Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

സിനിമ: കാഴ്ചയുടെ രാഷ്ട്രീയം

സിനിമ: കാഴ്ചയുടെ രാഷ്ട്രീയം

ഷാജി ജേക്കബ്‌

സിനിമകൾ കൊണ്ടു നിർമ്മിച്ച ഒരു വീടിനെക്കുറിച്ച് ജർമൻ നവതരംഗ സംവിധായകനായ വെർണർ ഫാസ് ബൈന്ദർക്കുള്ള സങ്കല്പം പി.കെ. സുരേന്ദ്രൻ ഈ പുസ്തകത്തിലൊരിടത്തു സൂചിപ്പിക്കുന്നുണ്ട്. 'കൂട്ടിലടയ്ക്കപ്പെട്ട മൃഗവാസനകൾ' എന്ന ലേഖനത്തിൽ. 'ചില സിനിമകൾ നിലവറകളാണെങ്കിൽ ചിലതു ചുമരുകളാണ്. വേറെ ചിലതു ജാലകങ്ങൾ....' സുരേന്ദ്രന്റെ ഈ പുസ്തകവും ഏതാണ്ടിങ്ങനെയാണ്. ലോകകലാസിനിമയിലേക്ക് ഒരു കിളിവാതിൽ തുറന്നിടുകയാണ് ഇതിലെ ഏതുലേഖനവും ചെയ്യുന്നത്. ചലച്ചിത്രപ്രവർത്തകരും നിരൂപകരും പ്രേക്ഷകരും ഒരുമിച്ചു പാർക്കുന്ന സിനിമാവീടായി മാറുന്നു, അതുവഴി ഈ പുസ്തകം. ഒരുപക്ഷെ ഈ ഗ്രന്ഥത്തിന്റെ ശീർഷകം സൂചിപ്പിക്കുന്നതുപോലെ, 'സിനിമ പാതി, പ്രേക്ഷകർ പാതി' എന്നുതന്നെ വിളിക്കാവുന്ന ഒരനുഭൂതിമണ്ഡലം സൃഷ്ടിച്ചുകൊണ്ട്, ചലച്ചിത്രകലയുടെ മാന്ത്രികത്തിരശ്ശീല വകഞ്ഞുമാറ്റി, മർത്യാനുഭവങ്ങളുടെ ചിത്രപടങ്ങളിലേക്ക് കാഴ്ചയുടെ ജാലകം തുറക്കുകയാണ് സുരേന്ദ്രൻ ചെയ്യുന്നത്. ഈ പുസ്തകത്തിലെ പന്ത്രണ്ടു പഠനങ്ങളും ഇക്കാര്യത്തിൽ ഒന്നിനൊന്നു മികച്ച രീതിയിൽ സംഭാവന നൽകുകയും ചെയ്യുന്നു.

മലയാള ചലച്ചിത്രപഠന പാരമ്പര്യത്തിൽ സുരേന്ദ്രന്റെ 'അഞ്ചു കാമറകൾ ജീവിതം പറയുന്നു' എന്ന മുൻഗ്രന്ഥം ചെയ്തതുപോലെതന്നെ മൗലികവും ശ്രദ്ധേയവുമായ ഒരു പഠനപദ്ധതി മുന്നോട്ടുവയ്ക്കുന്നുണ്ട് ഈ കൃതിയും. കലാസിനിമയാണ് സിനിമ എന്ന ദൃഢവിശ്വാസത്തോട് യാതൊരു വിട്ടുവീഴ്ചയും സുരേന്ദ്രനില്ല. അഥവാ, ജനപ്രിയസിനിമയോട് യാതൊരു നീക്കുപോക്കിനും അദ്ദേഹം തയ്യാറല്ല. 'സംവിധായകന്റെ കലയാണ് സിനിമ'യെന്ന നവതരംഗ ചലച്ചിത്രതത്വം മുറുകെപ്പിടിച്ചും ചലച്ചിത്രസങ്കേതങ്ങളുടെയും സങ്കല്പനങ്ങളുടെയും ചർച്ച നിരന്തരം നടത്തിയും പാഠത്തിന്റെ സൂക്ഷ്മവായനയും ഗാഢവായനയും തന്റെ രീതിശാസ്ത്രമാക്കി നിലനിർത്തിയും സാഹിതീയതയെ മറികടക്കുന്ന ദൃശ്യസംസ്‌കാര/കലാപഠനങ്ങളായി ചലച്ചിത്രനിരൂപണത്തെ വേറിട്ടുകണ്ടും ഭാഷ, ദേശം, കാലം, രാഷ്ട്രം, ഗണം തുടങ്ങിയ മുഴുവൻ വിഭജനയുക്തികളും മറികടക്കുന്ന ചലച്ചിത്രവിചാരങ്ങൾ ക്രോഡീകരിച്ചും ഒറ്റച്ചിത്രങ്ങളുടെ വിശദപഠനത്തിലൂടെ ഒരു ചലച്ചിത്രകാരന്റെ സർഗാത്മകലോകം ചൂണ്ടിക്കാണിച്ചും സുരേന്ദ്രൻ തയ്യാറാക്കുന്ന ചലച്ചിത്രപഠനങ്ങളുടെ ഈ സമാഹാരം മലയാളത്തിൽ ലോകസിനിമയെക്കുറിച്ചുണ്ടായിട്ടുള്ള ഗൗരവതരമായ മാധ്യമ-കലാ വിചാരങ്ങളുടെ മാതൃകകളിലൊന്നാണ്. ഒരുപക്ഷെ, ഐ. ഷണ്മുഖദാസ് മാത്രമായിരിക്കും ഇത്രമേൽ സൂക്ഷ്മതയും വൈശദ്യവും നിലനിർത്തി ക്ലാസിക്കുകളായി മാറിയ ചലച്ചിത്രപാഠങ്ങളെ വിശകലനം ചെയ്തിട്ടുണ്ടാവുക. അതേസമയംതന്നെ, അത്രമേൽ സാർവലൗകികാംഗീകാരം നേടിയ ക്ലാസിക്കുകളല്ല സുരേന്ദ്രൻ ചർച്ചയ്‌ക്കെടുക്കുന്നത് എന്നും സൂചിപ്പിക്കേണ്ടിയിരിക്കുന്നു. വിശ്വവിഖ്യാതരായ സംവിധായകരുടെ പോലും ഏറ്റവും പ്രശസ്തമായ സൃഷ്ടികളല്ല സുരേന്ദ്രന്റെ പഠനവസ്തു. മറിച്ച്, സവിശേഷമായ ചില പ്രമേയങ്ങളോ ചലച്ചിത്രാഖ്യാനത്തിന്റെ കലാപരതയോ പ്രേക്ഷകരുടെ സക്രിയ പങ്കാളിത്തമോ വഴി സമൂഹത്തിലും ചലച്ചിത്രമണ്ഡലത്തിലും ചലനങ്ങളുണ്ടാക്കിയ ഒരുനിര ചിത്രങ്ങളാണ്. ഹംഗറി, പോളണ്ട്, ഇറാൻ, ഇറ്റലി, ബോസ്‌നിയ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവയാണ് ഈ സിനിമകൾ. ഒപ്പം, ഓരോ ബംഗാളി, ഗുജറാത്തി സിനിമയും.

യൂറോപ്യൻ നവതരംഗപ്രസ്ഥാനത്തിന്റെ നടുനായകരായ ഗൊദാർദും ആന്ദ്രെ വൈദയും അലൻ റെനെയും മുതൽ ഇന്ത്യൻ പരീക്ഷണ സിനിമയുടെ വക്താക്കളായ കേതൻ മേത്തയും ആഷിഷ് അവികുന്തറും വരെയുള്ള സംവിധായകർ. 1960കൾ തൊട്ടുള്ള ചിത്രങ്ങൾ. വംശീയത മുതൽ ദേശീയത വരെയുള്ള രാഷ്ട്രീയപ്രമേയങ്ങൾ. ഭരണകൂടത്തോടും തീവ്ര മതവാദത്തോടും പുരുഷാധിപത്യത്തോടും കമ്പോളാധിനിവേശത്തോടും നടത്തുന്ന ബിംബയുദ്ധങ്ങൾ. ഹിംസയുടെ രക്തപതാകകൾ വിരിച്ച പ്രത്യയശാസ്ത്രങ്ങൾ മുതൽ ആത്മഹത്യയുടെ സൂക്ഷ്മമനഃശ്ശാസ്ത്രം വരെ. മൊണ്ടാഷും ഡീപ്പ് ഫോക്കസും മിസ് എൻ സീനും മുതൽ ഒറ്റഷോട്ടിൽ പൂർത്തിയാക്കുന്ന മുഴുനീള സിനിമകൾ വരെ. നാടകത്തോടും കവിതയോടും ആഖ്യാനാത്മകമായി സംവദിക്കുന്ന ചിത്രങ്ങൾ മുതൽ ഡോക്യുമെന്ററിയും മെറ്റാസിനിമയും വരെ. ഫാഷിസത്തിന്റെയും കമ്യൂണിസത്തിന്റെയും കാഫ്കയ്‌സ് ദുഃസ്വപ്നങ്ങൾ മുതൽ അധീക്ഷണ(surveillance)ത്തിന്റെ ആധുനികാനന്തര അലിഗറികൾ വരെ. യന്ത്രനാഗരികതയുടെ ഓർവെല്ലിയൻ ഡിസ്റ്റോപ്പിയകൾ മുതൽ യുദ്ധാതിക്രമങ്ങളുടെ സത്യാനന്തര അതിയാഥാർഥ്യങ്ങൾ വരെ. ദൃശ്യത്തിന്റെയും ശബ്ദമിശ്രണത്തിന്റെയും സാങ്കേതികപരീക്ഷണങ്ങൾ മുതൽ വീട്ടുതടങ്കലും ഒളികാമറയും മറ്റുമായി ഭാവനയിലും നിർമ്മിതിയിലും പിന്തുടരുന്ന നാലാം സിനിമയുടെ അതിജീവനരാഷ്ട്രീയങ്ങൾ വരെ. കൺസ്യൂമറിസത്തിന്റെ വിശ്വരൂപങ്ങൾ മുതൽ സ്ഥലകാലങ്ങളുടെ ചുഴിച്ചുറ്റലുകൾ വരെ-കഴിഞ്ഞ നൂറ്റാണ്ടിന്റെ പല ദശകങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഏറ്റവും ദുഃഖഭരിതമായ മാനവചരിത്രത്തെയും ചിന്തയെയും കാലത്തിൽ കൊത്തിയ കലയുടെ ചീന്തുകളായി ചലച്ചിത്രഭാഷയിൽ പുനഃസൃഷ്ടിച്ച രചനകളുടെ ദൃശ്യവായനകളാണ് സുരേന്ദ്രന്റെ ലേഖനങ്ങൾ.

ഹംഗേറിയൻ ചലച്ചിത്രകാരനായ ബേലാ താറിന്റെ കലയും ചിന്തയും അവതരിപ്പിക്കുന്ന ആദ്യലേഖനം അദ്ദേഹത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയിൽനിന്നാണ് തുടങ്ങുന്നത്. ഏഴുമണിക്കൂർവരെ ദൈർഘ്യമുള്ള സിനിമകൾ. പത്തും പതിനഞ്ചും മിനിറ്റ് നീളുന്ന ഷോട്ടുകൾ. ഭയജനകമായ ഏകാന്ത ഭൂവിഭാഗങ്ങളും മോണോക്രോം ഛായാഗ്രഹണത്തിന്റെ വന്യതയും താറിന്റെ സൃഷ്ടികളെ സാമൂഹികതയിൽ നിന്നു സത്താപരതയിലേക്കും അവിടെനിന്നു പ്രാപഞ്ചികതയിലേക്കും വഴിമാറിയ ജീവിതബോധത്തിന്റെ ആവിഷ്‌കാരമാക്കി മാറ്റുന്നതിന്റെ വിശകലനം. തർക്കോവ്‌സ്‌കി പറഞ്ഞതുപോലെ, കാലത്തിൽ കൊത്തിയ കലയായി സിനിമയെ കാണുന്നു, താറും. 'കഥ, പ്രേക്ഷകരെ വഴിതെറ്റിക്കുന്നുവെന്നും സിനിമയിൽ മനുഷ്യാവസ്ഥകൾ മാത്രമാണുള്ളതെന്നും കാലം മാത്രമാണ് യാഥാർഥ്യമെന്നും' താർ പറയും. 'ഏകാധിപതിയായ ജന്മിയാണ് സംവിധായകൻ-ജീവിതത്തിലുള്ളതിനെക്കാൾ കൂടുതൽ ജനാധിപത്യമൊന്നും സിനിമയിലില്ല'-ഇതാണ് താറിന്റെ വിശ്വാസപ്രമാണം.

സേതുവിന്റെ പാണ്ഡവപുരം ചലച്ചിത്രമാക്കിയ ബംഗാളി സംവിധായകൻ ആഷിഷ് അവികുന്തകിന്റെ കലാതത്വവും സമാനമാണ്. കാലത്തിൽ കൊത്തിയ കലതന്നെ, സിനിമ. പക്ഷെ ഒരു വ്യത്യാസമുണ്ട്-കാലത്തിന്റെ ചീന്തുകളാണ് ഓരോ സിനിമയും. വിസ്മയകരമാണ് ചലച്ചിത്രാഖ്യാനത്തിൽ ആഷിഷ് സ്വീകരിക്കുന്ന സമീപനങ്ങൾ. നൂറുമിനിറ്റിലധികമുള്ള സിനിമകൾപോലും ഒറ്റ ഷോട്ടിലുള്ളവയാണ്. 'രതിചക്രവ്യൂഹ്' എന്ന ചിത്രത്തിന്റെ വിശകലനത്തിലൂടെ, കാലത്തെ ഒരു സർപ്പിളദൃശ്യമാക്കി പുനഃസൃഷ്ടിക്കുന്ന ആഷിഷിന്റെ കല സുരേന്ദ്രൻ അപനിർമ്മിക്കുന്നു. ആത്മഹത്യക്കു മുൻപ് മരണത്തെക്കുറിച്ചു സംസാരിക്കുന്ന ഏഴുപേർ. നരവംശശാസ്ത്രപരവും മതാത്മകവുമായ രാഷ്ട്രീയസിനിമയാണ് 'രതിചക്രവ്യൂഹ്'. ജനപ്രിയവിരുദ്ധതയുടെ ക്ലാസിക്ക്.

പോളിഷ് ചലച്ചിത്രകാരനായ ആന്ദ്രെവൈദയുടെ Everything for sale (1969) എന്ന ചിത്രത്തിന്റെ പഠനമാണ് അടുത്തത്. നടനും കലാകാരനുമായ ബിഗ്‌നീവ് സൈബുൾസ്‌കിക്കുള്ള ആദരചിത്രം. മഹാനടന്റെ ജീവിതവും മരണവും ഫീച്ചർഫിലിമാക്കി ചിത്രീകരിക്കുന്നു. ജീവിതവും സിനിമയും തമ്മിലുള്ള ബന്ധത്തിന്റെയും വ്യത്യാസങ്ങളുടെയും അതികഥനം. മരണത്തിന്റെ വില്പനമൂല്യത്തെയും ആഘോഷമൂലധനത്തെയും കുറിച്ചുള്ള സറ്റയർ.

ഇറാനിയൻ സംവിധായകനായ അബ്ബാസ് കിയറോസ്തമിന്റെ 'ഷിറിൻ' മുൻനിർത്തി ശബ്ദവും ദൃശ്യവും തമ്മിലുള്ള ഐക്യത്തെ തകർക്കുന്ന ചലച്ചിത്രഭാഷയുടെ ചർച്ചനടത്തുകയാണ് മറ്റൊരു ലേഖനം. സിനിമയുടെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ചുള്ള, സിനിമയ്ക്കുള്ളിലെ സിനിമയാണിത്. സിനിമയും പ്രേക്ഷകരും തമ്മിലുള്ള സർഗാത്മക ഉടമ്പടിയുടെ അപഗ്രഥനം. തന്റെ ചലച്ചിത്രദർശനവും നിലപാടുമായി ഈ പുസ്തകത്തിൽ സുരേന്ദ്രൻ പിന്തുടരുന്ന കാഴ്ചയുടെ രസതന്ത്രവും രാഷ്ട്രീയവും ഇതാണ്. ഇറാനിയൻ രാഷ്ട്രീയസിനിമയിൽ സ്ത്രീയുടെ സ്വാതന്ത്ര്യങ്ങൾക്കു കൈവന്ന പ്രതീകാത്മക രചനയായി ഈ ചിത്രത്തെ വ്യാഖ്യാനിക്കന്നു, നിരൂപകൻ. സ്ത്രീയുടെ ദൃശ്യതക്കുമേൽ ഭരണകൂടം അടിച്ചേല്പിക്കുന്ന വിലക്കുകളുടെയും അവർ ഒരു തീയറ്ററിലിരുന്നു കാണുന്ന/കാണാത്ത പ്രണയസിനിമയുടെയും പാരസ്പര്യത്തിൽ നിന്നാണ്, പ്രേക്ഷകരുടെ പങ്കാളിത്തവും ഇടപെടലും വ്യാഖ്യാനവുമാണ് സിനിമയെ പൂർത്തിയാക്കുന്നതെന്ന കാഴ്ചപ്പാടിലേക്ക് സംവിധായകനെ എത്തിക്കുന്നതെന്ന് സുരേന്ദ്രൻ കരുതുന്നു. കിയറോസ്തമിയുടെ വാക്കുകൾ അദ്ദേഹം ഉദ്ധരിക്കുന്നു:

'സിനിമയിലൂടെ ഒരു ലോകം നാം പ്രേക്ഷകരുടെ മുന്നിൽ തുറന്നു കൊടുക്കുമ്പോൾ അവർ ഓരോരുത്തരും സ്വന്തം അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിൽ അവരുടേതായ പുതിയ ഒരു ലോകം സൃഷ്ടിക്കുന്നു. ഒരു സിനിമാ സംവിധായകൻ എന്ന നിലയിൽ ഞാൻ പ്രേക്ഷകന്റെ ക്രിയാത്മകമായ ഇടപെടലിനെ ആശ്രയിക്കുന്നു. അങ്ങിനെ ഇല്ലെങ്കിൽ സിനിമയും പ്രേക്ഷകനും ജഡസമാനമാകും. സിനിമകൾ അത്തരത്തിലുള്ളവയായിരിക്കണം. കഥ പറയാത്ത സിനിമകൾ പ്രേക്ഷകരുടെ ഇടയിൽ പ്രശസ്തമല്ല. കഥ പറയുന്ന ഒരു സിനിമയാണെങ്കിൽ പോലും ഒരു പദപ്രശ്‌നത്തിൽ എന്ന പോലെ വിടവുകളും ശൂന്യ സ്ഥലങ്ങളും ഉണ്ടായിരിക്കണം. ഈ ഒഴിഞ്ഞ സ്ഥലം പ്രേക്ഷകൻ തന്റെ ഭാവനയാൽ, അനുഭവത്താൽ നിറയ്ക്കുന്നു. സിനിമ വൈരുദ്ധ്യങ്ങളും സംഘർഷങ്ങളും നിറഞ്ഞ ഒരു ലോകം സൃഷ്ടിക്കുകയും പ്രേക്ഷകർ അത് ഇത്തരത്തിൽ ഗ്രഹിക്കുകയും ചെയ്യണം''.

ഇറ്റാലിയൻ സംവിധായകൻ ഏലിയോ പെട്രിയുടെ The working class directly goes to heaven (1971) എന്ന സിനിമ, കേന്ദ്രീകൃത വ്യവസായസംസ്‌കൃതിയുടെ അമാനവികതയും ഉല്പാദന-ആധുനികതയുടെ യാന്ത്രികതയും അധ്വാനത്തിന്റെ അന്യവൽക്കരണവും മറ്റും മറ്റുമായി രൂപം കൊള്ളുന്ന കഴിഞ്ഞ നൂറ്റാണ്ടിന്റെ തൊഴിലാളിവർഗജീവിതത്തിന്റെ ആന്തരസംഘർഷങ്ങളിലേക്കു കടന്നുപോകുന്നു. ചാർലിചാപ്ലിൻ മോഡേൺ ടൈംസിൽ തുടക്കമിട്ടതാണല്ലോ മനുഷ്യനും വ്യവസായ-യന്ത്രസംസ്‌കൃതിയും തമ്മിലുള്ള വൈരുധ്യങ്ങളുടെ ചലച്ചിത്രഗണത്തിന്. പെട്രി അതു കുറെക്കൂടി മുന്നോട്ടു കൊണ്ടുപോയി വർഗ രാഷ്ട്രീയപ്രസ്ഥാനങ്ങൾ എത്തിപ്പെട്ടിരിക്കുന്ന അസംബന്ധങ്ങളും അയുക്തികളും മറനീക്കുന്നു. രണ്ടാംലോക യുദ്ധത്തിന്റെയും സാമ്പത്തികമാന്ദ്യത്തിന്റെയും തൊഴിലില്ലായ്മയുടെയും കമ്യൂണിസ്റ്റ് ഭീകരതയുടെയും കോൺസൻട്രേഷൻ ക്യാമ്പുകൾപോലുള്ള ഫാക്ടറികളുടെയും..... ഓർവെല്ലിയൻ ഡിസ്റ്റോപ്പിയ.

ഇറാനിയൻ ചലച്ചിത്രകാരൻ ജാഫർ പനാഹി, ഭരണകൂടം വീട്ടുതടങ്കലിലാക്കിയപ്പോൾ നിർമ്മിച്ച മൂന്നു സിനിമകളുടെ കലയും രാഷ്ട്രീയവുമാണ് മറ്റൊരു ലേഖനത്തിന്റെ ഉള്ളടക്കം. 2011-ൽ സ്വന്തം ഫ്‌ളാറ്റിലെ കിടപ്പുമുറിയിൽ ചിത്രീകരിച്ച് പെൻഡ്രൈവിൽ പകർത്തി കേക്കിനുള്ളിൽവച്ച് ഒളിച്ചുകടത്തി കാന്മേളയിൽ പ്രദർശിപ്പിച്ച 'This is not a film', 2013-ൽ കടൽത്തീരത്തെ അടച്ചിട്ട വില്ലയിൽ ചിത്രീകരിച്ച 'Closed curtain', 2015-ൽ സഞ്ചരിക്കുന്ന ഒരു ടാക്‌സികാറിനുള്ളിൽ ഒളികാമറയിൽ ചിത്രീകരിച്ച 'Taxi' എന്നീ സിനിമകൾ ഏറ്റവും അപകടകരമായി ജീവിക്കുകയും മരണഭയംപോലും മാറ്റിവച്ച് സിനിമ നിർമ്മിക്കുകയും ചെയ്ത ഒരു കലാകാരന്റെ വിസ്മയകരമായ പ്രജ്ഞയുടെ സാക്ഷ്യങ്ങളാണ്. സുരേന്ദ്രൻ എഴുതുന്നു:

'നിയമവിധേയമല്ലാതെ, തിരക്കഥ ഗവർമെന്റിനെക്കൊണ്ട് അംഗീകരിപ്പിക്കാതെ വീട്ടു തടങ്കലിൽ കഴിയുന്ന പനാഹി ഉണ്ടാക്കിയ മൂന്നാമത്തെ സിനിമയാണ് Taxi(2015). അപ്പാർട്ട്‌മെന്റിൽ നിന്നും വില്ലയിൽ നിന്നും പുറത്തുകടന്ന് കുറേക്കൂടി തുറന്ന, വിശാലമായ തെരുവിലാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

ടെഹ്‌റാൻ തെരുവുകളിലൂടെ ടാക്‌സിയോടിക്കുന്ന പനാഹി. ഡാഷ് ബോര്ഡി്ൽ സ്ഥാപിച്ചിരിക്കുന്ന, കറക്കാൻ പറ്റുന്ന രണ്ട് ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചാണ് സിനിമ മുഴുവൻ ചിത്രീകരിച്ചിരിക്കുന്നത്. ഭൂരിഭാഗം സമയവും ചിത്രീകരണം ടാക്‌സിക്കകത്ത് കേന്ദ്രീകരിച്ചിരിക്കുന്നു. ചിലപ്പോൾ തെരുവ് ദൃശ്യങ്ങൾ ചിത്രീകരിക്കുന്നു. എന്നാൽ ക്യാമറകൾ ഒരിക്കലും കാറിന് വെളിയിലേക്ക് പോകുന്നില്ല.

പലപ്പോഴായി പല തരത്തിലുള്ള യാത്രക്കാർ ടാക്‌സിയിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നു. അവർ പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നു. രണ്ടു യാത്രക്കാർ (സ്ത്രീയും പുരുഷനും) തമ്മിൽ വധശിക്ഷയെക്കുറിച്ച് വളരെ ഗൗരവമായി ചർച്ച ചെയ്യുന്നു. ടയർ മോഷ്ടാക്കളെക്കുറിച്ച് സംസാരിച്ചു തുടങ്ങിയ പുരുഷൻ അവരെ ഒന്നടങ്കം തൂക്കിക്കൊല്ലണം എന്ന അഭിപ്രായക്കാരനാണ്. ഇറാനിൽ ഇനിയൊരിക്കലും വധ ശിക്ഷ നടപ്പാക്കരുത് എന്ന് സ്ത്രീ പ്രതികരിക്കുന്നു.

മറ്റു രണ്ടു സിനിമകളിലെയും പോലെ ഇവിടെയും സിനിമ, ഇവിടെ പ്രത്യേകിച്ച് ദൃശ്യങ്ങളുടെ നിർമ്മാണവും വിതരണവും, ഒരു പ്രധാന വിഷയമാണ്. ടാക്‌സിയിൽ കയറിയ ഒരാൾ ഡ്രൈവറുടെ സീറ്റിൽ ഇരിക്കുന്ന പനാഹിയെ തിരിച്ചറിയുകയും പനാഹി സിനിമ ഷൂട്ട് ചെയ്യുകയാണോ എന്ന് സംശയിക്കുകയും ചെയ്യുന്നു. ഒമീദ് എന്ന ഈ യാത്രക്കാരൻ ഇറാനിൽ പ്രദർശനാനുമതിയില്ലാത്ത സിനിമകളുടെ അനധികൃത ഡിവിഡി വില്ക്കുന്നയാളാണ്. പനാഹിക്കും ഇയാൾ മുമ്പ് ഡിവിഡികൾ എത്തിച്ചു കൊടുത്തിട്ടുണ്ട്. വഴിയിൽ വച്ച് ഒമീദ് തന്റെ ഒരു കസ്റ്റമറിനെ പനാഹിക്ക് പരിചയപ്പെടുത്തുന്നു. സിനിമ പിടിക്കാൻ ആഗ്രഹിച്ചു കഴിയുന്ന ഈ കസ്റ്റമറും പനാഹിയും തമ്മിലുള്ള സംഭാഷണം ഇപ്രകാരം: ഞാൻ നിരവധി സിനിമകൾ കാണുന്നു. ധാരാളം പുസ്തകങ്ങൾ വായിക്കുന്നു. പക്ഷേ നല്ല ഒരു വിഷയം കണ്ടെത്താൻ കഴിയുന്നില്ല.

പനാഹി: സിനിമകൾ നിർമ്മിക്കപ്പെട്ടു കഴിഞ്ഞു. പുസ്തകങ്ങൾ എഴുതപ്പെട്ട് കഴിഞ്ഞു. താങ്കൾ മറ്റെവിടെയെങ്കിലും അന്വേഷിക്കേണ്ടിയിരിക്കുന്നു. വിഷയം മാനത്തു നിന്ന് പൊട്ടിവീഴില്ല.

ചെറുപ്പക്കാരൻ: ഞാൻ എന്തു ചെയ്യണം? എവിടെ തുടങ്ങണം?

പനാഹി: അതാണ് പ്രശ്‌നം. നിങ്ങളെ ആർക്കും സഹായിക്കാൻ കഴിയില്ല. നിങ്ങൾ തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു.

സിനിമയെക്കുറിച്ചുള്ള ചർച്ചകൾ തുടർന്ന് കടന്നു വരുന്നത് സ്‌കൂളിൽ നിന്ന് തിരിച്ച് വീട്ടിലേക്ക് പോകാനായി ടാക്‌സിയിൽ കയറിയ പനാഹിയുടെ കൊച്ചു മരുമകളുടെ (ഹന) സംഭാഷണങ്ങളിൽ നിന്നാണ്. ഒരു ക്യാമറ കൊണ്ട് അവൾ ദൃശ്യങ്ങൾ ചിത്രീകരിച്ചു കൊണ്ടേയിരിക്കുന്നു. പഠനത്തിന്റെ ഭാഗമായി അവൾക്ക് ഒരു ചെറു സിനിമയുണ്ടാക്കണം. അതിനായി ടീച്ചർ നിയമപരമായി അംഗീകരിക്കപ്പെട്ട ചില നിബന്ധനകളുടെ ലിസ്റ്റ് കൊടുത്തിട്ടുണ്ട്. അതിപ്രകാരം: സ്ത്രീകൾ എപ്പോഴും ശിരോ വസ്ത്രം ധരിച്ചിരിക്കണം. ആണും പെണ്ണും തമ്മിലുള്ള ശാരീരിക അടുപ്പം പാടില്ല. പുരുഷ കഥാപാത്രങ്ങൾക്ക് പേർഷ്യൻ പേരായിരിക്കണം. അവർ കഴുത്തിൽ ടൈ ധരിക്കരുത്. യാഥാർത്ഥ്യം കാണിക്കാം എന്നാണ് ടീച്ചർ പറഞ്ഞത്. പക്ഷെ, തീക്ഷണ യാഥാർത്ഥ്യം പാടില്ല. യാഥാർത്ഥ്യം ഇരുണ്ടതും അസന്തോഷകരവുമാണെങ്കിൽ പാടില്ല. പൊതു വിതരണത്തിന്/പൊതു പ്രദർശനത്തിന് പറ്റുന്നത് മാത്രമായിരിക്കണം. അധാർമ്മികവും രാഷ്ട്രീയവുമായതൊന്നും പാടില്ല. ഇറാനിൽ സിനിമയുണ്ടാക്കുന്നതിനുള്ള നിബന്ധനകളുടെ പട്ടികയാണിത്. ഇതിന്റെ ഇരയായ പനാഹിയുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി.

അലമുറയിടുന്ന ഒരു സ്ത്രീ കൈ കാണിച്ചപ്പോൾ പനാഹി ടാക്‌സി നിർത്തി. മോട്ടോർ സൈക്കിൾ അപകടത്തിൽ പരിക്ക് പറ്റിയ ഭർത്താവിനെ താങ്ങി ടാക്‌സിക്കകത്താക്കിയ സ്ത്രീ കാർ അടുത്തുള്ള ആശുപത്രിയിലേക്ക് വിടാൻ പറയുന്നു. സ്ത്രീ ബഹളം വെക്കുന്നുണ്ട്. ഭർത്താവ് വേദനകൊണ്ട് പുളയുന്നുണ്ട്. ഇതിനിടയിൽ താൻ പറയുന്നത് എഴുത്തിയെടുക്കാൻ അയാൾ ഡ്രൈവറോട് ആവശ്യപ്പെടുന്നു. കടലാസും പേനയും ഇല്ലെങ്കിൽ പറയുന്നതൊക്കെ മൊബൈൽ ക്യാമറയിൽ പകർത്താൻ ആവശ്യപ്പെടുന്നു. അത് അയാളുടെ വിൽപ്പത്രമാണ്. അള്ളാഹുവിന്റെയ നാമത്തിൽ അയാൾ ഭാര്യയെ തന്റെ മുഴുവൻ സ്വത്തിന്റെയും അവകാശിയായി പ്രഖ്യാപിക്കുകയാണ്. സഹോദരന്മാർക്ക് സ്വത്തിൽ യാതൊരു അവകാശവുമില്ല. ഇറാനിലെ സ്വത്തിന്റെ പിന്തുടർച്ചാവകാശ നിയമങ്ങളാണ് തല പൊട്ടി ചോരയൊഴുകുമ്പോഴും ഭർത്താവിനെക്കൊണ്ട് ഇത്തരത്തിൽ മരണപത്രം എഴുതിക്കുന്നത്. ഇറാനിൽ ഭർത്താവിന്റെ സ്വത്തിന് മുഴുവനായി ഭാര്യ അവകാശിയല്ല. ഭർത്താവിന്റെ സഹോദരന്മാർ കൂടി അവകാശികകളാണ്. അതുകൊണ്ടാണ് വിൽപ്പത്രം സഹോദരന്മാർക്ക് മരവിപ്പിക്കാൻ കഴിയരുത് എന്ന് നിലവിളിക്കിടയിലും ഈ മനുഷ്യൻ വിളിച്ചു പറയുന്നത്.

ജയിലിൽ നിരാഹാര സമരമനുഷ്ഠിക്കുന്ന തടവുകാരിയെ കാണാനായി പോകുന്ന ഒരു സ്ത്രീയാണ് പനാഹിയുടെ ടാക്‌സിയിൽ യാത്ര ചെയ്യുന്ന മറ്റൊരു യാത്രക്കാരി. ഇറാനിലെ പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകയായ Nsarin Sootudeh എന്ന അഭിഭാഷകയാണത്. ഭരണകൂടം ജയിലിലടച്ച ആക്റ്റിവിസ്റ്റുകൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും പ്രായപൂർത്തി ആകാത്ത പ്രായത്തിൽ ചെയ്ത കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്കും വേണ്ടി അവർ വാദിച്ചു. ഇതിൽ പ്രശസ്തരും അതിപ്രശസ്തരും ഉൾപ്പെടുന്നു. രാഷ്ട്രതാത്പര്യങ്ങൾക്കെതിരെ പ്രചാരണം നടത്തിയെന്നും, ദേശീയ സുരക്ഷയ്ക്ക് ഹാനി സംഭവിക്കുന്ന രീതിയിൽ ഗൂഢാലോചന നടത്തിയെന്നും മറ്റുമുള്ള കുറ്റങ്ങൾ ചുമത്തി അവരെ അറസ്റ്റ് ചെയ്യുകയും അഭിഭാഷകയായി ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. ഇതിനെതിരെ അവർ തെഹ്‌റാനിലെ ഇറാനിയൻ ബാർ അസ്സോസിയേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. (2012ൽ രണ്ടുപേർക്കും ചിന്താ സ്വാതന്ത്ര്യത്തിന് യൂറോപ്പ്യൻ യൂണിയൻ ഏർപ്പെടുത്തിയ സഖറോവ് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്).

വോളിബാൾ മാച്ച് കാണാൻ ചെന്ന ഒരു കൂട്ടം പെൺകുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു. കാരണം ഇറാനിൽ സ്ത്രീകൾക്ക് കളി കാണാൻ സ്റ്റേഡിയത്തിൽ കയറാൻ അനുമതിയില്ല. ഇതിൽ ഒരു പെൺകുട്ടി ദിവസങ്ങളായി നിരാഹാര സമരത്തിലാണ്. ഇപ്പോൾ അവൾ ജലവും വർജി ച്ചിരിക്കുകയാണ്. ഈ പെൺകുട്ടിയെ കാണാനാണ് അഭിഭാഷക പോകുന്നത്. അവർ പറയുന്നു: പനാഹിയുടെ 'ഓഫ് സൈഡ്' എന്ന സിനിമയെ ഓർമിപ്പിക്കുന്ന സംഭവം. (സ്ത്രീകൾക്ക് നിഷിദ്ധമായ ഫുട്‌ബോൾ കളി കാണാൻ ചെല്ലുന്ന പെൺകുട്ടികളെ പൊലീസ് അകത്തു പ്രവേശിപ്പിക്കുന്നില്ല. അവരെ പുറത്ത് തടഞ്ഞുവെക്കുന്നു. ഈ സിനിമയ്ക്ക് ഇറാനിൽ പ്രദർശനാനുമതി നിഷേധിക്കപ്പെട്ടു).

എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുന്നതിനെക്കുറിച്ച്, ഇതിനായി അധികൃതർ ഉപയോഗിക്കുന്ന തന്ത്രങ്ങളെക്കുറിച്ച്, മനുഷ്യാവകാശ നിഷേധത്തെക്കുറിച്ച് -- ഇറാനിലെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങൾ അവരുടെ സംഭാഷണങ്ങളിൽ പ്രകടമായിത്തന്നെ കടന്നു വരുന്നു. എതിർ നില്ക്കു ന്നവരെ അധികൃതർ ആദ്യം നിരീക്ഷിക്കുന്നു. പിന്നെ പല കുറ്റങ്ങളും ആരോപിക്കുന്നു. പിന്നീട് ആരോപണങ്ങളെ വികസിപ്പിക്കുന്നു. രാജ്യദ്രോഹം, വിദേശ രഹസ്യ ഏജൻസികളുമായുള്ള ബന്ധം എന്നിങ്ങനെ. പിന്നെ അറസ്റ്റ് ചെയ്യുന്നു. ഒരിക്കൽ ജയിലിൽ നിന്ന് പുറത്തു വന്നാൽ പുറം ലോകം ഒരു വലിയ തടവറയായിത്തീരുന്നു. അടുത്ത സുഹൃത്തുക്കൾ പോലും കടുത്ത ശത്രുക്കളായി മാറുന്നു. ജീവിതം നരക തുല്യമാകുന്നു. രാജ്യം വിടാനോ, ജയിലിനകത്തേക്ക് തന്നെ തിരിച്ച് പോകാനോ തോന്നിപ്പിക്കുന്ന അവസ്ഥ. ''എന്റെ വാക്കുകൾ സിനിമയിൽ നിന്ന് നീക്കം ചെയ്യുക. അല്ലെങ്കിൽ കടുത്ത യാഥാർത്ഥ്യം കാണിച്ചു എന്ന കുറ്റം താങ്കളിൽ ചുമത്തപ്പെടും. ഇതിലൂടെ താങ്കൾക്ക് കൂടുതൽ പ്രശ്‌നങ്ങളെ നേരിടേണ്ടിവരും''. ഇറങ്ങാൻ നേരത്ത് അവർ തന്റെ കയ്യിലുള്ള ഒരു കെട്ട് കടും ചുവപ്പ് റോസാപ്പൂക്കളിൽ നിന്ന് ഒരെണ്ണമെടുത്ത് പനാഹിക്ക് കൊടുക്കുന്നു. ''ഇത് സിനിമാ പ്രവർത്തകർക്ക്. സിനിമാക്കാർ വിശ്വസിക്കാൻ പറ്റുന്നവരാണ്''.

ജസ്മീല സ്ബാനിക് എന്ന ബോസ്‌നിയൻ സംവിധായിക, ബോസ്‌നിയൻ യുദ്ധത്തിൽ സെർബിയൻ സൈനികരാൽ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ കഥ പറയുന്ന ചിത്രമാണ് 'ഗ്രബാവിക്ക'. സരയോവിലെ ഒരു പട്ടണമാണത്. മറ്റൊരു ഗൂർണിക്ക. വംശഹത്യയുടെ രാഷ്ട്രീയം മറനീക്കി പുറത്തുവരുന്ന രചന.

ഫ്രഞ്ച് ചലച്ചിത്രകാരനായ അലൻ റെനെ, ഗൊദാർദ് എന്നിവരുടെ ചിത്രരാഷ്ട്രീയമാണ് മൂന്നു ലേഖനങ്ങൾ ചർച്ചചെയ്യുന്നത്. വീഡിയോ നാടകമാക്കി മാറ്റുന്ന യൂറിഡൈസിന്റെ കഥയാണ് റെനെയുടെ ചിത്രം. നാടകവും ജീവിതവും സിനിമയും കൂടിക്കുഴയുന്ന കല. മരണത്തിന്റെ ഗൂഢസൗന്ദര്യത്തെക്കുറിച്ചുള്ള സ്വപ്നസന്നിഭമായ ചലച്ചിത്രാഖ്യാനം.

ഗൊദാർദിന്റെ രണ്ടു സിനിമകളുടെ വിശകലനമുണ്ട്. 1965-ൽ പുറത്തുവന്ന 'ആൽഫാവിൽ', 1967-ൽ പുറത്തുവന്ന 'Two or three things I know about her' എന്നിവയെക്കുറിച്ച്. ഭരണകൂടസ്ഥാപനങ്ങൾ സ്വകാര്യതക്കുമേൽ നടത്തുന്ന അധീക്ഷണത്തിന്റെ രാഷ്ട്രീയമാണ് ആൽഫാവിൽ പ്രമേയമാക്കുന്നത്. സിനിമാനിരൂപണങ്ങളെഴുതുന്നതിനുപകരം സിനിമകൾ സംവിധാനം ചെയ്ത ഗൊദാർദിന്റെ ചിത്രങ്ങൾ എക്കാലത്തും പ്രകടിപ്പിച്ചുപോന്ന ജനപ്രിയവിരുദ്ധതയുടെ ചലച്ചിത്രസംസ്‌കാരം ഈ രചനയും പിന്തുടരുന്നു. പിൽക്കാലത്ത് കംപ്യൂട്ടർ സാങ്കേതികവിദ്യ കൈവരിച്ച അധീശത്വത്തിന്റെ പ്രവചനാത്മകപാഠം. സർവാധിപത്യത്തിന്റെ സൂചകങ്ങൾ. കാഫ്കയ്‌സ് കൊത്തളങ്ങൾ. യന്ത്രനാഗരികതയിലും അതിന്റെ ആസുരതകളിലും നിന്ന് കവിത മാനവികതയെ വീണ്ടെടുക്കുന്നതിന്റെ ചലച്ചിത്രഭാഷ്യം. സുരേന്ദ്രന്റെ എഴുത്തുരീതി ചലച്ചിത്രകലയുടെ ആഖ്യാനപാഠത്തെ സൂക്ഷ്മമായി പിന്തുടരുന്ന ഗാഢവായനയുടേതാണ്. ഈ പുസ്തകത്തിൽ ഇതിനേറ്റവും മികച്ച ഉദാഹരണം ഈ ലേഖനവുമാണ്.

സാങ്കേതിക വിദ്യയുടെ പ്രാരംഭ ദശയിൽത്തന്നെ അതിന്റെ സർവാധിപത്യ പ്രവണതകളെക്കുറിച്ച് ലോകസിനിമയിൽ വളരെയധികം സ്വാധീനം ചെലുത്തിയ ഫ്രഞ്ച് നവതരംഗത്തിലെ വളരെ പ്രമുഖനും പ്രധാനിയുമായ ഴാൻ--ലുക് ഗൊദാർദ് വേവലാതിപ്പെട്ടിരുന്നു. 'അദ്ദേഹം 1965-ൽ സംവിധാനം ചെയ്ത കറുപ്പിലും വെളുപ്പിലുമുള്ള ഒരു സിനിമയാണ് 'ആൽഫാവിൽ' (Alphaville). ആ വർഷം ബർലിൻ ചലച്ചിത്ര മേളയിൽ ഈ സിനിമ പരമോന്നത പുരസ്‌ക്കാരം കരസ്ഥമാക്കുകയുണ്ടായി. ഈ സിനിമയ്ക്ക് The Strange Adventure of Lemmy Caution എന്നും പേരുണ്ട്. Tarzan Versus IBM എന്നാണ് ഗൊദാർദ് ആദ്യം ഉദ്ദേശിച്ചിരുന്ന പേര്. സാങ്കേതിക വിദ്യ വമ്പിച്ച പുരോഗതി കൈവരിക്കുകയും സർവസാധാരണമാവുകയും നിത്യജീവിതത്തിന്റെ ഭാഗമാവുകയും ചെയ്ത ഇക്കാലത്ത് ഈ സിനിമയ്ക്ക് കൂടുതൽ പ്രസക്തിയുണ്ട്.

സിനിമകൾ കണ്ടും അവയെക്കുറിച്ച് എഴുതിയുമാണ് ഗൊദാർദ് സിനിമ സംവിധാനം ചെയ്തു തുടങ്ങുന്നത്. സിനിമ ശബ്ദിച്ചു തുടങ്ങിയ ആ കാലത്തും നിശബ്ദ സിനിമകൾ കാണാനായിരുന്നു അദ്ദേഹം കൂടുതൽ സമയം നീക്കിവച്ചതത്രേ. മറ്റൊരു പ്രധാന മേഖല ജനപ്രിയ സിനിമകളെക്കുറിച്ചുള്ള പഠനമായിരുന്നു. പ്രത്യേകിച്ച് അമേരിക്കൻ സിനിമകളെ, വിവിധ ജനുസ്സുകളെ -- അവയുടെ ഘടന, കഥയും കഥപറയുന്ന രീതിയും, രൂപവും ഭാവവും, ഈ സിനിമകളുടെ ജനപ്രിയതയുടെ രഹസ്യം എന്താണ് എന്നിങ്ങനെ. ഈ പഠന / നിരൂപണങ്ങളിൽ നിന്നുള്ള ബോധ്യമായിരിക്കണം തന്റെ ആദ്യ സിനിമയായ Breathl-ലൈൽ ഗാങ്സ്റ്റർ സിനിമകളുടെ ചട്ടക്കൂട് ഉപയോഗിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പിന്നീടുള്ള നിരവധി സിനിമകളിൽ അദ്ദേഹം സയ്‌റപസ് ഫിക്ഷൻ, ക്രൈം ത്രില്ലർ, ഡിറ്റക്ടീവ് സിനിമ, മ്യൂസിക്കൽ കോമഡി തുടങ്ങിയ സിനിമാ ജനുസ്സുകൾ ഉപയോഗിക്കുകയുണ്ടായി.

ഈ സമീപനം സിനിമാ സംവിധാനത്തെ സംബന്ധിക്കുന്ന രണ്ടു വഴികളിൽ നമ്മെ എത്തിക്കുന്നു. ഒന്ന്, നിലനില്ക്കു ന്ന ജനപ്രിയ സിനിമയെ മുഴുവൻ നിരാകരിച്ചു കൊണ്ട് ഒരു പുതിയ ഭാവുകത്വം സൃഷ്ടിക്കാം എന്ന വഴി. രണ്ട്, ജനപ്രിയ സിനിമയുടെ ചട്ടക്കൂട് ഉപയോഗിച്ചു കൊണ്ട്, ജനങ്ങളെ പറ്റിക്കുന്ന ആ രീതിയെ നിരാകരിച്ചു കൊണ്ട്, ഒരു പുതിയ ഒരു ലാവണ്യം സൃഷ്ടിക്കാം എന്ന വഴി. രണ്ടാമത്തെ വഴി താരതമ്യേന എളുപ്പമുള്ളതാണെന്ന് തോന്നിയേക്കാമെങ്കിലും ഇതിന് പിന്നിൽ വലിയ അപകടം ഒളിഞ്ഞിരിക്കുന്നുണ്ട്. ജനപ്രിയ സിനിമകൾ എങ്ങിനെ പ്രവർത്തിക്കുന്നു, ജനങ്ങളെ ഇത്രമാത്രം ആകർഷിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്, അതിനെ എങ്ങിനെയാണ് അട്ടിമറിക്കുക എന്നീ കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയില്ലെങ്കിൽ നാം ആ ശൈലിയുടെ അടിമയാകും, അല്ലെങ്കിൽ ആ ശൈലി നമ്മെ ആഗിരണം ചെയ്ത് അതിന്റെ ഭാഗമാക്കും. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ആ ശൈലിക്ക് അകത്തു കടക്കുന്ന നാം അഭിമന്യുവിനെപ്പോലെ ചക്രവ്യൂഹം തകർക്കാൻ കഴിയാതെ അതിനകത്തു തന്നെ കുടുങ്ങിക്കിടക്കും. അതുകൊണ്ടാണ് ഇത് ഇരുതല മൂർച്ചയുള്ള വാൾകൊണ്ടുള്ള കളിയാണ് എന്ന് പറയുന്നത്. വാൾ ശരിയായി പ്രയോഗിക്കാൻ കഴിയാത്തപക്ഷം ഉപയോഗിക്കുന്ന ആൾക്കു തന്നെ വെട്ടേറ്റെന്നു വരാം. അതായത്, ഇതൊരു ശ്രമകരമായ ജോലിയാണ്. ഇതിന് വളരെയധികം ധിഷണ ആവശ്യമാണ്.

ഇത് സിനിമയെയോ മറ്റു കലകളെയോ മാത്രം സംബന്ധിക്കുന്ന ഒരു ഇടുങ്ങിയ പ്രശ്‌നമല്ല. ഇതൊരു വിശാലമായ രാഷ്ട്രീയ പ്രശ്‌നം തന്നെയാണ്. അതായത്, വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടം നിലനില്ക്കുന്ന വ്യവസ്ഥിതിക്ക് അകത്തു നിന്നുകൊണ്ടുതന്നെ സാധ്യമാണോ, അല്ല, വ്യവസ്ഥിതിക്ക് വെളിയിൽ കടന്നു കൊണ്ടാണോ സാധ്യമാവുക? നമ്മുടെ ഇടതുപക്ഷത്തിനകത്ത് ഒരു കാലത്ത് വളരെ സജീവമായി ചർച്ച ചെയ്യപ്പെട്ടിരുന്ന ഒരു സൈദ്ധാന്തിക പ്രശ്‌നമായിരുന്നു ഇത്. ഈ ചർച്ച ഇന്നും തുടരുന്നു. പാർലമെന്ററി വ്യവസ്ഥയ്ക്ക് അകത്തു നിന്നു കൊണ്ട് വിപ്ലവം വരുത്താമെന്ന് വ്യാമോഹിച്ച സിപിഎം. പോലുള്ള പാർട്ടികൾ ഒരു വശത്ത്, പാർലമെന്ററി വ്യവസ്ഥയ്ക്ക് വെളിയിൽ നിന്നുകൊണ്ട് വിപ്ലവം വരുത്താമെന്ന് വ്യാമോഹിച്ച ഇടത് തീവ്രവാദികൾ മറ്റൊരു ഭാഗത്ത്. രണ്ടു വിഭാഗവും ഇന്ന് എവിടെ നില്ക്കുന്നു എന്ന് വിശദീകരിക്കേണ്ടതില്ലല്ലോ.

ഗൊദാർദ് ജനപ്രിയ സിനിമകളുടെ ശൈലി ഉപയോഗിക്കുന്നുണ്ടെങ്കിലും ആ രീതിക്കെതിരെ പ്രവർത്തിച്ചു കൊണ്ട് തീർത്തും നവീനമായ, തന്റേകതുമാത്രമായ ഒരു സിനിമ സൃഷ്ടിക്കുകയാണ്. ഇരുതലമൂർച്ചയുള്ള വാൾ ഉപയോഗിക്കുന്നതിൽ അതിവിരുതനാണ് ഗൊദാർദ്. കാരണം അദ്ദേഹത്തിന് ധിഷണയുണ്ട്, സർഗാതത്മകത്വവും ഉണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ സിനിമകൾ നമ്മുടെ നിലനില്ക്കുണന്ന സിനിമാ സങ്കല്പങ്ങളെ (ജനപ്രിയവും അല്ലാത്തതും) വെല്ലുവിളിക്കുന്നവയായിത്തീർന്നു. അതുകൊണ്ടാണ് സിനിമാ സംവിധാനം അദ്ദേഹത്തെ സംബന്ധിച്ച് സിനിമയെക്കുറിച്ചുള്ള നിരൂപണങ്ങളുടെ തുടർച്ച തന്നെയായിത്തീരുന്നത്. അദ്ദേഹം പറയുന്നു: ''സിനിമാ നിരൂപണങ്ങൾ എഴുത്തുന്നതിന് പകരം ഞാൻ സിനിമകൾ സംവിധാനം ചെയ്യുന്നു''.

1968-ലെ പാരീസിൽ നിന്ന് 2017-ലെ കേരളത്തിലേക്കു സഞ്ചരിച്ചെത്തുന്നു, ഗൊദാർദിന്റെ മറ്റൊരു ചിത്രത്തിന്റെ വായനയിൽ സുരേന്ദ്രൻ. സുഖം തേടി പാരീസിലെ സ്ത്രീകൾ വ്യഭിചാരം നടത്തുന്നതിനെക്കുറിച്ചുള്ള പത്രവാർത്തകളിൽനിന്നു പ്രചോദനം നേടിയുണ്ടാക്കിയതാണ് ഈ സിനിമ. ഉപഭോഗസംസ്‌കാരത്തിന്റെ പ്രലോഭനങ്ങളെക്കുറിച്ചുള്ള ആധുനികതയുടെ ക്ലാസിക്. ഭാഷയുടെ തത്വചിന്ത മുതൽ ചലച്ചിത്രപാഠത്തിന്റെ അപഗൂഢവൽക്കരണം വരെയുള്ളവ ആധാരമാക്കി സുരേന്ദ്രൻ ഈ രചന വിശകലനം ചെയ്യുന്നു. കൺസ്യൂമറിസത്തിന്റെ നെറുകയിലെത്തിയ 1960-കളിലെ പാരീസിൽനിന്ന് ഇന്നിപ്പോൾ കേരളത്തിലും യാഥാർഥ്യമായിക്കഴിഞ്ഞ കമ്പോളസംസ്‌കൃതിയെക്കുറിച്ച് ന്യൂജൻ സിനിമകളുടെ ഭാഷയും ഭാഷണവും മുൻനിർത്തി ഈ ലേഖനം ചില നിരീക്ഷണങ്ങളവതരിപ്പിക്കുന്നുണ്ട്.

ജർമ്മൻ നവസിനിമയുടെ വക്താവായ വെർണർ ഫാസ് ബൈന്ദറുടെ 'Bitter Tears of Petrovonkant' (1970) എന്ന സിനിമ, അടിമത്തമാഗ്രഹിക്കുന്ന ഒരു ജനതയുടെയും വ്യക്തിമനസ്സുകളിലെ ഏകാധിപത്യപ്രവണതകളുടെയും ആവിഷ്‌ക്കാരമാണ്. ഫാഷൻ ഡിസൈനറും സമ്പന്നയുമായ പെട്ര എന്ന സ്ത്രീ രണ്ടു വിവാഹബന്ധങ്ങളിൽനിന്നു പിന്മാറി, മറ്റു രണ്ടു സ്ത്രീകളോടൊപ്പം ജീവിക്കുമ്പോൾ അവർക്കിടയിൽ രൂപം കൊള്ളുന്ന ലൈംഗികാസൂയയുടെയും സ്വലിംഗരതിയുടെയും ഗുപ്തകാമനകളുടെ സംഘർഷങ്ങളാണ് സിനിമയുടെ ഉള്ളടക്കം. കൂട്ടിലടക്കപ്പെട്ട മൃഗവാസനകളുടെയും പുരുഷന്റെ അഭാവത്തിലും തിണർത്തുനിൽക്കുന്ന പുരുഷലിംഗത്തിന്റെ ആധിപത്യത്തിന്റെയും ചിത്രീകരണം. ചലച്ചിത്രക്കാഴ്ചയിൽ പ്രേക്ഷകരുടെ സർഗാത്മകവും ക്രിയാത്മകവുമായ പങ്കാളിത്തം നടക്കേണ്ടതിനെക്കുറിച്ചുള്ള ശ്രദ്ധേയമായ നിലപാടുകൾ സുരേന്ദ്രൻ ഈ പഠനത്തിലും മുന്നോട്ടുവയ്ക്കുന്നുണ്ട്.

കേതന്മേത്ത 1980-ൽ നിർമ്മിച്ച 'ഭാവ്‌നി ഭവായ്' എന്ന ഗുജറാത്തി ചിത്രം, ഭവായ് എന്ന കീഴാള ജനകീയകലയുടെ രൂപഘടനയിൽ ഗുജറാത്തിലെ ജാതിവ്യവസ്ഥക്കെതിരെ ഉയർത്തുന്ന നിശിതമായ വിമർശനമാണ്. ചരിത്രത്തിന്റെ കഥനകർതൃത്വം ദലിതരിലേക്കു മാറ്റിനടുന്ന കല. 'മൂന്നാം' സിനിമയുടെ സാംസ്‌കാരിക സാധ്യതകൾ മുൻനിർത്തി സുരേന്ദ്രൻ ഇന്ത്യൻ സാമൂഹ്യപശ്ചാത്തലത്തിൽ ഈ ചിത്രം സൃഷ്ടിച്ച സൗന്ദര്യരാഷ്ട്രീയം വിശകലനം ചെയ്യുന്നു.

സിനിമ ഒരു കലയും സംസ്‌കാരവുമെന്ന നിലയിൽ സംഭവിക്കുകയും സംഭവിപ്പിക്കുകയും ചെയ്യുന്ന സാമൂഹികാനുഭവങ്ങളുടെ ലാവണ്യരാഷ്ട്രീയമാണ് സുരേന്ദ്രന്റെ അന്വേഷണമേഖല. ചലച്ചിത്രകാരന്റെ ഭാവബന്ധങ്ങളും ചലച്ചിത്രത്തിന്റെ രൂപതലങ്ങളും മാത്രമല്ല ഈ അനുഭൂതിയുടെ സാക്ഷാത്കാരത്തിനു പിന്നിലെ ഘടകങ്ങൾ. അർഥോല്പാദനത്തിലും പാഠനിർമ്മിതിയിലും പ്രേക്ഷകർക്കുള്ള സക്രിയപങ്കാളിത്തമാണ് ചലച്ചിത്രത്തിന്റെ പൂരണകല. സിനിമയും അതിന്റെ കാഴ്ചയുടെ സർഗാത്മകതയും തമ്മിലുള്ള ഉടമ്പടി മുൻനിർത്തിയുള്ള ചിന്തകളെന്ന നിലയിൽ ഈ പഠനഗ്രന്ഥം മലയാള ചലച്ചിത്രവിമർശനരംഗത്ത് സ്വന്തമായൊരിടം കണ്ടെത്തുകതന്നെ ചെയ്യും.

പുസ്തകത്തിൽനിന്ന്:-

സിനിമയെക്കുറിച്ചുള്ള നമ്മുടെ പൊതു സങ്കല്പം ഇപ്രകാരമാണ്: ഫീച്ചർ സിനിമയിൽ ശബ്ദം ദൃശ്യങ്ങൾക്കും, ഡോക്യുമെന്ററിയിൽ ദൃശ്യങ്ങൾ ശബ്ദത്തിനും അകമ്പടിയായിരിക്കണം. നമ്മുടെ ഏതാണ്ടെല്ലാ സിനിമകളും ഈ ബന്ധം കൃത്യമായി പിന്തുടരുന്നവയാണ്. ഈ രീതി പിന്തുടരാത്ത സിനിമകൾ വല്ലപ്പോഴും സംഭവിച്ചാൽ ഭൂരിപക്ഷം പ്രേക്ഷകർക്കും സിനിമ ഉൾക്കൊള്ളാൻ കഴിയില്ല. ഇത് നമ്മെ അലോസരപ്പെടുത്തും. ഇതിൽ എന്തോ പന്തികേടുണ്ടെന്ന് നാം പറയും. സംവിധായകന് പറ്റിയ അബദ്ധമായിപ്പോലും ഇതിനെ പലരും കാണുന്നു.

ഇറാനിയൻ സിനിമയിൽ വ്യത്യസ്തവും ക്രിയാത്മകവുമായി ചലച്ചിത്ര മാധ്യമത്തിന്റെ സാധ്യതകൾ ആരായുന്ന അബ്ബാസ് കിയറോസ്തമി ശബ്ദത്തിന് ചേരാത്ത ദൃശ്യങ്ങളും, ദൃശ്യങ്ങൾക്ക് ചേരാത്ത ശബ്ദവും സിനിമയിൽ ഉപയോഗിക്കുന്നു. ചില സിനിമകളിൽ അദ്ദേഹം ബോധപൂർവം ചേർക്കാതിരുന്ന/ഉൾക്കൊള്ളിക്കാതിരുന്ന സീനുകളെ ഭാവന ചെയ്യാൻ പ്രേക്ഷകർക്ക് വിട്ടുകൊടുക്കുന്നു. ചില സിനിമകളിൽ ശബ്ദപഥത്തിന്റെ ചില ഭാഗങ്ങൾ മറച്ചുവെക്കുന്നു. അദ്ദേഹത്തിന്റെ 'ഷിറിൻ' (2008) എന്ന സിനിമയിൽ ശബ്ദപഥം പ്രേക്ഷകരായ നാം കാണുന്ന സിനിമയുടേതല്ല. മറിച്ച് നാം കാണുന്ന സിനിമയിലെ സ്ത്രീകൾ കാണുന്ന സിനിമയുടേതാണ്.

ഇത്തരമൊരു ശൈലി (ശബ്ദത്തിന് ചേരാത്ത ദൃശ്യങ്ങളും, ദൃശ്യങ്ങൾക്കു ചേരാത്ത ശബ്ദവും) മറ്റ് ചില ചലച്ചിത്രകാരന്മാരും പിന്തുടർന്നിട്ടുണ്ട്. ഇതിൽ പ്രത്യേക പരാമർശിക്കുന്നത് ഫ്രഞ്ച് ചലച്ചിത്രകാരനായ ഗൊദാർദാണ്. അദ്ദേഹത്തിന്റെ സിനിമയിൽ ഏത് ശബ്ദം ഏത് ദൃശ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നറിയാതെ പ്രേക്ഷകൻ കുഴങ്ങുന്നു. 'ഷിറിൻ' എന്ന സിനിമയിൽ കിയറോസ്തമി സിനിമയും പ്രേക്ഷകനുംതമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചിന്തകളെ പുതിയൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു.

ഈ സിനിമ വളരെ വ്യത്യസ്തവും വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഒരു സിനിമ -- പഴയകാല പ്രേമകഥ -- കണ്ടുകൊണ്ടിരിക്കുന്ന പല പ്രായത്തിലുള്ള നൂറിൽപ്പരം സ്ത്രീകളുടെ മുഖത്തിന്റെ സമീപ ദൃശ്യങ്ങളാണ് തൊണ്ണൂറ് മിനിറ്റ് ദൈർഘ്യമുള്ള ഈ സിനിമയിൽ നാം കാണുന്നത്. (പ്രാചീന പേർഷ്യയിലെ ഒരു ദുരന്ത പ്രണയ കഥയെ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമയാണ് സ്ത്രീകൾ കാണുന്നത്. ഇറാനിൽ വളരെയധികം പ്രചാരമുള്ള ഈ കഥ പേർഷ്യൻ രാജാവായ ഖൊസ്രോവിന്റെയും അർമേനിയൻ രാജ്ഞിയായ ഷിറിന്റേതുമാണ്). എന്നാൽ നാം കേൾക്കുന്നതാകട്ടെ, ഈ സ്ത്രീകൾ കാണുന്ന സിനിമയുടെ ശബ്ദപഥവും. അവർ കണ്ടുകൊണ്ടിരിക്കുന്ന സിനിമ നാം പ്രേക്ഷകർ ഒരിക്കലും കാണുന്നില്ല. ദൃശ്യങ്ങളും ശബ്ദങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്, സ്ത്രീകളുടെ സിനിമാ കാഴ്ചയെക്കുറിച്ച്, പ്രേക്ഷകരുടെ സിനിമയുമായുള്ള താദാത്മ്യവല്ക്കരണത്തെക്കുറിച്ച്, ആത്യന്തികമായി സിനിമയുടെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് ആണ് ഈ സിനിമ.

നമ്മെ സിനിമ കാണിക്കാതെ, കേൽക്കുന്ന ഒന്നിൽ നിന്നും, ഇതുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊന്നിൽ നിന്നും ഒരു സിനിമ കാണുകയാണെന്ന പ്രതീതി ഉണ്ടാക്കുകയാണ് കിയാറോസ്തമി. ഇതൊരു തരത്തിലുള്ള തെറ്റിദ്ധരിപ്പിക്കലാണ്. ഇത് മിഥ്യ സൃഷ്ടിക്കാനും, സൗന്ദര്യമുള്ള കളവു പറയാനുമുള്ള സിനിമയുടെ കഴിവിലേക്ക്, പ്രകൃതത്തിലേക്ക് നമ്മെ എത്തിക്കുന്നു. (ഇവയുടെ വിവിധ രീതികളിലുള്ള ഉപയോഗത്തിലൂടെ നമ്മുടെ ഭൂരിഭാഗം സിനിമകളും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു). എന്നാൽ കിയറോസ്തമി ഈ ഘടകങ്ങളെ ബോധപൂർവം ഉപയോഗിച്ച് പ്രേക്ഷകനെ ഇതിനെക്കുറിച്ച് ബോധവാനാക്കുന്നു. നാം തിരശ്ശീലയിൽ കാണുന്ന സ്ത്രീ പ്രേക്ഷകർ ഒരു സിനിമ കാണുന്നതായാണല്ലോ കിയറോസ്തമി അവതരിപ്പിക്കുന്നത്. എന്നാൽ, യഥാർഥത്തിൽ കിയാറോസ്തമി അവരെയും (നാം പ്രേക്ഷകരെപ്പോലെ) സിനിമ കാണിക്കുന്നില്ല. അവർ സിനിമ കാണുകയാണെന്ന് അദ്ദേഹം നമ്മെ തെറ്റിദ്ധരിപ്പിക്കുന്നു, കളവു പറയുന്നു. ഈ സ്ത്രീകൾ ഒരു സിനിമാ തിയ്യറ്ററിൽ ഇരുന്ന് (അവർ കാണുന്നതായി പ്രേക്ഷകന് മുന്നിൽ അവതരിപ്പിക്കുന്ന) സിനിമ കാണുന്നത് ചിത്രീകരിക്കുകയായിരുന്നില്ല അദ്ദേഹം. ഈ സിനിമയുടെ (ഒരു സിനിമയുടെയും) ശബ്ദ പഥം കേൾക്കുന്നത് ചിത്രീകരിക്കുകയും ആയിരുന്നില്ല. എന്തിനധികം, ഈ സ്ത്രീകൾ ഒരിക്കലും ഒന്നിച്ച് ഉണ്ടായിരുന്നില്ല. ഒരു കടലാസ്സിൽ വരച്ച പുരുഷന്റെയും സ്ത്രീയുടെയും ചിത്രത്തിൽ നോക്കി ഓരോ സ്ത്രീയെയും അദ്ദേഹത്തിന്റെ വീട്ടിലെ ഒരു മുറിയിൽ ഇരുത്തി. എന്നിട്ട് അദ്ദേഹം ഈ സ്ത്രീകളോട് അവരുടെ പ്രണയ ജീവിതത്തെക്കുറിച്ച് ആലോചിക്കാൻ പറഞ്ഞു. ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചതിന് ശേഷം ഇപ്പോഴത്തെ ശബ്ദ പഥം ഉണ്ടാക്കുകയായിരുന്നു.

ആർഭാടങ്ങളും കെട്ടുകാഴ്ചകളും പൊടിപ്പും തൊങ്ങലും ഒഴിവാക്കി തീർത്തും ആവശ്യമുള്ള ഘടകങ്ങളെ മാത്രം സിനിമയിൽ നിലനിർത്തുന്ന ഒരു രീതിയാണ് അദ്ദേഹം ഈ സിനിമയിൽ അവലംബിച്ചിരിക്കുന്നത്. മിനിമലിസത്തോടുള്ള ഈ ആഭിമുഖ്യം, തന്റെ സിനിമാ ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടം മുതൽ ('ടെൻ' എന്ന സിനിമ മുതൽ) അദ്ദേഹം പിന്തുടർന്നു. ഒഴിവാക്കാവുന്ന ഘടകങ്ങളെ ഒഴിവാക്കുകതന്നെ വേണം. ഉപേക്ഷിക്കുന്നതിലൂടെയുള്ള, കൂട്ടിച്ചേർക്കാ തിരിക്കുന്നതിലൂടെയുള്ള സൃഷ്ടി എന്ന ബ്രസ്സോണിന്റെ സിനിമാ സങ്കല്പങ്ങളാണ് അദ്ദേഹത്തിന് പ്രചോദനം. ഇതിനെ തന്റെ സൃഷ്ടിയുടെ പൂർണതയ്ക്കായി ഒരു ശില്പി കല്ലിൽ നിന്ന് തനിക്ക് ആവശ്യമില്ലാത്ത ഭാഗങ്ങൾ ചെത്തിമാറ്റി ശില്പം കൊത്തിയെടുക്കുന്ന രീതിയുമായി ഉപമിക്കാം. അദ്ദേഹത്തിന്റെ മുൻകാല സിനിമകളിൽ ധാരാളമായുണ്ടായിരുന്ന ചലനങ്ങളും 'ടെൻ' എന്ന സിനിമയിലെത്തുന്നതോടെ ലഘൂകരിക്കപ്പെടുന്നു. കഥാപാത്രങ്ങൾ താരതമ്യേന നിശ്ചലരാകുന്നു. 'ടെൻ' എന്ന സിനിമ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് നഗര വീഥികളിലൂടെ കാറോടിക്കുന്ന ഒരു സ്ത്രീയിലാണെങ്കിൽ 'ഷിറിൻ' എന്ന സിനിമയിൽ ആസനസ്ഥരായി സിനിമ കാണുന്ന നിരവധി സ്ത്രീകളാണ്. ക്യാമറ ചലിക്കുന്നില്ല. സ്ത്രീകളുടെ ചെറിയ തോതിലുള്ള അംഗ വിക്ഷേപങ്ങൾ മാത്രമാണുള്ളത്. ഇതുപോലെ പ്രധാനമാണ് ഫ്രെയിം ഒരുക്കിയിരിക്കുന്ന രീതിയും. സിനിമ മുഴുവൻ ദൈർഘ്യമേറിയ മീഡിയം ക്ലോസപ്പ് ഷോട്ടുകളാണ്. ഇതിനെ മുഖങ്ങളുടെ ലാൻഡ് സ്‌കേപ്പ് എന്ന് വിശേഷിപ്പിക്കാം. സ്‌ക്രീനിൽ മുഖങ്ങൾ മാത്രമുള്ളതിനാൽ ദൃശ്യങ്ങൾ പെട്ടെന്ന് മാറാത്തതിനാൽ, പ്രേക്ഷക ശ്രദ്ധ മറ്റൊന്നിലും അലയേണ്ടതില്ല. മുഖ ഭാവങ്ങളിലും വല്ലപ്പോഴുമുള്ള അംഗ ചലനങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് പ്രേക്ഷകരെ നിർബന്ധിക്കുന്നു. ഒരു പ്രകൃതി ദൃശ്യത്തെ ദീർഘനേരം നോക്കിയിരിക്കുമ്പോളഴുള്ള അനുഭവങ്ങളോട് ഇതിനെ ഉപമിക്കാം. ഒരു സിനിമ കാണുമ്പോൾ പ്രേക്ഷകനിൽ വൈകാരിക പ്രതികരണങ്ങൾ ഉത്തേജിപ്പിക്കുന്ന ഘടകം എന്താണ്? അല്ലെങ്കിൽ, ഇത്തരത്തിലുള്ള വൈകാരിക പ്രതികരണം എങ്ങിനെയാണ് പ്രവർത്തിക്കുന്നത്? ഇത് സംഭവിക്കുന്നത്, മറ്റു ഘടകങ്ങൾക്കൊപ്പം, കാണുന്നതിനും കേൾക്കു ന്നതിനും തമ്മിലുള്ള ബന്ധത്തിൽക്കൂടിയുമാണ്. അതുകൊണ്ടാണ് നമ്മുടെ സിനിമകൾ, ഏത് തരത്തിലുള്ളതായാലും, ദൃശ്യങ്ങൾക്ക് ചേരുന്ന ശബ്ദങ്ങൾ തന്നെ ഉപയോഗിക്കുന്നത്. എന്നാൽ ഈ സിനിമയിൽ അത്തരത്തിലുള്ള വികാര വിരേചനത്തിന് സാധ്യത ഇല്ല. നാം എന്തിനോടാണ് സാത്മ്യപ്പെടുക? കേൾക്കുന്ന ശബ്ദത്തിലൂടെ അവതരിപ്പിക്കപ്പെടുന്ന ഷിറിന്റെയും ഖൊസ്രോവിന്റെയും ദുരന്ത പ്രേമകഥയോടോ? അല്ല, നാം കാണുന്ന സിനിമയിലെ സ്ത്രീകളുടെ മുഖത്തെ പ്രതികരണ ഭാവങ്ങളോടോ? (ഇറാനികൾ അല്ലാത്ത പ്രേക്ഷകരെ സംബന്ധിച്ചാണെങ്കിൽ, സ്‌ക്രീനിൽ തെളിയുന്ന സബ്-ടൈറ്റിലുകൾ ഇതിനിടയിലെ ഒരു കീറാമുട്ടിയാണ്. കാണുന്നതും കേൾക്കുന്നതും വ്യത്യസ്തമായിരിക്കെ, കേൾക്കുന്നതിനെ വായിക്കുന്ന പ്രക്രിയ കേൾക്കുന്നതിൽ നിന്നും കാണുന്നതിൽ നിന്നും ഒരനുഭവം മനസ്സിൽ നെയ്‌തെടുക്കുന്നതിൽ തടസ്സമാകാൻ സാധ്യതയുണ്ട്. കാണുന്നതിനും കേൾക്കുന്നതിനും വായിക്കുന്നതിനും ഇടയിൽ ഉണ്ടാകുന്ന സംശയങ്ങൾ). ചിലപ്പോൾ സിനിമയിലെ സ്ത്രീകൾ സഹാഭാവം / സഹാനുഭൂതി പുലർത്തുന്ന, നാം കേൾക്കുന്ന സിനിമയിലെ സാങ്കല്പിക കഥാപാത്രങ്ങളോട് നമുക്ക് സാത്മ്യം തോന്നുമെങ്കിൽ, മറ്റു ചിലപ്പോൾ ഈ സ്ത്രീകളുടെ വൈകാരിക അവസ്ഥയോടായിരിക്കും നമുക്ക് സാത്മ്യം തോന്നുക. എന്നാൽ മറ്റുചിലപ്പോൾ ഇവ രണ്ടിനോടുമായിരിക്കാം, അല്ലെങ്കിൽ ഒന്നിനോടുമല്ലായിരിക്കാം. സിനിമയുടെ ഘടനയുടെ പ്രത്യേകത കാരണം നമുക്ക് ഒന്നുമായും പൂർണമായും / ഒരേ സമയം താദാത്മ്യവല്ക്കകരിക്കാൻ അവസരം തരുന്നില്ല. 

മാത്രവുമല്ല, ഈ സിനിമയിൽ ഒരു കഥയോ, കഥാകഥനമോ, നാടകീയതയോ, സംഘർഷങ്ങളോ, അഭിനയമോ, മുറിയാത്ത രസച്ചരടോ, മറ്റു വാക്കുകളിൽ പറഞ്ഞാൽ, പരിണാമ ഗുപ്തിയോ ഇല്ല. നാം പ്രേക്ഷകർ കേൾക്കുന്ന സിനിമയിൽ ഒരു സാധാരണ സിനിമാക്കഥ (പ്രേമകഥ) ഉണ്ടെങ്കിലും കിയാറോസ്തമി ആ സിനിമ നമ്മെ നേരിട്ട് കാണിക്കുന്നില്ലല്ലോ. ആ സിനിമയെ നമ്മിൽ നിന്ന് മറച്ചു പിടിക്കുകയും, ശബ്ദ പഥം മാത്രം നമ്മെ കേൾപ്പിച്ചു കൊണ്ട്, ഇവയെ തമ്മിൽ ബന്ധിപ്പിച്ച് ഭാവനയിൽ ഒരു ഐക്യം കണ്ടെത്തി, താദാത്മ്യവല്ക്കരിക്കാനുള്ള സാധ്യതകളെപ്പോലും ഇല്ലാതാക്കി, നാം കാണാത്ത സിനിമയിലെ സംഭവങ്ങൾക്കും നമുക്കുമിടയിൽ സിനിമ കണ്ടുകൊണ്ടിരിക്കുന്ന സ്ത്രീകളെ ഒരു അരിപ്പ പോലെ ഉപയോഗപ്പെടുത്തിയിരിക്കുന്നു.

സിനിമ പാതി പ്രേക്ഷകൻ പാതി
പി.കെ. സുരേന്ദ്രൻ
പായൽ ബുക്‌സ്
2019, വില: 160

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP