Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

മലയാളിയുടെ ജനിതകം

മലയാളിയുടെ ജനിതകം

ഷാജി ജേക്കബ്‌

“പഞ്ചാബിലെ ബ്രാഹ്മണനും മദ്രാസ്സിലെ ബ്രാഹ്മണനും തമ്മിൽ എന്തു സാമ്യമാണുള്ളത്? ബംഗാളിലെ അവർണ്ണനും മദ്രാസിലെ അവർണ്ണനുമിടയിൽ വംശപരമായ എന്തു സാധർമ്യമാണുള്ളത്? പഞ്ചാബിലെ ബ്രാഹ്മണനും പഞ്ചാബിലെ ചാമറിനും തമ്മിൽ വംശപരമായ എന്തു വ്യത്യാസമാണുള്ളത്? മദ്രാസ്സിലെ ബ്രാഹ്മണനും മദ്രാസ്സിലെ പറയനും തമ്മിൽ എന്തു വ്യത്യാസമാണുള്ളത്? പഞ്ചാബിലെ ബ്രാഹ്മണനും പഞ്ചാബിലെ ചാമറും വംശപരമായി ഒരേ കുടുംബക്കാരാണ്. ജാതിവ്യവസ്ഥ വംശീയമായ തരംതിരിക്കലല്ല. ഒരേ വംശത്തിൽപ്പെട്ട ജനങ്ങൾക്കിടയിലെ സാമൂഹിക വിഭജനമാണ് ജാതിവ്യവസ്ഥ”.

ഡോ. അംബേദ്കർ.

ചരിത്രത്തെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു. ജനിതകശാസ്ത്രം എന്ന ഭൂതം.

കഴിഞ്ഞ കാൽനൂറ്റാണ്ടുകാലമായി ലോകമെങ്ങും ചരിത്രഗവേഷണങ്ങളെ അടിമുടി പൊളിച്ചെഴുതുകയാണ് ജനിതകവിജ്ഞാനം. മനുഷ്യോൽപ്പത്തി, ആര്യാധിനിവേശം, വംശീയകുടിയേറ്റങ്ങൾ, മതം, ജാതി തുടങ്ങിയ അടിസ്ഥാനവസ്തുതകളെയും ഘടകങ്ങളെയും നരവംശശാസ്ത്രം, ഭാഷാശാസ്ത്രം എന്നിവയുടെ കൂടി പിൻബലത്തിൽ ജനിതകശാസ്ത്രം തിരുത്തിയെഴുതിക്കഴിഞ്ഞു. ആഫ്രിക്കയിൽ നിന്നു ലോകമെങ്ങും ഹോമോസാപ്പിയൻസ് എന്ന മനുഷ്യവംശം വ്യാപിച്ചതിനെക്കുറിച്ചുള്ള പഠനങ്ങളാണ് ഈ രംഗത്തെ ക്ലാസിക്കുകൾ. സമീപകാലം വരെയുള്ള മനുഷ്യചരിത്രത്തിലെ ഏതു ഘട്ടവും മാനവും പുതുതായി വിശകലനം ചെയ്യാനും ജനിതകവിജ്ഞാനത്തിനു കഴിയുന്നു. ഇന്ത്യാചരിത്രത്തെക്കുറിച്ച് ടോണിജോസഫ് എഴുതിയ പുസ്തകവും പഠനങ്ങളും ഇക്കഴിഞ്ഞ രണ്ടുവർഷങ്ങളിൽ സൃഷ്ടിച്ച സംവാദങ്ങൾ ഓർക്കുക. കേരളത്തെക്കുറിച്ച് എതിരൻ കതിരവന്റെ ചില ലേഖനങ്ങളാണ് ഈ വിഷയത്തിൽ പുറത്തുവന്നിട്ടുള്ളത്. ഇപ്പോഴിതാ കെ. സേതുരാമന്റെ ‘മലയാളി: ഒരു ജനിതകവായന’ എന്ന പുസ്തകം ഇതാദ്യമായി കേരളീയരുടെ ജനിതകചരിത്രം ഒട്ടൊക്കെ സമഗ്രമായിത്തന്നെ ഭാവനചെയ്യുന്നു.

ടോണിക്കും എതിരനും സേതുരാമനും ഒരുപോലെ ബാധകമായ ഏറ്റവും ശ്രദ്ധേയമായ കാര്യം ഇവരാരും പ്രൊഫഷണൽ/അക്കാദമിക് ചരിത്രകാരരല്ല എന്നതാണ്. ‘ടോണിയും സേതുരാമനും സാമ്പത്തികശാസ്ത്രിത്തിലണ് ഉപരിപഠനം നടത്തിയിട്ടുള്ളത്. ടോണി പത്രപ്രവർത്തകനാണ്. സേതുരാമൻ പൊലീസ് ഓഫീസറും. എതിരനാകട്ടെ ജനിതകശാസ്ത്രരംഗത്താണ് പ്രവർത്തിക്കുന്നത്. അതേസമയം തന്നെയാണ്, അക്കാദമിക്/പ്രൊഫഷണൽ ചരിത്രകാരരോടും രചനകളോടും ഇവർ കലഹിക്കുന്നതും. ‘ജാതി’യാണ് ഒരുപക്ഷെ ഈ മൂന്നുപേരുടെയും ഇന്ത്യൻ/കേരളീയ ചരിത്രാന്വേഷണത്തിൽ ഏറ്റവും പ്രശ്‌നഭരിതമായി വ്യാഖ്യാനിക്കപ്പെടുകയും പുനർവായിക്കപ്പെടുകയും ചെയ്യുന്ന വ്യവഹാരം എന്നുകൂടി ഓർക്കുക. സേതുരാമന്റെ ഗ്രന്ഥത്തിലേക്കു വരാം.

അഞ്ചു സവിശേഷതകളാണ് കേരളത്തെക്കുറിച്ചു നിലവിലുള്ള ചരിത്രരചനാരീതിശാസ്ത്രങ്ങളും നിഗമനങ്ങളും ചോദ്യം ചെയ്യുന്ന ഈ പുസ്തകത്തിനുള്ളത്. ഒന്ന്, സാഹിത്യഗ്രന്ഥങ്ങളും ഭാഷാരേഖകളും ഉൽഖനനങ്ങളും മറ്റും മുൻനിർത്തി വംശീയവും മതാത്മകവും ജാതീയവുമായ സാമൂഹ്യഘടന അപഗ്രഥിച്ചുകൊണ്ടെഴുതപ്പെട്ട കേരളചരിത്രങ്ങൾ മുഖ്യമായും ചില കുടിയേറ്റകഥകളെയാണ് പിൻപറ്റുന്നത്. എ.ഡി. എട്ടാം നൂറ്റാണ്ടോടെ കേരളത്തിലേക്കുണ്ടായി എന്നു കരുതപ്പെടുന്ന നമ്പൂതിരിമാരുടെ ‘വരവാ’ണ് ഇതിന്റെ ആണിക്കല്ല്. നായന്മാരും ഈഴവരുമുൾപ്പെടെയുള്ളവരുടെ ‘വരവി’നെക്കുറിച്ചുമുണ്ട് സമാനമായ ചരിത്രങ്ങൾ. നരവംശശാസ്ത്രം, ഭാഷാശാസ്ത്രം, ജനിതകശാസ്ത്രം എന്നിവയുടെ പിൻബലത്തിൽ ഈ കുടിയേറ്റചരിത്രവാദത്തെ പൊളിച്ചെഴുതുന്നു, സേതുരാമൻ.

രണ്ട്, കേരളീയ ജാതി, മത, സാമൂഹ്യഘടനയെ ജനിതകവിജ്ഞാനം മുൻനിർത്തി അടിമുടി പുനർവ്യാഖ്യാനിക്കുന്നതിന്റെ ആദ്യമാതൃകയാകുന്നു, ഈ പുസ്തകം.

മൂന്ന്, കേരളത്തെക്കുറിച്ചുണ്ടായിട്ടുള്ള അക്കാദമിക, മാനവിക, ദേശീയവാദ, വംശീയ, മാർക്‌സിയൻ, കീഴാള ചരിത്രവാദങ്ങളെല്ലാം പുനർവായിക്കപ്പെടുന്നു, ഇവിടെ.

നാല്, അംബേദ്കർ ഇന്ത്യാചരിത്രത്തെക്കുറിച്ചു നടത്തിയ നിരീക്ഷണങ്ങൾ ഇതാദ്യാമായാണെന്നു തോന്നുന്നു, ഇത്രയും സൂക്ഷ്മവും സയുക്തികവുമായി ജനിതകചരിത്രാന്വേഷണങ്ങളോടു ചേർത്തുവായിക്കുന്നത്.

അഞ്ച്, ജാതിവ്യവസ്ഥയെയും അടിമത്തത്തെയും ബ്രാഹ്മണാധിപത്യത്തെയും ഭൂവുടമാബന്ധങ്ങളെയും മറ്റും കേന്ദ്രീകരിച്ചു നിലവിലിരുന്ന കേരളീയ സാമൂഹ്യഘടനയുടെ അടിസ്ഥാനയുക്തികൾ ചോദ്യം ചെയ്യപ്പെടുകയും ഏകസമൂഹത്തിൽ നിന്നു രൂപംകൊണ്ട സാംസ്‌കാരികവിജ്ഞാനമായി കേരളസമൂഹത്തെ വ്യാഖ്യാനിക്കുകയും ചെയ്യുന്നതോടെ നാളിതുവരെ രൂപപ്പെടാതിരുന്ന ഒരു ചരിത്രരചനാരീതിശാസ്ത്രം ഈ ഗ്രന്ഥത്തിൽ ചുരുൾനിവരുന്നു.

കേരളോല്പത്തി പോലുള്ള ഐതിഹ്യങ്ങളിലും വില്യം ലോഗന്റെയും മറ്റും രേഖകളിലും ബ്രിട്ടീഷ് ഗസറ്റുകളിലും നിന്ന് മുന്നോട്ടുപോയി ഇളംകുളം കുഞ്ഞൻപിള്ളയും പിന്നീട് എം.ജി.എസ്. നാരായണനുമാണ് കേരളചരിത്രരചനക്ക് ആധുനികവും അക്കാദമികവുമായ അടിത്തറ പണിതത്. പുതുശ്ശേരി രാമചന്ദ്രനും രാജൻ ഗുരുക്കളും രാഘവവാരിയരും കെ.എൻ. ഗണേശും കേശവൻ വെളുത്താട്ടുമുൾപ്പെടെയുള്ളവർ മുഖ്യമായും മാർക്‌സിയൻ കാഴ്ചപ്പാടിൽ ഈ ചരിത്രനിഗമനങ്ങളെ വ്യാഖ്യാനിക്കുകയും ചെയ്തു. പി.കെ. ബാലകൃഷ്ണനെയും സനൽമോഹനെയും പോലുള്ളവർ സവിശേഷവും മൗലികവുമായ ചില ചരിത്രാന്വേഷണങ്ങളും നടത്തി. പട്ടണം ഉൽഖനനങ്ങളുടെ ഫലമായി സമീപകാലത്തുണ്ടായ ചില നിഗമനങ്ങളാണ് മേല്പറഞ്ഞ ചരിത്രാന്വേഷണങ്ങളെ വഴിതിരിച്ചുവിട്ട മറ്റൊരു ഘട്ടം. സേതുരാമൻ, കേരളത്തെക്കുറിച്ചെഴുതപ്പെട്ട നൂറുകണക്കിനു ചരിത്രാപഗ്രഥനങ്ങളും അവയിൽ ചിലതിനാധാരമായ മൗലികരേഖകളും (ഉദാ: പുതുശ്ശേരി രാമചന്ദ്രന്റെ ഗ്രന്ഥത്തിൽ സൂചിതമാകുന്നവ) പരിശോധിക്കുകയും അവയിൽ പലതിനോടും വിയോജിക്കുകയും ചെയ്തുകൊണ്ടാണ് ജനിതകവിജ്ഞാനത്തിന്റെ വെളിച്ചത്തിൽ തന്റെ ചരിത്രാന്വേഷണങ്ങൾ മുന്നോട്ടുവയ്ക്കുന്നത്.

സേതുരാമന്റെ ചരിത്രവിജ്ഞാനത്തിന്റെ ആധികാരികതയും രീതിശാസ്ത്രത്തിന്റെ ഭദ്രതയും വ്യാഖ്യാനത്തിന്റെ സയുക്തികതയും നിഗമനങ്ങളുടെ പ്രസക്തിയും നിരാകരണങ്ങളുടെ സാംഗത്യവുമൊക്കെ അക്കാദമിക/പ്രൊഫഷണൽ ചരിത്രപണ്ഡിതരാൽ ചോദ്യം ചെയ്യപ്പെട്ടേക്കാം. സാമൂഹ്യശാസ്ത്രവിദഗ്ദ്ധർ ഈ വിശകലനത്തെ വിമർശിക്കാനും ഇടയുണ്ട്. പക്ഷെ നിശ്ചയമായും ഇത്രമേൽ ആത്മവിശ്വാസത്തോടെ, നിലവിലുള്ള അക്കാദമിക ചരിത്രരചനാപദ്ധതികളെയും അവയുടെ കാതലായ പല നിഗമനങ്ങളെയും ചോദ്യം ചെയ്തും പൊളിച്ചെഴുതിയും മുന്നോട്ടുവയ്ക്കുന്ന ഈ സമീപനം അവഗണിക്കാൻ കഴിയില്ല. എന്നുമാത്രമല്ല, തമിഴ് ഭാഷയിലും പ്രാചീന തമിഴ് രേഖകൾ വ്യാഖ്യാനിക്കുന്നതിലും തനിക്കുള്ള കഴിവ് ഉപയോഗപ്പെടുത്തി സേതുരാമൻ അവതരിപ്പിക്കുന്ന കാഴ്ചപ്പാടുകൾ കേരളചരിത്രരചനാസമീപനങ്ങളെ തിരുത്തിയെഴുതുകയും ചെയ്യും.

ജനിതകചരിത്രവിജ്ഞാനത്തിൽ എഴുതപ്പെട്ട മൗലികഗ്രന്ഥങ്ങൾ പിൻപറ്റി കേരളീയ സമൂഹത്തെക്കുറിച്ചുള്ള നരവംശശാസ്ത്രപരവും ഭാഷാശാസ്ത്രപരവുമായ അപഗ്രഥനത്തിനായി സേതുരാമൻ ഈ പഠനത്തിൽ സ്വീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രീതിശാസ്ത്രം നോക്കുക. ഒരുലക്ഷത്തോളം മലയാളി യുവതീയുവാക്കളുടെ വിവാഹപരസ്യങ്ങളാധാരമാക്കി അവരുടെ നരവംശ സവിശേഷതകൾ വിശകലനം ചെയ്യുന്നു, അദ്ദേഹം. ഇത്ര വിപുലമായ ഡാറ്റ മറ്റേതു ചരിത്രപഠനത്തിലാണ് സാമൂഹ്യവിശകലനത്തിനായി ഉപയോഗപ്പെടുത്തിയിട്ടുള്ളത്? 1905-ൽ നടന്ന ഒരു നരവംശശാസ്ത്രപഠനത്തിലെ കണ്ടെത്തലുകളുമായി; ഒരു നൂറ്റാണ്ടിനിപ്പുറം താൻ നടത്തിയ പഠനത്തിൽ കണ്ടെത്തിയ വസ്തുതകൾ താരതമ്യം ചെയ്യുക വഴി, സേതുരാമൻ എത്തിച്ചേരുന്ന നിഗമനങ്ങളാണ് ഈ ഗ്രന്ഥത്തിലെ ഏറ്റവും മൗലികമായ ചരിത്രാന്വേഷണമണ്ഡലം. ഒപ്പം, പ്രാചീന തമിഴ് ഗ്രന്ഥ, രേഖകളുടെ വ്യാഖ്യാനത്തിലൂടെ തിരുത്തപ്പെടുന്ന ഭാഷാശാസ്ത്ര നിഗമനങ്ങളും.

ജാത്യടിമത്തം മുതൽ മലയാളത്തിന്റെ ക്ലാസിക് പദവി വരെ; ബ്രാഹ്മണാധിപത്യം മുതൽ തമിഴ് രേഖകളുടെ വ്യാഖ്യാനം വരെ-സേതുരാമൻ കേരളത്തിന്റെ ജനിതകചരിത്രമെഴുതുമ്പോൾ പുനർവായിക്കപ്പെടുന്നത് നാളിതുവരെ കേരളത്തെക്കുറിച്ചെഴുതപ്പെട്ട ചരിത്രങ്ങൾ ഒന്നടങ്കമാണ്.

മനുഷ്യൻ, ജാതി, മതം, രാഷ്ട്രീയം എന്നിങ്ങനെ നാലു ഭാഗങ്ങളായാണ് തന്റെ പഠനം സേതുരാമൻ ക്രമീകരിക്കുന്നത്.

‘മലയാളത്തിന്റെ പഴമ’ എന്ന ആമുഖത്തിൽ കേരളത്തെക്കുറിച്ച് നിലവിലുള്ള ചരിത്രരചനാസമ്പ്രദായങ്ങളും അവയുടെ പ്രധാന നിഗമനങ്ങളും അവതരിപ്പിച്ചുകൊണ്ട് ജാതീയവും മതപരവും വർഗപരവുമായ വിഭജനയുക്തികളെ ചോദ്യം ചെയ്യുന്നു, സേതുരാമൻ. മനുഷ്യോല്പത്തിയെയും വ്യാപനത്തെയും കുറിച്ചുള്ള ജനിതകചരിത്രസിദ്ധാന്തങ്ങൾ സംഗ്രഹിച്ച് കേരളത്തിലെ ആവാസചരിത്രം സൂചിപ്പിക്കുന്നു. ജാതിയെ വംശീയമായി വ്യാഖ്യാനിച്ച മുൻചരിത്രങ്ങൾക്കു പകരം തൊഴിൽപരമായി വ്യാഖ്യാനിക്കുന്ന രീതി സ്വീകരിക്കുന്നു. നമ്പൂതിരിമാരുൾപ്പെടെയുള്ള സകല ജനവിഭാഗങ്ങളും ദ്രാവിഡരാണെന്ന് സ്ഥാപിക്കുന്നു. കേരളത്തിൽ ഒരുകാലത്തും സ്മൃതികൾ നിഷ്‌കർഷിക്കുന്നതുപോലുള്ള ജാതിവ്യവസ്ഥ നിലനിന്നിട്ടില്ല എന്നു വാദിക്കുന്നു.

‘മനുഷ്യൻ’ എന്ന ഒന്നാം ഭാഗത്ത് അഞ്ചധ്യായങ്ങളുണ്ട്. മലയാളിജനിതകം, ശരീരം, ഭൂമി, കുടിയേറ്റം, ആദിചേരന്മാർ എന്നിങ്ങനെ.

ഒന്നാമദ്ധ്യായത്തിൽ, ചരിത്രരചനയിൽ ജനിതകവിജ്ഞാനം സൃഷ്ടിക്കുന്ന രീതിപദ്ധതികൾ വിവരിക്കുകയും കേരളചരിത്രരചനക്ക് ഈ വിജ്ഞാനത്തെ ഉപയോഗപ്പെടുത്താൻ തനിക്കു വഴിതുറന്ന പഠനങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് തന്റെ ഗ്രന്ഥത്തിന്റെ സങ്കല്പനപരമായ അടിത്തറ കെട്ടിപ്പൊക്കുകയും ചെയ്യുന്നു. ഡേവിഡ് റെയ്ക്, ക്രിസ് സ്ട്രിങർ, പോൾ മോളേഴ്‌സ്, ടോണി ജോസഫ് തുടങ്ങിയവർ ജനിതകപഠനത്തിലൂടെ നടത്തിയ കണ്ടെത്തലുകൾ സേതുരാമൻ സംഗ്രഹിക്കുന്നു. എങ്കിലും 2015 സെപ്റ്റംബർ 15-ന്റെ ലക്കം EPWവിൽ സെബാസ്റ്റ്യൻ തോമസ് എഴുതിയ ലേഖനമാണ് തന്റെ ഗ്രന്ഥത്തിന്റെ ഘടനയും സ്വരൂപവും വ്യവസ്ഥപ്പെടുത്താൻ ഏറ്റവും കൂടുതൽ സഹായിച്ചത് എന്ന വസ്തുത സേതുരാമൻ ഒരു സംഭാഷണത്തിൽ സൂചിപ്പിക്കുകയുണ്ടായി.

മനുഷ്യന്റെ ഉത്ഭവത്തെക്കുറിച്ച് ജനിതകപഠനങ്ങൾ പറയുന്നതെന്താണ്? വായിക്കുക:

“ആധുനികമനുഷ്യന്റെ ഉത്ഭവം ജനിതകമായി കോടാനുകോടി വർഷം മുമ്പ് തുടങ്ങിയ പ്രക്രിയയാണ്. മനുഷ്യജീവിയായി രൂപംകൊണ്ടതാകട്ടെ, കഴിഞ്ഞ ആറു ദശലക്ഷം വർഷംകൊണ്ടാണ്. ലോകത്തു പരിണമിച്ച പല മനുഷ്യജീവികളിലെ അവസാന ഏകരൂപമാണ് ഹോമോസാപ്പിയൻസ് എന്നറിയപ്പെടുന്ന ആധുനിക മനുഷ്യൻ. വിവിധയിനം മനുഷ്യജീവികളുടെ അവശിഷ്ടങ്ങൾ ആഫ്രക്കയിൽനിന്നും ലോകത്ത് പല ഭാഗങ്ങളിൽനിന്നും കണ്ടുകിട്ടിയിട്ടുണ്ട്. ഏകദേശം 5-6 ദശലക്ഷം വർഷം പഴക്കമുള്ള സഹേലെന്ത്രപോസ് ചാഡൻസീസ് എന്ന ജീവിയാണ് പ്രൈമറ്റ് വർഗ്ഗത്തിൽപ്പെട്ട പ്രാചീന മനുഷ്യജീവിയെന്ന് കരുതപ്പെടുന്നു. 4.4 ദശലക്ഷം വർഷം മുമ്പ് പരിണമിച്ച ആർഡിപിത്തിക്കസ്, 3.2 ദശലക്ഷം വർഷം പഴക്കമുള്ള ആസ്‌ട്രോപിത്തോലക്‌സ് 2.3 ദശലക്ഷം വർഷം പഴക്കമുള്ള ഹോമോ ഹാബിലിസ്, 1.8 ദശലക്ഷം വർഷം പഴക്കമുള്ള ഹോമോ ഇറക്റ്റസ് എന്നിവയാണ് പ്രധാനപ്പെട്ട പൂർവ്വരൂപങ്ങൾ. സഹേലെന്ത്രപോസ് ചാഡൻസീസ് ഇത്യാദി പ്രാചീന മനുഷ്യജീവികൾ ആൾക്കുരങ്ങിൽനിന്ന് വിഭിന്നമായി പരിണമിക്കാൻ കാരണം ബൈപെഡലിസം അഥവാ രണ്ടുകാലിൽ നടക്കാൻ തുടങ്ങിയതാണ്. ആൾക്കുരങ്ങുകളും രണ്ടുകാലുകളിൽ കുറച്ചു ദൂരത്തേക്ക് നിസ്സാരകാര്യങ്ങൾ പൂർത്തിയാക്കാൻ നടക്കാറുണ്ട്. എന്നാൽ സദാസമയവും രണ്ടുകാലിൽ നടക്കാൻ തുടങ്ങുകയും രണ്ടു കൈകൾ സ്വതന്ത്രമാക്കുകയും ചെയ്തത് മനുഷ്യജീവിയുടെ പരിണാമപ്രക്രിയയ്ക്ക് അടിസ്ഥാനമായി. സകല പരിണാമങ്ങളുടെയും പ്രചോദനം കാലാവസ്ഥയും പ്രകൃതിവിഭവങ്ങളുടെ ലഭ്യതയും ആണ്. 6 ദശലക്ഷം വർഷം മുമ്പ് ആഫ്രിക്കയിലനുഭവപ്പെട്ട നീണ്ടകാല ക്ഷാമത്തിന്റെ ഫലമായി ട്രോപ്പിക്കൽ വനങ്ങൾ ചുരുങ്ങുകയും മരത്തിൽനിന്ന് ഇറങ്ങി കൂടുതൽ ദൂരം സഞ്ചരിക്കാനുള്ള സമ്മർദ്ദം ശക്തമാവുകയും ചെയ്തപ്പോൾ രണ്ടുകാലിൽ നടക്കാൻ തുടങ്ങിയ ആൾക്കുരങ്ങാണ് മനുഷ്യജീവിയായി പരിണമിച്ചത്.

രണ്ടുകാലിൽ സഞ്ചരിക്കാൻ തുടങ്ങിയ മനുഷ്യജീവി 2.5 മുതൽ 3 ദശലക്ഷം വർഷം മുമ്പ് ശിലയിലും ലോഹത്തിലും ഉപകരണങ്ങൾ ഉണ്ടാക്കാൻ പഠിച്ചു. ഹോമോ ജിനസ് എന്ന് ശാസ്ത്രീയമായി നാമകരണം ചെയ്യപ്പെട്ട മനുഷ്യജീവികളിൽ പ്രധാനപ്പെട്ടവയാണ് ഹോമോ ഹാബിയസും ഹോമോ ഇറക്റ്റസും. ഹോമോ ഇറക്റ്റസ് ആഫ്രിക്ക വിട്ട് 2 ദശലക്ഷം വർഷം മുമ്പ് ലോകത്തിന്റെ പലഭാഗത്തേക്കും പലായനം ചെയ്തു. ഹോമോ ഇറക്റ്റസിൽനിന്നാണ് 5 ലക്ഷം വർഷം മുമ്പ് ഹോമോ ഹെഡിൽബർജൻസിസ് എന്നറിയപ്പെടുന്ന മനുഷ്യജീവിയായും രണ്ട് ലക്ഷം വർഷം മുമ്പ് ഹോമോ സാപ്പിയൻസ് എന്ന ആധുനിക മനുഷ്യനായും പരിണമിച്ചത്.

മനുഷ്യപരിണാമത്തിന്റെ പ്രധാന ചുവടുവയ്പായിരുന്നു ഏകദേശം രണ്ട് ദശലക്ഷം വർഷം മുമ്പ് മനുഷ്യജീവി ഇതര ജീവികളെപ്പോലെ തീ കണ്ടു പേടിക്കാതെ അതിനെ നിയന്ത്രിക്കാനും ഉപയോഗിക്കാനും പഠിച്ചത്. സസ്യാഹാരക്കാരായിരുന്ന ആൾക്കുരങ്ങിനും മറ്റു കുരങ്ങുവർഗ്ഗങ്ങൾക്കും മസ്തിഷ്‌കം ചെറുതാണ്. തീയുടെ ഉപയോഗം പോഷകാഹാര മികവുള്ള മാംസം വേവിച്ച് കഴിക്കാൻ സഹായകമായി. മാംസാഹാരം കാരണമായി മനുഷ്യജീവിക്ക് ആവശ്യമുള്ള ഊർജ്ജം വർദ്ധിച്ചതോതിൽ ലഭിക്കാൻ തുടങ്ങി. മസ്തിഷ്‌കത്തിന്റെ വലുപ്പം കഴിഞ്ഞ 2 ദശലക്ഷം വർഷംകൊണ്ട് വർദ്ധിക്കുകയുണ്ടായി. മനുഷ്യരുടെ അവയവങ്ങളിൽ മൂന്നിലൊന്ന് ഊർജ്ജം ഉപയോഗിക്കുന്നത് മസ്തിഷ്‌കമാണ്. കൂടാതെ രണ്ടുകാലിൽ നടക്കാനും ഓടാനും പഠിച്ച മനുഷ്യജീവിക്ക് ഇതര മൃഗങ്ങളെ അപേക്ഷിച്ച് ബലവും വേഗവും കുറവാണെങ്കിലും എറിയുന്ന ആയുധങ്ങളായ കുന്തവും ദൂരത്തിൽ നിന്നും തൊടുത്തുവിടാൻ പറ്റുന്ന അമ്പും വില്ലും തീപ്പന്തവും തുടക്കകാലത്ത് മേൽക്കൈ നേടാൻ സഹായിച്ചു. നിരവധി മനുഷ്യജീവികൾ രൂപപ്പെട്ടെങ്കിലും ഇന്ന് ജീവിച്ചിരിക്കുന്നത് ഹോമോസാപ്പിയൻസ് മാത്രമാണ്. മനുഷ്യനെക്കാളും ശാരീരികശേഷിയും മസ്തിഷ്‌കത്തിന്റെ വലിപ്പവും ഉണ്ടായിരുന്ന നിയാണ്ടർതാൽ മനുഷ്യൻ പൂർണ്ണമായും ഇല്ലാതായി. ആധുനിക മനുഷ്യന്റെ നിലനിൽപ്പിനു കാരണം ആശയവിനിമയം നടത്താൻ സഹായിക്കുന്ന ഭാഷയുടെ ഉത്ഭവമാണെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. ലോകത്ത് ഏഴായിരത്തിലധികം ഭാഷകൾ ഉണ്ട്. മനുഷ്യക്കുഞ്ഞ് താൻ ജീവിക്കുന്ന പശ്ചാത്തലത്തിലെ ഏതൊരു ഭാഷയും വേഗത്തിൽ പഠിച്ചെടുക്കുന്നു. ഇതിനു കാരണം ഭാഷ ജനിതകഘടനയായി മനുഷ്യനിൽ രൂപപ്പെട്ടതാകാമെന്ന് നരവംശശാസ്ത്രജ്ഞരും ഭാഷാപണ്ഡതരും അഭിപ്രായപ്പെടുന്നു. ഭാഷ ആശയവിനിമയം സുലഭമാക്കി; ഒത്തൊരുമയോടുകൂടി കൂട്ടുതീരുമാനങ്ങളെടുക്കാനുള്ള സംസ്‌കാരം വികാസം നേടാൻ സഹായകമായി. ഇത് ആധുനിക മനുഷ്യന്റെ വിജയത്തിനു കാരണമായി”.

തുടർന്ന്, കേരളത്തിൽ നടന്ന ഒരു പഠനത്തിലെ കണ്ടെത്തലുകൾ ഇങ്ങനെ സംക്ഷേപിക്കുന്നു, സേതുരാമൻ:

“രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലെ ഗവേഷകരുടെ കണ്ടെത്തലിന്റെ സംക്ഷേപം ‘Neighbourhood Tree’ അഥവാ ‘ജനിതക വൃക്ഷ’മാണ്. ഇതിന്റെ പ്രധാന നിഗമനങ്ങൾ ഇവയാണ്.

1. കേരളത്തിന്റെ പൊതുസമൂഹം - ബ്രാഹ്മണരും ഗോത്രവർഗ്ഗക്കാരും ഉൾപ്പെടെയുള്ളവർ - മൗലികമായി ദ്രാവിഡ ജനവർഗമാണ്. ഇവർ കാലക്രമേണ മൂന്ന് പ്രധാന ധാരകളായി വേർപിരിഞ്ഞു.

2. കാട്ടുനായ്ക്കർ, പണിയർ, അടിയർ എന്നീ ഗോത്രവർഗ്ഗക്കാർ ഒരു ജനിതക ഉപശാഖയിൽപ്പെട്ടവരാണ്. കുറുമരും മലപണ്ടാരവും രണ്ടാമത്തെ ഉപശാഖയാണ്.

3. പുലയർ പൊതുമസൂഹത്തിന്റെയും ഗോത്രവിഭാഗത്തിന്റെയും മധ്യത്തിലാണ്. ഗോത്രവിഭാഗങ്ങളുടെയും ജാതിസമൂഹങ്ങളുടെയും മൂല ജനവർഗ്ഗമായിരിക്കണം പുലയരും കാണിക്കാരും. അടുത്ത കാലംവരെ ഗോത്രവർഗ്ഗക്കാരായി ജീവിച്ചവർ കാടുവെട്ടിത്തെളിച്ച് കാർഷിക ഭൂമി വ്യാപിച്ചതോടുകൂടി കർഷകരായി മാറുകയും ഭൂമി സ്വകാര്യഉടമസ്ഥതയായപ്പോൾ പരമ്പാരഗത ഭൂമി നഷ്ടപ്പെട്ടവരുമാകണം.

4. മഹാഭൂരിപക്ഷം വരുന്ന ഇതര സമൂഹങ്ങൾ മൂന്നാമത്തെ വലിയ ദ്രാവിഡ വിഭാഗമാണ്. കേരളത്തിലെ പ്രബല സമൂഹങ്ങളായ ഈഴവർ, നായർ, നമ്പൂതിരി, മലബാർ മുസ്ലിം, സുറിയാനി ക്രിസ്ത്യാനികൾ, ഗോത്രവർഗ്ഗക്കാരായ കുറിച്യർ എന്നിവരുൾപ്പെടുന്ന 90% ത്തിൽ കൂടുതൽ ജനങ്ങളും ഏക സമൂഹമായിരുന്നെന്ന് പഠനം സൂചിപ്പിക്കുന്നു. ഈ പൊതുസമൂഹത്തിന്റെ മധ്യത്തിലുള്ളത് ഈഴവരെന്നു വിളിക്കപ്പെടുന്ന ഉപസമൂഹമാണ് ഈഴവരിൽനിന്നാണ് ഇതര ജാതിമത സമൂഹങ്ങൾ ഉടലെടുത്തത് എന്നു വേണം കരുതാൻ.

5. നിലവിലുള്ള ചരിത്ര ആഖ്യാനത്തിനു വിരുദ്ധമായി നമ്പൂതിരിമാർക്കും വടക്കേ ഇന്ത്യക്കാർക്കും വിദൂര ജനിതക ബന്ധമാണ് കാണുന്നത്. വടക്കേ ഇന്ത്യൻ ആര്യസമൂഹത്തിന് ഇതര ഇന്തോ-ആര്യൻ ഭാഷാസമൂഹങ്ങളുമായിട്ടാണ് കൂടുതൽ ബന്ധം. ഇറാനികളും പാക്കിസ്ഥാനികളുമായാണ് വടക്കേ ഇന്ത്യക്കാരുടെ ജനിതകബന്ധം. എന്നാൽ നമ്പൂതിരിമാർക്ക് ഇതര കേരള സമൂഹങ്ങളുമായിട്ടാണ് അടുത്ത ജനിതകബന്ധം. ഇത് നമ്പൂതിരിമാർ മുഴുവനും സംസ്‌കൃതം സംസാരിക്കുന്ന വടക്കേ ഇന്ത്യയിൽനിന്ന് വന്ന കുടിയേറ്റക്കാരല്ല എന്നു സ്ഥാപിക്കുന്നു. ആര്യബ്രാഹ്മണ പൗരോഹിത്യം സ്വീകരിച്ച തദ്ദേശീയ ദ്രാവിഡ സമൂഹമാണ് നമ്പൂതിരിമാർ.

കേരളത്തിലുള്ള വിവിധ സമൂഹങ്ങൾ പ്രധാനമായും ദ്രാവിഡരെന്ന് ജനിതക പഠനങ്ങൾ സൂചിപ്പിക്കുമ്പോൾത്തന്നെ വിവിധ തരത്തിലുള്ള വംശീയകലർപ്പ് ചരിത്രപരമായി ഉണ്ടായിട്ടുണ്ടെന്നും അടിവരയിട്ടു പറയുന്നു. പ്രസിദ്ധ ജനിതക ഗവേഷകൻ എതിരൻ കതിരവൻ, സമുദായമഹിമയുടെ അവകാശവാദം കാരണമായി മൗലികമായി മലയാളിസമൂഹം ഒന്നെന്ന ജനിതകസത്യത്തെ നിഷേധിക്കുന്നത് ഉചിതമല്ലെന്ന് അഭിപ്രായപ്പെടുന്നു. കേരളത്തിലെ നായർ-ഈഴവ-നമ്പൂതിരി-ക്രിസ്ത്യാനി-മുസ്ലിം ഡി.എൻ.എ. തന്തുക്കൾ വെളിവാക്കുന്ന വാസ്തവങ്ങൾ അദ്ഭുതമല്ലെങ്കിലും ചില അങ്കലാപ്പുകൾക്ക് വഴിവയ്ക്കുകയാണ്. ‘ആരു വലിയവൻ ആരു ചെറിയവൻ’ എന്നത് വെറും സിനിമാപ്പാട്ടു വിസ്മയമല്ലെന്നും കെട്ടിച്ചമച്ച വിശ്വാസങ്ങളുടെ നേർക്ക് വലിച്ചെറിഞ്ഞ ചോദ്യമാണെന്നും മനസ്സിലാക്കുന്നത് അരോചകമായിരിക്കും. ഗോത്രവർഗ്ഗങ്ങളും മറ്റു ജാതിമതസ്ഥരുമായുള്ള ബന്ധം ഈയിടെ നടത്തിയ പഠനങ്ങളിൽക്കൂടി വെളിപ്പെടുത്തുന്നത് അതിസാധാരണരാണ് നമ്മളൊക്കെയും എന്നാണ്. കലർപ്പിന്റെ അയ്യരുകളി എന്നുപറഞ്ഞാൽ വാച്യാർത്ഥത്തിൽ അതു ശരിയാകാനും സാധ്യതയുണ്ട്. ബ്രാഹ്മണരും (നമ്പൂതിരിമാർ) ഈ സംഘക്കളിയിൽ പങ്കുചേർന്നിട്ടുണ്ട്.”.

മേല്പറഞ്ഞ നിഗമനങ്ങളിൽ നിന്നു മുന്നോട്ടുപോയി കേരളത്തിലെ ഒരുലക്ഷത്തോളം മനുഷ്യരുടെ ശരീരഘടന പഠിക്കുന്നു, രണ്ടാമധ്യായത്തിൽ. മുൻപു സൂചിപ്പിച്ചതുപോലെ ഈ പുസ്തകത്തിൽ സേതുരാമൻ ഉന്നയിക്കുന്ന വാദങ്ങൾക്കടിത്തറയാകുന്ന മൗലികമായ നരവംശപഠനമാണിത്. മൂക്കിന്റെ നീളം, മുഖത്തിന്റെ വീതി എന്നിവ മുൻനിർത്തിയുള്ള വംശീയവിശകലനത്തിൽ നിന്നു തുടങ്ങുന്ന സർവ്വേ, ഉയരം, നിറം എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് നിഗമനങ്ങളവതരിപ്പിക്കുന്നത്. ജാതിവ്യവസ്ഥയുടെ അയുക്തികളും ചരിത്രപരവും വംശീയവും ജനിതകപരവുമായി ജാതിയെക്കുറിച്ചുന്നയിക്കപ്പെട്ടിട്ടുള്ള കെട്ടുകഥകളും മറനീക്കുന്ന ജാത്യാധിപത്യ വ്യവഹാരങ്ങളുടെ രാഷ്ട്രീയാപനിർമ്മാണം കൂടിയാകുന്നു സേതുരാമന്റെ പുസ്തകം.

കേരളത്തിലെ ജനജീവിതത്തിന്റെ സാംസ്‌കാരികാടിത്തറകൾ ചിലതിന്റെ അപഗ്രഥനമാണ് മൂന്നാമധ്യായം. കൃഷി, സ്ഥിരവാസം, ആയുർനിരക്ക്, സാക്ഷരത, നാണ്യവിളയുടെ വ്യാപനം, ഭൂമിയുടെ തുണ്ടുവൽക്കരണം, ഗതാഗതം, വാണിജ്യം, ആരോഗ്യസംരക്ഷണം, വീടുകൾ... എന്നിങ്ങനെ.

ആദിമകുടിയേറ്റമെന്ന അധ്യായം കേരളത്തിൽ മനുഷ്യരെത്തിയതിനെക്കുറിച്ചുള്ള ജനിതകപഠനപരിപ്രേക്ഷ്യം മുന്നോട്ടുവയ്ക്കുന്നു. നമ്പൂതിരിമാരുടെ വരവ്, നായന്മാരുടെ വ്യാപനം, ഈഴവരെക്കുറിച്ചുള്ള വിശകലനം, പുലയരുടെയും പറയരുടെയും മറ്റും അസ്തിത്വം എന്നിവയിലൂടെ കേരളത്തിൽ ജാതിവിഭജനവും രൂപീകരണവും നടന്നത് തൊഴിൽപരമായാണ്, വംശീയമായല്ല എന്ന് സ്ഥാപിക്കുന്നു, ഇവിടെ, ഒരുഭാഗം നോക്കുക:

“ഈഴവരുടെ ആവിർഭാവം ഈഴത്തുനാട്ടിൽ നിന്നാണെന്നും അത് സിലോൺ ദ്വീപാണെന്നും ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. സിലോണിൽനിന്ന് കേരളക്കരയിലേക്ക് തെങ്ങ് കൊണ്ടുവന്നത് ഈഴവരായിരുന്നുവെന്ന് പറയുന്നു. മലബാർ മാന്വലിൽ വില്യം ലോഗനാണ് ആദ്യമായി ഈഴവർ ദ്വീപിൽനിന്നും വന്നതുകൊണ്ട് തിയ്യരെന്നും ഈഴത്തിൽനിന്നും വന്നതുകൊണ്ട് ഈഴവരെന്നും സമൂഹനാമം കിട്ടിയതായി പരാമർശിക്കുന്നത്. ലോഗൻ പറയുന്നു, ‘അവരുടെ ജാതിപ്പേരുകളിൽ ഒന്ന് (തിയ്യൻ) സൂചിപ്പിക്കുന്നത് അവർ ദ്വീപിൽനിന്ന് വന്നവരാണത്രെ. മറ്റൊരു പേര് (ഈഴവൻ) ഈ ദ്വീപ് സിലോൺ ആണെന്നും സൂചിപ്പിക്കുന്നു. ദീപൻ എന്ന സംസ്‌കൃതവാക്കിന്റെ രൂപാന്തരമാണ് തീവൻ എന്നും അറിയപ്പെടുന്നത്. തലശ്ശേരി ഫാക്ടറി റിക്കോർഡുകളിൽ തിയ്യസമുദായത്തിൽ പൊതുവേ പരാമർശിച്ചുകാണുന്നത് ‘തിവി’ എന്ന പേരിലാണ്. പൗരാണിക സിലോണിന്റെ പേര് സിംഹള എന്നായിരുന്നു എന്ന വസ്തുതവെച്ചു നോക്കുമ്പോൾ സിംഹളർ ‘സിഹളർ’, ‘ഇഹജൻ’, ‘ഇഴുവൻ’ എന്നിങ്ങനെ രൂപാന്തരപ്പെട്ടതാണെന്നു കാണാം’. ലോഗൻ ഈ വ്യാഖ്യാനത്തിന്റെ സ്രോതസ് ചൂണ്ടിക്കാണിക്കുന്നില്ല. വിദേശ സഞ്ചാരികളുടെ വിവരണങ്ങളിൽ ഈ ഐതിഹ്യം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. എം.ജി.എസ്. നാരായണൻ ഉൾപ്പെടെയുള്ള ചരിത്രകാരന്മാർ ഈഴവർ ഈഴത്തുനിന്ന് വന്നവരെന്ന പ്രസ്താവനയ്ക്ക് തെളിവു നൽകുന്നില്ല.

ഈഴവർ മുഴുവൻ ചെത്ത് തൊഴിലാളികളാണെന്നാണ് നിലവിലുള്ള ചരിത്രകാരന്മാരുടെ നിഗമനം. സിലോണിൽനിന്ന് വന്നവരാണെങ്കിൽ വസ്തുനിഷ്ഠമായ തെളിവുകളൊന്നും ചൂണ്ടിക്കാണിക്കുന്നില്ല. വടക്കൻ പാട്ടുകളിൽ തിയ്യന്മാർ പരാമർശിക്കുന്ന ഈഴത്തുനാട്, ശ്രീലങ്കയാണെന്നു കരുതുന്നതിന്റെ കാരണം വ്യക്തമല്ല. ചരിത്രകാലഘട്ടത്തിൽ ഒട്ടേറെ ചെറുകിട നാടുകൾ കേരളത്തിൽ ഉണ്ടായിരുന്നു. നിരവധി എണ്ണം കാലക്രമേണ മൺമറഞ്ഞു പോയിട്ടുണ്ട്. വള്ളുവനാട്, വള്ളുവൻസമുദായ നാമത്തിൽനിന്നും ഉത്ഭവിച്ചതുപോലെ ഈഴത്തുനാട് ഈഴവരിൽനിന്നും നാമകരണം ചെയ്യപ്പെട്ടതാകാം. എന്നാൽ സ്ഥലത്തിന്റെയും നാടിന്റെയും നാമങ്ങൾ പൊതുവേ വിശേഷാൽ സമൂഹസങ്കേതങ്ങളുടെ ഉത്ഭവമായതുകൊണ്ട് ബഹുജനങ്ങളായ തിയ്യന്മാരുടെ വംശീയ നാമം ആകാൻ സാദ്ധ്യതയില്ല. കാർഷിക നാമത്തിൽ നിന്നാകും ഇഴത്തുനാടിന്റെ ഉത്ഭവം. അതല്ലാതെ ഈഴത്തുനാട്, സിലോണിൽ ഈഴം എന്ന് അറിയപ്പെടുന്ന ശുദ്ധ തമിഴ് നാമമുള്ള നാട്, ഈഴവരുടെ പൂർവ്വ ഭൂമിയെന്ന് പറയുന്നത് അതിശയോക്തിയാണ്. കാർഷികവിഭവങ്ങളുമായി ബന്ധപ്പെട്ട് നാടുകൾ ചരിത്രകാലത്ത് വിഭജിക്കുകയുണ്ടായി. ഏറനാട് ഉത്തമ ഉദാഹരണമാണ്. ‘ഏറ്’ എന്നാൽ തമിഴിലും പഴയമലയാളത്തിലും കാള എന്നാണർത്ഥം. ‘കാളകളുടെ നാട്’ എന്ന് വ്യാഖ്യാനിക്കാം. അതുപോലെ ഈഴത്തുനാട് ‘തെങ്ങുകളുടെ നാട്’ എന്ന അർത്ഥത്തിൽ മലബാറിൽ ഉണ്ടായിരുന്ന ഒരു നാടാകാനാണ് സാദ്ധ്യത.

‘ഈഴം’ എന്ന പദം ആയിരം വർഷത്തിലേറെ പഴക്കമുള്ള തമിഴ്‌നാമമാണ്. ഈ വാക്കിന്റെ അർത്ഥം വിവിധ കാലഘട്ടങ്ങളിൽ വ്യത്യസ്ത പശ്ചാത്തലത്തിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും പ്രാചീന ലിഖിതം തമിഴ്‌നാട്ടിൽ മതുര നഗരത്തിന് അരുകിലുള്ള തിരുപ്പരൻകുന്റ്റം എന്ന സ്ഥലത്തുള്ള ജൈനഗുഹയിൽനിന്നു കിട്ടിയ ക്രി. മു. ഒന്നാം നൂറ്റാണ്ടു കാലഘട്ടത്തിലെ ശിലാലിഖിതങ്ങളാണ്. ക്രി.മു. ഒന്നാം നൂറ്റാണ്ടിലെ തമിഴ് ബ്രാഹ്മി ലിപിയിൽ രചിക്കപ്പെട്ട ലിഖിതം.

‘എരുകാടൂർ ഈഴകുടുമ്പികൻ പൊലാലൈയൻ

ചെയ്ത ആയ്ചയൻ, നെടുചാ(ത്)തൻ’.

വിഖ്യാത ചരിത്രപണ്ഡിതൻ ഐരാവതം മഹാദേവന്റെ വ്യാഖ്യാനത്തിൽ, ‘ഈഴഗൃഹനാഥൻ, പൊലാലൈയൻ (നൽകിയ ദാനം) (ലിഖിതം) ചെയ്തവൻ, ആയ്ചയൻ നെടു ചാ(ത്)തൻ’.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഈഴ കുടുമ്പികൻ എന്ന വാക്കു ഈ ലിഖിതത്തിൽ സിലോണിൽനിന്നു വന്ന ഗൃഹനാഥനെയല്ല, മറിച്ച് ഈഴവർ കുലത്തിൽപ്പെട്ട പൊലാലൈയൻ എന്ന മുഖ്യനെയാണ് സൂചിപ്പിക്കുന്നത് എന്നു പറയുന്നു.

ക്രി.പി. 789-ൽ രചിക്കപ്പെട്ട ചോഴ ലിഖിതത്തിൽ ഈഴവർ എന്ന വാക്കു തൊഴിൽ കൂട്ടം എന്ന അർത്ഥത്തിൽ പ്രയോഗിക്കപ്പെട്ടിട്ടുണ്ട്.

‘തെങ്ങും പനൈയും ഈഴവർ ഏറ പെറാതാരാകവും’.

തെങ്ങും പനയും ഈഴവർ കേറാൻ പാടില്ല എന്നു പറയുന്ന ശാസനം, ബ്രാഹ്മണ ചതുർവേദി മംഗളഗ്രാമത്തിൽപ്പെട്ട ഒന്നാണ്.

‘ഈഴം’ എന്ന വാക്കിന് കള്ള് എന്ന അർത്ഥമാണ് 13-ാം നൂറ്റാണ്ട് തമിഴ് ശബ്ദകോശം, ചൂഡാമണി നൽകുന്നത്. ‘ഈഴ കാശു’ (തമിഴ് ലിഖിതം, ക്രി.പി. 412, സ്വർണ്ണനാണയം), ‘ഈഴ കഴഞ്ചു’ (ക്രി.പി. 950, സ്വർണ്ണനാണയം) എന്ന പദങ്ങളിൽ കാണപ്പെടുന്ന ഈഴം എന്ന പദത്തിന് സ്വർണം എന്നാണ് അർത്ഥം. 8-ാം നൂറ്റാണ്ടിലെ തമിഴ് ശബ്ദകോശം, ‘ചേന്തൻ തിവാകരം’, 10-ാം നൂറ്റാണ്ട് ‘പിൻകലം’ എന്ന ശബ്ദകോശവും ‘ഈഴം’ എന്ന പദത്തിന് സ്വർണം എന്ന് അർത്ഥം നൽകുന്നു.

സംഘസാഹിത്യഗ്രന്ഥങ്ങളിൽ ആദിചേര രാജാക്കന്മാർ ഉൾപ്പെടെ എല്ലാവരും കള്ള് ഉപയോഗിച്ചതായി കാണാം. 10-ാം നൂറ്റാണ്ട് തമിഴ് നിഘണ്ടുവിൽ ഈഴം എന്നാൽ കള്ള് എന്ന അർത്ഥമേ ഉള്ളൂ. പ്രസിദ്ധമായ പഴഞ്ചൊല്ല് ‘ഈഴം കണ്ടവന് ഇല്ലം വേണ്ട’ എന്നതിന്റെ വ്യാഖ്യാനം നിലവിലുള്ള ചരിത്രകാരന്മാർ സിലോൺ കാണാൻ പോയവർ മടങ്ങി വീട്ടിൽ വരില്ല എന്നാണർത്ഥം നൽകിയിട്ടുള്ളത്. സിംഹളഭാഷയിൽ ദ്രാവിഡശബ്ദമായ ‘ഴ’ എന്ന അക്ഷരം ഇല്ല.

കേരളത്തിൽ ക്രി.പി. 849-ൽ രചിക്കപ്പെട്ട തരിസ്സാപ്പള്ളി ചെപ്പേടിലാണ് ആദ്യമായി ‘ഈഴവർ’ എന്ന പദം പ്രയോഗിക്കുന്നത്. ‘നാലു കുടി ഈഴവരും ആ കുടികളിൽപ്പെട്ട ഈഴക്കയ്യരെട്ടുപേരും ഉൾപ്പെടെ പന്ത്രണ്ടു പേരും....’ എന്ന ലിഖിതവാക്യത്തിൽ സൂചിപ്പിക്കപ്പെട്ടിട്ടുള്ള ഈഴവരും ഈഴക്കയ്യരും തൊഴിലാളികളാണോ സിലോണ്ട കുടിയേറ്റക്കാരാണോ എന്നു പരിശോധിച്ചാൽ തൊഴിലുമായി ബന്ധപ്പെട്ട പണിക്കാരൻ എന്നു വ്യക്തമാകും.

ഈഴവർ നാളികേരകൃഷിയുമായി ബന്ധപ്പെട്ട തൊഴിൽ കൂടാതെ ധാന്യവിള കർഷകരുമായിരുന്നു. പത്തിൽ ഒന്ന് ഈഴവർ മാത്രമേ നാളികേര കർഷകരായിരുന്നുള്ളൂ. ആയുർവേദ വൈദ്യന്മാരും പണ്ഡിതന്മാരും യോദ്ധാക്കളുമായി ഈഴവർ സ്ഥാനം വഹിച്ചിരുന്നു. 12-ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട പെരിയ പുരാണത്തിൽ ശൈവഭക്തനും യോദ്ധാവുമായ ‘ഏനാതിനാദ നായനാർ’ പുരാണത്തിൽ ഏനാതിനാദതെ ‘ഈഴക്കുലച്ചാന്റാർ’ (ഈഴകുലചാന്റാർ) എന്നു പുകഴ്‌ത്തപ്പെടുന്നു (പെരിയപുരാണം 608-644). ചോഴമണ്ഡലത്തിൽ എയിനനൂർ നിവാസിയും ഈഴവകുല നായനാരുമായ ഏനാതിനാദർ രാജാക്കളുടെ സേനാധിപതിയായി പ്രവർത്തിച്ച ശൈവയോദ്ധാവ് എന്നു പെരിയപുരാണം വിവരിക്കുന്നു.

ഇന്ത്യയിൽ ഏകദേശം രണ്ടായിരത്തിൽ കൂടുതൽ ജാതിനാമങ്ങളുണ്ട്. എല്ലാ ജാതിനാമങ്ങളും തൊഴിലുമായി ബന്ധപ്പെട്ടവയാണ്. വംശത്തിനെ ചൂണ്ടിക്കാണിക്കുന്ന ജാതിനാമങ്ങൾ ചരിത്രരേഖകളിൽ കാണാൻ കഴിയില്ല”.

ആദിചേരന്മാർ എന്ന അഞ്ചാമധ്യായം എം.ജി.എസിന്റെയും മറ്റും ബ്രാഹ്മണാധിനിവേശ സിദ്ധാന്തങ്ങളെ നിരാകരിക്കുകയും ഇളംകുളത്തിന്റെ വാദങ്ങളെ ഖണ്ഡിക്കുകയും ചെയ്യുന്നു. പട്ടണം ഉൽഖനനത്തിന്റെ തെളിവുകൾ മുൻനിർത്തി, നരവംശശാസ്ത്രപരവും ഭാഷാശാസ്ത്രപരവുമായി കേരളചരിത്രത്തെ പുനർവായിക്കുന്നു, സേതുരാമൻ.

‘സമൂഹം’ എന്ന രണ്ടാം ഭാഗത്ത് എട്ടധ്യായങ്ങളിലായി ‘ജാതി’വ്യവഹാരത്തെ കേന്ദ്രീകരിച്ച് കേരള/ദ്രാവിഡ സമൂഹങ്ങളുടെ ജാതിഘടനയുടെ രൂപീകരണചരിത്രം ചർച്ചചെയ്യുന്നു, സേതുരാമൻ. ഒന്നാം ഭാഗത്ത് കണ്ടെത്തിയ തെളിവുകളുടെയും കെട്ടിപ്പൊക്കിയ നിഗമനങ്ങളുടെയും വെളിച്ചത്തിലാണ് ഈ അപഗ്രഥനം നടത്തുന്നത്.

സമൂഹഘടന എന്ന അധ്യായത്തിൽ വർണവ്യവസ്ഥയിൽനിന്ന് ജാതിഘടനയിലേക്കു സംഭവിച്ച പരിണാമത്തിന്റെ കഥ പറയുന്ന സേതുരാമൻ, രാജൻ ഗുരുക്കൾ ഉൾപ്പെടെയുള്ളവരുടെ ചരിത്രനിഗമനങ്ങൾ നിരാകരിച്ചുകൊണ്ട് സംഘകാലകൃതികളിൽ ചാതുർവർണ്യ സാമൂഹ്യഘടന സൂചിതമാകുന്നില്ല എന്നു ചൂണ്ടിക്കാണിക്കുന്നു. തിരുക്കുറളും ചിലപ്പതികാരവും ജാതിവ്യത്യാസമില്ലാത്ത സമൂഹത്തെ അവതരിപ്പിക്കുന്നു. എട്ടാം നൂറ്റാണ്ടിനുശേഷമാണ് ജാതിവ്യവസ്ഥ നിലവിൽ വരുന്നത്.

ആര്യദ്രാവിഡസമ്പർക്കം എന്ന അധ്യായത്തിൽ ബ്രാഹ്മണാധിപത്യത്തിന്റെ ചരിത്രമാണുള്ളത്. ഭാഷ, മതം, തദ്ദേശീയ ബ്രാഹ്മണ്യം എന്നിവയുടെ വിശകലനം ഈ ഭാഗത്തുണ്ട്. ഒരു നിരീക്ഷണം ശ്രദ്ധിക്കുക.

“കേരളത്തിൽ ആര്യബ്രാഹ്മണർ കുടിയേറിയെന്ന് കരുതപ്പെടുന്ന ക്രിസ്തുവർഷാരംഭത്തിലെ നൂറ്റാണ്ടുകളിൽ ബുദ്ധമതഭിക്ഷുക്കളാണ് വടക്കേന്ത്യയിൽ നിന്നുള്ള ആര്യന്മാരുടെ കുടിയേറ്റത്തിനു തുടക്കം കുറിക്കുന്നത്. ബ്രാഹ്മണകുടിയേറ്റങ്ങളുടെ ആദ്യത്തെ രേഖയായ തിരുവട്ടൂർ ശിലാലിഖിതം പത്താം നൂറ്റാണ്ടിലാണ്. ഇതിൽ ബ്രാഹ്മണരെ മലയാളഭൂമിയിലുള്ള ഒരു പ്രദേശത്തുനിന്നും വേറൊരു പ്രദേശത്തേക്ക് മാറ്റി കുടിയിരുത്തിയതിനെയാണ് സൂചിപ്പിക്കുന്നത്. കേരളത്തിൽ കിട്ടിയിട്ടുള്ള സുപ്രധാന ചരിത്രരേഖയായ പാലിയം ചെപ്പേടിന്റെ കാലം ക്രി.പി. 898 ആണ്. പാലിയം ചെപ്പേട് ആയ് രാജാവായ വരഗുണൻ ശ്രീമൂലവാസ ബൗദ്ധവികാരത്തിന് ദാനം ചെയ്തതിനെ സാക്ഷ്യപ്പെടുത്തുന്നു. ബ്രാഹ്മണ ക്ഷേത്രരേഖകൾ പൂർണ്ണമായും തമിഴിലും പഴയ മലയാളത്തിലുമായിരിക്കെ, സംസ്‌കൃതത്തിൽ എഴുതപ്പെട്ടിട്ടുള്ള ഏകരേഖയാണ് പാലിയം ചെപ്പേട്. 78 വരികളുള്ള ഈ ചെപ്പേടിന്റെ ഒരു പുറം തമിഴും മറുപുറം സംസ്‌കൃതവുമാണ്. വടക്കേ ഇന്ത്യൻ ആര്യാവർത്തത്തിൽ ഉപയോഗിക്കപ്പെടുന്ന നാഗരി ലിപിയിലാണ് പാലിയം ചെപ്പേടിൽ സംസ്‌കൃതം എഴുതിയിട്ടുള്ളത്. നാഗരി ലിപിയിലുള്ള സംസ്‌കൃതം ആര്യകുടിയേറ്റത്തെ ചൂണ്ടിക്കാണിക്കുന്നു. അവരാകട്ടെ ബൗദ്ധന്മാരാണ്”.

മറ്റൊന്ന്:

“10-11-ാം നൂറ്റാണ്ടിൽ അയൽദേശത്തുനിന്നു കുടിയേറിയ കൊങ്കണി, തുളു, തമിഴ് ബ്രാഹ്മണർ തനതു ഭാഷയും സംസ്‌കാരവും നൂറ്റാണ്ടുകളായി പുലർത്തിപ്പോരുമ്പോൾ അയൽദേശത്തുനിന്നു വന്നു എന്നു കരുതപ്പെടുന്ന നമ്പൂതിരി ബ്രാഹ്മണർ അവരുടെ തദ്ദേശഭാഷ നിലനിർത്താഞ്ഞത് എന്തുകൊണ്ടാണ്? ജനിതകപഠനങ്ങളുടെ വെളിച്ചത്തിൽ നമ്പൂതിരി ബ്രാഹ്മണർ അയൽദേശത്തുനിന്നു വന്ന ബ്രാഹ്മണരല്ല. മറിച്ച് തദ്ദേശീയ മലയാളിസമൂഹങ്ങളിലുള്ളവരിൽ ബ്രാഹ്മണ്യം ലഭിച്ചവരാണെന്നു കാണുന്നു. നമ്പൂതിരിമാരുടെ സംസ്‌കാരവും ആചാരങ്ങളും ഭാഷയും ഇവർ നിസ്സാരമായ ആര്യബ്രാഹ്മണ ജനിതക കലർപ്പുകളിലൂടെ തദ്ദേശീയ ഗോത്രവർഗ്ഗങ്ങളിൽനിന്നും ആവിർഭവിച്ച വിദ്യാസമൂഹമാണെന്നു തെളിയിക്കുന്നു”.

വർണാശ്രമ ഉല്പത്തിയെക്കുറിച്ചുള്ള അധ്യായം ഇന്ത്യയിലെ ജാത്യുൽപത്തിയെക്കുറിച്ചുന്നയിക്കപ്പെട്ട രണ്ടു ചരിത്രവാദങ്ങൾ ചർച്ചചെയ്യുന്നു. ആര്യാധിനിവേശമാണ് ജാതിവ്യവസ്ഥ സൃഷ്ടിച്ചതെന്നും ഏകസമൂഹത്തിൽനിന്ന് രൂപപ്പെട്ട സാമൂഹിക ഉപവിഭാഗങ്ങളാണ് ജാതികളെന്നുമുള്ളവയാണ് ഈ വാദങ്ങൾ. ഇതിൽ രണ്ടാമത്തെ വാദം ഉന്നയിച്ചത് അംബേദ്കറാണ് (നിയമത്തിലും സാമ്പത്തികശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും ഉന്നത ബിരുദങ്ങളുണ്ടായിരുന്നു, അംബേദ്കർക്ക്). ജനിതകപഠനങ്ങൾ അംബേദ്കറുടെ വാദങ്ങൾ പിന്നീട് ശരിവയ്ക്കുകയുണ്ടായി.

പൗരോഹിത്യം എന്ന അധ്യായം കേരളത്തിൽ ബ്രാഹ്മണപൗരോഹിത്യം നിലവിൽ വന്നതിന്റെ സാമൂഹ്യനരവംശശാസ്ത്രം വിശദീകരിക്കുന്നു. തൊഴിൽസമൂഹങ്ങളെക്കുറിച്ചുള്ള അധ്യായം കൃഷി, കാലിവളർത്തൽ എന്നിവയിൽ നിന്ന് ജന്മിത്തത്തിലേക്കുള്ള കേരളീയസമൂഹത്തിന്റെ മാറ്റം ചർച്ചചെയ്യുന്നു. എം.ജി.എസ്. നാരായണൻ, കേശവൻ വെളുത്താട്ട് എന്നിവരുടെ ചില നിഗമനങ്ങൾ തള്ളിക്കളയുന്നുണ്ട് ഇവിടെ സേതുരാമൻ (പുറം 214).

‘സാങ്കല്പിക സമൂഹങ്ങൾ’ എന്ന അടുത്ത അധ്യായമാണ് ഈ ഭാഗത്തെ ഏറ്റവും ശ്രദ്ധേയമായ രചന. പുതുശ്ശേരി രാമചന്ദ്രന്റെ കേരളചരിത്രപഠനത്തിനാധാരമായ രേഖകളുടെ അപഗ്രഥനമാണ് ഇതിൽ നിർവഹിക്കപ്പെടുന്നത്. കുടിയേറ്റചരിത്രവാദങ്ങളെ ഖണ്ഡിച്ചുകൊണ്ടും പി.കെ. ബാലകൃഷ്ണനുൾപ്പെടെയുള്ളവരുടെ ജാതിചരിത്രരചനാശ്രമങ്ങളെ വിമർശിച്ചുകൊണ്ടും കേരളത്തിലെ ജാതിസമൂഹഘടനയെക്കുറിച്ചുള്ള ജനിതകപഠനം മുന്നോട്ടുവയ്ക്കുകയാണ് ഈയധ്യായം.

“കേരളത്തിന്റെ ജനിതകചിത്രവും ചരിത്രപരമായ ജനിതക സംക്രമത്തെ ഉറപ്പിക്കുന്നു. എന്നാൽ നിലവിലുള്ള ചരിത്രാഖ്യാനത്തിന് വിരുദ്ധമായി കേരളത്തിലെ വിവിധ ജാതിമതസമൂഹങ്ങൾക്ക് ദക്ഷിണേന്ത്യൻ അഥവാ ദ്രാവിഡ ജനിതക ഘടനയാണുള്ളത്. വടക്കേ ഇന്ത്യൻ ആര്യവംശം എന്നു കരുതപ്പെടുന്ന നമ്പൂതിരിമാരുടെ ആന്ത്രോപ്പൊണിറ്റിക് അടയാളങ്ങളും ജനിതകപഠനവും ദ്രാവിഡ അംശത്തെയാണ് മുഖ്യ ഘടകമായി കാണിക്കുന്നത്. വടക്കേ ഇന്ത്യൻ ആര്യ ബ്രാഹ്മണരുടെ ജനിതകാംശം തീർച്ചയായും മലയാളി ബ്രാഹ്മണരിലും മറ്റു ദക്ഷിണേന്ത്യൻ ബ്രാഹ്മണരിലും ഏതാനും പേർക്കുണ്ട്. എന്നാൽ ചരിത്രകാരന്മാർ അവകാശപ്പെടുന്നതുപോലെ കൂട്ടങ്ങളായിട്ടുള്ള കുടിയേറ്റ പ്രകടമല്ല.

നരവംശശാസ്ത്രജ്ഞരുടെ കണക്കുപ്രകാരം ഒരു തലമുറയുടെ മൊത്തം ലൈംഗികബന്ധങ്ങളിൽ 3% ബാഹ്യസമൂഹങ്ങളാണെങ്കിൽ പത്തുപന്ത്രണ്ട് തലമുറകൾക്കുശേഷം അതായത് മൂന്നു നൂറ്റാണ്ടുകൾക്കൊടുവിൽ 30% ജനിതകഘടകമെങ്കിലും ബാഹ്യസമൂഹ ജനിതക അംശമാകേണ്ടതാണ്. ആയിരം വർഷമാണെങ്കിൽ 70% സമൂഹവും ബാഹ്യസമൂഹ ജനിതകഅംശം പ്രകടിപ്പിക്കേണ്ടതാണ്. രണ്ടായിരം വർഷത്തിനുള്ളിൽ 91% ജനിതകഅംശവും ബാഹ്യജനത വംശമായി മാറേണ്ടതാണ്. രണ്ടായിരം വർഷത്തിലേറെ പഴക്കമുള്ള കുടിയേറ്റം അവകാശപ്പെടുന്ന നമ്പൂതിരിമാരുടെ ജനിതക ഘടനയിലെ ആര്യഅംശം ഇതര സമൂഹങ്ങളുടേതിൽനിന്ന് മുന്തിനിൽക്കുന്നതായി കാണുന്നില്ല. വ്യക്തിവ്യത്യാസങ്ങൾ ഉണ്ടെങ്കിലും പൊതുവായ ജനിതക അംശത്തിൽ കാര്യമായ വ്യാത്യാസങ്ങളില്ല. അംബേദ്കർ, ഗൂറിയെ, മെസ്ഫീൽഡ് മുതലായവർ പറഞ്ഞതുപോലെ വടക്കേ ഇന്ത്യയിൽ ജനസംഖ്യാപരമായി പ്രബലസമൂഹമായ ‘ചമാർ’ അയിത്ത ജാതിക്കാരുടെയോ നാടോടിസമൂഹമായ ‘ബഞ്ചാര’ സമൂഹത്തിന്റെയോ ഗോത്രസമൂഹമായ ‘ബിൽ’ സമൂഹത്തിന്റെയോ ആര്യ അംശത്തിനെക്കാളും കുറവാണ് ദക്ഷിണേന്ത്യയിലെ ബ്രാഹ്മണസമൂഹങ്ങൾക്കിടയിൽ കാണപ്പെടുന്ന ആര്യ ജനിതകഅംശം. ജനിതക ഉത്പന്നങ്ങളായ പ്രോട്ടീനുകളും ഹാപ്ലോജനുകളുമായി ബന്ധപ്പെട്ട ജനിതകബന്ധങ്ങളും ഡി.എൻ.എ. ബന്ധങ്ങളുംപോലെതന്നെ ഓരോ പ്രദേശത്തെ ബ്രാഹ്മണർക്കും ആ പ്രദേശത്തെ അയിത്തജാതിക്കാരുൾപ്പെടെയുള്ള അബ്രാഹ്മണരുമായാണ് ജനിതക ബന്ധമുള്ളത് എന്ന് ആവർത്തിക്കുന്നു.

മനുഷ്യസമൂഹങ്ങളുടെ നിലനിൽപ്പിനും വികാസത്തിനും ജനസംഖ്യാവളർച്ച ഒരു പ്രധാനഘടകമാണ്. ജനിതകവൈവിധ്യം പാരമ്പര്യരോഗങ്ങൾക്കു വിരാമം കുറിച്ചു. അത് ആരോഗ്യകരമായ തലമുറകളെ വാർത്തെടുക്കാൻ സഹായകമായി. ഉപസമൂഹങ്ങളുടെ ജനിതകസംക്രമം കേരളത്തിലും ജാതിവ്യവസ്ഥ ദൃഢപ്പെടുന്നതിനുമുമ്പ് പ്രത്യക്ഷപ്പെടുന്നുണ്ട്. ആദിചേരന്മാരുടെ കാലത്ത് വൈവാഹിക ബന്ധങ്ങൾ സ്വാഭാവിക പ്രണയബന്ധങ്ങളായിരുന്നു. ജാതി സമൂഹ അടയാളങ്ങൾ വിവാഹത്തിൽ അപ്രസക്തമായിരുന്നു. സംഘസാഹിത്യഗ്രന്ഥങ്ങളായ അകനാനൂറും കുറുന്തൊകൈയും മറ്റു രചനകളും ഇതിന് തെളിവുനൽകുന്നു.

12-ാം നൂറ്റാണ്ടിനുശേഷം കേരളക്കരയിൽ ജാതിസമൂഹങ്ങൾ അടഞ്ഞ കൂട്ടായ്മകളായി രൂപപ്പെട്ടെങ്കിലും ജനിതകസംക്രമണം പ്രകടമാണ്. മധ്യവർഗ്ഗസമൂഹമായ നായർ (ശൂദ്രർ/വെള്ളാളർ) വൈദികപരമായി സാമൂഹികശ്രേണിയിൽ ഉന്നതരെന്നു കരുതപ്പെട്ട നമ്പൂതിരി, ക്ഷത്രിയർ, അമ്പലവാസി മുതലായ സമൂഹങ്ങൾ നായർ സ്ത്രീകളുമായി സംബന്ധത്തിൽ ഏർപ്പെട്ടത് ജനിതകസംക്രമണത്തിന് വഴിയൊരുക്കി. അതേസമയം പ്രാചീനകാലം മുതൽക്കേ ‘കളവു’ എന്നറിയപ്പെട്ടിരുന്ന ഒളിച്ചോടൽ, ജാതിവ്യവസ്ഥ കാഠിന്യമായി നിലനിന്നിരുന്ന കാലഘട്ടങ്ങളിൽ പോലും മണ്ണാപ്പേടി, പുലപ്പേടി മുതലായ സാമൂഹികാചാരങ്ങൾ വഴി നായർ സ്ത്രീകളെ കർഷകജാതി സമൂഹക്കാർക്ക് കൂടെ കൊണ്ടുപോകാൻ അനുവാദമുണ്ടായിരുന്നു. സ്വരൂപകാലത്ത് ചെറിയ നാട്ടുരാജ്യങ്ങളുടെ പരസ്പര പോരുകളിൽ പരാജയപ്പെടുന്ന ശത്രുകുടുംബങ്ങളിലെ സ്ത്രീകളെയും കുട്ടികളെയും അന്യമതസ്ഥർക്കും മുക്കുവസമൂഹങ്ങൾക്കുമായി വില്പന ചെയ്തിരുന്നു. ജാതിഭ്രഷ്ട് ഉണ്ടായി എന്നു തെളിഞ്ഞാൽ സ്മാർത്തവിചാരത്തിനു ശേഷം നമ്പൂതിരിസ്ത്രീകളെ അന്യമതക്കാർക്കും അയിത്ത ജാതിക്കാർക്കും വില്ക്കുന്നതും പതിവായിരുന്നു. വൈദേശിക വാണിജ്യവുമായി ബന്ധപ്പെട്ട് കുടിയേറിയ മധ്യേഷ്യൻ യഹൂദ, അറബി മറ്റു ക്രിസ്ത്യൻ വണിക്കുകളുമായി തദ്ദേശീയ ജനിതക സംക്രമണം ഉണ്ടായി.

കഴിഞ്ഞ നൂറ്റാണ്ടിൽ ഉപജാതികൾ ഒന്നിപ്പിച്ച് വിശാല ജാതിസമൂഹങ്ങളായി മാറിത്തുടങ്ങിയതോടെ മിശ്രവിവാഹങ്ങൾ വർദ്ധിക്കുകയുണ്ടായി. പണ്ട് പരസ്പരം വൈവാഹിക ബന്ധത്തിൽ ഏർപ്പെടാൻ വിമുഖത കാണിച്ച ഉപസമൂഹങ്ങളായ മേനോൻ, നമ്പ്യാർ, പിള്ള, കിടാവ്, ഉണിത്തിരി, തമ്പി, പണിക്കർ, കുറുപ്പ് എന്നീ ഉപസമൂഹങ്ങൾ വിശാല നായർസമൂഹത്തിന്റെ അംഗങ്ങളായി അടയാളപ്പെടുത്തപ്പെട്ടതോടെ വൈവാഹിക ബന്ധങ്ങൾ സുലഭമായി. ഈഴവരും തീയ്യരും ഒരു ജാതിയുടെ കുടക്കീഴിലാണ്. ആശാരിവിഭാഗത്തിൽപ്പെട്ട തട്ടാൻ, കൊല്ലൻ, തച്ചൻ ഉൾപ്പെടുന്നവർ വിശ്വകർമ്മസമൂഹവുമായി അറിയപ്പെടുന്നു. ഉപസമൂഹങ്ങൾ തമ്മിൽ വർദ്ധിച്ചുവരുന്ന വൈവാഹികബന്ധങ്ങൾ ആധുനിക ജാതി അടയാളപ്പെടുത്തലിന്റെ ഉത്തമ ഉദാഹരണമാണ്. ഗോത്രവിഭാഗങ്ങളിൽപ്പെട്ട സമൂഹങ്ങൾ ആദിവാസി കുടക്കീഴിലും കൃഷി ചെയ്യുന്ന അനുബന്ധ സമൂഹങ്ങൾ ദലിത്, പട്ടികജാതി സമൂഹ കുടക്കീഴിലുമാണ്”.

ജനചരിത്രം എന്ന അധ്യായം പഴഞ്ചൊല്ലുകളുടെയും നാടൻ കലകളുടെയും അപഗ്രഥനത്തിലൂടെ അടിസ്ഥാനജാതികളുടെ സംസ്‌കാരം പഠിക്കുമ്പോൾ വസ്ത്രധാരണം, ഭക്ഷണം, സാമൂഹികാചാരങ്ങൾ, ദായക്രമം, കുടുംബഘടന തുടങ്ങിയവയുടെ അപഗ്രഥനത്തിലൂടെ സംസ്‌കാരപൈതൃകത്തിന്റെ പൊതുഘടന അവതരിപ്പിക്കുന്നു, എട്ടാമധ്യായം.

മതം എന്ന മൂന്നാം ഭാഗത്ത് ഹിന്ദു, ശ്രമണ, ബുദ്ധ, ഇസ്ലാം, ക്രിസ്തു മതങ്ങളെയും അവയുടെ ദർശനങ്ങളുടെ വ്യാപനത്തെയും കുറിച്ചുള്ള ചർച്ചയാണ്. ദൈവഭാവനകളുടെയും മതസ്ഥാപനങ്ങളുടെയും ചരിത്രം. ബുദ്ധ, ജൈന മതങ്ങളുടെ പ്രഭാവകാലത്തെക്കുറിച്ചുള്ള എം.ജി.എസിന്റെ നിരീക്ഷണങ്ങൾ സാകൂതം ഖണ്ഡിക്കുന്നു, സേതുരാമൻ (പുറം 331-332).

മതപരിവർത്തനം എന്ന അധ്യായം ഇരുപതാം നൂറ്റാണ്ടിലുണ്ടായ മതപരിവർത്തനങ്ങളുടെ കൂടി കണക്കുകൾ മുൻനിർത്തി കേരളത്തിന്റെ മതജനസംഖ്യാപഠനം നടത്തുന്നു. ക്രൈസ്തവരുടെ സംഖ്യ 1901-ൽ ആകെ ജനസംഖ്യയുടെ 14 ശതമാനമായിരുന്നത് 2011-ൽ 18.4 ശതമാനമായി വർധിച്ചപ്പോൾ മുസ്ലിങ്ങളുടേത് 17.5-ൽ നിന്ന് 26.6 ശതമാനമായി വർധിച്ചു. ഹിന്ദുക്കളുടെ എണ്ണമാകട്ടെ ആകെ ജനസംഖ്യയുടെ 77.5 ശതമാനമായിരുന്നത് 54.9 ലേക്കു താണു. ഇതിലെ ഏറ്റവും വലിയ കൗതുകം മുസ്ലിം ജനസംഖ്യയിൽ 1990 തൊട്ടുണ്ടായ വൻ കുതിപ്പും ക്രിസ്ത്യൻ ജനസംഖ്യയിൽ ഇതേ കാലത്തുണ്ടായ കിതപ്പുമാണ് (പുറം 379).

കൊളോണിയൽ ആധുനികതയുടെ കാലം വിശകലനം ചെയ്യുന്ന നാലാം ഭാഗത്ത് അഞ്ചധ്യായങ്ങൾ. ഒന്നാമധ്യായം പാശ്ചാത്യരുടെ വരവ്, നവോത്ഥാനം, ആധുനികത എന്നീ പരികല്പനകളിലൂന്നി പോർട്ടുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷാധിപത്യങ്ങളുടെ രാഷ്ട്രീയ, സൈനികചരിത്രം സംഗ്രഹിക്കുന്നു.

യുദ്ധമുറ എന്ന രണ്ടാമധ്യായം മുപ്പതു കോടി വരുന്ന ഇന്ത്യൻ ജനതയെ മൂന്നുലക്ഷം മാത്രമുണ്ടായിരുന്ന ബ്രിട്ടീഷുകാർ ഇരുന്നൂറു വർഷം ഭരിച്ചതിന്റെ സാമൂഹ്യാപഗ്രഥനം നടത്തുന്നു.

രാഷ്ട്രീയഘടനയെന്ന മൂന്നാമധ്യായം ഈകാലത്തെ ഭൂമി, തൊഴിൽ, ജാതി, മതം, അധിനിവേശ രാഷ്ട്രീയം തുടങ്ങിയവ അപഗ്രഥിക്കുന്നു.

നാലാമധ്യായമായ വികേന്ദ്രീകൃതസ്വയംഭരണം നിശ്ചയമായും വിവാദങ്ങൾ ക്ഷണിച്ചുവരുത്താവുന്ന നിരവധി നിരീക്ഷണങ്ങൾകൊണ്ടു സമൃദ്ധമാണ്. മത, ജാതി, സാമൂഹ്യവിഭജനക്രമം കേരളത്തിൽ നടന്നതിന്റെ വിശകലനമെന്ന നിലയിൽ എഴുതപ്പെട്ട ഈയധ്യായം പൊതുവെ കരുതുംപോലെ അത്ര വലിയ വൈരുധ്യങ്ങൾ ജാതിമതവിഭാഗങ്ങൾ തമ്മിൽ നിലനിന്നിരുന്നില്ല എന്നു വാദിക്കുന്നു. സാമൂഹികവും ആത്മീയവുമായ സ്വയംഭരണവ്യവസ്ഥ മിക്ക മത, ജാതി വിഭാഗങ്ങൾക്കുമുണ്ടായിരുന്നു എന്നാണ് സേതുരാമൻ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഒരു ഭാഗം നോക്കുക:

“അവർണ്ണ വിഭാഗങ്ങളിൽപ്പെട്ട ഈഴവർ മുതൽക്കുള്ള ജാതിസമൂഹങ്ങൾ തങ്ങളുടെ പ്രാചീന ദൈവവിശ്വാസത്തിലൂന്നി നിൽക്കുകയും ബ്രാഹ്മണ ക്ഷേത്രങ്ങളിൽനിന്നും ഭരണവ്യവസ്ഥയിൽനിന്നും ഭിന്നമായി അധിവസിക്കുകയുമുണ്ടായി. 20-ാം നൂറ്റാണ്ടിൽ ലഭിച്ച സവർണ്ണ ക്ഷേത്രപ്രവേശനം ഒരു കാലത്തും ഈഴവർ, പുലയർ മുതലായ അവർണ്ണ വിഭാഗങ്ങൾക്ക് ഒരവകാശമായി തോന്നിയില്ല എന്നത് ശ്രദ്ധേയമാണ്. കാലാകാലമായി വിശ്വസിച്ചുപോന്ന പൂർവ്വികരുടെ ആരാധനയിലും ദ്രാവിഡ നാട്ടുദൈവ ആരാധനയിലും അവർ പൂർണ്ണമായി ആത്മാഭിമാനവും വിശ്വാസവും പ്രകടിപ്പിച്ചിരുന്നു. മുത്തപ്പൻ, അയ്യപ്പൻ, മുരുകൻ, കറുപ്പൻ, മാടൻ, മരുത, ഭദ്രകാളി എന്നിങ്ങനെ നിരവധി മൂർത്തികളെ ആരാധിച്ചിരുന്ന സമൂഹത്തിന് രാമായണവും മഹാഭാരതവും അപരിചിതമായിരുന്നു. വിഷ്ണുവും ബ്രഹ്മാവും ശ്രീരാമനും കൃഷ്ണനും അപരിചിതരായിരുന്നു. ആത്മീയതലത്തിൽ സ്വതന്ത്രരായിരുന്ന അവർണ്ണ വിഭാഗങ്ങൾ ഭരണകാര്യങ്ങളിലും സ്വതന്ത്രമായിരുന്നു.

ആദിചേരന്മാരുടെ കാലത്ത് തുല്യരായിരുന്ന സമൂഹങ്ങൾ ക്രമേണ ബ്രാഹ്മണാചാരങ്ങളുടെ അടിസ്ഥാനത്തിൽ വിഭിന്ന ജാതികളായി മാറിയെങ്കിലും ആ കാലത്ത് നിലവിലുണ്ടായിരുന്ന ‘കളവു ഒഴുക്കം’ എന്നറിയപ്പെട്ട വൈവാഹിക പ്രണയാഭ്യർത്ഥന ‘മണ്ണാപ്പേടി’, ‘പുലപ്പേടി’ എന്ന പേരിൽ തുടർന്നു. അവർണ്ണ സവർണ്ണ സാമൂഹിക സമ്പർക്കത്തിന്റെ ആചാരമായിരുന്ന ‘മണ്ണാപ്പേടി’യും ‘പുലപ്പേടി’യും ക്രമേണ ഒരു ദിവസമായി നിയന്ത്രിക്കപ്പെട്ടു. അവസാനം ക്രി. 1596-ൽ തെക്കൻ തിരുവിതാംകൂറിൽ ഒരു സ്വരൂപനാടുവാഴിയാണ് ആചാരങ്ങളെ നിരോധിച്ചത്. നിരോധന ഉത്തരവിന്റെ ശിലാലിഖിതത്തിൽ, ‘ഇരു മഹാജനങ്ങളു’ടെ സമ്മതത്തോടെ നിർത്തലാക്കുന്നതായാണ് അറിയിക്കുന്നത്. പുലയരും ഒരു മഹാജനമായി കരുതപ്പെടുകയും അവരുടെ സമ്മതം കിട്ടിയതിനുശേഷം പുലപ്പേടി നിർത്തലാക്കിയെന്ന് പ്രഖ്യാപിക്കുന്നതിലൂടെ പുലയരിത്യാദി ജാതികളെയും നാടുവാഴികളും രാജാക്കന്മാരും നാട്ടുകൂട്ടഭരണവ്യവസ്ഥയിൽ നിലനിൽക്കാൻ അനുവദിച്ചിരുന്നുവെന്ന് തെളിയിക്കുന്നു.

ബ്രാഹ്മണർ പട്ടിണിസമരം നടത്തി എന്നു പ്രൊഫ. കെ.എൻ. ഗണേശ് മതിലകം ഗ്രന്ഥവരികളെ ചൂണ്ടിക്കാണിച്ചു പറയുന്നു. അരയസമുദായത്തിലെ മൂപ്പന്റെ മക്കൾ ക്ഷേത്രക്കുളത്തിൽ കുളിച്ചപ്പോൾ ഭ്രഷ്ടായതുകൊണ്ട് ബ്രാഹ്മണർ രാജാവിനെ കണ്ടു പരാതിപ്പെടുകയുണ്ടായി. എന്നാൽ അതിനെ അംഗീകരിക്കാതെ വീണ്ടും ക്ഷേത്രക്കുളത്തിൽ അരയക്കുട്ടികൾ കുളിച്ചപ്പോൾ വീണ്ടും പരാതിപ്പെടുകയും രാജാവ് നിസ്സാഹയത പ്രകടിപ്പിക്കുകയും ചെയ്തു. അതിനാൽ ബ്രാഹ്മണർ പട്ടിണിസമരം നടത്തി. പട്ടിണിസമരത്തിന്റെ പാപം കിട്ടുമെന്ന് പേടിച്ചാണ് അരയക്കുട്ടികൾ ക്ഷേത്രക്കുളത്തിലെ കുളിയിൽനിന്ന് പിന്മാറിയത്.

അവർണ്ണ വിഭാഗങ്ങളിൽ പ്രബല സമുദായമായിരുന്ന ഈഴവർക്ക് ആചാരപരമായും ഭരണപരമായും പൂർണ്ണസ്വാതന്ത്ര്യം ഉണ്ടായിരുന്നതായി ചരിത്രത്തെളിവുകൾ സാക്ഷ്യപ്പെടുത്തുന്നു. മലബാറിൽ തിയ്യ സമുദായക്കാരുടെ വസ്ത്രധാരണവും പ്രകൃതവും സവർണ്ണരെപ്പോലെതന്നെ ഉണ്ടായിരുന്നതായി മലബാർ മാന്വലിൽ ലോഗൻ അഭിപ്രായപ്പെടുന്നു. നായന്മാർക്ക് മാത്രം ആയുധം അഭ്യസിക്കാമെന്നിരിക്കേ വടക്കൻ പാട്ടുകളിൽ പുകഴ്‌ത്തപ്പെടുന്ന കണ്ണപ്പനുണ്ണി, ഉണ്ണിയാർച്ച ഉൾപ്പെടെയുള്ള നിരവധി വീരവീരാംഗനമാർ തിയ്യരായിരുന്നുവെന്നത് ശ്രദ്ധേയമാണ്. അങ്കച്ചേകവർ എന്നറിയപ്പെട്ട തിയ്യ കളരി അഭ്യാസികൾ വടക്കൻ മലബാറിൽ പ്രസിദ്ധരാണ്. തിയ്യന്മാരും ഇതര അവർണ്ണ ജാതികളും കാവുസംസ്‌കാരത്തെ പിന്തുടർന്നതുകൊണ്ട് പ്രകൃതിയെയും പൂർവ്വികരെയും ദൈവത്തിന്റെ പ്രതിനിധാനങ്ങളായി ആരാധിച്ചുപോന്നു. തിയ്യൻ മൂത്താൽ ദൈവമെന്ന പഴഞ്ചൊല്ലുപ്രകാരം പൂർവ്വികരെ ആരാധിക്കുന്നതിൽ ആത്മാഭിമാനം പ്രകടിപ്പിച്ചു. ബ്രാഹ്മണക്ഷേത്രങ്ങളിൽ പ്രവേശിക്കണമെന്നോ വടക്കേ ഇന്ത്യൻ ദൈവങ്ങളെ കീഴ്‌വണങ്ങണമെന്നോ 20-ാം നൂറ്റാണ്ടുവരെ തിയ്യർക്ക് തോന്നിയിട്ടില്ലായിരുന്നു”.

അവസാന അധ്യായമായ ഭാഷാപരിണാമം, പുതുശ്ശേരി രാമചന്ദ്രൻ മുതൽ എം.ജി.എസ്. നാരായണൻ വരെയുള്ളവർ ഉന്നയിച്ച/വിട്ടുകളഞ്ഞ നിരവധി ഭാഷാപരിണാമസിദ്ധാന്തങ്ങളെ അസാധാരണമായ ചരിത്ര, ഭാഷാശാസ്ത്ര യുക്തികളോടെ ചൂണ്ടിക്കാണിക്കുന്ന ശ്രദ്ധേയമായ പഠനമാണ്. ശ്രേഷ്ഠ ഭാഷാപദവിക്കുവേണ്ടി മലയാളമൗലികവാദികളായ അല്പബുദ്ധികൾ നടത്തിയ അതിവാദങ്ങളും അസംബന്ധവാദങ്ങളും ഒരു വശത്ത്. ചെന്തമിഴ് കോശത്തിലുള്ള നിരവധി പദങ്ങൾ മലയാളം നിലനിർത്തുന്നുവെന്ന സേതുരാമന്റെ നിരീക്ഷണം മറുവശത്ത് - നരവംശശാസ്ത്രത്തിനും ജനിതകപഠനത്തിനുമൊപ്പം ഭാഷാശാസ്ത്രവും ജനജീവിതചരിത്രനിർമ്മിതിയിൽ എത്ര വലിയ പങ്കാണ് വഹിക്കുന്നതെന്ന് ഈയധ്യായം വെളിപ്പെടുത്തുന്നു. തമിഴ് ഭാഷാസാഹിത്യരേഖകൾ വ്യാഖ്യാനിക്കുന്നതിൽ വന്ന പിഴവുകൾ മൂലം പല പണ്ഡിതരുടെയും ചരിത്രവാദങ്ങൾ തെറ്റിപ്പോയതിന്റെ കഥ പറയുന്ന സേതുരാമൻ, തരിസാപ്പള്ളിച്ചെപ്പേടിന്റെ നാളിതുവരെയുണ്ടായ പല വ്യാഖ്യാനങ്ങളും തെറ്റാണെന്ന് സവിസ്തരം വിശദീകരിക്കുന്നു.

പരമ്പരാഗത, അക്കാദമിക ചരിത്രവിജ്ഞാനത്തിനു പുറത്തുനിന്നും രൂപംകൊണ്ട ജനിതക ചരിത്രപഠനങ്ങളുടെ രംഗത്ത് കേരളത്തിലുണ്ടായ ആദ്യ സമഗ്ര സംരംഭമെന്ന നിലയിൽ ‘മലയാളി: ഒരു ജനിതകവായന’ ചർച്ചചെയ്യപ്പെടേണ്ടതുതന്നെയാണ്. നാളിതുവരെ രൂപംകൊണ്ട മിക്ക ചരിത്രവിജ്ഞാനങ്ങളെയും അവയുടെ രീതിശാസ്ത്രങ്ങളെയും മറികടക്കുന്നതിൽ ഈ വിജ്ഞാനവും അതിന്റെ രീതിശാസ്ത്രവും പ്രകടിപ്പിക്കുന്ന സാധ്യതകൾ പുതിയ നൂറ്റാണ്ടിൽ ലോകമെങ്ങും സൃഷ്ടിക്കുന്ന ചലനങ്ങളുടെ പശ്ചാത്തലത്തിൽ വിശേഷിച്ചും.

പുസ്തകത്തിൽനിന്ന്:-

“നരവംശശാസ്ത്രജ്ഞന്മാരുടെ ജനിതകപഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള നിഗമനപ്രകാരം 70000 മുതൽ 50000 വർഷം മുമ്പുവരെ മാനവരാശിയുടെ ജനസംഖ്യ വെറും 2800 മുതൽ 14400 വരെയാണ്. ഇവരിൽനിന്ന് 1000 മുതൽ 2500 മനുഷ്യർ ചെറിയ സംഘങ്ങളായി ബാബെൽ മൻഡെബ് കടലിടുക്കു കടന്ന് ആഫ്രിക്ക വിട്ടു. യെമൻവഴി ലോകമാകെ വ്യാപിക്കുകയാണുണ്ടായത്. മാനവരാശിയുടെ അതിപുരാതന ഗോത്രസമൂഹം കലഹാരി മരുഭൂമിയിൽ അധിവസിക്കുന്ന ആഫ്രിക്കൻ ഗോത്രസമൂഹമായ സാൻ അഥവാ ബുഷ്‌മെൻ ആണ്. ആഫ്രിക്കയിൽ കാണപ്പെടുന്ന പിഗ്മി സമൂഹങ്ങളും ടാൻസാനിയയിൽ കാണപ്പെടുന്ന ഹഡ്‌സാസമൂഹവും ഈ ആദിഗോത്രസമൂഹങ്ങളിൽപ്പെട്ടവയാണ്. എന്നാൽ കാലക്രമേണ, ജനസംഖ്യാവർദ്ധനവിന്റെ ഫലമായി ലോകമെമ്പാടും വ്യാപിച്ചത് ആഫ്രിക്കയിൽനിന്നും പലായനം ചെയ്ത ചെറുസംഘമായിരുന്നു. ആഫ്രിക്കേതര ജനസംഖ്യയിൽ എല്ലാ പുരുഷന്മാരിലും കാണപ്പെടുന്ന CTM 168 മ്യൂട്ടേഷൻ ഇതിന് തെളിവാകുന്നു. യൂറേഷ്യൻ ആദം എന്നു വിളിക്കപ്പെടുന്ന ഈ പൂർവ്വിക മനുഷ്യൻ 68.5 ആയിരം വർഷം മുമ്പ് അതായത് 2400 തലമുറകൾക്കുമുമ്പ് എത്യോപ്യയിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. ഈ പൂർവ്വിക മനുഷ്യന്റെ സന്തതികളാണ് ഇന്ന് 700 കോടി മനുഷ്യരായി വർദ്ധിച്ചിരിക്കുന്നത്.

ചെറിയ നായാട്ടുസംഘങ്ങളായി ലോകമെമ്പാടും വ്യാപിച്ച ആദിസമൂഹങ്ങൾ കാർഷികവൃത്തിയിലേർപ്പെട്ട് ഭക്ഷ്യസുരക്ഷ ഉറപ്പാക്കി ജനസംഖ്യ വർദ്ധിപ്പിച്ചു. ഇതിൽ ഏറ്റവും വിജയം കൈവരിച്ചവർ ഇന്തോ യൂറോപ്യൻ സമൂഹവും, ചൈനീസ് ഹാൻ സമൂഹവും ദ്രാവിഡ സമൂഹവുമാണ്. ജനിതകപഠനങ്ങളുടെ അടിസ്ഥാനത്തിൽ 100 കോടി ജനസംഖ്യയുള്ള യൂറോപ്യൻ വംശജർ ഏഴു സ്ത്രീകളുടെയും പത്ത് പുരുഷന്മാരുടെയും സന്തതികളെന്ന് അനുമാനിക്കപ്പെടുന്നു. ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയിലെ മനുഷ്യജനിതകശാസ്ത്രജ്ഞൻ പ്രൊഫ. ബ്രയാൻ സൈക്കസ് (2001) 45000 വർഷം മുമ്പ് കുടിയേറിയ ഗോത്രവിഭാഗത്തിന്റെ മക്കളാണ് 99 % യൂറോപ്യൻ വംശജരുമെന്ന് അവകാശപ്പെടുന്നു. അതുപോലെതന്നെ ദ്രാവിഡ ഭാഷാസമൂഹവും ചെറു നായാട്ടുസംഘങ്ങളായി കടൽത്തീരമാർഗ്ഗം ആഫ്രിക്കയിൽനിന്ന് എത്തുകയും നായാട്ടിനുവേണ്ടി ദക്ഷിണേന്ത്യ മുഴുവൻ വ്യാപിക്കുകയും ചെയ്തു. ആ ഒരു സമൂഹത്തിന്റെ പിൻഗാമകളാണ് ചോലനായ്ക്കരുൾപ്പെടെയുള്ള ഗോത്രസമൂഹങ്ങളും, മുഖ്യധാരാ കേരളസമൂഹങ്ങളും. ഈ നായാട്ടുസംഘങ്ങളിൽ ഒരുവിഭാഗം കാർഷികവൃത്തിയിൽ ഏർപ്പെട്ട് ഭക്ഷ്യസുരക്ഷയും മിച്ചവും ഉറപ്പാക്കി കേരളത്തിന്റെ പ്രധാന സമൂഹമായി മാറി.

നായാട്ടുസമൂഹങ്ങളുടെ വ്യാപനം വിഭവലഭ്യതയെയും ആഹാരലഭ്യതയെയും ആശ്രയിച്ചാണ്. ശാസ്ത്രജ്ഞരുടെ കണക്കിൽ ഒരു നായാട്ടുകാരന് ആഹാരലഭ്യതയ്ക്കുവേണ്ടി കുറഞ്ഞത് 100 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഭൂമി അനിവാര്യമാണ്. എന്നാൽ അയാൾക്ക് കാർഷികവൃത്തിയിൽ ഏർപ്പെട്ട് ആഹാരശേഖരണത്തിനു പകരം ധാന്യഉത്പാദനം നടത്താൻ വെറും ഒരു ചതപരശ്ര കിലോമീറ്ററേ ആവശ്യമുള്ളൂ. വിഭവസമൃദ്ധിയുടെ അടിസ്ഥാനത്തിലാണ് കാർഷിക സമൂഹങ്ങളുടെ വ്യാപനം. വിഭവലഭ്യത കൂടുംതോറും ജനസാന്ദ്രതയും വർദ്ധിക്കും. കേരളത്തിന്റെ ജനസാന്ദ്രത തീരപ്രദേശങ്ങളിൽ ചതുരശ്രകിലോമീറ്ററിൽ രണ്ടായിരത്തിൽ കൂടുതലും മധ്യകേരളത്തിൽ ആയിരത്തിൽ കൂടുതലുമാണ്. ലോകത്തിലെതന്നെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് കേരളം. ഇതു കാണിക്കുന്നത് കേരളത്തിലെ വിഭവസമൃദ്ധിയെയും ആദിമ കുടിയേറ്റത്തെയുമാണ്.

ജനസംഖ്യാചരിത്രം പരിശോധിക്കുമ്പോൾ 12,000 വർഷം മുമ്പ് നായാട്ടുസംഘങ്ങളായി കേരളത്തിലെ വിവിധ ഭാഗങ്ങളിൽ വ്യാപിച്ചിരുന്ന ആദിമ മനുഷ്യസമൂഹത്തിന്റെ ജനസംഖ്യ വെറും 5250 ആണ്. പ്രാചീന ഗോത്രവർഗ്ഗ ജനതയും മുഖ്യധാരാ ദ്രാവിഡ സമൂഹങ്ങളും ഉൾപ്പെടുന്നവരാണ് ഈ സമൂഹം. ഏകദേശം പത്തിരുപത് ഗോത്രസമൂഹങ്ങളായി വ്യാപിച്ചിരുന്ന ഈ സമൂഹം 3,000 വർഷങ്ങൾക്കു മുമ്പ് കാർഷികവൃത്തിയിൽ ഏർപ്പെടുകയുണ്ടായി. പ്രസിദ്ധ പരിസ്ഥിതി, നരവംശശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിൽ, 6000 വർഷം മുമ്പ് ഇന്ത്യയിൽ കൃഷി തുടങ്ങിയെന്നും 4000 വർഷം കഴിഞ്ഞ് അതായത് 2000 വർഷം മുമ്പ് ദക്ഷിണേന്ത്യയുടെ മുനമ്പിൽ കൃഷി വ്യാപിച്ചെന്നുമുള്ള നിഗമനത്തിലെത്തുന്നു. ഏകദേശം 12000 വർഷംമുമ്പ് മധ്യേഷ്യയിൽ വിശേഷിച്ച് തുർക്കിയിൽ മനുഷ്യൻ കൃഷി ചെയ്യാൻ തുടങ്ങി, തുടർന്ന് 10000 വർഷം മുമ്പ് മറ്റു പല നദീതടപ്രദേശങ്ങളിലേക്കും കൃഷി വ്യാപിച്ചു. ആയിരക്കണക്കിന് വർഷങ്ങളോളം വേട്ടക്കാരായി പ്രകൃതിയിൽനിന്ന് ആഹാരം ശേഖരിച്ചിരുന്ന മനുഷ്യർ 12000 വർഷം മുമ്പ് ധാന്യഉത്പാദനം ആരംഭിക്കാനുള്ള കാരണം പ്രകൃതിയിലെ മാറ്റമാണ്. 12000 വർഷം മുമ്പ് ഹിമയുഗം അവസാനിച്ചശേഷം ലോകത്ത് പുൽച്ചെടികൾ വ്യാപകമായി. ഈ പുൽച്ചെടികളുടെ വകയിൽപെട്ട ധാന്യങ്ങളാണ് അരിയും ഗോതമ്പും. ഗോതമ്പുചെടികൾ മധ്യേഷ്യയിലും മറ്റും വ്യാപിച്ചപ്പോൾ വനത്തെ ആശ്രയിച്ച് ജീവിച്ച രീതിയിൽ ആദ്യമായി മാറ്റമുണ്ടായി. നദീതടങ്ങളായിരുന്നു ധാന്യങ്ങൾക്ക് അനുയോജ്യമായ കാർഷിക സ്ഥലങ്ങൾ. മധ്യേഷ്യയിൽ യൂഫ്രട്ടീസ്-ടൈഗ്രിസ് നദീതടങ്ങളിൽ സുമേറിയൻ നാഗരികതയ്ക്കും നൈൽ നദീതടത്തിൽ ഈജിപ്ഷ്യൻ നാഗരികതയ്ക്കും യാങ്‌ഷേ നദീതടത്തിൽ ചൈനീസ് നാഗരികതയ്ക്കും സിന്ധുനദീതടത്തിൽ സൈന്ധവ നാഗരികതയ്ക്കും തുടക്കം കുറിച്ചു. ഈ നാഗരിക പ്രദേശങ്ങളിൽ ആഹാരമിച്ചം ലഭിച്ചതോടുകൂടി ജനസംഖ്യാവർദ്ധനവും നഗരങ്ങളും രാജ്യഭരണവും ഉണ്ടായി. ഈ പ്രദേശങ്ങൾക്കരികിൽ അധിവസിച്ചിരുന്ന നായാട്ടുസംഘങ്ങളായ ഇതര ഗോത്രസമൂഹങ്ങളും കാർഷികവൃത്തി കാലക്രമേണ പഠിക്കുകയുണ്ടായി. ഇതര നദീതടങ്ങളായ ഗംഗാതീരത്ത് മൗര്യന്മാരും ഗോദാവരി ഡൽറ്റാ പ്രദേശങ്ങളിൽ ആന്ധ്രക്കാരും, കാവേരിതീരത്ത് ചോളന്മാരും വൈഗൈ നദീപ്രദേശത്ത് പാണ്ഡ്യരും പെരിയാർ തീരങ്ങളിൽ ചേരന്മാരും കാലക്രമേണ രാജ്യങ്ങൾ സ്ഥാപിച്ചു”.

മലയാളി : ഒരു ജനിതകവായന
കെ. സേതുരാമൻ
ഡി.സി. ബുക്‌സ്
2019, വില 480 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP