Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗീത മുതൽ യോഗവരെ: ഹിന്ദുത്വഭീകരതയുടെ പ്രത്യയശാസ്ത്രരൂപകങ്ങൾ

ഗീത മുതൽ യോഗവരെ: ഹിന്ദുത്വഭീകരതയുടെ പ്രത്യയശാസ്ത്രരൂപകങ്ങൾ

ഷാജി ജേക്കബ്‌

സാംസ്‌കാരിക ദേശീയത എന്ന് പേരിട്ടുവിളിച്ച് ഹിന്ദുത്വസംഘടനകൾ കുറെക്കാലമായി പ്രചരിപ്പിച്ചുവരുന്ന ഇന്ത്യൻ പ്രതിഭാസത്തിന്റെ സാമൂഹ്യശാസ്ത്രവും പ്രത്യയശാസ്ത്രവും അഥവാ ചരിത്രവും രാഷ്ട്രീയവും വിശകലനം ചെയ്തവതരിപ്പിക്കുന്നതിൽ ജെ. രഘുവിനോളം താല്പര്യവും നൈരന്തര്യവും പുലർത്തുകയും ജാഗ്രതയും സൂക്ഷ്മതയും പ്രകടിപ്പിക്കുകയും ചെയ്യുന്ന മറ്റൊരാൾ കേരളത്തിലുണ്ടെന്നു തോന്നുന്നില്ല. അകമേ പിന്തിരിപ്പനും പ്രതിലോമപരവും വർഗീയവും വംശീയവുമായിരിക്കെത്തന്നെ പുറമെയ്‌ക്ക് ശാസ്ത്രീയവും യുക്തിഭദ്രവും മതേതരവും പുരോഗമനപരവും വിപ്ലവാത്മകം പോലുമായി തോന്നിക്കുന്ന എത്രയെങ്കിലും കാഴ്ചപ്പാടുകളെയും ആശയാവലികളെയും പ്രയോഗരൂപങ്ങളെയും നിശിതമായ രാഷ്ട്രീയവിചാരണയ്ക്കു വിധേയമാക്കി അവയുടെ തനിനിറം മറനീക്കി നിരാകരിക്കുന്നതിൽ രഘുവിനുള്ള സാമർഥ്യം ഒന്നു വേറെതന്നെയാണ്. യാഥാസ്ഥിതിക ഇടതു, വലതുപക്ഷങ്ങളോടു സൂക്ഷിക്കുന്ന വിവേകസമ്പന്നമായ ദൂരം, വിശകലനരീതിയിൽ നിരന്തരം പാലിക്കുന്ന ചരിത്രാത്മകത, അരക്കിട്ടുറപ്പിച്ച യുക്തിബോധം, സദാപിന്തുടരുന്ന ശാസ്ത്രീയത, കണിശതയുള്ള മാനവിക-മതേതര നിലപാടുകൾ, സൂക്ഷ്മമായ ഭൗതികവാദസമീപനം, സംവാദാത്മകത മുറ്റിനിൽക്കുന്ന വിഷയാവതരണ രീതി, സാമൂഹ്യശാസ്ത്രം, നരവംശശാസ്ത്രം, തത്വചിന്ത, വൈദ്യശാസ്ത്രം, മനഃശാസ്ത്രം, മാർക്‌സിസം തുടങ്ങിയ വൈജ്ഞാനിക മണ്ഡലങ്ങളിൽനിന്നു സ്വീകരിക്കുന്ന ഉൾക്കാഴ്ചകൾ, മൗലികമായി രൂപപ്പെടുത്തുന്ന രീതിശാസ്ത്രങ്ങളും സങ്കല്പനങ്ങളും എന്നിങ്ങനെ രഘുവിന്റെ പഠനങ്ങളെ അക്കാദമിക ഗൗരവവും സാമൂഹ്യപ്രസക്തിയുമുള്ള രാഷ്ട്രീയ ഇടപെടലുകളാക്കുന്ന ഘടകങ്ങൾ നിരവധിയാണ്. ഉത്തരാധുനികതയുടെ സിദ്ധാന്തവിപര്യയങ്ങളെ നിസംശയം തിരസ്‌കരിച്ചും ആധുനികതയുടെ നവോത്ഥാനയുക്തികളെ വിമർശനാത്മകമായി ഉൾക്കൊണ്ടും രഘു സ്വീകരിക്കുന്ന നിലപാടുകൾക്ക് 'യാന്ത്രികഭൗതികവാദ'ത്തിന്റെ കടുംപിടുത്തങ്ങളും വഴക്കമില്ലായ്മയും ചിലപ്പോഴെങ്കിലും അനുഭവപ്പെട്ടേക്കാം. പാശ്ചാത്യ തത്വചിന്താപാരമ്പര്യത്തോടും നവോത്ഥാനാധുനികതയോടുമുള്ള കടുത്ത പക്ഷപാതം മൂലം പ്രാചീന ഇന്ത്യൻ ചിന്താധാരകളെ മാത്രമല്ല, ദേശീയപ്രസ്ഥാനം മുതൽ ഗാന്ധിയൻ രാഷ്ട്രീയം വരെയുള്ളവയെപ്പോലും രഘു തള്ളിപ്പറയും. പക്ഷെ ആ പ്രക്രിയയിൽ പോലും അദ്ദേഹം പിന്തുടരുന്ന ചരിത്രവൽക്കരണത്തിന്റെയും പ്രത്യയശാസ്ത്ര വിമർശനത്തിന്റെയും സാംസ്‌കാരിക പ്രസക്തി ഒട്ടും ചെറുതല്ല. സമകാല ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മതാത്മകജടിലതകളെയും നാസിസത്തിനു സമാനമായ മൗലികവാദ പദ്ധതികളെയും ഭരണകൂടം നടപ്പാക്കിവരുന്ന അയുക്തികവും അമാനവികവുമായ സാംസ്‌കാരികാധിനിവേശങ്ങളെയും ഹിംസാത്മകമായ പ്രയോഗപാഠങ്ങളെയും അവയുടെ അടിവേരുകളോളം ചെന്ന് വിശകലനം ചെയ്തവതരിപ്പിക്കുന്ന, അങ്ങേയറ്റം കാലികപ്രസക്തവും ജീവൽപ്രധാനവുമായ സമീപനങ്ങളാണ് തന്റെ മുൻഗ്രന്ഥങ്ങളിലേതുപോലെ (ഹിന്ദുകൊളോണിയലിസവും ഫാഷിസവും, ഘർവാപസി) ഈ പുസ്തകത്തിലും രഘു സ്വീകരിക്കുന്നത്. നാലു ലേഖനങ്ങൾ. യഥാക്രമം, ഭഗവത്ഗീതയുടെ വംശരാഷ്ട്രീയം, 'ഹിന്ദു'മതത്തിന്റെ ആധുനിക നിർമ്മിതി, 'യോഗ'യുടെ അപചിന്തനസ്വരൂപം, അമൃതാനന്ദമയിയുടെ ആത്മീയതാ വ്യാപാരം എന്നിവ വിശകലനം ചെയ്യുന്നു, ഈ രചനകൾ.

ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതേതര-ജനാധിപത്യ വ്യവസ്ഥക്കുപകരം ഹിന്ദുരാഷ്ട്രമെന്ന വർഗീയ ഫാസിസ്റ്റ് ലക്ഷ്യം മുന്നോട്ടുവയ്ക്കുന്ന സംഘപരിവാറിന്റെ പ്രത്യക്ഷവും പരോക്ഷവുമായ രാഷ്ട്രീയപ്രക്രിയകളുടെ സമകാല പശ്ചാത്തലത്തിലാണ് രഘു 'ഭഗവത്ഗീത'യുടെ ചരിത്രവും പ്രത്യയശാസ്ത്രവും വിശകലനം ചെയ്യുന്നത്. ഹിന്ദു ഭീകരവാദം (ഒശിറൗ ലേൃൃീൃശാെ) എന്നുതന്നെ വിളിക്കേണ്ടിവരുന്ന ഇടപെടലുകളുടെ പരമ്പരയിലൂടെ സംഘപരിവാർ മറനീക്കുന്ന വംശവെറിയുടെയും മതവർഗീതയുടെയും വർണ-ജാതി രാഷ്ട്രീയങ്ങളുടെയും അജണ്ടകളെ ഏറ്റവും മൂർത്തമായി സാധൂകരിക്കുന്ന പ്രമാണഗ്രന്ഥമെന്ന പദവിയാണ് ഭഗവത്ഗീതക്കുള്ളത്. കൊളോണിയൽ ആധുനികതയിൽ 'ഹിന്ദു'മതത്തിന്റെ ഘടനയും വ്യവസ്ഥയും രൂപപ്പെട്ട നാളുകളിൽ ഗീതക്കു ചാർത്തിക്കൊടുക്കപ്പെട്ട ഈ പദവി, ദേശീയപ്രസ്ഥാനകാലത്തെന്നപോലെ ഇന്നും ഹിന്ദുത്വഭീകരവാദികളെ ഈ ഗ്രന്ഥത്തിന്റെ തണലിൽ എത്തിച്ചിരിക്കുന്നു. ഹിന്ദുഫാഷിസത്തിന്റെ ഭരണഘടനയായി ഭഗവത്ഗീത മാറുന്നതെങ്ങനെയെന്ന് രഘു വിശദീകരിക്കുന്നു. ഒരു ഭാഗം നോക്കുക:

'ഹിന്ദുത്വഭീകരവാദപ്രത്യയശാസ്ത്രത്തിന്റെ രക്തപങ്കിലമായ നിർവഹണം നേരിടുന്ന പ്രധാന വെല്ലുവിളി അതിനാൽ, ഇന്ത്യൻ ഭരണഘടനാവ്യവസ്ഥതന്നെയാണ്.

ഭരണഘടനയെ ഇല്ലാതാക്കുകയോ അതിന്റെ അടിസ്ഥാനഘടന ഭേദഗതി ചെയ്യുകയോ എന്നത്, അത്ര എളുപ്പമല്ല. ഹിന്ദുത്വഭീകരവാദത്തിന് ഭരണഘടനാപരമായ സാധൂകരണം ലഭിക്കുകയെന്നതും അസാധ്യമാണ്. ഭരണഘടനാബാഹ്യമായ ഒരു പ്രത്യയശാസ്ത്രവ്യവഹാരം സ്ഥാപിച്ചുകൊണ്ടുമാത്രമേ തങ്ങളുടെ ഫാഷിസ്റ്റ് അതിക്രമങ്ങളെ നിർവചിക്കാനും സാധൂകരിക്കാനും ഹിന്ദുത്വഭീകരവാദികൾക്കു കഴിയൂ. അത്തരമൊരു പ്രത്യയശാസ്ത്രവ്യവഹാരത്തിനു വേണ്ടിയുള്ള അന്വേഷണമാണ്, ദേശീയ പ്രസ്ഥാനകാലത്തെന്നതുപോലെ, വർത്തമാനകാലത്തും ഹിന്ദുത്വ ഭീകരവാദികളെ ഭഗവദ്ഗീതയിൽ എത്തിച്ചിരിക്കുന്നത്. അരുംകൊലകളെയും അധാർമികതകളെയും കൊടുംചതികളെയും സവർണാധിപത്യത്തെയും ജാതി-വംശീയതയെയും ഗർഭം ധരിച്ചിട്ടുള്ള ഭഗവദ്ഗീതയെ ദേശീയഗ്രന്ഥമാക്കണമെന്ന് ഹിന്ദുഫാഷിസ്റ്റുകൾ ആവശ്യപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്. ഹിന്ദുത്വഫാഷിസത്തിന്റെ സ്വന്തം ദേശീയഭരണഘടനാനിർമ്മിതിയുടെ ആദ്യഘട്ടമാണിത്. ദേശീയഗ്രന്ഥപദവി ആർജിക്കുന്നതോടെ, ഭഗവദ്ഗീത, പൊതുരാഷ്ട്രീയവ്യവഹാരത്തെ നിർവചിക്കുകയും നിർണയിക്കുകയും ചെയ്യുന്ന മാനദണ്ഡമായി മാറും. ഇന്ത്യയിൽ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഏക അവലംബമായ ഭരണഘടനയെ അട്ടിമറിക്കാനുള്ള അദൃശ്യവും പരോക്ഷവുമായ ഗൂഢാലോചനയുടെ ഭാഗമാണിത്.

ഹിന്ദുഫാഷിസത്തിന്റെ നടപടികൾ ഭരണഘടനാപരമായി ചോദ്യം ചെയ്യപ്പെട്ടാലും ഭഗവദ്ഗീതയുടെ മാനദണ്ഡങ്ങളനുസരിച്ച് സാധൂകരിക്കപ്പെടും. നിയമപരമായി അസാധുവാകാനിടയുള്ള ഫാഷിസ്റ്റു നയങ്ങൾക്ക് ദേശീയ-സാംസ്‌കാരികമായ സാധൂകരണം നേടിയെടുക്കുകയെന്നതാണ് ഭഗവദ്ഗീതയുടെ ദേശീയഗ്രന്ഥപദവിയിലൂടെ ലക്ഷ്യമാക്കുന്നത്. ദേശീയ-സാംസ്‌കാരിക സാധൂകരണം ലഭിക്കുന്ന ഹിന്ദുഫാഷിസം, ഭരണഘടനാപരമായി സാധൂകരിക്കപ്പെടാതെവരുമ്പോൾ, പുതിയൊരു രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് അത് നയിക്കുന്നത്. ഭരണഘടനയും നിയമവാഴ്ചയും ഒരു വശത്തും ദേശീയ-സംസ്‌കാരം മറുവശത്തും നിൽക്കുന്ന അഗാധസംഘർഷത്തിൽ, ശരാശരി ഹിന്ദുആൾക്കൂട്ടങ്ങൾ ദേശസ്‌നേഹത്തിന്റെ പക്ഷത്ത് അണിനിരക്കുക സ്വാഭാവികമാണ്. അമൂർത്തവും ഔപചാരികവും സാർവലൗകികവും അഹൈന്ദവവും അഭാരതീയവുമായ ഭരണഘടനാതത്വങ്ങൾക്ക് ശരാശരി ജനസാമാന്യത്തിന്റെ അവികസിത ഭാവുകത്വത്തെ പ്രീണിപ്പിക്കാനോ പ്രതിനിധീകരിക്കാനോ സാധ്യമല്ല. ഈ 'പ്രാകൃത ഹിന്ദുപറ്റ(hindu herdes)-ങ്ങൾ' ക്രമേണ ഭരണഘടനയെയും നിയമവാഴ്ചയെയും വൈദേശികമായി കാണാൻ തുടങ്ങും. കൊളോണിയലിസം അവസാനിച്ചിട്ടും ഇന്ത്യയിൽ തുടരുന്ന കൊളോണിയൽ അവശിഷ്ടമാണ് ഭരണഘടനയെന്ന് പ്രചരിപ്പിക്കാനും അതിനാൽ ഒരു 'രണ്ടാം സ്വാതന്ത്ര്യസമര'ത്തിന് ആഹ്വാനം ചെയ്യാനും അത്തരമൊരു സാഹചര്യം ഹിന്ദുഫാഷിസ്റ്റുകൾക്ക് സഹായകമാവും. ഈ രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ മാനിഫെസ്റ്റോയുടെ സ്ഥാനമായിരിക്കും ഭഗവദ്ഗീതയ്ക്ക് ലഭിക്കുന്നത്. ഇന്ത്യയുടെ തനതായ സ്വദേശീയസാംസ്‌കാരികപാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന ഭരണഘടന എന്ന ആവശ്യത്തിന് വലിയ പിന്തുണ ലഭിക്കാനുമിടയുണ്ട്. ഇന്ത്യയുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും പ്രതിഫലിപ്പിക്കുന്ന ഭരണഘടനയ്ക്ക് ആസ്പദമാക്കാവുന്ന താത്വികപരിപ്രേക്ഷ്യം എന്തായിരിക്കും? 'ഹിന്ദുയിസത്തിന്റെ ബൈബിൾ' എന്ന കുപ്രസിദ്ധി ആർജിച്ചിട്ടുള്ള ഭഗവദ്ഗീത തന്നെയായിരിക്കും ഈ പരിപ്രേക്ഷ്യത്തെ നിർവചിക്കുന്നത്. ന്യൂനപക്ഷങ്ങളുടെയും മതേതരശക്തികളുടെയും വലിയ എതിർപ്പിനിടയാക്കുന്ന ഹിന്ദുരാഷ്ട്രവാദത്തെ പൊതുരാഷ്ട്രീയമണ്ഡലത്തിൽ അദൃശ്യമാക്കി നിർത്തിക്കൊണ്ടുതന്നെ ഇന്ത്യയെ പരോക്ഷമായി ഹിന്ദുവൽക്കരിക്കാൻ ഫാഷിസ്റ്റുകൾക്ക് കഴിയും. ഇന്ത്യയുടെ തനതായ ഭരണഘടന എന്നതിന്റെ വിവക്ഷ, ഫലത്തിൽ ഹിന്ദു ഭരണഘടന എന്നുതന്നെയായിരിക്കും. 'അപകോളനിവൽക്കരണം' (de-colonization) എന്ന പേരിൽ വിന്യസിക്കപ്പെടുന്ന ഹിന്ദു ഫാഷിസ്റ്റാശയങ്ങൾക്ക് 'പോസ്റ്റ് മോഡേൺ', 'പോസ്റ്റ് കൊളോണിയൽ', 'കീഴാള ചരിത്ര ചിന്താപദ്ധതികൾ 'പിന്തുടരുന്ന വലിയൊരു വിഭാഗം ബുദ്ധിജീവികളുടെ പിന്തുണയും ലഭിക്കും. ദേശസ്‌നേഹം തെളിയിക്കാനായി മത്സരിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനങ്ങൾക്കും ദേശീ-മുസ്ലിം, 'ദേശീയ ക്രിസ്ത്യൻ' എന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്ന 'പുരോഗമന ന്യൂനപക്ഷങ്ങൾ'ക്കും നിഗൂഢമായ ഹിന്ദുത്വവൽക്കരണത്തെ പരസ്യമായി എതിർക്കാനുമാവില്ല. ഭഗവദ്ഗീതയെ 'ദേശീയഗ്രന്ഥ'പദവിയിൽ അവരോധിക്കാനുള്ള വിനാശകരമായ ഫാഷിസ്റ്റുപദ്ധതിയെ, 'പോസ്റ്റ് കൊളോണിയലിസ'ത്തിനുമേൽ ദേശീയത നേടുന്ന വിജയമായി ചിത്രീകരിക്കാനും കഴിയും'.

ഗീതാനിർമ്മിതിയുടെ ചരിത്രം, മഹാഭാരതവും രാമായണവും ഇന്നത്തെ രൂപത്തിലേക്കു വളർന്നുവികസിച്ചതിന്റെ കഥ, ഗീതയുടെ പല ജന്മങ്ങൾ, മഹാഭാരതത്തിലേക്ക് അതിനുണ്ടായ വിളക്കിച്ചേർക്കലിന്റെ സാധ്യതകൾ, ചാതുർവർണ്യത്തിന്റെയും ബ്രാഹ്മണ്യത്തിന്റെയും പ്രതിഷ്ഠാപനം സാധ്യമാക്കിയ ഗീതയുടെ പ്രത്യയശാസ്ത്ര ഇടപെടലുകൾ, ശാങ്കരവ്യാഖ്യാനം അദ്വൈതത്തിനു നൽകിയ മേൽക്കൈ, ബുദ്ധ, ജൈന മതങ്ങളെ തകർക്കാൻ ഗീതയെ ഉപയോഗിച്ച രീതികൾ, ഇസ്ലാമികവിരുദ്ധതക്കു ഗീതയിൽ കൈവന്ന രാഷ്ട്രീയം, ഗീതയുടെ പാഠപരവും തത്വപരവുമായ മൗലികതാരാഹിത്യം, കൊളോണിയൽ ആധുനികതയിൽ ഗീതക്കുണ്ടായ പാശ്ചാത്യസഞ്ചാരങ്ങൾ, 'ഹിന്ദു'മതത്തിന്റെ പ്രമാണഗ്രന്ഥമെന്ന പദവിയിലേക്ക് അതിനുണ്ടായ ആരോഹണം, വിവേകാനന്ദനും പിന്നീട് ഗാന്ധിയും ഗീതക്കു നേടിക്കൊടുത്ത ആഗോള-ദേശീയ സമ്മതി, ജർമനിയിലെ നാസികൾ ഗീതാതത്വങ്ങൾ തങ്ങളുടെ വംശ ഉന്മൂലനസിദ്ധാന്തത്തിനുപയോഗിച്ച രീതികൾ, ഗീതാജ്ഞാനയജ്ഞങ്ങളിലൂടെയും മറ്റും ഈ കൃതിക്കു കൈവന്ന ജനപ്രിയത, സംഘപരിവാർ ഇന്ത്യയുടെ സാംസ്‌കാരിക ദേശീയതയുടെ മാനിഫെസ്റ്റോവായി ഗീതക്കു കൈവരുത്തിയ സ്ഥാനാന്തരം.... ഗീതയുടെ ചരിത്രജീവിതം നൂറ്റാണ്ടുകളിലൂടെ അനാവരണം ചെയ്യുന്ന ഗംഭീരമായൊരു പ്രബന്ധമാണ് ഈ ലേഖനം.

എന്താണ് ഗീതയുടെ നീക്കിബാക്കി? രഘു എഴുതുന്നു: 'വിവിധ കാലഘട്ടങ്ങളിൽ സൃഷ്ടിക്കപ്പെട്ട വിവിധ ഉപനിഷത്തുകളിൽ പരസ്പരബന്ധമില്ലാതെ ചിതറിക്കിടന്ന അധാർമികതയുടെ വ്യവഹാരങ്ങളെ സമാഹരിക്കുകയും ഏകീകൃതവും സുസംഘടിതവുമായ ഒരു താത്വികവ്യവഹാരമാക്കി പുനഃസൃഷ്ടിക്കാനുമുള്ള ശ്രമമാണ് ഭഗവദ്ഗീത. താൻ ചെയ്യാൻ പോകുന്ന കൊലപാതകപരമ്പര സൃഷ്ടിക്കാവുന്ന പശ്ചാത്താപത്തിൽനിന്ന് അർജുനനെ മുൻകൂറായി മുക്തനാക്കുന്ന ഭഗവദ്ഗീത ഏതൊരു ഫാഷിസ്റ്റുപ്രസ്ഥാനത്തിന്റെയും 'ആദിമ മാനിഫെസ്റ്റോ' ആണ്. ഉപനിഷത്തുകൾക്കും ഭഗവദ്ഗീതയ്ക്കുംശേഷം വംശീയാധിപത്യത്തെ, യഹൂദഹത്യയെ, അധാർമികതയെ, തിന്മയെ, ഹിംസയെ യാതൊരു മറയുമില്ലാതെ സിദ്ധാന്തവൽക്കരിച്ച ഏക പ്രസ്ഥാനം നാസിസവും, ഏക കൃതി 'മെയിൻകാംപ്ഫു'മാണ്. ആർഷസംസ്‌കാരമഹർഷിമാരുടെ രോഗാതുരവും കുറ്റകരവുമായ മനസ്സിന്റെ തുടർച്ചതന്നെയാണ് നാസിസത്തിലും മെയ്ൻകാംപ്ഫിലും പ്രവർത്തിക്കുന്നത്. ഇതേ രോഗാതുരമനസ്സാണ്, ഹിന്ദു-രാഷ്ട്രവാദത്തിലുമുള്ളത്. ഹിറ്റ്‌ലറെയും മെയിൻകാംപ്ഫിനെയും മാതൃകയാക്കിക്കൊണ്ടാണ് ഗോൾവാൽക്കർ, 'We or Our Nationhood Defined', 'Bunch of Thougsth' എന്നീ കൃതികൾ രചിച്ചത്. ഗോൾവാൽക്കറുടെ ശിഷ്യരാണ്, ഇന്ന് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും യാതൊരു മറയുമില്ലാതെ ഭഗവദ്ഗീതയ്ക്കുവേണ്ടി വാദിക്കുന്നത്'.

ഇരുതലമൂർച്ചയുള്ള നിർവചനങ്ങൾ കൊണ്ട് ഗീതയുടെ വിശുദ്ധഗ്രന്ഥപദവികൾ ഒന്നൊന്നായി ഖണ്ഡിക്കുന്നുണ്ട്, രഘു. നോക്കുക:

'കുല-ഗോത്രഘടനയിൽ നിന്നും ചാതുർവർണ്യസാമൂഹികഘടനയിലേക്കുള്ള പരിവർത്തനത്തിനാവശ്യമായ 'ഹിംസ'യെയും 'യുദ്ധ'ത്തെയും സാധൂകരിക്കുകയും വർണ-ജാതി സാമൂഹികജീവിതം പരിത്യജിക്കാതെതന്നെ, എങ്ങനെ മോക്ഷം നേടുകയും ചെയ്യാം എന്നതിന്റെ 'ദൈവശാസ്ത്രം' കൂടിയാണ് ഭഗവദ്ഗീത'.

'ഏതു നൃശംസനീയതയെയും ന്യായീകരിക്കുകയും വർണ/ജാതിധർമം ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ നിർവഹിക്കുന്ന യന്ത്രമായി മനുഷ്യരെ അനുശീലിപ്പിക്കുകയും ചെയ്യുന്ന ഭഗവദ്ഗീത, മനുഷ്യന്റെ സാംസ്‌കാരിക-ധൈഷണികചരിത്രത്തിലെ ഇരുണ്ടയുഗത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അതിനാൽ ഭഗവദ്ഗീതയെ 'ഇരുട്ടിന്റെ പുസ്തക'(Book of Darkne)ൈമെന്നു ഞാൻ വിശേഷിപ്പിക്കുന്നു'.

ഈ പഠനത്തിലെ ഏറ്റവും ശ്രദ്ധേയമായ രണ്ടു ഭാഗങ്ങൾ 'ഗാന്ധിജിയും ഭഗവത്ഗീതയും', 'ഗീതയും നാസിസവും' എന്നിവയാണ്. കേവല മതഗ്രന്ഥമെന്ന നിലയിൽനിന്ന് സംസ്‌കാര-ദേശീയ ഗ്രന്ഥമായി ഗീതക്കു വ്യാപ്തി നൽകിയത് ഗാന്ധിയാണ്. സ്വാഭാവികമായും തന്റെ ദേശീയപ്രസ്ഥാനരാഷ്ട്രീയം ഒന്നടങ്കം ദൈവശാസ്ത്രവൽക്കരിക്കാൻ ഗാന്ധി തെരഞ്ഞെടുത്ത 'വിശുദ്ധ'ഗ്രന്ഥവും ഗീതയായിരുന്നു. ഇതര ജന്തുക്കളിൽനിന്ന് മനുഷ്യനെ വേറിട്ടുനിർത്തുന്ന 'ചിന്ത'യുടെ ഉച്ചാടനംനിർവഹിക്കുന്ന, അപചിന്തനത്തിന്റെ മാനിഫെസ്റ്റോയായി രഘു ഗീതയെ വിലയിരുത്തുന്നു.

ആര്യവംശരാഷ്ട്രീയംകൊണ്ട് ഇരുപതാം നൂറ്റാണ്ടിൽ നരഹത്യയുടെ ദുരന്തേതിഹാസങ്ങൾ രചിച്ച ഹിറ്റ്‌ലർക്ക് ഗീത നൽകിയതുപോലുള്ള പ്രചോദനം മറ്റൊരു ഗ്രന്ഥവും നൽകിയിട്ടില്ല.

'ഹിറ്റ്‌ലറുടെ വലംകൈയും എസ്.എസ്സിന്റെ മേധാവിയുമായിരുന്ന ഹെന്റീഷ് ഹിംലർ, എപ്പോഴും ഭഗവദ്ഗീതയുടെ ഒരു കോപ്പി കൈയിൽ കരുതുമായിരുന്നു. ഏത് അരുംകൊലയും മനസ്സാക്ഷിക്കുത്തില്ലാതെ നടത്തുന്നതിന് മനുഷ്യരെ സന്നദ്ധമാക്കുന്ന വിശുദ്ധഗ്രന്ഥമെന്നാണ് ഹിംലർ ഗീതയെ വിശേഷിപ്പിച്ചത്. ദശലക്ഷക്കണക്കിന് യഹൂദരെയും ജിപ്‌സികളെയും കമ്യൂണിസ്റ്റുകളെയും കൊന്നൊടുക്കിയ 'അന്തിമപരിഹാര'-(Final Solution)-ത്തിനുള്ള പരിശീലനത്തിന്റെ ഭാഗമായി നാസിപ്പട്ടാളക്കാർക്ക് ഹിംലർ ഗീതാജ്ഞാനയജ്ഞങ്ങൾ നടത്തുക പതിവായിരുന്നു. നാസിസത്തിന്റെ ഔദ്യോഗിക ദേശീയ ചിഹ്നമായ സ്വസ്തിക, ഭാഗ്യസൂചകമായി ഹിന്ദുക്കൾ ആരാധിച്ചിരുന്ന ഒരു ചിഹ്നമാണ്. 'സ്വസ്തിക' എന്ന വാക്കുതന്നെ സംസ്‌കൃതമാണ്. 'ബല'ത്തെയും 'ഭാഗ്യ'ത്തെയും സൂചിപ്പിക്കാൻ ഹിന്ദുക്കൾ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന ഒരു പ്രതീകമാണ് 'സ്വസ്തിക'.

നാസി പ്രത്യയശാസ്ത്രത്തിന്റെ മുഖ്യസ്രോതസ്സ് കാൽപ്പനികവാദികളിലൂടെയും തിയോസോഫിസ്റ്റുകളിലൂടെയും ജർമനിയിൽ പ്രചരിപ്പിക്കപ്പെട്ട ഹിന്ദുവംശീയ സിദ്ധാന്തങ്ങളായിരുന്നു. വിനാശകരമായ നാസിപ്രത്യയശാസ്ത്രത്തിന് ഇത്രയേറെ തീഷ്ണതയും വിശ്വാസലഹരിയും ഉന്മാദവും നൽകിയത്, അത് മതവിശ്വാസങ്ങളിലും മിത്തുകളിലും അധിഷ്ഠിതമായിരുന്നു എന്നതാണ്'.

'ആര്യന്മാർ, എപ്പോഴൊക്കെ താഴ്ന്ന വംശജരുമായി ഇടപഴകിയിട്ടുണ്ടോ, അപ്പോഴൊക്കെ 'കുലീനസംസ്‌കാരം' അപചയിച്ചിട്ടുണ്ടെന്ന് മെയ്ൻ കാംപ്ഫിൽ പറയുന്നു. 'വർണനിയമങ്ങൾ ലംഘിക്കുന്നവർ, സ്വന്തം ആത്മസാക്ഷാൽക്കാരത്തെ തടയുകയാണ് ചെയ്യുന്നതെ'ന്നും മെയ്ൻകാംപ്ഫ് ഓർമിപ്പിക്കുന്നു. ഗീതയിലെ 'ധർമലോപം' എന്ന സങ്കൽപ്പത്തിന്റെ വിവക്ഷയും ഇതുതന്നെയാണ്. 'സർവശക്തനായ സ്രഷ്ടാവിന്റെ ഇച്ഛയനുസരിച്ച് കർമം അനുഷ്ഠിക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്. ദൈവത്തിനുവേണ്ടിയുള്ള 'വിശുദ്ധബലി'യാണ്, യഹൂദഹത്യ'യെന്നാണ് ഹിറ്റ്‌ലർ പറഞ്ഞത്. ക്ഷത്രിയൻ എന്ന നിലയ്ക്ക് അർജുനന്റെ 'ദൈവനിയോഗ'മാണ് 'ക്ഷത്രിയധർമം'. സ്വന്തം ബന്ധുജനങ്ങളുടെ കൂട്ടക്കശാപ്പ്, ദൈവേച്ഛയായ 'ക്ഷത്രിയധർമ'മാകുന്നു. അതിനാൽ, വിഷാദം കളഞ്ഞ് 'ദൈവനിയോഗം നിർവഹിക്കൂ'യെന്നാണ് കൃഷ്ണൻ ഉപദേശിച്ചത്. 'കൗരവരുടെ ഉന്മൂലനം', സർവശക്തനായ ദൈവത്തിനുള്ള 'വിശുദ്ധബലി'യായി കാണണമെന്ന് ഉപദേശിക്കുന്ന കൃഷ്ണന്റെ വാക്കുകളുടെ ജർമൻ രൂപമാണ്, 'മെയ്ൻ കാംപ്ഫ്'. നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും, മെയ്ൻ കാംപ്ഫിലെ ആശയങ്ങൾ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് ഭഗവദ്ഗീതയോടാണ്. ഒന്നാം ലോകയുദ്ധാനന്തര ജർമനിയുടെ ആന്റി- സെമിറ്റിക് പശ്ചാത്തലത്തിൽ, രചിക്കപ്പെട്ട മെയ്ൻകാംപ്ഫിനെ, അതിനാൽ 'ജർമൻ ഗീത'യെന്ന് നിസ്സംശയം വിശേഷിപ്പിക്കാം. സംസ്‌കൃതഗീതയെ 'ഹിന്ദു മെയ്ൻ കാംപ്ഫ്' എന്നും!

1987 ഏപ്രിലിൽ നവനാസികൾ സംഘടിപ്പിച്ച ഹിറ്റിലറുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി, മാറ്റ് കൊയ്ഹൽ രചിച്ച ഉയിർത്തെഴുന്നേൽപ്പ് എന്ന ലേഖനം ഗീതയെ വിശേഷിപ്പിച്ചത്. 'ആര്യപ്രതിഭയുടെ പൗരാണിക ഗ്രന്ഥ'മെന്നാണ്'.

ഈയൊരു അപഗ്രഥനത്തിന്റെ പിൻബലത്തിലാണ് സംഘപരിവാറും മോദിസർക്കാരും ഗീതക്കു നൽകുന്ന അഭൂതപൂർവമായ പ്രമാണീകാരണവും അതു മുൻനിർത്തി സുസജ്ജമാക്കിക്കൊണ്ടേയിരിക്കുന്ന സാംസ്‌കാരിക ദേശീയതയുടെ ഹിന്ദുത്വരാഷ്ട്രീയവും രഘു വ്യക്തമാക്കുന്നത്.

'ഹിന്ദുമതത്തിന്റെ ആധുനിക നിർമ്മിതി'യെക്കുറിച്ചാണ് രണ്ടാം ലേഖനം. മതമെന്ന നിലയിൽ ഇന്നും വ്യവസ്ഥാപിതമായിട്ടില്ലാത്ത, ജാതി-വർണ സമൂഹങ്ങളുടെ ശ്ലഥസംഘാതമാണല്ലോ 'ഹിന്ദു' എന്നറിയപ്പെടുന്നത്. ആധുനിക കാലംവരെ ഇത് ഒരു ദേശനാമമോ അവിടത്തെ ജനതയെ കുറിക്കുന്ന സംജ്ഞയോ മാത്രമായിരുന്നു. വർണം, ജാതി തുടങ്ങിയവയാണ് ആ ജനതയെ തമ്മിൽതമ്മിൽ വേർതിരിച്ചിരുന്നതും അവരുടെ സാമൂഹിക സ്വത്വം നിർമ്മിച്ചിരുന്നതും. ബുദ്ധ, ജൈന മതങ്ങൾക്കെതിരെ ബ്രാഹ്മണ്യം സ്വീകരിച്ച ഹിംസാത്മക സമീപനങ്ങളും അക്രമങ്ങളും എത്രയെങ്കിലും നൂറ്റാണ്ടു നീണ്ടുനിന്നു. തുടർന്ന് മധ്യകാലത്ത് ഇസ്ലാമിനെതിരായി, 'ഹിന്ദു'വിന്റെ ഉണർവ്. ഭക്തിപ്രസ്ഥാനം ബ്രാഹ്മണവിരുദ്ധമൊന്നുമായിരുന്നില്ല. മറിച്ച്, ശൈവ, വൈഷ്ണവ, സ്മാർത്ത വിഭാഗങ്ങൾ ഇസ്ലാം വിരുദ്ധതയും ജാതി, വർണ വിഭാഗീയതയും ഊട്ടിയുറപ്പിക്കുകയായിരുന്നു. കൊളോണിയലിസമാണ് 'ഹിന്ദു'വെന്ന പൊതുസ്വത്വത്തിനു വിത്തിട്ടത്. പതിനെട്ടാം നൂറ്റാണ്ടിൽ പോലും 'ജന്തു' എന്നായിരുന്നു ഈ സംജ്ഞയെങ്കിലും പത്തൊൻപതാം നൂറ്റാണ്ടിൽ ക്രിസ്തുമതത്തിനും ഇസ്ലാമിനും ബദലായി ഹിന്ദുമതം വിവിധ കോണുകളിൽനിന്ന് ഒരു വ്യവസ്ഥാപിത ഘടനയിലേക്കു കുതിക്കുകയായിരുന്നു. 1800-കളുടെ തുടക്കത്തിൽ ബംഗാളിഭാഷയിലാണ് ആദ്യമായി 'ഹിന്ദുയിസം' എന്ന വാക്ക് പ്രയോഗിക്കപ്പെടുന്നത്. പിന്നീടു വരുന്നത് ദേശീയതയുമായി ഹിന്ദുസ്വത്വത്തിനുണ്ടായ ഐക്യപ്പെടലിന്റെ കഥയാണ്. യഥാർഥത്തിൽ ദേശീയപ്രസ്ഥാനമാണ് 'ഹിന്ദു'മതത്തെ ഇന്നത്തെ രൂപത്തിലേക്കു പരുവപ്പെടുത്തിയത്. സെൻസസും ദേശീയപ്രസ്ഥാനവും ചേർന്നുണ്ടാക്കിയെടുത്ത രാഷ്ട്രത്തിന്റെ പൊതു ഹിന്ദുഛായയെക്കുറിച്ച് രഘു എഴുതുന്നു:

'18-ാം നൂറ്റാണ്ടിലെ ഫ്രാൻസിന്റെ പൊതുമണ്ഡലത്തിൽ നിന്നു മതം പുറത്താക്കപ്പെട്ടതോടെ സ്ഥാപിതമായ മതേതരമണ്ഡലത്തിലേക്കാണ് ദേശീയത എന്ന ആശയം കടന്നുവരുന്നത്. യൂറോപ്പിൽ ദേശീയതയുടെ ഉദയചരിത്രം മതത്തിന്റെ അസ്തമയചരിത്രം കൂടിയാണ്. മതബോധത്തിനെതിരെ ആരംഭിച്ച സന്ധിയില്ലാത്ത ആശയസമരമാണ് യൂറോപ്യൻ ദേശീയതയെ സാധ്യമാക്കിയത്. അതിനാൽ യൂറോപ്യൻ ദേശീയതയ്ക്ക് മതപരമായ പദാവലികളോ പ്രതീകങ്ങളോ ഉപയോഗിക്കേണ്ടിവന്നിട്ടില്ല. ഇന്ത്യൻ ദേശീയതയുടെ ചരിത്രം ഇതിനു നേർവിപരീതമാണ്. ദേശീയത എന്ന ആശയം യൂറോപ്പിൽ നിന്ന് കടംകൊണ്ടതാണെങ്കിലും, ഇന്ത്യൻ ദേശീയവാദികളുടെ കൈയിൽ അത്, ഒരു അസ്ഥികൂടം മാത്രമായി മാറുകയാണുണ്ടായത്. യൂറോപ്യൻ ദേശീയത എന്ന ആശയത്തിലെ മതേതരവും ശാസ്ത്രീയവുമായ ഉള്ളടക്കം പൂർണമായും കൊഴിച്ചുകളഞ്ഞ ഒരു ദേശീയതയാണ് ഇന്ത്യയിൽ വിന്യസിക്കപ്പെട്ടത്. ഹിന്ദു മതാത്മകവ്യവഹാരത്തെ അഖിലേന്ത്യാവ്യാപകമായി വിന്യസിക്കുന്നതിനുള്ള ഒരുപാധിയായിരുന്നു ദേശീയത. ഇന്ത്യൻ ദേശീയത യഥാർഥത്തിൽ പ്രച്ഛന്നഹിന്ദുയിസം തന്നെയാണ്. ഹിന്ദുവ്യവഹാരത്തെ ദേശീയവൽക്കരിച്ച ദേശീയപ്രസ്ഥാനം, ഹിന്ദുവിനെ ഇന്ത്യാക്കാരനുമാക്കി. സവർണഹിന്ദുയിസത്തിന് ദേശീയപരിവേഷം നൽകാനുള്ള ഉപകരണമായി മാറുകയായിരുന്നു, ദേശീയപ്രസ്ഥാനം. ഹിന്ദുവിൽ നിന്ന് അവന്റെ പ്രത്യക്ഷമായ ജാതി സവർണമുദ്രകൾ അടർത്തിമാറ്റുകയും ദേശീയ ഹിന്ദുവായി പുനരധിവസിപ്പിക്കുകയും ചെയ്തു. ദേശീയസംസ്‌കാരമായി പുനരധിവസിപ്പിക്കപ്പെട്ട ഹിന്ദുയിസത്തെ സ്വീകരിക്കാൻ അവർണരും നിർബന്ധിതമായി. കാരണം, ജാതിയിൽ നിന്നു സ്വതന്ത്രമാണെന്ന പ്രതീതി സൃഷ്ടിക്കാൻ ദേശീയ ഹിന്ദുയിസത്തിന് കഴിഞ്ഞു.

ജാതിയിൽനിന്നു വേർപെടുത്തപ്പെട്ട ഒരു 'അമൂർത്തഹിന്ദു'(abstract hindu)വിനെ സൃഷ്ടിക്കുകയും അതിനെ കൊളോണിയലിസത്തിനെതിരായ 'ദേശീയ കർത്താവാ'യി (National Subject) സ്ഥാപിക്കുകയും ചെയ്ത ധർമമാണ് ദേശീയതാ വ്യവഹാരം നിർവഹിച്ചത്. ഈ അമൂർത്തഹിന്ദുവിൽ നിക്ഷേപിക്കപ്പെട്ട കൊളോണിയൽ വിരുദ്ധ ദേശീയകർത്തൃത്വം, ക്രമേണ ജാതിയുടെ ദൈനംദിന സാമൂഹിക യാഥാർഥ്യത്തിൽ നിന്ന് മുക്തമാവുകയും ചെയ്തു. അതായത്, ഒരു അതീത ദേശീയപദവിയിലേക്കുയർത്തപ്പെട്ട ഹിന്ദുയിസത്തിന് ജാതിമുക്തമായ ഒരു ദേശീയ സാംസ്‌കാരികപദവി ലഭിച്ചു. യഥാർഥ നിത്യജീവിതത്തിൽ കടുത്ത ജാതിവാദിയായിരിക്കുമ്പോൾ തന്നെ, ഒരാൾക്ക് പൊതുമണ്ഡലത്തിൽ ആദർശഹിന്ദുവായി പ്രത്യക്ഷപ്പെടാൻ കഴിയുന്ന തരത്തിൽ അമൂർത്ത ദേശീയഹിന്ദു പുനസ്സംഘടിപ്പിക്കപ്പെട്ടു. ദേശീയപ്രസ്ഥാനകാലഘട്ടത്തിലെ ഹിന്ദു നവോത്ഥാനപ്രസ്ഥാനങ്ങളുടെയെല്ലാം മുഖമുദ്ര ഇതായിരുന്നു. ദേശീയ പൊതുജീവിതത്തിൽ ജാത്യാചാരങ്ങളെ വിമർശിച്ച ദേശീയ നേതാക്കൾ, നിത്യജീവിതത്തിൽ ബ്രാഹ്മണനും ക്ഷത്രിയനുമായി തന്നെയാണ് ജീവിച്ചത്'.

മധ്യകാലത്തു രൂപമെടുത്ത ഇസ്ലാം വിരുദ്ധതയും മുൻപുതന്നെയുണ്ടായിരുന്ന ജാതിവ്യവസ്ഥയും കൊളോണിയൽ കാലത്ത് വളർന്നു തിടം വച്ചു. ദേശീയപ്രസ്ഥാനം, യഥാർത്ഥത്തിൽ കൊളോണിയൽ രാഷ്ട്രീയാധിനിവേശത്തിനെതിരെ ആഭ്യന്തര മത ദേശീയതയെ വളർത്തിയെടുക്കുകയാണു ചെയ്തത്. അതുകൊണ്ടുതന്നെ ഹിന്ദുവൽക്കരിച്ച ഈ ദേശീയതാ ബോധത്തെ 'ആഭ്യന്തര കൊളോണിയലിസം' എന്നാണ് രഘു വിളിക്കുന്നത്.

'പ്രകടമായ ശ്രേണീകരണമോ വിഭജനങ്ങളോ സൂചിപ്പിക്കാതെ, സാംസ്‌കാരികമായ സ്വാംശീകരണ-ഉദ്‌ഗ്രഥന തന്ത്രങ്ങളിലൂടെ അധഃസ്ഥിത-ദലിത് ജനവിഭാഗങ്ങൾക്കുമേൽ ഹിന്ദുസ്വത്വം മുദ്രണം ചെയ്യുന്ന സാംസ്‌കാരികപ്രതിഭാസമാണ് ഹിന്ദുകൊളോണിയലിസം. ജാതി എന്ന ഗണത്തെ പ്രത്യക്ഷത്തിൽ നിരാകരിക്കുകയും ഹിന്ദു എന്ന അഖണ്ഡഗണത്തെ സ്ഥാപിക്കുകയും ചെയ്യുന്നതിലൂടെ, ഈ ജനവിഭാഗങ്ങളുടെ വ്യതിരിക്തമായ സ്വത്വങ്ങളെ നിശ്ശബ്ദമാക്കുകയോ പാർശ്വവൽക്കരിക്കുകയോ ചെയ്യുന്നു. അധഃസ്ഥിത-ദലിതർ, ഹിന്ദു എന്ന ഗണത്തിലൂടെ സ്വന്തം മനസ്സിലാക്കാനും നിർവചിക്കാനും നിർബന്ധിതരാവുന്നു. ഹിന്ദുവായി പുനർനിർവചിക്കപ്പെടുന്ന അധഃസ്ഥിതർക്ക് അവരുടെ വിശ്വാസപരവും സാംസ്‌കാരികവും വിഭവപരവുമായ സ്വാച്ഛന്ദ്യവും സ്വയം നിയന്ത്രണാവകാശവുമാണ് നഷ്ടപ്പെടുന്നത്. മാത്രവുമല്ല, സാംസ്‌കാരികവും സ്വത്വപരവുമായ പുതിയ അധീശത്വത്തെ തിരിച്ചറിയുന്നതിന്നുള്ള ജ്ഞാനോപാധികളും അവർക്കു നഷ്ടമാകുന്നു. തങ്ങൾക്കുമേൽ മുദ്രണം ചെയ്യപ്പെട്ട ഹിന്ദുസ്വത്വം, ജാതീയമായ അധഃസ്ഥിതാവസ്ഥയെ പ്രച്ഛന്നമാക്കുന്ന സാംസ്‌കാരിക കൊളോണിയലിസമാണെന്ന തിരിച്ചറിവാണ് ഇല്ലാതാകുന്നത്'.

ഈ ഹിന്ദുകൊളോണിയലിസമാണ് ആർ.എസ്.എസിന്റെ ചാലകശക്തി. ഫൂലെയും അംബേദ്കറും നേതൃത്വം നൽകിയ പ്രസ്ഥാനങ്ങളിൽ പങ്കാളികളായി ആത്മബോധം കൈവരിച്ച അധഃസ്ഥിതർക്കെതിരെ ബ്രാഹ്മണർ രൂപം കൊടുത്ത സായുധപ്രതിരോധസംഘമായിരുന്നല്ലോ ആർഎസ്എസ്. ഹിറ്റ്‌ലറുടെ 'ഫ്യൂറർ' സങ്കല്പത്തിന്റെ ഇന്ത്യൻ പതിപ്പ്. ഹെഡ്‌ഗേവാർ-സവർക്കർ-ഗോൾവാൽക്കർ ത്രയത്തിന്റെ നേതൃത്വത്തിൽ 1920-കളിൽ തുടക്കമിട്ട ആർ.എസ്.എസിന്റെ ആത്മീയ നേതൃത്വം സംഘപരിവാറിനുണ്ട്. രഘു സംഗ്രഹിക്കുന്നു: 'ഇസ്ലാമിക ഭീകരവാദത്തെപ്പോലെയോ, ഒരുപക്ഷെ, അതിനെക്കാളുമേറെയോ, മാനവരാശിക്കു വിനാശകാരിയായി മാറാനിടയുള്ള ഒരു 'മഹാവൈറസാ'ണ് ആർഎസ്എസ്. പ്രതിനിധാനം ചെയ്യുന്ന ഹിന്ദുഭീകരവാദം'.

മൂന്നാമധ്യായം 'യോഗ'യുടെ അപചിന്തന (de-thinking) രാഷ്ട്രീയത്തെക്കുറിച്ചാണ്. മതാനുഷ്ഠാനങ്ങളെ പൊതു അനുഷ്ഠാനങ്ങളാക്കുന്ന ഫാസിസ്റ്റ് രാസവിദ്യയാണ് യോഗയെ മതേതരമായി ചിത്രീകരിക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നത്. ജാതി, വർണ വ്യവസ്ഥകൾ സൃഷ്ടിച്ച ഹിന്ദുയിസത്തിൽനിന്ന് ഹിന്ദുത്വ ഫാഷിസത്തിലേക്കു വഴിമാറിയ വിശ്വാസ-അനുഷ്ഠാന-ആചാര സംഹിതകളുടെ ഇങ്ങേത്തലയ്ക്കലാണ് ഇരുപതാം നൂറ്റാണ്ടിൽ മതമുക്തയോഗ എന്ന അഭ്യാസം രൂപം കൊള്ളുന്നത്. പ്രച്ഛന്ന ഹിന്ദുത്വം തന്നെയാണിത്. ബിജെപി.യുടെയും ഹിന്ദുത്വത്തിന്റെയും വളർച്ചക്കും വ്യാപനത്തിനും പിന്നിലെ ജനപ്രിയ പ്രത്യയശാസ്ത്രങ്ങളിലൊന്നായി ഇന്നു യോഗക്കു കൈവന്നുകഴിഞ്ഞിട്ടുള്ള സാംസ്‌കാരിക രാഷ്ട്രീയങ്ങളുടെ സാമൂഹ്യശാസ്ത്രവും മതമനഃശാസ്ത്രവും വിശകലനം ചെയ്യുന്നു, രഘു. പാശ്ചാത്യ-ഭാരതീയ തത്വചിന്താപദ്ധതികളും പാരമ്പര്യങ്ങളും തമ്മിലുള്ള അടിസ്ഥാന ഭിന്നതകളിൽ നിന്നു തുടങ്ങി, ശാസ്ത്രചിന്ത, യുക്തിബോധം, മതേതരത്വം, ജനാധിപത്യം തുടങ്ങിയവയെ മുൻനിർത്തി ബ്രാഹ്മണ്യത്തിന്റെ ഗൂഢപദ്ധതികളിലൊന്നായി യോഗയെ വിശദീകരിക്കുന്നു. യോഗയെ കേന്ദ്രീകരിച്ചു നിലനിൽക്കുന്ന അധിഭൗതികവാദങ്ങളും വ്യാജവിശ്വാസങ്ങളും മതചര്യകളും ആത്മീയതാ വ്യാപാരങ്ങളും വൈദ്യശാസ്ത്രപരമായ അതിവാദങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ അഭ്യാസരൂപത്തിന്റെ രാഷ്ട്രീയോപയോഗങ്ങൾ ഹിന്ദുത്വത്തിന്റെ അജണ്ടകൾതന്നെയായി മാറുന്നതിന്റെ അനാവരണം സാധ്യമാക്കുന്നു, രഘു. മനഃശാസ്ത്രം മുതൽ നാഡീവിജ്ഞാനം വരെയുള്ളവ മുൻനിർത്തി യോഗയെക്കുറിച്ച് ആധുനികശാസ്ത്രം കണ്ടെത്തിയ യാഥാർഥ്യങ്ങളുടെ മറനീക്കുന്ന ലേഖനം മതേതരമായി യോഗയെ നിർമ്മിച്ചെടുക്കുന്ന തന്ത്രങ്ങളുടെ താല്പര്യം വ്യക്തമാക്കുന്നു.

'ഹിന്ദു ഫാഷിസ്റ്റുകൾ, യോഗയെ ഹിന്ദുപാരമ്പര്യത്തിൽ നിന്ന് അടർത്തിയെടുത്ത് ആരോഗ്യകരമായ ഒരു 'സൈക്കോ ഫിസിയോതെറാപ്പി'യായി ചിത്രീകരിക്കുന്നു. ഇത് യോഗയ്ക്ക് ശാസ്ത്രീയതയുടെ പരിവേഷം നൽകുന്നു. അങ്ങനെ, ശാസ്ത്രീയമായ സാധുകരണം ലഭിക്കുന്നതോടെ, യോഗയിൽ ഹിന്ദുമതമുക്തമായ മതേതര പരിവേഷം ചാർത്തപ്പെടുന്നു. മതമുക്തമായ യോഗ ക്രിസ്ത്യൻ സ്‌കൂളുകൾക്കും മദ്രസകൾക്കും സ്വീകാര്യമാകുന്നു. മാധ്യമങ്ങൾക്ക് സ്വീകാര്യമാകുന്നു. ആശുപത്രികൾക്കും ജയിലുകൾക്കും സ്വീകാര്യമാകുന്നു. ഇന്ത്യയുടെ സംഭാവനയായ യോഗ ലോകത്തിന് സ്വീകാര്യമാകുന്നു. ഐക്യരാഷ്ട്രസഭയുടെ 193 അംഗ ജനറൽ അസംബ്ലിയിൽ 2014 സെപ്റ്റംബർ 27-ന് മോദി നടത്തിയ അഭ്യർത്ഥനയെത്തുടർന്നാണ്, 2015 ജൂൺ 21-ന് 'അന്താരാഷ്ട്രയോഗദിന'മായി ആഘോഷിക്കാൻ തീരുമാനിച്ചത്. കർക്കടക സംക്രാന്തി ദിനമായ ജൂൺ 21 ഞായറാഴ്ച 'ശുഭദിന'മാണെന്ന് മോദി പറഞ്ഞതുകൊണ്ടാണ്, ആ ദിവസത്തെ അന്താരാഷ്ട്ര യോഗദിനാഘോഷത്തിന് തിരഞ്ഞെടുത്തത്. ദിവസങ്ങളെയും ഗ്രഹചലനങ്ങളെയും ശുഭാശുഭമായിക്കാണുന്ന ഇന്ത്യൻ അന്ധവിശ്വാസത്തിന് ഐക്യരാഷ്ട്രസഭ വഴങ്ങിയത് ശാസ്ത്രത്തിന് തന്നെ അപമാനകരമാണ്'.

യൂറോപ്യനൈസ് ചെയ്യേണ്ട, സാർവ്വലൗകികവൽക്കരിക്കേണ്ട ഒരു സത്തയായി മാറണമെങ്കിൽ ഇന്ത്യ സ്വയം അപഹിന്ദുവൽക്കരിക്കണം എന്ന നിലപാടാണ് രഘു മുന്നോട്ടുവയ്ക്കുന്നത്. യോഗ, ഒരു കപടശാസ്ത്രമായിട്ടും ഹിന്ദുത്വത്തിന്റെ കുപ്പിയിൽ നന്നായി വിറ്റഴിക്കപ്പെടുന്നതിന്റെയും ഇടതുപക്ഷം പോലും ഇതേറ്റുപാടുന്നതിന്റെയും അയുക്തികൾ തിരിച്ചറിയുകതന്നെ വേണം. ഇന്ത്യൻ ജനതയുടെയും ചിന്താപദ്ധതികളുടെയും ശാസ്ത്രവിരുദ്ധതയും യുക്തിരാഹിത്യവുമാണ് ഇതിനു കാരണം. രഘു ഉപസംഹരിക്കുന്നു: 'ബിജെപി. ഗവൺമെന്റിന്റെ പ്രത്യയശാസ്ത്ര അജണ്ടയുടെ ഭാഗമായ യോഗാപ്രചാരണത്തിന് ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നതിനുകാരണം, ശാസ്ത്രത്തെക്കുറിച്ചുള്ള നിരക്ഷതയും അജ്ഞതയുമാണ്. ഇന്ന് കേരളത്തിലെ സ്‌കൂളുകളിലും കോളേജുകളിലും യോഗക്ലാസുകൾ സർവസാധാരണമായിരിക്കുന്നു. തങ്ങളുടെ കുട്ടികളെ യോഗക്ലാസുകളിലേക്കയയ്ക്കുന്ന രക്ഷിതാക്കൾ, കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. കാരെൻ എംഗൽബർട്ടിന്റെ വാക്കുകൾ ശ്രദ്ധിക്കണെമന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്: 'We were all surprised to learn that Yoga had such a detrimental effect on a person's mental health, and shocked to learn that it lowers IQ and causes the onset of dementia'. രണ്ടുവർഷമായി യോഗ പരിശീലിക്കുന്ന 5800 പേരെക്കുറിച്ച് 'ബ്രിട്ടീഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തു'മായി ചേർന്ന് നടത്തിയ പഠനത്തിന് നേതൃത്വം നൽകിയത് എംഗൽബർട്ടായിരുന്നു. അപൂർവം ചിലരുടെ 'നടുവേദന'യ്ക്ക് പ്രയോജനമുണ്ടായിട്ടുള്ളതായും എന്നാൽ 72-80 ശതമാനം ആളുകൾക്കും ഗുരുതരമായ മാനസികരോഗങ്ങളും ബുദ്ധിശോഷണവും സംഭവിച്ചിട്ടുള്ളതായും പഠനം തെളിയിക്കുന്നു. മത്സരപരീക്ഷകളിൽ വിജയിക്കുന്നതിനുവേണ്ടിയുള്ള തീവ്രപരിശീലനകോഴ്‌സുകളിൽ തങ്ങളുടെ കുട്ടികളെ ചേർക്കുന്ന രക്ഷിതാക്കൾ തന്നെയാണ് അവരെ യോഗക്ലാസുകളിലേക്ക് പറഞ്ഞുവിടുന്നത് എന്ന വസ്തുത ഒരു ഐറണിയാണ്. ബുദ്ധിമാനം കുറഞ്ഞ തലമുറയെയാണോ മലയാളി രക്ഷിതാക്കൾ ആഗ്രഹിക്കുന്നത്? ബുദ്ധിമാനം കുറയുന്ന കുട്ടികൾക്ക് ഒരു മത്സരപരീക്ഷയിലും മികവ് പുലർത്താനാവില്ല. കായികവ്യായാമം ആവശ്യമുള്ള കുട്ടികൾക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ളത് നടത്തവും നീന്തലും സൈക്കിൾചവിട്ടലുമാണ്. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത യോഗയെ പ്രധാനമന്ത്രിയുടെയോ ഐക്യരാഷ്ട്രസഭയുടെയോ ആഹ്വാനത്തിന്റെ പേരിൽ, തങ്ങളുടെ മക്കളിൽ രക്ഷിതാക്കൾ പരീക്ഷിക്കരുത്. ലോകപ്രശസ്ത ക്വാണ്ടം ഫിസിസ്റ്റായ റിച്ചാർഡ് ഫെയ്ന്മാൻ, യോഗയും ധ്യാനവും പോലുള്ള സമ്പ്രദായങ്ങളെ വിശേഷിപ്പിച്ചത്, 'മുറിവൈദ്യം' (occult science-) എന്നാണ്. സ്വന്തം കുട്ടികളെ ഈ മുറിവൈദ്യത്തിന്റെ ഇരകളാക്കണോ എന്ന് രക്ഷിതാക്കൾ ചിന്തിക്കണം'.

ആത്മീയതക്കു നിർമ്മിച്ചെടുക്കുന്ന, പുറമേക്കു മതേതരം എന്നു തോന്നിക്കുന്ന മറ്റൊരു വിപണിയുടെ വിമർശനമാണ് നാലാം ലേഖനം. അമൃതാനന്ദമയിയുടെ ആശ്ലേഷചികിത്സയുടെ സാമൂഹ്യ മനോവിശ്ലേഷണം. നരവംശശാസ്ത്രപരമായ വിശകലനത്തിലൂടെ, ആത്മീയതയും ഭൗതികതയും തമ്മിലുടലെടുത്തുകഴിഞ്ഞ അമ്പരപ്പിക്കുന്ന വാണിജ്യക്കലർപ്പിന്റെ നമ്മുടെകാലത്തെ ഏറ്റവും അശ്ലീലമായ ഉദാഹരണമായി രഘു അമൃതാനന്ദമയിയെ വിലയിരുത്തുന്നു. ഉത്തരാധുനികതയെന്നത് മതാത്മകതയുടെ മടങ്ങിവരവു കൂടിയാണെന്ന ദറിദയുടെയും സിസെക്കിന്റെയും നിരീക്ഷണങ്ങൾ പിൻപറ്റി, ആധുനികതയെ കൈവിട്ട് ചിന്താരാഹിത്യത്തിന്റെ കാലത്തേക്ക് മലയാളി മലക്കം മറിഞ്ഞതിന്റെ സാമൂഹ്യ നരവംശശാസ്ത്രം രഘു അനാവരണം ചെയ്യുന്നു. അർജുൻ അപ്പാദുരെ, ആഗോളവൽക്കരണത്തിനു സങ്കല്പിച്ചുനൽകുന്ന അഞ്ചു മണ്ഡലങ്ങളെ മാതൃകയാക്കി 'ആത്മീയമണ്ഡലം' (spirituo scape) എന്നൊരു ആറാം മണ്ഡലം ഈ ലേഖനം മുന്നോട്ടുവയ്ക്കുന്നു. നോക്കുക: 'ശരാശരി മലയാളികൾ അവികസിത മനസ്സിനെ വഹിക്കുന്ന ആധുനിക ശരീരങ്ങളാണ്. ആധുനിക ശാസ്ത്രീയ-സാങ്കേതിക വൈദഗ്ധ്യത്തിന്റെ പ്രത്യേകത, അതിനാധാരമായ 'ശാസ്ത്രീയ മനസ്സി'ൽനിന്ന് അതിനു സ്വതന്ത്രമായി നിൽക്കാൻ കഴിയുന്നു എന്നതാണ്. ശാസ്ത്രീയമനോഘടന ആർജിച്ചിട്ടില്ലാത്ത അവികസിത മനസ്സിന്റെ ഉടമകൾക്കും ശാസ്ത്രീയ വൈദഗ്ധ്യം സ്വായത്തമാക്കാനും പ്രയോഗിക്കാനും കഴിയുന്നത് അതുകൊണ്ടാണ്. തേങ്ങയുടച്ച് റോക്കറ്റ് വിക്ഷേപിക്കുന്ന ബഹിരാകാശ സാങ്കേതിക വിദഗ്ധനും എല്ലാം ദൈവത്തിന്റെ കൈയിലാണെന്ന് ആശ്വസിപ്പിക്കുന്ന ന്യൂറോളജിസ്റ്റും പ്രതീകവൽകരിക്കുന്നത് ആധുനിക ശരീരവും അവികസിത മനസ്സുമായി ജീവിക്കുന്ന മലയാളിയുടെ വൈപരീത്യത്തെയാണ്. ആധുനിക ശാസ്ത്രീയ മനസ്സിനെ നിരാകരിക്കുകയും ആധുനിക സാങ്കേതികവിദ്യയെ സ്വീകരിക്കുകയും ചെയ്യുന്നു എന്നതാണ് മലയാളിയുടെ പ്രത്യേകത. അന്ധവിശ്വാസങ്ങളിലും ജാതകപ്പൊരുത്ത-ദോഷങ്ങളിലും പൊങ്കാലയിലും രോഗശാന്തിശുശ്രൂഷയിലും തിരുമുടിയിലും ഹജ്ജ് തീർത്ഥാടനത്തിലും അമൃതാനന്ദമയി ഭക്തിയിലും ആരാധനാലയ നിർമ്മാണത്തിലും ആമഗ്നരായ മലയാളിയുടെ അവികസിത മനസ്സിന്, ആധുനികത ഒരു ഉപഭോഗ വസ്തുമാത്രമാണ്. ആധുനികതയെ ഒരു ചിന്താരീതിയായും സാംസ്‌കാരിക മൂല്യവ്യവസ്ഥയായും അംഗീകരിക്കാൻ വിസമ്മതിക്കുന്ന മലയാളികൾക്ക് അതിന്റെ ഭൗതിക പ്രയോജനത്തെ ആശ്ലേഷിക്കാൻ യാതൊരു മടിയുമില്ല. കേരളം ഒരു ആധുനികസമൂഹമാണ് എന്നുപറയുമ്പോൾ അർഥമാക്കേണ്ടത്, പരിമിതമായ ആധുനിക ഭൗതികസമൂഹം എന്നു മാത്രമാണ്. ചിന്താപരമായി കേരളത്തെ ഒരു ആധുനികസമൂഹം എന്നു വിശേഷിപ്പിക്കാനാവില്ല. മാനസികമായ അവികസിതാവസ്ഥയും ആധുനികമായ ഉപഭോഗവും തമ്മിലുള്ള വിടവ് സൃഷ്ടിക്കുന്ന അഗാധമായ അരക്ഷിതത്വത്തിന്റെ, ഭയത്തിന്റെ, അപകർഷതയുടെ, സൃഷ്ടിയാണ് പെരുകിക്കൊണ്ടിരിക്കുന്ന മതാത്മകത. ഇന്നു കേരളത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഭക്തി-ആത്മീയതാ പ്രകടനങ്ങൾ ഒരുതരം 'സ്‌കൈസോയ്ഡ്' പ്രവണതകളുടെ ബാഹ്യപ്രകാശനങ്ങളാണ്. അമൃതാനന്ദമയിയെപ്പോലുള്ളവരുടെ നവയുഗ ആത്മീയതയ്ക്ക് മതാത്മകമല്ലാത്ത പ്രതിച്ഛായ ആർജിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും അത് ഈ അവികസിത മനസ്സിന്റെ സൃഷ്ടി തന്നെയാണ്. ഉന്നത സാങ്കേതിക വിദഗ്ധരും ന്യായാധിപന്മാരും രാഷ്ട്രീയനേതാക്കളും അമൃതാനന്ദമയിയിലേക്ക് ആകർഷിക്കപ്പെടുന്നതിനു കാരമം അവരുടെ മാനസികമായ അവികസിതാവസ്ഥയാണ്. ആശ്ലേഷത്തിലൂടെ, പരിലാളനതയിലൂടെ ഈ അവികസിതാവസ്ഥയെ പുണ്യവൽക്കരിക്കുകയും സാധൂകരിക്കുകയും ചെയ്യുന്ന ധർമമാണ് അമൃതാനന്ദമയി നിർവഹിക്കുന്നത്'.

സമകാല ഇന്ത്യൻ രാഷ്ട്രീയം എത്തിനിൽക്കുന്ന മതവൽക്കരണത്തിന്റെയും ആത്മീയവൽക്കരണത്തിന്റെയും അത്ഭുതകരമെന്നുതന്നെ പറയേണ്ടിവരുന്ന പ്രതിലോമതലങ്ങളെ ചരിത്രാത്മകവും പ്രത്യയശാസ്ത്രപരവുമായി വിശകലനം ചെയ്യുന്ന നാലു ദീർഘപഠനങ്ങളാണ് ഇവിടെയുള്ളത്. ശാസ്ത്രചിന്തയും യുക്തിബോധവും മതേതര നിലപാടും ചരിത്രജ്ഞാനവും മാത്രമല്ല ഈ രചനകളെ രൂപപ്പെടുത്തുന്നത്. നരവംശശാസ്ത്രം മുതൽ മസ്തിഷ്‌ക്കവിജ്ഞാനം വരെയുള്ള സാമൂഹ്യ-വൈദ്യശാസ്ത്ര വ്യവഹാരങ്ങളും ഉത്തരാധുനികതയുടെ ചിന്താപദ്ധതികൾ സൃഷ്ടിക്കുന്ന ആധുനികതയുടെ പ്രതിസന്ധികളെക്കുറിച്ചുള്ള തിരിച്ചറിവും ഈ ലേഖനങ്ങളുടെ ആശയപരിസരം പാകപ്പെടുത്തുന്നു. ഏതർത്ഥത്തിലും, വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ കൂടുതൽ കൂടുതൽ പ്രാമാണ്യം നേടിവരുന്ന ഹിന്ദുത്വഫാഷിസത്തിന്റെ 'ദംഷ്ട്രയും നെറ്റിക്കണ്ണും' ചൂണ്ടിക്കാണിക്കുന്ന സാംസ്‌കാരിക-രാഷ്ട്രീയ ദൗത്യമാണ് ഈ പുസ്തകം ഏറ്റെടുത്തിട്ടുള്ളത്.

പുസ്തകത്തിൽനിന്ന്:-

'ഇന്ത്യയ്ക്കു മാത്രമല്ല, സമസ്തലോകത്തിനും പ്രയോജനകരമായ ഒരു മാനസിക-ശാരീരികാരോഗ്യ സമ്പ്രദായമായി യോഗയെ പുനർവ്യാഖ്യാനിച്ചത് വിവേകാനന്ദനാണ്. പാശ്ചാത്യലോകത്തിന്റെ ഭൗതികതയ്ക്ക് ബദലായി വിവേകാനന്ദൻ ഉയർത്തിപ്പിടിച്ചത് ഇന്ത്യയുടെ ആത്മീയതയാണ്. പാശ്ചാത്യഭൗതികതയെ തള്ളിപ്പറഞ്ഞില്ലെങ്കിലും, ആത്മീയശൂന്യമായ ഭൗതികത ശുഷ്‌കമാണെന്നു പ്രചരിപ്പിച്ച വിവേകാനന്ദനാണ്, ഇന്ത്യൻ ആത്മീയതയുടെ ആധുനിക കയറ്റുമതി പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. 1893-ൽ പാശ്ചാത്യ കാൽപ്പനികതാവാദികളും വിവേകാനന്ദനും ഷിക്കാഗോയിൽ കണ്ടുമുട്ടി. തുടർന്ന്, യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ച വിവേകാനന്ദൻ, ഇന്ത്യൻ ആത്മീയതയുടെ കയറ്റുമതി-വിപണന സാധ്യതകൾ മനസ്സിലാക്കി. യുക്തിയിലും ശാസ്ത്രത്തിലും അധിഷ്ഠിതമായ ആധുനികതയോട് കലഹിച്ചുകൊണ്ടിരുന്ന യൂറോപ്യൻ കാൽപ്പനികതാവാദികളെ ആകർഷിക്കാനും വിവേകാനന്ദന്റെ ആത്മീയതാ പ്രചാരണങ്ങൾക്കു കഴിഞ്ഞു. ഉയർന്ന വിദ്യാഭ്യാസമോ ചിന്താശേഷിയോ ഇല്ലാത്ത യൂറോപ്പിലെ താഴ്ന്ന ഇടത്തരക്കാരിൽ ഒരു വിഭാഗത്തിന്റെ അരക്ഷിതത്വത്തെ ചൂഷണം ചെയ്തുകൊണ്ട്, ആത്മീയതാവിപണി വികസിപ്പിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ തന്ത്രം. ശാസ്ത്രത്തിന്റെ ആഘാതത്തിൽ തകർന്നുകൊണ്ടിരുന്ന മതസാന്ത്വാനത്തിന്റെ പറുദീസയെ സ്വപ്നം കണ്ടിരുന്ന അവികസിത-പിന്നോക്ക യൂറോപ്യൻകാരുടെ വലിയൊരു ഉപഭോക്തൃവിപണി സൃഷ്ടിക്കാൻ വിവേകാനന്ദനു കഴിഞ്ഞു. വേദാന്തവും യോഗയുമായിരുന്നു, ഈ ആത്മീയവിപണിയിലെ പ്രധാന ചരക്കുകൾ. വിവേകാനന്ദൻ തന്റെ യോഗയെ രാജയോഗയെന്നു നാമകരണം ചെയ്തു.

19-ാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ വിവേകാനന്ദൻ നേതൃത്വം നൽകിയ ഹിന്ദു കൊളോണിയലിസത്തിന്റെ അവിഭാജ്യഘടകമാണ് യോഗ. ആധുനിക വിദ്യാഭ്യാസം ലഭിച്ച ഒരു വിഭാഗം ബംഗാളി ഭദ്രലോക് ബുദ്ധിജീവികളുടെ പാശ്ചാത്യാനുകൂലാശയങ്ങളെ അസാധൂകരിക്കുകയെന്നതും ഹിന്ദു കൊളോണിയലിസ്റ്റുകൾക്ക് പുതിയൊരു അഭിമാനമുദ്ര നൽകുകയെന്നതുമായിരുന്നു, യോഗയിലൂടെ വിവേകാനന്ദൻ ലക്ഷ്യമാക്കിയത്. വിവേകാനന്ദനുശേഷം യൂറോപ്പിലേക്കുള്ള യോഗ കയറ്റുമതിക്കാരിൽ പ്രധാനി, 'ഓട്ടോബയോഗ്രഫി ഒഫ് എ യോഗി' എന്ന കൃതിയിലൂടെ പ്രശസ്തനായ യോഗാനന്ദപരമഹംസയാണ്. ഇദ്ദേഹത്തിന്റെ സ്വന്തം ഉൽപ്പന്നമാണ് ക്രിയായോഗ. അമേരിക്കയിലെ കാലിഫോർണിയയിൽ ക്രിയായോഗ സ്‌കൂൾ സ്ഥാപിച്ച യോഗാനന്ദയുടെ അഭിപ്രായത്തിൽ, മറ്റെല്ലാ യോഗസമ്പ്രദായങ്ങളും അശാസ്ത്രീയവും അപകടകരവുമാണ്. വിദേശ യോഗവിപണി വിപുലമാകുന്നതിനനുസരിച്ച്, കയറ്റുമതിക്കാർ തമ്മിലുള്ള മത്സരവും ശക്തമായിക്കൊണ്ടിരുന്നു. യോഗയുടെ യൂറോപ്യൻ-അമേരിക്കൻ ഉപഭോക്താക്കളെ പറ്റിക്കുന്നതിനുവേണ്ടി ഇന്ത്യൻ സ്വാമിമാർ പുതിയ യോഗച്ചരക്കുകൾ നിർമ്മിച്ചുകൊണ്ടിരുന്നു. രാജയോഗ, ക്രിയായോഗ, അഗ്നിയോഗ, അനാഹതയോഗ, കലായോഗ, അഷ്ടാംഗയോഗ, ഭക്തിയോഗ, ബ്രിക്രമയോഗ, ഡിസ്‌കോ യോഗ, ദിവ്യയോഗ, സ്വപ്നയോഗ, ഹഠയോഗ, ഹിപ്പ്-ഹോപ്പ് യോഗ, ഇന്റഗ്രൽ യോഗ, അയ്യങ്കാർ യോഗ, കുണ്ഡലിനീയോഗ, നാട്യയോഗ, ശക്തിയോഗ, സിദ്ധസമാധി യോഗ, സഹജയോഗ, രജതയോഗ, ശിവാനന്ദയോഗ, അതീന്ദ്രിയയോഗ, വിനിയോഗ, യന്ത്രയോഗ, യോഗനിദ്ര, സുദർശനക്രിയായോഗ എന്നിങ്ങനെ അനവധി യോഗച്ചരക്കുകളുണ്ട്. തങ്ങളുടെ ചരക്കാണ് ശ്രേഷ്ഠമെന്ന് ഓരോ സ്വാമിയും അവകാശപ്പെടുന്നു. മറ്റേതൊരു ഉൽപ്പാദകനും സ്വീകരിക്കുന്ന പരസ്യ-വിപണന തന്ത്രങ്ങളാണ് യോഗക്കാരും പ്രയോഗിക്കുന്നത്. യോഗയുടെ ഭാഗമായി, പായകൾ, വസ്ത്രങ്ങൾ, പ്രസിദ്ധീകരണങ്ങൾ, പുസ്തകങ്ങൾ, വീഡിയോകൾ, ക്രീമുകൾ, പാദരക്ഷകൾ എന്നീ അനുബന്ധച്ചരക്കുകളുടെ വിപണിയും വിപുലമാണ്. ലോകത്ത് ഏറ്റവും ഉയർന്ന വളർത്താനിരക്കുള്ള ആരോഗ്യവ്യവസായ(Health and Fitness Industry)മാണ്, ഇന്ന് യോഗ. അമേരിക്കയിൽ യോഗവ്യവസായത്തിന്റെ വാർഷികവരുമാനം 36,000 കോടി രൂപയാണ്. കാലിഫോർണിയയിലെ 'ദ് യോഗ ഹെൽത്ത് ഫൗണ്ടേഷ'ന്റെ കണക്കുകൾ പ്രകാരം, അമേരിക്കയിൽ രണ്ടു കോടിയും ലോകത്താകെ 25 കോടിയും യോഗ വിദ്യാർത്ഥികളുണ്ട്. അമേരിക്കയിൽ യോഗാ വ്യവസായം അറിയപ്പെടുന്നത് 'ലോഹാസ്' എന്ന (LOHAS-Lifestyles of Health and Sustainability) പേരിലാണ്. പ്രകൃതിസംരക്ഷണവാദികൾ കൂടിയായ യോഗക്കാർ, ജൈവകൃഷി, പ്രകൃതിജീവനം, ആയുർവേദം, പ്രകൃതിസൗഹൃദ വീടുകൾ, കാറുകൾ എന്നീ ആധുനികപൂർവവും അശാസ്ത്രീയവും പ്രാകൃതവുമായ ജീവിതരീതികളുടെ പ്രചാരകരുമാണ്. ഇതിന്റെ ഉപഭോക്താക്കളിൽ ഭൂരിപക്ഷവും സ്ത്രീകളാണ്. അമേരിക്കയിലെ 'യോഗ ജേർണ'ലിന്റെ 20 ലക്ഷം വായനക്കാരിൽ 87 ശതമാനവും സ്ത്രീകളാണെന്ന് പ്രസാധകർ അവകാശപ്പെടുന്നു. ഗീതാജ്ഞാനയജ്ഞവും സീരിയലും യോഗയും പൊങ്കാലയും ആൾദൈവാരാധനയും ചേർന്ന 'നവീന വിചിത്രമായൊരു ജീവിതരീതി' സമീപകാലത്തായി കേരളീയ സ്ത്രീകൾക്കിടയിലും പ്രചരിച്ചിട്ടുണ്ട്.

ഇരുപതാം നൂറ്റാണ്ടിൽ യോഗയെ പുനരുദ്ധരിച്ചത് ജഗന്നാഥ് ഗുനെയാണ്. 1924-ൽ യോഗയുടെ ശാസ്ത്രീയപഠനത്തിനായി ആശ്രമം സ്ഥാപിച്ച ഗുനെയുടെ ലക്ഷ്യം, നിസ്വാർഥമായ രാഷ്ട്രനിർമ്മാണത്തിന് സന്നദ്ധരായ യുവാക്കളെ സൃഷ്ടിക്കുകയെന്നതായിരുന്നു. യോഗയെ ഇന്നത്തെ നിലയിൽ ജനപ്രിയമാക്കിയത് ഗുനെയാണെന്ന് യോഗാ ഗവേഷകനായ ജോസഫ് അറ്റ്‌ലർ നിരീക്ഷിക്കുന്നു. സമകാലീന യോഗയുടെ മറ്റൊരു പ്രധാന ഗുരു, തിരുമലൈ കൃഷ്ണമാചാര്യയാണ്. ഇദ്ദേഹമാണ് സൂര്യനമസ്‌കാരം എന്ന ആസനത്തിന് രൂപം നൽകിയത്. കൂടാതെ അഷ്ടാംഗ, വിന്യസ, വിനിയോഗ തുടങ്ങിയ ആസനങ്ങളും ഇദ്ദേഹത്തിന്റെ സംഭാവനകളാണ്. ഗുനെയുടെ യോഗാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'എൻസൈക്ലോപീഡിയ ഒഫ് ട്രഡീഷണൽ ആസനാസി'ൽ സൂര്യനമസ്‌കാരം എന്നൊരു ശീർഷകം തന്നെയില്ല. ഇന്ത്യൻ ഗുസ്തിയിലെയും ബ്രിട്ടീഷ് ജിംനാസ്റ്റിക്കിലെയും ചില മുറകളുടെ സമന്വയമാണ് സൂര്യനമസ്‌കാരം'.

ഹിന്ദുത്വഫാഷിസം: ചരിത്രവും സിദ്ധാന്തവും
ജെ. രഘു
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
2017, വില: 150 രൂപ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP