Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202128Thursday

സ്‌നേഹത്തെക്കുറിച്ച് ഇരുപത്തൊന്നുപന്യാസങ്ങൾ

സ്‌നേഹത്തെക്കുറിച്ച് ഇരുപത്തൊന്നുപന്യാസങ്ങൾ

ഷാജി ജേക്കബ്‌

ല്ലാ പുഴകളും സമുദ്രത്തിലേക്കൊഴുകുന്നു എന്നു പറയുംപോലെ ഹൃദയത്തിൽ തൊടുന്ന എല്ലാ ജീവിതാനുഭൂതികളും സ്‌നേഹത്തിലേക്കു നീളുന്നു എന്നു തെളിയിക്കുന്ന ഇരുപത്തൊന്നുപന്യാസങ്ങളുടെ സമാഹാരമാണ് ജോസഫ് അന്നംകുട്ടി ജോസിന്റെ ‘ദൈവത്തിന്റെ ചാരന്മാർ’.

അടുത്തകാലത്തായി നിരവധി ഭാവരൂപങ്ങളിലേക്കു വളർന്നിട്ടുള്ള ‘അനുഭവ’സാഹിത്യത്തിന്റെ മലയാളഭാവന പലവഴികളിലാണ് മുന്നോട്ടൊഴുകുന്നത്. പരമ്പരാഗത ആത്മകഥകൾ മുതൽ ‘Me Too’ പ്രസ്ഥാനത്തിൽ കണ്ണിചേരുന്ന രചനകൾ വരെ. മുഖ്യധാരക്കു പുറത്തുള്ളവരുടെ ജീവിതത്തിന്റെ കേട്ടെഴുത്തു മുതൽ ആത്മാനുഭവങ്ങൾ മുൻനിർത്തി സാമൂഹ്യമനഃശാസ്ത്രം വിശകലനം ചെയ്യുന്ന ഉത്തേജന-പ്രചോദന പാഠങ്ങൾ വരെ. സെന്റിമെന്റലിസം താക്കോൽവാക്കാക്കി തന്നെക്കുറിച്ചുതന്നെയെഴുതുന്ന ആത്മരതിയുടെ പൊട്ടിയൊഴുകൽ മുതൽ ആത്മത്തെയും അപരത്തെയും കുറ്റവിചാരണ ചെയ്യുന്ന ‘കുമ്പസാര’കഥകൾ വരെ. ഇവയിൽ ആത്മാനുഭവങ്ങളെയും കുമ്പസാരരചനകളെയും കൂട്ടിയിണക്കി ഭാവനചെയ്യപ്പെടുന്ന ഉത്തേജന-പ്രചോദന പാഠങ്ങളാകുന്നു, ജോസഫ് അന്നംകുട്ടിയുടെ ‘ദൈവത്തിന്റെ ചാരന്മാർ’. മതാത്മകവും സാമൂഹികവുമായ മണ്ഡലങ്ങളിൽ ഇത്തരം ഗുണപാഠരചനകൾ ഇന്ന് ധാരാളമായി പുറത്തിറങ്ങുന്നുണ്ട്. പ്രഭാഷണരൂപത്തിലും എഴുത്തുരൂപത്തിലും അച്ചടി, ശ്രാവ്യ, ദൃശ്യ, നവമാധ്യമങ്ങളിൽ ഒരുപോലെ. അസംഖ്യം പേരെ ആകർഷിക്കുന്ന ഒന്നാണ് ഇൻസ്പിരേഷൻ, മോട്ടിവേഷൻ, സ്പിരിച്വൽ ഭാഷണങ്ങളെ പ്രഭാഷണ-രചനാരൂപങ്ങളിൽ അവതരിപ്പിക്കുന്ന ഈ സാഹിത്യം.

പരമ്പരാഗതമായ മതപ്രഭാഷണവേദികളിലും വിദ്യാലയങ്ങളിലും നടക്കുന്ന മോട്ടിവേഷൻ പ്രഭാഷണങ്ങൾക്കു സമാന്തരമായി സമീപകാലത്തു പ്രചാരമാർജ്ജിച്ചതാണ് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടുന്ന ഓഡിയോ-വീഡിയോ പ്രഭാഷണങ്ങൾ. കുറെക്കാലം മുൻപുതന്നെ ടെലിവിഷനിൽ ഇത്തരം പ്രഭാഷണങ്ങൾ ജനപ്രീതി നേടിയിരുന്നു. ‘ഗുരു’ക്കന്മാരായാണ് ഇവരിൽ പലരും വിശ്വാസം നേടിയെടുത്തത് - കരിയർ ഗുരുക്കന്മാർ മുതൽ ആത്മീയഗുരുക്കന്മാർ വരെ. ഇവരിൽ നല്ലൊരു ശതമാനവും കള്ളനാണയങ്ങളായി തിരിച്ചറിയപ്പെടാനും കാലമേറെ വേണ്ടിവന്നിട്ടില്ല എന്നതു വേറെ കാര്യം.

ഗുരുവായിക്കഴിഞ്ഞിട്ടില്ലെങ്കിലും ഏറെ കേൾവിക്കാരെ/കാഴ്ചക്കാരെ/വായനക്കാരെ നേടിയെടുത്തിട്ടുള്ള മലയാളത്തിലെ ഒരു ഉത്തേജന-പ്രചോദന-അനുഭവ-കുമ്പസാര സാഹിത്യകാരനാണ് ജോസഫ് അന്നംകുട്ടി. റേഡിയോ ജോക്കി എന്ന നിലയിൽ ഏറെ ആരാധകരുള്ള കലാകാരനുമാണ് ഈ ചെറുപ്പക്കാരൻ.

ഈ പുസ്തകം നോക്കൂ: ഏതെങ്കിലും നിലയിൽ വ്യക്തിപരവും സാമൂഹികവുമായ ജീവിതമണ്ഡലങ്ങളെ ഗുണാത്മകമായി സ്വാധീനിക്കുന്ന, വിശകലനം ചെയ്യുന്ന, പ്രഭാഷണത്തോടടുത്തുനിൽക്കുന്ന വാങ്മയമാണ് ഇതിലെ മുഴുവൻ രചനകളും. കുമ്പസാരസ്വഭാവം പേറുന്ന കഥപറച്ചിലിന്റെ കലയും വിശ്വസനീയമായ അനുഭവങ്ങളുടെ ആത്മനിഷ്ഠതയും ഇവയെ ഒരു സവിശേഷ സാഹിത്യഗണമാക്കി മാറ്റുന്നു.

ചേതൻഭഗത്തിന്റെ നോവലുകൾ വായിക്കുന്നവർക്കറിയാം, അവയുടെ തുടക്കമാണ് എഴുത്തിന്റെയെന്നപോലെ വായനയുടെയും രസതന്ത്രത്തിന്റെ ആണിക്കല്ലെന്ന്. ചേതൻ തന്റെ പ്രണയകഥകളെ ഭാവനയ്ക്കും യാഥാർഥ്യത്തിനുമിടയിൽ പ്രതിഷ്ഠിക്കുന്നത് അത്രമേൽ നാടകീയവും വിശ്വസനീയവുമായാണ്. തന്റെതന്നെ സാന്നിധ്യവും അനുഭവപരതയും ഉറപ്പുവരുത്തുന്ന ആഖ്യാനകലയെന്ന നിലയിൽ ഈ തുടക്കങ്ങൾ ശ്രദ്ധേയമാക്കാൻ ചേതനു കഴിയുന്നു. ഭാവപരമായും സമീപനപരമായും രീതിശാസ്ത്രപരമായും ഈയൊരു സ്വഭാവമാണ് ജോസഫിന്റെ ഉപന്യാസങ്ങൾക്കുമുള്ളത്. എങ്കിലും ജോസഫിന്റെ തലതൊട്ടപ്പൻ ബോബിജോസ് കട്ടികാടാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ രൂപംകൊണ്ട ‘ടെക്കി’ തലമുറയുടെ താരവിഗ്രഹങ്ങളിലൊന്നാണ് ചേതനെന്നപോലെ ബോബിയും. ഒരു പ്രമേയത്തിൽ ഊന്നിനിന്നുകൊണ്ടു രചിക്കുന്ന ലേഖനങ്ങളും നടത്തുന്ന പ്രഭാഷണങ്ങളും വഴി സൃഷ്ടിക്കുന്ന ജീവിതനിരീക്ഷണങ്ങളുടെ ഗുണപാഠലോകത്താണ് ബോബിയെപ്പോലെ ജോസഫും ചുവടുവയ്ക്കുന്നത്. ബോബിയുടെ ആത്മീയ-അനുഭവ-കുമ്പസാരഭാവങ്ങളും ചേതന്റെ കഥനകലയും സമന്വയിപ്പിച്ചാണ് ജോസഫ് ‘ദൈവത്തിന്റെ ചാരന്മാരെ’ ജനപ്രിയമാക്കുന്നത്. ‘ഉത്തേജന’സാഹിത്യത്തിന്റെ ന്യൂജെൻ പാഠങ്ങളെന്ന നിലയിൽ ഓഡിയോ-വീഡിയോ-പുസ്തകരൂപങ്ങളിൽ ‘ചാരന്മാർ’ സൃഷ്ടിക്കുന്ന വിശ്വാസ്യതയും ജനപ്രീതിയും ഒരു റേഡിയോ ജോക്കി എന്നതിനപ്പുറം ജോസഫിനു നിർമ്മിച്ചുകൊടുത്തിരിക്കുന്ന ബിംബപദവി കൗതുകകരമായ ഒന്നാണ്. പഴയ തലമുറ ‘ആഗണി ആന്റി’മാരെയും ‘അങ്കിൾ’മാരെയുമാണ് ആശ്രയിച്ചിരുന്നതെങ്കിൽ പുതിയ തലമുറ തങ്ങളുടെതന്നെ തലമുറയിൽപെട്ടവരെയാണ് ആത്മസംഘർഷങ്ങൾ പരിഹരിക്കാൻ ആശ്രയിക്കുന്നത് എന്നും തെളിയിക്കുന്നു, ‘ചാരന്മാർ’.

അടിമുടി മാറിയ വിദ്യാഭ്യാസ, തൊഴിൽ സംസ്‌കാരങ്ങൾ. ആൺ-പെൺ സൗഹൃദങ്ങൾ. തുറന്ന ലൈംഗികബന്ധങ്ങൾ. കുടുംബത്തിനുള്ളിലെ മാറിവരുന്ന സംഘർഷങ്ങമേഖലകൾ. തൊഴിലും വരുമാനവുമൊക്കെ പലകുറി മാറിമറിയുന്ന ന്യൂജെൻ രീതികൾ. പ്രണയത്തിനും സിനിമകൾക്കും വായനക്കും യാത്രകൾക്കും രാപകൽ ഭേദമില്ലാത്ത സെൽഫോൺ വിനിമയങ്ങൾക്കുമിടയിൽ രൂപപ്പെടുന്ന നിരവധിയായ അനുഭവക്കുരുക്കുകൾ. ആനന്ദോത്സവങ്ങൾ. താളം തെറ്റലുകൾ. ഇവയ്‌ക്കെല്ലാമുള്ളിൽ സ്‌നേഹത്തിനും ആശ്വാസത്തിനും കരുതലിനും കാവലിനും കേൾവിക്കും താങ്ങിനും തണലിനും വേണ്ടി പരക്കം പായുന്ന ചെറുപ്പക്കാരുടെ ജീവിതം-ജോസഫ് അഭിസംബോധന ചെയ്യുന്നത് പുതിയ നൂറ്റാണ്ടിലെ, താൻകൂടി പ്രതിനിധിയായ മലയാളി യുവത്വത്തിന്റെ അടിസ്ഥാനപരമായ ചില ജീവിതസന്ധികളെയും വൈകാരിക പ്രതിസന്ധികളെയുമാണ്. ആത്മാനുഭവങ്ങളിൽ തുടങ്ങി അപരാനുഭവങ്ങളിലെത്തിച്ചേരുന്ന ആഖ്യാനത്തിന്റെ കലയിൽ ജോസഫ് മൗലികമായ ഒരു സംവേദനലോകംതന്നെ രൂപപ്പെടുത്തിയിരിക്കുന്നു.

ഇരുപത്തൊന്നു രചനകളാണ് ഈ പുസ്തകത്തിലുള്ളത്. ഒന്നൊഴിയാതെ മുഴുവനും ആത്മാനുഭവങ്ങളിൽ തുടങ്ങുന്നവ. ഭിന്നങ്ങളായ ജീവിതമൂല്യങ്ങളെ, അവസ്ഥകളെ, അവയുടെ ആത്മാവിൽ ചെന്നു തൊടുന്നവ. കുമ്പസാരത്തിന്റെയും കുറ്റസമ്മതത്തിന്റെയും, സ്വപ്നത്തിന്റെയും യാഥാർഥ്യത്തിന്റെയും, ഓർമയുടെയും സംഭാഷണത്തിന്റെയും, വായനയുടെയും സിനിമയുടെയും കുടുംബത്തിന്റെയും കൂട്ടുകാരുടെയും, ഒറ്റപ്പെടലിന്റെയും വിലാപത്തിന്റെയും, ധ്യാനത്തിന്റെയും കലഹത്തിന്റെയും സഹനത്തിന്റെയും സഹഭാവത്തിന്റെയും..... അനുഭവപരതയിൽ നിന്നാരംഭിച്ച് ഒരു വ്യക്തിയുടെ കഥ പറഞ്ഞ് ഒരു ജീവിതമൂല്യത്തെ സാക്ഷ്യപ്പെടുത്തുന്ന രചനകൾ. തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ, എല്ലാ അനുഭവങ്ങളും സ്‌നേഹത്തിന്റെയോ സ്‌നേഹരാഹിത്യത്തിന്റെയോ തട്ടിൽ താണും പൊങ്ങിയും നിൽക്കുന്ന മർത്യായുസിന്റെ തുലാസിലുള്ള ഒരു ചാഞ്ചാട്ടമാണ് എന്നു തെളിയിക്കുന്ന കഥകൾ.

സെമിനാരിജീവിതമുപേക്ഷിച്ച് ബാംഗ്ലൂർ ക്രൈസ്റ്റിൽ പഠിക്കുന്ന കാലത്ത് നന്നായി ഉഴപ്പിയതിൽ മനംനൊന്ത്, വീട്ടുകാരോടു ചെയ്യുന്ന തെറ്റിന് ധർമ്മാരാം ആശ്രമത്തിൽ കുമ്പസാരിക്കാനെത്തുന്നു, ജോസഫ്. അവിടെ കണ്ടുമുട്ടിയ ചെറുപ്പക്കാരനായ പുരോഹിതനുമായി സംസാരിക്കവെ അയാളും ക്രൈസ്റ്റിലെ വിദ്യാർത്ഥിയാണെന്നും പഠനത്തിലെ ഉഴപ്പിൽ തന്നെപ്പോലെതന്നെ കുറ്റബോധത്താൽ നീറുകയാണ് എന്നും ജോസഫ് മനസ്സിലാക്കുന്നു. നന്നായി പഠിക്കാൻ പരസ്പരം ഒരു കരാറുണ്ടാക്കി അന്യോന്യം കുമ്പസാരിച്ചു പിരിയുന്നു, ജോസഫും പുരോഹിതനും. പരീക്ഷ കഴിഞ്ഞു. ജോസഫ് നന്നായി പഠിച്ച് മികച്ച റിസൽട്ടുണ്ടാക്കി. പുരോഹിതനാകട്ടെ വീണ്ടും ഉഴപ്പിയതിനാൽ എട്ടുനിലയിൽ പൊട്ടി. ജോസഫ് എഴുതുന്നു:

“ഞാൻ കുറച്ചുനേരം ആ ചെറുപ്പക്കാരൻ അച്ചനെ നോക്കി നിന്നു.

അതെ ചിലർ അങ്ങനെയാണ്... വിജയിപ്പിക്കാനേ അറിയൂ... വിജയിക്കില്ല. ‘പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയ്ന്റ്’ സിനിമയിൽ പോളി എന്ന, പഠിക്കാൻ താത്പര്യമില്ലാത്ത, പത്താം ക്ലാസ്സിൽ തോല്ക്കാൻ സാധ്യതയുള്ള കുട്ടിയുടെ പഠനകാര്യങ്ങളും ചെലവും താൻ നോക്കിക്കൊള്ളാം എന്നു പറഞ്ഞിട്ട് പ്രാഞ്ചി പോളിയെ ചേർത്തുപിടിച്ച് പറയുന്ന മനോഹരമായ ഒരു കാര്യമുണ്ട്.

“എടാ പോളി, ഈ പറയണ പത്താം ക്ലാസ്സ് ഞാനും പാസ്സായിട്ടില്ല, ഇമ്മള് ജയിക്കാത്തിടത്ത് വേറൊരാൾ ജയിക്കാൻ ഇമ്മള് കാരണമാകുന്നതും ഇമ്മടെ ജയംതന്നെയാ”.

സ്‌നേഹം നിറഞ്ഞ അച്ചാ എന്തുകൊണ്ട് ഞാൻ അങ്ങയുടെ പേര് ചോദിക്കാൻ രണ്ടാമതും വിട്ടുപോയി എന്ന് ഇപ്പോഴും എനിക്ക് വലിയ നിശ്ചയമില്ല. ഇന്നിപ്പോൾ ഞാൻ നമ്മളുടെ കുമ്പസാരം ഇവിടെ ഇങ്ങനെ എഴുതിവച്ചിട്ടുണ്ട്, അച്ചൻ ഇതിപ്പോൾ വായിച്ചിട്ടുണ്ടാകുമോ? ആയിരം കുമ്പസാരങ്ങൾക്കിടയിൽ എന്റെ കുമ്പസാരം മറന്നിട്ടുണ്ടാകുമോ? അറിയില്ല. ഒരേ ഒരു കാര്യം പറയാനാഗ്രഹിക്കുന്നു, എന്റെ ജീവിതം ഇപ്പൊ ഏകദേശം നമ്മളുടെ അന്നത്തെ കുമ്പസാരം പോലെയാണ്.

എന്റെ എഴുത്തും വീഡിയോകളും കണ്ട് ഒരുപാടു പേര് നന്നാവുന്നുണ്ട്. പക്ഷേ, അമ്മയാണെ സത്യം... ഞാൻ പറയുന്നതൊന്നും എന്നെ അത്രകണ്ട് സഹായിക്കുന്നില്ല.... ഞാനിപ്പോഴും വീട്ടിലെ ചുവരുകൾക്കുള്ളിൽ കുറ്റബോധങ്ങളിലാണ്. ഞാനിപ്പോഴും തേടുന്നത് കുമ്പസാരക്കൂടുകളാണ്... പക്ഷേ, നാളെ കുറച്ചുകൂടി നല്ലവനായ ഒരു ആൺകുട്ടിയാവാൻ തീവ്രമായി ശ്രമിക്കുന്നുണ്ട്.

ഇമ്മള് ജയിക്കാത്തിടത്ത് വേറൊരാള് ജയിക്കാൻ ഇമ്മള് കാരണമാകുന്നതും ഇമ്മടെ ജയംതന്നെയാ അല്ലേ അച്ചാ”.

വ്യക്തികളെയോ സംഭവങ്ങളെയോ അനുഭവങ്ങളെയോ മാതൃകയാക്കി ജീവിതത്തിന്റെ ദിശാപരിണാമങ്ങളെ സ്ഥാനപ്പെടുത്തുകയും അതിനു പിന്നിലെ അനുഭൂതിവിശേഷത്തെ സ്‌നേഹമെന്നു വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഈ രീതിശാസ്ത്രം തന്നെയാണ് ജോസഫ് മിക്ക ലേഖനങ്ങളിലും പിന്തുടരുന്നത്. അതിനപ്പുറത്ത് എന്തെങ്കിലും സാമൂഹ്യാപഗ്രഥനമോ ഉൽക്കണ്ഠയോ വിശകലനമോ അവയുടെ സമ്പ്രദായമല്ല. ഉത്തേജന-പ്രചോദനസാഹിത്യത്തിന്റെ അനുഭവ-കുമ്പസാര സ്വഭാവങ്ങൾക്കുള്ള പരിമിതിയും സാധ്യതയും ഇതാണ്. വ്യക്തിപരം മാത്രമാണ് അവയ്ക്ക് ജീവിതവും അവസ്ഥകളും. പക്ഷേ നിശ്ചയമായും അവയ്ക്ക് അവയുടേതായ പ്രസക്തിയും പ്രയോജനങ്ങളുമുണ്ട്. ‘കൂട്ട്’ എന്ന ബോബിജോസിന്റെ പുസ്തകത്തെക്കുറിച്ച് ഈ പംക്തിയിൽ മുൻപെഴുതിയ നിരൂപണം ഓർക്കുക-ഖലീൽ ജിബ്രാന്റെ ഭാവനയിൽനിന്നു സമുദ്രദൂരങ്ങളുണ്ടെങ്കിലും സ്‌നേഹത്തിന്റെ ദൈവശാസ്ത്രമാകുന്നു ബോബിയുടെയും പുസ്തകം. ബോബിയുടേതുപോലുള്ള പരന്ന വായനയോ പടർന്ന കാഴ്ചകളോ ഇല്ലെങ്കിലും തന്റേതായ രീതിയിൽ സ്‌നേഹജീവിതത്തെക്കുറിച്ച് അത്യന്തം വായനാക്ഷമതയുള്ള ഭാഷയിൽ ജോസഫ് എഴുതിയ ‘ദൈവത്തിന്റെ ചാരന്മാർ’ ‘കൂട്ടി’ന്റെ തുടർച്ചയായും വായിക്കാം.

ബോബിജോസിന്റെ സാന്നിധ്യവും സ്വാധീനവും തന്റെ ജീവിതം സെമിനാരിക്കു പുറത്തേക്കു വഴിതിരിച്ചുവിട്ട് കഥപറയുന്ന ശ്രദ്ധേയമായൊരു ലേഖനം ഈ പുസ്തകത്തിലുണ്ട് - ‘ഹൃദയവയൽ’ എന്ന രചന. അദ്ദേഹത്തെക്കുറിച്ചുള്ള ഊഷ്മളമായ സ്മരണകൾ ജോസഫ് കവിതപോലെഴുതുന്നു:

“പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഞാൻ സെമിനാരിയിൽ ചേർന്നു. ഇന്നും എന്നോട് എന്തിനാണ് നീയന്ന് സെമിനാരിയിൽ പോയതെന്ന് ചോദിച്ചാൽ ഞാൻ ഒരുത്തരമേ പറയൂ,

“എനിക്കറിയില്ല ഞാൻ എന്തിനാണ് സെമിനാരിയിൽ ചേർന്നതെന്ന്, ആരൊക്കെയോ പറഞ്ഞു, എന്തൊക്കെയോ കേട്ടു, വിശ്വസിച്ചു, ഞാൻ പോയി”.

സ്വാതന്ത്ര്യമാണ് ഏറ്റവും വിലപ്പെട്ടത് എന്ന സത്യം ഞാൻ മനസ്സിലാക്കിയത് സെമിനാരിയിൽ ചേർന്നതിനുശേഷമാണ്. ഓടിപ്പറന്ന്, കളിയും ചിരിയുമായി നടന്ന ഞാൻ ഒരുപാട് നിയമങ്ങളുള്ള, പള്ളിമണികളെ അനുസരിച്ചുകൊണ്ടുള്ള ജീവിതത്തിന് മനപ്പൂർവ്വം കീഴടങ്ങി. ഞങ്ങൾക്ക് പലതരത്തിലുള്ള ക്ലാസ്സുകൾ ഉണ്ടായിരുന്നു, ഇംഗ്ലീഷ്, ബൈബിൾ, സംഗീതം, അങ്ങനെ മെല്ലെ മെല്ലെ ഞാൻ ആ ജീവിതത്തെ കഷ്ടപ്പെട്ട് ഇഷ്ടപ്പെടാൻ തുടങ്ങി. അങ്ങനെയൊരു ദിവസം ഞങ്ങൾ സെമിനാരി വിദ്യാർത്ഥികളുടെ ചുമതലയുള്ള ഫാദർ കുര്യാക്കോസ് പുത്തന്മാനായിൽ അച്ചൻ ഒരു പുതിയ ക്ലാസ്സിനെക്കുറിച്ച് പറഞ്ഞു. നാളെത്തുടങ്ങി പുതിയൊരച്ചൻ ക്ലാസ്സെടുക്കാൻ വരും, പേര് ബോബി ജോസ് കട്ടിക്കാട് എന്നാണ്. പല അച്ചന്മാരുടെയും കന്യാസ്ത്രീകളുടെയും ക്ലാസ്സിലിരുന്നു മടുത്തതുകൊണ്ട് ‘പുതിയൊരച്ചൻ വരും’ എന്നു കേട്ടപ്പോൾ അതിൽ വലിയ പുതുമയൊന്നും തോന്നിയില്ല.

പിറ്റേദിവസം, നല്ലപോലെ താടിയും മുടിയുമുള്ള, കാലിൽ ചെരുപ്പുധരിക്കാത്ത ഒരു ചെറുപ്പക്കാരൻ അച്ചൻ ഞങ്ങളുടെ ക്ലാസ്സ് മുറിയിലേക്കു കടന്നുവന്നു. വളരെ ശാന്തമായാണ് അദ്ദേഹം സംസാരിച്ചിരുന്നത്. അദ്ദേഹം ആളുകളെ പിടിച്ചിരുത്തുന്ന ഒരു പ്രാസംഗികൻ ആയിരുന്നില്ല. പലപ്പോഴും അങ്ങേയറ്റം മടുപ്പിക്കുന്നതും, ഉറക്കംവരുന്ന രീതിയിലുമുള്ള ഒരേ താളത്തിലുള്ള സംസാരമായിരുന്നു അദ്ദേഹത്തിന്റേത്. ഞങ്ങളോട് അച്ചൻ പറയുന്ന കാര്യങ്ങൾ എഴുതിയെടുക്കാൻ ആവശ്യപ്പെടുമായിരുന്നു, പ്രധാനപ്പെട്ട കാര്യങ്ങൾ നോട്ടുചെയ്യുകയല്ല, മറിച്ച് അച്ചൻ പറയുന്ന വാചകങ്ങൾ അതുപോലെ എഴുതിയെടുക്കണം. എഴുതിയെഴുതി എന്റെ കൈ വേദനിക്കുമായിരുന്നു, ചിലപ്പോഴൊക്കെ എഴുതുന്നപോലെ അഭിനയിച്ച് ഞാൻ വെറുതേയിരിക്കും.

കുറച്ചു മാസങ്ങൾ മാത്രമേ അച്ഛന്റെ ക്ലാസ്സ് ഉണ്ടായിരുന്നുള്ളൂ. ആ സമയങ്ങളിലാണ് അച്ചൻ ഒരു പുസ്തകം എഴുതിയിട്ടുണ്ട് എന്നറിഞ്ഞത്. പുതിയ പുസ്തകം അടുത്ത ദിവസം പ്രകാശനം ചെയ്യുമെന്നും അച്ചൻ പറഞ്ഞു. സെമിനാരിവിദ്യാർത്ഥികൾക്ക് വിലക്കുറവിൽ പുസ്തകം ലഭ്യമാണെന്നും നോട്ടീസ് ബോർഡിൽനിന്ന് വായിച്ചു. ഈ രണ്ടാമത്തെ പുസ്തകം പ്രൂഫ് റീഡ് ചെയ്തിരിക്കുന്നത് ഞങ്ങളുടെ ചുമതലയുള്ള പുത്തന്മാനായിലച്ചനാണ് എന്ന അറിവ് ആ പുസ്തകം വാങ്ങിക്കാൻ പലരെയും പ്രേരിപ്പിച്ചു. അച്ചനെ സോപ്പിടുകയായിരുന്നു ലക്ഷ്യം. അങ്ങനെ ജീവിതത്തിൽ ആദ്യമായി ഞാൻ കാശ് കൊടുത്തൊരു പുസ്തകം സ്വന്തമായി വാങ്ങിച്ചു. ‘ഹൃദയവയൽ’ എന്നായിരുന്നു പുസ്തകത്തിന്റെ പേര്.

അതിന്റെ കവർചിത്രം അസ്സിസ്സിയിലെ ഫ്രാൻസിസിനെക്കുറിച്ചുള്ള ഏതോ സിനിമയിലെ ഫ്രാൻസിസ് എന്ന കഥാപാത്രത്തിന്റെയും സുഹൃത്തുക്കളുടെയും ആയിരുന്നു. പുറകിൽ അച്ചന്റെ പടമുണ്ടായിരുന്നു. അതുകണ്ടപ്പോൾ ഒരു കൗതുകമൊക്കെ തോന്നി. നമ്മൾ നേരിട്ട് കണ്ട ഒരാളുടെ പുസ്തകം എന്ന തോന്നൽ ആ പുസ്തകത്തെ ഇഷ്ടപ്പെടാൻ എനിക്കൊരു കാരണം നല്കി. ഞങ്ങൾക്ക് അനുവദിച്ചുതന്നിട്ടുള്ള സ്റ്റഡി ടൈമിൽ ഞാൻ വെറുതേ ആ പുസ്തകം തുറന്നു. സമയം കളയാനായി എന്റെ പേര് എഴുതിവയ്ക്കാനായിരുന്നു ഉദ്ദേശ്യം, നല്ല സ്റ്റൈലിൽ പേരെഴുതുക എന്നുള്ളത് അന്ന് സമയം കളയാനുള്ള സ്ഥിരം വിനോദമായിരുന്നു. പെട്ടെന്നാണു താഴെ എഴുതിയിരിക്കുന്ന മൂന്നു വാചകങ്ങൾ ഞാൻ ശ്രദ്ധിച്ചത്. അതിങ്ങനെയായിരുന്നു.

സമർപ്പണം

“കളിപ്പാട്ടങ്ങളെക്കാൾ മകന് നല്ലത് പുസ്തകങ്ങളായിരിക്കും എന്നു വിശ്വസിച്ച അപ്പച്ചന്, അർഹിക്കാത്ത സ്‌നേഹത്തിന്റെ അത്താഴം വിളമ്പുന്ന സന്ന്യാസസുഹൃത്തുക്കൾക്ക്, ഒടുവിൽ, എഴുതുന്നതൊന്നും പാഴായിപ്പോകുന്നില്ല എന്ന് ഓർമ്മിപ്പിക്കുന്ന നിനക്കും”.

അതിലെ അവസാന വാചകം എന്നെ ഒരുപാട് ആകർഷിച്ചു, “ഒടുവിൽ, എഴുതുന്നതൊന്നും പാഴായിപ്പോകുന്നില്ല എന്ന് ഓർമ്മിപ്പിക്കുന്ന നിനക്കും”.

അത് എനിക്കുവേണ്ടി എഴുതിയതുപോലെ, എന്നോട് നേരിട്ടു പറയുന്നപോലെ തോന്നി. എന്റെ വായനാലോകത്തേക്കുള്ള യാത്ര തുടങ്ങുന്നത് അവിടെനിന്നാണ്. തെറ്റിയ എന്റെ വഴികൾ ശരിയിലേക്കുള്ളതാണ് എന്ന് ഞാൻ മനസ്സിലാക്കാൻ തുടങ്ങിയത് അന്നുതൊട്ടായിരുന്നു. ഒരു നല്ലവനായ മനുഷ്യന്റെ വാക്കുകളെ കൂട്ടുപിടിച്ച് ഞാൻ സഞ്ചരിച്ചപ്പോൾ തുറന്നുകിട്ടിയത് പുസ്തകങ്ങളുടെ ലോകമാണ്.

‘ഒരു ഭിക്ഷക്കാരൻ മറ്റൊരുവന് തനിക്ക് ഭക്ഷണം കിട്ടിയത് ഇന്ന വീട്ടിൽനിന്നാണ്, അവിടേക്കു ചെല്ലൂ എന്നുപറഞ്ഞ് വഴികാണിച്ചുകൊടുക്കുന്നതാണ് യഥാർത്ഥ സുവിശേഷം’ എന്ന് അച്ചൻ എഴുതിവച്ചു. ഇത്രയുംകാലം ഞാനൊക്കെ ‘ഈശോ തമ്പുരാൻ’ എന്നുമാത്രം വിളിച്ചുശീലമുള്ള ക്രിസ്തുവിനെ ‘മരപ്പണിക്കാരനായ മുപ്പത്തിമൂന്ന് വയസ്സുള്ള ചെറുപ്പക്കാരൻ’ എന്ന് ബോബിയച്ചൻ വിശേഷിപ്പിച്ചപ്പോൾ ദൈവത്തെ എനിക്കൊരു സുഹൃത്തായി അനുഭവപ്പെട്ടു.

‘ആത്മീയത എന്നുപറയുന്നത് നിങ്ങളുടെ ഉണർത്തപ്പെട്ട ഗൃഹാതുരത്വമാണ് (Spirituality is an awakened nostalgia)’, ഒരു കുട്ടി അച്ഛന്റെ കൈപിടിച്ച് ഉത്സവപ്പറമ്പിലൂടെ നടക്കുമ്പോൾ ബലൂണുകൾക്കും കളിപ്പാട്ടങ്ങൾക്കും ചെണ്ടമേളങ്ങൾക്കും എന്തു ഭംഗിയായിരുന്നു. എപ്പോഴോ ആ കുഞ്ഞിന് അച്ഛന്റെ വിരൽത്തുമ്പ് നഷ്ടമാകുന്നു. പിന്നീട് അവൻ കാണുന്ന മായക്കാഴ്ചകൾ അവനെ ചിരിപ്പിക്കുന്നില്ല; മറിച്ച് ഭയപ്പെടുത്തുന്നു. ആത്മീയത എന്നു പറയുന്നത് ഈശ്വരൻ എന്ന അച്ഛന്റെ വിരലു പിടിച്ച് നടക്കുന്നതാണെന്ന് എഴുതിവച്ചപ്പോൾ, ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർത്ഥനയുടെ ശരിയായ അർത്ഥം എനിക്കു മനസ്സിലായി. ദൈവം സ്വർഗ്ഗത്തിൽ അല്ല, നിങ്ങളുടെ ഇടയിലാണ് എന്ന് പറഞ്ഞപ്പോൾ വായനക്കാരനായ എന്റെ കണ്ണുകളും നിറഞ്ഞു.

വിശാലമായ സ്‌നേഹമാണ് ആത്മീയതയുടെ ആദ്യ ചുവടെന്നു മെല്ലെ മനസ്സിലാക്കിത്തുടങ്ങി. ഞാൻ ആദ്യമായി, സ്വന്തമായി ചില ആശയങ്ങൾ എഴുതിയത് അച്ഛന്റെ, ‘ഹൃദയവയൽ’ എന്ന പുസ്തകത്തിലെ അദ്ധ്യായങ്ങൾക്കുശേഷം കാണുന്ന, ഒന്നുമെഴുതാത്ത ഇത്തിരി സ്ഥലത്താണ്. എനിക്ക് വായിച്ചപ്പോൾ മനസ്സിലായ കാര്യങ്ങളൊക്കെ ഞാൻ അവിടെ കുത്തിക്കുറിച്ചു.

ബ്രഹ്മചര്യം ഒരിക്കലും വിവാഹജീവിതത്തെക്കാൾ മുകളിലല്ലെന്നും ചില ചോദ്യങ്ങൾ സ്വയം ചോദിച്ചുതുടങ്ങുന്നിടത്താണ് ആത്മീയ അന്വേഷണം ആരംഭിക്കുന്നതെന്നും അച്ചന്റെ, വാക്കുകൾ പറഞ്ഞുതന്നപ്പോൾ, ഞാൻ ആദ്യം എന്നോട് ചോദിച്ച ചോദ്യം ഇതാണ്:

“ഒരു പുരോഹിതനാകാൻ നിനക്ക് സത്യസന്ധമായ ആഗ്രഹമുണ്ടോ?”

ഇല്ല എന്നതാണ് എനിക്ക് ലഭിച്ച മറുപടി. ദൈവം എന്നത് ദൈവാന്വേഷണമാണെന്നും ആത്മീയജീവിതത്തിന് പുരോഹിതന്റെ വെളുത്ത കുപ്പായം ഒരു അനിവാര്യതയല്ലെന്നുമുള്ള തിരിച്ചറിവ് ഉണ്ടായപ്പോൾ, എന്നെ വിളിച്ചു എന്നു കരുതിയവന്റെ യഥാർത്ഥ വിളി എന്റെ ഉള്ളിൽനിന്ന് കേട്ട് ഞാൻ സെമിനാരിയുടെ മതിൽക്കെട്ടുകളിൽനിന്ന് പുറത്തേക്കിറങ്ങി.

പിന്നീട് ബാംഗ്ലൂർ നഗരത്തിലേക്ക് എന്റെ ജീവിതം പറിച്ചുനട്ടപ്പോഴും അന്നുവരെ കാണാതിരുന്ന സുഖസന്തോഷങ്ങളുടെ ഇരുട്ടിലായിരുന്നപ്പോഴും അച്ചന്റെ വാക്കുകൾ ഉള്ളിലിട്ടുതന്ന ഒരു ഇത്തിരിവെട്ടം എന്നെ ഞാൻപോലുമറിയാതെ നയിക്കുന്നുണ്ടായിരുന്നു. ഞാൻ അച്ഛന്റെ പുതിയ പുസ്തകങ്ങളെ അന്വേഷിച്ചുനടന്നു.

അദ്ദേഹമൊരു ക്രിസ്ത്യൻ പുരോഹിതനാണെങ്കിലും അച്ചന്റെ എഴുത്തുകളിൽ മഹാഭാരതവും രാമായണവും ഖുറാനും ബുദ്ധിസവും മാറി മാറി കടന്നുവരുന്നത് നമുക്കു കാണാൻ സാധിക്കും. കമ്മട്ടിപ്പാടവും ‘പ്രാഞ്ചിയേട്ടനും’ ‘ഒഴിമുറി’യും എന്നു തുടങ്ങിയുള്ള മലയാളസിനിമകളും ‘ബൈസിക്കിൾ തീവ്‌സ്’, ‘ചിൽഡ്രൻ ഓഫ് ഹെവൻ’ പോലുള്ള അന്യാഭാഷാചിത്രങ്ങളും പല ആശയങ്ങൾക്കും റഫറൻസ് ആയി കടന്നുവരും.

ഈ മനുഷ്യായുസ്സിൽ ഒരാൾ വായിച്ചിരിക്കേണ്ട ചില പുസ്തകങ്ങളുടെ പേരുകൾ ഞാൻ ആദ്യമായി വായിച്ചത് അച്ചന്റെ പുസ്തകങ്ങളിൽ നിന്നാണ്.

ദസ്തയേവ്‌സ്‌കിയുടെ ‘കാരമസോവ് സഹോദരന്മാർ’, ഒ.വി. വിജയന്റെ ‘കടൽത്തീരത്ത്’, കസാൻദ്‌സാകിസിന്റെ ‘ഫ്രാൻസിസ്’, ഖാലിദ് ഹോസിനിയുടെ ‘തൗസൻഡ് സ്‌പ്ലെൻഡിസ് സൺസ്’, മാർക്വിസിന്റെ ‘ഏകാന്തതയുടെ നൂറ് വർഷങ്ങൾ’, കൊയ്‌ലോയുടെ ‘ആൽകെമിസ്റ്റ്’ ഇവയെല്ലാം ഞാൻ തേടിപ്പോകാനുള്ള കാരണം അദ്ദേഹം ഈ പുസ്തകങ്ങളെ സ്‌നേഹപൂർവ്വം പരിചയപ്പെടുത്തിയതുകൊണ്ടാണ്.

കുമ്പസാരക്കൂടുകളോട് എന്നുമൊരു അടുപ്പം എനിക്കുണ്ടായിരുന്നു. കഠിനപാപങ്ങളുടെ ചുഴിയിൽ അകപ്പെട്ട കുറ്റബോധവും പേറി തല കുമ്പിട്ടുനിൽക്കുന്ന ഒരു സ്ഥലമല്ല കുമ്പസാരക്കൂടെന്നും മറിച്ച്, എല്ലാം നിശ്ശബ്ദം കേൾക്കുന്ന, എല്ലാത്തിനും മാപ്പുകൊടുക്കുന്ന, ഒരു മാത്രപോലും എന്നെ ലജ്ജിക്കാൻ അനുവദിക്കാത്ത, എപ്പോഴും ഓടിക്കയറാവുന്ന ഒരു സുഹൃത്തായിട്ടാണ് കുമ്പസാരക്കൂടിനെ ബോബിയച്ചൻ എനിക്ക് പരിചയപ്പെടുത്തിത്തന്നത്.

കൃത്യമായ ഇടവേളകളിൽ അച്ചൻ എഴുതിയ ഓരോ പുസ്തകങ്ങളും ഞാൻ ഐസ്‌ക്രീം ബെൽ കേൾക്കുന്ന കുട്ടിയുടെ അതേ ഉത്സാഹത്തോടെ പോയി വാങ്ങുമായിരുന്നു. എല്ലാ പുസ്തകങ്ങളിലും അച്ചൻ ഉദാഹരിക്കുന്ന മറ്റ് പുസ്തകങ്ങൾ തേടിപ്പിടിച്ചു വായിക്കുമായിരുന്നു.

അച്ചൻ എഴുതുന്ന വാക്കുകൾക്ക് നമ്മളെക്കൊണ്ട് എഴുതിക്കാൻ പ്രേരിപ്പിക്കുന്ന ഒരു സ്‌നേഹമുണ്ട്. വായനയുടെ ലോകത്തിൽനിന്നും എഴുത്തിന്റെ ലോകത്തേക്ക് ഞാൻ കടന്നത് ഒരു ആത്മകഥ രചിച്ചുകൊണ്ടാണ്. ഇരുപത്തിയേഴാമത്തെ വയസ്സിൽ ഞാൻ ആൗൃശലറ ഠവീൗഴവെേ എന്ന ഇംഗ്ലീഷ് പുസ്തകം രചിക്കുമ്പോൾ ആദ്യ അദ്ധ്യായത്തിലെ ആദ്യ വരികൾ അച്ചന്റെ നിലത്തെഴുത്ത് എന്ന പുസ്തകത്തിൽ നിന്നായിരുന്നു.

“വീണ്ടും കണ്ടെത്തുന്നതുവരെ ഒന്നും കളഞ്ഞുപോയിട്ടില്ല” (Nothing is lost until you rediscover it).

സ്വന്തം ജീവിതാനുഭവങ്ങളെ എഴുതിവച്ചപ്പോൾ ഞാൻ ധരിച്ചിരുന്ന കണ്ണട ബോബിയച്ചന്റെയാണ്, എല്ലാത്തിനെയും സ്‌നേഹത്തിന്റെയും മാപ്പുകൊടുക്കലിന്റെയും പ്രതീക്ഷയുടെയും കണ്ണുകളിലൂടെ കണ്ടപ്പോൾ, എന്റെ വീഴ്ചകൾക്കുവരെ ആത്മീയതയുടെ അടിയൊഴുക്കുണ്ടെന്നു മനസ്സിലായി.

ഇന്ന് ഞാൻ കൂടുതൽ അറിയപ്പെടുന്നത് എന്റെ ഫേസ്‌ബുക്ക്, യു ട്യൂബ് വീഡിയോകളിലൂടെയാണ്. എല്ലാവരും പറയുന്നത് ഞാൻ വളരെ വ്യത്യസ്തമായി ചിന്തിക്കുന്നു, എന്റെ വാക്കുകൾ മോട്ടിവേഷൻ നല്കുന്നതാണ് എന്നൊക്കെയാണ്. ഫേസ്‌ബുക്ക് കമന്റുകളായും, പേഴ്‌സണൽ മെസേജുകളായും എനിക്ക് ഏറ്റവും കൂടുതൽ കിട്ടിയിരിക്കുന്ന ചോദ്യം, “താങ്കളെ സ്വാധീനിച്ച വ്യക്തിയാരാണ്” എന്നുള്ളതാണ്.

സ്‌നേഹം നിറഞ്ഞ വായനക്കാരാ, നിങ്ങളോട് ഞാൻ മനസ്സ് തുറന്നുപറയട്ടെ, എന്നെ ഏറ്റവും സ്വാധീനിച്ച മനുഷ്യൻ ഒരു പുരോഹിതനാണ്, ബോബി ജോസ് കട്ടിക്കാട് എന്ന കപ്പുച്ചിൻ അച്ചൻ”.

പിതാവ് മരണാസന്നനായി കിടക്കുന്ന രാത്രിയിൽ കസ്തൂർബയുമൊത്ത് ശയിച്ചതിന്റെ കുറ്റബോധത്തെക്കുറിച്ച് ഗാന്ധിയെഴുതിയ ആത്മകഥാഭാഗത്തിൽ നിന്നു തുടങ്ങി, സ്വന്തം അമ്മയോട് താൻ പലപ്പോഴും കാണിച്ചിട്ടുള്ള നന്ദികേടുകളെയും സ്‌നേഹരഹിതമായ പെരുമാറ്റങ്ങളെയും കുറിച്ചു പശ്ചാത്തപിക്കുന്നു, ‘എന്റെ ഇരട്ടലജ്ജ’ എന്ന രചനയിൽ ജോസഫ്. മറ്റൊരു കുമ്പസാരപാഠം.

തന്റെ ഓഫീസിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ സുനിലിന്റെ അസാധാരണമായ ജീവിതകഥ പറയുന്നു, ‘കാവൽക്കാര’നിൽ ജോസഫ്. വണ്ടിപ്പെരിയാറിൽ തോട്ടം തൊഴിലാളിയുടെ മകനായി ജനിച്ച് വാർക്കപ്പണിക്കാരനായി ജീവിച്ച സുനിൽ, തന്നെപ്പോലെതന്നെ ദരിദ്രനായ ഒരു മനുഷ്യന്റെ മകൾക്ക് യാതൊരു പ്രതിഫലവും വാങ്ങാതെ വൃക്ക ദാനം ചെയ്തതിന്റെ കഥയാണിത്.

റേഡിയോ മിർച്ചിയിൽ ജോലിചെയ്യുന്ന കാലത്ത് പെൺകുട്ടികൾക്കു നേരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങൾക്കെതിരെ ജോസഫ് ഈ ‘ഞാനാണ് മാറ്റം’ എന്ന വീഡിയോ (ഓർക്കുക ചേതൻഭഗത്തിന്റെ താക്കോൽ വാക്കും ‘മാറ്റം’ തന്നെയാണ്!) കണ്ട് ജോസഫിനോട് ഒരു പെൺകുട്ടി അവളുടെ കഥ പറയുന്നു. അതാണ് ‘ഫെമിനിച്ചി’. അച്ഛന്റെ ഉറ്റസുഹൃത്ത് ഒരു ബർത്ത്‌ഡേ പാർട്ടിക്കിടെ കുട്ടിയായിരുന്ന തന്നെ ബലാത്സംഗം ചെയ്തതിന്റെ ആഘാതം ജീവിതംതന്നെ തലകീഴ്മറിച്ചതിന്റെ കഥയാണവൾ പറയുന്നത്. ജോസഫ് ഈ കഥയിൽനിന്ന് സമീപകാലസാഹചര്യങ്ങളിലെ ലൈംഗികാതിക്രമങ്ങളിലേക്ക് വായനക്കാരുടെ ശ്രദ്ധ തിരിക്കുകയും നാദിയ മുറാദിന്റെയും അനുരാധാ കൊയ്‌രാളയുടെയും മറ്റും പ്രവർത്തനങ്ങൾ മാതൃകകളായി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. സാമൂഹ്യോൽക്കണ്ഠകൾ പങ്കുവയ്ക്കുന്ന ചുരുക്കം ചില രചനകളിലൊന്നാണിത്. സ്ത്രീയും പുരുഷനും എന്ന രചനയും ഇതേ വിഷയത്തിലുള്ള, കൂടുതൽ വിശാലാർഥത്തിലുള്ള ചില ചിന്തകൾ മുന്നോട്ടുവയ്ക്കുന്നു.

രക്തദാനത്തിന്റെ മഹത്തായ മാതൃക അവതരിപ്പിച്ച് ക്രിസ്ത്യാനോ റൊനാൾഡോ സൃഷ്ടിക്കുന്ന സമാന്തരജീവിതത്തിന്റെ കഥ പറയുന്ന ജോസഫ്, മദ്യപാനം നമ്മുടെ മാത്രമല്ല മറ്റുള്ളവരുടെയും ജീവൻ രക്ഷിക്കുന്നതിന് എങ്ങനെ തടസ്സമാകുന്നുവെന്നു വിശദീകരിക്കുകയാണ് മറ്റൊരു രചനയിൽ. വിഷാദരോഗത്തിനടിപ്പെട്ട ഒരു പെൺകുട്ടിയുടെ കഥയിൽനിന്നു തുടങ്ങി, കുടുംബങ്ങൾ വ്യക്തികൾക്കു പരസ്പരം താങ്ങും തണലുമായി മാറാത്ത കാലത്തിന്റെ ക്രൂരയാഥാർഥ്യങ്ങൾ മറനീക്കുന്നു, ‘തണൽമരങ്ങൾ’. ജീവിതത്തിലുണ്ടാകുന്ന ചെറിയ തിരിച്ചടികളിൽനിന്ന് എത്രയും വേഗം കരകയറിയില്ലെങ്കിൽ സംഭവിക്കാവുന്ന വലിയ പ്രശ്‌നങ്ങളുടെയും, അപ്പോഴും സ്‌നേഹമൂർത്തിയായി ഒപ്പം നിൽക്കുന്ന അപ്പന്റെയും അനുഭവമാവിഷ്‌ക്കരിക്കപ്പെടുന്നു, ‘പ്രതിഷേധ’ത്തിൽ.

‘സ്‌നേഹിക്കപ്പെടാതെ പോകുന്ന സ്‌നേഹം’ എന്ന ബോബിജോസിന്റെ പ്രയോഗത്തിൽ നിന്നാരംഭിച്ച് സെമിനാരികാലത്തെ തന്റെ ഒരനുഭവത്തിലൂടെ മുന്നേറി രണ്ടു വ്യക്തികൾക്കു താൻ തിരിച്ചുകൊടുക്കാതെപോയ സ്‌നേഹത്തെക്കുറിച്ചു നടത്തുന്ന കുറ്റമേറ്റുപറയലാണ് ഇനിയൊരു രചന. സാൽവിൻ എന്ന കൂട്ടുകാരനാണ് ഒരാൾ. സ്വന്തം സഹോദരൻ തന്നെയാണ് മറ്റെയാൾ. ജോസഫ് തന്റെ കുറ്റസമ്മതം ഇങ്ങനെ സംഗ്രഹിക്കുന്നു:

“കിട്ടിയപോലെ, സ്വീകരിച്ചപോലെ തിരിച്ചുകൊടുക്കാൻ പറ്റാത്ത കുറച്ചധികം സ്‌നേഹങ്ങളുടെ കണക്കുപുസ്തകം പേറിനടക്കുന്ന ഒരാളാണ് ഞാൻ, അതുകൊണ്ടുതന്നെ എന്റെ എഴുത്തെല്ലാം ആരുടെയൊക്കെയോ സ്‌നേഹത്തെ ഓർമ്മിച്ചുകൊണ്ടാണ്. എന്നെ സ്‌നേഹിച്ചവരൊക്കെത്തന്നെ പരാതികളില്ലാതെ സ്‌നേഹിച്ചവരാണ്. അല്ലേലും ഈ സ്‌നേഹം സ്‌നേഹമാകുന്നത് പരാതികളില്ലാതെ സ്‌നേഹിക്കുമ്പോഴല്ലേ?

ഒരാളുടെ കുറവുകളെയും സ്‌നേഹിച്ച് തുടങ്ങുന്നിടത്താണ് സ്‌നേഹം പൂർണ്ണമാകുന്നത്. ചില കുറ്റബോധങ്ങളിൽനിന്ന്, ചില മുറിവുകളിൽനിന്ന്, അനാവശ്യമായ ലജ്ജയിൽനിന്ന് ഒരുവനു സ്വാതന്ത്ര്യം കൊടുക്കുന്ന സ്‌നേഹമാണ് യഥാർത്ഥ സ്‌നേഹം. നിങ്ങൾക്കറിയാം, നിങ്ങൾ സ്‌നേഹിക്കുന്നുണ്ടെന്ന്, അതിൽ സന്തോഷവാനായിരിക്കുക, തിരിച്ച് സ്‌നേഹിക്കില്ല എന്നറിഞ്ഞിട്ടും നീണ്ടുനിന്നേക്കില്ല എന്നറിഞ്ഞിട്ടും പിന്നെയും സ്‌നേഹിക്കാൻ പറ്റുന്നതാണ് ‘സ്‌നേഹം’ എന്ന വാക്കിനെ അത്ഭുതമാക്കുന്നത്. ‘സ്‌നേഹം’ ആരെയും ആരിൽനിന്നും തട്ടിയെടുക്കുന്നില്ല, സ്‌നേഹം ആരെയും സ്വന്തമാക്കാൻ ശ്രമിക്കുന്നില്ല, സ്‌നേഹം സ്‌നേഹിക്കുകമാത്രം ചെയ്യുന്നു... നിസ്വാർത്ഥമായി... ചിലപ്പോഴൊക്കെ മാപ്പ് കൊടുത്തുകൊണ്ട്... മറ്റുചിലപ്പോൾ കണ്ണ് നിറഞ്ഞുകൊണ്ട്..”.

‘ഗുരു’ എന്ന ലേഖനം തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച, സ്‌നേഹിച്ച, എൽസിടീച്ചറെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പാണ്. ഉപാധികളില്ലാത്ത സ്‌നേഹത്തിലൂടെ മാത്രമേ നിങ്ങൾക്കൊരാളെ ആഴത്തിൽ സ്വാധീനിക്കാൻ കഴിയൂ എന്നു സമർഥിക്കുന്ന രചന.

തുടക്കത്തിൽ പറഞ്ഞ ചേതൻഭഗത്‌ശൈലി ഏറ്റവുമധികം പ്രകടമാകുന്ന രണ്ടു ലേഖനങ്ങളാണ് ‘ഒഴിവാക്കപ്പെടുന്നവർ’, ‘ദൈവത്തിന്റെ തുണ്ടുകഥ’ എന്നിവ. തന്നെ തേടിയെത്തുന്ന രണ്ടു ചെറുപ്പക്കാരുടെ സംഘർഷാത്മകമായ ജീവിതാവസ്ഥകളിൽ നിന്ന് തന്റെ തന്നെ കൂടുതൽ വലിയ പ്രതിസന്ധിഘട്ടങ്ങൾ ഓർത്തെടുക്കുന്ന രചനകൾ. പ്രണയത്തെക്കാൾ വലിയ സൗഹൃദങ്ങളും സ്‌നേഹങ്ങളും തിരിച്ചുകൊടുക്കാൻ കഴിയാത്തതിന്റെ സംഘർഷങ്ങളും തിരിച്ചുകിട്ടാത്തതിന്റെ സങ്കടങ്ങളുമാണ് ഈ ലേഖനങ്ങളുടെ കാതൽ. തന്നെ സ്‌നേഹിച്ച പെൺകുട്ടിയെ തിരിച്ചു സ്‌നേഹിക്കാത്തതിന്റെ കുറ്റബോധവും സ്വപ്നരൂപത്തിലെങ്കിലും തന്റെ ലൈംഗികകാമനകൾ തുറന്നുപറയുന്നതിന്റെ സത്യസന്ധതയും ഈ രചനകളെ വേറിട്ടുനിർത്തുന്നു.

ജോലി രാജിവച്ച്, ജീവിതം ബോറടിച്ച്, വീട്ടിൽ വെറുതെയിരിക്കുമ്പോഴാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ജോസഫ് വീഡിയോ ഇടുന്നത്. അതുകണ്ടാണ് റേഡിയോ ജോക്കിയായി ജോസഫിന് ജോലി വാഗ്ദാനം ചെയ്യപ്പെടുന്നത്. ഏതു പ്രതിസന്ധിഘട്ടത്തിലും ഒപ്പം നിന്ന കൂട്ടുകാരനെക്കുറിച്ചുള്ള ജോസഫിന്റെ രചന, ‘കൂട്ട്’ എഴുതപ്പെടുന്നത് ഈ സന്ദർഭം മുൻനിർത്തിയാണ്. മദർതെരേസ മുതൽ വി.പി. ഗംഗാധരൻ വരെയുള്ളവരുടെ അനുഭവങ്ങളിൽ നിന്നുള്ള ഉദാഹരണങ്ങളെടുത്ത് സ്‌നേഹത്തിൽ നിന്നുദിച്ച് സ്‌നേഹത്തിൽ തന്നെ അസ്തമിക്കുന്ന ജീവിതത്തെക്കുറിച്ചെഴുതിയതാണ് ‘പ്രാണൻ വായുവിൽ അലിയുമ്പോൾ’.

ജീവിതത്തിൽ താൻ ഏറ്റവും ആഴത്തിൽ ആത്മബന്ധം സ്ഥാപിച്ച ദീപുച്ചേട്ടന്റെ കഥപറയുന്ന ‘വഴിവിളക്ക്’, 'Sex is not a promise' എന്ന ‘മായാനദി’യിലെ പ്രസിദ്ധമായ സംഭാഷണത്തിന്റെ ചുവടുപിടിച്ച് ഒരു പെൺകുട്ടി തന്റെ കൂടുതൽ തിക്തമായ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ‘മായാനദി’, സാമൂഹ്യമാധ്യമ ഉപയോഗത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഉത്തരവാദിത്തരാഹിത്യങ്ങളെക്കുറിച്ചുള്ള ‘തന്തയില്ലാത്ത ഡിജിറ്റലിസം’, പഴയ കാമുകിയുടെ വിവാഹത്തിന് മാതാപിതാക്കൾക്കൊപ്പം പോയതിന്റെ അനുഭവം പങ്കുവയ്ക്കുന്ന ‘നായകൻ’, ജീവിതം തനിക്കു നൽകിയത് പ്രണയങ്ങളല്ല സൗഹൃദങ്ങളാണ് എന്നേറ്റുപറയുന്ന ‘സൗഹൃദം, പ്രണയം, ജീവിതം’ എന്നീ രചനകൾ തുടർന്നു വരുന്നു. ഓരോന്നും അനുഭവസമ്പന്നം. ചടുലം. ഭാവതീവ്രം. കുമ്പസാര രഹസ്യംപോലെ മൗലികം. അസാമാന്യമാംവിധം വായനാക്ഷമം. കഥാത്മകമെന്നപോലെ തന്നെ യഥാതഥം. ആത്മനിഷ്ഠമെന്നപോലെതന്നെ വസ്തുനിഷ്ഠം.

ആത്മീയതയുടെയും ആത്മരതിയുടെയും അസ്‌ക്യത അല്പം കൂടുതലുണ്ടെങ്കിലും അന്നംകുട്ടിയുടേത് പുതിയ തലമുറയിലെ മലയാളി ചെറുപ്പക്കാരെ ആൺ-പെൺ ഭേദമില്ലാതെ ജീവിതത്തെയും മനുഷ്യരെയും കൂടുതൽ സ്‌നേഹിക്കാൻ പ്രേരിപ്പിക്കും എന്നുറപ്പാണ്. അതുകൊണ്ടുതന്നെയാണ് കേവലമായ വ്യക്ത്യനുഭവങ്ങൾക്കും കുമ്പസാരങ്ങൾക്കും യാന്ത്രികമായ ഉത്തേജനത്തിനും പ്രചോദനത്തിനുമപ്പുറം വളരെ സ്വാഭാവികമായ ജീവനപാഠങ്ങളായിത്തന്നെ ഈ രചനകൾ സ്വീകരിക്കപ്പെടുന്നതും ഏഴുമാസത്തിനുള്ളിൽ പന്ത്രണ്ട് പതിപ്പുകൾ വിറ്റഴിഞ്ഞതും. സാമൂഹ്യമാധ്യമങ്ങളിൽ ജോസഫിനുള്ള ജനപ്രീതിയും ശ്രദ്ധേയമാണ്. ഇൻസ്റ്റഗ്രമിൽ ആറരലക്ഷത്തിലധികവും ഫേസ്‌ബുക്കിൽ അഞ്ചുലക്ഷത്തിലധികവും യു ട്യൂബിൽ മൂന്നുലക്ഷത്തോളവും പേർ ജോസഫിനെ പിന്തുടരുന്നു.

പുസ്തകത്തിൽനിന്ന്:-

“സാറെ, ഞാൻ ഒരു കറതീർന്ന കമ്മ്യൂണിസ്റ്റാ, പ്രസ്ഥാനത്തിനുവേണ്ടി ജീവിക്കുന്ന, എന്തും ചെയ്യാൻ തയ്യാറായ ഒരാളാണ്. അതിന് ഒരു കാരണമുണ്ട്, ഞാനൊരു തോട്ടം തൊഴിലാളിയുടെ മകനാണ്, ദാരിദ്ര്യം പിടിച്ച ജീവിതമായിരുന്നു ഞങ്ങളുടേത്. മൂന്നു നേരവും കഴിക്കാനുണ്ടായിരുന്നത് അമ്മ വച്ചുണ്ടാക്കിയ ചക്കപ്പുഴുക്കാണ്. ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ, അന്നത്തെ നായനാർ സർക്കാർ പാവപ്പെട്ട തോട്ടം തൊഴിലാളികൾക്കു സൗജന്യമായി ‘കഞ്ഞിയും പയറും’ കൊടുത്തിരുന്നു. വിശക്കുന്നവന് അപ്പം വെച്ചുനീട്ടുമ്പോൾ, ആ അപ്പത്തെ മാത്രമല്ല അത് തന്നവനെയും അതേ നന്മ നിറഞ്ഞ കണ്ണുകളോടെ നമ്മൾ നോക്കും. അങ്ങനെയാണ് ഞാൻ ആദ്യമായി കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചു കേൾക്കുന്നത്. ആ വർഷം, വണ്ടിപ്പെരിയാറിൽ ടഎകയുടെ ആദ്യത്തെ യൂണിറ്റ് സ്ഥാപിതമായി, അതിൽ അംഗമായി. എട്ടാം ക്ലാസ്സിൽ എത്തിയപ്പോൾ, ടഎകയുടെ യൂണിറ്റ് സെക്രട്ടറിയായി. പിന്നീട് ഞാൻ ജീവിച്ചത് പാർട്ടിക്കുവേണ്ടിയായിരുന്നു. ജയിലിൽ ഒരാഴ്ച കിടന്നിട്ടുണ്ട്. പക്ഷേ, ഞാൻ ഒരാളെപ്പോലും ഉപദ്രവിച്ചിട്ടില്ല, പാർട്ടി ആവശ്യപ്പെട്ടു, ജയിലിൽ പോയി കിടന്നു.

ഞങ്ങൾ പാർട്ടിയുടെ നേതൃത്വത്തിൽ ഒരുപാട് സാമൂഹികപ്രവർത്തനങ്ങൾ ചെയ്യുമായിരുന്നു. പാവപ്പെട്ട ആളുകൾക്ക് വീട് വച്ചുകൊടുക്കാൻ പണം സമ്പാദിക്കുക, രക്തദാന ക്യാമ്പയിൻ നടത്തുക, അങ്ങനെ പല പരിപാടികളും ഉണ്ടായിരുന്നു.

ഒരു ദിവസം പാർട്ടിയിലുള്ള ചങ്ങാതിമാരിൽ ഒരാൾക്കു കിഡ്‌നി വേണം, ആരെയെങ്കിലും കണ്ടെത്തിത്തരാൻ പറ്റുമോ, അയാളുടെ സുഹൃത്തിനുവേണ്ടിയാണെന്നു പറഞ്ഞു. അന്നെനിക്ക് ഈ കിഡ്‌നി ഡൊണേഷൻ എന്താണെന്നുപോലും അറിയില്ലായിരുന്നു. പാർട്ടിക്കുവേണ്ടിയാണെങ്കിൽ, ഞാൻ തയ്യാറാണെന്ന് അപ്പോൾത്തന്നെ പറഞ്ഞു. അതിന് കുറെ ടെസ്റ്റ് ഒക്കെ നടത്തണം, ചുമ്മാ ആർക്കും ചെയ്യാൻ പറ്റില്ലായെന്നു പറഞ്ഞപ്പോൾ എന്ത് ടെസ്റ്റും നടത്താൻ തയ്യാറാണെന്ന് ഞാനും പറഞ്ഞു.

അന്നു ഞാൻ വിവാഹിതനാണ്, എനിക്കു രണ്ടു കുട്ടികളും ഉണ്ടായിരുന്നു. പാർട്ടി കഴിഞ്ഞേ കുടുംബംപോലും ഉണ്ടായിരുന്നുള്ളൂ. അത് ശരിയായിരുന്നോ തെറ്റായിരുന്നോ എന്ന് എനിക്കിപ്പോഴും അറിയില്ല. പ്രായമായ ഒരാൾക്കുവേണ്ടിയാണ് കിഡ്‌നി കൊടുക്കേണ്ടിയിരുന്നത്. ഞാൻ ടെസ്റ്റുകൾ എല്ലാം പാസ്സായി, പക്ഷേ അപ്പോഴേക്കും അയാൾ മരിച്ചുപോയി.

കുറച്ചു കാലങ്ങൾക്കുശേഷം പാർട്ടിയുടെ നേതൃത്വത്തിൽ രക്തദാനക്യാമ്പ് നടത്തുകയായിരുന്നു, ഞാൻ ആശുപത്രിയിൽ രക്തം കൊടുക്കാൻ കാത്തിരിക്കുമ്പോൾ ഒരു പെൺകുട്ടിയും അവളുടെ അച്ഛനും അടുത്തിരിക്കുന്നുണ്ടായിരുന്നു. നോട്ടീസ് കൊടുത്ത് ഞങ്ങളുടെ ക്യാമ്പിനെക്കുറിച്ചും, പാർട്ടിപ്രവർത്തനങ്ങളെക്കുറിച്ചും അവരോട് സംസാരിച്ചു. ഞാൻ പറഞ്ഞു മുഴുവനാക്കുന്നതിനു മുൻപേ ആ വയസ്സായ മനുഷ്യൻ എന്റെ കയ്യിൽ കയറിപ്പിടിച്ച് ചില കാര്യങ്ങൾ പറഞ്ഞു.

വൃക്ക തകരാറിലായ പെൺകുട്ടിയാണ് അയാളുടെ മകൾ, പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്, എത്രയും പെട്ടെന്ന് ഒരു ഡോണർ വന്നാൽ ആ കുട്ടിക്ക് ഇനിയും സന്തോഷമായി ജീവിക്കാം. തനിക്ക് എന്താണു ചെയ്യേണ്ടതെന്നറിയില്ലായെന്ന് അയാൾ തൊണ്ടയിടറി പറഞ്ഞു.

ഞാൻ അയാളുടെയൊപ്പമിരുന്നു, പണ്ട് ഒരാൾക്ക് ഇതുപോലെ കിഡ്‌നി ദാനം ചെയ്യാൻ പോയതാണ് ഞാനെന്നും പക്ഷേ, അന്ന് അതു സംഭവിച്ചില്ല എന്നും പറഞ്ഞു. നോട്ടീസിന്റെ മറുപുറത്ത് എന്റെ ഫോൺ നമ്പർ എഴുതി അയാളുടെ കയ്യിൽക്കൊടുത്തു.

“ഞാൻ തയ്യാറാണ്, ഇതാണ് എന്റെ ഫോൺ നമ്പർ, നിങ്ങൾ ആലോചിച്ചിട്ട് പറ. ഒരുപക്ഷേ, അന്നത് നടക്കാതെപോയതു നിങ്ങളെ കണ്ടുമുട്ടാനായിരിക്കും”. ഞാൻ പറഞ്ഞു.

അയാൾ തിരിച്ചൊന്നും പറഞ്ഞില്ല, അത്ഭുതത്തോടെ എന്നെ നോക്കുകമാത്രം ചെയ്തു.

പരസ്പരം നന്ദി പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു. കുറച്ചു നാളുകൾക്കു ശേഷം എനിക്ക് ഒരു ഫോൺ കോൾ വന്നു. ആ പെൺകുട്ടിയുടെ അച്ഛനാണ്, ഓപ്പറേഷൻ നടത്താനുള്ള പണം റെഡിയായി, എന്നോട് ചില ചെക്കപ്പുകൾ നടത്താൻ ആശുപത്രിയിൽ വരുമോ എന്നു ചോദിച്ചു. ഞാൻ സന്തോഷത്തോടെ സമ്മതിച്ചു, ആശുപത്രിയിൽ ചെന്നു ടെസ്റ്റുകൾ എല്ലാം നടത്തി, ആ പെൺകുട്ടിക്ക് വൃക്ക ദാനം ചെയ്യാൻ ഞാൻ യോഗ്യനാണെന്നു തെളിഞ്ഞു. പിന്നീടാണ്, ഡോക്ടർ എന്നെ വിളിപ്പിച്ചത്. വൃക്കദാനത്തെക്കുറിച്ച് ആധികാരികമായി ഞാൻ കേൾക്കുന്നത് അന്നാണ്.

കഴിഞ്ഞതവണ ബേസിക് ടെസ്റ്റുകൾ പാസ്സായിക്കഴിഞ്ഞ ഉടനെതന്നെ സ്വീകരിക്കേണ്ടയാൾ മരിച്ചുപോയതുകൊണ്ട് ഡോക്ടറുമായി എന്തെങ്കിലും സംസാരത്തിന്റെ ആവശ്യം വന്നിരുന്നില്ല. സത്യത്തിൽ അന്നായിരുന്നു ഞാൻ ചെയ്യാൻ പോകുന്ന കാര്യത്തിന്റെ ‘വില’ എനിക്കു മനസ്സിലായത്. കുറച്ച് കാലം ബെഡ് റെസ്റ്റ് എടുക്കണം, ഏതാനും മാസം ഭാരിച്ച പണികൾ എടുക്കാൻ പാടില്ല, കുറച്ചധികം നാൾ മരുന്നുകൾ കഴിക്കണം. ഒരു വൃക്ക മതി ജീവിക്കാൻ എന്നറിഞ്ഞിട്ടും അതിനു വല്ല തകരാറും വന്നാൽ ഞാനും ഇതുപോലെ ഡോണറെ തേടേണ്ടി വരില്ലേയെന്ന് ഓർത്തപ്പോൾ എന്റെ മനസ്സും ശരീരവും വിറയ്ക്കാൻ തുടങ്ങി.

ഞാൻ കാണിച്ചത് ഒരു മണ്ടത്തരമായല്ലോ എന്ന് ആലോചിച്ചിട്ട് എനിക്ക് എന്നോടുതന്നെ ദേഷ്യം വന്നു.

ഞാൻ വാർക്കപ്പണിക്കാരനാണ്, എന്റെ ഒരാളുടെ അധ്വാനം കൊണ്ടാണ് കുടുംബം മുന്നോട്ടുപോകുന്നത്, ഞാൻ ആശുപത്രിയിൽ കിടക്കുമ്പോൾ ആര് വീടു നോക്കും? ഈ ഓപ്പറേഷൻ കഴിഞ്ഞ് ഞാനെന്തു പണിയെടുക്കും? ഒരുപാടു ചോദ്യങ്ങൾ ഒരേസമയം മനസ്സിൽ വന്നുനിൽക്കുന്നുണ്ടായിരുന്നു.

ആശുപത്രിയിൽനിന്നിറങ്ങി നേരേ പോയതു വീട്ടിലേക്കാണ്, ഭാര്യയെയും മക്കളെയും കണ്ടതും ഞാൻ ഈ തീരുമാനത്തിൽനിന്നും പിന്മാറാൻ തീരുമാനിച്ചു, ആ പെൺകുട്ടിയുടെയും അച്ഛന്റെയും മുഖം മനസ്സിൽ മിന്നിമായുന്നുണ്ടായിരുന്നു, ആന കൊടുത്താലും ആശ കൊടുക്കരുത് എന്നാണല്ലോ. നല്ല കുറ്റബോധം എന്നെ അലട്ടുന്നുണ്ടായിരുന്നു, പക്ഷേ, ശക്തമായ കാരണങ്ങൾ നിരത്തി ഞാൻ എന്നെത്തന്നെ ന്യായീകരിച്ചു.

പെട്ടെന്നാണ് ആ പെൺകുട്ടിയുടെ അച്ഛന്റെ ഫോൺകോൾ വീണ്ടും വന്നത്. എല്ലാം തുറന്നു പറയാം എന്ന് തീരുമാനിച്ചുകൊണ്ട് ഞാൻ ഫോൺ എടുത്തു, പക്ഷേ, സംസാരിച്ചത് ആ പെൺകുട്ടിയായിരുന്നു.

“അങ്കിൾ ഒരുപാട് നന്ദി, ടെസ്റ്റ് പാസ്സായി എന്നറിഞ്ഞു, നാളെ ഞങ്ങൾ അഡ്‌മിറ്റ് ആകാൻ പോവുകയാണ്, നിങ്ങൾ ശരിക്കും ദൈവം അയച്ച മാലാഖയാണ്”. ഇത്രയും പറഞ്ഞ് അവൾ ഫോൺ അച്ഛനു കൈമാറി.

“ഓപ്പറേഷനുള്ള പൈസയേ ഇപ്പൊ റെഡിയായിട്ടുള്ളൂ, താങ്കൾക്ക് വേണ്ടതെന്താണെന്നുവച്ചാൽ പറഞ്ഞാൽ മതി, എങ്ങനെയെങ്കിലും അത് ഞാൻ തന്നിരിക്കും, നിങ്ങൾ തീരുമാനത്തിൽനിന്നു പിന്മാറരുത്. എന്റെ മകൾ കുറെ നാളുകൾക്കുശേഷം ചിരിച്ചുകണ്ടത് ഇന്നാണ്, നാളെ വരില്ലേ?” അദ്ദേഹത്തിന്റെ ഈ ചോദ്യത്തിന് മുൻപിലൊരു മറുപടിയും പറയാൻ സാധിക്കാത്ത വിധത്തിൽ എന്റെ നാക്കിറങ്ങിപ്പോയി, ഞാൻ ഒന്നും പറയാതെ ഫോൺ കട്ട്‌ചെയ്തു, റൂമിൽ പോയി ഒറ്റയ്ക്കിരുന്നു.

ചെറിയ നിമിഷങ്ങൾക്കുപോലും വലിയ ഭാരമുണ്ടെന്നു തോന്നിയ സമയമായിരുന്നു അത്. ഒരുവശത്ത് സ്വന്തം കുടുംബവും ഞങ്ങളുടെ കൊച്ചുജീവിതവും. മറുവശത്ത് ഞാൻ കൊടുത്ത വാക്കിന്റെ പേരിൽ ജീവിതത്തെ പ്രതീക്ഷയോടെ നോക്കുന്ന ഒരു പെൺകുട്ടി. ചെയ്യുന്നതു ശരിയാണെന്ന് ഉറപ്പുണ്ടെങ്കിൽ വലിയ കണക്കുകൂട്ടലുകളുടെ ആവശ്യമില്ലെന്നു ഞാൻ തീരുമാനിച്ചു.

“ഞാൻ തയ്യാറാണ്, നാളെ വന്ന് അഡ്‌മിറ്റ് ആയിക്കോളൂ”. ഞാൻ ഫോൺ വിളിച്ചു പറഞ്ഞു.

എങ്ങനെ ഞാൻ ആ തീരുമാനമെടുത്തെന്ന് ഇന്നുമെനിക്കറിയില്ല, എല്ലാം ഏതോ സ്വപ്നംപോലെ തോന്നുന്നു.

എന്റെ ഭാര്യ ഈ തീരുമാനത്തെ പൂർണ്ണമായും എതിർത്തു, ഇത് ഞങ്ങളുടെ ജീവിതത്തെ ബാധിക്കാൻ മാത്രം ശക്തിയുള്ളതാണെന്ന് എനിക്കു മനസ്സിലായി. പക്ഷേ, എന്റെ തീരുമാനം മാറിയില്ല. ബന്ധുക്കളും സുഹൃത്തുക്കളും ‘പാർട്ടി ഭ്രാന്ത്’ എന്നു പറഞ്ഞ് കുറ്റപ്പെടുത്തിയപ്പോഴും ഉള്ളിൽ ആ പെൺകുട്ടിയുടെ മുഖമായിരുന്നു.

പിറ്റേദിവസം ഞാൻ ആശുപത്രിയിൽ അഡ്‌മിറ്റ് ആയി, ആ കുട്ടിയുടെ വീട്ടുകാർ എന്നെ കാണാൻ വന്നു. ഞാൻ എത്രയാണു പ്രതീക്ഷിക്കുന്നതെന്നു ചോദിച്ചു. നല്ലൊരു പ്രതിഫലം വാങ്ങിച്ചിരിക്കണം എന്നെന്നോട് വീട്ടുകാരും ബന്ധുക്കളും പറഞ്ഞിരുന്നു, പക്ഷേ, എന്റെ തീരുമാനം എല്ലാവരെയും നിരാശപ്പെടുത്തി, വേദനിപ്പിച്ചു.

“എനിക്കു പൈസയൊന്നും വേണ്ട, ആശുപത്രിയിൽ കിടക്കുന്ന സമയത്ത് വീട്ടുചെലവിനുള്ള പൈസ ഭാര്യയെ ഏല്പിച്ചാൽ മതി, പിന്നെ ഒരു കാര്യം കൂടി, അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോൾ നിങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി വോട്ടു ചെയ്യുമെന്ന് ഉറപ്പുതരണം”.

എല്ലാം ഓർത്തെടുത്തുകൊണ്ട് സുനിലേട്ടൻ പറഞ്ഞു തീർത്തു. ഇതുവരെ ഞാൻ എല്ലാം നിശ്ശബ്ദമായി കേൾക്കുകയായിരുന്നു.

“സുനിലേട്ടാ, ഒന്നും തോന്നരുത്, നിങ്ങൾ ഈ പറയുന്നത് മുഴുവൻ സത്യമാണോ? ഒരു സാധാരണക്കാരനിത് വിശ്വസിക്കാൻ പറ്റുമെന്ന് എനിക്കു തോന്നുന്നില്ല, ചേട്ടൻ കിഡ്‌നി കൊടുത്തു എന്നതിന് വല്ല തെളിവുമുണ്ടോ?” എന്റെ ചോദ്യം കേട്ട് അദ്ദേഹം ചിരിക്കുകയാണുണ്ടായത്.

“ഞാൻ നാളെ വരുമ്പോൾ സാറിന് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഡോക്ടർ ജോർജ്ജ് ഒപ്പിച്ച സർട്ടിഫിക്കറ്റ് കാണിച്ചു തരാം. അതിന്റെ ഫോട്ടോ എന്റെ മൊബൈലിലും ഉണ്ട്, ഞാൻ അയച്ചുതരാം”.

ഇതു പറഞ്ഞിട്ടയാൾ തന്റെ മൊബൈലിൽ ഡോക്ടർ ഒപ്പിട്ട സർട്ടിഫിക്കറ്റിന്റെ ചിത്രം കാണിച്ചുതന്നു. എല്ലാം സത്യമാണ്.

ആശുപത്രിവാസം കഴിഞ്ഞ് സുനിലേട്ടൻ, കുറച്ചുനാൾ വിശ്രമത്തിലായിരുന്നു. ഭാര്യ ജോലിക്കു പോയി വീട്ടുചെലവിനുള്ള വക കണ്ടെത്തി. വാർക്കപ്പണി ചെയ്യാൻ ഇനി പറ്റില്ല എന്നറിഞ്ഞപ്പോഴാണ്, സെക്യൂരിറ്റി ജോലിക്കു ചേർന്നത്.

എല്ലാ ദിവസവും ഞാൻ ഓഫീസിൽ കയറുമ്പോൾ സാറേ എന്നു വിളിച്ച്, ഒപ്പിടാനുള്ള ബുക്ക് എന്റെ മുമ്പിലേക്കു വെച്ച് എഴുന്നേറ്റുനിർക്കുന്ന ഈ ചെറിയ മനുഷ്യൻ എത്രയോ വലിപ്പമുള്ള ഒരാളാണെന്ന് ഞാനപ്പോൾ ചിന്തിച്ചു.

പത്തു പൈസപോലും പ്രതിഫലം വാങ്ങാതെ, ശരീരത്തിന്റെ ഒരു ഭാഗം, സ്വന്തം ജീവനെയും, ജീവിതത്തെയും മറന്ന് മറ്റൊരു പെൺകുട്ടിക്കു നൽകി, അവളുടെ ജീവനു കാവൽക്കാരനായി നിൽക്കുന്ന സെക്യൂരിറ്റി.

മറ്റൊരാളോടുള്ള ബഹുമാനംകൊണ്ട് എന്നെങ്കിലും നിങ്ങളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടോ? എന്റെ കണ്ണുകൾ ആദ്യമായി അത്തരമൊരു ബഹുമാനംകൊണ്ടു നിറഞ്ഞത് സുനിലേട്ടന്റെ മുൻപിലാണ്.

ബെന്യാമിന്റെ ആടുജീവിതത്തിൽ എഴുതിയിട്ടുള്ളപോലെ, ‘നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങൾ നമുക്കു വെറും കെട്ടുകഥകളാണ്’.”

ദൈവത്തിന്റെ ചാരന്മാർ
ജോസഫ് അന്നംകുട്ടി ജോസ്
ഡി.സി. ബുക്‌സ്
2019, വില: 250 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP