Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

മഹാഭാരതം: ചരിത്ര ജീവിതങ്ങൾ

മഹാഭാരതം: ചരിത്ര ജീവിതങ്ങൾ

ഷാജി ജേക്കബ്‌

ഹാഭാരതമില്ല; മഹാഭാരതങ്ങളേയുള്ളു. കാരണം മഹാഭാരതം ഒറ്റയ്‌ക്കൊരു പാഠമല്ല, അനേകം പാഠങ്ങളുടെ ചാക്രികവും രേഖീയവുമായ ഒരു ബൃഹത് പരമ്പരയാണ്. ഭാവനാത്മക രൂപങ്ങളുടെയും ജ്ഞാന വ്യവഹാരങ്ങളുടെയും ഭാഷാ സമുച്ചയം. മിത്തുകളുടെയും ചരിത്രങ്ങളുടെയും സങ്കീർണ ചക്രവ്യൂഹം. ഭാരതീയ ബൗദ്ധികസംസ്‌കാരത്തിൽ മഹാഭാരതത്തോളം വിചിന്തനങ്ങൾക്കു വിഷയീഭവിച്ച മറ്റൊരു ഗ്രന്ഥലോകമില്ലതന്നെ. മതത്തിനും ഭാവനയ്ക്കും ചരിത്രത്തിനും സാഹിത്യത്തിനും ശാസ്ത്രത്തിനും തത്വചിന്തക്കും ധർമസംഹിതക്കും രാഷ്ട്രതന്ത്രത്തിനും സ്ഥലപുരാണത്തിനും നരവംശസംസ്‌കൃതിക്കും ഒരേ സമയം ബദൽ നിന്ന മഹാവാക്യസമുദ്രം.

ഇക്കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകാലത്ത് മഹാഭാരതത്തെക്കുറിച്ചു രൂപംകൊണ്ട വ്യാഖ്യാന പദ്ധതിയും പഠനമണ്ഡലവും ഒരു 'മഹാഭാരത വിജ്ഞാനീയ'ത്തിനു തന്നെ രൂപം കൊടുത്തിട്ടുണ്ട്. ഈ മഹാഭാരത വിജ്ഞാനീയത്തെ സമഗ്രമായി സ്വാംശീകരിക്കുകയും മാർകസിയൻ സാംസ്‌കാരിക പഠന രീതി ശാസ്ത്രം പിന്തുടർന്ന് മഹാഭാരതത്തെക്കുറിച്ചുള്ള ചില തെളിഞ്ഞ കാഴ്ചപ്പാടുകൾ വിശകലനാത്മകവും വിമർശനാത്മകവുമായി മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നു, സുനിൽ പി ഇളയിടം തന്റെ 'മഹാഭാരതം സാംസ്‌കാരിക ചരിത്രം' എന്ന ഗ്രന്ഥത്തിൽ.

മഹാഭാരതത്തിന്റെ നേരിട്ടുള്ള പാഠപഠനമോ വ്യാഖ്യാനമോ അല്ല, ഇതിഹാസത്തിന്റെ ഭിന്നപാഠങ്ങളെയും പഠനങ്ങളെയും വ്യാഖ്യാനങ്ങളെയും മുൻനിർത്തിയുള്ള ഒരു അധി-വായനയും പഠനവുമാണ് ഈ പുസ്തകം. ആമുഖമെന്നോണം പറയട്ടെ, ഈ രചന രണ്ടു സവിശേഷമായ ആഖ്യാനസ്വഭാവങ്ങളെക്കുറിച്ചുള്ള വിസ്മയകരമായ തിരിച്ചറിവ് നമുക്ക് നൽകും. വാമൊഴിയുടേതും വരമൊഴിയുടേതും. ആദ്യത്തേത് പ്രഭാഷണകലയിൽ നിന്നു രൂപംകൊണ്ട ഈ കൃതിയുടെ സ്ഥൂലപാഠമാണ്. നിശ്ചയമായും അതിന് രണ്ടു പരിഷ്‌കരണങ്ങളുണ്ടായി. ഒന്നാമത്തേത് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ പ്രസിദ്ധീകരണഘട്ടത്തിൽ. രണ്ടാമത്തേത് പുസ്തകരൂപത്തിലുള്ള പ്രസാധനത്തിൽ. അഞ്ചു ദിവസം, പതിനഞ്ചു മണിക്കൂർ നീണ്ട ഒരു പ്രഭാഷണ പരമ്പരയായി വിഭാവനം ചെയ്യപ്പെട്ടതാണ് ആദ്യപാഠം. സുനിലിന്റെ പ്രഭാഷണകലയെക്കുറിച്ച് ഒന്നും പറയേണ്ടതില്ല. അത് സ്വയം നിർണായകത്വം കൈവരിച്ച കഴിഞ്ഞിട്ടുള്ള ഒരു സാംസ്‌കാരിക വ്യവസ്ഥയാണ്. തുടർന്നുള്ള പരിഷ്‌കരണങ്ങൾ ഈ പഠനത്തിന് നിർമ്മിച്ചുനൽകിയ അക്കാദമിക, വിമർശന, രചനാമൂല്യങ്ങളാണ് വാരികയിലും അതിനെക്കാൾ സമഗ്രവും സാർഥകവുമായി പുസ്തകത്തിലും സാക്ഷാത്കരിക്കപ്പെട്ടത്.

മറ്റൊരു സവിശേഷത, മലയാളത്തിൽ മറ്റൊരു മഹാഭാരത വ്യാഖ്യാനത്തിനും പഠനത്തിനും നിരൂപണത്തിനും കൈവരാത്ത അക്കാദമിക/ ഗവേഷണ/വൈജ്ഞാനിക മൂല്യം ഈ ഗ്രന്ഥത്തിനു കൈവന്നിരിക്കുന്നു എന്നതാണ്.

ഒരു സൈദ്ധാന്തിക നിലപാടിന്റെയും രീതിശാസ്ത്രപദ്ധതിയുടെയും ഭദ്രമായ അടിത്തറയും വിപുലമായ വൈജ്ഞാനികാന്വേഷണങ്ങളുടെ ഭൂമികയായി മഹാഭാരതത്തെ മാറ്റുന്ന അപഗ്രഥനപ്രക്രിയയും ആഖ്യാനത്തിൽ ആദ്യന്തം സൂക്ഷിക്കുന്ന ലാവണ്യാത്മകമായ ഭാവഭംഗിയും സാംസ്‌കാരിക പഠനം എന്ന നിലിയിൽ ഈ രചനക്ക് നിർമ്മിച്ചു നൽകുന്ന രാഷ്ട്രീയ സൗന്ദര്യമൂല്യം തന്നെയാണ് ഇതിനുകാരണം. സുനിൽ എഴുതുന്നു:

മഹാഭാരതം എന്ന ആവാസവ്യവസ്ഥയിൽ അരങ്ങേറിയ, ഒരിക്കലും അവസാനിക്കാനിടയില്ലാത്ത അന്വേഷണങ്ങളുടെയും ആലോചനകളുടെയും ചരിത്രത്തിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ ഗ്രന്ഥം. കെട്ടഴിഞ്ഞുചിതറിയും പരന്നും പടർന്നും കിടക്കുന്ന ഇതിഹാസവിപിനത്തിൽ, നമ്മുടെ കാലത്തിലേക്കും ജീവിതത്തിലേക്കുമുള്ള വഴികൾ തേടിപ്പോയ എണ്ണമറ്റ മനീഷികളെ പിൻപറ്റിക്കൊണ്ടുള്ള ഒരു ദീർഘസഞ്ചാരം. പ്രാചീന ഇന്ത്യയിലെ ജനജീവിതത്തിന്റെ ഭൗതികസ്വരൂപത്തെക്കുറിച്ച് മഹാഭാരതം എന്തുപറയുന്നു എന്നതു മുതൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യഭാവനയോട് അതെങ്ങനെ സംവദിക്കുന്നു എന്നതുവരെയുള്ള പ്രമേയങ്ങൾ ഈ സഞ്ചാരത്തിന്റെ പരിധിയിലുണ്ട്. നിശ്ചയമായും, ഈ ആലോചനകളിലും മഹാഭാരതം അവസാനിക്കില്ല. എല്ലാ മഹാഗ്രന്ഥങ്ങളെയുംപോലെ, മഹാഭാരതം ഈ ആലോചനകളെയും കവിഞ്ഞൊഴുകും.ചരിത്രനിഷ്ഠവും ഭൗതികവാദപരവും ഭാവനാസ്പദവുമായ തലങ്ങളിൽ മഹാഭാരതത്തിന്റെ ബഹുസ്വരപാഠ രൂപങ്ങളെ വിശകലനം ചെയ്യുക, മുഖ്യമായും മാർക്സിയൻ സമീപനത്തിൽ മഹാഭാരതത്തെക്കുറിച്ചുണ്ടായിട്ടുള്ള മുൻ വായനകൾ സ്വാംശീകരിക്കുക, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും ബ്രാഹ്മണ്യത്തിന്റെയും സാംസ്‌കാരികയുക്തികളെ മഹാഭാരതത്തിലും ഗീതയിലും സന്നിവേശിപ്പിക്കുന്ന പുനരുത്ഥാനവാദങ്ങളെ വിമർശിക്കുക, സത്താവാദപരവും ഏകമാനവുമായി ഇതിഹാസപുരാണങ്ങളെ കാണുന്ന ആധ്യാത്മിക - യുക്തിവാദവായനകളെ ഒരുപോലെ നിരാകരിക്കുക, ജനസംസ് കാരത്തിന്റെയും മാധ്യമീകൃത ആവിഷ്‌കാരങ്ങളുടെയും സാധ്യതകളിലേയ്ക്ക് മഹാഭാരതത്തിനുണ്ടായ വ്യാഖ്യാനങ്ങൾ ചൂണ്ടിക്കാണിക്കുക, കൊളോണിയൽ, ദേശീയ ആധുനിക മഹാഭാരതമുൾപ്പെടെയുള്ള ക്ലാസിക്കൽ രചനകൾക്കു സൃഷ്ടിച്ചു നൽകിയ മതാന്ധത, ദേശീയ പരിവേഷങ്ങളെ അപനിർമ്മിക്കുക, സാംസ്‌കാരിക പഠനത്തിന്റെ അന്തർവൈജ്ഞാനികവും ബഹുവൈജ്ഞാനികവുമായ വിശകലനപദ്ധതികളിലേയ്ക്ക് മഹാഭാരതങ്ങളെ സമന്വയിക്കുക മലയാളത്തിൽ ഇന്നോളമുണ്ടായിട്ടുള്ള ഏത് മഹാഭാരതപഠനത്തെയും ബഹുദൂരം പിന്നിലാക്കുന്ന അക്കാദമിക, വൈജ്ഞാനിക, സാംസ്‌കാരിക വായനകളുടെ ഒരു സമഗ്രപാഠമായിമാറുന്നു, സുനിലിന്റെ മഹാഭാരതപര്യടനം.

ധർമാധർമങ്ങളെ വേറിട്ടുകാണിക്കുന്നതിൽ അത്ഭുതകരമാംവിധം സന്ദിഗ്ധമായിരുന്നിട്ടും ആഴത്തിൽ ചരിത്രപരമാവുകവഴി, ശാശ്വതമായിത്തീർന്ന മനുഷ്യ ജീവിതേതിഹാസമാണ് മഹാഭാരതം' എന്നാണ് സുനിൽ ഈ പുസ്തകത്തിൽ കണ്ടെത്തുന്നത്. വിദ്വാൻ കെ പ്രകാശത്തിന്റയെും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെയും മഹാഭാരതവിവർത്തനങ്ങൾ, കിസരി മോഹൻ ഗാംഗുലിയുടെ ഇംഗ്ലീഷ് വിവർത്തനം, എം എൻ ദത്തിന്റെ മഹാഭാരത പാഠം, വി എസ് സുക്തങ്കറുടെ വിമർശനാത്മകപാഠം. ന്യൂയോർക്ക് സർവകലാശാലയുടെ മഹാഭാരതം എന്നീ മഹാഭാരത പാഠങ്ങൾ മുൻനിർത്തിയും മഹാഭാരതത്തെക്കുറിച്ചുള്ള നൂറുകണക്കിന് മതാത്മക, ചരിത്രപര, സാഹിതീയ, മാനവിക പഠനങ്ങൾ പിൻപറ്റിയും മാർകസിയൻ സാംസ്‌കാരിക പഠനത്തിന്റെ അക്കാദമിക യുക്തികളെ മഹാഭാരതത്തിന്റെ പാഠ ചരിത്രം, ഭൗതിക ചരിത്രം, പാരായണചരിത്രം, വ്യാപനചരിത്രം, ബഹുസ്വരാത്മക ചരിത്രം, ഗീതാചരിത്രം, വിഭാവനചരിത്രം എന്നീ ഏഴ് ഭാവപദ്ധതികളിൽ സന്നിവേശിപ്പിച്ചുമാണ് തന്റെ ഗ്രന്ഥത്തിന്റെ രചന സുനിൽ സാധ്യമാക്കിയിരിക്കുന്നത്. ഡി ഡി കൊസാംബി, റൊമില ഥാപ്പർ, ആർ എസ് ശർമ തുടങ്ങിയവരുടെ മാർകസിയൻ അപഗ്രഥന ങ്ങളാണ് സുനിലിന്റെ വായനയുടെ രാഷ്ട്രീയാബോധം നിർമ്മിക്കുന്നതെന്നും കാണാം.

നാലധ്യായങ്ങൾ വീതമുള്ള അഞ്ചു ഭാഗങ്ങളും രണ്ട്, മൂന്ന് അധ്യായങ്ങൾ വീതമുള്ള രണ്ടു ഭാഗങ്ങളും ചേർന്നതാണ് ഈ പുസ്തകം. ഏഴുഭാഗം ഇരുപത്തഞ്ചധ്യായം, വിപുലമായ ഗ്രന്ഥസൂചി, പദസൂചി, നൂറകണക്കിനു ചിത്രങ്ങൾ... അക്കാദമിക പഠനത്തിന്റെ ഗവേഷണഭദ്രതപരമാവധി ഉറപ്പാക്കാനും സുനിൽ ശ്രമിച്ചിട്ടുണ്ട്. ആമുഖത്തിൽ, തന്റെ പ്രഭാഷണപരമ്പരയോടുണ്ടായ മൂന്നുതരം വിമർശനങ്ങൾ ചൂണ്ടിക്കാണിച്ച്, മതപരവും യുക്തിവാദപരവുമായ വിമർശനങ്ങളോട് തനിക്കു സംവദിക്കാനാവില്ല എന്നു സുനിൽ വ്യക്തമാക്കുന്നുണ്ട്. കാരണം അവരുടെ രീതി ഏകാത്മകവും സത്താവാദപരവും താർക്കികവുമാണ്. സുനിലിന്റേത് ബഹുസ്വരാത്മകവും, പ്രത്യയശാസ്ത്രപരവും ഭാഷണപരവുമാണ്. മൂന്നാമത്തെ വിമർശനം ദലിത് രാഷ്ട്രീയത്തിന്റെ വക്താക്കൾ കാലങ്ങളായി ഇതിഹാസ പുരാണങ്ങളോട് പുലർത്തിപ്പോരുന്നതാണ്. ഈ വിമർശനത്തെ അംബേദ്കർ തന്നെ നടത്തിയ മഹാഭാരതവായനയുടെ യുക്തികൾ മുന്നോട്ട് വച്ച് സുനിൽ ഖണ്ഡിക്കുന്നു.

ഗ്രന്ഥസ്വരൂപത്തിലേക്കുവരാം. 

ഭാഗം ഒന്ന്

മഹാഭാരതത്തിന്റെ പാഠചരിത്രമാണ് ഈ ഭാഗത്തെ നാലധ്യായങ്ങളുടെ അന്വേഷണ വിഷയം. കാലവൃക്ഷം എന്ന ആദ്യ അധ്യായം മഹാഭാരതത്തെക്കുറിച്ചുണ്ടായിട്ടുള്ള വ്യാഖ്യാനങ്ങളിലെ രൂപകല്പനകളെ പിൻപറ്റി ഇതിഹാസത്തിന്റെ ഐതിഹാസികത വിശദീകരിക്കുന്നു. മിഖായേൽ ബക്തിൻ ക്ലാസിക്കുകളെക്കുറിച്ച് പറയുന്ന നിരീക്ഷണത്തിലാണ് തുടക്കം. 'മഹാകാലത്തിൽ ജീവിക്കുന്നു', അവ എന്നത്. മഹാഭാരതത്തെ വി എസ് സുക്തങ്കർ പടർന്നു പന്തലിച്ച പേരാലിനോടും സി. ആർ. ദേസ് പാണ്ഡെ ഗംഗാനദി പോലുള്ള ചിരന്തനപ്രവാഹത്തോടും ജയിംസ് ഹൊഗാർത്തി മഹാപ്രാകാരത്തോടും സമീകരിക്കുന്നുണ്ട്. ബദരീനാഥ് ചതുർവേദിയെപ്പോലുള്ളവർ നടത്തിയ മഹാഭാരത്തിന്റെ മാനുഷിക ജീവിതവ്യാഖ്യാനങ്ങളുടെയും കൊളോണിയൽ പഠനങ്ങൾ മഹാഭാരതത്തെക്കുറിച്ചുന്നയിച്ച ഘടനാപരവും മൂല്യപരവുമായ ആഖ്യാന - ധാർമിക പ്രശ്‌നങ്ങളുടെയും ചർച്ചയാണ് മറ്റൊന്ന്.

രണ്ടാമധ്യായം മഹാഭാരത്തിന്റെ ഗ്രന്ഥസ്വരൂപം വിശദീകരിക്കുന്നു. സുക്തങ്കർ, സി വി വൈദ്യ, കൊസാംബി, റൊമില ഥാപ്പർ തുടങ്ങിയവരെ പിൻപറ്റി ഇതിഹാസത്തിന്റെ പർവ-ഉപപർവ ഘടന, ശ്ലോകങ്ങളുടെ എണ്ണം, പ്രക്ഷിപ്തങ്ങൾ, ലിഖിത ചരിത്രം തുടങ്ങിയവ വിവരിക്കപ്പെടുന്നു ഇവിടെ.

ക്ലാസിക്കുകളെക്കുറിച്ചുള്ള ഇറ്റാലോ കാൽവിനോയുടെ നിർവചനത്തിൽ നിന്ന് മഹാഭാരതത്തിലെ 'ആവർത്തന'ങ്ങളെക്കുറിച്ചുള്ള ഏ. കെ. രാമാനുജന്റെ നിരീക്ഷണത്തിലേക്കുവരുന്നു മൂന്നാമദ്ധ്യായം. തുടർന്ന് മഹാഭാരത്തിന്റെ പാഠചരിത്രചർച്ച. സുക്തങ്കർ, ഇരാവതി കാർവെ, എസ് വി കേത്കർ, ഫിറ്റ്‌സ്‌ജെറാൾഡ്... 

ഒരു ബഹുവ്യവസ്ഥയായി (Multi system) മഹാഭാരതം നിലവിൽവന്നതിനെക്കുറിച്ചുണ്ടായ വിഖ്യാതങ്ങളായ നിരീക്ഷണങ്ങൾ സംക്ഷിപ്തമായി വിശകലനം ചെയ്തവതരിപ്പിക്കുന്നു സുനിൽ.

മഹാഭാരതപാരമ്പര്യം എന്ന ആശയത്തെ മുൻനിർത്തി ജെയിംസ് ഫിറ്റ്സ്ജെറാൾഡ് ഉന്നയിക്കുന്ന കൗതുകകരമായ ഒരു ചോദ്യമുണ്ട്. എന്തിനെയാണ് നാം മഹാഭാരതപാരമ്പര്യം എന്നു വിവരിച്ചുവരുന്നത് ? അത് മഹാഭാരതത്തിന്റെ ലിഖിതപാഠത്തെയാണോ ? ലിഖിതപാഠം എന്നുപറയുമ്പോൾ ധാരാളം പ്രശ്നങ്ങൾ ഉയർന്നുവരും. മഹാഭാരതത്തിന് സുനിശ്ചിതമായ ഒരു ലിഖിതപാഠവുമില്ല എന്നതാണ് വാസ്തവം. മഹാഭാരതത്തിന്റെ വിമർശനാത്മകപാഠം തയ്യാറാക്കിയ വി എസ്.സൂക്തങ്കറും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അതിന്റെ 1259 കൈയെഴുത്തുപ്രതികൾ (manuscripts) ശേഖരിക്കുകയുണ്ടായി. എട്ടുഭാഷകളിലുള്ള മാനുസ്‌ക്രിപ്റ്റുകളാണ് അവർ ശേഖരിച്ചത്. ഔത്തരാഹപാഠങ്ങൾ അഞ്ചു ഭാഷകളിൽനിന്ന്. കാശ്മീരി, മൈഥിലി, ബംഗാളി, ദേവനാഗിരി, നേപ്പാളി ലിപികളിലുള്ള പാഠങ്ങൾ. ദാക്ഷിണാത്യപാഠങ്ങൾ മൂന്നു ഭാഷകളിൽ നിന്ന്. തെലുങ്ക്, തമിഴ്, മലയാളം പാഠങ്ങൾ. ഇങ്ങനെ എട്ടു ലിപികളിലുള്ള കൈയെഴുത്തുപാഠങ്ങളാണ് മഹാഭാരതത്തിന്റെ വിമർശനാത്മക പാഠനിർമ്മിതിയുടെ അടിസ്ഥാനമായത് (Sukthankar 1997:V). അവർ പരിഗണിക്കാതിരുന്ന പാഠങ്ങളുമുണ്ട്. കന്നഡപാഠം. ഒറിയപാഠം. ദേവനാഗിരി സ്വീകരിച്ചപ്പോഴും നന്ദിനാഗിരി അവർ സ്വീകരിച്ചില്ല. ഇങ്ങനെ, സ്വീകരിക്കപ്പെട്ടതും സ്വീകരിക്കപ്പെടാത്തതുമായ വിവിധ പാഠങ്ങളുടെ രൂപത്തിലാണ്, അവയ്ക്കിടയിലെ - അനന്തമെന്ന് വിശേഷിപ്പിക്കാവുന്ന - ആഭ്യന്തരവൈരുധ്യങ്ങളുടെ രൂപത്തിലാണ് മഹാഭാരതത്തിന്റെ ലിഖിതപാഠം നിലനിന്നിട്ടുള്ളത്. അല്ലാതെ ഉദ്‌ഗ്രഥിതമായ ഏകപാഠമല്ല മഹാഭാരതം. മഹാഭാരതത്തിന്റെ എത്ര കൈയെഴുത്തുപാഠങ്ങൾ ഉണ്ടെന്നോ അതിൽ എത്ര പാഠാന്തരങ്ങൾ ഉണ്ടെന്നോ ഒരുതരത്തിലും തീരുമാനിക്കാനാവില്ലെന്നാണ് സൂക്തങ്കർ എഴുതിയിട്ടുള്ളത്. 'മഹാഭാരതപാഠം' എന്ന ആശയംതന്നെ അവിടെ അവ്യക്തമാണ്. അത് ചിലപ്പോൾ ഒരു ലക്ഷം ശ്ലോകങ്ങൾ ഉള്ള മഹാഭാരതത്തെക്കുറിച്ചാവും. ചിലപ്പോൾ എഴുനൂറ് ശ്ലോകങ്ങൾ മാത്രമുള്ള ഭഗവദ്ഗീതയെക്കുറിച്ചും! അത്രയും അവ്യക്തമാണ് മഹാഭാരതപാഠം എന്ന കൽപന. അതുകൊണ്ട്, ഒരേയൊരു പാഠമായി മഹാഭാരതത്തെ കണ്ടെടുക്കാനാവില്ല. ഈ വൈവിധ്യത്തിന്റെ പൊരുൾ വെളിവാക്കിത്തരുന്ന സുപ്രധാന സൂചനകളിലൊന്ന് ഔത്തരാഹ ദാക്ഷിണാത്യപാഠങ്ങൾ തമ്മിൽ ശ്ലോകസംഖ്യയിലുള്ള വ്യത്യാസമാണ്. ഔത്തരാഹപാഠങ്ങളും ദാക്ഷിണാത്യപാഠങ്ങളും തമ്മിൽ ശ്ലോകസംഖ്യയിലുള്ള വ്യത്യാസം 13000 ശ്ലോകങ്ങളുടേതാണ്. ഒരുലക്ഷം ശ്ലോകങ്ങളാണ് മഹാഭാരതത്തിൽ ആകെയുള്ളതായി പൊതുവേ പറയുന്നത്. അതിൽ 13000 ശ്ലോകങ്ങൾവരെ ആഭ്യന്തരഭിന്നതയുണ്ട് ! രാമായണത്തിൽ 24000 ശ്ലോകങ്ങളാണ് ഉള്ളത് എന്നുകൂടി ഓർമ്മിച്ചാൽ ഈ വ്യത്യാസത്തിന്റെ പ്രാധാന്യം വ്യക്തമാകും.

സൂതന്മാരും മാഗധന്മാരും പാടിനടന്ന വീരഗാനങ്ങളിൽനിന്നും വ്യവസ്ഥാപിതമായ ലിഖിതപാഠത്തിലേക്കുള്ള, അഥവാ ഒരുലക്ഷം ശ്ലോകങ്ങളുള്ള ഇതിഹാസരൂപത്തിലേക്കുള്ള പരിവർത്തനം മഹാഭാരതം എന്ന ബഹുവ്യവസ്ഥയെ, അഥവാ മഹാഭാരതപാരമ്പര്യത്തെ, നിർണ്ണയിക്കുന്നതിൽ എന്തു പങ്കാണ് വഹിച്ചത് ? പൊതുവർഷം ആദ്യനൂറ്റാണ്ടുകളിൽതന്നെ ലിഖിതരൂപത്തിലുള്ള ഇതിഹാസപാഠം നിലവിൽവന്നു. 'ശതസഹസ്രീസംഹിത' എന്ന് പൊതുവർഷം അഞ്ചാംശതകത്തിലെ 'ഖോഹ' ശാസനം മഹാഭാരതത്തെ വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണല്ലോ. പൊതുവർഷം 534-ാം ആണ്ടിൽ മഹാരാജാവായ സർവനാഥന്റേതായി നിലവിൽ വന്നതാണ് 'ഖോഹശാസനം'. ദാനസംബന്ധിയായ ശാസനങ്ങളിലൊന്നാണത്. 'ശതസഹസ്രീസംഹിത' എന്ന് മഹാഭാരതം അതിൽ വിശേഷിപ്പിക്കപ്പെടുന്നതിനാൽ ഒരു ലക്ഷം ശ്ലോകങ്ങളുടെ വലിപ്പം ഔപചാരികമായെങ്കിലും അക്കാലത്തുതന്നെ മഹാഭാരതം കൈവരിച്ചു എന്നുറപ്പിക്കാം. 'സംഹിത' എന്ന പ്രയോഗം ഇത് ഏകകർതൃകമായ രചനയല്ലെന്ന തിരിച്ചറിവിനെ സൂചിപ്പിക്കുന്നതായി ബി. ബി. ലാൽ പറയുന്നു (2013:2). പലരിലൂടെയും പല കാലങ്ങളിലൂടെയും സഞ്ചരിച്ച് മഹാഭാരതം പാഠരൂപം കൈവരിച്ചതിന്റെ തെളിവാണത്. മഹാഭാരതത്തിന്റെ ആദിമപാഠമായി ഇപ്പോൾ പരിഗണിക്കപ്പെടുന്നതും അതുതന്നെ.

വിമർശനാത്മകപാഠത്തിലെ സഭാപർവത്തിന്റെ എഡിറ്റർകൂടിയായ ജെയിംസ് ഫിറ്റ്സ്ജെറാൾഡിന്റെ അഭിപ്രായത്തിൽ മഹാഭാരതപാരമ്പര്യത്തിന്റെ നിരവധി സാക്ഷാത്കാരസ്ഥാനങ്ങളിലൊന്നുമാത്രമാണ് ഈ ലിഖിതപാഠം. നാടോടിഗാനങ്ങളായും നാടകീയാഖ്യാനങ്ങളായും രംഗാവതരണങ്ങളായും മറ്റുമുള്ള ആദിമസാക്ഷാത്്കാരങ്ങൾ മുതൽ നോവലും സിനിമയും സീരിയലുംവരെയുള്ള ആധുനികസാക്ഷാത്കാരങ്ങൾവരെയുള്ള വിഭിന്ന ആവിഷ്‌കാരസ്ഥാനങ്ങളിലൊന്ന്. എങ്കിലും, മഹാഭാരതം എന്ന ബഹുവ്യവസ്ഥയുടെ ചരിത്രത്തെ ഏറ്റവും ഗാഢമായി നിർണ്ണയിച്ചത് ലിഖിതരൂപത്തിലുള്ള ഈ സാക്ഷാത്കാരമാണെന്നു പറയാം. മധ്യകാല ഇന്ത്യയിൽ സംസ്‌കൃതഭാഷയ്ക്കുണ്ടായിരുന്ന ആവിഷ്‌കാരികതയും ലിഖിതപാഠത്തിന് അക്കാലംവരെയുള്ള ഇതര മഹാഭാരതാവിഷ്‌കാരങ്ങളെയും അവയുടെ പാഠരൂപങ്ങളെയും അപേക്ഷിച്ചുള്ള ദൃഢതയും മഹാഭാരതപാരമ്പര്യത്തിനകത്തെ നിർണ്ണായകസ്ഥാനമായി ('single most determinative text in the general mahabharata tradition') ലിഖിതപാഠത്തെ ഉയർത്തി. അതേസമയത്തുതന്നെ, ഈ ലിഖിതപാഠം അതിനു പിന്നാലെ നിരവധി ഇന്ത്യൻ ഭാഷകളിലേക്ക് ലിപ്യന്തരണ (transliteration)ത്തിലൂടെയും നാനാതരത്തിലുള്ള മൊഴിമാറ്റങ്ങളിലൂടെയും ഒഴുകിപ്പരക്കുകയും ചെയ്തു. അതുവഴി മഹാഭാരതപാരമ്പര്യത്തിന്റെ പുതിയൊരു പ്രഭവമായി അത് മാറിത്തീരുകയും ചെയ്തു. ഇങ്ങനെ അതുവരെ നിലനിന്നിരുന്ന മഹാഭാരതാവിഷ്‌കാരങ്ങളെ സംഗ്രഹിച്ചുകൊണ്ടും പിന്നാലെ ഇതര പാഠപാരമ്പര്യങ്ങളിലേക്കു കെട്ടഴിഞ്ഞുകൊണ്ടും മഹാഭാരതം എന്ന ബഹുവ്യവസ്ഥയുടെ ചരിത്രത്തിലെ ഒരു സംക്രമണസ്ഥാനമായി ലിഖിതപാഠം മാറിത്തീർന്നു(2011:150-70). മഹാഭാരതപാരമ്പര്യത്തിന്റെ ആദ്യകാലത്തിനും പിൽക്കാലത്തിനും ഇടയിൽ, അവ തമ്മിലുള്ള വൈരുധ്യാത്മകവിനിമയങ്ങളുടെ കേന്ദ്രമായാണ് ലിഖിതപാഠം നിലകൊള്ളുന്നത് എന്നർത്ഥം.

എന്താണ് മഹാഭാരത പാരമ്പര്യം?

മഹാഭാരതത്തിന്റെ പാഠജീവിതത്തിനുള്ളിൽ രണ്ട് പാരമ്പര്യങ്ങൾ ഒരുപോലെ സന്നിഹിതമായിരിക്കുന്നു. നിത്യജീവിതത്തിന്റെ കീഴ്‌ത്തട്ടിൽ നാനാരൂപങ്ങളിൽ പ്രചരിച്ച, നാടോടിസംസ്‌ക്കാരത്തിന്റെ ഭാഗമായി നിലനിന്ന, പാഠങ്ങളിൽനിന്ന് ലിഖിതപാഠത്തിലെത്തുകയും അവിടെ സ്തബ്ധമായിപ്പോവുകയും ചെയ്ത പാരമ്പര്യമാണ് ആദ്യത്തേത്. രണ്ടാമത്തേത്, ഈ ലിഖിതപാഠം പൊട്ടിപ്പിളർന്ന് പുതിയ പാഠങ്ങളായി പെരുകി വളരുന്ന, അതുവഴി മറ്റൊരു താവഴിയുടെ തുടക്കമായിത്തീരുന്ന, മറ്റൊരു പാരമ്പര്യം. വെൻഡി ഡോണിഗർ പറയുന്നതുപോലെ, സുനിശ്ചിതമായ ലിഖിതപാഠങ്ങൾക്കും അനിശ്ചിതമായ പാഠഭേദങ്ങൾക്കും ഇടയിൽ മഹാഭാരതം നിരന്തരം ഊയലാടിക്കൊണ്ടിരിക്കുന്നു (2015:263-64). ഒരുഭാഗത്ത് അതൊരു സുസ്ഥിരരൂപമായി പ്രത്യക്ഷപ്പെടാൻ ശ്രമിക്കുന്നു. അതേസമയംതന്നെ അസ്ഥിരവും ശിഥിലവുമായ പാഠഭേദങ്ങളിൽ ജീവിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഇരുധാരകൾ ചേർന്നുനിൽക്കുന്ന അത്യന്തം ചലനാത്മകമായ ഒന്നാണ് മഹാഭാരതപാരമ്പര്യം.

ഈ രണ്ടു വഴികളിലുമുള്ള മഹാഭാരതവ്യാഖ്യാനങ്ങളുടെ പദ്ധതികൾ സംഗ്രഹിക്കുന്നു, തുടർന്നങ്ങോട്ട്.

കൃതി, കർത്താവ് എന്നീ തലങ്ങൾ കേന്ദ്രീകരിച്ച് മഹാഭാരതത്തെക്കുറിച്ചുണ്ടായിട്ടുള്ള അന്വേഷണങ്ങളുടെ ചരിത്രം, പാഠ പരിണാമം, വ്യാസകല്പന എന്നീ പ്രമേയങ്ങളാസ്പദമാക്കി വിവരിക്കപ്പെടുന്നു, നാലാമധ്യായത്തിൽ.

മഹാഭാരതത്തിന്റെ ഭൂത-വർത്തമാനത്വങ്ങൾ, ഇതിഹാസ-ചരിത്ര പരതകൾ, അധിഭൗതിക - ഭൗതിക ബന്ധങ്ങൾ, ദൈവിക - മാനവിക മാനങ്ങൾ, പാഠ - പരിണാമ ചരിതങ്ങൾ, ഭാരതീയ - ആംഗല പഠനങ്ങൾ... ഒന്നാം ഭാഗത്ത് സുനിൽ ക്രോഡീകരിക്കുന്ന മഹാഭാരത വിജ്ഞാനീയത്തിന്റെ ഈ ബഹുസ്വര ലോകം തുടർന്നങ്ങോട്ടുള്ള ചർച്ചകൾക്ക് ബലിഷ്ഠമായ അടിത്തറയായിമാറുന്നു.

ഭാഗം രണ്ട്

'മഹാഭാരതത്തിന്റെ ചരിത്രഭൂമിക' എന്ന ഇരുന്നൂറോളം പുറങ്ങളുള്ള ഈ ഭാഗമാണ് ഈ പുസ്തകത്തിലെ ഏറ്റവും വിശകലനാത്മകവും വിമർശനാത്മകവുമായ അന്വേഷണങ്ങൾ ഉൾക്കൊള്ളുന്നത്. (ആറാം ഭാഗത്തെ ഗീതാരചനക്കുമുണ്ട് ഈയൊരു സവിശേഷത. മാർകസിയൻ സാംസ്‌കാരിക വിമർശനത്തിന്റെയും ചരിത്രപരതയിലൂന്നിയ മഹാഭാരത പഠനത്തിന്റെയും സമീപനം സമഗ്രമായി വെളിപ്പെടുന്നത് ഈ ഭാഗങ്ങളിലാണ്.)

ഇതിഹാസത്തിന്റെ രൂപവും ചരിത്രവും എന്ന അഞ്ചാമദ്ധ്യായം ചർച്ചചെയ്യുന്നത് ജനജീവിത സംസ്‌കൃതിയുടെ പെരുങ്കടലായി തിരയടങ്ങാതെ സ്പന്ദിക്കുന്ന മഹാഭാരതത്തിന്റെ ചരിത്രാസ്തിത്വത്തെക്കുറിച്ചാണ്. സാഹിത്യകൃതിയെ, ചരിത്രത്തിലെ സവിശേഷമായ ഒരു ഇടപെടലും സമൂഹത്തിന്റെ നിർമ്മാണവസ്തുവുമായി കാണുന്ന അന്വേഷണം... ഭാവനാത്മകമായ ഒരു ഭൗതികശക്തിയായി മാറുന്നു, ഇവിടെ കൃതി. (മഹാഭാരതത്തെ ഇത്തരമൊരു ഭാവനാത്മക ശക്തിയായി വിശദീകരിക്കുകയാണ് ഈ പുസ്തകത്തിലെ നാലും അഞ്ചും ഭാഗങ്ങളിലെ എട്ടധ്യായങ്ങൾ ചെയ്യുന്നത്!)

ഇതിഹാസത്തിലെ നിഹിത ചരിത്രമന്വേഷിക്കുന്ന ഥാപ്പറുടെ സമീപനം; ഇതിഹാസത്തെ പാരമ്പര്യങ്ങളായി കാണുന്ന പൗളാറിച്ച്മാന്റെയും രാമാനുജന്റെയും നിരീക്ഷണങ്ങൾ; മാനുഷികീകരിക്കപ്പെട്ട പുരാലോകമെന്ന അയ്യപ്പപ്പണിക്കരുടെയും കാലപ്പടർച്ചയുള്ള ബൃഹദാഖ്യാനം എന്ന വെൻഡി ഡോണിഗറുടെയും നിർവചനങ്ങൾ; രാമായണവും ഭാരതവും തമ്മിൽ താരതമ്യം ചെയ്യുന്ന കമിൽബുൽക്കെ ഉൾപ്പെടെയുള്ള നിരവധി പഠിതാക്കളുടെ വാദങ്ങൾ; ഗാർഹിക മണ്ഡലരാഷ്ട്രീയത്തെ മുൻനിർത്തിയുള്ള ഉമാചക്രവർത്തിയുടെ പഠനം തുടങ്ങിയവയെല്ലാം വിശകലനം ചെയ്യുന്നു സുനിൽ.

മഹാഭാരതം ഒരു സുനിശ്ചിതപാഠമല്ല. അതൊരു പാഠപ്രക്രിയയാണ്. അതതു ജീവിതസന്ദർഭങ്ങളോട് നിരന്തരമായും ചലനാത്മകമായും ഇടപെടുകയും ആ ജീവിതസന്ദർഭങ്ങളിൽ അർത്ഥവും അനുഭവവുമുളവാക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നിരന്തരമായ ഒരു പ്രക്രിയയായി വേണം മഹാഭാരതത്തെ കാണേണ്ടത്. ഒരു നിശ്ചിതകാലത്തോടോ സന്ദർഭത്തോടോ അതിനെ ചേർത്തുവയ്ക്കുന്നതിൽ ഏറെ അർത്ഥമൊന്നുമില്ല. അതുകൊണ്ട്, മഹാഭാരതത്തെ ചരിത്രവൽക്കരിക്കുക എന്നതിനർത്ഥം മഹാഭാരതത്തിന്റെ കാലം നിർണ്ണയിക്കുകയോ മഹാഭാരതത്തിൽ തെളിയുന്ന ജീവിതസന്ദർഭങ്ങളെ ഏതെങ്കിലും ചരിത്രസന്ദർഭത്തോടോ വസ്തുതയോടോ ചേർത്തുവെക്കുകയോ അല്ല. മറിച്ച് മഹാഭാരതമെന്ന പ്രക്രിയ എങ്ങനെയാണ് ഇന്ത്യാചരിത്രവുമായി കൂടിക്കലരുന്നത് എന്നു മനസ്സിലാക്കുകയാണ്. പ്രാചീന ഇന്ത്യാചരിത്രവും അതിന്റെ ഭൗതികയാഥാർത്ഥ്യങ്ങളുമായി മഹാഭാരതത്തിന്റെ പാഠവൽക്കരണം പുലർത്തുന്ന ബന്ധമെന്താണ് ? അതാണ് അന്വേഷിക്കേണ്ട പ്രശ്നം. പാഠവും ചരിത്രവും തമ്മിലുള്ള വിനിമയങ്ങളെ പ്രക്രിയാപരമായി നോക്കിക്കാണുകയാണു വേണ്ടത് എന്നർത്ഥം. ഈ പ്രക്രിയാപരതയെ ഏറ്റവും കൂടുതൽ ഉൾക്കൊണ്ട കൃതിയാണ് മഹാഭാരതം. അതു തിരിച്ചറിയുന്നതിനപ്പുറം സുനിശ്ചിതമായ ഒരു കാലനിർണ്ണയം മഹാഭാരതത്തെ സംബന്ധിച്ച് സംഗതമല്ല ; സാധ്യവുമല്ല.

മഹാഭാരതത്തിലെ കല, ഗോത്രപാരമ്പര്യവും ഗണസംഘസമ്പ്രദായവും ആധാരമാക്കിയുള്ള സമൂഹചിത്രം, ഇതിനെ കീഴടക്കി ഉയർന്നുവരുന്ന വർണധർമവ്യവസ്ഥ, ബുദ്ധ - ബ്രഹ്മണ ധർമങ്ങൾ എന്നിവയുടെ അപഗ്രഥനമാണ് ആറാമധ്യായം. കൊസാംബിയും ഥാപ്പറും ശർമയും ഝായും മുതൽ കെവിൽ മക്ഗ്രാത്തും നിക്കൊളാസ് സറ്റണും വരെയുള്ളവരുടെ ഇതിഹാസപഠനങ്ങളാണ് സുനിൽ ഇവിടെ ആശ്രയിക്കുന്നത്. ഏതാണ്ട് ഒരു സഹസ്രാബ്ദത്തിന്റെ ചരിത്ര പരിണാമപ്രക്രിയകൾ മഹാഭാരതത്തിന്റെ സാമൂഹ്യാബോധമായിവർത്തിക്കുന്നു, എന്നു ചുരുക്കം.

ഇതിഹാസത്തിന്റെ ഭൗതികാസ്പദങ്ങളിൽ പ്രമുഖമായി വർത്തിക്കുന്ന കുരുക്ഷേത്രയുദ്ധത്തെയും മഹാഭാരതത്തെ മുൻനിർത്തി നടന്ന പുരാവസ്തു പര്യവേഷണത്തെയും മാംസഭക്ഷണം, നാണയവിനിമയം, ചൂതുകളി തുടങ്ങിയ ദൈനംദിന സംസ്‌കാരങ്ങളെയും മറ്റും ആസ്പദമാക്കി നടത്തുന്ന ഒരന്വേഷണമാണ് ഏഴാമധ്യായം. ആറാമധ്യായത്തിന്റെ തുടർച്ച... സുനിൽ എഴുതുന്നു:

ഇങ്ങനെ, കുലപാരമ്പര്യത്തിൽനിന്ന് വർണ്ണപാരമ്പര്യത്തിലേക്ക് എത്തുകയും പിന്നീട് വർണ്ണവ്യവസ്ഥ സങ്കീർണ്ണരൂപങ്ങളിലേക്ക് വികസിച്ചുവരികയും അതിൽനിന്ന് കേന്ദ്രീകൃത ഭരണകൂടങ്ങൾ വളർന്നുവരികയും ചെയ്യുന്ന സുദീർഘമായൊരു ചരിത്രപ്രക്രിയയാണ് നാം മഹാഭാരതത്തിൽ കാണുന്നത്. മെഗസ്തനീസ് സൂചിപ്പിക്കുന്ന ഭരണസംവിധാനങ്ങളും മഹാബോധിജാതകം പോലുള്ള ബൗദ്ധരചനകൾ നിർദ്ദേശിക്കുന്ന ഭരണരീതികളും മഹാഭാരതത്തിൽ കണ്ടെത്താൻ കഴിയും. ഇതെല്ലാം ബി.സി.ഇ. അഞ്ചാം ശതകത്തിനുശേഷമുള്ള ചരിത്രകാലയളവിന്റെ അടയാളങ്ങളാണ്. ആ നിലയിൽ, കുല-ഗോത്ര പാരമ്പര്യത്തിൽനിന്നും വർണ്ണപാരമ്പര്യത്തിലെത്തി, വർണ്ണപാരമ്പര്യത്തിൽനിന്ന് രാജഭരണത്തിലേക്കും രാജസ്ഥാനങ്ങളെ കേന്ദ്രീകരിക്കുന്ന ഭരണകൂടവ്യവസ്ഥയിലേക്കും പരിണമിക്കുന്ന പ്രാചീന ഇന്ത്യൻ ജീവിതചിത്രമാണ് മഹാഭാരതത്തിലുള്ളത്. ഈ പരിണാമപ്രക്രിയയിലെ അടുത്തപടി ഭൂദാനങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഇന്ത്യൻ ഫ്യൂഡലിസത്തിന്റെ രൂപപ്പെടലാണ്. ഇതുവഴിയാണ് പ്രാചീനഭാരതജീവിതം ഗുപ്തകാലത്തിലേക്ക് വഴിമാറുന്നത്. ക്രിസ്തുവർഷം ആദിശതകങ്ങളിലെ ശിലാലിഖിതങ്ങളിൽ പരാമർശവിഷയമാകുന്ന ഭൂദാനം (Land Grant) മഹാഭാരതത്തിലെ പല ഭാഗങ്ങളിലും കടന്നുവരുന്നുണ്ട്. ഗുപ്തകാലത്തോട് ബന്ധപ്പെട്ട ഫ്യൂഡൽ വികസനമാണ് ഭൂദാനത്തിന്റെ ചരിത്രയാഥാർത്ഥ്യം. മഹാഭാരതത്തിൽ തെളിഞ്ഞുകാണുന്ന ഭൂദാനസൂചനകൾ ഗുപ്തകാലത്തിലേക്കുള്ള പരിവർത്തനവേളയിലേക്കു വരെ അതിനെ കൊണ്ടുപോകുന്നു. ധർമശാസ്ത്രങ്ങളിലും മറ്റും പ്രകീർത്തിക്കപ്പെട്ട ഭൂദാനത്തെക്കുറിച്ച് മഹാഭാരതത്തിലെ പ്രബോധനാത്മകഭാഗങ്ങൾ വാചാലമാകുന്നതും കാണാം. അനുശാസനപർവത്തിലെ ഒരധ്യായം തന്നെ ഭൂദാനപ്രശംസയ്ക്കായി നീക്കിവച്ചിരിക്കുന്ന (Sharma 1996:1) ഇത്തരം പ്രബോധനാത്മകഭാഗങ്ങൾ ക്രിസ്തുവിനു മുമ്പ് രണ്ടാംശതകത്തിനും ക്രിസ്തുവർഷം രണ്ടാംശതകത്തിനും ഇടയിലായി സമാഹരിക്കപ്പെട്ടവയായിരിക്കുമെന്നാണ് ഹോപ്കിൻസ് കരുതുന്നത്. ശാന്തിപർവത്തിൽ നിന്ന് വേറിട്ട് ഒരു പ്രത്യേക ഭാഗമെന്നനിലയിൽ അനുശാസനപർവം മഹാഭാരതത്തിൽ സ്ഥാനംപിടിക്കുന്നത് ക്രിസ്തുവർഷം 200-400 കാലയളവിലാണെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (Sharma 1990:246). ഇതിനുപിന്നാലെയുള്ള ആദിമധ്യകാല (early medieval period) ത്തിന്റെ രൂപപ്പെടലിനു മുൻപ് മഹാഭാരതം അവസാനിക്കുന്നു.

ഇങ്ങനെ, ഗോത്രപാരമ്പര്യത്തിൽ നിന്നും വർണ്ണപാരമ്പര്യത്തിലെത്തി, അവിടെനിന്ന് രാജവാഴ്ചയിലേക്ക് പരിണമിക്കുകയും മധ്യയുഗത്തിലെ നാടുവാഴിത്തത്തിനു മുമ്പേ അവസാനിക്കുകയും ചെയ്യുന്ന, പ്രാചീന ഇന്ത്യാചരിത്രത്തിലെ സുദീർഘമായ ഒരു കാലയളവിലെ സാമൂഹിക പ്രക്രിയകളാണ് മഹാഭാരതത്തിന്റെ ഭൗതികാധാരമായി നിലകൊള്ളുന്നത്. ഇരാവതി കാർവ്വെ തന്റെ മഹാഭാരതപഠനങ്ങൾക്ക് നൽകിയ പേരുപോലെ, മഹാഭാരതത്തിൽ ഒരു യുഗം അവസാനിക്കുന്നു. (അവരുടെ ഗ്രന്ഥത്തിന്റെ പേര് യുഗാന്ത് എന്നാണ്). കുലപാരമ്പര്യത്തിൽ തുടങ്ങി വർണ്ണപാരമ്പര്യത്തിലും രാജവാഴ്ചയിലും എത്തിപ്പെട്ട സുദീർഘമായ ഒരു പരിണാമപ്രക്രിയയുടെ അന്തിമസ്ഥാനമാണത്. അതിനു പിന്നാലെ പുതിയൊരു യുഗം ആരംഭിക്കുന്നു ; മധ്യകാലനാടുവാഴിത്തം. അപ്പോഴേക്കും മഹാഭാരതം ലിഖിതരൂപമാർജ്ജിച്ച് 'ശതസഹസ്രീസംഹിത'യായി ഉറച്ചു. അതുകൊണ്ടുതന്നെ മധ്യകാലത്തിന്റെ ചരിത്രപ്രക്രിയകൾ മഹാഭാരതത്തിൽനിന്ന് പിൻവാങ്ങിനിൽക്കുകയും ചെയ്യുന്നു.

'കൃഷ്ണൻ: ദൈവകല്പനയുടെ ചരിത്ര പരിണാമങ്ങൾ എന്ന അധ്യായം മഹാഭാരതത്തിന്റെ ചരിത്ര ജീവിതത്തിലെ സുപ്രധാനമായ ഒരേടാണ്. ഇതിഹാസത്തിന് പുറത്തും അകത്തും ജീവിതമുണ്ട് കൃഷ്ണന്. ശ്യാമവർണത്തെ മുൻനിർത്തി ആർഫ്ഹിൽറ്റെ ബെയ്റ്റൽ നടത്തിയ വിഖ്യാതമായ കൃഷ്ണപഠനം, കാർഷിക - ഇടയ സമ്പദ് വ്യവസ്ഥ മുൻനിർത്തി ഥാപ്പർ നടത്തിയ പഠനം, ദൈവബിംബമെന്ന നിലയിൽ കൃഷ്ണനുള്ള സവിശേഷമായ പരിണാമ സ്വരൂപമപഗ്രഥിക്കുന്ന കൊസാംബിയുടെ പഠനം തുടങ്ങിയ നിരവധി സ്രോതസുകളാധാരമാക്കി, മിത്തിന്റെയും ചരിത്രത്തിന്റെയും വിസ്മയകരമായ സംഗമസ്ഥാനമായി കൃഷ്ണനെ കണ്ടെത്തുന്ന ശ്രദ്ധേയമായ ഒരു ഭാരത പഠനമാണ് ഈയധ്യായം. നോക്കുക:

ഇങ്ങനെ മനസ്സിലാക്കിയാൽ, ഇന്നു നമുക്കു മുന്നിലുള്ള കൃഷ്ണ കൽപനയിൽ ഇന്ത്യാചരിത്രത്തിലെ അഞ്ചോ ആറോ ഘട്ടങ്ങൾ കൂടിക്കലർന്നിരിക്കുന്നു എന്നു കാണാനാവും. പ്രാചീനജനതയുടെ വീരനായകനായ കൃഷ്ണൻ, ആര്യജനതയുടെ തലവനായ ചക്രമെറിയുന്ന കൃഷ്ണൻ, പശുപാലകനായ കൃഷ്ണൻ, അർദ്ധകാർഷികവും അർദ്ധപശുപാലകവുമായ സമൂഹത്തിലെ ദേവതാരൂപമായി മാറിയ കൃഷ്ണൻ, ബ്രാഹ്മണീകരണത്തിന്റെ സന്ദർഭത്തിൽ വിഷ്ണുനാരായണനായി മാറിയ കൃഷ്ണൻ, മധ്യകാല ഭക്തിപാരമ്പര്യത്തിലും നാടോടിഭാവനയിലും ഇന്ദ്രിയമോദകമായി നിലകൊള്ളുന്ന ലീലാലോലുപനായ കൃഷ്ണൻ, ഏറ്റവുമൊടുവിൽ രാഷ്ട്രനായകനായ പുരുഷദൈവമായി ഉയർന്നുവന്ന ദേശീയകൃഷ്ണൻ. ഈ രൂപത്തിൽ ഇന്ത്യാചരിത്രത്തിലെ നിരവധി അടരുകൾ കൃഷ്ണകൽപനയിൽ സന്നിഹിതമായിരിക്കുന്നു. ഈ അടരുകൾ കേവലം ഭാവനാത്മകം മാത്രമല്ല, മൂവായിരം വർഷത്തെ ഇന്ത്യാചരിത്രത്തിലെ വ്യത്യസ്ത ഉൽപാദനവ്യവസ്ഥകളോടും രാഷ്ട്രീയക്രമങ്ങളോടും ഇടകലർന്നു നിലകൊള്ളുന്നവയാണ് അവയോരോന്നും. ആ നിലയിൽ ഇന്ത്യാചരിത്രത്തിന്റെ പ്രാചീനദശ മുതലുള്ള പരിണാമ പ്രക്രിയകളെ പ്രതീകപരമായി സംഗ്രഹിച്ചുകൊണ്ടും അതോടൊപ്പംതന്നെ ആ പരിവർത്തനപ്രക്രിയയിൽ ഇടപെട്ടുകൊണ്ടും നിലനിൽക്കുന്ന ഭാവശക്തിരൂപമാണ് കൃഷ്ണൻ എന്ന ദൈവസങ്കൽപം. പ്രാചീന ഇന്ത്യാചരിത്രത്തെ നിർണ്ണയിച്ച ഭൗതിക-പ്രത്യയശാസ്ത്രബന്ധങ്ങളുടെ അലകളാലും അടരുകളാലും കൃഷ്ണൻ എന്ന നായകബിംബവും പൂരിതമായിരിക്കുന്നു. അതുവഴി മഹാഭാരതത്തിലെ ചരിത്രവിനിമയങ്ങളുടെ പ്രതീകസംഗ്രഹം എന്ന പദവി വലിയൊരളവോളം കൃഷ്ണനും കൈവന്നിരിക്കുന്നു.

ഭാഗം മൂന്ന്

വിമർശനാത്മകമായി മഹാഭാരതത്തെ വായിച്ചെയുത്ത ആധുനിക ജ്ഞാനവ്യവഹാരങ്ങളുടെ പൊതു സന്ദർഭങ്ങൾ ചർച്ച ചെയ്യുന്നു, ഈ ഭാഗത്ത് സുനിൽ. പൗരസ്ത്യവാദം നിർമ്മിച്ചെടുത്ത ഇന്ത്യാവിജ്ഞാനം മഹാഭാരതത്തെ വായിച്ച രീതികളാണ് ഒന്ന് ദേശീയവാദം മഹാഭാരതത്തെ വായിച്ചത് മറ്റൊന്ന് വിവർത്തനങ്ങൾ വഴി പാശ്ചാത്യർ ഇതിഹാസത്തിലേയ്ക്കാകൃഷ്ടരായതിന്റെ ചരിത്രമാണ് ഇനിയൊന്ന് മഹാഭാരത പാഠങ്ങളുടെ അടരുകൾ തിരഞ്ഞുപോയ അക്കാദമിക പഠനങ്ങളുടേതാണ് നാലാമതൊരുതലം. മതേതര ഇതിഹാസമായി മഹാഭാരതത്തെ വായിക്കുന്നവർ, ഭാരതത്തിലെ ഭാഷ അപഗ്രഥിക്കുന്നവർ, നരവംശശാസ്ത്രത്തിന്റെയും മിഥോളജിയുടെയും കാഴ്ചപ്പാടിൽ ഇതിഹാസം വ്യാഖ്യാനിക്കുന്നവർ, സൂക്തങ്ങളുടെ മൂലപാഠന്വേഷണം വ്യർഥമാണെന്നു വാദിക്കുന്നവർ.... മഹാഭാരത വായനകളുടെ ഒരു ചരിത്രം സംക്ഷേപിക്കുകയാണ് സുനിൽ.

മഹാഭാരതത്തിന്റെ 'വിമർശനാത്മകപാഠ'മെന്ന സങ്കല്പത്തിന്റെ ചർച്ചയാണ് ഈ ഭാഗത്തെ മൂന്നാമധ്യായം. പാശ്ചാത്യരും പൗരസ്ത്യരുമായ നിരവധി പേർ നടത്തിയ ശ്രമങ്ങൾ തുടങ്ങുന്നത് വിന്റർനിറ്റ്‌സിൽ നിന്നാണ്. രമേശ് ചന്ദ്രദത്തും പ്രതാപചന്ദ്രറോയിയും നടത്തിയ പ്രസാധന ശ്രമങ്ങൾ തുടർന്നുവരുന്നു. 1917ൽ പൂണെയിൽ സ്ഥാപിതമായ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് പിന്നീട് ഈ ശ്രമം തുടരുന്നത്. ആർ ജി ഭണ്ഡാർക്കർ തുടക്കമിട്ട പദ്ധതി വി എസ് സൂക്തങ്കർ ഏറ്റെടുത്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മഹാഭാരതത്തിന്റെ 1259 പാഠങ്ങൾ ശുദ്ധപാഠ നിർമ്മിതിക്കായി ഇൻസ്റ്റിറ്റ്യൂട്ട് ശേഖരിച്ചു. ഇവയിൽ 800 എണ്ണം പരിശോധിച്ച് ആധികാരികപാഠം നിർമ്മിക്കുക എന്നതായിരുന്നു സൂക്തങ്കറുടെയും സംഘത്തിന്റെയും വെല്ലുവിളി. പക്ഷെ യഥാർത്ഥത്തിൽ സംഭവിച്ചതെന്താണ്? സുനിൽ എഴുതുന്നു:

ഈ നിലയിൽ, ലോകത്തെ ഏറ്റവും വിപുലമായ പാഠവിശകലന സംരംഭങ്ങളിലൊന്നാണ് മഹാഭാരതത്തിന്റെ ക്രിട്ടിക്കൽ എഡിഷനു വേണ്ടിവന്നത്. ബൈബിൾ അല്ലാതെ മറ്റേതെങ്കിലും ഒരു ഗ്രന്ഥത്തിന്റെ ആധികാരികപാഠത്തിനുവേണ്ടി ഇത്രയും കാലവും ഇത്രയേറെ ഊർജ്ജവും ചെലവഴിക്കപ്പെട്ടുകാണില്ല. അറുപത്തിയൊമ്പത് വർഷങ്ങൾ; നൂറുകണക്കിന് പണ്ഡിതന്മാർ; 1259 കൈയെഴുത്തുപ്രതികൾ; പരിശോധനയ്ക്കായി സ്വീകരിച്ച 759 മാനുസ്‌ക്രിപ്റ്റുകൾ. അവയുടെ സൂക്ഷ്മപരിശോധനയിലൂടെ തീർപ്പാക്കപ്പെട്ട 70000-ലധികം ശ്ലോകങ്ങൾ. ആധുനികലോകചരിത്രത്തിൽ മറ്റൊരു കൃതിയുടെ കാര്യത്തിലും കാണാനാവാത്ത മഹാപരിശ്രമത്തിന്റെ ഉൽപന്നമാണ് മഹാഭാരതത്തിന്റെ ക്രിട്ടിക്കൽ എഡിഷൻ. ആ നിലയിൽ മഹാഭാരതത്തിന്റെ വലിപ്പംതന്നെയുണ്ട് ക്രിട്ടിക്കൽ എഡിഷന്റെ നിർമ്മിതിക്കും. ഒരുലക്ഷം ശ്ലോകങ്ങളുള്ള മഹാഭാരതത്തിൽനിന്ന് 27000-ത്തോളം ശ്ലോകങ്ങൾ പ്രക്ഷിപ്തങ്ങളായി പരിഗണിച്ച് സൂക്തങ്കറും സഹപ്രവർത്തകരും ഒഴിവാക്കുകയുണ്ടായി. ഒരുലക്ഷം ശ്ലോകങ്ങൾ എന്ന പരമ്പരാഗതധാരണയ്ക്കു പകരം ക്രിട്ടിക്കൽ എഡിഷനിൽ 73863 ശ്ലോകങ്ങളാണ് ഉള്ളത്. ശ്ലോകങ്ങളുടെ എണ്ണം നോക്കിയാൽ സൂക്തങ്കർ ഒഴിവാക്കിയ ഭാഗങ്ങൾതന്നെ രാമായണത്തോളം വരും.

ഇവിടെ നാം പ്രത്യേകം ഓർമ്മിക്കേണ്ട ഒരു കാര്യമുണ്ട്. ക്രിട്ടിക്കൽ എഡിഷനുവേണ്ടി ഉപയോഗിച്ചതിൽ ഏറ്റവും പഴയ മഹാഭാരതപാഠം തന്നെ പതിനാറാം നൂറ്റാണ്ടിലേതായിരുന്നു. പിൽക്കാലത്ത്, പതിനൊന്നാം നൂറ്റാണ്ടിലെ ഒരു നേപ്പാളി കൈയെഴുത്തുപ്രതി ലഭിച്ചെങ്കിലും അത് ഉപയോഗിക്കാനാവാത്തവിധം ഭാഗികമായിരുന്നു എന്നാണ് സൂക്തങ്കർ പറയുന്നത്. സൂക്തങ്കറുടെ ശുദ്ധപാഠനിർമ്മാണം മുന്നേറുന്ന കാലയളവിൽതന്നെ ഡി.ഡി.കൊസാംബി സൂക്തങ്കർ പിന്തുടരുന്ന രീതിശാസ്ത്രത്തിന്റെ പ്രശ്നം എന്ന നിലയിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പതിനാറാം ശതകത്തിലെ കൈയെഴുത്തുപ്രതികളാണ് ഏറ്റവും പഴയ പാഠമായി സൂക്തങ്കർ പരിഗണിക്കുന്നത് എന്നതിന്റെ പശ്ചാത്തലത്തിൽ, കുറെക്കൂടി പഴക്കംചെന്ന മറ്റൊരു മഹാഭാരതപാഠം ലഭിക്കാനിടവന്നാൽ അത് ക്രിട്ടിക്കൽ എഡിഷന്റെ അടിസ്ഥാനത്തെത്തന്നെ അസ്ഥിരപ്പെടുത്തിയേക്കാമെന്നാണ് കൊസാംബി സൂചിപ്പിച്ചത്. കൊസാംബിയുടെ ഈ നിരീക്ഷണം ശരിവയ്ക്കുന്നതരത്തിൽ പതിനൊന്നാം നൂറ്റാണ്ടിലെ നേപ്പാളിപാഠം പിൽക്കാലത്ത് കണ്ടുകിട്ടുകയും ചെയ്തു. എങ്കിലും ഭാഗികവും ഉപയോഗശൂന്യവുമായിരുന്നതുകൊണ്ട് സൂക്തങ്കർ അത് പരിഗണിക്കേണ്ടതില്ല എന്നു തീരുമാനിച്ചു (അതുവഴി ക്രിട്ടിക്കൽ എഡിഷന്റെ ഭദ്രത ഉലയാതെ നിൽക്കുകയും ചെയ്തു). അതുകൊണ്ട്, മഹാഭാരതത്തിന്റെ ശുദ്ധപാഠം എന്നു നാമിപ്പോൾ കരുതിപ്പോരുന്ന പാഠം പതിനാറാം നൂറ്റാണ്ടുമുതലുള്ള കൈയെഴുത്തുപ്രതികളെ മുൻനിർത്തിയാണു തയ്യാറാക്കപ്പെട്ടിരിക്കുന്നത് എന്നുകൂടി മനസ്സിലാക്കണം. അല്ലാതെ ഒരുലക്ഷം ശ്ലോകങ്ങളുള്ള 'ശതസഹസ്രീസംഹിത' എന്നൊക്കെ വിളിക്കപ്പെട്ട, പൊതുവർഷം അഞ്ചാംനൂറ്റാണ്ടിലെ മഹാഭാരതപാഠത്തെ മുൻനിർത്തിയല്ല. അങ്ങനെയൊരു പാഠം ലഭ്യമായിട്ടില്ല. ഇനി ലഭ്യമാകാനിടയുമില്ല. മഹാഭാരതം നിലവിൽവന്നത് രണ്ടായിരത്തിലധികം കൊല്ലങ്ങൾക്കു മുമ്പാണല്ലോ. നമുക്കു മുന്നിലുള്ള ആധികാരികപാഠത്തിന്റെ അടിസ്ഥാനം പതിനാറാം ശതകത്തിലെ പാഠങ്ങളും. പാരമ്പര്യധാരണയും കൈവന്ന പാഠരൂപവും തമ്മിൽ ചുരുങ്ങിയത് 1600 വർഷങ്ങളുടെ അകലമുണ്ട് എന്നർത്ഥം. പാരമ്പര്യത്തെ നാം കണ്ടുപിടിക്കുകയാണ് (Inventing Tradition) എന്ന് എറിക് ഹോബ്സ്ബാം പറയുന്നതുതന്നെയാണ് മഹാഭാരതത്തിന്റെ പാഠനിർമ്മാണത്തിലും സംഭവിക്കുന്നത്.

പീറ്റർ വാൻഡർവീർ പറയുന്നതുപോലെ, 'ഭൂതകാലത്തിന്റെയും ഇതിഹാസത്തിന്റെയും ദേശസാൽക്കരണണത്തിനുള്ള സാംസ്‌കാരിക പദ്ധതിയായിരുന്നു' ഈ ശുദ്ധപാഠ നിർമ്മിതി.

ഭാഗം നാല്

'മഹാഭാരതത്തിന്റെ ലോക സഞ്ചാരം' എന്ന ഭാഗത്തെ നാലധ്യായങ്ങൾ ഇതിഹാസത്തിന്റെ വ്യാപന ചരിത്രത്തിന്റെ അവലോകനമാകുന്നു. ഭാഷ, ദേശം, കാലം എന്നിവയുടെ അതിർവരമ്പുകൾ മാഞ്ഞ ഭൂഖണ്ഡാന്തര വിനിമയത്തിന്റെ വിസ്മയജീവിതം. മഹാഭാരതം കൈവരിച്ചതിന്റെ കഥകൾ. പ്രാദേശിക, ജനീകയ പാഠങ്ങലും രൂപങ്ങളുമായി ഇതിഹാസത്തിനുണ്ടായ വ്യാപ്തിയാണ് ആദ്യ അധ്യായത്തിന്റെ വിഷയം. മത, ദേശീയ, സവർണ പാരമ്പര്യങ്ങൾക്കൊപ്പം കൈവന്ന മതേതര, പ്രാദേശിക, കീഴാളപാരമ്പര്യങ്ങളുടെ ചരിത്രം, ബുദ്ധ, ജൈന ഭാരതങ്ങൾ, മിയോമുസ്ലിങ്ങളുടെ മേവതിഭാരതം, നിരവധിയായ ഗോത്ര ഗാന നൃത്ത രൂപങ്ങളിലേക്കുണ്ടായ പാഠാന്തരങ്ങൾ, ദക്ഷിണേന്ത്യൻ ഭാഷാസംസ്‌കാരങ്ങളിലുണ്ടായ അനവധിയായ ആഖ്യാനഭേദങ്ങൾ... സുനിൽ സംഗ്രഹിക്കുന്നു:

ഇങ്ങനെ മനസ്സിലാക്കിയാൽ പൊതുവർഷം പത്തുമുതൽ പതിനെട്ടുവരെ നൂറ്റാണ്ടുകൾക്കിടയിൽ മഹാഭാരതം ഇന്ത്യയിലെ ജനസംസ്‌കൃതിയുടെ അവിഭാജ്യഭാഗമായി പരിണമിച്ചത് വ്യക്തമാകും. തദ്ദേശീയസമൂഹങ്ങളുടെയും ഗോത്രവിഭാഗങ്ങളുടെയും കഥകളിലും ആചാരാഘോഷങ്ങളിലും എന്നപോലെ പ്രാദേശികഭാഷകളുടെ സ്വത്വത്തിലും അത് ആഴത്തിൽ മുദ്ര പതിപ്പിച്ചു. അതുവഴി, ഇന്ത്യൻ ഭാഷകളുടെ സ്വത്വസംസ്ഥാപനവും മഹാഭാരതവിവർത്തനവും തമ്മിൽ ആഴമേറിയ ബന്ധം രൂപപ്പെട്ടു. ഒരുഭാഗത്ത് തദ്ദേശീയജീവിതത്തിലെയും ജനസംസ്‌കാരരൂപങ്ങളിലെയും മുദ്രകൾ ഏറ്റുവാങ്ങിക്കൊണ്ടും മറുഭാഗത്ത് മുഖ്യധാരാ സംസ്‌കൃത പാഠപാരമ്പര്യത്തോടു സംവദിച്ചുകൊണ്ടുമാണ് പ്രാദേശികഭാഷകളിലെ മഹാഭാരതാഖ്യാനങ്ങൾ നിലനിന്നത്. ഈ ഇരുലോകങ്ങൾക്കുമിടയിലെ മാധ്യസ്ഥം ഇന്ത്യൻ ഭാഷകളിലെ മഹാഭാരതവിവർത്തനങ്ങളെ ജനസംസ്‌കൃതിയിലെ മഹാഭാരതജീവിതത്തിന്റെ തുടർച്ചയും വിപുലീകരണവുമാക്കി മാറ്റി. പുറമേക്ക് മുഖ്യധാരാപാരമ്പര്യത്തിന്റെ ഭാഗമായിരിക്കുമ്പോൾത്തന്നെ അവ തദ്ദേശീയമായ ആവശ്യങ്ങളുടെയും സംസ്‌ക്കാരത്തിന്റെയും നിർവ്വഹണരൂപങ്ങളുമായിരുന്നു.

ഈ നിലയിൽ, ജമ്മു മുതൽ തമിഴകംവരെയും സൗരാഷ്ട്രം മുതൽ കാമരൂപംവരെയുമുള്ള മേഖലകളിലെ ജനജീവിതത്തിൽ പടർന്നുപന്തലിച്ച ഒരു വിപുലജീവിതം മഹാഭാരതത്തിനുണ്ട്. ഓരോ പ്രദേശങ്ങളിലെയും തദ്ദേശീയജനതയുടെ ഭിന്നഭിന്നമായ ആവശ്യങ്ങൾക്ക് ഇണങ്ങുന്ന നിലയിൽ അത് അവിടവിടങ്ങളിൽ ജീവിച്ചു. ഗോത്രജനവിഭാഗങ്ങൾ മുതൽ നാടോടി മുസ്ലിങ്ങൾവരെ മഹാഭാരതകഥ പാടിനടന്നു. മഹാഭാരതത്തിന്റെ ഏറ്റവും ജനകീയവും മതനിരപേക്ഷവുമായ ആവിഷ്‌കാരങ്ങൾ ഇവയായിരുന്നു. ഈ നാടോടി ആവിഷ്‌കാരങ്ങൾ ജനസംസ്‌കാരത്തിന്റെ പടവുകളിൽ മാത്രമായി ഒതുങ്ങിനിൽക്കാതെ ഇന്ത്യൻ ഭാഷകളിലെ മഹാഭാരതപാഠങ്ങളിലേക്ക് കടന്നുകയറുകയും ചെയ്തു. അങ്ങനെ മഹാഭാരതത്തിന്റെ ചരിത്രജീവിതത്തെ നിർണ്ണയിച്ച ഏറ്റവും പ്രധാനപ്പെട്ട ഒരടരായി അത് മാറി. പരമപ്രധാനമായിരിക്കുമ്പോൾതന്നെ മഹാഭാരതചരിത്രത്തിൽ ഏറ്റവുമധികം വിസ്മരിക്കപ്പെട്ടത് അതിന്റെ ജനകീയവും മതനിരപേക്ഷവും തദ്ദേശീയവുമായ ഈ ജീവിതചരിത്രമാണ്. മഹാഭാരതത്തിന്റെ ആധുനികജീവിതത്തിലും അതിനെക്കുറിച്ചുള്ള സമകാലികധാരണകളിലും മേൽക്കൈ നേടിയ ദേശീയ-സവർണ്ണ സങ്കൽപ്പങ്ങളുടെ ഉൽപന്നം കൂടിയാണ് ഈ മറവി. ചരിത്രപരമായ ഈ വിസ്മൃതിയെ മറികടക്കേണ്ടത് മഹാഭാരതത്തിന്റെ മതനിരപേക്ഷജീവിതം തിരിച്ചറിയുന്നതിന്റെ ആദ്യപടിയാണെന്നു മാത്രം പറയട്ടെ.

രാമായണത്തോളമില്ലെങ്കിലും ഇന്ത്യക്കുപുറത്തേക്കും കാര്യമായുണ്ടായ ഭാരതവ്യാപനമാണ് രണ്ടാമധ്യായത്തിലെ വിഷയം. കമ്പോഡിയ, ഇന്തോനേഷ്യ, മംഗോളിയ, തായ്‌ലാൻഡ്, ജപ്പാൻ... അങ്കോർവാട്ടിലെ ഐതിഹാസിക ശില്പരചനകൾ മുതൽ ഇതരരാജ്യങ്ങളിലെ ചിത്രരചനകൾവരെ. ബുദ്ധമതവുമായി ചേർന്ന് ഈ രാജ്യങ്ങളിലുണ്ടായ രംഗ, സാഹിത്യ പാഠങ്ങളാണ് മറ്റൊരു വിഭാഗം.

കേരളത്തിലെ മഹാഭാരതപാരമ്പര്യത്തെക്കുറിച്ചാണ് മറ്റൊരധ്യായം. സാഹിത്യം, ഗാനം, രംഗകല, ചിത്ര-ശില്പകലകൾ എന്നിങ്ങനെ വിവിധ പാഠരൂപങ്ങളിലേയ്ക്കുണ്ടായ ഇതിഹാസ പുനരാഖ്യാനങ്ങളുടെ വിശകലനം. മഹാകാവ്യങ്ങൾ മുതൽ സിനിമവരെ; ആട്ടക്കഥ മുതൽ തുള്ളൽ വരെ - തുള്ളലുകളെക്കുറിച്ചുള്ള ഒരധ്യായം തന്നെ അഞ്ചാം ഭാഗത്തുണ്ട്.

ആധുനിക ഘട്ടത്തിൽ മഹാഭാരതത്തിനുണ്ടായ വൈജ്ഞാനികവും ജനകീയവും ദേശീയതാവാദപരവും സർഗാത്മകവുമായ ആവിഷ്‌കാരങ്ങളുടെ സംക്ഷിപ്തവിവരണമാണ് നാലാമധ്യായം. പീറ്റർ ബ്രൂക്കിന്റെ നാടകം മുതൽ ബി ആർ ചോപ്രയുടെ ടെലിവിഷൻ പരമ്പര വരെ.

ഭാഗം അഞ്ച്

ഇതിഹാസത്തിന്റെ ബഹുസ്വരജീവിതങ്ങളന്വേഷിക്കുന്ന നാലധ്യായങ്ങളാണ് ഇതിലുള്ളത്. മുഗൾ ചക്രവർത്തി അക്‌ബറിന്റെ കല്പനയനുസരിച്ച് മഹാഭാരതത്തിൽ 1580 കളിൽ 'റസമ്‌നാമ' എന്ന പേരിലുണ്ടായ പേർഷ്യൻ വിവർത്തനത്തെക്കുറിച്ചാണ് ആദ്യ പഠനം. റസമ്‌നാമയെക്കുറിച്ചുണ്ടായ ശ്രദ്ധേയങ്ങളായ പഠനങ്ങൾ പിൻപറ്റി സുനിൽ ഇന്ത്യയിൽ പ്രധാന്യം നേടിയെടുത്ത ബ്രാഹ്മണ പാഠത്തിനപ്പുറത്ത് മഹാഭാരതത്തിനുണ്ടായ ഏറ്റവും സവിശേഷമായ പാഠാന്തരമായി ഈ രചനയെ വിലിയിരുത്തുന്നു. മുഗൾചിത്രകലയുടെ ഏറ്റവും മികച്ച മാതൃകകൾ റസമ്‌നാമയിലാണുള്ളത്. വിവർത്തന രാഷ്ട്രീയം, മതാദേശം, ചിത്രകലയുടെ സന്നിവേശം, സംസ്‌കാരവിനിമയം, ഗീതയോടുള്ള വിമുഖത, പേർഷ്യൻ ഭാഷയിൽ തന്നെ രൂപംകൊണ്ട പാഠാന്തരങ്ങൾ... മഹാഭാരത്തിന്റെ ഇസ്ലാമിക ജീവിതം വിസ്മയകരമായ ഒരു സംസ്‌കാര വ്യാപനത്തിന്റെ കഥയാണ് പറയുന്നത്. വായിക്കുക:

ഈ നിലയിൽ, പ്രാചീനഭാരതം ജന്മം നൽകിയ ഇതിഹാസപാഠത്തിന്റെ പേർഷ്യൻ വിവർത്തനമായിരിക്കെത്തന്നെ മഹാഭാരതത്തിന്റെ പേർഷ്യൻ പരിഭാഷ പലതരം ജീവിതങ്ങൾ ജീവിക്കുകയും ചെയ്തു. റസമ്നാമ എന്ന പേരിൽ, ഇതിഹാസപാഠത്തിന്റെ വിവർത്തനമായി, അതാദ്യം നിലവിൽവന്നു. പിന്നാലെ, മുഗൾ കൊട്ടാരത്തിന്റെ രാഷ്ട്രീയാവശ്യങ്ങളുമായി അതിനെ ചേർത്തിണക്കുന്ന വിപുലമായ ആമുഖപഠനത്തിലൂടെ അബുഫസൽ അതിനെ ഒരു രാഷ്ട്രീയപാഠമായി വികസിപ്പിച്ചു. ഇതിനുശേഷം ഫയ്സിയുടെ കാവ്യാത്മക വിവർത്തനത്തിലൂടെ അത് പേർഷ്യൻ സാഹിത്യസംസ്‌കൃതിയുടെ പുതിയൊരു പ്രകാരവും പ്രകരണവുമായി മാറി. ഏറ്റവുമൊടുവിൽ അത് താഹിർമുഹമ്മദ് സബ്സാവരിയുടെ ലോകചരിത്രത്തിന്റെ ഭാഗമായി മാറുകയും മുഗൾസാമ്രാജ്യത്തിലേക്കു പടിപടിയായി വളർന്നെത്തുന്ന വംശാവലി ചരിത്രമായി പുനർജ്ജനിക്കുകയും ചെയ്തു. ഇങ്ങനെ ഒരു ജന്മത്തിൽ തന്നെ പലതരം ജീവിതങ്ങൾ ജീവിച്ചുതീർത്ത പാഠമാണ് മഹാഭാരതത്തിന്റെ പേർഷ്യൻ വിവർത്തനമായ റസമ്നാമ. ആ രൂപത്തിൽ മഹാഭാരതത്തിന്റെ ആന്തരികപ്രകൃതവും ചരിത്രജീവിതവും തന്നെയാണ് പേർഷ്യൻ വിവർത്തനത്തിനും ഉള്ളത്. മഹാഭാരതത്തെപോലെ റസമ്നാമയും ബഹുരൂപിയായും ബഹുശരീരിയായും ജീവിച്ചു. പലമയായിരുന്നു അതിന്റെയും അന്തിമയാഥാർത്ഥ്യം.

ഇന്ത്യൻ ദേശീയതയും മഹാഭാരതവും എന്ന ഏറ്റവും പ്രസക്തമായ വിഷയമാണ് അടുത്ത അദ്ധ്യായത്തിൽ മുഖ്യമായും സുബ്രഹ്മണ്യഭാരതിയുടെ പാഞ്ചാലീ ശപഥം, ഗീതാപ്രസിന്റെ മഹാഭാരതം ജേണൽ എന്നിവ മുൻനിർത്തി ഈ ചർച്ച തുടങ്ങിവയ്ക്കുന്ന സുനിൽ പമേല ലോത്ത് സ്പിക്കിന്റെ പഠനം ആധാരമാക്കി ഇതു മുന്നോട്ടുകൊണ്ടുപോകുന്നു. കൊളോണിയൽ വിരുദ്ധ ദേശീയതാവാദത്തിന്റെയും മതാത്മകദേശീയതയുടെയും ഭിന്നധ്രുവങ്ങളിലേയ്ക്ക് പടർന്നു വളർന്നു, ഇതിഹാസത്തിന്റെ രാഷ്ട്രീയം.

മഹാഭാരതത്തിലെ ലിംഗപദവീബന്ധങ്ങളാണ് ഈ ഭാഗത്തെ മറ്റൊരധ്യായം അന്വേഷിക്കുന്നത്. ഭിന്ന ലൈംഗികതയുടെ ദൈവമായ ഇരാവാനിൽ തുടങ്ങുന്ന ചർച്ച ഭീഷ്മരിലും ദ്രൗപതിയിലും കൂടി മുന്നോട്ടുപോയി ഉമാചക്രവർത്തിയുടെയും ശാലിനി ഷായുടെയും മറ്റും പഠനങ്ങൾ പിൻപറ്റി ഇതിഹാസത്തിന്റെ ചരിത്രപരതയെ നിർണയിക്കുന്നതിൽ ലിംഗപദവീബന്ധങ്ങൾക്കുള്ള സാംസ്‌കാരിക മൂല്യം അപഗ്രഥിക്കുന്നു. (പൂർണിമ മങ്കേക്കറുടെ പഠനം കൂടി ഉൾപ്പെടുത്തേണ്ടതായിരുന്നു, ഇവിടെയെന്നു കൂടി സൂചിപ്പിക്കട്ടെ.)

ഭാഗം ആറ്

മഹാഭാരതവിജ്ഞാനം പോലെയോ അതിലധികമോ, രാഷ്ട്രീയ, സാംസ്‌കാരിക, തത്വചിന്താ വ്യാപ്തിയും ചരിത്ര മൂല്യവുമുള്ള ഒന്നാണ് ഗീതാവിജ്ഞാനം. ഈ ഭാഗത്തെ നാലധ്യാങ്ങളിൽ സുനിൽ ഇടപെടുന്നത് ഈ വിജ്ഞാനത്തെ സൂക്ഷ്മമായി സമകാലികവൽക്കരിക്കാനും സമർഥമായി രാഷ്ട്രീയവൽക്കരിക്കാനുമാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ, മാർകസിയൻ/ചരിത്രനിഷ്ഠവായനക്ക് മഹാഭാരതത്തോടു ചേർത്തും ഒറ്റക്കും ഗീതയെവിധേയമാക്കുന്ന രീതിയാണ് സുനിൽ സ്വീകരിക്കുന്നത്.

ഗീതയുടെ ചരിത്രഭൂമിക എന്ന ആദ്യ അധ്യായം മഹാഭാരതത്തിന്റെ സത്തയും സാരാംശവുമായി ഗീതയെ കാണുന്നതിന്റെ നാനാത്വങ്ങളന്വേഷിക്കുന്നു. വിശേഷിച്ചും ഇരുപതാംനൂറ്റാണ്ടിൽ ഗീതയെ കേന്ദ്രീകരിച്ചുണ്ടായ അസംഖ്യം രാഷ്ട്രീയവായനകളുടെ പശ്ചാത്തലത്തിൽ. അംബേദ്ക്കറും കൊസാംബിയും കെ. ടി. തെലാങുമുൾപ്പെടെയുള്ളവർ നടത്തിയ ഗീതാ ചർച്ചകൾ ഉദാഹരണം. യുദ്ധത്തിനും ഹിംസക്കുംവേണ്ടി ഗീത ഉന്നയിക്കുന്ന ന്യായവാദങ്ങളെ മഹാഭാരതം തന്നെ നിരാകരിക്കുന്നുണ്ട് എന്ന നിരീക്ഷണത്തോളം എത്തിനിൽക്കുന്നു ചില വായനകൾ. (തിരിച്ചും പറയാം!). ഗീതയുടെ ഘടന, ആഖ്യാനം, കാലം, ചരിത്രപരത തുടങ്ങിയ തലങ്ങളുടെ ദീർഘവിചാരമാണ് ഈയധ്യായം...

വ്യത്യസ്തങ്ങളായ ആശയലോകങ്ങളെ കൂട്ടിയിണക്കിയതിന് സമാനമായ ദൗത്യം സാമൂഹികജീവിതത്തിൽ നിറവേറ്റാനും ഗീതയ്ക്ക് കഴിഞ്ഞു. അത് ബ്രാഹ്മണരെയും ക്ഷത്രിയരെയും സ്ത്രീകളെയും ശൂദ്രരെയും ഒരുപോലെ അഭിസംബോധന ചെയ്തു. 'പാപജന്മ'ങ്ങളെയും ദ്വിജന്മങ്ങളെയും ഒരുപോലെ കൂട്ടിയിണക്കി. ഭക്തിയുടേതായ സമർപ്പണം ഏവരിൽ നിന്നും ആവശ്യപ്പെടുകയും സമർപ്പിതരായവർക്കെല്ലാം മോക്ഷം വാഗ്ദാനം ചെയ്യുകയും ചെയ്തു. നിഷ്‌കാമമായ സമർപ്പണത്തിലൂടെ, വികസിച്ചുവരാനിരിക്കുന്ന നാടുവാഴിത്തത്തിന് ഭദ്രമായ അടിത്തറയൊരുക്കാനും ഗീതയ്ക്കു കഴിഞ്ഞു. തകർന്ന രാജഭരണത്തിൽ നിന്ന് വികസിക്കാനിരിക്കുന്ന നാടുവാഴിത്തത്തിലേക്കുള്ള സംക്രമദശയിൽ, അതിന്റെ സാമൂഹികാവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒരാശയമണ്ഡലത്തിന് ഗീത ജന്മം നൽകി. ഭഗവദ്ഗീതയുടെ ചരിത്രപരമായ പ്രാധാന്യമായി കൊസാംബി എടുത്തുപറയുന്നത് ഇക്കാര്യമാണ്. പ്രാചീന ഇന്ത്യാചരിത്രത്തിലെ പരിണാമപ്രക്രിയകളെ സ്വാംശീകരിച്ചുകൊണ്ടും പൊതുവർഷം അഞ്ചാംശതകം മുതൽ ആധുനികഘട്ടം വരെ ഭിന്നരൂപങ്ങളിൽ നിലനിന്ന നാടുവാഴിത്തത്തിന്റെ രാഷ്ട്രീയ-സാമൂഹിക താൽപര്യങ്ങൾക്ക് ഉപയുക്തമായ ആശയവ്യവസ്ഥകൾക്ക് ജന്മം നൽകിക്കൊണ്ടുമാണ്, ഭഗവദ്ഗീത മധ്യകാലജീവിതത്തിന്റെയും ബ്രാഹ്മണ്യത്തിന്റെയും ദാർശനികപദ്ധതിയായി ഉയർന്നുവന്നത്. അംബേദ്കറുടെ ഗീതാപഠനത്തിലെ നിരീക്ഷണങ്ങളെ പൂരിപ്പിക്കുന്ന നിലയിൽ കൊസാംബി ഭഗവദ്ഗീതയെ ചരിത്രപരമായി സ്ഥാനപ്പെടുത്തുന്നത് ഇപ്രകാരമാണ്.

ഗീതയുടെ രചനാസന്ദർഭത്തെക്കുറിച്ച് കൊസാംബി കൗതുകകരമായ ഒരു നിരീക്ഷണം അവതരിപ്പിക്കുന്നുണ്ട്. ' ഗീത എഴുതുക സാധ്യമായിരുന്നത് അതു തീരെ ആവശ്യമില്ലാതിരുന്ന കാലത്തു മാത്രമായിരുന്നു' എന്നദ്ദേഹം പറയുന്നു(1989:71) എല്ലാ അഭിമതങ്ങളെയും സഹിഷ്ണുതാപൂർവം വീക്ഷിക്കാനും അവയെ കൂട്ടിയിണക്കാനും ഗീതയ്ക്ക് കഴിയുന്നത് ഉൽപ്പാദനപരമായ പ്രതിസന്ധി തീവ്രമല്ലാത്തതുകൊണ്ടാണ്. ഗീതയിലെ സമന്വയഭാവം പിന്നീട് അനുഗീതയിൽ അതേ അളവിൽ പ്രകടമല്ലാത്തതും ഇതുകൊണ്ടാണ്. ഗുപ്തഭരണത്തിന്റെ ആദ്യഘട്ടത്തിലെ സമൃദ്ധിയുടെ അന്തരീക്ഷം ഹർഷശീലാദിത്യത്തിന്റെ കാലഘട്ടത്തിൽ തികച്ചും മാറിയിരുന്നു. കുശാനരും മറ്റും നടത്തിയിരുന്ന കച്ചവടം തളർന്നിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ ഗീതയിലെ ഭക്തിസങ്കൽപവും ആശയലോകത്തിലെ വൈവിധ്യവും പലനിലകളിൽ ഉപയോഗപ്രദമായിത്തീർന്നു. പിൽക്കാലത്ത് വ്യത്യസ്ത ചിന്തകന്മാർക്കും വ്യത്യസ്ത ചിന്താപാരമ്പര്യത്തിൽ പെട്ട ദേശീയ നവോത്ഥാന നായകർക്കും ഗീതയെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞത് അതിന്റെ ഈ സംശ്ലേഷണപ്രകൃതം കൊണ്ടാണ്. ചരിത്രപരവും ആശയവ്യവസ്ഥാപരവുമായ ആ വ്യവസ്ഥയാണ് ഗീതയുടെ ഇത്രമേൽ വിപുലവും ദീർഘവുമായ ചരിത്രജീവിതത്തിന്റെ അടിസ്ഥാനം എന്നർത്ഥം.

പ്രാചീന ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തെയും ഉൽപാദനവ്യവസ്ഥയെയും മുൻനിർത്തി നടത്തുന്ന വിശകലനങ്ങളിലൂടെ ഗീതയിൽ സന്നിഹിതമായ ചരിത്രബന്ധങ്ങളെ അംബേദ്കറും കൊസാംബിയും അനാവരണം ചെയ്യുന്നത് ഇപ്രകാരമാണ്. മധ്യകാലനാടുവാഴിത്തത്തിന്റെയും ബ്രാഹ്മണാധിപത്യപരമായ രാഷ്ട്രീയഘടനയുടെയും ഉപാധികളിലൊന്നും അതിന്റെ പ്രയോഗസ്ഥാനവുമായി വികസിച്ചുവന്ന ആശയലോകമായിരുന്നു ഭഗവദ് ഗീതയിലേത്. മധ്യകാലത്തിലെന്നപോലെ, മഹാഭാരതത്തിന്റെ ചരിത്രജീവിതത്തിന്റെയും സംഗ്രഹസ്ഥാനമാവാൻ പോന്ന വിധത്തിൽ അത് ബ്രാഹ്മണ്യത്തിന്റെ ദർശനസംഗ്രഹമായി നിലകൊണ്ടു. ബ്രാഹ്മണ്യത്തിന്റെ ദർശനസംഗ്രഹം എന്ന ഈ അടിസ്ഥാനപ്രകൃതം പിൽക്കാല ജീവിതത്തിലൊരിക്കലും ഗീത കൈവിട്ടതുമില്ല.

ഗീതയുടെ മധ്യകാല ജീവിതമാണ് (5-8 ശതകങ്ങൾ) രണ്ടാമധ്യായം. വർണജാതിവ്യവസ്ഥകളോടും നാടുവാഴിത്തത്തോടും ഇണങ്ങി നിൽക്കുന്ന ഗീതാസ്വരൂപത്തിന്റെ വിശകലനം. ബുദ്ധമതത്തിന്റെ തകർച്ച, ബ്രാഹ്മണമതത്തിന്റെ ഉദയം, ശങ്കരാചാര്യരുടെ ഭാഷ്യം, ഇന്ത്യൻ ഭാഷകളിലുണ്ടായ വിവർത്തനങ്ങൾ തുടങ്ങിയഘട്ടങ്ങളിൽ ഗീതക്ക് വലിയ സ്വാധീനമൊന്നും ചെലുത്താൻ കഴിഞ്ഞിരുന്നില്ല എന്ന നിരീക്ഷണത്തിലെത്തുന്നു, സുനിൽ.

ഗീതയുടെ പടിഞ്ഞാറൻ യാത്രകളാണ് അതിന്റെ ആധുനിക ജീവിതത്തിലെ ഒരു ഘട്ടം. മതാത്മക ദേശീയതയുടെ വിശുദ്ധഗ്രന്ഥമായി അതിനു കൈവന്ന പദവി രണ്ടാം ഘട്ടവും. ഇവയാണ് ഇനിയുള്ള അധ്യായങ്ങളിലെ വിഷയം. 1785ൽ ചാൾസ് വിൽക്കിൻസ് നടത്തിയ ഇംഗ്ലീഷ് പരിഭാഷതൊട്ടു തുടങ്ങുന്നു ഈ ചരിത്രം. നിരവധി വിവർത്തനങ്ങൾ പിന്നാലെ വരുന്നു. തിയോസഫിക്കൽ സൊസൈറ്റിയുടെ ഉദയം, ഹെഗലിയന്റെയും ലുക്കാച്ചിന്റെയും മറ്റും വിമർശനം തുടങ്ങിയവയുടെ ചർച്ച ഈഭാഗത്തുണ്ട്. ഇന്ത്യയിൽ ഗീതയുടെ ആധുനിക ജീവിതം തുടങ്ങുന്നത് റാം മോഹൻ റോയിയുടെ വിവർത്തനം തൊട്ടാണ്. ഒരു ഭാഗത്ത് അത് ഹിന്ദു മതത്തിന്റെ പ്രമാണഗ്രന്ഥമായി. മറു വശത്ത് ഇന്ത്യൻ ദേശീയതയുടെ ആത്മീയ ഗ്രന്ഥവും. ബങ്കിംചന്ദ്രൻ, വിവേകാനന്ദൻ, അരവിന്ദഘോഷ്, തിലകൻ, സവർക്കർ, ഗാന്ധി തുടങ്ങിയവരുടെ ഗീതാചർച്ചകളിലൂടെ ഈയദ്ധ്യായം മുന്നേറുന്നു. മാർക്‌സിസ്റ്റ് ചരിത്ര-സാമൂഹ്യ പഠിതാക്കൾ ഗീതയെക്കുറിച്ചുന്നയിച്ച വിമർശനങ്ങളിൽ സ്വന്തം നിലപാടുതറയുറപ്പിക്കുന്നു, സുനിൽ.

ഭാഗം ഏഴ്

മഹാഭാരതത്തെ ഒരു സാഹിത്യകൃതിയായി കണ്ട് അതിലെ ജീവിത ദർശനമെന്ത് എന്നന്വേഷിക്കുന്ന ഒരു ദീർഘപ്രബന്ധമാണ് ഈ ഭാഗത്തുള്ളത്. അതിനാമുഖമായി വായിക്കാം, ആദ്യ അധ്യായം. രണ്ട് ധാർമിക സന്ദർഭങ്ങളുടെ അത്യസാധാരണമായ ആവിഷ്‌കാരപ്രകാരങ്ങളാണ് മഹാഭാരത്തിന്റെ അടിസ്ഥാനപ്രകൃതം എന്നാണ് സുനിൽ സംക്ഷിപ്തമായി പറയുന്നത്. ഒന്ന്, മാനുഷികതയുടെ സന്ദിഗ്ധ ലോകങ്ങൾ രണ്ട്, നിരർത്ഥകതയുടെ പാഠങ്ങൾ. മാനുഷികമായ മുഴുവൻ അനുഭവങ്ങളുടെയും വിപരീതങ്ങളും വൈരുധ്യങ്ങളും സന്നിഹിതമാണ് മഹാഭാരതത്തിൽ. ബുദ്ധനിലേക്കും ഗാന്ധിയിലേക്കും നാരായണ ഗുരുവിലേക്കും ഫ്രോയിഡിലേക്കുമൊക്കെ നീണ്ടും തുറന്നും കിടക്കുന്ന നരവംശ സാംസ്‌കാരികതയുടെ വഴികൾ മഹാഭാരതത്തിൽ നിന്നാരംഭിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സുനിൽ ഈ ചർച്ച വിപുലീകരിക്കുന്നു.

'ജീവത നിഷ്ഫലതയുടെ മഹാകാവ്യം' എന്ന നിലയിൽ മഹാഭാരതത്തിനുള്ള സാധ്യതകളാണ് മറ്റൊരന്വേഷണവിഷയം. സ്ത്രീ ജീവിതത്തെ കേന്ദ്രസ്ഥാനത്തുനിർത്തി ഈയന്വേഷണം നടത്തുന്നു, സുനിൽ. ഇരാവതികാർവെ മുതൽ മീന അറോറനായ്ക് വരെയുള്ളവരുടെ പഠനങ്ങൾ ഈയന്വേഷണത്തെ ബലപ്പെടുത്തുന്നു. ബദരീനാഥ് ചതുർവേദിയുടെ പഠനമാണ് ഇവിടെ എടുത്തു പറയേണ്ട ഒന്ന്.

ഇതിൽ നിന്നാണ്, മഹാഭാരതത്തിന്റെ ദർശനം എന്ത് എന്ന നിരീക്ഷണത്തിലേക്ക് ഈ ബൃഹദ്‌ഗ്രസ്ഥം സമാപിക്കുന്നത്. (താഴെകൊടുത്തിരിക്കുന്ന ഭാഗം നോക്കുക).

വിജ്ഞാനകോശപരം (Encyclopedic) എന്നു വിളിക്കാവുന്ന വിധം വൈപുല്യവും പരപ്പുമുള്ളതാണ് ഈ പുസ്തകത്തിന്റെ ഉള്ളക്കം, മഹാഭാരതത്തെക്കുറിച്ചെന്ന പോലെ തന്നെ മഹാഭാരത വിജ്ഞാനത്തെക്കുറിച്ചും മലയാളത്തിലെഴുതപ്പെട്ട ഏറ്റവും സമഗ്രവും ആധികാരികവുമായ പഠനഗ്രന്ഥമാണിത്. സ്വതന്ത്രാസ്തിത്വമുള്ളവയാണ് ഈ പുസ്തകത്തിലെ പലലേഖനങ്ങളും. തുടർച്ചകളുള്ളവയും കുറവല്ല. മൗലികമായി രൂപപ്പെടുത്തിയ ഒരു രീതിശാസ്ത്രവും അതിന്റെ ചുവടുപിടിച്ചു നടത്തുന്ന അതിബൃഹത്തായ വൈജ്ഞാനികാന്വേഷണവുമാണ് തന്റെ പഠനത്തെ അക്കാദമിക ഗവേഷണത്തിന്റെയും വിമർശന പഠനത്തിന്റെയും മികച്ച പാഠരൂപമാക്കാൻ സുനിലിനെ സഹായിക്കുന്നത്. ഏതർത്ഥത്തിലും മലയാളത്തിലെ മഹാഭാരതവിജ്ഞാനത്തിലും അതിന്റെ സാംസ്‌കാരിക വിമർശനത്തിലും സംഭവിച്ച രാഷ്ട്രീയവും സൗന്ദര്യാത്മകവുമായ ഒരു കുതിപ്പു തന്നെയായി മാറുന്നു, ഈ പുസ്തകം.

സുനിൽ പി. ഇളയിടത്തിന്റെ മഹാഭാരത പ്രഭാഷണ പരമ്പര പൂർണ്ണരൂപത്തിൽ കാണുവാൻ ചുവടെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.

പുസ്തകത്തിൽ നിന്ന്:-

മഹാഭാരതത്തിൽ ഉന്നയിക്കപ്പെട്ട ഏറ്റവും വലിയ ചോദ്യം അർജുനന്റേതായിരുന്നു. അതിനുള്ള ഉത്തരമായാണ് ഗീത വന്നത്. എങ്കിലും ആ ഉത്തരം അർജുനനെ അടിസ്ഥാനപരമായി മാറ്റിയില്ല. അയാളെ യുദ്ധ്യോദ്യുക്തനാക്കാൻ കൃഷ്ണനു കഴിഞ്ഞു എന്നല്ലാതെ ഗീത അർജുനന്റെ ചോദ്യങ്ങളെ ഇല്ലാതാക്കിയില്ല. അർജുനൻ ഉന്നയിച്ച ചോദ്യങ്ങൾ അതിനെക്കാൾ തീവ്രമായി പിന്നീട് യുധിഷ്ഠിരൻ ഉന്നയിക്കുന്നുണ്ട്. കൂടുതൽ വിശദാംശങ്ങളോടെ. ശാന്തിപർവത്തിലെ ഭീഷ്മ-യുധിഷ്ഠിര സംവാദത്തിൽ അതുകാണാം. ഗീതോപദേശം താൻ മറന്നുപോയെന്നു പറയുന്ന അർജുനനുവേണ്ടി പിൽക്കാലത്ത് കൃഷ്ണൻ ഗീത ആവർത്തിക്കുന്നുണ്ട്. അശ്വമേധപർവത്തിലെ അനുഗീത. ഇതിനെല്ലാം ശേഷവും അയാൾ പഴയ അർജുനൻതന്നെയായി തുടരുകയും ചെയ്യുന്നു. മഹാഭാരതം നിലനിർത്തുന്നത് ഉത്തരങ്ങളെയല്ല; ചോദ്യങ്ങളെയാണ്. ചോദ്യങ്ങൾ ഉത്തരങ്ങളെ അസ്ഥിരീകരിച്ചുകൊണ്ടേയിരിക്കുന്നു (Nayak 2018:333-4).

മഹാഭാരതം പല ജീവിതമൂല്യങ്ങളെയും അവതരിപ്പിക്കുന്നുണ്ട്. എങ്കിലും ജീവിതമൂല്യങ്ങളുടെ ലോകം അവിടെ കേവലമോ ഏകമുഖമോ അല്ല. പരമമായ ധർമ്മമായി അഹിംസയെ മഹാഭാരതം ചിലപ്പോഴൊക്കെ അവതരിപ്പിക്കുന്നു. എങ്കിലും അഹിംസ മഹാഭാരതധർമ്മമല്ല. അഹിംസയ്ക്കു മുകളിൽ ക്ഷത്രിയധർമ്മമായ ഹിംസയെ ഉറപ്പിക്കുകയായിരുന്നു ഭഗവദ്ഗീത (ഗാന്ധിജിക്ക് മറിച്ചാണ് തോന്നിയതെങ്കിലും). വർണ്ണധർമ്മപാലനം പരമപ്രധാനമാണെന്ന് മഹാഭാരതം പലയിടങ്ങളിലും പറയുന്നുണ്ട്. അപ്പോഴും ക്ഷത്രിയധർമ്മത്തിലേക്ക് നീങ്ങിയ ബ്രാഹ്മണർ അവിടെ ആദരണീയരായിത്തന്നെ തുടരുന്നു, ദ്രോണരെയും പരശുരാമനെയും പോലെ. എന്നാൽ ക്ഷത്രിയധർമ്മം കൈവരിക്കാൻ ശ്രമിച്ച ഏകലവ്യന്റെ പെരുവിരൽ അറുത്തുമാറ്റപ്പെടുന്നു. സ്വധർമ്മം എന്ന സങ്കൽപം അവിടെ ബ്രാഹ്മണ്യത്തിന്റെ പാദസേവചെയ്യുന്നു. മൂല്യങ്ങൾ എന്ന നിലയിലുള്ള ധർമ്മസങ്കൽപത്തെ വർണ്ണധർമ്മം വിഴുങ്ങുന്നതിന്റെ ചിത്രങ്ങൾ മഹാഭാരതത്തിലുടനീളമുണ്ടെന്ന് മീന അറോറ നായ്ക് പറയുന്നതും അതുകൊണ്ടാണ് (2018:329).

ആദർശാത്മകമായ മനുഷ്യജീവിതത്തിന്റെ അടിസ്ഥാനമായി ധർമ്മാർത്ഥകാമമോക്ഷങ്ങളെയാണ് മഹാഭാരതം അവതരിപ്പിക്കുന്നത്. പുരുഷാർത്ഥങ്ങൾ എന്ന ആശയം മഹാഭാരതത്തിൽ പലയിടങ്ങളിലും നമുക്കു കാണാം. വാസ്തവത്തിൽ ഈ പുരുഷാർത്ഥകൽപനയിൽ തന്നെ അഗാധമായ ഒരു വൈരുധ്യമുണ്ട്. ധർമ്മാർത്ഥകാമങ്ങൾ ജീവിതബദ്ധമായ മൂല്യങ്ങളാണ്. മോക്ഷം ജീവിതനിരാസവും. ഈ വൈരുദ്ധ്യം പുരുഷാർത്ഥകൽപനയെത്തന്നെ സന്ദിഗ്ധമാക്കുന്നുണ്ട്. ധർമ്മാർത്ഥകാമങ്ങൾ പരസ്പരവിരുദ്ധമാണെങ്കിലും അവ യോജിപ്പോടെ വർത്തിക്കുന്നത് എവിടെയാണെന്ന ചോദ്യം യക്ഷപ്രശ്നത്തിൽ ഉന്നയിക്കപ്പെട്ടിരിക്കുന്നത് വെൻഡി ഡോണിഗർ തന്റെ പഠനത്തിൽ എടുത്തുപറയുന്നത് അതുകൊണ്ടാണ് (2018:6). മോക്ഷത്തിനു മുകളിൽ ധർമ്മാർത്ഥകാമങ്ങളും ധർമ്മത്തിനു മുകളിൽ അർത്ഥകാമങ്ങളും നേടിയ വിജയത്തിന്റെ മുദ്രകൾ മഹാഭാരതത്തിൽ പലയിടങ്ങളിലും ശിരസ്സുയർത്തി നിൽക്കുന്നതു കാണാം. വെൻഡി ഡോണിഗർ പറയുന്നത്, ഏതോ പാഠസംശോധകന് പാഠചരിത്രത്തിന്റെ പടവുകളിലെവിടെയോ സംഭവിച്ച പിഴവിന്റെ ഫലമല്ല ഇതെന്നാണ്. ഒരു രചയിതാവിനും പരിഹരിക്കാനാവാത്ത ധാർമ്മികസന്ദിഗ്ദ്ധതകളാണവ (2015:264). കേവലമായ ധാർമ്മികതയുടെയും ജീവിതമൂല്യങ്ങളുടെയും അസാധ്യതകൂടിയാണ് മഹാഭാരതം ആവിഷ്‌ക്കരിക്കുന്നത്.

അർത്ഥകാമങ്ങൾ ധർമ്മത്തിൽനിന്നാണ് ഉടലെടുക്കുന്നതെന്ന് മഹാഭാരതം അനുശാസനപർവത്തിൽ പറയുന്നുണ്ട്. ആ ധർമ്മം പാലിക്കപ്പെടാതെ പോകുന്നതായും അവിടെ സൂചനയുണ്ട്. ധർമ്മം, അർത്ഥം, കാമം എന്നീ ജീവിതലക്ഷ്യങ്ങൾ തമ്മിലുള്ള കൂടിക്കുഴയലിന്റെ അടയാളങ്ങൾ എന്ന നിലയിലാണ് ഇതിനെ കാണേണ്ടത്. ധർമ്മത്തിന്റെ സൂക്ഷ്മരൂപത്തെക്കുറിച്ചുള്ള മഹാഭാരതചർച്ചകൾ വ്യക്തമാക്കുന്നത് അത് കൈവരിക്കാൻ പ്രയാസമായ ഒന്നാണെന്ന വസ്തുതയാണ്. മഹാഭാരതത്തിലുടനീളം ധർമ്മത്തെക്കുറിച്ചുള്ള ആലോചനയുടെ സന്ദർഭത്തിൽ അർത്ഥശാസ്ത്രം കടന്നുവരുന്നത് കാണാം. വെൻഡി ഡോണിഗർ ഇക്കാര്യം പ്രത്യേകമായി പരിഗണിച്ചിട്ടുണ്ട്. സവിശേഷസന്ദർഭങ്ങളിൽ ധർമ്മമാർഗ്ഗം പിന്തുടരാൻ തയ്യാറല്ലാത്തവർ അതിനുള്ള ന്യായീകരണമായി അർത്ഥശാസ്ത്രം ഉദ്ധരിക്കുന്നു. ധർമ്മമാർഗ്ഗത്തെ പിന്തുടരണം എന്ന ഉപദേശത്തെ ദുര്യോധനൻ മറികടക്കുന്നത് രാജാവിന്റെ വഴി മറ്റുള്ളവരുടെ വഴിയല്ല എന്ന ബൃഹസ്പതിയുടെ വാക്യം ഉദ്ധരിച്ചാണ്. ഉറങ്ങുന്ന ശത്രുക്കളെ കൊന്നൊടുക്കാൻ സേനാനായകനെ പ്രേരിപ്പിക്കുന്ന സൈനികരിൽ ഒരാൾ തന്റെ വാദങ്ങൾക്ക് ബലം നൽകാൻ ഉപയോഗിക്കുന്നത് പ്രാചീനകാലത്തെ യുദ്ധധർമ്മ സങ്കൽപമാണ്. ക്ഷീണിതരോ മുറിവേറ്റവരോ തലവനില്ലാത്തവരോ ഗാഢനിദ്രയിൽ മുഴുകിയവരോ ആയ ശത്രുസൈന്യത്തെ ആക്രമിക്കാം എന്ന അർത്ഥശാസ്ത്രനിർദ്ദേശം (Doniger 2018:60). ബലം കൊണ്ട് കാര്യം നേടണമെന്ന് ഭീഷ്മരും പറയുന്നുണ്ട്. 'ബലവാംസ്തു യഥാധർമ്മം / ലോകേ പശ്യതി പൂരൂഷ' എന്ന്. ബലവാന്റെ ധർമ്മമാണ് ലോകധർമ്മം എന്ന്. നിത്യജീവിതത്തിലാവട്ടെ, യുദ്ധസന്ദർഭങ്ങളിലാവട്ടെ, ധർമ്മം മഹാഭാരതത്തിൽ സന്ദിഗ്ദ്ധമായ പദവിയിലാണ് നിലകൊള്ളുന്നത്. ധർമ്മത്തിന്റെ അനിവാര്യതയെയും അതുല്യതയെയും കുറിച്ച് മഹാഭാരതം എത്രയെങ്കിലും പറയുന്നുണ്ടെങ്കിലും ആ ധർമ്മമാർഗ്ഗം അതിലുടനീളം പാലിക്കപ്പെടാതെ പോകുന്നു. അതും മഹാഭാരതം നൽകുന്ന പ്രധാന ആശയങ്ങളിലൊന്നാണ്. ധർമ്മാർത്ഥകാമങ്ങൾ പ്രാചീനമായ അവ്യവസ്ഥയുടെ പ്രഭവമായി വർത്തിക്കുന്നതിന്റെ ചിത്രംകൂടിയാണ് മഹാഭാരതം. അനുശാസനപർവത്തിൽ ഒരിടത്ത് അരാജകത്വത്തിന്റെ വിത്തുവിതയ്ക്കാനായാണ് ധർമ്മാർത്ഥകാമങ്ങൾ എന്ന ത്രിത്വം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നുതന്നെ മഹാഭാരതം പറയുന്നു (12.59.30-94). ധർമ്മതത്ത്വം സന്ദിഗ്ധമായി അവശേഷിക്കുന്നു എന്നതിനെക്കുറിച്ചുള്ള മഹാഭാരതപ്രഖ്യാപനംകൂടിയാണത്.

അന്തിമമായി എന്താണു ധർമ്മം ? മഹാഭാരതത്തിലൂടെയുള്ള സാമാന്യം ദീർഘമായ ഈ ആലോചനകളിൽനിന്ന് ഈയൊരു ചോദ്യത്തിലൂടെ വിടവാങ്ങാം. മഹാഭാരതത്തിലുടനീളം നാനാരൂപങ്ങളിൽ ഈ ചോദ്യം ഉന്നയിക്കപ്പെടുന്നുണ്ട്. ഇതിഹാസപാഠം അതിന് ധാരാളം ഉത്തരങ്ങൾ നൽകുന്നുമുണ്ട്. പിന്നാലെ, ആ ഉത്തരങ്ങൾ നിരർത്ഥകമായിത്തീരുന്നതിന്റെ ദൃഷ്ടാന്തങ്ങൾ ഒന്നൊന്നായി മഹാഭാരതം അവതരിപ്പിക്കുകയും ചെയ്യുന്നു. ഒടുവിൽ ബാക്കിയാവുന്നത് ഒരേയൊരുത്തരമാണെന്ന് ഞാൻ കരുതുന്നു. മഹാഭാരതം അതിങ്ങനെ സംഗ്രഹിക്കുന്നു:

'ന തൽ പരസ്യ സന്ദധ്യാൽ
പ്രതികൂലം യദാത്മനാ
ഏഷ സംക്ഷേപതോ ധർമ്മ:
കാമാദന്യ: പ്രവർത്തതേ'

' അവനവന് പ്രതികൂലമായിത്തീരുന്നതെന്തോ, അതു മറ്റൊരാളിലും പ്രയോഗിക്കരുത്. ഇതാണ് ചുരുക്കിപ്പറഞ്ഞാൽ ധർമ്മം. ബാക്കിയെല്ലാം ഇഷ്ടംപോലെ'. തനിക്കഹിതമായി തീരുന്നത് മറ്റൊരാളിൽ പ്രവർത്തിക്കരുത്. ഇതിനപ്പുറം ധർമ്മമില്ല. പക്ഷേ, മഹാഭാരതവിജയങ്ങളെ നോക്കൂ. ഓരോ സ്ഥാനത്തും നാം കാണുന്നത് ഇതല്ല. തങ്ങൾക്ക് അഹിതമായത് മറ്റുള്ളവരിൽ പ്രവർത്തിച്ചു നേടിയ വിജയങ്ങളാണ് അവിടെയുള്ളത്. മഹാഭാരതത്തിലെ വിജയസ്ഥാനങ്ങളേറെയും അങ്ങനെയുള്ളവയാണ്. ജയിച്ച സ്ഥാനങ്ങളിലൊന്നും അപരപ്രിയത്വമില്ല. ഉള്ളത് അപരത്വത്തോടുള്ള അടങ്ങാത്ത ശത്രുത മാത്രം. അതിനെല്ലാമപ്പുറത്താണ് അന്തിമമായ ഈ ധർമ്മതത്ത്വം. ഈ മഹാഭാരതവാക്യത്തിൽ പല മഹാവാക്യങ്ങളും മിന്നിമറയുന്നുണ്ട്. ക്രിസ്തുവചനത്തെ ഓർക്കാം. 'മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ആഗ്രഹിക്കുന്നുവോ അതുപോലെ മറ്റുള്ളവരോട് പെരുമാറുക'. ഗുരുവാക്യത്തെ ഓർമ്മിക്കാം. 'പ്രിയമപരപ്രിയമതെൻപ്രിയം സ്വകീയപ്രിയമപരപ്രിയം / ഇപ്രകാരമാവും നയമതിനിനാലെനരനുനന്മചെയ്യും ക്രിയ / അപരപ്രിയഹേതുവായ് വരേണം'. ഇങ്ങനെ പലതും ഈ മഹാഭാരതവാക്യത്തെ മുൻനിർത്തി ഓർക്കാം. 'ന തൽ പരസ്യ സന്ദധ്യാൽ / പ്രതികൂലം യദാത്മനാ'. തനിക്ക് അഹിതമായത് മറ്റുള്ളവരിൽ പ്രവർത്തിക്കരുത്. 'ഏഷ സംക്ഷേപതോ ധർമ്മ: / കാമാദന്യ: പ്രവർത്തതേ'. ഇതാണ് ധർമ്മം. ബാക്കിയെല്ലാം ഇഷ്ടംപോലെ. മഹാഭാരതത്തിലെ ശാശ്വതവും മഹത്ത്വപൂർണ്ണവുമായ ധർമ്മതത്ത്വം ഇതാണെന്ന് ഞാൻ കരുതുന്നു. ധർമ്മാന്വേഷണത്തിന്റെ അവസാനമില്ലാത്ത വഴികളൊക്കെ പിന്നിട്ട് മഹാഭാരതം എത്തിച്ചേരുന്ന അന്തിമതത്ത്വം ഇതാണ്.

'യഥാ പര: പ്രക്രമതേ പരേഷു
തഥാപരേ പ്രക്രമന്തേ പരേസ്മിൻ :
തഥൈവതേ സ്തൂപമാജീവലോകേ
യഥാ ധർമ്മോ നൈപുണേനോപദിഷ്ട:'

'ഒരാൾ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നുവോ അങ്ങനെ മറ്റുള്ളവർ അയാളോടു പെരുമാറുന്നു. ഇങ്ങനെ ധർമ്മം വൈദഗ്ധ്യത്തോടെ ഉപദേശിക്കപ്പെട്ടിരിക്കുന്നു. അത് നിനക്കു ജീവലോകത്തിൽ ദൃഷ്ടാന്തമായിരിക്കട്ടെ'. എങ്കിലും, പരമമായ ഈ ധർമ്മതത്ത്വം മഹാഭാരതത്തിൽ പാലിക്കപ്പെട്ടിട്ടില്ല. മഹാഭാരതം മുഴുവൻ പിന്നിട്ടുപോന്നതിനു ശേഷം അതിലേക്കു തിരിഞ്ഞുനോക്കൂ; ഈ ധർമ്മതത്ത്വത്തിന്റെ നിർവ്വഹണമായല്ല അതു നിലകൊള്ളുന്നതെന്നു വ്യക്തമാകും. അന്തിമമായ ധർമ്മതത്ത്വമായി മഹാഭാരതം നിർദ്ദേശിച്ചതെന്തോ അത് മഹാഭാരതത്തിൽ പാലിക്കപ്പെടുന്നില്ല. ഫലിക്കാതെ പോകുന്ന ഒരു നിത്യസത്യത്തിന്റെ പേരാണോ ധർമ്മം ?
'ധർമ്മസ്യ തത്ത്വം നിഹിതം ഗുഹായാം'.

മഹാഭാരതം: സാംസ്‌കാരിക ചരിത്രം
സുനിൽ പി ഇളയിടം
ഡിസി ബുക്‌സ്, 2020
വില: 999 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP