1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

വേദനയെക്കുറിച്ച് ഒരു ഉപന്യാസം

March 26, 2019 | 11:04 AM IST | Permalinkവേദനയെക്കുറിച്ച് ഒരു ഉപന്യാസം

ഷാജി ജേക്കബ്‌

പ്രകൃതിയുടെ പ്രാണദുഃഖം കാലഭൂപടത്തിൽ കരിമ്പാറപോലെ ഘനീഭവിച്ചുറഞ്ഞതാണ് 'ആന'. ആ വാക്കിൽ തന്നെയുണ്ട്, അതിന്റെ നമ്രശീർഷമെങ്കിലും പർവതാകൃതിയിൽ ഉരുവംകൊള്ളുന്ന പ്രാപഞ്ചിക പ്രൗഢിയൊന്നടങ്കം. തുമ്പിക്കയ്യുയർത്തി ചിന്നം വിളിക്കുന്ന കാട്ടുകൊമ്പനെക്കാൾ അഴകും കാമനയുമുള്ള മറ്റൊരു ജൈവശില്പം ഭൂമിയിലില്ല. അതേസമയംതന്നെ ചങ്ങലയ്ക്കിട്ട ഗജത്തെപ്പോലെ ഇത്രമേൽ സങ്കടം ജനിപ്പിക്കുന്ന മറ്റൊരു കാഴ്ചയും ഈ പ്രപഞ്ചത്തിലില്ല.കൊടുങ്കാറ്റുപോലുള്ള കരുത്തിന്റെ കുതികാൽ വെട്ടി, മനുഷ്യൻ അവന്റെ ജന്മത്തിലെ ഏറ്റവും ഹിനമായ പാപം ചെയ്യുന്നത് ആനകളോടാണ്.

മനുഷ്യർ കീഴടക്കാത്ത കാട്ടാനകളുടെ കഥയും ഭിന്നമല്ല. സഞ്ചരിക്കുന്ന ഭൂകമ്പം പോലെ കാടിനെ കിടിലം കൊള്ളിച്ചു മുന്നേറുമ്പോഴും മസ്തകം പിളർക്കാനെത്തുന്ന ഒരു അമ്പോ കുന്തമോ വെടിയുണ്ടയോ ആ ഭീമരൂപത്തിന്റെ വിധിയായി മാറിയ നൂറ്റാണ്ടുകളാണ് കടന്നുപോയ മനുഷ്യചരിത്രംതന്നെയും. കൊളോണിയൽ അധിനിവേശം ആഫ്രിക്കയിലും ഏഷ്യയിലും അഴിച്ചുവിട്ട ഏറ്റവും രക്തരൂഷിതമായ ഹിംസയുടെ നരകചരിതങ്ങളിലൊന്ന് കാട്ടുകൊമ്പന്മാരുടെ കൂട്ടഹത്യകളായിരുന്നു. ആനക്കൊമ്പിനെക്കാൾ മോഹവിലയുള്ള വസ്തുക്കൾ ലോകചരിത്രത്തിൽതന്നെ കുറവാണ് എക്കാലത്തും. ആനവേട്ടക്കാരെക്കാൾ 'ആണത്ത'മുള്ളവരും അങ്ങനെതന്നെ. ആണ്മ, തുമ്പിക്കയും കൊമ്പും പോലെ വിജൃംഭിച്ചുനിൽക്കുന്ന ആനവേട്ടയുടെ വീരകഥനങ്ങൾ കൊളോണിയലിസത്തിന്റെ മ്യൂസിയം ജീവചരിത്രത്തിന്റെ ഭാഗമായി മാറി. അത്തരം ചരിതങ്ങളിലൊന്നിന്റെ അടിമക്കണ്ണിലൂടെയുള്ള കാഴ്ചയും അടിമനാവിലൂടെയുള്ള പറച്ചിലുമാണ് ജയമോഹന്റെ 'മിണ്ടാച്ചെന്നായ്'. കൊളോണിയൽ അടിമകളുടെ ചോരയും കണ്ണീരും വീണുകുതിർന്ന അഞ്ചുനൂറ്റാണ്ടിന്റെ രേഖാചരിത്രം നമുക്കു പിന്നിൽ വെറുങ്ങലിച്ചു കിടപ്പുണ്ടെങ്കിലും, അവയിൽ ചില സന്ദർഭങ്ങൾ മിഷനറിനോവലുകളിൽ സൂചിതമായിട്ടുണ്ടെങ്കിലും, അടിമമനസ്സിലേക്കും ഉടലിലേക്കും കടന്നുകയറി, അടിമത്തത്തിന്റെ കഷ്ടജാതകം രേഖപ്പെടുത്തുന്ന ആദ്യ മലയാളമാതൃക 'മിണ്ടാച്ചെന്നായാ'ണ്. സായിപ്പന്മാരും നാട്ടുകാരും തമ്മിലുള്ള സാമൂഹ്യബന്ധം സാമാന്യമായി പ്രശ്‌നവൽക്കരിക്കുന്ന നിരവധി രചനകൾ നമുക്കുണ്ടെങ്കിലും വംശവെറിയുടെയും ജാരജന്മത്തിന്റെയും ഉടലഴിവുകളുടെയും കൊളോണിയൽ ചരിത്രത്തെ ഇത്രമേൽ നിണതീവ്രമായി പകർന്നുതരുന്ന മറ്റൊരു രചന മലയാളത്തിലുണ്ടായിട്ടില്ല.

ഉടമ-അടിമ, വേട്ടക്കാരൻ-ഇര എന്നീ ദ്വന്ദ്വങ്ങളിലേക്കു പരകായപ്രവേശം നേടുന്ന കൊളോണിയൽ അധിനിവേശത്തിന്റെ വംശയാഥാർഥ്യങ്ങളെ, അഥവാ അടിമത്തത്തിന്റെ നരവംശശാസ്ത്രത്തെത്തന്നെ, രണ്ടു പകലും രാത്രിയും നീളുന്ന ഒരു നായാട്ടിന്റെ വനചരിതമായാവിഷ്‌ക്കരിക്കുന്നു, ജയമോഹൻ. ഭയം തിടംവച്ചും ഹിംസവാ പിളർന്നും നിൽക്കുന്ന സ്ഥലഭൂപടങ്ങൾ. വംശീയ-അടിമത്തത്തിന്റെ എക്കാലത്തെയും മികച്ച ബിംബമായി മാറിയ 'ഫ്രൈഡേ'(ഡാനിയൽ ഡീഫോ)യ്ക്കു കൈവന്ന മലയാളജന്മമാണ് ഈ നോവലിന്റെ ആഖ്യാതാവായി മാറുന്ന കോണൻ എന്ന അടിമ. പൂർണമായും കറുമ്പനല്ല അവൻ. ഫ്‌ളച്ചർ സായ്‌വിന് നാട്ടുകാരിപ്പെണ്ണിൽ പിറന്ന സങ്കരജന്മമാണവൻ. ഇംഗ്ലീഷറിയാമെങ്കിലും അതു വെളിപ്പെടുത്താത്തവൻ. നായാട്ടറിയാമെങ്കിലും തോക്കു കയ്യിലെടുക്കാത്തവൻ. നാവുഛേദിച്ചിട്ടില്ലെങ്കിലും ഒരക്ഷരം മിണ്ടാത്തവൻ. വിൽസൺ സായ്‌വിന്റെ അനുസരണയുള്ള കാവൽമൃഗമാണവൻ. അടിമയുടെ വിധി, പൂട്ടിയ കണ്ണും നാവും കാതുമാണെന്നവനറിയാം. ഇരയായിരിക്കുമ്പോൾതന്നെ, വേട്ടക്കാരനുമായിരിക്കുക എന്നതാണ് കാവൽമൃഗത്തിന്റെ നിയോഗം. വേട്ടമൃഗങ്ങളെ തോക്കിനു മുന്നിലേക്കാട്ടിത്തെളിക്കുകയാണ് അവന്റെ കർമം. അത് ഇരുകാലിൽ നടക്കുന്ന പെണ്ണായാലും നാലുകാലിൽ നടക്കുന്ന പേടമാനായാലും അവൻ വേട്ടക്കാരനെ അനുസരിക്കും. സക്കറിയയുടെ 'ഭാസ്‌കരപട്ടേലും എന്റെ ജീവിതവും' എന്ന രചനയെ വിദൂരത്തിൽ ഓർമ്മിപ്പിക്കുമെങ്കിലും എത്രയും മൗലികവും ചരിത്രബദ്ധവും രാഷ്ട്രീയ തീഷ്ണവുമായി അടിമത്തത്തിന്റെ സാമൂഹ്യശാസ്ത്രവും മനഃശാസ്ത്രവും ഹിംസയുടെ പ്രത്യയശാസ്ത്രവുമായി കൂട്ടിയിണക്കി മലയാളത്തിലെ ഏറ്റവും മികച്ച നായാട്ടുകഥയെഴുതുകയാണ് ജയമോഹൻ. കൊളോണിയൽ ഭാവന ഏറെ ആഘോഷിച്ച നായാട്ടിന്റെ (ആന. സിംഹം, പുലി, കടുവ, കാട്ടുപോത്ത്, മുതല...) ആനന്ദ-സാഹസ-തീർത്ഥങ്ങളിലേക്കുള്ള പിന്മടക്കമല്ല ഇത്. മറിച്ച്, കോളനിയനന്തരവാദത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം അധിനിവേശഹിംസയെക്കുറിച്ചു നടത്തുന്ന ചരിത്രനിഷ്ഠവും ലാവണ്യബദ്ധവുമായ തിരിഞ്ഞുനോട്ടമാണിത്. 2008-ൽ തമിഴിലെഴുതിയ 'ഊമച്ചെന്നായ്', 2018-ൽ മലയാളത്തിലേക്കു മാറ്റിയെഴുതിയതാണ് ജയമോഹൻ. നിസംശയം പറയാം, മലയാളത്തിൽ ഇന്നോളമെഴുതപ്പെട്ടിട്ടില്ല ഇത്രമേൽ രക്തസ്‌നാതമായ ഒരു വേട്ടക്കഥ. ഇത്രമേൽ കിരാതമായ ഒരു അടിമഗാഥ. ഇത്രമേൽ സൂക്ഷ്മസുന്ദരമായ ഒരു സഹ്യകാവ്യം. കാടും മനുഷ്യനും മൃഗവും ഒന്നാകുന്ന സ്ഥലബോധത്തിന്റെ നിർമ്മിതി. പ്രകൃതിയെയും മനുഷ്യരെയും ഒരുപോലെ വേട്ടയാടിയ അധിനിവേശത്തിന്റെ അപനിർമ്മിതി. സഹനത്തെയും ത്യാഗത്തെയും ക്ഷമയെയും മഹത്വവൽക്കരിക്കുമ്പോൾതന്നെ അവ നൽകുന്ന അപരിഹാര്യമായ വേദനയെ ജീവിതത്തിന്റെയും മനുഷ്യാസ്തിത്വത്തിന്റെയും സാമൂഹ്യചരിത്രത്തിന്റെ തന്നെയും പരമചിന്തയായി വ്യാഖ്യാനിക്കുന്ന നരചരിതം. ജീവിതമെന്ന വേദനയെക്കുറിച്ചെഴുതിയ ഒട്ടുമേ രമ്യമല്ലാത്ത ഒരുപന്യാസം. കാലം തെറ്റിപ്പിറന്ന മലയാളത്തിന്റെ റോബിൻസൺ ക്രൂസോ.

ആനയിൽനിന്നുള്ള തുടക്കം, ഈ ചെറുനോവലിന്റെ വായനയ്ക്കുള്ള ഒരു സാധ്യത മാത്രമാണ്. സമാനമായി, കൊളോണിയൽ അധിനിവേശത്തിന്റെ ഉടമയും വേട്ടക്കാരനുമായി ചരിത്രത്തിലിടം പിടിക്കുന്ന വിൽസൺ സായ്‌വിൽനിന്നു വേണമെങ്കിലും ഈ വായന തുടങ്ങാം. വേട്ടക്കാരൻ മാത്രമല്ല, ഇരയുമാണയാൾ. ഇംഗ്ലണ്ടിലെത്തുമ്പോൾ അപകർഷകബോധം കൊണ്ടും ആത്മനിന്ദകൊണ്ടും വെറുങ്ങലിച്ചുപോകുന്ന, തരംതാണ വെള്ളക്കാരൻ മാത്രമാണയാൾ. സ്വന്തം വംശത്തിൽ നിന്നുതന്നെ ഏൽക്കേണ്ടിവരുന്ന സമസ്ത തമസ്‌കരണങ്ങളോടും അയാൾ പകതീർക്കുന്നത് കോളനിയിലെ തന്റെ അടിമകളുടെയും ഇരകളുടെയും പുറത്താണ്. വേട്ടക്കാരൻ ഇരയും ഇര വേട്ടക്കാരനുമായി മാറുന്ന മർത്യനിയോഗത്തിന്റെ അസാമാന്യമായ ഒരവസ്ഥയിൽ നിന്നാണ്, സാഡിസത്തിന്റെ സാത്താൻ ജന്മമായി മാറുന്ന വിൽസൺ സായ്‌വിനെ ജയമോഹൻ നിർമ്മിക്കുന്നത്.

ഫ്രൈഡേയെപ്പോലെ, നിശ്ശബ്ദനായി എല്ലാം സഹിക്കുകയും ഒടുവിൽ വനാന്തരത്തിലെ കൊടും ഗർത്തത്തിലേക്ക് സായ്‌വിന്റെ കൈവിട്ട് ഊളിയിട്ടുപോകുകയും ചെയ്യുന്ന മിണ്ടാച്ചെന്നായ് എന്നു വിളിപ്പേരുള്ള കഥാനായകന്റെ കണ്ണിലൂടെയും ഈ നോവൽ വായിക്കാം. നീണ്ടകാലത്തെ നിഷ്ഠൂരമായ അടിമജീവിതത്തിനൊടുവിൽ അവനെ സ്വന്തം സഹോദരനായി തിരിച്ചറിഞ്ഞും അവന് സ്വാതന്ത്ര്യം ഉറപ്പുനൽകിയും വിൽസൺ സായ്‌വ് സ്‌നേഹിച്ചുതുടങ്ങുമ്പോഴാണ് കോണൻ തന്റെ ജീവിതം മതിയാക്കുന്നത്. സ്വാതന്ത്ര്യം അവനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നില്ല. ആർക്കുവേണം, സ്വാതന്ത്ര്യം?

സായ്‌വിനു കടിച്ചുകീറാൻ അവൻ നിർബന്ധിച്ചു കൊണ്ടുവരുന്ന ആദിവാസിപ്പെണ്ണ് അവനെ പ്രണയിക്കുന്നു. സായ്‌വിന്റെയും കുശിനിക്കാരന്റെയും ബലാത്സംഗത്തിനുശേഷവും അവൾ അവനെ കാമാതുരയും പ്രണയാതുരയുമായി പ്രാപിക്കുന്നു. കാടിന്റെ ഭാഷയും സംഗീതവും ജീവിതവുമറിയാവുന്ന അവൻ സായ്‌വിനെ സർപ്പവിഷം തീണ്ടിയുണ്ടാകുന്ന മരണത്തിൽ നിന്നു രക്ഷിക്കുന്നു. അയാൾ പക്ഷെ അവനെ നിരന്തരം പീഡിപ്പിച്ചുകൊണ്ടേയിരുന്നു. തല്ലിയും തൊഴിച്ചും തെറിവിളിച്ചും പട്ടിണിക്കിട്ടും എച്ചിൽ തീറ്റിച്ചും ചന്തികഴുകിച്ചും വധഭീഷണിമുഴക്കിയും അയാൾ അവന്റെ അടിമജന്മം പൂർത്തീകരിച്ചു. അവനാകട്ടെ, അപാരവും ആദിമവുമായ നിശ്ശബ്ദതകൊണ്ട് അടിമയുടെ ജീവിതം സാക്ഷാത്കരിക്കുകയും ചെയ്തു. വേട്ടക്കാരനെ സ്‌നേഹിച്ചും ആരാധിച്ചും സ്വന്തം ജീവൻ കൊടുത്തു സംരക്ഷിച്ചും നിൽക്കുന്ന ഇരയുടെ നിത്യമായ നിന്ദ്യതയുടെ മൂർത്തരൂപമാകുന്നു, 'മിണ്ടാച്ചെന്നായ്'. കണ്ണിലെ തീകൊണ്ട് ഇരതേടാനിറങ്ങുന്ന ചെന്നായ്ക്കളെപ്പോലെയായിരുന്നു, അടിമകളുടെയും ജീവിതം. വളഞ്ഞിട്ടാക്രമിച്ചാൽ അവയ്ക്ക് ആനയെയോ സിംഹത്തെയോ പോലും കൊല്ലാം. പക്ഷെ അത്രവേഗം അതു സംഭവിക്കാറില്ല. നോവലിൽ, ചെന്നായകൾ കോണനെ വളഞ്ഞുപിടിക്കുന്ന സമയത്ത് സായ്പാണ് അവനെ രക്ഷിക്കുന്നത്. സർപ്പവിഷമൂറ്റിക്കളഞ്ഞ് അയാളെ രക്ഷിച്ചതവന്നായിരുന്നല്ലോ. അതിന്റെ പ്രത്യുപകാരംപോലെ. പക്ഷെ അവൻ ജീവിതമല്ല മരണമാണു തെരഞ്ഞെടുത്തത്. അടിമത്തത്തിൽ നിന്നു സ്വാതന്ത്ര്യത്തിലേക്കുള്ള അവന്റെ പിടിവിടൽ വേദനയെക്കുറിച്ചുള്ള വേദാന്തംപോലെ നോവലിന്റെ ലാവണ്യശാസ്ത്രം രൂപപ്പെടുത്തുന്നു.

മേല്പറഞ്ഞ ഏതുരീതിയിൽ വായിച്ചാലും മിണ്ടാച്ചെന്നായ് സൃഷ്ടിക്കുന്ന അർഥപ്രതീതികളുടെ ലോകം ഒന്നു വേറെതന്നെയാണ്. മലയാളികുടുംബത്തിൽ ജനിച്ചുവെങ്കിലും തമിഴിലാണ് ജയമോഹന്റെ സാഹിതീയ-സാംസ്‌കാരിക ഇടപെടലുകൾ പ്രധാനമായും നടക്കുന്നത്. കഴിഞ്ഞ കാൽനൂറ്റാണ്ടുകാലത്തെ തമിഴ്‌സാഹിത്യമണ്ഡലത്തെ ഇത്രമേൽ അട്ടിമറിച്ച മറ്റൊരു എഴുത്തുകാരനും നിരൂപകനുമില്ലതന്നെ. കെ.സി. നാരായണൻ ഒരു സംഭാഷണത്തിൽ സൂചിപ്പിച്ചതുപോലെ, തമിഴിൽ ജയമോഹൻ ഒരു വ്യക്തിയല്ല, പ്രസ്ഥാനം തന്നെയാണ്. സാഹിത്യത്തെ ഗൗരവമായി സമീപിക്കുന്ന ഒരു തലമുറയെ രൂപപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു, ജയമോഹൻ. ദിവസവും ആറ്-ഏഴു മണിക്കൂർ എഴുത്ത്. പതിനൊന്നു മണിക്ക് അത് തന്റെ നെറ്റ്മാഗസിനിൽ പോസ്റ്റ് ചെയ്യുന്നു. മുപ്പതിനായിരത്തിലധികം സ്ഥിരം വായനക്കാരുണ്ട് ജയമോഹന് തന്റെ സൈബർമണ്ഡലത്തിൽ. വായനക്കാരുടെ അഭിപ്രായം പരിഗണിച്ച്, എഴുതിയ രചനയിൽ തിരുത്തലുകൾ വരുത്തി രാത്രിതന്നെ വീണ്ടും പോസ്റ്റ് ചെയ്യും. അത്ഭുതകരമാണ് ജയമോഹന്റെ രചനാജീവിതത്തിന്റെ വൈവിധ്യവും വൈപുല്യവും. നിരവധി നോവലുകൾ. കഥകൾ. സാഹിത്യവിമർശനങ്ങൾ. തത്വചിന്താപഠനങ്ങൾ. രാഷ്ട്രീയപ്രബന്ധങ്ങൾ. തമിഴിലും മലയാളത്തിലും നിരവധി തിരക്കഥകൾ (ഒഴിമുറി ഉൾപ്പെടെ). ഇവയ്‌ക്കൊക്കെപ്പുറമെ മഹാഭാരതത്തെക്കുറിച്ചുള്ള ബൃഹത്തായ ഗദ്യാഖ്യാനപരമ്പര. 1000 പുറം വീതമുള്ള 18 വോള്യങ്ങൾ ഇതിനകം എഴുതിക്കഴിഞ്ഞു. തമിഴിലെന്നപോലെ വിപുലമായല്ലെങ്കിലും ഏറെ വായനാക്ഷമതയുള്ള നിരവധി കൃതികൾ മലയാളത്തിലും ജയമോഹൻ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നെടുമ്പാതയോരം, നൂറുസിംഹാസനങ്ങൾ, ഉറവിടങ്ങൾ, ആനഡോക്ടർ....

സ്ഥലമോ കാലമോ സൂക്ഷ്മമായടയാളപ്പെടുത്തുന്ന നോവലല്ല, മിണ്ടാച്ചെന്നായ്. കൊളോണിയൽ കാലമാണ് എന്നതിനപ്പുറം ഒരു സൂചനയും കൃതിയിലില്ല. അധിനിവേശത്തിന്റെ ഉത്തരഘട്ടമാണെന്നു വേണമെങ്കിൽ വിചാരിക്കാം. ദക്ഷിണേന്ത്യയിലെവിടെയുമാകാം കഥ നടക്കുന്നത്. സഹ്യപർവതമേഖലയാണ് എന്നൂഹിക്കാം. നായാട്ടുഭ്രാന്തനായി അടിമകൾക്കും സേവകർക്കുമൊപ്പം ബംഗ്ലാവിൽ കഴിയുന്ന നാല്പത്തഞ്ചുകാരൻ വിൽസൺ സായ്പ്. അയാളുടെ കുശിനിക്കാരൻ തോമ. കോണൻ എന്നു വിളിക്കപ്പെടുന്ന അടിമ. ഇന്ത്യയിൽ അന്നോളം ആർക്കും സ്വന്തമാക്കാൻ കഴിയാത്തത്ര വലിയ കൊമ്പുകളുള്ള കാട്ടുകൊമ്പനെ വേട്ടയാടാൻ ഒരു ചെറിയ പീരങ്കിയോളം പോന്ന 585 കാലിബർ തോക്കുവരുത്തി, കോണനെയും കൂട്ടി കാടുകയറുന്നു, വിൽസൺ സായ്പ്. നാലഞ്ചുദിവസത്തേക്കുള്ള ഭക്ഷണവും കരുതി.

തോക്കിന്റെയും വേട്ടയുടെയും കാടിന്റെയും ആണധികാരപ്രരൂപങ്ങൾകൊണ്ട് അമ്മാനമാടുകയാണ് ജയമോഹൻ. 'തോക്കിന് സായിപ്പിന്റെയത്ര പൊക്കം. പിടി വീട്ടിയിൽ. കൈ പെട്ട് മെഴുക്കു പറ്റി രാജവെമ്പാലയുടെ മിനുസം അതിനുണ്ടായിരുന്നു. നിലാവെട്ടംപോലെ തിളങ്ങുന്ന ഇരട്ടക്കുഴല്. കാഞ്ചി പിത്തളകൊണ്ട്. വിരൽ കൊള്ളുന്ന ഭാഗം പൊന്നായിക്കഴിഞ്ഞിരുന്നു. സ്വന്തം അനുജനെ അടുത്തുനിർത്തി തഴുകുന്നതുപോലെ സായിപ്പ് നിന്നു. തിരിഞ്ഞ് എന്നെ നോക്കി പുളിങ്കുരുപോലത്തെ പല്ലുകൾ കാട്ടി ചിരിച്ചപ. 'എങ്ങനെയുണ്ട്?' ഞാൻ പുഞ്ചിരിച്ചു. 'നൈട്രോ എക്സ്‌പ്രസ് സീരീസാണ്. ഇദ550'. ഞാൻ തലകുലുക്കി. '585 കാലിബർ. ഒരു ചെറിയ പീരങ്കിയാണ്. ഒറ്റ ഉണ്ട മതി മസ്തകം പൊട്ടി തലച്ചോറ് പുറത്തുചാടും. വെണ്ണക്കല്ലു പൊട്ടിയതുപോലെ'.

ഞാൻ അയാൾ പറഞ്ഞതു മുഴുവൻ മനസ്സിലാക്കിയെങ്കിലും വിഡ്ഢിയുടെ ചിരിതന്നെ കാട്ടി.

'നമുക്ക് നാളെ പുലരുന്നതിനു മുൻപുതന്നെ തിരിക്കണം. ഇത്തവണ കൊമ്പുംകൊണ്ടേ മടങ്ങാവൂ' എന്നു സായിപ്പ് പറഞ്ഞു. ഞാൻ തലകുലുക്കി. സായിപ്പ് തോക്ക് ചമരിൽ ചാരിവെച്ചിട്ട് പിരമ്പുകസേരയിൽ ഇരുന്നു. കാലിന്മേൽ കാൽ കയറ്റിവെച്ച് ചെറിയ വെള്ളിച്ചെല്ലം തുറന്ന് ഉള്ളിൽനിന്നു വലിയ ചുരുട്ടെടുത്ത് കടിച്ചുപിടിച്ചു. അത് ഉറച്ച ലിംഗംപോലെ തോന്നി. അത് കത്തിക്കാൻ അയാളുടെ കൈയിൽ ഒരു ചെറിയ യന്ത്രമുണ്ട്. കുരുവിയുടെ ചിലയ്ക്കൽപോലെ ഒച്ചയുണ്ടാക്കി പല തവണ അതിനെ ഞെക്കും. പിന്നെ അതിൽ ജ്വാല പൊങ്ങും. ശംഖുപുഷ്പത്തിന്റെ ഇതളുപോലുള്ള തീ. ചുരുട്ട് കത്തിത്തുടങ്ങുന്നത് എനിക്കിഷ്ടമാണ്. അവന്റെ മൂക്കിലൂടെ നീല നിറമുള്ള പുക പൊന്തും. അവൻ ഓടിച്ചുവരുന്ന ജീപ്പിന്റെ പിന്നിൽ നിന്ന് എന്നപോലെ.

ഞാൻ നില്ക്കുകയായിരുന്നു. സായിപ്പ് എന്നോട് 'ഒരു ചുരുട്ടെടുത്തോളൂ' എന്നു പറഞ്ഞു. ഞാൻ വേണ്ട എന്നു തലകുലുക്കി. എല്ലാ സായിപ്പും അതു പറയും. വേണ്ട എന്നു നമ്മൾ പറയണം എന്നു പ്രതീക്ഷിക്കും. സായിപ്പ് വലിക്കുന്ന ആ ചുരുട്ട് ചുറ്റിയിരിക്കുന്ന പേപ്പർവരെ എത്തുമ്പോൾ എനിക്കു തരും. എന്റെ കൈയിൽ അങ്ങനെ ധാരാളം കുറ്റിച്ചുരുട്ടുകൾ ഉണ്ട്. രാത്രി ഞാൻ ഒറ്റയ്ക്കിരുന്ന് ചുരുട്ട് വലിക്കും. ചാരായം കുടിച്ചതിനുശേഷം ചുരുട്ട് വലിക്കുന്നത് എനിക്കിഷ്ടം. സായിപ്പിന്റെ പല്ലുകൾ അടുപ്പുകല്ലുകൾപോലെ ചുരുട്ടിന്റെ കറകൊണ്ടു കറുത്തിരുന്നു. ചുരുട്ടു വലിക്കുമ്പോൾ അയാൾ ഏതെങ്കിലും ഒരു ദിക്കിലേക്കു തുറിച്ചു നോക്കും. ചിലപ്പോൾ എന്തെങ്കിലും പ്രാകും. തന്തയില്ലായ്മയാണ് അവരുടെ വലിയ പ്രാക്ക്. ചിലപ്പോൾ തെറിപ്പാട്ട് പാടും. തന്തയില്ലായ്മയാണ് അവരുടെ വലിയ ആഘോഷം'.

ചോതിയെന്ന കാട്ടുജാതിക്കാരിപ്പെണ്ണിനെ അവളുടെ കുടിയിൽ ചെന്നു കൂട്ടിവന്നു, കോണൻ. ആനവേട്ടക്കു മുൻപ് സായ്‌വിനു പെൺവേട്ട നിർബന്ധമാണ്. ഹിംസയ്ക്കു മുന്നോടിയായി കാമത്തിന്റെ പേയിളകും, അയാൾക്ക്. ക്രൂരമായ പീഡനങ്ങൾക്കും ബലാൽക്കാരത്തിനും ശേഷം സായ്‌വ് പുറത്തെറിഞ്ഞ ചോതിയെ തോമയും ബലാൽക്കാരം ചെയ്തു. ഒടുവിൽ അവളെയും കൂട്ടി കുടിയിലേക്കു മടങ്ങുന്ന കോണന് പുഴയിൽവച്ച് ചോതി തന്റെ പ്രേമം നൽകി.

പെൺവേട്ടയ്ക്കുശേഷം ആനവേട്ട. തുടർന്നങ്ങോട്ടുള്ളതു മുഴവൻ കൊമ്പനെ കൊല്ലാൻ സായ്‌വും കോണനും നടത്തുന്ന യാത്രകളും സാഹസങ്ങളുമാണ്. ഇടയ്ക്ക് തീറ്റയ്ക്കായി കോണൻ ഒരു പേടമാനിനെ വേട്ടയാടി. ചോതിയെ സായ്‌വ് എന്നപോലെ അയാൾ അതിന്റെ തൊലിയുരിച്ചു.

'തൊട്ടു മുന്നിൽ ഞാനൊരു മാനിനെ കണ്ടു. കൊമ്പില്ലാത്ത കേഴമാനാണ്. ചിലർ വെളിമാൻ എന്നു പറയും. എപ്പോഴും ഭയപ്പെടുന്നത്. അതിന്റെ ദേഹം ഭയന്നു ഞെട്ടിക്കൊണ്ടേയിരിക്കും. കണ്ണുകൾ ഭയത്തോടെ നാലുപാടും പരതും. ചെറിയ വാല് പെട്ടെന്നു നിലച്ചു. നീണ്ട ചെവികൾ മുൻപോട്ടും പുറകിലോട്ടും തിരിഞ്ഞ്, ഈർപ്പമുള്ള മൂക്ക് തിരിച്ച് അതു മരണത്തെ ശ്രദ്ധിച്ചുകൊണ്ടിരിക്കും. കാളയ്ക്കു കൊമ്പുപോലെ, പുലിക്കു നഖംപോലെ, പാമ്പിന് വിഷപ്പല്ലുപോലെ ഇതിന് ഈ ഭയമാണ് കാവൽ. ഈ കാട്ടിൽ ഒറ്റയ്ക്കു കേഴമാനിനെ നായാടിക്കൊല്ലുന്ന ആൾ ഞാൻ മാത്രമാണ്. അത് എന്നെ മനസ്സിലാക്കി കഴിഞ്ഞു. ഭയം വേഗമായി മാറുന്നതിനു മുൻപ് ഞാൻ കുന്തം വീശി. നെഞ്ചിൽ തറച്ച കുന്തത്തോടെ അതു പാഞ്ഞ് ഒരു മരത്തിൽ മുട്ടി നിലത്തുവീണ് പിന്നെയും ഒരിക്കൽ എഴുന്നേറ്റു പാഞ്ഞ് കുഴഞ്ഞുവീണു. കിടന്നുകൊണ്ട് ഓടുന്നതുപോലെ അതിന്റെ കാലുകൾ ചലിച്ചു. തുറന്നുവിട്ട കാറ്റുപോലെ ശ്വാസം ചീറി. നീലപ്പാടയുള്ള നാക്ക് വായിലെ അറ്റത്ത് തളർന്നു നീണ്ടുകിടന്നു. ഞാൻ അടുത്തെത്തി കുന്തം വലിച്ചൂരിയെടുത്ത് പിന്നെയും ഒരുതവണ ആ വ്രണത്തിൽത്തന്നെ ആഞ്ഞു കുത്തിയിറക്കി. അതിന്റെ കണ്ണുകളിൽ ഈർപ്പമുണ്ടായിരുന്നു. ചോതിയുടെ നോട്ടം ഓർമവന്നു. അവൾ ഇന്നലെ എന്നെ കെട്ടിപ്പിടിച്ച് വിറച്ചതുപോലെ, മാനും വിറച്ചുതുള്ളി. അതിന്റെ വാൽ നിന്ന് ഉറഞ്ഞുതുള്ളി. ചോതിയുടെ കണ്ണുകൾപോലെ മാനിന്റെ ഇമകളും പതുക്കെ ചെരിഞ്ഞ് മൂടി. ഞാൻ ചോതിയുടെ പതിഞ്ഞ ഒച്ചയിലുള്ള അമറൽ കേട്ടു. മാൻ വാ തുറന്ന്, തേഞ്ഞ പല്ലുകൾ കാട്ടി പുഞ്ചിരിച്ചതുപോലെ കിടന്നു.

ഞാൻ മാനിന്റെ നാലു കാലുകളെയും വിടർത്തി വയറ് മുകളിലാക്കി. വെള്ളം നിറഞ്ഞ തുകൽസഞ്ചിപോലെ വയറു കുലുങ്ങി. ജനനത്തുളയിൽനിന്ന് നെഞ്ചുവരെ കത്തികൊണ്ട് ഒരു വരവരച്ചു. അതിൽനിന്നു കാലുകളിലേക്കു വരെ നീട്ടി, മുട്ടിനു മുകളിൽവെച്ചു വട്ടം ചുറ്റി. കഴുത്തിനു ചുറ്റും ഒരു വട്ടം വരകൾ ചുവന്നു തെറ്റിപ്പൂവിന്റെ മൊട്ടുപോലെ ചോരത്തുള്ളികൾ പൊടിഞ്ഞു. വരയിൽ കത്തിതാഴ്‌ത്തി ചർമം വിടർത്തി ഉള്ളിൽ വിരൽ കടത്തി വലിച്ച് ഉരിച്ചു. പിടിക്കാൻ തക്കവണ്ണം ചർമം അകന്നുകഴിഞ്ഞാൽ പിടിത്തമുള്ള ഒരു കുപ്പായം ഊരി മാറ്റുന്നതുപോലെ തോല് എടുത്തുകളയാവുന്നതാണ്. ഇടയ്ക്കിടെ കൊഴുപ്പിൽ ചർമം ഒട്ടിയിരിക്കുന്ന സ്ഥലങ്ങളുണ്ട്. അവിടെമാത്രം ഒന്നു കീറിക്കൊടുക്കണം. തലയൊഴിച്ച് മറ്റു ഭാഗത്തുള്ള ചർമം മുഴുവൻ ഊരിയെടുത്ത് അപ്പുറത്തിട്ടു. ചത്ത മുയൽപോലെ അത് അവിടെ കുമിഞ്ഞുകിടന്നു. വെളിമാനിന്റെ പുറം അണിൽപോലെ പുളിയില നിര ഉള്ളതാണ്. പതപ്പെടുത്തി മിനുക്കിയെടുത്താൽ പൊന്നിന്റെ തിളക്കമുണ്ടാകും. സഞ്ചിയായിട്ടും കസേരവിരിയായിട്ടും ആളുകൾ ഉപയോഗിക്കും. പക്ഷേ കൊണ്ടുപോകാനാവില്ല. അവിടെ ഇട്ടിട്ടുപോയാൽ നമ്മൾ പത്തുകാലടി വെക്കുന്നതിനുള്ളിൽ അതെടുത്തു തിന്നാൻ ആളെത്തിക്കഴിഞ്ഞിരിക്കും. ഇപ്പോൾത്തന്നെ കുറ്റിക്കാട്ടീന്ന് കണ്ണുകൾ വന്നുകഴിഞ്ഞു'.

കണ്ണില്ലാത്ത ക്രൂരതയുടെ, അളവറ്റ വേദനയുടെ, കിരാതമായ പീഡനത്തിന്റെ, നിശ്ശബ്ദമായ സഹനത്തിന്റെ സുവിശേഷങ്ങളാണ് ഓരോന്നും.

കാടിന്റെയും മൃഗയയുടെയും സൂക്ഷ്മപ്രകൃതിയാണ് 'മിണ്ടാച്ചെന്നായ'യുടെ ഏറ്റവും കാവ്യാത്മകമായ ഭാവതലം. കോണന്റെ ബോധാബോധങ്ങളും ജീവിതം തന്നെയും കാടിന്റെ ഹരിതഭൂപടത്തിലാണു വിന്യസിക്കപ്പെടുന്നത്. 'ആദ്യം ഞാനാണ് മണം പിടിച്ചെടുത്തത്. ഞാൻ കൈവീശിക്കാട്ടിയപ്പോൾ സായിപ്പിനും മണം കിട്ടി. അയാൾ അനങ്ങാതെ മരംപോല നിന്നും. പിന്നെ വളരെ പതുക്കെ തോക്കെടുത്ത് തിരിച്ച് അതിന്റെ കട തോളിലൂന്നി കൊളുത്ത് നീക്കം ചെയ്തു. അതിന്റെ കാഞ്ചിയിൽ അവന്റെ ചൂണ്ടുവിരൽ അമർന്നു. ഞാൻ നിലത്തിഴഞ്ഞ് മുന്നോട്ട് ചെന്ന് ആനപ്പിണ്ടത്തെ കണ്ടെത്തി. ഏതാനും മണിക്കൂറുകൾ മുൻപ് വീണത്. നാര് ഉരുളയുടെ മീതെ ചാണകച്ചുറ്റ് ഉണങ്ങിത്തുടങ്ങി. ഇനിയും രണ്ടുമണിക്കൂറിനുള്ളിൽ അതിൽ വണ്ടുകൾ തുളയിട്ടുകയറിക്കഴിഞ്ഞിരിക്കും. തൊട്ടടുത്തുള്ള കാലു വീണ കുഴി ഞാൻ ശ്രദ്ധിച്ചു. സായിപ്പ് അടുത്തെത്തി 'അതാണോ?' എന്ന് ചോദിച്ചു. ഞാൻ അതെ എന്ന് തലകുലുക്കി. അത്രയും വലിയ കാല് വേറെ ഒരാനയ്ക്കുമില്ല. കുഴി രണ്ടുകാലും അകത്തിറക്കി നില്ക്കാൻ കഴിയുന്നത്ര വലുത്. സായിപ്പ് അടുത്തുവന്ന് കാൽക്കുഴിയെ കനിഞ്ഞുനോക്കി. 'എന്താ വലുപ്പം. ഇത് ആനയല്ല, പിശാചാണ്' എന്നു പറഞ്ഞ് ആ കുഴിയുടെ ഉള്ളിൽ കാർക്കിച്ചുതുപ്പി. ഞാൻ ആ പിണ്ടത്തെ കാലുകൊണ്ട് കിണ്ടിനോക്കി. ഇഞ്ചയുടെ നാരാണ്. ചുണ്ടുമലയുടെ തെക്ക് ഇഞ്ച കാടുപിടിച്ച് കിടപ്പുണ്ട്. ഞാൻ ആ പുൽമേട് മുഴുവൻ നടന്ന് വേറെ ആനയുടെ പിണ്ടം കിടപ്പുണ്ടോ എന്ന് നോക്കി. ഒറ്റയാൻ നില്ക്കുന്ന സ്ഥലത്ത് മറ്റ് ആനകൾ വരില്ല. 'ഇപ്പോൾ ആ പിശാച് എവിടെയാണ്?' എന്ന് സായിപ്പ് ചോദിച്ചു. 'ഈഞ്ചക്കാട്' എന്ന് ഞാൻ പറഞ്ഞു. 'അവിടെ മുള്ളാണ്. അങ്ങോട്ട് ചെന്നാൽ ഒന്നും നടക്കില്ല. നമുക്ക് ഇവിടെ കാത്തിരിക്കാം. അത് ഇവിടെ ഏതായാലും വരും' എന്ന് സായിപ്പ് പറഞ്ഞു. പക്ഷേ, അവിടെ മരമോ പാറയോ ഇല്ല. തുറന്ന സ്ഥലത്ത് ആനയെ നേരിടാനാവില്ല. ഞാൻ അത് പറഞ്ഞില്ല. പക്ഷേ, സായിപ്പ് അത് മനസ്സിലാക്കി ആനത്തോക്കിൽ തട്ടി കണ്ണിറുക്കിക്കാട്ടി.

കൊമ്പന്റെ പിണ്ടം വാരിയെടുത്ത് കാൽകുഴിയിലെ വെള്ളത്തിൽ കലക്കി ദേഹത്ത് പുരട്ടി. ഇനി ചുരുട്ടോ ചാരായമോ പാടില്ല. ഇനി ഭക്ഷണം കഴിക്കുന്നതും നന്നല്ല. ശേഷിച്ച മാംസവും റൊട്ടിയും ഞങ്ങൾ പങ്കുവെച്ചു കഴിച്ചു. പുല്ലിന് നടുക്ക് ഞങ്ങൾ ഇരുന്നു. ഞങ്ങളെ കൊതുകുകൾ മൂടി. ചെറിയ തവളകൾ ദേഹത്തിലൂടെ ചാടിക്കടന്നുപോയി. കണ്ണാടിവിരിയൻ ഉണ്ട് എന്ന് ഞാൻ മൂക്കു വിടർത്തി നോക്കി. സായിപ്പ് തുപ്പിക്കൊണ്ടിരുന്നു. തുപ്പരുത്. ഒരു ചെറിയ ശബ്ദംപോലും ആന തിരിച്ചറിയും.

ഇരുട്ടിത്തുടങ്ങി. കറുത്ത ആകാശത്ത് നക്ഷത്രങ്ങൾ പൊന്തി പുറത്തേക്കു വന്നു. ഒന്ന് കൈ ഞൊടിച്ചാൽ അവ മുഴവൻ പെട്ടെന്ന് താണുമറയും എന്നു തോന്നി. പകുതി നിലാവ് പതുക്കെ കയറിവന്നു. ഇലകളുടെ മീതെ എണ്ണപോലെ നിലാവിന്റെ വെട്ടം പരന്നു. ഒരു തുമ്മലൊച്ച തൊട്ടടുത്തു കേട്ടു. വലിയൊരു മ്ലാവാണ്. അതിന്റെ കണ്ണുകൾ തിളങ്ങി. വീണ്ടും അത് തുമ്മി. സായിപ്പ് 'മണ്ടന്മൃഗം' എന്നു പറഞ്ഞു. മൃഗങ്ങളിൽ മണ്ടന്മാരില്ല. സായിപ്പ് ഇരുന്നുകൊണ്ടുതന്നെ ഉറങ്ങിത്തുടങ്ങി. പിന്നെ നന്നായി കൂർക്കം വലിച്ചു. നായാട്ടുകാരൻ ഉറങ്ങാൻ പാടില്ല. നായാട്ടിന്റെ കല എന്നുതന്നെ ഉറക്കത്തിനെയും വിശപ്പിനെയും ജയിക്കുന്നതാണ്. ഞാൻ ഉറങ്ങാതെ ഒരുപാടു കാര്യങ്ങൾ ഓർത്തുകൊണ്ട് കുത്തിയിരുന്നു. എന്റെ അമ്മയെപ്പറ്റിയും എന്റെ നാടിനെപ്പറ്റിയും. അമ്മ ഫ്‌ളച്ചർ സായിപ്പിന്റെ കുശിനിക്കാരിയായിരുന്നു. അപ്പോഴാണ് ഞാൻ ജനിച്ചത്. എന്റെ കണ്ണുകൾ ആദ്യം പൂച്ചയുടേതായിരുന്നു. ചെറുപ്പത്തിൽ അവർ എന്നെ പൂച്ച എന്നാണ് വിളിച്ചത്. വളർന്നപ്പോഴാണ് ഞാൻ ചെന്നായയായി മാറിയത്'.

ചൂണ്ടുമലയുടെ താഴ്‌വരയിൽ അവർ കൊമ്പനെ കണ്ടുമുട്ടി. ആദ്യം വെച്ച വെടി ആനയുടെ കാലിലാണു കൊണ്ടത്. ആന അവരെ ആക്രമിച്ചു. മലകൾക്കപ്പുറത്തുവച്ച് സായ്‌വ് വീണ്ടും ആനയെ നേർക്കുനേർ കണ്ടു. ഇക്കുറി അയാളുടെ വെടി കൊമ്പന്റെ മസ്തകം തകർത്തു. 'കൊമ്പൻ തുമ്പിക്കൈ ചുഴറ്റി തലകുലുക്കി ചിന്നം വിളിച്ചുകൊണ്ട് മലയിൽനിന്ന് കരിമ്പാറ ഉരുണ്ടുവരുന്നതുപോലെ എന്നെ നോക്കി ഓടിവന്നു. എന്റെ ദേഹം വേണ്ടത്, സ്വയം തീരുമാനിച്ച് പ്രവർത്തിച്ചു. ഒറ്റ ക്ഷണം മാത്രമേ ഞാനതിനെ നോക്കിയുള്ളൂ. പക്ഷേ, അതിന്റെ മസ്തകത്തിലെ ഓരോ മുഴയും അതിൽ പരന്നിരുന്ന മണ്ണിലെ ഓരോ വരിയും ഞാൻ കൃത്യമായി കണ്ടു. ഒറ്റ ക്ഷണത്തിൽ കണ്ണ് മാത്രമായി ഞാൻ ആയിരം കൊല്ലം തപസ്സ് ചെയ്തതുപോലെ തിരിഞ്ഞോടിയപ്പോൾ എന്റെ കാല് ഉരുളൻ കല്ലിൽ കയറി ഞാൻ വഴുതിവീണു. ആ ക്ഷണത്തിൽ ആനത്തോക്ക് പാറവെടിപോലെ പൊട്ടി. മലനിരകൾ മുഴുവൻ മാറ്റൊലി പൊങ്ങി. പാറകൾ ഒറ്റ വാക്ക് മാറി മാറി തമ്മിൽ വിളിച്ചുകൂവുന്നതുപോലെ.

ചെരുവിലിറങ്ങി ഓടിവന്ന ആന അതേ വേഗത്തിൽ മുട്ടുകുത്തി മുൻപോട്ടാഞ്ഞു വീണു. വലിയ കൊമ്പുകൾ മണ്ണിൽ താഴ്ന്നിറങ്ങി. സായിപ്പ് പിന്നെയും ഒരു വെടിപൊട്ടിച്ചു. ആന വശത്തേക്ക് ചെരിഞ്ഞു. വാരിയെല്ലുകൾ മണ്ണിൽ പതിഞ്ഞ് മറുവശത്ത് വയറ് പൊന്തി തുളുമ്പുന്നതുപോലെ അനങ്ങി. തുമ്പിക്കൈ താഴെവീണ പെരുമ്പാമ്പുപോലെ പുളഞ്ഞു. മുകളിൽ പൊന്തിയ രണ്ടു കാലുകളും കാറ്റിൽ ചവിട്ടി നീന്താൻ ശ്രമിച്ചു.

ആന വീണ സ്ഥലത്ത് മണ്ണ് കുഴിഞ്ഞ് ചുവന്ന പൂഴി പൊന്തി പൊടിയിലൂടെ തുമ്പിക്കൈ കിടന്ന് നെളിയുന്നത് ഞാൻ കണ്ടു. കൈയൂന്നി എഴുന്നേറ്റ് ആനയെ നോക്കി നടന്നു. കൊമ്പന്റെ പുറകിലത്തെ കാൽ മാത്രം എന്തോ കെണിയിൽപ്പെട്ട് കുതറിമാറുന്നതുപോലെ ചലിച്ചുകൊണ്ടിരുന്നു. ഞാൻ അടുത്തുചെന്ന് നോക്കിനിന്നു. ആനയുടെ കണ്ണിലുള്ള ഭ്രാന്ത് ഞാൻ പലപ്പോഴും അടുത്തു കണ്ടിട്ടുള്ളതാണ്. ആദ്യമായിട്ടാണ് അവയിൽ അമ്പരപ്പു കാണുന്നത്. പാറയിലെ ചെറിയ കുഴിയിൽ മഴവെള്ളം നില്ക്കുന്നതുപോലുള്ള മിഴികൾ മുകളിലേക്ക് ഉരുണ്ട് ചലിച്ചു. കണ്ണുനീർ കിനിഞ്ഞ് കവിളിലെ കുഴിയിൽ വീണ് പൂഴിയിൽ ചുവന്ന തടമുണ്ടാക്കി ഒലിച്ചിറങ്ങി. അതിന്റെ വാല് മണ്ണിൽ പുളഞ്ഞു. തുമ്പിക്കൈയുടെ അറ്റത്തുള്ള ആ ചെറിയ കുട്ടിയുടെ വായ എന്തോ പറയാൻ ശ്രമിച്ചു'.

വേട്ടകഴിഞ്ഞതോടെ, നായാട്ടിന്റെ അർഥവും ആവേശവും മരിച്ചു. മരണം, പ്രകൃതിനിയമം പോലെ വേട്ടക്കാരനെ തേടിവന്നു. കാട്ടുകൊമ്പനെ ചരിച്ച സായ്‌വിനെ കണ്ണാടിവിരിയൻ എന്ന വിഷസർപ്പം വീഴ്‌ത്തി. ജയമോഹൻ എഴുതുന്നു: 'സായിപ്പ് ചുരുട്ട് കടിച്ച് ചവച്ചു തുപ്പി. അവന്റെ മട്ടിലും ഭാവത്തിലും ഒട്ടും സന്തോഷം ഉണ്ടായിരുന്നില്ല എന്നത് ഞാൻ ശ്രദ്ധിച്ചു. വലിയ നായാട്ട് കഴിയുമ്പോൾ എപ്പോഴും അങ്ങനെയാണ്. നായാട്ട് എന്നു പറഞ്ഞാൽ തേടുന്നതും കാത്തിരിക്കുന്നതുമാണ്. കൊന്നുകഴിഞ്ഞാൽ നായാട്ടു തീർന്നു. മൃഗം എപ്പോഴും മരണത്തിലൂടെ മനുഷ്യരെ ജയിക്കുന്നു. നിശ്ശബ്ദമായി ഗാംഭീര്യത്തോടെ അത് മനുഷ്യരെ കടന്നുപോകുന്നു. മക്കിൻസി സായിപ്പ് പറഞ്ഞതാണ്. കൊന്നുകഴിഞ്ഞ മൃഗം സ്വന്തം ദേഹം നമുക്ക് വിട്ടുതന്ന് മറ്റൊരു ലോകത്തേക്ക് പോകുന്നു. അവിടെയിരുന്ന് നമ്മോടു ക്ഷമിക്കുന്നു. നമ്മുടെ സ്വപ്നത്തിൽ വന്ന് നമ്മെ അനുഗ്രഹിക്കുന്നു. ചീനങ്കാട്ടിലെ പുലിയെ കൊന്നത് മക്കിൻസ് സായിപ്പാണ്. അതിന്റെ മുന്നിൽനിന്നു സായിപ്പ് കരഞ്ഞു.

സായിപ്പ് എന്നോടു 'നമുക്ക് മടങ്ങിപ്പോകാം. ഇന്നിനി ഒന്നും ചെയ്യാനില്ല' എന്നു പറഞ്ഞ് കുറ്റിക്കാട്ടിലേക്കു ചെന്ന് മൂത്രമൊഴിക്കാൻ ഇരുന്നു. ഞാൻ വെറുതെ ആനയെ ചുറ്റി നടന്നു. സായിപ്പ് എന്നോട് ഡാ, എന്നെയൊന്ന് പിടിക്ക്. കാല് തെറ്റി എന്ന് പറഞ്ഞു. ഞാൻ സായിപ്പിന്റെ അടുത്തേക്കു പോയി. സായിപ്പ് കൈ നീട്ടിയപ്പോൾ അതിൽ ചെറിയൊരു വിറയൽ ഞാൻ കണ്ടു. എന്റെ മൂക്ക് ത്രസിച്ചു. ഞാൻ സായിപ്പിനെ പിടിച്ച് മുകളിലേക്കു കയറ്റി. സായിപ്പ് കൈ നീട്ടി. എന്തോ പറയാൻ ശ്രമിച്ചു. വായ വലിഞ്ഞ് കഴുത്തിലെ പേശികൾ പുളഞ്ഞു. വായുടെ വിളുമ്പിൽ തുപ്പൽ പതപോലെ ഒഴുകി. ഒരടി എടുത്ത് വെച്ചപ്പോൾത്തന്നെ സമനില തെറ്റി അയാൾ നിലത്തു വീണു. ഞാൻ അടുത്തേക്ക് ഓടി കുനിഞ്ഞ് അവന്റെ കാലിലേക്ക് നോക്കി. വലതുകണങ്കാലിൽ കണ്ണാടിവിരിയന്റെ കടിത്തടം കണ്ടു.

എന്റെ കത്തിയൂരി അതിന്റെ മുനകൊണ്ട് ആ കടിത്തടത്തിൽ കുറുകെയും നെടുകെയും കീറി മാംസത്തെ പിളർന്ന് മലർത്തി. ചോര ഒലിച്ച് ചെമ്മണ്ണിൽ തുള്ളികളായി പൊഴിഞ്ഞു. കാട്ടിനുള്ളിൽ ഓടി ഇലകളിലൂടെ കൈയും കാലും ഊന്നി തേടിയലഞ്ഞു. കൈനീലിച്ചെടി കണ്ടപ്പോൾ അതു പറിച്ചെടുത്തു മടങ്ങി. അതിന്റെ ഇലയിൽ ഒന്ന് ചീന്തിയെടുത്ത് വായിലിട്ടു നോക്കി. നെറ്റിയിൽ ആഞ്ഞടിച്ചതുപോലെ കയ്പ്. എന്റെ കുടലുകൾ ഞെട്ടി തമ്മിൽ പിന്നിപ്പുണർന്നു. സായിപ്പിന്റെ അടുത്തെത്തി പച്ചില പിഴിഞ്ഞ് വാ തുറന്ന് ഒലിച്ചുകൊണ്ടിരുന്ന വെട്ടുപുണ്ണിൽ ഒഴിച്ചു. മുറുകി. പല്ലുകൾ തമ്മിലൊട്ടി കോടിയിരുന്ന അവന്റെ വായ കത്തികൊണ്ട് തെന്നിത്തുറന്ന് അണ്ണാക്കിൽ ചാറൊഴിച്ചു കൊടുത്തു. ചുണ്ടുകളിൽ ചുണ്ടമർത്തി ഊതി ആ ചാറ് അവന്റെ ഉള്ളിലേക്കു കടത്തി. കണ്ണിലും മൂക്കിലും പച്ചിലച്ചാറ് ഒഴിച്ചു. അവനെ മറിച്ചിട്ട് ശേഷിച്ച ഇലക്കുഴമ്പ് അവന്റെ ആസനത്തിലൂടെ അകത്തേക്ക് കടത്തി. അവന്റെ ചോര കട്ടിയാകാതിരിക്കാൻ കൈയും കാലും പിടിച്ച് മടക്കി നിവർത്തി. വയറ്റിലും നെഞ്ചിലും തൊഴിച്ചു. ക്രമേണ അവന്റെ പേശികളുടെ മുറുക്കം അയഞ്ഞു. മൂക്കിലൂടെ കറുത്ത ചോര പുറത്തേക്കു വന്നു. വെട്ടുപുണ്ണിൽനിന്ന് വന്ന ചോര കറുത്ത പശയും തെളിഞ്ഞ ചലവുമായി പിരിഞ്ഞു. ചോര നിലച്ചപ്പോൾ മാമ്പഴം പൂളിയപോലെ പുണ്ണ് തുറന്നിരുന്നു. ഞാൻ കാട്ടിൽ ചെന്ന് പിന്നെയും കൈനീലി പറിച്ചുകൊണ്ടുവന്ന് രണ്ടാം തവണ മരുന്നു കൊടുത്തു'.

യാഥാർഥ്യത്തെക്കുറിച്ചെന്നപോലെ ഭാവനയെക്കുറിച്ചും വേട്ടയെക്കുറിച്ചെന്നപോലെ ഇരയാകലിനെക്കുറിച്ചും ഉടമസ്ഥതയെക്കുറിച്ചെന്നപോലെ അടിമത്തത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചെന്നപോലെ ഹിംസയെക്കുറിച്ചും കാമനയെക്കുറിച്ചെന്നപോലെ സഹനത്തെക്കുറിച്ചും ആസക്തിയെക്കുറിച്ചെന്നപോലെ അനാസക്തിയെക്കുറിച്ചും രചിക്കപ്പെടുന്ന വേദനയുടെ ഉപന്യാസമാകുന്നു, 'മിണ്ടാച്ചെന്നായ്'. പ്രാണഭയത്തിന്റെ ഉപനിഷത്ത്. മനുഷ്യരുടെ (മൃഗങ്ങളുടെയും) ജീവിതവും സാമൂഹ്യചരിത്രവും എത്രമേൽ വന്യവും ഗൂഢവും അയുക്തികവും നിസ്സാരവും കാമഭരിതവും പ്രേമരഹിതവുമാണെന്നു തെളിയിക്കുന്ന ആധുനികതയുടെ ആരണ്യകാണ്ഡം. ചരിത്രരേഖകളിലല്ലാതെ ഇനിയും മലയാളത്തിൽ സാർഥകമായി എഴുതപ്പെട്ടിട്ടില്ലാത്ത അടിമപുരാണം. മുറിവേറ്റ ശരീരത്തിന്റെ കിന്നരത്തിൽനിന്നുയരുന്ന മാംസത്തിന്റെ മുഴക്കവും രക്തത്തിന്റെ നിലവിളിയും നിശ്ശബ്ദരാക്കപ്പെട്ട അടിമകളുടെ തലച്ചോറിൽ വെടിമുഴക്കം പോലെ പ്രതിധ്വനിച്ചുകൊണ്ടേയിരുന്ന അധിനിവേശകാലത്തിനു നേർക്കു സമർപ്പിക്കുന്ന കുറ്റപത്രം.

നോവലിൽ നിന്ന്:-

'ചോതി എന്റെ പിന്നിൽ വരുമ്പോൾ ചെറിയ തേങ്ങൽ കേട്ടു. ഞാൻ തിരിഞ്ഞുനോക്കിയിട്ടു നടന്നു. തേങ്ങലൊച്ച പിന്നെയും കേട്ടു. ഞാൻ 'മ്?' എന്നു ചോദിച്ചു. അവൾ 'ത്തു' എന്നു വെറുതെ തുപ്പി. ഞാൻ പിന്നെ നോക്കിയില്ല. ഞങ്ങൾ ബംഗ്ലാവിലെത്തിയപ്പോൾ വാതില്ക്കൽ നിന്ന തോമ 'ഇവളാ? എടേയ് ഇവളെയല്ലേ കഴിഞ്ഞ തവണ സായിപ്പ് ചാട്ടകൊണ്ട് അടിച്ചത്?' എന്നു ചോദിച്ചു. ഞാൻ വെറുതേ നിന്നു. 'ഇവൾ ആളു പെശകാ' എന്നു പറഞ്ഞിട്ട് തോമ അകത്തേക്കു പോയി. ഞാൻ നിലത്തു കുത്തിയിരുന്ന് താഴെക്കിടന്ന വെള്ളാരങ്കണ്ണുകളെ നോക്കി. എന്റെ കണ്ണുകൾ വെള്ളാരങ്കല്ലുകൾപോലെയാണ് എന്നു പറയും. താഴെക്കിടക്കുന്നവ കണ്ണുകളാണ് എന്നു കൊച്ചുന്നാളിലേ ഞാൻ മനസ്സിലാക്കി.

തോമ മടങ്ങിവന്ന് ചോതിയെ വലിച്ചിഴച്ചുകൊണ്ടുചെന്ന് അവളുടെ മുണ്ടിന്റെ കോന്തല പിടിച്ചുവലിച്ച് പറിച്ചെറിഞ്ഞ് അവളെ നഗ്നയാക്കി. അവളുടെ മുലകൾ പനങ്കുരുപോലെ കറുത്തുരുണ്ടവ. നായ്ക്കുട്ടിയുടെ മൂക്കുപോലെ മുലക്കണ്ണുകൾ. അവൾ കൈകൊണ്ടു മുലകൾ പൊത്തിപ്പിടിച്ചു. കാലുകൾ ചേർത്തു നിന്നു. തോമ ചക്കപോലെ വീർത്തിരുന്ന അവളുടെ പൃഷ്ഠത്തിൽ അടിച്ച് 'അകത്തേക്കു പോടി' എന്നു പറഞ്ഞു. അവൾ കണ്ണുകൾ തിരിക്കാതെ എന്നെ നോക്കി. ഞാൻ വെള്ളാരങ്കണ്ണുകളെ നോക്കി. തോമ പിന്നെയും അടിച്ച് 'ചെല്ലെടീ' എന്നു പറഞ്ഞു. അവൾ അകത്തേക്കു പോയി. ഞാൻ നന്നായി കാലു മടക്കി ഇരുന്നു. വെള്ളാരങ്കണ്ണുകളുടെ ഒപ്പം മിനുസമുള്ള കറുത്ത കണ്ണുകളും കണ്ടുതുടങ്ങി. നായാട്ടുമൃഗങ്ങളുടെ കണ്ണുകൾ ഈർപ്പമുള്ളവ. പ്രത്യേകിച്ചും നമ്മുടെ സ്വപ്നങ്ങളിൽ അവ തെളിയുമ്പോൾ. എനിക്ക് ചെറിയ വിശപ്പു തോന്നിത്തുടങ്ങി. തോമയോട് കുറെ ചോറ് ചോദിച്ചാലെന്ത് എന്നു ചിന്തിച്ചു.

തോമ തിണ്ണയിൽ കയറിനിന്ന് അകത്തേക്കു നോക്കുകയായിരുന്ന എന്നെ നോക്കി 'വാ വാ' എന്നു ചുണ്ടനക്കി കൈ കാട്ടി. ഞാൻ എഴുന്നേറ്റ് തോമയുടെ അടുത്തുചെന്നു നിന്നു നോക്കി. തോമ വീർപ്പടക്കി 'നോക്കെടാ' എന്നു പറഞ്ഞു. അകത്ത് സായിപ്പ് വസ്ത്രമില്ലാതെ നിന്ന് തന്റെ അരയിൽ ചോതിയുടെ മുഖം പിടിച്ചുചേർത്ത് രണ്ടു കൈകൊണ്ടും അവളുടെ തലമുടിക്കു പിടിച്ച് വേഗത്തോടെ ആട്ടുകയായിരുന്നു. അവൾ ശ്വാസംമുട്ടി പുളഞ്ഞു. സായിപ്പിന്റെ ചന്തിയിൽ കൈകൊണ്ട് അടിച്ചു. അവളുടെ കഴുത്തിലെ വലിയ ഞരമ്പ് മുഴച്ചുകണ്ടു. തോമ എന്നെ നോക്കി ചിരിച്ച് 'സായിപ്പന്മാർക്ക് ഇതാ രീതി' എന്നു പറഞ്ഞു.

ഞാൻ ചെന്ന് തിണ്ണയിൽ ഇരുന്നു. അകത്തു സായിപ്പിന്റെ ചീത്തവിളികൾ കേട്ടു. തന്തയില്ലായ്മതന്നെ. അയാൾ ആരെയാണു പറയുന്നത്? അയാളുടെ ചിരി മേഴമാൻ ചിലമ്പുന്നതുപോലെ. പെട്ടെന്ന് ഒച്ച മാറി. സായിപ്പ് ഉച്ചത്തിൽ തെറി വിളിച്ചുകൂവി. 'എന്റെ ദേവേ, എന്റെ ദേവേ' എന്നു നിലവിളിച്ചുകൊണ്ട് ചോതി പുറത്തേക്ക് ഓടിവന്നു. പിന്നിൽ എരുമത്തുകൽകൊണ്ടു ചെയ്ത ചാട്ട വീശിക്കൊണ്ട് സായിപ്പ് തുരത്തിവന്നു. മുലകൾ തുള്ളിച്ചുകൊണ്ട് ഓടിവന്ന ചോതിയുടെ തലയ്ക്ക് സായിപ്പ് കടന്നുപിടിച്ചു. അവളെ തൊഴിച്ച് താഴെയിട്ട് ചാട്ടകൊണ്ട് അടിച്ചു. അവൾ 'എന്റെ ദേവേ, എന്റെ ദേവേ' എന്നു നിലവിളിച്ച് പൂഴിമണ്ണിൽ കിടന്നു പുളഞ്ഞു. സായിപ്പ് അവളുടെ മീതേ കാർക്കിച്ചു തുപ്പിയിട്ട് എന്നെ ഒന്നു നോക്കി. ഞാൻ പുഞ്ചിരിച്ചു. സായിപ്പ് 'തന്തയില്ലാത്തവന്മാർ... മൃഗങ്ങൾ' എന്ന് എന്നോടു പറഞ്ഞിട്ട് അകത്തേക്കു പോയി. 'മൃഗങ്ങൾ...മൃഗങ്ങൾ....മൃഗങ്ങൾ നാറുന്ന ജന്തുക്കൾ' എന്ന് അയാൾ അകത്തേ മുറിയിൽ നിലവിളിക്കുന്നതു ഞാൻ കേട്ടു.

ചോതി വായിലുണ്ടായിരുന്നതു നിലത്തു തുപ്പി. ഛർദിക്കുന്നതുപോലെ അവൾ തുപ്പിക്കൊണ്ടിരുന്നു. തോമ അകത്തേക്ക് ഒന്നു നോക്കിയശേഷം പുറത്തുവന്ന് അവളുടെ തലമുടിക്കു പിടിച്ചു വലിച്ചിഴച്ച് അകത്തേക്കു കൊണ്ടുപോയി. അവൾ ശ്വാസത്തിന്റെ ഒച്ചയിൽ 'എന്റെ ദേവേ, എന്റെ ദേവേ' എന്നു പറഞ്ഞുകൊണ്ടിരുന്നു. വലിയ ഇരയെ വലിച്ചുകൊണ്ടുചെല്ലുന്ന പുള്ളിപ്പുലിയെപോലെ തോമ ശ്വാസംമുട്ടി. അടുക്കളയിൽ അവളെ കയറ്റി നിവർത്തിയിട്ട് അവൻ മുകളിൽ കയറി. അവളുടെ മീതേ അവൻ നീന്തുന്നത് ഞാൻ വെറുതേ നോക്കിനിന്നു'.

മിണ്ടാച്ചെന്നായ്
ജയമോഹൻ
മാതൃഭൂമി ബുക്‌സ്, 2019
100 രൂപ

ഷാജി ജേക്കബ്‌    
കേരള സര്‍വകലാശാലയില്‍ ഗവേഷകവിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് കലാകൗമുദി വാരികയില്‍ തുടര്‍ച്ചയായി ലേഖനങ്ങളും ഫീച്ചറുകളും എഴുതിത്തുടങ്ങി. ആനുകാലികങ്ങളിലും, പുസ്തകങ്ങളിലും, പത്രങ്ങളിലും രാഷ്ട്രീയസാംസ്‌കാരിക വിഷയങ്ങളെ സംബന്ധിച്ച നിരവധി ലേഖനങ്ങളും പഠനങ്ങളും എഴുതിയിട്ടുണ്ട്. അക്കാദമിക നിരൂപണരംഗത്തും മാദ്ധ്യമവിമര്‍ശനരംഗത്തും സജീവമായ വിവിധ വിഷയങ്ങളില്‍ ഷാജി ജേക്കബിന്റെ നൂറുകണക്കിനു രചനകള്‍ പുറത്തുവന്നിട്ടുണ്ട്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
കുടുംബ വഴക്ക് തീർക്കാനെത്തി. ഫാമിലി കൗൺസിലർ; യുവതിയുമായി അടുപ്പം സ്ഥാപിച്ച് തന്ത്രപൂർവ്വം ഭർത്താവിനെ കൂടുതൽ അകറ്റി; അതിന് ശേഷം വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം; വയനാട് കമ്മന സെന്റ് ജോർജ്ജ് താബോർ ഓർത്തഡോക്‌സ് പള്ളിയിലെ വൈദികനെ കുടുക്കി വീട്ടമ്മയുടെ പരാതി; പീഡനക്കേസിൽ ബത്തേരി താളൂർ സ്വദേശി ഫാ. ബാബു വർഗ്ഗീസ് റിമാൻഡിൽ; മലങ്കര ഓർത്തഡോക്‌സ് സഭയ്ക്ക് നാണക്കേടായി മറ്റൊരു വൈദികൻ കൂടി
പഞ്ചമി ദിനമായ ഇന്നും ഷഷ്ഠി ദിനങ്ങളായ ഒൻപതിനും പത്തിനും സപ്തമി ദിനമായ 11നും വളരെ കുറച്ചു വെള്ളം മാത്രമേ കടൽ എടുക്കൂ; തുടർന്നുള്ള 3 ദിവസങ്ങളും അപകടകരം; അഷ്ടമി, നവമി, ദശമി ദിനങ്ങളിൽ കടൽ തീരെ വെള്ളം എടുക്കില്ല; ഏകാദശി ദിനത്തിലേ വെള്ളം കടലിലേക്കിറങ്ങൂ! ഈ ദിവസങ്ങളിൽ ന്യൂനമർദ്ദം വന്നാൽ കേരളത്തെ കടലെടുക്കും; പഴമകളിൽ വിശ്വസിക്കുന്നവരും ചൂണ്ടിക്കാട്ടുന്നത് മഹാപ്രളയത്തിന്റെ സാധ്യതകൾ; പേമാരിയിലെ 'പഞ്ചമി' വിശ്വാസം ചർച്ചയാകുമ്പോൾ
ടെൻഡർ വിളിച്ച് പണി ഏൽപ്പിക്കണമെന്ന് പറഞ്ഞത് അശോകിനെ ശത്രുവാക്കി; കടുംപിടത്തം തുടർന്നപ്പോൾ അദീല അബ്ദുള്ളയ്ക്കും സ്ഥാന ചലനം; ഹരിശങ്കറിന് വേഗത പോരെന്ന് പറഞ്ഞതും ശിവശങ്കര ബുദ്ധി; ഊരാളുങ്കലിനെ മുന്നിൽ നിർത്തി കളിച്ച് താക്കോൽ സ്ഥാനം നേടി; ഒരു കോടി കമ്മീഷൻ കിട്ടാൻ മൂലയ്ക്കിരുത്തിയത് ഇരട്ട ചങ്കുള്ള ഐഎഎസുകാരെ; ലൈഫ് മിഷനെ ശിവശങ്കർ സ്വന്തമാക്കിയതും മുഖ്യമന്ത്രിയുടെ വിശ്വസ്തനെന്ന ലേബലിൽ; സ്വപ്‌നാ സുരേഷിന്റെ ലോക്കറിൽ കമ്മീഷൻ എത്തിയ കഥ
ലൈഫ് മിഷന്റെ കെട്ടിടം പണിയുന്നത് കോൺസുലേറ്റ് എന്ന് ബോർഡിലും; രാജ്യത്ത് വിദേശ രാജ്യത്തിന് അവരുടെ ഒരു ചാരിറ്റി സ്ഥാപനം വഴി നേരിട്ട് പണം ചിലവഴിച്ച് സർക്കാർ ഭൂമിയിൽ കെട്ടിടം നിർമ്മിക്കാനാകുമോ എന്ന ചോദ്യം വെട്ടിലാക്കുക പിണറായി സർക്കാരിനെ; ഒരു അനുമതിയും കൊടുത്തിട്ടില്ലെന്ന സൂചന നൽകി വിദേശകാര്യ മന്ത്രാലയവും; സ്വപ്‌നാ സുരേഷിന് ഒരു കോടി കമ്മീഷൻ കിട്ടിയ വടക്കാഞ്ചേരിയിലെ പദ്ധതിയിലും അഴിമതിക്കറ; അനിൽ അക്കരയുടെ ചോദ്യങ്ങൾ പ്രസക്തമാകുമ്പോൾ
ഡൽഹിയിൽ 12വയസ്സുകാരി നേരിട്ടത് സമാനതകളില്ലാത്ത അതിക്രൂരമായ പീഡനം; കത്രിക ഉപയോഗിച്ച് കീഴടക്കിയ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും അടി വയറ്റിലും ആഴത്തിൽ മുറിവ്; ഡൽഹി എയിംസിൽ ചികിത്സയിലിരിക്കുന്ന കുട്ടി ഇപ്പോഴും വെന്റിലേറ്ററിൽ; നാല് കൊലപാതക കേസുകളിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ: പ്രതി മുൻപ് സമാന കേസിൽ നല്ലനടപ്പിന് വിട്ടയച്ചയാൾ
അപകടത്തിൽപ്പെട്ട വിമാനം ദിശ തെറ്റിച്ച് ഇറക്കിയത് ദുരന്തമായി; സാധാരണ കാറ്റിന് എതിർ ദിശയിൽ ഇറക്കേണ്ട വിമാനം അനുകൂല ദിശയിലാണ് ലാൻഡ് ചെയ്യിച്ചത്; ഇതോടെ കാറ്റിന് അനുസരിച്ച് വിമാനത്തിന് വേഗം കൂടിയത് അപകടമുണ്ടാക്കിയെന്ന് എയർ ട്രാഫിക് കൺട്രോളിന്റെ പ്രാഥമിക റിപ്പോർട്ട്; ഓവർ ഷൂട്ടും അക്വാപ്ലെയിനിങ്ങും വില്ലനായെന്ന് പ്രാഥമിക നിഗമനം; എല്ലാം ബ്ലാക്ക് ബോക്‌സിലുണ്ട്; ടേബിൾ ടോപ്പ് എയർപോർട്ടിൽ ഇനി കൂടുതൽ ജാഗ്രത
അഞ്ച് വർഷം കാത്തിരുന്നു കിട്ടിയ കൺമണിയെ നാട്ടിലേക്ക് യാത്രയാക്കിയത് പൊന്നുമ്മ നൽകി; ഭാര്യയും മകളും സുരക്ഷിതരായി വീട്ടിലെത്തി എന്ന ഫോൺ കോളിനായി കാത്തിരുന്ന മുർത്താസയെ തേടി എത്തിയത് മകളുടെ മരണ വാർത്തയും; ഒന്നും അറിയാതെ ഉമ്മ സുമയ്യ ആശുപത്രിയിൽ: എയർപോർട്ടിൽ വെച്ച് അവസാനമായി പകർത്തിയ മകളുടെ ഫോട്ടോ കെട്ടിപ്പിടിച്ച് കരഞ്ഞ് മുർത്താസ നാട്ടിലേക്ക്
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
രാഷ്ട്രീയമില്ല, കുട്ടികളുടെ പരിപാടിയാണ് എന്നുപറഞ്ഞാണ് എന്നെ ക്ഷണിച്ചത്; കോൺഗ്രസിലെ ഒരു നേതാവിന് മാത്രമാണ് എതിർപ്പുണ്ടായിരുന്നത്; രാഹുൽ ഗാന്ധിയെ എതിർക്കുന്ന ആളെ വേണ്ടെന്നത് ആ നേതാവിന്റെ നിർബന്ധബുദ്ധിയായിരുന്നു; ചെന്നിത്തല എന്നോട് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു; ചെന്നിത്തലയെ സംഘിയാക്കിയ നാട്ടിൽ എന്നെ സംഘിയാക്കുന്നതിൽ അത്ഭുതമില്ല; വിവാദത്തിൽ മറുനാടനോട് പ്രതികരിച്ച് ശ്രീജിത്ത് പണിക്കർ
സംശയ നിഴലിലുള്ളത് കേരള അഡ്‌മിനീസ്‌ട്രെറ്റീവ് ട്രിബ്യുണൽ ചെയർമാനാക്കാൻ പിണറായി സർക്കാർ മുന്തിയ പരിഗണന കൊടുത്ത ജഡ്ജി; വ്യവസായ പ്രമുഖന്റെ ശുപാർശയിൽ നിയമന നടപടികൾ പുരോഗമിക്കുന്നതിനിടെ സ്വപ്‌നാ സുരേഷിന്റെ സ്വർണ്ണ കടത്തിൽ സംശയ നിഴലിൽ; നെടുമ്പാശേരിയിലെ 2000 കിലോയുടെ സ്വർണ്ണ കടത്ത് പരിഗണിക്കുന്നതിൽ നിന്ന് മറ്റൊരു ജഡ്ജിയുടെ പിന്മാറ്റത്തിന് കാരണവും പരിശോധനകളിൽ; 100 കോടി പിഴ വാങ്ങി 2000 കിലോ സ്വർണം വിട്ടതും സംശയകരം; എൻഐഎ കണ്ണ് എല്ലായിടത്തേക്കും
ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്‌നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം
മദ്യത്തിന് അടിമയായതിനൊപ്പം ലൈംഗിക വൈകൃതവും; പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനടക്കം നിർബന്ധിക്കുക പതിവ്; എതിര് പറഞ്ഞാൽ ക്രൂരമർദ്ദനവും; പീഡനത്തിൽ സഹികെട്ട ഭാര്യ എൻജിനീയറായ ഭർത്താവിനെ ഒഴിവാക്കിയതുകൊലപ്പെടുത്തി; സ്വകാര്യഭാഗങ്ങളിൽ മർദ്ദിച്ചു; അദ്ധ്യാപികയായ ഭാര്യ അറസ്റ്റിലായത് യുവാവിന്റെ സ്വകാര്യഭാഗങ്ങളിൽ അടക്കം പരിക്കുകൾ കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ
ഏഷ്യാനെറ്റ് ന്യൂസിന്റെ 'പണി കിട്ടിയവർ' പരമ്പര ഏറ്റുതുടങ്ങി! സർക്കാർ വകുപ്പുകളിൽ പിൻവാതിൽ നിയമനങ്ങൾ കൊഴുക്കുമ്പോൾ പിഎസ്.സി റാങ്ക് ലിസ്റ്റുകാരുടെ രോഷം സിപിഎമ്മിനെ വിറപ്പിക്കുന്നു; സിപിഎം കേരളയുടെ ഒഫീഷ്യൽ യുട്യൂബ് പേജിൽ പിഎസ് സി നിയമന വിവാദം വിശദീകരിക്കാൻ എത്തിയ എം ബി രാജേഷിന് പൊങ്കാലയുമായി റാങ്ക് ഹോൾഡേഴ്‌സ്; ന്യായീകരണ വീഡിയോയിൽ ലൈക്കിനേക്കാൾ കൂടുതൽ ഡിസ് ലൈക്കുകൾ; പോരാളി ഷാജിമാർ പോലും പാർട്ടിക്കെതിരെ തിരിയുന്ന അപൂർവ്വ പ്രതിസന്ധി
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി