Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളസിനിമയ്ക്ക് ഒരു വിജ്ഞാനകോശം - ഭാഗം ഒന്ന്

മലയാളസിനിമയ്ക്ക് ഒരു വിജ്ഞാനകോശം - ഭാഗം ഒന്ന്

ഷാജി ജേക്കബ്

ലയാളസിനിമയ്ക്ക് ഒരു വിജ്ഞാനകോശം (എൻസൈക്ലോപീഡിയ) നിർമ്മിക്കുന്നുവെങ്കിൽ അതിന്റെ ഒന്നാംഭാഗം ഇങ്ങനെയായിരിക്കും. എം. ജയരാജിന് അഭിമാനിക്കാം. നാളിതുവരെ എഴുതപ്പെടാത്ത മലയാളസിനിമാചരിത്രത്തിനും നിർമ്മിക്കപ്പെടാത്ത ചലച്ചിത്രവിജ്ഞാനകോശത്തിനും തരക്കേടില്ലാത്ത അടിത്തറയിട്ടതിന്. ചരിത്രരചനയ്ക്കുവേണ്ട സ്രോതസുകളും വിജ്ഞാനകോശരചനയ്ക്കുവേണ്ട കാഴ്ചപ്പാടും ഒത്തിണങ്ങിവന്നപ്പോൾ സംഭവിച്ച യാദൃച്ഛികതയല്ല ഈ പുസ്തകം. രണ്ടു സാധ്യതകളെയും കുറിച്ചുള്ള തിരിച്ചറിവിലും ഉത്സാഹത്തിലും നിന്നുറവെടുത്ത നേട്ടമാണ്. തീർച്ചയായും സൈദ്ധാന്തിക സമീപനങ്ങളും രാഷ്ട്രീയനിലപാടുകളും മുൻനിർത്തിയെഴുതപ്പെട്ട അക്കാദമികചരിത്രമല്ല ജയരാജിന്റെ കൃതി. പക്ഷെ അത്തരം ചരിത്രരചനകളെ പൂരിപ്പിക്കുന്ന ജനപ്രിയചരിത്രത്തിന്റെ മികച്ച മാതൃകയാണ്. ഏത് അക്കാദമിക, സൈദ്ധാന്തികപഠനത്തിനും ഈ പുസ്തകമവതരിപ്പിക്കുന്ന വസ്തുതകളും വാദഗതികളും വിശദീകരണയുക്തികളും പരിഗണിച്ചേ പറ്റൂ. എന്നു മാത്രവുമല്ല സിനിമയ്ക്ക് അതിന്റെ ചരിത്രപരതയിൽ സൂക്ഷിക്കേണ്ട ജാഗ്രതകളും പാലിക്കേണ്ട മര്യാദകളും ജയരാജിനു നിശ്ചയവുമാണ്.

വിജ്ഞാനകോശം രണ്ടുതരത്തിലാവാം. ആഴക്കാഴ്ചകളുടേതും പുറംകാഴ്ചകളുടേതും. സാമാന്യ വിവരണത്തിലൊതുങ്ങുന്ന ഒന്നാണ് ജയരാജിന്റെ സമീപനം. അതിനുമുണ്ട് അതിന്റേതായ രീതിശാസ്ത്രവും ചരിത്രമൂല്യവും. 1928 മുതൽ 1968 വരെയുള്ള മലയാളസിനിമയുടെ സമഗ്രചിത്രവും സാമാന്യാവലോകനവും എന്ന നിലയിൽ ഈ പുസ്തകം മലയാളസിനിമയെക്കുറിച്ചുള്ള ഏതു ഭാവിപഠനത്തിന്റെയും മികച്ച അടിത്തറയായിരിക്കും എന്നുറപ്പ്.

ഈ ചരിത്രാഖ്യാനം മുന്നോട്ടുപോകുന്നത് ചലച്ചിത്രമെന്ന ജനപ്രിയകലയുടെയും സംസ്‌കാരത്തിന്റെയും സാമാന്യതലങ്ങളെ നിർമ്മാണപശ്ചാത്തലം. സംവിധായകർ, സ്റ്റുഡിയോ, താരങ്ങൾ, സാഹിത്യബന്ധം, വാർത്താമൂല്യം, ഗാനരചന, സംഗീതം, സാങ്കേതികത, ജനപ്രീതി തുടങ്ങിയ ഘടകങ്ങൾ മുൻനിർത്തി വിശദീകരിച്ചുകൊണ്ടാണ്. ഏറ്റവും കൗതുകകരമായ സംഗതി, ഈ ചരിത്രരചനയുടെ മുഖ്യ സ്രോതസും ആധാരവും പത്രമാസികകളിൽ ഓരോ സിനിമയെക്കുറിച്ചും അതതുകാലത്തുവന്ന പരസ്യമാണ് എന്നതത്രെ. അതിൽനിന്നാണ് ജയരാജിന്റെ അന്വേഷണം ആരംഭിക്കുന്നത്. സിനിമയ്ക്കു കൈവന്ന നാനാതരം മാധ്യമ, സാമൂഹിക, സാംസ്‌കാരിക സ്വഭാവങ്ങളുടെ ചുവടുപിടിച്ച് ആ കലാരൂപത്തിന്റെ നിരവധിയായ അർഥസാധ്യതകളും പാഠ, പാഠാന്തര ബന്ധങ്ങളുമന്വേഷിച്ചുപോകുന്ന ജയരാജ്, ഭിന്നങ്ങളായ കാഴ്ചക്കോണുകളിൽ ഓരോ സിനിമയെയും വിശദീകരിച്ചവതരിപ്പിക്കുന്നു. 1928ലെ വിഗതകുമാരൻ തൊട്ട് 1968ലെ അവസാന ചിത്രമായ കായൽക്കരയിൽ വരെ, നാല്പതുവർഷക്കാലം മലയാളത്തിലിറങ്ങിയ മുഴുവൻ സിനിമകളുടെയും വിശദാംശങ്ങൾ ഈ പുസ്തകത്തിലുണ്ട്.

പലനിലകളിലാണ് ഓരോ സിനിമയുടെയും പ്രാധാന്യം ജയരാജ് അവതരിപ്പിക്കുന്നത്. മലയാളസിനിമാചരിത്രത്തെ ഏതു ദിശയിൽനിന്നു സമീപിച്ചാലും കണക്കിലെടുക്കേണ്ടിവരുന്ന നിരവധിയായ രചനാപദ്ധതികളുടെ സൂചനകൾ സൂക്ഷ്മതലത്തിൽ ഇവിടെയുണ്ട്. സിനിമയുടെ മൂലധനവ്യവസ്ഥ, താരഘടന, സംവിധായകസങ്കല്പം, സാങ്കേതികരീതികൾ, സങ്കരസാംസ്‌കാരികസ്വരൂപം, തീയറ്റർശൃംഖല, പുരസ്‌കാരങ്ങൾ, ഭരണകൂടഇടപെടലുകൾ, വിഗ്രഹവൽക്കരണങ്ങൾ, അന്യഭാഷാ-ദേശ-സംസ്‌കാരസ്വാധീനങ്ങൾ, വിവിധങ്ങളായ ചലച്ചിത്രഗണങ്ങൾ, ഉപഗണങ്ങൾ എന്നിങ്ങനെ എത്രയെങ്കിലും ചലച്ചിത്രമണ്ഡലസ്വഭാവങ്ങളെ ഭിന്നവീക്ഷണങ്ങളിൽ സമീപിച്ചും സമീകരിച്ചും കൊണ്ടുള്ള രചനാസമ്പ്രദായമാണ് ജയരാജ് സ്വീകരിക്കുന്നത്.

പൊതുവിൽ സിനിമയുടെ ചരിത്രവും കലയും സംഗ്രഹിച്ചു പറഞ്ഞശേഷം ഇന്ത്യൻസിനിമയുടെ തുടക്കത്തിലേക്കു വരുന്നു, ജയരാജ്. ദാദാസാഹബ് ഫാൽക്കെ കൈവരിച്ച അപൂർവവും അസാധാരണവുമായ സാങ്കേതിക-കലാ-വിപണിവിജയങ്ങളുടെ കഥ പറയുന്നു, ഇവിടെ. 1920കളിലെ നിരവധി ഹിന്ദിചിത്രങ്ങളുടെ സൂക്ഷ്മവിവരങ്ങൾ. ഇന്ത്യൻസിനിമയുടെ സാങ്കേതിക നേട്ടങ്ങൾ. ഒന്നരപതിറ്റാണ്ട് (1913-1928) വേരുറച്ചുകഴിഞ്ഞ ഇന്ത്യൻസിനിമക്കുമേലാണ് മലയാളത്തിന്റെ ഫാൽക്കെ ജെ.സി. ദാനിയേലിന്റെ വരവ്. 'വിഗതകുമാര'ന്റെ ചരിത്രവും സംഘർഷങ്ങളും ഒപ്പം റിലീസിങ് തീയതി സംബന്ധിച്ച തർക്കവും (1928 നവംബർ ഏഴിനാണെന്ന പൊതുബോധവും 1930 ഒക്ടോബർ 23നാണെന്ന നോട്ടീസും) ജയരാജ് അവതരിപ്പിക്കുന്നു. 'മാർത്താണ്ഡവർമ'യാണ് രണ്ടാമത്തെ ചിത്രം. 'വിഗതകുമാരൻ' നഷ്ടനായികയുടെ ചരിത്രമായെങ്കിൽ 'മാർത്താണ്ഡവർമ' നഷ്ടനായകന്റെ ചരിത്രമെഴുതി. രണ്ടു ചിത്രങ്ങളുടെയും സംവിധായകൻ സിനിമയുടെ രക്തസാക്ഷികളുമായി.

1938ലിറങ്ങിയ ആദ്യശബ്ദചലച്ചിത്രം 'ബാലനെ'-ക്കുറിച്ച് അതിവിശദമായ വിവരണം തന്നെ ഈ പുസ്തകത്തിലുണ്ട്. തുടർന്ന് 'ജ്ഞാനാംബിക', 'പ്രഹ്ലാദ'. സഞ്ജയൻ മാതൃഭൂമിയിൽ 'ജ്ഞാനാംബിക'യെ കൊന്നുകൊലവിളിച്ചു. മേല്പറഞ്ഞ അഞ്ചുചിത്രങ്ങൾക്കു ശേഷമിറങ്ങിയ 'നിർമ്മല' (1948)യാണ് മലയാളികൾ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച്, മലയാളിത്തത്തോടെ പുറത്തിറങ്ങിയ ആദ്യസിനിമ. ജയരാജ് എഴുതുന്നു: 'മലയാളസിനിമയെ തമിഴിന്റെ സ്വാധീനത്തിൽനിന്നും മോചിപ്പിച്ച് കേരളീയമായ അന്തരീക്ഷത്തിൽ നിർമ്മിച്ച ചിത്രമെന്ന നിലയിൽ ഇതു മറ്റു ചിത്രങ്ങളിൽ നിന്ന് തികച്ചും വേറിട്ടുനില്ക്കുന്നു. മാത്രമല്ല, മലയാളസിനിമ, സ്വന്തം വ്യക്തിത്വം നിലനിർത്തി മുന്നേറാൻ തുടങ്ങുന്നു എന്നതിന്റെ സൂചനയും ഈ സിനിമയിലൂടെ നല്കുന്നു.

മലയാളത്തിലെ ആദ്യത്തെ ചലനചിത്രമായ ബാലൻ റിലീസ് ചെയ്ത് 10 വർഷത്തിനുശേഷമാണ് നാലാമത്തെ മലയാളസിനിമയായ നിർമല പുറത്തുവരുന്നത്. ശരാശരി രണ്ടരവർഷത്തെ ഗ്യാപ്പ് ഓരോ സിനിമയ്ക്കും ഉണ്ടായിരുന്നു. ഈ സമയത്തെല്ലാം കേരളത്തിലെ തിയേറ്ററുകളിൽ ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളാണ് നിറഞ്ഞോടിയിരുന്നത്. അതിനാകട്ടെ, നൂറും നൂറ്റൻപതും ദിവസങ്ങൾ ഓടിയ ചരിത്രവും ഉണ്ട്. മലയാളത്തിൽ മുൻപ് ഇറങ്ങിയ മൂന്നു സിനിമകൾ തമിഴാണോ മലയാളമാണോ എന്നു തിരിച്ചറിയാത്തവിധം എല്ലാ മേഖലകളിലും തമിഴിന്റെ നിറഞ്ഞ സ്വാധീനവലയത്തിലുമായിരുന്നു. ഈ സാഹചര്യത്തിലാണ് മലയാളത്തിലെ നാലാമത്തെ സിനിമയായ നിർമലയുടെ പ്രസക്തി. മലയാളസിനിമയിൽ പ്രശസ്ത സാഹിത്യകാരന്മാരുടെ സജീവമായ സാന്നിധ്യം ആരംഭിക്കുന്നത് നിർമലയിലൂടെയാണ്. മഹാകവി ജി. ശങ്കരക്കുറുപ്പാണ് ഈ സിനിമയ്ക്കുവേണ്ടി ഗാനരചന നിർവഹിച്ചത്. സംഭാഷണങ്ങൾ രചിച്ചത് പ്രശസ്ത സാഹിത്യകാരനായിരുന്ന പുത്തേഴത്ത് രാമന്മേനോനായിരുന്നു. തുടർന്നുള്ള മലയാളസിനിമയുടെ നിർമ്മാണസംരംഭങ്ങളുമായി ബന്ധപ്പെടാത്ത സാഹിത്യകാരന്മാർ അപൂർവമായിരിക്കും'.

1947ൽ ഉദയാസ്റ്റുഡിയോ സ്ഥാപിതമായി. 49ൽ ഉദയായുടെ ആദ്യചിത്രം, 'വെള്ളിനക്ഷത്രം'. അഭയദേവ്, മിസ്‌കുമാരി, ചിദംബരനാഥ് എന്നിവരുടെ അരങ്ങേറ്റം കുറിച്ച ചിത്രം. 1950ൽ 'നല്ലതങ്ക'. മലയാളത്തിൽ ജനപ്രിയസിനിമകളുടെയും താരസങ്കല്പത്തിന്റെയും സ്റ്റുഡിയോ ആധിപത്യത്തിന്റെയും പരസ്യവിപണിയുടെയും തുടക്കം കുറിച്ചത് 'നല്ലതങ്ക'യാണ്. മിസ്‌കുമാരി, എസ്‌പി. പിള്ള എന്നിവരുടെ മിഴിവുറ്റ വ്യക്തിചിത്രങ്ങൾ ഈ ഭാഗത്ത് ജയരാജ് നൽകുന്നു. 'സ്ത്രീ' എന്ന സിനിമയെയും തിക്കുറിശ്ശിയെയും കുറിച്ചാണ് അടുത്ത ഭാഗം. 'ശശിധരൻ' എന്ന സിനിമയെയും കൊട്ടാരക്കരയെയും കുറിച്ച് അടുത്തത്. ആറന്മുള പൊന്നമ്മ, ലളിത-പത്മിനി-രാഗിണി എന്നിവരുടെ തൂലികാചിത്രങ്ങൾ തുടർന്നുവരുന്നു. 1950ൽ മലയാളസിനിമ കുറിച്ച തുടക്കങ്ങളെയും അവ പിൽക്കാലത്തു നേടിയ തുടർച്ചകളെയും കുറിച്ചുള്ള ഈയൊരു വിവരണരീതിയാണ് ജയരാജിന്റെ പുസ്തകത്തിന്റെ പൊതുഘടന. ജനപ്രിയത, താരവ്യവസ്ഥ, സാഹിത്യബന്ധം, വാർത്താമൂല്യം എന്നിങ്ങനെ ഏതെങ്കിലും തരത്തിൽ മലയാളസിനിമയുടെ നാഴികക്കല്ലുകളായി മാറിയ ഘടകങ്ങളെ വേറിട്ടെടുത്തവതരിപ്പിച്ചും മുഴുവൻ സിനിമകളെയും കാലക്രമത്തിൽ വിവരിച്ചും പോകുന്ന രീതി.

സാമ്പത്തിക-വിപണിവിജയത്തിലും ജനപ്രീതിയിലും ചരിത്രം സൃഷ്ടിച്ച 'ജീവിതനൗക'യെക്കുറിച്ച് ജയരാജ് എഴുതുന്നതു വായിക്കുക: 'കെ.ആൻഡ് കെ. പ്രൊഡക്ഷൻസിന്റെ ആദ്യചിത്രമായ നല്ലതങ്കയിൽ പയറ്റിത്തെളിഞ്ഞ മാർക്കറ്റിങ് തന്ത്രം കുറെക്കൂടി വിപുലവും ആസൂത്രിതവുമായ രീതിയിലാണ് രണ്ടാമത്തെ ചിത്രത്തിൽ പരീക്ഷിച്ചത്. പ്രേക്ഷകരുടെ മനസ്സിനെ കൊളുത്തിവലിക്കുന്ന ഒരു പരസ്യത്തിന്റെ മാതൃക ഇപ്രകാരം: 'പ്രത്യേക വാർത്ത. വീണ്ടും ഈ ചിത്രം കാണാനാഗ്രഹിക്കുന്നവർക്ക് ഒരു സുവർണാവസരം. കുറച്ച് ദിവസങ്ങൾകൂടി മാത്രം. കോഴിക്കോട് 'നൗക' നിർത്തുന്ന വിവരം പരസ്യം ചെയ്തതിനെത്തുടർന്ന് ജനബാഹുല്യം നിമിത്തം രണ്ടാഴ്ചകൂടി തുടരേണ്ടിവന്നതും 161-ാം ദിവസം 5 പ്രദർശനങ്ങൾ നടത്തിയിട്ടും 170 ദിവസംകൂടി ടിക്കറ്റു കിട്ടാതെ അനവധി പേർ നിരാശയോടെ മടങ്ങേണ്ടിവരികയും ചെയ്തുവെങ്കിലും പ്രത്യേക പരിതഃസ്ഥിതിയിൽ നിർത്തുവാൻ നിർബന്ധിതരായ വിവരം സകലർക്കും അറിയാവുന്നതാണല്ലോ. കാഴ്ചക്കാരുടെ സംഖ്യ കുറയാതെ ഒരു പടം പ്രദർശനം നിർത്തിയാൽ അതു പൊതുജനങ്ങളോട് ചെയ്യുന്ന അപരാധമാണ്. മലയാളികൾക്കഭിമാനിക്കാവുന്നവിധം മലയാളചിത്രങ്ങളും വിജയിക്കുമെന്ന് വെളിപ്പെടുത്തി, മാതൃഭാഷാസ്‌നേഹികളുടെ മനം കവർന്നുകഴിഞ്ഞ 'നൗക' മടങ്ങിപ്പോകുന്നത് വേദനാജനകമാണെങ്കിലും അനേക സ്ഥലങ്ങലിൽ അനേകായിരം പേർ അക്ഷമരായി കാത്തിരിക്കുന്ന വിവരം മറക്കാവതല്ല. വീണ്ടും കാണാനാഗ്രഹിക്കുന്നവർ ഈയവസരം പാഴാക്കാതിരിക്കുവാൻ അഭ്യർത്ഥിച്ചുകൊള്ളുന്നു. തുടർന്ന് സിനിമ കോഴിക്കോട് മീഞ്ചന്തയിലെ രാജാ ടോക്കീസ്, എലത്തൂർ ജയകേരളം, ബാലുശ്ശേരി ചന്ദ്രാ എന്നീ ടോക്കീസുകളിൽ ചിത്രം തുടങ്ങുന്നതിന്റെ അറിയിപ്പുണ്ട്. മാത്രമല്ല ബോംബെ, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലുൾപ്പെടെ 50 കേന്ദ്രങ്ങളിൽ ചിത്രം പ്രദർശിപ്പിക്കുന്ന വിവരവും പരസ്യം വെളിപ്പെടുത്തുന്നു'. (ഒക്ടോബർ 24, മാതൃഭൂമി 1951).

എല്ലാ മാധ്യമങ്ങളിലും വമ്പൻ പരസ്യങ്ങളാണ് നല്കിയിരുന്നത്. സ്ത്രീപ്രേക്ഷകരെ പ്രത്യേകം ഉന്നംവെച്ച് പരസ്യം നല്കുവാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി കാണാം. 1951 മാർച്ച് മുതൽ പ്രദർശനം ആരംഭിക്കുന്നു. കൈരളിയുടെ കലാസമ്പത്ത്. ഭർത്തൃസഹോദരപത്‌നിയുടെ നിഷ്ഠൂരമായ പെരുമാറ്റത്താൽ കൊടും യാതനയനുഭവിച്ച ഒരു ഉത്തമവനിതയുടെ ഹൃദയസ്പൃക്കായ കഥയാണ് 'ജീവിതനൗക'. കഥാനായിക ബി.എസ്. സരോജ ഒരു നോട്ടുപുസ്തകം നെഞ്ചോടു ചേർത്തുപിടിച്ചുനില്ക്കുന്ന ചിത്രത്തോടുകൂടിയ പരസ്യം 1951 ഫെബ്രുവരി 18ന് മാതൃഭൂമിയിൽ പ്രത്യക്ഷപ്പെട്ടു. തിക്കുറിശ്ശി സുകുമാരൻ നായർ, ബി.എസ്. സരോജ, പങ്കജവല്ലി, സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞുഭാഗവതർ, എസ്. പി. പിള്ള, മാത്തപ്പൻ, മുതുകുളം രാഘവൻപിള്ള തുടങ്ങി അഭിനേതാക്കളുടെ വിവരവും സംവിധായകൻ വേമ്പുവിന്റെ പേരും പരസ്യത്തിൽ നല്കിയിരുന്നു.

മലയാളസിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച ഈ സിനിമ 1951 മാർച്ച് 15-ാം തീയതിയാണ് റിലീസ് ചെയ്തത്. മാർച്ച് 14ലെ മാതൃഭൂമിയിൽ ഒരു ഫുൾ പേജ് പരസ്യമാണ് റിലീസിനോടനുബന്ധിച്ച് നല്കിയിരുന്നത്. എല്ലാ കേന്ദ്രങ്ങളിലും ആദ്യത്തെ 11 ദിവസം 3.30ന് സ്‌പെഷൽ മാറ്റിനി ഉണ്ടായിരിക്കുമെന്നും രണ്ടാഴ്ചക്കാലത്തേക്ക് യാതൊരു കോംപ്ലിമെന്ററി പാസുകളും അനുവദിക്കുകയില്ലെന്നും വമ്പിച്ച പ്രാധാന്യം നല്കിയാണ് പ്രസിദ്ധം ചെയ്തത്. കൂടാതെ ഉയർന്ന ക്ലാസുകളിലേക്കുള്ള ടിക്കറ്റുകൾ കാലത്ത് 10 മുതൽ റിസർവ് ചെയ്യാമെന്നും പ്രത്യേകം അറിയിച്ചു. ഈ രീതിയിലുള്ള പരസ്യങ്ങൾകൊണ്ട് ചിത്രത്തെക്കുറിച്ച് വമ്പിച്ച പ്രതീക്ഷ പ്രേക്ഷകരിൽ സൃഷ്ടിക്കുവാൻ സാധിച്ചിരുന്നു.

ദുഷ്ടത്തിയായ അമ്മായിയമ്മയുടെയോ ക്രൂരയായ ചേട്ടത്തിയമ്മയുടെയോ ക്രൂരകൃത്യങ്ങളാൽ നട്ടംതിരിയുന്ന പാവങ്ങളായ നായികമാരുടെ പീഡാനുഭവങ്ങളായിരുന്നു അക്കാലത്തെ മിക്ക ചിത്രങ്ങളുടെയും പ്രമേയം. ഒരു പുതുമയും അവകാശപ്പെടാനില്ലാത്ത ഈ പ്രമേയംതന്നെയാണ് ജീവിതനൗകയിലും. അല്പനായ ഒരു മുതലാളിയുടെ കാര്യസ്ഥനാണ് രാജു (കുഞ്ഞുകുഞ്ഞുഭാഗവതർ). അയാളുടെ ഭാര്യ ജാനു. ദുഷ്ടത്തിയും ദുരാഗ്രഹിയും ആയ അവളുടെ മനസ്സിൽ രാജുവിന്റെ അനുജനായ സോമനെ(തിക്കുറിശ്ശി)ക്കൊണ്ട് അവളുടെ അകന്ന ബന്ധുവായ സരളയെ വിവാഹം കഴിപ്പിക്കണമെന്നാഗ്രഹിക്കുകയും അതിനുവേണ്ടി ചരടുവലിക്കുകയും ചെയ്യുന്നു. പക്ഷേ, സോമൻ അയാളുടെ ദരിദ്രയായ കാമുകി ലക്ഷ്മിയെ വിവാഹം ചെയ്ത് വീട്ടിലേക്കു കൊണ്ടുവരുന്നു. ചേട്ടത്തിയമ്മയുടെ നിരന്തരമായ പീഡനം സഹിക്കാതെ സോമൻ ലക്ഷ്മിയുടെ കുടിലിലേക്കു താമസം മാറ്റുന്നു. ദാരിദ്ര്യംകൊണ്ട് പൊറുതിമുട്ടിയ സോമൻ ജോലിയന്വേഷിച്ച് നാടുവിടുന്നു.

അന്യനാട്ടിൽ ജോലിയന്വേഷിച്ച് അലഞ്ഞുതിരിഞ്ഞ അയാൾ ഒരു കാറപകടത്തിൽപ്പെട്ടു. ധനാഢ്യനായ കാറുടമസ്ഥൻ (ചന്ദ്രവിലാസക്കാർ) സോമന് അവരുടെ എസ്റ്റേറ്റിൽ ഒരു ജോലി നല്കുന്നു. ഈ സമയത്ത് നാട്ടിൽ ലക്ഷ്മിയും കുഞ്ഞും പട്ടിണിയും പരിവട്ടവുമായി ജീവിക്കാൻ ഗതിയില്ലാതെ സഹായത്തിനായി ദുഷ്ടനായ മുതലാളിയെ സമീപിക്കുന്നു. കിട്ടിയ തക്കത്തിൽ അയാൾ ലക്ഷ്മിയെ മാനഭംഗം ചെയ്യാനാണ് ശ്രമിച്ചത്. അവിടെനിന്നും രക്ഷപ്പെട്ടെങ്കിലും അവളുടെ ഏക ആശ്രയമായ കുടിൽ അവർ അഗ്നിക്കിരയാക്കിയിരുന്നു. കുട്ടിയെയും കൊണ്ട് അവൾ നാടുവിടുന്നു. യാചിച്ചു ജീവിക്കാൻ തുടങ്ങുന്നു. ഒരു ദിവസം യാചിച്ചുനടക്കുന്ന സമയത്ത് സോമന്റെ കൂടെ കുറെ സ്ത്രീകളെ കണ്ട് അവൾ തെറ്റിദ്ധരിക്കുന്നു. ആത്മഹത്യയ്‌ക്കൊരുങ്ങിയ അവൾ പെട്ടെന്ന് കുഞ്ഞിന്റെ ഭാവിയെക്കുറിച്ച് ഓർക്കുന്നു. കുട്ടിയുടെ സുരക്ഷിതമായ ജീവിതത്തിനുവേണ്ടി ഒരു യാചകകേന്ദ്രം തുടങ്ങാൻ തീരുമാനിക്കുന്നു. അതിന്റെ നടത്തിപ്പിനു വേണ്ട പണം സ്വരൂപിക്കുന്നതിനായി ഒരു നാടകക്കമ്പനിയിൽ ചേരുകയും ചെയ്യുന്നു. ലക്ഷ്മി അഭിനയിച്ച മഗ്ദലനമറിയത്തിൽ സ്‌നാപകയോഹന്നാന്റെ വാക്കുകൾ നാടകം കണ്ട സോമന്റെ ഹൃദയത്തിലാഞ്ഞു തറച്ചു. (നാടകം കണ്ട് സോമൻ ലക്ഷ്മിയെ തിരിച്ചറിഞ്ഞിരുന്നില്ല). ഉടൻ ലക്ഷ്മിയെ അന്വേഷിച്ച് അയാൾ നാട്ടിലേക്കു തിരിക്കുന്നു. നാട്ടിലെത്തിയ സോമൻ ലക്ഷ്മിയുടെ ദുരന്തകഥ അറിയുകയും തന്റെ ചേട്ടനായ രാജുവിനെ വിഷമസന്ധിയിൽ രക്ഷപ്പെടുത്തുകയും ചെയ്യുന്നു. ദുഷ്ടശക്തികളായ ജാനുവും കുടിലതന്ത്രജ്ഞനായ വക്കീലിന്റെ(മുതുകുളം)യും ആൾക്കാരുടെ ആക്രമണത്തിൽ ശങ്കു മരിക്കുകയും കുറ്റം സോമന്റെ തലയിൽ കെട്ടിവെക്കുകയും ചെയ്‌തെങ്കിലും ഏറെത്താമസിയാതെ കാര്യങ്ങളെല്ലാം കലങ്ങിമറിഞ്ഞ് എല്ലാം ശുഭമായി കലാശിക്കുന്നു. പിച്ചപ്പാട്ടയുമായി വരുന്ന ജാനുവിനെ തിരിച്ചറിയുന്ന ലക്ഷ്മി അവരെ സ്വീകരിച്ച് വീട്ടിലേക്ക് ആനയിക്കുന്നു.

മലയാളത്തിൽ ആദ്യമായി ഒരു സിനിമ ഒരേസമയം അൻപതു തിയേറ്ററുകളിലായി പ്രദർശിപ്പിക്കുക, പ്രദർശിപ്പിച്ച മിക്ക സ്ഥലങ്ങളിലെല്ലാം നൂറുകണക്കിനു ദിവസം പ്രദർശിപ്പിക്കുക തുടങ്ങി നിരവധി റെക്കോഡുകളാണ് ജീവിതനൗക എഴുതിച്ചേർത്തത്.കെ. ആൻഡ് കെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. കോശിയും കുഞ്ചാക്കോയും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്. കെ. വേമ്പുവായിരുന്നു സംവിധായകൻ. ഒരു ബംഗാളികഥയിൽനിന്ന് ആശയം ഉൾക്കൊണ്ടുകൊണ്ട് കോശിയുടെ പുത്രൻ ജോർജ്ജ് തയ്യാറാക്കിയ ഇതിവൃത്തത്തിനു തിരക്കഥ രചിച്ചത് മുതുകുളം രാഘവൻപിള്ളയാണ്. ഗാനരചന അഭയദേവും സംഗീതസംവിധാനം വി. ദക്ഷിണാമൂർത്തിയും. പിന്നണിഗായകനായിരുന്ന മെഹബൂബ് 'വരൂ നായികേ' എന്ന ഗാനം പി. ലീലയോടൊപ്പം ആലപിച്ചുകൊണ്ട് ഈ ചിത്രത്തിലൂടെയാണ് സിനിമയിലേക്കു വരുന്നത്. രേവമ്മ, പുഷ്പ, ലോകനാഥൻ ട്രിച്ചി എന്നിവരും ഈ സിനിമയിൽ പാടിയിരുന്നു.

ഈ സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകനായ വേമ്പുവിന് പിന്നീടൊരിക്കലും ഒരു സൂപ്പർഹിറ്റ് സംഭാവന ചെയ്യാൻ സാധിക്കാതിരുന്നത് ഒരു വിരോധാഭാസമായി തോന്നാം.തുടർന്നിങ്ങോട്ട് 1968 വരെയുള്ള കാലത്തിറങ്ങിയ മലയാളസിനിമകളിൽ കലാപരമായി മികവു പുലർത്തുകയോ, വിവിധ തലങ്ങളിൽ (അഭിനയം, തിരക്കഥ...) പുരസ്‌കാരങ്ങൾ നേടുകയോ, വലിയ ജനപ്രീതി കൈവരിക്കുകയോ ഒക്കെ ചെയ്ത ചിത്രങ്ങളെക്കുറിച്ച് വിശദമായും മറ്റു മുഴുവൻ ചിത്രങ്ങളെക്കുറിച്ചു സാമാന്യമായും വിവരിച്ചുപോകുന്നു, ജയരാജ്. 'നീലക്കുയിൽ' (54), 'ന്യൂസ്‌പേപ്പർബോയ്' (55), 'രാരിച്ചൻ എന്ന പൗരൻ' (56), 'പാടാത്ത പൈങ്കിളി' (57), 'ഭാർഗവീനിലയം' (64), 'ചെമ്മീൻ' (65), 'തുലാഭാരം' (68) എന്നിങ്ങനെ വിവിധ രീതികളിൽ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ ഉദാഹരണമാണ്.

ഇതോടൊപ്പം തന്നെയാണ് ഒന്നും രണ്ടും നിര താരങ്ങളെയും സാങ്കേതിക-കലാ പ്രവർത്തകരെയും കുറിച്ചുള്ള വ്യക്തിചിത്രങ്ങളുമുള്ളത്. മിസ്‌കുമാരി, തിക്കുറിശ്ശി, കൊട്ടാരക്കര എന്നിവരുടെ വരവ് 1950ൽതന്നെ നടന്നു. പിന്നീടുള്ള കാലത്ത്, ഉദയാ-നീലാ തുടങ്ങിയ സ്റ്റുഡിയോകൾ; കുഞ്ചാക്കോ, സുബ്രഹ്മണ്യം, രാമുകാര്യാട്ട്, സേതുമാധവൻ, ശശികുമാർ തുടങ്ങിയ സംവിധായകർ; സത്യൻ, പ്രേംനസീർ, ഷീല, ശാരദ, ജയഭാരതി തുടങ്ങിയ താരങ്ങൾ; പി. ഭാസ്‌കരൻ, ഒ.എൻ.വി, വയലാർ, ശ്രീകുമാരൻതമ്പി തുടങ്ങിയ ഗാനരചയിതാക്കൾ; ദക്ഷിണാമൂർത്തി, ദേവരാജൻ, ബാബുരാജ്, എം.ബി. ശ്രീനിവാസൻ, എം.കെ. അർജ്ജുനൻ, ആർ.കെ. ശേഖർ തുടങ്ങിയ സംഗീതസംവിധായകർ, യേശുദാസ്, ജയചന്ദ്രൻ തുടങ്ങിയ ഗായകർ.... വ്യക്തിചിത്രങ്ങൾകൊണ്ടു സമ്പന്നമാണ് ഇവിടം.

1928-68 കാലത്തിറങ്ങിയ മുഴുവൻ മലയാളസിനിമകളുടെയും പോസ്റ്ററുകൾ/പരസ്യം ഈ പുസ്തകത്തിലുണ്ട്. കഥാസാരം, അണിയറപ്രവർത്തകരുടെ വിശദാംശങ്ങൾ, താരനിര, ചിത്രീകരണ വിശേഷങ്ങൾ, സാങ്കേതികരംഗത്തെ സവിശഷതകൾ, റിലീസിങ് തീയതി, വിപണിയിലെ വിജയപരാജയങ്ങൾ, സെൻസറിങ് പ്രശ്‌നങ്ങൾ, പുരസ്‌കാരങ്ങൾ, കലാപരവും മറ്റുമായ വിമർശനങ്ങൾ.... ഓരോ സിനിമയെയും കുറിച്ചുള്ള ഒരു എൻസൈക്ലോപ്പീഡിക് കുറിപ്പായി മാറുന്നു, ജയരാജിന്റെ എഴുത്ത്. (1971ലേ സത്യൻ മരിക്കുന്നുള്ളു (ജൂൺ 15). എന്നിട്ടും 1968 വരെയുള്ള മലയാള സിനിമാചരിത്രം പറയുന്ന ഈ പുസ്തകത്തിൽ സത്യന്റെ മരണം ഒരു രചനയായി നൽകിയതെന്തിനാവാം?)

1928 മുതൽ 1968 വരെയുള്ള മലയാളസിനിമയുടെ ചില പൊതുസവിശേഷതകൾ നോക്കൂ. ആകെ 265 സിനിമകളാണ് ഈ നാല്പതുവർഷത്തിലിറങ്ങിയത്. ഇതിൽതന്നെ ഇരുന്നൂറുചിത്രങ്ങളുമിറങ്ങിയത് 1958-68 ദശകത്തിലാണ്. ഐക്യകേരളമുണ്ടാകുംവരെ കേരളത്തിൽ ഏതാണ്ട് അൻപതുസിനിമകൾ മാത്രമാണിറങ്ങിയിട്ടുള്ളത്. ഇതിൽ തന്നെ ബഹുഭൂരിപക്ഷവും 1948-58 ദശകത്തിലാണ്. ആദ്യഇരുപതുവർഷം ആകെ അഞ്ചുസിനിമകൾ മാത്രം.

മലയാളിയുടെ സിനിമാതീയറ്റർ സംസ്‌കാരത്തിന്റെയും തമിഴ് രംഗകലാപാരമ്പര്യങ്ങൾ വിട്ട് മലയാളത്തിലേക്കു ചുവടുമാറ്റിയ രാഷ്ട്രീയ-സാമൂഹിക നാടകകലാസംസ്‌കാരത്തിന്റെയും സാക്ഷര-സാഹിത്യ-വായനാസംസ്‌കാരത്തിന്റെയും ജനകീയ ഗാന-സംഗീത സംസ്‌കാരത്തിന്റെയും താര-വിപണി സംസ്‌കാരത്തിന്റെയുമൊക്കെ സംയുക്ത സൃഷ്ടിയാണ് മലയാളസിനിമ. 1968നു ശേഷമുള്ള അരനൂറ്റാണ്ടിൽ ഏതാണ്ട് അയ്യായിരം സിനിമകളിറങ്ങി, മലയാളത്തിൽ, എന്നുവച്ചാൽ പ്രതിവർഷം ശരാശരി നൂറുസിനിമകൾ. എൺപതുകളിൽ ചില വർഷങ്ങളിലിറങ്ങിയ സിനിമകളുടെ എണ്ണം, 28-68 കാലത്ത് മൊത്തമിറങ്ങിയ സിനിമകളുടെ എണ്ണത്തിനടുത്തുവരും. എന്നുവച്ചാൽ മലയാളസിനിമ ഒരു ജനപ്രിയസംസ്‌കാരമായി വേരുറപ്പിക്കുന്ന കാലത്തിന്റെ കഥയാണ് ഈ പുസ്തകത്തിലുള്ളത്. പി.എൻ. മേനോൻ, അടൂർ, അരവിന്ദൻ തുടങ്ങിയവരിലൂടെ മലയാളം കലാസിനിമയുടെയും ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളുടെയും നവതരംഗപ്രസ്ഥാനത്തിന്റെയുമൊക്കെ സ്വാധീനത്തിലേക്കു കടക്കുന്നത് പിന്നീടാണ്. താരവ്യവസ്ഥയും (സത്യൻ, നസീർ...) സാഹിത്യബന്ധവും (വർക്കി, എം ടി, ഭാസി) ചലച്ചിത്രമെന്ന ദൃശ്യസംസ്‌കൃതിയുടെ വ്യാപനവു(തീയറ്ററുകൾ, പ്രേക്ഷകർ എന്നിവയുടെ എണ്ണം) മൊക്കെയായി മലയാളസിനിമ അതിന്റെ ആരൂഢം ഉറപ്പിച്ച കാലത്തിന്റെ വിജ്ഞാനകോശമെന്ന നിലയിൽ ഈ പുസ്തകം വരുംനാളുകളിൽ കൂടുതൽ ചർച്ചചെയ്യപ്പെടാതിരിക്കില്ല.
പുസ്തകത്തിൽനിന്ന്

'രവിമുതലാളി, ജനറൽ പിക്‌ചേഴ്‌സ് രവി, അച്ചാണി രവി എന്നിങ്ങനെ വിവിധ പേരുകളിൽ സിനിമാലോകത്തു സുപരിചിതനായ കെ. രവീന്ദ്രനാഥൻ നായർ അന്താരാഷ്ട്ര ചലച്ചിത്രമേഖലയിൽ മലയാളസിനിമയെ ശ്രേഷ്ഠസ്ഥാനത്തെത്തിക്കുന്നതിൽ നിർണായകപങ്കു വഹിച്ച വ്യക്തിത്വമാണ്. കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലുമായി 112-ൽപ്പരം കശുവണ്ടി ഫാക്ടറികളിലായി അരലക്ഷത്തിലേറെ തൊഴിലാളികൾക്കു നേരിട്ട് തൊഴിൽ നല്കിയിരുന്ന ലോകത്തിലെ ഏറ്റവും വലിയ കശുവണ്ടി വ്യാപാരിയായിരുന്നു സമീപകാലംവരെ അദ്ദേഹം. കേരളത്തിൽ ഏറ്റവുമധികം ആദായനികുതി നല്കിയിരുന്ന വ്യവസായി എന്ന ഖ്യാതിയും കുറെക്കാലം അദ്ദേഹത്തിനു സ്വന്തമായിരുന്നു. മികച്ച കയറ്റുമതിവ്യവസായിക്കുള്ള ദേശീയ അവാർഡും മികച്ച സിനിമാനിർമ്മാതാവിനുള്ള അന്താരാഷ്ട്രപുരസ്‌കാരവും ഒരേസമയം നേടാൻ അവസരം ലഭിച്ച ഏക ഇന്ത്യക്കാരനും കെ. രവീന്ദ്രനാഥൻ നായരായിരിക്കാനാണ് സാധ്യത.

സിനിമാനിർമ്മാണരംഗത്തു പ്രവേശിക്കാൻ ഇടയായ സാഹചര്യം ഒരഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു: 'പഠിക്കുമ്പോൾ വായനയിൽ താത്പര്യമുണ്ടായിരുന്നു. ദൃശ്യമാധ്യമമെന്ന നിലയിൽ അതിനോടും. അങ്ങനെ ഒരിക്കൽ തോന്നി ഒരു സിനിമ നിർമ്മിച്ചാലെന്തെന്ന്.... അതിനുവേണ്ടി ധാരാളം പുസ്തകങ്ങൾ വായിച്ച കൂട്ടത്തിൽ പാറപ്പുറത്തിന്റെ അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന നോവൽ സ്വാധീനിച്ചു. സിനിമയെക്കുറിച്ച് വളരെ ഗൗരവമായേ ഞാൻ ചിന്തിച്ചിട്ടുള്ളൂ. ഇത്രയും സ്വാധീനമുള്ള ഒരു മാധ്യമമെന്ന നിലയിൽ അതിനു നമ്മുടെ സമൂഹത്തിൽ വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ചും ഞാനാലോചിച്ചിരുന്നു. അതുകൊണ്ട് നല്ല ചിത്രങ്ങൾ മാത്രം എടുത്താൽ മതിയെന്നും തീരുമാനിച്ചിരുന്നു'.

പി. ഭാസ്‌കരന്മാസ്റ്ററുടെ സംവിധാനത്തിൽ അന്വേഷിച്ചു കണ്ടെത്തിയില്ല 1967 സപ്തംബർ 8 ന് റിലീസ് ചെയ്തു. ആ വർഷത്തെ ഏറ്റവും നല്ല മലയാളചിത്രത്തിനുള്ള ദേശീയപുരസ്‌കാരവും ഈ ചിത്രത്തിനു ലഭിച്ചു. 68-ൽ ലക്ഷപ്രഭു (സംവിധാനം: പി. ഭാസ്‌കരൻ), 69-ൽ കാട്ടുകുരങ്ങ് (സംവിധാനം: പി. ഭാസ്‌കരൻ), 73-ൽ അച്ചാണി (സംവിധാനം: വിൻസെന്റ്) എന്നീ ചിത്രങ്ങളും നിർമ്മിച്ചു. ഇതിൽ അച്ചാണി റെക്കോഡ് കളക്ഷൻ നേടി. അച്ചാണിയിൽനിന്ന് ലഭിച്ച ലാഭം മുഴുവൻ കൊല്ലത്ത് ഒരു പബ്ലിക് ലൈബ്രറി ഉണ്ടാക്കാനാണ് വിനിയോഗിച്ചത്. 1979 ജനവരി 2 ന് അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി കൊല്ലം പബ്ലിക് ലൈബ്രറി രാഷ്ട്രത്തിനു സമർപ്പിച്ചു.

അച്ചാണിക്കുശേഷം നാലു വർഷം സിനിമകളൊന്നും നിർമ്മിക്കുകയുണ്ടായില്ല. അതിനുള്ള കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്:
'......... ഞാനീ ചിത്രങ്ങളെടുക്കുന്ന കാലത്തുതന്നെ അതുപോലെയുള്ള ചിത്രങ്ങൾ ധാരാളമായി മലയാളത്തിൽ നിർമ്മിക്കപ്പെടുന്നുണ്ടായിരുന്നു. അരവിന്ദനും അടൂർ ഗോപാലകൃഷ്ണനുമൊക്കെ ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്ന കാലഘട്ടമായിരുന്നു അത്. ചലച്ചിത്രരംഗത്തിന് ഒരു സംഭാവന എന്ന നിലയിൽ തുടർന്ന് അച്ചാണി പോലുള്ള ചിത്രങ്ങൾ എടുക്കേണ്ട ആവശ്യമില്ലെന്ന് എനിക്കു തോന്നി. കാരണം, അത്തരം ചിത്രങ്ങൾ നിർമ്മിക്കാൻ ധാരാളം നിർമ്മാതാക്കൾ വേറെയുണ്ടായിരുന്നു. ഈ സമയത്താണ് അടൂർ ഗോപാലകൃഷ്ണൻ സ്വയംവരം എന്ന ചിത്രമെടുത്തത്. അതെന്നെ ആകർഷിച്ചു....പിന്നീട് അരവിന്ദന്റെ ഉത്തരായണം നിർമ്മിക്കപ്പെട്ടു. ആ ചിത്രം വിതരണം ചെയ്യാൻ ആരും മുന്നോട്ടു വന്നില്ല. അത് ഡിസ്ട്രിബ്യൂഷന് ഏറ്റെടുത്തത് ജനറൽ പിക്‌ചേഴ്‌സ് ആയിരുന്നു. ഫ്രീ ഡിസ്ട്രിബ്യൂഷൻ. അങ്ങനെയാണ് അരവിന്ദനുമായി ബന്ധപ്പെടുന്നത്'.

1977ലാണ് അരവിന്ദന്റെ സംവിധാനത്തിൽ കാഞ്ചനസീത ജനറൽ പിക്‌ചേഴ്‌സ് നിർമ്മിക്കുന്നത്. ഏറ്റവും മികച്ച സംവിധായകനുള്ള ദേശീയപുരസ്‌കാരം ഈ ചിത്രം അരവിന്ദനു നേടിക്കൊടുത്തു. 1978-ൽ അരവിന്ദന്റെ സംവിധാനത്തിൽ പുറത്തുവന്ന തമ്പിലൂടെ ഏറ്റവും മികച്ച സംവിധായകനുള്ള ദേശീയപുരസ്‌കാരം അദ്ദേഹത്തിനു വീണ്ടും ലഭിച്ചു. ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫിക്കു പുറമേ സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച ചിത്രം എന്ന അംഗീകാരവും ഈ ചിത്രം കരസ്ഥമാക്കി. പിന്നീട് അരവിന്ദന്റെ സംവിധാനത്തിൽ എസ്തപ്പാനും കുമ്മാട്ടിയും ജനറൽ പിക്‌ചേഴ്‌സ് നിർമ്മിച്ചു. 1979-ൽ കുമ്മാട്ടി കുട്ടികളുടെ മികച്ച ചിത്രമെന്ന നിലയിൽ സംസ്ഥാന അവാർഡും ലണ്ടൻ ഫെസ്റ്റിവലിൽ പുരസ്‌കാരവും നേടി. എസ്തപ്പാൻ സംസ്ഥാനത്തെ ഏറ്റവും മികച്ച ചിത്രം, മികച്ച സംവിധായകൻ, സൗണ്ട് റെക്കോഡിങ്, എഡിറ്റിങ് എന്നിവയ്ക്കുള്ള അവാർഡുകൾ സ്വന്തമാക്കി. അരവിന്ദന്റെ സംവിധാനത്തിൽ പുറത്തുവന്ന പോക്കുവെയിൽ 1981-ൽ ദേശീയതലത്തിൽ ഏറ്റവും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡും ഏറ്റവും നല്ല സംവിധായകനുള്ള സംസ്ഥാന അവാർഡും നേടി.

അടൂർ ഗോപാലകൃഷ്ണനുമായി ചേർന്ന് ജനറൽ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ആദ്യചിത്രം എലിപ്പത്തായമായിരുന്നു. 91-ൽ മികച്ച പ്രാദേശികചിത്രത്തിനുള്ള ദേശീയ അവാർഡും സംസ്ഥാന പുരസ്‌കാരവും ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാർഡും ആ ചിത്രത്തിനു ലഭിച്ചു. 82-ൽ എം ടി.യുടെ സംവിധാനത്തിൽ മഞ്ഞ് ചലച്ചിത്രമാക്കി. 84-ൽ അടൂരിന്റെ സംവിധാനത്തിൽ നിർമ്മിച്ച മുഖാമുഖത്തിന് ഏറ്റവും മികച്ച സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ ദേശീയ അവാർഡുകൾക്കു പുറമേ അഞ്ചു സംസ്ഥാന പുരസ്‌കാരങ്ങളും ലഭിക്കുകയുണ്ടായി. 87-ൽ രവി നിർമ്മിച്ച് അനന്തരം എന്ന ചിത്രം ഏറ്റവും മികച്ച സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ ദേശീയബഹുമതികൾ അടൂരിനു നേടിക്കൊടുത്തതോടൊപ്പംതന്നെ സംസ്ഥാന സർക്കാറിന്റെ വ്യത്യസ്ത വിഭാഗങ്ങളിലായി അഞ്ച് അവാർഡുകളും കരസ്ഥമാക്കി.

ജനറൽ പിക്‌ചേഴ്‌സിന്റെ ബാനറിൽ രവീന്ദ്രനാഥൻ നായർ നിർമ്മിച്ച അവസാനചിത്രം സക്കറിയയുടെ കഥയെ ആധാരമാക്കി അടൂർ സംവിധാനം ചെയ്ത വിധേയനായിരുന്നു 93-ൽ സംസ്ഥാനത്തെ ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുത്ത വിധേയനിലൂടെ മമ്മൂട്ടിക്ക് ഏറ്റവും മികച്ച നടനുള്ള ദേശീയബഹുമതിയും ലഭിക്കുകയുണ്ടായി. രാജ്യാന്തര ചലച്ചിത്രമേളകളിൽ പങ്കെടുക്കാൻ ഏറ്റവും കൂടുതൽ അവസരങ്ങൾ ലഭിച്ചവയായിരുന്നു ജനറൽ പിക്‌ചേഴ്‌സ് നിർമ്മിച്ച് അരവിന്ദൻ, അടൂർ സംവിധാനം ചെയ്ത ചിത്രങ്ങൾ.സംസ്ഥാന ചലച്ചിത്രവികസന കോപ്പറേഷന്റെ തുടക്കം മുതലുള്ള ഡയറക്ടർ അംഗമായിരുന്ന രവീന്ദ്രനാഥൻ നായർ. അഞ്ചുവർഷം ഫിലിം അവാർഡ് കമ്മിറ്റിയിലും അംഗമായിരുന്നു. '.

മലയാളസിനിമ പിന്നിട്ട വഴികൾ
എം. ജയരാജ്
മാതൃഭൂമി ബുക്‌സ്
600 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP