Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഥയിലെ കാലദംശനങ്ങൾ

കഥയിലെ കാലദംശനങ്ങൾ

ഷാജി ജേക്കബ്

നന്ദിനും മാധവനും ശേഷം മലയാളത്തിൽ രാഷ്ട്രീയനിലപാടുകളോടെ ചരിത്രത്തെ ചെറുകഥയുടെ കലയും പ്രത്യയശാസ്ത്രവുമാക്കി മാറ്റിയ ചുരുക്കം ചില എഴുത്തുകാരിലൊരാളാണ് പി.ജെ.ജെ. ആന്റണി. വിശേഷിച്ചും കമ്യൂണിസത്തിന്റെ ചരിത്രജീവിതത്തെ. 'സ്റ്റാലിനിസ്റ്റുകൾ മടങ്ങിവരുന്നുണ്ട്' എന്ന ആദ്യ സമാഹാരത്തിൽ, കുന്തക്കാരൻ പത്രോസ് മുതൽ വി എസ്. അച്യുതാനന്ദൻ വരെയുള്ള ആലപ്പുഴയിലെ കമ്യൂണിസ്റ്റ് നേതാക്കൾ ശരീരങ്ങളും ആത്മാക്കളുമായി രംഗപ്രവേശം ചെയ്യുന്നുണ്ട്. പുന്നപ്രവയലാർ മുതൽ കായൽസമരങ്ങൾ വരെയുള്ളവ ഭൂതവും കാലവുമായി അവരുടെ രാഷ്ട്രീയജീവിതങ്ങളെ പൂരിപ്പിക്കുന്നു. ഇരട്ടച്ചങ്കുള്ള ആ കമ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയചരിത്രം മുതൽ വ്യക്തിജീവിതം വരെ ഒന്നും വിചാരണചെയ്യപ്പെടാതെ പോകുന്നില്ല, ആന്റണിയുടെ കഥകളിൽ. 'പിതൃക്കളുടെ മുസോളിയം' എന്ന രണ്ടാമത്തെ സമാഹാരത്തിലാകട്ടെ, നരഹത്യകളിലും പടുഹിംസകളിലും രതിസുഖം കണ്ടെത്തിയ ആഗോളകമ്യൂണിസം, മുസോളിയങ്ങളിലേക്കു നീണ്ടുനിവർന്നു തിരോഭവിച്ച പിൽക്കാലത്തിന്റെ ചരിത്രാനുഭവങ്ങളും മരണവേദനകളും തിരയടിച്ചുയരുന്നു. 'ഭ്രാന്ത്: ചില നിർമ്മാണരഹസ്യങ്ങൾ' എന്ന പുതിയ സമാഹാരത്തിലെ കഥകളാകട്ടെ പൊതുവിൽ ഈ രാഷ്ട്രീയഭൂതത്തെ ഗൃഹാതുരതയായി മാത്രം ഓർത്തെടുക്കുന്നവയാണ്. അതിനെക്കാൾ ആർജ്ജവത്തോടെ കാലസർപ്പത്തെയും അതു വരിഞ്ഞുമുറുക്കുന്ന മർത്യാനുഭവങ്ങളെയും കൂട്ടിക്കെട്ടുന്ന സമകാലഭാവനയുടെ ഭാഗപത്രങ്ങളാണ് 'ലാഹോർ 1928' മുതൽ 'ഹാ വിജിഗീഷു മൃത്യുവിന്നാമോ'.. വരെയുള്ള ഒൻപതുകഥകളും.

ഈ സമാഹാരത്തിലെയെന്നല്ല, ഇക്കഴിഞ്ഞ പതിറ്റാണ്ടിലെ മലയാളസാഹിത്യത്തിലെ തന്നെ ഏറ്റവും മികച്ച ചെറുകഥകളിലൊന്നാണ് 'ലാഹോർ 1928'. ലാലാലജ്പത്‌റായിയുടെ ഹത്യക്കു പകരംവീട്ടാൻ തീരുമാനിക്കുന്ന ധീരദേശാഭിമാനികളുടെ ചോരയിറ്റുന്ന ജീവിതോദന്തം. ഒരു സിനിമയിലെന്നപോലെ ദൃശ്യബിംബങ്ങൾകൊണ്ടു കൊരുത്തെടുക്കുന്ന, ഐതിഹാസിക മാനങ്ങളുള്ള രക്തസാക്ഷിത്വത്തിന്റെ ആഖ്യാനം. ഭഗത്‌സിങ്, രാജ്ഗുരു, സുഖ്‌ദേവ്, ചന്ദ്രശേഖർ ആസാദ് എന്നിവർ ലാലായുടെ ബലിക്കു പരിഹാരം ചെയ്യുന്നതിന്റെ ത്രസിപ്പിക്കുന്ന കഥനം. വയോധികനും സാത്വികനുമായിരുന്ന ലാലായുടെ ചോരയൂറ്റിയ ബ്രിട്ടീഷ്‌പൊലീസ് ഓഫീസർമാരായ സ്‌കോട്ടിനെയും സാണ്ടേഴ്‌സിനെയും നോട്ടമിട്ട അവർ സാണ്ടേഴ്‌സിനെ വധിക്കുന്ന നിമിഷങ്ങളും അതിനു മുൻപും പിൻപുമുള്ള ചില മണിക്കൂറുകളുമാണ് കഥയിലുള്ളത്. ആഖ്യാനത്തിലും കാലഭൂപടത്തിലും ഭഗത്‌സിംഗിനെ പിന്തുടരുന്ന കഥ കൊലയ്ക്കുശേഷം വേഷംമാറി നാടുവിടുന്ന ഭഗത്‌സിംഗിന്റെ കാഴ്ചയിൽ ഭാവിയിലെ ചരിത്രപ്രസിദ്ധമായ ഒറ്റ് ഇരുൾമൂടുന്നു. താഴെ ചേർക്കുന്ന ഈ കഥയുടെ അവസാന ഖണ്ഡികകൾ വായിക്കൂ, മലയാളചെറുകഥ അതിന്റെ ആഖ്യാനകലയിലും രാഷ്ട്രീയഭാവനയിലും എത്തിനിൽക്കുന്ന ജ്വലിക്കുന്ന ഉയരങ്ങൾ തിരിച്ചറിയാം.ഗൾഫിൽ അനാഥരായി മരിക്കുന്ന, വീട്ടുകാരും കൂട്ടുകാരുമില്ലാത്ത പ്രവാസികളുടെ മൃതദേഹം സംസ്‌കരിക്കുന്നത് ഒരു ദൗത്യമായേറ്റെടുത്ത കാർലോസിന്റെയും സുഹൃത്തുക്കളുടെയും കഥയാണ് ആദ്യത്തേത്. ശവത്തിനവകാശികളായി ആരും മുന്നോട്ടുവരാത്ത കാർലോസിന്റെ മരണത്തിൽ കഥയും ആ കാലചക്രവും അവസാനിക്കുന്നു. തന്റെതന്നെ ശവസംസ്‌കാരത്തിന്റെ മുന്നൊരുക്കങ്ങളായിരുന്നു, കാർലോസിന് ഓരോ അനാഥശവത്തിന്റെയും പുനരധിവാസം.പി. മോഹനൻ മുതൽ ബന്യാമിൻ വരെയുള്ളവരുടെ നോവലുകളിൽ മലയാളി വായിച്ചറിഞ്ഞ പ്രവാസജീവിതത്തിന്റെ ദുരന്തഖണ്ഡങ്ങൾ വേറിട്ടെഴുതുന്ന രണ്ടു കഥകൾ ഈ സമാഹാരത്തിലുണ്ട്. 'മൃതരുടെ പുനരധിവാസം', 'കേട്ടെഴുത്തുകാരെ ആവശ്യമുണ്ട്' എന്നിവ. 'പരേതർക്കൊരാൾ' എന്ന ഗ്രന്ഥം വിവരിക്കുന്ന യഥാർഥ ജീവിതം പോലെതന്നെ, ഗൾഫിൽ അനാഥരായി മരിക്കുന്ന, വീട്ടുകാരും കൂട്ടുകാരുമില്ലാത്ത പ്രവാസികളുടെ മൃതദേഹം സംസ്‌കരിക്കുന്നത് ഒരു ദൗത്യമായേറ്റെടുത്ത കാർലോസിന്റെയും സുഹൃത്തുക്കളുടെയും കഥയാണ് ആദ്യത്തേത്. ശവത്തിനവകാശികളായി ആരും മുന്നോട്ടുവരാത്ത കാർലോസിന്റെ മരണത്തിൽ കഥയും ആ കാലചക്രവും അവസാനിക്കുന്നു. തന്റെതന്നെ ശവസംസ്‌കാരത്തിന്റെ മുന്നൊരുക്കങ്ങളായിരുന്നു, കാർലോസിന് ഓരോ അനാഥശവത്തിന്റെയും പുനരധിവാസം. നാനാദേശങ്ങളിൽനിന്നു ഗൾഫിലെത്തുന്ന മനുഷ്യരുടെ ജീവിതങ്ങൾ എത്തിപ്പെടുന്ന അമ്പരപ്പിക്കുന്ന വൈവിധ്യങ്ങളിലൂടെ കടന്നുപോകുന്നു, രണ്ടാമത്തെ കഥ. ഒരു നോവൽ ചുരുക്കിയെഴുതിയതുപോലെ, ഈ കഥ അതിന്റെ ജീവിതഭാരംകൊണ്ട് വായനയെ ഉലച്ചുകളയുംവിധം തീവ്രമാണ്. ഈ കഥയിലെ എഴുത്തുകാരുടെയും എഴുത്ത് എന്ന പ്രക്രിയ പ്രതിനിധാനം ചെയ്യുന്ന ചരിത്രനിർമ്മാണത്തിന്റെയും പരിവർത്തനങ്ങളോ പാഠരൂപങ്ങളോ ആയി ഭാവന ചെയ്യപ്പെടുന്ന മറ്റുരണ്ടു കഥകൾ കൂടിയുണ്ട് ഈ കൃതിയിൽ. 'കവിതകെട്ടുന്നവരുടെ ഗ്രാമം', 'ഹാ വിജിഗീഷു'.... എന്നിവ. മായികവും വിഭ്രമാത്മകവുമായ മനുഷ്യാസ്തിത്വത്തിന്റെ പ്രഹേളികകൾ, എഴുത്തിലൂടെ മാത്രം ആവിഷ്‌ക്കരിക്കാൻ കഴിയുന്ന ആന്തരാർഥങ്ങൾ, ജീവിതം പോലെ ഊടും പാവും നെയ്‌തെടുക്കുന്ന സാഹിത്യത്തിന്റെ വന്യവും അനന്യവുമായ ആഖ്യാനശേഷികൾ... ഒക്കെ വെളിപ്പെടുത്തുന്ന കഥകളാണിവ. ഈ മനുഷ്യാവസ്ഥകളിലും രചനകളിലുംനിന്ന് ഒരു ചുവടുവച്ചാൽ എത്തിച്ചേരുന്ന ഭ്രാന്തിന്റെയും സർഗാത്മകതയുടെയും ശ്രദ്ധേയമായ ഭാവനകളായി കാണാം, 'ഭ്രാന്ത്. ചില നിർമ്മാണരഹസ്യങ്ങൾ', 'കാലദംശനം'. എന്നീ കഥകളെ ഭ്രാന്ത്: ഒരു രോഗമല്ല, സമൂഹം തയ്യാറാക്കുന്ന ഒരു കുറ്റപത്രമാണെന്ന്, ഫൂക്കോൾഡിയൻ സങ്കല്പനം പിൻപറ്റി ആദ്യകഥയാവിഷ്‌ക്കരിക്കുമ്പോൾ ആലപ്പുഴനഗരം അതിന്റെ ലോകാവസാനത്തിൽനിന്നും പഴയ രൂപത്തിൽ പൊട്ടിമുളക്കുന്നതിന്റെ സറിയൽമിത്താണ് കാലദംശനം. ചരിത്രത്തിന്റെയും ജീവിതത്തിന്റെയും ഉള്ളുരുക്കി നിർമ്മിക്കുന്ന കാലബോധത്തിന്റെ പദസംഘാതം. മാജിക്കൽ റിയലിസത്തിന്റെ കയറ്റുമെത്ത. മുൻപ്, ഭൈരവനാശാൻ, പിതൃക്കളുടെ മുസോളിയം തുടങ്ങിയ കഥകളിൽ ആന്റണി ഏറ്റവും തീഷ്ണമായാവിഷ്‌ക്കരിച്ച കമ്യൂണിസത്തിന്റെ ഭൂതാവേശം 'ചിതയും കനലും' എന്ന കഥയിലുണ്ട്. കനുസന്യാൽ, തീപോലെ ആവേശിച്ച ക്ഷുഭിതയൗവനത്തിന്റെ കനലുകൾ വാർധക്യത്തിൽ ചിതയായെരിയുന്നതിന്റെ ആത്മസംഘർഷങ്ങളിലാണ് ഈ കഥ മൂന്നു തലമുറകളെ കൂട്ടിയിണക്കുന്നത്. ഒ.വി. വിജയൻ മുതൽ പി.എൻ. കിഷോർകുമാർ വരെയുള്ളവർ മലയാളത്തിൽ കമ്യൂണിസത്തിനെഴുതിയ ചരമക്കുറിപ്പുകളുടെ പരമ്പരയിൽ ഇടംപിടിക്കുന്നു, ഈ കഥ. 

മലയാളഭാവന ഭാഷയുടെയും ആഖ്യാനത്തിന്റെയും തലങ്ങളിൽ പുതിയ നൂറ്റാണ്ടിൽ കൈവരിച്ച പരിണതഭാവുകത്വത്തിന്റെ കരുത്തും സൗന്ദര്യവും ഒരേപോലെ വെളിപ്പെടുത്തുന്ന രചനകളെന്ന നിലയിൽ പി.ജെ.ജെ. ആന്റണിയുടെ ഈ കഥകൾ സമകാല സാഹിത്യത്തിൽ ശ്രദ്ധേയമായി മാറുന്നു. കാലത്തിന്റെ സുതാര്യഭൂപടത്തിൽ ചരിത്രവും എഴുത്തുമായി ഭാവനചെയ്യപ്പെടുന്ന ഈ കഥകളിലെ മനുഷ്യജീവിതം പ്രവാസം, രതി, ഏകാന്തത, വിഭ്രമം, മരണം എന്നിവയോരോന്നും ആർഭാടപൂർവം തൂവിത്തുളുമ്പുന്ന ആയുസിന്റെ പാഠപുസ്തകങ്ങളായി മാറുന്നു. മലയാളഭാവന ഭാഷയുടെയും ആഖ്യാനത്തിന്റെയും തലങ്ങളിൽ പുതിയ നൂറ്റാണ്ടിൽ കൈവരിച്ച പരിണതഭാവുകത്വത്തിന്റെ കരുത്തും സൗന്ദര്യവും ഒരേപോലെ വെളിപ്പെടുത്തുന്ന രചനകളെന്ന നിലയിൽ പി.ജെ.ജെ. ആന്റണിയുടെ ഈ കഥകൾ സമകാല സാഹിത്യത്തിൽ ശ്രദ്ധേയമായി മാറുന്നു.

പുസ്തകത്തിൽനിന്ന്

പൊടുന്നനെ രാജ്ഗുരു വലംകൈ ഉയർത്തി വലംചെവിയിൽ ചേർത്തു. അതാണ് അടയാളം. ഭഗത്‌സിങ് മിഴിയുയർത്തി വാതിൽ കടന്നുവരുന്ന സാണ്ടേഴ്‌സിനെ കണ്ടു. പൈജാമയ്ക്കുള്ളിൽ ലിംഗത്തോടു ചേർന്ന് ഞാന്നുകിടന്നിരുന്ന തോക്കിൽ ഇരുവരുടെയും വലതുകൈപ്പത്തി അമർന്നു. ആദ്യചുവട് മുമ്പോട്ടു വച്ചത് ഭഗത്‌സിങ് ആയിരുന്നു. പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് സാണ്ടേഴ്‌സ് നടന്നടുത്തു. ഇളംകാറ്റിലെ കരിയിലകൾപോലെ അവർ മൂന്നുപേർ ജീവപരിക്രമണ വഴിയിൽ മെല്ലെ സഞ്ചരിച്ചു. ഒരു ശവദൈർഘ്യം അകലത്തിൽ സാണ്ടേഴ്‌സ്. ഭഗത്‌സിങ്ങിന്റെ വലംകൈ പൈജാമയ്ക്കുള്ളിൽ നിന്നും കൈത്തോക്കുമായി പുറത്തുവന്നു. തോക്കിന്റെ കാഞ്ചിയിലെ സേഫ്റ്റി കാച്ച് അമർത്തി. അതുയർത്തുമ്പോൾ പോരാളിയുടെ അകം മുറുകി നിന്നു. സൂര്യകിരണം പോലെ ഭഗത്‌സിംഗിന്റെ നോട്ടം അയാളെ കൊരുത്തെടുത്തു. ആ സമയകണികയിൽ സാണ്ടേഴ്‌സ് മൃതിയും പ്രതികാരവും മണഞ്ഞു. ആദ്യവെടിയുണ്ട നെഞ്ചുതുളച്ചപ്പോൾ അയാൾ പിന്നോക്കം ചാഞ്ഞു. സാണ്ടേഴ്‌സ് സ്വന്തം തോക്കിനായി തേടുംമുമ്പേ ഒന്നിനു പുറകേ മറ്റൊന്നായി രാജഗുരുവിന്റെയും ഭഗത്‌സിംഗിന്റെയും തോക്കുകൾ തീതുപ്പി. ചോരചീറ്റി പിറകിലേക്കു മലച്ച് ഡെപ്യൂട്ടി സൂപ്രണ്ട് വീണു. ഒരു നിമിഷത്തിന്റെ നിശ്ചലത. പിന്നെ തിടുക്കത്തിന്റെ ആവേഗങ്ങളിൽ ആ പൊലീസ് ആസ്ഥാനം കലുഷിതമായി.

പൊലീസ് ആസ്ഥാനത്തിന്റെ വാതിൽക്കൽ പലരും എത്തിയെങ്കിലും ആരും മുമ്പോട്ടുവന്നില്ല. പകപ്പ് നീങ്ങാൻ തെല്ലുനേരം വേണ്ടിവന്നു. വാതിൽക്കൽ നിൽക്കുന്നവർക്കിടയിൽനിന്നും വെള്ളക്കാരനായ ഒരു ഓഫീസർ മുന്നോട്ടുവന്നു. ഭഗത്‌സിംഗിന്റെ തോക്കിൽനിന്നുമുള്ള ബുള്ളറ്റ് അയാളുടെ തൊപ്പി തെറുപ്പിച്ചു. പെട്ടെന്നു കുനിഞ്ഞ അയാളെ തൊട്ടുതന്നെ പാഞ്ഞു രണ്ടാമത്തെ ബുള്ളറ്റ്. അയാൾ തിരിച്ചോടി. രാജ്ഗുരു പൊലീസ് ഉദ്യോഗസ്ഥനെ പ്രകോപിപ്പിക്കാനായി സ്റ്റേഷനുള്ളിലേക്കു വെടിയുതിർത്തെങ്കിലും ഫലമുണ്ടായില്ല. ഭീരുക്കളുടെ ആസ്ഥാനമന്ദിരം അകമേ വെന്ത് നിഷ്‌ക്രിയമായി നിന്നു. ഏറ്റുമുട്ടൽ അസാദ്ധ്യമെന്നു കണ്ട് കൺകോണുകളിലൂടെ സന്ദേശം കൈമാറി ഭഗത്‌സിംഗും രാജ്ഗുരുവും തോക്ക് താഴ്‌ത്താതെ പിന്നോട്ട് നീങ്ങി. അവർ ഗേറ്റിനരുകിൽ എത്തിയപ്പോൾ ഇന്ത്യാക്കാരനായ ഒരു പൊലീസുകാരൻ വെടിയുതിർത്തുകൊണ്ട് അവർക്കുപിന്നാലെ പാഞ്ഞുവന്നു. 'നിന്നെ ഞങ്ങൾക്കു വേണ്ട. മടങ്ങിപ്പോ വിഡ്ഢീ' എന്ന ഭഗത്‌സിങ്ങിന്റെ ആക്രോശം അയാൾ വകവച്ചില്ല. നിവൃത്തിയില്ലാതെ രാജ്ഗുരു അയാളെ വീഴ്‌ത്തി.

അവർ പ്രൊഫസർ ഭഗവതി ചരൺ വോറയുടെ വീട്ടിലേക്ക് തിരിച്ചു. അവിടെ ദുർഗ്ഗാദേവിയു മകനും മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രൊഫസർ കൊൽക്കത്തയിൽ കോൺഗ്രസ്സ് സമ്മേളനത്തിലായിരുന്നു. അവിടുന്നങ്ങോട്ട് ദുർഗ്ഗ കാര്യങ്ങൾ നിയന്ത്രിച്ചു. അരമണിക്കൂറിനുള്ളിൽ താടിയും മുടിയും നീങ്ങി ഭഗത്‌സിങ് സായിപ്പിനെ വെല്ലുന്ന പഞ്ചാബി ജാട്ട് കോമളനായി. അറ്റംകൂർത്ത മീശയും വേശം ചരിച്ചുവച്ച കാക്കി തൊപ്പിയും ഒരു കർശനക്കാരനായ ഉദ്യോഗസ്ഥന്റെ മട്ടും ഭാവവും ഭഗത്‌സിങ്ങിനു നല്കി. വീട്ടുവേലക്കാരന്റെ വേഷത്തിൽ രാജ്ഗുരു ചതഞ്ഞഭാവത്തിൽ നിന്നു. അലക്കിയ ഇരുണ്ടുവെളുത്ത വസ്ത്രത്തിനുമേൽ ഒരു പഴകിയ കമ്പിളിയും രാജ്ഗുരു പുതച്ചു. കുതിരവണ്ടിയിലേക്കു വേലക്കാരൻ തിടുക്കത്തിൽ എടുത്തുവച്ച മൂന്നു വലിയ പെട്ടികളും സുലഭേന്ദ്രനാഥ് ബി. സിങ് എന്ന് ഭംഗിയായി എഴുതി ഒട്ടിച്ചിരുന്നു. ഏഴു തട്ടുള്ള ടിഫിൻ കാരിയറിൽനിന്നും മസാലക്കറികളുടെയും കോഴിയിറച്ചി വറുത്തതിന്റെയും മണം പൊന്തി.

വഴിയിലുടനീളം പൊലീസ് നിലയുറപ്പിച്ചിരുന്നു. കോട്ടകാവൽക്കാരെപ്പോലെ റെയിൽവേസ്റ്റേഷൻ പട്ടാളവും പൊലീസും വളഞ്ഞുനിന്നു. അവർക്കിടയിലൂടെ സുലഭേന്ദ്രനാഥും യുവഭാര്യയും മകനും നടന്നുകയറി. പെട്ടികൾ ഇറക്കാൻ ക്ലേശിച്ച വേലക്കാരനെ സഹായിക്കാതെ അവഗണിച്ച സുലഭിനോട് ചിലർക്ക് അമർഷം തോന്നി. അതിസുന്ദരിയും പരിഷ്‌കാരിയും കുലീനയുമായ യുവഭാര്യയിലായിരുന്നു മിക്കവരുടെയും മിഴികൾ. അവൾ അത് ആസ്വദിക്കുന്നുമുണ്ടായിരുന്നു. സാഹിബിനോട് പണം വാങ്ങി വേലക്കാരൻ കൗണ്ടറിൽ ക്യൂനിന്ന് ടിക്കറ്റ് വാങ്ങി. സാഹിബിന് ഫസ്റ്റ് ക്ലാസ് കൂപ്പയും അയാൾക്ക് തേർഡ്ക്ലാസ്സും. ബാക്കി പണവും ടിക്കറ്റുകളും സാഹിബ് എണ്ണിതിട്ടപ്പെടുത്തുമ്പോൾ അവർക്കരികിലൂടെ കാശിക്കുപോകുന്ന കുറെ വയോധികസ്ത്രീകൾ ഒന്നുരണ്ട് സന്ന്യാസികൾക്കൊപ്പം നീങ്ങി. അതിലൊരു സന്ന്യാസിയെ സാഹിബിന് പരിചയം തോന്നി. അയാൾ തുളസീദാസിന്റെ രാമചരിതമാനസം ആരണ്യകാണ്ഡം ഈണത്തിൽ ചൊല്ലുകയായിരുന്നു. വയോധികകൾ കറകറശബ്ദത്തിൽ അതേറ്റുപാടുന്നു :

ധർമഭൂരുഹമൂലമായ്, ജ്ഞാനമാം
അംബുധിക്കു സുഖദാരകേന്ദുവായ്,
ചാരുവൈരാഗ്യസാരസസൂര്യനായ്
ഘോരപാപന്ധകാരസംഹാരിയായ്
മോഹമേഘവിദാരണവാതമായ്
ശ്രീകരബ്രഹ്മസംഭൂതരൂപനായ്
ഉൾക്കളങ്കശമനനായ്...

കവിയിലും ഭസ്മവിസ്മയങ്ങളിലും പൂണ്ട ആസാദ് അവരെ കടന്നുപോയി. 1928 ഡിസംബർ പതിനെട്ടാം തീയതി മൃതിയെ കടന്നുകയറുന്നതിനേക്കാൾ പ്രയാസമായിരുന്നു ലാഹോർ റെയിൽവേസ്റ്റേഷനിലെ പൊലീസ് ബന്തവസ്ത് ഭേദിക്കാൻ. അന്ന് കൽക്കത്ത മെയിലിന്റെ ചക്രങ്ങൾ ഉരുണ്ടുതുടങ്ങിയപ്പോൾ ചരിത്രം ഒരു വിസ്മയത്താൾ പുറത്തെടുക്കുകയായിരുന്നു. സാഹിബും വേലക്കാരനും സന്ന്യാസിയും മൂന്ന് കമ്പാർട്ടുമെന്റുകളിലായി ഒരേ ജീവപരിക്രമണവഴിയിൽ കാലത്തെ കടന്നുകയറി. പ്രണയം പൂത്തതുപോലുള്ള മന്ദഹാസവുമായി ദുർഗ്ഗാദേവി മകനെ ചേർത്തുപിടിച്ചു.

തീവണ്ടി ഒരു വളവ് തിരിയുകയായിരുന്നു. ഒന്നാംക്ലാസ് കൂപ്പയുടെ ജാലകത്തിലൂടെ ഭഗത്‌സിങ്ങിനു മുന്നിൽ നീളുന്ന റെയിൽപാളങ്ങൾ കാണാം. നിഷ്‌കാമിയായ വിപ്ലവകാരി തന്റെ നിണസാക്ഷിത്വത്തെ പാളങ്ങളുടെ അതിദൂരങ്ങളിൽ കണ്ടു. ചതിയന്മാരും ഒറ്റുകാരും രാജ്യദ്രോഹികളും കാത്തുനില്ക്കുന്ന ഇടത്താവളങ്ങൾ. അതിനുമപ്പുറം അതിവിശ്വസ്തനായ ഒരാൾ ആദർശപ്രണയത്തിന്റെ കൊടും ഭ്രമത്തിൽ തന്നെ തള്ളിപ്പറയുന്നതും ഭഗത്‌സിങ് കണ്ടിരിക്കുമോ?

ഭ്രാന്ത് : ചില നിർമ്മാണരഹസ്യങ്ങൾ (കഥകൾ)
പി.ജെ.ജെ. ആന്റണി
ഡി.സി. ബുക്‌സ്
2014, വില : 65 രൂപ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP