Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

കഥ, കാലം, ജീവിതം

കഥ, കാലം, ജീവിതം

ഷാജി ജേക്കബ്‌

ചെറുകഥയെക്കുറിച്ചുണ്ടായിട്ടുള്ള ഏറ്റവും പ്രസിദ്ധമായ നിർവചനം ഫ്രാങ്ക് ഒകോണറുടേതാണ്. ‘The Lonely Voice...’ കാല്പനികത, ആത്മനിഷ്ഠത, വൈകാരികത തുടങ്ങിയവ രൂപം കൊടുക്കുന്ന ഭാവവിനിമയമാണ് ഇവിടെ ചെറുകഥയുടെ കല. പക്ഷെ ഈ നിർവചനത്തെ മറികടക്കുന്ന കഥകളുടെ ഒരു ധാര മലയാളത്തിലുണ്ട്. രാഷ്ട്രീയാധുനികതയുടെ ഭാവുകത്വം പേറുന്ന രചനകളിൽ തുടങ്ങി, ആനന്ദിലും മാധവനിലും പ്രഭാകരനിലും ആന്റണിയിലും മാത്യൂസിലും കൂടി മുന്നോട്ടുപോയ ഈ വഴിയുടെ ഇങ്ങേയറ്റത്തുള്ളത് സന്തോഷ്‌കുമാറും ഹരീഷുമാണ്. സവിശേഷമായ മൂന്ന് ആഖ്യാനസാധ്യതകളിലൂടെയാണ് ഇവരുടെ കഥകൾ ഈ മാന്ത്രിക സമവാക്യത്തെ പുനർനിർവചിക്കുന്നത്. ചരിത്രത്തിന്റെ കനപ്പ്, കാലത്തിന്റെ പരപ്പ്, മരണത്തിന്റെ തണുപ്പ് എന്നിവയിലൂടെ ചരിത്രബോധം, കാലദർശനം, മരണാനുഭവം എന്നിവ ഘനീഭവിച്ചുണ്ടാകുന്നതാണ് ഈ എഴുത്തുകാർക്ക് കഥയുടെ കലയും രാഷ്ട്രീയവും. അനുഭവങ്ങളെ വൈയക്തികതയിലും വൈകാരികതയിലും നിന്നു മാറ്റി ചിന്തയിലും പൊതുമാനവികതയിലും പ്രതിഷ്ഠിക്കുന്നതാണ് ഇവരുടെ രീതി. ‘വ്യക്തിപരമായതും/സ്വകാര്യമായതും രാഷ്ട്രീയമാണ്’ (personal is political) എന്ന 1960കളിലെ വിദ്യാർത്ഥി-സ്ത്രീവാദസമരമുദ്രാവാക്യം പോലെയാണിത്. ഇക്കഴിഞ്ഞ ഒരു ദശകത്തിൽ മലയാളത്തിൽ ഭേദപ്പെട്ട കഥകളെഴുതിയ പുതിയ തലമുറയും ഇക്കാര്യത്തിൽ ഭിന്നരല്ല. വി എം. ദേവദാസ്, വിനോയ് തോമസ്, കെ.വി. പ്രവീൺ, കെ.വി. മണികണ്ഠൻ, യമ, വിവേക് ചന്ദ്രൻ... എന്നിവരൊക്കെ ഉദാഹരണം.

ഒരുവശത്ത്, അയ്മനം ജോണിന്റെ കഥകൾ പുനർവായിക്കപ്പെടുന്നു. മറുവശത്ത് ഇ.മ.യൗ.വിനുശേഷം പി.എഫ്. മാത്യൂസിന്റെ കഥകളും നോവലുകളും പല പതിപ്പുകളിറങ്ങുന്നു. ഒരുവശത്ത് പുതിയ കഥാകൃത്തുക്കളിൽ മിക്കവരും സിനിമ തങ്ങളുടെ പരമലക്ഷ്യമായി കണ്ട് രംഗത്തുവരുന്നു. മറുവശത്ത് കെ.ആർ. മീരയുടെ 400 രൂപ വിലയുള്ള ‘തെരഞ്ഞെടുത്ത കഥകൾ’ വെറും മൂന്നുവർഷം കൊണ്ട് പതിനാറുപതിപ്പുകൾ പിന്നിടുന്നു. ഒരുവശത്ത് ‘കാഴ്ച’യുടെ (സിനിമാറ്റിക്, ടെലിവിഷ്വൽ, സൈബർ വിഷ്വൽ....) ലാവണ്യകല ചെറുകഥയെ അടിമുടി നവീകരിക്കുന്നു. മറുവശത്ത് ഹിംസയുടെ (പ്രത്യക്ഷവും പരോക്ഷവും പ്രതീകാത്മകവും പ്രച്ഛന്നവും....) രാഷ്ട്രീയകല ചെറുകഥയെ സമൂലം പുനർവിഭാവനം ചെയ്യുന്നു.

സമകാല മലയാളചെറുകഥയുടെ ലാവണ്യരാഷ്ട്രീയത്തെ നിർണയിക്കുന്ന മേല്പറഞ്ഞ കലാസന്ധിയുടെ ഏറ്റവും മികച്ച വക്താവാണ് ഇ. സന്തോഷ്‌കുമാർ. കഴിഞ്ഞ ഒറ്റദശകത്തിൽ പുറത്തുവന്ന നാലു സമാഹാരങ്ങൾ ഇതിനു തെളിവുമാണ്. ‘നാരകങ്ങളുടെ ഉപമ’യാണ് ഇതിൽ അവസാനത്തേത്. കാലത്തിൽ ഭാവനചെയ്യപ്പെട്ട ജീവിതത്തിന്റെ (മരണത്തിന്റെയും) ഒട്ടുമേ രമ്യമല്ലാത്ത ഉപന്യാസങ്ങളാണ് ഈ സമാഹാരത്തിലെ ആറുകഥകളും. അമ്പരപ്പിക്കുന്ന പ്രമേയവൈവിധ്യം. അത്യസാധാരണമായ ജീവിതസന്ധികൾ. ചിന്താബദ്ധവും സ്ഫടികസമാനവുമായ ഭാഷണകല. അസ്ഥിവരെ തുളച്ചെത്തുന്ന അനുഭവങ്ങളുടെ അമ്ലതീഷ്ണത - ‘നാരകങ്ങളുടെ ഉപമ’ മലയാള ചെറുകഥയുടെ ആഖ്യാനരാഷ്ട്രീയത്തെ മുന്നോട്ടു കുതിപ്പിക്കുന്ന ഭാവശക്തികൊണ്ടു സമ്പന്നമാണ്.

നെടിയകാലത്തിന്റെ അക്ഷാംശങ്ങളും കൊടിയ ജീവിതത്തിന്റെ രേഖാംശങ്ങളും ചേർന്നു പൂർത്തീകരിക്കുന്ന ഭാവഭൂപടമെന്ന നിലയിൽ മാത്രമല്ല ഈ കഥകളുടെ കല രൂപം കൊള്ളുന്നത്. ഇന്ദ്രിയാനുഭവങ്ങളുടെ സൂക്ഷ്മാഖ്യാനം ഈ കഥകളെ സവിശേഷമായ ശരീരപാഠങ്ങളാക്കി പുനർവിന്യസിക്കുന്നുമുണ്ട്. ഗന്ധമാണ് രണ്ടു കഥകളുടെ കേന്ദ്രരൂപകമെങ്കിൽ (നാരകങ്ങളുടെ ഉപമ, രാമൻ രാഘവൻ) ശബ്ദമാണ് മൂന്നു കഥകളുടേത് (പരുന്ത്, വാവ, പണയം). കാഴ്ച ഒരു കഥയുടെയും (സിനിമാപറുദീസ). അതേസമയംതന്നെ ഗന്ധവും ശബ്ദവും കാഴ്ചയും മുഴുവൻ കഥകളിലും പാർശ്വികമായി സന്നിഹിതമാകുന്നുമുണ്ട്. ചരിത്രത്തിന്റെ സാമൂഹികതയും അസ്തിത്വത്തിന്റെ വൈയക്തികതയും കൂട്ടിയിണക്കുന്ന ജീവിതാനുഭൂതിയെന്ന നിലയിൽ ഈ ഇന്ദ്രിയബോധങ്ങൾ കഥകളിൽ ഇടപെടുന്നു; കഥനത്തെ അനുഭവത്തിന്റെ പാഠാന്തരബന്ധങ്ങളിൽ സന്നിവേശിപ്പിക്കുന്നു.

കാലത്തിനു കുറുകെ നടക്കുന്ന മനുഷ്യരോടു പറയപ്പെടുന്ന, ടോൾസ്റ്റോയിയുടെയും മറ്റും ശൈലി പിന്തുടരുന്ന ഒരു ആധുനികാനന്തര സാരോപദേശകഥയാണ് നാരകങ്ങളുടെ ഉപമ. പ്രകൃതിയെയും സമയത്തെയും ജനിതകവിദ്യകൊണ്ടു മറികടന്ന്, അതിവേഗം കായ്ഫലം തരുന്ന ഒട്ടുചെടികളുടെ പിൻപേ എല്ലാവരും പായുമ്പോൾ നാരങ്ങയുടെ കുരുവിൽ നിന്നു മുളപ്പിച്ചുവളർത്തുന്ന നാരകം കായ്ക്കാൻ എത്രകാലം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറുള്ള മനുഷ്യനും അതിനയാളെ പ്രേരിപ്പിക്കുന്ന മറ്റൊരു മനുഷ്യന്റെ ജീവിതവുമാണ് കഥയിലുള്ളത്. പത്തോ പതിനഞ്ചോ വർഷം മുൻപ് പർവതപ്രദേശങ്ങളിലൂടെ നടത്തിയ ഒരു ബസ്‌യാത്രയിൽ പരിചയപ്പെട്ടതാണ് അയാൾ തമാന എന്ന മനുഷ്യനെ. ആർക്കിയോളജി വകുപ്പിലായിരുന്നു, തമാനക്കു ജോലി. മുപ്പത്തൊൻപതു വർഷത്തെ സർവീസിനുശേഷം പെൻഷൻ പറ്റി നാട്ടിലേക്കു മടങ്ങുകയായിരുന്നു തമാന. ഭൂമി കുഴിച്ചുകുഴിച്ച് പുരാവസ്തുക്കളും രേഖകളും അസ്ഥികൂടങ്ങളും തേടിപ്പോകുന്നതായിരുന്നു തമാനയുടെ പണി. ഒഴുക്കു നിലച്ചുപോയ ഒരു നദിയുടെ ഗതിതേടിപ്പോയ ഉൽഖനനത്തിൽ തനിക്കു മുന്നിൽ മാത്രം വെളിപ്പെട്ട ഒരു മൺഭരണിയിലെ അസ്ഥികൂടത്തിന്റെ കഥപറയുകയായിരുന്നു തമാന. ആറുവിരലുണ്ടായിരുന്നു, അസ്ഥികൂടത്തിന്. തമാനക്കുമുണ്ടായിരുന്നു വലതുകയ്യിൽ ആറു വിരലുകൾ. യഥാർഥത്തിൽ ഇവരുടെ സംഭാഷണം തുടങ്ങിയതുതന്നെ ഈ ആറാമത്തെ വിരലിൽ നിന്നായിരുന്നു. തന്നെപ്പോലെ തന്നെയുള്ള ഒറ്റപ്പെട്ട ഒരാളെ കാലങ്ങൾക്കും ദേശങ്ങൾക്കുമപ്പുറത്തുനിന്നു കണ്ടുമുട്ടിയ യാദൃച്ഛികതയുടെ വിസ്മയം പറഞ്ഞവസാനിപ്പിച്ച് ബസിൽ നിന്നിറങ്ങിപ്പോയി, തമാന. തമാന തിന്നുകൊണ്ടിരുന്ന ഓറഞ്ചിന്റെ കുരുക്കൾ അയാൾ വീട്ടിൽ കൊണ്ടുവന്നു നട്ടു. ഒട്ടുചെടി നട്ടാൽ വേഗം കായ്ക്കും എന്നയാൾക്കറിയായ്കയല്ല. പലരും പറയായ്കയുമല്ല. പക്ഷെ കാലത്തെക്കുറിച്ചുള്ള അയാളുടെ ബോധങ്ങളും സങ്കല്പങ്ങളുമൊക്കെ തമാന അട്ടിമറിച്ചുകഴിഞ്ഞിരുന്നു. ഉൽഖനനത്തിന്റെ സൂക്ഷ്മതാളം, ചുരം കയറുന്ന ബസിന്റെ മന്ദവേഗം, ഓറഞ്ചുതിന്നുന്നതിൽപോലും തമാന പുലർത്തിയ ധൃതിരാഹിത്യം, ഒഴുക്കുനിലച്ചുപോയ നദി എന്നിങ്ങനെയുള്ള തിടുക്കമില്ലായ്കയുടെയും മെല്ലെപ്പോക്കിന്റെയും രൂപകങ്ങളിലൂടെ, വേഗങ്ങളിലും ധൃതികളിലും തിരക്കുകളിലും പെട്ടുഴലുന്ന ലോകക്രമത്തിനെതിരെ ഈ കഥ മുന്നോട്ടുവയ്ക്കുന്ന കാലത്തിന്റെ ചരരാഷ്ട്രീയം അസാധാരണമായ ഒരു ഭാവനതന്നെയായി മാറുന്നു. പ്രകൃതിയിൽ നിന്നു മനുഷ്യർ വീണ്ടും പഠിക്കേണ്ട ശമഭാവത്തിന്റെ ധ്വനിപാഠമാണീ കഥ.

“ “എന്റെ തൊഴിലിന്റെ സ്വഭാവമാവാം, അയാൾ പുറത്തേക്കുള്ള നോട്ടം പിൻവലിച്ചുകൊണ്ടു പറഞ്ഞു: “കുഴിച്ചുകുഴിച്ചു പോകുന്നത് എത്ര പതുക്കെയാണെന്നറിയാമോ! ഓരോ ഇഞ്ചും ഓരോ അടിയും ഇങ്ങനെ, മണ്ണടർത്തിമാറ്റി, ഭൂമിക്കു പോലും വേദനിക്കാത്ത മട്ടിൽ. പതുക്കെ. വളരെ പതുക്കെ. തുടക്കത്തിൽ അതാണ് വലിയ പ്രശ്‌നം. അന്നൊക്കെ ചെറുപ്പമായിരുന്നില്ലേ! നല്ല ആരോഗ്യം. കരുത്ത്. മറ്റിടങ്ങളിൽ ചെയ്യുന്നതുപോലെത്തന്നെ വേഗത്തിൽ കുഴിയെടുക്കാൻ നോക്കും. പാടില്ല. പരിചയമുള്ളവർ വിലക്കും”. കൊലരുകൾകൊണ്ട് അടർത്തിയടർത്തിയാണ് ഓരോന്നും വേർതിരിച്ചെടുക്കേണ്ടത്. സൂക്ഷിച്ച്. ദിവസങ്ങളും മാസങ്ങളും അങ്ങനെ ക്ഷമയോടെ പണിയെടുക്കുമ്പോൾ, ഭാഗ്യമുണ്ടെങ്കിൽ പതുക്കെപ്പതുക്കെ ഒരു നാണയം, ഒരു ആഭരണം, ഒരു പാത്രം, ആയുധം ഇതൊക്കെ ഇങ്ങനെ ഉടലെടുക്കുന്നതു കാണാം. ഏതോ പഴയ കാലത്തെ ചെന്നു സന്ദർശിക്കുന്നു. ഉറങ്ങുന്നവരെ ഉണർത്താത്തവിധം എല്ലായിടത്തും നടന്നു നോക്കുന്നു. പോകെപ്പോകെ നിദ്രയിലാണ്ടു കിടക്കുന്ന ജനപഥങ്ങൾ തെളിഞ്ഞുവരുന്നു. ചിലപ്പോൾ വലിയ നഗരങ്ങൾ. വർഷങ്ങൾ നീണ്ടുപോയ വേനലിൽ വറ്റിപ്പോയ ചില നദികൾ. മൃഗങ്ങളുടെ അസ്ഥികൾ. അവയുടെ വരണ്ട കൊരലുകളിൽ ഇപ്പോഴും കെട്ടിക്കിടക്കുന്ന ദാഹം.

“ഓരോ ഇഞ്ചും, ഓരോ അടിയും മണ്ണിന്നടിയിലേക്കു പോകുമ്പോൾ നിങ്ങൾ മണിക്കൂറുകളല്ല, നാഴികകളല്ല, നൂറ്റാണ്ടുകളാണ് പിന്നിടുന്നത് എന്നു കാണാം. ഓരോ ചുവടിലും എത്ര നൂറ്റാണ്ടുകൾ! അതുകൊണ്ടാവാം. പുറത്തെ വേഗങ്ങളുമായി എനിക്കു പൊരുത്തപ്പെടാനാവുന്നില്ല”.

അങ്ങനെ കുറെക്കാലം പണിയെടുത്തപ്പോൾ അവർ അയാളെ ഒരു മേസ്തിരിയാക്കി ഉയർത്തി. പത്തോ ഇരുപതോ തൊഴിലാളികൾ അയാളുടെ കീഴിലും വന്നു. അയാൾ അവരോടു പറയും: “നമുക്കു ധൃതിയൊന്നും വേണ്ട. കുറച്ചു വൈകിയാലും ഒന്നുമില്ല. കാരണം നമ്മളന്വേഷിക്കുന്നതെല്ലാം അവിടെത്തന്നെയുണ്ടാവും. ഒപ്പംതന്നെ, ഒരാളെയും തടസ്സപ്പെടുത്താതിരിക്കലാണ് നമ്മുടെ ജോലി”. തമാനെ എന്തോ ആലോചിക്കാനെന്നതുപോലെ ഒന്നു നിർത്തി, പിന്നെയും തുടർന്നു: “ഞാൻ പറയും: കാരുണ്യമാണ് ഈ തൊഴിലിനു വേണ്ടത്, കരുത്തോ വേഗതയോ അല്ല. ഭൂതകാലത്തോട് നിങ്ങളുടെ കാമുകിയോടെന്നപോലെ ഒരു കരുതൽ വേണം. അല്ലെങ്കിൽ നമ്മൾ അന്വേഷിക്കുന്ന ലോകം പിണങ്ങിപ്പൊടിഞ്ഞുപോകും” ”.

കാലത്തോട് കാണിച്ച കരുണ, അയാൾക്ക് വർഷങ്ങൾക്കുശേഷം ഒരു മധുരനാരങ്ങയായി തിരിച്ചുകിട്ടി.

“കുറച്ചുകാലത്തിനുശേഷം ഞാനെന്റെ തിരക്കുള്ള മാർക്കറ്റിങ് ജോലിയിൽനിന്നും മാറി. ടാർഗെറ്റുകളും സമയക്കെടുതികളും പിന്നീട് എന്നെ അലട്ടിയില്ല.

അന്നു തമാനെയുമൊത്തു പോയ മലമ്പാതയിലൂടെ പിന്നീടു സഞ്ചരിക്കുമ്പോൾ ചുറ്റുപാടുമുള്ള കാഴ്ചകൾ ഞാൻ ശ്രദ്ധിക്കും. വാഹനങ്ങളുടെ മെല്ലെപ്പോക്കുകളെയോ അവ വഴിയിൽ നിർത്തിയിടുന്ന നേരത്തെയോ ഞാൻ പരിഗണിക്കാതായി. തമാനെ പറഞ്ഞതുപോലെ സമയം എന്നത് ഭൂമിയിൽ ഹ്രസ്വകാലം മാത്രം ജീവിച്ചിരിക്കുന്നു എന്നു തോന്നുന്നവരുടെ പ്രശ്‌നമാണ്. ചെറിയ ദൂരം ഓടുന്നവരുടെ വിഷമങ്ങൾ. വലിയദൂരം ഓടുന്നവരെ നോക്കുക, അവർ സ്വയം മറികടക്കുന്നതിൽ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ. തങ്ങളെ കടന്നുപോകുന്നവർ അവരുടെ വിഷയമല്ല.

- ഈ നാരകത്തെപ്പോലെ.

തന്നെക്കാൾ മുന്നേ പൂത്തു കായ്ച്ച മരങ്ങൾ അതിനെ പേടിപ്പിക്കുകയോ പ്രലോഭിപ്പിക്കുകയോ ഉണ്ടായില്ല. അത് അക്ഷോഭ്യമായി തന്റെ സമയത്തിലൂടെ വളർന്നു. പൂവിട്ടു. ഭൂമിക്കടിയിലെ ഭൂതകാലത്തിൽ വേരുകളാഴ്‌ത്തി, ഇപ്പോൾ അതു ഭാവിയിലേക്കു പടർന്നുപന്തലിച്ചിരിക്കുന്നു.

ഇളംകാറ്റുവന്ന് ക്ഷണത്തിൽ തുറന്നടച്ച ഇലകളുടെ കിളിവാതിലിലൂടെ ഇപ്പോൾ ഇതാ ഒരു നാരങ്ങ!

ഒരൊറ്റയൊരണ്ണം. പച്ചനിറത്തിൽ. പക്ഷേ, വിത്തിൽനിന്നും മുളപൊട്ടിയ ഒന്ന്.

- ഒരു നാരകം, ഒരു കാലം”.

പരുന്ത് എന്ന കഥയാകട്ടെ, ഒരു മലമ്പ്രദേശത്തു തങ്ങൾ വാങ്ങിയ സ്ഥലം കൃഷിചെയ്യാൻ കുരിയാക്കു എന്നൊരു കുടിയേറ്റക്കാരനെ തേടിപ്പോകുന്ന ദമ്പതികളുടെ അനുഭവങ്ങളാണ്. വനത്തിൽ വിറകെടുക്കാൻ പോയിരിക്കുകയായിരുന്നു കുരിയാക്കു. അവർക്ക് എത്രനേരം കാത്തിരുന്നിട്ടും അയാളെ കാണാൻ കഴിഞ്ഞില്ല. വീടിനുള്ളിൽ അയാളുടെ അപ്പൻ തളർന്നുകിടപ്പാണ്. കഞ്ചാവ് കൃഷി ഫോറസ്റ്റുകാർക്ക് ഒറ്റിയപ്പോൾ കൃഷിക്കാർ ചവിട്ടിവീഴ്‌ത്തിയതാണ്. കുരിയാക്കുവിന്റെ ഭാര്യ തങ്ങളുടെ കഥ പറയുന്നു. മകൻ വിന്നി പൊലീസ് തെരയുന്ന പ്രതിയായിരുന്നു. അപ്പൻ തളർന്ന് വീട്ടിനുള്ളിൽ. ഭർത്താവ് തൊഴിലൊന്നുമില്ലാതെ കാട്ടിലും വീട്ടിലും. മകൻ കാട്ടിൽ പൊലീസിന്റെ വെടിയേറ്റു മരിച്ച ദിവസം കുരിയാക്കുവിനു കിട്ടിയ പരുന്തിൻകുഞ്ഞിനെ മകന്റെ പേരിട്ടു വിളിച്ചു വളർത്തുകയാണ് അവർ.

“പുറത്ത് ചൂട്ടഴിയുടെയടുത്തായി, മഴയേൽക്കാതെ അമ്മച്ചിക്കു ഞാനൊരു സമ്മാനം കൊണ്ടുവന്നുവച്ചിട്ടുണ്ടെന്ന് അവൻ പറഞ്ഞു. പുലർച്ചെ, വാതിൽ തുറന്ന് എടുത്തോളൂ, ഇപ്പോൾ വേണ്ട.

നാടു നന്നാക്കാൻ ഇറങ്ങിയേക്കുവല്ലേ അവൻ! കഷ്ടം! ഞാനൊരു കാപ്പിയിട്ടു കൊടുക്കാമെന്നു പറഞ്ഞിട്ടു കേട്ടില്ല. നല്ല കാറ്റും മഴയുമുണ്ടല്ലോ കുഞ്ഞേ. നീയെങ്ങോട്ടാണ് പോവുന്നത് എന്നു ഞാൻ വീണ്ടും തിരക്കി. ഞാൻ കാട്ടിലേക്കുതന്നെ തിരിച്ചുപോകുന്നു എന്ന് അവൻ പറഞ്ഞു. എനിക്കു മനസ്സിലായില്ല. നാടു നന്നാക്കാൻ ഇറങ്ങുന്നവർ എന്തിനാണ് കാട്ടിലേക്കു പോകുന്നത് എന്നു ഞാൻ ചോദിച്ചു. കരച്ചിൽ വന്നതുകൊണ്ട് എന്റെ വാക്കുകൾ മഴ നനഞ്ഞ ഇലകളെപ്പോലെ വിറയ്ക്കുന്നുണ്ടായിരുന്നു. നാട്ടിലുള്ളവർക്ക് എല്ലാവരും ഉണ്ട്. കാട്ടിലുള്ള പാവങ്ങൾ എന്തു ചെയ്യും എന്നാ അവൻ ചോദിച്ചത്. അപ്പോൾ അവന്റെ ഒച്ച ഉറച്ചതായിരുന്നു. ഇരുട്ടിൽ നിന്നുകൊണ്ട് അവൻ ഒരു കാട്ടുദൈവത്തെപ്പോലെ സംസാരിച്ചു, മടങ്ങിപ്പോയി. കുറച്ചുകഴിഞ്ഞപ്പോൾ ദൂരെ, കാട്ടിൽ നിന്നും ഒരു വെടിയൊച്ച കേട്ടു. അത്രതന്നെ. പുലർച്ചയ്ക്ക് വീണ്ടും മഴ വന്നു.

വെളിച്ചം തെളിഞ്ഞപ്പോൾ പുറത്ത്, ചൂട്ടഴിക്കടുത്തേക്ക് ഉറുമ്പുകൾ വരിവരിയായി നീങ്ങുന്നതു കണ്ടു. മഴകൊള്ളാതിരിക്കാൻ, വാഴയിലകൊണ്ടു പൊതിഞ്ഞ് അവൻ കൊണ്ടുവന്നു വച്ച പലഹാരമായിരുന്നു അവിടെ. ഞങ്ങൾ അതു കഴിച്ചില്ല. ആ സ്ത്രീ ഒന്നും പറയാതെ കണ്ണുകൾ തുടച്ചു.

അന്നു പകൽ, വീണുകിടക്കുന്ന മരങ്ങളുടെ ചില്ലകളൊടിക്കാൻ അവരുടെ ഭർത്താവ് മല കയറിപ്പോയിയെന്ന് ആ സ്ത്രീ തുടർന്നു പറഞ്ഞു. വലിയ മരങ്ങൾ അശരണരായി വീണു കിടക്കുന്നു. പക്ഷികളുടെ കൂടുകൾ താഴെ വീണു ചിതറിപ്പോയിരിക്കുന്നു. ഉടഞ്ഞ മുട്ടകൾ, പറക്കമുറ്റാത്ത കിളിക്കുഞ്ഞുങ്ങൾ. അതിനിടയിൽനിന്നും കിട്ടിയതാണ് ഈ പരുന്തിൻ കുഞ്ഞിനെ. അതിനെ കാണുമ്പോഴൊക്കെ ഞാൻ എന്റെ കുഞ്ഞിനെ ഓർമ്മിക്കും. അതിനുവേണ്ടിത്തന്നെയാ അവന്റെ പേരിട്ടു വിളിക്കുന്നത്.

പക്ഷേ, മകനെപ്പോലെയല്ല പരുന്തിന്റെ സ്വഭാവം. ആ സ്ത്രീ പറഞ്ഞു. ബുദ്ധിവച്ച നാൾമുതൽ മകൻ വീട്ടിൽ അധികം നില്ക്കാറില്ലായിരുന്നു. പരുന്താകട്ടെ, വീടുവിട്ടു പോകുന്നതേയില്ല. തൊട്ടിയിലെ വെള്ളത്തിൽ സ്വന്തം പ്രതിബിംബത്തെ നോക്കി അതിങ്ങനെ രാപകൽ ഭേദമില്ലാതെ കഴിച്ചുകൂട്ടുന്നു.

ഞാൻ ആലോചിച്ചു, സ്വയം ഒരു പരുന്താണ് എന്ന് അതിനു മനസ്സിലാകുന്നുണ്ടാവില്ല. അതാണ് അതിന്റെ പ്രശ്‌നം. അങ്ങനെ തിരിച്ചറിയാൻ കഴിഞ്ഞാൽ വിദൂരമായ ആകാശങ്ങളിലേക്ക് അതിന് ചിറകടിച്ച് ഉയർന്നുപോകാൻ സാധിക്കും. ചൂഴ്ന്നിറങ്ങുന്ന കണ്ണുകൾ ഉള്ളതിനാൽ മനുഷ്യർക്കു കാണാനാവാത്ത കാഴ്ചകൾ കാണാൻ സാധിക്കും. പക്ഷേ, ആർത്തലച്ചുവന്ന ഒരു കൊടുങ്കാറ്റ് അതിന്റെ ജന്മലക്ഷ്യങ്ങളെ ഉപരോധിച്ചു. ദൂരങ്ങളെ ചുരുക്കി. ഇനിയിപ്പോൾ, ചുറ്റുപാടുമുള്ള സാധാരണ കിളികളിൽനിന്നെല്ലാം വ്യത്യസ്തമായ ഒരു ഗരുഡജന്മമാണ് തന്റേതെന്ന് ആരാണ് അതിനു പറഞ്ഞുകൊടുക്കുക?”.

കൊടുങ്കാറ്റിന്റെ സീൽക്കാരം, കാട്ടിൽ മുഴങ്ങുന്ന വെടിയൊച്ച, പിളരുന്ന പ്രാണന്റേതുപോലുള്ള വിഹ്വലമായ പരുന്തിന്റെ സ്വരം, അപ്പന്റെ വിലാപം... പ്രകൃതിയും ചരാചരങ്ങളും കാലവും സ്ഥലവും ശബ്ദങ്ങളിലൂടെ ചിറകടിച്ചുയരുന്ന ഗാരുഡഭാവനയാണീ കഥ. ശൂന്യമായ കാൻവാസ്‌പോലെ നരച്ച ആകാശത്തിനു കീഴിൽ കാലം തളംകെട്ടിനിൽക്കുന്ന ജീവിതങ്ങളുടെ കഥ. പുത്രദുഃഖത്തിന്റെ ഘോര മിത്ത്.

ശബ്ദങ്ങളുടെ ഘോഷയാത്രയിലൂടെ കാലവും ജീവിതവും വന്യകാമനകളും ചുരുൾനിവരുന്ന മറ്റൊരു കഥയാണ് വാവ. മൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ദമനുകരിക്കുന്നതിൽ നേടിയ മിടുക്കുകൊണ്ട് തന്റെ ആയുർരേഖ മാറ്റിവരയ്ക്കുന്ന നാലാമ്പറമ്പിലെ കുട്ടന്റെയും അയാളുടെ കൂട്ടുകാരൻ വാവയുടെയും കഥ. വിത്തുകാളയുടെ ശബ്ദമനുകരിക്കുന്നതിൽ കുട്ടനുണ്ടായ ഹരമാണ് ആഖ്യാനത്തിന്റെ നട്ടെല്ല്. വിത്തുകാളയെ പോറ്റി പശുക്കളെ അതുമായി ഇണചേർത്ത് വരുമാനമുണ്ടാക്കി ജീവിക്കുകയാണ് വാവ. പ്രശസ്തനായ നാട്ടുവൈദ്യനായിരുന്നു വാവയുടെ അപ്പൻ താരു. വിഷചികിത്സയിൽ വിദഗ്ദ്ധൻ. പക്ഷെ കൊടും വിഷമുള്ള ചുരുട്ടുപാമ്പിന്റെ കടിയേറ്റ് അയാൾ മരിക്കുന്നു. അതിനു മരുന്നില്ല എന്നയാൾക്കറിയാമായിരുന്നു. വാവ വൈദ്യം പഠിക്കാൻ കൂട്ടാക്കിയില്ല. കാടുകയറി മൂടിയ പറമ്പിൽ വൃദ്ധയായ അമ്മക്കൊപ്പം വാവ വിത്തുകാളയുമായി ജീവിച്ചു. വിഷപ്പാമ്പുകൾ പറമ്പിൽ വിഹരിച്ചു.

വാവ വിത്തുകാളയും വിത്തുകാള വാവയുമായി രൂപാന്തരപ്പെടുന്ന കാമനയുടെ വിഭ്രാമകഭാവനയാണ് കഥയുടെ വഴിത്തിരിവ്. അതീതകാലത്തിന്റെ ശബ്ദഘോഷങ്ങളിൽ കഥ തലകീഴ്മറിയുന്നു. ഒരിക്കൽ വാവയുടെ വിത്തുകാളയെ കാണാതായി. അയാൾ നാട്ടിലെങ്ങും ഭ്രാന്തുപിടിച്ചു പാഞ്ഞുനടന്നു. കുട്ടൻ പകയുടെ പത്തിവിടർത്തി. നേരം ഇരുട്ടിയപ്പോൾ പൊന്തയിൽ മറഞ്ഞിരുന്ന് അയാൾ ആദ്യം കാളയുടെയും പിന്നെ ചുരുട്ടപാമ്പിന്റെയും ശബ്ദമനുകരിച്ച് വാവയെ മരണവുമായുള്ള ഒളിപ്പോരിൽ തളച്ചു.

‘പണയം’ എന്ന കഥയാകട്ടെ, ശബ്ദത്തിന്റെ ചരിത്രജീവിതം മനുഷ്യാനുഭവങ്ങളിൽ നേടിയ ഏറ്റവും വലിയ കാൽവയ്പിന്റെ രൂപകമാണ്. റേഡിയോയുടെ കലാജീവിതം മനുഷ്യരുടെ കാലജീവിതമായി പരിണമിക്കുന്ന രചന. പഴയമട്ടിലുള്ള ഒരു സങ്കടകഥയാണിതെന്നു തോന്നാം. കാലവും പഴയതാണ്. നാട്ടിൻപുറങ്ങളിൽ റേഡിയോ വന്നുതുടങ്ങിയ നാളുകൾ. ഗ്രാമത്തിലെ തുന്നൽക്കാരനായ ചാക്കുണ്ണി, മകന്റെ ദീനത്തിനു ചികിത്സിക്കാൻ വഴികാണാതെ തന്റെ ഏറ്റവും വിലപ്പെട്ട സ്വത്തായി അയാൾ കരുതുന്ന റേഡിയോ ചെമ്പുമത്തായി എന്ന വട്ടിപ്പണക്കാരന് പണയംവച്ച് അമ്പതുരൂപാ വാങ്ങുന്നു. ചികിത്സ ഫലിക്കാതെ മകൻ മരിച്ചു. പിറ്റേന്ന്, പണയം തിരിച്ചെടുക്കാൻ വഴിയില്ലാതെ, മകന് ഏറ്റവുമിഷ്ടമുണ്ടായിരുന്ന ബാലമണ്ഡലം പരിപാടി കേൾക്കാൻ രണ്ടു ബാറ്ററിയുമായി ചാക്കുണ്ണി മത്തായിയുടെ വീട്ടിലെത്തുന്നു.

കാലം തെറ്റിപ്പിറന്നതെങ്കിലും കരളറ്റുപോകുന്ന കഥനം. തകഴി-കാരൂർ കാലത്തെ മലയാളകഥകളുടെ ഒന്നാന്തരം ഒരു പുനരാഖ്യാനം. അപൂർവമായെങ്കിലും ഫ്രാങ്ക് ഒ കോണറിലേക്കു പിന്തിരിഞ്ഞുപോകുന്ന പുതുകഥയുടെ പാഠമാതൃക. ഉള്ളുലയ്ക്കുന്ന ജീവിതാഖ്യാനം. പരുന്തിലേതുപോലെതന്നെ പുത്രദുഃഖത്തിന്റെ മറ്റൊരു ഭാവഗീതം. ഒരാൺകുട്ടിയുടെ ചിത്രം പതിച്ച മർഫി റേഡിയോ തന്നെയാണ് കഥയിലുമുള്ളത്. എത്ര സൂക്ഷ്മമാണ് സന്തോഷിന്റെ കഥാഖ്യാനരീതി! കഥ ജീവിതവും ജീവിതം കാലവുമായി ഘനീഭവിക്കുന്നതിന്റെ കണ്ണീർപ്പാഠം.

“ആഴ്ചകൾ കഴിഞ്ഞു. സ്വർണക്കമ്മലുകളും മാലകളും വളകളുമൊക്കെയായി ചെമ്പുമത്തായിയുടെ വ്യാപാരം കൊഴുത്തു. തയ്യൽക്കാരൻ ചാക്കുണ്ണിയുടെ പണയമുതലിനെക്കുറിച്ച് അയാൾ മറന്നുപോയി.

ഒരു ഞായറാഴ്ച പള്ളിയിൽനിന്നും വന്നു കയറുമ്പോൾ ചാക്കുണ്ണിയുണ്ട് മുറ്റത്തു നില്ക്കുന്നു. അയാളുടെ കയ്യിൽ ഒരു ചെറിയ കടലാസുപൊതിയുണ്ടായിരുന്നു.

“പണയം എടുക്കാനായിട്ടാ?” മത്തായി ചോദിച്ചു.

ചാക്കുണ്ണി ഒന്നും പറഞ്ഞില്ല. അയാൾ കൂടുതൽ ക്ഷീണിച്ചിരുന്നു. കണ്ണുകൾ കൂടുതൽ ആഴത്തിലേക്കു പോയിരിക്കുന്നു.

“പണയം എട്ക്കാനല്ല മത്തായി മൂപ്പരേ”, ചാക്കുണ്ണി സാവധാനം പറഞ്ഞു.

ചെമ്പുമത്തായി പൂമുഖത്തേക്കു കയറി. ചാക്കുണ്ണിയുടെ കൈകൾ കൊണ്ടു തയ്ച്ച വെളുത്ത മേൽക്കുപ്പായം ഊരി തിണ്ണയിൽ വച്ചശേഷം നീണ്ടുനിവർന്ന് ചാരുകസേരയിൽ കിടന്നു. പിന്നെ മേൽക്കുപ്പായം എടുത്ത് സ്വയം വീശാൻ തുടങ്ങി.

“ഇദെന്താ പൊതീല്?” മത്തായി തിരക്കി.

“ബാറ്ററി”. ചാക്കുണ്ണി പറഞ്ഞു: “റേഡിയോലിക്ക്ള്ളതാ”.

“പണയം എടുക്കാനായിട്ട് ഇന്ന് പറ്റില്ല്യാന്ന് ഞാമ്പറഞ്ഞു...” മത്തായി അലോസരത്തോടെ അയാളെ നോക്കി.

“വേണ്ട, എന്നാലും ഈ ബാറ്ററി ഇട്ടാല് അതു പാട്വോന്ന് നോക്കാലോ”.

“അതൊന്നും ഇന്ന് പറ്റില്ല്യ”.

“അങ്ങനെ പറേരുത്. കൊറച്ചു നേരം അതു കേട്ടാല് ഞാൻ പൊയേ്‌ക്കോളാം”.

മത്തായി അയാളെ സൂക്ഷിച്ചു നോക്കി. ഇതെന്തൊരു കോലമാണ് ഇയാളുടെ? തയ്യൽക്കാരൻ ചാക്കുണ്ണി സ്വയം തെറ്റി അളന്ന ഉടുപ്പുകളിൽ കയറിക്കൂടിയിരിക്കുന്നതുപോലെ അയാൾക്കു തോന്നി.

“നിനക്കിപ്പോ പണിയൊന്നും ഇല്ല്യേ ചാക്കുണ്യേ?”

ചാക്കുണ്ണി ബാറ്ററിപ്പൊതി തുറന്ന് ദൈന്യതയോടെ അയാളെ നോക്കുക മാത്രം ചെയ്തു.

മത്തായി തന്റെ കണക്കു പുസ്തകം തുറന്നു. അതിൽ ചാക്കുണ്ണിയുടെ പണയമുതലിന്റെ നമ്പർ രേഖപ്പെടുത്തിയത് ഉറക്കെ വായിച്ചു. പിന്നെ അകത്തേക്കു നീട്ടി വിളിച്ചു.

“കുഞ്ഞനം, നൂറ്റി ഇരുപത്തിയൊമ്പത് ഇങ്ങോട്ടെടുത്തോട്ടാ”.

മത്തായി മുറ്റത്തു നില്ക്കുന്ന ചാക്കുണ്ണിയോടു ചോദിച്ചു: “അല്ലാ, നീയ് പലിശേം അടച്ചിട്ടില്ല്യാല്ലോടാ. ഇദെന്താ കഥ? ഞാൻ കൊറച്ചുകൂടി കാക്കും. പിന്നെ റേഡിയോയാണോ സിനിമ്യാണോന്നൊന്നും നോക്കില്ല്യ, അങ്ങട്ട് കിട്ട്യ കാശിനു വില്ക്കും. അതാ ഇബടത്തെ ഒരു രീതി”.

ഒരു തുണിസഞ്ചിയിൽ പണയമുതലുമായി കുഞ്ഞനം വന്നു. അവർ അതു തിണ്ണയിൽ വച്ചശേഷം മടങ്ങിപ്പോയി.

“നീയ് തിണ്ണേലിക്കിരുന്നോ, വെറുതെ മുറ്റത്തു നിക്കണ്ട”. മത്തായി വിശാലമനസ്‌കനായി. കുപ്പായം ഒന്നുകൂടി വീശിക്കൊണ്ട് അയാൾ തുടർന്നു: “പിന്നെ പാട്ടോ പെരട്ടോ എന്താന്നു വച്ചാ കേട്ടോ”.

തുണിസഞ്ചി തുറന്ന് ചാക്കുണ്ണി റേഡിയോയെ തൊട്ടു നോക്കി. അയാളുടെ കണ്ണുകൾ വിടർന്നിരുന്നു. പുറകിലെ ഭാഗത്തെ കുട്ടിയുടെ ചിത്രത്തിലേക്ക് അയാൾ ഉറ്റുനോക്കി. പിന്നെ അടപ്പ് ഊരി രണ്ടു ബാറ്ററികളും അതിലിട്ടു.

റേഡിയോ ഓൺ ചെയ്തപ്പോൾ കുട്ടികളുടെ പാട്ടു കേട്ടു. ആരോ താളമടിക്കുന്നു, തപ്പു കൊട്ടുന്നു.

തിണ്ണയിലിരുന്ന് ചാക്കുണ്ണി അതു ശ്രദ്ധിച്ചു, പതുക്കെ തലയാട്ടി.

“ദെന്താ ചാക്കുണ്യേ, കുട്ട്യോളടെ പാട്ടോ?”

“ബാലമണ്ഡലം”, ചാക്കുണ്ണി മെല്ലിച്ച ഒച്ചയിൽ പറഞ്ഞു: “ഞായറാഴ്ച രാവിലെ അതാ സ്‌പെഷല്.”

ചെമ്പുമത്തായി അതു കേൾക്കാൻ ശ്രമിച്ചു. അയാൾക്കതത്ര ഇഷ്ടമായില്ല. ചാക്കുണ്ണി അതിൽ മുഴുകിയിരിക്കുന്നതു കണ്ടപ്പോൾ അയാൾ ഒന്നും പറഞ്ഞില്ലെന്നു മാത്രം. മനുഷ്യർ പാട്ടുകേട്ട് സമയം കളയുന്നതെന്തിനാണെന്ന് ചെമ്പുമത്തായിക്ക് ഒരു കാലത്തും മനസ്സിലായിരുന്നില്ല.

“നീയ് പള്ളീല് പോയോ ഇന്ന്?” ഇടയ്ക്ക് മത്തായി ചോദിച്ചു.

ചാക്കുണ്ണി ഇല്ലെന്നു തലയാട്ടി, വീണ്ടും റേഡിയോ ശ്രദ്ധിച്ചു. “ഞായറാഴ്ച പള്ള്യേപ്പോണം”, മത്തായി ഗുണദോഷിച്ചു: ഈ റേഡിയോ കേക്കണ നേരം കുർബ്ബാന കേക്കാം. അച്ചമ്മാര്ക്ക് നമ്മള് ചെല്ല്ണ്ല്ല്യാന്ന്ള്ള പരാതീണ്ടാവര്ത്.”

ചാക്കുണ്ണി അപ്പറഞ്ഞതു കേട്ടില്ല.

ബാലമണ്ഡലം തീർന്നപ്പോൾ അയാൾ തിണ്ണയിൽനിന്നും എഴുന്നേറ്റു. റേഡിയോയുടെ പുറകിൽനിന്നും അടപ്പൂരി ബാറ്ററികൾ തിരിച്ചെടുത്തു.

“അതവടെ ഇരുന്നോട്ടെ ചാക്കുണ്ണ്യേ, തിരിച്ചു കൊണ്ടുപോവുമ്പോ നെനക്കെടുക്കാലോ”.

“അതു വേണ്ട മൂപ്പരേ. വെറുതേ ഇരുന്നാല് ബാറ്ററി ചീത്തയാവും, ഒരൂട്ടം വെള്ളം ഒലിക്കും അതീന്ന്”. അയാൾ പറഞ്ഞു.

“അപ്പോ ഇദ് നീയ് അടുത്തൊന്നും കൊണ്ടോവാനുള്ള പരിപാടീല്ല്യാന്ന് സാരം. ആട്ടേ, നാളെ ഞാനാ വഴി വര്ണ്ട്.. ഈ അളവില് ഒരു കുപ്പായം കൂടി അടിക്കണം. തുണി ഞാനെടുത്തു തരാം. തയ്പുകൂലി പലിശേല് ഇരുന്നോട്ടെ”.

“നാളെ ഞാൻ കടേല് വരില്ല്യ മൂപ്പരേ. കൊറച്ച് ദിവസത്തിക്ക് ഞാനില്ല്യ”. പടികളിറങ്ങുമ്പോൾ ചാക്കുണ്ണി പറഞ്ഞു.

“അതെന്തേ?”

മുറ്റത്തെത്തിയപ്പോൾ ചാക്കുണ്ണി തിരിഞ്ഞു നിന്നു.

“എന്റെ ക്ടാവ് മരിച്ചു മൂപ്പരേ. ഇന്നലെ. പറ്റാവുന്ന ചികിസ്യൊക്കെ നോക്കി. തമ്പുരാൻ തന്നില്ല്യ. ഇന്നലെ രാത്രീല് കെടന്നട്ട് ഒറക്കം വന്നില്ല്യ. അവന് വല്ല്യ ഇഷ്ടാർന്നു ഈ ബാലമണ്ഡലം. അതു കേൾക്കാനാ ഞാൻ വന്നത്. കേട്ടപ്പോ എനിക്കു കൊറച്ച് ആശ്വാസായി. അതില് കുട്ട്യോള് പാട്വേം ചിരിക്ക്വേമൊക്കെ ചെയ്യ്ണ്ടല്ലോ. വീട്ടില് ആര്ക്കും അദിന് പറ്റ്ണ്ല്ല്യാ. മനസ്സിന്റെ കനംത്തിരി കൊറഞ്ഞത് ഇപ്പളാ”.

അയാൾ കണ്ണുകൾ തുടച്ചുകൊണ്ട് തുടർന്നു:

“എന്റെ കണക്കൊക്കെ തെറ്റീലോ മത്തായിമൂപ്പരേ, ഒക്കെ നിങ്ങള് എഴുതിവയ്ക്കണം”.

പിന്നെ മിക്കവാറും ദ്രവിച്ച റബ്ബർ ചെരുപ്പിട്ട് ആണി ബാധിച്ച കാലുകൾ മണ്ണിലൂടെ ഇഴച്ചുകൊണ്ട് അയാൾ തിരിഞ്ഞുനോക്കാതെ നടന്നു”.

രാമൻ രാഘവൻ എന്ന നീണ്ടകഥയാകട്ടെ, ഈ സമാഹാരത്തിലെ പണയം ഒഴികെയുള്ള മുഴുവൻ കഥകളെയുംപോലെ അരനൂറ്റാണ്ടിന്റെയെങ്കിലും, കാലത്തെ കയ്യെത്തിപ്പിടിക്കുന്ന രചനയാണ്. ‘പണയ’ത്തിൽ പോലും കഥാകാലമേ ഇത്രയും ദീർഘമല്ലാതുള്ളു. ഭാവുകത്വകാലം ഏറെ പഴയതുതന്നെയാണ്.

ഒരു മനുഷ്യന്റെ തന്നെ രണ്ടു ജീവിതഭാവങ്ങൾ. അഥവാ വിരുദ്ധജീവിതഭാവങ്ങളുള്ള രണ്ടു മനുഷ്യരുടെ ഒന്നെന്നു തോന്നിക്കുന്ന കാലാന്തരാനുഭവങ്ങൾ. രാമൻ രാഘവൻ എന്ന കുപ്രസിദ്ധനായ സീരിയൽ കൊലപാതകിയെ രണ്ട് വ്യക്തിത്വങ്ങളായി പിളർത്തി പുതിയൊരു കഥ പറയുകയാണ്, അതേ കാലത്തിലും സ്ഥലത്തിലും സന്ദർഭങ്ങളിലും സന്തോഷ്. നാട്ടിൽനിന്ന് ഒന്നിച്ച് ബോംബെക്ക് തീവണ്ടികയറിപ്പോയവരാണ് രാമനും രാഘവനും. രാഘവൻ സൗമ്യനും നിസ്വനും സ്‌നേഹകാരുണ്യങ്ങളുള്ളവനുമായിരുന്നു. രാമൻ നേരെ മറുപുറത്തും. രാഘവന്റെ നാട്ടുകാരൻ കൃഷ്ണൻ അവർക്കഭയം കൊടുത്തു. രാമൻ കൃഷ്ണന്റെ ഭാര്യയെ പ്രാപിക്കുന്നു. യാദൃച്ഛികമായി അതിനു സാക്ഷ്യം വഹിച്ച കൃഷ്ണൻ ആരോടും ഒന്നും പറയാതെ ആത്മഹത്യ ചെയ്തു. രാമൻ അവിടം വിട്ടു പോയി. ചതി മനസ്സിലാക്കാതെ, രാമൻ ഗർഭിണിയാക്കിയ കൃഷ്ണന്റെ ഭാര്യയുടെ രണ്ടാം ഭർത്താവായും അയാളുടെ കുഞ്ഞിന്റെ അച്ഛനായും രാഘവൻ ജീവിക്കുന്നു.

തനിക്കഭയം തന്നവരെ ചതിച്ചും വഞ്ചിച്ചും രാമൻ ബോംബെയിൽ മഹാധനികനായി വളർന്നു. സേട്ടുവിനെ കൊന്ന് അയാളുടെ മില്ലുകൾ രാമൻ സ്വന്തമാക്കി. കാലമേറെക്കഴിഞ്ഞു. രാമന്റെ മകൻ രാമൻകുട്ടി രാഘവന്റെ വരുതിയിൽ നിന്നില്ല. അവൻ ബോംബെയിലെ അറിയപ്പെടുന്ന വാടകക്കൊലയാളിയായി മാറി. തുണിമിൽസമരങ്ങളെത്തുടർന്ന് രാഘവൻ തൊഴിൽരഹിതനായി. രാമൻകുട്ടിയുടെ അടുത്ത ഇര രാമൻ തന്നെയായി എന്നതാണ് കഥയുടെ ട്വിസ്റ്റ്.

“പിറ്റേന്നു രാവിലെ ആർ.കെ. ഉടുപ്പുകൾ ഊരി ഷവറിനു കീഴെ ചൂടുവെള്ളത്തിൽ കുളിച്ചു. പുതിയ വസ്ത്രങ്ങൾ ധരിച്ചു. വണ്ടിയോടിച്ച് അമ്മയെ കാണാൻ പോയി.

ഉടുപ്പുകൾ ഉപേക്ഷിച്ചിട്ടും ചൂടുവെള്ളത്തിൽ കുളിച്ചിട്ടും ചോരയുടെ കറ അയാളുടെ ശരീരത്തിൽ ബാക്കി കിടപ്പുണ്ടായിരുന്നു. കെട്ട രക്തത്തിന്റെ ഗന്ധമുണ്ടായിരുന്നു.

“നിന്നെ ചോര മണക്കുന്നു”. അമ്മ പറഞ്ഞു.

അവൻ സ്വയം പരിശോധിച്ചു. കൈകൾ മണത്തു. എന്നിട്ട് കാര്യമാക്കാനില്ലെന്ന മട്ടിൽ പറഞ്ഞു: “ഓ, അതെന്റെതന്നെ ചോരയാണ്.”

“അതു നിന്റെ ചോരതന്നെയാണെന്ന് എനിക്കു മനസ്സിലായി”. അവർ തുടർന്നു: “അതെനിക്കല്ലാതെ ആർക്കു മനസ്സിലാവും?”

ആർ.കെ. മടങ്ങിച്ചെന്ന് വീണ്ടും കുളിച്ചു. പിന്നെ ഉച്ചയോളം കിടന്നുറങ്ങി. ഉറക്കത്തിൽ, നാവുപുറത്തിട്ടു നിശ്ചലം കിടക്കുന്ന മൂന്നു പട്ടികളെ അയാൾ സ്വപ്നം കണ്ടു.

- ഏഴു ജന്മമുള്ള പാമ്പാണ് ഞാൻ, അങ്ങനെ എളുപ്പം തീർന്നുപോവുകയില്ല. കഷ്ടം, അതേ ചോരയിൽപ്പിറന്നിട്ടും നിനക്കതു മനസ്സിലാകാതെ പോയല്ലോ. അയാളുടെ ഉറക്കത്തിലേക്ക് ആരോ വിളിച്ചുപറയുന്നതു കേട്ടു. പുറപ്പെട്ടുപോകുന്ന ഒരു തീവണ്ടിയുടെ ഒച്ചയിൽ ആ ശബ്ദം മുങ്ങിപ്പോയി”.

മരണം കാത്തുകിടന്ന രാമൻ, രാഘവനെ ആളയച്ചുവരുത്തി. തന്റെ ജീവിതം ഒരു വലിയ അഴുക്കായിരുന്നുവെന്നും തന്നെ വല്ലാതെ നാറുന്നുണ്ടെന്നും അയാൾക്കു മനസ്സിലായി. വെന്തുനീറുന്ന, ചീഞ്ഞഴുകുന്ന, ജീവിക്കുന്ന ജഡമായിരുന്നു രാമൻ. കുറ്റബോധം അയാളെ നീറ്റി. പശ്ചാത്താപം അയാളെ നാറ്റി. പതിനെട്ടുഖണ്ഡങ്ങളായി സംഗ്രഹിക്കപ്പെട്ട നോവലാണ് രാമൻ രാഘവൻ. കുറ്റവാളിയായ രാമൻ രാഘവന്റെ കഥയിൽ നിന്നു രൂപപ്പെടുത്തിയ പാഠാന്തരരചന. ഒപ്പം, 1960കളിലെ ബോംബെയിലെ തുണിമിൽസമരങ്ങളുടെയും ദത്താസാമന്ത് എന്ന സമരനായകന്റെയുമൊക്കെ കാലാന്തരസാന്നിധ്യവും കഥയിലുണ്ട്.

സിനിമാപറുദീസ എന്ന കഥയും ഒരു പാഠാന്തരരചനയാണ്. ഗിസപ്പിടൊർണദോറിന്റെ ഇറ്റാലിയൻ സിനിമയായ ‘സിനിമാപാരഡൈസോ’യെ മുഖ്യമായും ബാറ്റിൽഷിപ്പ് പൊട്ടെംകിൻ ഉൾപ്പെടെയുള്ള സിനിമകളെ ഭാഗികമായും പുനഃസൃഷ്ടിക്കുന്ന കഥ. സിനിമ, ലഹരിപോലെ ബാധിച്ച ആന്റോ ജോയ് തെക്കേക്കരയുടെ ദുരന്തജീവിതത്തിന്റെ തലകീഴ്മറിയലുകളുടെ ആഖ്യാനം. ഇടവേളകളില്ലാത്ത സങ്കടങ്ങളുടെയും തിരിച്ചടികളുടെയും പരാജയങ്ങളുടെയും കയ്പുകളുടെയും ഒരു മുഴുനീളചിത്രമായിരുന്നു ആന്റോക്ക് സ്വന്തം ജീവിതം.

സിനിമാടാക്കീസിൽ ടിക്കറ്റ് വിൽക്കുന്ന അപ്പൻ ആന്റോക്ക് സിനിമ കാണുന്നതിന് വിലക്കേർപ്പെടുത്തി. ഭ്രാന്തുപിടിച്ച അമ്മ. മൂന്നു സഹോദരിമാർ. നരകസമാനമായ ബാല്യകൗമാരങ്ങൾ. കുറെക്കാലം ബോംബെയിൽ ചെയ്ത കൂലിപ്പണികൾ. സിനിമയായിരുന്നു, സിനിമ മാത്രമായിരുന്നു അയാൾക്കു ജീവിതം. തിരികെ നാട്ടിലെത്തിയ ആന്റോ ജീവിതം തനിക്കു നൽകാൻ മടിച്ചതൊക്കെയും സിനിമയിൽനിന്നു പിടിച്ചെടുക്കാൻ ശ്രമിച്ചു. സിനിമ, ജീവിതത്തിനുപകരം നിൽക്കുന്ന കലയും അനുഭവവുമാകുന്ന ചരിത്രകാലത്തിന്റെ കഥാപാഠമാണ് ഈ രചന. 1960കൾ തൊട്ടും അൻപതാണ്ടിന്റെ കാലഭൂമികയിൽ ആന്റോയുടെ ജീവിതം തിരശ്ശീലക്കും കാമറക്കും ക്രെയിനുകൾക്കും സ്റ്റുഡിയോകൾക്കും സെറ്റുകൾക്കും കഥപറച്ചിലുകൾക്കും താരങ്ങൾക്കും സംവിധായകർക്കുമിടയിൽ പൊങ്ങുതടിപോലെ വട്ടം ചുറ്റി. 80കളിൽ സിനിമയും തിരക്കഥയും തലക്കുപിടിച്ചതോടെ മോഹൻലാലിനെ നായകനാക്കി ആന്റോ ഒരു തിരക്കഥ പ്ലാൻ ചെയ്തു തുടങ്ങി. പതിറ്റാണ്ടു മൂന്നു കഴിഞ്ഞിട്ടും സ്വപ്നം സഫലമായില്ല. തിരക്കഥ കാലാനുസൃതം പരിഷ്‌ക്കരിക്കപ്പെട്ടു. നായിക മാറി. കഥ മാറി. പശ്ചാത്തലം മാറി. മോഹൻലാൽ മാത്രം മാറിയില്ല.

ഒടുവിൽ തൃശൂരിൽ പുലികളിയിൽ ചേർന്ന് തന്റെ ഇക്കാലമത്രയും അടക്കിവച്ചിരുന്ന ആവിഷ്‌ക്കാരമോഹങ്ങളെല്ലാം നിറവേറ്റി ആന്റോ രാഗം തീയറ്റിനുമുന്നിൽ കുഴഞ്ഞുവീണു. ഭൂതകാലം ഒരു തിരശ്ശീലയിലെന്നപോലെ അയാളുടെ അബോധത്തിൽ മിന്നിമറഞ്ഞു.

“കുമ്പ വിറച്ചുതുള്ളുന്ന ഓരോ തവണയും കുട്ടികൾ ഹരംകൊണ്ട് ആർപ്പു വിളിച്ചു. ഓരോ ആർപ്പുവിളിയും അയാളുടെ ചുവടുകളുടെ വേഗം കൂട്ടി. ഹരം പിടിച്ച് റൗണ്ടു ചുറ്റി വീണ്ടും നടന്നു. പിന്നാലെ കുട്ടികൾ കൂടിവന്നു. ആവേശം മൂത്തപ്പോൾ സപ്ന തിയേറ്ററിന്റെയടുത്തുനിന്നും മെല്ലെ ഓടാൻ തുടങ്ങി. ശരീരഭാരം കൊണ്ട് നീങ്ങുന്നില്ലെങ്കിലും ഉത്സാഹം അണഞ്ഞില്ല. കുട്ടികളും പിന്നാലെ ഓടി. ഇടയ്ക്ക് തിരിഞ്ഞുനിന്ന് അവർക്കു നേരേ മുരണ്ടു. പിന്നെ ഓട്ടം മുറുകി. വേഗത്തിലായി, ഒടുവിൽ രാഗം തിയേറ്ററിനു മുന്നിൽ വന്ന് കെട്ടിമറിഞ്ഞുവീണു. ബോധം മറിഞ്ഞു.

ആരുടെയൊക്കെയോ ശബ്ദം കേട്ടുകൊണ്ട് ഉണർന്നു. സമയമെത്രയായി എന്നറിഞ്ഞുകൂടാ. ചുറ്റുപാടും കൂട്ടുപുലികളും കമ്മിറ്റിക്കാരും കൂടിനില്ക്കുന്നുണ്ട്. കൂട്ടത്തിൽ കാനാട്ടുകര കുട്ടേട്ടന്റെ ഉത്കണ്ഠാകുലമായ മുഖം തെളിഞ്ഞു കണ്ടു. വല്ലാത്ത ശബ്ദമുണ്ടാക്കിക്കൊണ്ട് ഒരു വളി വിട്ടു. കൂടിനില്ക്കുന്നവർ ഉറക്കെ ചിരിച്ചു.

‘ഗ്യാസാ. പൊയ്‌ക്കോട്ടെ’. കുട്ടേട്ടൻ കാരുണ്യത്തോടെ പറഞ്ഞു. കാലത്ത് തൊട്ട്ള്ള ഒരേ നില്പല്ലേ. അവന് പരിചയല്ല്യല്ലോ ഇതൊന്നും. പാവം. എപ്പഴും സിനിമേലല്ലേ. ആളുകൾ ചിരിക്കുന്നതു നിർത്തി. തെക്കേക്കര എഴുന്നേൽക്കാൻ ശ്രമിച്ചു. വലിയ ക്ഷീണം, സാധിക്കുന്നില്ല.

‘എന്നാലും അവനാള് സിനിമാക്കാരൻ തന്ന്യാട്ടാ! അല്ലെങ്കില് എവട്യൊക്കെ വീഴാർന്നു അവന്! കറന്റിന്റവടെ വീഴാർന്നില്ലേ? സീയെമ്മസ്സിന്റ്യോ മോഡൽ സ്‌കൂളിന്റ്യോ മുന്നില് വീഴാർന്നു. ബാനർജ്യോ ബിന്യോ ധനലക്ഷ്മി ബാങ്കോ പാറമേക്കാവോ എവട്യാന്ന് വച്ചാ വീണാ തൃശ്ശൂക്കാരാരാ ചോദിക്ക്വാ! പക്ഷേ, അവൻ രാഗം തിയേറ്ററിന്റെ മുന്നിലന്നെ വീണു. തറവാട്ടിലിക്ക് തന്നെ വന്നു. അതാ ആന്റു!’ ആശാൻ പറഞ്ഞു. ‘സിനിമ വിട്ട് അവനൊര് കളീം ല്ല്യാ!’

ആൾക്കൂട്ടത്തിനു വട്ടംകൂടി വരുന്നുണ്ടായിരുന്നു. ഉള്ളിലേക്ക് ഒരു പൊലീസുകാരൻ അതിഥിതാരത്തെപ്പോലെ എത്തി നോക്കി.

‘പൂങ്കുന്നം സെറ്റിന്റെ പുല്യാ സാറെ’. കാനാട്ടുകര കുട്ടേട്ടൻ അയാളോടു വിശദീകരിച്ചു. ‘ഒന്നു വീണതാ. ഞാനാശാനാ. കാനാട്ടുകര കുട്ടൻന്ന് പറയും’.

‘ആശാനും ശിഷ്യനും. കാലത്തു മൊതല് തേവുന്നുണ്ടാവും! പുലീനീംകൊണ്ട് കുടുമ്മത്ത് കേറാൻ നോക്കടോ’. പൊലീസുകാരൻ ജനത്തിനു നേരേ ചൂരൽ വീശി.

ആരൊക്കെയോ പിടിച്ചു. പതുക്കെ എഴുന്നേൽക്കാൻ നോക്കി. ആവുന്നില്ല. ആളുകൾ, അവരെ നിയന്ത്രിക്കുന്ന പൊലീസ്, മുന്നിൽ രാഗം തീയേററർ. ഓർമ്മയിലേക്ക് ഏതോ ഒരു പഴയ രംഗം വരുന്നുണ്ടോ?

അപ്പോൾ ആന്റോ ജോയ് തെക്കേക്കരയുടെ മനസ്സിൽ സ്വന്തം ജീവിതം തിരശ്ശീലയിലെന്നവണ്ണം മിന്നിത്തെളിഞ്ഞു. ആദ്യം അപ്പൻ തെക്കേക്കര ജോയി വന്നു, അയാളുടെ കൈകളിൽ സിനിമാടിക്കറ്റി, വിറ്റുപോകാത്ത ഭാഗ്യക്കുറി. പിന്നെ മരിച്ചവരുടെ ഛായാപടങ്ങളോടു സംസാരിച്ചുകൊണ്ടിരിക്കുന്ന അമ്മച്ചി. പതുക്കെ ദൃശ്യങ്ങൾ നാട്ടിൻപുറത്തെ ഓലടാക്കീസിലേക്കു മാറി. നസീറും ഉമ്മറും ജയനും സീമയും അഭിനയിച്ച സിനിമകളിൽനിന്നും കേരളവർമ്മ കോളജിലെ ചലച്ചിത്രപ്രദർശനങ്ങളിലേക്ക്. എസ്.എഫ്.ഐ. സഖാക്കൾ, ഉരച്ചാലും ഉരച്ചാലും പോകാത്ത പഴയ ജീവിതംപോലെ മാട്ടുംഗ വർക്‌ഷോപ്പിലെ പെയിന്റിന്റെ കറ, കിങ്‌സ് സർക്കിളിൽ അറോറ തിയേറ്ററിൽ വന്ന തമിഴ് സിനിമകൾ, തോരാത്ത കണ്ണീർസീരിയലുകൾ, മൂന്നാറിലെ ട്രെഡ്മില്ലിൽ ലോകാവസാനം വരെ നിർത്താതെ ഓടിക്കൊണ്ടിരിക്കുന്ന ആ യുവനടൻ, ഒഡേസാപ്പടവുകളെക്കുറിച്ചു സംസാരിച്ച സഖാവ്, ബോംബെയിൽനിന്നും വന്ന നരിമാൻ മുതലാളി, ടെലഫോണിലൂടെ ഹിന്ദി മൊഴിഞ്ഞ അയാളുടെ പാഴ്‌സിപ്പെണ്ണ്, സിനിമയിൽ കുരയ്ക്കാത്ത ഡോബർമാൻ, അളിയനും പെങ്ങളും: എല്ലാവരും വരിവരിയായി നിരന്നുവന്നു. അതിനുശേഷം സ്വരാജ് റൗണ്ട് ചുറ്റിക്കൊണ്ട് പോയ പുലിവേഷങ്ങൾ. ചോരക്കണ്ണുകളും ചോരയിറ്റുന്ന നാവും. ‘പുലിക്കൊട്ടും പനന്തേങ്ങ...’ ദ്രുതതാളം. പിന്നെ ഒറ്റയായി വീണുകിടക്കുന്ന സ്വന്തം വേഷത്തിലേക്ക് ഒരു ഷാർപ്കട്ടോടെ ചിത്രങ്ങൾ അവസാനിച്ചു. ആന്റോ ജോയ് തെക്കേക്കര രണ്ടു പേരുടെ തോളിൽ പിടിച്ച് മെല്ലെ എഴുന്നേറ്റു നിന്നു. ചുറ്റുപാടും നോക്കി. ലോകം ഒരു കൂറ്റൻ സിനിമാക്കൊട്ടകപോലെ തോന്നിച്ചു.

വടക്കുന്നാഥൻ ക്ഷേത്രത്തിനു മുകളിൽ, നൂറുകണക്കിനു കുടമാറ്റങ്ങളുടെ ഓർമ്മകൾ തങ്ങിനില്ക്കുന്ന മങ്ങിയ ആകാശത്തിന്റെ തിരശ്ശീലയിൽ ഒരു ആഞ്ചോ തെക്കേക്കര ജീവിതം എന്ന് എഴുതിക്കാണിക്കുന്നത് അയാൾ കണ്ടു.

കാണികൾ അതുകണ്ടിട്ടെന്നോണം ആർപ്പു വിളിച്ചു. നിർത്താതെ കയ്യടിച്ചു.

- കയ്യടികളുടെ ശബ്ദം ഏതാണ്ടു നിലച്ചപ്പോൾ ആരോ നീട്ടി ചൂളം വിളിച്ചു”.

സമതലത്തിലൂടെ ഒഴുകുന്ന ഒരു പുഴപോലെ സ്വച്ഛമായി, അത്യസാധാരണമായ ഒരു ജീവിതസന്ധിയിലേക്ക് സാവധാനം പരിണമിച്ചെത്തുന്ന ആഖ്യാനമാണ് സന്തോഷിന്റെ, കഥകൾ. അനുഭവങ്ങളും അനുഭവങ്ങളും കൊണ്ടു നിറഞ്ഞ കഥനത്തിന്റെ കലാവിദ്യയിൽ സൂക്ഷ്മവും പ്രാണനിർഭരവുമായി നടക്കുന്ന ഇടപെടലുകൾ.

ഇന്ദ്രിയാനുഭൂതികളിലൂടെ, ഉടലിലൂടെ, മാംസത്തിലും രക്തത്തിലും തൊട്ട് തെന്നിനീങ്ങുന്ന ഭാഷാനിഷ്ഠമായ ഭാവവിനിമയങ്ങളിലൂടെ, കഥ ജീവിതവും ജീവിതം കാലവുമായി വിവർത്തനം ചെയ്യപ്പെടുന്ന ഭാവനാവിസ്മയങ്ങളാണ് ഈ രചനകളോരോന്നും. നിസംശയം പറയാം, വികാരങ്ങളെ വിചാരങ്ങൾ കൊണ്ടും ചോദനകളെ ചിന്തകൾ കൊണ്ടും അനുഭൂതികളെ ആത്മബലം കൊണ്ടും പൂരിപ്പിക്കുന്ന കലാപദ്ധതിയെന്ന നിലയിൽ ‘നാരകങ്ങളുടെ ഉപമ’, മലയാളചെറുകഥയിലെ വലിയ ഉയരങ്ങളാണ് അടയാളപ്പെടുത്തുന്നത്.

കഥയിൽ നിന്ന്:-

“താരുവൈദ്യൻ സകല മനുഷ്യരെയും സഹായിച്ചിട്ടേയുള്ളൂ. വാവയുടെ അമ്മ എന്നോട് സമയം കിട്ടുമ്പോഴെല്ലാം അക്കാര്യങ്ങൾ വിവരിക്കും. ആപത്തുകളിൽ അയാൾ കൈപിടിച്ചിട്ടില്ലാത്ത ആരുണ്ട് ഇന്നാട്ടിൽ? പക്ഷേ, ഈ ചെക്കൻ മാത്രം എന്തുകൊണ്ട് ഇങ്ങനെ വെടക്കായി! വാവയ്ക്കും അപ്പന്റെ പണി തുടരാമായിരുന്നില്ലേ? പഴയ കാലം അവരുടെ വാക്കുകളിൽ വിരിഞ്ഞുവന്നു. രാത്രിയിൽ പെട്രോമാക്‌സും ചൂട്ടുമൊക്കെയായി വരമ്പത്തുകൂടെ നടന്നുവരുന്ന മനുഷ്യരുടെ ചിത്രം. പുറത്തേക്കിറങ്ങി ഇരുട്ടിലൂടെ തോട്ടത്തിലേക്കു പോകുന്ന വൈദ്യൻ. മരുന്നുകളുടെ ഗന്ധം. ഇലകളുടെ ഗന്ധം. അക്കാലത്തിനുതന്നെ സവിശേഷമായൊരു ഗന്ധമുണ്ടായിരുന്നു. പിന്നെ എല്ലാം മാഞ്ഞുപോയി. അവർക്കു സങ്കടം തോന്നി.

“അപ്പനുണ്ടായിരുന്ന കാലത്ത് എന്തോരം ആളുകൾ വന്നുപോയിരുന്ന വീടാ ഇത്!” സങ്കടത്തിന്റെ മുള്ളു കുരുങ്ങി അവരുടെ വാക്കുകൾ പിടഞ്ഞു. എല്ലാ അസുഖങ്ങളും ചികിത്സിച്ചിരുന്നെങ്കിലും വൈദ്യന്റെ മഞ്ഞപ്പിത്തത്തിനുള്ള മരുന്നായിരുന്നു കേമം. എത്ര മൂപ്പെത്തിയ മഞ്ഞപ്പിത്തവും വൈദ്യൻ ഒറ്റമൂലികൊണ്ട് ഊതിക്കെടുത്തി. ഏതു മരുന്നുകൊണ്ടാണ് അയാൾ ചികിത്സിച്ചിരുന്നതെന്ന് ആർക്കും മനസ്സിലായിരുന്നില്ല. അസുഖമുള്ള രോഗിയെ കൊണ്ടുവന്നാൽ ഉമ്മറത്തെ വരാന്തയിൽ ഒരു പായിട്ടുകൊടുത്ത് കിടത്തുകയായിരുന്നു പതിവ്. അയൽപക്കത്തെ കുട്ടികളെല്ലാം അപ്പോൾ കളിനിർത്തി രോഗിയെ കാണാൻ ചെല്ലും. ഒരേ രീതികൾതന്നെയായിരുന്നു എപ്പോഴും. മാറ്റമൊന്നുമുണ്ടാവില്ല. കൺപോളകൾ പിടിച്ചുയർത്തി വൈദ്യർ കുറച്ചുനേരം നോക്കും. “നിയ്യിപ്പോ എന്തൂട്ടാ കാണണേ?” അയാൾ തിരക്കും. ലോകത്തെയാകെ മഞ്ഞയായിട്ടാണ് അത്തരം രോഗികൾ കാണുക. മുന്നിൽ നില്ക്കുന്ന വൈദ്യൻ, രോഗിക്കു കൂട്ടുവന്നവർ, കണ്ടുനില്ക്കുന്ന കുട്ടികൾ, പുറത്തെ വെളിച്ചം, മരങ്ങൾ, ആകാശം: എല്ലാം മഞ്ഞ. മഞ്ഞയുടെ ഉത്സവം.

പിന്നെ കൂട്ടുവന്നവർ ചിരട്ടയിൽ കൊണ്ടുവന്ന രോഗിയുടെ മൂത്രത്തിലേക്കു നോക്കിയാണ് വൈദ്യൻ ശരിക്കും രോഗത്തിന്റെ തീവ്രത കണ്ടെത്തുന്നത്. കുറെ നേരമുണ്ട് ആ നോട്ടം. ചിരട്ടയിലേക്ക് അങ്ങനെ നോക്കിനോക്കി എന്തോ നിശ്ചയിച്ച മട്ടിൽ വൈദ്യൻ വീട്ടിനുള്ളിലേക്കു കടക്കും. പിന്നെ അടുക്കളവഴി പറമ്പിലേക്ക്. അയാൾ മരുന്നുപറിക്കാൻ പോവുകയാണ്. ഏതു മരുന്നാണ്, എത്രയിലകളാണ് എന്നൊന്നും ആർക്കും മനസ്സിലാവില്ല. ഭാര്യയെപ്പോലും അക്കാര്യത്തിൽ വൈദ്യൻ വിശ്വസിക്കാറില്ലായിരുന്നു. മറ്റൊരു ചിരട്ടയിൽ പിഴിഞ്ഞെടുത്ത ഔഷധവുമായി തിരിച്ചുവരുന്നതുവരെ ആരും അനങ്ങില്ല.

- പക്ഷേ, മരിക്കുന്നതിനു തൊട്ടുമുമ്പുള്ള വൈകുന്നേരം അയാൾക്കു രോഗിയുടെ കണ്ണുകൾ വായിച്ചിട്ടും മൂത്രം പരിശോധിച്ചിട്ടും അങ്ങനെ കാര്യം പിടികിട്ടിയിരുന്നില്ലെന്നു അമ്മച്ചിക്കു തോന്നി.

“ദാ ഇങ്ങട്ടു നോക്ക്യേ, എന്തൂട്ടാ കാണാള്ളേ?” സ്വന്തം കൈവെള്ള ഉയർത്തിക്കാണിച്ചുകൊണ്ട് അയാൾ രോഗിയോടു ചോദിച്ചു.

“കയ്യ്. വൈദ്യര്‌ടെ കയ്യല്ലേ അദ്?” രോഗി പറഞ്ഞു.

“അദിന് സംശല്ല്യ. പക്ഷേ, എന്തൂട്ടാ അതിന്റെ നെറം? അദാനെന്നോട് ചോയിച്ചേ!”

“മഞ്ഞച്ചിട്ട്....” രോഗി വിക്കിക്കൊണ്ടു പറഞ്ഞു.

“ഏന്തൂട്ടു പോലത്തെ മഞ്ഞ?” താരുമാപ്പിള ശഠിച്ചു. സ്വർണത്തിന്റെ മഞ്ഞയാകാം, കോളാമ്പിപ്പൂക്കളുടെ മഞ്ഞയാവാം. അതുമല്ലെങ്കിൽ കോഴിമുട്ടക്കരുവിന്റെ മഞ്ഞയാകാം. ഓരോ മഞ്ഞയ്ക്കും മാറ്റമുണ്ട്. അതിനനുസരിച്ചുള്ള മരുന്നുവേണം. രോഗി ചോദ്യത്തിന് മറുപടി പറഞ്ഞില്ലെന്നത് വൈദ്യൻ ശ്രദ്ധിച്ചു. രോഗിയുടെ മഞ്ഞക്കണ്ണുകളിലേക്കു നോക്കിക്കൊണ്ട് അയാൾ നിർബ്ബന്ധിച്ചു. “പറഞ്ഞോ, എങ്ങനെത്തെ മഞ്ഞ്യാ അദ്?” 

ീട്ടത്തിന്റെ.....” അവസാനത്തെ രോഗിക്ക് അതല്ലാതെ മറ്റൊരു ഉപമയും മനസ്സിൽ വന്നില്ല. ഉത്തരം അവലക്ഷണമാണെന്ന് വൈദ്യനു മനസ്സിലായി. പച്ചമരുന്നുകൾ പടർന്നുനില്ക്കുന്ന തൊടിയിലേക്കു നടക്കുമ്പോൾ ഉമ്മറത്തു കൊണ്ടുവന്നുകിടത്തിയിരിക്കുന്നത് സാധാരണ ഒരു രോഗിയെയല്ല എന്ന് അയാൾ തിരിച്ചറിഞ്ഞു.

“നെനക്കു മനസ്സിലായോ അന്നാമ്മേ”, അയാൾ ഭാര്യയോടു പറഞ്ഞു. “ഇപ്പൊ വന്നത് കാലനാ. എനിക്കു പിടികിട്ടിയോ എന്നു പരീക്ഷിക്കാൻ വന്നതാ.... അയാള് പോയിട്ടില്ല്യ. വരമ്പത്ത് കാത്തുനില്ക്ക്ണ്ണ്ട്, പോത്തിന്റെ പൊറത്ത്”.

പിറ്റേന്നു പകൽ, മരണം കാത്തുകിടക്കുമ്പോൾ വൈദ്യൻ മകനെ വിളിച്ച് കട്ടിലിൽ തന്റെ അരികത്തിരുത്തി. കട്ടിലിൽ ഇരിക്കുന്ന മകനും ചുറ്റുപാടുമുള്ള മരസ്സാമാനങ്ങളും അപ്പനപ്പൂപ്പന്മാരുടെ കാലം തൊട്ടുതന്നെ അവർക്കുണ്ടായിരുന്ന മങ്ങിയ റാന്തൽ വിളക്കുകളുമെല്ലാം കറങ്ങുന്നുണ്ടായിരുന്നു. കണ്ണടച്ചാലും ആ കറക്കം നിലയ്ക്കുന്നതേയില്ല. പരിസരങ്ങളല്ല, തന്റെ ജീവൻ തന്നെയാണ് ഭ്രമണം ചെയ്യുന്നതെന്ന് വൈദ്യൻ പറഞ്ഞു. ചലനം നിലയ്ക്കുമ്പോൾ എല്ലാം അവസാനിക്കും.

“നീയിങ്ങട്ടടുത്തിരിക്ക്.” വൈദ്യൻ മകനെ വിളിച്ചു. അയാൾ തൊടിയിലെ പച്ചിലകളെക്കുറിച്ച് പറയാൻ ശ്രമിക്കുകയായിരുന്നു. മരിക്കാൻ സമയത്ത്, അയാളുടെ അപ്പനും അങ്ങനെത്തന്നെ ചെയ്തു. തലമുറകളായി കൈമാറിവരുന്ന രഹസ്യം, മറ്റാരും കേൾക്കാതെ പകർന്നുകൊടുക്കാൻ ഇനിയും വൈകരുതെന്ന് വൈദ്യൻ വിചാരിച്ചു.

“ഇനിക്ക് മരുന്നും മന്തോമൊന്നും പഠിക്കണ്ട, അപ്പാ, വാവ വൈദ്യനോടു പറഞ്ഞു. ആളോളെ ചീത്സിക്കാനൊന്നും ഇനിക്കു പറ്റ്ല്ല്യ”.

വൈദ്യൻ വാവയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കാൻ ശ്രമിച്ചു. പക്ഷേ, ഒക്കെയും കറങ്ങുന്നു. ദൃഷ്ടിയുറപ്പിക്കാനാവാതെ അയാൾ വലഞ്ഞു. വാവ അധികനേരം അവിടെ നിന്നില്ല. അയാൾ പുറത്തിറങ്ങി തിണ്ണമേൽ കയറിയിരുന്നു. തലേന്നു പൊളിച്ചുകളഞ്ഞ വ്രണത്തിന്മേൽ പുതിയ പൊറ്റ കെട്ടിയിരിക്കുന്നു. അതിലേക്ക് ആർത്തിയോടെ അയാളുടെ വിരലുകൾ നീണ്ടു.

ജന്മജന്മാന്തരങ്ങളായി തുടർന്നുപോന്ന രഹസ്യം വൈദ്യന്റെ മനസ്സിലിരുന്ന് നീറി. അയാളുടെ ശരീരം വിഷം പടർന്നു നീലച്ചിരുന്നു. ആ കണ്ണുകൾ തുറിച്ചുവന്നു. ഭൂമിയിലെ മുഴുവൻ ശ്വാസവും വലിച്ചെടുക്കാനെന്നോണം അയാൾ ഏന്തിവലിച്ചു.

ആ മുറിയിലുണ്ടായിരുന്ന പഴയൊരു റാന്തൽ കെട്ടുപോയി. ദൂരെ വരമ്പത്തു നിന്നും ആരുടേയോ കനത്ത ചിരി ഉയർന്നുകേട്ടു”.

നാരകങ്ങളുടെ ഉപമ
ഇ. സന്തോഷ്‌കുമാർ
ഡി.സി. ബുക്‌സ്, 2019
160 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP