Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാദ്ധ്യമങ്ങൾ : വിചാരവും വിമർശനവും

മാദ്ധ്യമങ്ങൾ : വിചാരവും വിമർശനവും

ഷാജി ജേക്കബ്

കൊച്ചിമേയർ ടോണിചമ്മണി നൽകിയ മാനനഷ്ടക്കേസിൽ മറുനാടൻ മലയാളി ഉൾപ്പെടെയുള്ള നവമാദ്ധ്യമങ്ങൾക്കെതിരെ നടന്ന പൊലീസ് നീക്കങ്ങൾ കഴിഞ്ഞയാഴ്ചകളിൽ സൃഷ്ടിച്ച പുകിലുകൾ വായനക്കാർക്ക് ഓർമ്മയുണ്ടാകുമല്ലോ. പത്രങ്ങളിലും വാർത്താചാനലുകളിലും വന്നതിനെക്കാൾ കൂടുതലൊന്നും ചമ്മണിയുടെ വിദേശയാത്രകളെയും സാമ്പത്തിക ഇടപാടുകളെയും കുറിച്ച് ഓൺലൈൻ പത്രങ്ങളും എഴുതിയില്ല.

എന്നിട്ടും അവർക്കെതിരെ മാത്രം നിയമനടപടികളുണ്ടായി. എന്തുകൊണ്ട്? 2006 ലെ ഐ.ടി. ആക്ട് പരിഷ്‌ക്കരിച്ച് പാർലമെന്റ് പാസ്സാക്കിയതും ഇപ്പോൾ ഇന്ത്യയിൽ നിലനിൽക്കുന്നതുമായ ഐ.ടി. നിയമത്തിലെ 66എ വ്യവസ്ഥയാണ് ഇതിനു കാരണം.

'സൈബർകാലത്തെ വെല്ലുവിളികൾ' എന്ന ലേഖനത്തിൽ എൻ.പി. രാജേന്ദ്രൻ ഈ നിയമത്തിന്റെ ഭരണകൂട ദുരുപയോഗങ്ങളെക്കുറിച്ചും ദൂരവ്യാപകമായ മാദ്ധ്യമവിരുദ്ധതകളെക്കുറിച്ചും ദീർഘമായി എഴുതുന്നുണ്ട്. നോക്കുക: 'ഇന്ത്യയിലെ മാദ്ധ്യമസ്വാതന്ത്ര്യ നിയമവ്യവസ്ഥ സംബന്ധിച്ച് എല്ലാവർക്കും അറിയുന്ന ഒരു സംഗതിയുണ്ട.് ഭരണഘടനാപരമായി ഇന്ത്യയിലുള്ളത് യാഥാർത്ഥത്തിൽ മാദ്ധ്യമസ്വാതന്ത്ര്യമല്ല, ജനങ്ങളുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യമാണ് എന്നതാണ് അത്. പൗരന് ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം തന്നെയാണ് മാദ്ധ്യമത്തിന്റെയും സ്വാതന്ത്ര്യം എന്ന് വരുന്നത് മാദ്ധ്യമസ്വതന്ത്ര്യത്തെ, അല്ലെങ്കിൽ പത്രസ്വാതന്ത്ര്യത്തെ ചെറുതാക്കുന്നില്ല. പത്രസ്വാതന്ത്ര്യം പൗരാവകാശം തന്നെയാണ് എന്ന സമവാക്യമാണ് ഇതിൽനിന്ന് ഉരുത്തിരിയുന്നത്. ഇന്ത്യൻ കോടതികൾ പലവട്ടം ശരിവച്ചിട്ടുള്ളതുമാണ് ഈ ഭരണഘടനാതത്വം.

ഇപ്പോൾ സംഗതികൾ കീഴ്‌മേൽ മറിയുകയാണ്. പുതിയ മാദ്ധ്യമങ്ങളുടെ വരവിൽ പൗരന്റെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം സീമാതീതമായി വളരുകയാണ് ലോകമെങ്ങും. ഇന്റർനെറ്റ് മാദ്ധ്യമങ്ങളിൽ പത്രപ്രവർത്തകൻ, എഡിറ്റർ തുടങ്ങിയ പദവികളോ തൊഴിലുകളോ ഇല്ലാതെ സാധാരണജനം തങ്ങളുടെതന്നെ പ്രസാധകരാവുന്നു. എഴുത്തിന് അവർക്ക് വേറെ മാദ്ധ്യമം വേണ്ട, എഡിറ്ററുടെ അനുമതിയും വേണ്ട. പുതിയ കാലത്തെ ഈ അനന്തമായ സ്വാതന്ത്ര്യം ഇന്ത്യയിലും വരേണ്ടതാണ്. പക്ഷേ വന്നിരിക്കുന്നത് പൗരസ്വാതന്ത്ര്യംപോലും ഇല്ലാതാക്കുന്ന തരത്തിലുള്ള ഭരണകൂട ഇടപെടലുകളാണ്. നവമാദ്ധ്യമം ലോകത്തെങ്ങും പുത്തൻ സ്വാതന്ത്ര്യത്തിന്റെ സൂര്യോദയമാകുമ്പോൾ ഇന്ത്യയിൽ അത് പൗരന്മാരെ ജനാധിപത്യ പൂർവ കാലഘട്ടത്തിലെ അടിമത്തത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുകയാണ്. ഭരണഘടന പൗരന് നൽകുന്ന സ്വാതന്ത്ര്യമാണ് ഇത്രയും കാലം മാദ്ധ്യമങ്ങൾ ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ പൗരൻ ഈ സ്വാതന്ത്ര്യം ഉപയോഗിച്ചാൽ ജയിലിലെത്തും എന്ന ഗുരുതരമായ അവസ്ഥയുണ്ടായിരിക്കുന്നു. പുതിയ സ്വാതന്ത്ര്യം വരുന്നില്ലെന്ന് മാത്രമല്ല, പഴയതുപോലും നിഷേധിക്കപ്പെടുന്നു. ഈ സ്വാതന്ത്ര്യനിഷേധത്തിനെതിരെ അവിടെയും ഇവിടെയും നേരിയ ശബ്ദമേ ഉയരുന്നുള്ളു. എന്നതാണ് ഏറ്റവും ഗുരുതരമായ കാര്യം.

പത്രസ്വാതന്ത്ര്യത്തെ ചെറുതായെങ്കിലും ഹനിക്കുന്ന നീക്കങ്ങൾ ഉണ്ടായപ്പോഴെല്ലാം അതിനെതിരെ പോരാടിയിട്ടുള്ളവരാണ് ഇന്ത്യയിലെ പൊതുസമൂഹം. ബിഹാറിലൊരു പത്രമാരണനിയമമുണ്ടായപ്പോൾ അതിനെതിരെ കേരളത്തിൽപോലും പ്രകടനങ്ങളും പണിമുടക്കുകളും നടന്നിട്ടുണ്ട്. അതിന് മുൻപന്തിയിൽ നിന്നിരുന്നത് ഇടതുവലതുഭേദമില്ലാതെ രാഷ്ട്രീയ പാർട്ടികളാണ്, മാദ്ധ്യമസംഘടനകളാണ്, പൗരാവകാശ പ്രവർത്തകരാണ്. പക്ഷേ, പുതുമാദ്ധ്യമങ്ങളിൽ അടിസ്ഥാന സ്വാതന്ത്ര്യംപോലും നിഷേധിക്കാൻ മുന്നിൽ നിന്നത് ഇതേ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ തന്നെയാണ് എന്ന സത്യം ഞെട്ടലുണ്ടാക്കുന്നു.പുതിയ മാദ്ധ്യമങ്ങളുടെ വരവിൽ പൗരന്റെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം സീമാതീതമായി വളരുകയാണ് ലോകമെങ്ങും. ഇന്റർനെറ്റ് മാദ്ധ്യമങ്ങളിൽ പത്രപ്രവർത്തകൻ, എഡിറ്റർ തുടങ്ങിയ പദവികളോ തൊഴിലുകളോ ഇല്ലാതെ സാധാരണജനം തങ്ങളുടെതന്നെ പ്രസാധകരാവുന്നു. എഴുത്തിന് അവർക്ക് വേറെ മാദ്ധ്യമം വേണ്ട, എഡിറ്ററുടെ അനുമതിയും വേണ്ട. പുതിയ കാലത്തെ ഈ അനന്തമായ സ്വാതന്ത്ര്യം ഇന്ത്യയിലും വരേണ്ടതാണ്. പക്ഷേ വന്നിരിക്കുന്നത് പൗരസ്വാതന്ത്ര്യംപോലും ഇല്ലാതാക്കുന്ന തരത്തിലുള്ള ഭരണകൂട ഇടപെടലുകളാണ്. നവമാദ്ധ്യമം ലോകത്തെങ്ങും പുത്തൻ സ്വാതന്ത്ര്യത്തിന്റെ സൂര്യോദയമാകുമ്പോൾ ഇന്ത്യയിൽ അത് പൗരന്മാരെ ജനാധിപത്യ പൂർവ കാലഘട്ടത്തിലെ അടിമത്തത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുകയാണ്.ബാൽ താക്കറെയുടെ മരണത്തെ തുടർന്ന് അടിച്ചേൽപ്പിക്കപ്പെട്ട ഹർത്താലിനെക്കുറിച്ച് നിസ്സാരമായ എതിരഭിപ്രായം ഇന്റർനെറ്റ് മാദ്ധ്യമത്തിൽ പ്രകടിപ്പിച്ച രണ്ട് വനിതകളെ പിടികൂടി ജയിലിലടച്ചപ്പോഴാണ് രാജ്യത്തെമ്പാടും പുതിയ ഭീഷണിയെക്കുറിച്ച് ബോധമുണ്ടായത്. പൊലീസ് ചെയ്തത് വിവേകരഹിതമായ കാര്യമായിരുന്നുവെങ്കിലും അത് തീർത്തും നിയമവിരുദ്ധമായിരുന്നില്ല എന്ന് എല്ലാവർക്കും അറിയാം. ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ തന്നെയായിരുന്നു അറസ്റ്റ്. ഇതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കുമ്പോഴാണ് നമ്മുടെ രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളുമെല്ലാം എത്രമാത്രം ലാഘവത്തോടെയാണ്, ഉത്തരവാദിത്വരഹിതമായാണ്, ദീർഘവീക്ഷണമില്ലാതെയാണ് നിയമനിർമ്മാണം എന്ന അതിപ്രധാന കർത്തവ്യം നിർവഹിക്കുന്നത് എന്ന് ഞെട്ടലോടെ, വേദനയോടെ നാം തിരിച്ചറിയുന്നത്.

പാർലമെന്റ് അംഗീകരിച്ച ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റിലെ 66എ വ്യവസ്ഥ ഇന്ന് എമ്പാടും ചർച്ച ചെയ്യപ്പെടുന്നുണ്ട്. 2006-ലെ ബില്ലിൽ ഉണ്ടായിരുന്ന വ്യവസ്ഥ മാറ്റി അത് കഠിനമായ വ്യക്തിസ്വാതന്ത്ര്യ നിഷേധം ഉൾക്കൊള്ളുന്ന വ്യവസ്ഥയാക്കിയത് ആരാണ്, എങ്ങനെയാണ് എന്ന് ഇതുമായി ബന്ധപ്പെട്ടവർക്കെല്ലാം അറിയാം. ലോക് സഭയുടെ ഇൻഫർമേഷൻ നിയമം സംബന്ധിച്ച് സ്റ്റാൻഡിങ്ങ് കമ്മിറ്റിയാണ് പഴയ വ്യവസ്ഥ മാറ്റി ജനവിരുദ്ധമായ പുതിയ വ്യവസ്ഥ ഉണ്ടാക്കിയത്. നേരത്തെ എന്തെങ്കിലും തരത്തിലുള്ള അധിക്ഷേപമോ ആക്ഷേപമോ ഇന്റർനെറ്റിലെ ആശയവിനിമയത്തിനിടയിൽ ഉണ്ടായതെന്ന് പരാതി ലഭിച്ചാൽ അതിനെ ഒരു 'കോഗ്‌നൈസബ്ൾ' കുറ്റമായല്ല പരിഗണിച്ചിരുന്നത്. സ്റ്റാൻഡിങ്ങ് കമ്മിറ്റിയാണ് അങ്ങനെ മാറ്റിയത്. ആർക്കെങ്കിലും എതിരെ പൊലീസിന് പരാതി ലഭിച്ചാൽ കുറ്റമാരോപിക്കപ്പെട്ട ആളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാൻ പൊലീസിന് അധികാരം നൽകുന്നതരം കുറ്റങ്ങളാണ് 'കോഗ്‌നൈസബ്ൾ'കുറ്റങ്ങൾ. പത്രത്തിൽ വന്ന വാർത്തയിൽ മാനഹാനി ആരോപിക്കപ്പെട്ടാൽ ലേഖകനേയോ പത്രാധിപരേയോ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാൻ ആവില്ല. കോടതിക്കേ ഇവിടെ അറസ്റ്റിന് അധികാരമുള്ളൂ. ഇതേ വ്യവസ്ഥയാണ് ഐ.ടി. നിയമത്തിലും ഉണ്ടായിരുന്നതെങ്കിൽ മുംബൈയിലെ വനിതകൾ അറസ്റ്റ് ചെയ്യപ്പെടുമായിരുന്നില്ല.

ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥനാണ് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനായ ലോക്‌സഭാംഗം. അദ്ദേഹമാണ് വ്യവസ്ഥ 'കോഗ്‌നൈസബ്ൾ'ആക്കാൻ വാശിപിടിച്ചതെന്ന് ടൈംസ് ഇന്ത്യ പത്രത്തിൽ എഴുതിയ ലേഖനത്തിൽ (നവം.24, 2012) അവരുടെ സീനിയർ എഡിറ്ററും നിയമകാര്യ ലേഖകനുമായ മനോജ് മിട്ട ചൂണ്ടിക്കാട്ടുകയുണ്ടായി. പുതിയ വ്യവസ്ഥ ഉൾക്കൊള്ളുന്ന ആക്റ്റ് പാർലമെന്റിൽ ചർച്ചപോലും ഇല്ലാതെയാണ് പാസാക്കിയത്. എക്‌സ് അയച്ച ഇമെയിൽ അതുകിട്ടിയ വൈ ക്ക് അസൗകര്യമോ അസ്വാസ്ഥ്യമോ ഉണ്ടാക്കി എന്ന് പരാതിയുണ്ടായാൽ പൊലീസിന് പിന്നീട് കൂടുതലെന്തെങ്കിലും ആലോചിക്കേണ്ടതില്ല. എക്‌സിനെ അറസ്റ്റ് ചെയ്യാം. മിക്ക മജിസ്റ്റ്രേട്ടുമാരും പൊലീസുകാരേക്കാൾ ഉയർന്ന ബുദ്ധിയോ ബോധമോ ഉള്ളവരല്ല എന്ന് പലപ്പോഴും തെളിയിക്കപ്പെട്ടിട്ടുണ്ട്. നോക്കൂ, പാർലമെന്റ് ഉണ്ടാക്കുന്ന നിയമങ്ങളിൽ പാളിച്ചകൾ ഉണ്ടാകാതിരിക്കാൻ ചെയ്ത മുൻകരുതലുകളാണ് വ്യവസ്ഥയെ കൂടുതൽ പാളിച്ചയുള്ളതാക്കി മാറ്റിയത്.നേരത്തെ എന്തെങ്കിലും തരത്തിലുള്ള അധിക്ഷേപമോ ആക്ഷേപമോ ഇന്റർനെറ്റിലെ ആശയവിനിമയത്തിനിടയിൽ ഉണ്ടായതെന്ന് പരാതി ലഭിച്ചാൽ അതിനെ ഒരു 'കോഗ്‌നൈസബ്ൾ' കുറ്റമായല്ല പരിഗണിച്ചിരുന്നത്. ആർക്കെങ്കിലും എതിരെ പൊലീസിന് പരാതി ലഭിച്ചാൽ കുറ്റമാരോപിക്കപ്പെട്ട ആളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാൻ പൊലീസിന് അധികാരം നൽകുന്നതരം കുറ്റങ്ങളാണ് 'കോഗ്‌നൈസബ്ൾ'കുറ്റങ്ങൾ. പത്രത്തിൽ വന്ന വാർത്തയിൽ മാനഹാനി ആരോപിക്കപ്പെട്ടാൽ ലേഖകനേയോ പത്രാധിപരേയോ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാൻ ആവില്ല. കോടതിക്കേ ഇവിടെ അറസ്റ്റിന് അധികാരമുള്ളൂ. ഇതേ വ്യവസ്ഥയാണ് ഐടി നിയമത്തിലും ഉണ്ടായിരുന്നതെങ്കിൽ മുംബൈയിലെ വനിതകൾ അറസ്റ്റ് ചെയ്യപ്പെടുമായിരുന്നില്ല.പുതിയ നിയമത്തിലടങ്ങിയ ഗുരുതരമായ സ്വാതന്ത്ര്യനിഷേധവ്യവസ്ഥ ഇന്ത്യയിലെ മിക്കവാറും എല്ലാ പാർട്ടികളിലുംപെട്ട നേതാക്കൾ ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ഉപയോഗപ്പെടുത്തിക്കഴിഞ്ഞു എന്നറിയുമ്പോഴാണ് 66എ അങ്ങനെ അബദ്ധത്തിൽ ഉണ്ടാവാനിടയുള്ള രൂക്ഷവിമർശനങ്ങളെ ഇല്ലാതാക്കാനോ പ്രത്യേക സന്ദർഭങ്ങളിലെങ്കിലും ഇത്തരം വിമർശകരെ നിശ്ശബ്ദരാക്കാനോ അവർ ഉദ്ദേശിച്ചിരുന്നു എന്ന് ആരോപിക്കപ്പെട്ടാൽ നിഷേധിക്കാനാവില്ല. നിയമനിർമ്മാണത്തിൽ ആ ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്ന് വാദിച്ചാലും, നിയമമുണ്ടായപ്പോൾ എല്ലാവരും അതുപയോഗിച്ച് എതിരാളികളെ ഉപദ്രവിച്ചിട്ടുണ്ട്. മമത ബാനർജിയെക്കുറിച്ചൊരു കാർട്ടൂൺ അയച്ച കോളേജ് അദ്ധ്യാപകൻ ഉടനെ ജയിലിലായി. കേന്ദ്രമന്ത്രി പി. ചിദംബരത്തെക്കുറിച്ച് എന്തോ ട്വിറ്ററിൽ അയച്ച പോണ്ടിച്ചേരിക്കാരനും ജയിലിലായി. അഴിമതിക്കെതിരെ പ്രക്ഷോഭത്തിൽ പങ്കാളിയായിരുന്ന മുംബൈയിലെ കാർട്ടൂണിസ്റ്റ് ജയിലിലായി. കേരളത്തിലെ ഇടതുപക്ഷ നേതാവിന്റെ വീടാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഫോട്ടോ ഫോർവേഡ് ചെയ്ത ആൾ ജയിലിലായതും ഇതുപോലെ കുറ്റം കോടതിയിൽ തെളിഞ്ഞപ്പോഴല്ല, പരാതി പൊലീസിലെത്തിയ ഉടനെയാണ്.

മുഖ്യധാരാ മാദ്ധ്യമങ്ങളിൽ അതായത് പ്രിന്റ് മാദ്ധ്യമങ്ങളിൽ പ്രവർത്തിക്കുന്നവരെ ഇത് ബാധിക്കുകയില്ല, ഇത് ഇന്റർനെറ്റിൽ വികൃതി കളിക്കുന്നവർക്കേ ബാധകമാകൂ എന്ന് ചിലരെങ്കിലും കരുതുന്നുണ്ട്. അങ്ങനെ ധരിക്കേണ്ട. പത്രത്തിൽ എഴുതുന്ന ഒരു ലേഖനത്തിലെ പരാമർശം, ഒരു കാർട്ടൂൺ, പിറ്റേന്ന് അതിന്റെ ഇന്റർനെറ്റ് എഡിഷനിൽ പ്രസിദ്ധപ്പെടുത്തുമ്പോൾ നിയമവും വ്യവസ്ഥയും മാറുകയായി. പത്രത്തിലെഴുതുന്ന ആരേയും ഈ വിധത്തിൽ അറസ്റ്റ് ചെയ്യാൻ പറ്റും. ഇത് പത്രപ്രവർത്തകർക്കേ ദോഷം ചെയ്യൂ എന്നും കരുതേണ്ട. പൊതുവേദിയിൽ ഉന്നയിക്കപ്പെടുന്ന വിമർശനങ്ങളുടെ പേരിൽ വേണമെങ്കിൽ അറസ്റ്റ് ചെയ്യാം, അതൊരു വാർത്തയായി ഇന്റർനെറ്റിൽ വന്നാൽ മതി. 66 എ ഇപ്പോഴും വളരെ വ്യാപകമായി ദുരുപയോഗപ്പെടുത്തുന്നില്ല എന്നത് ഇതിലെ അനന്തസാധ്യതകളെക്കുറിച്ച് വേണ്ടത്ര അറിവ് എല്ലാവർക്കും ഉണ്ടായിട്ടില്ല എന്നതുകൊണ്ടുമാത്രമാണ്'.

ഈ ലേഖനം ഒരുദാഹരണം മാത്രമാണ്. മാദ്ധ്യമരംഗത്ത് ആഗോള, ദേശീയ, പ്രാദേശിക തലങ്ങളിൽ സജീവമായി ചർച്ചചെയ്യപ്പെടുന്ന നിരവധി വിഷയങ്ങളെക്കുറിച്ച് സാമൂഹ്യപ്രതിബദ്ധതയും ജനാധിപത്യബോധവും മാദ്ധ്യമധാർമ്മികതയും മുന്നോട്ടുവച്ചുകൊണ്ട് ചടുലമായി പ്രതികരിക്കുന്ന നാലു ഗ്രന്ഥങ്ങളും കമ്യൂണിസത്തിന്റെ രണ്ടു ചരിത്രസന്ദർഭങ്ങൾ മുൻനിർത്തി ജർമനി, ബംഗാൾ എന്നിവിടങ്ങളിലെ രാഷ്ട്രീയജീവിതം അപഗ്രഥിക്കുന്ന രണ്ടു ഗ്രന്ഥങ്ങളും രചിച്ച രാജേന്ദ്രന്റെ മാദ്ധ്യമജീവിതം സമകാല മലയാളമാദ്ധ്യമചരിത്രത്തിന്റെ ഭാഗമാണ്.

കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകാലമായി മലയാളപത്രങ്ങളിലെ ഏറ്റവും മികച്ച രാഷ്ട്രീയവിമർശനപംക്തിയെന്ന നിലയിൽ ശ്രദ്ധേയമായ 'വിശേഷാൽപ്രതി' എഴുതുന്ന രാജേന്ദ്രനാണ് കേരളപ്രസ്അക്കാദമിയുടെ ചരിത്രത്തിൽ ഏറ്റവും 'അക്കാദമി'ക്കായ മാറ്റങ്ങൾക്കു നേതൃത്വം വഹിച്ചിട്ടുള്ളതും. ടെലിവിഷൻ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയും മീഡിയഅക്കാദമി എന്നു പേരുമാറ്റിയും ഈ സ്ഥാപനത്തെ മുഴുവൻ മാദ്ധ്യമലോകത്തിനും സ്വീകാര്യമാക്കിയതിനെക്കാൾ പ്രധാനം, മാദ്ധ്യമസെമിനാറുകളുടെ നടത്തിപ്പിലും മാദ്ധ്യമപഠനഗ്രന്ഥങ്ങളുടെ പ്രസാധനത്തിലും 'മീഡിയ' എന്ന ദ്വിഭാഷാജേണലിന്റെ പ്രസിദ്ധീകരണത്തിലും രാജേന്ദ്രൻ പുലർത്തിയ താൽപര്യവും നൽകിയ നേതൃത്വവുമാണ്. ഫോർത്ത് എസ്റ്റേറ്റിന്റെ മരണം, പത്രം-ധർമം നിയമം, മാറുന്ന ലോകം മാറുന്ന മാദ്ധ്യമലോകം എന്നീ ഗ്രന്ഥങ്ങളിൽ മാദ്ധ്യമങ്ങളെക്കുറിച്ച് രാജേന്ദ്രൻ എഴുതിയ അവലോകനപരവും ആത്മവിമർശനപരവുമായ കാര്യങ്ങൾ സാങ്കേതികവും സാമൂഹികവും രാഷ്ട്രീയവും നിയമപരവും ധാർമികവും മറ്റുമായ മണ്ഡലങ്ങളിൽ മലയാളത്തിലുണ്ടായ മൗലികമായ മാദ്ധ്യമനിരീക്ഷണങ്ങളാണ്. 'മതിലില്ലാത്ത ജർമനി'യിൽ, ബംഗാൾ: ചില അപ്രിയസത്യങ്ങൾ എന്നിവയിലാകട്ടെ, ജനാധിപത്യവാദിയായ ഒരു മാദ്ധ്യമപ്രവർത്തകന്റെ രാഷ്ട്രീയാന്വേഷണങ്ങളുടെ സത്യവാങ്മൂലങ്ങളാണുള്ളത്. ഇവയ്ക്കു പുറമെയാണ് വിശേഷാൽപ്രതി'യുടെ ഒന്നിലധികം സമാഹാരങ്ങൾ. രാജേന്ദ്രന്റെ ഏറ്റവും പുതിയ പുസ്തകമാണ് 2014-ൽ പ്രസിദ്ധീകൃതമായ 'വേണം മാദ്ധ്യമങ്ങളുടെ മേലെയും ഒരു കണ്ണ്'. ഇരുപതുലേഖനങ്ങളും മൂന്നു ജീവിതരേഖകളും ചില മലയാളപത്രപ്രവർത്തകർ സൃഷ്ടിച്ച വാർത്താസംസ്‌ക്കാരത്തെക്കുറിച്ചുള്ള ഒരവലോകനവുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

ആത്മവിമർശനപരമായി മാദ്ധ്യമമണ്ഡലത്തിന്റെ പരിമിതികളും അപാകങ്ങളും ചൂണ്ടിക്കാണിക്കുന്നവയാണ് ലേഖനങ്ങളിൽ പതിനാറെണ്ണം. മാദ്ധ്യമലോകത്തെക്കുറിച്ച്, വിശേഷിച്ച് നവമാദ്ധ്യമലോകത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ് നാലെണ്ണം. വി എം. കൊറാത്ത്, ടി.വേണുഗോപാലൻ, വിംസി എന്ന വി എം. ബാലചന്ദ്രൻ എന്നിവരെക്കുറിച്ചാണ് തൂലികാചിത്രങ്ങൾ. തന്റെ കാലത്തെ ഒരുപറ്റം പത്രപ്രവർത്തകരുടെ ധാർമികവും അധാർമികവുമായ തൊഴിൽജീവിതങ്ങളെക്കുറിച്ചാണ് അവസാന രചന.

'വിമർശനം, സ്വയംവിമർശനം' എന്ന ഒന്നാംഭാഗം നോക്കുക. ബി.ബി.സി, ന്യൂസ് ഓഫ് ദ വേൾഡ് തുടങ്ങിയ മാദ്ധ്യമസ്ഥാപനങ്ങൾ മാദ്ധ്യമധാർമികതയെന്നു കരുതിപ്പോരുന്ന മൂല്യങ്ങൾ ലംഘിച്ച ചില സന്ദർഭങ്ങളുടെ വിശകലനം, മർദോക്കിന്റെ പത്രം നടത്തിയ അധാർമ്മികതക്കെതിരെ ബ്രിട്ടീഷ്‌സർക്കാർ രൂപംകൊടുത്ത ലെവ്‌സൺ കമ്മറ്റിയുടെ റിപ്പോർട്ടിന്റെ സാംഗത്യം, ഇന്ത്യയിൽ പാർലമെന്ററി കമ്മറ്റി 'പെയ്ഡ് ന്യൂസ്' സംസ്‌കാരത്തെക്കുറിച്ചു നടത്തിയ പരാമർശങ്ങൾ, അന്താരാഷ്ട്ര, ദേശീയ തലങ്ങളിൽ സമീപകാലത്തുണ്ടായ മീഡിയാകമ്മീഷനുകളുടെ ശുപാർശകൾ, ജൂലിയൻ അസാഞ്ചെയും എഡ്വേർഡ് സ്‌നോഡനും മുതൽ പ്രാദേശിക പത്രങ്ങളിലെ വരെ വിസിൽബ്ലേവർമാരുടെ പ്രസക്തി, ജുഡിഷ്യറിയും മാദ്ധ്യമങ്ങളും തമ്മിലുള്ള ബന്ധത്തിലെ അതിർവരമ്പുകൾ, മലയാളപത്രങ്ങൾ ഐഎസ്ആർഒ ചാരക്കേസിൽ നടത്തിയ കുറ്റവിചാരണയുടെ ചരിത്രപാഠങ്ങൾ, ഇടതുപാർട്ടികൾ മാദ്ധ്യമങ്ങളോടു പുലർത്തുന്ന അസഹിഷ്ണുതയുടെ ഭിന്നമാനങ്ങൾ... എന്നിങ്ങനെ രാജേന്ദ്രൻ ചർച്ചചെയ്യുന്ന മാദ്ധ്യമമണ്ഡലങ്ങൾ വിപുലവും ഏറെ കാലികപ്രസക്തവുമാണ്.

മാദ്ധ്യമങ്ങളുടെ ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തെ ഉപാധികളോ ഉത്തരവാദിത്തമോ ഇല്ലാത്ത അവകാശങ്ങളായല്ല രാജേന്ദ്രൻ കാണുന്നത്. പരസ്യങ്ങളും വാർത്തയും തമ്മിലുള്ള അതിർവരമ്പില്ലാതാക്കുന്ന സാമ്പത്തിക താൽപര്യങ്ങളും എഡിറ്റോറിയലിന്റെ പ്രാധാന്യം തമസ്‌കരിക്കുന്ന വാണിജ്യനയങ്ങളും പണം വാങ്ങി പരസ്യങ്ങൾ പോലെതന്നെ വാർത്തകളും നൽകുന്ന അധാർമ്മികതന്ത്രങ്ങളും സ്വകാര്യതയിലേക്കു കടന്നുകയറി സൃഷ്ടിക്കുന്ന സെൻസേഷണലിസവും സ്റ്റിങ് ഓപ്പറേഷന്റെ പേരിൽ നടക്കുന്ന അവിശുദ്ധ നീക്കങ്ങളും... രാജേന്ദ്രൻ നിശിതമായ കുറ്റവിചാരണക്കു വിധേയമാക്കുന്നു. മാദ്ധ്യമപ്രവർത്തകരുടെ മത, ജാതിപക്ഷപാതങ്ങൾ പോലെതന്നെ അപലപിക്കപ്പെടേണ്ടതാണ് മാദ്ധ്യമങ്ങൾക്കെതിരെയുള്ള നിയമപരവും രാഷ്ട്രീയവുമായ പകപോക്കലുകളും. രാഷ്ട്രീയ പത്രപ്രവർത്തനം ഒരു തൊഴിലും വരുമാനമാർഗവുമെന്നതിനെക്കാൾ ജീവിതരീതിയും സാമൂഹ്യപ്രവർത്തനവുമായിരുന്ന കാലത്തിന്റെ ചരിത്രപാഠങ്ങൾ ദേശീയ, നവോത്ഥാനപ്രസ്ഥാനങ്ങൾ നിരന്തരം ഓർമ്മിപ്പിക്കുമ്പോഴും സാമൂഹ്യനീതിയുടെ വലിയൊരു തമോഗർത്തമായി മാദ്ധ്യമലോകം മാറുന്നുവെന്ന് രാജേന്ദ്രൻ ചൂണ്ടിക്കാണിക്കുന്നു.  പത്രസ്വാതന്ത്ര്യത്തെ ചെറുതായെങ്കിലും ഹനിക്കുന്ന നീക്കങ്ങൾ ഉണ്ടായപ്പോഴെല്ലാം അതിനെതിരെ പോരാടിയിട്ടുള്ളവരാണ് ഇന്ത്യയിലെ പൊതുസമൂഹം. ബിഹാറിലൊരു പത്രമാരണനിയമമുണ്ടായപ്പോൾ അതിനെതിരെ കേരളത്തിൽപോലും പ്രകടനങ്ങളും പണിമുടക്കുകളും നടന്നിട്ടുണ്ട്. അതിന് മുൻപന്തിയിൽ നിന്നിരുന്നത് ഇടതുവലതുഭേദമില്ലാതെ രാഷ്ട്രീയ പാർട്ടികളാണ്, മാദ്ധ്യമസംഘടനകളാണ്, പൗരാവകാശ പ്രവർത്തകരാണ്. പക്ഷേ, പുതുമാദ്ധ്യമങ്ങളിൽ അടിസ്ഥാന സ്വാതന്ത്ര്യംപോലും നിഷേധിക്കാൻ മുന്നിൽ നിന്നത് ഇതേ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ തന്നെയാണ് എന്ന സത്യം ഞെട്ടലുണ്ടാക്കുന്നു.വർത്തമാനം, ഭാവി' എന്ന രണ്ടാംഭാഗത്തെ നാലു ലേഖനങ്ങളിൽ മൂന്നെണ്ണം നവ-സാങ്കേതിക-സാമൂഹ്യ മാദ്ധ്യമങ്ങൾ മുൻനിർത്തിയുള്ള വിചാരങ്ങളാണ്. ആദ്യലേഖനം തുടക്കത്തിൽ സൂചിപ്പിച്ചു. സാമൂഹ്യമാദ്ധ്യമങ്ങളാണ് ഭാവിയുടെ മാദ്ധ്യമം എന്ന നിരീക്ഷണം അവതരിപ്പിക്കുന്നു, രണ്ടാമത്തെ ലേഖനം. നവമാദ്ധ്യമങ്ങളും ഓൺലൈൻ പത്രങ്ങളും ആഗോളവ്യാപകമായി വാർത്താസംസ്‌കാരത്തിൽ സൃഷ്ടിക്കുന്ന വിപ്ലവം വിശകലനം ചെയ്യുന്നു, മൂന്നാം ലേഖനം. നാനാതലത്തിലുള്ള നവമാദ്ധ്യമങ്ങളിൽ 'സിറ്റിസൺജേണലിസം' അതിന്റെ സമസ്തരൂപങ്ങളിലും പ്രകടമാകുന്നതോടെ ആധുനികതയുടെ പത്ര-പത്രാധിപ അധികാരഘടന റദ്ദാക്കുന്നതിന്റെ ചർച്ച. മാദ്ധ്യമപഠനത്തിന്റെ രംഗത്തു നിലനിൽക്കുന്ന അക്കാദമികവും നയപരവും സാങ്കേതികവുമായ പ്രൊഫഷണലിസത്തിന്റെ അഭാവമാണ് മറ്റൊരു ലേഖനത്തിന്റെ വിഷയം.

വി എം. കൊറാത്ത്, ടി. വേണുഗോപാലൻ, വിംസി എന്നിവർ 'മാതൃഭൂമി'യിൽ താനുൾപ്പെടുന്ന തലമുറയിലെ പത്രപ്രവർത്തകർക്കു മുന്നിൽ സൃഷ്ടിച്ച ആദർശാത്മകവും ധാർമ്മികവും പ്രൊഫഷണലുമായ മാദ്ധ്യമവഴികൾ വിശദീകരിച്ചുകൊണ്ടും അവരുടെ വ്യക്തിത്വത്തെക്കുറിച്ച് മതിപ്പുനിറഞ്ഞ നിരീക്ഷണങ്ങൾ ഉന്നയിച്ചുകൊണ്ടും രാജേന്ദ്രൻ എഴുതുന്ന തൂലികാചിത്രങ്ങളാണ് മൂന്നാംഭാഗത്തെ ആദ്യ മൂന്നു രചനകൾ. 1950 കളിൽ പത്രപ്രവർത്തനരംഗത്തുവന്ന് സാമ്പത്തികവും സാങ്കേതികവുമായ പരിമിതികൾക്കുള്ളിൽ തന്നെ എത്രയും മാതൃകാപരമായ മാദ്ധ്യമപ്രവർത്തനശൈലി രൂപീകരിച്ച, മൂന്നും നാലും പതിറ്റാണ്ടുകൾ മലയാളപത്രപ്രവർത്തനത്തിലെ നെടുംതൂണുകളായി നിലനിന്ന ഇവരുടെ കഥ അത്ഭുതാദരങ്ങളോടെ രാജേന്ദ്രൻ വിവരിക്കുന്നു.


അവസാന ലേഖനമാകട്ടെ തന്റെ സമകാലികരായ ചില പത്രപ്രവർത്തകരുടെ മാതൃകാപരമോ അല്ലാത്തതോ ആയ മാദ്ധ്യമപ്രവർത്തനശൈലികളെക്കുറിച്ചുള്ള സൂക്ഷ്മവും നിശിതവുമായ അപഗ്രഥനമാണ്. രാജൻപൊതുവാൾ, കെ. ഗോപാലകൃഷ്ണൻ, അപ്പുക്കുട്ടൻ വള്ളിക്കുന്ന്, ഡി. വിജയ മോഹൻ, തോമസ് ജേക്കബ്, സി.എം. അബ്ദുറഹിമാൻ, പി. രാമൻ എന്നിങ്ങനെ. ഒപ്പം മാദ്ധ്യമ അധാർമ്മികതയുടെ ക്ലാസിക് മാതൃക എന്നു പറയാവുന്ന ഒരു സന്ദർഭവും രാജേന്ദ്രൻ ഓർത്തെടുക്കുന്നു. മലയാളമനോരമ ആഴ്ചപ്പതിപ്പിന്റെ ഇപ്പോഴത്തെ എഡിറ്റർ കെ.എ. ഫ്രാൻസിസിന്റെ വാർത്താഭിനിവേശം സൃഷ്ടിച്ച പൊറാട്ടുനാടകമായിരുന്നു, അത്. 'സാഹസികനാകണം പത്രപ്രവർത്തകൻ എന്ന് പറയുമ്പോഴും കെ.എ. ഫ്രാൻസിസിനോളം സാഹസികത വേണോ എന്നു ചോദിച്ചാൽ മറുപടി പറയാൻ പ്രയാസമാണ്. ഉരുവിൽ ഗൾഫിലേക്ക് കടക്കുന്നതിനുമുമ്പ് ഒരു രാത്രി കിടപ്പാടം തേടിവന്ന നാട്ടുകാരായ തൊഴിൽരഹിതരോടൊപ്പം ഉരുവിൽ കയറിപ്പോവുകയും കസ്റ്റംസ് ഉദ്യോഗസ്ഥരെ ചട്ടംകെട്ടി കടലിൽവച്ച് അവരെക്കൊണ്ട് ഉരു കസ്റ്റഡിയിലെടുപ്പിക്കുകയും 86 നിസ്സഹായരെ കണ്ണീരുകുടിപ്പിക്കുകയും ചെയ്തത് ഫ്രാൻസിസിന് കിടിലൻ ബൈലൈൻ സ്റ്റോറി എഴുതാൻ വേണ്ടിയാണ്. വാർത്ത തേടിപ്പോകുന്ന പത്രപ്രവർത്തകൻ ഇതും ചെയ്യും ഇതിലപ്പുറവും ചെയ്യാം. പറഞ്ഞതുപോലെ കസ്റ്റംസുകാർ വന്നില്ലായിരുന്നുവെങ്കിൽ ഫ്രാൻസിസിന് എന്തു സംഭവിക്കുമായിരുന്നുവെന്ന് ഊഹിക്കാനേ പറ്റൂ. അത് സാരമില്ല. മോഷ്ടാക്കളെപ്പറ്റി പരമ്പരയെഴുതുന്നത് രസികൻ ആശയമാണ്. ആ ആശയം നടപ്പിലാക്കാൻ എത്രത്തോളം പോകാം? മോഷ്ടാവിനൊപ്പം രാത്രി സഞ്ചരിക്കുന്നതും വീടിന്റെ പൂട്ടുപൊളിച്ച് അകത്തുകയറി ദമ്പതിമാരെ ഭീഷണിപ്പെടുത്തി കുഞ്ഞിന്റെ ആഭരണം മോഷ്ടിക്കുന്നത് കണ്ടുനിൽക്കുന്നതും ബുദ്ധിമോശമാണെന്നു മാത്രമല്ല അധാർമികമാണെന്നും പറയാതെ വയ്യ. പക്ഷേ, അതിലെ വാർത്തയോടുള്ള അകമഴിഞ്ഞ അഭിനിവേശം പ്രശംസാർഹംതന്നെയാണ്. അസാധാരണങ്ങളായ ഒട്ടേറെ വാർത്തകളും ഫീച്ചറുകളും രചിച്ച് മാദ്ധ്യമരംഗത്ത് സ്വന്തം പേര് കല്ലിൽ കൊത്തിവച്ച ഈ പത്രപ്രവർത്തകൻ മനോരമ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരാണ് ഇപ്പോൾ'.

ഈവിധം മലയാളമാദ്ധ്യമമണ്ഡലത്തിൽ നടക്കേണ്ട ആത്മവിമർശനപരവും മാതൃകാപരവുമായ സംവാദങ്ങളുടെ മികച്ച ഉദാഹരണങ്ങളായി മാറുന്നു, രാജേന്ദ്രന്റെ ഓരോ രചനയും.

വേണം മാദ്ധ്യമങ്ങളുടെ മേലെയും ഒരു കണ്ണ്
എൻ.പി. രാജേന്ദ്രൻ
കേരളപ്രസ് അക്കാദമി
2014, വില : 150/രൂപ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP