Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാർത്തകൾ ചരിത്രമെഴുതുമ്പോൾ

വാർത്തകൾ ചരിത്രമെഴുതുമ്പോൾ

ഷാജി ജേക്കബ്‌

പത്രപ്രവർത്തകൻ അസംതൃപ്തിയുമായി കഴിയാൻ വിധിക്കപ്പെട്ടവനാണ്. എവിടെ അസംതൃപ്തനായി കഴിയണം എന്നതുമാത്രമാണ് അയാൾക്കു തീരുമാനിക്കാനുള്ളത്.'

- ബി.ആർ.പി. ഭാസ്‌കർ

ജി.പി. പിള്ള മുതൽ രാംദാസ് രാജഗോപാൽ വരെയുള്ള മലയാളികൾ ഇന്ത്യൻ-ഇംഗ്ലീഷ് പത്രപ്രവർത്തനരംഗത്ത് നടത്തിയ ഒന്നേകാൽ നൂറ്റാണ്ടുകാലത്തെ ഇടപെടലുകളുടെ ചരിത്രം, ഇന്ത്യൻ മാധ്യമചരിത്രത്തിന്റെതന്നെ ഏറ്റവും ധർമ്മനിഷ്ഠമായ ഏടുകളിലൊന്നാണ്. ചെന്നൈ മുതൽ കൊൽക്കൊത്ത വരെ നീളുന്ന ഇവരുടെ പ്രവർത്തനപഥം, കൊളോണിയലിസവും ദേശീയപ്രസ്ഥാനവും മുതൽ സമകാല ഇന്ത്യൻ ഭരണകൂടവിമർശനം വരെയുള്ള സന്ദർഭങ്ങളെ മൂർത്തമായി അഭിസംബോധന ചെയ്യുകയും അതുവഴി ഇന്ത്യൻ രാഷ്ട്രീയ പൊതുമണ്ഡലത്തിന്റെ ഏറ്റവും ദീപ്തമായ ചില ഘട്ടങ്ങൾക്കു രൂപം കൊടുക്കുകയും ചെയ്തു.

പോത്തൻ ജോസഫ്, സി.പി. രാമചന്ദ്രൻ, എടത്തട്ട നാരായണൻ, ബി.ജി. വർഗീസ്, ടി.ജെ.എസ്. ജോർജ്, കെ.സി. ജോൺ, ബി.ആർ.പി. ഭാസ്‌കർ, രാംദാസ് രാജഗോപാൽ തുടങ്ങിയ പത്രാധിപന്മാരും ശങ്കർ, അബു അബ്രഹാം, ഒ.വി. വിജയൻ, ഇ.പി. ഉണ്ണി, രവിശങ്കർ തുടങ്ങിയ കാർട്ടൂണിസ്റ്റുകളും ഈ ചരിത്രത്തിന്റെ ഭാഗമാണ്. ഇവരുടെ പിൻഗാമികളായി ഇന്നു രംഗത്തുള്ള അരുന്ധതിറോയി, ഗോപീകൃഷ്ണൻ, ജോസിജോസഫ്, പ്രസന്നരാജൻ, ബിനു ജോൺ തുടങ്ങിയവരെയും നാം ശ്രദ്ധിക്കാതിരുന്നുകൂടാ.

മേല്പറഞ്ഞവരുടെയൊന്നും പ്രവർത്തനമണ്ഡലം കേരളമായിരുന്നില്ല. (ഉന്നതവിദ്യാഭ്യാസരംഗം പോലെ മാധ്യമരംഗവും കേരളത്തിൽ ഇന്നോളം ദേശീയ ശ്രദ്ധയാകർഷിച്ച ഒരു സ്ഥാപനത്തിനും ജന്മം നൽകിയിട്ടില്ല-മലയാളത്തിലെ രണ്ടു മാധ്യമങ്ങളെ മറന്നുകൊണ്ടല്ല ഇതു പറയുന്നത്.) എങ്കിലും ഇവരിൽ പലരും കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിൽ വലിയ സ്വാധീനം ചെലുത്തുകയും പലപ്പോഴും നേരിട്ടുതന്നെ ഇടപെടുകയും ചെയ്തിട്ടുള്ളവരാണ്. വിശേഷിച്ചും വിജയനും ടി.ജെ.എസും ബി.ആർ.പി.യും. ഇവരിൽ പലരുടെയും മാധ്യമജീവിതം സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ ജീവചരിത്രത്തിന്റെ അധ്യായങ്ങളായി മാറുന്നുവെന്നതാണ് വസ്തുത. ഈ ശ്രേണിയിൽ പുറത്തുവന്ന ഏറ്റവും പുതിയ രചനയാണ് ബി.ആർ.പി. ഭാസ്‌കറിന്റെ അനുഭവക്കുറിപ്പുകളുടെ സമാഹാരമായ 'ന്യൂസ്റൂം'.

1952 മുതൽ പതിനാലുവർഷം ദ ഹിന്ദു, സ്റ്റേറ്റ്സ്മൻ, പേട്രിയറ്റ് എന്നീ പത്രങ്ങളിൽ മാറി മാറി പ്രവർത്തിച്ചശേഷം 1966ലാണ് ബാബു രാജേന്ദ്രപ്രസാദ് ഭാസ്‌കർ വാർത്താ ഏജൻസിയായ യു.എൻ.ഐ.യിൽ ചേരുന്നത്. പതിനെട്ടു വർഷം അവിടെ തുടർന്നശേഷം 84 ൽ അദ്ദേഹം വീണ്ടും അച്ചടിമാധ്യമരംഗത്തെത്തി- ഡെക്കാൺ ഹെറാൾഡിൽ. അവിടെയും അധികകാലം തുടരാൻ ബി.ആർ.പിക്കായില്ല. കെ.പി. അപ്പൻ പറഞ്ഞതുപോലെ, 'മരിക്കുംവരെ ആരും തൃപ്തരല്ല' എന്ന തിരിച്ചറിവോടെ, അദ്ദേഹം തന്റെ പത്രപ്രവർത്തനജീവിതത്തിന്റെ ഈ മൂന്നാം ഘട്ടത്തിൽ പറഞ്ഞ വാക്കുകളാണ് തുടക്കത്തിൽ ചേർത്തിട്ടുള്ളത്. അടുത്തഘട്ടം, മാധ്യമ ഉപദേശകൻ എന്ന നിലയിൽ വിവിധ സ്ഥാപനങ്ങളിൽ 1988 മുതൽ ഒരു പതിറ്റാണ്ടിലധികം കാലം ബി.ആർ.പി. നിർവഹിച്ച ദൗത്യങ്ങളുടേതാണ്. കേരളത്തിൽ അദ്ദേഹത്തെ പരിചിതനാക്കിയത് ഈ കാലഘട്ടത്തിലെ മാധ്യമ, സാമൂഹിക ഇടപെടലുകളാണല്ലോ. വിശേഷിച്ചും ഏഷ്യാനെറ്റ് ന്യൂസ് നിലവിൽവന്ന 1995 മുതൽ. റജി മേനോൻ ശശികുമാറിനെ പുറത്താക്കി ചാനൽ പിടിച്ചെടുക്കുന്നതുവരെ, അഞ്ചുവർഷത്തോളം ബി.ആർ.പി. ഏഷ്യാനെറ്റിന്റെ ഭാഗമായിരുന്നു.

രണ്ടു ദശകത്തോളം പത്രരംഗത്തും രണ്ടു ദശകത്തോളം ഏജൻസി രംഗത്തും ഒരു ദശകത്തിൽ താഴെ ടെലിവിഷൻ രംഗത്തും പ്രവർത്തിച്ച ബി.ആർ.പി.യുടെ മാധ്യമജീവിതം, ആദ്യവസാനം, ആദർശങ്ങളും പ്രായോഗികതകളും തമ്മിലുള്ള കൊടിയ വടംവലികളുടെ രണഭൂമിയായിരുന്നു.

സജീവ മാധ്യമപ്രവർത്തനത്തിൽ നിന്നു പിന്മാറി, മാധ്യമ ഉപദേഷ്ടാവായി രംഗത്തുണ്ടായിരുന്ന കാലത്താണ് വിജിൽ ഇന്ത്യാ മൂവ്മെന്റുമായി സഹകരിച്ചു പ്രവർത്തിച്ചു തുടങ്ങിയ ബി.ആർ.പി. കേരളീയ പൊതുമണ്ഡലത്തിൽ ശ്രദ്ധേയനും പ്രസിദ്ധനുമാകുന്നത്. മാധ്യമപ്രവർത്തനത്തെ മനുഷ്യാവകാശപ്രവർത്തനമാക്കി മാറ്റുന്നതിൽ ബി.ആർ.പി.യോളം പങ്കുവഹിച്ച മറ്റൊരു മലയാളിയില്ല. മലയാളമാധ്യമങ്ങളെ സ്ഥാപനപരവും ഘടനാപരവും താത്വികവുമായ ധാർമ്മികതകൾ ഇത്രമേൽ ഓർമ്മിപ്പിച്ച മറ്റൊരു മാധ്യമപ്രവർത്തകനുമില്ല. ഒരേസമയംതന്നെ ക്രിയാത്മകവും വിമർശനാത്മകവുമായ പ്രവർത്തനരീതികൾ നിലനിർത്തി, അരനൂറ്റാണ്ടുകാലം പ്രത്യക്ഷവും പരോക്ഷവുമായി ബി.ആർ.പി. നടത്തിയ മാധ്യമപ്രവർത്തനത്തിന്റെ അനുഭവക്കുറിപ്പുകളും പുലർത്തിയ മാധ്യമധർമ്മങ്ങളുടെ ഓർമ്മപ്പുസ്തകവുമാണ് 'ന്യൂസ്റൂം'. പോത്തൻ ജോസഫ്, ബി.ജി. വർഗീസ്, ടി.ജെ.എസ്. ജോർജ്, വിനോദ് മേത്ത തുടങ്ങിയ ഒന്നാം നിര പത്രാധിപന്മാരെഴുതിയ ആത്മകഥകളോ അവരെക്കുറിച്ചെഴുതപ്പെട്ട ജീവചരിത്രങ്ങളോ ഒന്നും ഇത്രമേൽ സൂക്ഷ്മവും നിശിതവുമായി ദേശീയ/അന്തർദേശീയ/പ്രാദേശിക രാഷ്ട്രീയചരിത്രങ്ങളെ പിന്തുടരുകയോ മാധ്യമരംഗത്തെ പ്രൊഫഷണൽ ധർമ്മസങ്കടങ്ങളാവിഷ്‌ക്കരിക്കുകയോ ചെയ്യുന്നില്ല. മാധ്യമാനുഭവങ്ങളിലൂടെ തന്റെ ജീവിതം കാലാനുക്രമത്തിൽ രേഖപ്പെടുത്തുകയാണ് ബി.ആർ.പി. വാർത്തകളിലൂടെ ചരിത്രമെഴുതുന്നതിന്റെ അസാധാരണമായ മാതൃക. അഹന്ത മുറിച്ചുമാറ്റിയ ആത്മകഥ. മാധ്യമപ്രവർത്തകർക്കും രാഷ്ട്രീയപഠിതാക്കൾക്കും മാത്രമല്ല, ആത്മത്തെ പരമാവധി അടക്കിനിർത്തി അപരത്തെ ആവിഷ്‌ക്കരിക്കാൻ ആഗ്രഹിക്കുന്ന ആത്മ-കഥാകൃത്തുക്കൾക്കുമുള്ള ഒന്നാന്തരമൊരു പാഠപുസ്തകമാണ് 'ന്യൂസ്റൂം'.

വിദ്യാർത്ഥിയായിരിക്കെ, സ്വന്തം പിതാവ് പ്രസിദ്ധീകരിച്ചിരുന്ന 'നവഭാരതം' എന്ന പത്രത്തിൽ എഴുതിയ ചില റിപ്പോർട്ടുകളിലാണ് ബി.ആർ.പി.യുടെ മാധ്യമജീവിതത്തിന്റെ തുടക്കം. പി.കെ. ബാലകൃഷ്ണനും സി.എൻ. ശ്രീകണ്ഠൻനായരുമൊക്കെയായിരുന്നു നവഭാരതത്തിലെ സഹപത്രാധിപന്മാർ.

1952ൽ മദ്രാസിൽ 'ദ ഹിന്ദു'വിന്റെ പത്രാധിപസമിതിയിൽ ചേർന്നു. പല മാധ്യമങ്ങളിൽ, പല നിലകളിൽ 1999 വരെ ആ തൊഴിൽമേഖലയിൽ അദ്ദേഹം തുടർന്നു. എഴുപതുവർഷമാകുന്നു, ഈ ഫെബ്രുവരി 25ന്, ബി.ആർ.പി.യുടെ മാധ്യമജീവിതത്തിന് പ്രായം (ബി.ആർ.പി.ക്കാകട്ടെ, തൊണ്ണൂറും). ഈ എഴുപതുവർഷത്തിന്റെ ആദ്യ അരനൂറ്റാണ്ടിന്റെ കഥയാണ് 'ന്യൂസ്റൂം'- ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ ദക്ഷിണേഷ്യൻ രാഷ്ട്രീയചരിത്രവും. കുറിപ്പുകളോ രേഖകളോ എഴുതി സൂക്ഷിക്കാതിരുന്നിട്ടും 1952 മുതലുള്ള കാര്യങ്ങൾ കാലക്രമം തെറ്റാതെയും സംഭവങ്ങളും വ്യക്തികളും കുഴമറിയാതെയും അടുക്കിപ്പറയുന്ന അസാധാരണമായ ഒരാത്മകഥനം. അമ്പരപ്പിക്കുന്ന ഓർമ്മകളുടെ തരംഗലീല.

78 അധ്യായങ്ങളുള്ള ഈ പുസ്തകം ഒന്നിനൊന്നു മികച്ച 78 കഥകളുടെ സമാഹാരംപോലെ ഹൃദ്യവും വായനാക്ഷമവുമാണ്. വാർത്തകളുടെ കഥാത്മകതയും കഥകളുടെ ചരിത്രാത്മകതയും തമ്മിലിണങ്ങിച്ചേരുന്നതിന്റെ അസുലഭമായ മാതൃക. വായിച്ചുതന്നെയറിയണം ഈ ഓർമ്മക്കുറിപ്പുകളുടെ ഭാവദീപ്തമായ ആഖ്യാന കല.

മൂന്നു ഭാഗങ്ങളിലായി വകതിരിക്കാവുന്ന ഓർമകളുടെയും അനുഭവങ്ങളുടെയും ഒരാഖ്യാനഘടന 'ന്യൂസ്റൂമി'നുണ്ട്. സാമൂഹ്യാനുഭവങ്ങളെയും മാധ്യമസംഭവങ്ങളെയും വ്യക്ത്യനുഭവങ്ങളും ജീവിതമണ്ഡലവുമായി കണ്ടുകൊണ്ട് ബി.ആർ.പി. എഴുതുന്ന ഈ ആത്മകഥയുടെ ആമുഖമായി കരുതാവുന്ന 'നവഭാരത'കഥകളുടേതാണ് ആദ്യ രണ്ടധ്യായം. ദ ഹിന്ദു, സ്റ്റേറ്റ്സ്മൻ, പേട്രിയറ്റ് പത്രങ്ങളിലെ മാധ്യമപ്രവർത്തനകാലത്തെ (1952-1966) ജീവിതം പറയുന്നു, പിന്നീടുള്ള പത്തൊൻപതധ്യായങ്ങൾ. യു.എൻ.ഐയിലെ മാധ്യമജീവിതം പറയുന്ന നാല്പതോളം അധ്യായങ്ങളാണ് ഈ പുസ്തകത്തിന്റെ നേർപകുതി. അവസാനത്തെ പതിനേഴധ്യായങ്ങൾ ഡെക്കാൺ ഹെറാൾഡ്, ഏഷ്യാനെറ്റ് കാലത്തെ മാധ്യമ-ജീവിതം എഴുതുന്നു. കൗതുകകരമായി തോന്നാം, ഈ മൂന്നു ഘട്ടങ്ങൾക്ക് യഥാക്രമം നെഹ്രു, ഇന്ദിര, രാജീവ് കാലങ്ങളോടുള്ള ചരിത്രബന്ധം.

മൂന്നു ഭാഗത്തും ബി.ആർ.പി. പിന്തുടരുന്ന ആഖ്യാനരീതിശാസ്ത്രം സമാനമാണ് - വാർത്തകളിലുടെയുള്ള ചരിത്രമെഴുത്ത്. ഓർമ്മകൾ ചരിത്രമെഴുതുന്നതിന്റെ ഒന്നാന്തരം ഉദാഹരണം. ദേശാന്തരരാഷ്ട്രീയസംഘർഷങ്ങളിൽ പെട്ട് ദക്ഷിണേഷ്യ പൊതുവിവും ദേശരാഷ്ട്രമെന്ന നിലയിൽ ഇന്ത്യ വിശേഷിച്ചും കടന്നുപോന്ന കൊടുങ്കാറ്റുകളുടെ അകംകാഴ്ചകളാണ് മുഖ്യമായും വാർത്താ/മാധ്യമകേന്ദ്രിതമായ സംഭവ/അനുഭവസ്മൃതികളിലൂടെ ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നത്. സ്ഥാപനങ്ങളെന്ന നിലയിൽ മാധ്യമങ്ങളും ഏജൻസികളും അരനൂറ്റാണ്ടുകാലം പുലർത്തിപ്പോന്ന നയങ്ങളുടെയും പരിപാടികളുടെയും വൈരുധ്യങ്ങളും വ്യക്തികളെന്ന നിലയിൽ മാധ്യമപ്രവർത്തകർ അനുഭവിച്ച അകത്തും പുറത്തും നിന്നുള്ള പ്രൊഫഷണൽ സമ്മർദ്ദങ്ങളും വിശകലനം ചെയ്യുകയാണ് ഇതിനദ്ദേഹം സ്വീകരിക്കുന്ന സമീപനം. നെഹ്രു-ഇന്ദിര-രാജീവ് ഘട്ടങ്ങളിലൂടെ 90കളുടെ തുടക്കം വരെയുള്ള ദേശീയരാഷ്ട്രീയവും ദേശാന്തരബന്ധങ്ങളും അപഗ്രഥിക്കുന്ന ബി.ആർ.പി, ഭരണകൂടവാർത്തകൾക്കൊപ്പം ഊന്നലും പ്രാധാന്യവും കരുതലും നൽകുന്നുണ്ട്, അടിസ്ഥാന വിഭാഗങ്ങളിൽ പെട്ട ജനങ്ങളുടെ ജീവിതാവസ്ഥകളെ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ പെടുത്താനും. രാഷ്ട്രീയം, വികസനം, മനുഷ്യാവകാശം എന്നിവയെ സമൂലം പുനർനിർവചിച്ചുകൊണ്ടുള്ള മാധ്യമപ്രവർത്തനമായിരുന്നു ബി.ആർ.പി.യുടെ ലക്ഷ്യം. ഡൽഹി, അഹമ്മദാബാദ്, ശ്രീനഗർ, ബോംബെ, മദ്രാസ്, ബാംഗ്ലൂർ, തിരുവനന്തപുരം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അരനൂറ്റാണ്ടുകാലത്തെ മാധ്യമഇടപെടലുകൾ വഴി, ധർമ്മികമായ ഒത്തുതീർപ്പുകളും പ്രൊഫഷണൽ വിട്ടുവീഴ്ചകളും പരമാവധി ഒഴിവാക്കി, ആത്മാഭിമാനത്തോടെ തന്റെ തൊഴിൽ ചെയ്തതിന്റെ സംതൃപ്തിയാണ് ആ രംഗത്തുനിന്നു വിരമിക്കുമ്പോൾ ബി.ആർ.പിക്കുണ്ടായിരുന്ന ഏറ്റവും വലിയ നീക്കിബാക്കി. വാസ്തവത്തിൽ അതുതന്നെയാണ് പിൽക്കാലത്ത് നമ്മുടെ സാമൂഹ്യമനഃസാക്ഷിയുടെ ഏറ്റവും രാഷ്ട്രീയ ജാഗ്രതയുള്ള സൂക്ഷിപ്പുകാരിലൊരാളായി ബി.ആർ.പി.യെ മാറ്റിയ സാംസ്‌കാരിക മൂലധനവും.

'ദ ഹിന്ദു'വിൽ എഡിറ്റോറിയൽ ട്രെയിനിയായി ചേർന്ന ബി.ആർ.പി, വള്ളത്തോൾ നാരായണമേനോന്റെ ചരമക്കുറിപ്പ് എഴുതിക്കൊണ്ടാണ് തന്റെ പത്രപ്രവർത്തനകാലത്തിന് അവിടെ തുടക്കമിടുന്നത്. സി. രാജഗോപാലാചാരിയുടെ മകൻ സി.ആർ. കൃഷ്ണസ്വാമിയുൾപ്പെടെയുള്ള എഡിറ്റർമാരുടെ കീഴിൽ പരിശീലനം പൂർത്തിയാക്കിയ ഇക്കാലത്തെ ഏറ്റവും ശ്രദ്ധേയമായ സംവാദങ്ങളിലൊന്ന് എ.പി. കുഞ്ഞിക്കണ്ണൻ (പിന്നീട് കേരളകലാഗ്രാമം സ്ഥാപിച്ചയാൾ തന്നെ) മാധ്യമങ്ങളിലെത്തിച്ച ഒരു കസ്റ്റഡിമരണത്തിന്റെ കഥയാണ്. 1957ൽ കേരളത്തിൽ നടന്ന പൊതുതെരഞ്ഞെടുപ്പ്, വിമോചനസമരം, ഫിലിപ്പീൻസിലെ മഗ്സസെയുടെ ദുരന്തം, ഹിന്ദുപത്രത്തിന്റെ ചില വീഴ്ചകൾ.... മാധ്യമസ്ഥാപനത്തിനകത്തും പുറത്തും അരങ്ങേറിയ സംഭവങ്ങൾ ബി.ആർ.പി. ഓർത്തെടുക്കുന്നു. ഇക്കാലത്തുതന്നെയാണ് ദീർഘമായ ഒരു സ്‌കോളർഷിപ്പ് പ്രോഗ്രാമിൽ അംഗമായി ഫിലിപ്പീൻസിൽ പരിശീലനം നേടാനും അദ്ദേഹത്തിനു കഴിഞ്ഞത്. തിരികെ വന്ന ബി.ആർ.പി. ഹിന്ദുവിൽ തുടർന്നില്ല, ഡൽഹിയിലെത്തി സ്റ്റേറ്റ്സ്മനിൽ ചേർന്നു. പിന്നെ അവിടംവിട്ട് പോത്തൻ ജോസഫിന്റെ ശിഷ്യൻ എടത്തട്ട നാരായണൻ തുടങ്ങിയ പേട്രിയറ്റിൽ കുറെക്കാലം. ഒ.വി. വിജയൻ അവിടെ കാർട്ടൂണിസ്റ്റായിരുന്നു. ഇന്ത്യാ-ചൈനാ യുദ്ധത്തിന്റെ കാലം. ഡൽഹിയിൽ അക്കാലത്ത് ഹിന്ദുസ്ഥാൻ ടൈംസ് ആയിരുന്നു പ്രധാന പത്രം. സോഷ്യലിസ്റ്റും പിന്നീട് കമ്യൂണിസ്റ്റുമായിരുന്ന എടത്തട്ട അരുണാ അസഫ് അലിക്കൊപ്പം 1956ൽ കമ്യൂണിസ്റ്റ് പാർട്ടി വിട്ടിരുന്നു. തകഴിയുമായുള്ള ബി.ആർ.പി.യുടെ ദീർഘകാലബന്ധം ശക്തമാകുന്നത് പേട്രിയറ്റ് കാലത്താണ്. വിദൂരദേശങ്ങളിൽ നിന്നുള്ള വാർത്തകളുടെ ശേഖരണത്തിനായി അക്കാലത്ത് നേരിട്ട സാങ്കേതിക വിഷമങ്ങളും അവ മറികടന്ന രീതികളും നമ്മെ അത്ഭുതപ്പെടുത്തും. രാഷ്ട്രീയപത്രപ്രവർത്തനവുമായി ഇടയുന്ന സന്ദർഭങ്ങളുടെ അനുഭവങ്ങളും പേട്രിയറ്റിൽ വിരളമായിരുന്നില്ല.

വായിക്കൂ: 'പല കോൺഗ്രസ് നേതാക്കളും പേട്രിയറ്റിന്റെ അഭ്യുദയകാംക്ഷികളായിരുന്നു. കേന്ദ്ര പെട്രോളിയം മന്ത്രി കെ.ഡി. മാളവ്യ, ജമ്മു-കശ്മീർ പ്രധാനമന്ത്രി ബക്ഷി ഗുലാം മുഹമ്മദ്, മുഖ്യമന്ത്രിമാരായ പ്രതാപ് സിങ് കെയ്റോൺ (പഞ്ചാബ്), ബിജു പട്നായക് (ഒഡിഷ) എന്നിവർ അക്കൂട്ടത്തിൽ പെടുന്നു. ഇവരെല്ലാം അഴിമതി ആരോപണങ്ങളിൽ പെടുകയും തുടർന്ന് സ്ഥാനം ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയും ചെയ്തു. 'നമ്മൾ പിന്തുണയ്ക്കുന്നവരെല്ലാം വീഴുകയാണല്ലോ' ഒരു സഹപ്രവർത്തകൻ ഒരു ദിവസം പറഞ്ഞു.

'അതെ, ഒന്നൊന്നായി വീഴുന്നു'. ഞാൻ പറഞ്ഞു. 'പക്ഷേ, നമ്മുടെ പിന്തുണയെ അതിജീവിക്കാൻ കഴിയുന്ന ഒരാളുണ്ട്: ക്രൂഷ്ചേവ്'.

എന്റെ പ്രവചനം തെറ്റി. ഏതാനും ദിവസങ്ങളിൽ ഒരു അന്താരാഷ്ട്ര വാർത്താ ഏജൻസി സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടി പത്രമായ 'പ്രവ്ദ' (നേര് എന്നർഥം) അന്ന് ഇറങ്ങിയിട്ടില്ലെന്നും പാർട്ടി ജനറൽ സെക്രട്ടറി നികിത ക്രൂഷ്ചേവ് പുറത്തായതായി അഭ്യൂഹങ്ങളുണ്ടെന്നും റിപ്പോർട്ട് ചെയ്തു. അടുത്ത ദിവസം 'പ്രവ്ദ' പുറത്തുവന്നത് പ്രധാനമന്ത്രി ലിയോനിഡ് ബ്രഷ്നേവ് പാർട്ടി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റെന്ന വാർത്തയുമായാണ്. നേരു നേരത്തേ പറയാൻ പാർട്ടി പത്രത്തിനായില്ല.

ഇടതുപക്ഷ പത്രപ്രവർത്തനത്തിലെ വൈരുധ്യാത്മകത വർധിക്കുകയായിരുന്നു. സ്ഥിതി കൂടുതൽ ഗുരുതരമാകുന്നതിനുമുമ്പ് വേറെ ജോലി അന്വേഷിക്കുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചുതുടങ്ങി. ആ ഘട്ടത്തിലാണ് ഒരു വിഷയത്തിൽ എന്റെ അഭിപ്രായം തേടാൻ രാത്രി എട്ടരയ്ക്ക് ഓഫീസിൽ വന്ന എംപി. നാരായണപിള്ളയ്ക്ക് നാരായണൻ സാരോപദേശം നൽകിയതും അതിന്റെ പേരിൽ ഞാൻ രാജിവെച്ചതും. സഹപ്രവർത്തകർ രാജി പിൻവലിക്കാൻ നിർബന്ധം ചെലുത്തുന്നത് ഒഴിവാക്കാൻ അല്പം രൂക്ഷമായ ഭാഷയിലാണ് രാജിക്കത്ത് എഴുതിയത്. 'ഇനി ഒരു നിമിഷം ഇവിടെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ല' എന്ന് അതിൽ എഴുതിയിരുന്നു. നാരായണൻ എന്റെ ഉദ്ദേശ്യം മനസ്സിലാക്കി. രാജി സ്വീകരിക്കരുതെന്ന് അപേക്ഷിച്ചവരോട് അതിനുള്ള സാധ്യത ഞാൻ അടച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പേട്രിയറ്റാണ് ഞാൻ ഏറ്റവും കുറച്ചുകാലം പണിയെടുത്ത സ്ഥാപനം. അവിടംവിട്ടശേഷം എടത്തട്ട നാരായണനെ ഒരിക്കലേ കണ്ടുള്ളൂ. അത് അടിയന്തരാവസ്ഥക്കാലത്തായിരുന്നു. ഞാൻ അന്ന് പണിയെടുക്കുന്നത് ശ്രീനഗറിലാണ്. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന നാരായണൻ വിശ്രമത്തിനായി അവിടെ വന്നിട്ടുണ്ടെന്നറിഞ്ഞ് ഹോട്ടലിൽ ചെന്നുകാണുകയായിരുന്നു. അദ്ദേഹം ഏറെ ക്ഷീണിതനായിരുന്നു.

നാരായണന്റെ രാഷ്ട്രീയം അനിവാര്യമായും അദ്ദേഹത്തെ അടിയന്തരാവസ്ഥയെ പിന്തുണയ്ക്കുന്ന പത്രാധിപരാക്കി. പക്ഷേ, അദ്ദേഹം മുട്ടിലിഴഞ്ഞ പത്രാധിപരല്ലായിരുന്നു. അദ്ദേഹത്തിന്റെ പിന്തുണ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കു മാത്രമായിരുന്നു. ഭരണഘടനാബാഹ്യ അധികാരകേന്ദ്രമായിരുന്ന സഞ്ജയ് ഗാന്ധിയെ അദ്ദേഹം അംഗീകരിച്ചില്ല. ഓൾ ഇന്ത്യ റേഡിയോയും മുതലാളിത്ത പത്രങ്ങളും 'യുവനേതാവ്' എന്നു വിശേഷിപ്പിച്ച ഇന്ദിരാ ഗാന്ധിയുടെ മകന്റെ പേര് അക്കാലത്ത് പേട്രിയറ്റിന്റെ കോളങ്ങളിൽ പ്രത്യക്ഷപ്പെട്ടില്ല'.

യു.എൻ.ഐ.യിലെ കർമ്മകാണ്ഡം പതിനെട്ടുവർഷം നീണ്ടു. വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള വാർത്താശേഖരണം. മാധ്യമപ്രവർത്തനത്തിലെ ധാർമ്മികപ്രതിസന്ധികളിലൂടെയുള്ള നിരന്തരമായ വാൾത്തലസഞ്ചാരം. വിദേശയാത്രകൾ. രാജ്യാന്തര രാഷ്ട്രീയസന്ദർഭങ്ങളുടെ സൂക്ഷ്മവിചിന്തനങ്ങൾ. ഇന്ത്യാ-പാക് യുദ്ധത്തിന്റെ അന്തഃപ്പുരനാടകങ്ങൾ. ശ്രീനഗറിൽ ഒരു വധശ്രമത്തെ അതിജീവിച്ചത്. രാഷ്ട്രീയ, ഭരണകൂട നേതാക്കളും രാഷ്ട്രത്തലവന്മാരുമായി ശാന്തവും അശാന്തവുമായി മുന്നോട്ടു പോയ ബന്ധങ്ങൾ. ഏജൻസിയുടെ തലപ്പത്തുണ്ടായിരുന്ന ജി.ജി. മിർചന്ദാനിയോടും വി.പി. രാമചന്ദ്രനോടും ഇണങ്ങിയും പിണങ്ങിയും കഴിയേണ്ടിവന്ന നാളുകൾ. ബി.ആർ.പി.യുടെ പിരിച്ചുവിടൽ വരെയെത്തിയ, പത്രപ്രവർത്തക യൂണിയനും മാനേജ്മെന്റിനുമിടയിൽ നിലനിന്ന സംഘർഷങ്ങൾ, മൂന്നാംലോക പത്രപ്രവർത്തനത്തിൽ പത്രങ്ങൾക്കും ഏജൻസികൾക്കുമുള്ള പ്രാധാന്യം.... ഇക്കാലയളവിലെ തൊഴിൽജീവിതം ബി.ആർ.പി.യുടെ ഓർമക്കുറിപ്പുകളിൽ അതീവ സൂക്ഷ്മമായി ചുരുൾനിവരുന്നു.

പത്ര, ദൃശ്യ വാർത്താമാധ്യമങ്ങളിൽ പ്രവർത്തിക്കുന്നതും വാർത്താ ഏജൻസികളിൽ പ്രവർത്തിക്കുന്നതും തികച്ചും ഭിന്നമായ മാധ്യമസംസ്‌കാരങ്ങളാണ്. ബി.ആർ.പിയെപ്പോലെ മറ്റൊരാൾ വാർത്താ ഏജൻസികളിലെ മാധ്യമരാഷ്ട്രീയത്തെക്കുറിച്ച് ഇത്തരമൊരു ചരിത്രമെഴുതി കണ്ടിട്ടില്ല. ശശികുമാറാണ് ഏജൻസിയിൽനിന്ന് (പി.ടി.ഐ.) ദൃശ്യമാധ്യമരംഗത്തെത്തിയ മറ്റൊരാൾ (ആദ്യം ദൂരദർശനിലും പിന്നെ ഏഷ്യാനെറ്റിലും). വി.പി. രാമചന്ദ്രൻ യു.എൻ.ഐയിൽ നിന്നാണ് മാതൃഭൂമി പത്രാധിപരായി വന്നത്. ബി.ആർ.പി.യെ ഏഷ്യാനെറ്റിലെത്തിച്ചത് ശശികുമാറാണ്.

യു.എൻ.ഐ. കാലത്താണ് ബി.ആർ.പി.യുടെ ഏറ്റവും ആർജ്ജവമുള്ള വാർത്താമാധ്യമപ്രവർത്തനങ്ങൾ അരങ്ങേറുന്നത്. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള നാലഞ്ച് നഗരങ്ങൾ കേന്ദ്രീകരിച്ച് ഇന്ത്യയുടെ വാർത്താഭൂപടത്തിൽ തന്റെ മുദ്രപതിപ്പിച്ച കാലം. പി.ടി.ഐ.യുമായുള്ള മത്സരത്തിനു യു.എൻ.ഐ.ക്കുവേണ്ടി നിരവധി തന്ത്രങ്ങൾ മെനഞ്ഞനാളുകൾ. അതീവശ്രദ്ധേയമായ നിരവധി വാർത്തകൾ സാഹസികമായി കണ്ടെത്തിയും സഫലമായി വിതരണം ചെയ്തും മുന്നോട്ടുപോയ സന്ദർഭങ്ങൾ. ബംഗ്ലാദേശിന്റെ രൂപീകരണവും മജിബുർറഹ്മാന്റെ മരണവും. അമേരിക്കൻ പത്രപ്രവർത്തനരംഗം അടുത്തറിഞ്ഞതിന്റെ വിവരണങ്ങൾ. അടിയന്തരാവസ്ഥക്കാലത്തെ വാർത്താരംഗം. ഷേക്ക് അബ്ദുള്ളയുമായുള്ള ബന്ധം. ശ്രീലങ്കയിൽ നിന്നുള്ള റിപ്പോർട്ടുകൾ. ഗൾഫിൽ വാർത്താ ഏജൻസിക്ക് വേരുറപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ... ബി.ആർ.പി.യുടെ യു.എൻ.ഐ. ജീവിതം അർഥപൂർണമായ മാധ്യമദൗത്യങ്ങളുടെ ഏടുകളായി മാറി. എത്രയെങ്കിലും അറിയപ്പെടാത്ത രാഷ്ട്രീയകഥകളും വാർത്തകൾക്കു പിന്നിലെ ദുരൂഹബന്ധങ്ങളും മറനീങ്ങുന്ന കാലങ്ങൾ.

ഈ ഭാഗത്ത് നമ്മുടെ സവിശേഷ ശ്രദ്ധയാകർഷിക്കുന്ന നിരവധി സന്ദർഭങ്ങളുണ്ട്. കുൽദിപ്നയ്യാരെക്കുറിച്ചുള്ള ഈ വാങ്മയചിത്രം നോക്കൂ: 'കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം ഒരു സാഹസികനായ പത്രപ്രവർത്തകൻ തുടങ്ങിയതും ബ്രിട്ടീഷ് ന്യൂസ് ഏജൻസിയായ റോയിട്ടേഴ്സ് ഏറ്റെടുത്ത് അതിന്റെ സബ്സിഡിയറി ആക്കിയതുമായ അസോസിയേറ്റഡ് പ്രസ് ഓഫ് ഇന്ത്യ (എ.പി.ഐ.) ആയിരുന്നു ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ വാർത്താ ഏജൻസി. ബ്രിട്ടൻ ഇന്ത്യയിൽനിന്ന് പിൻവാങ്ങാൻ തീരുമാനിച്ചപ്പോൾ റോയിട്ടർ അത് ഇന്ത്യയിലെ പത്രങ്ങൾക്ക് വിട്ടുകൊടുക്കാൻ തയ്യാറായി. അവർ അത് ഏറ്റെടുത്ത് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്ന പേരിൽ ദേശീയ വാർത്താ ഏജൻസിയായി വികസിപ്പിച്ചു. എ.പി.ഐയ്ക്ക് ബദലായി, സ്വാതന്ത്ര്യസമരകാലത്ത് ബി.ബി. സെൻഗുപ്ത എന്നൊരു പത്രപ്രവർത്തകൻ മുൻകൈയെടുത്ത് കൽക്കത്ത ആസ്ഥാനമായി യുനൈറ്റഡ് പ്രസ് ഓഫ് ഇന്ത്യ (യു.പി.ഐ.) എന്നൊരു ഏജൻസി തുടങ്ങിയിരുന്നു. അത് നടത്തിയിരുന്ന കമ്പനിയുടെ ആദ്യ ചെയർമാൻ ഡോ. ബി.സി. റോയ് ആയിരുന്നു. സർക്കാരിന്റെയും വലിയ പത്രങ്ങളുടെയും പൂർണ പിന്തുണയുണ്ടായിരുന്ന പി.ടി.ഐക്കെതിരെ പിടിച്ചുനിൽക്കാൻ യു.പി.ഐക്കായില്ല. അതിന്റെ പ്രവർത്തനം1958-ൽ നിലച്ചപ്പോൾ തൊഴിൽ നഷ്ടപ്പെട്ട പത്രപ്രവർത്തകരിലും മറ്റ് ജീവനക്കാരിലും ഏറെയും ബംഗാളികളായിരുന്നു. അവർ അതിനകം പശ്ചിമബംഗാൾ മുഖ്യമന്ത്രിയായ ഡോ. റോയിയെ കണ്ട് ഏജൻസി പുനരുജ്ജീവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം ചർച്ച ചെയ്യാൻ റോയ് പ്രമുഖ പത്രങ്ങളുടെ ഉടമകളെ ക്ഷണിച്ചു. ആ പത്രങ്ങളെല്ലാം പി.ടി.ഐ.യിൽ ഓഹരി ഉള്ളവരായിരുന്നു. ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേണലിസ്റ്റിൽ സജീവമായിരുന്ന പി.ടി.ഐയിലെ പത്രപ്രവർത്തകർ ആവശ്യങ്ങൾ നേടാനായി പണിമുടക്കുമെന്ന ഭയം ഉണ്ടായിരുന്ന പത്ര ഉടമകൾ ഒരു രണ്ടാം ഏജൻസി രൂപവത്കരിക്കാമെന്നേറ്റു. പി.ടി.ഐയുമായി മത്സരിക്കാൻ ഒരു ഏജൻസി വേണമെന്ന ആശയത്തെ പിന്തുണച്ച മറ്റൊരു കക്ഷി അമേരിക്ക ആയിരുന്നു. നെഹ്റു സർക്കാരിന്റെ തീരുമാനപ്രകാരം വിദേശ ഏജൻസികൾക്ക് ഇന്ത്യൻ ഏജൻസികൾ വഴി മാത്രമേ രാജ്യത്ത് വാർത്ത വിതരണം ചെയ്യാനാകുമായിരുന്നുള്ളൂ. റോയ്ട്ടേഴ്സ് കൂടാതെ ഫ്രഞ്ച് ഏജൻസിയായ എ.എഫ്.പിയും വിതരണം ചെയ്യുന്ന പി.ടി.ഐ. പ്രമുഖ അമേരിക്കൻ ഏജൻസിയായ അസോസിയേറ്റഡ് പ്രസിന്റെ (എ.പി.) വാർത്തകൾ വിതരണം ചെയ്യാൻ തയ്യാറായില്ല. അത് അമേരിക്കയെ രണ്ടാം ഏജൻസി എന്ന ആശയത്തിൽ താത്പര്യമെടുക്കാൻ പ്രേരിപ്പിച്ചു.

അങ്ങനെ യു.എൻ.ഐ. മൂന്നു വ്യത്യസ്ത താത്പര്യങ്ങൾ ഒന്നിച്ചതിന്റെ ഫലമായിരുന്നു. പി.ടി.ഐ.യുടെ മുൻ സാരഥി ഡി.പി. വാഗ്ലെ അതിന്റെ ആദ്യ മേധാവിയായി. ആദ്യ ജീവനക്കാരിലേറെയും യു.പി.ഐ.യിൽ പ്രവർത്തിച്ചിരുന്നവരായിരുന്നു. സാമ്പത്തികവും അല്ലാത്തതുമായ പരിമിതികൾക്കിടയിൽ വാഗ്ലെയുടെ നേതൃത്വത്തിൽ യു.എൻ.ഐ. എ.പി.ഐയുടെയും പി.ടി.ഐയുടെയും പാരമ്പര്യം പിന്തുടർന്നു. അതിൽ രാഷ്ട്രീയവാർത്തകൾ തേടിപ്പോകുന്ന രീതി ഉണ്ടായിരുന്നില്ല. വാർത്താക്കുറിപ്പുകളെയും ഭരണകർത്താക്കളുടെ പ്രസംഗങ്ങളെയും അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടുകളായിരുന്നു കൂടുതലും. ചുരുക്കെഴുത്തിലെ മിടുക്കായിരുന്നു റിപ്പോർട്ടറുടെ ശക്തി. ഒരു അമേരിക്കൻ സർവകലാശാലയിൽനിന്നും ജേണലിസത്തിൽ ബിരുദം നേടിയതിനുശേഷം കേന്ദ്രസർക്കാരിൽ ഇൻഫർമേഷൻ ഓഫീസറായി പ്രവർത്തിച്ച കുൽദീപ് നയാർ എഡിറ്ററും ജനറലുമായി ചുമതലയേറ്റതോടെ യു.എൻ.ഐ. ഉപശാലകളിൽനിന്ന് വിവരം ശേഖരിച്ച് രാഷ്ട്രീയ റിപ്പോർട്ടുകൾ നൽകാൻ തുടങ്ങി. അദ്ദേഹം തന്നെ നിരവധി രാഷ്ട്രീയ റിപ്പോർട്ടുകൾ നൽകി.

ജവഹർലാൽ നെഹ്റു അന്തരിച്ച ദിവസം കുൽദീപ് നയാർ മൊറാർജി ദേശായിയുടെയും ലാൽ ബഹദൂർ ശാസ്ത്രിയുടെയും വീടുകളിൽ പോയി അവരുമായും അവിടെയുണ്ടായിരുന്ന അനുയായികളുമായും സംസാരിച്ച ശേഷം എഴുതി: 'മുൻ ധനകാര്യമന്ത്രി മി. മൊറാർജിദേശായി ആണ് ആദ്യം (പ്രധാനമന്ത്രിപദത്തിന്) സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചയാൾ. താൻ സ്ഥാനാർത്ഥിയാണെന്ന് അദ്ദേഹം സഹപ്രവർത്തകരോട് പറഞ്ഞതായി വിശ്വസിക്കപ്പെടുന്നു. തിരഞ്ഞെടുപ്പു വേണമെന്നും താൻ പിന്മാറുകയില്ലെന്നും മി. ദേശായ് പറഞ്ഞതായി അറിയുന്നു. വകുപ്പില്ലാ മന്ത്രിയായ മി. ലാൽ ബഹദൂർ ശാസ്ത്രി ഒന്നും പറയുന്നില്ലെങ്കിലും അദ്ദേഹം മറ്റൊരു സ്ഥാനാർത്ഥിയാണെന്ന് കരുതപ്പെടുന്നു'.

ആരെയും ഉദ്ധരിക്കാതെ 'വിശ്വസിക്കപ്പെടുന്നു', 'അറിയുന്നു', 'കരുതപ്പെടുന്നു' എന്നിങ്ങനെയുള്ള വാക്കുകളുടെ സഹായത്തോടെയാണ് നയാർ വാർത്ത അവതരിപ്പിച്ചത്.

നെഹ്റുവിന്റെ ശവസംസ്‌കാരം നടക്കുന്നതിനുമുമ്പ് മൊറാർജിദേശായി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചെന്ന വാർത്ത കോൺഗ്രസ് പാർട്ടിക്കുള്ളിൽ ദേശായിക്കെതിരേ അഭിപ്രായം ഘനീഭവിക്കുന്നതിനു കാരണമായി. അതുമൂലം നൂറോളം എംപിമാർ ദേശായിക്കെതിരേ തിരിഞ്ഞെന്ന് ചിലർ പിന്നീട് പറയുകയുണ്ടായി. പാർട്ടിയിൽ നേതൃത്വവിഷയത്തിൽ സമവായത്തിന് ശ്രമിച്ച കോൺഗ്രസ് പ്രസിഡന്റ് കെയ കാമരാജ്, ശാസ്ത്രി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിച്ചയാളാണ്. നേതാവിനെ തിരഞ്ഞെടുക്കാനുള്ള പാർട്ടിയോഗത്തിന് എത്തിയപ്പോൾ കാമരാജ് തനിക്ക് നന്ദി പറഞ്ഞതായി നയാർ ആത്മകഥയിൽ പറയുന്നുണ്ട്. എന്നാൽ, ദേശായിയെ ഹനിക്കണമെന്നോ ശാസ്ത്രിയെ സഹായിക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെ അല്ല ആ റിപ്പോർട്ട് എഴുതിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ശാസ്ത്രി കേന്ദ്രമന്ത്രി ആയിരുന്നപ്പോൾ നയാർ അദ്ദേഹത്തിന്റെ ഇൻഫർമേഷൻ ഓഫീസർ ആയിരുന്നതുകൊണ്ട് ഈ വിശദീകരണം സംശയിക്കുന്നവരുണ്ട്.

പ്രധാനമന്ത്രി ശാസ്ത്രി 1965-ലെ യുദ്ധത്തിനുശേഷം സോവിയറ്റ് പ്രധാനമന്ത്രി അലക്സി കൊസിജിന്റെ ക്ഷണപ്രകാരം പാക്കിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാനുമായി സംഭാഷണത്തിനായി താഷ്‌കെന്റിൽ പോയപ്പോൾ യു.എൻ.ഐയ്ക്ക് വേണ്ടി അത് റിപ്പോർട്ടു ചെയ്യാൻ പോയത് കുൽദീപ് നയാർതന്നെയായിരുന്നു. അവിടെ വെച്ച് അയൂബുമായി സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടശേഷം അർധരാത്രി ശാസ്ത്രി ആകസ്മികമായി മരിച്ച വിവരം പ്രഭാതപത്രങ്ങൾ അച്ചടിച്ചത് അദ്ദേഹം ഫോൺമാർഗം ഡൽഹി യു.എൻ.ഐ. ഓഫീസിലെത്തിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്. ചില രാഷ്ട്രീയ റിപ്പോർട്ടുകൾ വിശ്വാസ്യതയെക്കുറിച്ച് ഉയർത്തിയ സംശയങ്ങൾക്കിടയിലും കുൽദീപ് നയാറുടെയും യു.എൻ.ഐ.യുടെയും പ്രവർത്തനങ്ങൾ ഗൗരവപൂർവം ശ്രദ്ധിക്കാൻ അത് പത്രങ്ങളെ പ്രേരിപ്പിച്ചു.

ഒരു വൈകുന്നേരം ഞാൻ വീട്ടിലേക്ക് പോകാനിറങ്ങിയപ്പോൾ കുൽദീപ് നയാർ എവിടെയോ പോയിട്ട് ഓഫീസിലേക്ക് തിരിച്ചുവരുകയായിരുന്നു. 'ഒരു ചെറിയ കോപ്പി എഡിറ്റ് ചെയ്തിട്ട് പോകാം' എന്ന് എന്നോട് പറഞ്ഞിട്ട് അദ്ദേഹം സ്വന്തം മുറിയിൽ പോയി ഒരു റിപ്പോർട്ട് ടൈപ്പ് ചെയ്തു. 'ഇത് എഡിറ്റ് ചെയ്തു ഡെസ്‌ക്കിൽ കൊടുത്തിട്ടു പൊയ്ക്കോളൂ' എന്ന് പറഞ്ഞ് അദ്ദേഹം ധൃതിയിൽ വീണ്ടും പുറത്തേക്കു പോയി.

മൂന്നു കൊച്ചു പാരഗ്രാഫുകൾ മാത്രമുള്ള റിപ്പോർട്ട് ആയിരുന്നു അത്. ആകെ നാല് വാചകങ്ങൾ. ആദ്യ വാചകത്തിൽ പറഞ്ഞതിനെക്കാൾ പ്രാധാന്യം അവസാന പാരഗ്രാഫിൽ പറയുന്നതിനാണെന്ന് എനിക്ക് തോന്നി. അദ്ദേഹം പോയിക്കഴിഞ്ഞതിനാൽ അങ്ങനെ മാറ്റുന്നതിൽ എതിർപ്പുണ്ടോ എന്ന് ചോദിക്കാൻ മാർഗമില്ല. റിപ്പോർട്ട് എഴുതിയത് 'ബോസ്' ആണെന്നത് കാര്യമാക്കാതെ ഞാൻ റിപ്പോർട്ട് അടിമുടി മാറ്റിയെഴുതി, വീണ്ടും ടൈപ്പ് ചെയ്ത് ഡെസ്‌ക്കിൽ കൊടുത്തിട്ട് വീട്ടിൽ പോയി.

ഞാൻ ചെയ്തത് ഒരു കടുംങ്കൈയായി കുൽദീപ് നയാർ കരുതുമോ എന്ന ആശങ്കയോടെയാണ് അടുത്ത ദിവസം ഓഫീസിൽ വന്നത്. എന്റെ ആശങ്ക അസ്ഥാനത്തായിരുന്നു. താനെഴുതുന്നതെല്ലാം ശുദ്ധീകരണം ആവശ്യമില്ലാത്ത അതിശുദ്ധ കൃതികളാണെന്ന തെറ്റിദ്ധാരണ ഇല്ലാത്ത പത്രപ്രവർത്തകനായിരുന്നു അദ്ദേഹം'.

അസാധാരണവും നാടകീയവുമായ നിരവധി ചരിത്രമുഹൂർത്തങ്ങൾ ബി.ആർ.പി.യുടെ ഓർമകളിലുണ്ട്. മുജിബുർറഹ്മാനെക്കുറിച്ചുള്ള ഈ ഭാഗങ്ങൾ വായിക്കൂ: 'യഹ്യാഖാന്റെ രാജിയെ തുടർന്ന് പാക്കിസ്ഥാന്റെ പ്രസിഡന്റായ സുൽഫിക്കർ അലി ഭുട്ടോയുടെ മുന്നിലുള്ള അടിയന്തരപ്രശ്നം ഇന്ത്യയിൽ തടങ്കലിലായിരുന്ന 93,000 പട്ടാളക്കാരെ മടക്കിക്കൊണ്ടുവരുകയായിരുന്നു. അത് സാധ്യമാക്കാൻ ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ ബംഗബന്ധു മുജീബുർ റഹ്മാനെ എത്രയും വേഗം ജീവനോടെ നാട്ടിലെത്തിക്കണം.

മുജീബിനെ ജയിലിൽനിന്ന് ഏതോ അജ്ഞാതകേന്ദ്രത്തിൽ വീട്ടുതടങ്കലിലാക്കിയതായി ബ്രിട്ടീഷ് വാർത്താ ഏജൻസിയായ 'റോയിട്ടേഴ്സ്' ഡിസംബർ 22-ന് റിപ്പോർട്ട് ചെയ്തു. പിൽക്കാലത്ത് പുറത്തുവന്ന വിവരമനുസരിച്ച് ഭുട്ടോ, മുജീബിനെ തലസ്ഥാനത്തിനടുത്തുള്ള ഒരു സർക്കാർ റെസ്റ്റ് ഹൗസിലേക്കാണ് മാറ്റിയത്. അവിടെ അദ്ദേഹത്തെ കാണാൻ ഭുട്ടോ ചെന്നു. മുജീബ് അത്ഭുതത്തോടെ ചോദിച്ചു: 'താങ്കൾ എന്താ ഇവിടെ?'

'ഞാൻ ഇപ്പോൾ പാക്കിസ്ഥാന്റെ പ്രസിഡന്റും ചീഫ് മാർഷ്യൽ ലാ അഡ്‌മിനിസ്ട്രേറ്ററുമാണ്'. ഭുട്ടോ പറഞ്ഞു.

'അതെങ്ങനെ? ആ സ്ഥാനം എനിക്ക് അവകാശപ്പെട്ടതാണ്. ഞാനാണ് ഭൂരിപക്ഷ നേതാവ്. നിങ്ങൾ ന്യൂനപക്ഷനേതാവാണ്'.

അവരിരുവരും അറിയാതെ മറഞ്ഞുനിന്ന് സംഭാഷണം കേട്ട രഹസ്യാന്വേഷണ വകുപ്പുദ്യോഗസ്ഥൻ രാജാ അമർഖാൻ വർഷങ്ങൾക്കുശേഷം ഒരു ടെലിവിഷൻ ഇന്റർവ്യൂവിൽ പറഞ്ഞതാണിത്. ഏകാന്ത തടവിലായിരുന്ന മുജീബിന്റേമേൽ കണ്ണുവെക്കാൻ അദ്ദേഹം ജയിലിലായിരുന്ന ഒമ്പതു മാസവും അയാളും ജയിലിലുണ്ടായിരുന്നു.

പത്രങ്ങൾ കാണാനോ റേഡിയോ കേൾക്കാനോ അവസരമില്ലാതിരുന്ന മുജീബ് യുദ്ധത്തെക്കുറിച്ചും അതിന്റെ പര്യവസാനത്തെക്കുറിച്ചും ആദ്യമായറിഞ്ഞത് അന്നാണ്. അതും ഭുട്ടോയിൽനിന്ന്. അതിനുശേഷം മുജീബിനു വായിക്കാൻ പത്രങ്ങൾ നൽകപ്പെട്ടു. വാർത്തകൾ കേൾക്കാൻ റേഡിയോയും.

തടവിൽനിന്ന് മോചിതനായ മുജീബ് ബംഗ്ലാദേശിലേക്ക് പോകുന്നതിനു മുമ്പ് അമർഖാൻ അദ്ദേഹത്തോട് പറഞ്ഞു: 'ബാബാ, അങ്ങയെ ഓർക്കാനായി എനിക്ക് എന്തെങ്കിലും തരണം'.

മുജീബ് ചുറ്റും കണ്ണോടിച്ചപ്പോൾ ദസ്തയേവ്സ്‌കിയുടെ 'കുറ്റവും ശിക്ഷയും' എന്ന പ്രശസ്തമായ നോവൽ കണ്ടു. അദ്ദേഹം അതെടുത്ത് 'അസത്യവും സത്യവും തമ്മിലുള്ള നീണ്ട യുദ്ധത്തിലെ ആദ്യ പോരിൽ അസത്യം ജയിക്കുന്നു, അവസാന പോരിൽ സത്യവും' എന്നെഴുതി ഒപ്പിട്ടുകൊടുത്തു'.

മറ്റൊന്ന് : 'പാക്കിസ്ഥാൻ ബംഗബന്ധുവിനെ രാജ്യദ്രോഹക്കുറ്റത്തിനു തൂക്കിക്കൊല്ലാനിരിക്കെയാണ് ബംഗ്ലാദേശിന്റെയും അദ്ദേഹത്തിന്റെയും ഭാഗധേയത്തിൽ നിർണായകമായ വഴിത്തിരിവ് ഉണ്ടായതും രാഷ്ട്രപിതാവായി അദ്ദേഹം സ്വജനങ്ങൾക്കിടയിൽ തിരിച്ചെത്തിയതും. അവർ അന്ന് അദ്ദേഹത്തിന് നൽകിയതിന് സമാനമായ ഒരു വരവേല്പ് അതിനു മുൻപോ പിൻപോ ഞാൻ എവിടെയും കണ്ടിട്ടില്ല. രാവിലെതന്നെ ധാക്കയിലെ തെരുവുകൾ നിറഞ്ഞുതുടങ്ങി. ഒരു ദുഃസ്വപ്നത്തിന്റെ ഭീതിദമായ ഓർമയിൽനിന്നുണർന്ന ജനങ്ങൾ പുതുതായി ലഭിച്ച സ്വാതന്ത്ര്യത്തിന്റെ ഉന്മാദലഹരിയിലായിരുന്നു. ആടിയും പാടിയും കൈകൊട്ടിയും അവർ പ്രിയനേതാവിന്റെ തിരിച്ചുവരവിൽ ആഹ്ലാദിച്ചു.

സ്വീകരണത്തിന്റെ റിപ്പോർട്ട് അയയ്ക്കാൻ ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് പോകുമ്പോൾ മനസ്സ് ഞാൻ സാക്ഷ്യംവഹിച്ച രംഗങ്ങൾ വിവരിക്കാൻ ഉചിതമായ വാക്കുകൾ തേടുകയായിരുന്നു. കൽക്കത്തയിലെ യു.എൻ.ഐ. ബ്യൂറോ ചീഫിന്റെ നമ്പറാണ് ഞാൻ കൊടുത്തത്. ഇന്ത്യയിൽനിന്നുള്ള പത്രപ്രതിനിധിയാണെന്നും ബംഗബന്ധുവിന്റെ വരവ് റിപ്പോർട്ട് ചെയ്യുകയാണെന്നും മനസ്സിലാക്കിയ ഓപ്പറേറ്റർ ഉടൻ നമ്പർ വിളിച്ചു തന്നു. മനസ്സിൽ നേരത്തേ പൊങ്ങിവന്ന വാക്കുകളിൽതന്നെ റിപ്പോർട്ട് തുടങ്ങി: ആടിയും പാടിയും കൈകൊട്ടിയും ധാക്ക, ബംഗബന്ധു മുജീബുർ റഹ്മാന്.....

'ഇളകിമറിഞ്ഞുള്ള' അല്ലെങ്കിൽ 'പ്രക്ഷുബ്ധമായ' എന്ന് പരിഭാഷപ്പെടുത്താവുന്ന tumultuous എന്ന വാക്കാണ് സ്വീകരണത്തെ വിശേഷിപ്പിക്കാൻ ഞാൻ ഉപയോഗിച്ചത്. റിപ്പോർട്ട് എഡിറ്റ് ചെയ്ത ബ്യൂറോ ചീഫ് യു.ആർ. കൽക്കൂർ അത് മാറ്റി 'ഉന്മാദപ്രദമായ' എന്ന് പരിഭാഷപ്പെടുത്താവുന്ന delirious എന്ന വാക്ക് എഴുതിച്ചേർത്തു. ഉചിതമായ ഒരു മാറ്റമായി ഇന്നും ഞാൻ അതോർക്കുന്നു. ആ വാക്ക് അവിടെ പ്രകടമായ ജനങ്ങളുടെ മാനസികാവസ്ഥ കൂടുതൽ കൃത്യമായി രേഖപ്പെടുത്തി. പല പത്രങ്ങളുടെയും അടുത്ത ദിവസത്തെ തലക്കെട്ട് Delirious Dacca Welcome എന്നായിരുന്നു.

ഭൂരിപക്ഷ കക്ഷി നേതാവായിട്ടും പാക്കിസ്ഥാനിലെ പട്ടാള ഭരണകൂടം അധികാരം നിഷേധിച്ചപ്പോൾ അതിനെതിരെ നിസ്സഹകരണപ്രസ്ഥാനം പ്രഖ്യാപിച്ച റേസ് കോഴ്സ് ഗ്രൗണ്ടിൽ മുജീബ് ജനങ്ങളെ വീണ്ടും അഭിസംബോധന ചെയ്തു. രാജ്യം നേടിയ സ്വാതന്ത്ര്യം നിലനിർത്താൻ വേണ്ടിവന്നാൽ ആദ്യം ജീവത്യാഗം ചെയ്യുന്നത് താനാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ദേശീയത, മതനിരപേക്ഷത, ജനാധിപത്യം, സോഷ്യലിസം എന്നിവയിൽ അധിഷ്ഠിതമായ ഭരണഘടന ഉണ്ടാകുമെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പു നൽകി.

അന്ന് സന്ധ്യയ്ക്ക് ഞാൻ വീണ്ടും മുജീബിന്റെ വീട്ടിൽ പോയി. തലേദിവസത്തെ ശാന്തമായ അന്തരീക്ഷംതന്നെയായിരുന്നു അവിടെ അപ്പോഴും. ഒരു നീണ്ട യാത്രയും രണ്ടു സ്വീകരണങ്ങളും പ്രസംഗങ്ങളും കഴിഞ്ഞെത്തിയ മുജീബ് കുളികഴിഞ്ഞ് ഉല്ലാസവാനായി കാണപ്പെട്ടു. ഭുട്ടോ റേഡിയോ കൊടുത്തപ്പോൾ താൻ ഓൾ ഇന്ത്യ റേഡിയോ കേൾക്കാൻ തുടങ്ങിയെന്നും അതിലൂടെയാണ് ബംഗ്ലാദേശിനെ സംബന്ധിച്ച പുതിയ വിവരങ്ങൾ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചു കൊല്ലം കഴിയും മുമ്പ്, 1975 ഓഗസ്റ്റ് 15-ന്, ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഒരു സംഘം പട്ടാള ഉദ്യോഗസ്ഥന്മാർ പ്രധാനമന്ത്രി മുജീബുർ റഹ്മാന്റെ വീട് ആക്രമിച്ച് അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും പേഴ്സൽ സ്റ്റാഫ് അംഗങ്ങളെയും വധിച്ചു. അപ്പോൾ ജർമനി സന്ദർശിക്കുകയായിരുന്ന പെൺമക്കൾ ശൈഖ് ഹസീന, ശൈഖ് രഹന എന്നിവർ മാത്രമാണ് കൂട്ടക്കൊലയിൽനിന്ന് രക്ഷപ്പെട്ടത്. ആ അട്ടിമറിയിൽ അമേരിക്കയുടെ സിഐ.എ.യ്ക്ക് പങ്കുണ്ടെന്ന് ആരോപണമുണ്ടായിരുന്നു.

കൽക്കത്തയിലെ 'ആനന്ദബസാർ' എന്ന ബംഗാളി പത്രത്തിന്റെ ലേഖകൻ സുഖരഞ്ജൻ ദാസ് ഗുപ്ത 1978-ൽ പ്രസിദ്ധീകരിച്ച 'Midnight Massacre' (അർധരാത്രിയിലെ കൂട്ടക്കൊല) എന്ന പുസ്തകത്തിൽ അതിന്റെ വിശദമായ വിവരണമുണ്ട്. മുജീബിന്റെ ധനമൊണ്ടിയിലെ വീട്ടിലെത്തിയ പട്ടാളക്കാർക്ക് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാഭടന്മാരിൽ നിന്ന് എതിർപ്പ് നേരിടേണ്ടിവന്നില്ല. താഴത്തെ സ്വീകരണമുറിക്കടുത്തു കണ്ട മുജീബിന്റെ മകൻ കമൽ ആണ് ആദ്യം കൊല്ലപ്പെട്ടത്. മുക്തിവാഹിനിയിലെ സേവനം അനുഷ്ഠിച്ചിരുന്നയാളാണ് അദ്ദേഹം. മുജീബിനോട് ലഹളക്കാർ രാജിവെക്കാൻ ആവശ്യപ്പെട്ടു. തീരുമാനമെടുക്കാൻ സമയവും നൽകി. മുജീബ് ആ സമയത്ത് മിലിട്ടറി ഇന്റലിജൻസ് മേധാവി കേണൽ ജമീലിനെ വിളിച്ചുവരുത്തി. ക്യാമ്പുകളിലേക്ക് മടങ്ങാൻ പട്ടാളക്കാരോട് പറഞ്ഞ ജമീലിനെ അവർ ഉടൻതന്നെ കൊന്നു. രാജി വെക്കില്ലെന്നു പറഞ്ഞപ്പോൾ മുജീബിനെയും വധിച്ചു. പിന്നീട് അവർ മുകളിലത്തെ നിലയിൽ പോയി മുജീബിന്റെ ഭാര്യ ഫാസീലത്തുന്നിസ, രണ്ടാമത്തെ മകനും പട്ടാള ഉദ്യേഗസ്ഥനുമായ ജമാൽ, പത്തുവയസ്സു മാത്രം പ്രായമുള്ള ഇളയമകൻ റസൽ എന്നിവരെയും കമലിന്റെയും ജമാലിന്റെയും ഭാര്യമാരെയും കൊന്നു. വാല്യക്കാരെ കുളിമുറികളിൽ കൊണ്ടുപോയി കൊന്നുതള്ളി. മൂന്നു സംഘം ലഹളക്കാർ അതേസമയം പല അവാമി ലീഗ് മന്ത്രിമാരുടെയും മുജീബിന്റെ ബന്ധുക്കളുടെയും വീടുകളിൽ പോയി അവിടെയും കൂട്ടക്കൊല നടത്തി. ഇത്രമാത്രം ക്രൂരമായ മറ്റൊരു ഭരണ അട്ടിമറി ഈ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിൽ ഉണ്ടെന്നു തോന്നുന്നില്ല.'.

India's Newspaper Revolution എന്ന ഗ്രന്ഥത്തിൽ റോബിൻ ജഫ്രി ചൂണ്ടിക്കാണിക്കുന്ന 1977ന് ശേഷമുള്ള ഇന്ത്യൻ പത്രങ്ങളുടെ പുതുവസന്തം ബി.ആർ.പിയും വിശദീകരിക്കുന്നു. ഈ ഭാഗത്തുള്ള ഒരധ്യായം ഇന്ത്യൻ പത്രരംഗത്തെ അതുല്യപ്രതിഭാസമായിരുന്ന രാംനാഥ് ഗോയങ്കയുടെ ജീവിതകഥയാണ്. ബോളിവുഡ് ക്രൈം തില്ലറുകളെ വെല്ലുന്ന ഒന്ന് (പുറം 361-370).

മൂന്നാം ഘട്ടത്തിലെ ഏറ്റവും ഹൃദ്യമായ വിവരണങ്ങളിലൊന്ന് തകഴിയുടെ കയർ എന്ന നോവലിന് ബി.ആർ.പി. തിരക്കഥയെഴുതിയ സംഭവമാണ്. നമ്മളിൽ എത്രപേർക്ക് ഈ കാര്യം മുൻപറിയാം? എം.എസ്. സത്യു ദൂരദർശനുവേണ്ടി സംവിധാനം ചെയ്ത കയർപരമ്പരയുടെ അണിയറക്കഥകൾ ആ പരമ്പരയെക്കാൾ ഉദ്വേഗജനകമായിരുന്നു. അമേരിക്കൻ -ഇന്ത്യൻ മാധ്യമസംരംഭകനായിരുന്ന ഗോപാൽരാജുവിന്റെ കഥ, രണ്ടാം ഭാഗത്തെ വിൽഫ്രഡ് ലാസറസ് എന്ന വിഖ്യാതനായ പത്രപ്രവർത്തകന്റെ കഥപോലെ തന്നെ നാടകീയവും കൗതുകകരവുമാണ്. എങ്കിലും ഡെക്കാൺ ഹെറാൾഡ് കാലത്തിന്റെ ചരിത്രപരമായ ഓർമ്മ, പൊലീസ് വെടിവയ്പിൽ പതിനേഴുപേർ കൊല്ലപ്പെട്ട വർഗീയലഹളയ്ക്കിടയാക്കിയ ഒരു ചെറുകഥയുടെ പ്രസിദ്ധീകരണമാണ്. ആ സംഭവം വായിക്കൂ:

'അസുഖകരമായ സാഹചര്യങ്ങളിൽ എഡിറ്റർ എംപി. യശ്വന്ത് കുമാറും ഡൽഹി ബ്യൂറോ ചീഫ് എസ്. വിശ്വവും ഡെക്കാൺ ഹെറാൾഡ് വിട്ടുപോയത് എന്നെ അത്യധികം വേദനിപ്പിച്ചു. സ്ഥാപനം അവരോട് നീതി കാട്ടിയില്ലെന്ന പരിഭവം എനിക്ക് ഇപ്പോഴുമുണ്ട്.

ഞായറാഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഒരു ചെറുകഥയാണ് യശ്വന്ത് കുമാറിന്റെ വിട്ടുപോകലിന് കാരണമായത്. ആ കഥ അച്ചടിക്കാനുള്ള തീരുമാനത്തിൽ അദ്ദേഹത്തിന് പങ്കില്ലായിരുന്നു. പക്ഷേ, പത്രാധിപരെന്ന നിലയിൽ നിയമപരമായ ഉത്തരവാദിത്വം അദ്ദേഹത്തിനുണ്ടായിരുന്നു.

സൺഡേ മാഗസിന്റെ ചുമതല ചീഫ് സബ് എഡിറ്റർ തലത്തിലുള്ള ഒരാൾക്കായിരുന്നു. മേൽനോട്ടം വഹിച്ചത് എഡിറ്റർ ഇൻ ചീഫ് കെ.എൻ. ഹരികുമാർ നേരിട്ടും. പക്ഷേ, പത്രത്തിൽ അച്ചടിച്ചുവരുന്നതിന്റെ നിയമപരമായ ഉത്തരവാദിത്തം എഡിറ്റർക്കും പ്രിന്റർക്കും പബ്ലിഷർക്കുമാണ്. അങ്ങനെയാണ് യശ്വന്ത് കുമാറിന് മാഗസിനിലെ കഥയുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവന്നത്.

മഗസിൻ വ്യാഴാഴ്ചയാണ് അച്ചടിക്കുക. അന്നുച്ചയോടെ അത് ഓഫീസിനകത്ത് വിതരണം ചെയ്യപ്പെടും. ഉൾപ്പേജിൽ അച്ചടിച്ചിരുന്ന കഥയുടെ തലക്കെട്ട് കണ്ടപ്പോൾ എന്റെ നെറ്റി ചുളിഞ്ഞു. ഉടവ്തന്നെ കഥ വായിച്ചു. മന്ദബുദ്ധിയായ ഒരു യുവാവിനെക്കുറിച്ചാണ് കഥ. ആ കഥാപാത്രത്തിന് മുഹമ്മദ് എന്ന പേരാണ് കഥാകൃത്ത് നൽകിയത്. തലക്കെട്ടിലും ആ പേര് ഉപയോഗിച്ചു.

കഥ വായിച്ചപ്പോൾ തലക്കെട്ടിൽ ആ പേര് ഒഴിവാക്കാമായിരുന്നെന്ന് തോന്നി. മാഗസിൻ അച്ചടിച്ച് കഴിഞ്ഞ സ്ഥിതിക്ക് അക്കാര്യം ഉയർത്തിയിട്ടു കാര്യമില്ലല്ലോ എന്ന് കരുതി ആ വിഷയം വിട്ടു.

ഞായറാഴ്ച പത്രത്തിനോടൊപ്പം മാഗസിൻ വിതരണം ചെയ്യപ്പെട്ടു. മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ കഥ പ്രവാചകനെ അപഹസിക്കുന്നതാണെന്ന പ്രചാരണം നടക്കുന്നുണ്ടെന്ന് രഹസ്യപൊലീസ് റിപ്പോർട്ട് ചെയ്തു. സിറ്റി പൊലീസ് കമ്മീഷണർ പി.ജി. ഹർലൻകർ വിവരം ഹരികുമാറിനെ അറിയിക്കുകയും മുസ്ലിം വികാരം തണുപ്പിക്കാൻ പത്രം ഖേദം പ്രകടിപ്പിക്കണമെന്നു നിർദ്ദേശിക്കുകയും ചെയ്തു. ആ ഉപദേശം സ്വീകരിച്ച് ഡെക്കാൺ ഹെറാൾഡ് ഇംഗ്ലിഷിലും കന്നടയിലും ഉർദുവിലും ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള ഒരു പോസ്റ്റർ അച്ചടിച്ചു. പൊലീസ് അത് മുസ്ലീങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ വിതരണം ചെയ്തു.

എന്നിട്ടും അവിടങ്ങളിൽനിന്ന് ആളുകൾ പ്രതിഷേധ പ്രകടനത്തിനായി പത്രത്തിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന മഹാതമാഗാന്ധി റോഡിലെത്തി. പൊലീസ് ഓഫീസ് കെട്ടിടത്തിന് അല്പം ദൂരെ അവരെ തടഞ്ഞു. പ്രകടനക്കാർ മുദ്രാവാക്യവും പ്രാർത്ഥനയുമായി വളരെ നേരം അവിടെ നിന്നു. പിന്നീട് സ്ഥിതി നിയന്ത്രണം വിട്ടു.

പ്രകടനക്കാർ മുന്നോട്ട് നീങ്ങാൻ തുടങ്ങിയപ്പോൾ പൊലീസ് വെടിവെച്ചു. അന്ന് ബാംഗ്ലൂരിലും അടുത്ത രണ്ടു ദിവസങ്ങളിൽ മൈസൂർ, തുംകൂർ തുടങ്ങിയ നഗരങ്ങളിലും നടന്ന വെടിവെപ്പിൽ 17 പേർ കൊല്ലപ്പെട്ടു. ബാംഗ്ലൂരിൽ മാത്രം 11 പേർ മരിച്ചു. മരണങ്ങളെല്ലാം പൊലീസ് വെടിവെപ്പുകളിലായിരുന്നു.

തിങ്കളാഴ്ച പൊലീസ് യശ്വന്ത് കുമാറിനെയും പ്രിന്ററിനെയും വർഗീയ വിദ്വേഷം സൃഷ്ടിക്കുന്നതു സംബന്ധിച്ച ഐ.പി.സി. വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യുകയും ഉടൻതന്നെ ജാമ്യത്തിൽ വിടുകയും ചെയ്തു. ഹർലൻകറെ സർക്കാർ മറ്റൊരു തസ്തികയിലേക്ക് മാറ്റി.

കർണാടകത്തിൽ നിരവധി മരണങ്ങൾക്കിടയാക്കിയ ആ കഥ ഒരു പതിറ്റാണ്ട് മുമ്പ് മലയാളത്തിൽ പ്രസിദ്ധീകരിച്ചിരുന്നതാണ്. കേരളത്തിൽ അതൊരു പ്രശ്നവും സൃഷ്ടിച്ചില്ല. കഥാകൃത്തായ പി.കെ.എൻ. നമ്പൂതിരി കഥ പിന്നീട് ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തി ഡെക്കാൺ ഹെറാൾഡിന് അയച്ചുകൊടുക്കുകയായിരുന്നു.

ജനവികാരം തണുപ്പിക്കാൻ രജിസ്റ്റർ ചെയ്ത കേസുമായി പൊലീസ് മുന്നോട്ടു പോയില്ല. പക്ഷേ, യശ്വന്ത് കുമാറിന്റെ സേവന കാലാവധി അവസാനിച്ചപ്പോൾ ഡെക്കാൺ ഹെറാൾഡ് അത് നീട്ടിക്കൊടുത്തില്ല. ഹരികുമാർ ആ അവസരത്തിൽ അദ്ദേഹത്തിന്റെ സേവനം അവസാനിപ്പിച്ചത് അനീതിയായി ഞാൻ കണ്ടു.

യശ്വന്ത് കുമാർ പിന്നീട് മാധ്യമം ഗ്രൂപ്പ് ബാംഗ്ലൂരിൽനിന്ന് പ്രസിദ്ധീകരിച്ച മീൻടൈം (Meantime) എന്ന ഇംഗ്ലിഷ് ആനുകാലികത്തിന്റെ പത്രാധിപരായി പ്രവർത്തിച്ചു.

സാധാരണഗതിയിൽ ഡെക്കാൺ ഹെറാൾഡ് പോലെയുള്ള ഒരു ഇംഗ്ലിഷ് പത്രം ഏതെങ്കിലും വിഭാഗത്തിന് അനിഷ്ടകരമായ എന്തെങ്കിലും അച്ചടിച്ചാൽ ഫോൺ ചെയ്തോ കത്തെഴുതിയോ പത്രാധിപരെ പ്രതിഷേധം അറിയിക്കുകയാണ് വായനക്കാർ ചെയ്യുക. പള്ളികൾ കേന്ദ്രീകരിച്ച് ചില രാഷ്ട്രീയ നേതാക്കൾ നടത്തിയ പ്രവർത്തനമാണ് കഥയ്ക്കെതിരായ പ്രതിഷേധങ്ങൾക്ക് മറ്റൊരു രൂപം നൽകിയത്. ഇതുസംബന്ധിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത പേരുകളിൽ പ്രധാനപ്പെട്ടത് സി.എം. ഇബ്രാഹിമിന്റേതാണ്. അദ്ദേഹം ആരോപണങ്ങൾ നിഷേധിച്ചു'.

ഇക്കാലത്ത് ഫിജിയിൽ നടത്തിയ സന്ദർശനം, അവിടത്തെ രാഷ്ട്രീയനാടകങ്ങൾക്കൊപ്പം കൊളോണിയലിസത്തിന്റെ രക്തരൂഷിതമായ ഒരധ്യായവും മറനീക്കുന്നു. ചൈനയിൽ നടത്തിയ സന്ദർശനം കമ്യൂണിസത്തിന്റെ കിരാതത്വങ്ങളിലേക്കുള്ള വാതിൽ തുറന്നിടുന്നു. കമ്യൂണിസത്തിന്റെ പതനകാലത്ത് കിഴക്കൻ യൂറോപ്പിൽ നടത്തിയ സന്ദർശനം ബി.ആർ.പി. ഹൃദയസ്പർശിയായി വിവരിക്കുന്നുണ്ട്. പോളണ്ടിൽനിന്നു കിട്ടിയ ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള ഈ കുറിപ്പ് വായിക്കൂ: 'ആ യാത്രയിലെ രണ്ട് അനുഭവങ്ങൾ ഇപ്പോഴും ഓർമയിൽ മങ്ങാതെ നിൽക്കുന്നു.

പരിഭാഷകനും ഞാനും കാറിൽ പോകുമ്പോൾ കുറേപ്പേർ അതിവേഗം റോഡ് മുറിച്ചുകടന്ന് ഓടിപ്പോയി. ഭാഗ്യത്തിന് വണ്ടി ആരുടെയും പുറത്ത് തട്ടിയില്ല. ആളുകൾ മരണപ്പാച്ചിൽ നടത്തി എങ്ങോട്ടാണ് പോകുന്നതെന്ന് അന്വേഷിക്കാൻ പരിഭാഷകനോട് ഞാൻ പറഞ്ഞു.

ഒന്ന് രണ്ടുപേരെ തടഞ്ഞുനിൽത്തി സംസാരിച്ചശേഷം അയാൾ മടങ്ങിവന്നു പറഞ്ഞു: 'കടയിൽ സോപ്പ് വന്നിട്ടുണ്ടെന്നറിഞ്ഞ് വാങ്ങാൻ പോകുന്നവരാണ്'. പിന്നെ ഇങ്ങനെ കൂട്ടിച്ചേർത്തു: 'സോപ്പുമായി വീട്ടിൽ തിരിച്ചു ചെല്ലുമ്പോഴാവും ടൂത്ത് പേസ്റ്റ് വന്നിട്ടുണ്ടെന്ന് വിവരം ലഭിക്കുന്നത്. തീരുന്നതിനു മുമ്പ് അത് വാങ്ങാൻ അവർ അപ്പോൾ വീണ്ടും ഓടിവരും'.

പൊളിറ്റിക്ക എന്ന രാഷ്ട്രീയ വാരികയുടെ മുഖ്യപത്രാധിപർ മീഴിസ്ലാവ് റക്കോവ്സ്‌കി (Mieczyslaw Rakowski) ക്ഷണിച്ചതനുസരിച്ച് അത്താഴം കഴിക്കാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി. 'പൊളിറ്റിക്ക' പാർട്ടി നിയന്ത്രണത്തിലുള്ള പത്രമായിരുന്നില്ല. പക്ഷേ, റക്കോവ്സ്‌കി പാർട്ടി അംഗമായിരുന്നു.

അദ്ദേഹത്തിന്റെ ഭാര്യ അത്താഴം വിളമ്പി. ഓരോ പ്ലേറ്റിലും ഓരോ വലിയ പുഴുങ്ങിയ ഉരുളക്കിഴങ്ങ് മാത്രമാണുണ്ടായിരുന്നത്. ക്ഷമാപണസ്വരത്തിൽ ആതിഥേയ പറഞ്ഞു: 'ഇന്ന് കടയിൽ പോയപ്പോൾ കിട്ടിയത് ഉരുളക്കിഴങ്ങ് മാത്രമാണ്'.

'ഉരുളക്കിഴങ്ങ് എനിക്ക് വളരെ ഇഷ്ടമാണ്', ഞാൻ പറഞ്ഞു. 'ഇന്ത്യയിൽ കിട്ടുന്നതിനെക്കാൾ വളരെ വലുപ്പമുണ്ടിതിന്. എന്റെ രാത്രിഭക്ഷണത്തിന് ഇത് ധാരാളം'.

ഭക്ഷ്യവസ്തുക്കളുടെയും ഉപഭോഗവസ്തുക്കളുടെയും ദൗർലഭ്യമാണ് അപ്പോൾ പോളണ്ട് നേരിടുന്ന വലിയ പ്രശ്നമെന്ന് റക്കോവ്സ്‌കി പറഞ്ഞു.

ആതിഥേയ ഞങ്ങളോടൊപ്പം ചേർന്നില്ല. അവർക്ക് കഴിക്കാൻ ഉരുളക്കിഴങ്ങ് ഉണ്ടാകുമോ എന്ന് ഞാൻ സംശയിച്ചു.

'താങ്കളും ഇരിക്കൂ...' ഞാൻ പറഞ്ഞു. 'ഇതിനെ നമുക്ക് മൂന്നായി വിഭജിക്കാം'.

തനിക്ക് കഴിക്കാൻ വേറെയുണ്ടെന്ന് അവർ പറഞ്ഞു.

ആ മിതമായ അത്താഴം എനിക്ക് ഏറെ സംതൃപ്തി നൽകി. റക്കോവ്സ്‌കി വളരെ സ്വാധീനമുള്ള വ്യക്തിയാണെന്ന് ഞാൻ നേരത്തേ മനസ്സിലാക്കിയിരുന്നു. അദ്ദേഹം സ്വാധീനം ദുരുപയോഗം ചെയ്യുന്ന പത്രാധിപരല്ലെന്ന് ബോധ്യമായി.

രാജ്യത്തെ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമായപ്പോൾ പത്രാധിപരെന്ന നിലയിൽ നല്ല പേര് സമ്പാദിച്ച റക്കോവ്സ്‌കിയുടെ സേവനം പാർട്ടി പ്രയോജനപ്പെടുത്തി. അദ്ദേഹത്തെ പ്രധാനമന്ത്രിയും പാർട്ടിയുടെ ഫസ്റ്റ് സെക്രട്ടറിയുമാക്കി. ആ നിലകളിൽ അദ്ദേഹം ബഹുകക്ഷി സംവിധാനത്തിലേക്കുള്ള മാറ്റത്തിന് ചുക്കാൻ പിടിച്ചു.',

'ഒരു പതിറ്റാണ്ടിനു ശേഷം ഞാൻ വീണ്ടും പോളണ്ടിലെത്തി. രണ്ടാം വരവിൽ വർക്കേഴ്സ് പാർട്ടിയുടെ ഓഫീസ് സന്ദർശിച്ചപ്പോൾ അവിടെയുണ്ടായ രാഷ്ട്രീയമാറ്റത്തിന്റെ സ്വഭാവം വ്യക്തമായി. ആദ്യ സന്ദർശനവേളയിൽ അതൊരു തേനീച്ചക്കൂടുപോലെ തോന്നിയിരുന്നു. ധാരാളം പേർ അവിടെ ജോലിയെടുക്കുന്നു. ഉള്ളിലെ മുറികളിൽനിന്ന് ആളുകൾ നിരന്തരം ഇറങ്ങിവരുന്നു, കൂടുതൽ ആളുകൾ ഉള്ളിലേക്ക് പോവുകയും ചെയ്യുന്നു. അതായിരുന്നു അന്ന് രാജ്യത്തെ ഭരണസിരാകേന്ദ്രം.

രണ്ടാം സന്ദർശനത്തിൽ അവിടം വിജനമായിരുന്നു. ഉള്ളിൽ കയറി അന്വേഷിച്ചപ്പോൾ സെക്രട്ടറി അവിടെയില്ല. പാർട്ടിയുടെ ഔദ്യോഗിക വക്താവ് മാത്രമാണ് അവിടെയുള്ളത്.

'കമ്യൂണിസ്റ്റ് ഭരണം എങ്ങനെ തകർന്നു?' അദ്ദേഹത്തോട് ഞാൻ ചോദിച്ചു.

'കമ്യൂണിസം ഒരു മനോഹര സ്വപ്നമാണ്', അദ്ദേഹം പറഞ്ഞു. 'അത് യാഥാർഥ്യമാക്കാമെന്ന് കരുതിയതാണ് ഞങ്ങൾക്ക് പറ്റിയ തെറ്റ്'.'.

സോവിയറ്റ് യൂണിയന്റെ തിരോഭാവം നേരിൽ കണ്ടറിഞ്ഞതിനെക്കുറിച്ചാണ് ഈ ഭാഗത്തെ ശ്രദ്ധേയമായ ഒരധ്യായം.

ഒടുവിലായി, ഏഷ്യാനെറ്റ് കാലം. പ്രതീതിപരമായി നോക്കിയാൽ മലയാളമാധ്യമരംഗത്ത് മലയാളമനോരമയുടെ സ്ഥാപനത്തിനുശേഷം നടന്ന ഏറ്റവും വലിയ ചുവടുവയ്പിന്റെ കഥയാണ് ഇവിടെ അദ്ദേഹം സംക്ഷിപ്തമായി അവതരിപ്പിക്കുന്നത്. ഏഷ്യാനെറ്റ് വിട്ട് സന്ദർഭം സൂചിപ്പിച്ചുകൊണ്ട്, തന്റെ ഓർമക്കുറിപ്പുകൾ ബി.ആർ.പി. അവസാനിപ്പിക്കുന്നു.

'വാർത്താവിഭാഗമൊഴികെ എല്ലാം ഇപ്പോൾ മർഡോക്കിന്റെ ആഗോള മാധ്യമ സാമ്രാജ്യത്തിന്റെ ഭാഗമാണ്. വാർത്താവിഭാഗം പ്രത്യേക ചാനലായി. അതിന്റെ ഉടമ ബാംഗ്ലൂരിലെ ബിസിനസുകാരനും ബിജെപി. എംപി.യുമായ രാജീവ് ചന്ദ്രശേഖറാണ്. സാങ്കേതികവിദ്യ മാധ്യമരംഗത്തെ മാറ്റിമറിച്ചിരിക്കുന്നു. പത്രവായനക്കാരെക്കാൾ ടെലിവിഷൻ പ്രേക്ഷകർക്കാണ് ആ മാറ്റം കൂടുതൽ അനുഭവവേദ്യമാകുന്നത്. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ഞങ്ങൾ പ്രവർത്തിച്ചത് മലയാള ടെലിവിഷന്റെ ദിനോസർ കാലത്തായിരുന്നെന്ന് പറയാം.

ഞങ്ങളുടെ കണ്ണിൽ ഏഷ്യാനെറ്റ് കാലം സാഹസികതയുടെ കാലമായിരുന്നു. പലതരത്തിലുള്ള പരിമിതികളോടെയാണ് പ്രവർത്തിച്ചതെങ്കിലും കേരള സമൂഹത്തോട് അടുത്ത് നിൽക്കാനും അതിന്റെ ഉത്തമ താത്പര്യങ്ങൾ സംരക്ഷിക്കാനും ഞങ്ങൾ ശ്രമിച്ചു. അത് തിരിച്ചറിഞ്ഞ പ്രേക്ഷകർ ഞങ്ങളിൽ വിശ്വാസമർപ്പിച്ചു. അത് നൽകിയ സംതൃപ്തി ടി.ആർ.പിയിൽ അളക്കാവുന്നതല്ല'.

ബി.ആർ.പി.യുടെ ഈ സ്മൃതിചിത്രങ്ങളുടെ ഭാവമൂല്യം മുഖ്യമായും നാലു തലങ്ങളിലാണ് നിലകൊള്ളുന്നത് എന്നു പറയാം. ഒന്ന്, അതിന്റെ നിശിതമായ ചരിത്രമൂല്യം. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ മറ്റാരും പറയാത്ത എത്രയെങ്കിലും കഥകളുടെ പടലങ്ങളാണ് ന്യൂസ്റൂമിന്റെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയമൂല്യം. രണ്ട്, ആഖ്യാനത്തിന്റെ കഥാത്വവും വായനാക്ഷമതയും. വാർത്തകളുടെ ചരിത്രാത്മകതപോലെതന്നെ പ്രധാനമാണ് ചരിത്രത്തിന്റെ കഥാത്മകത്വവും. മൂന്ന്, മാധ്യമധാർമ്മികതയുടെയും ജനാധിപത്യനിലപാടുകളുടെയും സംഘർഷങ്ങൾ ദൈനംദിനമരങ്ങേറുന്ന ഒരു തൊഴിൽമേഖലയുടെ സുതാര്യമായ പാഠപുസ്തകമാകുന്നു, ന്യൂസ്റൂം. നാല്, സ്വകാര്യ ജീവിതാനുഭവങ്ങൾ പാടേ ഒഴിവാക്കി, സാമൂഹ്യജീവിതാനുഭവങ്ങൾ മുന്നോട്ടു വച്ചുകൊണ്ടെഴുതപ്പെടുന്ന നന്നേ ചുരുക്കം ആത്മകഥകളുടെ വേറിട്ട ജനുസ്സിൽപെടുന്നു, ഈ ഗ്രന്ഥം. നന്ദി, ബി.ആർ.പി, മലയാളിക്കു മുന്നിൽ തുറന്നിട്ട കാലത്തിന്റെ ഈ കണക്കുപുസ്തകത്തിന്.

പുസ്തകത്തിൽനിന്ന്

'ഇന്ത്യയിലും മാധ്യമസ്വാതന്ത്ര്യം സജീവമായി ചർച്ച ചെയ്യപ്പെട്ട സമയമായിരുന്നു അത്. പക്ഷേ, വിഷയം വസ്തുനിഷ്ടമായി ചർച്ച ചെയ്യാൻ പറ്റിയ സന്ദർഭമായിരുന്നില്ല. വലിയ ഭൂരിപക്ഷത്തോടെ 1971-ൽ കേന്ദ്രത്തിൽ അധികാരത്തിൽ വരുകയും അടുത്ത കൊല്ലം പല സംസ്ഥാനങ്ങളിലും കോൺഗ്രസിനെ തിരികെ അധികാരത്തിലെത്തിക്കുകയും ചെയ്ത ഇന്ദിരാ ഗാന്ധിക്കെതിരേ ഒരു വലതുപക്ഷ കൂട്ടായ്മ വളർന്നു വരുകയായിരുന്നു. സർക്കാർ വലതുപക്ഷ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന് നിയമനിർമ്മാണം പരിഗണിക്കുന്നുമുണ്ടായിരുന്നു.

വ്യവസായികൾ കൈയടക്കിയ വലിയ പത്രങ്ങളിലെ പത്രാധിപന്മാർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനാകുന്ന സാഹചര്യം സഷ്ടിക്കുന്നതിനുള്ള ചില നിർദ്ദേശങ്ങൾ ഒന്നാം പ്രസ് കമ്മീഷൻ നൽകിയിരുന്നു. പത്രത്തിന്റെ നയം തീരുമാനിക്കാനുള്ള ഉടമയുടെ അവകാശം കമ്മീഷൻ അംഗീകരിച്ചു. എന്നാൽ ഉടമ എഴുതി നൽകുന്ന നയരേഖയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നിടത്തോളം പത്രാധിപരെ മാറ്റാൻ പാടില്ലെന്ന് അത് നിർദ്ദേശിച്ചു.

സർക്കാരിന്റെ പരിഗണനയിലിരിക്കുന്ന നിയമത്തെക്കുറിച്ച് ചില വിവരങ്ങൾ പുറത്തുവന്നപ്പോൾ 'സ്വാതന്ത്ര്യം അപകടത്തിലാണ്, നിങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ച് അതിനെ പ്രതിരോധിക്കുക' എന്ന തലക്കെട്ടിൽ ഹിന്ദുസ്ഥാൻ ടൈംസ് പത്രാധിപർ ബി.ജി. വർഗീസ് ഒരു മുഖപ്രസംഗമെഴുതി. ബ്രട്ടീഷുകാർ 1942-ൽ കർശനമായ സെൻസർഷിപ്പ് ഏർപ്പെടുത്തിയപ്പോൾ ജവഹർലാൽ നെഹ്റു സ്വന്തം പത്രമായ നാഷനൽ ഹെറാൾഡിൽ എഴുതിയ വരികളാണ് വർഗീസ് തലക്കെട്ടാക്കിയത്.

മുഖപ്രസംഗത്തിന്റെ തലക്കെട്ടും ഉള്ളടക്കവും അത്യുക്തി കലർന്നതാണെന്ന് പത്രാധിപർക്കെഴുതിയ കത്തിൽ ഞാൻ ചൂണ്ടിക്കാട്ടി. കരട് നിയമത്തിലെ ഒരു വ്യവസ്ഥ വ്യാഖ്യാനിക്കുന്നതിൽ അദ്ദേഹത്തിനു വസ്തുതാപരമായ തെറ്റ് പറ്റിയ കാര്യവും അതിൽ എടുത്തുപറഞ്ഞു. അദ്ദേഹം ആ കത്ത് പ്രസിദ്ധീകരിച്ചു.

ഭരണാധികാരികൾക്ക് അഞ്ചുകൊല്ലത്തിലൊരിക്കൽ പൊതുജനങ്ങളെ അഭിമുഖീകരിച്ചാൽ മതിയെന്നും പത്രാധിപർ നിത്യവും ജനങ്ങളെ അഭിമുഖീകരിക്കുന്നയാളാണെന്നുമുള്ള വിചിത്രമായ വാദവും വർഗീസ് അക്കാലത്ത് ഉന്നയിച്ചിരുന്നു.

ഇന്ത്യൻ എക്സ്പ്രസിൽ മുഖ്യ പത്രാധിപർ ഫ്രാങ്ക് മൊറെയ്സ് ഇന്ദിരാ ഗാന്ധിയുടെ നിലപാടുകൾ കപടമാണെന്നു സ്ഥാപിക്കാൻ 'മിഥ്യയും യാഥാർഥ്യവും' (Myth and Reality) എന്ന ശീർഷകത്തിൽ ഒരു പരമ്പര എഴുതി. ഓരോ ദിവസവും അദ്ദേഹം മിഥ്യ എന്ന തലക്കെട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ഏതെങ്കിലും പ്രഖ്യാപനം ഉദ്ധരിക്കും. അതിനു താഴെ യാഥാർഥ്യം എന്ന തലക്കെട്ടിൽ ആ വാക്കുകൾക്ക് സ്വന്തം വ്യാഖ്യാനം നൽകും. ദിവസങ്ങൾ നീണ്ടുനിന്ന ആ പരമ്പരയെ നാഷനൽ ഹെറാൾഡ് എഡിറ്റർ ചലപതി റാവു ഒരു വാൽക്കഷണംകൊണ്ട് തകർത്തു. ഹെറാൾഡിലെ സ്വന്തം പംക്തിയുടെ അവസാനം അദ്ദേഹം എഴുതിയത് ഇത്രമാത്രം:

മിഥ്യ: ഫ്രാങ്ക് മൊറെയ്സ്.

യാഥാർഥ്യം: രാംനാഥ് ഗോയങ്ക.

മൊറെയ്സിനെയും വർഗീസിനെയും പോലുള്ള പ്രഗല്ഭമതികളെ മുതലാളിമാർ പറഞ്ഞുകൊടുത്തത് എഴുതിയെടുത്ത് അതേപോലെ കൊടുത്ത പത്രാധിപന്മാരായി കാണുന്നത് കടുത്ത അനീതിയാകും. അടിസ്ഥാനപരമായി അവർ മുതലാളിമാരുടെ വലതുപക്ഷ ചിന്താഗതിയോട് യോജിക്കുന്നവരായിരുന്നു.

ടൈംസ് ഓഫ് ഇന്ത്യയിലായിരുന്നപ്പോൾ വർഗീസ് വികസന പദ്ധതികളെക്കുറിച്ചെഴുതിയ പരമ്പരയാണ് അദ്ദേഹത്തെ മാധ്യമ ഉപദേഷ്ടാവാക്കാൻ ഇന്ദിരാ ഗാന്ധിയെ പ്രേരിപ്പിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രധാനമന്ത്രിയുമായുള്ള വർഗീസിന്റെ അടുപ്പം പ്രയോജനപ്പെടുത്താമെന്ന കണക്കുകൂട്ടലോടെയാണ് ഹിന്ദുസ്ഥാൻ ടൈംസ് ഉടമ കെ.കെ. ബിർള അദ്ദേഹത്തെ പത്രാധിപരാക്കിയതെന്നും ആ കണക്കുകൂട്ടൽ തെറ്റിയെന്നും ഉപശാലകളിൽ പറഞ്ഞുകേട്ടിരുന്നു. ഇന്ദിരാ ഗാന്ധിയുടെ രാഷ്ട്രീയത്തിലെന്നപോലെ ബിർളയുടെ ബിസിനസിലും വർഗീസ് താത്പര്യമെടുത്തില്ല.

ബ്രിട്ടീഷുകാർ ഇന്ത്യയുടെ ഭാഗമാക്കാതിരുന്ന സിക്കിമിനെ ഇന്ദിരാ ഗാന്ധി ഇന്ത്യയിൽ ലയിപ്പിച്ചതിനെ ശക്തമായി എതിർത്തുകൊണ്ട് എഴുതിയ മുഖപ്രസംഗമാണ് വർഗീസിനെ പത്രാധിപസ്ഥാനത്തുനിന്ന് നീക്കാൻ കാരണമായത്. ആ മുഖപ്രസംഗം പ്രധാനമന്ത്രിയെ ചൊടിപ്പിച്ചു. അതറിഞ്ഞ ബിർള അദ്ദേഹത്തെ പത്രാധിപസ്ഥാനത്തുനിന്ന് നീക്കാൻ തീരുമാനിച്ചു.

സി.പി. രാമചന്ദ്രന്റെ നേതൃത്വത്തിൽ ഹിന്ദുസ്ഥാൻ ടൈംസിലെ പത്രപ്രവർത്തകർ വർഗീസിനെതിരായ നടപടി ചെറുക്കാൻ ശ്രമിച്ചു.

രാഷ്ട്രീയ ധ്രുവീകരണം മാധ്യമസ്വാതന്ത്ര്യം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് അറുതിയിട്ടു. രാജ്യം അടിയന്തരാവസ്ഥയിലേക്കും സെൻസർഷിപ്പിലേക്കും നീങ്ങി. ആ ഇരുണ്ട കാലഘട്ടം നീങ്ങിയപ്പോൾ രാജ്യത്തിനു പുറത്തും ഒരു നല്ല നടപടിയുണ്ടായി. ആഗോള വാർത്താവിനിമയ പ്രശ്നങ്ങൾ പഠിക്കാൻ ഒരു അന്താരാഷ്ട്ര കമ്മീഷനെ നിയമിക്കാനുള്ള യുനെസ്‌കോയുടെ തീരുമാനമായിരുന്നു അത്. അമേരിക്കൻ പ്രതിനിധിയുടെ നിർദ്ദേശത്തെ തുടർന്നാണ് യുനെസ്‌കോ ഡയറക്ടർ ജനറൽ അഹമ്മദ്ദു മാത്തർ എംബോ (Ahmadou Mahtar M Bow) വിഷയം സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡിന് മുന്നിൽ വെച്ചത്. വിവിധ രാജ്യങ്ങൾ നാമനിർദ്ദേശം ചെയ്ത 15 അംഗങ്ങളാണ് കമ്മീഷനിൽ ഉണ്ടായിരുന്നത്. അയർലണ്ടിൽനിന്നുള്ള നോബേൽ സമ്മാന ജേതാവും സമാധാന പ്രവർത്തകനുമായ സിയാൻ മക്‌ബ്രൈഡ് (Sean MacBride) ആയിരുന്നു കമ്മീഷന്റെ ചെയർമാൻ. ഇന്ത്യ ബി.ജി. വർഗീസിനെ നാമനിർദ്ദേശം ചെയ്തു.

ആധുനിക സാങ്കേതികവിദ്യ ലോകത്തെ ഒരാഗോള ഗ്രാമമാക്കുന്നെന്ന് പറഞ്ഞ മാർഷൽ മാക്ലൂഹനെ അമേരിക്കയും കാനഡയും കമ്മീഷനിലേക്ക് നാമനിർദ്ദേശം ചെയ്തു. ആരോഗ്യപ്രശ്നങ്ങൾ കാരണം അദ്ദേഹത്തിന് പങ്കെടുക്കാനായില്ല. അദ്ദേഹത്തിന്റെ പകരക്കാരിയായെത്തിയ ബെറ്റി സിമ്മർമാൻ (Betty Zimmerman) കമ്മീഷനിലെ ഏക വനിതയും ഇലക്ട്രോണിക് മാധ്യമ പശ്ചാത്തലമുള്ള അംഗവുമായി. പ്രശസ്ത ലാറ്റിനമേരിക്കൻ എഴുത്തുകാരനായ ഗബ്രിയേൽ ഗാർസിയ മാർകേസ് (Gabriel Garcia Marquez) കൊളംബിയയുടെ പ്രതിനിധിയായെത്തി.

ആധുനിക സമൂഹങ്ങളിലെ വാർത്താവിനിമയ പ്രശ്നങ്ങൾ, പ്രത്യേകിച്ചും ബഹുജന മാധ്യമങ്ങളെയും വാർത്തയെയും സംബന്ധിക്കുന്നവ, അപഗ്രഥിച്ചും പുതിയ സാങ്കേതിക വിദ്യയുടെ ആവിർഭാവം പരിഗണിച്ചും പ്രശ്നങ്ങൾ ലഘൂകരിക്കാനും ഒരു പുതിയ ലോക വാർത്താവിനിമയക്രമം രൂപപ്പെടുത്താനുതകുന്നതുമായ നിർദ്ദേശങ്ങൾ നൽകാനാണ് യുനെസ്‌കോ കമ്മീഷനോട് ആവശ്യപ്പെട്ടത്. മാധ്യമസാന്ദ്രീകരണം, മാധ്യമ വാണിജ്യവത്കരണം, വിവരവും വാർത്താവിനിമയ സംവിധാനങ്ങളും പ്രാപ്യമാക്കുന്നതിലെ അസമത്വം തുടങ്ങി നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നതായി 1980-ൽ 'നിരവധി സ്വരങ്ങൾ, ഒരു ലോകം' (Many Voices, One World) എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ മക്‌ബ്രൈഡ് കമ്മീഷൻ ചൂണ്ടിക്കാട്ടി. ബാഹ്യസ്രോതസ്സുകളുടെ മേലുള്ള ആശ്രയത്വം ഒഴിവാക്കാൻ വാർത്താവിനിമയ സംവിധാനങ്ങൾ ജനാധിപത്യവത്കരിക്കണമെന്നും ദേശീയമാധ്യമങ്ങളെ ശക്തിപ്പെടുത്തണമെന്നും അത് ശിപാർശ ചെയ്തു.

ചേരിചേരാ രാജ്യങ്ങൾ 1970-കളിൽ ഉയർത്തിയ പുതിയ ലോകവിവര-വാർത്താവിനിമയ ക്രമം എന്ന ആശയത്തിനു ശക്തി പകരുന്നതായിരുന്നു മക്‌ബ്രൈഡ് കമ്മീഷന്റെ റിപ്പോർട്ട്. അത് ലോകമൊട്ടുക്ക് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ദൂരദർശന്റെ മദ്രാസ് കേന്ദ്രം സംഘടിപ്പിച്ച, മദ്രാസ് സർവകലാശാല വൈസ് ചാൻസലറും യുനെസ്‌കോ മുൻ അസിസ്റ്റന്റ് ഡയറക്ടർ ജനറലുമായ മാൽകം ആദിശേഷയ്യ, എൻ. റാം തുടങ്ങിയവർ പങ്കെടുത്ത ചർച്ച ഞാനാണ് മോഡറേറ്റ് ചെയ്തത്.

മക്‌ബ്രൈഡ് കമ്മീഷൻ റിപ്പോർട്ടിന് വമ്പിച്ച പിന്തുണ ലഭിച്ചത് ലോക മാധ്യമരംഗത്ത് ആധിപത്യം സ്ഥാപിച്ചിരുന്ന അമേരിക്കയെ വിറളി പിടിപ്പിച്ചു. യുനെസ്‌കോയുടെ പ്രവർത്തനത്തിന് ഏറ്റവുമധികം പണം നൽകുന്ന അമേരിക്ക സംഘടനയിൽനിന്ന് 1984-ൽ പിൻവാങ്ങി. അടുത്ത കൊല്ലം ബ്രിട്ടനും വിട്ടു. അമേരിക്കൻ മാധ്യമങ്ങൾ എംബോയ്ക്കെതിരേ സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെ പല ആരോപണങ്ങളും ഉന്നയിച്ചു. അദ്ദേഹം പുറത്തായശേഷം പുതിയ വാർത്താവിനിമയ ലോകക്രമം യുനെസ്‌കോയുടെ അജണ്ടയിൽനിന്ന് അപ്രത്യക്ഷമായി. ബ്രിട്ടൻ 1997-ൽ യുനെസ്‌കോയിൽ തിരിച്ചെത്തി. പുതിയ ലോകക്രമം കുഴിച്ചുമൂടപ്പെട്ടെന്ന് ഉറപ്പാക്കിയശേഷം 2005-ൽ മാത്രമാണ് അമേരിക്ക തിരിച്ചെത്തിയത്'.

ന്യൂസ്റൂം
ബി.ആർ.പി. ഭാസ്‌കർ
ഡി.സി. ബുക്സ്
2021, വില 499 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP