്നിരുന്നു. പെണ്ണുങ്ങളുടെ തീണ്ടാരക്തം കുടിച്ചു വളർന്ന കുപ്പച്ചീരകൾ എന്നവൾ മനസ്സിൽപ്പറഞ്ഞു. അവളുടെ വീടിനുള്ളിൽനിന്നും ഇറങ്ങിയോടിയ കൊതുകുകൾ അഭയം തേടിയിരുന്ന കൊച്ചു മഴക്കാടിളകി കൊതുകുകൾ മൂളിത്തെറിച്ചു. കൊതുകുകളുടെ ജീവിതോദ്ദേശ്യത്തെക്കുറിച്ച് അവൾ ചിന്തിച്ചു നോക്കി. മനുഷ്യരിൽ ഡെങ്കിപ്പനിയും ചിക്കൻഗുനിയയും കുത്തിവച്ച് ജനസംഖ്യാനിയന്ത്രണം ആണ് കൊതുകുകളുടെ പണി എന്നവൾ ഉറപ്പിച്ചു. ഡെങ്കിപ്പനി വന്ന് നീരുവച്ചു വീർത്തുനില്ക്കുന്ന കാല്മുട്ടുകൾ മടക്കാനാവാതെ അവിടവിടെ പൊട്ടിത്തുടങ്ങിയ സിമന്റ് തറയിൽ കാൽ നീട്ടിയിരുന്ന് ചോറ് വാരിത്തിന്നുമ്പോൾ അവൾക്ക് വായിൽ വിഷപ്പുക കയ്ച്ചു.

ഇന്നും സർക്കീട്ടു തന്നല്ലേ. എന്തരക്ക കണ്ടിട്ട് ചാവണം? വയസ്സി ചോറുപാത്രത്തിൽത്തന്നെ മുഖം കുനിച്ചിരുന്നു പുലമ്പി.

അതിനു മറുപടി കൊടുക്കാതിരിക്കുന്നതാണു നല്ലത്. അല്ലെങ്കിൽ വർത്തമാനം കത്തിക്കയറി തള്ളയുടെ കരച്ചിലിൽ എത്തി നില്ക്കും. അവളുടെ ഗതികേട് അവർക്കും അറിയാഞ്ഞല്ല. റെയിൽവേ കോണ്ട്രാക്ടരുടെ കനിവിൽ സ്റ്റേഷൻ പാളത്തിലെ കുപ്പ പെറുക്കുന്ന പണി കിട്ടണോങ്കിലും അവന്റെക്ക കൂടപ്പോയി കെടക്കണം. കയ്യൊറേം വലിച്ചുകയറ്റി മൂക്കിൽ മാസ്‌ക് ഇട്ടാലും തീട്ടത്തിൽ നോക്കുമ്പം ഓക്കാനം വരും. വീട്ടിൽ ആംപ്രെന്നോന്മാർ ഇല്ലന്നു കണ്ടപ്പോ പിന്നെ സഹായത്തോടു സഹായ വാഗ്ദാനം. കിട്ടണ പൈസയാണെങ്കിൽ അരി വാങ്ങാൻപോലുമില്ല. പുറംപോക്കിൽ കെട്ടിയിരിക്കുന്ന കൂര എന്നാണ് ബുൾഡോസർ വലിച്ചു താഴെ ഇടുന്നത് എന്നറിഞ്ഞൂടാ. ചത്താലും ജീവിച്ചാലും ഒരാളും ചോദിക്കാനില്ല. കൂടെത്താമസിച്ചു പിള്ളേരെ കൊടുത്തശേഷം എങ്ങോട്ടോ മറഞ്ഞുപോയ ആണിന്റെ മുഖംപോലും അവൾക്കിപ്പോൾ ഓർത്തെടുക്കാൻ പറ്റുന്നില്ല. പത്തൊൻപതാം വയസ്സിൽ തുടങ്ങിയ അമ്മപ്പണിയാണ്. ഇപ്പൊ മുപ്പത്തഞ്ചിന്റെ ചതയലിൽ പിടിച്ചുതൂങ്ങി തുഴയുന്നു. അവളുടെ അമ്മ കൂലിപ്പണിക്ക് പോയിരുന്നതുവരെ ചോര പൊടിഞ്ഞിരുന്നെങ്കിലും വലുതാകാത്ത വ്രണം പോലൊരു ജീവിതം അവർക്ക് സ്വന്തമായി ഉണ്ടായിരുന്നു. ആ സ്ത്രീക്ക് ദീനം പിടിച്ചു പണിക്കുപോകാൻ പറ്റാതായതോടെ രണ്ടാം പ്രസവത്തോടെ തുടങ്ങിയ തണ്ടെല്ല് വേദന അണപ്പല്ലിനിടയിലിട്ടു ഞെരിച്ച് അവൾ പണിക്കിറങ്ങി. ഒരു ദിവസം പണിക്കിറങ്ങിയാൽ രണ്ടാഴ്ചയ്ക്കുള്ള വേദന കൂലിക്കൊപ്പം വീട്ടിലെത്തും. ഒള്ളതാണെങ്കിൽ രണ്ടു പെമ്പിള്ളേരും. പെമ്പിള്ളേരാണെന്ന് എഴുതി ഒട്ടിക്കണം. ചെറുപ്പം മുതൽക്കുതന്നെ വയറു നിറച്ചു ഭക്ഷണം കണ്ട ദിവസം അവർക്കറിയില്ല. പുറമ്പോക്കിലെ മറ്റു നാല് വീടുകളിലുള്ള പിള്ളേരുടെ ഗതിയും മറിച്ചല്ല. ഒരെണ്ണവും പത്തു കടന്നിട്ടില്ല. സർക്കാരിന്റെ ബാർ പൂട്ടലിനുശേഷം വീട്ടിലിരുന്നാണ് മിക്ക ആണുങ്ങളുടെയും കുടി. പ്രതിഷേധിക്കുന്ന തന്നോളം പോന്ന പിള്ളേരെ തല്ലൽ, കാറ്റത്ത് പറന്നുപോകാൻ പാകത്തിലുള്ള മേല്ക്കൂരകളിലേക്ക് ചോറുപാത്രം എറിഞ്ഞുപിടിപ്പിക്കൽ തുടങ്ങിയ കലാപരിപാടികളിലാണ് രാത്രിയാകുമ്പോ ആണുങ്ങൾക്ക് കമ്പം. കരഞ്ഞുപിഴിഞ്ഞ മുഖങ്ങളുമായി പെണ്ണുങ്ങളും പെണ്മക്കളും പ്ലാസ്റ്റിക് കുടങ്ങളും ടവറകളും എടുത്ത് പബ്ലിക്ടാപ്പിന്റെ മുന്നിൽപ്പോയി നിന്ന് അവർക്കറിയാവുന്ന ദൈവങ്ങളെയൊക്കെ തെറി വിളിച്ചു. അപ്പോഴൊക്കെ വീട്ടിൽ ആണുങ്ങളില്ലാത്തത് അനുഗ്രഹമാണെന്നുപോലും സ്വർണ്ണലത ചിന്തിക്കും. പിള്ളേർ തരക്കേടില്ലാതെ പഠിക്കുമെന്ന് കണ്ടപ്പോഴാണ് അവൾക്ക് ആധി കയറിയത്. വിറകുകൊള്ളികൾ പോലുള്ള കൈകാലുകൾ ചലിപ്പിച്ച് സ്‌കൂളിലേക്ക് ആവേശത്തോടെ പോകുന്ന കുട്ടികളെക്കാണുമ്പോൾ അവൾക്കു കരച്ചിൽ മുട്ടും. അതുങ്ങളെ പഠിപ്പിച്ച് സ്വന്തം കാലിൽ നില്ക്കാനാവുന്ന വിധമെങ്കിലും ആക്കിയിട്ടു ചത്താൽ മതി എന്നാണവൾക്ക്. അങ്ങനെയാണ് ഒൻപതിലും പത്തിലും പഠിക്കുന്ന പെൺകൊച്ചുങ്ങളെ രണ്ടിനെയും അവൾ പുവർ ഹോമിൽ കൊണ്ടുപോയി നിർത്തിയത്. ഒന്നുമില്ലെങ്കിലും മൂന്നുനേരം ആഹാരം കിട്ടും. ജീവിതത്തിൽനിന്ന് യാതൊന്നും ആഗ്രഹിക്കാൻ അവസരം കിട്ടാത്ത ആ കുട്ടികൾക്ക് അത് സ്വർഗം ആണെന്ന് അവൾക്കറിയാം. തന്നെപ്പോലെ അവരും ഈ പുറമ്പോക്കിലെ അഴുക്കുചാലിനു വശത്തിരുന്ന് റോഡിലൂടെ നടന്നുനീങ്ങുന്ന ഭാഗ്യതാരങ്ങളെ കണ്ടു നെടുവീർപ്പിടരുതെന്ന് അവൾക്കു നിർബന്ധമുണ്ടായിരുന്നു.

നാണക്കേട് എന്തരിന്? ജീവിതം ഉള്ളവർക്കാണ് മാനോം അഭിമാനോം. മരിച്ചു ജീവിക്കുന്നവർക്ക് എന്തരിനു വല്യ അഭിമാനം? അവൾ തയ്യൽ വിട്ടു പിഞ്ഞിത്തുടങ്ങിയ മുഷിഞ്ഞ അടിപ്പാവാടയ്ക്കു മുകളിൽ പോളിസ്ടർ സാരി ഞൊറിഞ്ഞുടുത്തു. ഇരുട്ടത്ത് പോണ്ട്‌സ് പൗഡറിന്റെ സുഗന്ധം പരത്തി വീട്ടുതിണ്ണയ്ക്കു പുറത്തു കാൽവെച്ചതും നീട്ടിയുള്ള ഒരു കാറിത്തുപ്പൽ വീടിനകത്തെ ഇരുട്ടിൽനിന്നും പുറത്തേക്കു തെറിച്ചു. ആ തുപ്പലിന്റെ ശക്തിയിൽ തള്ള താഴെ വീണുകാണുമോ എന്നവൾ സങ്കടപ്പെട്ടു. പട്ടിണിയിലും ചീർത്തു ചീർത്തു വന്ന അകം പൊള്ളയായ ശരീരത്തിന്റെ ഭാരക്കുറവ് സഹിക്കാനാവാതെ അവളുടെ വള്ളിച്ചെരുപ്പുകൾ മഴ നനഞ്ഞുകിടന്ന ഭൂമിയിൽ വഴുക്കി. ജീവിക്കാനുള്ള ആഗ്രഹമാണ് തന്റെ ശരീരത്തെ വലുപ്പം വയ്‌പ്പിക്കുന്നത് എന്നവൾക്ക് തോന്നി. ഒൻപതരയ്ക്കുള്ള ഷോയ്ക്ക് ഇനി അരമണിക്കൂറെ ഉള്ളൂ. റോഡു മുറിച്ചുകടന്ന് റെയിൽവേയുടെ മേല്പാലത്തിലൂടെ സ്വർണ്ണലത ശരംവിട്ടകണക്കിന് വർക്ക്‌ഷോപ്പിലേക്ക് പാഞ്ഞു'.

ഒരു വായനാവിപ്ലവം
യമ
ഡി.സി. ബുക്‌സ്
വില: 115 രൂപ

ഷാജി ജേക്കബ്‌    
കേരള സര്‍വകലാശാലയില്‍ ഗവേഷകവിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയില്‍ തുടര്‍ച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും, പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്‌കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമര്‍ശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളില്‍ ഷാജി ജേക്കബിന്റെ നൂറുകണക്കിനു രചനകള്‍ പുറത്തുവന്നിട്ടുണ്ട്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
ജോലിക്കായുള്ള അഭിമുഖത്തിനായി പുലർച്ചെ കൊച്ചിയിലെത്തി; ഉച്ചയ്ക്ക് രണ്ടുമണിയോടെ ഓട്ടോയിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ച നിലയിൽ; ആശുപത്രിയിൽ എത്തിച്ചത് അമിതരക്തസ്രാവത്തെ തുടർന്ന്; ഒപ്പമുണ്ടായിരുന്ന യുവാവ് മുങ്ങിയെങ്കിലും മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പിടിയിൽ; എഴുപുന്ന സ്വദേശിനിയായ 19 കാരി സാന്ദ്രയുടെ മരണത്തിൽ ദുരൂഹത
കള്ളും കഞ്ചാവും ശീലമായ ആൽബിൻ വിഷം കലർത്തിയ ഐസ്‌ക്രീം തയ്യാറാക്കിയത് കുടുംബത്തെ മുഴുവൻ വകവരുത്താൻ തന്നെ; ദളിത് യുവതിയെ പ്രണയിച്ചതിലെ വീട്ടുകാരുടെ എതിർപ്പ് പകയായി; സഹോദരിയോട് മോശമായി പെരുമാറിയത് വീട്ടുകാരോട് പറയും എന്ന ഭയവും കൊലയ്ക്ക് കാരണമായി ; കാസർകോട് 16കാരിയുടെ മരണത്തിന് പിന്നിൽ സഹോദരൻ; എല്ലാ കുറ്റവും പൊലീസിനോട് ഏറ്റുപറഞ്ഞ് ആൽബിൻ; കുടുംബത്തെ മുഴുവൻ വകവരുത്താനൊരുങ്ങിയത് നന്തൻകോട്ടെ കേഡലിന് സമാനമായി
30 രൂപ പോക്കറ്റിലിട്ട് തോക്കെടുത്ത അയാൾക്ക് 30 വർഷത്തെ ക്രിമിനൽ ജീവിതത്തിന് ശേഷം ആസ്തി 30,000 കോടി; പതിനൊന്ന് ലക്ഷ്വറി കാറുകൾ; ഒരു പത്രത്തിന്റെ മുഴവൻ പേജിലും അച്ചടിച്ചാൽ ഒതുങ്ങാത്ത സ്വത്തു വിവരങ്ങൾ; തുളു ബ്രാഹ്മണിൽനിന്ന് അധോലോക നായകനിലേക്കും പിന്നീട് സാമൂഹിക പ്രവർത്തകനിലേക്കും; വേലക്കാർക്കു പോലും കൊടുത്തത് സ്ഥലവും മൂന്ന് ലക്ഷംരൂപയും; 'ദ ഗ്രേറ്റസ്റ്റ് ഗ്യാംഗ്സ്റ്റർ എവർ' എന്ന് സിനിമക്ക് അടിസ്ഥാനമായ മുത്തപ്പ റായ് വീണ്ടും വാർത്തകളിൽ നിറയുമ്പോൾ
ജസ്നയുള്ളത് ചെന്നൈയിലെ മതപഠന കേന്ദ്രത്തിലോ? നിർണായക കണ്ടെത്തൽ നടത്തിയത് പത്തനംതിട്ട എസ്‌പി കെജി സൈമൺ; രഹസ്യമാക്കി വയ്ക്കേണ്ട വിവരം പരസ്യമാക്കിയത് ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരി; സൂചന കിട്ടിയിട്ടും ആളെ കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം; റിട്ടയർമെന്റിന് മുമ്പായി കേസ് തെളിയിക്കുമെന്ന വാശിയിൽ കൂടത്തായി ഹീറോയും; ജസ്‌നയെ കാണാതായത് രണ്ടുവർഷം മുമ്പ് മുക്കൂട്ടുതറയിൽ നിന്ന്
സ്വർണ്ണക്കടത്തും തീവ്രവാദവും തമ്മിൽ ബന്ധിപ്പിക്കാൻ കഴിയുന്നില്ല; അന്വേഷണ ഏജൻസികൾക്ക് മുന്നിൽ പ്രതിസന്ധികൾ; കസ്റ്റംസിനെ അസ്വസ്ഥമാക്കിയത് എൻഐഎയുടെ വരവ്; തങ്ങളുടെ കൊക്കിൽ നിന്ന് കേസ് കസ്റ്റംസ് കൊത്തിക്കൊണ്ട് പോയതിൽ ഡിആർഐക്ക് അതൃപ്തി; സമ്മർദ്ദം മുറുകുന്നതിൽ എൻഐഎയ്ക്കും അസ്വസ്ഥത; ഡൽഹിയിൽ വാർ റൂം തുറന്നു എല്ലാം നിരീക്ഷിച്ച് അജിത് ഡോവലും; സ്വർണ്ണക്കടത്തിൽ എൻഐഎ എത്തി ഒരു മാസം കഴിയുമ്പോൾ
ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനെ തേടി യുവതി കൊല്ലത്തെത്തിയത് പാലക്കാട്ടു നിന്നും; വീട്ടിൽ കയറുന്നത് യുവാവിന്റെ മാതാപിതാക്കൾ വിലക്കിയപ്പോൾ പഞ്ചായത്ത് കിണറിന് അരികിൽ ഇരുന്നു നേരം വെളുപ്പിച്ച് കാമുകിയും കാമുകനും; ഭാര്യയും കുഞ്ഞുമുള്ള യുവാവ് സോഷ്യൽ മീഡിയയിലൂടെ പാലക്കാട്ടുകാരിയുടെ മനം കവർന്നത് ഒന്നര വർഷം മുമ്പ്: വീട്ടുകാർ കയ്യൊഴിഞ്ഞതോടെ യുവതിയെ തിരികെ ഏൽപ്പിക്കാൻ ഭർത്താവിന്റെ അടുത്തേക്ക് വെച്ചു പിടിച്ച് കാമുകിയും കാമുകനും
വീട് എടുത്തത് തുണി മൊത്ത വ്യാപാരത്തിന്; വാട്‌സാപ്പ് ഗ്രൂപ്പിൽ ചിത്രമിട്ട് ഇടപാട് ഉറപ്പിക്കും; ആള് റെഡിയാണ്, പെൺകുട്ടി റെഡിയാണ്, പുതിയ ആളുണ്ട് തുടങ്ങിയ സന്ദേശങ്ങളിൽ വീണ് പണം അക്കൗണ്ടിലിട്ടാൽ വാടക വീട്ടിലേക്ക് കസ്റ്റമേഴ്‌സിനെ വിളിച്ചു വരുത്തും; വിവിധ ഇടങ്ങളിൽ നിന്ന് യുവതികളെ എത്തിച്ച് പണമുണ്ടാക്കി; കോവിഡുകാലത്ത് കച്ചവടം കൊഴുപ്പിച്ചത് ഓൺലൈൻ സംവിധാനങ്ങളിലൂടെ; വീണ്ടും വാണിഭ മാഫിയാ രാഞ്ജി കുടുങ്ങി; വെറ്റിലപ്പാറെ സിന്ധുവിനെ പൊലീസ് വീണ്ടും അകത്താക്കുമ്പോൾ
വാണിഭത്തിന് കരുത്തായത് വാട്‌സാപ്പ് ഗ്രൂപ്പു തന്നെ; അംഗങ്ങളിൽ ചിലർ പുറമേ ഉള്ളവർക്ക് സ്ത്രീകളെ എത്തിച്ചു കൊടുക്കാനുള്ള ഉപാധിയായും ഈ ഗ്രൂപ്പിനെ ഉപയോഗപ്പെടുത്തി; പിടിയാലയത് 18 വാണിഭ കേസുകളിൽ പ്രതിയായ സിന്ധു സുരേഷ്; ചാലക്കുടിയിലെ മോഡലിനെ വീഴ്‌ത്തിയ വാണിഭ രാജ്ഞി പിന്നെ പൊങ്ങിയതുകൊരട്ടിയിൽ; ഉന്നത ബന്ധങ്ങളുള്ള വെറ്റിലപ്പാറയിലെ സിന്ധു സുരേഷ് വീണ്ടും അകത്താകുമ്പോൾ
നയതന്ത്ര പാഴ്സലുകളിലെ രേഖകൾ നൽകിയില്ലെങ്കിൽ സംസ്ഥാന പ്രോട്ടോകോൾ ഓഫീസർക്കെതിരെ കേസ് എടുക്കും; മാന്വലും എക്‌സംപ്ഷൻ സർട്ടിഫിക്കറ്റും കൊടുത്താൽ കുരുങ്ങുക മന്ത്രി കെടി ജലീലും; കോൺസുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഒപ്പിന്റെ മാതൃകയും ആവശ്യപ്പെടുന്നതും വ്യാജ രേഖാ നിർമ്മാണത്തിൽ പ്രതികളെ കുടുക്കാനുള്ള തെളിവിനായി; എൻഐഎയും കസ്റ്റംസും നടത്തിയത് തന്ത്രങ്ങളിലൂടെ സർക്കാരിനെ വെട്ടിലാക്കുന്ന നീക്കം; പ്രോട്ടോകോൾ രേഖകൾ നൽകാൻ സർക്കാർ നിർബന്ധിതരാകുമ്പോൾ
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
ഷാപ്പിലെ കറിവെപ്പുകാരനായി മണർകാടെത്തി; വട്ടിപ്പലിശക്കാരുടെ ഇടനിലക്കാരനായി ചുവടുമാറ്റം; നിസാര തുക കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്ത് വളർന്ന് പന്തലിച്ചു; 20 ലക്ഷം രൂപയ്ക്ക് രണ്ടേ കാൽ മാസത്തേക്ക് പലിശയായി വാങ്ങിയത് ഒരു കോടി രൂപ; കൊള്ളപ്പലിശയ്ക്ക് അവതരിപ്പിച്ചത് പത്താംകളം എന്ന പലിശ രീതി; അച്ഛനെ കിഡ്‌നാപ്പ് ചെയ്ത് യുവതിയെ ധർമ്മ സങ്കടത്തിലാക്കി; മാലം സുരേഷ് ക്രൂരതയുടെ അവതാരം! മല്ലപ്പള്ളിയിലെ പ്രീതി മാത്യുവിനെ തകർത്തതും മണർകാട്ടെ ഷൈലോക്കിന്റെ ചതിക്കുഴി
ശ്രീകണ്ഠൻ നായരുടെ വിദേശയാത്രകൾക്ക് ഹൈക്കോടതിയുടെ വിലക്ക്; വ്യാജ വാർത്താ കേസിൽ അറസ്റ്റ് ചെയ്താൽ 50,000 രൂപ ബോണ്ടിൽ വിട്ടയയ്ക്കണം; ഇനി വ്യാജ വാർത്തകൾ സംപ്രക്ഷേണം ചെയ്താൽ ജാമ്യം റദ്ദാക്കും; മറ്റുള്ളവർക്ക് വഴികാട്ടേണ്ട ശ്രീകണ്ഠൻ നായർ കേട്ടുകേൾവി വാർത്തയാക്കരുതെന്ന് ഓർമ്മിപ്പിച്ച് 24 ചാനൽ മേധാവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ശ്രീകണ്ഠൻ നായർ ഷോയിലെ കോവിഡിനെ കുറിച്ചുള്ള വ്യാജ വാർത്തയിലെ വിധിയിൽ നിറയുന്നത് വിമർശനങ്ങൾ മാത്രം
ലാവ് ലിൻ കേസ് , കമല ഇന്റർനാഷണൽ എക്‌സ്പോർട്ടിങ് കമ്പനി, തുടങ്ങി താങ്കൾ നടത്തിയ കോടികളുടെ പണമിടപാടുകളുടെ രേഖകൾ കത്തി നശിപ്പിക്കാൻ ഗുണ്ടകൾക്ക് നേതൃത്വം നൽകിയത് ഇപ്പോഴത്തെ മരുമകനായ മുഹമ്മദ് റിയാസ് ആയിരുന്നില്ലേ ...?ധാർഷ്ട്യം ഒട്ടും കൈവിടാതെ ഇനിയുമുറക്കെ പറയൂ പിണറായീ, ഞാൻ രാജി വെയ്ക്കില്ല... അങ്ങനെ പിണറായി എന്ന വിഴുപ്പ് ഭാണ്ഡം ലോകമാകെ ദുർഗന്ധം പരത്തട്ടെ; പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ക്രൈം നന്ദകുമാർ; പോസ്റ്റ് വൈറലാകുമ്പോൾ
വാവിട്ട വാക്കും കൈവിട്ട ഫേസ്‌ബുക്ക് പോസ്റ്റും; തെറിച്ചത് മാധ്യമപ്രവർത്തകന്റെ പണി; മാധ്യമങ്ങളോട് ചൂടായ മുഖ്യമന്ത്രിയെ വിമർശിച്ച് 'മിസ്റ്റർ പിണറായി' എന്ന് തുടങ്ങുന്ന പോസ്റ്റിട്ട 'കേരള വിഷൻ' ന്യൂസ് ഹെഡിന് കിട്ടിയത് വലിയ പണി; കടുത്ത സൈബർ ആക്രമണത്തിന് പിന്നാലെ പ്രജീഷിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി മാനേജ്‌മെന്റ്; ആകെ തകർന്നപ്പോൾ ജീവനൊടുക്കാനും മാധ്യമപ്രവർത്തകന്റെ ശ്രമം
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
വിവാഹ ബന്ധം വേർപെടുത്തിയ ശേഷം യുവതി ഒരേ സമയം ലൈം​ഗിക ബന്ധം പുലർത്തിയിരുന്നത് മൂന്ന് പേരുമായി; മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും അടിമയായിരുന്ന യുവതിക്ക് എന്നും ഹരമായിരുന്നത് ഡിജെ പാർട്ടികളും; കാമുകന്മാരിൽ ഒരാളെ മറ്റുള്ളവർ ക്രൂരമായി കൊലപ്പെടുത്തുമ്പോൾ ഉന്മാദ നൃത്തവും ദാഹമകറ്റാൻ നൽകിയത് മൂത്രവും; ഒടുവിൽ ശാശ്വതിക്കും കൂട്ടാളികൾക്കും വിനയായത് സ്വന്തം മകളുടെ മൊഴിയും