Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു ദേശത്തിന്റെ കഥ

ഒരു ദേശത്തിന്റെ കഥ

ഷാജി ജേക്കബ്‌

കൃത്യം കാൽനൂറ്റാണ്ടു മുൻപ് 1993-ലാണ് ഇന്ത്യൻ ചരിത്രവിജ്ഞാനീയത്തിൽ ആധുനികതയുടെ രീതിശാസ്ത്രപദ്ധതികൾ മറികടന്ന് ജനപ്രിയചരിത്രത്തിന്റെ ആഖ്യാനസാധ്യതകൾക്കു തുടക്കം കുറിച്ചുകൊണ്ട് സ്‌കോട്ടിഷ് പൗരനായ വില്യം ഡാൾറിമ്പിളിന്റെ 'ജിന്നുകളുടെ നഗരം' (City of Djinns) പുറത്തുവരുന്നത്. ആഖ്യാനത്തിൽ ചില സമാനതകളൊക്കെയുണ്ടെങ്കിലും ഡൊമിനിക് ലാപ്പിയറും ലാറി കൊളിൻസും ചേർന്നെഴുതിയ 'Freedom at midnight' പോലുള്ള ഗ്രന്ഥങ്ങളിൽനിന്നു രീതിശാസ്ത്രപരമായി ഭിന്നമായിരുന്നു ഈ പദ്ധതിയും കൃതിയും. പിന്നീടുള്ള ഇന്ത്യൻ ചരിത്രരചനാപദ്ധതിയുടെ ചരിത്രം ഡാൾറിമ്പിളിന്റേതുകൂടിയാണ്. എന്നുമാത്രമല്ല, വലിയൊരളവോളം അദ്ദേഹത്തിന്റേതുതന്നെയുമാണ്. രാമചന്ദ്രഗുഹപോലും ജനപ്രിയചരിത്രങ്ങളുടെ രചനയിലേക്കു വഴിതിരിഞ്ഞു. The age of Kali, White Mughals, The Last Mughal, Nine lives, Kohinoor... എന്നിങ്ങനെ നിരവധി കൃതികളിലൂടെ ഇന്ത്യയുടെ ഭൂതകാലത്തെയും സംസ്‌കാരമണ്ഡലങ്ങളെയും അക്കാദമിക ചരിത്രവിജ്ഞാനീയത്തിനുപുറത്ത് ജനപ്രിയഭാവനാരൂപങ്ങളിലേക്കു പുനർനിർമ്മിക്കുന്ന വിപുലമായൊരു പദ്ധതിതന്നെ ഡാൾറിമ്പിൾ നടപ്പാക്കി. ടെലിവിഷൻ ഉൾപ്പെടെയുള്ള ബഹുജനമാധ്യമങ്ങളിലൂടെ ചരിത്രത്തിന്റെ ജനപ്രിയപാഠങ്ങൾക്ക് അദ്ദേഹം നൽകിയ വ്യാഖ്യാനങ്ങളും ആഖ്യാനങ്ങളും ഇതിനു പൂരകവുമായി. ഇതേകാലത്ത് 'ഹിസ്റ്ററിചാനൽ' സൃഷ്ടിച്ച 'ടെലിവിഷൻ ചരിത്ര'ത്തിന്റെ ആഗോളസാധ്യതയും ഓർക്കാവുന്നതാണ്.

യാത്ര, മാധ്യമപ്രവർത്തനം, നോവൽ എന്നിവയെ ചരിത്രരചനയുടെ രീതിശാസ്ത്രങ്ങളിലേക്കിണക്കിച്ചേർത്ത്, നാളതുവരെ അക്കാദമികചരിത്രങ്ങൾ നിലനിർത്തിയിരുന്ന സമീപനങ്ങളൊന്നടങ്കം പിന്തള്ളുകയായിരുന്നു, ഡാൾറിമ്പിൾ. കേരളത്തിലുമെത്തിയിട്ടുണ്ട്, തന്റെ ചരിത്രാന്വേഷണപരീക്ഷണങ്ങളുമായി അദ്ദേഹം. ഭാവിതചരിത്രങ്ങളും കഥാത്മകപുനരാഖ്യാനങ്ങളും ആനുഭവിക വ്യാഖ്യാനങ്ങളും എന്ന നിലയിൽ ഡാൾറിമ്പിളിന്റെ ഓരോ കൃതിയും ബെസ്റ്റ് സെല്ലറുകളായി. ഇന്ത്യാചരിത്രം ഇതാദ്യമായി ഒരു ജനപ്രിയപാഠരൂപവും രൂപകവുമായി മാറുകയായിരുന്നു അവയിലൂടെ.

കേരളത്തിൽനിന്നുമുണ്ടായി, ഡാൾറിമ്പിളിന് മിടുക്കനായൊരു ശിഷ്യൻ. മനു എസ്. പിള്ള. ഡാൾറിമ്പിൾ തന്റെ ആദ്യഗ്രന്ഥം, 'Xanadu' പ്രസിദ്ധീകരിച്ച അതേ പ്രായത്തിൽ, തിരുവിതാംകൂറിലെ അവസാനത്തെ മഹാറാണിയുടെ ഐതിഹാസികമായ കഥാത്മകചരിത്രം പുനരാഖ്യാനം ചെയ്തുകൊണ്ട് (The Ivory Throne) 2015-ൽ മനു തന്റെ അരങ്ങേറ്റം കുറിച്ചു. 2018-ൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചരിത്രാഖ്യാനവും പുറത്തുവന്നു- 'Rebel Sultans: The Decan from Khilji to Shivaji'.

വിപുലമായ അന്വേഷണപഠനങ്ങൾക്കും വസ്തുതാപഗ്രഥനങ്ങൾക്കുമൊപ്പം ജീവചരിത്രത്തിന്റെയും യാത്രയുടെയും നോവലിന്റെയും കലാത്മകസാധ്യതകൾ കൂട്ടിയിണക്കിയുള്ള കഥാത്മകചരിത്രത്തിന്റെ ഇത്തരമൊരു രചന മലയാളത്തിൽ ഇന്നുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല. സാമാന്യമെങ്കിലുമായി ഈ രീതിപദ്ധതി പരീക്ഷിക്കപ്പെടുന്ന ആദ്യ മലയാളകൃതിയാണ് വരുൺ രമേഷിന്റെ 'മയ്യഴി: പുഴ പറഞ്ഞ കഥയും കടൽ കടന്ന ചരിത്രവും'. സമീകരിച്ചുപറയുകയല്ല, യാത്രയെ രചനാപദ്ധതിയാക്കി നിലനിർത്തിയും കഥാത്മകമായി ഭൂതകാലത്തെ പുനർവായിച്ചും നാടകീയമായി വർത്തമാനകാലത്തെ അവതരിപ്പിച്ചും ഒരേസമയം ദേശചരിത്രപരവും ജീവചരിത്രപരവുമായി ആഖ്യാനം ഭാവനചെയ്തും വരുൺ മലയാളത്തിന്റെ മനുപിള്ളയായി മാറുന്നുവെന്നു വേണമെങ്കിൽ കരുതാം. സംഭവപരതക്കൊപ്പം അനുഭവപരത. ഭൂതത്തിനൊപ്പം വർത്തമാനം. ഓർമക്കൊപ്പം കഥകൾ. ചരിത്രത്തിനൊപ്പം മിത്തുകൾ. രേഖകൾക്കൊപ്പം കല്പനകൾ. ഭാഷയ്‌ക്കൊപ്പം ഭാഷണം-ജനപ്രിയചരിത്രത്തിന്റെ രചനാസമവാക്യങ്ങൾ 'മയ്യഴി'ക്കു നൽകുന്ന പരകായപ്രവേശങ്ങൾ അനവധിയാണ്. മയ്യഴിയുടെ നാട്ടുചരിത്രത്തിനും മയ്യഴിഗാന്ധിയുടെ ജീവചരിത്രത്തിനുമൊപ്പം ആത്മകഥയുടെ അധികമാനം കൂടി ഇണക്കിച്ചേർക്കുന്നതോടെ വരുണിന്റെ ചരിത്രരചനാസംരംഭം അപൂർവമായ ഒരു ആഖ്യാനമാനം സ്വന്തമാക്കുകയും ചെയ്യുന്നു.

മയ്യഴിഗാന്ധി ഐ.കെ. കുമാരൻ മാസ്റ്ററുടെ ജീവിതസമരങ്ങളുടെ രാഷ്ട്രീയചരിത്രവും ഫ്രഞ്ച് കോളനിയായിരുന്ന മയ്യഴിയുടെ വിമോചനത്തിനും സ്വയംഭരണത്തിനും വേണ്ടി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയസമരങ്ങളുടെ ജീവചരിത്രവുമാണ് ഈ പുസ്തകത്തിന്റെ കേന്ദ്രപ്രമേയം. സമാന്തരമായി, ഈ ചരിത്രങ്ങളിൽ പങ്കുചേർന്നും ചേരാതെയും, അവയോടൊട്ടിനിന്നും അവയെ ഒറ്റുകൊടുത്തും അവയ്ക്കു പുനരാഖ്യാനങ്ങൾ നിർമ്മിച്ചും മയ്യഴിയുടെ ഇരുപതാം നൂറ്റാണ്ടിനെ പൂർത്തീകരിച്ച ഭരണകൂടങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും കൃതികളുടെയും സംഭവങ്ങളുടെയും ഓർമകളുടെയും ഭാവനയുടെയും കഥകളും. ഒപ്പം, നാടും വീടും രണ്ടല്ലാതിരുന്ന ഒരു ദേശത്തിന്റെയും വ്യക്തിയും സമൂഹവും രണ്ടല്ലാതിരുന്ന ഒരു കാലത്തിന്റെയും സമരഗാഥകളും.

വരുണിന്റെ അമ്മമ്മയുടെ അച്ഛന്റെ അനുജനായിരുന്നു ഐ.കെ. കുമാരൻ മാസ്റ്റർ (1903-1999). മക്കളില്ലാതിരുന്ന അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ ചെയ്തതു വരുണാണ്. അദ്ധ്യാപകനും പത്രപ്രവർത്തകനും സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നത നേതാവും മയ്യഴിയിലെ വിമോചനസമരങ്ങളുടെ നടുനായകനും സ്വതന്ത്രമയ്യഴിയുടെ ആദ്യഭരണാധികാരിയുമൊക്കെയായിരുന്നു, കുമാരൻ മാസ്റ്റർ. 1936 മുതൽ 1951 വരെയുള്ള കാലത്ത് മാസ്റ്ററെഴുതിയ ഡയറിക്കുറിപ്പുകളെ ആശ്രയിച്ചും അദ്ദേഹത്തിന്റെ മരണത്തിന് ഒന്നര പതിറ്റാണ്ടിനു ശേഷം മയ്യഴിയിലൂടെ നടത്തുന്ന യാത്രകളെ മുൻനിർത്തിയും എം. മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എന്ന നോവൽ പീഠവൽക്കരിച്ച മയ്യഴിയുടെ ജനപ്രിയരാഷ്ട്രീയ ജീവചരിത്രം അപനിർമ്മിച്ചും മയ്യഴിസമരങ്ങളിൽ പങ്കെടുത്തവരിൽ ജീവിച്ചിരിക്കുന്നവരെ നേരിട്ടുകണ്ടു സംസാരിച്ചും മയ്യഴിയെക്കുറിച്ചെഴുതപ്പെട്ട ചരിത്ര, കഥാരചനകൾ പുനർവായിച്ചും മയ്യഴിയുടെ സമകാല ശിരോരേഖകൾ കണ്ടെടുത്തും സ്ഥലങ്ങളിലും നിർമ്മിതികളിലും തളംകെട്ടിക്കിടക്കുന്ന മയ്യഴിയുടെ കാലത്തിന്റെ കാലൊച്ചക്കു കാതോർത്തും എഴുതപ്പെട്ട ചരിത്രങ്ങളുയർത്തിയ ചില അവകാശവാദങ്ങളുടെ അന്തസ്സാരശൂന്യത ചൂണ്ടിക്കാണിച്ചും വരുൺ തന്റെ ആപ്പന്റെയും അദ്ദേഹത്തോടൊപ്പം മയ്യഴിയുടെ വിധിമാറ്റിയെഴുതിയ മനുഷ്യരുടെയും ജീവിതം പറയുന്നു. 

ചരിത്രം, ഓർമ, കഥ, അനുഭവം.... ആഖ്യാനത്തിന്റെ പാഠരൂപങ്ങൾ നിരവധിയാണ്. ചരിത്രഗ്രന്ഥങ്ങൾ, പത്രവാർത്തകൾ, ഡയറിക്കുറിപ്പുകൾ, കത്തുകൾ, ഉത്തരവുകൾ, അനുസ്മരണങ്ങൾ, അഭിമുഖങ്ങൾ... ചരിത്രത്തിന്റെ സ്രോതസുകളും അങ്ങനെതന്നെ. തെയ്യങ്ങളൊരുക്കുന്ന മിത്തിക്കൽ അന്തരീക്ഷം, ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഭാവാത്മകമായ കൂടിക്കലരലിനു നാടകീയമായൊരു തുടക്കം സൃഷ്ടിച്ചുനൽകുന്നുണ്ട്, 'മയ്യഴി'യിൽ. ഭഗവതിത്തെയ്യങ്ങളാടുന്ന മണ്ടോളം കാവിൽനിന്ന് കുട്ടിച്ചാത്തൻ കൂവിയാർക്കുന്ന പുത്തലം കാവിലേക്ക്. അവിടെയാണ് 1934-ൽ മഹാത്മാഗാന്ധി മയ്യഴിമക്കളെ കാണാനെത്തിയത്. വരുണിന്റെ ചരിത്രാന്വേഷണങ്ങളുടെ തുടക്കങ്ങളിലൊന്നും അവിടംതന്നെയാണ്. സ്ഥലമായും കാലമായും.

ഹരിജനോദ്ധാരണപ്രവർത്തനങ്ങൾക്കു ഫണ്ട് ശേഖരിക്കാൻ ഗാന്ധി മയ്യഴിയിലെത്തിയപ്പോൾ ഗാന്ധിക്കിടതുവശത്ത് ഐ. കെ. കുമാരനും അദ്ദേഹത്തിന്റെ ഇടതുവശത്ത് മലയൻ ഉത്തമൻ എന്ന തെയ്യവും തറകളിലിരുന്നു. മുകുന്ദന്റെ നോവലിൽ മലയൻ ഉത്തമൻ വ്രതമെടുക്കാതെ തിറകെട്ടിയാടി കഴുത്തൊടിഞ്ഞുവീണു ചത്ത കഥയുണ്ട്. ചരിത്രം കഥയായി പകർന്നാടുന്ന ഇത്തരം മുഹൂർത്തങ്ങളുടെ ചുവടുപിടിച്ചാണ് വരുൺ 'മയ്യഴി'യെഴുതാനുള്ള തന്റെ യാത്രകൾ ഭൗതികവും ഭാവിതവുമായ സ്ഥലകാലങ്ങളിലേക്കും രാഷ്ട്രീയ സംവാദങ്ങളിലേക്കും വ്യക്തികളിലേക്കും വഴിതിരിച്ചു വിടുന്നത്.

പ്രധാനമായും നാലു കൈവഴികളിലൂടെ മുന്നേറുന്നു, വരുണിന്റെ മയ്യഴിക്കഥ. ഒന്ന്, 'മഹാജനസഭ'യുടെ (ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മയ്യഴി ഘടകം) നേതൃത്വത്തിൽ നടന്ന മയ്യഴിയുടെ വിമോചനസമരങ്ങളുടെയും തുടർചരിത്രത്തിന്റെയും കഥകൾ. രണ്ട്, മഹാജനസഭയുടെയും ഐ. കെ. കുമാരൻ മാസ്റ്ററുടെയും നേതൃത്വത്തിൽ നടന്ന ഈ സ്വാതന്ത്ര്യസമരങ്ങളെയും രാഷ്ട്രീയപ്രവർത്തനങ്ങളെയും ഒറ്റുകൊടുത്ത, 'കുലംകുത്തികളായ' കമ്യൂണിസ്റ്റുകാരുടെ കഥകൾ. മൂന്ന്, അക്കാലത്തും പിൽക്കാലത്തും മയ്യഴിയുടെ രാഷ്ട്രീയാനുഭവങ്ങൾക്കു ദൃക്‌സാക്ഷിത്വം വഹിച്ചവരുടെയും ആവിഷ്‌കാരങ്ങൾ നൽകിയവരുടെയും കഥനങ്ങൾ. നാല്, മയ്യഴിയുടെ ചരിത്രം തിടംവച്ചുനിൽക്കുന്ന ഇടങ്ങളിലൂടെയും എടുപ്പുകളിലൂടെയുമുള്ള സ്ഥലയാത്രകൾ. ഒരർഥത്തിൽ ഈ നാലു കൈവഴികളും ഒന്നുചേർന്നുതന്നെയാണ് മയ്യഴിപ്പുഴക്കു സമാന്തരമായി ഈ പുസ്തകത്തിൽ ഘനീഭൂതമായ കാലംപോലെ ഒഴുകുന്നത്. എങ്കിലും ഇവയ്ക്കു ഭിന്നങ്ങളായ ചരിത്രാസ്തിത്വങ്ങളും ഭാവലോകങ്ങളും സ്വയം നിർമ്മിച്ചെടുക്കാൻ കഴിയുന്നുമുണ്ട്.

മയ്യഴിയുടെ ഇന്നലെകൾ രേഖപ്പെടുത്തുന്ന കാലത്തിന്റെ കണക്കുപുസ്തകവും ചരിത്രത്തിന്റെ പാഠപുസ്തകവുമാണ് കുമാരൻ മാസ്റ്ററുടെ ഡയറിക്കുറിപ്പുകൾ. ചില ഏടുകൾ നോക്കുക: '1947 ഓഗസ്റ്റ് 15. പതിറ്റാണ്ടുകളായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് കീഴിൽ കഴിഞ്ഞ ചുറ്റുമുള്ള ഇന്ത്യൻ പ്രദേശങ്ങളിലെല്ലാം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോഴും മയ്യഴിയിലെ മൂപ്പൻ സായ്‌വിന്റെ കുന്നിലെ കൂറ്റൻ കൊടിമരത്തിൽ ഫ്രഞ്ച് പതാക തന്നെ പാറിക്കളിച്ചു. ചുറ്റുമുള്ള ദേശങ്ങളെല്ലാം സ്വതന്ത്രമായപ്പോൾ ഫ്രഞ്ചുകാർ ഇന്ത്യവിടണമെന്ന് പ്രഖ്യാപിച്ച് കുമാരൻ മാസ്റ്റർ ഇന്ത്യൻ പതാക ഉയർത്തി പ്രതിജ്ഞയെടുത്തു.

1948 ജനുവരി 30 വെള്ളി, ആപ്പന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖപൂർണമായ ദിവസമായിരുന്നു. ഉച്ചയ്ക്ക് 2 മണിക്ക് തീവണ്ടിയിൽ ത്രിശ്ശിനാപ്പള്ളിയിലെത്തി. അന്ന് രാത്രി 7 മണിക്കാണ് ആ വാർത്തയറിഞ്ഞത്. നാഥുറാം വിനായക് ഗോഡ്‌സെ എന്ന ഹിന്ദു ഭീകരവാദിയുടെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെട്ടു. ഉടൻതന്നെ ഏഴരമണിക്കുള്ള വണ്ടിക്ക് നാട്ടിലേക്ക് പുറപ്പെട്ടു. രാത്രി 12 മണിക്ക് ഈറോഡിലെത്തി. നാലരമണിക്ക് മെയിലിൽ മലബാറിലേക്ക്.

'1948 ജനുവരി 31 ശനി. മെയിൽ രാവിലെ 11.30 മുതൽ വൈകുന്നേരം 6.05 വരെ ഷൊർണ്ണൂരിൽ നിർത്തിയിട്ടതിനാൽ വൈകുന്നേരം 4 മണിക്ക് ഭാരതപ്പുഴക്കരയിൽ വെച്ചു നടത്തിയ മഹാത്മജിയുടെ സംസ്‌കാര കർമ്മം പ്രമാണിച്ച പ്രാർത്ഥനാ പ്രസംഗത്തിൽ പങ്കെടുത്തു. രാത്രി 10 മണിക്ക് മയ്യഴിയിലെത്തി'. പിന്നെ 1948 ഫെബ്രുവരി 1 ഞായർ മുതൽ ഡയറിത്താളുകൾ നിശബ്ദമാണ്. ഒരു വരിപോലും ആ ദിവസങ്ങളിൽ ആപ്പൻ കുറിച്ചിട്ടില്ല. ഗാന്ധിജിയുടെ നെഞ്ചിലേറ്റ വെടിയുണ്ട ലക്ഷക്കണക്കിന് ഇന്ത്യാക്കാരെപ്പോലെ ആപ്പനെയും നിശബ്ദനാക്കിയിരിക്കണം'.

ഒറ്റുകാരുടെ വേരുകൾ മയ്യഴിയിൽ പണ്ടേ പടർന്നിട്ടുണ്ട്. മഹാജനസഭ മയ്യഴിയിൽ രൂപംകൊണ്ട 1938-ൽ തന്നെ ഫ്രഞ്ച് അനുകൂലികളും അവരുടെ കൂലിപ്പടയും ദേശീയവാദികളെ തെരഞ്ഞുപിടിച്ചു മർദ്ദിച്ചതിന്റെ വാർത്തകൾ 'മാതൃഭൂമി'യിൽ വരുന്നു. ആ വർഷംതന്നെ മയ്യവിയിൽ പത്രം നിരോധിക്കുന്നുമുണ്ട്. മഹാജനസഭയ്ക്കും കമ്യൂണിസ്റ്റ് പാർട്ടിക്കും പുറമെ മയ്യഴിയിലുണ്ടായിരുന്ന ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ മയ്യഴിശാഖ പ്രചരിപ്പിച്ച ഫ്രഞ്ച് വിരുദ്ധ തച്ചോളിപ്പാട്ടിൽ നിന്നൊരു ഭാഗം നോക്കുക: '1948 ൽ ഫ്രഞ്ച് അനുകൂല നിലപാട് സ്വീകരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയെയും കണക്കറ്റ് പരിഹസിക്കുന്നുണ്ട് സോഷ്യലിസ്റ്റ് തച്ചോളിപ്പാട്ടിൽ. മഹാജനസഭയ്‌ക്കൊപ്പം മയ്യഴിയിലെ സോഷ്യലിസ്റ്റുകാരും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഫ്രഞ്ച് അനുകൂല നിലപാടുകളെ അക്കാലത്ത് രൂക്ഷമായി എതിർത്തിരുന്നു. ഫ്രഞ്ച് അനുകൂലികളായ കുലംകുത്തികളാണ് കമ്മ്യൂണിസ്റ്റുകാരെന്നും അവർ വടക്കൻ പാട്ടിന്റെ ഈണത്തിൽ നീട്ടിച്ചൊല്ലി.

ബ്രിട്ടനെതിരായിക്കൊണ്ടു നമ്മൾ
നാൽപ്പത്തി രണ്ടിൽ സമരം ചെയ്‌കേ
നമ്മുടെ ശത്രുവാം ബ്രിട്ടൻ തന്റെ
ബൂട്‌സുകൾ നക്കിയുംകൊണ്ടു നമ്മെ
ചതിക്കുത്ത് കുത്തിയ വഞ്ചകന്മാർ
ചതിവിദ്യക്കാരാകും കമ്യൂണിസ്റ്റ്‌വാർ
ഇന്നിതാ വീണ്ടുമീ നാൽപ്പത്തെട്ടിൽ
പഴയപണിതന്നെ ചെയ്തീടുന്നു
ബ്രിട്ടന്റെ ബൂട്‌സുകൾ പോയതിനാൽ
ഫ്രാൻസിൻ ചെരിപ്പുകൾ നക്കീടുന്നു
മറുനാട്ടുകാരന്റെയൊറ്റുകാരായ്
തൊഴിൽനോക്കുമീക്കുലംകുത്തികളെ
കരുതേണം നാട്ടുകാർ നല്ലപോലെ'.

അന്ന്, കമ്യൂണിസ്റ്റുകളെ അവർ വിളിച്ചതാണ് കുലംകുത്തികൾ എന്ന്!

പതിറ്റാണ്ടുകൾ നീണ്ട, എത്രയെങ്കിലും ചെറുതും വലുതുമായ സമരങ്ങളുടെ തുടർച്ചയും പൂരണവുമെന്ന നിലയിൽ, 1954 ജൂലൈ 14ന് (ഫ്രഞ്ച് വിപ്ലവദിനമായിരുന്നു അത്) വിമോചനപ്പോരാളികൾ കുമാരൻ മാസ്റ്ററുടെ നേതൃത്വത്തിൽ മയ്യഴിയിലേക്കു മാർച്ച് നടത്തി മൂപ്പൻ സായ്പിന്റെ ബംഗ്ലാവ് പിടിച്ചെടുത്തു. ആ സംഭവം മംഗലാട്ട് രാഘവൻ ഇങ്ങനെ വിവരിക്കുന്നു: 'അതെ, ആ മാർച്ചിൽ ഞാനും ഉണ്ടായിരുന്നു. മയ്യഴി പാലവും കടന്ന് ഞങ്ങൾ അഡ്‌മിനിസ്‌ട്രേറ്ററുടെ ഓഫീസിന് മുന്നിലെത്തി കുത്തിയിരിപ്പ് നടത്തി. അപ്പോൾ അഡ്‌മിനിസ്‌ട്രേറ്റർ പുറത്തിറങ്ങിവന്ന് ഞങ്ങളുമായി സംസാരിച്ചു. മയ്യഴി വിട്ടുപോകാൻ തയ്യാറാണെന്ന് അയാൾ അറിയിച്ചു. വളരെ സൗഹാർദ്ദത്തിലാണ് അവരെ മയ്യഴിയിൽനിന്നും യാത്രയയച്ചത്. അന്ന് ബംഗാളിലെ ചന്ദ്രനഗോർ ഒഴികെ മറ്റ് ഫ്രഞ്ച് ഇന്ത്യൻ പ്രദേശങ്ങളിൽ നിന്നൊന്നും ഫ്രഞ്ചുകാർ വിട്ടുപോയിരുന്നില്ല. ഫ്രഞ്ച് ഇന്ത്യയിലെ സംഭവവികാസങ്ങൾ ഇന്ത്യാ ഗവൺമെന്റും ഫ്രാൻസും തമ്മിൽ ചർച്ച നടത്തിക്കൊണ്ടിരുന്ന കാലമായിരുന്നു അത്.

1948 ൽ ഒക്ടോബർ വിപ്ലവം നടത്തി ഞങ്ങൾ പിടിച്ചെടുത്ത മയ്യഴി ഏറ്റെടുക്കാനുള്ള ആവശ്യത്തെ നെഹ്‌റു ഗവൺമെന്റ് അനുകൂലിച്ചിരുന്നില്ല. ഫ്രാൻസുമായുള്ള കരാർപ്രകാരം മയ്യഴിയിൽ ജനഹിത പരിശോധന നടക്കേണ്ടതുണ്ട്. അത് നടക്കാതെ അട്ടിമറിയിലൂടെ പിടിച്ചെടുത്ത മയ്യഴിയിലേക്ക് ഇന്ത്യൻ പട്ടാളം കയറിയാൽ അതൊരു വലിയ അന്താരാഷ്ട്ര പ്രശ്‌നമാകുമെന്നതിനാലാണ് ഇന്ത്യാ ഗവൺമെന്റ് നിശബ്ദത പാലിച്ചത്.

എന്നാൽ 1954 ആയപ്പോഴേക്കും നെഹ്‌റു ഗവൺമെന്റിന്റെ നയം മാറി. ഫ്രഞ്ചുകാർക്കെതിരായും സമരക്കാർക്ക് അനുകൂലമായും ചില നിലപാടുകൾ ഈ സമയങ്ങളിൽ ഇന്ത്യാ ഗവൺമെന്റ് എടുത്തു. ആയുധധാരികളായ ഫ്രഞ്ച് പട്ടാളക്കാരോ പൊലീസോ ഇന്ത്യൻ യൂണിയൻ പ്രദേശങ്ങളിലൂടെ സഞ്ചരിക്കരുത് എന്നതായിരുന്നു അതിൽ പ്രധാനം. മയ്യഴിപ്പുഴയ്ക്ക് അപ്പുറത്തുള്ള ഫ്രഞ്ച് പ്രദേശമായ നാലുതറയിലേക്ക് പ്രവേശിക്കണമെങ്കിൽ ഇന്ത്യൻ യൂണിയനിലെ റോഡിലൂടെ പോകണം. ആ റോഡിൽ ഫ്രഞ്ച് ശിപായികൾ പോകുന്നതും ആയുധങ്ങൾ കടത്തുന്നതും വിലക്കിയതോടെ അവർ വല്ലാതെ വലഞ്ഞു. അങ്ങനെ എല്ലാ ഭാഗത്തുനിന്നുമുള്ള ഉപരോധം കാരണം മയ്യഴിയിലെ ഫ്രഞ്ച് ഭരണം ആടി ഉലയുകയായിരുന്നു. ഈ അവസരത്തിലാണ് മയ്യഴി പിടിച്ചടക്കാനായി ഞങ്ങൾ ഐ.കെ.യുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്.

1948 ലെ ഒക്ടോബർ വിപ്ലവവുമായി ബന്ധപ്പെട്ട് ഞാനുൾപ്പെടെയുള്ള മഹാജനസഭാ നേതാക്കൾക്ക് ഫ്രഞ്ച് കോടതി 20 വർഷം തടവും 1000 ഫ്രാങ്ക് പിഴയും വിധിച്ചിരുന്നു. അങ്ങനെ 20 വർഷം തടവിന് വിധിക്കപ്പെട്ടവരാണ് 1954 ലെ മാർച്ചിൽ പങ്കെടുത്തവരിൽ ഏറെയും. പാലം കടക്കുമ്പോൾ ഫ്രഞ്ച് പട്ടാളം തടയുമെന്നാണ് കരുതിയത്. എന്നാൽ അവർ തടഞ്ഞില്ല. തടയാൻ ഫ്രഞ്ച് പട്ടാളത്തിന് അനുമതി ഇല്ലായിരുന്നു. ആദ്യം ആയിരക്കണക്കിന് പേർ മയ്യഴിയിലേക്ക് മാർച്ച് ചെയ്യും എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ കെ. കേളപ്പന്റെ നിർദ്ദേശപ്രകാരം അത് നൂറിൽ താഴെ എന്നാക്കുകയായിരുന്നു. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്'.

ജൂലൈ 16ന് കുമാരൻ മാസ്റ്ററുടെ നേതൃത്വത്തിൽ 15 അംഗങ്ങളുള്ള ഡിഫൻസ് കൗൺസിൽ മയ്യഴിയുടെ ഭരണമേറ്റു. ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതിനു മുൻപ് 108 ദിവസം സ്വതന്ത്രരാജ്യമായി മയ്യഴി നിലകൊണ്ടു. പിന്നീട് തെരഞ്ഞെടുപ്പുകളിലെ തോൽവിയും ജയവും കോൺഗ്രസിൽ നിന്നുള്ള പുറത്തുപോരലും മദ്യവിരുദ്ധസമരങ്ങളുടെ നായകത്വവും മറ്റുമായി മരണം വരെ സമരതീക്ഷ്ണമായിരുന്നു, കുമാരൻ മാസ്റ്ററുടെ ജീവിതം. തൊണ്ണൂറു വയസിനുശേഷവും മയ്യഴിയിൽ ജനകീയസമരങ്ങൾക്ക് കുമാരൻ മാസ്റ്റർ നേതൃത്വം കൊടുക്കുന്ന പുളകംകൊള്ളിക്കുന്ന കാഴ്ചകൾ വരുൺ വിവരിക്കുന്നുണ്ട്. എങ്കിലും മാസ്റ്ററുടെ വ്യക്തിജീവിതത്തിലേക്കല്ല, മയ്യഴിയുടെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തിലേക്കു തന്നെയാണ് വരുണിന്റെ 'കാമറ' തിരിയുന്നത്. അതിലേറ്റവും പ്രധാനം കമ്യൂണിസ്റ്റ് പാർട്ടിയുടെ സന്ദിഗ്ദ്ധചരിത്രമാണ്. അവർ പ്രാഥമികമായും മഹാജനസഭയുടെ എതിരാളികളും ഫ്രഞ്ച് ഭരണകൂടത്തിന്റെ സഹായികളുമായിരുന്നു. അധിനിവേശത്തിൽ കമ്യൂണിസ്റ്റുകൾ കണ്ട രാഷ്ട്രീയം മയ്യഴിക്കൊപ്പമായിരുന്നില്ല, ഫ്രഞ്ചുകാർക്കൊപ്പമായിരുന്നു. കൽക്കത്താതീസിസിനെത്തുടർന്നുണ്ടായ ഒഞ്ചിയം വെടിവെയ്പിന്റെ ചരിത്രം മുൻനിർത്തിയെഴുതപ്പെട്ട മാസ്റ്ററുടെ ഡയറിക്കുറിപ്പുകളെ ആശ്രയിച്ച് വരുൺ ഇങ്ങനെ വിവരിക്കുന്നു:

'കലാപത്തിന് ശേഷം മയ്യഴിയിൽ നിന്നും വിമോചനസമരക്കാർ പലായനം ചെയ്യേണ്ടിവന്നെങ്കിലും കമ്മ്യൂണിസ്റ്റുകാർക്ക് ഫ്രഞ്ച് അനുകൂല നിലപാടുകാരണം മയ്യഴിയിൽ തങ്ങുന്നതിന് തടസമുണ്ടായില്ല. കലാപത്തെക്കുറിച്ച് അന്വേഷണം നടത്തിയ ഫ്രഞ്ച് മജിസ്‌ട്രേറ്റിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാൻ വരെ കമ്മ്യൂണിസ്റ്റുകൾക്ക് കഴിയുന്നുണ്ടെന്നും ഇത് ഗൗരവത്തോടെ കാണണമെന്നും അന്ന് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം മയ്യഴിയിൽനിന്നും റിപ്പോർട്ട് നൽകിയിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന എസ്.കെ. ബാനർജി മയ്യഴി സംഭവങ്ങളെ കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടതിന് മറുപടിയായാണ് രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഫ്രഞ്ചിന്ത്യയിലെ വിമോചന മുന്നേറ്റത്തിൽ ആദ്യഘട്ടത്തിൽ മയ്യഴിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പങ്കെടുത്തിരുന്നില്ല. അതേസമയം ജനാധിപത്യത്തിന്റെ ഈറ്റില്ലമായ ഫ്രാൻസിന്റെ ജനപ്രിയ തീരുമാനങ്ങളെ പാർട്ടി സ്വാഗതം ചെയ്തു. ഇന്ത്യയിൽ ആദ്യമായി മെയ് ദിനം ഒഴിവുദിനമായി പ്രഖ്യാപിച്ചത് പുതുച്ചേരിയിലാണ്. എട്ടുമണിക്കൂർ ജോലി, എട്ടുമണിക്കൂർ വിശ്രമം, എട്ടുമണിക്കൂർ വിനോദം എന്നത് പൊതുവിൽ ഫ്രഞ്ചിന്ത്യയിലും നടപ്പിലാക്കിയിരുന്നു. മാത്രമല്ല നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള ബൂർഷ്വാ ഗവൺമെന്റിന് കീഴിൽ നിൽക്കുന്നതിനെക്കാൾ ഫ്രാൻസിൽ വരാൻപോകുന്ന ഇടതുസർക്കാറിന്റെ ചുവടുപിടിച്ച് മയ്യഴിയിൽ നിൽക്കുകയാണ് നല്ലതെന്ന നിലപാടും ഫ്രാൻസിനെ അനുകൂലിക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചു.

ഇതിന് പുറമേ മറ്റൊരു കാരണം കൂടെയുണ്ടായിരുന്നു. സായുധ കർഷക മുന്നേറ്റങ്ങളിലൂടെ അധികാരം പിടിച്ചെടുക്കണമെന്ന് തീരുമാനിച്ച കൊൽക്കത്താ തീസിസിന് ശേഷം മലബാറിൽ അരങ്ങേറിയ സമരങ്ങളുമായി ബന്ധപ്പെട്ട് കമ്മ്യൂണിസ്റ്റ് നേതാക്കളെ ഒളിവിൽ താമസിപ്പിക്കാൻ മയ്യഴിപോലൊരു സുരക്ഷിത താവളം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആവശ്യമായിരുന്നു. മയ്യഴിയിലെ പള്ളൂർ പന്തക്കൽ പ്രദേശങ്ങളിലെ വീടുകളിൽ ഇ.എം.എസും പി. കൃഷ്ണപിള്ളയും എൻ.ഇ. ബൽറാമും ഇ.കെ. നായനാരുമെല്ലാം ഒളിവിൽ കഴിഞ്ഞു. ഇവരെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കേണ്ട ചുമതലയും മയ്യഴിയിലെ പാർട്ടിക്കായിരുന്നു. അതുകൊണ്ട് തന്നെയാവണം ഫ്രഞ്ച് അനുകൂല രാഷ്ട്രീയപ്രസ്ഥാനമായ എഫ്.എൻ.ഡിക്ക് അനുകൂലമായ നിലപാട് മയ്യഴിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സ്വീകരിച്ചത്.

മേശപ്പുറത്തുവച്ച ആ ഫയലിന് മുകളിൽ നിറയെ പൊടിയുണ്ട്. കീശയിലുണ്ടായിരുന്ന ടൗവ്വലെടുത്ത് മൂക്കിന് ചേർത്തുകെട്ടി അത് തുറന്നു. കാലങ്ങൾക്ക് ശേഷം ആരോ തങ്ങളുടെ താവളം തേടിയെത്തിയതറിഞ്ഞ് ചിതലും പാറ്റയുമെല്ലാം ഫയലിൽ നിന്നും ചാടി രക്ഷപ്പെടുന്നുണ്ട്. അവർ തിന്നുതുടങ്ങിയ കടലാസു കഷ്ണങ്ങൾക്കിടയിൽ നിന്നാണ് പഴയ ചില നോട്ടീസുകൾ കിട്ടിയത്. സോഷ്യലിസ്റ്റ് പാർട്ടിയുടെയും മഹാജനസഭയുടെയും ലഘുലേഖകളാണ് അതിൽ ഭൂരിഭാഗവും.

കുമാരൻ മാസ്റ്ററുടെയും മഹാജനസഭയുടെയും നിലപാടുകളെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള ഫ്രഞ്ച് അനുകൂല നോട്ടീസുകളും അക്കൂട്ടത്തിലുണ്ട്. അതിലേറെയും ഫ്രഞ്ച് അനുകൂല രാഷ്ട്രീയ പാർട്ടിയായ എഫ്.എൻ.ഡിയുടേതാണ്. അക്കൂട്ടത്തിൽ നിന്നാണ് 'ഹനുമാൻ' എന്ന പേരിലുള്ള അടിച്ചിറക്കിയ ഒരു നോട്ടീസ് കണ്ടുകിട്ടിയത്. 'ഹനുമാൻ' ഫ്രഞ്ച് അനുകൂലിയാണ്. മഹാജനസഭയെയും കുമാരൻ മാസ്റ്ററെയും കേരള ഗാന്ധി കെ. കേളപ്പനെയും കണക്കറ്റ് വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യുക എന്നതാണ് ഹനുമാൻ നോട്ടീസിന്റെ ഉള്ളടക്കം. മാതൃഭൂമി പത്രത്തിലൂടെ വരുന്ന മഹാജനസഭയുടെ പ്രസ്താവനയ്ക്ക് എതിർ ഭാഗമാണ് പലപ്പോഴും ആ നോട്ടീസുകളിൽ ഉണ്ടായിരുന്നത്.

അതിനിടയിൽ നിന്ന് കൗതുകമുണർത്തുന്ന മറ്റൊരു നോട്ടീസ് കൈയിൽ തടഞ്ഞു.

'മയ്യഴിയിലെ കമ്മ്യൂണിസ്റ്റുകാരുടെ മാനിഫെസ്റ്റോ!'

മയ്യഴിക്കാർക്ക് വേണ്ടി എന്തിനാവണം പ്രത്യേകമായി ഒരു കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. ആകാംക്ഷയോടെ ഞാനത് തുറന്നു.

മയ്യഴിയിലെ കമ്മ്യൂണിസ്റ്റുകാർ എന്തുകൊണ്ട് ജനാധിപത്യത്തിന്റെ വിളനിലമായ ഫ്രാൻസിന് പിന്നിൽ അണിനിരക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് നോട്ടീസ് തുടങ്ങുന്നത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന പാവന മുദ്രാവാക്യത്തോടുകൂടിയ ഒരു പുതിയ ലോകത്തിന് വഴിതെളിയിക്കാൻ ഫ്രഞ്ച് വിപ്ലവത്തിനായെന്ന് പുറത്തിറങ്ങിയ ആ നോട്ടീസ് പറയുന്നു. ഫ്രഞ്ച് വിപ്ലവദിനം ഗവൺമെന്റിനുമാത്രം ആഘോഷിക്കാനുള്ളതല്ല. ബഹുജനങ്ങൾ ഒന്നാകെ ആഘോഷിക്കേണ്ടതാണ്. ഫ്രാൻസിൽ വരാൻ പോകുന്ന ഭരണം കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും ഉൾപ്പെടുന്ന തൊഴിലാളി വർഗ്ഗത്തിന്റേതായാൽ അത് മയ്യഴിയിലെ ജനങ്ങൾക്കായി വാദിക്കുമെന്ന് ഉറപ്പുണ്ടെന്ന് ലഘുലേഖ വ്യക്തമാക്കുന്നു.

ജനകീയ ശക്തി നീണാൾ വാഴട്ടെ എന്ന് പറഞ്ഞാണ് അത് അവസാനിക്കുന്നത്. ഫ്രാൻസിനോടുള്ള ആഭിമുഖ്യം നോട്ടീസിലുടനീളം വ്യക്തമാക്കുന്നുണ്ടെങ്കിലും ഫ്രഞ്ചിന്ത്യൻ പ്രദേശത്തെ ഫ്രഞ്ച് അധികാരികളെ മാനിഫെസ്റ്റോ കുറ്റപ്പെടുത്തുന്നുണ്ട്. നാരായണൻ പൂത്തട്ടയും കെ. കണാരനുമാണ് മയ്യഴിയിലെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തയ്യാറാക്കിയത്. 1945 ജൂലായ് 12 നാണ് നോട്ടീസ് പുറത്തിറക്കിയത്.

ദേശീയപ്രസ്ഥാനത്തിന്റെ ധാരയിൽ നിന്നും തീർത്തും വിഭിന്നമായ വഴിയിലൂടെയായിരുന്നു ആദ്യഘട്ടത്തിൽ മയ്യഴിയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സഞ്ചരിച്ചത് എന്ന് തെളിയിക്കുന്നതാണ് ഈ നോട്ടീസ്. പക്ഷേ ഈ സാർവ്വദേശീയ നിലപാടുകളൊന്നും മഹാജനസഭയ്‌ക്കോ ദേശീയവാദികൾക്കോ അംഗീകരിക്കാൻ ആവുന്നതായിരുന്നില്ല'.

മഹേഷ് മംഗലാട്ട്, എം. മുകുന്ദൻ, എം. രാഘവൻ, മംഗലാട്ട് രാഘവൻ, പത്മനാഭൻനമ്പ്യാർ, കൗൺസലർ കുമാരൻ, ജാനുവമ്മ, കനകരാജ്..... മയ്യഴിയുടെ ചരിത്രത്തെയും ഭാവനയെയും ഭൂതത്തെയും രാഷ്ട്രീയത്തെയും തീപിടിപ്പിച്ച സമരഗാഥകളുടെ ഏടുകൾ തുറക്കുകയാണ് വരുൺ അഭിമുഖങ്ങളിലൂടെ.

മുകുന്ദന്റെ മയ്യഴിനോവൽ ചരിത്രത്തെ വളച്ചൊടിച്ചും വക്രീകരിച്ചും കമ്യൂണിസ്റ്റുകൾക്ക് അവർ ഇടപെടുകയോ നിർമ്മിക്കുകയോ ചെയ്യാത്ത ചരിത്രത്തിന്റെ ഉടമസ്ഥത സൃഷ്ടിച്ചുകൊടുക്കുന്ന ഭാവനയുടെ സാഹസമാണെന്ന നിശിതവിമർശനം മുന്നോട്ടുവയ്ക്കുന്നു, മഹേഷ്.

'ചരിത്രം പറയുന്ന നോവലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ. നോവലിന്റെ സഞ്ചാരവും ചരിത്രത്തിനൊപ്പമാണ്.

ഈ നോവൽ പുറത്തിറങ്ങുന്ന കാലത്ത് എനിക്കും സംശയം ഉണ്ടായിരുന്നു. ചരിത്രവും ഭാവനയും ചേർന്ന് നിൽക്കുമ്പോൾ സത്യത്തിന്റെ അതിർത്തി എന്തായിരിക്കുമെന്ന്. അത്തരം സംശയങ്ങൾ എനിക്ക് ഇപ്പോഴുമുണ്ട്. ചരിത്രത്തെ ഭാവനയുമായി ചേർത്ത് പറയുന്നത് തെറ്റാണ് എന്ന നിലപാടുള്ളയാളാണ് ഞാൻ. മുകുന്ദന്റെ നോവലിൽ മയ്യഴിയിലെ സ്വാതന്ത്ര്യസമരം നടത്തുന്നത് കമ്മ്യൂണിസ്റ്റുകാരാണ്. അത് തികച്ചും തെറ്റാണ്. മയ്യഴിയിൽ കമ്മ്യൂണിസ്റ്റുകാർ ഉണ്ടായിരുന്നു. എന്നാൽ മഹാജനസഭയാണ് മയ്യഴിയിലെ വിമോചനസമരത്തിന് നേതൃത്വം നൽകിയത്. മഹാജനസഭ എന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മലയാളം പരിഭാഷയായി ഉപയോഗിച്ചുവന്ന വാക്കാണ്.

ദേശീയ വിമോചനത്തിന് ഗാന്ധിജിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് മയ്യഴിയിലും മഹാജനസഭ രൂപം കൊള്ളുന്നത്. രൂപീകരണ കാലത്ത് കമ്മ്യൂണിസ്റ്റുകാരായിരുന്ന ചിലർക്ക് അതിൽ പ്രധാന പങ്കുണ്ടായിരുന്നു. എന്നാൽ പിന്നീട് അവർ അതിനോട് സഹകരിച്ചിട്ടില്ല. ദേശീയപ്രസ്ഥാനത്തിന്റെ കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റുകാർ എടുത്ത നിലപാടുകൾ പലതും അബദ്ധങ്ങളായിരുന്നു. അത് ഇന്ന് തർക്കിക്കേണ്ട കാര്യമേ അല്ല. മയ്യഴിയിലും അതുപോലെ വളരെ തെറ്റായ നിലപാടുകൾ അവർ സ്വീകരിച്ചിട്ടുണ്ട്.

മയ്യഴി സ്വാതന്ത്ര്യസമരം നടക്കുന്ന കാലത്ത് ഫ്രാൻസിൽ സോഷ്യലിസ്റ്റുകാർക്ക് പങ്കാളിത്തമുള്ള ഒരു സർക്കാറാണ് ഉണ്ടായിരുന്നത്. അങ്ങനെ വന്നപ്പോൾ ഒരു ഇടതുപക്ഷ ഗവൺമെന്റിന് കീഴിൽ നിൽക്കുന്നതാണ് നല്ലതെന്ന് ഫ്രഞ്ചിന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ സുബ്ബയ്യയെ പോലെ ആദരണീയരായ നേതാക്കളുള്ള പ്രസ്ഥാനമായിട്ടുപോലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മയ്യഴി വിമോചനചരിത്രത്തിൽ ഗണ്യമായ സംഭാവനകൾ ചെയ്യാൻ കഴിഞ്ഞില്ല.

പക്ഷേ മയ്യഴി സ്വാതന്ത്ര്യസമരത്തിൽ വെടിയേറ്റു മരിച്ച രണ്ട് രക്തസാക്ഷികൾ കമ്മ്യൂണിസ്റ്റുകാരായിരുന്നില്ലേ. പിന്നെങ്ങനെ കമ്മ്യൂണിസ്റ്റുകാരുടെ പങ്ക് തള്ളിപ്പറയാനാകും?

സ്വാതന്ത്ര്യസമരത്തിന്റെ ഒരു ഘട്ടത്തിൽ വിമോചനസമരത്തിന്റെ പാരമ്പര്യം അവകാശപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചെറുകല്ലായി കുന്ന് പിടിച്ചെടുക്കലും വെടിവെപ്പും നടക്കുന്നത്. ചെറുകല്ലായിയിൽ ഉണ്ടായിരുന്ന ഫ്രഞ്ച് പൊലീസ് ഔട്ട്‌പോസ്റ്റ് പിടിച്ചെടുക്കലായിരുന്നു ലക്ഷ്യം. വാസ്തവത്തിൽ അതൊരു തന്ത്രപ്രധാന സ്ഥലമേ ആയിരുന്നില്ല. മഹാജനസഭയ്ക്ക് അകത്തുണ്ടായിരുന്ന സോഷ്യലിസ്റ്റുകാരായ ആളുകൾക്ക്, സുഭാഷ് ചന്ദ്രബോസിന്റെ ഐ.എൻ.എയിലെ ഒരു ഭടനുമായി ബന്ധമുണ്ടായിരുന്നു. അവർ അയാളുടെ സഹായത്തോടുകൂടി ഔട്ട്‌പോസ്റ്റ് പിടിച്ചെടുക്കാൻ ആസൂത്രണം ചെയ്തിരുന്നു.

അനുയോജ്യമായ സമയം നോക്കിയിരിക്കെ ഈ വിവിരം കമ്മ്യൂണിസ്റ്റുകാർ അറിയുന്നു. അങ്ങനെ തിടുക്കത്തിൽ ചെറുകല്ലായിക്കുന്ന് പിടിക്കാൻ അവർ തീരുമാനിച്ചു. പക്ഷേ ആ ദിവസം ക്യാമ്പിൽ ഉണ്ടായിരുന്നത് ഫ്രഞ്ച് അനുകൂലികളായ, ദേശീയപ്രസ്ഥാനത്തോട് യാതൊരു അനുഭാവവുമില്ലാത്ത ശിപായികളായിരുന്നു. അതിൽ മലയാളികളും തമിഴന്മാരും ഉണ്ടായിരുന്നു. അനിവാര്യമായ ഏറ്റുമുട്ടലിൽ അച്യുതനും അനന്തനും വെടിയേറ്റു.

ആ രക്തസാക്ഷിത്വത്തെ വിലകുറച്ചു കാണുന്നില്ല. അത് മഹത്വപൂർണമായ ഒന്നുതന്നെയാണ്. ഒരു ദേശത്തിന്റെ വിമോചനത്തിന് വേണ്ടി ചെയ്ത മഹാത്യാഗങ്ങളിൽ ഒന്ന്. എന്നാൽ മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ മയ്യഴിയിലെ വിമോചനസമരം നടക്കുന്നത് കമ്മ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിലാണ്. അതിൽ കോൺഗ്രസ്സുകാരോ സോഷ്യലിസ്റ്റുകാരോ ഇല്ല. മയ്യഴിയിലെ കമ്മ്യൂണിസ്റ്റുകാരുടെ പങ്ക് ഈ രീതിയിലാണെന്ന് ഇന്ന് എല്ലാവർക്കുമറിയാം. അപ്പോൾ അതൊരു വലിയ ചോദ്യമാണ്. ചരിത്രം കൈകാര്യം ചെയ്യുന്ന എഴുത്തുകാരൻ അദ്ദേഹം ഫിക്ഷൻ റൈറ്റർ ആണെങ്കിൽക്കൂടി ചരിത്രത്തെ ഈ രീതിയിൽ കൈകാര്യം ചെയ്യുന്നത് ശരിയാണോ എന്ന ചോദ്യം.

എന്നാൽ ഇന്നേവരെ ഇതിനെ ആരും ചോദ്യം ചെയ്തതായി എനിക്ക് അറിവില്ല. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിനെപ്പറ്റി കുമാരൻ മാസ്റ്റർക്ക് എന്താണ് അഭിപ്രായം എന്നറിയാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാരാണ് മയ്യഴി സ്വാതന്ത്ര്യസമരം നയിച്ചത് എന്ന് നോവലിൽ പറയുന്നതിനോടൊന്നും മാഷ്‌ക്ക് വിരോധമുണ്ടായിരുന്നില്ല. അവൻ അങ്ങനെയെങ്കിലും എഴുതിയല്ലോ എന്ന സമീപനമായിരുന്നു കുമാരൻ മാസ്റ്റർക്ക്'.

 

മുകുന്ദനോട് വരുൺ ഈ വിഷയം ഉന്നയിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: 'മയ്യഴിയുടെ സ്വാതന്ത്ര്യസമരത്തിൽ കമ്മ്യൂണിസ്റ്റുകാരുടെ പങ്ക് എന്താണ് എന്നത് ഇന്നും തർക്കമുള്ള വിഷയമാണ്. പലരും പറയുന്നത് അവർക്ക് ഒരു പങ്കും ഉണ്ടായിരുന്നില്ല എന്നാണ്. പക്ഷേ ഇവിടുത്തെ സ്വാതന്ത്ര്യസമരചരിത്രത്തിൽ വെടിയേറ്റു മരിച്ച രണ്ട് രക്തസാക്ഷികളാണുള്ളത്. അവർ രണ്ടുപേരും കമ്മ്യൂണിസ്റ്റുകാരായിരുന്നു. അച്യുതനും അനന്തനും. അങ്ങനെ നോക്കുമ്പോൾ എനിക്ക് തോന്നുന്നത് നമുക്ക് അങ്ങനെ പറയാം എന്നാണ്. എന്താണ് അവരുടെ പങ്ക് എന്നു ചോദിച്ചാൽ അവരുടെ ജീവൻ നൽകി എന്നുള്ളതാണ്. അപ്പോ അത് മതി എന്ന് തോന്നി എനിക്ക് ന്യായീകരിക്കാൻ. മറ്റൊന്ന് മയ്യഴിയിലെ യുവാക്കളിലുണ്ടാക്കിയ പ്രബുദ്ധത, ധൈഷണികത, അതൊക്കെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഭാവനയാണ്. കുഞ്ഞനന്തൻ മാഷൊക്കെ അതിന് ജീവിക്കുന്ന ഉദാഹരണങ്ങളാണ്. കുമാരൻ മാഷൊക്കെ ചെയ്തതുപോലെ അത്രയും പ്രായോഗികമായി അവർ ഇടപെട്ടിട്ടില്ലായിരിക്കും. പക്ഷേ അവർക്ക് ഒരു പങ്കുണ്ട്. അത് നമുക്ക് തള്ളിപ്പറയാനാകില്ല.

എന്നാലും മയ്യഴിപ്പുഴയുടെ തീരങ്ങൾ വായിച്ചവർക്ക് സ്വാതന്ത്ര്യസമരം നയിച്ചത് പൂർണ്ണമായും കമ്മ്യൂണിസ്റ്റുകാരാണ് എന്നൊരു ധാരണ ഉണ്ടാകുന്നുണ്ട്.

അത് വരുന്നത് കുഞ്ഞനന്തന്മാസ്റ്റർ, ദാസൻ തുടങ്ങിയ കഥാപാത്രങ്ങളിലൂടെയാണ്. അതേസമയം കണാരൻ, വാസൂട്ടി അങ്ങനെ ഒരുപാട് കഥാപാത്രങ്ങൾ ഉണ്ടല്ലോ. എല്ലാം കൂട്ടിവച്ച് വായിക്കുമ്പോൾ എനിക്ക് തോന്നുന്നത് അങ്ങനെ തോന്നുന്നില്ല എന്നാണ്. കമ്മ്യൂണിസ്റ്റുകാരനായ കുഞ്ഞനന്തൻ മാഷ് സമരം നയിക്കുന്നില്ലല്ലോ. അതേസമയം സ്വാതന്ത്ര്യസമരം നയിക്കുന്നതിൽ ദാസന് വലിയൊരു പങ്കുണ്ട്. പലരും എന്നോട് പറഞ്ഞിട്ടുണ്ട് ഈ നോവലിൽ പറയുന്ന പല കാര്യങ്ങളും വാസ്തവമല്ല എന്ന്. വെള്ളയാങ്കല്ലിൽ ആത്മാവുകളൊന്നുമില്ല എന്ന്. ഈ നോവലിൽ പറഞ്ഞിരിക്കുന്ന നിരത്തുകൾ ഇവിടെയുണ്ടായിരുന്നില്ല എന്ന്. അതൊക്കെ മുകുന്ദൻ സൃഷ്ടിച്ചതാണ്. എന്റെ അഭിപ്രായത്തിൽ അങ്ങനെ ഉണ്ടായിരുന്നോ ഇല്ലയോ എന്നത് എഴുത്തുകാരന്റെ പ്രശ്‌നമല്ലല്ലോ. അത് ഉണ്ടായിരുന്നില്ലെങ്കിലും ഉണ്ട് എന്നുള്ളതാണ്.

ജീവിതത്തിലെ യാഥാർത്ഥ്യവും എഴുത്തിലെ യാഥാർത്ഥ്യവും വ്യത്യസ്തമാണ്. അപ്പോൾ അങ്ങനെയാണ് കാണേണ്ടത്. നോവലിൽ മയ്യഴിയുടെ സ്വാതന്ത്ര്യസമരം എന്നത് ഒരു അസംസ്‌കൃത വസ്തുവാണ്. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ഒരു ചരിത്രനോവലല്ല. അത്തരത്തിൽ ചരിത്രവുമായി അതിന് ബന്ധമില്ല എന്ന് തന്നെ പറയാം. ഇതൊരു സർഗ്ഗാത്മക കൃതിയാണ്. എത്രയായാലും എഴുത്ത് എന്നുള്ളത് വ്യക്തിനിഷ്ഠമായ, ആത്മനിഷ്ഠമായ ഒന്നാണ്'. (വീഡിയോ കാണുക)

മുകുന്ദന്റെ സഹോദരൻ എം. രാഘവനും വിമോചനപ്പോരാളി മംഗലാട്ട് രാഘവനും മുകുന്ദന്റെ നോവൽ മയ്യഴിയുടെ ചരിത്രത്തോടും രാഷ്ട്രീയത്തോടും സത്യസന്ധത കാണിച്ചില്ല എന്ന വിമർശനം ഉന്നയിക്കുന്നുണ്ട്.

മഹാജനസഭ മയ്യഴി വിമോചനത്തിൽ സ്വീകരിച്ച സമീപനങ്ങളുടെ കഥ മംഗലാട്ട് രാഘവനും കമ്യൂണിസ്റ്റ് പാർട്ടി വഹിച്ച പങ്കും കൈക്കൊണ്ട നയങ്ങളും കൗൺസലർ കുമാരനും വിശദീകരിക്കുന്നു.

ഒരുപക്ഷെ കമ്യൂണിസ്റ്റുകാർ ഫ്രഞ്ച് ഭരണകൂടത്തോടു പുലർത്തിയ കൂറിന്റെയും വിധേയത്വത്തിന്റെയും ഏറ്റവും പ്രകടമായ തെളിവ്, കേരളത്തിലെ പ്രമുഖരായ കമ്യൂണിസ്റ്റ് നേതാക്കളെല്ലാം തന്നെ മയ്യഴിയിലാണ് വർഷങ്ങളോളം സുരക്ഷിതരായി ഒളിവിൽ കഴിഞ്ഞിരുന്നത് എന്നതുതന്നെയാണ്. ഇ.എം.എസും ഏ.കെ.ജിയും കൃഷ്ണപിള്ളയും നായനാരും ബാലറാമും ഒക്കെ. മൂച്ചിക്കൽ പത്മനാഭനായിരുന്നു മയ്യഴിയിലെ മാവോ. പന്തക്കലെ താലാമ്മയുടെ വീടായിരുന്നു അവരുടെ ഏറ്റവും പ്രധാനപ്പെട്ട ഒളിവിടം. താലാമ്മയുടെ മകൾ ജാനുവമ്മയുമായുള്ള അഭിമുഖത്തിൽ, അക്കാലങ്ങളിലെ കമ്യൂണിസ്റ്റ് നേതാക്കളുടെ ഒളിവനുഭവങ്ങൾ വരുൺ മറനീക്കുന്നു (വീഡിയോ കാണുക).

'മയ്യഴി'യുടെ ആഖ്യാനകല യാത്രകളുടേതാണ് എന്നു സൂചിപ്പിച്ചു. സ്ഥലങ്ങളിലും കാലങ്ങളിലും കുഴമറിഞ്ഞുകിടക്കുന്ന ചരിത്രത്തിന്റെ മേച്ചിൽപ്പുറങ്ങളാണ് ഈ യാത്രകൾ വെളിപ്പെടുത്തുന്നത്. വെള്ളിയാങ്കല്ല് തേടിയുള്ള കടൽയാത്ര മാത്രമല്ല, മയ്യഴിപള്ളിയും സെമിത്തേരിക്കുന്നും മൂപ്പൻ സായ്‌വിന്റെ ബംഗ്ലാവും പാതാറും ഇടിഞ്ഞുപൊളിഞ്ഞ കോട്ടയും ഒരിക്കൽ ലബൂർദനെ കോളേജായിരുന്ന സ്‌കൂളും പെട്രോളിനും മദ്യത്തിനും തീറെഴുതിക്കൊടുത്ത മയ്യഴിയിലെ തെരുവുകളും കാവുകളും അമ്പലങ്ങളും റെയിൽവേ സ്റ്റേഷനും പുഴയും... മയ്യഴി അതിന്റെ കഥയും ചരിത്രവും ഇഴനെയ്യുന്ന രാഷ്ട്രീയജീവിതം വിസ്മയകരമായി വിവരിക്കുകയാണ് ഈ പുസ്തകം.

മലയാളത്തിൽ മുൻപു നമുക്കു പരിചയമില്ലാത്ത ഒരു പുസ്തകനിർമ്മാണ സങ്കേതികത കൂടി അവതരിപ്പിക്കുന്നുണ്ട് വരുണിന്റെ 'മയ്യഴി'. ക്യു.ആർ. കോഡുകളിലൂടെ ഈ പുസ്തകത്തിൽ ഉൾച്ചേർത്തിട്ടുള്ള ധാരാളം ഓഡിയോ, വീഡിയോ റെക്കോർഡുകൾ വായനയുടെ ഭാഗമാക്കാം എന്നതാണത്. കേൾവിയും കാഴ്ചയും പൂർത്തീകരിക്കുന്ന മൾട്ടിമീഡിയാ വായനയുടെ നവമാധ്യമകാലത്തിന്റെ സൃഷ്ടിയാണ് 'മയ്യഴി'. കുട്ടികൾക്കുള്ള മാസികകളിൽ ഏറെ പ്രചാരം നേടിക്കഴിഞ്ഞിട്ടുണ്ട് മലയാളത്തിൽ ഈ രീതി. മനോജ് നിരക്ഷരന്റെ 'മുസിരിസ് രേഖകൾ' ഈ സാങ്കേതികകല ഉപയോഗപ്പെടുത്തിയ പുസ്തകമാണെന്നു കേൾക്കുന്നു. എന്തായാലും അഭിമുഖങ്ങൾ, യാത്രകൾ, ചരിത്രരേഖകൾ, പത്രവാർത്തകൾ എന്നിവയൊക്കെ ശബ്ദ, ദൃശ്യ രൂപത്തിൽ ഇവിടെ പുസ്തകത്തിന്റെ തന്നെ ഭാഗമാകുന്നു. മയ്യഴിയിലെ തെയ്യങ്ങളുടെ ഫോട്ടോഗാലറി, കുമാരൻ മാസ്റ്ററുടെ ഡയറിക്കുറിപ്പുകൾ, മുഴുവൻ അഭിമുഖങ്ങൾ, വെള്ളിയാങ്കല്ലിലേക്കുള്ള യാത്ര, വിവിധ സംഭവങ്ങളോടു ബന്ധപ്പെട്ട പത്രവാർത്തകൾ, തച്ചോളിപ്പാട്ട്, മൂപ്പൻ സായ്‌വിന്റെ ബംഗ്ലാവ് എന്നിവയൊക്കെ ഈ ശബ്ദ-ദൃശ്യശേഖരത്തിലുണ്ട്. പുസ്തകത്തിന്റെ മാത്രമല്ല, വായനയുടെയും ഭാവികളിലൊന്ന് ഈ മൾട്ടിമീഡിയാ അനുഭവത്തിന്റെ സാധ്യതകളാണ് എന്നു കരുതാം.

മയ്യഴിയുടെ ഗ്രന്ഥരചനക്കു ചെലവാക്കിയതിനെക്കാൾ സമയവും ഊർജ്ജവും ധനവും അധ്വാനവും ഈ ശബ്ദ-ദൃശ്യരേഖകൾക്കു വേണ്ടിവന്നുവെന്ന് അരുൺ സൂചിപ്പിക്കുന്നു. 'മയ്യഴി'യെ ജനപ്രിയചരിത്രത്തിന്റെ മലയാളചരിത്രത്തിൽ സ്ഥാനപ്പെടുത്തുന്നതിൽ ഈ ശ്രമത്തിനുള്ള പങ്കും ചെറുതല്ല.

പുസ്തകത്തിൽ നിന്ന്:-

' 'പ്രിയപ്പെട്ട നാട്ടുകാരേ,

മയ്യഴിയിലെ ഫ്രഞ്ച് സാമ്രാജ്യത്വ ഭരണം അവസാനിപ്പിച്ച് മയ്യഴിയെ മാതൃഭാരതത്തോട് കൂട്ടിച്ചേർക്കുന്നതിന് വേണ്ടി കഴിഞ്ഞ ഏപ്രിൽ 9ന് മഹാജനസഭ ആരംഭിച്ച വിമോചനസമരം ഇന്ന് അതിന്റെ അന്ത്യഘട്ടം പ്രാപിക്കുവാൻ പോകുകയാണ്. വിമോചനസമരത്തിന്റെ അവസാനഘട്ടമെന്ന നിലയിൽ മഹാജനസഭ പ്രസിഡന്റ് ശ്രീ. ഐ.കെ. കുമാരന്റെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 3 മണിക്ക് ആയിരക്കണക്കിന് മഹാജനസഭ വോളണ്ടിയർമാർ മയ്യഴിയിലേക്ക് മാർച്ച് ചെയ്യുന്നതായിരിക്കും. ഫ്രഞ്ച് സാമ്രാജ്യത്തിന്റെ വെടിയുണ്ടകൾക്ക് വിരിമാറ് കാണിക്കുവാൻ തയ്യാറെടുത്തുകൊണ്ട് മുന്നേറുന്ന സന്നദ്ധ സംഘം നമ്മുടെ ദേശീയസമരത്തിന്റെ മഹത്തായ പാരമ്പര്യം നിലനിർത്തിക്കൊണ്ട് അഹിംസാനിഷ്ഠരായിട്ടാണ് മയ്യഴിയിൽ പ്രവേശിക്കുക.

മയ്യഴിയിൽ പ്രവേശിക്കുന്നതിന് മുമ്പായി ഉച്ചയ്ക്ക് മയ്യഴിപ്പാലത്തിന്നടുത്തു ചേരുന്ന പൊതുയോഗത്തിൽ ശ്രീ. കെ. കേളപ്പൻ, സർദാർ ചന്ദ്രോത്ത് മുതലായ നേതാക്കന്മാർ പങ്കെടുക്കുന്നതായിരിക്കും'.

(1954 ജൂലൈ 14ന് വിതരണം ചെയ്ത മഹാജനസഭയുടെ നോട്ടീസിൽനിന്ന്)

പതിറ്റാണ്ടുകൾ നീണ്ട ഫ്രഞ്ച് ഭരണം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മഹാജനസഭ. കൂട്ടിയും കിഴിച്ചും സമരത്തിന്റെ ഗതി എന്താണെന്ന് മഹാജനസഭാ നേതാക്കൾ വിലയിരുത്തി. അതിനിടയിലേക്കാണ് ഒരാൾ അപ്രതീക്ഷിതമായി കുമാരൻ മാസ്റ്ററെ തേടി ഇന്ത്യൻ പ്രദേശത്തുള്ള മഹാജനസഭ ഓഫീസിലേക്ക് കയറിവന്നത്.

'14നു കാലത്ത് ഞാൻ ഉറക്കമുണർന്നത് അഡ്‌മിനിസ്‌ട്രേറ്ററുടെ പ്രത്യേക ദൂതനെ കണികണ്ടുകൊണ്ടാണ്. അദ്ദേഹത്തിന് എന്നെ ഒരുതവണകൂടെ കാണണമത്രേ. ഞാനതിന് സമ്മതിച്ചു. മുമ്പ് ഞങ്ങൾ കൂടിക്കാഴ്ച നടത്തിയ പൂഴിത്തല അതിർത്തിയിലെ അതേ മാളികയിൽ എത്താൻ ആവശ്യപ്പെട്ടു. അദ്ദേഹം എത്തിയപ്പോൾ കുറേ നേരം സംസാരിച്ചു. അവസാനം അധികാരം കൈമാറാൻ അദ്ദേഹം തത്വത്തിൽ സമ്മതിച്ചു. എന്നാൽ ഫ്രഞ്ച് സായുധസേനയെ പിൻവലിക്കുന്ന കാര്യത്തിലും മറ്റും ചില പ്രശ്‌നങ്ങൾ ഉത്ഭവിച്ചു. പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാൻ ചർച്ചയ്‌ക്കെത്തിയ കേരളഗാന്ധി കേളപ്പനെ അഡ്‌മിനിസ്‌ട്രേറ്റർ വിദേശി എന്ന് വിളിച്ച് ആക്ഷേപിച്ചു. ഫ്രഞ്ചുകാർക്ക് ഇന്ത്യൻ പൗരന്മാരെല്ലാം അന്ന് വിദേശികളാണ്' (കുമാരൻ മാസ്റ്റർ സപ്തതി സ്മരണിക).

ഇതോടെ രംഗം വഷളായി. പരസ്പരം പോർവിളിച്ചുകൊണ്ട് യോഗം അലസിപ്പിരിഞ്ഞു. കേളപ്പനെ വിദേശി എന്ന് വിളിച്ചത് കേട്ട് ക്ഷുഭിതരായ അണികൾ സായിപ്പിനെ ബന്ദിയാക്കാൻ തുനിഞ്ഞു. ശത്രുവിനോട് പോലും മര്യാദ കാണിക്കണം, അദ്ദേഹത്തെ തൊടരുതെന്നു പറഞ്ഞ് കേളപ്പജി തന്നെ രംഗം ശാന്തമാക്കി.

ആയിരക്കണക്കിന് സമരഭടന്മാരുമായി മയ്യഴിയിലേക്ക് മാർച്ച് ചെയ്തുവരണമെന്നും അവിടെവച്ച് കാണാമെന്നും പറഞ്ഞായിരുന്നു കുമാരൻ മാസ്റ്ററുടെ ഇറങ്ങിപ്പോക്ക്. മാർച്ച് ചെയ്ത് മയ്യഴിയിലേക്ക് കടക്കാൻ ആരെങ്കിലും ശ്രമിച്ചാൽ തന്റെ പട്ടാളത്തിന്റെ തോക്കുകളായിരിക്കും നേരിടുകയെന്ന് ദെഷാം വെല്ലുവിളിച്ചു.

വൈകുന്നേരം അഞ്ചരയ്ക്ക് മയ്യഴിപാലത്തിനടുത്ത് മഹാജനസഭ യോഗം ചേർന്നു. മാർച്ചിന് നേതൃത്വം മയ്യഴി ഗാന്ധി ഐ.കെ. കുമാരൻ മാസ്റ്ററായിരിക്കുമെന്ന് കേരള ഗാന്ധി കെ. കേളപ്പൻ പ്രഖ്യാപിച്ചു. കൂടിനിന്ന ചിലർ കുമാരൻ മാസ്റ്ററെ കെട്ടിപ്പിടിച്ചു. ചിലർ പൊട്ടിക്കരഞ്ഞു. ഇതുകണ്ടുനിന്ന കേളപ്പൻ അവിടെ കൂടിയ ആയിരങ്ങളോടായി വികാരഭരിതനായി പറഞ്ഞു.

'മയ്യഴിയിലേക്കു സന്നദ്ധ ഭടന്മാരെയും നയിച്ചുപോകുന്ന ഐ.കെ. കുമാരൻ ഏതെങ്കിലും ഫ്രഞ്ചുപട്ടാളക്കാരന്റെ വെടിയേറ്റ് നിലംപതിച്ചാൽ ഒരു തുള്ളി കണ്ണുനീർ ഞാൻ പൊഴിക്കുകയില്ല. സ്വന്തം നാടിന്റെ മോചനത്തിന് വേണ്ടിയുള്ള ഐതിഹാസികമായ സമരത്തിൽ തന്റെ കടമ നിറവേറ്റിയതിന് ഒരു ധർമ്മ ഭടൻ എന്ന നിലയിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയേ ചെയ്യൂ....'.

സ്വാതന്ത്ര്യസമരത്തിന്റെ അവസാന പോരാട്ടം ജൂലായ് 14ന് നിശ്ചയിക്കപ്പെട്ടതിന് ചരിത്രപരമായ ഒരു കാരണം കൂടിയുണ്ടായിരുന്നു. 1789 ജൂലൈ 14നാണ് ഫ്രഞ്ച് വിപ്ലവം നടന്നത്. ലൂയി പതിനാലാമന്റെ ദുർഭരണം അവസാനിപ്പിക്കാൻ ഫ്രാൻസിലെ ബാസ്റ്റിൻ കോട്ടയിലേക്ക് വിപ്ലവപോരാളികൾ മാർച്ചുനടത്തിയതും പൊരിഞ്ഞ യുദ്ധത്തിനൊടുവിൽ കോട്ട കീഴടക്കിയതും ഇതേ ദിവസമായിരുന്നു. ഏകാധിപത്യവും ജനവിരുദ്ധതയും കടപുഴക്കി എറിഞ്ഞ ആ ദിവസം തന്നെയാണ് മയ്യഴി മാർച്ച് നടത്താൻ മഹാജനസഭയും തെരഞ്ഞെടുത്തത്. മൂപ്പൻ സായ്‌വിന്റെ കുന്നായിരുന്നു മാർച്ചിന്റെ ലക്ഷ്യസ്ഥാനം. എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടായാൽ നേരിടാനായി മലബാർ സ്‌പെഷൽ പൊലീസിന്റെ സായുധസംഘം പുഴയ്ക്കപ്പുറം മയ്യഴിക്കഭിമുഖമായി നിലയുറപ്പിച്ചു.

അങ്ങനെ നേരത്തെ നിശ്ചയിച്ചതിലും വൈകി മയ്യഴി മാർച്ച് ആരംഭിച്ചു. ആയിരക്കണക്കിന് പേർ മയ്യഴിയിലേക്ക് മാർച്ച് ചെയ്യും എന്നത് പിന്നീട് തിരുത്തപ്പെട്ടു. കെ. കേളപ്പന്റെ നിർദ്ദേശപ്രകാരം ആദ്യം 100 പേർ മാർച്ച് ചെയ്താൽ മതിയെന്ന് നിശ്ചയിക്കപ്പെട്ടു. ആയിരങ്ങൾ ഒന്നിച്ച് മാർച്ച് ചെയ്താൽ അത് ക്രമസമാധാന പ്രശ്‌നങ്ങൾക്ക് ഇടയാക്കിയേക്കുമെന്നും മറ്റൊരു കലാപത്തിന് മയ്യഴി സാക്ഷ്യം വഹിച്ചേക്കുമെന്നും കേളപ്പജി ഭയന്നിട്ടുണ്ടാകണം. പക്ഷേ കമ്മ്യൂണിസ്റ്റുപാർട്ടി മറ്റൊരു രീതിയിലാണ് ഈ വെട്ടിക്കുറയ്ക്കലിനെ കണ്ടത്. മാർച്ചിൽ നിന്നും തങ്ങളെ ഒഴിവാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്ന് അവർ വിശ്വസിച്ചു.

അങ്ങനെ മയ്യഴിപാലത്തിനടുത്ത് തടിച്ചുകൂടിയ സമരഭടന്മാരിൽ നിന്നും നൂറുപേരെ തിരഞ്ഞെടുത്തു. നീണ്ട മുളന്തണ്ടിൽ കെട്ടിയ ദേശീയപതാകയുമായി കുമാരൻ മാസ്റ്റർ മുന്നിൽ നടന്നു. മഴ ചെറുതായി പെയ്യുന്നുണ്ട്. എല്ലാവരും തൊണ്ടപൊട്ടുമാറുച്ചത്തിൽ 'ഫ്രാൻസെ ക്വിത്ത ലേന്ത്' വിളിച്ചു മയ്യഴി ലക്ഷ്യമാക്കി നടന്നു. അവരുടെ ചുരുട്ടിപ്പിടിച്ച മുഷ്ടികൾ ആകാശത്തേക്കുയർന്നു. മാർച്ചിൽ പങ്കെടുക്കാൻ കഴിയാത്തവർ വെടിവെപ്പിന്റെ ശബ്ദവും കാതോർത്ത് പാലത്തിന് അപ്പുറത്ത് അക്ഷമരായി നിന്നു. മാർച്ച് പിന്നെയും മുന്നോട്ടു നീങ്ങി. രണ്ട് നൂറ്റാണ്ടുകാലം മൂപ്പൻ സായ്‌വിന്റെ കുന്നിലെ കൂറ്റൻ കൊടിമരത്തിൽ പാറിക്കളിക്കുന്ന ഫ്രഞ്ച് കൊടി താഴ്‌ത്തി ഇന്ത്യൻ ത്രിവർണപതാക ഉയർത്തണം. അതുമാത്രമാണ് അവരുടെ ലക്ഷ്യം.

അങ്ങനെ പാലം പാതി കടന്ന് അവർ ഫ്രഞ്ച് മയ്യഴിയിലെത്തി. പട്ടാളം നിറതോക്കുകളുമായി അവിടെ നിന്നും പിൻവാങ്ങുന്ന കാഴ്ചയാണ് അവർ കണ്ടത്. മയ്യഴിയുടെ മണ്ണിൽ ആരും മാർച്ച് തടഞ്ഞില്ല. പകരം പാലത്തിനപ്പുറത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ മാർച്ചിനെ സ്വാഗതം ചെയ്തു. അവരും മാർച്ചിനൊപ്പം കൂടി. തങ്ങളെ മാർച്ചിൽനിന്നും ഒഴിവാക്കാൻ നടത്തിയ ശ്രമത്തിനുള്ള മധുരപ്രതികാരമായിരുന്നു അവർക്കത്.

മാർച്ച് ഭരണസിരാകേന്ദ്രമായ 'ഒത്തേൽ ദ്യു ഗുവോർണമാം'യ്ക്ക് മുന്നിലെത്തി. അവിടെയും മാർച്ചിന് നേരെ തോക്കുചൂണ്ടി നിൽക്കുന്ന പട്ടാളക്കാരെ കണ്ടില്ല. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയതുപോലെ ഫ്രഞ്ചുകാരും ഈ മണ്ണ് വിട്ടുപോകണമെന്ന് കുമാരൻ മാസ്റ്റർ പ്രസംഗിച്ചു. കുറച്ച് സമയത്തിന് ശേഷം അടച്ചിട്ട ബംഗ്ലാവിന്റെ ഗേറ്റുകൾ തുറന്ന് ദെഷാം പുറത്തേക്കുവന്നു.

ഫ്രഞ്ചിന്ത്യൻ മണ്ണിൽ ഉയർന്നുനിൽക്കുന്ന ഇന്ത്യൻ ദേശീയപതാകയെയും ഉച്ചത്തിൽ മുദ്രാവാക്യങ്ങൾ വിളിക്കുന്ന പ്രവർത്തകരെയും നോക്കി ദെഷാം അൽപ്പനേരം മിണ്ടാതെ നിന്നു. പിന്നെ ഫ്രാൻസിന്റെ നിലപാട് അറിയിച്ചു.

'മായേ സേത്ത് ആ വൂ'

മയ്യഴി നിങ്ങളുടേതാണ്'.

മയ്യഴി
വരുൺ രമേഷ്
കറന്റ് ബുക്‌സ്
250 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP