Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാലത്തിൽ കൊത്തിയ കല: തർക്കോവ്‌സ്‌കിയുടെ ചലച്ചിത്രലോകം

കാലത്തിൽ കൊത്തിയ കല: തർക്കോവ്‌സ്‌കിയുടെ ചലച്ചിത്രലോകം

ഷാജി ജേക്കബ്

'Tarkovsky for me is the greatest; the one who invented a new language, true to the nature of film, as it captures life as a reflection, life as a dream'. - Ingmer Bergman

ലോകസിനിമയുടെ ചരിത്രത്തെ രണ്ടായി പകുത്തുകൊണ്ട് 1950കളുടെ ഒടുവിൽ നിലവിൽവന്ന ഫ്രഞ്ച് നവതരംഗപ്രസ്ഥാനത്തിനു മുൻപും പിൻപും ചലച്ചിത്രകലയിൽ രണ്ടുതരം സൃഷ്ടികളുണ്ട്. ആത്മാവിഷ്‌ക്കാരം എന്ന നിലയിൽ ഒരു വ്യക്തി ഭാവന ചെയ്യുന്ന സർഗപ്രക്രിയയുടെ ഫലവും ജനപ്രിയ-വിപണികലയായി ഒരു കൂട്ടമാളുകൾ ഒത്തുചേർന്നുനിർമ്മിക്കുന്ന സിനിമയും. കലാസിനിമ, കച്ചവട സിനിമ എന്നീ വിളിപ്പേരുകളിൽ ഇക്കാലമത്രയും പരിചരിച്ചുപോരുന്ന ഈ പകുതികൾ രണ്ടിലും ഉൾപ്പെടുന്നവർ ചുരുക്കമാണ്. പൊതുവെ സ്വന്തം പകുതിയിൽ നിന്നു കളിക്കുന്നവരാണ് മിക്കവരും. ഫ്രഞ്ച് നവതരംഗപ്രസ്ഥാനം സിനിമയെ സംവിധായകന്റെ കലയായി സ്ഥാപിച്ചെടുത്ത് കലാസിനിമാസങ്കല്പത്തെ സൗന്ദര്യശാസ്ത്രപരവും ചരിത്രപരവുമായി വേർതിരിക്കും മുൻപുതന്നെ അമേരിക്കൻ റിയലിസം, സോവിയറ്റ് മൊണ്ടാഷ്, ജർമൻ എക്സ്‌പ്രഷനിസം, ഇറ്റാലിയൻ നിയോറിയലിസം, ഫ്രഞ്ച് നവസിനിമ തുടങ്ങിയ പ്രസ്ഥാനങ്ങളിൽ കലാസിനിമയുടെ ഉദാത്ത മാതൃകകൾ രൂപംകൊണ്ടിട്ടുണ്ട്. ഒരുപക്ഷെ മേല്പറഞ്ഞ രണ്ടുപകുതിയിലും ഒരുപോലെ ചുവടുറപ്പിച്ചവരുടെ കാലവും പ്രവണതയും ഇവയായിരുന്നുതാനും. ചാർലിചാപ്ലിനും സെർഗി ഐസൻസ്റ്റീനും ആൽഫ്രഡ് ഹിച്ച്‌കോക്കും ഓർസൺ വെല്ലസും വിറ്റോറിയോ ഡിസീക്കയുമൊക്കെ ഈ നിരയിൽപെടും. പിന്നീടങ്ങോട്ടാകട്ടെ, വിഖ്യാതങ്ങളായ നിരവധി ഫിലിം ഫെസ്റ്റിവലുകൾ, അവയിലെ പുരസ്‌കാരങ്ങൾ, ചലച്ചിത്രസിദ്ധാന്തങ്ങൾ, അക്കാദമിക പഠനങ്ങൾ തുടങ്ങിയവവഴി കലാസിനിമയും വമ്പൻസ്റ്റുഡിയോകളും നിർമ്മാണക്കമ്പനികളും സാങ്കേതിക വിപ്ലവവും ആഗോളവിപണിയും ജനപ്രിയതാരങ്ങളുമൊക്കെ വഴി കച്ചവടസിനിമയും അതാതിന്റെ ജൈത്രയാത്ര തുടർന്നു.

കലാസിനിമ ഏറെക്കുറെ സംവിധായകരെ കേന്ദ്രീകരിച്ചാണ് അറിയപ്പെടുന്നതെങ്കിൽ കച്ചവടസിനിമ താരതമ്യേന താരങ്ങളെ കേന്ദ്രീകരിച്ചാണ് പ്രസിദ്ധി നേടിയത്. കലയും കച്ചവടവും വിപരീതങ്ങളാണ്; ഒരിക്കലും ഒന്നിച്ചുപോവില്ല എന്നു വാദിച്ച ചലച്ചിത്രപ്രവർത്തകരുടെ ഒരു വലിയ നിരതന്നെ 1950കളിൽ രൂപംകൊണ്ടു. മുൻപുപറഞ്ഞവർക്കു പുറമെ റോബർട്ട് ബ്രസ്സൺ, ഇൻഗ്മർ ബർഗ്മാൻ, ഫ്രെഡറിക്കോ ഫെല്ലിനി, ലൂയി ബുനുവൽ, ജീൻ റെനൊയർ, ജീൻ ലുക്‌ഗൊദാർദ്, അകിരാ കുറൊസൊവ, വെർണർ ഹെർസോഗ്, സ്റ്റാൻലി കുബ്രിക്, അന്തോണിയോണി, മാർട്ടിൻ സ്‌കോർസെസെ, പാവ്‌ലോ പസോളിനി, റൊമാൻ പൊളാൻസ്‌കി, ക്രിസ്റ്റഫ് സനൂസി, ഫ്രാൻസിസ് ഡി. കപ്പോളേ.... എന്നിങ്ങനെ ഒരുനിര കലാസിനിമാ സംവിധായകർ ലോകസിനിമയുടെ ചരിത്രം തിരുത്തിയെഴുതി. ഇക്കൂട്ടത്തിൽ സിനിമയുടെ രക്തശുദ്ധിക്കുവേണ്ടി ഏറെ വാദിച്ച മഹാപ്രതിഭയായിരുന്നു, ആന്ദ്രെതർക്കോവ്‌സകി.

സോവിയറ്റ് കമ്യൂണിസത്തിന്റെ ഇരുമ്പുമറയ്ക്കുള്ളിൽ തങ്ങളുടെ സർഗപ്രതിഭകൊണ്ട് ജീവിതകാലം മുഴുവൻ ചിറകടിച്ചു ചോരവാർന്നു ചത്ത എത്രയെങ്കിലും സുവർണചകോരങ്ങളുടെ ചരിത്രത്തിലാണ് തർക്കോവ്‌സ്‌കിയുടെയും സ്ഥാനം. അടിമകൾക്കു കമ്യൂണിസ്റ്റാവുക എളുപ്പമായിരുന്നു. തർക്കോവ്‌സ്‌കി അടിമയായിരുന്നില്ല. ഭരണകൂടം നിശ്ചയിക്കുന്ന ബജറ്റ്, പ്രോജക്ട്, തിരക്കഥ, ഫിലിം, സാങ്കേതിക പ്രവർത്തകർ, കലാനിയന്ത്രണങ്ങൾ, സെൻസറിങ് ഇവയ്‌ക്കെല്ലാമിടയിൽ അനുഭവിക്കുന്ന അപാരമായ സർഗസമ്മർദ്ദങ്ങൾ. കവികളും കലാകാരന്മാരും ശാസ്ത്രജ്ഞരും കൃഷിക്കാരും തൊഴിലാളികളും അദ്ധ്യാപകരുമെന്നുവേണ്ട മുഴുവൻ മനുഷ്യരും യന്ത്രങ്ങളായി ജീവിക്കേണ്ടിവന്ന മുക്കാൽ നൂറ്റാണ്ട് നീണ്ട ഒരു കറുത്തരാത്രിയുടെ ആകാശത്ത് നക്ഷത്രങ്ങൾപോലെ വിരിഞ്ഞുപൊന്തിയ അഞ്ചു ചലച്ചിത്രങ്ങളിലൂടെ (സ്വീഡനിലും ഇറ്റലിയിലും നിർമ്മിച്ച രണ്ടും) ലോകചലച്ചിത്രകലയുടെ കൊടുമുടി കയറിയ മഹാപ്രതിഭയായി മാറി, തർക്കോവ്‌സ്‌കി. നുണ, ചരിത്രമായി മാറിയ കാലത്തിനെതിരെ അവ ലോകത്തിനു മുന്നിൽ നേരിന്റെ സാക്ഷ്യം പറഞ്ഞു.

എഴുത്തുകാരൻ, എഡിറ്റർ, ചലച്ചിത്രസംവിധായകൻ, നടൻ, ചലച്ചിത്രസൈദ്ധാന്തികൻ, നാടകസംവിധായകൻ... തർക്കോവ്‌സ്‌കിയുടെ കലാജീവിതം ഇരുപതാം നൂറ്റാണ്ടിന്റെ ഭാവനാലോകങ്ങളുടെ ആഴങ്ങൾ തിരിച്ചറിഞ്ഞ ഒരു സാംസ്‌കാരിക പര്യവേക്ഷകന്റേതായിരുന്നു. അൻപത്തിനാലാം വയസിൽ കാൻസർ ബാധിച്ചു മരിച്ച തർക്കോവ്‌സ്‌കി 1960 മുതലുള്ള കാൽനൂറ്റാണ്ടിൽ ഏഴുചിത്രങ്ങൾ സംവിധാനം ചെയ്തു. ഇവാൻസ് ചൈൽഡ്ഹുഡ് (1962), ആന്ദ്രെ റൂബ്‌ലെവ് (1966), സൊളാരിസ് (1972), മിറർ (1975), സ്റ്റോക്കർ (1979) എന്നീ സിനിമകൾ സോവിയറ്റ് യൂണിയനിലും നൊസ്റ്റാൾജിയ (1983) ഇറ്റലിയിലും ദ സാക്രിഫൈസ് (1986) സ്വീഡനിലും നിർമ്മിച്ചവയാണ്. ദൈർഘ്യമേറിയ ഷോട്ടുകൾ, അപൂർവമാംവിധമുള്ള നാടകീയ ഘടന, കാമറയുടെ സവിശേഷഭാഷ, ആത്മീയവും ഗൂഢാത്മകവുമായ പ്രമേയങ്ങൾ... എന്നിങ്ങനെ തർക്കോവ്‌സ്‌കി ചലച്ചിത്രകലയിൽ അവതരിപ്പിച്ച മൗലികമായ സ്വഭാവങ്ങൾ ഏറെയാണ്. വാണിജ്യകലയുടെ വിപണിതന്ത്രങ്ങളെ അദ്ദേഹം തള്ളിപ്പറഞ്ഞു. വിഖ്യാതമായ തന്റെ ചലച്ചിത്രസൈദ്ധാന്തികപഠനത്തിൽ (Sculpting In Time) XÀt¡mhvkvIn FgpXn: 'Modern mass culture aimed at the consumer, the civilization of prosthetics, is crippling peoples souls, settingup barriers between man and the crucial questions of his existence, his conscious of himself as a spiritual being'.

കല ജീവിതംതന്നെയാണെന്ന കാര്യത്തിൽ അദ്ദേഹത്തിനു സംശയമേതുമുണ്ടായിരുന്നില്ല. 'Never try to convey your idea to the audience - it is a thankless and senseless task. Show them life, and they will find within themselves the means to assess and appreciate it'.

അതേസമയംതന്നെ കല അങ്ങേയറ്റം വൈയക്തികവും ബുദ്ധിപരവും ആത്മീയവുമായ ഒരനുഭൂതിയുടെ നിർമ്മാണവും ആവിഷ്‌ക്കാരവുമാണെന്നദ്ദേഹം ആവർത്തിച്ചു പറയുകയും ചെയ്തു. 'Since the main goal of any art is to find a personal means of expression. A language with which to express what's inside you'.

1960ൽ ഒരഭിമുഖത്തിൽ തർക്കോവ്‌സ്‌കി പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക: 'All art, of course, is intellectual, but for me, all the arts, and cinema even more so, must above all the emotions and act upon the heart'.

സ്വപ്നങ്ങളുടെയും ഓർമകളുടെയും ചലച്ചിത്രകാരനായിരുന്നു തർക്കോവ്‌സ്‌കി. 'കാലത്തിൽ കൊത്തിയെടുത്ത കല'യായി അദ്ദേഹം സിനിമയെ വ്യാഖ്യാനിച്ചു. കളർ സിനിമകളെ 'വാണിജ്യത്തട്ടിപ്പുകൾ' എന്നുവിളിച്ച തർക്കോവ്‌സ്‌കി ബ്ലാക്ക് ആൻഡ് വൈറ്റും സെപിയയും ധാരാളമുപയോഗിച്ചു. സാഹിത്യം, സംഗീതം, ചിത്രകല, ഫോട്ടോഗ്രഫി, ശില്പകല.... എന്നിങ്ങനെ ആധുനികമായ മുഴുവൻ കലാരൂപങ്ങളോടും താത്വികവും ലാവണ്യപരവുമായ ആഭിമുഖ്യം കാണിക്കുകയും എന്നാൽ അവയിൽനിന്നെല്ലാം ഭിന്നമാണ് ചലച്ചിത്രം എന്നു വിശ്വസിക്കുകയും ചെയ്തു തർക്കോവ്‌സ്‌കി. എങ്കിലും സംഗീതം അദ്ദേഹത്തിന്റെ ചലച്ചിത്രകലയെ അസാധാരണമാംവിധം സ്വാധീനിച്ചു. ഇവയെല്ലാം ചൂണ്ടിക്കാണിച്ച് മലയാളത്തിൽ മുൻപാരും ചെയ്യാത്തവിധം സമഗ്രവും സൂക്ഷ്മവുമായി തർക്കോവ്‌സ്‌കിയുടെ ചലച്ചിത്രസപര്യയെ അടുത്തറിഞ്ഞാവിഷ്‌ക്കരിക്കുകയാണ് ജയചന്ദ്രൻനായർ.

മറ്റെല്ലായിടത്തുമെന്നപോലെ മലയാളത്തിലും ഈയടുത്ത കാലംവരെ ചലച്ചിത്രോത്സവങ്ങളും പുരസ്‌കാരങ്ങളും പഠനങ്ങളും നിരൂപണങ്ങളുമൊക്കെ കലാസിനിമയെ മാത്രം അടിസ്ഥാനമാക്കിയാണ് നിലനിന്നിരുന്നത്. ഇന്നിപ്പോൾ അങ്ങനെയല്ല കാര്യങ്ങൾ. 1980കളോടെ പാശ്ചാത്യസർവകലാശാലകളിൽ നിലവിൽവന്ന ജനപ്രിയ സംസ്‌കാരപഠനങ്ങളുടെ മാതൃകയിൽ മലയാളത്തിലും സിനിമയുൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ജനപ്രിയ സംസ്‌കാരപഠനങ്ങൾ രൂപംകൊള്ളുന്നുണ്ട്. എങ്കിലും കലാസിനിമക്കു കൈവന്ന സൗന്ദര്യശാസ്ത്രപരമായ പ്രഭാവത്തിനു മങ്ങലേറ്റിട്ടില്ല.

ഫെസ്റ്റിവലുകളിലൂടെയും ചലച്ചിത്രപഠനങ്ങളിലൂടെയുമാണ് മലയാളി ലോകസിനിമയിലെ മഹാപ്രതിഭകളെ അടുത്തറിയുന്നത്. മലയാളത്തിലെ മുൻനിര ചലച്ചിത്രനിരൂപകരെല്ലാംതന്നെ ലോകോത്തരങ്ങളായ കലാസിനിമകളെയും പ്രസ്ഥാനങ്ങളെയും കുറിച്ചുള്ള അക്കാദമികപഠനത്തിൽ തൽപരരായിരുന്നു, എക്കാലവും. ഒറ്റ സിനിമകളെക്കുറിച്ചോ സംവിധായകരെക്കുറിച്ചോ ഉണ്ടായിട്ടുള്ളവയാണ് മിക്കവാറും ചലച്ചിത്രപഠനലേഖനങ്ങൾ. സിനിമകളുടെ കാഴ്ചയും പാശ്ചാത്യപഠനങ്ങളുടെ വായനയും ചേർന്നാണ് അവയെ രൂപപ്പെടുത്തിയിട്ടുള്ളത്. ചലച്ചിത്രപ്രസ്ഥാനങ്ങളെയോ സിദ്ധാന്തങ്ങളെയോ ആഴത്തിൽ വിശകലനം ചെയ്തവതരിപ്പിക്കുന്ന പഠനങ്ങൾ മലയാളത്തിൽ തീരെയില്ല. ഒരു സംവിധായകന്റെ മുഴുവൻ ചിത്രങ്ങളും മുൻനിർത്തി അയാളുടെ ചലച്ചിത്രകല സമഗ്രമായി പഠിക്കുന്ന ഗ്രന്ഥങ്ങളും കുറവാണ്. ജയചന്ദ്രൻനായരുടെ 'ആന്ദ്രെ തർക്കോവ്‌സ്‌കി: ജീവിതവും ചലച്ചിത്രങ്ങളും' എന്ന ഗ്രന്ഥം ഈയൊരു ധർമമാണ് നിർവഹിക്കുന്നത്.

തർക്കോവ്‌സ്‌കിയുടെ വ്യക്തിജീവിതത്തിന്റെ നാടകീയവും സംഘർഷാത്മകവുമായ പശ്ചാത്തലത്തിൽ, 'തന്റെ ജീവിതം തന്നെയാണ് തന്റെ കല' എന്നാവർത്തിച്ചു പറഞ്ഞ ആ പ്രതിഭയുടെ സർഗസൃഷ്ടികളെ സമഗ്രമായവതരിപ്പിക്കുകയും കുടുംബം, രാഷ്ട്രം, ചലച്ചിത്രരംഗം എന്നിവയ്ക്കിടയിൽ അദ്ദേഹമനുഭവിച്ച സവിശേഷ സന്ദിഗ്ദ്ധതകളെ ആ രചനകളുമായി കൂട്ടിവായിക്കുകയുമാണ് ഗ്രന്ഥകാരൻ ചെയ്യുന്നത്.

തർക്കോവ്‌സ്‌കിയുടെ വ്യക്തിജീവിതവും കലാജീവിതവും പരാമർശിക്കുന്ന ആദ്യ മൂന്നധ്യായങ്ങൾക്കും തർക്കോവ്‌സ്‌കിയുടെ കലയെയും ജീവിതത്തെയും കുറിച്ചുള്ള യൂറോപ്യൻ നിരൂപകരുടെ നിരീക്ഷണങ്ങൾ ക്രോഡീകരിക്കുന്ന അവസാന അധ്യായത്തിനുമിടയിലുള്ള ആറധ്യായങ്ങളിൽ അദ്ദേഹത്തിന്റെ ഏഴു സിനിമകളും ജയചന്ദ്രൻനായർ വിശദമായി ചർച്ചചെയ്യുന്നു. സിനിമയും ജീവിതവും രണ്ടല്ല എന്ന അടിസ്ഥാന നിലപാടിൽതന്നെയാണ് തർക്കോവ്‌സ്‌കിചിത്രങ്ങളുടെ സമഗ്രാവലോകനം ഗ്രന്ഥത്തിലുടനീളം അദ്ദേഹം നടത്തുന്നത്.

തർക്കോവ്‌സ്‌കിയുടെ കലാസപര്യയെ സമർഥമായി സംഗ്രഹിക്കുന്ന ഒരു ഭാഗം നോക്കുക: 'ഇരുപത്തഞ്ച് കൊല്ലങ്ങൾക്കിടയിൽ ഏഴ് ചലച്ചിത്രങ്ങൾ. ആർക്കും കീഴടക്കാനാവാത്ത ഗിരിശൃംഗങ്ങളായി, എക്കാലവും നമ്മെ അന്ധാളിപ്പിച്ചുകൊണ്ട് ഉയർന്നുനിൽക്കുന്ന ആ കലാസൃഷ്ടികൾ നിർമ്മിച്ച ആന്ദ്രേ തർക്കോവ്‌സ്‌കിക്ക് ചലച്ചിത്രം ഒരു വിനോദോപാദിയായിരുന്നില്ല. അലസനിമിഷങ്ങളെ ഉല്ലാസമാക്കാൻ എത്രയോ ഉപകരണങ്ങളുള്ളപ്പോൾ എന്തിന് ചലച്ചിത്രത്തെ ആ ഗണത്തിൽപ്പെടുത്തി ആക്ഷേപിക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ചലച്ചിത്രം, മനുഷ്യപാദമേൽക്കാത്ത കന്യാഭൂമിയിലേക്കുള്ള തീർത്ഥാടനമായിരുന്നു. അവിടെ അദ്ദേഹം തൊട്ടുകാണിച്ചത് മനസ്സിന്റെ വിഹ്വലതകളായിരുന്നു. ആരും സ്പർശിക്കാൻ ധൈര്യം പ്രദർശിപ്പിക്കാത്ത ആജ്ഞേയവും ദുർഘടവുമായ പ്രജ്ഞയുടെ നിഗൂഢതകളിൽ എത്തപ്പെടാനും, പുകമഞ്ഞിൽ കുതിർന്നു നിൽക്കുന്ന സ്മരണകളും കിനാവുകളും കണ്ടെത്തി ജീവിതപ്രവാഹത്തിന്റെ ആത്യന്തിക സത്യം എത്തിപ്പിടിക്കുവാനുമായിരുന്നു അദ്ദേഹം തിടുക്കപ്പെട്ടിരുന്നത്. അതിന് അദ്ദേഹം ക്യാമറ ഉപയോഗിച്ചു. സംഗീതത്തിന്റെ മുഗ്ദമോഹനമായ പ്രപഞ്ചത്തെ അതിന് പശ്ചാത്തലമാക്കി. വികാരവിക്ഷോഭങ്ങൾ പ്രകടിപ്പിക്കാൻ ലാവണ്യവും വൈരുപ്യവും പകരുന്ന മനുഷ്യശരീരങ്ങൾ അതിന് അദ്ദേഹത്തിന് ഉപകരണങ്ങളായി. കാറ്റും വെളിച്ചവും കടക്കാത്ത ഇരുണ്ടിടങ്ങളിൽ അതിമനോഹരങ്ങളായ ദുകൂലങ്ങൾ നെയ്യുന്ന പ്രാണികളെപ്പോലോ വികാരങ്ങളെ നൂറ്റ് അദ്ദേഹം ആത്മീയതയുടെ കംബളങ്ങൾ നെയ്‌തെടുത്തു'.

സംഗീതം, തർക്കോവ്‌സ്‌കിയുടെ ചലച്ചിത്കകലയെ അസാധാരണമാംവിധം സ്വാധീനിച്ചതിനെക്കുറിച്ച് (സമാനമായ പല സ്വഭാവങ്ങളും മലയാളത്തിൽ സന്നിവേശിപ്പിച്ച അരവിന്ദനു സമർപ്പിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തിൽ) ജയചന്ദ്രൻനായർ എഴുതുന്നു: 'സാഹിത്യമല്ല ചലച്ചിത്രമെന്ന് വിശ്വസിക്കുക മാത്രമല്ല അത് ഊന്നിസ്ഥാപിക്കുകയുമാണ് തർക്കോവ്‌സ്‌കിയുടെ രചനകൾ. 'വൈകാരികമായ യാഥാർത്ഥ്യമാണ് ഫിലിം. പ്രേക്ഷകർ ആ വിധത്തിൽ ചലച്ചിത്രത്തെ കാണുകയാണ് വേണ്ടതെന്ന്' എഴുതിയ തർക്കോവ്‌സ്‌കി ചലച്ചിത്രകാരനും പ്രേക്ഷകനും തമ്മിലുള്ള ബന്ധമാണ് ഈ യാഥാർത്ഥ്യബോധം സൃഷ്ടിക്കുന്നതെന്ന് വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് വാക്കുകൾ പ്രതിബിംബങ്ങളാണെന്നും അതിന് വിരുദ്ധമായ പ്രവർത്തിയാണ് ചലച്ചിത്രം നിർവഹിക്കുന്നതെന്നും അദ്ദേഹം ആവർത്തിച്ചത്. അത് സാക്ഷാത്കരിക്കാനായി ബർഗ്മാൻ വിശേഷിപ്പിച്ചതുപോലെ പുതിയൊരു ഭാഷ തർക്കോവ്‌സ്‌കി കണ്ടെത്തി. ബോറിസ് പസ്തർനാക്കിനെപോലെ ഒരു സംഗീതജ്ഞനാവാൻ പരിശീലിച്ചെങ്കിലും വിശ്രുത സംഗീതജ്ഞനായ ബാക്കിനെപ്പോലെ മറ്റൊരു ബാക്കാകാൻ സാധിക്കുകയില്ലെന്ന തിരിച്ചറിവിൽ നിന്നാണ് ചലച്ചിത്രരംഗത്ത് അദ്ദേഹം എത്തുന്നത്. സർവാശ്ലേഷിയായ അനുരാഗമായി അത് പൂത്തുവളർന്നു. അതിന്റെ മനോഹരമായ പ്രഖ്യാപനമായിരുന്നു തർക്കോവ്‌സ്‌കി നിർമ്മിച്ച ചലച്ചിത്രങ്ങൾ'.

തർക്കോവ്‌സ്‌കിയുടെ കല, കാലമെന്ന സങ്കല്പനത്തിന്റെ ഊറിക്കൂടലായിരുന്നു. 'കാലം ഖനീഭൂതമായ് നിൽക്കുമാക്കരകാണാക്കയങ്ങളിലൂടെ' അദ്ദേഹം മനുഷ്യജീവിതത്തിന്റെ അർഥങ്ങളും അനർഥങ്ങളും തേടി കാമറയുമായി സഞ്ചരിച്ചു.

'കാലവുമായി ബന്ധപ്പെടുത്തിയ ചിന്തകളും ആലോചനകളും തർക്കോവ്‌സ്‌കിയുടെ സൗന്ദര്യസങ്കല്പത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു. ഒരു ചലച്ചിത്രകാരന്റെ സൃഷ്ടിയുടെ അടിസ്ഥാനമെന്താണെന്ന ചോദ്യത്തിലേയ്ക്ക് ഇത് അദ്ദേഹത്തെ എത്തിച്ചു. അദ്ദേഹം എഴുതി: 'കാലത്തിൽനിന്ന് കൊത്തിയെടുക്കുകയാണ് ചലച്ചിത്രകാരൻ. ജീവനുള്ള വസ്തുക്കൾ കൊണ്ട് നിർമ്മിക്കപ്പെട്ട അതിബൃഹത്തായ കാലമെന്ന ശിലയിൽ നിന്ന് തനിക്കാവശ്യമില്ലാത്തതിനെ കൊത്തിമാറ്റി മൗലികമായതു മാത്രം നിർത്തുന്നതാണ് ചലച്ചിത്രമായി പരിണമിക്കുന്നത്'. ഈ വിധം കാലത്തെ വീണ്ടെടുക്കുകയും സൂക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്ത് മെനഞ്ഞെടുക്കുന്ന രൂപം ജീവിതമാകുന്നു. കാലത്തിലൂടെ ഒഴുകിയെത്തുന്ന ജീവിതം. സംഗീതത്തിന്റെ താളലയക്രമത്തിലൂടെ സ്വാഭാവികമായിത്തീരുന്ന കലാരൂപമാണ് ചലച്ചിത്രമെന്ന് അദ്ദേഹം സങ്കൽപ്പിക്കുകയുണ്ടായി'.

അമ്മയോടുള്ള അഗാധമായ വൈകാരികബന്ധം, അപ്പന്റെ കാവ്യഭാവനയോടുള്ള ആരാധന, ഭാര്യയെയും മകനെയും പോലും തന്നിൽനിന്നു വേർപെടുത്താൻ ശ്രമിച്ച ഭരണകൂടത്തോടുള്ള രാഷ്ട്രീയവിമർശനം, ജീവിതത്തിലുടനീളം തന്നെ നയിച്ച ആത്മീയതയുടെയും അധിഭൗതികതയുടെയും ഗൂഢസാരസ്വതങ്ങൾ, യുദ്ധങ്ങളും സർവാധിപത്യങ്ങളും മനുഷ്യത്വത്തിനും സ്വാതന്ത്ര്യത്തിനും മേൽ ഏൽപ്പിക്കുന്ന ആഘാതങ്ങൾ... തർക്കോവ്‌സ്‌കിയുടെ കലാചിന്ത ഏറ്റവും വൈയക്തികവും അതേസമയംതന്നെ സാർവലൗകികവുമായ മനുഷ്യാനുഭൂതികളെ കാലത്തിൽ കൊത്തിവയ്ക്കുകയായിരുന്നു.

വ്‌ളാദിമിർ ബൊഗൊമൊലൊവിന്റെ നോവലെറ്റായ 'ഇവാൻ' കേവലം ഒരു യുദ്ധകഥയെന്നതിനപ്പുറത്തേക്കു വളർത്തിയെടുത്ത്, യുദ്ധം അനാഥമാക്കുന്ന ഒരു ബാല്യത്തിന്റെ ദുരന്തേതിഹാസമാക്കി മാറ്റി തർക്കോവ്‌സ്‌കി തന്റെ ആദ്യചിത്രമായ 'ഇവാന്റെ ബാല്യ'ത്തിൽ. ചലച്ചിത്രത്തിന്റെ ദൃശ്യ, തിരക്കഥാ ഭാഷകൾ പിന്തുടർന്ന് ജയചന്ദ്രൻനായർ തിരശ്ശീലയിൽ തർക്കോവ്‌സ്‌കി സൃഷ്ടിച്ച മാന്ത്രികലാവണ്യം പുനരാവിഷ്‌ക്കരിക്കുന്നു.

പതിനഞ്ചാം നൂറ്റാണ്ടിൽ റഷ്യയിൽ ജീവിച്ചിരുന്ന ആന്ദ്രെ റുബലെവ് എന്ന കലാകാരന്റെ ജീവിതമാണ് അതേപേരിലുള്ള ചിത്രത്തിന്റെ പ്രമേയം. പക്ഷെ ജീവചരിത്രപരമല്ല ഈ സിനിമ. ഭരണകൂട ഇടപെടലുകൾ, കാലത്തിന്റെ പുനഃസൃഷ്ടിയിൽ നേരിട്ട വെല്ലുവിളികൾ, ചരിത്രത്തെയും ജീവചരിത്രത്തെയും മാറ്റിമറിച്ചതിനെത്തുടർന്നുണ്ടായ വിവാദങ്ങൾ എന്നിവയൊക്കെ പ്രശ്‌നഭരിതമാക്കിയെങ്കിലും റുബലെവ് ഒരു ക്ലാസിക്കായി മാറി.

'മിറർ' എന്ന മൂന്നാമത്തെ ചിത്രം അങ്ങേയറ്റം ആത്മകഥാപരമായാണ് തർക്കോവ്‌സ്‌കി രൂപപ്പെടുത്തിയത്. സ്വന്തം പിതാവും മാതാവുമുൾപ്പെടെയുള്ളവരെ മുന്നിൽ കണ്ടു സൃഷ്ടിച്ച കഥാപാത്രങ്ങൾ. പിതാവിന്റെ കവിതകളുടെ ആലാപനം. വീടിന്റെ അകത്തും പുറത്തും നടക്കുന്ന മർത്യബന്ധങ്ങളുടെ അതിനാടകീയമായ സംഘർഷങ്ങൾ.... മിറർ, തർക്കോവ്‌സ്‌കിക്ക് ഏറ്റവും ആത്മബന്ധമുള്ള ചിത്രമായി മാറി.

'തന്റെ ചലച്ചിത്രസങ്കൽപ്പത്തെ സമ്പൂർണ്ണമായി സാക്ഷാത്ക്കരിച്ച മിററിനെക്കുറിച്ച് മറ്റൊരിക്കൽ തർക്കോവ്‌സ്‌കി വിശദീകരിച്ചതിങ്ങനെയാണ്: 'എല്ലാ കലകളുടെയും ആധാരം ഓർമ്മകളാണ്. സ്വപ്നങ്ങളും ഓർമ്മകളും നിറഞ്ഞ ജീവിതം. ചലച്ചിത്ര മാധ്യമത്തിലേയ്ക്ക് അവയെ കൊണ്ടുവരുന്നത് കവിത എഴുതുന്നതുപോലെയും ചിത്രം വരയ്ക്കുന്നതുപോലെയും ശിൽപം നിർമ്മിക്കുന്നതുപോലെയും ഒരു സർഗ്ഗാത്മക പ്രവർത്തനമാണ്'. പതിവു കാഴ്ചാശീലങ്ങളെ ചോദ്യം ചെയ്തതിനു പുറമേ അലസമായ ആസ്വാദനക്ഷമതയെ കുത്തിനോവിച്ച ആ ചലച്ചിത്രത്തോടുള്ള പാശ്ചാത്യരായ നിരൂപകരുടെ സമീപനം നിഷേധാത്മകമായിരുന്നു. 'ഒരു പദപ്രശ്‌നം' (Cross word puzzle) എന്ന് മിററിനെ വിശേഷിപ്പിക്കാൻ അവരെ പ്രേരിപ്പിച്ചത് ഈ നിലപാട് കാരണമായിരുന്നു. ജീവിതത്തെ ഒരു കാഴ്ചയായോ സ്വപ്നമായോ കാണാൻ തർക്കോവ്‌സ്‌കിക്ക് സാധിക്കുമായിരുന്നില്ല. പുതിയൊരു ഭാഷയിലൂടെ ഓർമ്മകൾക്ക് സ്ഥായീഭാവം നൽകാനായിരുന്നു അദ്ദേഹം പരിശ്രമിച്ചത്. ഒരു പക്ഷേ അദ്ദേഹം നിർമ്മിച്ച ഏഴു ചലച്ചിത്രങ്ങളിൽ മിറർ ഏറെ സങ്കീർണ്ണവും ദുഷ്‌കരവുമായത് ഇതുകൊണ്ടായിരിക്കാം'.

തുടർന്നദ്ദേഹം നിർമ്മിച്ച രണ്ടു സിനിമകളും (സ്റ്റോക്കർ, സൊളാരിസ്) സയൻസ് ഫിക്ഷൻ സിനിമകളായാണറിയപ്പെടുന്നത്. മനുഷ്യാസ്തിത്വത്തിന്റെ നരകയാഥാർഥ്യങ്ങളാവിഷ്‌ക്കരിച്ച ചില റഷ്യൻ ക്ലാസിക്കുകൾ (ഇഡിയറ്റ്, ഇവാൻ ഇലിയിച്ചിന്റെ മരണം...) സിനിമയാക്കാൻ തർക്കോവ്‌സ്‌കിആഗ്രഹിച്ചുവെങ്കിലും ഭരണകൂടം അനുമതിനൽകിയില്ല. പകരം അദ്ദേഹം നിർമ്മിച്ചവയാണ് സ്റ്റോക്കറും സൊളാരിസുമൊക്കെ. തത്വചിന്തയിലധിഷ്ഠിതമായ അന്യാപദേശങ്ങളായി ഇവ വ്യാഖ്യാനിക്കപ്പെട്ടു. യഥാർഥത്തിൽ തർക്കോവ്‌സ്‌കിയുടെ കലാഭാവനയുടെ ചിറകുകെട്ടിയ ഭരണകൂടപദ്ധതികൾ മാത്രമായിരുന്നു ഈ സിനിമകൾ. എന്നിട്ടും കലാവസ്തു എന്ന നിലയിൽ അന്യാദൃശമായ സാങ്കേതികത-രൂപസൗന്ദര്യങ്ങൾ ഇവയിൽ സന്നിവേശിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

എഴുപതുകളുടെ ഒടുവിൽ തർക്കോവ്‌സ്‌കി വളരെ പണിപ്പെട്ട് സോവിയറ്റ് യൂണിയനു പുറത്തുകടന്ന് ഇറ്റലിയിലെത്തി 'നൊസ്റ്റാൾജിയ'യും പിന്നെ സ്വീഡനിലെത്തി

'സാക്രിഫൈസും' നിർമ്മിച്ചു. നൊസ്റ്റാൾജിയയെക്കുറിച്ചദ്ദേഹം എഴുതി:

'മനുഷ്യവികാരവും യാഥാർത്ഥ്യവും ആ ചലച്ചിത്രത്തിലൂടെ കൺമുൻപിൽ തെളിയുകയായിരുന്നു. മറ്റൊരർത്ഥത്തിൽ ഞാൻ കടന്നുപോയ തീവ്രമായ ഒറ്റപ്പെടലുകളും ഉൾക്കണ്ഠകളും ആന്തരികമായ എന്റെ വ്യഥകളും ആ ചലച്ചിത്രത്തിലൂടെ തെളിഞ്ഞുവന്നത് എന്നെ എല്ലാ അർത്ഥത്തിലും പരിഭ്രാന്തനാക്കിയിരുന്നു. ഇതിന് അടിസ്ഥാനം മനുഷ്യർ തമ്മിലുള്ള അതിരുകളാണെന്ന് തർക്കോവ്‌സ്‌കി മനസ്സിലാക്കിയിരുന്നു. 1983-ൽ നൊസ്റ്റാൾജിയ നിർമ്മിക്കുമ്പോൾ പത്‌നി ലറീസ്സയും മകൻ ആന്ദ്രേയുഷ്‌കയും റഷ്യയിലായിരുന്നു. അവർ തമ്മിലൊരു പുനഃസമാഗമം സാദ്ധ്യമാണോയെന്ന ആശങ്ക അദ്ദേഹത്തെ വേട്ടയാടിയിരുന്നു. അതിർത്തികൾ ഇല്ലാതാക്കുകയാണ് രാജ്യങ്ങൾ തമ്മിലുള്ള വിനിമയം സുഖകരമാക്കാനുള്ള വഴിയെന്ന് ഗോർചകോവിനെ കൊണ്ട് പറയിപ്പിക്കുമ്പോൾ അതൊരു യാഥാർത്ഥ്യമാകുമെന്ന വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നില്ല. വികാരപരമായ അനാഥത്വം അപ്പോൾ തർക്കോവ്‌സ്‌കിയെ മഥിച്ചു. അതിൽ നിന്നൊരു മോചനം? അതൊരു വെളിച്ചമില്ലാത്ത വഴിയായി അദ്ദേഹം വിശ്വസിച്ചിരുന്നു. ആ വിചാരത്തിന്റെ പ്രതിധ്വനിയാണ് ഈ ചലച്ചിത്രത്തിന് അസാധാരണമായ വിഷാദസ്പർശം നൽകുന്നത്'.

മാരകമായ രോഗത്തിന്റെ പിടിയിലമർന്ന ഒരു മനുഷ്യന്റെ അത്യസാധാരണമായ അനുഭവലോകങ്ങളുടെ ആവിഷ്‌ക്കാരമാണ് സാക്രിഫൈസ് അഥവാ ആത്മബലി.

'ധനികനും പ്രശസ്ത തത്വചിന്തകനുമായ ഒരു മദ്ധ്യവയസ്‌കൻ. അസന്മാർഗ്ഗിക ജീവിതം അയാളുടെ സ്വഭാവമായി മാറിയിരുന്നു. കാൻസർ ബാധിതനായ അയാൾ പരിഹാരത്തിന് അഭയം തേടുന്നത് ഫിലോസഫിയിലാണ്. അത് വിഫലമാണെന്ന് അയാൾ മനസ്സിലാക്കി. അപ്പോഴാണ് പഴയകാലത്തെ സ്‌നേഹിതനായ ഓട്ടോ അയാളെ സന്ദർശിക്കാനെത്തുന്നതും രോഗമോചനത്തിനുള്ള വഴി ഉപദേശിക്കുകയും ചെയ്യുന്നത്. മാന്ത്രികശക്തിയുള്ള ഒരു സ്ത്രീയുമായി ശാരീരിക വേഴ്ച നടത്തുന്നതിലൂടെ രോഗമോചനം സാദ്ധ്യമാകുമെന്നായിരുന്നു ആ ഉപദേശം. ദരിദ്രയും അനാകർഷകയുമായ ഒരു ഡ്രസ്സ് മേക്കറായിരുന്ന മാന്ത്രികശക്തിയുള്ള ആ സ്ത്രീ. അവളുടെ സവിശേഷമായ കഴിവിനെപ്പറ്റി അറിയാമെന്ന കാര്യം അവളെ അറിയിക്കരുതെന്ന നിബന്ധന പാലിച്ചുകൊണ്ടുതന്നെ അവളുമായി നടത്തിയ ശാരീരിക വേഴ്ച നടത്തുന്നതുവഴി അയാൾ രോഗമുക്തനാകുന്നു. എന്നാൽ തന്റെ സ്‌നേഹിതന്റെ നിർദ്ദേശമനുസരിച്ചാണ് താൻ അവളെ പ്രാപിച്ചതെന്നും അവൾക്ക് മാന്ത്രികശക്തിയുണ്ടെന്ന് നേരത്തേ അറിയാമായിരുന്നുവെന്നും അയാൾ പിന്നീട് വെളിപ്പെടുത്തി. അതോടെ അയാളെ അവൾ ഒഴിവാക്കി. എങ്കിലും അവളെ അയാൾ സ്‌നേഹിച്ചു. വീണ്ടും സന്ദർശിക്കാനെത്തിയ ഓട്ടോയുടെ അഭിമതം സ്വീകരിച്ച് ജീവിതത്തിലെ എല്ലാ സുഖസൗകര്യങ്ങളുമുപേക്ഷിച്ച് അയാൾ അവളുടെ അടുത്തെത്തുന്നു. എന്നാൽ പെട്ടെന്നുതന്നെ അവൾ നുണകളിലാണ് ജീവിക്കുന്നതെന്ന് തിരിച്ചറിയാൻ സാധിച്ച അയാൾ അവളുടെ തനിനിറം പുറത്താക്കുന്നതിനായി പരിശ്രമിക്കുന്നു. അതിന്റെ ഭാഗമായി അവളെ ഒരു മരത്തിൽ കെട്ടിയിട്ട്, ജോൺ ഓഫ് ആർക്കിനെപ്പോലെ അയാൾ തീ കൊളുത്തുന്നു'.

മനുഷ്യജീവിതത്തിലെ അടിസ്ഥാന ചോദനകളെയും സാമൂഹ്യജീവിതത്തിൽ വ്യക്തികളനുഭവിക്കുന്ന സംത്രാസങ്ങളെയും ചരിത്രം മനുഷ്യരോടു ചെയ്ത പാപങ്ങളെയും മർത്യരുടെ ജീവിതബന്ധവും ചരിത്രബന്ധവുമായി മാറുന്ന ഓർമകളെയും സ്വപ്നങ്ങളെയും കുറിച്ചുള്ള ദൃശ്യപാഠങ്ങളാണ് തർക്കോവ്‌സ്‌കിയുടെ സിനിമകൾ. പ്രപഞ്ചത്തിൽ മനുഷ്യാസ്തിത്വം നേരിടുന്ന സന്ദിഗ്ദ്ധതകളുടെ ഇതിഹാസമാതൃകകൾ. ശബ്ദത്തിന്റെയും സംഗീതത്തിന്റെയും ദൃശ്യത്തിന്റെയും പ്രകൃതിയുടെയും ശൂന്യതയുടെയും നിറവിന്റെയും പ്രകാശത്തിന്റെയും ഇരുട്ടിന്റെയുമൊക്കെ കലകളിൽ അതുല്യമായ ലാവണ്യാത്മകത കലർത്തിയ 'പ്രതിഭാരക്ഷസിന്റെ കുതിരസ്സവാരികൾ'.

മായാതുറോവ്‌സ്‌കയയുടെ 'തർക്കോവ്‌സ്‌കി: സിനിമയും കവിതയും' ഉൾപ്പെടെയുള്ള നിരൂപണങ്ങൾ പിൻപറ്റിയാണ് അദ്ദേഹത്തിന്റെ സോവിയറ്റ് സിനിമകളുടെ പഠനം ജയചന്ദ്രൻനായർ നടത്തുന്നത്. ലെയ്‌ല അലക്‌സാണ്ടർ ഗാരറ്റിന്റെയും ടോണിയോ ഗുയിറയുടെയും മൈക്കൾ ലെസിലോവ്‌സ്‌കിയുടെയും മറ്റും പഠനങ്ങൾ മുൻനിർത്തി യൂറോപ്യൻ ചിത്രങ്ങളുടെയും. മുഴുവൻ സിനിമകളുടെയും ദൃശ്യ, തിരക്കഥാപാഠങ്ങൾ നേരിട്ടുപയോഗപ്പെടുത്തിയും തർക്കോവ്‌സ്‌കി അവതരിപ്പിച്ച സൈദ്ധാന്തിക നിലപാടുകൾ പിന്തുർന്നും പ്രമുഖ നിരൂപണങ്ങൾ ചൂണ്ടിക്കാണിച്ചും യൂറോപ്യൻ സിനിമാചരിത്രത്തെ മനസ്സിൽ കണ്ടും സർവോപരി തർക്കോവ്‌സ്‌കി സിനിമകളുടെ രാഷ്ട്രീയ-സൗന്ദര്യശാസ്ത്രങ്ങൾ തിരിച്ചറിഞ്ഞും നടത്തുന്ന അസാധാരണമായൊരു ചലച്ചിത്രപഠനമാണ് ജയചന്ദ്രൻനായരുടേത്.

പുസ്തകത്തിൽനിന്ന്

'പ്രതിഭാശാലിയായ ഒരു ചലച്ചിത്രകാരന്റെ ആഗമനത്തെ പ്രഖ്യാപിക്കുന്നതായിരുന്നു 'ഇവാന്റെ ബാല്യ'മെങ്കിലും ഇറ്റലിയിലെ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികൾ അതിനെ അതിനിശിതമായി വിമർശിച്ചത് മറ്റൊരു വിവാദത്തിനു കാരണമായി. പാശ്ചാത്യരാജ്യങ്ങളിലെ മാതൃകകൾ അനുകരിച്ച് ആത്മനിഷ്ഠമായ സമീപനമാണ് തർക്കോവ്‌സ്‌കിയുടേതെന്ന് കമ്മ്യൂണിസ്റ്റ് പത്രമായ 'യൂണിറ്റ' ആക്ഷേപിച്ചു. എന്നാൽ ആ വിമർശനത്തെ ചോദ്യം ചെയ്തുകൊണ്ട് ആ ചലച്ചിത്രം താൻ രണ്ടുപ്രാവശ്യം കണ്ടതാണെന്ന് വിശ്രുത എഴുത്തുകാരനായ ജീൻപോൾ സാർത്ര് എഴുതുകയുണ്ടായി. തുടർന്ന് അദ്ദേഹം ഇങ്ങനെ എഴുതി: 'കഴിഞ്ഞ ഏതാനും കൊല്ലങ്ങൾക്കിടയിൽ എനിക്ക് കാണാൻ അവസരം കിട്ടിയ അതിമനോഹരമായ ചലച്ചിത്രങ്ങളിലൊന്നായ 'ഇവാന്റെ ബാല്യ'ത്തെ യൂണിറ്റയും മറ്റും ഇടതുപക്ഷ ദിനപത്രങ്ങളും വിമർശിച്ചതിന്റെ പിന്നിലുള്ള യുക്തി എനിക്ക് മനസ്സിലാവുന്നില്ല. പാരമ്പര്യവാദത്തെപ്പറ്റി പറയുന്നതോടൊപ്പം എക്സ്‌പ്രഷണിസത്തെയും സിംബോളിസത്തെയും അവർ പരാമർശിക്കുന്നുണ്ട്. എന്നാൽ ഔപചാരികമായ ഇത്തരം മാനദണ്ഡങ്ങൾ കാലഹരണപ്പെട്ടിട്ട് കാലമേറെയായിയെന്ന വസ്തുത അവർ ഓർമ്മിക്കുന്നില്ലായിരിക്കാം. ഫെല്ലിനിയും അന്റോണിയെയും സിംബോളിസം ഉപയോഗിച്ചിട്ടുണ്ടെന്നുള്ളത് ശരിയാണ്. എന്നാൽ വളരെ സൂക്ഷ്മമായി, ശ്രദ്ധയോടെയാണ് അവരത് ഉപയോഗിച്ചിട്ടുള്ളത്. അതിന്റെ തുടർച്ചയെന്നോണം തർക്കോവ്‌സ്‌കി ഉപയോഗിച്ചിട്ടുള്ള പ്രതീകങ്ങൾ എക്പ്രഷണിസ്റ്റോ സറീയലിസ്റ്റോ അല്ല. യുദ്ധം പിച്ചിക്കീറിയ ഒരു ബാലനാണ് ഇവാൻ. അവൻ ഇരയാണ്. അക്രമസ്വഭാവത്തെ ഉള്ളിലൊതുക്കിയ അവന്റെ നിർദ്ദോഷിത ഹൃദയഭേദകമായിട്ടുള്ളതാണ്. അവന്റെ അമ്മയെ കൊല്ലുമ്പോൾ നാസികൾ അവനെയും കൊല്ലുന്നു. ഒപ്പം ആ ഗ്രാമത്തിലുള്ളവരെയും അവർ കശാപ്പുചെയ്യുന്നു. ഇതിനിടയിൽ അവൻ ജീവിക്കുന്നത് മറ്റെവിടെയോ ആണെന്നു മാത്രം. അല്ലലുകളില്ലാത്ത ഭൂതകാലത്തെ സ്വപ്നങ്ങളിലൂടെ സാന്ത്വനം തേടുകയാണ് ഇവാൻ ചെയ്യുന്നത്. അങ്ങനെ ആ ചലച്ചിത്രത്തിൽ ആഖ്യാനം ചെയ്യുന്ന സ്വപ്നങ്ങളും ഭ്രമകൽപ്പനകളെന്നപോലെ യാഥാർത്ഥ്യങ്ങളുമാണ്. അങ്ങനെയല്ലാതെ അവയെ വേറെയേതെങ്കിലും വിധത്തിൽ കാണാനാവില്ല. അവൻ സ്വപ്നം കാണുമ്പോഴും അതിന്റെ അതിലോലമായ തലങ്ങളിൽ അവൻ മയങ്ങുമ്പോഴും വൈകാതെ അവ ദുഃസ്വപ്നങ്ങളാകുമെന്ന് നാമറിയുന്നു. മേഘരഹിതമായ ആകാശവും അലകളില്ലാത്ത തടാകവും നിബിഡമായ കാടുകളും നിറഞ്ഞതാണ് ഇവാന്റെ ഭൗതികലോകം. അതിനെ യുദ്ധം നശിപ്പിക്കുന്നു. അതിന്റെ ഫലമായി അതെല്ലാം ഉപേക്ഷിക്കാൻ താൻ നിർബന്ധിതനാണെന്ന അറിവോടുകൂടി വഞ്ചിയിൽ അവൻ തുഴഞ്ഞുപോകുന്നു. തടാകത്തിന്റെ മറുകരയിലെത്താൻ കഴിയില്ലെന്ന അശുഭചിന്ത അപ്പോൾ അവനെ അസ്വസ്ഥനാക്കുന്നില്ല. എന്തെന്നാൽ അവൻ സ്വയം തിരഞ്ഞെടുത്തതാണ് ആ വഴി. ഇവാനെപ്പോലുള്ള നിഷ്‌കളങ്കബാല്യങ്ങൾ പൊലിഞ്ഞുപോയ ദുഃഖവുമായി ജീവിക്കാൻ നാം ബാദ്ധ്യസ്ഥരായിരിക്കുകയാണ്.' സാർത് ഉപസംഹരിക്കുന്നു.

യുദ്ധത്തിൽ പങ്കെടുത്ത അനുഭവങ്ങളായിരുന്നു വ്‌ലാദിമർ ബൊഗോമൊലോവ് 'ഇവാൻ' എന്ന നീണ്ടകഥയിലൂടെ പ്രതിപാദിച്ചത്. ശത്രുസേനയുടെ നീക്കങ്ങൾ രഹസ്യമായി അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ഇവാൻ എന്ന ബാലനെ മുഖ്യകഥാപാത്രമാക്കുമ്പോഴും യുദ്ധരംഗത്തെ യഥാതഥമായി അവതരിപ്പിച്ച് അതുവഴി ഒരു തലമുറ നടത്തിയ ത്യാഗം ചരിത്രത്തിൽ രേഖപ്പെടുത്തുകയായിരുന്നു കഥാകൃത്തിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഒരു റിപ്പോർട്ടിന്റെ സ്വഭാവം ആ കഥയിൽ ഉടനീളം പ്രത്യക്ഷമാണ്. 'അന്നുരാത്രി ചെക്ക്‌പോസ്റ്റുകൾ സന്ദർശിക്കാനുള്ള ഉദ്ദേശത്തോടെ, രാവിലെ നാലുമണിക്കു വിളിച്ചുണർത്തണമെന്ന് നിർദ്ദേശിച്ചിട്ട് എട്ട് മണിക്ക് ഞാൻ ഉറങ്ങാൻ പോയിയെന്ന്' തുടങ്ങുന്ന ഈ കഥ മറ്റൊരു യുദ്ധകാല നിർമ്മിതിയായില്ല.

നാസി ജർമ്മനിയുടെ ആക്രമണത്തെ പ്രതിരോധിച്ച നിരവധി ധീരോദാത്ത അനുഭവങ്ങൾ കൊണ്ട് തിളങ്ങുന്നവയാണ്. സോവിയറ്റ് യൂണിയന്റെ യുദ്ധകാലം. പിതൃനാടിനുവേണ്ടി ജീവത്യാഗം ചെയ്തവരുടെ ത്യാഗോജ്ജ്വലമായ ജീവിതകഥകൾ പുതിയ തലമുറയിലേക്ക് സംക്രമിപ്പിക്കാനായി നിരവധി ചലച്ചിത്രങ്ങൾ അക്കാലത്ത് നിർമ്മിക്കുകയുണ്ടായി. ഗ്രിഗറി ചുഖ്‌റോയിയുടെ 'ബാലഡ്‌സ് ഓഫ് എ സോൾജിയർ', മിഖായേൽ കലടസോവിന്റെ 'ദി ക്രെയിൻസ് ആർ ഫ്‌ളെയിങ്', സെർജി ബന്താർചുഖിന്റെ 'ഫേറ്റ് ഓഫ് മാൻ' തുടങ്ങിയ ചലച്ചിത്രങ്ങൾ ആ കാലത്തിന്റെ കൈയൊപ്പുള്ളവയായിരുന്നു. അവയിൽ ഒന്നായിട്ടാണ് ഇവാൻസ് ചൈൽഡ്ഹുഡ് മോസ് ഫിലിംസ് നിർമ്മിച്ചത്. എന്നാൽ അവയിലൊന്നായില്ല അത്. മുപ്പതുകാരനായ ആന്ദ്രേ തർക്കോവ്‌സ്‌കിയെന്ന പുതിയ ഒരു ചലച്ചിത്രകാരനെ ലോകസിനിമയ്ക്ക് സംഭാവന ചെയ്തതിനൊപ്പം 'ഇവാന്റെ ബാല്യം' ചരിത്രം മാവുകയുണ്ടായി'.

ആന്ദ്രെ തർക്കോവ്‌സ്‌കി: ജീവിതവും ചലച്ചിത്രങ്ങളും
എസ്. ജയചന്ദ്രൻനായർ
കൈരളിബുക്‌സ്, കണ്ണൂർ
2017, വില: 190 രൂപ 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP