Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജനപ്രിയസാഹിത്യം: മലയാള വായനകൾ

ജനപ്രിയസാഹിത്യം: മലയാള വായനകൾ

ഷാജി ജേക്കബ്

രുപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ മലയാള കലാ, സാഹിത്യമണ്ഡലങ്ങളിൽ രൂപംകൊണ്ട ആധുനികതാവാദ (Modernism)ത്തിന്റെ ഏറ്റവും പ്രമുഖമായ ഭാവുകത്വ സ്വഭാവങ്ങളിലൊന്നായിരുന്നു 'ജനപ്രിയസംസ്‌കാര'മെന്നത്. അച്ചടിയുടെയും സാക്ഷരതയുടെ രംഗങ്ങളിലുണ്ടായ വർധനവ്, വായനശാലകളും പത്രമാസികകളും പുസ്തകങ്ങളുംവഴിയുണ്ടായ വായനയെ ജനകീയമാക്കുകയും ബഹുജനങ്ങളുടെ അഭിരുചിക്കനുസൃതമായി സാഹിത്യമുൾപ്പെടെയുള്ളവ സാധ്യമാകുകയും ചെയ്തു. സമാന്തരമായി, റേഡിയോ, സിനിമ, സംഗീതം, രംഗകലകൾ എന്നിവയും. ഇവയോരോന്നിലും ഉദാത്ത-ജനപ്രിയ വിഭജനം ശക്തമാക്കിയ അക്കാദമിക പണ്ഡിതരും ബുദ്ധിജീവികളും പഴയ ജാതിവ്യവസ്ഥയുടെ തുടർച്ചയെന്നപോലെ ജനകീയ കലാസാഹിത്യാദികളെ പുച്ഛിച്ചു പുറന്തള്ളി.

സാക്ഷരത നൂറുശതമാനത്തിലെത്തിയ 1985-90 കാലമാകുമ്പോഴേക്കും ദശലക്ഷക്കണക്കിനു കോപ്പികൾ പ്രചാരമുള്ള 'മ' വാരികകൾ മലയാളിയുടെ സാഹിത്യവായനയെ വിപ്ലവകരമായി ജനകീയവൽക്കരിച്ചു. എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് സിനിമകളുടെയും തീയറ്ററുകളുടെയും പ്രേക്ഷകരുടെയും എണ്ണം വളർന്നതും ഇതേ കാലത്താണ്. ഉപഗ്രഹ, സ്വകാര്യ ടെലിവിഷൻ പ്രചരിച്ചു തുടങ്ങുന്നതുവരെ നിലനിന്ന ഈ ജനപ്രിയ വായനാ, ദൃശ്യ, ശ്രാവ്യ സംസ്‌കാരത്തെയാണ് നാം മലയാളത്തിലെ ആധുനികതാവാദത്തിന്റെ ഒരു പകുതിയായി കാണുന്നത്. മറുപകുതി വരേണ്യ കലാ-സാഹിത്യ സംസ്‌കാരത്തിന്റേതും. ഇത്തരമൊരു പശ്ചാത്തലത്തിലാണ് മലയാളത്തിലെ ജനപ്രിയസാഹിത്യത്തെക്കുറിച്ച് 1940 കൾ തൊട്ട് ഇക്കഴിഞ്ഞ വർഷം വരെയുണ്ടായ ശ്രദ്ധേയമായ പഠനങ്ങളുടെ സമാഹാരമായി ശ്രീകുമാർ ഏ.ജി. 'ജനപ്രിയസാഹിത്യം മലയാളത്തിൽ' എന്ന പുസ്തകം എഡിറ്റുചെയ്യുന്നത്.

ജനപ്രിയസാഹിത്യമെന്ന സങ്കല്പനത്തെക്കുറിച്ച് ഭിന്നനിലപാടുകൾ മുന്നോട്ടുവയ്ക്കുന്ന ഒൻപതു രചനകൾ, ജനപ്രിയസാഹിത്യത്തിന്റെ മലയാള മാന്ത്രികനായിരുന്ന മുട്ടത്തുവർക്കിയെക്കുറിച്ചുള്ള പത്തു പഠനങ്ങൾ, ആശയസമന്വയം മാസികക്കുവേണ്ടി ജനപ്രിയസാഹിത്യം മുൻനിർത്തി എം. കൃഷ്ണൻ നായർ, വി. രാജകൃഷ്ണൻ, സക്കറിയ, മാത്യുമറ്റം എന്നിവരുമായി ഷാജൻ സ്‌കറിയ നടത്തിയ അഭിമുഖങ്ങൾ എന്നിങ്ങനെ മുന്നു ഭാഗമാണ് പുസ്തകത്തിലുള്ളത്. കേസരി ബാലകൃഷ്ണപിള്ള, ഇ.എം.എസ്, പി. ഗോവിന്ദപ്പിള്ള, എം. മുകുന്ദൻ, സക്കറിയ, പി.കെ. രാജശേഖരൻ എന്നിങ്ങനെ ഈ വിഷയത്തെക്കുറിച്ച് മലയാളത്തിൽ എഴുതിയിട്ടുള്ള സാഹിത്യ-സാംസ്‌കാരിക പ്രവർത്തകരുടെ ശ്രദ്ധേയമായ മുഴുവൻ രചനകളും ഈ പുസ്തകത്തിലുണ്ട്.

1948-ൽ പ്രസിദ്ധീകരിച്ച 'കേരളം മലയാളികളുടെ മാതൃഭൂമി' എന്ന ഗ്രന്ഥത്തിലാണ് ഇ.എം.എസ്. സാഹിത്യ, കലാ രംഗങ്ങളിൽ ബഹുജനങ്ങളാസ്വദിക്കുന്ന പുതിയ രൂപങ്ങൾ ഉയർന്നുവരുന്നതിനെക്കുറിച്ച് എഴുതുന്നത്. ബഹുജനാഭിരുചി കലയിലും സാഹിത്യത്തിലുമൊക്കെ രൂപംകൊള്ളുന്നതിനെക്കുറിച്ച് മലയാളത്തിലുണ്ടാകുന്ന ഗൗരവമുള്ള ആദ്യ നിരീക്ഷമാണിത്. ഇ.എം.എസിന്റെ കാഴ്ചപ്പാടുകളുടെ പ്രാധാന്യം ചരിത്രപരമെന്നതുപോലെതന്നെ സാമൂഹികവും സൗന്ദര്യശാസ്ത്രപരവുമാണ്. അദ്ദേഹം എഴുതുന്നു : 

''നമ്മുടെ സാഹിത്യവും സംഗീതവും അഭിനയകലയും പരിശോധിച്ചാൽ രണ്ടു സംഗതികൾ നമുക്ക് വ്യക്തമായി കാണാം. 
ഒന്ന്, അവ ആസ്വദിക്കുന്നതിലും നിർമ്മിക്കുന്നതിലും മുമ്പ് പണ്ഡിതന്മാർക്കുണ്ടായിരുന്ന കുത്തക പൊളിഞ്ഞിരിക്കുന്നു. ദിനപത്രങ്ങളും ആഴ്ചപ്പതിപ്പുകളും റേഡിയോ, സിനിമ എന്നിവയും ഏത് പാവപ്പെട്ടവന്റെയും കൈയിലേയ്ക്ക് സംസ്‌കാരത്തെ എത്തിച്ചിരിക്കുന്നു. 'സരിഗമ' പാടിപ്പഠിച്ച സംഗീതവിദ്വാന്മാരെപ്പോലെത്തന്നെ പാടാനുള്ള അധികാരവും സൗകര്യവും റേഡിയോവും സിനിമയും മുഖേന തെണ്ടിപ്പിള്ളേർക്കുപോലും കിട്ടുക; ഏതു നാട്ടിലെയും സംഭാഷണ വിഷയങ്ങളിൽ അശോക് കുമാറും ദേവികാറാണിയും മറ്റു സിനിമാതാരങ്ങളും ഉൾപ്പെടുക; കാവ്യനാടകാലങ്കാരങ്ങൾ പഠിച്ച് വ്യുൽപ്പത്തി സമ്പാദിക്കാത്ത സാധാരണക്കാർക്കുപോലും സാഹിത്യസംബന്ധമായ അഭിപ്രായങ്ങൾ പറയത്തക്കവിധം അതിൽ താൽപ്പര്യം പ്രദർശിപ്പിക്കുക - ഇതിനുള്ള സാഹചര്യമാണ് ഇന്നുണ്ടായിട്ടുള്ളത്. ഇതിന്റെ ഫലമായി നാട്ടുകാരുടെ സാംസ്‌കാരിക നിലവാരമാകെ ഉയർന്നിരിക്കുന്നു.

രണ്ട്, ഇങ്ങനെ കലാസ്വാദകരുടെയും കലാപ്രേമികളുടെയും വൃത്തം വിപുലമായതോടുകൂടി കലയുടെ രൂപത്തിലും ഉള്ളടക്കത്തിലും മാറ്റം വന്നിരിക്കുന്നു. ദ്വിതീയാക്ഷരപ്രാസം കൂടാതെ എഴുതുന്ന കവിത കവിതയാകുമോ എന്ന വാദകോലാഹലം നടന്നിട്ട് അര നൂറ്റാണ്ടായിട്ടില്ല. ആ വാദ കോലാഹലത്തിൽ പുതുമക്കാരുടെ ചേരിയുടെ നേതാവായിരുന്ന കേരളപാണിനി പോലും ഇന്നത്തെ ഗദ്യകവിതകളെ അനുകൂലിക്കുമെന്നു പറയാൻ വയ്യ. ഏതു കവിതയെയും സംസ്‌കൃതപണ്ഡിതന്മാരുടെ വിധി-നിഷേധ നിയമങ്ങളുടെ വെളിച്ചത്തിൽ മാത്രം പരിശോധിച്ചുവരുന്ന അന്നത്തെ വിമർശകന്മാരെവിടെ, ഇന്നത്തെ വിമർശകന്മാരെവിടെ ? ചങ്ങമ്പുഴയും തകഴിയും ഇന്നെഴുതുന്നതൊക്കെ കവിതയ്ക്കും കഥയ്ക്കും വിഷയമാക്കാമെന്ന് പ്രേമഗായകനായിരുന്ന കുമാരനാശാൻപോലും, ഇന്നദ്ദേഹം ജീവിച്ചിരുന്നെങ്കിൽ, സമ്മതിക്കുമോ എന്തോ ! തുഞ്ചത്താചാര്യരുടെ കൃതികളോടു കിടപിടിക്കത്തക്ക പ്രചാരമുള്ള ഏക മലയാള കൃതി ചങ്ങമ്പുഴയുടെ രമണനാണെന്നറിഞ്ഞു നമ്മുടെ മൺമറഞ്ഞ പ്രപിതാമഹന്മാരുടെ പ്രേതങ്ങൾ അരിശം കൊള്ളുന്നുണ്ടാവും'.............................

ബഹുജനങ്ങളാസ്വദിക്കുന്ന സാഹിത്യവും സംഗീതവും അഭിനയവും സാങ്കേതികമായി ഉയർന്നതാണോ താഴ്ന്നതാണോ എന്നതല്ല ഇന്നത്തെ പ്രശ്‌നം : താഴ്ന്നതായാലും ഉയർന്നതായാലും ബഹുജനങ്ങൾ ആസ്വദിക്കുന്ന ഒരു പുതിയ കലയും സാഹിത്യവും ഉയർന്നു വരുന്നുണ്ടെന്നതാണ്; കലാരൂപങ്ങളെപ്പറ്റി ബഹുജനങ്ങൾ സ്വന്തം അഭിപ്രായം പറയാൻ തുടങ്ങിയിരിക്കുന്നുവെന്നതാണ്; ഇന്ന വിഷയത്തെപ്പറ്റി, ഇന്ന രൂപത്തിലുള്ള സാഹിത്യവും കലയുമാണ് ബഹുജനങ്ങൾക്ക് സ്വീകാര്യമാവുകയെന്നു കാണാൻ കഴിയാതെ ബഹുജനഹൃദയത്തിൽ നിന്നൊറ്റപ്പെട്ടുനിന്നുകൊണ്ട് കലാനിർമ്മാണം ചെയ്യാൻ ശ്രമിക്കുന്ന കലാകാരന്മാർ പരാജയപ്പെടാനാണ് പോകുന്നതെന്ന സ്ഥിതി വന്നിരിക്കുന്നുവെന്നതാണ് ; ചുരുക്കത്തിൽ, ഭരണസമ്പ്രദായവും സാമ്പത്തികവ്യവസ്ഥയും സാമൂഹ്യഘടനയെന്നപോലെതന്നെ സാഹിത്യവും സംഗീതവും മറ്റു കലകളും ഏതു രീതിയിലായിരിക്കണമെന്നു നിശ്ചയിക്കാനുള്ള അധികാരം ബഹുജനങ്ങൾ സ്വയം ഏറ്റെടുത്തിരിക്കുന്നുവെന്നതാണ്. ഇതിനനുസരിച്ച ഒരു ജനകീയസാഹിത്യവും ജനകീയസംഗീതവും ജനകീയനാടകവേദിയും ജനകീയകലകളുമുണ്ടാക്കാൻ ജനങ്ങളുമായിണങ്ങിച്ചേർന്നു പ്രവർത്തിക്കുകയാണ് യഥാർത്ഥ കലാപ്രണയികളുടെ കടമ''.

തുടർന്നിങ്ങോട്ട് ജനപ്രിയസാഹിത്യത്തെ മുൻനിർത്തി മലയാളത്തിലുണ്ടായ വിശകലനങ്ങളിലും വിമർശനങ്ങളിലും പൊതുവെ രണ്ടു സമീപനങ്ങൾ തെളിഞ്ഞു കാണാം. സാഹിത്യത്തിലെ വരേണ്യം, ജനപ്രിയം എന്ന തരംതിരിവിൽ വരേണ്യ സാഹിത്യത്തിനൊപ്പംനിന്ന് ജനപ്രിയസാഹിത്യത്തെ നിശിതമായി എതിർക്കുകയും വിമർശിക്കുകയും ചെയ്യുന്ന സമീപനമാണ് ഒന്ന്. ജനപ്രിയസാഹിത്യത്തെ സാഹിത്യഭാവനയുടെ ജനാധിപത്യവൽക്കരണമായിക്കണ്ട് വിശകലനം ചെയ്യുന്ന സമീപനമാണ് മറ്റൊന്ന്.

തകഴിയും ബഷീറുമുൾപ്പെടെയുള്ളവരെ പ്രതിക്കൂട്ടിൽ നിർത്തിയാണ് സഞ്ജയൻ ജനപ്രിയസാഹിത്യത്തെ വിചാരണ ചെയ്തതെങ്കിൽ മുണ്ടശ്ശേരി, തകഴിയോടും മറ്റും തട്ടിച്ചുനോക്കിയാണ് മുട്ടത്തുവർക്കിയുൾപ്പെടെയുള്ളവരെ എഴുതിത്ത്ത്ത്ത്ത്ത്ത്തള്ളിയത്. തകഴി, കാരൂർ, ഉറൂബ് തുടങ്ങിയ എഴുത്തുകാർതന്നെയും മുട്ടത്തുവർക്കിയെപ്പോലുള്ള എഴുത്തുകാരെ എതിർത്തിരുന്നു (എന്നിട്ടും ഉറൂബ് മലയാളമനോരമ ആഴ്ചപ്പതിപ്പിന്റെ പത്രധിപരായി!). ഗുപ്തൻ നായരും നരേന്ദ്രപ്രസാദും കൃഷ്ണൻ നായരും രാജകൃഷ്ണനുമുൾപ്പെടെയുള്ള നിരൂപകരാണ് ജനപ്രിയസാഹിത്യത്തെയും അതിന്റെ മൂല്യങ്ങളെയും നിരാകരിച്ച മറ്റൊരു കൂട്ടർ. ഈ നിലപാടുകൾ പലതും വെളിപ്പെടുത്തുന്ന ലേഖനങ്ങളും അഭിമുഖങ്ങളും ഈ പുസ്തകത്തിലുണ്ട്.

എം. മുകുന്ദൻ, പി.കെ. രാജശേഖരൻ, ഇ.പി. രാജഗോപാൽ തുടങ്ങിയവരുടെ ലേഖനങ്ങൾ ജനപ്രിയസാഹിത്യത്തിന്റെ ജനപ്രീതി അംഗീകരിക്കുമ്പോൾതന്നെ അതിന്റെ കലാമൂല്യത്തെയും രാഷ്ട്രീയതലത്തെയും സംശയത്തോടെ നോക്കിക്കാണുന്നവയാണ്. പി. ഗോവിന്ദപ്പിള്ളയുടെ ലേഖനം ഇ.എം.എസ് സൂചിപ്പിച്ച 'ബഹുജന'സംസ്‌കാരത്തെ മുൻനിർത്തിയും സാംസ്‌കാരിക ഭൗതികവാദമുൾപ്പെടെയുള്ള വായനാരീതികൾ പിന്തുടർന്നും ജനപ്രിയസാഹിത്യത്തിനു കൈവന്നിട്ടുള്ള അക്കാദമിക പദവികൾ ചൂണ്ടിക്കാണിക്കുന്നു. കെ.എം. കൃഷ്ണൻ, കെ.എം. നരേന്ദ്രൻ, പി.എസ്. രാധാകൃഷ്ണൻ, എം.ആർ. അനിൽകുമാർ തുടങ്ങിയവർ ജനപ്രിയസാഹിത്യത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക ദൗത്യങ്ങളെ ചരിത്രനിഷ്ഠവും സൗന്ദര്യനിഷ്ഠവുമായി വ്യാഖ്യാനിക്കുന്നു. ഈ സാഹിത്യശാഖക്കു കൈവന്നിട്ടുള്ള അക്കാദമിക പഠന സാധ്യതകൾ മുൻനിർത്തിയും ലിബറൽ മാനവികതയുടെ സൗന്ദര്യശാസ്ത്രപദ്ധതികൾ ആധാരമാക്കിയുമാണ് പൊതുവിൽ ഇവരുടെ നിരീക്ഷണങ്ങൾ രൂപപ്പെടുന്നത്. അതേസമയംതന്നെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ സാംസ്‌കാരിക ജിഹ്വകളായി മാറിയതാണ് ജനപ്രിയസാഹിത്യത്തിന്റെ പരിമിതിയെന്നു വിമർശിക്കാൻ അനിൽകുമാർ തയ്യാറാകുന്നുമുണ്ട്. യഥാർഥത്തിൽ, വലതുപക്ഷ രാഷ്ട്രീയമെന്നതിനപ്പുറം കമ്യൂണിസത്തിന്റെയും യാന്ത്രികമായ 'പുരോഗമന'വാദത്തിന്റെയും രാഷ്ട്രീയാധിപത്യങ്ങളെയാണ് ജനപ്രിയസാഹിത്യം ചോദ്യം ചെയ്തത്. ജനപ്രിയസംസ്‌കാര വിഭാഗത്തിൽപ്പെട്ട എല്ലാ കൃതികളും (കഥ, നോവൽ, വർണചിത്രം, ചലച്ചിത്രം, സംഗീതം തുടങ്ങിയവയെല്ലാം) ഉത്തമകോടിയിൽപ്പെട്ടവയാണെന്ന് ധരിക്കേണ്ടതില്ല. ഉന്നത സംസ്‌കാരകോടിയിൽ ഉൾപ്പെടുന്ന കൃതികളിലും നെല്ലും പതിരുമുള്ളതുപോലെ ജനപ്രിയസംസ്‌കാരത്തിലും കണ്ടെത്താം. പക്ഷേ, ആ വേർതിരിവ് രാഷ്ട്രീയം, വർഗപരം, വംശീയം, എത്‌നിക്ക് തുടങ്ങിയ പ്രത്യേകതകളെ മാനിച്ചുകൊണ്ടും ലിംഗപരമായ സമത്വവാദങ്ങൾക്ക് അനുസരണമായിട്ടും ആകണം എന്നുമാത്രം.കുറ്റാന്വേഷണ നോവൽ മുൻനിർത്തി നരേന്ദ്രൻ ഏകപക്ഷീയമായി ജനപ്രിയസാഹിത്യത്തെ സ്വാഗതം ചെയ്യുമ്പോൾ രാജശേഖരൻ അതിന്റെ സാംസ്‌കാരിക മൂല്യങ്ങളിൽ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ടാണ് തന്റെ നിലപാടുകൾ അവതരിപ്പിക്കുന്നത്. വാസ്തവത്തിൽ, ഗോവിന്ദപ്പിള്ള പറയുന്നതുപോലെ, ''ജനപ്രിയസംസ്‌കാര വിഭാഗത്തിൽപ്പെട്ട എല്ലാ കൃതികളും (കഥ, നോവൽ, വർണചിത്രം, ചലച്ചിത്രം, സംഗീതം തുടങ്ങിയവയെല്ലാം) ഉത്തമകോടിയിൽപ്പെട്ടവയാണെന്ന് ധരിക്കേണ്ടതില്ല. ഉന്നത സംസ്‌കാരകോടിയിൽ ഉൾപ്പെടുന്ന കൃതികളിലും നെല്ലും പതിരുമുള്ളതുപോലെ ജനപ്രിയസംസ്‌കാരത്തിലും കണ്ടെത്താം. പക്ഷേ, ആ വേർതിരിവ് രാഷ്ട്രീയം, വർഗപരം, വംശീയം, എത്‌നിക്ക് തുടങ്ങിയ പ്രത്യേകതകളെ മാനിച്ചുകൊണ്ടും ലിംഗപരമായ സമത്വവാദങ്ങൾക്ക് അനുസരണമായിട്ടും ആകണം എന്നുമാത്രം''

രണ്ടാംഭാഗത്ത് മുട്ടത്തുവർക്കിയെക്കുറിച്ചുള്ള പഠനങ്ങളാണുള്ളത്. കേസരി ബാലകൃഷ്ണപിള്ള വർക്കിയുടെ ചെറുകഥകളെക്കുറിച്ചു നടത്തിയ ശ്രദ്ധേയമായ നിരീക്ഷണം മുതൽ വർക്കിയുടെ ജന്മശതാബ്ദിയുടെ പശ്ചാത്തലത്തിൽ ശാരദക്കുട്ടി എഴുതിയ ലേഖനം വരെ ഇവിടെയുണ്ട്. 'മുട്ടത്തുവർക്കിയും മലയാളഭാവനയും' എന്ന സക്കറിയയുടെ ലേഖനമാണ് ഇവയിൽ ഏറ്റവും ശ്രദ്ധേയം. മുട്ടത്തുവർക്കി അവാർഡ് മലയാളത്തിൽ സൃഷ്ടിച്ചിട്ടുള്ള ഗംഭീരമായൊരു സാംസ്‌കാരിക വിടവടയ്ക്കൽ പ്രക്രിയയെ സ്ഥാനപ്പെടുത്തിക്കൊണ്ടും ആധുനികാനന്തര മലയാള സാഹിത്യഭാവനയുടെ രാഷ്ട്രീയ സ്വഭാവങ്ങളിലൊന്നായി ജനപ്രിയ-വരേണ്യ ഭാവുകത്വങ്ങളുടെ സംലയനത്തെ അംഗീകരിച്ചും കൊണ്ടുമാത്രമേ ഇക്കഴിഞ്ഞ കാൽനൂറ്റാണ്ടിനെ വിലയിരുത്താനാവൂ എന്ന യാഥാർഥ്യം സക്കറിയ തിരിച്ചറിയുന്നുണ്ട്. സ്‌കറിയാ സക്കറിയ, കെ.എസ്. രവികുമാർ, മാത്യു ജെ. മുട്ടത്ത്, ശ്രീകുമാർ ഏ.ജി. എന്നിങ്ങനെ, വർക്കിയുടെ രചനാലോകത്തിന്റെ വൈവിധ്യങ്ങളും സാധ്യതകളും വിശകലനം ചെയ്യുന്നവരുടേതാണ് മറ്റു പഠനലേഖനങ്ങൾ. ജനപ്രിയസാഹിത്യവും മുട്ടത്തുവർക്കിയും തമ്മിലുള്ള ബന്ധം ഭാവനാത്മകവും സൗന്ദര്യാത്മകവും മാത്രമല്ല, രാഷ്ട്രീയവുമാണെന്ന നിലപാട് വിശകലനം ചെയ്യുന്നു, ഈ ലേഖകന്റെ രചന. 1950 കളിൽ കേരളത്തിൽ രൂപംകൊണ്ട ഏറ്റവും പ്രബലമായ സാംസ്‌കാരിക രാഷ്ട്രീയം കമ്യൂണിസത്തോടുള്ള വിയോജിപ്പും വിമർശനവുമായിരുന്നുവെന്നും വരേണ്യ ആധുനികതാവാദത്തിന്റെ രാഷ്ട്രീയ ഭാവനയെന്നപോലെതന്നെ ജനപ്രിയസാഹിത്യത്തിന്റെ സാംസ്‌കാരിക ഭാവനയും മറ്റൊന്നായിരുന്നില്ല എന്നും ഈ ലേഖനം സമർഥിക്കുന്നു:'വായനയുടെ തരംഗവും സിനിമയും പോലെ വർക്കിയെ കേരളത്തിലെ ജനപ്രിയ സംസ്‌കാരത്തിന്റെ നായകനാക്കിയ മറ്റൊരു ഘടകം അൻപതുകളുടെ രണ്ടാംപകുതിയിൽ സംഭവിച്ച കേരളീയ സമൂഹത്തിന്റെ വലതുപക്ഷവത്കരണമാണ്. അഥവാ ഇടതുപക്ഷവിരുദ്ധതയുടെ വളർച്ചയാണ്.'വായനയുടെ തരംഗവും സിനിമയും പോലെ വർക്കിയെ കേരളത്തിലെ ജനപ്രിയ സംസ്‌കാരത്തിന്റെ നായകനാക്കിയ മറ്റൊരു ഘടകം അൻപതുകളുടെ രണ്ടാംപകുതിയിൽ സംഭവിച്ച കേരളീയ സമൂഹത്തിന്റെ വലതുപക്ഷവത്കരണമാണ്. അഥവാ ഇടതുപക്ഷവിരുദ്ധതയുടെ വളർച്ചയാണ്. വിമോചന സമരത്തിനനുകൂലമായി കേരളത്തിലുടനീളം ഫാദർ വടക്കന്റെ നേതൃത്വത്തിൽ നടന്ന ആശയപ്രചാരണ ത്തിന്റെ പ്രധാന ഭാഗം ഒരു രാഷ്ട്രീയ നാടകത്തിന്റെ അരങ്ങേറ്റമായിരുന്നു. ഞങ്ങൾ വരുന്നു.' മുട്ടത്തുവർക്കിയായിരുന്നു ഈ നാടകമെഴുതിയത്. നിശ്ചയമായും വർക്കി കൃതികളിലെ ക്രൈസ്തവാന്തരീക്ഷം, ഭാഷ, മൂല്യബോധം തുടങ്ങിയവയും വലതുപക്ഷ പത്രമാദ്ധ്യമങ്ങളിൽ വർക്കിയുടെ നോവലുകൾക്ക് ലഭിച്ച വൻ സ്വീകാര്യതയും ഈ ഘടകത്തിന്റെ പൂരകങ്ങളാണ്. തൊട്ടുമുൻപത്തെ ദശകങ്ങളിൽ കേരളത്തിൽ ഇടതുപക്ഷചിന്ത രൂപപ്പെടുത്തിയ ബൗദ്ധികാന്തരീക്ഷത്തിന്റെയും സൗന്ദര്യബോധത്തിന്റെയും സാംസ്‌കാരിക രാഷ്ട്രീയത്തിന്റെയും മേൽക്കെ തകർന്നത് അൻപതുകളിലാണ്. പൊതുവിൽ ഇടതുപക്ഷ വായനാസമൂഹം രണ്ടു കൈയും നീട്ടി സ്വീകരിച്ച തകഴി പ്രഭൃതികളുടെ കൃതികൾക്ക് ബദലെന്നോണം വലതുപക്ഷം വർക്കി കൃതികൾ ആഘോഷിക്കുകയായിരുന്നു. ''പൊന്നരിവാളി''ൽ നിന്ന് 'പൈ ങ്കിളി'യിലേക്കുള്ള അകലം ഒരു രാഷ്ട്രീയ ദൂരമായി മാറുന്ന സന്ദർഭമിതാണ്. ഇടുതുപക്ഷത്തിന് ന്യൂനപക്ഷ ബുദ്ധിജീവി കൂട്ടായ്മകളല്ലാതെ ഒരു യഥാർത്ഥ ജനകീയ സാംസ്‌കാരിക മുന്നേറ്റം സൃഷ്ടിക്കാനും നിലനിർ ത്താനും കഴിയാത്തതാണ് ഇത്തരമൊരു വലതുപക്ഷ സാംസ്‌കാരിക സാഹചര്യത്തെ വളർത്തിയെടുത്തത്. നാല്പതുകളിലും അൻപതുകളുടെ ആദ്യവും കേരളീയാന്തരീ ക്ഷത്തിലുണ്ടായ ഇടതുപക്ഷ നവോത്ഥാനത്തിന് അൻപതുകളുടെ ഒടുവിൽ നേരിട്ട തിരിച്ചടി വർക്കിയുടെ വിപണി വിജയത്തെ സഹായിച്ച ഏറ്റവും വലിയ ഘടകമാണ് എന്ന് ചുരുക്കം. അൻപതുകളി ലെയും അറുപതുകളിലെയും കേരളീയ സമൂഹത്തിലെ സാംസ്‌കാരിക മാറ്റങ്ങളുടെ രാഷ്ട്രീയ മാനങ്ങൾ തിരിച്ചറിയുന്ന ഭാവുകത്വപരിസരമാണ് വർക്കിയുടെ നോവലുകൾക്കു പിന്നിലെ ചരിത്രസന്ദർഭം. സിനിമയും രാഷ്ട്രീയവും കേരളീയ സമൂഹത്തിന്റെ വലതുപക്ഷവത്കരണവും, വർധിച്ച സാക്ഷ രതയുടെയും വായനയുടെയും ആകാശങ്ങൾ തുറന്നിട്ട അച്ചടി മാദ്ധ്യമത്തിന്റെ കുതിപ്പിനൊപ്പം ചേർന്നു സൃഷ്ടിച്ച ഒരു പൊതുമണ്ഡലത്തിലാണ് വർക്കിയെ മലയാളി സ്വീകരിച്ചത്. മാദ്ധ്യമങ്ങൾ, കലാരൂപങ്ങൾ, സ്ഥാപനങ്ങൾ, രാഷ്ട്രീയചിന്ത എന്നീ രംഗങ്ങളിൽ സംഭവിച്ച ഇക്കാലയളവിലെ മാറ്റങ്ങൾ കേരളത്തിന്റെ ആധുനികീകരണ പ്രക്രിയയുടെ ഉത്തരഘട്ടത്തിന്റെയും മലയാളത്തിലെ ജനപ്രിയ നോവലിന്റെയും ചരിത്രത്തിന്റെ തുടക്കമായി''.

വർക്കികൃതികളിലെ വാമൊഴി, ഭാഷ, സാമൂഹികത, സ്ത്രീത്വം, മതാത്മകത, പ്രാദേശികത, ജാതീയത തുടങ്ങിയ ഘടകങ്ങൾ അഴിച്ചുപരിശോധിക്കുന്ന ഈ രചനകളിൽ വേറിട്ടുനിൽക്കുന്ന രണ്ടെണ്ണം, വർക്കിയുടെ ഡോക്ടർ ഷിവാഗോ വിവർത്തനത്തെക്കുറിച്ചും വർക്കികൃതികളിലെ സാമ്പത്തിക ഘടനയെക്കുറിച്ചുമുള്ളവയാണ്. വർക്കിയുടെ മാനവിക- രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ എങ്ങനെ വിവർത്തനത്തിനു പിന്നിൽ പ്രവർത്തിച്ചുവെന്നും മധ്യകേരളത്തിലെ കാർഷിക സമ്പദ്‌വ്യവസ്ഥയുടെ ഉള്ളടരുകൾ എങ്ങനെ വർക്കികൃതികളുടെ സാമൂഹികാടിത്തറ രൂപീകരിച്ചുവെന്നും ഈ പഠനങ്ങൾ വിശദീകരിക്കുന്നു.

ഷാജൻ സ്‌കറിയ നടത്തിയ നാല് അഭിമുഖങ്ങളാണ് മൂന്നാംഭാഗം. കൃഷ്ണൻനായരും രാജകൃഷ്ണനും ജനപ്രിയസാഹിത്യത്തെ നിശിതമായാക്രമിക്കുമ്പോൾ സക്കറിയയും മാത്യുമറ്റവും ജനപ്രിയസാഹിത്യഭാവനയെ സാംസ്‌കാരികമായും സൗന്ദര്യാത്മകമായും ന്യായീകരിക്കുന്നു. ആർനോൾഡിയൻ സംസ്‌കാരവാദമെന്നറിയപ്പെടുന്ന ആധുനികതയുടെ അക്കാദമിക വരേണ്യതയാണ് ആർനോൾഡിന് ഒരു നൂറ്റാണ്ടിനുശേഷവും ഈ നിരൂപകരുടെ നിലപാടുകൾ രൂപപ്പെടുത്തുന്നതെങ്കിൽ എഴുത്തിന്റെയും വായനയുടെയും തലങ്ങളിലെ ജനാധിപത്യബോധമാണ് സക്കറിയക്കും മാത്യു മറ്റത്തിനും വഴികാട്ടി. സക്കറിയ പറയുന്നു:

''കുറേ ലക്ഷം ആളുകളെ അക്ഷരങ്ങളോടും ആശയങ്ങളോടും സാഹിത്യത്തോടും ഒക്കെ അടുപ്പിക്കുകയും അത് നിലനിർത്തുകയും ചെയ്യുന്നത് നിസ്സാരമായ സംഗതിയല്ല. അതിലൂടെ കിട്ടുന്ന സാഹിത്യമൂല്യം ഒരു മാർക്കോസിനെ വായിച്ചാൽ കിട്ടുന്നതാണെന്നു ശഠിക്കുന്നതാണു തെറ്റ്. എനിക്കറിയാവുന്ന ധാരാളം ഉത്തമ സാഹിത്യകാരന്മാർ ജനപ്രിയസാഹിത്യം വായിച്ചു വളർന്നവരാണ്. വേദാന്തവും തത്വശാസ്ത്രവും ഏറ്റവും മഹത്തായ കൃതികളും മാത്രം വായിച്ചു വളർന്നവർ നിർജീവമായ മനസ്സുകളെയാവും സൃഷ്ടിക്കുക. സൃഷ്ടിപരമായ മനസ്സിന് സ്വാതന്ത്ര്യവും ബഹുമുഖമായ വീക്ഷണങ്ങളും നന്മയോടുമാത്രമല്ല, തിന്മയോടുള്ള പരിചയമൊക്കെ വേണം. അത് സ്വജീവിതത്തിലൂടെ കിട്ടിയില്ലെങ്കിലും ഇത്തരത്തിലുള്ള പരന്ന വായനയിലൂടെയും - യാതൊരു വിവേചനവുമില്ലാത്ത വായന - ഇത്തരം അനുഭവങ്ങളിലൂടെയുമൊക്കെ കിട്ടും. ജനപ്രിയ സാഹിത്യം നൽകുന്നത്, ഇത്തരത്തിലൊരടിത്തട്ടാണ്.......
ജനപ്രിയ പുസ്തകങ്ങളും വാരികകളും വായിച്ചുകൊണ്ടിരിക്കുന്ന അനേകം ലക്ഷം പേരിൽ നിന്നാണ് ഇനിയും പുതിയ എഴുത്തുകാർ ഉണ്ടാവേണ്ടത്. അല്ലാതെ സാഹിത്യവിദ്യാർത്ഥികളിൽ നിന്നോ ഭാഷാ അദ്ധ്യാപകരിൽ നിന്നോ ഒന്നുമല്ല. ജനപ്രിയസാഹിത്യത്തെ ശകാരിക്കുന്നവർക്ക് ഇതേവരെ അതിനെ നിർവചിക്കാനോ ഗവേഷണപരമായ പഠനങ്ങളിലൂടെയും സ്ഥിതി വിവരക്കണക്കിലൂടെയും ശാസ്ത്രീയമായി വിശകലനം ചെയ്യാനോ കഴിഞ്ഞിട്ടില്ല. ഇത് ജനപ്രിയ സിനിമയെ ശകാരിക്കുന്നതുപോലെയാണ്. കേരളത്തിലെ അക്ഷര വായനക്കാരിൽ ഏതാണ്ട് തൊണ്ണൂറ് ശതമാനം ആളുകൾ ദൈനംദിനം ആശ്രയിക്കുന്ന ഒരു സാഹിത്യപ്രസ്ഥാനത്തെ ഭർത്‌സനങ്ങൾ കൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും നേരിടാനോ നിർവചിക്കാനോ കഴിയുന്നില്ല എന്നത് ഇവിടുത്തെ സാംസ്‌കാരിക യജമാനന്മാരുടെ അന്ധതയുടെ തെളിവാണ്''.

ദസ്തയ്‌വ്‌സ്‌കിയെ വായിച്ച് തന്റെ പതിനാലാമത്തെ വയസ്സിൽ ആദ്യനോവലെഴുതിയ മാത്യുമറ്റം അസാധാരണമായ നിർമ്മമതയോടെ തന്റെ നോവൽസങ്കല്പം വിവരിക്കുന്നു: 'താങ്കളെ സ്വാധീനിച്ചിട്ടുള്ളവർ ആരൊക്കെയാണ്?' എന്ന ഷാജന്റെ ചോദ്യത്തിനുള്ള മാത്യുമറ്റത്തിന്റെ ഉത്തരം കേൾക്കുക. 'എം സി വർഗീസ്, കെ.എം. മാത്യു, ചക്കുളത്തു തിരുമേനി, നീണ്ടൂർ ജോയി തുടങ്ങിയവരാണ് എന്നെ ഏറെ സ്വാധീനിച്ചവർ. തൊടുപുഴ ഓടനാട്ടു വർക്കി മാണി, ഫാ.ലൂക്ക്പിതൃക്കയിൽ, തിരുവല്ല കുര്യൻ എബ്രഹാം തുടങ്ങിയവർ എന്റെ വളർച്ചയിൽ സഹായിച്ചവരാണ്''.

ഈ വിധം, മലയാളസാഹിത്യമണ്ഡലത്തിൽ കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടുകാലത്തോളം ഏറ്റവും സജീവമായി നിലനിന്ന സാംസ്‌കാരിക സംവാദങ്ങളിലൊന്നിന്റെ പാഠപുസ്തകമാണ്് 'ജനപ്രിയസാഹിത്യം മലയാളത്തിൽ'. സാഹിതീയവും സാഹിത്യബാഹ്യമായ കാരണങ്ങളാൽ മുട്ടത്തുവർക്കിയെയും വർക്കികൃതികളെയും പടിയടച്ചു പിണ്ഡംവച്ച സാഹിത്യപ്രവർത്തക സഹകരണസംഘംതന്നെ ഇത്തരമൊരു പുസ്തകം പ്രസിദ്ധീകരിച്ചത് ഒരു കാവ്യനീതിയായി മാറുകയും ചെയ്യുന്നു.

പുസ്തകത്തിൽ നിന്ന്:-
സക്കറിയ
പ്രശസ്ത നോവലിസ്റ്റ് മുട്ടത്തുവർക്കിയുടെ സ്മരണക്കായി ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരം പലരിലും ചിന്താക്കുഴപ്പമുണ്ടാക്കുന്നതായി ഞാൻ കണ്ടിട്ടുണ്ട്. കാരണം, മുട്ടത്തുവർക്കിയുടെ രചനകളെ പിന്നീടുവന്ന അത്യന്താധുനിക സാഹിത്യപ്രസ്ഥാനവും അതിനോടനുബന്ധിച്ചുപ്രവർത്തിച്ച മാദ്ധ്യമങ്ങളും ബുദ്ധിജീവികളും പൈങ്കിളി എന്ന് പുച്ഛിച്ചു തള്ളി. പക്ഷേ, പുരസ്‌കാരം നിലവിൽ വന്നതിനുശേഷം അത് സ്വീകരിച്ചവർ എല്ലാവരും, പൈങ്കിളി അല്ലാത്തത് എന്ന് സ്വയം കരുതിയിരുന്ന മേല്പറഞ്ഞ സാഹിത്യപ്രസ്ഥാനത്തിൽപ്പെട്ടവരായിരുന്നു. ഈയിടെ എനിക്ക് മുട്ടത്തുവർക്കി പുരസ്‌കാരം ലഭിച്ചപ്പോൾ മാദ്ധ്യമങ്ങളിൽ നിന്നുണ്ടായ ചോദ്യങ്ങളിൽ പലതും മേൽസൂചിപ്പിച്ച ചിന്താക്കുഴപ്പം പ്രതിഫലിപ്പിക്കുന്നവയായിരുന്നു. പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സംസാരിക്കുമ്പോൾ, ഞാൻ മുട്ടത്തുവർക്കി എന്തിനെ പ്രതിനിധീകരിച്ചു എന്നതിനെപ്പറ്റിയും അദ്ദേഹത്തിനെതിരെയുണ്ടായ ആക്രമണങ്ങളുടെ, ഇന്നും നിലനില്ക്കുന്ന പ്രത്യേകതകളെപ്പറ്റിയും സൂചിപ്പിച്ചു.

മലയാളവായനയിലെ അടിസ്ഥാനവർഗ്ഗത്തിന്റെ എഴുത്തുകാരനായിരുന്നു മുട്ടത്തുവർക്കി. അദ്ദേഹത്തിന്റെ രചനയുടെ സുവർണകാലം എന്നുവിളിക്കാവുന്ന 50-കളും 60-കളും മധ്യതിരുവിതാംകൂറിൽ വായന പരന്നുതുടങ്ങുന്ന കാലമായിരുന്നു. വായന വൻതോതിൽ ജനകീയമായതോടെ അഭിരുചികളും അവയുടെ ആവശ്യങ്ങളും മാറി. ഈ മാറ്റത്തിനനുസരിച്ചുള്ള വൈവിധ്യം സാഹിത്യത്തിൽ ലഭ്യമായിരുന്നില്ല.
സി.വി. രാമൻപിള്ളയുടേതുപോലെയുള്ള ക്ലാസിക് നോവലുകൾ ഈ അടിസ്ഥാനവർഗ്ഗത്തിന് ദുഷ്‌കരമായിരുന്നു. കേശവദേവ്, തകഴി, ബഷീർ തുടങ്ങിയവരുടെ പുരോഗമന രചനകൾപോലും അവയുടെ വിഷയങ്ങൾ ജനകീയമായിരുന്നിട്ടും പുതിയ ഗ്രാമീണ വായനക്കാരുടെ പരിധിക്ക് പുറത്തായിരുന്നു. തങ്ങളുടെ നാമ്പെടുക്കുന്ന വായനയുടെ ലളിതമായ ആവശ്യങ്ങൾക്കിണങ്ങിയ രചനകൾക്കുവേണ്ടി ഈ പുതിയ വായനാസമൂഹം അന്വേഷിച്ചു തുടങ്ങുമ്പോഴാണ് മുട്ടത്തുവർക്കിയുടെ പാടാത്ത പൈങ്കിളിയും ഇണപ്രാവുകളും രംഗപ്രവേശം ചെയ്തത്.

ഈ ഗ്രാമീണ തലമുറയുടെ വായനയ്ക്കുപിന്നിൽ പാരമ്പര്യത്തിന്റെ പരിശീലനമോ, ആസൂത്രണമോ ഉണ്ടായിരുന്നില്ല. പണ്ഡിതരും അഭ്യസ്തവിദ്യരും ഉന്നതകുലജാതരുമായ വായനക്കാരുടെ പരിശീലനമായിരുന്നില്ല ഇവരുടേത്. മധ്യതിരുവിതാംകൂറിലെ ഉൾനാടുകളിലും മലകളിലും കുടിയേറ്റ മേഖലകളിലും നഗരങ്ങളിലെ തൊഴിലാളിമേഖലകളിലും നിറഞ്ഞുനിന്ന ഈ വായനാസമൂഹത്തിൽ മുട്ടത്തുവർക്കിയുണ്ടാക്കിയ സംവേദനവിപ്ലവം അസാധാരണമായിരുന്നു.
കാരണം, അതേവരെ മലയാളനോവലിൽ ജനപ്രിയ ആഖ്യാനത്തിന്റെ പാരമ്പര്യം ഇല്ലായിരുന്നു. ഈ പുതിയ വായനക്കാരുടെ തീർത്തും ബൗദ്ധികമല്ലാത്തതും എന്നാൽ വൈകാരികമായി സങ്കീർണമായതുമായ ആവശ്യങ്ങൾ നിറവേറ്റാൻ മാതൃകകളൊന്നും മുന്നിലില്ലായിരുന്നു. പക്ഷേ, ഈ ജനകീയ സംവേദനശാസ്ത്രവെല്ലുവിളിയിൽ മുട്ടത്തുവർക്കി വിജയിച്ചു. എന്നു മാത്രമല്ല ഒരു വഴികാട്ടിയായി മാറി.

മുട്ടത്തുവർക്കി രാഷ്ട്രീയവിപ്ലവത്തിന്റെ വക്താവല്ലായിരുന്നു. സമന്വയത്തിന്റെ പ്രതിനിധിയായിരുന്നു. അദ്ദേഹം ഉച്ചനീചത്വങ്ങളെ തെളിച്ചുകാട്ടി. പക്ഷേ, രാഷ്ട്രീയപ്രതിരോധം ചിത്രീകരിച്ചില്ല. ഏറ്റവും സാധാരണക്കാരന്റെ വികാരങ്ങളും പ്രശ്‌നങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ ലോകം. അതിനെ, അദ്ദേഹം, രസിപ്പിക്കുക എന്ന സാഹിത്യത്തിന്റെ ഒന്നാം ധർമ്മത്തിനപ്പുറത്തേക്ക് കൊണ്ടുപോയില്ല. തന്റെ വായനക്കാരുടെ നാടൻ പ്രപഞ്ചങ്ങൾക്ക് അപരിചിതമായ ദാർശനികചർച്ചകൾ അദ്ദേഹം ഒഴിവാക്കി എന്നുവേണം കരുതാൻ. ലക്ഷക്കണക്കിന് സാധാരണക്കാരെ വായനാപ്രേമികളാക്കി മാറ്റിക്കൊണ്ട് മുട്ടത്തുവർക്കി നടത്തിയ അക്ഷരവിപ്ലവത്തിന്റെ കനികളാണ് ഇന്ന് തിരുവിതാംകൂറിൽ ഒരു മഹാസാഗരമായി മാറിയിരിക്കുന്ന മാദ്ധ്യമങ്ങളുടെയും പുസ്തകങ്ങളുടെയും കമ്പോളം അനുഭവിക്കുന്നത്.

ഞാൻ രണ്ടുവിധത്തിൽ മുട്ടത്തുവർക്കിയുടെ ഗുണഭോക്താവാണ്. ഒന്ന് : മുട്ടത്തുവർക്കിയെ വായിച്ചാണ് എന്റെ ബാല്യകാല വായനാശീലം ഉരുളികുന്നം പോലൊരു ഉൾനാടൻ ഗ്രാമത്തിൽ വേരുപിടിച്ചത്. രണ്ട് : ഇന്ന് എന്റെ എഴുത്തു ചെന്നെത്തുന്ന വായനയുടെ നിരവധി ഇടങ്ങൾ മുട്ടത്തുവർക്കി നിർമ്മിച്ച അടിത്തറയിൽ നിന്ന് വികസിച്ചതാണ്. പിന്നീട് വന്ന ബുദ്ധിജീവിസമൂഹം മുട്ടത്തുവർക്കിയെ പൈങ്കിളി എന്നുവിളിച്ചാക്ഷേപിക്കുമ്പോൾ ഞാനും അതിൽ, ചരിത്രബോധമില്ലാതെ പങ്കെടുത്തിട്ടുണ്ട്.

ഏറ്റവും വിചിത്രമായ വസ്തുത ഇതാണ് ഇന്ന് 2005 - ാമാണ്ടിൽ പോലും വായനക്കാരനെ കുത്തിയിളക്കാൻ തീരുമാനിച്ചുകൊണ്ട് പത്രങ്ങളും രാഷ്ട്രീയപാർട്ടികളും മതങ്ങളും ബുദ്ധിജീവികളും എഴുതുമ്പോഴും ടി.വി. ചാനലുകളിൽ പ്രസംഗിക്കുമ്പോഴും അവർ ഉപയോഗിക്കുന്നത് പൈങ്കിളി എന്ന് ആക്ഷേപിച്ച ഭാഷ തന്നെയാണ്. പലപ്പോഴും അല്പം ഒ.വി. വിജയനെക്കൂടി മേമ്പൊടിയായി ചേർക്കുമെന്നുമാത്രം. മുട്ടത്തുവർക്കിയും ഒ.വി. വിജയനുമില്ലെങ്കിൽ ഇനിയും ഒരു സുനാമി വന്നാൽ, അല്ലെങ്കിൽ അമൃതാനന്ദമയി ഇനിയുമൊരു ജന്മദിനാഘോഷം നടത്താൻ തീരുമാനിച്ചാൽ, മലയാളപത്രങ്ങളും ടി.വി. ചാനലുകളും എന്തുചെയ്യും എന്നുഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്.

മുട്ടത്തുവർക്കിയുടെ മേലുണ്ടായ ആക്രമണങ്ങൾക്ക് വർഗ്ഗീയസ്വഭാവവും ഉണ്ടായിരുന്നു എന്നത് ഒളിച്ചുവച്ചിട്ടു കാര്യമില്ല. ഈ വർഗ്ഗീയത, വിദ്വേഷത്തേക്കാളേറെ പുച്ഛത്തിന്റേതായിരുന്നു. ഇവനാരെടാ ഞങ്ങളുടെ തട്ടകത്തിൽ? എന്നു പരമ്പരാഗത തമ്പുരാൻ വർഗങ്ങളുടെ പ്രതികരണമായിരുന്നു അത്. കമ്മ്യൂണിസം തന്നെ കേരളത്തിൽ ചുവടുപിച്ചത് അടിസ്ഥാനവർഗ്ഗങ്ങളിലൂടെയായിരുന്നില്ല. ഫ്യൂഡൽ മേൽത്തട്ടിൽ നിന്നായിരുന്നു എന്നതിനാൽ ഇടതുപക്ഷ പ്രസ്ഥാനത്തിനും ആധുനികതാപ്രസ്ഥാനത്തിനുപോലും ഈ ഫ്യൂഡൽ തികട്ടലിൽ നിന്ന് മോചിതമാകാൻ കഴിഞ്ഞില്ല - ഇന്നും കഴിയുന്നോ എന്നു സംശയം. മാത്രമല്ല, മുട്ടത്തുവർക്കി അഭിസംബോധന ചെയ്ത അടിസ്ഥാനവർഗ്ഗങ്ങൾക്ക് സാമൂഹിക നീതിബോധവും എതിർപ്പിന്റെ ശേഷിയും ഉണ്ടായിരുന്നെങ്കിലും പ്രത്യയശാസ്ത്രപരമായ ആസൂത്രിത മുഖച്ഛായകൾ ഉണ്ടായിരുന്നില്ല എന്നതു വർക്കിയെ എളുപ്പത്തിൽ പുച്ഛിക്കാവുന്നവനാക്കി.

തമ്പുരാൻ എന്ന പദം മുട്ടത്തുവർക്കി ഇവരോട് പ്രതികരിച്ച വാക്കുകളിൽ നിന്ന് ഞാൻ കടം വാങ്ങിയതാണ്. ഈ തമ്പുരാൻ മനോഭാവം ഇന്നും കണ്ടുമുണ്ടാറുണ്ട്. ഉദാഹരണമായി, റബ്ബർ എന്ന വിളയോടുള്ള മനോഭാവമെടുക്കൂ. കേരളീയ ബുദ്ധിജീവി തത്ത്വപ്രകാരം തെങ്ങ്, നെല്ല് തുടങ്ങിയ ഫ്യൂഡൽ വിളകളുമായി തട്ടിച്ചുനോക്കുമ്പോൾ റബ്ബർ സാംസ്‌കാരികമായി തരംതാണ വിളയാണ് അത് കൃഷി ചെയ്യുന്നവർ സാംസ്‌കാരികമായി തരം താണവരും. എന്നാൽ ഒരു വൻ റബ്ബർ കമ്പനിയിൽ ജോലി ചെയ്തുകൊണ്ട് സാംസ്‌കാരികനായകനാകുന്നതിൽ വിരോധമില്ല. കാരണം ശമ്പളം ഫ്യൂഡലാണ്, ആധുനികോത്തരവുമാണ്. മണ്ണിൽ നിന്ന് സ്വയം വരുമാനമുണ്ടാകുന്നതാണ് പരിഹാസ്യം. പക്ഷേ റബ്ബറിനെ സംബന്ധിച്ച് ഏറ്റവും ഗംഭീരമായ ഇരട്ടത്താപ്പ് മറ്റൊരു രംഗത്താണ്. റബ്ബർ സാംസ്‌കാരികമായി താഴ്ന്ന വിളയാകുന്നത് അത് കോട്ടയം താലൂക്കിലോ ഇടുക്കിയിലോ കൃഷി ചെയ്യപ്പെടുമ്പോഴാണ്. അച്ചായൻ തുടങ്ങിയ പദങ്ങളുപയോഗിച്ച് റബ്ബറിനെ പാതാളത്തോളം താഴ്‌ത്തുന്നു. എന്നാൽ ഷൊർണ്ണൂരിനപ്പുറത്തുള്ള, വള്ളുവനാടുപോലുള്ള ഇടങ്ങളിലെ ഫ്യൂഡൽ സവർണ കുടുംബങ്ങൾ അത് കൃഷി ചെയ്യുമ്പോൾ, റബ്ബർ സാംസ്‌കാരിക പ്രതിഭാസമായിത്തീരുന്നു. അവരുടെ സാംസ്‌കാരികമനസാക്ഷികളെ റബ്ബർപോലെ വലിച്ചാൽ നീളുന്നത് എന്നാരും പരിഹസിക്കില്ല.

ഏതായാലും മുട്ടത്തുവർക്കി പുരസ്‌കാരം സ്വീകരിച്ചുകൊണ്ട്, എന്റെ ഗ്രാമീണ ബാല്യത്തിന്റെ ആനന്ദദാതാവിന് നന്ദി പറഞ്ഞുകൊണ്ട്, റബർകൃഷിക്കാരനായ ഞാൻ ഇങ്ങനെ ഓർത്തു. ഇനി അമൃതാനന്ദമയി മഠം ഒരു സൂപ്പർ സ്‌പെഷ്യാലിറ്റി റബർതോട്ടം തുടങ്ങിയിട്ടുവേണം എന്നെപ്പോലുള്ള റബ്ബർ കൃഷിക്കാർക്കു നല്ലതുപോലെ ഒന്നു ഞെളിയാൻ.

ജനപ്രിയസാഹിത്യം മലയാളത്തിൽ
എഡി. ശ്രീകുമാർ എ.ജി.
സാഹിത്യപ്രവർത്തക സഹകരണസംഘം
2014, വില : 180 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP