Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാക്കും വൃക്ഷവും: ബി.ആർ.പി.യുടെ സമരപഥങ്ങൾ

വാക്കും വൃക്ഷവും: ബി.ആർ.പി.യുടെ സമരപഥങ്ങൾ

ഷാജി ജേക്കബ്‌

മാധ്യമപ്രവർത്തനത്തെ മനുഷ്യാവകാശസമരമായും മനുഷ്യാവകാശസമരങ്ങളെ മാധ്യമപ്രവർത്തനമായും രാഷ്ട്രീയവിവർത്തനം നടത്തിയതുമാത്രമല്ല ബാബു രാജേന്ദ്രപ്രസാദ് ഭാസ്‌കർ എന്ന മലയാളിയുടെ പ്രസക്തി-കേരളത്തിൽ മറ്റാർക്കും കഴിയാത്തവിധം ഇതു ചെയ്തത് ബി.ആർ.പി.യാണ് എന്ന കാര്യത്തിൽ തർക്കമുണ്ടാകാനിടയില്ലെങ്കിലും.

ദേശീയ, ഇംഗ്ലീഷ് മാധ്യമപ്രവർത്തനരംഗത്ത് ശ്രദ്ധനേടിയ മലയാളികളുടെ നീണ്ടനിരയിൽ പെട്ടയാളാണ് ബി.ആർ.പി.യും. ശങ്കറിനും അബുവിനും പോത്തൻ ജോസഫിനും ബി.ജി. വർഗീസിനും എടത്തട്ട നാരായണനും സി.പി. രാമചന്ദ്രനും ടി.ജെ.എസ്. ജോർജിനും ഒ.വി. വിജയനുമൊപ്പം മുഖ്യമായും നെഹ്രു-ഇന്ദിരകാലത്ത് ഇന്ത്യൻ ഇംഗ്ലീഷ് പത്രപ്രവർത്തനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരിലൊരാൾ. 1950കളുടെ തുടക്കം തൊട്ട് നാലുപതിറ്റാണ്ടുകാലം ഈ മണ്ഡലത്തിലുണ്ടായിട്ടും, അതിൽ പകുതികാലമെങ്കിലും വാർത്താ ഏജൻസിയിലായിരുന്നു പ്രവർത്തനമെന്നതിനാൽ മേല്പറഞ്ഞ മറ്റുള്ളവരുടെ ഖ്യാതിനേടാൻ അക്കാലത്തദ്ദേഹത്തിനു കഴിഞ്ഞില്ല എന്നതു ശരിയാണ്. പക്ഷെ മേല്പറഞ്ഞവരിലൊരാൾക്കും കഴിയാത്തവിധം തന്റെ മാധ്യമപ്രവർത്തനജീവിതത്തെ, 1990 മുതലുള്ള കാലത്ത് മനുഷ്യാവകാശസമരങ്ങളുടെയും നവ-സാമൂഹ്യപ്രസ്ഥാനങ്ങളുടെയും അസാധാരണമായ സാംസ്‌കാരിക മൂലധനമാക്കി മാറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞു. അദ്ദേഹത്തെപ്പോലെ അതിനുകഴിഞ്ഞ മറ്റൊരു മലയാളിയില്ലതാനും. പ്രൊഫഷണൽ ജീവിതത്തിൽനിന്നു വിരമിച്ചശേഷം കേരളീയ രാഷ്ട്രീയ, സാമൂഹിക മണ്ഡലങ്ങളിൽ ഇത്രമേൽ പ്രസിദ്ധിയും പ്രാധാന്യവും നേടിയ മറ്റൊരാളെ ചൂണ്ടിക്കാണിക്കാനാവില്ലെന്നതാണ് വസ്തുത. വാർധക്യം, വിശ്രമകാലമാണെന്ന പൊതുധാരണ തകർത്തുകൊണ്ട് ബി.ആർ.പി. ഭാസ്‌കർ തന്റെ ഇരമ്പുന്ന രാഷ്ട്രീയജീവിതം കെട്ടിപ്പടുക്കുകയായിരുന്നു, 90കൾ തൊട്ട്. വൈരുധ്യമെന്നുതന്നെ പറയണം, കേരളം വയോജനസൗഹൃദമുള്ള നാടല്ല എന്ന തിരിച്ചറിവിൽ തന്റെ എൺപതാം വയസ്സിൽ ചെന്നൈയിലേക്കു താമസം മാറ്റേണ്ടിയും വന്നു, ഈ മനുഷ്യന്.

കൊല്ലത്ത്, 1948ൽ തന്റെ പിതാവാരംഭിച്ച 'നവഭാരതം' പത്രത്തിലെ പ്രാഥമിക പ്രവൃത്തിപരിചയത്തിനു ശേഷം 1952ൽ ഇരുപതാം വയസ്സിൽ 'ദ ഹിന്ദു' ദിനപത്രത്തിലാണ് ബി.ആർ.പി. ഇംഗ്ലീഷ് പത്രപ്രവർത്തനമാരംഭിക്കുന്നത്. 1991 വരെയുള്ള നാലുപതിറ്റാണ്ടുകാലം ദ ഹിന്ദുവിനു (1952-'58) പുറമെ സ്റ്റേറ്റ്‌സ്മൻ ('59-'63), പേട്രിയറ്റ് ('63-'65), ഡെക്കാൻ ഹെറാൾഡ് ('84-'91) എന്നീ പത്രങ്ങളിലും വാർത്താ ഏജൻസിയായ യു.എൻ.ഐ.യിലും ('66-'84) പ്രവർത്തിച്ചശേഷമാണ് '92ൽ ഏഷ്യാനെറ്റ് വാർത്താ വിഭാഗത്തിൽ ഉപദേശകനായി ചേരുന്നത്. '99ൽ അവിടെനിന്നും രാജിവച്ചു.

അരനൂറ്റാണ്ടു നീണ്ട മാധ്യമപ്രവർത്തനജീവിതത്തിൽ അവസാനദശകത്തിലാണ് ബി.ആർ.പി. രാഷ്ട്രീയ മലയാളിക്കു സുപരിചിതനാകുന്നത്. അതാകട്ടെ, മാധ്യമ പ്രവർത്തനത്തിലെന്നതിനെക്കാൾ നവ-സാമൂഹ്യപ്രസ്ഥാനങ്ങളിലും പൗരാവകാശപ്രക്ഷോഭങ്ങളിലും അദ്ദേഹം നടത്തിയ ഇടപെടലുകളിലൂടെ സംഭവിച്ചതുമാണ്. മാധ്യമപ്രവർത്തനത്തെയും മനുഷ്യാവകാശസമരങ്ങളെയും കേവലമായി കൂട്ടിയിണക്കിയതിന്റെ ഫലം മാത്രമല്ല ഇത്. യഥാർഥത്തിൽ ബി.ആർ.പി. കേരളീയ ആധുനികതാവാദ, ആധുനികാനന്തര ചിന്താപദ്ധതികളുടെയും പ്രവർത്തനമണ്ഡലങ്ങളുടെയും ഏറ്റവും മികച്ച പ്രതിനിധികളിലൊരാളാണ്. മറ്റൊരർഥത്തിൽ പറഞ്ഞാൽ ഇരുപതാം നൂറ്റാണ്ടിൽ കേരളീയ ബുദ്ധിജീവിതത്തിനു കൈവന്ന ഏറ്റവും രാഷ്ട്രീയതീവ്രമായ ആശയ-പ്രയോഗതലങ്ങളുടെ ആൾരൂപങ്ങളിലൊരാൾ.

ബി.ആർ.പി. മാധ്യമപ്രവർത്തനജീവിതം അടുത്തറിഞ്ഞുതുടങ്ങുന്നത് 1948ൽ 'നവഭാരത'ത്തിലാണെന്നു പറഞ്ഞു. '48ൽ, കൊല്ലത്തുതന്നെയാണ് മലയാള സാംസ്‌കാരിക മണ്ഡലത്തിലെ ആധുനികതാവാദത്തിന്റെ ഇടിമുഴങ്ങുന്നതും. കൽക്കത്താ തീസിസിനെത്തുടർന്നുണ്ടായ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ പിളർപ്പായിരുന്നു, അത്. യഥാർഥത്തിൽ 1945ൽ പ്രസ്ഥാനത്തിന്റെ കോട്ടയം സമ്മേളനത്തിൽ ഇ.എം.എസിന്റെ നേതൃത്വത്തിൽ ആറുപേർ ചേർന്നെഴുതിയ (കെ.ദാമോദരൻ, എം.എസ്. ദേവദാസ്, കെ. അച്യുതക്കുറുപ്പ്, കെ.കെ. വാരിയർ, സി. ഉണ്ണിരാജ) 'പുരോഗമനസാഹിത്യം പുരോഗമിക്കാൻ' എന്ന ലഘുലേഖയാണ് വിപരീതാർഥത്തിലാണെങ്കിലും കേരളീയാധുനികതാവാദത്തിന്റെ മാനിഫെസ്റ്റോ ആയി മാറിയത്. കേരളീയ സാംസ്‌കാരിക പൊതുമണ്ഡലത്തെ പൊതുവെയും മലയാളസാഹിത്യത്തെ വിശേഷിച്ചും നെടുകെ പിളർന്ന കമ്യൂണിസ്റ്റ് മഴുവായിരുന്നു, അത്. ആ പിളർപ്പിന്റെ സാംസ്‌കാരിക യുക്തിയായിരുന്നു അടിസ്ഥാനപരമായും മലയാളത്തിലെ ആധുനികതാവാദം. കമ്യൂണിസ്റ്റ് വിരുദ്ധതയുടെയും ഉദാരമാനവികതയുടെയും ജനപ്രിയസംസ്‌കാരത്തിന്റെയും പ്രത്യയശാസ്ത്രപ്രരൂപം.

1930കളുടെ തുടക്കത്തിൽ കേസരി ബാലകൃഷ്ണപിള്ള ഉഴുതുമറിച്ച പുതുമണ്ണിൽ വീണ സാംസ്‌കാരികവിത്തുകൾ പൊട്ടിമുളച്ചുണ്ടായ പടുവിളകളായിരുന്നു 1938-'48 കാലത്ത് ദൃശ്യമായ കമ്യൂണിസ്റ്റ്പച്ചസാഹിത്യം. '48ൽ എംപി. പോളിന്റെ നേതൃത്വത്തിൽ ആ പടുവിളകൾ പറിച്ചുനീക്കപ്പെട്ടു. പിന്നീടുള്ളതു ചരിത്രമാണ്. 1992ലെ പെരുമ്പാവൂർ രേഖയിൽ ഇ.എം.എസ്. തന്നെ തങ്ങളുടെ തെറ്റുകൾക്കു കുമ്പസാരിച്ചതോടെ ആ കാലം അവസാനിച്ചു.

ചുരുക്കത്തിൽ 1945ൽ ഇ.എം.എസിന്റെ നേതൃത്വത്തിലവതരിപ്പിക്കപ്പെട്ട ചരിത്രവിരുദ്ധമായ ഒരു കുറ്റപത്രം തൊട്ട് അതു തങ്ങൾക്കുപറ്റിയ തെറ്റായിരുന്നുവെന്ന് 1992ൽ അദ്ദേഹംതന്നെ നടത്തിയ ചരിത്രപരമായ കുറ്റസമ്മതം വരെ നീളുന്നു, മലയാളത്തിലെ ആധുനികതാവാദത്തിന്റെ ജീവചരിത്രം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ ജീവൽസാഹിത്യസംഘം നിലവിൽവന്ന 1930കളുടെ അന്ത്യം തൊട്ട് സോവിയറ്റ് യൂണിയൻ തകർന്നടിഞ്ഞ 1980കളുടെ അന്ത്യം വരെയുള്ള അരനൂറ്റാണ്ടാണ് കേരളീയ സാംസ്‌കാരിക ജീവിതത്തിൽ ആധുനികതാവാദകാലം എന്നറിയപ്പെടുന്നത്. കമ്യൂണിസത്തിന്റെ മരണം, ആഗോളവൽക്കരണം, ഇലക്‌ട്രോണിക് മാധ്യമവിപ്ലവം, ഗൾഫ് യുദ്ധം, ബാബ്‌റി മസ്ജിദിന്റെ തകർക്കൽ തുടങ്ങിയവ സംഭവിച്ച 1989-92 കാലത്തിനൊടുവിലാണ് ആധുനികാനന്തരത ഒരു സാംസ്‌കാരിക യുക്തിയായി ഇവിടെ നിലവിൽവരുന്നതും ബി.ആർ.പി. കേരളത്തിൽ തിരിച്ചെത്തുന്നതും.

ഐക്യകേരളസങ്കല്പം, ജനാധിപത്യ രാഷ്ട്രീയബോധം; സാക്ഷരത, അച്ചടി; പത്രം, സിനിമ, റേഡിയോ; കമ്യൂണിസം, തൊഴിലാളിപ്രസ്ഥാനം; ആഭ്യന്തര - ബാഹ്യകുടിയേറ്റങ്ങൾ, കേരളമാതൃകയെന്നു പിന്നീടു വിളിക്കപ്പെട്ട സാമൂഹികവികസനം - എന്നിങ്ങനെ ആധുനികീകരിക്കപ്പെടുന്ന ഒരു ജനതയിൽ ദൃശ്യമായ രാഷ്ട്രീയ-സാംസ്‌കാരികാനുഭവങ്ങളുടെ സംയുക്തനിർമ്മിതിയായിരുന്നു, 1939-1989 കാലത്തെ കേരളീയാധുനികതാവാദം. ഇതിന്റെ അടിസ്ഥാനപരമായ സാംസ്‌കാരിക രാഷ്ട്രീയങ്ങൾ ഏഴെണ്ണമായിരുന്നു.

1. ഫ്രോയ്ഡിയൻ മനോവിജ്ഞാനീയത്തിന്റെ പ്രഭാവവും അതു സൃഷ്ടിച്ച ലൈംഗികജീവിതത്തിന്റെ അനുഭൂതിതലങ്ങളും.

2. മാർക്‌സിസത്തിന്റെ സ്വാധീനവും അതു കൈവരിച്ച ചിന്താപരിണാമങ്ങളും.

3. വ്യക്തിയും സാമൂഹ്യസ്ഥാപനങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ വിചാരലോകങ്ങൾ.

4. ദേശീയതാവാദത്തിന്റെ ഉദയവും അസ്തമയവും.

5. ചരിത്രവിജ്ഞാനീയത്തിന്റെ രൂപപ്പെടലും അതിനു കൈവന്ന പ്രത്യയശാസ്ത്രസ്വഭാവങ്ങളും.

6. ഉദാരമാനവികതയുടെ രാഷ്ട്രീയ സ്വരൂപത്തിനു സംഭവിച്ച സൗന്ദര്യാത്മകസാധ്യതകൾ.

7. സാങ്കേതികതയിലും മാധ്യമങ്ങളിലും ഊന്നിയ ജനപ്രിയ സംസ്‌കാരവ്യവസായത്തിന്റെ ലാവണ്യാനുഭവങ്ങൾ.

കേരളീയ സാംസ്‌കാരിക മണ്ഡലത്തിൽ ഇക്കാലത്തുടനീളം പ്രകടമായ അടിസ്ഥാനപരമായ ചില പ്രത്യയശാസ്ത്രസംഘർഷങ്ങളും കാണാതിരുന്നുകൂടാ. മാർക്‌സിസവും ഉദാരമാനവികലോകബോധവും തമ്മിലുള്ളതായിരുന്നു അവയിൽ ഏറ്റവും പ്രധാനം. കമ്യൂണിസ്റ്റായി തുടങ്ങി, ലിബറൽ ഹ്യൂമനിസ്റ്റായി വളർന്ന് നവ-പൗരസമൂഹപ്രസ്ഥാനങ്ങളിൽ കണ്ണിചേർന്ന മലയാളി ബുദ്ധിജീവിതത്തിന്റെ ഭാവചരിത്രമാണ് കേരളീയാധുനികതാവാദത്തിന്റെ മുഖ്യധാര. 1930കൾ തൊട്ട് 50കൾ വരെ മുപ്പതുവർഷത്തോളം കേസരി ബാലകൃഷ്ണപിള്ളയും 60കൾ തൊട്ട് 90കളുടെ തുടക്കം വരെ മറ്റൊരു മുപ്പതുവർഷത്തോളം എം. ഗോവിന്ദനും ആ സാംസ്‌കാരിക ഭാവുകത്വത്തിന്റെ മുഖ്യപുരോഹിതരായി നിലനിന്നു. ഒന്നാം നിരയിലോ രണ്ടാം നിരയിലോ പെട്ട സാഹിത്യ, കലാ, സാംസ്‌കാരിക പ്രവർത്തകരിലാരുംതന്നെ ഇക്കാലത്ത് (1950കൾ തൊട്ട്) കമ്യൂണിസത്തിൽ വിശ്വാസം പുലർത്തിയില്ല. 1938-'48 കാലത്ത് കമ്യൂണിസ്റ്റായി ജ്ഞാനസ്‌നാനം ചെയ്തവരാകട്ടെ, ജീവൽ, പുരോഗമനസാഹിത്യപ്രസ്ഥാനത്തിൽ പങ്കുചേർന്നവരാകട്ടെ, ഒരാളും കൽക്കത്താ തീസിസിനുശേഷം ആ വഴിയിൽ സഞ്ചരിച്ചിട്ടുമില്ല. ഇന്നും ഭിന്നമല്ലല്ലോ അവസ്ഥ.

സവർണ-കീഴാള രാഷ്ട്രീയനിലപാടുകൾ തമ്മിലുടലെടുത്തതായിരുന്നു മറ്റൊരു സംഘർഷം. വരേണ്യ-ജനപ്രിയ സാംസ്‌കാരികാനുഭൂതികൾ തമ്മിലും ദേശീയ-പ്രാദേശിക ലാവണ്യപാരമ്പര്യങ്ങൾ തമ്മിലുമുള്ള സംഘർഷങ്ങൾ വേറെയും.

മേല്പറഞ്ഞ ആധുനികതാവാദത്തിന്റെ ഉച്ചഘട്ടത്തിൽ രംഗത്തുവന്നെങ്കിലും കേരളത്തിനു പുറത്തുപോയി, പിന്നീട് ആധുനികാനന്തര കേരളീയസമൂഹത്തിന്റെ രാഷ്ട്രീയ, ബൗദ്ധിക, സാംസ്‌കാരിക മണ്ഡലങ്ങളിൽ നിർണായകമായി ഇടപെട്ടുകൊണ്ടാണ് ബി.ആർ.പി. കേരളത്തിലേക്കു തിരിച്ചുവരുന്നത്. ഒന്നാം ഘട്ടത്തിൽ തന്റെ ചിന്തയും അതിന്റെ പ്രയോഗവും ബി.ആർ.പി. നടപ്പിൽവരുത്തിയത് ദേശീയ-സോഷ്യലിസ്റ്റ്-രാഷ്ട്രീയ നിലപാടുകളിലായിരുന്നെങ്കിൽ രണ്ടാം ഘട്ടത്തിൽ അത് ലിബറൽ ഹ്യൂമനിസ്റ്റ് താവഴിയിൽ രൂപംകൊണ്ട നവ-പൗരസമൂഹ പ്രസ്ഥാനങ്ങൾക്കൊപ്പമായിരുന്നു. രണ്ടുഘട്ടത്തിലും മാധ്യമങ്ങളും മാധ്യമപ്രവർത്തനവും അതിന്റെ നട്ടെല്ലായി നിലനിൽക്കുകയും ചെയ്തു. പറഞ്ഞുവന്നതിതാണ് - കേവലമായ രണ്ടു വിശ്വാസപ്രമാണങ്ങളോ പ്രയോഗപദ്ധതികളോ മാത്രമായിരുന്നില്ല, ബി.ആർ.പി.ക്ക് മാധ്യമപ്രവർത്തനവും മനുഷ്യാവകാശസമരങ്ങളും. കേരളീയ/ഇന്ത്യൻ ആധുനിക-ആധുനികാനന്തര ചിന്താമണ്ഡലങ്ങളുടെ സയുക്തികവും സമൂർത്തവും സക്രിയവുമായ തുടർച്ചയിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും ഈ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും തന്റെ സമരപഥങ്ങൾ സർഗാത്മകവും സാർഥകവുമാക്കിയ ഒരു മലയാളി ബുദ്ധിജീവിയുടെ ജീവിതരാഷ്ട്രീയം തന്നെയാണ് അവ.

'90കളിൽ ബി.ആർ.പി.യെ മലയാളിക്കു പരിചയപ്പെടുത്തിയത് അദ്ദേഹത്തെക്കുറിച്ച് എംപി. നാരായണപിള്ള, മുരളി എന്നിവർ കലാകൗമുദിയിലെഴുതിയ രണ്ടു തൂലികാചിത്രങ്ങളാണ്. ഇവയുൾപ്പെടെ, അദ്ദേഹത്തെക്കുറിച്ചെഴുതപ്പെട്ട ഒരുപറ്റം രചനകളുടെയും ബി.ആർ.പി.യുമായി പലർ നടത്തിയ ചെറുതും വലുതുമായ എട്ട് അഭിമുഖങ്ങളുടെയും സമാഹാരമാണ് എൻ.ബി. സുരേഷ് സമാഹരിച്ച 'ബി.ആർ.പി: വേരുണങ്ങാത്ത വാക്ക്' എന്ന ഈ പുസ്തകം.

ഒന്നാം ഭാഗത്തെ രചനകൾ പലവിഭാഗങ്ങളിൽ പെടുന്നവയാണ്. ഏറ്റവും ശ്രദ്ധേയം നാരായണപിള്ളയുടെയും മുരളിയുടെയും തന്നെ. വ്യക്തിജീവിതം, തൊഴിൽജീവിതം, സാമൂഹികജീവിതം എന്നിവ മൂന്നും സ്പർശിച്ചുപോകുന്ന രചനകൾ. പിള്ളയുടെ തൂലികാചിത്രമാണ് ബി.ആർ.പി. എന്ന പേര് മലയാളിക്കു പരിചിതമാക്കിയത്. അദ്ദേഹത്തിന്റെ ഊന്നൽ ബി.ആർ.പി.യിൽ അനന്യമായി താൻ കണ്ട മാനുഷികമായ സ്ഥിതപ്രജ്ഞയിലും പ്രൊഫഷണൽ എത്തിക്‌സിലുമാണ്. പച്ചമലയാളത്തിൽ പറഞ്ഞാൽ നട്ടെല്ലും നെറിയും തന്നെ. പേട്രിയറ്റിൽ നിന്നുള്ള രാജിയുടെ കഥ പറഞ്ഞ് പിള്ള ബി.ആർ.പി.യെ മലയാളിയുടെ വിസ്മയമാക്കി മാറ്റി. നട്ടെല്ലില്ലായ്മയും നെറികേടുകളും മാധ്യമപ്രവർത്തനത്തിൽ തേർവാഴ്ച നടത്തുന്ന കാലത്തോടുള്ള വിയോജിപ്പുകളായിരുന്നു ബി.ആർ.പി.ക്കു തന്റെ നാലുപതിറ്റാണ്ടുനീണ്ട ഇംഗ്ലീഷ് മാധ്യമജീവിതമപ്പാടെതന്നെ. 90കളിൽ മലയാള മാധ്യമരംഗത്തും കേരളീയ മനുഷ്യാവകാശസമരരംഗത്തും ഇടപെടുമ്പോഴും അദ്ദേഹത്തിനു മൂലധനമായതു മറ്റൊന്നുമായിരുന്നില്ല. പിള്ളയെപ്പോലെ മുരളിയും ബി.ആർ.പി.യുടെ മാധ്യമജീവിതത്തെയാണ് ഫോക്കസ് ചെയ്യുന്നത്. മലയാളത്തിലെഴുതപ്പെട്ടിട്ടുള്ള ഏറ്റവും മികച്ച വ്യക്തിചിത്ര-ഫീച്ചറുകൾ പലതിന്റെയും കർത്താവാണ് മുരളി. ബി.ആർ.പി.യെക്കുറിച്ചുള്ള രചനയും ഇതിലുൾപ്പെടുന്നു. കാവ്യാത്മകവും ഭാവാത്മകവുമായ ജീവചരിത്രസംഗ്രഹം. മുരളിയുടെ രചനയിൽ നിന്നൊരു ഭാഗം വായിക്കൂ:

'ഞാൻ ബി.ആർ.പി.യോട് എന്താണ് ഈ ബി.ആർ.പി. എന്നു ചോദിച്ചു. നേർത്ത ചിരിയോടെ അദ്ദേഹം പറഞ്ഞു. അതൊരു രഹസ്യമാണ്. ബി.ആർ.പി.യെന്നാൽ ബാബു രാജേന്ദ്രപ്രസാദ്. എന്നിട്ട് കൗതുകമുള്ള ഒരു കഥ പറഞ്ഞു. എ.കെ. ഭാസ്‌കർ എന്ന പ്രതാപിയായ തന്റെ അച്ഛന്റെ കഥ, ദേശീയ സ്വാതന്ത്ര്യസമരത്തിന് കരുത്തുനൽകാൻ അച്ഛൻ കൊല്ലത്ത് ആരംഭിച്ച 'നവഭാരത'ത്തിന്റെ കഥ. എ.കെ. ഭാസ്‌കറിന്റെ 'നവഭാരതം' തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിലുണ്ട്. സി.കേശവന്റെ ജീവിതസമരത്തിലുണ്ട്. എസ്.എൻ.ഡി.പി.യുടെ ചരിത്രത്തിലുണ്ട്. അച്ഛൻ മക്കൾക്കൊക്കെ ദേശീയനേതാക്കളുടെ പേരുകളിട്ടു. മൂത്തയാൾ അങ്ങനെ ബാബു രാജേന്ദ്രപ്രസാദ് ഭാസ്‌കറായി. രണ്ടാമത്തെയാൾ ശാന്താബെൻ, പിന്നെ മോഹൻദാസ്, സുഭാഷ്ചന്ദ്രൻ, രവീന്ദ്രനാഥ്. അടുത്തയാൾക്ക് അച്ഛൻ എന്തുകൊണ്ടോ സോമരാജ് എന്നു പേരിട്ടു. ഞങ്ങളത് കാമരാജ് എന്നാക്കി വിളിച്ചു. ഞങ്ങൾ പതിനാല് പേരുണ്ടായിരുന്നു. ഏഴാണും ഏഴു പെണ്ണും. അവസാനക്കാരുടെ പേരുകളൊക്കെ അമ്മയും കുഞ്ഞമ്മയും ഇട്ടതാണ്... ബി.ആർ.പി.യെ ഏറ്റവും അടുത്തവർ ബാബു എന്നു വിളിക്കുന്നു.

നവഭാരതത്തിലാണ് പത്രപ്രവർത്തനം ആരംഭിച്ചത്. എൻ. ബാപ്പുറാവു, എൻ. രാമചന്ദ്രൻ, സി.എൻ. ശ്രീകണ്ഠൻ നായർ, പി.കെ. ബാലകൃഷ്ണൻ തുടങ്ങിയവരൊക്കെ നവഭാരതത്തിലുണ്ടായിരുന്നു. കൊല്ലത്തെ ഇടതുപക്ഷ പ്രവർത്തനങ്ങളുടെ വേദികൂടിയായിരുന്നു 1948ൽ ആരംഭിച്ച നവഭാരതം.

സ്വാതന്ത്ര്യത്തിനുമുമ്പുള്ള തിരുവിതാംകൂർ അസംബ്ലിയിൽ അംഗമായിരുന്ന എ.കെ. ഭാസ്‌കർക്ക് എസ്.എൻ.ഡി.പി. സജീവ പ്രവർത്തനമേഖലയായിരുന്നു. സർ.സി.പി.യുടെ 'സ്വതന്ത്ര തിരുവിതാംകൂറി'നെ എസ്.എൻ.ഡി.പി. അനുകൂലിച്ചപ്പോൾ എ.കെ.ഭാസ്‌കർ എസ്.എൻ.ഡി.പി. വിട്ടു. അദ്ദേഹം സി.പി.ക്കെതിരായ പ്രസ്ഥാനത്തിന്റെ ഭാഗമായി. അന്നത്തെ ഇടതുപക്ഷത്തിന്റെ, സി.പി. വിരുദ്ധപ്രവർത്തനങ്ങളുടെ കേന്ദ്രമായി നവഭാരതം. സ്വാഭാവികമായും നവഭാരതം അദ്ദേഹത്തെ രാഷ്ട്രീയവും പത്രപ്രവർത്തനവും പഠിപ്പിച്ചു. ബാപ്പുറാവുവിന്റെ പിന്നിൽ കുത്തിയിരുന്ന് നവഭാരതത്തിലേക്കുള്ള വാർത്തകളും ലേഖനങ്ങളും വായിച്ചു, തിരുത്തി. വിദ്യാർത്ഥിയായിരുന്നതുകൊണ്ട് സമയം വളരെയൊന്നും കിട്ടിയില്ല.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽനിന്ന് ഇന്റർമീഡിയറ്റ് കഴിഞ്ഞ് കൊല്ലം എസ്.എൻ. കോളജിലും തിരുവനന്തപുരം എം.ജി. കോളജിലും പഠിച്ചു. എം.ജി. കോളജിൽനിന്നാണ് ബി.എസ്.സി. മാത്‌സ് പാസായത്. മാത്സിൽനിന്ന് ജേർണലിസത്തിലേക്ക് വരിക അത്ര സ്വാഭാവികമല്ല. എങ്കിലും മനസ്സിൽ അന്നേ ഉറപ്പിച്ചു. ഒരു ജേർണലിസ്റ്റ് ആവുകതന്നെ. പക്ഷേ അച്ഛനോട് വിവരം പറഞ്ഞില്ല. അദ്ദേഹത്തിന് ഇഷ്ടപ്പെടില്ലെന്ന് അറിയാമായിരുന്നു. എന്നെ ഐ.എ.എസുകാരനാക്കാനായിരുന്നു അച്ഛന്റെ താല്പര്യം. ബി.എസ്.സി. പാസാകുംമുമ്പ് ഒരു സംഭവമുണ്ടായി. അക്കാലത്ത് തിരുവിതാംകൂറിൽ ഒരു രാഷ്ട്രീയപ്രതിസന്ധി. പട്ടവും സി. കേശവനും ടി.എം. വർഗ്ഗീസുമൊക്കെയുള്ള മന്ത്രിസഭയിൽ പ്രശ്‌നങ്ങളുണ്ടായി. പട്ടം രാജിവച്ചു. എനിക്കന്ന് പതിനാറ് വയസ്സ്. യൂണിവേഴ്‌സിറ്റി കോളജിൽ ഇന്റർമീഡിയറ്റിന് പഠിക്കുന്നു. എന്തിന് പട്ടം രാജിവച്ചു എന്ന് ജനങ്ങളോട് വിശദീകരിച്ചിരുന്നില്ല. 'ശംഖു' എന്ന പേരിൽ ഞാനൊരു കുറിപ്പ് എഴുതി. 'പട്ടം എന്തിന് രാജിവച്ചു?' ബാപ്പുറാവുവിന്റെ കൈയിൽ കൊടുക്കാൻ എനിക്ക് ധൈര്യമുണ്ടായില്ല. ഞാൻ അത് ബാപ്പുറാവുവിന് പോസ്റ്റുചെയ്തു.

പിറ്റേദിവസം നവഭാരതത്തിൽ പ്രൂഫ് വായിക്കുമ്പോൾ എന്റെ കുറിപ്പ് കമ്പോസ് ചെയ്തുവന്നിരിക്കുന്നു. അപ്പോഴും എഴുതിയത് ഞാനാണെന്ന് ആരോടും പറഞ്ഞില്ല. നവഭാരതം പുറത്തിറങ്ങിയപ്പോൾ ഞാൻ ബാപ്പുറാവുവിനോട് പറഞ്ഞു കുറിപ്പ് ഞാനെഴുതിയതാണെന്ന്. അദ്ദേഹം എന്റെ തോളിൽ തട്ടിയിട്ട് എന്താ പേരുവയ്ക്കാഞ്ഞത് എന്നു ചോദിച്ചു. ബാപ്പുറാവുവിന് കുറിപ്പ് ഇഷ്ടമായെന്ന് എനിക്ക് മനസ്സിലായി. എന്റെ താല്പര്യം ജേർണലിസമാണെന്ന് ക്രമേണ അച്ഛന് മനസ്സിലായി. നെഹ്‌റി തിരുവനന്തപുരത്ത് വന്നപ്പോൾ അത് പോയി റിപ്പോർട്ട് ചെയ്യാൻ അച്ഛൻ നിർദ്ദേശിച്ചു. സർദാർ പട്ടേൽ എറണാകുളത്ത് വന്നപ്പോഴും റിപ്പോർട്ട് ചെയ്തു. അപ്പോൾ വിദ്യാഭ്യാസം ഏതാണ്ട് കഴിഞ്ഞു. ഇനി ഇവിടെനിന്നാൽ രാഷ്ട്രീയത്തിൽ വീണുപോകും എന്ന് മനസ്സിൽ തോന്നി. അന്ന് സ്റ്റുഡന്റ്‌സ് ഫെഡറേഷൻ പ്രവർത്തകനായിരുന്നു. 1948-ലെ ആദ്യ തെരഞ്ഞെടുപ്പിൽ പതിനാറുകാരനായ ഞാൻ എൻ. ശ്രീകണ്ഠൻനായരുടെ തെരഞ്ഞെടുപ്പ് ഏജന്റായിരുന്നു. എന്നോടൊപ്പം പട്ടത്തുവിള കരുണാകരനുമുണ്ടായിരുന്നു. 1951-52 തെരഞ്ഞെടുപ്പുകളിൽ കാട്ടായിക്കോണം ശ്രീധർക്കും ടി.കെ. ദിവാകരനും വേണ്ടി ഏജന്റായി. ആ തെരഞ്ഞെടുപ്പുകളുടെ കാര്യങ്ങൾ പറയവേ ബാബുസാർ പറഞ്ഞു. 'ഞാൻ ജീവിതത്തിൽ ആദ്യമായി വോട്ടുചെയ്യുന്നത് ഇപ്പോഴാണ്. ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ'.

1952ലെ തെരഞ്ഞെടുപ്പ് ആയതോടെ കേരളം വിടാൻ തീരുമാനിച്ചു. മധുരയിലെ ഗാന്ധിഗ്രാം ഇൻസ്റ്റിറ്റ്യൂട്ടിൽ, ജി. രാമചന്ദ്രന് ഞാൻ ഒരു കത്തെഴുതി. എനിക്ക് ഒരു അവസരം നൽകാൻ അഭ്യർത്ഥിച്ചുകൊണ്ട്. അദ്ദേഹം ഇന്ത്യൻ എക്സ്‌പ്രസിൽ പണിയെടുത്തിരുന്നു. അച്ഛന്റെ സുഹൃത്തായിരുന്നു ജി. രാമചന്ദ്രൻ. എന്റെ കത്ത് കിട്ടുമ്പോൾ അദ്ദേഹം എവിടെയോ യാത്ര പുറപ്പെടാനുള്ള തയ്യാറെടുപ്പിലായിരുന്നു. 'ഞാൻ യാത്രകഴിഞ്ഞ് മടങ്ങിവരുമ്പോൾ ഓർമ്മിപ്പിക്കുക, വേണ്ടത് ചെയ്യാം'. അദ്ദേഹം എനിക്ക് മറുപടിയെഴുതി. ആ കത്ത് അച്ഛന്റെ കൈയിലാണ് കിട്ടിയത്. അദ്ദേഹത്തിന് കാര്യം മനസ്സിലായി. എന്നോട് ചോദിച്ചു, നിനക്ക് ജേർണലിസമാണ് ഇഷ്ടമെങ്കിൽ പിന്നെ 'ഹിന്ദു'വിൽ ചേരരുതോ? ഞാൻ സമ്മതിച്ചു. അച്ഛന് ഹിന്ദുവിന്റെ ഓണർ കസ്തൂരി ശ്രീനിവാസനെ അറിയാമായിരുന്നു. അച്ഛൻ എനിക്കൊരു കത്തുനൽകി. ഞാൻ മദ്രാസിൽചെന്ന് കസ്തൂരി ശ്രീനിവാസനെ കണ്ടു. അപ്പോൾത്തന്നെ അദ്ദേഹം എന്നെ ട്രെയ്‌നിയായി ഹിന്ദുവിൽ നിയമിച്ചു. അങ്ങനെ 1952 ഫെബ്രുവരിയിൽ ഞാൻ ജേർണലിസ്റ്റായി...'.

ബി.ആർ.പി.യുടെ ജീവിതമൂല്യങ്ങൾ സ്പർശിക്കുന്നു, അദ്ദേഹത്തിന്റെ മകൾ ബിന്ദു എഴുതിയ കുറിപ്പ്. ഇംഗ്ലീഷ് മാധ്യമപ്രവർത്തനത്തിൽ ബി.ആർ.പി. പുലർത്തിയ മികവും മാന്യതയും അനുസ്മരിക്കുന്നു, റാം മനോഹർ റെഡ്ഡി, തരുൺ ബസു, മഹേന്ദ്രവേദ്, യു. ജയരാജ് എന്നിവരുടെ രചനകൾ. ഏഷ്യാനെറ്റിൽ ബി.ആർ.പി. തെളിച്ച വഴികളുടെ കഥയും പൊരുളും വിവരിക്കുന്നു, നീലൻ.

ചെറുതൂലികാചിത്രങ്ങളാണ് കെ.എ. ബീന, ഗീതാബക്ഷി, കമൽറാം സജീവ്, സി. അനൂപ് എന്നിവരുടെ കൂടിക്കാഴ്ചക്കുറിപ്പുകൾ. ബി.ആർ.പി.യുടെ ഇടതുരാഷ്ട്രീയത്തെ വേറിട്ടുകാണുന്നു, ടി.കെ. വിനോദൻ. നോക്കൂ:

'മാധ്യമപ്രവർത്തനത്തിൽ, മനുഷ്യവകാശ സമരങ്ങളിൽ, ആശയസംവാദങ്ങളിൽ, പരിഷ്‌കൃതമായ ജനാധിപത്യസംസ്‌കാരം പാലിക്കേണ്ടതിന്റെ ആവശ്യകത മലയാളിയെ നിരന്തരം ഓർമ്മിപ്പിക്കുന്ന വഴികാട്ടിയാണ് ബി.ആർ.പി. ഭാസ്‌കർ. നാടുവാഴിത്തത്തിന്റെ സാംസ്‌കാരിക ശീലങ്ങൾ ഇന്നും പ്രബലമായ കേരളീയസമൂഹം ആധുനിക ജനാധിപത്യത്തിന്റെ ശീലങ്ങൾ ഇനിയും സ്വായത്തമാക്കിയിട്ടില്ല എന്ന് മലയാളിയെ ബോധ്യപ്പെടുത്തുന്നതിൽ ബി.ആർ.പി.ക്ക് മുഖ്യ പങ്കുണ്ട്. നാടുവാഴിത്തത്തിന്റെ മേൽ-കീഴ് വ്യത്യാസങ്ങൾ ഇടതുപക്ഷംപോലും സ്വാംശീകരിച്ചിരിക്കുന്നു എന്നതാണ് നാം അകപ്പെട്ടിരിക്കുന്ന ധാർമ്മിക പ്രതിസന്ധിയെ രൂക്ഷമാക്കുന്നത്. വസ്തുതകളോട് സത്യസന്ധത പുലർത്താൻ ശ്രമിക്കുന്നവരെ 'വിരുദ്ധർ' എന്ന് മുദ്രകുത്തുന്ന കേരളീയ ഇടതുപക്ഷത്തിലെ ഒരു വിഭാഗമെങ്കിലും ബി.ആർ.പി. ഭാസ്‌കറെയും ശത്രുവായിട്ടാകും കാണുക. സമത്വത്തിൽ അധിഷ്ഠിതമായ നീതി എന്ന ആശയത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാളി എന്ന നിലയിൽ ബി.ആർ.പി.യെ, ഇടതുപക്ഷത്തിന്റെ കാവലാൾ എന്നു വിളിക്കാനാണ് എനിക്കിഷ്ടം'.

മനുഷ്യാവകാശപ്രവർത്തകനെന്നനിലയിൽ ബി.ആർ.പി. പുലർത്തിയ വ്യത്യസ്തമായ കാഴ്ചപ്പാടുകളും ഉറച്ച നിലപാടുകളും ചൂണ്ടിക്കാണിക്കുന്നു, സിവിക് ചന്ദ്രൻ, സാബുതോമസ്, റഷീദ് മഞ്ഞപ്പാറ തുടങ്ങിയവർ. കേരളീയ പൗരസമൂഹത്തിന്റെ ഏറ്റവും സ്ഥൈര്യവും വിശ്വാസ്യതയും സുതാര്യതയുമുള്ള പ്രതിനിധിയെന്ന നിലയിൽ ബി.ആർ.പി.യെ കണ്ട് സിവിക് എഴുതുന്നു:

'പൗരാവകാശപ്രവർത്തനരംഗത്ത് ബി.ആർ.പി. ശ്രദ്ധിക്കപ്പെടുന്നത് വിജിൽ ഇന്ത്യാ പ്രസ്ഥാനത്തിലെ കേരളപ്രതിനിധാനത്തിന്റെ പേരിലാണ്. പിന്നീടദ്ദേഹം നേരിട്ടുതന്നെ കേരളത്തിലെ പൗരാവകാശപ്രശ്‌നങ്ങളിൽ ഇടപെടാൻ തുടങ്ങി. പ്രത്യേകിച്ചും ദളിത്-ആദിവാസി പ്രശ്‌നങ്ങളിൽ. ലിബറൽ കേരളത്തെ ശരിക്കും ഞെട്ടിച്ചുകളഞ്ഞ ഒരിടപെടൽ, ഡി.എച്ച്.ആർ.എമ്മിന്റെ കാര്യത്തിൽ ബി.ആർ.പി. നടത്തിയതാണ്. ആ അംബേദ്കറൈറ്റ് ദളിത്‌സേന തീവ്രവാദികളായി മുദ്രയടിക്കപ്പെടുകയും ഒരു കൊലപാതകക്കേസിൽ പ്രതിയാക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണത് സംഭവിക്കുന്നത്. എല്ലാ രാഷ്ട്രീയകക്ഷികളും അവർക്കെതിരായിരുന്നു. ഏതാണ്ടെല്ലാ മാധ്യമങ്ങളും അവർക്കെതിരായിരുന്നു. ദളിത് ബുദ്ധിജീവികളടക്കം അവരെ തള്ളിപ്പറയുകയോ അവരിൽനിന്ന് സുരക്ഷിതമായ ഒരകലം പാലിക്കാൻ ശ്രമിക്കുകയോ ചെയ്ത സന്ദർഭത്തിലാണ് നിരപരാധിത്വം തെളിയിക്കാൻ അവർക്കവസരം ലഭിക്കാൻവേണ്ടി ബി.ആർ.പി. അവർക്കുവേണ്ടി രംഗത്തുവരുന്നത്, ഏതാണ്ട് ഒരു ഒറ്റയാൾ പട്ടാളമായി...

പിന്നീട് നവസാമൂഹ്യപ്രസ്ഥാനങ്ങൾ എന്നറിയപ്പെടുന്ന എല്ലാ ജനകീയപ്രസ്ഥാനങ്ങളുടെയും ഉറ്റതോഴനായി ബി.ആർ.പി. ഏതുസമയത്തും അദ്ദേഹത്തെ വിളിക്കാം. മിക്കവാറും സമരങ്ങളുടെ ഉദ്ഘാടകനും അദ്ദേഹംതന്നെ. കാസർകോട്ടെ എൻഡോസൾഫാൻ ഇരകളായാലും മുത്തങ്ങയിലെ ആദിവാസികളായാലും പ്ലാച്ചിമടയിൽ കുടിവെള്ളം തിരിച്ചുകിട്ടാനുള്ള സമരമായാലും ചെറായിയിൽനിന്ന് പേരാമ്പ്രയിലേക്കുള്ള സ്വാഭിമാന യാത്രയായാലും ചെങ്ങറയിലെ ഭൂമി പിടിച്ചെടുക്കൽ സമരമായാലും അരിപ്പയിലെ ഭൂസമരമായാലും കൂടെനിൽക്കുമെന്ന് ഉറപ്പുള്ള ഒരാൾ കേരളത്തിലിന്ന് ബി.ആർ.പി.യാണ്. പൊതുസമൂഹത്തിലും ഭരണ-മാധ്യമതലങ്ങളിലും അദ്ദേഹത്തിനുള്ള വിശ്വാസ്യത ഈ സമരങ്ങൾക്കുള്ള ഒരംഗീകാരമായി മാറുന്നു.

വിശ്വാസ്യതയുള്ള പൗരാവകാശ പ്രസ്ഥാനങ്ങളില്ലാത്ത ഏക സംസ്ഥാനം കേരളമാണ്. ഭരണകൂടത്തിനും ജനങ്ങൾക്കുമിടയിൽ നിൽക്കാൻ, സംഭാഷണത്തിലേക്കും ഒത്തുതീർപ്പിലേക്കും സമരങ്ങളെ നയിക്കാനിടപെടാൻ, നമുക്കൊരു ജനാധിപത്യാവകാശ, മനുഷ്യാവകാശ പ്രസ്ഥാനമില്ല. അതിരുകടന്ന കക്ഷിരാഷ്ട്രീയവൽക്കരണവും ജനകീയപ്രസ്ഥാനങ്ങളെന്നവകാശപ്പെടുന്ന പലരുടേയും സെക്‌റ്റേറിയനിസവും ഇതിന് കാരണമാവാം. ഏതായാലും ബി.ആർ.പി.യുടെ നേതൃത്വത്തിൽ വിശ്വാസ്യതയും ആധികാരികതയുമുള്ള ഒരു വിജിൽ കേരളസംഘത്തെ കേരളം ആവശ്യപ്പെടുന്നുണ്ട്. മറ്റാർക്കാണ് കേരളത്തിലതിനുള്ള വിശ്വാസ്യതയുള്ളത്? ആധികാരികതയുള്ളത്?'.

ഇക്കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലം കേരളത്തിൽ ബി.ആർ.പി. പങ്കാളിയായ മനുഷ്യാവകാശപ്പോരാട്ടങ്ങളുടെ സൂക്ഷ്മാവലോകനം നടത്തുന്നു, സാബു.

അഭിമുഖങ്ങളിൽ ശ്രദ്ധേയം ആർ.കെ. ബിജുരാജ് നടത്തിയതാണ്. മനില സി. മോഹൻ, മുഹമ്മദ് സുഹൈബ്, മുഹ്‌സിൻ പരാരി, വിധുവിൻസന്റ് എന്നിവരുടെ അഭിമുഖങ്ങളും തരക്കേടില്ല. ബി.ആർ.പി.യുടെ മാധ്യമ, സാമൂഹ്യ പ്രവർത്തനരംഗങ്ങളിലെ അടിസ്ഥാനപരമായ ചില നിലപാടുകളുടെയും കാഴ്ചപ്പാടുകളുടെയും തുറന്നുപറച്ചിലുകളിലേക്കാണ് ഓരോ അഭിമുഖവും വഴിവെട്ടുന്നത്. മുഖ്യമായും ആറ് മേഖലകളുടെ ചർച്ചയാണ് ഇവയിൽ വ്യാപിച്ചുനിൽക്കുന്നത്. മാധ്യമപ്രവർത്തനത്തിന്റെ ധാർമ്മികതയും പ്രൊഫഷണലിസവും നേരിടുന്ന വെല്ലുവിളികൾ, ഇന്ത്യൻ/കേരളീയ ഭരണകൂടങ്ങൾ നിരന്തരമാവർത്തിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ, മുസ്ലിം രാഷ്ട്രീയത്തിനു കൈവന്നിട്ടുള്ള ചരിത്രപരവും സ്വത്വപരവുമായ മാനങ്ങൾ, ആദിവാസി-ദലിത് സമൂഹങ്ങളുടെ അന്യവൽക്കരണവും ബ്രാഹ്മണ്യത്തിന്റെ പൊതുസമ്മതിയും, സ്ത്രീ, പരിസ്ഥിതിവിഷയങ്ങളിലെ കുറ്റകരമായ പൊതുമൗനങ്ങൾ, ഇടതുപക്ഷത്തിന്റെ രാഷ്ട്രീയാപചയവും ജനാധിപത്യവിരുദ്ധതയും-ഇവയാണ് ഈ ആറു മേഖലകൾ.

കേരളത്തിന്റെ പിന്നോട്ടുനടപ്പാണ് മുഖ്യവിഷയമെങ്കിലും ('പിന്തിരിഞ്ഞോടുന്ന കേരളം' എന്നതാണ് ബി.ആർ.പി.യുടെ മലയാളപുസ്തകത്തിന്റെ പേര്!) ബിജുരാജ് നടത്തിയ അഭിമുഖം ബി.ആർ.പി.യുടെ മാധ്യമതത്വങ്ങളുടെ ഏറ്റവും മികച്ച രേഖീകരണം കൂടിയാണ്. ഈ അഭിമുഖത്തിലാണ് ബി.ആർ.പി. തന്റെ മാധ്യമജീവിതവും തന്നെ നയിച്ച നിലപാടുകളും തന്റെ തന്നെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഏറ്റവും വിശദമായി തുറന്നുപറയുന്നത്. എത്ര നഗരങ്ങൾ. എത്ര വാർത്തകൾ. എത്ര മാധ്യമങ്ങൾ. എത്ര വ്യക്തിത്വങ്ങൾ. എത്ര പ്രതിസന്ധികൾ. എത്ര സന്ദിഗ്ദ്ധ ഘട്ടങ്ങൾ. എത്ര സ്‌കൂപ്പുകൾ. എത്ര വഴിതിരിവുകൾ... ബി.ആർ.പി.യുടെ മാധ്യമജീവിതത്തിന്റെ ഓർമച്ചിത്രങ്ങൾ കൊണ്ടു സമ്പന്നമാണ് ഈ രചന.

എന്തുകൊണ്ട് കേരളം വിട്ട് ചെന്നൈയിൽ സ്ഥിരതാമസമാക്കി എന്ന ചോദ്യത്തിന് അദ്ദേഹം നൽകുന്ന ഉത്തരം മലയാളി ഭാവിയിൽ അഭിമുഖീകരിക്കാൻ പോകുന്ന ഏറ്റവും വലിയ ഒരു വെല്ലുവളിതന്നെയാണ്.

'ബി.ആർ.പി:- ജോലിയിൽനിന്ന് വിരമിച്ചശേഷം ഞാൻ ഇരുപതുവർഷം കേരളത്തിൽ താമസിച്ചു. എനിക്കും ഭാര്യക്കും പ്രായമായി. വീട്ടിൽ ആളില്ല. വീട് മെയിന്റൈൻ ചെയ്യാൻ ആളുവേണ്ടേ? അതിന് ആളെകിട്ടാൻ പ്രയാസമാണ്. ഇടക്ക് എനിക്ക് ആശുപത്രിയിൽ പോകേണ്ടതായിട്ടുവന്നു. മകൾ ഇവിടെയാണ്. ഞാൻ ആശുപത്രിയിലായതറിഞ്ഞ് മകൾ അങ്ങോട്ട് ഓടി വന്നു. ഡിസ്ചാർജ് ആയ ദിവസം വൈകിട്ടത്തെ ഫ്‌ളൈറ്റിൽ ചെന്നൈയിലേക്ക് മടങ്ങി. അപ്പോൾ തിരുവനന്തപുരത്ത് കഴിഞ്ഞ്, മകൾ ഓടിവരുന്നതിനെക്കാൾ നല്ലത് നമ്മൾ അവിടെ പോയി താമസിക്കുകയല്ലേ. അത് കുറഞ്ഞപക്ഷം മകളുടെമേലുള്ള സമ്മർദമെങ്കിലും കുറക്കുമല്ലോ. അങ്ങനെ പോരാൻ തീരുമാനിച്ചു. പക്ഷേ, ഇതല്ലാതെതന്നെ കേരളത്തിന്റെ സമീപനത്തിൽ പ്രശ്‌നമുണ്ട്. ഞാൻ ചോദിച്ചവരോട് മുമ്പും പറഞ്ഞിട്ടുണ്ട്. കാരണം അന്വേഷിച്ച രമേശ് ചെന്നിത്തലയോടും അത് പറഞ്ഞിരുന്നു. ആ കാരണം കേരളം വയോജനസൗഹൃദമല്ല എന്നതാണ്. അതാണ് ഞാൻ കേരളം വിടാനുള്ള മുഖ്യകാരണം.

ചോദ്യം:- കേരളം വയോജനസൗഹൃദമല്ല എന്നു പറഞ്ഞു. അത് വിശദമാക്കാമോ? കേരളത്തെ എങ്ങനെയൊക്കെ വയോജനസൗഹൃദമാക്കാം?

ബി.ആർ.പി:- ചെന്നൈയിൽ രണ്ടാഴ്ചയിൽ ഒരിക്കൽ ഭാര്യക്ക് രക്തപരിശോധന നടത്തണം. അതിന്റെ അടിസ്ഥാനത്തിലാണ് മരുന്നിന്റെ ഡോസ് നിശ്ചയിക്കുക. നാട്ടിലാകുമ്പോൾ രക്തം കൊടുക്കാൻ ആശുപത്രിയിൽ പോകണം. പിന്നെ വൈകിട്ട് അതിന്റെ റിപ്പോർട്ട് വാങ്ങാൻ ആശുപത്രിയിൽ വീണ്ടും ചെല്ലണം. കണ്ണിന്റെ പ്രശ്‌നമുള്ളതിനാൽ ഞാൻ ഡ്രൈവ് ചെയ്യുന്നില്ല. അപ്പോൾ ഒരു ഡ്രൈവറെ വിളിക്കണം. ഇവിടെയാണെങ്കിൽ ടെലിഫോൺ ചെയ്താൽ വീട്ടിൽവന്ന് ബ്ലഡ് സാമ്പിൾ എടുക്കും. ഉച്ചക്ക്‌ശേഷം റിപ്പോർട്ട് ഇമെയിലിൽ അയക്കും. കൊറിയറിൽ അടുത്ത ദിവസം അതിന്റെ ഹാർഡ് കോപ്പി വരും. നാട്ടിൽ സർക്കാർ ആശുപത്രിയിൽ നല്ല ഡോക്ടർമാരുണ്ട്. പക്ഷേ, അവിടത്തെ സംവിധാനം വയോജനസൗഹൃദമല്ല. പ്രായമുള്ളവരോ രോഗികളോ ആണ് കൂടുതൽ ആശുപത്രിയിൽ പോവുക. പക്ഷേ, കാത്തിരിപ്പ് അസഹനീയമാണ്. അത് കുറച്ച് ശ്രദ്ധിച്ചാൽ പരിഹരിക്കാവുന്നതേയുള്ളു. നമ്മൾ (കേരളം) പ്രായമായവർക്ക് പെൻഷൻ കൊടുക്കും. വെൽഫെയർ ആക്ടിവിറ്റി ചെയ്യാൻ തയാറാകും. പക്ഷേ, സ്ഥാപനപരമായ ഏർപ്പാട് ചെയ്യാൻ ശ്രമിക്കില്ല. അതിന് നല്ല ഉദാഹരണമാണ് കെ.എസ്.ആർ.ടി.സി. അതിൽ മുതിർന്ന പൗരർക്ക് രണ്ട് സീറ്റ് നൽകും. അതിൽ ഇരിക്കുന്നവർ പ്രായമായവരെ കണ്ടാൽ എഴുന്നേറ്റ് കൊടുക്കുമോ എന്നത് വേറെ കാര്യം. പക്ഷേ, എങ്ങനെയാണ് പ്രായമായവർ ഉയർന്ന ചവിട്ട്പടിയിൽകൂടി അകത്തേക്ക് കയറുക? എങ്ങനെയാണ് ഇറങ്ങുക? അത് എളുപ്പമല്ല. ലോഫ്‌ളോർ ബസ് ഇപ്പോഴാണ് വരുന്നത്. ആശുപത്രിയിൽ ചെന്നാൽ പടികൾ കയറണം. ഇങ്ങനെ വയോജന സംവിധാനങ്ങൾ ഏറ്റവും കുറവുള്ള സംസ്ഥാനം കൂടിയാണ് കേരളം. മാറ്റം വരുന്നുണ്ട്. റെയിൽവേ സ്റ്റേഷനുകളിൽ എസ്‌കലേറ്ററുകൾ വരുന്നുണ്ട്. പക്ഷേ, ഈ മാറ്റത്തിന് വേഗം കൂട്ടണം. പ്രായമായവരെ പരിഗണിക്കണം. നേരത്തേ പറഞ്ഞപോലെ മുമ്പ് നാടുവിട്ടുപോകുന്നവർക്ക് പ്രായമാകുമ്പോൾ മടങ്ങിവരാം എന്നായിരുന്നു ധാരണ. ഇപ്പോൾ അതല്ല. നാട്ടിൽ ജീവിതകാലം മുഴുവൻ കഴിച്ചവരും അവസാനകാലത്ത് നാടുവിട്ട് മക്കളുടെയും മറ്റും അടുത്തേക്ക് പോകാൻ നിർബന്ധിതരാവുകയാണ്. അമേരിക്കയിലൊക്കെ പോയി മരിക്കുന്നവർ ധാരാളം ഉണ്ട്. ലോകത്ത് മാറ്റം വരുന്നുണ്ട്. പക്ഷേ, ഈ മാറ്റങ്ങൾ നിരീക്ഷിച്ച്, അതേസമയത്ത് തന്നെ നടപടികൾ എടുക്കുന്നതിൽ നമ്മൾ വളരെ പിന്നിലാണ്'.

ഒപ്പം, തന്റെ വിട്ടുവീഴ്ചയില്ലാത്ത സിപിഎം. വിമർശനം മുൻനിർത്തി ബി.ആർ.പി.ക്കെതിരെ നിരന്തരമുന്നയിക്കപ്പെടുന്ന ആക്ഷേപങ്ങൾക്കുള്ള സയുക്തികമായ വിശദീകരണങ്ങളും.

മനിലയുമായുള്ള അഭിമുഖത്തിന്റെ ഊന്നൽ നവ-സാമൂഹ്യമാധ്യമങ്ങളുടെ കാലത്തെ മാധ്യമപ്രവർത്തനവും രാഷ്ട്രീയപ്രവർത്തനവുമാണ്. സാങ്കേതികവിദ്യ, മാധ്യമവ്യവസായം, പ്രതിരോധമാധ്യമങ്ങൾ, സാമൂഹ്യമാധ്യമങ്ങൾ, ഓൺലൈന്മാധ്യമങ്ങളുടെ സമാന്തരലോകം... നിരവധി വിഷയങ്ങളിലൂടെ നടത്തുന്ന ഒരു ഓട്ടപ്രദക്ഷിണമാണ് ഈ അഭിമുഖം. ഈ രചനയിൽ ഏറ്റവും ശ്രദ്ധേയമായിത്തോന്നിയ ഭാഗം 'മറുനാടൻ മലയാളി'ക്കെതിരെ പലരും വച്ചുപുലർത്തുന്ന മാധ്യമസദാചാരപ്പൊലീസിംഗിന്റെ കാപട്യം തുറന്നുകാണിക്കാൻ ബി.ആർ.പി. പ്രകടിപ്പിക്കുന്ന ആർജ്ജവമാണ്.

'മനില:- സ്വാഭാവികമായും വിമർശനങ്ങൾ വരുമല്ലോ? ഒട്ടും സഹിഷ്ണുതയില്ലാത്ത വിമർശനങ്ങൾ, ചീത്തവിളിയൊക്കെ. അപ്പോൾ എന്താണ് തോന്നുക?

ബി.ആർ.പി:- ചീത്ത വിളിക്കുന്നതിലും എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. എന്നാൽ എന്റെ വാൾ ക്ലീനായിരിക്കണം എന്ന ആഗ്രഹമുണ്ട്. അവിടെ അസ്വീകാര്യമായ ഭാഷയിൽ എഴുതിയാൽ എടുത്തുകളയുകയും എഴുതുന്ന ആളെ ബ്ലോക്ക് ചെയ്യുകയും ചെയ്യും. എന്റെ അഭിപ്രായത്തോട് വിയോജിച്ചുകൊണ്ട് ആരെയും എടുത്തുകളയുകയില്ല. പിന്നെ, ഞാൻ ചെയ്യുന്നതിനെക്കുറിച്ച് നിരന്തരമായി ആളുകളോട് തർക്കിക്കാനും നിൽക്കാറില്ല. എല്ലാവരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്കില്ല. എന്റെ സുഹൃത്ത് 'മറുനാടൻ മലയാളി'യുടെ ഷാജൻ സ്‌കറിയ നിരന്തരം വിശദീകരണങ്ങൾ എഴുതുന്നത് കണ്ട് ഞാൻ ചോദിച്ചിട്ടുണ്ട്, എന്തിനാണ് ഇങ്ങനെ വിശദീകരണങ്ങൾ കൊടുത്തോണ്ടിരിക്കുന്നത് എന്ന്.

മനില:- ഓൺലൈൻ മീഡിയ ആണങ്കിലും മെയിൻ സ്ട്രീം മീഡിയ ആണെങ്കിലും വിശ്വാസ്യത എന്ന ഒരു വിഷയമുണ്ടല്ലോ? അത്തരം മാധ്യമങ്ങളെ കൂട്ടുപിടിച്ച് കാര്യങ്ങൾ പറയാൻ ശ്രമിക്കുമ്പോൾ അത് താങ്കളുടെ വിശ്വാസ്യതയെയല്ലേ ബാധിക്കുന്നത്?

ബി.ആർപി:- എന്റെ ക്രഡിബിലിറ്റിയെ എങ്ങനെയാണ് ബാധിക്കുന്നത്? മറുനാടനിലുള്ളതും മറ്റൊരു മാധ്യമത്തിലുമില്ലാത്തതുമായ വിവരം ആളുകൾ അറിയണമെന്നുണ്ടെങ്കിൽ ഞാൻ ഷെയർ ചെയ്യും. പത്രങ്ങൾ പലപ്പോഴും വാർത്തയുടെ ഉറവിടം പറയില്ല. എവിടെനിന്ന് കിട്ടി എന്ന് പറയാത്തത് പത്രപ്രവർത്തനത്തിന്റെ അടിസ്ഥാനതത്ത്വത്തിന് വിരുദ്ധമാണ് എന്ന് ഉറപ്പായും വിശ്വസിക്കുന്ന ആളാണ് ഞാൻ. നമ്മളൊരു കാര്യം എഴുതുമ്പോൾ ആര് പറഞ്ഞു എന്നു വെളിപ്പെടുത്തണം. പേര് വെളിപ്പെടുത്താനാകാത്തപ്പോഴും ഏത് തരത്തിലുള്ള സോഴ്‌സസ് ആണ് എന്ന് സൂചിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം. കാരണം ആ വിവരത്തിന് എന്തുമാത്രം വിശ്വാസ്യത കൽപ്പിക്കാമെന്ന് വായനക്കാരന് തീരുമാനിക്കാൻ അതാവശ്യമാണ്.

മനില:- ആ വിശ്വാസ്യതയുടെ നഷ്ടപ്പെടലാണ് ഇത്തരം പോർട്ടലുകളെ കൂട്ടുപിടിക്കുമ്പോൾ സംഭവിക്കുന്നത് എന്നാണ് പറയുന്നത്.

ബി.ആർ.പി:- മറുനാടന്മലയാളി ടാബ്ലോയിഡ് സ്വഭാവമുള്ള ഓൺലൈൻ പത്രമാണ്. അതുകൊണ്ട് മറ്റുള്ളതിൽ വരാത്ത വിവരങ്ങൾ അതിൽ വരും.

മനില:- ഒരു ജേണലിസ്റ്റ് എന്ന നിലയിൽ മാധ്യമങ്ങൾക്കകത്ത് പ്രവർത്തിക്കുന്ന ഒരാൾക്ക് എളുപ്പം മനസ്സിലാവുന്ന ചിലതുണ്ട്. ഇത് കളവാണ്, അല്ലെങ്കിൽ പെരുപ്പിച്ചുകാട്ടലാണ് എന്ന കാര്യങ്ങളൊക്കെ. അത് നമ്മുടെ ഈ രംഗത്തെ എക്‌സ്പീരിയൻസ് വെച്ചുകൊണ്ട് സംഭവിക്കുന്നതാണ്. എന്നിട്ടും എന്തിനാണ് അത്തരം മാധ്യമങ്ങളുടെ പിന്നാലെ പോവുന്നത്?ബി.ആർ.പി:- എന്റെ തിയറി കൂടുതൽ വിവരം പുറത്തുവരണം എന്നാണ്. വിവരം തെറ്റാവാനുള്ള സാധ്യത പലപ്പോഴും ഉണ്ടാവും. പത്രത്തിലാണെങ്കിൽത്തന്നെയും നമുക്കൊരു വിവരം കിട്ടിക്കഴിഞ്ഞാൽ അത് ശരിയാണോ എന്ന് കണ്ടുപിടിക്കാൻ പരിമിതികളുണ്ട്. അത് ശരിയാണെന്ന് കണ്ടുപിടിച്ചതിനു ശേഷമേ അച്ചടിക്കൂ എന്നാണെങ്കിൽ അച്ചടിക്കാൻ പറ്റില്ല. അവിടെ നമ്മൾ പരിഗണിക്കുന്നത് അത് ശരിയാവാനുള്ള സാധ്യതയുണ്ടോ എന്ന കാര്യമാണ്. പോസിബിലിറ്റി. ഒരുദാഹരണം പറയാം. പത്രങ്ങളൊന്നും ഇടാത്ത സമയത്താണ് ബോബി ചെമ്മണ്ണൂരിന്റെ കാര്യം മറുനാടൻ ഇടുന്നത്. മെയിൻ സ്ട്രീം മീഡിയ ബോധപൂർവം തമസ്‌കരിക്കുന്ന കാര്യങ്ങൾ പുറത്തുകൊണ്ടുവരുന്നത് അത്തരം മാധ്യമങ്ങളാണ്. തെറ്റുവരാനുള്ള സാധ്യത ഉണ്ടെങ്കിൽത്തന്നെ അത് സ്വീകാര്യമാവുന്നത് അവിടെയാണ്.

മനില:- അവിടെയും മറ്റൊരു സാധ്യതയില്ലേ? മെയിൻ സ്ട്രീം മീഡിയ കൊടുക്കില്ല എന്നത് ശരിയായിരിക്കാം. പക്ഷേ, തെറ്റായ ഒരു വാർത്തയ്ക്ക് ഇത്തരമൊരു പരിവേഷം നൽകി അവതരിപ്പിക്കുവാനുള്ള സാധ്യത?

ബി.ആർ.പി:- അത്തരം അപകടങ്ങളെയൊന്നും തള്ളിക്കളയുന്നില്ല. ഓരോ വിഷയത്തിലും ഓരോ ഓരോ വിലയിരുത്തലാണ്. നൂറുശതമാനം ശരിയാണ് എന്ന രീതിയിലല്ല ഞാൻ ഷെയർ ചെയ്യുന്നത്. എന്റെ ഉറച്ച നിലപാട് വിവരങ്ങൾ പുറത്തുവരട്ടെ, അതിന്മേൽ ചർച്ച വരട്ടെ എന്നാണ്. ആ പ്രക്രിയയിൽക്കൂടിയാണ് ശരിതെറ്റുകൾ ഒടുവിൽ നിശ്ചയിക്കപ്പെടുന്നത്. ഏറ്റവും വിശ്വാസ്യതയുണ്ട് എന്ന് പറയപ്പെടുന്ന ഒരു പത്രം പറഞ്ഞതുകൊണ്ട് ഒരു കാര്യം ശരിയാവണമെന്നില്ല. എന്താണ് നമ്മൾ സത്യം എന്ന് പറയുന്നത്? ആത്യന്തികമായി തുറന്നവേദിയിൽ ആശയങ്ങളുടെ സംഘട്ടനങ്ങൾ നടന്ന് അതിൽക്കൂടി ഉരുത്തിരിഞ്ഞുവരുന്ന വീക്ഷണം - അതാണ് പ്രധാനം. വസ്തുത എന്നത് ഒറ്റപ്പെടുത്തിക്കാണാൻ കഴിയുന്ന ഒന്നല്ല. അടിസ്ഥാനപരമായ ചോദ്യം കാഴ്ചപ്പാടിന്റേതാണ്. അതിനാണ് കൂടുതൽ വിവരം പുറത്തുവരണം എന്ന് പറയുന്നത്. ആശയങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങൾ ഉണ്ടാകണം'.

സമരരാഷ്ട്രീയത്തിൽ താൻ ഒരു സ്ഥിരം പ്രതിപക്ഷമാണ് എന്ന് ബി.ആർ.പി. തുറന്നുപറയുന്നു, മുഹമ്മദ് സുഹൈബുമായുള്ള അഭിമുഖത്തിൽ. രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ധാർമികാധഃപതനം, പ്രത്യയശാസ്ത്രവ്യതിയാനം, മനുഷ്യാവകാശങ്ങളെക്കുറിച്ചു തിരിച്ചറിവില്ലാത്ത കേരളീയസമൂഹം, ദലിതർക്കും മുസ്ലിങ്ങൾക്കുമെതിരെ നടക്കുന്ന വേട്ട... നിരവധി വിഷയങ്ങളിൽ ബി.ആർ.പി. തന്റെ കാഴ്ചപ്പാടുകൾ പറഞ്ഞുറപ്പിക്കുന്നു.

മുഹ്‌സിനുമായുള്ള അഭിമുഖത്തിൽ ബി.ആർ.പി. പറയുന്ന ഏറ്റവും കാതലായ കാര്യവും നീതിബോധം കുറഞ്ഞ ഒരു സമൂഹമെന്ന നിലയിൽ കേരളത്തിനു സംഭവിച്ച പതനത്തെക്കുറിച്ചാണ്. ആദിവാസിഭൂപ്രശ്‌നം, അയ്യങ്കാളിയെ അറിയാത്ത ഇ.എം.എസിൽ നിന്ന് സാമ്പത്തിക സംവരണത്തിലേക്കു സ്വാഭാവികമായി പരിണമിച്ചെത്തിയ സിപിഎമ്മിന്റെ സവർണഹിന്ദുരാഷ്ട്രീയം, കേരളത്തിന്റെ മധ്യവർഗവൽക്കരണം, കേരളം ഫ്യൂഡൽമൂല്യങ്ങളിലേക്കു പിന്തിരിഞ്ഞുനടന്ന വഴികൾ... 1940കളുടെ അന്ത്യം തൊട്ടുള്ള കേരളരാഷ്ട്രീയത്തെ അതിസൂക്ഷ്മമായി പിന്തുടർന്ന ഒരു വ്യക്തിയെന്ന നിലയിൽ ബി.ആർ.പി.ക്ക് കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടുകാലത്തെ കേരളത്തെക്കുറിച്ച് സന്ദേഹങ്ങളേതുമില്ല. നാരായമൂർച്ചയുള്ള നിരീക്ഷണങ്ങളാണദ്ദേഹത്തിന്റേത്. പൗരാവകാശങ്ങളെയും ജനാധിപത്യത്തെയും മുറുകെപ്പിടിക്കുന്ന മാധ്യമ, രാഷ്ട്രീയ നിലപാടുകളാണദ്ദേഹം എക്കാലത്തും ഉയർത്തിപ്പിടിക്കുന്നതും.

വിധുവിൻസന്റ് നടത്തിയ അഭിമുഖത്തിൽ, കേരളീയസമൂഹത്തിൽ ഇന്നുനടക്കുന്ന പൗരാവകാശ പ്രക്ഷോഭങ്ങളുടെയും സംഘടിതരാഷ്ട്രീയപ്രസ്ഥാനങ്ങൾ നടത്തുന്ന പൗരാവകാശ ധ്വംസനങ്ങളുടെയും ചർച്ചയാണ് മുഖ്യമായും വരുന്നത്. ഇടതുപക്ഷ രാഷ്ട്രീയപാർട്ടികളോട് ബി.ആർ.പി. പുലർത്തുന്ന വിമർശനാത്മക സമീപനത്തെ പലകോണുകളിൽ നിന്നു ചോദ്യം ചെയ്തിട്ടും വിധുവിന് അദ്ദേഹത്തിന്റെ നിലപാടുതറ ഇളക്കാൻ കഴിയുന്നില്ല. ഹർത്താലിനെക്കുറിച്ചുള്ള ഈ ചോദ്യവും ഉത്തരവും ശ്രദ്ധിക്കുക.

'ചോദ്യം:- ബി.ആർ.പി. നേരത്തെ പറഞ്ഞതുപോലെ ജനപ്രിയ സിനിമ, ജനപ്രിയ നോവൽ എന്നൊക്കെപോലെ ജനപ്രിയ സ്ലോഗൻ ആണ് സേ നോ ടു ഹർത്താൽ. എത്രയോ സമരങ്ങൾ നടത്തിയിട്ട് നേടിയെടുത്ത തൊഴിലാളി അവകാശങ്ങളുമൊക്കെയാണ് കേരളത്തിന്റെ സമരചരിത്രത്തിലുള്ളത്. ഹർത്താലിന്റെ പ്രശ്‌നം ഇവിടുത്തെ മദ്ധ്യവർഗ്ഗത്തിനാണ്. മദ്ധ്യവർഗ്ഗത്തിനെ സുഖിപ്പിക്കാനാണ് ഇത്തരത്തിലുള്ള ക്യാമ്പയിനുകൾ നടക്കുകയും ചില മുഖ്യധാരാ മാധ്യമങ്ങൾ പുറത്തുവിടുകയും സിവിൽ സൊസൈറ്റി മൂവ്‌മെന്റുകൾ അതേറ്റെടുക്കുകയും ചെയ്യുന്നത്. അതിലൊരു പ്രശ്‌നമില്ലേ? എന്തുതരം ക്ലാസ് കോൺഷ്യസിനെയാണ് ഇത്തരം സ്ലോഗനിലൂടെ നമ്മൾ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നത്?

ബി.ആർ.പി:- കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിൽ വർഗ്ഗവിഭജനം തന്നെ അർത്ഥശൂന്യമാണ്. ആരാണിവിടുത്തെ ബൂർഷ്വാ? ആരാണിവിടുത്തെ പ്രോലിട്ടേറിയൻ. അദ്ധ്വാനിക്കുന്ന ഒരു ജനവിഭാഗമുണ്ടെന്ന് പറയാമെങ്കിൽ അത് ഇവിടുത്തെ ഡെയ്‌ലി വേജസിൽ നിൽക്കുന്നവരാണ്. അവരാണ് ഹർത്താലുകൊണ്ട് ദുരന്തമനുഭവിക്കുന്നത്. ഇവിടുത്തെ ട്രേഡ് യൂണിയൻ പ്രസ്ഥാനം അടിസ്ഥാനപരമായി വൈറ്റ് കോളർ ട്രേഡ് യൂണിയൻ മൂവ്‌മെന്റ് ആണ്. ശരിക്കും ഒരു സംഘടിത ട്രേഡ് യൂണിയൻ എന്നുപറയാവുന്നത് ചുമട്ടുതൊഴിലാളികളാണ്. അവരുതന്നെയും ആത്യന്തികമായി ഇന്ന് മിഡിൽ ക്ലാസ് സമൂഹമാണ്. അവരുടെ തൊഴിലിന്റെ ഭാഗമായി ഇങ്ങനെ വേഷമൊക്കെ ഇട്ടുനിൽക്കും ജോലി കഴിഞ്ഞാലുടനെ കുളിച്ചു വേഷം മാറി മദ്ധ്യവർഗ്ഗസമൂഹത്തിന്റെ ഭാഗമാവുകയാണ്. ഇവിടെ ഒരു ബൂർഷ്വാ എന്നുപറയുന്നതാരാണ്. ഒരുകാലത്തിവിടെ ഫ്യൂഡൽ ലോഡ്‌സ് ഉണ്ടായിരുന്നു, ഫ്യൂഡലിസത്തിന്റെ അന്ത്യത്തോടെ അവരില്ലാതായി. ഇവിടെയൊരു ക്യാപിറ്റലിസം ഉണ്ടായില്ല, വ്യവസായസമൂഹം ഉണ്ടായില്ല. അതുകൊണ്ടുതന്നെ അടിസ്ഥാനപരമായി ഒരു ക്യാപ്പിറ്റലൈസ്ഡ് സൊസൈറ്റി ഇവിടെ ഉണ്ടായില്ല. ഉണ്ടായിട്ടുള്ള സാമ്പത്തിക മാറ്റങ്ങളുടെയൊക്കെ ചലകശക്തിയായത് ഗൾഫ് പണമാണ്. താഴേത്തട്ടിലുള്ളവരാണ് അതിന്റെ പ്രധാന ഗുണഭോക്താക്കൾ. യഥാർത്ഥത്തിൽ ഗൾഫ് പണമൊക്കെ വരാൻ തുടങ്ങിയ ആദ്യഘട്ടത്തിൽ അത് തുല്യതയെയൊക്കെ വർദ്ധിപ്പിച്ച ഒരു ഘടകമാണ്. കാരണം പഴയ വ്യവസ്ഥയിൽനിന്ന് മാറ്റമുണ്ടായപ്പോൾ ഗുണം കിട്ടാതെപോയ ആളുകളാണ് പ്രധാനമായും അതിന്റെ ഗുണഭോക്താക്കളായത്. അതിൽ പിന്നാക്കവിഭാഗങ്ങളിൽപെട്ട ആളുകളുടെ വലിയ ഒരു സാന്നിധ്യം കാണാൻ കഴിയും. അതുകൊണ്ട് ഗൾഫ് പണം ആദ്യഘട്ടത്തിൽ കേരളത്തിൽ ഒരു ഈക്വലൈസർ ആയിരുന്നു. മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴും വർഗ്ഗത്തിനെക്കുറിച്ചൊക്കെ സംസാരിക്കുന്നത്. കേരളം മാർക്‌സിനെ യഥാർത്ഥത്തിൽ പൂർണ്ണമായും തിരസ്‌കരിച്ചുകൊണ്ട് വളരുന്ന സമൂഹമാണ്. മാർക്‌സ് വിഭാവനം ചെയ്യാത്ത രീതിയിൽ വളർന്ന സമൂഹമാണ്. മാർക്‌സ് വിഭാവനം ചെയ്ത വളർച്ച എന്നുപറയുന്നത് കാർഷികഘട്ടം, കാർഷികഘട്ടം കഴിഞ്ഞാൽ വ്യാവസായികഘട്ടം. വ്യാവസായികഘട്ടത്തിലാണ് തൊഴിലാളിവർഗ്ഗമുണ്ടാകുന്നത്. ആ തൊഴിലാളിവർഗ്ഗമാണ് വിപ്ലവം നയിക്കേണ്ടത്. അങ്ങനെയൊരു തൊഴിലാളിവർഗ്ഗം ഇവിടെയുണ്ടായിട്ടില്ല. ഇവിടുത്തെ തൊഴിലാളിവർഗ്ഗം മിഡിൽ ക്ലാസ്സാണ്. ഇവിടുത്തെ ഇടതുപക്ഷത്തിന്റെ മസിൽ എന്ന് പറയാവുന്നത് അവരാണ്'.

യാഥാസ്ഥിതികമായ പ്രത്യയശാസ്ത്രങ്ങൾക്കും വ്യവസ്ഥാപിതമായ അധികാരകേന്ദ്രങ്ങൾക്കുമെതിരെ ശബ്ദിക്കപ്പെടുന്ന വേരുണങ്ങാത്ത വാക്ക് മാത്രമല്ല, മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന മനുഷ്യർക്കുമേൽ പടർന്നുനിൽക്കുന്ന ഇലപൊഴിയാത്ത വൃക്ഷവും കൂടിയാണ് ബാബു രാജേന്ദ്രപ്രസാദ് ഭാസ്‌കർ. ആധുനിക, ആധുനികാനന്തര കേരളീയ പൊതുമണ്ഡലത്തിന്റെ രാഷ്ട്രീയ, മാധ്യമ, പൗരാവകാശ മനഃസാക്ഷിയുടെ സൂക്ഷിപ്പുകാരിലൊരാൾ. മലയാളിയുടെ കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടുകാലത്തിന്റെ ഏറ്റവും ജനാധിപത്യപരമായ വിമർശനസ്വരങ്ങളിലൊന്ന്. ഇനിയും എഴുതപ്പെടാത്ത ഒരു ജീവചരിത്രത്തിന്റെ അഭാവത്തിൽ ഈ പുസ്തകം നിശ്ചയമായും ബി.ആർ.പി.യിലേക്കുള്ള ഏറ്റവും മികച്ച വഴിതുറക്കലാകുന്നു.

പുസ്തകത്തിൽനിന്ന് :-

'ചോദ്യം:- വളരെമുമ്പേ ഇ.എം.എസിനെ വിമർശിച്ച് താങ്കൾ ലേഖനം എഴുതിയിരുന്നു. ജാതിപ്രശ്‌നത്തിലെ ഇടതുനിലപാടിനെ വിമർശിച്ചുകൊണ്ടായിരുന്നു അത്. പലപ്പോഴും സിപിഎം. വിമർശകനാണ് താങ്കൾ..?

ബി.ആർ.പി:- ഇ.എം.എസിന്റെ നിലപാടിനെതിരെ കലാകൗമുദിയിലാണ് ലേഖനം എഴുതിയത്. 'വർഗമെന്ന മിഥ്യയും ജാതിയെന്ന യാഥാർഥ്യവും' എന്നതായിരുന്നു തലക്കെട്ട്. ഇവിടെ എല്ലാം വർഗത്തിന്റെ അടിസ്ഥാനത്തിലാണ്. വർഗസമരം നടത്തിയാൽ എല്ലാം പരിഹരിക്കപ്പെടും എന്നാണ് കമ്യൂണിസ്റ്റുകളുടെ നിലപാട്. ഇ.എം.എസിന്റെ നിലപാട് അതായിരുന്നു. അങ്ങനെ വർഗസമരത്തിലൂടെ ഇല്ലാതാവുന്നതല്ല ജാതി. 75 വർഷം കമ്യൂണിസ്റ്റുകൾ വർഗസമരം നടത്തിയ സോവിയററ് യൂനിയനിലും രണ്ടാം ലോകയുദ്ധത്തിന് ശേഷം കമ്യൂണിസ്റ്റ് ഭരണത്തിൻകീഴിൽ വന്ന രാജ്യങ്ങളിലും പിന്നീട് വംശീയത പ്രകടമായി. ഇതിന്റെയൊക്കെ വെളിച്ചത്തിൽ ചില ധാരണകൾ തിരുത്തേണ്ടതുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് ഇ.എം.എസിനോട് ആശയപരമായി പോരാടിയത്. അടിസ്ഥാനപരമായി ഇന്ന് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾ ഇടതുപക്ഷപാർട്ടികളാളെന്നുതന്നെ ഞാൻ വിശ്വസിക്കുന്നില്ല. ഇടതുപക്ഷപാർട്ടിയാണെങ്കിൽ ആദിവാസികൾക്കൊപ്പം നിൽക്കണം, ദലിതരുടെ കാര്യത്തിൽ അവർക്കൊപ്പം നിൽക്കണം.

സോവിയറ്റ് യൂനിയനിൽ എന്തൊക്കെ കുഴപ്പങ്ങളുണ്ടെങ്കിലും പുരുഷാധിപത്യത്തെ വലിയ അളവിൽ കൈയൊഴിഞ്ഞിരുന്നു. ഇവിടെ അതല്ല അവസ്ഥ. ഇടതുപക്ഷത്തിന് പല പ്രശ്‌നങ്ങളുമുണ്ട്. അവർ എന്തടിസ്ഥാനത്തിലാണ് ഇടുക്കിയിലൊക്കെ സ്ഥാനാർത്ഥികളെ നിർത്തുന്നത്? സിപിഎം. അടിസ്ഥാനപരമായി ഒരു ഹിന്ദു പാർട്ടിയാണ്. ഇവിടത്തെ ജനസംഖ്യയിൽ 55 ശതമാനം ഹിന്ദുക്കളാണ്. സിപിഎമ്മിൽ 80 ശതമാനവും ഹിന്ദുക്കളാണ്. സമൂഹത്തിൽ അങ്ങനെയല്ല. പാർട്ടിയുടെ ഈ അവസ്ഥക്ക് ചരിത്രപരമായ കാരണങ്ങളും മതപരമായ കാരണങ്ങളുമുണ്ട്. അവർ ശരിയായ രീതിയിൽ മുന്നോട്ട് പോകുന്നതിന് പകരം അടവുനയങ്ങളിലേക്ക് വീണു. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് സ്വാധീനം വർധിച്ചുവരികയായിരുന്നു ആദ്യഘട്ടത്തിൽ. സ്വാധീനം കുറയുന്നത് മുസ്ലിം ലീഗുമായി ചേരുന്നതോടെയാണ്. കോൺഗ്രസ് മുസ്ലിം ലീഗിനെ ആദ്യഘട്ടത്തിൽ വർഗീയകക്ഷിയായി കണ്ട് അടുപ്പിച്ചില്ല. സ്പീക്കർസ്ഥാനം കൊടുക്കുമ്പോൾ മുസ്ലിം ലീഗിൽനിന്ന് രാജിവെക്കണം എന്ന് കോൺഗ്രസ് നിബന്ധന വെച്ചു. അങ്ങനെയാണ് സീതി സാഹിബിന് സ്പീക്കറാകാനാകുന്നത്. സിപിഎം. 1967ൽ അവരെ അധികാരത്തിന്റെ ഭാഗമാക്കി. അതോടെ വർഗീയ അടിസ്ഥാനത്തിലുള്ള കക്ഷികൾക്ക് രാഷ്ട്രീയമായ പരിഗണന കിട്ടി. വർഗീയത ഒരു പ്രശ്‌നമല്ലാതായി.

എന്താണ് സംഭവിച്ച മാറ്റം എന്ന് മുസ്ലിം ലീഗിന് സ്വാധീനമുള്ള ഇടങ്ങളിൽ നോക്കിയാൽ മനസ്സിലാകും. കോൺഗ്രസിൽ നിന്നുപോലും ആളുകൾ പാർട്ടിവിട്ട് ലീഗിലേക്ക് പോയി. ഇടതുപക്ഷത്തിലേക്കുള്ള ചെറുപ്പക്കാരുടെ വരവ് നിന്നു. കാരണം അധികാരത്തിന്റെ ഭാഗമെന്ന നിലയിൽ മുസ്ലിം ലീഗിന് സഹായിക്കാൻ കഴിയുമെന്ന ധാരണ ആളുകൾക്ക് വന്നു. അങ്ങനെ അധികാരത്തിന്റെ ഭാഗമാകാൻ മുസ്ലിം ലീഗിന് ഏറ്റവും കൂടുതൽ സഹായം നൽകിയത് ഇ.എം.എസാണ്. അത് കേരളത്തിൽ നല്ലതല്ലാത്ത മാറ്റത്തിന്റെ തുടക്കമായാണ് ഞാൻ കാണുന്നത്. ഇപ്പോൾ മുസ്ലിം ലീഗ് വളരെയേറെ സെക്കുലറൈസ് ചെയ്തില്ലേ എന്നു ചോദിച്ചാൽ ഉണ്ട്. അതിൽ ഒരു സംശയവുമില്ല. അതേസമയം മുസ്ലിം ലീഗിന്റെ തീവ്രതയില്ലായ്മ മറ്റ് തീവ്രസംധടനകളുടെ വരവിന് കാരണമാകുന്നുണ്ട്. മറുവശത്തും പ്രശ്‌നങ്ങൾ ഉണ്ട്. മൃദുഹിന്ദുത്വവും തീവ്രഹിന്ദുത്വവും ശക്തമാകുന്നു. കോൺഗ്രസിന് ആർ.എസ്.എസിനെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയാത്തത് അവർ മൃദുഹിന്ദുത്വത്തെ പൂണർന്നതാണ്.

ചോദ്യം:- ഈ മൃദുഹിന്ദുസമീപനം പിന്നീട് വന്നതായിട്ടാണോ കരുതുന്നത്?

ബി.ആർ.പി:- നമ്മൾ ചരിത്രം നന്നായി പരിശോധിക്കണം. ആദ്യ തെരഞ്ഞെടുപ്പിൽ ജനസംഘം, ഹിന്ദുമഹാസഭ, മുസ്ലിം ലീഗ്, രാമരാജ്യപരിഷത്ത് എന്നിവക്കെല്ലാംകൂടി 10 സീറ്റാണ് കിട്ടുന്നത്. അതിൽ ഒന്ന് ശ്യാമപ്രസാജ് മുഖർജിക്ക് ബംഗാളിലുണ്ടായ വ്യക്തിപരമായ സ്വാധീനം കൊണ്ടാണ്. ഹിന്ദുത്വവാദികൾക്ക് കൂടുതലും സീറ്റ് കിട്ടിയത് പഴയ നാട്ടുരാജ്യങ്ങളിൽനിന്നാണ്. അത് ഹിന്ദുയിസത്തിനെക്കാൾ ഫ്യൂഡലിസത്തിന്റെ വിജയമാണ്. അന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് നേരിടുന്നത് മതനിരപേക്ഷ നിലപാട് ഉയർത്തിയാണ്. ഇപ്പോൾ ഹരിയാനയിലെ അംബാല മുമ്പ് പഞ്ചാബിലായിരുന്നു. അഭയാർഥി പ്രവാഹവും അതിന്റെ ദുരന്തങ്ങളും നേരിട്ട സ്ഥലമാണ്. അംബാല സിറ്റിയിൽ 1952ൽ കോൺഗ്രസ് സ്ഥാനാർത്ഥി ഗാഫർഖാൻ ആയിരുന്നു. അഭയാർഥി പ്രവാഹത്തിനുശേഷം അവിടെ ശേഷിച്ച ഏക മുസ്ലിമാണ് അദ്ദേഹം. അദ്ദേഹത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കുന്നു. അദ്ദേഹം ജയിക്കുന്നു. 57ൽ വീണ്ടും അദ്ദേഹം ജയിച്ചു. 62ൽ മൂന്നാമത്തെ തവണയും ജയിച്ചു. മരിക്കുന്നതുവരെ ഗാഫർഖാനായിരുന്നു അവിടെ വിജയിച്ചത്. വർഗീയകലുഷിതമായ അന്തരീക്ഷത്തിൽ കോൺഗ്രസ് എങ്ങനെയാണ് മതനിരപേക്ഷസ്വഭാവം നിലനിർത്തിയത് എന്ന് പരിശോധിക്കണം. ഇന്ന് കോൺഗ്രസ് ഉൾപ്പെടെ ഏതെങ്കിലും പാർട്ടിക്ക് ഇങ്ങനെ ചെയ്യാനാവുമോ? ഇന്നസെന്റ് ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. താൻ പഴയ ആർ.എസ്‌പി.യാണ് എന്ന് ഇന്നസെന്റ് പറയുന്നു. അതുകൊണ്ടാണോ ഇടതുപക്ഷം ഇന്നസെന്റിനെ മത്സരിപ്പിച്ചത്? അദ്ദേഹം സിനിമാക്കാരനും ക്രിസ്ത്യാനിയുമായതാണ്. വീണാജോർജിനെ തേടിപ്പോയത് മാധ്യമപ്രവർത്തകയും ക്രിസ്ത്യാനിയുമായതുകൊണ്ടല്ലേ? ഇടതുപക്ഷം ഒരു പ്രശ്‌നം നേരിടുന്നുണ്ട്. പക്ഷേ, അവർ തേടുന്ന പരിഹാരങ്ങൾ ഇടതുപക്ഷ സ്വഭാവമുള്ളവയല്ല.

ചോദ്യം:- ഇടതുപക്ഷത്തിന്റെ വീഴ്ചകൾ അതിന്റെ ചരിത്രസംഭാവനകൾ ഇല്ലാതാക്കുന്നില്ലല്ലോ?

ബി.ആർ.പി:- കേരളത്തിന്റെ നവോത്ഥാനത്തിൽ വലിയ പങ്ക് കമ്യൂണിസ്റ്റ് പാർട്ടിക്കില്ല. 1930കളുടെ ഒടുവിലാണ് പാർട്ടി രൂപവത്കരണം. അതിനുമുമ്പേ വലിയ മാറ്റങ്ങൾ ഇവിടെ അയ്യങ്കാളിയുടെയും ശ്രീനാരായണ ഗുരുവിന്റെയും ഒക്കെ നേതൃത്വത്തിൽ നടന്നിരുന്നു. ആദ്യ കർഷകത്തൊഴിലാളി പണിമുടക്ക് നടന്നു. ആദ്യ വ്യവസായ തൊഴിലാളി പണിമുടക്ക് നടന്നു. കേരളത്തിൽ ആദ്യമായി ബോണസിന് വേണ്ടി സമരം നടക്കുന്നത് 1915ലാണ്. കൊല്ലത്തെ ഹാരിസൺ ആൻഡ് ക്രോസ്ഫീൽഡ് കമ്പനിയിൽ. യുദ്ധകാലത്തെ ദാരിദ്ര്യം കൊണ്ടാണ് സമരം നടക്കുന്നത്. അരിയാണ് ബോണസായി കൊടുത്തത്. ആ ബോണസ് സമരത്തിന് നേതൃത്വം കൊടുത്തത് ശ്രീനാരായണപ്രസ്ഥാനമാണ്. ആദ്യ ട്രേഡ് യൂനിയൻ ആലപ്പുഴയിൽ രൂപവത്കരിക്കുന്നതും ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ ഭാഗമായ വ്യക്തിയാണ്. എ.കെ.ജി.യും കൃഷ്ണപിള്ളയുമെല്ലാം രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമാകുന്നത് മറ്റ് സാമൂഹിക പ്രസ്ഥാനങ്ങളിലൂടെയും സമരങ്ങളിലൂടെയുമാണ്. ഇ.എം.എസിന്റെ പ്രവർത്തനം നമ്പൂതിരി സമുദായത്തിലെ പരിഷ്‌കരണ പ്രവർത്തനമായിരുന്നു. വലിയ സമരങ്ങളുടെ ഭാഗമായിട്ടല്ല അദ്ദേഹം വരുന്നത്. അമ്പലങ്ങളിൽ നടക്കുന്ന സത്യഗ്രഹങ്ങളിൽ താൻ എന്തുകൊണ്ട് പങ്കെടുത്തില്ല എന്ന് ആത്മകഥയിൽ ഇ.എം.എസ്. പറയുന്നുണ്ട്. അങ്ങനെ നവോത്ഥാനത്തിന്റെ വലിയ അവകാശവാദങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഉന്നയിക്കാൻ ചരിത്രപരമായി കഴിയില്ല.'.

ബി.ആർ.പി: വേരുണങ്ങാത്ത വാക്ക്
എഡി: എൻ.ബി. സുരേഷ്
ലോഗോസ് ബുക്‌സ്
2019, 300 രൂപ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP