Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എരി': ചരിത്രവും ഭാവനയും

'എരി': ചരിത്രവും ഭാവനയും

ഷാജി ജേക്കബ്

'പുലയനുണ്ടോ? ആത്മാവുള്ളു?' എന്ന ഒരു സുറിയാനി ക്രിസ്ത്യാനിയുടെ ചോദ്യത്തിനുള്ള ഉത്തരമായാണ് മലയാളഭാവനയിൽ നടാടെ മനുഷ്യാനുഭവങ്ങൾ സാഹിത്യവൽക്കരിക്കപ്പെടുന്നത്. 1859-ൽ എഴുതപ്പെട്ട ‘The Slayer Slain’ എന്ന ഇംഗ്ലീഷ് നോവലിലായിരുന്നു അങ്ങനെ സംഭവിച്ചത്. സ്ത്രീ, കൃതിയുടെയും ആഖ്യാനത്തിന്റെയും കർതൃസ്ഥാനത്തു പ്രത്യക്ഷപ്പെടുന്ന ആദ്യ കേരളീയസന്ദർഭം കൂടിയായിരുന്നു, ആ നോവൽ. മലയാളത്തിൽ ദലിത് ജീവിതത്തിനുണ്ടായ ഒന്നാമത്തെ സാംസ്‌കാരിക പാഠവൽക്കരണം. കോട്ടയത്ത് സി.എം.എസ്. കോളേജിന്റെ പ്രിൻസിപ്പലായിരുന്ന റിച്ചാർഡ് കോളിൻസിന്റെ ഭാര്യയായിരുന്നു ആ നോവലെഴുതിയ സ്ത്രീ. ഫ്രാൻസിസ് റൈറ്റ് കോളിൻസ്. അവിചാരിതമായി അവർ മരിച്ചതിനെത്തുടർന്ന് അപൂർണമായിരുന്ന നോവൽ പൂർത്തിയാക്കി ഇംഗ്ലീഷിലും പിന്നീട് മലയാളത്തിലേക്കും തർജമചെയ്ത് 'ഘാതകവധം' എന്ന പേരിലും പ്രസിദ്ധീകരിച്ചത് റിച്ചാർഡ് കോളിൻസാണ്. മലയാളത്തിൽ മനുഷ്യരെക്കുറിച്ചെഴുതപ്പെട്ട ആദ്യസാഹിത്യരൂപമായ നോവലിന്റെ തുടക്കം പുല്ലേലിക്കുഞ്ചുവിലും ഘാതകവധത്തിലുമാണ് നാം കാണുക. സമകാല കേരളീയ സാമൂഹ്യചരിത്രത്തിനെഴുതിയ ഭാവനാത്മകമായ അനുബന്ധങ്ങളായിരുന്നു അവ.

'എരി'യുടെ കഥയും സമാനമാണ്. മലബാറിലെ പറയരുടെ ആത്മബോധത്തെ ഉണർത്തിയ ഒരു നായകബിംബത്തെ സങ്കല്പിച്ച് എഴുതിത്ത്ത്ത്ത്തുടങ്ങിയ നോവൽ പൂർത്തിയാക്കും മുൻപേ പ്രദീപൻ പാമ്പിരിക്കുന്ന് അന്തരിച്ചു. പ്രദീപന്റെ ഭാര്യ സജിത നോവൽ എഡിറ്റുചെയ്തു പ്രസിദ്ധീകരിച്ചു. സമാനതകൾ ഇവിടെയവസാനിക്കുന്നില്ല. അടിമജാതികളുടെ ആത്മവീര്യമുണർത്താൻ നവോത്ഥാനാധുനികത സൃഷ്ടിച്ച സാമൂഹ്യവിപ്ലവങ്ങളുടെ ചരിത്രത്തിൽ മലബാറിലെ പറയർ എഴുതിച്ചേർത്ത ജീവിതകഥയുടെ പേരാകുന്നു, 'എരി'. തിരുവിതാംകൂറിലെ പുലയർ പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽതന്നെ നേടിത്തുടങ്ങിയ ആത്മബോധത്തെ ഘാതകവധം നോവൽവൽക്കരിച്ചതിൽ നിന്നാണ് എരി പ്രചോദനം നേടിയതെന്ന് പ്രദീപൻ തന്റെ നോവലിൽ ആവർത്തിച്ചെഴുതുന്നുണ്ട്. 'ഘാതകവധ'ത്തിലെ നായകന് എരി കത്തെഴുതുന്നുപോലുമുണ്ട്. നിശ്ചയമായും 'മദിരാശിയിലെ പറയരുടേതിനെക്കാൾ കഷ്ടമാണ് മലബാറിലെ പുലയരുടെ അവസ്ഥ' എന്നു ചൂണ്ടിക്കാണിച്ച് 'സരസ്വതീവിജയ'മെഴുതിയ പോത്തേരി കുഞ്ഞമ്പുവും പ്രദീപനു മുന്നിലുണ്ട്. എങ്കിലും പൊതുവിൽ മലയാളത്തിലുണ്ടായ ദലിത് സാഹിത്യം പുലയരെ കേന്ദ്രീകരിച്ചതിൽനിന്നു വഴിമാറിനടക്കുകയാണ് പ്രദീപൻ. 'ഘാതകവധ'ത്തിന്റെ പാഠാന്തരസാന്നിധ്യമെന്നതുപോലെതന്നെ പ്രധാനമാണ് മിസിസ് കൊളിൻസിന്റെ മരണാനന്തരസാന്നിധ്യവും.

ഘാതകവധത്തിൽ ഉന്നയിക്കപ്പെടുന്ന മേല്പറഞ്ഞ ചോദ്യവും അതിനുള്ള ഉത്തരവും ഭാവനാത്മകമായിരുന്നില്ല, ചരിത്രാത്മകമായിരുന്നു എന്നിടത്താണ് മിസിസ് കൊളിൻസ് മുന്നോട്ടുവച്ച പ്രശ്‌നത്തിന്റെ രാഷ്ട്രീയപ്രാധാന്യം നിലകൊള്ളുന്നത്. പുലയരുൾപ്പെടുന്ന അടിമജാതികളുടെ വിമോചനരാഷ്ട്രീയത്തെ സാഹിതീയവൽക്കരിക്കുന്ന ഈ സാംസ്‌കാരിക പ്രക്രിയയിൽനിന്നാണ് മലയാളത്തിലെ ആധുനികഭാവനയുടെ ഭാവുകത്വചരിത്രമാരംഭിക്കുന്നത് മനുഷ്യാനുഭവങ്ങളുടെ സാഹിത്യവൽക്കരണം, സ്ത്രീയുടെ നാനാതലങ്ങളിലെ സാംസ്‌കാരിക കർതൃത്വം, ദലിതരുടെ രാഷ്ട്രീയ-സാമൂഹിക സ്വത്വം, നോവൽ എന്ന സാഹിത്യരൂപത്തിന്റെ ചരിത്രപരവും സൗന്ദര്യശാസ്ത്രപരവുമായ ആവിർഭാവം, തിരുവിതാംകൂറിന്റെ സാംസ്‌കാരിക ഭൂമിശാസ്ത്രം, യഥാർഥ സ്ഥല-കാലങ്ങളുടെ ഭാവനാഭൂപടനിർമ്മിതി എന്നിങ്ങനെ മലയാള സാഹിത്യഭാവനയെ ആധുനികവും മതേതരവും മാനവികവുമായി പുനർനിർമ്മിച്ച ആദ്യസന്ദർഭമെന്ന നിലയിൽ 'ഘാതകവധ'ത്തിനുള്ള പ്രാധാന്യങ്ങളെ മറ്റൊരു സ്ഥലത്തും കാലത്തും വിത്തിട്ടുമുളപ്പിക്കുകയാണ് പ്രദീപൻ ചെയ്യുന്നത്.

വടക്കൻ മലബാറിലെ കുറുമ്പ്രനാട് താലൂക്കിലെ മലയരുടെയും പറയരുടെയും പുലയരുടെയും മറ്റനവധി അടിമജാതികളുടെയും അതിജീവനകഥയാണ് 'എരി'. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ജീവിതം തുടങ്ങിയ 'എരി'യെന്ന പറയപുരുഷന്റെ നടുനായകത്വത്തിലൂടെ നവോത്ഥാന കേരളത്തിൽ അടിമജാതികൾ മനുഷ്യപദവി കൈവരിക്കാൻ നടത്തിയ സമരങ്ങളുടെ ആദ്യ അധ്യായം പ്രദീപൻ നോവലായാവിഷ്‌ക്കരിക്കുന്നു. 'എരി'യുടെ ആഖ്യാനകലതന്നെയാണ് അതിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവുമായി മാറുന്നത്.

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ, കേരളത്തിലെ ഒരു സർവകലാശാലയിൽ സാഹിത്യഗവേഷണം നടത്തുന്ന ഒരു ചെറുപ്പക്കാരൻ തന്റെ വംശസ്വത്വത്തിന്റെയും ജാതിയുടെയും വേരുകൾ തേടി നടത്തുന്ന യാത്രയെന്ന നിലയിലാണ് 'എരി'യുടെ കഥനകല രൂപപ്പെടുന്നത്. ചരിത്രം കരുത്തരുടേതും വെളുത്തവരുടേതും വിജയികളുടേതും മാത്രമണെന്നും ദുർബ്ബലരും കറുത്തവരും തോറ്റവരും അതിനുപുറത്തായിപ്പോകുന്നുവെന്നും തിരിച്ചറിയുന്ന കാലത്തിന്റെ രാഷ്ട്രീയമാണതിനുള്ളത്. 'കാണുന്നീലൊരക്ഷരവും തന്റെ വംശത്തെക്കുറി'ച്ചെന്ന് പൊയ്കയിൽ അപ്പച്ചൻ പാടിയ പാട്ടിന്റെ ഭാവാന്തരപാഠരൂപം മലബാറിന്റെയും തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും സമാന്തരചരിത്രങ്ങൾക്കുള്ളിൽനിന്ന് പ്രദീപൻ കണ്ടെടുക്കുന്ന എരിയുടെ കഥയും ജീവിതവും ഔദ്യോഗികചരിത്രങ്ങൾക്കു പുറത്തുള്ള ഒരു ബദൽചരിത്രാഖ്യാനമായി മാറുന്നു. നാരായണഗുരുവും അയ്യങ്കാളിയും പൊയ്കയിൽ അപ്പച്ചനും ഗാന്ധിയും കേളപ്പനുമൊക്കെ വരുന്നതിനു മുൻപ് തന്നെ മലബാറിന്റെ മണ്ണിൽ പറയരുടെ മനോബലവും ആത്മവീര്യവും കായശേഷിയും വൈജ്ഞാനികോർജ്ജവും പ്രജ്ഞാശീലവും ജ്വലിപ്പിച്ച ചരിത്രപുരുഷനും കഥാനായകനുമായി എരി മാറുന്നു. മിത്തും ചരിത്രവും ഭാവനയും വസ്തുതയും ഓർമയും മറവിയും വിശ്വാസവും വീറും പാട്ടും ഭ്രാന്തും മന്ത്രവും തന്ത്രവും ഒടിവിദ്യയും ആഭിചാരങ്ങളും കാമവെറികളും കായികാധ്വാനങ്ങളും കുലനിഷ്ഠകളും ദൈവനിഷേധങ്ങളും ജാതിവെറിയും വംശവൈരവും.... കുഴമറിഞ്ഞൊഴുകുന്ന ഒരു പുഴപോലെയാണ് എരിയുടെ കഥനകല. ആത്മനിഷ്ഠവും വാമൊഴിബദ്ധവും ജീവചരിത്രപരവും സർവോപരി ജനനിബിഡവുമായി ചരിത്രത്തെ പൊളിച്ചടുക്കുന്ന രാഷ്ട്രീയകല. കുറുമ്പ്രനാടിന്റെ ഭരണകൂടരേഖകളിലൂടെ, ജ്ഞാതവും അജ്ഞാതവുമായ സ്ഥലകാലങ്ങളിലൂടെ, ദേശഭാവനകളിലൂടെ, നാട്ടുവഴക്കങ്ങളിലൂടെ, ദൃക്‌സാക്ഷിത്വങ്ങളിലൂടെ, പങ്കാളിത്തങ്ങളിലൂടെ, കേട്ടുകേൾവികളിലൂടെ, പേക്കഥകളിലൂടെ നടത്തുന്ന യാത്രക്കളി. വിശ്വാസങ്ങൾക്കൊപ്പം സമുദായത്തെയും പുരാവൃത്തങ്ങൾക്കൊപ്പം ചരിത്രത്തെയും അഭിസംബോധന ചെയ്യുന്ന എരിയെന്ന സംഘപുരുഷൻ പറയരുടെ അയ്യങ്കാളിയായി മാറിയ കഥ.

പറയനാർപുരമെന്ന ഗ്രാമമാണ് 'എരി'യിലെ മുഖ്യ സ്ഥലഭൂപടം. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യം തൊട്ടുള്ള മലബാറിന്റെ ചരിത്രയാനങ്ങൾ നോവലിന്റെ കാലഭൂപടവും ജാതിധ്വംസനത്തിലൂന്നിയ നവോത്ഥാനത്തിന്റെ മൂർത്താനുഭവങ്ങൾ രാഷ്ട്രീയ ഭൂപടവുമാകുന്നു.

ചാലിയാൻ രാമന്റെയും പോക്കിരി പെരുവനം പാപ്പരുടെയും മഹാമാന്ത്രികൻ വലിയ കണാരപ്പണിക്കരുടെയും കാളിപ്പറയന്റെയും അനുഭവകഥകളിൽ നിന്നു തുടങ്ങി രാമപ്പണിക്കരുടെ കയ്യിലുള്ള ഓലക്കെട്ടുകളിലും നാട്ടുമൊഴികളിലും കൂടി വളർന്ന് ആധാരമെഴുത്തുകാരൻ കണ്ടുണ്ണിമേനോൻ കാത്തുസൂക്ഷിച്ച കുറുമ്പ്രനാട് രേഖകളിലും ബാസൽമിഷൻ ഡോക്ടറെഴുതിയ ആത്മകഥയിലും കൂടി വിടർന്നുപടരുന്നു, 'എരി'യുടെ ചരിത്രവും ഭാവനയും.

പുലപ്പേടിയും പറപ്പേടിയും മണ്ണാപ്പേടിയുമൊക്കെ നിലനിന്ന കാലം. അടിമജാതികളിലെ പുരുഷകാമനകൾക്കു കൈവരുന്ന വാർഷികമോചന പ്രക്രിയയിൽ നിരവധി സവർണസ്ത്രീകൾ തട്ടിയെടുക്കപ്പെട്ടിരുന്നു. വെളിയന്നൂർ രാമപ്പണിക്കരുടെ മകൾ മാതു എന്ന സുന്ദരിയെ പറപ്പേടിയുടെ മറവിൽ പറയനായ ഒരു യുവാവ് പ്രണയിച്ചു സ്വന്തമാക്കി. അവർക്കു പിറന്ന മകനാണ് എരി. പിൽക്കാലത്ത് എങ്ങുനിന്നോ ഒരു തിയ്യപ്പെണ്ണിനെ എരിയും സ്വന്തമാക്കി പറയനാപുരത്തുകൊണ്ടുവന്നു. ജാതിയും മതവുമില്ലാതെ ജീവിക്കാനാണ് എരി തന്റെ സഖാക്കളോടു പറയുന്നത്. ചത്ത പശുവിനെ തിന്നുന്ന ശീലം നിർത്താൻ എരി ആഹ്വാനം ചെയ്യുന്നു. പറയരുടെ സാമൂഹ്യചരിത്രത്തിലെ സായുധവിപ്ലവങ്ങളിലൊന്നായിമാറി അത്.

ചരിത്രവും മിത്തും കൂടിക്കുഴഞ്ഞ ഒരു ജീവിതത്തിന്റെ സാംസ്‌കാരിക മൂലധനവുമായാണ് ഈ നോവലിന്റെ ആഖ്യാനം മുന്നേറുന്നത്. തന്റെ ചെറുപ്പത്തിൽ വയോധികനായി കണ്ടിട്ടുള്ള എരിയെക്കുറിച്ചുള്ള ഐതിഹ്യങ്ങൾ ഗവേഷകന് അയാളുടെ അച്ഛൻ പറഞ്ഞുകൊടുക്കുന്നുണ്ട്. ഒപ്പം തേവർ വെള്ളൻ എന്ന പുലയരുകണ്ടിവെള്ളന്റെ ജീവചരിത്രവും അഞ്ചടിതോറ്റങ്ങളിൽ നിന്നു കണ്ടെടുക്കുന്നു, നോവൽ. തോറ്റംപാട്ടു പാടി ഗന്ധർവന്മാരെപ്പോലും ആവാഹിച്ച വെളിയണ്ണൂർമാതുവിന്റെയും അവളെ മോഹിച്ച വെള്ളാരം കണ്ണുള്ള പറയന്റെയും കഥയാണ് എരിയുടെ ജനിതകപുരാണം. തുടർന്നങ്ങോട്ട് എരിയിലുടനീളമുണ്ട്, എത്രയെങ്കിലും കുറുമ്പ്രനാടൻ കഥകൾ. എരിയുടെ മാത്രം കഥയല്ല നോവൽ. യഥാർഥത്തിൽ ഈ നോവലിന്റെ ആഖ്യാനകലയും രാഷ്ട്രീയവും ഈ കഥകൾ തന്നെയാണ്.

പെരുവനം പാപ്പരെ തല്ലാൻ വന്ന നായന്മാർ തോറ്റോടിയ കഥ, കല്ലൂർ കണാരപ്പണിക്കരുടെ വശീകരണമന്ത്ര കഥ, ചാപ്പൻകോമരം ജാനുവിനെ കണ്ടു ഭ്രമിച്ച കഥ, ചാണകം വാരാൻ പോയി കാണാതായ കുട്ടൂലിയുടെ കഥ, മറുതിന്റെയും മാതയുടെയും കിടപ്പറക്കഥ, പറയിയായ പഞ്ചമിയുടെ സൗന്ദര്യം അവളുടെ ജീവനെടുത്ത കഥ, തോട്ടിലെ മീനിനെ ധ്യാനിച്ചുവരുത്തുന്ന അമ്പൂട്ടി എളേപ്പന്റെ കഥ, മറവിമൂലം രാമനും ഓർമമൂലം ഗംഗാധരനും ഭ്രാന്തരായ കഥ, ചത്ത പശുവിനെ തിന്നുന്നതിൽനിന്ന് പറയരെ എരി വിലക്കുന്ന കഥ, എരിയെ തല്ലാൻ പദ്ധതിയിട്ട തിയ്യരെ പെരുവനം പാപ്പർ തുരത്തിയ കഥ, രാമപ്പ നമ്പ്യാരുടെയും കിട്ടപ്പനമ്പ്യാരുടെയും സന്താനചികിത്സയുടെ രഹസ്യം കണ്ടറിയുന്ന അറാമ്പറന്ന ശങ്കരന്റെ കഥ, തേവർ വെള്ളനെ കാണാൻ എരി ഗുളികപ്പുഴ നീന്തിക്കടന്ന കഥ, കള്ളൻ പോക്കറുടെ കഥ, പീടികക്കണ്ടി ലീല പറയുന്ന കടുങ്ങോന്റെ സഞ്ചാരകഥ, എരിയുടെ തള്ളയുടെ പേറെടുത്ത നാണിപ്പരത്തിയുടെയും പെണ്ണൂട്ടിമലിയുടെയും കഥ, പറയൻ എരി കൃഷിപ്പണി പഠിപ്പിച്ച കഥ, പറയക്കൂട്ടത്തിനുവേണ്ടി എരി പാട്ടുകൂട്ടങ്ങളുണ്ടാക്കിയ കഥ, കണിയാൻ ഗോപാലൻ പറയുന്ന വെടിക്കഥകൾ, നാഗർകോവിലിൽ നിന്നു അയ്യാസാമിയുടെ ശിഷ്യൻ എരിയുടെ വേരന്വേഷിച്ചു പറയനാർപുരത്തുവന്ന കഥ, അമ്മയുടെ മരണാഭിലാഷം സാധിക്കാൻ എരി അമ്മയുടെ അച്ഛനെത്തേടിപ്പോകുന്ന കഥ.... പറയനാർപുരത്തിന്റെ ഐതിഹ്യമാലയായി മാറുകയാണ് എരി എന്ന നോവൽ. ഇവയിൽ എത്രയും ഹൃദയസ്പർശിയായ ഒരു കഥയാണ് എരിയോലയിൽ പറയുന്ന പഞ്ചമിയുടെ ദുരന്തഗാഥ. പാട്ടും കഥയും ഈണവും താളവും തൊഴിലും ജീവിതവും ഇഴചേർന്നു നിൽക്കുന്ന പ്രദീപന്റെ സൗന്ദര്യശില്പങ്ങളിലൊന്ന്.

' 'എരിയോല' തെയ്യോൻ പറയന്റെ ദാമ്പത്യജീവിതത്തിന്റെ കഥയായിരുന്നു. അടുത്ത ഓലയിൽ ആ ജീവിതം തുടങ്ങുന്നു.

'വിളക്കൂതി ദീപങ്ങൾ കെട്ടനേരം
കാലുപെരുമാറ്റം നാലുണ്ടല്ലോ'

പഞ്ചമിയുടെ ദുരന്തജീവിതത്തിന്റെ തുടക്കമായിരുന്നു അത്. പറയികൾ സുന്ദരിമാരായിരുന്നു. വെളുത്ത നിറം. നല്ല മുഖം. നല്ല ശരീരം. വെള്ളക്കാരുടെ ശരീരത്തിലെന്നവണ്ണം അവർക്ക് കറുത്ത പുള്ളികൾ ശരീരത്തിൽ ധാരാളം. പന്തലായനി ചന്തയിലും കൊല്ലം ചന്തയിലും മുറവും കൂട്ടയും വിൽക്കാൻ അവൾ പോയി. പ്രണയത്തിനും സൗന്ദര്യത്തിനും ജാതിയില്ലല്ലോ.

'അവളുടെ കൊട്ടയിൽ മുളകൾ പൂത്തു
അവളെന്റെ നെഞ്ചിൽ കനലെരിച്ചു'

ഓരോ ഓലയിലും അവളുടെ സൗന്ദര്യം തെയ്യോന്റെ മനസ്സിനെ എരിച്ചതിന്റെ ചൂടുണ്ടായിരുന്നു. പഞ്ചമിക്ക് ഗോരോജനത്തിന്റെ മണമായിരുന്നു. അവൾ ആരെയും ശ്രദ്ധിച്ചില്ല. പക്ഷേ അവളുടെ സൗന്ദര്യം ചുറ്റിലുള്ളവരെ പരിസരബോധമില്ലാത്തവരാക്കി. രാമൻനമ്പ്യാരെപ്പോലെ ചിലർ കൊട്ടവാങ്ങാൻ വെറുതെ വിലപേശി, ചിലർ സാത്വികരായി അവിടവിടെ ശ്രദ്ധയാകർഷിക്കാൻ പാത്തും പതുങ്ങിയും നിന്നു. ചിലർ ജന്മനാ സൗന്ദര്യത്തിനു മുന്നിൽ ഭ്രാന്തരായിത്തീരുന്നവരായിരുന്നു. ഒറ്റയ്ക്കും തെറ്റയ്ക്കും അവർ ഒരു ആൾക്കൂട്ടമായി രൂപാന്തരപ്പെട്ടു. അവരിൽ താണ ജാതിയിലുള്ളവരുടെ സൗന്ദര്യത്തോട് അമർഷം നുരഞ്ഞുപൊന്തി. പഞ്ചമി പരിഹരിക്കാനാവാത്ത ഒരു പദപ്രശ്‌നംപോലെ കൊല്ലത്തങ്ങാടിയിൽ പൂത്തുനിന്നു. കച്ചട്ടി വിൽക്കാൻവന്ന മുചുകുന്നുകാരൻ ചെട്ടി സ്വയം പറഞ്ഞു. നല്ല മൂശ. വള വിൽക്കുന്ന നാണി ചിരിച്ചു. കുപ്പിവിളക്ക് കത്തിച്ച് കൈനോക്കുന്ന നാഗർകോവിലിൽനിന്ന് നടന്ന് കൊല്ലത്തെത്തിയ കാത്തിത്തള്ള പറഞ്ഞുതുടങ്ങി:

'നല്ല കാലത്തിൽ ഗുണംവരും
കെട്ട കാലത്തിൽ
തൊട്ടതെല്ലാം കഷ്ടം'

പഞ്ചമി കുട്ട വിറ്റു. മുറം വിറ്റു. നാലണത്തുട്ടുകളുടെ കിലുക്കം പോലെ കൊല്ലത്തങ്ങാടിയിൽനിന്നു വൈകുന്നേരം അരിക്കുളത്തേക്കു തിരിച്ചു. ആദ്യം ഒരാൾ അവളെ പിന്തുടർന്നു. പിന്നീടത് നടക്കുംതോറും പെരുകി. അവൾ നാലുനാഴിക നടന്ന് തിരുവങ്ങായൂരെത്തി. കാലു തോട്ടിൽ കഴുകി മുഖം തുടച്ചു. മാനത്ത് ചന്ദ്രൻ തുടുത്തു നിന്നു. തോട്ടത്തിലെ വെള്ളത്തിൽ ചെറുമീനുകൾ നിശ്ശബ്ദമായി ചിത്രങ്ങൾ വരച്ചുകൊണ്ടിരുന്നു.

അവളുടെ കുടിൽ കണ്ടുപിടിച്ചവർ ചരിതാർത്ഥരായി തിരിച്ചുനടന്നിരിക്കും. ഓരോരോ രാത്രിസഞ്ചാരങ്ങൾ. തെയ്യോൻ രാത്രി വൈകിയാണ് പന്തലായിനി ചന്തയിൽനിന്നു തിരിച്ചുവന്നത്. അവൾക്കു ചുറ്റിലും പെരുകിവരുന്ന ആസക്തികളെക്കുറിച്ച് തെയ്യോൻ അറിഞ്ഞിരുന്നു. അയാൾക്ക് ഒന്നും ചെയ്യാൻ തോന്നിയില്ല. ഒരു പാതിതീർന്ന കൊട്ടയെടുത്ത് മെടഞ്ഞുകൊണ്ട് അയാൾ പാടിത്തുടങ്ങി.

'നെഞ്ചിൽത്തീയെരിയുന്നു.
എന്റെ തൈവേ
ആ തീയിൽ വെന്തുരുകുന്നു
തെയ്യേ
പേമാരി പെയ്യാത്തതെന്തുതൈവേ
തീകോരിപ്പാരല്ലേ എന്റെ തൈവേ....'

ഇരുപത്തഞ്ചാം ഓലയിലെ വാക്യങ്ങൾ വായിച്ചപ്പോൾ നേരം വെളുത്തുതുടങ്ങി. മനസ്സിൽ എരിഞ്ഞ തീയുമായി ഞാൻ കുറച്ചുനേരം കണ്ണടച്ചു കിടന്നു.

പുലർച്ചെ എഴുന്നേറ്റ് അടുത്ത ഓല വായിക്കാനുള്ള ആകാംക്ഷയിൽ മേശമുകളിൽവെച്ച ഓല തിരഞ്ഞു. അപ്പോൾ അത് സ്ഥാനം തെറ്റി കിടക്കുകയായിരുന്നു. ഞാൻ വീണ്ടും അവ അടുക്കിത്തുടങ്ങി. എന്തായിരിക്കും തെയ്യോനെ ഈ പാട്ടുകളിലെത്തിച്ചത്? ആ പാട്ടുകൾ അയാൾക്ക് ആശ്വാസം നൽകുന്നുണ്ടാവണം. ആരുമില്ലാത്തവന് പാട്ട് കൂട്ട്. അവർ ജീവിതം പാടുന്നു.

തുടർന്നുവായിച്ച ഞാൻ അത്ഭുതംകൊണ്ട് അമ്പരന്നു. തെയ്യോൻ സങ്കടം പറയാൻ എരിയെ കാണാൻ പുറപ്പെടുന്നു. പറയനാർപുരത്തേക്കുള്ള യാത്രയുടെ വർണ്ണനകളാണു തുടർന്നുവരുന്നത്.

കുപ്പേരിക്കാവു കടന്നു പോന്നു
ഐമ്പാടിത്തറയിലും ചെല്ലുന്നുണ്ട്
വഴിനീളെ കാറ്റു കരഞ്ഞുപോന്നു
പുഴനീളെ വെള്ളം വഴി പറഞ്ഞു

അങ്ങനെ പറയനാർപുരത്തെത്തുന്ന തെയ്യോൻ എരിയെ കാണുന്ന കാഴ്ചയ്ക്കായി ഞാൻ ഓല മറിച്ചു. പക്ഷേ, നിരാശകൊണ്ടു ഞാൻ നിലവിളിച്ചുപോയി. രണ്ട് ഓലകൾ കാണാനില്ലായിരുന്നു. ഞാൻ തിരിച്ചും മറിച്ചും കെട്ടഴിച്ചു പരിശോധിച്ചു. എരിയെ കണ്ട ഭാഗം കാണാനില്ല. എന്തുപറ്റിയിരിക്കും? അപ്പോൾ എരിക്ക് എത്ര വയസ്സായിരിക്കും? എന്തുതരം രൂപമായിരിക്കും? എങ്ങനെ പെരുമാറും? ഞാൻ നിരാശനായി അടുത്ത ഓലയിലേക്കു കണ്ണോടിച്ചു.

എരിയെക്കണ്ട് പരിഹാരം ലഭിച്ച സന്തോഷത്തോടെ തിരിച്ചുനടക്കുന്ന തെയ്യോന്റെ രൂപം മനസ്സിന് ആശ്വാസം നൽകി. അതേരാത്രി പുലരുമ്പോൾ തെയ്യോൻ വീട്ടിലെത്തി പഞ്ചമിയെ വിളിക്കാതെ ചെറ്റവാതിൽ തുറന്ന് അവിടെത്തന്നെ കിടന്നു. അപ്പോൾ ആരെല്ലാമോ ഓടുന്ന ശബ്ദം തെയ്യോൻ കേട്ടു. വെളിച്ചം കത്തിച്ചതെങ്ങനെയെന്നോർമ്മയില്ല. രക്തത്തിൽക്കുളിച്ച് ശരീരം തളർന്ന് പഞ്ചമി കിടക്കുന്നു... എരിയോല തെയ്യോൻ പറയന്റെ ആദ്യ വിലാപകാവ്യമായിരുന്നു.

അപ്പോൾ കാക്കകൾ
ശബ്ദമുണ്ടാക്കിക്കൊണ്ട്
നാലുഭാഗത്തേക്കും പറന്നു.'.

എരിയെ ചരിത്രത്തിന്റെ ഭൂമധ്യരേഖയിൽ സ്ഥാപിക്കാൻ പ്രദീപൻ ഉപയോഗിക്കുന്ന ആഖ്യാനതന്ത്രം, നാരായണഗുരുവിനും മുൻപേ വൈകുണ്ഠസ്വാമിയുടെയും തൈക്കാട്ട് അയ്യാസാമിയുടെയും ശിഷ്യനായി അയാൾ സ്ഥാനം നേടിയ കഥ സൂചിപ്പിക്കുകയാണ്.

അസാധാരണമായ നർമബോധമുണ്ട് പ്രദീപന്. ഭ്രാന്തൻ ഗംഗാധരന്റെ കഥകളിലുടനീളം ദ്വയാർഥ പ്രയോഗങ്ങളുടെ നാടൻ കാമസൂത്രങ്ങളുണ്ട്. ജാനുവിനെ കാമിച്ച ചാപ്പൻ കോമരത്തിന്റെ ആദ്യവിവാഹത്തിന്റെ കഥ വായിക്കുക. കൊല്ലൻ നാണു പറയുന്ന കഥയാണിത്.

'ചാപ്പൻകോമരത്തിന്റെ പൂർവാശ്രമത്തിൽ അയാൾ വിവാഹം കഴിച്ചത് അമ്മാവന്റെ മകളായ കല്യാണിയെന്ന പെൺകുട്ടിയെയായിരുന്നു. അവൾക്ക് എന്തിനെന്നില്ലാത്ത ദേഷ്യം സഹജമായിരുന്നു. വെറും ചാപ്പൻ ചാപ്പൻകോമരമായത് അവളോട് അടക്കിവെച്ച ദേഷ്യം രൂപാന്തരം പ്രാപിച്ചാണ് എന്ന് മഴു തെളിയിക്കാൻ വന്ന കോമരത്തിന്റെ നാട്ടിലെ വെട്ടുകാരൻ രാഘവൻ കൊല്ലൻ നാണുവിനോടു പറഞ്ഞിട്ടുണ്ട്. എപ്പോഴും ചാപ്പനെ ഭാര്യ കുറ്റം പറഞ്ഞു. ചാപ്പൻ ശാന്തനായതിനാൽ ഒന്നും മിണ്ടിയില്ല. മിണ്ടാത്തതിനാൽ കല്യാണി കൂടുതൽ പ്രകോപിതയായി... അത് ദിവസങ്ങളോളം നീണ്ടുനിൽക്കും.

കൊല്ലൻ നാണു മറ്റൊരു കഥ തീയിൽ കാച്ചിയെടുത്തു.

കുറെ ദിവസം നീണ്ടുനിന്ന ഒരു കലഹത്തിന്റെ കഥ.

കല്യാണി ചാപ്പനോടായി മിണ്ടില്ല. ചില പ്രസ്താവനകൾമാത്രം പുറപ്പെടുവിക്കും. കുറെ ദിവസം അങ്ങനെ കഴിഞ്ഞു.

'ചായ തിണ്ണയിൽ വച്ചിട്ടുണ്ട്'. ചാപ്പൻ നിശ്ശബ്ദം ചായ കുടിച്ചു.

'കഞ്ഞി കലത്തിലുണ്ട്'. ചാപ്പൻ ഒച്ചയുണ്ടാക്കാതെ മുളകുംകൂട്ടി കഞ്ഞികുടിച്ചു.

'ചക്ക കൊയ്യണം'.

ചാപ്പൻ ചക്ക കൊയ്തു. പരസ്പരം ഒന്നും പറയാതെ കല്യാണിയുടെ ആജ്ഞകളും അനുസരണങ്ങളും കൊണ്ടുമാത്രം അതു നീണ്ടുപോയി.

നിലാവില്ലാത്ത ഒരു മഴരാത്രി കല്യാണി പറഞ്ഞത്രേ:

'പാവാട മേലോട്ട് പൊന്തിച്ചു വെച്ചിട്ടുണ്ട്!!!'

പൈതൽ മുൻഷി തലയറഞ്ഞു ചിരിച്ചു. വണ്ണാൻ കേളുവിന്റെ ഒരാഴ്ചത്തെ തുന്നലെല്ലാം തെറ്റി.'.

അടിസ്ഥാനപരമായി മലബാറിലെ പറയരുടെ ജാതിധ്വംസനത്തിന്റെ കഥയാണ് എരിയുടെ കലയും പ്രത്യയശാസ്ത്രവും. ചത്ത കന്നുകാലികളെ തിന്നുകയില്ല എന്ന തീരുമാനമെടുത്ത് പറയരെ ജാത്യടിമത്തത്തിൽനിന്നു പുറത്തുകൊണ്ടുവരുന്ന എരിയുടെ സമരവീര്യം ചരിത്രത്തിൽ നീട്ടിവരച്ച ഒരു രക്തരേഖയാണ്.

'ഒരിക്കൽ എരി എളേപ്പനോട് ഇങ്ങനെ പറഞ്ഞു:

അമ്പൂട്ടിപ്പണിക്കരേ, ഞാൻ പറയനായിട്ടും നിങ്ങളെന്നെ ദൂരെ നിർത്തുന്നില്ല. കാരണം എനിക്ക് വിദ്യയറിയാം എന്ന് നിങ്ങൾ കരുതുന്നു. അപ്പോ അറിവാണ് പ്രധാനം. ഞാൻ ഇങ്ങനെ നിങ്ങൾക്കു മുന്നിൽ ഇരിക്കുന്നതിന് ഒരുപാട് സഹിച്ചിട്ടുണ്ട്. ഞങ്ങളുടെ കൂട്ടക്കാർക്ക് എന്നോടു ബഹുമാനമുണ്ട്. എന്നാലവർക്ക് സ്വയം ബഹുമാനിക്കാൻ കഴിയുന്നില്ല. എനിക്ക് പതിനഞ്ച് വയസ്സുള്ളപ്പോഴാണ് ഞാൻ ചത്ത മൃഗങ്ങളെ തിന്നില്ല എന്നു ശാഠ്യം പിടിച്ചത്.

അപ്പോൾ മുത്തപ്പൻ പറഞ്ഞു:

'അത് നമ്മുടെ കുലത്തൊഴിലാ. ചത്ത പശുവിനെ തിന്നലും ഉയർന്ന ജാതിക്കാരുടെ വീട്ടിൽനിന്ന് വലിച്ചുകൊണ്ടു വരലും'.

ഞാൻ പറഞ്ഞു:

'മുത്തപ്പാ... നമ്മള് ചത്താൽ ശവങ്ങളാ. അതുപോലെ മൃഗങ്ങളും. ജീവനോടെ പിടിക്കുന്ന മൃഗങ്ങളെ മാത്രമേ മൃഗങ്ങൾപോലും തിന്നൂ'.

എന്റെ ഭാഷയിലെ എന്തോ ചില വ്യത്യാസം മുത്തപ്പനിൽ ആധിപരത്തി. മുത്തപ്പൻ കുറെ നേരം നിശ്ശബ്ദനായി.

പിന്നെ പറഞ്ഞു:

'എന്തോ ചില വേവലാതികൾ എനിക്കുണ്ട് എരീ. അത് നിന്നെക്കുറിച്ചാ'.

'മുത്തപ്പാ... എല്ലാവരും നാട്ടിലൂടെ വെളിച്ചത്തിൽ എറങ്ങി നടക്കുന്നു. നമുക്ക് നടക്കാൻ കഴിയുന്നില്ല. ഊടുവഴികളിലൂടെയും വീടിന്റെ നാല്പതടി പിറകിലൂടെയും നാം എത്രകാലമായി നടക്കുന്നു. അതു നമുക്ക് ശീലമായതുകൊണ്ട് ഇപ്പോഴും നമ്മൾ നടക്കുന്നു. പശുവിന്റെ തോല് പൊളിക്കുന്നു. ഇറച്ചി തിന്നുന്നു....തുടിയുണ്ടാക്കുന്നു. കൊട്ടുന്നു. പാടുന്നു. നമ്മളീ വയലിൽത്തന്നെ കഴിയുന്നു. നാട്ടിൽ എന്തെല്ലാം നടക്കുന്നു. നമ്മൾ മാത്രം അതിനോട് ദൂരെ മാറിനിൽക്കുന്നു. അതാണെന്നെ വേദനിപ്പിക്കുന്നത്. നമ്മളെ പാട്ടിൽ പറയുംപോലെ നമ്മൾ ശിവാംശമാണെങ്കിൽ നമ്മളെന്തിന് മാറി നിൽകണം'.

മുത്തപ്പന്റെ നിശ്ശബ്ദത കനത്തു. കാട്ടിൽ കുറുക്കന്മാരുടെ ഓരിയും നിന്നു '.

ജീവിച്ചിരുന്നുവെങ്കിൽ, ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിൽ ദലിതർ ഉയർത്തുന്ന ഈയൊരു പ്രതിരോധത്തിന്റെ സമകാലരാഷ്ട്രീയത്തെ പ്രദീപൻ കുറെക്കൂടി മൂർത്തവും ഊർജ്ജസ്വലവുമായി ആവിഷ്‌ക്കരിക്കുമായിരുന്നു എന്നുറപ്പ്.

ഒന്നാന്തരം പാട്ടുകളുണ്ട്, എരിയിൽ. വാമൊഴിയുടെ വഴക്കവും വംശീയതയുടെ തഴക്കവും മുറ്റിനിൽക്കുന്നവ. ഒരെണ്ണം കേൾക്കുക:

'പറയക്കൂട്ടത്തിന് നടുവിൽ ഇരുന്ന് എരി പാടുകയാണ്:

പുല്ലിനിടയിലെ
പുലിവരയൻ ഞണ്ടേ
പറയനൊരു വട്ടി മണ്ണുതായോ
മാളത്തിന്ന് നോക്കും
മാക്കാച്ചിത്തവളേ
പറയനൊരു കുട്ട മണ്ണുതായോ
മാനം നിറയുന്ന
മാലക്കിളിപ്പെണ്ണേ
പറയനൊരു തണ്ട്
മുളന്തണ്ട് തായോ
നീരു നിറയുന്ന
പരൽമീൻ കുരലേ
നീയിന്നൊരു കൊട്ട
മീനും തായോ....'.

ചരിത്രത്തെ, പ്രത്യയശാസ്ത്രങ്ങളുടെ പാഠരൂപങ്ങളും ഭാവനയുടെ കലാരൂപങ്ങളുമായി വിവർത്തനം ചെയ്യുന്നതിൽ പ്രദീപൻ പ്രകടിപ്പിക്കുന്ന ആർജ്ജവമാണ് എരിയുടെ രാഷ്ട്രീയോർജ്ജം. നിശ്ചയമായും മലയാളനോവലിന്റെ ലാവണ്യഭൂമികയിൽ സ്വന്തമായൊരിടം കണ്ടെത്താൻ എരിക്കു കഴിയുകയും ചെയ്യുന്നു.

നോവലിൽനിന്ന്

'പട്ടോനക്കുന്ന് മച്ചലത്ത് നായർ തറവാട്ടിൽ വെലിക്കളയിൽ ദേവക്കന്നിയുടെ തോറ്റം ചൊല്ലുകയാണ് വെളിയണ്ണൂർ മാതുവും എളമ്പിലാട്ട് അമ്മിണിയും. വെളയണ്ണൂർ മാതു മലയികളിൽത്തന്നെ അതിസുന്ദരി. ആദ്യം കൊണ്ടുപോയത് കുറ്റ്യാടി ചെറിയ കണാരൻ. മൂന്ന് മാസം തികച്ച് മാതു അവിടെ നിന്നില്ല. അജ്ഞാതമായ കാരണങ്ങളാൽ അവൾ സ്വന്തം വീട്ടിലേക്കുപോന്നു. കുയിൽനാദം എന്നാണ് പട്ടോന വലിയ കണാരപ്പണിക്കർ മാതുവിനെ വിശേഷിപ്പിച്ചത്. മാതു പാടാൻ വേണം എന്ന് മച്ചലത്ത് നായർ നേരത്തേതന്നെ പറഞ്ഞേല്പിച്ചിരുന്നു. മാതു ദേവക്കന്നിതോറ്റം ചൊല്ലുകയാണ്. 

പച്ചമല്ലോ കാമാ നിന്റെ തിരുമുഖമാന്നോ
പവിഴമല്ലോ കാമാ നിന്റെ തിരുവായപ്പല്ലഴക്
അടികണ്ടു ബാധിക്കുന്നു അപസ്മാര മൂർത്തി.
മുടികണ്ടു ബാധിക്കുന്നു പൂക്കുട്ടിച്ചാത്തൻ
പഞ്ചകണ്ട് ബാധിക്കുന്നു പിള്ളതീനി
മാറ് കണ്ട് ബാധിക്കുന്നു ശ്രീഭദ്രകാളി
കാല് കണ്ട് ബാധിക്കുന്നു കാലഭൈരവൻ.
പുറം കണ്ട് ബാധിക്കുന്നു പുറച്ചട്ട്
അടിയോടും മുടിയോടും ദേവത ആഗ്രഹിക്കുന്നു
ആടിമയങ്ങി മങ്ക വീണുപൊയ്കയിൽ.

മതിമറന്ന് ജനം.... നിറയെ ആള് കൂടുന്ന വെലിക്കളയാണ് മച്ചലത്ത് തറവാട്ടിലേത്. മാതുവിന്റെ ശ്രുതിസുന്ദരമായ ഗാനത്തിൽ മീനമാസത്തിലെ ചന്ദ്രൻ കുളിരുചൊരിഞ്ഞു നിൽക്കുന്നു. ചന്ദ്രനുകീഴെ വാഴത്തലപ്പുകൾക്കുള്ളിൽനിന്ന് രണ്ടു കണ്ണുകൾ മാതുവിന് ചുറ്റും പറക്കുന്നുണ്ടായിരുന്നു. പറയനാർപുരത്തെ പറയന്മാരിൽ ആരോഗ്യദൃഢഗാത്രനായ ഒരു യുവാവിന്റേതായിരുന്നു പ്രണയം പൂണ്ട ആ രണ്ട് വെള്ളാരങ്കണ്ണുകൾ. മാതുവിന്റെ വെലിക്കളയുള്ള എല്ലാ രാവുകളിലും അയാൾ ഇരുട്ടിന്റെ മറവിലൂടെ ആ പാട്ട് കേൾക്കാനെത്തി. ആർക്കും കാണാനാവാത്ത മായാവിദ്യയിൽ അയാൾ മാതുവിനെ കണ്ടു. ആ ആലാപനത്തിൽ ലയിച്ചു. സൗന്ദര്യമാണോ സംഗീതമാണോ അയാളെ ആദ്യം കീഴടക്കിയതെന്ന് തീർച്ചയില്ല. മാതുവെന്ന ദേവക്കനിയുടെ ഗന്ധർവനായിരുന്നു വെള്ളാരങ്കണ്ണുകളുള്ള ആ പറയയുവാവ്. പറയർക്ക് മറ്റുള്ളവരുടെ മുന്നിൽ വരാനുള്ള അനുവാദമില്ല. പറമ്പിന്റെ ദൂരെമാറി നിന്നുവേണം കാണാൻ. ഭക്ഷണം ദൂരെവച്ച് നൽകുന്ന ആൾ മാറിയാലേ അതുവന്ന് എടുത്ത് കഴിക്കാൻ പറ്റുകയുള്ളൂ. പകൽവെളിച്ചത്തിൽ പറയർ നടക്കാറില്ല. ഉയർന്ന ജാതി വീട്ടിലെ കുട്ടികൾ പറയരെ ദൂരെനിന്ന് കണ്ട് കൗതുകം പൂണ്ടിരുന്നു.

നേരം വെളുത്തു. മാതര വെളിയണ്ണൂർക്ക് അമ്മാവനൊത്ത് നടന്നുപോയി. ആ വഴികളിൽ വെള്ളാരങ്കണ്ണുകൾ പതിഞ്ഞുകിടക്കുന്നുണ്ടായിരുന്നു. അതിസുന്ദരമായ ഈരിഴക്കൈതോലപ്പായ നെയ്യും അയാൾ. അവൾക്കുവേണ്ടി അയാൾ എത്രയോ പായ മെടഞ്ഞു. ഭാഗ്യവാന്മാരായ ഏതെല്ലാമോ, തീയരും നായരും അതിന്നുടമകളായി. അവൾക്കുവേണ്ടി മെടഞ്ഞതായതിനാൽ അവയ്ക്ക് ഇഴയടുപ്പം കൂടുതൽ ഉണ്ടായിരുന്നു. നായരും തീയരും പറയന്റെ പായകളെ പുകഴ്‌ത്തി.

വെലിക്കളയും എണ്ണമന്ത്രവുമായി മാതു കുറുമ്പ്രനാട്ടിൽ വിളഞ്ഞുനിന്നു.

പറയയുവാവിന്റെ കൈതപൂത്തു കൊഴിഞ്ഞുകൊണ്ടിരുന്നു.

കാരയാട് വലിയ ചമ്പ്രാട്ട് എണ്ണമന്ത്രം മാതുവിന്റെ തോറ്റംപാട്ടിൽ ലയിച്ചുനിൽക്കുന്ന കാണികൾ. ദൂരെ ഇരുട്ടിൽ പറയൻ മാതുവിനെത്തന്നെ നോക്കിനിൽക്കുന്നു. അരിപ്പറയുടെ അനാദിയായ ഗംഭീരശബ്ദം മുഴങ്ങുന്നു. പഞ്ചമത്തിൽ മാതുവും സംഘവും സ്വയമലിഞ്ഞ് പാടുന്നു. ഗന്ധർവ്വന്മാരും തോഴരും ആകാശത്ത് ഉദിച്ചുകൊണ്ടുനിൽക്കുന്നു. ഒരുനിമിഷം മാതുവിന്റെ നോട്ടം ദൂരെ വെളിച്ചത്തിന്റെ ഒരു തുണ്ടിൽ പറയന്റെ കണ്ണിലുടക്കുന്നു. ആ കണ്ണുകളിൽനിന്ന് കൈതപ്പൂ ഒഴുകിവരുന്നതായി മാതുവിന് തോന്നി. താൻ പാടിപ്പൊലിക്കുന്ന ഗന്ധർവ്വൻ മുന്നിൽ പ്രത്യക്ഷപ്പെട്ടതാണോ എന്ന് മാതുവിന് തോന്നി. മാതുവിന്റെ ശ്രദ്ധതെറ്റിയ ഇടത്തേക്ക് ആളുകൾ നോക്കിത്തുടങ്ങി. നൊടിനേരംകൊണ്ട് ഒടിവിദ്യയിലെന്നപോലെ അയാൾ മറഞ്ഞുപോയിരുന്നു. മാതുവിൽ ആ കണ്ണുകൾ തറഞ്ഞുനിന്നു. പിന്നീട് വെലിക്കളയോ, എണ്ണമന്ത്രമോ, തോലുഴിയയോ, കണ്ണേറോ ഉള്ളിടത്തെല്ലാം ഇരുട്ടിലേക്ക് മാതു നോക്കിക്കൊണ്ടിരുന്നു. തന്റെ ഗന്ധർവ്വൻ വരുന്നുണ്ടോ?

മാതുവിൽ ഗന്ധർവ്വർ ആവേശിച്ചിട്ടുണ്ടെന്ന് മാതുവിന്റെ അമ്മ ജാനുവിന് തോന്നിത്തുടങ്ങി. ന്റെ ഗുളികൻ ദൈവേ ന്റെ മാതുവിനെ കാത്തോളണേ. ജാനു ഗുളകൻ ദൈവത്തിന് പന്തം നേർന്നു. ആ പന്തങ്ങൾ ഗുളികൻ തറയിൽ നിന്നുകത്തി. മാതുവിന്റെ മനസ്സിൽ വെള്ളാരങ്കണ്ണുകളുടെ വെളിച്ചം കൂടുതൽ പ്രകാശമാനമായി.

വെലിക്കളയും എണ്ണമന്ത്രവും തോലുഴിയയും ഇല്ലാത്ത ഒരു വൃശ്ചികമാസം രാവിലെ മാതു എളമ്പിലാട്ടേക്ക് വലിയമ്മയുടെ എട്ടുവയസ്സായ മകനെയും കൂട്ടി വെളിയണ്ണൂർ വയൽവരമ്പിലൂടെ നടക്കുകയായിരുന്നു. ഇരുവശവും നിറഞ്ഞ പച്ചപ്പ്. അരികിലൂടെ തോടിന്റെ നീരൊഴുക്കിന്റെ ശബ്ദം. തണുത്ത കാറ്റ്, ഉള്ളിൽ ദേവക്കന്നിയുടെ തോറ്റം തിരയടിക്കുന്നുണ്ട്.

ദൂരെ പൊട്ടുപോലെ ഒരു കൊട്ടതെളിഞ്ഞു. അതിനു പിറകിൽ ആയിരം കൊട്ടകൾ ഉള്ളതായി മാതുവിന് തോന്നി. തനിക്കുനേരെ നടന്നുവരുന്ന മുളങ്കൊട്ടകളുടെ സൗന്ദര്യം മാതുവിന് വിശ്വസിക്കാൻ കഴിയുന്നില്ല. അതടുത്തടുത്തു വരുന്നു. പെട്ടെന്ന് മാതുവിന് മുന്നിൽ ആ വെള്ളാരങ്കണ്ണുകൾ തെളിഞ്ഞു. മാതുവിന് ശ്വാസം നിലച്ചുപോയി. ഒന്നും മിണ്ടാതെ കൊട്ടയുമായി വന്ന യുവാവ് മാതുവിനെത്തന്നെ നോക്കിനിന്നു. അയിത്തം മറന്ന് മാതുവും യുവാവും പരസ്പരം മറന്ന് ഒരു നൊടിനേരം നിന്നു. ആരുടെ മുഖത്താണ് ആദ്യം ചിരി വിടർന്നത്. രണ്ടുപേരുമറിഞ്ഞില്ല.

അടുത്തനിമിഷം മാതുവിന് കരച്ചിൽവന്നു. ആ വെള്ളാരങ്കണ്ണുകൾ ഒരിക്കലും തന്റെ ആഗ്രഹം സാധിപ്പിക്കുകയില്ല എന്നവൾക്ക് ബോധ്യമായി.

വെള്ളാരങ്കണ്ണുകൾ ചോദിച്ചു.

ന്റെ കൂടെ വരുന്നോ?

മാതു ഒന്നും മിണ്ടിയില്ല.

അവളുടെ നെഞ്ചിൽ ആയിരം അരിപ്പറകൾ മുഴങ്ങി.

ഉച്ചാരലിന് ഞാൻ വരും. കൂടെവരുന്നെങ്കിൽ ഞാൻ പഴുക്കയെറിയാം വടക്കേപ്പുറത്തു നിൽക്കണം. ഇത് യുവാവു പറഞ്ഞതാണോ താൻ മനസ്സിൽനിന്നറിഞ്ഞതാണോ എന്ന് എലമ്പിലാട്ടെ വയൽ മുഴുവൻ നടന്നുതീർക്കുമ്പോഴും മാതു അറിഞ്ഞില്ല. ആദ്യമായി ഒരു ഗന്ധർവ്വൻ തന്നെ ആവേശിച്ചതായി അവൾക്കു തോന്നി. താൻ ഇത്രയും കാലം ഗന്ധർവ്വനെയും ദേവക്കന്നിയെയും പറ്റി പാടിക്കൊണ്ടിരുന്നത് ഇങ്ങനെയാണല്ലോ ഫലിച്ചത് എന്നവൾക്കു തോന്നി. ആ വെള്ളാരങ്കണ്ണുകളിൽ ഒരു ജീവിതമിരിക്കുന്നുണ്ട്.

ഉച്ചാരലിൽ പറയന്മാർ വന്ന് നാട്ടിലെ സ്ത്രീകളെ സ്വന്തമാക്കും. അതിൽ ആരും സംശയിക്കില്ല. മാതു ആശ്വസിച്ചു. തന്റെ ഗാനം നിലയ്ക്കും. ഇനി താൻ പറയക്കുടിലിൽ അയാൾക്കുവേണ്ടിപ്പാടും. ഗന്ധർവ്വന്മാർ അനുഗ്രഹിക്കും. യഥാർത്ഥ ഗാന്ധർവ്വം. മാതു കൈതപ്പൂവിന്റെ സുഗന്ധത്തിലുറങ്ങി. കൈതോലകൊണ്ട് പറയൻ അവൾക്കുവേണ്ടി ആയിരം പായകൾ മെടഞ്ഞുകൊണ്ടിരുന്നു.

അങ്ങനെ ഉച്ചാരൽ വന്നു. കാവിൽ തെയ്യവും മേളവും ഉയർന്നുകേട്ടു. പറയരും പുലയരും സ്വതന്ത്രരായി നാട്ടിലൂടെ നടന്നു. ഉയർന്ന ജാതി സ്ത്രീകൾ വീട്ടിൽനിന്നിറങ്ങിയില്ല. പറകൊട്ടി പറയരുടെയും പുലയരുടെയും സ്വാതന്ത്ര്യം നാട്ടുടയവൻ അറിയിച്ചിരുന്നു.

മാതു കുളിച്ചു പാവുമുണ്ടുടുത്തു കാത്തുനിന്നു. എവിടെനിന്നോ കൈതയുടെ മണം കാറ്റിൽ വന്നുകൊണ്ടിരുന്നു. ചന്ദ്രൻ ആകാശത്ത് ഉദിച്ചുവന്നു. മേളം പതിതകാലത്തിൽ ഉയർന്നുകേട്ടു. പറക്കാളിയുടെ കാവുതീണ്ടൽ ആയിക്കാണണം. ആയിരം ഗന്ധർവ്വന്മാർ ആകാശത്ത് സംഗീതമാലപിക്കുന്നുണ്ടാവണം. ദൂരെ ഇടവഴിയിൽ ഒരു കൊട്ടനിറയെ പൂക്കൾ തെളിഞ്ഞു വന്നു. കൈതപ്പൂക്കൾ. അയാൾ ഓടിയോടി അടുത്തു. ചുറ്റും ആരുമില്ലെന്നുറപ്പുവരുത്തി. പഴുക്കടയ്ക്കകൊണ്ട് മാതുവിനെ എറിഞ്ഞു. കൈതപ്പൂക്കൾകൊണ്ട് മാതുവിനെ മൂടി അയാൾ അവളെ വാരിയെടുത്തുകൊണ്ട് ഇരുട്ടിലേക്കോടി. മേളം ഉച്ചസ്ഥായിയിലായി. കാവിൽനിന്ന് ആർപ്പുവിളികളുയർന്നു. ചന്ദ്രൻ പൊലിഞ്ഞു. ഇരുട്ട് വന്ന് പറയനാർപുരത്തെ മൂടി.

പിറ്റേന്ന് പുലർച്ചെ ജാനുവിനെ വിളിച്ചുണർത്തിയത് മണ്ണാൻ കേളുവാണ്. മാതുവിനെ പറയർ തീണ്ടി. കൈതപ്പൂക്കളും പഴുക്കടയ്ക്കയും അടയാളം പറഞ്ഞു. നാടുവാഴിക്കു മുന്നിൽ മാതുവിന്റെ തിരോധാനം വലിയ ചർച്ചയായി. മാതുവിന്റെ തോറ്റങ്ങൾ പ്രകീർത്തിക്കപ്പെട്ടു. അവൾക്കുവന്ന ദുര്യോഗം എല്ലാവരുടെയും മനസ്സിൽ വേദന സൃഷ്ടിച്ചു. മാതുവിന്റെ പാട്ടുകേൾക്കാത്തവർപോലും അതിൽ ദുഃഖിച്ചു. ദുഃഖം ഒരാധിപോലെ പറയനാർപുരത്ത് വ്യാപിച്ചു. അത് കുറുമ്പ്രനാട്ടിലെ സ്ത്രീകളിൽ ഭീതി വിതച്ചു. അവർ ഭർത്താക്കന്മാരോടൊട്ടിക്കിടന്നു. കുട്ടികൾ പറയരെപ്പേടിച്ചു ചോറുതിന്നു. ആണുങ്ങൾ വേഗത്തിൽ വീട്ടിലെത്തി. ചെറുപ്പക്കാരികൾ തോട്ടുകരയിൽ പറയരെക്കുറിച്ച് പല കഥകളും അലക്കി. സ്ഥിരമായി കുളക്കടവിൽ ഒളിഞ്ഞിരുന്ന തിയ്യച്ചെക്കനെ പറയനാണെന്നു കരുതി തല്ലാനൊരുങ്ങി. ഒടുവിൽ നാടുവാഴി സർക്കാരിലേക്ക് പരാതി നൽകാൻ തീരുമാനിച്ചു. കുറുമ്പ്രനാട് താലൂക്കിലെ ആദ്യപറപ്പേടിപ്പരാതി അങ്ങനെ മേലാവിലേക്കു പോയി.

പറയരോടേറ്റുമുട്ടാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. കാരണം അവർക്ക് ഒടിമറയാനും ഓടിമറയാനും അറിയാമായിരുന്നു. അതിലും പ്രധാനം അവരെ തൊട്ടാൽ അശുദ്ധമാവുമല്ലോ എന്ന ഭയം എല്ലാവരെയും ഗ്രസിച്ചു. പറയനാർപുരത്തെ പറയക്കൂട്ടത്തിൽ മാതു സ്‌നേഹംകൊണ്ട് അലിഞ്ഞുപോവുകയായിരുന്നു. അന്നു മുതൽ മാതു പറയന്റെ ഭാര്യയായി. അവർ ആറു പെറ്റു. ഒരാൾമാത്രം അതിജീവിച്ചു. ആ അതിജീവിച്ച കുട്ടിയാണ് എരി'.

എരി
പ്രദീപൻ പാമ്പിരിക്കുന്ന്
ഡി.സി. ബുക്‌സ്, 2017
വില: 125 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP