Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിനിമ: ഭ്രമിതദേശീയതയുടെ അപരങ്ങളും ദമിതലിംഗത്തിന്റെ സമരങ്ങളും

സിനിമ: ഭ്രമിതദേശീയതയുടെ അപരങ്ങളും  ദമിതലിംഗത്തിന്റെ സമരങ്ങളും

ഷാജി ജേക്കബ്‌

രിത്രവൽക്കരിച്ചും അതുവഴി രാഷ്ട്രീയവൽക്കരിച്ചും സാഹിത്യ, കലാദികളായ സംസ്‌കാരരൂപങ്ങളെക്കുറിച്ചു പഠിക്കുന്ന രീതി ഇന്നു മലയാളത്തിൽ സജീവമാണ് (തീർച്ചയായും അങ്ങനെയല്ലാത്ത രീതിയും സജീവംതന്നെ). ദൈനംദിന ജീവിതത്തിൽ സംസ്‌കാരപാഠങ്ങൾ ചെലുത്തുന്ന പ്രഭാവം, അവ ഉരുവം കൊള്ളുന്ന സ്ഥലകാലങ്ങളിലെ അഥവാ സാമൂഹ്യാവസ്ഥകളിലെ അധീശപ്രത്യയശാസ്ത്രങ്ങളുമായി അവയ്ക്കുള്ള ബാന്ധവം, രാഷ്ട്രീയാബോധം എന്ന നിലയിൽ ചരിത്രം അവയിൽ ദമിതമായി നിലനിൽക്കുന്നതിന്റെ സാധ്യതകൾ, ഊറിക്കൂടിയ ഭാവം എന്ന നിലയിൽ ഓരോ സംസ്‌കാരവകഭേദത്തിനും കൈവരുന്ന രൂപപരത, ഭാഷ മുതൽ പാഠാന്തരതകൾ വരെ ഓരോ തലത്തിനും ബാധകമാകുന്ന മാധ്യമസമ്പർക്കങ്ങൾ... സാംസ്‌കാരികപഠനങ്ങൾ എന്നുവിളിക്കാവുന്ന ഇത്തരം വിശകലനങ്ങളുടെ പാഠമാതൃകകൾ ഇന്നു മലയാളത്തിൽ സുലഭമാണ്. മാർക്‌സിസ്റ്റ്, ലിബറൽ സമീപനങ്ങളിൽ ഒരുപോലെ ഇവ രചിക്കപ്പെടുന്നു. ഘടനാവാദാനന്തര സംസ്‌കാരപഠനപദ്ധതികൾ മിക്കവയും ഈ വിമർശനങ്ങളുടെ രീതിശാസ്ത്രമായി മാറുകയും ചെയ്യുന്നു.

മലയാളത്തിൽ സിനിമയെക്കുറിച്ചു രൂപം കൊണ്ടിട്ടുള്ള സാംസ്‌കാരിക വിമർശനലേഖനങ്ങളുടെ വഴിയും ഭിന്നമല്ല. ടി.കെ. രാമചന്ദ്രൻ, രവീന്ദ്രൻ, ശശികുമാർ, എം.ജി. രാധാകൃഷ്ണൻ, സി.എസ്. വെങ്കിടേശ്വരൻ, ഒ.കെ. ജോണി, ജെ. ഗീത, മീനാ ടി. പിള്ള, ജി.പി. രാമചന്ദ്രൻ, വി.കെ. ജോസഫ്, എൻ. പി. സജീഷ്, കെ. വിജയകുമാർ, അജുനാരായണൻ, ചെറി ജേക്കബ് എന്നിങ്ങനെ നിരവധി പേരുണ്ട് ഈയൊരു സമ്പ്രദായത്തിലും സമീപനത്തിലും സിനിമയുടെ സൗന്ദര്യശാസ്ത്രവും പ്രത്യയശാസ്ത്രവും വിശകലനം ചെയ്യുന്നവരായി. ഈ നിരയിലേക്കാണ് എൻ.വി. മുഹമ്മദ് റാഫി തന്റെ ആദ്യചലച്ചിത്രപഠനഗ്രന്ഥവുമായി നടന്നുവന്നിരിക്കുന്നത്. 2016-18 കാലത്തെഴുതിയ പതിനഞ്ചു ലേഖനങ്ങളുടെ സമാഹാരമാണ് 'കന്യകയുടെ ദുർനടപ്പുകൾ'.

സിനിമ ഹറാമായ ഒരു മതവിഭാഗത്തിൽ ജനിച്ചിട്ടും ആ കലയും സംസ്‌കാരവും കീഴടക്കിയ തന്റെ ബാല്യകൗമാര, യൗവനങ്ങളുടെ കഥ പറയുന്നു, ആദ്യലേഖനത്തിൽ റാഫി. നാട്ടിൻപുറങ്ങളിലെ ഓലമേഞ്ഞ ടാക്കീസുകൾ മുതൽ കാമ്പസ് ഫിലിം ക്ലബ് വരെ; ഫിലിം സൊസൈറ്റിപ്രസ്ഥാനം മുതൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങൾവരെ-ഒരു ശരാശരി മലയാളിയുടെ ചലച്ചിത്രഭാവുകത്വങ്ങളുടെ ചരിത്രജീവിതം തന്നെയാണ് റാഫിയുടേതും. പസോളിനിയും കിംകിദുക്കും ജാഫർപനാഹിയും മജീദി മജീദിയും.... ലോകസിനിമയുടെ സ്വർണത്താക്കോലുകൾ കൈമാറിയവർ നിരവധി.

തുടർന്നങ്ങോട്ടുള്ള ലേഖനങ്ങൾ പൊതുവിൽ അഞ്ചുവിഭാഗത്തിൽപെടുന്നു. ഡോക്യുമെന്ററിയും ഡോക്യുഫിക്ഷനും ഫീച്ചർ ഫിലിമുമൊക്കെയായ ഒറ്റയൊറ്റ ചിത്രങ്ങളെ കേന്ദ്രീകരിക്കുന്ന രചനകളുടേതാണ് ഒന്നാം വിഭാഗം. സംഗീതാ അയ്യരുടെ 'ചങ്ങലയ്ക്കിട്ട ദൈവങ്ങൾ' (Gods in Shackles) എം.എ. റഹ്മാന്റെ 'ബഷീർ ദ മാൻ', ഷൈനി ജേക്കബ് ബഞ്ചമിന്റെ 'In return-just a book', ദിലീഷ് പോത്തന്റെ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങൾ ഈ വിഭാഗത്തിൽപെടുന്നു. സംഗീതയുമായുള്ള അഭിമുഖവും ഈ ഭാഗത്തുണ്ട്.

നീതിശാസ്ത്രവും രാഷ്ട്രതന്ത്രവും മുൻനിർത്തി ശ്രദ്ധേയങ്ങളായ ചില മറാത്തി, തമിഴ് രാഷ്ട്രീയസിനിമകളെക്കുറിച്ചെഴുതുന്ന 'ദണ്ഡനീതിയുടെ ദൃശ്യവിചാരങ്ങൾ', മാധ്യമങ്ങൾ സംസ്‌കാരവ്യവസായമായി മാറുന്ന കാലത്തിന്റെ ചരിത്രപാഠങ്ങളെ 'മുന്നറിയിപ്പ്', 'ഞാൻ സ്റ്റീവ് ലോപ്പസ്' എന്നീ ചിത്രങ്ങൾ ആധാരമാക്കി വിശദീകരിക്കുന്ന 'പത്രാധിപർക്കുള്ള മുന്നറിയിപ്പ്' എന്നീ രചനകളുടേതാണ് രണ്ടാം വിഭാഗം. രാഷ്ട്രീയ-സാംസ്‌കാരിക അധീശത്വങ്ങളുടെ ദൃശ്യപാഠങ്ങൾ എന്ന നിലയിൽ ഇവ സിനിമയെ സമീപിക്കുന്നു; അപനിർമ്മിക്കുന്നു.

ലിംഗ, ലിംഗപദവിരാഷ്ട്രീയങ്ങളെ മുൻനിർത്തി, സ്ത്രീ-ട്രാൻസ്ജൻഡർ-സ്വവർഗരതി സിനിമകളായി കണക്കാക്കപ്പെടുന്ന നിരവധി ചിത്രങ്ങളെ കേന്ദ്രീകരിക്കുന്ന മൂന്നു പഠനങ്ങളുടേതാണ് മൂന്നാം വിഭാഗം. 'നാൻ അവൻ അല്ലൈ അവളു', 'മലയാളസിനിമാഭാവനയിലെ ലെസ്‌ബിയൻ പെൺകുട്ടികൾ', 'സിനിമയുടെ ചാരിത്ര്യസംരക്ഷണവും പെടാപ്പാടുകളും' എന്നിവയാണ് ഈ ലേഖനങ്ങൾ. റാഫിയുടെ പുസ്തകത്തിന്റെ ശീർഷകം തന്നെയും രൂപം കൊള്ളുന്നത് ഈ ലിംഗപഠനങ്ങളുടെ രാഷ്ട്രീയ ബോധത്തിൽ നിന്നാണ്.

കീഴാള, ദലിത്, പ്രാദേശികതാ രാഷ്ട്രീയങ്ങൾ കൊണ്ട് ഇന്ത്യൻ നവസിനിമ സൃഷ്ടിക്കുന്ന പുതിയ ഭാവുകത്വത്തെക്കുറിച്ചുള്ള പഠനങ്ങളാണ് നാലാം വിഭാഗം. 'പുതുമലയാളസിനിമയുടെ സമാന്തരവീഥികൾ', 'കാക്കമുട്ടൈ', 'ഫാൻഡ്രി', 'ക്രൈം നമ്പർ 89' എന്നീ ലേഖനങ്ങളുടെ ഊന്നൽ പൊതുവെ ഈ ഭാവമണ്ഡലത്തിലാണ്.

ഇന്ത്യൻസിനിമയുടെ പൊതുയുക്തിയിൽ കാൽനൂറ്റാണ്ടുമുൻപേ പ്രാമാണ്യം നേടിക്കഴിഞ്ഞ ഹിന്ദുത്വത്തെക്കുറിച്ചുള്ള ആഖ്യാനങ്ങൾ ഒരുവശത്തും ദേശീയതയുടെയും ദേശരാഷ്ട്രത്തിന്റെയും അപരമായി ചിത്രീകരിക്കുന്ന ഇസ്ലാമിനെക്കുറിച്ചുള്ള ആഖ്യാനങ്ങൾ മറുവശത്തുമായി രൂപം കൊള്ളുന്ന ആധുനികാനന്തര ദേശീയ-മതാത്മക-സാംസ്‌കാരിക രാഷ്ട്രീയത്തിന്റെ പാഠരൂപങ്ങളാണ് അഞ്ചാം വിഭാഗം. 'ഹൈന്ദവ പുനരുത്ഥാനവും മലയാളസിനിമയും', 'മലയാളസിനിമ മുസ്ലിമിനോടു ചെയ്തത്' എന്നീ ലേഖനങ്ങൾ ഈ വിഭാഗത്തിൽപെടുന്നു.

ചുരുക്കത്തിൽ ലിംഗവിവേചനം, ജാതിസ്പർധ, മതവെറി, ഭരണകൂടഭീകരത, അധീശദേശീയത എന്നീ പ്രതിലോമരാഷ്ട്രീയങ്ങളെ നിരന്തരം പ്രശ്‌നവൽക്കരിക്കുന്ന ചലച്ചിത്ര കലാപഠനങ്ങളെന്ന നിലയിൽ ഇവ സമകാലിക സാംസ്‌കാരിക പഠനരംഗത്ത് മൂർത്തമായിടപെടുന്നു എന്നുതന്നെ പറയാം.

നാട്ടാനകളുടെ ദുരിതപർവങ്ങൾ കൊണ്ടെഴുതിയ അഭ്രപാളിയിലെ 'സഹ്യന്റെ മക'നാണ് സംഗീതാഅയ്യരുടെ സിനിമ. അതെക്കുറിച്ചുള്ള ഒരവലോകനവും സംഗീതയുമായുള്ള അഭിമുഖവും ഈ വിഷയത്തിൽ സമീപകാലത്തുയർന്നുവന്നിട്ടുള്ള സംവാദങ്ങൾക്കൊപ്പം നിലയുറപ്പിക്കുന്നു. മതാചാരമെന്ന നിലയിൽ ആനയെഴുന്നള്ളത്തുകളുടെ അർഥശൂന്യതയും കിരാതത്വവും ചൂണ്ടിക്കാണിക്കുന്ന ലേഖനവും സംഭാഷണവും. ആനപ്രേമം ഒരു കുറ്റകൃത്യമാണെന്നു സ്ഥാപിക്കുന്ന രചനകൾ.

ബഷീറിനെക്കുറിച്ചുള്ള ഡോക്യുമെന്ററി മലയാളത്തിൽ ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട ദൃശ്യജീവിതാഖ്യാനമാണ്. ആത്മകഥക്കും ജീവചരിത്രത്തിനുമിടയിലെ അബോധതലങ്ങൾ പുനഃസൃഷ്ടിക്കുന്ന ഈ കലാസൃഷ്ടിയിൽനിന്നു മുന്നോട്ടുപോയി 'അനുരാഗത്തിന്റെ ദിനങ്ങ'ളും 'നിലാവെളിച്ച'വും മുൻനിർത്തി ബഷീറിന്റെ ആത്മാഖ്യാനങ്ങളുടെ വിശകലനം നടത്തുന്നു, റാഫി. ചരിത്രവൽക്കരണവും സൗന്ദര്യവൽക്കരണവും ഒന്നിച്ചു സാക്ഷാത്കരിക്കുന്ന ചില സന്ദർഭങ്ങൾ നോക്കൂ: '1944-46 കാലത്ത് ബഷീർ തൃശൂർ പൂങ്കുന്നത്തു വാടകവീട്ടിൽ താമസിക്കുന്ന കാലത്ത് ശ്രീദേവിയുമായി കടുത്ത പ്രണയത്തിലായതിന്റെ അനുഭവവിവരണങ്ങളാണ് അനുരാഗത്തിന്റെ ദിനങ്ങൾ എന്ന കൃതിയിലെ പ്രതിപാദ്യം. പ്രണയം തകർന്നതിനെ തുടർന്ന് ബഷീർ മൈസൂരിലേക്കും ശ്രീദേവി സിംഗപ്പൂരിലേക്കും നാട് വിട്ടു. അക്കാലത്ത് എഴുതിയ ഡയറിയാണ് അനുരാഗത്തിന്റെ ദിനങ്ങൾ. മതത്തിൽനിന്നും ജാതിയിൽനിന്നും നാം പുറത്തായേക്കാം. എന്നാലും നാം ഒരുമിച്ചു ജീവിക്കും എന്ന തീരുമാനം ആ പ്രണയകാല കുറിപ്പുകളിൽ കാണാം. ദേവി ബഷീറിന്റെ കൂടെ ഇറങ്ങിവന്നു. 'ഒരു മുസൽമാന്റെകൂടെ ഇറങ്ങിപ്പോയാൽ തങ്ങളുടെ ജഡം നീ കാണേണ്ടി വരും' എന്ന് തന്നെ അച്ഛനമ്മമാർ അറിയിച്ച കാര്യം വഴിമധ്യേ ദേവി പറയുന്നു. ബഷീർ ദേവിയെ അനുനയിപ്പിക്കുന്നു. രണ്ട് ആത്മാക്കാൾ നമ്മളെ പിന്തുടരും. അത് വലിയ വേദനയാണ് എന്നായിരുന്നു ബഷീറിന്റെ ഭാഷ്യം. എന്നാൽ സംസാര സ്ഥലത്തുനിന്ന് പിരിഞ്ഞുപോയ ദേവിയെ പിരിച്ചയക്കാൻ ബഷീറിന്റെ ഹൃദയം കൂട്ടാക്കിയില്ല. ഒരാത്മാവ് ജീവിതാവസാനംവരെ ബഷീറിനെ പിന്തുടർന്നു. മറ്റുള്ളവരെ വേദനിപ്പിച്ചു ഒന്നും സ്വന്തമാക്കാൻ ആഗ്രഹിക്കാത്ത സൂഫിയുടെ ഹൃദയമാണ് ദേവിയെ തിരിച്ചയച്ചത്. വേർപാടിന്റെ വേദന ബഷീർ സ്വയം ഏറ്റുവാങ്ങി. പിന്നെയും കാലമൊഴുകി. ശിശിരവും ഹേമന്തവും വസന്തവും മാറിമാറി വന്നു. നിലാവ് പരന്നൊഴുകി. പൂക്കൾ മന്ദഹസിച്ചു. കിളികൾ പഴയപോലെ ചിൽ ചിൽ ചിലച്ചു. ഗൃഹസ്ഥാശ്രമത്തിലെ ആന്തരിക സഞ്ചാരങ്ങളിൽ പ്രണയത്തിന്റെ മുറിവിൽ നിന്ന് ഇടയ്ക്കിടെ ചോര പൊടിഞ്ഞു. വസന്തകാലത്തിന്റെ പുതുപരിമളം പ്രസരിപ്പിച്ച ഓർമ്മവിടാതെ പിന്തുടർന്നു. തങ്കമേഘങ്ങൾ തുടുത്തുനിറഞ്ഞ സന്ധ്യാവേളകളിൽ അയാൾ അവൾ വരുമെന്നോർത്ത് കാത്തിരുന്നു. ആ മധുര ശബ്ദം കേട്ട്, പരിമളം നുകർന്ന് കഴിഞ്ഞുകൂടിയ കാലത്തിലെ കുളിർക്കാറ്റ് ഭൂതകാലത്തിന്റെ അപാരതീരത്തുനിന്നെന്നപോലെ ഇടയ്ക്കിടക്ക് വന്നു തലോടി പൊള്ളലേൽപ്പിച്ചു. ആ വേദനിപ്പിക്കുന്ന ഓർമ്മ എന്ന യാഥാർഥ്യം എന്നും തപിച്ചുകൊണ്ടിരുന്ന ഹൃദയത്തെ കൂടുതൽ വ്രണപ്പെടുത്തി'.

ദസ്തയവ്‌സ്‌കിയുടെ നോവലെഴുത്തിനെ മുൻനിർത്തി പെരുമ്പടവം രചിച്ച 'ഒരു സങ്കീർത്തനംപോലെ' എന്ന നോവലിൽനിന്നുണ്ടായ ഡോക്യുഫിക്ഷനാണ് ഷൈനിയുടേത്. സക്കറിയയുടെ തിരക്കഥ. മനുഷ്യന്റെ സഹനങ്ങളെയും മരണത്തെയും കുറിച്ചുള്ള ദസ്തയവ്‌സ്‌കിയൻ വിചാരങ്ങളുടെ പാഠരൂപം.

ദിലീഷ് പോത്തന്റെ രണ്ടാമത്തെ സിനിമ, റിയലിസത്തിന്റെ ചലച്ചിത്രഭാഷ സമഗ്രമായി രൂപപ്പെടുത്തുന്ന കലാവസ്തുവായി വിശദീകരിക്കുന്നു, മറ്റൊരു ലേഖനം. ജീവിതത്തിന്റെ സൂക്ഷ്മയാഥാർഥ്യങ്ങളിലൂടെയുള്ള ദൃശ്യസഞ്ചാരമാണീ സിനിമയെന്നുപന്യസിക്കുന്നു, റാഫി.

ദേശരാഷ്ട്രത്തിന്റെയും ഭരണകൂടത്തിന്റെയും നീതിശാസ്ത്രം പൗരർക്കുമേൽ നടപ്പാക്കുന്ന നിയന്ത്രണങ്ങളുടെയും ശിക്ഷണങ്ങളുടെയും വിധിയെഴുത്തുകളുടെയും സമീപകാല യാഥാർഥ്യങ്ങളിൽനിന്നു പ്രചോദനം നേടിയ രണ്ടു സിനിമകളെക്കുറിച്ചാണ് റാഫി 'ദണ്ഡനീതി...'യിൽ എഴുതുന്നത്. മറാത്തിസിനിമയായ 'കോർട്ട്', തമിഴ്‌സിനിമയായ 'വിശാരണൈ'. ഭരണകൂടഭീകരതയുടെ അഭ്രാവിഷ്‌കാരങ്ങൾ. 'കാഫ്കയ്‌സ്‌ക്' എന്നൊക്കെ വിശേഷിപ്പിക്കാവുന്നവിധം അയുക്തികൾ നിറഞ്ഞ നിയമവ്യവസ്ഥയുടെ രാഷ്ട്രീയവിചാരണകൾ.

മാധ്യമങ്ങൾ സമാനമായ ഒരധീശവ്യവസ്ഥയായി പ്രവർത്തിക്കുമ്പോൾ മനുഷ്യജീവിതം ഏതുതരത്തിലേക്കു വഴിമാറിയൊഴുകും എന്നു ചൂണ്ടിക്കാണിക്കുകയാണ് ഇനിയൊരു ലേഖനത്തിൽ റാഫി. മുന്നറിയിപ്പ് എന്ന ചിത്രം നോക്കുക. സാഹിത്യം, എഴുത്ത്, പത്രാധിപത്യം...ഓരോന്നും വിപണിവൽക്കരിക്കപ്പെടുന്ന കാലത്ത് സംസ്‌കാരവ്യവസായത്തിന്റെ നെടുംതൂണുകളായി മാറുന്ന മാധ്യമങ്ങളുടെ ചിത്രങ്ങളും ചരിത്രങ്ങളുമാണീ സിനിമയുടെ സംഘർഷങ്ങൾ. റാഫി എഴുതുന്നു:

'താനനുഭവിക്കാത്ത ജീവിതവും ഓർമ്മകളും (കള്ളൻ, ലൈംഗികത്തൊഴിലാളി, എക്‌സ് നക്‌സലൈറ്റ്, തെരുവുഗായകർ തുടങ്ങിയവരുടെ) പകർത്താൻ മധ്യവർത്തികളായ എഴുത്തുകാരെ അന്വേഷിച്ചിറങ്ങിയ പരാന്ന ജീവികളായി പത്രാധിപരെ മാറ്റാൻ വായനക്കാരൻ നിർബന്ധിക്കുന്നു. സിനിമയിലെ ഫ്രീലാന്റ് ജേണലിസ്റ്റ് പ്രിയ അറയ്ക്കൽ ലിറ്റററി കോർപ്പറേറ്റിന്റെ ഏജന്റാണ്. അവരുമായുണ്ടാക്കിയ കരാർ പ്രകാരം കിട്ടിയ ഡെഡ്‌ലൈൻ തീരാറാകുന്ന ദിവസം വരെ രാഘവൻ തന്റെ ജീവിതം എഴുതി നൽകാൻ തയ്യാറാകുന്നില്ല. അവസാന ദിവസം എഴുതിക്കിട്ടിയ ജീവിതമാകട്ടെ ജേർണലിസ്റ്റിന്റെ കൈയിൽക്കിടന്നു വിറയ്ക്കുന്നു. മുമ്പ് കൊലചെയ്യപ്പെട്ട രണ്ടു സ്ത്രീകളുടെ കൂടെ മൂന്നാമതായി പ്രിയ അറയ്ക്കലും മാറുന്നതോടെ ചലച്ചിത്രം പര്യവസാനിക്കുകയാണ്. രാഘവനെക്കുറിച്ചുള്ള ഫീച്ചറെഴുതിയത് പ്രിയ അറയ്ക്കലാണെങ്കിലും ജീവിതമെഴുത്ത് രാഘവൻതന്നെ നടത്തണമെന്ന തീരുമാനത്തിലാണ് പ്രിയ. ഇംഗ്ലീഷിലേക്കുള്ള വിവർത്തനവും എഡിറ്റിംഗും നിർവ്വഹിക്കാമെന്നേ അവർ കരുതുന്നുള്ളൂ. ഇവിടെ എഴുത്തിനെക്കുറിച്ചുള്ള ചില ആലോചനകളുണ്ട്. ആഖ്യാതാവിന്റെ മധ്യവർത്തി അഥവാ വിവർത്തനകാരനാണ് അയാളുടെ ജീവിതമെഴുതുന്നയാൾ. അവിടെ എഴുത്തുകാരൻ സർഗ്ഗാത്മകമായി മരിക്കുകയും വിവർത്തകനായി പുനർജ്ജനിക്കുകയും ചെയ്യുന്നു. ഓരോ സർഗ്ഗാത്മക സൃഷ്ടിയും ഒരാളുടെ ഹൃദയസഞ്ചാരങ്ങളുടെയും അപരലോകത്തിന്റെയും പുനഃസൃഷ്ടിയാണ്. ആ അർത്ഥത്തിൽ അയാൾ അയാളെത്തന്നെ വിവർത്തനം ചെയ്യുകയാണ്. പുനഃസൃഷ്ടിക്ക് അയാൾ തിരഞ്ഞെടുക്കുന്ന മാധ്യമം ഏതുമാവാം. (ഭാഷയോ ദൃശ്യമോ മറ്റേതെങ്കിലും കലാരൂപമോ) പത്രങ്ങളിലും മറ്റും വന്ന എക്‌സ്‌ക്ലൂസീവിന്റെ ഭാഗമായ സംഭവവികാസങ്ങളെപ്പറ്റി ഫിക്ഷൻ നിർമ്മിക്കാൻ ഡെഡ്‌ലൈൻ വച്ച് ആവശ്യപ്പെടുന്ന പത്രാധിപർക്ക് വിധിച്ച വധശിക്ഷയാണ് രാഘവൻ പ്രിയ അറയ്ക്കലിനുനേരെ നടപ്പിലാക്കുന്നത്'.

'സർഗ്ഗാത്മക സാഹിത്യം പത്രാധിപർക്ക് എഴുത്തുകാരനിൽനിന്ന് ഉൽപ്പാദിപ്പിക്കാൻ സാധിക്കുന്ന ഒന്നല്ല. മറിച്ച് മനുഷ്യന്റെ ഉള്ളുരുകുമ്പോൾ ലാവയായി പുറത്തേക്ക് ഒഴുകുന്നതാണെന്നുള്ള എഴുത്തു പ്രതിസന്ധി (Writers block)യാണ് മുന്നറിയിപ്പ് നൽകുന്ന ദൃശ്യപാഠത്തിന്റെ നേർവായന. ബഹ്വർത്ഥ സാധ്യതകളുൾച്ചേർത്ത് പ്രേക്ഷകനെ സന്നിഗ്ദ്ധാവസ്ഥയിലേക്ക് നയിക്കാൻ ആഖ്യാതാക്കൾക്ക് കഴിയുന്നുവെന്നതാണ് ഈ ചലച്ചിത്രത്തിന്റെ ദൃശ്യചാരുത'.

ഈ പുസ്തകത്തിലെ മൂന്നു കേന്ദ്രപ്രമേയങ്ങളായ ലിംഗപദവി, കീഴാളത, ഇസ്ലാം എന്നിവയെ പ്രശ്‌നവൽക്കരിക്കുന്ന സിനിമകളുടെ വിശകലനമാണ് ഇനിയുള്ളവ. ലിംഗസ്വത്വത്തെക്കുറിച്ചുള്ള പൊതുബോധങ്ങളെ റദ്ദുചെയ്ത രാഷ്ട്രീയസിനിമയെന്ന നിലയിൽ കന്നടചിത്രമായ 'നാൻ അവൻ അല്ലൈ അവളു' വിശകലനം ചെയ്യുന്ന രചനയിൽ, ആൺ, പെൺ ലിംഗപദവികൾക്കും ബന്ധങ്ങൾക്കുമപ്പുറത്തുള്ള ലിംഗപദവികളുടെയും ബന്ധങ്ങളുടെയും പിശാചവൽക്കരണത്തിനെതിരെ രൂപം കൊള്ളുന്ന പ്രതിബോധങ്ങളുടെ കഥ പറയുന്നു, റാഫി. ഭിന്നലൈംഗികത എന്ന ആധുനികതയുടെ പേടിസ്വപ്നത്തെ സാമൂഹ്യവൽക്കരിക്കുന്ന കാലത്തിന്റെ സ്വരമാണ് സിനിമക്കുള്ളത്. ശരീരകേന്ദ്രിതമായ അധികാരവ്യവസ്ഥയും ആണത്തകേന്ദ്രിതമായ സാമൂഹ്യവ്യവസ്ഥയും ചേർന്നു സൃഷ്ടിക്കുന്ന ലൈംഗികരാഷ്ട്രീയത്തിന്റെ ഫൂക്കോൾഡിയൻ സങ്കല്പനങ്ങൾ മുൻനിർത്തി റാഫി ഈ സിനിമയുടെ അർഥതലങ്ങൾ ചൂണ്ടിക്കാണിക്കുന്നു. 'മറ്റെല്ലാറ്റിലുമെന്ന പോലെ ലൈംഗികതയുടെ രാഷ്ട്രീയത്തിലും ബലാൽകൃതമായ ഒരു ഏകതക്കുവേണ്ടിയുള്ള ശ്രമമാണ് മതം, സ്റ്റേറ്റ് തുടങ്ങിയ അധികാരസ്ഥാപനങ്ങൾ നടത്തിയത് എന്ന് കാണാൻ പ്രയാസമില്ല. ആൺ-പെൺ ഉഭയ ലൈംഗികജീവിത മുഖ്യധാരയിൽനിന്നുള്ള കുതറിച്ചകളെ ഉൾക്കൊള്ളുകയല്ല, അവയെ ദമിതമാക്കിയും പുറന്തള്ളിയും പരിഹസിച്ചുമാണ് കുടുംബമടക്കമുള്ള സാമൂഹ്യസ്ഥാപനങ്ങൾ വളർന്നത്. വിക്ടോറിയൻ സദാചാര സംഹിതകളെ പിന്തുടർന്ന യാഥാസ്ഥിക പൊതുബോധത്തിന് സന്താനോൽപ്പാദനത്തിനു വേണ്ടിയുള്ള ലൈംഗിക ക്രിയയാണ് ഇണചേരൽ.

ജീവശാസ്ത്ര പ്രക്രിയയിൽ അധിഷ്ഠിതമായ ആ ക്രിയക്ക് പുറത്തുള്ള സ്ത്രീ-പുരുഷ ബന്ധങ്ങളെല്ലാം നിയമവിരുദ്ധമായ കൂടിച്ചേരലായാണ് ഇവിടെ നിശ്ചയിക്കപ്പെട്ടത്. ഭിന്ന ലൈംഗികത പേറുന്നവരെപ്പറ്റിയുള്ള ആലോചനകളും അവരുടെ ജീവിനപരിസരത്തെയും ആന്തരിക ലോകത്തെയും അന്വേഷിക്കാനുള്ള ഗൗരവപൂർവ്വമായ ശ്രമങ്ങളും ഗതാനുഗതികമല്ലാത്ത നൂതന ചിന്തകളാണ്. നമ്മുടെ രാഷ്ട്രീയവും കലയും അതിനെ അഭിമുഖീകരിക്കാൻ തുടങ്ങിയതിന്റെ ലക്ഷണമാണ് 'നാൻ അവൻ അല്ലൈ അവളു'. ശരീരപ്രകൃതം രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട് ഉത്തരാധുനിക ചിന്തകർ അവതരിപ്പിക്കുന്ന ഒരു പ്രധാന നിരീക്ഷണം വിവിധ സാമൂഹിക സ്ഥാപനങ്ങൾക്ക് അതിലുള്ള പങ്കിനെപ്പറ്റിയാണ്. ജനനം മുതൽ ഒരു വ്യക്തിയെ ആണായോ പെണ്ണായോ വളർത്താനുള്ള അധികാരപ്രയോഗങ്ങൾ കുടുംബം, മതം, വിദ്യാലയം തുടങ്ങിയ സാമൂഹിക സ്ഥാപനങ്ങൾ ആരംഭിക്കും. ആണിലുള്ള സ്‌ത്രൈണതയെയും പെണ്ണിലുള്ള പൗരുഷത്തെയും ഇല്ലാതാക്കി, ആണിനെ സാമ്പ്രദായിക ആണായും പെണ്ണിനെ സാമ്പ്രദായിക പെണ്ണായും സാമൂഹിക സ്ഥാപനങ്ങൾ പരിചരിച്ച് വളർത്തുന്നു. വ്യക്തിയുടെ മൂന്നാം ഭാവത്തെ സാമൂഹിക രോഗാവസ്ഥയായി കണ്ട് ചികിത്സിക്കാനുള്ള വാസനയാണ് സമൂഹം പ്രകടിപ്പിക്കുന്നത്. ശരീരപഠനങ്ങൾക്ക് സവിശേഷമായ പ്രചോദനം നൽകിയ മിഷായേൽ ഫൂക്കോ(1926-1984)യുടെ അഭിപ്രായത്തിൽ ശരീരത്തിന്റെ തടവറയാണ് ആത്മാവ്. ഈ ആത്മാവ് അതിഭൗതികമായ സങ്കല്പമല്ല. രാഷ്ട്രീയശരീരശാസ്ത്രത്തിന്റെ ഫലവും ഉപകരണവുമാണ്. ശിക്ഷകളിലൂടെയും അനുശീലനത്തിലൂടെയും അധികാരപ്രയോഗങ്ങളിലൂടെയും, ചരിത്രപരമായി രൂപീകരിക്കപ്പെട്ട ഒന്നാണിത്. ശരീരത്തെ ഉൽപ്പാദനക്ഷ്മമാക്കി പരിശീലിപ്പിച്ചെടുക്കുന്നതിനെപ്പറ്റിയും രാഷ്ട്രീയാധികാരവും ശരീരവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും ഫൂക്കോ നിരീക്ഷിക്കുന്നുണ്ട്. അധികാരം ശരീരത്തെ പരിശീലിപ്പിക്കുകയും മെരുക്കുകയും പീഡിപ്പിക്കുകയുമെല്ലാം ചെയ്യുന്നു. ഉത്പാദനക്ഷമതയുള്ളതും വിഷയവത്കരിക്കപ്പെട്ടതുമായ ശരീരമാണ് സാമൂഹികമായി ഉപയോഗിക്കപ്പെടുന്നത്. അധികാരബന്ധങ്ങളുടെ മുദ്രണം നടക്കുന്ന ഒരു പ്രതലമായാണ് അദ്ദേഹം ശരീരത്തെ കാണുന്നത്.

സാംസ്‌കാരികമായി മുദ്രണം ചെയ്യപ്പെട്ട് ചിഹ്നപ്രക്രിയ നടക്കുന്ന പ്രതലമാണ് ശരീരം. ഈ പ്രതലത്തിലാണ് ലിംഗം, ലൈംഗികത, വംശം, വർഗഭേദങ്ങൾ തുടങ്ങിയവയെല്ലാം പ്രതിഫലിപ്പിക്കപ്പെടുന്നത്. ഈ മുദ്രണപ്രക്രിയയിലൂടെ ശരീരത്തെ സംരക്ഷിക്കാനും നശിപ്പിക്കാനുമുള്ള അധികാരബന്ധങ്ങളുടെ പങ്കിനെയാണ് ഫൂക്കോ സൂചിപ്പിക്കുന്നത്. വംശം, നിറം, ജാതി തുടങ്ങിയവപോലെ ലിംഗവും ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പല്ല. അത് അയാളുടെ ജന്മ ബാധ്യതയായും പിന്നീട് കർമബാധ്യതയായും ആ വ്യക്തിയിലേക്ക് വന്നുചേരുന്നതാണ്. നിലവിൽ സമൂഹാവബോധത്തിൽ ഉറച്ചുപോയ ധാരണകളെ മാനദണ്ഡമാക്കി നിർമ്മിക്കുന്ന ശരി-തെറ്റുകളുടെ തടവുകാരാക്കി ഓരോ വ്യക്തിയെയും മെരുക്കാനുള്ള പ്രത്യക്ഷവും പരോക്ഷവുമായ അനേകം ഇടപെടലുകൾ കുടുംബമടക്കമുള്ള സാമൂഹിക സ്ഥാപനങ്ങൾ നിരന്തരം നിർവ്വഹിച്ചുകൊണ്ടേയിരിക്കും. ആ അർത്ഥത്തിൽ തന്നിലേക്ക് വന്നുചേർന്ന ലിംഗസമത്വവും പേറിയാണ് ഭൂരിഭാഗം വ്യക്തികളും സാംസ്‌കാരികമായി നിർമ്മിക്കപ്പെടുന്നത്.

ലിംഗം, ലിംഗപദവി, ലൈംഗികത തുടങ്ങിയ വിഷയങ്ങളിലുള്ള സമീപനങ്ങൾ ശരീര-സാമൂഹികശാസ്ത്രത്തിലെ ഒരു സുപ്രധാന മേഖലയാണ് നേരത്തെ സൂചിപ്പിച്ചപോലെ ആണത്തവും പെണ്ണത്തവും (Masculinity and Feminity). സാമൂഹികമായും സാംസ്‌കാരികമായും നിർമ്മിക്കപ്പെടുകയാണെന്ന ആശയമാണ് ഈ സമീപനം പ്രധാനമായും മുന്നോട്ടുവച്ചത്. ലിംഗപദവി നാട്യമാണെന്നു ജൂഡിത് ബട്‌ലർ വാദിച്ചു. മതം, വൈദ്യശാസ്ത്രം, നിയമവ്യവസ്ഥ തുടങ്ങിയ വ്യവഹാരങ്ങളുടെ നിർമ്മിതിയാണ് ആണത്തവും പെണ്ണത്തവും എന്ന ഫൂക്കോവിയൻ ദർശനത്തിന്റെ അന്തർധാരയായി ലൈംഗികത ചരിത്രപരമായി നിർമ്മിക്കപ്പെട്ടതാണെന്ന ആശയം നിലകൊള്ളുന്നു.

പെണ്ണായി ജനിക്കുകയല്ല, പെണ്ണായിത്തീരുകയാണ് (സീമോൺ ദ ബുവ്വേ) എന്ന വാദത്തിന്റെ തിരിഞ്ഞുനോട്ടം ഭിന്ന ലൈംഗികതയ്ക്കുമേലടക്കം വ്യക്തിയുടെ ലൈംഗിക സ്വത്വത്തിനു മേൽ ചരിത്രപരമായി നടത്തപ്പെട്ട അധീശത്വത്തിലേക്കും ഇല്ലാതാക്കലുകളിലേക്കും വിരൽചൂണ്ടും. ലൈംഗികതയുമായി ബന്ധപ്പെട്ട ജൈവികചോദനകളെ മറികടക്കാനുള്ള സാമൂഹിക സദാചാര ധാർമ്മിക ഗുണപാഠങ്ങളിൽ ഭിന്നലൈംഗികതയെ റദ്ദ് ചെയ്യാനുള്ള സമ്മർദ്ദവും ഉൾപ്പെട്ടിട്ടുണ്ട്. ദേശ-രാഷ്ട്ര സങ്കല്പത്തിലും മറ്റ് പൊതുവിടങ്ങളിലും മൂന്നാംലിംഗത്തെ സമഭാവനയോടെ സ്ഥാനപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നിട്ടില്ല. സന്താനോൽപ്പാദനം രാഷ്ട്രവളർച്ചക്കും തുടർച്ചക്കും ആവശ്യമായ പ്രക്രിയ ആയതുകൊണ്ടും തലമുറ ജീവിതസങ്കല്പം പൊതുധാരയായി നിലനിൽക്കുന്നതുകൊണ്ടും ആൺ-പെൺ സഹജീവനത്തെ ലൈംഗിക ശരീരങ്ങൾ തമ്മിലുള്ള കൂടിച്ചേരലായാണ് സമൂഹസ്ഥാപനങ്ങൾ വ്യാഖ്യാനിക്കാറുള്ളത്. തന്റെ ലൈംഗിക സ്വത്വത്തിനുമേലുള്ള വ്യക്തിയുടെ തെരഞ്ഞെടുപ്പ് ഇല്ലാതാക്കിയും മുൻ നിശ്ചയിക്കപ്പെട്ട ധാരണകൾ പരോക്ഷ പ്രത്യക്ഷേണ നൽകി സാംസ്‌കാരികമായി നിർമ്മിച്ചും വ്യക്തിയുടെ മേൽ സാമൂഹിക സ്ഥാപനങ്ങൾ മേൽക്കൈ നേടുന്നു. ഒന്നിച്ചിരുന്നും കളിപറഞ്ഞും പ്രണയിച്ചും മാനസികോർജം വിനിമയം ചെയ്ത് ജീവിക്കുന്ന രണ്ട് വ്യക്തികൾക്ക് ശരീരങ്ങൾ പങ്കുവെക്കാതെ കഴിയാൻ സാധിക്കുമെന്നതുകൂടി ഉൾച്ചേർന്നാണ് ഭിന്നലൈംഗിക ദർശനവും രാഷ്ട്രീയവും വികസിച്ചുവരുന്നത്. സാമ്പ്രദായിക കുടുംബഘടനയും സാമൂഹ്യ സ്ഥാപനങ്ങളും അരികുവൽക്കരിച്ചും ഒറ്റപ്പെടുത്തിയും അവഗണിച്ചും പുറന്തിരിഞ്ഞുനിന്ന ഇടങ്ങളിലേക്ക് ഇന്ത്യൻ സിനിമയുടെ ക്യാമറ കടന്നുചെല്ലുന്നു എന്നതുകൂടിയാണ് ഈ ചലച്ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്'.

'രണ്ടുപെൺകുട്ടികൾ', 'ദേശാടനക്കിളി കരയാറില്ല', 'സഞ്ചാരം', 'വെളുത്തരാത്രികൾ' എന്നീ നാലു സിനിമകളിൽ മലയാളം ലെസ്‌ബിയൻ ബന്ധങ്ങളെ ചിത്രീകരിച്ചതിന്റെ അരാഷ്ട്രീയവും രാഷ്ട്രീയവും വിശകലനം ചെയ്യുന്നു മറ്റൊരു ലേഖനം. 'ലെസ്‌ബിയനിസത്തിലെ രാഷ്ട്രീയമായ അന്വേഷണങ്ങളാണ് അതിനെ ലൈംഗികതയുമായി ബന്ധപ്പെട്ടുമാത്രം നിലനിൽക്കുന്നത് എന്ന ധാരണയെ തിരുത്തിയത്. സമൂഹ അബോധത്തിൽ നിലനിൽക്കുന്ന പുരുഷബോധമേൽക്കോയ്മകൾക്കു നേരെയുള്ള ഒരു പ്രതിരോധംകൂടിയായി അത് വളർന്നുവരികയും ലൈംഗിക ബന്ധത്തിൽപോലും പ്രവർത്തിക്കുന്ന പുരുഷസങ്കൽപ്പത്തിലെ കരുത്തിന്റെയും സമൂഹത്തിൽ നിലനിൽക്കുന്ന പുരുഷമേലധികാര ബന്ധത്തിന്റെയും രാഷ്ട്രീയ പ്രതിരോധത്തെക്കൂടി അത് ഉൾവഹിക്കുകയും ചെയ്യുന്നുണ്ട്. അധികാര മനോഭാവത്തെ പ്രതിസ്ഥാനത്ത് നിർത്തി വിചാരണക്കെടുക്കാൻ ലെസ്‌ബിയൻ രാഷ്ട്രീയത്തിലെ വ്യാഖ്യാനങ്ങൾക്ക് സാധിക്കുന്നുണ്ട്. ലൈംഗികതയിലെ പുരുഷമേൽക്കോയ്മാ രാഷ്ട്രീയത്തെ അത് നിരാകരിക്കുകയും പുരുഷന്റെ അധികാര മണ്ഡലത്തെ പുറന്തള്ളി പുതിയ സാമൂഹിക സമ്പ്രദായത്തെ സൂചിപ്പിക്കുകയും ചെയ്യുന്നു. സ്ത്രീവാദ കാഴ്ചപ്പാടിലൂടെയാണ് ലെസ്‌ബിയനിസത്തിന്റെ വികാസം സാധ്യമാവുന്നത്. സാമൂഹികകാരണങ്ങളാൽ നിർമ്മിക്കപ്പെടുന്ന വ്യക്തി സങ്കൽപ്പങ്ങളെ അട്ടിമറിക്കുവാനായി വ്യത്യസ്തവും സ്വയം നിർമ്മിതവുമായ ഒരു ലൈംഗിക സ്വത്വം ഉണ്ടാക്കിയെടുക്കുക എന്ന നിലയിലാണ് കിറ്റിസിംഗർ ലെസ്ബിനിസത്തെ കാണുന്നത് (The social construction of Lesbianism). സാമ്പ്രദായിക സ്ത്രീ-പുരുഷ ബന്ധങ്ങളിലെ മേൽ സൂചിപ്പിച്ച അധികാരബന്ധങ്ങൾക്കുള്ള ബദൽ എന്നതുമാത്രമല്ല ഇതിനെ പ്രസക്തമാക്കുന്നത്. ലെസ്‌ബിയനിസത്തിന്റെ കർതൃത്വം സ്ത്രീക്കാണ് എന്നതും ബന്ധത്തിലെ ഉടമ ഭാവത്തെ നിഷേധിക്കുന്നതും അതിനെ പ്രസക്തമാക്കുന്നു. ലൈംഗിക സംതൃപ്തിക്കും പ്രത്യുൽപ്പാദനത്തിനും പുരുഷന്റെ ആവശ്യം സ്ത്രീക്കു വേണ്ടിവരും എന്നാൽ അതൊരു അനിവാര്യതയായി ലെസ്‌ബിയനുകൾ കരുതുന്നില്ല എന്ന് മാത്രമല്ല, സ്ത്രീപുരുഷ ലൈംഗിക ബന്ധം ലൈംഗിക പ്രക്രിയയിലെ ഒരു സമ്പ്രദായം മാത്രമാണെന്നും അവർ വാദിക്കുന്നു. കുടുംബ ഘടനക്കകത്തെ സ്ത്രീപദവി ആൺബോധ അധീശവ്യവഹാരത്തിനകത്ത് പ്രവർത്തിക്കുന്ന ഒന്നാണ് എന്ന സ്ത്രീബോധ കാഴ്ചപ്പാടുകളുടെ വികാസം കൂടിയാണ് പെൺ സഹയാത്രാ സഹജീവനം എന്ന ചിന്തയുടെ സാധ്യതകളിൽ ഒന്ന്. സാമ്പ്രദായിക കുടുംബ ഘടനക്കുള്ളിലെ അധികാര ബന്ധത്തിനുള്ളിൽ നിന്നുള്ള പുറത്തുകടക്കൽ കൂടിയാണ് പെൺ സഞ്ചാരത്തിന്റെയും കൂട്ടുജീവിതത്തിന്റെയും ഈ വഴി. ആൺബോധം എന്ന പരമ്പരാഗത ആശയ അബോധം പൊതുബോധത്തിൽ നേടുന്ന മേൽക്കോയ്മ എന്ന അർത്ഥത്തിൽ അധീശവർഗത്തിന്റെ ബോധമെന്ന ഹെജിമണിക്കെതിരെയുള്ള രാഷ്ട്രീയം കൂടിയായി ലെസ്‌ബിയൻ രാഷ്ട്രീയത്തെ തിരിച്ചറിയേണ്ടതുണ്ട്. ലൈംഗികതയിലധിഷ്ഠിതമായ സ്വാതന്ത്ര്യങ്ങൾ ബന്ധങ്ങൾ എന്നതിലുപരി സ്ത്രീയുടെ വ്യക്തിത്വവും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സാമൂഹിക ക്രമത്തെപ്പറ്റിയുള്ള അന്വേഷണങ്ങളും പുതുവഴിതേടലുമൊക്കെയായി പെൺകൂട്ടുകളെ സംബന്ധിച്ച രാഷ്ട്രീയം അതിന്റെ തുറസ്സുകൾ അന്വേഷിക്കുന്നു.

പാശ്ചാത്യസമൂഹത്തിൽ ലെസ്‌ബിയൻ സാമൂഹിക ക്രമങ്ങളും സിനിമകളും കുറവല്ല. ഇന്ത്യൻ സിനിമ സമീപകാലത്താണ് ഈ വിഷയം അന്വേഷിച്ചത് എന്ന് പറയാം. ദീപാ മേത്ത സംവിധാനം ചെയ്ത ഫയർ (1996), കരൺ റസ്ദീൻ സംവിധാനം ചെയ്ത ഗേൾഫ്രണ്ട് (2004), രാജ് അമിത് കുമാറിന്റെ ബ്ലമിഷിങ്ങ് ലൈറ്റ് (2014) എന്നിവയാണ് ലെസ്‌ബിയനിസം പ്രമേയമാക്കിയ ഇന്ത്യൻ സിനിമകൾ'.

ലൈംഗികസദാചാരത്തിന്റെയും കുടുംബഭദ്രതയുടെയും മൂർത്തരൂപകങ്ങളായി മാത്രം മലയാളസിനിമ സൃഷ്ടിച്ച സ്ത്രീയുടെ പ്രതിനിധാനങ്ങളെക്കുറിച്ചാണ് വേറൊരു ലേഖനം. 'നീലക്കുയിൽ' മുതൽ രഞ്ജിത്‌സിനിമകൾ വരെയുള്ളവ മുൻനിർത്തി ഈ വിഷയം പഠിക്കുന്ന റാഫി പത്മരാജനും ശ്യാമപ്രസാദും മറ്റും സൃഷ്ടിച്ച ചില ഭിന്നസ്ത്രീസ്വത്വങ്ങളെ വേറിട്ടെടുത്തുകാട്ടുന്നു. റീമാകല്ലിങ്കലിനെ വിഗ്രഹവൽക്കരിക്കുന്ന തിരക്കിൽ, സദാചാരവാർപ്പുമാതൃകകൾ തച്ചുടച്ച സ്ത്രീകഥാപാത്രങ്ങളെ ഭേദപ്പെട്ട രീതിയിൽ ചിത്രീകരിച്ച കെ.ജി. ജോർജും ടി.വി. ചന്ദ്രനും ഈ പഠനത്തിൽ ഉൾപ്പെടാതെ പോകുന്നു എന്നത് വിസ്മയകരമാണ്. 'മുഖ്യധാരാ ജനപ്രിയ സിനിമകൾ പരിശോധിച്ചാൽ വ്യക്തമാവുന്ന ഒരു കാര്യം വ്യാജമായ സദാചാരബോധങ്ങളെയും കുടുംബഘടനയെയും ഉറപ്പിച്ചു കയ്യടി വാങ്ങാനുള്ള ഒരു ശ്രമമാണ് അവ നടത്തിയത് എന്നുള്ളതാണ്. കുടുംബം, ദാമ്പത്യം, സ്ത്രീ-പുരുഷബന്ധങ്ങൾ, കാമനകൾ, പ്രണയം, ലൈംഗികത തുടങ്ങിയവയെ സംബന്ധിച്ച് സമൂഹത്തിൽ രൂഢമൂലമായിപ്പോയ മൂല്യബോധസങ്കൽപ്പങ്ങളെയും പാപവിചാരങ്ങളെയും കപട സദാചാരബോധങ്ങളെയും ഉറപ്പിക്കുകയെന്ന ധർമമാണ് മലയാളസിനിമ അടുത്തകാലം വരെ ചെയ്തത്. ന്യൂ ജനറേഷൻ-മൾട്ടിപ്ലക്‌സ് സിനിമകളാണ് ഒരു പരിധിവരെ ഇതിന് അപവാദമായി നിലകൊള്ളുന്നത്'.

മലയാളത്തിൽ മാത്രമല്ല, ഇന്ത്യൻഭാഷകൾ പലതിലും സമീപകാലത്തു രൂപം കൊണ്ടിട്ടുള്ള നവസിനിമാസംസ്‌കാരത്തിന്റെ അടിസ്ഥാനസൗന്ദര്യശാസ്ത്രം പ്രാദേശിക, കീഴാള, ദലിത് പ്രതിരോധരാഷ്ട്രീയങ്ങളെ സമീകരിക്കുന്നുവെന്ന നിരീക്ഷണം മുന്നോട്ടുവയ്ക്കുന്നു, രണ്ടു ലേഖനങ്ങൾ. താരമൂല്യത്തിന്റെയും കെട്ടുകാഴ്ചയുടെയും സമവാക്യങ്ങൾ തിരുത്തിയെഴുതി, റിയലിസ്റ്റിക്-നിയോ റിയലിസ്റ്റിക് ആഖ്യാനകല പിന്തുടർന്നും ജനപ്രിയസംസ്‌കാരത്തിന്റെ പുതിയ രാഷ്ട്രീയം എഴുതിച്ചേർത്തും നവസിനിമ സൃഷ്ടിച്ച വഴിമാറ്റങ്ങൾ മലയാളം, തമിഴ് സിനിമകളുടെ വിശദമായ ചർച്ചയിലൂടെ റാഫി ചൂണ്ടിക്കാണിക്കുന്നു. സുബ്രഹ്മണ്യപുരം, പരുത്തിവീരൻ, കാക്കാ മുട്ടൈ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകം നടത്തിയ ദലിത്-പ്രാദേശിക ജീവിതാഖ്യാനങ്ങൾ അടിസ്ഥാനപരമായി ഭൂമിയുടെ രാഷ്ട്രീയം കൂടിയായി മാറുകയായിരുന്നു. ദേശീയത, ആഗോളവൽക്കരണം, കോർപ്പറേറ്റ് മുതലാളിത്തം, ബ്രാഹ്മണ്യം, വിപണി തുടങ്ങിയവയൊക്കെ പലനിലകളിൽ തമസ്‌കരിക്കുന്ന കീഴാളതയുടെ കൊടിയടയാളങ്ങളായി മാറി, ഈ സിനിമകൾ. മലയാളത്തിലും കമ്മട്ടിപ്പാടം തൊട്ടുള്ള ഒരുപറ്റം സിനിമകളിൽ ഈ രാഷ്ട്രീയം അതിന്റെ ഭൂമിക രൂപപ്പെടുത്തി. 'പതിനൊന്നാം സ്ഥലം', 'നെഗലുകൾ', 'അവൾക്കൊപ്പം', 'കരി', 'ഒഴിവുദിവസത്തെ കളി', 'ക്രൈം നമ്പർ 89', 'ആറടി', 'മാൻഹോൾ', 'ശവം', 'രണ്ടുപേർ ചുംബിക്കുമ്പോൾ....' സമകാല മലയാള സമാന്തരസിനിമ സൃഷ്ടിച്ച മണ്ണിന്റെയും പെണ്ണിന്റെയും ഉടലിന്റെയും ഉയിരിന്റെയും ദലിതന്റെയും ആദിവാസിയുടെയും പുറമ്പോക്കിന്റെയും കുറ്റവാളിയുടെയും പ്രാണസങ്കടങ്ങളുടെ കഥ പറയുന്നു, റാഫി.

തൊണ്ണൂറുകളിലെ മലയാളസിനിമ പ്രത്യക്ഷവൽക്കരിച്ച ഹൈന്ദവപുനരുത്ഥാനത്തെക്കുറിച്ച് നിരവധി പഠനങ്ങൾ മുൻപും വന്നിട്ടുണ്ട്. ഗ്രാംഷിയുടെ 'ഹെജിമനി'യെ സാംസ്‌കാരിക അധീശത്വം എന്ന നിലയിൽ വിശദീകരിച്ചുകൊണ്ട് കലാഭവൻ മണിയുടെ ചലച്ചിത്രപ്രതിനിധാനങ്ങളെക്കുറിച്ചും പ്രിയദർശൻ, രഞ്ജിത്, ഷാജികൈലാസ് (ജയരാജിനെ വിട്ടുപോയി, റാഫി) തുടങ്ങിയവരുടെ സവർണഹിന്ദുനായകബിംബങ്ങളെക്കുറിച്ചും മുസ്ലിങ്ങൾ നേരിടുന്ന പിശാചവൽക്കരണത്തെക്കുറിച്ചും മൂന്നുദിശകളിൽ റാഫി തന്റെ പഠനം മുന്നോട്ടുകൊണ്ടുപോകുന്നു. ഹിന്ദുത്വവൽക്കരണത്തിന്റെ ഇരുകൈവഴികളാണ് ദലിതരുടെ തമസ്‌കരണവും മുസ്ലിമിന്റെ ഡെമണൈസേഷനും. ബ്രാഹ്മണ പുനരുത്ഥാനവാദത്തിന്റെയും ഹിന്ദുത്വദേശീയതയുടെയും ഒപ്പം നിൽക്കുന്ന മുസ്ലിമേ യഥാർഥ മുസ്ലിമാകൂ എന്നു സ്ഥാപിക്കുന്നതിൽ മുഖ്യധാരാ ഇന്ത്യൻ സിനിമയും ഈ നിലപാടുതന്നെയാണു സ്വീകരിക്കുന്നത്.

'മലയാളസിനിമ മുസ്ലിമിനോടു ചെയ്തത്' എന്ന ലേഖനം ഈ ചർച്ച കുറെക്കൂടി മുന്നോട്ടു കൊണ്ടുപോകുന്നു. 'ധ്രുവം' മുതൽ 'സുഡാനി ഫ്രം നൈജീരിയ' വരെ, നാലുസിനിമകളെ മുൻനിർത്തി, മുസ്ലിമിനെ അപകടകരമാംവിധം അന്യവൽക്കരിച്ചും അപരവൽക്കരിച്ചും മുന്നേറിപ്പോന്ന മലയാളസിനിമയിൽ അടുത്തിടെ കാണുന്ന ഇസ്ലാമിന്റെ ചില പുനഃസംഘടനകളെക്കുറിച്ച് റാഫി പ്രത്യാശയോടെ സംസാരിക്കുന്നു. ദേശീയതയുടെ അപരമായി പ്രാദേശികതയും ഈ സിനിമകളിൽ സംഗതമാകുന്നു. 'ജനസംഖ്യാനുപാതികമായ പ്രതിനിധാന ജീവിതാഖ്യാനങ്ങളെന്ന നിലയ്ക്കുള്ള നീതിപോലും മലയാളസിനിമ ചില വിഭാഗങ്ങളോട് ഇന്നേവരെ ചെയ്തിട്ടില്ല. ഇരുപത്തിയാറ് ശതമാനം വരുന്ന കേരള മുസ്ലിങ്ങളും ഇരുപത്തൊന്ന് ശതമാനം വരുന്ന ഈഴവരുമൊന്നുമായിരുന്നില്ല മലയാള സിനിമയിലെ നായകശരീരത്തിന്റെ പ്രതിനിധാനങ്ങൾ. അവർ പന്ത്രണ്ടു ശതമാനം വരുന്ന നായന്മാരുടേതും ഒരു ശതമാനം വരുന്ന ബ്രാഹ്മണരുടേതും വീരഗാഥകളാണ് പറഞ്ഞത്. അവരുടെ ജീവിതം വർണ്ണപൊലിമയോടെയും കെട്ടുകാഴ്ചയോടെയും അവതരിപ്പിക്കാൻ മറ്റെല്ലാ വിഭാഗങ്ങളുടെയുംമേൽ അനഭിലഷണീയമായ പ്രവണതകളുടെ ഭാരം മുഴുവൻ കയറ്റിവെയ്ക്കുകയാണ് മലയാള സിനിമ ചെയ്തത് എന്ന് ചുരുക്കം'.

ഒരുപറ്റം സിനിമകളെ മുൻനിർത്തി ഒരു പ്രമേയം ചർച്ചചെയ്യുമ്പോഴാകട്ടെ, ഒറ്റസിനിമകളെക്കുറിച്ചെഴുതുമ്പോഴാകട്ടെ, റാഫിക്കു നിയതവും കൃത്യവും സൂക്ഷ്മവുമായ ചില നിലപാടുകളുണ്ട്.

  1. സിനിമക്കു കൈവരേണ്ട ജീവിതബന്ധമാണ് അവയിൽ ഏറ്റവും പ്രധാനവും പ്രാഥമികവും. സിനിമ ജീവിതംപോലെയാണെന്നല്ല, ജീവിതം സിനിമപോലെയാണെന്നാണ് (വാൾട്ടർ വിഞ്ചെലിനെപ്പോലെ) റാഫിയും വിശ്വസിക്കുന്നത്. അതെക്കുറിച്ചുള്ള ആരായലുകളാണ് റാഫിയുടെ ചലച്ചിത്രപഠനങ്ങൾ മിക്കതും.
  2. 'സംവിധായകന്റെ കല'യെന്ന നിലയിൽ സിനിമക്കു കൈവരുന്ന കർതൃനിഷ്ഠതയും സർഗസാധ്യതകളും സംബന്ധിച്ച കാഴ്ചപ്പാടുകളാണ് മറ്റൊന്ന്. കലാസിനിമയാകട്ടെ, കച്ചവടസിനിമയാകട്ടെ, സംവിധായകനെ കേന്ദ്രീകരിച്ചാണ് റാഫിയുടെ ചലച്ചിത്രവിചാരങ്ങൾ രൂപപ്പെടുക.
  3. റിയലിസത്തോടടുക്കുന്ന ആഖ്യാനത്തിലെ ഭാവബന്ധങ്ങളെക്കുറിച്ച് നിരന്തരമന്വേഷിക്കുന്ന ഒരു കലാവിചാരരീതി റാഫി പിന്തുടരുന്നുണ്ട്. ആധുനിക കലാ-കച്ചവടസിനിമകളോട് ഒരുപോലെ വിയോജിക്കുന്ന സമീപകാല ഇന്ത്യൻസിനിമയുടെ മൂന്നാംവഴി തിരിച്ചറിയുന്നതിൽ ഇതാണ് റാഫിയുടെ രീതിശാസ്ത്രം.
  4. എന്തൊക്കെ പറയുമ്പോഴും, വിപണികലയെന്ന നിലയില്ലാതെ സിനിമയെ കാണാൻ കഴിയില്ല എന്നു റാഫിക്കറിയാം. അതിന്റെ തോതും മാനവും മാറിവരാം എന്നു മാത്രം. പക്ഷെ അപ്പോഴും ജനപ്രിയങ്ങളായ പൊതുബോധങ്ങളോടു കലഹിക്കുന്ന വിമതരാഷ്ട്രീയങ്ങളെയാണ് റാഫി തന്റെ പഠനങ്ങൾക്കു ഭൂമികയാക്കുന്നത്.
  5. ജാതി, മത, ലിംഗ, ദേശ, വർഗ സ്വത്വങ്ങളുടെ ദൃശ്യപാഠങ്ങൾ എന്ന നിലയിൽ സിനിമക്കു കൈവന്ന സാമൂഹികതയാണ് അടിസ്ഥാനപരമായി ഈ വിമർശനങ്ങളുടെ രാഷ്ട്രീയാബോധമായി മാറുന്നത്. ഘടനാവാദാനന്തര, സാംസ്‌കാരികപഠനങ്ങളുടെ രീതിപദ്ധതിയിൽ തന്റെ ചലച്ചിത്രനിരൂപണം ചിട്ടപ്പെടുത്തുന്നതിൽ റാഫിക്കുള്ള ജാഗ്രതയുടെ കേന്ദ്രതത്വവും ഇതുതന്നെയാണ്.

ഈ പഞ്ചശീലതത്വങ്ങളിൽ ഉറച്ചുനിന്നാണ് ഈ പുസ്തകത്തിലെ ഓരോ ലേഖനവും റാഫി അവതരിപ്പിക്കുന്നത്. പല ലേഖനങ്ങളിലും സാഹിത്യവുമായി സിനിമക്കുള്ള പാഠാന്തരബന്ധങ്ങൾ ചർച്ചക്കെടുക്കുന്നുണ്ടെങ്കിലും ചലച്ചിത്രപഠനം സാഹിത്യപഠനമായി മാറുന്ന പതിവുരീതി മറികടക്കുന്നുണ്ട് റാഫി. സിനിമയുടെ ഭാഷ തിരിച്ചറിയുക എന്നതാണല്ലോ സിനിമാപഠനത്തിന്റെ ഒന്നാം പാഠംതന്നെ. റാഫിക്ക് അതിനു കഴിയുന്നുണ്ട്. എന്നുമാത്രവുമല്ല, ദേശം, കാലം എന്നിവയെ മുൻനിർത്തിയും ചരിത്രത്തെ ആധാരമാക്കിയും ചലച്ചിത്രകലയുടെ രാഷ്ട്രീയ സൗന്ദര്യശാസ്ത്രം തന്റെ പഠനത്തിന്റെ അടിത്തറയാക്കാനും റാഫിക്കു കഴിയുന്നു. അതുവഴി സമകാല സാംസ്‌കാരിക പഠനങ്ങളുടെയും ചലച്ചിത്രവിമർശനത്തിന്റെയും മണ്ഡലത്തിന് ഈ നിരൂപകൻ നൽകുന്ന ശ്രദ്ധേയമായ സംഭാവനയാകുന്നു, 'കന്യകയുടെ ദുർനടപ്പുകൾ'.

പുസ്തകത്തിൽ നിന്ന്:-

'1987ൽ പുറത്തിറങ്ങിയ അടിവേരുകൾ എന്ന സിനിമയിലെ ബാലകൃഷ്ണൻ (മോഹൻലാൽ) സുഹൃത്തിനോടു പറയുന്നത് ഇങ്ങിനെയാണ്: എന്നെക്കാൾ മാർക്ക് കുറവായിരുന്നിട്ടും നിനക്ക് ഈ ജോലി കിട്ടി. ഒരു നായരായി ജനിച്ചതിൽ എന്നോടുതന്നെ വെറുപ്പുതോന്നിയ സന്ദർഭമായിരുന്നു അത്. സംവരണത്തെ പ്രതിസ്ഥാനത്തു നിർത്തുന്ന വേറെയും സവർണ സിനിമകളുണ്ടായിട്ടുണ്ട്. മയൂഖം (റാങ്കുണ്ടായിട്ടും ജാതി തോല്പിച്ചുകളഞ്ഞ ഉണ്ണി കേശവൻ എന്നാണ് പ്രസ്തുത സിനിമയിലെ അച്ഛൻ നമ്പൂതിരിയുടെ മകനെക്കുറിച്ചുള്ള ആത്മഗതം), അടൂർ ഗോപാലകൃഷ്ണൻ അവസാനം ചെയ്ത പിന്നെയും ഒക്കെ ഈ ഗണത്തിൽ പെടും. ടി.പി. ബാലഗോപാലൻ എം.എ. (സത്യൻ അന്തിക്കാട്) എന്ന ചിത്രത്തിൽ ലാൽ അവതരിപ്പിക്കുന്ന കഥാപാത്രം ജോലി ലഭിക്കാത്തതിനെ സംബന്ധിച്ച് പറയുന്നത് ഒന്നുകിൽ സ്‌ട്രോംഗ് റെക്കമെന്റേഷൻ വേണം, അല്ലെങ്കിൽ പിന്നാക്കക്കാരനായിരിക്കണം, പെട്ടെന്ന് ഇപ്പോൾ പിന്നാക്കക്കാരനാകാൻ പറ്റില്ലല്ലോ എന്നാണ്. മധ്യവർഗ്ഗ തിരുവിതാംകൂർ മുന്നോക്ക പീഡിത നായർ യുവാവായി മലയാള സിനിമ ഇവിടെ വേഷം മാറുന്നു. അതുവഴി ജാതിവാദ പരിസരത്ത് കടന്നിരിക്കുകയും സാമൂഹിക സഹതാപം നേടുകയും ചെയ്യുന്നു. സാമൂഹികവും ചരിത്രപരവുമായ കാരണങ്ങളാൽ പിന്നാക്കമായിപ്പോയവരെ മുഖ്യധാരയിലേക്കും പൊതുഇടത്തിലേക്കും പ്രവേശിപ്പിച്ച് ജനാധിപത്യപ്രക്രിയക്കും പ്രാതിനിധ്യത്തിനും പിൻബലമേകാൻ കൊണ്ടുവന്ന സംവരണം മൂലമാണ് മുന്നോക്കവിഭാഗം പീഡിതാവസ്ഥയിലേക്ക് വഴിമാറിപ്പോയതെന്ന മണ്ഡൽ വിരുദ്ധ സമവാക്യങ്ങൾക്ക് പശ്ചാത്തലമൊരുക്കുകയാണ് ഇത്തരം സിനിമകളുടെ ലക്ഷ്യങ്ങളിലൊന്ന്. കേരളം പിൽക്കാലത്ത് രൂപീകരിച്ച മുന്നോക്കത്തിലെ പീഡിത പിന്നാക്ക വിഭാഗ അജണ്ടയ്ക്ക് കനത്ത സംഭാവനയാണ് ഇത്തരം സിനിമകൾ നൽകിയത്. മൊത്തം ജനസംഖ്യയിൽ എട്ട് ശതമാനം മാത്രം വരുന്ന നായർ വിഭാഗത്തിന്റെ രണ്ടോ മൂന്നോ ഇരട്ടി സർക്കാർ ജോലി വിഭാഗത്തിൽ ഉള്ളപ്പോഴും മേലാഫീസർ ജോലിക്ക് ജന്മം കൊണ്ടുതന്നെ അവരാണ് അതിന് യോഗ്യർ എന്ന അബോധം സിനിമയിൽ ഉൾച്ചേർന്നു. പ്രത്യക്ഷ കീഴാള വിരുദ്ധത എഴുതിവെച്ച മറ്റൊരു സിനിമക്ക് ഉദാഹരണമാണ് ഫോട്ടോഗ്രാഫർ. അതിലൊരു സംഭാഷണം ഇങ്ങിനെയാണ്. നമ്മുടെ തോട്ടത്തിലെ പഴയ പണിക്കാരൻ കുമാരേട്ടന്റെ മോനില്ലേ പ്രകാശൻ... അപ്പച്ചനാ അവനെ സ്‌കൂളിൽവിട്ടു പഠിപ്പിച്ചത്. ജോസിച്ചായൻ ചെല്ലുമ്പോൾ അവനാ അവിടെ മേലുദ്യോഗസ്ഥൻ. റിസർവേഷന്റെ ദൂഷ്യം. ഇവരെയൊക്കെ സല്യൂട്ട് അടിച്ചേച്ച് കിട്ടുന്ന കാശ് നമുക്ക് എന്നാത്തിനാ. സംവരണത്തിലൂടെ മേലുദ്യോഗസ്ഥ പദവിയിൽ നാമമാത്രമായി അവരോധിക്കപ്പെട്ട കീഴാള ദളിത് വിഭാഗത്തെ പ്രതിസ്ഥാനത്ത് നിർത്തുന്ന ധാരാളം സൂത്രവാക്യങ്ങൾകൊണ്ടു തുന്നിച്ചേർത്തതാണ് പല മുഖ്യധാരാ മാർക്കറ്റ് സിനിമകളുടെ തിരക്കഥാ സംഭാഷണങ്ങളും. മധ്യവർഗ്ഗ തിരുവിതാംകൂർ നായർ പുരുഷനോ നായർ പുരുഷനിലേക്ക് സമീകരിച്ച ഇതര ജാതിക്കാരോ ആയാണ് മലയാള സിനിമയെ ഇക്കാലങ്ങളിൽ ഭാവന ചെയ്തിരുന്നത്. നായകസങ്കൽപത്തിലെ പൂർണതയ്ക്ക് അനിവാര്യമെന്നോണം സിനിമയുടെ അബോധം പ്രതിപ്രവർത്തിക്കുകയായിരുന്നു.

ദളിത്/മുസ്ലിം/ഈഴവ പുരുഷൻ-സ്ത്രീ മുഖ്യഭാവനയായി വന്നാൽ നായകസങ്കൽപ പൂർണതയ്ക്ക് ലക്ഷണമൊക്കില്ല എന്ന പ്രശ്‌നംകൂടി സിനിമ അഭിമുഖീകരിച്ചിരുന്നു. ജഗന്നാഥൻ, തമ്പുരാൻ, അയ്യർ, മന്നാഡിയാർ, നീലകണ്ഠൻ തുടങ്ങിയ നായകശരീരത്തിലേക്ക് കലാഭവൻ മണിയുടെ ശരീരവും ഭാവഹാവാദികളും മലയാള സിനിമക്ക് പാകമാകാത്തത് ഇതിനോട് ചേർത്തുവായിക്കണം. മണി അനശ്വരമാക്കിയെന്ന് ചിലർ പറയുന്ന ഒരു കഥാപാത്രം രാക്ഷസരാജാവിലെ ഗുണശേഖരന്റേതാണ്. വിദ്യാഭ്യാസവും എക്‌സൈസും ഒരുമിച്ച് കൈകാര്യം ചെയ്യുന്ന സംസാരിക്കാൻ വിക്കുള്ള വാ തുറന്നാൽ അഴിമതി നടത്തി കാശുണ്ടാക്കുന്നതിനെപ്പറ്റി മാത്രം സംസാരിക്കുന്ന കീഴാള പ്രാതിനിധ്യമാണ് ഈ കഥാപാത്രം. നീയൊക്കെ മന്ത്രിയായത് നിന്റെ തെറ്റല്ല. ജനങ്ങളുടെ തെറ്റാണ് എന്നാണ് മമ്മൂട്ടിയുടെ പൊലീസ് ഓഫീസർ ഗുണശേഖരനോട് പറയുന്നത്. ഗുണശേഖരൻ ഭാര്യക്ക് കുളിക്കാൻ 500 ബോട്ടിൽ മിനറൽ വാട്ടർ ഓർഡർ ചെയ്യുന്നുണ്ട്. എന്നിട്ടും ഭാര്യ വെളുക്കുന്നില്ലെന്നത് അയാളുടെ പരാതിയാണ്. കൂട്ടത്തിൽ ഭാര്യ കുളിക്കാൻ തുടങ്ങിയതുതന്നെ താൻ മന്ത്രിയായതിനുശേഷമാണെന്ന് അയാൾ പറയുന്നു. കീഴാളൻ മന്ത്രിയായാലുള്ള ആപത്തിനെ ഗ്ലോറിഫൈ ചെയ്തു സംസാരിക്കുകയും അയാളുടെ നിറത്തെയും പാരമ്പര്യത്തെയും അപമാനിക്കുകയും ചെയ്യുകയാണ് ഇത്തരം സിനിമകളുടെ കഥാപാത്ര ഭാവനകൾ. ഐ.വി. ശശി സംവിധാനം ചെയ്ത 1921ൽ പട്ടുമെത്ത കണ്ടപ്പോൾ തുള്ളിച്ചാടിയ പപ്പു അവതരിപ്പിച്ച കീഴാള പ്രാതിനിധ്യത്തിന്റെ തുടർച്ചകളായി ഇത്തരം കഥാപാത്ര നിർമ്മിതികൾ മാറുന്നു. ഇന്ദുചൂഡൻ, നീലകണ്ഠൻ, ജോസഫ് അലക്‌സ്, മാധവനുണ്ണി, സേതുരാമയ്യർ തുടങ്ങിയ ധീരോദാത്ത പ്രഭാവാനായ ഉത്തമനായകന്റെ ശരീരം കലാഭവൻ മണിയിലേക്ക് പരകായപ്രവേശം നടത്താൻ മലയാള സിനിമ വിസമ്മതിച്ചതിനു പിന്നിലുള്ള രാഷ്ട്രീയം കൂടിയാണ് സിനിമയിലെ ബ്രാഹ്മണ്യബോധം. മണിയുടെ ശരീരനിറത്തിനും ദ്രാവിഡ താളത്തിന്റെ തുറന്നുപാട്ടിനും പുറംതിരിഞ്ഞുനിൽക്കുന്നതായിരുന്നു മുഖ്യധാരാ മലയാള സിനിമാഭാവനയുടെ സൗന്ദര്യശാസ്ത്രം. പൂവള്ളിയിലെയും അറയ്ക്കലെയും മനകളിൽ സങ്കല്പിച്ചെടുത്ത നായികാശരീരങ്ങളും മണിയുടെ എത്‌നിക് ശരീര യാഥാർത്ഥ്യവും തമ്മിലുള്ള ഇക്വേഷൻ എന്ന ദ്വന്ദ്വം സങ്കല്പിച്ചെടുക്കുക മലയാളസിനിമക്ക് സാധ്യമാവുന്ന ഒന്നായിരുന്നില്ല. അവരുടെ നിറം ശ്യാമമേഘത്തിന്റെ ചെടിപ്പ് കലർന്ന വഴുവഴുക്കലാണ്. അത് മണിയുമായി ഒരിക്കലും മെയ്ഡ് ഫോർ ഈച്ച് അദർ ആവുകയേ ഇല്ല. സിനിമയിലായാലും, ജീവിതത്തിലായാലും മണിക്ക് നൂറ്റൊന്ന് വെറ്റില നൂറുതേച്ചു നൽകാനും, ഓട്ടുകിണ്ടിയിൽ വെള്ളമെടുത്തു നൽകാനും, നൃത്തം ചവിട്ടി ചിലങ്ക പറിച്ചെറിയാനും ഉത്സവം നടത്തി വിജയശ്രീലാളിതനായി തിരികെവരുമ്പോൾ പറിച്ചെറിഞ്ഞ ചിലങ്ക സൂക്ഷിച്ച പെട്ടി തുറക്കാനും, വീശിയ വലതു കൈക്ക് മോന്ത കാട്ടിക്കൊടുത്ത് അടികൊണ്ടു പ്രണയപാരവശ്യത്താൽ കരയാനും ബ്രാഹ്മണിക് ഹെജിമണിക് പശ്ചാത്തല ഭാവന നിർമ്മിച്ചെടുത്ത നായികാവ്യക്തിത്വങ്ങൾ അറച്ചുനിന്നു'.

കന്യകയുടെ ദുർനടപ്പുകൾ
മുഹമ്മദ് റാഫി എൻ.വി.
പ്രണത ബുക്‌സ്, 2018
വില: 225 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP