Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

ജീവിതം സുന്ദരമാണ്....

ജീവിതം സുന്ദരമാണ്....

ഷാജി ജേക്കബ്‌

'Cancer's life is a recapitulation of the body's life, its existence, a pathological mirror of our own' - Sidhartha Mukherjee.

'Breast cancer changes you, and the change can be beautiful' - Jane coock

'സകലരോഗങ്ങളുടെയും ചക്രവർത്തി' എന്നാണ് കാൻസറിന്റെ ജീവചരിത്രമായി എഴുതപ്പെട്ട തന്റെ വിഖ്യാതമായ പുസ്തകത്തിൽ സിദ്ധാർഥമുഖർജി അർബുദത്തെ വിളിച്ചത്. ഗ്രന്ഥനാമവും അതുതന്നെ - The Emperor of all Maladies (2010). ഇന്ത്യയിൽ ജനിച്ച് അമേരിക്കയിൽ കാൻസർ ഗവേഷകനും ചികിത്സകനുമായി പ്രവർത്തിക്കുന്ന മുഖർജി ഇന്ന് ലോകമെങ്ങും അറിയപ്പെടുന്ന ശാസ്ത്രചരിത്രകാരനാണ്. The Gene : an intimate history (2016) ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ കൃതികൾക്കു ലഭിക്കുന്ന സ്വീകാര്യത അത്ഭുതകരമാണ്. കഴിഞ്ഞ നൂറുവർഷത്തിനിടയിൽ മനുഷ്യരാശിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച നൂറുപുസ്തകങ്ങളിലൊന്നായി ടൈം വാരിക Emperor തെരഞ്ഞെടുത്തു. പുലിറ്റ്‌സർ സമ്മാനമുൾപ്പെടെയുള്ള നിരവധി പുരസ്‌കാരങ്ങളും ഈ ഗ്രന്ഥത്തെ തേടിവന്നു. വർഷങ്ങളോളം ബെസ്റ്റ് സെല്ലർ പട്ടികയിലുൾപ്പെട്ട കാൻസറിന്റെ ഈ ജീവചരിത്രം നിരവധി ലോകഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടുകഴിഞ്ഞു.

ഡോക്ടർ വി.പി. ഗംഗാധരൻ കേരളീയർക്കിടയിൽ അസാധാരണവും ആദർശാത്മകവുമായ പ്രതിച്ഛായക്കുടമയായത് രണ്ടു കാരണങ്ങൾ കൊണ്ടാണ്. ഒന്ന്, റീജിയണൽ കാൻസർ സെന്ററിലെ വിവാദമായ മരുന്നുപരീക്ഷണത്തിൽ ഇരകൾക്കൊപ്പം വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തതിലൂടെ. രണ്ട്, കാൻസർ ചികിത്സയിൽ സ്വീകരിച്ച അനുപമമായ സമീപനം വഴി മറ്റൊരു ഭിഷഗ്വരനും ഈ രംഗത്തു കിട്ടാത്ത വിശ്വാസ്യതയും ജനപ്രീതിയും നേടിയെടുത്തതിലൂടെ. തന്റെ രോഗികളെക്കുറിച്ചും അവരുടെ സഹനങ്ങളെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും അദ്ദേഹം പങ്കിട്ട ഓർമകൾ (ജീവിതം എന്ന അത്ഭുതം - കെ.എസ്. അനിയൻ) മലയാളിക്ക് അപൂർവമായ ഒരു വൈദ്യശാസ്ത്രവിജ്ഞാനമായി മാറി. ഈ പുസ്തകം പോലെ മലയാളികളെ അർബുദത്തിന്റെ അമ്ലാനുഭവങ്ങളിലൂടെ കടത്തിവിട്ട മറ്റൊരു രചനയില്ല. ഡോക്ടർ ഗംഗാധരന്റെ ഓർമക്കുറിപ്പുകൾ വായിച്ച ഓരോ മലയാളിയും അർബുദത്തിന്റെ ആഘാതശേഷി ആത്മാവിൽ ഏറ്റുവാങ്ങുകതന്നെ ചെയ്തു. തുടർന്ന്, പ്രശസ്തരായ പല മലയാളികളും തങ്ങളുടെ കാൻസർ അനുഭവങ്ങൾ പുസ്തകമാക്കിയിട്ടുണ്ടെങ്കിലും 'ജീവിതം എന്ന അത്ഭുതം' പോലെ അവയൊന്നും ശ്രദ്ധിക്കപ്പെട്ടിട്ടില്ല.

മേല്പറഞ്ഞ രണ്ടു ചികിത്സകരും അവരെഴുതിയ പുസ്തകങ്ങളും തമ്മിൽ തമ്മിൽ താരതമ്യങ്ങളൊന്നുമില്ല. പക്ഷെ അവരും അവരുടെ പുസ്തകങ്ങളും ഒരുപോലെ സൃഷ്ടിക്കുന്ന പ്രതീതി അർബുദമെന്ന രോഗത്തിന്റെയും അതിന്റെ അനിതരസാധാരണമായ അനുഭവലോകത്തിന്റെയും അതുല്യമായ ജീവിതബന്ധങ്ങളാണ്. മറ്റൊരു രോഗത്തിനും ഇത്രമേൽ നിഗൂഢതകൾ കല്പിക്കപ്പെടുന്നില്ല. മറ്റൊരു രോഗവും ഇത്രമേൽ മനുഷ്യരെ നിസ്സഹായരാക്കുന്നില്ല. മറ്റൊരു രോഗവും ഇത്രമേൽ തീവ്രമായ വേദനകളിലൂടെയും യാതനകളിലൂടെയും മനുഷ്യരെ കടത്തിവിടുന്നില്ല. മറ്റൊരു രോഗത്തെയും മനുഷ്യർ ഇത്രമേൽ ഭയപ്പെടുന്നില്ല. അടിമുതൽ മുടിവരെ ശരീരത്തിന്റെ ഏതുഭാഗത്തും അവയവത്തിലും കാൻസർ അതിന്റെ ഞണ്ടുകാലുകളിറുക്കാം. സമാനതകളില്ലാത്ത സങ്കടങ്ങളിലേക്ക് അത് രോഗിയെയും അയാളെ സ്‌നേഹിക്കുന്നവരെയും വലിച്ചുതാഴ്‌ത്താം. അപാരമായ വേദനയും ഇതര വിഷമങ്ങളും കാലങ്ങളോളം തീക്കനൽ കോരിയിട്ട് ജീവിതം ഒരു ചൂളയാക്കി നിലനിർത്താം. പിടിവള്ളികളൊന്നും കിട്ടാതെ അടിപ്പെടുന്നവർ അതിൽതന്നെ വെന്തുതീരും. അതിജീവിക്കുന്നവർ തിരിച്ചുകിട്ടിയ ജീവിതത്തിന്റെ അപൂർവസൗന്ദര്യം കണ്ട് അന്തംവിടും. കാൻസർ ഭേദമായവരുടെ അനുഭവാഖ്യാനങ്ങളും സ്മൃതിചിത്രങ്ങളും സ്വയം ഒരു സാഹിത്യരൂപം തന്നെയായി മാറിക്കഴിഞ്ഞിട്ടുണ്ട് പല ഭാഷകളിലും. മലയാളത്തിലുൾപ്പെടെ.

സുജാതദേവിയുടെ 'ഇത്തിരിമൗനം' അർബുദാതിജീവനത്തിന്റെ ഇത്തരമൊരു അനുഭവാവിഷ്‌ക്കാരമാണ്. സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളുടെ നിർധനത്വമോ മൂന്നും നാലും ഘട്ടങ്ങളിലേക്കു കടന്ന രോഗാവസ്ഥയുടെ യാതനാപർവങ്ങളോ ബന്ധുമിത്രാദികളുടെ തിരസ്‌കാരമോ ഒന്നും സുജാതയുടെ അർബുദജീവിതത്തിനില്ല. എങ്കിലും നക്ഷത്രങ്ങളെല്ലാം കെട്ടുപോയ ഒരാകാശം ഇരമ്പുന്ന കെട്ടനാളുകൾ ഏത് അർബുദരോഗിയുടെയും ആത്മാനുഭവങ്ങളിൽ ഒരു യാഥാർഥ്യമാണ്. അതിലൂടെ സുജാതയും കടന്നുപോയി. ജീവിതത്തോടുള്ള കൊടിയ പ്രണയം ഒന്നുകൊണ്ടുമാത്രമാണ് അവർ പിടിച്ചുനിന്നത്. ഉറ്റവർ അവരെ താങ്ങി. ഇൻഷ്വറൻസും മികച്ച ചികിത്സയും അവർക്കു തുണയായി. രോഗക്കിടക്കയിൽ നിന്നുതന്നെ അവർ തന്റെ വീട് ഒരുക്കി. സർഗാത്മകതയോടുള്ള അഭിനിവേശം അവരെ പുനഃസൃഷ്ടിച്ചു എന്നുതന്നെ പറയാം. സംഗീതവും വായനയും കുടുംബത്തിന്റെ തണലും അവരുടെ ദിനരാത്രങ്ങൾ സൗമ്യദീപ്തമാക്കി. കാലം വലിയ കരുണയോടെ ഇടയ്ക്കിടെ അവരുടെ തോളത്തുതട്ടി ആശ്വാസവാക്കുകൾ പറഞ്ഞു. ജീവിതം സുന്ദരമാണ് എന്ന് ഓരോ സൂര്യോദയവും ചെടികളും പൂക്കളും കിളികളും അവരെ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. അവർ അർബുദത്തെ അതിജീവിച്ചു.

വയനാട്ടിൽ, ഡയറ്റിൽ (DIET) അദ്ധ്യാപികയായിരിക്കെ സ്തനാർബുദം ബാധിച്ച് കോഴിക്കോട് എം വിആർ. കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സുജാത ചികിത്സക്കെത്തുന്നു. ഉറ്റവരുടെയും ചികിത്സകരുടെയും കൈപിടിച്ച്, ഒരുവർഷം നീണ്ടുനിന്ന ചികിത്സക്കാലം പിന്നിട്ട്, പഴയ ജീവിതത്തിലേക്കു മടങ്ങി വരുന്നു. എല്ലാം പഴയതുപോലായില്ലെങ്കിലും ജീവിതം വീണ്ടും പൂത്തുതളിർക്കുന്നു. അതിജീവനത്തിന്റെ ആത്മഹർഷത്തിൽ തന്റെ കഷ്ടകാണ്ഡം ഓർമ്മക്കുറിപ്പുകളായി എഴുതാനാരംഭിക്കുന്നു. എഴുത്ത്, ഭൂതവർത്തമാനങ്ങൾക്കിടയിൽ ഒരു കളിയൂഞ്ഞാലുകെട്ടി സുജാതയുടെ വേദനാലോകങ്ങളെ ഭാവനയുടെ ലഹരിപിടിപ്പിക്കുന്ന വാങ്മയങ്ങളാക്കി മാറ്റുന്നു. 'രോഗത്തെക്കാൾ ഭയപ്പെടുത്തുന്ന ചികിത്സ' എന്ന കാൻസറിനെക്കുറിച്ചുള്ള ഏറ്റവും വലിയ മിത്തിന്റെ കടവിൽ പ്രാണൻ കയ്യിലെടുത്തു വിറച്ചുനിൽക്കുന്ന അസംഖ്യം അർബുദരോഗികളെ മനസിൽ കണ്ട്, ജീവിതപ്രേമത്തിന്റെ ഭാഗഗീതങ്ങളായി മാറുന്ന ഇരുപത്തിനാലധ്യായങ്ങളിൽ സുജാത തന്റെ കഥയെഴുതുന്നു. നിസംശയം പറയാം, ശുഭപ്രതീക്ഷയും ആത്മവിശ്വാസവും (നിശ്ചമായും ഉറ്റവരുടെ കൈത്താങ്ങും) കൊണ്ട് ജീവിതം തിരിച്ചുപിടിക്കാൻ ഓരോ കാൻസർരോഗിയെയും പ്രേരിപ്പിക്കുന്ന പോസിറ്റീവ് എനർജി പ്രസരിക്കുന്നുണ്ട്, ആദ്യന്തം ഈ ആത്മകഥയിൽ.

മൂന്നു ഭാവധാരകളാണ് 'ഇത്തിരിമൗന'ത്തെ ജീവസ്സുറ്റ ഒരു വായനാനുഭവമാക്കുന്നത്.

ഒന്ന്, സന്ദിഗ്ദ്ധതകളേതുമില്ലാതെ, ഒരു സ്ത്രീ തന്റെ വൈചാരികവും വൈകാരികവുമായ ജീവിതത്തിന്റെ ആത്മസംഘർഷങ്ങളും അപരലോകങ്ങളും തുറന്നാവിഷ്‌ക്കരിക്കുന്ന രീതികൾ. ജീവിതബദ്ധതയുടെ ഊർജ്ജപ്രവാഹമാണ് ഇവിടെയെങ്ങും.

രണ്ട്, യാഥാർഥ്യത്തിനും ഫാന്റസികൾക്കുമിടയിൽ, ഭൂതത്തിനും വർത്തമാനത്തിനുമിടയിൽ നിർമ്മിക്കപ്പെടുന്ന കഥാലോകങ്ങളുടെ ആനുഭവിക തലങ്ങളുടെ വഴി. രോഗാവസ്ഥയുടെ കേവലം ഡോക്യുമെന്റേഷനപ്പുറത്ത് ബാല്യവും കൗമാരവും യൗവനവും മായികമായ ഭാവലോകങ്ങളും വർണചിത്രങ്ങളുമായി വരച്ചുചേർക്കപ്പെടുന്ന ജീവിതാനന്ദത്തിന്റെ മഴവിൽക്കാവടിയാണ് ഇവിടെയെങ്ങും.

മൂന്ന്, അതിജീവനത്തിന്റെ നിശ്ചയദാർഢ്യവും ആതുരതകൾ മറികടക്കുന്ന സർഗാത്മകാന്വേഷണങ്ങളുടെ സ്ഥൈര്യവും. ജീവിതം സുന്ദരമാണ് എന്നു തിരിച്ചറിഞ്ഞുകഴിഞ്ഞാൽ പിന്നെ ആ ലാവണ്യമണ്ഡലത്തിൽ വായനയും സംഗീതവും കാഴ്ചയും സൗഹൃദങ്ങളും കാമനാഭരിതമായ മർത്യായുസ്സിന്റെ ഒരു പുതിയ അധ്യായം എഴുതിച്ചേർക്കുകതന്നെ ചെയ്യും. 'ഇത്തിരിമൗനം' ജീവനകലയുടെ അത്തരമൊരധ്യായമായി മാറുന്ന നിരവധി സന്ദർഭങ്ങളുണ്ട്.

കുടുംബാംഗങ്ങളും ചികിത്സകരും നൽകുന്ന ആത്മധൈര്യത്തിൽ നിന്നാണ് സുജാത തന്റെ ജീവിതസമരം വിജയിച്ചു തുടങ്ങുന്നത്. ആദ്യം പരിശോധനക്കു പോയ ആശുപത്രിയിലെ ഡോക്ടർ മുഖത്തുനോക്കി നിഷ്‌കരുണം 'നിങ്ങൾക്കു കാൻസറാണ്' എന്നു വിളിച്ചുപറഞ്ഞപ്പോൾ തകർന്നുപോയ മനസ്സ് തിരിച്ചുപിടിച്ചത് ഭർത്താവും മകനും ചേട്ടനും ചേച്ചിയും ചേർന്നാണ്. എം വിആർ. കാൻസർ സെന്ററിലെ ഡോക്ടർ പ്രശാന്ത് പരമേശ്വരൻ രോഗം സ്ഥിരീകരിച്ച ശേഷം മുഖത്തുനോക്കി ആദ്യം പറഞ്ഞ വാക്ക് 'curable' എന്നായിരുന്നു. അതോടെ ആ മനുഷ്യൻ സുജാതയുടെ ജീവിതം തിരികെപ്പിടിച്ചു തുടങ്ങി. സ്‌നേഹമസൃണമായ വാക്കുകളും തലോടലുകളും സമാശ്വസിപ്പിക്കലുകളും കൊണ്ട് പ്രശാന്ത് സുജാതയുടെ ആത്മവിശാസം ഇരട്ടിപ്പിച്ചു. കീമോതൊറാപ്പി. ഓപ്പറേഷൻ. റേഡിയേഷൻ എന്നിങ്ങനെ ഏഴെട്ടുമാസം നീണ്ട ചികിത്സയുടെ മൂന്നു ഘട്ടങ്ങളിലും നാലഞ്ചാത്മാക്കൾ സുജാതയുടെ ശരീരത്തിനും ആത്മാവിനും കാവൽ നിന്നു. വന്ദനാശിവയുടെ 'വിശുദ്ധവിത്തുകൾ' എന്ന ഒരു രൂപകം ഇവിടെ തന്റെ അതിജീവനത്തിന്റെ സാരസ്വതരഹസ്യംപോലെ സുജാത വെളിപ്പെടുത്തുന്നുണ്ട്. 'ഒരാപ്പിളിൽ എത്ര വിത്തുണ്ടെന്ന് നമുക്ക് എണ്ണിയെടുക്കാം. എന്നാൽ ഒരു വിത്തിൽ എത്ര ആപ്പിളുണ്ടെന്ന് തിരിച്ചറിയാൻ കഴിയണമെങ്കിൽ അസാധാരണമായ അനുഭവങ്ങളിലൂടെ നാം കടന്നുപോവുകതന്നെ വേണം' (പുറം 45).

സ്‌നേഹബന്ധങ്ങൾ നിലനിർത്തിയ തന്റെ ജീവനെക്കുറിച്ച് സുജാത എഴുതുന്നു:

'കീമൊ കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ എടുക്കേണ്ട 'ഗ്രഫീൽ' ഇൻജക്ഷൻ മരുന്നുമായി അടുത്ത നിർമലാ ആശുപത്രിയിലേക്ക് പോകുമ്പോൾ മാസ്‌ക്കണിഞ്ഞ എന്റെ പുഞ്ചിരിക്ക് വിഷാദം ചാലിച്ച പുഞ്ചിരികൾ മറുപടിയായി ഫ്‌ളാറ്റിൽ നിന്നും കിട്ടിത്തുടങ്ങിയിരുന്നു. തലയിലിട്ട ഷാൾ തോളിലേക്ക് വീഴുമ്പോൾ, അമ്മ ഇതു കഴിയുമ്പോൾ ഫെമിനിസ്റ്റും ആക്ടിവിസ്റ്റുമൊക്കെയാവും അല്ലേ അച്ഛാ എന്ന മകന്റെ ചിരികൊണ്ട് മകൻ ആശ്വസിപ്പിച്ചിരുന്നെങ്കിലും പൊതുവേ കാൻസർ എന്ന് കേൾക്കുമ്പോൾ എല്ലാവരുമെന്തേ വിഷാദത്തിന്റെ പടച്ചട്ടയും പരിചയുമായി? ഞാനിതാ വളരെ സന്തോഷവതിയായിരിക്കുന്നു.

ആരുടേയും സഹതാപവും സങ്കടവും എനിക്ക് കാണണ്ട. അതിന്റെ ആവശ്യവുമില്ലല്ലോ. ഒരു ചായക്കപ്പിനിരുപുറവുമിരിക്കുമ്പോഴും മുഖം തരാത്ത കളിക്കൂട്ടുകാരൻ. ഒരു വർഷത്തോളം ഓഫീസ്, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബങ്ങളിലെ വിവാഹം, മരണം, ചോറൂണ്, ഉദ്ഘാടനങ്ങൾ, വായനാക്കൂട്ടങ്ങൾ, സിനിമാശാലകൾ, റെസ്റ്റോറന്റുകൾ, ബസ് യാത്രകൾ എല്ലാം ഒഴിവാക്കേണ്ടുന്ന അവസ്ഥ... ആർ.ടി.സി. കൊടുത്ത് ചാർജെടുക്കലിലൂടെ എന്റെ ജോലി കൂടി ചെയ്യേണ്ടിവരുന്നു എന്ന സഹപ്രവർത്തകയുടെ പരാതി.

നിങ്ങളെന്തറിഞ്ഞു സഖാക്കളെ കടൽ താണ്ടാനൊരുങ്ങുന്നവൾക്കെന്ത് കൈത്തോട്? എന്ന ചിരി എന്റെ ചുണ്ടിൽ. അല്ലെങ്കിലേ ഒരു ആക്കിയ ചിരിയുണ്ട് അമ്മയ്‌ക്കെന്ന് ന്യൂജെൻ മകൻ.

വേലിയിറക്കങ്ങളിൽ നില തെറ്റി വേർപെട്ടു പോകാതിരിക്കാൻ ഒരിണമത്സ്യം സദാ കൂടെയുള്ളതാണ് ഏതൊരാളുടെയും ധൈര്യം. ഏത് അരക്ഷിതത്വത്തെയും അതജീവിക്കാൻ ആ സ്‌നേഹത്തിന് ശക്തിയുണ്ട്. ചുറ്റുമുള്ള മുഖങ്ങളിൽ സ്‌നേഹം മാത്രം കണ്ട ദിവസങ്ങൾ. അത് എണ്ണത്തിൽ ഏറെയുണ്ടായിരുന്നു താനും.

അങ്ങനെയല്ലാത്ത മുഖങ്ങൾക്കൊന്നും അകത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാൽ 'നിങ്ങൾ വേറെ കല്ല്യാണം കഴിക്കുമോ?' എന്ന് എന്നിലെ സ്വാർത്ഥമതിയുടെ ചോദ്യം ഒരു ദിവസം രാവിലെ ചായ കുടിക്കുമ്പോഴായിരുന്നു..

'ഇല്ല' എന്ന് ഒറ്റ വാക്കേ കേൾക്കേണ്ടിയിരുന്നുള്ളു. പ്രതീക്ഷിച്ചിരുന്നുള്ളു... പകരം ചെറുതായി തുടങ്ങിയ വിങ്ങിപ്പൊട്ടൽ എന്നെ ഞെട്ടിച്ചുകൊണ്ട് പൊട്ടിക്കരച്ചിലായി വളർന്നു. ഒന്ന് തൊട്ടാൽ രണ്ടു പേരുടേയും കരച്ചിൽ കേട്ട് ഫ്‌ളാറ്റിലെ മുഴുവൻ ജനങ്ങളും ഓടിയെത്തുമെന്ന് ഭയന്ന ഞാൻ ദിവാകരനെ തൊടാതെ അടുത്ത മുറിയിലേക്ക് മാറി. മെല്ലെ ഫോണെടുത്ത് രണ്ടു പേരുടെയും ഏട്ടന്മാരെ വിളിച്ചു വിവരം പറഞ്ഞു.

ആ വിളിയിൽ ഒരു വർഷം ഞങ്ങൾ കുട്ടികളായി ഞാൻ മാത്രമല്ല ദിവാകരനും. 'ബന്ധുബലം സർവധനാൽ പ്രധാനമെന്ന്' തിരിച്ചറിഞ്ഞ കാലം.

ചികിത്സ തുടങ്ങിയപ്പോഴാണ് ഞാൻ വായിച്ചറിഞ്ഞ ടി.എൻ. ഗോപകുമാർ, ലീലാമേനോൻ, ഇന്നസെന്റ്, ഡോക്ടർ ഗംഗാധരന്റെ പുസ്തകങ്ങൾ ഒന്നിലും കണ്ട കാൻസർ അല്ല എന്റേത് എന്ന് തിരിച്ചറിയുന്നത്. എന്റെ വീട്, എന്റെ അച്ഛൻ, എന്റെ അമ്മ, എന്റെ കുടുംബാംഗങ്ങൾ എന്നു പറയുമ്പോലെ എന്റെ കാൻസറും എന്റെ സ്വന്തമാണ്. രൂപഭാവങ്ങളിൽ, പെരുമാറ്റങ്ങളിൽ ഒക്കെ. കാൻസറിനെക്കുറിച്ച് നിങ്ങൾക്കെന്തറിയാം? എനിക്കും ഒന്നുമറിയാമായിരുന്നില്ല ചികിത്സ ആരംഭിക്കും വരെ. ഒട്ടും രസമില്ലാത്ത ഒരുപാട് ചോദ്യങ്ങൾക്ക് രസമുള്ള ഒരുപാട് ഉത്തരങ്ങൾ കിട്ടുന്ന ഒരു കാലമായിരുന്നു എന്നെ സംബന്ധിച്ച് കാൻസർ കാലം.

പ്രകാശത്തിലേക്കാണ് പല കൈകളുടെ ബലത്തിൽ നടന്നുതുടങ്ങുന്നത്'.

അച്ഛൻ, അമ്മ, കളിക്കൂട്ടുകാർ.... ആരും വെറുത്തുപോകുന്ന കുസൃതികൾ ചെയ്തപ്പോഴും സ്‌നേഹം മാത്രം പകരം തന്ന അച്ഛന്റെ കഥകൾ സുജാത ഓർത്തെടുക്കുന്നു. രോഗത്തിന്റെ ആകുലതകളിൽ പെട്ടുഴലുന്ന വേളകളിൽ എന്നോ മരിച്ചുപോയ അച്ഛൻ സുജാതക്കു കൂട്ടുവന്നു. വായിക്കുക:

'ഏഴ് മണിയായിട്ടും എഴുന്നേൽക്കാതെ മൂടിപ്പുതച്ച് കിടക്കുന്ന എന്നെ അച്ഛനാണ് കീമൊക്കാലത്ത് വിളിച്ചുണർത്താറ്. കീമൊ കഴിഞ്ഞ് കിടക്കുകയാണെന്ന് അച്ഛനറിയില്ലല്ലോ. ഞാനിപ്പോഴും ബാല്യത്തിലും കൗമാരത്തിലും ചുറ്റിത്തിരിയുകയാണെന്നും...

വയലിൽ സമൃദ്ധമായി വിളഞ്ഞുകിടക്കുന്ന കപ്പ, ചേന, ചേമ്പ്, ഇഞ്ചി, മുളക്, പയർ, വാഴക്കുല, നെല്ല് ഇതൊക്കെ അയൽവീടുകളിലേക്കു കൂടി വിതരണം നടത്തുക അവിടെ നിന്ന് തിരിച്ച് ചിലത് ഇങ്ങോട്ടും.... എന്ന അറുമുഷിപ്പൻ പണികൾ അന്ന് ഞങ്ങൾ കുട്ടികളുടേതായിരുന്നു.

അതായിരിക്കും രോഗകാലത്ത് വിഷമില്ലാത്തത് മാത്രം കഴിച്ചാൽ മതിയെന്ന് തീരുമാനിച്ച് സ്‌നേഹമായി എന്റെ രണ്ടാം വീട്ടിൽനിന്നും (ദിവാകരന്റെ) ഞങ്ങളിലേക്കൊഴുകിയെത്തിയത്. കൊടുത്താൽ കോഴിക്കോട്ടും കിട്ടും എന്നുറപ്പായ വർഷം.

ചീരാൽ എന്ന ആ കുഞ്ഞു ഗ്രാമത്തിലെ ജനന വീട്ടിലും മരണവീട്ടിലും അഞ്ച് അമ്മമാരെയും കാണാം. തൂവെള്ള മുണ്ടും നേരിയതുമായി ഇവർ പുറപ്പെടുന്നത് നോക്കി നിന്നിട്ടുണ്ട്. വേഗം പണിയൊക്കെ തീർത്ത് അവരങ്ങനെ ഒറ്റ മനസ്സായുള്ള ജീവിതം.

എക്‌സ് മിലിട്ടറി കോളനിയായി കണ്ണൂരിൽ നിന്നും മനസ്സില്ലാ മനസ്സോടെ വയനാട്ടിലെത്തിയ അഞ്ച് കുടുംബങ്ങൾ ഇരുപത്തിയെട്ടും, മുപ്പതും വയസ്സുള്ളവർ മുതൽ അഞ്ച് വയസ്സുള്ള മക്കൾകളിക്കൂട്ടങ്ങൾ. കളികൾ, അവരുടെ പഠനം, ജോലി, വിവാഹം എല്ലാം എല്ലാവരുടേതുമായിരുന്നു.

കീമൊക്കാലത്താണ് നിശ്ശബ്ദത ചൂഴ്ന്ന് നിൽക്കുന്ന ക്യാൻവാസിൽ ചാഞ്ഞും ചരിഞ്ഞും മലർന്നും കമിഴ്ന്നും ഈ സൗകുമാര്യങ്ങളെയെല്ലാം വീണ്ടും വരച്ചുചേർത്തത്, സ്‌ക്കെച്ച്കൾക്ക് നിറം കൊടുത്തത്. ഒരു പനിവന്നാൽ 'വനജയ്ക്ക് പനിക്കുന്നു പോലും നമുക്കൊന്ന് പോയി നോക്കിവരാംന്ന്' പറഞ്ഞ് എല്ലാ വീടുകളിലും കയറിയിറങ്ങി എല്ലാ വീട്ടിലെയും ഭക്ഷണം എല്ലാവരും പങ്കിട്ട്, എല്ലാ വീട്ടിലെയും രോഗികളെ എല്ലാവരും നോക്കിയിരുന്ന കാലം. അവരൊക്കെ ഉണ്ടായിരുന്നെങ്കിൽ ഈ അവസ്ഥയിൽ എന്നെ നോക്കാനും എനിക്കുവേണ്ടി കരയാനും എത്ര പേരുണ്ടായേനെ. ആ അച്ഛന്മാരും അമ്മമാരും പോയി. എല്ലാ മരണങ്ങളിലും പലനാടുകളിലായിപ്പോയവർപോലും പറന്നെത്തി.

ഓരോ മരണത്തിലും ഓരോ യുഗം അവസാനിക്കുന്ന വിങ്ങിപ്പൊട്ടൽ. പുതുതലമുറയുടെ കാലം, പഠനം, വിവാഹം പലരും പലയിടങ്ങളിൽ. പറയാൻ ഭയന്ന് പറയാതെ സൂക്ഷിച്ച പ്രണയങ്ങൾ അമ്പതാം കാലത്ത് പറഞ്ഞ് ചിരിക്കുമ്പോഴും സംശയത്തിന്റെ മുനകളൊന്നും പതിക്കാതെ കരുതലുള്ളവർ. അവരിൽ നിന്നെല്ലാം ഒളിച്ച് നീണ്ട ഒന്നര വർഷം. നട്ടുച്ചയ്ക്ക് കണ്ണിൽ കുത്തുന്ന ഇരുട്ട് വീണപ്പൊഴായിരുന്നു അത്.

'മറ്റൊന്നുമല്ല താങ്ങാനാവാത്തവർ നിരവധിയുണ്ടെന്നതു തന്നെ'.

സ്‌നേഹം ഒരു വല്ലാത്ത ഫീലിങ് തന്നെ. ചേർത്ത് പിടിച്ച് കരഞ്ഞവർ. സ്‌നേഹം വെച്ചുവിളമ്പിത്തന്നവർ. നിരവധി വർഷം സഹായിയായി നിന്ന ശാന്ത മുതൽ. എനിക്കൊന്ന് കാണണമായിരുന്നു എന്ന് കരഞ്ഞവർ. അവർക്കടുത്തേക്ക് ചിരിച്ച് ചെല്ലുമ്പോഴുള്ള ആഹ്ലാദം. ഉദ്യോഗസ്ഥയുടെ ഇരിപ്പിടത്തിൽ നിന്നിറങ്ങിയതിനു ശേഷം സ്വപ്നങ്ങളിൽ ഏറെയും കടന്നുവന്നത് എന്റെ ഗ്രാമവും അവിടത്തെ അഞ്ച് അച്ഛനമ്മമാരുമായിരുന്നല്ലോ.

'ഒരു പൊടി കൂടി കഴിക്ക് ടീച്ചറേ' എന്ന് പറയുന്ന പുതിയ സ്‌നേഹം. ഇന്നുച്ചയ്ക്കും സഹായിയായി വരുന്ന ചേച്ചിയുടെ സ്‌നേഹം തൊട്ടുകൂട്ടിയാണ് ഊണ് കഴിച്ചത്.

എത്രയെത്ര സ്‌നേഹങ്ങൾക്ക് നടുവിലാണ് ഒരു ജീവിതം.

സഹജീവികളുടെ സഹോദരസ്‌നേഹം. ഇവരും നമ്മുടേതാണ്. ഹൃദയത്തിൽ ഇടം നേടുന്നവർ. അതിനവകാശപ്പെട്ടവർ. ദീർഘ കാലത്തിനുശേഷം കണ്ട സഹപാഠികൾ. ഗെറ്റ് ടുഗദറുകൾ.

ഞങ്ങളൊക്കെ ഇവിടെയുണ്ടായിട്ടും മൈൻഡു ചെയ്തില്ലല്ലോ എന്ന കുസൃതിച്ചോദ്യങ്ങൾ. വീണ്ടും കുട്ടികളായി സഹയാത്രികരാവുന്നവർ, ഭക്ഷണം പാകം ചെയ്ത് ക്യാമ്പ്ഫയൽ നടത്താൻ കാത്തിരിക്കുന്നവർ. ഇതിനിടയിൽ യാത്ര പറയാതെ പിരിഞ്ഞുപോയവർ. ഇരുട്ടിലാണ്ടുപോവാതെ പൊന്തിക്കിടക്കുന്ന ഓർമകൾ.

എങ്ങനെയാണ് ഒരാൾക്ക് ജീവിതം നല്ലവണ്ണമാസ്വദിക്കാൻ കഴിയുക? 'കടുത്ത കാറ്റിൽനിന്നും രക്ഷപ്പെടുത്തേണ്ട ഒരു മനോഹരപുഷ്പമാണവൾ' എന്ന് ചുറ്റുമുള്ളവർക്ക് തോന്നുമ്പോഴോ.... (സോമർ സൈറ്റ് മോം) '.

അതിജീവനത്തിന്റെ മറ്റൊരു ജീവനാഡി സാമൂഹ്യമാധ്യമത്തിൽ കിട്ടിയ അജ്ഞാതനായ ഒരു സുഹൃത്തിന്റെ വാക്കുകളായിരുന്നു. കാൻസർ രോഗിയാണ് താനെന്നറിഞ്ഞതോടെ അകന്നുപോയ സുഹൃത്തുക്കളെക്കുറിച്ചും സുജാത ഓർക്കുന്നുണ്ട്. പക്ഷെ ഇയാൾ ഒരു ഗന്ധർവ്വനെപ്പോലെ എല്ലാ ദിവസവും കിനാവിലും ഉണർവിലും വന്നെത്തുകയും ആശുപത്രിക്കിടക്കയിൽ നിന്ന് ആരുമറിയാതെ തന്നെയും കൂട്ടി കോഴിക്കോട് നഗരത്തിലൂടെ രാത്രി കാണാൻ ഒപ്പം സഞ്ചരിക്കുകയും ചെയ്തതിന്റെ ഫാന്റസി സുജാത എഴുതുമ്പോൾ നാം മാധവിക്കുട്ടിയെ ഓർക്കാതിരിക്കില്ല. പ്രശാന്ത് ഡോക്ടറുടെ ഒറ്റവാക്ക് പോലെ ഹൃദയത്തിൽ കോറിയിട്ടു, സുജാത ഈ സുഹൃത്തിന്റെയും വാക്കുകൾ.

'കഴിഞ്ഞു പോയതെല്ലാം എന്നിൽ പുനർജനിക്കയായിരുന്നു. കൈവിട്ട സ്വപ്നങ്ങളും. ആത്മാവ് കൊണ്ടാണ് ഞങ്ങൾ സംസാരിച്ചിരുന്നത്. ലോകത്തിന്റെ ബന്ധനിഘണ്ടുവിൽ തെരഞ്ഞാൽ കണ്ടെത്താനാവാത്ത.... പേര് വിളിക്കാനില്ലാത്ത ഒന്ന്.

ഭക്ഷണവും മരുന്നും പോലെ 'സൗഹൃദങ്ങളും പ്രണയവും' പോലും ഓക്കാനമുണ്ടാക്കിയിരുന്ന ഒരു കാലത്തായിരുന്നു അത്.

ഒരു മനുഷ്യ ജീവിതം താണ്ടുന്ന അസാധാരണത്വമുള്ള കടൽ... ഉറക്കം തീരെയില്ലാത്ത ആ രാത്രികൾ പുലരാൻ സ്വപ്നങ്ങളുണ്ടായിരിക്കുക. ഉറക്കത്തിലല്ല നാം യഥാർത്ഥത്തിൽ സ്വപ്നങ്ങൾ കാണുന്നതെന്നത് എന്നെ സംബന്ധിച്ച് ഇതാദ്യത്തെ അനുഭവം. അത് ദിവാസ്വപ്നങ്ങളുമായിരുന്നില്ല. ശരിക്കും മറ്റൊരു സഹജീവിക്ക് ആപത്തിൽ തുണയാവുക. യാതൊരു ലാഭേച്ഛയുമില്ലാതെ ആൺ പെൺ സൗഹൃദങ്ങളുടെ അർത്ഥമൊക്കെ വല്ലാതെ മാറിപ്പോയ ഒരു കാലത്ത്. ഒന്നിനെയും പച്ചയായി വിശ്വസിക്കുന്ന സ്വഭാവമില്ലാത്ത എനിക്ക്?!!!

ബന്ധുക്കൾ എന്നെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തുന്ന അതേ സമയത്ത് തന്നെ എന്നെ ജീവിതപ്രതീക്ഷകളിലേക്ക് സ്വപ്നങ്ങളിലേക്ക് കൈപിടിച്ച് നടത്തിയ ഒരാൾ. ആ ദുരിതകാലത്തെ ഇത്രമേൽ മനോഹരമാക്കിയ ഒരാൾ, ഇത്രയേറെ സമയം എനിക്കായി നീക്കിവച്ച ഒരാൾ. എളുപ്പമല്ല!!! കാൻസർ ഏത് സ്റ്റേജിലാണ് എന്നുപോലുമറിയാതെ ഒരാളുടെ കൈ പിടിക്കുക എന്നത്. അല്ലെങ്കിൽത്തന്നെ ആർക്കാണതിനുള്ള മനസ്സുള്ളത്? സമയമുള്ളത്?

അതിലേക്കാണ് പാലം കടന്നാൽ 'ഹായ്' പറയുമെന്ന് യാതൊരുറപ്പുമില്ലാതിരുന്നിട്ടും കൂട്ട് വിട്ട് പുറത്ത് ചാടുന്ന എന്റെ ആത്മാവിന്റെ സഞ്ചാരങ്ങളിൽ കൂടെ നടന്നത്. ഒന്നും രണ്ടും ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ അല്ല ഒരു രോഗകാലം മുഴുവൻ.

'എനിക്കുറപ്പുണ്ടായിരുന്നു'

'എന്ത്?'

'ഹായ് പറയാൻ പൂർണ ആരോഗ്യത്തോടെ വരുമെന്ന്.'

'എങ്ങനെ?'

'മനസ്സിൽ നന്മയുള്ളവർക്ക് അങ്ങനെയേ ചിന്തിക്കാനാവൂ'

എന്ന് ചിരിച്ചു.

ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഉറപ്പ്. ഉള്ളിലൊരു നൈർമല്യമായി. എല്ലാത്തിനെയും ശുദ്ധീകരിച്ചു കൊണ്ട് ഏത് ഭാരത്തെയും ഒരു തൂവൽക്കനമായി മാറ്റിക്കൊണ്ട് ഇങ്ങനെയൊരാൾ!

ചികിത്സയുടെ ദുരിതങ്ങൾ പതിയെ പതിയെ ആശ്വാസത്തിലേക്ക് ആനന്ദത്തിലേക്ക് വഴിമാറി. ആരായിരുന്നു അത്!!!!

ആരുടെ നിർദ്ദേശപ്രകാരമായിരുന്നു. ആ വരവ്. അച്ഛനമ്മമാരുടെയോ?.... ഈ അനുഗ്രഹത്തിന്റെ മധുരം എനിക്കായി കാത്തുവച്ചതാരാണ്? സങ്കല്പത്തിന്റെ സത്യത്തിന്റെയും മോഹത്തിന്റെയും സഞ്ചാരത്തിന്റെയും ഒരു മിശ്രണം. എന്നിലെന്നുമുണ്ടായിരുന്നു. അറിയുന്നവർ മാത്രമറിഞ്ഞത്.

ഏറ്റവും ശക്തവും ഏറ്റവും നീണ്ടു നിൽക്കുന്നതുമായ ബന്ധങ്ങൾ ലൈംഗികതയെ അടിസ്ഥാനപ്പെടുത്താത്തവയാണെന്ന് കാൻസർ കാലത്തിലൂടെ നടന്ന നർത്തകി ചന്ദ്രലേഖയുടെ ജീവചരിത്രത്തിൽ റുസ്തം പറഞ്ഞതെത്ര സത്യം'.

പാട്ടുകളുടെ ഒരു കടൽതന്നെ കോരിയെടുത്തുകൊണ്ടുവന്നു കൊടുത്തു, സഹോദരൻ. പുസ്തകങ്ങൾ. വീടുനിർമ്മാണത്തിനൊപ്പം ഇന്റീരിയർ ഡിസൈനിംഗിന്റെ ലഹരി. കവിതകൾ. കഥകൾ. വായനയും സംഗീതവും വീടൊരുക്കലുമായി വേദനകളെ മറികടന്ന ജീവിതാഹ്ലാദങ്ങളുടെ ദിനരാത്രങ്ങൾ. ഇതിനിടയിൽ സമാശ്വസിപ്പിക്കാൻ ഒരാൾപോലുമില്ലാതെ കാൻസർ വാർഡിൽ ഒറ്റപ്പെട്ടുപോകുന്ന ചിലരെ കണ്ടെടുക്കുന്ന കയ്പുറ്റ സന്ദർഭങ്ങൾ. ഒരെണ്ണം നോക്കുക:

'ഉച്ചമുതൽ കേൾക്കുകയാണ് തൊട്ടറിയുകയാണ്. പനിയും ജലദോഷവുമല്ല. കാല് വേദനയോ നടുവേദനയോ അല്ല. ജീവിതത്തിനും മരണത്തിനും ഇടയിലെ ഞാണിന്മേൽക്കളിക്കാരാണ് മുന്നിൽ. അവരകുടെ ദൈന്യത, ബന്ധുക്കളുടെ നിരാശ, നിർവികാരമായ കണ്ണുകളുമായി മരണത്തെ മുന്നിൽക്കണ്ട് എത്തുന്നവർ ഒന്നിലും അവർക്ക് പ്രതീക്ഷയില്ല. ആ പേര് അവരിൽ സൃഷ്ടിച്ച നടുക്കം-ഓരോരുത്തർക്കും വ്യത്യസ്തങ്ങളായ അനുഭവങ്ങൾ വ്യത്യസ്ത ശരീരഭാഗങ്ങളെയാണ് ആക്രമിക്കുന്നത്. അതിൽത്തന്നെ ചിലർ സ്റ്റേജ് ഒന്നും രണ്ടും മൂന്നും പിന്നിട്ടവർ.

ആക്രമണം ഒരേ രീതിയിലല്ല. അതുകൊണ്ട് തന്നെ ഈ പൊതുശത്രുവിനോട് ഒരേ രീതിയിൽ പൊരുതിയാൽ പോര.

ഒരു ഡോക്ടർ എന്ന നിലയിൽ ഇവർക്ക് നടുവിൽ അദ്ദേഹത്തിന്റെ മാനസികാവസ്ഥ എന്തായിരിക്കും?

അദ്ദേഹം ഓരോ രോഗിയുടെയും പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നത് കണ്ടും കേട്ടും അന്തം വിട്ടുപോയിരുന്നു. കഴിഞ്ഞ തവണ എന്റെ മുന്നിൽ വെച്ച് മറ്റു ഡോക്ടർമാരോട് ഈ പയ്യന്റെ പ്രശ്‌നം പങ്കുവെക്കുമ്പോഴാണ് ശ്രദ്ധിച്ചത്.

'അൺമാരീഡാണ്. റിസൾട്ട് കണ്ടില്ലേ?'

'ഞാൻ ഡോക്ടർ ദിലീപുമായി സംസാരിച്ചിരുന്നു'.

'കൺസർവേറ്റീവ് സർജറി പറ്റുമോ?'

'ആ ഭാഗം കൂടി എടുക്കേണ്ടി വരും അല്ലേ'.

'അൺമാരീഡാണ് അതാണ് ഏറെ സങ്കടം'.

'ഡോക്ടർ ദീപക് പറയുന്നത്....'

'നമുക്കാ ലാബിലേക്ക് വിളിച്ചാലോ?'

'ആ നമ്പറുണ്ട്.'

വീണ്ടും ഡയൽ ചെയ്യുന്നു. അപ്പുറത്ത് സംസാരിക്കുന്നത് സ്പീക്കറിൽ കേൾക്കാം.

'ടെക്‌നിക്കൽ ടേംസ് കുറെയൊന്നും പിടികിട്ടിയില്ല.'

'മൂന്ന് നാല് ഡോക്ടർമാരുമായി ഡിസ്‌ക്കഷനിലാണ്.'

സുജാത ഇരിക്കൂ എന്ന് ഇടത് കൈ എന്റെ നേരെയും വലതുകൈ കമ്പ്യൂട്ടറിലും. എന്റെ മുന്നിൽ വെച്ച് തന്നെയാണ് ചർച്ച ചെയ്യുന്നത്. എനിക്ക് മുമ്പ് കയറിയ ആ ഇരുപത്തിയൊമ്പത്കാരനെക്കുറിച്ചാണ്. അവനാണ് പുറത്ത് ഇരുട്ടിന്റെ കൂട്ടുപിടിച്ച് അങ്ങനെ ഏകനായി നിൽക്കുന്നത്.

ഇത്തവണ അവൻ എനിക്ക് ശേഷമാണ്.

എന്തൊരു കരുതലാണ് രോഗികളുടെ മേൽ ഈ ഡോക്ടർമാർക്ക്. യുവതലമുറയിലെ ഡോക്ടർമാർ മാറുകയാണ്.

ഈ കേൾവികൾ കാഴ്ചകൾ ഇവരെങ്ങനെയായിരിക്കാം മറികടക്കുന്നുണ്ടാവുക. പ്രശാന്ത് ഡോക്ടറെങ്കിലും. സാധാരണ ഒരു ഡോക്ടറല്ല ഇദ്ദേഹം എന്നുള്ളത് ഞാനറിഞ്ഞിട്ടുള്ളതാണല്ലോ.

ഒരു പാട് സ്വപ്നങ്ങളുമായി ജീവിതം ആസൂത്രണം ചെയ്ത് മുന്നോട്ട് കുതിച്ചു കൊണ്ടിരുന്ന അവന് എന്തായിരിക്കാം എന്ന് ആ സംസാരത്തിൽ നിന്നും ഞാനൂഹിച്ചു. ഇതിന് മുമ്പ് ഇത്തരത്തിലൊന്ന് ഞാൻ വായിച്ചിട്ടുണ്ടല്ലോ. പ്രമുഖനായ ഒരു ഡോക്ടർ ലങ് ക്യാൻസറിന്റെ പിടിയിൽ പെട്ടപ്പോൾ. ഹണിമൂൺ കാലത്ത് തന്നെ അസുഖം തിരിച്ചറിഞ്ഞതോടെ പ്രണയിച്ച് വിവാഹം കഴിച്ച ആ ദമ്പതികൾ ഭാവിയിൽ അവരുടേതായ ഒരു കുഞ്ഞിനു വേണ്ടി എടുത്ത തീരുമാനം. ട്രീറ്റ്‌മെന്റിന് മുമ്പ് എല്ലാം അറിയുന്ന രണ്ട് ഡോക്ടർമാർ ഭാര്യയും ഭർത്താവും എന്ന നിലയിൽ കൂട്ടായി അവർ അതൊക്കെ ചെയ്തുവച്ചിരുന്നു.

മുപ്പത്തിയേഴാം വയസ്സിൽ ഈ ലോകം വിട്ടു പോകുമ്പോൾ മനോഹരമായ ഒരു ചിരി ഭൂമിയിൽ അവശേഷിപ്പിച്ചിട്ടാണ് അദ്ദേഹം പോയത്. എന്റെ ചിന്തകൾ കടലാസു പോലെ വിളറിപ്പോയ എന്റെ മുഖത്തുണ്ടായിരുന്നു. ഡോക്ടർക്ക് അന്ന് അദ്ദേഹത്തിന്റെ തിളങ്ങുന്ന ചിരി പുറത്തെടുക്കാനായില്ലെന്നതും ശ്രദ്ധിച്ചു.

അന്ന് അയാൾ എനിക്ക് മുമ്പിലായിരുന്നു. എന്റെ മകനേക്കാൾ നാലോ അഞ്ചോ വയസ്സ് ഏറെയുണ്ടാവും അതോ രണ്ടോ മൂന്നോ...? അത്രേയുള്ളു. ആരും അന്നും കൂടെ വന്നിട്ടില്ല. അച്ഛനെയും അമ്മയെയിം അറിയിച്ചിരിക്കില്ല. അവരിതെങ്ങനെ താങ്ങും.

ഇന്നും ഇരുട്ട് വ്യാപിച്ച ഒരിടത്ത് മാറി അയാൾ ഏകനായി കാത്തുനിൽക്കുകയാണ് തിരക്കൊഴിഞ്ഞ് ഡോക്ടറുമായി സംസാരിക്കാൻ. അവനൊറ്റയ്ക്ക് ഇതെങ്ങനെ? ഒരു അടുത്ത സുഹൃത്തിനെയെങ്കിലും കൂടെക്കൂട്ടാമായിരുന്നു. എല്ലാ കസേരകളിൽ നിന്നും ഒഴിഞ്ഞ് മാറി ഒരറ്റത്ത്. ആളുകൾ അടുത്ത് വന്നിരിക്കുമ്പോൾ അവൻ മെല്ലെ എഴുന്നേറ്റ് നടക്കും. അവന്റെ മാത്രം വ്യഥകളിലേക്ക്. ആ വെയിൽത്തൊപ്പി അവനീ രാത്രിയും തലയിൽ നിന്നെടുക്കാൻ മറന്നിരിക്കുന്നു.

അവന്റെ വീട്ടുകാരുടെ, കൂട്ടുകാരുടെ, അവനെ പ്രണയിക്കുന്ന ഒരു പെൺകുട്ടിയുടെ. ജോലിയിൽ മിടുക്കു കാട്ടിയിരുന്ന അവൻ പെട്ടെന്ന് ക്ഷീണിതനും നിശ്ശബ്ദവുമായിപ്പോയതറിയാത്ത സഹപ്രവർത്തകരുടെ എല്ലാവരുടെയും ചിത്രം എന്റെ മനസ്സിൽ നിറഞ്ഞു.

എല്ലാവരും കൂടി എന്നെ ആ നിലാവെളിച്ചത്തിലും വിയർപ്പിക്കുന്നതറിഞ്ഞു'.

തന്റേതിനെക്കാൾ പതിന്മടങ്ങ് സഹനങ്ങളിലൂടെ കടന്നുപോയ എഴുത്തുകാരി അഷിതയുമായുള്ള അടുപ്പം വിവരിക്കുന്ന അധ്യായം ഈ പുസ്തകത്തിലെ ഏറ്റവും ഹൃദയസ്പർശിയും കലാത്മകവുമായ ഭാഗമാകുന്നു.

'പിറക്കാതെ പോയ എന്റെ മകളുടെ പേര് അഷിതയെന്നാണ്. അഷിതയെന്ന എഴുത്തുകാരി ഇൻബോക്‌സിൽ ചിരിച്ചു. ഒരു കുഞ്ഞു തൊപ്പി തലയിൽ കയറുമ്പോഴേ തലക്കനം വർദ്ധിക്കുന്ന എഴുത്തുകാരിൽ സ്വർണക്കിരീടമണിഞ്ഞ് തേജസ്സോടെ നിന്ന അഷിത ഒരത്ഭുതമായിരുന്നു. ആ സ്‌നേഹം അത്രയെളുപ്പം മറക്കാവതല്ല. 'സ്‌നേഹാവിഷ്ടരെ'ക്കുറിച്ച് ധാരാളമായി. അഷിതയെഴുതിയിട്ടുണ്ട്. അകത്തേക്ക് തിരിഞ്ഞുപോയ ആ മനസ്സ് പ്രകാശിച്ചു നിന്ന അക്ഷരങ്ങൾ.

മലയാള അക്ഷരങ്ങളിൽ വ്യത്യസ്തത അനുഭവിപ്പിച്ച ആ എഴുത്തുകാരിയെ എനിക്ക് പ്രിയങ്കരങ്ങളായ ആളുകളെക്കൊണ്ട് ഞാൻ വായിപ്പിച്ചിരുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു എഴുത്തുകാരി മാത്രമായിരുന്നു ആദ്യമൊക്കെ അഷിത. ആ വാക്കുകൾക്കിടയിലൂടെ വരികൾക്കിടയിലൂടെ എത്ര വട്ടം സഞ്ചരിച്ചിട്ടുന്നെനിക്കു തന്നെയറിയില്ല. അകത്തേക്ക് തിരിഞ്ഞുപോയ ഒരു മനസ്സുമായി ഞാനും ആ കഥകളിൽ ചുറ്റിത്തിരിഞ്ഞു. അക്ഷരങ്ങൾ തന്ന ആ സൗഹൃദം എഫ്.ബി. ചാറ്റിങ്ങിലൂടെ വളർന്നു.

'കാൻസറാണ്' എന്ന ആദ്യ കേൾവിയിൽ ഇരുട്ടിലേക്ക് വീണുപോയ ഞാൻ ഏതൊരാളും അയാളുടെ പ്രിയപ്പെട്ടവർ ഒരിക്കലും കേൾക്കരുതെന്നാഗ്രഹിക്കുന്ന ആ വാക്ക്.

മനുഷ്യർ ജന്തുജാലങ്ങളായും തരുലതാദികളായും പുനർജനിക്കുന്ന ഒരു സ്വപ്നത്തിന്റെ താഴ്‌വാരത്തിലേക്ക് പതിയെപ്പതിയെ വീണ ഒരു ഉച്ചമയക്കം കഴിഞ്ഞ് മൂടിക്കെട്ടിയ മനസ്സുമായി ഇരിക്കയായിരുന്നു ഞാൻ. ആ സമയത്താണ് അഷിതയെ ദിവാകരൻ ഫോണിൽ കണക്ട് ചെയ്ത് തരുന്നത്. ഒരു പൊട്ടിക്കരച്ചിലായിരുന്നു ഇങ്ങേ തലയ്ക്കൽ. അപ്പുറത്ത് സ്‌നേഹത്താൽ തെളിഞ്ഞു കത്തുന്ന ഭാഷയും. അഷിത എനിക്ക് പ്രിയപ്പെട്ട എഴുത്തുകാരിയാണെന്നറിയാമായിരുന്നു ദിവാകരന്. മറ്റൊന്ന് ദീർഘകാലമായി കാൻസർ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഒരാളെന്ന അറിവും.

കുറേ നേരം ഞങ്ങൾ രണ്ടുപേരോടുമായി അഷിത സംസാരിച്ചു. അപ്പോഴേക്കും എന്റെ കരച്ചിൽ നിലച്ചിരുന്നു. പിറ്റേ ദിവസം കോഴിക്കോട്ടുള്ള മറ്റൊരു ഡോക്ടറെ അഷിത തന്നെ വിളിച്ചു പറഞ്ഞ് ഞങ്ങൾ പോയി കണ്ടു. ഡോക്ടറുമായുള്ള ദീർഘസംഭാഷണം. ചികിത്സയിലേക്കു വീഴുന്നതിനു മുമ്പുള്ള ദിനങ്ങൾ കാൻസർ ചികിത്സയെ അഭിമുഖീകരിക്കാൻ അസാമാന്യ ധൈര്യം വേണം. അതില്ലാതെ ചികിത്സ നീട്ടിക്കളിക്കുന്ന എന്നെക്കുറിച്ച് ദിവാകരൻ പറഞ്ഞു കാണണം. സ്‌നേഹത്തിന് മാത്രമേ എന്നെ കീഴടക്കാൻ കഴിയൂ എന്നും...

ദിവാകരനും ഏട്ടനും എന്നോട് 'ചികിത്സയെ സന്തോഷത്തോടെ നേരിടുക മറ്റൊന്നും നീ അറിയണ്ട' എന്ന് എന്നിലേക്ക് ധൈര്യം കുത്തിവെക്കുന്ന കാലം. അതിനോടൊപ്പം അഷിതയുടെ വാക്കുകൾ പകർന്ന ധൈര്യം...

ഞാൻ മനസ്സിലാക്കിയേടത്തോളം നീണ്ടൊരു കാലം കാൻസറുമായി സഹജീവനത്തിലേർപ്പെട്ട ഒരു വ്യക്തിയാണ് എന്റെ പ്രിയപ്പെട്ട ഈ എഴുത്തുകാരി...

ഇടക്ക് എപ്പോഴോ പറഞ്ഞു. എനിക്ക് വയ്യ കുട്ടി. ഒരു മടുപ്പ് ആ ശബ്ദത്തിൽ. എല്ലാവരും പനിച്ചു കിടക്കുന്നു. അതുകൊണ്ട് അടുക്കളയിൽ കയറേണ്ടി വന്നു.

കീമൊക്കാലത്ത് ഭക്ഷണത്തോട് യാതൊരിഷ്ടവും തോന്നാത്ത കാലത്ത് തൃശൂരിലെ ഒരു ഹോട്ടലിലെ ഭക്ഷണത്തോടുള്ള ഇഷ്ടത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഇടയ്ക്ക് നാൽപത്തിയെട്ടു മണിക്കൂർ കീമൊ എന്ന വാർത്ത. പിന്നീടാണ് ഉള്ളുലയ്ക്കുന്ന ആ ഇന്റർവ്യു മാതൃഭൂമിയിൽ വരുന്നത്. കുറേ ദിവസം ശബ്ദം തൊണ്ടയിൽ കനത്തു കിടന്നു. ഇൻബോക്‌സിൽ ഞാനൊന്നും ചോദിച്ചില്ല. പക്ഷേ എന്റെ എഫ്.ബി. ചുമരിൽ മാതൃഭൂമിയിലെ ആ പേജുകൾ കണ്ണീർ വാർത്തു കിടന്നു. എന്തുകൊണ്ട് ആ അമ്മ? എന്ന ചോദ്യം പലവുരു എന്നോതുതന്നെ ചോദിച്ചു. എല്ലാവരും ആരെയെങ്കിലുമൊക്കെപ്പോലെ എഴുതാൻ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിക്കാറുണ്ട്. പലർക്കും പലരായിരിക്കും അത്. അഷിതയുടെ എഴുത്തിലെ പെൺപക്ഷം എന്നും ഞാനായിരുന്നു. ഇടയ്ക്ക് ചിന്തിക്കും ഒരു തമാശയ്‌ക്കെങ്കിലും ഒരു ജാരനുണ്ടായിരുന്നെങ്കിലെന്ന്. പിന്നെ എന്തിന്? അയാൾ പൂട്ടിയിട്ട് പോകാനോ? ഹ ഹ ഹ.

അഷിതയോടൊപ്പം ആ അക്ഷരങ്ങളിൽ പിടിച്ച് സഞ്ചരിക്കാൻ ഏറെ ഇഷ്ടം. നിലാവിന്റെ നാട്ടിൽ വായിച്ചതിനു ശേഷം അഷിതയെഴുതുന്ന ഒരക്ഷരമെങ്കിലും ഹൈക്കു കവിതയാണെങ്കിലും തെരഞ്ഞുപിടിക്കലായി. കാത്തിരിക്കലായി.

ചാറ്റ് ബോക്‌സിൽ തെളിയുന്ന അക്ഷരങ്ങൾ ആനന്ദം കൊണ്ടുവന്നു. ബ്രൗൺകളർ ഉള്ള ഷുഗർ ഉപയോഗിക്കണമെന്നും പാലുല്പന്നങ്ങൾ കുറയ്ക്കണമെന്നും പ്രാണായാമം ശീലമാക്കണമെന്നും തുടരെ തുടരെ എന്നോട് പറഞ്ഞുകൊണ്ടിരുന്ന ഒരാൾ. അഷിതയ്ക്ക് പ്രിയപ്പെട്ട ഒരാൾ എന്ന നിലയ്ക്ക് ചികിത്സയിലേക്ക് വീഴാൻ മടിച്ചു നിന്ന എനിക്ക് കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജിലെ ആ ഡോക്ടർ നീക്കിവച്ച വിലപ്പെട്ട മൂന്നു മണിക്കൂർ എന്നെ കൗൺസിലിംഗിന് വിധേയയാക്കി ബേബി മെമോറിയലിലെ ഡോ. സുരേഷിനെപ്പോയിക്കാണാൻ വേണ്ടി ഉപദേശിക്കാനേൽപിച്ചതാണെന്ന് പിന്നീടാണ് ഞാനറിഞ്ഞത്.

'സ്‌നേഹം സ്‌നേഹത്താലെഴുതിയത' എന്ന പുസ്തകം. അഷിതയുടെ കത്തുകൾ ഒരു സുഹൃത്ത് സമ്മാനിത്ത അന്നു തന്നെ വായിച്ചു തീർത്ത് സന്തോഷമറിയിച്ചു അന്നും ഞങ്ങൾ ഏറെ നേരം സംസാരിച്ചു.

'കാൻസർ റോഡിൽ കണ്ട് കുശലപ്രശ്‌നം നടത്തി തിരിച്ചു പോകുന്ന ഒരു സുഹൃത്തല്ല തന്നെ' ഇടയ്ക്ക് യാത്ര പറയാതെ അഷിത ഈ ലോരം വിട്ടു. ഞെട്ടലുണ്ടാക്കിയില്ല. നാല് മേജർ സർജറിയടക്കം കാൻസറിന്റെ കൈ പിടിച്ച് നടന്ന ആ കാലത്തെക്കുറിച്ച് പൂർണമായിത്തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു. മൗനത്തിലാണ്ടുപോയ എന്നെ അന്ന് ആ ഓർമകളുമായി അലയാൻ സ്വതന്ത്രയാക്കി വിട്ടു ദിവാകരൻ. അഷിതയെ ഏറെ സ്‌നേഹിച്ച വലിയ വായനക്കാരുടെ ലോകം ദുഃഖത്തിലാണ്ടു. പച്ചക്കറി ആഹാരം മുഖ്യശീലമാക്കിയ ധ്യാനവും യോഗയും ശീലമാക്കിയ ആവശ്യത്തിന് വ്യായാമവും എഴുത്തും വായനയും ഒക്കെ ശീലമാക്കിയ ആളുകളോട് കാൻസറിന് അല്പം താല്പര്യം കൂടുതലുണ്ടോ എന്ന് ഞങ്ങളുടെ ഇൻബോക്‌സ് തമാശ. ഞാനിടുന്ന ചില എഫ്.ബി. പോസ്റ്റുകളിൽ ആദ്യം അഷിതയിടുന്ന കമന്റ് എന്നെത്തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്നവർക്കായി, കടന്നുപോകേണ്ടവർക്കായ്... അവരെഴുതി ആ പുസ്തകം കാത്തിരിക്കവേയാണ് അഷിത ഈ ലോകം വിടുന്നത്. നിത്യചൈതന്യയതിയുമായുള്ള ആ സ്‌നേഹോഷ്മള സൗഹൃദം. ജീവിതത്തിൽ ഏത് പ്രതിസന്ധിഘട്ടങ്ങളിലും അക്ഷരങ്ങളിലൂടെ ആശ്രയം കണ്ടെത്തിയ ആ സൗഹൃദത്തെക്കുറിച്ച് അഷിത ധാരാളമായി എഴുതിയിട്ടുണ്ട്. ഒരു മാസത്തിനു ശേഷം മകൾ ഉമാ ശ്രീജിത്ത് അമ്മയെക്കുറിച്ചെഴുതിയത് വായിച്ച് വീട്ടുകാരെ ഭയപ്പെടുത്തിക്കൊണ്ട് ഞാൻ പൊട്ടിക്കരഞ്ഞു. ഒരു വായനക്കാരിയും എഴുത്തുകാരിയും മാത്രമായിരുന്നോ ഞങ്ങൾ പാതി മനസ്സായിപ്പിരിഞ്ഞ ഒരാൾ തന്നെ എന്നാണ് എന്റെ ഉത്തരം... സൗഹൃദങ്ങളും ഭാഗ്യമാണ്. പ്രത്യേകിച്ച് സ്‌നേഹാവിഷ്ടരാവുമ്പോൾ....

സ്‌നേഹ പ്രണാമങ്ങൾ..................'.

സ്‌നേഹംകൊണ്ട് സഹനങ്ങളെയും കൂട്ടുകൊണ്ട് ഒറ്റപ്പെടലുകളെയും ജീവിതമോഹം കൊണ്ട് വേദനകളെയും മറികടന്ന് ഒരു സ്ത്രീ തന്റെ തന്മയെ പുനഃസൃഷ്ടിച്ചതിന്റെ കാവ്യാത്മകമായ ആലേഖനമാണ് 'ഇത്തിരിമൗനം'. എത്രയെങ്കിലും ദുഃഖങ്ങൾക്കിടയിലും, ജീവിതം സുന്ദരമാണ് എന്ന് ആവർത്തിച്ചുറപ്പിക്കുന്ന ശുഭപ്രതീക്ഷകളുടെ ഓർമ്മപ്പുസ്തകം. ഒറ്റവീർപ്പിൽ ആരും വായിച്ചുതീർക്കും ഈ അനുഭവാഖ്യാനം. കാരണം അത്രമേൽ ഭാവദീപ്തവും സ്വപ്നസുരഭിലവുമായ ജീവിതപ്രേമത്തിന്റെ വാങ്മയമാണിത്. അർബുദത്തെ അതിജീവിക്കാൻ നിങ്ങൾക്കുവേണ്ട അടിസ്ഥാന ഘടകങ്ങളിലൊന്ന് ആത്മവിശ്വാസമാണ്. 'There's a very loving and ancient connection between cancer and depression' എന്ന് സിദ്ധാർഥ മുഖർജി. കാൻസർ സമ്മാനിച്ച വിഷാദസമുദ്രം നീന്തിക്കടന്ന് സുജാതദേവി തന്റെ ജീവിതാനന്ദത്തിന്റെ സുന്ദരലോകങ്ങൾ തിരിച്ചുപിടിച്ചതിന്റെ കഥാത്മകജീവിതമാകുന്നു, 'ഇത്തിരിമൗനം'.

പുസ്തകത്തിൽനിന്ന്:-

'പുഷ്‌ക്കലമായ വായനയുടെ, സംഗീതത്തിന്റെ, ബന്ധുത്വത്തിന്റെ, സൗഹൃദങ്ങളുടെ, സാംസ്‌കാരിക ബന്ധുത്വത്തിന്റെ, കലയുടെ, ഡിസൈനിംഗിന്റെ, എഴുത്തിന്റെ, പെയിന്റിംഗിന്റെ, ഫോട്ടോഗ്രഫിയുടെ, ഭക്ഷണസമൃദ്ധിയുടെ, പാചകത്തിന്റെ. വിശ്രമത്തിന്റെ, സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ, സ്‌നേഹക്കുളിരിന്റെ. അതിലുപരി തീക്ഷ്ണങ്ങളായ അനുഭവങ്ങളുടെ ഒരു കാലമാണ് പിന്നിട്ടത്. ഇല്ല ഈ കാലത്തെ ദുരിതകാലമെന്ന് ഞാനെവിടെയും വിശേഷിപ്പിച്ചിട്ടില്ല. അത് വരെ അടച്ചിട്ടിരുന്ന മനസ്സിന്റെ ജാലകങ്ങൾ മലർക്കെത്തുറന്നിടുകയാണ് ആദ്യം ചെയ്തത്. കാരണം അസുഖമെന്ന ആദ്യ കേൾവിയിൽ പുക മൂടിപ്പോയ ഒരു മനസ്സ് അപരിചിതനായ ആ വ്യക്തി നമുക്കുള്ളിൽ താമസിക്കാൻ തുടങ്ങിയപ്പോൾ ഇഷ്ടക്കേടിന്റെ സകല പരിചയുമെടുത്ത് തടയാൻ ശ്രമിച്ചു.

പക്ഷേ സമയമെടുക്കും എന്ന അറിവുമായി ആദ്യം പൊരുത്തപ്പെട്ടു. ലോകത്തിലെ ലക്ഷക്കണക്കിനാളുകൾ ഈ ജീവിതം ജീവിക്കുന്നുണ്ട്. ഈ ലോകജീവിതത്തിൽ നിന്ന്, സമൂഹത്തിൽ നിന്ന് മാറി നിൽക്കുകയല്ല സമൂഹത്തോട് അറിയാതെ കൂടുതൽ ചേർന്നു പോവുകയാണ് സത്യത്തിൽ ഉണ്ടായത്. കാണുന്ന സ്വപ്നങ്ങളൊക്കെ കൂടുതൽ മനോഹരങ്ങളായി എന്നതാണ് സത്യം.

ഓരോ പ്രഭാതവും അതിലെ ഇലയനക്കങ്ങളും കിളിയൊച്ചകളും തിരക്കുകൊണ്ട് ഇതേ വരെ ശ്രദ്ധിക്കാതെ പോയ ഈ ഭൂമിയിലെ സൗന്ദര്യക്കാഴ്ചകൾ... സ്‌നേഹപ്രവാഹങ്ങൾ...

മിത്രശത്രുക്കൾ എല്ലാമെല്ലാം ചിന്തകൾക്ക് തെളിച്ചം കൂടുന്ന ഒരനുഭവം. രാഷ്ട്രീയം, സമകാലീന പ്രശ്‌നങ്ങൾ, പ്രളയം, പ്രകൃതിക്ഷോഭം എന്നുവേണ്ട എല്ലാറ്റിലും നമ്മൾ പങ്കാളികളാണ്.

ചികിത്സ തുടങ്ങുന്നതിന് മുമ്പ് ഒന്നുകിൽ രോഗത്തിന് കീഴടങ്ങുക, അല്ലെങ്കിൽ അതിജീവിക്കുക ഈ രണ്ട് സാധ്യതകളിലൂന്നിയായിരുന്നു ചിന്തകൾ മുഴുവൻ. ഏകാന്തതയും വേദനയും വിഷാദവും ഭയവും മാത്രം ഘനീഭവിച്ചു കിടക്കുന്നതിൽ നിന്നും പ്രത്യാശയിലേക്കും പ്രതീക്ഷകളിലേക്കും...

നാം പാട്ടുകേൾക്കുന്നു. വായിക്കുന്നു. സൗഹൃദങ്ങളുമായി ഹൃദയം പങ്കുവെക്കുന്നു, എഴുതുന്നു... ചിരിക്കുന്നു. ചിലപ്പോൾ കരയുന്നു.

ചിത്രങ്ങൾ കോറിയിടുന്നു. അതിനിടയിൽ മരുന്നുണ്ട്, വേദനയുണ്ട്, പ്രയാസങ്ങളുണ്ട്. പക്ഷേ അത് മാത്രമല്ല ദിനാന്തങ്ങൾ. ടി.വി.യിൽ ഫുട്‌ബോളുണ്ട്. ക്രിക്കറ്റുണ്ട്. സിമിമയുണ്ട്. ആയിരക്കണക്കിനാളുകൾ ഒരേ ആകാശത്തിന് കീഴിൽ പലയിടത്തായിരുന്ന് കാണുന്ന കളികളിൽ ഒരൊറ്റക്കമന്റിൽ അവരുമായി നാം സൗഹൃദത്തിലാവുന്നു. ഒരുപാട് ദൂരം തന്നെ താണ്ടുന്നു. അസുഖം വന്നതുകൊണ്ട് മാത്രം നാം കണ്ടെത്തിയ ആത്മമിത്രങ്ങളുണ്ട്. നാം പൊറുത്ത വെറുപ്പുകളുണ്ട്. കണ്ടെത്തിയ സ്വപ്നഭൂമികളുണ്ട്. മുയലിന്റെ ഓട്ടത്തിൽ നിന്നും ആമയുടെ ഇഴയലിലേക്ക് മാറിയതോടെ അതുവരെ കണ്ടുമുട്ടിയിട്ടില്ലാത്ത ഹൃദയത്തിലെ നമ്മുടെ തന്നെ പല പ്രദേശങ്ങളും നാം കണ്ടുതുടങ്ങുന്നു. രോഗവും ചികിത്സയും മാത്രമല്ല അപ്പോൾ, നാം ജീവിക്കുന്നുണ്ട് മറ്റെല്ലാവരെയും പോലെ, ഒരു പക്ഷേ അതിനേക്കാൾ അർത്ഥവത്തായി. തനിച്ചു നടത്തുന്ന കൂറ്റൻ ആത്മസഞ്ചാരങ്ങൾ ഒരു പക്ഷേ കാൻസർ രോഗി രോഗക്കിടക്കയിലായതുകൊണ്ടുമാത്രം സാധ്യമായതാണ്. ഹൃദയത്തിന് അസുഖമുള്ളവരുണ്ട്. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാവുന്നത്. പ്രമേഹമുള്ളവരുണ്ട്, എക്കാലവും മരുന്നുമായി നടക്കേണ്ടി വരുന്നവർ, ഇഷ്ടഭക്ഷണങ്ങളെ കണ്ട് മാത്രം പോകുന്നവർ, കിഡ്‌നിയും കരളും പണിമുടക്കിയവരുണ്ട്. അതിന്റെ ദുരവസ്ഥകളുണ്ട്. ചികിത്സയ്ക്ക് പോലും അവസരം നൽകാത്തവ... ദിവസേന നടക്കുന്ന റോഡപകടങ്ങൾ കവരുന്ന കൗമാര യൗവനങ്ങൾ. എത്രകാലം എങ്ങനെയൊക്കെ ജീവിക്കേണ്ട കുഞ്ഞുങ്ങളാണ്, എന്നിട്ടും കാൻസർ എന്ന വാക്കു കേൾക്കുമ്പോഴുള്ള സ്റ്റിഗ്മ. കാൻസർ ചികിത്സയെക്കുറിച്ചുള്ള ഭയമാണത്. രോഗം തടയാൻ കഴിയാത്തിടത്തോളം ഏറ്റവും നല്ല ആശുപത്രികളുണ്ടാവുക. ഹൃദയത്തിൽ തൊടുന്ന ഡോക്ടർമാരുണ്ടാവുക. പാർശ്വഫലങ്ങളില്ലാത്ത, പണച്ചെലവ് കുറഞ്ഞ, രോഗിയെ പ്രയാസപ്പെടുത്താത്ത ചികിത്സാരീതിയുണ്ടാവുക. ഇതൊക്കെയാണ് ഇതിലൂടെ കടന്നുപോയ രോഗികൾക്ക് പറയാനുണ്ടാവുക.

ഉള്ളിലുള്ള സർഗ്ഗാത്മകത കൊണ്ട് ഒരു ക്യാൻസർ കാലം സന്തോഷകരമായിത്തന്നെ പിന്നിട്ട ഒരാളാണ് ഞാൻ. നമ്മിലുള്ള നമ്മളെ നമ്മൾ തന്നെ ആദ്യം തിരിച്ചറിയുക. അപ്പോൾ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും നമ്മെ തിരിച്ചറിയുന്നത് നമുക്ക് അനുഭവിക്കാനാവും.

ഈ ലോകത്തിലെ സകല സ്‌നേഹങ്ങളോടും അഴിഞ്ഞുപോകാത്ത ഒരാലിംഗനത്തിൽപെട്ടതു പോലെ....'.

ഇത്തിരിമൗനം
സുജാതാദേവി
വായനപ്പുര ബുക്‌സ്, കൊച്ചി
2020, വില : 150 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP