Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരിച്ചുപോകാനാവാത്ത വീടുകൾ

തിരിച്ചുപോകാനാവാത്ത വീടുകൾ

ഷാജി ജേക്കബ്

ചുവന്നദശകത്തിന്റെ (1967-77) ശവക്കല്ലറയ്ക്കുമേൽ എഴുതപ്പെട്ട രാഷ്ട്രീയ ചരമവാക്യങ്ങളിലൊന്നാണ് ഷീബ ഇ.കെ.യുടെ 'മഞ്ഞനദികളുടെ സൂര്യൻ'. ഇത് ഒരു സിന്ദൂരപ്പൊട്ടിന്റെ ഗൃഹാതുരമായ ഓർമ്മയല്ല; നാലുഘട്ടങ്ങളിലായി നടന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളിൽ മൂന്നാമത്തേതിന്റെ കുമ്പസാരക്കുറിപ്പാണ്. വിശദീകരിച്ചുപറഞ്ഞാൽ, 1917 നവംബറിൽ നടന്ന ഒക്ടോബർ വിപ്ലവത്തിന്റെ അലയടിയിൽ ഒന്നരപതിറ്റാണ്ടിനുശേഷം ഉടലെടുത്ത ഇന്ത്യൻ കമ്യൂണിസ്റ്റ്പ്രസ്ഥാനം, വീണ്ടും ഒന്നരപതിറ്റാണ്ടിനുശേഷം 1948-ലെ കൽക്കത്താതീസിസിനെത്തുടർന്ന് അതിനുകൈവന്ന പ്രകടമായ ഹിംസാത്മകത, വീണ്ടും ഒന്നരപതിറ്റാണ്ടിനുശേഷം ഇന്ത്യൻ കമ്യൂണിസ്റ്റ്പാർട്ടിയിലെ പിളർപ്പിനെത്തുടർന്ന് 1967-ൽ രൂപംകൊണ്ട നക്‌സലൈറ്റ് രാഷ്ട്രീയം, ഏറ്റവുമൊടുവിൽ, മുഖ്യധാരാ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ആഗോളവൽക്കരണത്തിനും മുതലാളിത്ത താല്പര്യങ്ങൾക്കും കീഴടങ്ങിയതോടെ, നവകൊളോണിയൽ-സാമ്രാജ്യത്ത-ഭരണകൂട അജണ്ടകൾക്കെതിരെ കരുത്താർജ്ജിച്ച മാവോയിസ്റ്റ് പ്രസ്ഥാനം എന്നിങ്ങനെ വിഖ്യാതങ്ങളായ നാലുസന്ദർഭങ്ങളും ചേർന്നുസൃഷ്ടിച്ച ഇന്ത്യൻ 'വിപ്ലവ'ചരിത്രത്തിന്റെ സാംസ്‌കാരിക കുറ്റപത്രം. ഭരണകൂട കമ്യൂണിസത്തിന്റെ ഒരു നൂറ്റാണ്ടും നക്‌സലിസത്തിന്റെ അരനൂറ്റാണ്ടും ആഘോഷിക്കപ്പെടുന്ന 2017-ൽതന്നെ എഴുതപ്പെട്ടു എന്നതാണ് ഈ നോവലിന്റെ ഭാവുകത്വപരമായ കാവ്യനീതികളിലൊന്ന്.

രാഷ്ട്രീയമണ്ഡലത്തിൽ സംഭവിച്ച ജനാധിപത്യോന്മുഖവും മാനവികവുമായ കമ്യൂണിസ്റ്റ് 'വ്യതിചലന'ത്തിന്റെ സ്വരം ഏറ്റവും കൂടുതൽ കേൾപ്പിച്ചത് സാഹിത്യ, സാംസ്‌കാരിക പ്രവർത്തകരാണ്. 1950-കളുടെ തുടക്കം മുതൽ മലയാളത്തിൽ ചുവടുറപ്പിച്ച ആധുനികതാവാദത്തിന്റെ അടിസ്ഥാനരാഷ്ട്രീയം ദേശീയ ജനാധിപത്യത്തിലും ഗാന്ധിയൻ മാനവികതയിലുമൂന്നിയ കമ്യൂണിസ്റ്റ് വിരുദ്ധതയായിരുന്നു. ആധുനികാനന്തരതയിൽ അത് കുറെക്കൂടി സർഗാത്മകവും സൂക്ഷ്മവുമായി എല്ലാത്തരം രാഷ്ട്രീയ സർവാധിപത്യ വ്യവസ്ഥകളെയും വിമർശിച്ചു നിലനിൽക്കുകയും ചെയ്യുന്നു.

എംപി. പോൾ, സി.ജെ. തോമസ്, തകഴി, ഇടശ്ശേരി, വൈലോപ്പിള്ളി, അക്കിത്തം, ഗോവിന്ദൻ, അയ്യപ്പപ്പണിക്കർ, വിജയൻ, ആനന്ദ്, സക്കറിയ, സുകുമാരൻ, സി.ആർ. പരമേശ്വരൻ, അടൂർഗോപാലകൃഷ്ണൻ, എൻ.എസ്. മാധവൻ, സാറാജോസഫ്, ടി.പി. രാജീവൻ, ഇ. സന്തോഷ്‌കുമാർ, എസ്. ഹരീഷ്, വിനോയ്‌തോമസ്... കഴിഞ്ഞ ഏഴുപതിറ്റാണ്ടിന്റെ മലയാളഭാവനയിലുടനീളം പ്രകടമായിരുന്നു, ഈ രാഷ്ട്രീയ വിമർശനവും സാംസ്‌കാരിക നിർമ്മിതിയും. ഷീബയുടെ നോവൽ എഴുതപ്പെടുന്ന പശ്ചാത്തലവും മറ്റൊന്നല്ല.

രാഷ്ട്രീയമോഹഭംഗത്തിലും 'പരാജയപ്പെട്ട ദൈവ'സങ്കല്പത്തിലും നിന്നുടലെടുത്ത മലയാള ആധുനികതയുടെ വിമർശനസ്വഭാവമുള്ള സാംസ്‌കാരിക മാനവികതാവാദത്തുടർച്ചകളിലൊന്ന് എന്ന നിലയിൽ മാത്രമല്ല 'മഞ്ഞനദികളുടെ സൂര്യൻ' ശ്രദ്ധേയമാകുന്നത്. 'എഴുത്തുകാരി' എന്ന എക്കാലത്തെയും പ്രസിദ്ധമായ സ്ത്രീവാദസാഹിത്യരാഷ്ട്രീയത്തിന്റെ ഭാവനാത്മകപാഠരൂപവുമാണ് ഈ കൃതി. പുരുഷഎഴുത്തുകാർ 'എഴുത്തുകാര'നെ അവതരിപ്പിക്കുന്നതിനെക്കാൾ എത്രയോ മടങ്ങധികം രാഷ്ട്രീയതീവ്രമായാണ് സ്ത്രീഎഴുത്തുകാർ 'എഴുത്തുകാരി'യെ അവതരിപ്പിക്കുന്നത്! കാരണം, അത്, ആധുനികതയിൽ സ്ത്രീക്കുകൈവന്ന ഏറ്റവും സർഗാത്മകവും സംഘർഷാത്മകവുമായ സ്വത്വങ്ങളിലൊന്നിന്റെ രൂപകമാണ്. നിശ്ചയമായും 'സ്വന്തമായൊരു മുറി' ഇന്നത്തെ എഴുത്തുകാരിയുടെ മുഖ്യ ആകുലതയല്ല. അത്തരം സാമൂഹിക-ഭൗതിക പരിമിതികൾ കുറെയെങ്കിലും മറികടന്ന് ബൗദ്ധികമായ ഉണർവുനേടിയവരാണ് ഇന്നത്തെ എഴുത്തുകാരികൾ. എങ്കിലും ലളിതാംബികയും സരസ്വതിയമ്മയും മാധവിക്കുട്ടിയും മുതൽ സാറാജോസഫും അഷിതയും വരെയുള്ളവർ പ്രശ്‌നവൽക്കരിച്ച 'എഴുത്തുകാരി'യുടെ സാമൂഹികവും സംവാദാത്മകവുമായ അസ്തിത്വം ഇന്നും പലനിലകളിൽ ആവർത്തിക്കപ്പെടുന്നുണ്ട്. ഷീബയുടെ നോവൽ എഴുത്തുകാരിയെന്ന രൂപകത്തെ ആഖ്യാനത്തിന്റെ കേന്ദ്രചിഹ്നമായി പ്രതിഷ്ഠിക്കുകയും അതിലൂടെ എഴുത്തിന്റെ രാഷ്ട്രീയത്തിലും രാഷ്ട്രീയത്തിന്റെ എഴുത്തിലും, കലാത്മകമായി ഇടപെടാൻ ശ്രമിക്കുകയും ചെയ്യുന്നു.

സ്ത്രീവാദസാഹിത്യത്തിന്റെ പ്രത്യയശാസ്ത്ര നിലപാടുകളെ അപഹസിക്കുന്ന ഭൂതകാല രാഷ്ട്രീയവിപ്ലവകാരിയുടെ കാഴ്ചപ്പാടുകൾ നോവലിലെ നായകനും 'എഴുത്തുകാരി'യുടെ വിശ്വാസപ്രമാണം നായികക്കുമുള്ളതിനാൽ ഈ രചന ഒരു സ്ത്രീപക്ഷസാഹിത്യമാതൃകയായി പരിഗണിക്കപ്പെടാനിടയില്ല. എങ്കിലും മേല്പറഞ്ഞ രണ്ടു സാംസ്‌കാരിക രാഷ്ട്രീയങ്ങളുടെയും അനുലോമപരമോ പ്രതിലോമപരമോ ആയ ആഖ്യാനമാതൃകയെന്ന നിലയിൽ 'മഞ്ഞനദികളുടെ സൂര്യൻ' വായിക്കപ്പെടുകതന്നെ വേണം.

കഥാകൃത്തായറിയപ്പെടുന്ന നിരുപമയെന്ന ബാങ്കുദ്യോഗസ്ഥ 'ചുവന്നഭൂമി'യെന്ന രചനയിൽ ഇടതുതീവ്രവാദത്തിന്റെ രാഷ്ട്രീയവിപര്യയങ്ങളെക്കുറിച്ചെഴുതിയതിനെത്തുടർന്ന് അവർക്കു ലഭിച്ച മൂന്ന് ഇ-മെയിൽ സന്ദേശങ്ങളാണ് നോവലിന്റെ ആഖ്യാനപരവും ഭാവനാപരവുമായ ആരംഭം കുറിക്കുന്നത്. 'രാഷ്ട്രീയാധുനികത'യെക്കുറിച്ചും 'ചുവന്നദശക'ത്തെക്കുറിച്ചും കൂടുതലെഴുതാനുള്ള വെല്ലുവിളിയായിരുന്നു, sun of the yellow river' എന്ന വിലാസത്തിൽനിന്നു വന്ന ആ ഇ-മെയിലുകളുടെ കാതൽ.

ഫോർട്ടുകൊച്ചിയിൽ, 'ഹിറാത്' എന്ന വാടകവീട്ടിൽ ആദിയെന്ന അരാജകവാദിയായ ചിത്രകാരനുമൊത്തു ജീവിക്കുകയാണ് നിരുപമ. വീട്ടുകാരെ വെറുപ്പിച്ചും സങ്കടപ്പെടുത്തിയും ആദിയുടെ കൂടെ ഇറങ്ങിപ്പോന്നതാണ് അവൾ. അയാളാകട്ടെ, ഒന്നിൽനിന്നടുത്തതിലേക്ക് എന്ന മട്ടിൽ പെണ്ണിനെയും ലഹരിയെയും പുണർന്നുനടന്നവനും. നിരുപമ ആകെ തളർന്നകാലങ്ങൾ. ഒടുവിൽ അവർ വേർപിരിയാൻ തീരുമാനിച്ചു. ആ സമയത്താണ് 'മഞ്ഞനദികളുടെ സൂര്യൻ' അവളെത്തേടിവന്നത്. അതൊരു വെല്ലുവിളിയായി ഏറ്റെടുത്ത നിരുപമ ചിറയ്ക്കൽ എന്ന വിപ്ലവഗ്രാമത്തിലേക്കു സ്ഥലംമാറ്റം വാങ്ങി. ചുവന്നദശകത്തെക്കുറിച്ചൊരു നോവലെഴുതുക എന്നതായിരുന്നു, അവളുടെ മുഖ്യലക്ഷ്യം.

രഞ്ജൻ എന്ന പഴയ നക്‌സലൈറ്റാണ് നോവലിലെ നായകബിംബം. ചിറയ്ക്കലിൽനിന്നു പടർന്ന വിപ്ലവത്തിന്റെ തീയിൽ കൗമാരം ചൂടുപിടിപ്പിച്ച, വ്യവസ്ഥകളിൽ അസ്വസ്ഥനായ സർക്കാരുദ്യോഗസ്ഥനാണയാൾ. ബ്യൂറോക്രസിയുടെ മനുഷ്യവിരുദ്ധതയ്ക്കും ട്രേഡ് യൂണിയൻ മുഷ്‌കിനുമിടയിൽ തിളയ്ക്കുന്ന വിപ്ലവവീര്യം അയാളെ ശ്വാസം മുട്ടിച്ചു.

നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ തളർന്ന സിംഹം പത്മസേനന്മാഷ്. പൊലീസ് ജീപ്പിനു തീകൊടുത്ത് ചാവേറായി മാറിയ ദുർഗാപ്രസാദ്. ജീവിക്കുന്ന രക്തസാക്ഷി അലിഭായി. പരാജയപ്പെട്ട വിപ്ലവങ്ങളുടെ അവശിഷ്ടം, സുബൈർ... ചിറയ്ക്കലിന്റെ ചുവന്ന സൂര്യന്മാരെ രഞ്ജൻ നിരുപമക്കു പരിചയപ്പെടുത്തി. പത്രപ്രവർത്തനത്തിന്റെയും ഫീച്ചറെഴുത്തിന്റെയും രീതിശാസ്ത്രം പിൻപറ്റി അഭിമുഖവും അനുഭവമെഴുത്തുമൊക്കെയായി നോവലിന്റെ ചരിത്രവൽക്കരണവും വയനാട്ടിലെ കൂട്ടുകാരിയുടെ വീട്ടിലെത്തി നോവലിന്റെ രചനയും സാക്ഷാത്കരിക്കുന്നു, നിരുപമ.

അതോടെ, രഞ്ജനും പത്മസേനനും നിരുപമയുമുൾപ്പെടെയുള്ളവരുടെ ഒരു സൗഹൃദസംഘം രൂപപ്പെടുകയും എഴുപതുകളുടെ ഇരകൾക്കും ഓർമ്മക്കുമേൽ മറവിയുടെ മഹാഘാതമേറ്റവർക്കുമായി കടൽത്തീരത്ത് ഒരു ശരണാലയം പണിത് ശിഷ്ടകാലം അവിടെ ജീവിക്കാൻ അവർ തീരുമാനിക്കുകയും ചെയ്യുന്നു. ആദി മരിച്ചതോടെ നിരുപമ നോവലിനിട്ട പേരും 'ഹിറാത്' എന്നുതന്നെയായിരുന്നു. നക്‌സൽകാലങ്ങളെയും അതിന്റെ ജൈവരാഷ്ട്രീയത്തെയും കുറിച്ച് ചലച്ചിത്രകാരൻ ശിവൻ നിർമ്മിച്ച ഡോക്യുമെന്ററിക്കൊപ്പം ആ നോവലും പ്രകാശനം ചെയ്യപ്പെട്ടു. ജോലി രാജിവച്ച് നിരുപമയും രഞ്ജനും പത്മസേനനോടും ഭാര്യയോടുമൊപ്പം ശരണാലയത്തിലേക്കു മാറുന്നതോടെ നോവലവസാനിക്കുന്നു.

രണ്ടുവിതാനങ്ങളിലാണ് ഈ നോവലിന്റെ ആഖ്യാനം മുന്നേറുന്നത്. അരുണദശകത്തിന്റെ ഭൂതവും നോവലെഴുത്തുനടക്കുന്ന വർത്തമാനവും എന്ന നിലയിലല്ല ഇത്. മറിച്ച്, ഭൂതവർത്തമാനങ്ങൾ കലങ്ങിയൊഴുകുന്ന രാഷ്ട്രീയചരിത്രത്തിന്റെയും വൈകാരികചരിത്രത്തിന്റെയും ധാരകളെന്ന നിലയിലാണ്.

രാഷ്ട്രീയചരിത്രത്തിന്റെ ആഖ്യാനപാഠം ഇങ്ങനെ സംഗ്രഹിക്കാം. അറുപതുകളിൽ ബംഗാളിലെത്തിയ പത്മസേനൻ നക്‌സൽബാരി കലാപത്തിന്റെ കാലത്ത് തിരിച്ചു നാട്ടിലെത്തി അദ്ധ്യാപകനായി. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആഭ്യന്തരശൈഥില്യവും വിമതവാദവും പിളർപ്പും നേതൃകലാപവും വിപ്ലവവ്യതിചലനവുമൊക്കെയായി തിളച്ചുനിന്ന അറുപതുകളുടെ രണ്ടാം പകുതി. ദുർഗാപ്രസാദ് എന്ന സർക്കാരുദ്യോഗസ്ഥനുമായി ചേർന്ന് പത്മസേനൻ തലശ്ശേരി, പുൽപ്പള്ളി, മാനന്തവാടി, കായണ്ണ മാതൃകയിലുള്ള കലാപങ്ങൾ ആസൂത്രണം ചെയ്യുന്നു. അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിൽ അടിച്ചമർത്തപ്പെട്ട നക്‌സലൈറ്റ് മുന്നേറ്റങ്ങളുടെ യഥാർഥചരിത്രത്തിന്റെ നിഴൽരൂപമായി മാറുന്ന കഥാപാഠമാണ് ഷീബ ഇവിടെ രൂപപ്പെടുത്തുന്നത്. പെട്രോൾ കന്നാസിൽ ശേഖരിച്ചു മുന്നോട്ടുപോയ പൊലീസ് ജീപ്പിന് അതിനുള്ളിലിരുന്നുതന്നെ തീവെച്ച ദുർഗാപ്രസാദ് പക്ഷെ പത്മസേനനെ രക്ഷിച്ചിട്ടാണ് വെന്തുമരിച്ചത്. പൊള്ളലേറ്റ പത്മസേനനുമേൽ ഭരണകൂടവും പൊലീസും ഏറ്റവും കിരാതമായ മർദ്ദനങ്ങളഴിച്ചുവിട്ടു. പിൽക്കാലത്ത് പുകയുന്ന അഗ്നിപർവതംപോലെ അയാൾ ചിറയ്ക്കലിൽ ഭാര്യയോടൊപ്പം ജീവിച്ചു.

നക്‌സലൈറ്റ് പ്രസ്ഥാനത്തിലാകൃഷ്ടനായ കോളേജ് വിദ്യാർത്ഥി രഞ്ജൻ, വീട്ടുകാരുടെ എതിർപ്പും അമ്മയുടെ കണ്ണീരും വകവയ്ക്കാതെ രാഷ്ട്രീയത്തിലിറങ്ങി നാട്ടുകാരുടെ ശത്രുവായി മാറി. 'വിപ്ലവാ'നന്തരം ജനകീയ സാംസ്‌കാരികവേദിയുടെ പ്രവർത്തനങ്ങളിൽ പങ്കാളിയായി. (ജനകീയ സാംസ്‌കാരികവേദി ഒരു വൻ പരാജയമായിരുന്നു എന്ന് നിരുപമയോട് അയാൾ ഏറ്റുപറയുന്നുണ്ട്). ജനശത്രുക്കളായി മുദ്രകുത്തിയ ജന്മിയായ പാപ്പച്ചന്റെയും ചാക്കോ മാപ്പിളയുടെയും മറ്റും ഉന്മൂലനത്തിലും. പിന്നീട് കുറെക്കാലം ഗൾഫിൽ പണിയെടുത്തു പണമുണ്ടാക്കി തിരിച്ചുവന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കുന്നു, രഞ്ജൻ.

അങ്ങനെയിരിക്കവെയാണ് നിരുപമയുടെ 'ചുവന്നഭൂമി'യെന്ന കഥ വായിച്ച് അയാൾ അവൾക്ക് ഇ-മെയിലുകളയയ്ക്കുന്നതും തുടർന്ന് നിരുപമ ചിറയ്ക്കലെത്തുന്നതും രഞ്ജനോടും മറ്റും ചങ്ങാത്തം സ്ഥാപിക്കുന്നതും നോവലെഴുതി പൂർത്തിയാക്കുന്നതും ഒടുവിൽ തങ്ങൾക്കൊപ്പം ഒരു ശരണാലയത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാകുന്നതും ജോലി രാജിവച്ച് അവിടെ താമസമാക്കുന്നതുമൊക്കെ.

എഴുപതുകളുടെ തുടർച്ചയായി പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യയിലുടനീളം തീപോലെ പടർന്നുപിടിച്ച മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെയും കേരളത്തിൽ അതു സൃഷ്ടിച്ച പ്രകമ്പനങ്ങളുടെയും ദേശീയ ജനാധിപത്യരാഷ്ട്രീയത്തിൽ വഴിത്തിരിവു സൃഷ്ടിച്ച ആം ആദ്മി പാർട്ടിയുടെയുമൊക്കെ സൂചനകളും സന്ദർഭങ്ങളും നോവലിലെ രാഷ്ട്രീയചരിത്രത്തിന്റെ ഭാഗമായി മാറുന്നു.

നിരുപമയുടെ നോവലെഴുത്തിന്റെ ഭാഗമായി ചുരുൾനിവരുന്നതോ, നോവലെഴുത്തിന്റെ കാലത്തു സംഭവിക്കുന്നതോ ആണ് ഭൂത-വർത്തമാനങ്ങളുടെ ഭാവസംയുക്തമായ ഈ രാഷ്ട്രീയചരിത്രം. ഇതിനു സമാന്തരമായി നോവലിലുള്ള വൈകാരിക ചരിത്രമോ? അതിങ്ങനെയാണ്:

നിരുപമയെന്ന ക്രിസ്ത്യൻ പെൺകുട്ടിക്കു കോളേജിലുണ്ടായ പ്രണയത്തിന്റെ ഫലമായിരുന്നു, ആദിയുമൊത്തുള്ള ജീവിതം. കലാകാരനും കാമാതുരനുമായിരുന്ന ആദി ലഹരിക്കും ലൈംഗിക രോഗങ്ങൾക്കുമടിമയായി മാറിയതോടെ അവരുടെ ദാമ്പത്യം തകർന്നു. വീട്ടിലെ മുതിർന്ന സ്ത്രീകളുടെ ലൈംഗികാതിക്രമത്തിനിരയായ ബാല്യകൗമാരങ്ങൾ പിന്നിട്ടുവന്നവനാണ് ആദി. ലൈംഗികസാഹസങ്ങളും അർമാദങ്ങളും അവനെ ലഹരിപോലെ ആവേശിച്ചു. നിരുപമയുടെ ജീവിതം എഴുത്തിന്റെ കൈവഴികളിലേക്കു മാറിയൊഴുകി. ഉപേക്ഷിച്ചുപോന്ന അപ്പനുമമ്മയും സഹോദരനും അവളെ കൈവിട്ടില്ല. പക്ഷെ മറവിയുടെ പിടിയിലമർന്ന് അമ്മ ശരണാലയത്തിലാകുമ്പോഴേ നിരുപമയ്ക്ക് അതിന്റെ വില മനസ്സിലായുള്ളു. ആദി, രോഗം മൂർഛിച്ചു മരിച്ചതോടെ രഞ്ജനുമായി അവൾക്ക് ഒരാത്മബന്ധം രൂപപ്പെടുന്നു. വൈകാരികമെന്നതുപോലെതന്നെ രാഷ്ട്രീയവും ബൗദ്ധികവുമായ ഒന്ന്.

രഞ്ജന്റെ കുടുംബമാണ് മറ്റൊന്ന്. അയാൾ മുറുകെപ്പിടിച്ച ആദർശങ്ങളൊന്നടങ്കം തച്ചുതകർത്തുകൊണ്ടാണ് ഏകമകൾ കീർത്തി തന്റെ പ്രണയവും വിവാഹവും ജീവിതസങ്കല്പവും കെട്ടിപ്പടുക്കുന്നത്. ചെറുപ്പത്തിൽ, ആദിയുടേതിനു സമാനമായ പുരുഷ, സ്ത്രീ ലൈംഗികാതിക്രമങ്ങൾ രഞ്ജനും അനുഭവിക്കുന്നുണ്ട്. രാഷ്ട്രീയത്തിലാകൃഷ്ടനായി വീടുവിട്ട രഞ്ജനും മാതാപിതാക്കൾക്കു നൽകിയത് ദുഃഖം മാത്രമായിരുന്നു. മകളിൽനിന്ന് അയാൾക്കു കിട്ടുന്നതും മറ്റൊന്നല്ല.

ഹോസ്റ്റലിൽ നിരുപമയുടെ റൂംമേറ്റായുള്ള ഭാനുമതിയമ്മയുടെ കുടുംബമാണ് മറ്റൊന്ന്. നന്ദികെട്ട മക്കളും ഭർത്താവും അവരുടെ ജീവിതം നരകമാക്കി.

നിരുപമ നോവലെഴുതാൻ അജ്ഞാതവാസം തുടങ്ങിയതോടെ രഞ്ജൻ വല്ലാത്ത വൈകാരിക സംഘർഷത്തിലായി. ഭാര്യ, മകളുടെ കൂടെ താമസിക്കാൻ വിദേശത്തു പോയതോടെ ആകെ ഒറ്റപ്പെട്ട അയാൾ നാടുവിട്ടു. ഡൽഹിയിലെ ചുവന്ന തെരുവിലും ഉത്തരേന്ത്യൻ നഗരങ്ങളിലുമലഞ്ഞ അയാളെ നിരുപമയുടെ സന്ദേശം തിരികെ നാട്ടിലെത്തിച്ചു.

ഒരർഥത്തിൽ നക്‌സലിസത്തിന്റെ രാഷ്ട്രീയപാഠങ്ങളെക്കാൾ, ഭഗ്നമായ വിപ്ലവവും നഷ്ടമായ പ്രണയവും കൂട്ടിയിണക്കുന്ന ജനപ്രിയകാല്പനികപാഠങ്ങളാണ് 'മഞ്ഞനദികളുടെ സൂര്യ'നിൽ മുന്നിട്ടുനിൽക്കുന്നത് എന്നു പറയാം.

നിരുപമയുടെ നോവലെഴുത്താണ് 'മഞ്ഞനദിക'ളുടെ പ്രമേയമെങ്കിലും ഇതിവൃത്തമായി വികസിക്കുന്നത് അതല്ല. ആ നോവലിനുപുറത്തുള്ള കാര്യങ്ങളാണ്; കഥകളും. ഒരളവോളം നിരുപമയുടെ നോവൽ ഭൂതവും ഷീബയുടെ നോവൽ വർത്തമാനവുമാകുന്ന രാസപ്രക്രിയ. പക്ഷെ എഴുത്തിന്റെ രാഷ്ട്രീയവും രാഷ്ട്രീയത്തിന്റെ എഴുത്തും ഈ കൃതിയിൽ അത്രമേൽ തമ്മിലിണങ്ങിനിൽക്കുന്നുണ്ടെന്നു പറഞ്ഞുകൂടാ.

രഞ്ജനും മകളും തമ്മിലുള്ള ബന്ധത്തിലെ ധ്രുവാന്തരം തന്നെയാണ് ആദിയും നിരുപമയും തമ്മിലുള്ളതും. രഞ്ജനും ഗീതയും തമ്മിലുള്ള ബന്ധവും വെറും യാന്ത്രികമാണ്. രഞ്ജന് മാതാപിതാക്കളോടുണ്ടായ അകലം തന്നെയാണ് നിരുപമക്കുമുണ്ടായത്. പിതാപുത്രബന്ധങ്ങളിലും ഭാര്യാഭർതൃബന്ധങ്ങളിലും സംഭവിക്കുന്ന വൈകാരിക ഭൂകമ്പങ്ങളാണ് തലമുറകളെയും കാലങ്ങളെയും തമ്മിൽ തമ്മിലകറ്റി അപമാനവീകരിക്കുന്നത്. ഒരർഥത്തിലും തിരിച്ചുപോകാനാവാത്ത വീടുകളാണ് ഓരോരുത്തരും പിന്നിലുപേക്ഷിച്ചുപോരുന്നത്. 'ശരീരത്തിന്റെ, സ്വാർഥതയുടെ, മനസിന്റെ, കാമനകളുടെ ചായംതേച്ച, മുഖംമൂടിയണിഞ്ഞ ആനന്ദനൃത്തമല്ലേ പ്രണയം?' എന്ന് രഞ്ജൻ സ്വയം ചോദിക്കുന്നുണ്ട്. രഞ്ജന്റെ കൗമാരപ്രണയവും കീർത്തിയുടെ പ്രണയവും രഞ്ജന് നിരുപമയോടുണ്ടാകുന്ന വൈകിയ പ്രണയവും ആദിക്കു നിരുപമയോടുണ്ടായ പ്രണയവുമൊക്കെ ഈ ചോദ്യത്തിനുള്ള പല ഉത്തരങ്ങളായി നിലനിൽക്കുന്നു.

എഴുത്തും രാഷ്ട്രീയവും ഒന്നിച്ചുകൊണ്ടുപോകാൻ കഴിയാത്തവരാണ് ഒറ്റയ്‌ക്കൊറ്റയ്ക്ക് നിരുപമയും രഞ്ജനും. അതുകൊണ്ടാണ് അവർ ഒന്നിക്കുന്നത്. ജോലി രാജിവച്ചുപോകുമ്പോൾ നിരുപമ സഹപ്രവർത്തകനോടു പറയുന്നതിങ്ങനെയാണ്. 'എഴുത്ത്, അതെന്റെ കൂടെയുണ്ടാവും മാധവേട്ടാ. ജീവിക്കാൻ അതുമാത്രം പോരെന്നു തോന്നുന്നു'.

പത്മസേനനും നിരുപമയും രഞ്ജനുമൊക്കെ സ്വന്തം മാതാപിതാക്കളോടും ഒന്നോ രണ്ടോ തലമുറ മനുഷ്യരോടും ചെയ്ത പാപങ്ങളുടെ കറ കഴുകിക്കളയാനാണ് മറവിരോഗം ബാധിച്ചവർക്കായുള്ള പരിചരണകേന്ദ്രം തുടങ്ങാൻ തീരുമാനിക്കുന്നത്.

അമ്മയുടെ മറവി നിരുപമയിൽ സൃഷ്ടിക്കുന്ന വൈകാരികപ്രതിസന്ധി പോലെതന്നെയാണ് രാഷ്ട്രീയത്തിലെ മറവി രഞ്ജനിലും മറ്റും സൃഷ്ടിക്കുന്ന വൈചാരിക പ്രതിസന്ധിയും. അങ്ങനെ മറിവയെന്നത് ഈ നോവലിൽ ഓർമയുടെ മാത്രമല്ല, ജീവിതത്തിന്റെ തന്നെ അപരവും മറുപുറവുമായി മാറുന്നു. പേരറിയാത്ത പൂച്ചെടികൾ നട്ടുപിടിപ്പിക്കുന്നതിനിടെ രഞ്ജൻ, താൻ പണ്ട് നിരുപമക്കയച്ച ഇ-മെയിലുകളുടെ കാര്യം അവളെ ഓർമ്മിപ്പിക്കാനൊരുങ്ങുന്നു. അതു തടഞ്ഞുകൊണ്ട് അവൾ അയാളെ നോക്കി പുഞ്ചിരിച്ചു. ഷീബ എഴുതുന്നു: 'വരണ്ട മണ്ണടരുകളിൽനിന്ന് വസന്തത്തിന്റെ തീഷ്ണസുഗന്ധങ്ങൾ അവർക്കു തിരിച്ചറിയാനായി'.

വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോർത്ത്, ഹിംസയുടെ വഴി തെരഞ്ഞെടുത്തപ്പോൾ ഓർമകളെ മറവികൊണ്ടു മറയ്ക്കുകയായിരുന്നു, അവർ. ഇപ്പോഴിതാ അതേ മറവിക്കെതിരെ ഓർമകൾ കൊണ്ടു യുദ്ധം ചെയ്യുകയായിരിക്കുന്നു, അവരുടെ നിയോഗം. ഒരിക്കലും തിരിച്ചുപോകാനാവാത്ത വീടുകൾ വിട്ടുപോന്ന മനുഷ്യരുടെ അനിവാര്യമായ വിധിയും ദുരന്തവും മറ്റൊന്നല്ല എന്നു സ്ഥാപിക്കുകയാണ് 'മഞ്ഞനദികളുടെ സൂര്യൻ'.

നോവലിൽ നിന്ന്:-

'ജൂൺ ആറിനു വൈകിട്ട് ടൗൺഹാളിൽവച്ചാണ് പുസ്തകപ്രകാശനവും സിനിമ റിലീസിങ്ങും. മഴക്കാലം വരാൻ ഒരാഴ്ച താമസിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ മുന്നറിയിപ്പു തന്നെങ്കിലും പുറത്ത് ഒരു ടാർപോളിൻ പന്തലും മറ്റു സജ്ജീകരണങ്ങളുംകൂടി ഒരുക്കിയിരുന്നു. നിറഞ്ഞുകവിഞ്ഞ സദസ്സിനെ നോക്കിയിരിക്കേ നിരുപമ വിസ്മയം കൊണ്ടു... ഓരോ മുഖങ്ങളിലും ജിജ്ഞാസ നിറഞ്ഞു നിൽക്കുന്നു. ശിവൻസാറും സുഹൃത്തുക്കളും ഓരോരോ കാര്യങ്ങളുമായി ഓടിനടക്കുകയാണ്. നോട്ടീസ് അടിച്ചതും ആളുകളെ ക്ഷണിച്ചതും മാധ്യമപ്രവർത്തകർക്ക് വിശദീകരണം കൊടുത്തതുമെല്ലാം അവർതന്നെ.

'ഹിറാത്'. നക്‌സലൈറ്റ് സംഭവങ്ങളുടെ വെളിച്ചത്തിലെഴുതപ്പെട്ട നോവലിനെക്കുറിച്ച് മാധ്യമപ്രവർത്തകർ വിശദമായി സംസാരിക്കുകയുണ്ടായി. ചിലർ അഭിമുഖം ആവശ്യപ്പെട്ടു... ഇങ്ങനെ ഒരു നോവൽ എഴുതാൻ ആരുടെയെങ്കിലും നിർദ്ദേശമുണ്ടായിരുന്നോ, പ്രോഗ്രാം സംഘടിപ്പിക്കുന്നത് ആരാണ്, നോവലിനുള്ള വിവരങ്ങൾ ശേഖരിച്ചതെങ്ങനെ, മാവോയിസ്റ്റ് പ്രസ്ഥാനവുമായി ബന്ധമുള്ള ആരെയെങ്കിലും പരിചയമുണ്ടോ എന്നിങ്ങനെ ചോദ്യങ്ങൾ നീണ്ടു. പത്മസേനന്മാഷിനെയും അംജദ് അലിയെയും ഒക്കെ പരിചയപ്പെട്ടതിനുശേഷം എന്തോ പരിഭ്രമം തോന്നാറില്ല. പൊലീസിന്റെ കഠിനമായ ശാരീരിക-മാനസിക പീഡനങ്ങൾക്കുശേഷവും അവരെല്ലാം പാറപോലെ ഉറച്ചുനിൽക്കുന്നു ഈ പ്രായത്തിലും. ആ ജീവിതങ്ങളെ അതേപടി പകർത്താൻ പേനയ്ക്കു കഴിയില്ല. എങ്കിലും എഴുത്തിൽ കഴിയുന്നത്ര നീതി പുലർത്താൻ ശ്രമിച്ചിരുന്നു. അവർക്കുവേണ്ടി അത്രയെങ്കിലും ചെയ്യാനാവണം.

മാവോയിസ്റ്റ് എന്നു സംശയിക്കുന്ന ഒരാളെ കഴിഞ്ഞ ദിവസം പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. പലരും കസ്റ്റഡിയിലാവുകയും ചെയ്തു. അതിനെയെല്ലാം അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്... പഴയകാല നേതാക്കളെയെല്ലാം വർഷങ്ങൾക്കുശേഷം ഒരുമിച്ചു കാണാനുള്ള ഒരു വേദി എന്നതായിരുന്നു ചടങ്ങിന്റെ മുഖ്യ ആകർഷണം. സദസ്യർ മിക്കവരും മദ്ധ്യവയസ്‌കരാണ്. പഴയ ഒരു കാലഘട്ടത്തിന്റെ തിരുശേഷിപ്പുകൾ നെഞ്ചിൽ കൊണ്ടുനടക്കുന്നവർ. കാലവും സമൂഹവും തള്ളിപ്പറഞ്ഞ വിപ്ലവകാരികളെ അവരെല്ലാം പ്രതീക്ഷയോടെ കാത്തിരുന്നു. ദീർഘകാലം അനുഭവിച്ച ജയിൽവാസത്തെക്കുറിച്ച്, ഭരണകൂടത്തിന്റെ അതിനിഷ്ഠൂരമായ പീഡനങ്ങളെക്കുറിച്ച്, നഷ്ടപ്പെട്ട ജീവിതത്തെക്കുറിച്ച് വിവരിക്കുമ്പോൾ അവരാരുംതന്നെ വികാരാധീനരായില്ല. ചെയ്തതൊന്നും തെറ്റായിത്തോന്നുന്നില്ല. ഇപ്പോഴാണെങ്കിലും അതുപോലെതന്നെ ചെയ്യുമായിരുന്നു എന്ന് എല്ലാവരും ആവർത്തിച്ചു. സ്വാർത്ഥത നിറഞ്ഞ പുതുകാലത്തെക്കുറിച്ച് അവരെല്ലാം ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. എല്ലാം തനിക്കുമാത്രം മതിയെന്ന ചിന്ത ജനങ്ങളെ സുഖലോലുപരും മത്സരബുദ്ധിക്കാരുമാക്കി മാറ്റി. സ്വന്തം മനസ്സാക്ഷിയോടുപോലും പ്രതിബദ്ധതയില്ലാത്തവർ എങ്ങനെ സമൂഹത്തിലേക്കിറങ്ങിച്ചെല്ലുമെന്ന് വേദന പങ്കുവെച്ചു. അധികാരമാണ് ഏതുപ്രസ്ഥാനത്തിന്റെയും തകർച്ചയ്ക്കു കാരണമാകുന്നതെന്ന് എല്ലാവരും അഭിപ്രായപ്പെടുകയുണ്ടായി...

അന്നേരം അംജദ് അലിയുടെ അസാന്നിദ്ധ്യം എല്ലാവരും അനുസ്മരിക്കുകയുണ്ടായി... വെള്ളിവെളിച്ചത്തിൽ ഒരു മായികലോകത്തെന്നപോലെ ഇരിക്കുമ്പോൾ നിരുപമ ആദിയെക്കുറിച്ചോർത്തു. അവന് ഒരുപാടു സന്തോഷമാകുമായിരുന്നു ഇങ്ങനെ ഒരു നിമിഷം.

'കഥയല്ല, ഒരു നോവൽതന്നെ എഴുതാനുള്ള വകയുണ്ട്'.

അവൻ പറഞ്ഞതങ്ങനെയായിരുന്നു.

വിവാഹത്തിനു മുമ്പായിരുന്നു പ്രകാശം നിറഞ്ഞ ആ ദിവസങ്ങൾ...

തിങ്ങിനിറഞ്ഞ ഓരോ മുഖങ്ങളിലും പ്രതീക്ഷ തിളങ്ങുന്ന ആദിയുടെ ആഴമേറിയ കറുത്ത കണ്ണുകൾ നിരുപമ കണ്ടു. പുസ്തകം സമർപ്പിച്ചിരിക്കുന്നത് ദുർഗ്ഗാപ്രസാദിനും കൂട്ടർക്കും പിന്നെ ആദിക്കുമായാണ്. അവരില്ലെങ്കിൽ ഈ പുസ്തകം ഉണ്ടാകുമായിരുന്നില്ല.

കൊൽക്കത്തയിൽനിന്ന് എത്തിച്ചേർന്ന പഴയൊരു വിപ്ലവകാരിയാണ് പുസ്തകവും സിനിമയും പ്രകാശനം ചെയ്തത്. കനു സന്യാലിന്റെ ദാരുണാന്ത്യത്തെക്കുറിച്ച് അയാൾ വേദനയോടെ അനുസ്മരിക്കുകയുണ്ടായി...

എല്ലാവരും ആവേശത്തോടെ കാത്തിരുന്ന സിനിമാപ്രദർശനം തുടങ്ങിയത് പൊലീസിന്റെ അകമ്പടിയോടെയാണ്. സിനിമയുടെ അന്ത്യഭാഗമായപ്പോൾ നെഞ്ചിനുള്ളിലെന്തോ കൊളുത്തിവലിക്കുന്നതുപോലെ തോന്നി നിരൂപമയ്ക്ക്. പത്മസേനൻ മാഷും അംജദ് അലിയുമെല്ലാം സ്വന്തം അനുഭവങ്ങൾ നിർവികാരതയോടെ വർണ്ണിക്കുന്നു. തടവറയിൽവെച്ചു പാടിയ പാട്ട് നാരായണേട്ടൻ പരുക്കൻ ശബ്ദത്തിലേറ്റുപാടുന്നു. പുസ്തകമായാലും സിനിമയായാലും അവരനുഭവിച്ചതിന്റെ കാൽഭാഗമേ പ്രതിഫലിപ്പിക്കാൻ കഴിയുകയുള്ളൂ. വസന്തത്തിന്റെ ഇടിമുഴക്കത്തിൽ വെന്തുവെണ്ണീറായ അവരുടെ സ്വപ്നങ്ങൾ, പ്രതീക്ഷകൾ, ജീവിതം അതെല്ലാം എഴുതി പ്രതിഫലിപ്പിക്കാൻ ആരെക്കൊണ്ടാവും...

മഴ പെയ്തു തോരുംപോലെ ഒടുവിൽ എല്ലാം ശാന്തമായി. എഴുത്തുവഴിയിൽ അതുവരെ അനുഭവിക്കാനാവാത്തൊരു സാഫല്യം ഉടലെടുത്തതായി നിരുപമയറിഞ്ഞു. വേദിയിൽ വെളിച്ചമണഞ്ഞു. എല്ലാ സൂര്യന്മാരും ഒരുമിച്ചസ്തമിച്ചതുപോലെ ഉള്ളിൽ ഒരു വല്ലാത്ത ശൂന്യത വന്നുനിറഞ്ഞു. ഇതുവരെ വലിയൊരു ലക്ഷ്യമുണ്ടെന്ന തോന്നലായിരുന്നു. എഴുത്തു മുടങ്ങുമ്പോഴൊക്കെ പത്മസേനൻ മാഷിന്റെയും അംജദലിയുടെയും വേദനയൊളിപ്പിച്ച പുഞ്ചിരി മനസ്സിനെ അസ്വസ്ഥമാക്കും; ഒപ്പം രഞ്ജന്റെ ഉദ്വേഗം നിറഞ്ഞ അന്വേഷണങ്ങളും. എഴുതാതിരിക്കാൻ കഴിയില്ലായിരുന്നു. സമീപകാല ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിൽനിന്നും രക്ഷനേടാനുള്ള ഊർജ്ജം പകർന്നിരുന്നതും എഴുത്ത് പൂർത്തിയാക്കുക എന്ന ചിന്ത മാത്രമായിരുന്നു. ഇപ്പോൾ എല്ലാം പൂർത്തിയാവുമ്പോൾ തണുത്ത കൈവിരൽ നീട്ടി തൊടുന്ന ഈ ശൂന്യതയ്ക്ക് തന്നെ തകർക്കാനായേക്കുമെന്നവൾ ഭയന്നു. എത്രനാൾ ഈ ഇരുട്ടിലൂടെ തനിയെ തുഴഞ്ഞുപോകണം...

ആളൊഴിഞ്ഞ ഹാളിൽ ആരോ നിൽക്കുന്നത് അവ്യക്തമായിക്കാണാം. നിരുപമ അവിടേക്കു നടന്നു.

രഞ്ജൻ പ്രദീപ്തമായ മുഖവുമായി അവിടെ നിൽക്കുന്നുണ്ടായിരുന്നു. അയാളുടെ മുഖത്ത് അഭിമാനവും ആഹ്ലാദവും നിറഞ്ഞുനിന്നു. നിരുപമ ചുറ്റും കണ്ണോടിച്ചു. അല്പം മുമ്പുവരെ പ്രകാശവും ശബ്ദങ്ങളും നിറഞ്ഞുനിന്നിരുന്നിടത്തെ ശൂന്യതയുടെ ആഴം ഇപ്പോൾ വല്ലാതെ ഭയപ്പെടുത്തുന്നതുപോലെ.

തന്നിൽനിന്ന് മറ്റൊരു നിരുപമ ആകാശത്തേക്കുയർന്നുപോയി താഴേക്കു നോക്കുന്നതുപോലെ.

ഒഴിഞ്ഞ കസേരകളുടെ ശൂന്യതയിൽ, ലോകത്ത് തീർത്തും തനിച്ചായ രണ്ടാത്മാവുകൾ പരസ്പരം ഉറ്റുനോക്കുന്നത് അവൾ കണ്ടു.

വേനൽ കഴിഞ്ഞ് അപ്പോൾ ആദ്യത്തെ മഴ വീണു'.

മഞ്ഞനദികളുടെ സൂര്യൻ
ഷീബ ഇ.കെ.
ഡി.സി. ബുക്‌സ്, 2017
വില: 120 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP