Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാട്ടിന്റെ കളിയെഴുത്ത്

പാട്ടിന്റെ കളിയെഴുത്ത്

ഷാജി ജേക്കബ്

ളിയുടെ പാട്ടെഴുത്ത് എന്നു വേണമെങ്കിലും പേരിട്ടുവിളിക്കാവുന്ന ഒന്നാണ് ഷഹബാസ് അമന്റെ ആത്മകഥാപരമായ നാൽപത്തിനാലു രചനകളുടെ ഈ സമാഹാരം. അത്രമേൽ അവ കളിയോടും (ഫുട്‌ബോൾ തന്നെ-മലപ്പുറത്തുകാർക്ക് മറ്റെന്തു കളി?) പാട്ടിനോടും (ഗസൽ മുതൽ സിനിമാപാട്ടുവരെ) ബന്ധപ്പെട്ടുനിൽക്കുന്നു. എന്നുതന്നെയുമല്ല രണ്ടിനെയും ബന്ധിപ്പിച്ചും നിൽക്കുന്നു.

പൗരസ്ത്യവാദം മുതൽ ഇസ്ലാമോഫോബിയവരെയും വർഗീയകലാപങ്ങൾ മുതൽ വംശഹത്യകൾവരെയും ഗസൽ മുതൽ പോപ്പ് മ്യൂസിക് വരെയും മുഹമ്മദ് റാഫി മുതൽ ബാബുരാജ് വരെയും ഗുലാം അലി മുതൽ ഉംബായിവരെയും മൈക്കിൾജാക്‌സൺ മുതൽ റിയാലിറ്റിഷോ വരെയും പരന്നുകിടക്കുന്ന ഒരു ലോകക്കാഴ്ചയുടെ മൈതാനപ്പരപ്പ് ഈ പുസ്തകത്തിനുണ്ട്. ഒപ്പം, മേല്പറഞ്ഞ വിഷയങ്ങളെക്കാളും വ്യക്തികളെക്കാളും തന്റെ ആത്മാവിന്റെ ഭാഗമായി മാറിയ, പുറംലോകമറിയാത്ത, മലപ്പുറംകാരായ നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും സൃഷ്ടിക്കുന്ന ആനന്ദലോകങ്ങളും.  

എം.എൻ. വിജയന്റെ പ്രഭാഷണകലയും വൈക്കം മുഹമ്മദ് ബഷീറിന്റെ കഥനകലയും ആറ്റിക്കുറുക്കിയ ആഖ്യാനശൈലിയാണ് ഷഹബാസിന്റേത്. അങ്ങനെ ഈ രചനകൾക്ക് വൈരുദ്ധ്യങ്ങളെ കൂട്ടിയിണക്കുകവഴി രൂപംകൊള്ളുന്ന അസാധാരണമായ ഒരു നിർമ്മമതയുടെയും മതേതര മാനവികതയുടെയും ഉഭയസ്വരൂപം കൈവരുന്നു. ഒരേസമയംതന്നെ അരാജകവാദിയും അവധൂതനും അജ്ഞാനിയും അക്കാദമിക്കും കാല്പനികനും മിസ്റ്റിക്കും ഗായകനും കായികതാരവും നിരാശനും പ്രതീക്ഷാനിർഭരനുമായി ഷഹബാസ് ഈ രചനകളിൽ പ്രത്യക്ഷപ്പെടുന്നു. രചനകൾ എന്നല്ലാതെ ഒരു വിളിപ്പേര് ഈ പുസ്തകത്തിനു സാധ്യമല്ല എന്നതും പ്രധാനമാണ്. കാരണം ഓർമ്മക്കുറിപ്പുകളും കവിതകളും പ്രഭാഷണങ്ങളും ഗാനനിരൂപണങ്ങളും തിരക്കഥയും ആത്മകഥയും സാമൂഹ്യവിമർശനവും രാഷ്ട്രീയവിചാരവും സംഗീതചിന്തയും ഫുട്‌ബോൾ ദർശനവും ഈ കൃതിയിലുണ്ട്. ഗൃഹാതുരതയും ചരിത്രബോധവും ഇടകലർന്നവ. റിയലിസവും ഫാന്റസിയും കൂടിക്കുഴഞ്ഞവ. കാവ്യാത്മകതകതയിലും കാല്പനികതയിലും നിന്ന് മാജിക്കൽ റിയലിസത്തിലേക്കു വഴുതിപ്പോകുന്നവ. ഒന്നാന്തരം ഗദ്യകവിതകൾ മുതൽ ആത്മരതിയുടെ പതഞ്ഞുപൊങ്ങൽ വരെ. 'ഓം അല്ലാഹ്', ഷഹബാസ് അമനെന്ന കലാകാരന്റെ വ്യക്തിത്വത്തെയും കലാനുഭവങ്ങളെയും നിശിതമായ സാമൂഹിക, മത, മാനവിക പശ്ചാത്തലങ്ങളിൽ തുറന്നുകാണിക്കുന്ന ജീവിതപുസ്തകംതന്നെയാണ്.

പ്രധാനമായും നാലഞ്ചുവിഭാഗങ്ങളിൽ പെടുന്നവയാണ് ഈ പുസ്തകത്തിലെ ശ്രദ്ധേയമായ രചനകൾ. ഒന്നാമത്തേത് കളിയെഴുത്താണ്. ബാല്യ, കൗമാരങ്ങളിൽ തന്റെ ജീവിതത്തിന് അർഥം നൽകി പൊലിപ്പിച്ച ഫുട്‌ബോളിന്റെ മലപ്പുറം കഥകൾ. വിംസിയുടെ റിപ്പോർട്ടുകളിലും എംപി. സുരേന്ദ്രന്റെ ലേഖനങ്ങളിലും എൻ.എസ്. മാധവന്റെ 'ഹിഗ്വിറ്റ'യിലുമൊക്കെ മലയാളി വായിച്ചറിഞ്ഞ കാൽപ്പന്തിന്റെ മാന്ത്രികലാവണ്യം അസാധാരണമായ ചാരുതയിലും ഭാവബദ്ധതയിലും പരാവർത്തനം ചെയ്യുന്ന മൂന്നുനാലു രചനകളുണ്ട് ഈ പുസ്തകത്തിൽ. സംശയരഹിതമായി പറയാം, ഈ പുസ്തകത്തിലെ ഏറ്റവും നല്ല രചനകളും ഇവതന്നെയാണ്.

ഫുട്‌ബോൾ മലപ്പുറത്തിന്റെ ഒരു പൊതുമതമാണ്. കർണാട്ടിക്കെന്നോ ഹിന്ദുസ്ഥാനിയെന്നോ ശാസ്ത്രീയമെന്നോ അശാസ്ത്രീയമെന്നോ സംഗീതത്തിൽ ചേരിതിരിവുണ്ടായതുപോലെയല്ല മലപ്പുറത്തിനു ഫുട്‌ബോൾ. അതിനു വേറെ ഷെയ്ഡുകളൊന്നുമില്ല. 'അടിയെടാ' എന്ന ഗോളിനായുള്ള ദാഹം മാത്രമാണത്'. പുത്താങ്കീരി, ലോങ് വിസിൽ, മധ്യനിരയിലെ വാൽമീകി, ബൂട്ടാർമോണിയം എന്നിങ്ങനെ. മലപ്പുറത്തെ മനുഷ്യരുടെ ദൈനംദിനജീവിതത്തോടും സാമൂഹിക കൂട്ടായ്മകളോടും മാത്രമല്ല, സംഗീതത്തോടും സിനിമയോടും വേരുകൾകൊണ്ടുതന്നെ ബന്ധം സ്ഥാപിക്കുന്ന അനുഭൂതികളാണ് ഈ കാൽപ്പന്തുകഥകൾ. 'ഇലവൻസ്, സാങ്കേതികത്തികവുറ്റ ഒരു സംഗീതക്കച്ചേരിക്കും സെവൻസ് ആവേശോജ്ജ്വലമായ ഒരു ഗാനമേളയ്ക്കും' തുല്യമാണെന്നും (പുറം - 24) 'ഗായകൻ മനോധർമ്മമനുസരിച്ച് കണക്കും കഴിഞ്ഞു നീട്ടിപ്പാടുമ്പോൾ കേൾവിക്കാർ കയ്യടിക്കുന്നതിനു തുല്യമായ ഒരനുഭവം കളിക്കാരൻ ഗ്രൗണ്ടിൽ ഡ്രിബ്ലിങ് സമയത്തനുഭവിക്കുന്നുണ്ട്' എന്നും (പുറം-25) ഷഹബാസ് എഴുതും. 'എന്തെന്നാൽ, ഫുട്‌ബോൾ മലപ്പുറത്തിന്റെ ഒരു പൊതുമതമാണ്. കർണാട്ടിക്കെന്നോ ഹിന്ദുസ്ഥാനിയെന്നോ ശാസ്ത്രീയമെന്നോ അശാസ്ത്രീയമെന്നോ സംഗീതത്തിൽ ചേരിതിരിവുണ്ടായതുപോലെയല്ല മലപ്പുറത്തിനു ഫുട്‌ബോൾ. അതിനു വേറെ ഷെയ്ഡുകളൊന്നുമില്ല. 'അടിയെടാ' എന്ന ഗോളിനായുള്ള ദാഹം മാത്രമാണത്'.

സിനിമാഗാനങ്ങളും അവയുടെ ലാവണ്യാനുഭവങ്ങളും മുൻനിർത്തി തന്റെ സംഗീതതാൽപര്യങ്ങൾ വെളിപ്പെടുത്തുന്നവയാണ് ഇനിയൊരു വിഭാഗം രചനകൾ. കെ. രാഘവന്റെയും ബാബുരാജിന്റെയും സംഗീതവും പി. ഭാസ്‌കരന്റെ സാഹിത്യവുമാണ് ഇവിടെ ഷഹബാസിന്റെ ഹരങ്ങൾ. 'എങ്ങനെ നീ മറക്കും', 'താമസമെന്തേ വരുവാൻ' തുടങ്ങിയ ഗാനങ്ങളെക്കുറിച്ചുള്ള വേറിട്ട നിരൂപണങ്ങൾ മുതൽ 'ചാന്തുപൊട്ടി'ലും 'ഇന്ത്യൻ റുപ്പി'യിലും 'സ്പിരിറ്റി'ലുമൊക്കെയായി രൂപംകൊണ്ട തന്റെതന്നെ ചലച്ചിത്രഗാനജീവിതം (ആലാപനം, സംഗീതം....) വരെ അവ നീളുന്നു.



'ഭാരതീയസംഗീതം പീസ്ഫുൾ ആണെന്നല്ലേ പറയുക. നിങ്ങളൊരു സർവേ നടത്തിനോക്ക്. 2009 ലേക്ക് പത്തു വയസ്സ് തികഞ്ഞവർ തൊട്ട് നൂറു വയസ്സ് തികഞ്ഞവർവരെയുള്ള ആളുകൾ അതിന്റെ പരിധിയിൽ വന്നുനോക്കട്ടെ. നടത്ത്. ഞാൻ കണ്ണുമടച്ച് പറയുന്നു. തൊണ്ണൂറു ശതമാനവും റിലീജ്യസ് ആയിരിക്കും. മറ്റൊന്നിനെ വൃത്തിയില്ലാത്തതോ, അഭക്തമോ അവ്യക്തമോ മറ്റെന്തൊക്കെയോ ആയി കാണുന്ന ജനതയെ നിങ്ങൾക്ക് ആ സർവേയിൽ കാണാം. ഉറപ്പ്!  മൂന്നാമത്തെ വിഭാഗം രചനകൾ ഗസലിനെയും ഇന്ത്യൻ സംഗീതധാരകളെയും കുറിച്ചുള്ളവയാണ്. രണ്ടു കാഴ്ചപ്പാടുകളാണ് ഇവിടെ മുഖ്യം. ഒന്ന്, നസ്രത് ഫത്തേഹ് അലിഖാൻ, മെഹ്ദിഹസ്സൻ, ഗുലാം അലി, ജഗജിത് സിങ് എന്നിവർ മുതൽ ഉംബായിവരെയുള്ളവരുടെ ആലാപനശൈലികളെക്കുറിച്ചുള്ള ആരാധന കലർന്ന അവലോകനവും അവയോടുള്ള തന്റെ ആത്മബന്ധത്തിന്റെ തുറന്നെഴുത്തും. രണ്ട്, ഇന്ത്യൻ സംഗീതത്തിന്റെ മതാത്മകതയെക്കുറിച്ചുള്ള നിശിതമായ വിമർശനവും വിചിന്തനവും ഗസൽ സാമാന്യേന മതേതരമാണെന്ന നിലപാടിലുറച്ചുനിന്നുകൊണ്ട് ഷഹബാസ് അമൻ എഴുതുന്നു: 'ഭാരതീയസംഗീതം പീസ്ഫുൾ ആണെന്നല്ലേ പറയുക. നിങ്ങളൊരു സർവേ നടത്തിനോക്ക്. 2009 ലേക്ക് പത്തു വയസ്സ് തികഞ്ഞവർ തൊട്ട് നൂറു വയസ്സ് തികഞ്ഞവർവരെയുള്ള ആളുകൾ അതിന്റെ പരിധിയിൽ വന്നുനോക്കട്ടെ. നടത്ത്. ഞാൻ കണ്ണുമടച്ച് പറയുന്നു. തൊണ്ണൂറു ശതമാനവും റിലീജ്യസ് ആയിരിക്കും. മറ്റൊന്നിനെ വൃത്തിയില്ലാത്തതോ, അഭക്തമോ അവ്യക്തമോ മറ്റെന്തൊക്കെയോ ആയി കാണുന്ന ജനതയെ നിങ്ങൾക്ക് ആ സർവേയിൽ കാണാം. ഉറപ്പ്! റിലീജ്യസ് ആവുക എന്നാൽ, അതിന്റെ അന്ത്യഫലം ഗുജറാത്തോ താജോ ഒക്കെയായിരിക്കും എന്നു നമുക്കറിയാമല്ലോ. വെട്ടുന്നവനോടുള്ള മൗനമായ ഈ ഏകീഭാവമാണ് ഇന്ത്യൻ/ഉപഭൂഖണ്ഡത്തിലെ, ശാസ്ത്രീയസംഗീത ശാഖകളുടെ അടിസ്ഥാന കോൺട്രിബ്യൂഷൻ. അപവാദങ്ങളുണ്ടാവാം. ഉണ്ടാകണമെന്നല്ല, ഉണ്ട്. ഒരു പത്തു ശതമാനത്തിനുള്ളിൽ - അത് ഏതു കാര്യത്തിലുമുണ്ടാകും. മാറിച്ചിന്തിക്കുന്ന ഒരു ന്യൂനപക്ഷം. അധികാരമോ സംഘശക്തിയോ ഇല്ലാത്ത ഈ വിഭാഗം ഒന്നിനും പരിഹാരമല്ല. അന്തരീക്ഷത്തിലുണ്ട് എന്ന ആശ്വാസം മാത്രം.

പരിശോധനകളിൽ പെട്ടെന്ന് കണ്ടുപിടിക്കാൻ കഴിയാത്ത ശാസ്ത്രീയസംഗീതത്തിന്റെ ഈ 'അജ്ഞാതരോഗം' സംഗീതത്തെ ആകെ മൊത്തം ബാധിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാൻ സമയമായിക്കഴിഞ്ഞു. 2012 ഒക്കെ ആയില്ലേ. ഫോക്‌ലോറുകളും എത്‌നിക് ഗീതികകളുമൊക്കെ ഭൂമിക്കടിയിലേക്ക് വളർന്ന് മാനം വിരിഞ്ഞുനില്‌ക്കേണ്ടതാണ്. അതും വിഭജനത്തിന്റെ വേദനകളനുഭവിക്കുന്ന/അനുഭവിക്കേണ്ടുന്ന ഇന്ത്യയിൽ/കേരളത്തിൽ.

'ഉറുമാൽ' വീശുമ്പോൾ 'ഉറുമി' വീശുന്ന കാലമാണ്. ഇന്ത്യയ്ക്ക് വിഭജനത്തിന്റെ ഒരു ജീനുണ്ടല്ലോ. അത് വർക്ക് ചെയ്യാതിരിക്കില്ല, കാലാകാലം; സാഹിത്യത്തിലായാലും സംഗീതത്തിലായാലും അതുകൊണ്ടാണ് 'നമ്മുടെ സ്വന്തം ആളുകളെ' അവരുടെ വിയോഗസമയത്ത് ഫ്രണ്ട് പേജിൽ കറുപ്പിൽ മുക്കിപ്പാരുകയും മൈക്കൽ ജാക്‌സനെപ്പോലുള്ള ഒരു ഹലഴലിറ കേവല വിവാദവർത്തമാനമോ ഇകഴ്‌ത്തലോ മാത്രമായിത്തീരുന്നത്. നമ്മൾ നന്നാവില്ല. നമ്മളെ നമ്മളിങ്ങനെ, തല്ലേണ്ട. തലോടിയാൽ മതി'.

മറ്റൊരുവിഭാഗം രചനകൾ പാശ്ചാത്യ, ഇന്ത്യൻ ജനപ്രിയ വിപണിസംഗീതത്തിന്റെ ഭിന്നധാരകളെക്കുറിച്ചാണ്. ജോൺലെനൻ, മൈക്കൾ ജാക്‌സൺ എന്നിവർ തൊട്ട് എ.ആർ. റഹ്മാൻ വരെയുള്ളവരിലൂടെ വളർന്ന നമ്മുടെ കാലത്തിന്റെ ഏറ്റവും ജീവത്തും ജനകീയവുമായ സംഗീതസംസ്‌കാരത്തെക്കുറിച്ച്. സിനിമാസംഗീതരംഗത്തെ നിരവധിയായ വ്യാജങ്ങളുടെ തുറന്നുകാട്ടൽ മുതൽ സംഗീതസംബന്ധിയായ ടെലിവിഷൻ റിയാലിറ്റിഷോകൾക്കെതിരായ കുറ്റപത്രംവരെ ഇവിടെയുണ്ട്.

സ്വന്തം ഗസലുകളുടെ എഴുത്ത്, സംഗീതം ചിട്ടപ്പെടുത്തൽ, ആലാപനം, ആൽബമാക്കൽ തുടങ്ങിയവയുടെ ചർച്ചയാണ് ഇനിയുമൊരു വിഭാഗം രചനകളുടെ വിഷയം. ഒരുപക്ഷെ ഈ പുസ്തകത്തിലെ ഏറ്റവും കൂടുതൽ രചനകൾ ഈ വിഭാഗത്തിലാണുൾപ്പെടുക. 'സജ്‌നീ... സജ്‌നീ', 'സോൾ ഓഫ് അനാമിക' തുടങ്ങിയ പാട്ടുകളുടെയും ആൽബങ്ങളുടെയും ചരിത്രം പലരൂപത്തിൽ എത്രയെങ്കിലും രചനകളിലൂടെ പറഞ്ഞുവയ്ക്കുന്നു, ഷഹബാസ്. തന്റേതുൾപ്പെടെയുള്ള ഗസലുകൾക്കും സംഗീതത്തിനും കൈവന്നിട്ടുള്ള മതാത്മകതയെക്കുറിച്ച് ഷഹബാസിനുള്ള ആശങ്കകൾ ഇവിടെ മറച്ചുവയ്ക്കപ്പെടുന്നില്ല. 'പാട്ടിന്റെ സെൻസസ്' എന്ന രചനയിൽ ഷഹബാസ് എഴുതുന്നു :

'സംഗീതത്തിലെ പൊതു മതേതരത്വം എന്നാൽ എന്താണ്?

സംഗീതം സകലരേയും ഒരുമിപ്പിക്കുന്നു എന്നാണ് പണ്ടുതൊട്ടേയുള്ള വിശ്വാസം. അതിനു മത, ജാതി, ഭാഷ, വർഗ, വംശകാല വിവേചനങ്ങളില്ലെന്നാണ് വെപ്പ്. എന്നാലും ചെറിയ സംശയങ്ങളൊക്കെ നിലനില്ക്കുന്നുണ്ട്. ചെറിയ നിരുത്സാഹങ്ങളും നീരസങ്ങളും സംഗീതത്തിൽ നിലനിന്നുപോരുന്നുണ്ട്. ചില കള്ളിതിരിവുകളും ചേരിതിരിവുകളും എന്നും ആളുകൾ കാത്തുപോരുന്നുണ്ട്. പൂർണമായും മാനവതലം കൈവരിക്കാൻ അതിനായിട്ടില്ല. 

 സംഗീതത്തോളം സാർവഭൗമികാംഗീകാരവും സ്വീകാര്യതയും ഉള്ള മറ്റെന്തുണ്ട്? നമ്മെ ഇനിയും മരിച്ചിട്ടില്ലാത്ത മനുഷ്യരാക്കുന്നതിൽ ഓക്‌സിജന് തുല്യമായ പങ്ക് അതു വഹിക്കുന്നുണ്ട്. രാജ്യത്ത് കലഹങ്ങളുണ്ടായപ്പോഴൊക്കെ അവിടെ സംഗീതം ഒരു മരുന്നായി ഉപയോഗിക്കപ്പെട്ടു. ആയുധങ്ങൾക്കു പുറമേ ആയിരിക്കാം ഇത്. എന്നാലും വേണ്ടില്ല. സംഗീതം ആരെയും ഉപദ്രവിക്കില്ല, അതിന്റെ ശത്രുവിനെയല്ലാതെ. അതാരെയും സഹായിക്കില്ല; അതിന്റെ മിത്രത്തിനെയല്ലാതെ. ഏറെക്കുറെ അങ്ങനെയൊക്കെത്തന്നെയായിരിക്കാം, അതിനിയും തുടരുക. അതിനെ നമ്മൾ അങ്ങനെയൊക്കെയാണ് നിലനിർത്തുക എന്നും കരുതേണ്ടിവരും. എന്നാലും കുഴപ്പമില്ല. സംഗീതത്തോളം സാർവഭൗമികാംഗീകാരവും സ്വീകാര്യതയും ഉള്ള മറ്റെന്തുണ്ട്? നമ്മെ ഇനിയും മരിച്ചിട്ടില്ലാത്ത മനുഷ്യരാക്കുന്നതിൽ ഓക്‌സിജന് തുല്യമായ പങ്ക് അതു വഹിക്കുന്നുണ്ട്. രാജ്യത്ത് കലഹങ്ങളുണ്ടായപ്പോഴൊക്കെ അവിടെ സംഗീതം ഒരു മരുന്നായി ഉപയോഗിക്കപ്പെട്ടു. ആയുധങ്ങൾക്കു പുറമേ ആയിരിക്കാം ഇത്. എന്നാലും വേണ്ടില്ല. സംഗീതം ആരെയും ഉപദ്രവിക്കില്ല, അതിന്റെ ശത്രുവിനെയല്ലാതെ. അതാരെയും സഹായിക്കില്ല; അതിന്റെ മിത്രത്തിനെയല്ലാതെ. നിതാന്തശത്രു എന്നൊന്നില്ല എന്നല്ലേ പറയുന്നത്? ശത്രു അങ്ങനെ രക്ഷപ്പെട്ടോളും. മിത്രം രക്ഷപ്പെടുന്നില്ല.

ആരാണ് സംഗീതത്തിന്റെ ശത്രു? അത് മനുഷ്യന്റെ ശത്രുവാണ്. ആരാണതിന്റെ മിത്രം? അതു മനുഷ്യൻതന്നെയാണ്. അപ്പോൾ ആരാണ് സംഗീതത്തിന്റെയും മനുഷ്യന്റെയും ശത്രു? സംഗീതത്തെ ഇഷ്ടമില്ലാത്ത മനുഷ്യർ! മനുഷ്യനെ ഇഷ്ടമല്ലാത്ത സംഗീതവും.

മനുഷ്യനുവേണ്ടി സംഗീതം എന്താണു ചെയ്യേണ്ടത്? അവരെ നിവർന്നുനില്ക്കാൻ തുണയ്ക്കണം! അതേതാണ്? മാറിക്കൊണ്ടിരിക്കും. ചിലപ്പോൾ ഒരു പാട്ട്, ചിലപ്പോൾ ഒരു വാക്ക്, ചിലപ്പോൾ ഒരു ശബ്ദം. പക്ഷേ, വോട്ടിനുവേണ്ടി യാചിക്കുന്ന ഇക്കാലം സംഗീതത്തിന്റെ നല്ലകാലമല്ല. ഈ ശനിദശ നീങ്ങാതിരിക്കുമോ? നീങ്ങും. നല്ലകാലം വരും'.

ഈ നിരീക്ഷണങ്ങൾ മുതൽ പുസ്തകത്തിന്റെ ശീർഷകംവരെയുള്ളവ സൂചിപ്പിക്കുന്നതുപോലെ, സംഗീതത്തിന്റെ മാരകമായ സൗന്ദര്യവും ഉന്മത്തമായ ലഹരിയും ഫുട്‌ബോളിന്റേതുപോലെതന്നെ മതേതരവും മാനവികവുമാണെന്ന നിലപാടാണ് ഷഹബാസിന്റെ അടിത്തറ. ഇരു രൂപങ്ങളുടെയും ചരിത്രവും വർത്തമാനവും വലിയൊരളവോളം അങ്ങനെയല്ലെങ്കിൽപോലും അവ അങ്ങനെയായിരിക്കണമെന്ന ആഗ്രഹവും ആയിരുന്നെങ്കിൽ എന്ന പ്രതീക്ഷയും ഈ പുസ്തകത്തിന്റെ രാഷ്ട്രീയമായി മാറുന്നു.

പുസ്തകത്തിൽനിന്ന്: 'വിലയൊരു കഴുകൻ പറന്നുയരാൻ നില്ക്കുംപോലെ. നെരിയാണിയിൽ പൊന്തിയമർന്ന് കൈകളിരുവശം വിടർത്തിയാട്ടി ഒരു ഗോൾപോസ്റ്റ് നിറയെ ഒരാൾ: തമ്പി മൊയ്തീൻ! ഞങ്ങൾ ആദ്യം കണ്ട ഫുട്‌ബോൾ ഹീറോ. പിന്നീട് അദ്ദേഹത്തിന്റെ അനിയന്മാർ തമ്പി സെയ്താലിയും തമ്പി ബഷീറും ഗോൾപോസ്റ്റ്‌നു താഴെ അപ്പിയറൻസിൽ ഇതേ ശൈലിതന്നെ പിൻപറ്റി. പെട്ടെന്നൊന്നും ഡി കോർട്ടിലേക്ക് നിങ്ങൾക്കെത്താനാവില്ല. എന്തെന്നാൽ നിങ്ങൾക്ക് കടന്നുപോകാനുള്ളത് ഒരീറ്റപ്പുലിയെയാണ്. സ്റ്റോപ്പർ പൊസിഷനിൽ കട്ടയായ വെളുമ്പൻ തുടകളും അവ്വണ്ണം കൈകളും നെഞ്ചൂക്കുമായി ഒരു ചുറ്റുമതിൽ! സൂപ്പർ അഷ്‌റഫ്. ഇന്ന് നമ്മൾ കാണുന്ന ചിരിക്കുന്ന പക്വമതിയായ ബാവ.

ചീറ്റ വെറെയൊന്നുമുണ്ട്. വാശിയുടെ പര്യായപദം. എതിരാളികളെ നിഷ്‌കരുണം ആക്രമിക്കുകയും സ്വന്തം ടീമിനോട് ലോകത്താർക്കും കാണിക്കാൻ കഴിയാത്തത്ര ആത്മാർഥത പുലർത്തുകയും ചെയ്ത കുട്ടിക്കുറുമ്പൻ, അബുട്ടി! റൈറ്റ് വിങ്ങിൽ ലത്തീഫുണ്ട്. ആകാരസൗഷ്ഠവം, വേഗത, കൃത്യത, ചുറുചുറുക്ക്, ലത്തീഫ് തന്റെ ഉത്തരവാദിത്തം കളിയിൽനിന്നും വിരമിക്കുംവരെ നിലനിർത്തി.

വേറൊരാൾ സലീം. കട്ടയ്ക്കു നിന്നിട്ടുണ്ട് അയാൾ. വേഗതക്കുറവിനെ നേരത്തേയുള്ള കണക്കുകൂട്ടലിലൂടെ പരിഹരിച്ച് എതിരാളിക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട് സലീം. തന്റെ പോസ്റ്റിൽ വന്നുവീഴേണ്ട പല ഗോളുകളും അതിസാഹസികമായി അയാൾ രക്ഷപ്പെടുത്തിയ ഓർമ്മകൾ നമുക്കിന്നും ഉണ്ട്.

കണ്ണൻ അബ്ബാസ് ഷാർപ്പ് ഷൂട്ടറായിരുന്നു. ത്രോ വാസുവേട്ടൻ ഗ്രൗണ്ടിന്റെ ഏതാംഗിളിൽനിന്നും എടുത്ത ത്രോകൾ കോർണറിനു തുല്യമായിരുന്നു എന്ന് നമുക്കറിയാം. എതിർപോസ്റ്റിൽ ആശങ്കയും ഗാലറിയിൽ ആവേശവും നിറച്ചിരുന്നു ഇത്.

അഞ്ചാം നമ്പർ ജഴ്‌സിയണിഞ്ഞ് മൈതാനത്തിന്റെ ഇടത്തേയറ്റത്ത് ഒരു ചെറുക്കൻ ഉണ്ടായിരുന്നു. ടീമിലെ ബേബി. ഇടങ്കാൽകൊണ്ട് ചിത്രം വരയ്ക്കുന്ന ബാബു സലീം എന്നാണ് ഞങ്ങൾ പറയുക. ഞങ്ങൾക്കങ്ങനെ ആദ്യം പറഞ്ഞുതന്നത്, അനൗൺസർ ലത്തീഫ്ക്കയാണ്. ലത്തീഫ്ക്കായ്ക്ക് ഓരോ കളിക്കാരന്റെയും അളവറിയാം. പറഞ്ഞാൽ കിറുകൃത്യം. പൊടിപാറും. പാറിയിട്ടുണ്ട്. ബാബു സലീമിന് മുൻപോ പിൻപോ ആ പൊസിഷനിൽ അത്രയും മനോഹരമായി മറ്റാരെങ്കിലും ഫുട്‌ബോൾ കളിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല.

ഹംസ എന്ന ഒരു കളിക്കാരനുണ്ടായിരുന്നു. ഇലവൻസിൽ ഹാഫ് പൊസിഷനിൽ അയാളുടെ ആകാരവും പന്തടക്കവും കൃത്യതയും ആരേയും ആകർഷിക്കുന്നതായിരുന്നു.

സെന്റർ ഫോർവേർഡ് മജീദായിരുന്നു. ഛോട്ട. മിന്നൽപ്പിണർ! സെന്റർ ഫോർവേർഡ് എന്ന പൊസിഷൻ പേരിലാണ്. എന്തെന്നാൽ പന്തും അയാളും തമ്മിൽ ഗ്രൗണ്ടിന്റെ ഏതാംഗിളിൽ വച്ചും കണ്ടുമുട്ടാം. ഗോൾദാഹംകൊണ്ട് മറ്റു കളിക്കാരിൽനിന്നും പന്ത് ചോദിച്ചുവാങ്ങി ഒറ്റയ്ക്കുപോലും ഇയാൾ വളഞ്ഞുപുളഞ്ഞു മുന്നേറുന്നതും പലപ്പോഴും അദ്ഭുതകരമായി ഫലം കണ്ടിരുന്നതും കൗതുകകരമായ കാഴ്ചയായിരുന്നു. ഒരു മടിയനും മജീദിന്റെ കൂടെ കളിക്കുക സാധ്യമല്ല.

ലെഫ്റ്റ് എക്‌സ്ട്രീം ഫോർവേർഡ് എന്നു പറയുന്നത് രമേശനാണ്. നിശബ്ദൻ. അപകടകാരി. നുഴഞ്ഞുകയറ്റക്കാരൻ. ടച്ച് ലൈനിൽ ജനങ്ങളുടെ കൂട്ടത്തിൽനിന്നും വേർപെടുത്താനാവാത്ത വിധമാണ് നിങ്ങൾക്കയാളെ കണ്ടെത്താൻ കഴിയുക. പക്ഷേ, വിശ്വസിച്ച് ആ ഭാഗത്തേക്ക് ബാൾ ഡിസ്ട്രിബ്യൂത്ത് ചെയ്യാം. ഓടിയെത്തി അതിനെ ലക്ഷ്യത്തിലെത്തിക്കുന്ന കാര്യം ഗാരണ്ടി. പലപ്പോഴും എതിരാളികൾക്ക് ഇയാളെ കൃത്യമായി മാർക്ക് ചെയ്യാൻ കഴിയുമായിരുന്നില്ല. കാര്യമെന്തെന്നാൽ, തമാശയായി പറയുകയാണെങ്കിൽ, അത്യന്തം രഹസ്യമായ ഒരു സാന്നിധ്യമായിരുന്നു കളിക്കളത്തിൽ രമേശന്റേത്. പച്ചിലപാമ്പിനെപ്പോലെ. നോക്കിയാൽ കാണില്ല. തന്നിൽ നിക്ഷിപ്തമായ ഉത്തരവാദിത്വം കൃത്യമായി ഇയാൾ നിറവേറ്റിപ്പോന്നു! ജനങ്ങളുമായി ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്നതുകൊണ്ട് ഗോളടിച്ച മാത്രയിൽത്തന്നെ ആരാധകർക്കിയാളെ കിട്ടാനെളുപ്പമായിരുന്നു. ആവേശവും ആഹ്ലാദവും കഴിഞ്ഞ് ഗ്രൗണ്ടിലേക്ക് തിരിച്ചു വിട്ടുകിട്ടാൻ സമയമെടുക്കും. രമേശന്റെ ആഹ്ലാദമാകത്തെ ശബ്ദമില്ലാത്ത നിഷ്‌കളങ്കമായ ഒരു ചെറുചിരിയിൽ നില്ക്കും.

കളിക്കളത്തിലും ഗാലറിയിലും എന്നും ആവേശം വിതറിയിരുന്ന കറുത്ത മുത്തായിരുന്നു നൗഷാദ്. എത്ര ശക്തമായ പ്രതിരോധഭിത്തിയും ഈ ചെറുപ്പക്കാരൻ തകർത്തിരുന്നു. ഒരു പഴുതുമില്ലാതെ അടഞ്ഞുകിടക്കുന്ന ഒരു മുന്നേറ്റ് സാധ്യതയെ ഞൊടിയിടയിൽ സൃഷ്ടിച്ചെടുത്ത് വെടിയുണ്ടപോലെ തുളഞ്ഞുകയറി ഗ്രൗണ്ടിൽ ഇയാൾ പൊടിപാറിപ്പിച്ചതിന് ചരിത്രം സാക്ഷിയായിട്ടുണ്ട്. പലപ്പോഴും തന്റെ കാലിൽനിന്നുതിർന്ന ശക്തിയേറിയ ഷോട്ടുകൾ നിർഭാഗ്യകരമെന്നോണം ഉന്നം തെറ്റിയില്ലായിരുന്നെങ്കിൽ വലക്കണ്ണികൾ ഏറ്റവുമധികം തവണ തകർത്ത ധീരൻ നൗഷാദ് ആയേനെ. ഏതവസ്ഥയിലും നാലുകാലിൽ വീഴുന്ന അഭ്യാസിയും സൂത്രശാലിയുമായിരുന്നു നൗഷാദ്. ചില സമയങ്ങളിൽ ഇയാൾ പുറപ്പെടുവിക്കുന്ന ഇംഗ്ലീഷിലുള്ള ചില അലർച്ചകൾ ഗാലറികളിൽ തിരയിളക്കമുണ്ടാക്കിയിരുന്നത് ഇന്നോർക്കുമ്പോൾ ഒരദ്ഭുതമാണ്. എന്തെന്നാൽ പേഴ്‌സണൽ ലൈഫിൽ പൊതുവേ നിശ്ശബ്ദനും ശാന്തസ്വഭാവിയുമായിരുന്നു നൗഷാദ്.

ടച്ച് ലൈനിനു പുറത്ത് അസ്വസ്ഥമായി കാണപ്പെട്ടും അലറിയും പഴിപറഞ്ഞും നിർദ്ദേശങ്ങൾ നല്കിയും ആവേശപ്പെടുത്തിയും കോച്ച് ഇന്റർനാഷനൽ മൊയ്തീൻകുട്ടി. ഇനിയുമെത്രയെത്രയോ പേരുകളുണ്ട്. ബാവയോട് ചോദിക്കാം നിങ്ങൾക്ക്. ഞാനിത് ഒരു ഫയലും നോക്കി എഴുതുന്നതല്ല.

ഗാലറിയിൽ സ്ഥിരം സ്ഥലങ്ങളുള്ള ആവേശക്കാരുണ്ട്. കടലത്തോടും സിഗരറ്റ് കുറ്റിയും ബീഡിക്കുറ്റിയും സോഡയും ബെറ്റും തർക്കങ്ങളും തല്ലും പൊടിപടലങ്ങളും. കൂട്ടിലങ്ങാടി ഷംസു ഇല്ലാതെ മലപ്പുറത്ത് എന്ത് ഫുട്‌ബോൾ, എന്തു ഗാലറി?'

ഓം അല്ലാഹ്...!
ഷഹബാസ് അമൻ
മാതൃഭൂമിബുക്‌സ്, 2013
വില : 135 രൂപ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP